Tuesday, February 1, 2022

ഇച്ഛാധികാരവും ആനന്ദവും: സ്ത്രീകര്‍തൃത്വത്തിന്റെ സാധ്യതകള്‍

 ന്താണ് ഇച്ഛാധികാരം? സ്വന്തം ശരീരത്തിനുമേല്‍ അതതു വ്യക്തികള്‍ക്കുള്ള അവകാശാധികാരം എന്ന സാമാന്യാര്‍ത്ഥത്തിലാണ് സി.കേശവന്‍  അറുപതോളം വര്‍ഷങ്ങള്‍ക്കുമുമ്പ് ഇച്ഛാധികാരമെന്ന വാക്കു പ്രയോഗിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തര്‍ാദ്ധത്തില്‍ തുടങ്ങി ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ദ്ധം അവസാനിക്കുന്നതുവരെയുള്ള കാലഭൂമികയെ തന്റെ ജീവിതാഖ്യാനത്തിലൂടെ വിശദമാക്കുന്നതിന്റെ ഭാഗമായി ശരീരത്തെക്കുറിച്ചുള്ള പ്രസക്തമായ  ഒരു രാഷ്ട്രീയപ്രമേയം  അവതരിപ്പിക്കുകയായിരുന്നു, അദ്ദേഹം. അവരവരിലൂടെ സഞ്ചരിക്കാനാവുന്ന ഒരു ആത്മദൃഷ്ടിയെക്കൂടി ഇതു സ്വരൂപിക്കുന്നുണ്ട്. ആനന്ദമാകട്ടെ, വലിയൊരുനിര ആശയങ്ങള്‍ക്കത്തു നിര്‍വചിക്കപ്പെടുന്നു. അനുഭവപരവും സങ്കല്പനപരവുമായ സങ്കീര്‍ണത ഏറെയുള്ള പദമാകയാല്‍, അതിനെ വസ്തുനിഷ്ഠമായി ഒതുക്കി വിശദീകരിക്കുക എളുപ്പമല്ല. സ്ത്രീവാദത്തെ സംബന്ധിച്ചിടത്തോളം പൗരത്വം, കര്‍തൃത്വം, സ്വയംനിര്‍ണയാവകാശം, എന്നിങ്ങനെ ലിംഗപദവിയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നിലധികം സാമൂഹികസംവര്‍ഗങ്ങളോടു ചേര്‍ന്നുകൊണ്ടാണ് രാഷ്ടീയമായ അര്‍ത്ഥം സ്വരൂപിക്കാന്‍ കഴിയുക. കേവലം വൈയക്തികമാത്രമായ മണ്ഡലത്തിലല്ല അതിന്റെ സാധുത എന്ന ധാരണ കൂടി ഇവിടെ ആവശ്യമാണ്.  ഇച്ഛാധികാരത്തിലൂടെ, അതിന്റെ നിര്‍വഹണപരമായ ആനന്ദത്തിലൂടെ സ്ത്രീകളുടെ കര്‍തൃത്വത്തിന്റെ സാധ്യതകളെ തിരിച്ചറിയാനുള്ള ശ്രമമാണ് ഈ പ്രബന്ധം. സ്വതന്ത്രമായ ഏതൊരു സ്വത്വഘടനയെ സംബന്ധിച്ചിടത്തോളവും വിലക്കുകളില്ലാത്ത ആനന്ദത്തിലേക്കുള്ള പ്രവേശനമാണ് പ്രാഥമികമായത്. പൗരത്വം ആനന്ദത്തിനുള്ള അവകാശത്തെ കൂടുതല്‍ ഉറപ്പിക്കുന്നു. വ്യവസ്ഥയുടെ വിലക്കുകളെ നിരന്തരം ഉലച്ചുകൊണ്ടാണ്, കീഴ്‌പ്പെടുത്തിക്കൊണ്ടാണ് പൗരത്വം സമര്‍ത്ഥിക്കപ്പെടുന്നത്. ഈ വിലപേശല്‍ വളരെ ചലനാത്മകവും ദൈനംദിനസ്വഭാവമുള്ളതുമായ ഒരു മണ്ഡലം കൂടിയാണ്. മലയാളിസ്ത്രീകളുടെ സാമൂഹികജീവിതത്തെ മുന്‍നിര്‍ത്തിയുള്ള  ഈ അന്വേഷണത്തിന്റെ പ്രധാന മേഖല ഫാഷനും ലെഷറുമാണ്. ശാരീരികമായ പുതുക്കലിലൂടെ ഫാഷനും ഉല്ലാസവേളകളിലൂടെ ലെഷറും സ്ത്രീയുടെ ഇച്ഛാധികാരത്തെ സ്വരൂപിക്കുന്നതെങ്ങനെ? ആനന്ദത്തിന്റെ സാധ്യതകളിലൂടെ അവളുടെ കര്‍തൃത്വനിര്‍മിതി സവിശേഷമാകുന്നതെങ്ങനെ എന്നാണ് നാം ആലോചിക്കുന്നത്. അതിനുവേണ്ടി ഫാഷന്‍ ചരിത്രത്തെ സാമാന്യമായും ലെഷറിന്റെ ചരിത്രത്തെ വിശദമായും ഈ ലേഖനം പരിശോധിക്കുന്നു.


ഫാഷനും ലെഷറും രണ്ടും മൂല്യവത്തായ ഗൗരവമര്‍ഹിക്കുന്ന ആലോചനാവിഷയമായി പരിഗണിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യമാണ് ആദ്യമായി ഉയര്‍ന്നു വരുന്നത്, അതിലുമധികം ആനന്ദവും. ശരീരം, മനസ്സ് എന്ന ദ്വന്ദ്വകല്‍പന സാര്‍വത്രികമായി പ്രവര്‍ത്തിക്കുന്ന മധ്യവര്‍ഗ ഇന്ത്യന്‍സമൂഹത്തെ സംബന്ധിച്ചിടത്തോളം ആനന്ദം ഉപരിവര്‍ഗത്തിന്റേതായ അനുഭൂതിയാണ്. ആനന്ദത്തെ പാപബോധത്തോടെ കാണുന്ന രീതിയാണ് പൊതുവെ മതങ്ങളും പൊതുസമൂഹവും വെച്ചു പുലര്‍ത്തുന്നത്. ഉല്‍സവങ്ങളിലും ആഘോഷങ്ങളിലും പോലും നിയന്ത്രണങ്ങള്‍ ഏറെയാണല്ലോ. ഏതാനും വര്‍ഷം മുമ്പ് ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ച മൗനിയ മെദ്ദൂറിന്റെ പാപ്പിച്ച എന്ന ഫ്രഞ്ച് സിനിമയില്‍ ഇത്തരം ചില സൂചനകള്‍ ഉള്ളടങ്ങിയിട്ടുണ്ട്. തീവ്രമായ അടിച്ചമര്‍ത്തലുകളെ മറികടക്കാന്‍ വിലക്കുകളെ ലംഘിച്ച് രാത്രി കറങ്ങിനടക്കുകയും നിശാക്ലബുകളിലൂടെ അലയുകയും ചെയ്യുന്ന നജ്മയുടെയും കൂട്ടുകാരികളുടെയും കഥയാണ് ഈ സിനിമ പറയുന്നത്. ആഭ്യന്തരകലാപങ്ങള്‍ക്കിടയില്‍ ശാരീരികമായ വിലക്കുകള്‍ വളരെ രൂക്ഷമാകുന്നതോടെ തന്റെ സ്വപ്‌നത്തിലുള്ള ഒരു ഫാഷന്‍ ഷോ നടത്താന്‍ അവളും കൂട്ടുകാരികളും ശ്രമിക്കുകയാണ്. പ്രതിരോധത്തിന്റെയും സ്‌ത്രൈണതയുടെയും സൗന്ദര്യത്തിന്റെയും രാഷ്ട്രീയത്തെ പരസ്പരം കണ്ണിചേര്‍ത്തുകൊണ്ടുള്ള തീവ്രമായ ഒരു  ഇച്ഛാശക്തിയാണതിന് അവളെ പ്രാപ്തയാക്കുന്നത്. 40 കളില്‍ പാര്‍വതീ മെമ്മോറിയല്‍ തൊഴില്‍ കേന്ദ്രത്തിലേക്ക് എല്ലാ വിലക്കുകളെയും അതിലംഘിച്ച് ഒത്തു ചേര്‍ന്ന സ്ത്രീകളുടെ കൂട്ടായ്മയ്ക്കു പിന്നിലും മറ്റൊന്നല്ല. സ്വന്തം തൊഴില്‍ സ്വത്വത്തെ ഉറപ്പിച്ചെടുക്കുന്നതിലൂടെ സ്വതന്ത്രപദവിയെ വിഭാവനം ചെയ്യലാണത്.


 സ്വന്തം ശരീരത്തെക്കുറിച്ചുള്ള സ്വയംനിര്‍ണയാവകാശവുമായി ബന്ധപ്പെട്ടാണ് ഫാഷന്റെ രാഷ്ട്രീയം പൊതുവെ മനസ്സിലാക്കപ്പെടുന്നത്. സ്ത്രീയുടെ പൗരത്വപരമായ അവകാശത്തിന്റെയും വൈയക്തികമായ കാമനകളുടെയും സമര്‍ത്ഥനമാണ് ഫാഷനിലൂടെ നടക്കുന്നത്. സ്ത്രീപക്ഷരാഷ്ട്രീയത്തില്‍ പൊതുവെ ദൃശ്യമായ ഇരവാദങ്ങള്‍ക്കും മുറവിളികള്‍ക്കുമപ്പുറം ആനന്ദത്തിന്റെ സാധ്യതകളും ഫാഷന്‍ തേടുന്നു. എന്നാല്‍ സ്ത്രീപക്ഷരാഷ്ട്രീയത്തിന്റെ മണ്ഡലത്തില്‍, സാമാന്യമായി കേരളത്തിന്റെ സാമൂഹ്യസംവാദങ്ങള്‍ക്കകത്തു തന്നെയും പലപ്പോഴും ആനന്ദത്തെയും ആനന്ദകര്‍തൃത്വത്തെയും നിശ്ശബ്ദീകരിക്കാനുള്ള ശ്രമവും ശക്തമാണ്. മാര്‍ക്‌സിയന്‍, ഗാന്ധിയന്‍ ചിന്തകള്‍ക്കു ഏറെ വേരോട്ടമുള്ള കേരളത്തിലെ ചിന്താമണ്ഡലത്തില്‍ ത്യാഗം, അവകാശനിഷേധങ്ങള്‍ക്കെതിരായ നില ഒക്കെയാണ് ന്യായീകരിക്കപ്പെടാറുള്ളത്. സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സ്ത്രീവാദത്തില്‍ സജീവമാണെങ്കിലും പലപ്പോഴും സ്ത്രീയെ ഇരപദവിയില്‍ സ്ഥിരീകരിക്കുവാനുള്ള ശ്രമങ്ങളാണ് അവയിലധികവും. സ്വതന്ത്രമായ ഇച്ഛകളും  കാമനകളും നിര്‍വാഹകത്വവുമുള്ള  പൗരരായി സ്ത്രീകളെ നോക്കിക്കാണാന്‍ കഴിയുക എന്നത് പ്രധാനമാണ്. പൗരത്വത്തിന്റെ പാതയിലേക്കുള്ള പ്രയാണത്തില്‍ ഇച്ഛാധികാരത്തെ വിനിയോഗിക്കാന്‍ മലയാളിസ്ത്രീകള്‍ നടത്തിയ സംഘര്‍ഷഭരിതമായ ശ്രമങ്ങള്‍ കൂടിച്ചേര്‍ന്നാണല്ലോ  സ്ത്രീപക്ഷചരിത്രവും സാമൂഹികചരിത്രം തന്നെയും സമഗ്രമാകുന്നത്. ലിംഗവിവേചനം ഉള്ളടക്കുന്ന  പൊതുബോധവുമായി നടത്തിയ കലഹവും സാഹസികമായ ഇടപെടലുകളും ചേര്‍ന്നാണ് ഈ രാഷ്ട്രീയം ഊര്‍ജ്ജസ്വലമാകുന്നത്.  

ഫാഷനുമായി ബന്ധപ്പെട്ട മേല്പറഞ്ഞ ആനന്ദകര്‍തൃത്വത്തിനെതിരെ പലപ്പോഴും ഉന്നയിക്കപ്പെടുന്ന ഒരു യുക്തി അതു മുതലാളിത്തതാല്പര്യങ്ങളോടു ചേര്‍ന്നുപോകുന്നു എന്നതാണ്. ആഗോളവല്‍ക്കരണം, വിപണി, മുതലാളിത്തം തുടങ്ങിയ സാമ്പത്തികസംവര്‍ഗങ്ങള്‍ ഉപയോഗിച്ചു സാംസ്‌കാരികമായ എന്തിനെയും അളക്കാന്‍ കഴിയുമെന്ന, സങ്കീര്‍ണതകളെ അഭിസംബോധനചെയ്യാന്‍ കെല്‍പ്പില്ലാത്ത ലളിതയുക്തിയായി ഇതിനെ കാണാം. പ്രധാനമായും മാര്‍ക്‌സിയന്‍, ഗാന്ധിയന്‍ ഉപരിതലവായനകളില്‍ നിന്നാണ് ഇത്തരം ആക്ഷേപങ്ങള്‍ പുറപ്പെടാറുള്ളത്. സ്വത്വത്തിന്റെയും സാമൂഹികമൂല്യങ്ങളുടെയും സ്ഥിരതയിലുള്ള അമിതമായ ഊന്നല്‍ മൂലം സംഭവിക്കുന്നതാകണം ഇത്. ഉണ്മയെ സംബന്ധിച്ച ബഹുതലസ്പര്‍ശിയായ ആനുഭവികതയക്കുള്ളില്‍ ശരീരത്തെയും അതു സംബന്ധിച്ച ഇച്ഛാമണ്ഡലങ്ങളെയും നോക്കിക്കാണുന്നതിന് ഇതു തടസ്സം നില്‍ക്കുന്നു. താരതമ്യേന പുരോഗമനപക്ഷമായി കരുതപ്പെടുന്ന ഈ വാദക്കാര്‍ ഫലത്തില്‍ അമ്പേ യാഥാസ്ഥിതികരെന്നു കരുതപ്പെടുന്ന പാരമ്പര്യ/ മാമൂല്‍ക്കാരുമായി ഏറെയൊന്നും വ്യത്യസപ്പെടുന്നില്ല. മാത്രമല്ല, ഇരുകൂട്ടരും അവഗണിക്കുന്നത് ജനായത്തപരമായ ഇടപെടലുകളുടെ പ്രേരണയെയും ചരിത്രത്തെയും തന്നെയാണ്. ചരിത്രത്തെ മുന്‍കൂട്ടി സ്വരൂപിച്ച ഭൂതകാലമായാണിവര്‍ മനസ്സിലാക്കുന്നത്. ഉദാഹരണത്തിന് മാറുമറയ്ക്കാന്‍ വേണ്ടി, മുക്കുത്തിയിടാനും കുടുമ മുറിക്കാനും വേണ്ടി നടത്തിയ പോരാട്ടങ്ങളെ ഗതകാലമെന്ന നിലയില്‍ (അവകാശ)ചരിത്രമായി മാത്രം ഇവര്‍ കാണുന്നു. എന്നാല്‍ സമകാലികമായതിന്റെ തന്നെ ചരിത്രവല്‍ക്കരണമാണ് ഫാഷന്റെ രാഷ്ട്രീയത്തിന്റെ കാതല്‍ എന്ന അടിസ്ഥാനപരമായ തിരിച്ചറിവിലേക്ക് ഈ വാദക്കാര്‍ എത്തുന്നില്ല. അവിടെ പോരാട്ടത്തെയും കാമനകളെ തന്നെയും സത്താവല്‍ക്കരിക്കുന്നതിലേക്കു അവര്‍ കൂപ്പു കുത്തുന്നു. അതിലൂടെ ഫലത്തില്‍ കര്‍തൃത്വ(Agency)നിഷേധമായിത്തന്നെ അതു മാറുകയും ചെയ്യുന്നു. നിശ്ചിതരീതിയിലുള്ള പ്രതിരോധത്തെ എപ്പോഴും മുന്നുപാധിയായി കണ്ടുകൊണ്ടുള്ള ഈ രീതിശാസ്ത്രം സ്വത്വത്തിന്റെ സാധ്യതകളെ അടച്ചുകളയുന്ന നിലയിലേക്കാണ് ചെന്നെത്തുന്നത്. സംഘടിതരൂപത്തിലുള്ള പ്രതിരോധസമരങ്ങള്‍ മാത്രമല്ല രാഷ്ട്രീയവ്യതിയാനത്തെ സൃഷ്ടിക്കുന്നത്.

ഫാഷന്‍: നശ്വരത, സമകാലികത
പൂര്‍ണതയ്ക്കായുള്ള ദാഹത്തെ ശരീരത്തില്‍ക്കൂടിയുമാണ്  നാം ശമിപ്പിക്കുന്നത്. നിത്യയൗവനവും അനശ്വരതയും ശരീരത്തിന്മേലാണു നാം സാക്ഷാല്‍ക്കരിക്കുന്നത്. ശരീരത്തെ പുനഃക്രമീകരിച്ച് അതിനെ പുനര്‍നിര്‍വ്വചിച്ചുകൊണ്ട് (ആഗ്രഹിച്ചത്രതന്നെ) പൂര്‍ണതയിലേക്കു നടത്തുന്ന വ്യവഹാരമാണ് ഫാഷന്‍. ഇവിടെ നശ്വരതയെ സംബന്ധിച്ച് ഒരു വൈരുദ്ധ്യമുണ്ട്. ഓരോ ഫാഷനും തുടങ്ങുന്നത് അതിനു മുമ്പുള്ള ഫാഷനുമായി കൃത്യമായ വേര്‍തിരിവിലും നിശ്ചിതമായ തുടര്‍ച്ചയിലുമാണ്. പെട്ടന്നു മാറാന്‍ തയ്യാറാണെന്ന ഉറപ്പ് ഓരോ ഫാഷന്റെയും മുന്നുപാധിപോലുമാണ്. ഫാഷന്റെ ഈ നശ്വരതയാണ് വ്യക്തിയുടെ ശാരീരിക അനശ്വരതയ്ക്കായുള്ള ഇച്ഛയെ നിലനിര്‍ത്തുന്നത് എന്നുപോലും പറയാം.ശരീരത്തിന്റെ, ശരീരപ്രതീതിയുടെ അധികമാനം എപ്പോഴും ഫാഷന്‍ ലക്ഷ്യമാക്കുന്നുണ്ട്. അതൊരു മൂല്യത്തെ ലക്ഷ്യം വെയ്ക്കുന്നു. സൗന്ദര്യത്തിന്റെയും അപ്പിയറന്‍സിന്റേയും ഇംപ്രഷന്റെയും ഇഫക്റ്റിന്റെയും വ്യത്യസ്തവും സദാമാറികൊണ്ടിരിക്കുന്നതും ചിലപ്പോഴെങ്കിലും പരസ്പരവിരുദ്ധവുമായ ഒരിടത്തെ ലക്ഷ്യമാക്കി അതു നീങ്ങുന്നു. ഏറ്റവും മുന്നിലാണെന്ന, അപ്-റ്റു-ഡേറ്റാണെന്ന (മോഡേണ്‍/ സുന്ദരം) പ്രതീതിയാണത് സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ തൊട്ടുമുന്നിലുള്ളതുമായി സ്പഷ്ടമായ വേറിട്ടു നില്‍ക്കല്‍ ഫാഷനില്‍ അനിവാര്യവുമാണ്. (ഉടല്‍ ഒരു നെയ്ത്ത്: സംസ്‌കാരത്തിന്റെ സ്ത്രീവായന. പുറം. )  ഫാഷന്‍ രൂപപ്പെടുന്നത് തന്നെ പലപ്പോഴും ലെഷറിനുവേണ്ടിയുള്ള ശ്രമങ്ങള്‍ക്കകത്താണ്... പുറത്തേക്കു പോകുന്ന സ്ത്രീകള്‍ ആഹ്ലാദപൂര്‍വം അണിഞ്ഞൊരുങ്ങുകയും അതില്‍ അഭിമാനിക്കുകയുമെല്ലാം ചെയ്യുന്നത് ലെഷറിന്റെ കൂടി ഭാഗമായാണ്.

പ്രശസ്ത ചിന്തകനായ ജോര്‍ജിയോ അഗമ്പന്‍ സമകാലികത എന്ന ആശയത്തെ അവതരിപ്പിക്കുന്നതു തന്നെ ഫാഷനെ മുന്‍നിര്‍ത്തിയാണ്. സ്വന്തം കാലവുമായി ഒരാള്‍ ഒറ്റയ്ക്കു നടത്തുന്ന അഭിമുഖീകരണമാണത്. ഒരേസമയം അതിനോട് ഒട്ടി നില്‍ക്കുകയും അതേസമയം അതില്‍ നിന്നും ഒരല്‍പം അകന്നു നില്‍ക്കുകയും ചെയ്തുകൊണ്ടാണ് ഒരാള്‍ സമകാലികനാവുന്നത് എന്നു അഗമ്പന്‍ പറയുന്നുണ്ട്. സമകാലികതയെ ഫാഷനിലൂടെ മനസ്സിലാക്കാമെന്നു പറയുന്നതിനര്‍ത്ഥം ഒരു സവിശേഷസമയകാലത്തിലേക്കുള്ള പ്രവേശകമായി ഫാഷനെ കാണാമെന്നാണ്. ഫാഷനിലായിരിക്കുക, അല്ലാതിരിക്കുക എന്നത് ആ പ്രത്യേകസമയകാലത്തെ സമകാലികതയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. സമകാലികത എന്നത് വഴുതുന്ന ഒരു സമയബിന്ദു ആണെന്ന അര്‍ത്ഥമാണുള്ളത്. സ്വന്തം ശരീരത്തിന്‍മേലുള്ള സ്വതന്ത്രമായ ഇച്ഛാധികാരത്തിലൂടെ അതതു സമകാലികതയില്‍ മനുഷ്യര്‍ നടത്തുന്ന സ്വത്വപ്രകാശനത്തിന് അതിന്റേതായ ഒരു ചരിത്രമുണ്ട്. സാമൂഹികമായ ചലനങ്ങള്‍ക്കും ജനാധിപത്യവികാസത്തിനും അനുരോധമായ, അതിനു സമാന്തരമായ ചരിത്രം തന്നെ ആവണമെന്നില്ല ഇത്. എന്നാല്‍ പലപ്പോഴും അതിനോടു സംവദിച്ചുകൊണ്ടാണിതു സാധ്യമാവുക.  

ഇപ്രകാരമുള്ള പ്രകാശനങ്ങളിലൂടെ മൂല്യപരമായ സമര്‍ത്ഥനങ്ങളും വിച്ഛേദങ്ങളും തിരുത്തിയെഴുത്തുകളും ഏറെ നടക്കുന്നുണ്ട്. ഉദാഹരണത്തിന് ഗാന്ധിയുടെ സ്വര്‍ണാഭരണ വ്യവഹാരങ്ങളിലൂടെ ദേശീയതയും സ്ത്രീയും എന്ന പുതിയൊരു ഘടന  നിര്‍വചിക്കപ്പെടുന്നുണ്ട്. ത്യാഗം മുതലായ ആന്തരികമായ മൂല്യങ്ങളാല്‍ വിശുദ്ധമാക്കപ്പെട്ടവളും നിരലങ്കാരയും ആയ ഒരു മാതൃകാസ്ഥാനമായി ഈ സ്ത്രീ സമര്‍ത്ഥിക്കപ്പെടുന്നത് കൗമുദിയുടെ കഥകളിലൂടെ നാം മനസ്സിലാക്കി. അതല്ലെങ്കില്‍ വടക്കേമലബാറിലെ ദേശീയപ്രവര്‍ത്തകയും സിവില്‍ നിയമലംഘനത്തില്‍ ജയിലില്‍ അടയ്ക്കപ്പെട്ടവളുമായ കമലാഭായി പ്രഭുവിലൂടെ, സ്വര്‍ണത്താലിക്കായി സമരം ചെയ്ത മറ്റൊരു സ്ത്രീയിലൂടെ ദേശീയസ്ത്രീ എന്ന ഘടനയില്‍ വിച്ഛേദം സംഭവിക്കുന്നു എന്നു പറയാം. സ്വശരീരത്തിന്‍മേല്‍ അവരവര്‍ക്കുതന്നെയുള്ള അവകാശത്തിന്മേലാണ് ഈ മൂല്യങ്ങളൊക്കെയും അര്‍ത്ഥവത്താകുന്നത്. കര്‍തൃപരമായ നിര്‍വാഹകശേഷി എന്നത് അലങ്കാരകാമനകളുടെ നിര്‍ണായകബിന്ദുവായി മാറുന്നതങ്ങനെയാണ്. ജാതി, പുരുഷാധികാരം, വിഭവാധികാരം ഇവയെല്ലാം ചേര്‍ന്നുണ്ടാക്കുന്ന സമ്മര്‍ദ്ദങ്ങള്‍ക്കു നേരെ ചെറുത്തുകൊണ്ടാണ് സ്വത്വങ്ങള്‍ നിര്‍വാഹകശേഷി സ്വരൂപിക്കുന്നത്. സ്വന്തം ശരീരത്തിനുമേല്‍ അവരവര്‍ക്കു തന്നെയുള്ള അധികാരത്തെ തെളിയിച്ചെടുക്കലാണത്. സ്ത്രീശരീരത്തിനുമേല്‍ പരിഷ്‌കാരവും സഭ്യതയും മറ്റനേകം മൂല്യങ്ങളും നിര്‍മിച്ചെടുത്ത നവോത്ഥാനത്തെ പ്രശ്‌നവല്‍ക്കരിക്കല്‍ കൂടിയാണ് ഈ ഉടമസ്ഥത കയ്യാളലിലൂടെ സംഭവിക്കുന്നത്. അതിലുപരി സ്ത്രീശരീരത്തിനുമേല്‍ കടന്നാക്രമണം നടത്തുന്ന എക്കാലത്തെയും പുരുഷാധിപത്യത്തിനു നേരെയുമാണ് ഈ ഉടമസ്ഥതാബോധം വെല്ലുവിളി ഉയര്‍ത്തുന്നത്.

പുരുഷന്റെ ആസ്വാദനത്തിനും കാഴ്ച്ചകള്‍ക്കും വിധേയമായി നില്‍ക്കുന്നതാണ് സ്ത്രീയുടെ അലങ്കാരകാമനകള്‍ എന്ന ആശയത്തെ പ്രതിരോധിക്കാന്‍  സരസ്വതിയമ്മയും മാധവിക്കുട്ടിയും പോലുള്ള പല സ്ത്രീവാദികളുംഅത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിലൂടെ ശ്രമിച്ചിട്ടുണ്ട്.  സരസ്വതിയമ്മയുടെ ഒരുക്കത്തിന്റെ ഒടുവില്‍ എന്ന കഥയില്‍ സുഹൃത്തുക്കളായ വാസന്തിയും ശാരദയും നടത്തുന്ന സംഭാഷണം ഇങ്ങനെ: ''നിത്യകന്യകയായി ജീവിക്കാനുദ്ദേശിക്കുന്നവര്‍ക്ക് ഈ ഈ ഒരുക്കത്തിന്റെ ആവശ്യമെന്ത്?''
''പരാഗസംക്രമണം കൊണ്ടു ഫലമുണ്ടാകാത്ത ചെടികള്‍ക്കും പ്രകൃതി, ഭംഗിയുള്ള പൂക്കള്‍ കൊടുക്കുന്നതെന്തിന്?''(പുറം457, കെ.സരസ്വതിയമ്മയുടെ സമ്പൂര്‍ണകൃതികള്‍, ഡി.സി.ബുക്‌സ്, കോട്ടയം, 2001) മരിക്കാന്‍ കിടക്കുന്ന മീനാക്ഷിയമ്മ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ കഥ പറയുന്ന മീനാക്ഷിയമ്മയുടെ മരണത്തിലൂടെ കാമനകളെ സംബന്ധിച്ച ഇച്ഛാധികാരത്തിന്റെ പ്രശ്‌നമാണ് മാധവിക്കുട്ടിയും വെളിപ്പെടുത്തുന്നത്. ജീവിതകാലം മുഴുവന്‍ ഖദര്‍ധാരിയായിരുന്ന അവര്‍ അവസാനാഭിലാഷമായി, ദുര്‍ബ്ബലമായ ഒച്ചയില്‍ ആവര്‍ത്തിച്ചു പറയുന്നത് പച്ചപ്പട്ടുബ്ലൗസും പാലയ്ക്കാമോതിരവും ധരിക്കണമെന്നാണ്. ഓര്‍മയില്ലാതെ പിച്ചും പേയും പറയുകയാണെന്ന് ബന്ധുക്കള്‍ പറയുമ്പോള്‍ അവര്‍ തന്റെ ആഗ്രഹം ദയനീയമായി ആവര്‍ത്തിക്കുന്നു, യാചനയോടെ എല്ലാവരെയും ഉറ്റുനോക്കുന്നു. കേരളീയനവോത്ഥാനം നിര്‍മിച്ചുവെച്ച 'പുരോഗമനസ്ത്രീ'- എന്ന ഘടനയുടെ നിസ്സാരമല്ലാത്ത ഒരു പൊളിച്ചെഴുത്താണ് ഈ കഥ. ചെറുകാടിന്റെ മുത്തശ്ശിയിലെ നാണിമിസ്ട്രസിലൂടെയും ദേവലോകത്തിലെ രാജമ്മയിലൂടെയും മറ്റും സ്ത്രീയുടെ ഉണ്മകള്‍കകത്തു ഈ  ഘടന എതിര്‍ബലത്തോടെ എഴുതപ്പെടുന്നതു കാണാം. എന്നാല്‍  ത്യാഗത്തിനും സ്വാതന്ത്ര്യബോധത്തിനും രാഷ്ട്രീയസ്വത്വത്തിനും എതിര്‍നില്‍ക്കുന്ന ഒന്നല്ല കാമനാകര്‍തൃത്വം എന്ന തിരിച്ചറിവ് പ്രധാനമാണ്. ആനന്ദത്തിനായുള്ള അവകാശം രാഷ്ട്രീയേച്ഛകള്‍ക്കു എതിരല്ല; മറിച്ച് കൂടുതല്‍ ഊക്കു പകരുകയാണ് ചെയ്യുക എന്ന് ഇത്തരം ആഖ്യാനങ്ങള്‍ പറയുന്നു.  കാരണം ആനന്ദാവകാശവും കൂടി ചേര്‍ന്നാണ് പൗരത്വം പൂരിപ്പിക്കപ്പെടുക.


ലെഷറും സമയാധികാരവും
ലെഷര്‍ എന്ന ആശയത്തെ വ്യാവഹാരികതലത്തില്‍ പലരും പല നിലയ്ക്കാണ് ഉള്‍ക്കൊള്ളുന്നത്. ചിലര്‍ക്ക് വിനോദവേളകളാണ്, ചിലര്‍ക്ക് ഒന്നും ചെയ്യാതിരിക്കുന്ന അവസ്ഥയാണ്. ചിലര്‍ക്ക് മടിപിടിച്ചിരിക്കുന്നതാണ് ലെഷര്‍. മറ്റു ചിലര്‍ക്കാവട്ടെ അധ്വാനത്തില്‍ നിന്നു വിടുതലായി വിശ്രമിക്കുന്ന അവസ്ഥയാണ്. ഫാഷന്‍ പോലെതന്നെ സ്വത്വപരമായ ഇച്ഛാധികാരവുമായി, സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു ഏകകമാണ് ലെഷറും. ലിഷറിനു മലയാളമില്ലാത്തത് എന്തുകൊണ്ട് എന്നു കല്‍പ്പറ്റ നാരായണന്‍ ചോദിക്കുന്നുണ്ട്. ''ഇംഗ്ലീഷുകാരനു വര്‍ക്ക് ടൈം, ഫ്രീ ടൈം, ലിഷര്‍ ടൈം എന്ന് മൂന്നു സമയങ്ങളുള്ളപ്പോള്‍ മലയാളിക്ക് പ്രവൃത്തിസമയം, ഒഴിവുസമയം എന്ന് രണ്ടു സമയങ്ങളേയുള്ളു. പ്രതിഫലത്തിലെത്തുന്നതൊക്കെയും മലയാളിക്ക് പ്രവൃത്തിസമയം, പ്രതിഫലത്തിലെത്താത്തതൊക്കെയും മലയാളിക്ക് നേരമ്പോക്ക്. (രതിയെപ്പോലും നേരമ്പോക്കെന്ന് മലയാളി പറയുന്നതിന്റെ പിന്നില്‍ ഉള്ള പരിമിതി ലിഷര്‍ ടൈമിന് വാക്കില്ലാത്തത് കാണിക്കുന്ന സാംസ്‌കാരികപരിമിതി തന്നെ) പ്രതിഫലത്തിനതീതമായതെന്തെങ്കിലും ഉണ്ടെന്ന് സാമാന്യമലയാളി സമ്മതിക്കുകയില്ല'' (പുറം.62, തത്സമയം). സമയത്തെ സംബന്ധിച്ച മലയാളിയുടെ സ്വത്വപരമായ നിലപാടുകളെയാണ് കല്‍പ്പറ്റ വിമര്‍ശിക്കുന്നത്. എന്തെങ്കിലും ബോധപൂര്‍വകവും ധാര്‍മികവുമായ ഉദ്ദേശ്യമില്ലാത്ത, ഭൗതികമായ ഫലനിരപേക്ഷമായ, എന്നാല്‍ ആനന്ദപ്രദവും നിര്‍വൃതികരവുമായ ഉല്ലാസവേളകളാണ് ലെഷറെന്നു സാമാന്യമായി മനസ്സിലാക്കാം. ഉല്ലാസം, വിഹാരം എന്നൊക്കെയുള്ള പദങ്ങളെ ലെഷറിന്റെ സാമാന്യാര്‍ത്ഥത്തോടു ചേര്‍ത്തുപയോഗിക്കാവുന്നതാണ്. സ്വത്വത്തിന്റെ സ്വയംഭരണാധികാരത്തെയും സ്വാതന്ത്ര്യത്തെയും കുറിക്കുന്ന അവസ്ഥ തന്നെയാണത്.
ഇനി, സമയത്തെക്കുറിച്ചുള്ള വിവിധകാലങ്ങളിലെ കേരളീയവ്യവഹാരങ്ങളിലൂടെ ലെഷറിനെ മനസ്സിലാക്കാന്‍ കഴിയുമോ എന്നു ശ്രമിക്കാവുന്നതാണ്. ലിംഗഭേദവും സമയസങ്കല്‍പനങ്ങളും ലെഷറില്‍ ഇടപെട്ടതിന്റെ  താല്‍പര്യങ്ങളെന്തെല്ലാമാണ് എന്നതാണ് ഇവിടെ പ്രാഥമികമായെങ്കിലും അന്വേഷിക്കാന്‍ ശ്രമിക്കുന്നത്.

മലയാളിയുടെ സമയസങ്കല്പനങ്ങളിലേക്കു കടന്നു ചെന്നാല്‍ അത് ജാതി, ലിംഗാധികാരങ്ങളില്‍ നിന്നും ഒട്ടും തന്നെ മുക്തമല്ല എന്നു വ്യക്തമാണ്. സമയം നിരപേക്ഷവും അമൂര്‍ത്തവുമായ ഒരു കേവലസത്തയല്ല; അധികാരവുമായി ബന്ധപ്പെട്ട ഒന്നാണെന്ന സാമാന്യയാഥാര്‍ത്ഥ്യം പലപ്പോഴും തിരിച്ചറിയപ്പെടണമെന്നില്ല. കേരളീയര്‍ ഔപചാരികമായ സമയത്തെ സ്വരൂപിച്ചതിന്റെ സാമൂഹികചരിത്രം അതു വെളിവാക്കുന്നുണ്ട്. ഫ്യൂഡല്‍ജന്മികളെ സംബന്ധിച്ചേടത്തോളം സമയം കണക്കാക്കിയിരുന്നത് രാഹുകാലം, ശുഭമുഹൂര്‍ത്തം തുടങ്ങിയ ജ്യോതിഷസങ്കല്പത്തിന്റെയും പാട്ടക്കരത്തിന്റെയും മറ്റും സമയചക്രത്തിനുള്ളിലാണ്. സന്ധ്യാവന്ദനവും ക്ഷേത്രദര്‍ശനവും അന്നപാനാദികള്‍ക്കുള്ള ഇടവേളകളും ഉള്ളടങ്ങുന്ന സമയക്രമം അനൗപചാരികമാണ്. കീഴാളരെ സംബന്ധിച്ചും ഇതുതന്നെ സ്ഥിതി. എങ്കിലും അതിലുപരിയായി കൂലിയുടെയും വിഭവാശ്രിതത്വത്തിന്റെയും മറ്റു പലതരം കീഴായ്മകളുടെയും ഭാഗമായി വരേണ്യാധികാരത്തിനു വിധേയമായിരുന്നു അതെന്നുമാത്രം.

എന്നാല്‍ കൊളോണിയല്‍ അധികാരം സമയത്തിന്റെ ഫ്യൂഡല്‍ വ്യവസ്ഥയെ പിടിച്ചുലയ്ക്കുക തന്നെ ചെയ്തു. ഫ്യൂഡല്‍ നാടുവാഴിയുടെ സമയം കൊളോണിയല്‍ ഭരണാധികാരിയുടെ സമയത്തിനു കീഴ്‌പ്പെട്ടു നില്‍ക്കേണ്ടിവരുന്ന ആധുനികമായ ഒരു സന്ദര്‍ഭം 'സരസ്വതീവിജയ'ത്തിലുണ്ട്. കുബേരന്‍ നമ്പൂതിരിക്കു കോഴിക്കോട് കലക്ടര്‍ ഔദ്യോഗികമായ ഒരു ഉത്തരവ് കൊടുത്തയച്ചു. 'കല്പന വാങ്ങാം, കുപ്പന്‍ വരട്ടെ' എന്നു പറഞ്ഞ നമ്പൂതിരിയോട് ഔപചാരികവും ഔദ്യോഗികവുമായ സമയക്രമത്തിന്റെ അധികാരഭാഷയാണ് ശിപായി ഉപയോഗിക്കുന്നത്: 'അത്രയൊന്നും എനിക്കു താമസിക്കാന്‍ പാടില്ല, ഇവിടെ കല്പന കിട്ടിയ വിവരത്തിനും ഇത്രമണിക്കു കിട്ടിയെന്നും ഒപ്പു വാങ്ങി അടിയന്തരമായി മടങ്ങിച്ചെല്ലാന്‍ താസില്‍ദാര്‍ എജമാനന്റെ കല്പനയാണ്'. ഈ സമയനിഷ്ഠ കാശിനു ഗതിയില്ലാത്ത ശിപായി നായരുടെ അഹങ്കാരമായാണ് നമ്പൂതിരിയ്ക്ക് അനുഭവപ്പെടുന്നത്. എങ്കിലും അതനുസരിക്കാന്‍ നമ്പൂതിരി നിര്‍ബന്ധിതനാകുന്നു. കത്തു കിട്ടി, പത്താം നാള്‍ എത്താനാണ് ഉത്തരവ്. മുഹൂര്‍ത്തം തെറ്റാതിരിക്കാന്‍ ഇല്ലത്തിനു പുറത്തു കടക്കുകയും എന്നാല്‍ വയലും പറമ്പും നാട്ടുപാതകളും പിന്നിട്ടുള്ള രാത്രിയാത്ര ബുദ്ധിമുട്ടായതിനാല്‍ വീടിന്റെ പടിപ്പുരയില്‍ തന്നെ താമസമാക്കുകയാണ് നമ്പൂതിരി. ദീര്‍ഘമായ യാത്രയ്ക്കു ശേഷം പത്താം നാള്‍ ഓഫിസ് സമയം തുടങ്ങുന്ന പത്തുമണിയ്ക്കു തന്നെ നമ്പൂതിരി, കളക്ടര്‍ മുമ്പാകെ ഹാജരാകുന്നു.  ഇപ്രകാരം പുതിയ ഓഫീസ് ഭരണവ്യവസ്ഥ, ഫാക്ടറികള്‍, തോട്ടങ്ങള്‍, ഇംഗ്‌ളീഷ് സമ്പ്രദായത്തിലുള്ള സ്‌ക്കൂളുകള്‍, കോളേജുകള്‍, ഇവ കേന്ദ്രീകരിച്ചുള്ള പുതിയ തൊഴില്‍സംസ്‌കാരം എന്നിവ തദ്ദേശീയസമൂഹത്തിന്റെ അനൗപചാരികമായ സമയക്രമങ്ങള്‍ മാറ്റിമറിച്ചു. തീവണ്ടി പോലുള്ള പൊതുവാഹനങ്ങളും സമയക്ലിപ്തത ആവശ്യപ്പെട്ടു. ആചാരപരവും ചഞ്ചലവുമായ സമയസങ്കല്‍പം നിശ്ചിതമായ അളവുകളുള്ള മൂര്‍ത്തവും ആധികാരികവുമായ ഘടനയിലേക്ക് സംക്രമിക്കുകയാണിവിടെ.

സമയം അധികാരപരമാണ് എന്ന ചിന്ത മുസ്ലിം സ്ത്രീകളെ കുറിച്ചുള്ള തന്റെ പഠനത്തില്‍ ഫാത്തിമാ മെര്‍നിസിയും പങ്കുവെയ്ക്കുന്നുണ്ട്. ഏതൊരു രാഷ്ട്രത്തിന്റെയും സാമ്പത്തികവും രാഷ്ട്രീയവുമായ പരമാധികാരത്തിന്റെ അടിസ്ഥാനമായ സ്ഥലത്തിനെ (space) നിയന്ത്രിക്കാനുള്ള പഴയ സംവിധാനങ്ങള്‍ക്കു പകരം സമയത്തിനെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇന്ന് സമയത്തിനെ നിയന്ത്രിക്കാനുള്ള കഴിവാണ് അധികാരത്തിന്റെ അടിസ്ഥാനമെന്ന് അവര്‍ കണ്ടെത്തുന്നു.*1

സമയത്തെ അധികാരത്തിന്റെ വരുതിയിലാക്കുന്നതില്‍ വിചിത്രമായ ഒരു പരിഷ്‌കാരം കേരളത്തില്‍ നടപ്പാക്കിയത് സി.പി.രാമസ്വാമി അയ്യരാണ്. തിരുവിതാംകൂറിലെ ഓഫീസ് സമയം അദ്ദേഹം യഥാര്‍ത്ഥസമയത്തില്‍ നിന്നും ഒരു മണിക്കൂര്‍ മുമ്പാട്ടാക്കി വെച്ചിരുന്നുവത്രെ. കേരളത്തില്‍ മറ്റെല്ലായിടത്തും 3 മണിയാകുമ്പോള്‍ തിരുവിതാംകൂറില്‍ 4 മണിയായിരിക്കും. ഇതു സംബന്ധിച്ച ചരിത്രരേഖകള്‍ അധികം കാണാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഈ പരിഷ്‌കാരം മൂലം തനിക്കു സംഭവിച്ച ഒരു പ്രതിസന്ധിയെക്കുറിച്ചു ഗൗരിയമ്മ അവരുടെ ആത്മകഥയിലൊരിടത്തു പറയുന്നുണ്ട്. പഠനകാലത്ത് ബാര്‍കൗണ്‍സില്‍ ടെസ്റ്റില്‍ പങ്കെടുക്കാന്‍ സുഹൃത്തായ അന്നക്കുട്ടിയോടൊപ്പം രാഹുകാലം കഴിഞ്ഞ് 10 മണിക്കു പരീക്ഷയ്ക്കു പുറപ്പെട്ട ഗൗരിയമ്മ പാതിവഴിയെത്തിയപ്പോള്‍ ഹാള്‍ ടിക്കറ്റ് നോക്കാന്‍ കൂട്ടുകാരിയോടു പറഞ്ഞു. 'രണ്ടുപേരുടെയും ഹാള്‍ ടിക്കറ്റ് അന്നക്കുട്ടിയുടെ ബാഗിലായിരുന്നു. കൈയിലിരുന്ന ബുക്ക് എന്നെ ഏല്പിച്ച് ബാഗില്‍ നോക്കിയിട്ട് അവള്‍ എന്നോട് അയ്യോ ഗൗരീ, പരീക്ഷ ഇപ്പോഴത്തെ പത്തുമണിക്കാണെന്നു പറഞ്ഞു. എന്തു ചെയ്യും. അവള്‍ കളിയാക്കുകയാണെന്നു ഞാന്‍ കരുതി. അതിനാല്‍ ഞാന്‍ മൂളിക്കൊണ്ട് എന്നെ കളിയാക്കുകയാണോ എന്നു ചോദിച്ചു. അങ്ങനെയെങ്കില്‍ ഓടിയെത്താന്‍ നോക്കൂ എന്നു പറയലും അന്നക്കുട്ടിയുടെ ഓട്ടവും ഒരുമിച്ചായിരുന്നു...'' (പുറം 233, ആത്മകഥ, കെ.ആര്‍. ഗൗരിയമ്മ, മാതൃഭൂമി ബുക്‌സ്, 2010) റോഡില്‍കൂടിപ്പോകുന്നവര്‍ ഓട്ടം കണ്ടു തിരിഞ്ഞുനോക്കി അഞ്ചലോട്ടമാണോ എന്ന് പരിഹസിച്ചതിനെക്കുറിച്ചും ഗൗരിയമ്മ ഓര്‍ക്കുന്നു.

മടിയും ഒഴിവുസമയവും
ഇപ്രകാരം സമയം എന്ന ആശയസങ്കലപ്‌നം മലയാളിയുടെ ദൈനംദിനജീവിതത്തിലെ പൗരാധികാരത്തെ പലവിധത്തില്‍ നിയന്ത്രിച്ചും സ്വാധീനിച്ചും മുന്നേറിയിട്ടുണ്ട്. എന്നാല്‍ ഈ സങ്കല്പനങ്ങളിലെല്ലാം പ്രവര്‍ത്തി എന്നതിന്റെ നേരെ എതിര്‍ദ്വന്ദ്വമായാണ് ലെഷറിനെ കാണുന്നതെന്നു തോന്നുന്നു. പ്രവര്‍ത്തി ചെയ്യാതിരിക്കല്‍ എന്നതിനെ മടി ആയിത്തന്നെ നിര്‍വചിക്കാനാണ് പൊതുവെ എല്ലാരും ശ്രമിക്കുന്നത്. എന്നാല്‍ മടി എന്ന ഉപന്യാസത്തില്‍ മുത്തിരിങ്ങോട്ടു ഭവത്രാതന്‍ നമ്പൂതിരിപ്പാട് പറയുന്നത് മടി വളരെയധികം സര്‍ഗാത്മകമാണെന്നാണ്. സമയത്തിന്റെ അങ്ങേയറ്റം ഗതിവേഗം കുറഞ്ഞ ചലനത്തെയാണ് മടി എന്നു മുത്തിരിങ്ങോടു പറയുന്നത്. കലാപരമാണ് മടി. ''ഒരു മാത്രയില്‍ ഒരു മാത്രയേക്കാള്‍ കൂടുതല്‍ ഇരിക്കുന്ന''വരത്രേ, മടിയര്‍ (പി.എന്‍.ഗോപീകൃഷ്ണന്‍).  ലോലലോലമായ ഇതള്‍വിടര്‍ത്തലിനെ അറിഞ്ഞുകണ്ട് അടുത്തു ചെന്നാസ്വദിക്കുന്നതാണ് മടി എന്നതാണ് മുത്തിരിങ്ങോടിന്റെ ഭാവന പറയുന്നത്. മടി കേവലം ഒന്നും ചെയ്യാതിരിക്കുക എന്ന അവസ്ഥയല്ല അദ്ദേഹത്തിന്. അതിദ്രുതം ഓടിനടന്നു ഒന്നും കണ്ടറിയാന്‍ സാവകാശം ലഭിക്കാത്ത ഓട്ടപ്പിടച്ചിലിന്റെ എതിര്‍ദ്വന്ദ്വമാണത്. ആസ്വാദനത്തിലും ക്ഷമയോടെയുള്ള കാത്തിരിപ്പിലുമാണ് കല. അലസത ആസ്വാദനക്ഷമതയെ സൂക്ഷ്മമാക്കുന്നു എന്നാണദ്ദേഹത്തിനു പറയാനുള്ളത്. മടിയും മനോരാജ്യവും തമ്മിലുള്ള ഇഴുകിച്ചേരലിന്റെ സാംഗത്യവും അദ്ദേഹം കണ്ടെടുക്കുന്നു. സര്‍ഗാത്മകതയുടെയും ധ്യാനാത്മകതയുടെയും സ്വാതന്ത്ര്യത്തിന്റെയും ഉള്ളടക്കങ്ങളെ ബാഹ്യനിയന്ത്രണങ്ങള്‍ക്കതീതമായി സ്വേച്ഛാനുസൃതമായി ഉപയോഗിക്കുന്നതിലെ  കലാപരതയിലാണ് മുത്തിരിങ്ങോടിന്റെ ഊന്നല്‍.

 1908 സെപ്തംബറില്‍ ശാരദ എന്ന സ്ത്രീമാസികയില്‍ വ്യായാമവും വിശ്രമവും എന്ന തലക്കെട്ടില്‍ വന്ന ലേഖനം ലെഷറിന്റെ സങ്കല്‍പനങ്ങളെ ഉള്‍ക്കൊള്ളുന്നതാണ്. അതില്‍, നിരന്തരം ആവര്‍ത്തിച്ചു ചെയ്യുന്ന ഒരു ജോലിയില്‍ നിന്നുള്ള വിടുതല്‍ തന്നെ വിശ്രമമാണ് എന്നാണ് പറയാന്‍ ശ്രമിക്കുന്നത്. 'വിഹാരം'എന്ന വാക്കാണ് ഇവിടെ ഉല്ലാസത്തിനായി ഉപയോഗിച്ചിട്ടുള്ളത്. വിശ്രമവും വിഹാരവും ഒരേപോലെ ആരോഗ്യത്തിനാവശ്യമാണെന്ന ഉദ്‌ബോധനമാണ് ഇവിടെ പറയുന്നത്. ''വളരെ നേരം എഴുതിക്കൊണ്ടിരുന്നിട്ടുള്ള ഒരു ഗുമസ്തന്, നടക്കുകയോ വള്ളം തുഴയുകയോ ചവിട്ടുവണ്ടി ഓടിക്കുകയോ ചെയ്യുന്നത് വിശ്രമമാകുന്നു. കുതിരപ്പുറത്തു കയറി വളരെദൂരം സവാരി ചെയ്ത ഒരുവന് ഒരേടത്ത് അനങ്ങാതിരുന്നു വായിക്കുന്നത് വിശ്രമമാകുന്നു. ആയാസപ്പെട്ട് പഠിച്ചുകൊണ്ടിരുന്ന ഒരുവന് ചൊക്കട്ടാന്‍ കളി ഒരു വിശ്രമമാകുന്നു....''

എന്നാല്‍ ജാതി, ലിംഗാധികാരങ്ങളെക്കുറിച്ചുള്ള ഉന്നയിക്കലുകള്‍ക്കകത്ത് ലെഷര്‍ കേവലമായ ഒരു സ്വാതന്ത്ര്യവാദം മാത്രമാണെന്നു വരുന്നുണ്ട്. ആര്‍ക്കാണ് മടിപിടിച്ചിരിക്കാന്‍ കഴിയുക എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. വിശ്രമം, ഒഴിവുസമയം, ലെഷര്‍ എന്നിവയൊക്കെ വക തരിച്ചു അനുഭവിക്കാനും ആസ്വദിക്കാനും കഴിയുന്നതാര്‍ക്കാണ്?
മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്നായ ഘാതകവധം തുടങ്ങുന്നതു തന്നെ പ്രവൃത്തിദിനങ്ങളില്‍ നിന്നുള്ള വിടുതലിനായി ഞായറാഴ്ച്ച സാബത്തു ദിനമായി ആചരിക്കണമെന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ്. ഞായറാഴ്ച്ച പണിയെടുക്കാന്‍ വരാത്ത പുലയരെ കോശി കുര്യന്‍ ക്രൂരമായി ശകാരിക്കുകയാണ്.

''നിങ്ങള്‍ എന്റെ ചോറു തിന്നു കളഞ്ഞും വച്ചു വേലയെടുക്കാതെ കുറുക്കനെപ്പോലെ ഒളിച്ചു നടക്കുന്നോ?''
അതിനു പുലയര്‍ പറയുന്ന മറുപടി ശ്രദ്ധേയമാണ്: '' തമ്പുരാനേ, ഞങ്ങള്‍ ആറു ദിവസം നല്ലപോലെ വേലയെടുത്തല്ലോ? എന്നാല്‍ ഈ ദിവസം തമ്പുരാന്റേതുമല്ല, ഞങ്ങളുടേതുമല്ല. പ്രാര്‍ത്ഥിപ്പാനായി ഉടയതമ്പുരാന്‍ കല്‍പ്പിച്ചിരിക്കുന്ന ദിവസം തന്നെ''.  
ഇതുകേട്ട കോശി വടികൊണ്ട് അടിക്കാന്‍ തുടങ്ങിയപ്പോള്‍, ''അയ്യോ തമ്പുരാനേ, ഞങ്ങളെ അടിക്കരുതെ! ഞങ്ങള്‍ മൃഗങ്ങളല്ലെ! ഞങ്ങള്‍ മനുഷ്യരാണെ! ഞങ്ങള്‍ക്കു ആത്മാവുണ്ടെ! ആറു ദിവസം ഞങ്ങള്‍ കഴിയും പോലെ വേലയെടുക്കാം. എന്നാല്‍ ഞായറാഴ്ച്ച ഞങ്ങളുടെ ആത്മാക്കളെക്കുറിച്ചും മേലിരിക്കുന്ന വലിയ തമ്പുരാനെക്കുറിച്ചും വിചാരിക്കേണ്ട ദിവസമാകുന്നു.''
എന്നു പറഞ്ഞു. എന്നാല്‍, ''ആത്മാവോ? പുലയനുണ്ടോ ആത്മാവുള്ളു? ദിവസവും വേലയെടുത്തില്ലെങ്കില്‍ നിങ്ങളെ ഞാന്‍ പൂട്ടിയിടും'' എന്നാണയാളുടെ ഭീഷണി.
ഇവിടെ പതിവു ജോലികളില്‍ നിന്നുള്ള വിടുതലാണ്, ഒഴിവാണ് സ്ഥാപിക്കപ്പെടുന്നത്. ആത്മാവിന്റെ  ഉള്ളടക്കത്തില്‍ പ്രാര്‍ത്ഥന മാത്രമല്ല, വൈയക്തികമായ ആന്തരികലോകത്തിന്റെ, അതിന്റെ സ്വാച്ഛന്ദ്യത്തിന്റെ, സര്‍ഗാത്മകത മുഴുന്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട് എന്നു തന്നെ വ്യാഖ്യാനിക്കാം. അതിലുപരി മനുഷ്യന്‍ എന്ന ആശയത്തെ പ്രാര്‍ത്ഥനയിലൂടെ, ആത്മീയതയിലൂടെ, ഒഴിവുസമയത്തിലൂടെ നിര്‍വചിക്കുന്നു. ഒഴിവുസമയമാണ് മനുഷ്യനെ മനുഷ്യനാക്കുന്നത് എന്ന ധാരണയുമുണ്ട്. അതുപോലെ അധ്വാനത്തില്‍ നിന്നും വിടുതലുള്ള സ്വച്ഛന്ദമായ സമയം എന്ന സങ്കല്പനവും ഉള്ളടങ്ങുന്നു.

സ്ത്രീയുടെ സമയം
സ്ത്രീകളുടെ സമയത്തെ ക്രമീകരിക്കാനും അവയുടെ മൂല്യത്തെ നിര്‍വചിക്കാനും കൊളോണിയല്‍കാലത്തെ മാസികകളിലെ പല ലേഖനങ്ങളും ശ്രമം നടത്തിയിട്ടുണ്ട്. അവയിലേറെയും ആധുനികപൗരുഷത്തിന്റെയും ആധുനികഗാര്‍ഹികമൂല്യങ്ങളുടെയും പ്രധാന അളവുകോലുകള്‍ക്കു വിധേയമായാണ് ചിട്ടപ്പെട്ടത്. വീട് അലങ്കരിക്കല്‍ അവയിലെ പ്രധാനമായ ഒരു മൂല്യമായിരുന്നു. സ്ത്രീകളും സാഹിത്യവും (അമ്പാടി കാര്‍ത്യായനിയമ്മ, വാചാപ്രസംഗം, പുറം282, എഴുത്തമ്മമാര്‍) എന്ന ലേഖനത്തില്‍ ''കൗതുകകരമായ സാധനങ്ങളെക്കൊണ്ട് ഒരു ഗൃഹത്തെ ഭംഗിയായി സൂക്ഷിക്കുന്നതു പോലെ തന്നെ സാത്വികവും നിര്‍മലവുമായ വിചാരങ്ങളെക്കൊണ്ട് അതിനെ അലങ്കരിക്കേണ്ടതാണെന്നു മഹാന്‍മാര്‍ അഭിപ്രായപ്പെടുന്നു' എന്നു കാണുന്നു. ഇവിടെ പുരുഷന്മാര്‍ക്കു വിശ്രമമേകുന്ന ഒരിടമായാണ് വീടിനെ കാണുന്നത്. വിശ്രമം ഉണ്ടാക്കിയെടുക്കേണ്ടത് സ്ത്രീകളുടെ ചുമതലയായും.  സ്വാഭാവികമായും സ്ത്രീയുടെ സമയം  എല്ലായ്‌പ്പോഴും പുരുഷ/അധീശ നിയന്ത്രണങ്ങള്‍ക്കുള്ളിലാണ് ചിട്ടപ്പെടുന്നത്. 'കേരളീയസ്ത്രീകള്‍ക്കൊരു ഉപദേശ'മെന്ന ലേഖനത്തില്‍ സ്ത്രീകളുടെ വിശ്രമം, ആനന്ദം എന്നിങ്ങനെയുള്ള ഘടകങ്ങളില്‍ ഊന്നി ജെ. കുഞ്ഞുലക്ഷ്മിയമ്മ എഴുതുന്നുണ്ട്. സമയമാണ് ഏറ്റവും വിലപിടിച്ചതെന്നവര്‍ പറയുന്നു. (ഗീത, എഴുത്തമ്മമാര്‍,പുറം 259.)
 
പുരുഷന്മാരും സ്ത്രീകളും വാച്ചുപയോഗിക്കുന്നതിലെ വ്യത്യാസത്തില്‍ തന്നെ അവരുടെ സമയത്തിന്റെ ലിംഗമൂല്യം പ്രകടമാണ്. പുരുഷന്മാരുടെ വാച്ച,് സമയം അറിയുക എന്ന ഉപകരണയുക്തിയിലാണ് ഊന്നുന്നതെങ്കില്‍ സ്ത്രീയുടേത് അലങ്കാരമൂല്യത്തിലാണ്. സ്ത്രീയുടെ വാച്ച് എല്ലായപ്പോഴും വള, ബ്രേസ്‌ലെറ്റ് , മോതിരം പോലുള്ള ആഭരണങ്ങളുടെ പദവിയിലായിരുന്നു എന്നത് ചരിത്രത്തിലുണ്ട്. 50കള്‍ക്കു ശേഷം പെണ്‍വാച്ചിന്റെ ഇടതുകയ്യില്‍ നിന്നും വലതുകൈയ്യിലേക്കുള്ള മാറ്റം സ്ത്രീയുടെ ഗാര്‍ഹികവല്‍ക്കരണം, സ്ത്രീശരീരത്തിന്റെ വസ്തുവല്‍ക്കരണം എന്നിവയിലേക്കുള്ള സൂചനകളായെടുക്കാം. പണിയിടങ്ങളിലോ നഗരത്തിലോ ബസ്സിലോ ആയിരിക്കുമ്പോഴും അവര്‍ മക്കളുടെ ട്യൂഷന്‍ സമയത്തിനകത്തോ വീട്ടിലെ രോഗികളും വൃദ്ധരുമായ മാതാപിതാക്കളുടെ ശുശ്രൂഷകളിലോ ഒക്കെയാണ്. സ്വന്തമല്ല, അന്യമാണ്, അവരുടെ സമയം. മറ്റുള്ളവര്‍ക്കു വിശപ്പു വരുമ്പോഴാണ് അവരുടെ ഭക്ഷണസമയം. അവര്‍ക്കു വേണ്ടിയുള്ള സേവനങ്ങള്‍ക്കനുസൃതമായാണ് അവളുടെ വിശ്രമം. പൗരത്വവുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോള്‍ സ്ത്രീയുടെ സമയക്രമത്തില്‍ ലെഷര്‍ പ്രവര്‍ത്തിക്കുന്നതെങ്ങിനെ എന്ന് തിരിച്ചറിയാനുള്ള താക്കോലായി ഇതെടുക്കാം. ഒപ്പം സ്വതന്ത്രവും കര്‍തൃനിഷ്ഠവുമായ ലെഷര്‍ സ്ത്രീക്കു സാധ്യമാകാത്തതെന്തെന്ന ചോദ്യത്തിലേയ്ക്കുള്ള പീഠികയായും കണക്കാക്കാം.

ലെഷറിന്റെ സാമാന്യചരിത്രത്തിലേക്ക്
ഒരു സമൂഹത്തിന്റെ സ്വാഭാവികമായ ആധുനികവല്‍ക്കരണത്തിലേക്കും വികാസത്തിലേക്കുമുള്ള യാത്രയില്‍ ലെഷറിന്റെ അഭിരുചികള്‍ക്കു വലിയ പങ്കുണ്ട്. അതേ സമയം അത് വരേണ്യമായ കോയ്മകളാല്‍ നിര്‍ണയിക്കപ്പെടുകയും ചെയ്യുന്നു. സാമാന്യര്‍ത്ഥത്തില്‍ ലെഷര്‍ എല്ലാ സമൂഹത്തിലുമുണ്ട്. വൈയക്തികമായ ലെഷറില്‍ നിന്നും പൊതുവായ ലെഷറിന്റെ ഇടങ്ങളിലേക്കു വരുമ്പോഴാണ് സമൂഹത്തിലെ അടിസ്ഥാനപരമായ വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളും അവയുടെ സംഘര്‍ഷങ്ങളും വെളിയിലേക്കു പ്രകാശിപ്പിക്കപ്പെടുക. ജാതി, മതം, വര്‍ഗം, ലിംഗപദവി ഒക്കെയും അത്തരം സംഘര്‍ഷങ്ങളുടെ വേദിയാണ്.

തിരുവിതാംകൂര്‍ ചരിത്രം എഴുതിയ പി.ശങ്കുണ്ണിമേനോന്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലെ രാജവിനോദങ്ങളെപ്പറ്റി പറയുന്നുണ്ട്. സ്വദേശി,  വിദേശി ഭേദമില്ലാതെ ധാരാളം വിദഗ്ദ്ധര്‍ ഉണ്ടായിരുന്ന രാജസദസ്സിനകത്ത് കായികാഭ്യാസികളെ നിയമിച്ചിരുന്നുവത്രെ. ''ഗുസ്തി, ദ്വന്ദ്വയുദ്ധം,വടിവാള്‍ തുടങ്ങിയവ കൊണ്ടുള്ള മല്‍സരങ്ങള്‍, മറ്റു പലതരം കായികാഭ്യാസങ്ങള്‍ ഇവയില്‍ വിദ്ഗ്ദ്ധ പരിശീലനം ലഭിച്ചിരുന്നവരായിരുന്നു ഇവര്‍. മറ്റുരാജ്യങ്ങളിലെ ഇത്തരം അഭ്യാസമുറകള്‍ മനസ്സിലാക്കുന്നതിനു വേണ്ടി മൈസൂര്‍ കൊട്ടാരത്തില്‍ നിന്നും കായികാഭ്യാസികളെ മഹാരാജാവ് വരുത്തി. എതിരാളി ചോരയില്‍ മുങ്ങിക്കുളിക്കുന്നതു വരെ ആക്രമിക്കുക എന്നതായിരുന്നു അവരുടെ ദ്വന്ദ്വയുദ്ധരീതി. മഹാരാജാവിന്റെ കൗതുകം ഒന്നു പ്രത്യേകമായിരുന്നു. അത്ഭുതകരമായ അഭ്യാസങ്ങള്‍ കാണുന്നതിനും അസുലഭവസ്തുക്കള്‍ ദര്‍ശിക്കുന്നതിനും അമിതമായ താല്പര്യം കാട്ടി. യൂറോപ്യന്മാരില്‍ ഒരുവിധം എല്ലാ ദേശക്കാരെയും കണ്ടിട്ടുള്ള അദ്ദേഹത്തിന് കരവിരുതും കലാകൗശലവുമുള്ള ചൈനാക്കാരെ കാണണമെന്നാഗ്രഹമുദിച്ചു.  ഇവരെപ്പറ്റി അദ്ദേഹം കേട്ടിരുന്നു. ചൈനാക്കാരായ രണ്ടു ജാലവിദ്യക്കാരെ അദ്ദേഹം വരുത്തി. വളരെക്കാലം ഇവര്‍ അരമനയില്‍ കഴിച്ചുകൂട്ടുകയും ചെയ്തു. ചെറിയ രണ്ടു കമ്പുകള്‍ ഉപയോഗിച്ചു ഭക്ഷണം കഴിക്കുന്ന അവരുടെ രീതിയില്‍ ഏറെ തമാശ തോന്നിയ മഹാരാജാവ് അവരുടെ ഭക്ഷണരീതി കണ്ടിരിക്കുക പതിവായിരുന്നു. ഇവര്‍ വളരെക്കാലം കൊട്ടാരത്തില്‍ താമസിച്ചു. നാട്ടിലേക്കു മടങ്ങുമ്പോള്‍ കനപ്പെട്ട സമ്മാനങ്ങള്‍ നല്‍കിയാണ് ഇവരെ പറഞ്ഞയച്ചത്. അറബികള്‍, നീഗ്രോകള്‍, ടര്‍ക്കികള്‍, മലയക്കാര്‍, ജപ്പാന്‍കാര്‍, നീപ്പാളികള്‍ തുടങ്ങിയവരും ഇന്ത്യയില്‍തന്നെയുള്ള പലവര്‍ഗക്കാരും മഹാരാജാവിന്റെയടുത്ത് പലസമയങ്ങളിലായി വന്നിട്ടുണ്ട്. അസാധാരണമായ കായികാഭ്യാസങ്ങളും മാംസപേശികള്‍ കൊണ്ട് അത്ഭുതവിദ്യകളും കാണിച്ചിരുന്ന ഒരു കൂട്ടം ഫയല്‍വാന്‍മാരെ (മുസല്‍മാന്‍ ഗുസ്തിക്കാര്‍) ഹൈദരാബാദില്‍ നിന്നും ഇവിടെ വിളിച്ചു വരുത്തി. അവരുടെ ഗുസ്തിയെപ്പറ്റി പറഞ്ഞാല്‍ അതിശയോക്തിയെന്നേ ആര്‍ക്കും തോന്നൂ. ഇവരില്‍ 30 വയസ്സു പ്രായമുള്ള ഒരാള്‍ മലര്‍ന്നു കിടന്ന് ഒരു വലിയ കരിങ്കല്‍ നെഞ്ചില്‍ വയ്പ്പിക്കുകയും കട്ടി കൂടിയ ഇരുമ്പുലക്ക കൊണ്ട് ഇതു രണ്ടായി പിളരുന്നതുവരെ ആഞ്ഞിടിപ്പിക്കുകയും ചെയ്തിരുന്നു. വലിയ ഇരുമ്പുണ്ടകള്‍ എറിഞ്ഞു ദേഹത്തു തട്ടിച്ചു.'' (പുറം 360,361 തിരുവിതാംകൂര്‍ ചരിത്രം, പി.ശങ്കുണ്ണിമാനോന്‍). രാജാക്കന്മാര്‍ മാത്രമല്ല, പൗരപ്രമുഖരും ഈ ഒഴിവുസമയവിനോദങ്ങളുടെ ഭാഗമായി.

കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ തന്റെ വിനോദവേളകളെക്കുറിച്ച് എഴുതിയ രസകരമായ 'എന്റെ മൃഗയാസ്മരണകള്‍' നായാട്ടിനെപ്പറ്റിയാണ്. ചെറുപ്പത്തില്‍ തനിക്കു വെടിവെയ്പ്പിലും വേട്ടയിലുമുണ്ടായിരുന്ന കൗതുകോല്‍സാഹങ്ങളെ മുന്‍നിര്‍ത്തിയാണ് ഈ സ്മരണ എഴുതിയിട്ടുള്ളത്. മൃഗങ്ങളെ 'വരുത്തി വെടിവെയ്ക്കലി'നെപ്പറ്റിയും തോക്കുമായി കാട്ടില്‍ കൂട്ടം കൂടിപ്പോയി പന്നികളെ വെടിവെച്ചതുമായ കഥ വിവരണാത്മകമായി ഇവിടെ എഴുതുന്നുണ്ട്. മനസ്സിനു സുഖമില്ലാത്തതിനാലാണ് ഇന്ദുലേഖയിലെ മാധവനും നായാട്ടിനു പോകാന്‍ ശ്രമിക്കുന്നത്. ഡോ. കെ.പി. ജയകുമാര്‍ രൂപകല്പന ചെയ്ത കൊളോണിയല്‍ കാലഘട്ടങ്ങളിലെ വേട്ടയുടെ വിശദാംശങ്ങളിലേക്കു കൗതുകപൂര്‍വം സഞ്ചരിക്കുന്ന ഒരു ഫോട്ടോ പ്രദര്‍ശനം എറണാകുളം ഡര്‍ബാര്‍ ഹാളില്‍ ഒരുക്കിയിരുന്നു.

കൊളോണിയല്‍ കാലത്തെ വിനോദങ്ങള്‍ ഏറെയും ഹിംസാത്മകതയെ ഒരു പ്രശ്‌നമായി കണ്ടിരുന്നില്ല. എങ്കിലും ഇത്തരമൊരു സംഘര്‍ഷം വസുമതിയിലെ ഒരു കഥാപാത്രത്തിലൂടെ മൂര്‍ക്കോത്തു കുമാരന്‍ അവതരിപ്പിക്കുന്നുണ്ട്. ബാങ്കിലെ 'കാഷ് കീപ്പറാ'യ സുബ്രഹ്‌മണ്യയ്യര്‍ കൂട്ടുകാരോടൊപ്പം ശിക്കാറിനു പോകുന്നതാണ് സന്ദര്‍ഭം. ''ശിക്കാര്‍ ഒരു വിനോദമെന്നല്ലാതെ ഈ 'സാധുബ്രാഹ്‌മണന്‍' അധികമൊന്നും വിചാരിച്ചിരുന്നില്ല. പുലരുന്നതിനു നാലുനാഴികമുമ്പുതന്നെ കൂട്ടരൊക്കെ തോക്കും താങ്ങി പുറപ്പെട്ടു. ഒന്നിച്ചു നമ്മുടെ അയ്യരും കൂടി. നേരം ഉദിച്ചുയരുന്നതിനോടുകൂടി പക്ഷികള്‍ കൂടുകളില്‍ നിന്നിറങ്ങി ഇരതേടി സഞ്ചരിച്ചു തുടങ്ങുന്ന അവസരത്തില്‍ ശിക്കാറികള്‍ അവയെ വെടിവെച്ചു കൊല്ലാന്‍ ആരംഭിച്ചു. അത് കണ്ടപ്പോള്‍ ബ്രാഹ്‌മണന് ആ വക കാര്യങ്ങള്‍ ചെയ്യുന്നതില്‍ ജനലാലുള്ള വൈമനസ്യം പ്രത്യക്ഷപ്പെടുകയും അതുസൂക്ഷിച്ചു മനസ്സിലാക്കിയ ഒരു സ്‌േനഹിതന്‍ അദ്ദേഹത്തോട് ഇങ്ങനെ പറകയും ചെയ്തു.
''എന്താ സാമീ, പക്ഷികളെ കൊല്ലുന്നത് പാപമാണ്  അല്ലേ?''
സുബ്ര: ''എന്ന സന്ദേഹം? പാപം തന്നെ. കഷ്ടമേ കഷ്ടം. നിങ്ങളെല്ലാം എത്തിന കഠിനഹൃദയന്മാര്‍! നാനും നീങ്കളെക്കൂടെ ചേര്‍ന്തല്ലോ ശിവനേ''
സ്‌നേഹിതന്‍: ''സ്വാമീ ഈ ഇരുപതാം നൂറ്റാണ്ടില്‍ ഇത്ര നല്ല ആളുകളുണ്ടോ? യൂറോപ്യന്മാരുടെ വിനോദമെന്താണ് അറിയോ? നായാട്ട്, ശിക്കാറ് ഇവയല്ലേ? അവരൊക്കെ പാപികളാണോ? സ്വാമി വിചാരിക്കുന്നോ ഈ സായ്പുമാരൊക്കെ നേരെ നരകത്തിലേക്കാണ് യാത്രയെന്ന്?'' (പുറം.51, വസുമതി)
എന്തായാലും ഈ സ്വാമി പിന്നീടു ചവിട്ടുവണ്ടിയില്‍ കയറി സുഹൃത്തിനോടൊന്നിച്ചു ഓടിച്ചു രസിച്ചു. കൂട്ടുകാരോടൊത്തുള്ള വിനോദത്തിലും ഉല്ലാസരസത്തിലുമാണ് സ്വാമിയുടെ കഥാപാത്രത്തെ ഘടനാവല്‍ക്കരിച്ചതെന്നും കാണാം. ഏറെക്കാലം പ്രബലമായി നിലനിന്ന വരേണ്യവിനോദം തന്നെയായി നായാട്ടിനെ കാണാം എന്നത് 40കളിലും പ്രചരിച്ചിരുന്ന തോക്കുകളുടെ വാണിജ്യപരസ്യങ്ങള്‍ സൂചിപ്പിക്കുന്നു. സ്വീകരണമുറികളിലെ അലങ്കാരമായി മാന്‍കൊമ്പുകളും ആനക്കൊമ്പുകളും നിരന്നതിനു പിന്നിലും അതുണ്ടാവണം. കേരളത്തിലെ നായാട്ടുവിനോദങ്ങളെപ്പറ്റി ഒട്ടേറെ തെളിവുകള്‍ മുന്‍നിര്‍ത്തി പഠിക്കുന്ന വിനില്‍ പോള്‍ അവ അടിമകളുടെ ജീവിതത്തെയും കീഴാളപ്രകൃതിവിഭവങ്ങളെയും ബാധിച്ചതെങ്ങനെയെന്നും വിശദമായി അന്വേഷിക്കുന്നുണ്ട്.

ലെഷറും ഭരണകൂടസ്ഥാപനവും
ജനതയുടെ കലാപരമായ അഭിരുചികളെയും സാംസ്‌കാരികമായ ഉല്‍സവങ്ങളെയും എല്ലാം ഭരണകൂടപരമായ നയങ്ങളിലൂടെ ആദ്യകാലം മുതല്‍ക്കുള്ള ഭരണാധികാരികള്‍ എങ്ങനെ രൂപപ്പെടുത്തി എന്നന്വേഷിക്കേണ്ടത് ഈ പഠനത്തിന്റെ പ്രാഥമികദൗത്യമാണ്. പലതരം വേലകളും പൂരങ്ങളും പൂയങ്ങളും കാര്‍ണിവെലുകളും മറ്റുല്‍സവങ്ങളും വരെ അതിന്റെ ഭാഗമാണ്. പത്രങ്ങള്‍, റേഡിയോ, ടെലിവിഷന്‍, നാടകം, സിനിമ തുടങ്ങിയ മാധ്യമങ്ങളേറെയും ഇത്തരം ഭരണകൂട ഇടപെടലുകളെ സാധൂകരിക്കുകയോ അവയുമായി പലയളവുകളില്‍ വിലപേശിയോ ആണ് അതതുകാലത്തെ ലെഷറിനെ രൂപപ്പെടുത്തുന്നത്. താരതമ്യേന ആധുനികവും വിസ്തൃതവുമായ ആ മണ്ഡലം പലരാലും ഒട്ടൊക്കെ പഠിക്കപ്പെട്ടതുമാണ്.

ആദ്യകാലകേരളത്തിന്റെ ലെഷര്‍ സംബന്ധിച്ച പുതിയൊരു താല്‍പര്യം രൂപപ്പെട്ട സാഹചര്യത്തിലേക്കു നോക്കുമ്പോള്‍ കാഴ്ച്ചബംഗ്ലാവിന്റെ സംസ്‌കാരം പ്രധാനമാണ് എന്നു കാണാം. സ്വാതിതിരുന്നാളിന്റെ ഭരണകാലത്ത് സൈനികസമ്പത്തു മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ധാരാളം കുതിരകളെ സൂക്ഷിക്കുന്ന ഒരു കുതിരലായം തുടങ്ങിയിരുന്നുവത്രെ. അതോടനുബന്ധിച്ച് ഒരു വന്യമൃഗശാല കൂടി തുറന്നിരുന്നതായും അതില്‍ കടുവ, പുലി, പന്നി തുടങ്ങിയ കാട്ടുമൃഗങ്ങളെ വളര്‍ത്തിയരുന്നതായും ചരിത്രകാരന്മാര്‍ പറയുന്നു. ആഫ്രിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത പെണ്‍സിംഹത്തെ വരെ വിലയക്കു വാങ്ങിയിരുന്നതായും പറയുന്നു. അന്നു വരെ കേരളത്തില്‍ ഒരിടത്തുമില്ലാതിരുന്ന പുതിയൊരു അഭിരുചിയുടെ പ്രകാശനമായി വേണം ഈ സമ്പ്രദായത്തെ കാണാന്‍. നല്ലയിനം പശുക്കളെയും കാളകളെയും കുതിരകളെയും കൂടാതെ നാടനും വിദേശിയുമായ പലതരം പക്ഷികളെയും എല്ലാം ശേഖരിച്ചു സൂക്ഷിച്ചിരുന്ന ഈ മൃഗശാലയെക്കുറിച്ച് പി.ശങ്കുണ്ണിമേനോന്‍ എഴുതുന്നു: ''ഈ വന്യമൃഗങ്ങളെ  സൂക്ഷിച്ചിരുന്നത് സഞ്ചാരകുതുകികളെ മാത്രം ഉദ്ദേശിച്ചുകൊണ്ടല്ല; ഒരു വിനോദമെന്ന നിലയ്ക്കു കൂടിയായിരുന്നു. ഇതിനു വേണ്ടി വളരെ താഴ്ത്തി കുറ്റികളടിച്ച് വൃത്താകൃതിയില്‍ സ്ഥലം തയ്യാറാക്കി വലയിട്ടു സൂക്ഷിക്കുന്നു.  ഈ സ്ഥലത്തേക്ക് പലതരം കാട്ടുമൃഗങ്ങളെ  ഓരോന്നായി അഴിച്ചുവിടുകയും അവയുടെ ചാട്ടവും പോരാട്ടവുമെല്ലാം കണ്ട് മഹാരാജാവും കാണികളും രസിക്കുകയും ചെയ്യുന്നു. യാദൃച്ഛികമായി വലയില്‍ നിന്നും ഏതെങ്കിലും മൃഗം പുറത്തു ചാടുകയാണെങ്കില്‍ ഉടനടി അതിനെ പിടിക്കുവാന്‍ വേണ്ടി വലയ്ക്കു ചുറ്റും കുന്തങ്ങളും തോക്കുകളും ധരിച്ച ആളുകള്‍ ശ്രദ്ധാപൂര്‍വം കാത്തു നില്‍ക്കുകയും ചെയ്യുക പതിവാണ്.'' (പുറം 351,352, തിരുവിതാംകൂര്‍ ചരിത്രം, പി.ശങ്കുണ്ണിമേനോന്‍).  വാനനിരീക്ഷണകേന്ദ്രം സ്ഥാപിക്കപ്പെട്ടതും ഇതേ ഭരണാധികാരിയുടെ താല്പര്യത്തിന്റെ പുറത്താണ്. പ്രസിദ്ധരായ അനേകം മുസ്ലിം സംഗീതവിദ്ഗ്ധരുള്‍പ്പടെ പല കലാകാരന്മാരും രാജസദസ്സിനെ അലങ്കരിച്ചിരുന്നു. യൂറോപ്യന്‍ സംഗീതം പരിശീലിപ്പിക്കുവാന്‍ വേണ്ടി ഒരു ആംഗ്ലോ ഇന്ത്യനെ നിയമിക്കുകയും ചെയ്തു. ഇക്കാലത്ത് രാജാവ് പലതരം സംഗീതോപകരണങ്ങളും വിലയ്ക്കു വാങ്ങുകയും ചെയ്തു.  
ഭരണകൂടത്തിന്റെ മുന്‍കയ്യില്‍ ആധുനികസമൂഹങ്ങളില്‍ ലെഷര്‍ കൃത്യമായ വ്യവസ്ഥകളോടെ പ്രോല്‍സാഹിക്കപ്പെടുന്നു എന്നതു പോലെ അതു സവിശേഷതാല്പര്യങ്ങളാല്‍ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നുണ്ട്. വാസ്തവത്തില്‍ ശരീരങ്ങളുടെ പ്രത്യക്ഷീകരണത്തെയാണ് ഈ നിയന്ത്രണങ്ങള്‍ ഉന്നം വെയ്ക്കുന്നതെന്നു തിരിച്ചറിയാന്‍ വിഷമമില്ല. സമയം, സദാചാരം, ലിംഗം, സന്മാര്‍ഗം, പണം, വര്‍ഗം, ജാതി, മതം തുടങ്ങി പലവിധ മാനകങ്ങളാല്‍ പൊതുവിടവും പൊതുവിടത്തിലെ പൗരസാന്നിധ്യവും നിര്‍ണയിക്കപ്പെടുന്നുണ്ട്. ദരിദ്രരും അനഭിജാതരും കീഴാളരും അപരരുമായവരുടെ സാന്നിധ്യം, അത്തരം അപരശരീരങ്ങള്‍ തന്നെ വ്യവസ്ഥയെ വെല്ലുവിളിക്കുന്നുണ്ട്. ഇതാണ് ലെഷറിനുമേലുള്ള നിയന്ത്രണങ്ങള്‍ മുറുകുന്നതിനുള്ള ഒരു കാരണം.  ഭരണകൂടത്തില്‍ നിന്നു മാത്രമല്ല, പൊതുസമൂഹത്തില്‍ നിന്നും ഇത്തരം ആഖ്യാനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.  

 കെ.പി.എ.സി.യുടെ ചരിത്രത്തില്‍ സുപ്രധാനമായ ഏടായിത്തീര്‍ന്ന നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിന്റെ പ്രദര്‍ശനം 50കളില്‍ തിരുവനന്തപുരം കോവളത്തു കളക്ടര്‍ അബ്ദുള്‍സലാം നിരോധിച്ചപ്പോള്‍ കാരണമായി പറഞ്ഞത് പ്രദേശത്ത് വസൂരി പടര്‍ന്നു പിടിച്ചിട്ടുണ്ട് എന്നാണ്. തിരുകൊച്ചി നിയമസഭയില്‍ അംഗമായിരുന്ന കാമ്പിശ്ശേരി കരുണാകരന്‍ ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. നാടകത്തിന്റെ അവതരണമാണ് സര്‍ക്കാര്‍ തടയുന്നതെന്നും എന്നാല്‍ ഇതിന്റെ അച്ചടി കോപ്പി തിരു-കൊച്ചി സംസ്ഥാനത്തെ മിക്ക പുസ്തകശാലകളിലും ലഭ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലെഷറുമായി ബന്ധപ്പെട്ട കലാരൂപങ്ങളെയും അവയുടെ പ്രദര്‍ശനങ്ങളെയും ഭരണകൂടവും സമൂഹത്തിലെ കുലീനരും ഒരേപോലെ രോഗവും പകര്‍ച്ചവ്യാധികളുമായി ബന്ധപ്പെടുത്തുകയാണ്. ഇതു പക്ഷേ, ഒരു പുതിയ കാര്യമല്ല. ബിന്ദുമേനോന്‍ ഇതു സംബന്ധിച്ചു വിസ്തരിച്ചുള്ള പഠനം തന്നെ നടത്തിയിട്ടുണ്ട്.
വിവിധ ജാതി, മത, വര്‍ഗ വിഭാഗങ്ങള്‍ ഒത്തുചേരുന്ന തിയ്യറ്ററുകളെയും എക്‌സിബിഷനുകളെയും നാടകശാലകളെയും മലിനീകരിക്കപ്പെട്ട ഇടങ്ങളായോ ശുചിത്വത്തിനു ഭീഷണിയായ പ്രദേശങ്ങളായോ കരുതപ്പെട്ടിരുന്നതിനെക്കുറിച്ച് അവര്‍ എഴുതുന്നു:  ''പൊതുജനാരോഗ്യത്തിനും ശുചിത്വത്തിനും ഭീഷണിയായി പകര്‍ച്ചവ്യാധികള്‍ പടര്‍ത്തുന്ന സ്ഥലമാണെന്നതിന്റെ അടിസ്ഥാനത്തില്‍ 1928 ഏപ്രിലില്‍, ആലപ്പുഴ മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ എംഡന്‍ സിനിമാ ടൂറിംഗ് എക്‌സിബിഷനു നിരോധനം ഏര്‍പ്പെടുത്തി. പ്രമുഖ അഭിഭാഷകരും സാംസ്‌കാരിക ഗ്രൂപ്പുകളും ഉള്‍പ്പെടെ വലിയൊരു വിഭാഗം പൊതുജനങ്ങള്‍  നിരോധനത്തെ എതിര്‍ത്തു. 1935-ല്‍, തിരുവിതാംകൂറിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റും നഗര പരിഷ്‌കര്‍ത്താവും സ്ത്രീയവകാശങ്ങളുടെ വക്താവുമായ അന്നാ ചാണ്ടി, തൈക്കാട്  വനിതാ ആശുപത്രിക്ക് സമീപം 'പുതിയ തിയേറ്റര്‍' നിര്‍മ്മിക്കുന്നതിനെതിരെ ആദ്യ അപ്പീലായി ഒരു നിവേദനം നല്‍കുകയും ചെയ്തു.  പ്ലേഗ് പകര്‍ച്ചവ്യാധി മൂലം മട്ടാഞ്ചേരി, കൊച്ചി മുതലായ ഇടങ്ങളില്‍ സിനിമ, നാടക ലൈസന്‍സുകള്‍ നിര്‍ത്തലാക്കുന്നത് കൊച്ചി നിയമസഭാസമിതി ചര്‍ച്ച ചെയ്യുകയും ചെയ്തു.'' (ബിന്ദു മേനോന്‍, Miasmic Screens: Contagion and Control in Early 20th Century Cinema Hall, അല ബ്ലോഗ്)

പുരുഷലെഷര്‍
നായാട്ടുള്‍പ്പെടെയുള്ള വിനോദങ്ങളിലെ ഹിംസാത്മകത പോലെത്തന്നെ കൊളോണിയല്‍കാല ലെഷറുകളേറെയും പുരുഷകേന്ദ്രിതമായിരുന്നു. പുരുഷലക്ഷണമായി എടുത്തു പറയുന്ന 'വെടിക്കല'തന്നെ ലെഷറിന്റെ പുരുഷകേന്ദ്രിതത്വത്തിലേക്കുള്ള വ്യക്തമായ സൂചനയാണ്. ഇന്ദുലേഖയിലെ മാധവന്‍ പുതിയ ഈ പൗരുഷത്തിന്റെ ഘടനയിലേക്കാണ് പരുവപ്പെടുന്നത്. മാധവന്‍ തന്റെ രാജ്യസഞ്ചാരത്തിനിടയയ്ക്കു കല്‍ക്കത്തയില്‍ വെച്ചു കാണുന്ന മൃഗശാലയെ നോവലിസ്റ്റ് വിവരിക്കുന്നുണ്ട്. കൂട്ടിലിട്ട പുലിക്കു ഇര നല്‍കാന്‍ കൂടുതുറന്നശേഷം അടയ്ക്കാന്‍ മറന്നപ്പോള്‍ അതു ചാടി പുറത്തേക്കുവന്നതും അതില്‍ പേടിച്ചരണ്ട കാണികള്‍ ഓടിപ്പോയതും എല്ലാം ഒന്നിച്ചായിരുന്നു. എന്നാല്‍ തക്കസമയത്തിന് മാധവന്‍ ആ പുലിയെ വെടിവെച്ചിട്ടു. മാധവന്റെ നായകസ്ഥാനത്തില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ട പരിഷ്‌കാരിയായ ആധുനികപുരുഷനെയാണിവിടെ വരച്ചിടുന്നത്. ക്രിക്കറ്റിനും ചെസ്സുകളിക്കും നായാട്ടിനും കമ്പമുള്ള മാധവന്‍ 'കളിഭ്രമ'ക്കാരനായ സൂരിയുടെ അപരമായ, ആധുനികപൗരുഷത്തിന്റെ പ്രതിനിധാനമാണ്. അതിനനുസൃതയായ ആധുനികസ്ത്രീയുടെ നിര്‍മിതിയിലും അതിനു തുണ നില്‍ക്കുന്നതും അനുയോജ്യമായതുമായ അഭിരുചിഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നു പ്രത്യേകം പറയേണ്ടതില്ല. ശാസ്ത്രീയസംഗീതവും ഫിഡില്‍, വീണ, പിയാനോ തുടങ്ങിയ ഉപകരണസംഗീതങ്ങളും കൂടാതെ തുന്നലും ചിത്രകലയും കൂടി ഇന്ദുലേഖയെ ശീലിച്ചിരുന്നതായി നോവലില്‍ പറയുന്നുണ്ട്. പാട്ടും പിയാനോയും ചതുരംഗവും കൊണ്ട് മാധവനുമായി ചേര്‍ന്ന് പരസ്പരം വിനോദിക്കുക പതിവാണ്. ആധുനികമായ ലിംഗഭേദത്തെയും ലിംഗബന്ധങ്ങളെയും സംബന്ധിച്ച ധാരണകളില്‍ പുതിയ വിനോദാഭിരുചികള്‍ക്കു കൂടി സ്ഥാനമുണ്ടെന്ന ധാരണ ഇവിടെ ഉറയ്ക്കുന്നു. അവയുടെ പ്രഭവമാകട്ടെ, പടിഞ്ഞാറന്‍ ആധുനികതാസങ്കല്പങ്ങളുമാണ്. ചവിട്ടുവണ്ടിയെന്നു പറഞ്ഞുപോരുന്ന സൈക്കിള്‍ സവാരിയും ടെന്നീസ്, ക്രിക്കറ്റ് കളികളും മറ്റും അവയില്‍ ചിലതുമാത്രം. മറ്റൊന്ന്, ലെഷറിനെക്കുറിച്ചുള്ള പല വായനകളും അവ വൈദേശികമാകുന്നതില്‍ സമ്മിശ്രമായ പ്രതികരണങ്ങളാണ് പുറപ്പെടുവിക്കുന്നത്.

പഠിക്കാനും തൊഴിലെടുക്കാനുമായി മറുനാട്ടിലെത്തുന്ന മലയാളികള്‍ പലപ്പോഴും ക്ലബ്ബുകളിലും സമാജങ്ങളിലും ഒത്തുകൂടി വിനോദങ്ങളും കൂട്ടായ്മകളും നടത്തിവരാറുണ്ട്. ഇപ്രകാരം രൂപപ്പെടുന്ന മലയാളിസംസ്‌കാരത്തെക്കുറിച്ചു സവിശേഷമായ നിരീക്ഷണങ്ങള്‍ നടത്തുന്ന സൂസന്‍ ലെവിന്ദോവ്‌സ്‌കിയെ ഉപജീവിച്ചുകൊണ്ട് ഡോ.പി.രഞ്ജിത് ഭക്ഷണത്തിലൂടെയും വസ്ത്രത്തിലൂടെയും മറ്റ് നിരവധി ആചാരമര്യദകളും ശീലങ്ങളും വഴി വന്ന മാറ്റങ്ങളിലൂടെയും രൂപപ്പെട്ട മലയാളിത്തത്തെക്കുറിച്ചു പഠിക്കുന്നുണ്ട്. ''മദിരാശിയില്‍ ലോഡ്ജുകളിലും ഹോസ്റ്റലുകളിലും ഒറ്റയ്ക്കു താമസിച്ച് പഠിക്കുകയോ ജോലിയെടുക്കുകയോ ചെയ്തിരുന്ന യുവാക്കളായ പുരുഷന്മാരാണ് നാട്ടിലെ രീതികളില്‍ നിന്ന് കൂടുതല്‍ അകന്ന് കൊളോണിയല്‍ മൂന്നാം സംസ്‌കാരം സൃഷ്ടിക്കുന്നതില്‍ പ്രധാനപങ്കു വഹിച്ചവര്‍. തറവാടിന്റെയോ കുടുംബത്തിന്റെയോ പഴയതുപോലുള്ള നിലനില്‍പ്പ് അവരുടെ താല്പര്യങ്ങള്‍ക്കു വിഘാതവുമായിരുന്നു. യൂറോപ്യന്മാരും മലയാളികളും അംഗങ്ങളായ  കോസ്‌മോ പോളിറ്റന്‍ ക്ലബ്ബ് (1873ല്‍ സ്ഥാപിക്കപ്പെട്ടത്)പോലുള്ള സ്ഥാപനങ്ങള്‍ കൊളോണിയല്‍ മൂന്നാം സംസ്‌കാരത്തിന്റെ പല ഘടകങ്ങളേയും നിര്‍ണയിച്ചിരുന്നു. ദക്ഷിണേന്ത്യന്‍ ഇംഗ്ലീഷ് എന്ന സംസാരഭാഷയും ചായകുടി, ശീട്ടുകളി പോലുള്ള ശീലങ്ങളും മലയാളി അഭ്യസിച്ചു'' (പുറം 151, മലയാളിയുടെ ഭൂതകാലങ്ങള്‍ ഓണവും സാമൂഹ്യഭാവനയും, കറന്റ് ബുക്‌സ്, തൃശൂര്‍ 2011). പില്‍ക്കാലത്ത് രൂപം കൊണ്ട മദ്രാസ് മലയാളിക്ലബ് ഓണാഘോഷമുള്‍പ്പടെയുള്ള വിനോദങ്ങള്‍ക്കു പ്രത്യേക പ്രാധാന്യം നല്‍കിയതായി പറയുന്നു. കൈകൊട്ടിക്കളിപ്പാട്ടും സദ്യയും പന്തടിക്കളികളും നാടകവും എല്ലാം ചേര്‍ന്ന ഓണാഘോഷത്തിന്റെ ആധുനികമായ ഒരു മാതൃക രൂപപ്പെടുന്നതിവിടെയാണത്രെ. 'ശാരദ'യിലെ  കൊളമ്പ് ഇപ്രകാരം വക്കീലന്മാര്‍ കൂട്ടുകൂടി രസിച്ചു ചര്‍ച്ചചെയ്തിരിക്കുന്ന ക്ലബ്ബു തന്നെയാണല്ലോ. പലതരം  കോയ്മകള്‍ക്കു വിധേയമായാണ് ഇത്തരം ക്ലബ്ബുകളിലെ അംഗത്വവും പങ്കാളിത്തവും. എങ്കിലും നാട്ടിലും ഇത്തരം ക്ലബ്ബുകളിലൂടെ ഉല്ലാസത്തിനുള്ള അവസരങ്ങള്‍ രൂപപ്പെടുത്തുവാനും ശ്രമിച്ചിരുന്നു.  
 
ആദ്യകാലത്തെ പൗരുഷത്തെ ഘടനവല്‍ക്കരിക്കുന്നതില്‍ മലയാളിപുരുഷന്മാര്‍ തദ്ദേശീയമായും അല്ലാതെയും സ്വരൂപിച്ചെടുത്ത ലെഷറിന്റെ ഉപാധികളുമായി അഭേദ്യബന്ധമുണ്ട്. സിഗററ്റും ബീഡിയും മദ്യവും മറ്റും പങ്കുവെയ്ക്കുന്ന ആണ്‍കൂട്ടങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്ന പ്രത്യേകതരം ലിംഗപരമായ ചാര്‍ച്ചകള്‍ ഉണ്ട്. പഴയകാലത്തെ മദ്യത്തിന്റെയും സിഗററ്റിന്റെയും മറ്റും പരസ്യങ്ങള്‍ അതിനു തെളിവാണ്. 'വസുമതി'  മദ്യപാനത്തെ പുരുഷന്മാരുടെ കൂട്ടുകെട്ടുമായി, ആണ്‍മാത്രവിനോദവുമായി ചേര്‍ത്തുവെച്ചു പറയുന്നുണ്ട്. മദ്യപാനത്തിന്റെ വിവിധഘട്ടങ്ങളെ പലതരം പക്ഷികളോട് ഉപമിച്ചുകൊണ്ടുള്ള രസകരമായ ഒരു പ്രയോഗവും ഇതേ കുറിച്ച് മൂര്‍ക്കോത്ത് നടത്തുന്നുണ്ട്.*2 വൈകീട്ടെന്താ പരിപാടി എന്ന ചോദ്യം വാസ്തവത്തില്‍ മുഴുവന്‍ മലയാളി ആണുങ്ങളോടെന്ന വണ്ണം തന്നെയാണ് സ്വരൂപിക്കപ്പെട്ടിട്ടുള്ളത്. വിരലുകള്‍ക്കിടയില്‍  സിഗററ്റു പിടിച്ച്, ആണ്‍വേഷത്തിനു സമാനമായ പൈജാമധരിച്ചുകൊണ്ട് ഗായിക സുബ്ബലക്ഷമിയും ബാലസരസ്വതിയും ചേര്‍ന്നെടുത്ത ഫോട്ടോ ലിംഗപരമായ അട്ടിമറിയുടെ, പകര്‍ന്നാട്ടകളുടെ കാമനയെ സൂക്ഷ്മമായി വെളിവാക്കുന്നുണ്ട്.
 
കുടുംബം, സ്ത്രീ, ലെഷര്‍
ലെഷറിന്റെ ലിംഗവല്‍കൃതമായ ഘടന വെളിപ്പെടുന്നത് പൊതുവെ കുടുംബം എന്ന സ്ഥാപനത്തിനുളളിലെ അദ്ധ്വാനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചിന്തകളിലൂടെയാണ്. അതോടൊപ്പം ലിംഗസ്വത്വനിര്‍മിതിയില്‍ ലെഷര്‍ എങ്ങനെ സങ്കല്പനപരമായും വ്യാവഹാരികമായും ഉള്‍ച്ചേര്‍ത്തിരിക്കുന്നുവെന്നതും പ്രധാനമാണ്. വീട്ടമ്മ എന്ന ഘടനയിലെ സ്ത്രീയുടെ അധ്വാനത്തെയും അതിലുള്ളടങ്ങിയ ചൂഷണാത്മകമായ മൂല്യങ്ങളെയും കുറിച്ചുള്ള പലതരം സാമൂഹികവിചിന്തനങ്ങള്‍ ഏറെയായി നടന്നു വരുന്നു. 'കാണാപ്പണി' എന്ന രീതിയില്‍ സ്ത്രീയുടെ ഗാര്‍ഹികവും കുടുംബപരവുമായ ചുമതലകളെ നിര്‍വചിക്കാന്‍ സാമൂഹികവ്യാഖ്യാതാക്കള്‍ ശ്രമിക്കുന്നു. ശാസ്ത്രസാഹിത്യപരിഷത്തിന്റെയും കേരളത്തിലെ വിവിധ സ്ത്രീപ്രസ്ഥാനങ്ങളുടെയും കാല്‍ശതകം മുമ്പുവരെയുളള സംവാദങ്ങളില്‍ ഇതു പ്രശ്‌നവല്‍ക്കരിക്കപ്പെട്ടിരുന്നു. സമീപകാലത്തു വന്ന സ്ത്രീക്കു വീട്ടുജോലിക്കു വേതനം നല്‍കുന്നതു സംബന്ധിച്ച സുപ്രീം കോടതി വിധിയെത്തുടര്‍ന്നുണ്ടായ സംവാദങ്ങളില്‍ വേറെയും ചില നിര്‍ണായകപ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെടുന്നുണ്ട്. വീട്ടുജോലി സ്ത്രീയിലേക്കു മാത്രമായി സ്ഥിരീകരിക്കാന്‍ അതു കാരണമാകുന്നില്ലേ? ആണ്‍/പെണ്‍ മാനകതാഘടനയിലുള്ള കുടുംബസംവിധാനങ്ങളെ മാത്രമേ അതു പരിഗണിക്കുന്നുള്ളോ? വീട്ടുജോലി എന്നതില്‍ വെറും പണികള്‍ മാത്രമാണോ, അതില്‍ അഭിരുചി, പരിചരണം എന്നിവ സംബന്ധിച്ച വൈകാരികമായ മൂല്യങ്ങളും ബാധ്യതകളും കൂടി ഉള്ളടങ്ങുന്നില്ലേ? സര്‍ക്കാര്‍ വേതനം പറ്റുന്ന പങ്കാളിക്കു മാത്രമാണോ ഈ നിയമം ബാധകമാവുക തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ അവിടെ അഭിസംബോധന ചെയ്യപ്പെടേണ്ടതായുണ്ട്. (ഡോ. ടി.കെ.ആനന്ദിയുടെ എഫ്.ബി. പോസ്‌ററ്.)
പാചകമുള്‍പ്പടെയുള്ള വീട്ടുജോലികളില്‍ ഗ്രൈന്റര്‍, മിക്‌സി, വാഷിംഗ് മെഷീന്‍ തുടങ്ങിയ യന്ത്രങ്ങളുടെ ഉപയോഗം ഉണ്ടായിട്ടും വിശ്രമം, ലെഷര്‍ എന്നതില്‍ പറയത്തക്ക വ്യത്യസങ്ങളില്ല എന്നു സ്ത്രീകള്‍ പരാതിപ്പെടുന്നത് ലിംഗപരമായ ബാധ്യതകള്‍ എല്ലാറ്റിനും മീതെ സമ്മര്‍ദ്ദത്തോടെ ഏറിനില്‍ക്കുന്നതിനാല്‍ തന്നെയാണ്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ പോലുള്ള സമകാലികസിനിമകള്‍ പങ്കുവെയ്ക്കുന്ന പ്രധാനരാഷ്ട്രീയം ഗാര്‍ഹികാധ്വാനത്തിലെ ലിംഗവിവേചനവും അതിലുപരിയായി മൂല്യപരമായ സമ്മര്‍ദ്ദവുമാണ്.

വിരസമായ ആവര്‍ത്തനസ്വഭാവവും അതിലുള്ളടങ്ങിയ കീഴായ്മാമൂല്യങ്ങളും വീട്ടുജോലിക്കുണ്ടെന്നു പറയുമ്പോഴും ഇതിനെല്ലാമപ്പുറം അതു ആസ്വദിച്ചു ചെയ്യുകയും അതില്‍ സ്വന്തമായ ചില ശൈലികളിലൂടെ അഭിനിവേശരസങ്ങള്‍ വളര്‍ത്തിയെടുക്കുകയും ചെയ്യുന്നവരുമുണ്ട്. അതിനെയും നിഷേധിക്കാന്‍ കഴിയുകയില്ലതന്നെ. ഏകാന്തമായ വീട്ടകത്തിന്റെ അനന്യതകളെ വിശദീകരണത്തിനു വഴങ്ങാത്തവിധം സ്വന്തം ഉള്ളിലേക്കു ഇണക്കിയെടുത്ത് സ്വകാര്യതയുടേതായ പരമാധികാരം സ്വരൂപിക്കുന്നതിനുള്ള സാധ്യതയും അതു സ്ത്രീക്കും അതിലേര്‍പ്പെടുന്ന ഏതൊരാള്‍ക്കും നല്‍കുന്നു. ചാരുലതമാരുടെ മനോരാജ്യഭൂമികയ്ക്ക് അവ വളക്കൂറാവുന്നു. കെ.ജി.എസ് കവിതയിലെന്ന പോലെ 'വളയെണ്ണിയും വനിത വായിച്ചു'മാണെങ്കിലും അതവരുടെ സ്വേച്ഛാപ്രകാരമുള്ള പൗരസമയമാകുന്നു. പൊതുമണ്ഡലം എന്ന ലിബറല്‍ യുക്തിക്കപ്പുറം വളരുന്ന രാഷ്ട്രീയഭാവനയില്‍ അതു പ്രസക്തമാണുതാനും. അതും ലെഷറിന്റെ സാധ്യത തന്നെ!  കോലായകളിലും തിണ്ണകളിലുമിരുന്ന് ഒഴിവുനേരങ്ങളില്‍ സല്ലപിക്കാനും രസിക്കാനും അത്തരം വാസ്തുവിദ്യാ ഘടനകള്‍ സഹായിക്കുന്നത് എങ്ങനെയെന്നാലോചിക്കാവുന്നതാണ്. തമിഴ്‌നാട്ടിലെ ചരിത്രപഠിതാക്കള്‍ അന്നാട്ടിലെ തിണ്ണസംസ്‌കാരത്തെക്കുറിച്ചു ഇത്തരത്തില്‍ ചില വായനകള്‍ നടത്തിയിട്ടുണ്ട്. അപരിചിതരായ വഴിപോക്കര്‍ക്കും കൂടി പങ്കു ചേരാവുന്ന പൊതു/സ്വകാര്യം ബാധകമാകാത്ത ഒരിടമായി, തിണ്ണയെ ഇവിടെ തിരിച്ചറിയുന്നു. പേന്‍ നോക്കലും വര്‍ത്തമാനം പറച്ചിലും കല്ലുകളിയും എല്ലാം സാധ്യമാകുന്ന അകത്തിനും പുറത്തിനുമിടയിലുള്ള ഒരു 'ലിമിനല്‍' ഇടമായി, ലെഷറിടമായി ഈ കോലായകള്‍, ഇടനാഴികള്‍, തിണ്ണകള്‍ മാറുന്നു.

ആദ്യകാലമാസികകളിലെ പല പരസ്യങ്ങളെയും ശ്രദ്ധിച്ചാല്‍ ആ കാലഘട്ടങ്ങളിലെ ലെഷറിനെക്കുറിച്ചുള്ള സങ്കല്പനങ്ങള്‍ വെളിവാകും. ആധുനികമായ സൗന്ദര്യബോധത്തിലൂന്നിയ വരേണ്യവും സുശിക്ഷിതവുമായ ഒരു ശൈലിയെ അവ ഉപദര്‍ശിക്കുന്നതായി നമുക്കു കാണാം.  പ്രകൃതിസൗന്ദര്യം ആസ്വദിക്കുകയും അതു പകര്‍ത്തി സൂക്ഷിക്കുകയും ചെയ്യുക എന്നത് പ്രധാനപ്പെട്ട, താല്പര്യമുള്ള ഒരു വിനോദമായി കരുതപ്പെട്ടിരുന്നു. ക്യാമറയുടെ പരസ്യങ്ങള്‍ ധാരാളമായി പ്രത്യക്ഷപ്പെട്ടിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്തെ മാധ്യമങ്ങള്‍,  പ്രത്യേകിച്ചും മാതൃഭൂമിയും മറ്റും അത് ഉചിതവും ആധുനികവുമായ ഒരു ഹോബിയാണെുള്ള ധാരണയാണ് പങ്കുവെയ്ക്കാന്‍ ശ്രമിച്ചത്. ക്യാമറകള്‍ സമ്മാനമായി നല്‍കുന്നതിനുള്ള സാധ്യതകളെക്കൂടി പരസ്യത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 'ഈ സമ്മാനം ആജീവനാന്തം വിനോദത്തിനുള്ളതാണ്' എന്നാണ് 60-70 കളില്‍ പ്രചരിച്ചിരുന്ന ആഗ്ഫാ ക്യാമറയുടെ പരസ്യവാചകം. പടിഞ്ഞാറന്‍ ആധുനികതയിലേക്കുള്ള ഒരു വാതിലായി പരസ്യങ്ങളുടെയും ചിത്രങ്ങളുടേതുമായ ഈ ദൃശ്യസംസ്‌കാരം പ്രവര്‍ത്തിച്ചിരുന്നതായും മനസ്സിലാക്കാം. ചിത്രങ്ങളും പെയിന്റിംഗുകളും വീടുകള്‍ക്കകത്തു പ്രദര്‍ശിപ്പിക്കുന്നതിലൂടെ എങ്ങനെയാണ് അന്തസ്സും ഭംഗിയുമുള്ള ഒരു 'ഇന്റീരിയര്‍' രൂപപ്പെടുത്തുക എന്നതിലേക്കുള്ള ഉപദേശങ്ങളായും ഇവ നീളുന്നു. (ലക്ഷ്മീഭായി മാസിക)

ഒരു നിശ്ചിതസമൂഹത്തെ ജനാധിപത്യപരമായി മനസ്സിലാക്കാന്‍ സന്തോഷസൂചിക (ഹാപ്പിനെസ് ഇന്‍ഡെക്‌സ) എന്ന സംജ്ഞ സാമൂഹികപഠിതാക്കളില്‍ പലരും പൊതുവെ  ഉപയോഗിക്കുന്നു. പ്രതിശീര്‍ഷവരുമാനം, സാമൂഹികപരിരക്ഷ, ആയുര്‍ദൈര്‍ഘ്യം, ആരോഗ്യം, തെരഞ്ഞെടുപ്പുകള്‍ക്കുള്ള സ്വാതന്ത്ര്യം തുടങ്ങി സാമൂഹികമായ അനേകം അളവുകോലുകള്‍ അതിനായി അവര്‍ സ്വീകരിക്കുമെങ്കിലും അതിനെല്ലാം ഉപരിയായി സാംസ്‌കാരികവും വ്യക്തിപരവുമായ എന്നാല്‍ പിടികിട്ടാത്ത വേറെ അനേകം ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീര്‍ച്ചയായും ലെഷറിന് അതിലൊരു പങ്കുണ്ട്. ആഗോളവല്‍കൃതമായ പുതുകാലത്ത് ലെഷര്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ തന്നെ പ്രധാനസ്രോതസ്സാണ്.

സ്ത്രീകളുടെ ആദ്യകാലത്തെ ലെഷര്‍ സംബന്ധിച്ച ഘടന നിര്‍ണയിക്കുന്നത് സ്ത്രീസമാജങ്ങളും കൂടിചേര്‍ന്നാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആധുനികവനിത എന്ന സങ്കല്പത്തില്‍ ഉള്‍ച്ചേര്‍ന്ന പരിഷ്‌കാരങ്ങളുടെയും നവീനാഭിരുചികളുടെയും പ്രേരണകൂടിയായിരുന്നു, ഈ സ്ത്രീ കൂട്ടായ്മകള്‍. യൂറോപ്യന്‍ വനിതകളും ഭരണാധികാരികളായ ആറ്റിങ്ങല്‍ റാണിയെ പോലുള്ള സ്ത്രീകളുമെല്ലാം  ഇത്തരം മീറ്റിങ്ങുകളില്‍ സംബന്ധിച്ചിരുന്നതായാണ് പല റിപ്പോര്‍ട്ടുകളും പറയുന്നത്. പുതുതായി ആര്‍ജ്ജിച്ച ഉണര്‍വും ഉന്മേഷവും സ്ത്രീകളുടെ പൊതുമണ്ഡലസംവാദത്തിനും സാമൂഹികമായ ഇടപെടല്‍ ശേഷിക്കും ആക്കം കൂട്ടി. അതുപോലെതന്നെ ലെഷറിന്റെ മൂല്യങ്ങളെ ഇളക്കിയുറപ്പിക്കുകയും ചെയ്തു. സമുദായത്തിലെ പ്രമാണിമാരുടെയും ഉയര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥരുടെയും ഭാര്യമാരായിരുന്നു ഭാരവാഹികളില്‍ പലരും. ദാമ്പത്യം, ശിശുപരിപാലനം തുടങ്ങിയ വിഷയങ്ങളെ അധികരിച്ചുള്ള ഉപന്യാസങ്ങളുടെ അവതരണങ്ങളും ചര്‍ച്ചയും നാടകാഭിനയം, ഫിഡില്‍ വായന മുതലായ കലാപരിപാടികളുടെ അവതരണവുമാണ് നടക്കാറുള്ളത്. സ്ത്രീകള്‍ക്കുണ്ടാവേണ്ട  ഹോബികളെക്കുറിച്ചുള്ള ചിന്തകളും അക്കാലത്തെ സ്ത്രീമാസികകള്‍ പങ്കുവെച്ചിരുന്നു. പലവര്‍ണങ്ങളിലും വലുപ്പത്തിലുമുള്ള പളുങ്കുകൊണ്ട് പേഴ്‌സ്, തട്ടങ്ങള്‍, കിണ്ണങ്ങള്‍ എന്നിവ ഉണ്ടാക്കുന്നതിനും കുതിരവാല്‍, കമ്പിളിനൂല്‍ മുതലായവ ഉപയോഗിച്ച് വടികളും ബ്രഷുകളും തൂലികകളും ഹോള്‍ഡറുകളും ഉണ്ടാക്കാനുള്ള  നിര്‍ദ്ദേശങ്ങള്‍ അവയില്‍ സുലഭമായിരുന്നു. കൂടാതെ കൃഷിത്തോട്ടങ്ങളും പൂന്തോട്ടങ്ങളും പരിപാലിക്കുന്നതും ശുപാര്‍ശ ചെയ്യപ്പെട്ടിരുന്നു. അപൂര്‍വമായ നാണയങ്ങള്‍ സ്റ്റാമ്പുകള്‍ മുതലായവ ശേഖരിക്കുവാനും മൃഗത്തോലും കൊമ്പും പല്ലുകളും ശേഖരിക്കുന്നതും നോക്കിരസിക്കുന്നതുമെല്ലാം ഹോബികളുടെ കൂട്ടത്തില്‍ പെടുത്തിയിരുന്നു. ഇതിനെല്ലാമുപരിയായി ചിത്രകലയെ സ്ത്രീകള്‍ക്കനുയോജ്യമായ ഹോബിയായി എ. ശങ്കുണ്ണിമേനോന്‍. ബി.എ എടുത്തു പറയുന്നു (ശാരദ, 1909 ജനുവരി). അതിനദ്ദേഹം പറയുന്ന കാരണം വീട്ടുസാമാനങ്ങള്‍ ക്രമീകരിച്ചു ഭംഗിയായി വെയ്ക്കുന്നതിലും വീടിനെ അലങ്കരിക്കുന്നതിലും സ്ത്രീകള്‍ക്കതു ഗുണം ചെയ്യുമെന്നതാണ്. സംഗീതവും ചിത്രകലയും സ്ത്രീകളുടെ സഹജമായ ഗാര്‍ഹികധര്‍മങ്ങള്‍ക്കനുഗുണമായ അലങ്കാരവാസനയും സൗന്ദര്യബോധവും വര്‍ധിപ്പിക്കുന്ന കലകളായതിനാലാണ് നിര്‍ദ്ദേശിക്കപ്പെടുന്നതെന്നും ശ്രദ്ധിക്കേണ്ടതുണ്ട്.

മലയാളിസ്ത്രീയുടെ ലെഷര്‍ അഭിരുചികളെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായ പങ്കു വഹിച്ച ഘടകങ്ങളിലൊന്ന് യൂറോപ്യന്‍ സ്ത്രീകളുമായി അവര്‍ക്കുള്ള സമ്പര്‍ക്കമാണ്. സ്ത്രീസമാജത്തിന്റെ യോഗങ്ങള്‍ പലതും അത്തരം സമ്പര്‍ക്കങ്ങളുടെ വേദിയായി മാറിയതിനെകുറിച്ചു  റിപ്പോര്‍ട്ടുകള്‍ പറയുന്നു. തിരുവനന്തപുരം വനിതാസമാജത്തെക്കുറിച്ചു 1909 മാര്‍ച്ചിലെ ശാരദയില്‍ വന്ന ഒരു റിപ്പോര്‍ട്ടില്‍ നിന്നും ഒരു ഭാഗം: '' പരേതനായ മിസ്റ്റര്‍ എച്ച്.ബി.ഗ്രിഗ്  ബ്രിട്ടീഷ് റസിഡണ്ടായിരുന്ന കാലത്ത് എല്ലാ വര്‍ഗത്തിലുമുള്ള സ്ത്രീകളെ ആകര്‍ഷിച്ചു ചേര്‍ക്കുന്നതിനും, വിശിഷ്യ യൂറോപ്യന്‍ സ്ത്രീകളും ഇന്ത്യന്‍ സ്ത്രീകളും തമ്മിലുള്ള  സാമൂഹ്യസംസര്‍ഗം സുകരമാക്കുന്നതിനും വേണ്ടി സ്‌നിഗ്ദ്ധയും ദയാലുവും ആയ അദ്ദേഹത്തിന്റെ പത്‌നി ജാഗ്രതയോടുകൂടി പ്രവര്‍ത്തിച്ചുവന്നു.  ഇന്ത്യാക്കാരായ സഹോദരിമാരുടെ അറിവിനും ആനന്ദത്തിനും ഉതകുന്നതായ ഉദ്യാനവിരുന്നുകള്‍, പുസ്തകവായനകള്‍, സദിരുകള്‍, സമ്മേളനങ്ങള്‍ ഇത്യദി അവര്‍ നടത്തിയിരുന്നു.....''. പ്രസ്തുത സമ്മേളനത്തില്‍ മിസിസ് ബെന്‍സിലി ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗത്തില്‍ ലണ്ടനിലെ ലൈസിയം എന്ന ലേഡീസ് ക്ലബ്ബിനെ പരിചയപ്പടുത്തുന്നുണ്ട്. വിശാലമായ വായനാമുറികളും ധാരാളം ആനുകാലികങ്ങളും നല്ല കിടക്കകളും വിരുന്നു ശാലയും എല്ലാമുള്ള അവിടെ നിത്യേനയെന്ന വണ്ണം അംഗങ്ങളുടെ ചിത്രപ്രദര്‍ശനവും കരകൗശലവസ്തുക്കളുടെയും തുന്നല്‍പ്പണികളുടെയും ആഭരണങ്ങളുടെയും ബുക്ക് ബൈന്റിംഗ്, എംബ്രോയ്ഡറി തുടങ്ങിയ മേഖലയിലെ കഴിവുകളുടെ പ്രദര്‍ശനവും മറ്റും കാഴ്ച്ചയായിരുന്നു എന്നു പറയുന്നുണ്ട്. പരസ്പരം മനസ്സിലാക്കാനും വളരാനും പറ്റിയ രീതിയിലുള്ള വിശാലമായ സ്ത്രീസാഹോദര്യത്തിന്റേതായ ഒരു അന്തരീക്ഷം അവിടെ സജ്ജമായിരുന്നുവെന്നും പറയുന്നു. എന്നാല്‍ കേരളത്തിന്റെ പുരുഷകേന്ദ്രിതമായ ബൗദ്ധികപൊതുമണ്ഡലത്തില്‍,  പുറത്തേക്കിറങ്ങുന്ന, അഭ്യസ്തവിദ്യയും പരിഷ്‌കാരിയും സ്വതന്ത്രബുദ്ധിയുമായ സ്ത്രീയോടുള്ള സമീപനം എത്ര മാത്രം അറപ്പുളവാക്കുന്നതാണെന്ന് സഞ്ജയന്റെ ചില രചനകളും കാര്‍ട്ടൂണുകളും പഞ്ചുമേനോനും കുഞ്ചിയമ്മയും പോലുള്ള എഴുത്തുകളും വെളിപ്പെടുത്തും. മലയാളനോവലിലെ സുപ്രധാനമായ ഘട്ടത്തിനു വഴിതെളിച്ച 'ഫുല്‍മോനിയെന്നും കോരുണയെന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ'യ്ക്കു ഉപശീര്‍ഷകമായി ഇന്ത്യയിലെ സ്ത്രീജനങ്ങള്‍ക്കു പ്രയോജനത്തിനായിട്ട് ഒരു മദാമ്മ അവര്‍കള്‍ എഴുതിയ ഇമ്പമായ ചരിതങ്ങള്‍ ' എന്ന വരിയില്‍ മേല്‍ സൂചിപ്പിച്ച ആദാനപ്രദാനങ്ങളെക്കുറിച്ചുള്ള സൂചനകളുണ്ട്. വായനയും  വിദ്യാഭ്യാസവും അന്യോന്യപോഷകമായ ഉയര്‍ന്ന ഗുണങ്ങളായിത്തന്നെ അക്കാലത്തെ ലെഷറിനെ സ്വാധീനിച്ചിട്ടുണ്ട്. വായനയില്‍ത്തന്നെ, നോവല്‍വായന അക്കാലത്തെ സ്ത്രീപദവിയെ സവിശേഷമായി നിര്‍മിച്ചെടുത്തു. നോവല്‍ വായന സ്ത്രീകള്‍ക്കേറ്റവും നല്ലതാണെന്നും അതേസമയം അതു സ്ത്രീകളെ ദുഷിപ്പിക്കുന്നുവെന്നും മറ്റുമുള്ള പലതരം വ്യവഹാരങ്ങള്‍ അക്കാലത്തുണ്ടായിരുന്നു.

വാലെന്‍ഷാ എന്ന രാജ്യത്തില്‍ തടവുകാരികള്‍ക്കിടയില്‍ സൗന്ദര്യമല്‍സരം നടത്തിയതിനെക്കുറിച്ചു ശാരദയില്‍ വന്ന വാര്‍ത്ത കൗതുകകരമാണ്.  മിസ് തടവുകാരിയെ തിരഞ്ഞെടുത്തതായുള്ള വാര്‍ത്ത, തടവിലാണെങ്കില്‍ പോലും  അവര്‍ക്കിടയില്‍ രൂപപ്പെട്ട പുതിയ ലെഷര്‍ അഭിരുചിയുടെ സ്വഭാവത്തെയാണ് വെളിപ്പെടുത്തുന്നത്.  അമേരിക്കയിലെ പുരുഷന്മാരായ തടവുകാര്‍ക്ക് ഫുട്ബാള്‍ കളിക്കാമെങ്കില്‍ എന്തുകൊണ്ട് തടവുകാരായ സ്ത്രീകള്‍ക്കു സൗന്ദര്യമല്‍സരം നടത്തിക്കൂടാ എന്നാണ് 1930കളില്‍ ഗാര്‍ഡിയന്‍ പത്രത്തിലെ ഒരു ലേഖകന്‍ ചോദിച്ചത്. ഫുട്‌ബോളിന്റെ സ്ത്രീലിംഗമല്ലേ സൗന്ദര്യമല്‍സരമെന്നും രസകരമായൊരു താരതമ്യംകൂടി അദ്ദേഹം നടത്തിയതായി മാതൃഭൂമിയുടെ നാനാദേശങ്ങള്‍ എന്ന കുറിപ്പില്‍ എം.ജി.എച്ച്. ചോദിക്കുന്നു.(1933 ഒക്ടോബര്‍2, മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്)
 ജയിലിനുള്ളിലെ ലെഷറിന്റെ അനുഭവങ്ങള്‍ ദേശീയസമരത്തിന്റെ ഭാഗമായി വെല്ലൂര്‍ ജയിലില്‍ തടവിലാക്കപ്പെട്ട, എടപ്പാളിനടുത്തുള്ള പ്രസിദ്ധമായ ആനക്കരവടക്കത്തു കുടുംബത്തിലെ  സുശീല വിവരിക്കുന്നതിങ്ങനെ: ''ഞങ്ങള്‍ക്ക് ജയിലില്‍ എന്തെങ്കിലും കുറവുകളുണ്ടോ എന്നന്വേഷിക്കാന്‍ ജയിലിലെ തടവുകാരുടെ ആവശ്യങ്ങളറിയാനുള്ള ഉദ്യോഗസ്ഥരുടെ കമ്മറ്റി. അവര്‍ ഞങ്ങളോടു ചോദിച്ചു, വിഷമങ്ങളെന്തെങ്കിലുമുണ്ടോയെന്ന്. കാര്യമായ വിഷമങ്ങളൊന്നുമില്ല. പക്ഷേ ഞങ്ങളൊക്കെ ഒരേ പോലെ ചെറുപ്പക്കാരാണ്. കളിക്കാന്‍ ഒരു കോര്‍ട്ടുണ്ടാക്കിത്തരണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. ഒരാഴ്ച്ചയ്ക്കുള്ളില്‍ അവരൊരു ടെന്നിസു കോര്‍ട്ടുണ്ടാക്കിത്തന്നു.'' (പുറം 65-66 , പെണ്‍കാലങ്ങള്‍, ഗീത, കറന്റ് ബുക്‌സ്, തൃശ്ശൂര്‍, 2010)

സ്ത്രീകള്‍ മറ്റുള്ളവരുടെ വിനോദത്തിനുവേണ്ടി സ്വന്തം സ്വത്വത്തെതന്നെ മുറിവേല്പ്പിക്കേണ്ടി വന്ന കഥയാണ് ആദ്യകാല നാടകനടിമാര്‍ക്കും സര്‍ക്കസ് താരങ്ങള്‍ക്കും പറയാനുണ്ടായിരുന്നത്. നിലമ്പൂര്‍ അയിഷയെയും മാവേലിക്കര പൊന്നമ്മയെയും കൊടുങ്ങല്ലൂര്‍ അമ്മിണിയമ്മയെയും പോലുള്ള ആദ്യകാല നാടകനടിമാര്‍ അതെല്ലാം ഓര്‍മിപ്പിക്കുന്നു. നാടകമെന്ന കലാരൂപത്തെ നിലനിര്‍ത്താനും വളര്‍ത്താനും അവരനുഭവിച്ച യാതനകള്‍ ചരിത്രത്തിന്റെ ഭാഗം തന്നെയാണ്. വിനോദനികുതി അധികരിപ്പിച്ചുകൊണ്ടുള്ള നിയമത്തിനെതിരെ സമരം ചെയ്യാന്‍ ധാരാളം നടിമാര്‍ മുന്നോട്ടു വന്നതിനെക്കുറിച്ച് സജിത മഠത്തിലിനെപ്പോലുള്ള നാടകചരിത്രകാരികള്‍ പറയുന്നുണ്ട്.
 
കലാകാരിയും കലാസ്വാദകയും
കലാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല, കലാസ്വാദനവും സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയായിരുന്നു. അത്തരം നിരവധി തെളിവുകള്‍ ചരിത്രത്തിലുണ്ട്. കലാസ്വാദനത്തിന്റെ ബൃഹത്തും ബഹുമുഖവുമായ തലങ്ങളിലൂടെ ലെഷെറെന്ന വിഷയത്തെ കൂടുതല്‍ സമഗ്രമായി മനസ്സിലാക്കാന്‍ കഴിയും. കഥകളി, കൂടിയാട്ടം, ഹരികഥ, കഥാപ്രസംഗം, ചവിട്ടുനാടകം, കാക്കാരശ്ശിനാടകം, പ്രഹസനം, വിവിധനാടകരൂപങ്ങള്‍, മിമിക്രി, ഗാനമേള, എന്നിങ്ങനെ അനേകം ആസ്വാദമനമണ്ഡലങ്ങളിലൂടെ മലയാളി നടന്നു തീര്‍ത്ത ആധുനികവല്‍ക്കരണത്തിന്റെ പാത സ്വത്വനിര്‍മാണവുമായി ചേര്‍ത്ത് പഠിക്കപ്പെടേണ്ടതു തന്നെയാണ്. ബോധോദയത്തിന്റെയും സ്വയം മാറിത്തീരലിന്റെയും സാമൂഹികമാറ്റങ്ങളുടെയും ധ്വനികള്‍ക്കകത്താണവ നിര്‍വചിക്കപ്പെട്ടത്. ഇടര്‍ച്ചകളും തുടര്‍ച്ചകളുമായി കലങ്ങിമറിയുന്ന ഒരു മണ്ഡലം.  അതിലുപരി കാമനകളിലൂടെ, അവയുടെ വിനിമയങ്ങളിലൂടെ, സാക്ഷാല്‍ക്കാരത്തിലൂടെ പൗരത്വത്തിലേക്കു മലയാളി നടന്ന ദൂരങ്ങള്‍ അതിലുണ്ട്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ നടന്ന പല ഫാക്ടറി പരിഷ്‌കരണങ്ങളും സ്ത്രീകളുടെ വിശ്രമം ഉറപ്പുവരുത്താനായിരുന്നില്ല, മറിച്ച് കുടുംബഘടനയെ ഉറപ്പിക്കാനായിരുന്നെന്ന് അന്നാ ലിന്റ്ബര്‍ഗ് പറയുന്നതിനെക്കുറിച്ച് ജെ. ദേവിക എഴുതിയിട്ടുണ്ട്. '' 1930കളില്‍ ഇന്ത്യയുടെ പലഭാഗങ്ങളിലും തൊഴിലാളിസ്ത്രീകളെ ഭാരമേറിയ വേലകളില്‍ നിന്നു ഒഴിവാക്കാനെന്ന പേരില്‍ നടപ്പാക്കിയ നിയമങ്ങളും യന്ത്രസംവിധാനങ്ങളുടെ വരവോടെ സ്ത്രീകളെ തൊഴിലിടത്തുനിന്നും പുറത്താക്കുന്ന രീതിയും ശക്തമായെന്നു സ്ത്രീചരിത്രകാരികള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.  മേല്‍ വിവരിച്ച മാതൃത്വ പ്രത്യയശാസ്ത്രം തൊഴിലാളിസ്ത്രീകള്‍ക്കിടയില്‍ പ്രചരിക്കാനുള്ള അന്തരീക്ഷം ഇതോടുകൂടി സജ്ജമായിത്തുടങ്ങിയെന്നും ഇവര്‍ നിരീക്ഷിക്കുന്നു. 1939 ല്‍ തിരുവിതാംകൂറില്‍ സ്ത്രീകള്‍ രാത്രിസമയത്ത് പണിയെടുത്തുകൂടെന്നു നിയമം വന്നു... രാവിലെ 7നും വൈകിട്ട് 5നും ഇടയില്‍ മാത്രമേ അവര്‍ക്കു പണി നല്‍കാവൂ. ഇതവര്‍ക്കു കൂടുതല്‍ വിശ്രമം കിട്ടട്ടെ എന്ന കരുതലില്‍ നിന്നല്ല ജനിച്ചതെന്ന് കശുവണ്ടിത്തൊഴിലാളികളുടെ ചരിത്രം പഠിച്ച അന്നാ ലിന്റ്ബര്‍ഗ് പറയുന്നു. സ്ത്രീകളുടെ ഗൃഹജോലികളെ ഫാക്ടറിസമയം ബാധിക്കരുതെന്ന കരുതലേ നിയമത്തെ അനുകൂലിച്ചവര്‍ക്കുണ്ടായിരുന്നുള്ളു.'' (പുറം122, കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ? ദേവിക, സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ്, തിരുവനന്തപുരം 2010)


നെന്മാറക്കാരിയുടെ രക്തസാക്ഷിത്വം
മലയാളിയുടെ സിനിമാക്കാഴ്ച്ചയുടെ വലിയൊരു ചരിത്രത്തില്‍ നിന്നും ലെഷറിനെക്കുറിച്ചുള്ള ആധുനികമായ ധാരണകള്‍ കണ്ടെത്താനാകും. ആദ്യകാലത്തെ സ്ത്രീപ്രേക്ഷകരെക്കുറിച്ചുള്ള ചരിത്രപരവും വസ്തുനിഷ്ഠവുമായ വിശദാംശങ്ങള്‍ ഏറെയൊന്നും ലഭ്യമല്ല. അതേക്കുറിച്ചു ഗൗരവമായ അന്വേഷണങ്ങള്‍ നടത്തിയ ബിന്ദു മേനോന്റെ പഠനത്തില്‍  കൊല്ലം പട്ടണത്തിലെ സിനിമാശാലകളുടെ പ്രവര്‍ത്തനം തങ്ങളുടെ കൂടി സൗകര്യത്തിനായിരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഫാക്ടറിത്തൊഴിലാളികളായ സ്ത്രീകള്‍ സമരം ചെയ്തതിന്റെ പത്രറിപ്പോര്‍ട്ട് മലയാള മനോരമ പ്രസിദ്ധീകരിച്ചതായി പറയുന്നുണ്ട്. (പുറം185, കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ? ദേവിക, സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ്, തിരുവനന്തപുരം 2010)

പി കെ റോസിയെപ്പോലെ കലാകാരികളായ സ്ത്രീകള്‍ മാത്രമല്ല, കലാസ്വാദകരായ സ്ത്രീകളും ആക്രമിക്കപ്പെട്ട ചരിത്രം കേരളത്തിനുണ്ട്. എവിടത്തെയുമെന്നപോലെ പുരുഷന്മാര്‍ കയ്യടക്കിവച്ചിരുന്ന നെന്മാറയിലെ സ്വാമിയുടെ ഉടമസ്ഥതയിലുള്ള കൊട്ടകയിലേക്ക് സിനിമ കാണാന്‍ കയറിച്ചെന്ന നാട്ടുകാരിയായ സ്ത്രീ ക്ക് സ്വന്തം ജീവന്‍ തന്നെ നഷ്ടപ്പെടുത്തേണ്ടിവന്നു. അതേ കുറിച്ച് സാജു ചേലങ്ങാട് എഴുതുന്നു: ''രാജ്യം സ്വാതന്ത്ര്യലബ്ധിയുടെ അരികിലെത്തുമ്പോഴും മലബാറില്‍ സ്ത്രീകള്‍ക്ക് തീയറ്ററുകളില്‍ പ്രവേശനമില്ലായിരുന്നു. പുരുഷന്മാര്‍ മാത്രം കയ്യടക്കിവച്ചിരുന്ന സിനിമാസ്വാദനത്തെ നെന്മാറയില്‍ ഒരു യുവതി ചോദ്യം ചെയ്തു. രണ്ടും കല്‍പ്പിച്ചവള്‍ സ്വാമിയുടെ കൊട്ടകയില്‍ സിനിമകാണാനെത്തി. പുരുഷന്മാര്‍ വെറുതെയിരിക്കുമോ? ഇടവേളയില്‍ പുറത്തുപോയ അവളെ അടുത്ത ദിവസം തൊട്ടടുത്ത പറമ്പില്‍ മരിച്ച് കിടക്കുന്നതാണ് കണ്ടത്. ചവിട്ടും അടിയുമേറ്റു മരിച്ച ആ നെന്മാറക്കാരി ആരായിരുന്നു? ഇന്നുമറിയില്ല, ആ രക്തസാക്ഷിയെക്കുറിച്ച്. പക്ഷേ സ്വാമിക്കത് വലിയ ആഘാതമായി. എന്തു വിലകൊടുത്തും സ്ത്രീകള്‍ക്ക് കൊട്ടകപ്രവേശനം സാധ്യമാക്കുക എന്ന ലക്ഷ്യവുമായി മലബാറിലെ തീയറ്ററുടമകളെ അദ്ദേഹം കണ്ടു. പുരുഷസമൂഹത്തിന്റെ രൂക്ഷപ്രതികരണത്തെ ഭയന്ന് പലരും ഒഴിഞ്ഞുമാറിയെങ്കിലും സ്വാമിയുടെ ബോധവല്‍ക്കരണ ശ്രമം അവസാനം ഫലം കണ്ടു. പതുക്കെ പതുക്കെ സ്ത്രീകള്‍ക്കായി കൊട്ടകവാതിലുകള്‍ തുറന്നുകൊടുത്തു. അവരുടെ സാന്നിദ്ധ്യം തീയറ്ററുകളുടെ വരുമാനം ഉയര്‍ത്തിയതോടെ സ്വാമിയുടെ വാക്കുകള്‍ക്ക് അര്‍ത്ഥമുണ്ടെന്ന് ഉടമകള്‍ മനസ്സിലാക്കി.'' (സാജു ചേലങ്ങാട്, തേജസ്സ് ആഴ്ച്ചവട്ടം 2018)*2. ആദ്യകാല നാടകപ്രദര്‍ശനങ്ങള്‍ക്കിടയില്‍ നാട്ടുചട്ടമ്പികള്‍ അഴിച്ചുവിടുന്ന അക്രമങ്ങള്‍ വലിയ തോതില്‍ സ്ത്രീകളെ നാടകാസ്വാദനത്തില്‍ നിന്ന് ഒഴിച്ചുനിര്‍ത്തിയിട്ടുണ്ട്. നാടകവേദികളിലെ പൂവാലശല്യത്തെക്കുറിച്ചും ലൈംഗികശല്യങ്ങളെക്കുറിച്ചും പലരും തുറന്നെഴുതിയിട്ടുണ്ട്.
അതിവിദൂരമല്ലാത്ത സമീപകാലത്ത് 'മ' പ്രസിദ്ധീകരണങ്ങളുടെ വായനക്കാരായ സ്ത്രീകള്‍ക്കെതിരേ കടുത്ത തോതില്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയര്‍ന്നിട്ടുണ്ട്. ചിലയിടങ്ങളില്‍ ഇത്തരം പ്രസിദ്ധീകരണങ്ങള്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും വഴിതെറ്റിക്കുന്നുവെന്നാരോപിച്ച് യുവജന പുരോഗമന പ്രസ്ഥാന പ്രവര്‍ത്തകര്‍ നേരിട്ടുതന്നെ സമരരംഗത്തിറങ്ങിയിരുന്നു. ടിവി സീരിയലുകളുടെ പ്രേക്ഷകരെന്ന നിലയിലും സ്ത്രീകള്‍ ആക്ഷേപിക്കപ്പെടാറുണ്ടല്ലോ. ജനപ്രിയകലയിലെ സ്ത്രീപ്രേക്ഷകത്വം സവിശേഷമായിത്തന്നെ പഠിക്കപ്പെടേണ്ടതാണ്.

പുതുകാലത്തെ ഡിജിറ്റല്‍കലയുടെ സ്‌ക്രീന്‍ തികച്ചും വ്യക്തിപരവും സ്വകാര്യവുമായിരിക്കേ സ്ത്രീയുടെ കാഴ്ച്ച, ആനന്ദം എന്നിവയുടെ മൂല്യങ്ങള്‍ മാറിയത് മനസ്സിലാക്കേണ്ടതാണ്.

വിനോദഭ്രാന്തും സദാചാരലംഘനവും
ആധുനികതയിലേക്കു കടന്നുചെല്ലുന്ന സ്ത്രീകള്‍ ഏതുതരത്തിലാണ് തങ്ങളുടെ സമയത്തെയും പഠനത്തെയും വിനോദത്തെയും രൂപപ്പെടുത്തി ക്രമീകരിക്കേണ്ടത് എന്നതിനെപ്പറ്റിയുള്ള സംവാദങ്ങള്‍ ആദ്യകാലനോവലുകളില്‍ പലതിലും കാണാം. പറങ്ങോടീപരിണയത്തിലെ പറങ്ങോടിക്കുട്ടിയുടെ നാഗരികവും പാശ്ചാത്യവുമായ ലെഷര്‍ താല്പര്യങ്ങള്‍ പലപ്പോഴും പരിഹാസ്യവും വിവരമില്ലായ്മയുമായാണ് സ്വീകരിപ്പെടുന്നത്. താഴത്തെനിലയില്‍ കൈകൊട്ടിക്കളിപ്പാട്ടു പാടി ചുവടുവെച്ചു രസിച്ചിരുന്ന അമ്മാളുവും കൂട്ടുകാരികളും കൂടി മുകളിലത്തെ നിലയില്‍ കോച്ചില്‍ പറങ്ങോടിയെ തിരഞ്ഞു വരുന്നതാണ് സന്ദര്‍ഭം.
 ''എന്താണ് ഹേ, താഴത്തേക്ക് ഒന്നും കണ്ടില്ല. കൈകൊട്ടിക്കളിയും പാട്ടും അത്ര പിടുത്തമില്ലെന്നുണ്ടോ? എന്നു ലോഗ്യമായി ചോദിച്ചു. താഴത്തുനിന്നു കേട്ടിരുന്ന ആര്‍പ്പും വിളിയും കൊണ്ടാണോ ചോദിച്ചത്? ഞാന്‍ അത് ആഫ്രിക്കയില്‍ നീഗ്രോസ്സിന്റെ ഡിവള്‍ ഡാന്‍സ് ആണോ എന്നു ഡോട്ട് ചെയ്തു''
ഈ മറുപടികേട്ടപ്പോള്‍ അമ്മാളുവിന്റെ ക്ഷമ നില്ക്കാണ്ടായി.
''വെള്ളക്കാരുടെ മാതിരി ഏതെങ്കിലും ഒരാണും പെണ്ണും കൂടി കോര്‍ത്തു പിടിച്ചു കുതിച്ചു ചാടിക്കൊണ്ട്  ഒരുമാതിരി പാട്ടും കളിയും ഇല്ലേ, അതായാലോ'' ഈ ചോദ്യം പരിഹാസമായിട്ടാണെന്ന് പറങ്ങോടിക്കുട്ടിക്ക് അത്ര മനസ്സിലായില്ല.
''അത് എവിടെ കിടക്കുന്നു, ഇത് എവിടെക്കിടക്കുന്നു എന്നു മറുപടി പറഞ്ഞു. '' കുറെ ഉമ്മത്തുംകള്ളും കൂടി കുടിച്ചിട്ടാണെങ്കില്‍ അധികം നന്നാവും ഇല്ലേ എന്നും പറഞ്ഞു പുറത്തോട്ടു കടന്നു വാതിലും ചാരി അമ്മാളുവും കൂട്ടരും താഴത്തോട്ടു പോന്നു.'' (പുറം 66, പറങ്ങോടീപരിണയം, കിഴക്കേപ്പാട്ട് രാമന്‍കുട്ടി മേനോന്‍, ചിന്ത പബ്ലിഷേഴ്‌സ്, 2013) ആധുനികമായ ലെഷര്‍ അഭിരുചികളിലേക്കും ആനന്ദകാമനകളിലേക്കും നടന്നടുക്കുന്ന സ്ത്രീകള്‍ ഇത്തരത്തില്‍ പരിഹസിക്കപ്പെടുക എന്നതു സ്വാഭാവികമായിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കലയും ധാര്‍മികതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള സംവാദങ്ങള്‍ പൊതുമണ്ഡലത്തില്‍ ഏറെ മുഴങ്ങിക്കേട്ടിരുന്നു. പലപ്പോഴും അവ സ്ത്രീമാസികകളിലൂടെയും  പുറപ്പെട്ടിരുന്നു. 'വിനോദഭ്രാന്ത്' സദാചാരഭ്രംശമുണ്ടാക്കുമെന്നു തന്നെയാണ് അത്തരം ലേഖകര്‍ പൊതുവേ കരുതിയിരുന്നത്. നഗരജീവിതവും കലാസ്വാദനവും കൂടിച്ചേര്‍ന്ന് ജനങ്ങള്‍ക്കു സദാചാരഭ്രംശം സംഭവിക്കുന്നു എന്നാരോപിക്കുന്നതാണ് എരമല്ലൂര്‍ പരമേശ്വരന്‍പിള്ള 1924ല്‍ ചിങ്ങമാസം ലക്കത്തില്‍ ശാരദയില്‍  എഴുതിയ അധര്‍മചാരിത എന്ന ലേഖനം.

 '' ദാസിയാട്ടവും പാട്ടും കാണുന്നതിനും കേള്‍ക്കുന്നതിനും നമ്മുടെ ഇടയില്‍ ഉല്‍കൃഷ്ടസമുദായാംഗങ്ങളെന്നു നിരാക്ഷേപം വിചാരിക്കപ്പെട്ടുവരുന്ന പല യോഗ്യന്മാര്‍ക്കും കലശലായ ആഗ്രഹവും താല്പര്യവും കാണുന്നുണ്ട്. ആട്ടവും പാട്ടും തൊഴിലാക്കി സഞ്ചരിക്കുന്ന സ്ത്രീകളെ പ്രോല്‍സാഹിപ്പിക്കുന്നതിലും അവര്‍ക്കു വേഷമുള്ള നാടകസംഘങ്ങളെ 'തലയില്‍ കയറ്റിവെച്ച്' ഓമനിക്കുന്നതിലും ഇവര്‍ക്കുള്ള കൗതുകം സീമാതീതമാണ്. സംഗീതവും നൃത്തവും തൊഴിലാക്കി സ്വീകരിച്ചിട്ടുള്ള യാതൊരു സ്ത്രീകളെയും പ്രോല്‍സാഹിപ്പിക്കരുതെന്നോ അവര്‍ അംഗങ്ങളായിട്ടുള്ള  നാടകസംഘങ്ങളെ അഭ്യവകര്‍ഷണം ചെയ്യണമെന്നോ ഇവിടെ അഭിപ്രായമില്ല; ആട്ടഭ്രാന്തും സംഗീതഭ്രാന്തും ബാധിച്ചിട്ടുള്ള മാന്യന്മാരെല്ലാവരും അസന്മാര്‍ഗികളാണെന്നും പറഞ്ഞുകൂടാ. എന്നാല്‍ 'മലകളിളകിലും'  ഇളകാത്ത മനസ്സുള്ളവരായേക്കാവുന്ന ഈ ഏതാനും ചില 'മഹാജനങ്ങളു'ടെ വിനോദഭ്രാന്തി, സാധാരണന്മാരില്‍ ഒട്ടധികം പേരെ അധര്‍മചാരിതയിലേക്ക് വലിച്ചിഴയക്കുന്നത് അനുവദിക്കത്തക്കതല്ല. ഈ തൊഴിലോടുകൂടി യൂറോപ്പ്, അമേരിക്ക, ജപ്പാന്‍ മുതലായ രാജ്യങ്ങളില്‍ സഞ്ചരിക്കുന്ന സ്ത്രീ നാടകസംഘങ്ങളിലുള്‍പ്പെട്ടവര്‍, പ്രായേണ അസാന്മാര്‍ഗികളെല്ലെന്ന് ചിലര്‍ വാദിച്ചേക്കാം. അവരുടെ സ്വഭാവം എങ്ങനെയുമിരിക്കട്ടെ, നമ്മുടെ നാടുകളില്‍ ഇത്ര നന്നായി നടക്കുന്ന സ്ത്രീപുരുഷന്മാര്‍, പൊതുവേ കളങ്കിതചരിത്രന്മാര്‍ തന്നെയാണെന്നു പറയാതെ നിവൃത്തിയില്ല. അതുകൊണ്ട് സമുദായത്തിലെ ഉല്‍കൃഷ്ടാംഗങ്ങളും സമുദായപരിഷ്‌കാരികളും ആയിരിക്കണമെന്ന് അഭിവാഞ്ഛിക്കുന്നവര്‍, ഇത്തരം സന്മാര്‍ഗ ദൂഷകതാബീജങ്ങളെ സമുദായമധ്യത്തില്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് യാതൊരുവിധ പ്രോല്‍സാഹനങ്ങളും നല്‍കാതിരിക്കേണ്ടത് അത്യന്താവശ്യമാകുന്നു.''
 നാലുപേരിലൊരുത്തന്‍ എന്ന നോവലിന്റെ അവതാരികയില്‍ ഉദയകുമാര്‍, ''നാടകത്തിനും നാടകകാരന്മാര്‍ക്കും സ്ത്രീകളെ വശീകരിക്കാനുള്ളതായിക്കാണുന്ന ശക്തി'' യെക്കുറിച്ചുള്ള ആശങ്ക ആദ്യകാല ജനപ്രിയകലാരംഗത്ത് നിലനിന്നതിനെക്കുറിച്ച് പറയുന്നുണ്ട്. നാടകം ഉണ്ടാക്കുന്നതു തന്നെ പെണ്ണുങ്ങളെ വശത്താക്കുവാനാണെന്ന മട്ടിലുള്ള ചിന്തകളും കാണാം. കലാപരമായ അഭിരുചി സദാചാരപരമായ അച്ചടക്കത്തിനു വിധേയമായിരിക്കണം എന്ന തത്വമാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നത്. മീനാക്ഷി എന്ന ആദ്യകാലനോവലില്‍ മോഹിനിയാട്ടം എന്ന കലാരൂപം തന്നെ ആണുങ്ങളെ വശീകരിക്കാനുള്ളതാണെന്നുമുള്ള മുന്‍വിധി കഥാസന്ദര്‍ഭത്തിനുള്ളില്‍ കാണാം. സാഹിത്യവും കലയുമുള്‍പ്പടെ ലെഷറിന്റെ ഉയര്‍ന്ന സാംസ്‌കാരികതയിലുള്ള എന്തിനെയും സദാചാരപരമായും സ്ത്രീത്വാദര്‍ശാത്മകമകതയെ  സംബന്ധിച്ചുള്ളതായും കരുതപ്പെട്ടിരുന്നു.  എങ്കിലും 1920-30കളോടെ പരിഷ്‌കൃതജീവിതത്തിന് നൃത്തം, സംഗീതം മുതലായ കലാസ്വാദനമുള്‍പ്പടെയുള്ള ലെഷറും വളരെ അത്യാവശ്യമാണെന്ന ധാരണ അടിയുറച്ചിരുന്നു. മാതൃഭൂമി തുടങ്ങിയ പല ആനുകാലികങ്ങളുടെയും അക്കാലത്തെ താളുകളില്‍ വിവിധ പാശ്ചാത്യരാജ്യങ്ങളില്‍ സ്ത്രീകളെ നൃത്തപരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ ലേഡീസ്‌ക്ലബുകളിലെ സ്‌പോര്‍ട്‌സ് മല്‍സരങ്ങളിലെ സമ്മാനാര്‍ഹരുടെ ഫോട്ടോകളും പതിവായി പ്രസിദ്ധീകരിച്ചിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഏറെക്കുറെ ഗാര്‍ഹികവല്‍ക്കരണത്തെയും കുടുംബിനീപദവിയെയും  ന്യായീകരിക്കുന്ന മട്ടില്‍ തന്നെയാണ് സ്ത്രീയുടെ കലാപരമായ വളര്‍ച്ച ക്രമീകരിക്കപ്പെട്ടത്.

സ്ത്രീയുടെ ഗാര്‍ഹികവല്‍ക്കരണത്തെ ഉറപ്പിക്കുന്ന മട്ടില്‍ തന്നെ വീടിനകത്തെ ആനന്ദം എന്നതില്‍ സവിശേഷമായ ഒരു ഊന്നല്‍ ആദ്യകാലമാസികകളിലെ പരസ്യങ്ങളിലെല്ലാമുണ്ട്. കൂടാതെ തന്നെ നിരന്തരമായി റേഡിയോവിന്റെ പരസ്യങ്ങളും പ്രത്യക്ഷപ്പെട്ടിരുന്നു. 30-40 കളോടെ മര്‍ഫി റേഡിയോ വളരെയധികം ജനപ്രീതി ആര്‍ജ്ജിച്ചിരുന്നു. 'വീട്ടിനാനന്ദമേകുന്നു' എന്നായിരുന്നു അതിന്റെ പരസ്യവാചകം തന്നെ! 30കളിലെ പ്രധാനപ്പെട്ട മറ്റൊരു പരസ്യം 'ഹോം സിനി പ്രൊജക്ടറി'ന്റേതായിരുന്നു. ഭയങ്കരവും വിചിത്രവും സാഹസികവുമായ രംഗങ്ങള്‍ വീട്ടിലിരുന്നു തന്നെ സ്വന്തം പ്രൊജക്ടറിലൂടെ കണ്ട് ആനന്ദിക്കാമെന്നാണ് പരസ്യം അവകാശപ്പെടുന്നത്. സ്‌ക്രീനില്‍ തനിയേ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുമെന്നും  പലവര്‍ണങ്ങളില്‍ നൃത്തരംഗങ്ങള്‍ കാണാന്‍ കഴിയുമെന്നും പരസ്യത്തില്‍ പറയുന്നുണ്ട്.

വീടുവിട്ടു പുറത്തു പോയിട്ടുള്ള ആനന്ദാനുഭവങ്ങളേക്കാള്‍ അഭികാമ്യമായത്, പ്രത്യേകിച്ചും സ്ത്രീകള്‍ക്കു യോജിച്ചത് എന്ന നിലയ്ക്കാണ് ഈ പരസ്യങ്ങളേറെയും പ്രവര്‍ത്തിച്ചത്. സൂചിത്തയ്യല്‍, കംഫര്‍ട്ടര്‍ തയ്യല്‍, തൊപ്പിത്തയ്യല്‍, മെഷീന്‍തയ്യല്‍, റേന്ത തുന്നല്‍, എംബ്രോയ്ഡറി തുന്നല്‍ എന്നിങ്ങനെ അനേകം മാതൃകകളിലുള്ള തൊഴില്‍ പരിശീലനങ്ങളെയും ഇതുമായി ചേര്‍ത്തുവെയ്ക്കാം. അതു അത്യവശ്യം ധനസമ്പാദനത്തിനും ഉപകരിക്കും എന്ന ന്യായേന പലരും സ്ത്രീകളെ അതിലേക്കു നയിക്കാന്‍ ശ്രമിച്ചിരുന്നു.

1921ല്‍ കേരളയുവജനമിത്രം മാസികയില്‍(ബുക്ക്5, ലക്കം3) പുതിയതായി കണ്ടുപിടിക്കപ്പെട്ടത് എന്ന അവകാശവാദത്തോടെ തൃശ്ശൂര്‍ ലക്ഷ്മീവിലാസം വര്‍ത്തകശാലയുടെ സിനിമാട്ടോഗ്രാഫ് എന്ന ചലനചിത്രയന്ത്രത്തിന്റെ പരസ്യം വന്നതായി കാണുന്നുണ്ട്. അതില്‍ കൂടുതല്‍ ആളുകള്‍ക്കു കാണുന്നതിനുള്ള ആള്‍ക്കൂട്ടവിനോദത്തെയാണ് അതു ലക്ഷ്യമാക്കുന്നതെന്നു പറയുന്നുണ്ട്. ''ഇതില്‍ ബയോസ്‌കോപ്പില്‍ കാണുന്നതുപോലെ മോട്ടോര്‍വണ്ടി, തീവണ്ടി, കുതിര മുതലായതു ഓടുന്നത്, കമ്പികളിന്മേല്‍ നടക്കുക മുതലായ ജാലവിദ്യകള്‍, സര്‍ക്കസില്‍ സിംഹം മുതലായ കാട്ടുമൃഗങ്ങളെ കളിപ്പിക്കുന്നതും കുതിരപ്പന്തയം മുതലായ അത്യാശ്ചര്യകരമായ പലവിധ വിനോദകാഴ്ച്ചകള്‍ നാനാവര്‍ണങ്ങളില്‍ രാത്രിയിലും പകലും ഒരുപോലെ കാണാവുന്നതാണ്. ബയോസ്‌കോപ്പ് എന്നു കേട്ടതല്ലാതെ ആയതിനെ കണ്ടാനന്ദിപ്പാന്‍ സാധിക്കാത്തവര്‍ക്കു യഥേഷ്ടം സാധിക്കാവുന്നതും കൂടാതെ ധനസമ്പാദ്യത്തെ ഇച്ഛിക്കുന്നവര്‍ക്കു ജനക്കൂട്ടങ്ങളില്‍ ഈ വിനോദങ്ങളെ കാട്ടുന്നതിനാല്‍ ധാരാളം പണം കിട്ടുന്നതും ആകുന്നു.'' മരപ്പെട്ടിയും തടിയുരുളുകളും കണ്ണാടിത്തുണ്ടുകളും കൊണ്ട് സൃഷ്ടിച്ചെടുക്കുന്ന സിയോട്രോപ്പ്, മാജിക് പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ ഉല്‍സവപ്പറമ്പുകളിലും മൈതാനങ്ങളിലും കടല്‍ത്തീരങ്ങളിലുമെല്ലാം കാഴ്ച്ചയുടെ കൗതുകം നിറഞ്ഞ അനുഭൂതിരസങ്ങള്‍ വിതറി. എന്നാല്‍ നേരത്തെ കണ്ടതില്‍ നിന്ന് വ്യത്യസ്തമായി ഈ കാഴ്ച്ചകളൊക്കെയും പുരുഷന്മാരെയാണ് ലക്ഷ്യമിട്ടിരുന്നതെന്ന് വ്യക്തമാണല്ലോ? തൃശ്ശൂര്‍ പൂരത്തിന്റെ സ്ത്രീവിരുദ്ധമായ ഉല്‍സവസ്വഭാവത്തെക്കുറിച്ച് സമീപകാലത്തും ഒന്നിലധികം ലേഖികമാര്‍ എഴുതിയതോര്‍ക്കുന്നു.  മറ്റുള്ളവരുടെ തുണയോ അനുവാദമോ ഇല്ലാതെ വീടിനു പുറത്തേക്കു പോകുക, അഥവാ തക്കതായ കാരണമില്ലാതെ ഇറങ്ങുക എന്നത് ഇന്നും ഏറിയും കുറഞ്ഞും സ്ത്രീക്കു വിലക്കപ്പെടുന്നുണ്ട്.  

ചുറ്റിക്കറങ്ങല്‍ (Loiter)
നന്നായി അണിഞ്ഞൊരുങ്ങി, സ്വന്തം ശൈലിയില്‍ പുതുമകള്‍ ഉള്‍ച്ചേര്‍ത്ത് നടക്കുന്നവരെ പൊതുസമൂഹം പൊങ്ങച്ചക്കാരികളെന്നോ, അഴിഞ്ഞാട്ടക്കാരികളെന്നോ വിളിക്കുന്നതിനു പിന്നില്‍  പല തരം ആശങ്കകള്‍ പ്രവര്‍ത്തിക്കുന്നു. ഒരു പക്ഷേ അതിലെല്ലാം  ആനന്ദത്തെ സംബന്ധിച്ച തെറ്റായ ആകാംക്ഷയും സ്വേച്ഛയുമുണ്ടെന്നുള്ളതു വ്യക്തമാണ്. പുറത്തേക്കു പോകുന്ന സ്ത്രീകളുടെ കയ്യിലുള്ള ഡുങ്കു ഡുങ്കു സഞ്ചിയെപ്പറ്റി ബഷീറിന്റെ കഥാപാത്രം ചിന്തിക്കുന്നത് ഓര്‍ക്കുക. തകഴിയുടെ വാനിറ്റിബാഗ് എന്ന കഥതന്നെ ഒരു യുവതിയുടെ സ്വേച്ഛാനുസൃതമായ പ്രണയസഞ്ചാരത്തെക്കുറിച്ചുള്ള ജിജ്ഞാസ നിറഞ്ഞതാണ്. കാറ്റുകൊള്ളാനോ പാര്‍ക്കില്‍ പോകാനോ ആഗ്രഹിക്കുന്ന സ്ത്രീകള്‍ പലപ്പോഴും ഈ തരത്തില്‍ സദാചാരവിചാരണ നേരിടുന്നവരാണ്. ഒന്നിനു വേണ്ടിയുമല്ലാതെയുള്ള ചുറ്റിക്കറങ്ങല്‍ സ്ത്രീകള്‍ക്ക് പൊതുവേ സാധ്യമാകുന്നില്ല. സ്വന്തം ഇഷ്ടത്തിനു ഇറങ്ങിപ്പുറപ്പെട്ടു നടത്തുന്ന യാത്ര സ്ത്രീകളുടെ സ്വത്വസമര്‍ത്ഥനത്തിന്റെയും ഇച്ഛാധികാരത്തിന്റെയും ഭാഗം തന്നെയാണ്. കുഞ്ചന്‍ നമ്പ്യാരുടെ ഘോഷയാത്രയിലെ അച്ചിമാരുടെ ഒരുക്കവും പുറപ്പാടും ഘോഷയാത്രകാണാനെന്നതിലുപരി പരസ്പരം കാണാനും പ്രാരബ്ധങ്ങള്‍ പങ്കുവെയ്ക്കാനുമാണെന്നു തോന്നിപ്പോകും. ഉണ്ണിയാര്‍ച്ചയുടെ പുറപ്പാട് അല്ലിമലര്‍ കാവിലെ പൂരവും അയ്യപ്പന്‍ കാവിലെ വിളക്കും കാണാന്‍ തന്നെയായിരുന്നു. ലക്ഷ്മീകേശവം എന്ന ആദ്യകാലനോവലിനെ സവിശേഷമാക്കുന്നത് ഇപ്രകാരം സ്വയം ഇറങ്ങിപ്പുറപ്പെട്ട് നടത്തുന്ന ലക്ഷ്മിയുടെ യാത്ര തന്നെയാണ്. ആര്‍.ഉണ്ണിയുടെ ആനന്ദമാര്‍ഗത്തില്‍ മധ്യവയസ്‌ക്കരായ കോളേജധ്യാപികമാര്‍ ഒന്നിച്ചു ചേര്‍ന്നു നടത്തുന്ന വിനോദയാത്രയും അതിനിടയിലെ ആനന്ദത്തിരച്ചിലുമെല്ലാം ഉണ്ട്. നിത്യജീവിതത്തിലെ മടുപ്പിനെ അകറ്റി ആനന്ദം കണ്ടെത്താനുള്ള ഈ യാത്രയിലൂടെ പരസ്പരം സങ്കടങ്ങള്‍ പങ്കുവെയക്കുന്നതിന്റെയും വിലക്കുകളില്ലാത്ത സ്വാതന്ത്ര്യം അനുഭവിക്കുന്നതിന്റെയും ഹരം അവരറിയുന്നു. ഉറക്കെ പാട്ടു പാടിയും കൂവിയും ചില്ലറ മദ്യപാനവുമൊക്കെയായി  അവര്‍ ആനന്ദം തേടുന്നു.

കൊച്ചാട്ടില്‍ കല്യാണിക്കുട്ടി എഴുതിയ ഞാന്‍ കണ്ട യൂറോപ്പ് എന്ന യാത്രാവിവരണകൃതിയില്‍ യൂറോപ്പു കാണാന്‍ ഇറങ്ങിപ്പുറപ്പെട്ട ഒരു സ്ത്രീയുടെ സാഹസികമായ ആനന്ദവാഞ്ഛയുണ്ട്. ജിസാ ജോസിന്റെ മുദ്രിതയിലും സ്ത്രീകള്‍ നടത്തുന്ന ആനന്ദയാത്രയുടെ രാഷ്ട്രീയം ഭംഗിയായി പറയുന്നുണ്ട്. റാണിപദ്മിനി സിനിമ, ലേഡീസ് കൂപ്പേ നോവല്‍ തുടങ്ങിയവയൊക്കെ സ്ത്രീയുടെ ചുറ്റിക്കറങ്ങലിന്റെ ആനന്ദാവകാശങ്ങള്‍ക്കു നേരെയുള്ള കൈചൂണ്ടികളാണ്. യാത്രയും വെറുതെയുള്ള ചുറ്റിക്കറങ്ങലും രണ്ടും രണ്ടു തരത്തിലുളള രാഷ്ട്രീയത്തെയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. വൈ ലോയിറ്റര്‍ എന്ന കൃതി മുംബൈനഗരങ്ങളിലെ പൊതുവിടങ്ങളില്‍ സ്ത്രീസാന്നിധ്യത്തെ മുന്‍നിര്‍ത്തി മൂന്നു സ്ത്രീകള്‍ ചേര്‍ന്നു നടത്തിയ അന്വേഷണമാണ്.

ചുറ്റിക്കറങ്ങല്‍ സ്ത്രീകളുടെ സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ മാത്രം ബാധിക്കുന്ന ഒന്നല്ല. മറിച്ച്  അവരുടെ പൂര്‍ണപൗരത്വത്തെ സംബന്ധിച്ച നിലപാടുകളെ സ്വരൂപിക്കുന്ന ഒരു ആശയമാണ്. റുഖിയ സെഖാവത്ത് ഹൊസ്സൈന്‍ 1905ല്‍ എഴുതിയ സുല്‍ത്താനയുടെ സ്വപ്‌നം എന്ന കഥ, സ്ത്രീപക്ഷഭാവനയിലെ സുപ്രധാനമായ ഒരു രാഷ്ട്രീയമുദ്രയാണ്. ഈ കഥ ആദ്യകാല മലയാള മാസികകളിലൊന്നായ 'മുസ്‌ലിം മിത്ര'ത്തില്‍ 1927ല്‍ വിവര്‍ത്തനം ചെയ്ത് ചേര്‍ത്തിരുന്നു. വിമോചനത്തെക്കുറിച്ചുള്ള തീക്ഷ്ണവും തീവ്രവുമായ കാമനകളില്‍ നിന്നുണ്ടായ ഒരു സ്വപ്‌നമാണ് അതിന്റെ കാതല്‍. ഹിംസാത്മകമല്ലാത്ത, യുദ്ധമോ ആക്രമണങ്ങളോ രാഷ്ട്രീയമായ കിടമല്‍സരങ്ങളോ ഇല്ലാത്ത ഒരു ഉട്ടോപ്പിയന്‍ ലോകത്തിലൂടെ സ്‌നേഹിതയോടൊപ്പം നടത്തുന്ന യാത്രയാണ് സുല്‍ത്താന സ്വപ്‌നം കാണുന്നത്.

സഞ്ചാരികളായി ചുറ്റിക്കറങ്ങല്‍ സ്ത്രീകള്‍ക്കു സാധ്യമാകുന്നത് നിരുപാധികമായ, ക്ഷമാപണമാവശ്യമില്ലാത്ത കറങ്ങിനടക്കല്‍ സാധ്യമാകുമ്പോഴാണ്. തങ്ങളുടെ ആവാസസ്ഥാനങ്ങള്‍ക്കു തൊട്ടടുത്തുള്ള പൊതുവിടങ്ങള്‍, ബസ്സ് സ്റ്റോപ്പുകളും പാര്‍ക്കും റെയില്‍വേ സ്റ്റേഷനും ഹോട്ടലുകളും ബീച്ചുകളും തിയ്യേറ്ററും പോലുള്ള ഇടങ്ങളില്‍ പോലും പ്രത്യേകിച്ചൊരു ഉദ്ദേശവുമില്ലാതെ സ്ത്രീകള്‍ക്കു ചുറ്റിക്കറങ്ങാന്‍ കഴിയുന്ന അവസ്ഥ. പലപ്പോഴും പുരുഷന്മാരുടെ അനുവാദത്തോടെ മറ്റുള്ളവരാല്‍ പരിധി നിശ്ചയിക്കപ്പെട്ട സഞ്ചാരമാണ് സ്ത്രീയുടേത്. സ്ത്രീയുടെ രണ്ടാംകിട പൗരത്വത്തെ ഉറപ്പിക്കും വിധമാണ് ഇതെല്ലാം. ആനന്ദത്തിനായി നഗരങ്ങളിലേക്കു കടന്നു ചെല്ലാന്‍, ഒന്നിനു വേണ്ടിയുമല്ലാതെ, പ്രത്യേകിച്ചൊരുദ്ദേശ്യമില്ലാതെ ചുറ്റിത്തിരിഞ്ഞുനടക്കാന്‍ സ്ത്രീകള്‍ക്കവസരം ലഭിക്കാറില്ല. നൂറായിരം തടസ്സങ്ങളാണവരെ വരവേല്‍ക്കുക. സ്ത്രീകള്‍ക്കു സാഹസികരാകാന്‍ അവകാശമുണ്ടെങ്കില്‍ അതവരുടെ ഇഷ്ടത്തിനു വിടാവുന്നതാണ് എന്നതാണ് ഫെമിനിസ്റ്റുകള്‍ ആവശ്യപ്പെടുന്നത്. അതിനര്‍ത്ഥം അവര്‍ക്കു അതിനാവശ്യമായ ഭൗതികസാഹചര്യങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട് എന്നു തന്നെയാണ്. അതായത്, നല്ല ഗതാഗത സൗകര്യങ്ങളും  തെരുവുവെളിച്ചവും സുരക്ഷിതത്വവും സ്വകാര്യതയുമുള്ള പബ്‌ളിക് ടോയ്‌ലെറ്റുകളും എല്ലാം അവരര്‍ഹിക്കുന്നു എന്നര്‍ത്ഥം. പൊതുവിടത്തിലെ സ്ത്രീകള്‍ക്കേര്‍പ്പെടുത്തുന്ന പല തരം ഉപാധികളോടുകൂടിയ  സംരക്ഷണം എന്നത് ഫലത്തില്‍ ആണ്‍കോയമാസ്വഭാവമുള്ള നിയന്ത്രണം തന്നെയാണ്.

ആണ്‍തുണയോടെ സഞ്ചരിക്കുക എന്നതില്‍ നിന്നു വിട്ടുള്ള രീതികള്‍ തക്കതായ കാരണമില്ലാതെ പൊതുവേ  സ്വീകരിക്കപ്പെടാറില്ല. ആദ്യകാലകേരളത്തിലെ സ്ത്രീകളുടെ സഞ്ചാരത്തില്‍ ആചാരപരമായ സമ്മര്‍ദ്ദം ഉണ്ടെന്നു നിരീക്ഷിക്കുന്ന മുത്തിരിങ്ങോടന്‍ ഭാര്യയും ഭര്‍ത്താവും ഒന്നിച്ചു തന്നെ യാത്ര ചെയ്യുന്നതാണ് നല്ലതെന്നു  സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. (പൂര്‍വാചാരം അഥവാ കീഴ്‌നടപ്പ്, പുറം574, ഉണ്ണിനമ്പൂതിരി, വാള്യം7, 1101, മിഥുനം ലക്കം10)

ആദ്യകാലത്ത് സ്ത്രീകളുടെ ഡ്രൈവിംഗ് വളരെയേറെ വെല്ലുവിളികള്‍ നിറഞ്ഞ രീതിയിലാണ് സ്വീകരിക്കപ്പെട്ടത്. വാഹനമോടിക്കുക എന്നതില്‍ സഞ്ചാരത്തിന്റെ നിയന്ത്രണം സ്വന്തമായി കയ്യാളുക എന്നാണല്ലോ. കേരളത്തിന്റെ സ്വാതന്ത്ര്യപൂര്‍വഘട്ടത്തില്‍ നടന്ന സ്ത്രീസഞ്ചാരത്തിന്റെ ഒരു മുദ്ര കെ.ആര്‍.ഗൗരിയുടെ മൂത്ത സഹോദരിയായിരുന്ന കെ.ആര്‍ നാരായണിയുമായി ബന്ധപ്പെട്ടതാണ്. നാരായണിക്കൊച്ചമ്മ എന്നു വിളിച്ചിരുന്ന സ്വന്തം ചേച്ചി നാരായണിയുടെ ഡ്രൈവിംഗ് കമ്പം ഗൗരിയമ്മയുടെ ആത്മകഥയിലുമുണ്ട്. ''അങ്ങനെയിരിക്കേ കൊച്ചമ്മയ്ക്ക് സൈക്കിള്‍ ഓടിച്ചു പഠിക്കണമെന്നായി. കൊച്ചമ്മയുടെ നിര്‍ബന്ധം കൊണ്ട് ഡ്രൈവര്‍ക്ക് അവരെ പഠിപ്പിക്കേണ്ടി വന്നു. കൊച്ചമ്മ ടൗണില്‍ വണ്ടി ഓടിക്കാന്‍ തുടങ്ങിയ ശേഷമാണ് അച്ഛനതറിഞ്ഞത്. അക്കാലത്ത് കാറും ബസ്സും സൈക്കിളുമൊക്കെ കുറവാണ്. മോട്ടോര്‍ സൈക്കിള്‍ കൊച്ചമ്മയുടേതല്ലാതെ വേറെ ആര്‍ക്കെങ്കിലും ഉണ്ടായിരുന്നോ എന്നെനിക്കറിയില്ല. കൊച്ചമ്മ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നത് കാണാന്‍ ജനക്കൂട്ടമുണ്ടായിരുന്നു. ചില പുരുഷന്മാര്‍ കൂവുകയും ചെയ്തു. ഇതു കൊച്ചമ്മയെ ദേഷ്യം പിടിപ്പിച്ചു. പിന്നെ എല്ലാ ദിവസവും കുട്ടികളായ ഞങ്ങളെ സൈഡ്കാറിലിരുത്തി ചേര്‍ത്തല 11-ാം മൈല്‍ വരെ പോകും...(പുറം 95 ആത്മകഥ, കെ.ആര്‍. ഗൗരിയമ്മ). അതേക്കുറിച്ചുതന്നെയാണ് സാജു ചേലങ്ങാട് ബുള്ളറ്റ് നാരായണിയെന്ന കുറിപ്പില്‍ എഴുതുന്നത്.*3

പ്രീമിയര്‍ പദ്മിനി കാറുകളുടെ പരസ്യത്തെക്കുറിച്ച് ഡോ. സ്വപ്‌ന ശ്രീനിവാസന്‍ പറയുന്നു: '' .......പ്രീമിയര്‍ പദ്മിനി ആധുനികവനിതയുടെ ചലനാത്മകതയുടെ പ്രതീകമായി എത്തുന്നു. ഈ പരസ്യത്തില്‍ സാരി ധരിച്ച പരസ്യമോഡലിന്റെ യുവത്വവും പ്രൊഫഷണലിസവും അംബാസിഡറിന്റെ മോണോക്രോം പരസ്യത്തെക്കാള്‍ ഊര്‍ജ്ജസ്വലത നിറഞ്ഞ അന്തരീക്ഷമൊരുക്കുന്നു''. (പരസ്യം പതിക്കരുത്: ചുവരെഴുത്തിന്റെ കല ഭാവുകത്വപരിണാമത്തിന്റെ നൂറ്റാണ്ടുകളില്‍, മലയാളം റിസേര്‍ച്ച് ജേണല്‍ , വോള്യം12, ലക്കം1, ജനുവരി-ഏപ്രില്‍ 2019) ''Why should boys only have fun?'' എന്ന പരസ്യവാചകം സ്ത്രീകേന്ദ്രിതമായ ലെഷറിന്റെ പൗരാവകാശരാഷ്ട്രീയത്തില്‍ തന്നെയാണ് ഊന്നുന്നത്. ലെഷര്‍ എന്നത്  തൊഴിലിടത്തിലേക്കുള്ള യാത്രയോ തൊഴില്‍ പോലുമോ ആകാം. ഉദ്യോഗസ്ഥകളായ പല സ്ത്രീകളും ജോലിസ്ഥലത്തേക്കുള്ള തീവണ്ടിയാത്രകളിലും മറ്റുമാണ് ലെഷര്‍ അനുഭവിക്കുന്നതെന്ന് പല സര്‍വേകളും നിരീക്ഷിക്കുമ്പോള്‍ മനസ്സിലാകുന്നുണ്ട്. സ്വയം ഒറ്റക്കിരിക്കാനും നഗരത്തിലെ അപരിചിതസ്വത്വത്തില്‍ മറഞ്ഞിരുന്ന്  സുരക്ഷിതമായിരുന്നു മനോരാജ്യം കാണാനും വിശ്രമിക്കാനും കഴിയുന്ന ഇടങ്ങള്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നുണ്ട്.

ലൈംഗികതയും ഭക്ഷണവും: ഇച്ഛാധികാരത്തിന്റെ സാധ്യതകള്‍
പരമ്പരാഗതചിന്തയില്‍ സ്ത്രീ എല്ലായപ്പോഴും ആനന്ദം കൊടുക്കുന്നവളാണ്, എടുക്കുന്നവളല്ല. സ്ത്രീശരീരത്തെ ചുറ്റിപ്പറ്റിയുള്ള ആനന്ദാന്വേഷണങ്ങളില്‍ പുരുഷപക്ഷത്തുനിന്നുള്ള ആഗ്രഹകാമനകളാണ് ആവിഷ്‌കരിക്കപ്പെടുന്നത്. സിനിമയിലും സാഹിത്യത്തിലും സംസ്‌കാരത്തിലും പൊതുവെ സ്വന്തം കാമനകള്‍ വെളിപ്പെടുത്താനുള്ള സ്ത്രീയുടെ ശ്രമങ്ങളെ നിശ്ശബ്ദീകരിക്കുകയോ പൈശാചവല്‍ക്കരിക്കുകയോ ആണ് മുഖ്യധാരാസമൂഹം ചെയ്യുന്നത്. വിവാഹത്തിനുള്ളിലെ ലൈംഗികത എല്ലായപ്പോഴും പുരുഷകാമനകളെ കേന്ദ്രീകരിച്ചുള്ളവയും അവയെ തൃപ്തിപ്പെടുത്തുന്ന നൈതികതകളാല്‍ മെനഞ്ഞതുമാണ്. പലപ്പോഴും അതിന്റെ ഉദ്ദേശ്യം തന്നെ കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുക എന്നതില്‍ പരിമിതപ്പെട്ടു പോകുന്നുമുണ്ട്. ഒരു സ്ത്രീ ആരെങ്കിലുമായി ലൈംഗികമായ ബന്ധം സ്ഥാപിച്ചാല്‍ തന്നെ അയാളുമായി വിവാഹം കഴിക്കണമെന്നാണ് പൊതുബോധം കരുതുന്നത്. ബലാല്‍സംഗം ചെയ്തവനെക്കൊണ്ടു വിവാഹം കഴിപ്പിച്ച് പ്രശ്‌നം പരിഹരിക്കുന്ന എത്രയോ സംഭവങ്ങള്‍ ഇന്നുമുണ്ട്.
മായാനദിയിലെ പെണ്‍കുട്ടി ലൈംഗികബന്ധത്തിനുശേഷം വിവാഹാഭ്യര്‍ത്ഥനനടത്തുന്ന കൂട്ടുകാരനെ നിരസിക്കുന്നതിലൂടെ വ്യത്യസ്തയാകുന്നത് ശ്രദ്ധേയമാണ്. ലൈംഗികാഗ്രഹം എന്നത് വിവാഹസമ്മതമല്ല എന്ന പറച്ചിലിലൂടെ അവള്‍ സമര്‍ത്ഥിക്കുന്നത് സ്ത്രീയുടെ ലൈംഗികകര്‍തൃത്വവും കാമനാസ്വത്വവും തന്നെയാണ്. വിഖ്യാതനടി കനി കുസൃതിയുടെ മെമ്മോയെഴ്‌സ് ഓഫ് എ മെഷീന്‍ പറയുന്നത് സ്ത്രീയുടെ സ്വയംഭോഗത്തിന്റെ ആനന്ദത്തെക്കുറിച്ചാണ്. നവ സാമൂഹികമാധ്യമങ്ങളിലും മറ്റും സ്വയംഭോഗത്തെക്കുറിച്ചും രതിമൂര്‍ച്ഛയെക്കുറിച്ചുമുള്ള സ്ത്രീകള്‍ തന്നെ നടത്തുന്ന ചര്‍ച്ചകള്‍ ഏറിവരുന്ന സാഹചര്യത്തില്‍ സ്ത്രീയുടെ ആനന്ദകര്‍തൃത്വത്തെ മുന്‍നിര്‍ത്തി പൊതുബോധം വെച്ചുപുലര്‍ത്തുന്ന ഇരട്ടത്താപ്പുകള്‍ക്ക് ഇളക്കം തട്ടിത്തുടങ്ങിയിട്ടുണ്ട്. സ്ത്രീകള്‍തന്നെ സ്ത്രീശരീരത്തെക്കുറിച്ചും സ്‌ത്രൈണലൈംഗികതയെക്കുറിച്ചും ആനന്ദങ്ങളെക്കുറിച്ചും  തുറന്നെഴുതുന്നതോടെ അതുവരെ വെച്ചുവാഴിച്ചിരുന്ന പുരുഷാധികാരത്തിന്റെ കോയ്മകള്‍ വെല്ലുവിളിക്കപ്പെടുകയും  ഫലത്തില്‍ ഒറ്റയടിക്ക് അപ്രസക്തമാകുകയും ചെയ്യുന്നുണ്ട്. ശ്രീലക്ഷ്മി അറയക്കലിനെപ്പോലുള്ള ആക്ടിവിസ്റ്റുകള്‍ സ്ത്രീലൈംഗികതയെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവുകള്‍ ഫേസ്ബുക്കു വ്‌ളോഗുകളിലൂടെയും മറ്റും പ്രചരിപ്പിക്കുന്നതോടെ രൂപപ്പെട്ടുവരുന്ന രാഷ്ട്രീയവും ഇതുതന്നെ. സ്ത്രീലൈംഗികതയില്‍ പുരുഷനില്‍ നിന്നും ലഭിക്കുന്ന പരിമിതമായ പരിഗണനകളും അവഗണനകള്‍ തന്നെയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. രതിയിലെ പുരുഷകേന്ദ്രിതത്വവും ലിംഗകേന്ദ്രിതവുമായ ആനന്ദസങ്കല്‍പനങ്ങള്‍ ഒരുവശത്തും സ്ത്രീയുടെ..... സ്ത്രീലൈംഗികതയെക്കുറിച്ചുള്ള പുരുഷന്മാരുടെ അജ്ഞതയും സ്ത്രീയുടെ രതിമൂര്‍ച്ഛയെപ്പറ്റിയുള്ള മിഥ്യകളുമെല്ലാം ചേര്‍ന്ന് സങ്കീര്‍ണത സൃഷ്ടിക്കുന്നു.  മാധവിക്കുട്ടിയുടെ രോഹിണി എന്ന കഥ തന്റെ ലൈംഗികാഹ്ലാദങ്ങളെ തന്റെ ഭര്‍ത്താവുതന്നെ ഏര്‍പ്പെടുത്തിയ ഒരു വാടകക്കൊലയാളിയിലൂടെ തിരിച്ചറിയുന്ന ഒരുവളുടെ കഥയാണ്. പ്രായമായവരും വികലാംഗരായവരും എല്ലാം തന്നെ ലൈംഗികമായ കാമനകളുടെ കര്‍തൃത്വം നിരസിക്കപ്പെടുന്നവരാണ്.

സ്ത്രീയുടെ പാചകകര്‍തൃത്വം യാഥാസ്ഥിതികപുരുഷാധിപത്യസമൂഹം ഏറെ ഉറപ്പിക്കുന്നു. അവിടെ വെച്ചുണ്ടാക്കുന്ന  ഒരുവളാണ് സ്തീ, തിന്നുന്നവളല്ല. നല്ലപോലെ ഭക്ഷണം ആസ്വദിച്ചുകഴിക്കുന്ന സ്ത്രീയെ പുരുഷദൃഷ്ടികള്‍ പരിഹാസ്യമായാണ് ചിത്രീകരിക്കുക.  സ്ത്രീകള്‍ എത്രമാത്രം കഴിക്കണം എന്തുകഴിക്കണം എപ്പോഴാണ് കഴിക്കേണ്ടത, വീട്ടില്‍നിന്നോ ഹോട്ടലില്‍ നിന്നോ കഴിക്കേണ്ടത് എന്നതിനെക്കുറിച്ചെല്ലാം ചില അലിഖിതനിയമങ്ങള്‍ ആണ്‍കോയ്മാസമൂഹം നിര്‍മിച്ചുവെച്ചിട്ടുണ്ട്. അവയെല്ലാം ആ നിശ്ചിത സമൂഹത്തില്‍ സ്ത്രീയുടെ പൗരത്വപദവിയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. ആയതിനാല്‍ ഭക്ഷണം ആസ്വദിക്കുന്ന പെണ്ണ് തിന്നാനുളള അവളുടെ അവകാശത്തെ മാത്രമല്ല, തീറ്റയിലൂടെയുള്ള ആനന്ദത്തെയും തൃപ്തിയെയും അവകാശപ്പെടാനുള്ള അര്‍ഹതയെയും കൂടിയാണ് സ്ഥാപിക്കുന്നത്.  പുരുഷാധിപത്യസമൂഹത്തില്‍ പാചകം സ്ത്രീയുടെ കടമയും നടപ്പു പുരോഗമനകല്‍പനകളില്‍ പാചകം ഒരു ബാധ്യതയുമായാണ്  കാണപ്പെടുന്നത്. എന്നാലിവ രണ്ടും- വെയക്കലും കഴിക്കലും -  നല്‍കുന്ന രസാനുഭൂതിയിലൂടെ സ്ത്രീകള്‍ തങ്ങളുടെ ഇച്ഛാധികാരത്തെ മുന്നോട്ടുവെയ്ക്കുന്നുണ്ട്. പുതിയ സ്ത്രീകള്‍ പാചകത്തെ, ഭക്ഷണത്തെ, വിളമ്പല്‍രീതികളെ, കഴിക്കാന്‍ തിരഞ്ഞെടുക്കുന്ന ഇടങ്ങളെ വൈവിദ്ധ്യപൂര്‍ണവും കലാപരവുമാക്കുന്നതില്‍ അവര്‍ ശ്രദ്ധവെയ്ക്കുന്നു. ആസ്വാദനത്തിന്റെ മാനങ്ങളിലാണ് അവരുടെ ഊന്നല്‍. കാമനകള്‍ സ്വത്വപ്രകാശനത്തിന്റെ ഇടങ്ങളാണെന്ന് അവര്‍ തിരിച്ചറിയുന്നു.


ലൈംഗികത മുതല്‍ യാത്രയും ഭക്ഷണവും വരെ, ഫാഷനും ലെഷറും വരെ ഇച്ഛാധികാരത്തിന്റെ മണ്ഡലങ്ങളാണ്. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആകാംക്ഷകള്‍ക്കകത്ത് സാഹസികമായ ഇടങ്ങള്‍ ഇനിയുമേറെയുണ്ടാകാം. പ്രതിരോധത്തെ, വിമോചനത്തെ മുന്‍കൂട്ടി നിശ്ചയിച്ച മൂശകകള്‍ക്കകത്തു പരുവപ്പെടുത്തുന്ന തരം രീതികള്‍ വ്യവസ്ഥയെ ഊട്ടിയുറപ്പിക്കുകയേ ഉള്ളൂ.ചുരുക്കത്തില്‍ പൊതുവിടമെന്നോ ഗാര്‍ഹിക ഇടമെന്നോ ഉള്ള ഭേദമില്ലാതെ ലെഷര്‍ അനുഭവിക്കാനും ആസ്വദിക്കാനും സ്ത്രീകള്‍ അര്‍ഹിക്കുന്നിടത്താണ് അവരുടെ പൗരത്വകാമന പൂര്‍ത്തീകരിക്കപ്പെടുന്നത്. മുന്നുപാധികളില്ലാത്ത വിധം അഭിരുചികള്‍ക്കനുസൃതമായും ലിംഗപരമോ വര്‍ഗപരമോ ജാതിമതപരമോ ആയ വിവേചനങ്ങള്‍ക്കതീതമായും മാനുഷികമായും നിര്‍വഹിക്കപ്പെടേണ്ടതാണ് ലെഷര്‍. ജനായത്തഭാവനയില്‍ ഇച്ഛാധികാരപൂര്‍ണമായി ഇടപെടാനുള്ള അധികാരം സാധൂകരിക്കുമ്പോഴേ പൗരത്വം പൂര്‍ണമാകുന്നുള്ളു. പൊതുമണ്ഡലത്തിലെന്ന പോലെ വൈയക്തികവും ആന്തരികവുമായ പ്രേരണകളിലും അതിന്റെ വ്യവഹാരങ്ങള്‍ നടക്കുന്നുണ്ട്.  അതിലേക്കുള്ള സൈദ്ധാന്തികവിഭാവനമായി ലെഷര്‍ ചിന്ത ഉയര്‍ന്നുവരേണ്ടതായുണ്ട്.


കുറിപ്പുകള്‍:

1. ''കൊളോണിയല്‍ സൈന്യങ്ങള്‍ റസിഡന്റ് ജനറലിന്റെ ഹെഡ്ക്വാട്ടേഴ്‌സിനു മുന്നില്‍ പരേഡുകള്‍ നടത്തിയിരുന്ന കാലം അവസാനിച്ചു. അതെല്ലാം ഭൂതകാലത്തിന്റെ ഭാഗമായിക്കഴിഞ്ഞിട്ടും ഇന്ന് റിസ്റ്റുവാച്ചുകളുടെ സാര്‍വത്രിക സാന്നിധ്യത്തിന്റെ രൂപത്തിലുള്ള ആധിപത്യം തുടരുകയാണ്. ക്വാര്‍ട്‌സ് വാച്ചുകളുടെ വിചിത്രമായ ശബ്ദങ്ങള്‍ ട്രിപ്പോളിയിലെയോ റിയാദിലെയോ സുഗന്ധം തങ്ങിനില്‍ക്കുന്ന രാത്രിയില്‍ രണ്ട് അറബികള്‍ നടത്തുന്ന സംഭാഷണങ്ങള്‍ക്കിടയ്ക്ക് ഓരോ മണിക്കൂറും അലോസരമുണ്ടാക്കുന്നു. സമയത്തിന്റെ ഈ നെടുനിര്‍ണായകത്വം അസംബന്ധജടിലവും രാഷ്ട്രീയഭൂമിശാസ്ത്രത്തെ അവമതിക്കുന്നതുമാണ്. ഏതൊരു രാഷ്ട്രത്തിന്റെയും സാമ്പത്തികവും രാഷ്ട്രീയവുമായ പരമാധികാരത്തിന്റെ അടിസ്ഥാനമായ സ്ഥലത്തിനെ (space) നിയന്ത്രിക്കാനുള്ള പഴയ സംവിധാനങ്ങള്‍ക്കു പകരം സമയത്തിനെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇന്ന് സമയത്തിനെ നിയന്ത്രിക്കാനുള്ള കഴിവാണ് അധികാരത്തിന്റെ അടിസ്ഥാനം.''(പുറം44, ഇസ്‌ളാമും സ്ത്രീകളും-കെ.എം.വേണുഗോപാലന്റെ പരിഭാഷ).

2. ''ഒരു കുടിയനു രാത്രിയില്‍ സമയഭേദത്തിനും ഉള്ളില്‍ പ്രവേശിച്ച മദ്യത്തിന്റെ തുകയ്ക്കും അനുസരിച്ചുള്ള പരിണാമാവസ്ഥയെ  രസികനായ ഒരു കുടിയന്‍ ''കാകന്‍, കൊക്ക്, ചെറുകിളി, ഹനുമാന്‍, കുംഭകര്‍ണ്ണോ വിഭീഷണ'' എന്നു വിവരിച്ചു കേട്ടിട്ടുണ്ട്. മദ്യവിക്രയസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിനു മുമ്പ് വല്ലവരും തന്നെ കാണുന്നുണ്ടോ എന്നു അങ്ങുമിങ്ങും പാളിനോക്കുന്ന സ്ഥിതിയിലാണ് കാകനോട് ഉപമിക്കപ്പെട്ടിട്ടുള്ളത്. ഷാപ്പില്‍ കടന്നു കഴിഞ്ഞാല്‍ കുറേനേരത്തേക്ക് തങ്ങള്‍ അവിടെയുള്ള വിവരം ആരും അറിയരുതെന്നുള്ള ബുദ്ധി ഉണ്ടായിരിക്കും. ആ സ്ഥിതിയിലാണ് കൊക്കെന്ന പക്ഷിയോടു തുല്യമാകുന്നത്. പിന്നെയുള്ള പരിണാമം ചെറുകിളിയായിട്ടാണ്. അല്പം വയറ്റിലായി കുറെ തലയ്ക്കും പിടിച്ചു കഴിഞ്ഞാല്‍ ചെറുകിളികളെപ്പോലെ പിറുപിറെ പറഞ്ഞുകൊണ്ടിരിക്കും. ആ സ്ഥിതിയും കഴിഞ്ഞാല്‍ ഹനൂമാനായി. തുള്ളുക, ചാടുക മുതലായ പലവിധ വികൃതികളും തുടങ്ങി. പിന്നെ ആരു കണ്ടാലും ഭയവും ലജ്ജയും ഇല്ല. മദ്യം കൊണ്ടുണ്ടായ ഫലത്തിന്റെ പ്രത്യാഘാതം തുടങ്ങുമ്പോള്‍ ക്ഷീണം ബാധിച്ച്, കുംഭകര്‍ണസേവയായി രാവിലെ ഉറക്കം ഞെട്ടിയാല്‍ തലവേദനയും വയറ്റുവേദനയും തുടങ്ങി. അപ്പോള്‍ വിഭീഷണനെപ്പോലെ സല്‍ബുദ്ധി തുടങ്ങി.'' (പുറം.56, 57 വസുമതി. മൂര്‍ക്കോത്തു കുമാരന്‍).

3. സാജു ചേലങ്ങാടിന്റെ ഫേസ്ബുക് പോസ്റ്റില്‍ നിന്ന്: ''1940കളിലാണ് സംഭവം. പുതുതായി നിര്‍മിച്ച ചേര്‍ത്തല - അരൂര്‍ റോഡില്‍ ചേര്‍ത്തല പട്ടണത്തില്‍ ഇംഗ്ലണ്ടില്‍ നിന്നിറക്കുമതി ചെയ്ത ഒരു എന്‍ഫീല്‍ഡ് ബുള്ളറ്റ് പ്രത്യക്ഷപ്പെട്ടു. (ബി.എസ്.എ കമ്പനിയുടെ ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ ആണെന്നും പറയുന്നുണ്ട്. രണ്ട് ബുള്ളറ്റുകളും ഏറെക്കുറെ ഒരേ മാതൃകയിലാണ് നിര്‍മിച്ചിരുന്നത്.1973 വരെ ബര്‍മിങ്ങ്ഹാം സ്‌മോള്‍ ആംസ് കമ്പനിയുടെ ബി.എസ്.എ ബൈക്കുകള്‍ക്ക് വന്‍ പ്രിയമായിരുന്നു) സൈക്കിള്‍ പോലും അത്യപൂര്‍വമായ ഒരു നാട്ടില്‍ ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ ഭാവനയില്‍പ്പോലും കണ്ടിട്ടില്ലാത്ത ജനം അത് കണ്‍മുന്നില്‍ വന്നപ്പോള്‍ കാണാന്‍ വെമ്പി റോഡരികിലേക്ക് ഓടിക്കൂടി. വന്നവര്‍ വന്നവര്‍ ആ കാഴ്ച കണ്ട് ഞെട്ടി. ബുള്ളറ്റ് ഓടിക്കുന്നത് ഒരു യുവതി. സാരിയുടെ കോന്തലചുറ്റി അരയില്‍കുത്തി ഒരു യുവാവിനെപ്പോലേ ആ യുവതി ബുള്ളറ്റ് ഓടിച്ചു. കണ്ടവര്‍ കണ്ടവര്‍ പരസ്പരം ചോദിച്ചു ആരാ ഇവള്‍? കുറെ ദിവസത്തേക്ക് ആ സംഭവമായിരുന്നു ജനസംസാരം. വൈകാതെ ആളെ മനസിലായി. പേര് നാരായണി. നാട്ടുകാര്‍ ഒരു വിശേഷണത്തോടെ അവരെ വിളിച്ചുതുടങ്ങി - ബുള്ളറ്റ് നാരായണി. മരിക്കും വരെ ആ പേരിലാണവര്‍ അറിയപ്പെട്ടത്. ചേര്‍ത്തല പട്ടണത്തിലെ പ്രമുഖ അഭിഭാഷകനും എസ്.എന്‍.ഡി.പി നേതാവുമായിരുന്ന എന്‍.ആര്‍.കൃഷ്ണന്‍ വക്കീലിന്റെ പത്‌നിയായി പിന്നീട്. കേരളത്തില്‍ പൊതുനിരത്തിലൂടെ ആദ്യമായി ഇരുചക്രവാഹനമോടിച്ച വനിത എന്ന ബഹുമതി നാരായണിക്ക് നല്‍കണം''.
 

അവലംബം:

1. മുരളീധരന്‍ ടി, സദാചാരം, ആനന്ദം, ശരീരം: ചില സമസ്യകള്‍, കേരളം, ലൈംഗികത, ലിംഗനീതി കെ.എം. വേണുഗോപാലന്‍ (എഡി.), സൈന്‍ ബുക്‌സ്, തിരുവനന്തപുരം, 2006
2. രാമകൃഷ്ണന്‍. എ.കെ, കെ.എം. വേണുഗോപാലന്‍ (എഡി.), കേരളം, ലൈംഗികത, ലിംഗനീതി. സൈന്‍ ബുക്‌സ്, തിരുവനന്തപുരം, 2006
3. കേശവന്‍.സി. ജീവിതസമരം, പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം, 1999
4. കല്‍പറ്റ നാരായണന്‍, ഭക്ഷണമല്ലാതൊന്നും ഭക്ഷിക്കാനില്ലിവിടെ, തത്സമയം, മാതൃഭൂമി ബുക്‌സ്, കോഴിക്കോട്, 2011
5. മുത്തിരിങ്ങോട്ട് ഭവത്രാതന്‍ നമ്പൂതിരിപ്പാട്, മടി, മുത്തിരിങ്ങോടിന്റെ കഥകളും ഉപന്യാസങ്ങളും, കേരളസാഹിത്യ അക്കാദമി, തൃശ്ശൂര്‍, 2003
6. ഡോ. സ്വപ്‌ന ശ്രീനിവാസന്‍, പരസ്യം പതിക്കരുത്: ചുവരെഴുത്തിന്റെ കല ഭാവുകത്വപരിണാമത്തിന്റെ നൂറ്റാണ്ടുകളില്‍, മലയാളം റിസേര്‍ച്ച് ജെണല്‍ , വോള്യം12, ലക്കം1, ജനുവരി-ഏപ്രില്‍ 2019
7. Meenakshi Ravivanshi, The Gendering Of Leisure: Who Gets To Rest? feminisminindia.com/2020/03/11
8. ചേലങ്ങാട് ഗോപാലകൃഷ്ണന്‍, മലയാളസിനിമ ചരിത്രം വിചിത്രം ചിന്ത പബ്ലിക്കേഷന്‍സ്, തിരുവനന്തപുരം, 2013
9. Bindu Menon,  Miasmic Screens: Contagion and Control in Early 20th Century Cinema Halls,  http://ala.keralascholars.org/issues/29/contagion-and-control-in-cinema-halls/?fbclid=IwAR2z_aCUc0mX1KqQ_LksW9_m2oILgQQPKa0a4bqHvLYDopLoGDyGCUIlkUk
10. വള്ളിക്കാവ് മോഹന്‍ദാസ്, കെ.പി.എ.സി.യുടെ ചരിത്രം, നാഷണല്‍ ബുക്ക്‌സ്റ്റാള്‍, കോട്ടയം,  2016
11. Kannalmozhi Kabilan, Chennai's historians give thinnai a chance of revival, https://www.newindianexpress.com/cities/chennai/2020/sep/13/chennais-historians-give-thinnai-a-chance-of  revival-2196385.html?fbclid=IwAR2IVCY-pItYwcx297kqWHzYV3DEZUeji6F_7fC5EvbMnn9Q9FALJEMRwtE
12. Shilpa Phadke, Shilpa Ranade, Sameera Khan, Invisible women,https://journals.sagepub.com/doi/full/10.1177/030642201350073

13. കെ.ആര്‍. ഗൗരിയമ്മ, ആത്മകഥ, മാതൃഭൂമി ബുക്‌സ്, കോഴിക്കോട് 2010

14. മിസിസ് റിച്ചാര്‍ഡ് കോളിന്‍സ്, ഘാതകവധം, നോവല്‍ പഴമ സീരീസ്, ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം 2013

15. ഗീത, എഴുത്തമ്മമാര്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2014

16. പി.ശങ്കുണ്ണിമേനോന്‍, തിരുവിതാംകൂര്‍ ചരിത്രം,  കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2014

17. കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍, 'എന്റെ മൃഗയാസ്മരണകള്‍' , ആത്മകഥാസാഹിത്യം മലയാളത്തില്‍, നടുവട്ടം ഗോപാലകൃഷ്ണന്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1998

18. മൂര്‍ക്കോത്തു കുമാരന്‍, വസുമതി, ശാരദാ ബുക്ക് ഡിപ്പോ, തോന്നയ്ക്കല്‍, 1950
 
19. പി.രഞ്ജിത്, മലയാളിയുടെ ഭൂതകാലങ്ങള്‍ ഓണവും സാമൂഹ്യഭാവനയും, കറന്റ് ബുക്‌സ്, തൃശൂര്‍ 2011

20. ഗീത, പെണ്‍കാലങ്ങള്‍, കറന്റ് ബുക്‌സ്, തൃശ്ശൂര്‍, 2010

21. സാജു ചേലങ്ങാട്, തേജസ് ആഴ്ചവട്ടം, 2018 മാര്‍ച്ച്

22. ദേവിക, കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ? സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ്, തിരുവനന്തപുരം 2010

23. കിഴക്കേപ്പാട്ട് രാമന്‍കുട്ടിമേനോന്‍, പറങ്ങോടീപരിണയം,  ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം

(2022 ജാനുവരിയിൽ കോട്ടയം ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ഉത്തരസ്ത്രീവാദസിദ്ധാന്തങ്ങൾ  (എഡി. മിനി ആലീസ്, ഷിമി പോൾ ബേബി)    എന്ന കൃതിയിലെ അദ്ധ്യായം)