Tuesday, June 19, 2018

സ്വര്‍ണത്തിന്റെ സാമൂഹികഭാവനകള്‍
സി.വി. കുഞ്ഞുരാമന്റെ ഒരു ചെറുകഥയുണ്ട്, ഇന്ദുലേഖ എന്ന പേരില്‍. ചന്തുമേനോന്റെ ഇന്ദുലേഖയുടെ ഒരു പാരഡി. ചന്തുമേനോന്റെ നായരായ നായികയ്ക്ക് 70 വയസ്സാവുന്ന സമയത്താണ് സിവി.യുടെ കഥ നടക്കുന്നത്. സ്വാഭാവികമായും സി.വി.യുടെ നായിക ഈഴവത്തി. 'കസവ് എവിടെ തുടങ്ങുന്നു ശരീരം എവിടെ അവസാനിച്ചു' എന്നതുപോലെയായിരുന്നില്ല ഈഴവനായികയുടെ ശരീരവര്‍ണം. രണ്ട് ഇന്ദുലേഖമാര്‍ക്കും വേഷത്തിലും ആഭരണങ്ങളിലും വ്യത്യാസമുണ്ട്. മലബാറിലെ ഇന്ദുലേഖയ്ക്ക് 'കാതില്‍ കൊത്തുള്ള തോടയും കഴുത്തിന്റെ മധ്യത്തില്‍ ഉരുണ്ട ഒരു സ്വര്‍ണനൂലിന്‍മേല്‍ ചെറിയ ഒരു പതക്കവും അതിനു ചുവടെ ഒരു പരന്ന സ്വര്‍ണനൂലിന്‍മേല്‍ നല്ല വിലയുള്ള വൈരവും പച്ചരത്‌നവും ചുവന്നരത്‌നവും കൊണ്ടു വേല ചെയ്ത ഒരു പതക്കവും കൈകളില്‍ തഞ്ചാവൂരില്‍ കിഴക്കന്‍ സമ്പ്രദായത്തില്‍ വേല ചെയ്ത ഓരോ പൂട്ടുവളയും കൈവിരലുകളില്‍ സ്വല്‍പം മോതിരങ്ങളുമുണ്ടായിരുന്നു. എന്നാല്‍ സി.വി.യുടെ ഇന്ദുലേഖയക്ക് സ്വര്‍ണച്ചങ്ങലയുള്ള ഒരു റിസ്റ്റുവാച്ചും പച്ചക്കല്ലു വെച്ച ഒരു സ്വര്‍ണമോതിരവും മാത്രമാണുള്ളത്.  അവള്‍ ആഭരണങ്ങള്‍ ധരിക്കാതിരുന്നത് ഇല്ലാഞ്ഞിട്ടല്ല, വലിയച്ഛനും വലിയമ്മയും അച്ഛനും കൊടുത്ത നാഗപടത്താലി മുതല്‍ തഞ്ചാവൂര്‍ കാപ്പു വരെയുള്ള വിശേഷപണിത്തരങ്ങള്‍ പെട്ടിയില്‍ വെച്ചു പൂട്ടിയിരിക്കുകയാണ്. വേഷം കസവും ഒന്നരയും മേല്‍മുണ്ടുമല്ല, ഖദറാണ്; ശുദ്ധഖദര്‍; സാരിയും ബ്ലൗസും ബോഡീസും ഖദര്‍!1 മുക്കാല്‍ നൂറ്റാണ്ടുകൊണ്ടു പരിണമിച്ച അലങ്കാരാനുഭവത്തെ പ്രകാശിപ്പിക്കുകയാണ് സി.വി.തന്റെ രചനയില്‍. തുടര്‍ന്ന് സി.വി.തന്റെ നായികയുടെ ജീവിതസഖാവിനെക്കുറിച്ചും പറയുന്നുണ്ട്. അത് മുറച്ചറുക്കനായ മാധവനല്ല; അയലത്തെ വലിയ തറവാട്ടിലെ മാധവന്‍നായരാണ്.

സ്വര്‍ണം എപ്രകാരമാണ് നമ്മുടെ സൂക്ഷ്മസാമൂഹികതയുമായും അതിലെത്തന്നെ ജനാധിപത്യപരിഗണനകളുമായും ബന്ധപ്പെട്ടു കിടക്കുന്നത് എന്ന ആലോചനയക്കുള്ളിലാണ് സി.വി. തന്റെ നായികയെ അവതരിപ്പിക്കുന്നത്. സി.വി. ചെയ്തതുപോലെ നമുക്കും ഭൂതകാലത്തിലേക്ക് തിരിഞ്ഞുനോക്കിക്കൊണ്ടും അതിനെ പുതിയ സാഹചര്യങ്ങളുമായി ബന്ധിപ്പിച്ചും സ്വര്‍ണത്തെക്കുറിച്ചുള്ള ധാരണകള്‍ സ്വരൂപിക്കാന്‍ കഴിയും. വൈയക്തികവും സാമൂഹികവുമായ സ്വത്വപദവികള്‍ക്കകത്ത് ശരീരത്തിന്റെ പ്രത്യക്ഷതലം മെരുക്കുകയും ക്രമീകരിക്കുകയും ചെയ്യുമ്പോള്‍ കാമനകള്‍ക്കുമേല്‍ അതുണ്ടാകുന്ന സമ്മര്‍ദ്ദമെന്ത്? കോളനീകൃതമായ ആധുനികതാബോധം നമ്മുടെ ശരീരങ്ങളെ സ്വര്‍ണാഭരണങ്ങളിലൂടെ സങ്കീര്‍ണമായി പുതുക്കിപ്പണിഞ്ഞതെങ്ങനെ? ദേശീയപ്രസ്ഥാനവും പുരോഗമനപ്രസ്ഥാനങ്ങളും വൈയക്തികകാമനകളോട് ഇടപെടുന്നതിന്റെ പശ്ചാത്തലത്തില്‍ ആഭരണകാമനകള്‍ എങ്ങനെ വഴിമാറുന്നു? ഇത്തരം നിരവധിയായ ആലോചനകളുടെ കൈവഴികള്‍ കേന്ദ്രീകരിക്കുന്ന ഒരു സംഗമബിന്ദുവാണ് സ്വര്‍ണം എന്ന ആശയം. കേരളത്തിന്റെ കഴിഞ്ഞകാലങ്ങളില്‍ നിന്നുള്ള ചില അടയാളങ്ങളിലൂടെ മേല്പറഞ്ഞ മൂല്യചിന്തകളെയും വ്യവഹാരങ്ങളെയും നോക്കിക്കാണാനുള്ള ശ്രമമാണ് ഈ പഠനം. അതിലൂടെ കേരളീയരുടെ ലിംഗപദവിയിലും ലിംഗചരിത്രത്തിലും സ്വര്‍ണം ഇടപെട്ടതിന്റെ വ്യത്യസ്തമാനങ്ങള്‍ തിരിച്ചറിയാനാവുമെന്നാണ് പ്രതീക്ഷ. 

ലോകത്തിലെല്ലായിടത്തുമെന്നപോലെ കേരളത്തിലും ആഭരണങ്ങള്‍ വസ്ത്രങ്ങളോളവും ചിലപ്പോള്‍ അതിനേക്കാളേറെയും പ്രധാനമായിരുന്നു. വസ്ത്രം ധരിക്കാത്ത സമൂഹങ്ങള്‍ പോലും ആഭരണങ്ങള്‍ ധരിച്ചിരുന്നുവെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യ കാലത്തുതന്നെ കേരളത്തെ കുറിച്ച് പഠിച്ച ഗവേഷകര്‍ ഈ വസ്തുത തിരിച്ചറിഞ്ഞിരുന്നു. വസ്ത്രങ്ങളുടെ ധര്‍മം നിര്‍വഹിക്കുന്ന ആഭരണങ്ങള്‍ പോലും അക്കാലത്തുണ്ടായിരുന്നു. വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കുമിടയില്‍ നിലനിന്നിരുന്ന അനുപാതം ഓരോ കാലത്തും വ്യത്യസ്തമായിരുന്നുവെന്ന് ആദ്യകാലപഠിതാക്കള്‍ മനസ്സിലാക്കി. അവ ഒരോ കാലത്തെയും സാമൂഹിക-സാംസ്‌കാരിക സംഘര്‍ഷങ്ങളുടെ സൂചനകളാണെന്നും അവര്‍ തിരിച്ചറിഞ്ഞു. ആധുനികകാലത്ത് നാം കാണുന്ന വസ്ത്ര-ആഭരണ അനുപാതം ഇതുപോലെത്തന്നെ പില്‍ക്കാലത്ത് ക്രമാനുഗതമായി വികസിച്ചുവന്നതാണെന്ന് അവരെ പിന്‍പറ്റിക്കൊണ്ട് നമുക്കും നിരീക്ഷിക്കാവുന്നതാണ്. 

അലങ്കരിക്കപ്പെട്ട ശരീരങ്ങള്‍


സര്‍വ്വാഭരണഭൂഷിതരായ സ്ത്രീപുരുഷശരീരങ്ങളാണ് ആ കാലത്തിന്റെ പ്രത്യേകത. വടക്കന്‍പാട്ടുകളില്‍ വിസ്തരിച്ചെഴുതുന്ന ഒതേനന്റെയും മറ്റും ആഭരണവര്‍ണനകള്‍ അലങ്കരിക്കപ്പെട്ട പൗരുഷങ്ങളുടെ സൂചനയാണ്. നായന്മാരോടു പകരം ചോദിക്കാന്‍ പോകുന്ന ആരോമല്‍ച്ചേകവരുടെ അങ്കപ്പുറപ്പാട് വടക്കന്‍പാട്ടില്‍ വിവരിക്കുന്നുണ്ട്. 'പടിഞ്ഞാറ്റി മച്ചറയുടെ താഴുതുറന്ന് മെയ്യാഭരണപ്പെട്ടി വലിച്ചു വെച്ചു. നാടുവാഴി കൊടുത്ത പൊന്നും തൊപ്പി, കോവില്‍ കൊടുത്ത കൊത്തുവള, നാഗരികള്‍ കൊടുത്ത പൊന്‍കുപ്പായം, ദേശവാഴി കൊടുത്ത നാഗമാല, ഏഴായിരത്തിന്റെ അടിച്ചെരുപ്പ്, എടമ്പിരി, വലമ്പിരി, ചക്കമുളളന്‍ വള, കൊത്തുവള, താന്‍തന്നെ തീര്‍പ്പിച്ച പൊന്‍മോതിരം ഇവയെല്ലാം അണിഞ്ഞു പൊന്നും മെതിയടിയും ഇട്ടു ശിഷ്യര്‍ കൊടുത്ത പൊന്‍ ചൂരക്കോലും ഊന്നി ഊന്നി ആനനടയും നടന്ന് ചേകോന്‍ നാല്‍കെട്ടകത്തുകൂടി നാടകശാലയില്‍ ചെന്നിറങ്ങി' (ഈഴവരുടെ ഇതിഹാസം, കെ.ദാമോദരന്‍).
ചമയങ്ങളണിഞ്ഞു പുറപ്പെട്ട മകനെ കണ്ട് അമ്മ ആരോമലിനെ ഗുണദോഷിച്ചു, 'ഉണ്ണീ, പൊന്മകനേ, ചമയം കുറച്ചു നടക്കണേ. നാവേറു തട്ടിപ്പോകും. നാടുവാഴി കണ്ടാല്‍ നടുങ്ങിപ്പോകും. കോയ്മകണ്ടാല്‍ വിറയ്ക്കുമല്ലോ'. വിസ്തരിച്ചുള്ള ഈ വര്‍ണന ഒറ്റപ്പെട്ടതല്ല, പഴയ നിയോക്ലാസിക് കൃതികളിലേറെയും ഇപ്രകാരം അലങ്കരിക്കപ്പെട്ട നായകശരീരങ്ങള്‍ കാണാം.


                                                                  (തുമ്പോലാര്‍ച്ചയില്‍ നസീറും ശ്രീവിദ്യയും)

പഴയ കാലത്തെ ആഭരണാലങ്കാരങ്ങളെക്കുറിച്ച് അപ്പന്‍ തമ്പുരാന്‍ എഴുതുന്നു:'അണിയുന്ന ഇനത്തില്‍ ആണും പെണ്ണും എന്ന ഭേദം അക്കാലങ്ങളില്‍ അത്ര കണക്കാക്കിയിരുന്നില്ല. കാതിലോല, മണിക്കാതില, താലി, തണ്ടും മോതിരം, തൂക്കും കുഴല്‍, കുഴല്‍ മോതിരം, തരിവള, നാഗപ്പൊന്‍മണിമോതിരം, അരഞ്ഞാള്‍, ചിലമ്പു തൊട്ടുള്ള പണ്ടങ്ങള്‍ അണിഞ്ഞ പൊന്മകള്‍ക്കെതിരായിട്ടു പൊന്മകനാവട്ടെ, നെറുകയ്ക്കു നീര്‍പ്പൂവ്, നെറ്റിയ്ക്കു നെറ്റിപ്പട്ടം, കഴുത്തിനു കൊരലാരം, മാറിന്നു മാര്‍ത്താലി, വയറിന്നു ഉദരബന്ധം, അരയക്കു അല്ലിചൊട്ട, കാലിന്നു കാല്‍ച്ചിലമ്പ്, കൈ രണ്ടിനും കനകവള, വിരല്‍ പത്തിനും മണിമോതിരങ്ങളും ചേര്‍ത്തണിഞ്ഞല്ലാതെ പുറത്തിറങ്ങാറില്ല.' ( പരശുരാമക്ഷേത്രം അന്നും ഇന്നും). പൊതുവിശ്വാസത്തില്‍ നിന്നു വിരുദ്ധമായി മുക്കുത്തിയിടുന്ന പുരുഷന്മാരും കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതി വരെ മലയാളികളിലുണ്ടായിരുന്നു. അമ്മയുടെ ആദ്യസന്താനം ഗര്‍ഭത്തില്‍ വെച്ചേ മരണപ്പെട്ടാല്‍ അടുത്ത സന്താനം മൂക്കുത്തിയിടണമെന്ന ആചാരത്തെ കുറിച്ച് കരുണാകരമേനോന്‍ എഴുതുന്നുണ്ട്. ആണുങ്ങള്‍ വലത്തേ മൂക്കിലാണ് മോതിരമിട്ടിരുന്നത്. സ്വാതന്ത്ര്യാനന്തരം മദ്രാസ് നിയമസഭയില്‍ അംഗമായിരുന്ന ആലത്തൂര്‍ ആര്‍. കൃഷ്ണന്‍ തന്റെ ആത്മകഥയില്‍ മുൂക്കുത്തിക്കാരായ ആണുങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പെണ്‍മക്കളില്ലാത്ത അമ്മമാര്‍ ചില ആണ്‍മക്കളുടെ കാതും മൂക്കും കുത്തിച്ച് കമ്മലും മൂക്കുത്തിയും ധരിപ്പിക്കുന്ന സമ്പ്രദായം കണ്ടിട്ടുണ്ടെന്ന് അദ്ദേഹം എഴുതുന്നു. ഗിരിവര്‍ഗപുരുഷന്മാര്‍ അല്ലാതെ തന്നെ മൂക്കുത്തി ധരിക്കുന്നവരാണേ്രത2

സാമൂഹികാലങ്കാരങ്ങളും വൈയക്തികാലങ്കാരങ്ങളും
മേല്‍പറഞ്ഞ വിവരണങ്ങളെല്ലാം ആധുനികപൂര്‍വമായ ഒരു കാലത്തിന്റെ അലങ്കാരവാസനകളാണ്. അവയെല്ലാം തന്നെ സാമൂഹികമണ്ഡലത്തിലെ മേല്‍/കീഴ് ബന്ധങ്ങളെ സാധൂകരിക്കുന്നവയുമാണ്. ജാതിവിഭജിതമായ സമൂഹത്തിന്റെ അലങ്കാരങ്ങള്‍ക്കും സാമുദായികാചാരങ്ങളുടേതായ മാനങ്ങളുണ്ടായിരുന്നു. ആഭരണങ്ങള്‍ ജാതി/മത അടയാളങ്ങള്‍ കൂടിയായിരുന്നു. ഭൂസ്വത്ത്, ജാതി, മതം, ലിംഗം, മറ്റു സാമൂഹികപദവികള്‍ ഒക്കെയും വിവേചനപൂര്‍ണമായി കണക്കാക്കിയിരുന്ന കാലത്തിന്റെ സംഘര്‍ഷങ്ങള്‍ ആഭരണചരിത്രങ്ങളിലും വായിച്ചെടുക്കാം. സ്വര്‍ണത്തിന്റെ ഉപയോഗത്തെ ജാതിവ്യവസ്ഥയുമായി ബന്ധപ്പെടുത്തി ജോര്‍ജ്ജ് വര്‍ഗീസ്. കെ. വിശദമായി പഠിച്ചിട്ടുണ്ട്: '...പിന്നോക്കജാതിക്കാരായ ഈഴവരെപ്പോലെയുളളവര്‍ക്ക് സ്വര്‍ണം അണിയാന്‍ രാജാവിന്റെ പ്രത്യേക ഉത്തരവു വേണ്ടിവന്നിരുന്നു. പണം നല്‍കി അത്തരം അവകാശങ്ങള്‍ വാങ്ങാമായിരുന്നു. അതും രാജാവിന്റെ വരുമാനമായിരുന്നു. ഭൂരിപക്ഷം തൊട്ടുകൂടാത്ത ജാതിക്കാരും ഇത്തരം നിയമങ്ങള്‍ക്കു പുറത്തായിരുന്നു. സ്വര്‍ണവളകള്‍ പോലുളള ആഭരണങ്ങള്‍ അണിയാന്‍ നമ്പൂതിരിസ്ത്രീകള്‍ക്കും അനുവാദമില്ലായിരുന്നു. അതിനു പകരം ഓട്ടുവളകളാണ് അവര്‍ അണിഞ്ഞിരുന്നത്6.' താഴ്ന്ന ജാതിയിലെ സ്ത്രീകള്‍ക്ക് സ്വര്‍ണ്ണമൂക്കുത്തി ധരിക്കാനുള്ള അവകാശമില്ലായിരുന്നു. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ക്ക് ഇക്കാര്യത്തില്‍ വലിയൊരു പോരാട്ടം തന്നെ നടത്തേണ്ടിവന്നു.

അക്കാലത്തെ ആഭരണങ്ങളിലധികവും ഓരോരുത്തരുടെയും ആവശ്യത്തിനനുസരിച്ച് അന്നത്തെ അധികാരബന്ധങ്ങള്‍ക്കു വിധേയമായാണ് നിര്‍മിച്ചു നല്‍കിയിരുന്നത്. പലപ്പോഴും ആചാരപരമാണ് ആഭരണങ്ങളെ സംബന്ധിച്ച ആവശ്യങ്ങളും. വലിയ ഫ്യൂഡല്‍ കുടുംബങ്ങളിലും മറ്റും ജാതിയില്‍ താഴ്ന്നവരെങ്കിലും തട്ടാന്മാര്‍ താമസിച്ച് സ്വര്‍ണാഭരണങ്ങള്‍ പണിതു. അക്കാലത്തെക്കുറിച്ച് സ്വര്‍ണകേരളത്തില്‍ വിവരിക്കുന്നു: 'കേരളത്തിലെ ആദ്യകാലഗ്രാമീണ സമ്പദ്‌വ്യവസ്ഥയില്‍ തട്ടാന് പ്രത്യേകസ്ഥാനമുണ്ടായിരുന്നു. തൊട്ടുതീണ്ടല്‍നിയമങ്ങള്‍ അയാള്‍ക്കു ബാധകമായിരുന്നില്ല. മേല്‍ജാതിക്കാരുടെ വീടുകളില്‍ അയാള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നില്ല. സ്ത്രീകള്‍ അയാളെ സ്‌നേഹത്തോടെ എന്റെ തട്ടാന്‍ എന്നു വിളിച്ചിരുന്നു'(പുറം 67, സ്വര്‍ണകേരളം).
ഓരോ ജാതിയ്ക്കും ഓരോ തരം ആഭരണങ്ങളാണ്. പളുങ്കുമാലയും ഈയക്കമ്മലുകളും ഇരുമ്പ്, പിച്ചളവളകളും കാണി ജാതികള്‍ക്ക്, വെള്ളിക്കടുക്കനും പിച്ചളമാലയും മണ്ണാന്‍ ജാതി
ക്കാര്‍ക്ക്, പൂത്താലിയും കട്ടിക്കാപ്പും പൂട്ടുവളയും ഉയര്‍ന്ന നായര്‍ജാതിക്ക്, മേക്കാമോതിരങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക്, വീതിയുള്ള അരപ്പട്ട മുസ്‌ളിങ്ങള്‍ക്ക്, ഓട്ടുവളകള്‍ നമ്പൂതിരിസ്ത്രീകള്‍ക്ക്, കല്ലയുംമാലയും പുലയസ്ത്രീകള്‍ക്ക് എന്നിങ്ങനെ ആഭരണം നോക്കി ജാതി തിരിച്ചറിയാവുന്നിടത്തോളം വ്യതിരിക്തമായിരുന്നു ഓരോന്നും. പൊതുസാമൂഹികതയുടെ അധികാരബലതന്ത്രങ്ങള്‍ക്കു വിധേയമായിത്തന്നെ നിലകൊള്ളുന്ന ഈയൊരു ആഭരണാലങ്കാരവ്യവസ്ഥയെ സാമൂഹികാലങ്കാരക്രമം എന്നു വിളിക്കാം.
(പരിഷ്‌കാരപ്പാതിയിലും പരിഷ്‌കാരവിജയത്തിലും  കൃസ്ത്യാനിപ്പെണ്ണുങ്ങളുടെ പരമ്പരാഗതമായ ആഭരണശൈലികളെക്കുറിച്ചു പരാമര്‍ശങ്ങളുണ്ട്. 
തെക്കും വടക്കുമുള്ള  ക്രിസ്ത്യാനിസ്ത്രീകള്‍ ആഭരണങ്ങള്‍ വെവ്വേറെ ശൈലിയില്‍ ധരിച്ചിരുന്നു. പിന്നെപ്പിന്നെ തെക്കരെ വടക്കര്‍ അനുകരിക്കാന്‍ തുടങ്ങിയതായി നോവലിസ്റ്റ് പറയുന്നു. മാമ്മന്‍ മാപ്പിളയുടെ ഭാര്യ കുഞ്ഞാണ്ടമ്മ കാതില്‍ താന്‍ ധരിച്ചിരുന്ന ഒരു പവന്‍ തൂക്കമുള്ള കുണുക്കു മാറ്റി അഞ്ചുപവന്‍ തൂക്കമുള്ള വാളികകളും  അത്ര തന്നെ തൂക്കമുള്ള ഏലസ്സും ധരിച്ചിരുന്നു. ഇടതു കയ്യന്റെ മുട്ടിനു മീതെ കെട്ടുന്ന ഈ ആഭരണത്തിന് ചില ദിക്കില്‍ കടുദാശി എന്നും പറയുന്നതായി നോവലില്‍ പറയുന്നു. എന്നാല്‍ കുഞ്ഞാണ്ടമ്മയുടെ  അമ്മ ചീനപ്പണി ചെയ്ത സ്വര്‍ണം കൊണ്ടുള്ള ഇരട്ടമൊട്ടു കുണുക്കാണ് കാതിലിട്ടത്. 

ക്രിസ്ത്യാനിസ്ത്രീകള്‍ പരമ്പരാഗതമായിത്തന്നെ ഏലസ്സും കൊന്തയും ധരിച്ചിരുന്നതായി ഈ നോലുകളില്‍ പറയുന്നു. കുമ്പളങ്ങയുടെ കുരുവിന്റെ ആകൃതിയിലുള്ളതും, കുരിശടയാളംമുള്ളതുമായ താലി-കുമ്പളത്താലി-ആണ് ഭര്‍തൃമതികള്‍ ധരിച്ചിരുന്നത്. )


പില്‍ക്കാലത്ത് സ്വര്‍ണത്തിന്റെ നഗരകേന്ദ്രീകൃതമായ ഉല്പാദനവ്യവസ്ഥയും വിപണിയും സജീവമായി. കോഴിക്കോട് പോലുളള മുന്തിയ നഗരങ്ങളില്‍ ജൂവലറികള്‍ സ്ഥാപിക്കപ്പെട്ടു. കേരളത്തിനു പുറത്തുനിന്നും പ്രത്യേകിച്ച് മദ്രാസ്, കല്‍ക്കട്ട തുടങ്ങിയ നഗരങ്ങളില്‍ നിന്നാണ് ഇവിടേയ്ക്ക് ആഭരണങ്ങള്‍ വന്നുചേര്‍ന്നിരുന്നത്. പത്തുകല്ലു വെച്ചതും പതിനഞ്ചുകല്ലു വെച്ചതുമൊക്കെയായ ആഭരണങ്ങളെ പുതിയ ഫാഷന്‍ എന്ന നിലയില്‍ വിപണി അവതരിപ്പിച്ചു തുടങ്ങി.
ആദ്യഘട്ടത്തില്‍ നഗരങ്ങളില്‍ മാത്രമുണ്ടായിരുന്ന ജൂവലറികള്‍ ഗ്രാമങ്ങളിലേക്കെത്താന്‍ പിന്നെയും കാലമെടുത്തു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയോടെയാണ് നഗരപ്രാന്തങ്ങളിലും നാട്ടിന്‍പുറങ്ങളിലും ജുവലറികള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങുന്നത്.

https://www.facebook.com/anilksna?__tn__=%2CdC-R-R&eid=ARAXhDUQAqly88tuCZ4ZO0omZtaFb_qOjFvXdNLYaavyhRh217eiJQEDUzs-RJXhfJ9fZDGS-Me2jv5y&hc_ref=ARTBU3-fpBs-mO0GuEESpj-QHa8at5klKE4DZVwsPAGyXDc4mIwXFssNcMdwW8INi5o&fref=nf


 പന്തളത്തെ ആദ്യകാല സ്വര്‍ണവ്യാപാരിയും സ്വര്‍ണത്തൊഴിലാളിയൂണിയന്റെ പ്രധാനപ്രവര്‍ത്തകനുമായിരുന്ന
എന്‍. കെ. കൃഷ്ണനാചാരി തന്റെ ആത്മകഥയില്‍ ഈയൊരു മാറ്റത്തെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ''പന്തളം ജങ്ഷനില്‍ അപ്പന്‍ ഒരു സ്വര്‍ണക്കട അക്കാലത്തു തുടങ്ങി. സാധാരണയായി സ്വര്‍ണജോലിക്കാര്‍ സ്വര്‍ണാഭരണം പണിയാന്‍ ആവശ്യപ്പെടുന്നവരുടെ വീടുകളില്‍ എത്തി പണിചെയ്തുകൊടുക്കുകയായിരുന്നു, പതിവ്. ഈ പതിവിനു വിപരീതമായിട്ടായിരുന്നു അപ്പന്‍ പന്തളം ജംഗ്ഷനില്‍ കട തുടങ്ങിയത്. അക്കാലത്ത് പന്തളത്തിനടുത്തുള്ള പ്രദേശത്തൊന്നും സ്വര്‍ണ്ണക്കടകളില്ല. ആഭരണം ആവശ്യമുള്ളവര്‍ സ്വര്‍ണം ഏല്പിച്ചാല്‍ അതു പണിഞ്ഞുകൊടുക്കും. (കട തുടങ്ങിയതോടെ) വീടുതോറും നടന്നുള്ള പണി കുറഞ്ഞുവന്നു''3.
ആചാരിയുടെ വിവരണങ്ങളില്‍ തെളിയുന്ന ഈയൊരു സംക്രമണഘട്ടത്തിലാണ് സ്വര്‍ണവുമായി ബന്ധപ്പെട്ട വൈയക്തികകാമനകള്‍ സജീവമായി പ്രവര്‍ത്തിച്ചുതുടങ്ങുന്നത്. അതോടെ പരമ്പരാഗതവും ആചാരപരവുമായ ആഭരണങ്ങളില്‍നിന്നും പുതിയ പണിത്തരങ്ങളില്‍ അഭിനിവേശം തേടുന്ന ആധുനികതയുടേതായ ഒരു അഭിരുചി രംഗം കീഴടക്കാന്‍ തുടങ്ങി. ആദ്യകാലത്ത് ആഭരണരംഗത്ത് തട്ടാനും നാട്ടുകാരനായ ഉപഭോക്താവും മാത്രമാണുണ്ടായിരുന്നതെങ്കില്‍ ഈ പുതിയ ഘട്ടത്തില്‍ സ്വര്‍ണപ്പണിക്കാരന്‍ അപ്രസക്തനാണ്. ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം നിലനില്‍ക്കുന്ന വിപണിക്കനുസരിച്ചുള്ള ഒരു ചോയ്‌സായി- ചിലപ്പോള്‍ തിരിച്ചും- കാമനകള്‍ ക്രമീകരിക്കപ്പെടുന്നു. 10 കല്ലു വെച്ച കടുക്കന്‍, 15 കല്ലുവെച്ച കമ്മലുകള്‍ ഒക്കെ ഫാഷന്റെ ഭാഗമായി മാറുന്നു. ഒറ്റക്കല്‍ മൂക്കുത്തി -തുറന്നു കെട്ടിയത്, മൂടിക്കെട്ടിയത്, ഞാത്ത് സഹിതം, കടുക്കന്‍ ഒറ്റക്കല്ലില്‍- മൂടിക്കെട്ടിയത്, തുറന്നു കെട്ടിയത്, ചവുക്കിളി കടുക്കന്‍- എന്നിങ്ങനെയുള്ള സ്വര്‍ണാഭരണങ്ങളായിരുന്നു അക്കാലത്തെ പണിത്തരങ്ങള്‍. വിപണിയാകട്ടെ, മറ്റനേകം ബലതന്ത്രങ്ങളിലൂടെ, സാമൂഹികഭാവനകളിലൂടെ പുതിയ കാമനകളെ സാംസ്‌കാരികമായി നിര്‍മിച്ചെടുക്കുകയും ചെയ്യുന്നു.

ജുവലറികള്‍ വിപണിയുടെ ക്രയവിക്രയങ്ങള്‍ക്കപ്പുറം ആനന്ദത്തിന്റെ കേന്ദ്രങ്ങളായും മാറുന്നത് ഇക്കാലത്തു ദൃശ്യമാണ്. ആധുനികപൂര്‍വഘട്ടത്തിലെ ആചാരപരമായ സാമൂഹികാലങ്കാരങ്ങളുടെ  മണ്ഡലം വൈയക്തികാലങ്കാരങ്ങളിലേക്കു വഴിമാറുന്ന സുദീര്‍ഘവും ചിതറിയതുമായ ഒരു പ്രക്രിയ ചരിത്രത്തില്‍ നിന്നു ഇങ്ങനെ നമുക്കു നിര്‍ധാരണം ചെയ്‌തെടുക്കാന്‍ സാധിക്കും. ഈ വൈയക്തിക കാമനകളുടെ ചിറകിലേറിയാണ് ആധുനികവ്യക്തി രൂപം കൊള്ളുന്നതും പൗരത്വത്തിലേക്ക് പ്രവേശിക്കുന്നതും. പക്ഷേ, പൗരത്വത്തിലേക്കുള്ള ഈ യാത്ര രേഖീയമായിരുന്നില്ല. ശരീരത്തിനുമേല്‍ അടിഞ്ഞുകൂടിയ അനുശാസനകളെ, അധികാരങ്ങളെ ഉരച്ചുതേച്ചു കഴുകി സ്വതന്ത്രമാക്കിയെടുക്കുന്ന സ്വപ്രാമാണാധിഷ്ഠിതമായ വ്യക്തിഭാവനയെ ഉണര്‍ത്തിയെടുക്കുന്നതില്‍ കൊളോണിയല്‍ ആധുനികത വഹിച്ച പങ്ക് നിര്‍ണായകമാണ്. അതിലെ പുതിയ ജ്ഞാനാവബോധങ്ങളും പരിഷക്കരണവാഞ്ഛകളും ചേര്‍ന്ന് ലിംഗപരമായ വേര്‍തിരിവുകളെ കര്‍ക്കശമാക്കി നിജപ്പെടുത്തി. അതു സ്വര്‍ണാഭരണങ്ങളിലൂടെയും കൂടിയാണ് നിര്‍വഹിക്കപ്പെട്ടത്.പൗരുഷവും സ്‌ത്രൈണതയും

ആഭരണങ്ങള്‍ ആണും പെണ്ണും ഒരുപോലെ ധാരാളമായി ഉപയോഗിച്ചിരുന്ന ആധുനികപൂര്‍വകാലത്ത് അലങ്കരിക്കപ്പെട്ട സ്ത്രീപുരുഷ ശരീരങ്ങള്‍ ഒരുപോലെ മോഹവസ്തുക്കളായിരുന്നു. സ്ത്രീശരീരങ്ങളെപോലെ തന്നെ അലങ്കരിക്കപ്പെട്ട പുരുഷശരീരങ്ങള്‍ പൗരുഷത്തിന്റെ മൂല്യങ്ങളെ പിന്താങ്ങുകയോ ഉയര്‍ത്തുകയോ ചെയ്തിരുന്നു. സ്ത്രീകളില്‍ അനുരാഗം ജനിപ്പിക്കുന്ന കാമനാവസ്തുവായിത്തന്നെ അലങ്കരിക്കപ്പെട്ട പുരുഷശരീരങ്ങളെ അവതരിപ്പിക്കുന്ന നിരവധികൃതികള്‍ ആധുനികപൂര്‍വഘട്ടത്തില്‍ കാണാം. 'മധുവാണികള്‍ക്കനുരാഗമുണ്ടാക്കുന്ന' സ്വര്‍ണാഭരണഭൂഷിതരായ ഈഴവച്ചേകോനെക്കുറിച്ച് കെ.ദാമോദരന്റെ ഈഴവരുടെ ഇതിഹാസത്തിന്റെ മുഖവുരയില്‍ സി.വി. എടുത്തെഴുതുന്നുണ്ട്.
എന്നാല്‍ ഇതില്‍ നിന്നു വ്യത്യസ്തമായി ആധുനികതയുടെ കാലത്ത് പൗരുഷം പുതിയ രൂപത്തില്‍ അവതരിപ്പിക്കപ്പെട്ടു. ആണുങ്ങളില്‍ ആഭരണങ്ങളുടെ മിതത്വമോ അഭാവമോ ആണ് ഇക്കാലത്തെ ശ്രദ്ധേയമായ പ്രവണത. കാല്‍ശരായിയും കോട്ടും വാക്കിംഗ് സ്റ്റിക്കും ഒക്കെയായി വസ്ത്രങ്ങള്‍ക്കും മറ്റ് അലങ്കാരാനുബന്ധങ്ങള്‍ക്കും ഊന്നല്‍ ലഭിച്ചു.
സ്വര്‍ണാഭരണഭൂഷിതമായ പുരുഷശരീരം പുതുക്കപ്പെടുന്നത് ഇവിടെ വെച്ചാണ്. കൂടുതല്‍ ആഭരണങ്ങള്‍ ഇടുന്നത് പൗരുഷക്കുറവായിത്തന്നെ ഗണിക്കപ്പെടാന്‍ തുടങ്ങി. ഈ മാറ്റം എല്ലായിടത്തും ഒരേപോലെ ഒരേകാലത്ത് ഒറ്റയടിക്കല്ല സംഭവിച്ചിട്ടുള്ളത്. ഈ കാലവ്യത്യാസം അക്കാലത്ത് നിരവധി സംവാദങ്ങള്‍ക്ക് കാരണമായി. പൗരുഷത്തിന്റെയും സ്‌ത്രൈണതയുടെയും ബലതന്ത്രങ്ങള്‍ വെളിപ്പെടുത്തുന്ന ആ സംവാദങ്ങളെ കുറിച്ചാണ് തുടര്‍ന്ന് ചര്‍ച്ച ചെയ്യുന്നത്.

സംവാദങ്ങള്‍

ആധുനികതയിലേക്കു കാലൂന്നിയ കേരളീയപുരുഷന്മാര്‍ സ്വീകരിച്ച പരിഷ്‌കാരങ്ങളോട് വിമുഖരായ ഫ്യൂഡല്‍ പൗരുഷങ്ങളായിരുന്നു ഇക്കാലത്തേറ്റവും പരിഹസിക്കപ്പെട്ടത്. സൂരിനമ്പൂതിരിപ്പാടിനെ അവതരിപ്പിക്കുമ്പോള്‍ ഈ അപഹാസ്യതയെ ചന്തുമേനോന്‍ ആഖ്യാനം ചെയ്തതു നോക്കുക: 'പല്ലക്കു മിറ്റത്തു എത്തിയ ഉടനെ കേശവന്‍ നമ്പൂതിരി അതിന്റെ വാതില്‍ തുറന്നു. അപ്പോള്‍ അതില്‍നിന്നും ഒരു സ്വര്‍ണവിഗ്രഹം പുറത്തേക്കു ചാടി. അതെ, സ്വര്‍ണവിഗ്രഹം തന്നെ. തലമുഴുവന്‍ സ്വര്‍ണവര്‍ണത്തൊപ്പി, ശരീരം മുഴുവന്‍ സ്വര്‍ണവര്‍ണക്കുപ്പായം, ഉടുത്ത പട്ടക്കര മുഴുവന്‍ സ്വര്‍ണം, കാലില്‍ സ്വര്‍ണക്കുമിഴുള്ള മെതിയടി, കൈവിരല്‍ പത്തിലും സ്വര്‍ണമോതിരങ്ങള്‍, പോരാത്തതിനു സ്വര്‍ണവര്‍ണമായൊരു തുപ്പട്ട കുപ്പായത്തിന്റെ മീതെ പൊതച്ചിട്ട്, കൈയില്‍ കൂടെക്കൂടെ നോക്കാന്‍ ചെറിയ ഒരു സ്വര്‍ണക്കൂടു കണ്ണാടി-സ്വര്‍ണം- സ്വര്‍ണം- സര്‍വം സ്വര്‍ണം! ഒന്നരമണിവെയിലില്‍ നമ്പൂരിപ്പാട് പല്ലക്കില്‍ നിന്ന് എറങ്ങിനിന്നപ്പോള്‍ ഉണ്ടായ ഒരു പ്രഭയെക്കുറിച്ച് എന്താണ് പറയേണ്ടത്! ഇദ്ദേഹം നിന്നതിന്റെ സമീപം ഒരു കോല്‍ വൃത്തത്തില്‍ വെയില്‍ സ്വര്‍ണപ്രഭയായി മഞ്ഞളിച്ചു തോന്നി'
ഇന്ദുലേഖയ്ക്ക് മൂന്നു ദശകത്തിനു ശേഷവും ഇതേ പ്രശ്‌നം മലയാളിയുടെ പൊതുമണ്ഡലത്തില്‍ സജീവമായി തുടര്‍ന്നു. 1922 ല്‍ ഉണ്ണിമ്പൂതിരിയില്‍ പ്രത്യക്ഷപ്പെട്ട അനുകരണഭ്രമം എന്ന ലേഖനത്തില്‍ പരമേശ്വരന്‍ യുവാക്കള്‍ക്കു നല്‍കുന്ന ഉപദേശം 'സൂരിനമ്പൂരിപ്പാട'ന്മാരാവാന്‍ ഇച്ഛിക്കരുതെന്നാണ്. കണ്ഠരുദ്രാക്ഷം, കട്ടിക്കാപ്പ്, വൈരക്കടുക്കന്‍, പൊന്നിന്‍ നൂല്, റിസ്റ്റ് വാച്ച് എന്നാദിയായി നമ്പൂതിരിമാരുടെ വര്‍ധിച്ചു വരുന്ന അലങ്കാരഭ്രമങ്ങളെ അദ്ദേഹം കളിയാക്കുന്നു. പത്തുവിരലിലും മോതിരമിടുന്നവരെ 'നാകസ്വരക്കാര്‍' എന്നാണദ്ദേഹം പരിഹസിക്കുന്നത്. തുടര്‍ന്നു ലേഖകന്‍ അവര്‍ക്കു ഒന്നോ രണ്ടോ ഉരുളന്‍ മോതിരങ്ങള്‍ ശുപാര്‍ശചെയ്തു.
സാമാന്യത്തിലധികം ആഭരണങ്ങള്‍ ധരിച്ച പുരുഷനെക്കുറിച്ചുള്ള അക്കാലത്തെ മറ്റൊരു ഹാസ്യാഖ്യാനം നോക്കുക: 'ഒരുകൈയില്‍ റിസ്റ്റ് വാച്ച്, മറ്റേക്കയ്യില്‍ ഒരു സ്വര്‍ണവള; കാതില്‍ രണ്ടു വജ്രകുണ്ഠലം; കണ്ഠത്തില്‍ രണ്ടു മടക്കിലുള്ള ഒരു സ്വര്‍ണച്ചെയിന്‍; മുടി നടുക്ക് പകുത്ത് ചീകിമിനുക്കി പുറകോട്ട് ഇട്ടിട്ടുണ്ട്. എന്തോ! റിബണ്‍ കൊണ്ടു കെട്ടുവാനും സ്ലെയിഡ് കുത്തുവാനും വിട്ടുപോയി എന്നുതോന്നുന്നു. വക്കില്‍ ധാരാളം കസവുള്ള ഒരു ഇരട്ടക്കവിണി ഉടുത്തിട്ടുണ്ട്. നെറ്റിയില്‍ സിന്ദൂരപ്പൊട്ട്. എന്താ! പോരേ? ശരിയായ വേഷം. ഒരു ചിത്രകാരന്റെ തൂലികയ്ക്ക് ഒന്നാന്തരം മോഡല്‍! എന്റെ പരിചയത്തില്‍ ഉള്‍പ്പെട്ട ഒരു സ്ത്രീയാണെന്ന് സംശയിച്ച് അടുത്തു ചെന്നപ്പോഴല്ലെ 'സ്ത്രീ പുരുഷ'നെന്ന് എനിക്കു മനസ്സിലായത്...' (പുരുഷന് സ്ത്രീയെ അനുകരിക്കണം പോലും-ഒരു സ്ത്രീ മഹിള 1936 പു.16, ല.11)

പുരുഷശരീരം ഇത്തരം പരിണാമങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുമ്പോള്‍തന്നെ സ്ത്രീശരീരത്തെ സംബന്ധിച്ച സങ്കല്പങ്ങള്‍ മാറ്റമില്ലാതെ തുടര്‍ന്നു. അതോടെ പിന്നീടു നടന്ന പരിഷ്‌ക്കരണവാദങ്ങളുടെ വിമര്‍ശനകേന്ദ്രമായി സ്ത്രീകളുടെ ആഭരണകാമനകള്‍ മാറി. ആഭരണാലങ്കാരങ്ങളിലെ മിതത്വം, അഭാവം തന്നെയും പൗരുഷത്തിന്റെ അനിവാര്യമായ ചിഹ്നവ്യവസ്ഥയായിരുന്നപ്പോള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അത് ആഭരണം സമം സ്ത്രീ എന്ന ഒരു സമവാക്യമായിത്തീര്‍ന്നു. ആഭരണങ്ങളില്ലാത്ത സ്ത്രീയെ സ്ത്രീയായി കാണാന്‍ കഴിയില്ലെന്നു വരെ ചിലര്‍ വാദിച്ചിരുന്നു. കുറഞ്ഞപക്ഷം തോടയും മൂക്കുത്തിയും അഡ്ഡിയലും കാപ്പും സ്വര്‍ണനിര്‍മിതങ്ങളായോ അഥവാ സ്വര്‍ണപ്പൂച്ചോടുകൂടിയോ കൈവശം ഇല്ലാത്ത സ്ത്രീകളെ 'സ്ത്രീ'കളല്ലെന്നു വിചാരിച്ചു പോരുന്നവരെക്കുറിച്ച് 'ഒരു സ്ത്രീ' പരിഭവിക്കുന്നുണ്ട്. (നമ്മുടെ അലങ്കാരങ്ങള്‍, ഒരു സ്ത്രീ, വിദ്യാവിനോദിനി, 1073 എടവം)

ആഭരണങ്ങളെ സ്‌ത്രൈണതയോടു ചേര്‍ത്തുവയ്ക്കുന്ന അതേസമയത്ത് സ്ത്രീകള്‍ അമിതാലങ്കാരപ്രിയരാണെന്ന മുന്‍വിധി കലര്‍ന്ന ഒരു വ്യവഹാരവും ഉയര്‍ന്നുവന്നു. 1905 ലെ ശാരദയില്‍ ഒന്നിലധികം ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച ഒരു ലേഖനപരമ്പര രസകരമായിരുന്നു. ആഭരണഭ്രമം എന്ന തലക്കെട്ടില്‍ വാരിഷ്ടന്‍ എന്നയാള്‍ എഴുതിയ ഈ കുറിപ്പ് ഒരു കോടതിവ്യവഹാരമെന്ന മട്ടിലാണ് പ്രശ്‌നം അവതരിപ്പിക്കുന്നത്: തനിക്ക് ആവശ്യത്തിന് സ്വര്‍ണം വേണമെന്ന് ഭാര്യ കുഞ്ഞിലക്ഷ്മിയമ്മ പെണ്‍കോയ്മക്കോടതിയില്‍ ഹര്‍ജി നല്‍കുന്നു. ഭര്‍ത്താവ് ഗോപാലമേനോനാണ് എതിര്‍കക്ഷി. ആദ്യലക്കത്തില്‍ പെണ്‍കോയ്മക്കോടതിയുടെ ഒന്നാമത്തെ വിധിയാണ് ലേഖകന്‍ അവതരിപ്പിക്കുന്നത്. അതനുസരിച്ച് ഗോപാലമേനോന്‍ ഭാര്യക്കു നല്‍കേണ്ട ആഭരണങ്ങളുടെ ലിസ്റ്റും വാരിഷ്ടന്‍ നല്‍കുന്നുണ്ട്. പൂത്താലി, കണ്ഠശ്ശരം, മദ്ദളവും ചെണ്ടയും പോലെയുള്ള കുഴലും തൂക്കേന്ത്രവും കൂടി റാത്തല്‍ 15, ആമത്താഴു പതക്കത്തോടു കൂടിയ ആലാത്തുകയര്‍ വണ്ണത്തില്‍ ഉരുണ്ടനൂലു റാത്തല്‍ 12, കട്ടിക്കാപ്പ്, രൂപം കൊത്തിയ വള, പൂട്ടുവള, കൂട്ടുവള, എരട്ടവള, അല്ലാണ്ടൊരു വള, വേറെ ഒരു വള, മറ്റൊരു വള, കടകം, ഓതിരം, മോതിരം-റാത്തല്‍ ഇഷ്ടത്തിനനുസരിച്ച് കൂടിയും കുറഞ്ഞും ഇരിക്കും. കൂടാതെ തോടയും. ഇതിലൊന്നിലും അരക്കോ ചെമ്പോ ഇട്ടുകൂടാ എന്നും നിര്‍ദ്ദേശമുണ്ട്. ഇത്രയും ആഭരണം ഇട്ട കുഞ്ഞിലക്ഷ്മിയമ്മയുടെ കഴുത്തിനും കയ്യിനും നീരുവന്നു വീര്‍ക്കുകയും എഴുന്നേല്ക്കാനും കിടക്കാനും വയ്യാതെ കിടപ്പാണെന്നും കാതിന്റെ വളളി രണ്ടും പൊട്ടിപ്പോയെന്നും പറഞ്ഞാണ് ആദ്യലക്കം അവസാനിക്കുന്നത്.

അടുത്ത ലക്കം ഇതേലേഖനം തുടരുന്നു. വീണ്ടും കോടതി കൂടുകയാണ്. സ്ത്രീകള്‍ ഇങ്ങനെ ധാരാളിത്തത്തോടെ ആഭരണം ഇടുന്നത് മോശമാണെന്നും പൊന്നണിഞ്ഞ് സൗന്ദര്യം സമ്പാദിക്കാമെന്ന് കരുതുന്നതു മൗഢ്യമാണെന്നുമാണ് വാദം. വിദുഷികളായ കുലസ്ത്രീകള്‍ക്ക് അതു ചേര്‍ന്നതല്ലത്രെ. വാദപ്രതിവാദത്തിനൊടുവില്‍ ഗോപാലമേനോന്റെ വാദം അംഗീകരിച്ചുകൊണ്ട് ആദ്യത്തെ വിധി കോടതി തിരുത്തുന്നു. അതു പ്രകാരം മുക്കുത്തി, ഞാത്തുവേണമെങ്കില്‍ അതും, നൂലും പതക്കവും, ഇതുകൂടാതെ ഇഷ്ടമുള്ള കഴുത്തിലേക്കു മറ്റൊരാഭരണവും തോടയോ കമ്മലോ, പിന്നെ ഒരു കാപ്പും ഒരു കല്ലു വെച്ചതോ രണ്ടുകല്ലു വെച്ചതോ ആയ മോതിരവും അനുവദിച്ചുകൊണ്ട് ഉത്തരവായി.

അലങ്കാരവും ആന്തരികശുദ്ധിയും

അതേസമയം സ്ത്രീകള്‍ തദ്ദേശീയമായ ആഭരണങ്ങളാണ് ധരിക്കേണ്ടതെന്നും തോടധരിച്ചിരുന്ന വലിയ തുളകള്‍ തുന്നി ചെറുതാക്കി കമ്മലിടുന്നത് മോശമാണെന്നും ഒക്കെയുള്ള സംവാദങ്ങള്‍ പലിടത്തുനിന്നും പലപ്പോഴായി ഉയര്‍ന്നുവന്നു.4 ശാരീരികാലങ്കാരങ്ങളെ ആന്തരികപരിശുദ്ധിയുമായി ബന്ധപ്പെടുത്തിക്കാണുന്ന പുതിയൊരു സംവാദയുക്തിയും രൂപംകൊണ്ടു. വിചിത്രവസ്തുക്കള്‍ കൊണ്ടും ആഭരണങ്ങള്‍ കൊണ്ടും മോടി വരുത്താന്‍ ശ്രമിക്കുന്ന സ്ത്രീജനങ്ങളുടെ ഹൃദയം നിര്‍മലമാണെന്നു കരുതാന്‍ പ്രയാസമാണെന്നും വിചിത്രവസ്ത്രാലങ്കാരങ്ങളില്‍ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നതോടുകൂടി അവളിലുള്ള സ്‌നേഹവും ബഹുമാനവും ക്രമേണ കുറഞ്ഞു വരുന്നതാകുന്നുവെന്നും അവര്‍ അപ്രകാരം ചെയ്യുന്നത് അന്യരെ വശീകരിക്കണമെന്നുളള ഉദ്ദേശത്തോടുകൂടിയായിരിക്കുമെന്നും അങ്ങനെ ചെയ്യുന്നത് പതിവ്രതാധര്‍മത്തിനു വിരോധമായിട്ടുള്ളതാണെന്നും വിമര്‍ശിക്കുന്നു, വി.കെ.രാമന്‍മേനോന്‍.5 സ്വര്‍ണാലങ്കാരങ്ങളില്‍ ഭ്രമമുള്ള സ്ത്രീകള്‍ സദാചാരനിഷ്ഠയില്ലാത്തവരാണെന്നും പുരുഷന്മാരെ ആകര്‍ഷിച്ചു പ്രലോഭിപ്പിക്കുന്നവരാണെന്നും ചിലര്‍ വാദിച്ചു. ഇത്തരം വാദഗതികളേറെയും നാൡുവരെ ഇല്ലാതിരുന്നതും പതുക്കെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതുമായ സ്ത്രീസ്വത്വപദവിക്കു നേരെയുള്ള ഗുപ്തമായ ഭയത്തില്‍ നിന്നു കൂടി രൂപം കൊണ്ടുവരുന്നതാണ്.

ഇതേ വാദത്തിന്റെ അനുരണനങ്ങള്‍ 1934 ലും കാണാം. ആഭരണങ്ങളിലും മറ്റുമുള്ള ആഡംബരഭ്രമം സ്ത്രീകളുടെ പ്രത്യേകദൂഷ്യമാണ്, മറ്റുള്ളവരെ വശീകരിക്കാന്‍ വേണ്ടി കൃത്രിമമോടികള്‍ കെട്ടിച്ചമയ്ക്കുന്നതു വളരെ മോശമായ സ്വഭാവമാണ് എന്നും സ്വഭാവം, പ്രവൃത്തി ഇതുകളിലെ നന്മകൊണ്ടാണ് ലോകത്തെ വശീകരിക്കേണ്ടത് എന്നും മറ്റും ദേവകി നരിക്കാട്ടിരി സ്ത്രീകളെ ഉപദേശിക്കുന്നു.6 സ്വത്വാവിഷ്‌കാരങ്ങളെയും കാമനകളെയും ജനാധിപത്യകാംക്ഷകളെയും ഇതുപോലെ ഋജുവായും രേഖീയമായും മാത്രം കാണുന്ന 'പുരോഗമനകാരികളിലെ യാഥാസ്ഥിതികര്‍' ഇന്നും നമുക്കിടയിലുണ്ടല്ലോ. 

ഇത്തരം വിമര്‍ശനങ്ങള്‍ക്കെതിരെ സ്ത്രീപക്ഷത്തുനിന്നുതന്നെ ശക്തമായ പ്രതിരോധം ഉയര്‍ന്നുവന്നിരുന്നു. അക്കാലത്തെ പ്രമുഖ ധൈഷണികനേതൃത്വങ്ങളിലൊന്നായ പുത്തേഴത്തു രാമന്‍മേനോനെതിരെ മിസിസ് കണ്ണന്‍ മേനോന്റെ പ്രതികരണം അസാധാരണമായിരുന്നു. സ്ത്രീകളുടെ ആഭരണാദിഭ്രമങ്ങളെ കുറ്റപ്പെടുത്തി പുത്തേഴത്തുരാമന്‍മേനോന്‍ എഴുതിയ ലേഖനത്തിനു മറുപടിയായി മിസിസ് കണ്ണന്‍ മേനോന്‍ സ്ത്രീകളുടെ ആഭരണഭ്രമത്തിന്റെ ധാര്‍മികവും പരോക്ഷവുമായ ഉത്തരവാദിത്തം സാംസ്‌കാരികമായി ഉയര്‍ന്ന നിലയിലും നേതൃനിരയിലുള്ളവരുമായ പുരുഷന്മാരുടെ വസ്ത്രഭ്രമത്തിനു തന്നെയെന്നു സ്ഥാപിക്കുന്നുണ്ട്. പരിഷ്‌കാരങ്ങളോട് പുറംതിരിഞ്ഞുകൊണ്ടുളള പരമ്പരാഗതസമീപനമാണെങ്കിലും സ്ത്രീകളെ കുറ്റവിമുക്തരാക്കുകയാണവര്‍ ചെയ്തത്. മിസിസ് കണ്ണന്‍മേനോന്‍ ഉയര്‍ത്തുന്ന ഇതേ ചോദ്യം മറ്റൊരു രൂപത്തില്‍ ദേശീയവാദികള്‍ പില്‍ക്കാലത്ത് ഉയര്‍ത്തുകയുണ്ടായി.
അതേസമയം കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ശിഷ്യരിലൊരാളായ കൂനേഴത്തു പരമേശ്വരമേനോനെപ്പോലെയുള്ളവര്‍ അക്കാലത്തു തന്നെ സംതുലിതമായ നിലപാട് സ്വീകരിച്ചിരുന്നതായി കാണാം. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പുരുഷന്മാരും അവരെപ്പോലെതന്നെ സ്ത്രീകളും കൈവരിച്ച ആഭരണാദി പരിഷ്‌ക്കാരങ്ങള്‍ സ്തുതിക്കാനോ ദുഷിക്കാനോ ഉള്ളതല്ല, മറിച്ച് ജനങ്ങള്‍ യഥേഷ്ടം എല്ലാ കാലത്തും എല്ലാ ദേശത്തും ഇങ്ങനെയൊക്കെത്തന്നെ മാറിത്തീരാറുണ്ടെന്നു മനസ്സിലാക്കുകയാണ് വേണ്ടത് എന്നാണദ്ദേഹം അഭിപ്രായപ്പെട്ടത്.7 ഇപ്രകാരം സ്ത്രീകളുടെ ആഭരണകാമനകളുമായി ബന്ധപ്പെട്ട് സമ്മിശ്രമായ പലതരം നിലപാടുകള്‍ ആദ്യകാല പൊതുമണ്ഡലത്തില്‍ ഉയര്‍ന്നുവന്നിരുന്നു.


ഒളിച്ചുകടത്തിയ സ്വര്‍ണം

അതേസമയം ആഭരണങ്ങള്‍ ഉപേക്ഷിച്ച് പുതിയൊരു വ്യക്തിസത്തയിലേക്കുയര്‍ന്ന പുരുഷന്മാര്‍ പൂര്‍ണമായും അതുപേക്ഷിക്കുകയല്ല ചെയ്തത്, മറിച്ച് അവര്‍ സ്വര്‍ണത്തേയും അതിന്റെ മൂല്യത്തെയും പരോക്ഷമായി സ്വശരീരത്തിലേയ്ക്ക് ഒളിച്ചു കടത്തുകയാണ് ചെയ്തത്. പുരുഷന്മാര്‍ ആഭരണത്യാഗം ചെയ്ത കാലത്താണ് കുലീനവിഭാഗക്കാര്‍ക്കിടയില്‍ സ്വര്‍ണം കെട്ടിയ പല്ല് ഒരു ഫാഷനായി മാറിയത്. അമേരിക്കയിലെപോലെ ആധുനികരീതിയില്‍ പല്ലില്‍ സ്വര്‍ണം കെട്ടിക്കൊടുക്കുന്ന സാങ്കേതികവിദ്യ ഉറപ്പുനല്‍കുന്ന നിരവധി വിദഗ്ധര്‍ ഇക്കാലത്ത് ഉയര്‍ന്നുവന്നു. കോഴിക്കോട്ടെ പാളയം റോഡിലുള്ള ദന്തഡോക്ടര്‍ വി. പാറന്‍ ഇക്കാര്യത്തില്‍ ഒരു വിദഗ്ധനായിരുന്നുവെന്ന് രേഖകളില്‍ കാണുന്നു. സ്വര്‍ണം കൊണ്ടും വൈരം കൊണ്ടും മറ്റുമുള്ള കുപ്പായക്കുടുക്കുകളായിരുന്നു മറ്റൊരു ഫാഷന്‍. സ്വര്‍ണം പൂശിയ വാച്ച്, വാക്കിംഗ്സ്റ്റിക്ക്, കണ്ണട ഫ്രെയിം, സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാല, മുറുക്കാന്‍ ചെല്ലം, മെതിയടി എന്നിവയിലെല്ലാമായി സ്വര്‍ണം പലതരത്തില്‍ പുരുഷാലങ്കാരങ്ങളില്‍ ഒളിച്ചു കയറി.

വസ്ത്രങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയ കസവും ഇത്തരത്തില്‍ മനസ്സിലാക്കാവുന്ന ഒരു പ്രവണതയാണ്. സ്വര്‍ണം ആഭരണങ്ങളില്‍ നേരിട്ട് ഉപയോഗിക്കുന്നതിനു പകരം പല പുരുഷന്മാരും വസ്ത്രങ്ങളിലെ കസവായി അതിന്റെ മൂല്യത്തെ ധ്വനിപ്പിച്ചെടുക്കുന്നു. വിലകൂടിയ ആഡംബരവസ്ത്രങ്ങളുടെ വരേണ്യതാസൂചകമായി, നിറമുള്ള കരകള്‍ക്കു പകരം സ്വര്‍ണക്കസവോ വെള്ളിക്കസവോ പ്രചാരത്തിലായിത്തുടങ്ങി.
ബഡോദ്രയില്‍ നിന്നുവന്ന മുസ്ലിങ്ങളാണ് കസവുവ്യവസായം കേരളത്തില്‍ വ്യാപകമാക്കിയത്. ആദ്യഘട്ടത്തില്‍ വ്യാപകമായിരുന്ന ഈ വ്യവസായം പിന്നീട് ഇംഗ്ലണ്ടില്‍ നിന്നുള്ള മില്ല് വസ്ത്രങ്ങളുടെ വരവോടെ നിര്‍ജ്ജീവമായി. പില്‍ക്കാലത്താണത് കുലീനതയുടെ ചിഹ്നമായി പുനരവതരിപ്പിക്കപ്പെടുന്നത്. പുതിയ കാലത്ത് കസവുള്ള പട്ടുവസ്ത്രം വിവാഹവേഷമാകുന്നതിനു പിന്നിലെ പ്രേരണയും ഇതാവാം.
പുതിയ കാലത്ത് പുരുഷന്മാര്‍ സ്വര്‍ണത്തെ ആഭരണമായിത്തന്നെ സ്വീകരിച്ചുവരുന്നുണ്ട്. നമ്മുടെ നഗരങ്ങളിലും മെന്‍സ് ജുവലറികള്‍ സാധാരണമായിക്കഴിഞ്ഞു. സ്വര്‍ണവും പൗരുഷവും തമ്മിലുള്ള അനുപാതങ്ങള്‍ക്ക് വീണ്ടും ഇളക്കം തട്ടിയെന്നാണിതിനര്‍ത്ഥം. നിരന്തരം ഇളകിയാടുന്ന ലിംഗഘടനയുടെ കൃത്യത യഥാര്‍ത്ഥത്തില്‍ എത്രമാത്രം അസ്ഥിരമാണെന്നു തിരിച്ചറിഞ്ഞാല്‍ ട്രാന്‍സുകളെ അപരവല്‍ക്കരിക്കാതിരിക്കാനെങ്കിലും നമുക്കു കഴിയും. 


കൃത്രിമസ്വര്‍ണം-മൂല്യങ്ങളുടെ കീഴ്‌മേല്‍മറിയല്‍

1930-കളില്‍ യൂറോപ്പില്‍ കൃത്രിമസ്വര്‍ണം സംബന്ധിച്ച ഒരു വ്യവഹാരം രൂപപ്പെട്ടത് കൗതുകകരമായാണ്. കൊക്കോ ചാനല്‍8 എന്ന ഫാഷന്‍ഡിസൈനര്‍ നിര്‍മിച്ചെടുത്ത ജൂവലറിക്ക് നല്‍കിയ പരസ്യവാചകം ഇങ്ങനെ: ''ധനികരായിപ്പോയി എന്നതിന്റെ പേരില്‍ കഴുത്തില്‍ ആഭരണങ്ങളുടെ വലിയൊരു ചുമടുമായി നടക്കേണ്ടിവരുന്നത് വലിയ മിനക്കേടാണ്. അതുകൊണ്ട് ഞാന്‍ കൃത്രിമസ്വര്‍ണം ഇഷ്ടപ്പെടുന്നു.'' യൂറോപ്പിലെ ധനികരായ പ്രഭുകുടുംബാംഗങ്ങളും ഉന്നതസ്ഥാനീയരും ഇതേ തുടര്‍ന്ന് കൃത്രിമസ്വര്‍ണാഭരണങ്ങളുടെ ആരാധകരായി മാറി.

ഇതില്‍ നിന്നും തികച്ചം വ്യത്യസ്തമായിരുന്നു കേരളത്തിലെ കൃത്രിമസ്വര്‍ണത്തിന്റെ വരവ്. സ്വര്‍ണാഭരണങ്ങള്‍ ഇല്ലാതിരുന്നെങ്കിലും മധ്യവര്‍ഗക്കാരും അതിലും താഴ്ന്നവരും സ്വര്‍ണത്തിനോടുള്ള പ്രതിപത്തി വിട്ടുകളയാന്‍ ഒരുക്കമായിരുന്നില്ല. ഇല്ലാത്തവര്‍ ഉള്ളവരില്‍ നിന്ന് ആഭരണങ്ങള്‍ ഇരവു വാങ്ങി ധരിച്ചു. തിരഞ്ഞെടുപ്പില്‍ തന്നെ ജയിപ്പിച്ചതിനു പ്രതികാരമായി നാട്ടിലെ ധനികരും ജന്മികുടുംബക്കാരും സാധുക്കള്‍ക്ക് ആഭരണങ്ങള്‍ ഇരവുനല്‍കുന്നത് നിര്‍ത്തലാക്കിയതിനെ കുറിച്ച് ആലത്തൂര്‍ ആര്‍. കൃഷ്ണന്‍ എഴുതുന്നുണ്ട്. സ്വന്തം വിവാഹത്തിനുതന്നെ ബന്ധുക്കളില്‍ നിന്നും മോതിരവും മറ്റും കടം വാങ്ങിയണിഞ്ഞതില്‍ അപകര്‍ഷപ്പെടുന്ന ഭാര്യയെ ചെറുകാട് ജീവിതപ്പാതയില്‍ പ്രേമപൂര്‍വം അനുനയിപ്പിക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തിലാണ് മലയാളികള്‍ക്കിടയില്‍ കൃത്രിമസ്വര്‍ണം പടര്‍ന്നുപിടിക്കുന്നത്.
ആലപ്പുഴക്കാരനായ വ്യാപാരി എന്‍. കെ. ഗോവിന്ദന്‍ പ്രശ്‌നത്തിന്റെ കടയ്ക്കല്‍ തന്നെയാണ് പിടികൂടിയത്. അദ്ദേഹം നല്‍കിയ പരസ്യത്തിന്റെ തലക്കെട്ടിങ്ങനെ: '' നിങ്ങള്‍ നിരാശപ്പെടേണ്ട!! പാവങ്ങള്‍ക്കും സ്വര്‍ണാഭരണങ്ങള്‍ അണിയാം!''.

സ്വര്‍ണത്തിന്റെ വിലക്കയറ്റവും ലഭ്യതക്കുറവും കൃത്രിമസ്വര്‍ണത്തിന് ആവശ്യക്കാരെ സൃഷ്ടിച്ചു. കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തില്‍ കൃത്രിമസ്വര്‍ണം കടന്നു വരുന്നത് യൂറോപ്പിലേതില്‍ നിന്നും തികച്ചും വിരുദ്ധമായ സഹചര്യങ്ങളിലാണെന്ന് ഇതെല്ലാം കാണിക്കുന്നു. അതേസമയം സ്വര്‍ണം എന്ന ആശയത്തെ ആകെ വെട്ടിലാക്കുന്ന ഒരു പ്രതിവ്യവഹാരമാണ് കൃത്രിമസ്വര്‍ണം. സ്വര്‍ണം എന്ന ആശയമൂല്യം സ്വീകാര്യമായിരിക്കുന്നത് അതിന്റെ അടിസ്ഥാനപരമായ അസ്സല്‍ (ഒറിജിനല്‍) കേന്ദ്രീകരിച്ചാണ്. സ്വര്‍ണത്തിന്റെ പ്രത്യക്ഷതലത്തിലുള്ള രൂപപരമായ സത്തയെ അതേപടി നിലനിര്‍ത്തുമ്പോഴും നിരന്തരം ചോദ്യം ചെയ്യപ്പെടുന്നു, മുക്കുപണ്ടം അഥവാ വ്യാജസ്വര്‍ണം. രണ്ടിന്റെയും സാമ്പത്തികമൂല്യത്തിലുള്ള അന്തരം സ്വര്‍ണത്തെ കൂടുതല്‍ 'അസ്സല്‍സ്വര്‍ണ' മാക്കുന്നു. കുഴൂര്‍ വില്‍സന്റെ കവിതയില്‍ പറയുന്നതു പോലെ:
''-------------------
-------------------
എങ്കിലും പൊന്നേ
നീ പൊന്നാകുന്നതു
പണയത്തിലിരിക്കുമ്പോള്‍ തന്നെ
തൂക്കിലേറി
കൂടുതല്‍ വിപ്‌ളവകാരിയാകുന്ന
വിപ്‌ളവകാരിയെപ്പോലെ
അതിര്‍ത്തിയില്‍ വെടിയേറ്റു
കൂടുതല്‍ പട്ടാളക്കാരനാകുന്ന
പട്ടാളക്കാരനെപ്പോലെ
പണയത്തിലെ എന്റെ പൊന്നേ
എന്റെ പൊന്നേ എന്റെ പൊന്നേ''
(സ്വര്‍ണത്തെക്കുറിച്ച് ഒരു 22 ര േകവിത)9ഗാന്ധി, കമലാബായി, കൗമുദി
ആധുനികതയുടെ വ്യക്ത്യവബോധങ്ങളില്‍ സ്വര്‍ണം വഹിച്ച പങ്ക് സങ്കീര്‍ണവും സമ്മിശ്രവുമാണ്. സ്വര്‍ണാഭരണത്തിന്റെ മിതവും നിയന്ത്രിതവുമായ ഉപയോഗം, ഉയര്‍ന്ന അഭിരുചിയുടെ അടയാളമായി മാറുന്നതിന്റെ ചിത്രം ഇന്ദുലേഖയുടെ വിശകലനത്തിലൂടെ ഉദയകുമാര്‍ വരച്ചുകാട്ടുന്നുണ്ട്. ഇന്ദുലേഖയില്‍ നിന്നു വ്യത്യസ്തമായി അടിമുടി സ്വര്‍ണത്തില്‍ തിളങ്ങി സ്വര്‍ണവിഗ്രഹമായിനടക്കുന്ന സൂരിനമ്പൂതിരിപ്പാട് ഇന്ദുലേഖയുടെ ഉയര്‍ന്നവ്യക്തിമൂല്യത്തിന്റെ വിപരീത അപരമായി മാറുന്നതും നാം കാണുന്നു. തിളക്കത്തിന്റെ സ്വയം നിര്‍ണയിച്ചൊരു പരിധിക്കുള്ളിലാണ് ഇന്ദുലേഖയെങ്കില്‍ നേര്‍വിപരീതദിശയിലാണ് സൂരി. സ്വര്‍ണത്തിന്റെ മിതത്വമോ അഭാവമോ പോലുമാണ് ഇവിടെ ആധുനികതയുടെ മൂല്യത്തെ സാദ്ധ്യമാക്കുന്നത്.
എന്നാല്‍ സ്വര്‍ണത്തിലൂടെ സ്വയം ആധുനികീകരിക്കാനും സ്വത്വനിര്‍മിതിയിലേര്‍പ്പെടാനും ശ്രമിച്ചതിന്റെ അടയാളങ്ങളും സമാന്തരമായുണ്ട്. നമ്പൂതിരിസ്ത്രീകളുടെ ഓട്ടുവളയുപേക്ഷിക്കല്‍ ഇപ്രകാരമൊരു സംവാദത്തെയാണ് വെളിപ്പെടുത്തുന്നത്. സ്വന്തം സമുദായത്തിലെ പുരുഷന്മാര്‍ ഏറെയും സ്വര്‍ണാഭരണം കുറയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തുകൊണ്ട് സ്വയം ആധുനികീകരിക്കുമ്പോള്‍ നമ്പൂതിരിസ്ത്രീകള്‍ തങ്ങളുടെ ആചാരപരമായ ക്ലാവുമണക്കുന്ന ഓട്ടുവളകള്‍ ഉപേക്ഷിച്ച് സ്വര്‍ണവളകള്‍ സ്വീകരിക്കുന്ന ഒരു പരിഷ്‌കരണപദ്ധതിയെയാണ് വിഭാവനം ചെയ്തത്.

  വടക്കേ മലബാറിലെ ദേശീയപ്രസ്ഥാനത്തിലെ കരുത്തുറ്റ നേതാവായ കമലാബായി പ്രഭുവിന്റെ കഥയിലും സ്വര്‍ണം സ്വത്വാഭിമാനത്തിന്റെ സങ്കീര്‍ണമായ ഒരു വ്യവഹാരമായി മാറുന്നുണ്ട്. ദേശീയസിവില്‍ നിയമലംഘനത്തിന്റെ ഭാഗമായി അറസ്റ്റു ചെയ്യപ്പെട്ട കമലാബായിക്ക് ആറുമാസത്തെ തടവും 1000 രൂപ പിഴയുമാണ് മജിസ്‌ട്രേറ്റ് ഡോഡ്വെല്‍ വിധിച്ചത്. പിഴ ഒടുക്കുന്നില്ലെന്നു പറഞ്ഞ കമലാബായിയോട് മജിസ്‌ട്രേറ്റ് ആഭരണങ്ങള്‍ അഴിച്ചുവെയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കമ്മലും മാലയും മാത്രം അഴിച്ചുവെച്ച കമാലാബായിയുടെ താലികൂടി പൊട്ടിച്ചെടുക്കാന്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. അതു വലിയ പ്രതിഷേധത്തിനിടയാക്കി. താലി തിരിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍ താലിമാല സ്വീകരിക്കാന്‍ കമലാബായി തയ്യാറായില്ല. ഒടുവില്‍ മജിസ്‌ട്രേറ്റ് ഡോഡ്വെല്‍ മേലധികാരിക്കു മാപ്പെഴുതിക്കൊടുത്താണ് പ്രശ്‌നങ്ങള്‍ ഒതുക്കിത്തീര്‍ത്തത്. 

കമലാബായിയില്‍ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമായിരുന്നു ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന സ്വര്‍ണത്യാഗങ്ങള്‍. ദേശീയപ്രസ്ഥാനത്തിന് സ്വര്‍ണാഭരണങ്ങള്‍ അഴിച്ചുനല്‍കിയ വടകരയിലെ കൗമുദിയുടെ കഥ പ്രശസ്തമാണ്. ഈ കഥയ്ക്ക് രണ്ടു ഭാഷ്യങ്ങളുണ്ട്. രണ്ടും ഗാന്ധി തന്നെയാണ് ആഖ്യാനം ചെയ്തിരിക്കുന്നത്. കൗമുദി തന്റെ ആഭരണങ്ങള്‍ ഹരിജന്‍ഫണ്ടിലേക്കു സംഭാവനനല്‍കുന്നു. ആദ്യ ആഖ്യാനപ്രകാരം ഈ ആഭരണങ്ങള്‍ക്ക് പകരം ഇനി മേലില്‍ ആഭരണങ്ങള്‍ ധരിക്കരുതെന്ന് ഗാന്ധി ആവശ്യപ്പെടുന്നു. മറ്റൊരു ആഖ്യാനപ്രകാരം കൗമുദി ഇക്കാര്യം അങ്ങോട്ടു വാഗ്ദാനം ചെയ്യുകയാണ്.
കൗമുദിയുടെ കാര്യം എന്തായാലും ഗാന്ധി കോഴിക്കോട് സ്ത്രീകളുടെ യോഗത്തില്‍ ദേശീയപ്രസ്ഥാനത്തിനുവേണ്ടി കാമനകളെ ഉപേക്ഷിക്കാന്‍ സ്ത്രീകളോട് ആവശ്യപ്പെടുന്നുണ്ട്: ''നല്ല സ്ഥിതിയിലുള്ള എന്റെ സഹോദരിമാരില്‍ പലരും സുഖാനുഭവത്തില്‍ നിമഗ്നരായി കാലംകഴിക്കുന്നതായിട്ടാണ് ഞാന്‍ കാണുന്നത്. വിലയേറിയ വസ്ത്രങ്ങളോടും അതിനേക്കാള്‍ വിലയേറിയ ആഭരണങ്ങളോടും അവര്‍ക്ക് അതിയായ പ്രതിപത്തിയുണ്ട്. ഒരു സ്ത്രീയുടെ സൗന്ദര്യം അലങ്കാലത്തിലാണ് സ്ഥിതിചെയ്യുന്നതെന്ന് അവര്‍ കരുതുന്നു. ആകയാല്‍ ഒരു സ്ത്രീയുടെ യഥാര്‍ത്ഥസൗന്ദര്യം അവരുടെ ഹൃദയപരിശുദ്ധിയിലാണ് സ്ഥിതിചെയ്യുന്നതെന്നും ഈ വസ്തുത ധരിച്ച് ആന്തരമായ സൗന്ദര്യത്തെ വളര്‍ത്തുവാനാണ് അവര്‍ ശ്രമിക്കേണ്ടതെന്നും ഞാന്‍ അവരോട് ഉപദേശിച്ചു വരുകയാണ്. ഈ പ്രവൃത്തിക്കുവേണ്ടിയായതുകൊണ്ടാണ് എന്റെ സഹോദരിമാരോടും ചെറുബാലികമാരോടും അവരുടെ ആഭരണങ്ങള്‍ എനിക്കു തരണമെന്ന് ആവശ്യപ്പെടുവാന്‍ ഞാന്‍ ധൈര്യപ്പെടുന്നത്. ഞാന്‍ സന്ദര്‍ശിച്ച സ്ഥലങ്ങളിലെല്ലാം സ്ത്രീകള്‍ എന്റെ ഈ ആവശ്യത്തെ ആദരിച്ചുകാണുന്നത് എനിക്ക് അതിയായ സന്തോഷത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ എനിക്കു തരുന്ന ആഭരണങ്ങള്‍ക്കു പകരമായി പുതിയ ആഭരണങ്ങള്‍ ഉണ്ടാക്കിത്തരുവാന്‍ ഭര്‍ത്താക്കന്മാരോടു ആവശ്യപ്പെടുന്നതായാല്‍ നിങ്ങള്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്ന ഉദാരബുദ്ധി നിരര്‍ത്ഥകമാകുന്നതാണ്11.'' ദേശസ്‌നേഹത്തിന്റെ മുന്നുപാധിയായി കാമനാത്യാഗം മാറുകയാണിവിടെ. കാമനയുടെ അഭാവത്തെ ദേശീയതയുമായി ചേര്‍ത്തുവെയ്ക്കുന്നു. കൗമുദിയുടെ കഥ കേരളീയചരിത്രനിര്‍മ്മിതിയില്‍ അലിഞ്ഞു ചേര്‍ന്ന ഉത്തമസ്ത്രീയുടെ ആദര്‍ശമാതൃകയെ പ്രതിനിധാനം ചെയ്യുന്നു. ഗീതാ ഹിരണ്യന്റെ പുരുഷാര്‍ത്ഥം എന്ന ലേഖനത്തില്‍ ഗാന്ധിജി വന്നാല്‍ സ്വര്‍ണകാമനകളെ താലോലിക്കുന്ന തനിക്കുള്ള പ്രശ്‌നത്തെക്കുറിച്ചു നര്‍മമധുരമായി അവര്‍ എഴുതുന്നുകുറിപ്പുകള്‍:

1. സി.വി.കുഞ്ഞുരാമന്റെ തെരഞ്ഞെടുത്ത കൃതികള്‍, വോള്യം1, പ്രതിഭാ പബ്‌ളിക്കേഷന്‍സ്, കൊല്ലം
2. വീഴുമലയുടെ താഴ്‌വരയില്‍, ആലത്തൂര്‍.ആര്‍.കൃഷ്ണന്‍, റോസ് പബ്‌ളിക്കേഷന്‍സ്, പാലക്കാട്, പുറം 30
3. എന്റെ ജീവിതസ്മരണകള്‍, പന്തളം എം.എന്‍.കൃഷ്ണനാചാരി, പുറം 18
4. പരിഷ്‌ക്കാരപ്രവാഹം, കല്‍ത്തറ കാര്‍ത്യായനിക്കുട്ടി, ലക്ഷ്മിഭായി, 1104, ധനു, ല9, പു24)   
5. സ്ത്രീകളുടെ സൗന്ദര്യം, വി.കെ.രാമന്‍ മേനോന്‍, ലക്ഷ്മിഭായി,1100 കുംഭം, ല11, പു20.
6. സ്വാതന്ത്ര്യവും സ്വാശ്രയശീലവും, സിലോണ്‍ മലയാളി, വിശേഷാല്‍പ്രതി, 1934
7. നമ്മുടെ സ്ത്രീകള്‍, വിദ്യാവിനോദിനി,1076 മേടം, പു.12, ന.7
8. കൊക്കോ ചാനല്‍ ലിങ്ക് : വേേു:െ//ലി.ംശസശുലറശമ.ീൃഴ/ംശസശ/ഇീരീബഇവമിലഹ
9. കുഴൂര്‍ വില്‍സന്റെ കവിതകള്‍, ഡി.സി.ബുക്‌സ്, ഡി.സി.ബുക്‌സ്, 2012
10. എം.പി.സുരേന്ദ്രന്‍, വേേു://ംംം.ാമവേൃൗയവൗാശ.രീാ/ീെരശമഹ/ുീഹശശേര/െുെലരശമഹ/െ70്യലമൃെീളശിറലുലിറലിരല/മൊമൃമാംെമവേമിവേൃ്യമാ/മൊമൃമാംെമവേമിവേൃ്യമാ1.2140099
11. ഗാന്ധിജിയും കേരളവും-സമ്പാദകന്‍: കെ.രാമചന്ദ്രന്‍നായര്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2012
12. 
https://www.facebook.com/anilksna?__tn__=%2CdC-R-R&eid=ARAXhDUQAqly88tuCZ4ZO0omZtaFb_qOjFvXdNLYaavyhRh217eiJQEDUzs-RJXhfJ9fZDGS-Me2jv5y&hc_ref=ARTBU3-fpBs-mO0GuEESpj-QHa8at5klKE4DZVwsPAGyXDc4mIwXFssNcMdwW8INi5o&fref=nf