Wednesday, May 7, 2008

കവിതയുടെ കൈവഴികള്‍.......


തൊരു മനുഷ്യാനുഭവത്തിന്റെയും ആവിഷ്കാരം അതിന്റെ ആഴങ്ങളില്‍ കവിതയോടടുക്കുന്നു.ശാസ്ത്രവും അങ്ങനെ തന്നെ.ശാസ്ത്രവും കവിതയും മനുഷ്യാനുഭവങ്ങളെ ഭാവനാപരമായി വിശദീകരിച്ചുകൊണ്ട്‌ അവയുടെ പരിധി വിസ്‌തൃതമാക്കുന്നു.മഹാന്മാരായ പല ശാസ്ത്രകാരന്മാരുടെയും ശാസ്ത്രനിര്‍ണയനങ്ങളിലും വിശകലനങ്ങളിലും കാവ്യാനുഭവത്തിന്റെ ഒരു തിരതള്ളല്‍ തന്നെ നമുക്ക്‌ അനുഭവപ്പെടുന്നു.ഭൂമിയിലേക്ക്‌ എല്ലായ്പ്പോഴും വീണുകൊണ്ടിരിക്കുന്ന ചന്ദ്രനെയും നിരന്തരം വഴുതിമാറിക്കൊണ്ടിരിക്കുന്ന ഭൂമിയെയും കുറിച്ചുള്ള ഭ്രമാത്മകമായ ഒരു ചിത്രീകരണത്തിലൂടെയാണ്‌ ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണനിയമത്തിലേക്ക്‌ നടന്നടുക്കുന്നത്‌.ശാസ്ത്രത്തിലെ സമവാക്യങ്ങള്‍,അടിസ്ഥാനനിയമങ്ങള്‍,നിര്‍ധാരണരീതികള്‍,സങ്കല്‍പനങ്ങള്‍ തുടങ്ങിയ നിരവധി ഘടകങ്ങളില്‍ അത്‌ സൗന്ദര്യാത്മകമായ മാനം കൈവരിക്കുന്നുണ്ട്‌.യുക്തിയുടേതായ ഒരു സൗന്ദര്യശാസ്ത്രം അത്‌ നിര്‍മിച്ചെടുക്കുന്നുമുണ്ട്‌.

പി.എന്‍.ഗോപീകൃഷ്ണന്റെ കവിതയെക്കുറിച്ചുള്ള നിരീക്ഷണങ്ങളുടെ ആമുഖമെന്ന നിലയിലാണ്‌ ഇത്രയും പറഞ്ഞത്‌;ശാസ്ത്രത്തിന്റെ യുക്തിയും സൗന്ദര്യവും ഈ കവിതകളുടെ ഒരു അന്തരീക്ഷമാകയാല്‍.


'വസന്തത്തിന്റെ ഇക്കിളി' എന്ന ഗദ്യകവിത ഗോപീകൃഷ്ണന്റെ കവിതകളുടെ ഒരു മാനിഫെസ്റ്റൊ ആണെന്നു പറയാം. വസ്തുക്കള്‍ ഇവിടെ ജഡമല്ല; പ്രപഞ്ചത്തിന്റെയോ മനുഷ്യന്റെയോ കേവലമായ അനുബന്ധവുമല്ല .അവയ്ക്കു സ്വതന്ത്രമായ അസ്തിത്വമുണ്ട്‌."വസ്തുക്കളുടെ യുവത്വമാണ്‌ ഇന്നു ലോകത്തിന്റെ സത്യം"എന്നു കവി പറയുന്നു.മറ്റു ജീവിവര്‍ഗ്ഗങ്ങളെപ്പോലെ വസ്തുക്കളും തിരോഭവിക്കുന്നു.അതു മരണമല്ല,(മരണം ജീവന്റെ അടയാളമാണ്‌)വംശനാശമാണ്‌.ജീവചരിത്രത്തിന്റെ തന്നെ അവസാനമാണത്‌ എന്നു കവി തിരിച്ചറിയുന്നു.വിജയിച്ച വസ്തുക്കള്‍ മാത്രം ഘോഷിക്കപ്പ്പ്പെടുന്നു.(ഏറ്റവും പുതിയതരം മൊബൈല്‍ ഫോണുകള്‍,കാറുകള്‍ കാണപ്പെടുന്നു.പേജറുകള്‍,ടൈപ്‌ റൈറ്ററുകള്‍,അച്ചുകൂടങ്ങള്‍ മുതലായവ വംശനാശം സംഭവിച്ച സ്പീഷീസുകളാകുന്നു എന്നിങ്ങനെ...)പരാജയപ്പെട്ടവ പലപ്പോഴും സാംസ്കാരികമായ ഒരു ഭൂതകാലാനുഭവമായി കവിതകളില്‍ നിറയുന്നു.ആധുനികാനന്തരലോകത്ത്‌ മകന്‍ ഓലപ്പീപ്പി ഉണ്ടാക്കി ഊതുമ്പോള്‍ 'ഒച്ചയുണ്ടായി,ആ പഴേ ഒച്ച!"എത്ര പഴയത്‌ ഇത്ര പുതുക്കി, ഇത്ര പുതിയവ എത്ര പഴക്കി' എന്നു ആ അനുഭവത്തെ ഓര്‍ത്തെടുക്കുന്നു('ആധുനികാനന്തര ലോകത്തില്‍').


'ഒരു പിരിയാണി മനുഷ്യകുലത്തോടു സംസാരിക്കു'മ്പോള്‍ വസ്തുക്കളെക്കുറിച്ചുള്ള ദര്‍ശനമാണ്‌ നമുക്കു വെളിപ്പെടുന്നത്‌.പിരിയാണി മനുഷ്യനോടല്ല,മനുഷ്യകുലത്തോടാണ്‌സംസാരിക്കുന്നത്‌.വസ്തുക്കളും മനുഷ്യരും തുല്യനിലയിലുള്ള രണ്ടുവര്‍ഗ്ഗങ്ങളായി പരസ്പരം അഭിമുഖീകരിക്കുന്നു.പിരിയാണി കേവലമായ ഒരു വസ്തുവല്ല,മനുഷ്യചരിത്രത്തിന്റെയും ബോധ്യങ്ങളുടെയും മാനകം കൂടിയാണ്‌.മാര്‍കേസിന്റെ ജിപ്സി മെല്‍ക്വയേദിസിനെപ്പോലെ ഇന്നലെകളില്‍നിന്നും അത്‌ ഉയിര്‍ത്തെഴുന്നേറ്റുവന്ന്‌ ചലനത്തിന്റെ പുരോഹിതനായി മനുഷ്യകുലത്തോടു സംസാരിക്കുന്നു,
"ഞാന്‍
വേഗത്തെ തുളച്ചു,യോജിപ്പിച്ചു,
പരിപാലിച്ചു,സ്വയം പൊള്ളി
പൊടിഞ്ഞു.ഇപ്പോള്‍ ഇല്ലാതായ്ക്കൊണ്ടിരിക്കുന്നു"
മനുഷ്യസംസ്കാരത്തിന്റെ ചരിത്രം വസ്തുക്കളുടെ കൂടി ചരിത്രമാണ്‌ എന്ന ബോധ്യം ഇവിടെയുണ്ട്‌.പിരിയാണിയില്‍ പ്രകൃതിയുടെ സര്‍ഗ്ഗാത്മകതയെ വായിച്ചെടുക്കുന്ന കവി മനുഷ്യന്റെ സംസ്കാരത്തെക്കൂടി പ്രകൃതിയുടെ ഭാഗമായി വായിച്ചെടുക്കുകയാണെന്ന് ശ്രീ.വി.വിജയകുമാര്‍ ശരിയായി നിരീക്ഷിച്ചിട്ടുണ്ട്‌('കവിതയിലെ പുതിയ വിവേകങ്ങള്‍')

പരിണാമത്തെക്കുറിച്ചുള്ള ചിന്തകള്‍ ഈ കവിതകളുടെ ഒരു പ്രചോദനമാണ്‌.ഇവിടെ വസ്തുക്കളും പരിണാമത്തിനു വിധേയരാണ്‌.ശലഭജാതികള്‍, അവയുടെ ചിറകുകളുടെ ആവൃത്തി ക്ലോക്കുമായി യോജിക്കാത്തതിനാല്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നതു പോലെ വസ്തുക്കളും വംശനാശം നേരിടുന്നു.കാലത്തിന്റെ ദ്രവത്വത്തിലേക്ക്‌ വസ്തുക്കളും അവയവങ്ങളും വീണുപോകുകയാണ്‌.ഭാഷയും വീണുപോകുന്നു.ഈ പരിണാമയുക്തിയില്‍നിന്ന് ദൈവം പോലും രക്ഷപ്പെടുന്നില്ല.എല്ലാം പരിണാമമെന്ന നിരന്തരപ്രക്രിയയ്ക്കു വിധേയമാകുന്നു.ഭാരമില്ലാത്ത, കാഴ്ചയില്ലാത്ത, ഒഴുകുന്ന പുതുകാലത്തിന്റെ ദാര്‍ശനികവ്യാഖ്യാനം കൂടിയാണ്‌ ഈ കവിത.'സത്യമായ ഭാഷകൊണ്ട്‌ സത്യമായ നുണ' സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു ഇക്കാലം.

പരിണാമത്തെ തന്നെ വിചാരണ ചെയ്യുന്ന ഒരു കവിതയുണ്ട്‌,'പറയൂ പരിണാമമേ'-
"പറയൂ പരിണാമമേ
ആണത്തമെന്നാല്‍
പില്‍ക്കാലം
ശരീരമായ്‌ സാക്ഷാല്‍ക്കരിച്ച
ചില വേഷഭൂഷകള്‍ മാത്രമോ!"എന്ന്‌ ലിംഗസ്വത്വത്തെ പ്രശ്നവല്‍ക്കരിക്കുന്നു.( പിന്നിലായിപ്പോകാതിരിക്കാന്‍,അതിജീവനത്തിനും അനശ്വരതയ്ക്കുമായി നടത്തുന്ന ഊതിപ്പെരുപ്പിക്കലായി പൗരുഷത്തെ'പുരുഷനി'ല്‍ വിശദീകരിക്കുന്നത്‌ ഇവിടെ ചേര്‍ത്തു വായിക്കാം."ഒരു പിടക്കോഴിപോലും വെറുമൊരു മുട്ടയിട്ട്‌ കൊത്തിവിരിയിച്ച്‌ അതിജീവിക്കുന്ന പ്രശ്നം')
ജീവനും ചലനവും പരിണാമവും ചേര്‍ന്ന ജീവചരിത്രം വസ്തുക്കള്‍ക്കു കൂടി കല്‍പിച്ചു നല്‍കുന്നതിലൂടെയാണ്‌ മറ്റുജീവിവര്‍ഗ്ഗങ്ങള്‍ക്കെന്നപോലെ ഇവയ്ക്കും ഗോപീകൃഷ്ണന്റെ കവിതയിലും പ്രപഞ്ചബോധത്തിലും ഇടം ലഭിക്കുന്നത്‌. മുറുക്കി വയ്ക്കുമ്പോള്‍ കമ്പിച്ചുരുളുകള്‍ നിലവിളിക്കുന്നതും ആണിമേല്‍ തറഞ്ഞ ജനല്‍ക്കൊളുത്തുകള്‍ പിറുപിറുക്കുന്നതും അടഞ്ഞ താഴുകള്‍ വീര്‍പ്പുമുട്ടുന്നതും ചുട്ടുപഴുത്ത ഇസ്തിരിക്കടിയില്‍ തുണികളുടെ മാതൃഭാഷ രൂപപ്പെടുന്നതും('ആനന്ദത്തിന്റെ അധോലോകത്തില്‍') എല്ലാം അതുകൊണ്ടാണ്‌.


കാടും പുഴയും മലയും എല്ലാമായ അചേതനപ്രകൃതി കാവ്യചരിത്രത്തില്‍ ആദ്യമായല്ല.എന്നാല്‍ മനുഷ്യനുള്‍പ്പെടുന്ന ജീവജാലങ്ങളും മനുഷ്യനിര്‍മിതവും അല്ലാത്തതുമായ പ്രകൃതിയും ജീവനോടുകൂടി പ്രത്യക്ഷപ്പെടുകയാണിവിടെ.ഇതാണ്‌ ഗോപീകൃഷ്ണന്റെ പ്രകൃതിദര്‍ശനത്തെ സവിശേഷമാക്കുന്നത്‌.അങ്ങനെ മറ്റൊരര്‍ത്ഥത്തില്‍ പ്രകൃതിയെ മാനവീകരിക്കപ്പെട്ട പ്രകൃതിയായും മനുഷ്യനിര്‍മിതികളെ സചേതനമായും തിരിച്ചറിയുന്നതിലൂടെ കവി തന്റെ പ്രകൃതിദര്‍ശനത്തെത്തന്നെ അപ്പാടെ പുതുക്കുന്നു.കേവല പ്രകൃതിസൗന്ദര്യാവിഷ്കാരങ്ങളില്‍ നിന്നും ഇതു കവിതയെ മോചിപ്പിക്കുന്നത്‌ ഇങ്ങനെയും കൂടിയാണ്‌.പുതിയൊരുതരം ആത്മീയതയിലേക്കു ഇത്‌ കവിതയെ വിളിച്ചുണര്‍ത്തുന്നു.

ചലനത്തെക്കുറിച്ചുള്ള ഭൗതികമായ സങ്കല്‍പനങ്ങളും നിര്‍ധാരണരീതികളും ഗോപീകൃഷ്ണന്റെ കവിതകളില്‍ കടന്നുവരുന്നുണ്ട്‌.തിരിയുന്ന ഭൂമിയെയും മാറുന്ന ചരിത്രത്തെയും കുറിച്ചുള്ള ആശയം പിരിയാണിയുടെ ചലനത്തിലൂടെയാണ്‌ കവി കണ്ടെത്തുന്നത്‌.
"ഞാന്‍ നിന്നിലേക്ക്‌
അപേക്ഷിച്ചുകൊണ്ടിരുന്നു
കല്ല്
ഭൂകേന്ദ്രത്തിലേക്കെന്ന പോലെ" എന്ന് 'അമ്മ'യില്‍ എഴുതുന്നു.


വേഗത,വക്രത,സമയം തുടങ്ങിയവയിലൂടെ നദിയെ അളക്കുന്നു,'നദി'യില്‍.വേഗത എന്ന ഏകഘടകത്തില്‍ ഊന്നിക്കൊണ്ടാണ്‌ 'അശ്വഹൃദയ'ത്തിലെ സാംസ്കാരികവിശകലനം എഴുതപ്പെടുന്നത്‌.കവിതയ്ക്കു മാത്രം സാധ്യമാവുന്ന വിധത്തില്‍ വേഗതയിലെ വേഗങ്ങളെ കണ്ടെടുക്കുകയാണിവിടെ.
'മടിയരുടെ മാനിഫെസ്റ്റൊ'യില്‍ മടിയെ സമയം കൊണ്ടാണ്‌ അളക്കുന്നത്‌.
"ഉറവില്‍ നിന്നും അകലാതിരിക്കാന്‍
ഒരു മാത്രയില്‍
മാത്രയേക്കാള്‍ കൂടുതലിരിക്കുന്നു" അവര്‍.


മടി ഗഹനമായ ഒരു അവസ്ഥയാണിവിടെ.വേഗവുമായി അതിനുള്ള വിരുദ്ധബന്ധത്തിലൂടെ കവി അതിന്റെ സര്‍ഗ്ഗാത്മകതയെ കണ്ടെടുക്കുന്നു.മറവിയെ ഒരു വസ്തുവായും ഓര്‍മയെ അതിന്റെ വ്യാപ്തമായും സങ്കല്‍പ്പിക്കുമ്പോള്‍('ഒരു പഴയപ്രശ്നം') മറവി ഒരു ദ്രവ്യ(matter)മാകുന്നു.ഭാവനയുടെ ഭൗതികീകരണമാണിവിടെ സംഭവിക്കുന്നത്‌.എഴുത്തിന്റെ സൂക്ഷ്മയുക്തികള്‍ പ്രവര്‍ത്തിക്കുന്നത്‌ ശാസ്ത്രീയതയുടെ സങ്കല്‍പ്പനങ്ങളില്‍ വെച്ചാണ്‌ എന്നതാണിതിനു കാരണം.
ഉള്ളടക്കത്തിന്റെ രാഷ്ട്രീയം ഭാവനയുടെ രൂപകങ്ങളെ പുതുക്കുകയും പൊളിച്ചെഴുതുകയുംചെയ്യുന്ന രീതി 'മണ്ടനി'ല്‍ കാണാം. ഒരു വിരലിന്റെ തെറ്റായ ചലനത്തിലൂടെ അതിവേഗം സഞ്ചരിക്കുന്ന ദുരന്തങ്ങളുടെ താക്കീതാണ്‌ ഒറ്റനോട്ടത്തില്‍ 'മണ്ടന്‍'.ഓരോ വിരല്‍സ്പര്‍ശവും അറിവിന്റെ,വിനിമയത്തിന്റെ അതിവേഗമാണ്‌. മൊബൈല്‍ഫോണിന്റെ സാങ്കേതികത(മെസ്സേജ്‌,സേവ്‌,ഡിലിറ്റ്‌...)യിലൂടെയാണ്‌ ഈ ദുരന്തവേഗം വിശദീകരിക്കപ്പെടുന്നത്‌.
"അതെ.
മണ്ടന്‍ എല്ലാവരെയും
ബുദ്ധിമാന്മാരാക്കുന്നു.
ബൂട്ടിനടിയില്‍ ചതഞ്ഞരഞ്ഞ്‌
.................
ജയിലിനുള്ളില്‍
ആരോടെങ്കിലും ചോദിച്ച്‌
മൊബൈല്‍ ഉപയോഗിക്കാന്‍
പഠിക്കണം.
എന്നിട്ടുവേണം
പുറത്തിറങ്ങി
ഒരു മെസ്സേജയക്കാന്‍.
അന്നേരം ഭരിക്കുന്ന മന്ത്രിക്ക്‌
അതേ മെസ്സേജ്‌"(മണ്ടന്‍) അങ്ങനെ വിപ്ലവകരമായദുരന്തങ്ങളുടെ ആഖ്യാനത്തിലൂടെ എല്ലാ ബുദ്ധിമാന്മാരെയും മണ്ടന്മാരാക്കുന്നു. ഇങ്ങനെയാണ്‌ പുതിയ വേഗങ്ങളുടെ ഒരു വ്യാഖ്യാനം കൂടിയായി 'മണ്ടന്‍'മാറുന്നത്‌.
(തിരിച്ചെടുക്കാനാവാത്ത വിധം നൂറ്റാണ്ടുകളുടെ ജൈവികതയെ നാലുകൊല്ലം കൊണ്ടു പഠിച്ച ,നൂറുകൊല്ലത്തെ സാങ്കേതികവിദ്യ വകവരുത്തുന്നതിനെക്കുറിച്ച്‌ മറ്റൊരു ദിശയില്‍ നിന്നുകൊണ്ട് 'അതിരപ്പിള്ളിക്കാട്ടില്‍' പറയുന്നു.കവി കെ.എ.ജയശീലന്‍ 'ചെടിയില്‍ നിന്നു വേര്‍പെടും കൊമ്പിനെ'ക്കുറിച്ച്‌ എഴുതുന്നു,
"മുറിവിന്‍ കാര്യമെത്തീട്ടി
ല്ലെങ്ങും.ഈ ജീവമാതൃക
യ്ക്കകമേ സഞ്ചരിക്കുന്നി
തറിവെത്ര പതുക്കനെ!"ഈ വരികളെ ഗോപീകൃഷ്ണന്‍ തന്നെ സങ്കേതികവിദ്യയുടെ വേഗമല്ല,പ്രകൃതിയുടേത്‌ എന്ന അര്‍ത്ഥത്തില്‍ എടുത്തു പറഞ്ഞതായി ഓര്‍ക്കുന്നു)മണ്ടനെയും മറവിക്കാരെയും മടിയരെയും പോലുള്ള പ്രാന്തവല്‍കൃതമായ സ്വത്വങ്ങളെ പുതിയരീതിയില്‍ നിര്‍വചിക്കുകയാണിവിടെ.ശാസ്ത്രസാങ്കേതികവിദ്യയുടെ പരികല്‍പനകള്‍ ഈ നിര്‍വചനപരിധികളെ നിര്‍ണയിക്കുന്ന ഘടകമായി,പലപ്പോഴും ഭാവനയുടെ ഉല്‍പ്രേരകങ്ങളായി പ്രവര്‍ത്തിക്കുന്നു.


യാന്ത്രികമല്ലാത്ത ഭൗതികബോധത്തിന്റെ ഇടപെടല്‍ കൊണ്ട്‌ പരുവപ്പെട്ട സാംസ്കാരികമായ യുക്തിബോധമാണ്‌ ഈ കവിതകളുടെ വ്യതിരിക്തത.ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടേതുമായ പരുക്കന്‍ വസ്തുക്കളും നിര്‍മിതികളും പദാവലികളും(പിരിയാണി,ഉരുക്ക്‌,ഇരുമ്പ്‌,അയിര്‌,സി.ഡി,കീബോര്‍ഡ്‌, മൗസ്‌,ഭ്രമണപഥം,E=MC2,ആപേക്ഷികത,ഐന്‍സ്റ്റീന്‍,ആര്‍ക്കമെഡിസ്‌...)കാവ്യഭാഷയില്‍ ഇടം പിടിക്കുന്നു,അതിന്റെ പ്രതലത്തിലെ വഴുക്കലുകളെ ഉരച്ചുകളഞ്ഞുകൊണ്ട്‌ ഇതുവരെയില്ലാത്തവിധം പുതുക്കിയെഴുതുന്നു.ചരിത്രവും സംസ്കാരവുമായുള്ള അഭിമുഖീകരണങ്ങളെ വിശദീകരിക്കുന്നതിനുള്ള ഉപാധികളായാണ്‌ ഇത്‌ കാവ്യഭാഷയില്‍ ചേക്കേറുന്നത്‌.ഒപ്പം അത്തരം സാംസ്കാരികപരിസരങ്ങളില്‍ നിന്നുതന്നെ ഊര്‍ജ്ജം സ്വീകരിച്ചുകൊണ്ട്‌ അവചരിത്രപരമായിസ്വയംനിര്‍വചിക്കുകയുംചെയ്യുന്നു.അതു പാഠത്തിന്റെ അരികുകളില്‍ നിന്നും കേന്ദ്രത്തിലേക്കു കയറിവരുന്നു.കവിതയുടെ ചരിത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്‌ കേന്ദ്രത്തില്‍ ഏകീകരിക്കപ്പെട്ട(ഉള്ളടക്കപരമായ)നിലപാടുകള്‍ മാത്രമല്ല.ഇത്തരം കൈവഴികളും ഉപാഖ്യാനങ്ങളും കൂടിയാണ്‌.തീരങ്ങളെ നനയ്ക്കുന്നതിലൂടെ ഒഴുക്ക്‌ വിസ്‌തൃതമാവുക തന്നെയാണ്‌.

ലിങ്കുകള്‍
കവിതകള്‍