Wednesday, November 17, 2021

കാലാപാനിയുടെ നോവല്‍ വഴികള്‍- ജി.ഉഷാകുമാരി , ഫെല്‍ബിന്‍ ആന്റണി

 അന്തമാന്‍- നിക്കോബാര്‍ ദ്വീപുകളിലെ 1858 മുതല്‍ 1947 വരെയുള്ള കാലത്തെ വിദേശാധിപത്യത്തിന്റെയും അധിനിവേശത്തിന്റെയും ചരിത്രത്തെ അവതരിപ്പിക്കുന്ന നോവലാണ,് കുണ്ടനി മുഹമ്മദ് എഴുതിയ 'കാലാപാനി: അധിനിവേശത്തിന്റെ നാള്‍വഴികള്‍'. 1969 മുതല്‍ അന്തമാന്‍ - നിക്കോബാര്‍ ദ്വീപുകളില്‍ വിദ്യുച്ഛക്തി വിഭാഗത്തില്‍ ഉദ്യോഗസ്ഥനായിരുന്ന കുണ്ടനി മുഹമ്മദ് പല ഗ്രന്ഥങ്ങളില്‍ നിന്നും 1970കളില്‍ ജീവിക്കുന്ന മുതിര്‍ന്നവരായ ദ്വീപുവാസികളില്‍ നിന്നുമൊക്കെയാണ് ഈ രചനയ്ക്കുള്ള വിവരങ്ങള്‍ ശേഖരിച്ചത്. യഥാര്‍ത്ഥജീവിതത്തില്‍ നിന്നുള്ള സംഭവങ്ങളുടെ ഒരു ക്രോഡീകരണമാണ് ഈ നോവല്‍ എന്നു ഒറ്റ നോട്ടത്തില്‍ തോന്നാം. അതിനുള്ള കാരണങ്ങളിലൊന്ന് ജീവിച്ചിരുന്നവരുടെ പേരുകള്‍ മാറ്റം വരുത്താത്തതാണ്. ആഖ്യാനത്തിന്റെ സ്വകാര്യത്തിനായി ചുരുക്കം ഘട്ടങ്ങളില്‍ ചില കഥാപാത്രങ്ങളെ കൂടുതലായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് എന്നു മാത്രം. ആഖ്യാനഭാഷയിലും മലയാളത്തിന് ഏറെ വേരോട്ടമുള്ള യഥാതഥമായ ശൈലി തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. സംഭവങ്ങളുടെ വിവരണത്തിലും ക്രമത്തിലും രേഖീയമായ രീതി കൂടിയായതോടെ ഏറ്റവും ലളിതവും അടിസ്ഥാനപരവുമായ ആഖ്യാനസാങ്കേതികതയാണ് ഈ നോവലില്‍ പ്രവര്‍ത്തിച്ചതെന്നു പറയാം. എങ്കില്‍ തന്നെയും ഈ കൃതി ഒട്ടാകെ തന്നെ മുന്നോട്ടു വെയ്ക്കുന്ന പ്രത്യയശാസ്ത്രം വിമോചനത്തിന്റെയും വീണ്ടെടുപ്പിന്റേതുമാണ്. സാഹിത്യത്തിന്റെ സ്വകീയജീവിതം മാത്രമായി നോവല്‍ സാഹിത്യത്തിന്റെ ചരിത്രത്തെ വായിച്ചെടുക്കാനുള്ള ശ്രമത്തില്‍ നിന്നു ഭിന്നമായി, ചരിത്രത്തില്‍ മറഞ്ഞു കിടക്കുന്ന അപരജീവിതങ്ങളെയും അതിജീവനങ്ങളെയും തെലിച്ചെടുക്കാനുള്ള ശ്രമമാണ് ഈ നോവല്‍.്


വിശാലമായ അര്‍ത്ഥത്തില്‍ ഇന്ത്യന്‍ ദേശീയതയുടെയും ദേശീയസ്വാതന്ത്ര്യസമരത്തിന്റെയും ചരിത്രത്തിലെ നിര്‍ണായകമായ ഖണ്ഡമാണ് ആന്തമാനിലേക്കുള്ള തടവുകാരുടെ കുടിയേറ്റം. സവിശേഷമായ തലത്തില്‍ നോക്കുമ്പോള്‍ മലബാര്‍സമരത്തിന്റെ സുപ്രധാനമായ ഒരേടാണ് ഈ കുടിയേറ്റം. അതോടൊപ്പം കൈദികളെന്നു വിളിക്കപ്പെടുന്ന തടവുകാരുടെ ഗോത്രസമാനമായ ജീവിതത്തിന്റെയും പോരാട്ടത്തിന്റെയും ഉജ്ജ്വലമായ ഗാഥയും. സുപ്രസിദ്ധമായ ശിപായി ലഹളക്കുശേഷം 1858 മാര്‍ച്ച് 10നാണ് അന്തമാന്‍ - നിക്കോബാര്‍ ദ്വീപിലേക്കുള്ള കൈദികളുടെ കുടിയേറ്റം ആരംഭിക്കുന്നത്. എന്നാല്‍ 1788 ഡിസംബര്‍ 19നാണ് ഈസ്റ്റിന്ത്യാ കമ്പനിയുടെ മേല്‍നോട്ടത്തില്‍ അന്‍ഡമാന്‍ - നിക്കോബാര്‍ ദ്വീപുകളില്‍ സര്‍വ്വേ ആരംഭിക്കുന്നത്. ബ്രിട്ടനെ സംബന്ധിച്ചേടത്തോളം മോശമായ കാലാവസ്ഥയിലും മറ്റു അപകടങ്ങളിലും കപ്പലുകള്‍ക്കു താവളമാകുവാന്‍ ഒരു സുരക്ഷിത സ്ഥലം വേണ്ടിവന്നു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു 1758ലെ സര്‍വ്വേ. ലഫ്റ്റനന്റ് ആര്‍ക്കിബാര്‍ഡ് ബ്‌ളയറിന്റെ മേല്‍നോട്ടത്തിലായിരുന്നു  ഈ സര്‍വ്വേ നടന്നത്. 1789 ഒക്ടോബര്‍ 25ന് ബ്ലെയര്‍ ഒറ്റപ്പെട്ട ഒരു ദ്വീപില്‍ ഇറങ്ങി. അതിന് ചാത്തം എന്ന് പേരിട്ടു. അതായിരുന്നു, ആന്തമാന്‍ നിക്കോബാര്‍ ദ്വീപിലേക്കുള്ള ആദ്യ കുടിയേറ്റം!  കാട് വെട്ടിത്തെളിച്ച് കൃഷി ചെയ്തു. പേരില്ലാതെ കിട്ടുന്ന സ്ഥലങ്ങള്‍ക്കു പേരിട്ടു. പതുക്കെ പതുക്കെ കുടിയേറ്റജീവിതം അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരുന്നു. 1790 ആയപ്പോഴേക്കും 119-ഓളം കുടിയേറ്റക്കാര്‍ ഉണ്ടായിരുന്നു അവിടെ. എന്നാല്‍ 1796ലെ ശക്തമായ ചുഴലിക്കാറ്റില്‍ ദ്വീപില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായി. കുടിയേറിയവരില്‍ പലരെയും നാട്ടിലേക്ക് തിരിച്ചയക്കേണ്ടി വന്നു. ഇതിനു ശേഷം പലരും പലപ്പോഴായി അന്‍ഡമാന്‍ ദ്വീപുകളിലേക്ക് എത്തിപ്പെടാന്‍ ശ്രമിച്ചെങ്കിലും പല കാരണങ്ങള്‍ കൊണ്ട് അത് പരാജയപ്പെട്ടു. കുടിയേറ്റം ഒഴിഞ്ഞുകിടന്ന 67 വര്‍ഷങ്ങള്‍ക്കുശേഷം 1857ലെ ശിപായിലഹളയുമായി ബന്ധപ്പെട്ട് ജയിലിലടക്കപ്പെട്ട വിമത പട്ടാളക്കാര്‍, രാഷ്ട്രീയ കുറ്റവാളികള്‍, നാട്ടുരാജാക്കന്മാര്‍, രാജ്യസ്‌നേഹികള്‍, ബുദ്ധിജീവികള്‍, രാഷ്ട്രീയനേതാക്കള്‍ തുടങ്ങിയവരെ നാടുകടത്തി ദൂരസ്ഥലങ്ങളില്‍ കുടിയിരുത്താന്‍ അന്തമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ വീണ്ടും പരിഗണിക്കപ്പെട്ടു. 1858 മാര്‍ച്ച് 10ന് 200 രാഷ്ട്രീയത്തടവുകാരുമായി ആദ്യസംഘം ദ്വീപില്‍ വന്നെത്തി. 1758ല്‍ ദ്വീപില്‍ സര്‍വ്വേ നടത്തിയ ലഫ്റ്റനന്റ് ആര്‍ക്കിബാര്‍ഡ് ബ്ലെയറിന്റെ സ്മരണാര്‍ത്ഥം ചാത്തം ദ്വീപിന് 'പോര്‍ട്ട് ബ്ലെയര്‍' എന്ന പേര് നല്‍കി. തുടര്‍ന്ന് 1858 മുതല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ കാലഘട്ടം വരെയുള്ള അന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ വൈദേശിക അധിനിവേശത്തിന്റെ കഥ പറയുകയാണ് കുണ്ടനി മുഹമ്മദിന്റെ ഈ നോവല്‍. ബംഗാള്‍ ഉള്‍ക്കടലിലെ തെക്കുകിഴക്കുഭാഗത്ത് 319-ഓളം ചെറുതും വലുതുമായ ദ്വീപുകളുണ്ട് അന്തമാന്‍ നിക്കോബാറില്‍. ചിലവ തൊട്ടുരുമ്മി നില്‍ക്കുന്നു ചിലവ് 150 കിലോമീറ്ററോളം നീളത്തില്‍ കിടക്കുന്നു. ആന്തമാന്‍ സമൂഹത്തില്‍ മാത്രം 287 ദ്വീപുകള്‍, 62 എണ്ണം നിക്കോബാറില്‍. പല ദ്വീപുകളിലും ജനവാസം ഒട്ടും തന്നെ ഇല്ലായിരുന്നു. പുറം ജനതയെ കണ്ടാല്‍ ആദിവാസിസമൂഹം അമ്പും വില്ലും ഉപയോഗിച്ച് ശക്തമായി ആക്രമിക്കും. അപരിചിതരായി ദ്വീപിലേക്ക് കടന്നുവന്ന 'കൈദി'കളുടെ കുടിയേറ്റ സംഘത്തിന് സ്വാഭാവികമായും ഇതുള്‍പ്പടെ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിയിരുന്നു.

ശിക്ഷാകുടിയേറ്റങ്ങള്‍
 
അന്തമാന്‍ കുടിയേറ്റത്തില്‍ ആദ്യ സൂപ്രണ്ട് ആയ ഡോ. പാട്ടിസാന്റെ നേതൃത്വത്തില്‍ ആദ്യ കുടിയേറ്റ സംഘം അന്‍ഡമാനില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ആ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. ബംഗാളിലെ ഒറീസയിലെ ബീഹാറിലെ, ഡല്‍ഹിയിലെ, മഹാരാഷ്ട്രയിലെ, പഞ്ചാബിലെ ഒക്കെ വിപ്‌ളവകാരികള്‍, രാജാക്കന്‍മാര്‍, മാടമ്പികള്‍, സാമന്തന്മാര്‍, സാഹിത്യകാരര്‍, കവികള്‍, അധ്യാപകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, നേതാക്കള്‍, നാട്ടുരാജ്യാക്കന്മാരുടെ സേനാപതികള്‍, ബ്രിട്ടനെതിരെ വെല്ലുവിളിച്ച് പോരാടിയ ഇന്ത്യന്‍ ഭടന്മാര്‍, ഹിന്ദുകളും മുസ്ലിങ്ങളുമായ മതപണ്ഡിതര്‍, സമുദായനേതാക്കള്‍ തുടങ്ങിയ നിരവധി ആളുകള്‍. 200 കൈദികളുടെ കൂടെ രണ്ടു സ്ത്രീകളും ഒരു കുട്ടിയും ഉണ്ടായിരുന്നു. കൈദികള്‍ പല ഭാഷക്കാര്‍ ആയിരുന്നു. എല്ലാവരും തമ്മിലുള്ള ആശയവിനിമയം എളുപ്പമായിരുന്നില്ല. പട്ടാളക്കാരും ഓഫീസര്‍മാരും ഉറുദുവില്‍ ആണ് സംസാരിക്കുന്നത്. ബംഗാളികള്‍ക്കും ബിഹാറികള്‍ക്കും ആസാമികള്‍ക്കും മുകള്‍ സാമ്രാജ്യത്തില്‍ നിന്നും വന്നവര്‍ക്ക് ഉറുദു ഭാഷ മനസ്സിലാവും. അതിനോടകം ഇംഗ്ലീഷിനു ശേഷം മുഖ്യ ഇന്ത്യന്‍ഭാഷ ഉറുദ്ദു ആയി മാറിയിരുന്നു. ബംഗാളിയും ഹിന്ദിയും മറാത്തിയും പഞ്ചാബിയും ഗുജറാത്തിയും ഒന്നും തന്നെ ഈ അധിനിവേശത്തിന്‍ കീഴില്‍ അംഗീകരിക്കപ്പെട്ടിരുന്നില്ല. ആന്തമാനില്‍ കുടിയേറിയ ആദ്യ സംഘങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്ന യാതനകള്‍ ഇത്തരത്തില്‍ നിരവധിയായിരുന്നു. കാലും കൈകളും എല്ലാ സമയവും ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ നിന്ന് വേണം എല്ലാ ജോലികളും ചെയ്യാന്‍. ആദിവാസികളുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ പോലും അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. കാടുകള്‍ വെട്ടിത്തെളിച്ചു കുടിലുകള്‍ ഉണ്ടാക്കി. കിഴങ്ങുകളും പഴങ്ങളും ഭക്ഷിച്ചു. കേറിക്കിടക്കാനൊരു പാര്‍പ്പിടം മറ്റൊരു വെല്ലുവിളിയായിരുന്നു. മഴയും തുറന്ന സ്ഥലത്തെ പാര്‍പ്പും വൃത്തിയില്ലാത്ത ഭക്ഷണവും തടവുകാരെ അവശരാക്കി. ജോലിയില്‍ മുടക്കം വരുത്തിയാല്‍ പട്ടാളത്തിന്റെ ക്രൂരമായ പീഡനങ്ങള്‍. പലരും മരണപ്പെട്ടു. രാത്രിയില്‍ കൈദികള്‍ കടല്‍തീരത്ത് ആയിരുന്നു കിടന്നിരുന്നത്. കഠിന പരിശ്രമങ്ങള്‍ക്ക് ശേഷം ചാത്തം ദ്വീപില്‍ ഒരു ബാരക്ക് പൂര്‍ത്തീകരിച്ചു. അതില്‍ ഒരു മുറി ആശുപത്രിയായി. ബാക്കിയുള്ളതില്‍ ബ്രിട്ടീഷ് പട്ടാളക്കാര്‍ താമസിച്ചു. അതുവരെ അവര്‍ താമസിച്ചിരുന്നത് കപ്പലിലായിരുന്നു. വീണ്ടും ബാരക്കുകളും ബംഗ്ലാവുകളും പണിതു. അവസാനം പണിത ബാരക്കില്‍ കൈദികളെ പ്രവേശിപ്പിച്ചു. അങ്ങനെ ശിക്ഷിക്കപ്പെട്ടവരുടെ കോണ്‍വിക്റ്റ് സ്റ്റേഷന്‍സ് വളര്‍ന്നുവന്നു. ഓരോ കേന്ദ്രവും ഓരോ ജയിലറുടെ നിയന്ത്രണത്തില്‍. ജമാദാര്‍, സ്റ്റോര്‍കീപ്പര്‍, മുന്‍ഷി, പെറ്റി ഓഫീസര്‍ തുടങ്ങിയ സ്ഥാനപദവികളില്‍ ഓരോ ജീവനക്കാരെയും നിയമിച്ചു. സൂപ്രണ്ടിനും എന്‍ജിനീയര്‍മാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ഓവര്‍സിയറിനും ഓഫീസുകള്‍ ഉണ്ടായി. കളിസ്ഥലങ്ങള്‍, പൂന്തോട്ടങ്ങള്‍, കാര്‍പെന്‍ഡര്‍ ഷോപ്പ്, വര്‍ക്ക്‌ഷോപ്പുകള്‍ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ദ്വീപില്‍ സ്ഥാപിക്കപ്പെട്ടു. ചാത്തം ദ്വീപ് അങ്ങനെ ക്രമേണ പട്ടണമായി വളര്‍ന്നു. മരങ്ങള്‍ വെട്ടി നിരത്തി സ്ഥലങ്ങളിലും തലങ്ങും വിലങ്ങും നടപ്പാതകള്‍. പാതകള്‍ക്ക് വീതി കൂടിക്കൊണ്ടിരുന്നു. കാളവണ്ടികളിലും ഉന്തുവണ്ടികളിലും ചരക്കുകള്‍ നീങ്ങുന്നു. കാളകള്‍ കല്‍ക്കത്തയില്‍ നിന്നാണ് എത്തിയിരുന്നത്. നായയും പൂച്ചയും അടക്കം ബ്രിട്ടീഷുകരുടെ വളര്‍ത്തുമൃഗങ്ങളെല്ലാം ദ്വീപിലെത്തി. ധാരാളം കുതിരവണ്ടികളും അവയില്‍ നിര്‍മ്മാണസാമഗ്രികളും സുലഭമായി വന്നു. റേഷനും വെടിമരുന്നും എത്തി. മലകളും കുന്നുകളും നിരത്തി കൃഷിപ്പാടങ്ങള്‍ തയ്യാറായി കൊണ്ടിരുന്നു. പ്രധാനമായും ഒരു തുറമുഖമായി ചാത്തം ദ്വീപ് മാറി. സമുദ്രത്തില്‍ സ്വതന്ത്രമായി വേറിട്ടുനില്‍ക്കുന്ന ദ്വീപാണ് റോസ് ദ്വീപ്. കുടിയേറ്റം റോസ് ദ്വീപിലേക്ക് വ്യാപിക്കുകയാണ്. കുടിവെള്ളത്തിന്റെ ലഭ്യത നിമിത്തം കുടിയേറ്റ തലസ്ഥാനം 'ചാത്ത'ത്തില്‍ നിന്നും റോസിലേക്ക് മാറി. 1858 ജൂണോടെ ആകെ 773 കൈദികള്‍ ദ്വീപില്‍ എത്തിയിരുന്നു. അതില്‍ 298 പേര്‍ മരിച്ചു. കപ്പലുകള്‍ വീണ്ടും വന്നു, എങ്കിലും കൈദികളുടെ പ്രവാഹം നിലച്ചില്ല. പോര്‍ട്ട് ബ്ലെയറിലും റോസിലും പട്ടണങ്ങള്‍ ഉയര്‍ന്നു. ചരക്ക് കപ്പലുകളില്‍ വന്നത് കെട്ടിട സാമഗ്രികള്‍, ഭക്ഷണവസ്തുക്കള്‍, മരുന്ന്, തുണി, ആര്‍ഭാടവസ്തുക്കള്‍ തുടങ്ങിയവയെല്ലാമായിരുന്നു. അന്തമാനില്‍ താമസിക്കുവാനും കൃഷി ചെയ്യുവാനും തൊഴിലിനും കച്ചവടത്തിനും അവര്‍ക്ക് അനുവാദം ലഭിച്ചു. കടകള്‍ തുറന്നു. വില്‍ക്കാനും വാങ്ങാനും ആളുകള്‍ ഉണ്ടായി. കുടിയേറിയതിന് ആറ് മാസങ്ങള്‍ക്ക് ശേഷം അറുപത്തിനാല് ഗ്രാമങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് വൈപ്പര്‍ ദ്വീപിലേക്കു ആളുകളെ അധിവസിപ്പിച്ചു. അങ്ങനെ വിവിധ ഇടങ്ങളിലേക്കായി കുടിയേറ്റം വ്യാപിച്ചു.


കാലാപാനിയും ബ്ലാക്ക് വാട്ടര്‍ പണീഷ്‌മെന്റും
അന്തമാനിലെ ആദ്യ സൂപ്രണ്ടായിരുന്ന ഡോ. പാട്ടിസാന്‍ വാക്കര്‍ ആണ് ശിക്ഷാ കുടിയേറ്റത്തിന് ബ്ലാക്ക് വാട്ടര്‍ പണിഷ്‌മെന്റ് എന്ന് പേരിട്ടത്. കാലാപാനി ഒരു ശിക്ഷയുടെ പേരായിട്ടാണ് പാട്ടിസാന്‍ വാക്കര്‍ ഉപയോഗിച്ചത്.
'കാലാപാനി അതൊരു വാക്കല്ല ശബ്ദമല്ല. വസ്തുതയല്ല. രൂപഭാവമല്ല. ഭാവനയല്ല. ഒരനുഭവമാണ്. ഒരവസ്ഥയാണ്. കറുപ്പ് മുറ്റിക്കിടക്കുന്ന ആഴക്കടലിനെ വിവരിക്കാന്‍ സാധ്യമല്ല. അനുഭവിച്ചറിയാനും സാധ്യമല്ല. കാലാപാനിയും അതുപോലെയാണ്. സാഹിത്യമില്ലാത്ത, സംഗീതമില്ലാത്ത കോപവും സമാധാനവുമില്ലാത്ത, കലയുടെ രൂപഭാവങ്ങളൊന്നും ഉരുത്തിരിഞ്ഞിട്ടില്ലാത്ത ജീവിതാവസ്ഥ മരണതുല്യമായത്. മരണം തന്നെ. കടലിന്റെ തിരമാലകള്‍ക്ക് അവ വായുവിലേക്ക് തലയുയര്‍ത്തുമ്പോളത്തെ വീണ്ടും വീണ്ടും കുതിച്ചുയരുമ്പോള്‍, പിന്നെ കരയിലേക്ക് ഇരമ്പിക്കയറുമ്പോള്‍, മരത്തിന്റെ വേരുകളും പാറക്കെട്ടുകളും കാര്‍ന്നെടുക്കുമ്പോളത്തെ താണ്ഡവത്തിന്റെ ഒരു ശബ്ദമുണ്ട്. ഭാഷയുണ്ട്. ലിപിയുണ്ട്. സംഗീതമുണ്ട്. കാലാപാനിയുടെ ലിപി, ഭാഷ, സംഗീതം അതെല്ലാമാണ്.'
(പുറം58)
ഹിന്ദുവായിരുന്നവനും മുസല്‍മാനായിരുന്നവനും ഇവിടെ ഒത്തുചേരുകയാണ്. ബംഗാളിയും ബിഹാറിയും ഒറീസയിലെ ആദിവാസിയും പഞ്ചാബിയും ഹിന്ദുസ്ഥാനിയും മഹാരാഷ്ടക്കാരനും ഇവിടെ ഒത്തുചേരുകയാണ്. സ്വന്തം ആചാരങ്ങളും മതവിശ്വാസങ്ങളും പ്രസക്തമാവാത്ത അവസ്ഥയില്‍, ആ അവസ്ഥയില്‍ നിന്ന് ഒരു ജീവിതം ഉരുത്തിരിയുന്നു. ആ ജീവിതമാണ് കലാപാനി (പുറം.58). അതിപ്പോള്‍ ഒരു സംസ്‌കാരമായി വികസിക്കുകയാണ്. അത് ഈ ദ്വീപുകളുടെ പേരായി, ചരിത്രമായി, മാറുകയാണ്. ഇവിടെ ഒരു പുതുസംസ്‌കാരം അങ്ങിനെ ഉടലെടുക്കുന്നു. മാറോടു മാറ് ചേര്‍ത്ത് മരിച്ചു കിടക്കുന്ന ഹിന്ദുവിന്റേയും മുസല്‍മാന്റേയും സംസ്‌കാരം, ഹിന്ദുവും മുസല്‍മാനും ഒന്നിച്ച് സ്‌നേഹിക്കുന്ന, ജീവിക്കുന്ന, മരിക്കുന്ന സംസ്‌കാരം. ഇത് കാലാപാനി എന്ന ദുരന്തമായിരിക്കും. ഇവിടെ മുസല്‍മാന്‍ ഹിന്ദുവിനും ഹിന്ദു മുസല്‍മാനും അവര്‍ രണ്ടുകൂട്ടരും ദൈവത്തിനുമുള്ളതായിരിക്കും(പുറം.74).

കൈദികളും പ്രതിരോധങ്ങളും
1858 മുതല്‍ ശിക്ഷാകുടിയേറ്റത്തിനു വിധേയരായ ആളുകളും അവരുടെ തലമുറകളും നോവലില്‍ കഥാപാത്രങ്ങളാവുന്നുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക കഥാപാത്രത്തില്‍ കേന്ദ്രീകരിച്ചല്ലാ നോവലിന്റെ ആഖ്യാനം. 90 വര്‍ഷത്തെ കാലയളവില്‍ അന്തമാനില്‍ ശിക്ഷയനുഭവിക്കാനായി എത്തപ്പെട്ട ആളുകളുടെ അനുഭവങ്ങള്‍ കാലഗണനാക്രമത്തില്‍ വിവരിക്കുകയാണ് നോവലില്‍. ആദ്യ ശിക്ഷാകുടിയേറ്റക്കാരായി വന്നവര്‍ ശിക്ഷാകാലാവധി കഴിഞ്ഞ് തങ്ങള്‍ക്ക് അനുവദിച്ചു കിട്ടിയ സ്ഥലത്ത് സാധാരണ ജീവിതം നയിക്കുന്നു. വിവാഹങ്ങള്‍ നടത്തുന്നു. തലമുറകള്‍ ഉണ്ടാകുന്നു. ചിലര്‍ രക്ഷപെടാന്‍ ശ്രമിച്ചു. പരാജയപ്പെട്ടു. വസൂരിയും സിഫിലിസും മലേറിയയും പോലുള്ള പകര്‍ച്ച വ്യാധികളാല്‍ ധാരാളം പേര്‍ മരണപ്പെട്ടു. ആദിവാസികളുടെ ആക്രമണവും പ്രകൃതിക്ഷോഭങ്ങളും വെല്ലുവിളികളായി. അതിക്രൂരമായ ശിക്ഷകളും ബ്രീട്ടീഷ് പട്ടാളത്തിന്റെ നെറികേടുകളും തടവുകാരെ അങ്ങേയറ്റം തളര്‍ത്തി. മരണപ്പെടുന്ന ആളുകള്‍ക്ക് മാന്യമായ ശവസംസ്‌കാരത്തിനുള്ള അവസരം പോലും അവര്‍ നല്‍കിയില്ല. എണ്ണിയാല്‍ ഒടുങ്ങാത്ത കൊടും ക്രൂരതകളുടെയും അതിജീവനത്തിനായുള്ള പോരാട്ട ശ്രമങ്ങളുടെയും വിവരണമാണ് നോവല്‍.
1858ലെ ആദ്യകുടിയേറ്റ സംഘത്തില്‍ ഉണ്ടായിരുന്ന ഷേക് ഫോര്‍മ്മുദ് അലി, മായാറാം, മധു വിശ്വാസ്, ഭാര്യ സുഷ്മി അമാന്‍സിംഗ്, ഖുദാ ബക്‌സ്, ഭാര്യ ഹമീദ, മകന്‍ പീര്‍ ബക്‌സ്. ഒറീസയിലെ ജഗന്നാഥ് പുരിയിലെ രാജാവായിരുന്ന ഗജ്പതി ബീര്‍കിഷോര്‍ സിംഗ് തുടങ്ങിയ കഥാപാത്രങ്ങളിലൂടെ ആദ്യകാല സാഹചര്യങ്ങളെ വിവരിക്കുന്നു. ഇവരില്‍ പലരും പല കാരണങ്ങളാല്‍ മരണപ്പെടുന്നു. കപ്പലുകളില്‍ തുടരെ ത്തുടരെ തടവുകാര്‍ എത്തികൊണ്ടിരുന്നു. 1874ല്‍ 11848 പേര്‍ ആകെ തടവുകാരായി എത്തി. 1901 ആയപ്പോഴേക്കും 18138 പേരായി.(144,175)
1931ലെ സെന്‍സസില്‍ 12978പേരാണ് ദ്വീപില്‍ ഉണ്ടായിരുന്നത്. ശിക്ഷകഴിഞ്ഞവരില്‍ പലരും നാട്ടിലേക്കും മടങ്ങിപ്പോയില്ല. ദ്വീപിലെ ജനസംഖ്യ വര്‍ദ്ധിച്ചതോടെ സമീപദ്വീപുകളില്‍ ആളുകള്‍ താമസ സൗകര്യം കണ്ടെത്തി. ബ്രീട്ടിഷിന്റെ അധീനതയില്‍ ആയിരുന്നെങ്കിലും ഇന്ത്യ സ്വതന്ത്രമാകുന്നത് തടവുകാര്‍ സ്വപ്നം കണ്ടിരുന്നു. ബ്രിട്ടിഷ് അധികാരികളോടും പട്ടാളത്തോടും അവര്‍ പ്രതികരിച്ചു. ജയിലില്‍ സഹനസമരം തന്നെ നടത്തി. ചിലര്‍ ആയുധം കൊണ്ട് പ്രതികരിച്ചു.1872 ല്‍ ബ്രിട്ടീഷ് വൈസ്രോയി ലോര്‍ഡ് മേയോ ദ്വീപ് സന്ദര്‍ശനത്തിനെത്തിയപ്പോള്‍ തടവുകാരില്‍ ഒരാളായ ഷേറലി വൈസ്രോയിയെ കുത്തി കൊലപ്പെടുത്തി(141). സ്വതന്ത്ര ഇന്ത്യ സ്വപ്നം കണ്ട് ജനങ്ങള്‍ നിരോധിക്കപ്പെട്ട മംഗള്‍ പാണ്ഡേയുടെ കവാലികള്‍ പാടി(പുറം.188). രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാന്റെ സഹായത്തോടെ നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തരുമെന്ന് ദ്വീപുകാര്‍ വിശ്വാസിച്ചു. സുഭാഷ് ചന്ദ്രബോസിന്റെ ദ്വീപ് സന്ദര്‍ശനം(പുറം.410) പ്രതീക്ഷയോടെയാണ് അവര്‍ നോക്കി കണ്ടത്. എന്നാല്‍ ബ്രീട്ടിഷുകാരുടെ കൈയ്യില്‍ നിന്നും ദ്വീപിന്റെ നിയന്ത്രണം ഏറ്റെടുത്ത ജപ്പാന്‍കാരും ക്രൂരമായി തന്നെയാണ് ദ്വീപുകാരോട് പെരുമാറിയത്. ഈ രാഷ്ട്രീയ സാഹചര്യങ്ങളെയും ചരിത്ര വസ്തുതകളെയും ഒട്ടും മങ്ങലിലല്ലാതെ നോവലില്‍ തീക്ഷ്ണതയോടെ വിവരിക്കുന്നുണ്ട്.

അന്തമാന്‍ നിക്കോബാറും മലയാളികളും
1881ലാണ് അന്തമാനില്‍ ഭാഷാടിസ്ഥാനത്തിലുള്ള കണക്കെടുപ്പു നടത്തിയത്. അന്ന് 5 സ്ത്രീകളും 57 പുരുഷന്‍മാരും ഉള്‍പ്പെടെ 62 മലയാളികള്‍ ഉണ്ടായിരുന്നതായാണ് രേഖകള്‍. 1891ല്‍ 311 പേരും 1901ല്‍ 36 പേരും 1911ല്‍ 16 പേരുമായി. അതില്‍ നാല് സ്ത്രീകളും ഉള്‍പ്പെട്ടിരുന്നു.1931ലെ കണക്കുപ്രകാരം 1400 ഓളം മാപ്പിളമാര്‍ ആയ കൈദികളും കുടുംബാംഗങ്ങളുമടക്കം 1885 പേര്‍ ഉണ്ടായിരുന്നു. ആദ്യകാലങ്ങളില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തതിനു ശിക്ഷിക്കപ്പെട്ടവരായിരുന്നു മലയാളികളില്‍ കൂടുതലും. സത്യത്തില്‍ മലബാര്‍ കലാപത്തിനുശേഷമാണ് മലയാളികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായത്. 1920 ഒക്ടോബര്‍ ഇരുപതിന് ദ്വീപു മാന്വല്‍ ഭേദഗതി ചെയ്തപ്പോള്‍ പത്തു ഭാഷകളെ അംഗീകരിച്ചു. ഇംഗ്ലീഷ്, ദേവനാഗരി, പേര്‍ഷ്യന്‍, ബംഗാളി, തെലുഗു, ഗുജറാത്തി, ബര്‍മീസ്, ഗുരുമുഖി, സിംഹളീസ്, തമിഴ് എന്നീ ഭാഷകള്‍ക്കാണ് ഈ ഭേദഗതിയില്‍ അംഗീകാരം ലഭിച്ചത്. മലയാളം അംഗീകരിക്കപ്പെടാത്ത ഒരു ഭാഷ ആയതു കൊണ്ടുതന്നെ മലയാളം സംസാരിക്കാന്‍ ജയിലില്‍ അനുവാദം ഉണ്ടായിരുന്നില്ല. മലയാളികളില്‍ കൂടുതലും ഏറനാടന്‍ മലയാളം സംസാരിക്കുന്ന മാപ്പിള കൈദികളായിരുന്നു. മലയാളമല്ലാതെ മറ്റു ഭാഷകള്‍ സംസാരിക്കാന്‍ അവര്‍ക്ക് അറിയില്ലായിരുന്നു. എന്നാല്‍ അവര്‍ക്കു നേരിട്ട മാതൃഭാഷാ നിരോധനം നോക്കൂ: ''എല്ലാ മനുഷ്യരും അമ്മയെ പോലെ, അച്ഛനെ പോലെ സ്‌നേഹിക്കുന്ന ഭാഷ. അതിന് നിരോധം, വായ മൂടിക്കെട്ടി, ആവശ്യങ്ങള്‍ കൈമാറാന്‍ കഴിയാതെ ആയിരത്തിലേറെ മാപ്പിള കൈദികള്‍ ശ്വാസം മുട്ടി നടന്നു. മലയാളത്തെ, ഏറനാടന്‍ മലയാളത്തെ ഇത്രയധികം സ്‌നേഹിച്ച, ഭാഷയുടെ ഇത്രയധികം നഷ്ടബോധമുണ്ടാക്കിയ ഒരവസരമുണ്ടായിട്ടില്ല. മലയാള ഭാഷയെ ഈ ജയിലില്‍ കൊണ്ടുവന്ന് വീര്‍പ്പു മുട്ടിക്കുകയാണ്''(പുറം.232).

'ശിക്ഷകള്‍ സഹിക്കാതെയായി. പ്രതിഷേധിക്കാന്‍ മാതൃഭാഷയുടെ ചുരുക്കം വാക്കുകള്‍ പോലും ഉച്ചിരിക്കാന്‍ അനുവാദമില്ല. നിര്‍ത്താതെ എണ്ണച്ചക്ക് വലിച്ചുകൊണ്ടിരിക്കെ, വിയര്‍പ്പ് കുടിച്ചു കൊണ്ടിരിക്കെ, വെയിലത്ത് ഉറക്കെ തേങ്ങിക്കൊണ്ടിരിക്കെ പുറത്ത് ചാട്ടവാറടി സഹിക്കാതെയായപ്പോള്‍ അരിപ്പാറ പോക്കര്‍ പെട്ടെന്ന് ഉറക്കെ, കോപത്തില്‍ ഒരു മാപ്പിളപ്പാട്ടുപാടി.

''അറ്റൊരു മലയാളെ പെറ്റുള്ള തുമ്പരാം മാപ്പിള വിര..
കൊമ്പരോടേറ്റ് പട പൊരുതിയ വരേ, മാപ്പിള ധീര...''

പാട്ടുനിര്‍ത്താന്‍ കല്‍പ്പനയായി. ചാട്ടവാറടി നിര്‍ത്തിയില്ല, തുടര്‍ന്നു. അപ്പോള്‍ വെയിലത്തുനിന്ന് രാവിലെത്തൊട്ട് നിര്‍ത്താതെ വിറകു വെട്ടിക്കൊണ്ടിരുന്ന മറ്റൊരാള്‍ അതേ പാട്ട് ഏറ്റുപാടി. കോലാപ സന്‍ കുഞ്ഞലവി. കല്‍പ്പനകളും അടിയും വകവെച്ചില്ല. പിന്നെ ശിക്ഷ സഹിച്ചുകൊണ്ടിരുന്ന ഓരോ മാപ്പിളമാരും അതേ പാട്ട് പാടാന്‍ തുടങ്ങി. വെള്ളക്കാരോട് ഏറ്റുമുട്ടാന്‍ പോകുമ്പോള്‍ ഏറനാടിന്റെ തെരുവുകളില്‍ പാടിയ അതേ പാട്ട്! പാട്ട് നിര്‍ത്തിക്കാന്‍ കഴിയാതെയായി. ജയില്‍ അങ്കണത്തില്‍ ഒരു ഭീകരാവസ്ഥ തന്നെ സംജാതമായി. ജയില്‍ അധികാരികള്‍ക്ക് ഭീഷണി അനുഭവപ്പെട്ടു.'(235)മലയാളികളായ മാപ്പിള കൈദികളുടെ എണ്ണം ജയിലില്‍ വര്‍ദ്ധിച്ചു കൊണ്ടിരുന്നപ്പോള്‍ മാന്വല്‍ പരിഷ്‌കരണം നടത്താന്‍ അധികാരികള്‍ നിര്‍ബന്ധിതരായി. 1922ല്‍ മാന്വല്‍ ഭേദഗതി വരുത്തുകയും മലയാളത്തിന് അംഗീകാരം ലഭിക്കുകയും ചെയ്തു.

1858ല്‍ അന്തമാന്‍ ജയിലിലെത്തിയ ബാപ്പുട്ട എന്ന് മലബാറുകാരനെക്കുറിച്ച് നോവലില്‍ ഒരു പരാമര്‍ശം ഉണ്ട്.
'ബ്രിട്ടീഷ് ഭരണത്തിന്റെ ആദ്യത്തെ നാല്‍പ്പതു വര്‍ഷം മലബാറില്‍ തൊണ്ണൂറ് സംഘട്ടനങ്ങള്‍ നടന്നു. 1834 ല്‍ മലപ്പുറത്ത് ഒരു കലാപം, നാല്‍പ്പത് ആളുകള്‍ മരിച്ചു. മാനുപ്പ ബാപ്പുട്ടയുടെ ബാപ്പ അന്ന് മുപ്പത്തെട്ട് വയസ്സ്. ബാപ്പയുടെ അനുജന്‍ കോയപ്പക്ക് മുപ്പത്താറ് വയസ്സ്. മാനുപ്പയേയും കോപ്പയേയും ബാപ്പുട്ടിയേയും അറസ്റ്റു ചെയ്തു. നാടുകടത്താന്‍ വിധി. മാനുപ്പയെ ഏഡനിലേക്ക്. കോയപ്പ ആസ്‌ത്രേലിയയിലെ ബോട്ടനി ബേയിലേക്ക്. ബാപ്പുട്ടയെ ബല്ലാരി ജയിലിലേക്കും. 1849ല്‍ ബാപ്പുട്ട ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങി. വീട്ടില്‍ ബാപ്പയും ബാപ്പയുടെ അനുജനും എത്തിയിട്ടില്ലായിരുന്നു. എന്ന് വരുമെന്ന് ഒരറിവുമില്ല. ജീവിച്ചിരിക്കുന്നുണ്ടോ എന്നു പോലും അറിയില്ല. ഭാര്യ സാറയോടുള്ള ബാപ്പുട്ടയുടെ സംശയം അതേ പടി നിലനിന്നു. അത് അവന്റെ ജയില്‍ ജീവിതകാലത്ത് വര്‍ധിക്കുകയാണുണ്ടായത്. അവന്‍ ഭാര്യയുടേയും മകന്റെയും മുഖത്ത് നോക്കാന്‍ പോലും മടിച്ചു. അങ്ങനെ ചിന്തിക്കരുതെന്ന് പലരും ഉപദേശിച്ചു.

അക്കാലത്ത് അങ്ങാടിപ്പുറം ഒരു സമരത്തിനു വേണ്ടി പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. സാറയില്‍ നിന്ന് അകലുകയും വേണം. ബാപ്പുട്ട അങ്ങാടിപ്പുറത്തെത്തി. ലഹളയില്‍ പങ്കുകൊണ്ടു. അറുപത്തിനാല് പേര്‍ കൊല്ലപ്പെട്ടു. ബാപ്പുട്ടയെ അറസ്റ്റു ചെയ്തു. കൊലക്കുറ്റത്തിന് കേസ്. തൂക്കി കൊല്ലാനായിരുന്നു വിധി. പിന്നെ ഇളവു ചെയ്തു. ജീവപര്യന്തമാക്കി. വീണ്ടും ബല്ലാരി ജയിലില്‍. 1858വരെ അവിടെ. പിന്നീട്  1858ല്‍ അന്തമാനിലേക്കു മാറ്റി.'(89).
മലബാര്‍ കലാപത്തിനു മുമ്പ് അന്തമാന്‍ ജയിലിലുണ്ടായിരുന്ന മലയാളികളില്‍ വാര്യംകുന്നന്‍ മൊയ്തീന്‍ ഹാജിയേയും പുന്നക്കാടന്‍ ചേക്കുട്ടി ഹാജിയേയും കുറിച്ചും നോവലില്‍ പരാമര്‍ശമുണ്ട്. വളാഞ്ചേരിക്കടുത്ത് ആതവനാടിലെ വെട്ടിക്കാട്ടിരി ഖാദര്‍ എന്ന കഥാപാത്രത്തെയും നോവലില്‍ കാണാം.(194,203). ബ്രിട്ടീഷ് അധികാരികളോട് വിധേയത്വം പുലര്‍ത്തുന്ന ഒരാള്‍ ആയിരുന്നു വെട്ടിക്കാട്ടിരി ഖാദര്‍ .
1894 ല്‍ മലബാറില്‍ ഇംഗ്ലീഷ് വിരുദ്ധ സമരം നടന്നു. മണ്ണാര്‍ക്കാട്ട് പയ്യനാട് അംശം നെല്ലിക്കുന്നു ദേശത്തെ വാരിയന്‍ കുന്നന്‍ മൊയ്തീന്‍ ഹാജിയെ പിടിച്ച് നാടുകടത്താന്‍ ശിക്ഷിച്ചു. സ്യാലന്‍ പുന്നക്കാടന്‍ ചേക്കുട്ടി ഹാജിയേയും ഒരു ചെറിയ സംഘം മാപ്പിളമാരേയും പോലീസ് അറസ്റ്റു ചെയ്തു.  ബെല്ലാരി ജയില്‍ വഴി 1896ല്‍ അവര്‍ അന്തമാനിലെത്തി(പുറം.171). 1912 ജനുവരി മൂന്നിന് വാരിയംകുന്നത്ത് മൊയ്തീന്‍ കുട്ടി ഹാജിക്ക് മലേറിയ മൂര്‍ച്ഛിച്ചു മരിച്ചു.

മലബാര്‍ കലാപവും ശിക്ഷാകുടിയേറ്റവും
1914ല്‍ ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനപ്രകാരം എല്ലാ രാഷ്ട്രീയ തടവുകാരെയും തിരിച്ച് വന്‍കരയില്‍ എത്തിച്ചു.1921ലെ കണക്കുപ്രകാരം അന്തമാന്‍ സെല്ലുലാര്‍ ജയിലില്‍ മലയാളികള്‍ ആരും തന്നെ ഇല്ലായിരുന്നു. ജയിലിലുണ്ടായിരുന്ന മലയാളികള്‍ വന്‍കരയിലെ ജയിലിലേക്ക് മാറ്റപ്പെടുകയോ ആന്‍ഡമാനില്‍ വച്ച് തന്നെ മരണപ്പെടുകയോ ചെയ്തിരുന്നു. എന്നാല്‍ മലബാര്‍ കലാപത്തിനുശേഷം മാപ്പിളമാരായ കൈദികള്‍ ധാരാളമായി ജയിലിലേക്ക് എത്തിചേര്‍ന്നു. ''മാപ്പിള കൈദികള്‍ ഓരോരുത്തരായി പേരു കൊടുത്ത് ജയിലിലേക്കു നീങ്ങിത്തുടങ്ങി.
നെല്ലിപ്പറമ്പില്‍ അലവി ഹാജി, കോഴിശ്ശേരി കോയക്കുട്ടി,കയക്കാട്ടിപ്പറമ്പില്‍ കുഞ്ഞനി കുത്തുക്കാലന്‍ കുഞ്ഞാര പോക്കത്ത് കോയാമി ...
ടി.സച്ചിതാനന്ദശിവം വീണ്ടും ചോദിച്ചു. ഏത് ചരിത്ര മുഹൂര്‍ത്തത്തില്‍ നിന്നാണ് ഈ മനുഷ്യര്‍ വരുന്നത്
മാപ്പിളമാര്‍, മലബാറിലെ വീരന്മാര്‍. ദൈവത്തെയല്ലാതെ മറ്റാരെയും പേടിക്കാത്തവര്‍, മറ്റൊന്നിനേയും ആരാധിക്കാത്തവര്‍. എല്ലാ കര്‍മങ്ങളും ദൈവകൃപക്കുവേണ്ടി അര്‍പ്പിച്ചവര്‍. ഇതാ അങ്ങനെ ഒരു ലഹളയില്‍ പിടിക്കപ്പെട്ടു. ഖിലാഫത്ത് സമരം, പിന്നെ സമരങ്ങളുടെ കുറേ മാനങ്ങള്‍. എന്തായാലും അവര്‍ ബ്രിട്ടീഷുകാരോടാണ് യുദ്ധം ചെയ്തത്. ഒരു നാട്ടുരാജ്യത്തിന്റെ അധികാരം പോലും കൈയിലില്ലാതെ, വിശപ്പു തീര്‍ക്കാന്‍ പോലും കഷ്ടപ്പെടുന്നവര്‍. ധീരമായി പൊരുതി. ക്രൂരമായി ശിക്ഷിക്കപ്പെടുകയും ചെയ്തു.''(പുറം.225)

കുഞ്ഞിരാമന്‍ നായരായിരുന്നു മലബാറിലെ ഡെപ്യൂട്ടി കലക്ടര്‍. ഭരണാധികാരികള്‍ ആലോചിച്ചുകൊണ്ടിരുന്നു. മലബാറില്‍ മാപ്പിള കലാപം വീണ്ടും സംഭവിക്കാതിരിക്കാനുള്ള വഴികളെപ്പറ്റി കുഞ്ഞിരാമന്‍ നായര്‍ അഭിപ്രായപ്പെട്ടു. മാപ്പിളമാര്‍ അധിക ഭാഗവും കൂടിയായാരാണ്. ഭൂമിയില്ലാത്തവര്‍. അവര്‍ക്ക് ജന്മിമാരുടെ ഭൂമിയാണ് ആവശ്യം. ആ ആവശ്യം സ്വീകരിക്കാന്‍ സാധ്യമല്ല. ഭൂമിയെ പറ്റിയുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കും. ലഹള ഇനിയുമുണ്ടാകും. നാടുകടത്തപ്പെട്ടവരെല്ലാം പുരുഷന്മാരാണ്. അവരുടെ ഭാര്യമാരേയും മക്കളേയും ഉമ്മമാരേയും ബാപ്പമാരേയും അന്തമാനിലേക്ക് പറിച്ചു നടണം. അന്തമാനില്‍ ധാരാളം വനഭൂമിയുണ്ട്. അത് പതിച്ചു കൊടുക്കണം. വെട്ടിവെളുപ്പിച്ച് കൃഷി നടത്താന്‍ അനുവദിക്കണം. അതിനുവേണ്ടി ചില്ലറ സഹായങ്ങള്‍ ചെയ്യണം. മലബാര്‍ സ്വതന്ത്രമാക്കപ്പെടും. ഇതായിരുന്നു മലബാര്‍ സ്‌ക്രീം. 1924 സെപ്തംബര്‍ 6ന് മലബാര്‍ കലക്ടര്‍ തോറന്‍ മലബാര്‍ സ്‌കീം നടപ്പിലാക്കാന്‍ ഉത്താവുനല്‍കി. ഇക്കാലത്ത് കേണല്‍ ഫെറോര്‍ ആയിരുന്നു. അന്തമാനിലെ ചീഫ് കമ്മീഷണര്‍. അദ്ദേഹം സ്‌കീം നടപ്പാക്കുന്നതിനെ നേരിട്ട് നിരീക്ഷിച്ചുകൊണ്ടിരുന്നു.(240)
പോലീസുകാര്‍ വീടുവീടാന്തരം കയറിയിറങ്ങുന്നു. തിരൂര്‍, വണ്ടൂര്‍, മണ്ണാര്‍ക്കാട്, കന്യാപുരം, മഞ്ചേരി, മലപ്പുറം, തൃക്കോട്ടൂര്‍ ......... അങ്ങനെ മലബാറില്‍ എല്ലായിടത്തും. മാപ്പിള ലഹളയില്‍ നാടുകടത്തപ്പെട്ടവരുടെ ബന്ധുക്കളെ അന്വേഷിക്കുന്നു. ഭാര്യമരേയും കുടുംബാംഗങ്ങളേയും, ഇഷ്ടമുള്ളവര്‍ക്ക് അന്തമാനിലേക്കു പോവാം. പോലീസ് അകമ്പടിയും സംരക്ഷണവുമുണ്ട്. കപ്പലിന് ടിക്കറ്റ് വേണ്ട, യാത്രയില്‍ ഭക്ഷണം സര്‍ക്കാര്‍ വക. അന്തമാനില്‍ വന്നാല്‍ ഭൂമി. മഹാരാജാ കപ്പല്‍ വീണ്ടും വന്നു. ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട് ചങ്ങല കെട്ടിയ കൈദികള്‍ മാത്രമല്ല, ഭാര്യമാരും മക്കളും ആ കൂടെ എത്തി. സെല്ലുലാര്‍ ജയിലില്‍ ഇനി സ്ഥലമില്ല. പുതുതായി വന്ന കൈദികളെ ചാത്തം ജട്ടിയില്‍ നിന്ന് ബോട്ടില്‍ കയറ്റി നേരെ എതിര്‍വശത്തുള്ള ജട്ടിയിലേക്ക്. ബംബൂഫ്‌ളാട്ട്, വളഞ്ഞു തിരിഞ്ഞു കിടക്കുന്ന തെക്കേ അന്തമാനിലെ ഒരു ചെറിയ തുറമുഖം, ചാത്തത്തില്‍ നിന്നാല്‍ കാണാം. ജെട്ടിയിലെ മനുഷ്യരെപ്പോലും കാണാം. അടുത്ത് തിരമാലകളില്ലാത്ത ശാന്തമായ കടലിടുക്ക്,
കുന്നുമ്മല്‍ മരക്കാര്‍, നെച്ചുമണ്ണില്‍ കുഞ്ഞഹമ്മദു, അവറാന്‍ കുട്ടി മുസ്ലിയാര്‍, കിഴക്കേ പീടിയേക്കല്‍ അബ്ദുള്ള എന്നിങ്ങനെ കൈദികളുടെ നീണ്ട വരികള്‍. ആമം വെക്കപ്പെട്ടവര്‍, ഫ്‌ളാട്ടില്‍ നിന്ന് ഈ സംഘത്തോട് നടക്കാന്‍ പറഞ്ഞു. തെളിച്ച് കാട്ടിലൂടെ. ഇടതിങ്ങിയ കൂറ്റന്‍ മരങ്ങള്‍, വഴികള്‍ കല്ലും മുള്ളും നിറഞ്ഞത്. സര്‍പ്പങ്ങള്‍. വിഷമുള്ള നീണ്ട തേളുകള്‍. കാലാപാനിയിലെ ഭൂതലം. കാടുകള്‍, കൈദികള്‍ വസിച്ച് ഗ്രാമങ്ങളുണ്ടാവണം. ഗ്രാമങ്ങള്‍ക്ക് അപ്പോള്‍ പേരുകളുണ്ടാകും.

1858 ലെ അവസ്ഥ. മരം വെട്ടി, ബാരക്കുണ്ടാക്കി. വഴി വെട്ടി. പുതിയ കൃഷിസ്ഥലം വെളിപ്പിച്ചെടുത്തു. കൈദികള്‍ പകല്‍ മുഴുവന്‍ ജോലി ചെയ്തു. രാത്രി സ്വയം നിര്‍മിച്ച ബാരക്കില്‍ കിടന്ന് ശിക്ഷയനുഭവിച്ചു. ചങ്ങലക്കിട്ടു തന്നെ കിടന്നു. ആദിവാസികളുടെ അമ്പുകള്‍ കൊണ്ട് മരണം. ഇഴജന്തുക്കളുടെ വിഷം, ശരീരഭാഗങ്ങള്‍ തടിച്ചു വീര്‍ക്കല്‍, സഹിക്കാനാവാത്ത വേദന, മലമ്പനി !!

''കൈദികള്‍ക്കു പിന്നില്‍ത്തന്നെ അന്തമാന്‍ സ്‌കീമില്‍ വന്ന കുടുംബാംഗങ്ങളും നടന്നു. തകരപ്പെട്ടികള്‍ തൂക്കിപ്പിടിച്ചു. കുഞ്ഞി പാത്തുമ്മ ഇടക്ക് പെട്ടി ചുമലിലേറ്റി. പെട്ടിയില്‍ മഴു, അരിവാള്‍, വെട്ടുകത്തി, പാത്രങ്ങള്‍, വെള്ളക്കാച്ചിത്തുണി, കറുപ്പ് സൂപ്പ് എന്നിവയുണ്ട്. വെള്ളക്കാച്ചി വിശേഷ ദിവസങ്ങളില്‍ ധരിക്കുവാനുള്ളതാണ്. ഉടുത്ത കറുപ്പു സൂപ്പിനു മുകളില്‍ വെള്ളിനാണയം കെട്ടിയിരിക്കുന്നു. ശരീരത്തില്‍ അവശേഷിച്ച ഒരേ ഒരാ ഭരണം. കാതു നിറയെ പൊന്നിന്റെ ചിറ്റുണ്ടായിരുന്നു. കഴുത്തില്‍ അലുക്കു നിറച്ച് പൊന്നിന്റെ പുറംതോടുള്ള മണികള്‍ തൂക്കിയ ചങ്കേലസ്സ്. കുമ്മത്ത്. കൊരലാരം. ഏറനാടന്‍ മാപ്പിള സ്ത്രീകളുടെ മാന്യതയുടെ അടയാളം.''

കുടിവെള്ളത്തിന് കിണറുകളില്ല. കുഴിച്ചാല്‍ ഉപ്പു രസമാണ് വെള്ളത്തിന് പോര്‍ട്ട്ബ്‌ളെയറില്‍ ടാങ്കും പൈപ്പു വെള്ളവുമുണ്ട്. വേനല്‍ക്കാലത്ത് ട്രക്കില്‍ വെള്ളം കൊണ്ടുവരും. ഇവിടെ അതൊന്നും തുടങ്ങിയിട്ടില്ല. അടുത്ത കാലത്തൊന്നും തുടങ്ങുകയുമില്ലത്രെ. കുടിവെള്ളത്തിന് പോലും തോടുകളാണ് ഇപ്പോഴുള്ളത്. അലവി ഹാജി പറഞ്ഞു: മാപ്പിളമാരോട് അവഗണനയാണ്. അങ്ങനെ പറയാന്‍ ഇതാണ് കാരണമിതാണ്: ''ആദ്യം വന്ന വടക്കെ ഇന്ത്യക്കാര്‍ക്ക് നല്ല സ്ഥലങ്ങള്‍ കിട്ടി. പോര്‍ട്ടു ബ്‌ളയര്‍ പട്ടണത്തിനടുത്ത് നമ്മള്‍ ദൂരെ ഗ്രാമങ്ങളിലാണ്. ആശുപത്രിയില്ല. കുടിവെള്ളമില്ല. അങ്ങാടിയില്ല. പാര്‍ക്കാന്‍ നല്ലകുടിലുകളില്ല. മുമ്പ് വയറിളക്കം,. മാപ്പിളമാര്‍ ഇവ ഉണങ്ങിയ മരങ്ങളെപ്പോലെ ഒരു വര്‍ഗമായി. മരിച്ചാല്‍ ഖബറടക്കാന്‍ ഒരു ഖബറീസ്താന്‍ പോലുമില്ല. കൈദികള്‍ക്ക് പുര വെക്കാനുള്ള സ്ഥലം അടുത്തടുത്താണ് അനുവദിക്കുക. ഗ്രാമങ്ങള്‍ അങ്ങനെയാണുണ്ടാകുന്നത്.കുടിലിനടുത്തായി വേറെ കുടിലുകള്‍ ഉയര്‍ന്നു തുടങ്ങി. എല്ലാവര്‍ക്കും കാട്ടില്‍ അഞ്ചേക്കര്‍ ഭൂമി അളന്നു കൊടുക്കുന്നുണ്ട് അത് കൃഷിക്ക്.''(പുറം.253)

ഗ്രാമം പൂര്‍ത്തിയായി. തിരൂരില്‍ നിന്നു വന്ന മാപ്പിള കൈദികള്‍ അവരെ കുടിയിരുത്തിയ ഗ്രാമത്തിന് തിരൂരെന്ന് പേരിട്ടു. ഗോവിന്ദന്‍ തഹസില്‍ദാര്‍ സന്തോഷത്തോടെ അംഗീകരിച്ചു. അതേപോലെ വണ്ടൂര്‍, മണ്ണാര്‍ക്കാട്, മുസ്ലിം ബസ്തി, നയാപുരം തുടങ്ങി ഒമ്പത് ഗ്രാമങ്ങള്‍ നിലവില്‍ വന്നു. തെക്കെ അന്തമാനില്‍ മാപ്പിളമാര്‍ ജീവിച്ചുതുടങ്ങി. ഈ ഗ്രാമങ്ങളിലെലെല്ലാം കാലാവധി തീരാത്ത കൈദികള്‍ ഇപ്പോഴും ബാരക്കിലാണ് ചങ്ങലക്കിട്ടുകൊണ്ടുള്ള ഉറക്കം'.(255)
നടപ്പാതകളും കുടിവെള്ള സൗകര്യങ്ങളും ആശുപത്രികളുമില്ലാത്ത, ആദിവാസികള്‍ തുടര്‍ച്ചയായി ആക്രമിച്ചുകൊണ്ടിരിക്കുന്ന പുതിയ മാപ്പിള ഗ്രാമങ്ങള്‍ നിലവില്‍ വന്നു ഗോവിന്ദന്‍ തഹസില്‍ദാര്‍ സെറ്റില്‍മെന്റ് സൂപ്രണ്ടിന് റിപ്പോര്‍ട്ടു ചെയ്തുകൊണ്ടിരുന്നു. ഹത്താബാദ്, കാലിക്കറ്റ്, കന്യാപുരം, മഞ്ചേരി, മലപ്പുറം,വീണ്ടും തുടര്‍ന്നു. സ്റ്റിവാര്‍ട്ട് ഗഞ്ജ, മേമിയോ, ടെമ്പിള്‍ ഗഞ്ജ്....
ഗോവിന്ദ് തഹസില്‍ദാര്‍ക്ക് സെറ്റില്‍മെന്റ് സൂപ്രണ്ടിന്റെ നിര്‍ദേശം: ക്രൂരന്മാരായ മാപ്പിള കൈദികളെ തിരൂരില്‍ വസിപ്പിക്കുക! കാരണം ഇങ്ങനെ വിശദീകരിച്ചു. തിരൂര്‍ ജവാ താവളത്തിനടുത്താണ്. അവിടെയാണ് കൂടുതലായി ആക്രമണങ്ങള്‍ നടക്കുന്നത്,  മരണവും. ആദ്യം മരിക്കുന്നത് കടുത്ത ആക്രമികളായിരുന്ന മാപ്പിളമാരാവണം.(പുറം.256)

പുനരധിവാസത്തിന്റെ ഭാഗമായി മതസമുദായങ്ങള്‍ക്കു പ്രാര്‍ഥനാലയങ്ങള്‍ സര്‍ക്കാര്‍ പണികഴിപ്പിച്ചു കൊടുക്കുന്നുണ്ട്. ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും സിക്കുകാര്‍ക്കും വേറെ വേറെ. ജനങ്ങള്‍ ആകാശത്തിലെ ദൈവത്തെ ഭജിച്ച് ശാന്തരായി ജീവിക്കുന്നത് നല്ലതാണ്. ബ്രിട്ടീഷ് സര്‍ക്കാരിന് അതില്‍ അപകടമൊന്നുമില്ല. രാഷ്ട്രീയമായി അവര്‍ സംഘടിച്ചുകൂടാ എന്നു മാത്രം. ഗാന്ധിയുടേയും നെഹ്‌റുവിന്റേയും അനുയായികള്‍ പോലുമാവരുത്. മംഗള്‍ പാണ്ഡേ എന്ന കവാലിയും അപകടമുണ്ടാക്കും. മാപ്പിളമാര്‍ മുസ്ലിങ്ങളില്‍ത്തന്നെ വേറിട്ടു നില്‍ക്കുന്നു, ഭാഷാപരമായി. അവരുടെ ഗ്രാമങ്ങളിലും പള്ളികള്‍ സ്ഥാപിക്കപ്പെട്ടു. നിര്‍മാണത്തിന് നേതൃത്വം വഹിച്ചത് ഗോവിന്ദന്‍ തഹസില്‍ദാര്‍ ആയിരുന്നു. നയാപുരം, കാലിക്കറ്റ്, വണ്ടൂര്‍, മണ്ണാര്‍ക്കാട്, തിരൂര്‍, എന്നിവിടങ്ങളില്‍ പള്ളികള്‍ സ്ഥാപിക്കപ്പെട്ടു.

1931ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലേയും ബര്‍മയിലേയും 347 ജില്ലകളില്‍ നിന്നു വന്നവര്‍ മലബാറിലെ മാപ്പിളമാര്‍ കൈദികളായി വന്നവര്‍ മാത്രം 1400 പേരുണ്ടായിരുന്നു. കൈദികളും കുടുംബാംഗങ്ങളുമടക്കം 1885. ഗ്രാമങ്ങളില്‍ കക്കൂസില്ല. കുടിവെള്ളമില്ല. ആശുപത്രിയില്ല. ഉള്ള ഡിസ്‌പെന്‍സറി ഗ്രാമത്തില്‍ നിന്ന് വളരെ അകലെയും. തുടര്‍ച്ചയായ പകര്‍ച്ചവ്യാധികള്‍... ലൈംഗികജീവിതം പ്രകൃതി വിരുദ്ധമായ നിലയില്‍... സ്ത്രീകളുടെ അമിതമായ കുറവു തന്നെ കാരണം. (കാലാപാനി: അധിനിവേശത്തിന്റെ നാള്‍വഴികള്‍)

ഈ മരണത്തിലേക്കും നാശത്തിലേക്കും മൃഗതുല്യമായ ജീവിതത്തിലേക്കും തടവുകാരുടെ കുടുംബാംഗങ്ങളെ ഇനി അയക്കരുത്. തടവുകാര്‍ മാത്രം കാലാപാനിയില്‍ ശിക്ഷിക്കപ്പെട്ടാല്‍ മതി. കൈദികളുടെ ആവശ്യമായിരുന്നു, അത്. 1936 ഒക്ടോബര്‍ 13ന് കൈദികള്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചു. മൃഗതുല്യമായ ജയില്‍ ജീവിതത്തെപ്പറ്റി അവര്‍ തുറന്നെഴുതി.  പൗരസ്വാതന്ത്ര്യങ്ങളും അവര്‍ ആവശ്യപ്പെട്ടു. എങ്കിലും സ്വാഭാവികമായും ഇത് അനുവദിക്കപ്പെട്ടില്ല. പക്ഷെ, ചില തീരുമാനങ്ങളുണ്ടായി ഇരുപത് കൊല്ലത്തെ ജീവപര്യന്തം തടവുകള്‍ പുനര്‍നിര്‍വചിക്കപ്പെട്ടു. പതിനാല് കൊല്ലം തടവില്‍ കഴിഞ്ഞാല്‍ മതിയെന്നായി. അങ്ങിനെ എല്ലാ മാപ്പിള തടവുകാരും മോചിപ്പിക്കപ്പെട്ടു. മഹാത്മാഗാന്ധി ഈ പ്രശ്‌നത്തില്‍ ഇടപെട്ടു. ജയിലുകളില്‍ നിന്ന് രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജയിലുകളിലെ സ്ഥിതി മെച്ചപ്പെടുത്തുകയും വേണം. 1938 ജനുവരി 18ന് രാഷ്ട്രീയത്തടവുകാരുടെ അവസാനത്തെ ബാച്ച് സെല്ലുലാര്‍ ജയിലില്‍ നിന്നിറങ്ങി. കല്‍ക്കത്തയിലേക്കുള്ള കപ്പലില്‍ കയറി. ശിക്ഷാ കാലവധി കഴിഞ്ഞവരില്‍ പലരും ദ്വീപില്‍ തന്നെ തുടര്‍ന്നു. ക്രമരഹിതമായിരുന്നു ദ്വീപിലെ ജീവിതം. നിരവധി കാരണങ്ങള്‍ അതിനു കണ്ടെത്താന്‍ കഴിയും. അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി ആയിരുന്നു അതില്‍ പ്രധാനപ്പെട്ടത്. സ്ത്രീകള്‍ എണ്ണത്തില്‍ കുറവായിരുന്നതുകൊണ്ട് തന്നെ സദാചാരപരമായ പ്രശ്‌നങ്ങളും എറെയുണ്ടായി. ബ്രിട്ടനെ കീഴ്‌പ്പെടുത്തി ജപ്പാന്‍ ദ്വീപിന്റെ അധികാരം പിടിച്ചടക്കുമ്പോഴും ദ്വീപുവാസികളുടെ അവസ്ഥ കൂടുതല്‍ പരിതാപകരമായി.

മലബാര്‍ കലാപത്തിലൂടെ ദ്വീപില്‍ എത്തിയ കോയാമി എന്ന കഥാപാത്രവും ഭാര്യയായ സീതാമണിയും അനുഭവിക്കുന്ന സംഘര്‍ഷങ്ങളിലൂടെ ദ്വീപിലേക്ക് എത്തപ്പെട്ടവരുടെ അവസ്ഥയെ അടയാളപ്പെടുന്നുന്നുണ്ട് നോവലില്‍. ഇവരുടെ മകന്‍ മലബാറില്‍ നിന്നും ദ്വീപിലേക്ക് എഴുതുന്ന ഒരു കത്തും ശ്രദ്ധേയമാണ്. 1942ല്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്താണ് ഈ കത്ത് എഴുതുന്നത്. 'മകന്റെ കത്ത് വന്നിരിക്കുന്നു. സീതാമണി അത് കോയാമിക്ക് വായിച്ചു കൊടുത്തു. ''അച്ഛനും അമ്മയും വായിക്കുവാന്‍, മലബാര്‍ കലാപമാണ് അച്ഛനെ അന്തമാനിലെത്തിച്ചത്. അതുകൊണ്ട് അമ്മയെയും. ആ സമരം ഒരു സമ്പൂര്‍ണ്ണ പരാജയമാണ്. വാഴ്ത്തിപ്പറയുന്നതുപോലെ അത് വാഴ്ത്തപ്പെടേണ്ടതുമല്ല. കര്‍ഷകരാണ് ലഹള തുടങ്ങിയത്. ഭൂമിക്കുവേണ്ടി. പക്ഷെ, മാപ്പിളമാര്‍ മാത്രമാണ് ലഹള നടത്തിയത്. മുല്ലമാരും മാപ്പിള നേതാക്കളും യുദ്ധത്തിന് ആഹ്വാനം ചെയ്തു. നേതൃത്വം നല്‍കി. തക്ബീറുകള്‍ മുഴക്കി ലഹളക്കാരെ നയിച്ചു. ഭൂമി നിഷേധിക്കപ്പെട്ടവര്‍ ലഹളയില്‍ പങ്കു ചേര്‍ന്നു. മാപ്പിളമാര്‍ മാത്രമാണോ ഭൂമി നിഷേധിക്കപ്പെട്ടവര്‍? ഹിന്ദുക്കളെ ലഹളയില്‍ അണിചേര്‍ക്കാന്‍ കഴിഞ്ഞില്ല. ക്രമേണ ഇതൊരു ഇസ്ലാമികയുദ്ധമായി. ഹിന്ദുക്കളും മുസ്ലിമിങ്ങളും തമ്മിലടിക്കുകപോലും ചെയ്തു. ലഹള പരാജയപ്പെട്ടു. ലഹളയെ അനിവാര്യമാക്കിയ, അതിന് തുടക്കം കുറിച്ച അവസ്ഥ നിലനില്‍ക്കുന്നു. എല്ലാ കര്‍ഷകര്‍ക്കും കുടികിടപ്പുകാര്‍ക്കും ഭൂമി ലഭ്യമാക്കണം. ഉടമകളുടെ മേധാവിത്വം അവസാനിപ്പിക്കണം. ലഹള തുടരണം. അതവസാനിക്കുന്നില്ല. ഞാനും എന്റെ സഖാക്കളും ആ സമരത്തിലാണ്. അച്ഛനും അമ്മയ്ക്കും നിര്‍ഭയരായി ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനും കൂടിയാണ് ഞങ്ങളുടെ സമരം. ഞങ്ങളെ അന്വേഷിച്ച് പോലീസും പട്ടാളവും ഇറങ്ങിയിരിക്കുന്നു. ഇപ്പോള്‍ ഒളിവു ജീവിതമാണ്. ഞങ്ങള്‍ക്ക് ആദ്യം പരാജയപ്പെടുത്തേണ്ടത് ബ്രിട്ടീഷ് സര്‍ക്കാറിനെയാണ്. അടുത്ത കത്ത് താമസിച്ചെന്നു വരും. ഇനി എന്റെ കത്ത് വന്നില്ലെന്നുമാവാം. എന്നെയോര്‍ത്ത് വ്യസനിക്കരുത്. ഇന്ത്യക്കുവേണ്ടി കഴിയുന്ന ത്യാഗം ചെയ്യുക.'' കോയാമി കുറേ നേരം കരഞ്ഞു. സീതാമണി കരഞ്ഞില്ല. അവള്‍ പെട്ടിയില്‍ സൂക്ഷിച്ചിരുന്ന ഭഗവത്ഗീതയെടുത്ത് പാരായണം ചെയ്തു. കോയാമി സംശയത്തോടെ നോക്കിയപ്പോള്‍ അവള്‍ പറഞ്ഞു. സമാധാനമാണ്. നമുക്കു വേണ്ടത്. ഇത് സമാധാനം തരും. വേദഗ്രന്ഥങ്ങളൊന്നും ഒരു ധര്‍മത്തിനും എതിരല്ല. എല്ലാം നന്മയുടെ സമാധാനത്തിന്റെ സ്രോതസ്സുകളാണ്. അവള്‍ കോയാമിയുടെ മുന്നിലേക്ക് ഖുര്‍ആന്‍ നീക്കിവെച്ചു.'(315)

കോയാമിയെ പോലെ നിരവധിപേര്‍ ശിക്ഷ കഴിഞ്ഞിട്ടും ദ്വീപില്‍ തുടര്‍ന്നു. ഒരോരുത്തര്‍ക്കും ഒരോ കഥകള്‍ ഉണ്ടായിരുന്നു. ഒന്നിനു പിറകെ ഒന്നൊന്നായി ഒഴിയാതെ ഒരോ ദുരിതങ്ങള്‍... അസാധാരണമായ അനുഭവങ്ങള്‍. പ്രതിഷേധങ്ങളും പ്രതിരോധവും മാത്രമായിത്തീര്‍ന്ന ജീവിതം. അതിനിടയിലും സ്വതന്ത്രഇന്ത്യയെക്കുറിച്ചുള്ള പ്രതീക്ഷകള്‍. വിദേശശക്തികള്‍ക്കു കീഴ്‌പ്പെട്ട് ജീവിക്കേണ്ടി വന്നപ്പോഴും അധിനിവേശ ശക്തികള്‍ മനുഷ്യന്റെ സാധാരണജീവിതത്തെ എങ്ങനെ അട്ടിമറിക്കുന്നു എന്ന് അടയാളപ്പെടുത്തുകയാണ് കുണ്ടനി മുഹമ്മദ് എഴുതിയ നോവല്‍. അധികാരത്തിന്റെ നൃശംസതയും പൗരന്റെ വിധേയത്വവും തമ്മിലുള്ള അഭിമുഖീകരണത്തെ വൈകാരികമായി അനുഭവിപ്പിക്കുകയാണ് ഈ നോവല്‍. ആത്യന്തികമായി അധികാരത്തിനെതിരെയുള്ള കലാപമായി ഈ അധിനിവേശസ്മരണകള്‍ ഉണര്‍ത്തിയെടുക്കുകയാണ് ഈ നോവല്‍.

മലയാളത്തിന്റെ  നോവല്‍സാഹിത്യ പാരമ്പര്യത്തെ സംബന്ധിച്ചുള്ള അന്വേഷണങ്ങളില്‍ പലതരം ഗണവിഭജനരീതികള്‍ കാണാം. ചരിത്രനോവല്‍, രാഷ്ട്രീയ നോവല്‍, പരിസ്ഥിതി നോവല്‍, കാവ്യനോവല്‍, കാര്‍ട്ടൂണ്‍ നോവല്‍, സൈബര്‍ നോവല്‍, പട്ടാളനോവല്‍, ബോധധാരാനോവല്‍, ആധുനിക/ഉത്തരാധുനികനോവല്‍  എന്നൊക്കെ പലതരം വര്‍ഗീകരണങ്ങള്‍ നിരൂപകര്‍ മുന്നോട്ടു വെയ്ക്കാറുണ്ട്. ഭാവുകത്വപരമായും പ്രത്യയശാസ്ത്രപരമായും  ചരിത്രപരമായും പലതരം അളവുകോലുകള്‍ അവയെ നിര്‍ണയിക്കാറുണ്ട്. സ്ഥലകാലങ്ങളുടെയും അധിവാസങ്ങളുടെയും ഊന്നലോടെ ദല്‍ഹി നോവല്‍, കൊച്ചി നോവല്‍, പ്രവാസി/ഗള്‍ഫ് നോവല്‍ എന്നു വിളിക്കപ്പെടുന്ന ഒരു പറ്റം നോവലുകളും നമുക്കുണ്ട്. നോവല്‍ എന്ന സാഹിത്യരൂപം തന്നെ ദേശത്തിന്റെയും ദേശീയതയുടെയും സാധൂകരണകരണയുക്തിക്കകത്തു നിര്‍വചിക്കപ്പെടുന്നു. സ്വയംഭരണാധിഷ്ഠിതമായ രാഷ്ട്രീയഭൂപടത്തിന്റെ ഭാവന കൂടിയാണ് സാഹിത്യരൂപമെന്ന നിലയില്‍ നോവല്‍. ഇന്ത്യന്‍ ദേശീയതയെസംബന്ധിച്ച പുതിയ തരം ഉന്നയിക്കലുകള്‍, ആരായലുകള്‍ ദേശീയതയുടെ അപരമെന്ന നിലയില്‍ മുസ്ലിം സ്വത്വത്തെ തിരിച്ചറിയുന്നുണ്ട്. ആ നിലയ്ക്കു മുസ്ലിം സാമൂഹികരാഷ്ട്രീയ സ്വത്വത്തെ നിര്‍വചിക്കുവാന്‍ നമ്മുടെ മലയാളനോവല്‍ പ്രാപ്തിനേടിയോ എന്ന ചോദ്യം പ്രസക്തമാണ്. മുസ്ലിം സാമുദായികതയുടെയും ദൈനംദിനജീവിതത്തിന്റെയും അനുഭവപ്രതിഫലനങ്ങളെ പലകാലങ്ങളിലെ മലയാളസാഹിത്യകോയ്മകള്‍ എങ്ങനെ സ്വീകരിച്ചു എന്നത് ബഷീറിന്റെയും മറ്റും സാഹിത്യജീവിതത്തെ മുന്‍നിര്‍ത്തി നാം മനസ്സിലാക്കിയിട്ടുണ്ട്. സവര്‍ണേതരമായ ജീവിതാഖ്യാനമെന്ന നിലയില്‍ മാത്രമല്ല, ദേശീയതാപ്രസ്ഥാനത്തിന്റെ അവിഭാജ്യവും ചലനാത്മകവുമായ പല അടരുകളും മുസ്ലിം സാമൂഹികജീവിതത്തിനകത്തു വായിച്ചെടുക്കാനാവും. അവയില്‍ പലതും ഇന്ത്യന്‍ സ്വാതന്ത്ര്യസസമരത്തിന്റെ പൊതുധാരയ്ക്കകത്തു സൂക്ഷ്മമായി അടയാളപ്പെടേണ്ടവ തന്നെയാണ്. മലബാര്‍ സമരത്തിന്റെ സമകാലികമായ വീണ്ടെടുപ്പിന്റെ ധര്‍മം അതു തന്നെയാണ്. ആന്തമാന്‍ ദ്വീപുകളിലെ തടവുകാരുടെ ജീവിതത്തെക്കുറിച്ചുള്ള ഈ നോവല്‍ പ്രതിരോധപരമാകുന്നതങ്ങനെയാണ്. കൊടുവള്ളി അബ്ദുള്‍ ഖാദറിന്റെ ചുവന്ന തിരമാലകള്‍, സി.കെ.വിജയന്‍ മടപ്പള്ളിയുടെ കാലവും കാലാപ്പാനിയും കടന്ന് മുതലായ വേറെയും നോവലുകളെ ഈ ധാരയില്‍ പെടുത്താനാവും.  ആന്തമാന്‍ ദ്വീപുകളുടെ ലവണപരിസരം കൂടി ചേര്‍ന്നതാണ് മലയാളിയുടെ ഭാവനാഭൂപടമെന്ന തിരിച്ചറിവു ഇനിയും നാം സ്ഥാപിച്ചെടുക്കേണ്ടതുണ്ട്. മറയക്കപ്പെട്ടു കിടക്കുന്നവയെ മറനീക്കിക്കാണിക്കുകയെന്ന ദൗത്യത്തിനൊപ്പം ആന്തമാന്‍ രചനകള്‍ പുനര്‍വായിക്കപ്പെടേണ്ടതുമുണ്ട്.

(WTP LIVE Online  ൽ 2021, 28 ഒക്ടോബറിൽ പ്രസിദ്ധീകരിച്ചത്)

No comments: