Tuesday, July 31, 2012

പാതിരാവെട്ടം (വി.എം.ഗിരിജയുടെ 'പെണ്ണുങ്ങള്‍ കാണാത്ത പാതിരാനേരങ്ങള്‍' എന്ന കവിതാസമാഹാരത്തെക്കുറിച്ചുള്ള ചില ആലോചനകള്‍)


                 പലതരം നേരങ്ങളും ഇടങ്ങളും പല മട്ടില്‍ ഇടപഴകുന്നു, ഗിരിജയുടെ കവിതയില്‍. അവയ്ക്കിടയില്‍ നാം ഒരുവളെ കാണുന്നു. പലവളായി. അവള്‍ ഇരയല്ല, വിധേയയുമല്ല. അതുകൊണ്ടവള്‍ സാവിത്രി രാജീവന്റെയും അനിതാ തമ്പിയുടെയും മറ്റും കവിതകളിലുള്ളതുപോലെ വീടുവിട്ടു പുറത്തേക്കു കടക്കുമ്പോഴും ഒരു പൊതുസ്ഥലത്തേക്കോ നാലും കൂടിയ പൊതുവഴിയിലേക്കോ അല്ല കടന്നു ചെല്ലുന്നത്. വീടിന്റെ പിന്‍വാതിലിലൂടെയിറങ്ങി, നടന്നും തിരഞ്ഞും രൂപപ്പെടുന്ന വഴിത്താരയിലൂടെ ഏതോ കാട്ടുപൊന്തകളിലേക്കും ഒഴുക്കും പരക്കലും തണുപ്പും തളം കെട്ടലും ചേര്‍ന്ന ജലപ്രകൃതിയിലേക്കുമാണവള്‍ ദുര്‍ഗയെ(പഥേര്‍ പാഞ്ചാലി)പ്പോലെ  എത്തുന്നത്.  പേരറിയാത്ത കാട്ടുപൂക്കളുടെ ഗന്ധം അവിടെ നിറയുന്നു.

പലമ
കാടും ജലവും ഇരുട്ട്, നിലാവ്, വെയില്‍ തണുപ്പ്, സന്ധ്യ, പ്രഭാതം എന്നീ നേരഭേദങ്ങളും ഗിരിജയുടെ കവിതയില്‍ കടന്നുവരുന്നത് പ്രാന്തവല്‍കൃതമായ ഒരു അപരത്വപദവിയിലല്ല. പതിവുമട്ടില്‍ കാല്പനികമെന്നും പറയാന്‍ കഴിയില്ല. പലതായി പകരുന്ന, സ്‌ത്രൈണതയുടെ മൂര്‍ത്തിഭേദങ്ങള്‍ അവിടെ തെളിയുന്നു. പ്രകൃതിയും സ്ത്രീയും പരസ്പരം പകര്‍ന്നു നില്ക്കുന്നു.

മന്ത്രവാദിനി എന്ന കവിത നോക്കൂ.

“രസമില്ലിങ്ങനെ.... നീ തളിര്‍ക്ക്”
തളിര്‍ പൊതിയുന്നൂ നിന്നെ
“ഒഴുകണം…. പരന്നോളമിളകാതെ വേണ്ട”
അപ്പോളൊഴുകുന്നു
“വിത്തായ് മണ്ണിലുറങ്ങ്”
ഉറങ്ങുന്നു വിരല്‍ കുടിച്ചൊരു കൂഞ്ഞെന്നപോലെ ശാന്തം ശാന്തം
                                                  

“മുലപ്പാലു നിറഞ്ഞു വിങ്ങുന്നു.
നീ വന്നു കുടിക്ക്” എന്ന് നിന്നെ
ഇളംപൈതലാക്കുമ്പോള്‍ നീ
ഒരു കയ്യാല്‍ പിടിച്ചും
 ചുണ്ടാല്‍ നുണഞ്ഞും പുഞ്ചിരിച്ചും….

പെണ്‍സ്വത്വത്തിന്റെ ഈ പലമ സ്ത്രീയായിരിക്കുക എന്നതില്‍ പ്രതീക്ഷിക്കപ്പെടുന്ന രാഷ്ട്രീയാധികാരികതയെ പരിഗണിക്കുന്നതേയില്ല. ബോധപൂര്‍വ്വതയേക്കാള്‍ പ്രബുദ്ധതയേക്കാള്‍ ജൈവികതയാണ് ഗിരിജയുടെ കവിതകളിലെ സ്ത്രീയവസ്ഥയുടെ ആധാരം. പുരുഷനോടും പുഴയോടും രാത്രിയോടും ആകാശത്തോടുമൊക്കെയുള്ള കാമനകള്‍ സ്വതന്ത്രമായി ആവിഷ്‌ക്കരിക്കപ്പെടുന്ന ജൈവികതയാണത്.  

ശരീരം
 ശരീരം ഗിരിജയില്‍ തികച്ചും മൂര്‍ത്തശരീരം തന്നെയാണ്. മുന്‍ സ്ത്രീകവികളിലെപ്പോലെ പ്രതീകാത്മകമല്ല. രതിയും മണവും മൃതിയും വയസ്സാവലും ഒക്കെ സഹജമാണതിന്. അതുകൊണ്ട്
പ്രായമേറുമ്പോള്‍ “എന്റെ ചുളിക്കയ്യ് തപ്പിനോക്കീട്ടെന്റെ
ഭംഗി, യഭംഗിയായി തോന്നീ” (പേടി) എന്നും “നരയ്ക്കല്ലേ  നരയ്ക്കല്ലേ ;
മുടിയിഴകളോട് താണുകേണു പറയുന്നൂ കാറ്റ്….” (തളിരിലകളായിരുന്ന തവിട്ടിലകള്‍)എന്നും
നേരിട്ടെഴുതുന്നു.
പുരുഷനോടുള്ള പ്രാപഞ്ചികമായ രതിവാഞ്ഛകളെ കവിതയില്‍ സമര്‍ത്ഥിച്ചെടുക്കുകയാണ് 'ജീവജലം' എന്ന മുന്‍സമാഹാരത്തിലെ 'അവന്‍' പോലുള്ള പല കവിതകളും ചെയ്തത്. ഈ കൃതിയില്‍ അതിന്റെ തെളിഞ്ഞ തുടര്‍ച്ച കാണാം.
കൂട്ടുകാരിയിടം
ആണ്‍/പെണ്‍ ദ്വന്ദ്വത്തിന്റെ ഘടന ശക്തമായി പ്രതിഫലിപ്പിക്കുന്ന സമകാലിക സ്ത്രീ കവിതകളില്‍ നിന്നും ഈ കവിതകള്‍ക്കുള്ള വ്യത്യാസം ഇതുമാത്രമല്ല. പെണ്ണും പെണ്ണും തമ്മില്‍ പങ്കുവെക്കുന്ന സഖീത്വം, ഇവിടെ പുതിയൊരു അടയാളമിടുന്നു. 'യോഗേശ്വരി' , 'ഒറ്റക്കായ ഒരു കളിക്കൂട്ടുകാരിയോട്'. 'പഴയ ഒരു കൂട്ടുകാരി നബീസ' എന്നിിങ്ങനെ ഒരു പാടുകവിതകള്‍ ഉദാഹരണം. . സ്ത്രീ ഇവിടെ ഒരു ഗണമാണ്. വിജയലക്ഷ്മിയും സുഗതകുമാരിയും പങ്കിടുന്ന കാല്പനിക ഏകാകിനിയായ ഞാന്‍ അല്ല ഇവിടെ സ്ത്രീത്വം. ആത്മകേന്ദ്രിതത്വം ആരോപിക്കാവുന്ന സന്ദര്‍ഭങ്ങളിലും ആത്മരതിയോ ആത്മാനുതാപമോ പ്രവണമല്ല എന്നതും ശ്രദ്ധേയം. സ്ത്രീ ഒരു സ്ഥിരമായ ഏകാത്മക സത്തയുമല്ല അഴിച്ചുവെക്കാനും പുനര്‍ജ്ജനിക്കാനും കഴിയുന്ന പലരൂപങ്ങള്‍ അവര്‍ സ്വപ്‌നം കാണുന്നു. പലതായി മാറി പലതിലേക്കു സംക്രമിച്ചു ഭൂമി മുഴുവന്‍ പടര്‍ന്നു പ്രപഞ്ചമായി പരക്കാനുള്ള സ്വത്വാഭിവാഞ്ഛകളാണത്. അതുകൊണ്ടുതന്നെ പ്രത്യക്ഷാര്‍ത്ഥത്തിലൂടെ ഒരു രാഷ്ട്രീയ കൂട്ടായ്മയായി(Political Collective) ഈ പെണ്ണിടത്തെ കാണേണ്ടതില്ല. അത്തരം കൂട്ടായ്മകള്‍ ഇവിടെ പരോക്ഷമായി നിര്‍ണയിക്കപ്പെടുകയും ചെയ്യുന്നു.

വാര്‍പ്പുവിമോചനങ്ങള്‍ക്കെതിരെ

ഉറച്ച ലോകങ്ങളോടുള്ള അന്യത്വം കൊണ്ടും അകലം കൊണ്ടും വരഞ്ഞെടുത്ത സവിശേഷമായ ലിംഗഭാവുകത്വമാണീ കവിതകളുടെ കാതല്‍. സ്ഥിരമൂല്യങ്ങള്‍ക്കകത്ത് അവ അര്‍ത്ഥം തിരയുന്നില്ല. നടപ്പു വിമോചന ശീലങ്ങളുടെ ഉറച്ച അടയാളങ്ങള്‍ നാമതില്‍ തിരഞ്ഞാല്‍ വഴിതെറ്റും.

''പേടിയാവുന്നൂ കൂട്ടുകാരാ 

യുക്തി/ചരിത്രം/ രാഷ്ട്രീയം
ലോകം/മനുഷ്യന്‍/സ്ത്യം
എന്നിങ്ങനെ ഉറച്ചു നീ പടുക്കുന്നു
ലോകത്തിന്റെ താക്കോലുകള്‍'' (പലയിടങ്ങള്‍)
 

ഇപ്രകാരം സത്താവാദപരമായ സ്ത്രീ നോട്ടങ്ങളെ പ്രശ്‌നവ ല്‍ക്കരിക്കാന്‍ കഴിയുന്ന ഒരിടം ഗിരിജ തന്റെ അനുഭൂതിഭാവനകള്‍ക്കുള്ളില്‍
കണ്ടെത്തുന്നു എന്നത് സ്ത്രീവാദത്തെസംബന്ധിച്ചും
കാവ്യചരിത്രത്തെ സംബന്ധിച്ചും പ്രസക്തമാണ്.
അതുകൊണ്ടുതന്നെ പ്രതിബ
ദ്ധസ്ത്രീവാദത്തിന്റെ ലളിതഭാവുകത്വമെന്നു തോന്നുന്ന ഈ  'തലക്കെട്ട് പെണ്ണുങ്ങള്‍ കാണാത്ത പാതിരാ നേരങ്ങള്‍' നമ്മെ ഗുണപരമായി വഞ്ചിക്കും. പകരം പഴയ ഒഴിവിടങ്ങളില്‍ വീഴുന്ന , ഈ അരണ്ടവെളിച്ചത്തില്‍ ചില പുതിയ ഇടങ്ങള്‍  നമ്മില്‍ത്തന്നെ തുറക്കും.

(2011-2012 കേരളകവിതയില്‍ പ്രസിദ്ധീകരിച്ചത്)


Wednesday, July 11, 2012

കവിതയുടെ ദ്വീപുകള്‍ (2012 മെയ് മാസത്തെ കവിതയെക്കുറിച്ചുള്ള സാമാന്യാവലോകനം)


''ഒരു നഗരത്തില്‍ ഒരു അനീതിയുണ്ടായാല്‍
സൂര്യനസ്തമിക്കുന്നതിനുമുമ്പ് അതു ചോദ്യം ചെയ്യപ്പെടാത്തപക്ഷം
ആ നഗരം കത്തിയമരണം''-ബ്രെഹ്ത്
''................................
അരനൂറ്റാണ്ടിനിപ്പുറം
ഞങ്ങള്‍ വിളിക്കുന്നു!
വരൂ, കാണൂ,
ഈ രക്തത്തിലെ തെരുവ്
ആര്‍ത്തി, ആസക്തി, ആരവം....''
                    -കെ.ജി.ശങ്കരപ്പിള്ള('വരൂ,കാണൂ,ഈരക്തത്തിലെ തെരുവ് (നെരുദയ്ക്ക്)')
    ഇരുന്നിട്ട് എഴുന്നേറ്റാലെന്നവണ്ണമുള്ള ഒരുയര്‍ച്ച, വളര്‍ച്ച ചില സമയം കവിത ആര്‍ജ്ജിക്കും. അഗാധമായ മാനുഷികതയുടെയും പ്രതിരോധത്തിന്റെയും ആള്‍പ്പൊക്കത്തില്‍ നിന്നുകൊണ്ട് എന്നോ ചിതറിപ്പോയ നമ്മെ ഒന്നിച്ചുചേര്‍ത്ത് എല്ലാവരോടുമായി, എന്നാല്‍ ഓരോരുത്തരോടുമെന്നവണ്ണം ചിലതുപറയും. അത്തരമൊരു സന്ദര്‍ഭത്തിലാണ് 'വെട്ടുവഴി' (കെ.ജി.ശങ്കരപ്പിള്ള, മാതൃഭൂമി, മെയ് 27-ജൂണ്‍2) തുറക്കപ്പെടുന്നത്. ചോരയുടെ ഈ ചുവപ്പ്, ഈറന്‍ ചെറുതാപം നമ്മെ മയക്കത്തിലേക്കല്ല, ഉണര്‍ച്ചകളിലേക്കാണ് ഇത്തവണ കൂട്ടിപ്പിടിച്ചത്. ഹതാശമായ ജനമനസ്സാക്ഷി സര്‍വ്വശക്തിയുമെടുത്ത് കവിതയില്‍ കുടഞ്ഞെണീക്കുന്നു.
    യഥാര്‍ത്ഥ്യത്തിന്റെമേല്‍ വാരിച്ചുറ്റപ്പെട്ട അവസാനത്തെ ആവരണവും മറനീങ്ങുമ്പോള്‍ കവി അനുഭവിക്കുന്ന 'പരിവേഷനഷ്ടം' കവിതയുടേതു കൂടിയാണ്. അപ്പോള്‍ അനുഭവത്തിനും കവിതയ്ക്കും ഒരു വരമ്പിടമേയുള്ളു. അവിടെ വായനക്കാരും കവിയും  അന്യരല്ല. 'അജ്ഞാതരായ മനുഷ്യരുമായുള്ള സാഹോദര്യം' (നെരൂദ) പങ്കിടുന്ന വിപ്ലവകാരിയെപ്പോലെ തന്നെ കവിയും. മുന്നൊരുക്കങ്ങളില്ലാത്ത ഒരു പരുക്കന്‍ ഉദ്വേഗത്തില്‍ നിന്ന് അനിവാര്യമായി കവി വാക്കുകളിലേക്ക് പിടഞ്ഞെണീക്കുകയാണിവിടെ. അപ്പോള്‍ ചന്ദ്രശേഖരന്റെ ചരിത്രം എക്കാലത്തെയും തത്സമയമാകുന്നു.
    വാങ്മയത്തില്‍ നെരുദയും യേശുവും ('ഒറ്റുമ്മ') ജയകൃഷ്ണന്‍ വധവും വന്നുചേരുന്ന കവിത ഹിംസയ്‌ക്കെതിരായ മനുഷ്യവാഞ്ഛയാണ്. തീര്‍ച്ചയായും നീതി, സ്വാതന്ത്ര്യം, നിര്‍ഭയത എന്നിവ ഇവിടെ വാക്കുകളല്ല, ആഴത്തില്‍ നീരോടുന്ന ഭാഷതന്നെയാണ്. ഒപ്പം അത് സംസ്‌കാരത്തിന്റെ മാലിന്യങ്ങളെ ഒഴുക്കില്‍ കഴുകുന്നു. ജഡമായിത്തീരുന്ന ജനാധിപത്യത്തെക്കുറിച്ചുള്ള താക്കീതായി കവിത ഒടുവിലിങ്ങനെ:
''ഒരു ചോദ്യത്തിന്റെ കടം ബാക്കി:
അവരുടെ വെട്ടുന്ന വെട്ടൊക്കെ
അവരിലും കൊള്ളുന്നതെന്ത്?''
    വീരാന്‍കുട്ടിയുടെ 'രക്തംസാക്ഷി'യില്‍ (തോര്‍ച്ച - ഏപ്രില്‍-മെയ് 2012)
'വീണതല്ലവന്‍ വീണ്ടുമുയിര്‍ക്കുവാന്‍/വിത്തുപോലെ മറഞ്ഞിരിപ്പുണ്ടവന്‍' എന്ന ഉറപ്പാണുള്ളത്. കെ.സി.ഉമേഷ് ബാബുവിന്റെ 'മനുഷ്യനും' (മെയ് 25 സമകാലിക മലയാളം), ആലങ്കോട് ലീലാകൃഷ്ണന്റെ 'കൊന്നവന്റെ ശമ്പളവും' (മെയ് 21 മാധ്യമം) അബ്ദുള്ള പേരാമ്പ്രയുടെ 'നക്ഷത്രങ്ങളിലേക്കാ നീളുന്നത'ും  ഇതേ പ്രമേയത്തെ പങ്കിടുന്നു. (മെയ്26-ജൂണ്‍1 ജനശക്തി) ഘനലോഹമുദ്രകളാല്‍ പൂട്ടിയ തുരുമ്പിച്ച നാവുകളുടെ മൗനത്തെക്കുറിച്ചും (മനുഷ്യന്‍) കൊന്നവന്‍ ഏറ്റംവാങ്ങേണ്ട പകയെക്കുറിച്ചും (കൊന്നവന്റെ ശമ്പളം) അതിര്‍ത്തികളെ ഭേദിച്ച് പായുന്ന മരിക്കാത്ത വേരുകളെക്കുറിച്ചുമാണവ എഴുതുന്നത്.
    ഗദ്യത്തിന്റെ അമര്‍ന്ന താളം കേള്‍ക്കാം അനിതാതമ്പിയുടെ 'പ്രേതം' (മാതൃഭൂമി മെയ് 6-12) എന്ന കവിതയില്‍. ഭ്രമാത്മകത ഇവിടെ ബോധത്തിന്റെ വ്യത്യസ്തമാത്രകള്‍ക്കിടയിലുള്ള ആകസ്മികമായ പകര്‍ന്നാട്ടങ്ങളാണ്. പ്രചണ്ഡമായ ഒരു മഹാഭോഗത്തെക്കുറിച്ചുള്ള അമ്പരപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്ന രൂപകം ഫാന്റസിയല്ല, ശക്തമായ ഉപധ്വനികളോടെ അബോധത്തില്‍ ക്രമപ്പെടുന്ന വാസ്തവികത തന്നെയാണ്. ലൈംഗികതയുടെ സൂക്ഷ്മധ്വനികള്‍കൊണ്ട് കൂര്‍പ്പിച്ചുവരച്ച സിംഗിള്‍സ്‌ട്രോക്കിലുള്ള ഒരു ഒറ്റച്ചിത്രം.  ഇരുട്ടിന്റെ അധോലോകത്തിനും സന്ധ്യയുടെ മാദകമായ മങ്ങലിനും മറയ്ക്കാന്‍ കഴിയാത്ത  ചോദ്യങ്ങളായവ ചീര്‍ത്തുപൊന്തുന്നു. സ്ഥലം, കാലം, ശരീരം ഒക്കെ ചേര്‍ന്ന ഒരു ഉള്‍നാടന്‍ (അവരാതിവെയില്‍, ഉടുമുണ്ട്. തേവിടിശ്ശിക്കര, അടിവായ) കേരളീയ അംബോധം ഈ കവിതയ്ക്കുള്ളില്‍ വീര്‍പ്പടക്കുന്നുണ്ട്.
''അന്നോളം പിറന്ന പെണ്ണുങ്ങളത്രയും
മുഖം മിനുക്കി
മുടിക്കെട്ടില്‍ പൂ ചൂടി
ആടിക്കുഴഞ്ഞ് വഴി നിറഞ്ഞ്
പ്രചണ്ഡ മഹോഭോഗത്തിലേക്ക് ക്ഷണിയ്ക്കുന്നതുകണ്ട്
അന്തം വിട്ടുണര്‍ന്ന്
എണ്ണമറ്റ ചുണ്ടുകളും മുലകളും അടിവായകളും വിട്ട്
കുതിച്ചു വന്ന നിലകിട്ടാനീറ്റില്‍ പൊങ്ങിത്താണ്....'' ചത്തു ചീര്‍ത്തു പൊന്തിയത് നമ്മുടെ ലിംഗസദാചാരത്തിന്റെ പ്രേതമോ? എങ്കിലും ഒരു 'തേവിടിനട' (slut walk?)യുടെ സ്വപ്നച്ചതുപ്പില്‍ അതിന് അങ്ങനെ നിലകിട്ടാതാവുമോ?
    സംസ്‌ക്കാരപഠിതാക്കള്‍ക്ക് 'പ്രേത'ത്തോടു ചേര്‍ത്തുവെച്ചു വായിക്കാന്‍ കൗതുകം തോന്നുന്ന കവിതയാണ് ആര്‍.വേണുഗോപാലിന്റെ  ടെസ്സമോളേ, ഇതു സിറിലാ...'' (മാതൃഭൂമി, മെയ് 6-12) ഹിംസാത്മകവും നീചവുമായ സമകാലിക ലിംഗാധികാരത്തിന്റെ സൂക്ഷ്മഭാഷ്യമാണീ കവിത. പക്ഷേ വാചാലതയും ഭാഷണവുമാണീ ആഖ്യാനത്തിന്റെ സാമഗ്രികള്‍. കാനഡയിലേക്കുപോയ ടെസ്സയോട് സിറില്‍ നടത്തുന്ന ഏകഭാഷണത്തിന്റെ രൂപത്തിലാണീ കവിത. കോട്ടയത്തിന്റെ പ്രാദേശികച്ചുവ നല്‍കുന്ന ലാഘവം നിറഞ്ഞ കൂസലില്ലായ്മ ഈ വാമൊഴിയിലുണ്ട്. ''ആടറിയാതെ ആടിനെ മലമ്പാതയിലൂടെ അറവുശാലയിലേക്കു നയിക്കുന്ന'' വിവരണത്തിന്റെ സംക്ഷിപ്തത പൗരുഷത്തിന്റെ അപനിര്‍മിതിയാണു സാധിക്കുന്നത്. '22 ഫിമെയ്ല്‍ കോട്ടയം' എന്ന പുതുസിനിമയുടെ സംസ്‌കാരികാഭിരുചിയില്‍ നിന്നു പഴുതുകളില്ലാതെ  കൂടുതല്‍ സമര്‍ത്ഥമായി നിര്‍ധാരണം ചെയ്‌തെടുക്കുന്ന സംസ്‌ക്കാരപാഠമാവുന്നുണ്ട്, ഇവിടെ കവിത.
    സച്ചിദാനന്ദന്റെ 'ആഴ്ചകള്‍' (ഭാഷപോഷിണി,മെയ്2012) ബിംബസമൃദ്ധമാണ്. 'നരകത്തിന്റെ അടുക്കളയില്‍ നിന്ന് അടിയില്‍ പിടിച്ചുപോയ പാലിന്റെ പുകമണമുള്ള തിങ്കളാഴ്ച'യും 'ദുര്‍മ്മന്ത്രവാദിനിയുടെ കറുത്ത കളസമിട്ട് ശവപ്പെട്ടിമേലുയര്‍ന്ന് ചീറിവിളിച്ചുവരുന്ന ശനിയാഴ്ച'യും ആധുനികതയുടെ മുദ്രകളെ മടക്കിവിളിയ്ക്കുന്നു. ഒരാഴ്ചയുടെ ചാക്രികപ്രയാണത്തിനൊടുവില്‍ 'ഞായറാഴ്ച വെളിച്ചം മങ്ങിയ കൊച്ചു മുറിയിലേക്ക് ആഴ്ചകളെക്കുറിച്ചു കവിതയെഴുതാനായി പിന്‍വാങ്ങുന്ന കവി'യെ, കാലത്തിന്റെ ദൈനംദിനപരതയ്ക്കിടയില്‍ പതിയിരിക്കുന്ന അലഘുവായ ഏതോ വിശുദ്ധവിഷാദം പിടികൂടുന്നു.
    കുരീപ്പുഴ ശ്രീകുമാറിന്റെ 'മൈന' (മാതൃഭൂമി മെയ് 15-19) ഒരു വെറും കിളിയല്ല. അത് കുട്ടികള്‍ സ്‌കൂളില്‍പോയി വരുമ്പോള്‍ പിച്ചിത്തണലിലും ചെമ്മീന്‍ പുളിയുടെ പച്ചക്കമ്പിലും പാറിയിരുന്ന് അഭിവാദ്യം ചെയ്യും. പെണ്ണിന്റെ ഏകാന്ത ദുഃഖങ്ങളില്‍ സാക്ഷിയായും കേള്‍വിയായും മൈനയുണ്ട്. ദുരവസ്ഥയിലെ കാവ്യസന്ദര്‍ഭങ്ങളുമായുള്ള പാഠാന്തരബന്ധം കൂടി കവിതയ്ക്കു മിഴിവേകുന്നുണ്ട്.
''മൈനയിടയ്ക്ക് തുളമ്പുന്നൂ,
ചാത്തന്‍ വന്നൂ, ചാത്തന്‍ വന്നൂ
എമ്പ്രാട്ടീയെമ്പ്രാട്ടീ''
    ഗിരിജ.പി.പാതേക്കരയുടെ 'ടച്ച് മീ നോട്ട്' (മാധ്യമം,മെയ് 7, 2012) 'മേഘസന്ദേശങ്ങള്‍' (ഭാഷാപോഷിണി, മെയ് 2012) എന്നീ രണ്ടു കവിതകളും പെണ്ണകങ്ങളിലേക്കുള്ള  വഴികളാകുന്നു. 'രാവിലെ അടുപ്പില്‍ കറുത്ത ദോശക്കല്ലില്‍ വെളുത്ത പൂക്കളെ വിരിയിക്കുന്ന പെണ്ണും്' 'കുളിര്‍കാറ്റേറ്റ് പഴയ പ്രണയഗാനംകേട്ട് ബസ്സിന്റെ സൈഡ് സീറ്റിലിരിക്കുന്ന ആണും്' പങ്കിടുന്ന സ്ഥലകാലങ്ങള്‍പോലെ തന്നെ ആന്തരിക അനുഭവലോകങ്ങളും എത്ര വേറിട്ടത് എന്ന തിരിച്ചറിവ് കവിതയിലുണ്ട്. പരസ്പരം പകരാനാവില്ല എന്ന ബോധ്യത്തിലും കത്തിയ്ക്കും കുക്കറിനുമിടയില്‍ ബാധ്യതയും ബാധയുമാകുന്ന പ്രണയം...! 'ടച്ച് മീ നോട്ട്' പെണ്ണിന്റെ താരള്യങ്ങളെ കുടഞ്ഞെറിയുന്നു, തൊട്ടുപോകരുതെന്ന ഒരാജ്ഞയില്‍. എന്‍.ദിവ്യയുടെ 'ഭ്രൂണം' (മാധ്യമം, മെയ് 14) പെണ്ണിന്റെ ഉടലിനും മനസ്സിനുമിടയില്‍ പരതുന്നു, മരിച്ച വിചാരങ്ങളുടെ ഭ്രൂണത്തെ.
 എതിര്‍ദിശയുടെ മെയ് ലക്കം പെണ്‍കവികളുടെ ഒരു നീണ്ട നിര തന്നെ കാഴ്ചവെയ്ക്കുന്നു. സ്ത്രീയുടെ എഴുത്തും ജീവിതവും അനുഭവവും തമ്മിലുള്ള പാരസ്വര്യങ്ങളെ കൊരുക്കുന്നു ബിന്ദുകൃഷ്ണന്‍ 'കവിത' എന്ന കവിതയില്‍. 'കടുകുമണമുള്ള രാവിലത്തെ തിടുക്കങ്ങളെ ഓര്‍ക്കാപ്പുറത്തുവന്നു കെട്ടിപ്പിടിക്കുന്ന സ്വപ്നങ്ങളെ'തേടുന്നു ഇന്ദുലേഖയുടെ 'ഉറക്കം' എന്ന കവിത. മ്യൂസ്‌മേരിയുടെ 'കുടുംബകോടതി'യില്‍ മിണ്ടാട്ടം വിഴുങ്ങിയ ആനിയമ്മയെ കുറിച്ചെഴുതുന്നു. വിഷുക്കണി കാണലിന്റെ ഗ്രാമീണഗൃഹാതുരചിത്രം വരയുന്നു, വി.എം. ഗിരിജ (കണികാണല്‍). വിജലക്ഷ്മിയുടെ 'മുട്ട' എന്ന കവിത ആദിയുമന്തവുമില്ലാത്ത മുട്ടയുടെ ആകാരത്തിനും ചുറ്റും പതിയിരിക്കുന്ന 'നിരാധാരമായ ശൂന്യത'യെക്കാണുന്നു. വാഴ്‌വിന്റെ മഹാത്ഭുതത്തില്‍ വിസ്മയിക്കുമ്പോഴും വാഴിക്കാനല്ല, വീഴ്ത്താനാണ് പൂതനയുടെ മാതൃചേതന ആഗ്രഹിക്കുന്നത്. ആശാലതയുടെ 'അങ്ങനെ അന്ന് ആദ്യമായിട്ട്'എന്ന കവിത സ്വവര്‍ഗപ്രണയത്തിന്റെ സാമൂഹ്യപാഠങ്ങളിലേക്കു കൂടി അടിയൊഴുക്കു തേടുന്നു. ഒപ്പം ചങ്ങമ്പുഴയുടെ രമണനും മദനനും അവര്‍ക്കിടയിലേക്കുവന്ന വെള്ളിനക്ഷത്രം എന്ന പെണ്ണും അവര്‍ക്കിടയിലെ പ്രണയം ആരിലേക്ക് എങ്ങനെയൊക്കെ എന്തുകൊണ്ട് എന്നൊക്കെ ബോധപൂര്‍വ്വമായ ഒരു അകാല്പനികതയില്‍ തിരയുന്നുമുണ്ട് കവിത. അമ്മുദീപയുടെ 'വിധവാവിലാപം' വിധവയുടെ വേവലാതികള്‍ തന്നെ. കെ.വി.സുമിത്രയുടെ 'ഉപ്പുമര'വും കലാചന്ദ്രന്റെ 'രണ്ടുകവിതകളും' കാല്പനികതരളതയുടെ ഏകഭാഷണങ്ങള്‍.
വി.കെ.ജോസഫിന്റെ 'പ്രണയ കവിതകള്‍' (മാധ്യമം മെയ് 14) അനാമിക.എസിന്റെ 'പെരുമഴക്കാലങ്ങള്‍' (മെയ് 4, മലയാളം) തുടങ്ങിയ രചനകള്‍ ലോലകാല്‌നികതയുടെ വഴുക്കലില്‍ അതിവൈകാരികത തീര്‍ക്കുന്നു. റഫീഖ് അഹമ്മദിന്റെ കവിതയ്ക്ക് പ്രണയത്തിന്റെയും മരണത്തിന്റെയും കോടിമണം ('മരണമെത്തുന്ന നേരത്ത്'  ഭാഷാപോഷിണി,മെയ്12) പ്രണയത്തിന്റെ ഉന്മാദം നിറഞ്ഞ വഴികള്‍ മരണത്തെയും മറികടന്ന് ഒരു പുല്‍ക്കൊടിയായെങ്കിലും ഉയിര്‍ത്തെഴുന്നേല്ക്കുമെന്നും കവി ആശിക്കുന്നു.
    ബിജോയ് ചന്ദ്രന്റെ 'പുലികളി' (സമകാലികമലയാളം,മെയ്4) റോസി തമ്പിയുടെ 'തിരക്കഥാകാമ്പിലേക്കുള്ള അപേക്ഷ' (പച്ചകുതിര, മെയ് 2012) എല്‍. തോമസ് കുട്ടിയുടെ 'ഇരട്ടനാവ്' പച്ചക്കുതിര മെയ് 2012) എന്നിവ കാവ്യപ്രമേയങ്ങളുടെ വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമാണ്. ദേശമംഗലം രാമകൃഷ്ണന്റെ  'ഉടഞ്ഞു ചിതറലേ ഗതി' (സമകാലികമലയാളം,മെയ് 18) ഗൃഹാതുരതയില്‍ത്തന്നെയാണ് കവിത തേടുന്നത്. അഗസ്റ്റിന്‍ കുട്ടനെല്ലൂരിന്റെ  'മണ്‍കോലങ്ങള്‍'  (സമകാലിക മലയാളം, മെയ് 11) തീച്ചൂളയില്‍ ചുട്ടെടുത്ത ജീവിതങ്ങളെ വരച്ചിടുന്നു. ദിവാകരന്‍ വിഷ്ണുമംഗലം തുമ്പപ്പൂവിന്റെ ആസന്നവംശനാശത്തില്‍ പിടയുന്നു.
('തുമ്പ' - സമകാലിക മലയാളം,മെയ്11)
    പത്രാധിപരുടെ വിലക്കു മൂലം ചര്‍ച്ചയ്ക്കു വിഷയമായ പ്രഭാവര്‍മയുടെ 'ശ്യാമമാധവം' (സമകാലിക മലയാളം മെയ് 18) മാധവന്‍ പുറച്ചേരിയുടെ 'വര്‍ക്കിയുടെ വെളിപാടു പുസ്തകം' (അകംമാസിക,മെയ്2012) സുന്ദരം ധനുവച്ചപുരത്തിന്റെ 'ടാഗോറിന്റെ ഗാന്ധാരി പറയുന്നു' (കലാകൗമുദി,മെയ്27) എന്നീ കവിതകള്‍ ദീര്‍ഘമായ കാവ്യരചനകളിലേക്കുള്ള പരിശ്രമങ്ങളാണ്. ജഡിലമായ കാവ്യസങ്കല്പങ്ങള്‍ കൊണ്ടുളവാകുന്ന മടുപ്പ് സുന്ദരത്തിന്റെ കവിതയ്ക്ക് മങ്ങലേല്പിക്കുന്നു. വി.എച്ച് ദിരാറിന്റെ 'സത്യകാമന്‍' (ദേശാഭിമാനി,മെയ്27) പ്രകൃതിയും മനസ്സും തമ്മിലുള്ള ലയം എന്ന സങ്കല്പത്തെ പുനരാനയിക്കുന്നു. ആലങ്കോടിന്റെ 'കാട്ടിലായിരിക്കുമ്പോള്‍'   (മാതൃഭൂമി,മെയ്20-26) ഒറ്റജീവിതത്തിനുമേല്‍ നിറയുന്ന അനാഥത്വത്തിന്റെ ബദലായി പ്രകൃതിയിലെ ജീവകോടികളുടെ പാരസ്പര്യം കണ്ടെത്തുന്നു.
    ആദിത്യശങ്കറിന്റെ 'ഒറ്റ'(തോര്‍ച്ച,ഏപ്രില്‍-മെയ്2012) ഓര്‍മ്മയുടെയും ഏകാകിതയുടെയും വ്യത്യസ്തമായൊരു ഭാഷ്യം തേടുന്നുണ്ട്. സിനിമയിലെന്നപോലെ മഴജനാലയ്ക്കലുള്ള നോക്കിനില്പും ഒറ്റക്കിരുന്ന് ഓര്‍മപെയ്യുന്ന തീവണ്ടിഗാര്‍ഡും പുതുരൂപങ്ങള്‍ തീര്‍ക്കുന്നു. കരുണാകരന്റെ 'മരങ്ങള്‍' (തോര്‍ച്ച ഏപ്രില്‍ മെയ് 2012) അമൂര്‍ത്തചിത്രങ്ങളുടെയും സര്‍റിയലിസ്റ്റു ബിംബങ്ങളുടെയും കൊളാഷ്...
    സോമന്‍കടലൂരിന്റെ 'ഇരുട്ടില്‍' (മലയാളം മെയ് 11) ബിജുകാഞ്ഞങ്ങാടിന്റെ  'ഇടതുപക്ഷമേ' (തോര്‍ച്ച,ഏപ്രില്‍-മെയ്2012) എന്നീ കവിതകള്‍ പരസ്പരം ചേര്‍ന്നു നില്ക്കുന്നു, പ്രസ്ഥാനത്തിനുള്ളില്‍ വ്യക്തിയനുഭവിക്കുന്ന പ്രതിസന്ധിയെയും അന്യവല്‍ക്കരണത്തെയും എഴുതുന്നു എന്ന നിലയ്ക്ക്. ജനാധിപത്യത്തിന്റെ പാതി തീര്‍ന്ന സ്വപ്നങ്ങളുടെ ഒരു മ്യൂസിയം കവി ചുരുങ്ങിയ വാക്കുകളില്‍ വരയുന്നു. എം.പി.പ്രതീഷിന്റെ 'മനുഷ്യര്‍' (തോര്‍ച്ച) മനുഷ്യന്‍ എന്ന ബഹുവചനത്തെയെഴുതുന്നു. അവരൊക്കെ പ്രകൃതിയില്‍ പണിയെടുക്കുന്നു, കലയെടുക്കുന്നു. എം.ആര്‍.വിബിന്റെ 'ചാഞ്ഞും ചരിഞ്ഞുമിരിക്കും നേരങ്ങള്‍' പേരില്ലാത്ത ചില നേരങ്ങളെ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു. കണ്ടുകണ്ടു സ്വന്തമായിത്തീരുന്ന കാഴ്ചകള്‍ ഈ കവിതയ്ക്കുള്ളിലുണ്ട.് കളത്തറഗോപന്റെ 'ഇത്രയല്ല' (തോര്‍ച്ച) കവിതയ്ക്കുള്ളിലെ മാനുഷികതയുടെ പ്രവര്‍ത്തനം ആരായുന്നു. ലാല്‍രഞ്ചന്‍ ജീവിതത്തിന്റെ കയ്പ്പുകളെ ഭാഷണമാക്കുന്നു. ('കറുത്ത ഫലിതം'-തോര്‍ച്ച)
    ഭാഷയില്ലാതെ വെറും വാക്കുകളുമായി വരുന്ന സന്ദര്‍ശകരില്‍ മടുത്ത് മഞ്ഞുമൂടി ഒറ്റപ്പെട്ട ദ്വീപിലേക്ക് ചെല്ലുന്നതിനെക്കുറിച്ച് സ്വീഡിഷ് കവി ട്രാന്‍സ്‌ട്രോമര്‍ എഴുതുന്നു, 'മാര്‍ച്ച് 1979' എന്ന കവിതയില്‍. മനുഷ്യരാല്‍, അവരുടെ പലതരം പ്രവര്‍ത്തികളാല്‍, വളര്‍ച്ചകളാല്‍ മെരുക്കപ്പെട്ടിട്ടില്ലാത്ത ആ ദ്വീപില്‍ വാക്കുകളില്ല, ഭാഷ മാത്രം.... എഴുതപ്പെടാത്ത താളുകള്‍ എങ്ങും പരന്നുകിടക്കുന്നു. മണ്ണില്‍ ഒരു കലമാനിന്റെ കുളമ്പടയാളങ്ങള്‍... ഭാഷ, പക്ഷേ വാക്കുകൡ. മെരുക്കപ്പെടാത്ത വാക്കുകള്‍ക്കായി കുതിക്കുന്ന ഭാഷതന്നെയാകട്ടെ വരും കവിത.
(2012 ജൂണ്‍ ലക്കം സാഹിത്യചക്രവാളത്തില്‍ പ്രസിദ്ധീകരിച്ചത് )