Wednesday, April 17, 2019

താലി



രാശരി മധ്യവര്‍ഗമലയാളിജീവിതത്തില്‍ വിവാഹവുമായി ബന്ധപ്പെട്ട ബാധ്യതകളും സങ്കല്പങ്ങളും മോഹങ്ങളും ഏറെയും സ്വര്‍ണവുമായി ബന്ധപ്പെട്ടാണ്. മഞ്ഞനിറത്തിലുള്ള ഈ ലോഹത്തിന്റെ മൂല്യം സാമ്പത്തികമെന്നപോലെതന്നെ സാംസ്‌കാരികവുമായി മലയാളി തിരിച്ചറിയുന്നുണ്ട്. സ്വര്‍ണാഭരണങ്ങളില്‍ വെച്ച് താലി വിവാഹത്തിന്റെ കേന്ദ്രബിന്ദുവായി മാറുന്നതങ്ങനെയാണ്. കാമുകനെ ഉപേക്ഷിക്കേണ്ടിവന്ന, ഇഷ്ടമില്ലാത്ത വിവാഹത്തിനു നിര്‍ബന്ധിക്കപ്പെട്ട്, വിവാഹവേദിയില്‍ അശരണയും ദു:ഖിതയുമായിരിക്കുന്ന നായികയുടെ കഴുത്തിലേക്ക് അതിവേഗം പാഞ്ഞു പറന്നു വന്ന് താലികെട്ടുന്ന രജനീകാന്ത് പ്രേക്ഷകരുടെ ചങ്കിടിപ്പു കൂട്ടുന്നതങ്ങനെയാണ്. താലികെട്ടിയ ആള്‍ തന്നെ എല്ലാ അര്‍ത്ഥത്തിലും  'മുതലാ'ളി! താലിച്ചരടില്‍/മാലയില്‍  കോര്‍ത്ത ലോഹത്തകിടിന്റെ ആകൃതി സ്ത്രീശരീരത്തെ പ്രതീകവല്‍ക്കരിച്ചുകൊണ്ട് ആ ഉടമസ്ഥതയെ ഉറപ്പിച്ചെടുക്കുന്നുണ്ട്. താലി അറ്റുപോകുക ഒരു പെണ്ണിനെസംബന്ധിച്ചിടത്തോളം ജീവിതം അറ്റുപോകലായി കണ്ടുവരുന്ന പാരമ്പര്യത്തിനു മുന്നില്‍ അത് വെറും ഒരാഭരണമല്ല തന്നെ! കുട്ടിക്കാലത്ത് പെണ്ണുങ്ങളായ ബന്ധുക്കള്‍ക്കിടയില്‍ കണ്ടിട്ടുള്ള ഒരഭ്യാസം ഓര്‍ത്തുപോകുന്നു. വിവാഹാവസരങ്ങളില്‍ ഇട്ടിരിക്കുന്ന മാലയില്‍ നിന്നും താലി മറ്റൊരു മാലയിലേക്ക് കൊളുത്താന്‍ വേണ്ടി 2 പേരുടെ സഹായത്തോടെ  ചെയ്യുന്ന ക്ലേശകരമായ ഒരു പണിയാണത്. താലി തൊണ്ടക്കുഴിയില്‍ തന്നെ അമര്‍ത്തിപ്പിടിച്ച് വെയ്ക്കും . പുറകില്‍ നിന്ന് കൊളുത്തടര്‍ത്തി മാല താലിയുടെ നടുവിലെ ദ്വാരത്തിലൂടെ ഊരിയെടുത്ത് ശേഷം ഇടാനുദ്ദേശിച്ച മാലയുടെ അറ്റം അതേ ദ്വാരത്തിലേക്ക് അടുപ്പിച്ചു പിടിച്ച് സൂക്ഷിച്ചു കേറ്റും. മൊത്തത്തില്‍ മാല കഴുത്തില്‍ നിന്നും ഊരി സൗകര്യമായി ചെയ്യാവുന്ന കാര്യം ഇത്ര കഷ്ടപ്പെട്ട് ഒരു നിമിഷം പോലും താലിയുടെ സ്പര്‍ശം കഴുത്തില്‍ നിന്നകലാതെ വെച്ച് 'മംഗല്യവതി'കളായിരിക്കാനാണ് ഈ പരാക്രമമത്രയും! ഇതു ഞാന്‍ പിറന്ന തമിഴ് തട്ടാന്മാരുടെ  സമുദായത്തിലെ കാര്യം മാത്രമാണോ എന്നറിയില്ല. 'അറുതലീ'(താലി അറുത്തവള്‍- വിധവ) എന്ന വാക്കാണ് തന്റെ കുട്ടിക്കാലത്ത് ഏറ്റവും വലിയ തെറിയായി കേട്ടിരുന്നതെന്ന് അമ്മ പറഞ്ഞതോര്‍ക്കുന്നു. താലി എല്ലാ ജാതിക്കാര്‍ക്കും ഒരേ വിധമല്ല. ആകൃതിയും പണിത്തരവുമൊക്കെ വ്യത്യസ്തമാണ്. ഈഴവര്‍ക്കിടയില്‍ ചെറുക്കന്റെ പെങ്ങളാണ് താലികെട്ടിയിരുന്നതത്രേ. ചേരമാന്‍ പെരുമാളെ സഹായിക്കാനായി ശ്രീലങ്കയില്‍ നിന്നയക്കപ്പെട്ട ഈഴവസൈന്യത്തോട് രാജാവു നിര്‍ദ്ദേശിച്ചത് ഇവിടെ സ്ഥിരതാമസമാക്കരുതെന്നായിരുന്നത്രേ. ആയതുകൊണ്ട് വിവാഹച്ചടങ്ങിന്റെ ഭാഗമായ താലികെട്ടല്‍ പെങ്ങളാണ് ചെയ്തിരുന്നതെന്ന് ചില ചരിത്രകാരന്മാര്‍ വാദിക്കുന്നു.  ഒരു പെണ്ണിന്റെ താലിമാല വേറൊരുത്തി ഇട്ടുകൂടാ എന്നാണു പ്രമാണം. ഏകദാമ്പത്യവ്യവസ്ഥയിലെ ലൈംഗികത, സദാചാരം തുടങ്ങിയ ഘടകങ്ങളിലുറച്ച മൂല്യഭേദങ്ങളിലാണതിന്റെ  അടിത്തറയെന്നു വ്യക്തം. തമിഴ് തട്ടാന്മാരുടെയിടയില്‍ താലിക്കു പൊന്നുരുക്കുന്നത് ചെറുക്കന്റെ വീട്ടില്‍ വലിയ ചടങ്ങോടെയാണ്. 

 വടക്കേ മലബാറിലെ ദേശീയപ്രസ്ഥാനത്തിലെ കരുത്തുറ്റ നേതാവായ കമലാബായി പ്രഭുവിന്റെ കഥയിലും താലി സ്വത്വാഭിമാനത്തിന്റെ സങ്കീര്‍ണമായ ഒരു വ്യവഹാരമായി മാറുന്നുണ്ട്. ദേശീയസിവില്‍ നിയമലംഘനത്തിന്റെ ഭാഗമായി അറസ്റ്റു ചെയ്യപ്പെട്ട കമലാബായിക്ക് ആറുമാസത്തെ തടവും 1000 രൂപ പിഴയുമാണ് മജിസ്ട്രേറ്റ് ഡോഡ്വെല്‍ വിധിച്ചത്. പിഴ ഒടുക്കുന്നില്ലെന്നു പറഞ്ഞ കമലാബായിയോട് മജിസ്ട്രേറ്റ് ആഭരണങ്ങള്‍ അഴിച്ചുവെയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കമ്മലും മാലയും മാത്രം അഴിച്ചുവെച്ച കമാലാബായിയുടെ താലികൂടി പൊട്ടിച്ചെടുക്കാന്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടു. അതു വലിയ പ്രതിഷേധത്തിനിടയാക്കി. താലി തിരിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍ താലിമാല സ്വീകരിക്കാന്‍ കമലാബായി തയ്യാറായില്ല. ഒടുവില്‍ മജിസ്ട്രേറ്റ് ഡോഡ്വെല്‍ മേലധികാരിക്കു മാപ്പെഴുതിക്കൊടുത്താണ് പ്രശ്നങ്ങള്‍ ഒതുക്കിത്തീര്‍ത്തത്. തമിഴ്‌നാട്ടില്‍ പെരിയോര്‍ തുടങ്ങിവെച്ച സ്ത്രീമുന്നേറ്റത്തിന്റെ രാഷ്ട്രീയത്തെ പുനരാനയിച്ചുകൊണ്ട് ഈയടുത്തകാലത്തായി താലിപൊട്ടിച്ചെറിയല്‍ നടന്നതും നാം പത്രങ്ങളില്‍  വായിച്ചിരുന്നു. അതിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കേരളത്തിലെ ഞാറ്റുവേല എന്ന സാംസ്‌കാരികസംഘം സദാചാരപോലീസിംഗിനെതിരെ സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍ താലി പൊട്ടിച്ചെറിഞ്ഞു.

('താലി എന്ന മൂക്കുകയര്‍' എന്ന തലക്കെട്ടില്‍ 2019 ഏപ്രില്‍ ലക്കം സംഘടിതയില്‍ എഴുതിയ കുറിപ്പ്‌)

Monday, April 15, 2019

ആദ്യകാലമലയാളനോവലിലെ ആണുങ്ങള്‍




ലയാളിയുടെ സാംസ്‌കാരികസ്വത്വരൂപീകരണത്തിന്റെയും ചരിത്രപരിണാമത്തിന്റെയും ഭാവനാരേഖകളെന്ന നിലയില്‍ ആദ്യകാലനോവലുകള്‍ പഠിക്കപ്പെട്ടുപോരുന്നു. വ്യത്യസ്തതരം അനുഭവമണ്ഡലങ്ങളെയും സ്വത്വസംഘര്‍ഷങ്ങളെയും അവയ്ക്കാധാരമായ ഭാവശക്തികളെയും സ്വരൂപിച്ചുകൊണ്ട് മലയാളനോവല്‍ ഏതാണ്ട് ഒന്നേകാല്‍ നൂറ്റാണ്ടിലേറെയായി നമ്മുടെ ദേശകാലങ്ങളെ വരച്ചിടുന്നു.  ദേശം, രാഷ്ട്രം, ഭരണകൂടം, അധിനിവേശം, മതം, മതേതരത്വം, പൗരത്വം, ലിംഗപദവി, കീഴാളത, ന്യൂനപക്ഷസാമൂഹികത എന്നെല്ലാമുള്ള രാഷ്ട്രീയസങ്കല്പനങ്ങളെ മുന്‍നിര്‍ത്തി നോവലിനെ പഠിക്കാനുള്ള ശ്രമങ്ങള്‍ ഇന്നു സജീവമാണ്. അതിലൂടെ നോവല്‍ എന്ന പാഠരൂപത്തില്‍, അതിന്റെ ആഖ്യാനരാഷ്ട്രീയത്തില്‍ നിഹിതമായ അധികാരബന്ധങ്ങളെയും സംവാദങ്ങളെയും തുറന്നു കാട്ടാനുള്ള ശ്രമങ്ങളാണിന്നു നടക്കുന്നത്.

ആദ്യകാലമലയാളനോവലിലെ ആണുങ്ങളെക്കുറിച്ചുള്ള ഈ പഠനം വിശാലമായ പരികല്പനയില്‍ ആണത്തപഠനം- masculinity studies - എന്ന സവിശേഷധാരയിലുള്‍പ്പെട്ടു നില്‍ക്കുമ്പോള്‍ത്തന്നെ അതില്‍ കണ്ണിചേര്‍ന്നും പശ്ചാത്തലമായും വര്‍ത്തിക്കുന്ന അധിനിവേശകോളനീകരണം എന്ന അടിത്തറയിലാണ് വിശദീകരിക്കപ്പെടുന്നത്. അതായത് അധിനിവേശകോളനീകരണം എന്നത് ഒരു കേന്ദ്രസങ്കല്പനമായും താക്കോല്‍വാക്കായും ഈ പഠനത്തിലുടനീളം പ്രവര്‍ത്തിക്കുന്നു. അജയ്യനും സാഹസികനുമായ വെള്ളക്കാരന്‍ പുരുഷന്‍ കേന്ദ്രമായിക്കൊണ്ടുള്ള, അത്തരം പ്രതിനിധാനങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന  ചരിത്രഭാവനകള്‍ നമുക്ക് അക്കാദമികചരിത്രപഠനങ്ങളില്‍ സുപരിചിതമാണ്. കുടിയേറ്റക്കാരന്റെ പ്രതീകം  കടന്നുകയറ്റത്തിന്റെയും കീഴ്‌പ്പെടുത്തലിന്റെയും അധികാരത്തിന്റെയും ചരിത്രസൂചകങ്ങളിലൂടെ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അതിലുപരിയായ, അടിത്തറയായി വര്‍ത്തിക്കുന്ന സാമൂഹികഘടന എന്ന, കൂടുതല്‍ നിര്‍ണായകവും വ്യാപ്തിയേറിയതുമായ ഒരു അര്‍ത്ഥമണ്ഡലത്തെയാണ് ഇവിടെ അധിനിവേശകോളനീകരണം എന്ന പദം ഉള്ളടക്കുന്നത്. അധിനിവേശകോളനീകരണവും പിതൃമേധാവിത്വവും വുള്‍ഫ് (1999) പറയുന്നതു പോലെ  കൃത്യമായ സംവിധാനഘടനയാണ്, കേവലം ഭൂതകാലത്തിന്റെ സ്മരണകളില്‍ അലിഞ്ഞുചേര്‍ന്ന ഏതെങ്കിലും സംഭവങ്ങളല്ല. നിരന്തരം നടക്കുന്ന, സാമൂഹികരാഷ്ട്രീയരൂപീകരണത്തിന്റെ ഒരു പ്രക്രിയയാണത്. ഒരു സ്ഥലത്തേക്ക് പുതുതായി കടന്നുവന്ന അധിനിവേശകര്‍  ആ സ്ഥലം തങ്ങളുടേതാണെന്നവകാശപ്പെട്ട് കയ്യേറി അവിടെ നിവസിച്ചിരുന്ന തദ്ദേശീയരെ പൂര്‍ണമായും തുടച്ചുനീക്കി അപ്രത്യക്ഷമാക്കുന്ന തരം കാര്യങ്ങള്‍ നടപ്പാക്കുന്നു. ഭൗതികമായി നടത്തുന്ന കയ്യേറ്റത്തിന്റെ അധികാരം പോലെതന്നെ തദ്ദേശീയരില്‍ കീഴായ്മാബോധം സൃഷ്ടിച്ചെടുത്ത് അവരില്‍ അടിച്ചേല്പിക്കുന്ന സാംസ്‌കാരികമായ കോയ്മാബോധവും പ്രശ്‌നാധിഷ്ഠിതമായി മനസ്സിലാക്കേണ്ടതാണ്. നമ്മുടേതെല്ലാം അപകൃഷ്ടവും പ്രാകൃതവുമാണെന്നും അവരുടേത് ഉല്‍കൃഷ്ടവും ആധുനികവുമെന്ന് വരുത്തിത്തീര്‍ക്കുന്ന യുക്തികളാല്‍ നമ്മെ അനുശീലിപ്പിച്ചെടുത്ത്, നമ്മെക്കൊണ്ടുതന്നെ നമ്മുടെ തായ്‌വേരുകളെ ഇളക്കിപ്പറിച്ചെടുക്കുന്ന ബലതന്ത്രങ്ങളാണതിലുള്ളത്.  നമ്മെത്തന്നെ നമ്മുടെ അപരമായി സ്വരൂപിക്കുന്നു എന്നതാണതിന്റെ വിപരീതയുക്തി. 

നമ്മുടെ സ്ത്രീപുരുഷബന്ധങ്ങളില്‍ വന്ന പുതിയ തരം ഘടനകളെയും ആസൂത്രണങ്ങളെയും ഈ പശ്ചാത്തലത്തില്‍ വിചാരണചെയ്യാന്‍ കഴിയും. കുടുംബസങ്കല്പത്തിലും സാമൂഹികഘടനയിലും ലൈംഗികതയിലുമെല്ലാം കടന്നു കയറി ഇടപെടാന്‍ ശേഷിയുള്ള സവിശേഷാധികാരം വിവിധ ആശയമണ്ഡലങ്ങളിലൂടെ ഉല്പാദിപ്പിച്ചെടുക്കുന്നു. പരിഷ്‌കരണയുക്തിയുടെ മുന്‍കയ്യില്‍ അതെളുപ്പവുമായിരുന്നു. സ്ത്രീകളുടെ പരിഷ്‌കരണവും പുരോഗമനവും ഈ മട്ടില്‍ നീണ്ടുനിന്ന ബൃഹത്തായ ഒരു കൊളോണിയല്‍ പദ്ധതിയുടെയും കൂടി ഭാഗമാണ്. എന്നാല്‍ പുതിയ കാലത്ത് വിമര്‍ശനാത്മകമായ കാഴ്ച്ചപ്പാടുകളുടെ സഹായത്തോടെ പഴയ പൗരഘടനയെ സ്വത്വപരമായി തിരിച്ചറിയാന്‍ കഴിയുമോ എന്ന ആലോചനകളുണ്ട്.  അധിനിവേശകോളനീകരണത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശീയമായ സ്ത്രീവാദ ആശയങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ കഴിയുമോ എന്ന ആരായല്‍ അതുകൊണ്ടുതന്നെ പ്രസക്തമാണിവിടെ. ഇവിടുത്തെ കോളനീകരണത്തിന്റെ വിവിധസന്ദര്‍ഭങ്ങള്‍ എപ്രകാരം അവയുടെ അധികാരപ്രയോഗങ്ങളുടെ ഫലമായി മാനകമായ ഒരു പിതൃമേധാവിത്വത്തെ (hetro-patriarchal) ജനതയ്ക്കുമേല്‍ കെട്ടിയേല്പിച്ചു എന്നതിനെ തിരിച്ചറിയേണ്ടതുണ്ട്. അങ്ങനെ സവിശേഷമായ വിധത്തില്‍ നിര്‍മിതമായ മാനകപിതൃമേധാവിത്വത്തിന്റെ സ്ഥാപനത്തിന് അനുഗുണമായി ഇവിടുത്തെ ആണുങ്ങളെ രൂപീകരിച്ച് മെരുക്കിയെടുത്തതിന്റെ  വിവിധ അടരുകളിലുള്ള ചരിത്രവും സംസ്‌കാരവും ഈ പഠനത്തിന് ഏറ്റവും അനിവാര്യമാണ്. ആദ്യകാലമലയാളനോവലിലെ ആണുങ്ങള്‍ എപ്രകാരമാണ് മാനകപൗരുഷത്തിന്റെ വ്യത്യസ്ത സ്വരൂപമാതൃകകളായി നിലകൊണ്ടത് എന്ന അന്വേഷണം പ്രസക്തമാകുന്നത്  അതുകൊണ്ടാണ്.

കോളനി അധിനിവേശകരുടെ മൂല്യസംഹിതകളിലേക്ക് സ്വത്വപരമായി ഉള്‍ച്ചേര്‍ക്കപ്പെടുക എന്നത് സങ്കീര്‍ണമായ ഒരു പ്രക്രിയയാണ്. തികച്ചും ലളിതമല്ല അത്. വെളുത്തവരോട് സ്വയം സാത്മ്യപ്പെട്ടു നില്‍ക്കല്‍ അതിലുണ്ട്. അവരുടെ നൂറുകൂട്ടം താല്പര്യങ്ങളെ അതിലൂടെ ഏറ്റെടുക്കുവാനുള്ള  ബാധ്യതയും അതിലുണ്ട്. തങ്ങളുടെ ഭൂതകാലചരിത്രത്തെയും അനുശീലനങ്ങളെയും അന്യവല്‍ക്കരിച്ച്, തങ്ങളുടെ ആഗ്രഹാഭിനിവേശങ്ങളെ പുതുതായി നിര്‍മിച്ചെടുത്ത് അതിന്റെ മൂല്യങ്ങളിലേക്ക് പരുവപ്പെടുക എന്ന സാഹസികമായ പ്രക്രിയ അതിലുണ്ട്. ഇതിന് തദ്ദേശീയര്‍, അധിനിവേശകര്‍ എന്ന രണ്ടറ്റങ്ങള്‍ മാത്രമല്ല ഉള്ളത്. നിരവധിയായി കെട്ടുപിണഞ്ഞുകിടക്കുന്ന താല്പര്യങ്ങളുടെ സമാന്തരശൃഖലകള്‍ അവിടെ കാണാം

ആണത്തത്തിന്റെ സ്വത്വവിന്യാസങ്ങള്‍
ആദ്യകാല മലയാളനോവലിനെ സംബന്ധിച്ചിടത്തോളം അതിലെ ആണ്‍സ്വത്വങ്ങള്‍ തികച്ചും വ്യത്യസ്തങ്ങളാണ്. അവ ഏതെങ്കിലും തരത്തില്‍ മൂല്യപരമായി രണ്ടറ്റങ്ങളിലായി വിരുദ്ധദ്വന്ദ്വങ്ങളില്‍ നിലകൊള്ളുന്നവയല്ല. അവയ്ക്കിടയില്‍ നിലകൊള്ളുന്ന വിവിധനിലപാടുകളും ഘടനകളും ചേര്‍ന്ന നിരകളെത്തന്നെ കാണാം. പരിഷ്‌കാരവിജയം എന്ന ഒരു നോവലില്‍ത്തന്നെ പുരോഗമനകാരിയായ മാത്തു, അയാളോട് അനുഭാവമുള്ള സുഹൃത്ത് ലോനച്ചന്‍, അവരുടെ കുടുംബകാരണവ•ാരായ അന്തെ, അവരാ എന്നിങ്ങനെ സാമുദായികാചാരങ്ങളോടുള്ള നിലപാടില്‍ വ്യത്യസ്തത പുലര്‍ത്തുന്ന പലരുമുണ്ട്. ഇവരിലെല്ലാം പുരോഗമനം ഒരുതരത്തിലല്ല പ്രതിപ്രവര്‍ത്തിക്കുന്നത്. ഇന്ദുലേഖയിലും പറങ്ങോടിപരിണയത്തിലുമുള്ളതുപോലെ  തന്നെ പാരമ്പര്യവാഹകരെന്ന നിലയിലും പുരോഗമനകാരികളെന്ന നിലയിലും പുരുഷാധിപത്യത്തെ കയ്യാളുന്നതിലുള്ള അവരുടെ നിലകള്‍ ഘടനയില്‍ ഒന്നിനൊന്നു വ്യത്യസ്തമാണ്. രൂപാലങ്കാരങ്ങള്‍, സ്വഭാവസവിശേഷതകള്‍ ഒക്കെയും നിര്‍ണയിക്കുന്നതില്‍ ഈ വ്യത്യസ്തതകള്‍ പങ്കു വഹിക്കുന്നുണ്ട്. കുടുമയില്‍ പൂ ചൂടുകയും കാതില്‍ കടുക്കനിടുകയും കോട്ടുധരിക്കുകയും ക്രിക്കറ്റ് കളിക്കുകയും പ്രണയഭംഗഭീതിയാല്‍ പൊട്ടിക്കരയുകയും ചെയ്യുന്ന ആണുങ്ങള്‍. പരിഷ്‌കാരത്തിനായി കാരണവരോടു കലഹിക്കുകയും  പാരമ്പര്യദീക്ഷയ്ക്കായി മുഹൂര്‍ത്തം നോക്കി യാത്രപുറപ്പെടുകയും ചെയ്യുന്നവര്‍.
  
പുരോഗമനവാദി
ഇന്ദുലേഖയിലെ മാധവനെപ്പോലെ തന്നെ നിലനില്‍ക്കുന്ന യാഥാസ്ഥിതികമൂല്യങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ഇന്ദുമതീസ്വയംവരത്തിലെ സുകുമാരനും പരിഷ്‌കാരവിജയത്തിലെ മാത്തുവും അതുപോലെ ലക്ഷ്മീകേശവത്തിലെ കേശവനും സുകുമാരിയിലെ സത്യദാസനും നാലുപേരിലൊരുത്തനിലെ സ്രാമ്പിക്കല്‍ കരുണാകരമേനോനും പെരുമാറുന്നത്. എല്ലാവരിലും പൊതുവായികാണുന്ന പ്രത്യേകത സാംസ്‌കാരികമായ മുന്‍കൈകളിലൂടെ അവര്‍ നേടുന്ന ഉയര്‍ന്ന ആണത്തപദവികളാണ്. വിദ്യാഭ്യാസം, തൊഴില്‍, അറിവ്, ജാതി, ധാര്‍മികപരിവേഷം, എഴുത്ത്, കല, സാമ്പത്തികാവസ്ഥ എന്നിങ്ങനെ നിരവധിഘടകങ്ങള്‍ അതില്‍ ഉള്‍ച്ചേരുന്നുണ്ട്. ആധുനിക ഗാര്‍ഹികതയുമായി ബന്ധപ്പെട്ടുകൊണ്ട് അതിന്റെ രൂപീകരണത്തിലൂടെ പുതിയ ഒരു തരം പുരുഷമേധാവിത്വം രൂപപ്പെടുന്നുവെന്നാണ് പ്രവീണ കോടോത്തും മറ്റും നിരീക്ഷിക്കുന്നത്. ഫ്യൂഡല്‍ കാലത്ത്  ജാതി, സ്വത്ത്, പ്രായം എന്നിവയിലധിഷ്ഠിതമായിരുന്നു പിതൃമേധാവിത്വമെങ്കില്‍ പിന്നീടത് ആധുനികകുടുംബത്തിന്റെ രൂപീകരണത്തോടെ ദാമ്പത്യാധിഷ്ഠിതമായി മാറുന്നുവെന്നാണവര്‍ പറയുന്നത്. ഈ സംക്രമണഘട്ടത്തെ ഏറെയും ഉള്‍ക്കൊള്ളുന്ന സാമൂഹികകാലമാണ് ആദ്യകാലനോവലുകളിലേത്. നിശ്ചിതമായ മൂല്യങ്ങളുടെ ആദര്‍ശാത്മക പരിവേഷം നിറഞ്ഞ ഒന്നാണത്. ആണും പെണ്ണും ചേര്‍ന്നു മാത്രം നടപ്പാവുന്ന ലൈംഗികത(hetero-sexual) ഒരേയൊരു ഇണയെ മാത്രം നിലനിര്‍ത്തുന്നതും(monogamous കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്ന പ്രത്യുല്‍പാദനത്തെ സാധ്യമാക്കുന്നതുമായ കുടുംബത്തെ ആണത് ആധാരമാക്കുന്നത്. ഭദ്രവും ശക്തവുമായ ഈ ഘടനയെ പരിപാലിച്ചു നിലനിര്‍ത്തിക്കൊണ്ടു മാത്രമേ ഇതരമൂല്യങ്ങളില്‍ അഴിച്ചുപണി സാധ്യമാകുമായിരുന്നുള്ളു.   

എഴുത്തുകാരന്‍
നാലുപേരിലൊരുത്തനി(1893)ല്‍ സാഹിത്യകാരന്‍ എന്നതിലൂന്നിയ ആണത്തനിര്‍മിതി കാണാം. സവര്‍ണ ജീവിതപശ്ചാത്തലത്തില്‍ പുലരുകയും ജാതിമേധാവിത്വത്തിന്റെ ആനുകൂല്യങ്ങളില്‍ ചോദ്യം ചെയ്യപ്പെടാതെ തുടരുന്ന, പൊതുമണ്ഡലത്തില്‍ സവിശേഷമായ ബൗദ്ധികാധികാരങ്ങള്‍ കയ്യാളുകയും ചെയ്യുന്ന നവോത്ഥാനമാതൃകയിലുള്ള പുരോഗമനപുരുഷനാണിയാള്‍. നാലുപേരിലൊരുത്തനിലെ നാടകകൃത്ത് കിഴക്കേ സ്രാമ്പിയില്‍ കരുണാകരമേനോന്‍ ഭാര്യയുടെ സ്വാമി സ്ഥാനത്താണ്. അയാളോട് ഭാര്യക്ക് ഭക്തിബഹുമാനങ്ങളെക്കൂടാതെ ഭയവും ആരാധനയുമുണ്ട്. അയാളുടെ ശ്ലോകനിര്‍മാണവൈദഗ്ധ്യം അവരില്‍ അനുരാഗവും അഭിമാനവും വളര്‍ത്തുന്നുണ്ട്. എയ്മാനന്‍ ശ്ലോകമുണ്ടാക്കുകയാണെന്നു  വേലക്കാരന്‍ ശങ്കരനില്‍ നിന്നറിഞ്ഞ കല്യാണിയമ്മക്ക് ഭര്‍ത്താവിനോടുണ്ടായിരുന്ന താല്‍ക്കാലികമായ രസക്കേട് അവസാനിച്ചു. അതിനു പകരം ബഹുമാനവും പ്രണയവും വര്‍ധിച്ചുവത്രെ.(പുറം 42)സാഹിത്യം എന്ന വ്യവഹാരത്തെ ആണ്‍പെണ്‍ ആകര്‍ഷണത്തിന്റെ ഉപാധിയായി സ്വീകരിച്ചുകൊണ്ട്, അതില്‍  മാനകഘടനയിലെ  പുരുഷന്റെ മേല്‍നിലയെ നിര്‍മിച്ചെടുക്കുന്നത് സഹൃദയയായ സ്ത്രീയിലൂടെയും സമൂഹത്തെ അഭിരുചികളിലൂടെ നയിക്കുന്ന എഴുത്തുകാരന്‍ എന്ന പ്രരൂപനിര്‍മിതിയിലൂടെയുമാണെന്നുകാണാം. 'ചിലര്‍ നാടകം ഉണ്ടാക്കി പെണ്ണുങ്ങളെ കൈവശത്താക്കുന്നുണ്ട്. നാടകമുണ്ടാക്കുന്നവരെ പെണ്ണുങ്ങള്‍ക്കു വളരെ ഭ്രമമായിരിക്കുന്നു. ഉണ്ടാക്കാത്തവരെ പെണ്ണുങ്ങള്‍ ഉപേക്ഷിക്കുന്നു...'.  നാടകമെന്ന കലാരൂപം ആധുനികമായ ആണ്‍പെണ്‍ ബന്ധത്തിന്റെ അഭിരുചികളുടെ ക്രമീകരണത്തില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നു. ''ഈ നാടകക്കാരെ കണ്ട പെണ്ണുങ്ങള്‍ ഇങ്ങനെ മയങ്ങുവാന്‍ തുടങ്ങിയാല്‍ തരക്കേടുണ്ട്''  എന്ന ശങ്കരമേനോന്റെ വാക്കുകളില്‍ നിയന്ത്രണവിധേയമല്ലാത്ത സ്വതന്ത്രമായ പെണ്‍കാമനകളെക്കുറിച്ചുള്ള ആണ്‍ഭീതിയായി അതു വളരുന്നുണ്ട്. (പുറം 62).  ഇവിടെ പേഷ്‌കാരെ സംബന്ധിച്ചിടത്തോളം നാടകമെന്ന കലാരൂപം ഛര്‍ദ്ദിയുണ്ടാക്കുന്ന ഒന്നായിട്ടാണ് വരുന്നത് എന്നതും ഓര്‍ക്കണം. ഇംഗ്ലീഷ്‌നാടകങ്ങളയും ഭാഷാനാടകങ്ങളെയും താരതമ്യപ്പെടുത്തിക്കൊണ്ടു പേഷ്‌കാര്‍ നടത്തുന്ന നീണ്ട പ്രസംഗം, നാടകം എന്ന കലാ/സാഹിത്യരൂപത്തോടും അതിനാധാരമായ പുതിയ  ജീവിതബന്ധങ്ങളോടും ആണ്‍പെണ്‍ ബന്ധങ്ങളോടുമുള്ള അസഹിഷ്ണുതകളെ സാധൂകരിച്ചുകൊണ്ടുള്ളതായിരുന്നു. ബൗദ്ധികമായി പടിഞ്ഞാറിന്റെ അധീശതയെ ഉപയോഗിച്ചുകൊണ്ടാണ് പാരമ്പര്യത്തിന്റേതായ തന്റെ യാഥാസ്ഥിതികശാഠ്യത്തെ അദ്ദേഹം ന്യായീകരിക്കുന്നത് എന്ന വൈരുദ്ധ്യമാണിവിടെ ശ്രദ്ധേയം. ഈ ഇരട്ടനിലയിലാണ് ആധുനിക ഇന്ത്യന്‍മധ്യവര്‍ഗത്തിന്റെ അടിത്തറ തന്നെ രൂപീകരിക്കപ്പെടുന്നത്.

നാടകം, കല, സദാചാരം
നാടകക്കാര്‍ എന്നൊരു വിഭാഗം കൂടി നാലുപേരിലൊരുത്തനില്‍  പുതുമയോടെ അവതരിപ്പിക്കപ്പെടുന്നുണ്ട്.  ശേഷയ്യര്‍ നാടകക്കാരുടെ വേഷം വിചിത്രമായാണ് മനസ്സിലാക്കുന്നത് . ''ഇനിക്കിവരെക്കുറിച്ച് ആദ്യം അബദ്ധമായിട്ടാണു മനസ്സിലായത്. അരക്കയ്യുള്ള കുപ്പായവും അരവാറും ധരിച്ചു നടക്കുന്നതു കണ്ടപ്പോള്‍ വെള്ളക്കാരുടെ ബട്‌ളര്‍മാരോ മേട്ടികളോ ആയിരിക്കാം എന്നു ഞാന്‍ അന്ധാളിച്ചു..'' (പുറം 57) നാടകക്കാരെ കണ്ട് പെണ്ണുങ്ങള്‍ മയങ്ങിപ്പോകുമെന്നു ഭയക്കുന്നതുപോലെതന്നെ, ലക്ഷ്മീകേശവത്തില്‍ മോഹിനിയാട്ടക്കാരികള്‍ പുരുഷ•ാരെയെല്ലാം വഴിതെറ്റിക്കുമെന്ന ഭീതിയുമുണ്ട്. കല എന്നതിനെ ലൈംഗികമായ സ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തി കാണുന്ന ഒരു സദാചാരനിഷ്ഠമായ വീക്ഷണമാണിത്. 

സദാചാരത്തെ ആണ്‍പെണ്‍ ബന്ധത്തിനിടയില്‍ ഉന്നയിച്ചുകൊണ്ട് പുതിയ ഒരു യാഥാസ്ഥിതികത തുടങ്ങുന്നത് ആണ്‍കോയ്മയുമായി ബന്ധപ്പെട്ടുകൊണ്ടാണ്. ആധുനികപൗരുഷത്തിന്റെ സാംസ്‌കാരികരൂപീകരണത്തില്‍ വെച്ചുകൊണ്ടാണ് സ്ത്രീയുടെ മേല്‍ ഏകപക്ഷീയമായി കെട്ടിയേല്‍പ്പിക്കപ്പെട്ട സദാചാരനിര്‍ബന്ധങ്ങളെ മനസ്സിലാക്കാന്‍ കഴിയുന്നത്. അതാവട്ടെ ഈ നോവലുകളിലെല്ലാം തന്നെ ചിതറിക്കിടക്കുന്ന ചര്‍ച്ചകളിലുണ്ട്. യൂറോപ്യന്‍ ആധുനികതയോടു വിവിധസന്ദര്‍ഭങ്ങളില്‍ നോവലിലെ കഥാപാത്രങ്ങള്‍ നടത്തുന്ന ആന്തരികസംവാദങ്ങള്‍ അതു വെളിപ്പെടുത്തുന്നു. ഇന്ദുലേഖയില്‍ കൊളോണിയല്‍ ആധുനികചിന്തയോടു ഐക്യപ്പെട്ട മാധവന്‍ മലയാളിസ്ത്രീയുടെ പാതിവ്രത്യത്തെക്കുറിച്ചുള്ള ആശങ്ക പങ്കുവെയ്ക്കുന്നു: '...മലയാളത്തിലെ സ്ത്രീകള്‍ മറ്റു രാജ്യങ്ങളിലെ സ്ത്രീകളെപ്പോലെ പാതിവ്രത്യധര്‍മം ആചരിക്കുന്നില്ല. ഭര്‍ത്താക്ക•ാരെ യഥേഷ്ടം എടുക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നു. പിന്നെയും പല സ്വതന്ത്രതകള്‍ ഉണ്ട്. ..'' (പുറം 47, ഇന്ദുലേഖ) നിലനില്‍ക്കുന്ന കുടുംബഘടനയക്കകത്ത് മലയാളിപ്പെണ്ണുങ്ങള്‍ പാതിവ്രത്യത്തെ വിലവെയ്ക്കുന്നുണ്ടെന്ന ഇന്ദുലേഖയുടെ ശക്തവും ദീര്‍ഘവുമായ വാദങ്ങള്‍ക്കു ശേഷം ഭാര്യാഭര്‍ത്താക്ക•ാര്‍ക്കു വേണ്ടപ്പോള്‍ യഥേഷ്ടം അന്യോന്യമുള്ള സംബന്ധം വിടര്‍ത്തുവാന്‍  അവരിരിരുവരിലും ആര്‍ക്കെങ്കിലും അധികാരം ഉണ്ടായിവരുന്നത് നല്ല സ്വതന്ത്രതയാണെന്ന് താന്‍ വിചാരിക്കുന്നില്ലെന്ന് മാധവന്‍  നിലപാട് വ്യക്തമാക്കുന്നു. ചാരിത്ര്യത്തിന്റെ ഭാഷയില്‍ സ്വാതന്ത്ര്യത്തെ വിശകലനം ചെയ്തുകൊണ്ടാണ് ഈ ഭാഗം അവസാനിക്കുന്നത്. ചാരിത്ര്യത്തെയും സ്ത്രീസ്വാതന്ത്ര്യത്തെയും ദാമ്പത്യത്തെയും കുറിച്ചുള്ള ചന്തുമേനോന്റെ നിലപാടുകളിലെ പതര്‍ച്ചയും സന്ദിഗ്ധതകളും ശ്രദ്ധേയമാണ്. അത് അക്കാലത്തെ ബുദ്ധിജീവിവിഭാഗത്തിന്റെ മനോഘടനയുടെ പരിച്ഛേദമാണ്. 

പരിഷ്‌കരണത്തിന്റെ മുന്‍കൈ
ഇവിടെ ബൗദ്ധികമായി  സ്വാംശീകരിച്ച പടിഞ്ഞാറന്‍ യുക്തികളെ ഉപയോഗിച്ച് മേല്‍ക്കൈ കയ്യാളുകയും അതേ മേല്‍ക്കൈ ഉപയോഗിച്ച് യാഥാസ്ഥിതികതയെയും പാരമ്പര്യത്തെയും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നത് നാം കാണുന്നു. ആരുടെയൊക്കെ അല്ലെങ്കില്‍ ഏതേത് വിഭാഗങ്ങളിലാണോ ഇവര്‍ തങ്ങളുടെ അധീശത സ്ഥാപിക്കുന്നത് അതതു വിഭാഗങ്ങളില്‍ നിന്നും നേരിട്ടുള്ള സ്വരങ്ങളെ ഇല്ലായ്മ ചെയ്യുന്നതാണ് ഈ മേല്‍ക്കൈകള്‍. സ്വന്തം ഏജന്‍സികളായി, സ്വയം നിര്‍വാഹകത്വമുള്ളവരായി അവരെ സങ്കല്പിക്കാന്‍ (സാംസ്‌കാരികമായും സാമുദായികമായും നിലനില്‍ക്കുന്ന) ഈ ബൗദ്ധികനേതൃത്വങ്ങള്‍ക്ക് പലപ്പോഴും കഴിയുന്നില്ല. ഇത് അവര്‍തന്നെ സ്വയം കേന്ദ്രത്തില്‍ പ്രബലമായി നിലകൊണ്ട് നിയന്ത്രകസ്ഥാനമേറ്റെടുക്കുമ്പോഴും ചുറ്റുമുള്ള അനുബന്ധഘടനകളെ തന്റെ ആശയങ്ങളുടെ പിണിയാളുകളോ നടത്തിപ്പുകാരോ ആക്കിത്തീര്‍ക്കും. ഇന്ദുലേഖ സ്വന്തം പുരോഗമനനിലയോടും വ്യക്തിസ്വാതന്ത്ര്യത്തോടും പ്രതിബദ്ധയായിരിക്കുമ്പോള്‍ത്തന്നെ കല്യാണിക്കുട്ടിയുടെ മേല്‍ നടന്ന നിര്‍ബ്ബന്ധിതസംബന്ധത്തെ ചെറുക്കാനവള്‍ക്കു കഴിയാതെ പോയതും അതുകൊണ്ടാണ്.  പരിഷ്‌കാരവിജയത്തിലെ മാത്തുവിന്റെ വിശകലനം ഈ പ്രക്രിയയെ നന്നായി ഉദാഹരിക്കും. പുതിയ പരിഷ്‌കാരപ്രകാരം സദ്യക്ക് ഇലയിട്ട് ഊണുവിളമ്പുന്ന രീതിയില്‍ മാറ്റം വരുത്താന്‍ മാത്തു പലരോടും ഉപദേശിക്കുന്നുണ്ട്. ആധുനികമായ ജീവിതചര്യകളെക്കുറിച്ചും രീതിമര്യാദകളെക്കുറിച്ചും സാമുദായികമായി ഇടപെട്ടുകൊണ്ട് ബോധവല്‍ക്കരണം നടത്താന്‍   മാത്തു ശ്രമിക്കുന്നു. ഇത് മാത്തുവിന്റെ സുഹൃത്തായ ലോനച്ചന്റെ കുടുംബാംഗങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. പുലകുളിയടിന്തിരത്തിന്റെ സദ്യക്ക് ഒരിലയില്‍ രണ്ടാള്‍ ഉണ്ണുന്ന പതിവുരീതിയെപ്പറ്റി മാത്തുവിന് വളരെ മോശം അഭിപ്രായമാണുള്ളത്. ഓരോരുത്തരും വെവ്വേറെ ഇലയില്‍ കഴിക്കണം എന്നാണ് മാത്തു പറയുന്നത്. അതനുസരിച്ച് സദ്യയുടെ രീതി പരിഷ്‌കരിച്ചെങ്കിലും ആ പരിഷ്‌കാരം അതില്‍ വിധേയരായി നിന്ന വിഭാഗങ്ങളെ എത്രമാത്രം പരിഗണിച്ചിരുന്നുവെന്ന കാര്യം വെളിവാക്കുന്നുണ്ട് നോവലിസ്റ്റ്. മരണാനന്തരം പുലകുളിയടിന്തിരം കഴിഞ്ഞ് പിരിഞ്ഞുപോകുന്ന ദമ്പതിമാരുടെ സംഭാഷണമാണ് ഇവിടെ സൂചിപ്പിക്കുന്നത്. പെണ്ണുങ്ങള്‍ക്കു ഓരോരുത്തര്‍ക്കും വെവ്വേറെ ഇലകളില്‍ ഊണുകൊടുത്തത് അസൗകര്യമായി എന്ന് ഒരു സ്ത്രീ ഭര്‍ത്താവിനോട് അഭിപ്രായപ്പെടുന്നു. 
ചാണ്ടി: '' എന്തേ ? അമ്മമാര്‍ക്കു വെടിപ്പായിട്ട് വിളമ്പിയില്ലേ? ''
മറിയത്തമ്മ: ''വെളമ്പിയത് മുറയ്ക്കുതന്നെയായിരുന്നു. പെമ്പറന്നോര് അടുത്തു അടുത്തു തല തമ്മില്‍ ഏകദേശം മുട്ടി മുട്ടി ഇരിക്കുമ്പഴല്ലേ വല്ലതും തിന്നുകയുള്ളൂ. ഇതു എല്ലാവരും അകലെ ഇരുത്തി വെവ്വേറെ എലയില്‍ വിളമ്പി. കണ്ണീക്കണ്ട ആണുങ്ങളൊക്കെ പന്തലീ നിന്ന് മുഖത്തിട്ടു നോക്കിക്കൊണ്ടു നിന്നാല്‍ അമ്മമാര്‍ എങ്ങനെ തിന്നും? ലോനച്ചനും ആ പരിഷ്‌കാരി മാത്തുവും കൂടിയാണ് ഈ ചട്ടം ഉണ്ടാക്കിയത് അടിയന്ത്രം കഴിച്ചെന്ന് ഒരു പേരുവരുത്തി.''
ചാണ്ടി: '' വെവ്വേറെ എലയില്‍ ഊണു കൊടുക്കുന്നതു നല്ല ഒരു ചട്ടമാണ്. ഓരോരുത്തന്ന് ഇഷ്ടം പോലെ തിന്നാം, ഇതാണ് നല്ല ചട്ടം. എനിക്ക്  നന്നാ പിടിച്ചിട്ടുണ്ട്. 
മറിയത്തമ്മ: '' ആമ്പ്രന്നോര്‍ക്ക് ഇതു നല്ല ചട്ടമാണെന്നു തോന്നുന്നൊണ്ടായിരിക്കും.  പക്ഷേ പന്തിയിലിരുന്ന അമ്മമാര് നല്ലവണ്ണം ഉണ്ടില്ലെന്നേയുള്ളു,''
 ആനുഷംഗികമെന്നു തോന്നാവുന്ന ഈ അഭിപ്രായവ്യത്യാസങ്ങളെ ഇന്നത്തെ നിലയക്ക് വളരെ സൂക്ഷ്മതയോടെ നാം സമീപിക്കേണ്ടതുണ്ട്. പരിഷ്‌കാരം എന്നത് എല്ലാവര്‍ക്കും ഒരേപോലെ ബാധകമാകുന്നില്ല എന്ന അടിസ്ഥാനയാഥാര്‍ത്ഥ്യം നോവലിസ്റ്റ് ഭംഗിയായി പറയുന്നുണ്ട്. മറ്റൊരു കാര്യം പരിഷ്‌കാരത്തിന്റെയും പുരോഗമനത്തിന്റെയും ഏജന്‍സി/ കര്‍തൃത്വം അതിന്റെ പ്രജകളെ എപ്രകാരം അന്യവല്‍കൃതരാക്കുന്നുവെന്നതും ഈ സന്ദര്‍ഭം നമ്മോടു പറയുന്നുണ്ട്. ആയതിനാല്‍  പരിഷ്‌കാരത്തിന്റെയും പുരോഗമനത്തിന്റെയും പേരില്‍ മുന്‍ഗണനയില്‍ വരുന്ന ആണ്‍നായകകര്‍തൃത്വങ്ങളുടെ സ്വത്വപദവി അതതു മണ്ഡലങ്ങളിലെ ഇതരഘടകങ്ങളെ ജനാധിപത്യപരമായി അടുത്തറിയുകയോ സംവദിക്കുകയോ ചെയ്തിട്ടില്ലെന്നാണ് മനസ്സിലാകുന്നത്. കേരളീയനവോത്ഥാനം തന്നെ പുരുഷമുന്‍കൈയില്‍ നടന്ന സ്ത്രീപരിഷ്‌കാരമാണെന്ന പ്രബലവിമര്‍ശനങ്ങള്‍ക്ക് അടിവരയിടുകയാണ് ഈ സന്ദര്‍ഭവും. മാറ്റത്തിന്റെ വാഹകരായി പലപ്പോഴും കഥയറിയാതെ നിന്നുകൊടുത്ത്, പുരോഗമനത്തിന്റെ മേല്‍ക്കൈ പുരുഷനു മേല്‍ ചാര്‍ത്തിക്കൊടുക്കാവുന്ന വിധമാണ് ഇവിടെ ആണത്തഘടനയുടെ നില. അഥവാ പുരോഗതിയുടെ പാതയില്‍ സ്ത്രീകള്‍ നിര്‍ജ്ജീവരായ സാക്ഷിയുടെ നിലയിലെന്നവണ്ണമാണ് ചിത്രീകരിക്കപ്പെടുന്നത്. എന്നാല്‍ ഈ നോവലുകളിലെല്ലാം സ്ത്രീകള്‍ സ്വതന്ത്രവും മൗലികവുമായ അഭിപ്രായമുള്ളവരാണ്. അവരുടെ നിലപാടുകള്‍ക്ക് തങ്ങളുടെ സാമൂഹികപദവിയിലെ സന്ദിഗ്ധമായ കീഴാളത്തവുമായി ബന്ധമുണ്ടെന്നും കൂടി മനസ്സിലാക്കണം. തങ്ങളുടെ വിമോചനത്തെക്കുറിച്ചും പരിഷ്‌കാരത്തെക്കുറിച്ചും ഒരു സാമുദായികജീവി എന്ന നിലയില്‍ സ്ത്രീകള്‍ക്ക് സ്വയം ആഗ്രഹാഭിലാഷങ്ങളുണ്ടായിരിക്കുമ്പോഴും അവയേക്കാള്‍ അതേക്കുറിച്ചുള്ള പുരുഷന്റെ ആശയപദ്ധതികള്‍ക്ക് ആധികാരികപദവി ലഭിക്കുന്നു. ഈ വിപര്യയം മിക്കപ്പോഴും സംഭവിക്കുന്നു. സാമൂഹികമായ നിര്‍വഹണശേഷിയില്‍ സ്ത്രീയെ അപേക്ഷിച്ചു പുരുഷനുള്ള മേല്‍ക്കൈ അയാളെ കൈനനയാതെ മീന്‍ പിടിക്കാന്‍ പ്രേരിപ്പിക്കുന്നു. സ്ത്രീ തന്റെ നിര്‍വഹണശേഷി ഉപയോഗിച്ചാല്‍ അത് അനാശാസ്യമായി ചെറുക്കപ്പെടുകയും ചെയ്യുന്നു. വി.ടി. ഭട്ടതിരിപ്പാടിന്റെയും അദ്ദേഹത്തിന്റെ കുടുംബാംഗവുമായിരുന്ന ഉമാ നരിപ്പറ്റയുടെയും ജീവിതത്തിലെ ചില സംഭവങ്ങള്‍ ഇതോടു ചേര്‍ത്ത് ആലോചിക്കാവുന്നതാണ്. 

ആണത്തനിലകളിലെ വ്യത്യസ്തതകളെക്കുറിച്ചും അതിന്റെ സ്വരൂപപരിണാമങ്ങളെക്കുറിച്ചും ചിന്തിക്കുമ്പോള്‍ അതിന് മേല്പ്പറഞ്ഞ സ്ത്രീപദവിയുമായുള്ള ബന്ധത്തെക്കൂടി കണക്കിലെടുക്കേണ്ടതുണ്ട്.  അതിലൂടെ തദ്ദേശീയനായ പുരുഷനെ കോളനിയനന്തരാശയങ്ങളുടെ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യാനുതകുന്ന ചില ഉപാധികള്‍ തെളിഞ്ഞുകിട്ടും. അതിലൂടെ കോളനിയിടങ്ങളില്‍ ലിംഗബന്ധങ്ങള്‍ പുതുക്കപ്പെട്ടതിന്റെ ചരിത്രപശ്ചാത്തലവും അതില്‍ പ്രവര്‍ത്തിച്ച ബലതന്ത്രങ്ങളും തെളിഞ്ഞു കിട്ടും.

സാര്‍വലൗകികപ്രണയം
തദ്ദേശീയസ്ത്രീയെ ചുഴിഞ്ഞുനോക്കി മനസ്സിലാക്കുമ്പോള്‍ തദ്ദേശീയപുരുഷന്റ ലിംഗപദവിയെസംബന്ധിച്ച  ആസൂത്രണങ്ങള്‍ തെളിഞ്ഞുവരുമെന്ന് കോളനിയനന്തരസമീപനങ്ങള്‍ വ്യക്തമാക്കുന്നു. അധിനിവേശകരെ സംബന്ധിച്ചിടത്തോളം വളരെ വിലയേറിയ ഒരു പരിഷ്‌ക്കരണവസ്തുവാണ് തദ്ദേശീയസ്ത്രീ. അവളെ കൃത്യമായി, വൃത്തിയും വെടിപ്പുമുള്ള ലിംഗസ്വത്വത്തിലേക്ക് പരിണമിപ്പിച്ച് ഭദ്രമായ സ്‌ത്രൈണമൂല്യസംഹിതകളുടെ ഉറവിടമായി നിലനിര്‍ത്തുക എന്നതാണ് ആവശ്യം. സ്ത്രീപരിഷ്‌കരണം കൊളോണിയല്‍ സംസ്‌കൃതിയുടെ മുഖ്യ ചരിത്രദൗത്യമായി എണ്ണപ്പെട്ടു. ഉത്തമസ്ത്രീയുടെ പദ്ധതികളില്‍ ഏറ്റവും പ്രധാനം അവള്‍ മാനകഘടന (hetero-normative structure)യിലെ ഭിന്നവര്‍ഗലിംഗഘടനയിലായിരിക്കണമെന്നാണ്.  സ്വവര്‍ഗാഭിരുചിയുള്ളവളോ അലൈംഗികയോ മറ്റിതരലിംഗസ്വത്വമോ ഒന്നുമാകാന്‍ പാടില്ല. ഉത്തമമായ മാനകഘടനയിലേക്ക് അവള്‍ മെരുക്കിയെടുക്കപ്പെടുമ്പോള്‍ മാത്രമേ  പുരുഷകാമനകള്‍ക്ക് സാധുതയുള്ളു. ആയതിനാല്‍ ഏകഭര്‍തൃത്വം, ചാരിത്ര്യം, വിവാഹം, കുടുംബിനീപദവി ഇതൊക്കെ ഏറ്റവും ഉയര്‍ന്ന ആദര്‍ശമായി സ്വരൂപിക്കപ്പെടുന്നു. വൃത്തിയും മിതവ്യയവും ശീലിച്ച, ആധുനികവിദ്യാഭ്യാസം നേടിയ, വീടലങ്കരിക്കാനും കുട്ടികളെ പരിപാലിക്കാനും കഴിയുന്ന രാഷ്ട്രനിര്‍മിതിയെ മാനിക്കുന്ന പൗരകൂടിയാണവള്‍. 

സ്ത്രീപുരുഷപ്രണയത്തിന്റെ നടത്തിപ്പിന് സ്ത്രീ നിശ്ചയമായും ഭിന്നലിംഗാഭിരുചിയുള്ളവളായിരിക്കണം. സാര്‍വലൗകികമായ പ്രണയമെന്ന സങ്കല്പനം തന്നെ സ്ത്രീയുടെ ഭിന്നലൈംഗികസത്തയിലൂന്നിയതാണ്. അതിലൂടെയേ വെളുത്തവന് തന്റെ സാമ്രാജ്യത്വവ്യാമോഹങ്ങളെ തൃപ്തമാക്കാനാവൂ. വെള്ളക്കാരനായ പുരുഷനോട് തദ്ദേശീയസ്ത്രീക്കുണ്ടാകുന്ന ആഭിമുഖ്യത്തില്‍ പ്രണയം മാത്രമല്ല; ഉത്തമസ്ത്രീത്വത്തിലേക്ക് പരിഷ്‌കരിക്കപ്പെടാനുള്ള  വാഞ്ഛ കൂടി ഉള്ളടങ്ങിയിരിക്കുന്നു. വെള്ളക്കാരന്‍ അധീശസങ്കല്പമായി സ്വാംശീകരിച്ച മാനകപിതൃമേധാവിത്വത്തെ അംഗീകരിച്ചു നിലനിര്‍ത്താനും കൊണ്ടാടാനും കഴിയും വിധം തദ്ദേശീയസ്ത്രീ മെരുക്കപ്പെട്ടിരിക്കുന്നു. അതിനേറ്റവും അടിസ്ഥാനപരമായ ആവശ്യം അവള്‍ ഭിന്നലൈംഗികതയിലായിരിക്കുക എന്നതാണ്. ക്വീറായ ഒരുവളില്‍ നിന്നും വെള്ളക്കാരന് ഒരിക്കലും ഉഭയസമ്മതപ്രകാരമുള്ള ലൈംഗികതയോ പ്രണയമോ കിട്ടുകയില്ല. സാംസ്‌കാരികനിര്‍മിതിയായിത്തന്നെ രൂപംകൊള്ളുന്ന വൈകാരികപ്രേരണകളാണ് അതിനു പിന്നിലുള്ളത്. ആയതിനാല്‍ കുടിയേറ്റകോളനീകരണം ഒരു സാര്‍വലൗകികപ്രണയത്തിന്റെ കഥ കൂടിയാണെന്നു വരുന്നു. പ്രണയം മറ്റൊരു തരത്തിലും ഉണ്ടായിക്കൂടാ എന്ന മുന്നുപാധി പ്രധാനമാണിവിടെ. എല്ലായിടത്തും ഈ മട്ടിലുള്ള ആണ്‍പെണ്‍ പ്രണയം മാത്രം സാധൂകരിക്കപ്പെടുന്നു.  

പരിഷ്‌ക്കരിക്കപ്പെട്ട പ്രാകൃത
വെളളക്കാരനോട് തദ്ദേശീയസ്ത്രീക്കുളള അഭിവാഞ്ഛകളെ മിത്തിക്കലായ ഒരു ചരിത്രസന്ദര്‍ഭത്തിലൂടെ വെളിവാക്കാന്‍ കഴിയും. പൊക്കാഹൊണ്ട എന്ന തദ്ദേശീയ അമേരിക്കന്‍ സ്ത്രീയുമായി ബന്ധപ്പെട്ടതാണീ സൂചനകള്‍. വിര്‍ജീനിയയിലെ പ്രാദേശികരാഷ്ട്രീയപ്രമുഖനും ഗോത്രവര്‍ഗസമുദായപ്രമാണിയുമായ പൗഹാട്ടന്റെ മകളായിരുന്നു പോക്കാഹോണ്ട(1596-1617). ജോണ്‍സ്മിത്ത് എന്ന വെള്ളക്കാരന്‍ അധിനിവേശകന്‍ അവരുടെ പ്രദേശത്തില്‍ വെച്ച് പിടിയിലായപ്പോള്‍ അവള്‍ അയാളെ രക്ഷിച്ചതായാണ് കഥ. തന്റെ പിതാവ് അയാളുടെ തലയറുക്കാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ അയാളുടെ തലയ്ക്കു മുകളില്‍ തന്റെ  ശിരസ്സര്‍പ്പിച്ചുകൊണ്ട് നാടകീയമായാണതു നിര്‍വഹിച്ചത്. ഈ കഥയുടെ വ്യത്യസ്തതരത്തിലുള്ള ആഖ്യാനങ്ങള്‍ കാണാം. കൂടാതെ ഈ ആഖ്യാനത്തിന്റെ വിശ്വാസ്യതയെക്കുറിച്ചും ചരിത്രകാര•ാര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഏതായാലും പില്‍ക്കാലത്ത് ഇംഗ്ലീഷുകാരുടെ പിടിയിലായ പൊക്കാഹോണ്ട മതംമാറ്റപ്പെട്ട് റെബേക്ക എന്ന പേരു സ്വീകരിച്ചു. തന്റെ നാട്ടിലേക്കു മടങ്ങാനവസരം ലഭിച്ചപ്പോഴും അവര്‍ ഇംഗ്ലീഷുകാരോടൊപ്പം നിന്നു. പിന്നീട് പുകയിലകൃഷിക്കാരനായ ജോണ്‍ റോള്‍ഫിനെ വിവാഹം കഴിച്ചു. റോള്‍ഫ് ഇംഗ്ലണ്ട് സന്ദര്‍ശിക്കുമ്പോഴേക്കും  അവള്‍ ഒരു സാംസ്‌കാരികബിംബമായി ഉയര്‍ത്തപ്പെട്ടിരുന്നു. 'പരിഷ്‌കരിക്കപ്പെട്ട പ്രാകൃത'(രശ്ശഹശ്വലറ മെ്മഴല)യുടെ ഉദാത്തമാതൃകയായി അവള്‍ വാഴ്ത്തപ്പെട്ടു. തദ്ദേശീയരെ വെള്ളക്കാര്‍ക്കുവേണ്ടി ഒറ്റുകൊടുക്കുകയായിരുന്നു പൊക്കാഹോണ്ട ചെയ്തതെന്ന വ്യാഖ്യാനങ്ങളും സുലഭമാണ്.  ചുരുക്കത്തില്‍ വെള്ളക്കാരന്‍പുരുഷന്റെ സ്വത്വപരമായ അധീശതയുടെ സാംസ്‌കാരികമായ ഉപകരണമാണ് തദ്ദേശീയസ്ത്രീയുടെ കാമനകള്‍. ഇവിടെ സ്വാഭാവികമായും നിലനിന്ന പലതരം ലിംഗ, ലൈംഗികബന്ധങ്ങളും സാമ്പത്തികസംവിധാനങ്ങളും കുടുംബസമ്പ്രദായങ്ങളും ആധുനികപരിഷ്‌കൃതിയുടെ പേരില്‍ മാനകീകരിക്കപ്പെടുകയും  പുതുപിതൃമേധാവിത്വം സ്ഥാപിക്കപ്പെടുകയും ചെയ്യുന്നതിന്റെ പിന്നില്‍ ഈ ബലതന്ത്രങ്ങളെല്ലാമുണ്ട്. സ്വത്തുടമാജാതികളില്‍ത്തന്നെ മരുമക്കത്തായത്തില്‍നിന്ന് മക്കത്തായത്തിലേക്കുള്ള പരിവര്‍ത്തനം പുതിയ തരം ലൈംഗികക്രമീകരണത്തിലേക്കുള്ള പരിണാമം കൂടിയാണ്. ഈ പരിവര്‍ത്തനത്തിനായുള്ള യജ്ഞമാണ് മാധവനെപ്പോലുള്ളവരെ പുരോഗമന നായകനാക്കുന്നത്. ആധുനികമൂല്യങ്ങളുടെ വാഹകനും പരിഷ്‌കാരിയും തന്റേടിയുമായ തദ്ദേശീയനായകപുരുഷനെ പ്രണയിക്കുന്ന സ്ത്രീ തത്വത്തില്‍ സായിപ്പിനെത്തന്നെയാണ് പ്രണയിക്കുന്നത്. ഓരോ പ്രണയിനിയിലും പൊക്കോഹോണ്ട എന്ന ഒറ്റുകാരിയെ ഒളിച്ചുകടത്തുകയാണ് കൊളോണിയല്‍ ആധുനികത ചെയ്തത്. അവളിലൂടെയേ ഈ ബലിഷ്ഠനായകന് വീണ്ടും വീണ്ടും അധികാരത്തെ പുതുക്കിയെടുക്കാനാവൂ. 

തദ്ദേശീയപുരുഷvരില്‍ത്തന്നെ പുതുജീവിതബോധം സ്വാംശീകരിച്ച പരിഷ്‌കാരികളായ പുരുഷ•ാരെ നായകരും കാമുകരുമാക്കിത്തീര്‍ത്തത് പുതിയ സ്ത്രീയുടെ നവനിര്‍മിതമായ ഈ കാമനാബലമാണ്. ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിക്കുകയും ഇംഗ്ലീഷ് പറയുകയും ക്രിക്കറ്റു കളിക്കുകയും തൊപ്പി വെച്ച് നായാട്ടിനു പോകുകയും ഒക്കെ ചെയ്യുന്ന ഇന്ദുലേഖയിലെ മാധവനും ലക്ഷ്മീകേശവത്തിലെ കേശവനും സുകുമാരിയിലെ സത്യദാസനും സരസ്വതീവിജയത്തിലെ മരത്തനും വസുമതിയിലെ ദാമോദരനും പരിഷ്‌കാരവിജയത്തിലെ മാത്തുവും ഇന്ദുമതീസ്വയംവരത്തിലെ സുകുമാരനും ഒക്കെ പരിഷ്‌കൃതരായ ആധുനികപുരുഷ•ാരാണ്. അവരും യൂറോപ്യന്‍ പുരുഷന്റെ മാതൃകയില്‍  പരിഷ്‌കൃതരായി സ്വയം വാര്‍ത്തെടുക്കാന്‍ യത്‌നിക്കുന്നു. പരമ്പരാഗതമായ തൊഴില്‍ വിട്ട് സര്‍ക്കാര്‍ ലാവണങ്ങളില്‍ കയറിപ്പറ്റി പുതിയ സമ്പദ്വ്യവസ്ഥയുടെ ഭാഗമായിത്തീരുകയാണവര്‍. ശമ്പളം വ്യക്തിയുടെ സ്വതന്ത്രതയുടെയും പൗരത്വത്തിന്റെയും ആധുനികതയുടെയും മാനകമായി പ്രവര്‍ത്തിക്കുന്നു. വസുമതിയില്‍ കുഞ്ഞിരാമനും കോരപ്പനും രാമനുണ്ണഇയും കൂടി സംസാരിക്കുമ്പോള്‍ തൊഴിലിനെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നുണ്ട്. ഗവണ്‍മെന്റുദ്യോഗത്തിന്റെ മഹത്വം എടുത്തു പറയുകയും ഭംഗ്യന്തരേണ അത് പുരുഷന്റെ യോഗ്യതയായി വ്യാഖ്യാനിക്കുകയുമാണ് കുഞ്ഞിരാമന്‍ ചെയ്യുന്നത്. (പുറം 64,65) അത്രതന്നെ കേരളീയസ്ത്രീയെ എപ്രകാരമെല്ലാം നന്നാക്കിയെടുക്കേണ്ടതുണ്ടെന്ന കാഴ്ച്ചപ്പാട് അവരിലുണ്ട്. വെള്ളക്കാരന്റെ ബാധ്യത (ംവശലേ ാമി' െയൗൃറലി) അവര്‍ പങ്കിട്ടെടുക്കുകയാണ്. 

ആചാരങ്ങളും രീതിമര്യാദകളും പുതുക്കിയെഴുതുന്നതിലൂടെ അവര്‍ സ്വയം മാറിത്തീരുന്നതിന്റെ കാഴ്ച്ചകള്‍ ഈ നോവലുകളിലെമ്പാടും കാണാം. പരിഷ്‌കാരവിജയത്തിലെ മാത്തു സുഹൃത്ത് ലോനച്ചന് കുഞ്ഞ് ജനിച്ചതറിഞ്ഞ് അഭിനന്ദനസൂചകമായി ഹസ്തദാനം ചെയ്യുന്നത്  കാണാം. ഇതു കൗതുകപൂര്‍വം നിരീക്ഷിച്ച അവരാ എന്ന കാരണവര്‍ അതു തൃശൂരെ പരിഷ്‌കാരമാണോ എന്നാരായുന്നു. എന്നാല്‍ അത് പൊതുവേ എല്ലായിടത്തുമുള്ള പരിഷ്‌കാരമാണെന്നാണ് മാത്തു പറഞ്ഞു മനസ്സിലാക്കുന്നത്. തുടര്‍ന്ന് പരിഷ്‌കാരമെന്നതിന്റെ അര്‍ത്ഥം മാത്തു വിശദീകരിക്കുന്നു.''പരിഷ്‌കാരികളെന്നത് ഒരു പ്രത്യേകജാതിയോ സമുദായമോ അല്ല. സജ്ജനസംസര്‍ഗ്ഗം കൊണ്ടും ഉയര്‍ന്ന പഠിപ്പു കൊണ്ടും മനോമാഹാത്മ്യം ഉണ്ടായി, അതുകാരണം ഹീനത്വ സമ്പ്രദായങ്ങളെ ഉപേക്ഷിച്ചും പരദേശീയരുടെ ഭേദപ്പെട്ട നടപടികള്‍  കണ്ടു പഠിച്ചും അനാവശ്യവും ദുര്‍ച്ചിലവുള്ളതുമായ സാമൂഹികചട്ടങ്ങളെ ഭേദപ്പെടുത്തിയും പുതുനടപ്പുകളെ കാലാനുസരണം  അംഗീകരിച്ചും നടക്കുന്ന ഏവരെയും  പരിഷ്‌കാരമുള്ളവരെന്നു പറയാം'' (പുറം 31, പരിഷ്‌കാരവിജയം) സുകുമാരിയില്‍ നന്ദി പറയുന്ന ഉപചാര രീതിയെക്കുറിച്ച് നീണ്ട ഒരു സംവാദം തന്നെയുണ്ട്. സത്യദാസനും തേജോപാലനും സുകുമാരിയും തമ്മില്‍ നടക്കുന്ന ഈ സംഭാഷണത്തില്‍ നന്ദി പറയുന്നതിന് ഇംഗ്ലീഷുകാരുടെ തേങ്ക്‌സ് എന്ന വാക്കിന് സമാനമായ വാക്ക് മലയാളത്തില്‍ ഇല്ലാത്തതിനെക്കുറിച്ച് കുണ്ഠിതപ്പെടുന്നുണ്ട്. 'നിങ്ങള്‍ക്ക് ആരാനും നല്ല ഒരു വസ്തു തന്നാല്‍ നിങ്ങള്‍ സലാം എന്നു പറയുന്നു.  വെള്ളക്കാര്‍ തേങ്ക്‌സ് എന്നു പറയുന്നു. ഈ തേങ്ക്‌സ് എന്ന വാക്കിനു പകരം സലാം എന്ന വാക്ക് സായ്വുമാര്‍ നുമ്മളുടെ ഇടയില്‍ നടപ്പാക്കിയതാകുന്നു എന്ന് ഗുരുക്കള്‍ പറയുന്നു.' (പുറം 64). വിനോദത്തിലും ഒഴിവുസമയം ചെലവിടുന്നതിലും ആധുനികീകരണത്തിന്റെയും, ആധുനികവ്യക്തിപൗരത്വത്തിന്റെയും അടയാളങ്ങള്‍ രൂപപ്പെട്ടുവരുന്നത് ഈ നോവലുകള്‍ വെളിവാക്കുന്നു.  വസുമതി നോവലിലെ ബാങ്കുദ്യോഗസ്ഥനായ സുബ്രഹ്മണ്യയ്യര്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി വിനോദത്തിനായി വേട്ടയക്കു പോകുന്നുണ്ടെങ്കിലും അയാള്‍ക്കതു വിഷമമുണ്ടാക്കുന്നുണ്ട്. ഉടനെ സ്‌നേഹിതന്‍ അയാളെ സമാധാനിപ്പിക്കുന്നത് ഇങ്ങനെ :''....യൂറോപ്യന്‍മാരുടെ വിനോദമെന്താണ്? അറിയോ? നായാട്ട്, ശിക്കാറ് ഇവയല്ലേ? അവരൊക്കെ പാപികളാണോ?  സാമി വിചാരിക്കുന്നോ ഈ സായ്പുമാരൊക്കെ നേരെ നരകത്തിലേക്കാണ് യാത്രയെന്ന്?'' (പുറം 53)  

ഒരു കൂട്ടത്തിനകത്തു പാലിക്കേണ്ട ആധുനികമായ സാമൂഹികമര്യദകള്‍, വ്യക്തിസ്വകാര്യതയെ മാനിക്കല്‍, സമയം പാലിക്കുക മുതലായ ആധുനികവ്യക്തിത്വത്തിന് അനിവാര്യമായ കാര്യങ്ങളും  ഇവിടെ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്.  രാമനുണ്ണിയും ദാമോദരനും വസുമതിയും കൂടി സംസാരിച്ചിരിക്കുന്ന സമയത്ത് ഒരു സ്വകാര്യം പങ്കുവെയ്ക്കാനുണ്ടെന്നു ദാമോദരന്‍ രാമനുണ്ണിയോട് പറയുന്നു. പെട്ടന്ന് വസുമതി എഴുന്നേറ്റ് അകത്തേക്കു പോകുന്നതിനെ ആധുനികമായ മര്യാദയായി നോവലിസ്റ്റ് വിവരിക്കുന്നു: 'പരിഷ്‌കാരികളായ രാജ്യക്കാരുടെയും സമുദായക്കാരുടെയും ഇടയില്‍ സമയം വളരെ വിലയുള്ളതായി ഗണിക്കപ്പെടുകയും  അതിന്നനുസരിച്ചുതന്നെ അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നമ്മുടെ ഇടയില്‍ ദ്രവ്യസ്ഥ•ാരു പ്രമാണികളുമായ യോഗ്യ•ാര്‍ക്കു  കുളിക്കുക, ഉണ്ണുക, വെടിപറക;വെടിപറക, ഉണ്ണുക, കുളിക്കുക, ശീട്ടുകളിക്കുക,പകലുറങ്ങുക; പകലുറങ്ങുക, ശീട്ടുകളിക്കുക എന്നീ നിത്യവൃത്തികളല്ലാതെ വിശേഷിച്ചു വേറെ ജോലികളില്ലാതിരിക്കുന്നതിനാല്‍, മറ്റുള്ളവര്‍ സമയത്തിനു കല്പിച്ചിരിക്കുന്ന വിലയെ മനസ്സിലാക്കാന്‍ അവര്‍ക്കു സാധ്യമല്ലാതെ വരുന്നു. അതുകൊണ്ടാണ് ചിലപ്പോള്‍ മറ്റുള്ളവരെ കാണാന്‍ പോകുമ്പോള്‍ സമയഭ്ദത്തെ കേവലം അഗണ്യമാക്കുന്നതും ചെന്നുകഴിഞ്ഞാല്‍ അനാവശ്യമായി ഇരുന്നു ബുദ്ധിമുട്ടിക്കുന്നതും. ' (പുറം 158, വസുമതി) മറ്റുള്ളവരുടെ രഹസ്യങ്ങളില്‍ ചെന്നു തലയിടാനുള്ള  വാസനയെയും നോവലിസ്റ്റ് പരിഹാസ്യമായി കരുതുന്നു.

സ്ത്രീകളുടെ സമൂലമായ നവീകരണം ഇവരുടെ പ്രധാനപദ്ധതിയാണ്. സ്ത്രീകള്‍ എന്ന പ്രത്യേകവിഭാഗത്തെ ഇംഗ്ലീഷുകാരെപ്പോലെ 'പരിഷ്‌ക്കരിക്കപ്പെടേണ്ട പ്രാകൃത'-രായിത്തന്നെ നിരന്തരം തിരിച്ചറിയാന്‍ പ്രേരിപ്പിക്കുന്ന വിധത്തിലായിരുന്നു അവരിലെ ആധുനികതാബോധം ക്രമീകരിക്കപ്പെട്ടതെന്നതാണ് ഇതിനു കാരണം. അവരെ സംബന്ധിച്ചടത്തോളം സ്ത്രീകള്‍ സ്വതന്ത്രരായ പൗരരോ, വ്യക്തികളോ അല്ല തന്നെ. ആധുനികവിദ്യാഭ്യാസം സ്ത്രീകളെ നന്നാക്കിയെടുക്കുമെന്ന വിശ്വാസം ഈ നായകരെല്ലാം തന്നെ വെച്ചുപുലര്‍ത്തുന്നതു കാണാം.  ലക്ഷ്മീകേശവത്തിലെ ഒരു സന്ദര്‍ഭം നോക്കൂ: 
ക•ാരന്‍: '' സ്ത്രീകളുടെ വിദ്യാഭ്യാസത്തില്‍ അത്ര നിര്‍ബ്ബന്ധമുണ്ടോ?''
കേശവന്‍ 'നിര്‍ബന്ധമുണ്ട്. ഇപ്പോഴുള്ള മിക്കവാറും സ്ത്രീകളുടെ സ്ഥിതിപോലെ അവര്‍ സന്തതിക്കുള്ള ഒരു യന്ത്രമായി മാത്രം ഇരിക്കണമെന്നല്ല എന്റെ വിചാരം. അവരുടെ അവയവങ്ങള്‍ ആഭരണങ്ങളെക്കൊണ്ടെങ്ങനെ അലങ്കരിക്കപ്പെടുന്നുവോ അതുപോലെ തന്നെ വിദ്യാഭ്യാസത്താല്‍ മനസ്സും അലങ്കരിക്കപ്പെടണം.'' സ്ത്രീകള്‍ക്കു വിദ്യാഭ്യാസമുണ്ടായാല്‍ വീട്ടുപണികളില്‍ അവരുടെ ശ്രദ്ധ കുറയുമെന്നു പറയുന്ന ക•ാരനോട് കേശവന്‍ തുടര്‍ന്നു പറയുന്നതിങ്ങനെ: 'വീട്ടുസാമാനങ്ങളെ ശുചിയാക്കിവെയ്ക്കല്‍, പാചകവൃത്തി, സമാധാനത്തോടുകൂടിയ നല്ല ചട്ടങ്ങളെ ഏര്‍പ്പെടുത്തല്‍, മിതമായിട്ടുള്ള ചെലവു ചെയ്യല്‍ മുതലായതുകളെ വിദ്യാഭ്യാസമുള്ള ഒരു സ്ത്രീ അതില്ലാത്തൊരുത്തിയേക്കാള്‍ വളരെ അധികം വെടിപ്പായി ചെയ്യുമെന്നു നിശ്ചയം തന്നെ. ' തുടര്‍ന്നു പഠിപ്പുണ്ടായാല്‍ സ്ത്രീകളുടെ പാതിവ്രത്യം ഭംഗപ്പെടുമെന്നും ശൃംഗാരികളായി മാറുമെന്നുമൊക്കെയുള്ള ക•ാരന്റെ വാദങ്ങളെ നിഷ്‌ക്കരുണം വാദിച്ചു തോല്പിക്കുന്നു, കേശവന്‍. വസുമതിയില്‍ യൂറോപ്യന്‍ മട്ടിലുള്ള ആധുനികദാമ്പത്യത്തെക്കുറിച്ചുള്ള വര്‍ണപ്പകിട്ടാര്‍ന്ന സങ്കല്പനങ്ങള്‍ കടന്നുവരുന്നുണ്ട്. ആധുനികദാമ്പത്യം വിദ്യാഭ്യാസത്തിലൂടെയാണ് സ്ഥാപിച്ചെടുക്കാനാവുക എന്നും കൂടി ഈ സങ്കല്പം പങ്കുവെയ്ക്കുന്ന വസുമതീ ദാമോദരന്‍മാര്‍ കരുതുന്നു. വസുമതി: ' യൂറോപ്യ•ാര്‍ ഭാര്യയോടും മക്കളോടും പെരുമാറുന്നത് നമുക്കു പാഠമായിട്ടുമുണ്ട്. വര്‍ത്തമാനപ്പത്രങ്ങളും ഇക്കാര്യത്തില്‍  വളരെ ഗുണം ചെയ്തിട്ടുണ്ട്.
ദാമോദരന്‍: 'ശരിയാണ്, പറയത്തക്ക ഒരാളുടെ വിവാഹം കഴിഞ്ഞാലോ  ഭാര്യാഭര്‍ത്താക്ക•ാരില്‍ വല്ലവരും മരിച്ചാലോ  പുനര്‍വിവാഹം നടന്നാലോ, ആ വിവരങ്ങള്‍ പത്രത്തില്‍ കാണും. അന്യായമായി  ഒരു ഭാര്യയെ ഉപേക്ഷിക്കുന്നതുപോലും പത്രക്കാര്‍ വെളിപ്പെടുത്തുന്നു. അതൊക്കെ തല്ക്കാലം വലിയ ഗുണം ചെയ്തില്ലെങ്കിലും മനുഷ്യരുടെ മനസ്സിന്റെ സ്ഥിതിക്കു ചില ഭേദങ്ങള്‍ വരുത്തുന്നുണ്ടെന്നാണ് എന്റെ വിശ്വാസം.'
ഉത്തമസ്ത്രീയെയും അവളിലൂടെ അനന്തര തലമുറയെയും സൃഷ്ടിച്ചെടുക്കാന്‍ നടത്തിയ ആധുനിക കൊളോണിയല്‍ പരിഷ്‌കാരപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സൂചനകള്‍ സുകുമാരിയിലുമുണ്ട്. തദ്ദേശീയരിലെ പുതിയ തലമുറയിലേക്ക് പഴയതലമുറയുടെ സംസ്‌കാരം പകരാതിരിക്കാനും അവരെ കൂടുതല്‍ സംസ്‌കൃതീകരിക്കാനും വേണ്ടി ബോര്‍ഡിംഗിലും അനാഥശാലകളിലുമാക്കുന്നതിലേക്കു വരെ മാനകപിതൃമേധാവിത്വത്തിന്റെ നടപടികള്‍ നീണ്ടിരുന്നു.  സുകുമാരിയെ അനാഥശാലയില്‍ ചേര്‍ക്കാന്‍ കൊണ്ടുപോകുന്ന സമയത്ത് സത്യദാസന്റെ അമ്മ ജ്ഞാനാഭരണം പറയുന്നു: '' നമ്മുടെ സമുദായത്തില്‍ നല്ല കുട്ടികളും നല്ല സ്ത്രീകളും നല്ല പുരുഷ•ാരും ഉണ്ടായിവരേണമെങ്കില്‍ അതിന് ഇപ്പോള്‍ അടിസ്ഥാനമിടേണ്ടത് ഈ ശാലയിലാകുന്നു.' (പുറം 75) ലാളിത്യം, ക്ഷമ, സഹിഷ്ണുത, വൃത്തി, അടുക്കും ചിട്ടയും,  വിനയം, മിതവ്യയം, അലങ്കാരമില്ലായ്മ എന്നിവയിലൂടെയാണ് കുടുംബിനിയായ സ്ത്രീയുടെ മാതൃകയെ നോവല്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. യൂറോപ്യന്‍  ജീവിതബോധവും ജീവിതശൈലിയും രൂപപ്പെടുത്തുന്നതിലേക്കായി അനാഥാലയത്തിലെ കുട്ടികള്‍ക്ക് ഓരോരുത്തര്‍ക്കും വിദേശത്തുള്ള ഒരു കുട്ടിയുമായി തൂലികാസൗഹൃദം ഏര്‍പ്പെടുത്തുക പോലും ചെയ്തിരുന്നു. അവര്‍ പരസ്പരം കത്തെഴുതുകയും ആവശ്യപ്പെടുന്ന സമ്മാനങ്ങള്‍ വിശേഷാവസരങ്ങളില്‍ എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു. 

സ്‌ത്രൈണീകരിക്കപ്പെട്ട തദ്ദേശീയപുരുഷന്‍
അതേസമയം തദ്ദേശീയരില്‍ത്തന്നെ മറ്റൊരു വിഭാഗം പുരുഷ•ാര്‍ പരമ്പരാഗതമായ ആചാരമര്യാദകളില്‍ മുറുക്കെ പിടിക്കുന്നവരും സ്ത്രീവിദ്യാഭ്യാസത്തിനും സ്ത്രീസ്വാതന്ത്ര്യത്തിനും എതിരുമാണ്. അവരെ ഈ സാഹചര്യത്തില്‍ എങ്ങനെ മനസ്സിലാക്കണം?  സരസ്വതീവിജയത്തിലെ കുബേരന്‍നമ്പൂതിരിയും വസുമതിയിലെ മന്നന്‍ വൈദ്യനും ഇന്ദുലേഖയിലെ പഞ്ചുമേനോനും സൂരിനമ്പൂതിരിപ്പാടും കറുത്തേടം നമ്പൂതിരിയുമൊക്കെ അടങ്ങുന്ന ഈ വിഭാഗം മാറ്റത്തിനുമുമ്പില്‍ പതറുന്നവരോ പിടിച്ചുനില്‍ക്കാന്‍ കഷ്ടപ്പെടുന്നവരോ ആണ്. തദ്ദേശീയസ്ത്രീയുടെ സാമൂഹികവും സാംസ്‌കാരികവുമായ പിന്നോക്കാവസ്ഥയക്കു കാരണക്കാരാണ് പാരമ്പര്യവാദികളായ ഇവര്‍ എന്ന മുന്‍ധാരണയിലാണ് നോവലുകളിലെ ആഖ്യാനം മുന്നോട്ടു പോകുന്നത്. ആയതിനാല്‍ ഈ പുരുഷ•ാരുടെ പിടിയില്‍ നിന്നും സ്ത്രീകളെ രക്ഷിച്ചെടുക്കുകയാണ് പുരോഗമനകാരികളുടെയും വെള്ളക്കാരന്റെയും ലക്ഷ്യം. അതോടൊപ്പം അയാളെ നന്നാക്കിയെടുക്കേണ്ടതുമുണ്ട്. അത്തരത്തില്‍ നോക്കുമ്പോള്‍ വെള്ളക്കാരന്റെ മുന്‍വിധിക്കനുസൃതമായി പരിഷ്‌ക്കരിക്കപ്പെടേണ്ട സ്‌ത്രൈണതയുടെ പ്രാകൃതത്വം തന്നെയാണ് ഇവരിലുമുള്ളത്. പ്രണയം ഇവര്‍ക്കറിയില്ല. സംബന്ധം മാത്രമേ അറിയൂ. ശൃംഗാരശ്ലോകങ്ങള്‍ ചൊല്ലി സ്ത്രീകളെ മയക്കാനേ ഇവര്‍ക്കറിയൂ. കണ്ണഞ്ചിപ്പിക്കുന്ന സ്വര്‍ണാഭരണപ്രഭയും സ്വത്തുകൂമ്പാരങ്ങളുടെ പ്രദര്‍ശനവും കൊണ്ട് സ്ത്രീയില്‍ താല്പര്യം ജനിപ്പിക്കാമെന്നവര്‍  കരുതുന്നു. അത്തരക്കാരെ പ്രണയമെന്ന സ്ത്രീപുരുഷബന്ധത്തിന്റെ ഉയര്‍ന്ന ആദര്‍ശം അനുശീലിപ്പിച്ചെടുത്ത് സംസകൃതീകരിക്കുക എന്ന ദൗത്യം കൂടി പുരോഗമനകാരികള്‍ക്കും അതേ പോലെ പരിഷ്‌ക്കരിക്കപ്പെട്ട സ്ത്രീകള്‍ക്കുമുണ്ടാവുന്നു. മക്ഷാമന്‍സായ്വിന്റെ ഭാര്യ തനിക്കു ഹസ്തദാനം ചെയ്ത്തും തന്നെ നോക്കി ചിരിച്ചതും സായിപ്പു കൂടെ ഉള്ളപ്പോഴും കൂടെക്കൂടെ കടാക്ഷിച്ചതും ഒക്കെ തന്നോട് മദാമ്മയ്ക്ക് ഒരു കമ്പമുള്ളതിനാലാണെന്നു സൂരി പറയുമ്പോള്‍ അതു പരിഹാസ്യമായിത്തീരുന്നത് ആധുനികശൈലിയിലുള്ള അഭിവാദനരീതികള്‍ അറിയാത്തതിനാല്‍ മാത്രമല്ല, ഇകഴ്ത്തപ്പെട്ട ആണത്തത്തിന്റെ സൂചന ഉള്ളതുകൊണ്ടുകൂടിയാണ്. ഹാസ്യത്തിന്റെ സന്ദര്‍ഭങ്ങള്‍ രൂപപ്പെടുന്നത് ഏറെയും തദ്ദേശീയ പുരുഷന് ഇപ്രകാരമുള്ള ശേഷികള്‍ ഇല്ലെന്നു വെളിവാകുന്നിടത്തുവെച്ചാണ്. അപരിഷ്‌കൃതവും തദ്ദേശീയവുമായ ഒരു നോട്ടത്തിന്റെ ഒരുദാഹരണം  gaze(ിമശേ്‌ല മിറ ൗിരൗഹൗേൃലറ ഴമ്വല) കറുത്തേടം നമ്പൂതിരി നൂല്‍ക്കമ്പിനിയെക്കുറിച്ചും തീവണ്ടിയെക്കുറിച്ചും പറയുന്നിടത്തു നാം കാണുന്നുണ്ട്. വിഡ്ഢിയും തദ്ദേശീയനുമായ ഫ്യൂഡല്‍ പുരുഷനില്‍ നിന്നുള്ള അത്തരമൊരു നോട്ടം സരസ്വതീവിജയത്തിലും കാണാം. കളക്ടറുടെ മുമ്പാകെ ഹാജരായി ചോദ്യം ചെയ്യലിനു വിധേയമായി പുറത്തുവന്ന് റോഡിലൂടെ നടന്നു പോകുകയാണ് കുബരന്‍ നമ്പൂതിരി. അപ്പോള്‍ റോഡരികിലുളള പ്രവര്‍ത്തിശാലയില്‍ നിന്നും കുറച്ചു സ്ത്രീപുരുഷ•ാര്‍ പുറത്തിറങ്ങി ഒന്നിച്ചു സംസാരിച്ചു ഹൃദയാഹ്ലാദത്തോടെ പോകുന്നതു കണ്ടു. സ്ത്രീകള്‍ക്ക് ഒന്നും ആഭരണമില്ല. എന്നാല്‍ ആ സ്ത്രീപുരുഷ•ാര്‍  നല്ല വൃത്തിയും വെടിപ്പുമുള്ള വേഷവിധാനത്തിലായിരുന്നു.നല്ല ഉച്ചാരണശുദ്ധിയോടെ സംസാരിച്ചു നീങ്ങുന്ന ഇവരെ നമ്പൂതിരി സാകൂതം നിരീക്ഷിക്കുകയും അവരാരെന്നറിയാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇവിടെ പ്രവൃത്തിശാലയുടെ സാന്നിധ്യം ആധുനികവ്യക്തിയുടെ ഒരു സൂചകമാണ്. 
നമ്പൂതിരിമാരുടെ വൃത്തിബോധത്തെ കണക്കറ്റു പരിഹസിക്കുന്ന സന്ദര്‍ഭവും സരസ്വതീവിജയം നോവലിലുണ്ട്. ശൗചം ചെയ്ത അതേ കുളത്തിലെ വെള്ളം കൊണ്ടു തന്നെ കവിള്‍ക്കൊള്ളുന്നതിലെ അപഹാസ്യത എടുത്തു പറയുന്നു.(പുറം 58) എന്നാല്‍ അവര്‍ക്ക് റോഡിലൂടെ നടക്കുമ്പോള്‍ കൂടി തീണ്ടലാണ്! 

ആദ്യകാലനോവലുകളിലെ മുസ്ലീം പുരുഷനെക്കുറിച്ചുള്ള ആഖ്യാനസന്ദര്‍ഭങ്ങള്‍ ഒരു പടികൂടികടന്ന് അങ്ങേയറ്റം വംശീയമായ അപരത്വത്തെ സൃഷ്ടിക്കുന്നുണ്ട്. ദുഷ്ടവും കുടിലവുമായ പാത്രഘടനയാണ് ഇന്ദുലേഖയിലെ ഷേര്‍ ആലംഖാനേപ്പോലുള്ള കഥാപാത്രങ്ങള്‍ക്കെങ്കില്‍ പ്രാകൃതവും വികൃതവുമായ ചേഷ്ടകളിലൂടെ, സംഭാഷണങ്ങളിലൂടെ, ശരീരഭാഷയിലൂടെ ഹാസ്യാത്മകമാക്കിയാണ് സുകുമാരിയിലും മറ്റും മുസ്ലിം പുരുഷന്‍ ചിത്രീകരിക്കപ്പെടുന്നത്. പ്രാകൃതവും വികൃതവുമായ അപരസ്വത്വം ആധുനികതയില്‍ നിന്ന് ഏറെ അകലെ നില്ക്കുന്നു എന്ന മട്ടിലാണ് മുസ്ലിം പുരുഷന്റെ നില. സുകുമാരിയില്‍ അയാള്‍ വ്യത്യസ്തമായ, അപരിചിതമായ ഒരു ഗ്രാമ്യഭാഷാഭേദത്തിലാണ് സംസാരിക്കുന്നത്. പ്രദീപന്‍ പാമ്പിരിക്കുന്ന് നിരീക്ഷിക്കുന്നതു പോലെ നോവലിലെ അവര്‍ണരും സ്ത്രീകളുമായ മറ്റ് വിഭാഗങ്ങളെല്ലാം തന്നെ നോവലിന്റെ ആഖ്യാനഭാഷയിലാണ് സംസാരിക്കുന്നതെങ്കില്‍ മുസ്ലിം അങ്ങനെയല്ല സംസാരിക്കുന്നത്. '' ഇബട ഈ ബണ്ടീന്റ ഓട്ടം കണ്ടിറ്റി നിങ്ങ ഇത്തിരി അയിശയിക്കുന്നല്ലോ.  നമ്മള മക്കത്ത്, കപ്പലിന്ന് പായി കൊടുക്കുമ്പോലെ തീബണ്ടിക്ക് പായുണ്ട്. കാറ്റും കൂടിയങ്ങ് പിടിക്കുമ്പളക്ക് ഓട്ടത്തിന്റൊര്- അദൃപ്പം എന്താ പറയണ്ടിയത്?'' തുടര്‍ന്നയാള്‍ ഒരു സുല്‍ത്താനും സായിപ്പും കൂടി മല്‍പ്പിടുത്തം നടത്തിയ കഥ പറയുന്നു. അതിശയോക്തി നിറഞ്ഞ അപരിഷ്‌കൃതഭാഷയിലാണിതും അയാള്‍ വിവരിക്കുന്നത്. ''ഓന്‍ അട്ക്ക ബര്ന്നത് കണ്ടപ്പോ തന്നെ ഇങ്കിലിയസ്‌ക്കാരന്‍ എലി എലിബെറക്കുമ്പോലെ ബെറച്ചി തൊടങ്ങി. ഓന്‍ അതു കണ്ടിറ്റി ഒന്നും ചെയ്തില്ല. എബന്റെ രണ്ടു കയ്യും കൂടക്കൂട്ടി ഓന്റെ ഒരു കയ്യോണ്ടിങ്ങ് പൊന്തിച്ചി നമ്മ ഒരിബടി ബീശുമ്പോലെ തലയ്ക്കു ചുറ്റും ഒന്നു ബീശി ആടെ ഇട്ടേച്ചി. ബീശുമ്പോ കെണിപ്പെല്ലും ക്ട്, ക്ട്, ക്ട്, എന്നു പൊട്ട്ന്നത് കേട്ടിനായിനു''.  പൊങ്ങച്ചം നിറഞ്ഞ ഗ്രാമ്യമായ ഭാഷയില്‍ ഇവിടെ അനാവൃതമാവുന്നത് മേല്‍പ്പറഞ്ഞ പുരോഗമനത്തിനും ആധുനീകരണത്തിനും വെളിയില്‍ നിര്‍ത്തപ്പെടുന്ന മുസ്ലിം പുരുഷന്റെ പ്രാന്തസ്വത്വം തന്നെയാണ്. ഇതേക്കുറിച്ചുളള അഭിപ്രായത്തെ സമാഹരിച്ചുകൊണ്ടാണ് നോവലിസ്റ്റ് ഈ ഭാഗം അവസാനിപ്പിക്കുന്നത് എന്നതും ഈ വാദത്തെ ഉറപ്പിക്കുന്നുണ്ട്. ''എന്നാല്‍ മനുഷ്യര്‍ക്ക് അജ്ഞാനം നിമിത്തം എത്ര സത്യമായ കാര്യവും വിശ്വസിപ്പാന്‍ കഴികയില്ലെന്നും വിശ്വസിപ്പാന്‍ അശേഷം പാടില്ലാത്ത കാര്യങ്ങള്‍ കൂടി വിശ്വസിച്ചു മറ്റുള്ളവരോട് ലജ്ജകൂടാതെ വിവരിപ്പാന്‍ കഴിയുമെന്നും കരുണയും സുകുമാരിയും ഇതില്‍ നിന്നും പഠിച്ചു. 
സുകുമാരിയില്‍ ഒന്നലധികം തവണ കടന്നുവരുന്ന ടിപ്പുസുല്‍ത്താന്റെ പരാമര്‍ശവും നോവലിസ്റ്റിന്റെ സമീപനത്തെ ഉറപ്പിക്കുന്നതാണ്. വ്യക്തിപരമെന്നതിനേക്കാള്‍ ആധുനികീകരണത്തിന്റെ പൊതുബോധത്തില്‍ ഉറപ്പിക്കപ്പെട്ട അബോധകല്പനകളാണിവ. തളിപ്പറമ്പിനടുത്തുള്ള കോട്ടയില്‍ നിന്നുകൊണ്ട് ക്ഷേത്രത്തിന്റെ മതില്‍ തകര്‍ത്ത ടിപ്പുവിനെക്കുറിച്ചു ഒരിടത്ത് പറയുന്നുണ്ട് (പുറം 32). സായിപ്പും ചിരുതയും തമ്മില്‍ സംസാരിക്കുമ്പോള്‍  അവള്‍ സായിപ്പിനോട് ഒരു പാട്ടു പാടാന്‍ പറയുന്നു. അപ്പോള്‍ അടുത്തുനിന്ന ആള്‍ പാടുന്ന പാട്ട് ഇപ്രകാരമായിരുന്നു.
'അടിച്ചു പണ്ടത്തടി ഠിപ്പു സുല്‍ത്താന്‍ 
ഉടച്ചതും തീരെ മറന്നു പോയോ?'(പുറം 37) 
മറ്റൊരവസരത്തില്‍ ടിപ്പുവാണ് തന്റെ അച്ഛനമ്മമാരെ കൊന്നതെന്നും അങ്ങനെയാണ് താന്‍ അനാഥനായതെന്നും തേജോപാലന്‍ പറയുന്നുണ്ട്. (പുറം. 60) കേവലം ഭൂതകാലാനുഭവസ്മരണകളെന്നതിനേക്കാള്‍ നോവലിന്റെ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നതില്‍ ഈ പരാമര്‍ശങ്ങള്‍ക്കു പങ്കുണ്ടെന്നു കരുതാന്‍ പ്രയാസമില്ല. 

അവലംബം: 
1. സുകുമാരി, ജോസഫ് മൂളിയേല്‍,ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം 2013
2. ഇന്ദുലേഖ, ചന്തുമേനോന്‍, ഡിസി.ബുക്‌സ് കോട്ടയം, 2007
3. ഇന്ദുമതീസ്വയംവരം, പടിഞ്ഞാറേക്കോവിലകത്ത് അമ്മാമന്‍ രാജാ,ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം 2013
4. സരസ്വതീവിജയം, പോത്തേരി കുഞ്ഞമ്പു,ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം 2013
5. ലക്ഷ്മീകേശവം, കോമാട്ടില്‍ പാഡുമേനോന്‍,ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം 2013
6. പരിഷ്‌കാരവിജയം, വാര്യത്ത് ചോറി പീറ്റര്‍,ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം 2012
7. നാലുപേരിലൊരുത്തന്‍ അഥവാ നാടകാദ്യം കവിത്വം, സി.അന്തപ്പായി,ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം 2013
8. പരിഷ്‌കാരപ്പാതി, കൊച്ചു തൊമ്മന്‍ അപ്പോത്തിക്കിരി,ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം 2013
9. വസുമതി, മൂര്‍ക്കോത്തു കുമാരന്‍, മിസിസ് എന്‍.കുമാരന്‍ ആശാന്‍ , 1950
10. അജ്ഞാനദേശങ്ങളുടെ ആഖ്യാനങ്ങള്‍, പത്തൊമ്പതാം നൂറ്റാണ്ടിലെ മലയാളനോവലുകളുടെ പഠനം, എന്‍.സന്തോഷ്‌കുമാര്‍ ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം 2012
11. Decolonizing the queer native body (and recovering the Native Bull-Dyke) - Chris Finley , Queer indigenous studies : critical interventions in theory, politics, and literature, University of Arizona Press, 2011.

12. Arvin, Maile, Eve Tuck and Angle Morrill. "Decolonizing Feminism: Challenging connections between Settler colonialism and Hetero-Patriarchy" Feminist Formations 25.1(2013) : 
2013) : 
(യു. സി.കോളേജ് മലയാളവിഭാഗം റിസേര്‍ച്ച് ജേണല്‍ ഭൂമി 2019 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച മലയാളനോവല്‍: സമകാലികവായനയും വിചാരവും(എഡി.ഡോ.സജു മാത്യൂ) എന്ന കൃതിയില്‍ പ്രസിദ്ധീകരിച്ചത്‌)


Monday, April 1, 2019

അടുപ്പിന്‍ മീതെ തിളച്ചു പാകമാകുന്ന വചനം



പാഠഭേദത്തിന്റെ മുന്‍കയ്യില്‍ പുറത്തുവരുന്ന സ്ത്രീകവിതയുടെ ഈ പുതിയ സമാഹാരം ഉണര്‍വു പകരുന്ന ഒന്നാണ്. സ്ത്രീകള്‍ എഴുതുന്ന രചനകള്‍ സ്ത്രീവാദപരമായിരിക്കണം എന്ന പൊതുബോധ മുന്‍വിധികളെ ചെറുക്കുന്ന സര്‍ഗാത്മകപരിസരത്തുനിന്നാണ് ഈ കവിതകള്‍ പുറപ്പെട്ടുവരുന്നത്. എന്നാല്‍ എഴുത്തിന്റെ പ്രതലത്തില്‍ സ്ത്രീയനുഭവത്തിന്റ അടയാളങ്ങളെ വ്യത്യസ്തതകളോടെ മുദ്രിതമാക്കാനും ഈ സമാഹാരം ശ്രദ്ധിക്കുന്നു. സ്ത്രീയനുഭവങ്ങളാല്‍ പ്രചോദിതരും പ്രബുദ്ധരുമായിരിക്കുമ്പോള്‍ത്തന്നെ, സ്ത്രീപക്ഷരാഷ്ട്രീയത്തിന്റെ ബാധ്യതകളില്‍ നിന്നൊഴിഞ്ഞ് എഴുതുന്ന ഡോണ മയൂരയെപ്പോലെയുള്ള ധാരാളം കവികള്‍ ഇവിടെ എഴുതുന്നു. മലയാളകവിതാപാരമ്പര്യത്തെ സംബന്ധിച്ചിടത്തോളം അകത്തുനിന്നു പുറപ്പെട്ട് അകത്തേക്കു തന്നെ സഞ്ചരിക്കുന്ന ആത്മനിഷ്ഠവും ഏകാന്തവുമായ 'അഹം'ബോധസ്വരത്തെ വീണ്ടും വീണ്ടും തോറ്റുന്ന ഒരു പ്രവണത പലപ്പോഴും കാണാറുണ്ട്. അപ്പോഴെല്ലാം കാല്പനികമായ മാഴ്കലിന്റെ സ്വരമായി കവിത നിലക്കൊള്ളുന്നു. ഭാഷയാകട്ടെ, അധികം വെയിലേറ്റു വാടിയോ അല്ലെങ്കില്‍ അധികം വെള്ളം വലിച്ചു ചീയാന്‍ തുടങ്ങുകയോ ചെയ്യുന്ന തണ്ടുപോലെയും. അതില്‍ നിന്നുള്ള മുക്തി അനിവാര്യം തന്നെയായിരുന്നു. എഴുത്തിന്റെ മാധ്യമത്തെ തിരിച്ചറിയാതെയുള്ള ഭാഷാപരമായ വാചാലതയോ ധൂര്‍ത്തോ ആയ അത്തരം കവിതകള്‍ ഇന്നില്ലെന്നല്ല. അവയുടെ മുഷിഞ്ഞ മണം ഈ കൃതിയില്‍ കുറവാണ്. കാലം, പ്രകൃതി, ഉടല്‍, രതി, മരണം, സ്വപ്നം, എഴുത്ത്, അധികാരം, സ്വാതന്ത്ര്യം തുടങ്ങിയ പ്രമേയങ്ങളെ പരിചരിക്കുകയും ഒപ്പം കവിതയെന്ന മാധ്യമത്തെ മുന്നോട്ടു നയിക്കുകയും ചെയ്യുന്നവയാണീ കവികള്‍.  രണ്ടു ദശാബ്ദമായി മലയാളത്തിന്റെ പുതുകവിതാകാഹളത്തെ മുഴക്കത്തോടെ കേള്‍വിപ്പെടുത്തുന്നതില്‍ ഇവര്‍ക്കുള്ള പ്രാധാന്യം ചെറുതല്ല. 

സ്ത്രീകവിതകള്‍ ചരിത്രപരമായി വായിച്ചെടുക്കാന്‍ നോക്കുമ്പോള്‍ നേരിടുന്ന ഒരു പ്രശ്‌നം ചരിത്രഗതിയുടെ രേഖീയമായ അനുക്രമണികതയില്‍ അവയിലെ ഭാവുകത്വവ്യതിയാനങ്ങളെയോ വിച്ഛേദങ്ങളേയോ കണ്ണിചേര്‍ത്തെടുക്കാന്‍ കഴിയില്ല എന്നതാണ്. സ്ത്രീജീവിതത്തിന്റെ ഒരിക്കലും അവസാനിക്കാത്ത പോരാട്ടം, അലച്ചില്‍ അവയില്‍ തുടരുന്നു. അനുഭവങ്ങളുടെ സമാനത നിലനില്‍ക്കുമ്പോഴും കവിതകള്‍ ആഖ്യാനത്തിന്റെയും ഭാഷയുടെയും വ്യത്യസ്തപ്രകാരഭേദങ്ങളിലൂടെ വിച്ഛേദങ്ങളാക്കി മാറ്റുന്നു. കവിതയുടെ ഭാഷ അതിന്റെ പുറം തൊലിയല്ല, അതിലെ കാമ്പും ചോരയും നീരും അതൊഴുകുന്ന ദിശയും ഓശയുമാണ്. പുതിയൊരു ഭാഷ അതില്‍ത്തന്നെ ഒരു കവിതയെത്തേടുന്നുണ്ട്. മലയാളത്തിനകത്തെ പെണ്‍ഭാഷയുടെ മാനങ്ങളെ തുരന്നെടുക്കാനായുന്ന ശ്രമങ്ങള്‍ ഈ രചനകളിലുണ്ട്. താവഴിയെന്ന അമ്മുദീപയുടെ കവിത അന്യം നിന്നുപോയ താവഴിയെക്കുറിച്ചല്ല. ഒരേ അധ്വാനവും ഒരേ  പാരമ്പര്യത്തിന്റെ ഭാരവും പകരുന്ന സ്ത്രീത്തുടര്‍ച്ചകളുടെ വിഫലതകളെക്കുറിച്ചാണ്. അവ അന്യം നിന്നു പോകേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചാണ്. പരമ്പരയായിക്കിട്ടിയ അമ്മിക്കല്ല് മകളുടെ തലയ്ക്കിട്ടുകൊണ്ട് താവഴി അവസാനിപ്പിക്കുന്നു. അതിലെ ക്രൗര്യമോ നര്‍മമോ എന്നുറപ്പില്ലാത്ത ഭാഷയെക്കൊണ്ടാണ് കവിത വഴി തേടുന്നത്. അമ്മിക്കല്ലിന്റെ സ്ഥാവരതയെ നിലനിര്‍ത്താന്‍ അമ്മേടമ്മേടമ്മയും അമ്മേടമ്മയും അമ്മയും അതിനെ ഒന്നു ചലിപ്പിക്കാനായി താനും. രണ്ടിലും ബലി തന്നെ എന്ന വിപര്യയം, രണ്ടിന്റെയും തകര്‍ച്ച എന്ന പര്യവസാനം. ഒക്കെ ഭാഷയുടെ മുറുക്കത്തിലും 'ചുരുക്ക'ത്തിലും കുടിയിരിക്കുന്നു. ആശാലതയുടെ 'മഹാദേവിയക്കന്‍ മീന്‍വെട്ടുമ്പോള്‍'  അസാധാരണമായൊരു ഭാഷ നാം അറിയുന്നു. ക്ഷുരസ്യധാര, മോക്ഷമാര്‍ഗം, സമഷ്ടിവാദം എന്നിങ്ങനെ തത്വചിന്തയുടെ പദകോശങ്ങള്‍ക്കപ്പുറം അത് (സ്ത്രീയുടെ) ദൈനംദിനജീവിതത്തിന്റെ സര്‍വസാധാരണതയെ എടുത്തു പെരുമാറുന്നുണ്ട്. അടുപ്പിന്‍ മീതെ തിളച്ചു പാകമാകുന്ന വചനം. പാകമായി, എന്നിട്ടും തിളച്ചുകൊണ്ടിരിക്കുന്നു. അടുക്കള തിരിച്ചുപിടിക്കാന്‍ വേണ്ടിയല്ലാഞ്ഞിട്ടും മീന്‍വെട്ടലിന്റെയും (വെട്ടപ്പെടലിന്റെയും) സാധാരണതകള്‍ക്കകത്തെ പെട്ടുപോകലിന്റെയും സൂക്ഷ്മഗ്രഹണതയാണിവിടെ ഭാഷ.  കലിപ്പില്‍ നിന്നു വിരക്തിയിലേക്കുള്ള വിഴികളിലാണ് മ്യൂസ് മേരിയുടെ അടയാളവും കവിത നെയ്യുന്നത്. പി.പി.രാമചന്ദ്രന്റെ 'ലളിത'ത്തോടുളള പാഠാന്തരത്വം നിലനില്‍ക്കുമ്പോള്‍തന്നെ സ്ത്രീ എഴുത്തു വിധ്വംസകമാവേണ്ടതിന്റെ പ്രേരണകളും കവിത ഉള്ളടക്കുന്നു. കൂവലും തൂവലുമില്ലാതെ തൂറ്റല്‍ കൊണ്ടടയാളം തീര്‍ത്ത് വിച്ഛേദമാകുന്നു. 

രക്ഷകനെയോ നായകനെയോ ചെറുക്കുന്ന സ്വതന്ത്രഭാവനയാണ് കീഴാളപെണ്‍കവിത പൊതുവേ മുന്നോട്ടുവെയ്ക്കുന്നത്. മോളിയുടെ രാമായണം ഇതിഹാസത്തിന്റെ സ്ത്രീവിരുദ്ധതയിലൂന്നുമ്പോള്‍ ധന്യ വെങ്ങച്ചേരിയുടെ രാമായണം  രാമന്റെയും രാമായണത്തിന്റെയും അപ്രസക്തിയും കീഴാളപരിസരങ്ങളില്‍ അവയേല്പിക്കുന്ന ഹിംസയും  എഴുതുന്നു. കീഴാളമായ ഉന്നയിക്കലായി കവിതയെ മാറ്റിത്തീര്‍ക്കുന്നു. മലയാളത്തിലേക്ക് മുദ്രിതപ്പെടുന്ന ഗോത്രവവര്‍ഗഭാവനയായി നാമതിനെ തിരിച്ചറിയുന്നു. എം.ആര്‍.രാധാമണി  ചിട്ടിബുക്കില്‍ അനുഭൂതികളുടെ കുറുകലിനെ മുറുക്കിയെടുത്ത ധ്വനിഭാഷയില്‍ വേറിട്ട ദുരിതാനുഭവങ്ങളെ, 'ചട്ടിയും ചടന്തിയും നടന്നുതീര്‍ത്ത വഴികളെ' പകര്‍ത്തിയെഴുതുന്നു. മൃദുലാദേവി ശശിധരന്റെ സുജാതയും ദൈവവും എന്ന കവിതയില്‍ കീഴാളര്‍ക്ക് അപരിചിതനായ ദൈവത്തോടുള്ള കലിപ്പായി, ദൈവഭാവനകളോടുള്ള അന്യത്വമായി കവിത കലഹിക്കുന്നു. സ്വന്തം വംശത്തിന്റെ തന്നെ ബലിയുടെയും കൊലയുടെയും ചോരമണമുള്ള ഒറ്റിനെക്കുറിച്ചാണ്, ചരിത്രാതീതകാലം മുതല്ക്കുള്ള കീഴടങ്ങലിന്റെയും കീഴടക്കലിന്റെയും ബലതന്ത്രങ്ങളെക്കുറിച്ചാണ് സതി അങ്കമാലിയുടെ 'ഞാനും നീയും' സംസാരിക്കുന്നത്. കറുപ്പിന്റെ വംശീയമായ ഐക്യപ്പെടലിലാണ് അംബികയുടെ 'കാക്കകള്‍' വായിക്കപ്പെടുന്നത്. 

സ്ത്രീവിവേചനത്തിന്റെ സമകാലികതകളോടും ചരിത്രപരതയോടും അകമേ സംവദിക്കുകയും പുറമേയക്ക് അധികം വാചാലമാകാതെ തന്നെ പുതുഭാഷയിലവയെ എഴുതുകയാണീ കവിതകള്‍. പി.ഇ.ഉഷ 'മലകളി'ലും ഉഷ ആനിക്കോട് 'മണ്ണി'ലും  ചെയ്യുന്നതതാണ്.
പോയകാലത്തെ ചരിത്രസ്മൃതികളില്‍ നിന്ന് അതിരുകളില്ലാത്ത അതീതലോകങ്ങളെ തേടിയലയുന്നു, 'ഉമ്മ'യില്‍ വി.എം.ഗിരിജ. പെരുമഴയുടെ ഉന്മാദഭീതികളെ, ശൈശവസ്മരണകളെ തിരിച്ചുപിടിക്കാനായുന്നു, ഒ.വി.ഉഷ

വീട് സ്ത്രീകവിതകളിലെ ഒഴിയാബാധയായി ഇവിടെയല്ലാം കാണാം. അഭയവും തടവുമായി ഏറെ കവിതകളിലുമത് നിറയുന്നു. ഏകാന്തതക്കു കൂട്ടിരിപ്പായും പണിത്തിരക്കായുമൊക്കെ വീടു നമുക്കു പരിചിതം. എങ്കിലും വീട് ശരീരം തന്നെയായി മാറുന്ന പെണ്‍വാസ്തു ആര്‍.സംഗീതയെഴുതുമ്പോള്‍ അതില്‍ നിഹിതമായ സൂചനകളേറെ. കിണറാഴങ്ങളിലെ നിഗൂഢസൗഹൃദമായും കൂട്ടാന്‍രുചികളായും പഴകിയ ഓര്‍മകളായും ഉറക്കം വരാത്ത രാത്രകളായുമത് പെണ്ണിനെത്തന്നെ പരാവര്‍ത്തനം ചെയ്‌തെഴുതുന്നു. വീടാഴങ്ങള്‍ക്കകത്തു പിടികിട്ടാതെ, അടയാളങ്ങളില്ലാതെ സ്വയം നഷ്ടപ്പെടുന്നതിനെക്കുറിച്ചു ചിത്തിര എഴുതുന്നു. ജിസാജോസിന്റെ മുറ്റമടിക്കുന്നവന്‍, ഗിരിജാ പാതേക്കരയുടെ പെണ്‍കോന്തന്‍ തുടങ്ങിയ കവിതകള്‍ ആണത്തത്തിന്റെ വ്യവസ്ഥകളെ, അതിന്റെ സങ്കീര്‍ണതയെ അഴിച്ചു പണിയുന്നുണ്ട്. സേതുലക്ഷ്മിയുടെ 'നാഗരൂപി' സ്ത്രീപുരുഷബന്ധങ്ങള്‍ക്കകത്തെ വ്യവസ്ഥാധികാരങ്ങള്‍ സ്വാഭാവികമെന്നവണ്ണം വിഷം വമിക്കുന്നതിനെക്കുറിച്ചു പറയുന്നു. നാല്പതുകഴിഞ്ഞവളുടെ ഉള്ളിലെ മുല്ലപ്പൂന്തോട്ടം പ്രസരിപ്പിക്കുന്ന അധൃഷ്യമായ ജീവിതോര്‍ജ്ജങ്ങളോടാണ് ബദറുന്നിസ സംസാരിക്കുന്നത്.

പ്രണയഭാവനകളിലെ തരളമായ ഏകാകിതയുടെ മടുപ്പിക്കുന്ന സ്വരം ഒട്ടേറെ കവിതകളിലുണ്ട്. എങ്കിലും വിധു വിന്‍സെന്റിന്റെ ആസക്തം, രതി പതിശ്ശേരിയുടെ എന്തിന്റെ കേടാ?, രഗില സജിയുടെ വണ്ടിയോടിക്കലും ഇണചേരലും വിജയരാജമല്ലികയുടെ ദ്വീപ് തുടങ്ങിയ കവിതകളില്‍ രതികാമനകളുടെ പരാഗം പുതുമണം ചൊരിയുന്നു. തരളതകള്‍ക്കപ്പുറത്ത് പൂര്‍ണതയും ആധികാരികതയുമുള്ള മാദകമായ സ്‌ത്രൈണതകളെയാണ് ഈ കവിതകള്‍ തേടുന്നത്. എന്തായാലും ഇരവാദത്തിന്റെ വഴുവഴുപ്പിനു പുറത്തുകടന്നുകൊണ്ട്, ആഹ്ലാദസീമകളെ കണ്‍പാര്‍ത്തുകൊണ്ട് ഉന്മേഷത്തോടെ പുതിയ തന്മകളെ വരച്ചു ചേര്‍ക്കുകയാണീ കവിതകള്‍.
(ആകാശവും ഭൂമിയും തൊട്ട്: പാഠഭേദം പ്രസിദ്ധീകരിച്ച 75 സ്ത്രീകള്‍ എഴുതിയ കവിതകള്‍ക്ക് എഴുതിയ ആമുഖം)