Friday, January 30, 2015

വീട്ടുമുറ്റത്തെ കിണറ്റുവെള്ളംകാല്‍നൂറ്റാണ്ടിലേറെ നീണ്ടുകിടക്കുന്ന വിജയലക്ഷ്‌മിയുടെ കാവ്യമണ്‌ഡലം തീര്‍ച്ചയായും ഒറ്റവായനയില്‍ ഒതുങ്ങുന്നതല്ല. അവയിലെ ചില ആഭിമുഖ്യങ്ങളെയും അഭിരുചികളെയും വളരെ അടുത്തോ അകലെയോ നിന്നല്ലാതെ നോക്കിക്കാണാനുള്ള ശ്രമമാണിത്‌.

മലയാളകവിതയിലെ ആധുനികത ആഖ്യാനത്തിലും അനുഭവത്തിലും ഒരു അധീശസാന്നിധ്യമായിരുന്നു. കേന്ദ്രസ്ഥമായ ആശയങ്ങള്‍, തീക്ഷ്‌ണസ്വരത്തിലുള്ള വികാരവിചാരാവിഷ്‌ക്കാരങ്ങള്‍, ആഖ്യാനപരമായ ബഹുലതയും പരീക്ഷണങ്ങളും ചരിത്രത്തേയും പ്രത്യയശാസ്‌ത്രത്തേയും അഭിസംബോധന ചെയ്‌തുകൊണ്ടുള്ള പ്രമേയങ്ങള്‍, എന്നിങ്ങനെ വലിയ എടുപ്പുകള്‍ അവിടെ സാദ്ധ്യമായിരുന്നു. ആധുനികതക്കുശേഷം വന്ന കവിതകള്‍ രൂപപരമായിത്തന്നെ അയവുള്ള ഒരു ഘടനയിലാണ്‌ എഴുതപ്പെട്ടത്‌. ഏതാണ്ടു പൂര്‍ണ്ണമായും തന്നെ ഗദ്യഘടനയുടെ ഒരു ശയ്യ അവ നിരന്തരം സൂക്ഷിച്ചുപോന്നു. സ്ഥാപിതമായ ആധുനികതാ മൂല്യങ്ങളോടുള്ള പ്രതികരണങ്ങളും വിമര്‍ശനങ്ങളും അവയില്‍ ഒരു രാഷ്ട്രീയയുക്തിയായി തീരുന്നുണ്ട്‌.
വിജയലക്ഷ്‌മി, സാവിത്രീരാജീവന്‍, റോസ്‌ മേരി എന്നിവരുടെ ഒന്നാം നിര രചനകളില്‍ സ്‌ത്രൈണതയെക്കുറിച്ചുള്ള സമര്‍ത്ഥനങ്ങള്‍ വന്നു തുടങ്ങിയിരുന്നു. എങ്കിലും പെണ്ണെഴുത്തില്‍ മലയാളകഥ സഞ്ചരിച്ച ദൂരം കവിത സഞ്ചരിച്ചില്ല. സാഹിത്യത്തിലെ ആണ്‍കോയ്‌മയുടെ നടുത്തുണ്ടമായ ആധുനികതയുടെ ബാധ പൂര്‍ണമായും ഒഴിഞ്ഞുപോകാത്ത ഒരുഘട്ടത്തിലാണിവരുടെ രചനകള്‍ പുഷ്‌കലമായിത്തീര്‍ന്നതും.

ആധുനികതയില്‍, അതിന്റെ ദര്‍ശനത്തില്‍ അരച്ചു ചേര്‍ക്കപ്പെട്ട`ഞാന്‍' എന്ന കാല്‍പനിക അസ്‌തിത്വവാദ ഏകാകിയുടെ ഘടന ഇവരില്‍ മൂവരിലും കാണാമെങ്കിലും ഏറിനില്‍ക്കുന്നത്‌ വിജയലക്ഷ്‌മിയിലാണ്‌. കവിത കൂടുതല്‍ പ്രബുദ്ധവും രാഷ്ട്രീയോന്മുഖവുമായ പ്രവര്‍ത്തിയായിക്കൂടി കാണുന്നതിനാലാവാം സാവിത്രിയില്‍ ചിലപ്പോഴൊക്കെ പ്രഭാഷണപരത ഏറിനില്‍ക്കുന്നു. പലപ്പോഴും അവ പ്രസ്‌താവനയുടെ ശൈലിയിലുള്ള ഗദ്യകവിതയായി നില്‍ക്കുന്നു. അവ ഒരു കുറവ്‌ എന്ന നിലയ്‌ക്കല്ല, മറിച്ച്‌ ഒരു സവിശേഷതയായാണ്‌ എടുത്ത്‌ പറയുന്നത്‌. ആണ്‍ / പെണ്‍ വൈകാരികപ്രപഞ്ചത്തെയും കടന്ന്‌ ലിംഗഘടനയെത്തന്നെ ഒരു അധികാരവ്യവസ്ഥയായി പുതുക്കിയെഴുതാന്‍ സാവിത്രി ശ്രമിക്കുന്നത്‌ അതുകൊണ്ടുകൂടിയാണ്‌.

ആധുനികതയുടെ സ്വരൂപം ഏകശിലാത്മകമായല്ല സാക്ഷാല്‍ക്കരിക്കപ്പെട്ടതെന്ന്‌ ഇന്നു നാം സമ്മതിക്കുന്ന ഒരു കാര്യമാണ്‌. പലതരം ആധുനികതകളാണ്‌ യഥാര്‍ത്ഥത്തില്‍ നിലനിന്നത്‌ എന്നും നമുക്കറിയാം. ചരിത്രത്തോടുള്ള അഭിമുഖീകരണങ്ങളെ ആണ്‍ / പെണ്‍ കവിതകള്‍ ആവിഷ്‌കരിച്ചതിന്റെ വ്യതിയാനഭേദങ്ങള്‍ പക്ഷേ പലമയുടെ യുക്തിയില്‍ വിശദീകരിക്കാന്‍ കഴിയില്ല. കെ.ജി.എസ്സിലും ആദ്യകാല ആറ്റൂരിലും മറ്റുമുള്ള പ്രബുദ്ധതയുടെ രാഷ്ട്രീയദര്‍ശനയുക്തിയും മറ്റും ആധുനികതയുടെ പ്രബലമായ ഒരു ദിശ ആയിരിെക്കത്തന്നെ നേര്‍വിപരീതമായി അവയോടുള്ള ഉദാസീനതയാണ്‌ വിജയലക്ഷ്‌മിയെപ്പോലുള്ള സ്‌ത്രീകവികള്‍ പുലര്‍ത്തിയത്‌. ചരിത്രത്താടുള്ള പെണ്ണിന്റെ ഉദാസീനത അവളുടെ അഗാധമായ ചരിത്രബോധമെന്ന്‌ പി.പവിത്രന്‍. (പുറം 112, ആധുനികതയുടെ കുറ്റസ്സമ്മതം.) വിജയലക്ഷ്‌മിയുടെ കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്ന കാല്‍പനിക ഏകാകിനിയെ ആ ഒരര്‍ത്ഥത്തില്‍ക്കൂടി നമുക്കു വായിച്ചെടുക്കാം. സാര്‍വ്വലൗകികതയില്‍ ഊന്നിയ ആധുനികസാഹിത്യത്തിലെ പുരുഷ `ഞാനി'ന്റെ സ്‌ത്രീലിംഗമായിരിക്കെത്തന്നെ വിജയലക്ഷ്‌മി പെരുപ്പിച്ചെടുക്കുന്ന രാഷ്ട്രീയപ്രത്യയശാസ്‌ത്ര ഉദാസീനതയ്‌ക്ക്‌ ഇങ്ങനെ ഒരര്‍ത്ഥം കൂടി ഉല്‍പാദിപ്പിക്കാനാവും.

ആണ്‍/പെണ്‍ എന്നു കൃത്യമായി വേര്‍തിരിക്കപ്പെട്ട, ധ്രുവീകരിക്കപ്പെട്ട പ്രപഞ്ചലോകങ്ങളാണ്‌ ഈ കവിതയുടേത്‌. `ഉഭയലിംഗി'യുടെ അവസ്ഥ ഒരു സാധ്യതയല്ല, മറിച്ച്‌ ഗതികേടായി വരുന്നത്‌ അതുകൊണ്ടാണ്‌. ആണ്‌ ഇവിടെ അധികാരകേന്ദ്രവും പെണ്ണ്‌ അധികാരരഹിതമായ ഇടവുമായി എഴുതപ്പെട്ടുകൊണ്ടാണ്‌ ഈ ഭിന്നവര്‍ഗ്ഗലിംഗപദവി നിലനില്‍ക്കുന്നത്‌. ഇരയും വേട്ടക്കാരനുമായി വിഭജിക്കപ്പെട്ട ലോകത്തെ അമര്‍ത്തപ്പെട്ട കലഹങ്ങളും ആധുനികതയുടെ ദാര്‍ശനിക വിഷാദങ്ങളും മെരുക്കിയെടുത്ത പരിഭവപ്രതിഷേധങ്ങളും നിറം കെട്ടുപോയ കയ്‌പന്‍ നിരാസങ്ങളും നിറഞ്ഞ വൈകാരികപ്രപഞ്ചമാണ്‌ വിജയലക്ഷ്‌മിക്കവിതകള്‍. `മൃഗശിക്ഷകനും' ` തച്ചന്റെ മകളു'മെല്ലാം പങ്കുവെക്കുന്ന പുരുഷാധിപത്യത്തോടുള്ള പ്രതികരണങ്ങള്‍ ഈയൊരു തലത്തില്‍ കൂടി പെട്ടുകിടക്കുന്നു. അതു വഴിയെ ചര്‍ച്ച ചെയ്യാം. ആണ്‍/പെണ്‍ എന്ന ദ്വന്ദഘടനയിലെ മേല്‍/കീഴ്‌ ബന്ധങ്ങളില്‍ അധികാരത്തെ വിന്യസിച്ചുകൊണ്ടാണീ ഇരയിലെ ഏകാകി തിടം വെക്കുന്നത്‌. `മറ്റൊരു ഞാന്‍', `സത്യം', `വായന' തുടങ്ങിയ കവിതകളിലെ സ്‌ത്രീയെ ഒരു തിരസ്‌കൃതസ്വത്വപദവിയിലേക്ക്‌ ചെത്തിക്കൂര്‍പ്പിച്ചെടുക്കുന്നത്‌ മേല്‌പറഞ്ഞ സാര്‍വ്വലൗകികസത്തയിലൂന്നിയ ഏകാത്മക അഹംബോധത്തിലൂടെയാണ്‌. ചുരുക്കത്തില്‍ സത്താവാദപരമായ ഒരു അഹംബോധമാണ്‌ ഏകാകിനിയെ, ഇരയെ താങ്ങിനിര്‍ത്തുന്നത്‌. ഒരര്‍ത്ഥത്തില്‍ അരണ്ടവെളിച്ചമുള്ള ഒരു അകത്തിരുന്ന്‌ അകത്തേക്ക്‌ തന്നെയാണാ കവിതകള്‍ നോക്കിയത്‌. സാവിത്രിയിലേക്കു വരുമ്പോള്‍ ചെറിയ വ്യത്യാസം നാം കാണുന്നു. ഇരുപ്പ്‌ അകത്താണെങ്കിലും നോട്ടം പുറത്തേക്കാണ്‌. അടുക്കളയില്‍ നിന്ന്‌ അരങ്ങത്തേക്കുള്ള ദൂരമാണെങ്കിലും ആ അകലം പുറം ലോകത്തേക്കു കൂടി വലിച്ചു നീട്ടാനാവുമെന്ന്‌ ആ കവിതകള്‍ക്കറിയാം.`അടുക്കളയില്‍ നിന്ന്‌ അരങ്ങത്തേക്കു വന്ന വീട്ടുപകരണമാണ്‌ ഞാന്‍'(പ്രതിഷ്‌ഠ) . എങ്കിലും വീട്‌ ആ കാലുകളില്‍ പിടിച്ചു വലിക്കുന്നു. ആണ്‍/ പെണ്‍ എന്ന പോലെ, ഇര/വേട്ടക്കാരന്‍ എന്ന പോലെ അകം/പുറം ഈ കവിതകളെ ദ്വന്ദ്വങ്ങളുടെ അരങ്ങാക്കുന്നു. ഈ ദ്വന്ദ്വാത്മകഘടനകളില്‍ ഉള്‍ച്ചേര്‍ന്ന അധികാര പദവികള്‍ ഇന്നത്തെ നിലക്ക്‌ സ്ഥാപനവല്‍കൃതമായ ഒരു പെണ്ണെഴുത്തു യുക്തിയിലേക്ക്‌ അവയെ സമീകരിച്ചെടുക്കുന്നു.

പാരമ്പര്യത്തെ തന്റെ ഊര്‍ജ്ജപ്രഭവമാക്കുമ്പോഴും ഒരു അഭയസ്ഥലി കൂടിയായി വിജയലക്ഷ്‌മി കണ്ടെടുക്കുന്നത്‌ മേല്‍പ്പറഞ്ഞ ഏകാത്മകഅഹംബോധത്തില്‍നിന്നാണ്‌.്‌.പാരമ്പര്യവും പിതൃത്വവും

ആധുനികതയുടെയും ഉത്തരാധുനികതയുടെയും മഴകള്‍ കൊണ്ട വിജയലക്ഷ്‌മിക്കവിതയുടെ വിളനിലങ്ങള്‍ പല്‌പ്പോഴും ആസന്ന കാലമല്ല. പാരമ്പര്യമെന്ന നിലയില്‍ അവയില്‍ സംഭൃതമാകുന്ന ഉറവകള്‍ വൈലോപ്പിള്ളിയും ജി.യും കക്കാടും ബാലാമണിയമ്മയും അടങ്ങുന്ന ആധുനികപൂര്‍വ ഘട്ടത്തിന്റേതാണ്‌.
അനുഭവപരമായി ആധുനികതയില്‍ നില്‍ക്കുമ്പോഴും ആധുനികപൂര്‍വമായ ആഖ്യാനാശംങ്ങള്‍ ഏറെയാണ്‌ വിജയലക്ഷ്‌മിയില്‍. കര്‍സര്‍, സ്‌നാനം, ഉഭയലിംഗി, ജ്വരം മുതലായ കവിതകള്‍ നോക്കൂ. നാഗരികവും നവീനവുമായ അനുഭവസ്ഥലികളാണ്‌ നാം അവയില്‍ കാണുന്നത്‌. എന്നാല്‍ അവയ്‌ക്കുള്ളിലെ മൂല്യമണ്ഡലം മേല്‍പറഞ്ഞ ആധുനികപൂര്‍വതയുടേതാണ്‌.

ലോകസഞ്ചാരി എന്ന കവിതയില്‍ പിതൃബിംബത്തെ നെഞ്ചേറ്റുന്നത്‌ കാണാം.

``ലോകസഞ്ചാരിയാണച്ഛനിഛയ്‌ക്കൊത്തു
കാലങ്ങളെല്ലാം കുറുകേ കടന്നവന്‍
ഭീതമാം സായന്തനങ്ങളില്‍ സംഗീത
സാരമായ്‌ സ്വന്തനിശബ്ദത മാറ്റിയോന്‍''

ഭദ്രവും വിശ്വസ്‌തവും തെളിമയാര്‍ന്നതുമായ ബാല്യത്തിന്റെ അര്‍പ്പിതജീവിതം അച്ഛനില്‍ സുരക്ഷിതത്വമനുഭവിക്കുന്നു. ചലിക്കാത്ത വിശ്വാസമാണത്‌.

''കത്തുന്ന കപ്പല്‍, ഇതിന്നണിയത്തു ഞാന്‍
നില്‍ക്കയാമൊക്കെദ്ദഹിച്ചുതീരും വരെ
അച്ഛന്‍ പറയാതിറങ്ങുകയില്ല ഞാന്‍
കപ്പലും ഞാനും വെറും ചാരമാം വരെ''

'അച്ഛന്‌' എന്ന കവിത മുഴുവനായും തന്നെ പിതാവിനോടുള്ള ആത്മനിവേദനമാണ്‌.
`അച്ഛനു ശേഷം എനിക്ക്‌ ആരുമില്ലാതായി തീര്‍ന്നു. അകലെയെങ്കിലും എന്റെ വേരിലും തളിരിലും അച്ഛനുണ്ടായിരുന്നു.''
എന്‍.പി.പ്രണാമം, ഒളപ്പമണ്ണ, ബാലാമണിയമ്മയ്‌ക്ക്‌, തുടങ്ങിയ കവിതകളിലൊക്കെ പൂര്‍വികപാരമ്പര്യങ്ങളോടുള്ള മമതകളും പൂജകളുമായ്‌ ചേര്‍ന്നാണ്‌ പിതൃത്വം പ്രവര്‍ത്തിക്കുന്നത്‌.
''നഷ്ടപ്പെടുന്ന പിതൃക്കള്‍ ചിദാകാശ-
നിത്യപ്രകാശങ്ങള്‍ സന്ധ്യയില്‍ രാത്രിയില്‍
ഉറ്റുനോക്കുന്നു വഴിവെളിച്ചത്തിന്നായി
ഉജ്ജ്വല താരകളെ പാന്ഥരെപ്പോഴും''(എന്‍.പി.പ്രണാമം)

ബാലാമണിയമ്മയെ തന്റെ ഇഷ്ടകവിയായി പലപാട്‌ വിജയലക്ഷ്‌മി വിശദീകരിക്കുന്നുണ്ട്‌. ആ സ്‌നേഹോദാരതകള്‍ക്കകത്ത്‌ പൂര്‍വകവിപാരമ്പര്യത്തോടുള്ള ആദരമെന്നതിനേക്കാള്‍ സവിശേഷ മായ ആദര്‍ശാകത്മമൂല്യമണ്ഡലങ്ങളോടുള്ള ചാര്‍ച്ചയാണുള്ളത്‌.

`ഏറെ വയസ്സെനിക്കില്ലെന്നിരിക്കിലും
ദ്യോവിലെ ശോഭകള്‍ നോക്കിനില്‍ക്കേ,അന്നു
ജാലകച്ചില്ലില്‍ ഞാന്‍ കേട്ടു മൃദുസ്വരം
താവകമെന്നു തിരിഞ്ഞതില്ലെങ്കിലും'' -(ബാലാമണിയമ്മയ്‌ക്ക്‌)

'വില്‍പ്പത്ര'മെന്ന കവിതയില്‍ പാരമ്പര്യത്തിന്റെ ഈ ആദര്‍ശാത്മകത ചരാചരപ്രകൃതിയോടുള്ള ഇണക്കമായും ഇഴുകിച്ചേരലായും കവി കണ്ടെടുക്കുന്നു. ഇവിടെ പാരമ്പര്യത്തിന്റെ ഒസ്യത്തായി കവി മകനു ചിലത്‌ നല്‍കുന്നു. പ്രകൃതി സൗന്ദര്യങ്ങളും(സ്വച്ഛമാം വെയിലിന്‍ തിളക്കമാകുന്ന സ്വര്‍ണം, കാറ്റ്‌, മരങ്ങളുടെ മര്‍മ്മരം...) അവയില്‍ വീണുപോകുന്ന നിര്‍മലമായ സ്വപ്‌്‌നാത്മകമായ ചേതസ്സുമാണവ.
`ദുഃഖങ്ങളില്‍ നിത്യമോചനമേകുമീ
സ്വപ്‌നങ്ങള്‍ വില്‍പത്രമായി നല്‍കുന്നു ഞാന്‍''


പിതൃത്വമെന്ന അധീശകേന്ദ്രത്തോടുള്ള സംവാദമണ്ഡലമായാണ്‌ വിജയലക്ഷ്‌മിയിലെ പാരമ്പര്യകാമനകള്‍ പ്രവര്‍ത്തിക്കുന്നതെന്ന്‌ മേല്‍പറഞ്ഞ കവിതകള്‍ സാക്ഷ്യപ്പെടുത്തുന്നു. സ്‌ത്രീകവിത എന്ന പൊതുസംജ്ഞയ്‌ക്കു കീഴില്‍ വിജയലക്ഷ്‌മിയുടെ കവിതയെ ഉള്‍ച്ചേര്‍ത്തു നിര്‍ത്തുമ്പോഴുള്ള സംഘര്‍ഷം തിരിച്ചറിയാന്‍ ഈയൊരു നോട്ടക്കോണ്‍ സഹായിക്കുമെന്നു തോന്നുന്നു. പ്രത്യേകിച്ചും തച്ചന്റെ മകള്‍, മൃഗശിക്ഷകന്‍ എന്നീ രണ്ടു കവിതകളെയും അടുത്തു പരിശോധിക്കുമ്പോള്‍ പ്രതിഷ്‌ഠാപിതമായ ചില യുക്തികള്‍ അസ്ഥിരപ്പെടുന്നതായും തോന്നുന്നു.

മൃഗശിക്ഷകന്‍: നിസ്സഹായമായ പിന്‍വാങ്ങല്‍
മൃഗശിക്ഷകനിലെ ആഖ്യാനം മൃഗം/ഇര ശാസകനോടു നടത്തുന്ന ഏകഭാഷണമാണ്‌ . ഭയമാണിവിടത്തെ വികാരം. അധീശത്വം നിലനിര്‍ത്താന്‍ വേണ്ടി സ്ഥിരമായി ചലിപ്പിച്ചെടുക്കുന്ന, ഉറപ്പിച്ചെടുക്കുന്ന വികാരം തന്നെയാണ്‌ ഭയം. അവിടുന്ന്‌ കുതറിമാറാന്‍ പലതരത്തിലും ആഗ്രഹിക്കുന്ന വിധേയിയാണ്‌ കവിതയിലെ ആഖ്യാതാവ്‌. 'അടിമകണക്ക്‌ ഒതുങ്ങിയതെങ്കിലും താന്‍ പാവയല്ല' എന്ന തിരിച്ചറിവ്‌ അതിനുണ്ട്‌. ഇടക്ക്‌ അതിന്റെ വനചേതസ്സില്‍ ഒരു പാരമ്പര്യഘടകമായി രക്ഷാദൂതനായി ഒരു 'മൃഗപൗരാണികന്‍' കടന്നുവരുന്നു. സൂര്യനെ പിടിക്കാന്‍ പോയ അതിപുരാതനനായ ആ കാരണവരില്‍ പിതാവു തന്നെയാണുള്ളത്‌. രക്ഷിതാവായ പുരുഷരൂപം തന്നെയാണത്‌. ആ നോട്ടം ഊര്‍ജദായകമാണ്‌. പക്ഷേ, അതേറ്റുവാങ്ങാന്‍ ശേഷിയില്ല.

`കുനിയുന്നൂ കണ്‍കളവന്റെ നോട്ടത്തില്‍
തളരുന്നൂ ദേഹമവന്റെ ഹാസത്തില്‍
തൊഴുതുപോകയാണവനെത്താണുഞാന്‍
അരുതുനോക്കുവാനതിതേജസ്വിയെ
ച്ചുഴിഞ്ഞു നോക്കിയാലുടയും കണ്ണുകള്‍
അതിനുമുന്‍പീ നഖമുനകളാല്‍ തന്നെ
ഇനിയീകണ്‍കള്‍ ഞാന്‍ പിഴുതുമാറ്റട്ടെ''

നിര്‍ണായകമാണ്‌ ഈ വിധി.വിമോചനത്തിന്റെ തീവ്രമായ ഒരു ഘട്ടത്തിലെ നിസ്സഹായമായ പിന്‍വാങ്ങല്‍ .
''�.ഭയം,ഭയം മാത്ര
മടിമ ഞാന്‍ കുനിഞ്ഞിരിക്കുന്നു
മുതുകില്‍ നിന്‍ ചാട്ടയുലച്ചുകൊള്ളുക
വലയത്തില്‍ ചാടാനുണര്‍ന്നിരിപ്പു ഞാന്‍�

സ്വാതന്ത്ര്യം ഏറ്റെടുക്കാനോ താങ്ങാനോ ആവുന്നില്ല .അത്‌ പുതിയ ഉത്തരവാദിത്തം ആവശ്യപ്പെടുന്നു. സ്വാതന്ത്ര്യം കിനാവു മാത്രമായി തുടരാനാണ്‌ ഇര ഇഷ്‌ടപ്പെടുന്നത്‌. സ്വാതന്ത്ര്യ ത്തിനായുള്ള ആ മുറവിളി ഒരു സ്വയംനീതിമല്‍ക്കരണവും അതുകൊണ്ട്‌ സുരക്ഷയുമാണ്‌.

പിതൃമൂല്യങ്ങളുടെ സംഘര്‍ഷഭൂമിക
എഴുത്തിന്റേതുള്‍പ്പെടെയുള്ള സര്‍ഗാത്മകതയില്‍ സ്‌ത്രീയുടെ ആധികാരികതയെന്ത്‌? അവളുടെ അനന്യത എപ്രകാരമാണ്‌? അത്‌ സ്വയംഭരണാധിഷ്‌ഠിതമാണോ? ഈ ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. തച്ചന്റെ മകളുടെ പ്രത്യയശാസ്‌ത്രപരമായ ബോധവിതാനങ്ങള്‍ തീര്‍ച്ചയായും സ്‌ത്രീവാദപരം തന്നെയാണ്‌. എന്നാല്‍ അതിന്റെ അബോധപ്രതലം സുനിശ്ചിതമല്ല. കൂടിക്കുഴഞ്ഞു കിടക്കുന്ന അധീശമൂല്യങ്ങളും വൈകാരികരാഷ്ട്രീയങ്ങളും ചേര്‍ന്ന്‌ പിതാവിന്റെ അധീശനിലകളിലേക്കു തന്നെ കൂപ്പു കുത്തി വീഴുന്ന കാഴ്‌ച്ച ഉണ്ട്‌.ജേഷ്‌ഠന്റെ ദുര്‍വിധിയില്‍ ഉണരുന്ന ആത്മബോധവും കരുതലും സ്വന്തം ജീവിതത്തെക്കുറിച്ചുള്ള താക്കീതുകളും കരുതലുകളുമാകുന്നു.
`പോകയാണിന്നുളിപ്പെട്ടിയും മുഴ
ക്കോലുമായ്‌- വീതുളിക്കിരയായിടാ''
എന്ന്‌ നിശ്ചയദാര്‍ഢ്യവുമുണ്ട്‌. എങ്കിലും പോകാതെവയ്യ. ഈ പോക്ക്‌ എവിടേക്ക്‌ എ്‌ന്നതിനേക്കാള്‍ എവിടെനിന്ന്‌ എന്നിടത്താണ്‌ തീവ്രമാകുന്നത്‌. അപ്പോഴും അച്ഛന്റെ വാക്ക്‌, അനുഗ്രഹാശിസ്സുകള്‍ കൂടെയുണ്ട്‌.
''...നടക്കുക
ഏതു ദിക്കില്‍ നീ പോകിലും പോകാത്ത
പേരുനിന്‍ വിരല്‍ത്തുമ്പിലെന്നോര്‍ക്കണം''
പിതാവിന്റെ തുടര്‍ച്ച ശില്‍പകലയായി സര്‍ഗാത്മകതയായി കൂടെയുണ്ട്‌. വീതുളിക്കിരയായിടാ എന്നു പറയുമ്പോള്‍ സ്വയം വീതുളി വീണു മരിക്കുന്നതിനേക്കാള്‍ അച്ഛന്‍ ആ അവസരം നേരിടരുതെന്ന കരുതലും ഉണ്ടിവിടെ. പിതൃമൂല്യങ്ങളെ ആദര്‍ശാത്മകമായി സംരക്ഷിക്കുക എന്ന അബോധത്തില്‍ നിന്നല്ലേ ആ സ്വയംഭ്രഷ്ടത ഇറങ്ങിപ്പോക്ക്‌ സാധ്യമാകുന്നത്‌?അവിടെ നിന്നു പോകാതിരുന്നാല്‍ ഉണ്ടാകാനിടയുളള, പാപമാകാനിടയുള്ള ഗുരുനിന്ദയില്‍ നിന്നുമുള്ള പലായനം കൂടിയാണത്‌. നെഞ്ചിലേറ്റുന്ന കനത്തൊരു കല്ലുളി ഓര്‍മകള്‍ കൊണ്ടു നിര്‍മിച്ചതാണ്‌. അതു കൊല്ലാനല്ല, സ്വന്തം ലോകങ്ങളെ നിര്‍മിക്കാനുള്ളതാണ്‌ എന്നുമവള്‍ക്കറിയാം. പിതൃത്വത്തിന്റെ (ദേശീയതയുടെ ) മൂല്യമണ്ഡലങ്ങളോടുള്ള വൈകാരിക അബോധത്തിന്റെ രാഷ്ട്രീയം സ്‌ത്രൈണസര്‍ഗാത്മകതയെ ഒരേസമയം ആവേശം കൊള്ളിക്കുന്നു. അത്രതന്നെ അതേസമയം അതിനെ വെല്ലുവിളിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. മറ്റു ചിലപ്പോള്‍ സ്വയം ഒറ്റുകൊടുക്കുകയും ചെയ്യുന്നു. ഇങ്ങനെ സന്ദിഗ്‌ധമാണ്‌ ഇവിടത്തെ വിമോചന കാമന.


പ്രണയകാമന
വിജയലക്ഷ്‌മിയുടെ തന്നെ അധികം ആഘോഷിക്കപ്പെടാത്ത ചില കവിതകളിലേക്കു കൂടി നാം പോകേണ്ടതുണ്ട്‌്‌്‌. അവിടെ കടന്നുവരുന്ന വിധ്വംസകതകള്‍ പതിവു സ്‌ത്രീപക്ഷയുക്തിയുടെ പരിമിതികളെ നല്ലവണ്ണം വെളിവാക്കുന്നവയാണ്‌.കാരണം നിലവിലുള്ള വ്യവസ്ഥയില്‍ സ്‌ത്രൈണത എങ്ങിനെ ഒഴിവാക്കപ്പെട്ടു എന്നതിനേക്കാള്‍ നിര്‍ണായകമാണ്‌ അടിസ്ഥാനപരമായി അത്തരം ഒഴിവാക്കലുകളിലൂടെയും ന്യൂനീകരണങ്ങളിലൂടെയും തമസ്‌കരണങ്ങളിലൂടെയുമാണ്‌ വ്യവസ്ഥാപിത കലാസാഹിത്യചിന്തകള്‍ തന്നെ പടുത്തയര്‍ത്തപ്പെട്ടതെന്ന തിരിച്ചറിവ്‌്‌. അവയാകട്ടെ പൊതുവായ ഒരു സ്വാംശീകരണയുക്തിയോടെ സ്വീകരിച്ചതിനെക്കുറിച്ചാണ്‌ നാമിവിടെ ആകുലരാവുന്നത്‌. സ്‌ത്രീയുടെ സര്‍ഗാത്മകത, ഏല്‌പിച്ചു കൊടുത്ത മുഴക്കോലിലോ അനുഗ്രഹവചസ്സുകളിലോ വീതുളിയിലോ അല്ല, അവളുടെ വിധ്വസംകമായ ആധികാരികതകളില്‍ കൂടി പടര്‍ന്നേറുന്നവയെന്ന്‌ യയാതി പറയുന്നു. മഴുവിന്റെ കഥ എഴുതിയ ബാലാമണിയമ്മയുടെ വൃദ്ധകന്യ എന്ന കവിതയെ പ്രമേയസാമ്യം കൊണ്ട്‌ ഇക്കവിത ഓര്‍മിപ്പിച്ചേക്കാം. പെണ്ണിന്റെ സ്വതന്ത്രവും സൈ്വരവും നിറഞ്ഞ കാമനകളെ ഇക്കവിത എഴുതുന്നു. അരയാല്‍ച്ചുവട്ടില്‍ ധ്യാനസ്ഥനായിക്കണ്ട മുനിയോടായിരുന്നു കാമനകളുണര്‍ന്നത്‌, പിന്നീട്‌ ഹരിചന്ദനം പോല്‍ വിശുദ്ധി വഴിയുന്ന നിഷ്‌കളങ്കനായ കുമാരനു നേര്‍ക്കുള്ള വാല്‍സല്യം കലര്‍ന്ന പ്രണയം സ്വീകരിക്കപ്പെടാതെ പോകുന്നു. പിന്നീടു കലപ്പയെന്തിപ്പോകുന്ന സംഘത്തോടൊപ്പം സഞ്ചരിച്ച്‌ അവള്‍ മഴമേഘം തിരഞ്ഞ്‌ മിഴികള്‍ മദ്ധ്യാഹ്‌നസൂര്യനിലര്‍പ്പിച്ച ദൃഢചിത്തനെ കാണുന്നു. ഉത്തപ്‌തനായ ആ പുരുഷനെയും വെടിഞ്ഞവള്‍ തളര്‍ന്നു തണലത്തിരിക്കുമ്പോള്‍ യയാതിയെ കണ്ടുമുട്ടുകയാണ്‌. ഇരവു പകലുകളെ ഉടയാടകളാക്കി,സൂര്യനെയും നക്ഷത്രങ്ങളെയും അലങ്കാരങ്ങളാക്കി ആ പ്രണയസിഹം ചുഴറ്റുന്ന സട മാത്രമായിത്തീര്‍ന്നു പ്രപഞ്ചം..! പ്രണയകാമനകളിലൂടെ ഉരുത്തിരിച്ചെടുക്കുന്ന സ്വേച്ഛയുടെ സ്വയംനിര്‍ണയനമാണീ കവിതയുടെ ഭാവരാഷ്‌ട്രീയത്തെ വേറിട്ടതാക്കുന്നത്‌. കൗസല്യയിലും പരോക്ഷവ്യംഗ്യമാകുന്നത്‌ ഉദ്ദാമമായ സ്‌ത്രൈണദാഹം തന്നെ. ദശരഥന്റെ ധര്‍മപത്‌നിയും രാമന്റെ മാതാവും മാത്രമാകേണ്ടിവരുന്ന അവസ്ഥകളുടെ നിഷേധം അവളുടെ സ്വപ്‌നങ്ങളിലുണ്ട്‌. കൈകേയിയെപ്പോലെ ദശരഥനുമായിച്ചേര്‍ന്ന്‌ പ്രണയത്താല്‍ `ഒരുമിച്ചിരുധൂമധാരകളായിപ്പിണഞ്ഞുയരാന്‍' കൗസല്യക്കു മോഹമില്ലാഞ്ഞല്ല. പക്ഷേ,
``അമ്മയാണെനിക്കു നീ ദേവീ,നിന്‍ മടിത്തട്ടി
ലുണ്ണിയാവുമ്പോഴെനിക്കഭയം,സമാശ്വാസം'' എന്നാണ്‌ രാജാവിന്റെ ഭാവം.
``മാതൃഭാവമേ തിരക്കുന്നു നിത്യവും ഭവാന്‍,
നാരുനാരായെന്‍ കരള്‍ നരയ്‌ക്കാതെന്തേ പിന്നെ?''എന്നവള്‍ തിര്‌ച്ചറിയുന്നു.
`വിട്ടുപോകൂ' എന്ന കവിതയില്‍ മാതൃത്വത്തിന്റെ `ധാര്‍മിക'ഭാരത്തെ എത്രയും കയ്യൊഴിയാനുള്ള വെമ്പലാണുള്ളത്‌.
ഭാഗവതം സ്‌ത്രൈണമായ ദൈവശാസ്‌ത്രത്തെക്കുറിച്ചുള്ള ചിന്തയെ ഉണര്‍ത്തുന്നു.പുരുഷന്‍ 'സന്ധ്യയ്‌ക്കു കുളിച്ചെല്ലാ ശല്യത്തില്‍ നിന്നും വേറിട്ടു' വായിക്കുന്ന ദിവ്യമായ ഭാഗവതം. വന്നുകേള്‍ക്കാനയാള്‍ വിളിക്കുന്നു.അടുക്കളവേലകള്‍ അവളെ തടയുന്നു.
``കരി പറ്റിയകയ്യാല്‍
മരണം വരെത്തീരാ-
മഹാഭാഗവതം ഞാന്‍
മറിച്ചു വായിക്കുന്നു.
മടിയാതെന്നും; അങ്ങു
കേള്‍ക്കുവാന്‍ വരുന്നില്ല! ''

കൊല,കാക്ക,എന്‍.ജി.ഒ, ഒരു നിശ്ചലദൃശ്യം,വിനോദം,ഇനിയെന്തു വില്‍ക്കും, സെല്‍ഫ്‌ പോര്‍ട്രെയിറ്റ്‌ വെറുമോരു കത്ത്‌(രാജന്‌) തുടങ്ങിയ അനേകം പുറം കവിതകളുടെ ഒരുധാരയും വിജയലക്ഷ്‌മിയിലുണ്ട്‌. ഇവിടെ കണ്ടെടുക്കാത്ത ഇനിയും നിരവധി ധാര/തലങ്ങളുണ്ട്‌. ഇവയെല്ലാ ചേര്‍ന്നു നിര്‍മിക്കുന്ന പലമയിലും കലര്‍പ്പിലും ഇടര്‍ച്ചകളിലും ബഹുസ്വരതയിലുമാണ്‌ ആ കവിതകള്‍ മനസ്സിലാക്കപ്പെടേണ്ടതെന്നു കരുതുന്നു. ഉറച്ചു പോയ ലേബലുകള്‍ക്കപ്പുറം, തീര്‍പ്പുയുക്തികള്‍ക്കപ്പുറം കവിത അതിന്റെ സന്ദിഗ്‌ദ്ധമായ വഴികളിലൂടെ യാത്ര തുടരട്ടെ.

(വിജയലക്ഷ്‌മിക്കവിതകളെപ്പറ്റി 2015 ജനുവരി ലക്കം നവമലയാളിയില്‍ എഴുതിയത്‌.. )