ഭാഷയുടെ എത്രാമത്തെ അര്‍ത്ഥമാണ് മൗനം? ചുണ്ടും കാതുകളും സൂക്ഷ്മമാകുന്ന, അല്ലെങ്കില്‍ തെല്ല് അദൃശ്യമാകുന്ന മൗനത്തിന്റെ പെരുക്കത്തില്‍ വാക്കുകള്‍ പരിചിതവിനിമയമല്ല ചെയ്യുക. മൗനത്തെ തോറ്റിയുണര്‍ത്താന്‍ വാക്കിനകം പിളര്‍ന്ന് അര്‍ത്ഥിക്കുന്നു ചില സമയം കവിത. അകത്തുനിന്നു പുറത്തേക്കും പുറത്തുനിന്ന് അകത്തേക്കും അശരണമായ പ്രാണസഞ്ചാരമാകുന്നു അപ്പോള്‍ എഴുത്ത്. തീവ്രമായ ആത്മയാനത്തിന്റെ വഴികളാണ് കെ.വി.ശ്രീകലയുടെ കവിതകളധികവും തേടുന്നത്. പലപ്പോഴും കേള്‍ക്കാതെപോയ വാക്കുകള്‍ക്കും നിശബ്ദതയ്ക്കും ശൂന്യതയ്ക്കുമായി ഭാഷയില്‍ ചെവി കൂര്‍പ്പിച്ചിരിക്കുന്ന കവിതകളാണിവ.
''കേള്‍ക്കാതെപോയ വാക്കുകള്‍
കാറ്റിനു കൊടുത്തു ഞാന്‍
............................................................
............................................................
............................................................
ഭാരമില്ലായ്‌മേ നിനക്കിത്ര
സൗന്ദര്യമോ?
ശൂന്യതേ നീയൊന്നു തൊട്ടാലുമെന്നെ....'' (ശൂന്യതാസ്പര്‍ശം)
എന്നാല്‍ ചിലപ്പോള്‍ നിശ്ശബ്ദതയുടെ ഉച്ചത്തിലുള്ള നിലവിളി കവിക്ക് അസഹ്യം. അതിനാല്‍ ശബ്ദങ്ങള്‍ക്കിടയിലുള്ള വിടവില്‍ താന്‍ ഒളിച്ചുവെന്ന് കവി (സ്ഥിതി).
ശൂന്യതയും മൗനവും തമ്മിലുള്ള സൂക്ഷ്മവിനിമയങ്ങളെ കവിത എടുത്തു പെരുമാറുന്നത് പെരുക്കിപ്പെരുക്കിയെടുക്കുന്ന അകംവാഴ്‌വിലാണ്. അകത്തിരുന്നു പുറത്തേക്കുനോക്കുന്നതിലധികം ഈ കവിത അകത്തിരുന്നു അകത്തേക്കുതന്നെ നോക്കുന്നു; അപരിചിതമായി. അകത്തിന്റെ വിവിധവിന്യാസങ്ങളെ ഭാഷാപരമായി കണ്ടെടുക്കുന്നു; അവിടെ തന്നെത്തന്നെ തിരയുന്നു. അനുഭവങ്ങള്‍ക്കോ സ്ഥലകാലങ്ങള്‍ക്കോ അകത്തുള്ള സ്വയം തേടലില്‍ നിന്നു വ്യത്യസ്തമാണിത്. ഭാഷയ്ക്കുള്ളിലെ ഈ സ്വയംതേടല്‍ 'പ്രണയവാക്ക്', 'മഴവാക്കുകള്‍' എന്നിങ്ങനെ നിരവധി കവിതകളില്‍ കാണാം.
അകം/പുറം
അകം, പുറം എന്നീ ദ്വന്ദ്വങ്ങള്‍ സജീവമാണ് ഏതൊരു പെണ്‍കവിതയിലുമെന്നതുപോലെ ഈ കവിതയിലും. അകത്തെ ത്വരിപ്പിച്ചും ഉണര്‍ത്തിയും പെരുതാക്കി തോറ്റിയുണര്‍ത്താന്‍, പുറത്തേക്കാളധികം അകത്തെ മൂര്‍ത്തമാക്കിയെടുക്കാന്‍ കവിത ഒരു വഴിയായിത്തീരുന്നു. എന്നാല്‍ പുറത്തെ, വ്യവഹാരികജീവിതത്തെ, ദൈനംദിനസന്ദര്‍ഭങ്ങളെ കവിതയില്‍ അത്രയ്ക്കു പച്ചപ്പോടെ കരുത്തോടെ കാട്ടിത്തരാന്‍ അതു കരുതുന്നുമില്ല.
''ഉള്ളം കയ്യിലുണ്ട് ഉള്ളിയായ് കാലം
ഓരോന്നായ് അടരുന്നുണ്ട്,
നീറി നീറി അറിയുന്നുണ്ട്
അധികമില്ല ശൂന്യതയ്‌ക്കെന്നും
കൃത്യമായ് എണ്ണിവെച്ചിട്ടുണ്ട്
..........................................................
..........................................................
അകത്തേയ്ക്കു യാത്രചെയ്തു
പുറത്തേക്കുപോകുന്ന
വിദ്യയിതെന്നു.......'' ('ഉള്ളം കയ്യിലുണ്ട് ഉള്ളിയായ് കാലം')
അകത്തേക്കു വഴികാട്ടുന്ന ചൂണ്ടുപലകകളായി കവിതയില്‍ പ്രകൃതി കടന്നുവരുന്നു. മരങ്ങള്‍ പലമട്ടില്‍ നിറയുന്നു. രാത്രിയും സൂര്യനും ആകാശവും ജലവും ഇലയും ഇരുട്ടും പ്രകാശവും മഴവില്ലും നിഴലും ഒക്കെ മിക്ക കവിതകളിലും തൊട്ടുതൊട്ടു നില്‍ക്കുന്നു. ഇലയും പൂവും കായും ഒക്കെയായി ഒരു ചെടി അതിന്റെ ഭാഷയില്‍ സംസാരിക്കുന്നതുപോലെ ഇവിടെ പ്രകൃതി എന്ന പുറങ്കണ്ണ് അകത്തേക്കകത്തേക്ക് നോട്ടമെറിയുന്നു. എന്നാലവ പ്രതീകങ്ങളോ രൂപകങ്ങളോ അല്ലെന്നത് ശ്രദ്ധേയം. മരവും മണ്ണും വെള്ളവും വെളിച്ചവുമൊക്കെയായ പ്രകൃതിയുടെ ആദിമൂലകങ്ങള്‍ അകത്തളങ്ങളെ മൂര്‍ത്തമായി വായിച്ചെടുക്കുന്ന, വ്യാഖ്യാനിക്കുന്ന അടിസ്ഥാനഭാഷയായിത്തന്നെ ഈ കവിതകളില്‍ പുലരുന്നു.
പൊതുവില്‍ നിന്നുള്ള വിഛേദങ്ങള്‍
പ്രതിഷ്ഠാപിതമായ സ്ത്രീരചനകളുടെ യുക്തിയില്‍ അകത്തുനിന്നും പുറത്തേക്കു കടക്കല്‍ വളരെ പ്രധാനമായി കണ്ടുവരാറുണ്ട്. ഇബ്‌സന്റെ പാവവീടിലെ നോറയെപ്പോലെ വീടുവിട്ടു പുറത്തേക്കു പോകലാണത.് വീട്ടില്‍നിന്നും പുറത്തേക്കു കടക്കുക എന്നത് പ്രതിബദ്ധസ്ത്രീവാദം എപ്പോഴും മുന്നോട്ടു വെയ്ക്കുന്ന ആശയകല്‍പനയാണ്. സാവിത്രി രാജീവനും(പ്രതിഷ്ഠ) വിജയലക്ഷ്മി(തച്ചന്റ മകള്‍) അനിതാതമ്പി(അഴകില്ലാത്തവയെല്ലാം) തുടങ്ങി മിക്ക സ്ത്രീകവികളിലും വീട് മറികടന്നു പോകേണ്ട ഇടമായി എഴുതപ്പെടുന്നു. സ്ത്രീയുടെ കീഴായ്മയെയും ചൂഷണത്തെയും തുടര്‍ച്ചയായി സ്ഥിരീകരിക്കുകയും അതിനെ ആദര്‍ശമോ നിയമമോ ഒക്കെയായി കൊണ്ടാടുകയും ചെയ്യുന്നതിന്റെ പേരില്‍ വീടിന്റെ/അകത്തിന്റെ ഇടത്തെ സ്ത്രീകവികള്‍ വിമര്‍ശനാത്മകമായാണ് എഴുതുന്നത്.
എങ്കിലും വീട്ടില്‍ നിന്ന് ഏതു പുറത്തേക്ക് അഥവാ അടുക്കളയില്‍ നിന്ന് ഏതു അരങ്ങത്തേക്ക് എന്നുള്ള ചോദ്യങ്ങളും സന്ദിഗ്ധതകളായി പുതുപെണ്‍കവിതകളില്‍ ഉയര്‍ന്നു തുടങ്ങി. ചരിത്രം, രാഷ്ട്രീയം, ദേശീയത, പുരോഗമനം തുടങ്ങിയ വന്‍ എടുപ്പുകളില്‍ നിന്നു വിട്ടുനിന്നുകൊണ്ടു തന്നെ അവയുടെ അപരലോകമായി സ്‌ത്രൈണതയെ സമര്‍ത്ഥിക്കാന്‍ വി.എം.ഗിരിജയും മറ്റും ശ്രമിക്കുന്നതു കാണാം. ഔപചാരികവും അധീശവുമായ, നിയമങ്ങളില്ലാത്ത ഒരു ലോകം, ക്രമബന്ധമല്ലാത്ത സ്‌ത്രൈണവാഴ്‌വുകളുടെ ലോകം - അതിലേക്കാണ് ഗിരിജ പ്രകൃതിയെയും ഭാവനയെയും ഭാഷയെയും പ്രണയത്തെയും എഴുത്തിനെയുമെല്ലാം സമാഹരിച്ചെത്തിക്കുന്നത്. അവിടെ സ്ത്രീക്കുളള അന്യത്വം ഉറച്ച ലോകങ്ങളോടാണ്.
ഇത് വിച്ഛേദത്തിന്റെ വേറിട്ട പാരമ്പര്യമാണ്. പോരാട്ടത്തേക്കാള്‍, വിജയത്തേക്കാള്‍ വിനിമയത്തിനും കൂടുതല്‍ ധ്യാനാത്മകമായ ആത്മയാനങ്ങള്‍ക്കും അതു വഴി തേടുന്നു.
അടിസ്ഥാനപരമായി ഈ വിച്ഛേദങ്ങളോടുള്ള ചാര്‍ച്ച ശ്രീകലയുടെ കവിതയും പങ്കിടുന്നു. വരച്ചുവെച്ച സ്ത്രീവിമോചനയുക്തിയുടെ പുറംതോടുകളെ കുത്തിപ്പൊട്ടിക്കുന്ന പാരമ്പര്യം ശ്രീകലയിലും തെളിഞ്ഞു വരുന്നുണ്ട്.
'സ്ത്രീവിഗ്രഹം'എന്ന കവിത നോക്കൂ
'ചിലപ്പോള്‍ അങ്ങനേയാണ്
നിങ്ങളെ ആരെങ്കിലും
പ്രതിഷ്ഠിച്ചുകളയും
മുമ്പില്‍ തിരികൊളുത്തി
ഇരുത്തിക്കളയും
………….
അഭിഷേകങ്ങളും അര്‍ച്ചനകളും
മണിയൊച്ചകളും
നിങ്ങളെ ഭ്രാന്തിയാക്കും
പക്ഷേ വിഗ്രഹങ്ങളൊരിക്കലും
ചലിക്കാറില്ല…മിണ്ടാറില്ല..'
അഹം
അകത്തിന്റെ ഈ കവിതയ്ക്ക് ആഖ്യാതാവിന്റെ അഹത്തോടുള്ള ബന്ധമെന്ത്? അത് അഹം തന്നെയായി ഇഴുകിച്ചേരുന്നുണ്ട് പലപ്പോഴും. എന്നാലത് ആത്മതിപരമാകുന്നില്ല എന്നത് പ്രധാനമാണ്. ആത്മരതിപരമായ ഭാവതീവ്രത പെണ്‍കവിതകളുടെ ദൗര്‍ബ്ബല്യമായി തിരിച്ചറിയപ്പെട്ടിട്ടുണ്ട്. കുമ്പസാരസ്വഭാവമുള്ള ആത്മനിഷ്ഠതയും കയ്പുനിറഞ്ഞ അപരബോധവും ഈ കവിതകളില്‍ കുറവാണ്. രോഷത്തിന്റെ തീക്കനലുകള്‍ ഇവിടെ ജ്വലിയ്ക്കുന്നില്ല. സ്ത്രീരചനയിലെ പടയോട്ടങ്ങളേക്കാള്‍ ചുഴികളും മലരികളും നിറഞ്ഞ ഉള്‍ക്കടലിലെ അന്തര്‍വാഹിനികളാവാനാണ് ഈ കവിതകള്‍ക്കു താല്പര്യം.
ഏകാകിനിയുടെ ആത്മകേന്ദ്രിതത്വം മലയാളകവിതയില്‍ പുതുതല്ല. മാധവികുട്ടിയിലൂടെയും സുഗതകുമാരിയിലൂടെയും വിജയലക്ഷ്മിയിലൂടെയും അതിന്റെ തുടര്‍ച്ചകളെ വ്യത്യസ്തതകളോടെ നാം കണ്ടതാണ്. എഴുത്തുകാരിയുടെ വിഷാദാത്മകസ്വത്വം എന്നത് പരമ്പരാഗത സ്ത്രീവാദകാഴ്ചയില്‍ അത്ര അഭികാമ്യമല്ലായിരിക്കാം. എന്നാല്‍ വൈയക്തികമായതിന്റെ രാഷ്ട്രീയവല്‍ക്കരണം(ുലൃീെിമഹ ശ െുീഹശശേരമഹ) സൗന്ദര്യശാസ്ത്രത്തിലും അതിന്റെ വഴികള്‍ തേടുമ്പോള്‍ ഈ അഭിരുചി ഒട്ടൊക്കെ സാധൂകരിക്കപ്പെടുകയും ചെയ്യുന്നു. എന്നിരുന്നാലും തേഞ്ഞു തുടങ്ങിയ ഈ മൂശയില്‍ പുതിയ ഒരു കവിക്ക് എന്താണ് ബാക്കിവെയ്ക്കാനാവുക എന്ന ചോദ്യമുണ്ട്; അതവിടെ നില്ക്കട്ടെ.
സ്വപ്നം ഈ രചനകളുടെ അഗാധഘടനയായി പരുവപ്പെട്ടുകിടക്കുന്നുണ്ട്. ജാഗ്രത്തിനേക്കാള്‍ സജീവമാണീ ലോകം.
'മണ്ണിന്റെ സ്വകാര്യങ്ങള്‍' ഇപ്രകാരം കീഴ്‌മേല്‍ മറിഞ്ഞ ബോധാബോധങ്ങളിലൂടെയുള്ള ചുറ്റിത്തിരിയലാണ്. മരണവും പ്രണയവും യാത്രയും കൂടിക്കുഴഞ്ഞ ഒരു ലോകത്ത് രക്ഷപ്പെടാനാവാതെ പെട്ടുപോയ ഒരാളുടെ വിഭ്രാമകതകളാണീ കവിത.
'' നീ കേള്‍ക്കുന്നുണ്ടോ ?
കണ്ണടഞ്ഞിരുന്നു
പക്ഷേ കാണുന്നുണ്ടായിരുന്നു
പലകാലങ്ങളില്‍ മണ്ണിലലിഞ്ഞവരൊക്കെ
അവിടവിടെ തപം ചെയ്യുന്നു.
ഞാനെപ്പോഴേ മരിച്ചു പോയിരുന്നിരിക്കാം.
നീ കേള്‍ക്കുന്നുണ്ടോ ?
പലവേരുകളെന്നിലേക്കു
തുളഞ്ഞിറങ്ങിത്തുടങ്ങീ
മുകളിലേതോ തെരുവോരത്തു
വൃക്ഷങ്ങളില്‍ ഞാന്‍ പൂവിടുന്നുണ്ടാവാം
നീ കേള്‍ക്കുന്നുണ്ടോ ?
ഇല്ല, കേള്‍ക്കുന്നുണ്ടായിരുന്നില്ല
അവനേതോ കായായി….
ഏതോ പക്ഷി കൊത്തിപ്പറന്നിരുന്നു…'
വിശ്രാന്തി
ചരിത്രപരമായി നോക്കുമ്പോള്‍ പെണ്‍കവിതയ്ക്കകത്തെ ആഖ്യാനകര്‍തൃത്വത്തിന് പല മുഖങ്ങളുണ്ട്. അതില്‍ പ്രബലമായ ഒന്നാണ് കാല്പനിക അസ്തിത്വവാദിയുടേതായ ഒന്ന്. ഗിരിജയിലും അനിതയിലുമൊക്കെ അതു വഴിമാറുന്നുണ്ടെങ്കിലും പലരിലും പ്രത്യേകിച്ച് തുടക്കക്കാരില്‍ അത് ഒരു ബാധയാവുന്നു. എവിടെയോവെച്ചു സ്വയം അറുത്തുമുറുച്ചു കളയുന്ന, സ്വയം ഹനിക്കുന്ന തീവ്രമായ ആത്മകേന്ദ്രിതത്വം- നന്ദിത സിന്‍ഡ്രോം എന്നതിനെ വിളിക്കാമോ?-ശ്രീകലയുടെ കവിതകളില്‍ കരുതലോടെ കുടഞ്ഞുകളഞ്ഞിരിക്കുന്നു. എങ്കിലുമവ അകത്തിന്റെ പരിധികളില്‍ തണല്‍തേടുന്ന ഒരു ഭാവതാരള്യം- വിശ്രാന്തിയുടേതായ ഒരു ഭാവുകത്വം- മുന്നോട്ടുവെയ്ക്കുന്നു. 'രാത്രിയില്‍ വാകമരങ്ങള്‍ പറയുന്നു' എന്ന സമാഹാരം ഈ ഇളവേല്ക്കലിന്റെ അനുഭവമാണ് പകരുന്നത്.
ഒരു മഴയും നേരെ നനഞ്ഞില്ല എന്ന് ഒരു പുതുപെണ്‍കവിയും ആകുലപ്പെടാനിടയില്ല; മഴയത്ത് നനഞ്ഞാലിച്ചു നില്പാകയാല്‍. നനഞ്ഞൊട്ടിയ വസ്ത്രം ഊരിമാറ്റാന്‍ അവര്‍ക്കാവതുമില്ല. നഗ്നതയെക്കുറിച്ചുള്ള ഭീതിയും ലജ്ജയുമല്ല കാരണം. മറിച്ച് അത്രമേല്‍ അസ്തിത്വത്തില്‍ ഒട്ടിച്ചേര്‍ന്ന ആവരണങ്ങള്‍ അടര്‍ത്തിയെടുയുക എളുപ്പമല്ല. തൊലിയോട് ഒട്ടിച്ചേര്‍ന്ന് തൊലിതന്നെയായി മാറിയ വസ്ത്രം, ഭാഷ്‌ക്കുള്ളില്‍ നിലതേടിയലയുന്ന വികാരം, വൈയക്തികതയ്ക്കുകൂടി ഇടം തീര്‍ക്കുന്ന പൊതു- അത്രയേ അതിനാവൂ. അത്രയെങ്കിലും ക്ഷമത അതു സ്വരൂപിക്കുമ്പോള്‍ കവിത അവസാനത്തെ കൂടുതേടലാവുന്നു. അവിടെ വാക്കുകള്‍ മഴത്തുള്ളികളായി ഇറ്റുവീഴുന്നു. അനുഭവം ചാരിവെച്ച നനഞ്ഞ കുടയാവുന്നു. തെല്ലുതുറന്നതും എന്നാല്‍ തെല്ല് അടഞ്ഞതും.എപ്പോഴെങ്കിലും വിടര്‍ത്താവുന്നതും
(വയലറ്റുനാവിലെ പാട്ടുകള്‍ എന്ന എന്റെ പുതിയ പുസ്തകത്തില്‍ ഈ പഠനം ചേര്‍ത്തിട്ടുണ്ട്.)