Tuesday, December 23, 2008

കരാമല്‍ -സ്ത്രീ,ശരീരം, ലൈംഗികത...IFFK 2008ലെ മികച്ച ചിത്രങ്ങളിലൊന്നാണ്‌ ലബനീസ്‌ ചിത്രമായ 'കരാമല്‍'. നദീന്‍ ലബാക്കി സംവിധാനം ചെയ്ത ചിത്രത്തിലെ നായികയും അവര്‍ തന്നെ, ലായേല്‍. ചിത്രത്തിന്റെ തിരക്കഥയില്‍ മാത്രം ഒരു പുരുഷന്റെ(റോസ്നി അല്‍-ഹദാദ്‌) സഹായമുണ്ടെന്നതൊഴിച്ചാല്‍ പൂര്‍ണ്ണമായും സ്ത്രീകള്‍ എടുത്ത സിനിമയെന്നു പറയാം. എങ്കിലും ഇതൊരു ഫെമിനിസ്റ്റ്‌ ചിത്രമല്ലെന്നും അതിന്റെ ക്ലീഷേയില്‍ പെട്ടുപോകരുതെന്നും ലബാക്കി ഉറപ്പിച്ചതുപോലെയുണ്ട്‌.ബേയ്‌റൂട്ടിലെ അഞ്ചു സ്ത്രീകള്‍ കണ്ടുമുട്ടുന്നതും മനസ്സുതുറക്കുന്നതും ഒരു ബ്യൂട്ടീപാര്‍ലറിലാണ്‌.അവിടെ അവര്‍ മാതൃത്വത്തെയും ലൈംഗികതയെയും കുറിച്ച്‌ സംസാരിക്കുന്നു.അവരുടെ ചിന്തകള്‍ തുറന്നു പറയുന്നതിനും സ്വകാര്യപാപങ്ങളും ആഹ്ലാദങ്ങളും പങ്കുവെയ്ക്കുന്നതിനുള്ള ഇടമാണത്‌.ലായേല്‍ വിവാഹിതനായ ഒരാളുമായ്‌ പ്രണയത്തിലാണ്‌.ബ്യൂട്ടിപാര്‍ലറിനടുത്തുള്ള തെരുവിലെ ട്രാഫിക്‌ പോലീസുകാരന്‍ അവളെ കണ്ണെറിയാറുണ്ട്‌.അവളയാളെ കുരങ്ങു കളിപ്പിക്കാറുമുണ്ട്‌.മുസ്ലിം ആയ നിസ്രീന്‍ വിവാഹത്തിന്റെ തയ്യാറെടുപ്പിലാണ്‌.പക്ഷെ തനിക്കു കന്യാചര്‍മം നഷ്ടപ്പെട്ടു എന്നത്‌ ഒരു പ്രശ്നമാകുന്നു.കൃത്രിമമായി അതു വെച്ചുപിടിക്കാന്‍ ഒരു ശസ്ത്രക്രിയയ്ക്കു വിധേയയാകുന്നു.റിമ സ്ത്രൈണമായ്‌ മുദ്രകളില്ലാത്ത രൂപരീതികള്‍ ഉള്ളവളാണ്‌.ഷോര്‍ട്‌ കട്ട്‌ ഹെയര്‍,ഉന്തിയ കവിളെല്ലുകള്‍, പാന്റും ടീഷര്‍ട്ടും... അവള്‍ക്കു സ്ത്രീകളോട്‌ ഒരു പ്രത്യേക ആഭിമുഖ്യമുണ്ടെന്നു അവള്‍ തിരിച്ചറിയുന്നു. കസ്റ്റമറായ നീണ്ട മുടിയുള്ള ഒരു സുന്ദരിയുമായി അവള്‍ അടുക്കുന്നത്‌ മറ്റുള്ളവര്‍ നിശബ്ദമായി നിരീക്ഷിക്കുന്നുണ്ട്‌.ജമാലി മെനോപ്പോസിലെത്തിയ ഒരുവളാണ്‌.തന്റെ മെനൊപ്പോസ്‌ മറച്ചു വെയ്ക്കാന്‍ അവള്‍ പൊതു ടോയ്‌ലെറ്റില്‍ ക്യൂവിനെ മറികടന്നു നാപ്‌കിനില്‍ ചുവന്ന മഷിയിറ്റിച്ച്‌ ആര്‍ത്തവം നടിക്കുന്നു.വാര്‍ദ്ധക്യത്തിലെത്തിയ റോസ്സ്‌ ആന്റിയും സഹോദരി ലിലിയും സ്ത്രീ അനുഭാവത്തിന്റെ മാറ്റുരണ്ടു മുഖങ്ങള്‍. പ്രണയത്തിന്റെ ഇരകള്‍.റോസ്സ്‌ ആന്റിയുടെ വൃദ്ധനായ കാമുകന്‍ ഇതില്‍ പ്രത്യക്ഷപ്പെടുന്ന മറ്റൊരു പുരുഷ കഥാപാത്രമാണ്‌. പ്രണയമല്ല അവര്‍ക്കിടയില്‍,മറിച്ച്‌ കളഞ്ഞുപോയ നല്ലകാലത്തിന്റെ താക്കോല്‍ അവരൊന്നിച്ച്‌ തിരയാന്‍ ശ്രമിക്കുന്നതായാണ്‌ തോന്നുക. കുറച്ച്‌ വിഷാദം കലര്‍ന്ന ഒരു ഐക്യപ്പെടല്‍.ലിലി സമനിലതെറ്റിയ മട്ടിലാണ്‌ പെരുമാറുക.ചെറുപ്പത്തില്‍ കാമുകനയച്ച കത്തുകളാണെന്ന മട്ടില്‍ റോഡിലുള്ള പ്ലാസ്റ്റിക്കുകളും കടലാസ്സുകളും പെറുക്കി എടുത്തു സൂക്ഷിക്കുക,വിചിത്രമായി അണിഞ്ഞൊരുങ്ങുക,ലഹള കൂട്ടുക ഇടക്കു മിണ്ടാവാവുക.....ഇങ്ങിനെയൊക്കെയാണ്‌ ലിലി.(കരാമല്‍ എന്നത്‌ അനാവശ്യ രോമം നീക്കികളയാനുള്ള ഒരു വസ്തുവാണ്ര്. പഞ്ചസാരയും മെഴുകും കൂടി ഒരു പ്രത്യേക പരുവത്തില്‍ തയ്യാറാക്കുന്നത്‌)സിനിമയുടെ പ്രമേയത്തേക്കാളും ശ്രദ്ധേയം ട്രീറ്റ്‌മെന്റിലെ അതീവ ജാഗ്രതയും സൂക്ഷ്മതയുമാണ്‌.സിനിമയിലെ ഏറ്റവും ചലനാത്മകമായ വിഷയം ശരീരമാണ്‌. പരമ്പരാഗതമായ അര്‍ത്ഥത്തിലുള്ള ഒരു രാഷ്ട്രീയ സംവര്‍ഗ്ഗമല്ല അതു സിനിമയില്‍. നില നില്‍ക്കുന്ന വ്യവസ്ഥാപിത ധാരണകള്‍ക്കപ്പുറം അതു ശരീരത്തെ എക്സ്റ്റന്റു ചെയ്യുന്നുണ്ട്‌. ഭൗതികമായ ശരീരത്തേക്കാള്‍ വ്യാപ്തിയും പരിധിയുമുള്ള ഒന്നായി ശരീരം വളരുകയാണിവിടെ. സൂക്ഷ്മവും നിശ്ശബ്ദവും അവ്യാഖ്യേയവുമായ ഒരുപാടു ഷോട്ടുകളിലൂടെ ഫ്രെയിമുകളിലൂടെ ശരീരത്തെക്കുറിച്ചും അതിന്റെ ലിംഗപരതയെകുറിച്ചും ആത്മീയതയെ കുറിച്ചുമുള്ള അന്വേഷണം ഈ സിനിമായില്‍ കടന്നു വരുന്നു.


പുരുഷാധിപത്യ സമൂഹത്തിന്റെ ശ്രേണീബദ്ധമായ അധികാരവും കാമനയും ചരിത്രപരമായി ഉല്‍പാദിപ്പിച്ചെടുത്ത ഒരിടമാണ്‌ ബ്യൂട്ടീപാര്‍ലര്‍. അത്തരം അധികാരത്തിന്റെയും ബാഹ്യ സമൂഹത്തിന്റെയും പുരുഷന്റെ തന്നെയും സാന്നിദ്ധ്യങ്ങളെ പുറത്തിട്ടടച്ച്‌ സ്വയം ഒരു ആന്തരിക ലോകമായി ചമയുകയാണ്‌ സിനിമക്കുള്ളില്‍ ബ്യൂട്ടീപാര്‍ലര്‍. അധികവും അകത്തളങ്ങളിലാണീ സിനിമയിലെ സംഭവങ്ങള്‍ വിന്യസിച്ചിരിക്കുന്നത്‌. സ്ത്രീമനസ്സിന്റെ അകങ്ങള്‍.... ബ്യൂട്ടീപാര്‍ലറിലേക്ക്‌ കടന്നുവരുന്ന ഒരേ ഒരു പുരുഷന്‍ പോലീസ്സുകാരനാണ്‌. അയാള്‍ക്ക്‌ ലായേലില്‍ ഭ്രമമുണ്ട്‌. പോലീസ്‌ എന്ന അധികാര രൂപത്തിലല്ല,ഒരു സുന്ദരവിഡ്ഢിയായാണ്‌ അയാള്‍ പ്രത്യക്ഷപ്പെടുന്നത്‌. ഇടക്കൊക്കെ ഹാസ്യം കൊണ്ടുവരുന്നത്‌ അയാളിലൂടെയാണ്‌.ഒരിക്കല്‍ രണ്ടും കല്പിച്ച് ബ്യൂട്ടി പാര്‍ലറില്‍ കയറിച്ചെന്ന അയാളുടെ മീശ മുഴുവന്‍ അയാള്‍ക്കു നഷ്ടമാകുന്നു! മറ്റൊരു പുരുഷകഥാപാത്രമായ റോസ്സാന്റിയുടെ കാമുകന്‍ ഇതേപോലെ ഹാസ്യത്തിന്റെ ലാഞ്ഛനയുള്ള ഒരു കഥാപാത്രമാണ്‌. സൂക്ഷിച്ചുനോക്കിയാല്‍ ഹാസ്യത്തിന്റെ മേമ്പൊടിയുള്ള രംഗങ്ങള്‍ ഇതില്‍ വേറേയുമുണ്ട്‌. സ്വയം തിരിച്ചറിയുകയും സംഘര്‍ഷപ്പെടുകയും പ്രതിരോധിക്കുകയും ചെയ്യുന്നതിന്റെ അടയാളങ്ങളാണിതിലെ ഹാസ്യം. കഥാപാത്രങ്ങളുടെ ഒറ്റപ്പെടലിനെയും നിസ്സഹായതയെയും കടും നിറത്തിലാക്കാതെ രക്ഷിക്കുന്നതും ഈ നേര്‍ത്ത ഹാസ്യമാണ്‌.സ്ത്രീകളുടെ മുഖത്തു കാണുന്ന ഒരു അമര്‍ത്തിയ രോഷം,പറ്റിക്കപ്പെട്ടതിലുള്ള പ്രതിഷേധം ,നിസ്സഹായതയില്‍ നിന്നു വരുന്ന ആത്മബോധം അവരെ ഇടക്കൊക്കെ ഹാസ്യത്തിലേക്ക്‌ എത്തിക്കുന്നു.എല്ലാവരും ഒന്നിച്ചുള്ള പല രംഗങ്ങളിലും നിശ്ശബ്ദമായ മനോവിചാരത്തിന്റെ ഒരു ധാരയെന്നവണ്ണം ഈ രോഷത്തിന്റെ പ്രതിഫലനം ഓരോ മുഖത്തും കാണാം. ചരിത്രപരമായ ഏതോ വഞ്ചനക്കു വിധേയരായ ഒരു ജനത എന്നു തന്നെ വായിച്ചെടുക്കാവുന്ന മുഖഭാവങ്ങള്‍ .ലായലിന്റെ മുഖമാണത്‌ കൂടുതല്‍ വെളിവാക്കുന്നത്‌. കാമുകന്റെ ഭാര്യയുടെ ശരീരവുമായുള്ള ഇടപഴകലില്‍ ചുളുങ്ങിപ്പോവുകയും പിന്‍ വലിയുകയും പിടയുകയും ചെയ്യുന്ന അവളുടെ ആത്മബോധം കാണാം.ബ്യൂട്ടീ പര്‍ലറിലും പിന്നീട്‌ കാമുകന്റെ വീട്ടില്‍ വെച്ചും ലായല്‍ ആ സ്ത്രീക്ക്‌ വാക്സിങ്ങ്‌ നടത്തിക്കൊടുക്കുന്ന രംഗമാണ്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌.ശരീരത്തെ തൊടുക,അറിയുക,പരിചരിക്കുക,മിനുക്കുക,അവതരിപ്പിക്കുക എന്നീ ധര്‍മ്മങ്ങള്‍ നടക്കുന്ന ഒരിടമാണ്‌ ബ്യൂട്ടീപാര്‍ലര്‍. ശരീരം അതിന്റെ നിസ്സഹായാവസ്ഥയില്‍ പൂര്‍ണ്ണമായും വിധേയപ്പെട്ട്‌ സമര്‍പ്പിക്കപ്പെടുകയാണ്‌. സ്വയം കണ്ണാടിയില്‍ കാണുന്ന പോലെ ഓരോ ബ്യൂട്ടീഷ്യനും തന്റെ തന്നെ സ്വത്വത്തിന്റെ അനുബന്ധമെന്നവണ്ണം അപരയുടെ ദേഹത്തെ പരിചരിക്കുന്നു. ഒരുതരം ആത്മീയ ശുശ്രൂഷ,റിപ്പയറിംഗ്‌...ശരീരവും മനസ്സും വേറിട്ട ഏകകങ്ങളല്ല, അഥവാ ശരീരത്തിനും അതിന്റേതായ ആത്മബോധവും നിര്‍ണ്ണായകത്വവും ഉള്ളതുപോലെ.മറ്റൊരര്‍ഥത്തില്‍ അതു (പുരുഷാധിപത്യപരമായി)അടിച്ചേല്‍പ്പിക്കപ്പെട്ട(പെണ്‍)ലിംഗപരതയില്‍ നിന്നും വിട്ട്‌ ഒരു ശൈശവമായ നഗ്നതയും നിസ്സഹായതയും നിഷ്കളങ്കതയും സമര്‍പ്പണവും ആളുന്നു. മറ്റൊരു സ്ത്രീക്കുമാത്രം പെരുമാറാനും അറിയാനും കഴിയുന്ന ഒന്ന്. എന്നാലിതിന്‌ ലൈംഗികതയുടെ വൈകാരിക തലമല്ല ഉള്ളത്‌. സൗന്ദര്യവും വൈരൂപ്യവുമെല്ലാം അനിവാര്യമായും തുറന്നിടപ്പെടുന്നു.നഗ്നമായ പങ്കുവെക്കലിന്റെ ഒരിടം. സ്ത്രീ ജീവിതത്തെ സംബന്ധിച്ച വൈരുദ്ധ്യം-ആയിരിക്കുന്നതും ആകാനാഗ്രഹിക്കുന്നതും തമ്മിലുള്ള വൈരുദ്ധ്യം-അതാണീ സിനിമയുടെ അബോധത്തെ നിര്‍ണ്ണയിക്കുന്നത്‌. മെനപോസ്സ്‌, കന്യാചര്‍മ്മം,ഹോമോസെക്ഷ്വാലിറ്റി ഇവയെ ഒക്കെ വളരെ വാസ്തവികമായ തലത്തില്‍ പറഞ്ഞു പോകുന്നത്‌ അതാണ്.വാസ്തവികമായ തലങ്ങളെ ബലിഷ്ഠമായി നില നിര്‍ത്തിക്കൊണ്ടാണ്‌ സിനിമ നീങ്ങുന്നത്‌.റിമക്ക്‌ കസ്റ്റമറുമായുള്ള ബന്ധം സ്വവര്‍ഗ്ഗരതിയാണെന്നു തോന്നാം.പക്ഷേ ഇത്തരം ബാഹ്യഘടനകളെല്ലാം സിനിമയുടെ ഉള്‍ഘടനയെ കൂടുതല്‍ സംവാദാത്മകമാക്കാന്‍ ഉതകുന്ന വിധത്തിലാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.പാശ്ചാത്യവും പൗരസ്ത്യവുമായ സ്ത്രീ മാതൃകകള്‍ക്കിടയില്‍ തങ്ങളെത്തന്നെ കണ്ടെത്താന്‍ കഴിയാതെ കുഴങ്ങുന്ന മൂന്നാം ലോക സ്ത്രീയുടെ അവസ്ഥകളാണിതിന്റെ കാതല്‍.ആധുനികതയിലേക്ക്‌ സന്ദേഹപൂര്‍വം എന്നാല്‍ അഭിലാഷങ്ങളോടെ നടന്നടുക്കുന്നവര്‍.സ്ത്രീയായതിനാല്‍ മാത്രം അനുഭവിക്കാന്‍ കഴിയുന്ന കുതിപ്പുകളും വഴുതലുകളും അവര്‍ അനുഭവിക്കുന്നു.പുരുഷനുള്‍പ്പടെ മാറ്റാര്‍ക്കും പൂരിപ്പിക്കാനാവാത്ത ഇടങ്ങള്‍ അവര്‍ തിരിച്ചറിയുന്നു.അരുതായ്കകളുടെയും വിലക്കുകളുടെയും ഒരു പുറം ലോകത്തെ പുറത്തിട്ടടച്ച്‌ അവര്‍ തങ്ങള്‍ക്കുള്ളിലെ വ്യക്തികളെ, ഏറ്റവും അടിത്തട്ടിലെ തനിമയാര്‍ന്ന വ്യക്തികളെ സ്വതന്ത്രരാക്കുന്നു.ഇങ്ങനെ സ്ത്രീമനസ്സിന്റെ അകങ്ങളെക്കുറിച്ചുള്ള അതിന്റെ സര്‍ഗ്ഗാത്മകതയെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ആഖ്യാനമായി സിനിമ മാറുന്നു.യാഥാര്‍ഥ്യത്തിന്റെ തലങ്ങളെ പ്രകടനപരമായ മുഴക്കത്തോടെയല്ല കൈകാര്യം ചെയ്യുന്നത്‌ എന്നതു കൊണ്ടാണിതു സാധ്യമാകുന്നത്‌.നേര്‍ത്ത ഹാസ്യതിന്റെ മേമ്പൊടി ലാഘവത്തിന്റെ ഒരന്തരീക്ഷം സംഭവങ്ങളുടെ യാഥാര്‍ഥ്യതലങ്ങളില്‍ വിന്യസിക്കുന്നു.പരമ്പരാഗതമായ ഒരു ഫെമിനിസ്റ്റ്‌ സിനിമയുടെ പരിധിയിലല്ല,ഈ ചിത്രം.അത്‌ ഉറച്ച സ്വരത്തില്‍ തീര്‍പ്പുകളിലെത്തുന്നില്ല.സംഭവങ്ങളിലൂടെ ലളിതമായി,അനുഭാവപൂര്‍വം കടന്നു പോകുന്നു എന്നു മാത്രം.മറ്റൊരു തരത്തിലാണെങ്കില്‍ ക്ലീഷെ ആകുമായിരുന്നു ഈ സിനിമ.സൗന്‌ദര്യശാസ്ത്രപരമായ സൂക്ഷ്മബോധം, ദൃശ്യങ്ങളിലെ ചെറിയ ചെറിയ ടച്ചപ്പുകള്‍, അതിനെ വാര്‍പ്പു മാതൃകകളില്‍ നിന്നും വല്ലാതെ രക്ഷിച്ചിരിക്കുന്നു.ആര്‍ത്തവം, കന്യകാത്വം,ലൈംഗികത,പ്രണയം,അലങ്കാരം, സൗന്‌ദര്യം,സ്വവര്‍ഗലൈംഗികത തുടങ്ങിയ മേഖലകളെയൊക്കെ സംവാദാത്മകമാക്കാന്‍ കഴിയുന്ന ശരീരത്തെക്കുറിച്ചുള്ള ഒരു അന്യാപദേശമായി സിനിമ ഉയരുന്നത്‌ അങ്ങനെയാണ്‌.

Wednesday, May 7, 2008

കവിതയുടെ കൈവഴികള്‍.......


തൊരു മനുഷ്യാനുഭവത്തിന്റെയും ആവിഷ്കാരം അതിന്റെ ആഴങ്ങളില്‍ കവിതയോടടുക്കുന്നു.ശാസ്ത്രവും അങ്ങനെ തന്നെ.ശാസ്ത്രവും കവിതയും മനുഷ്യാനുഭവങ്ങളെ ഭാവനാപരമായി വിശദീകരിച്ചുകൊണ്ട്‌ അവയുടെ പരിധി വിസ്‌തൃതമാക്കുന്നു.മഹാന്മാരായ പല ശാസ്ത്രകാരന്മാരുടെയും ശാസ്ത്രനിര്‍ണയനങ്ങളിലും വിശകലനങ്ങളിലും കാവ്യാനുഭവത്തിന്റെ ഒരു തിരതള്ളല്‍ തന്നെ നമുക്ക്‌ അനുഭവപ്പെടുന്നു.ഭൂമിയിലേക്ക്‌ എല്ലായ്പ്പോഴും വീണുകൊണ്ടിരിക്കുന്ന ചന്ദ്രനെയും നിരന്തരം വഴുതിമാറിക്കൊണ്ടിരിക്കുന്ന ഭൂമിയെയും കുറിച്ചുള്ള ഭ്രമാത്മകമായ ഒരു ചിത്രീകരണത്തിലൂടെയാണ്‌ ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണനിയമത്തിലേക്ക്‌ നടന്നടുക്കുന്നത്‌.ശാസ്ത്രത്തിലെ സമവാക്യങ്ങള്‍,അടിസ്ഥാനനിയമങ്ങള്‍,നിര്‍ധാരണരീതികള്‍,സങ്കല്‍പനങ്ങള്‍ തുടങ്ങിയ നിരവധി ഘടകങ്ങളില്‍ അത്‌ സൗന്ദര്യാത്മകമായ മാനം കൈവരിക്കുന്നുണ്ട്‌.യുക്തിയുടേതായ ഒരു സൗന്ദര്യശാസ്ത്രം അത്‌ നിര്‍മിച്ചെടുക്കുന്നുമുണ്ട്‌.

പി.എന്‍.ഗോപീകൃഷ്ണന്റെ കവിതയെക്കുറിച്ചുള്ള നിരീക്ഷണങ്ങളുടെ ആമുഖമെന്ന നിലയിലാണ്‌ ഇത്രയും പറഞ്ഞത്‌;ശാസ്ത്രത്തിന്റെ യുക്തിയും സൗന്ദര്യവും ഈ കവിതകളുടെ ഒരു അന്തരീക്ഷമാകയാല്‍.


'വസന്തത്തിന്റെ ഇക്കിളി' എന്ന ഗദ്യകവിത ഗോപീകൃഷ്ണന്റെ കവിതകളുടെ ഒരു മാനിഫെസ്റ്റൊ ആണെന്നു പറയാം. വസ്തുക്കള്‍ ഇവിടെ ജഡമല്ല; പ്രപഞ്ചത്തിന്റെയോ മനുഷ്യന്റെയോ കേവലമായ അനുബന്ധവുമല്ല .അവയ്ക്കു സ്വതന്ത്രമായ അസ്തിത്വമുണ്ട്‌."വസ്തുക്കളുടെ യുവത്വമാണ്‌ ഇന്നു ലോകത്തിന്റെ സത്യം"എന്നു കവി പറയുന്നു.മറ്റു ജീവിവര്‍ഗ്ഗങ്ങളെപ്പോലെ വസ്തുക്കളും തിരോഭവിക്കുന്നു.അതു മരണമല്ല,(മരണം ജീവന്റെ അടയാളമാണ്‌)വംശനാശമാണ്‌.ജീവചരിത്രത്തിന്റെ തന്നെ അവസാനമാണത്‌ എന്നു കവി തിരിച്ചറിയുന്നു.വിജയിച്ച വസ്തുക്കള്‍ മാത്രം ഘോഷിക്കപ്പ്പ്പെടുന്നു.(ഏറ്റവും പുതിയതരം മൊബൈല്‍ ഫോണുകള്‍,കാറുകള്‍ കാണപ്പെടുന്നു.പേജറുകള്‍,ടൈപ്‌ റൈറ്ററുകള്‍,അച്ചുകൂടങ്ങള്‍ മുതലായവ വംശനാശം സംഭവിച്ച സ്പീഷീസുകളാകുന്നു എന്നിങ്ങനെ...)പരാജയപ്പെട്ടവ പലപ്പോഴും സാംസ്കാരികമായ ഒരു ഭൂതകാലാനുഭവമായി കവിതകളില്‍ നിറയുന്നു.ആധുനികാനന്തരലോകത്ത്‌ മകന്‍ ഓലപ്പീപ്പി ഉണ്ടാക്കി ഊതുമ്പോള്‍ 'ഒച്ചയുണ്ടായി,ആ പഴേ ഒച്ച!"എത്ര പഴയത്‌ ഇത്ര പുതുക്കി, ഇത്ര പുതിയവ എത്ര പഴക്കി' എന്നു ആ അനുഭവത്തെ ഓര്‍ത്തെടുക്കുന്നു('ആധുനികാനന്തര ലോകത്തില്‍').


'ഒരു പിരിയാണി മനുഷ്യകുലത്തോടു സംസാരിക്കു'മ്പോള്‍ വസ്തുക്കളെക്കുറിച്ചുള്ള ദര്‍ശനമാണ്‌ നമുക്കു വെളിപ്പെടുന്നത്‌.പിരിയാണി മനുഷ്യനോടല്ല,മനുഷ്യകുലത്തോടാണ്‌സംസാരിക്കുന്നത്‌.വസ്തുക്കളും മനുഷ്യരും തുല്യനിലയിലുള്ള രണ്ടുവര്‍ഗ്ഗങ്ങളായി പരസ്പരം അഭിമുഖീകരിക്കുന്നു.പിരിയാണി കേവലമായ ഒരു വസ്തുവല്ല,മനുഷ്യചരിത്രത്തിന്റെയും ബോധ്യങ്ങളുടെയും മാനകം കൂടിയാണ്‌.മാര്‍കേസിന്റെ ജിപ്സി മെല്‍ക്വയേദിസിനെപ്പോലെ ഇന്നലെകളില്‍നിന്നും അത്‌ ഉയിര്‍ത്തെഴുന്നേറ്റുവന്ന്‌ ചലനത്തിന്റെ പുരോഹിതനായി മനുഷ്യകുലത്തോടു സംസാരിക്കുന്നു,
"ഞാന്‍
വേഗത്തെ തുളച്ചു,യോജിപ്പിച്ചു,
പരിപാലിച്ചു,സ്വയം പൊള്ളി
പൊടിഞ്ഞു.ഇപ്പോള്‍ ഇല്ലാതായ്ക്കൊണ്ടിരിക്കുന്നു"
മനുഷ്യസംസ്കാരത്തിന്റെ ചരിത്രം വസ്തുക്കളുടെ കൂടി ചരിത്രമാണ്‌ എന്ന ബോധ്യം ഇവിടെയുണ്ട്‌.പിരിയാണിയില്‍ പ്രകൃതിയുടെ സര്‍ഗ്ഗാത്മകതയെ വായിച്ചെടുക്കുന്ന കവി മനുഷ്യന്റെ സംസ്കാരത്തെക്കൂടി പ്രകൃതിയുടെ ഭാഗമായി വായിച്ചെടുക്കുകയാണെന്ന് ശ്രീ.വി.വിജയകുമാര്‍ ശരിയായി നിരീക്ഷിച്ചിട്ടുണ്ട്‌('കവിതയിലെ പുതിയ വിവേകങ്ങള്‍')

പരിണാമത്തെക്കുറിച്ചുള്ള ചിന്തകള്‍ ഈ കവിതകളുടെ ഒരു പ്രചോദനമാണ്‌.ഇവിടെ വസ്തുക്കളും പരിണാമത്തിനു വിധേയരാണ്‌.ശലഭജാതികള്‍, അവയുടെ ചിറകുകളുടെ ആവൃത്തി ക്ലോക്കുമായി യോജിക്കാത്തതിനാല്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നതു പോലെ വസ്തുക്കളും വംശനാശം നേരിടുന്നു.കാലത്തിന്റെ ദ്രവത്വത്തിലേക്ക്‌ വസ്തുക്കളും അവയവങ്ങളും വീണുപോകുകയാണ്‌.ഭാഷയും വീണുപോകുന്നു.ഈ പരിണാമയുക്തിയില്‍നിന്ന് ദൈവം പോലും രക്ഷപ്പെടുന്നില്ല.എല്ലാം പരിണാമമെന്ന നിരന്തരപ്രക്രിയയ്ക്കു വിധേയമാകുന്നു.ഭാരമില്ലാത്ത, കാഴ്ചയില്ലാത്ത, ഒഴുകുന്ന പുതുകാലത്തിന്റെ ദാര്‍ശനികവ്യാഖ്യാനം കൂടിയാണ്‌ ഈ കവിത.'സത്യമായ ഭാഷകൊണ്ട്‌ സത്യമായ നുണ' സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു ഇക്കാലം.

പരിണാമത്തെ തന്നെ വിചാരണ ചെയ്യുന്ന ഒരു കവിതയുണ്ട്‌,'പറയൂ പരിണാമമേ'-
"പറയൂ പരിണാമമേ
ആണത്തമെന്നാല്‍
പില്‍ക്കാലം
ശരീരമായ്‌ സാക്ഷാല്‍ക്കരിച്ച
ചില വേഷഭൂഷകള്‍ മാത്രമോ!"എന്ന്‌ ലിംഗസ്വത്വത്തെ പ്രശ്നവല്‍ക്കരിക്കുന്നു.( പിന്നിലായിപ്പോകാതിരിക്കാന്‍,അതിജീവനത്തിനും അനശ്വരതയ്ക്കുമായി നടത്തുന്ന ഊതിപ്പെരുപ്പിക്കലായി പൗരുഷത്തെ'പുരുഷനി'ല്‍ വിശദീകരിക്കുന്നത്‌ ഇവിടെ ചേര്‍ത്തു വായിക്കാം."ഒരു പിടക്കോഴിപോലും വെറുമൊരു മുട്ടയിട്ട്‌ കൊത്തിവിരിയിച്ച്‌ അതിജീവിക്കുന്ന പ്രശ്നം')
ജീവനും ചലനവും പരിണാമവും ചേര്‍ന്ന ജീവചരിത്രം വസ്തുക്കള്‍ക്കു കൂടി കല്‍പിച്ചു നല്‍കുന്നതിലൂടെയാണ്‌ മറ്റുജീവിവര്‍ഗ്ഗങ്ങള്‍ക്കെന്നപോലെ ഇവയ്ക്കും ഗോപീകൃഷ്ണന്റെ കവിതയിലും പ്രപഞ്ചബോധത്തിലും ഇടം ലഭിക്കുന്നത്‌. മുറുക്കി വയ്ക്കുമ്പോള്‍ കമ്പിച്ചുരുളുകള്‍ നിലവിളിക്കുന്നതും ആണിമേല്‍ തറഞ്ഞ ജനല്‍ക്കൊളുത്തുകള്‍ പിറുപിറുക്കുന്നതും അടഞ്ഞ താഴുകള്‍ വീര്‍പ്പുമുട്ടുന്നതും ചുട്ടുപഴുത്ത ഇസ്തിരിക്കടിയില്‍ തുണികളുടെ മാതൃഭാഷ രൂപപ്പെടുന്നതും('ആനന്ദത്തിന്റെ അധോലോകത്തില്‍') എല്ലാം അതുകൊണ്ടാണ്‌.


കാടും പുഴയും മലയും എല്ലാമായ അചേതനപ്രകൃതി കാവ്യചരിത്രത്തില്‍ ആദ്യമായല്ല.എന്നാല്‍ മനുഷ്യനുള്‍പ്പെടുന്ന ജീവജാലങ്ങളും മനുഷ്യനിര്‍മിതവും അല്ലാത്തതുമായ പ്രകൃതിയും ജീവനോടുകൂടി പ്രത്യക്ഷപ്പെടുകയാണിവിടെ.ഇതാണ്‌ ഗോപീകൃഷ്ണന്റെ പ്രകൃതിദര്‍ശനത്തെ സവിശേഷമാക്കുന്നത്‌.അങ്ങനെ മറ്റൊരര്‍ത്ഥത്തില്‍ പ്രകൃതിയെ മാനവീകരിക്കപ്പെട്ട പ്രകൃതിയായും മനുഷ്യനിര്‍മിതികളെ സചേതനമായും തിരിച്ചറിയുന്നതിലൂടെ കവി തന്റെ പ്രകൃതിദര്‍ശനത്തെത്തന്നെ അപ്പാടെ പുതുക്കുന്നു.കേവല പ്രകൃതിസൗന്ദര്യാവിഷ്കാരങ്ങളില്‍ നിന്നും ഇതു കവിതയെ മോചിപ്പിക്കുന്നത്‌ ഇങ്ങനെയും കൂടിയാണ്‌.പുതിയൊരുതരം ആത്മീയതയിലേക്കു ഇത്‌ കവിതയെ വിളിച്ചുണര്‍ത്തുന്നു.

ചലനത്തെക്കുറിച്ചുള്ള ഭൗതികമായ സങ്കല്‍പനങ്ങളും നിര്‍ധാരണരീതികളും ഗോപീകൃഷ്ണന്റെ കവിതകളില്‍ കടന്നുവരുന്നുണ്ട്‌.തിരിയുന്ന ഭൂമിയെയും മാറുന്ന ചരിത്രത്തെയും കുറിച്ചുള്ള ആശയം പിരിയാണിയുടെ ചലനത്തിലൂടെയാണ്‌ കവി കണ്ടെത്തുന്നത്‌.
"ഞാന്‍ നിന്നിലേക്ക്‌
അപേക്ഷിച്ചുകൊണ്ടിരുന്നു
കല്ല്
ഭൂകേന്ദ്രത്തിലേക്കെന്ന പോലെ" എന്ന് 'അമ്മ'യില്‍ എഴുതുന്നു.


വേഗത,വക്രത,സമയം തുടങ്ങിയവയിലൂടെ നദിയെ അളക്കുന്നു,'നദി'യില്‍.വേഗത എന്ന ഏകഘടകത്തില്‍ ഊന്നിക്കൊണ്ടാണ്‌ 'അശ്വഹൃദയ'ത്തിലെ സാംസ്കാരികവിശകലനം എഴുതപ്പെടുന്നത്‌.കവിതയ്ക്കു മാത്രം സാധ്യമാവുന്ന വിധത്തില്‍ വേഗതയിലെ വേഗങ്ങളെ കണ്ടെടുക്കുകയാണിവിടെ.
'മടിയരുടെ മാനിഫെസ്റ്റൊ'യില്‍ മടിയെ സമയം കൊണ്ടാണ്‌ അളക്കുന്നത്‌.
"ഉറവില്‍ നിന്നും അകലാതിരിക്കാന്‍
ഒരു മാത്രയില്‍
മാത്രയേക്കാള്‍ കൂടുതലിരിക്കുന്നു" അവര്‍.


മടി ഗഹനമായ ഒരു അവസ്ഥയാണിവിടെ.വേഗവുമായി അതിനുള്ള വിരുദ്ധബന്ധത്തിലൂടെ കവി അതിന്റെ സര്‍ഗ്ഗാത്മകതയെ കണ്ടെടുക്കുന്നു.മറവിയെ ഒരു വസ്തുവായും ഓര്‍മയെ അതിന്റെ വ്യാപ്തമായും സങ്കല്‍പ്പിക്കുമ്പോള്‍('ഒരു പഴയപ്രശ്നം') മറവി ഒരു ദ്രവ്യ(matter)മാകുന്നു.ഭാവനയുടെ ഭൗതികീകരണമാണിവിടെ സംഭവിക്കുന്നത്‌.എഴുത്തിന്റെ സൂക്ഷ്മയുക്തികള്‍ പ്രവര്‍ത്തിക്കുന്നത്‌ ശാസ്ത്രീയതയുടെ സങ്കല്‍പ്പനങ്ങളില്‍ വെച്ചാണ്‌ എന്നതാണിതിനു കാരണം.
ഉള്ളടക്കത്തിന്റെ രാഷ്ട്രീയം ഭാവനയുടെ രൂപകങ്ങളെ പുതുക്കുകയും പൊളിച്ചെഴുതുകയുംചെയ്യുന്ന രീതി 'മണ്ടനി'ല്‍ കാണാം. ഒരു വിരലിന്റെ തെറ്റായ ചലനത്തിലൂടെ അതിവേഗം സഞ്ചരിക്കുന്ന ദുരന്തങ്ങളുടെ താക്കീതാണ്‌ ഒറ്റനോട്ടത്തില്‍ 'മണ്ടന്‍'.ഓരോ വിരല്‍സ്പര്‍ശവും അറിവിന്റെ,വിനിമയത്തിന്റെ അതിവേഗമാണ്‌. മൊബൈല്‍ഫോണിന്റെ സാങ്കേതികത(മെസ്സേജ്‌,സേവ്‌,ഡിലിറ്റ്‌...)യിലൂടെയാണ്‌ ഈ ദുരന്തവേഗം വിശദീകരിക്കപ്പെടുന്നത്‌.
"അതെ.
മണ്ടന്‍ എല്ലാവരെയും
ബുദ്ധിമാന്മാരാക്കുന്നു.
ബൂട്ടിനടിയില്‍ ചതഞ്ഞരഞ്ഞ്‌
.................
ജയിലിനുള്ളില്‍
ആരോടെങ്കിലും ചോദിച്ച്‌
മൊബൈല്‍ ഉപയോഗിക്കാന്‍
പഠിക്കണം.
എന്നിട്ടുവേണം
പുറത്തിറങ്ങി
ഒരു മെസ്സേജയക്കാന്‍.
അന്നേരം ഭരിക്കുന്ന മന്ത്രിക്ക്‌
അതേ മെസ്സേജ്‌"(മണ്ടന്‍) അങ്ങനെ വിപ്ലവകരമായദുരന്തങ്ങളുടെ ആഖ്യാനത്തിലൂടെ എല്ലാ ബുദ്ധിമാന്മാരെയും മണ്ടന്മാരാക്കുന്നു. ഇങ്ങനെയാണ്‌ പുതിയ വേഗങ്ങളുടെ ഒരു വ്യാഖ്യാനം കൂടിയായി 'മണ്ടന്‍'മാറുന്നത്‌.
(തിരിച്ചെടുക്കാനാവാത്ത വിധം നൂറ്റാണ്ടുകളുടെ ജൈവികതയെ നാലുകൊല്ലം കൊണ്ടു പഠിച്ച ,നൂറുകൊല്ലത്തെ സാങ്കേതികവിദ്യ വകവരുത്തുന്നതിനെക്കുറിച്ച്‌ മറ്റൊരു ദിശയില്‍ നിന്നുകൊണ്ട് 'അതിരപ്പിള്ളിക്കാട്ടില്‍' പറയുന്നു.കവി കെ.എ.ജയശീലന്‍ 'ചെടിയില്‍ നിന്നു വേര്‍പെടും കൊമ്പിനെ'ക്കുറിച്ച്‌ എഴുതുന്നു,
"മുറിവിന്‍ കാര്യമെത്തീട്ടി
ല്ലെങ്ങും.ഈ ജീവമാതൃക
യ്ക്കകമേ സഞ്ചരിക്കുന്നി
തറിവെത്ര പതുക്കനെ!"ഈ വരികളെ ഗോപീകൃഷ്ണന്‍ തന്നെ സങ്കേതികവിദ്യയുടെ വേഗമല്ല,പ്രകൃതിയുടേത്‌ എന്ന അര്‍ത്ഥത്തില്‍ എടുത്തു പറഞ്ഞതായി ഓര്‍ക്കുന്നു)മണ്ടനെയും മറവിക്കാരെയും മടിയരെയും പോലുള്ള പ്രാന്തവല്‍കൃതമായ സ്വത്വങ്ങളെ പുതിയരീതിയില്‍ നിര്‍വചിക്കുകയാണിവിടെ.ശാസ്ത്രസാങ്കേതികവിദ്യയുടെ പരികല്‍പനകള്‍ ഈ നിര്‍വചനപരിധികളെ നിര്‍ണയിക്കുന്ന ഘടകമായി,പലപ്പോഴും ഭാവനയുടെ ഉല്‍പ്രേരകങ്ങളായി പ്രവര്‍ത്തിക്കുന്നു.


യാന്ത്രികമല്ലാത്ത ഭൗതികബോധത്തിന്റെ ഇടപെടല്‍ കൊണ്ട്‌ പരുവപ്പെട്ട സാംസ്കാരികമായ യുക്തിബോധമാണ്‌ ഈ കവിതകളുടെ വ്യതിരിക്തത.ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടേതുമായ പരുക്കന്‍ വസ്തുക്കളും നിര്‍മിതികളും പദാവലികളും(പിരിയാണി,ഉരുക്ക്‌,ഇരുമ്പ്‌,അയിര്‌,സി.ഡി,കീബോര്‍ഡ്‌, മൗസ്‌,ഭ്രമണപഥം,E=MC2,ആപേക്ഷികത,ഐന്‍സ്റ്റീന്‍,ആര്‍ക്കമെഡിസ്‌...)കാവ്യഭാഷയില്‍ ഇടം പിടിക്കുന്നു,അതിന്റെ പ്രതലത്തിലെ വഴുക്കലുകളെ ഉരച്ചുകളഞ്ഞുകൊണ്ട്‌ ഇതുവരെയില്ലാത്തവിധം പുതുക്കിയെഴുതുന്നു.ചരിത്രവും സംസ്കാരവുമായുള്ള അഭിമുഖീകരണങ്ങളെ വിശദീകരിക്കുന്നതിനുള്ള ഉപാധികളായാണ്‌ ഇത്‌ കാവ്യഭാഷയില്‍ ചേക്കേറുന്നത്‌.ഒപ്പം അത്തരം സാംസ്കാരികപരിസരങ്ങളില്‍ നിന്നുതന്നെ ഊര്‍ജ്ജം സ്വീകരിച്ചുകൊണ്ട്‌ അവചരിത്രപരമായിസ്വയംനിര്‍വചിക്കുകയുംചെയ്യുന്നു.അതു പാഠത്തിന്റെ അരികുകളില്‍ നിന്നും കേന്ദ്രത്തിലേക്കു കയറിവരുന്നു.കവിതയുടെ ചരിത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്‌ കേന്ദ്രത്തില്‍ ഏകീകരിക്കപ്പെട്ട(ഉള്ളടക്കപരമായ)നിലപാടുകള്‍ മാത്രമല്ല.ഇത്തരം കൈവഴികളും ഉപാഖ്യാനങ്ങളും കൂടിയാണ്‌.തീരങ്ങളെ നനയ്ക്കുന്നതിലൂടെ ഒഴുക്ക്‌ വിസ്‌തൃതമാവുക തന്നെയാണ്‌.

ലിങ്കുകള്‍
കവിതകള്‍

Monday, April 21, 2008

മാര്‍ത്തോമാ നഗറിലെ പ്രതിമകള്‍

പച്ചയായി, ഒരു ഹരിതവ്യവസ്ഥയായി തുടരുകയും തഴയ്ക്കുകയും ചെയ്യുന്ന ചെടിയില്‍ വിടര്‍ന്ന ചുവന്ന പൂവ്‌ ആ വ്യവസ്ഥയുടെ നിഷേധമാകുന്നതിനെക്കുറിച്ച്‌, അനുകരണവിധേയത്വങ്ങളുടെ വ്യാകരണങ്ങളില്‍ നിന്നും വിടുതല്‍ നേടി ചോരത്തുള്ളികള്‍ ചിതറിച്ചു വീഴുന്നതിനെക്കുറിച്ച്‌ ആര്‍.വിശ്വനാഥന്റെ ഒരു കവിതയുണ്ട്‌.('അരിസ്റ്റൊട്ടില്‍ കണ്ടില്ലെന്നുണ്ടോ?') നാസിമുദ്ദീന്റെ കവിതകളുടെ രൂപകമാണ്‌, ആ പൂവ്‌. ഒരേ സമയം അത്‌ തുടര്‍ച്ചയും വിള്ളലുമാവുന്നു.ജീവിതത്തോടുള്ള കലഹവും പ്രതീക്ഷയുമാണ്‌.ജീവിതത്തിന്റെ ആന്തരികപ്രത്യക്ഷങ്ങളെ സ്ഥലകാലങ്ങള്‍ കൊണ്ട്‌ വളഞ്ഞിട്ടു പിടിക്കുകയാണ്‌ ഈ കവിതകള്‍.ജീവിതത്തെ ജീവിതവ്യമാക്കുന്നതും അല്ലാത്തതുമായ കാര്യങ്ങളെക്കുറിച്ചുള്ള വേവലാതി നിറഞ്ഞ അന്വേഷണങ്ങളാണ്‌ ഇവിടെ കവിതയുടെ സാധ്യത തേടുന്നത്‌.കവിത/എഴുത്ത്‌ ജീവിതത്തെ കൂട്ടിപ്പിടിക്കാനുള്ള അതിനെ തിരിച്ചറിയാനുള്ള , അതിനോട്‌ ഒട്ടിനില്‍ക്കാനുള്ള വ്യഗ്രതയാണ്‌, ഈ കവിയില്‍. മറ്റു കവികളില്‍ നിന്നു നാസിമുദ്ദീനെ വ്യതിരിക്തനാക്കുന്ന ഘടകവും എഴുത്തും ജീവിതവും തമ്മിലുള്ള സംശ്ലേഷണമാണ്‌.
ആധുനികതക്കു ശേഷം രൂപപ്പെട്ട എഴുത്തിന്റെ ദര്‍ശനത്തില്‍ നിന്നാണ്‌ ഈ കവിതയുടെ പിറവി.അക്കാലം വരെ ചിന്താപദ്ധതികളിലും ജീവിതദര്‍ശനങ്ങളിലും പ്രബലമായിരുന്ന ഉറച്ച സമഗ്രതാബോധം,നൈരന്തര്യം വ്യക്തിനിഷ്ഠതയെ അന്വയിച്ചു ചേര്‍ത്ത സമഷ്ടിബോധം എന്നിവയോടുള്ള പ്രതികരണമായി ഈ കവിതയെ കാണുന്നതില്‍ തെറ്റില്ല.ദര്‍ശനങ്ങള്‍ പ്രതിമകളും നോക്കുകുത്തികളുമായി മാറുന്നതിനെ കവി വിക്ഷോഭങ്ങളില്ലതെ,ഏറെക്കുറെ നിര്‍മ്മമമായ വിചാരഭാഷയില്‍ ആവിഷ്കരിക്കുന്നു.
"മാര്‍ത്തോമാ നഗറിലെ പ്രതിമകളായ്‌
നില്‍ക്കുന്ന പുണ്യവാന്‍മാര്‍
എങ്ങനെയായിരിക്കും ജീവിതത്തെ നേരിട്ടതെന്ന്‌
ഞാന്‍ ഓര്‍ത്തുനോക്കിയിട്ടുണ്ട്‌
ജഡവും വചനവും മല്‍സരിച്ച നൂറ്റാണ്ടിന്റെ ഭ്രമണങ്ങളിലൂടെ
കുട്ടികള്‍ ഓടിക്കളിക്കുന്ന ഈ മൈതാനത്ത്‌
ഇവര്‍ നോക്കുകുത്തികളായതെങ്ങനെ?

രണ്ടു കാലങ്ങള്‍ ആണിവിടെയുള്ളത്‌.ഒന്ന് അനാദിയും അമൂര്‍ത്തവുമായ കാലം.മറ്റൊന്ന്‌കുട്ടികള്‍ ഓടിക്കളിക്കുന്ന 'ഇന്നിന്റെ ദുസ്തരസങ്കീര്‍ണ്ണ'മായ വര്‍ത്തമാനകാലം
"പെട്ടെന്ന്‌
ഉയിര്‍ക്കപ്പെടാത്ത മാനവരും
മാര്‍ദ്ദവമില്ലാത്ത പാതകളും
ചേരാത്ത പണിയായുധങ്ങളും" ചേര്‍ന്നതാണ്‌ കവിയുടെ മുന്നിലുള്ള ഇരമ്പുന്ന ഈ കാലം. അവിടെ മുക്കുവരുടെ കലമ്പലും മീന്‍കാരന്റെ വിളിയും നേഴ്സറി വിട്ടുപോകുന്ന കുഞ്ഞുങ്ങളുമുണ്ട്‌. ആ കാലത്തില്‍ നിന്നുകൊണ്ടാണ്‌ കവി ആ പ്രതിമകളെ കാണുന്നത്‌.ജീവിതത്തെയും കവിതയെയും എന്ന പോലെ ഈ രണ്ടു കാലങ്ങളെയും ഏകോപിപ്പിക്കാനുള്ള ഏതോ വെമ്പല്‍ ഈ കവിതയുടെ അടിയടരുകളിലുണ്ട്‌. കാരണം കവിയുടെ സ്വാസ്ഥ്യം മുറിഞ്ഞു പോയിരിക്കുന്നു.
ദര്‍ശനങ്ങളെല്ലാം കാഴ്ച്ചകളോ പ്രതിമകളോ ആയിത്തീര്‍ന്ന വിപര്യയത്തോട്‌ കടുത്ത പരിഹാസമോ നിഷേധമോ കവിക്കില്ല.അവ ചലിക്കുന്നില്ല, ചലിപ്പിക്കുന്നുമില്ല.
"തീരാത്ത ജ്ഞാനസ്നാനങ്ങള്‍ ചെയ്ത്‌
ലോകത്തിന്റെ ദുര്‍ഗ്രഹതയില്‍
ഇവര്‍ക്ക്‌ മനം മടുത്തുകാണും.
ജീവിതത്തിന്റെ തീപ്പാലത്തിലൂടെ
നടക്കുമ്പോള്‍ വിസ്വാസികള്‍ പാനം ചെയ്യുന്ന
ഇവരുടെ പാദങ്ങള്‍ നന്നേ പൊള്ളിയിരിക്കും.
എങ്കിലും ശില്‍പി അത്‌ മിനുക്കിയെടുത്തിരിക്കുന്നു"
ഇങ്ങനെ കൃത്രിമമായി മിനുക്കപ്പെട്ട അറിവുകള്‍, പച്ചയായ അനുഭവത്തേക്കാള്‍ സ്ഥാപനവല്‍കൃതമായ ജ്ഞാനാധികാരങ്ങള്‍ പ്രധാനമാകുന്ന ഒരു കാലമാണിതെന്ന്‌കവി തിരിച്ചറിയുന്നു.അവരുടെ കണ്ണുകളിലെ 'ശാന്തയുടെ നീലയും' മേനിയിലെ 'സ്ഥിരതയുടെ വെള്ളയും'അമൂര്‍ത്തവും ജഡവുമായിത്തീര്‍ന്ന് കല്ലിച്ചുപോയ സിദ്ധാന്തങ്ങളെത്തന്നെയാണ്‌ ഉള്‍ക്കൊള്ളുന്നത്‌.അവിടെ നിന്നുകൊണ്ട്‌ കവി മീന്‍കാരന്റെ വിളി കേള്‍ക്കുന്നു.മുന്‍വിധികളും തീര്‍പ്പുകളുമില്ലാതെ പച്ചയായ ജീവിതത്തെ നേരിടുന്ന അവന്റെ ശബ്ദത്തില്‍ കവി തുടര്‍ച്ചയായി പരിഹസിക്കപ്പെടുന്നു.ദര്‍ശനങ്ങളുടെ കേവലതകള്‍ക്ക്‌ അഭിമുഖമായി കവിതയുടെ ഉത്തരഭാഗത്തു നിരത്തപ്പെടുന്ന ഇരമ്പുന്ന ജീവിതത്തിന്റെ ചിത്രങ്ങള്‍ നോക്കുക.അവിടെ മീന്‍കരനും മുക്കുവനും കുട്ടികളുമുണ്ട്‌.നദിയെയും സമുദ്രത്തെയും നേരിടാനിറങ്ങിയ മുക്കുവരുടെയും കുട്ടികളുടെയും യാത്രകളിലും മീന്‍കാരന്റെ വിളിയിലും ഒക്കെയുള്ള കാലം ഒരു ദൈനംദിനത്തിന്റെ പരിധിയിലാണ്‌. മൂര്‍ത്തവും ചാക്രികവുമാണത്‌.അതിനാല്‍ അത്‌ജീവിതത്തെ സുരക്ഷിതമായി ഉള്ളടക്കുന്നു,ഏകാകിയായ കവിയേയും.ദൈന്യവും കലമ്പലുമൊക്കെയുണ്ടെങ്കിലും ജീവിതത്തിന്റെ ലൗകികമായ പ്രതലങ്ങള്‍ കവിയെ ഉത്സാഹഭരിതനാക്കുന്നു,ഉത്തേജിപ്പിക്കുന്നു.ശുഭഗീതങ്ങള്‍ എന്ന മറ്റൊരു കവിതയിലെ വരികള്‍
"മധ്യാഹ്നത്തിലെ വിരസതയിലേക്ക്‌
ഞാന്‍ മയങ്ങുമ്പോള്‍
ഭൂമിയിലെ വസ്ത്രങ്ങള്‍ അലക്കിയെടുക്കുന്ന ശബ്ദം
എന്നെ ഉണര്‍ത്തുന്നു....
പറന്നു പറന്നുപോകുന്ന പക്ഷികള്‍
സൂര്യനിലേക്കു തലയുയര്‍ത്തുന്ന മരങ്ങള്‍
യാത്രക്കാര്‍, സമ്മാനപ്പൊതികള്‍
നീറുന്ന വിരഹങ്ങള്‍, ചുംബനങ്ങള്‍
അണിഞ്ഞൊരുങ്ങിയ പെണ്‍കുട്ടികള്‍
ഉമ്മറപ്പടികള്‍ ഇഴഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍
മനുഷ്യന്‍ എന്നെ സ്വാധീനിക്കുന്നു
മനുഷ്യന്‍ എന്നെ വീര്‍പ്പുമുട്ടിക്കുന്നു"
ഇങ്ങനെ സാധാരണമായ സന്ദര്‍ഭത്തെ ദാര്‍ശനികമായ,ഉദാത്തതയിലേക്കും ഉയര്‍ച്ചകളിലേക്കും പൊലിപ്പിച്ചെടുക്കുക എല്ലായ്പ്പോഴും സാധ്യമല്ല.
പെട്ടന്ന് ഉയിര്‍ക്കപ്പെടാത്ത മനുഷ്യരുടെ ലോകമാണത്‌.മാര്‍ദ്ദവമില്ലാത്ത പരുക്കനായ ജീവിതത്തിന്റെ പാതകള്‍,ചേരാത്ത പണിയായുധങ്ങള്‍-ഇവയിലാണ്‌ തന്റെയുള്ളിലെ സ്വാസ്ഥ്യത്തെ കവി തിരിച്ചറിയുന്നത്‌.എന്നാല്‍ അയാള്‍ക്കു പരാതിയില്ല. ഈ വിള്ളല്‍ സ്വാഭാവികമാണ്‌.('ഇണങ്ങാത്ത ബട്ടണുകള്‍ ചേര്‍ത്ത്‌ തുന്നിക്കൂട്ടിയ കുപ്പായം' എന്ന്‌ 'എന്റെ സ്നേഹാത്മാക്കളില്‍')അനിവാര്യമാണ്‌. അതത്‌ കാലത്തിന്റെയും ചരിത്രത്തിന്റെയും പ്രത്യയശാസ്ത്രത്തില്‍ നിന്നുള്ള വ്യതിരിക്തതയാണ്‌ ഇവിടെ കവിതയുടെ സാധ്യതയാകുന്നത്‌. കവി ദര്‍ശനങ്ങളോടല്ല, ജീവിതത്തിനോടാണ്‌ അഭിമുഖീകരണം നടത്തുന്നത്‌.സത്യസന്ധതയുടെയും മൗലികമായ അന്വേഷണങ്ങളുടെയും ഇടങ്ങള്‍ വാര്‍പ്പുമാതൃകകള്‍ക്കു പുറത്താണല്ലോ സൃഷ്ടിച്ചെടുക്കാനാവുക. സുസ്ഥിരവും ദൃഢവുമായ വിശ്വാസ പ്രത്യയശാസ്ത്രങ്ങള്‍ക്ക്‌ അനുരോധമായിട്ടല്ല വ്യക്തിയുടെ അലച്ചിലും അന്വേഷണവും ജീവിതവും സഞ്ചരിക്കുന്നത്‌.വ്യക്തിജീവിതത്തിന്റെ താല്‍പര്യങ്ങളും സാമൂഹ്യനന്മയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും തമ്മിലുള്ള വേര്‍പിരിയല്‍ സംഭവിക്കുന്ന ഘട്ടമാണ്‌ ഈ കവിതയില്‍കാണാനാവുക. അതുകൊണ്ടുതന്നെയാണ്‌ പതിവുവിനിമയരീതികളില്‍ നിന്നുള്ള വ്യതിചലനമായി ഈ കവിതയിലെ ജീവിതബോധം വിലയിരുത്തപ്പെടുന്നത്‌.
ഈ വ്യതിരിക്തമായ കാവ്യഭാഷയില്‍ നേരത്തെ സൂചിപ്പിച്ചതുപോലെ തീര്‍പ്പുകളില്ല,ആലോചനകളേയുള്ളു. അട്ടഹാസങ്ങളോ ആഹ്വാനമോ നിലവിളികളോ ഇല്ല;ഒരുതരം നിര്‍മമായ മനസ്സിലാക്കല്‍ മാത്രം.സ്വപ്നങ്ങളും പ്രതികാരങ്ങളും ശ്വസിക്കുമ്പോഴും കാവ്യഭാഷ സമതലങ്ങളിലാണ്‌. പുണ്യവാളന്മാര്‍ വായുവിലും മുക്കുവന്മാര്‍ കടലിലും നിന്നുകൊണ്ടു നേരിടുന്ന ഭൂതഭാവിജീവിതത്തെ കവി സമതലങ്ങളില്‍ വെച്ച്‌ നേരിടുന്നു.
"എങ്കിലും മുറിഞ്ഞു പോകുന്ന
സ്വസ്ഥതകളുടെയും അങ്കലാപ്പുകളുടെയും
ഈ വൈകുന്നേരത്തില്‍
സ്വപ്നങ്ങളും പ്രതികാരങ്ങളും
ശ്വസിക്കുന്ന ഒരു മനുഷ്യനായ്‌
ഈ പുണ്യവാന്മാര്‍ക്കിടയില്‍ ഞാന്‍ നില്‍ക്കുന്നു"
ഉറച്ച രാഷ്ട്രീയ സാമൂഹ്യ പ്രതിരോധങ്ങളും വിപ്ലവശ്രമങ്ങളുമായിരുന്നു ആധുനികതയുടെ കാലത്തെ സവിശേഷമാക്കിയത്‌. അതിനെ കവി തന്റെ പാരമ്പര്യത്തിലേക്ക്‌ ഉള്‍ക്കൊള്ളുന്നത്‌ ഒട്ടൊരു സന്ദേഹത്തോടെയാണ്‌.സ്ഥിരവും ഉറച്ചതുമായ ദര്‍ശനങ്ങളില്‍ നിന്നും വിടുതല്‍ നേടി ചലനാത്മകവും അവ്യവസ്ഥിതവും മുന്‍വിധികളില്ലാത്തതുമായ ജീവിതത്തോടു ചേര്‍ന്നു നിന്നുകൊണ്ടുള്ളതുമായ ഒരു ആത്മീയപ്രത്യയശാസ്ത്രം ഈ കവിതയിലുണ്ട്‌.അത്‌ ആധുനികതയോടുള്ള സവിശേഷവിമര്‍ശനമാണ്‌;ഒപ്പം ആധുനികതയെ ദര്‍ശനപരമായ ഒരു സാധ്യതയിലേക്ക്‌ വികസിപ്പിക്കാനുള്ള ശ്രമവും കൂടിയാണ്‌.അനുഭവവും ആശയവും തമ്മിലുള്ള വേറിടല്‍ എന്നത്‌ പക്ഷേ കവിതയെ/ എഴുത്തിനെ സംബന്ധിച്ച വലിയൊരു സൈദ്ധാന്തികപ്രശ്നം തന്നെയാണ്‌.പ്രത്യക്ഷത്തില്‍ അനുഭവപരമോ തത്വചിന്താപരമോ ആയ വലിയൊരു കുതിപ്പ്‌ ഈ കവിതയില്‍ അനുഭവപ്പെടാത്തതിനുകാരണം ഈ പ്രശ്നത്തിന്റെ സാര്‍വ്വകാലികത/സാര്‍വ്വജനീനത കൊണ്ടാവണം.
ജീവിതമോ ജീവിതവ്യാഖ്യാനമോ മുഖ്യം എന്ന ചോദ്യം ഇവിടെ കാതലാവുന്നു.എഴുത്തിനെ മറികടക്കുന്ന, എല്ലാത്തരം പ്രവചനങ്ങളേയും ആത്മീയാധികാരങ്ങളേയും മറികടക്കുന്ന ജീവിതം ഈ കവിയുടെ എന്നത്തേയും വിഷയമാണ്‌.സാഹിത്യത്തില്‍ ഇതൊരു പുതിയ കാര്യമല്ലെന്നും വെയ്ക്കുക. എന്നാല്‍ നാസിമുദീന്‍ ഇവയില്‍ നിന്നും വാറ്റിയെടുക്കുന്ന ജീവിതവ്യത, ശുഭബോധങ്ങള്‍ വേറിട്ടുതന്നെ നില്‍ക്കുന്നു..
അഹംബോധജന്യമായ നായകകര്‍തൃത്വതിന്റെ, ആത്മനിഷ്ഠമായ അതിവൈകാരികതയുടെ പ്രതിഫലനമായിട്ടുകൂടി ആധുനികതയുടെ സായാഹ്ന കവിതകള്‍ വെളിപ്പെട്ടിരുന്നു.എഴുപതുകളിലെ തീവ്രമായ രാഷ്ട്രീയബോധം കവിതയുമായി സംവദിച്ചതിന്റെ ആഴത്തിലുള്ള അടയാളങ്ങള്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെയും അയ്യപ്പന്റെയും മറ്റും കവിതകളില്‍ പ്രത്യേകതയോടെ കാണാം. അടക്കിയ ക്ഷോഭം, ആശങ്കകള്‍, താക്കീതുകള്‍, അതിവൈകാരികത കലര്‍ന്ന ഉദ്വിഗ്നമായ സ്വരം എന്നിവ അവയുടെ സ്വഭാവമായിരുന്നു.ആത്മാനുരാഗത്തിന്റെയും ഇടങ്ങള്‍ ഇവിടെ വിരളമല്ല.എന്നാല്‍ അവ പ്രത്യക്ഷത്തില്‍ അവ മാനവികതയുടെ തോറ്റം പാട്ടുകളായിരുന്നു. കൂടാതെ ശിഥിലമായ ബിംബങ്ങളും സ്വപ്നാത്മകമായ തീവ്രഭാഷണങ്ങളും അപരിചിതമായ പദസംയുക്തങ്ങളും കലര്‍ന്ന ബലിഷ്ഠമായ ഒരു ശൈലിയും നിശിതമായ സാമൂഹികതയും ചേര്‍ന്ന്‌ അവയ്കുള്ളിലെ 'അഹ'ത്തെ മറച്ചുകളഞ്ഞു. ഈ അഹത്തെ അതിന്റെ കാല്‍പനികദൗര്‍ബ്ബല്യങ്ങളെ കുടഞ്ഞുകളഞ്ഞുകൊണ്ടാണ്‌ നാസിമുദ്ദീന്‍ പിടികൂടുന്നത്‌.
ഈ അഹത്തെ 'അകം'കവിതകളാക്കുന്നതില്‍ തന്റെ തന്നെ ആത്മവത്തയോട്‌ ചരിത്രത്തിലും കാലത്തിലും ഊന്നിനിന്നുകൊണ്ടുള്ള ഇടപെടലായി അദ്ദേഹം വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്‌.മനുഷ്യന്റെ, ജീവിതത്തിന്റെ സാധ്യതകളേക്കുറിച്ചുള്ള തീവ്രവും ഉല്‍ക്കണ്ഠ നിറഞ്ഞതും എന്നാല്‍ വിനയപൂര്‍ണവുമായ അന്വേഷണമായി കവി കവിതയെ നോക്കിക്കാണുകയാണ്‌.ജീവിതാര്‍ഹമായ ഈ ജീവിതത്തിന്റെ പൊരുള്‍,അതിന്റെ സങ്കീര്‍ണത,ദുര്‍ഗ്രഹത,വൈരുധ്യങ്ങള്‍,പൊരുത്തക്കേടുകള്‍ ഒന്നും കവിക്ക്‌ അന്യമല്ല.ഹെര്‍സോഗിന്റെ നായകന്‍ കാസ്പ്രോസിനെ പോലെ അയാള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു....നിഷ്കളങ്കവും മൗലികവുമായ,എന്നാല്‍ തീവ്രമായ ചോദ്യങ്ങള്‍-സ്ത്രീകള്‍ എപ്പോഴും ഇരിക്കുകയും തുന്നുകയും ചെയ്യുന്നതെന്തുകൊണ്ട്‌? പക്ഷികള്‍ മുകളിലേക്കുയര്‍ന്നു പറക്കുന്നതെന്തുകൊണ്ട്‌?...യുക്തിഭദ്രമായ ഒരു ഉത്തരത്തേക്കാള്‍ സത്യസന്ധമായ അന്വേഷണമാണിവിടെ കവിക്കാവശ്യം.തന്റെ വിഹ്വലതകളെയും ഉദ്വിഗ്നതകളെയും ആത്മനിഷ്ഠമായ വൈകാരികവിതാനങ്ങളിലേക്ക്‌ വെട്ടിച്ചുരുക്കാന്‍ കവി തയ്യാറല്ല.വാക്കുകളും ജ്ഞാനവും കവിതയുമെല്ലാം അപകടകരമായ ഇത്തരം അവസ്ഥകളില്‍ നിന്നൊക്കെയുള്ള രക്ഷാമാര്‍ഗങ്ങളാണ്‌.കവിതയെഴുതുവാന്‍ അര്‍ഹത നേടേണ്ടവന്‍ അറിയേണ്ടത്‌ കൂടു നഷ്ടപ്പെട്ട പക്ഷിയുടെ ചുറ്റിക്കറങ്ങലാണെന്ന്‌ നാസിമുദ്ദീന്‍ പറയുന്നു...(തുടരും)

Wednesday, April 16, 2008

ബഷീറിന്റെ സ്ഥലം

തരം കലര്‍പ്പാണ്‌ ,ഒച്ചയനക്കങ്ങളാണ്‌ ബഷീര്‍കൃതികളിലെ സാമൂഹികതയെ നിര്‍മ്മിക്കുന്നത്. കൂടിക്കലരലിന്റെ,ബഹുസ്വരതയുടെ ഒരു ഇടം. തുറസ്സായ സാമൂഹികമായ ജീവിത സന്ദര്‍ഭങ്ങളെ ആവിഷ്കരിക്കുമ്പോള്‍ ഇതു പ്രകടമാണ്. ചലനാത്മകമായ ഈ പൊതു ഇടം പലപ്പോഴും (വീടിന്‌) പുറത്താണ്‌. തെരുവിലും ചന്തയിലും മറ്റും മറ്റും .അതിനാല്‍ ഒരു പൊതു വിനിമയ സ്ഥലം കൂടിയാണിത്‌. സ്വാഭാവികമായും അനുഭവങ്ങള്‍ക്ക് ജൈവികതയും സ്ഫോടനാത്മകതയും അനുസ്യൂതിയുമുണ്ട്. ചന്തയുടെ സാംസ്കാരിക സ്ഥലരാശി ഏറ്റവും അധികം സ്വാംശീകരിച്ച എഴുത്തുകാരനാണ്‌ ബഷീര്‍ .അധികാര വികേന്ദ്രീകൃതവും ശിഥിലവുമായ അതേ സമയം ചലനാത്മകവും ബഹുസ്വരവുമായ പൊതുഇടമാണ്‌ ചന്ത. അതിന്റെ അസ്ഥിത്വം മുന്‍കൂട്ടി സ്ഥിരപ്പെടുത്തുന്നതല്ല; മറിച്ച്‌ അതു ക്രമേണ രൂപപ്പെട്ടുവരികമാത്രമാണ്‌.

ആളുകള്‍,അവരുടെ സംസാരരീതി, വേഷവിധാനം, ചേഷ്ടകള്‍,മനോഭാവങ്ങള്‍ മുതലായവ കൊണ്ട്‌ മുദ്രിതരാക്കപ്പെടുന്ന സവിശേഷമായ കഥാപാത്രപ്രതിഷ്ഠ ഒക്കെ ഇതിന്റെ ഘടകങ്ങളാണ്‌.ചെറുതും വലുതുമായ വ്യക്തിസ്വത്വങ്ങളെക്കൊണ്ട്‌ ഓരോ കഥാപാത്രവും എഴുത്തിന്റെ കേന്ദ്രീകൃതത്വത്തെ,പ്രാമാണികതകളെ,നായകത്വങ്ങളുടെ ആധികാരികയുക്തികളെ പ്രശ്നവല്‍ക്കരിച്ചു./നിസ്സാരീകരിച്ചു.സി.വി.മുതല്‍ എം.ടി,വിജയന്‍ വരെയുള്ള എഴുത്തുകാരുടെയും ബഷീറിന്റെയും നായകരെ ഇടം വലം നിര്‍ത്തി പരിശോധിക്കുമ്പോള്‍ വ്യത്യാസം മനസ്സിലാകും.ഒറ്റക്കണ്ണന്‍ പോക്കരും മണ്ടന്‍ മുത്തപ്പായുമൊക്കെ ഇങ്ങനെ നായകനിര്‍മിതിയൂടെ ആധിപത്യഘടനയെ കുടഞ്ഞു കളയുകയാല്‍ കൂടുതല്‍ കനം കുറഞ്ഞവരാണ്‌. കൂടുതല്‍ സാധാരണ മനുഷ്യരുമാണ്‌..

എഴുത്തിന്റെ ആത്മനിഷ്ഠ ആന്തരികതയെ വലിച്ചു പുറത്തിട്ട്‌ അതിനെ ആളും ബഹളവും നിറഞ്ഞ ഒരു നടുറോഡിലേക്കു കൊണ്ടുവന്ന്‌ ഈ ബഹുജനങ്ങളുടെ ഭാഷണത്തിലേക്ക്‌ 'വിദ്യാഭ്യാസപ്പെടുത്തി' എന്നതുകൊണ്ടാണ്‌ ബഷീറിന്റെ ആഖ്യാനം ഇങ്ങനെ തനതായത്‌.എഴുത്തിനും ഏകാന്തതയ്ക്കും വിശ്രമത്തിനുമായി നാട്ടില്‍ തിരിച്ചെത്തുമ്പോഴുള്ള അവസ്ഥയാണ്‌ 'പാത്തുമ്മയുടെ ആടി'ല്‍ പറയുന്നതു്‌.വീട്ടിലെപ്പോഴും ചന്ത കൂടിയ ബഹളമാണെന്നു്‌ അദ്ദേഹം (പരാതി) പറയുന്നു.എഴുത്തുകാരന്റെ ചുറ്റുമുള്ള ആ 'ലഹളമയം'ജീവിതത്തിന്റെ ലഹളസ്വരമാണു്‌;അത്‌ എഴുത്തിനെ ഹൈജാക്ക്‌ ചെയ്തുകളയുകയാണ്‌.ജീവിതം അതിന്റെ പച്ചയോടെ നിന്ന്‌ എഴുത്തിനെ നേരിടുകയാണു്‌, തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്‌.തന്റെ പുസ്തകങ്ങള്‍,("വിമര്‍ശനപ്പീരങ്കി ഉണ്ടകള്‍“ ഏറ്റ'ശബ്ദങ്ങള്‍' വരെ)തിന്നുകഴിഞ്ഞിട്ട്‌ ആട് പുതപ്പു തിന്നാനൊരുങ്ങുമ്പോള്‍ ബഷീര്‍ പറയുന്നതിങ്ങനെ..."ഹേ അജസുന്ദരീ! ഭവതി ആ പുതപ്പു തിന്നരുത്‌. അതിനു നൂറു രൂപാ വിലയുണ്ട്‌.അതിന്റെ കോപ്പി വേറെ കിട്ടാനില്ല.എന്റെ പുസ്തകങ്ങള്‍ ഇനി വേറെയുണ്ട്‌.ഭവതിക്കതെല്ലാം വരുത്തി സൌജന്യമായി തരാം"

ഭാഷയുംഭാഷണവും തമ്മിലുള്ള അതിര്‍വരമ്പിനെ മായ്ച്ചുകളയുന്നതും ബഷീറിലെ തെരുവു സാന്നിധ്യമാണ്‌.പുളിങ്കൂസന്‍,ബഡായി, കടിച്ചല്ലേ എന്നിങ്ങനെ എത്രയോ ഉദാഹരണങ്ങള്‍..ചന്തയിലെ കലര്‍പ്പുഭാഷണങ്ങള്‍, അവയുടെ അനുദാത്തവും പരുഷവുമായ ആവിഷ്കാരം ബഷീറില്‍ രൂപപ്പെടുന്നതങ്ങനെയാണ്‌.സാഹിത്യത്തിന്റെ ആധികാരികഭാഷയെ തൊഴിച്ചിടാനുള്ള കരുത്ത്‌ അവയ്ക്കുണ്ട്‌. കോഴിയും പുഴുവും മൂര്‍ഖനും നായയും കുറുക്കനും മനുഷ്യനും എല്ലാമായ ഈ ജന്തുലോകത്തിന്റെ ഇടമായി എല്ലാത്തരം ശബ്ദകോലാഹലങ്ങളുടെയും കൂടി ഇടമായി ബഷീറിലെ സ്ഥലം ഉരുവപ്പെടുകയാണ്‌.കുരുവികളോടും മൂര്‍ഖനോടുമൊക്കെ വര്‍ത്തമാനം പറയുന്ന ഒരു മലയാളമായി ഭാഷ വികസിക്കുകയും ബലപ്പെടുകയുമാണിവിടെ, വാമൊഴിയിലൂടെ...ആ മൊഴികള്‍ പരസ്പരം ഏറ്റുമുട്ടുന്നു... ഇടയുന്ന ദ്വന്ദങ്ങളുടെ ഭൂമികയാണിവിടെ ഭാഷ.ചൊറിയമ്പുഴു, ചൊറിയമ്പുടു, ചൊറിയമ്പുസു എന്നെല്ലാമായി അത്‌ വസ്തുവും വാക്കും തമ്മിലുള്ള ബന്ധത്തെ പ്രശ്നവല്ക്കരിക്കുകയാണു്‌.ഒന്നും ഒന്നും കൂടിയാല്‍ ഇമ്മിണി വെല്യ ഒന്ന്‌ എന്ന ദര്‍ശനപരമായ യുക്തിയാണിത്‌. വെറും ഭാഷാശാസ്ത്രപരമോ വ്യാകരണപരമോ അല്ല തന്നെ.

മണ്ടന്‍ മുത്തപ്പാ, ഒറ്റക്കണ്ണന്‍ പോക്കര്, പൊന്‍കുരിശു തോമാ, കൊച്ചു ത്രേസ്യാ, രാമന്‍നായര്, കുഞ്ഞുതാച്ചുമ്മാ, പാത്തുമ്മാ,സൈനബാ, കുഞ്ഞിപ്പാത്തുമ്മ,നിസ്സാര്‍ അഹ്‌മദ് എന്നിവരുടെയെല്ലാമായ ഈ ദൈനംദിനജീവിതത്തെ,അതിന്റെ ആഴവും പരപ്പും ചേര്‍ന്ന കാലത്തെ ബഷീര്‍ ചരിത്രം എന്നു ലേശം കപടഗൌരവം നടിച്ചു വിളിച്ചു, ആഖ്യാതാവായ തന്നെ 'വിനീതനായ ചരിത്രകാരനെ'ന്നും.അയാളുടെ മുന്നിലെ ജീവിതം ഇരമ്പുന്നതാണ്‌.(സമൂഹത്തെ പോര്‍ക്കളമായി കാണുന്നു മിഖയെല്‍ ബക്തിന്‍) അതു ചലിച്ചുകൊണ്ടിരിക്കുന്നു.ഹിംസാത്മകമല്ലാത്ത (ഒരു പക്ഷേ നേര്‍ത്ത വിഷാദം പുരണ്ട)ഒരു നര്‍മത്തില്‍ പൊതിഞ്ഞ് അയാള്‍ അവയെ ആഖ്യാനം ചെയ്യുന്നു.എന്നാല്‍ ബഷീര്‍ അവയെ ഉദാത്തവല്കരിക്കുകയില്ല. അതിനാല്‍ എഴുത്തുകൊണ്ട് ബഷീര്‍ ഒരു സമഭാവന മുന്നോട്ടു വെയ്ക്കുകയാണ്‌, ആരെയും അന്യവല്‍ക്കരിക്കതെ.......

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബക്തിന്റെ കാര്‍ണിവെല്‍, ബഹുസ്വരത തുടങ്ങിയ ആശയങ്ങളുമായി ബന്ധപ്പെടുത്തി ബഷീറിന്റെ രചനയെ ഉല്‍സവീകരിക്കപ്പെട്ട വാക്ക് എന്ന്‌ ഇ.വി.രാമകൃഷ്ണനും മറ്റും വിലയിരുത്തിയിട്ടുണ്ട്‌.കാര്‍ണിവെല്‍ തെരുവില്‍ പൊതുവായ ഒരിടത്താണ്‌ നടക്കുന്നത്‌. അവിടത്തെ ചലനാത്മകവും ഉദ്വേഗഭരിതവുമായ ആവേശം നിറഞ്ഞ സംഭവങ്ങള്‍ ഒരു അന്തരീക്ഷമായി ആനവാരിയും പൊന്‍കുരിശും, മുചീട്ടുകളിക്കാരന്റെ മകള്‍, സ്ഥലത്തെ പ്രധാന ദിവ്യന്‍ പാത്തുമ്മായുടെ ആട്‌,പോലെയുള്ള പല കൃതികളിലും നിറഞ്ഞു നില്‍ക്കുന്നു.പ്രണയം പോലും ഇവിടെ സ്വകാര്യമല്ല,വിവൃതമായ പുതിയൊരു ലോകം.പാത്തുമ്മയുടെ ആടിലെന്ന വണ്ണം നിഗൂഢതകളോ രഹസ്യങ്ങളോ ഇല്ലാത്ത(വീടിനെ ചന്തയാക്കുന്ന) ഈ ലോകം എടുത്തുപിടിച്ചു നില്‍ക്കുന്നു. ആഘോഷത്തിന്റെ സ്വരം ഈ കൃതികളുടെ വ്യതിയാനമാണ്‌, സത്തയും.

Saturday, April 12, 2008

ബഷീറിന്റെ സ്ഥലം...

തരം കലര്‍പ്പാണ്‌ ,ഒച്ചയനക്കങ്ങളാണ്‌ ബഷീര്‍കൃതികളിലെ സാമൂഹികതയെ നിര്‍മ്മിക്കുന്നത്. കൂടിക്കലരലിന്റെ,ബഹുസ്വരതയുടെ ഒരു ഇടം. തുറസ്സായ സാമൂഹികമായ ജീവിത സന്ദര്‍ഭങ്ങളെ ആവിഷ്കരിക്കുമ്പോള്‍ ഇതു പ്രകടമാണ്. ചലനാത്മകമായ ഈ പൊതു ഇടം പലപ്പോഴും (വീടിന്‌) പുറത്താണ്‌. തെരുവിലും ചന്തയിലും മറ്റും മറ്റും .അതിനാല്‍ ഒരു പൊതു വിനിമയ സ്ഥലം കൂടിയാണിത്‌. സ്വാഭാവികമായും അനുഭവങ്ങള്‍ക്ക് ജൈവികതയും സ്ഫോടനാത്മകതയും അനുസ്യൂതിയുമുണ്ട്. ചന്തയുടെ സാംസ്കാരിക സ്ഥലരാശി ഏറ്റവും അധികം സ്വാംശീകരിച്ച എഴുത്തുകാരനാണ്‌ ബഷീര്‍ .അധികാര വികേന്ദ്രീകൃതവും ശിഥിലവുമായ അതേ സമയം ചലനാത്മകവും ബഹുസ്വരവുമായ പൊതുഇടമാണ്‌ ചന്ത. അതിന്റെ അസ്ഥിത്വം മുന്‍കൂട്ടി സ്ഥിരപ്പെടുത്തുന്നതല്ല; മറിച്ച്‌ അതു ക്രമേണ രൂപപ്പെട്ടുവരികമാത്രമാണ്‌.

ആളുകള്‍,അവരുടെ സംസാരരീതി, വേഷവിധാനം, ചേഷ്ടകള്‍,മനോഭാവങ്ങള്‍ മുതലായവ കൊണ്ട്‌ മുദ്രിതരാക്കപ്പെടുന്ന സവിശേഷമായ കഥാപാത്രപ്രതിഷ്ഠ ഒക്കെ ഇതിന്റെ ഘടകങ്ങളാണ്‌.ചെറുതും വലുതുമായ വ്യക്തിസ്വത്വങ്ങളെക്കൊണ്ട്‌ ഓരോ കഥാപാത്രവും എഴുത്തിന്റെ കേന്ദ്രീകൃതത്വത്തെ,പ്രാമാണികതകളെ,നായകത്വങ്ങളുടെ ആധികാരികയുക്തികളെ പ്രശ്നവല്‍ക്കരിച്ചു./നിസ്സാരീകരിച്ചു.സി.വി.മുതല്‍ എം.ടി,വിജയന്‍ വരെയുള്ള എഴുത്തുകാരുടെയും ബഷീറിന്റെയും നായകരെ ഇടം വലം നിര്‍ത്തി പരിശോധിക്കുമ്പോള്‍ വ്യത്യാസം മനസ്സിലാകും.ഒറ്റക്കണ്ണന്‍ പോക്കരും മണ്ടന്‍ മുത്തപ്പായുമൊക്കെ ഇങ്ങനെ നായകനിര്‍മിതിയൂടെ ആധിപത്യഘടനയെ കുടഞ്ഞു കളയുകയാല്‍ കൂടുതല്‍ കനം കുറഞ്ഞവരാണ്‌. കൂടുതല്‍ സാധാരണ മനുഷ്യരുമാണ്‌..

എഴുത്തിന്റെ ആത്മനിഷ്ഠ ആന്തരികതയെ വലിച്ചു പുറത്തിട്ട്‌ അതിനെ ആളും ബഹളവും നിറഞ്ഞ ഒരു നടുറോഡിലേക്കു കൊണ്ടുവന്ന്‌ ഈ ബഹുജനങ്ങളുടെ ഭാഷണത്തിലേക്ക്‌ 'വിദ്യാഭ്യാസപ്പെടുത്തി' എന്നതുകൊണ്ടാണ്‌ ബഷീറിന്റെ ആഖ്യാനം ഇങ്ങനെ തനതായത്‌.എഴുത്തിനും ഏകാന്തതയ്ക്കും വിശ്രമത്തിനുമായി നാട്ടില്‍ തിരിച്ചെത്തുമ്പോഴുള്ള അവസ്ഥയാണ്‌ 'പാത്തുമ്മയുടെ ആടി'ല്‍ പറയുന്നതു്‌.വീട്ടിലെപ്പോഴും ചന്ത കൂടിയ ബഹളമാണെന്നു്‌ അദ്ദേഹം (പരാതി) പറയുന്നു.എഴുത്തുകാരന്റെ ചുറ്റുമുള്ള ആ 'ലഹളമയം'ജീവിതത്തിന്റെ ലഹളസ്വരമാണു്‌;അത്‌ എഴുത്തിനെ ഹൈജാക്ക്‌ ചെയ്തുകളയുകയാണ്‌.ജീവിതം അതിന്റെ പച്ചയോടെ നിന്ന്‌ എഴുത്തിനെ നേരിടുകയാണു്‌, തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്‌.തന്റെ പുസ്തകങ്ങള്‍,("വിമര്‍ശനപ്പീരങ്കി ഉണ്ടകള്‍“ ഏറ്റ'ശബ്ദങ്ങള്‍' വരെ)തിന്നുകഴിഞ്ഞിട്ട്‌ ആട് പുതപ്പു തിന്നാനൊരുങ്ങുമ്പോള്‍ ബഷീര്‍ പറയുന്നതിങ്ങനെ..."ഹേ അജസുന്ദരീ! ഭവതി ആ പുതപ്പു തിന്നരുത്‌. അതിനു നൂറു രൂപാ വിലയുണ്ട്‌.അതിന്റെ കോപ്പി വേറെ കിട്ടാനില്ല.എന്റെ പുസ്തകങ്ങള്‍ ഇനി വേറെയുണ്ട്‌.ഭവതിക്കതെല്ലാം വരുത്തി സൌജന്യമായി തരാം"

ഭാഷയുംഭാഷണവും തമ്മിലുള്ള അതിര്‍വരമ്പിനെ മായ്ച്ചുകളയുന്നതും ബഷീറിലെ തെരുവു സാന്നിധ്യമാണ്‌.പുളിങ്കൂസന്‍,ബഡായി, കടിച്ചല്ലേ എന്നിങ്ങനെ എത്രയോ ഉദാഹരണങ്ങള്‍..ചന്തയിലെ കലര്‍പ്പുഭാഷണങ്ങള്‍, അവയുടെ അനുദാത്തവും പരുഷവുമായ ആവിഷ്കാരം ബഷീറില്‍ രൂപപ്പെടുന്നതങ്ങനെയാണ്‌.സാഹിത്യത്തിന്റെ ആധികാരികഭാഷയെ തൊഴിച്ചിടാനുള്ള കരുത്ത്‌ അവയ്ക്കുണ്ട്‌. കോഴിയും പുഴുവും മൂര്‍ഖനും നായയും കുറുക്കനും മനുഷ്യനും എല്ലാമായ ഈ ജന്തുലോകത്തിന്റെ ഇടമായി എല്ലാത്തരം ശബ്ദകോലാഹലങ്ങളുടെയും കൂടി ഇടമായി ബഷീറിലെ സ്ഥലം ഉരുവപ്പെടുകയാണ്‌.കുരുവികളോടും മൂര്‍ഖനോടുമൊക്കെ വര്‍ത്തമാനം പറയുന്ന ഒരു മലയാളമായി ഭാഷ വികസിക്കുകയും ബലപ്പെടുകയുമാണിവിടെ, വാമൊഴിയിലൂടെ...ആ മൊഴികള്‍ പരസ്പരം ഏറ്റുമുട്ടുന്നു... ഇടയുന്ന ദ്വന്ദങ്ങളുടെ ഭൂമികയാണിവിടെ ഭാഷ.ചൊറിയമ്പുഴു, ചൊറിയമ്പുടു, ചൊറിയമ്പുസു എന്നെല്ലാമായി അത്‌ വസ്തുവും വാക്കും തമ്മിലുള്ള ബന്ധത്തെ പ്രശ്നവല്ക്കരിക്കുകയാണു്‌.ഒന്നും ഒന്നും കൂടിയാല്‍ ഇമ്മിണി വെല്യ ഒന്ന്‌ എന്ന ദര്‍ശനപരമായ യുക്തിയാണിത്‌. വെറും ഭാഷാശാസ്ത്രപരമോ വ്യാകരണപരമോ അല്ല തന്നെ.

മണ്ടന്‍ മുത്തപ്പാ, ഒറ്റക്കണ്ണന്‍ പോക്കര്, പൊന്‍കുരിശു തോമാ, കൊച്ചു ത്രേസ്യാ, രാമന്‍നായര്, കുഞ്ഞുതാച്ചുമ്മാ, പാത്തുമ്മാ,സൈനബാ, കുഞ്ഞിപ്പാത്തുമ്മ,നിസ്സാര്‍ അഹ്‌മദ് എന്നിവരുടെയെല്ലാമായ ഈ ദൈനംദിനജീവിതത്തെ,അതിന്റെ ആഴവും പരപ്പും ചേര്‍ന്ന കാലത്തെ ബഷീര്‍ ചരിത്രം എന്നു ലേശം കപടഗൌരവം നടിച്ചു വിളിച്ചു, ആഖ്യാതാവായ തന്നെ 'വിനീതനായ ചരിത്രകാരനെ'ന്നും.അയാളുടെ മുന്നിലെ ജീവിതം ഇരമ്പുന്നതാണ്‌.(സമൂഹത്തെ പോര്‍ക്കളമായി കാണുന്നു മിഖയെല്‍ ബക്തിന്‍) അതു ചലിച്ചുകൊണ്ടിരിക്കുന്നു.ഹിംസാത്മകമല്ലാത്ത (ഒരു പക്ഷേ നേര്‍ത്ത വിഷാദം പുരണ്ട)ഒരു നര്‍മത്തില്‍ പൊതിഞ്ഞ് അയാള്‍ അവയെ ആഖ്യാനം ചെയ്യുന്നു.എന്നാല്‍ ബഷീര്‍ അവയെ ഉദാത്തവല്കരിക്കുകയില്ല. അതിനാല്‍ എഴുത്തുകൊണ്ട് ബഷീര്‍ ഒരു സമഭാവന മുന്നോട്ടു വെയ്ക്കുകയാണ്‌, ആരെയും അന്യവല്‍ക്കരിക്കതെ.......

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബക്തിന്റെ കാര്‍ണിവെല്‍, ബഹുസ്വരത തുടങ്ങിയ ആശയങ്ങളുമായി ബന്ധപ്പെടുത്തി ബഷീറിന്റെ രചനയെ ഉല്‍സവീകരിക്കപ്പെട്ട വാക്ക് എന്ന്‌ ഇ.വി.രാമകൃഷ്ണനും മറ്റും വിലയിരുത്തിയിട്ടുണ്ട്‌.കാര്‍ണിവെല്‍ തെരുവില്‍ പൊതുവായ ഒരിടത്താണ്‌ നടക്കുന്നത്‌. അവിടത്തെ ചലനാത്മകവും ഉദ്വേഗഭരിതവുമായ ആവേശം നിറഞ്ഞ സംഭവങ്ങള്‍ ഒരു അന്തരീക്ഷമായി ആനവാരിയും പൊന്‍കുരിശും, മുചീട്ടുകളിക്കാരന്റെ മകള്‍, സ്ഥലത്തെ പ്രധാന ദിവ്യന്‍ പാത്തുമ്മായുടെ ആട്‌,പോലെയുള്ള പല കൃതികളിലും നിറഞ്ഞു നില്‍ക്കുന്നു.പ്രണയം പോലും ഇവിടെ സ്വകാര്യമല്ല,വിവൃതമായ പുതിയൊരു ലോകം.പാത്തുമ്മയുടെ ആടിലെന്ന വണ്ണം നിഗൂഢതകളോ രഹസ്യങ്ങളോ ഇല്ലാത്ത(വീടിനെ ചന്തയാക്കുന്ന) ഈ ലോകം എടുത്തുപിടിച്ചു നില്‍ക്കുന്നു. ആഘോഷത്തിന്റെ സ്വരം ഈ കൃതികളുടെ വ്യതിയാനമാണ്‌, സത്തയും.

Thursday, April 10, 2008

അള്‍സിര@.........

എം.ആര്‍.രേണുകുമാറിന്റെ രചനയില്‍ സൂക്ഷ്മമായ നോട്ടങ്ങളാണ്‌ കാണാന്‍ കഴിയുക..കൌതുകങ്ങളും അത്ഭുതങ്ങളുമില്ലാതെ അനുഭവങ്ങളിലേക്കും ചരിത്രത്തിലേക്കും ചുഴിഞ്ഞിറങ്ങുന്ന നിരീക്ഷണങ്ങളായി ഇവിടെ കവിതകള്‍ മാറുന്നു..കവിത കഥയാവുന്ന കാഴ്ച്ച പല ദളിത്‌ ആഖ്യാനങ്ങളിലുമെന്ന പോലെ അള്‍സിര@ ലും കാണാം. എന്നാലുമത്‌ പതിവു ദീനക്കാഴ്ച്ചയല്ല. ഓലക്കുടിലിലും പാറമടയിലും ഒതുങ്ങി ഉറച്ചുപോയ ദളിതന്റെ കഥയല്ലിത്‌.അയാള്‍ മാറുന്നു ചലിക്കുന്നു. ‘ഉള്ളി പൊളിക്കുമ്പോ,മൊളകുഞെട്ടുകളയുന്ന,കൊയ്തുവെക്കുമ്പോ, കറ്റകെട്ടിയിടുന്ന ഒരുത്തി‘യെ അമ്മയും ‘ഉണര്‍ന്നു വരുമ്പോ ഉമിക്കരി നുള്ളുന്ന പുറത്തേക്കിറങ്ങുമ്പോ കച്ചത്തോര്‍ത്ത് നീട്ടുന്ന ഒരുത്തി‘യെ അപ്പനും ആശിച്ചെങ്കിലും തൊലിവെളുത്ത, ചുണ്ടുചുവന്ന ,സ്വര്‍ണ്ണമുടിയുള്ള ഒരു ബ്രിട്ട്നി സ്പിയേഴ്സിനെയാണയാള്‍ തെരഞ്ഞത്. അള്‍സിറയെന്ന അയര്‍ലന്റുകാരി -നെറ്റിലൂടെ ചാറ്റിലൂടെ പുതിയ, മാറിയ ,സ്ഥലകാലത്തിലൂടെ അവളിലെത്തി. ചിര പുരാതന പ്രതിഷ്ഠമായ പ്രതിസന്ധികളുടെ നീറ്റമില്ലാതെ അയാള്‍ അവളി‍ലേക്കു ഊളിയിട്ടു. മേഘങ്ങളില്‍‌ ഉരുമ്മി പറക്കുമ്പോള്‍ വിയര്‍പ്പുണങ്ങുന്ന പിന്‍കഴുത്തില്‍ തിരുകിയിരുന്ന മുഖമെടുത്ത്‌ വെറുതെ താഴേക്കു നോക്കി. അപ്പനുമമ്മയും ഓടിവരുന്നുണ്ടോ?

വിവരസാങ്കേതിക വിദ്യയും തിരുമ്മല്‍ ചികിത്സയും മറ്റുമുള്ള ആഗോളവല്‍കൃതകാലം ആ ഉപ്പിലും മുളകിലും നിന്നയാളെ അവളിലെത്തിച്ചു. മാറ്റമില്ലാതെ തുടരുന്ന ഉറച്ചുപോയ ദളിത് സ്വത്വാഖ്യാനത്തിന്റെ ചേരുവകളെ മാറ്റിമറിക്കുന്നുണ്ട്‌ ഈ രചന. കാല്‍പ്പനികമായ ഓര്‍മ്മകളേക്കാള്‍ മൂര്‍ത്തമായ അനുഭവങ്ങള്‍ക്ക്‌ മുന്‍തൂക്കമുണ്ട് ഇവിടെ.മരവിച്ചുപോയ സ്ഥാവരമായ സ്വത്വത്തില്‍നിന്നും കര്‍തൃത്വത്തിലേക്കുള്ള യാത്രകൂടിയാണ്‌ അത്‌.ജീവിതവും എഴുത്തും തമ്മിലുള്ള നേര്‍ബന്ധത്തെ പുനര്‍നിര്‍ണ്ണയിക്കുകകൂടിചെയ്യുന്നുണ്ട് ഇത്തരം രചനകള്‍.
അള്‍സിര@----എം.ആര്‍.രേണുകുമാര്‍.
ഉള്ളി പൊളിക്കുമ്പോ മൊളക് ഞെട്ടു കളയുന്ന
കൊയ്തുവെക്കുമ്പൊകറ്റ കെട്ടിയിടുന്നവിറകൊടിക്കുമ്പോപെറുക്കിക്കൂട്ടുന്നമുടിയഴിച്ചിടുമ്പോകോതിത്തരുന്നപൊല്വാനിരിക്കുമ്പൊതഴ നിവര്‍ത്തുന്നഒരുത്തിയെ മതിയെന്ന് അമ്മ.
ഉണര്‍ന്നു വരുമ്പൊഉമിക്കരി നുള്ളുന്നപുറത്തേക്കിറങ്ങുമ്പൊ കച്ചത്തോര്‍ത്ത് നീട്ടുന്നഉച്ചതിരിയുമ്പൊപൊതിച്ചോറുമായെത്തുന്നകടമ്പ കയറുമ്പോകടുങ്കാപ്പി ഊറ്റുന്ന കോട്ടുവായിടുമ്പോപായ വിരിക്കുന്നഒരുത്തിയെ മതിയെന്ന്‌ അപ്പന്‍.
തൊലി വെളുത്തചുണ്ടുചൊവന്നസ്വര്‍ണമുടിയുള്ളഒരു ബ്രിട്ട്നിസ്പിയേര്‍സിനെതെരഞ്ഞ് ഞാന്‍.
ഒടുക്കം കുറി വീണത്അള്‍സിരയെന്നഅയര്‍ലന്‍ഡുകാരിക്ക്നെറ്റിനും ചാറ്റിനും കടപ്പാട്‌
ഇടറിയ പെടലിയും വെട്ടിയ നടുവുംതിരുമ്മി സുഖപ്പെടുത്തി വിരലുകളിലെ ഞൊട്ടപൊട്ടിച്ചുകൊടുത്ത്ഞാനവളുടെ ഹൃദയത്തിലേക്ക്ഊളിയിട്ടു.
മേഘങ്ങളിരുമ്മി പറക്കുമ്പോള്‍ വിയര്‍പ്പുണങ്ങുന്ന പിന്‍കഴുത്തില്‍ തിരുകിയിരുന്ന മുഖമെടുത്ത്വെറുതെ താഴേക്ക് നോക്കി.
മേല്പോട്ട് നോക്കികൈകള്‍ വീശിക്കരഞ്ഞ്വരമ്പിലൂടെ അപ്പനുമമ്മേംഓടിവരുന്നുണ്ടോ?