Saturday, April 13, 2013

സായ - എഴുത്തിനും ജീവിതത്തിനുമിടയില്‍


പ്രവാസിജീവിതത്തെ ആവിഷ്‌കരിക്കുന്ന ഒട്ടേറെ നോവലുകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. എം മുകുന്ദന്റെ പ്രവാസവും ബെന്യാമിന്റെ ആടുജീവിതവും വരെ എത്രയോ കൃതികള്‍ അവയ്ക്കിടയിലുണ്ട്. എന്നാല്‍, പ്രവാസി ജീവിതത്തിന്റെ സ്‌ത്രൈണാനുഭവങ്ങളെ നാം വ്യത്യസ്തമായിത്തന്നെ പരിഗണിക്കേണ്ടതുണ്ട്. കാരണം സ്ത്രീജീവിതത്തിന്റെ അനുഭവരാശികളില്‍ തന്നെ അവള്‍ സ്വയം ഒരു പ്രവാസിയെപ്പോലെയാണ് കഴിയുന്നത്. മറ്റുള്ളവരുടെ നിയമങ്ങള്‍ക്കു വിധേയമായി അന്യരുടെ അദൃശ്യമായ ഔദാര്യങ്ങളില്‍ തലകുനിച്ചു ജീവിക്കുന്ന സ്ത്രീ പ്രവാസത്തിന്റെ അനുഭവം തന്നെയാണ് ഒരു ജന്മം മുഴുവന്‍ പേറുന്നത്. അങ്ങനെയിരിക്കെ അപരിചിതവും വിദൂരവുമായ സ്ഥലഭൂമികകളിലെ വാസം അവളിലെ പെണ്മയ്ക്ക് ഇരട്ടക്കവചങ്ങള്‍ തീര്‍ക്കുന്നു; വിദേശിയെന്ന നിലയ്ക്കും സ്ത്രീയെന്ന നിലയ്ക്കും. ഖദീജാ മുംതാസിന്റെ ബര്‍സയില്‍ എന്നതുപോലെ നായികാ കേന്ദ്രിതമായ ആഖ്യാനമാണ് ഫെമിന ജബ്ബാറിന്റെ സായയിലും ഉള്ളത്. പ്രവാസിയായി ദുബായില്‍ ജിവിക്കുന്ന ഫര്‍സാനയാണ് നോവല്‍ തുറന്നിടുന്നത്. ഒപ്പം ഇതൊരു നോവലെഴുത്തിന്റെ കഥകൂടിയാണ്. സായ എന്ന എഴുതിത്തുടങ്ങിയ നോവലിനോപ്പം കൂടി ഫര്‍സാന നമ്മെ സഞ്ചരിപ്പിക്കുന്നു.
സില്‍വിയാപ്ലാത്ത് എന്ന എഴുത്തുകാരി ഈ നോവലിലെ നായകയെ സംബന്ധിച്ച് ഒരു കണ്ണാടി പ്രതിബിംബമായി സ്വരൂപിക്കപ്പെട്ടിരിക്കുന്നതു കാണാം. അനുഭവങ്ങള്‍ കൊണ്ട് പീഡിപ്പിക്കപ്പെട്ട ഒരുവളുടെ പ്രതിഭാസ്വത്വത്തിന്റെ വൈകാരികതയെ ധ്വനിപ്പിക്കാന്‍ സില്‍വിയയെ പോലെ ഉചിതമായ ഒരു പ്രാഗ്‌രുപം (ജൃീീേ്യേുല) വേറെയില്ലെന്നതുപോലെ എഴുത്തിന്റെയും ചിന്തയുടെയും വേളകളില്‍ സില്‍വിയ ഒരു ബാധതന്നെയാകുന്നു, ഈ കൃതിയില്‍. ' ഈ നശിച്ച ശൈത്യോന്മാദം തന്നെയായിരുന്നു അവള്‍ക്കും. അങ്ങനെ ടെഡ്ഹ്യൂസിന്റെ അകല്‍ച്ചയോ മറ്റു ബന്ധങ്ങളോ ജീവിതത്തില്‍ നിന്നും വിട്ടപോകാന്‍ മാത്രം അവളെ ദുഖിപ്പിച്ചിരുന്നൊന്നുമില്ല.' (പുറം 7).
ഡയറിക്കുറിപ്പിന്റ ആഖ്യാന സ്വഭാവത്തോടെ ഓരോ അധ്യായത്തിലും തിയ്യതികള്‍ക്കു താഴെ എഴുതിച്ചേര്‍ത്ത ആത്മഭാഷണങ്ങളും സുഹൃത്തുക്കള്‍ക്കായുള്ള കത്തുകളും ഈ കൃതിയിലെമ്പാടും കാണാം. ഓര്‍മകളുടെ പ്രവാഹം അനുഭവങ്ങളെ ജൈവികമായി തന്നെ പകര്‍ത്തിയെഴുതുന്നു. അരക്ഷിതമായ ബാല്യ കൗമാരങ്ങളും തകര്‍ന്നുപോയ പ്രണയദാമ്പത്യവും അവളുടെ വെറും ഓര്‍മ്മകള്‍ മാത്രമല്ല തന്നെ. അവ അവളുടെ ആകെത്തുകയെ രൂപപ്പെടുത്തിയ തായ്‌വേരുകള്‍ കൂടിയാണ്. അതിനാല്‍ സ്വന്തം വൈകാരികതകളെക്കുറിച്ചുള്ള പര്യാലോചനകളും പഴയ ഓര്‍മ്മകളും കൂടിക്കുഴഞ്ഞ ഒരു പ്രതലമാണ് ഈ നോവലിനുള്ളത്.

സായ  നോവലിന്റെ പുറം ചട്ട
ഉമ്മയും ഉപ്പയും തമ്മിലുള്ള വഴക്കുകളും അകല്‍ച്ചയും പിന്നീട് പരസ്പരമുള്ള വെറുപ്പും പകയുമായി മാറുന്നത് കണ്ടുവളര്‍ന്നവരാണ് ഫര്‍സാനയും അനുജന്‍ ഇര്‍ഫാനും. കൗലത്ത എന്ന ആയ മാത്രമായിരുന്നു അവര്‍ക്കിടയിലെ ഏക തണല്‍. എന്നാല്‍, കൗലത്തയുടെ അകാലമരണം ഫര്‍സാനയെ ഇരുട്ടിലാഴ്ത്തി. തന്റെയും അനുജന്റെയും വസ്ത്രങ്ങള്‍ കഴുകാനും ഇസ്തിരിയിടാനും അവള്‍ നിര്‍ബന്ധിതയായി. പുതിയ വേലക്കാരിയുടെ സ്നേഹരാഹിത്യം, ഉപ്പയുടെ പരസ്ത്രീബന്ധം മൂലം വീട്ടിലുണ്ടാവുന്ന കലഹങ്ങള്‍, വേലക്കാരിയുടെ ഭീഷണികളും ശാസനകളും എല്ലാം ചേര്‍ന്ന് അരക്ഷിതമായി തീര്‍ന്നു അവരുടെ ബാല്യം. ഉപ്പയോടുള്ള വാശി തീര്‍ക്കാന്‍ അയാള്‍ വൈകിയെത്തുവോളം ഉറങ്ങിക്കിടന്ന കുട്ടികളെ വിളിച്ചുണര്‍ത്തി വീട്ടിനു പുറത്താക്കി കാവല്‍ നിര്‍ത്തിക്കുന്നിടത്തോളം ഉമ്മയെത്തിയിരുന്നു. ക്ഷതമായ ബാല്യകൗമാരങ്ങളുടെ കയ്പും ഭാരവും വേദനകളും എക്കാലത്തും ഫര്‍സാനയെ ഏകാകിനിയാക്കി മാറ്റി. വേനല്‍മഴ പോലെ വന്നെത്തിയ പ്രണയത്തിന്റെ അഭയം താല്‍ക്കാലികം മാത്രമായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നു പ്രണയിച്ചു വിവാഹം കഴിച്ച നന്ദന്‍ ഒരു വാഹനാപകടത്തില്‍ മരിച്ചതോടെ ഫര്‍സാനയുടെ വഴികള്‍ പൂര്‍ണമായും അടഞ്ഞു. പിന്നീട് വളരെക്കാലത്തിനു ശേഷം കാസിമുമായുള്ള വിവാഹം, ദുബായിലേക്കുള്ള പറിച്ചുനടല്‍, മകളുടെ ജനനം ഒക്കെ പുതിയ വഴിത്തിരിവുകളാവുന്നുവെങ്കിലും മുറിവുകളുടെയും ഏകാന്തതയുടെയും ആഴം കൂടിക്കൊണ്ടേയിരുന്നു.
വിലകുറഞ്ഞ വീട്ടുപകരണങ്ങളും പകിട്ടില്ലാത്ത ഭക്ഷണരീതികളും ദാരിദ്ര്യവുമായി ബാലാരിഷ്ടതകളോടെ തുടങ്ങിയ ആ പ്രവാസജീവിതം മറ്റൊരാളുടെ പാര്‍പ്പിടം ചെറിയ വാടകയ്ക്ക് പങ്കിട്ടുകൊണ്ടായിരുന്നു. ചുറ്റുമുള്ളവരുടെ പരിഹാസങ്ങളും ഉള്ളില്‍ പെരുകുന്ന ആത്മാനിന്ദയും അപകര്‍ഷതയും സ്വയം ഞെരുക്കുമ്പോഴും തന്റെ ഏക ആശ്വാസമായിരുന്ന നൃത്തത്തിലൂടെ അവള്‍ അതിനെയെല്ലാം അതിജീവിച്ചു. തനിക്കിഷ്ടമുള്ളവരെയെല്ലാം കാഴ്ചക്കാരാക്കി മുന്നിലിരുത്തി മനസ്സില്‍ പാട്ടുപാടി സ്വയം മറന്നുള്ള ആ നൃത്തം വേദനകളെ മറികടക്കാന്‍ ഫര്‍സാനക്ക് അനിവാര്യമായിരുന്നു. അനുജന്‍ ഇര്‍ഫാന്‍ കൂടി ദുബായിയില്‍ ജോലിക്കായി എത്തിയതോടെ അവരുടെ പാരസ്പര്യം കൂടൂതല്‍ ഇഴയടുപ്പമുള്ളതായി മാറി. എങ്കിലും കാസ്സിമുമായുള്ള ഉപചാരമാത്രമായ ബന്ധത്തിന്റെ തണുപ്പ് അവളില്‍ ശൂന്യത നിറച്ചിരുന്നു എന്നാല്‍, ഇര്‍ഫാന്റെ വിവാഹിതയായ കാമുകി സഫിയ അവര്‍ക്കിടയില്‍ വലിയൊരു വിള്ളലായി വളര്‍ന്നുകൊണ്ടേയിരുന്നു. ഇതിനിടയില്‍  അപ്രതീക്ഷിതമായി സഫിയ ആത്മഹത്യ ചെയ്തതതോടെ അവരുടെ ബന്ധം മുമ്പത്തേക്കാള്‍ താളം തെറ്റുന്നു. ഇര്‍ഫാനെ ബാധിച്ചിരുന്ന മാനസിക പ്രശ്‌നങ്ങളും ചികില്‍സയും ഫര്‍സാനയെ കൂടുതല്‍ അലട്ടുന്നു.
മുമ്പത്തേക്കാള്‍ മെച്ചപ്പെട്ട സാമ്പത്തിക സൗകര്യങ്ങളിലേക്ക് ജീവിതം വികസിച്ചിട്ടും ഏകാന്തതയും ശൂന്യതയും മാറി മാറി ഗ്രസിച്ച രോഗാതുരമായ ഉള്‍മനസ്സുമായി ഫര്‍സാന മല്ലിട്ടുകൊണ്ടിരുന്നു. നോവലെഴുത്ത് അപൂര്‍ണമായി തന്നെ തുടര്‍ന്നു. കൂട്ടുകാരായ ദീപ്തിയും ശങ്കറും അവളുടെ അന്തസംഘര്‍ഷങ്ങളെയും ഭാവനാലോകത്തേയും പങ്കുവെയ്ക്കാന്‍ ശ്രമിക്കുമ്പോഴും അവള്‍ അസംതൃപ്തയായി തന്നെ അവശേഷിച്ചു. എഴുത്തിലൂടെ, ഒന്നിനുമേല്‍ ഒന്നായി വന്നു വീഴുന്ന വിചാരങ്ങളിലൂടെ തന്നെത്തന്നെ ഉണര്‍ത്താനും പ്രചോദിപ്പിക്കാനും അവള്‍ നിരന്തരം ശ്രമിച്ചു. താന്‍പോലുമറിയാതെ ചെന്നുപെടുന്ന പ്രണയങ്ങളില്‍ അതിവേഗം മടുത്ത് സ്വയം വീണടിയുന്ന അവസ്ഥകള്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരുന്നു. എല്ലാറ്റിന്റെയും അടിത്തട്ടില്‍ തന്നെത്തന്നെ തിരയുകയും വിശദീകരിക്കുകയും ചെയ്യുന്ന പെണ്മ അവളില്‍ ചൈതന്യവത്തായി തുടര്‍ന്നു. സായയിലും സില്‍വിയയിലുമുള്ള അന്വേഷണങ്ങള്‍ ഒരു സ്വയം തേടല്‍ തന്നെയായി മാറുകയാണ്. എന്നാല്‍ എഴുത്തിന്റെ വെല്ലുവിളികളെക്കുറിച്ചുള്ള സൂക്ഷ്മാവബോധം അവളില്‍ അതിജീവനമായി തീരുന്നതോടെ ഇടയ്‌ക്കെങ്കിലും മങ്ങിയ പ്രതീക്ഷകള്‍ തല നീട്ടുന്നുമുണ്ട്.
ആത്മനിഷ്ഠമായ സ്ത്രീരചനയുടെ സവിശേഷതകള്‍ക്കകത്തെ തീവ്രമായ അഭിരുചികള്‍ ഈ നോവല്‍ അനുഭവിപ്പിക്കുന്നുണ്ട്. പ്രണയത്തെക്കുറിച്ചും മാതൃത്വത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും എഴുത്തിനെക്കുറിച്ചുമൊക്കെ മറയില്ലാതെ പറഞ്ഞുകൊണ്ട് എഴുത്തിനും ജീവിതത്തിനുമിടയിലുള്ള അതിരുകളെ പാടെ വിസ്മരിപ്പിക്കാന്‍ ഈ കൃതിക്കു കഴിയുന്നുണ്ട്. തിരിച്ചു നാട്ടിലേക്കുപോയി എഴുത്തു തുടര്‍ന്ന്  മകളുമായി ജീവിക്കണോ എന്ന ആലോചനയില്‍ മനസ്സിടറുമ്പോഴും എഴുതാനിരിക്കുന്ന സില്‍വിയാപ്ലാത്തിനെക്കുറിച്ചുള്ള ലേഖനത്തിനുവേണ്ടി വിവരങ്ങള്‍ തയ്യാറാക്കുമ്പോഴും ആത്മസുഹൃത്തുക്കളുമായി രാത്രി വൈകുവോളം ഇന്റര്‍നെറ്റില്‍ മനസ്സു തുറന്ന് ചാറ്റു ചെയ്യുമ്പോഴും വിട്ടുപോയ എന്തിനെയോ വീണ്ടെടുക്കാനുള്ള വ്യഗ്രത, അതിലൂടെ സ്വയം പൂരിപ്പിക്കാനാവുമെന്ന ദീനമായ പ്രതീക്ഷ അവളില്‍ പിടഞ്ഞുകൊണ്ടിരുന്നു.
ഒടുവില്‍ ഒട്ടും ഭയാശങ്കകളില്ലാതെ നാട്ടിലേക്കു പോകുന്നുവെന്ന മട്ടില്‍ പെട്ടിയൊതുക്കിവച്ച് മകളെ അടുത്തേക്കു വിളിച്ച് ചേര്‍ത്തണച്ച് കഴുത്തുഞെരിച്ച് കൊല്ലുകയാണവര്‍. സങ്കടത്തേക്കാളധികം ഒരുതരം ഭാരക്കുറവ് സ്വയമനുഭവിച്ചുകൊണ്ട് സ്വന്തം ഞരമ്പുകള്‍ മുറിച്ച് ആത്മഹത്യ ചെയ്യുന്നു. പ്രണയത്തിനും സ്‌നേഹത്തിനും എഴുത്തിനുമിടയില്‍ സ്വയം തിളച്ചുപതഞ്ഞ് , തൂവിപ്പരക്കാന്‍ കൊതിച്ച്, ഒടുവില്‍ കരിപുകഞ്ഞ് വറ്റിത്തീര്‍ന്ന ഒന്നുമില്ലായ്മയിലേക്കാണ് ഇതിലെ സ്ത്രീ ജീവിതം ചെന്നെത്തുന്നത്.
പുതിയ നോവല്‍ ഭാവുകത്വത്തിനായുള്ള അന്വേഷണങ്ങളും സ്ത്രീമനസ്സിന്റെ സൂക്ഷ്മതകള്‍ക്കായുള്ള ആരായലുകളും ഈ നോവലിനെ സവിശേഷമാക്കുന്നു. എഴുത്തിനുള്ളിലെ എഴുത്തിന്റെ ആഖ്യാനം, പ്രവാസത്തിനുള്ളിലെ സ്ത്രീ പ്രവാസം എന്നിങ്ങനെയുള്ള ആന്തരികഘടനകൂടി ഈ നോവലിനുള്ളില്‍ പ്രവര്‍ത്തിക്കുന്നു. പുതിയ ലോകത്തെ മനുഷ്യബന്ധങ്ങളുടെ സിസ്സഹായതയും ദൈന്യതയും എന്നാല്‍, അന്ധമായ പരസ്പര വൈരത്തിന്റെയും പകയുടെയും ഇരുമ്പുമറകളും ഈ കൃതിയില്‍ മറനീക്കുന്നുണ്ട്. എങ്കിലും ജീവിതം എന്ന പ്രകാശനാളത്തെ എല്ലാത്തരം ഇരുട്ടിനുമെതിരേ തെളിയിച്ചു നിര്‍ത്താനും ഈ നോവല്‍ ശ്രമിക്കുന്നുണ്ട്. എഴുത്തുകാരി കൂടിയായ നായികയുടെ ആത്മഹത്യയുടെ പരോക്ഷധ്വനി ഒടുവിലത്തെ അധ്യായവും പൂര്‍ത്തിയാക്കി ജീവിതത്തെ പൂരിപ്പിക്കുക എന്നതുതന്നെയാണ്. കാരണം എഴുത്ത് ഉയിര്‍പ്പാണ്, തുടര്‍ച്ചയുമാണ്.

                                 (ഏപ്രില്‍ 14 തേജസ് ആഴ്ചവട്ടത്തില്‍ പ്രസിദ്ധീകരിച്ചത്‌)

Monday, April 1, 2013

സ്ത്രീവാദം: പലമകളും തനിമകളും


'' സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടിയുള്ള സ്ത്രീയുടെ പോരാട്ടത്തിന്റെ കഥ ഏതെങ്കിലും ഒരു പ്രത്യേകസ്ത്രീവാദിയിലോ പ്രത്യേകസ്ത്രീസംഘടനയിലോ മാത്രമായി ഒതുങ്ങുന്നതല്ല. മനുഷ്യാവകാശത്തെ പരിഗണിക്കുന്ന ഏതൊരു ചിന്തയും പ്രവര്‍ത്തനവും -അതു സാമൂഹികമോ വൈയക്തികമോ ആവട്ടെ'- കൂടിച്ചേര്‍ന്ന വിസ്തൃതമായ, ബഹുലമായ മണ്ഡലം അതിനുണ്ട്.''-ഗ്ലോറിയ സ്‌റ്റെയ്ന്‍നെം

ഈ വാക്കുകളിലടങ്ങിയ ചിന്ത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഏതൊരു സ്ത്രീവാദപരമായ പ്രതികരണത്തെയും സ്വാഗതം ചെയ്യുന്നുണ്ട്. മനുഷ്യരാശിയുടെ പുരോഗതിക്കും വികാസത്തിനുമനുസൃതമായി പോരാട്ട'ത്തിന്റെയും അതിജീവനത്തിന്റെയും രൂപമാതൃകകള്‍ ഒന്നിനൊന്നു വിഭിന്നമാിരിക്കും. സംസ്‌കാരത്തിന്റെ പ്രയോഗരീതികള്‍, അടിസ്ഥാനപരമായ മൂല്യവ്യവസ്ഥകള്‍, അധികാരബന്ധങ്ങള്‍ തുടങ്ങിയവയ്ക്കനുസൃതമായി ഓരോ കാലഘട്ടത്തിലും ഓരോ സമൂഹങ്ങളിലും സ്ത്രീവിവേചനം വ്യത്യസ്തമാണ്. സ്വാഭാവികമായും സ്ത്രീവിമോചനത്തെ സംബന്ധിക്കുന്ന  ആകാംക്ഷകളും ആശയമണ്ഡലങ്ങളും പ്രയോഗങ്ങളും വ്യത്യസ്തങ്ങളാണ്. ചില പ്രത്യേകസന്ദര്‍ഭങ്ങളില്‍ ഈ വ്യത്യസ്തതകള്‍ സ്ത്രീവിമോചനത്തെ സംബന്ധിച്ചിടത്തോളം അതീവസങ്കീര്‍ണവും പരസ്പരവൈരുധ്യം നിറഞ്ഞതുമായിത്തീരാറുണ്ട്. എങ്കില്‍ത്തന്നെയും യാഥാര്‍ഥ്യത്തിന്റെ ഘടന ഏകശിലാത്മകമല്ല എന്നും സാര്‍വത്രികത എന്നത് അധികാരിവര്‍ഗത്തിന്റെ കപടവും തന്ത്രപരവുമായ ആശയമാണെന്നും പല സ്ത്രീവാദികളും ഉറച്ചുവിശ്വസിക്കുന്നു. അധികാരഘടന എന്നതു വ്യക്തമായും ശ്രേണീബന്ധമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്ത്രീകളുടെ വ്യത്യസ്തതകളെ ഒരിക്കലും അവഗണിക്കരുതെന്നു പറയുന്സ്ത്രീവാദികള്‍.എന്നാല്‍, വ്യത്യസ്തതാവാദത്തിന് എല്ലാ പ്രശ്‌നങ്ങള്‍ക്കും മേലെ ഉയര്‍സ്ഥാനം നല്‍കുന്നത് അധികാരത്തെ വാഴ്ത്തുന്ന അവസ്ഥതെയാണെന്നും  മറുവിഭാഗം പറയുന്നു.  ഈ ആശയസംഘര്‍ഷങ്ങള്‍ അനിവാര്യമാണ്. സ്ത്രീവാദം തന്നെ അനാവശ്യവും അപ്രസക്തവുമാണെന്നു കരുതുന്ന സാഹചര്യങ്ങള്‍പോലും ഇന്നു നിലനില്‍ക്കുന്നു എന്നതിനാല്‍ ഈ വ്യത്യസ്തതകളുടെ സംഘര്‍ഷവും സമര്‍ഥനവും സ്ത്രീജീവിതത്തിന്റെ തന്നെ മുദ്രണമാണ്. സ്ത്രീപക്ഷചിന്തകളും പ്രവൃത്തിമേഖലകളും തമ്മിലുള്ള വ്യത്യസ്തതകളിലും വൈവിധ്യങ്ങളിലുമൂന്നിയ സംവാദസംഘര്‍ഷങ്ങള്‍ സ്‌ത്രൈണമായ ചരിത്രത്തെയും ജീവിതവ്യാഖ്യാനങ്ങളെയുംകൊണ്ടു പുതിയ ഉണര്‍വു സൃഷ്ടിക്കുന്നു. അതു വിമോചനത്തെക്കുറിച്ചുള്ള സാധ്യതകളെയും പ്രതീക്ഷകളെയും സദാ ഉണര്‍ത്തിയെടുക്കുന്നു. ചലനാത്മകമാക്കുന്നു.


                  ഫെമിനിസ്റ്റ് കാഴ്ചപ്പാടുകളിലെ പലമകള്‍ ഊന്നുന്നതു പലപ്പോഴും ചാര്‍ച്ചകളിലൂടെ എതിനേക്കാള്‍ വിമര്‍ശനങ്ങളിലൂടെ വളര്‍ത്തിയെടുക്കുന്ന നിലപാടുകളിലാണ്. അതതു ചരിത്രസന്ദര്‍ഭങ്ങളിലെ സ്ഥാപനവല്‍ക്കരിക്കപ്പെട്ട' മേധാവിത്തപരമായ ആശയ/ പ്രയോഗങ്ങളോടാണ് അവയുടെ കലഹം. പാശ്ചാത്യലോകത്തെ കറുത്തവര്‍ഗ ഫെമിനിസ്റ്റുകള്‍ തുറുന്നുവിട്ട വിമര്‍ശനത്തിന്റെ ധാര അത്തരത്തില്‍ ഒന്നാണ്. ലിംഗവും വര്‍ണവും വ്യത്യസ്തപ്രശ്‌നങ്ങളായി കരുതുന്ന മുഖ്യധാ പാശ്ചാത്യ ഫെമിനിസത്തോടുള്ള കലാപം ആലീസ് വാക്കര്‍,
ബെല്‍ ഹുക്‌സ് തുടങ്ങിയവരുടെ നിലപാടുകളെ സൂക്ഷ്മമാക്കുന്നു.  ഒരേ സമയം കറുത്തവളായും സ്ത്രീയായും ജനിച്ചതു തങ്ങളുടെ ജീവിതത്തെ നിര്‍ണായകമാക്കി തീര്‍ത്തുവെന്ന്  അവര്‍ തിരിച്ചറിയുന്നു. ലിംഗം, വര്‍ണം, വര്‍ഗം, ദേശം തുടങ്ങിയവ പാരമ്പര്യത്തിലും എതിര്‍നിലകളിലും നിന്നുകൊണ്ടു പ്രവര്‍ത്തിക്കുതെങ്ങനെയെന്ന്  അവര്‍ നോക്കിക്കാണാന്‍ ശ്രമിച്ചു.
ചന്ദ്രാതല്‍പാടി മൊഹന്തി മൂന്നാംലോക സ്ത്രീവാദി എന്ന നിലയില്‍ മൂന്നാംലോക സ്ത്രീവാദങ്ങളുടെ രണ്ടുതരം ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഇങ്ങനെ പറയുന്നു. 1. യൂറോകേന്ദ്രിതമായ സ്ത്രീവാദങ്ങളുടെ അധീശത്വത്തെ ആന്തരിക വിമര്‍ശനത്തിനു വിധേയമാക്കുക. 2. ഭൂമിശാസ്ത്രപരമായും ചരിത്രപരമായും സാംസ്‌കാരികമായും നിലയുറപ്പിക്കുന്ന സ്വതന്ത്ര ഫെമിനിസ്റ്റ് താല്‍പ്പര്യങ്ങളും തന്ത്രങ്ങളും രൂപപ്പെടുത്തുക. (എലാശിശാെ ണശവേീൗ േയീമൃറലൃ:െഊൃവമാ, ഊസല ഡ്യേ ുൃല ൈ2003, ു17)
സംസ്‌കാരത്തില്‍ അടിഞ്ഞുകൂടിയ ആണധികാരത്തിന്റെ പ്രയോഗം തന്നെയാണു ശാസ്ത്രസാങ്കേതികതയും യുദ്ധവും ഒക്കെകൊണ്ടു സ്ത്രീയെയും പ്രകൃതിയെയും ചൂഷണം ചെയ്യുതെന്ന് വന്ദനാ ശിവയെപ്പോലെയുള്ള പാരിസ്ഥിതികസ്ത്രീവാദികള്‍ പറയുന്നു. ജീവന്റെ ആധാരമായ പ്രകൃതിയും സ്ത്രീയും ഒരുപോലെ കൊള്ളയടിക്കപ്പെടുതിനെയും ചവിട്ടി മെതിക്കപ്പെടുന്തിനെയും അവര്‍ ചോദ്യം ചെയ്യുന്നു. ജീവശാസ്ത്രപരമായ നിര്‍ണയനവാദങ്ങളെ സാധൂകരിച്ചുകൊണ്ടാണ് പാരിസ്ഥിതികസ്ത്രീവാദം നിലനില്‍ക്കുന്നത്. ഇന്ത്യയിലും കേരളത്തില്‍ത്തന്നെയും പാരിസ്ഥിതികസ്ത്രീവാദികളുടെ ബഹുലമായ ഒരു നിര തന്നെ കാണാം. മേധാപട്കര്‍,
അരുന്ധതിറോയ്,   ദയാബായി, മയിലമ്മ, ലീലാകുമാരിയമ്മ... അങ്ങനെ നിരവധി പ്രവര്‍ത്തകര്‍ തങ്ങളുടെ വ്യത്യസ്ത സന്ദര്‍ഭങ്ങളുടെ അനിവാര്യതകളില്‍നിന്നു വ്യത്യസ്തനിലപാടുകളിലൂന്നിയ സമരമുഖങ്ങള്‍ തുറന്നിടുകയുണ്ടായി. പാരിസ്ഥിതിക സ്ത്രീവാദത്തിനകത്തുതന്നെയുള്ള വ്യത്യസ്തകളുടെ സൂക്ഷ്മതകളെയാണവ കാണിക്കുന്നത്.

ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്ന സ്ത്രീപക്ഷപ്രവര്‍ത്തകര്‍ക്കിടയിലും ഈ സൂക്ഷ്മഭേദങ്ങള്‍ നാം കാണുന്നു. കുടുംബാസൂത്രണം, എയ്ഡ്‌സ് രോഗനിവാരണം, ലൈംഗികത്തൊഴിലാളികളുടെ അവകാശങ്ങള്‍, അവരുടെ പുനരധിവാസം, പെണ്‍ഭ്രൂണഹത്യക്കെതിരായ നിലപാടുകള്‍ എന്നിങ്ങനെ വേറിട്ടതും അടിസ്ഥാന ആദര്‍ശങ്ങളില്‍ പരസ്പരം ഇടയുന്നതുമായ മുഖങ്ങള്‍ അവിടെയുണ്ട്.
മുസ്‌ലിം സ്ത്രീകളുടെയും ദലിത് സ്ത്രീകളുടെയും സ്വത്വത്തെ സംബന്ധിച്ചുള്ള സംവാദങ്ങള്‍ രണ്ടായിരമാണ്ടോടുകൂടി വളരെ സജീവമായി നമ്മുടെ ആശയമണ്ഡലങ്ങളില്‍ വ്യാപിച്ചിട്ടുണ്ട്. സ്വതന്ത്രവും വിമര്‍ശനാത്മകവുമായ നിലപാടുകളിലൂന്നി ഈ ആശയങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു പ്രവര്‍ത്തിക്കുന് സംഘടനകളും കേരളത്തിലിന്നു സജീവമാണ്. വി.പി. സുഹ്‌റയുടെ നേതൃത്വത്തിലുള്ള 'നിസ'യും അതിന്റെ പ്രസിദ്ധീകരണപ്രവര്‍ത്തനങ്ങളും രേഖാരാജിനെ

പ്പോലുള്ളവര്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ച ദലിത് സ്ത്രീസംഘടന 'പഞ്ചമി'യും മറ്റും എടുത്തു പറയേണ്ടതാണ്. അത്തരം ഗ്രൂപ്പുകള്‍ക്കിടയില്‍ത്ന്നെ പലതരം രാഷ്ട്രീയാഭിമുഖ്യങ്ങളോടെ, പലപ്പോഴും വ്യത്യസ്ത ലൈംഗികാഭിരുചികളോടെ തങ്ങളുടെ സ്വത്വത്തെ ഉയര്‍ത്തിപ്പിടിക്കുവരും ഉണ്ട്. മുസ്‌ലിം സ്ത്രീവാദികള്‍ക്കിടയില്‍ത്ത ന്നെ ദേശീയത പോലുള്ള ബൃഹദാഖ്യാനങ്ങളെ വിശ്വസിക്കുകയും തള്ളിക്കളയുകയും ചെയ്യുന്ന ചിന്തകള്‍ കാണാം. ഭിന്നവര്‍ഗലൈംഗികതയെയും സ്വവര്‍ഗലൈംഗികതയെയും ഉയര്‍ത്തിപ്പിടിക്കുന്ന കാഴ്ചപ്പാടുകളുമുണ്ടായേക്കാം. വ്യത്യസ്തതകളെ അവയുടെ അനുഭവജൈവികതയില്‍ നിന്നുകൊണ്ട് മനസ്സിലാക്കുക എന്നതാണീ രാഷ്ട്രീയമുഖങ്ങളില്‍ നിന്നും  നാം പഠിക്കേണ്ട പാഠം.     സ്വത്വരാഷ്ട്രീയം എന്നത് ഒരു പ്രധാന ചര്‍ച്ചയായി ഉയര്‍ന്നു വന്നിരിക്കുന്ന ഉത്തരാധുനികസന്ദര്‍ഭത്തില്‍ ദളിത്, മുസ്‌ളിം എന്നിവര്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷ സ്ത്രീപ്രതിനിധാനങ്ങളുടെ അടയാളങ്ങള്‍ക്ക് സവിശേഷമായ ബൗദ്ധികശ്രദ്ധ ലഭിക്കുന്നുണ്ട്. സാംസ്‌കാരികചര്‍ച്ചകളിലും രാഷ്ട്രീയസംവാദങ്ങളിലും അതിന്റെ അലയൊലി കേട്ടുതുടങ്ങിയിരിക്കുന്നു. (മുസ്‌ളിം സ്ത്രീവാദികള്‍ മുന്നോട്ടു വെയ്ക്കുന്ന സംവരണത്തിനുള്ളിലെ സംവരണം പോലുള്ള വാദങ്ങളെ അത്തരത്തില്‍ മനസ്സിലാക്കാവുന്നതാണ്.)എന്നല്‍ പച്ചയായ ജീവിതമണ്ഡലങ്ങളില്‍, സംസ്‌കാരത്തിന്റെ പുറം അടകളില്‍ അവ അധികമധികം ചലനങ്ങളെ ഉല്പാദിപ്പിക്കേണ്ടിയിരിക്കുന്നു. അത് അത്ര എളുപ്പമല്ലെങ്കിലും അത്തരമൊരു പടനീക്കം നിര്‍ണായകം തന്നെയാണ്.
അവകാശങ്ങളും ആവശ്യങ്ങളുമല്ലാതെ അഭിരുചികളെയും അഭിലാഷങ്ങളെയും  സാദ്ധ്യതകളെയും ആരായുന്ന  സമീപനങ്ങള്‍  നിലനില്ക്കുന്ന  സാഹചര്യത്തില്‍ വെല്ലുവിളികള്‍ നേരിടുന്നു.  കാരണം അവിടെ സ്ത്രീപക്ഷത്തു നിലകൊള്ളുന്ന  കര്‍തൃത്വം എന്നത് നാം പരിചയിച്ചു വെച്ച ഇരയുടേതല്ല.  ഇരയ്ക്ക് ആവിഷ്‌കാരങ്ങളില്ല. ആവിഷ്‌കാര വിധേയത്വം മാത്രം .  പരമ്പരാഗത സ്ത്രീവാദത്തിന്റെ പരികല്‍പനകളും മാനദണ്ഡങ്ങളും പ്രബലമായ ഒരു മേല്‍ക്കൈയായിത്തീര്‍ന്ന കാലത്ത് അത്തരം കാലഘട്ട'ങ്ങളില്‍ മേല്‍പ്പറഞ്ഞ വാദമുഖങ്ങളെ അപഭ്രംശമായോ ഒററപ്പെട്ട കേവലആനന്ദവാദമായോ  നിരുത്തരവാദപരമായോ അരാഷ്ട്രീയമായോ തെറ്റിദ്ധരിക്കാന്‍ സാദ്ധ്യതയുണ്ട്. പ്രതിരോധം കേന്ദ്രത്തില്‍ പ്രകടമല്ലാത്തതിനാല്‍ അവ പിന്തിരിപ്പന്‍ വാദങ്ങളായി മനസ്സിലാക്കപ്പെടുകയും ചെയ്‌തേക്കാം. എന്നാല്‍ മാറിയ ഒരു കാഴ്ചപ്പാടില്‍ സ്ത്രീവാദത്തെ സംബന്ധിച്ച ഇര എന്ന സങ്കല്‍പ്പനത്തെ പുനര്‍വിചാരണ ചെയ്യുമ്പോള്‍ ഈ നിലപാടുകള്‍ക്ക്  വേറൊരു മാനം കൈവരുന്നുണ്ട്.  അവയ്ക്ക് സ്ത്രീജീവിതബോധത്തെ സംബന്ധിച്ച ഒരു സ്വയംനിര്‍വ്വാഹകത്വമുണ്ടെന്നു നാം തിരിച്ചറിയേണ്ടതുണ്ട്.  സ്ത്രീവാദരാഷ്ട്രീയമെന്നത്  ജീവകാരുണ്യപ്രവര്‍ത്തനമോ സംന്യാസദര്‍ശനമോ അല്ല, മറിച്ച്, അത് ആത്യന്തികമായും സ്ത്രീകളുടെ ആധികാരികത അവരില്‍ത്തന്നെ ഉറപ്പിച്ചെടുക്കലാണ് എന്നുകൂടി നാം ഇവിടെ സമര്‍ത്ഥിച്ചെടുക്കുന്നു. വിലക്കപ്പെട്ട ആഗ്രഹാഭിരുചികളുടെ  മേഖലയില്‍ കടന്നു ചെന്നുകൊണ്ട് അതുവരെ പുരുഷാധിപത്യകേന്ദ്രങ്ങളില്‍ നിന്നും നിര്‍ദ്ദേശാത്മകമായി സ്വരൂപിക്കപ്പെട്ട സ്‌ത്രൈണമായ പലതിനെയും പുനര്‍വിന്യസിക്കുകയും പുനര്‍നിര്‍മ്മിക്കുകയും  ചെയ്യേണ്ടത് അങ്ങനെ സ്ത്രീവാദത്തിന്റെ പുതുക്കപ്പെട്ട ദൗത്യമായിത്തീരുന്നു. പര്‍ദ്ദ ധരിക്കുതിനെക്കുറിച്ചും മറ്റും  പുരുഷനിര്‍മിതമായ വിമോചനവാദങ്ങളെ പുറന്തള്ളിക്കൊണ്ട് (ഷെറിന്‍.ബി.എസ്. രണ്ടുകൊല്ലം മുന്‍പ് മാതൃഭൂമിയിലും  സ്‌നെമ്യ മാഹിന്‍ കഴിഞ്ഞ ആഴ്ചകളില്‍ നാലാമിടം ഡോട്ട് കോമിലും എഴുതിയ ലേഖനങ്ങള്‍ ഓര്‍ക്കുക.) അതിനെ തികച്ചും വ്യക്തിപരവും സ്വകാര്യവുമായതെങ്കിലും  സ്ത്രീജീവിതത്തിന്റെ തലങ്ങളില്‍ നിന്നു കൊണ്ടുളള നിലപാട് ഇന്നു നാം ധാരാളമായി കാണുന്നു. '' അത് അക്കാലത്തെ കഥയല്ലേ.. ഇന്നത്തെ സമൂഹത്തില്‍ എത്ര മാന്യമായി വസ്ത്രം ധരിച്ചാലും സ്ത്രീ സുരക്ഷിതയാണോ? ഇസ്‌ളാമിലെ നിയമങ്ങള്‍ ശരിയായി ധരിച്ച് അനുശാസിച്ച് നടക്കുന്നവര്‍ എത്രപേരുണ്ടാവും ? ചുരിദാറും ഹിജാബും ധരിച്ച് മുസ്‌ളിമാണെന്ന് മുഖത്തൊ'ട്ടിച്ച്  നടക്കുന്നവര്‍ക്ക് ഓര്‍ക്കാനാകുമോ , ആ ചുരിദാര്‍ ഷേയ്പ്പ് ചെയ്യാതെ ധരിക്കുന്നത് ? എന്തിനധികം,പര്‍ദ,പര്‍ദ എന്ന് ഘോരഘോരം വാദിക്കുന്നവര്‍ പോലും അതിനെ ഷേയ്പ്പ് ചെയ്ത് മനോഹരമാക്കിയല്ലേ നടക്കു്ന്നത്? (ഇതിനപവാദമുള്ളവരുമുണ്ടാകാം) അപ്പോള്‍ പര്‍ദ ധരിക്കല്‍ സുന്നത്തോ ഫാഷനോ ? '' (പര്‍ദ സുന്നത്തോ ഫാഷനോ ?, സ്‌നെമ്യ മാഹിന്‍, നാലാമിടം പോര്‍ട്ട'ല്‍) .സഞ്ചരിച്ചിരു ന്ന തീവണ്ടിയില്‍ നിന്ും  നിര്‍ത്തിയിട്ട റെയില്‍വേ സ്റ്റേഷന്റെ പ്‌ളാറ്റ് ഫോമില്‍ നിന്നുകൊണ്ട്  പര്‍ദ്ദ  വലിച്ചൂരിക്കളഞ്ഞ ഈജിപ്ഷ്യന്‍ ഫെമിനിസ്റ്റ് ഹുദാ ഷരാവിയുടെയും 
ഫ്രാന്‍സിലെ പര്‍ദനിരോധനത്തിന്റെയും ഇസ്‌ളാമോഫോബിയയുടെയും പശ്ചാത്തലത്തില്‍ കൂടുതലായി പര്‍ദയെ മുറുകെപ്പിടിക്കുന്ന  ഫ്രഞ്ച് മുസ്‌ളിം സ്ത്രീവാദികളുടെയും നിലകള്‍ വ്യത്യസ്തങ്ങളാണ്. സ്‌ത്രെണകേന്ദ്രിതമായ, ആധികാരികതയുള്ള, അവരവരില്‍ നിന്നാരംഭിക്കുന്  ശുഭകരമായ ഒരു സംവാദത്തിന്റെ സൂചനകള്‍ എന്ന നിലയില്‍ അവ മുഖ്യധാരാ സ്ത്രീവാദവുമായി നേരിടുന്നു…എതിര്‍നിലകള്‍ സ്വരൂപിക്കുന്നു.

                    ചുരുക്കിപ്പറഞ്ഞാല്‍ വ്യത്യസ്തതകളെ അവയുടെ സവിശേഷ സന്ദര്‍ഭത്തില്‍ വച്ചുകൊണ്ടു തിരിച്ചറിയുകയും വ്യാഖ്യാനിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഏതൊരു വിമോചനവും മനുഷ്യാവകാശപരവും രാഷ്ട്രീയവുമായി തീരുകയുള്ളൂ. തന്നെ ‘വ്യക്തിപരമായത് രാഷ്ട്രീയമാണ് എന്ന
സ്ത്രീവാദത്തിന്റെ മുദ്രാവാക്യം അര്‍ത്ാകുന്ത്   സൂക്ഷ്മജീവിതമണ്ഡലത്തെ രാഷ്ട്രീയവല്‍ക്കരിക്കുമ്പാണ് ആധിപത്യവിരുദ്ധത എന്ന പൊതുനിലപാടില്‍ ഊന്നിനിന്നുകൊണ്ടു വ്യത്യസ്ത ജീവിതമേഖലകളിലും ചരിത്രസന്ദര്‍ഭങ്ങളിലും ആശയമണ്ഡലങ്ങളിലും ഉരുത്തിരിഞ്ഞുവരേണ്ട സൂക്ഷ്മരാഷ്ട്രീയങ്ങള്‍ അതിനാല്‍ തന്നെ പ്രധാനമാണ്. എന്ല്‍, ഗായത്രി ചക്രവര്‍ത്തി സ്പിവാക്
പറയുന്തുപോലെ വ്യത്യസ്തകളിലുള്ള ഈ ഊന്നല്‍ തന്ത്രപരം കൂടിയായിരിക്കണം. ഈ വ്യത്യസ്തതകളുടെ തനിമകളോരോന്നും അടിസ്ഥാനപരമായും പുരുഷാധിപത്യത്തെ ചെറുക്കുന്നതിനായിരിക്കണം നാം ഉപയോഗിക്കേണ്ടത് എന്നതിനാല്‍ ഈ തന്ത്രപരത സുപ്രധാനവുമാണ്.

(തേജസ് ദ്വൈവാരികയുടെ ഏപ്രില്‍1-15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)