Monday, November 27, 2017

സംഭാഷണം: എം. ലീലാവതി / ജി. ഉഷാകുമാരി & ഡോ. ആര്‍. ഷര്‍മിള.

                                 


ടീച്ചറുടെ ജീവിതത്തില്‍ നിന്നു തുടങ്ങാം. എങ്ങനെയായിരുന്നു സാഹിത്യരംഗത്തേയ്ക്കുള്ള പ്രവേശനം? ആ കാലം വിവരിക്കാമോ? 

ജി.യുടെ നിമിഷം എന്ന കവിതയെപ്പറ്റിയാണ് ആദ്യത്തെ നിരൂപണം. അതു നിരൂപണമേഖലയിലേക്കു കടക്കണം എന്ന രീതിയിലുള്ള തുടക്കമല്ല, മറിച്ച് അധ്യാപനത്തിന്റെ ഭാഗമാണല്ലോ പഠനങ്ങള്‍. അധ്യാപികയെന്നനിലയില്‍ കുട്ടികള്‍ക്കു മനസ്സിലാകാന്‍ വേണ്ടിയുള്ള ചില ലേഖനങ്ങള്‍ എഴുതുകയായിരുന്നു. അങ്ങനെയൊക്കെയാണ് നിരൂപണത്തിലേക്കുവന്നത്. 


ആദ്യം പ്രസിദ്ധീകരിച്ച ലേഖനം ഏതായിരുന്നു?

ആദ്യത്തെ ലേഖനം ഇന്റര്‍മീഡിയറ്റിനു പഠിക്കുമ്പോള്‍ എഴുതിയ ചണ്ഡാലഭിക്ഷുകിയെപ്പറ്റിയുള്ളതായിരുന്നു. 1945-ല്‍ ആണത്. അതു കണ്ടപ്പോള്‍ പ്രൊഫസര്‍ പറഞ്ഞു,  'ഭാഷാസാഹിത്യമണ്ഡല'ത്തിന്റെ പ്രസിദ്ധീകരണത്തിനു കൊടുക്കാമെന്ന്. അതു പുസ്തകങ്ങളിലൊന്നും സമാഹരിച്ചിട്ടില്ല. അതിനും മുമ്പ് ഒമ്പതാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ 'ബാലമിത്ര'ത്തില്‍ എഴുതിയിട്ടുണ്ട്. 'കേരളസ്ത്രീകളുടെ ഭാഷാപാണ്ഡിത്യം' എന്നായിരുന്നു അതിന്റെ തലക്കെട്ട്.

പഠനകാലം

ടീച്ചര്‍ കെമിസ്ട്രി പഠിക്കാനാണാഗ്രഹിച്ചതെന്നു കേട്ടിട്ടുണ്ട്.

ശരിയാണത്. ഞാന്‍ മലയാളമെടുക്കാന്‍ സ്വപ്‌നേപി വിചാരിച്ചിരുന്നില്ല. അന്നു പത്താംതരം കൊച്ചിന്‍ സ്‌റ്റേറ്റില്‍ ഒന്നാമതായാണ് ജയിച്ചത്.  മലയാളത്തിനു ഏറ്റവുമധികം മാര്‍ക്ക് എനിക്കായിരുന്നു. റെക്കോഡ് മാര്‍ക്കായിരുന്നു. മലയാളത്തിനധികം മാര്‍ക്കു ലഭിക്കാത്തകാലത്താണ് നൂറില്‍ തൊണ്ണൂറിലധികം മാര്‍ക്കു ലഭിച്ചത്. മറ്റു വിഷയങ്ങളിലും പെണ്‍കുട്ടികളില്‍ ഏറ്റവുമധികം മാര്‍ക്ക് എനിക്കായിരുന്നു.

എറണാകുളം മഹാരാജാസില്‍ അഡ്മിഷന്‍ സമയത്ത് മലയാളത്തിന്റെ മാര്‍ക്ക് ഡോ. പി. ശങ്കരന്‍ നമ്പ്യാര്‍മാഷ് പ്രത്യേകം ശ്രദ്ധിച്ചിരുന്നെന്നു തോന്നുന്നു. ധര്‍മ്മോദയം കമ്പനിയുടെ ഗോള്‍ഡ്‌മെഡലൊക്കെ അതിനുണ്ടായിരുന്നു. ഷേക്‌സ്പിയറുടെ റിച്ചാര്‍ഡ് കക പഠിപ്പിച്ചിരുന്ന  ടീച്ചര്‍ ലീവായ ദിവസം ശങ്കരന്‍നമ്പ്യാര്‍ മാഷാണ് പകരം വന്നത്. അന്നദ്ദേഹം പ്രിന്‍സിപ്പലാണ്.  ടീച്ചര്‍ അവസാനിപ്പിച്ചിടത്തുനിന്നാണ് മാഷു തുടങ്ങിയത്. I give this heavy weight from off my head And this unwieldy sceptre from my hand  എന്ന സൊളിലോക്വി. അത് വിശദീകരിച്ച് ഇതിനു സമാനമായ മലയാളത്തിലുള്ള വരികള്‍ ആര്‍ക്കാണ് പറയാന്‍ കഴിയുക എന്നു ചോദിച്ചു. 'ചെങ്കോലു ദൂരത്തെത്തി യോഗദണ്ഡെടുക്കുന്നു പൊന്‍കീരീടത്തെ ജടാചൂഡമായ് മാറ്റീടുന്നു' എന്ന വള്ളത്തോളിന്റെ  വരി ഞാന്‍ എഴുന്നേറ്റുനിന്ന് ഉദ്ധരിച്ചു. മാഷ് സര്‍പ്രൈസ്ഡ് ആയ പോലെ തോന്നി. ക്ലാസു കഴിഞ്ഞ് കാണണമെന്നു പറഞ്ഞു. ഇന്റര്‍മീഡിയറ്റു കഴിഞ്ഞിട്ട് ബി.എ. മലയാളത്തിനു ചേരണം എന്നു പറയാനാണ് വിളിപ്പിച്ചത്.

ഉയര്‍ന്ന മാര്‍ക്കുള്ള കുട്ടികളേ അന്നൊക്കെ കോളജില്‍ വരൂ. വലിയ മത്സരമാണ് കുട്ടികള്‍ തമ്മില്‍. കുന്നംകുളം ഗേള്‍സ് സ്‌കൂളില്‍ നിന്നു വരുന്നവര്‍ക്ക് ഫിസിക്‌സ്് ഒരു പ്രശ്മായിരുന്നു. ഞാനടക്കം രണ്ടുപേരായിരുന്നു കുന്നംകുളത്തുനിന്നു വന്നിരുന്നത്. കൊച്ചിന്‍ സ്റ്റേറ്റില്‍ എല്ലായിടത്തും സയന്‍സിന് മാത്ത്‌സ് & ഫിസിക്‌സ് ഓപ്ഷനാണ് ഉണ്ടായിരുന്നതെങ്കില്‍ കുന്നംകുളത്ത് കെമിസ്ട്രി & മാത്ത്‌സ് ഓപ്ഷനായിരുന്നു. ഫിസിക്‌സിന്റെ അടിസ്ഥാനപാഠങ്ങളും പഠിപ്പിച്ചിരുന്നില്ല. ഇന്റര്‍മീഡിയറ്റിനു മഹാരാജാസില്‍ വന്നപ്പോള്‍ ഫിസിക്‌സ് പഠിക്കാത്തവരില്ല. വളരെ കഷ്ടപ്പെട്ടിട്ടാണ് ഫിസിക്‌സ് പഠിച്ചെടുത്തത്. റിസല്‍ട്ട് വന്നപ്പോള്‍ സയന്‍സിന് ഞാന്‍ ഫസ്റ്റായിരുന്നു. ഡിഗ്രിയ്ക്ക് സയന്‍സ് പഠിക്കാനായിരുന്നു മോഹം. അന്ന് തൃശ്‌നാപ്പിള്ളിയിലും മഹാരാജാസിലുമൊക്കെയേ അതിനു സൗകര്യമുള്ളൂ. മലയാളം പഠിക്കണമെന്നു പറഞ്ഞ കാര്യം നമ്പ്യാര്‍ മാഷ് ഓര്‍ത്തുവെയ്ക്കില്ലെന്നായിരുന്നു വിചാരം. റാങ്കുള്ളതുകൊണ്ട് നിര്‍ബന്ധിക്കില്ലെന്നും കരുതി. ഞാന്‍ മഹാരാജാസില്‍ തന്നെ കെമിസ്ട്രിയ്ക്കു ചേര്‍ന്നു. പക്ഷേ, അക്കാര്യം മാഷെങ്ങനെയോ അറിഞ്ഞു. നിര്‍ബന്ധപൂര്‍വം മലയാളത്തിലേയ്ക്കു മാറാന്‍ പറഞ്ഞു. അന്നൊക്കെ മലയാളത്തെ 'ശീലാവതിമലയാള'മെന്നാണ് പറയാറ്. ഒന്നും പഠിക്കാനില്ല, വേറൊന്നും കിട്ടാത്തവരാണ് മലയാളം പഠിക്കുക എന്നാണ് പൊതുധാരണ. മലയാളം തനിയേ പഠിച്ചോളാമെന്നൊക്കെ പറഞ്ഞെങ്കിലും സമ്മതിച്ചില്ല. ശങ്കരക്കുറുപ്പുമാഷുടെ ക്ലാസിലിരിക്കുന്നതൊക്കെ ഒരു ഭാഗ്യമാണെന്നു പറഞ്ഞ് സമാധാനിപ്പിച്ചു.  'ട്രാന്‍സ്ഫര്‍ഡ് ടു മലയാളം' എന്നെഴുതി കയ്യില്‍ത്തരികയായിരുന്നു. സയന്‍സില്‍ റാങ്കുകിട്ടിയ ഒരാള്‍ മലയാളം എടുക്കുന്നത് അക്കാലത്ത് പതിവില്ല. റാങ്കു കിട്ടിയ ആള്‍ 'ശീലാവതിമലയാള'ത്തിനു ചേര്‍ന്നെന്നു പറഞ്ഞ് ഹോസ്‌ററലില്‍ കുട്ടികളും കളിയാക്കി. ക്ലാസില്‍ പോയി തുടങ്ങിയിട്ടും വിഷമം മാറിയില്ല. 'കുട്ടിയ്ക്ക് മലയാളത്തില്‍ ചിലതെല്ലാം ചെയ്യാനുണ്ട്. മലയാളത്തില്‍ കുട്ടിയ്ക്ക് ക്ലാസും റാങ്കും കിട്ടും. പാസായ പിറ്റേ ദിവസം ജോലിയും വാങ്ങിത്തരുമെന്ന്' നമ്പ്യാര്‍ മാഷ് ആശ്വസിപ്പിച്ചു. അതേസമയം സയന്‍സ് പഠിച്ചാല്‍ പിറ്റേ ദിവസം ജോലിയൊന്നും കിട്ടില്ല. ടീച്ചറാവണമെങ്കില്‍ പിന്നെയും രണ്ടു കൊല്ലം ബി.ടി.യ്ക്ക് പോണം. ജീവിതം ഒരു സ്‌കൂള്‍ ടീച്ചറായി അവസാനിക്കും. മലയാളം പാസായാല്‍ ഉടന്‍ കോളേജ് ലക്ചറായി ജോലി കിട്ടും. ജോലി വല്ലാത്തൊരു പ്രലോഭനമായിരുന്നു. ജോലി കിട്ടിയിട്ടുവേണം താഴെയുള്ളവരെ പഠിപ്പിക്കാന്‍.പ്രൊഫ. സി. എല്‍. ആന്റണിമാഷാണ് പിന്നെ സമാധാനിപ്പിച്ച മറ്റൊരാള്‍. 'ശീലാവതിമലയാള'ത്തെ നമുക്ക് 'ലീലാവതിമലയാള'മാക്കാമെന്നൊക്കെയായിരുന്നു പറഞ്ഞത്. ക്ലാസു തുടങ്ങിയപ്പോള്‍ നമ്പ്യാരുമാഷ് പറഞ്ഞതു ശരിയാണെന്നു മനസ്സിലായി. കുറുപ്പുമാഷുടെ ക്ലാസ് ഒരനുഭവം തന്നെയായിരുന്നു.


അന്നത്തെ തീരുമാനം നന്നായിരുന്നില്ലേ?

നല്ലതുതന്നെ. എങ്കിലും സയന്‍സ് പഠിക്കാനുള്ള ആഗ്രഹം ഇന്നും തീര്‍ന്നിട്ടില്ല. അത്യാഗ്രഹം പോലെയായിരുന്നു അത്. സ്വയം വായിച്ചാല്‍ ആഴത്തിലുള്ള അറിവുണ്ടാവില്ല. അതിനു കോളജില്‍ ചേര്‍ന്നുതന്നെ പഠിക്കണം. സയന്‍സ് പഠിച്ച ഒരാളെ കല്യാണം കഴിക്കാനുള്ള ഒരു പ്രേരണയും അതായിരുന്നു. ഭര്‍ത്താവുള്ളപ്പോള്‍ സയന്‍സിലെ സംശയങ്ങള്‍ തീര്‍ത്തുതരാന്‍ ഒരാളായിരുന്നു.

ബി.എ.കഴിഞ്ഞതോടെ ജോലി കിട്ടിയോ?

റിസള്‍ട്ട് വരും മുന്‍പേ സെന്റ്‌മേരിസില്‍ നിന്ന് നിയമന ഉത്തരവു കിട്ടി, റിസല്‍ട്ട് വന്ന ഉടന്‍ ചേരാവുന്ന തരത്തില്‍. നമ്പ്യാര്‍മാഷാണ് ഉത്സാഹിച്ചത്. റിസള്‍ട്ട് അറിയിച്ചതും മാഷാണ്. അന്ന് മാഷ് മഹാരാജാസില്‍ നിന്നു റിട്ടയര്‍ ചെയ്ത് കേരളവര്‍മയില്‍ പ്രിന്‍സിപ്പലായി ചേര്‍ന്നിരുന്നു. റിസള്‍ട്ടിനോടൊപ്പം മാഷ്  'ലീലാവതി കോളജിനൊരു മുതല്‍ക്കൂട്ടാണെ'ന്ന് എഴുതിയ ഒരെഴുത്തും പ്രിന്‍സിപ്പലിന് കൊടുത്തയച്ചു.ജോലിയിലിരിക്കെത്തന്നെ 1951 ല്‍ എം.എ. മലയാളം പ്രൈവറ്റായി എഴുതി. ബി.എ.യെക്കാള്‍ കൂടുതലായി പഠിക്കാനൊന്നുമില്ല. ഇന്‍സ്‌ക്രിപ്ഷനെ കുറിച്ചൊരു പേപ്പറുണ്ടായിരുന്നു. അതായിരുന്നു ബുദ്ധിമുട്ട്. മാനുസ്‌ക്രിപ്റ്റ് ലൈബ്രറി തിരുവനന്തപുരത്താണ് ഉള്ളത്, പിന്നെ മദ്രാസിലും. തൃശൂരില്‍ പഠിപ്പിച്ചുകൊണ്ട് മദിരാശിയിലോ തിരുവനന്തപുരത്തോ പോയി വരുന്നത് ബുദ്ധിമുട്ടാണ്. മറ്റു വഴി നോക്കാതെ നിവൃത്തിയില്ല. അതിനിടയില്‍ മദ്രാസ് സ്‌റ്റെല്ലാമേരിസ് കോളജില്‍ ഒഴിവുണ്ടെന്ന് സുഹൃത്ത് ഭാനുമതി പറഞ്ഞറിഞ്ഞു. ഞാന്‍ അപേക്ഷ അയച്ചു. അവര്‍ ജോലി തരാമെന്നേറ്റു. തിരിച്ച് സെന്റ്‌മേരിസില്‍ തന്നെ വരണമെന്ന നിബന്ധനയില്‍ ഒരു വര്‍ഷത്തെ അവധിയില്‍ സ്‌റ്റെല്ലാ മേരിസില്‍ ചേര്‍ന്നു. 51ല്‍ എം.എ.പാസായി. എം.എ കഴിഞ്ഞിട്ടും അവിടെനിന്ന് പോവരുതെന്ന അഭിപ്രായിരുന്നു അവര്‍ക്ക്. എം.എ. പാസ്സായി സര്‍ക്കാര്‍കോളജില്‍ നിയമനം കിട്ടുമ്പോള്‍ പോവാതെ തരമില്ല. അക്കാലത്ത് പ്രൈവറ്റ് കോളജില്‍ സെക്യൂരിറ്റിയില്ല. ശമ്പളവും കുറവ്. അങ്ങനെയാണ് സര്‍ക്കാര്‍ കോളജിലേക്കു പോന്നത്.

എഴുതിയതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്നിട്ടുണ്ടോ? 


പൊതുവെ എനിക്ക് നല്ല പ്രോല്‍സാഹനമാണ് ഉണ്ടായിട്ടുള്ളത്. 1951ല്‍ ജി.യുടെ 'നിമിഷ'ത്തെ കുറിച്ച് എഴുതിയപ്പോള്‍ ചില വിമര്‍ശനങ്ങളുണ്ടായി. അതും സ്വകാര്യമായി. നിമിഷത്തെ കുറിച്ചുള്ള മാരാരുടെ നിരീക്ഷണങ്ങള്‍ അത്ര ശരിയായിരുന്നില്ല. ശാസ്ത്രീയമായ കാര്യങ്ങളെ കുറിച്ചുള്ള ധാരണക്കുറവിലായിരുന്നു മാരാരുടെ എഴുത്ത്. അന്ന് ഞാന്‍ തൃശൂര്‍ സെന്റ്‌മേരീസിലാണ് ജോലി ചെയ്തിരുന്നത്. കുട്ടികള്‍ക്കുള്ള ക്ലാസ്‌നോട്ടുപോലെ തയ്യാറാക്കിയ കുറിപ്പായിരുന്നു അത്. പിന്നീടാണ് പ്രസിദ്ധീകരിച്ചത്. ലേഖനം കണ്ടപ്പോള്‍ കുറുപ്പുമാഷ്, മാരാരെ വിമര്‍ശിക്കാനൊന്നും ആയിട്ടില്ലെന്നു പറഞ്ഞു. വിമര്‍ശിക്കാനായി എഴുതിയതായിരുന്നില്ല. കവിതയുടെ ഉള്ളിലേക്കു പ്രവേശിക്കാനൊരു ശ്രമം, അത്രേയുള്ളു. 

എം.എയ്ക്കു പഠിക്കുന്ന സമയത്ത് ഏതാനും വിലാപകാവ്യങ്ങള്‍ പഠിക്കാനുണ്ടായിരുന്നു. അതിനുവേണ്ടി തയ്യാറാക്കിയ കുറിപ്പുകളാണ് പിന്നീട് 'മാതൃഭൂമി'യില്‍ സീരീസായി വന്നത്. ആദ്യം മില്‍ട്ടന്റെ 'ലിസിഡസ്', ഷെല്ലിയുടെ 'അഡോണെ', ടെന്നിസന്റെ 'ഇന്‍ മെമ്മോറിയം' തുടങ്ങിയ പാശ്ചാത്യ വിലാപകാവ്യങ്ങളെക്കുറിച്ചായിരുന്നു. തുടര്‍ന്നാണ് മലയാളത്തിലെ വിലാപകാവ്യങ്ങളെ കുറിച്ച് എഴുതിയത്. വി.സി. ബാലകൃഷ്ണപ്പണിക്കരുടെ 'ഒരു വിലാപം', കുമാരനാശാന്റെ 'പ്രരോദനം', കെ.കെ. രാജാവിന്റെ 'ബാഷ്പാഞ്ജലി'. കൂട്ടത്തില്‍ വീണപൂവിനെക്കുറിച്ചും എഴുതി. വീണപൂവ് ഒരു വിലാപകാവ്യമാണെന്നും ഒരു സ്ത്രീ അതിനു പിന്നിലുണ്ടെന്നുമായിരുന്നു വാദിച്ചത്. ആരും ആ കൃതിയെ അങ്ങനെ വിലയിരുത്തിയിരുന്നില്ല. എല്ലാവരും അതിനെ ഒരു വെറും പറച്ചിലെന്നേ കരുതിയുള്ളൂ. പിന്നീട് കുമാരനാശാന്റെ ഡയറി പുറത്തുവന്നപ്പോഴാണ് ബംഗാളില്‍ താമസിച്ചിരുന്ന കാലത്തുള്ള ഒരു സ്ത്രീ അതിനു പിന്നിലുണ്ടെന്നു മനസ്സിലായത്. എം.എം. ബഷീറാണ് പത്തുമുപ്പതു കൊല്ലത്തിനുശേഷം ഡയറി പുറത്തുകൊണ്ടുവന്നത്. ആദ്യത്തെ ലേഖനപരമ്പര അതാണ്. നിലവിലുള്ള നിരൂപകരെ വിമര്‍ശിക്കാത്തതുകൊണ്ട് വിവാദങ്ങളൊന്നുമുണ്ടായില്ല, വലിയ അംഗീകാരവും കിട്ടി. ലേഖനം പരമ്പരയായി വന്നതുകൊണ്ട് അറിയപ്പെട്ടു. അങ്ങനെയാണ് നിരൂപണത്തിലേക്ക് കടന്നുവന്നത്. അക്കാലത്തും സാഹിത്യപരിഷത്ത് മാസികയില്‍ ധാരാളം എഴുതിയിരുന്നു.


സാഹിത്യപ്രസ്ഥാനങ്ങളെ കുറിച്ചു പഠിക്കാനുള്ള ഒരു പ്രേരണ വിലാപകാവ്യങ്ങളെ കുറിച്ചു നടത്തിയ പഠനമാണ്. ശാസ്ത്രത്തിന്റെ പുരോഗതി കവികളുടെ മനസ്സിനെ സ്വാധീനിച്ചിട്ടുണ്ടോ എന്ന അന്വേഷണമാണ് 'കവിതയും ശാസ്ത്രവും' എന്ന പുസ്തകത്തില്‍ വന്നത്. മദ്രാസ്‌സര്‍വകലാശാലാ ലൈബ്രറിയില്‍ കവിതയും ശാസ്ത്രവും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പുസ്തകം വായിച്ചിരുന്നു. അതിന്റെ പ്രചോദനമാണ് ആ ഗ്രന്ഥം. കവിത്രയത്തില്‍ വള്ളത്തോളിനെയാണ് ശാസ്ത്രം സ്വാധീനിച്ചത്. കുമാരനാശാനില്‍ അത്ര സ്വാധീനം കാണുന്നില്ല. ഉള്ളൂരില്‍ കുറച്ചൊക്കെയുണ്ട്. പിന്നെ അതു കാണുന്നത് ജി.യുടെ കവിതയിലാണ്, പ്രത്യേകിച്ച് 'സ്ഥലകാലസാതത്യം' എന്ന ആശയം. ജി. സയന്‍സ് പഠിച്ചു മനസ്സിലാക്കിയതല്ല. ഭാരതീയസമീപനമനുസരിച്ച് ഈ ചിന്ത പണ്ടേയുണ്ട്. 'വികസ്വരപ്രപഞ്ചം' എന്ന ആശയം മുപ്പതുകളിലാണ് ശാസ്ത്രത്തിലുണ്ടാകുന്നത്. അനുക്ഷണവികസ്വരമായ പ്രപഞ്ചസങ്കല്‍പ്പം ഇന്ത്യയില്‍ വളരെ കാലം മുമ്പേ അംഗീകൃതമാണ്. അതുകൊണ്ടാണ് അത്തരം ആശയങ്ങള്‍ മാഷുടെ കവിതകളില്‍, 'വിശ്വദര്‍ശന'ത്തിലും 'നിമിഷ'ത്തിലും മറ്റും കാണുന്നത്. 


എഴുത്തുകാരിയുടെ പങ്കാളി

വിദ്യാര്‍ത്ഥികാലത്തെ ടീച്ചര്‍ ശാസ്ത്രത്തോട് ആഭിമുഖ്യമുള്ള ആളാണെന്നറിയാം. പില്‍ക്കാലത്ത് വിവാഹജീവിതത്തില്‍, സി.പി.മേനോനുമായി ചേര്‍ന്നുണ്ടായ ജീവിതം അതിനു സഹായകമായോ?

ശാസ്ത്രത്തില്‍ എന്തെങ്കിലും ഒരു സംശയം വന്നാല്‍ ഫിസിക്‌സായാലും കെമിസ്ട്രിയായാലും ബയോളജിയായാലും അദ്ദേഹത്തോടു ചോദിക്കും. ബയോളജി അദ്ദേഹത്തിനു നന്നായറിയാം. 'മനുഷ്യശരീരം ഒരു അത്ഭുതയന്ത്രം' എന്നൊരു പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ XY ക്രോമസോമിനെ പറ്റിയൊക്കെ എനിക്കെഴുതേണ്ടി വന്നിട്ടുണ്ട്. അവിടെയൊന്നും തെറ്റാന്‍ പാടില്ലല്ലോ. ചോദിക്കുമ്പോള്‍ അതു കൃത്യമായി പറഞ്ഞു തരും. ഞാനെഴുതിയ ശാസ്ത്രീയമായ കാര്യങ്ങളിലൊക്കെ അദ്ദേഹത്തിന്റെ സ്വാധീനമുണ്ടായിരുന്നു.

മറ്റ് എഴുത്തുകാരികള്‍ക്കൊന്നും പങ്കാളികള്‍ അത്ര സഹായകരമായിരുന്നില്ലല്ലോ... 


 ശാസ്ത്രീയമായ അറിവിന്റെ കാര്യങ്ങളിലൊക്കെ അദ്ദേഹത്തിന്റെ സ്വാധീനമുണ്ടാവും. എനിക്ക് ശാസ്ത്രീയമായ ആശയത്തോടു ബന്ധമുള്ള ഒരു സങ്കല്പനം തോന്നിയാല്‍  അത് ശരിയാണോ അല്ലയോ എന്ന് ഉടന്‍ ചോദിച്ചു മനസ്സിലാക്കും. മാത്രമല്ല, ഞാനെഴുതിയത് മുഴുവന്‍ അക്ഷരംപ്രതി സാറ് വായിച്ചിട്ടേ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളൂ.  എന്തെങ്കിലും തെറ്റുകളുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടും. അതുകൊണ്ട് എനിക്ക് നല്ല ആത്മവിശ്വാസമാണ്. രണ്ടാമതൊരു പകര്‍പ്പെടുക്കണമെന്നു തോന്നാത്തതും അതുകൊണ്ടാണ്.

സാറ് അത്രമാത്രം കവിത ആസ്വദിക്കുമായിരുന്നോ? 

സാറ് വായിക്കുന്നയാളാണ്. കവിത എഴുതുകയും ചെയ്യും. സാഹിത്യനിരൂപണം എഴുതാറില്ലെന്നേയുള്ളൂ. 'ദുരവസ്ഥ'യെപറ്റി നിരൂപണം എഴുതിയപ്പോള്‍ എന്നോടു പറഞ്ഞു ഇതു പ്രസിദ്ധപ്പെടുത്തിയാല്‍ ഒരുപാട് കല്ലേറു കൊള്ളേണ്ടിവരും, അതിനു ധൈര്യമുണ്ടെങ്കില്‍ പ്രസിദ്ധപ്പെടുത്തിയാല്‍ മതി എന്ന്. 'ദുരവസ്ഥ' മാത്രമേ കുമാരനാശാന്റെ കവിതകളില്‍ ശ്രദ്ധേയമായിട്ടുള്ളൂ എന്ന മട്ടിലൊരു പ്രസംഗം ഇ.എം.എസ് തിരുവനന്തപുരത്ത് ചെയ്തിരുന്നു. 'ചിന്താവിഷ്ടയായ സീത'യോ 'നളിനി'യോ 'ലീല'യോ അദ്ദേഹത്തിന് കവിതയേയല്ല, 'ദുരവസ്ഥ'മാത്രമാണ് കവിത. അങ്ങനെ യൂണിവേഴ്‌സിറ്റിയില്‍ അദ്ദേഹത്തെ പോലെ ഒരാചാര്യന്‍ പ്രസംഗിച്ചു കഴിഞ്ഞാല്‍ അതു തന്നെയല്ലേ കുട്ടികളൊക്കെ ധരിക്കൂക?  സാഹിത്യം പഠിപ്പിക്കുന്ന ആളുകള്‍ക്ക് ഒരു ചുമതലയുണ്ടല്ലോ, മൂല്യനിര്‍ണയനത്തില്‍. അതുകൊണ്ടാണ് ഞാനതെഴുതിയത്. കമ്യൂണിസ്റ്റുകാര്‍ വലിയ പ്രശ്‌നമുണ്ടാക്കുമെന്നാണു സാറു പറയുന്നതെന്നു കരുതി ഞാന്‍ പറഞ്ഞു അവര്‍ പറയുന്നത് പറയട്ടെയെന്ന്. അവരൊന്നുമല്ല, സാമുദായികമായി വിമര്‍ശിക്കാന്‍ ആളുണ്ടാവും എന്നദ്ദേഹം ഓര്‍മിപ്പിച്ചു. അങ്ങനെയുണ്ടാവില്ല എന്നു ഞാനും. കാരണം കുമാരനാശാനെ പറ്റി എത്രയോ അധികം വാഴ്ത്തി എഴുതിയിട്ടുണ്ട്. അങ്ങനെയുളള ഞാന്‍ ഒരു കവിതയെ വിമര്‍ശിക്കുന്നതുകൊണ്ട് ഇത്ര എതിര്‍പ്പുണ്ടാവുമോ? എന്നിട്ടും ഞാനത് പ്രസിദ്ധീകരിച്ചു. പക്ഷേ, സാറു പറഞ്ഞതുപോലെ തന്നെ വന്നു ഭവിച്ചു എന്നുള്ളത് അത്ഭുതമായി.

എന്തൊക്കെയാണുണ്ടായത്? 

ഒരുപാട് പ്രശ്‌നങ്ങളുണ്ടായി. ചാത്തന്‍ പുലയനും ഞാന്‍ തമ്പുരാട്ടിയും ആയതുകൊണ്ടാണത്രേ ദുരവസ്ഥയെ മറ്റു കൃതികളോളം മികച്ചതല്ലെന്നു പറഞ്ഞത്!  കഥാപാത്രത്തിന്റെ ചിത്രണത്തില്‍ 'അഞ്ചടിയോളം എകരമായി' എന്നുള്ളത് ഒരു സാധാരണ പ്രസ്താവനയാണ്. അതില്‍ എന്തെങ്കിലും കവിതയുണ്ടോ?  ഒരു ബ്രാഹ്മണകന്യകയും ഒരു പുലയനും തമ്മിലുള്ള മിശ്രവിവാഹം എന്നതിലൊരു പുരോഗമനപരമായ ആശയമുണ്ട്. അതില്‍ വിപ്ലവദര്‍ശനമുണ്ട്, അതു ഞാന്‍ സമ്മതിക്കുന്നു. ആശയം നന്നെന്നതുകൊണ്ട് കവിതാഭംഗി ഇല്ലെന്നല്ല. ചില ഭാഗങ്ങള്‍ നന്നായിട്ടുമുണ്ട്.  മാപ്പിളലഹള വര്‍ണിച്ചതിലും മറ്റും ചില വൈകല്യങ്ങളുമുണ്ട്.

അന്തര്‍ജനമാണെന്നും പുരുഷന്മാരെ കണ്ടിട്ടില്ലെന്നും ഒരു സ്ഥലത്ത് പറയുക, അതുകഴിഞ്ഞിട്ട് ഒരിടത്ത് ഓരോ മാപ്പിളയെയും ഇന്നയാളാണെന്ന് പറയുക! അപ്പോള്‍ ആ കഥാപാത്രം  എങ്ങനെയാണ് ആളുകളെ തിരിച്ചറിയുന്നത്? അങ്ങനെയുള്ള വൈരുദ്ധ്യങ്ങള്‍ കുറെയുണ്ട്. അതൊക്കെ ചൂണ്ടിക്കാണിച്ച് ശരാശരി കവിതയാണെന്ന അര്‍ഥത്തിലാണ് ഈ അഞ്ചടിയെന്ന പദം പ്രയോഗിച്ചത്.

എം.പി. ശങ്കുണ്ണിനായരുടെ കാലം

ശങ്കുണ്ണിനായരുടെ തുടര്‍ച്ച മലയാളത്തിലുണ്ടായില്ലല്ലോ? 


അദ്ദേഹത്തിന് സംസ്‌കൃതം, മലയാളം, പ്രാകൃതം, പാലി തുടങ്ങി അനേകം ഭാഷകളില്‍ പാണ്ഡിത്യമുണ്ട്. അതിലേക്കെത്താന്‍ പലര്‍ക്കും എളുപ്പം കഴിയില്ല. സവിശേഷമായ വേറിട്ട നര്‍മ്മവും അദ്ദേഹത്തിനുണ്ടല്ലോ. കുറച്ചു പരിഹാസവും വിമര്‍ശനവും ചേര്‍ന്നതാണത്. വായിക്കാനും രസമുണ്ട്. എങ്കിലും പരാമൃഷ്ടസന്ദര്‍ഭവുമായി അത്രമാത്രം സാംഗത്യമൊന്നും ചിലപ്പോള്‍ ഉണ്ടാവാറില്ല. അങ്ങനെ ചില അപഭ്രംശമുണ്ടെങ്കിലും കൃതിയുടെ ഉള്ളിലേക്ക് ആഴത്തില്‍ കടന്നുചെല്ലുന്ന എഴുത്ത് അസാധാരണം തന്നെ. മാത്രമല്ല, പ്രായമുള്ളവര്‍ക്കു പൊതുവില്‍ ഇല്ലാത്ത മോഡേണായ കാഴ്ചപ്പാടും ഉണ്ടായിരുന്നു. അന്നത്തെ എഴുത്തുകാരില്‍ കുറവായിരുന്ന സ്വതന്ത്രവും നവീനവുമായ സമീപനരീതി അദ്ദേഹത്തിനുണ്ടായിരുന്നു.


കെ രാഘവന്‍പിള്ളയോ?

'സത്യം, ശിവം, സുന്ദര'ത്തില്‍ ഞാനദ്ദേഹത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. ആധുനികതയിലെ അസ്തിത്വവാദത്തെ പറ്റി ഒരു കൃതി തന്നെ എഴുതിയിട്ടുണ്ടല്ലോ. സാര്‍ത്രിനെ ശരിയ്ക്കും മനസ്സിലാക്കി, വേണ്ടപോലെ അപഗ്രഥിച്ചെഴുതിയ ആളാണ്. മറ്റു പലരും അത്ര ആഴത്തില്‍ സാര്‍ത്രിനെ പഠിച്ചിട്ടില്ല.


ടീച്ചറെന്താ യുങ്ങിയന്‍ മനഃശാസ്ത്രത്തിലേക്കു താല്‍പ്പര്യപ്പെടാന്‍ കാരണം?


people are either born as Freudian  or as  Jungian എന്നൊരു ചൊല്ലുണ്ട്. അതൊരു കണക്കിനു സത്യവുമാണ്. ഫ്രോയ്ഡിയന്‍ ചിന്തയോട് എനിക്കൊരു സഹജമായ അവേര്‍ഷന്‍ ഉണ്ടായത് എന്തുകൊണ്ടാണെന്നു വെച്ചാല്‍, ഈ കൊച്ചുകുട്ടികള്‍ വിരല്‍ കുടിക്കുന്ന ശീലമുണ്ടല്ലോ, ഫ്രോയ്ഡ് അത് സെക്‌സുമായിട്ടാണ് ബന്ധപ്പെടുത്തിയിരിക്കുന്നത്. എനിക്കത് ഉള്‍ക്കൊള്ളാന്‍ പറ്റിയിട്ടില്ല. എന്നാല്‍ യുങ് ഇതേ കാര്യം വിശപ്പുമായാണ് ബന്ധപ്പെടുത്തിയത്. അപ്പോള്‍ ഈ രണ്ടു സിദ്ധാന്തങ്ങളില്‍ എനിക്ക് ഏറ്റവും സ്വീകാര്യമായി തോന്നിയത് യുങിന്റെയാണ്.  ചെറുപ്പത്തില്‍ എന്തെങ്കിലും എപ്പോഴും തിന്നണമെന്ന വിചാരമുണ്ടല്ലോ കുട്ടികള്‍ക്ക്. അമ്മയുടെ പാല്‍ കുടിക്കുന്നതുപോലെ, എളുപ്പത്തില്‍ കിട്ടാവുന്നത് സ്വന്തം വിരലുകളാണ്. അതല്ലാതെ അത് ലൈംഗികതയുമായി ബന്ധപ്പെട്ടതല്ല. ഫ്രോയിഡിനും അദ്ദേഹത്തിന്റെ സങ്കല്‍പ്പം പറയാം എന്നല്ലാതെ തെളിവില്ലല്ലോ.

മാത്രമല്ല, ഫ്രോയ്ഡിന്റെ ഈഡിപ്പസ് കോംപ്ലസ്, ഒരു സാര്‍വ്വലൗകികയാഥാര്‍ത്ഥ്യം ആണോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്.  ചില അബ്‌നോര്‍മലായ ആളുകള്‍ അങ്ങനെയുണ്ടാവാം, അമ്മയോടു ഇത്തരത്തില്‍ തോന്നുന്ന സ്‌നേഹവും അച്ഛനോടുള്ള വിദ്വേഷവുമുള്ളവര്‍. പക്ഷേ, ഭൂരിപക്ഷം ആളുകളും ഈഡിപ്പല്‍ കോംപ്ലക്‌സുള്ളവരാണെന്ന സിദ്ധാന്തം സ്വീകാര്യമല്ല. അങ്ങനെയെങ്കില്‍ എല്ലാവരും അച്ഛനോട് വിദ്വേഷമുള്ള ഒരു കാലഘട്ടത്തിലൂടെ കടന്നുപോവേണ്ടേ?! അങ്ങനെയുണ്ടെന്ന് സ്വജീവിതത്തിലൂടെ ബോധ്യപ്പെടേണ്ടേ? ഈഡിപ്പല്‍ ക്ലോംപ്ലക്‌സ് ഒരു വൈകല്യമാണ്. അബ്‌നോര്‍മല്‍ സൈക്കോളജിയില്‍ ഇത്തരത്തിലുള്ള നിരവധി വൈകല്യങ്ങളുണ്ട്. ഈഡിപ്പല്‍ കോംപ്ലക്‌സ് ഉള്ള ഒരു വിഭാഗം ആളുകള്‍ ഉണ്ടെന്നും എന്നാല്‍ അതൊന്നും ഇല്ലാത്തവരാണ് ഭൂരിഭാഗം ആളുകളെന്നും അംഗീകരിക്കുന്നുവെന്നതാണ് യുങിന്റെ സവിശേഷത. പിന്നെ അദ്ദേഹത്തിന്റെ 'കളക്റ്റീവ് അണ്‍കോണ്‍ഷ്യസ്‌നെസ്' എന്ന സങ്കല്‍പ്പം. ഇന്ത്യയില്‍ പണ്ടുമുതലേ വിശ്വമാനവികത എന്നൊരു സങ്കല്‍പ്പമുണ്ട്. നമുക്കത് സ്വീകാര്യവുമാണ്. എങ്ങനെയെന്നുവെച്ചാല്‍, ലോകത്തെ എല്ലാ മനുഷ്യര്‍ക്കും കൈവിരല്‍ പത്ത് ആണ് ഉള്ളത്. എന്നാല്‍ പെരുവിരലിലെ രേഖ വ്യത്യസ്തമാണ്. ലോകത്തെ 700 കോടി ജനങ്ങളിലും ഈ വ്യത്യസ്തത കാണാം. എല്ലാവരുടെയും മുഖഛായ വ്യത്യസ്തമാണ്. ഐഡന്റിക്കല്‍ ട്വിന്‍സിലല്ലാതെ ഒരേ മുഖഛായ പതിവില്ല. അപ്പോള്‍ ഇത്രയധികം ആളുകള്‍ക്ക് വ്യത്യസ്തമായ മുഖഛായ എന്നാല്‍ അതിന്റെ അടിയിലെ സ്‌കെല്‍ട്ടന്റെ കാര്യം ഓര്‍ത്തുനോക്കൂ. അത് എല്ലാവരിലും ഒരേ പോലെയാണ്. അടിയില്‍ എല്ലാം ഒരുപോലെയും മുകളില്‍ വ്യത്യസ്തവുമായിരിക്കുക എന്നതുപോലെ, മനസ്സിന്റെ കാര്യത്തില്‍ എല്ലാം ഒരുപോലെ കളക്ടീവ് ആയിരിക്കുന്ന അവസ്ഥ.

മാരാരും മാരാര്‍വിമര്‍ശനവും


ടീച്ചര്‍ ആദ്യകാലത്ത് എഴുതുമ്പോള്‍ ലീലാവതി എന്ന പേര് ഒരു പുരുഷന്റെ തൂലികാനാമമാണെന്ന് കുട്ടികൃഷ്ണമാരാര് സംശയം പ്രകടിപ്പിച്ചിരുന്നല്ലോ?

അങ്ങനെയൊരു സംശയം അദ്ദേഹത്തിനുണ്ടായിരുന്നു. 'നിമിഷ'ത്തെ പറ്റി എഴുതിയപ്പോഴാണത്. മറ്റാരെങ്കിലും എഴുതിയതാണോ എന്നതായിരുന്നു സംശയം. അക്കാലത്ത് ആണുങ്ങള്‍ പെണ്ണുങ്ങളുടെ പേരുപയോഗിച്ച് എഴുതാറുണ്ട്. വന്നേരി സാവിത്രി അന്തര്‍ജ്ജനം എന്നപേരില്‍ കുട്ടികൃഷ്ണമാരാര് തന്നെ എഴുതിയിരുന്നു. ആ പേരില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞാനാകട്ടെ അങ്ങനെയൊരു സംശയമില്ലാതിരിക്കാന്‍ ഒരു ഫോട്ടോയും കൂടെ അയച്ചിരുന്നു. ഇതൊക്കെ 1951 ലാണ്. അന്ന് അത്രയ്‌ക്കൊന്നും അറിയപ്പെട്ടിട്ടില്ലല്ലോ. ചാവക്കാട് വെച്ച് കെ.ടി. മുഹമ്മദിന് ഒരു സ്വീകരണം ഉണ്ടായിരുന്നു, അഖിലേന്ത്യാ ചെറുകഥാ മത്സരത്തില്‍ സമ്മാനാര്‍ഹനായതിന്റെ അനുമോദനാര്‍ത്ഥം. എന്നോടും ചെല്ലാന്‍ പറഞ്ഞിരുന്നു. അവിടെ അന്ന് പ്രസംഗിച്ചപ്പോഴത്തെ ഫോട്ടോയാണ് അയച്ചത്. അന്നുടുത്ത സാരി നോക്കിയാണതു മനസ്സിലാക്കിയത്.

മാരാരുടെ 'ഭാരതപര്യടന'ത്തിലും മറ്റു പല ലേഖനങ്ങളിലും ഒരു സ്ത്രീപക്ഷനിലപാടുണ്ടല്ലോ, കുന്തിയെക്കുറിച്ചും അംബയെക്കുറിച്ചുമൊക്കെ എഴുതുമ്പോള്‍. കര്‍ണന്റ യുദ്ധവീര്യവും ക്ഷാത്രവീര്യതേജസ്സും ഒരു ക്ഷത്രിയകുമാരിക്കു സ്വതന്ത്രമായി തോന്നിയ കാമനാഭിലാഷങ്ങളില്‍നിന്നുണ്ടായ കുട്ടിയായതിനാലാണെന്നും മറ്റും..

അതെ,ഒരു ലിബറല്‍ കാഴ്ച്ചപ്പാടൊക്കെ മാരാര്‍ക്കുണ്ടായിരുന്നു. പക്ഷേ, അതേസമയം വേറെ ചില സന്ദര്‍ഭങ്ങളില്‍ കടുംപിടുത്തവുമുണ്ട്. ഭൂതങ്ങള്‍, ഗജങ്ങള്‍ അവരൊക്കെ അവരുടെ ശക്തി ഉണ്ടെങ്കിലും കാണിക്കുന്നില്ലെന്നാണ് ഭാരതത്തില്‍ മാര്‍ക്കണ്ഡേയമഹര്‍ഷി പറഞ്ഞതിന്റെ അര്‍ത്ഥം. പക്ഷേ, മാരാര് ഭൂതങ്ങളെ പ്രാണികളും, ഗജങ്ങളെ നാട്ടാനയുമാക്കി. ഭൂതങ്ങളെന്നാല്‍ അവിടെ ഉദ്ദേശിക്കുന്നത് പഞ്ചഭൂതങ്ങളെന്നാണ്. അതായത് അഗ്നി കോപിച്ചാല്‍ മനുഷ്യന് രക്ഷയില്ല. ജലത്തിന്റെയും വായുവിന്റെയും സ്ഥിതി അതുതന്നെ. എല്ലാ പഞ്ചഭൂതങ്ങളും വിധാതാവ് നിര്‍മ്മിച്ച വരുതിക്ക് നില്‍ക്കുകയാണ്. അതൊരുതരം അചഞ്ചലസത്യമാണ്. കടല്‍ കരയെ വിഴുങ്ങാത്തത് അതുകൊണ്ടാണ്. വേദത്തില്‍ അങ്ങനെയാണ് സങ്കല്‍പ്പം. പഞ്ചഭൂതങ്ങളുടെ ശക്തിയ്ക്കു മുന്നില്‍ കേവലമനുഷ്യന്‍ നിസ്സഹായനാണ്. യാതൊന്നും സംഭവിക്കാതെ അവര്‍ അവരുടെ ശക്തി പ്രകടിപ്പിക്കാതെ ഇരിക്കുന്നു എന്നു പറയേണ്ടതിനു പകരം ഭൂതങ്ങള്‍ക്ക് പ്രാണികളെന്ന അര്‍ത്ഥമെടുത്തിട്ട് ''എന്തുവന്നാലും വിധി, വിധി എന്നു കരുതുന്ന പ്രാണികളെ പോലെ'' എന്നാണ് മാരാര്‍ വ്യാഖ്യാനിച്ചത്. ഭൂതസങ്കല്‍പ്പത്തിന്റെ അര്‍ത്ഥം പഞ്ചഭൂതങ്ങളാണെന്ന് മാരാരെ പോലെ ഒരാള്‍ക്ക് അറിയാതിരിക്കാന്‍ വയ്യ. എന്നിട്ടും അത് അറിഞ്ഞില്ലെന്നു നടിച്ച് പ്രാണികളെന്നു പറഞ്ഞു. അതുപോലെ ദിഗ്ഗജങ്ങളാണ് ഗജങ്ങള്‍, നാട്ടാനകളൊന്നുമല്ല. ദിഗ്ഗജങ്ങള്‍ എന്ന സങ്കല്‍പ്പമുണ്ട്, പഴയകാലത്ത്. എട്ടു ദിക്കുകളിലും ഓരോ ഗജം ഭൂമിയെ താങ്ങിനിര്‍ത്തുന്നു എന്നത് ഒരു ഭാവനയാണ്. മാരാരുടെ വ്യാഖ്യാനം ആനയുടെ ശക്തി ആനയ്ക്കറിയില്ലെന്നായിരുന്നു. അതുകൊണ്ടാണ് ആനയെ പാപ്പാന്‍ ഭരിയ്ക്കുന്നത്. പാപ്പാന്‍ ആനയെ ഭരിയ്ക്കുന്നത് നാട്ടാനയുടെ കാര്യത്തിലല്ലേ? കാട്ടാനകളെ പാപ്പാന്‍ ഭരിയ്ക്കുന്നില്ലല്ലോ. കാട്ടാനകളെന്നു പോലും അര്‍ത്ഥമെടുക്കാതെയാണ് നാട്ടാനകളെന്നു വ്യഖ്യാനിച്ചത്.

ടീച്ചറുടെ വിമര്‍ശനം ശ്രദ്ധിക്കപ്പെട്ടില്ലേ? 


ഞാനങ്ങനെ പലതും എഴുതിയിട്ടുണ്ട്, ആരും ശ്രദ്ധിച്ചിട്ടില്ല. ''സത്യം, ധര്‍മം, നിഷ്ഠ ഇതിഹാസങ്ങളില്‍ '' എന്ന ഒരു പുസ്തകം പബ്ലിഷ് ചെയ്തു. 'നേശേ ബലസ്യേതി ചരേദധര്‍മം' സംബന്ധിച്ച വ്യാഖ്യാനത്തില്‍ വലിയ പറ്റിക്കലും പറ്റിച്ചിട്ടുണ്ട് മാരാര്. അതില്‍ മാരാരുടെ ധര്‍മാധര്‍മവ്യാഖ്യാനങ്ങളിലെ പിഴവുകളെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്,  ആ വാക്യത്തിന് ഒരു പ്രത്യേകതയുണ്ട്. ''ന ഈശേ ബലസ്യ ഇതി അധര്‍മ്മം ചരേദ് - അതില്‍ 'ന ചരേദ് ' എന്നാണ് 'മാ ചരേത്' എന്നല്ല. അധര്‍മ്മം ചരിക്കുന്നില്ല എന്നാണ് ശരിക്കുമര്‍ത്ഥം. ഈശനാണെന്നു വിചാരിച്ചിട്ട് ബലം പ്രകടിപ്പിക്കരുത്-അതാണതിന്റെ ഒരര്‍ത്ഥം. നേരെ മറിച്ച് ന ഈശേ ബലസ്യ ഇതി-ബലം ഇല്ല എന്നു വന്നാല്‍ അധര്‍മ്മം ചെയ്യാം. ഇങ്ങനെ രണ്ടര്‍ത്ഥം ഈ വാക്യത്തിനുണ്ട്. പക്ഷേ, ഈ രണ്ടര്‍ത്ഥം എങ്ങനെ സംസ്‌കൃതത്തില്‍ കൊളളിക്കാം? ഇത് വ്യാസന്‍ മനപ്പൂര്‍വ്വം  പ്രയോഗിച്ചിട്ടുള്ളതാണെന്നതിനു സംശയമില്ല. ആ ശ്‌ളോകത്തില്‍ അധര്‍മ്മത്തിന് രണ്ടു അര്‍ത്ഥമുണ്ട്. ഒന്ന് സ്വധര്‍മ്മമല്ലാത്തത് അധര്‍മ്മം. പിന്നെ കേവലമായ അധര്‍മ്മം(അതായതു സ്ത്രീയെ മാനിക്കണം എന്നുള്ളത് നല്ല ധര്‍മ്മം. മാനിച്ചില്ലെങ്കില്‍ അത് അധര്‍മ്മം. കുട്ടികളെ സ്‌നേഹിക്കണം എന്നത് ധര്‍മ്മം. മറിച്ചുള്ളത് അധര്‍മ്മം).  'ചരിക്കാം' എന്നൊരര്‍ത്ഥവും 'അധര്‍മ്മം ചെയ്യരുതെ'ന്ന് എന്ന് മറ്റൊരര്‍ത്ഥവും- രണ്ടും ഉള്‍ക്കൊളളിക്കാവുന്ന അര്‍ത്ഥത്തിലുള്ള വാക്യമാണ് ഇത്. ആറു പ്രാവശ്യം ആവര്‍ത്തിച്ചിരിക്കുകയാണ്. പുത്രധര്‍മ്മം എന്നത് പ്രത്യേക കാറ്റഗറി ധര്‍മ്മമാണ്. അതുപോലെ വര്‍ണ്ണധര്‍മ്മം (അക്കാലത്ത് ആ സങ്കല്‍പ്പമുണ്ടല്ലോ)- ക്ഷത്രിയന്റെ ധര്‍മ്മം, ബ്രാഹ്മണന്റെ ധര്‍മ്മം, വൈശ്യന്റെ ധര്‍മ്മം, ശൂദ്രന്റെ ധര്‍മ്മം. സ്വധര്‍മ്മം എന്നു പറഞ്ഞാല്‍ ഈ തരത്തില്‍ പുത്രന്റെ ധര്‍മ്മം, ഭര്‍ത്താവിന്റെ ധര്‍മ്മം, ക്ഷത്രിയന്റെ ധര്‍മ്മം ഇങ്ങനെയൊക്കെയാണ് സ്വധര്‍മ്മങ്ങള്‍. അപ്പോള്‍ സ്വധര്‍മ്മമനഷ്ഠിക്കണം. എന്നാല്‍ സ്വധര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ പറ്റാത്ത സന്ദര്‍ഭങ്ങളുമുണ്ട്. ശ്രീരാമന്‍ ക്ഷത്രിയനാണ്. പുത്രനുമാണ്. രാമനോട് കാട്ടിലേയ്ക്കു പോകാന്‍ അച്ഛന്‍ ദശരഥന്‍പറഞ്ഞു.  അച്ഛന്റെ ഇംഗിതം അനുസരിക്കണമെന്നത് പുത്രധര്‍മ്മം. ക്ഷത്രിയധര്‍മ്മമാകട്ടെ ജനങ്ങളെ ഭരിക്കുക എന്നുളളതാണ്. അപ്പോള്‍ അവിടെ സ്വധര്‍മ്മങ്ങള്‍ രണ്ടാണ്-ക്ഷത്രിയധര്‍മ്മവും പുത്രധര്‍മ്മവും. ഇങ്ങനെയൊരു സംഘര്‍ഷം ഉണ്ടാകുമ്പോള്‍ അധര്‍മ്മം ചെയ്യാം. ക്ഷത്രിയധര്‍മ്മമല്ലാത്ത പുത്രധര്‍മ്മം ചെയ്യാം. അധര്‍മ്മം ചെയ്യാവുന്ന സാഹചര്യം അതാണ്. പിന്നെ സാമാന്യമായ ധര്‍മ്മാധര്‍മ്മങ്ങളാണ്. ഈ രണ്ടര്‍ത്ഥങ്ങളും മനസ്സില്‍ വെച്ചാല്‍ ധര്‍മ്മാധര്‍മ്മങ്ങളുടെ കാര്യമാവുമ്പോള്‍ ഒരിക്കലും അധര്‍മ്മം ചെയ്യരുത് എന്നര്‍ത്ഥം കിട്ടും.  സ്വധര്‍മ്മത്തിന്റെ കാര്യം വരുമ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍ അധര്‍മം ആവാം.  ശ്രീരാമന് അധര്‍മ്മം ചെയ്യാവുന്ന തരത്തില്‍ വ്യാഖ്യാനിക്കുകയാണ്. ശ്രീരാമന്‍ പുത്രധര്‍മ്മമാണ് ചെയ്തത്. ക്ഷത്രിയധര്‍മ്മം ഉപേക്ഷിച്ചു. തന്നെ പിടിച്ചുകെട്ടി രാജ്യം ഭരിക്കണമെന്ന് ദശരഥന്‍ ആവശ്യപ്പെട്ടു.  ദശരഥന് ഭാര്യയ്ക്കു കൊടുത്തിട്ടുളള വാക്ക് ലംഘിക്കാന്‍ നിവൃത്തിയില്ല.  അദ്ദേഹവും ധര്‍മ്മസങ്കടത്തില്‍ പെട്ടു. നീയെന്നെ പിടിച്ചുകെട്ടി രാജ്യം ഭരിക്കണമെന്ന് അച്ഛന്‍ തന്നെ പറയുകയാണ്. അത് ശരിയല്ല. പുത്രധര്‍മ്മമാണ് അനുഷ്ഠിക്കേണ്ടത് ക്ഷത്രിയധര്‍മ്മമല്ല എന്നു രാമന്‍ നിശ്ചയിച്ചു. ലക്ഷ്മണന്‍ മറിച്ചാണ് വാദിച്ചത്. ജ്യേഷ്ഠന്‍ ഇപ്പോള്‍ ചെയ്യേണ്ടത് ക്ഷത്രിയധര്‍മ്മമാണ്. അച്ഛന്‍ പറയുന്നത് കണക്കിലെടുക്കേണ്ട, കാട്ടിലേക്കു പോകേണ്ട, ഭരിക്കണമെന്നാണ് ലക്ഷ്മണന്‍ ഉപദേശിക്കുന്നത്. സ്വധര്‍മ്മം പാലിക്കണമെന്നാണ് ലക്ഷ്മണനും വാദിക്കുന്നത്. അതല്ല പുത്രധര്‍മ്മമാണ് പാലിക്കേണ്ടതെന്നു പറഞ്ഞ് രാമന്‍ ബ്രാഹ്മണധര്‍മ്മം പാലിക്കുകയാണ്. (കാട്ടിലേക്കു പോവുന്നത് ബ്രാഹ്മണധര്‍മ്മമാണല്ലോ). ഇങ്ങനെയാണ് ആ ഭാഗം വ്യാഖ്യാനിക്കേണ്ടത്. ഭഗീരഥന്‍ തപസ്സു ചെയ്തിട്ടാണ് ഗംഗയെ കൊണ്ടുവരുന്നത്. തപസ്സ് ബ്രാഹ്മണധര്‍മ്മമാണ്. ബലംപ്രയോഗിച്ചിട്ടല്ല. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ബലം പ്രയോഗിക്കരുത്. ധര്‍മ്മാധര്‍മ്മങ്ങളുടെ കാര്യത്തില്‍ ധര്‍മ്മം തന്നെ അനുഷ്ടിക്കണം. ബലം ഉണ്ടെന്നു കരുതി അധര്‍മ്മം ചെയ്യരുത്.

അപ്പോള്‍ ഊര്‍മിളയുടെ ധര്‍മമോ?


അതേസമയം ഊര്‍മ്മിളയുടെ ധര്‍മ്മം വല്ലാത്തൊരു ഇരുളേടാണ് രാമായണത്തില്‍. ലക്ഷ്ണന്‍ രാമനോടൊപ്പം കാട്ടിലേയ്ക്കു പോകുന്നു. ഊര്‍മ്മിള ലക്ഷ്മണന്റെ ഇംഗിതം അതായത് അച്ഛനമ്മമാരെ ശുശ്രൂഷിക്കുന്നതില്‍ മുഴുകുകയാണ്. മരുമകളുടെ ധര്‍മ്മം അങ്ങനെയാണല്ലോ. അതേസമയം ഊര്‍മ്മിളയുടെ പക്ഷത്തുനിന്നു നോക്കിയാല്‍ സീതയ്ക്ക് ഭര്‍ത്താവിനൊപ്പം കാട്ടിലേയ്ക്കു പോകാം, തനിക്കും പൊയ്ക്കൂടെ? ഊര്‍മ്മിള അവഗണിക്കപ്പെട്ടുവെന്നതാണ് സത്യം.  ടാഗോറും ലളിതാംബികയും സുഗതകുമാരിയുമൊക്കെ അതിനെക്കുറിച്ച് എഴുതുന്നുണ്ട്.

തകഴി, ബഷീര്‍, ദേവ്

തകഴി, ബഷീര്‍, ദേവ് എന്നിവരുമായി നേരിട്ടിടപഴകാന്‍ സാധിച്ചിട്ടുണ്ടോ? 


തീര്‍ച്ചയായും. തകഴിയും കൂട്ടരും മറ്റും പരിപാടികളുടെ ഭാഗമായൊക്കെ ഒരു സംസ്ഥാനത്തില്‍ നിന്ന് മറ്റൊരു സംസ്ഥാനത്തിലേയ്ക്ക് സഞ്ചരിക്കുക പതിവാണ്. എന്നെയും ക്ഷണിക്കും. ഞാന്‍ പോവാത്തത് വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ കൊണ്ടാണ്. രണ്ടാഴ്ചയും മൂന്നാഴ്ചയുമൊക്കെ മാറിനില്‍ക്കാനുള്ള പ്രശ്‌നം കൊണ്ടാണ്. ഞാന്‍ വരില്ലെന്നു പറഞ്ഞാല്‍ തകഴി പറയും, '' ഞങ്ങളെയൊന്നും വിശ്വാസമില്ല. ഞങ്ങളൊക്കെ കുടിയന്മാരായതിനാലാണ് ലീലാവതി വരാത്തതെന്ന്'' ബഷീറിനെ രണ്ടുമൂന്നു തവണ കണ്ടിട്ടുണ്ടെന്നല്ലാതെ അടുത്തു പരിചയിച്ചിട്ടില്ല. വല്യ ഇഷ്ടമായിരുന്നു അദ്ദേഹത്തിനെന്നെ. ഞാനധികം അദ്ദേഹത്തെപ്പറ്റി എഴുതിയിട്ടില്ല. പക്ഷേ, ബഷീറിന്റെ എല്ലാ പുസ്തകങ്ങളും ഞാന്‍ ഉള്‍ക്കൊണ്ട് വായിച്ചിട്ടുണ്ട്, അങ്ങേയറ്റത്തെ ബഹുമാനവുമാണ്. പക്ഷേ, എം.എന്‍. വിജയനൊക്കെ എഴുതുന്നതുപാലെ എഴുതിയില്ല. ഒരുപാട് അനുഭവങ്ങള്‍ ഉളളയാളാണെന്ന് ശബ്ദങ്ങള്‍ പോലുള്ള പുസ്തകം വായിച്ചാല്‍ മനസ്സിലാകും. അത് അദ്ദേഹത്തിന്റെ അനുഭവമാണെന്നാണ് പറയുന്നത്. എന്നിരുന്നാലും ഒരു അപഥസഞ്ചാരിയായിരുന്നിട്ടില്ല അദ്ദേഹം. ഇങ്ങനെയൊക്കെ എഴുതിയിട്ടുണ്ടെന്നു വെച്ചിട്ട് മനുഷ്യത്വമില്ലാതെ പെരുമാറുന്ന ആളുമായിരുന്നില്ല. വ്യക്തിത്വത്തില്‍ അങ്ങേയറ്റത്തെ സാത്വികതയുണ്ടായിരുന്നു. ദേവിനെ വ്യക്തിപരമായി ഒട്ടും അറിയില്ല. കണ്ടിട്ടുമില്ല. വായിച്ചിട്ടേയുള്ളു.


പിന്നീട് അതുപോലെ വലിയ അഭിരുചിമാറ്റമുണ്ടാക്കിയ എഴുത്തുകാര്‍ ആധുനികതയുടെ ഘട്ടത്തിലാണല്ലോ അല്ലേ?


കുറച്ചുകൂടി ഉള്ളിലേയ്ക്കു നോക്കുന്നയാളുകളാണ് പിന്നീടു വന്നത്. തകഴിയും, ദേവുമൊക്കെ പുറമേയ്ക്കു നോക്കുന്നയാളുകളാണ്. ബഹിര്‍മുഖരാണ്. സമുദായത്തിന്റെ പ്രശ്‌നങ്ങളായിരുന്നു അവര്‍ക്കു മുഖ്യം. നേരെമറിച്ച് പിന്നീട് വന്നവര്‍ ഉള്ളിലേയ്ക്കാണ് നോക്കിയത്. മനുഷ്യന്റെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍, മാനസികപ്രശ്‌നങ്ങള്‍ മുതലായവയാണ് ഉറൂബ്, എം.ടി,പത്മനാഭന്‍ തുടങ്ങിയവരെഴുതിയത്. കഥാരംഗത്താണെങ്കില്‍  തുടങ്ങിയവര്‍. അന്തര്‍സൃഷ്ടികളായിരുന്നു അവരുടേത്. അന്തര്‍മുഖത്വം  ഉള്ളിന്റെ ഉള്ളിലുള്ള സത്തയാണ്. അതും ജീവിതത്തിന്റെ പരമമായ സത്യമാണ്. സമൂഹസ്വഭാവത്തിന്റെ സത്യം, മറ്റൊരു സത്യവും.  മനസ്സിലേയ്ക്കു നോക്കുമ്പോള്‍ 'ഞാന്‍' കടന്നു വരും. 'ഞാന്‍' അല്ലെങ്കില്‍ എനിക്ക് തുല്യമായ മറ്റൊരു വ്യക്തിയുടെ മനസ്സുവരുന്നു. മനോലോകത്തിലേയ്ക്കു തിരിയുകയാണ് ഉറൂബൊക്കെ ചെയ്യുന്നത്.

മനോലോകമെന്നു പറയുമ്പോള്‍ ഏറെയും പുരുഷന്മാരുടെ മനോലോകം തന്നെയാണത്, അല്ലേ? 

അവര്‍ക്ക് അത്രയേ പററിയിട്ടുള്ളൂ. സ്ത്രീയുടെ മനസ്സിന്റെ ഉള്ളിലേക്കു വരാന്‍ ചില സ്ത്രീയെഴുത്തുകാര്‍ തന്നെ വേണ്ടിവന്നു. അതേസമയം ചെറുകാട് സമൂഹത്തിലേക്കാണ് നോക്കിയതെന്നുവെച്ചാലും സ്ത്രീകളുടെ മനസ്സും നല്ലവണ്ണം കാണുന്നുണ്ട്. അതാണ് ചെറുകാടിന്റെ കഥാപാത്രങ്ങളെ പറ്റി ഞാന്‍ പ്രത്യേകിച്ച് എഴുതാന്‍ കാരണം.

കേട്ടിടത്തോളം ടീച്ചര്‍ക്ക് ഒരു ലിബറല്‍ സ്ത്രീപക്ഷവീക്ഷണമൊക്കെയുണ്ട്.


ഞാന്‍ സ്ത്രീപക്ഷവാദിയാണെന്ന് എനിക്കറിയാം. പക്ഷേ, മറ്റുളളവര്‍ സമ്മതിക്കില്ലെന്നുമാത്രം.

ആധുനികതയും മലയാളഭാവനയും 

എന്തായിരുന്നു അമ്പതുകളിലെ മലയാളിഭാവന? അതിന്റെ പൊതുസ്വഭാവം എന്തായിരുന്നു? വിദേശഭാഷാസമ്പര്‍ക്കം നമുക്കു ഗുണം ചെയ്‌തോ? 


1950-കള്‍ വരെയുള്ള സാഹിത്യം പൊതുവെ കാല്പനികതയുടെയും യഥാതഥവാദത്തിന്റെയും പിടിയിലായിരുന്നു. ഇക്കാലം ചങ്ങമ്പുഴ, വൈലോപ്പിള്ളി, അക്കിത്തം, ഇടശ്ശേരി തുടങ്ങിയവരുടെ സുവര്‍ണകാലം കൂടിയായിരുന്നു. 50-കളുടെ അവസാനപാദങ്ങളില്‍ ആധുനികത ശക്തിയാര്‍ജ്ജിച്ചു തുടങ്ങി. മാധവന്‍ അയ്യപ്പത്ത്, ആറ്റൂര്‍, അയ്യപ്പപ്പണിക്കര്‍, കടമ്മനിട്ട, സച്ചിദാനന്ദന്‍ തുടങ്ങിയവരുടെ കവിതകളിലൂടെ പുതിയൊരു അഭിരുചി പ്രത്യക്ഷപ്പെട്ടുതുടങ്ങി. അക്കാലത്ത് അതിനെപ്പറ്റി വന്ന വിമര്‍ശനം അതു പാശ്ചാത്യഭാഷകളില്‍ നിന്നു മലയാളത്തിലേക്ക് പറിച്ചു നട്ടതാണ്, സ്വന്തമായി വേണ്ടത്ര അനുഭവസമ്പത്തില്ലാത്ത കവികളാണവര്‍, അന്യരുടെ അനുഭവങ്ങളുടെ ആവിഷ്‌കാരമാണ് അവരുടെ എഴുത്ത് എന്നൊക്കെയാണ്. എനിക്കതിനോട് യോജിപ്പില്ല. കാരണം സാഹിത്യത്തിന്റെ മേഖലയില്‍ ഭൂസ്ഥിതിപരമായ അതിര്‍വരമ്പുകള്‍ക്ക് അര്‍ത്ഥമുണ്ടെന്നു തോന്നുന്നില്ല. കാല്പനികതയുടെ കാലത്തും പാശ്ചാത്യസ്വാധീനമുണ്ടായിട്ടുണ്ട്.  മണിപ്രവാളം, ചമ്പു, മഹാകാവ്യം, തുടങ്ങിയ പ്രാചീനസാഹിത്യപ്രസ്ഥാനങ്ങള്‍ സംസ്‌കൃതത്തിന്റെ സ്വാധീനവൃത്തത്തില്‍പെട്ടു പോയവയാണ്. കാല്പനികപ്രസ്ഥാനം ഇംഗ്ലീഷ്‌സാഹിത്യത്തിന്റെ പിന്തുടര്‍ച്ച അല്ലെങ്കില്‍ അനുകരണം എന്ന നിലയ്ക്കു കൂടിയാണ്. ഫ്രഞ്ചുസാഹിത്യത്തില്‍ കാല്പനികത നേരത്തേ സംഭവിച്ചു. പക്ഷേ, ഫ്രഞ്ചുഭാഷയും സാഹിത്യവുമായുള്ള നമ്മുടെ ബന്ധം തുലോം കുറവായതിനാല്‍ ഫ്രഞ്ചുകവികളെയല്ല ഇംഗ്ലീഷ്‌കവികളെയാണ് നാം അനുകരിച്ചത്. വേര്‍ഡ്‌സ്‌വര്‍ത്ത്,  കൊളറിഡ്ജ്, ഷെല്ലി, ബൈറണ്‍, കീറ്റ്‌സ്, ബ്ലേക്ക് തുടങ്ങിയരുടെ ഭാവുകത്വമാണ് മലയാളകവികളെ സ്വാധീനിച്ചത്. ആശാന്റെ 'വീണപൂവി'ലും മറ്റും പാശ്ചാത്യകാല്പനികതയുടെ ശക്തമായ സ്വാധീനമുണ്ട്. അതേക്കുറിച്ചു വിമര്‍ശിക്കാത്തവര്‍ ആധുനികതയിലെ പാശ്ചാത്യസ്വാധീനത്തെ കുറിച്ചു പറയുന്നിടത്ത് പൊരുത്തക്കേടുണ്ട്. പില്‍ക്കാലത്ത് നോവലുകളിലേക്കു വരുമ്പോഴും ഈ സ്വാധീനത കാണാം. സി.വിയുടെ ചരിത്രനോവലുകള്‍ അദ്ദേഹം വാള്‍ട്ടര്‍സ്‌കോട്ടിന്റെ നോവലുകള്‍ വായിച്ചതിന്റെ കൂടി ഫലമാണ്. ഇന്ദുലേഖ 'ഹെന്റീറ്റാ ടെമ്പിളി'ന്റെ സ്വാധീനഫലമായുണ്ടായ കൃതിയാണ്. അതിലെന്താ കുഴപ്പം? ആധുനികതാപ്രസ്ഥാനത്തിന്റെ ഒരു ദൗര്‍ബല്യമായി അതു ചൂണ്ടിക്കാണിക്കുന്നതില്‍ സാംഗത്യമില്ല.

ആധുനികതാവാദത്തിലെ ആത്മനിഷ്ഠതയോ? 

പൊതുവെ പ്രാചീനകവിതകളിലും പൗരാണിക ഇതിവൃത്തങ്ങളിലുമൊന്നും ആത്മനിഷ്ഠത പ്രബലമല്ല. 'എന്റെ' അന്തരംഗത്തെ ആവിഷ്‌ക്കരിക്കുന്നതാണ് കവിത എന്നു പഴയ കവികള്‍ കരുതിയിരുന്നില്ല. കാളിദാസന്റെ മേഘസന്ദേശത്തിലും മറ്റും ആഖ്യാതാവായ കവിയുണ്ട്; എന്നാലും അതു ആത്മനിഷ്ഠനായ 'ഞാന്‍' അല്ല. ഏതോ ഒരാളാണ് യക്ഷന്‍. ഭാവഗീതങ്ങളുടെ കടന്നുവരവോടെയാണ് ആത്മനിഷ്ഠത കടന്നുവരുന്നത്. റൊമാന്റിക്പ്രസ്ഥാനത്തിലൂടെയാണ് 'ഞാന്‍' വന്നത്. 'ഠവല ങമഴിശളശലെി േക'  ഞാന്‍ എന്ന മഹാത്ഭുതം- പാശ്ചാത്യചിന്തയിലാണുണ്ടായത്.

ഇന്ത്യന്‍ തത്വചിന്തയിലെ ബ്രാഹ്മണിക്ധാരയില്‍ 'പരമാത്മാ'സങ്കല്‍പ്പം ആണല്ലോ പ്രധാനം. 'കാല്പനികഅഹ'ത്തിന്റെ നിഷേധം അവിടെ നിന്നാണോ വരുന്നത്? 

ഞാന്‍ അഥവാ അഹം എന്നത് നിഷിദ്ധമായിത്തുടരുന്ന പ്രാചീനസാഹിത്യപ്രവണത മാറിമറിയുന്നത് യൂറോപ്യന്‍സാഹിത്യസമ്പര്‍ക്കത്തിലൂടെയാണ്. അതിനെ അനുകരണം എന്നു പറയുന്നതിനു പകരം സമ്പര്‍ക്കം എന്നു വിളിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. നാം ഏതു സംസ്‌കാരവുമായി ബന്ധപ്പെട്ടാലും അതിന്റെ സമ്പര്‍ക്കം ഉണ്ടാവാതെ കഴിയില്ല. ഈ സമ്പര്‍ക്കം യൂറോപ്യന്‍സാഹിത്യത്തിലുമുണ്ടായിട്ടുണ്ടല്ലോ. ഇന്ത്യന്‍ ഉപനിഷത്തുകളുടെയും പുരാണങ്ങളുടെയും നിഴലുകള്‍ ഫ്രഞ്ച്, ബ്രിട്ടീഷ്, ജര്‍മ്മന്‍, സാഹിത്യങ്ങളിലൊക്കെയും കാണാം. മാക്‌സ്മുള്ളറുടെയും മറ്റും പ്രയത്‌നഫലമായി ഇന്ത്യന്‍സാഹിത്യം കുറേ അങ്ങോട്ടും പോയിട്ടുണ്ട്. പാശ്ചാത്യമനശ്ശാസ്ത്രത്തില്‍ വരെ ഈ സ്വാധീനം ശക്തിചെലുത്തിയിട്ടുണ്ട്. എന്നാലതൊന്നും അവിടെനിന്ന് ഇങ്ങോട്ടേയ്ക്കുള്ളത്ര ശക്തിമത്തായ സ്വാധീനമല്ല എന്നേയുള്ളൂ. സമ്പര്‍ക്കഫലമായിട്ടുള്ള അനുകരണം, സ്വാധീനം എന്നത് എവിടെയും സംഭവിക്കുന്നു എന്നാണിതിനര്‍ത്ഥം. അത് അപലപനീയമല്ല.

സംസ്‌കാരം കലര്‍പ്പിലൂടെയാണ് രൂപംകൊളളുന്നതെന്നര്‍ത്ഥം, അല്ലേ?

തീര്‍ച്ചയായും. ആ കലര്‍പ്പ് നേരിട്ടാകണമെന്നില്ല. പരോക്ഷവുമാവാം. അനുഭവം പുസ്തകം വായിച്ചിട്ടുണ്ടായതുമാകാം. ടി.എസ്. എലിയട്ടിന്റെ യുദ്ധത്തെകുറിച്ചുള്ള അനുഭവം കേരളത്തിലുളള കവിയ്ക്കുണ്ടാകുമോ എന്നു ചോദിച്ചാല്‍ ഉണ്ടാവണമെന്നില്ല. എങ്കിലും അനുഭവം അനുഭവം തന്നെയാണ്. കമ്യൂവിന്റെ 'ഔട്ട്‌സൈഡറോ' കാഫ്കയുടെ 'മെറ്റമോര്‍ഫോസിസോ' വായിച്ചാലുണ്ടാകുന്ന ഭാവനയും സങ്കല്‍പ്പവും നമ്മുടേതുതന്നെ. വായനയുടെ ഫലമായുണ്ടാകുന്ന സ്വീയാനുഭവമാണത്. പാശ്ചാത്യനാടുകളില്‍ വീശുന്ന കാറ്റ് ഇവിടെയെത്തുമ്പോള്‍ ഇവിടത്തെ കാറ്റാവുന്നതു പോലെയാണത്. സൂര്യന്റെ വെളിച്ചം എല്ലാവര്‍ക്കും എവിടെയും ഒരേപോലെയല്ലേ? അതുകൊണ്ട് സംസ്‌കാരികസമ്പര്‍ക്കത്തിന്റെ ഫലമായുണ്ടാകുന്ന പുതിയ പ്രസ്ഥാനങ്ങള്‍ കാറ്റും വെളിച്ചവും പോലെയാണ്. അനുകരണമാണത് എന്ന ആരോപണം പുതിയ എഴുത്തുകാരെ നിന്ദിക്കാന്‍ പഴയവര്‍ ഉണ്ടാക്കിയെടുത്ത യുക്തിയാണ്. ജി.കവിതയെകുറിച്ച് ടി.കെ.കൃഷ്ണമേനോന്‍ നടത്തിയ ആരോപണം  ഓര്‍ക്കുന്നു, ജി.യുടെ കവിതകള്‍ വായിച്ചിട്ട് 'ടാക്കൂര്‍' എന്നു പേരായ ഒരു കവിയുണ്ട്; അദ്ദേഹത്തെ അനുകരിക്കുകയാണ് നമ്മുടെ കവികള്‍'' എന്നദ്ദേഹം പരിഹസിച്ചിരുന്നു. ഈ പറയുന്ന കവികള്‍ക്കൊക്കെ സംസ്‌കൃതകവികളുമായി ഏറെ സമ്പര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ പുതിയ കവികള്‍ക്കുള്ള പാശ്ചാത്യസമ്പര്‍ക്കം തെറ്റാണെന്നു തോന്നുകയാണ്. ഇത്തരത്തിലുള്ള പരിഹാസങ്ങള്‍ക്ക് ഒരര്‍ത്ഥവുമില്ല. ആധുനികതയുടെ ധര്‍മങ്ങളായ സര്‍വനാശാവബോധം, അസ്തിത്വദുഃഖം, നിര്‍ലക്ഷ്യതാബോധം തുടങ്ങിയവ നമ്മുടെ നാട്ടിലെ അനുഭവങ്ങള്‍ വെച്ചുതന്നെ ഉണ്ടായിക്കൊള്ളണമെന്നില്ല. ചിലപ്പോള്‍ അതുണ്ടായെന്നും വരാം. അതുവേറെ കാര്യം.

സ്വാതന്ത്ര്യലബ്ധിയ്ക്കു മുമ്പ് ഇവിടെ പലതരം സൂമൂഹികപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും യൂറോപ്പിലുണ്ടായതുപോലുളള ഒരു യുദ്ധം ഉണ്ടായിട്ടില്ല. അവരുടേതുപോലുള്ള യുദ്ധാനുഭവവും നമുക്കില്ല. പിക്കാസോയുടെ 'ഗുര്‍ണിക്ക' യുദ്ധാനുഭവത്തില്‍ നിന്നുമുണ്ടായതാണ്. ലോകമഹായുദ്ധങ്ങള്‍ അനുഭവിച്ച യൂറോപ്യന്‍ മനസ്സില്‍ നിന്നേ അതുണ്ടാവൂ. പക്ഷേ, അതു വായിക്കുകയോ ആസ്വദിക്കുകയോ ചെയ്യുമ്പോള്‍ അത്തരം ആവിഷ്‌ക്കാരങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സമാനമായ അനുഭവമായി നമ്മുടെ കൃതികളും മാറും. കാഫ്കയുടെ 'മെറ്റമോര്‍ഫോസിസ്' അല്ലെങ്കില്‍ ആനന്ദിന്റെ 'മരണസര്‍ട്ടിഫിക്കറ്റ്' പോലുള്ള കൃതി ഇവിടെയുണ്ടാവുമ്പോള്‍ അത് ഇവിടെയുണ്ടായ അനുഭവമായിത്തന്നെയാണ് നാം ഉള്‍ക്കൊള്ളുന്നത്. ഇതുപോലെത്തന്നെയാണ് പില്‍ക്കാലത്തുണ്ടായ പ്രവണതകളും. ഇപ്പോള്‍ത്തന്നെ കവിതയിലുണ്ടായ മാറ്റം നോക്കൂ. കവിതയാണെന്നു പറഞ്ഞെഴുതുന്നതൊക്കെ ഗദ്യമാണ്. ഇതും പാശ്ചാത്യസമ്പര്‍ക്കഫലമാണ്. മീറ്ററില്‍ കവിതയെഴുതുക എന്നത് പഴയകാല സങ്കല്‍പ്പമാണ്. ഇപ്പോഴതിലാര്‍ക്കും താല്‍പ്പര്യമില്ല. അതൊരു മോശം കാര്യവുമല്ല. എന്നാല്‍ ദ്രാവിഡപാരമ്പര്യമുള്‍ക്കൊണ്ട പഴയ കവിതയുടെ സംഗീതമാധുര്യവും ഒരു മോശം കാര്യമല്ല, അതൊരു ഗുണവുമാണ്. കവികള്‍ സംഗീതമുള്‍ക്കൊണ്ട് ആവിഷ്‌ക്കരിക്കുമ്പോള്‍ അതിനതിന്റേതായ മെച്ചമുണ്ട്. ചങ്ങമ്പുഴ, വയലാര്‍, ഒ.എന്‍.വി, പി. ഭാസ്‌കരന്‍ തുടങ്ങിയവരുടെ കവിതകള്‍ ഉദാഹരണം. അവരുടെ കവിതകളിലൊക്കെ വൃത്തബന്ധം കൊണ്ട് സംഗീതാത്മതയ്ക്കുണ്ടായ ആ മികവ്- അതിനെ മികവായിത്തന്നെ അംഗീകരിക്കണം. സത്യത്തില്‍ വൃത്തബദ്ധമായ രീതിയില്‍ അനുഭൂതികളെ ആവിഷ്‌ക്കരിക്കുന്നതു സഹജമായിട്ടുള്ള കവി  പ്രതിഭാശാലിയാണെങ്കില്‍ ആ കവിത മനോഹരമാകും. അതില്‍ തര്‍ക്കമില്ല. അതിന്റെ മനോഹാരിതയുടെ ഒരു പ്രബലഘടകം സംഗീതമാണ്. പുതിയ ആളുകള്‍ പഴയവരെ വൃത്തത്തിന്റെ പേരില്‍ പരിഹസിക്കുന്നതില്‍ അര്‍ത്ഥമില്ല, മറിച്ച് വെറുതെ ഗദ്യമെഴുതി വെച്ചാല്‍ കവിതയുമാവില്ല.

അപ്പോള്‍ എന്താണു കവിത?

കവിതാത്മകത വേറൊന്നാണ്. ഗദ്യത്തിലെഴുതുന്നതുകൊണ്ട് കവിതയല്ലാതാവുന്നില്ല. വൃത്തത്തിലാണ് എന്നതുകൊണ്ട് കവിതയാവണമെന്നുമില്ല. സച്ചിദാനന്ദന്റെ 'അഹല്യ'ഗദ്യത്തിലാണ്. പക്ഷേ, 'ബോധവതി' പദ്യത്തിലാണ്. രണ്ടും രണ്ടുതരത്തിലാണ് എഴുതിയത്. രണ്ടു കവിതയിലും ആശയവും സങ്കല്‍പ്പവും ഏറക്കുറെ ഒന്നാണ്. അഹല്യ ഉറങ്ങിക്കിടക്കുന്ന അടിത്തട്ടിലെ ജനതയാണ്. അവര്‍ ഉയര്‍ത്തെഴുന്നേറ്റാലേ മോചനമുള്ളൂ. ഇതേ ആശയമാണ് 'ബോധവതി'യിലും. അതിലെ മാതംഗി അടിത്തട്ടിലെ ജനതയുടെ പ്രതീകമാണ്. ഉണര്‍ത്തപ്പെടുകയാണവള്‍. കെ.ജി.ശങ്കരപ്പിള്ളയുടെ കവിതകള്‍ ഏറെയും ഗദ്യാത്മകമാണ്. ചില പഴയ കവിതകളും ഈയടുത്തുവന്ന ചിലതും വൃത്തബദ്ധമാണ്. എന്നാല്‍ വൃത്തബദ്ധമല്ലാത്തതുകൊണ്ട് അതില്‍ കവിതാത്വമില്ല എന്നു പറയാന്‍ കഴിയുമോ? കാരണം അതിനകത്ത് വൃത്തബദ്ധതയ്ക്കു പകരം ഭാവപരമായ ഒരു അന്തസ്സംഗീതം നിലനില്‍ക്കുന്നുണ്ട്. ഗദ്യം വെറുതെ മുറിച്ചുമുറിച്ച് എഴുതുകയല്ല, അദ്ദേഹം. ഇമേജുകളുടെ സൃഷ്ടികൊണ്ട്, വൈചാരികദര്‍ശനം കൊണ്ട് പുതിയൊരു മാറ്റം ഉണ്ടാക്കുന്നു. അങ്ങനെ വരുമ്പോള്‍ അത്തരത്തിലുള്ള കൃതികളുടെ ശക്തി ആ കാവ്യബിംബകല്‍പനകളാണ്, ദര്‍ശനങ്ങളാണ്. അല്ലാതെ സംഗീതമല്ല.
നേരേമറിച്ച് സംഗീതമുള്ള ഒ.എന്‍.വി കവിതകളും മറ്റും സംഗീതമുണ്ടായി എന്നതുകൊണ്ട് മോശമായി എന്ന അഭിപ്രായം എനിക്കില്ല. അതിനു നമ്മുടെ ആത്മാവിനെ സ്പര്‍ശിക്കാന്‍ കഴിയുന്നുണ്ട്. അതേസമയം വൃത്തം മാത്രമേയുള്ളൂ; യാതൊരു കല്‍പനാമാധുര്യമോ അനുഭൂതിശക്തിയോ ഇല്ലാതെ, പ്രരൂഢമായ ഒരാശയം പോലുമില്ലാതെ പദ്യത്തിലെഴുതിയാല്‍ അതു പദ്യമേ ആകൂ. കവിതയാവില്ല.

ധ്വനിയായിരുന്നു ആധുനികത വരെയുള്ള കവിതകളുടെ ശക്തികേന്ദ്രം. പുതിയ മലയാളകവിതയില്‍ ധ്വനി കുറവാണല്ലോ?

ധ്വനി അന്നും ഇന്നും പ്രധാനമാണെന്നാണ് എന്റെ ഉറച്ച വിശ്വാസം. ഏതെങ്കിലും ഒരു ഭാവം, ഒരു വികാരം, ഒരു ചിന്ത അതായത്, പുറമേ വചിക്കുന്നതില്‍ നിന്നും വ്യത്യസ്തമായ മറ്റൊരനുഭവം ഉള്ളില്‍ ഒരു അടരായി, അടിയൊഴുക്കായി വര്‍ത്തിക്കുന്നത് എല്ലാ നല്ല കവിതയിലുമുണ്ട്. മലയാളകവിതയില്‍ ധ്വനി തീരെയില്ലെന്നു പറയാനാവില്ല. സാമാന്യേന ഇല്ലായിരിക്കാം. വളരെ മൂര്‍ത്തമായി ഒരാശയത്തെ ധ്വനിപ്പിക്കുന്നില്ല എന്നേയുള്ളൂ. അക്കാദമികമായി പറഞ്ഞാല്‍ ധ്വനി രണ്ടു തരമുണ്ട്. വസ്തുധ്വനി, രസധ്വനി എന്നിങ്ങനെ. വസ്തുധ്വനിയില്‍ കോണ്‍ക്രീറ്റായ ഒരു ആശയം ധ്വനിക്കണം. അതുപോലെ ഏതെങ്കിലും ഒരു ഭാവം ധ്വനിക്കുന്നതാണ് ഭാവധ്വനി. മനുഷ്യമനസ്സിലെ ഭാവങ്ങള്‍ പൗരസ്ത്യാചാര്യന്മാര്‍ നിഷ്‌കര്‍ഷിച്ച 33 ഭാവങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നില്ല. എങ്കിലും അതിലേതെങ്കിലുമൊന്ന് ഉള്ളില്‍ തട്ടുന്ന വിധത്തില്‍ ആവിഷ്‌ക്കരിച്ചാല്‍ അത് കവിതാത്വമായി. അത് എത്രത്തോളം മനുഷ്യമനസ്സിനെ മഥിക്കുന്നു, സ്പര്‍ശിക്കുന്നു എന്നുള്ളതിന്റെ തോതനുസരിച്ചാണ് കവിതയുടെ മഹത്വം. അല്ലാതെ ബാഹ്യമായ രൂപപരമായ ചട്ടക്കൂടല്ല മഹത്വകാരണം. രണ്ടാമത്തെ അക്ഷരം ഒന്നാവുക, ഒരു പദ്യരൂപമുണ്ടാവുക എങ്കില്‍ കവിതയായി എന്നു തെറ്റിദ്ധരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.
അത്തരം എത്രയോ കവികള്‍ പദ്യരചനക്കാരായുണ്ടായിട്ടുണ്ട്! കവിതാസാഹിത്യചരിത്രത്തില്‍ ഞാനും അവരെയൊക്കെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാരണം അതൊരു സാഹിത്യചരിത്രപുസ്തകമാണ്, നിരൂപണമല്ല. നിരൂപണം നടത്തുമ്പോള്‍ കവിത ഉണ്ടെന്നു തോന്നുന്നതിനെ തെരഞ്ഞെടുക്കാന്‍ എനിക്കു സ്വാതന്ത്ര്യമുണ്ട്. ചരിത്രമെഴുതുമ്പോള്‍ അതില്ല. എല്ലാര്‍ക്കും ചരിത്രത്തില്‍ സ്ഥാനമുണ്ടാവണം. പൊതുവെ ബഹുജനം കവിതയായി കരുതുന്ന എല്ലാറ്റിനെയും ഉള്‍പ്പെടുത്തേണ്ടിവരും. നിരൂപണരചന ഏറക്കുറെ ഗുണപരവും ചരിത്രരചന ഗണപരവുമാണെന്നര്‍ത്ഥം.

എഴുപതുകളിലെ സാഹിത്യം

എഴുപതുകളിലെ നക്‌സലൈറ്റ് സാഹിത്യം വലിയൊരു ശക്തിയായിരുന്നല്ലോ. പിന്നീടത് ക്ഷയിച്ചെങ്കിലും ഇപ്പോഴും കവിതകളിലൊക്കെ ഇടക്കിടെ പുനര്‍വായനകളായും മറ്റും പ്രത്യക്ഷപ്പെടുന്നുണ്ട്. എഴുപതുകളിലെ സാംസ്‌കാരിക ഭാവുകത്വത്തെ എങ്ങനെയാണ് കാണുന്നത്?

ഞാനത് എഴുതിയിട്ടുണ്ട്. ആദര്‍ശബോധമുണ്ടായിരുന്നതു കൊണ്ടാണ് അത് തലവെട്ടിപ്രസ്ഥാനത്തിലേക്ക് വളര്‍ന്നത്; അല്ലാതെ അവര് മനുഷ്യരുടെ ശത്രുക്കളായതുകൊണ്ടല്ല. കമ്യൂണിസ്റ്റുപാര്‍ട്ടി പോലും അതിന്റെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നില്ലെന്ന ഇച്ഛാഭംഗത്തില്‍ നിന്നാണ് നക്‌സലിസം വരുന്നത്. അവര്‍ക്ക് ശരിക്കു പറഞ്ഞാല്‍ മനുഷ്യമഹത്വത്തെ കുറിച്ച് വ്യക്തമായ സങ്കല്‍പ്പമുണ്ട്. കഷ്ടപ്പെടുന്നവരെ, പ്രത്യേകിച്ച് ആദിവാസികളെ, അധഃസ്ഥിതരെ ഉദ്ധരിക്കണമെന്നുള്ള ലക്ഷ്യമവര്‍ക്കുണ്ട്. പക്ഷേ, കുറച്ചു പേരെ അതില്‍ വന്നുള്ളൂ എന്നതുകൊണ്ട് അത് സാക്ഷാല്‍കൃതമാവില്ലെന്നത് വലിയൊരു സത്യം. അതേസമയം ഒരു പ്രസ്ഥാനം അക്രമപ്രസ്ഥാനം/ തലവെട്ടി പ്രസ്ഥാനം എന്ന നിലയില്‍ വന്നാല്‍ അത് ആ പാര്‍ട്ടിയുടെ ദൗര്‍ബല്യവുമാണ്. എങ്കിലും ആശയപരമായിട്ട് നക്‌സലൈറ്റ് അനുഭാവമുള്ള കവിതകളെ ഞാന്‍ അക്കാലത്തേ അംഗീകരിച്ചിരുന്നു. 'ബംഗാള്‍' എഴുതിയ കാലത്ത് അത് മഹത്തായ കവിതയെന്ന് വിലയിരുത്തിയിട്ടുണ്ട്. അന്ന് ഒ.എന്‍.വിയൊക്കെ ദേഷ്യപ്പെട്ടിരുന്നുവെന്നാണ് ഓര്‍മ. തീയും ഊഷ്മളതയും വിപ്ലവവുമൊക്കെ ഇവര്‍ക്കേയുള്ളൂ പഴയ കമ്യൂണിസ്റ്റുകാര്‍ക്കില്ലെന്നു പറഞ്ഞപോലെയായിരുന്നു അവരുടെയൊക്കെ പ്രതികരണം. 'ഈ കുട്ടികളുടെ പാട്ടില്‍ തീയുണ്ടെ'ന്നായിരുന്നു എന്റെ ലേഖനത്തിന്റെ പേര്, അന്നവര്‍ കുട്ടികളായിരുന്നല്ലോ. അവരുടെ ആവേശം അത് അംഗീകാര്യമാണെന്ന പക്ഷമായിരുന്നു എനിക്ക്. അതേസമയത്ത് ഹിംസയില്‍ അവസാനിച്ചാല്‍ ശരിയാവുമെന്ന അഭിപ്രായവുമില്ല. വാളെടുത്തവന്‍ വാളാലെന്നത് ഒരു സത്യം തന്നെയാണ്. റഷ്യ ഒരു ദൃഷ്ടാന്തം.പ്രഭാഷകയായ സ്ത്രീ

മികച്ച പ്രഭാഷകര്‍ ഒരുപാടുണ്ടെങ്കിലും അങ്ങനെ അംഗീകരിക്കപ്പെടുന്ന സ്ത്രീകളില്ല. ടീച്ചര്‍ അതിനൊരു അപവാദമാണ് . ടീച്ചറുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പ്രഭാഷണം ഏതാണ്? 


കാലടി സര്‍വ്വകലാശാലയില്‍ 'രഘുവംശ'ത്തെ കുറിച്ചു ചെയ്ത പ്രസംഗം രണ്ടു രണ്ടരമണിക്കൂര്‍ നീണ്ടതായിരുന്നു. അത് ആളുകള്‍ക്കു വളരെ ഇഷ്ടപ്പെട്ടതായി തോന്നി. ഇക്കഴിഞ്ഞ കൊല്ലം തിരൂര്‍ മലയാളസര്‍വകലാശാലയില്‍ വള്ളത്തോളിന്റെ കവിതയെപ്പറ്റി ഏതാണ്ട് അഞ്ചുമണിക്കൂറോളം പ്രസംഗിച്ചിരുന്നു. വളരെ വിസ്തരിച്ചാണ് ആ പ്രസംഗം നടത്തിയത്.

 എം.എന്‍.വിജയന്‍മാഷുടെയും സുകുമാര്‍ അഴീക്കോടിന്റെയും മറ്റും പ്രഭാഷണങ്ങളെക്കുറിച്ച് അവയുടെ സരസതയെ കുറിച്ച്, ഗാംഭീര്യത്തെകുറിച്ച് കേള്‍വിക്കാര്‍ക്ക് ഗംഭീരം എന്ന ഒരു മുന്‍വിധിയുണ്ട്. ടീച്ചറുടേത് വളരെ സമയമെടുത്ത് ഹോംവര്‍ക്ക് ചെയ്ത പ്രസംഗങ്ങളാണെന്നും തോന്നിയിട്ടുണ്ട്. സമകാലികരായ പുരുഷപ്രാസംഗികരുടെയത്ര അംഗീകാരം ടീച്ചര്‍ക്ക് ലഭിച്ചിരുന്നോ? 

പറഞ്ഞാല്‍ ഒരുപക്ഷേ, അഹന്തയാണെന്ന് ആളുകള്‍ക്ക് തോന്നിയേക്കാം. എനിക്കും വാക്കിനു മുട്ടുണ്ടാവാറില്ല. അതതുസന്ദര്‍ഭത്തില്‍ ഉചിതമായ വാക്ക് എനിക്കും തോന്നാറുണ്ട്. പക്ഷേ, ഞാന്‍ ചെയ്ത പ്രസംഗം നന്നായി എന്നു പറയാന്‍ പുരുഷന്മാര്‍ക്കിഷ്ടമില്ല. എന്നാല്‍ പുരുഷന്മാരുടെ അത്ര നല്ലതല്ലാത്ത പല പ്രസംഗങ്ങളെയും പുകഴ്ത്തിപ്പറയുന്നതു കേട്ടിട്ടുണ്ട്. പരിഷത്തിലും മറ്റും നീട്ടിയുള്ള പ്രസംഗങ്ങള്‍ ചെയ്യുമ്പോള്‍ ചിലരെങ്കിലും അസഹിഷ്ണുത കാണിച്ചിട്ടുണ്ട്. ദീര്‍ഘമായി പ്രസംഗിക്കുന്ന മറ്റു പലരോടും അതില്ലെന്നും എനിക്കറിയാം. ഞാനതിനെ കാര്യമാക്കിയില്ലെന്നതാണ് സത്യം. ആരെന്തും പറഞ്ഞോട്ടെ, എനിക്കു പറയാന്‍ ചിലതുണ്ടെങ്കില്‍ ഞാന്‍ അതു പറയാതെ പോരാറില്ല. സാറാജോസഫിനോടൊന്നും ഇത്ര അസഹിഷ്ണുതയുണ്ടെന്നു തോന്നുന്നില്ല. എന്തുകൊണ്ടാണ് ഞന്‍ ടാര്‍ജറ്റ് ചെയ്യപ്പെട്ടതെന്ന് എനിക്കറിയില്ല. 

നിരൂപകയായ സ്ത്രീ 

ഒരിക്കല്‍ എം.എന്‍  വിജയന്‍ മാഷ് എന്‍.വി.കൃഷ്ണവാരിയരുടെ കവിതകളെ കുറിച്ചു ചോദിച്ചപ്പോള്‍ അതേക്കുറിച്ച് കൂടുതല്‍ ആധികാരികമായി പറയാന്‍ ലീലാവതിയ്‌ക്കേ കഴിയൂ എന്നു പറഞ്ഞുവത്രെ. മലയാളസാഹിത്യപാരമ്പര്യത്തിലെ പുരുഷാധിപത്യം തിരിച്ചറിയുന്നവര്‍ക്ക് എം.എന്‍. വിജയനോട് ആദരവ് തോന്നാനിടയുള്ള സന്ദര്‍ഭമാണത്. 


വിജയന്‍മാഷിന് എന്നോടു നല്ല ബന്ധമായിരുന്നു. ഞങ്ങള്‍ സഹപാഠികളുമായിരുന്നു. പരസ്പരബഹുമാനവും ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു.

മഹാരാജാസ് കോളജില്‍ ടീച്ചര്‍ വേണ്ടത്ര അംഗീകരിക്കപ്പെട്ടിരുന്നില്ല എന്ന തോന്നലാണുള്ളത്, ശരിയല്ലേ?


വിക്ടോറിയാ കോളജില്‍ എനിക്ക് വളരെ അപ്രീസിയേഷന്‍ കിട്ടിയിരുന്നു. അവിടത്തെയത്ര തുറന്ന സമീപനം എഴുത്തുകാരിയെന്ന നിലയില്‍ മഹാരാജാസിലുണ്ടായിരുന്നില്ല. വിക്ടോറിയയില്‍ അസൂയാകാലുഷ്യങ്ങള്‍ ഒട്ടുമുണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് അവിടെ ഉണ്ട്, ഇവിടെ ഇല്ല എന്നു ചിന്തിക്കുമ്പോഴാണത് വെളിപ്പെടുന്നത്.

കഥാകൃത്ത് സി.അയ്യപ്പനെ അറിയുമായിരുന്നോ?

ടി.കെ.സി. വടുതലയുടെ മരുമകനാണദ്ദേഹം. മഹാരാജാസിലെ അധ്യാപകനായിരുന്നു. അത്രയ്ക്ക് അടുപ്പമുണ്ടായിരുന്നില്ല. കഥയെപ്പറ്റി അധികം എഴുതുന്നയാളല്ലായിരുന്നു ഞാന്‍. അതുകൊണ്ടെഴുതിയില്ല എന്നേയുള്ളൂ. അല്ലാതെ ആരെയും അവഗണിച്ചിട്ടില്ല.

പക്ഷേ, സി. രാധാകൃഷ്ണനെപ്പറ്റി ധാരാളം എഴുതിയല്ലോ?

ഇപ്പോള്‍ ഞാനതാണ് ചെയ്തുകൊണ്ടിരിക്കുന്ന വര്‍ക്ക്. മുമ്പും എഴുതിയിട്ടുണ്ട് വേറൊരു പുസ്തകം. 9 നോവലുകളെപ്പറ്റി മാത്രമാണതിലുള്ളത്. എന്നാല്‍ മറ്റു നല്ല പുസ്തകങ്ങള്‍ വേറെയുമുണ്ട്. അതിനെപ്പറ്റി മറ്റുള്ളവര്‍ എഴുതട്ടെ. പക്ഷേ, ആരുമങ്ങനെ എഴുതുന്നതു കാണാനില്ല. എല്ലാ നോവലുകളും കൂടി ഒന്നിച്ചു ചേര്‍ത്ത് പഠനം എഴുതിക്കൊണ്ടിരിക്കയാണ് ഞാന്‍.

ഔദ്യോഗികരംഗത്ത് കഠിനമായി ജോലി ചെയ്ത ആളാണ് ടീച്ചര്‍. ഒന്നൊഴിയാതെ പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കേണ്ടിവരുക,  ഇതിനിടയില്‍ എഴുത്തും പ്രഭാഷണങ്ങളും നിര്‍വഹിക്കുക, ദരിദ്രരായ വിദ്യാര്‍ത്ഥികളെ സഹായിക്കുക, കുടുംബിനിയുടെ ചുമതലകള്‍ വേറെയും. ഇതെല്ലാം ഒന്നിച്ചു മുന്നോട്ടു കൊണ്ടുപോവാന്‍ കഴിഞ്ഞതെങ്ങനെ? ഒരു സ്ത്രീ എന്ന നിലയ്ക്ക് രണ്ടോ മൂന്നോ ജന്മം കൊണ്ടുള്ള അധ്വാനം ടീച്ചര്‍ എടുത്തിട്ടുണ്ട്.

ഒന്നാമതായി മറ്റുള്ളവര്‍ നമ്മെപ്പറ്റി എന്തുപറയുന്നു എന്നതിനെ കുറിച്ച് ഇന്‍ഡിഫറന്റ് ആയിരിക്കാന്‍ കഴിഞ്ഞാല്‍ അതൊരു കഴിവാണ്. ഞാന്‍ അങ്ങനെയാണ്. ആരെന്തുപറഞ്ഞാലും എന്റെ അഭിപ്രായം ഞാന്‍ തുറന്നുപറയും. മറ്റുള്ളവര്‍ തീര്‍ക്കാത്ത പാഠങ്ങള്‍ ഞാന്‍ എടുത്തുതീര്‍ക്കാറുണ്ട്. ഞാന്‍ വകുപ്പുമേധാവിയായിരിക്കുമ്പോഴും മറ്റും അങ്ങനെ ചെയ്തത് മറ്റുള്ളവരെ ശകാരിക്കുന്നതിനു പകരമായിട്ടുതന്നെയാണ്. അതിലവര്‍ക്ക് അസ്വസ്ഥതയുമുണ്ടായിരുന്നു. അഞ്ചു മണിക്കൂര്‍ ക്ലാസെടുക്കാന്‍ അന്നുമിന്നും എനിക്ക് പ്രയാസമില്ല. പറയാനുള്ളതു പറയാനുള്ള  നിലയ്ക്കാത്ത ഉത്സാഹം എന്റെയുള്ളിലുണ്ട്. പിന്നെ എഴുത്തിന്റെ കാര്യം. കിട്ടിയ സമയം മുഴുവന്‍ ഉപയോഗിക്കും. രണ്ടാമതു പകര്‍ത്തിയെഴുതല്‍ പൊതുവെയില്ല. ആദ്യത്തെ ഡ്രാഫ്റ്റുതന്നെ വളരെ ശ്രദ്ധിച്ചെഴുതി, അതുതന്നെ പ്രസ്സിലേക്കു കൊടുക്കുന്ന രീതിയാണെന്റേത്. അതുകൊണ്ടാണിത്രയും എഴുതാന്‍ കഴിയുന്നത്. ഒരുപാടെഴുതിക്കൂട്ടി എന്നാണ് പലരും ആക്ഷേപമായി പറയുന്നത്. മഹാന്മാര്‍ വളരെ ചെറിയ പുസ്തകങ്ങള്‍ എഴുതുന്നു, ലീലാവതി 'വണ്ണ'രാജി എഴുതുന്നുവത്രെ! 'വര്‍ണരാജി'യല്ല, 'വണ്ണരാജി'യാണെന്നാണ് പരിഹാസം. 14 കവികളുടെ കവിതകളാണതില്‍ ഞാന്‍ പഠിച്ചത്. വാസ്തവത്തില്‍ ഓരോ കവിയ്ക്കും കുറച്ചു ഇടമേ അതില്‍ കൊടുക്കാനായുള്ളൂ. ഇത്രയധികം കവികളെക്കുറിച്ചുള്ള പഠനം ഒറ്റ പുസ്തകത്തില്‍ എഴുതുന്നതിനു പകരം എനിക്കെന്താ അതു രണ്ടു പുസ്തകത്തിലാക്കാമായിരുന്നില്ലേ? എന്നാല്‍ ഇത്ര വണ്ണമുണ്ടാവുമോ? അത് ഒറ്റപുസ്തകമാക്കിയെന്നതാണവരുടെ പ്രശ്‌നം. അതു ഗ്രഥിച്ചതാണ്, ഗ്രഥിക്കുന്നതാണ് ഗ്രന്ഥം. ഇതൊന്നും ചിന്തിക്കാതെ വെറുതെ പരിഹസിക്കുകയാണ് ചിലര്‍. മറ്റു ചിലര്‍ക്ക് 'വര്‍ണരാജി'യെക്കുറിച്ചുള്ള ആക്ഷേപം അതൊരു 'സവര്‍ണ'രാജിയായെന്നാണ്. അതു വാസ്തവത്തില്‍ ഭയങ്കരമായിട്ടുള്ള ഒരു കുത്താണ്. അതു കേട്ടതിനു ശേഷം ഞാന്‍ കൃതി നോക്കുമ്പോള്‍ അതില്‍ പറഞ്ഞ കവികള്‍ സവര്‍ണരാണെന്നതൊക്കെ ശരിതന്നെ. പക്ഷേ, അതെന്റെ കുറ്റമാകുന്നതെങ്ങനെയെന്നു മനസ്സിലാകുന്നില്ല. ഈ നാട്ടില്‍ അവര്‍ണരുടെ അമ്മമാര്‍ കവികളെ പ്രസവിക്കാത്തത് എന്റെ കുറ്റം കൊണ്ടാണോ? കുമാരനാശാനെപ്പറ്റി ഞാന്‍ പ്രശംസിച്ചുതന്നെ  എഴുതിയിട്ടുണ്ട്. എന്നിട്ടും ദുരവസ്ഥയെക്കുറിച്ച് അതു ശരാശരിയിലും താഴെ എന്നു പറഞ്ഞപ്പോഴേയ്ക്കും കോലാഹലമായില്ലേ? പില്‍ക്കാലത്ത് എ. അയ്യപ്പനെപ്പോലെയുള്ള കവികളുണ്ടായി. അവര്‍ണരാജിയില്‍പ്പെടുത്തുവാന്‍, വേറെ അധികം ആരാണുണ്ടായിരുന്നത്?

കെ.പി. അപ്പന്‍
വിമര്‍ശനം ഒരു വലിയ എടുപ്പാണ്, വാസ്തുവിദ്യാനിര്‍മ്മാണമാണത്. വിമര്‍ശനം പുരുഷകലയാണ് എന്ന് കെ.പി. അപ്പന്‍ അഭിപ്രായപ്പെട്ടിരുന്നല്ലോ? 

സ്ത്രീകള്‍ എത്രയോ യുഗങ്ങളായി ധൈഷണികരംഗത്തുനിന്നു മാറ്റിനിര്‍ത്തപ്പെടുന്നു. അതു ചരിത്രത്തില്‍ സംഭവിച്ചുപോയി. പ്രസവം സ്ത്രീയുടെ ചുമതലയാണ്. പത്തു കുട്ടികളെ പ്രസവിച്ചാല്‍ പിന്നെ ജീവിതത്തില്‍ സ്ത്രീയ്ക്കു സമയമുണ്ടോ? എന്നാല്‍ ഇന്നിപ്പോള്‍ 10 പ്രസവമോ പരിപാലിക്കലോ ഇല്ല. ആകെ ഒരു കുട്ടി മാത്രം. കൂടിയാല്‍ രണ്ട്. കുറച്ചൊരു ഇടവേളയില്‍ വിട്ടുനിന്നാല്‍ പോലും സ്ത്രീയ്ക്ക് ഒപ്പമെത്താന്‍ പ്രയാസമില്ല. ഏതു മണ്ഡലത്തിലാണിപ്പോള്‍ സ്ത്രീയില്ലാത്തത്? സ്ത്രീകള്‍ക്ക് പൊതുരംഗത്ത് പരുഷനോടൊപ്പം എത്താന്‍ കഴിയും. വിമര്‍ശനത്തിലും കഴിയും. ഗോള്‍ഡന്‍ ഷീല്‍ഡിങ് എന്നൊരു കണ്‍സെപ്റ്റുണ്ട്. ഇപ്പോഴുള്ള ഒരുദാഹരണം നോക്കാം. മിസിസ് ക്ലിന്റണ്‍ തിരഞ്ഞെടുപ്പിനു നിന്നു. ട്രംപിന്റെ പക്ഷത്തല്ലാത്ത, ഡെമോക്രാറ്റിക് പാര്‍്ട്ടിയുടെ ആളുകള്‍ പോലും ട്രംപിനു വോട്ടുചെയ്തു. സ്ത്രീ അമേരിക്കന്‍ പ്രസിഡന്റായിക്കൂടാ എന്നുള്ളതുകൊണ്ടാണത്. ലോകത്തിലേക്കു വെച്ച് ഏറ്റവും അധികാരപദവിയുളള സ്ഥാനമാണത്. അതൊരു സ്ത്രീക്കു കൊടുക്കാന്‍ ആളുകള്‍ക്ക് താല്പര്യമില്ല. അതിലേക്കു സ്ത്രീ വന്നുകൂട എന്ന ചിന്ത അമേരിക്കാര്‍ക്കുപോലുമുണ്ടെന്നാണിത് കാണിക്കുന്നത്. അതാണ് ഗോള്‍ഡന്‍ ഷീല്‍ഡിങ്. ഒരറ്റം വരെയാകാം; അതിനപ്പുറത്തേയ്ക്കുപോകരുത്. ബുദ്ധിമതിയും ശക്തിമതിയുമായ സുഷമാസ്വരാജിന്റെ ഗതിയെന്താ? കൈകെട്ടിയ അവസ്ഥയല്ലേ? ഗൗരിയമ്മയും സുശീലാഗോപാലനും മുഖ്യമന്ത്രിമാരായോ? പരമാധികാരസ്ഥാനത്തേയ്ക്ക് സ്ത്രീയെ നിയോഗിക്കാന്‍ വയ്യാത്ത ഒരു മനോഭാവമാണിത്. ഒരു അലങ്കാരത്തിനു സ്ത്രീയെ വെക്കും; കാര്യത്തോടടുക്കുമ്പോഴില്ല.

ഉമാശങ്കര്‍ ജോഷി ടീച്ചറെ പുകഴ്ത്തിപ്പറഞ്ഞല്ലോ.

എന്നെ നേരിട്ടു പ്രശംസിച്ചിരുന്നു. കൂടാതെ സാഹിത്യഅക്കാദമിയില്‍ പ്രസംഗത്തിനിടയില്‍പറഞ്ഞു. ഇത്രയധികം കാലം നിരൂപണരംഗത്ത് ഉറച്ചുനിന്ന മറ്റൊരു സ്ത്രീയും ഭാരതീയഭാഷകളിലെങ്ങുമില്ല എന്നായിരുന്നു പ്രസംഗിച്ചത്.

 ഇപ്പോള്‍ നിരൂപണത്തില്‍ കുറച്ചൊക്കെ സ്ത്രീകള്‍ ഉണ്ടല്ലോ ദേവിക, ഗീത, ശാരദക്കുട്ടി മുതലായവര്‍? 

നമ്മുടെ ഭാഷയിലുണ്ട്. മറ്റു ഭാഷകളിലത്രയ്ക്കില്ല. സര്‍ഗാത്മകരംഗത്തുള്ള സ്ത്രീകളെ അംഗീകരിക്കും. അധികാരരംഗത്ത് സ്ത്രീകള്‍ വരുന്നതില്‍ താല്‍പ്പര്യമില്ല. സ്ത്രീകള്‍ പുരുഷന്മാരുടെ രംഗത്തേയ്ക്ക് കടന്നുകയറരുത് എന്നാണ് ഉള്ളിലിരുപ്പ്. പലര്‍ക്കും ഈ മനോഭാവമുണ്ടെന്ന് നന്നായറിഞ്ഞുകൊണ്ടുതന്നെ ഞാന്‍ എന്റേതായിട്ടുളള രീതിയില്‍ പ്രവര്‍ത്തിക്കുകയാണ്.


മലയാളകവിതാസാഹിത്യചരിത്രം

കവിതാസാഹിത്യചരിത്രം പുതിയ കവികളുടെ പേരും പുസ്തകങ്ങളും അവരുടെ പ്രാധാന്യവുമെല്ലാം ചേര്‍ത്ത് നിരവധി തവണ എഡിറ്റു ചെയ്തു പുതുക്കിയല്ലോ. കവിതയുടെ ആധികാരികമായ സാഹിത്യചരിത്രം വായിക്കാതെ മലയാളപഠനം പൂര്‍ത്തിയാവില്ല.  ഗദ്യത്തിന് അത്തരമൊരു സാഹിത്യചരിത്രം രൂപപ്പെടാത്തത് എന്തുകൊണ്ടാണ്? 


അതാരും എഴുതിയില്ല. പഴയ ഗദ്യത്തിന്റെ ചരിത്രം ടി.എം ചുമ്മാര്‍ എഴുതി; അക്കാലത്തു ലഭ്യമായതുവെച്ചായിരുന്നു രചന. അതിനുശേഷം ഗദ്യം പത്തിരട്ടി വളര്‍ന്നു. അതിന്റെ സമഗ്രചരിത്രം എഴുതപ്പെടേണ്ടതാണ്. സാഹിത്യ അക്കാദമിക്കു പോലും അതിനെപ്പറ്റി ഒരു സങ്കല്‍പ്പമുണ്ടായില്ല. കവിത, നോവല്‍, നാടകം എന്നീ മൂന്നു സാഹിത്യരൂപങ്ങളെയാണവര്‍ പരിഗണിച്ചത്. പില്‍ക്കാലത്ത് ചെറുകഥയുടെ സാഹിത്യചരിത്രം സാഹിത്യഅക്കാദമി ആവശ്യപ്പെട്ടിട്ടല്ലെങ്കിലും എം. അച്യൂതന്‍ എഴുതി. ഈ നാലു പ്രസ്ഥാനത്തിന്റെയും ചരിത്രമേ കാര്യമായി എഴുതപ്പെട്ടിട്ടുള്ളൂ. ഉപന്യാസം, നിരൂപണം, ഗ്രന്ഥനിരൂപണം, ലേഖനങ്ങള്‍, സാഹിത്യചരിത്രങ്ങള്‍ ഇവയെല്ലാം ഉള്‍പ്പെടുത്തി സാഹിത്യചരിത്രരചന നടക്കണം. ഒപ്പം ജി, മുണ്ടശ്ശേരി, അഴീക്കോട് തുടങ്ങിയവരുടെ പ്രസംഗങ്ങളും വകയിരുത്തപ്പെടേണ്ടതായുണ്ട്. ഞാന്‍ കേട്ടതില്‍ വെച്ച് ഏറ്റവും മികച്ച പ്രസംഗം ജി.യുടേതായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം അസാധാരണമായ വാഗ്‌ധോരണിയാണ്. അതിനു മമ്പില്‍ അഴീക്കോടൊന്നും ഒന്നുമല്ല. ആശയങ്ങളുടെ ഒരു നയാഗ്ര എന്ന് സഞ്ജയന്‍ പറഞ്ഞത് വെറുതേയല്ല. ആളുകളുടെ കയ്യടികിട്ടാന്‍ എന്തെങ്കിലും തമാശകള്‍ ഇടയ്ക്കു തിരുകി രസിപ്പിക്കുന്ന രീതിയൊന്നുമല്ല. നമ്മള്‍ അന്തംവിട്ടുപോകുന്ന പ്രസംഗമാണത്. റെക്കോഡ് ചെയ്യാത്തതിനാല്‍ പുതിയ തലമുറയിലുള്ളവര്‍ക്ക് ആ അനുഭവം കിട്ടാതെ പോയി.


കവിതയുടെ ദേശീയത


ടീച്ചറൊരു കവിയാവുകയാണെങ്കില്‍ ബാലാമണിയമ്മയെ പോലെ ആകുമായിരുന്നു എന്നു തോന്നാറുണ്ട്. നിങ്ങള്‍ തമ്മില്‍ ഉള്ളിലൂടെയുള്ള ഒരു ഐക്യമുണ്ട്, ദര്‍ശനത്തിലായാലും വികാരത്തിലായാലും. പലപ്പോഴും അവരില്‍ ആരോപിക്കപ്പെടുന്ന മാതൃത്വം എന്നതിനേക്കാളുപരി ഇരുത്തം വന്ന, ചിന്തയില്‍ ആണ് സാദൃശ്യം. ചരിത്രത്തെക്കുറിച്ചും ദേശീയതയെ കുറിച്ചുമുള്ള ആലോചനകളില്‍ ഒരു സാമ്യം. നാടും ഏകദേശം ഒന്നാണല്ലോ. ബാലാമണിയമ്മയുടെ കവിതകളെ കുറിച്ചുള്ള പഠനങ്ങള്‍ ഇപ്പോള്‍ പുസ്തകമായി  ബാലാമണിയമ്മയുടെ കവിതാലോകങ്ങള്‍ എന്ന പേരില്‍. എക്കാലത്തേയും ഏറ്റവും ഇഷ്ടപ്പെട്ട സ്ത്രീകവി ബാലാമണിയമ്മയാണോ? മാധവിക്കുട്ടിയേക്കാള്‍ ബാലാമണിയമ്മയെയാണ് ഇഷ്ടം. മാധവിക്കുട്ടിയുടെ അന്താരാഷ്ട്രഅംഗീകാരം നേടിയ ഇംഗ്ലീഷ് കവിതകളേക്കാള്‍ മുകളിലാണ് ബാലാമണിയമ്മയുടെ ചിന്താസങ്കല്‍പ്പങ്ങള്‍.  മാധവിക്കുട്ടിയെക്കാള്‍ ഉയര്‍ന്ന ദര്‍ശനം ബാലാമണിയമ്മയ്ക്കുണ്ട്. പക്ഷേ, ഇംഗ്ലീഷിലല്ലാത്തതുകൊണ്ട് അംഗീകാരം കിട്ടിയില്ല.

വൈവിധ്യം നിറഞ്ഞ ഒരു വൈകാരികരാഷ്ട്രീയമാണവരുടേത്. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ് പക്ഷേ, അത് വിട്ടുകൊടുക്കുന്നതില്‍ തെറ്റില്ലെന്ന അഭിപ്രായം അവര്‍ കവിതയിലെഴുതിയതായി കേട്ടിട്ടുണ്ട്, അത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലെന്നും. വിജയലക്ഷ്മിയുടെ കവിതയിലും്, ദേശീയതയെക്കുറിച്ചുള്ള പ്രതിചിന്തയുണ്ട്.. 'ഊഴ'ത്തിലും മറ്റും

കുറച്ചു ഭാഗം പാക്കിസ്താനിലായിപ്പോയി, ഇനിയതു തിരിച്ചുകിട്ടുമോ? സ്വസ്ഥതയാണ് വേണ്ടത്, ശാന്തിയാണ് വേണ്ടത്. കുറച്ചു സ്ഥലം പോയാലും. പക്ഷേ,  അവിടത്തെ കാശ്മീരി പണ്ഡിറ്റുകള്‍ളുടെ പ്രശ്‌നം ഗൗരവമുള്ളതാണ്. ഇപ്പോള്‍ത്തന്നെ അവിടന്ന് ഒരുപാട് ഹിന്ദുക്കള്‍ ഓടിപ്പോന്നെന്നു പറയുന്നു. ജനഹിതപരിശോധന രണ്ടു കൂട്ടരും ഉള്ളപ്പോള്‍ ചെയ്യേണ്ടതായിരുന്നു. അന്നത് നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നെഹ്രു സമ്മതിച്ചില്ല. ഇനിയിപ്പോള്‍ നടക്കുമെന്നും തോന്നുന്നില്ല. എല്ലാം കൈവിട്ടുപോയി. ഇപ്പോള്‍ അവിടെ യുദ്ധമാണ് നടക്കുന്നത്. ഭൂമിയാണ് മനുഷ്യന് പ്രശ്‌നമാവുന്നത്. കോടിക്കണക്കിനു കുട്ടികള്‍ മരിക്കുമ്പോള്‍ സൈന്യത്തിന് ഇത്രയധികം ചെലവഴിക്കുന്നതിലൊക്കെ എന്തര്‍ത്ഥം?

ദലിതെഴുത്ത്, പെണ്ണെഴുത്ത് 

സാഹിത്യം ഇപ്പോള്‍ ദലിത് സാഹിത്യം, സ്ത്രീസാഹിത്യം എന്നൊക്കെ വിഭജിതമായിട്ടാണ് എന്ന ആക്ഷേപമുണ്ട്. ? ആ രീതിയില്‍ വിഭജിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന പക്ഷമാണ് എനിക്ക്. ഓരോ സാഹിത്യസൃഷ്ടിയും അതിന്റെ പരിപ്രേക്ഷ്യത്തില്‍ പ്രസക്തമാണെങ്കില്‍ പറയാം. അല്ലാതെ അതിനുവേണ്ടി മാത്രം വിഭജിച്ചുവെച്ചാല്‍ സാഹിതീയമൂല്യം അല്ല മറ്റ് വീക്ഷണകോണുകളാണ് പ്രധാനം എന്ന നില വരും. ചവിട്ടിത്താഴ്ത്തപ്പെട്ട സമുദായങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍, സാമ്പത്തികവും ചരിത്രപരവുമായ മൂല്യങ്ങള്‍ ഇവയൊക്കെ രചനയില്‍ എങ്ങനെ പ്രതിഫലിച്ചു എന്ന നിലയിലുള്ള നിരൂപണം കുഴപ്പമൊന്നുമില്ല. പക്ഷേ, സാഹിത്യസൃഷ്ടി എന്ന നിലയില്‍ കൃതിയെ കാണുതില്‍ ചില കുറവുവരും. ഞാനങ്ങനെയുള്ള നിരൂപണം അധികം ചെയ്യാറില്ല. എല്ലാ കൃതികളിലും ഒരു ജനറല്‍ ടോണ്‍ ഉണ്ടാകും അതില്‍ നിന്നു വ്യതിചലിക്കാതെ ഇത്തരം ആസ്‌പെക്റ്റ് കൊണ്ടുവരുതിലാണ് എനിക്കു താല്‍പ്പര്യം. അതേസമയം, കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലൊട്ടാകെ ദലിത്‌സാഹിത്യത്തെ സംബന്ധിച്ച് പുതിയൊരു കാഴ്ച്ചപ്പാട് വന്നിട്ടുണ്ട്. സബാള്‍ട്ടേണ്‍ എന്നു പറയുന്ന, പ്രാന്തവല്‍കൃതരായ വിഭാഗങ്ങളെപ്പറ്റി പറയുന്നതാണ് ദളിത്‌സാഹിത്യം. സാഹിത്യത്തില്‍ അവരുടെ ദുരിതങ്ങള്‍ അവരുടെ വിഷമങ്ങള്‍, കദനങ്ങള്‍ അത്രത്തോളം ശക്തിയായി വരാത്തത് അവരില്‍ നിന്നുതന്നെയുള്ള  എഴുത്തുകാര്‍ വരാത്തതുകൊണ്ടാണ്. സ്വത്വപരമായി മുകളിലുള്ളവര്‍ എത്രത്തോളമെഴുതിയാലും സ്വന്തം അനുഭവമല്ലാതെ അകന്നുനിന്നു കാണുന്നതിന്റെ ഫലമുണ്ടാവും.  അത് എല്ലാ നാട്ടിലെ എഴുത്തിലുമുണ്ടാവും. മലയാറ്റൂര്‍  'പൊന്നി' എന്ന നോവലെഴുതി. അദ്ദേഹത്തിനത് സങ്കല്‍പ്പിച്ചിട്ടുള്ള പരിചയമേയുള്ളൂ. കീഴാളരുടെ ശരിയായ വികാരമതില്‍ വരണമെന്നില്ല. അവരുടെ ജീവിതത്തിന്റെ ചിത്രണമുണ്ടാകും. പക്ഷേ, ആ വികാരം അതില്‍ വരണ്ടേ? അത് അവരുടെ അനുഭവമായാലേയുണ്ടാവൂ. വല്‍സലയുമതുപോലെയാണ്. വല്‍സല അവിടെപ്പോയി താമസിച്ചിട്ട് അവരോടൊപ്പം ജീവിച്ചുപഴകിയിട്ടെഴുതി. എന്നിരുന്നാലും അവരുടെ അനുഭവങ്ങളുടെ തീവ്രത അതില്‍ മുഴുവന്‍ വരുന്നില്ല.

പക്ഷേ, ആദിവാസിജീവിതത്തെക്കുറിച്ച് മഹാശ്വേതാദേവിയെഴുതുമ്പോള്‍ അതു കൂടുതല്‍ സത്യസന്ധവും വിശ്വസനീയവുമായി തോന്നുന്നുണ്ടല്ലേ?


മഹാശ്വേതാദേവിയുടെ എഴുത്ത്  വളരെ വ്യത്യസ്തമാണ്. മഹാശ്വേതാദേവി മാത്രമേ ഈ കൂട്ടത്തില്‍ ഉയര്‍ന്ന സമുദായത്തില്‍ പിറന്നിട്ടും ആ വികാരത്തോടെ എഴുതിയിട്ടുള്ളൂ. അതൊരു അപവാദമാണ്. അവര്‍ ശരിക്കും ആദിവാസികളോടൊപ്പം ജീവിച്ച് അവരെ അറിഞ്ഞുകൊണ്ട് എഴുതി. 'രുദാലി'യും 'ആരണ്യാധികാര'വുമൊക്കെ അത്തരം കൃതികളാണ്.

മലയാളത്തില്‍ അങ്ങനെ ഒപ്പം വെയ്ക്കാവുന്ന ഒരെഴുത്തുകാരി മഹാശ്വേതാദേവിയെപ്പോലെ ഒരു യുഗം മുഴുവന്‍ നിറഞ്ഞുനിന്ന ഒരെഴുത്തുകാരി ഫിക്ഷനില്‍ ഉണ്ടോ?

വത്സല കുറേ ശ്രമിച്ചിട്ടുണ്ട്. അങ്ങനെയൊരു എഴുത്തുകാരി നമ്മുടെ ഭാഷയില്‍ ഉണ്ടായിട്ടില്ല. ഉണ്ടാവണം.

മാധവിക്കുട്ടി നമ്മുടെ സദാചാരബോധത്തെ, സ്ത്രീസ്വത്വബോധത്തെ ശക്തമായി മാറ്റിമറിച്ചില്ലേ? 

ലൈംഗികതയെ കുറിച്ച്  വിപ്ലവകരമായ ഒരു പൊളിച്ചെഴുത്ത് മാധവിക്കുട്ടിയിലുണ്ട്. പക്ഷേ, ഈ മട്ടിലുള്ള കീഴാളരാഷ്ട്രീയബോധം കുറവാണ്. ബാലാമണിയമ്മയും ഇത്തരത്തിലുള്ള ആളുകളെ കുറിച്ച് വളരെ കുറച്ചേ എഴുതിയിട്ടുള്ളൂ. അവരുടെ 'വേലക്കാരി'യെന്ന ഒരു കവിതയുണ്ട്. ജാതി കൊണ്ടുമാത്രമല്ല, ആര്‍ത്ഥികമായിട്ടും പിന്നോക്കം നില്‍ക്കുന്ന അവസ്ഥയെ അവരതില്‍ എഴുതുന്നുണ്ട്. എന്നാലും വേലക്കാരികളുടെ ദു:ഖത്തെ അകന്നുനിന്നു കാണുന്നതു പോലെയാണതു അനുഭവപ്പെടുക. കവി അവരോട് പൂര്‍ണമായും താദാത്മ്യം പ്രാപിക്കുന്നില്ല, ശ്രമിച്ചിട്ടുണ്ട് എന്നു മാത്രം. 'ഒരു പഴത്തിന്റെ കഥ'യെന്ന ഒരു കവിത  ബാലാമണിയമ്മ എഴുതിയിട്ടുണ്ട്. വേലക്കാരി അതിഥികള്‍ക്ക്  കൊടുത്തശേഷം ബാക്കി വന്ന രണ്ടു പഴം വാതിലിന്റെ മേല്‍പ്പടിയില്‍ വെച്ചു. എന്നിട്ടു അന്നു വൈകുന്നേരം ഞാനൊന്ന് കുട്ടിയെ കണ്ടുവരട്ടേയെന്ന് ഇക്കാവമ്മയോട് ചോദിച്ചു. ഇപ്പോള്‍ പോയാല്‍ ഇന്നിനി തിരിച്ചവരാന്‍ പറ്റില്ലെന്നും നാലുദിവസം കഴിയുമ്പോള്‍ താനതുവഴി പോകുന്നുണ്ട് അപ്പോള്‍ പോകാമെന്നും അവര്‍ പറഞ്ഞു. നാലു ദിവസം കഴിഞ്ഞു പോകുമ്പോഴേയ്ക്കും പഴം ചീഞ്ഞു കഴിഞ്ഞിരുന്നു. അതു ചവറ്റുകുപ്പയിലിടുന്നതു കണ്ടപ്പോഴാണ് എന്തുകൊണ്ടാണ് അവളന്ന് പോകണമെന്നു പറഞ്ഞതെന്ന്  മനസ്സിലായത്. അവര്‍ക്കതില്‍ അപരാധബോധം തോന്നി. നേരെമറിച്ച് പഴം വെയ്ക്കുന്നതു കാണുമ്പോള്‍ അതവള്‍ക്ക് അവളുടെ കുട്ടികള്‍ക്ക് കൊടുക്കാനുളള മോഹം കൊണ്ടാണെന്ന് തോന്നാത്തതെന്തുകൊണ്ടാണ്? ഉപരിതലത്തിലുള്ള ജീവിതത്തില്‍ നിന്ന് ഇറങ്ങി താഴേക്ക് ഇറങ്ങി വന്ന് സാത്മ്യം പ്രാപിക്കാനാവാത്തതില്‍ പശ്ചാത്താപം തോന്നി എഴുതിയ കവിതയാണത്.

മലയാളസാഹിത്യത്തില്‍ ദലിത്‌ബോധം കുറേയൊക്കെ എപ്പോഴൊക്കെയോ പലപ്പോഴായി ഉണ്ടായിട്ടുണ്ടെന്നാണല്ലോ ടീച്ചറുടെ ഒരു നിരീക്ഷണം. കീഴാളജീവിതചിത്രണം, അതേക്കുറിച്ചുള്ള  അനുതാപം പല എഴുത്തുകാരിലുമുണ്ട്. തകഴിയുടെ 'രണ്ടിടങ്ങഴി'യെ എങ്ങനെ കാണണം?  

രണ്ടിടങ്ങഴി മുഴുവനായും ദളിതരോട് സാത്മ്യം ഉള്ളതാണെന്ന പക്ഷം എനിക്കില്ല. നേരേ മറിച്ച് ചെറുകാടിന്റെ 'മണ്ണിന്റെ മാറില്‍' വ്യത്യസ്തമാണ്. ചെറുകാട് പിഷാരടിയല്ലേ? ഉയര്‍ന്ന സമുദായം. ചെറുകാടിന്റെ 'മണ്ണിന്റെ മാറിലു'ള്ളത്ര അടിയാളരുമായിട്ടുള്ള സാത്മ്യം തകഴിക്കില്ല. പക്ഷേ, 'രണ്ടിടങ്ങഴി'ക്കുള്ള പ്രശസ്തി വളരെയാണ്. 'മണ്ണിന്റെ മാറില്‍' ആരുമറിയുന്നില്ല. 

സ്ത്രീപ്രശ്‌നത്തിലും ചെറുകാട് ഏറെ ഐക്യപ്പെടുന്നയാളാണല്ലോ, പ്രത്യേകിച്ചും 'മുത്തശ്ശി'യിലും 'ദേവലോക'ത്തിലുമൊക്കെ? 


അദ്ദേഹത്തിന്റെ അനുഭവപരിധിയില്‍ പെട്ട സ്ത്രീകള്‍ ഏറെയും ഇല്ലാത്തവരാണ്. നാണിയും മുത്തശ്ശിയുമൊക്കെ താഴ്ന്ന ഇടത്തരക്കാരാണ്, ധനികരൊന്നുമല്ല. അവരുടെ ജീവിതത്തില്‍ ഒരുപാടു പ്രശ്‌നങ്ങളുണ്ട്. അതൊക്കെ റിയലിസ്റ്റിക്കായി വര്‍ണിക്കാന്‍ ചെറുകാടിനായിട്ടുണ്ട്. ചെറുകാട് വേണ്ടത്ര അംഗീകരിക്കപ്പെട്ടിട്ടില്ല. അതാണ് ചെറുകാടിന്റെ സ്ത്രീകഥാപാത്രങ്ങള്‍ എന്നൊരു പുസ്തകം എഴുതാന്‍ തന്നെ കാരണം. സമഗ്രമായ പഠനമൊന്നും സാധിച്ചില്ല, എങ്ങനെ സ്ത്രീകളെ അവതരിപ്പിച്ചിരിക്കുന്നു എന്നുമാത്രമാണപഗ്രഥിച്ചത്. നേരെ മറിച്ച് തകഴിയുടെ സ്ത്രീകഥാപാത്രങ്ങള്‍ അത്രയക്കൊന്നുമില്ല. 'ചെമ്മീനി'ലെ കറുത്തമ്മയെപ്പോലെ ചിലരുണ്ട്. ബാക്കി എല്ലാ കൃതികളില്‍ നിന്നും വ്യത്യസ്തമാണ് ചെമ്മീനിലെ സമീപനരീതി.

ഉപനിഷത്തിലെ സ്ത്രീ


ടീച്ചര്‍ 'ഭാരതസ്ത്രീ' എന്നൊരു കൃതി എഴുതിയിട്ടുണ്ടല്ലോ. വേദകാലത്തെ സ്ത്രീയവസ്ഥ വളരെയധികം മെച്ചപ്പെട്ടതാണെന്നാണ് അതില്‍ വാദിക്കുന്നത്. അത് പൂര്‍ണമായും ന്യായീകരിക്കാന്‍ പറ്റുമോ? ഉപനിഷത്തില്‍ ആകെ ആറു സ്ത്രീകഥാപാത്രങ്ങളെയാണ് ആറ്റിക്കുറുക്കിയാല്‍ കാണുന്നത്. 


അക്കാലത്ത് എല്ലാവരും അതുപോലായിരുന്നെന്നു പറയാന്‍ പറ്റില്ല. ചിലരുണ്ടായിരുന്നെന്ന കാര്യം അംഗീകരിക്കണം. ഒരു ഗാര്‍ഗി ഉണ്ടാവണമെങ്കില്‍ ഒരു നൂറു സ്ത്രീകളെങ്കിലും ശരിയ്ക്കും ഉയര്‍ന്നിട്ടുണ്ടാവണം. അല്ലാതെ ഒരൊറ്റ സ്ത്രീ മാത്രമായിട്ട് ഉയരില്ല. കല്‍പന ചൗള ഒരു ശാസ്ത്രജ്ഞയാണ്. പെണ്‍കുട്ടികളെ ആരും പഠിപ്പിക്കാത്ത ഒരു സാഹചര്യത്തില്‍ ആ കുട്ടിയെ മാത്രം പഠിപ്പിച്ചാല്‍ അവള്‍ ഉയര്‍ന്നുവരില്ല. സാമാന്യേന സ്ത്രീസമൂഹത്തിനു വിദ്യാഭ്യാസം നല്‍കുന്ന ഒരു സമൂഹത്തില്‍ നിന്നേ അത്തരം ഒരു പെണ്‍കുട്ടി ഉയര്‍ന്നു വരൂ. അതുകൊണ്ടാണ് ഞാന്‍ പറയുന്നത,് അക്കാലത്തെ സ്ത്രീയവസ്ഥ മെച്ചപ്പെട്ടതായിരുന്നുവെന്ന്. അല്ലാതെ മൈത്രേയി, ഗാര്‍ഗി ഇവര്‍ രണ്ടു പേര്‍ മാത്രമുണ്ടായതുകൊണ്ടല്ല. അവരുണ്ടാവണമെങ്കില്‍ അവരുടെ പിന്നില്‍ ഒരു നിരയുണ്ടാവണം. മാത്രമല്ല, ഋഗ്വേദത്തിലെ ചരിത്രം നോക്കുമ്പോള്‍ ഒരുപാട് സത്രീകളുടെ കഥയുണ്ട്. ഒക്കെ ലൗകികജീവിതം നയിക്കുന്നവരാണ്. ഋഗ്വേദകാലത്തെ സ്ത്രീകളുടെ ഭാഷണത്തില്‍ തികഞ്ഞ ലൈംഗികതയുമുണ്ട്. അക്കാലത്ത് അതൊക്കെ അനുവദിക്കപ്പെട്ടിരിക്കുന്നുവെന്നല്ലേ അതിനര്‍ത്ഥം?! അതായത് അക്കാലത്തെ സ്ത്രീകള്‍ താരതമ്യേന സ്വതന്ത്രകളായിരുന്നു. ഉപനിഷത്തിന്റെ കാലം വരെ അതുണ്ടായിരുന്നു, സ്മൃതികളുടെ കാലത്താണ് എല്ലാം തകിടം മറിഞ്ഞത്.

മനുസ്മൃതിയിലെ 'ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി' എന്ന വാക്യം  ആളുകള്‍ സാധാരണയായി വ്യാഖ്യാനിക്കുന്നതുപോലെയല്ല ഞാന്‍ കാണുന്നത്. സ്ത്രീയെ സംരക്ഷിക്കണം എന്നാണത്. അതിനു കാരണം വ്യാകരണപരമാണ്. അര്‍ഹതി എന്നാണ് അതിലെ പ്രയോഗം. സംസ്‌കൃതത്തിലെ 'ലട്' എന്ന  വര്‍ത്തമാനകാലത്തിലാണത്. പിതാ രക്ഷതി, ഭര്‍ത്താ രക്ഷതി, പുത്രോ രക്ഷതി- ഇവ മൂന്നും വര്‍ത്തമാനകാലത്തിലാണ്. ലോകത്തിലെ എല്ലാ സ്ത്രീകളെയും 'രക്ഷിക്കുന്നു' എന്നു പറയാന്‍ ഒരു വ്യക്തിയ്ക്ക് അധികാരമൊന്നുമില്ലല്ലോ. അപ്പോള്‍ വര്‍ത്തമാനകാലത്തില്‍ അങ്ങനെയാണെന്നല്ല. അങ്ങനെയൊരു സമ്പ്രദായമുണ്ടാവണമെന്നാണ്, ഉണ്ടാകേണ്ടതുണ്ടെന്നാണ്.
രക്ഷതി എന്നതിന്റെ അവിടത്തെ ലാക്ഷണികാര്‍ത്ഥം രക്ഷിക്കണം എന്നാണ്. പിതാവ് കന്യകയെയും ഭര്‍ത്താവ് ഭാര്യയെയും പുത്രന്‍ അമ്മയെയും രക്ഷിച്ചേ മതിയാവൂ. സ്വാതന്ത്ര്യത്തിനു നമ്മള്‍ ഇന്നു വിചാരിക്കുന്ന അര്‍ത്ഥമല്ല. സ്വാതന്ത്ര്യത്തിന് അന്നത്തെ അര്‍ത്ഥം താന്‍ തന്നെ കഷ്ടപ്പെട്ട് തന്നെത്തന്നെ പുലര്‍ത്തുന്ന ദയനീയമായ അവസ്ഥ സ്ത്രീയ്ക്കുണ്ടാവരുത് എന്നാണ്. സ്ത്രീയെ മൂന്നു ഘട്ടങ്ങളിലും പിതാവും ഭര്‍ത്താവും പുത്രനും രക്ഷിച്ചേ മതിയാവൂ. സ്ത്രീ തന്നത്താന്‍ മക്കളെ വളര്‍ത്തിയുണ്ടാക്കുകയാണെങ്കില്‍ അതിനുള്ള സമയമല്ലേയുള്ളൂ. പിന്നെ തനിയ്ക്കു തന്നെ സംരക്ഷിക്കാന്‍ വേറൊരു വഴിയുമില്ലല്ലോ. അങ്ങനെ തന്നെത്താന്‍ സംരക്ഷിക്കാന്‍ വേണ്ട കാര്യത്തിലുള്ള തന്ത്രങ്ങള്‍ അതായത് പ്രവൃത്തിരംഗം കയ്യിലില്ലാത്തതുകൊണ്ട് സ്ത്രീയെ രക്ഷിക്കണം. സ്വാതന്ത്ര്യം എന്നതിന് ലിബര്‍ട്ടി അഥവാ ഫ്രീഡം എന്ന അര്‍ത്ഥമല്ല അന്നത്തെ കാലത്തുള്ളത്. ഇങ്ങനെ ഒരുപാട് സംസ്‌കൃതപദങ്ങള്‍ക്ക് അര്‍ത്ഥമാറ്റം വന്നിട്ടുണ്ട്.  രാമായണം വിവര്‍ത്തനം ചെയ്ത കാലത്ത് പല വാക്കുകള്‍ക്കും ഇന്നത്തെ സംസകൃതത്തിലെ അര്‍ത്ഥമല്ല ഉണ്ടായിരുന്നത്. 

'ബന്ധു' എന്നതിന്റെ അര്‍ത്ഥം തന്നെ നോക്കുക. രാമായണത്തില്‍ ബന്ധു എന്നതിന് ഏറ്റവും വേണ്ടപ്പെട്ട വ്യക്തി അതായത് സ്വന്തം ആത്മാവിനെപ്പോലെ ബന്ധമുള്ളത് എന്നാണര്‍ത്ഥം. സ്വന്തം ശരീരത്തിനോടു ഒരാള്‍ക്കുള്ള ബന്ധം പോലെ അവിഭാജ്യമായ ബന്ധമാണ് ബന്ധുക്കള്‍ക്ക്. റിലേറ്റീവ് എന്നാണ് നമ്മള്‍ ബന്ധുവിന് അര്‍ത്ഥം കല്‍പ്പിക്കുന്നത്. ''വൈദേഹീ ബന്ധോ വിദദ്രേ...'' എന്നു രഘുവംശത്തിലുള്ള ശ്ലോകത്തിന് മാരാര് വ്യാഖ്യാനം എഴുതിയപ്പോള്‍ പണ്ട് വൈദേഹി സ്വന്തം ആത്മാവുതന്നെയായിരുന്നു, ഇപ്പോള്‍ രാജകീയമായ അധികാരം കിട്ടിയപ്പോള്‍ വൈദേഹി വെറും ബന്ധുവായി മാറി എന്ന് എഴുതിയിരുന്നു. അത് കാളിദാസന്‍ ബന്ധു എന്ന പദം ഏതര്‍ത്ഥത്തില്‍ പ്രയോഗിച്ചുവെന്നു ചിന്തിക്കാത്തതുകൊണ്ടാണ്. അവിടെ വൈദേഹി സ്വന്തം ആത്മാവിന്റെ ഒരംശമാണ്, ശ്രീരാമന്. അങ്ങനെയായിരുന്നിട്ടും 'വൈദേഹി  ഉരുകിപ്പോയി എന്നു പറയുന്നു. അപ്പോള്‍ ബന്ധു എന്ന പദത്തിന് ഈ കാലഘട്ടത്തിലെ അര്‍ത്ഥം എടുത്തിട്ട് പഴയ സംസ്‌കൃതസാഹിത്യത്തില്‍ പ്രയോഗിച്ചാല്‍ എങ്ങനെയിരിക്കും?
മനുസ്മൃതിയിലെ ഈ സൂത്രം മാത്രം വെച്ചുകൊണ്ട് സ്ത്രീകള്‍ക്ക് സ്ഥാനമില്ലായിരുന്നുവെന്ന് പറഞ്ഞുകൂടാ. പക്ഷേ, വേറെ ചില സ്മൃതികളില്‍, യാജ്ഞ്യവല്‍ക്യസ്മൃതി, മനുസ്മൃതിയില്‍ത്തന്നെ വേറെ ചില ഭാഗങ്ങളില്‍ ഒക്കെ സ്ത്രീയെ ബാല്യകൗമാരങ്ങളില്‍ ഒതുക്കി നിര്‍ത്തിയില്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള അപഥസഞ്ചാരത്തിനിടയാക്കുമെന്ന ചിന്തയുണ്ടായിരുന്നു. അത് ഋഗ്വേദകാലത്തില്ലാത്തതാണ്. സ്വകാര്യസ്വത്തിന്റെ സങ്കല്‍പ്പം അത്ര ദൃഢമല്ല അക്കാലത്ത്. സ്വകാര്യസ്വത്ത് ഉണ്ടാകുമ്പോഴാണ് സ്വത്തിന്റെ അവകാശികള്‍ സ്വന്തം കുട്ടികള്‍ തന്നെയാവണമെന്ന നിര്‍ബന്ധം വരുന്നത്. അങ്ങനെ അടക്കിവെച്ച് ഭരിക്കുന്ന ഭൂസ്വത്തിനെ കുറിച്ചൊന്നും ഋഗ്വേദത്തില്‍ പറഞ്ഞുകാണുന്നില്ല. അതുകൊണ്ട് താന്‍ സമ്പാദിച്ച സ്വത്ത് തന്റെ സന്തതികള്‍ക്കു തന്നെ ആവണമെന്നുള്ള പരിഗണന വെച്ചിട്ടാണ് സ്ത്രീയെ അടക്കി നിര്‍ത്തണം എന്ന ശാസന വരുന്നത്. അങ്ങനെയൊരു ചിന്ത ഋഗ്വേദകാലത്തില്ല. പാതിവ്രത്യം എന്ന സങ്കല്‍പ്പവുമില്ല. 

ശ്വേതകേതു എന്ന ഋഷിയുടെ അച്ഛനോട് ഒരാള്‍ ചോദിക്കുകയാണ് അമ്മയെ ഇന്ന് എനിക്ക് തരണമെന്ന്. അച്ഛന്‍ കൊടുക്കാന്‍ തയ്യാറാണ്. അപ്പോള്‍ ശ്വേതകേതുവിന് സഹിക്കാന്‍ വയ്യ. അമ്മയെ എങ്ങനെ വേറൊരാള്‍ക്ക് കൊടുക്കും?  സഹിക്കാന്‍ വയ്യാതെ പാതിവ്രത്യം എന്ന സങ്കല്‍പ്പം ഉണ്ടാക്കി പ്രചരിപ്പിച്ചത് ആ ഋഷിയാണ്. അതിനു മുമ്പ് അങ്ങനെയൊരു സങ്കല്‍പ്പമില്ലത്രെ. അതായത് ലൈംഗികബന്ധത്തില്‍ പോലും സ്ത്രീകള്‍ക്ക് അത്യാവശ്യം സ്വാതന്ത്ര്യം വേണമെന്ന് തോന്നിയാല്‍  തോന്നിയാലല്ലേ വേണ്ടൂ- അതിന് തടസ്സം നില്‍ക്കാത്ത ഒരവസ്ഥ- അങ്ങനെയാണ് ഈ സങ്കല്‍പ്പം. സാധാരണയായി എന്റെ കുട്ടികളുടെ അച്ഛന്‍ എന്ന നിലയ്ക്ക് ഒരു സ്ത്രീയ്ക്ക് വേറൊരാളുടെ കൂടെ പോവാന്‍ തോന്നണമെന്നില്ല. അപ്പോള്‍ അയാളുടെ കൂടെ തന്നെ നില്‍ക്കും. പക്ഷേ നേരെമറിച്ച് അയാളുടെ വൈകല്യങ്ങളെ കൊണ്ടോ മറ്റോ വേറൊരാളെ സമീപിക്കണമെന്നു തോന്നിയാല്‍ അതിനുളള സ്വാതന്ത്ര്യവും സ്ത്രീയ്ക്കുണ്ടായിരുന്നു. ചില ഉദാഹരണങ്ങളുമുണ്ട് ഋഗ്വേദത്തില്‍. ഒരു പുരുഷന് രോമശ(സര്‍വാംഗം രോമമായിട്ടുള്ള)യായവളോടു വിരോധം. അവള്‍ക്ക് വേറൊരാളോടൊപ്പം പോകുന്നതിന് യാതൊരു സങ്കോചവും തോന്നുന്നില്ല. അങ്ങനെയുള്ള സങ്കല്‍പ്പങ്ങള്‍ വെച്ചു നോക്കുമ്പോള്‍ ഋഗ്വേദകാലത്ത് ഇന്നത്തേതുപോലെ അല്ലെങ്കില്‍ മധ്യകാലത്തുണ്ടായിരുന്നപോലെ ഒരു കടുംപിടുത്തം പുരുഷന് ഉണ്ടായിരുന്നില്ല.

സത്യത്തില്‍ ലൈംഗികസ്വാതന്ത്ര്യവും സ്ത്രീയ്ക്ക് ആവശ്യമാണെന്ന പക്ഷമാണ് എനിക്ക്. ഒരു സ്ത്രീയ്ക്ക് സ്വന്തം ഭര്‍ത്താവിനോടു മാത്രം മമതയുണ്ടാവുക എന്നതു സ്വാഭാവികമാണ്. സ്വന്തം കുട്ടികളുടെ പിതാവ് എന്നുള്ള മമത വേറൊരാളോട് തോന്നണമെന്നില്ല. തോന്നിക്കഴിഞ്ഞാല്‍ പോവാനുള്ള സ്വാതന്ത്ര്യമുണ്ടാവണം. അതേസമയം സ്ത്രീ സ്വതന്ത്രയായേ കഴിയൂ എന്നുള്ള സമീപനം എനിക്കില്ല. ഫെമിനിസ്റ്റുകളോടുള്ള വിയോജിപ്പും അതാണ്. സ്ത്രീകള്‍ ഏകപുരുഷനോട് വിശ്വസ്തയാവുന്നത് മോശമാണെന്നു പറയുന്ന സംസ്‌കാരത്തോട് യോജിക്കാനാവില്ല. പാതിവ്രത്യം വലിയ മൂല്യം തന്നെയാണ്. അതുപക്ഷേ, ഉള്ളില്‍ നിന്നു വരണം. അതേപോലെതന്നെയാണ് ഏകപത്‌നീവ്രതവും. സ്ത്രീയ്ക്ക് പാതിവ്രത്യം ഉണ്ടാവുക എന്നുള്ളതുപോലെ പുരുഷന് ഏകപത്‌നീവ്രതവും ഉണ്ടാവണം. ഞാന്‍ ഫെമിനിസ്റ്റ് തന്നെയാണ്. അതേസമയം പാതിവ്രത്യമൂല്യത്തെ അംഗീകരിക്കുകയും ചെയ്യും. എന്നെ സംബന്ധിച്ചിടത്തോളം അതു തമ്മില്‍ വൈരുദ്ധ്യമില്ല. എന്താണെന്നു വെച്ചാല്‍ സ്ത്രീയുടെ മനസ്സാണ് ഏതാ വേണ്ടതെന്നു നിശ്ചയിക്കുന്നത്. അതാണ് പൂര്‍ണമായ സ്വാതന്ത്ര്യം. ഏതാണെന്ന് അവളാണ് തീരുമാനിക്കുന്നത്. ഹോമോസെക്ഷാലിറ്റിയെക്കൂടി ഞാന്‍ എതിര്‍ക്കുന്നില്ല.

പലരും അതിനെ പരിമിതമായാണ് മനസ്സിലാക്കുന്നത്. ഹോമോസെക്ഷ്വാലിറ്റിയില്‍ തന്നെ പലപ്പോഴും സെക്‌സുണ്ടാവണമെന്നില്ലല്ലോ. പലതരം അടുപ്പങ്ങളുടെ സാധ്യതയാണത്. 


സെക്‌സുണ്ടായാല്‍ തന്നെ മറ്റുളളവര്‍ക്കെന്താ കുഴപ്പം? അതവരല്ലേ തീരുമാനിക്കുന്നത്? എന്നുവെച്ച് ഹോമോസെക്ഷ്വാലിറ്റിയെ പ്രശംസിക്കാനൊന്നുമില്ല. അതാണ് ഒരാളുടെ ആന്തരികപ്രവണത എന്നുണ്ടെങ്കില്‍ അതിനുള്ള സ്വാതന്ത്ര്യമുണ്ടാവണം. ട്രാന്‍സ്‌ജെന്റേഴ്‌സിന്റെ കാര്യവും അതുപോലെത്തന്നെ. എങ്കിലും ഞാന്‍ ചുംബനസമരത്തെ അംഗീകരിക്കാത്തത് എന്തുകൊണ്ടാണെന്നു വെച്ചാല്‍ നമ്മുടെ നാട്ടില്‍ ഒരു പെണ്‍കുട്ടി സമരത്തിനു വേണ്ടി വേറൊരാളെ ചുംബിച്ചാല്‍ ആ കുട്ടി ബ്രാന്റഡാവും എന്നതുകൊണ്ടാണ്. വിവാഹത്തിന്റെ പ്രായമാവുമ്പോള്‍ ആ കുട്ടിയെ അതു ബാധിക്കും. അവളുടെ ഭാവിയെ ബാധിക്കും. നമ്മുടെ നാട്ടില്‍ അതിനുള്ള സമയമായിട്ടില്ലെന്നാണ് ഞാന്‍ പറയുന്നത്. നേരെ മറിച്ച് അമേരിക്കയിലെ ആളുകള്‍ പരസ്യമായി ചുംബിക്കാറുണ്ട്. അതിലൊരു മൂല്യത്തകര്‍ച്ചയുമില്ല. പൊതുവായ ഒരു തിയറി എന്ന നിലയ്ക്കല്ല മൂല്യത്തകര്‍ച്ചയെ കുറിച്ചു പറയുന്നത്. നമ്മുടെ സമൂഹം വേണ്ടത്ര വളര്‍ന്നിട്ടില്ല എന്ന അര്‍ത്ഥത്തിലാണ്.


ആളുകള്‍ ഒന്നിച്ചിരിക്കുന്നതിനെ, സ്വകാര്യമായി ഇടപഴകുന്നതിനെ ചോദ്യം ചെയ്യുന്ന സദാചാരപോലിസിങ്ങിനെ എതിര്‍ത്തുകൊണ്ടായിരുന്നു ചുംബനസമരം. അതു ആളുകള്‍ക്കു ചുംബിക്കാന്‍ വേണ്ടി ചെയ്ത കാര്യമല്ല.

കൈയില്‍ ചുംബിക്കുന്നതുകൊണ്ട് പ്രശ്‌നമില്ല. അധരചുംബനം വരുമ്പോഴല്ലേ പ്രശ്‌നമുള്ളൂ. പല തരം ചുംബനങ്ങളുണ്ട്. അച്ഛന്‍ മകളെ ചുംബിക്കുന്നതിനെ ആരെങ്കിലും തടസ്സം പറയുന്നുണ്ടോ? രണ്ടു ചെറുപ്പക്കാര്‍  പരസ്യമായിട്ട് ലൈംഗികതയോടെ ചുംബിക്കുന്നത് ശരിയല്ല.


സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യവും അവബോധവും ഉണ്ടായിട്ടുണ്ടെങ്കിലും മതങ്ങളുടെ നിര്‍ബന്ധബുദ്ധി കൂടിയിട്ടില്ലേ? 

 വലിയ ഐ.ടി. കമ്പനികളുടെ കേന്ദ്രമായതോടെ ബാംഗ്ലൂരും മറ്റും വലിയ പട്ടണങ്ങളുടെ സംസ്‌കാരമായിക്കഴിഞ്ഞു. ആണും പെണ്ണും ഒരുമിച്ചു പോകും. നമ്മുടെ ഇവിടത്തെ ഇന്‍ഫോപാര്‍ക്കിലും മറ്റും ആളുകള്‍ ഒരുമിച്ച് ഇടപഴകും. അതിനെയൊക്കെ എതിര്‍ക്കാന്‍ നില്‍ക്കുകയെന്നു പറഞ്ഞാല്‍ അത് സദാചാരക്കാരുടെ കടുംപിടുത്തമാണ്.  ഫാസിസമാണ്. അതുപോലെ തന്നെ ഭക്ഷണകാര്യം. ഞാന്‍ ശുദ്ധ വെജിറ്റേറിയനാണ്. മുട്ടപോലും കഴിക്കില്ല. എന്നോട് ഒരാള് വന്ന് നാളെ മുതല്‍ മുട്ട കഴിക്കണമെന്നു പറഞ്ഞാല്‍ ഞാന്‍ കഴിക്കില്ലെന്നേ പറയുകയുള്ളൂ. കാരണം എന്റെ മനസ്സിനു പിടിക്കില്ല. നേരെ മറിച്ച് വേറെ ഒരാള്‍ ഗോമാംസം കഴിക്കാമ്പാടില്ലെന്നു പറയാന്‍ ഞാന്‍ പുറപ്പെട്ടാലോ? ചൈനയില്‍ പോയിട്ട് നിങ്ങള്‍ പാമ്പിനെ തിന്നാന്‍ പാടില്ലെന്നു പറഞ്ഞാല്‍ വല്ല കാര്യവുമുണ്ടോ?! അതവരുടെ രീതി. ഇവിടെ ഗോമാംസം ഭക്ഷിക്കാന്‍ ആഗ്രിക്കുന്ന ആളുകള്‍ ഭക്ഷിക്കട്ടെ. ആ കാലത്ത്  'ഉത്തരരാമായണം നിരോധിക്കുമോ' എന്നു ചോദിച്ചുകൊണ്ട് ഞാന്‍ ഒരു ലേഖനമെഴുതി. ഉത്തരരാമായണത്തില്‍ ദശരഥന്റെ പത്‌നിമാരും വസിഷ്ഠമഹര്‍ഷിയും വരുകയാണ്. അവര്‍ക്ക് ഭക്ഷണത്തിന് അന്നവിടെ ആശ്രമത്തില്‍ മാംസം പാചകം ചെയ്യുന്നു. ഉപനിഷത്തിലും അത് പറയുന്നുണ്ടല്ലോ. കാളയെ ഭക്ഷിച്ചാല്‍ ആണ്‍കുട്ടികളുണ്ടാകും എന്നൊക്കെ. പഴയ കാലത്ത് എല്ലാ വര്‍ണങ്ങളില്‍പ്പെട്ടവരും മാംസഭുക്കുകളായിരുന്നുവെന്ന സൂചന രാമായണത്തിലുണ്ട്.

ഇപ്പാള്‍ മുസ്ലിങ്ങള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന പര്‍ദ്ദാസമ്പ്രദായത്തെ കുറിച്ചോ? ആള്‍ക്കാരൊക്കെ അതിനെ കുറ്റം പറയുകയല്ലേ?


ഈ കടുത്ത വേനലില്‍ കറുത്ത വസ്ത്രം പീഡനമാണ്. അതേസമയം ഭക്ഷണശീലത്തിലും വസ്ത്രധാരണത്തിലും വ്യക്തി അവരവരുടെ ഇഷ്ടം പോലെ ചെയ്‌തോട്ടെ. അതില്‍ ഇടപെടേണ്ട ആവശ്യമില്ല. ഇനി ഭാഗികമായ നഗ്നതയാണ് ഒരു സ്ത്രീയ്ക്ക് നല്ലതായി തോന്നുന്നതെങ്കില്‍, അതില്‍ മറ്റുള്ളവര്‍ക്ക് ഇടപെടേണ്ട കാര്യമില്ല. നമ്മുടെ നാട്ടില്‍ എന്നാണ് ബ്ലൗസ് ഇടാന്‍ തുടങ്ങിയത്? എന്റെ മുത്തശ്ശിയൊന്നും ബ്ലൗസ് ഇട്ടിരുന്നില്ല. ചിലപ്പോള്‍ ഒരു തോര്‍ത്തുമുണ്ട് മാത്രമേ മേലിട്ടിരുന്നുള്ളൂ. അന്നത്തെ ശീലമാണത്. ആ പാരമ്പര്യമുള്ള നമുക്ക് അതിലിടപെടാന്‍ ചരിത്രം അനുവദിക്കില്ല. വസ്ത്രം ഭക്ഷണം ഇതൊക്കെ അവരവരുടെ ഇഷ്ടമനുസരിച്ചു വേണം. പിന്നെ വളരെ സെക്ഷ്വലായ എക്‌സിബിഷനിസം വന്നാല്‍ അങ്ങനെയുള്ള സ്ത്രീകള്‍ ഇരയാക്കപ്പെടും. അതുപക്ഷേ, അങ്ങനെയാവുമെന്ന് അവര്‍ക്കു തോന്നണം. മറ്റുള്ളവര്‍ക്ക് വിമര്‍ശിക്കാന്‍ അവകാശമില്ല. വേണ്ടപ്പെട്ടയാള്‍ക്കു വേണമെങ്കില്‍ വ്യക്തിപരമായി ഉപദേശിക്കാം. അത്രേയുള്ളു !എഴുത്തുലോകത്തിലെ ബഹുലതകള്‍

മുന്‍കാലത്തുനിന്നു വ്യത്യസ്തമായി എഴുത്തുകാരുടെ എണ്ണം വളരെയധികമുണ്ട്. ഒരുപാടു കവികള്‍, നോവലിസ്റ്റുകള്‍, പത്രങ്ങള്‍, മാസികകള്‍, കവിയരങ്ങുകള്‍, പുരസ്‌കാരങ്ങള്‍, കാര്‍ണിവലുകള്‍. ഈ അവസ്ഥ സാഹിത്യരംഗത്തെ എത്രത്തോളം മെച്ചപ്പെടുത്തിയിട്ടുണ്ട്? 


ഇതുകൊണ്ടൊക്കെ സാഹിത്യത്തിന് സമ്പുഷ്ടഗുണം ഉണ്ടാകുമെന്ന് അര്‍ത്ഥമില്ല. പക്ഷേ, എഴുത്തുകാര്‍ക്ക് അംഗീകാരം കിട്ടുമ്പോള്‍ സന്തോഷമുണ്ടാകുമെന്നതില്‍ തര്‍ക്കമില്ല. കെ.കെ. രാജാവിനെ പോലുള്ള നല്ല ഒന്നാംതരം കവികളുണ്ടായിരുന്നല്ലോ. ഒരവാര്‍ഡുപോലും കിട്ടിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ അവാര്‍ഡുകളുടെ പ്രളയമാണ്. ഇത്രയധികം അവാര്‍ഡുകളൊക്കെ വേണമെന്ന് എനിക്കഭിപ്രായമില്ല. എഴുത്തച്ഛന്‍ അവാര്‍ഡുപോലും സര്‍ക്കാര്‍ നല്‍കേണ്ടതില്ലെന്ന അഭിപ്രായമാണെനിക്കുള്ളത്. ഗവണ്‍മെന്റ് പൊതുജനങ്ങളുടെ പണമെടുത്തിട്ട് സാഹിത്യകാരനെ ബഹുമാനിക്കേണ്ട. പ്രശസ്തിപത്രം നല്‍കി ആദരിക്കാം. എനിക്കും ധാരാളം അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്. ആളുകള്‍ അവരുടെ സൗമനസ്യം കൊണ്ട് തരുന്നതാണ്. അതിനാല്‍ ഞാന്‍ പ്രതിഷേധിക്കാറൊന്നുമില്ല. എന്റെ അഭിപ്രായമിതാണ്. എന്നാല്‍ പത്മ അവാര്‍ഡുകള്‍ പോലുള്ള ജനങ്ങളുടെ നികുതിപ്പണം എടുത്തിട്ടല്ലാത്ത അംഗീകാരം മാത്രമുള്ള അവാര്‍ഡുകള്‍ നല്‍കുന്നത് നല്ലതാണ്. അതില്‍ ധനദാനമൊന്നുമില്ലല്ലോ. എന്നാല്‍, സാഹിത്യത്തിന് വേണ്ടി ജീവിതം തുലച്ച അവശസാഹിത്യകാരന്മാര്‍ ഉണ്ടെങ്കില്‍ അവരെ സഹായിക്കണം, അവര്‍ക്ക് പണവും കൊടുക്കണം. എന്നെപ്പോലുളളവര്‍ക്ക് നല്‍കേണ്ട കാര്യമില്ല. അതുകൊണ്ടാണ് ഒരവാര്‍ഡുതുകയും ഞാനെന്റെ സ്വന്തം ആവശ്യത്തിന് എടുക്കാത്തത്.

മാതൃഭാഷാബോധനം


മലയാളത്തില്‍ പഠിക്കുക, മലയാളത്തില്‍ പ്രാഥമിക വിദ്യാഭ്യാസം നല്‍കുക, ഇത്തരം കാര്യങ്ങള്‍ വലിയ പ്രതിസന്ധിയാണിപ്പോള്‍. മാതൃഭാഷ ഒരു ബോധനമാധ്യമെന്ന നിലയിലും ഭരണസംവിധാനമെന്ന നിലയിലും വേണമെന്നു പറയുന്ന ഒരു അവകാശപ്രസ്ഥാനമൊക്കെയുണ്ടല്ലോ മലയാള ഐക്യവേദിയെപ്പോലെ. അത്തരം നീക്കങ്ങളെ ടീച്ചറെങ്ങനെയാണ് കാണുന്നത്?


നാലാം ക്ലാസുവരെ എഴുതാനും വായിക്കാനും മലയാളം മാത്രമേ പാടുള്ളൂ. എഴുതുന്ന പാഠങ്ങള്‍ മലയാളത്തില്‍ തന്നെയാവണം. ആ സമയത്ത് മറ്റു ഭാഷകള്‍ എഴുതിക്കാന്‍ ശ്രമിക്കരുത്. അവര്‍ക്ക് മലയാളത്തിലൂടെ എല്ലാം ഉള്‍ക്കൊള്ളാനുളള കഴിവുവേണം. മനപ്പാഠം പഠിച്ച് ഛര്‍ദ്ദിച്ചുവെയ്ക്കുന്ന പാരമ്പര്യം പാടില്ല. പ്രൈമറി ക്ലാസുകളില്‍ ഒരു കാരണവശാലും മീഡിയം ഇംഗ്ലീഷാവരുത്. തുടക്കത്തില്‍ അറിവ് ഉള്‍ക്കൊള്ളുന്നത് സ്വന്തം ഭാഷയിലായാലേ ബുദ്ധി വികസിക്കുന്ന ഘട്ടത്തില്‍ ഭാഷ ശരിയാവൂ. അതേസമയം ആ ക്ലാസുകളില്‍ കുട്ടികളെ ഇംഗ്ലീഷ് സംസാരിക്കാന്‍ ശീലിപ്പിക്കണം.നാലാം ക്ലാസുകഴിഞ്ഞാന്‍ മറ്റു ഭാഷകളും പഠിപ്പിച്ചു തുടങ്ങാം. അതിന് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ ആയാലും കുഴപ്പമില്ല. അന്തര്‍ദ്ദേശീയതലത്തില്‍ ജോലി ചെയ്യാനും സയന്‍സും മററും പഠിക്കാനും ഇംഗ്ലീഷ് ഉപയോഗപ്പെടും.

പത്താംക്ലാസുവരെ മലയാളം നിര്‍ബന്ധമാക്കേണ്ട കാര്യമില്ല. നാലാംക്ലാസുവരെ മലയാളം പഠിച്ചാലും താല്‍പ്പര്യമുള്ളവര്‍ക്ക് ഏതു പുസ്തകവും എഴുതാനും വായിക്കാനും സാധിക്കും. ഭാഷയുടെ കാര്യത്തില്‍ കടുംപിടുത്തങ്ങള്‍ ശരിയല്ല. പുറത്തുള്ള അച്ഛനമ്മമാരുടെ കുട്ടികള്‍ ഇവിടെ പഠിക്കാന്‍ ചേരുമ്പോള്‍ എത്ര കഷ്ടപ്പെട്ടിട്ടാണ് മലയാളം പഠിക്കുന്നത്. മറ്റെല്ലാ വിഷയത്തിലും നല്ല മാര്‍ക്കുണ്ടാവുക, മലയാളത്തില്‍ മാത്രം തോല്‍ക്കുക. ഇങ്ങനത്തെ നിരവധി കുട്ടികള്‍ ഇന്ന് കേരളത്തിലുണ്ട്. ഇത്തരം നിര്‍ബന്ധങ്ങള്‍ ആ കുട്ടികളുടെ വളര്‍ച്ച മുരടിപ്പിക്കും. 

സ്വാതന്ത്ര്യം കിട്ടി ഇത്ര വര്‍ഷമായിട്ടും കേരളമെന്ന ഭാഷാ സംസ്ഥാനം രൂപീകരിച്ചിട്ടും ഇപ്പോഴും കോടതിയിലും ഭരണരംഗത്തും ഇംഗ്ലീഷാണ് ഭാഷാമാധ്യമം? 

കോടതിയില്‍ നിയമനമൊക്കെ അഖിലേന്ത്യാതലത്തിലാണല്ലോ. അവര്‍ക്ക് മലയാളമറിയില്ല. തിരിച്ചാവണമെങ്കില്‍ നിയമനവും പ്രാദേശികമായാവണം. പിന്നെ കോടതിയില്‍ ഇംഗ്ലീഷ് ആവുന്നതുകൊണ്ട് വലിയ കുഴപ്പമില്ലെന്നാണ് എന്റെ പക്ഷം. ഇംഗ്ലീഷ് ഒരു ഇന്ത്യന്‍ ഭാഷയാണിപ്പോള്‍. ഇപ്പോഴത്തെ വക്കീലന്മാര്‍ക്ക് ഇംഗ്ലീഷില്‍ വാദിക്കാനേ അറിയൂ. പുസ്തകങ്ങളും നിയമവുമൊക്കെ ഇംഗ്ലീഷിലാണല്ലോ.

ലിപിപരിഷ്‌കരണം

മലയാളഭാഷയുടെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തെ കുറിച്ചും ലിപിയുടെ അവ്യവസ്ഥയെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ ശ്രദ്ധിച്ചിരുന്നോ? എന്താണഭിപ്രായം? 


കമ്പ്യൂട്ടര്‍ സാങ്കേതികതയില്‍ ഭാഷ വ്യവഹരിക്കാന്‍ തുടങ്ങിയ നിലയ്ക്ക് നമുക്കതിനോട് പരാങ്മുഖത പറ്റില്ല. അതിനു അനുഗുണമായ വിധത്തില്‍ പരിണാമങ്ങള്‍ വരുത്തുന്നത് നന്നായിരിക്കും. എത്രയോ ആളുകള്‍ കമ്പ്യൂട്ടറിലാണ് തങ്ങളുടെ എഴുത്തു നിര്‍വ്വഹിക്കുന്നത്. അങ്ങനെ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ പ്രൊഡക്ഷന്‍ സാധ്യമാണ്. അവര്‍ക്കതാണ് കൂടുതല്‍ സൗകര്യം. അപ്പോള്‍ ആ രംഗത്ത് പുതിയ പരീക്ഷണങ്ങള്‍ വരുന്നുവെന്നു വെച്ചാല്‍ നമുക്കത് അംഗീകരിക്കേണ്ടിവരും. പക്ഷേ, ആരോ ലെഔട്ട് ചെയ്തതുപോലെയാകണം എഴുത്ത് എന്നു പറഞ്ഞാല്‍ അതു ശരിയല്ല.

ആവിഷ്‌ക്കാരസ്വാതന്ത്ര്യം

ഇപ്പോള്‍  നമ്മുടെ നാട്ടില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആവിഷ്‌കാരസ്വതന്ത്ര്യത്തിനെതിരെയുള്ള നീക്കങ്ങള്‍ ടീച്ചര്‍ എങ്ങനെയാണ് വിലയിരുത്തുന്നത്. പെരുമാള്‍ മുരുകന്‍ അതേ തുടര്‍ന്ന് എഴുത്തുതന്നെ നിര്‍ത്തിയല്ലോ? പിന്നെ സംവിധായകന്‍ കമലും നോവലിസ്റ്റ് കമല്‍.സി.ചവറയുമൊക്കെ അസഹിഷ്ണുതയുടെ ഇരകളായല്ലോ.


ശരിക്കും അങ്ങനെ ഒരാചാരമുള്ള നാട്ടില്‍ മക്കളുണ്ടാവാത്ത ആളുകള്‍ക്ക് മക്കളുണ്ടാവാന്‍ മറ്റാളുകളുമായി ശയിച്ച് മക്കളുണ്ടാക്കാമെന്നത് ഒരു അനുവദനീയനിയമം പോലെയാണ്. ഭാരതത്തില്‍  ഇങ്ങനെയൊരു നിയോഗമുണ്ടല്ലോ. കുന്തിയുടെ മക്കളാരും പാണ്ഡുവിന്റേതല്ല. ഒക്കെ വേറെയല്ലേ. അപ്പോള്‍ നിയോഗം വേറെ ആളുകളുമായുള്ള സംയോഗമാണ്. മന്ത്രം ചൊല്ലിയെന്നു പറഞ്ഞു ഭംഗിപ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റൊരു വ്യക്തിയുടെപുത്രനാണെന്നത് വ്യക്തമാണ്. മൂന്നു മക്കളും മൂന്നാളുകളുടെ മക്കളാണ്. അതംഗീകരിക്കുകയാണ് ആ കാലഘട്ടത്തില്‍. അതുപോലെയാണ് പെരുമാള്‍ മുരുകന്റെ നോവല്‍. അതേസമയം എഴുത്തു നിര്‍ത്തിയത് ശരിയായില്ല. എഴുത്തുനിര്‍ത്താനൊന്നും പാടില്ല. പിന്നെ എല്ലാവര്‍ക്കും ജീവനില്‍ കൊതിയുണ്ടാവുമല്ലോ. ഈ പറഞ്ഞ പ്രശ്‌നങ്ങളിലൊക്കെ ബി.ജെ.പി.ക്കാരുടെ അസഹിഷ്ണുത സഹിക്കാന്‍ പറ്റാതെയായിട്ടുണ്ട്. നോട്ടിന്റെ കാര്യത്തിലായാലും സാമാന്യജനങ്ങളെ കഷ്ടപ്പെടുത്തുകയല്ലേ? ബി.ജെ.പി.ക്കാര്‍ ഇതൊക്കെ എങ്ങനെയാണാവോ ന്യായീകരിക്കുന്നത്! എന്നിട്ട് പറയുകയാണ്, എം.ടി. വാസുദേവന്‍നായര്‍ അതൊന്നും പറയാന്‍ പാടില്ലെന്ന്. എം.ടി.യ്ക്ക് മോഡിയെ വിമര്‍ശിക്കാമെങ്കില്‍ ഞങ്ങള്‍ക്കും ആയിക്കൂടേയെന്നാണ് ഇപ്പോള്‍ ചോദിക്കുന്നത്. അതും ശരി. എഴുത്തുകാര്‍  അവര്‍ക്കു പറയാനുളളത് പറയട്ടേ. പറയാനുള്ളത് പറയാന്‍ നമുക്കും അവകാശമുണ്ടാവണം.

കലുഷിതമായ കലാലയങ്ങള്‍

കോളജുകളില്‍ ഇപ്പോള്‍ വലിയ പ്രശ്‌നങ്ങളാണല്ലോ. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ പോര് ശക്തമാണ്. ടീച്ചര്‍ പ്രിന്‍സിപ്പലായാണ് സര്‍വീസില്‍ നിന്ന് പിരിഞ്ഞത്. ടീച്ചറുടെ അനുഭവങ്ങള്‍ എങ്ങനെയായിരുന്നു? മഹാരാജാസ് പ്രശ്‌നത്തില്‍ ഗുരുവിന്റെ കസേര കത്തിയ്ക്കുന്നത് ഗുരുവിനെ ഭസ്മമാക്കുന്നതിനു തുല്യമാണെന്നു ടീച്ചര്‍ അഭിപ്രായപ്പെട്ടതായി കണ്ടു?


ഞാന്‍ പറഞ്ഞത് അങ്ങനെയായിരുന്നില്ല. എന്തുതരം ഡിസ്ട്രക്റ്റീവ് ആക്ഷനും എതിരാണെന്നാണ് പറഞ്ഞത്. രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ അവരെ വിളിച്ച് സംസാരിക്കണം. അനുനയം, അനുരഞ്ജനം എന്നായിരിക്കണം നമ്മുടെ രീതി. അല്ലാതെ സസ്‌പെന്റ് ചെയ്തത് ശരിയായില്ല. ഉദാഹരണമായി എന്റെ ഒരു അനുഭവവും ഞാന്‍ പറഞ്ഞിരുന്നു. ബ്രണ്ണനില്‍ പ്രിന്‍സിപ്പലായിരുന്ന സമയത്ത് എ.ബി.വി.പി.യും എസ്.എഫ്.ഐ.യും തമ്മിലുള്ള ഒരു സംഘട്ടനമുണ്ടായി. രണ്ടുകൂട്ടരും കത്തിയുമായാണ് നില്‍പ്പ്. ആരോ പുറത്തുനിന്ന് സൈക്കിളില്‍ വന്നുവെന്നോ മറ്റോ ഒരാരോപണമാണ്. സംഘട്ടനം നടക്കാന്‍ പോകുന്നുവെന്ന് പ്യൂണാണ് പറഞ്ഞത്. അതു കേട്ടതോടെ ഞാനും അങ്ങോട്ടു ചെന്നു. അവരുടെ കൈയില്‍ കത്തിയുണ്ടെന്നു പറഞ്ഞ് സഹപ്രവര്‍ത്തകര്‍ എന്നെ തടഞ്ഞു. അധ്യാപകര്‍ പിന്നാക്കം നിന്നാല്‍ കുട്ടികള്‍ കുത്തിക്കൊല ചെയ്യുന്നതില്‍ അത്ഭുതമില്ലെന്നു പറഞ്ഞ് ഞാന്‍ കുട്ടികളുടെ മധ്യത്തില്‍ ചെന്നുനിന്നു. കുത്താനാണെങ്കില്‍ ആദ്യം എന്നെ കുത്താന്‍ പറഞ്ഞു. അതോടെ കുട്ടികള്‍ അടങ്ങി. എന്താണ് നിങ്ങളുടെ ഇഷ്യു പറയൂ ഞാനത് ശരിപ്പെടുത്തിത്തരാമെന്ന് അവര്‍ക്ക് ഒറപ്പു കൊടുത്തു. എല്ലാവരെയും കൂട്ടി ഓഫിസില്‍ ചെന്ന് സമാധാനമാക്കി. ചായയും വരുത്തിക്കൊടുത്ത് എന്താണ് പ്രശ്‌നമെന്ന് ആരാഞ്ഞപ്പോള്‍ സൈക്കിള്‍ പ്രശ്‌നമാണെന്നു മനസ്സിലായി. അപ്പോള്‍ ഞാന്‍ പറഞ്ഞു പുറത്തുനിന്നുള്ളവര്‍ ഇവിടെ സൈക്കിളില്‍ വന്ന് കറങ്ങുന്നത് ശരിയല്ല. അഷ്‌റഫ് എന്ന രക്തസാക്ഷിയുടെ ദിനമായിരുന്നു അത്. പുറമെ നിന്നുള്ളവര്‍ കാമ്പസില്‍ വരുന്നത് നിരോധിക്കാം. പക്ഷേ, ആരും സൈക്കിളില്‍ വരരുത് എന്നു പറയുന്നത് ശരിയല്ലെന്നും ഞാന്‍ പറഞ്ഞു. അവരെ അനുനയിപ്പിക്കാന്‍ രണ്ടു മണിക്കൂര്‍ വേണ്ടിവന്നു.അതുപോലെ ഒന്ന് മഹാരാജാസിലും ഉണ്ടായി, അടിയന്തിരാവസ്ഥക്കാലത്ത്. മലയാളം വകുപ്പില്‍ നില്‍ക്കുമ്പോഴാണ് സംഭവം കണ്ടത്. ഞാനുടന്‍. അവര്‍ക്കിടയില്‍ ചെന്നു നിന്നു. അന്ന് എന്റെ മകന്‍ വിനയന്‍ അവിടെ പഠിക്കുന്നുണ്ട്. അമ്മ എന്തു ധൈര്യത്തിലാണ് പോയതെന്ന് അവന്‍ ചോദിച്ചു. ധൈര്യമൊന്നുമുണ്ടായിട്ടല്ല,  അധ്യാപകര്‍ അത് ചെയ്യേണ്ടേ എന്ന തോന്നലായിരുന്നു. അധ്യാപകരുടെ ഭാഗത്തുനിന്ന് ഒരു ശ്രമമുണ്ടായാല്‍ പകുതി പ്രശ്‌നം തീരും. പക്ഷേ, ഇപ്പോ എല്ലാ അധ്യാപര്‍ക്കും പാര്‍ട്ടിയുണ്ട്. യു.ജി.സി സമരകാലത്ത് ഞാന്‍ സമരത്തില്‍ പങ്കുകൊണ്ടിരുന്നില്ല. നമുക്ക് പാര്‍ട്ടികളോട് അനുഭാവവുണ്ടായാലും അക്കാര്യം നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാവും വിധത്തില്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത്. എങ്കില്‍ പലതും നമുക്ക് പരിഹരിക്കാന്‍ കഴിയും.


രാഷ്ട്രീയവും സ്ത്രീകളും


സ്ത്രീകള്‍ക്കു മാത്രമായി ഒരു പാര്‍ട്ടിയെ കുറിച്ച് എന്തുതോന്നുന്നു? അങ്ങനെ ഒരു ശ്രമം പറഞ്ഞു കേള്‍ക്കുന്നുണ്ട്...


മോഹം നല്ലത്, നടക്കുന്ന കാര്യമല്ലല്ലോ. സംവരണം ഉണ്ടായാലേ പട്ടികജാതിക്കാര്‍ ഉദ്ധരിക്കപ്പെടുകയുള്ളൂ എന്നു പറയുന്ന പോലെയാണ് അത്. സ്ത്രീകളുടെ പാര്‍ട്ടി പുരുഷന്മാരുടെ പാര്‍ട്ടി അങ്ങനെയൊരു പാര്‍ട്ടി ഉണ്ടാവാനേ സാധ്യമല്ല. മോഹിച്ചാലും ശരി സാധ്യമല്ല, മോഹിക്കുന്നതില്‍ അര്‍ത്ഥവുമില്ല. പിന്നെ കാര്യങ്ങള്‍ നടക്കണമെങ്കില്‍ നിയോജകമണ്ഡലങ്ങളിലെ സംവരണമല്ല വേണ്ടത്, സ്ഥാനാര്‍ത്ഥികളില്‍ 50 ശതമാനം സ്ത്രീകളെ മത്സരിപ്പിക്കണം. ഇതുപോലെയുള്ള പല നിയമങ്ങളുമുണ്ടെങ്കിലും അതൊന്നും നടക്കാറില്ല. സ്ത്രീകളുടെ രാഷ്ട്രീയപ്പാര്‍ട്ടിയുടെ കാര്യവും അതുതന്നെ. സ്ത്രീകളങ്ങനെ ഒരുമിച്ച് നില്‍ക്കില്ല. കാരണം പുരുഷന്മാര്‍ക്ക് വിധേയരാണ് സ്ത്രീകള്‍. പിന്നെ സ്ത്രീകള്‍ക്കു മാത്രമായി ഒന്നും ചെയ്യാന്‍ കഴിയില്ല. ഇപ്പോ സോഷ്യലിസം ഉണ്ടാക്കാന്‍ സ്ത്രീകള്‍ മാത്രം വിചാരിച്ചാല്‍ നടക്കില്ലല്ലോ. 'വിമന്‍സ് സോഷ്യലിസ്റ്റ് പാര്‍ട്ടി' എന്ന ഒരു പാര്‍ട്ടിയുണ്ടായാല്‍ ഞാനതില്‍ ചേരും. സ്ത്രീകള്‍ ഒരുമിച്ചു ചേരുമ്പോള്‍ അതിനൊരു പ്രത്യയശാസ്ത്രവും വേണം. അല്ലെങ്കില്‍ സ്ത്രീകള്‍ പുരുഷന്മാരുടെ ശത്രുക്കളാണെന്നു വരും. സ്ത്രീകള്‍ പുരുഷന്മാരുടെയല്ല വ്യവസ്ഥയുടെ പ്രശ്‌നങ്ങളാണല്ലോ സത്യത്തില്‍ അനുഭവിക്കുന്നത്.

രാഷ്ടീയരംഗത്തേയ്ക്ക് ടീച്ചറെ ആരെങ്കിലും ക്ഷണിച്ചിട്ടുണ്ടോ? തിരഞ്ഞെടുപ്പില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നോ?

ഉവ്വ്, രാജീവ്ഗാന്ധി ഉണ്ടായിരുന്ന കാലത്ത് ആന്റണിയുടെയും കരുണാകരന്റെയും സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ഞാനും ഉണ്ടായിരുന്നു. ഏതു നിയോജകമണ്ഡലത്തിലേക്കു വേണമെങ്കിലും തരാമെന്നു പറഞ്ഞു. പക്ഷേ, എനിക്ക് ധൈര്യമില്ലായിരുന്നു. ഞാനാരംഗത്ത് പൂര്‍ണപരാജയമായിരിക്കുമെന്ന് ഭര്‍ത്താവും കരുതിയിരുന്നു. മാത്രമല്ല,  ആദ്യം മുതല്‍ക്കേ നുണപറയണം. തിരഞ്ഞെടുപ്പിന് മുപ്പതുലക്ഷം മുടക്കിയിട്ടു മുപ്പതിനായിരം മുടക്കിയെന്നു നുണപറയണം. അതു നാം ഒപ്പിട്ടു കൊടുക്കണം. ഭര്‍ത്താവിന്റെ ജേഷ്ഠ്യനും വലിയ പേടിയായിരുന്നു. ലീലാവതി അവിടെപ്പോയാല്‍ ശോഭിക്കില്ലെന്നു പറഞ്ഞു അദ്ദേഹം.


കഴിഞ്ഞ 60 വര്‍ഷം കൊണ്ട് മലയാളസാഹിത്യത്തിനുണ്ടായ പുരോഗതി ടീച്ചറെങ്ങനെയാണ് വിലയിരുത്തുന്നത്? 


ധാരാളം പുരോഗതിയുണ്ടായിട്ടുണ്ട്. ഞാന്‍ ഇന്റര്‍മീഡിയറ്റിനു പഠിക്കുമ്പോള്‍ മലയാളം എന്നു പറഞ്ഞാല്‍ കവിതയാണ്.  നോവലിനും ചെറുകഥയ്ക്കും ഇന്നുള്ള പ്രാധാന്യമൊന്നുമില്ല. സി.വി. രാമന്‍പിള്ളയുടെയും ചന്തുമേനോന്റെയുമൊക്കെ നോവലുകളുണ്ട്. അതിനുശേഷം തകഴി, ബഷീര്‍, കേശവദേവ്, അന്തര്‍ജ്ജനം അങ്ങനെയുള്ള കഥാകൃത്തുക്കളുമുണ്ട്. അവര്‍ വന്നതോടെയാണ് ചെറുകഥയ്ക്ക് വികാസമുണ്ടാവുന്നത്. എങ്കിലും അന്നും കവിതയ്ക്കായിരുന്നു പ്രാധാന്യം. പിന്നെയുള്ള മാറ്റങ്ങള്‍ ചടുലമായിരുന്നല്ലോ..

സ്ത്രീകളുടെ അവസ്ഥ ചിത്രീകരിക്കുന്നതില്‍ പഴയ സാഹിത്യകൃതികള്‍ക്ക് ഇപ്പോഴുള്ളതില്‍ നിന്ന് എന്തെങ്കിലും വ്യത്യാസമുണ്ടോ?

'സ്ത്രീസ്വത്വാവിഷ്‌ക്കാരം മലയാളസാഹിത്യത്തില്‍' എന്ന പുസ്തകത്തില്‍ അത് വ്യക്തമായി കാണിച്ചിട്ടുണ്ട്. പുരുഷന്മാരുടെ കൃതികളില്‍ സ്ത്രീകളെങ്ങനെയെന്നല്ല സ്ത്രീകളുടെ കൃതിയില്‍ സ്ത്രീകളെങ്ങനെ ചിത്രണം ചെയ്യപ്പെട്ടു എന്നാണ് അന്വേഷിച്ചത്. അന്തര്‍ജനം, ബാലാമണിയമ്മ, സരസ്വതിയമ്മ തുടങ്ങിയ പൂര്‍വ്വികര്‍ അതുകഴിഞ്ഞ് മാധവിക്കുട്ടി, ഗ്രേസി, സാറാജോസഫ് തുടങ്ങിയ തലമുറയെയൊക്കെ അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെ.ആര്‍. മീര പോലുള്ള ഏറ്റവും പുതിയവരെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.സന്തോഷ് ഏച്ചിക്കാനത്തിന്റെ 'ബിരിയാണി' വലിയ വിവാദമായല്ലോ

ഇക്കാലത്തുണ്ടായ ചെറുകഥകളില്‍ മികച്ച ഒരു കഥയാണ് അത്. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ പുറമേനിന്നുള്ളവരാണല്ലോ അധ്വാനിക്കുന്നത്. അത്തരം ആളുകള്‍ കേരളത്തിന്റെ രാഷ്ട്രീയത്തില്‍ എങ്ങനെ ഇന്‍വോള്‍വ്ഡ് ആയി എന്ന ചിത്രവും ഒപ്പം ദാരിദ്ര്യത്തിന്റെയും വിശപ്പിന്റെയും ദാരുണതയും വ്യക്തമാക്കുന്ന ഒരു ഒന്നാന്തരം കഥയെന്നാണ് തോന്നിയത്. ഇന്ന് നമ്മുടെ കൂലി വ്യവസ്ഥതന്നെ മാറിയിരിക്കയാണല്ലോ. മലയാളിയാണെങ്കില്‍ 600, തമിഴന് 500, ബംഗാളിക്ക് 300, ബീഹാറിയ്ക്ക് 250. തുല്യ ജോലിക്ക് രണ്ടു ആളുകള്‍ക്ക് രണ്ടു കൂലി.  പുറത്തുനിന്നുള്ളവരെ നാം ബ്രാ്ന്റ് ചെയ്യുകയാണ്. അത്തരമൊരു ബീഹാറിയാണ് അതിലെ കഥാപാത്രം. കഥാപാത്രത്തിന്റെ പേര് യാദവ് എന്നാകുന്നത് സ്വാഭാവികം. ബിരിയാണി സദ്യ നടത്തുന്നത് മുസ്ലിം ആകുന്നതും സ്വാഭാവികം. മുസ്ലിങ്ങളാണല്ലോ ബിരിയാണിസദ്യ നടത്താറ്. സദ്യയ്ക്കുണ്ടാക്കിയ മിച്ചം വന്ന ബിരിയാണി കുഴിച്ചുമൂടുന്നു. അന്നം കാണാത്ത കുട്ടികളുള്ള നാട്ടില്‍ ഇങ്ങനെ ഭക്ഷണം കുഴിച്ചുമൂടുന്നത് നിഷ്ഠുരതയാണ്. കഥ അച്ചടിച്ചു വപ്പോള്‍ വിമര്‍ശകര്‍ കഥാപാത്രം മുസ്ലിമായത് ചൂണ്ടിക്കാട്ടി വിമര്‍ശിച്ചു. കഥാപാത്രങ്ങള്‍ക്ക് എ, ബി, സി, ഡി എന്നോ ക, ഖ, ഗ, ഘ, ങ എന്നോ പേരിടേണ്ട അവസ്ഥയാണ് ഇന്ന്. പത്തിരുപത്തഞ്ച് കൊല്ലം മുമ്പ് ഇങ്ങനെ ഒരു കഥയെഴുതിയാല്‍ കമ്യൂണിറ്റിയുടെ കാര്യം ആളുകള്‍ ചിന്തിക്കില്ലായിരുന്നു. ഇപ്പോഴാകട്ടെ മതം, ജാതി, സമുദായം എന്ന മട്ടില്‍ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. അത്ര സങ്കുചിതമായിത്തീര്‍ന്നിരിക്കുന്നു നമ്മുടെ വീക്ഷണം.

ഡോ.ആര്‍ ഷര്‍മിളയുമായി ചേര്‍ന്ന് ഡോ.എം. ലീലാവതിയോടു നടത്തിയ അഭിമുഖസംഭാഷണം. മാധ്യമം ആഴ്ച്ചപ്പതിപ്പിന്റെ 3 ലക്കങ്ങളില്‍(2017 നവ.20,27, ഡിസം.4- 1029,1030,1031) ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു.(ഡോ.ഷര്‍മിള.ആര്‍,  അസി.പ്രൊഫസര്‍.                                                    തത്വശാസ്ത്രവിഭാഗം, ശ്രീശങ്കരാചാര്യസര്‍വകലാശാല ,പയ്യന്നൂര്‍ പ്രാദേശികകേന്ദ്രം)                             
                                                                 
                                                                          ,               

         

Thursday, November 16, 2017

ഫാഷനും ഇച്ഛാധികാരവും*

''വല്യമ്മയ്‌ക്കെന്താ മോഹം? വല്യമ്മയ്‌ക്കെന്തെങ്കിലും തിന്നാന്‍ വേണോ? പാലു കുടിക്കണോ? എളനീരു കുടിക്കണോ? വല്യമ്മയ്‌ക്കെന്താ മോഹം?'' രമണി ചോദിച്ചു. രോഗിണിയുടെ കണ്ണുകള്‍ വികസിച്ചു.
''പച്ച ജാക്കറ്റു വേണം. പച്ച ജാക്കറ്റിടാന്‍ മോഹാ'' രോഗിണി മന്ത്രിച്ചു.
 ''വല്യമ്മയ്ക്ക് ഒരു പച്ച ജാക്കറ്റ് വേണംന്ന്! '' രമണി അപ്പുക്കുട്ടന്‍ നായരോടു പറഞ്ഞു. ''പിച്ചും പേയും പറയണതാ. പച്ച ജാക്കറ്റിടണത് ഞാന്‍ കണ്ടിട്ടില്യ. വെള്ള ഖദറുമാത്രമേ മീനാക്ഷിയേടത്തി ധരിച്ചിട്ടുള്ളൂ. നല്ലപ്പന്‍കാലത്ത് ഖദറുമാത്രമേ ഉടുത്തിട്ടുള്ളൂ. എന്നിട്ടാ ഇപ്പ മരിക്കാന്‍ കാലത്ത് പച്ച ജാക്കറ്റ് വേണംന്ന് പറയണേ! വേറെ വല്ലതും ചോയിക്ക്യായിരിക്കും.''
'ഓറഞ്ചും പച്ചേം നെറള്ള ദേശീയപതാക കൊണ്ട്‌രാന്‍  പറഞ്ഞതാവും.' പഞ്ചായത്തു മെമ്പര്‍ ശങ്കുണ്ണിമേനോന്‍ പറഞ്ഞു.
'പച്ചജാക്കറ്റ്, പാലക്കാമോതിരോം. പിന്നെ ഒന്നും വേണ്ട. പാലയ്ക്കാമോതിരം!' രോഗിണി ദുര്‍ബലമായ ഒരു സ്വരത്തില്‍ പറഞ്ഞു.

മാധവിക്കുട്ടിയുടെ മീനാക്ഷിയമ്മയുടെ മരണമെന്ന ചെറുകഥയുടെ അവസാന ഭാഗമാണിത്. ജീവിതകാലം മുഴുവന്‍  കോണ്‍ഗ്രസ് പ്രവര്‍ത്തകയായി ഖദര്‍ മാത്രം ധരിച്ചു ജീവിച്ച മീനാക്ഷിയമ്മയുടെ അന്ത്യനിമിഷങ്ങളിലെ ആഗ്രഹം പരിഗണിക്കപ്പെട്ടില്ല. മറ്റുള്ളവര്‍ നിശ്ചയിച്ചുറപ്പിച്ച മൂല്യങ്ങളാല്‍ ഭരിക്കപ്പെടുന്ന ഒരു ശരീരമായിത്തന്നെ അവര്‍ ഒടുങ്ങി; സ്വന്തം വൈയക്തികാഭിലാഷങ്ങളുടെ ചെറിയൊരു സാക്ഷാത്ക്കാരം പോലും സാധ്യമാകാതെ.
നവോത്ഥാനആധുനികത നിര്‍മ്മിച്ചുവെച്ച മൂല്യനിര്‍ഭരമായ സ്ത്രീശരീരത്തിന്റെ കെട്ടുപാടുകളെ പുനര്‍വിചിന്തനം ചെയ്യുന്ന സന്ദര്‍ഭമാണിത്. ഫാഷനിലേക്കുള്ള പാതയില്‍ മൂല്യഭാരങ്ങളെ കൈയൊഴിയാന്‍ ശരീരങ്ങള്‍ക്കു കഴിയാറുണ്ടോ? പഴയ മൂല്യങ്ങള്‍ക്കു പകരം പുതിയ മൂല്യങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണോ? സ്വന്തം ശരീരത്തിനുമേലുള്ള സ്വയംഭരണാവകാശം പുതിയ ഫാഷന്‍ സ്ത്രീകള്‍ക്കു നല്‍കുന്നുണ്ടോ? ഫാഷനിലൂടെ പുതിയ സ്‌ത്രൈണത മുന്നോട്ടുവെയ്ക്കുന്ന കാമനകളും വിമോചനസങ്കല്‍പ്പങ്ങളുമെന്തെല്ലാം? ഈ ചോദ്യങ്ങളെല്ലാം പൗരുഷനിര്‍മ്മിതിയുടെ ചരിത്രത്തിലും പ്രസക്തമായവതന്നെ. ആധുനികതയുടെ ലിംഗമൂല്യപരിഗണനയില്‍ നിന്ന് പുരുഷശരീരവും ഒട്ടും മുക്തമായിരുന്നില്ല. പൗരുഷത്തിന്റെ രൂപപരമായ മൂല്യങ്ങളും സ്‌ത്രൈണതയുടേതുപോലെ സംഘര്‍ഷഭരിതവും സങ്കീര്‍ണ്ണവുമായിരുന്നു. ആധുനികതയുടെ അടിസ്ഥാനംതന്നെ കൃത്യവും വ്യക്തവുമായി വേര്‍തിരിച്ചു നിര്‍ത്തിയ ലിംഗഭേദമായിരുന്നു. ലിംഗഭേദത്തിന്റ മാനകങ്ങള്‍ ഫാഷനിലും മറ്റനേകം ഘടനകളിലും പ്രവര്‍ത്തിച്ചതിന്റെ കേരളീയസന്ദര്‍ഭങ്ങളെ സ്ത്രീചരിത്രകാരികള്‍ മുമ്പുതന്നെ വിശദമാക്കിയിട്ടുണ്ട്. പുതിയകാല പ്രവണതകളെ അടുത്തുനിന്നു പരിശോധിക്കുന്നതിനൊപ്പം ഫാഷനുമായി ബന്ധപ്പെട്ട് മലയാളിസമൂഹം വിവിധകാലങ്ങളില്‍ നടത്തിയിട്ടുള്ള സംവാദങ്ങളിലൂടെ കടന്നുപോകുന്നതും ഉപയോഗപ്രദമാണ്. ഫാഷന്‍തരംഗങ്ങളുടെ അടിയൊഴുക്കുകള്‍ മനസ്സിലാക്കാന്‍ അതു നമ്മെ പ്രാപ്തരാക്കും.  

ഏറ്റവും പുതിയ ഫാഷനെ നോക്കിക്കാണുമ്പോള്‍ തോന്നുന്ന പ്രധാന വസ്തുത മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി മൂല്യങ്ങളുടെ ബാധ്യതയെ പതുക്കെപ്പതുക്കെ കൈയൊഴിയുന്ന ഒരു ശൈലി രൂപപ്പെടുന്നതായി കാണാന്‍ സാധിക്കുന്നുവെന്നതാണ്. എന്നാല്‍ പ്രത്യേകസന്ദര്‍ഭങ്ങളില്‍ (ഓണാഘോഷം പോലുള്ളവ)മൂല്യവിനിമയം നടത്തുന്ന കൃത്രിമമായ ഒരു കോഡ് ആയി വേഷവിധാനങ്ങള്‍ മാറുന്നുണ്ട്. സെറ്റുസാരിയും മുല്ലപ്പൂവും ചന്ദനക്കുറിയും മറ്റും കോഡുകള്‍ ആയിരിക്കെത്തന്നെ ആദര്‍ശാത്മകതയുടെ പൂര്‍വ്വഭാരമില്ലാതെ വിനിമയം ചെയ്യപ്പെടുന്നു എന്നര്‍ത്ഥം.

ശരീരത്തെയും വസ്ത്രത്തെയും ലിംഗകൃത്യതയുടെയും ശാരീരികമായ അനുയോജ്യതയുടെയും വൃത്തി/വെടുപ്പുകളുടെയുമൊക്കെ സാക്ഷാത്ക്കാരമാക്കി തീര്‍ക്കുന്ന മൂല്യങ്ങളെ പുതിയ തലമുറ കുടഞ്ഞുകളയുന്നുണ്ട്. ഒപ്പം മേല്‍പ്പറഞ്ഞതുപോലെ ആദര്‍ശാത്മകതയുടെ പൂര്‍വ്വഭാരമില്ലാതെ പരമ്പരാഗതവസ്ത്രങ്ങളും എടുത്തണിയുന്നുണ്ട്. ശിഥിലമായ ഈ ശൈലിയാണ് പുതിയ ഫാഷന്റെ അടിസ്ഥാനമൂല്യമായി പ്രവര്‍ത്തിക്കുന്നതെന്നു പറയാം. ഈ ശിഥിലത ഫാഷനെ സംബന്ധിച്ച എക്കാലത്തെയും ചില പ്രമാണങ്ങളെ ശരിവെയ്ക്കുകയും ചെയ്യുന്നു. നിത്യയൗവനവും അനശ്വരതയും ശരീരത്തിലാണ് നാം സാക്ഷാത്ക്കരിക്കുന്നത്. ശരീരത്തെ പുനഃക്രമീകരിക്കുകയും പുനര്‍നിര്‍വ്വചിക്കുകയും ചെയ്തുകൊണ്ട് ആഗ്രഹിച്ചത്രതന്നെ പൂര്‍ണ്ണതയിലേക്കു നടത്തുന്ന വ്യവഹാരമാണ് ഫാഷന്‍.  ഇവിടെ നശ്വരതയെ സംബന്ധിച്ച ഒരു വൈരുധ്യമുണ്ട്. ഓരോ ഫാഷനും തുടങ്ങുന്നത് അതിനു മുമ്പുള്ള ഫാഷനുമായി കൃത്യമായ വേര്‍തിരിവിലും നിശ്ചിതമായ തുടര്‍ച്ചയിലുമാണ്. പെട്ടെന്നു മാറാന്‍ തയ്യാറാണെന്ന ഉറപ്പ് ഓരോ ഫാഷന്റെയും മുന്നുപാധി പോലുമാണ്. ഫാഷന്റെ ഈ നശ്വരതയാണ് വ്യക്തിയുടെ ശാരീരികാനശ്വരയ്ക്കായുള്ള ഇച്ഛയെ നിലനിര്‍ത്തുന്നതെന്നുപോലും പറയാം.
എന്നാല്‍ ഫാഷനിലൂടെ  ശാരീരിക അനശ്വരതയ്ക്കായുള്ള ഈ തൃഷ്ണയെ മലയാളി സാംസ്‌കാരികലോകം വളരെ മ്ലേച്ഛമായാണ് കണ്ടത്. എം.ടി.യുടെയും യേശുദാസിന്റെയും മുടികറുപ്പിക്കലിനെ മുന്‍നിര്‍ത്തി കല്‍പ്പറ്റ നാരായണന്‍ എഴുതുന്നു: ''എന്താണ് ഡൈ ചെയ്യുമ്പോള്‍ സംഭവിക്കുന്നത്? യുവാവിന്റെ കറുത്തമുടിയുളള ഒരു പൊയ്മുഖം നിങ്ങള്‍ വെയ്ക്കുകയാണ്. പ്രതീതി മതിയാവുന്ന ഒരു ലോകവുമായി നിങ്ങള്‍ ഒത്തുതീര്‍പ്പിലെത്തുകയും അത്തരമൊരു ലോകത്തെ വ്യാപിപ്പിക്കുകയുമാണ്... യാഥാര്‍ത്ഥ്യത്തെ ഭയപ്പെടുന്ന ഒരു ലോകത്തിരുന്ന് ചായമടിക്കുകയാണ്.'' ഈ ഉദ്ധരണിയില്‍ മുഴച്ചുനിര്‍ക്കുന്ന 'കൃത്രിമത്വം' എന്ന ആശയം എല്ലായ്‌പ്പോഴും മുന്‍പു സൂചിപ്പിച്ച മൂല്യഭാരം നിറഞ്ഞ ഒന്നാണ്. സൗന്ദര്യമെന്നത് ശുദ്ധവും മൗലികവുമാണ് എന്ന് കരുതപ്പെട്ടു. അത് പ്രായമാവല്‍ എന്ന പ്രക്രിയയെ ജൈവികമായും സ്വാഭാവികമായും നിര്‍വ്വചിക്കുന്നു.

 കൃത്രിമസൗന്ദര്യത്തെ അവതരിപ്പിക്കുന്നതിന്റെ ഒരു ആദ്യകാല മാതൃക 1935 ജനുവരി 14 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കാണാം. 'സൗന്ദര്യത്തിന്റെ വശ്യശക്തി' എന്ന ലേഖനത്തില്‍ പറവൂര്‍ കെ ഗോപാലപിള്ള എഴുതി: ''സൗന്ദര്യം നൈസര്‍ഗ്ഗികമെന്നും കൃത്രിമസൃഷ്ടമെന്നും രണ്ടുവകയുണ്ട്. സ്‌നാനം, വ്യായാമം, സുഗന്ധതൈലപരിശീലനം, വസ്ത്രാഡംബരങ്ങള്‍ മുതലായവകൊണ്ടുണ്ടാവുന്നവയാണ് കൃത്രിമസൗന്ദര്യം. ഈ സൗന്ദര്യത്തിന് ദിവ്യത്വം പോരാ. സാഹചര്യങ്ങളാല്‍ മാത്രം ഉദ്ദീപിക്കപ്പെട്ടുണ്ടാവുന്ന ഈ സൗന്ദര്യം വൈദ്യുതദീപമെന്ന പോലെയും നൈസര്‍ഗ്ഗികം നിലാവൊളിപോലെയുമാകുന്നു.'' സൗന്ദര്യാലങ്കാരങ്ങളെ അനുകരണഭ്രമമായിട്ടാണ് പുത്തേഴത്തു രാമന്‍മേനോനെപ്പോലുള്ള ആദ്യകാല ഗദ്യകാരന്മാരും കണ്ടത്. ഇതു സംബന്ധിച്ച് അദ്ദേഹം ലക്ഷിഭായിയില്‍ സ്ത്രീകളുടെ പരിഷ്‌കാരഭ്രമങ്ങളെ ശരവ്യമാക്കുന്ന രണ്ടു ലേഖനങ്ങള്‍ എഴുതുകയുണ്ടായി. ''പടുകിളവികളെക്കൂടി മുഴുത്തഭ്രാന്തുപിടിപ്പിക്കുന്ന അനുകരണഭ്രമത്തിന്റെ ശക്തി അപാരം തന്നെ. കുറഞ്ഞത് അമ്പത്തഞ്ചുവയസ്സു പ്രായമുള്ള ഒരു 'തള്ള', ഒരു കല്യാണത്തിനു ചെല്ലാത്തതു 'മുത്തശ്ശിയുടെ ജാക്കറ്റ് അലക്കിവന്നിട്ടില്ലാ'ത്തതു കൊണ്ടാണെന്നു കൂട്ടത്തില്‍ ഒരു കുട്ടി അറിയാതെ പറഞ്ഞുപോയി. പാവം! ആ കുട്ടി ആ വാക്കുകളുടെ ഗൗരവം അത്ര ആലോചിച്ചില്ല. കഷ്ടം! രുദ്രാക്ഷമാല പൊട്ടിപ്പോയതുകൊണ്ടാണ് വരാതിരുന്നതെങ്കില്‍ നമുക്ക് എത്ര വളരെ ഭക്തിബഹുമാനങ്ങള്‍ ആ മുത്തശ്ശിയോടു തോന്നുമായിരുന്നു? കുഴിയിലേക്കു കാലും നീട്ടി, സകലരോഗസംഹാരിയായ 'മാവിന്‍പശ'യുടെ മാഹാത്മ്യത്തെ ഓര്‍ത്തു മോക്ഷസിദ്ധിക്കു നാമം ജപിച്ചിരിക്കേണ്ടുന്ന മുത്തശ്ശിയെക്കൂടി ഭ്രാന്തുപിടിപ്പിച്ചു യൗവനഭ്രാന്തിയുണ്ടാക്കി ഇപ്രകാരം കളിപ്പിക്കുന്ന പരിഷ്‌കാരഭ്രമത്തിന്റെ വിശ്വാസം വിസ്മയനീയം തന്നെ. പരിഷ്‌കാരം വന്നതോടുകൂടി വയസ്സാകുന്നതു വലിയ അപമാനമായിത്തീര്‍ന്നിരിക്കുന്നു. ഇതിന്നുമുമ്പ് വയസ്സാകുന്നതത്ര നിന്ദ്യമായിരുന്നില്ല. ഇപ്പോള്‍ ആ വര്‍ത്തമാനം ആരെയും അറിയിക്കാന്‍ പാടില്ല. പണ്ടെല്ലാം 'നരച്ചതലയെ ബഹുമാനിക്കുക' എന്നതായിരുന്നു നിയമം. ഇപ്പോള്‍ നേരെ മറിച്ചാണ്. അതുകൊണ്ട് നരച്ചമുടിയെല്ലാം ഉടനെ സകലരും ചായം തേച്ചു കറുപ്പിക്കുന്നു. ഓരോ കാലം. അത്രേയുള്ളൂ. കല്‍ക്കട്ടയിലെ കവിരാജന്മാര്‍ക്കും അവരെപ്പോലെയുള്ള മറ്റു വൈദ്യന്മാര്‍ക്കും അവരുടെ മരുന്നുകളെക്കുറിച്ച് പ്രസിദ്ധപ്പെടുത്തുന്ന കടലാസ്സുകാര്‍ക്കും വളരെ നല്ല കാലം. വെഞ്ചാമരം പോലെ നരച്ച മുടി ചായംതേച്ചു കറുപ്പിക്കാമെങ്കില്‍ നഷ്ടപ്പെട്ടുപോയ യൗവനം വീണ്ടെടുത്ത ഫലമായില്ലേ?'' (ലക്ഷ്മിഭായി, 1090, മകരം)

ശാരീരികാലങ്കാരങ്ങളിലും ഫാഷനിലുമുള്ള മനുഷ്യരുടെ താല്‍പ്പര്യം ഇത്രമാത്രം  അപഹസിക്കപ്പെടേണ്ടതായി പുതിയ കാലത്ത് കരുതപ്പെടുന്നില്ല. മറിച്ച് സ്വന്തം ശരീരത്തിന്മേല്‍ വ്യക്തിക്കുള്ള അവകാശാധികാരങ്ങളായും ഇത്തരം ആധികാരികതകളിലൂടെ രൂപപ്പെടുന്ന പൗരത്വപദവിയായും ഫാഷന്‍ കാമനകളെ മനസ്സിലാക്കാനുള്ള ശ്രമങ്ങള്‍ ഇന്നുണ്ട്. അതേസമയം യാഥാസ്ഥിതികവും പ്രബലവുമായ മറ്റൊരു ദിശയും തീര്‍ച്ചയായും സജീവമാണ്. വിനായകന്റെ ആത്മഹത്യയ്ക്കു പിന്നില്‍ അതാണ്. പൗരത്വകാമനകള്‍ ജാതിനിര്‍മുക്തമല്ലെന്നുകൂടി നാമിവിടെ തിരിച്ചറിയുന്നു. സ്ത്രീവാദചിന്തകളിലെ മാറിയ കാഴ്ചപ്പാടുകള്‍ സ്ത്രീയുടെ ആഗ്രഹ/ആഹ്ലാദമണ്ഡലങ്ങളെ സ്വത്വസമര്‍ത്ഥനവുമായി ബന്ധപ്പെടുത്തി കാണുന്നു.

പുരുഷനെ ആകര്‍ഷിക്കുക എന്ന ഒരു ധര്‍മ്മമാണ് സ്ത്രീയലങ്കാരങ്ങള്‍ക്കുള്ളത് എന്ന പരമ്പരാഗതവീക്ഷണത്തിലധിഷ്ഠിതമായ ചിന്തതന്നെ സ്വാഭാവികമായും ഇന്ന് അപ്രസക്തമായിരിക്കുന്നു. സ്വന്തം ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും പരിഗണിച്ചുകൊണ്ടുള്ള, 'സെല്‍ഫ്‌കെയറി'ന്റെയും 'സെല്‍ഫ്‌ലവി'ന്റെയും പ്രേരണകള്‍ ഓരോരുത്തരെയും ആദര്‍ശാത്മകമൂല്യങ്ങളുടെ ബാധ്യതകളില്ലാതെ സ്വതന്ത്രരാക്കുന്നുണ്ട്, സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഈ തന്റെയിടങ്ങള്‍ പ്രധാനമാണ്. അതവരുടെ പൗരത്വത്തെയും അന്തസ്സിനെയും ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. സരസ്വതിയമ്മയെപ്പോലുള്ള കഥാകാരികള്‍ ഇത്് മുമ്പേതന്നെ ഒരു രാഷ്ട്രീയസാധ്യതയായി തിരിച്ചറിഞ്ഞിട്ടുണ്ട്. വിവാഹവിരോധിയും പുരുഷവിരോധിയുമായ ശാരദ പുറത്തുപോകാന്‍ നേരം വൈകിയിട്ടും അണിഞ്ഞൊരുങ്ങളില്‍ മുഴുകുമ്പോള്‍ കൂട്ടുകാരി വാസന്തി അക്ഷമയോടെ പറഞ്ഞു
''നിത്യകന്യകയായി ജീവിക്കാനുദ്ദേശിക്കുന്നവര്‍ക്ക് ഈ ഒരുക്കത്തിന്റെ ആവശ്യമെന്ത്?'' ഉടനെ ശാരദയുടെ മറുപടി, '' പരാഗസംക്രമണംകൊണ്ട് ഫലമുണ്ടാകാത്ത ചെടിക്കള്‍ക്ക് പ്രകൃതി, ഭംഗിയുള്ള പൂക്കള്‍ കൊടുക്കുന്നതെന്തിന് എന്നായിരുന്നു.(ജെ. ദേവിക, കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടാവുന്നതെങ്ങിനെ)

ഇപ്രകാരം ലിംഗഭേദത്തിലൂന്നിയ ലൈംഗികാകര്‍ഷണം, ആദര്‍ശാത്മകത മുതലായ നിരവധി മൂല്യങ്ങളില്‍ നിന്നു സ്വതന്ത്രമായിക്കൊണ്ടിരിക്കുകയാണ് ഏറ്റവും പുതിയ ഫാഷന്‍ പ്രവണതകള്‍. എന്നാല്‍ സിനിമ, ടെലിവിഷന്‍, പരസ്യങ്ങള്‍, മറ്റു നവമാധ്യമങ്ങള്‍ തുടങ്ങിയവയുടെ ചിഹ്നവ്യവസ്ഥയില്‍ പരസ്പരം ആകര്‍ഷിക്കുന്നതിന്റെ മാനങ്ങള്‍ ഒട്ടൊക്കെ സജീവമാണുതാനും. ഈ രണ്ടു ഘടനകള്‍ക്കിടയിലെ സംഘര്‍ഷങ്ങളും സന്ദിഗ്ദ്ധതകളുമാണ് അലങ്കരിക്കപ്പെടുന്ന പുതിയ ശരീരം ഇന്നനുഭവിക്കുന്നത്. അവയുടെ വിശദാംശങ്ങളിലേക്കു കടക്കുന്നതിനു മുമ്പ് ലിംഗഭേദം ശരീരങ്ങളില്‍ കൃത്യതയോടെ ഉറപ്പിച്ചെടുത്തതില്‍ വിവിധതരം ബലതന്ത്രങ്ങള്‍ വ്യത്യസ്തതരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വ്യായാമവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളിലൂടെ അവയെ മനസ്സിലാക്കാനുള്ള ശ്രമങ്ങളാണ് ഇനി. ഫാഷന്‍പ്രവണതകളോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്നതിനാലാണ് ഇതിനെ നാം തിരഞ്ഞെടുക്കുന്നത്.

വ്യായാമവും ലിംഗഭേദവും

ആധുനിക ദാമ്പത്യവ്യവസ്ഥയ്ക്കനുയോജ്യമായ വിധത്തില്‍ പരിഷ്‌കാരമുള്ളവരും ആരോഗ്യമുള്ളവരുമെന്ന നിലയില്‍ സ്ത്രീകളെയും ശരീരപുഷ്ടിയും കായബലവുമുള്ള ഊര്‍ജ്ജസ്വലരായ ബലശാലികളായി പുരുഷന്മാരെയും രൂപകല്പന ചെയ്യുന്ന മട്ടിലാണ് ആദ്യകാലത്തെ ആരോഗ്യ/വ്യായാമ ചിന്തകള്‍. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ശരീരപുഷ്ടി കൈവരിക്കുന്നതിനുള്ള മരുന്നുകളുടെ ഒരു കുത്തൊഴുക്കു തന്നെയുണ്ടായി. ലൈംഗികശക്തിയും ഇന്ദ്രിയസുഖവും വര്‍ധിപ്പിക്കുന്ന മരുന്നുകള്‍ മുതല്‍ സിക്‌സ്പാക്ക് ബോഡി പ്രദാനം ചെയ്യുന്ന ലേഹ്യങ്ങള്‍ വരെ അക്കാലത്ത് വിപണി കീഴടക്കാന്‍ തുടങ്ങി. ഇവ പുരുഷന്മാരെയാണ് ലക്ഷ്യമിട്ടിരുന്നതെങ്കില്‍ സ്ത്രീകള്‍ക്ക് തൊലിമിനുപ്പും മാംസളതയും നീണ്ട മുടിയും സുഖപ്രസവവുമൊക്കെയായിരുന്നു വേണ്ടിയിരുന്നത്. സ്ത്രീപുരുഷന്മാരെ സംബന്ധിച്ച വ്യത്യസ്ത ശരീരസങ്കല്‍പ്പങ്ങളാണ് ഇവ മുന്നോട്ടു വച്ചിരുന്നത്.

വ്യായാമം എല്ലാവര്‍ക്കും നല്ലതാണെന്നു പറയുമ്പോഴും ആണിനും പെണ്ണിനും വ്യത്യസ്തമായ വ്യായാമമുറകള്‍ എന്ന നിലയ്ക്കാണവ ആദ്യകാലത്തു പരിഗണിക്കപ്പെട്ടിരുന്നത്. 1916 മാര്‍ച്ചിലെ മിതവാദിയില്‍ ഭാരതകേസരി പത്രക്കാര്‍ ലേഡി സാന്റോ എന്നു പ്രസിദ്ധയായ മിസ് താരാഭായിയുമായി നടത്തിയ ഒരു സംഭാഷണത്തിന്റെ റിപോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ആണിനും പെണ്ണിനും വ്യായാമമുറകള്‍ എങ്ങനെ വ്യത്യസ്തമായിരിക്കണമെന്നവര്‍ വിശദീകരിക്കുന്നു. അവര്‍ പറയുന്നു: ''ഇന്ത്യന്‍ വ്യായാമങ്ങളാണ് നമുക്കു വേണ്ടതും നല്ലതും. സാന്റോ സിസ്റ്റം ശരീരത്തിന്റെ പുറമേയുള്ള ഷേപ്പ് ഭംഗിയാക്കുന്നതിനാണ് അധികം ഉപയോഗിക്കുന്നത്. അതും ഞാന്‍ കുറേ ശീലിച്ചുനോക്കി. അതിനേക്കാള്‍ ഗുണം ഞാനിപ്പോള്‍ പതിവായി ശീലിക്കുന്ന 'ഭണ്ഡ', 'ഭട്ടിക' എന്നിവയാണ്. യുവാക്കള്‍ അത് ശീലിച്ചാല്‍ നന്ന്. ശ്വാസോച്ഛ്വാസങ്ങളില്‍ ശക്തിയുണ്ടാക്കുന്ന ഏതെങ്കിലും ഒരു വ്യായാമമാണ് ഇന്ത്യന്‍ യുവതികള്‍ക്കു വേണ്ടത്.'' കസര്‍ത്തും ബസ്‌ക്കിയും പുരുഷന്മാര്‍ക്കു നിര്‍ദ്ദേശിക്കുന്ന താരാഭായി സ്ത്രീകള്‍ക്ക് ശ്വസനക്രിയകള്‍ അനുശാസിക്കുന്നതിലൂടെ സ്ത്രീ/പുരുഷ ശരീരങ്ങളുടെ വ്യതിരിക്തതമായ രൂപവ്യത്യാസങ്ങളിലാണ് ഊന്നുന്നത്. താരാഭായിയുടെ അതേ അഭിപ്രായം 1916 ഫെബ്രുവരി മിതവാദിയില്‍ ജി രാമന്‍മേനോനും പ്രകടിപ്പിക്കുന്നുണ്ട്: ''ശരീരത്തിന്റെ ദൃഢതയും പേശീബലവും പുരുഷനുള്ളതാണ്; മാര്‍ദ്ദവവും മാംസളതയുമാണ് സ്ത്രീയ്ക്കു വേണ്ടത്''എന്നദ്ദേഹം തെളിച്ചെഴുതുന്നു. 

ഇതേ ആശയം അറുപതുകളിലും സജീവചര്‍ച്ചാവിഷയമായിരുന്നു. 'സൗന്ദര്യം ഉരുണ്ടോ പരന്നോ?' എന്ന നര്‍മ്മലേഖനത്തില്‍ പി.കെ.രാജരാജവര്‍മ്മ സൗന്ദര്യവിപ്ലവത്തെ മുന്‍നിര്‍ത്തിയുള്ള ഒരു വാദപ്രതിവാദം അവതരിപ്പിക്കുന്നുണ്ട്. (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 1961 ജനുവരി 1) അന്നാമ്മച്ചേടത്തി, കുഞ്ഞങ്ങേലി, ചക്കി മുതലായവരുമായുള്ള സംവാദത്തിനൊടുവില്‍ കുഞ്ചിയമ്മ കല്പിക്കുന്ന തീര്‍പ്പ് പുരുഷന്മാര്‍ക്കു പരന്ന സൗന്ദര്യം, സ്ത്രീകള്‍ക്ക് ഉരുണ്ട സൗന്ദര്യം എന്നതാണ്. ഇത്തരം സങ്കല്‍പ്പങ്ങള്‍ ഒരുമിച്ചവതരിപ്പിക്കുന്ന ഒട്ടനേകം പരസ്യങ്ങളും അക്കാലത്തെ ആനുകാലികങ്ങളില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. ശ്രീകൃഷ്ണഫാര്‍മസിയുടെ ച്യവനാട്ടോണ്‍ കരിംകുരങ്ങു രസായനത്തിന്റെയും നീലിഭൃംഗാദി തൈലത്തിന്റെയും സംയുക്തപരസ്യത്തില്‍ സ്ത്രീശരീരത്തെയും പുരുഷശരീരത്തെയും കുറിച്ചുള്ള മാതൃകകള്‍ ചേര്‍ത്തുവെച്ചിരിക്കുകയാണ്. സിക്‌സ്പാക്ക് പുരുഷനും നീണ്ട മുടിയും മാംസളശരീരവുമുള്ള ഒരു സ്്ത്രീയും. ജയഭാരതം ആര്യവൈദ്യശാല പുറപ്പെടുവിച്ച കരിങ്കുരങ്ങു രസായനവും അമൃതപ്രാശരസായനവും ഇതേ കോമ്പിനേഷന്റെ ആവര്‍ത്തനമാണ്. ഇത്തരം പരസ്യകോമ്പനേഷനുകള്‍ മറ്റു കമ്പനികളും പുറപ്പെടുവിച്ചിരുന്നു.
പെണ്ണുങ്ങളുടെ ശരീരം എത്ര തടിച്ചിരിക്കണം എന്നതോടൊപ്പം അവര്‍ എങ്ങനെ നടക്കണം, നില്‍ക്കണം, നോക്കണം എന്നുവരെയുള്ള സങ്കല്‍പ്പനങ്ങളും അനുശാസനകളും ഇക്കാലത്ത് വികസിച്ചുവന്നു. ശരീരനിലകള്‍ (യീറ്യ ുീേൌൃല)െ എക്കാലത്തും ഫാഷന്‍ സങ്കല്‍പ്പങ്ങളുടെ സുപ്രധാനഭാഗമായിരുന്നു. നല്ല രീതിയിലുള്ള ശരീരനിലകള്‍ സ്ത്രീകളുടെ സൗന്ദര്യത്തെയും അന്തസ്സിനെയും സര്‍വ്വോപരി സ്ത്രീത്വത്തെയും കാത്തുസൂക്ഷിക്കുന്നുവെന്നാണ് പത്മിനി ബാലകൃഷ്ണന്‍ വാദിക്കുന്നത്. (നല്ലാകാരമതിന്നലങ്കരണം, 1961, നവംബര്‍ 19, മാതൃഭൂമി ആഴ്ചപ്പതിപ്പ്). അക്കാലത്തെ ഫാഷന്‍ചര്‍ച്ചകളെ സ്വാധാനിച്ച ആശയങ്ങളാണ് ഇതൊക്കെ. തടിച്ച മാദകമായ ശരീരങ്ങളുമായി ബന്ധപ്പെട്ട സ്ത്രീസൗന്ദര്യസങ്കല്‍പ്പം പുതിയതിന് വഴിമാറിയിട്ട് അധികമായില്ല.ശരീരനിലകളും ഫാഷനും

വര്‍ത്തമാന കാലത്ത് മലയാളിസ്ത്രീയുടെ ഫാഷന്‍ ചരിത്രത്തിലെ നിര്‍ണ്ണായകമായ പരിഷ്‌കാരത്തിനു തുടക്കം കുറിച്ച വസ്്ത്രമാണ് ചുരിദാര്‍. സ്ത്രീകളുടെ ചലനം, ശരീരനില, ശാരീരികാവിഷ്‌കാരം തുടങ്ങി ഒട്ടേറെ ഘടകങ്ങളെ മുന്‍നിര്‍ത്തി ചുരിദാര്‍, സ്ത്രീജീവിതത്തെ സ്വതന്ത്രമാക്കുന്നുണ്ട്. ആദ്യകാലത്ത് അശ്ലീലമായും മുസ്‌ലിം വേഷമായുമൊക്കെ ആരോപിക്കപ്പെട്ടിരുന്ന ചുരിദാര്‍ 'കുലീന'വും 'മാന്യ'വുമായ സാരിയുടെ അപരമായാണ്  കരുതപ്പെട്ടത്. എങ്കിലും ഏറെ താമസിയാതെ മലയാളിസ്ത്രീയുടെ സര്‍വസാധാരണമായ വേഷമായി അതു മാറി. ഫാഷനുകള്‍ മാറിമാറിവന്ന ഘട്ടങ്ങളില്‍ ചുരിദാര്‍ ടോപ്പിനേക്കാള്‍ ബോട്ടം നിര്‍ണ്ണായകമാവുകയും ചെയ്തു. ഇറക്കം കുറഞ്ഞുവന്ന ടോപ്പുകളും അവയുടെ വശങ്ങളിലെ സ്ലിറ്റുകളും ബോട്ടത്തെ എടുത്തുകാണിച്ചു. ടോപ്പിലെ അതേ അലങ്കാരങ്ങള്‍ ബോട്ടത്തില്‍ നിരന്തരം പലതരത്തില്‍ വിന്യസിക്കപ്പെട്ടു. അവ ഒരേസമയം പല വിധത്തിലുള്ള ചോയ്‌സുകളെ സമാന്തരമായി നിലനിര്‍ത്തി. സാദാ/പാട്യാല/ചുരി/പഞ്ചാബി/ബെല്‍/പഫ് മുതലായ പലതരം വിശേഷങ്ങളോടെ ബോട്ടം  വ്യവഹരിക്കപ്പെട്ടു. ഇതിലൂടെ നടന്ന അട്ടിമറി അതുവരെ ഒന്നായി, ഒരൊറ്റ ഏകകമായി സാരിക്കടിയിലോ മുണ്ടിനടിയിലോ പാവാടയ്ക്കടിയിലോ ഒതുക്കിവെച്ചിരുന്ന കാലുകള്‍ സ്വതന്ത്രവും ദൃശ്യവുമായി കൂടുതല്‍ ചലനാത്മകത കൈവരിച്ചുവെന്നതാണ്. ഇരുചക്രവാഹനങ്ങളില്‍ കാലുകള്‍ ഇരുവശത്തുമായി ഇട്ടുകൊണ്ട് യാത്ര ചെയ്യുന്ന സ്്ത്രീകള്‍ പതിവുകാഴ്ചയായി. പൊതുവിടങ്ങളിലെ ദൃശ്യതയും ചലനാത്മകതയും സ്ലിറ്റുകളും എല്ലാം ചേര്‍ന്ന് കാലുകളെ പുതിയ രൂപത്തിലും ഭാവത്തിലും അര്‍ത്ഥത്തിലും നിര്‍മ്മിച്ചെടുത്ത് കാലുകളുടെ വടിവ് പ്രകടമാക്കി. അരനൂറ്റാണ്ടിന്റെ ചരിത്രത്തില്‍ രണ്ടുകാലുകളുള്ള ജീവികളാണ് തങ്ങളെന്ന് സ്ത്രീകള്‍ സ്വയം കണ്ടെത്തുകയായിരുന്നു.

ഇതോടൊപ്പം ടോപ്പിലും ബോട്ടത്തിലും കടന്നുവന്ന പോക്കറ്റുകള്‍ ഇതിനനുബന്ധമായിത്തന്നെ സ്വാതന്ത്ര്യത്തിന്റെ മുദ്രയായിത്തീര്‍ന്നു. പൊതുസ്ഥലത്തുവെച്ച് സ്വന്തം ശരീരത്തില്‍ എവിടെയൊക്കെ സ്പര്‍ശിക്കാമെന്നതുപോലും പ്രശ്‌നാധിഷ്ഠിതമായ സാഹചര്യത്തില്‍ പ്രത്യേകിച്ചും. ബോട്ടത്തിന്റെ സ്ഥാനത്ത് ജീന്‍സും പാന്റും വന്നുതുടങ്ങിയതായിരുന്നു അടുത്ത ഫാഷന്‍. മിക്കപ്പോഴും സ്ത്രീകള്‍ക്ക് അനഭിമതമായിത്തുടര്‍ന്ന ജീന്‍സിനെ ബോട്ടത്തിന്റെ ഈ പുതിയ വിശാലമായ സ്വാതന്ത്ര്യത്തിലൂടെ സ്വീകരിച്ചുതുടങ്ങി. ടോപ്പുകള്‍ ഷര്‍ട്ടുകളെപ്പോലെ കുറഞ്ഞ ഇറക്കത്തിലായപ്പോഴെല്ലാം ഈ മാറ്റം ആണ്‍വേഷങ്ങളെന്നു കരുതപ്പെട്ടിരുന്നവയെ ചുരിദാറിലൂടെ 'ഒളിച്ചു'കടത്തുകയായിരുന്നു.

അടിവസ്ത്രം:
സന്ദിഗ്ദ്ധതകളും അട്ടിമറികളും


ചുരിദാര്‍ കാലുകളെ പ്രകാശനക്ഷമമാക്കിയ ഊര്‍ജ്ജത്തിന്റെ തുടര്‍ച്ചയില്‍ നിന്നാണ് ലെഗ്ഗിന്‍സ് സ്വീകരിക്കപ്പെട്ടത്. ശരീരത്തോടു ചേര്‍ന്നു കിടന്ന് കാലുകളുടെ വടിവിനെ പൂര്‍ണ്ണമായും വെളിപ്പെടുത്തിക്കൊണ്ടുള്ള ലെഗ്ഗിന്‍സിന്റെ വരവ് അത്ര സുഗമമായിരുന്നില്ല. ഇന്നും അതിന്റെ ശുദ്ധാശുദ്ധവിവേചനങ്ങള്‍ അവസാനിച്ചിട്ടുമില്ല. ലെഗ്ഗിന്‍സ് തരംഗത്തിന്റെ തുടക്കത്തില്‍ വന്നവയില്‍ ഏറ്റവും ശ്രദ്ധപിടിച്ചുപറ്റിയത് 'ലെഗ്ഗിന്‍സ് മദമിളകിയ പെണ്ണുങ്ങള്‍'(ലക്ഷ്മീബായി തമ്പുരാട്ടി, കലാകൗമുദി, ജൂണ്‍ 9, 2013) എന്ന ലേഖനമാണ്. അവര്‍ എഴുതി: ''ലെഗിന്‍സ് ധരിക്കുന്നതിലൂടെ നമ്മുടെ പെണ്‍കുട്ടികള്‍ മാന്യതയും നഗ്നതയും തിരിച്ചറിയാതെ പോകുന്നു. ലെഗിന്‍സ് ധരിച്ച സ്ത്രീകള്‍ അക്ഷരാര്‍ത്ഥത്തില്‍ അരയ്ക്കു താഴെ നഗ്നരായി നടക്കുകയാണ്.'' ഒരടിവസ്ത്രം മാത്രമിട്ടു നിരത്തില്‍ അലഞ്ഞുതിരിയുന്ന കേരളീയസ്ത്രീകളുടെ കൂസലില്ലായ്മ തന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നുവെന്ന് ലേഖിക തുടര്‍ന്നെഴുതുന്നു. ലെഗിന്‍സ് നിയമം മൂലം നിരോധിക്കേണ്ടതാണെന്നുപോലും അവര്‍ പറഞ്ഞുവെച്ചു. ലെഗിന്‍സ് ഒരു അടിവസ്ത്രമാണ് എന്നാണ് ലേഖനം ഊന്നിയത്. അതിന് നിരവധി ചരിത്രപരമായ വിശദീകരണങ്ങളും അവര്‍ നല്‍കി. 

ലെഗിന്‍സ് അടിവസ്ത്രമാണെന്ന ലക്ഷ്മിഭായിയുടെ വാദം ഭാഗികമായ അര്‍ത്ഥത്തില്‍ ശരിയാണെന്നു തന്നെ പറയണം. എന്നാല്‍ അതുകൊണ്ടെന്താണെന്നു ചോദിക്കുന്നതിനു പകരം അതു മേല്‍വസ്ത്രമാണെന്നു വാദിക്കുകയാണ് ലേഖനത്തെ പ്രതിരോധിച്ചു മറുപടി പറഞ്ഞ ഏറെപ്പേരും അന്നു ചെയ്തത്. വാസ്തവത്തില്‍ അടിവസ്ത്രം മേല്‍വസ്ത്രമായി മാറുന്ന ഒരു അട്ടിമറിപ്രക്രിയയാണ് ലെഗിന്‍സിന്റെ പ്രചാരത്തിലൂടെ സംഭവിക്കുന്നത്. അതായത് മറ്റിടത്തെന്ന പോലെ ഇവിടെയും മേല്‍വസ്ത്രത്തിനടിയില്‍ ധരിച്ചിരുന്നതും തികച്ചും അടിവസ്ത്രത്തിന്റെ ധര്‍മ്മം പുലര്‍ത്തുന്നതുമായ ഒന്നായിരുന്നു ലെഗിന്‍സ്. എന്നാലത് മേല്‍വസ്ത്രമായ ചുരിദാര്‍ടോപ്പിന്റെ സ്ലിറ്റിലൂടെ തുടകളുടെ ഭാഗികമായ ദൃശ്യം പ്രക്ഷേപിച്ചിരുന്നു. ടോപ്പിന്റെ സ്ലിറ്റിലൂടെ അരയും തുടയും വടിവോടെ ദൃശ്യമാക്കിയിരുന്നു. സാമാന്യത്തിലധികം ഇറക്കം കുറഞ്ഞ ടോപ്പുകളുടെ കൂടെ ധരിക്കുമ്പോള്‍ ലെഗിന്‍സ് പൂര്‍ണമായും കാലുകളെ എടുത്തുകാട്ടുകയും ചെയ്തു. അത്തരത്തില്‍ ഇറുകിമുറുകിയ മട്ടില്‍ അരയ്ക്കു താഴെയുള്ള ഭാഗത്തെ മുഴുവനായും വടിവോടെ കാണിക്കുന്ന ലെഗിന്‍സ് പതുക്കെയാണെങ്കിലും ഒരു മേല്‍വസ്ത്രത്തിന്റെ പദവി ക്രമേണ നേടിയെടുക്കുന്നുണ്ട്. എങ്കില്‍ത്തന്നെയും അടിവസ്ത്രം, മേല്‍വസ്ത്രം, എന്ന വേര്‍തിരിവിനെ സന്ദിഗ്ദ്ധമാക്കുന്ന മട്ടിലാണ് ഇന്നതിന്റെ നില.

അടിവസ്ത്രം, മേല്‍വസ്ത്രം എന്നിവ തമ്മിലുള്ള വേര്‍തിരിവുകള്‍ എല്ലായ്‌പ്പോഴും ചരിത്രത്തില്‍ സ്ഥായിയായി നിലനിന്നിട്ടില്ല. അവയ്ക്കു പലപ്പോഴും പരസ്പരം സ്ഥാനമാറ്റമുണ്ടായിട്ടുണ്ട്. ഇന്ന് പ്രചാരത്തിലുള്ള ബ്ലൗസിന്റെ കാര്യം തന്നെ നോക്കുക. ടൈറ്റ്ഫിറ്റ് ആയ ബ്ലൗസിന്റെ പരിണാമങ്ങള്‍ക്കിടയില്‍ അത് നിരവധി രൂപങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ബ്രേസിയറുകള്‍ പ്രചാരത്തിലാവുന്ന കാലത്തിനോടകം രംഗത്തെത്തിയ റൗക്ക, ബോഡീസ്, ജാക്കറ്റ് എന്നിവ മേല്‍വസ്ത്രത്തിന്റെയും അടിവസ്ത്രത്തിന്റെയും വിവിധധര്‍മ്മങ്ങള്‍ വിവിധകാലങ്ങളായി നിര്‍വ്വഹിച്ചിട്ടുണ്ടെന്ന് അവയുടെ ചരിത്രം പരിശോധിച്ചാല്‍ ബോധ്യപ്പെടും. അയഞ്ഞ റൗക്കകളില്‍ നിന്ന് പുതിയ കാലത്തെ ടൈറ്റ് ഫിറ്റായ സാരിബ്ലൗസിലെത്തുമ്പോള്‍ അത് ഒരേസമയം അടിവസ്ത്രത്തിന്റെയും മേല്‍വസ്ത്രത്തിന്റെയും ധര്‍മ്മങ്ങള്‍ പുലര്‍ത്തുന്നു.

സാരി ബ്ലൗസിന്റെ മുന്‍ഗാമികളായ റവുക്കയും ജാക്കറ്റുകളും സാധാരണവസ്ത്രങ്ങളെന്നപോലെ അയവുള്ളവയായിരുന്നു. അവയില്‍ പലതിലും വസ്ത്രത്തെ സ്‌കിന്‍ഫിറ്റാക്കാന്‍ സഹായിക്കുന്ന കൊളുത്തുകള്‍ക്കു പകരം ബട്ടനുകളാണ് പിടിപ്പിച്ചിരുന്നത്. എന്നാല്‍ പുതിയകാലത്തെ സാരിബ്‌ളൗസ് ശരീരത്തിന്റെ ഒരോ ഇഞ്ചും പരിഗണിച്ചുകൊണ്ടുള്ളവയാണ്. ആകെയുള്ള വണ്ണവും ഇറക്കവും കൂടാതെ മുലകളെ എടുത്തു കാണിക്കുന്ന മട്ടില്‍ കോണുകളില്‍ നിന്നുള്ള തുന്നലുകള്‍ അവയിലുണ്ട്. അതിനും പുറമേ തുണിയിഴകളെ ക്രോസ്പീസായി വെട്ടിത്തയ്ച്ചുകൊണ്ട് കൂടുതല്‍ ആകൃതിപരമായ കൃത്യത വരുത്തുന്നരീതിയുമുണ്ട്. അതിലും ഒരു പടി കൂടികടന്നുള്ള കട്ടോറിക്കട്ടും മറ്റും മുലകളെ കൂടുതല്‍ മാദകവല്‍ക്കരിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നവയാണ്. സൂക്ഷ്മവും കൃത്യവുമായ ഒരു പാടു തയ്യല്‍സവിശേഷതകള്‍ ഈ വസ്ത്രത്തിലുണ്ട്. എത്രയായാലും ആഗ്രഹിച്ചത്ര പൂര്‍ണതയിലേക്കു എത്താത്തവിധം സങ്കീര്‍ണമാണ് അവ. വിപണിയില്‍ കടന്നു വന്ന റെഡിമെയ്ഡ് സാരിബ്‌ളൗസുകള്‍ക്ക് അത്ര വളരെ സ്വീകാര്യത ലഭിക്കാത്തതിനു കാരണവും മറ്റൊന്നല്ല.

അടിവസ്ത്രമായി പൂര്‍ണമായും കരുതപ്പെടുന്ന ബ്രേസിയറുകള്‍ തന്നെ പൂക്കളും എംബ്രോയ്ഡറികളും ലേസുകളുമൊക്കെ തുന്നിപ്പിടിപ്പിച്ചവയായി കാണാറുണ്ട്. നേര്‍ത്ത സാരിബ്‌ളൗസിന്റെ സുതാര്യത ഈ അലങ്കാരങ്ങള്‍ പുറത്തേയ്ക്ക് എടുത്തറിയും വിധമുള്ളതുമാണ്. ആ നിലയ്ക്ക് ബ്രേസിയറുകളും അടിവസ്ത്രപദവിയില്‍ മാത്രമല്ല നിലനില്‍ക്കുന്നതെന്നു പറയേണ്ടിവരും.
വസ്ത്രങ്ങളില്‍ സംഭവിക്കുന്ന ഇത്തരം മാറ്റങ്ങള്‍ ഒരര്‍ത്ഥത്തില്‍ ശാരീരികദൃശ്യതയെക്കുറിച്ചുള്ള പൊതുവായതും സ്വകാര്യമായതും എന്ന വേര്‍തിരിവുകളെയാണ്. മായ്ച്ചുകൊണ്ടിരിക്കുന്നത്. ലെഗിന്‍സ്'ഭീതി'യുടെ അടിസ്ഥാനവും ഇതുതന്നെ. വസ്ത്രധാരണവും വസ്ത്രമഴിക്കലും ഒരേപോലെയത് ധ്വനിപ്പിക്കുന്നുണ്ട്. വസ്ത്രവും നഗ്നതയും രണ്ടും കൂടി ചേര്‍ന്ന ഈ സൗന്ദര്യമൂല്യമാണ് ലെഗിന്‍സിനെ മാദകമായ ഒരു വസ്ത്രമാക്കി നിര്‍വചിക്കുന്നത്. എന്നാല്‍ ഈ മാദകത്വത്തെ നാം സവിശേഷമായി മനസ്സിലാക്കേണ്ടതുണ്ട്. അതിന് സ്ത്രീപുരുഷലൈംഗികതയുമായി ബന്ധപ്പെട്ട ആകര്‍ഷണത്തേക്കാള്‍ ഓരോരുത്തരുടെയും ശാരീരികമായ ഇച്ഛാധികാരവുമായാണ് ബന്ധം. ഇതിനെ എതിര്‍പക്ഷത്തുനിന്നു മനസ്സിലാക്കുന്നവരുമുണ്ട്. എഴുത്തുകാരനായ ബാബു കുഴിമറ്റം തന്റെ ഫേസ്ബുക്ക് പേജില്‍ 'പുരുഷന്റെ പുല്ലിംഗദോഷം' എന്ന പേരില്‍ എഴുതിയ കുറിപ്പ് അക്കാലത്ത് വിവാദമായിരുന്നു. 'ആകാരവടിവുകള്‍ വെളിവാക്കുന്ന നാല്‍പ്പത്തഞ്ചുകാരിയായ ഒരു മാദകത്തിടമ്പ് തുണിയുടുക്കാതെ' തന്റെ കാറിനു മുന്നില്‍ ഒരുക്കിയ 'ദര്‍ശനോത്സവം' അവിവാഹിതനായ ഡ്രൈവറുടെ ശ്രദ്ധപതറുന്നതിനു കാരണമായതിനെ കുറിച്ചാണ് അദ്ദേഹം എഴുതിയത്. സ്‌കിന്‍കളര്‍ ലെഗിന്‍സ് ധരിച്ച് തന്റെ കാറിനു മുന്നിലെത്തിയ ഒരു സ്ത്രീയാണ് അദ്ദേഹത്തിന്റെ വിമര്‍ശനത്തിനും ആക്ഷേപത്തിനു ഹേതുവായത്.


മാദകത്വത്തിലൂടെ സമര്‍ത്ഥനം


ലെഗിന്‍സ് മാത്രമല്ല, പിന്നീടു വന്ന ജെഗ്ഗിന്‍സ്, സുതാര്യമായ മറ്റു വസ്ത്രങ്ങള്‍, കാലുകളുടെ വടിവ് മുന്നില്‍നിന്നും വശങ്ങളില്‍ നിന്നും വ്യക്തമാവുന്ന സ്ലിറ്റുകളുള്ള ചുരിദാര്‍ ടോപ്പുകള്‍, ഇറക്കം കുറഞ്ഞ ടോപ്പിനൊപ്പം ധരിക്കുന്ന സ്‌കിന്‍കളര്‍ ലെഗിന്‍സ്, പിന്‍ഭാഗം എടുത്തുകാട്ടുന്ന മട്ടില്‍ ചുരിദാര്‍ ബോട്ടത്തില്‍ വന്ന തയ്യല്‍രീതികള്‍ ഒക്കെച്ചേര്‍ന്ന് സ്ത്രീകളുടെ ശരീരത്തെ മുന്‍പെന്നത്തേക്കാളുമധികം ഇക്കാലത്ത് മാദകമാക്കിത്തീര്‍ക്കുന്നുണ്ട്. എന്നാലിത് പഴയ മട്ടിലുള്ള ശാരീരികപ്രദര്‍ശനമായി വായിച്ചെടുക്കാനാവില്ല തന്നെ. മറിച്ച് സ്്ത്രീശരീരത്തിന്റെ ആത്മവിശ്വാസത്തോടെയുള്ള സമര്‍ത്ഥനമായി കാണാന്‍ കഴിയുന്നതിന്റെ സാംസ്‌കാരികസൂചനകളാണവ. സ്ത്രീകളുടെ മാറിടങ്ങളുടെ സ്വാഭാവികമായ ആകൃതികളും വടിവുകളും അളവുകളും പ്രകടമാക്കുന്ന മട്ടിലുള്ള ഷാളിടാതെയുള്ള പുതിയ ചുരിദാര്‍/കുര്‍ത്തി ശൈലികളും ടീഷര്‍ട്ട്്/ഷര്‍ട്ട് വേഷങ്ങളുമൊക്കെച്ചേര്‍ന്നാണ് ഈയൊരവസ്ഥയെ പൂരിപ്പിക്കുന്നത്. ഇടതും വലതും സ്തനങ്ങളെ വേറെവേറെയായി ഈ വേഷങ്ങള്‍ എടുത്തുകാണിക്കുന്നു. മുമ്പ് ഷാളിനടിയിലും സാരിക്കടിയിലുമായി അവ ഒരൊറ്റ അവയവമായിരുന്നു. അതിനെ രണ്ടായി വേര്‍തിരിച്ചു പ്രദര്‍ശിപ്പിക്കുന്ന അട്ടിമറിയിലൂടെയാണ് മാദകത്വം കൈവരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ മുമ്പ് രഹസ്യാത്മകമായി, സ്വകാര്യതയില്‍ മാത്രം ദൃശ്യമാകുമായിരുന്നത് ഇപ്പോള്‍ പൊതുവായും വെളിവായും കാണുകയാണ്. രഹസ്യാത്മകതയില്‍ മാത്രം സാധ്യമായിരുന്ന ദൃശ്യങ്ങളിലേക്കുള്ള തുറവിയാണ് അവയവങ്ങളെ/ശരീരത്തെ മാദകമാക്കുന്നതെന്നര്‍ത്ഥം. ഈ നവീനശൈലികള്‍ മുമ്പു സൂചിപ്പിച്ചതുപോലെ സ്വകാര്യം/ പൊതു എന്ന വേര്‍തിരിവുകളെ കുഴച്ചുമറിക്കുന്നുവെന്നു പറയാം. സ്വകാര്യതയുടെ ഇടങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന, നേര്‍ത്തതും വടിവുപ്രകടമാക്കുന്നതുമായ വസ്ത്രം സ്വന്തം ശരീരത്തിലണിയുന്ന സ്ത്രീകള്‍ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം കലര്‍ന്ന ഈ ഇച്ഛാധികാരത്തെയാണ് അഹന്തയെന്ന് നേരത്തേ സൂചിപ്പിച്ച ലേഖനത്തില്‍ ലക്ഷ്മിഭായി വിളിക്കുന്നത്: ''അതു (ലെഗിന്‍സ്)കാണുന്നപുരുഷന്മാരുടെ കാമവാസനകള്‍ സഞ്ചരിക്കുന്ന ഭ്രമണപഥങ്ങള്‍ ലെഗിന്‍സ് ധരിച്ച സ്ത്രീകളുടെ ചിന്തയില്‍ നിന്നും അഹന്തയില്‍ നിന്നും ആയിരം യോജന അകലെയാണ്.''


ശരീരവൈവിദ്ധ്യങ്ങളുടെ ആഘോഷം, അനന്യതയുടെയും

 ഈ ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച ഒരൊറ്റ സത്രീ/പുരുഷ ശരീരമാതൃകയ്ക്കു പകരം അനേകം ശരീരങ്ങളുടെ വൈവിധ്യം ആഘോഷമാക്കുന്നുവെന്നതാണ് പുതിയ കാലത്തിന്റെ മറ്റൊരു പ്രവണത. മുന്‍കാലങ്ങളില്‍ ഓരോ ഫാഷന്‍ശൈലികളും ചില പ്രത്യേക മോഡലുകളെയോ സിനിമാതാരങ്ങളെയോ മുന്‍നിര്‍ത്തിയാണ് പ്രചരിപ്പിക്കപ്പെട്ടത്. അത് എല്ലാതരം ആളുകള്‍ക്കും തടിച്ചവര്‍ക്കും, മെലിഞ്ഞവര്‍ക്കും, കറുത്തവര്‍ക്കും, ഇരുനിറക്കാര്‍ക്കും ഒക്കെ - ഒരുപോലെ അനുകരിക്കാവുന്നതായി കണ്ടിരുന്നില്ല. കഴിഞ്ഞ തലമുറയിലെ യുവാക്കള്‍ അങ്ങനെ കരുതിയിരുന്നുമില്ല. യോജിക്കുന്നത്/യോജിക്കാത്തത് എന്ന മട്ടില്‍ ഓരോ ഫാഷനും ശരീരങ്ങളെ ഉള്‍പ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്തിരുന്നു. പത്മിനി ബാലകൃഷ്ണന്റെ രാധയുടെ സാരിയും ജാക്കറ്റും (1961 സെപ്റ്റംബര്‍ 17, മാതൃഭൂമി ആഴ്ചപ്പതിപ്പ്) ചര്‍ച്ച ചെയ്യുന്നത് ഇത്തരം അനുയോജ്യതകളുടെ സൂക്ഷ്മാംശങ്ങളെ മുന്‍നിര്‍ത്തിയാണ്. സുമതിയും രാധയും തമ്മില്‍ നടക്കുന്ന സംഭാഷണത്തില്‍ ഉയരം കുറഞ്ഞവര്‍ക്കും തടിച്ചവര്‍ക്കും വലിയ ഡിസൈനുള്ള സാരി യോജിക്കുകയില്ലെന്നും ഉയരമുള്ളവര്‍ക്ക് വീതിയുള്ള ബോര്‍ഡറും വലിപ്പമുള്ള പൂക്കളും യോജിക്കുമെന്നും സുമതി വിശദീകരിക്കുന്നു. വെളുത്തവര്‍ക്ക് ഏതു നിറവും പറ്റും, ചുകപ്പുകലര്‍ന്ന നിറങ്ങള്‍ മുഖത്തിനു മോഹനമായ അരുണാഭ നല്‍കുന്നു, ഇരുനിറക്കാര്‍ക്ക് വയലറ്റ്, പച്ച, ചുകപ്പ്, കറുപ്പ് എന്നീ കടുത്ത നിറങ്ങള്‍ മുഖത്തിനു കൂടുതല്‍ കറുപ്പു തോന്നിപ്പിക്കും എന്നിങ്ങനെയുള്ള സൗന്ദര്യമാനദണ്ഡങ്ങളും സുമതി വിശദീകരിക്കുന്നു. ഇവിടെയെല്ലാം ശരീരത്തിന്റെ നിറം, ഉയരം, തടി എന്നിവ മാനദണ്ഡമാക്കിയാണ് അലങ്കാരനിര്‍ണ്ണയം നടത്തുന്നത്. ഇന്നും വനിതാമാസികകളിലും മറ്റും ഇത്തരം മാനദണ്ഡങ്ങളെ പരിഗണിച്ചുകൊണ്ടുള്ള വിവരണങ്ങള്‍ കണ്ടുവരുന്നു. എങ്കിലും പുതിയ ഫാഷന്‍ അഭിരുചികളെ സംബന്ധിച്ചിടത്തോളം എല്ലാത്തരം ശരീര/രൂപഘടനകളും അതതു താല്‍പ്പര്യങ്ങള്‍ക്കു വിധേയമായി വസ്ത്രങ്ങളും അലങ്കാരങ്ങളും എടുത്തണിയുന്ന അനുഭവമാണുള്ളത്. അണിയുന്നവരുടെ താല്‍പ്പര്യങ്ങള്‍ക്കാണ് ഇവിടെ പ്രാധാന്യം. തടിച്ചുതുളുമ്പുന്ന ശരീരമുള്ളവരും മെലിഞ്ഞു കൊലുന്നനെയുള്ളവരുമെല്ലാം ജീന്‍സ്/പാന്റ്/ചുരിദാര്‍/സാരി അണിയുന്നു. വസ്ത്രവും ശരീരവും തമ്മിലുള്ള മാതൃകാപരമായ, പൂര്‍വ്വനിശ്ചിതമായ അനുയോജ്യത എന്ന സങ്കല്‍പ്പം ഒരു മിഥ്യയായിക്കൊണ്ടിരിക്കുന്നു എന്നര്‍ത്ഥം. ഈ യാഥാര്‍ത്ഥ്യത്തെ ഉണ്ണി.ആര്‍. നിരീക്ഷിക്കുന്നതിങ്ങനെയാണ്: '' പുതിയ കാലത്തെ പെണ്‍കുട്ടികള്‍ ശരീരബോധത്തിന്മേലുള്ള ഇന്‍ഹിബിഷന്‍സ് പൊളിച്ചുകളഞ്ഞിരിക്കുന്നു. അവര്‍ ഇഷ്ടപ്പെടുന്ന വസ്ത്രം ധരിക്കുന്നു, സ്ലീവ്‌ലെസ് ടോപ്പിടുന്നു. ഒറ്റക്കാലില്‍ മാത്രം ചരടുകെട്ടുന്നു. ഇപ്പോള്‍ എന്തും അവര്‍ക്ക് സെന്‍സിബിളായ വസ്ത്രമായി. പഴയതിലും സുന്ദരിമാരായിട്ടുണ്ട് ഇപ്പോഴത്തെ പെണ്‍കുട്ടികള്‍''(ആരാണ് ആ സുന്ദരി, ബിജു രാഘവന്‍, ഗൃഹലക്ഷ്മി, 2016 ഏപ്രില്‍ 16-30). ഇതേ ലേഖനത്തില്‍ ന്യൂജന്‍ സുന്ദരികളുടെ മാതൃകയെ കുറിച്ച് സനൂപ് എന്ന ചെറുപ്പക്കാരന്‍ പ്രകടിപ്പിക്കുന്ന അഭിപ്രായവും ശ്രദ്ധേയമാണ്: ''ഇതൊന്നുമല്ല ബ്രോ ഇപ്പോഴത്തെ സുന്ദരി. നിറം ഞങ്ങള്‍ക്കു പ്രശ്‌നമല്ല. മുടി ചുരുണ്ടതായാലും നീണ്ടതായാലും കുഴപ്പമില്ല......ആറ്റിറ്റിയൂഡും ആകെയുളള ലുക്കുമാണ് ഞങ്ങള്‍ നോക്കുന്നത്.''

പുതിയ കാലത്തെ ഫാഷന്‍ശൈലികള്‍ ശരീരങ്ങളുടെ ഒരൊറ്റ മൂലമാതൃകയെ പൊളിച്ചുകൊണ്ട്, പലതരം ശരീരങ്ങളുടെ ഒരാഘോഷമാക്കി മാറ്റുന്നു. മൂക്കുത്തിയും കണ്ണടയും ധരിച്ച്, മുടി ബോയ് കട്ടു ചെയ്തു, കോട്ടണ്‍സാരിയും സ്ലീവ്‌ലെസ് ബ്ലൗസുമിട്ട സ്ത്രീയും മുടി പിന്നി, മുല്ലപ്പൂ വെച്ച്, ജിമിക്കിയും സ്വര്‍ണ്ണമാലയുമിട്ട്, സാരിയുടുത്ത സ്ത്രീയും കറുത്തുമെലിഞ്ഞ്, കോട്ടണ്‍സാരിയുടുത്ത പെണ്‍കുട്ടിയും തടിച്ചുരുണ്ട്, പട്ടുസാരിയുടുത്ത, മധ്യവയസ്‌കയുമെല്ലാം തന്നെ സാരിയെന്ന വസ്ത്രവിശേഷത്തെ വ്യത്യസ്തശരീരങ്ങളുടെ വിന്യാസത്തിലൂടെ കാഴ്ചവെയ്ക്കുന്നു. ഓരോന്നും ഒന്നിനൊന്നു വ്യത്യസ്തം. എല്ലാ സാമാന്യവല്‍ക്കരണത്തിനു ശേഷവും അനന്യമായൊരു ശരീരശൈലി, അണിയല്‍ മാതൃക, നിങ്ങളുടേതായ പ്രത്യേക'ടച്ചി'ലുള്ള ഒരു ശൈലി അവശേഷിക്കുന്നു. 
ലൈല
 തയ്യബ്ജി തന്റെ ഫെയ്‌സ്ബുക്ക് പേജിലെ സാരിഡയറിയില്‍ പറയുന്നതും സമാനമായ കാര്യങ്ങളാണ്. സാരി പരമ്പരാഗതവും ആവര്‍ത്തനവിരസവുമായ മാമൂല്‍വസ്ത്രമാണെന്ന ധാരണയെപ്പോലും അവര്‍ ചെറുക്കുന്നതിങ്ങനെയാണ്. ഒരേ സാരി തന്നെ ഓരോരുത്തരും അവരവരുടേതായ രീതിയില്‍ പ്രത്യേകശൈലിയില്‍ ഞൊറിവുകളെടുക്കുകയും മുന്താണി ഇടുകയും പിന്‍ചെയ്യുകയും ഒക്കെ ചെയ്യുകവഴി സാരി ഉടുത്ത ഓരോരുത്തര്‍ക്കും ഒരു അനന്യത, അനനുകരണീയത ഉണ്ടെന്നവര്‍ സമര്‍ത്ഥിക്കുന്നു. ഒരേസമയം മനുഷ്യന്റെ 'ചേര്‍ന്നു നില്‍ക്കാനും' അതേസമയം 'വ്യതിരിക്തമാകാനും' ഉള്ള അടിസ്ഥാനപ്രവണതകളാണ് ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്ക് നിദാനമെന്ന് സിമ്മെല്‍ പറയുന്നതുമായി ഇതു ചേര്‍ന്നുപോകുന്നു(പുറം 223, ഫാഷനും സാംസ്‌കാരിക കടന്നുകയറ്റവും, ജോസ് ആന്റണി, അഞ്ഞൂറു വര്‍ഷത്തെ കേരളം ചില അറിവടയാളങ്ങള്‍).

പുതിയ ചെറുപ്പക്കാരുടെ അലങ്കാരങ്ങളിലെ വര്‍ണവൈവിദ്ധ്യം മുമ്പു സൂചിപ്പിച്ച രൂപവൈവിദ്ധ്യങ്ങളുടെ ആഘോഷമാനത്തെ ഒന്നുകൂടി ഉറപ്പിച്ചെടുക്കുന്നു. മുമ്പു വാച്ചിലും ചെരുപ്പിലുമൊന്നും നിറപ്പൊരുത്തം പാലിച്ചിരുന്നില്ല. എന്നാല്‍ ഇന്നതല്ല അവസ്ഥ; ഏതു നിറത്തിന്റെയും ഏതു തരം ഷെയ്ഡും വസ്ത്രങ്ങളിലെന്ന പോലെ ചെരിപ്പിലും വാച്ചിലും വരെയുണ്ട്. സ്വര്‍ണാഭരണങ്ങളെക്കാള്‍ ഫാന്‍സി ആഭരണങ്ങള്‍ ഉപയോഗിക്കുന്നതും വൈവിധ്യത്തിന്റെയും ആഘോഷത്തിന്റെയും സാധ്യതകളെ വര്‍ധിപ്പിക്കുന്നു. പുതിയ കാലത്തെ ഫാഷന്റെ മറ്റൊരു പ്രത്യേകത അതിലെ പ്രായനിരപേക്ഷതയാണ്. നാഗരികവും ആധുനികവുമായ ഇടങ്ങളില്‍ ഇതു വളരെ പ്രകടമാണ്. എല്ലാ പ്രായക്കാരും തന്നെ മിക്കവാറും എല്ലാത്തരം വസ്ത്രങ്ങളും അണിഞ്ഞുനടക്കുന്നുണ്ട്. ജീന്‍സും സാരിയും ചുരിദാറും സ്‌കെര്‍ട്ടും ലെഗിന്‍സും പാന്റും മറ്റും പ്രായഭേദമന്യേ ധരിക്കുന്നുണ്ട്. മുന്‍പ് കൗമാരക്കാര്‍ക്ക് നിക്കറും പാവാടയും യുവതീയുവാക്കള്‍ക്ക് മുണ്ടും ഹാഫ്‌സാരി/സാരിയും എന്നുള്ള അതിര്‍ത്തികള്‍ എപ്പോഴേ മാഞ്ഞുപോയി. നിറങ്ങളുടെ കാര്യത്തിലും പ്രായത്തിന്റെ പരിമിതികളും അസ്വാതന്ത്ര്യങ്ങളും ബാധകമല്ലാതായിട്ടുണ്ട്.

ആന്റിഫിറ്റ്

പെണ്‍ശരീരത്തെ മുറുക്കിയൊതുക്കി പ്രത്യേകരീതിയില്‍ ആകൃതിയോടെ നിര്‍മ്മിച്ചെടുക്കുന്നത് ബ്രാ, ഇന്‍ഷേപ്പ് മുതലായ അടിവസ്ത്രങ്ങളിലൂടെയും ഇറുകിയ വസ്ത്രങ്ങളിലൂടെയുമാണല്ലോ. എന്നാല്‍ പുതിയ യുവതികളെ സംബന്ധിച്ചിടത്തോളം മറ്റൊരു ഫാഷന്‍ കൗതുകമായി ആന്റിഫിറ്റ് വസ്ത്രങ്ങള്‍ കടന്നുവരുന്നു. ടൈറ്റ് ഫിറ്റ്, സ്ലിം ഫിറ്റ്, ബോഡി ഫിറ്റ്, സ്‌കിന്‍ ഫിറ്റ് എന്നൊക്കെയുള്ള വിശേഷണങ്ങളില്‍ നിന്നൊരു വ്യതിയാനമായി ഇത് ഒറ്റനോട്ടത്തില്‍ തോന്നാം. ശരീരത്തെ കൃത്രിമമായി മുറുക്കിയൊതുക്കാതെ, വളരെ സ്വാഭാവികമായി അവതരിപ്പിക്കുന്നതിന്റെ ശൈലിയായും ഇത് വ്യാഖ്യാനിക്കപ്പെടാം. ഇത്തരമൊരു നീക്കം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം യൂറോപ്പില്‍ പോള്‍ പയ്‌റോട്ടിനെപ്പോലുള്ള ഫാഷന്‍ ഡിസൈനര്‍മാരുടെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി. അദ്ദേഹമാണ് യൂറോപ്യന്‍ വനിതകളെ കോര്‍സെറ്റില്‍ നിന്നു മോചിപ്പിച്ചതെന്ന് ആലങ്കാരികമായി പറയാം. സ്വാഭാവികശരീരത്തെ ഞെരുക്കി, നിയന്ത്രിച്ചൊതുക്കുന്ന കോര്‍സെറ്റുകള്‍ക്കു പകരം ശരീരത്തെ സ്വതന്ത്രവും സ്വാഭാവികവുമായി അവതരിപ്പിക്കുകയാണ് വേണ്ടതെന്ന് കരുതപ്പെട്ടു. അയഞ്ഞുതൂങ്ങി താഴേക്കൊഴുകിക്കിടക്കുന്ന അണ്‍ഫിറ്റായ വസ്ത്രങ്ങള്‍ അദ്ദേഹത്തിന്റെ ഡിസൈനിങ്ങില്‍ പ്രധാനമായിരുന്നു. എന്നാല്‍ സ്വാഭാവികശരീരത്തെ കണ്ടെത്തുന്ന ഈ വിമോചനസങ്കല്‍പ്പത്തെ റബേക്കാ ആര്‍ണോള്‍ഡ് (ഫാഷന്‍, ഡിസൈര്‍, ആന്റ് ആങ്‌സൈറ്റി എന്ന കൃതി)മറ്റൊരു തരത്തിലാണ് വ്യാഖ്യാനിക്കുന്നത്. ബാഹ്യശരീരത്തില്‍ നിന്ന് എടുത്തുമാറ്റിയ കോര്‍സെറ്റുകളെ അന്നത്തെ യുവതികള്‍ ആന്തരികവല്‍ക്കരിക്കുകയാണ് ചെയ്തതെന്നവര്‍ പറയുന്നു. കാരണം ശരീരം മെലിയാനായി ജിംനേഷ്യങ്ങളില്‍ സമയം ചെലവഴിക്കുകയും ഭക്ഷണനിയന്ത്രണമേര്‍പ്പെടുത്തുകയും മരുന്നുകളുപയോഗിക്കുകയും ചെയ്തിരുന്നു, ആ സ്ത്രീകള്‍.

കേരളത്തില്‍ പടര്‍ന്നു പിടിച്ച ആന്റിഫിറ്റ് വസ്ത്രശൈലിയെകുറിച്ച് ഒരു വനിതാമാസികയിലെ വിവരണമിങ്ങനെ: ''ഇന്നലെവരെ ബോഡിഫിറ്റ് ടോപ്‌സിന്റ ആരാധകരായിരുന്ന, ജീന്‍സിനെ സ്വന്തം ചങ്കായി കരുതിയിരുന്നവര്‍ ഇപ്പോള്‍ ഒട്ടിപ്പിടിക്കാത്ത കാറ്റില്‍ പാറും കൈലേസ് പോലെ, കനംകുറഞ്ഞ ആന്റിഫിറ്റ് ഉടുപ്പുകളുടെ കട്ടഫാനായി മാറിയിരിക്കുന്നു. പലാസോ പാന്റ്‌സിനും ഡിവൈഡഡ് സ്‌കര്‍ട്ടിനും ലക്ഷങ്ങളുടെ ലൈക്ക്...കാമ്പസ് ക്യൂട്ടീസിന്റെ ബോഡീഷെയ്പ്പിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി പോലെയുളള കുര്‍ത്തികളും സ്വന്തം ചര്‍മ്മത്തില്‍ തന്നെ കിളിര്‍ത്തത് എന്നു തോന്നുന്ന സ്‌കിന്‍ഫിറ്റ് ജീന്‍സുമെല്ലാം ഇപ്പോള്‍ ചെറിയ ചമ്മലോടെ നില്‍പ്പാണ്.''(ആന്റി ഫിറ്റ് സൂപ്പര്‍ ഫിറ്റ്, രാഖി റാസ്, വനിത 2016, ജൂണ്‍ 15-30). ഒറ്റ നോട്ടത്തില്‍ സ്‌കിന്‍ഫിറ്റ് വസ്ത്രങ്ങളിലൂടെയുള്ള മാദകവല്‍ക്കരണത്തിന്റെ എതിര്‍ദിശയിലാണ് ഈ നീക്കം എന്നു തോന്നാം. എന്നാല്‍ അതങ്ങനെയല്ല, ടൈറ്റ്ഫിറ്റ് വസ്ത്രങ്ങളും ആന്റിഫിറ്റ് വസ്ത്രങ്ങളും ഒരേ ധര്‍മ്മമാണ് നിര്‍വ്വഹിക്കുന്നതെന്നതാണ് വിചിത്രമായ കാര്യം. ടൈറ്റ്ഫിറ്റ് വസ്ത്രങ്ങള്‍ ശരീരത്തെ എങ്ങനെ മാദകമായി അവതരിപ്പിക്കുന്നുവോ അതുപോലെത്തന്നെ ആന്റിഫിറ്റ് വസ്ത്രങ്ങളും അവതരിപ്പിക്കുന്നു. വസ്ത്രങ്ങളുടെ തരം, ഇഴ, നിറം, കോമ്പിനേഷന്‍ എന്നിവ ആവശ്യാനുസരണം മാറിമാറി ഉപയോഗിച്ചുകൊണ്ടാണ് ഇത് സാധിക്കുന്നത്. ആന്റിഫിറ്റ് വസ്ത്രങ്ങള്‍ ശരീരത്തെ സെക്‌സിയാക്കുന്നതിനെ കുറിച്ച് ഇതേ ലേഖനം നിരീക്ഷിക്കുന്നതിങ്ങനെ: ''അയഞ്ഞു തൂങ്ങുന്ന സെക്‌സ് അപ്പീലില്ലാത്ത അറുബോറന്‍ ഉടുപ്പുകളാണോ ആന്റിഫിറ്റ് ഉടുപ്പുകളെന്ന് ഒറ്റനോട്ടത്തില്‍ തോന്നാം. പക്ഷേ, ഒന്നുകൂടി നോക്കിയാല്‍ മനസ്സിലാകും ഗുട്ടന്‍സ്. ഒളിഞ്ഞും തെളിഞ്ഞും മാത്രം ഉടല്‍വടിവുകള്‍ മിന്നിമറയും. ന്യൂഡില്‍ സ്ട്രാപ്പ് ടോപ്പിന്റെ അഴകില്‍ തോളുകളുടെ മിനുമിനുപ്പ് ചിരിക്കും. നേര്‍ത്ത മെറ്റീരിയലിലൂടെ തിരശ്ശീലയിലെന്നപോലെ ഉടലഴക് തെളിയാതെ തെളിയും.'' ഇവിടെയും ശരീരത്തെ സംബന്ധിച്ച പിന്‍വാങ്ങലില്ല, പഴയ മട്ടിലുള്ള പ്രദര്‍ശനപരതയുമില്ല. മറിച്ച് ശാന്തവും ധീരവുമായ പ്രത്യക്ഷീകരണത്തിലൂടെ ശരീരത്തിന്റെ, സ്വത്വത്തിന്റെ സമര്‍ത്ഥനം തന്നെയാണുള്ളത്.

പാരമ്പര്യവും പാര്‍ട്ടിവെയറും

പാര്‍ട്ടിവെയറുകളും കാഷ്വല്‍വെയറുകളും എന്നരൊരു തരംതിരിവ് വിപണിയിടങ്ങളില്‍ നിന്നാണെങ്കില്‍ പോലും മലയാളികള്‍ക്കിടയില്‍ രൂപം കൊണ്ടുകഴിഞ്ഞിട്ടുണ്ട്. വസ്ത്ര/ആഭരണവ്യാപാരികള്‍ പ്രത്യേകമായി പരിഗണിക്കുന്ന വേര്‍തിരിവുകളാണ് അവ. മൂല്യസങ്കല്‍പ്പനങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ഫോര്‍മല്‍/പാര്‍ട്ടിവെയറുകള്‍ പാരമ്പര്യകേന്ദ്രിതമായാണ് ഡിസൈന്‍ ചെയ്യപ്പെടാറുള്ളതെന്നു കാണാം. ആഢ്യത്വം തറവാടിത്തം, കുലീനത, അഴകളവും തൊലിനിറവുമായി ബന്ധപ്പെട്ട് ലേഖനത്തിന്റെ ആദ്യഭാഗത്തു നാം കണ്ട മുഖ്യധാരാസൗന്ദര്യസങ്കല്‍പ്പങ്ങള്‍ തുടങ്ങിയവ സ്ഫുരിക്കുന്ന ചിഹ്നങ്ങള്‍ അവയില്‍ എടുത്തുകാണാം. ബ്രാന്റുകള്‍ പ്രധാനവുമാണ്. എന്നാല്‍ കാഷ്വല്‍വെയറുകള്‍ നാം നേരത്തെ കണ്ടതുപോലെ വ്യത്യസ്തമായ സ്വതന്ത്രശൈലികള്‍ കൊണ്ട് സമൃദ്ധമാണ്. ജിമിക്കികളെ കുറിച്ചുള്ള ഒരു ഫാഷന്‍ കുറിപ്പില്‍ ഉദ്ധരിക്കുന്ന ജോസ്‌കോ ജ്വല്ലേഴ്‌സിലെ ജോ എബ്രഹാമിന്റെ അഭിപ്രായത്തിലും ജിമിക്കിയും കുലീനതയും തമ്മിലുള്ള ചാര്‍ച്ച കാണാം. ''ജിമിക്കിയുടെ രൂപവും ഭാവവും മാറുന്നുവെന്നല്ലാതെ ഫാഷനില്‍ അതിന്റെ സ്ഥാനം മാറുന്നില്ല. ജിമിക്കിയാണ് കമ്മലുകളുടെ റാണി. ആഢ്യത്വമാണ് അതിനു കാരണം. എത്ര കമ്മലുകളുണ്ടെങ്കിലും ഒരു സെറ്റ് ജിമിക്കി എല്ലാവരുടെയും കയ്യില്‍ കാണും.''(നീയെന്റെ സ്വന്തം ജിമിക്കി, രൂപാ ദയാബ്ജി, വനിത 2016, ഡിസംബര്‍ 1-14). വിവാഹം, മതേതരവും മതേതരവുമായ മറ്റു ചടങ്ങുകള്‍/ഇടങ്ങള്‍ എന്നിവയിലൊക്കെ പാരമ്പര്യവസ്ത്രങ്ങള്‍ ധരിക്കുന്ന ശൈലി ഇതിനു സമാനമായി കാണാം.

യൂണിസെക്‌സ് (ലിംഗാതീത)ഫാഷനുകള്‍

സമീപകാലം വരെയും ലിംഗഭേദത്തിന്റെ മുദ്രകളെ പ്രകടമായി വഹിച്ചിരുന്ന പരിഷ്‌കാരങ്ങളായിരുന്നു ഏറെയും. കട്ടിയും ഈടുമുള്ള, അധികം അലങ്കാരപ്പണികളില്ലാത്ത വസ്ത്രം ആണുങ്ങള്‍ക്കും അലംകൃതമായ, മൃദുവായ, മിനുസമുള്ള വസ്ത്രം സ്ത്രീയ്ക്കും എന്നതായിരുന്നു പൊതുരീതി. കുടുംനിറത്തിലുളളവയും, പൂക്കള്‍, വളളികള്‍, വൃത്തങ്ങള്‍, വര്‍ത്തുളരേഖകള്‍ ഇവ സ്ത്രീകള്‍ക്കനുയോജ്യമായും പുരുഷനു യോജിക്കാത്തവയായും കരുതിയിരുന്നു. ചെക്ക്, വരകള്‍ എന്നിവ പുരുഷന്മാര്‍ക്കിണങ്ങുന്നതായാണ് പൊതുബോധം. വസ്ത്രങ്ങളും അവയുടെ അനുബന്ധങ്ങളുമായി ഏറെ ഇനങ്ങള്‍ ശരീരത്തില്‍ വഹിക്കുന്നത് സ്ത്രീകളുടെ ശൈലിയാണ്. അടിവസ്ത്രങ്ങളും മേല്‍വസ്ത്രങ്ങളും ഒപ്പം, ഷാള്‍, സ്റ്റോള്‍, ജാക്കറ്റ്, സ്‌കാര്‍ഫ്, ഓവര്‍കോട്ട് മുതലായ പല വസ്ത്രങ്ങളും അവര്‍ ധരിക്കുന്നു.

എന്നാല്‍, ഏറ്റവും പുതിയ ഫാഷനുകളില്‍ ഈ ലിംഗഭേദത്തിന്റെ അതിരുകള്‍ കുഴഞ്ഞു മറിയുന്നു. സ്ത്രീകളും ജീന്‍സും പാന്റും ഇടുന്നതോടെ വ്യത്യാസത്തിന്റെ വലിയൊരു വിതാനം വഴിമാറുന്നു. പൂക്കളും വള്ളികളും ഇലകളുമുള്ള, എംബ്രോയ്ഡറി ചെയ്ത പോക്കററില്ലാത്ത ഷര്‍ട്ടുകള്‍ ഇന്ന് പുരുഷന്മാരും ധാരാളമായി ഉപയോഗിക്കുന്നു. മുമ്പു സ്ത്രീകളാണവ ഉപയോഗിച്ചിരുന്നത്. മൃദുവായതും മിനുസമുള്ളവയും തിളക്കമുള്ളവയുമായ വസ്ത്രങ്ങള്‍ പുരുഷന്മാരും ധരിക്കുന്നു. ഇരുകൂട്ടരും ഇരുരീതികളും സ്വീകരിക്കുന്നു. മുമ്പ് അണിഞ്ഞൊരുങ്ങലിലെ പ്രധാനഘടകമായി സ്ത്രീകള്‍ കരുതിവന്ന പൊട്ടു തൊടലും ഈ വിപരീതദിശയിലുളള ചലനത്തിലാണിന്ന്. മുമ്പ് മുഖചമയത്തിന്റെ സുപ്രധാനഘടകമായി എടുത്തുകാണിച്ചിരുന്ന പൊട്ടുതൊടല്‍ ഇന്ന് വളരെ ചെറിയ രൂപത്തിലുള്ള പൊട്ടുകളായാണ് മാറിയത്. സൂക്ഷിച്ചുനോക്കിയാല്‍ മാത്രം കാണാവുന്ന ഒരു ബിന്ദു മാത്രമായി പൊട്ടിടല്‍ മാറിയിട്ടുണ്ട്.

ആഭരണങ്ങളിലും ലിംഗാതീതത്വം പ്രകടമാണ്. കഴുത്തിലെ മാലകളും ചരടുകളും പുറത്തു ദൃശ്യമാകുന്ന വിധം കോളറില്ലാത്ത കുര്‍ത്തകളും ടീഷര്‍ട്ടുകളും ഇന്നു പുരുഷന്മാര്‍ ധരിക്കുന്നു. സ്ത്രീകള്‍ കോളറും പോക്കറ്റുമുളള ചെക്ക് ഷര്‍ട്ടുകളും ജീന്‍സുപോലുള്ള കട്ടികൂടിയ തുണിത്തരങ്ങളും ധരിച്ച് പുറത്തിറങ്ങുന്നു. മുടി നീട്ടി വളര്‍ത്തുന്ന പുരുഷന്മാരും സാധാരണ കാഴ്ചയാണ്്.കണ്ണില്‍ സുറുമയും മസ്‌കാരയും കയ്യില്‍ വളയും കാതില്‍ കമ്മലും ഇടുന്ന പുരുഷന്മാര്‍ ഇന്ന് അത്ഭുതമല്ലാതായിരിക്കുന്നു. അപൂര്‍വമായിട്ടെങ്കിലും മൂക്കുത്തിയിടുന്ന പുരുഷന്മാരെയും കാണാറുണ്ട്. കൗബോയ് ജീന്‍സും ഷര്‍ട്ടും ബെല്‍റ്റും ക്യാന്‍വാസ് ഷൂസും തൊപ്പിയുമിട്ട് ആഭരണങ്ങളില്ലാതെ ബൈക്കില്‍ പറക്കുന്ന പെണ്‍കുട്ടി അതേ മൂല്യങ്ങളെ പേറുന്നു. കാലന്‍കുടകള്‍ ഇന്ന് പെണ്‍കുട്ടികളുടെയും ഫാഷന്‍മുദ്രയാണ്. വലിയ സ്ട്രാപ്പുള്ള, വലിയ ഡയലുള്ള വാച്ചുകള്‍ അവരണിയുന്നു. കുടയും ഇരുചക്രവാഹനങ്ങളുമെല്ലാം തന്നെ ഇത്തരം ലിംഗാതീതമായ പരിഷ്‌കാരത്തിന്റെ പുതിയൊരു ചിഹ്നവ്യവസ്ഥയാണ് പ്രദര്‍ശിപ്പിക്കുന്നത്. അതിലുപരി ആണ്‍/പെണ്‍ ദ്വന്ദ്വങ്ങളുടെ പരിധിയില്‍ വ്യക്തികളെ തളച്ചിടുന്ന അധീശകല്‍പ്പനകളെ ചെറുത്തുനില്‍ക്കുകയുംചെയ്യുന്നു. ഒപ്പം ആനന്ദങ്ങള്‍ക്കും വ്യത്യസ്തതകള്‍ക്കുമായുള്ള അന്വേഷണമായും സമര്‍ത്ഥനമായുമതു മാറുകയും ചെയ്യുന്നു.

താടി- ഐഡന്റിറ്റിയില്‍ നിന്ന് കാമനയിലേക്ക്

മുഖരോമങ്ങള്‍ ജീവശാസ്ത്രപരമായ ആണ്‍/പെണ്‍ഭേദത്തിന്റെ പ്രധാനമുദ്രയാണ്. സമീപകാലത്തെ അലങ്കാരങ്ങളുടെ യുക്തിയില്‍ നോക്കുമ്പോള്‍ ലിംഗഭേദത്തിന്റെ ഈ പരിഗണനകളേക്കാള്‍ മറ്റു ചില ഘടകങ്ങള്‍ പ്രധാനമായി വരുന്നുവെന്നുകാണാം. മുന്‍കാലങ്ങളില്‍ വ്യക്തികളുടെ ആന്തരിക ഗുണങ്ങളോടും ആകെക്കൂടിയുള്ള വ്യക്തിസത്തയോടും ചേര്‍ത്തുവെച്ചുകൊണ്ടാണ് താടിയെ വിലയിരുത്തിയിരുന്നത്. കാരണം ആന്തരികമൂല്യങ്ങളുടെ പ്രകാശനമായാണ് രൂപത്തെ കണ്ടുവന്നിരുന്നത്. 60 കളിലും 70കൡലും വിപ്ലവത്തിന്റെയും ദാര്‍ശനികതയുടെയും സര്‍ഗാത്മകതയുടെയും ധിക്കാരത്തിന്റെയും സ്വാതന്ത്ര്യബോധത്തിന്റെയും അടയാളമായിരുന്നു, താടി. പട്ടത്തുവിളയും രാമു കാര്യാട്ടും അയ്യപ്പപ്പണിക്കരും മറ്റും ഉദാഹരണങ്ങള്‍. വി.ആര്‍. സുധീഷ് പറയുന്നു: ''ഒരാളുടെ വ്യക്തിത്വത്തോടു ചേര്‍ത്തുവയ്ക്കാവുന്ന ഒന്നാണ് താടി. ഉദാഹരണത്തിന് ഒ. വി. വിജയന്റെ താടി. ആ താടിയില്ലാത്ത വിജയനെ സങ്കല്‍പ്പിക്കാന്‍ സാധ്യമല്ല. താടിയില്ലാത്ത ജോണ്‍ എബ്രഹാമിനെയും നമുക്ക് ആലോചിക്കാന്‍ വയ്യ. രണ്ടും രണ്ടാണ്. വിജയനിലുളളത് ആത്മീയപരിവേഷമുള്ള താടിയും ജോണിലുള്ളത് അരാജകപരിവേഷമുളള താടിയുമായിരുന്നു.''(താടി പുരാണം, വിജീഷ് ഗോപിനാഥ്, വനിത, 2016, ജനുവരി 15-31) കൃത്യമായി ക്ഷൗരം നിര്‍വഹിച്ച്, വെട്ടിയൊതുക്കിയ മീശയും കൃതാവും മുടിയും അച്ചടക്കത്തിന്റെയും ബഹുമാന്യതയുടെയും പുരുഷാധികാരത്തിന്റെയും അടയാളമായിരുന്നു. കൊമ്പന്‍മീശ ആണധികാരത്തിന്റെ അധൃഷ്യതയെയാണ് ചിഹ്നവല്‍ക്കരിച്ചത്. ഇപ്രകാരമുളള മൂല്യവാഹകത്വം താടിമീശകള്‍ക്കുണ്ടായിരുന്നത് പുതിയ കാലത്ത് തികച്ചും മൂല്യസംബന്ധിയല്ലാതെ വെറും ഫാഷന്‍ മാത്രമായി മാറിയിട്ടുണ്ട്. അതായത് ഐഡന്റിറ്റിയുടെ അടയാളമായി മുദ്രകുത്തപ്പെടുന്ന താടിമീശകള്‍ക്ക് ഇന്നു വൈയക്തികമായ ഫാഷന്‍ അഭിരുചിയുടെ പദവിയാണ് ഉള്ളത്. ഫാഷന്‍മൂല്യങ്ങളില്‍ നടന്ന ഈ വിച്ഛേദത്തെ സാമൂഹികതയില്‍ നിന്നും വൈയക്തികയിലേക്കുള്ള ചുവടുമാറ്റമായി കാണാന്‍ കഴിയും. ആന്തരികമായ സ്വഭാവഗുണങ്ങളുടെ സ്വാഭാവികമായ പ്രത്യക്ഷീകരണമെന്ന നിലയില്‍ ശരീരത്തിന്റെ രൂപഗുണങ്ങളെ കാണുന്ന ഫ്യൂഡല്‍ അഭിരുചികളില്‍ നിന്ന് വ്യത്യസ്തമായി ശരീരത്തെയും അലങ്കാരത്തെയും ഒരു നിര്‍മ്മിതിയായി കാണാന്‍ ഇവിടെ സാധ്യതയേറുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ഒരു രൂപഘടനയുടെയും പിന്നില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട, ഉറപ്പുളള ഒരു സത്തയുമില്ല. മറ്റൊരര്‍ത്ഥത്തില്‍ ഒരലങ്കാരവും നടത്തുന്നില്ലെന്നു പറയുന്നവര്‍ പോലും വ്യത്യസ്തമായ നിരവധി അലംകൃത രൂപങ്ങളുടെ നിരയില്‍, പരിധിയില്‍ തന്നെയാണുള്ളത്. നരച്ചമുടി, വളര്‍ന്ന താടി അങ്ങനെത്തന്നെ വിടുന്നവര്‍ അവരുടെതന്നെ ഒരു ചോയ്‌സ് നിര്‍മിച്ചെടുക്കുകയാണ്; തീര്‍ച്ചയായും ഒരു ക്ലീന്‍ഷേവുകാരന്റെ ചോയ്‌സിനു സമാനവും സമാന്തരവുംതന്നെയാണ് അത്. അവിടെ ആദര്‍ശാത്മകതയുടെയോ ത്യാഗത്തിന്റെയോ ഉച്ചമൂല്യങ്ങള്‍ അവകാശപ്പെടുന്നത് നിരര്‍ത്ഥകം തന്നെ.

സമകാലിക ഫാഷന്‍പ്രവണതകളിലെ ജനാധിപത്യപരവും അധീശത്വവിരുദ്ധവുമായ ഘടകങ്ങളെ കണ്ടെത്താനുള്ള ശ്രമമാണ് ഇവിടെ നടത്തിയത്. ജാതി, നിറം, ലിംഗം, രൂപപ്രത്യക്ഷങ്ങള്‍ ഇവയുടെ അതിരുകളെ ഭേദിക്കാന്‍ കഴിയുന്ന മട്ടില്‍ ശരീരവൈവിധ്യങ്ങളുടെ ആഘോഷമായി പുതിയകാലത്തെ  ഫാഷന്‍പ്രവണതകള്‍ മാറിയിട്ടുണ്ട്. ശ്രേണീബദ്ധവും വിഭജിതവുമായ സാമൂഹികശരീരത്തെ ജനാധിപത്യവല്‍ക്കരിക്കുന്നതില്‍ ഇവ പ്രധാന പങ്കുവഹിക്കുന്നു. എന്നാല്‍ ഇതിനെതിരായ പ്രവണതകളും ശക്തമാണ്. പുതിയകാലത്തെ ഫാഷനും ശരീരവും ഇതിനിടയില്‍ സംഘര്‍ഷഭരിതമാണ്. പൗരത്വത്തെയും ജനാധിപത്യത്തെയും ബലിഷ്ഠമായ ഏകദിശയില്‍ നിന്നും  അടര്‍ത്തിയെടുത്ത്, വേറിട്ട അനേകം വ്യത്യസ്തദിശകളിലേക്ക് ത്വരിപ്പിച്ചെടുക്കുന്നതിനുള്ള രാഷ്ട്രീയഭാവന ഈ കലക്കങ്ങളില്‍ ഊറിത്തെളിഞ്ഞേക്കാം. 

( *ഇച്ഛാധികാരമെന്ന വാക്കിന് സി. കേശവനോട് കടപ്പാട്)2017 നവംബര്‍ 12, ലക്കം മാതൃഭൂമിആഴ്ച്ചപ്പതിപ്പില്‍ പെണ്ണുടുപ്പിലെ പോക്കറ്റ്,ആണ്‍കണ്ണിലെ കണ്‍മഷി എന്ന തലക്കെട്ടില്‍ വന്ന ലേഖനം