Saturday, March 19, 2011

പൊക്കിള്‍ക്കൊടിയുടെ മറ്റേയറ്റം

പ്രവാസിയുടെ ജീവിതം വെയിലില്‍ നിവര്‍ത്തിയ ഒരു കുട പോലെയെന്ന് എം. എന്‍. വിജയന്‍ മാഷ് ഒരിക്കല്‍ പറഞ്ഞു. നിഴല്‍ തേടുന്നവര്‍ പക്ഷേ പിടിവിടുന്നില്ല. ചൂടാറുവോളം കുട മടക്കുന്നില്ല. നരച്ചു തുടങ്ങുമ്പോള്‍ നമുക്ക് മൂലയില്‍ ചാരാം. പ്രവാസി ലോകത്തെക്കുറിച്ചുള്ള ഏതു ചിന്തയിലും ഈ രണ്ടറ്റങ്ങളുണ്ട്- നാടും പുറംനാടും. അതിനകത്തെ വലുതും ചെറുതുമായ ജീവിതങ്ങളും അവയുടെ ഒറ്റപ്പെടലുകളും ആഹ്ലാദങ്ങളും പ്രതീക്ഷകളും നിരാശകളും അത്ഭുതങ്ങളും ഒക്കെ പ്രവാസി രചനകളില്‍ തുടിക്കുന്നു. ആവശ്യങ്ങളും അതിജീവനങ്ങളും ആശകളും പ്രതീക്ഷകളുമാണിവിടത്തെ യാഥാര്‍ഥ്യം, ഒടുവില്‍ നേടിയതൊന്നും നേട്ടങ്ങളല്ല എന്ന തിരിച്ചറിവ് അനിവാര്യമാണെങ്കില്‍ കൂടി.


'മേഘസന്ദേശ' ത്തിലെ യക്ഷന്‍ മുതല്‍ തുടരുന്ന അകലും തോറും സാന്ദ്രീകരിക്കപ്പെടുന്ന
അടുപ്പത്തിന്റെ ലോകമാണ് പ്രവാസി എഴുത്തിലുമുള്ളത്. ''ആട്ടിയോടിക്കപ്പെട്ട തിണ്ണവിട്ടെത്ര ദൂരം'' നാം പോകുമെന്ന് കെ.ജി എസ് ചോദിച്ചതുപോലെ പ്രവാസി രചനകള്‍ മലയാളത്തിന്റെ ഗുരുത്വാകര്‍ഷണത്തിലേക്ക് എപ്പോഴും തിരിച്ചെത്തിക്കൊണ്ടിരിക്കുന്നു. വേരുകള്‍ മണ്ണിലേക്ക് തിരഞ്ഞു പോകുമ്പോഴും ഇലയും വള്ളികളും ആകാശങ്ങളിലേക്കു കൈവീശുന്നു. പൂവും കായും വിരിഞ്ഞുവരുന്നു. അവ നമ്മുടെ എഴുത്തില്‍ പുതിയൊരിടമായി, മറ്റൊരു ആകാശമായി തുറന്നുവരുന്നു. വിട്ടുപോന്ന ഇടത്തിനും എത്തിച്ചേര്‍ന്ന ഇടത്തിനുമിടയിലുള്ള ഈ സാംസ്‌കാരിക സ്ഥലം (ഹോമി കെ. ഭാഭയെ മുന്‍നിര്‍ത്തി) മൂന്നാമിടമെന്നു സച്ചിദാനന്ദന്‍ വിളിക്കുന്ന ഇവിടം- ഇന്ന് സവിശേഷമായൊരു ഉണര്‍വിലാണ്. എത്തിച്ചേര്‍ന്ന വേറിട്ട ഇടങ്ങളില്‍ നിന്നുകൊണ്ട് വിട്ടുപോന്ന ഇടങ്ങളെ സമസ്ത ഇന്ദ്രിയങ്ങള്‍ കൊണ്ടും കണ്ടുംകേട്ടും മണത്തും വരച്ചും എഴുതിയും ഈ രചനകള്‍ എഴുത്തില്‍ പുതിയൊരു ഭൂപടമാവുകയാണ്. ഔദ്യോഗിക അതിര്‍ത്തികള്‍ക്കു കുറുകെയും നെടുകെയുമായി തങ്ങളുടെ ദേശത്തെ അവര്‍ വൈകാരിക ദേശീയതയായി പുനര്‍നിര്‍മിക്കുന്നു. അനുഭവങ്ങളുടെയും ഓര്‍മകളുടെയും കാലത്തിന്റെയും നാനാവിധത്തിലുള്ള സാംസ്‌കാരികാര്‍ഥങ്ങളായി അവ നാടിനെ ദാഹത്തോടെ വലിച്ചൂറ്റിയെടുക്കുന്നു, വീണ്ടെടുക്കുന്നു. വരണ്ട ഭൂമി വേനല്‍മഴയെന്നപോലെ നാടിനെക്കുറിച്ചുള്ള ഓരോ സൂചനയെയും അതു ഹര്‍ഷോന്മാദത്തോടെ ഉള്ളിലേക്കു വലിച്ചെടുക്കുന്നു.
ചെറിയാന്‍ കെ
ചെറിയാന്‍ കൊച്ചുബാവയും എന്‍. ടി. ബാലചന്ദ്രനുമൊക്കെയടങ്ങിയ മുന്‍ പ്രവാസി എഴുത്തുകാര്‍ എഴുത്തിന്റെ പ്രമേയമായി അതിനെ ആനയിച്ചിരുന്നില്ല. അനുഭവത്തിന്റെയും ആവിഷ്‌ക്കാരത്തിന്റെയും തലം മുഖ്യധാരയിലേക്ക് താദാത്മ്യപ്പെട്ടു കിടക്കുന്നു. പ്രവാസിയെഴുത്തില്‍ പിന്നീടുവരുന്ന തലമുറയില്‍ ഈ പതിഞ്ഞുകിടക്കലല്ല, മറിച്ച് നാടിനായി പരതുന്ന ഉല്‍ക്കണ്ഠ (ഉയര്‍ത്തിയ കണ്ഠം തന്നെ!) യുടെ വല്ലാത്ത തലനീട്ടിലാണു നാം കാണുക. അത്തരം ആവേശങ്ങളെ ത്വരിപ്പിക്കും വിധം സാങ്കേതിക വിദ്യയില്‍ പൊതുവെയുണ്ടായ കുതിപ്പുകളും പങ്കുചേര്‍ന്നതോടെ പ്രവാസിരചനകള്‍ ഒരു ഗണമായിത്തന്നെ ഇന്റര്‍നെറ്റിലൂടെ സ്ഥാപിക്കപ്പെട്ടു. ബ്ലോഗുകളിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ഗ്രൂപ്പുകളിലും മറ്റു കമ്മ്യൂണിക്കേഷന്‍ ഗ്രൂപ്പുകളിലും കാണുന്ന പ്രവാസികളുടെ സാന്നിധ്യം അവരുടെ ഈ പുതിയ സ്വത്വബോധത്തെയാണ് സ്ഥാപിച്ചെടുത്തത്. പ്രവാസിത്വവും നെറ്റിസണ്‍ഷിപ്പ് എന്ന പുതിയ പൗരത്വവും ചേര്‍ന്ന യാഥര്‍ഥ്യത്തിന്റെയും പ്രതീതിയാഥാര്‍ഥ്യത്തിന്റെയും സമ്മിശ്ര സ്വത്വമാണത്. മുസാഫര്‍ അഹമദും (മരുഭൂമിയുടെ ആത്മകഥ) ബെന്യാമിനും (ആടുജീവിതം) ഒക്കെ പങ്കുവച്ച പ്രവാസി അനുഭവങ്ങള്‍ക്ക് പൊതുമണ്ഡലത്തില്‍ സാഹിത്യാതീതമായ ഒരു അനുവാചകവൃന്ദം തന്നെ സൃഷ്ടിക്കാന്‍ കഴിഞ്ഞത് ഈ പശ്ചാത്തലത്തില്‍ കൂടിയാണ്. 'അറബിക്കഥ‘, ‘ഗദ്ദാമ' മുതലായ സിനിമകളും കൂടിച്ചേര്‍ന്ന സമകാലികാവസ്ഥയില്‍ ഗള്‍ഫ് നാടുകളിലെ മലയാളി ജീവിതാവസ്ഥകളോട് അനുഭാവപൂര്‍ണമായ ഒരു സ്വീകരണക്ഷമത കേരളത്തില്‍ രൂപപ്പെട്ടിട്ടുണ്ട്.


പ്രവാസി രചനകളുടെ മുഖ്യമായ ഒരടര് ഭൂതകാലത്തെ സംബന്ധിച്ച ഗൃഹാതുരതയാണ്. ദേശാതുരത
എന്നു പറയുകയാണ് കൂടുതല്‍ ശരി. തിളച്ചാറിയ പാലിലെ വെണ്ണപോലെ സ്വദേശം അവയില്‍ മിനുത്തു തിളങ്ങി. അനൂപ് ചന്ദ്രന്റെ മുന്‍കയ്യില്‍ പുറത്തിറങ്ങിയ 'മൂന്നാമിടം' പ്രവാസി രചനകളിലെ ഒരു വഴിത്തിരിവാണ്, പില്‍ക്കാലത്തെ പ്രസാധകസംരംഭങ്ങളും ഗള്‍ഫ് സാംസ്‌കാരിക കൂട്ടായ്മകളും മറ്റും പരിഗണിക്കുമ്പോള്‍. നാടിനെ പച്ചയ്ക്ക് അരച്ചു ചേര്‍ത്ത കവിതകള്‍ അതിലുണ്ട്.ലാസര്‍ ഡിസില്‍വയും സത്യന്‍ മാടാക്കരയും കരുണാകരനും സര്‍ജു ചാത്തന്നൂരും അസ്‌മോ പുത്തന്‍ചിറയും ടി.പി. അനില്‍കുമാറും റാംമോഹന്‍ പാലിയത്തുമൊക്കെ എഴുതിയ കവിതകളില്‍ നാട് എഴുന്നുനിന്നു. പ്രവാസി രചനകളുടെ പൊതു സ്വഭാവമായ -അതു പ്രിന്റിലായാലും ബ്ലോഗിലായാലും - ഒരു വിളിച്ചുപറയല്‍ ഇവിടെയുണ്ട്. ഒരു വേലിയതിരിനപ്പുറം നിന്നു കുശലങ്ങള്‍ വിളിച്ചുചോദിക്കുന്ന ഒരുതരം ‘നാട്ടിന്‍പുറത്തം‘ അവയ്ക്കുണ്ട്. അതുകൊണ്ടുതന്നെ സംവാദങ്ങളല്ല, സംഭാഷണങ്ങളാണ് അവയില്‍ കാണുക. ഒന്നു മിണ്ടിപ്പറയാനുള്ള കൊതി അവിടെ നിറയുന്നതുകാണാം. റാം മോഹന്റെ 'എറണാകുളത്തിന്റെ ഓര്‍മ്മയ്ക്ക്' എന്ന കവിതയില്‍ ഒരു ഉല്‍സവപ്പറമ്പിലെന്നതുപോലെയുള്ള ഭാഷണങ്ങളുടെ സമൃദ്ധിയും വൈവിധ്യവും കാണാം. 'വളഞ്ഞമ്പലത്തിന്റെ ആലസ്യവും' എളമക്കരയിലെ (മറുനാടന്‍)മേനോന്‍ ഗൃഹങ്ങളും ലത്തീന്‍ മണമുള്ള നുണകളും ഷിപ്പ് യാഡിന്റെ ആകാശസ്പര്‍ശിനികളും നിറഞ്ഞ ഒരു തനി എറണാകുളം ഈ കവിതയില്‍ ഒരു നഷ്ട(മോഹ) സ്ഥലിയായി നിറയുന്നു. (ദൂരെദൂരങ്ങളില്‍ നിന്നു നോക്കുമ്പോലുള്ള തുന്നാടിത്തലപ്പുകളുടെ സൗന്ദര്യം ....!)ആ ഓര്‍മകള്‍ തന്നെ അതിജീവനമാവുന്നു. വൈലോപ്പിള്ളിയിലെ ''ഒരൊറ്റത്തെങ്ങ് കണ്ടിടത്തിലൊക്കെയും സ്മരിക്കുന്ന (ആസ്സാം പണിക്കാര്‍) നാടല്ല ഇക്കവിതകളിലേത്. അവിടെയായിരിക്കുമ്പോഴും ഇവിടെയായിരിക്കാന്‍ ആസ്സം പണിക്കാര്‍ എപ്പോഴും കൊതിച്ചു.
''ഇവിടെ സ്‌നേഹിപ്പാനിവിടെയാശിപ്പാ-
നിവിടെ ദു:ഖിപ്പാന്‍ കഴിവതേ സുഖം! ''
എന്നാല്‍ ഈ പുതിയ പ്രവാസികളില്‍ രാഗദ്വേഷങ്ങളുടെ സങ്കീര്‍ണമായ സ്വത്വബന്ധമായാണ് നാടു
നിറയുന്നത്. എവിടെയുമല്ല എന്ന അന്യവല്‍ക്കരണത്തെ ആഴത്തില്‍ ഒളിപ്പിച്ചുവയ്ക്കുന്നതും അവിടെയല്ലല്ലോ എന്ന അരക്ഷിതത്വത്തെ നോവിക്കാതെ നോക്കുന്നതുമായ എഴുത്തുകളാണവ.
കഥകളും കവിതകളും ഓര്‍മക്കുറിപ്പുകളും അനുഭവകഥനങ്ങളും യാത്രാവിവരണങ്ങളും
ഗ്രന്ഥനിരൂപണങ്ങളും സിനിമാപഠനങ്ങളും ആരോഗ്യം, വിദ്യാഭ്യാസം, ജോലിയന്വേഷണങ്ങളും പാചകക്കുറിപ്പുകളും ഒക്കെ ബ്ലോഗുകളിലെ പ്രവാസി രചനകളില്‍ കാണാം. ഓര്‍മകള്‍ എന്നതുപോലെ നര്‍മവും അവയില്‍ നിത്യസ്പര്‍ശമാണ്. പ്രവാസി ബ്ലോഗര്‍മാരുടെ പേരുകള്‍ തന്നെ പലതും നര്‍മം പൊതിഞ്ഞവയാണ്. വാഴക്കോടന്‍, നിരക്ഷരന്‍ എന്നിങ്ങനെ. ചിലതു സ്ഥലനാമങ്ങളായി നാടിനോടുള്ള പൊക്കിള്‍ക്കൊടി ബന്ധം സൂക്ഷിക്കുന്നു. വിശാലമനസ്സിന്റെ കൊടകരപുരാണം പോലുള്ള ബ്ലോഗുകള്‍ അടിമുടി നര്‍മം കലര്‍ന്ന ശൈലിയിലാണ് എഴുതപ്പെടുന്നത്. തൃശൂര്‍ വാമൊഴിവഴക്കങ്ങളിലൂടെ അയല്‍വാസികളുടെയും ബന്ധുമിത്രാദികളുടെയും കാരിക്കേച്ചറുകള്‍ വരച്ചിട്ടു അത്. കൊടകരപുരാണത്തിന്റെ ജനപ്രിയത അതില്‍ കൊത്തിവച്ച നാടും പച്ചമനുഷ്യരും തന്നെ. മൂര്‍ച്ച കുറഞ്ഞ വിമര്‍ശനങ്ങളും ആത്മപരിഹാസങ്ങളും ഒക്കെക്കൊണ്ട് ഗൃഹാതുരതയെ മറികടക്കുമ്പോഴും നേര്‍ത്ത വേദനയുടെ സ്വരം അവിടെ പതിഞ്ഞുകേള്‍ക്കാം. സാഹിത്യാനുശീലനമില്ലാത്ത സാധാരണക്കാര്‍ക്കും എഴുത്തുകാരാവാം എന്ന തോന്നലുണ്ടാക്കാന്‍ കൊടകരപുരാണത്തിനു കഴിഞ്ഞു. കൊടകരപുരാണത്തിനുശേഷം പുസ്തക രൂപത്തിലായ ബ്ലോഗുകള്‍ സിമി, കുറുമാന്‍, പ്രിയ ഉണ്ണികൃഷ്ണന്‍, ഇത്തിരിവെട്ടം, അനാഗതശ്മശ്രു, രാധിക, കൈതമുള്ള് മുതലായവയാണ്.

അഭ്യസ്തവിദ്യരായ വീട്ടമ്മമാരുടെ ബ്ലോഗുകളില്‍ ഏകാന്തതകളും നാടിനെയും ഉറ്റവരെയും കുറിച്ചുള്ള
ഓര്‍മകളും കൗതുകങ്ങളും കാണാം. നാട്ടിലെ മഴയും വെയിലും പകലുകളും രാത്രികളും ഗൃഹാതുരതകളായി അവരെ പൊതിയുന്നു. '' അവിടെ ഓരോ നേരിയ ശബ്ദവും കേള്‍ക്കാന്‍ കഴിയുന്നത്ര നിശ്ശബ്ദതകളില്‍ '' (Sunny days: വിനിത വിനോദ്) ഓര്‍മകള്‍ വലിയ മുഴക്കങ്ങളാവുന്നു. സനിമാശാലകള്‍ പോലും നിഷേധിക്കപ്പെട്ട ഒരിടത്ത് വീട്-ഓഫിസ് എന്ന രണ്ടറ്റങ്ങള്‍ക്കിടയില്‍ സമയം പകുക്കപ്പെടുന്നു. സര്‍ഗാത്മകതയുടെ ഒരേ ഒരിടം ബ്ലോഗുമാത്രമാവുന്നു. പ്രവാസം ഒരു അവസ്ഥയല്ല, മറിച്ച് ഒരു ആവാസവ്യവസ്ഥയായിത്തന്നെ മാറുന്നതാണ് ഇവിടെ നാം കാണുന്നത്. എവിടെപ്പോവുമ്പോഴും ഞാനെന്റെ പ്രവാസത്തെ കൂടെ കൊണ്ടുപോകുന്നുവെന്നു പറഞ്ഞ മഹമൂദ് ദര്‍വീഷിനെ അവ തൊടുന്നു. കുഴൂര്‍ വില്‍സന്റെ 'അച്ചടി മലയാളം നാടുകടത്തിയ കവിതകളെ' വിശാഖം ബ്ലോഗില്‍ കാണാം. അവിടെ ബ്ലോഗിടം തന്റെ നാട്ടിന്‍പുറമായി, കുഴൂരെ ചെറിയ ഇടവഴികളും മുള്ളുവേലികളും വേപ്പിലയുടെയും മുളകിന്റെയും കിരീടമണിഞ്ഞ കപ്പപ്പുഴുക്കിന്റെ മണം പൊന്തുന്ന അടുക്കളയുമാക്കി കവി മാറ്റുന്നതുകാണാം.
''വാരം തോണ്ടിയ പറമ്പുകളില്‍
ചാരം ചാണകം
കൃത്യമായി നുറുക്കിയ
കൊള്ളിത്തലപ്പുകള്‍
കഞ്ഞിയെടുക്കാന്‍
ഓടുന്ന അമ്മ'' -ഡാഡി, സൂപ്പര്‍ ഡാഡി' എന്ന പാട്ടുകേട്ട് പച്ചക്കുപ്പിയുടെ നിഴലിലിരുന്ന് കവി
കുപ്പായമിടാത്ത കീറിയ ട്രൗസറിട്ട ബാല്യത്തിലേക്ക് വഴുതുകയാണ്.
കെ എം പ്രമോദിന്റെ ‘പ്രമാദം‘ ബ്ലോഗില്‍ കടൂര്‍ അങ്ങനെത്തന്നെ ഇറങ്ങിവരികയാണ്. കൊറിയയിലെ
വൃദ്ധയായ തൊഴിലാളി സ്ത്രീയില്‍ “നമ്പ്യാ‍ര്‍ മാവ് പൂത്തോ;/ അപ്പുറത്തെ ബാലന്റെ ഓള്പ്രസവിച്ചോ“ എന്നും
വിചാരിച്ചിരിക്കുന്ന തന്റെ സ്വന്തം അമ്മമ്മയെയാണ് കവി കാണുന്നത്. റഫീഖ് ഉമ്പാച്ചിയുടെ ബ്ലോഗില്‍
(ഒപ്പരം) പ്രവാസത്തിന്റെ കയ്പ് കല്ലിച്ചുകിടപ്പാണ്. വിശാഖ് ശങ്കറിന്റെ ബ്ലോഗ് പ്രൊഫൈലില്‍ അസ്തിത്വത്തിന്റെ അനിശ്ചിതത്വം കാണാം. നസീര്‍ കടിക്കാട് (സംക്രമണം) ടി പി അനില്‍കുമാര്‍ (രാപ്പനി), രാജ് നീട്ടിയത്ത്, നാസര്‍ കൂടാളി, എന്നിങ്ങനെ കവിതയില്‍ ബ്ലോഗര്‍മാര്‍ അനവധി. കൈപ്പള്ളി, ബെര്‍ലിത്തരങ്ങള്‍, നിരക്ഷരന്‍, ചിത്രകാരന്‍ തുടങ്ങിയ ഗദ്യബ്ലോഗര്‍മാരും നിരവധി. ആദ്യകാലങ്ങളിലെ രമ്യോപന്യാസങ്ങളെ അനുസ്മരിപ്പിക്കുന്ന കുറിപ്പുകള്‍ അവയില്‍ കാണാം.
മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും ബ്ലോഗുകളുടെ മറ്റൊരു
ആവിഷ്‌കാരമേഖലയാണ്. ' ബൂലോകകാരുണ്യം' മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ച പ്രശ്‌നത്തില്‍ നടത്തിയ ചര്‍ച്ചകള്‍, അരയ്ക്കുതാഴെ തളര്‍ന്ന മുസ്തഫയ്ക്ക് വീടുണ്ടാക്കാന്‍ നടത്തിയ ശ്രമങ്ങള്‍, ആദിവാസി കുട്ടികള്‍ക്ക് യൂനിഫോം നല്‍കുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഒക്കെ ഈ കൂട്ടായ്മ ബ്ലോഗിലൂടെ നടത്തിയിരുന്നു. ഭാഷയിലെ പുതുതായുണ്ടായ ആവിഷ്‌കാരശൈലികളും നിരീക്ഷണങ്ങളും പ്രവാസിബ്ലോഗുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഭാഷയോടുള്ള അഭിനിവേശം നാടിനോടും ഉറ്റവരോടുമുള്ള അഭിനിവേശം തന്നെയായി അവരില്‍ കാണാം. യൂണികോഡ് ഫോണ്ടുകളുടെ ആവിര്‍ഭാവത്തോടെയാണ് മലയാളത്തിലെ ബ്ലോഗുകളുടെ വളര്‍ച്ച ഇത്ര സജീവമായിത്തീര്‍ന്നത്. പെരിങ്ങോടന്‍ എന്ന ബ്ലോഗറിലൂടെയാണ് 'മൊഴി കീ മാപ്' ജനപ്രിയമായത്. കെവിന്‍ രൂപകല്‍പ്പന ചെയ്ത 'അഞ്ജലി' ഓള്‍ഡ് ലിപിയും 'കാര്‍ത്തിക' 'മീര' തുടങ്ങിയ ഫോണ്ടുകളും 'സിബുവിന്റെ വരമൊഴി' എന്ന മലയാളം എഴുത്തുസഹായിയും ബ്ലോഗിന്റെ വളര്‍ച്ചയില്‍ പങ്കുവഹിച്ചു. ‘നാലാമിടം‘ എന്നപേരില്‍ പുറുത്തവന്ന ബ്ലോഗ് കവിതകളുടെ സമാഹാരം പുതുഭാവുകത്വത്തെയും ഒപ്പം ഈ സജീവഘട്ടത്തെയുമാണ് അടയാളപ്പെടുത്തുന്നത്.
വാഴക്കോടന്‍, നീര്‍വിളാകന്‍, സൂത്രന്‍ തുടങ്ങിയ ബ്ലോഗര്‍മാര്‍ പൊതുവെ അതീവ
വൈകാരികതയോടെയാണ് തങ്ങളുടെ പ്രവാസി അവസ്ഥയെ കാണുന്നത്. 13 വര്‍ഷമായി നാട്ടില്‍ പോവാന്‍ കഴിയാത്ത അറുപതുകാരനായ തമിഴ് തൊഴിലാളി ഹാര്‍ട്ട്അറ്റാക്ക് വന്നു മരിച്ചപ്പോഴുണ്ടായ സംഭവം നീര്‍വിളാകന്‍ വിവരിക്കുന്നുണ്ട്. മൃതദേഹം നാട്ടിലെത്തിക്കേണ്ടത് ഏത് അഡ്രസിലാണെന്നറിയാന്‍ വീട്ടിലേക്കു വിളിച്ചപ്പോള്‍ ആദ്യത്തെ നിശ്ശബ്ദതയ്ക്കുശേഷം മൂത്തമകന്‍ ചോദിച്ചത് അവിടെ അടക്കാന്‍ കഴിയില്ലേ എന്നാണത്രെ. പ്രവാസം ഒരു മാനസികാവസ്ഥ തന്നെയാണ്, യഥാര്‍ഥത്തില്‍; പ്രവാസിക്കു മാത്രമല്ല മറ്റുള്ളവര്‍ക്കും. എന്നിട്ടും പണ്ടു രാപാര്‍ത്ത കൂടുതേടി ഓരോ ദേശാടനക്കിളിയും ആകാശങ്ങളിലേക്കും ചിറകുവിടര്‍ത്തി പറക്കുന്നു. ഒരുപക്ഷേ കൂട് അവിടത്തന്നെയുണ്ട്, അതിന്റെ അര്‍ഥം മാറിപ്പോയെങ്കിലും. നഷ്ടപ്പെട്ട ഒരു പറുദീസ ഉള്ളില്‍ പേറാത്ത ആരാണുള്ളത്?
(‘തേജസി‘ന്റെ ഗള്‍ഫ് സപ്ലിമെന്റിനുവേണ്ടി എഴുതിയത്‌)

Thursday, March 17, 2011

തേടുന്നവള്‍...

മൂന്നുദശകം മുമ്പു നമ്മുടെ സംവേദനശീലങ്ങളെ ഞെട്ടിച്ചുകൊണ്ടും പുതുക്കിക്കൊണ്ടും പുറത്തുവന്ന പാണ്ഡവപുരത്തിന്റെ ശില്‍പ്പി സേതുവിന്റെ ഏറ്റവും പുതിയ നോവലാണ് പെണ്ണകങ്ങള്‍. പേരു സൂചിപ്പിക്കുന്നതുപോലെ പെണ്ണനുഭവങ്ങളുടെ നേര്‍സാക്ഷ്യമായാണ് ഈ നോവലിന്റെ ആഖ്യാനം നിലകൊള്ളുന്നത്. സേതുവിന്റെ തന്നെ ആറു കഥാപാത്രങ്ങളെ കൂടുതല്‍ തെളിച്ചത്തോടെ, അനുഭവസൂക്ഷ്മതയോടെ കാണാനുള്ള ശ്രമം. 390 പേജുകളുള്ള നോവലിനെ ദേവി, കമലാക്ഷിയമ്മ, കാതറിന്‍, പ്രിയംവദ, മോഹന, കാദംബരി എന്നിങ്ങനെ ആറു ഖണ്ഡങ്ങളാക്കി തിരിച്ചിരിക്കുന്നു. യഥാക്രമം പാണ്ഡവപുരം, നിയോഗം, കൈമുദ്രകള്‍, അടയാളങ്ങള്‍, കിളിമൊഴികള്‍ക്കപ്പുറം, ആറാമത്തെ പെണ്‍കുട്ടി എന്നീ നോവലുകളിലെ നായികമാരാണിവര്‍. പി.കെ. രാജശേഖരന്റേതാണ് അവതാരിക. സ്ത്രീയനുഭവങ്ങളുടെ വൈവിധ്യവും തുടര്‍ച്ചയും ഒരു സമസ്യയായി തന്റെ ബോധമണ്ഡലത്തെ ആവേശിച്ചതിന്റെ ഫലമാണീ നോവലെന്നു സേതു ഏറ്റുപറയുന്നു.

പെണ്ണകങ്ങളില്‍ ആവര്‍ത്തിച്ചു നിലകൊള്ളുന്ന പ്രമേയം തേടലാണ്. തേടലും കാത്തിരിപ്പും ഒരുപോലെ സംഭവിക്കുന്നു. ദേവിയും മോഹനയും പ്രിയംവദയും കാതറിനും കാദംബരിയുമെല്ലാം തേടിത്തേടി അലയുന്നവരാണ്. ദേവി ജാരനെയും കാത്ത് റെയില്‍വേ സ്റ്റേഷനില്‍ ചെന്നിരിക്കുന്നതില്‍ തുടങ്ങി വീണ്ടും അവിടെത്തന്നെ അയാളെ കാത്തിരിക്കുന്നതില്‍ അവസാനിക്കുന്നു. ഇതിനിടയിലാണ് കഥയിലെ ആഖ്യാനഭാഗം കിടക്കുന്നത്. ഒരര്‍ഥത്തില്‍ ആഖ്യാനത്തിനകത്തെ സംഭവങ്ങള്‍ അപ്രസക്തമാണെന്ന മട്ടില്‍ തന്നെയാണത്. ഇവിടെ ജാരന്‍ സ്‌ത്രൈണലൈംഗികതയുടെ ഇരിപ്പിടമാണ്. അതേസമയം, നിരാസവുമാണ്. ഇവയ്ക്കിടയിലൂടെ ദേവി നടത്തുന്ന ലൈംഗികമായ സ്വത്വസ്ഥാപനമാണീ തേടലും കാത്തിരിപ്പും. ആ അര്‍ഥത്തില്‍ പരമ്പരാഗതമായ കാല്‍പ്പനികാനുഭവത്തില്‍ നിന്നു വിടുതി നേടിയ വിധ്വംസകത ഈ തേടലിനുണ്ട്.

കാതറിനും കാദംബരിയും മോഹനയും ഈ അലച്ചിലില്‍ സ്വയം അപ്രത്യക്ഷരാവുന്നവരാണ്. അവരുടെ അസ്തിത്വംതന്നെ പൊഴിച്ചുകളഞ്ഞുകൊണ്ട് അതൊരു ഭ്രമാത്മകമായ തോന്നല്‍ മാത്രമായിരുന്നുവെന്നവണ്ണം അവരെല്ലാം കടന്നുകളയുന്നു. അത് ഒളിച്ചോട്ടമല്ല. മറിച്ച് തങ്ങളെത്തന്നെ പൂര്‍ത്തീകരിക്കാനും തങ്ങളുടെ അസ്തിത്വത്തെ സ്ഥിരീകരിക്കാനുമുള്ള വെമ്പല്‍ തന്നെയാണ്. അവിടെ കാപട്യമില്ല. തങ്ങള്‍ക്കു യഥാര്‍ഥത്തില്‍ വേണ്ടതെന്തെന്നു തിരിച്ചറിഞ്ഞവരാണവര്‍. വ്യക്തിത്വത്തേക്കാള്‍ ഉയര്‍ന്ന ഒരു കര്‍ത്തതൃത്വതലം- തങ്ങളുടെമേല്‍ തങ്ങള്‍ക്കു തന്നെയുള്ള ഓട്ടോണമി- തിരിച്ചറിഞ്ഞവരാണവര്‍. അവര്‍ ആര്‍ക്കും കീഴടങ്ങുന്നില്ല. ആരെയും കീഴടക്കുന്നുമില്ല.

ലൈംഗികതയുടെ വിവിധ വ്യവഹാരങ്ങള്‍ സമ്മേളിക്കുന്ന ഇടം കൂടിയാണീ നോവല്‍. ഏറ്റവും ഉയര്‍ന്ന സാമ്പത്തികാവസ്ഥയിലും തൊഴിലിടത്തിലുമായിരിക്കുമ്പോഴും സ്ത്രീയെ ചൂഴ്ന്നുനില്‍ക്കുന്ന പരമ്പരാഗതമായ ചോദ്യംചെയ്യലുകള്‍, സന്ദിഗ്ധതയൊക്കെ ഇതിലെ ഓരോ സ്ത്രീയും അനുഭവിക്കുന്നു. അതുകൊണ്ടുതന്നെ അവരുടെ കുതറല്‍ തീവ്രമാവുന്നു. നോവല്‍ ആന്തരികമായി പിരിമുറുക്കം നിറഞ്ഞതാവുന്നു. ലൈംഗികമായ സന്ദിഗ്ധാവസ്ഥ ഏറ്റവുമധികം അനുഭവിക്കുന്ന കഥാപാത്രം പ്രിയംവദയാണ്. മാനേജ്‌മെന്റ് വിദഗ്ധയും മധ്യവയസ്‌കയും ലാപ്‌ടോപ്പും ഇന്റര്‍നെറ്റും ബിസിനസ് സെമിനാറുകളുമൊക്കെയായി ആധുനിക ജീവിതം നയിക്കുന്ന അവരില്‍ നാം കണ്ടുപഴകിയ ഒരു കാല്‍പ്പനിക സ്ത്രീയുടെ ഛായ കാണാം. ഒരുപക്ഷേ മഞ്ഞിലെ വിമലയോടു സാദൃശ്യം പുലര്‍ത്തുന്ന ഒന്ന്. കൗമാരക്കാരിയായ മകളോടുള്ള സമീപനം വിമലയ്ക്കു തന്റെ വിദ്യാര്‍ഥിനി രശ്മി വാജ്‌പേയോടുള്ളതുമായി ചേര്‍ത്തുവയ്ക്കാം. ശാരീരികമായ സദാചാര വിശുദ്ധിയുമായി ബന്ധപ്പെട്ട ഒരു ഈഗോ ഇരുവരുടെയും ജീവിതത്തെ ആന്തരികമായി ഞെരുക്കുന്നു. പ്രിയംവദയ്ക്ക് റോയ് ചൗധരി എന്ന പ്രഫസറുമായുള്ള അടുപ്പവും അതേത്തുടര്‍ന്നു മകളുമായുണ്ടായ അകല്‍ച്ചയുമൊക്കെ ഈ ആദര്‍ശാത്മക സദാചാരബോധവുമായുള്ള ചാര്‍ച്ചയില്‍ നിന്നുണ്ടാവുന്നതാണ്.

അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്റെ സൂക്ഷ്മതലങ്ങളുടെ സഞ്ചാരം കൂടിയാണീ നോവല്‍. മോഹനയിലും കാദംബരിയിലുമൊക്കെ സ്ത്രീകള്‍ പരസ്പരം പങ്കുവയ്ക്കുന്ന ഇടങ്ങള്‍ കാണാം. അവരുടെ ഇടപഴകലിലെ സ്വാസ്ഥ്യവും സംഘര്‍ഷങ്ങളും നോവലിനു സ്‌ത്രൈണതയുടെ പുതിയൊരു മാനം കൈവരുത്തുന്നുണ്ട്. സേതുവിന്റെ എഴുത്തില്‍ അതൊരു സാധ്യതയെന്നവണ്ണം ഉരുത്തിരിഞ്ഞുവരുന്നത് ഈ കൃതിയില്‍ തിരിച്ചറിയാം.