Saturday, December 18, 2010

‘അസംഗത‘ - (ആള്‍ക്കൂട്ടത്തെക്കുറിച്ച് പാളം തെറ്റിയ ചില വിചാരങ്ങള്‍)


ചില പുസ്തകങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ അത് ഫലത്തില്‍ നമ്മെക്കുറിച്ചുതന്നെയാകുന്നു. ഒരു വീണ്ടെടുക്കല്‍..വായനയുടെ ഒരു പെണ്‍കുട്ടിക്കാലത്തുവെച്ചാണ് കട്ടിക്കണ്ണടവെച്ച ഈ കനത്ത പുസ്തകത്തെ -ആള്‍ക്കൂട്ടത്തെ- കണ്ടുമുട്ടിയത്. കൗമാരവായനയുടെ ഹ്രസ്വദൃഷ്ടിയില്‍ ഒരുപക്ഷേ അത് ഒതുങ്ങി നിന്നില്ല. അത് പിന്നീട് തോന്നി. പക്ഷേ എന്തൊരു സ്വന്തവും സ്വതന്ത്രവുമായിരുന്നു ആ വായന. സ്‌ക്കൂളില്ലാത്ത ഒരു ഒഴിവുദിന നട്ടുച്ച നേരം പോലെ ചൊല്ലുവിളിയില്ലാതെ അനാഥവും സ്വേച്ഛവും. നഗരത്തിലെ കോളേജിലേക്ക് തീവണ്ടിയില്‍ യാത്രചെയ്തു പോയിരുന്ന ആ പഴയ ആറേഴുകൊല്ലക്കാലം ഇനിയിറങ്ങാന്‍ കഴിയാത്ത ഒരു തീവണ്ടിയാപ്പീസാണ്. എങ്കിലും ഒരുപാട് തീവണ്ടിവായനകളുടെ ഓര്‍മ്മകള്‍ക്കിടയില്‍ പാതിവെന്ത 'ആള്‍ക്കൂട്ട' ത്തിന്റെ രുചിയും മണവും തെരയുന്നത് ഒരു കൗതുകം തന്നെ.

ചിന്തയോ വികാരമോ എന്ന ഉഴറല്‍ ഒരുവളിലൂടെ വളരുകതന്നെയാണ്; അവളോടൊപ്പം. അവളെ തളര്‍ത്തിയും തകര്‍ത്തും. ഒരു പക്ഷേ മറ്റൊന്നിലേക്ക് ഉയിര്‍ക്കാനാകാം. ആരുടെ ചിന്ത എന്നു ചോദിക്കാനായും മുന്‍പ് ഉണര്‍ന്ന, ഉയര്‍ന്ന പൊതുചിന്ത പൊതിഞ്ഞുതീര്‍ക്കും അവളേയും. ഭാഷയോ ഭാവമോ ആനന്ദില്‍നിന്ന് നീണ്ടു വന്നു നിവര്‍ന്നുനിന്നത് എന്ന് തിരിഞ്ഞുകിട്ടാന്‍ പിന്നേയും സമയമെടുത്തു. ആധുനികത മുഴുവന്‍ ജനലിനപ്പുറത്തെ ചെടിക്കാട്ടില്‍നിന്നെന്ന പോലെ അകത്തേക്ക്് വളര്‍ന്നു നീട്ടിവിളിച്ചു. സ്വന്തം ക്ലാസ്സും കൂട്ടുകാരും പ്രണയിയും വീടും മാതാപിതാക്കളും തിരിച്ചറിയാത്ത, പുസ്തകം മാറത്തടുക്കിപ്പിടിച്ച്, നിലത്ത്മുട്ടുന്ന പാവാടത്തുമ്പുമായി നടന്ന മുകുന്ദന്റെ രാധ ('രാധ രാധമാത്രം') ആധുനികതക്കുള്ളിലെ മുഴുവന്‍ സ്ത്രീയാണോ? തിരിച്ചറിയപ്പെടാത്തവളുടെ പര്യായം?

മുകുന്ദനിലെ കുഴമറികള്‍ പക്ഷേ കൂടുതല്‍ ഫലിച്ചത് ആനന്ദിലാണോ എന്നണിന്ന് സംശയം. അകം പുറം കാണാത്ത ചില്ലിനപ്പുറത്തും ഇപ്പുറത്തും ആനന്ദിന്റെ ആണ്‍പെണ്‍ലോകങ്ങള്‍ പെരുമാറുമ്പോള്‍ അവര്‍ പരസ്പരം അറിയാതെ ഏതോ കൃത്രിമമായ ഭാഷകൊണ്ട് ഒരിക്കലും പണിതുതീരാത്ത ഒരു ഗോപുരം പണിയുകയാണെന്നു തോന്നും. മനുഷ്യാവസ്ഥയുടെ അടിസ്ഥാനത്തെ അതു പൊതുവാക്കി കെട്ടിപ്പൊക്കിക്കൊണ്ടേയിരുന്നു. പൊതുവാക്കും തോറും , അതു ചൂടാവും തോറും പിരിഞ്ഞുപോകുന്ന പാലായി. പെണ്ണിന്റെ ഉണ്‍മയെ അത് എപ്പോഴും പിരിച്ചുകൊണ്ടിരുന്നു... അവള്‍ക്ക് ഈ പൊതുവഴിയില്‍ വഴിയിടറിക്കൊണ്ടേയിരുന്നു. രാധയും ലളിതയും മീനയുമെല്ലാമടങ്ങുന്ന പെണ്‍മയുടെ അവസ്ഥാന്തരങ്ങള്‍ ഏതൊരു അനുഭവലോകത്തെയാണ് അഭിമുഖീകരിച്ചത്? ആ ലോകത്ത് അവള്‍ക്ക് എന്തായിരുന്നു റോള്‍? കഥാപാത്രവിശകലനത്തിന്റെ ബോറന്‍ യുക്തിയിലേക്ക് വഴുതാവുന്ന ഒരു പ്രദേശമാണെങ്കിലും ഇവിടെക്കൂടി കയറിയിറങ്ങാതെ വയ്യ.

ആനന്ദുതന്നെ പറയുന്നുണ്ട് 'സത്യം എന്താണ്? സത്യം മനുഷ്യനാണ്. എല്ലാ ആശയങ്ങളേക്കുളു ആദര്‍ശങ്ങളേക്കാളും വലുത് മനുഷ്യനെന്ന വസ്തുവാണ്. മനുഷ്യര്‍ക്കിടയില്‍ മനുഷ്യനെ കാണുക . പാറയെ നിരസിക്കാതെ തന്നെ പ്രതിമയെ ആസ്വദിക്കാന്‍ കഴിയുക. മനുഷ്യന്‍ മനുഷ്യരുടെ ഒരു ഭാഗമെന്നതുപോലെ പ്രതിമ പാറയുടേയും ഒരു കഷ്ണമാണ്.' (ആള്‍ക്കൂട്ടം)

സമഗ്രതയുടെ ഈ കാഴ്ചക്കകത്ത് സ്വത്വമുദ്രയുടെ ആഖ്യാനം എളുപ്പമല്ല. അതിനായുളള പരതല്‍ ഓരോ കഥാപാത്രവും വിഫലമാണെങ്കിലും നടത്തുന്നു.

ഉള്‍ക്കൊളളലിനേക്കാള്‍ സ്വീകരിക്കലിനേക്കാള്‍ ഭ്രഷ്ടതയുടെ ആഖ്യാനഭാഷയാണ് ആള്‍ക്കുട്ടത്തിന്റേത്. പതിവ് നോവല്‍ വായനയെ അമ്പരപ്പിക്കുകയും അപരിചിതപ്പെടുത്തുകയും ചെയ്തതിന്റെ ഒരു കാരണം ഈ 'പുതിയ' മലയാളമായിരിക്കണം. ഭാഷ അവിടെ വരിതെറ്റാതെ മാനകമലയാളമായി; ദേശഭേദങ്ങളില്ലാതെ നീട്ടലും കുറുക്കലുമൊഴിഞ്ഞ് തുള്ളലും ഉലച്ചിലുമില്ലാത്ത വരമൊഴിവടിവായി. വേരുകളറ്റവരുടെ അനുഭവകഥനത്തിന് ദേശമുദ്രപതിയാത്ത ഒരു ഭാഷ രാകിയെടുത്തിരിക്കണം, ആനന്ദ്. പല കലര്‍പ്പുകളുടെ അനുഭവമേഖലയായ (ബോംബെ) നഗരത്തിന്റെ ആഖ്യാനത്തിന്, അതിന്റെ സങ്കീര്‍ണ്ണതക്ക് നമ്മുടെ പരിചിത നോവല്‍ ഭാഷയുടെ ഉടുത്തുകെട്ട് ചിലപ്പോഴൊക്കെ അധികമായി, ചിലപ്പോള്‍ പോരാതെയും. അങ്ങിനെയാണീ നോവല്‍ ആധുനികനോവലുകള്‍ക്കിടയില്‍ത്തന്നെ ഒരു ആധുനികനോവലായിത്തീര്‍ന്നത്. ( വായനക്കാരുടേതിനേക്കാള്‍ എഴുത്തുകാരുടെ നോവലാണ് ആള്‍ക്കൂട്ടം) ഉന്മാദത്തിന്റെയും ഉദ്വേഗത്തിന്റെയും വന്യതയുടെയും ഭ്രമാത്മകതയുടെയും മദിപ്പിക്കുന്ന ഭാഷ ഇവിടെയില്ല. മറിച്ച് അവയെ ഒതുക്കിയടച്ച വിചാരണഭാഷയാണ് കാണുക....ആരോടെന്നില്ലാതെയുള്ള സംവാദങ്ങളും വിചാരണകളും.....എന്നാലത് കൃത്രിമമായ നിഴല്‍യൂദ്ധങ്ങളായിരുന്നില്ല... ചരിത്രമനസ്സാക്ഷിക്കുമുമ്പില്‍ നടത്തിയ അകാല്‍പനികമായ കുമ്പസാരങ്ങളായിരുന്നു.

അകത്തേക്കും പുറത്തേക്കുമുളള ചോദ്യങ്ങള്‍ കൊണ്ടുകേറി വായനക്കാരുടെ തുറക്കാത്ത കതകുകള്‍ തുറന്നു. ആ കതകുകള്‍ക്കുമുമ്പില്‍ തലക്കുമുകളില്‍ ഒരുപാടു തലകള്‍ ചുമന്ന അമ്മന്‍കുടങ്ങളായി, ഓരോ കഥാപാത്രവും. ജോസഫ്, സുനില്‍, സുന്ദര്‍, പ്രേം, രാധ, ലളിത അങ്ങനെയങ്ങനെ. അവയുടെ വെളിപാടു ഭാഷകളില്‍ ഒരേ ചോദ്യം തന്നെ.... മനുഷ്യാവസ്ഥയെക്കുറിച്ചുളള തീക്ഷ്ണമായ അടിസ്ഥാനപരമായ ചോദ്യം തന്നെയാണവ തോറ്റിയത് - സ്വാതന്ത്ര്യം. ഒരിക്കലും പഴകിത്തേയാത്ത അതൊന്നുകൊണ്ട് ആനന്ദ് നമ്മെ കുരുക്കിയിട്ടു. സ്വാതന്ത്ര്യാനന്തരകാലത്തെ സന്ദേഹങ്ങളും സന്ദിഗ്ധതകളും ഒന്നു കുടഞ്ഞുനിവര്‍ത്തി തടുത്തു കൂട്ടുകയായിരുന്നു ആനന്ദ് ആള്‍ക്കൂട്ടത്തില്‍. എന്നാലത് അവന്റേയും അവളുടേയും പൊതുസ്വാതന്ത്ര്യമായി കോര്‍ക്കിട്ടുവെച്ചുവോ എന്ന് സന്ദേഹിക്കാന്‍ ഇന്നുതോന്നുന്നു. (ചിന്തയുടെ ) മഹാവനത്തില്‍ കരിയിലകള്‍ അടിച്ചുകൂട്ടാറില്ല ആരും, അതു വീട്ടുമുറ്റത്തോ പറമ്പിലോ മതി. എന്നിരുന്നാലും രാധയുടെ, ലളിതയുടെ, മീനയുടെ ഒക്കെ പോലെയുള്ള മുഖങ്ങള്‍.. അവര്‍ ആ വെപ്പുതലകള്‍ക്കു താഴെ വേറെ ചിലതു പറയുന്നത് പോലെ....സ്വാതന്ത്ര്യത്തിലേക്കും നീതിയിലേക്കുമുളള മഹാഖ്യാനങ്ങള്‍ക്കകത്ത് അവര്‍ മുഖം മറയ്ക്കപ്പെട്ടതുപോലെയും....അധികാര / ഭരണകൂട വിമര്‍ശനങ്ങളുടേയും നീതി സ്വാതന്ത്ര്യങ്ങളേക്കുറിച്ചുളള തത്വവിചാരങ്ങളുടേയും പൊതുമണ്ഡലങ്ങള്‍ അവരെ നിഴലിലാക്കിക്കളഞ്ഞോ?

എന്നിരുന്നാലും ഒന്നിച്ച് കഫേകളില്‍ ചായകുടിക്കുകയും നടക്കാന്‍പോവുകയുമൊക്കെ ചെയ്യുന്ന ആ ആണ്‍പെണ്‍ സൗഹൃദങ്ങള്‍ ഒരു കൗതുകമായി. നഗരത്തിന്റെ സാധ്യത. എങ്കിലും അതു ബലാബലം കൊണ്ടു സമ്മര്‍ദ്ദമേറിയത്. തരളതകളുടെ വരമ്പില്‍ കാല്‍ വഴുതാതിരിക്കാനെന്നവണ്ണം അവരും (ആനന്ദും) വിചാരഭാഷയിലൂന്നി നടന്നു. ആത്മതൃഷ്ണകള്‍ ആന്തരികമായ അലച്ചിലുകളായിത്തീര്‍ന്നു. ജോസഫും സുന്ദറും സുനിലും പ്രേമുമൊക്കെ തങ്ങളുടെ ഇടങ്ങളില്‍ നിന്ന് നടന്നകന്നപ്പോഴും രാധ ബാക്കിയായി. സസ്യങ്ങളില്ലാത്തതുകൊണ്ട് ആവിഷ്‌ക്കരിക്കപ്പെടാതെ നി്ഷ്ഫലമായ ഒരു ഋതു പോലെ..

(മുംബൈയിലെ ‘ചെണ്ട‘ മാസികയ്ക്കു വേണ്ടി എഴുതിയത്)
.