Wednesday, September 19, 2018

ദേശീയതയുടെ അപരങ്ങള്‍ (പഴയ ലേഖനം) ബാബുരാജ് ഭഗവതിയുമായി ചേര്‍ന്ന്‌

1


                                                                                    2
                                                                           

3

4

5

6

2008 ഏപ്രില്‍ മാസം 21 നു മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ 531 ലക്കം പ്രസിദ്ധീകരിച്ച ലേഖനം. 

Saturday, September 8, 2018

മതം, അധികാരം, ലൈംഗികത - സിസ്റ്റര്‍ ജെസ്മിയുമായുള്ള അഭിമുഖം(ബാബുരാജ് ഭഗവതിയുമായി ചേര്‍ന്ന്‌)


33 കൊല്ലത്തെ സംന്യാസ ജീവിതത്തിനുശേഷം തിരുവസ്ത്രമുപേക്ഷിച്ച് സിസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണല്ലോ. ഈ തീരുമാനത്തോട് പൊതുവേയുള്ള പ്രതികരണമെന്തായിരുന്നു? പ്രത്യേകിച്ച് കുടുംബം, സുഹൃത്തുക്കള്‍, പരിചയക്കാര്‍, സഹപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, സഭാംഗങ്ങള്‍ മാധ്യമങ്ങള്‍...

കന്യാസ്ത്രീയായ ഒരാള്‍ ആരെങ്കിലുമായി പ്രണയിച്ച് പുറത്തുവന്നാല്‍ പൊതുവെ എല്ലാവരും ചോദിക്കും പിന്നെ എന്തിനാണീ പണിക്കു പോയതെന്ന്. പ്രായമായി പുറത്തിറങ്ങുന്നവരാണെങ്കില്‍ പ്രത്യേകിച്ചും. എങ്കിലും പുറത്തുവന്ന് കല്യാണം കഴിക്കുന്നവര്‍ക്ക് കുറച്ചുകൂടി എളുപ്പമാണ്. പക്ഷേ എന്റെ കാര്യത്തില്‍ ഞാന്‍ എന്റേതായ മറ്റു കാരണങ്ങളെക്കൊണ്ടാണ് തിരുവസ്ത്രമുപേക്ഷിച്ചത്. എന്റെ സ്വാതന്ത്ര്യബോധം മാനസികരോഗമായാണ് മഠം അധികാരികള്‍ക്ക് തോന്നിയത്. മാനസികരോഗത്തിന് മരുന്നുതരാന്‍ നിര്‍ബന്ധപൂര്‍വ്വം ശ്രമിച്ചപ്പോഴാണ് ഞാന്‍ പെട്ടെന്ന് മഠം ഉപേക്ഷിച്ചത്. പക്ഷേ, മഠം ഉപേക്ഷിച്ച് ഞാന്‍ സംന്യാസിനിയായി തുടരുമെന്ന് പറഞ്ഞത് പൊതുവെ കുടുംബത്തിലും എന്റെ ചുറ്റുമുള്ളവരിലും അസ്വസ്ഥതയ്ക്കു കാരണമായി. ഒരുപക്ഷേ ഒരു സ്ത്രീയെന്ന നിലയില്‍ ചിരപരിചിതമായ റോളുകളില്‍ എന്നെ പ്ലേസു ചെയ്യാന്‍ പറ്റാത്തതിനാലാവാം അത്.
മീഡിയ നല്ല നിലയില്‍ത്തന്നെ എന്നെ സഹായിച്ചു. സംരക്ഷിച്ചു എന്നു പറയുന്നതാണ് കൂടുതല്‍ ശരി.

മഠം, ആവൃതി, സാമൂഹികജീവിതം
മഠത്തിനുള്ളിലെ ജീവിതത്തെക്കിറിച്ച് പറയാമോ?

ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ഒരു ലോകമുണ്ട്,പുണ്യങ്ങളുടെ  ശ്രേണിയുണ്ട്, ഞങ്ങള്‍ നിറംകൊടുത്ത ക്രിസ്തുവുണ്ട്. എല്ലാറ്റിനുമുപരി ഒരു ഭാഷയുണ്ട്, വാക്കുകളുണ്ട്. ചില വാക്കുകള്‍ വിദേശഭാഷകളില്‍ നിന്ന് കടമെടുത്തതാണെങ്കില്‍ മറ്റുചിലത് മലയാളശൈലിയിലുള്ള  പുതിയ വാക്കുകളാണ്. ചില വാക്കുകള്‍ മറ്റൊരര്‍ഥത്തില്‍ പൊതുവായി മലയാളത്തില്‍ ഉപയോഗിക്കുന്നതുമാണ്. ഞങ്ങളുടെ ഗുരുത്യമ്മ (ങശേെൃല)ൈ മഠം ഔദ്യോഗികമായി സന്ദര്‍ശിക്കുന്നതിനെ 'വിസീത്ത'യുണ്ടെന്നാണ് ഞങ്ങള്‍ പറയുക. വരാന്തകള്‍ കുള്‍ദോര്‍ (കോറിഡോര്‍ ആയിരിക്കാം)കളാണ്. ഞങ്ങള്‍ക്ക് പലതരം അടക്കങ്ങളുണ്ട്. മിണ്ടടക്കം, തൊടലടക്കം, കണ്ണടക്കം എന്നിങ്ങനെ... മിണ്ടടക്കം മിണ്ടാതിരിക്കുന്ന വ്രതമാണ്. തൊടലടക്കം പാലിക്കുമ്പോള്‍ പരസ്പരം സിസ്റ്റേഴ്‌സ് തൊടരുതെന്നാണ്. അതുപോലെ കണ്ണടക്കം പാലിക്കുന്നയാള്‍ കണ്ണിനുമുന്‍പില്‍ ഒരു ചെറുചുറ്റളവേ കാണാവൂ. രാത്രി പ്രാര്‍ത്ഥനയായ 'ലെലിയ' മുതല്‍ക്ക് പിറ്റേന്ന് കുര്‍ബാനവരെയുള്ള സമയം 'കഠിന മിണ്ടക്ക'മാണ്. ഈ സമയത്ത് പാമ്പുകടിച്ചാല്‍പോലും മിണ്ടരുതെന്നാണ് ചട്ടം. ഭക്ഷണസമയങ്ങളില്‍ മദര്‍ സ്തുതി പറയും. 'ആമേന്‍' എന്നു ഞങ്ങള്‍ ഉച്ചരിക്കുന്നതോടെ അപ്പോഴത്തെ മിണ്ടക്കം അവസാനിക്കുകയായി. 
മഠത്തിനുള്ളില്‍ ഞങ്ങള്‍ പെരുമാറുന്ന ഇടമാണ് ആവൃതി. ആവൃതിയിലേക്ക് പുറമെ നിന്നുള്ളവര്‍ക്ക് പ്രവേശനമില്ല. എന്റെ ആത്മകഥയുടെ പേര് 'ആവൃതിയ്ക്കപ്പുറം' എന്നാണ്. ഭക്ഷണത്തിനുശേഷം മറ്റുള്ളവരുമായി ചേര്‍ന്ന് ഒരുമിച്ചിരിക്കുന്നതിനെ ഉല്ലാസം എന്നുപറയും. വര്‍ഷത്തില്‍ കുറച്ചുദിവസങ്ങളില്‍ 'വെല്യുല്ലാസം'(വലിയ ഉല്ലാസം) പ്രഖ്യാപിക്കും. അത് ഒഴിവുദിനങ്ങളാണ്.  'വാഴുവാങ്ങുക', 'പ്രത്യേകസ്‌നേഹം', 'കൂട്ടത്തിന്റെ യോഗ്യത', ഇതൊക്കെ മഠത്തിലെ ജീവിതവുമായി ബന്ധപ്പെട്ട പ്രയോഗങ്ങളാണ്. പള്ളിയില്‍ എന്തെങ്കിലും അസുഖം കാരണം വന്നിരിക്കാന്‍  കഴിയാത്ത പ്രായമായ സിസ്റ്റര്‍മാര്‍ക്ക് വരാന്തയിലിരിക്കേണ്ടി വന്നാല്‍ 'കൂട്ടത്തിന്റെ യോഗ്യതയ്ക്കു'വേണ്ടി കൈകള്‍ ജനലിലൂടെ ഉള്ളിലേക്കിടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

പ്രാര്‍ത്ഥന കൂടാതെയുള്ള പ്രവര്‍ത്തനങ്ങള്‍...?

ഞങ്ങള്‍ ജീവിതത്തില്‍ അധ്വാനത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. ഞങ്ങളുടെ വസ്ത്രം സ്‌കപ്ലാര് (സ്‌കാപ്പുലര്‍) തന്നെ ഏപ്രണ്‍-ന്റെ ഒരു വകഭേദമാണ്. പരിശീലനകാലത്ത് പല പണികളും ഞങ്ങള്‍ പഠിക്കും. അലക്ക്, പാചകം, പറമ്പുപണി, പള്ളിജോലി ഇതൊക്കെ. പക്ഷേ, പരിശീലനകാലം കഴിഞ്ഞാല്‍ ഇതില്‍ പല ജോലികളും ചെയ്യാറില്ല.
പണ്ടൊക്കെ കുര്‍ബാന സമയത്ത് വിതരണം ചെയ്യാനുള്ള ഓസ്തി ഞങ്ങള്‍ തന്നെയാണ് ഉണ്ടാക്കിയിരുന്നത്. അതൊക്കെ ഒരു ഉത്സവം പോലെയാണ്. മാസത്തിലൊരിക്കലേ അതുണ്ടാക്കൂ. തലേന്നാള്‍ ഗോതമ്പ് വെള്ളത്തിലിട്ട് പിറ്റേന്ന് ആട്ടിയെടുക്കും. ഓസ്തി ഉണ്ടാക്കാനുള്ള രണ്ടുതരം അച്ചുകളുണ്ട്. ഒന്ന് അച്ചന്മാര്‍ വിശുദ്ധ കുര്‍ബാന സമയത്തുപയോഗിക്കുന്ന ഓസ്തിയുടെ അച്ച്. മറ്റേത് ഭക്തജനങ്ങള്‍ക്കു കൊടുക്കുന്ന ഓസ്തിയുടേതും.  ഈ ഓസ്തിയെ 'പട്ത്തീഞ്ഞ' എന്നുപറയും. അച്ചന്മാരുടെ ഓസ്തി ചെറുതാണ്. പട്ത്തീഞ്ഞ വലുതായി ഉണ്ടാക്കിയിട്ട് പിന്നീട് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കും. ഞങ്ങള്‍ ഞങ്ങളുടെ ജോലികളൊക്കെ പ്രാര്‍ത്ഥനയുമായി ബന്ധപ്പെടുത്തിയാണ് ചെയ്യാറുള്ളത്. അച്ചന്മാര്‍ക്കുള്ള ഓസ്തി അച്ചിലിട്ട് അടുപ്പില്‍ കയറ്റിയാല്‍ ഒരു 'നന്മ നിറഞ്ഞ മറിയം' ചെല്ലുമ്പോഴേക്കും അത് പാകമാകുമെന്നാണ് കണക്ക്. വലിയ ഓസ്തിക്ക് ബര്‍നാദിന്റെ 'എത്രയും ദയയുള്ള മാതാവേ' ആണ് ചൊല്ലുന്നത്.

മഠങ്ങളിലെ ജീവിതം വളരെ ആഡംബരം നിറഞ്ഞതാണെന്നാണല്ലോ പൊതുസമൂഹം കരുതുന്നത്... നല്ല ഭക്ഷണം, വിശ്രമം....

അത് പൂര്‍ണമായും ശരിയല്ല. ദാരിദ്ര്യവ്രതം ഞങ്ങളുടെ അനുഷ്ഠാനങ്ങളില്‍ പ്രധാനമാണ്. ഓരോ ഫീസ്റ്റിനുമുന്‍പും ഓരോ ഫാസ്റ്റിങ്ങുണ്ട്. അതാരും കാണാറില്ല. ഞങ്ങളുടെ മഠത്തിലെ കാര്യമെടുത്താല്‍ ഒരാള്‍ക്കാവശ്യമായ സോപ്പ്, ചീപ്പ്, കുട, ചെരുപ്പ്, യാത്രപ്പടി, ഇന്‍ലന്‍ഡ്, ടെലിഫോണ്‍ തുടങ്ങിയവയ്ക്കായി 25 രൂപയാണ് ഒരുമാസം ലഭിച്ചിരുന്നത്. ഇപ്പോഴത് 75 രൂപയാണ്. അപ്പോള്‍ വര്‍ഷത്തില്‍ 900രൂപ. നേരത്തെ പറഞ്ഞ ചെലവുകളൊക്കെ ഇതില്‍ നിന്നുവേണം നിവര്‍ത്തിക്കാന്‍. ചെരുപ്പ് പൊട്ടിയിട്ട്  തുന്നിക്കാന്‍ കഴിയാതെ പലപ്പോഴും ഞാന്‍ കരഞ്ഞുപോയിട്ടുണ്ട്.

പക്ഷേ, സിസ്റ്റര്‍ കോളേജ് അധ്യാപികയും പ്രിന്‍സിപ്പലുമൊക്കെയായിരുന്നില്ലേ?

മഠത്തിലെ അന്തേവാസികള്‍ക്ക് ജോലിയുണ്ടായാലും ശമ്പളം കൈയില്‍ വാങ്ങാറില്ല. നേരെ മഠത്തിലാണത് എത്താറ്. തന്റെ ശമ്പളം എത്രയാണെന്നറിയാത്ത കോളേജധ്യാപകരടക്കമുള്ള നിരവധിപേര്‍ ഞങ്ങള്‍ക്കിടയിലുണ്ട്. പ്രിന്‍സിപ്പലായ എനിക്കുപോലും അതറിയില്ലായിരുന്നു.

മഠത്തിലെ അന്തേവാസികളുടെ പരസ്പരബന്ധം എങ്ങനെയാണ്?

സിസ്റ്റര്‍മാര്‍ ബ്രഹ്മചര്യവ്രതം അനുഷ്ഠിക്കുന്നവരാണല്ലോ. പക്ഷേ, അത് ഒരു സപ്രഷനായി എടുക്കുന്നവരുമുണ്ടെന്നു തോന്നിയിട്ടുണ്ട്. നല്ല സൗഹൃദങ്ങള്‍ അംഗീകൃതമാണെങ്കിലും പ്രായോഗികമായി അധികാരികള്‍ അതിനെ ഭയപ്പെടുന്നു. രണ്ടു കന്യാസ്ത്രീകള്‍ കുറച്ചുനേരം കൂടുതല്‍ സംസാരിക്കുന്നതു കണ്ടാല്‍ അവര്‍ക്കു തമ്മില്‍ 'പ്രത്യേക സ്‌നേഹ'മുണ്ടെന്ന ആരോപണമുണ്ടാകും. (ഞങ്ങള്‍ ഹോമോ സെക്ഷ്വാലിറ്റിയെ അങ്ങനെയാണു വിളിക്കുക.) വെറുതെ കളിയാക്കലായല്ല ഉണ്ടാകുന്നത്. കാര്യമായെടുത്ത് അധികാരികളില്‍ നിന്ന് ശിക്ഷാനടപടിവരെ ഉണ്ടാകും. ഇങ്ങനെ വരുമ്പോള്‍ സൗഹൃദങ്ങള്‍ പോലും പലപ്പോഴും ഗോപ്യമായേ പുലര്‍ത്താന്‍ കഴിയൂ എന്ന അവസ്ഥയുണ്ടാകും. എന്നിട്ടും 'പ്രത്യേകസ്‌നേഹം' മഠത്തിനുള്ളില്‍ ഒരു ഭീഷണിയായി എല്ലായ്‌പ്പോഴും നിലവിലുണ്ട്. സ്ത്രീകളുമായുള്ള ബന്ധമാണ് ഇങ്ങനെ തടയപ്പെടുന്നത്. പിന്നെ പുരുഷന്മാരുമായുള്ള ബന്ധത്തെക്കുറിച്ച് പറയാനുണ്ടോ?

ഇത്തരത്തിലുള്ള സപ്രഷന്‍ പ്രായമാകുമ്പോള്‍ പല കന്യാസ്ത്രീകളേയും വല്ലാത്ത വിഹ്വലതകളിലേക്ക് തള്ളിവിടും. വാര്‍ധക്യത്തില്‍ 90-ാം വയസ്സില്‍ പോലും പലര്‍ക്കും കപ്ലോനോട് (മഠത്തിലെ കാര്യങ്ങള്‍ നോക്കുന്ന പള്ളി ഇന്‍ ചാര്‍ജ്) അനിയന്ത്രിതമായ പ്രണയം ആരംഭിക്കാറുണ്ട്. 'തൊടലടക്കം' ലംഘിക്കപ്പെടും. ചിലര്‍ തങ്ങള്‍തന്നെ ഭാവനയില്‍ സൃഷ്ടിച്ചെടുത്ത കുട്ടിയെ പ്രാര്‍ത്ഥനാ സമയത്ത് ആകാശത്തേക്കുയര്‍ത്തും. ചിലര്‍ കണ്ണിലൊഴിക്കാനുള്ള മരുന്നുമായി സക്രാരിയുടെ മുന്നില്‍ ചെന്ന് കര്‍ത്താവിനോട് കണ്ണിലൊഴിച്ചുതരാന്‍ പറഞ്ഞു നില്‍ക്കാറുണ്ട.് പാവം തോന്നും.
അന്തേവാസികള്‍ തമ്മില്‍ത്തമ്മില്‍ വേര്‍തിരിവുകളുണ്ടായിരുന്നോ?
ഞങ്ങളൊക്കെ മഠത്തില്‍ ചേരുന്നതിനു തൊട്ടുമുന്‍പുവരെ സിസ്റ്റേഴ്‌സിനെ രണ്ടായി തരംതിരിച്ചിരുന്നു. വിദ്യാഭ്യാസം കുറവുള്ളവരും പണം കുറവുള്ളവരും സാധാരണക്കാരുടെ വീടുകളില്‍ നിന്നും വരുന്നവരുമായ 'ലേ സിസ്റ്റേഴ്‌സാ'ണ് ഒരു വിഭാഗം. വിദ്യാസമ്പന്നരും അഭിജാത കുടുംബങ്ങളില്‍ നിന്നു വരുന്നവരുമായ വിഭാഗമാണ് അടുത്തത്.
ലേ സിസ്റ്റേഴ്‌സിന്  പ്രത്യേക ഗുരുത്യമ്മമാരും പ്രത്യേക ട്രെയിനിങ്ങുമൊക്കെയാണ്. അവര്‍ക്ക് കസേരയിലൊന്നും ഇരിക്കാന്‍ അനുവാദമല്ലായിരുന്നു. പെട്ടിപ്പുറത്തിരിക്കാനേ പാടുളളൂ. 'പെട്ടിപ്പുറത്തിരിക്കുന്ന സിസ്റ്റര്‍മാര്‍' എന്നൊക്കെ ഇവരെ വിളിക്കാറുണ്ട്. അവര്‍ മറ്റുള്ളവരുമായി ഇടപഴകാന്‍ പാടില്ലായിരുന്നു. വസ്ത്രം തന്നെ വിഭിന്നമായിരുന്നു. അവരില്‍ പലരും ഇപ്പോഴും ഉണ്ടെങ്കിലും ഇത്തരം ആചാരങ്ങളൊക്കെ ഞാന്‍ ചെല്ലുമ്പോഴേക്കും പ്രത്യക്ഷത്തില്‍ ഇല്ലാതായിക്കഴിഞ്ഞിരുന്നു. അതിന്റെ ചില ഘടകങ്ങള്‍ എവിടെയൊക്കെയോ നിലവിലുണ്ടായിരുന്നുവെന്നു മാത്രം. ഇവര്‍ക്കു ഗൗരവമുള്ള ജോലികളൊന്നും കൊടുക്കില്ല. കുശിനിപ്പണി, പറമ്പു പണി , കെട്ടിടപ്പണി ഇതൊക്കെയേ നല്കൂ. ഈ വ്യത്യാസം കുറച്ചു കഴിഞ്ഞാണ് ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങിയത്. ഞങ്ങളുടെ മഠങ്ങളില്‍ എത്തലമ്മ എന്നു പേരുള്ള രണ്ടു സിസ്റ്റേഴ്‌സുണ്ടായിരുന്നു. ഒരാള്‍ കറുത്തും (കറുത്ത എത്തലമ്മ) മറ്റെയാള്‍ വെളുത്തും (വെളുത്ത എത്തലമ്മ). രണ്ടുപേര്‍ക്കും രണ്ടുപദവിയായിരുന്നു അനുവദിക്കപ്പെട്ടത്, വെളുത്ത എത്തലമ്മ എപ്പോഴും മഠത്തില്‍ പോലും ഇംഗ്ലീഷേ സംസാരിക്കൂ. എന്നാല്‍ കറുത്ത എത്തലമ്മ പണിക്കാരിയെപ്പോലുള്ള ഒരു സിസ്റ്ററാണ്. അത്തരം ജോലികളാണ് അവര്‍ ചെയ്യുമായിരുന്നത്. പിന്നീടാണ് അവര്‍ ഒരു ലേ സിസ്റ്ററായിരുന്നു എന്നു ഞാന്‍ മനസ്സിലാക്കിയത്. കറുത്ത എത്തലമ്മയെ സഹായിക്കുന്നവരെ മഠത്തിലെ മറ്റു സിസ്റ്റേഴ്‌സ് തടയുമായിരുന്നു. പഴയ വിവേചനം ഇപ്പോള്‍ ഇല്ലെങ്കിലും അവര്‍ താഴെക്കിടയിലുള്ളയാളാണെന്ന് പലരും ഓര്‍മിപ്പിക്കുമായിരുന്നു.
ഇതൊരു വര്‍ഗപരമായ പ്രശ്‌നമായിരുന്നുവോ?
വര്‍ഗപരമെന്നും പറയാം. കുടുംബമഹിമയും മറ്റും  ഇതിന്റെ കാരണമാണെന്നു തോന്നുന്നു. ഇവര്‍ മാത്രമല്ല, ചേടത്തിമാര്‍ എന്നു വിളിക്കുന്ന മറ്റൊരു വിഭാഗവും മഠത്തിലുണ്ട്. മുണ്ടും ചട്ടയുമാണ് അവരുടെ വേഷം. മഠത്തിലെ ജോലികള്‍ മുഴുവന്‍ ഇവരാണ് ചെയ്യുന്നത്. കൃഷിപ്പണി, അടുക്കളപ്പണി, അലക്ക് എല്ലാം. ഇവരും സമര്‍പ്പിത ജീവിതം നയിക്കുന്നവര്‍ തന്നെയാണ്. വിവാഹം കഴിയാതെ ജീവിതകാലം മുഴുവന്‍ മഠത്തില്‍ത്തന്നെ കഴിച്ചുകൂട്ടുന്നു. അവര്‍ക്കും സംന്യാസിനിമാര്‍ക്കുള്ള നിയമങ്ങളുണ്ട്. പ്രാര്‍ത്ഥനയുമുണ്ട്. മരിച്ചാല്‍ സിസ്റ്റേഴ്‌സിന്റെ സെമിത്തേരിയില്‍ത്തന്നെയാണ് അടക്കുന്നത്. അവരുടേത് ഒരു കഷ്ടജീവിതമാണ്.

മറ്റെന്തെല്ലാം തരംതിരിവുകളാണുള്ളത്?
മഠത്തിനകത്ത് സിറിയന്‍, ലാറ്റിന്‍ വ്യത്യാസം ആദ്യകാലത്ത് ഗുരുതരമായി അനുഭവപ്പെട്ടിരുന്നില്ല. ഒരു കാര്യം എനിക്കോര്‍മ വരുന്നു. ആദ്യകാലത്ത് ഒരു സിസ്റ്റര്‍ മഠത്തിലുണ്ടായിരുന്നു. അവരോടു പലര്‍ക്കും അവജ്ഞയും വിദ്വേഷവും ഉള്ളതായി തോന്നിയിരുന്നു. അതിനു ഞാന്‍ ആദ്യം കണ്ടെത്തിയ ഒരു കാരണം ആ സിസ്റ്ററിനുള്ള കോപപ്രകൃതിയും പെരുമാറ്റത്തിലുള്ള ദൂഷ്യവും ഒക്കെയാണ്. എന്നാല്‍ ഒരുമിച്ചുള്ള ഒരു ചര്‍ച്ചയിലാണ് എനിക്കു മനസ്സിലായത് ആ സിസ്റ്റര്‍ ഒരു ലത്തീന്‍കാരിയാണെന്ന്. മഠത്തിലെല്ലാവരും പൊതുവെ  സിറിയന്‍സാണ്. സിറിയന്‍സ് കുറച്ചുകൂടി ഉത്കൃഷ്ടവും കുലീനവുമായ കുടുംബങ്ങളില്‍നിന്നു വരുന്നവരാണ്. ഇവര്‍ തോമാശ്ലീഹായില്‍നിന്ന് നേരിട്ട് മാമോദിസാ മുങ്ങിയവരുടെ പിന്‍തലമുറയാണെന്നാണ് വിശ്വാസം. ലാറ്റിന്‍സ് പൊതുവെ കീഴ്ജാതിക്കാര്‍ മാമോദീസ മുങ്ങിയവരാണെന്നു കരുതപ്പെടുന്നു. ഒരുപക്ഷേ ഇതായിരിക്കാം നേരത്തെപറഞ്ഞ മനോഭാവത്തിനു കാരണം.
അഡ്മിഷന്‍ സമയത്ത് കോളേജില്‍ 10% കത്തോലിക്കരായവര്‍ക്ക് സംവരണം കൊടുക്കേണ്ടിയിരുന്നു. ആദ്യമൊക്കെ ഈ സംവരണം മൊത്തം കത്തോലിക്കര്‍ക്കു കൊടുത്തിരുന്നെങ്കില്‍ ഇപ്പോള്‍ സംവരണം സുറിയാനികള്‍ക്കുമാത്രമേ കൊടുക്കൂ. ഒരിക്കല്‍ ഞാനിതിനെ ചോദ്യം ചെയ്തിരുന്നു. മാര്‍പ്പാപ്പപോലും ലാറ്റിനല്ലേ എന്നു ഞാന്‍ വാദിച്ചു. മൊത്തത്തില്‍ സഭ ഈ അര്‍ത്ഥത്തില്‍ സങ്കുചിതമായി വരുകയാണെന്നു തോന്നുന്നു.
ഞങ്ങളുടെ സി.എം.സിയില്‍ ആദ്യമൊക്കെ കുലീനകുടുംബക്കാരെ മാത്രമെ എടുക്കുമായിരുന്നുള്ളൂ. പക്ഷേ, ഇപ്പോള്‍ ഇത്തരക്കാരുടെ എണ്ണം കുറഞ്ഞപ്പോള്‍ ദരിദ്രകുടുംബക്കാരെയും എടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. പക്ഷേ, ചെറിയ തെറ്റുകള്‍ക്കുപോലും ഇവരെ മഠത്തില്‍ നിന്ന് എളുപ്പം പറഞ്ഞുവിടും. ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ളവരുടെ ദൈവവിളി സംശയിക്കണമെന്ന് പൊതുവില്‍ കരുതപ്പെടുന്നു. ദരിദ്രകുടുംബാംഗങ്ങളായ കന്യാസ്ത്രീകളെ പറഞ്ഞുവിടാന്‍ കാരണമായ അതേ തെറ്റ് മറ്റുള്ളവര്‍ ചെയ്താല്‍ അവരെ പറഞ്ഞുവിടാറില്ല എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്.

കന്യാസ്ത്രീമഠത്തിനുള്ളിലെ രാഷ്ട്രീയത്തെക്കുറിച്ച്...

സംന്യാസി സഭകളിലുള്ളവര്‍ രാഷ്ട്രീയത്തിലിടപടുകയില്ലെന്നാണ് പൊതുവെയുള്ള സങ്കല്പം. ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും എന്നതാണ് നയം. ഞങ്ങള്‍ ദൈവത്തിനുള്ളവരാണെന്നു പറഞ്ഞ് സീസറിനെ ഉപേക്ഷിച്ചിട്ടിരിക്കുകയാണ്. പക്ഷേ, കോണ്‍ഗ്രസ് രാഷ്ട്രീയം മഠങ്ങളില്‍ പ്രകടമായി നിലനില്‍ക്കുന്നുണ്ട്. ഇത് ഏറ്റവും പ്രകടമാകുന്നത് ഇലക്ഷന്റെ തലേന്നാണ്. ഇക്കഴിഞ്ഞ നിയമസഭാ ഇലക്ഷന്റെ തലേന്ന് മദര്‍ മണികൊട്ടിയതിനുശേഷം കോണ്‍ഗ്രസ്സിന് വോട്ടുചെയ്യണമെന്ന് ബിഷപ്പു പറഞ്ഞതായി മഠത്തില്‍ അറിയിച്ചു. “മണികൊട്ടിപ്പറയുക എന്നാല്‍ 'അനുസരണത്തിന്‍ കീഴില്‍' വരുന്ന കല്പനയാണ്. ഈ കല്പനയെ ധിക്കരിച്ച് മനസ്സാക്ഷിക്കനുസരിച്ച് ഇടതുപക്ഷത്തിന് വോട്ടുചെയ്യുന്ന പലരെയും എനിക്കറിയാം. പക്ഷേ, അതു രഹസ്യമാണ്. ഒരിക്കല്‍ ഒരു തമാശയുണ്ടായി. ഒരു പ്രായമായ സിസ്റ്റര്‍ വോട്ടുചെയ്യാന്‍ പുറപ്പെട്ട സമയത്ത് മഠത്തിലുള്ളവര്‍ കൈയില്‍ കുത്തണമെന്ന് ആംഗ്യം കാണിച്ചുവിട്ടു. അവസാനം ബൂത്തിലെത്തി സിസ്റ്റര്‍ സ്വന്തം കൈയില്‍ത്തന്നെ സീല്‍ കുത്തി തിരിച്ചുപോന്നു...!
പത്രവായനയിലും ഈ ചേരിതിരിവുകാണാം. 'ദീപിക'യാണ് മഠങ്ങളില്‍ വരുത്തുന്നത്. പൊതുവെ സിസ്റ്റര്‍മാര്‍ 'മനോരമ'യും വായിക്കും, ഇംഗ്ലീഷാണെങ്കില്‍ 'ഇന്ത്യന്‍ എക്‌സ്പ്രസ്'. ഞാന്‍ കോളേജില്‍ ജോലി ചെയ്യുന്ന സമയത്ത് 'മാതൃഭൂമി' വരുത്താന്‍ ആരംഭിച്ചെങ്കിലും പിന്നീട് 'മനോരമ'തന്നെയായി. അതിന് ഒരു സിസ്റ്റര്‍ പറഞ്ഞ കാരണം പരീക്ഷാ വിവരങ്ങള്‍ 'മനോരമ'യിലാണ് അധികം വരിക എന്നാണ്.

മഠത്തിന്റെ ഘടനയും കരിസ്മാറ്റിക് പ്രസ്ഥാനവും

33 വര്‍ഷത്തെ ജീവിതത്തിനിടയില്‍ മഠത്തിന്റെ ഘടനയിലും മാറ്റങ്ങള്‍ ഉണ്ടായതായി തോന്നുന്നുണ്ടോ? 

സഭ ഡെമോക്രാറ്റിക്കലല്ല, ഹൈറാര്‍ക്കിയിലാണെന്ന് പറയാം. മൂന്നുവ്രതങ്ങളാണ് ഞങ്ങള്‍ക്കുള്ളത്. ദാരിദ്ര്യവ്രതം, ബ്രാഹ്മചര്യവ്രതം, അനുസരണവ്രതം. അനുസരണവ്രതം സുപ്രധാനമാണ്. ശ്രേണീബദ്ധഘടനയുടെ നിലനില്പും ഇതിലൂന്നിയാണ്. സഭയുടെ ഘടനയില്‍ വിപ്ലവകരമായ മാറ്റത്തിനു കാരണമായത് രണ്ടാം വത്തിക്കാന്‍ സുനഹദോസോടെയാണ്. ജോണ്‍  23-ാം മാര്‍പ്പാപ്പ അതിനു തുടക്കം കുറിച്ചു. പിന്നീട് പോള്‍ ആറാമന്‍ അതു തുടര്‍ന്നു. സഭാചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു അത്. ജോണ്‍ മാര്‍പ്പാപ്പ പറഞ്ഞു. ''ഞാന്‍ തിരുസഭയുടെ ജനാലകള്‍ തുറന്നിടുകയാണ്, പരിശുദ്ധാത്മാവ് അതിലൂടെ അകത്തേക്കു കയറട്ടെ'' എന്ന്. സഭയെ ജനാധിപത്യവത്കരിക്കുന്നതില്‍ ഈ സുനഹദോസ് മുഖ്യപങ്കുവഹിച്ചു. ഈ നയമാറ്റത്തിനെതിരെ സഭയില്‍ വലിയ വിമര്‍ശനമുയര്‍ന്നു. തുറന്നിട്ട ജനാലകളിലൂടെ അച്ചന്മാരും കന്യാസ്ത്രീകളും പുറത്തേക്കു കടക്കുന്നു എന്നായിരുന്നു പാരമ്പര്യവാദികളുടെ ആക്ഷേപം. മാധ്യമരംഗത്തും മറ്റും ഇടപെടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സുനഹദോസിന്റെ ഡിക്രിയില്‍ സൂചനയുണ്ടായിരുന്നു. സഭാനടപടികള്‍ക്കുള്ളില്‍ അല്‍മായാ പ്രാതിനിധ്യം വര്‍ധിച്ചതും അള്‍ത്താര ബാലന്മാര്‍ക്കു പുറമേ അള്‍ത്താര ബാലികമാരും രംഗത്തെത്തുന്നതും ഇതോടെയാണ്.
സഭയ്ക്കു പുറമേയും രക്ഷയുണ്ട് എന്നതായിരുന്നു ഈ സുനഹദോസിന്റെ മറ്റൊരു നയപരമായ തീരുമാനം. അതുവരെയും ക്രിസ്ത്യാനിയായ ഒരാള്‍ക്കു മാത്രമേ രക്ഷയുള്ളൂ എന്നു കരുതിയ സഭ ക്രിസ്ത്യാനിയല്ലാത്ത പുണ്യത്തോടെ ജീവിച്ച ഒരാള്‍ക്കും രക്ഷയുണ്ടെന്നു കണ്ടെത്തുകയായിരുന്നു. ചുരുക്കത്തില്‍ മാമോദിസാവെള്ളം തലയില്‍ വിണിട്ടില്ലെങ്കിലും അവര്‍ക്ക് രക്ഷയുണ്ട്. തീര്‍ച്ചയായും അത് ക്രിസ്തുവിലൂടെത്തന്നെ. പുണ്യവാന്മാരായ മനുഷ്യര്‍ സ്വര്‍ഗകവാടത്തിലെത്തുമ്പോള്‍ ക്രിസ്തു അവരെ കൈപിടിച്ച് അകത്തുകടത്തും. അച്ചന്മാര്‍ക്കും മറ്റു കുലീനന്മാര്‍ക്കും മാത്രം അവകാശമുണ്ടായിരുന്ന ബൈബിള്‍ ജനകീയമായതും കുര്‍ബാനകള്‍ തദ്ദേശഭാഷകളിലാരംഭിക്കുന്നതും ഇക്കാലത്താണ്. അതുതന്നെ വലിയൊരു തുറവിയാണല്ലോ.

മറ്റേതെങ്കിലും പരിഷ്‌കാരങ്ങള്‍ സഭയുടെ ജനാധിപത്യവത്കരണത്തെ സഹായിച്ചിട്ടുണ്ടോ?

ഉണ്ട്. കരിസ്മാറ്റിക് പ്രസ്ഥാനം അത്തരമൊന്നാണ്. പരിശുദ്ധാത്മാവിലുള്ള ഉണര്‍വ്വിനുവേണ്ടി സഭാവിശ്വാസികള്‍ ഒന്നിച്ചുകൂടി പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി അവരില്‍ വന്ന പരിശുദ്ധാത്മാവിന്റെ ശക്തമായ ആവാസം ഒരു പുതിയ പെന്തക്കൂസ്തയ്ക്കു വഴിതെളിച്ചു. വരദാനങ്ങളുടെ പ്രകടമായ സാന്നിദ്ധ്യമായിരുന്നു ഇതിന്റെ മുഖമുദ്ര. പ്രത്യേകിച്ച് പ്രവചനവരം, രോഗശാന്തിവരം, ഭാഷാവരം എന്നിവ ഇത്തരം വരങ്ങള്‍ പുരോഹിതരുടെ കുത്തകയല്ലാതെ സാധാരണക്കാര്‍ക്കും ലഭ്യമായി. ജോയല്‍ പ്രവാചകന്റെ പ്രവചനവാക്യം അന്വര്‍ത്ഥമായി എന്നു കരുതപ്പെടുന്നു. ''അന്ന് ഇങ്ങനെ സംഭവിക്കും: എല്ലാവരുടെയും മേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും. നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും, നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങള്‍ കാണും; യുവാക്കള്‍ക്ക് ദര്‍ശനങ്ങള്‍ ഉണ്ടാകും'' (ജോയല്‍ - അധ്യായം 2, വാക്യങ്ങള്‍ 28, 29-പഴയനിയമം.).
ഇന്ത്യയിലെ കരിസ്മാറ്റിക് പ്രസ്ഥാനം യുവാക്കളും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് 1972ല്‍ ബോംബെയില്‍ രൂപംകൊണ്ടു. എന്നാല്‍ സഭയിലെ ഭൂരിഭാഗവും ഈ വരദാനങ്ങളുടെയും പരിശുദ്ധാത്മാവിന്റെയും ജനകീയമാകല്‍ നല്ല രീതിയിലല്ല നോക്കിക്കണ്ടത്. ഈ പ്രസ്ഥാനത്തിന്റെ വരവോടെ ബൈബിളിന്റെ നിരവധി വ്യാഖ്യാനങ്ങള്‍ സാധ്യമായി. അല്‍മായ പ്രാതിനിധ്യം സഭയില്‍ അധികരിക്കുകയും ചെയ്തു. ഇന്നും സഭാ അധികാരികളിലെ നല്ലൊരുഭാഗവും കരിസ്മാറ്റിക് പ്രസ്ഥാനത്തെ അംഗീകരിക്കുന്നില്ലെന്നതാണ് സത്യം. പ്രാര്‍ത്ഥനയ്ക്ക് ആഴമില്ലെന്നും മറ്റുമുള്ള നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സഭയുടെ അധികാരഘടനയെ, ശ്രേണീബദ്ധതയെ ഇതു ചോദ്യം ചെയ്യുന്നു എന്നതുതന്നെയാണ് എതിര്‍പ്പിന് കാരണം.

അതേ സമയം കരിസ്മാറ്റിക് പ്രസ്ഥാനം പെന്തക്കോസ്ത് സഭയിലേക്കുള്ള വിശ്വാസങ്ങളുടെ ഒഴുക്കിനുകാരണമായിട്ടുണ്ട്. ഈ പ്രസ്ഥാനത്തിന് പെന്തക്കോസ്ത് ആരാധനാ ക്രമത്തിന്റെ ഒരു ചുവയുണ്ടല്ലോ

എനിക്ക് കരിസ്മാറ്റിക് പ്രേയര്‍ ഇഷ്ടമാണ്. എല്ലാവരിലൂടെയും ദൈവത്തിനു കടന്നുവരാം, എല്ലാവരിലും ദൈവ സാന്നിധ്യമുണ്ട് തുടങ്ങിയ സങ്കല്പം എനിക്കിഷ്ടമാണ്. ഒരു തരം ജനാധിപത്യവത്കരണമാണിത്. എങ്കിലും ഇത്തരം പ്രഘോഷണങ്ങള്‍ ഒരു അരിപ്പവെച്ചേ എടുക്കാവൂ.
അതേസമയം കരിസ്മാറ്റിക് പ്രസ്ഥാനം സങ്കുചിതത്വത്തിനും അന്ധവിശ്വാസത്തിനും ഒരുപാട് ഇടം നല്കിയിട്ടുണ്ട്. പഴയ നിയമത്തിലെ നിരവധി തെളിവുകള്‍ ചൂണ്ടിക്കാട്ടി പലരും പലതരം വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന്് പഴയ നിയമത്തില്‍ തൊടാനും ഇടപഴകാനും ബലി നല്കാനും പാടില്ലാത്ത ചില ജീവികളെക്കുറിച്ച് പറയുന്നുണ്ട്. മയില്‍ അത്തരത്തിലൊരു ജീവിയാണെന്നവര്‍ പ്രചരിപ്പിക്കുന്നു. പൊട്ടുതൊടുക, ഏലസ്സുകെട്ടുക മുതലായ ഹൈന്ദവരീതികളെ സ്വീകരിക്കുന്നത് കര്‍ശനമായി വിലക്കിയിരുന്നു.

മഠം, പള്ളി, ലിംഗവിവേചനം

സഭയ്ക്കുള്ളില്‍ ലിംഗവിവേചനം ശക്തമാണെന്ന വാദമുണ്ടല്ലോ?

തീര്‍ച്ചയായും, ഒരു പൗരസ്ത്യമതമായിരുന്ന ക്രസ്ത്യാനിറ്റി റോമില്‍ എത്തപ്പെട്ടതോടെയാണ് പാശ്ചാത്യമായി മാറുന്നത്. മുഖ്യ അപ്പൊസ്തലനായിരുന്ന സെന്റ്‌പോളിന്റെ കാര്‍മികത്വത്തില്‍ നടന്ന ഈ പരിണാമത്തോടെ സ്ത്രീകള്‍ക്ക് മുഖ്യസ്ഥാനം കൊടുത്തിരുന്ന ഈശോയുടെ രീതിയില്‍ നിന്ന് തിരസഭ പൗരോഹിത്യ പ്രധാനമാവുകയായിരുന്നു. സ്ത്രീകള്‍ പൊതുവേദിയില്‍ സംസാരിക്കരുതെന്നും തല മറച്ചു നടക്കണമെന്നും സെന്റ്‌പോള്‍ അനുശാസിച്ചു. എന്നാല്‍ ഈശോയുടെ ജീവിതകാലം മുഴുവന്‍ സ്ത്രീകളാണദ്ദേഹത്തെ അനുഗമിച്ചത്. മഗ്ദലനമറിയം മുതല്‍ എത്രയോ പേര്‍. ചോരപുരണ്ട ഈശോയുടെ മുഖം തുടച്ചത് വെറോനിക്കയാണ്. ഈശോയുടെ കുരിശിന്‍ചുവട്ടില്‍ യോഹന്നാന്‍പുണ്യവാളനല്ലാതെ മറ്റൊരു പുരുഷനെയും കണ്ടില്ല. കന്യാമറിയവും അവരുടെ സഹോദരിയും ക്ലേഫാസിന്റെ ഭാര്യ മേരിയും മഗ്ദലനമറിയവും കുരിശിന്‍ ചുവട്ടല്‍ത്തന്നെ കഴിച്ചുകൂട്ടിയിരുന്നു.  ഗാഗുല്‍ത്തയിലേക്കുള്ള യാത്രയിലുടനീളം ജെറുസലേമിലെ സ്ത്രീകള്‍ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. കെവ്‌റീന്‍കാരനായ ശെമയോണ്‍ 5-ാം സ്ഥലത്തുവെച്ച് കുരിശുതാങ്ങാന്‍ സഹായിച്ചതൊഴികെ പുരുഷന്മാരൊന്നും തന്നെ ചെയ്തില്ല.
കൂടാതെ കൂദാശയുമായി ബന്ധപ്പെട്ട പ്രശ്‌നം ലിംഗവിവേചനത്തിന്റെ പ്രകടമായ ഉദാഹരണമാണ്. തിരുസഭയില്‍ മാമോദീസ, കുമ്പസാരം, വിശുദ്ധകുര്‍ബാന, സ്ഥൈര്യലേപനം, വിവാഹം/പൗരോഹിത്യം, രോഗീലേപനം എന്നിങ്ങനെ ഏഴു കൂദാശകളാണുള്ളത്. കൂദാശ എന്നാല്‍ 'കാണപ്പെടാത്ത ദൈവവരപ്രസാദത്തിന്റെ കാണപ്പെടുന്ന അടയാളങ്ങ'ളാണ്. വിവാഹം/തിരുപ്പട്ടം എന്നീ കൂദാശകളില്‍ ഒരാള്‍ക്ക് ഏതെങ്കിലും ഒന്നാണ് തിരഞ്ഞെടുക്കാന്‍ കഴിയുക. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം പൗരോഹിത്യം അഥവാ തിരുപ്പട്ടം കൂദാശയാണ്. കന്യാസ്ത്രീകളുടെ സമര്‍പ്പിത ജീവിതമാകട്ടെ ഒരു കൂദാശയല്ല; അതുകൊണ്ടുതന്നെ മറ്റു കൂദാശകള്‍ പരികര്‍മം ചെയ്യാന്‍ അവകാശവുമില്ല. സമര്‍പ്പിതജീവിതം നയിക്കുന്ന സംന്യാസിനി പുരോഹിതയല്ലെന്നര്‍ഥം. ഏതെങ്കിലും കാരണവശാല്‍ ഒരു വൈദികന്‍ ബ്രഹ്മചര്യവ്രതം തെറ്റിച്ചതുപോലുള്ള എന്തെങ്കിലും കാരണത്താല്‍ വൈദികവൃത്തി ഉപേക്ഷിച്ചാല്‍ അദ്ദേഹത്തിന്റെ തിരുപ്പട്ടം നഷ്ടപ്പെടുകയില്ല; അതു മരണം വരെ ഉണ്ടാകും. എന്നാല്‍ സമര്‍പ്പിത ജീവിതത്തിന് കൂദാശയുടെ ഉയര്‍ത്തപ്പെടലില്ലാത്തതിനാല്‍ ഞങ്ങള്‍ക്കത് നഷ്ടപ്പെടുകതന്നെ ചെയ്യും. ഒരു സംന്യാസിനി സമര്‍പ്പിതജീവിതം തിരഞ്ഞെടുക്കുന്നത് അവരുടെമാത്രം കാര്യംപോലെയാണ്. പരിശുദ്ധ അമ്മ പറഞ്ഞിട്ടുമുണ്ട്. ''ഞാന്‍ കര്‍ത്താവിന്റെ അടിയാട്ടിയാണെ''ന്ന്.
കന്യസ്ത്രീകള്‍ക്ക് ഒരിക്കലും സംന്യാസിനി വസ്ത്രത്തോടെയല്ലാതെ പുറത്തുപോകാന്‍ അവകാശമില്ല. എന്നാല്‍ സിവില്‍ ഡ്രസ്സില്‍ പുറത്തുപോകുന്ന എത്രയോ അച്ചന്മാരുണ്ട്. സ്വാതന്ത്ര്യത്തിന്റെയും സ്വകാര്യസ്വത്തിന്റെയും കാര്യത്തില്‍ ഈ വിവേചനം കാണാം. വൈദികര്‍ക്ക് സ്വകാര്യസ്വത്ത് അനുവദനീയമാണ്. സംന്യാസിമാര്‍ക്ക് സ്വകാര്യസ്വത്തില്ലെങ്കിലും സ്വാതന്ത്ര്യം ഒരു പരിധിവരെ ലഭ്യമാണ്. എന്നാല്‍ സംന്യാസിനിമാര്‍ക്ക് ഇതൊന്നും ലഭ്യമല്ല. സഭയ്ക്ക് ഞങ്ങളുടെ ദാസ്യവേലവേണം. ഞങ്ങളെ വേണ്ട. സഭയുടെ ശക്തി പ്രകടിപ്പിക്കാന്‍ തെരുവില്‍ റാലി നടത്തേണ്ടിവന്നാല്‍ അതിനും ഞങ്ങള്‍തന്നെ വേണം. സഭപലപ്പോഴും മാതാവിനെ ഒരുപാടുയര്‍ത്തിപ്പിടിക്കും. എന്നാല്‍ മറ്റു സ്ത്രീകളുടെ കാര്യമോ?

നളിനി ജമീലയുടെ ആത്മകഥ

നളിനി ജമീലയുടെ ആത്മകഥ പ്രകാശനം ചെയ്യാന്‍ സിസ്റ്ററെ ആയിരുന്നല്ലോ ഉദ്ദേശിച്ചിരുന്നത്. പിന്നീട് സഭയുടെ എതിര്‍പ്പിനെ തുടര്‍ന്ന് സിസ്റ്റര്‍ പിന്മാറുകയും ചെയ്തു. ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ പ്രകാശനം ചെയ്യുന്നതിനുള്ള തീരുമാനം സംന്യാസിനി എന്നനിലയില്‍ സിസ്റ്റര്‍ എങ്ങനെയാണ് കണ്ടിരുന്നത്?

നളിനി ജമീലയെ ഞാനാദ്യം പരിചയപ്പെടുന്നത് 'ഗാര്‍ഗി'യുടെ മീറ്റിങ്ങില്‍വെച്ചാണ്. ഒരുസിനിമയെടുത്ത സ്ത്രീ എന്നേ ആദ്യം മനസ്സിലാക്കിയുള്ളൂ. പിന്നീടാണ് അവരൊരു സെക്‌സ് വര്‍ക്കര്‍ ആണെന്നറിഞ്ഞത്. അവരോടൊപ്പം വേദി പങ്കിടാന്‍ ബുദ്ധിമുട്ടുണ്ടോ എന്ന് ബെന്നിയച്ചന്‍ എന്നോടു ചോദിച്ചു. അച്ചന് അവരോടൊപ്പം വേദി പങ്കിടാന്‍ വിരോധമില്ലെങ്കില്‍പ്പിന്നെ ഞാനെന്തിനു ഭയപ്പെടണമെന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. ആ മീറ്റിങ്ങില്‍ ഗാര്‍ഗിയുടെ ഒരു സംഘാടക നളിനിയോട് സെക്‌സ് വര്‍ക്കറാണെന്നു പറയേണ്ടെന്നു പറഞ്ഞെങ്കിലും നളിനി പ്രസംഗം ആരംഭിച്ചതുതന്നെ താനൊരു സെക്‌സ് വര്‍ക്കറാണെന്നു പറഞ്ഞുകൊണ്ടാണ്. അതോടെ അവിടെ ഇരുന്നിരുന്ന 'സഭ്യരായ' മനുഷ്യര്‍ നെറ്റി ചുളിച്ചു.
അതിനുശേഷമാണ് പുസ്തകപ്രകാശനത്തിനുള്ള ക്ഷണം ലഭിക്കുന്നത്. ആലോചനകള്‍ക്കൊടുവില്‍ ഞാന്‍ സുവിശേഷത്തിലെ യേശുവിനെ മുഖാമുഖം നോക്കി, പാപത്തെ വെറുക്കുക, പാപിയെ സ്‌നേഹിക്കുക എന്നു പറഞ്ഞ യേശു പ്രായോഗികജീവിതത്തില്‍ മത്തായിയും സക്കേവൂസിനെയും പോലുള്ള ചുങ്കക്കാരും മഗ്ദലനമറിയത്തെപ്പോലുള്ള വേശ്യകളും ഒക്കെയടങ്ങുന്ന പാപികളോടൊപ്പം നടന്നു, ഭക്ഷിച്ചു, ഉറങ്ങി, മാനസാന്തരപ്പെടുത്തി, വിശുദ്ധര്‍ പോലുമാക്കി. ഈ ന്യായത്തിന്റെ ബലത്തില്‍ നളിനിയുടെ പുസ്തകം ഏറ്റുവാങ്ങുന്നതില്‍ എനിക്കൊരു പ്രശ്‌നവും തോന്നിയില്ല. പുസ്തകത്തിലെ ആശയങ്ങളോടെനിക്ക് യോജിപ്പില്ലായിരിക്കാം. പക്ഷേ അതിലെ ദുഃഖങ്ങളോട് ഞാന്‍ മുഖം തിരിക്കേണ്ടതില്ലല്ലോ. ബര്‍ണാഡ്ഷായുടെ 'മിസ്സിസ് വാറന്‍സ് പ്രൊഫഷന്‍' ഒരു വേശ്യയുടെ കഥയാണ്. അത് സിലബസ്സില്‍ ഉള്‍പ്പെടുത്തിയാല്‍ ഒരു അധ്യാപികയായ ഞാന്‍ അതു പഠിപ്പിക്കുകയില്ലെന്നു പറയാമോ?

സിസ്റ്റര്‍ അഭയ

സിസ്റ്റര്‍ അഭയയുടെ കൊലപാതകം സംന്യാസിനീ സമൂഹത്തെ എങ്ങനെയാണു ബാധിച്ചത്?

അഭയയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്നറിഞ്ഞതോടെ ഭയത്തിന്റെ ഒരു തരംഗം മഠത്തില്‍ അനുഭവപ്പെട്ടു. ഞങ്ങള്‍ക്കേറ്റവും സുരക്ഷ ലഭിക്കുന്ന സ്ഥലമാണ് മഠം. ഞങ്ങളുടെ വീട്. പിറന്ന വീട്ടില്‍നിന്ന് എല്ലാം ഉപേക്ഷിച്ചു പോന്ന ഞങ്ങള്‍ക്ക് തിരിച്ചുചെല്ലാന്‍ ഒരിടവും ബാക്കിയില്ല. അങ്ങനെയിരിക്കുമ്പോള്‍ മഠത്തില്‍ ഒരു കൊലപാതകം നടന്നാല്‍ പിന്നെ എന്താണു രക്ഷ? രാത്രികളില്‍ വെള്ളമെടുക്കാന്‍ അടുക്കളയിലേക്കു പോകുമ്പോള്‍ അഭയയെ ഓര്‍ക്കും. അഭയയുടെ മരണം ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞുവെങ്കിലും കൂടുതല്‍ ഞെട്ടലുളവാക്കിയത് സഭയുടെ ഈ പ്രശ്‌നത്തിലുള്ള നിലപാടാണ്. പുഴുക്കുത്തുകളെ നീക്കം ചെയ്യാതെ സഭ ഒന്നാകെ കളങ്കപ്പെടുകയാണ്.

എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്?

ലൈംഗിക അരാജകത്വത്തിന് സാക്ഷിയായതുകൊണ്ടാണ് അഭയ കൊല്ലപ്പെട്ടതെന്ന് പറയുന്നു. ലൈംഗിക അരാജകത്വം ചെറിയ തോതില്‍ നിലനില്ക്കുന്നുണ്ടെന്നത് വര്‍ഷങ്ങളോളം മഠത്തില്‍ അന്തേവാസിയായി കഴിഞ്ഞ എനിക്കു പറയാന്‍ കഴിയും. അതുകൊണ്ടുതന്നെ ഈ വാദത്തില്‍ സത്യമുണ്ടാവാം. മഠങ്ങളിലെ സെക്ഷ്വല്‍ സപ്രഷനാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്നു കരുതേണ്ടിയിരിക്കുന്നു. ബ്രഹ്മചര്യം എന്താണെന്നറിയാത്ത പ്രായത്തില്‍ പലരും കടന്നുവരുന്നു. പിന്നീട് കാര്യങ്ങള്‍ മനസ്സിലാകുന്നതോടെ പലര്‍ക്കും ബ്രഹ്മചര്യവ്രതം ഏറെ ബുദ്ധിമുട്ടുള്ളതായി അനുഭവപ്പെടുകയും ചെയ്യുന്നു (ഇടയില്‍ പറയട്ടെ, കന്യീസ്ത്രീകളാകുന്നതിന് പ്രായപരിധി നിശ്ചയിക്കണമെന്ന വനിതാകമ്മീഷന്റെ നിലപാടുകള്‍ ആലോചിക്കേണ്ടതുതന്നെയാണ്). അതോടൊപ്പം ഒരുപാട് പ്രലോഭനങ്ങള്‍ ഉയര്‍ന്നുവരുകയും ചെയ്യുന്നു. വൈദികരും സംന്യാസിമാരും എവിടെയൊക്കെയോ കൂട്ടി മുട്ടുന്നു. ബ്രഹ്മചര്യവ്രതം കഠിനമായ ഈ സ്ഥിതിക്കുപകരം ഒരു പൊളിച്ചെഴുത്തിനെക്കുറിച്ച് സഭയ്ക്ക് ആലോചിക്കാവുന്നതാണ്. വൈദികരെ സുറായി അച്ചന്മാരെപ്പോലെ  വിവാഹിതരാകാന്‍ അനുവദിക്കുകയും സിസ്റ്റേഴ്‌സില്‍ വിവാഹം കഴിക്കാനാഗ്രഹിക്കുന്നവരെ ഒരു പ്രത്യേക വിഭാഗമായി നിലനിര്‍ത്തുകയോ ചെയ്യാവുന്നതാണ്.

സഭയും വിദ്യാഭ്യാസവും

വിദ്യാഭ്യാസരംഗത്തെ സഭയുടെ ഇടപെടലുകള്‍ ഇക്കാലത്ത് ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിവിട്ടിട്ടുണ്ട്. ഒരു പ്രശസ്തമായ കോളേജില്‍ അധ്യാപികയും പ്രിന്‍സിപ്പലുമൊക്കെയായിരുന്ന സിസ്റ്റര്‍ ഇതിനെ എങ്ങനെയാണ് കാണുന്നത്?

ചാവറ പിതാവിന്റെ വിദ്യാഭ്യാസ സങ്കല്പം ലക്ഷ്യം വെക്കുന്നത് അന്ധകാരത്തിലേക്ക് വെളിച്ചം കൊടുക്കുന്നതിനും അതിലൂടെ സത്യവെളിച്ചം കൊടുക്കുന്നതിനുമായിരുന്നു. ആദ്യകാലങ്ങളില്‍ വിദ്യാഭ്യാസത്തിന്റെ വെളിച്ചം കൊടുക്കാന്‍ സിസ്റ്റേഴ്‌സ് ഒരുപാടു ബുദ്ധിമുട്ടിയിട്ടുണ്ട്. പട്ടിണി കിടന്നിട്ടുണ്ട്. അവര്‍ മാത്രമല്ല, പുറത്തുനിന്നുള്ള നിരവധിപേര്‍ സഹായിച്ചിട്ടുണ്ട്. ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും ഹിന്ദുക്കളും എല്ലാം. കൂടാതെ സര്‍ക്കാര്‍ സഹായവുമുണ്ടായിരുന്നു. ഉദാഹരണത്തിന് തൃശ്ശൂര്‍ സെന്റ് മേരീസിന്റെയും ക്രൈസ്റ്റ് കോളേജിന്റെയുമൊക്കെ ഭൂമി കൊച്ചിരാജാവ് പാട്ടത്തിനു കൊടുത്തതാണ്. ഇന്നും തത്ത്വത്തിലത് സര്‍ക്കാര്‍ഭൂമിതന്നെ. ഇപ്പോള്‍ കാര്യങ്ങളൊക്കെ ആകെ മാറി. നാട്ടുകാരുടെ സഹായത്തോടെ കെട്ടിപ്പൊക്കിയ കോളേജുകള്‍ ഇന്നു ലാഭമുണ്ടാക്കാനുള്ള ഇടങ്ങളാണ്. സഭയ്ക്കിപ്പോള്‍ ആര്‍ത്തിയാണ്. അനിയന്ത്രിതമായ ആര്‍ത്തി. ഞങ്ങള്‍ക്ക് കൈക്കോട്ടിന്റെ സ്വഭാവമാണ്. ആര്‍ത്തിയോടെ എല്ലാം വലിച്ചടുപ്പിക്കുകയാണ്.

ആത്മീയത, സൗന്ദര്യം, ക്രിസ്തു

ഈയടുത്ത് വിദ്യാര്‍ത്ഥികളും സുഹൃത്തുക്കളും ചേര്‍ന്ന് സിസ്റ്ററുടെ പേരില്‍ ഓര്‍ക്കൂട്ടില്‍ ഒരു കമ്യൂണിറ്റി തുടങ്ങിയിട്ടുണ്ടല്ലോ. അതിലവര്‍ സിസ്റ്റര്‍ ജെസ്മി എന്ന പേരിനോടൊപ്പം 'സിനിനണ്‍' എന്നുകൂടി ചേര്‍ത്തിരുന്നു. ഈ പേര് സുഹൃത്തുക്കള്‍ക്കിടയില്‍ ഒരു ഓമനപ്പേരായി പതിഞ്ഞിട്ടുണ്ടല്ലോ. ഈ 'സിനിമാഭ്രമം' സഭയ്ക്കുള്ളില്‍ ചെറിയ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നു കേട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആധ്യാത്മികതയും സിനിമയും തമ്മിലുള്ള, അതിലുപരി ആധ്യാത്മികതയും കലയും സൗന്ദര്യം തമ്മിലുള്ള ബന്ധം വിശദമാക്കാമോ?

സംന്യാസം ഉപേക്ഷയായിരുന്നു ആദ്യകാലത്ത്. പണ്ട് 'തൂണിന്മേല്‍ ശിമയോണ്‍' എന്ന ഒരു വിശുദ്ധനുണ്ടായിരുന്നത്രെ. അദ്ദേഹം രാവിലെ മുതല്‍ തൂണിന്മേലിരുന്ന് വിശുദ്ധി പ്രാപിക്കുകയാണ്. പക്ഷേ, ഇന്ന് മലമുകളില്‍പ്പോയി വിശുദ്ധരാകുന്ന ശൈലിയൊക്കെ മാറിയിരിക്കുന്നു. സമൂഹത്തിന്റെ കൂടെനിന്നുകൊണ്ടുള്ള ആധ്യാത്മികതയാണ് ഇന്നുള്ളത്. ഞങ്ങള്‍ പ്രവര്‍ത്തനം ധ്യാനമാക്കുന്നവരാണ് (അരശേ്‌ല ഇീിലോുഹമശേ്‌ല)െ. നമ്മുടെ ആധ്യാത്മികതകൊണ്ട് സമൂഹത്തിന് ഗുണമുണ്ടാവണം. ആധ്യാത്മികത ഉപേക്ഷയല്ല, സ്വീകരണമാണ്.
അപ്പോഴാണ് സൗന്ദര്യത്തിലൂടെ ആധ്യാത്മികതയിലേക്ക് എത്താമോ എന്ന ചോദ്യം പ്രസക്തമാകുന്നത്. നമ്മുടെ സമൂഹത്തില്‍ നാം ജീവിക്കുമ്പോള്‍ ചുറ്റും സൗന്ദര്യം കാണുന്നു. ദൈവം ഓരോന്നിനെയും സൃഷ്ടിച്ചത് സുന്ദരമായാണ്. പഴയ നിയമത്തില്‍ സൃഷ്ടിയെക്കുറിച്ച് പറയുന്നുണ്ട്. ഓരോന്നും സൃഷ്ടിച്ചശേഷം ദൈവം അതിന്റെ സൗന്ദര്യം ആസ്വദിക്കുന്നു. ആറാം ദിവസം മനുഷ്യനെയും സൃഷ്ടിച്ചു. ഒരു പക്ഷേ, തന്റെകൂടെ ഈ സൗന്ദര്യമെല്ലാം ആസ്വദിക്കാന്‍ വേണ്ടിയാവണം മനുഷ്യനെ ദൈവം സൃഷ്ടിച്ചതെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ഈ സൗന്ദര്യമെല്ലാം നിര്‍മിച്ച ദൈവത്തെ പ്രാപിക്കാന്‍ നല്ല സൗന്ദര്യബോധം നമുക്കാവശ്യമില്ലേ? സെന്റ്ബര്‍ണാദിന്റെ ജീവിതത്തില്‍ ഇതിനൊരു ഉദാഹരണമുണ്ട്. പെങ്ങള്‍ ഹമ്പലിനോടൊപ്പം എന്നും സൂര്യസ്തമയം നോക്കി ആസ്വദിക്കാറുണ്ട് അദ്ദേഹം. കുറച്ചുനാള്‍ കഴിഞ്ഞ് അദ്ദേഹം സംന്യാസിക്കാന്‍ പോകുന്നതായി പറഞ്ഞപ്പോള്‍ ഇത്രയും മനോഹരമായ സന്ധ്യയും അസ്തമയവും വിട്ടുപോകുകയാണോ എന്നവള്‍ ചോദിച്ചു. ഈ സൂര്യാസ്തമയം പെയ്ന്റ് ചെയ്യുന്ന കലാകാരനെ തേടിയാണ് ഞാന്‍ പോകുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഹോപ്കിന്‍സ് എന്ന ഇംഗ്ലീഷ് കവി ദൈവികാനുഭവത്തിന്റെ വെളിച്ചത്തില്‍ കവിതയെഴുത്തു നിര്‍ത്തി സംന്യാസത്തിലേക്കുപോയി. സൗന്ദര്യം ഉപേക്ഷിച്ചാലാണ് ദൈവത്തെ പ്രാപിക്കാനാവുക എന്നദ്ദേഹം കരുതി. അതിനിടയില്‍ ജര്‍മനിയില്‍ ഒരു കപ്പലപകടമുണ്ടായപ്പോള്‍ സഭ അദ്ദേഹത്തോട് അതിനെക്കുറിച്ച് കവിതയെഴുതാന്‍ ആവശ്യപ്പെട്ടു. കപ്പലപകടത്തില്‍ മരിച്ച അഞ്ച് സംന്യാസിനിമാരെ ക്രിസ്തുവിന്റെ അഞ്ചു തിരുമുറിവുകളായി വിഭാവനം ചെയ്തുകൊണ്ടാണ് അദ്ദേഹമത് എഴുതിയത്- 'ണൃലരസ ീള വേല റലൗെേരവ ഹമിറ'. പിന്നീട് ംശിറീംലൃ  പോലുള്ള നിരവധി ണശിറീംലൃകള്‍ അദ്ദേഹമെഴുതിയിട്ടുണ്ട്.
സിസ്റ്റര്‍ മേരി ബനീഞ്ജ എന്ന കവിയത്രി (മേരി ജോണ്‍ തോട്ടം)ക്കു നേരെയുണ്ടായിരുന്ന വിമര്‍ശനം ആ തോട്ടത്തില്‍ കറുത്തതും വെളുത്തതുമായ പൂക്കള്‍ മാത്രമേയുളളൂ എന്നായിരുന്നല്ലോ - അവരുടെ വസ്ത്രത്തിന്റെ അതേ നിറം. ശരിക്കുപറഞ്ഞാല്‍ വെള്ള എല്ലാ നിറങ്ങളുടെയും സമ്മേളനമാണ്.  അതായത് വെള്ള ധരിക്കുന്ന ഒരു കന്യാസ്ത്രീ എല്ലാ നിറങ്ങളെയും ഉള്‍ക്കൊള്ളുന്നു. അതു സന്ന്യാസികള്‍ മനസ്സിലാക്കിയില്ല. പച്ചയിടുന്നവര്‍ അതുമാത്രം പ്രതിഫലിപ്പിച്ച് മറ്റുനിറങ്ങളെ ഉള്ളടക്കുന്നു. ഇതൊക്കെ ശരിയായ രീതിയില്‍ ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ അവര്‍ എല്ലാനിറങ്ങളെയും സ്വീകരിച്ചേനെ. ഇതിനര്‍ത്ഥം ആധ്യാത്മികതയും സൗന്ദര്യവും തമ്മില്‍ ഉപേക്ഷയല്ല, സ്വീകരണമാണെന്നു തന്നെയാണ്.
സിനിമയ്ക്കും ഇതൊക്കെ ബാധകം തന്നെ. വാഴ്ത്തപ്പെട്ടവനായ ചാവറ കൂര്യാക്കോസച്ചനാണ് ഞങ്ങളുടെ ഫൗണ്ടര്‍. പള്ളികളുടെകൂടെ പള്ളിക്കൂടങ്ങളും ഉണ്ടാവട്ടെ എന്നദ്ദേഹം  പറഞ്ഞിരുന്നു. അവിടെ വേദകാര്യങ്ങള്‍ മാത്രമല്ല, സംസ്‌കൃതവും പഠിപ്പിച്ചു. ഉന്നത കുലജാതരായ ആളുകള്‍ക്കൊപ്പം തൊട്ടുകൂട്ടാത്തവര്‍ക്കും അറിവുകൊടുത്ത് വിപ്ലവം സൃഷ്ടിച്ച മനുഷ്യനാണദ്ദേഹം. ഇന്ന് പള്ളിക്കൂടങ്ങള്‍ ഒരു കച്ചവടമേഖലയാണ്. ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ ചാവറ പിതാവ് പറയുക, വിദ്യാഭ്യാസത്തിന് ഇത്രയും ഏജന്‍സികള്‍ ഉള്ളപ്പോള്‍ ആ മേഖലയില്‍ നാം കടിച്ചുതൂങ്ങി നില്‌ക്കേണ്ടതില്ലെന്നാണ്. പള്ളിക്കൂടങ്ങളല്ല, മാധ്യമക്കൂടങ്ങളാണ് നമുക്കിന്നുവേണ്ടതെന്നദ്ദേഹം പറയുമെന്നുറപ്പാണ്. ധാരാളം മാധ്യമങ്ങളും ഫിലിംക്ലബ്ബുകളും ചര്‍ച്ചകളുമുണ്ടാവട്ടെ. നല്ല സിനിമകള്‍ ഉണ്ടാക്കാനും കാണാനും വ്യാഖ്യാനിക്കാനും കഴിയും വിധം യുവാക്കളെ വളര്‍ത്തിയെടുക്കേണ്ടത് ഞങ്ങളുടെ ചുമതലയാണെന്നു ഞാന്‍ കരുതുന്നു.
തിരുവസ്ത്രം ധരിച്ചുകൊണ്ട് സിനിമയ്ക്ക് പോകാറുണ്ടല്ലോ...
തിരുവസ്ത്രം ഒഴിവാക്കി മറ്റു വസ്ത്രങ്ങള്‍ ധരിക്കാന്‍ ഞങ്ങള്‍ക്ക് അനുവാദമില്ല. അതുകൊണ്ടു ഞാന്‍ സിനിമയ്ക്കുപോകാതെ മാറിനില്ക്കാറുമില്ല. എന്റെ സുഹൃത്തുക്കളോടൊപ്പമോ കുട്ടികളുടെ കൂടെയോ ഞാന്‍ സിനിമയ്ക്ക് പോകാറുണ്ട്. എന്റെ വസ്ത്രം ഒരു സാക്ഷ്യം വഹിക്കല്‍ കൂടിയാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഒരു സിസ്റ്ററെന്ന നിലയില്‍ മറ്റുള്ളവരെന്നെ നോക്കിക്കാണുമ്പോള്‍ ഞാനൊരു പാപമല്ല ചെയ്യുന്നത് എന്നതിന്റെ സാക്ഷ്യമാണത്. അതിനാല്‍ സിനിനണ്‍ എന്ന പേരിനെച്ചൊല്ലി എനിക്കൊരു ആക്ഷേപവുമില്ല. ബെന്നിയച്ചന്റെ 'ചേതന'യില്‍ വെച്ചാണ് ആ പേരുവീണത്. ശരിയാണെന്നു ഞാന്‍ വിശ്വസിക്കുന്ന കാര്യം ഞാന്‍ ചെയ്യുന്നു, പരസ്യമായിത്തന്നെ. അതിനുവേണ്ടി ഞാന്‍ അധികാരികള്‍ക്കു മുന്‍പില്‍ വാദിച്ചിട്ടുണ്ട്. സെന്റ്‌മേരീസ് കോളേജില്‍ പ്രിന്‍സിപ്പാളായിരുന്ന കാലത്ത് തൃശ്ശൂര്‍ ചലച്ചിത്രമേളയ്ക്കുവേണ്ടി ഓഫീസ് സൗകര്യം ചെയ്തു കൊടുത്തിരുന്നു, കോളേജില്‍ തന്നെ.

വിമലാകോളേജിലെ ആദ്യ കാമ്പസ് ഫിലിം 'ജാലകങ്ങള്‍' ഞാനാണ് ചെയ്തത്. സെന്റ് മേരീസിലെയും ആദ്യത്തെ കാമ്പസ് ഫിലിം 'തുരുത്തിലെ പവിഴപ്പുറ്റ്' ഞാന്‍ ചെയ്തതാണ്. ഈ സംരംഭംകൊണ്ട് കുട്ടികള്‍ക്ക് വലിയ മാറ്റവും ആവേശവും ഉണ്ടായി എന്നതുതന്നെയാണ് അതിന്റെ നേട്ടം.

ക്രിസ്തു സിസ്റ്റര്‍ക്ക് ആരാണ്?
ക്രിസ്തു എനിക്കെല്ലാമാണ്. സ്‌നേഹിതനേക്കാള്‍ വലിയ, പിതാവിനേക്കാള്‍ വലിയ, മണവാളനേക്കാള്‍ വലിയ ആള്‍. ഒരിക്കല്‍ പഠനകാലത്ത് ഒരു ക്ലാസ്സില്‍ ഈ വിഷയത്തില്‍ കുറിപ്പു തയ്യാറാക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ എഴുതിയത് 'ക്രിസ്തു എന്റെ ഈശോയാണ്, എന്റെ സ്വന്തം ഈശോ' എന്നാണ്. ചെറുപ്പത്തില്‍ പ്രണയകാലം വരുന്നതിനു മുന്‍പുതന്നെ ക്രിസതു എന്റെ കൂടെയുണ്ട്. ഞാന്‍ വളരുന്നതിനൊപ്പം എന്നോടൊപ്പം ഈശോയും വളര്‍ന്നു. മനസ്സില്‍ നിറയെ ഈശോയുള്ളതുകൊണ്ട് വിവാഹം എനിക്ക് അസാധ്യമായിത്തീര്‍ന്നു. എന്റെ ചെറുപ്പത്തില്‍ ആധ്യാത്മികാനുഭവത്തിന്റെ വെളിച്ചത്തില്‍ ഈശോ ചോദിച്ചതിതാണ്. നിന്റെ മുഴുവന്‍ ഹൃദയവും തരുമോ? മുഴുവന്‍ ഹൃദയവും തരാം എന്ന ഉത്തരമാണ് എന്റെ സംന്യാസജീവിതം. ഇപ്പോള്‍ മഠം വിടുമ്പോഴും ഞാന്‍ സംന്യാസിനിയെന്നു പറയുന്നത് അതുകൊണ്ടാണ്. ഈശോ പോകുന്നില്ലല്ലോ. എനിക്കും ഈശോയ്ക്കുമിടയില്‍ മഠത്തിന്റെ അതിരുകള്‍ ആവശ്യമില്ല.

അവസാനമായി ചോദിക്കട്ടെ, സന്ന്യാസിയാവാനെടുത്ത തീരുമാനം ഒരു തെറ്റാണെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ?
                                         


ഒരിക്കലുമില്ല. ഞാനിപ്പോഴും സിസ്റ്റര്‍ ജെസ്മി എന്നാണ് എന്റെ പേര് ഉപയോഗിക്കുന്നത്. പക്ഷേ, നേരത്തെ വിചാരിച്ചതില്‍ നിന്നു വ്യത്യസ്തമായി സന്ന്യാസിസഭയ്ക്കുള്ളില്‍ അംഗമായി നിന്നുകൊണ്ടേ ഇതൊക്കെ സാധ്യമാവൂ എന്നിപ്പോള്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ആ അര്‍ഥത്തില്‍ ഇനിയുള്ള ജീവിതത്തിലും അടുത്ത ജന്മത്തിലും ഞാന്‍ സംന്യാസിനിയാവാന്‍ തന്നെയാണഗ്രഹിക്കുന്നത്. അതേസമയം ഇപ്പോള്‍ ഞാനൊരു തീരുമാനമെടുത്തിട്ടുണ്ട്. മരണശേഷം എന്റെ ഭൗതികശരീരം മെഡിക്കല്‍കോളേജിനു വിട്ടുകൊടുക്കും. എന്റെ ശരീരത്തിനു മുകളില്‍ എനിക്കിപ്പോള്‍ പൂര്‍ണ അധികാരമുണ്ട്. ആരുടേയും അനുമതിക്കായി കാത്തുനില്‌ക്കേണ്ടതില്ല. വീട്ടുകാരുടെയോ അധികാരികളുടെയോ ഒന്നും.

(അഭയയുടെ മരണം മഠങ്ങളെ അരക്ഷിതമാക്കി എന്ന പേരില്‍ 2008 ഡിസംബര്‍ 21, മാതൃഭൂമി ആഴച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്‌)