Wednesday, May 20, 2020

വ്യവസ്ഥയോടു കലഹിക്കാതെ

സിസ്റ്റര്‍ മേരി ബനീഞ്ജയുടെ (1899 -1985 ) മുപ്പത്തഞ്ചാം ചരമ വാര്‍ഷികദിനം.

{പീഡിഗ്രിക്കാലത്ത്' ലോകമേയാത്ര'പാഠപുസ്തകത്തില്‍ ഉള്‍പ്പെട്ടിരുന്നു. അതാണ് ആദ്യത്തെ ബനീഞ്ഞാ അനുഭവം. ഒരു യാത്രപറയലിന്റെ വൈകാരികത ഈ കവിതയെ തീവ്രവും വൈകാരികവുമായ അനുഭവമാക്കുന്നുണ്ട് എന്നതിനാല്‍ വളരെ ആഘോഷിക്കപ്പെട്ട കവിതയാണത്. ആശാന്റെ സീതയുടെ യാത്രപറച്ചില്‍ പുരുഷാധിപത്യത്തെയും രാജനീതിയെയും വിമര്‍ശിച്ചുകൊണ്ടായിരുന്നെങ്കില്‍ ഇവിടെ ലോകഗതിക്കു വഴങ്ങി ആത്മീയജീവിതത്തിലേക്ക് ഇടറാതെ പ്രവേശിക്കുന്ന സംയമം കലര്‍ന്ന ഉറപ്പാണ് കാണാന്‍ കഴിയുക. പിന്നീട് വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞ്,സിസ്റ്റര്‍ ജസ്മിയുമായുള്ള കുറച്ചധികം കാലത്തെ വ്യക്തബന്ധമുണ്ടായി. അതിലൂടെ സന്യാസിനീ ജീവിതത്തിന്റെ അകം പുറം മനസ്സിലാക്കാന്‍ കുറേയൊക്കെ കഴിഞ്ഞു. അവരുടെ ആമേന്‍ എന്ന ആത്മകഥയില്‍ അത് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. പൗരോഹിത്യം എങ്ങനെ ഒരു അധികാരവ്യവസ്ഥയായി അതിനകത്തെ സ്ത്രീജീവിതവും ആത്മീയതയും അടിച്ചമര്‍ത്തപ്പെടുന്നതെന്ന് ആമേന്‍ പറയുന്നു. സ്ത്രീശരീരവും ലൈംഗികതയും ചൂഷണം ചെയ്യപ്പെടുന്നതെങ്ങനെ എന്നൊക്കെ അവര്‍ എഴുതുന്നുണ്ട്. രണ്ടാംപ്രജയായി കരുതപ്പെടുന്ന സന്യാസിനി എന്ന പദവിയ്ക്കകത്തു തന്നെ, നിലനിന്ന മേല്‍ക്കീഴ് ബന്ധങ്ങളെക്കുറിച്ചും അവരെഴുതി. അവരുമായി നടത്തിയ അഭിമുഖത്തില്‍ കീഴാളമായ അവസ്ഥയിലുള്ള സന്യാസിനികളെക്കുറിച്ചു പറയുന്നുണ്ട്. കസേരയില്‍ ഇരിക്കാന്‍ അനുവാദമില്ലാത്ത, അതുകൊണ്ട് പെട്ടിപ്പുറത്തെിരിക്കുന്ന കന്യാസ്ത്രീകളെക്കുറിച്ചൊക്കെ പറഞ്ഞതോര്‍ക്കുന്നു. ആഢ്യത്തം, കുടുംബമഹിമ, തറവാടിത്തം, തൊലിനിറം, സമ്പത്ത് ഇവയൊക്കെ വളരെയധികം ഇടപെടുന്ന ആ ലോകത്തെക്കുറിച്ചുള്ള സൂചനകള്‍ പക്ഷേ, ബെനീഞ്ഞാമ്മയില്‍ നിന്നധികം കിട്ടുന്നില്ല.

വ്യവസ്ഥയില്‍ നിന്ന് അതിന്റെ പരിമിതികളോടു കലഹിക്കാതെ വിധേയത്വം പുലര്‍ത്തിയ കവിയാണ് ബനീഞ്ഞ. അത് അവരുടെ കാവ്യഭാവുകത്വത്തെയും രാഷ്ട്രീയത്തെയും രൂപപ്പെടുത്തി. ആത്മീയത, ദേശീയത, പ്രകൃതിസ്‌നേഹം, തത്വചിന്ത, നിത്യജീവിതത്തിലെ കൗതുകങ്ങള്‍, ബാല്യകാല സ്മരണകള്‍ ഇവയൊക്കെ അവരുടെ കവിതകളില്‍ നിറഞ്ഞുനില്‍ക്കുന്നു. സരളവും വാചാലവുമാണ് അവരുടെ കാവ്യശൈലി. പൗരസ്ത്യാചാര്യന്‍മാര്‍ നിഷ്‌കര്‍ഷിക്കുന്ന പ്രസാദഗുണം ഏറിയ ഒരു സമ്പ്രദായമാണവര്‍ പുലര്‍ത്തിയത്. 1899 നവംബര്‍ 6ന് ജനിച്ച് 1985 മെയ് 21ന് മരിച്ച ഈ എഴുത്തുകാരി വിപുലമായ ഒരു രചനാസമ്പത്തിനുടമയാണ്.. സാമൂഹികമായ ഉല്‍ക്കര്‍ഷം എന്ന ആദര്‍ശം കവിതകളില്‍ നിറഞ്ഞുനിന്നു. ഇടശ്ശേരിയും എന്‍വിയും ജിയും വൈലോപ്പിള്ളിയും മറ്റും മുന്നോട്ടുവച്ച ലോകന•, അതിനകത്തു സ്വജീവിതത്തെ നോക്കിക്കാണുക എന്ന ഉദാരമാനവവാദപരമായ കാഴ്ചപ്പാടിലാണ് ബനീഞ്ഞയുടെ കാവ്യദര്‍ശനം.

ലോകമേ യാത്ര
ലോകമേ യാത്ര എന്ന കൃതിയിലൂടെയാണ് സിസ്റ്റര്‍ മേരി ബനീഞ്ഞ വായനക്കാരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത്. 1928ല്‍ ദീപികയിലൂടെ അത് പ്രകാശിപ്പിക്കപ്പെട്ടു. 
'ജനിച്ച നാള്‍ തുടങ്ങിയെന്നെ യോമനിച്ചു തുഷ്ഠിയോ
ടെനിക്കു വേണ്ടതൊക്കെ നല്‍കിയാദരിച്ച ലോകമേ
നിനക്കു വന്ദനം പിരിഞ്ഞു പോയിട്ടെ ഞാനിനി
ശ്ശനിക്കുഴപ്പമേശിടാത്ത ഭാവിയെ വരിക്കുവാന്‍ എന്നു തുടങ്ങുന്ന കവിത യുവതിയായിരുന്ന ഒരു സന്യാസിനിയുടെ ആത്മീയജീവിതത്തിന്റെ ഭാവാന്തരീക്ഷമാണ് നിര്‍മിച്ചെടുക്കുന്നത്. തുടര്‍ന്ന് 'സമര്‍ഥനായ സീസറും പ്രസിദ്ധനായ ഹോമറും സമത്വമറ്റന്നേളമന്‍ തുടങ്ങിയുള്ള വിജ്ഞരും അമര്‍ന്നുപോയി കാലചക്ര വിമഭ്രത്തിലെങ്കിലീ
നമുക്കു പിന്നെയെന്തു ശങ്ക മാറ്റമൊന്നുമില്ലതില്‍.
എന്നൊക്കെയുള്ള തത്വചിന്തയുണ്ട്. ഭൗതികജീവിതത്തിന്റെ നശ്വതയിലും ഒപ്പം ആത്മീയ ജീവിതത്തിന്റെ ശ്രേഷ്ഠതയിലുമാണ് കവിതയുടെ ഊന്നല്‍.

ആത്മീയതയും പ്രണയവും
ഏറ്റവും ശ്രദ്ധിക്കപ്പെട്ട കവിത ലോകമേയാത്ര ആണെങ്കിലും ആത്മാവിന്റെ സ്‌നേഹഗീത കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. കാരണം ഇതില്‍ അന്വേഷിയായ ഒരു കവിയെ കാണാം. ഈ കൃതിയുടെ അവതാരികയില്‍ ആധ്യാത്മികമായി ഒരു ആനന്ദം എന്ന വാക്ക് സിസ്റ്റര്‍  മേരി ബനീഞ്ഞ പല പ്രാവശ്യം ഉപയോഗിക്കുന്നുണ്ട്. എന്താണ് അധ്യാത്മികത?  എന്താണ് ആനന്ദം? ഈ രണ്ടു കാര്യങ്ങളെക്കുറിച്ചുള്ള വിചാരങ്ങളും അവരുടെ ദര്‍ശനത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു.. 1926ല്‍ ആണ് ഈ കവിത അവര്‍ ആദ്യമായി എഴുതുന്നത്. ഈ കൃതിയില്‍ സ്ത്രീയുടെ ആത്മീയത എങ്ങനെ പ്രണയവുമായി കണ്ണിചേര്‍ന്നു കിടക്കുന്നു എന്നതിന്റെ സാക്ഷ്യങ്ങള്‍ നിരവധിയാണ്.
 'അറയില്‍ തിരിയും കൊളുത്തിയെന്‍
പ്രിയനെ കാത്തു ദിനങ്ങള്‍ പോക്കിടും' എന്നവര്‍ പറയുന്നുണ്ട്. ഇവിടെ പ്രണയവും കാത്തിരിപ്പും കാണാം. സ്ത്രീയുടെ പ്രണയത്തെയാണോ സ്ത്രീയുടെ ആധുനികതയിലേക്കു നാം നീട്ടി വായിക്കേണ്ടത്? പുരുഷന്‍ പ്രണയത്തെക്കുറിച്ചും സ്വതന്ത്രമായും നിര്‍ഭയമായും നടത്തുന്ന ആവിഷ്‌ക്കാരത്തിന്റെ സ്വാതന്ത്ര്യം സ്ത്രീകവികള്‍ അനുഭവിച്ചിരുന്നോ? സംശയമാണ്. ഉഛ്യംഖലമായ സ്ത്രീലൈംഗികതയുടെയും പ്രണയത്തിന്റെയും ടൗയഹശാമലേറ ആയ ആശയങ്ങള്‍ കൂടി ഈ ആധ്യാത്മികതയില്‍ കലര്‍ന്നിട്ടുണ്ടാവണം.ആധ്യാത്മികതയുടെയും പ്രണയത്തിന്റെയും പദാവലികള്‍ ഇവിടെ പരസ്പരം അനുരോധമായി കൂട്ടിയിണക്കിയിരിക്കുന്നു. ആത്മാവിന്റെ സ്‌നേഹഗീതയില്‍ അവര്‍ പറയുന്നു,'അസഹ്യമായ വിരഹദു:ഖം സഹിച്ച് അജയ്യമായ പ്രതിബന്ധങ്ങളെ ജയിച്ച്, ദിവ്യപ്രേമമഹാഗിരിയുടെ ഉന്നത ശൃംഗത്തിലെത്തി. സ്വപ്രേമഭാജനത്തിന്റെ 'നരകുലമറിഞ്ഞ ദിവ്യരാഗപ്രവപ്രചുരിമ'യോടു കൂടിയ ഗാഢാശ്ലേഷത്തില്‍ ലയിച്ച് ആത്മാവു ധന്യമാക്കിത്തീരുന്നു'.

ദിവ്യപ്രേമം, വിരഹദു:ഖം, ഗാഢാശ്ലേഷം ഒക്കെ എന്താണു സൂചിപ്പിക്കുന്നത്? സ്ത്രീപുരുഷന്‍മാര്‍ക്കിടയിലെ കാല്‍പനിക പ്രണയത്തിന്റെ അന്തരീക്ഷത്തെ പ്രകടമായും ഉദ്‌ഘോഷിച്ചു ഈ വരികള്‍ എന്നതില്‍ സംശയമില്ല. ദൈവം പുരുഷനും കാമുകനും രക്ഷകനുമായി സ്ത്രീക്കനുഭവപ്പെടുന്നു.പ്രണയത്തില്‍ സ്ത്രീ അനുഭവിക്കുന്ന ചകിതമായ സന്നിഗ്ധതയും സമുദായഭീതിയും കൃതിയുടെ അവതാരികയില്‍ കാണാം. സദാചാരഭയം കലര്‍ന്ന ആ വരികള്‍ ഇങ്ങനെയാണ്. 'എന്റെ മനോധര്‍മ്മങ്ങളില്‍ ഇങ്ങനെയൊരാത്മാവിനെ ഞാന്‍ മുന്നോട്ടുകൊണ്ടുപോയി എന്നല്ലാതെ അത് എന്റെ ആത്മാവാണെന്നു വായനക്കാര്‍ ഖണ്ഡിക്കേണ്ടതില്ല.' സ്വര്‍ഗത്തെ വരംഗഗൃഹം എന്നാണവര്‍ വിശേഷിപ്പിക്കുന്നത്. ഈശ്വരനെ കാമുകനായി കാണുന്ന കവിതകള്‍ക്ക് ഇന്ത്യന്‍ സാഹിത്യത്തില്‍ പഞ്ഞമില്ല. ചെന്ന മല്ലികാര്‍ജുനനത്തെ വിളിച്ചു കേഴുന്ന അക്കമഹാദേവി, മീര, ലല്ലാദെദ് മുതലായ എത്രയോ കവികള്‍. ടാഗോറിന്റെ ഗീതാജ്ഞലി, ആശാന്റെ നളിനി, കരുണ, ലീല, ജി. യുടെ എന്റെ വേളി തുടങ്ങിയ കവിതകള്‍ക്കുള്ളിലെ പ്രണയത്തോടാണീ കവിതയ്ക്കു കൂടുതല്‍ സാമ്യം. എപ്പോഴും അടുത്തെത്തി എന്ന തോന്നലില്‍ ഒടിയണയുകയും എന്നാല്‍ ഉടനെത്തന്നെ അകന്നു മറന്നുപോവുകയും ചെയ്യുന്ന പ്രണയ ബിംബത്തിന്റെ മാതൃക. കിട്ടി/ കിട്ടിയില്ല എന്ന ആസന്നമായ നഷ്ട/ലബ്ധികള്‍ക്കയില്‍ ചകിത മായ ഉല്‍കണ്ഠ ഇവിടെ കാണാം. ലീലയും മദനനും തമ്മിലുള്ള സമാഗമത്തിന്റെ ഓര്‍മ ആത്മാവിന്റെ സ്‌നേഹഗീത വായിക്കുന്നവരില്‍ ഉണ്ടാവും. ഉറക്കം വിട്ടുണര്‍ന്ന കാമുകി കാമുകനെ തിരഞ്ഞോടുന്ന കല്‍പന ഇവിടെയുണ്ട്. സമയമായില്ലപോലും എന്ന കരുണയിലെ നീട്ടിവയ്ക്കപ്പെട്ട പ്രണയസമാഗമം ഈ കവിതയില്‍ ഒരുപാടു സ്വാംശീകരിച്ചിട്ടുണ്ട്. 'ഒരു ചുവടിവള്‍ മുമ്പിലേക്കു വച്ചാലതിലധികം പുറകോട്ടു തെറ്റി മാറും എന്നു പറയുന്നു: ബെനീഞ്ഞ.

മാര്‍ത്തോമ്മാവിജയം, ഗാന്ധിജയന്തി, ആദ്യത്തെ കല്ല് ആരെറിയും? എന്നീ രചനകള്‍ പ്രധാനമാണ്. . ഒട്ടനേകം  ലളിതകോമങ്ങളായ ലഘുകാവ്യങ്ങളും ബനീഞ്ഞ എഴുതിയിട്ടുണ്ട്. പാടിത്തെളിഞ്ഞ  ആ കുയില്‍ മലവേടന്റെ കൂട്ടില്‍ അകപ്പെട്ടുവെന്നും അതിന്റെ ശബ്ദം ഇനി കേള്‍ക്കുകയില്ലെന്നും ഒരിക്കല്‍ അവരെക്കുറിച്ച് ചിലര്‍ പറഞ്ഞപ്പോള്‍ അവരതിനെ എതിര്‍ത്തു. കന്യാസ്ത്രീമഠം തനിക്ക് എതിര്‍പ്പുണ്ടാക്കിയില്ല എന്നവര്‍ കരുതി. ഉള്ളൂരിന്റെ പ്രോത്സാഹനത്തില്‍ അവര്‍ സംസ്‌കൃതവും പഠിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു ശാസ്ത്രികളില്‍ നിന്നായിരുന്നു അത്. സംസ്‌കൃതത്തില്‍ അവര്‍ കത്തെഴുതുമായിരുന്നുവത്രെ. ഇങ്ങനെ സവിശേഷമായ ഒട്ടേറെ കാര്യങ്ങള്‍ ഈ പില്‍ക്കാലപ്രതിഭയെക്കുറിച്ച് ഓര്‍ക്കാനുണ്ട്.

(2016, 19 ജൂണിൽ ആഴ്ച്ചവട്ടം  തേജസിൽ എഴുതിയ കുറിപ്പ് ഇപ്പോള്ർ ഇവിടെയിടുന്നത് )

Tuesday, May 19, 2020

വിശ്വാസപൂര്‍വം മന്‍സൂര്‍: ഒരു എതിര്‍വായന
                     

പി.ടി.കുഞ്ഞിമുഹമ്മദ് സിനിമകളുടെ പൊതുസ്വഭാവത്തില്‍ നിന്ന് ഒട്ടു വിഭിന്നമായാണ് വിശ്വാസപൂര്‍വം മന്‍സൂര്‍ അതിന്റെ രാഷ്ട്രീയം പങ്കുവെയ്ക്കുന്നത്. പരദേശിയിലും മറ്റും അദ്ദേഹം പങ്കുവെച്ച ന്യൂനപക്ഷസമീപനത്തിന്റെ രാഷ്ട്രീയദിശ ദേശീയതയുടെ പൊതുബോധയുക്തികളെ പിന്താങ്ങുന്നതായിരുന്നുവെങ്കില്‍ ഇവിടെ ഒരു പടികൂടി കടന്ന് ദേശീയതയെ തെല്ലെങ്കിലും പ്രശ്‌നവല്‍ക്കരിക്കാനും  അതിനകത്തുനിന്നുകൊണ്ട് മുസ്ലിം പ്രാതിനിധ്യത്തെ ഉള്‍ക്കൊള്ളാനും ശ്രമിക്കുന്നുണ്ട്. ഇരകളുടെ രാഷ്ടീയം ആവര്‍ത്തിക്കുമ്പോഴും ചില സവിശേഷചിന്തകളെ ഉണര്‍ത്തുന്നു എന്നതാണ് ഈ സിനിമയുടെ സമകാലികപ്രാധാന്യം. 


                                       പി.ടി.കുഞ്ഞിമുഹമ്മദ്

മലബാറിന്റെ പശ്ചാത്തലത്തില്‍ പരദേശിക്കും വീരപുത്രനും ശേഷം ദേശീയതയെ മുന്‍നിര്‍ത്തി മറ്റൊരു വിഷയമാണ് വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന സിനിമയിലൂടെ പി.ടി. കൈകാര്യം ചെയ്യുന്നത്. ഇടതുസഹയാത്രികനും പൊതുപ്രവര്‍ത്തകനുമൊക്കെയായ മന്‍സൂര്‍ ഒരു സിനിമ പിടിക്കാനുള്ള ആലോചനകളിലാണ്. ഉമ്മ ഫാത്തിബിയുടെ ഒരേയൊരു മകന്‍. ചെറുപ്പത്തിലേ പിതാവു നഷ്ടപ്പെട്ട മന്‍സൂറിന് ഉമ്മയാണെല്ലാം. കൂട്ടുകാരുടെ സഹായത്തോടെ സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഓടിനടക്കുന്നതിനിടയില്‍ ഒരു ദിവസം തന്റെ വീട്ടില്‍ അഭയാര്‍ത്ഥികളായെത്തിയ ഒരമ്മയും മകളും മന്‍സൂറിന്റെ ജീവിതത്തെ മാറ്റി മറിക്കുന്നതാണ് സിനിമയുടെ കേന്ദ്രപ്രമേയം.  ആരാണ് അപരന്‍ എന്ന ചോദ്യത്തെ നിരന്തരം ഉന്നയിക്കുന്ന രാഷ്ട്രീയത്തിന്റെ ഒരു ഉള്ളടക്കമെന്ന നിലയിലാണ്  സിനിമ മുന്നോട്ടുപോകുന്നത്. 

മുസ്ലിങ്ങളെന്ന നിലയില്‍ ബോംബേയില്‍ ഹിന്ദുത്വഭീകരരാല്‍ വേട്ടയാടപ്പെട്ട ഒരു കുടുംബത്തിലെ അനാഥരായ അമ്മയും മകളും അഭയാര്‍ത്ഥികളായി വടക്കേമലബാറിലെ ഒരു ചെറുപട്ടണത്തില്‍ മാളിയേക്കല്‍ തറവാട്ടില്‍ പഴയ കുടുംബബന്ധത്തിന്റെ പേരില്‍ തിരഞ്ഞെത്തുന്നു. മാളിയേക്കല്‍ എന്ന വലിയ വീട്ടില്‍ ആകെയുള്ളത് വിധവയായ ഫാത്തീബിയും മകന്‍ മന്‍സൂറും.  സമീപവാസികളിലും ബന്ധുക്കളിലും സംശയത്തിന്റെ കരിനിഴല്‍ പതുക്കെപ്പതുക്കെ വളര്‍ന്നു പടരുന്നു. ഫാത്തീബിയുടെ സഹോദരന്‍ കലന്തര്‍ഹാജിയും അതിനോട് വിപ്രതിപത്തി കാണിക്കുന്നു. പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തി അയാള്‍ അവരെ ചോദ്യം ചെയ്യിപ്പിക്കുന്നു. അതു മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും  മന്‍സൂര്‍ നോട്ടപ്പുള്ളിയാവുകയും ചെയ്യുന്നു. ഇതിനിടയില്‍ മന്‍സൂറിന്റെ ചങ്ങാതിക്കൂട്ടം അവന്റെ സിനിമയോടും അവനോടും അകലം പാലിച്ചുതുടങ്ങി. രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ താന്‍ മാതൃകയായിക്കാണുന്ന ജയരാജേട്ടനെന്ന സഖാവിന്റെ പെങ്ങള്‍ സൗമ്യയുമായുള്ള അടുപ്പം വിവാഹത്തിലെത്താതെ വഴിപിരിയുന്നു. അവള്‍ മറ്റൊരാളെ വിവാഹം കഴിക്കുന്നു. ഇതിനിടയില്‍ മന്‍സൂര്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലാവുന്നു. അഭയാര്‍ത്ഥിയായെത്തിയ ഉമ്മ കാന്‍സര്‍ പിടിപെട്ട് മരിക്കുന്നു. മകന്റെ താല്പര്യമറിഞ്ഞ് ഫാത്തിബിയും മുംതാസുമായുള്ള വിവാഹത്തിനു സമ്മതം പ്രകടിപ്പിക്കുന്നു. സ്വന്തം മകളെ മന്‍സൂറിനെക്കൊണ്ട്  വിവാഹം കഴിപ്പിക്കാനാഗ്രഹിച്ചിരുന്നെങ്കിലും കലന്തര്‍ ഹാജിയും അതിനു വിസമ്മതിക്കുന്നില്ല.

 വിവാഹത്തിന്റെ ഒരുക്കങ്ങളുമായി മുന്നോട്ടു പോകവേ പെട്ടന്നാണ് മുംബൈയിലെ കലാപത്തില്‍ മരിച്ചെന്നു കരുതിയ ഫിറോസ് (മുംതാസിന്റെ പ്രതിശ്രുതവരന്‍) മുംതാസിനെത്തേടി മാളിയേക്കലേക്ക് എത്തുന്നത്. അവളെ അയാളുടെ കൂടെ വിടുകയല്ലാതെ മറ്റു മാര്‍ഗമുണ്ടായിരുന്നില്ല അമ്മയക്കും മകനും. മന്‍സൂര്‍ തീവ്രവാദിബന്ധം ആരോപിക്കപ്പെട്ട് പോലീസിന്റെ നോട്ടപ്പുളളിയാണെന്നുള്ള വാര്‍ത്തയറിഞ്ഞ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ മതവിശ്വാസികളായ രണ്ടുപേര്‍ അവനെ കാണാനെത്തുന്നു. രാജ്യമെങ്ങും മുസ്ലിംങ്ങള്‍ വേട്ടയാടപ്പെടുന്നുവെന്നും മന്‍സൂര്‍ അവരോടു സംവദിക്കാന്‍ കൂട്ടാക്കാതെ ഒഴിവാക്കുന്നു. നാളുകള്‍ക്കുള്ളില്‍ അവരും പോലീസ് പിടിയിലായി. കഠിനമായ മര്‍ദ്ദനത്തിനും ചോദ്യം ചെയ്യലിനുമൊടുവില്‍ അവര്‍ തങ്ങള്‍ക്കു പരിചയമുള്ള നാട്ടുകാരെക്കുറിച്ചു പറയുന്ന കൂട്ടത്തില്‍ മന്‍സൂറിനെക്കുറിച്ചും പറയുന്നു. അത് മന്‍സൂറിന്റെ അറസ്റ്റിലാണ് എത്തിക്കുന്നത്. കൊടിയ ശാരീരികപീഡനങ്ങളേറ്റുവാങ്ങുന്ന മന്‍സൂറിനെ ജയിലില്‍ സന്ദര്‍ശിച്ചു തിരിച്ചെത്തിയ ഉമ്മ പെട്ടന്നു തലചുറ്റിവീണ് ആശുപത്രിയിലാവുകയും തുടര്‍ന്നു മരണപ്പെടുകയും ചെയ്യുന്നു. ജാമ്യം ലഭിച്ചു പുറത്തുവന്നെങ്കിലും ഉമ്മയുടെ മരണത്തോടെ പൂര്‍ണമായും തകര്‍ന്നു തികച്ചും ഒറ്റയ്ക്കായ മന്‍സൂറിനെ കൂട്ടുകാര്‍ പോലും അകറ്റിനിര്‍ത്തി. ദുസ്വപ്‌നപീഡിതമായ രാത്രികള്‍ പിന്നിട്ട്, ഏകാന്തജീവിതം മതിയാക്കി, പാര്‍ട്ടിസെക്രട്ടറിക്ക് ഒരു കത്തെഴുതിവെച്ച്  മന്‍സൂര്‍ എങ്ങോട്ടെന്നില്ലാതെ ഇറങ്ങിത്തിരിക്കുന്നു. ഇരുട്ടു വീണ വഴിവക്കില്‍ വണ്ടി കാത്തുനില്‍ക്കുമ്പോള്‍ മുമ്പില്‍ നിര്‍ത്തിയ ഓട്ടോവില്‍ നിന്നും മുംതാസ് തോളത്തൊരു കൈക്കുഞ്ഞുമായി വന്നിറങ്ങുന്നു. ഫിറോസ് കൊല്ലപ്പെട്ട വിവരം അവളറിയിക്കുന്നു. എവിടേക്കും ഒളിച്ചോടാതെ ഇതേ മണ്ണില്‍ പരസ്പരം ചേര്‍ന്നു നിന്ന് പൊരുതാമെന്നവര്‍ തീരുമാനിക്കുന്നിടത്ത് സിനിമ തീരുന്നു.

ആണ്‍കൂട്ടം
മേല്‍വിവരിച്ച കഥാഗതിക്കപ്പുറം അതിന്റെ ഉദ്വേഗഭരിതമായ പരിണതികള്‍ക്കപ്പുറം എന്താണ് സിനിമ നമ്മില്‍ അവശേഷിപ്പിക്കുന്നത് എന്ന ചോദ്യമാണ് നാം നേരിടേണ്ടത്. പൊതുപ്രവര്‍ത്തനവും കുടുംബവും സംബന്ധിച്ച പതിവു മധ്യവര്‍ഗയുക്തികള്‍ക്കപ്പുറം സിനിമയുടെ സാമൂഹികചലനങ്ങളെ ഉണര്‍ത്തിയെടുക്കുന്നത് മന്‍സൂറും അയാളെ ചുറ്റിപ്പറ്റി നില്ക്കുന്ന സൗഹൃദങ്ങളുമാണ്. സിനിമയുടെ പരിധിക്കകത്തു സാമൂഹികമായ വിമര്‍ശനശേഷിയുടെ കേന്ദ്രമായി നിലക്കൊള്ളുന്നത് ഈ ആണ്‍കൂട്ടമാണ്. അവര്‍ക്കിടയില്‍ ഇടയക്കിടെ സൗമ്യയെന്ന പെണ്‍കുട്ടിയുമുണ്ടെങ്കിലും ആ കൂട്ടുകെട്ടിന് മിക്കപ്പോഴും തന്നെ ഒരു ആണ്‍മാത്രസ്വഭാവമാണുള്ളത്. ഇടതുബോധത്തിലൂന്നിയ ബുദ്ധിപരമായ ചര്‍ച്ചകളുടെ പുറം തൊലി മിന്നിമറയുമ്പോഴും അതിന്റെ ഉപരിപ്ലവസ്വഭാവം പ്രകടമാകുന്ന വൃന്ദമാണത്. കാശുണ്ടാക്കാനാണ് സത്യത്തില്‍ അവരുടെ ആഗ്രഹം. ഗള്‍ഫിലേക്കു പോകാന്‍ വിസ വന്നതില്‍ സന്തോഷിക്കുന്ന ഒരാളാണ് അവരിലൊരുവന്‍. മന്‍സൂറിന്റെ തീവ്രവാദിത്തം ആരോപിക്കപ്പെട്ട പത്രവാര്‍ത്തയില്‍ പോലും അസൂയാലുക്കളാണ് കൂട്ടുകാര്‍. പബ്ലിസിറ്റി നെഗറ്റീവായാലും പോസിറ്റിവായാലും പബ്ലിസിറ്റി തന്നെയാണത്രെ! സൗമ്യയുടെ വിവാഹശേഷം കൂട്ടുകാരിലൊരാള്‍ മദ്യസദസ്സില്‍ പറയുന്നത്, പിരിഞ്ഞകാമുകിയും പിരിഞ്ഞ പാലും പണ്ടേ കാച്ചണ്ടതായിരുന്നു എന്നാണ്. സ്ത്രീവിരുദ്ധതയെന്നു പറഞ്ഞുകൊണ്ടു തന്നെ അതിനോടു രൂക്ഷമായി പ്രതികരിക്കുന്ന മന്‍സൂറിന്റെ വാക്കുകള്‍ക്കകം വല്ലാതെ പൊള്ളയാക്കുകയാണ് സിനിമയിലെ സന്ദര്‍ഭങ്ങളേറെയും. നിന്നെപ്പോലത്തെ സുന്ദരികളായ പെണ്‍കുട്ടികള്‍ സന്തോഷമായിരിക്കുന്നതു കാണാനാണ്  ഞാനിഷ്ടപ്പെടുന്നതെന്നു മന്‍സൂര്‍ പറയുന്നിടത്തും ഒക്കെ സ്ത്രീയെ തുല്യനിലയില്‍ ഗൗരവമുള്ള മനുഷ്യപദവിയില്‍ കാണുന്നില്ല എന്നതാണ് വ്യക്തമാകുന്നത്. പുതിയവസ്ത്രം വാങ്ങിക്കൊടുത്തും പുറത്തു ചുറ്റാന്‍ കൊണ്ടുപോയുമൊക്കെ അവളെ സന്തോഷിപ്പിക്കാനാണ് അയാളുടെ ശ്രമം. ഉള്ളില്‍ കഴമ്പില്ലാത്ത, ചിന്താശേഷിയില്ലാത്ത കാഴ്ച്ചവസ്തു മാത്രമായി സ്ത്രീയെ കാണുന്ന പാരമ്പര്യത്തെ കൈവിടാന്‍ മന്‍സൂറിനെപ്പോലെയുള്ളവര്‍ക്ക് എളുപ്പമല്ല. ജയരാജേട്ടന്റെ ഭാര്യ അയാളുടെ തിരക്കുകളെക്കുറിച്ചു കലഹിക്കുമ്പോള്‍ അതൊരു പതിവു അലോസരമായോ വിവരക്കേടായോ ആണ് പലപ്പോഴും മനസ്സിലാക്കപ്പെടുന്നത്. പൊതുകാര്യവ്യഗ്രനായ സൂക്ഷ്മമായിപ്പറഞ്ഞാല്‍ ഇടതുപൊതുബോധത്തിലാണ്ടു പോയ ആണ്‍ശീലങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ സാമൂഹികപ്രതലം  നെയ്തിരിക്കുന്നത്. നായകന്റെ മുന്‍കാമുകി സൗമ്യ വേറെ കല്യാണം കഴിക്കുന്നു. സ്വന്തം ജാതിയില്‍ നിന്നും. യാഥാസ്ഥിതികമായ ആചാരങ്ങളോടെ കല്യാണനിശ്ചയം നടത്തുന്നു. അവിടെ അമ്മയുടെ താല്പര്യങ്ങള്‍ക്കു വഴങ്ങിയാണ് അത്തരം സ്വജാതീയമായ വിവാഹം എന്ന ന്യായം കൊണ്ടു പിടിച്ചു നില്ക്കാന്‍ ജയരാജന്‍ പറയുന്നുണ്ട്. ആ വലിയ കുടുംബത്തെയും അമ്മയെയുമൊക്കെ വേദനിപ്പിക്കാനാവാത്തതുകൊണ്ടാണ് താന്‍ സൗമ്യയോടുള്ള പ്രണയത്തെ താന്‍ അവഗണിച്ചതെന്ന് മന്‍സൂര്‍ പറയുന്നുണ്ട്.  

സിനിമയക്കുള്ളില്‍ ചര്‍ച്ച ചെയ്യുന്ന സിനിമാപിടുത്തത്തെക്കുറിച്ചു പറയുമ്പോഴെല്ലാം ചരിത്രരചനയുടെ രാഷ്ട്രീയത്തെ പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട്. ഏതോ ഒരു ചരിത്രത്തെ വീണ്ടെടുക്കുക, പുനര്‍വായിക്കുക എന്ന വിപ്ലവകരമായ ശ്രമത്തിന്റെ പിന്നാലെയാണ് തങ്ങളെന്നാണ് മന്‍സൂറും കൂട്ടരും പറയുന്നത്. നമ്മുടെ ചരിത്രത്തിലൂടെ കാണപ്പെടുന്ന വിപ്ലവപ്രസ്ഥാനങ്ങള്‍ക്കും ജനാധിപത്യപ്രസ്ഥാനങ്ങള്‍ക്കും ഒരു കൊളോണിയല്‍ ആശ്രിതത്വമുണ്ടെന്നാണ് മന്‍സൂറും തുടക്കത്തിലേ നടത്തുന്ന സിനിമാചര്‍ച്ചകളില്‍ നിരീക്ഷിക്കുന്നത്. ചങ്ങാതിമാര്‍ കൂട്ടംകൂടിയിരിക്കുന്നിടത്തേക്ക് എത്തുന്ന മന്‍സൂര്‍ അവരുടെ കൈകളിലെ പുസ്തകങ്ങള്‍ നോക്കുന്നു. ലോസ്റ്റ് ഹിസ്റ്ററിയെന്നും മോഷ്ടിക്കപ്പെട്ട പൈതൃകം എന്നുമൊക്കെയാണവയുടെ പേരുകള്‍. മലയാളികള്‍ യഥാര്‍ത്ഥത്തില്‍ ചരിത്രത്തില്‍ നിന്നും ഒളിച്ചോടുന്നവരാണെന്നും മലയാളിക്കു മാനവികതയുടെയും പോരാട്ടത്തിന്റെയും മതേതരത്വത്തിന്റെയും ഒക്കെയായ അതിവിപുലമായ ഭൂതകാലമുണ്ടെന്നും ഒക്കെയുള്ള ഉപരിപ്ലവമായ പ്രസ്താവനകളിലാണ് സിനിമ ചരിത്രത്തെ സംബന്ധിച്ച സൈദ്ധാന്തികനിലപാടുകളെ കെട്ടിയിട്ടിരിക്കുന്നത്.


പുസ്തകം വായിക്കുന്ന പെണ്‍കുട്ടി. 
പുസ്തകത്തിന്റെ ഹാങ്ങോവര്‍ പി.ടി. മുംതാസിന്റെ പാത്രസൃഷ്ടിയിലും കൂടി ചെലുത്തുന്നുണ്ട്. മന്‍സൂറിന്റെ മുറി വൃത്തിയാക്കാനും മുഷിഞ്ഞ വസ്ത്രങ്ങള്‍ പെറുക്കിയെടുക്കാനുമൊക്കെയായി അവള്‍ അവിടെ പെരുമാറുന്നുണ്ട്. ഓരോ ഘട്ടത്തിലും വിപ്ലവത്തെ സ്വപനം കാണുന്ന ഇടതുബോധത്തിന്റെ പ്രതിനിധാനമെന്ന നിലയ്ക്ക് അതിലെ സ്ത്രീവിരുദ്ധത ഒട്ടും തന്നെ മന്‍സൂറിനെ അലട്ടുന്നില്ലെന്നതു പോട്ടെ, അവള്‍ അവന്‍ അക്കാലത്തു വായിച്ചുകൊണ്ടിരുന്ന പുസ്തകമെടുത്തു നോക്കുമ്പോള്‍ അതവള്‍ വായിച്ചിട്ടുണ്ടാവുകയില്ലെന്നുറപ്പിച്ചു ചോദിച്ച ചോദ്യവും അതോടു ചേര്‍ത്തു വെയ്ക്കാം. രണ്ടു കൊല്ലം മുമ്പേ താനതു വായിച്ചുവെന്നവള്‍ പറയുമ്പോള്‍ മന്‍സൂറിന്റെ മുഖത്തുള്ള ചെറുതല്ലാത്ത അത്ഭുതാരാധന അല്പത്തമാണുണര്‍ത്തുക. ജീവിതത്തില്‍ ഒരിക്കലും മനസ്സിലാവാത്ത പുസ്തകങ്ങള്‍ വായിച്ചുനടന്ന കാലത്ത് ഇങ്ങനെയെന്തെങ്കിലും തമാശ പഠിച്ചെങ്കില്‍ നന്നായിരുന്നേനെയെന്നാണ് മുതാസ് പറയുന്നത്. കമ്യൂണല്‍ റയട്‌സ് ഇന്‍ പോസ്റ്റ് ഇന്‍ഡിപ്പന്‍ഡന്റ് ഇന്ത്യ എന്ന പുസ്തകം പലപ്പോഴായി പെണ്‍കുട്ടിയുടെ കൈകളില്‍ കാണാം. 

ഗുഡ് മുസ്ലിം/ ബാഡ് മുസ്ലിം
തുടക്കം മുതലേ പി.ടി.സിനിമകളില്‍ ഇരകളുടെ രാഷ്ട്രീയം പറയുന്ന ഒരു രീതിശാസ്ത്രം പ്രവര്‍ത്തിക്കുന്നുണ്ട്. അതിവിടെയും തുടരുന്നുണ്ട്. എങ്കിലും ചെറിയ മാറ്റം ഇത്തവണയുണ്ട്. സെക്കുലര്‍ മുസ്ലിം ഇരയാവുന്നതിന്റെ പ്രശ്‌നമാണ് ഈ സിനിമയില്‍ വരുന്നത്. മുസ്ലിങ്ങള്‍ പീഡിതരാണെന്നും അവര്‍ക്കായി സംഘടിക്കണമെന്നും പറയുന്നവരോട് മന്‍സൂര്‍ ഇടയുന്നു. മന്‍സൂറിനോട് പോലീസ് ആരോപണത്തിന്റെ പേരില്‍ ഐക്യപ്പെടാനെത്തിയ അവര്‍ മന്‍സൂറിനെ മതേതരത്വത്തിന്റെ പൊള്ളത്തരത്തിന്റെ പേരില്‍ ആക്ഷേപിക്കുന്നു. കപടമായ ബിംബവല്‍ക്കരണത്തിന്റെ സന്ദര്‍ഭമാണിത്. ദീനിനുവേണ്ടി നിലകൊള്ളുന്നവര്‍ എന്ന നിലയ്ക്കു പതിവു രീതിയില്‍ വാര്‍പ്പുമാതൃകകളായാണ്, യാഥാസ്ഥിതികരും മതമൗലികരുമായാണ് ഈ രണ്ടു കഥാപാത്രങ്ങളും ചിത്രീകരിക്കപ്പെടുന്നത്. സെക്കുലറും ഇടതുമായ നായകന്റെ അപരമായാണവര്‍ പ്രതിഷ്ഠിക്കപ്പെടുന്നത്. സിനിമയുടെ ആദ്യഭാഗത്തെ മന്‍സൂര്‍ ഇതു പൂര്‍ണമായും ശരിവെയ്ക്കുന്നു. കുടുംബത്തിനവെളിയില്‍ എല്ലാ അര്‍ത്ഥത്തിലും വിവിധജാതിമതവിഭാഗങ്ങളുമായി ഇടകലര്‍ന്ന് പൊതുജീവിതമാണയാള്‍ക്കുള്ളത്. അതിന്റെ പിന്തുണകളാണ് സൗഹൃദങ്ങളും സിനിമയും പാര്‍ട്ടിപ്രവര്‍ത്തനവും സൗമ്യയുമെല്ലാം. സെക്കുലറായ ഒരാളെ മുസ്ലിം ത•-യിലേക്ക് ഒതുക്കിത്തീര്‍ക്കുകയാണ് രണ്ടാം ഭാഗത്തില്‍ സിനിമ ചെയ്യുന്നത്. ഗുഡ് മുസ്ലിം/ ബാഡ് മുസ്ലിം എന്ന ദ്വന്ദ്വത്തിനകത്താണ് ഇതൊക്കെ പ്രവര്‍ത്തിക്കുന്നത്. സെക്കുലര്‍ മുസ്ലിമിനു പോലും ഭരണകൂടത്തിന്റെ മുന്‍കയ്യിലൂടെ ഇസ്ലാമോഫോബിയ നേരിടേണ്ടിവരുന്നു എന്നതാണ് സിനിമ ദുരന്തമായി കാണുന്നത്. എന്തിനെയാണോ താന്‍ എതിര്‍ത്തത് അതേ മതമൗലികവാദത്തിന്റെ ആരോപണമാണ് താന്‍ ഏറ്റുവാങ്ങേണ്ടിവന്നതെന്ന മന്‍സൂറിന്റെ പരിദേവനത്തില്‍ സെക്കുലര്‍ എന്ന വിശുദ്ധപദവിയുടെ സുരക്ഷിതത്വം എത്രമാത്രം ഭരണകൂടത്താല്‍, നീതിന്യായവ്യവസ്ഥകളാല്‍ നിയന്ത്രണവിധേയമാണെന്നു കാണാം. സെക്കുലറായ മന്‍സൂറിന്റെ വേദനകള്‍ക്കൊപ്പമാണ് സിനിമ. എന്നാലതൊരിക്കലും മറ്റേ രണ്ടു കഥാപാത്രങ്ങള്‍ക്കൊപ്പമല്ല. കാരണം അവര്‍ പ്രാക്ടീസിംഗ് മുസ്ലിമുകളാണ്. പൊതുബോധത്തെ സംബന്ധിച്ചിടത്തോളം അവര്‍ അപരരാണ്, ക്രിമിനലുകളാണ്. അവര്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ല! മന്‍സൂറിന്റെ വിശ്വാസം പാര്‍ട്ടിയോടാണ്, മതത്തോടല്ല എന്നു സിനിമ ആവര്‍ത്തിച്ചുറപ്പിക്കുന്നുണ്ട്. എന്നാല്‍ പാര്‍ട്ടിക്ക് ഉള്‍ക്കൊള്ളാനാവുന്നതിലധികമാണ് യാഥാര്‍ത്ഥ്യങ്ങള്‍ എന്നു ധ്വനിപരമായി പറയാന്‍ ഈ സിനിമയക്കു സാധിച്ചിട്ടുണ്ട്. സിനിമയക്കുള്ളിലെവിടെയും മതപരമായ മുസ്ലിം ജീവിതത്തിന്റെ ശൈലികള്‍, ജീവിതപരിസരങ്ങള്‍ എന്നിവ സവിശേഷമായി കടന്നു വരാത്ത മട്ടിലാണ് അതടയാളപ്പെട്ടുകിടക്കുന്നത്. ഭക്ഷണം, പ്രാര്‍ത്ഥന, ഖുറാന്‍ തുടങ്ങിയ മുസ്ലിം ഹാബിറ്റാറ്റുകളെയൊക്കെ ബോധപൂര്‍വം അദൃശ്യമാക്കിയ  ഒരു ദൃശ്യപ്രതലമാണ് ഇവിടെയുള്ളത്. 

ജാതി
ഇടതുവിപ്ലവബോധത്തിന്റെ പരിമിതികളെ ധ്വനിപരമായി ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നതായി തോന്നുന്ന ചില സന്ദര്‍ഭങ്ങളെങ്കിലും സിനിമയിലുണ്ട്. അതിലൊന്നാണ് മന്‍സൂറിനെ തീവ്രവാദിബന്ധം ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുക്കുന്ന സമയത്ത് സൗമ്യയുടെയും മന്‍സൂറിന്റെ സുഹൃത്തുക്കളുടെയും പ്രതികരണങ്ങള്‍. ഇങ്ങനെയിരുന്നാല്‍ മതിയോ എന്ന ചോദ്യത്തിന് നേതാവു ജയരാജേട്ടന്‍ കണ്ണുതുറക്കേണ്ട സമയമായി എന്നു പറയുന്നുണ്ട്. ഇതേ ജയരാജനെ ടിപ്പിക്കല്‍ ഇടതുപ്രവര്‍ത്തകന്റെ പതിവു ശരീരഭാഷയുടെയും വിവാഹകാര്യത്തിലുള്ള ഇരട്ടത്താപ്പിന്റെയും പേരില്‍ നമുക്കു പരിഹാസം തോന്നുമെങ്കിലും പാര്‍ട്ടി ജില്ലാക്കമ്മിറ്റിയംഗം ദാമോദരന്‍ സഖാവ് മന്‍സൂറുമായുള്ള ചങ്ങാത്തത്തെക്കുറിച്ചു നടത്തുന്ന പരാമര്‍ശങ്ങളോടയാള്‍ തുടക്കത്തില്‍ മുരത്താണ് പ്രതികരിക്കുന്നത്.
മറ്റൊരു സന്ദര്‍ഭം മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച സൗമ്യ മന്‍സൂറിനെ കാണാന്‍ ശ്രമിക്കുന്ന രംഗമാണ്. സൗമ്യയോട് പ്രണയമുണ്ടായിട്ടും അതുള്ളിലൊതുക്കുകയാണ് ചെയ്തതെന്നയാള്‍ പറയുന്നു. നാമെന്തൊക്കെ പറഞ്ഞാലും എത്രയൊക്കെ ഇല്ലെന്നു പറഞ്ഞാലും ജാതിയും മതവുമൊക്കെ ഇവിടെയുണ്ടെന്നു അയാള്‍ സമ്മതിക്കുന്നു. അതിനെ മറികടക്കാനാവാത്തവണ്ണം താന്‍ ദുര്‍ബലനാണെന്നയാള്‍ തിരിച്ചറിയുന്നുണ്ട്. ദാമോദരന്‍ സഖാവു പറയുന്നതുപോലെ വ്യവസ്ഥകള്‍ക്കു കീഴടങ്ങുന്ന അയാള്‍ ഒരു കമ്യൂണിസ്റ്റല്ല അവിടെ. 

ഇതേ മന്‍സൂര്‍ തന്നെക്കാണാന്‍ വന്നവരോട് മുസ്ലിങ്ങള്‍ മതത്തിന്റെ പേരില്‍ പീഡിതരാണെന്നും അവരുമായി ഐക്യപ്പെടണമെന്നും പറഞ്ഞതിന് കലഹിക്കുന്നു. അവരെ തീവ്രവാദികളെന്നും മതമൗലികവാദികളെന്നും പറഞ്ഞ് ആട്ടിയകറ്റുന്നു. ജാതിയുടെയും മതത്തിന്റെയും അസമത്വങ്ങളെക്കുറിച്ചും അധികാരബലതന്ത്രങ്ങളെക്കുറിച്ചും ആര്‍ക്കാണു സംസാരിക്കാന്‍ അവകാശം? തീര്‍ച്ചയായും അതൊരു മതേതരവാദിക്കു മാത്രം. മതേതരത്വത്തെ സ്വപ്നത്തിലെങ്കിലും സംശയിച്ച ഒരാള്‍ക്കും അത്തരമൊരു കര്‍തൃത്വശേഷി അഥവാ നിര്‍വാഹകത്വം ഭരണകൂടം അനുവദിക്കില്ലതന്നെ. മതേതരാനന്തരബോധങ്ങളുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ മതപരതയോടുള്ള കടുത്ത സംശയവും അപരത്വഭീതിയുമാണ് ഈ സിനിമ പങ്കുവെയക്കുന്നതെന്നു പറയാം. അതായത് മന്‍സൂറിന്റെ വിശ്വാസം അയാളെ നിലംപരിശാക്കിയ കപടവും ഹൈന്ദവവുമായ സെക്കുലറിസത്തോടുതന്നെയാണ് എന്നര്‍ത്ഥം. ഏതു വിധേനയും അതിനെ ('ആ വലിയ കുടുംബത്തെയും അമ്മയെയും') മുറിവേല്പിക്കാതിരിക്കാനാണ് സിനിമയും ശ്രമിക്കുന്നത്. തന്റെ ഏജന്‍സിയെ കയ്യൊഴിഞ്ഞ്, മതപരമായ ജീവിതങ്ങളുടെ കുറ്റവാളിവല്‍ക്കരണത്തില്‍ നിസംഗത പാലിക്കാനും അയാള്‍ക്കു കഴിയുന്നതും അതുകൊണ്ടാണ്.


(ഉത്തരകാലം വെബ് പോര്‍ട്ടലില്‍ 2020 മെയ് 19 നു പ്രസിദ്ധീകരിച്ചത്‌)


Wednesday, May 6, 2020

ഉറവകള്‍ കണ്ണീരാണ് (എം.ആര്‍.രാധാമണിയുടെ കവിതകളിലൂടെ ഒരു വായന)

                                           രുണ്ട ഓര്‍മകളാല്‍ വേട്ടയാടപ്പെട്ട ഒരുവളുടെ കിതപ്പാറാത്ത വാക്കുകളാണ് എം.ആര്‍. രാധാമണിയുടെ കവിതകള്‍. ഭൂതകാലത്തോടുള്ള കാല്പനിക ഗൃഹാതുരതകളെ കവിതകളോളം പരിചരിക്കുന്ന മറ്റൊരു സാഹിത്യരൂപമില്ല. എന്നാലവ  അനുഭവത്തഴമ്പുള്ള ഈ വിരലുകളില്‍ പ്രാണന്‍ പിടയുന്നതു നാം കാണുന്നു. ഏറ്റവും പ്രിയതമമായതിനെ ചിലപ്പോള്‍ കൊന്നു കളയുന്നതിലുള്ള രൗദ്രഭീകരവും ദയനീയവുമായ ഒരു ഉള്ളടക്കം ഈ കവിതകളെ ഭരിക്കുന്നു. അതിനാല്‍ പലപ്പോഴും വേണ്ടത്ര പാകമാകാത്ത ഒരു വായനയ്ക്കു മുമ്പില്‍ ഈ കവിത ഉള്ളു തുറന്നു തരാതെ അറച്ചു നില്‍ക്കുമെങ്കിലും അലിവോടെയുള്ള ദീര്‍ഘക്ഷമയില്‍ ഈ കവിതകള്‍ അവയുടെ ആഴത്തിളക്കത്തിലേക്ക് വലിച്ചിട്ട് പിടിച്ചൂട്ടും. ചെറിയ വാവട്ടമുള്ള കിണറിന് ആഴം കൂടും. അതിലെ അരണ്ടവെളിച്ചം കാലത്തിന്റെ തിരശ്ശീലയ്ക്കപ്പുറം പെരുമാറുന്ന മുഴുരൂപങ്ങളെ നിങ്ങള്‍ക്കു കാണിച്ചു തരും. ഓര്‍മകളുടെ വേരുറവകളായവ ചാവുമണക്കുന്ന വഴികളിലേക്ക് പടര്‍ന്നൊഴുകും. രാധാമണിയുടെ കവിതകളില്‍ മരണമണം എപ്പോഴുമുണ്ട്. ജലത്തിന്റെയും മണ്ണിന്റെയും വായുവിന്റെയും അതീവസഹജമായ ഇടങ്ങളിലൊക്കെ അവള്‍ ഏറെയും മരണത്തിന്റെ പൊരുളാണ് തിരയുന്നത്. ചാവുകളോടു മിണ്ടിപ്പറയാനവള്‍ക്ക് ഇരുളിന്റെ വാക്ക് അത്യാവശ്യം, അതിനാല്‍ കവിതയും. സഹിച്ചുതീര്‍ത്ത അനുഭവങ്ങളില്‍ നിന്ന്, അശുഭപ്രതീക്ഷകളില്‍ നിന്ന് ഒടിച്ചെടുത്ത ഒരുകഷ്ണം വാക്കുമായവള്‍ നമ്മുടെ കണ്ണുകളിലേക്കുറ്റു നോക്കുകയാണ്. ശകലിതമായ ഒരിടത്തു നിന്നും തുടരുന്ന ഒരു ഗാഥ. പെട്ടന്നൊരു ദിനം എല്ലാം മറികടന്നു പോയേക്കുമെന്ന തോന്നലും മരണത്തിലൂടെയാണ് പ്രതീക്ഷിക്കുന്നത്.(മറികടക്കുന്നവര്‍)

കവിതകളിലെ ആത്മനിഷ്ഠതയും അതുപോലെ  അതിനെ സാധൂകരിക്കുകയോ താലോലിക്കുകയോ ചെയ്യുന്ന ആസ്വാദകദൃഷ്ടി പോലും വല്ലാതെ മുഷിഞ്ഞു തുടങ്ങിയ ഒരു കാലത്താണ് ഈ കവിതകള്‍ പീഡിതമായ ആത്മസത്തയും വിണ്ടുകീറിയ നെഞ്ചുമായി വരുന്നത്. അതിന്റെ അകം പൊരുളുകളിലേക്കുള്ള സ്വകാര്യമായ നോട്ടപ്പാടുകളാണ് ഈ കുറിപ്പ്.

പരലോകസഞ്ചാരങ്ങള്‍
കവിതകള്‍ക്കകത്ത് രാധാമണി സൃഷ്ടിച്ചെടുക്കുന്ന രൂപങ്ങളേറെ സഹജരുടേത്. പരസ്പരം പകുത്തെടുക്കാന്‍ ചാവുകളും തൊടാപ്പാടകലങ്ങളും തേരാപ്പാരാ കഞ്ഞികളും മണ്ണടരും വഴികളും മാത്രമുള്ളവര്‍. തുല്യാക്ഷരങ്ങള്‍ പോലെ പരസ്പരം ചേര്‍ന്നലിഞ്ഞവര്‍. നെട്ടോട്ടങ്ങളില്‍, കൈത്തഴമ്പുകളില്‍ കണ്ണാടിയിലെന്നപോലെ പരസ്പരം പ്രതിബിംബമായവര്‍. ഒറ്റപ്പെടലില്‍ നിന്നുള്ള മോചനമായി വംശീയമായ ഐക്യപ്പെടലിന്റെ ദാഹം വൈകാരികമായി നിറയ്ക്കുകയാണീ കവിതകള്‍. അതിലൂടെ സ്വര്‍ഗനരകങ്ങളില്ലാത്ത പരലോകസഞ്ചാരമായി കവിതകള്‍ മാറുന്നു. പ്രേതലോകമെന്നു അഭിജാതര്‍ വ്യവഹരിക്കുന്നിടത്തുനിന്നാണ് അഭയത്തിന്റെ കണ്ണികളെ കവി വലിച്ചടുപ്പിക്കുന്നത്. ഭ്രഷ്ടരായവരുടെ ലോകങ്ങളിലേക്കുള്ള മറനീക്കലായി കവിത ജീവന്‍ വെയ്ക്കുന്നു. മനുഷ്യര്‍ രൂപമോ പേരോ ഇല്ലാത്ത, അവ അസംഗതമായ ഒരു സവിശേഷരംഗത്താണുള്ളതെന്നു തോന്നിയേക്കാം. പക്ഷേ അവ യാഥാര്‍ത്ഥലോകത്തിന്റെ അതിരുകള്‍ക്കകത്താണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ സജീവരാണ്, സി. അയ്യപ്പന്റെ കഥകളിലെന്നപോലെ. അവര്‍ മുറിവുണക്കാനെത്തുന്നു, മുന്നറിയിപ്പായി സ്വപ്നദൃഷ്ടികളില്‍ വിരുന്നെത്തുന്നു. അപ്പാവണക്കിന്‍തണ്ടിന്റെ കറ കൊണ്ട് മഴവില്ലുണ്ടാക്കി പൊട്ടിച്ചിരിച്ച്, വെളുത്ത ചില്ലുകുപ്പികളിലെ കരിങ്ങണാമീനുകളെയും വെളിന്താളുകളെയും പറ്റി പറഞ്ഞ് പേന്തലയുള്ള ആ പെറ്റിക്കോട്ട് നമ്മെ അങ്കലാപ്പിലാക്കുന്നു (പേന്തലയുള്ളൊരു പെറ്റിക്കോട്ട്). തന്റെ ലോകത്തെ ഈ  'ആത്മാക്കളു'മായുള്ള മിണ്ടിപ്പറച്ചിലുകളും ഏറ്റുപറച്ചിലുകളുമില്ലാതെ ഈ കവിതകള്‍ക്കു നിലനില്പില്ല.

ചെറുതിന്റെയും നിസ്സാരതകളുടെയും ലോകത്തിന്റെ ലാളിത്യനേര്‍മകളേക്കാള്‍  അതു സംഭരിച്ചുവെച്ചിരിക്കുന്ന  കനപ്പെട്ട കദനഭാരവും നിരാശ്രയത്വവും അനിശ്ചിതാവസ്ഥയുമാണ് ഇവിടെയെല്ലാം വന്നു നിറയുന്നത്.  കയ്പും ഇരുട്ടും ഇഴുകിയ ആത്മനിഷ്ഠവൈകാരികതകളുടെ സവിശേഷമായ ഈ ചേരുവ ആധുനികാനന്തര സ്ത്രീകവിതകളില്‍ നിന്നതിനെ വ്യത്യസ്തമാക്കുന്നുണ്ട്. ആധുനികതാവാദ സ്ത്രീകവിതയില്‍ കാണുന്ന മാഴ്കലോ വിധിവിലാപങ്ങളോ തേടലോ കലര്‍ന്ന ധൂര്‍ത്തമായ വൈകാരികത നമുക്കു പരിചിതമാണ്. എന്നാല്‍ ഇവിടെ അതങ്ങനെ തുറന്നു വിടുകയാണെന്നു  പറയാന്‍ കഴിയില്ല. തുളുമ്പി തെറിക്കുന്ന നോവുകളെ അടക്കിയൊതുക്കിയമര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി അവയെ നിസംഗതകള്‍ കൊണ്ട്, നേര്‍ത്ത ആത്മോപഹാസം കൊണ്ട്  പൊതിഞ്ഞുപിടിക്കുന്ന ദയനീയതകളും നാം കാണുന്നു. ആ പൊതിയലില്‍ അല്പമെങ്കിലും അവനവനെ പാത്തുവെയ്ക്കലുണ്ട്. (എവിടെയാണ് ഞാനെന്നെയൊന്ന് പാത്തുവെക്കുക?- പേന്തലയുള്ള പെറ്റിക്കോട്ട്) ആധുനികാനന്തരകവിതയിലെ  സുതാര്യമായ ആഖ്യാനപ്രകൃതം ഈ കവിതകളിലില്ല തന്നെ.  എല്ലാം തുറന്നു പറയുക എന്നതിനപ്പുറം ഒരല്പം അവനവനെ,  ഒളിച്ചു ചേര്‍ത്തുപിടിക്കുന്ന, അനന്യമായ ആത്മത്തെ സ്വയം അള്ളിപ്പിടിക്കുന്ന  പ്രത്യേകതരം ആത്മനിഷ്ഠത ആധുനികതാവാദകവിതകളോടാണ് വേരുബന്ധം പുലര്‍ത്തുന്നത്. എന്നാല്‍ അവയുടെ പ്രബലസ്വഭാവഘടനകളോട് പൂര്‍ണമായി ഇണങ്ങിയല്ല താനും രാധാമണിയുടെ നില. രണ്ടു സമാഹാരങ്ങള്‍ രാധാമണിയുടേതായി  ഉണ്ടെങ്കിലും പരമ്പരാഗതമായ അര്‍ത്ഥത്തില്‍ സമഗ്രമായ കാവ്യസങ്കല്പമോ ഏകശിലാത്മകമായ കാവ്യഘടനയോ രചനാരീതിയോ ഒന്നും ഈ കവിതകളില്‍ നിന്നും സ്വരൂപിച്ചെടുക്കാനാവില്ല. ശിഥിലവും ശകലിതവുമായ മാത്രകളില്‍ നിന്നുകൊണ്ട് ഭൂതകാലത്തിന്റെ നൈരന്തര്യതകളെ വരച്ചെടുക്കാനുള്ള ശ്രമമാണ് പ്രമേയപരമായി രാധാമണി നടത്തുന്നത്. ആ അര്‍ത്ഥത്തില്‍ ഈ കവിതകളുടെ ഭാഷയും ഘടനയും ആധുനികാനന്തരകവിതയുടെ സ്വഭാവഗണത്തിനുള്ളിലാണ് വകയിരുത്തപ്പെടുക. അധ്വാനത്തെക്കുറിച്ചുള്ള സൂചനകള്‍, ദൈനംദിനപരത, വിഭവദാരിദ്ര്യം, പച്ചപ്പും ചെറുമീനുകളും കൃഷിനിലങ്ങളും നിറഞ്ഞ കീഴാളപ്രകൃതി എന്നിങ്ങനെ ആഭ്യന്തരഘടനകള്‍ ഏറെയും അതിനെ കൂടുതല്‍ ഉറപ്പിച്ചെടുക്കുന്നു.

അശരീരി
അവയവങ്ങള്‍ സന്നിഹിതമല്ലാത്ത ശരീരമോ മറ്റു ചിലപ്പോള്‍ ശരീരമില്ലാത്ത അവയവങ്ങളോ  ഈ കവിതകളില്‍ പെരുമാറുന്നതു നാം കാണുന്നു. മുറിഞ്ഞതോ പരിക്കേറ്റതോ വിലക്ഷണമായതോ ആയ അപൂര്‍ണശരീരങ്ങള്‍ ദലിതത്വത്തിന്റെ സൂചനകളായി നാം പരിചയിച്ചിട്ടുണ്ട്. എന്നാലിവിടെ ഒരു കണ്‍കെട്ടിലെന്നവണ്ണം അപ്രത്യക്ഷമാകലോ അദൃശ്യമായിരിക്കലോ ആയാണ് ശരീരം  കാണുന്നത്. മറഞ്ഞിരിക്കുന്നതുകൊണ്ട് അവ ദുര്‍ബലമല്ല, മറിച്ച് പ്രബലമായ അംശങ്ങളാണെന്നര്‍ത്ഥം.  ചുരുക്കിയൊതുക്കിക്കെട്ടി ഘനീഭവിപ്പിച്ചെടുക്കുന്ന, ശരീരത്തിന്റെ മാന്ത്രികമായ അസാന്നിധ്യം എന്നതിനെ വിളിക്കാം. ചുക്കിലിമുട്ട തീറ്റ കെട്ടിയ ഈര്‍ക്കിലി ചൂണ്ടകള്‍ രണ്ടാഞ്ഞിലി മരത്തിനു നടുവിലിരുന്ന് വെള്ളത്തിലെ പൂഞ്ഞാനുകളെ ഉന്നം പിടിക്കുന്നു. അടുക്കിവെച്ച കൊരണ്ടിപ്പലകകള്‍ നെല്ലു വറുത്തു കുത്തി കഞ്ഞിയാക്കുന്നു. പേന്തലയുള്ള ളരു പെറ്റിക്കോട്ട് അപ്പാവണക്കിന്‍തണ്ട് കറയില്‍ മുക്കി മഴവില്ലുകളുണ്ടാക്കി പൊട്ടിച്ചിരിക്കുകയും ഉപ്പും മുളകും ചേര്‍ന്ന് വെളിന്താളുകള്‍ വെന്താലും നാവിനെയും തൊണ്ടയെയും ചോറിയിക്കുമെന്നും പറയുന്നു. നെല്ലുവറക്കുന്നതിന്റെ പിന്നാമ്പുറങ്ങളില്‍ വരണ്ട ചുണ്ടുകളോടെ ഉറുമ്പിനിരയായൊരു  പുട്ടിലായും പുട്ടിലിന്റെ പിടച്ചിലുകളെ വാപൊത്തിപ്പിടിക്കുന്ന നനവുമാറാത്ത കട്ടയായും നാം കാണുന്നു. കവിതകള്‍ക്കകത്തെ ചില പ്രാപഞ്ചികവസ്തുക്കളുടെ സാന്നിധ്യംകൊണ്ട് മറയ്ക്കപ്പെട്ട ശരീരവും തെളിച്ചെടുക്കപ്പെട്ട അനുഭവവുമാണ്  ഈ കവിതകള്‍ മുന്നോട്ടു വെയ്ക്കുന്നത്. പിടഞ്ഞും നീറിയുമുള്ള അനുഭവങ്ങള്‍ക്കകത്ത്  ഒരു ഉടലിനെ പണിതെടുക്കാന്‍ പ്രകൃതിയെയാണ് കടമെടുക്കുന്നത്.  മെല്ലിച്ച ഉടുക്കാക്കുണ്ടന്‍ വരമ്പുകളായും മുലപ്പാല്‍ കെട്ടിക്കിടന്ന്  പാടത്തിനു നടുവില്‍ നൊന്തും വെന്തും തരിച്ചുനിന്ന കതിരുകളായും അവര്‍ അധ്വാനശരീരത്തിന്റെ ആവാസസ്ഥാനമായി പകര്‍ന്നാടുന്നു. കടുക്കനിട്ട കാതുകള്‍, ചെരട്ടക്കള്ളിന്റെ പാട്ടുകള്‍ ഒക്കെയായത് പിതൃശരീരമായി ധ്വനിക്കുമ്പോഴും അത് എന്നോ പടിയിറങ്ങിപോയിക്കഴിഞ്ഞിരിക്കുന്നു, ഒരിക്കലും തിരിച്ചുവരാന്‍ കഴിയാത്തിടങ്ങളിലേക്ക്. അവിടേക്കു എത്തിപ്പെടാനുള്ള പരദാഹത്വരകള്‍ കവിയെ സ്വയം 'അശരീരി'യായിമാറ്റിയെന്നു തോന്നിപ്പിക്കാന്‍ പാകത്തിലാണ്  ഈ അസാന്നിധ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കറുത്ത ഉടലുകളുടെ ഉണ്മ അതിന്റെ ഉടമകള്‍ ആരാണെന്ന ചോദ്യത്തെപോലും വഹിക്കുന്നുണ്ട്. അടിമചരിത്രത്തെ മറികടക്കാനാവാത്ത ഓര്‍മകള്‍ കുരുക്കു വീഴുന്നിടത്ത് പ്രത്യേകിച്ചും. ഒരു പരിധികൂടി കടന്ന് മേലാളരുടെ  ലൈംഗികവസ്തുക്കളായി  കൊള്ളയടിക്കപ്പെടുന്നിടത്ത് തീര്‍ച്ചയായും ശരീരം അവളവളില്‍ത്തന്നെ അന്യമാണ്. അതുകൊണ്ട് തകര്‍ത്തു ഞെരിക്കപ്പെട്ട ഓരോ ഉടലും കൊടും പാറകളായി പരസ്പരം വെച്ചുമാറുന്ന ഭാവനയുമായി ഈ കവിത പാരസ്പര്യം പങ്കിടുന്നു.
''ഉറച്ച പാറകളോരോന്നും
മനുഷ്യരാണ്, കറുത്ത നിറത്തോടു കൂടിയവര്‍.
അവര്‍ക്കു പതുക്കെ വളരുന്നതിനേ കഴിയൂ
പാറ വളരുന്നതുപോലെ'' (പാറകള്‍- എം.ബി.മനോജ്)

ചിട്ടിബുക്ക്
എഴുത്തിന്റെ അഭിജാതപാരമ്പര്യങ്ങളോടു സംശയം പുലര്‍ത്തുന്ന, അവയോടകന്നു നില്ക്കുന്ന പ്രവണത കീഴാളബോധ്യമുള്ള രചനകളില്‍ കാണാറുണ്ട്. തങ്ങളുടെ അനുഭവമണ്ഡലങ്ങളെയും ഭാവനയെയും  എഴുത്തില്‍ അപ്രസക്തമാക്കുന്ന കോയ്മകളെ തിരിച്ചറിയുന്ന ഘട്ടത്തില്‍ അവയില്‍ നിന്നു വ്യത്യസ്തമായ സ്വന്തം ആത്മത്തെ സ്വയം പ്രകാശിപ്പിക്കുവാനുള്ള ഉത്ക്കണ്ഠ നിറഞ്ഞ അദമ്യമായ ആവിഷ്‌കാരത്വര പ്രത്യക്ഷപ്പെടുന്നു. ചവിട്ടിമെതിക്കപ്പെട്ടതും തമസ്‌ക്കരിക്കപ്പെട്ടതുമായ വേറിട്ട ഒരു പാരമ്പര്യത്തിന്റെ കണ്ണിയായി സ്വയം സ്ഥാനപ്പെടുത്തിക്കൊണ്ടുള്ള ഈ ആവിഷ്‌കാരങ്ങള്‍ സര്‍ഗാത്മകതയെക്കുറിച്ചു പറയുന്നത് വേറെയാണ്. എസ്.ജോസഫിന്റെ പെങ്ങളുടെ ബൈബിള്‍ പോലെ അത് ഭാവനയുടെയും വായനയുടെയും എഴുത്തിന്റെയും മറുപുറങ്ങള്‍ തേടുന്നു. രാധാമണിയിലത് കണ്ടിട്ടും കാണാതെ പോയ ഒരു ചിട്ടിബുക്കായി തെളിഞ്ഞുവരുന്നു. അതിജീവനത്തിന്റെ ഗൃഹപാഠങ്ങളുടെ അടയാളങ്ങള്‍ക്കിടയില്‍ കണ്ടെടുത്ത ചെറുതെങ്കിലും തീക്ഷ്ണമായ വെട്ടിത്തിളക്കങ്ങള്‍. കാണാതെപോയ ചിട്ടിബുക്കിനെ കണ്ടെടുക്കുന്നിടത്ത് കവിത ഒരു എഴുത്തു പാരമ്പര്യത്തിന്റെ മറഞ്ഞിരിപ്പിനെ പതുക്കെ വലിച്ചു പുറത്തേക്കിടുകയാണ്. 'നമ്മുടെ അമ്മമാരുടെ തോട്ടങ്ങളില്‍' (In search of  our mothers garden- ആലീസ് വാക്കര്‍). നാം കാണാന്‍ വിട്ടുപോയ വസന്തങ്ങളും നുകരാത്ത പൂമണങ്ങളും പച്ചിലച്ചന്തങ്ങളും ഉള്ളില്‍ തേടുന്നവളാണ് ഈ കവിയും. നിര്‍വചനമില്ലാതെ എന്ന കവിതയില്‍ അരികെഴുത്തിന്റെ ഈ ഭാവനയെ രാഷ്ട്രീയമായിത്തന്നെ കൊത്തിയെടുക്കുന്നു, കവി. ആത്മനിഷ്ഠതയെ കേന്ദ്രീകരിക്കുമ്പോഴും കൂട്ടത്തെ അഭിമുഖീകരിക്കുന്ന ഒന്നാണിവിടെ ഭാവന. ആഫ്രോ അമേരിക്കന്‍ കീഴാള ആത്മകഥകള്‍ ഒരേ സമയം വൈയക്തികവും പ്രതിനിധാനപരവും ആയിരിക്കുന്നതിനെക്കുറിച്ച് ടോണിമോറിസണ്‍  പറയുന്നുണ്ടല്ലോ. (Rootedness: The Ancestor as Foundation എന്ന ലേഖനം)

''ലിപികളില്ലാത്ത
ഭാഷകളിലേക്കവര്‍
എന്നെയും കൂട്ടി നടക്കുന്നു...
...................................
ഏതോ നിയമങ്ങളുടെ
തീറെഴുത്തുകള്‍
വാക്കുകളുടെ വക്കുകള്‍ക്ക്
ചെത്തിമിനുക്കമില്ലെന്ന്
ചുമ്മാ വെറുതെ
പേടിപ്പിക്കുന്നു, അട്ടഹസിക്കുന്നു''
ഭാവനാപരമെങ്കിലും ഇതൊന്നും അസത്യമല്ലെന്നു കവി ഉറപ്പിക്കുന്നുണ്ട്. അനുഭവങ്ങള്‍ക്കകത്തു
''പകലു പോലെ
സത്യവും
രാവാല്‍ മറയക്കാനാവാത്തതുമായ
ഒരൊറ്റ
ഏടാണതെന്നു'' ( നെലത്തെഴുത്തുകള്‍) ഇവിടെ തിരിച്ചറിയുന്നു. 'ആകാശങ്ങളില്‍ തിരയും ആഴിയില്‍ മേഘങ്ങളും പൊന്നില്‍ മണ്ണും ഒരു തിരിവെട്ടത്തില്‍ സൂര്യനെയും ഉള്ളംകയ്യില്‍ കാത്തുവെച്ച' പൂര്‍വികരുടെ കിതപ്പിനെയും അമര്‍ത്തലിനെയും കുതറലിനെയും തന്നെയാണ് തന്റെ നെലത്തെഴുത്തു പാഠങ്ങളായി രാധാമണി മനസ്സിലാക്കുന്നത്. വട്ടപ്പൂജ്യം എന്ന കവിതയില്‍ എഴുത്തും അനുഭവവും തമ്മിലുള്ള പൊരുത്തക്കേടുകളില്‍ പകച്ചുപോകുന്ന കവിയെ കാണാം. എഴുതിമായ്ക്കാനാകാത്ത ഭൂതകാലം, ജീവിതത്തിന്റെയും എഴുത്തിന്റയും രണ്ടറ്റങ്ങള്‍ തൊടാതെ നില്ക്കുന്ന റ എന്ന അക്ഷരത്തിലൂടെ, വട്ടപ്പൂജ്യത്തില്‍ നിന്നും 'റ'യെ വകതിരിച്ചെടുക്കുന്നതിലൂടെ കവി ഓര്‍ത്തെടുക്കുന്നു. എഴുത്തിനെ സര്‍ഗാത്മകത എന്ന വിശാലമായ വ്യാപ്തിക്കുള്ളില്‍ വെച്ചാണ് ആലീസ് വാക്കര്‍ നോക്കിക്കാണുന്നത്. അധ്വാനം ചൂഷണാത്മകമായിരിക്കുമ്പോഴും അതിലെ കലയെ തരിമ്പും അവഗണിക്കുന്നില്ല, അവര്‍. വാഷിംഗ്ടണില്‍ കണ്ട, കുരിശാരോഹണത്തിന്റെ ചിത്രങ്ങളുള്ള, പഴകിയതെങ്കിലും വിചിത്രവും  വര്‍ണമനോഹരവുമായ ആ പുതപ്പ്  തുന്നിയ അജ്ഞാതയായ കറുത്തവര്‍ഗസ്ത്രീയെക്കുറിച്ചു പറയുമ്പോള്‍ അവര്‍ വികാരാധീനയാകുന്നു. ആരായിരിക്കുമവര്‍?  തുണ്ടുതുണികള്‍ ഉപയോഗിച്ചു തുന്നിയ ചിത്രാലംകൃതമായ ആ പുതപ്പ് ശക്തമായ ഭാവനയുടെയും അഗാധമായ ആത്മീയതയുടെയും കലര്‍പ്പിനെയാണ് വെളിപ്പെടുത്തുന്നതെന്നവര്‍ പറയുന്നു. തനിക്കു സമൂഹമനുവദിച്ച ജീവിതനിലയില്‍ നിന്നുകൊണ്ട് അനുവദനീയമായ മാധ്യമത്തില്‍, ലഭ്യമായ പ്രതലത്തില്‍ അവര്‍ ചിത്രങ്ങള്‍ കോറിയിട്ടു. അവയെല്ലാം തങ്ങളുടെ കലയുടെ മാതൃപാരമ്പര്യത്തെ തന്നെയാണ് ഉദ്ഘോഷിക്കുന്നത്. ഈ ചിട്ടിബുക്ക് ചെയ്യുന്നതും അതുതന്നെ. ചട്ടിയും ചടന്തിയും നടന്നു തീര്‍ത്ത വഴികളില്‍ മുന്‍പേ പോയവളുടെ കിതപ്പുകളെയും നോവുകളെയും തെളിയിച്ചെടുക്കുന്നു.


(തലക്കെട്ടിന് എം.ബി.മനോജിന്റെ പാറകള്‍ എന്ന കവിതയോടു കടപ്പാട്)

(wtp live.in എന്ന ഓണ്‍ലൈന്‍ മാസികയില്‍ 05.05.2020 നു പ്രസിദ്ധീകരിച്ചത്‌)ലിങ്കുകള്‍

1. https://www.facebook.com/groups/2507003799560185/permalink/2521756261418272/


.2. https://www.facebook.com/Radhamani-MR-897913983673247/

https://m.facebook.com/story.php?story_fbid=10220376463815838&id=1057544940


കവിയുടെ ജീവിതരേഖ


എം.ആര്‍. രാധാമണി കോട്ടയം ജില്ലയിലെ കാരാപ്പുഴയില്‍ ജനിച്ചു. ചെറുകിട ജലസേചന വകുപ്പില്‍നിന്നും ജൂണിയര്‍ സൂപ്രണ്ടായി വിരമിച്ചു. വിദ്യാഭ്യാസകാലത്തുതന്നെ എഴുത്ത് തുടങ്ങിയിരുന്നെങ്കിലും റിട്ടയര്‍മെന്റിന് ശേഷമാണ് എഴുത്തില്‍ സജീവമായത്. 'വരയ്ക്കാത്ത കണ്ണുകള്‍'(2013) എന്നൊരു കഥാസമാഹാരവും 'വഴിപോക്കത്തി'(2018) എന്നൊരു കവിതാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ സര്‍വകലാശാല സിലബസുകളില്‍ കവിതകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സന്തോഷ് ഒ. കെ. എഡിറ്റുചെയ്ത 'കാതല്‍- മലയാളത്തിലെ ദലിത് കവിതകള്‍', എം.ബി. മനോജ് എഡിറ്റുചെയ്ത 'മുദിത- മലയാളത്തിലെ ദലിത് പെണ്‍കവിതകള്‍' എന്നീ സമാഹാരങ്ങളില്‍ കവിതകള്‍ വന്നിട്ടുണ്ട്. മാതൃഭൂമി, സമകാലിക മലയാളം, പച്ചക്കുതിര, പാഠഭേദം, ഓറ മാസിക തുടങ്ങി നിരവധി ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയ കവിതാസമാഹാരം 'പേന്തലയുള്ള പെറ്റിക്കോട്ട്' അച്ചടിയില്‍.'സര്‍ഗരേഖ' എന്ന സമാന്തര മാസികയില്‍ വര്‍ഷങ്ങളോളം ഓര്‍മ്മക്കുറിപ്പുകള്‍ എഴുതിയിരുന്നു. ഓര്‍മ്മക്കുറിപ്പുകള്‍ സമാഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. ഇപ്പോള്‍ കോട്ടയം ജില്ലയിലെ മധുരവേലിയില്‍ താമസം. ഭര്‍ത്താവ് പരേതനായ വൈക്കം രാജ്. മക്കളായ ഷെല്ലി ടി. രാജും ഷെറി ടി. രാജും 'ഓട്ടിസ' അസുഖബാധിതരാണ്. കവി എം.ആര്‍. രേണുകുമാര്‍ സഹോദരനാണ്. (എം.ആര്‍.രാധാമണിയുടെ കവിതകളിലൂടെ ഒരു വായന)

(ജീവിതരേഖ കവി രേണുകുമാര്‍ തയ്യാറാക്കിയത്‌)