Monday, January 16, 2017

അണിഞ്ഞൊരുങ്ങുമ്പോള്‍പുതുസാഹചര്യങ്ങളിലെ മാറിവരുന്ന ശരീരവിന്യാസങ്ങളുടെ, വേഷാലങ്കാരങ്ങളുടെ രാഷ്ട്രീയമെന്ത്? ഫാഷനിലെ ലിംഗബോധം, അതിനകത്തെ കോയ്മകളും എതിര്‍ബലങ്ങളും എന്തെല്ലാം?
കേരളത്തിലെ സോഷ്യല്‍നെറ്റ്‌വര്‍ക്കുകളില്‍ പ്രചാരം നേടിയ രണ്ടു വീഡിയോദൃശ്യങ്ങളില്‍ നിന്നു തുടങ്ങാം. സ്ത്രീവേഷമണിഞ്ഞ പുരുഷന്മാരാണ് രണ്ടു വീഡിയോകളുടെയും കേന്ദ്രം. ആദ്യത്തെ വീഡിയോ മലപ്പുറം തണീര്‍ക്കോട് ഭാഗത്തു നിന്നുള്ളതാണ്. സാരിയുടുത്ത ബംഗാളിയുവാവിനെ പൊതിഞ്ഞു നില്‍ക്കുന്ന ആള്‍ക്കൂട്ടം. ആള്‍ക്കൂട്ടത്തിന്റെ പരിഹാസങ്ങളും ദ്വയാര്‍ത്ഥങ്ങളും പൊട്ടിച്ചിരികളും കൂവലും ഒക്കെച്ചേര്‍ന്ന് ഹാസ്യാത്മകമായ അന്തരീക്ഷം.'കള്ളത്തീ'എന്ന വിളിയില്‍ ചമ്മലും ലജ്ജയും മാറിമറയുന്ന മുഖഭാവത്തോടെ നില്‍ക്കുന്ന യുവാവ്. സ്ത്രീവേഷം കെട്ടി വീടുകളില്‍ അടുക്കള ഭാഗത്തുവന്ന് വീട്ടുകാരികളോട് ഭിക്ഷ യാചിക്കുന്നതിനിടയിലാണ് ഇയാളെ പിടികൂടുന്നത്.(ലിങ്ക്: goo.gl/9pp4z8)

അടുത്ത വീഡിയോ ഉത്തരേന്ത്യയില്‍ നിന്നാണ്. പകുതിയഴിഞ്ഞ ബ്രായും ചുരിദാറിന്റെ പാന്റും മാത്രം ധരിച്ച ഒരാളാണതില്‍. മെലിഞ്ഞ പുരുഷന്റെ അര്‍ധനഗ്നമായ ദേഹത്തെ വലിച്ചിഴച്ചും പിടിച്ചുലച്ചും രോഷാകുലയായ, ആരോഗ്യവതിയായ ഒരു മധ്യവയസ്‌ക്ക അയാളെ ചെരുപ്പൂരി അടിക്കുന്നു. ഒരു ഘട്ടത്തില്‍ അവര്‍ അയാളുടെ അരയില്‍ നിന്നും പാന്റു വലിച്ചൂരി നഗ്നനാക്കുന്നു. ലൈംഗികാവയവം ചൂണ്ടിക്കാട്ടി ചീത്തവിളിക്കുന്നു. അക്രമാസക്തമായ ഒരു രംഗമായിട്ടും കാഴ്ച്ചക്കാര്‍ ഇടപെടുന്നില്ല. (ലിങ്ക്: goo.gl/igvdKd)

പെണ്‍വേഷംധരിച്ച് ടി.വി ചാനലുകളില്‍ ജോലി ചെയ്യുന്ന കലാകാരന്മാരുടെ അനുഭവം ഇതോടു ചേര്‍ത്തു വെയ്ക്കാവുന്നതാണ്. സജി ഓച്ചിറ, വിനോദ് (സൂര്യ) തുടങ്ങി നിരവധി പേര്‍ സ്ത്രീവേഷം കെട്ടിയതിന്റെ തിക്താനുഭവങ്ങള്‍ പലപ്പോഴായി പിന്നിട്ടവരാണ്. വിനോദ് ഒരിക്കല്‍ പരിപാടിക്കായി മേക്കപ്പില്‍ പോകുമ്പോള്‍ പോലീസ് പിടിയിലായി. കാര്യം പറഞ്ഞപ്പോള്‍ ഡാന്‍സു ചെയ്തു കാണിക്കണമെന്നായി. അതു ചോദ്യം ചെയ്തപ്പോള്‍ സ്‌റ്റേഷനില്‍ കൊണ്ടുപോയി രാത്രി മുഴുവന്‍ നിര്‍ത്തി, പെണ്‍വേഷം കെട്ടി ആളെ പറ്റിക്കാന്‍ നോക്കിയെന്നാരോപിച്ച് ഒരു കേസും ചാര്‍ജു ചെയ്തു. പെണ്‍വേഷം കെട്ടാന്‍ പാടില്ല എന്നൊരു നിയമം ഇന്ത്യയിലുണ്ടോ? എന്നാണ് വിനോദിന്റെ ചോദ്യം.

ഈ അനുഭവകഥനങ്ങളും വീഡിയോദൃശ്യങ്ങളും നമ്മോടു പറയുന്നതെന്താണ്? വേഷം, ലിംഗം, ലിംഗപദവി, വസ്ത്രത്തിന്റെ പ്രകടനീയത ഇവയ്ക്ക് പൊതുസമ്മതിയുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടുന്നതിന്റെ സംഘര്‍ഷങ്ങളാണു നാം കാണുന്നത്. പിടിയിലായ ബംഗാളിയും ഉത്തരേന്ത്യക്കാരനും ചില്ലറ കുറ്റകൃത്യങ്ങളുടെ പേരില്‍കൂടിയായിരിക്കാം പീഡിപ്പിക്കപ്പെട്ടത്. അതിലുമധികം പെണ്‍വേഷം കെട്ടുന്നതിലെ 'തട്ടിപ്പും' 'വൈരുദ്ധ്യ'വുമാണതിലെ കുറ്റം. ഒരു പടി കൂടിക്കടന്ന് വേഷം തന്നെയാണിവിടെ കുറ്റവാളി!

സാമൂഹ്യവിരുദ്ധരെ കാണുന്ന കണ്ണുകൊണ്ടാണ് പോലീസ് തങ്ങളെ കാണുന്നതെന്ന് സൂര്യാവിനോദിനെപ്പോലെയുള്ളവര്‍ പറയുമ്പോള്‍ വേഷം പോലും ഭരണകൂടത്തിന്റെ നിയന്ത്രണാധികാരത്തിനകത്ത്  പുന:ക്രമീകരിക്കപ്പെടുന്നു. വേഷവും ലിംഗവും തമ്മിലുള്ള പാരസ്പര്യത്തിലും ആണ്‍-പെണ്‍മാനകതയിലുമൂന്നിയ (Heteronormative) നിരീക്ഷണാധികാരം ഇവിടെ പ്രവര്‍ത്തനക്ഷമമാകുന്നു. വേഷത്തിന്റെ ദൃശ്യതയും നാട്യപരതയും ഈ നോട്ടാധികാരത്തിന്‍ (power gaze) കീഴില്‍ സാധുവോ അസാധുവോ ആകുന്നു.

മാനകനോട്ടം
എന്താണീ നോട്ടത്തിന്റെ ആന്തരാര്‍ത്ഥങ്ങള്‍? സുസമ്മതമായ ലിംഗപദവിയെ ഉലയ്ക്കുന്ന വേഷങ്ങള്‍ നോട്ടത്തിന്റെ ഉറവിടങ്ങളെ, പരിസരങ്ങളെ അലോസരപ്പെടുത്തുന്നു. കൃത്യമായ ആണ്‍-പെണ്‍ മാനകതയില്‍ അടിയുറച്ച മൂല്യബോധം അധീശപരമായി പുലരുന്ന ഇത്തരം ഇടങ്ങളെല്ലാം നിയന്ത്രിക്കുന്നത് മേല്‍പ്പറഞ്ഞ നോട്ടമാണ്. ആണ്‍-പെണ്‍ മാനകതയുടെ അധികാരനോട്ടമാണത് (heteronormative power gaze). നമുക്കതിനെ മാനകനോട്ടം എന്നു ചുരുക്കിവിളിക്കാം. ലിംഗകൃത്യതയെ വെല്ലുവിളിക്കുന്ന എന്തിനെയുമത് കണ്ടെത്തി, ശാസിക്കും, പുറത്താക്കും, വിമര്‍ശിക്കും. ഈ നോട്ടം ചെറുതും വലുതുമായ നിരവധി മൂല്യങ്ങളും അധീശവ്യവസ്ഥകളും പേറുന്ന ഒന്നാണ്.

സ്ത്രീവാദചിന്തകള്‍ക്കകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ലോറാമല്‍വിയുടെ 'ആണ്‍നോട്ടം' (Male gaze) എന്ന പരികല്പനയില്‍ നിന്ന്, അതുള്ളടക്കുന്ന ആശയാവലികളില്‍നിന്ന് വലിയൊരളവോളം വ്യത്യസ്തമാണിത്. ആണ്‍നോട്ടത്തെപ്പോലെ സാര്‍വത്രികവും അതിലേറെ ശക്തവുമാണത്. മാത്രമല്ല, ആണ്‍നോട്ടത്തിലെ കാമനയുടെയും വശീകരണത്തിന്റെയും അതിലൂടെയുള്ള കീഴ്‌പ്പെടുത്തലിന്റെയും തന്ത്രപരമായ ഘടകങ്ങള്‍ ഇവിടെ ഉണ്ടാവണമെന്നില്ല. നോട്ടത്തിന്റെ ഉറവിടവും ദൃശ്യത്തിന്റെ ഉറവിടവുമായുള്ള അന്യവല്‍കൃതമായ, എന്നാല്‍ അധീശപരമായ പാരസ്പര്യം മാനകനോട്ടത്തിലുണ്ട്. നോട്ടകേന്ദ്രം ആധികാരികതയുടെ മണ്ഡലമായും ദൃശ്യകേന്ദ്രം വസ്തുവല്‍കൃതമണ്ഡലമായും മാറിക്കൊണ്ട് ഒരു മേല്‍കീഴ്ബന്ധം രൂപപ്പെടുന്നു. ആണ്‍നോട്ടത്തിനകത്തുതന്നെ മാനകനോട്ടങ്ങള്‍ പ്രവര്‍ത്തിച്ചെന്നു വരാം. പൃഥ്വിരാജും റോമയും നായികാനായകന്മാരാവുന്ന 'ചോക്ലേറ്റി'ല്‍ ഇത്തരം ചില രംഗങ്ങളുണ്ട്.

നമ്മുടെ 'സാധാരണ' നോട്ടങ്ങളെത്തന്നെ കുറച്ചൊന്നു ഖനനം ചെയ്താല്‍ ഇത്തരം അധീശനോട്ടങ്ങള്‍ കണ്ടെത്താം. മുന്നില്‍പ്പെടുന്നവര്‍ ലെസ്ബിയനാണോ ഗേയാണോ പകുതിപ്പെണ്ണും പകുതിയാണുമാണോ തുടങ്ങിയ ലൈംഗികാഭിമുഖ്യത്തെ കുറിച്ചുള്ള ജിജ്ഞാസകളും ലൈംഗികശേഷിക്കുറവുണ്ടോ അഴിഞ്ഞാട്ടക്കാരാണോ എന്നൊക്കെയുള്ള അനേകമനേകം ചോദ്യങ്ങളും ഉള്ളടക്കുന്ന ചുഴിഞ്ഞുനോട്ടങ്ങളാണവ. ഇതെല്ലാം അവര്‍ ധരിക്കുന്ന വസ്ത്രത്തിന്റെയും വേഷഭൂഷകളുടെയും ശരീരനിലകളുടെയും ശരീരാകൃതിയുടെയും അടിസ്ഥാനത്തില്‍ പൊതുവെ പറഞ്ഞാല്‍ 'ലുക്കി'ന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടുന്നവയാണ്. (ലുക്കിനെ വ്യക്തിയെ സംബന്ധിച്ച പൂര്‍വനിശ്ചിതസത്തയായി വ്യാഖ്യാനിച്ചുറപ്പിക്കുന്നതിന്റെ പ്രശ്‌നം ഇവിടെയുണ്ട്.) ആണ്‍നോട്ടത്തില്‍ സങ്കല്‍പ്പിക്കപ്പെടുന്ന, നോക്കുന്നവന്റെ ഉയര്‍ന്ന പുരുഷാധികാരം ഇവിടെ സംഗതമല്ല. നോക്കപ്പെടുന്നത് പലപ്പോഴും പുരുഷശരീരമാകാം, നോക്കുന്നത് സ്ത്രീയുമാകാം. ലിംഗപരമായ ദ്വന്ദ്വഘടനയുടെ സന്ദര്‍ഭമാണെങ്കിലും അല്ലെങ്കിലും ഈ നോട്ടം അധീശപരമാണ്. മാത്രമല്ല, ജാതിക്കും തൊലിനിറത്തിനും പ്രായത്തിനും തൊഴിലിനും ഭാഷയ്ക്കും പ്രദേശത്തിനും മറ്റു പലതരം കോയ്മകള്‍ക്കും കീഴ്‌പ്പെട്ടുതന്നെയാണ് ഈ നോട്ടാധികാരം പ്രവര്‍ത്തിക്കുന്നത് എന്ന് എടുത്തുപറയേണ്ടതുണ്ട്. വംശീയതയെ മുന്‍നിര്‍ത്തിയുള്ള സാമ്രാജ്യത്വനോട്ടങ്ങളെക്കുറിച്ച് ഫാനന്‍ പറയുന്നുണ്ടല്ലോ.

 വേഷങ്ങളുടെ വ്യതിയാനം, വ്യതിചലനങ്ങള്‍ എന്നതിനേക്കാള്‍ അവ നിലനില്‍ക്കുന്ന വ്യവസ്ഥയ്ക്കും കാഴ്ചാമൂല്യങ്ങള്‍ക്കും എങ്ങനെ വെല്ലുവിളിയാകുന്നു എന്നിടത്താണ് വേഷങ്ങളുടെ വിധ്വംസകത. തടിച്ച സ്ത്രീ ഇറുകിയ വസ്ത്രം ധരിച്ചുകാണുമ്പോഴുള്ള നോട്ടംപോലെയല്ല, അതിലുമെത്രയോ കുറ്റാരോപിതമാണ് സാരിയുടുത്ത കണ്ണെഴുതിയ പുരുഷനെ കാണുമ്പോഴുള്ള നോട്ടം. ആ നോട്ടം ആണുനോക്കിയാലും പെണ്ണുനോക്കിയാലും അധീശപരമായ മാനകനോട്ടം തന്നെ. കാരണം അതിനെ നിയന്ത്രിക്കുന്നത് ആണ്‍-പെണ്‍മാനകതയുടെ അധികാരവ്യവസ്ഥയാണ്. അദൃശ്യമായിരിയ്‌ക്കെത്തന്നെ എല്ലായിടത്തും പിടിമുറുക്കുന്ന ആണ്‍-പെണ്‍മാനകതയുടെ അധികാരം. അതിന്റെ സാര്‍വത്രികതയിലും സാമൂഹികസമ്മതിയിലുമുള്ള വിശ്വാസം വ്യക്തികളെ ശാസകരാക്കുന്നു. ദൈനംദിനജീവിതത്തിലെ എല്ലാ ചലനങ്ങളെയും വേഷഭൂഷങ്ങളെയും നിയന്ത്രിക്കാനും മെരുക്കാനുമുള്ള നിര്‍വ്വഹണശേഷി തങ്ങള്‍ക്കുണ്ടെന്ന ആത്മവിശ്വാസം അവരില്‍ ഊറിക്കൂടുന്നു. ഓണാഘോഷങ്ങളിലും മറ്റും അധ്യാപികരോടു കസവുമുണ്ടും മുല്ലപ്പൂവും ധരിച്ചുവരാന്‍ നിര്‍ബന്ധിക്കുന്ന സഹപ്രവര്‍ത്തകരുടെയും വിദ്യാര്‍ത്ഥിനികളുടെയും 'കര്‍ത്തവ്യതാ'ബോധം സ്‌ത്രൈണതയെ കുറിച്ചുള്ള ആണ്‍-പെണ്‍മാനകതയിലൂന്നിയ സങ്കല്‍പ്പത്തില്‍ നിന്നുകൂടിയാണ് ഉരുവം കൊളളുന്നത്. 14 സെക്കന്റ് തുറിച്ചുനോട്ടവിവാദത്തിലിടപെട്ട് പ്രീത.ജി.പി. എഴുതിയ ഓണ്‍ലൈന്‍കുറിപ്പില്‍ ഈ മാനകനോട്ടത്തെ അടുത്തറിയാന്‍ ശ്രമിക്കുന്നുണ്ട്. ('സിങ്കങ്ങള്‍ ആണിടങ്ങളിലേക്കു ചെല്ലട്ടെ; പുരുഷന്മാരെ പരിഷ്‌കരിക്കട്ടെ.' -16/8/2016).

പെണ്‍വേഷത്തിലൂടെ പറ്റിക്കപ്പെട്ടതിലുള്ള പ്രതികരണമാണ് തുടക്കത്തില്‍ പറഞ്ഞ വീഡിയോകളില്‍ കണ്ടത്. ലിംഗകൃത്യതയിലുള്ള ഉല്‍ക്കണഠാകുലമായ മാനകനോട്ടം പുലരുന്ന ഒരു സമൂഹമെന്ന നിലയില്‍ മലയാളികള്‍, അതിനെ അട്ടിമറിക്കുന്നവര്‍ക്കുള്ള താക്കീതെന്നപ്പോലെ ഈ വീഡിയോദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തതില്‍ അത്ഭുതമില്ല. ഇതിനിടയിലും സമൂഹത്തിന്റെ സ്ഥൂലപ്രതലത്തില്‍ നടക്കുന്ന അധികാരപ്രയോഗങ്ങളെ അട്ടിമറിക്കുന്ന ലിംഗാഭിരുചികള്‍ സൂക്ഷ്മമായി പടര്‍ന്നേറുന്ന നിരവധി കാഴ്ച്ചകള്‍ ഇന്നുകാണാം. അതേക്കുറിച്ചാണ് ഈ കുറിപ്പ്.                                        


മാനകതയ്‌ക്കെതിരെ
     ഈ മാനകനോട്ടങ്ങള്‍ക്കു കീഴില്‍ എല്ലായ്‌പ്പോഴും മെരുക്കപ്പെടുന്നതല്ല നമ്മുടെ ശരീരജീവിതത്തിന്റെ അകംപുറങ്ങള്‍. അനിശ്ചിതമായ വഴികളിലൂടെ, അപ്രവചനീയമായ ചലനങ്ങളിലൂടെ അത് അധീശനിലകളെ കൂസാതെ മുന്നേറുന്നു. ഏതൊക്കെയോ കാമനകളുടെ ഒഴുക്കുകളും രോധങ്ങളും ചേര്‍ന്ന് പുതിയൊരു ദിശ രൂപപ്പെട്ടുവരുന്നു. പൊതുബോധത്തിന്റെ അധികാരനിലകളെയും വേര്‍തിരിവുകളെയും ശരീരത്തിന്റെ പലതരം വിന്യാസങ്ങള്‍ മറികടക്കുന്നു. അതില്‍ ഫാഷന്റെയും പലതരം അലങ്കാരവിധാനങ്ങളുടെയും സാധ്യതകള്‍ ഉള്‍ച്ചേരുന്നു. പെണ്ണിന്റേതു മാത്രമെന്നു കരുതപ്പെട്ടിരുന്ന പല അലങ്കാരങ്ങളും ഇന്ന് ആണുങ്ങളും ശരീരത്തില്‍പേറുന്നു. ഹെയര്‍ബാന്റുകളും കൈവളകളും നിറമുള്ള സ്‌കാര്‍ഫുകളും സുഗന്ധദ്രവ്യങ്ങളും ഇന്നു പുരുഷശരീരത്തെയും അലങ്കരിക്കുന്നുണ്ട്. ആണിന്റെ/പെണ്ണിന്റെ എന്നു അതിരുതിരിച്ച, വേര്‍തിരിക്കപ്പെട്ട അലങ്കാരവ്യവസ്ഥ മാറികൊണ്ടേയിരിക്കുന്നു. ഈ പുതിയ പ്രവണത മറ്റനേകം ഘടകങ്ങളുടെ പാരസ്പര്യത്തിലൂടെ അനിച്ഛാപൂര്‍വ്വകമായി ലിംഗാതീതമായി വളരുകയാണ്. അടി മുതല്‍ മുടിവരെയുള്ള പരിഷ്‌കാരങ്ങളിലൂടെ, തൊഴിലിലും ഹോബിയിലും വാഹനങ്ങളിലും മറ്റനേകം ഹാബിറ്റാറ്റുകളിലുമെല്ലാമുള്ള അട്ടിമറികളിലൂടെ ലിംഗാതീതമായ ഒരവസ്ഥ രൂപം കൊള്ളുന്നുണ്ട്. സ്വത്വപ്രകാശനത്തിനും സ്വത്വസമര്‍ത്ഥനത്തിനുമായി ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്തവയല്ല ഇവയൊന്നും. മറിച്ച് സംസ്‌കാരത്തിന്റെ പൂര്‍വ്വനിശ്ചിതമല്ലാത്ത, സ്വാഭാവികമായ ഒരു പുന:ക്രമീകരണമായി വന്നുഭവിക്കുന്നതാണ്. പലപ്പോഴും സ്വേച്ഛാപരമായ കാമനകളും ഭാവനകളുമാണ് അവയുടെ പ്രേരണാകേന്ദ്രം. കൂടുതല്‍ പരിശോധനയിലേയ്ക്കു കടക്കും മുമ്പ് അവയെ ചരിത്രപരമായി സമീപിക്കാം.

സ്ത്രീവേഷഭൂഷകളും കാമനയും
19-ാം നൂറ്റാണ്ടോടുകൂടിയാണ് യൂറോപ്പിലെന്നപോലെ തന്നെ കേരളത്തിലും ഫാഷന്‍ എന്ന ആധുനികമായ അഭിരുചി സ്ത്രീകളെ കേന്ദ്രീകരിച്ച് കൊഴുക്കാന്‍ തുടങ്ങുന്നത്. ആദ്യകാലങ്ങളില്‍ യൂറോപ്പിലും വസ്ത്രധാരണവും ശാരീരികാലങ്കാരങ്ങളും ലിംഗഭേദത്തിന്റെ അടയാളങ്ങളെ പേറിയിരുന്നില്ല എന്നാണ് ചില പഠനങ്ങളെങ്കിലും സൂചിപ്പിക്കുന്നത്. 1700 കളിലും മറ്റും ഉയര്‍ന്ന വര്‍ഗത്തില്‍പെട്ടവരാണ് തുണിയലങ്കാരങ്ങള്‍ കൂടുതലായി ഉപയോഗിച്ചിരുന്നത്. പിങ്ക്, ചുവപ്പ് നിറങ്ങളിലുള്ള സില്‍ക്ക് സ്യൂട്ടുകളും സ്വര്‍ണാലങ്കാരങ്ങളും സ്ത്രീപുരുഷന്മാര്‍ ഒരേപോലെ ധരിച്ചിരുന്നു. പിന്നീട് ലിംഗഭേദം വര്‍ഗക്രമത്തേക്കാള്‍ വലിയ സ്വാധീനമായി പടരുന്നു, ഒപ്പം പുരുഷസ്വത്വവും പൊതുവസ്ത്രാലങ്കാരങ്ങളും തമ്മില്‍ എടുത്തുപറയത്തക്കരീതിയിലുള്ള വ്യതിരിക്തത പ്രകടമാകുന്നു. തിളക്കവും വര്‍ണഭംഗിയുമേറിയ ആഭരണങ്ങളും വസ്ത്രങ്ങളും സ്‌ത്രൈണമണ്ഡലങ്ങളില്‍ മാത്രമായി ചുരുങ്ങി. ഫ്യൂഗല്‍ എന്ന ചരിത്രകാരന്റെ അഭിപ്രായത്തില്‍ ഉപയോഗപ്രദമായത് എന്ന മൂല്യത്തെ കൂടുതല്‍ ഉയര്‍ത്തിയും സൗന്ദര്യവത്തായത് എന്ന ഘടകത്തെ കുറച്ചുമാണ് 19-ാം ശതകത്തിനൊടുവില്‍ ബൂര്‍ഷ്വാപൗരുഷം സ്വയം രൂപപ്പെടുത്തിയത്. 1850കളോടെ പുരുഷവസ്ത്രങ്ങളും ഫാഷനും പൂര്‍ണമായും ഇപ്രകാരം ഏറെ പൗരുഷവല്‍ക്കരിക്കപ്പെട്ടു എന്നദ്ദേഹം പറയുന്നു. കാലഗണനയില്‍ സമാന്തരതയില്ലെങ്കിലും കേരളത്തിന്റെ ചരിത്രവും ഏറെക്കുറെ സമാനമാണ്.   

ഇന്റര്‍നെറ്റില്‍ ലഭ്യമായ പഴയ രണ്ടു ചിത്രങ്ങളുണ്ട്. തിരുവിതാംകൂര്‍ കൊട്ടാരം ആര്‍ക്കൈവില്‍ സൂക്ഷിച്ച 1900ലെ ഒരു ചിത്രമാണ് ആദ്യത്തേത്. വല്ലാര്‍പാടം ദ്വീപിലെ കീഴാളരുടേതെന്നു കരുതപ്പെടുന്ന ചിത്രത്തില്‍ ആണ്‍-പെണ്‍ശരീരങ്ങള്‍ വസ്ത്രത്തിന്റെ കാര്യത്തില്‍ ഒരേപോലെയാണ്. അരയിലുടുത്ത മുണ്ടാണ് ഏകവസ്ത്രം. ഇരുകൂട്ടരും അരയ്ക്കുമുകളില്‍ നഗ്നരാണ്. സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുള്ള ചിത്രമാണ് അടുത്തത്. ബാസല്‍മിഷന്‍ ശേഖരിച്ച 1921 ലെ ഈ ഫോട്ടോയില്‍ ഓല മെടയുന്ന ചിലരാണ് ഉള്ളത്. പ്രായമായ സ്ത്രീയൊഴിച്ച് സ്ത്രീപുരുഷഭേദമെന്യേ എല്ലാവരും അരയ്ക്കുമുകളില്‍ നഗ്നരാണ്.

വസ്ത്രങ്ങളുടെ കുറഞ്ഞ ഉപഭോഗത്തിന്റെ ഈ കാലയളവില്‍ ചില വിഭാഗങ്ങളുടെ ആണ്‍-പെണ്‍ ശരീരങ്ങളില്‍ ലിംഗഭേദത്തെ സംബന്ധിച്ച മൂല്യങ്ങള്‍ ചമയങ്ങളില്‍ ദൃശ്യമല്ല. ലഭ്യമായ മറ്റു ചിത്രങ്ങള്‍ കൂടി പരിശോധിച്ചാല്‍ വസ്ത്രങ്ങള്‍ ആണ്‍-പെണ്‍വ്യത്യാസത്തേക്കാള്‍ ജാതിവ്യത്യാസത്തിന്റെ സൂചനകളാണ് നല്‍കുന്നത്.

അതേസമയം മാറിടങ്ങള്‍ മറച്ച ഇതിനേക്കാള്‍ പഴയ ഫോട്ടോകളും ലഭ്യമാണ്. സൂക്ഷ്മമായി പരിശോധിച്ചാല്‍ അവയില്‍ പലതിലും സ്ത്രീപുരുഷന്മാരുടെ ആഭരണങ്ങളും മാര്‍ശീലകളും തൊടുകുറികളും മാലയും മാറിടത്തെ മറയ്ക്കുന്നതിനേക്കാള്‍ അലങ്കരിക്കുന്നതായാണ് കാണുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ ഡച്ചുകാരനായ വില്യം വാന്‍ നിഹോഫ് തയ്യാറാക്കിയ ഒരു ചിത്രം ഈ അര്‍ഥത്തില്‍ ശ്രദ്ധേയമാണ്. ആ ചിത്രത്തില്‍ ഉമയമ്മറാണി മുലഞെട്ടുകള്‍ ദൃശ്യമാകും വിധം മുലക്കച്ച ധരിച്ചിരിക്കുന്നതായി കാണിച്ചിരിക്കുന്നു. അവരുടെ മേല്‍മുണ്ടിന് മുലകളെ മറയ്ക്കുക എന്ന ഫങ്ഷണലായ പ്രാധാന്യം ഇല്ലെന്നു വേണം മനസ്സിലാക്കാന്‍.

മേല്‍മുണ്ടുകലാപകാലത്തെ അവര്‍ണസ്ത്രീകളുടെ താല്‍പര്യങ്ങള്‍ ഇപ്രകാരം കാമനകളുമായിട്ടു കൂടി ബന്ധപ്പെട്ടിരുന്നുവെന്നതിന് മറ്റു ചില തെളിവുകള്‍ കൂടിയുണ്ട്. മേല്‍മുണ്ടുകലാപകാലത്ത് നടന്ന പ്രധാന സംഭവങ്ങളിലൊന്നായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ നേതൃത്വത്തില്‍ നടന്ന മുക്കുത്തിസമരം. അവര്‍ണസ്ത്രീകള്‍ക്ക് മുക്കുത്തി ധരിക്കുന്നതിനുള്ള അവകാശത്തിനുവേണ്ടിയായിരുന്നു സമരം. സ്വര്‍ണാഭരണങ്ങള്‍ ധരിക്കാനുള്ള അവകാശമായിരുന്നു മറ്റൊന്ന്. ജാതിപദവിയെ കാമനയുമായി കൂട്ടിക്കെട്ടിയിരിക്കയാണ് ഇവിടെ. നൂറ്റാണ്ടുകള്‍ക്കു ശേഷം സി.കേശവന്റെ അമ്മായിയമ്മ ജാക്കറ്റു ധരിയ്ക്കുമ്പോള്‍ കേള്‍ക്കേണ്ടിവന്ന പഴിയും തേവിടിശ്ശികളെ പോലെ അണിഞ്ഞൊരുങ്ങുന്നു എന്നതാണ്. മറയ്ക്കുക എന്നതിനേക്കാള്‍ മുലകളെ അലങ്കരിച്ചുവെന്നതായിരുന്നു പ്രശ്‌നമായത്. 

ക്രിസ്ത്യന്‍മിഷണറിമാര്‍ സ്ത്രീകളുടെ മേല്‍വസ്ത്രത്തില്‍ ഇടപെട്ടുകൊണ്ട് മാറിടത്തെ സംബന്ധിച്ച ലൈംഗികവല്‍ക്കരണം നിര്‍മിച്ചെടുത്തതിന്റെ സാംസ്‌കാരികചരിത്രം നമുക്കു പരിചിതമാണ്. ബി.രാജീവനും ജെ ദേവികയും മറ്റും അതേക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. മേല്‍മുണ്ട് ഒരേ രീതിയിലല്ലാതെ പലതരത്തില്‍ കക്ഷത്തില്‍ ഇറുക്കിപ്പിടിച്ചും വെറുതെ പുതച്ചും അയച്ചു തോൡിട്ടും ചുറ്റിക്കെട്ടിയുമൊക്കെയായി ധരിച്ചതില്‍ നിന്നു മനസ്സിലാക്കാന്‍ കഴിയുന്നത് മറയ്ക്കല്‍ ഒരു പ്രധാന ലക്ഷ്യമല്ലെന്നും അലങ്കാരത്തിലൂടെയുള്ള, പുതിയ സ്വത്വപ്രകാശനത്തിനായുള്ള വൈയക്തിക കാമനയാണതെന്നുമാണ്. പക്ഷേ, നമ്മുടെ ഒട്ടുമിക്ക മുഖ്യധാരാവിശകലനങ്ങളും കൊളോണിയല്‍ എഴുത്തുകളെ പിന്‍പറ്റിക്കൊണ്ട് അന്തസ്സിനെയും മാറുമറയ്ക്കലിനെയും പരസ്പരം ബന്ധപ്പെടുത്തുകയാണ്  പതിവ്. ഒറ്റനോട്ടത്തില്‍ അത് ശരിയുമാണ്. അതേസമയം മാറിടം പോലുള്ള ശരീരഭാഗങ്ങളെ അലങ്കരിയ്ക്കുന്നതുമായി ബന്ധപ്പെട്ട കാമനകള്‍ക്കും അത്രതന്നെ പങ്കുണ്ട്. അവര്‍ണസ്ത്രീകളെ ജാക്കറ്റിടുവിച്ച പാതിരിമാരുടെ താല്‍പ്പര്യങ്ങളില്‍ നിന്നു വ്യത്യസ്തമായിരുന്നു ജാക്കറ്റിട്ട പെണ്ണുങ്ങളുടേത് എന്നര്‍ഥം.

 മാറുമറയ്ക്കുക എന്ന പ്രയോഗത്തിന്റെ പില്‍ക്കാലത്തുണ്ടായ ആവര്‍ത്തിച്ചുള്ള ഉപയോഗം തന്നെയായിരിക്കണം മറിച്ചൊരു ധാരണയ്ക്ക് ഇടവരുത്തിയതെന്നു വേണം കരുതാന്‍. 'എന്റെ സ്മരണകളി'ല്‍(പുറം 318,) കാണിപ്പയ്യൂര്‍ എഴുതുന്നു: 'അന്നൊക്കെ മാറുമറയ്ക്കുക എന്നല്ല ഭാഷ; മുലക്കച്ച ധരിക്കുക എന്നായിരുന്നു.' മുലകളെ ഒരു ലൈംഗികാവയവമാക്കിത്തീര്‍ത്ത് അതിന്മേലുള്ള ലൈംഗികമൂല്യത്തെ നിര്‍മ്മിച്ചെടുക്കുകയും നിലനിര്‍ത്തുകയുമാണ് പിന്നീടുണ്ടായ ചരിത്രപ്രക്രിയകളിലൂടെ നടന്നത്. അതാകട്ടെ കാമനകളുടെ ഭാവനാരൂപങ്ങളാല്‍ നിര്‍മ്മിച്ചവയുമാണ്. തീര്‍ച്ചയായും ഇതൊക്കെ സംഭവിക്കുന്നത് സമൂഹത്തിലെ മുഴുവന്‍ സ്ത്രീകളിലും ഒരേ കാലത്തും തോതിലുമല്ല; മറിച്ച് വ്യത്യസ്ത കാലയളവുകളില്‍, വ്യത്യസ്തവിഭാഗങ്ങളില്‍ വ്യത്യസ്ത ഏജന്‍സികളുടെ സംഘര്‍ഷങ്ങളിലൂടെയാണ്.                  
അലങ്കരിക്കപ്പെടുന്ന പൗരുഷം
പുരുഷശരീരവും ഇപ്രകാരം ലിംഗഭേദത്തിന്റെ ചിഹ്നങ്ങളിലേക്ക് ക്രമീകരിക്കപ്പെടുന്നതിന്റെ ചരിത്രം കൂടി ഇതിനു സമാന്തരമായുണ്ട്. നമ്പുതിരിവിഭാഗങ്ങള്‍ക്കിടയില്‍ ആണ്‍കുട്ടികളുടെ ആഭരണാലങ്കാരങ്ങള്‍ പെണ്‍കുട്ടികളുടേതിനേക്കാള്‍ ആര്‍ഭാടം നിറഞ്ഞതായിരുന്നുവെന്ന് കാണിപ്പയ്യൂര്‍ നിരീക്ഷിക്കുന്നുണ്ട്. ആണ്‍കുട്ടികള്‍ക്ക് അരയില്‍ പൊന്നുകൊണ്ടുള്ള ഏലസ്സാണ് ധരിപ്പിച്ചിരുന്നതെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് വെള്ളികൊണ്ടുള്ളതാണ് ധരിപ്പിച്ചിരുന്നത്. ആണ്‍കുട്ടിയുടെ തള സ്വര്‍ണവും പെണ്‍കുട്ടിയുടേത് വെള്ളിയുമായിരുന്നു. അണിഞ്ഞൊരുങ്ങല്‍, അലങ്കാരങ്ങള്‍,  അതുസംബന്ധിച്ച ഫെറ്റിഷ് മൂല്യങ്ങള്‍ ഒക്കെ ഇവിടെ പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികളെയാണ് ചൂഴ്ന്നുനില്‍ക്കുന്നത് എന്നതിന്റെ തെളിവായാണിതു വായിച്ചെടുക്കാന്‍ കഴിയുക. ലിംഗവിവേചനം, ദായക്രമം തുടങ്ങി പലതും അതോടൊപ്പം പ്രവര്‍ത്തിക്കുന്നുമുണ്ട്.

'ഇന്ദുലേഖ'യില്‍ സൂരിനമ്പൂതിരിപ്പാട് സംബന്ധത്തിന് ഒരുങ്ങിപ്പുറപ്പെടുമ്പോള്‍ കരുതുന്ന അലങ്കാരശേഖരത്തെക്കുറിച്ചു പറയുന്നതിങ്ങനെ: 'ഉയര്‍ന്നതരം കസവുതുപ്പട്ടാവുകളില്‍ ഒരു പതിനഞ്ചു വിധം, പട്ടക്കരക്കൊട്ടാരന്‍ പലേ മാതിരിയില്‍ ഉള്ള മുണ്ടുകളില്‍ പത്തിരുപത്, പലേമാതിരി മോതിരങ്ങള്‍ അനവധി, ശുദ്ധ കട്ടി വെള്ളികൊണ്ടുണ്ടാക്കി സ്വര്‍ണക്കുമിഴ അടിച്ച വിശേഷമായ ഒരു ചെല്ലം, സ്വര്‍ണം കൊണ്ടുള്ള ചെറിയ വെറ്റിലചുരുളുകള്‍, വെള്ളിപ്പിടിമൊന്ത, വെള്ളിച്ചങ്ങലപ്പട്ട, വെള്ളി അടപ്പന്‍, മാലയായി കഴുത്തില്‍കൂടി ഇടുന്ന സ്വര്‍ണച്ചങ്ങലയോടുകൂടിയുള്ള സ്വര്‍ണഗഡിയാള്‍, നീരാളക്കുപ്പായങ്ങള്‍, തൊപ്പികള്‍, സ്വര്‍ണം കൊണ്ടുള്ള കുറിപ്പാത്രം, സ്വര്‍ണക്കൂടുള്ള കണ്ണാടി, സ്വര്‍ണം കൊണ്ടുള്ള പനീര്‍വീശീ, അത്തര്‍കുപ്പികള്‍ മുതലായുള്ള പലവിധ സാമാനങ്ങള്‍ ഒരു മേശമേല്‍ നിരത്തിവെച്ചിരിക്കുന്നു.'(പുറം 91, ഇന്ദുലേഖ).

മാധവന്റെ അലങ്കാരങ്ങളും കുറവല്ല. നീണ്ട മുടിയില്‍ മുല്ലമാല ചൂടലും അലങ്കരിക്കലും മാധവനു പത്ഥ്യമാണ്. രേഷ്മാഭര്ദ്വാജ്/ദിലീപ് രാജ് 'നമ്മളെങ്ങനെ ഇങ്ങനെയായി' (മിഥ്യകള്‍ക്കപ്പുറം സ്വവര്‍ഗലൈംഗികത കേരളത്തില്‍) എന്ന ലേഖനത്തില്‍ ഇതു എടുത്തു പറയുന്നുണ്ട്.
 അച്ഛന്‍ സമ്മാനിച്ച ചുവപ്പു കടുക്കന്‍ മാധവനെ അണിയിക്കുന്ന രംഗം പുരുഷചമയത്തിന്റെ അഭിരുചി വെളിപ്പെടുത്തുന്നുണ്ട്. ഇന്ദുലേഖ മാധവന്റെ കാതില്‍ കടുക്കന്‍ ഇട്ടു. മാധവന്‍ എഴുന്നേല്‍ക്കാന്‍ ഭാവിച്ചപ്പോള്‍ ഇന്ദുലേഖ: 'ഇരിക്കൂ ഇനി ഞാന്‍ തന്നെ ഈ കുടുമ ഒന്നു കെട്ടട്ടെ. അതുകെട്ടി ഒരുഭാഗത്തു വെച്ചാലേ ആ കടുക്കനും മുഖവും തമ്മിലുള്ള യോജ്യത അറിവാന്‍ പാടുള്ളു.'(പുറം:57, ഇന്ദുലേഖ). അന്നത്തെ പൗരുഷത്തെ നിര്‍മിച്ചെടുക്കുന്നതില്‍ സൂരിനമ്പൂതിരിപ്പാടില്‍ നിന്നും മാധവനുള്ള ഭേദപരിഗണനകള്‍ ഒരു മാതൃകയായി പ്രവര്‍ത്തിച്ചിരിക്കണം.
 ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്റെ സമുദായത്തിലെ പ്രമാണിമാരിലൊരാളായ ആലുമൂട്ടില്‍ ചാന്നാരുടെ വേഷഭൂഷാദികളെ കുറിച്ച് സി.കേശവന്‍ അനുസ്മരിക്കുന്നത് നോക്കൂ: 'പുല്‍പ്പാക്കെട്ടും പിടിമൊന്തയും വാല്യക്കാരും ഒക്കെയുണ്ട്. ആജാനബാഹുവാണ്. കറുത്ത ഒരു ലോങ് കോട്ട് ഇട്ടിട്ടുണ്ട്. ഒരു കിന്നരി തലപ്പാവ് വെച്ചിരിക്കുന്നു. പക്ഷേ, അതൊന്നുമല്ല ഞാന്‍ ശ്രദ്ധിച്ചത്. ഒരു വലിയ പവന്‍മാല നാഭിക്കുഴി ചുറ്റിക്കവിഞ്ഞ് തെളിഞ്ഞു നീണ്ടു കിടക്കുന്നു, കഴുത്തു ചുറ്റി. ഈ ഒരു വിശേഷം മറ്റാര്‍ക്കും ഞാന്‍ കണ്ടിട്ടില്ല. ഒരു പത്തുപതിനഞ്ച് പവന്റെ മാലയാണ് അത്. കുബേരമുദ്രയാണ് അതെന്നു ഞാന്‍ കരുതി' (പുറം:259, ജീവിതസമരം, സി.കേശവന്‍) ഇപ്രകാരം അടുത്ത കാലം വരെയെങ്കിലും പുരുഷശരീരം സ്ത്രീയുടേതുപോലെതന്നെ കാമനകളുടെയും സൗന്ദര്യാലങ്കാരങ്ങളുടെയും കേന്ദ്രമായിരുന്നു. എന്നു മാത്രമല്ല, പില്ക്കാലത്തെ സ്‌ത്രൈണാലങ്കാരങ്ങളോട് ഏറെ ചേര്‍ന്നുനില്‍ക്കുന്നതുമായിരുന്നു അത്. 

പരിഷ്‌കാരകേന്ദ്രമായ പുരുഷശരീരവും കേശാലങ്കാരങ്ങളും
19,20 നൂറ്റാണ്ടിലെ ശരീരകേന്ദ്രിതമായ പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ സ്ത്രീശരീരത്തെ കുറിച്ചാണ് പറഞ്ഞു കേള്‍ക്കാറുള്ളത്. സ്ത്രീശരീരത്തോളം പുരുഷശരീരവും പരിഷ്‌കാരങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ഭൂമികയായിരുന്നുവെന്ന കാര്യം എന്തുകൊണ്ടോ അധികം ശ്രദ്ധിക്കപ്പെട്ടിട്ടില്ല. പരിഷ്‌കരിക്കപ്പെടേണ്ട സ്ത്രീ എന്ന മുന്‍വിധി നമ്മുടെ ഗവേഷകരെയും സ്വാധീനിച്ചതിന്റെ ഫലമായിരിക്കാം അത്.
19-ാം നൂറ്റാണ്ടില്‍ ആണ്‍ശരീരത്തില്‍ നടന്ന പരിഷ്‌ക്കാരങ്ങളുടെ കേന്ദ്രം തലമുടിയായിരുന്നു. അക്കാലത്ത് പല ജാതിവിഭാഗങ്ങളും ലിംഗഭേദമെന്യേ തലമുടി നീട്ടി വളര്‍ത്തിയിരുന്നു. തലമുടി മൊട്ടയടിച്ചവരും അനുഷ്ഠാനപരമായി കുടുമ സ്വീകരിച്ചവരുമായിരുന്നു മറ്റു വിഭാഗങ്ങള്‍. കുടുമ തന്നെ പല തരമാണ്. വൈയക്തിക അഭിരുചിയ്ക്കനുസരിച്ച് കുടുമ, വിവിധ രൂപഭേദങ്ങള്‍ ആര്‍ജ്ജിച്ചിരുന്നു.

പലതിലും എന്നപോലെ കേശാലങ്കാരങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിവെച്ചത് മിഷനറിമാരാണ്. കുടുമ വൈയക്തികഫാഷനോ അതോ മതാചാരമോ എന്നായിരുന്നു സംവാദവിഷയം. മതം മാറുന്ന സമയത്ത് കുടുമ നിലനിര്‍ത്തണോ കളയണോ എന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ തര്‍ക്കങ്ങളും നിരവധി കത്തിടപാടുകളും ഇക്കാലത്ത് നടന്നു. ഈ വ്യവഹാരങ്ങളുടെ വിശദാംശങ്ങള്‍ റവ. സാമൂവല്‍ മറ്റീര്‍ 'നേറ്റീവ് ലൈഫ് ഇന്‍ ട്രാവന്‍കൂര്‍'ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അദ്ദേഹം നല്‍കുന്ന സൂചനയനുസരിച്ച് 1827 ല്‍ റവ. ജെ.ഡി. തോംസണാണ് കുടുമയെ കുറിച്ചുള്ള സംവാദം തുടങ്ങിവെയ്ക്കുന്നത്. 1837ല്‍ ആബ്‌സ്, എല്ലാ മിഷന്‍ പ്രവര്‍ത്തകരെയും കുടുമ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചു. ഹിന്ദുമതചിഹ്നമെന്ന നിലയില്‍ ക്രിസ്ത്യന്‍വിശ്വാസം സ്വീകരിച്ചവര്‍ കുടുമവെയ്ക്കുന്നത് ശരിയല്ലെന്നായിരുന്നു കാരണം. 1846ല്‍ തിരുനെല്‍വേലിയില്‍ ഉപദേശിമാരെ പട്ടക്കാരാക്കാനുള്ള ലിസ്റ്റു തയ്യാറാക്കിയപ്പോള്‍ അതിലുള്ള എല്ലാവരും കുടുമ നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിരുന്നുവെന്ന് റവ.ജെ.തോമസ് പറയുന്നു.
റവ. ബര്‍ഗസിന്റെ അഭിപ്രായത്തില്‍ മതപരമായ ആശയങ്ങളുടെ ചിഹ്നമാണ് കുടുമ. മുടി മുഴുവന്‍ വടിച്ചുകളഞ്ഞ തല മുസ്ലീങ്ങളുടെയും മുടി വളര്‍ന്ന ശിരസ്സ് ക്രിസ്ത്യാനികളുടെയും മതചിഹ്നമാണ്. അതേപോലെ കുടുമ ഹിന്ദുവിന്റെ മതാചാരപരമായ അടയാളമാണ്. മി.കോക്‌സ്, റവ. ജെ ദേവസഹായം, ജേഡ സ്‌കഡര്‍, എഫ്.ഡബ്യൂ.എന്‍ അലക്‌സാണ്ടര്‍, ബെയ്‌നന്‍, റവ.പി. രാജഗോപാല്‍, ജെയിംസ്, ബെയ്‌ലിസ് തുടങ്ങിയവരാണ് ഈ വിഷയത്തില്‍ സജീവമായി ഇടപെട്ട പ്രമുഖര്‍. ഏകദേശം ഏഴു പതിറ്റാണ്ടോളം നീണ്ടുനിന്ന ഈ ചര്‍ച്ചകളില്‍ തദ്ദേശിയരുടെ പ്രാകൃതവും അനുഷ്ഠാനപരവുമായ വേഷവ്യവസ്ഥയായിട്ടാണ് ഏറെ മിഷണറിമാരും കുടുമയെ മനസ്സിലാക്കിയത്. ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ അതുപേക്ഷിക്കണം എന്നവര്‍ നിര്‍ബന്ധിച്ചതും അതുകൊണ്ടാണ്. അതേസമയം ഉച്ചിയില്‍ രോമങ്ങള്‍ നീട്ടിവളര്‍ത്തി കുടുമയാക്കുന്ന സമ്പ്രദായം മാത്രമേ എതിര്‍ക്കപ്പെടേണ്ടതായുള്ളു എന്ന അഭിപ്രായമായിരുന്നു റവ. തോമസിന്റേത്. പകരം യൂറോപ്യന്‍ രീതിയിലുള്ള കേശാലങ്കാരങ്ങള്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.

മിഷണറിമാരെ സംബന്ധിച്ചിടത്തോളം മതംമാറുന്നവരുടെ പൂര്‍ണമായ ആത്മസമര്‍പ്പണത്തിന്റെയും സത്യസന്ധതയുടെയും സാക്ഷ്യമാണ് കുടുമയുടെ തിരസ്‌കാരം. സ്വമേധയാ കുടുമകളഞ്ഞു മതംമാറിയ ഒരാളുടെ അനുഭവം റവ.ജെ.സി തോമസ് റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. മതംമാറിയ കാര്യം സുഹൃത്തുക്കളെ വിശ്വസിപ്പിക്കുന്നതിനു വേണ്ടിയാണത്രെ അദ്ദേഹം കുടുമ ഉപേക്ഷിച്ചത്. (മദ്രാസ്, ഇ.ങ. റെക്കോഡ്, ജൂണ്‍, 1980). അതേസമയം മറ്റുള്ളവരുടെ പരിഹാസത്തില്‍ നിന്ന് രക്ഷതേടാന്‍ കുടുമ വെയ്ക്കാന്‍ അനുമതി ചോദിച്ചവരുമുണ്ട്.

കുടുമ മുറിക്കാന്‍ തുടര്‍ച്ചയായി വിസമ്മതിച്ച ചില ഉദാഹരണങ്ങള്‍ സാമുവല്‍ മറ്റീര്‍ എഴുതുന്നു. ഒരു അപ്പോത്തിക്കരിയാണ് ഒരാള്‍. കടലോരങ്ങളില്‍ ഒരു ക്രിസ്ത്യാനിയായി വളര്‍ത്തപ്പെട്ട അയാള്‍ കുടുമ നിലനിര്‍ത്തി. അതിനയാള്‍ പറഞ്ഞ കാരണം തന്റെ കൂട്ടത്തിലുള്ളവരെ കാണാനായി വീടുകളില്‍ പോകുമ്പോള്‍ ലഭിക്കുന്ന സ്വീകാര്യതയ്ക്കു ഇടിവു തട്ടും  എന്നതാണ്. സ്‌കൂളധ്യാപകനായ മറ്റൊരാള്‍ ജാതി ഹിന്ദുക്കളുമായുള്ള സാമ്യം നിലനിര്‍ത്താനാണ് കുടുമ വെച്ചത്. കുടുമയില്ലാത്തവരെ ക്രിസ്ത്യാനികളെ തിരുവിതാംകൂറില്‍ ക്ഷേത്രം പണിയില്‍ നിന്ന് ഒഴിച്ചുനിര്‍ത്തിയിരുന്നു. ഒരിക്കല്‍ ഒരു തഹസില്‍ദാര്‍ കുടുമയില്ലാത്തവര്‍ക്കെതിരെ വ്യാജകുറ്റം ചുമത്തി പിഴ ഈടാക്കിയത്രെ. 1858ലെ മേല്‍മുണ്ടു കലാപത്തില്‍ ശൂദ്രന്മാര്‍ ചന്തകളിലും പൊതുസ്ഥലത്തും നടന്ന് കുടുമയില്ലാത്തവരെ കണ്ടുപിടിക്കാന്‍ ശ്രമിച്ചതിനെ കുറിച്ചും മെറ്റീര്‍ എഴുതുന്നുണ്ട്.

കുടുമയെ കുറിച്ച് ഇതില്‍ നിന്നു വ്യത്യസ്തമായ നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചവരില്‍ പ്രമുഖന്‍ ബിഷപ്പ് റോബര്‍ട്ട് കാഡ്‌വെല്ലാണ്. 1867 അദ്ദേഹം കുടുമയെ അനുകൂലിച്ചുകൊണ്ട് പത്രത്തില്‍ ലേഖനമെഴുതി. 1875 ല്‍ അത് ഇന്ത്യന്‍ ആന്റിക്വറ്റിയില്‍ പുനഃപ്രസിദ്ധീകരിച്ചു. കുടുമയെ കേശലങ്കാരത്തിലുള്ള ഒരു പ്രത്യേകശൈലിയായി മാത്രമേ കാണേണ്ടതുള്ളൂവെന്നും അതൊരു പരിഷ്‌കാരമോ ഫാഷനോ ആണെന്നും (ഹിന്ദു)ആചാരപരമല്ലെന്നുമായിരുന്നു വാദം. കുടുമവെച്ചവരെ മുഴുവന്‍ അമ്പലത്തില്‍ കേറ്റാറില്ല എന്നതാണ് അചാരമല്ലെന്നതിനു തെളിവായി എടുത്തുകാട്ടിയത്. സാധാരണ മുടി നീട്ടിവളര്‍ത്തുന്ന നാടാര്‍മാര്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തശേഷവും ഉയര്‍ന്ന ജാതിക്കാരെപ്പോലെ കുടുമ വെയ്ക്കാറുണ്ട്. ആയതിനാല്‍ ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ മുടി മുറിക്കുന്നതോ കുടുമ കളയാതിരിക്കുന്നതോ കാര്യമായെടുക്കേണ്ടതില്ലെന്നും അദ്ദേഹം വാദിച്ചു.

കുടുമയുടെ ചരിത്രത്തിലേക്കും കാഡ്വല്‍ കടക്കുന്നുണ്ട്. കുടുമയെ അദ്ദേഹം ആര്യന്മാരുമായി ബന്ധപ്പെടുത്തുന്നു. ആര്യന്മാര്‍ ആദിമ ഇന്ത്യക്കാരെ കീഴടക്കുന്നതിനു മുമ്പുള്ള കാലത്ത് ഇതിലധികം കേശാലങ്കാരങ്ങളും താടിവടിക്കല്‍ രീതികളും ഉണ്ടായിരുന്നുവത്രെ. കുടുമയെക്കുറിച്ച് വിഷ്ണുപുരാണത്തില്‍ പരാമര്‍ശമില്ലാത്തതിനാല്‍ അത് ആര്യന്മാരുടെ വേഷമായിരുന്നിരിക്കണം എന്ന് കാല്‍ഡ്വല്‍ അനുമാനിക്കുന്നു. അതാണ് പിന്നീട് മറ്റു വിഭാഗങ്ങളിലേക്ക് പ്രചരിച്ചത്. ചുരുക്കത്തില്‍ റോബര്‍ട്ട് കാല്‍ഡ്വലിന്റെ അഭിപ്രായത്തില്‍ കുടുമ ഒരു ഫാഷന്‍ എന്ന നിലയ്ക്ക് ആദിമകാലം മുതലേ ഉണ്ടായിരുന്നു. ഇപ്പോഴും അതു തുടരുന്നു. അതു ബഹുമാന്യതയുടെ ചിഹ്നമായി കരുതപ്പെടുകയും ചെയ്തിരുന്നു.

പതിയെപ്പതിയെ ആരംഭിച്ച കുടുമ ചര്‍ച്ച പിന്നീട് മിഷണറിമാര്‍ക്കും മതംമാറിയവര്‍ക്കുമിടയിലുള്ള സംഘര്‍ഷത്തിന്റെ കേന്ദ്രമായി മാറി. 1883ല്‍ കാല്‍ഡ്വലിന്റെ അഭിപ്രായത്തെ ചോദ്യംചെയ്തുകൊണ്ട്  സാമുവല്‍ മറ്റീര്‍ രംഗത്തെത്തി. തന്റെ പുസ്തകത്തില്‍ കുടുമയ്ക്കുവേണ്ടി ഒരു അധ്യായം തന്നെ നീക്കിവെച്ചു. കുടുമയെ ഒരു ഫാഷനായി, വൈയക്തികമായ അഭിരുചിയുടെ പ്രകാശനമായി അതോടൊപ്പം ദേശീയതയുടെയും ബഹുമാന്യതയുടെയും ഒക്കെയായ പ്രയോഗമായി കാല്‍ഡ്വല്‍ വിലയിരുത്തിയതിനെ മറ്റീര്‍ എതിര്‍ക്കുന്നു. കുടുമ എന്നത് അതു ധരിക്കുന്നയാളുടെ സ്വത്വകാമനകളുടെ സൂചകമാണെങ്കില്‍, ജാതിപദവിയില്‍ ഉയര്‍ന്നുനില്‍ക്കാനുള്ള പ്രവണത അതിലുണ്ടെങ്കില്‍ ശരിയായ ക്രൈസ്തവതയുമായി അതു പൊരുത്തപ്പെടുകയില്ല എന്നദ്ദേഹം വാദിച്ചു. കുടുമയെകുറിച്ചു ദീര്‍ഘകാലം നീണ്ടുനിന്ന ഈ സംവാദങ്ങള്‍ സൂചിപ്പിക്കുന്നത് പുരുഷശരീരവും കൊളോണിയല്‍ പരിഷ്‌കാരങ്ങളുടെ കേന്ദ്രമായിരുന്നു എന്നാണ്.

കുടമയും ചോയ്‌സും

അതേസമയം പൊതുവെ കരുതപ്പെടുന്നതുപോലെ കുടുമ നൂറ്റാണ്ടുകളോളം യാതൊരു മാറ്റവുമില്ലാതെ നിലനിന്ന കേശാലങ്കാരരീതിയായിരുന്നില്ല. മറ്റു പലതിലുമെന്ന പോലെ ധരിക്കുന്നവരുടെ പലതരം ചോയ്‌സുകള്‍ അതിലും പ്രവര്‍ത്തിച്ചു. കുടുമ പിന്നിയിടുന്നത് ഉത്തമമെന്നും കെട്ടി വെക്കുന്നത് രണ്ടാംതരമെന്നുമാണത്രെ കരുതിയിരുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നിലനിന്നിരുന്ന കുടുമയില്‍ത്തന്നെയുള്ള ഫാഷന്‍ വൈവിധ്യങ്ങളെക്കുറിച്ച് കാണിപ്പയ്യൂര്‍ എഴുതുന്നു: 'കുടുമയുടെ കാര്യത്തിലും ചില പരിഷ്‌കാരങ്ങള്‍ എന്റെ ചെറുപ്പകാലത്തു വന്നിരുന്നു. അതെന്തെന്നാല്‍ 'തല നിറയെ കുടുമ വെക്കുക' എന്നതാണ്. നെറ്റിയുടെ മേല്‍ഭാഗത്ത് അധികമൊന്നും രോമം കളയാതെ പിന്‍പുരത്ത് ചുഴിവരെ വ്യാസം വരത്തക്കവിധം കുടുമ വെയ്ക്കുകയായിരുന്നു, അത്. എന്റെ ജ്യേഷ്ഠന്മാരെല്ലാം അങ്ങനെ കുടുമ വെച്ചവരായിരുന്നു. കുടുമ പിരിച്ചിടാതെ കെട്ടിവെക്കുന്ന സമ്പ്രദായം നടപ്പാക്കാന്‍ കാരണം അതാകണം. അത്രയും വട്ടത്തില്‍ കുടുമ വെച്ചാല്‍ അതു പിരിച്ചിടാന്‍ കുറച്ച് അസൗകര്യമാണ്. അക്കാലത്തെ കാരണവന്മാര്‍ക്ക് ചെറുപ്പക്കാരെ കുറിച്ചുള്ള ആക്ഷേപങ്ങളിലൊന്ന് തല നിറയെ കുടുമ വെക്കുക എന്നതായിരുന്നു.'(പുറം 332-333). സ്ത്രീകളുടെ കേശാലങ്കാരങ്ങളെ ഒറ്റ നോട്ടത്തില്‍ അനുസ്മരിപ്പിക്കുന്നതായിരുന്നു പുരുഷന്മാരുടേതെന്നതാണ് ഇവിടെ നാം ശ്രദ്ധിക്കേണ്ടത്.

തല മുഴുവന്‍ കുടുമ വയ്ക്കുന്നത് അല്ലെങ്കില്‍ അതിനേക്കാളധികം ക്രോപ്പുചെയ്യുന്നത് ആധുനികതയുടെ അഭിരുചിയായി തിരിച്ചറിഞ്ഞ കാലത്ത് അതിനെയും യാഥാസ്ഥിതികര്‍ എതിര്‍ത്തുപോന്നിരുന്നു. ചെറുകാടിന്റെ ജീവിതപ്പാതയില്‍ എന്റെ കുടുമ എന്ന അധ്യായത്തില്‍ കുടുമയുമായി ബന്ധപ്പെട്ട് അനുഭവിച്ച സംഘര്‍ഷങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. പുരുഷകാമനകളുടെ സംഘര്‍ഷങ്ങള്‍ നമുക്കതില്‍ വായിക്കാം: 'എന്റെ തലയില്‍ ചെരുവുകളോളം വട്ടത്തില്‍ രണ്ടു ചാണിലധികം നീളമുള്ള കുടുമയുണ്ടായിരുന്നു. യാഥാസ്ഥിതികത്വത്തിന്റെ ആ കൊടുംകാടും വെട്ടി ക്രോപ്പുചെയ്യണമെന്ന് എനിക്കാഗ്രഹവുമുണ്ടായിരുന്നു. ധിക്കാരിയും കോണ്‍ഗ്രസുകാരനുമായിരുന്ന ഞാന്‍ ക്രോപ്പുചെയ്യിക്കാന്‍ ഭയപ്പെട്ടിരുന്നുവെന്നു പറയുമ്പോള്‍ അത്ഭുതപ്പെട്ടേക്കാം. മുടി മുറിപ്പിക്കാന്‍ ഞാന്‍ വളരെയധികം ഭയപ്പെട്ടിരുന്നു.' ഗുരുനാഥനായ മൂസ്സിന് മുടി മുറിക്കുന്നതിഷ്ടമല്ലെന്നറിയാവുന്ന ചെറുകാട് പ്രതിസന്ധിയിലായി. എന്നാല്‍ മൂസ്സിനും ഗുരുകല്പനായ കൃഷണമ്മാന്‍ യാഥാസ്ഥികത്വത്തെ നിലനിര്‍ത്തിക്കൊണ്ട് മുടിയുടെ കാര്യത്തില്‍ ഒരു പരിഷ്‌കാരം വരുത്തിയിരുന്നത് ചെറുകാട് ഓര്‍ക്കുന്നു: 'പഴയ വെള്ളിയരയ്ക്കാല്‍ ഉറുപ്പികയുടെ വട്ടത്തില്‍ മുടി നിര്‍ത്തി ബാക്കി രോമമാകെ വടിച്ചുകളഞ്ഞ് മിനുപ്പിച്ച കുടുമമണ്ടയുമായി അദ്ദേഹം ഗാന്ധിജിയെപ്പോലെ വിരാജിച്ചുകൊണ്ടിരുന്നു. തലയില്‍ കുടിയിരിക്കുന്ന ഈരിനെയും പേനിനെയും കളയാന്‍ ആ മാതൃക ഞാനും സ്വീകരിച്ചു. വിളക്കത്തലരാമന്‍നായരുടെ മുന്നില്‍ ചെന്നിരുന്ന് കൃഷ്ണമ്മാമന്റെ മുടിയുടെ മാതൃകയില്‍ എനിക്കു മുടിവെച്ചുതരാന്‍പറഞ്ഞു. ദയാലുവായ ആ നായര്‍ എന്റെ കുടുമനിര്‍ത്തി കൊടുകാടുവെട്ടി തലയാകെ വടിച്ചു വൃത്തിയാക്കിത്തന്നു. ബന്ധുവും ധിക്കാരിയും പുരോഗമനവാദിയുമായ നാരായണേട്ടന്‍ മുടിമുറിക്കാനും മീശവെക്കാനുമൊക്കെ ഇത്ര ഭയപ്പെട്ടാലോ  എന്നു ചോദിക്കുമ്പോള്‍ ചെറുകാട് ഉരുണ്ടുകളിച്ചു. തമ്മില്‍ തര്‍ക്കിച്ച് ഒടുവില്‍ നാരായണേട്ടന്‍ ചെറുകാടിന്റെ ഊശിക്കുടുമ പേനാക്കത്തി കൊണ്ട് മുറിച്ചു കളഞ്ഞു. പഠിക്കാന്‍ പോകാതെ, മൂസിനെ മറഞ്ഞു നടന്ന ചെറുകാട് ഒടുവില്‍ മൂസിനെ ചെന്നുകണ്ടു. അരിശപ്പെട്ടെങ്കിലും പിന്നീട് ക്ഷമിച്ചു. ഏതു പരിഷ്‌കാരങ്ങളുടെ പിന്നിലും പ്രവര്‍ത്തിക്കുന്ന എതിര്‍ബലങ്ങളും സംഘര്‍ഷങ്ങളും ഒപ്പം കാമനയുടെ വിനിമയങ്ങളും നമുക്കിവിടെ കാണാം. ഒപ്പം പുരുഷശരീരത്തില്‍ മുമ്പുണ്ടായിരുന്ന അലങ്കാരങ്ങളിലെ അധികപ്പറ്റുകളും അഭാവങ്ങളും കൂടി ഇവിടെ കാണാന്‍ കഴിയും.

താറും ശ്ലീലാശ്ലീലങ്ങളും
അരയ്ക്കുതാഴെ ഉപയോഗിച്ചിരുന്ന കേരളീയ വസ്ത്രങ്ങളെയും ഇത്തരത്തില്‍ ലിംഗവിശകലനത്തിനു വിധേയമാക്കാം. വ്യത്യസ്തജാതിവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം അരക്കു താഴെയുള്ള വസ്ത്രങ്ങള്‍ ആണിനും പെണ്ണിനും ഏതാണ്ട് ഒരേ പോലെയായിരുന്നു. താറുടുക്കലിനെകുറിച്ച് കാണിപ്പയ്യൂര്‍ എഴുതുന്നു. പുരുഷനായാലും സ്ത്രീയായാലും ശരി ജാതി ഹിന്ദുക്കളില്‍ എതെങ്കിലും തരത്തില്‍ താറുടുക്കാത്തവരായി ആരുമില്ലെന്നാകുന്നു.(എന്റെ സ്മരണകള്‍ മൂന്നാംഭാഗം പുറം 320) ആചാരത്തിന്റെയും പരിഷ്‌കാരത്തിന്റെയും പേരില്‍ പല വിഭാഗങ്ങളില്‍പ്പെടുന്നവര്‍ താറുടുക്കുന്നതു കാണാന്‍ കഴിയും. തന്ത്രപരമായ പല രീതികള്‍ അതിലുമുണ്ടെന്നു കാണാം. തെക്കന്‍തിരുവിതാംകൂറിലെ നായര്‍ സ്ത്രീകള്‍ തൊഴാന്‍വരുന്ന സമയത്ത് താറുടുക്കുക പതിവാണ്. അമ്പലനടയില്‍ എത്തിയാല്‍ ചുറ്റിയ മുണ്ടിന്റെ കോന്തലയെടുത്ത് പിന്നില്‍കുത്തി താറുടുത്തു എന്നു വരുത്തുന്നത് താന്‍ കണ്ടതായി അദ്ദേഹം പറയുന്നു. അമ്മ്യാന്മാരുടെ താറ് അതിനു മീതെ വസ്ത്രമുടുക്കുന്നതിനാല്‍ പുറത്തുകാണുകയില്ല. എന്നാല്‍ അയ്യങ്കാരസ്ത്രീകളുടേത് പട്ടന്മാരുടെ പാളത്താറുപോലെ പുറത്തുകാണാം. എമ്പ്രാന്തിരി സ്ത്രീകള്‍ കോണകമട്ടില്‍ ചരടുകെട്ടിയാണ് ഉടുക്കുന്നതെന്നും തെക്കന്‍ കോട്ടയത്തുനിന്നു തെക്കോട്ടുള്ള നായര്‍ സ്ത്രീകളും വടക്കന്‍ കോട്ടയത്തു നിന്നു വടക്കോട്ടുള്ള നായര്‍ സ്ത്രീകളും മാത്രമേ താറുടുക്കാത്തവരായുള്ളു എന്നും കാണിപ്പയ്യൂരെഴുതുന്നു.

60കളില്‍ എഴുതപ്പെട്ട 'എന്റെ സ്മരണകളി'ലൂടെ ഈ ചരിത്രാനുഭവം പങ്കുവെക്കുന്ന കാണിപ്പയ്യൂര്‍ താറുടുക്കാതിരുന്നാല്‍ പിന്നില്‍ നിന്നുള്ള കാഴ്ച ആഭാസകരമാണെന്ന് കണ്ടെത്തുന്നു: 'ക്രിസ്ത്യാനികള്‍ താറുടുക്കുകയേ പതിവില്ല. കാഴ്ചയില്‍ ആഭാസമാണെങ്കിലും അവരുടെ പിന്നില്‍ തൂക്കിയിടുന്ന ഞൊറികൊണ്ട് ആസനം മറിഞ്ഞിരിക്കും. മുസ്ലീങ്ങള്‍ ഒറ്റമുണ്ടു ചുറ്റുക മാത്രമേ ചെയ്യുന്നുള്ളു. അതു നല്ല കട്ടിയുള്ള ജോനകക്കച്ചയാണെങ്കിലും പിന്നില്‍ നിന്നും നോക്കിയാല്‍ രണ്ടാസനങ്ങളും പകുത്തുവെച്ചതുപോലെ വേറെ വേറെ കാണാം. തലയിലിടുന്ന തട്ടത്തിന്റെ ബാക്കിഭാഗം ആസനത്തിന്റെ താഴെ വന്നു തൂങ്ങിക്കിടക്കുന്നതു കൊണ്ടാണ് അതു കാണാതെ കഴിയുന്നത്. ഈ പ്രദേശത്തെ യുവതികളായ ഈഴവസ്ത്രീകള്‍ പോലും ഒറ്റമുണ്ടു ധരിച്ച് അങ്ങാടിയില്‍കൂടി നടക്കുന്നതു സാധാരണയാണ്. അവര്‍ റൗക്ക ധരിക്കാറുണ്ടെങ്കിലും പിന്നില്‍ നിന്നുള്ള കാഴ്ച്ച-ഇന്നത്തെ പരിതസ്ഥിതിയില്‍- ആഭാസമാണെന്നു പറയാന്‍ തോന്നുന്നു.' ജാതിഹിന്ദുക്കളില്‍ വസ്ത്രത്തിന്റെ കാര്യത്തില്‍ ലിംഗഭേദത്തേക്കാള്‍ ജാതിഭേദമാണ് മുന്നില്‍ നിന്നിരുന്നതെന്ന്  കാണിപ്പയ്യൂരിന്റെ വിവരണങ്ങളില്‍ നിന്നു മനസ്സിലാക്കാം. അതിനു താഴെയുളള ജാതിക്കാര്‍ ആണും പെണ്ണും ഒറ്റമുണ്ടുകൊണ്ട് കാര്യം കഴിയ്ക്കുന്നവരാണ്.

ലിംഗമാനകതയുടെ അനുശീലനം
ആധുനികമായ ആണ്‍-പെണ്‍ ലിംഗമാനകതയ്ക്കു കീഴില്‍ കേരളീയജനതയെ പരുവപ്പെടുത്തിയെടുക്കുന്നതില്‍ മിഷനറിമാരിലും പാശ്ചാത്യവിദ്യാഭ്യാസത്തിലും ഉള്‍ച്ചേര്‍ന്ന കൊളോണിയല്‍ മൂല്യങ്ങളും സമുദായപരിഷ്‌കരണങ്ങളും ആത്മീയസഭകളും നവോത്ഥാന പരിഷ്‌കരണശ്രമങ്ങളും സര്‍ക്കാര്‍ ഇടപെടലുകളും വലിയപങ്കുവഹിച്ചു. വൃത്തിയും വെടിപ്പുമുള്ള ശരീരം, വസ്ത്രധാരണം എന്നത് എല്ലാ സമുദായപരിഷ്‌കരണങ്ങളുടെയും അജണ്ടകളിലൊന്നായിരുന്നു. കൊച്ചി പുലയമഹാസഭ 1913ല്‍ നടത്തിയ കായല്‍സമ്മേളനത്തിലെ കര്‍മ്മപരിപാടികളില്‍ ഒന്ന് സ്ത്രീപുരുഷന്മാരുടെ പരിഷ്‌കൃതമായ വസ്ത്രധാരണമായിരുന്നു. മറ്റൊന്ന് പുരുഷന്മാരെ കൊണ്ട് മുടി ക്രോപ്പു ചെയ്യിക്കലും. ചെരുപ്പും കുടയും ഉപയോഗിക്കുന്നതിനും നിര്‍ദ്ദേശിച്ചിരുന്നു.(കുട്ടംകുളം സമരചരിത്രം, പുറം: 86, ഇ രാജന്‍, 1996 ലെ കേരള പുലയര്‍ മഹാസഭാ രജതജൂബിലി സുവനീറില്‍ നിന്ന് ഉദ്ധരിച്ചത്) ഇവിടെയല്ലാം ശരീരത്തെ ലിംഗകൃത്യതയുള്ള ആണായും പെണ്ണായും അച്ചടക്കത്തോടെ ശരീരത്തെ വിന്യസിക്കേണ്ടതിന്റെ സമ്മര്‍ദ്ദങ്ങള്‍ എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു.

ഇക്കാലത്ത് ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും യോജിച്ചതെന്ന മട്ടിലുള്ള വെവ്വേറെയുള്ള തൊഴില്‍ മാതൃകകളും നിര്‍ദ്ദേശിക്കപ്പെടുന്നുണ്ട്. കൊല്ലത്തെ എസ്എന്‍ഡിപിയുടെ പ്രഥമവാര്‍ഷിക യോഗത്തില്‍ ഡോ. പല്‍പ്പു നടത്തിയ പ്രസംഗം ഉദാഹരണമാണ്. ''തുണി നെയ്ത്തിനെ പരിഷ്‌കരിക്കണം, അത് സ്ത്രീയ്ക്കു ചെയ്യാമെന്നുള്ള തൊഴിലാണ്. മറ്റുള്ള നീചങ്ങളായ കൂലിവേലകളേക്കാള്‍ സ്ത്രീകള്‍ക്കത് ശ്രേഷ്ഠവുമാണ്'(എസ്എന്‍ഡിപി യോഗചരിത്രം, പ്രഫ. പി.എസ്.വേലായുധന്‍, കൊല്ലം എസ്എന്‍ഡിപി യോഗം, ഡിസംബര്‍ 1978, പുറം: 108)

തൊഴിലാളിസ്വത്വമായി ആധുനികമാക്കി സ്ത്രീയെ പുതുക്കുമ്പോഴും ലിംഗകൃത്യതയിലുള്ള ഊന്നല്‍ പ്രധാനമായി കടന്നുവരുന്നു എന്നതാണ് പ്രസക്തമായത്. കായികാധ്വാനവും ചലനശേഷിയും കുറഞ്ഞ, പൊതുവിടത്തെ ശാരീരികമായ വെൡപ്പെടല്‍ കുറഞ്ഞ, തുറന്ന ഇടങ്ങളിലല്ലാത്ത ജോലികള്‍ എന്ന നിലയ്ക്കാവാം നെയ്ത്തിനെ സ്ത്രീയ്ക്കനുയോജ്യമെന്ന് കല്‍പ്പിച്ചത്. ഗാര്‍ഹികവും ആന്തരികവുമായ ലോകം സ്ത്രീയുടെയും പൊതുവിടങ്ങളും തുറന്ന പുറംലോകവും പുരുഷന്റേതുമെന്ന ആണ്‍-പെണ്‍മാനകതയുടെ യുക്തിയിലാണത് ഉറപ്പിക്കുന്നത്. ടീച്ചിങ്, നഴ്‌സിങ്, സ്റ്റെനോ, ടൈപ്പിസ്റ്റ് തുടങ്ങിയ തൊഴില്‍മേഖലകളെ എപ്പോഴും സ്ത്രീത്വവുമായി ബന്ധിപ്പിച്ച് കാണുന്നതിന്റെ സാംസ്‌കാരികതലങ്ങള്‍ ജെ.ദേവികയുടെ 'കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ' എന്ന കൃതിയില്‍ കാണാം.

ബഹുമാന്യതയുടെയും സഭ്യതയുടെയും ഘടകങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരിലും ഉള്‍ച്ചേര്‍ക്കുന്നതിന്റെ ഭാഗമായാണ് മിഷണറിമാര്‍ അവരുടെ വസ്ത്രം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ കാര്യങ്ങളില്‍ ഇടപെട്ടത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ വൃത്തി, എഴുത്തും വായനയും, ഭൂമിശാസ്ത്രം, ചരിത്രം, ഗണിതം തുടങ്ങിയ വിഷയങ്ങളില്‍ ശിക്ഷണം നല്‍കുന്ന സ്‌കൂളുകള്‍ അവര്‍ സ്ഥാപിച്ചിരുന്നു. അയര്‍ലെന്റുകാരിയായ ആമി കാര്‍മിഷായെല്‍ (1867-1951) സ്ത്രീകളെ ഉദ്ധരിക്കാനും വിമോചിപ്പിക്കാനും വിദ്യാഭ്യാസം ചെയ്യിക്കാനുമായി തിരുനെല്‍വേലിയില്‍ എത്തി. അവിടെ അവര്‍ അനാഥാലയം തുറക്കുകയും ക്ഷേത്രകേന്ദ്രിതമായ ലൈംഗികവൃത്തിയില്‍ നിന്ന് സ്ത്രീകളെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിലേര്‍പ്പെടുകയും ചെയ്തു. സ്ത്രീകേന്ദ്രിതമായ ലൈംഗികസദാചാരത്തെ കുറിച്ചുള്ള ഉദ്‌ബോധനങ്ങള്‍ തങ്ങളുടെ പ്രവത്തനങ്ങളില്‍ അവര്‍ ഉള്‍ച്ചേര്‍ത്തു. ഇന്ത്യന്‍ സംസ്‌കാരത്തെ ബഹുമാനിക്കണമെന്ന നിലപാടില്‍ നിന്നുകൊണ്ട് അത്തരം പ്രയത്‌നങ്ങളുടെ ഭാഗമായി അവരും അനുയായികളും ഇന്ത്യന്‍ മാതൃകയിലുള്ള വസ്ത്രധാരണം നടത്തിക്കൊണ്ട് കുട്ടികള്‍ക്ക് കാരുണ്യ മുതലായ പേരുകളിടുകവരെ ചെയ്തു.

പുതിയ ഗാര്‍ഹികതയെയും അതിനിണങ്ങിയ 'സഭ്യ'വും 'അഭിജാത'വുമായ സ്ത്രീപുരുഷബന്ധങ്ങളെയും നിര്‍മിച്ചെടുന്നതിലായിരുന്നു മിഷണറിമാരുടെ ശ്രദ്ധ. ആണിനെയും പെണ്ണിനെയും കൃത്യതയുള്ള മൂല്യങ്ങളാല്‍ ചിട്ടപ്പെടുത്തി വ്യക്തവും വ്യതിരിക്തവുമായി പരസ്പരം വേര്‍തിരിക്കപ്പെട്ട ലിംഗസ്വത്വങ്ങളായി രൂപീകരിച്ചെടുക്കുന്ന പ്രക്രിയയിലാണവര്‍ ഏര്‍പ്പെട്ടിരുന്നത്. മിഷണറിമാരുടെ ഭാര്യമാര്‍ ഇതില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. ബൈബിള്‍ പാരായണം നടത്തി അവയെ വ്യാഖ്യാനിച്ചും വിശദീകരിച്ചും മിഷനറിസ്ത്രീകള്‍ വീടുകളില്‍ കടന്നുചെന്നു. മിസിസ് മര്‍ഷ്മാനെപ്പോലെയുള്ളവര്‍ ഉയര്‍ന്ന വര്‍ഗത്തിലെ സ്ത്രീകളെ വീടുകളില്‍ ചെന്നു പഠിപ്പിക്കാനും തയ്യാറായി. സെനാനക്‌ളാസുകള്‍ എന്നിവ അറിയപ്പെട്ടു. എലിസ.എഫ്.കെന്റിനെപ്പോലെയുള്ളവരുടെ അഭിപ്രായത്തില്‍ വിദ്യാഭ്യാസത്തിലൂടെ സാക്ഷരതമാത്രമല്ല, പുതിയ സ്ത്രീത്വത്തിനായുള്ള പരിശീലനം കൂടിയാണ് ഉദ്ദേശിച്ചിരുന്നത്. അഭ്യസ്തവിദ്യരും സംസ്‌കൃതചിത്തരുമായ പുതുതലമുറയിലെ പുരുഷന്മാര്‍ക്കിണങ്ങുന്ന ഉത്തമഭാര്യമാരും മാതാക്കളും കുടുംബിനികളുമായിരിക്കാന്‍ അതവരെ സജ്ജരാക്കി. തൊഴില്‍, സഭ്യത, ആഭിജാത്യം തുടങ്ങിയവയിലുള്ള ഇടപെടലകളിലൂടെ നിര്‍മ്മിച്ചെടുത്ത ലിംഗഭേദം വസ്ത്രങ്ങളിലും ഇടപെടാതിരുന്നില്ല. വേഷഭുഷകളുടെ കാര്യത്തില്‍ ഏതൊക്കെ വസ്ത്രം ആണിന് ഏതൊക്കെ വസ്ത്രം പെണ്ണിന് എന്ന മട്ടില്‍ ചിട്ടപ്പെടുത്തിക്കൊണ്ടു തന്നെയാണ് ആധുനികതാബോധം ആണ്‍-പെണ്‍ശരീരങ്ങളില്‍ പെരുമാറിയത്. 

തൊഴില്‍പരമായി ലിംഗഭേദം രൂപപ്പെടുന്ന കാലത്തുതന്നെയാണ് മിഷനറിമാരുടെ ഭാര്യമാരുടെ മുന്‍കൈയില്‍ ലെയ്‌സ് വ്യവസായം വളര്‍ന്നുവരുന്നത്. അത് സ്ത്രീകള്‍ക്ക് തൊഴില്‍മാത്രമല്ല, വസ്ത്രകേന്ദ്രീകൃതമായ ലിംഗഭേദവും സ്‌ത്രൈണതയും സംഭാവനചെയ്തു. സ്ത്രീകള്‍ക്ക് സാരിയും ബ്‌ളൗസും പുരുഷന്മാര്‍ക്ക് ഷര്‍ട്ടുകളും കാല്‍സ്രായിയും ചരിത്രത്തിന്റെ വിവിധഘട്ടങ്ങളിലാണ് സ്വീകരിക്കപ്പെടുന്നത്. ആദ്യകാലത്തെ കോളറില്ലാത്ത മേലുടുപ്പുകളില്‍നിന്ന് പിന്നീട് കോളറുകളുള്ള ഷര്‍ട്ടിലേയ്ക്ക് പുരുഷന്മാര്‍ പടിപടിയായി മാറുന്നത് ലിംഗഭേദത്തിലൂന്നിയ പൗരുഷത്തെ കുറിച്ചുള്ള ധാരണകളെ നിര്‍മ്മിച്ചുകൊണ്ടാവണം. പൊതുവേ സാത്വികഗുണം ആരോപിക്കപ്പെടുന്ന അധ്യാപകരും എഴുത്തുകാരും കലാകാരന്മാരും ഉള്‍പ്പെടുന്ന സാസ്‌കാരികനായകരുടെ വേഷം കുറച്ചുകാലം മുമ്പുവരെയെങ്കിലും ജുബ്ബയായിരുന്നുവല്ലോ. സി.പി.രാമസ്വാമിഅയ്യര്‍ ദിവാനായിരുന്ന കാലത്ത് അധ്യാപകര്‍ക്ക് ജുബ്ബ നിര്‍ബന്ധമാക്കിയിരുന്നു. (പുറം117, ഇസ്‌ളാമികവിജ്ഞാനകോശം, ഇസ്‌ളാമിക് പബ്‌ളിഷിംഗ് ഹൗസ്, കോഴിക്കോട്, 2015). ചമയല്‍വ്യവസ്ഥയില്‍ രൂപംകൊണ്ട ലിംഗഭേദത്തിന്റെ ചരിത്രത്തിലെ ചില ഘടകങ്ങളാണ് നാമിതുവരെ പരിശോധിച്ചത്. വര്‍ത്തമാനകാലത്തുനിന്നുള്ള ചില നിരീക്ഷണങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം.    

ലിംഗഭേദത്തിന്റെ അട്ടിമറി
 തൊട്ടുമുമ്പുള്ള കാലം വരെ കട്ടിയും ഈടുമുള്ള, അലങ്കാരപ്പണികള്‍ കുറഞ്ഞ വസ്ത്രം പുരുഷനും തിരിച്ചുള്ളത് സ്ത്രീയ്ക്കും എന്നതായിരുന്നു പൊതുരീതി. വര്‍ണവും വര്‍ണസങ്കലനവും ഇമ്മാതിരി ലിംഗഭേദത്തിന് വിധേയമായിരുന്നു. കടുംനിറത്തിലുള്ള വസ്ത്രങ്ങള്‍ പൊതുവേ പൗരുഷത്തിന്റെ ചേരുവയില്‍ പെടുന്നില്ല. അതുപോലെ ചെക്ക്, വരകള്‍ തുടങ്ങിയവ പുരുഷന്മാര്‍ക്കും പൂക്കള്‍, വള്ളികള്‍, വര്‍ത്തുളരേഖകള്‍, വൃത്തങ്ങള്‍ ഇവ സ്ത്രീകള്‍ക്കും എന്നാണ് പൊതുരീതി. വസ്ത്രങ്ങളും അനുബന്ധവസ്ത്രങ്ങളുമായി ഏറെ ഇനങ്ങള്‍ ശരീരത്തില്‍ പേറുന്ന രീതിയിലും ആണ്‍-പെണ്‍ഭേദങ്ങളുണ്ട്. സ്ത്രീകള്‍ അടിവസ്ത്രങ്ങളും മേല്‍വസ്ത്രങ്ങളും ഒപ്പം ഷാള്‍, സ്റ്റോള്‍, ജാക്കറ്റ്, ഓവര്‍കോട്ട് മുതലായ പല വസ്ത്രങ്ങളും ധരിക്കുന്നു. ബാഗിലും ചെരുപ്പിലും കുടയിലും തൊപ്പിയിലും എല്ലാമെല്ലാം ആണ്‍-പെണ്‍മാനകതയെ സംബന്ധിച്ച അതതുകാലത്തെ കണിശമായ ലിംഗഭേദയുക്തി നിലനിര്‍ത്തിയിരുന്നു. 

എന്നാലിന്ന് വ്യാപകമായി സ്ത്രീകള്‍ ജീന്‍സിലേക്കും പാന്റിലേക്കും വരുന്നതോടെ വേഷത്തിലെ ലിംഗഭേദപ്രതീതി മാഞ്ഞു തുടങ്ങിയിരിക്കുന്നു. ലിംഗാതീതമായ വേഷങ്ങള്‍ പതിയെയാണെങ്കിലും കടന്നുവരികയാണ്. പൂക്കളും വള്ളികളും ഇലകളും എംബ്രോയ്ഡറിയുമുള്ള പോക്കറ്റില്ലാത്ത ഷര്‍ട്ടുകള്‍ മുമ്പ് സ്ത്രീകള്‍ക്കായിരുന്നെങ്കില്‍ അതേതരം ഷര്‍ട്ടുകള്‍ പുരുഷന്മാരും ഇന്നുപയോഗിക്കുന്നു. സ്ത്രീകള്‍ പോക്കറ്റുള്ള, ചെക്കും കള്ളികളും കുത്തനെ വരകളുമുള്ള വസ്ത്രങ്ങള്‍ സ്ത്രീകളുമുപയോഗിക്കുന്നു. ചുരിദാര്‍, കുര്‍ത്ത മുതലായ വസ്ത്രങ്ങള്‍ക്ക് മീതെയിടുന്ന ജാക്കറ്റുകളിലും ഷാളുകളിലും ഈ ലിംഗാതീതഫാഷന്‍ പ്രവര്‍ത്തിക്കുന്നു. തൊഴിലുറപ്പുപദ്ധതിയിലെ, റോഡ്/കെട്ടിടനിര്‍മാണമേഖലയിലെ സ്ത്രീകള്‍ നൈറ്റിക്കും സാരിക്കും മീതെ ഇടുന്ന ഷര്‍ട്ടുകളും ലിംഗാതീതമാണ്. വസ്ത്രങ്ങളുടെ ധാരാളിത്തം സ്ത്രീസൂചനയായിരുന്നെങ്കില്‍ ഇന്നത് ആണിന്റേതുമാണ്. നേര്‍മയുള്ള മൃദുവായ തുണിത്തരങ്ങള്‍ സ്ത്രീകള്‍ക്കും കട്ടികൂടിയതും പരുപരുത്തതുമായ വസ്ത്രങ്ങള്‍ പുരുഷന്മാര്‍ക്കും എന്ന പഴയ രീതിവിട്ട് ഇരുകുട്ടരും ഇരുരീതികളും ലിംഗാതീതമായി സ്വീകരിച്ചിരിക്കുന്നു.

കഴുത്തിലണിഞ്ഞ സ്വര്‍ണമാലകളും നിറമുള്ള മുത്തുമാലകളും ചരടുകളും പുറത്തുകാണാന്‍ സഹായിക്കുന്ന കോളറില്ലാത്ത കുര്‍ത്തയും ടീഷര്‍ട്ടും ഇന്നു പുരുഷന്മാരും ധരിക്കുന്നു. സ്ത്രീകള്‍ കോളറും പോക്കറ്റുമുള്ള ചെക്ക് ഷര്‍ട്ടുകളും ജീന്‍സുമണിഞ്ഞ് പുറത്തിറങ്ങുന്നു. വസ്ത്രങ്ങളുടെ പ്രിന്റിലും നിറങ്ങളിലും സ്‌ത്രൈണമെന്നു കരുതിയത് പുരുഷന്മാരും പൗരുഷമെന്നു കരുതുന്നത് സ്ത്രീകളും സ്വീകരിച്ചു കഴിഞ്ഞു. തലമുടി നീട്ടിവളര്‍ത്തുന്ന ന്യൂജെന്‍ഫാഷനില്‍ നിറമുള്ള മുടിപ്പിന്നുകളും സ്‌കാര്‍ഫുകളും റിബണുംവരെ കേശലങ്കാരത്തിനായി യുവാക്കള്‍ ഉപയാഗിക്കുന്നു. കണ്ണുകളില്‍ സുറുമയും മസ്‌കാരയും കയ്യില്‍ വളയും കാതില്‍ കമ്മലും അപൂര്‍വ്വമായിട്ടെങ്കിലും വളഞ്ഞ മൂക്കുത്തിയുമിട്ട (തുറുപ്പുഗുലാനിലെ ഗുണ്ടയെപ്പോലെ ഏറ്റവും അക്രമകാരിയായ തീക്ഷ്ണപൗരുഷത്തിന്റെ സന്ദര്‍ഭത്തിലും) പുതിയ പുരുഷാലങ്കാരങ്ങള്‍ ഇന്ന് അത്ഭുതമല്ല. കൗബോയ് ജീന്‍സും ഷര്‍ട്ടും ബെല്‍റ്റും ക്യാന്‍വാസ് ഷൂവു തൊപ്പിയും ധരിച്ച് ആഭരണങ്ങളില്ലാതെ ബൈക്കില്‍ പറന്നുപോകുന്ന പെണ്‍കുട്ടിയും അതേ മൂല്യങ്ങളെ പേറുന്നു. ഇരുതോളുകളിലൂടെയും പുറകിലേക്കു ചുമക്കുന്ന ട്രാവല്‍ബാഗും തോള്‍ബാഗും സ്‌കൂള്‍ബാഗും മുതല്‍ വാഹനം വരെ ഈ പുതുമൂല്യങ്ങളെ പേറുന്നുണ്ട്. ആണ്‍കുട്ടികള്‍ക്കിടയില്‍ ഏറെ കണ്ടുവരുന്ന ചില തൊപ്പികള്‍ കേശഭാരത്തെ ഓര്‍മിപ്പിക്കുവിധം പുറകിലേക്കു തൂങ്ങിക്കിടക്കുന്നു.

ഫോറിന്‍കുട എന്ന മടക്കുകുടകള്‍ 80കളില്‍ ലേഡീസ്‌കുടകളായാണ് അവതരിച്ചത്. എന്നാലിന്ന് അവ സാര്‍വ്വത്രികമായി ലിംഗഭേദമില്ലാതെ ഉപയോഗിക്കുന്നു. നിറമുള്ള മടക്കുകുടകള്‍ കുറച്ചുകാലം വരെ പുരുന്മാര്‍ ഉപയോഗിക്കാന്‍ മടിച്ചിരുന്നെങ്കില്‍ ഇന്ന് സ്ഥിതിമാറി. അതേസമയം മുമ്പു പ്രായം ചെന്ന പുരുഷന്മാരും കന്യാസ്ത്രീകളും മാത്രം ഉപയോഗിച്ചിരുന്ന കാലന്‍കുടകള്‍ പുതിയ കാലത്ത് ലിംഗഭേദമില്ലാത്ത ന്യൂജെന്‍ഫാഷനാണ്. മുന്‍കാലങ്ങളില്‍ സ്ത്രീകള്‍ വലതുകൈയിലും പുരുഷന്മാര്‍ ഇടതുകൈയിലുമാണ് വാച്ചുകെട്ടിയിരുന്നതെങ്കില്‍ ഇന്ന് ഇരുകൂട്ടരും ഇടതുകൈയിലേക്കു മാറിയിരിക്കുന്നു. വീതിയേറിയ വാച്ച്‌സ്ട്രാപ്പും വലിയ ഡയലും പുരുഷന്മാര്‍ക്കിണങ്ങിയതായി കരുതിയിരുന്നെങ്കില്‍ ഇന്നത് പെണ്‍കുട്ടികളുടെയും ഫാഷന്റെ ഭാഗമാണ്.

 ധാരാളിത്തം, വൈവിധ്യം, ടെക്ച്വര്‍, ബഹുവര്‍ണ പ്രിന്റിംഗ്, നേര്‍മ തുടങ്ങിയ കാര്യങ്ങളില്‍ ഇപ്രകാരം പരസ്പരം കൂടിക്കലര്‍ന്ന ഈ പ്രക്രിയകള്‍ ലിംഗദ്രാവകത്വത്തിന്റെയും ഒപ്പം അതീതലിംഗത*യുടെയും അഭിരുചികളെയാണ് ഉള്‍ക്കൊള്ളുന്നത്. മാനകമായ ലിംഗകൃത്യതയെ അതു ചെറുതല്ലാത്ത രീതിയില്‍ ഉലയ്ക്കുന്നു. കാഡ്ബറീസ് ചോക്കളേറ്റിന്റെ ഒരു പരസ്യത്തില്‍ അച്ഛനെന്ന് തെറ്റിദ്ധരിച്ചപോയ ആളോട് അമ്മ അലറുന്നുണ്ട്: 'ഷട്ടപ്! ഞാനവന്റ അമ്മയാ!!'. സ്ത്രീകളും പുരുഷന്മാരും പരസ്പരം തങ്ങളുടെ പരിഷ്‌കാരങ്ങളെ വെച്ചുമാറുന്നു എന്നതിനേക്കാള്‍ ഫാഷനിലെ സ്ത്രീപുരുഷഭേദത്തിന്റെ അതിരുകള്‍ മായുന്നുവെന്നുവേണം അനുമാനിക്കാന്‍.

അതേസമയം വര്‍ണഭംഗിയുള്ള വാച്ചിന്റെ സ്ട്രാപ്പുകളും ചെരുപ്പുകളും സ്‌ത്രൈണതയുടെ സൂചനയെന്നവണ്ണം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. 'കിന്റര്‍ജോയ്'പോലുള്ള പുതിയ വിപണിസാമഗ്രികളിലും ലിംഗഭേദത്തെ മുന്‍നിര്‍ത്തി ചോയ്‌സുകളെ അവതരിപ്പിക്കുന്നു. പെണ്‍ജീന്‍സുകളില്‍ പൂവുകള്‍ തുന്നിയും അലങ്കാരഭേദങ്ങള്‍ നിര്‍മിച്ചും ലിംഗഭേദം കാത്തുവെക്കുന്നു. ലിംഗഭേദവും ലിംഗാതീതത്വവും ഒരേ സമയം സഹവര്‍ത്തിച്ചു പുലരുന്ന ചോയ്‌സുകളാണെന്നാണിതു സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പാകട്ടെ വ്യക്തികാമനകളുടേതും സ്വത്വപ്രവണതകളുടേതും. 
ലിംഗാതീത പ്രവണതകളുടെ ഉയര്‍ന്ന രൂപം കാണാവുന്ന മറ്റൊരിടം ഇരുചക്രവാഹനങ്ങളുടെ ഉപയോഗത്തിലാണ്. വസ്ത്രം പോലെ തന്നെ വ്യക്തിസത്തയെ ആഴത്തില്‍ പ്രതിഫലിപ്പിക്കുന്ന അത് സവിശേഷമായി പരിഗണിക്കേണ്ടതുണ്ട്.

ഇരുചക്രവാഹനങ്ങള്‍
   1950കളോടെയാണ് ഇന്ത്യന്‍ വിപണികളില്‍ മൊട്ടോര്‍ സൈക്കിള്‍ കടന്നുവരുന്നത്. അതിനു വളരെ മുമ്പുതന്നെ ഇന്ത്യയില്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥരും മറ്റും ഇവ ഉപയോഗിച്ചിരുന്നു. 1954ല്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെ സൈനിക ഉപയോഗത്തിനു വേണ്ടി ബ്രിട്ടനില്‍ നിന്ന് 800 റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ക്ക് ഇറക്കുമതിചെയ്തു. 'റഫ് ആന്റ് ടഫ്' ലുക്കുള്ള ബുള്ളറ്റുകള്‍ ഇന്ത്യന്‍ വിപണിയില്‍ കടന്നുവന്നത് അതേത്തുടര്‍ന്നാണ്. സൈനികത, പൗരുഷം, അധികാരം തുടങ്ങിയവയുടെ പ്രതീകമായാണ് ഇവ സ്വീകരിക്കപ്പെട്ടത്.
1972ല്‍ ബജാജ്, സ്‌കൂട്ടര്‍ ഇനത്തിലുള്ള അവരുടെ ആദ്യ മോഡല്‍ ചേതക് പുറത്തിറക്കി. കാലുകള്‍ കവയ്ക്കാതെ ചേര്‍ത്തുവെയ്ച്ചുകൊണ്ട് ഓടിക്കാമെന്നതായിരുന്നു അവയുടെ പ്രത്യേകത. കുറഞ്ഞ പുള്ളിങ്, ബൈക്കുകളെ അപേക്ഷിച്ച് പൗരുഷത്തിന്റെ കുറഞ്ഞ പ്രതീതി എന്നിവ കൊണ്ട് സ്‌കൂട്ടറുകള്‍ കുടുംബസ്ഥര്‍ക്കും മധ്യവയസ്‌കര്‍ക്കും അതിപൗരുഷകാംക്ഷകളില്ലാത്ത യുവാക്കള്‍ക്കും ചേര്‍ന്നതായി കരുതപ്പെട്ടു. 1983 ല്‍ എസ്‌കോര്‍ട്ട് ഗ്രൂപ്പ് രാജദൂത് 350 സി.സി ബൈക്കും തുടര്‍ന്ന് യമഹ RX100 ബൈക്കുകളും പുറത്തിറക്കി. പുരുഷന്മാര്‍ക്ക് യോജിച്ച ഉയര്‍ന്ന പിക്കപ്പായിരുന്നു യമഹയുടെ മുഖമുദ്ര. സ്‌കൂട്ടറുകള്‍ വിപണിയിലുണ്ടായിരുന്നെങ്കിലും രണ്ടായിരം വരെ ഇന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ പൗരുഷപ്രതീതിയുള്ള ബൈക്കുകളുടെ കാലമായിരുന്നു. 

ഇതിനിടയില്‍ സൈക്കിളുകള്‍ കൃത്യമായ ലിംഗഭേദത്തോടെയാണ് നിര്‍മ്മിക്കപ്പെട്ടിരുന്നത്. ആണ്‍സൈക്കിളുകള്‍ കാലുകളകറ്റി കയറേയണ്ടവയാണെങ്കില്‍ സെന്റര്‍ ബാര്‍ താഴ്ത്തിയും ചെരിച്ചും ഘടിപ്പിച്ചുകൊണ്ട് കാലുകള്‍ അകറ്റാതെ കയറാന്‍ കഴിയുമെന്നതായിരുന്നു പെണ്‍സൈക്കിളുകളുടെ പ്രത്യേകത. സൈക്കിളുകള്‍ ഇന്നും ലിംഗഭേദത്തോടെ നിര്‍മ്മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു.
1994 ല്‍ ടിവിഎസ് അവരുടെ പുതിയ മോഡല്‍ സ്‌കൂട്ടി അവതരിപ്പിച്ചു. സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേകമായി രൂപകല്പന ചെയ്ത വാഹനമായാണതു നിരത്തിലിറങ്ങിയത്. അക്കാലത്ത് മറ്റു കമ്പനികളും സ്ത്രീകളെ ലക്ഷ്യമിട്ടുകൊണ്ട് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചിരുന്നു. ഹീറോ പുറത്തിറക്കിയ പ്ലഷര്‍ എന്ന മോഡലിന്റെ പരസ്യം തന്നെ സ്ത്രീകളുടെ കാമനകളെ നേരിട്ട് അഭിസംബോധന ചെയ്യുന്നതായിരുന്നു. 'Why should boys have all the fun?', 'Just for her' എന്നൊക്കെയായിരുന്നു പരസ്യവാചകങ്ങള്‍. പൊതുരംഗത്തെ സ്ത്രീകര്‍തൃത്വവും പദവിയും ഇതില്‍ വലിയ സ്വാധീനം ചെലുത്തിയെന്നതില്‍ സംശയമില്ല. സ്ത്രീകള്‍ വ്യാപകമായി ഇരുചക്രവാഹനങ്ങളുടെ ഉപയോക്താക്കളായ കാലമായിരുന്നു അത്.

2000 ത്തില്‍ ആക്ടീവ, സ്‌കൂട്ടര്‍ വിപണിയിലെ ശ്രദ്ധാകേന്ദ്രമായിമാറി. പുതിയ പരിഷ്‌കാരങ്ങള്‍ ഏറെയായിരുന്നു അതില്‍. നേര്‍മയുള്ള ഡിസൈന്‍, ഒതുക്കമുള്ള ആകൃതി, കനക്കുറവ് തുടങ്ങിയ പല ഗുണങ്ങളും ഘടകങ്ങളും നിലനിര്‍ത്തി സ്ത്രീക്കും പുരുഷനും ഒരേ പോലെ ഉപയോഗിക്കാവുന്ന ഒരു വാഹനമായാണ് കമ്പനി അതിനെ വിഭാവനം ചെയ്തത്. പിന്നീട് വന്ന ടിവിഎസിന്റെ Scooty Zest, Wego എന്നീ മോഡലുകളും സ്ത്രീപുരുഷന്മാരെ ഒരേപൊലെ ലക്ഷ്യമിട്ട് വിപണിയില്‍ എത്തിയവയായിരുന്നു. ഇവയുടെ ലിംഗാതീതമായ പ്രതീതി വിപണിയിലും ഈ മോഡലുകള്‍ക്ക് വലിയ ലാഭം നേടിക്കൊടുത്തു. രണ്‍ബീര്‍ കപൂറിന്റെ പരസ്യത്തോടെ അവതരിപ്പിച്ച ഹീറോയുടെ സ്‌കൂട്ടര്‍, മേസ്‌ട്രോ പുരുഷന്മാരെ മാത്രമാണ് ലക്ഷ്യമിട്ടിരുന്നത്. എന്‍ഫീല്‍ഡിനോ സ്‌കൂട്ടിക്കോ ഉള്ളതില്‍നിന്നു വ്യത്യസ്തമായി അതീതലിംഗതയുള്ള ഉപയോഗത്തിന്റെ ഇടമായി സ്‌കൂട്ടറുകള്‍ മാറിയെന്നാണ് നമ്മുടെ വിശകലനം തെളിയിക്കുന്നത്. കണക്കുകളും ഇക്കാര്യം ശരിവെയ്ക്കുന്നു.

കഴിഞ്ഞ കുറേ കാലമായി സ്‌കൂട്ടറുകളുടെ വില്‍പ്പന കേരളത്തില്‍(ഇന്ത്യയില്‍ മൊത്തത്തിലും) ബൈക്കുകളെ അപേക്ഷിച്ച് ഏറെ മുന്നിലാണ്. 2011-ല്‍ സ്‌കൂട്ടര്‍ വില്പന 20% വര്‍ധിച്ചപ്പോള്‍ ബൈക്കുകളുടേത് 2% മാത്രമായിരുന്നു. 2014 നെ അപേക്ഷിച്ച് 2015 ല്‍ സ്‌കൂട്ടറുകളുടെ വില്‍പ്പന 12.9 % വര്‍ധിച്ചപ്പോള്‍ ബൈക്കുകള്‍ 3.4 % കുറഞ്ഞു. സ്‌കൂട്ടര്‍ വില്‍പ്പനയുടെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളവും ഗോവയുമാണ് മുന്‍പന്തിയില്‍. ബൈക്കുകളെ പിന്നിലാക്കിയുള്ള ഈ വളര്‍ച്ചയ്ക്കു പിന്നില്‍ സ്‌കൂട്ടര്‍ കമ്പനികളുടെ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ക്കപ്പുറം സംസ്‌കാരത്തിന്റെ മണ്ഡലത്തിലെ ലിംഗമൂല്യസങ്കല്‍പ്പനങ്ങള്‍ക്കും പങ്കുണ്ടെന്നുവേണം അനുമാനിക്കാന്‍.

കൂടുതല്‍ സ്ത്രീ
ഒരു വശത്ത് ലിംഗകൃത്യതകളെ വെല്ലുവിളിക്കുന്ന ഇത്തരം സമൂലസ്പര്‍ശിയായ മാറ്റങ്ങള്‍ കൂറേശ്ശേ ഉണ്ടായിരിക്കുമ്പോള്‍ തന്നെ തിരിച്ചുള്ള ചലനങ്ങളും കാണാം. ശരീരത്തെ ഒന്നാകെ മൂടി പൊതിയുന്ന പര്‍ദ്ദയിലൂടെ മുസ്ലീംസ്ത്രീകള്‍ ലിംഗാതീതസംസ്‌കാരത്തിനു നേരെ എതിര്‍വശത്തു നിലയുറപ്പിച്ചുകൊണ്ട് സ്‌ത്രൈണതയെ ഉറപ്പിച്ചുവെക്കുകയാണ്. എങ്കിലും കുടുമയില്‍ നാം കണ്ടതുപോലെ പര്‍ദ്ദയിലും ഫാഷന്റെ ചില സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. പര്‍ദ്ദ: സുന്നത്തോ ഫാഷനോ എന്ന ഓണ്‍ലൈന്‍ ലേഖനത്തില്‍ സ്‌നെമ്യാമാഹിന്‍ അത് വിശദീകരിക്കുന്നു.
ട്രാന്‍സ്‌ജെന്റെര്‍ വിഭാഗങ്ങളുടെ വേഷവിധാനങ്ങളാണ് മറ്റൊന്ന്. ആണ്‍പെണ്‍ ലിംഗമാനകതയ്‌ക്കെതിരേ രാഷ്ട്രീയസമര്‍ത്ഥനം നടത്തുന്ന ക്വിയര്‍പ്രൈഡ് റാലികള്‍ ഇന്ന് ലിംഗഭേദത്തിന്റെ ആഘോഷമായി മാറിയിരിക്കുന്നു. സെബിന്‍ ജേക്കബ്ബ് എഴുതുന്നു: '.. എനിക്കു വിചിത്രമായി തോന്നിയ കാര്യം ഇവരൊക്കെ മലയാളിമങ്കയാവാന്‍ അല്ലെങ്കില്‍ സംസ്‌കൃത വനിതയാവാന്‍ യത്‌നിക്കുന്നു, അതാണു സൗന്ദര്യം എന്നു ധരിക്കുന്നു എന്നൊക്കെയാണ്.' സവര്‍ണ സ്‌ത്രൈണസൗന്ദര്യബോധത്തിന്റെ വാര്‍പ്പുമാതൃകകളില്‍ തങ്ങളെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുകയാണ് പല ക്വിയര്‍പ്രൈഡ് ആക്റ്റിവിസ്റ്റുകളുമെന്ന് തുടര്‍ന്നദ്ദേഹം നിരീക്ഷിക്കുന്നു. (13/8/2016 ലെ ഫേസ്ബുക്ക് പോസ്റ്റ്). തൊലിനിറം, പണം, ജാതി, പ്രശസ്തി, പഠിപ്പ്, മാധ്യമസ്വീകാര്യത തുടങ്ങിയതിന്റെയൊക്കെ പേരില്‍  ട്രാന്‍സ്‌ജെണ്ടറുകള്‍ക്കിടയില്‍ത്തന്നെ പലതരം മേല്‍/കീഴുകള്‍ പ്ര വര്‍ത്തിക്കുന്നതിന്റെ അനുഭവങ്ങള്‍ അവരില്‍ ചിലര്‍ സ്വകാര്യമായി പങ്കുവെച്ചതോര്‍ക്കുന്നു. 

ഇതൊക്കെയാണെങ്കിലും ലിംഗമാനകതകളെയും മാനകനോട്ടത്തിന്റെ ആധികാരികതയെയും അധികാരപ്രയോഗങ്ങളെയും വെല്ലുവിളിക്കുന്നവയാണ് വര്‍ത്തമാനകാലത്തെ പല പ്രവണതകളും.  ലിംഗദ്രാവകത്വത്തെയും അതീതലിംഗതയെയും അറിഞ്ഞോ അറിയാതെയോ സ്വീകരിക്കുന്നതിലൂടെ ഉറപ്പിക്കപ്പെട്ട ആണ്‍-പെണ്‍മാനകതയെ വെല്ലുവിളിച്ചുകൊണ്ട് അസ്ഥിരമാക്കുന്നുവെന്നതാണ് ഇവയുടെ വിമോചനാത്മകത. ചരിത്രത്തില്‍ ആണലങ്കാരങ്ങളും പെണ്ണലങ്കാരങ്ങളും നിരന്തരം മാറിക്കൊണ്ടിരുന്നുവെന്നും പരസ്പരം കയറിയുമിറങ്ങിയും ലിംഗപരമായ കൃത്യതകളെ വ്യവച്ഛേദിച്ചും പലപ്പോഴും കൂട്ടിക്കുഴച്ചും മുന്നേറുകയാണുണ്ടായത് എന്നും മനസ്സിലാക്കാം. സംസ്‌കാരത്തില്‍ കാണുന്ന ഇത്തരം പുതുചലനങ്ങള്‍ സമഗ്രമായൊരു മാറ്റമോ സംഘടിതമായൊരു മുന്നേറ്റമോ അല്ല. മുമ്പു പലവട്ടം സൂചിപ്പിച്ചതു പോലെ ജനതയുടെ കാമനകളിലൂടെ, സ്വത്വത്തിന്റെ സ്വേഛാപരമായ വിന്യാസങ്ങളിലൂടെ ഊറിക്കൂടി പരിണമിച്ചുണ്ടായ ഒന്നാണത്. ഒരുപക്ഷേ, സംഘടിതമായ മുന്നേറ്റങ്ങളേക്കാള്‍ ശക്തമാണ് അവ. അത്തരത്തില്‍ കാമനകള്‍ കാല്പനികവും ആത്മനിഷ്ഠവുമായ ഒരര്‍ത്ഥത്തില്‍ മാത്രം മനസ്സിലാക്കപ്പെടേണ്ടതല്ല. പൗരത്വവും സ്വാതന്ത്ര്യവുമായി അതിനു അഭേദ്യമായ ബന്ധമുണ്ട്; അതിനാല്‍ത്തന്നെ ജനാധിപത്യവുമായും.

* അതീതലിംഗത എന്ന പദതര്‍ജ്ജമയ്ക്ക് കെ.എം.വേണുഗോപാലനോട് കടപ്പാട്
റഫറന്‍സ്
   1. പി. ഭാസ്‌ക്കരനുണ്ണി - പത്തൊമ്പതാംനൂറ്റാണ്ടിലെ കേരളം.
    2. കാണിപ്പയ്യൂര്‍ ശങ്കരന്‍നമ്പൂതിരിപ്പാട് - എന്റെ സ്മരണകള്‍
    3. സാമുവല്‍ മറ്റീര്‍-ഞാന്‍ കണ്ട കേരളം
    4. സി.കേശവന്‍-ജീവിതസമരം
    5. അജയ്‌ശേഖര്‍: അവര്‍ണസ്ത്രീക്ക്
                മേല്‍ശീല നല്‍കിയ കൈകള്‍, സമകാലികമലയാളം, സെപ്തം.26,2016
    6. ബി.രാജീവന്‍, ജാതിശരീരത്തില്‍ നിന്നു ലിംഗശരീരത്തിലേക്ക്, സമീക്ഷ,സെപ്തം.2000
    7. ജെ.ദേവിക,കേരളീയസ്ത്രീയെ രൂപാന്തരീകരിക്കുമ്പോള്‍, മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്,2004 മെയ് 16
    8 സ്‌നെമ്യാമാഹിന്‍: പര്‍ദ്ദ സുന്നത്തോ ഫാഷനോ? നാലാമിടം,ഡിസംബര്‍, 2011,
    9. ചെറുകാട്-ജീവിതപ്പാത
    10.ഷെറിന്‍.ബി.എസ്,
      ഇസ്‌ളാമിലെ സ്ത്രീയും മുന്‍വിധികളും, മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്, 2010ആഗസ്ത്,29     

11. എം.എച്ച്. അനുരാജ്‌ -(http://vartha.ch/v/annpenn/annpenn.htm)-പെണ്‍ചമയമിട്ട ആണ്‍ ഉടലുകള്‍

(2017 ജനുവരി22ലെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്‌)

Wednesday, January 11, 2017

വജ്രത്തിളക്കം

                         രമ്പുന്ന ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു ജീവചരിത്രകൃതിയാണ് പ്രൊഫ. എം.കെ.സാനു രചിച്ച 'സി.ജെ.തോമസ്- ഇരുട്ടുകീറുന്ന വജ്രസൂചി.'  സി.ജെയുടെ ജന്മശതാബ്ദിവര്‍ഷാചരണങ്ങളുടെ മുന്നോടിയായി പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥപരമ്പരയിലെ ആദ്യകൃതിയാണിത്. ചരിത്രം വൈകാരികസ്മരണയായി നിറയുന്ന അനുഭവമാണ് ഓരോ അധ്യായത്തിലും. അതിലേറെ സി.ജെ.എന്ന ഒറ്റമനുഷ്യന്റെ  അനന്യതയെ, തലപ്പൊക്കത്തെ, വൈരുദ്ധ്യങ്ങളെ, തലകുനിക്കാത്ത തന്റേടത്തെ, കാലത്തെ രാഷ്ട്രീയപ്രജ്ഞകൊണ്ടു തിരിച്ചറിയുന്ന മനീഷയെ, എല്ലാറ്റിനുമുപരി സ്വയംവിമര്‍ശനാത്മകമായ സി.ജെ.യുടെ സാംസ്‌ക്കാരികവ്യക്തിത്വത്തെ പരമാവധി വിസ്താരത്തോടെ കാട്ടിത്തരാനാണ് സാനു ശ്രമിക്കുന്നത്. കമ്യൂണിസവും സോഷ്യലിസവും ക്രൈസ്തവതയും കലര്‍ന്നുകിടക്കുന്ന നൈതികമായ ഒരു വൈകാരികതയാണ് യുവാവായ സി.ജെ. യെ രൂപപ്പെടുത്തുന്നത്. പുസ്തകങ്ങളിലൂടെ, ദൈനംദിനസാമൂഹികജീവിതത്തിലൂടെ സി.ജെ.വ്യത്യസ്തവും തീക്ഷ്ണവും കറയറ്റതുമായ ഒരു ജീവിതബോധം തന്റെയുള്ളില്‍ നിറച്ചിരുന്നു. അതിന്റെ കൈത്തിരികെടാതെ നിരന്തരം ജ്വലിപ്പിക്കുകയും അന്ത്യം വരെ കൂടെ കൊണ്ടുനടക്കുകയും ചെയ്തതിന്റെ ആദര്‍ശോജ്വലവും സംഭവബഹുലവുമായ ആഖ്യാനമാണ് ഈ ജീവചരിത്രകൃതി. ധൈഷണികനായ സി.ജെ.യെ രൂപപ്പെടുത്തുന്നതില്‍ അക്കാലത്തെ പ്രധാനചിന്തകരും ഗോര്‍ക്കി, ഡോസ്‌റ്റോവ്‌സ്‌ക്കി മുതലായ സാഹിത്യകാരന്മാരും വലിയ പങ്കുവഹിച്ചു. ഇ.എം.എസ്, എം.ഗോവിന്ദന്‍ തുടങ്ങിയവരോടുള്ള സി.ജെ.യുടെ പരിചയവും ധൈഷണികാദരം കലര്‍ന്ന ആരാധനയും   പലപ്പോഴും ജീവിതത്തില്‍ വലിയ തീരുമാനങ്ങളെടുക്കുന്നതിനും ഒറ്റയ്ക്കുനില്‍ക്കുന്നതിനും ധൈര്യം നല്‍കിയിരിക്കണം. സാനു രചിച്ച ഈ പുസ്തകത്തിലൂടെ കടന്നു പോകുമ്പോള്‍  സി.ജെ.എന്ന ഒറ്റമരക്കാടിനെ നാം നോക്കിക്കാണുന്നു, ഒപ്പം പല ഋതുക്കള്‍ ഒരേകാലത്തു സംഗമിക്കുന്ന കാഴ്ച്ചയും  നാമനുഭവിക്കുന്നു.്.

വിമോചനസമരം.

കേരളത്തിന്റെ രാഷ്ട്രീയസാമൂഹികചരിത്രങ്ങളിലെ മായാത്ത ഏടാണ് വിമോചനസമരം. അക്കാലത്ത് സി.ജെ,  സാനുവിന് എഴുതിയ ഒരു കത്തില്‍ നിന്നാണ് ഒന്നാമധ്യായം തുടങ്ങുന്നത്. രണ്ടുപേര്‍ക്കിടയില്‍ രൂപപ്പെട്ടുവരുന്ന ഊഷ്മളമായ സൗഹൃദത്തോടൊപ്പം പരസ്പരബഹുമാനവും ആത്മവിമര്‍ശനവും സി.ജെ.ക്ക് എങ്ങനെ ഒരു റാഡിക്കല്‍ പരിവേഷം നല്‍കുന്നു എന്നിവിടെ നാം കാണുന്നു. 'ഞാന്‍ വീണ്ടും എനിക്കെതിരായി തിരിഞ്ഞിരിക്കുന്നുവോ?' എന്നദ്ദേഹം സ്വയം ചോദിക്കുന്ന സന്ദര്‍ഭങ്ങളിലൊന്നാണിത്. ആള്‍ക്കൂട്ടങ്ങളെ വിശ്വസിക്കാന്‍ കൂട്ടാക്കാതിരുന്ന സി.ജെ. തന്നെ വിമോചനസമരജാഥകളില്‍ നേതാക്കള്‍ വിളിച്ചുകൊടുത്ത മുദ്രാവാക്യങ്ങള്‍ ഏറ്റുപറയുന്നതിന്റെ  വൈരുദ്ധ്യവും ഇ.എം.എസ് എന്ന രാഷ്ട്രീയപ്രവര്‍ത്തകനെ ത്യാഗോജ്വലതയുടെ മൂര്‍ത്തിയായി കണ്ട സി.ജെക്ക് അദ്ദേഹത്തിനെതിരായ പദപ്രയോഗങ്ങളോടു മൗനമവലംബിക്കേണ്ടി വന്നതും  മറ്റും സാനു എഴുതുന്നു. ഇതിനെല്ലാമുപരിയായി കലയുടെ മര്‍മം, അതിനാധാരമായ ഉയര്‍ന്ന സംവേദനക്ഷമത, ജീവിതബോധം ഇവയൊക്കെ പ്രായോഗികമായി സി.ജെ.ക്കുണ്ടെന്നു വെളിവാക്കുന്ന സംഭവങ്ങളും സാനു മാഷ് എഴുതുന്നു.


കര്‍മനിരതന്‍

വിചിത്രമായ കര്‍മമണ്ഡലങ്ങളില്‍ ഒരേ വൈദഗ്ധ്യത്തോടെ ഇടപെടുന്ന സി.ജെ.യെ സാനുമാഷ് ഈ കൃതിയില്‍ വരച്ചുകാട്ടുന്നുണ്ട്. പലപ്പോഴും വിശ്രമമില്ലാതെ പണിയെടുത്തു. ആശാരിപ്പണിയും കൃഷിയും പെയിന്റിംഗും സി.ജെ.ക്കിഷ്ടപ്പെട്ട പണികളായിരുന്നു. ഫോട്ടോഗ്രഫിയുടെ മേഖലയില്‍  അന്നത്തെകാലത്തു പലര്‍ക്കുമില്ലാതിരുന്ന ഫോക്കസിംഗ്, ലൈറ്റിംഗ്, കോമ്പിനേഷന്‍, റ്റോണ്‍ എന്നിവയെപ്പറ്റിയുള്ള നവീനസാങ്കേതികജ്ഞാനം സി.ജെ.ക്കുണ്ടായിരുന്നുവത്രെ. നാടകം, ടാബ്‌ളോ, സിനിമ എന്നീ ദൃശ്യകലകളെ സാഹിത്യത്തിനൊപ്പം ഗൗരവമുള്ളതായി സി.ജെ. പരിഗണിച്ചിരുന്നു എന്നതും അദ്ദേഹത്തിന്റെ നവീനവീക്ഷണത്തിനുദാഹരണമായി ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്നു.  കമ്യൂണിസ്റ്റു പാര്‍ട്ടിയിലായിരുന്നപ്പോള്‍  ബാനറെഴുത്തും പോസ്റ്ററെഴുത്തും പുസ്തകവില്പനയും എല്ലാം തനിച്ചു ചെയ്തു. എസ്.പി.സി.എസിന്റെ പ്രസാധനത്തിലും പ്രിന്റിംഗിലും എഡിറ്റിംഗിലും മറ്റും സി.ജെ. ആത്മാര്‍ത്ഥമായി മുഴുകി. ടെക്‌നിക്കല്‍ അഡൈ്വസറായി ജോലി ചെയ്തുകൊണ്ടിരിക്കെ പുസ്തകങ്ങളുടെ രൂപപരമായ ആകര്‍ഷകത്വം വര്‍ധിപ്പിക്കാന്‍ വേണ്ട ഘടകങ്ങളെക്കുറിച്ച് അദ്ദേഹം ആഴത്തില്‍ ചിന്തിച്ചിരുന്നു, പുതിയ പരീക്ഷണങ്ങള്‍ നട്തതിയിരുന്നു എന്ന് സാനുമാഷ് എഴുതുന്നു. പുസ്തകങ്ങളുടെ കവര്‍ചട്ടയുടെ രൂപസംവിധാനത്തില്‍ മാറ്റംവരുത്തി പരിഷ്‌ക്കരിക്കാന്‍ ശ്രമിച്ച ജേക്കബ്ഫിലിപ്പെന്ന സ്‌നേഹിതനെക്കുറിച്ച് സി.ജെ. എഴുതിയ ലേഖനം അതിന്റെ സാക്ഷ്യമായി സാനുമാഷ് നിരത്തുന്നു. പുസ്തകപ്രസാധനരംഗത്തെ സൗന്ദര്യാത്മകതയുടെ ആവിഷ്‌ക്കാരം കൂടി കൂട്ടിച്ചേര്‍ക്കുന്നതില്‍ തനിക്കുള്ള പങ്കിനേക്കാള്‍ ജേക്കബ് ഫിലിപ്പിനുള്ള കഴിവിനെ എടുത്തു പറയുകയാണ് ഉദാരമനസ്‌ക്കനായ സി.ജെ.ചെയ്തതെന്നും ഇവിടെ മനസ്സിലാക്കാം.


സി.ജെ.യുടെ നാടകസ്വപ്‌നങ്ങളിലേറെയും സാമൂഹികപുരോഗതിയെ സംബന്ധിച്ച ഭാവനകളിലൂന്നിയുള്ളവയായിരുന്നു. യുവാക്കളുടേതായ ഒരു  സ്‌നേഹശൃംഖല രൂപീകരിക്കണമെന്നും അതിലൂടെ നാടകപ്രവര്‍ത്തനത്തിനായി ഒരു 'സ്ഥിരംനാടകവേദി' ഉണ്ടാക്കണമെന്നും അതിലൂടെ സാമൂഹികനവീകരണത്തിന്റെ പദ്ധതികള്‍ നടപ്പാക്കണമെന്നും സി.ജെ. ആഗ്രഹിച്ചിരുന്നു. അതിലേക്കായി നിലവാരമുള്ള നാടകങ്ങളുടെ രചനയും പരിഭാഷയും നടത്താനും സി.ജെ.ഉറച്ചിരുന്നു. 

മുന്നണിയല്ല, സൃഷ്ടി

സാഹിത്യമണ്ഡലത്തില്‍ ഒരുപോലെ പ്രാധാന്യമുള്ള  പലനിലകളില്‍ സി.ജെ. ഓര്‍മിക്കപ്പെടുന്നു.   അതില്‍ത്തന്നെ പുരോഗമനസാഹിത്യപ്രസ്ഥാനവുമായി ബന്ധപ്പെട്ടുളള അദ്ദേഹത്തിന്റെ നിലപാടിനെ എടുത്തവതരിപ്പിച്ചുകൊണ്ടാണ് ജീവചരിത്രകാരന്‍ സി.ജെ.യുടെ ഇരുത്തംവന്ന ധിഷണയെ ഉദാഹരിക്കുന്നത്. വിവാദങ്ങളിലേക്കു വലിച്ചിഴക്കപ്പെട്ടപ്പോഴെല്ലാം അടിസ്ഥാനപരമായി കലാകാരന്റെ സ്വാതന്ത്ര്യം എന്ന ആശയത്തിലാണദ്ദേഹം ഊന്നിയത്.  അതാവട്ടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗികനിലപാടിനുവിരുദ്ധവുമായിരുന്നു. എന്നാല്‍ കമ്യൂണിസ്റ്റു വിരുദ്ധനെന്നാരോപിക്കപ്പെട്ട തന്റെ അഭിപ്രായങ്ങളെ വിപണിവല്‍ക്കരിക്കാന്‍ വരുന്നവര്‍ക്ക് അദ്ദേഹം തീരെ വഴങ്ങിയതുമില്ല.
പുരോഗമനസാഹിത്യസമ്മേളനത്തില്‍ സി.ജെ. മൂന്നു കാര്യങ്ങള്‍ ഊന്നിപ്പറഞ്ഞു.
1. മതത്തിന്റെയോ രാഷ്ട്രീയസംഘടനയുടെയോ ചട്ടക്കൂടിലൊതുങ്ങിനില്‍ക്കാന്‍  ഒരു കലാകാരനു സാദ്ധ്യമല്ല.
2. രൂപശില്പത്തില്‍ പരമാവധി ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ ഉത്തമകലയുണ്ടാകില്ല.
3. സാധാരണക്കാര്‍ക്കു ആസ്വദിക്കാന്‍ കഴിയുന്നു അല്ലെങ്കില്‍ മനസ്സിലാക്കാന്‍ കഴിയുന്നു എന്നതാവരുത് കലയുടെ മാനദണ്ഡം.
 
 പാര്‍ട്ടിയില്‍ നിന്നു വിട്ടുപോയ സി.ജെ. തന്റെ ആദര്‍ശത്തില്‍ ഉറച്ചുനിന്നുകൊണ്ട് ഒരേസമയം കമ്യൂണിസ്റ്റുകാരനായും അതേസമയം പാര്‍ട്ടിവിമര്‍ശകനായും നിന്നതിനെ സാനുമാഷ് വേറിട്ട ഒരു ഉല്‍പതിഷ്ണുത്വമായാണ് കാണുന്നത്. കോണ്‍ഗ്രസ് പ്രസ്ഥാനം ധര്‍മത്തില്‍ നിന്നു വ്യതിചലിക്കാതിരിക്കാന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി കൂടിയേ കഴിയൂ എന്നു പലപ്പോഴും പ്രത്യേകിച്ചും വിമോചനസമരകാലത്തുപോലും സി.ജെ. ഉറച്ചുവിശ്വസിച്ചിരുന്നതായും സാനു എഴുതുന്നു. കലയുടെ രൂപത്തെക്കുറിച്ചും ഉള്ളടക്കത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചും സി.ജെ.ക്കുള്ള സൂക്ഷ്മമായ നിലപാടിനെ സങ്കീര്‍ണതകളോടെ അവതരിപ്പിക്കാന്‍ അദ്ദേഹമെഴുതിയ 'മുന്നണിയല്ല, സൃഷ്ടി'  എന്ന ലേഖനം എടുത്തുചേര്‍ത്തുകൊണ്ടാണിതു വിശദീകരിക്കുന്നത്. കല്‍ക്കത്താതീസിസിന്റെ വെളിച്ചത്തില്‍ രൂപഭദ്രതാവാദത്തെ മുന്‍നിര്‍ത്തിയുണ്ടായ വിവാദങ്ങളെയും  ദുര്‍വ്യാഖ്യാനങ്ങളെയും പൊളിച്ചുകാട്ടാന്‍ സി.ജെ. മടിച്ചിരുന്നില്ല. സാഹിത്യത്തെ ഉത്തരവാദിത്തത്തോടുകൂടി ഏറ്റെടുത്തവര്‍ക്കിടയില്‍ ചേരിതിരിവുകള്‍ക്കു പ്രസക്തിയില്ലെന്നു സി.ജെ. തറപ്പിച്ചു പറഞ്ഞു. സംഘടനകെട്ടിപ്പടുക്കലല്ല, സാഹിത്യകാരന്റെ പ്രാഥമികമായ കര്‍ത്തവ്യമെന്നും കഴിവും പരിശ്രമവുമുപയോഗിച്ച് ധീരമായ രീതിയില്‍ എഴുതുകയാണു വേണ്ടതെന്നും സി.ജെ. ഈ ലേഖനത്തില്‍ തന്റെ നിലപാടുറപ്പിക്കുന്നു.

രാഷ്ട്രീയ ധൈഷണികത 
സി.ജെ.യുടെ രാഷ്ട്രീയ ധൈഷണികതയെ തിരിച്ചറിയാന്‍ പാകത്തില്‍ അദ്ദേഹമെഴുതിയ രണ്ടു പുസ്തകങ്ങളെ സാനു എടുത്തുകാട്ടുന്നുണ്ട്. സോഷ്യലിസം, മതവും കമ്യൂണിസവും എന്നിവയാണാ കൃതികള്‍. ഇന്നത്തെനിലയ്ക്ക് കാല്പനികതയുടെ നിഴല്‍ വീണ പ്രത്യയശാസ്ത്രബോധമാണ് ആ കൃതികളിലെ ഭാഷയില്‍ എടുത്തുനില്‍ക്കുന്നത് . എങ്കിലും  ത്യാഗിയും അന്വേഷിയുമായ ഏതൊരു ഒരു യുവപുരോഗമനവാദിക്കും ആ കാല്‍പനികത ജീവവായു പോലെ അത്യന്താപേക്ഷിതമായിരുന്നിരിക്കണം.  വിളക്കിനു തൊട്ടുചുവട്ടില്‍ നിഴലുണ്ടാവുമല്ലോ.  മായികമായ ഉദാത്തസ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യത്തെസംബന്ധിച്ച പുതിയ സാധ്യതകളിലേക്കു വഴി നയിക്കുമെന്നു സി.ജെയും നമ്മോടുപറയുന്നു.
 
   മേല്പറഞ്ഞ ഗ്രന്ഥങ്ങളെ  അധ്യാപനത്തിന്റെ മികവോടെ സാനുമാഷ്  വിശദീകരിക്കുന്നുണ്ട്. വായനക്കാരുടെ തരഭേദമനുസരിച്ച് അവരുമായി സംവദിക്കത്തക്ക തരത്തിലുള്ള അടിസ്ഥാന ആശയങ്ങളെ തൊട്ടുകൊണ്ട്, തെളിമയോടെ, ലാളിത്യത്തോടെയുള്ള സംവാദത്തിന്റെ രൂപത്തിലാണ് സി.ജെ. സോഷ്യലിസം എഴുതുന്നത്. എന്നാല്‍ കാര്യങ്ങളെ നിശിതമായി വ്യാഖ്യാനിക്കാനും സങ്കീര്‍ണമായി ഉള്‍ക്കൊള്ളാനുമുള്ള സി.ജെ.എന്ന ഗ്രന്ഥകാരനുള്ള ശേഷിക്കുദാഹരണമായി ജീവചരിത്രത്തില്‍ ഉദ്ധരിച്ചു ചേര്‍ത്ത ഭാഗം   മതിയാകും. വയലാര്‍-പുന്നപ്രസമരങ്ങള്‍ പരാജയമായിരുന്നില്ലേ എന്ന ചോദ്യത്തിനു മറുപടിയായി സി.ജെ. എഴുതുന്നു,''ഈ ചോദ്യത്തിന് കെ.സി.ജോര്‍ജ്ജ് എഴുതിയ പുന്നപ്ര-വയലാര്‍ എന്ന പുസ്തകമാണ് മറുപടി. പക്ഷേ വയലാറിലും പുന്നപ്രയിലും നടന്നത് സമരമായിരുന്നില്ലെന്നു മാത്രം ഇവിടെ പറയാം. മര്‍ദ്ദനം കൊണ്ടു സഹികെട്ട തൊഴിലാളിവര്‍ഗം ആത്മാഭിമാനസംരക്ഷണത്തിനു വേണ്ടി തിരിച്ചടിച്ചു. ധീരമായ ആ ചെറുത്തുനില്‍പ്പും അതിനെത്തുടര്‍ന്നുണ്ടായ സര്‍ സി.പി.യുടെ രാജിയും  തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നു ചരിത്രം തെളിയിക്കും.' 'മതവും കമ്മ്യൂണിസവും' എന്ന കൃതി സി.ജെ.യുടെ തന്നെ ഉള്ളടക്കത്തിലേക്ക് വെളിച്ചം വീശുന്നു എന്ന മട്ടിലാണ് സാനുമാഷ് വിശദീകരിക്കുന്നത്. ഒരേസമയം വിനയവാനും ധിക്കാരിയുമായി പ്രത്യക്ഷപ്പെടുന്ന സി.ജെ.യുടെ കാതലായി ഈ കൃതിയെ സാനുമാഷ് വിലയിരുത്തുന്നു.  ഒപ്പം കേവലം ഇരുപത്തൊമ്പതുകാരനായ സി.ജെ. എന്ന ഗദ്യകാരന്റെ സംക്ഷിപ്തതയും മൂര്‍ച്ചയുമുള്ള വിശകലനശൈലിയെയും ആവിഷ്‌ക്കരണകൗശലങ്ങളെയും വകയിരുത്തുകയും ചെയ്യുന്നു.

രാഷ്ട്രീയമായ ശരിയും വ്യക്തഗതമായ അഭിരുചികളും
എം.പി.പോളുമായുള്ള രാഗദ്വേഷങ്ങള്‍, മകള്‍ റോസിയുമായുള്ള വികാരഭരിതമായ അനുരാഗം, ഒക്കെപ്പോലെത്തന്നെ സഹപാഠിയായിരുന്ന സുധാകരന്‍ മുതല്‍ എം.ഗോവിന്ദന്‍, പി.ഭാസ്‌ക്കരന്‍, കുറ്റിപ്പുഴ, എം.സി.ജോസഫ്, കേസരി, വി.ടിവരെയുള്ള  അനേകം എഴുത്തുകാരുമായി സി.ജെ.ക്കുണ്ടായിരുന്ന സൗഹൃദവും   ഈ കൃതിക്ക് വൈകാരികമായ ചാരുതനല്‍കുന്നുണ്ട്. ഒപ്പം രാഷ്ട്രീയമായ ശരിയും വ്യക്തിഗതമായ അഭിരുചികളും തമ്മിലുള്ള സംവാദങ്ങളെ സി.ജെ.എങ്ങനെ അതിസൂക്ഷ്മമായി കൈകാര്യം ചെയ്തുവെന്നും സാനുമാഷ് വിശദീകരിക്കുന്നുണ്ട്. എം.പി.പോളുമായുള്ള ബന്ധം തന്നെ ഉദാഹരണം.

കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വന്നപ്പോള്‍ പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനിന്ന സി.ജെ.യോട് എന്തുകൊണ്ട് വിട്ടുനിന്നു എന്നു ചോദിച്ചവരോടുള്ള സി.ജെ.യുടെ ലാഘവത്തോടെയുള്ള മറുപടി രസകരമാണ്:'ഒരു കുപ്പായം ഞാന്‍  ഊരിക്കളഞ്ഞത് മറ്റൊരു കുപ്പായത്തില്‍ കയറിക്കൂടാനല്ല.' സ്വാതന്ത്ര്യത്തിന്റെ  മാത്രം തടവുകാരനായ മനുഷ്യസ്‌നേഹിയായ ഒരു ധിക്കാരിയുടെ പൂര്‍ണകായചിത്രം ഇതിലുണ്ട്. അതിനെ പലകോണുകളില്‍ നിന്നു നോക്കാനും കാണാനും പ്രേരിപ്പിക്കുകയാണ് ഈ ജീവചരിത്രകൃതി ചെയ്യുന്നത്. അങ്ങനെ ഭാവിയുടെ ഇരുട്ടിനെ കീറിമുറിക്കാന്‍ ശേഷിയുള്ള  വെളിച്ചത്തുണ്ടുകളെ തന്റെ തന്നെ ഭൂതകാലത്തിന്റെ വജ്രത്തിളക്കങ്ങളില്‍നിന്ന് ജ്വലിപ്പിച്ചെടുക്കുകയാണ് ഈ സ്മരണാഞ്ജലിയിലൂടെ  പ്രൊഫ. എം.കെ.സാനു. 

                              
(പ്രൊഫ. എം.കെ.സാനു രചിച്ച സി.ജെ.തോമസ്- 'ഇരുട്ടുകീറുന്ന വജ്രസൂചി'യെക്കുറിച്ച്2016 ഡിസംബര്‍ ഗ്രന്ഥാലോകം മാസികയില്‍ 
എഴുതിയ ലേഖനം)