Friday, January 1, 2016

നിരവധിയായി പിളര്‍ന്ന സര്‍പ/ഗ നാവുകള്‍രിടത്തൊരിടത്ത് ഒരു രാജാവുണ്ടായിരുന്നു. അയാള്‍ക്ക് ഒരു മകനുണ്ടായി. അവന്‍ കല്യാണം കഴിച്ചുകാണാന്‍ രാജാവ് ആഗ്രഹിച്ചു. എന്നാല്‍ രാജകുമാരന്‍ ഏതുവിധേനയും വിവാഹത്തില്‍നിന്ന് ഒഴിഞ്ഞുമാറി. ഗതികെട്ട രാജാവ് അവസാനത്തെ അടവെടുത്തു, നീ വിവാഹം കഴിച്ചില്ലെങ്കില്‍ ഞാന്‍ മരിച്ചു കളയും. ഒടുവില്‍ രാജകുമാരന്‍ കീഴടങ്ങി; ഉപാധികളോടെ. എന്നെ രണ്ടു കഷണമാക്കൂ, അതില്‍ ഇടത്തെക്കഷണം പൂ കൊണ്ടുമൂടി സംസ്‌ക്കരിക്കൂ. അതില്‍നിന്നു ജനിക്കുന്ന പെണ്‍കുട്ടിയെ ഞാന്‍ വിവാഹംകഴിക്കാം. രാജാവിനു ഭയമായി, മറ്റൊരു വഴിയുമില്ലേ എന്നയാള്‍ മകനോടു ചോദിച്ചു. ഇല്ല, ഈ ഒരു വഴിയേ ഉള്ളു. മറ്റു സ്ത്രീകളെല്ലാം വരുതിക്കു നില്‍ക്കാത്ത തെറിച്ചവരാണ്, അയാള്‍ പറഞ്ഞു.പറഞ്ഞ പ്രകാരം രാജാവ് മകനെ മുറിച്ചു. പകുതി പൂക്കളില്‍ സംസ്‌ക്കരിച്ചു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അതില്‍നിന്നും സ്ത്രീ ജനിച്ചു. രാജാവ് മകന്റെ വിവാഹം ആര്‍ഭാടപൂര്‍വം കൊണ്ടാടി. അവള്‍ക്കായി വിജനമായ ഒരു പ്രദേശത്ത് മനോഹരമായ ഒരു ബംഗ്‌ളാവ് പണികഴിപ്പിക്കപ്പെട്ടു. ഒരിക്കല്‍ അതുവഴി യാത്രചെയ്യുകയായിരുന്ന ഒരു സിദ്ധന്‍ ആ മണിമാളികകണ്ട് ആകൃഷ്ടനായി അതു നോക്കിനില്‍പ്പായി. ജനാലയിലൂടെ അയാളെക്കണ്ട രാജകുമാരി  പുഞ്ചിരിച്ചു.  യാത്രക്കാരന്‍ തൊട്ടടുത്തുള്ള ഗ്രാമത്തില്‍ ഒരു വൃദ്ധയുടെ വീട്ടില്‍ പാര്‍പ്പായി. വൃദ്ധ, രാജകുമാരിക്ക് എന്നും മാലകള്‍ കൊരുത്തു നല്‍കുമായിരുന്നു. ഒരു ദിവസം സിദ്ധന്‍ മനോഹരമായ ഒരു മാലയുണ്ടാക്കി അവരുടെ കയ്യില്‍ കൊടുത്തുവിട്ടു. രാജകുമാരി മാല സൂക്ഷിച്ചുനോക്കി കാര്യം ഗ്രഹിച്ചു. എങ്കിലും ഉള്ളില്‍ വന്ന സന്തോഷം മറച്ചുവെച്ചുകൊണ്ട് ദേഷ്യം അഭിനയിച്ചു. അവള്‍ കൈകള്‍ ചുവന്ന ചായത്തില്‍മുക്കി അവരുടെ കരണത്തടിച്ചു. കരഞ്ഞുകൊണ്ടുവന്ന വൃദ്ധയോട് അയാള്‍ പറഞ്ഞു, അതവള്‍ ആര്‍ത്തവത്തിലാണെന്ന സൂചന തന്നതാണ്!  കുറച്ചു ദിവസം കഴിഞ്ഞ് അയാള്‍ മറ്റൊരു മാല കൊടുത്തുവിട്ടു. രാജകുമാരി തന്റെ കൈകള്‍ വെളുത്ത കുമ്മായത്തില്‍മുക്കി അവരുടെ മാറത്ത് ആഞ്ഞടിച്ചു. ഇത്തവണ അയാള്‍ അവരോടു പറഞ്ഞു, ഇപ്പോള്‍ പൗര്‍ണമികാലമാണെന്നാണ് അവള്‍ പറയുന്നത്. അടുത്ത മാല കൊടുത്തപ്പോള്‍ രാജകുമാരി കറുത്തമഷിയില്‍ തന്റെ കൈമുക്കി അവരുടെ പുറത്ത് അടിച്ചു. അയാള്‍ സൂചന മനസ്സിലാക്കി പ്രവര്‍ത്തിച്ചു. നല്ല ഇരുട്ടുള്ള രാത്രിയില്‍ കൊട്ടാരത്തിന്റെ പിന്നാമ്പുറത്തു ചെന്നപ്പോള്‍ മട്ടുപ്പാവില്‍നിന്നും തൂങ്ങിക്കിടക്കുന്ന കയറിലൂടെ അയാള്‍ അകത്തുചെന്നു. അവള്‍ അയാളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അവര്‍ പരസ്പരം ഒന്നുചേര്‍ന്നു. എന്നാല്‍ അപകടങ്ങളില്ലാതിരിക്കാന്‍ അവള്‍ അയാളോടു മേലില്‍ വേഷം മാറിയേ വരാവൂ എന്നു പറഞ്ഞു. അയാള്‍ക്കത് എളുപ്പമായിരുന്നു. അയാള്‍ ഒരു പാമ്പായിമാറി ഓവുകുഴലിലൂടെ ഉള്ളില്‍ കയറി ഉടനെത്തന്നെ മനുഷ്യരൂപമെടുക്കും. ഇതു കുറേ നാള്‍ തുടര്‍ന്നു. ഒരു ദിവസം സ്‌നുഷാവല്‍സലനായ രാജാവ് ഓവുകുഴലിലൂടെ ഇഴയുന്ന പാമ്പിനെ കണ്ടു. ഉടനെ തന്നെ സേവകരെ വിളിച്ച് അതിനെ പിടികൂടി തല്ലിക്കൊന്നു ദൂരേക്കു വലിച്ചെറിഞ്ഞു. ഉള്ളിലെത്തി രാജകുമാരിയെ വിവരം ധരിപ്പിച്ചു. അവള്‍ ബോധംകെട്ടുവീണു. അവള്‍ ദു:ഖം കടിച്ചമര്‍ത്തി ഭയം അഭിനയിച്ചു. അന്നുതൊട്ട് അവള്‍ ഭക്ഷണവും ഉറക്കവും ഉപേക്ഷിച്ച് ദു:ഖിതയായി കഴിഞ്ഞുകൂടി. അങ്ങനെയിരിക്കെ ഒരു തീര്‍ത്ഥാടകഭിക്ഷു സഹായം ചോദിച്ച് കൊട്ടാരത്തിലെത്തി. ഒരുരൂപാ അയാള്‍ക്കു നല്‍കിയിട്ട് അവള്‍ ആ പാമ്പ് ഇപ്പോഴും അവിടെ ചത്തുകിടക്കുന്നുണ്ടോ എന്നറിയാന്‍ അയാളോടു പറഞ്ഞു. ഉണ്ടെന്നറിഞ്ഞപ്പോള്‍ അയാള്‍ക്കവള്‍ വീണ്ടും ഒരു രണ്ടു രൂപാ കൂടി നല്‍കിയിട്ട് അതിനെ യഥാവിധി സംസ്‌ക്കരിക്കാന്‍ ഏര്‍പ്പാടുചെയ്തു. അയാള്‍ അതിന്റെ ചിതാഭസ്മം അവളെ ഏല്‍പ്പിച്ചു. അവള്‍ വീണ്ടും അയാള്‍ക്ക് 3 രൂപാ കൊടുത്തിട്ട്  തട്ടാന്റെ കയ്യില്‍നിന്നും ഒരു ഏലസ്സുമായി വരാന്‍ പറഞ്ഞു. അവള്‍ ആ ഏലസ്സില്‍ ചാരം നിറച്ച് തോളില്‍ ബന്ധിച്ചു.

ഒട്ടനവധി വ്യാഖ്യാനങ്ങള്‍ സാധ്യമാണ് ഈ നാടോടിക്കഥയ്ക്ക്. സ്വന്തം ശരീരത്തിന്റെ ഭാഗം തന്നെ തന്റെ ഇണയായി സ്വീകരിച്ച രാജകുമാരന്റെ കാമനയെ സ്വവര്‍ഗമെന്നാണോ നാം വിളിക്കുക? അന്യസ്ത്രീകളോടുള്ള അവിശ്വാസവും ഭയവും അയാളെ അതിലേക്കെത്തിച്ചതാണോ? പ്രണയം, രതി വാസ്തവത്തില്‍ അടിസ്ഥാനപരമായി ആത്മരതി തന്നെയാണോ? പാമ്പിനെ സ്വീകരിച്ച രാജകുമാരി പാപത്തിന്റെ നിഹിതാര്‍ത്ഥങ്ങള്‍ പ്രസരിപ്പിക്കുന്നതെങ്ങനെ? സമകാലിക മലയാളകവിതയിലെ ലിംഗബന്ധങ്ങളിലേക്കു വ്യത്യസ്തമായ ഒരു പാളിനോട്ടം നടത്താനാണ് ഈ പഠനം ശ്രമിക്കുന്നത്. അതിലേക്കുള്ള യുക്തികള്‍ അന്യപദേശരൂപേണ ഈ കഥയില്‍ ആരോപിക്കാന്‍ നമുക്കു കഴിയും. നിലവിലുള്ള ആണ്‍-പെണ്‍ (ഭിന്നവര്‍ഗം) പ്രണയ, ദാമ്പത്യ, ലൈംഗികതകളെ സംബന്ധിച്ച  സ്ഥിരീകരണത്തിനപ്പുറം ചില കവിതകളെങ്കിലും വേറിട്ട പാഠങ്ങള്‍ നിര്‍മിക്കുന്നുണ്ടോ? അവയുടെ രാഷ്ട്രീയപ്രസക്തി എന്ത് ? എന്നൊക്കെ അന്വേഷിക്കാനാണിവിടെ മുതിരുന്നത്. ആത്മീയഭാവുകത്വത്തിലെ സ്വവര്‍ഗാഭിരുചി, സ്വവര്‍ഗസാമൂഹികതയുടെ ഉപജാപങ്ങള്‍, സ്വവര്‍ഗസഖ്യങ്ങള്‍ എന്നിങ്ങനെയുള്ള പ്രമേയങ്ങളെ മുന്‍നിര്‍ത്തി മലയാളത്തിലെ ചില കവികളെ പഠിക്കാനാണ് ഇവിടെ ശ്രമം. 

ദൈവകാമനയും സ്വവര്‍ഗാഭിരുചികളും


മനുഷ്യര്‍ അവനവനെക്കൂടി സ്‌നേഹിക്കാനും കാമിക്കാനും വിധിക്കപ്പെട്ടു കഴിയുന്നവരാണ്, മനോഹരമായ ശിക്ഷ തന്നെ! അതു വെറും സ്വാര്‍ത്ഥത എന്നു ചുരുക്കേണ്ടതില്ല. അന്തര്‍ജ്ഞാനം, അന്തര്‍ദര്‍ശനം എന്നൊക്കെ സന്യാസികളും ആത്മജ്ഞാനികളും വിള്ിക്കുന്നത് അതും കൂടി ചേര്‍ന്ന മേഖലയെ ആകാം. പക്ഷേ രാഗദ്വേഷങ്ങളുടെ ഈ നിത്യജീവിതത്തില്‍ 'ആത്മ'രതി വെറും ആത്മരതി തന്നെയായി ചുരുങ്ങിപ്പോകുന്നു, അതിനാല്‍ മേല്പറഞ്ഞ അന്തര്‍ജ്ഞാനം ശ്രീനിവാസന്‍ പറഞ്ഞ പോലെ വെറും നടക്കാത്ത സുന്ദരമായ സ്വപ്‌നം മാത്രം! അവനവന്റെ ഒറ്റപ്പെടലിനെ കവിത അതിജീവിക്കുന്നതെങ്ങനെ?  അഥവാ കവിത എക്കാലവും ചുമന്നു നടക്കുന്ന ഏറ്റവും ഭാരം കൂടിയ ചുമട് എങ്ങനെ നാം എങ്ങനെ ഇറക്കിവെയ്ക്കും?  വഴിവാണിഭക്കാരനെ കൈകൊട്ടി വിളിച്ച് അതിറക്കിവെച്ച്  ഒരോ പൊതിയും തുറന്നു കാണാന്‍ നാം കുട്ടികളെപ്പോലെ പൊട്ടികളായിത്തീരണം. പഠിച്ചുറച്ചതൊക്കെ ഒന്നു കൊഴിച്ചു കളയണം. ഈ അണ്‍ലേണിംഗ് നമ്മെ പുതുക്കിപ്പണിയാന്‍ വിട്ടുകൊടുക്കും. ആണ്‍/പെണ്‍,  ഇര/വേട്ടക്കാരന്‍,  പ്രണയം/കാമം, ശരീരം/മനസ്സ് തുടങ്ങിയ എല്ലാത്തരം ദ്വന്ദ്വകല്‍പനകളില്‍നിന്നും ഒന്നു 'അവസരവാദ'പരമായിത്തന്നെ വിട്ടുനില്‍ക്കണം.

അവനവന്റെ ഉള്ളില്‍ ഒരു സംഗീതം കേള്‍ക്കുന്നു, അത് അപ്പുറത്തുനിന്നുളള അന്യന്റെ ശബ്ദമായിരുന്നു എന്ന തോന്നലിനെ കാല്പനികമായിത്തന്നെയാണ് എഴുപതിലെ കവിത എഴുതിയത്. അവിടത്തെ ഇടറുന്ന സമാന്തരധാരകളില്‍ കാല്പനികമാണത് എന്ന അസ്വസ്ഥത പെരുകിയിരുന്നു. എന്നാലാ സ്വപ്‌നം പരമാവധി നീട്ടിനീട്ടി കണ്ടുകൊണ്ടിരിക്കാന്‍ അക്കാലം ബാധ്യസ്ഥമായിരുന്നു. പിന്നെയും വളരെക്കാലം അതു നമ്മുടെ നിസ്സഹായമായ ഒരു പിടിവള്ളിയായിരുന്നു, ഇന്നും അല്ലേ?  (ആവോ..! ) ഇടര്‍ച്ച കലര്‍ന്ന സമാന്തരധാരകള്‍  ആര്‍ക്കും വേണ്ടാത്ത ആത്മത്തെയും ചുമന്നു മങ്ങിയ വെളിച്ചത്തില്‍നടക്കുന്ന കാഴ്ച്ചകള്‍ ആധുനികതയുടെ ശിഷ്ടകാലത്തെ കവിതകളില്‍ നാം കേട്ടുതുടങ്ങുന്നു. ചുള്ളിക്കാടില്‍, അയ്യപ്പനില്‍ , വി.ജി.തമ്പിയില്‍ ഒക്കെ. പ്രണയവും ദേഹവും ദേഹിയും കലഹിക്കുന്ന വരികള്‍ നാം കാണുന്നു, പുതിയ ഒരു ദൈവത്തെ കാണുന്നു, കീറിപ്പറിഞ്ഞ ഒരു ദൈവം. അലഞ്ഞുമുഷിഞ്ഞ, വിയര്‍പ്പുമണമുള്ള ദൈവം. ആ ദൈവം ഇടയ്ക്കിടെ നാസിമുദ്ദീനിലും സെബാസ്റ്റ്യനിലും മുടന്തിനീങ്ങുന്നതു നാം പില്‍ക്കാലത്തു കാണുന്നുണ്ട്. ആരാണയാള്‍ ? അയാള്‍ എന്തായാലും അവളല്ല എന്നെങ്കിലും നമുക്കിന്നു എങ്ങനെയോ ഒരു  തീര്‍ച്ചയുണ്ട്. കാരണം ചിലപ്പോഴെങ്കിലും ഈ മനുഷ്യപുത്രന്റെ അലച്ചിലിനു ഹേതു തന്നെ അവളാണ്. 'മുപ്പതുവെള്ളി വിലയുളള മെത്തയില്‍ പശ്ച്ചാത്തപിക്കാത്ത കൈകളാല്‍ അന്യനെ കെട്ടിപ്പുണര്‍ന്നു '' കിടന്നത് അവളല്ലാതാരുമല്ല.' .....നിര്‍ത്തൂ ചിലയ്ക്കല്‍ നിനക്കെന്തു വേണമെന്‍ ദു:ഖങ്ങളോ ഫണം നീര്‍ത്ത പുല്ലിംഗമോ? '(പ്രണയഗീതം)എന്നു നിരോധിച്ചതും അവളെത്തെന്നെയായിരുന്നു. നിന്ദ്യയും അവിശുദ്ധയുമായ അവളില്‍നിന്നെന്നു മാത്രമല്ല, പാപകളങ്കിതമായ പ്രണയത്തില്‍നിന്നു തന്നെ കവിക്കുള്ള രക്ഷ സ്വന്തം അവധൂതത്വത്തിലൂടെ മാത്രമാണ്. ബലി ആത്മബലി മാത്രമാണ്. 70 കളിലെ പ്രധാനപ്രമേയങ്ങള്‍ പ്രണയവും വിപ്‌ളവവും ആയിരുന്നു. രണ്ടിലും ഒഴിവാക്കപ്പെട്ട ഒരു പ്രതിസന്ധി ജാതിയുടേതുകൂടിയാണ്. മറ്റൊന്ന് കടുത്ത ഭിന്നവര്‍ഗ(ആണ്‍/പെണ്‍)മൂല്യങ്ങളാണ് അവയെ നിര്‍ണയിച്ചത് എന്നതാണ്. (ചൂടാതെ പോയി നീ ഞാന്‍ നിനക്കായി ചോരചാറിച്ചുവപ്പിച്ചൊരെന്‍ പനീര്‍പ്പൂവുകള്‍..)(നെടിയകണ്ണിലെ കൃഷ്ണകാന്തങ്ങള്‍ തന്‍ കിരണമേറ്റെന്‌റെ ചില്ലകള്‍ പൂത്തതും,... ശുദ്ധനായിടുന്നു. ) ബലിബോധം, ആത്മപ്രദര്‍ശന വ്യഗ്രത, അതിനാടകീയത, അഹംബോധം, രതിഭീതി എന്നിവയെ ഒക്കെ മുന്‍നിര്‍ത്തി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകളെ പഠിക്കുന്ന 'ബാലചന്ദ്രന്‍ ചുള്ളിക്കാട് വിമര്‍ശിക്കപ്പെടുന്നു' എന്ന സജയ്.കെ.വി. യുടെ പഠനം പ്രസക്തമാണ്.

പ്രണയത്തിലും വിപ്‌ളവത്തിലും ദാമ്പത്യത്തിലും ഒരുപോലെ ബലിയാക്കപ്പെടുന്ന പുരുഷനാണ് ആധുനിക കവിതയിലെ നായകന്‍. കഠിനമായ ആണ്‍/ പെണ്‍(ഭിന്നവര്‍ഗ) അധിഷ്ഠിതകാമനകളെയും സദാചാരത്തെയും ആണതു തോറ്റുന്നത്. ഹെട്രോസെക്ഷ്വല്‍ ആയ പ്രണയധാര്‍മികതയും വിപ്‌ളവധാര്‍മികതയും ഒന്നുചേരുന്ന ഇടമാണത്. പ്രണയവഞ്ചനയും വിപ്‌ളവവഞ്ചനയും സമീകരിക്കപ്പെടുന്നു. കബനീനദി ചുവന്നപ്പോള്‍ മുതലായ സിനിമകളിലൂടെയും മറ്റും നാം ഇതു കണ്ടിട്ടുണ്ട്. വിപ്‌ളവത്തില്‍, പ്രത്യേകിച്ചും ഇടതുതീവ്രവാദചിന്തകളില്‍ കടുത്ത സദാചാരബോധം വേരൂന്നിയിരുന്നു. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ താലപ്പൊലിക്കാലത്ത് ലൈംഗികത്തൊഴിലാളികളെ  തേടിവന്നിരുന്നവരെ അക്കാലത്തെ സാംസ്‌കാരികവേദി അനുഭാവികള്‍ മുന്‍കയ്യെടുത്ത് ഓടിപ്പിച്ചിരുന്നുവെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. വലതുപക്ഷഹിന്ദുരാഷ്ട്രീയം ഇന്നു നടത്തിക്കൊണ്ടിരിക്കുന്ന മോറല്‍പോലീസിംഗില്‍നിന്നും വളരെയൊന്നും വ്യത്യസ്തമായിരുന്നില്ല, അത്. അതവിടെനില്‍ക്കട്ടെ. വിപ്‌ളവത്തിന്റെ ധാര്‍മികത ഹെട്രോസെക്ഷ്വല്‍ ധാര്‍മികതയുമായി കണ്ണിചേര്‍ന്നുകിടക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങളില്‍ ഒന്നു മാത്രമാണത്.

ആത്മത്തെ മലയാളിപുരുഷന്‍ ചുമന്നു നടന്നതിന്റെ വഴികള്‍ കുടിയൊഴിക്കല്‍ മുതല്‍ ചുള്ളിക്കാടു വരെയുള്ളതെങ്കിലും കാവ്യചരിത്രപഠനങ്ങളില്‍ തെളിഞ്ഞുകാണാനുണ്ട്. (സജയ്.കെ.വി, യാക്കോബ് തോമസ്, ജി.ഉഷാകുമാരി) രാഷ്ട്രം, ദേശീയത തുടങ്ങിയ രൂപങ്ങളോടു കലഹിച്ചുകൊണ്ടു നില്‍ക്കുന്ന സജീവമായ വിപ്‌ളവകാരിയായ പുരുഷന്‍ ആണയാള്‍. പ്രണയനഷ്ടം രാഷ്ട്രനഷ്ടം തന്നെയായാണ് അയാള്‍ അനുഭവിക്കുക.  മനുഷ്യന്‍ അവന്റെ തന്നെ രൂപത്തില്‍ റോബോട്ടുകളെ ഉണ്ടാക്കുന്ന ഇക്കാലത്തിരുന്നുകൊണ്ട്, അവനാഗ്രഹിക്കുന്ന വിധത്തിലുള്ള ലൈംഗികക്കളിപ്പാട്ടങ്ങള്‍ വാങ്ങുന്ന ഈ വിപണിലോകത്തിരുന്നുകൊണ്ട്, അവന്റെ തന്നെ ആഗ്രഹകാമനകള്‍ സാക്ഷാല്‍കൃതമാക്കുന്ന ഒരു ദൈവലോകത്തെ കണ്ടെടുക്കുന്നതിന്റെ യുക്തികള്‍ പ്രത്യേകം എടുത്തു പറയേണ്ടതില്ല. എങ്കിലും അതു ഇരമ്പിനില്‍ക്കുന്ന സമകാലിക സാമൂഹ്യ, വിപണി, സാംസ്‌ക്കാരികലോകത്തില്‍നിന്നു വിഭിന്നമായി, കൂടുതല്‍ സൂക്ഷ്മതയോടെ, വ്യപ്തിയോടെ, പടര്‍ച്ചകളോടെ മലയാളകവിതയില്‍ കാമനകളായി പടര്‍ന്നേറുന്നതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

ദൈവകാമന
വി.ജി.തമ്പിയുടെ കവിതകളിലെ ചില ഉദാഹരണങ്ങളിലേക്കു വരാം. ദൈവഭാവനകളാല്‍ സമൃദ്ധമായിരുന്നു, തമ്പിയുടെ എക്കാലത്തെയും കവിത. പ്രകൃതിയെയും പ്രണയത്തെയും സ്ത്രീയെയും തേടുമ്പോഴൊക്കെ അത് ദൈവത്തെ കണ്‍പാര്‍ത്തുകൊണ്ടേയിരുന്നു. അരുമയായ ആത്മത്തെ കയ്യിലെടുത്ത് കഴുകിവെടുപ്പാക്കി തികച്ചും ക്രിസ്തീയമായ സമര്‍പ്പണമാക്കി ചിലപ്പോഴത് . മറ്റു ചിലപ്പോള്‍ ഒരിക്കലും ഒടുങ്ങാത്ത വിലാപങ്ങളായി. ചിലപ്പോള്‍ നാടകീയമായ കലഹങ്ങളും. ഉടലിന്റെ പ്രമേയങ്ങളെ വൈരാഗ്യത്തിന്റെയും രാഗത്തിന്റെയും നിറങ്ങളില്‍ മാറിമാറി ചാലിച്ച് തമ്പി എഴുതി. തച്ചനറിയാത്തമരം, ഹവ്വ മുലപ്പാല്‍ കുടിക്കുന്നു, നഗ്നന്‍ മുതലായ സമാഹരങ്ങളിലൂടെ കടന്നുപോകുന്ന വായനക്കാര്‍ ഈ പ്രമേയങ്ങളുടെ വൈവിധ്യങ്ങളും ആവിഷ്‌ക്കാരത്തിലെ താനഭേദങ്ങളും തിരിച്ചറിയും. പരിത്യക്തതയുടെ മുറ്റിയ വേദനയെ ആധുനികതയുടെ സൗന്ദര്യശാസ്ത്രത്തിനനുസൃതമായി പാകപ്പെടുത്തിയെടുത്തതാണീ കവിതകളോരോന്നും. ആരാണീ പരിത്യക്തന്‍? തമ്പിയില്‍ അയാള്‍ പ്രണയിയാണ്, കവിയും. ആത്മീയത- പരിത്യക്തത- കവിത ഇവ തമ്മിലുള്ള ത്രിത്വം തുപ്പല്‍ എന്ന കവിതയില്‍ കാണാം.
'ഈശ്വരാ,
നിന്റെ വായില്‍ നിന്നും
എന്നെ തുപ്പിക്കളഞ്ഞ
ആ നിമിഷം
വാക്കുകള്‍ പൂവിടര്‍ച്ചകളായി.
പക്ഷികള്‍ പറന്നെത്തി
സത്യമായും പ്രണയത്തില്‍നിന്നും
തുപ്പിയെറിയപ്പെട്ടവനു മാത്രമേ
കവിതയുടെ സ്പര്‍ശം കിട്ടൂ'
(നഗ്‌നന്‍, പുറം131)

''മുക്കുവന്റെ വലയില്‍
കുരുങ്ങിപ്പോയി
ഉദാസീനമൊരാത്മാവ്
ദൈവത്തിന്റെ കളിപ്പാട്ടം'
ഇവിടെയും രതി/വിധി ബിംബങ്ങള്‍ കലരുന്നു. വല എന്നും പുരുഷനാണ്, ദൈവവും പുരുഷന്‍ തന്നെ. പുരുഷന്‍ തേടുന്ന, മോഹിക്കുന്ന അതിപൗരുഷരൂപമായി അത് എഴുത്തിലെ മോഹസ്ഥലിയായി രൂപപ്പെടുന്നു. അനന്തമായി രൂപം പകര്‍ന്നുമാറുന്ന ആത്മത്തിനുള്ള ഉപാധികൂടിയാണീ ദൈവകാമന. രൂപാന്തരം എന്ന കവിത പരസ്പരം തെന്നി മാറിക്കൊണ്ടിരിക്കുന്ന സ്വാത്മഛായയെ എഴുതുന്നു.

ദൈവം അവനു മേല്‍
ജലം പുതപ്പിച്ചു.
..............................
.............................
ദൈവത്തിന്റെ കുളിരാര്‍ന്ന മാറിടത്തില്‍
അവന്‍ തലചായ്ച്ചു കിടന്നു.
പൊട്ടിപ്പിളര്‍ന്ന കാലുകളെ
ഹൃദയത്തിന്റെ ചുണ്ടുകള്‍ കൊണ്ട്
ദൈവം കഴുകിത്തുടച്ചു
കൈക്കുടന്നയില്‍
കരച്ചിലിനെ കോരിയെടുത്തു.
ഒരു പിയാനോയിലെന്നവണ്ണം
അവന്റെ ശരീരത്തിലൂടെ
ദൈവത്തിന്റെ വിരലുകള്‍
ഒരു മുറിഞ്ഞഗാനം പരതി
ദൈവത്തോടൊപ്പമുളള
ആ പാതിരാശയനം
അവനെ ദൈവത്തോളം പഴക്കമുള്ളവനാക്കി
പതുക്കെയവന്‍
ദൈവത്തിന്റെ മടിത്തട്ടിലില്‍ നിന്നുമിറങ്ങി
നഗ്നതയുടെ ജലനിറത്തില്‍
പുലരിക്കഭിമുഖം നടക്കാന്‍ തുടങ്ങി
ചെമ്പകമണമുള്ള ഒരു പെണ്ണ്
അവന്റെ ഉയിരില്‍ പൂക്കുകയാണിപ്പോള്‍
നെഞ്ചില്‍ ഈറ്റുനോവുമായി
അവന്‍ അവളായി
പുലരിയുടെ മുലപ്പാലിലേക്ക്
തിരിച്ചു നടന്നു. ''
 ഈ കവിതയില്‍ അശരണനും പീഡിതനും ശിശുവും സ്ത്രീയും ഒക്കെയായ വിധേയിയുടെ ഘടനയിലാണ് കവി സ്വയം പ്രതിഷ്ഠിക്കുന്നത്. ദൈവത്തില്‍ നിന്നിറങ്ങി പുലരിയിലേക്കു നടന്നു നീങ്ങുന്ന അവന്‍ നഗ്നയായ അവളായി മാറുന്നു. അപ്പോള്‍ മാത്രമേ ഇരയുടെ കാമനയുടെ സാഫല്യം പൂര്‍ണമാകുന്നുളളു. അതിനായി മാത്രമുള്ള സ്‌ത്രൈണതയാണത്. നഗ്നന്‍ എന്ന കവിതാസമാഹാരത്തിന്റെ ഒരു ഭാഗം നിറയെ ദൈവവും മറുഭാഗം സ്ത്രീയുമാണ്. പെങ്ങളും അമ്മയും നര്‍ത്തകിയും(പീനാ ബോഷ്) മാദകനടി(സില്‍ക്ക് സ്മിത)യും ഒക്കെയായ സ്ത്രീകളില്‍ തന്റെ പീഡിത/ഇരസ്വത്വത്തെ കവി കൊരുത്തുവെയ്ക്കുന്നു. അങ്ങനെ മാത്രമേ അതിനു സ്വയം ന്യായീകരിക്കാന്‍ കഴിയുന്നുള്ളു. ആ സ്ത്രീ ബിംബവല്‍കൃതമായ സാംസ്‌ക്കാരികഘടനയില്‍ നില്‍ക്കുന്ന, പലപ്പോഴും കാല്പനികപ്രതീതികളില്‍ ജനപ്രിയമായ ഒന്നാണ്. ദൈവവും സ്ത്രീയും/ആത്മീയതയും പ്രണയവും-രണ്ടിലേക്കുമുളള തേടലും പ്രയാണവുമായി  കവിതയുടെ ആഖ്യാനകേന്ദ്രം പ്രവര്‍ത്തിക്കുന്നു. രൂപാന്തരം പോലുള്ള കവിതകളില്‍ ദൈവം തന്നെ കാമനാവിനിമയത്തിന്റെ സ്രോതസ്സാവുന്നു എന്നത് വരികളില്‍ നിന്നു വ്യക്തമാണ്.  വിശ്വാസം/ അവിശ്വാസം, ദൈവം/മനുഷ്യന്‍, മാലാഖ /പിശാച്, സ്ത്രീ/ പുരുഷന്‍, ഉടല്‍ /ആത്മാവ്  എന്നിങ്ങനെ ആധുനികതയുടെ ദ്വന്ദ്വാത്മകയുക്തിക്കകത്തു കവിത നടത്തുന്ന പെരുമാറ്റങ്ങള്‍ വെറും പദകോശങ്ങളായല്ല തിരിച്ചറിയപ്പെടേണ്ടത്. അതിനാല്‍ തന്നെ ഈ കവിതകളില്‍ പില്ക്കാലത്തു പ്രകടമായി വരുന്ന സ്‌ത്രൈണ ആത്മീയത, സ്ത്രീ ദൈവം തുടങ്ങിയ ആഗ്രഹകല്പനകള്‍ക്ക് സ്ത്രീപക്ഷദര്‍ശനവുമായി ബന്ധം കണ്ടെത്താനാവില്ല, മറിച്ച് ആധുനികകവിതയിലെ പുരുഷകേന്ദ്രീകൃതമായ ആഖ്യാനകര്‍തൃത്വം ഈ കവിയില്‍ ഇങ്ങനെയൊക്കെ സ്വാംശീകരിച്ചതിന്റെയുള്ളിലാണ് അതിന്റെ യുക്തി തിരയേണ്ടത്
'മൃദുചര്‍മത്തില്‍
നെഞ്ചിലല്പം മാംസവുമായി
കുളിര്‍ഗന്ധത്തില്‍
ദൈവമേ, നീയൊരു പെണ്ണായിരുന്നെങ്കില്‍'  (ഹവ്വ മുലപ്പാല്‍ കുടിക്കുന്നു)
'സാത്താനിലൂടെ
പെണ്ണിന്റെ ഉടലിലൂടെ
ദൈവത്തിലേക്കൊരു കവാടം തുറന്നു'
ഇവിടെ തമ്പിയുടെ രചനകളില്‍ ശരീരത്തിന്റെ പുതിയ ഒരു സൗന്ദര്യശാസ്ത്രം രൂപപ്പെടുന്നതായി നമുക്കു തോന്നും. പ്രത്യേകിച്ചും നഗ്നന്‍ എന്ന കൃതിയില്‍. രതിയും കാമനയും സ്വപ്‌നവും ഉന്മാദവും ആത്മീയതയില്‍ ചാലിച്ചെടുത്ത ഒരു കാല്പനികമൂശയിലാണതു പെണ്ണുടലിനെ വരച്ചെടുക്കുന്നത്. വിശുദ്ധവും നിഷ്‌ക്കളങ്കവും ആദര്‍ശാത്മകവുമായ ആ ഉടല്‍ പാപത്തിന്റെ തെന്നുന്ന ഒരു വിളുമ്പിലാണ് തമ്പി പ്രതിഷ്ഠിക്കുക. ആധുനികതയുടെ ബലിഷ്ഠമായ ഉച്ചസ്വരങ്ങളില്‍ ചുള്ളിക്കാടിലും മറ്റും പാപത്തിന്റെ കേന്ദ്രവൃത്തലാണ് സ്ത്രീ/പുരുഷ ഉടല്‍ എങ്കില്‍ ഇവിടെ ദൂരെയുള്ള ഒരു അരുകിലാണ് അതിനെ തെന്നിച്ച് ഉറപ്പിക്കുന്നത്.

പുരുഷന്റെ ദൈവേച്ഛകള്‍ക്കു പിന്നില്‍ പൗരുഷത്തിന്റെ സാംസ്‌ക്കാരികഘടനകള്‍ ലയിച്ചു കിടക്കുന്നു. പുരുഷന്‍ എന്ന സ്വത്വത്തെക്കുറിച്ചുള്ള അതിബോധം, ത്വര അവനെ അതിലേക്കു പലായനം ചെയ്യിക്കുന്നു. വേറിട്ട രീതിയില്‍ എപ്പോഴും പൗരുഷത്തിലേക്കു പുതുക്കാന്‍ അവന്‍ ബാധ്യസ്ഥനാകുന്നു. താന്‍ എത്തിച്ചേരേണ്ട പരമപദം പൗരുഷം എന്ന അധീശസ്ഥാനവും കൂടിയാണ്. കറുപ്പുടുത്ത്, വ്രതം നോറ്റ്(സ്ത്രീസംസര്‍ഗമില്ലാതെ) പുരുഷന്മാര്‍ കൂട്ടമായി ചെയ്യുന്ന ഒരു ആചാരമാണ് ശബരിമലതീര്‍ത്ഥാടനം. അതിനകത്തെ ആണ്‍കൂട്ടായ്മയുടെ സാംസ്‌ക്കാരികരാഷ്ട്രീയം എങ്ങനെ കേരളത്തിലെ  സ്വവര്‍ഗസാമൂഹികതയു(homo sociality)മായിബന്ധപ്പെട്ടു കിടക്കുന്നുവെന്നും അതിനാല്‍ സ്ത്രവിരുദ്ധമാകുന്നതെങ്ങനെയെന്നും ഫിലിപ്പോ$കരോളിന്‍ ഒസെല്ലായെപ്പോലുള്ള എഴുത്തുകാര്‍ നിരീക്ഷിച്ചിട്ടുണ്ട്. അതേസമയം അതെങ്ങനെ ഭിന്നവര്‍ഗത്തെ ആധികാരികമാക്കുന്നതിലൂടെ ലൈംഗികതയിലെ സ്വവര്‍ഗതാല്പര്യങ്ങളെ  ഹിംസാത്മകമായിത്തന്നെ അടിമുടി നിഷേധി്ക്കുന്നുവെന്നും നാം മനസ്സിലാക്കുന്നു.

സ്വവര്‍ഗസാമൂഹികതയും ആണ്‍കാമനകളും

സ്വവര്‍ഗസാമൂഹികതയുടെ അടിയില്‍ പ്രവര്‍ത്തിക്കുന്നത് എല്ലായ്‌പ്പോഴും അടഞ്ഞ ലിംഗബോധങ്ങളാണ്. അവയുടെ അടിസ്ഥാനം പലപ്പോഴും ആണ്‍/പെണ്‍ഭിന്നലൈംഗികത മാത്രമാണ് പ്രാമാണികമെന്നും ശരിയെന്നുമുള്ള കാഴച്ചപ്പാടാണ്. ഭിന്നലൈംഗികതയുടെ മൂല്യത്തിന് അനുസൃതമായി നിര്‍മിക്കപ്പെട്ട നിരവധിമൂല്യങ്ങള്‍-പ്രണയം ,വിവാഹം, ദാമ്പത്യം, പ്രത്യുല്പാദനം, ആണത്തം, മാതൃത്വം, ലൈംഗികത, സദാചാരം-എല്ലാം ചേര്‍ന്ന്  ഒരു സവിശേഷ ചട്ടക്കൂടില്‍ നിശ്ചിത സ്വഭാവ,ശരീരഗുണങ്ങളിലുള്ള മനുഷ്യരാകാന്‍ നമ്മെ നിര്‍ബന്ധിക്കുന്നു. അതില്‍ പുരുഷലൈംഗികത അക്രമാസക്തവും പെട്ടന്നുണരുന്നതുമാണെന്നും സ്ത്രീയുടേത് മൃദുവായ, മന്ദവേഗമായതാണെന്നുമൊക്കെയുള്ള പൂര്‍വനിശ്ചിതമായ കാഴ്ച്ചകള്‍ ഉറപ്പിച്ചുവെച്ചിരിക്കുന്നു. ലൈംഗികതയെക്കുറിച്ചും ആണ്‍/പെണ്‍ സംവര്‍ഗങ്ങളെക്കുറിച്ചുമുള്ള സത്താവാദപരമായ മുന്‍വിധികള്‍ നിറഞ്ഞ ഒരു പ്രശ്‌നമേഖലയാണ് ഭിന്നവര്‍ഗലൈംഗികതയുടേത് എന്നു ചുരുക്കം. ആ മുന്‍വിധികള്‍ക്ക് ആക്കം കൂട്ടുകയാണ് സ്വവര്‍ഗസ്വഭാവമുള്ള ആണ്‍മാത്രകൂട്ടുകെട്ടുകള്‍. മദ്യശാലകളിലും സിനിമാതിയ്യേറ്ററുകളിലും ക്‌ളബ്ബുകളിലും പാര്‍ക്കുകളിലും നാട്ടിന്‍പുറത്തെ കലുങ്കുകളിലും ചായക്കടകളിലും വായനശാലകളിലും മറ്റു പൊതുവിടങ്ങളിലുമെല്ലാം ഇതു കാണാം. ജനാധിപത്യപരമല്ലാത്ത  ലിംഗകാമനകള്‍  സ്വയം ന്യായീകരിച്ചുകൊണ്ട് അക്രമാസക്തമായി മുന്നേറുന്ന കാഴ്ച്ചകള്‍ മാധ്യമങ്ങളിലൂടെയും നാം അനുഭവിക്കുന്നു.

സമീപകാലത്ത് മലയാളത്തില്‍ ഇറങ്ങിയ ലിംഗവിശപ്പ് എന്ന കവിത വ്യക്തമായും വെളിപ്പെടുത്തുന്നത് സ്വവര്‍ഗസാമൂഹികതയുടെ ഇത്തരം പ്രശനങ്ങള്‍ തന്നെയാണ്. ആ കവിത സംസാരിക്കുന്നത് ഒരു പുരുഷന്‍ സ്ത്രീയോട് എന്ന മട്ടിലായിരിക്കുമ്പോഴും അതിലെ അടിസ്ഥാനപ്രശ്‌നമായ ലിംഗവിശപ്പ് മുഴുവന്‍ പുരുഷന്‍മാരെയും ചേര്‍ത്തുള്ള ഒരു കൂട്ടായ്മയുടെ പൊതുവികാരമായാണ്  അടയാളപ്പെട്ടുകിടക്കുന്നത്.
'കൂട്ടുകാരാ,
ശുക്‌ളം വീണ് കീറിപ്പോകുന്ന
നമ്മുടെ അടിവസ്ത്രങ്ങള്‍
നുണ പറയുന്നില്ല'

പെണ്ണ് എന്നാല്‍ എന്ത് , അവളുടെ ശരീരമെന്ത്, ലൈംഗികതയെന്ത്, കാഴ്ച്ചകളും കാമനകളുമെന്ത് എന്നൊക്കെ  ആണും പെണ്ണും പരസ്പരം പറഞ്ഞും തിരിച്ചറിഞ്ഞും തിരുത്തിയും അനുഭവിച്ചും പുലരേണ്ട ഹെട്രോസോഷ്യല്‍ ആയ ഒരു ഇടം സാംസ്‌ക്കാരികമായി ഇല്ലാത്തതിനാല്‍ തന്നെ ഏകപക്ഷീയമായ ഉപജാപങ്ങളും ഗോസിപ്പുകളുമായി സ്ത്രീലോകം, പുരുഷലോകത്ത് അടയാളപ്പെടുന്നു. ധ്രുവീകരിക്കപ്പെട്ട അകലങ്ങളിലിരുന്ന് ആണ്‍/ പെണ്‍ കാമനകള്‍ പരസ്പരം കണ്‍കെട്ടിക്കളി നടത്തുന്നു. ആണുങ്ങളും ആണുങ്ങളും മാത്രം പരസ്പരം ഗൂഢമായി പങ്കുവെയ്ക്കുന്ന ഒരിടത്തെ സ്ത്രീസ്വത്വം എന്താണ്? അബദ്ധജടിലവും വളച്ചൊടിക്കപ്പെട്ടതും വികലഭാവന നിറഞ്ഞതും ശത്രുതാപരവുമായ ആഗ്രഹലോകങ്ങളാണ് അവിടത്തെ സ്ത്രീ. കീഴടക്കപ്പെടേണ്ട,  മല്‍സരിച്ചു ജയിക്കേണ്ട, ഉപയോഗിച്ചു വലിച്ചെറിയേണ്ട ഒന്നായി സ്ത്രീ/സ്ത്രീശരീര/സ്ത്രീലൈംഗികത പുരുഷകാമനകളില്‍ സ്വരൂപിക്കപ്പെടുന്നു. (ലിംഗവിശപ്പിന്റെ വിപുലമായ മറ്റൊരു വായനയ്ക്ക് കാണുക നവമലയാളി, ജൈവികമായ പുല്ലിംഗത്തിന്റെ കഴപ്പുകള്‍ പാടുന്നവര്‍ യാക്കോബ് തോമസ്, നവമലയാളി) പുരുഷന്‍ സ്ത്രീയോടു ചെയ്യുന്ന ശാരീരികക്രിയകള്‍ മാത്രമായി ലൈംഗികതയെ സ്ഥാപിച്ചുറപ്പിക്കുന്ന മട്ടിലാണ് ഈ കവിതയുടെ ആഖ്യാനം. 'ഒന്നു പണിയാന്‍ തരുമോ ' എന്ന ചോദ്യത്തിലെ സ്ത്രീയെക്കുറിച്ചുള്ള ഇരുട്ടു നിറഞ്ഞ മിത്തിലെ അപമാനവീകരണത്തെ  പൊളിച്ചു കാട്ടാന്‍ പ്രാപ്തമായ കവിതകള്‍ സ്ത്രീരചനകളില്‍ കാണുന്നുണ്ട്. അനിതാതമ്പിയുടെയും(പ്രേതം) കെ.എം.രശ്മിയുടെയും ഉമാരാജീവിന്റെ (അത്തരം വീട്ടിലെ പെണ്ണുങ്ങളെങ്ങനെ?  )യും സിന്ധു.കെ.വി (നിങ്ങള്‍ വിശ്വസിക്കില്ല) യുടെയും കവിതകളില്‍ അതിനുള്ള ശ്രമങ്ങളുണ്ട്.

'അത്തരം വീട്ടിലെ പെണ്ണുങ്ങളെങ്ങനെ?
അത്രയും കൂര്ത്ത മുലകളുണ്ടോ അവളുമാര്ക്ക്?
...................................
അപ്പുറമിപ്പുറം കേള്ക്കുമെന്നറിഞ്ഞിട്ടും
അങ്ങറ്റമെത്തുമ്പോള് കൂവി വിളിക്കുമോ?
 (അത്തരം വീട്ടിലെ പെണ്ണുങ്ങളെങ്ങനെ? (ഉമാരാജീവ്)

'അല്ലാത്ത സമയങ്ങളില്‍ തികച്ചും സാധാരണമാണ്
...................................
പതിവുനാട്ടുശീലങ്ങള്‍ കണ്ട്
ആരും കണ്ണുവെച്ചുപോകും
പേന്‍ നോക്കിയിരിക്കുന്ന ഉച്ചനേരത്ത്
നിങ്ങളവളുടെ കണ്ണുകാണണം
ഒരുപേനിനെക്കൊല്ലാന്‍ ഇത്രയും കനത്തിലൊരു
തീഗോളമയക്കുന്നതെന്തിനെന്ന്
ആര്‍ക്കും തോന്നിപ്പോകും
നിങ്ങള്‍ വിശ്വസിക്കില്ല,
രാത്രിയെനിക്കൊപ്പം കിടക്കുമ്പോഴും.
…………………………
അപകടകരമായൊരു ആക്രമണത്തെ
അതിവിദഗ്ദ്ധമായി നേരിട്ടാണ്
ഓരോ രാത്രിയും..
(നിങ്ങള്‍ വിശ്വസിക്കില്ല '(സിന്ധു.കെ.വി.)

സ്വവര്‍ഗസഖ്യങ്ങള്‍
ദളിത്കവിതകളിലെ മനുഷ്യബന്ധങ്ങള്‍ പലനിറമഴവില്ലുപോലെ വൈവിധ്യമേറിയവയാണ്, അവയ്ക്കിടയിലെ സൂക്ഷ്മബന്ധങ്ങള്‍ തിരയുന്നത് കൗതുകകരമായിരിക്കും. ദളിത്കവിതകളിലെ സ്ത്രീആഖ്യാനം കൂടുതല്‍ വിപുലമായും സവിശേഷതയോടെയും പഠിക്കപ്പെടേണ്ടവയാണ്. ഈ കുറിപ്പില്‍ ജോസഫിന്റെ കവിതകളില്‍ മാത്രമായി അത് ഊന്നുന്നു. ദളിത് രചനകളില്‍ വിവേചനത്തിനെതിരായ പ്രതിരോധം വംശീയമായ ഐക്യത്തിന്റെ വൈകാരികതകള്‍ക്കകത്ത് അവര്‍ നിര്‍മിച്ചെടുക്കുന്നു. അവിടെ ഒഴിവാക്കലും അടിച്ചമര്‍ത്തലും അമ്മയും പെങ്ങളും അച്ഛനും മക്കളും എല്ലാം പൊതുവായി പങ്കുവെയ്ക്കുന്നു. ലിബറല്‍/സ്ത്രീവാദ/പുരോഗമന കാഴ്ച്ചപ്പാടുകളിലെപ്പോലെ  കുടുംബം അവരില്‍ ഉപേക്ഷിക്കേണ്ട, മറികടക്കേണ്ട ഒന്നല്ല. മറിച്ച് അഭയസ്ഥലിയായാണ്  കണ്ടുവരുന്നത്. രേണുകുമാറിന്റെയും ജോസഫിന്റെ (പിരിയുമ്പോള്‍, ഇരുട്ടിലെ കണ്ണാടി, ഒരുകൊച്ചു നാടകം,രണ്ടറ്റത്തും വെയിലുള്ള മഴ )യും വിജിലയുടെയും ധന്യ.എം.ഡി.യുടെയുമൊക്കെ കവിതകളില്‍ അവ ചില അടിസ്ഥാനസമാനതകളോടെ എന്നാല്‍ വേറിട്ട ആഖ്യാനമുദ്രകളോടെ കണ്ടെടുക്കാം. മീന്‍കാരനിലും മഞ്ഞക്കിളിയിലുമൊക്കെ തന്റെ തന്നെ കീഴാളതയുടെ/ പരിത്യക്തതയുടെ മുദ്രകളെ ജോസഫ് കണ്ടെടുക്കുന്നു. പലതരം തൊഴിലാളികളും തൊഴിലും ഈ കവിതകളില്‍ കടന്നു വരുന്നു.  താറാവിനെ മേയ്ക്കുന്നവര്‍, നാടന്‍കൃഷിക്കാര്‍, മെറ്റലടിക്കുന്നവര്‍, കുട നന്നാക്കുന്നവര്‍, കൊട്ടനെയ്യുന്നവര്‍, ചട്ടിയും കലവും വില്‍ക്കുന്നവര്‍, കുഴിവെട്ടുന്നവര്‍, വള്ളമൂന്നുവര്‍, മേസ്തിരിപ്പണിക്കാര്‍...ചലനാത്മകമായ, ജീവിതം തുടിക്കുന്ന ഊര്‍ജസ്വലവും അപൂര്‍വസുന്ദരവുമായ ആഖ്യാനങ്ങളായി ജോസഫ് കവിത മാറുന്നതങ്ങനെ. മലയാളകവിതയിലെ സവര്‍ണതയ്ക്കകത്തു നഷ്ടപ്പെട്ട കാഴ്ച്ചകള്‍, ഒച്ചകള്‍, നിറങ്ങള്‍ എത്ര ജൈവികതയോടെയാണിവിടെ ഇടം തേടുന്നത് ! 

'കടല്‍ക്കരയിലെ കൂട്ടുകാരി'ല്‍ ഹോമോസോഷ്യലായ ഘടനയില്‍ സ്വന്തം ആത്മത്തെ ജോസഫ് കൊരുത്തിടുന്നു. ലിംഗവിശപ്പില്‍ നാം കണ്ട സ്വവര്‍ഗസാമൂഹികതയുടെ പ്രതിലോമപരതയല്ല, മറിച്ച് കീഴാളതയുടെ പ്രതിരോധപരമായ സ്വവര്‍ഗസഖ്യങ്ങളായാണവ ജോസഫില്‍ തെളിയുന്നത്. 'കട്ടക്കളങ്ങള്‍ക്കപ്പുറം', 'തുറയില്‍ നിന്നുള്ള കവിതകള്‍' ഒക്കെ അത്തരം കവിതകളാണ്. ( 'സുജ' യില്‍ ധന്യ.എം.ഡി. ചെയ്യുന്നത് അതു തന്നെ. മുഖ്യധാരാ പെണ്‍കവിതകളില്‍ പ്രത്യേകിച്ച് വി.എം.ഗിരിജയുടെ കവിതകളില്‍ തെളിയുന്ന സ്വവര്‍ഗകാമനാപ്രവണതകളില്‍ (''അവള്‍ തഴുകുന്നുന്നു മറ്റൊരുവളെ/രണ്ടു സ്ത്രീകള്‍ നിലാവത്ത്/രണ്ടു സ്ത്രീകള്‍ മരച്ചോട്ടില്‍/രണ്ടു സ്ത്രീകള്‍ പുതപ്പിന്റെ ഉള്ളില്‍'' -പലയിടങ്ങള്‍) നിന്നും വ്യത്യസ്തമായി കീഴാളതയുടെ സാംസ്‌ക്കാരിക ഐക്യത്തിനകത്താണീ കവിതകളുടെ വൈകാരികവിനിമയം കിടക്കുന്നത്. ) സ്വന്തം ഇടങ്ങളിലേക്കു പിന്നെയും പിന്നെയും മടങ്ങിയെത്തുന്ന വഴികള്‍ ജോസഫ് കവിതയുടെ ഭൂപടത്തില്‍ ഏറെയാണ്. 'ചില ഇരുണ്ട ഇടങ്ങള്‍' അത്തരത്തില്‍ ഒരു കവിതയാണ്. അത് ആധുനികതയില്‍ നാം പരിചയിച്ചതില്‍ നിന്നും വ്യത്യസ്തമായ ഒരു കാല്പനികതയിലേക്ക് തന്റെ അസ്തിത്വത്തെ നീട്ടിയെഴുതുന്നു. ആത്മരതിപരമല്ലാത്ത, അപരാജിതമായ ഒരു ആത്മനിഷ്ഠത ഈ കവിതകളില്‍ ലയിച്ചുകിടക്കുന്നു. അത്തരം ഭാവുകത്വത്തിലേക്കു ക്രമാല്‍ പരിണമിച്ചു നില്‍ക്കുന്ന ജോസഫിന്റെ കവിതകളിലെ വൈകാരികത ആണ്‍കൂട്ടുകാരില്‍ സ്വാസ്ഥ്യം തേടുന്നു, തന്നെത്തന്നെ കൊരുത്തിടുന്നു. ആണത്തത്തിന്റെ, അധികാരത്തിന്റെ, കാമനകളുടെ, സമ്മര്‍ദ്ദങ്ങളില്ലാത്ത ഇടങ്ങളായവ ജോസഫില്‍ കടന്നു വരുന്നു. ചിത്രം വരയ്ക്കുകയോ, മീന്‍ പിടിക്കുകയോ വയലിന്‍ വായിക്കുകയോ വെറുതെ മൂളിപ്പാട്ടു പാടുകയോ പങ്കുവെച്ച് കൃഷി നടത്തുകയോ ഒക്കെ ചെയ്യുന്ന ജോസഫിന്റെ ആണുങ്ങള്‍ സൃഷ്ടിക്കുന്ന സ്വവര്‍ഗസഖ്യം ആധുനികതയുടെ ഉച്ചസ്വരങ്ങളില്‍ നാം കേട്ട 'എവിടെ ജോണ്‍', 'മാപ്പുസാക്ഷി', 'ജോണ്‍ മണം' തുടങ്ങിയവ പോലത്തെ കവിതകളിലെ അതിപൗരുഷഘടനയുടെ എതിര്‍/അപരസ്വരങ്ങള്‍ തന്നെയാണ്. കവിതയിലെ ആഖ്യാനസ്വരങ്ങളില്‍ തന്നെ അതു സ്പഷ്ടമാണ്. കേന്ദ്രങ്ങളിലല്ലാതെ, വിളുമ്പുകളില്‍ നില്‍ക്കുന്നവരാണവര്‍. 'തുറയില്‍ നിന്നുള്ള കവിതകള്‍', 'കടല്‍ക്കരയിലെ കൂട്ടുകാര്‍', 'ടോം', 'പാലങ്ങള്‍ പാളങ്ങള്‍',പാടം, 'കട്ടക്കളങ്ങള്‍ക്കപ്പുറം' ഒക്കെ അത്തരം ആണുങ്ങളെ  എഴുതുന്നു. കടല്‍ക്കരയിലെ കൂട്ടുകാരില്‍ വിരഹത്തിന്റെ സാന്ദ്രത ഏറിനില്‍ക്കുന്നു.
'കടല്‍ക്കരയില്‍ കൂട്ടുകാരെ കാണുന്നില്ല
അവര്‍ തന്‍ മുഖമിതാ പൂഴിയില്‍ വരയ്ക്കുന്നു.
ദൂരെ നിന്നെത്തുമ്പോഴേ എന്റെ പേര്‍
വിളിച്ചു പറയുമായിരുന്നു.
പാതയോരത്തോ മരച്ചോട്ടിലോ
ഒരുമിച്ചിരിക്കുമായിരുന്നു.....
............................
തിരകളെഴുതുന്നു:
കൂട്ടുകാരുണ്ട് കടല്‍ക്കരയില്‍
ഡുള്‍ഫിയും ഫെര്‍ഡിനാന്റും..
.................................................
തിരയിലെവിടെയോ കുടുങ്ങി
ഇളകിമറിയുന്നുണ്ടാകുമോ
കൂട്ടുകാ,രെന്റെ പ്രിയ കൂട്ടുകാര്‍? (തുറയില്‍ നിന്നുള്ള കവിതകള്‍)

'ഡിക്‌സണ്‍ ജോര്‍ജ്ജിന്
ഏറ്റവും വലിയ കൂട്ടുകാരാ
നീ പറഞ്ഞ വാക്കുകള്‍
എല്ലാമിന്നു വായുവില്‍
അനക്കമില്ലാതെ കിടക്കുന്നു.
നിന്റെ വീട്ടില്‍ ഞാനന്ന്
ഉണ്ടുറങ്ങിയ ജീവിതം
അവിടെത്തന്നെ കിടക്കുന്നു.
..........................
മുറി തുറന്നിരിക്കുന്നു
നീയും ഞാനുമിരിക്കുന്നു.'(കടല്‍ക്കരയിലെ കൂട്ടുകാര്‍)

എന്നാല്‍ ജോസഫിന്റെ പെണ്ണുങ്ങള്‍ എങ്ങനെയാണ്?  ജോസഫിന്റെ കവിതകളില്‍ പ്രണയഭംഗങ്ങളേറെ.  അഥവാ പ്രണയം മിക്കവാറും ഒരു അസാധ്യതയായി കടന്നു വരുന്നു. കുടപ്പന, മറുക്, മലയാളകവിതയ്‌ക്കൊരു കത്ത്,  മരിച്ചവള്‍, പ്രണയിക്കുമ്പോള്‍ ,ഐഡന്റിറ്റികാര്‍ഡ്, ഗ്രൂപ്പ് ഫോട്ടോ, കുടചൂടിമറഞ്ഞവള്‍,പതിനാറുകൊല്ലത്തിനുശേഷം എന്നിങ്ങനെയുള്ള കവിതകള്‍ അതാണ് വെളിവാക്കുന്നത്. നിലവിളികളും ആര്‍ത്തനാദങ്ങളുമില്ലാത്ത, പരിത്യക്തതയെ തികച്ചും സ്വാഭാവികവും സര്‍വസാധാരണവുമായി എഴുതുന്ന കവിതകള്‍. ജോസഫിന്റെ കവിതകളില്‍ പാവാട, ഒരു പുസ്തകം, ഒരുഗ്രാമീണപ്പെണ്‍കുട്ടി, ചിന്നച്ചേച്ചി, ലീലാമ്മ, പൊട്ട് ,അകലങ്ങള്‍, മണ്ണില്‍ കുത്തിനിര്‍ത്തിയ പിച്ചാത്തി, ധ്വനി, ദൈവത്തിന്റെ വെളിച്ചം ഒക്കെ സ്ത്രീസൗഹൃദപ്രധാനമായ ഭാവുകത്വം പങ്കുവെയ്ക്കുന്നു. മിണ്ടാത്ത, വേദന ഞെരുങ്ങിത്തിങ്ങുന്ന, ഏകാകികളായ സ്ത്രീകള്‍.. അനിശ്ചിതത്വവും ഭയവും ഉല്‍ക്കണ്ഠയും നിറഞ്ഞ അവരുടെ ശരീരഭാഷകള്‍, അനാര്‍ഭാടമായ രൂപവിധാനം ഒക്കെ വേറിട്ട ഒരു നോട്ടപ്പാടിനെ വിശദീകരിക്കുന്നു. ഇരമ്പുന്ന ഈ ജീവിതത്തോട്, സമൂഹത്തോട് അവര്‍ എന്താണ് മിണ്ടിപ്പറയാന്‍ ശ്രമിക്കുന്നുണ്ടാവുക? പണിയിടങ്ങളിലും കുടുംബസ്ഥലികളിലും പ്രകൃതിയിലുമൊക്കെ അവരുടെ ഇടപെടല്‍ എത്രമാത്രം ചലനാത്മകവും വൈവിധ്യം നിറഞ്ഞതുമായിരിക്കും? അവയുടെ സൗന്ദര്യശാസ്ത്രപരവും രാഷ്ട്രീയവുമായ മാനങ്ങള്‍ വേറെ നിലയ്ക്ക് പഠിക്കപ്പെടേണ്ടവയാണ്. ഈ പ്രകൃതത്തില്‍ അതിനു മുതിരുന്നില്ലെന്നു മാത്രം. എങ്കിലും അദ്ദേഹത്തിന്റെ കവിതകളിലെ പെങ്ങള്‍ വേറിട്ടൊരു സാന്നിധ്യമായി ആവര്‍ത്തിക്കുന്നു. പെങ്ങളുടെ ബൈബിള്‍, ചന്ദ്രനെ സ്‌നേഹിച്ച പെണ്‍കുട്ടി, പെങ്ങള്‍ തുടങ്ങിയ പലകവിതകളിലും നാമവളെ കാണുന്നു. അരക്ഷിതാവസ്ഥയിലെങ്കിലും രാഗദ്വേഷങ്ങളുടെ സൂചന അവളിലില്ല. അരുമയായ ഒരു പരസ്പരധാരണയ്ക്കകത്താണ് അവളെ കവി കുടിയിരുത്തുന്നത്, മേല്‍പ്പറഞ്ഞ കൂട്ടുകാരെപ്പോലെ തന്നെ. 'എന്താണ് തൊലിവെളുപ്പ്? കറുപ്പില്‍ ചവിട്ടി നില്‍ക്കുന്ന ഒരു നിറമെന്നോ വെളുപ്പിനടിയില്‍ കറുപ്പ് പതിയിരിക്കുന്നു'വെന്നോ ഒക്കെയുള്ള ധാരണകള്‍... മാത്രമല്ല, മുമ്പു സൂചിപ്പിക്കപ്പെട്ട ആണത്തത്തെ സംബന്ധിച്ച ആധികാരികതയുടെ വെല്ലുവിളികള്‍ ഉയരാത്ത ഒരിടം കൂടിയാണ് പെങ്ങള്‍. വംശീയമായ, വര്‍ഗപരമായ, ജനിതകവും ജാതീയവുമായ തന്റെ തുടര്‍ച്ചകളിലാണവള്‍ എന്നതിനാല്‍ പലപ്പോഴും ചാര്‍ച്ച ഏറിയും നില്‍ക്കുന്നു. ഇതിലും കവിഞ്ഞ് അവള്‍ തന്റെ തന്നെ അനുബന്ധമെന്ന നിലയില്‍ പുലരുന്ന ഒരുവളാണ്.... വിദൂരവും അസ്പഷ്ടവുമായാണെങ്കിലും മോഹന്‍ലാല്‍ സിനിമകളിലെ(ഉസ്ത്ാദ്, പവിത്രം..) പെങ്ങള്‍ഛായ അവളില്‍ കാണാം. ആത്മത്തിന്റെ ദ്വന്ദ്വഛായയിലുള്ള ഈ ഘടകം സ്വയം ഇടര്‍ച്ചകളോ ഇടച്ചിലോ ഇല്ലാതെ കവിയില്‍ സാധൂകരിക്കപ്പെടുന്നു.
'എന്റെ കവിതയോ അമ്മ തന്‍ ചുണ്ടുകള്‍
എന്റെ കവിതതന്‍ ജ്ഞാനസ്‌നാനത്തിനാല്‍
നിന്നെ സഹോദരിയാക്കുകയാണു ഞാന്‍
ദു:ഖങ്ങളൊക്കെ കവിതകളാക്കുവാന്‍
ദു:ഖമേ, നീയെന്റെ കൂടെയുണ്ടാവണം( ചന്ദ്രനെ സ്‌നേഹിച്ച പെണ്‍കുട്ടി)

പെണ്ണായിരിക്കെത്തന്നെ  കവിയുടെ വംശീയമായ തുടര്‍ച്ചയും ചാര്‍ച്ചയും അനുബന്ധവുമായിത്തന്നെ അവള്‍ പകരുന്നു. രാഷ്ട്രനഷ്ടങ്ങള്‍ അവളില്‍ ഫലിക്കുന്നില്ല, കാരണം അവള്‍ ഭൂപടങ്ങളില്ലാത്ത, കീറിപ്പറിഞ്ഞ ഒരു ബൈബിള്‍ ഒട്ടുമേ ഭദ്രമല്ലാത്ത സ്വജീവിതത്തിനകത്തുള്‍വഹിക്കുന്നവളാണ്.
'പെങ്ങളുടെ ബൈബിള്‍
പെങ്ങളുടെ ബൈബിളിലുള്ളവ:
കുത്തുവിട്ട റേഷന്‍ കാര്‍ഡ്
കടംവായ്പ്പക്കുള്ള അപേക്ഷാ ഫോറം
ബ്‌ളേഡുകാരുടെ കാര്‍ഡ്
ആറാട്ടിന്റെയും പെരുന്നാളിന്റെയും നോട്ടീസുകള്‍
ആങ്ങളയുടെ കുട്ടിയുടെ ഫോട്ടോ
കുട്ടിത്തൊപ്പി തയ്ക്കുന്ന വിധം കുറിച്ച കടലാസ്
ഒരു നൂറു രൂപാ നോട്ട്
എസ്.എസ്.എല്‍.സി.ബുക്ക്
പെങ്ങളുടെ ബൈബിളിലില്ലാത്തവ:
ആമുഖം
പഴയനിയമം,പുതിയ നിയമം
ഭൂപടങ്ങള്‍,
ചുവന്ന പുറംചട്ട' (പെങ്ങളുടെ ബൈബിള്‍)
പെങ്ങള്‍ എന്ന കവിതയില്‍ പെങ്ങളുടെ ദു:ഖവും വേദനയും ആങ്ങള ഏറ്റെടുക്കുന്നു.
'പാതി മനുഷ്യരായി  താഴ്ത്തപ്പെടുന്ന വംശങ്ങളുണ്ടിന്നും/അവര്‍ക്കിടയില്‍ പാതി മനുഷ്യനായി ഞാനും'(കീരി)എന്നു ജോസഫ് എഴുതുന്നുണ്ട്. നാനാജാതി മൃഗങ്ങളും പക്ഷികളും പറവകളും മരങ്ങളും നിറയുന്ന ഈ പ്രകൃതിയുടെ സ്വാസ്ഥ്യത്തിലേക്ക് കവി സ്വയം പറിച്ചു നടുന്നതങ്ങനെ. കവിതയിലെ  കാമനകളില്‍ ആണും പെണ്ണും ചേര്‍ന്നവ കുറവാണെന്നു കാണുന്നത് അതാവാം. അവിടെ പ്രണയപരാജയം കാല്‍പനികമല്ല, നാടകീയവുമല്ല.

പ്രസ്ഥാനപരമായി ആധുനികതാവാദകവിതയുടെ അഭിരുചിയില്‍നിന്നുള്ള വിച്ഛേദം ജോസഫ് സാധിക്കുന്നത് ഇങ്ങനെയെല്ലാം കൂടിയാണ്. തന്റെ സാരവത്തായ അഭാവങ്ങള്‍(ബലിഷ്ഠമായ, പുരോഗമനേച്ഛയുള്ള, രക്ഷാകര്‍തൃത്വമുള്ള, സജീവതയുളള ആണത്തത്തിന്റെ അഭാവങ്ങള്‍)- അവയുടെ ദ്വന്ദ്വാത്മകമായ ഒരു കണ്ണാടിഛായയായി അത് ആണ്‍കൂട്ടുകാരെയും പെങ്ങളെയും കൂട്ടിച്ചേര്‍ക്കുന്നു. തന്നിലെ തുടര്‍ച്ചകളായി, ആത്മത്തിന്റെ അനുബന്ധങ്ങളായി അവ കവിതകളില്‍ പടരുന്നു. മേല്‍പ്പറഞ്ഞ കഥ പോലെ ഒരേ സമയം ലളിതവും സങ്കീര്‍ണവുമാണത്. പറഞ്ഞു വന്നാല്‍ എല്ലാം ഇത്രയൊക്കെയേ ഉള്ളൂ എന്ന മട്ട്. പക്ഷേ അതില്‍ നാം ചിലത് തിരിച്ചറിയണം എന്നു മാത്രം. പാടത്തിന്റെ കരയ്ക്ക് ഒരു ചെറുമരം ചാഞ്ഞു നില്‍ക്കുന്നത് ജോസഫ് ഇങ്ങനെയെഴുതുന്നു.
'അതിന്റെ വേരുകള്‍ക്ക് നല്ല പിടുത്തം കാണും
അതിന്റെ ഇലനിരപ്പ് പാടനിരപ്പിന് സമാന്തരം
മരത്തടിയാണ് ചെരിഞ്ഞു നില്‍ക്കുന്നത്
മനുഷ്യര്‍ക്കോ മൃഗങ്ങള്‍ക്കോ പക്ഷികള്‍ക്കോ
ഇത്തരം ചെരിഞ്ഞു നില്‍പ്പ് അസാധ്യം'(നില്‍പ്പ്)

വി.ജി.തമ്പിയുടെ കവിതകളിലെ ദൈവകാമനയെയും ജോസഫിന്റെ കവിതകളിലെ ആണ്‍കൂട്ടുകാരെയും പെങ്ങളെയും മുന്‍നിര്‍ത്തിക്കൊണ്ട് മലയാളകവിതയിലെ ആണത്തത്തെയും സ്വവര്‍ഗാഭിമുഖ്യങ്ങളെയും സ്വവര്‍ഗസാമൂഹികതയെ മുന്‍നിര്‍ത്തി വിഷ്ണുപ്രസാദിന്റെ ലിംഗവിശപ്പിനെയും മനസ്സിലാക്കിയെടുക്കാന്‍ ആണിവിടെ ശ്രമിച്ചത്. വിപുലമായ അര്‍ത്ഥത്തില്‍ കാവ്യചരിത്രത്തെ മുന്‍നിര്‍ത്തി, പലതരം പ്രസ്ഥാനങ്ങളിലും പ്രവണതകളിലും ഊന്നിനിന്നുകൊണ്ട് പഠിക്കേണ്ട ഒന്നാണിത്. സംസ്‌ക്കാരത്തിനകത്തെ ബലങ്ങളും കീഴായ്മകളും സംബന്ധിച്ച പുതിയ ധാരണകള്‍ രൂപപ്പെടുത്തിയെടുക്കാന്‍ ഇത്തരം പഠനങ്ങള്‍ക്കു കഴിയേണ്ടതാണ്. പരമ്പരാഗതലിംഗപഠനങ്ങള്‍ക്കപ്പുറം, ആണ്‍/പെണ്‍ കാമനകള്‍ക്കപ്പുറം സംസ്‌ക്കാരത്തിന്റെ ആഴങ്ങളില്‍ വേരുപടലങ്ങളായി പടര്‍ന്നു കിടക്കുന്ന പലതരം ലിംഗാഭിമുഖ്യങ്ങളെയും കാമനകളെയും അഭിരുചികളെയും തിരഞ്ഞു പോകുന്നതിലൂടെയാണതു സ്വരൂപിക്കാന്‍ കഴിയുക. മിക്കപ്പോഴും പുരുഷനെ വേട്ടക്കാരനും സ്ത്രീയെ ഇരയുമാക്കി നിര്‍ത്തുന്ന സ്ത്രീപക്ഷക്കാഴ്ച്ചയുടെ ദ്വന്ദ്വഘടനയ്ക്കപ്പുറം മനുഷ്യര്‍ക്കിടയില്‍, പ്രകൃതിയും മനുഷ്യനും തമ്മിലും പലതരം വിനിമയങ്ങള്‍, കൊള്ളക്കൊടുക്കലുകള്‍, വിലപേശലുകള്‍ സാധ്യമാണ്. ഉത്തരസ്ത്രീവാദ(post feministic)പരവും സംസ്‌ക്കാരപഠനത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കുന്നതുമായ അന്വേഷണങ്ങളാണിന്ന് ഇതിന് ആവശ്യം.

             നാം തുടക്കത്തില്‍ പറഞ്ഞ കഥയുടെ പര്യവസാനം കൂടി പറഞ്ഞു കൊണ്ട് ഈ കുറിപ്പിനു വിരാമമിടാം. കാമുകന്റെ വിയോഗശേഷം ദു:ഖം കൊണ്ടു ദിവസംതോറും മെലിഞ്ഞുവന്ന രാജകുമാരിയെക്കാണാന്‍ രാജകുമാരന്‍വന്നെത്തി. അയാള്‍ അവളുടെ ദു:ഖകാരണമറിയാന്‍ പലമട്ടില്‍ ശ്രമിച്ചു. അവള്‍ മിണ്ടിയതേയില്ല. അവളെ മടിയിലിരുത്തി തലോടിക്കൊണ്ട് അയാള്‍ വീണ്ടും വീണ്ടും ആരാഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു, ഞാന്‍ എങ്ങനെ സന്തോഷിക്കാനാണ്? നിങ്ങള്‍ എന്നെ ഒരു ജയിലില്‍ ആക്കിയതുപോലെയല്ലേ? വല്ലപ്പോഴുമേ വരുന്നുമുള്ളു. രാജകുമാരനു പശ്ചാത്താപം തോന്നി. അയാള്‍ പറഞ്ഞു. ഇനി ഞാന്‍ എന്നും എപ്പോഴും ഇവിടെ ഉണ്ടാകും. ഉടനെ അവള്‍ പറഞ്ഞു, ഞാന്‍ ഒരു കടങ്കഥ പറയാം. നിങ്ങള്‍ അതിനുത്തരം പറഞ്ഞാല്‍ ഞാന്‍ തീയില്‍ച്ചാടിചാകും. നിങ്ങള്‍ക്ക് ഉത്തരം കിട്ടിയില്ലെങ്കില്‍ നിങ്ങള്‍ മരിക്കണം. നാം രണ്ടുപേരും ആരോടും ഇതേക്കുറിച്ച് ഒരക്ഷരം പറയുകയുമരുത്, സമ്മതമാണോ? വിഡ്ഢിയായ രാജകുമാരന്‍ അവള്‍ക്ക് എല്ലാം സമ്മതിച്ച് വാക്കുനല്‍കി.
ഒന്ന് അതിനെ കാണുന്നതിന്,
രണ്ട് അതിനെ കത്തിക്കാന്‍,
മൂന്ന് അതിനെ തോളില്‍ ധരിക്കാന്‍-
ഒരു ഭര്‍ത്താവ് തുടകള്‍ക്കായ്,
ഒരു കാമുകനോ തോളിനായും.. എന്താണിതിനര്‍ത്ഥം? അയാള്‍ കിണഞ്ഞു പരിശ്രമിച്ചു. ഒരുത്തരവും കിട്ടിയില്ല. വാക്കുപാലിക്കാന്‍ അയാള്‍ തീയില്‍ച്ചാടി സ്വയം ഒടുക്കി! അവളാകട്ടെ മറ്റൊരു കാമുകനെ സ്വീകരിച്ച് സന്തോഷത്തോടെ കഴിഞ്ഞുകൂടി!!
             സ്ത്രീകാമനയെയും പ്രണയത്തെയും കുറിച്ചുള്ള കാല്‍പനികമായ പൂര്‍വധാരണകളെ എത്രമാത്രം ഉലയ്ക്കുന്നതാണ് അവളുടെ കടങ്കഥയും പുന:പ്രണയവും വിവാഹവും. സ്ത്രീരതിയുടെ കടങ്കഥകൊണ്ട് പുരുഷകാമനകളെ തീയിലെരിച്ചുകൊല്ലാന്‍ പ്രാപ്തയായ അവള്‍ എന്തൊരു 'ഭയ'ങ്കരിയാണ് ! അതും അവള്‍ അവനില്‍നിന്നും ഉരുത്തിരിഞ്ഞവളായിട്ടും...? ധാരണകളുടെയും നിര്‍ധാരണങ്ങളുടെയും അതിരുകള്‍, അടരുകള്‍ കെട്ടുപിണയുന്നു, അല്ലേ? അവിഹിതത്തിന്റെയും വിഹിതത്തിന്റെയുമായ നിരവധി സാംസ്‌ക്കാരികാര്‍ത്ഥങ്ങള്‍ക്കകത്തു കഥ പലതായി പെരുകുന്നു. വളരെ സങ്കീര്‍ണമാണതിന്റെ ഘടന, എന്നാല്‍ ലളിതവും. വിവാഹത്തിന്റെ വ്യര്‍ത്ഥത, പ്രണയത്തിന്റെ സജീവത, സാര്‍ത്ഥകത, രഹസ്യാത്മകത  എന്നിങ്ങനെ പരമ്പരാഗതമായ വ്യാഖ്യാനങ്ങള്‍ക്കും നിരവധി ഇടമുണ്ട് ഈ കഥയില്‍.
റഫറന്‍സ്
1. ഉഷാകുമാരി.ജി, പുതുമഷി തേടുന്ന പെണ്‍കവിത, ഉടല്‍ ഒരു നെയ്ത്ത്: സംസ്‌ക്കാരത്തിന്റെ സ്ത്രീവായന, എന്‍.ബി.എസ്, കോട്ടയം,2013
2. ജോസഫ്.എസ്, കറുത്തകല്ല്, ഡി.സി.ബുക്‌സ്,കോട്ടയം,2000
3. ജോസഫ്.എസ്, മീന്‍കാരന്‍, ഡി.സി.ബുക്‌സ്,കോട്ടയം,2003
4. ജോസഫ്.എസ്,ഐഡന്റിറ്റി കാര്‍ഡ്,ഡി.സി.ബുക്‌സ്,കോട്ടയം,2005
5. ജോസഫ്.എസ്, ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു., ഡി.സി.ബുക്‌സ്,കോട്ടയം,2013
6. ജോസഫ്.എസ്, ചന്ദ്രനോടൊപ്പം,ഡി.സി.ബുക്‌സ്,കോട്ടയം
7. തമ്പി.വി.ജി, തച്ചനറിയാത്ത മരം, കറന്റ് ബുക്‌സ്, തൃശ്ശൂര്‍
8. തമ്പി.വി.ജി, ഹവ്വ മുലപ്പാല്‍ കുടിക്കുന്നു,
9. തമ്പി.വി.ജി, നഗ്നന്‍,ഡി.സി.ബുക്‌സ്,കോട്ടയം
10. സജയ്.കെ.വി, ബാലചന്ദ്രന്‍ ചുള്ളിക്കാട് വിമര്‍ശിക്കപ്പെടുന്നു, ഇന്‍സൈറ്റ് പബ്‌ളിക്ക,    കോഴിക്കോട്,2014
11. യാക്കോബ് തോമസ്, ജൈവികമായ പുല്ലിംഗത്തിന്റെ കഴപ്പുകള്‍ പാടുന്നവര്‍,  നവമലയാളിഓണ്‍ലൈന്‍ മാസിക,ജാനുവരി,2015
12.Ramanujan,A.K, Folk tales from India, .Penguin


(ഗ്രന്ഥാലോകം, ഡിസംബര്‍ 2015)