Saturday, March 7, 2020

വിലാപ്പുറങ്ങള്‍: ദേശം, ദേഹം, ദാഹം


                                                                          
                                                                                 

ണ്ണും പെണ്ണും എന്ന സംയുക്തം ലയാളഭാവനയില്‍ ആണിന്റെ അജയ്യതയ്ക്കകത്താണ് നിര്‍വചിക്കപ്പെട്ടത്. പെണ്ണും മണ്ണും ഒരുപോലെ ആണ്‍വിഭവമായിരുന്നിടങ്ങളില്‍ പെണ്‍കര്‍തൃത്വം വിധേയസ്ഥാനത്തെയാണ് പൂരിപ്പിച്ചിരുന്നത്. പെണ്‍ഭാവനകളുടെ മുന്നേറ്റം സ്ത്രൈണമായ അനുഭവലോകങ്ങളിലൂടെ, ലോകബോധങ്ങളിലൂടെ അവയെ മാറ്റിയെഴുതാനുള്ള ശ്രമങ്ങളുണ്ടായി. സ്ഥലഭാവനയുടെ സൂക്ഷ്മവും പ്രാന്തീകൃതവുമായ ആഖ്യാനരൂപങ്ങളായി പുതുകാലത്ത് നോവല്‍ എന്ന രൂപം തന്നെ പുതുക്കിയെഴുതപ്പെടുന്നതിനു ഏറെക്കുറെ സമാന്തരമായാണീ പെണ്ണുയിര്‍പ്പും സംഭവിക്കുന്നത്. ചെറിയ ചെറിയലോകങ്ങളുടെ ഉള്ളില്‍ നിന്നും പൊട്ടിപ്പുറപ്പെടുന്ന ശിഥിലമെങ്കിലും തീക്ഷ്ണമായ സ്വരങ്ങളായാണവ ആഖ്യാനം ചെയ്യപ്പെട്ടത്. സ്ഥലപരവും അധികാരപരവുമായ കേന്ദ്രീകരണത്തേക്കാള്‍ ചിതറലുകള്‍ ഉണ്ടെന്നതിനാലാണ് ശിഥിലമെന്നു പറയേണ്ടിവരുന്നത്. സ്ഥൂലവും ഏകശിലാത്മകവുമായ ദേശീയതാപരമായ സ്ഥലരാശിക്കു നേരെ പിടിച്ച വിമര്‍ശനാത്മകദര്‍പ്പണങ്ങളായി പ്രാദേശികമായ ഇടങ്ങളെ നോവലുകള്‍ ആവിഷ്‌ക്കരിച്ചു തുടങ്ങി.  വിമര്‍ശനാത്മകറിയലിസം എന്നു ഇ.വി. രാമകൃഷ്ണനെപ്പോലുള്ളവര്‍ പറയുന്ന  നോവലിന്റെ ഈ പുതുആഖ്യാനസങ്കേതം അഥവാ സമീപനം ഇതിനാക്കം കൂട്ടുന്നുണ്ട്.    
                       
ലന്തന്‍ ബത്തേരിയിലെ ലുത്തീനിയകള്‍ ,  ആലാഹയുടെ പെണ്‍മക്കള്‍, തിയ്യൂര്‍രേഖകള്‍, മരക്കാപ്പിലെ തെയ്യങ്ങള്‍, ഫ്രാന്‍സിസ് ഇട്ടിക്കോര, കരിക്കോട്ടക്കരി തുടങ്ങി അനേകം നോവലുകള്‍ പ്രാദേശികതയുടെ രാഷ്ട്രീയത്തെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ട് അതിനെ ആഖ്യാനത്തിന്റെ പ്രത്യയശാസ്ത്രമായി ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്. ദേശീയതയെക്കുറിച്ചുള്ള പുനര്‍വായനകളോ പുനരാഖ്യാനങ്ങളോ ആയി നിലനില്‍ക്കാനുള്ള സാധ്യതകളെ തള്ളിക്കൊണ്ട് പ്രാദേശികതയുടെ സവിശേഷതകളാല്‍ നിര്‍മിതമായ പ്രതിരോധത്തിന്റെ പാഠങ്ങളായി അവ നിലകൊള്ളുന്നു. ലിസിയുടെ വിലാപ്പുറങ്ങളിലേക്കു വരുമ്പോള്‍ ഈ വിച്ഛേദം പാഠപരമെന്നതിലും ഏറെയാണ്. പ്രാദേശികതയുടെ ചരിത്രപാഠങ്ങളില്‍ പെണ്ണനുഭവങ്ങളുടെ, പെണ്‍കാമനകളുടെ ആളിപ്പടരല്‍ നീറിപ്പിടിക്കുന്നു എന്നതാണതില്‍ മുഖ്യം. ആകാശവും ഭൂമിയും തെരുവും വീടും പുല്‍പ്പരപ്പും പൂരപ്പറമ്പും ഇറച്ചിക്കടയും പള്ളിപ്പറമ്പും കള്ളുഷാപ്പും വെട്ടുവഴികളും എല്ലാം അവളിലൂടെ രെു സവിശേഷപ്രദേശത്തെ ഉരുവപ്പെടുത്തുകയാണ്. തൃശ്ശൂര്‍ എന്ന നാടിനോട് മറിയം എന്ന പെണ്ണിന്റെ ജീവിതം  ഉണ്ടാക്കിയെടുത്ത സംഘര്‍ഷാത്മകബന്ധത്തിലൂടെ സ്ത്രൈണതയുടെ സ്വാച്ഛന്ദ്യംകലര്‍ന്ന ആവിഷ്‌കാരമായി നോവല്‍ മാറുകയാണ്. ആണിന്റെ സ്വാഭാവിക ഇടം പുറവും പെണ്ണിന്റെ സ്വാഭാവിക ഇടം അകവും എന്നാണ് ആധുനികകുടുംബക്രമം വ്യവസ്ഥ ചെയ്തുപോന്നത്. പെണ്ണിന്റെ ഗാര്‍ഹികമായ അകം ജീവിതം വീട്ടകത്തിനു പുറത്തേക്കു വെറുതെ നീട്ടിവായിക്കുകയല്ല ഈ നോവല്‍; മറിച്ച് അകത്തിന്റെ മൂല്യവ്യവസ്ഥകളെ ചുഴറ്റിയെറിഞ്ഞ് തനിക്കന്നോളം അന്യമായിരുന്ന പുറം ജീവിതത്തിലേക്കു കടന്നു ചെന്ന് അതിനെ അനുഭവിച്ചറിഞ്ഞ് അതിന്റെ ആനന്ദത്തിരകളിലൂടെ ഒഴുകിയിറങ്ങി അതിലൂടെ സ്‌െൈത്രണതയെ ആഘോഷിക്കുകയാണ് മറിയയിലൂടെ ഈ നോവല്‍ ചെയ്യുന്നത്. ആ നിലയ്ക്ക് നോവലിന്റെ സ്ഥലരാശി ആന്തരികമായിത്തന്നെ ഒരു ലിംഗപ്രത്യശാസ്ത്രത്തെ ചുഴ്ന്നാണ് വിശദീകരിക്കപ്പെടുന്നത്. തൃശ്ശൂരിന്റെ പ്രാദേശികസ്ഥലികളെ അടയാളപ്പെടുത്തുന്നതില്‍ മുഖ്യധാരാ ആഖ്യാനശൈലികളെ കയ്യൊഴിഞ്ഞ് അതിനെ സവിശേഷമായ ഒരു ലിംഗപരിപ്രേക്ഷ്യത്തിലൂടെ വരച്ചുകാട്ടുവാന്‍ നോവലിസ്റ്റ് ലിസി ശ്രമിച്ചിട്ടുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്ക് വഴിയേ വരാം.

90കളിലെ നോവലുകളില്‍  പ്രാദേശികതയുടെ ആഖ്യാനരാഷ്ട്രീയം രൂപപ്പെടുന്നതിനെക്കുറിച്ചു പറഞ്ഞു. അവിടെ നാട് എന്നാല്‍ വെറും ജീവിതസ്ഥലി മാത്രമല്ല, മറിച്ച് വലുതും ചെറുതുമായ ജൈവചരിത്രങ്ങളുടെ സഞ്ചയമാണ്, മനുഷ്യാനുഭവങ്ങളുടെയും ചരിത്രത്തിന്റെയും കുത്തൊഴുക്കില്‍ വക്കടര്‍ന്നും തൊലിപൊളിഞ്ഞും വേരുലഞ്ഞും നിലനിന്ന പെരുംമരമാണ്. കുളിരും കണ്ണീരും കിതപ്പും വിയര്‍പ്പുമുളള ജന്തുജീവിതമാണ്; ഒരുപാടു ജീവിതങ്ങള്‍ തന്നെയാണ്. പലതരം ഒച്ചയുടെയും കാഴ്ച്ചകളുടെയും കലര്‍പ്പിന്റെയും ആരവങ്ങളുടെയും ഇടമായി ബഷീറിലും മറ്റും നാട് വളര്‍ന്നു തിടം വെച്ചു നില്‍ക്കുന്നത് നാം പാത്തുമ്മയുടെ ആടിലും ആനവാരിയിലും സ്ഥലത്തെ പ്രധാനദിവ്യനിലും മറ്റും കണ്ടിട്ടുണ്ട്.  ദേശമെന്ന ബൃഹദ്വ്യവഹാരത്തിന്റെ  എതിര്‍ലോകങ്ങളായി നില്‍ക്കുന്ന ഉള്‍നാടുകള്‍ എങ്ങനെ അധികാരത്തിന്റെ പ്രാന്തീയദര്‍ശനമാകുന്നുവെന്ന്  നിരൂപകര്‍ ഇതിനോടകം നിരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍ മുമ്പു സൂചിപ്പിച്ചതു പോലെ വിലാപ്പുറങ്ങള്‍ അതിനപ്പുറവും പോകുന്നുണ്ട്. മേല്‍പ്പറഞ്ഞ ദേശരാഷ്ട്രഘടനയ്ക്കപ്പുറം ചലനാത്മകവും ബഹുസ്വരവും വൈവിധ്യമുള്ളതുമായ ഒരു ലോകത്തെ അതു നിശ്ചയമായും നോവലിന്റെ പ്രതലമായി സ്വീകരിക്കുന്നുണ്ട്. ഒപ്പം അതിനെയും കവിഞ്ഞുനില്‍ക്കുന്ന പുരുഷാധിപത്യത്തിന്റെ അധീശയുക്തികളോട് കലഹിക്കുവാന്‍ പാകത്തില്‍ ആയിടത്തെ കയ്യാളുവാന്‍ അനുഭവകേന്ദ്രത്തില്‍ ഒരു സ്ത്രീയെ പ്രതിഷ്ഠിക്കുന്നു എന്നതാണ് ഈ നോവലിനുള്ള പ്രാധാന്യം. വിലക്കുകള്‍ക്കകത്തും പുറത്തുമായി മറിയം എന്ന പെണ്ണിന്റെ സഞ്ചാരദൂരങ്ങളായി, വിധ്വംസകമായ ക്രിയാപഥങ്ങളായി ഈ ആഖ്യാനത്തെ നോക്കിക്കാണുകയാണിവിടെ. അതിലൂടെ തന്റെ ഇടമായി തൃശ്ശൂരെന്ന ദേശത്തെ പൊളിച്ചെഴുതി, 'തന്റേടി'യായി ജീവിച്ച മറിയം തന്റെ ഉടലിന്റെയും കാമനകളുടെയും സര്‍വാധിപത്യം സ്വയം സ്ഥാപിക്കുന്നതിന്റെയും  കൂടി ആഖ്യാനമായി നോവല്‍ വിസ്തൃതമാകുന്നു.  

തൃശൂരിന്റെ കഥ
തൃശൂരിന്റെ നഗരപ്രദേശങ്ങളും പ്രാന്തങ്ങളും കഥനത്തിനു വഴങ്ങുന്നത് ഇതാദ്യമായല്ല. ആലാഹയുടെ പെണ്മക്കളിലെ കോക്കാഞ്ചിറയിലൂടെ സാമുദായികവും സ്ഥലപരവുമായ ആഢ്യവരേണ്യ പാരമ്പര്യങ്ങള്‍ക്കകത്ത് കീഴാളജീവിതം ചവിട്ടിയരക്കപ്പെട്ടതിന്റെ കഥ മലയാളിവായന അറിഞ്ഞിട്ടുണ്ട്. ആനിയെന്ന ചെറിയ പെണ്‍കുട്ടിയുടെ കണ്ണിലൂടെ അനാവൃതമാകുന്ന, പലതും കൂടിക്കുഴഞ്ഞ ഒരു ലോകമാണത്.  അധികാരത്തിന്റെയും മദമല്‍സരങ്ങളുടെയും പാപപുണ്യങ്ങളുടെയും കുടുംബത്തിനുള്ളിലെ രാഗദ്വേഷങ്ങളുടെയും നിസ്സഹായതയുടെയും കഥയാണത്.  കീഴാളമായ അനുഭവപരിസരങ്ങളിലൂടെ പ്രതിരോധത്തിന്റെ മാനങ്ങളെ തീര്‍ക്കുമ്പോഴും സ്ത്രൈണവും നിരുദ്ധവുമായ ശരീരകാമനകളെ അഭിസംബോധന ചെയ്തുകൊണ്ടെത്തിച്ചേരാന്‍ കഴിയുന്ന അട്ടിമറി സാധ്യതകള്‍ വിലാപ്പുറങ്ങള്‍ക്കുള്ളതുപോലെ ആലാഹയക്ക് ലഭ്യമായിരുന്നില്ല. വിലാപ്പുറങ്ങളാകട്ടെ കാലത്തിന്റെ രാജപാതയിലൂടെ നീണ്ടുനിവര്‍ന്ന് ചവിട്ടിമെതിച്ചും കുതിച്ചും അലഞ്ഞ പെണ്‍ദാഹത്തിന്റെ കഥയാണ്. അനുഭൂതിക്കനുസൃതമായി ചലിച്ച അനുഭവസ്ഥലിയായാണ് തൃശ്ശൂര്‍ നോവലില്‍ അടയാളപ്പെടുന്നത്. ദേഹത്തെയാണതിന്റെ ഉപാധിയായി സ്വീകരിച്ചിരിക്കുന്നത്. മറിയക്ക് ദേഹം ആലയവും സ്ഥലവും പ്രപഞ്ചവുമാണ്. അതിന്റെ വാക്കുകള്‍ അവള്‍ക്കു പുതിയ വഴികള്‍ നിര്‍മിച്ചുകൊടുക്കുകയും ദിക്കറിയാതെ പാഞ്ഞുപോകുന്ന കാമനകളുടെ കുതിരപ്പുറത്തേറി എവിടേക്കെന്നില്ലാതെ അവള്‍ ചെന്നു പെടുകയും ചെയ്തു. അനിശ്ചിതത്വവും വിധ്വംസകതയും നിറഞ്ഞ ആ പ്രയാണത്തിന്റെ പഥങ്ങള്‍ കൂട്ടിച്ചേര്‍ത്തു വരച്ച ഭൂപടമാണ് തൃശ്ശൂരെന്ന അവളുടെ നാട്, അവളെ അവളാക്കിയ നാട്.
നോവലിന്റെ പ്രവേശികയുടെ ഭാഗത്തുനിന്ന്: 'ഒരു ദേശത്തിന്റെയും കാലത്തിന്റെയും ഭ്രമണം ഈ പെണ്ണിനു ചുറ്റുമായിരുന്നോ ? ഒരു നാടും നാട്ടാരും  പടിയിറങ്ങുന്ന ഈ പെണ്ണിന്റെ ഭാവമാറ്റങ്ങള്‍ക്കനുസരിച്ച് അവരുടെ ജീവിതങ്ങളെയും മാറ്റിവരച്ചുവോ?' (പുറം : IX)

 നാടിന്റെ പതിവു തനിമകളോട്, താളത്തോട് മറിയക്കുള്ള പ്രതികരണങ്ങള്‍ എന്തായിരുന്നു? വഴികളും ദേശവും നാട്ടാരും അവളെ ബാധിച്ചതെങ്ങനെ? പെണ്‍കുട്ടിക്കാലം മറിയയില്‍ ആന്തരികമായ സ്വകാര്യജീവിതം, വര്‍ണഭംഗിയേറിയ സ്വപ്നാത്മകലോകം നിര്‍മിച്ചെടുത്തു. നാടിനും നഗരത്തിനും അകത്താണെങ്കിലും വിദൂരമായൊരാകാശത്ത് കൂടുകൂട്ടിയ പെണ്‍കിനാവുകളിലാണവള്‍ പ്രണയത്തിന്റെ ചില്ലകള്‍ നീട്ടിയത്. ഇരമ്പുന്ന ചടുലവും പരുഷവുമായ നാട് അവളിലേക്ക് പടര്‍ന്നേറുമായിരുന്നില്ല. അപ്പന്റെ, റോസാമുത്തിയുടെ, ചാക്കോരുവിന്റെ എല്ലാം സ്നേഹപരിരക്ഷകളുടെ  ഉരുക്കുകോട്ടയില്‍, പീറ്ററിന്റെ പ്രണയോന്മാദങ്ങളില്‍ പൂത്തുലഞ്ഞ് അവള്‍ തന്നെ മറന്നു ജീവിച്ചു. കൗമാരത്തിലേ ഗര്‍ഭിണിയായ മറിയയെ പീറ്റര്‍ കൈവിട്ടതോടെയാവണം അവളില്‍ നാട് നേരിട്ട് ഇടപെട്ടു തുടങ്ങിയത്. ആദ്യമാദ്യം പിറുപിറുക്കലും കുശുകുശുപ്പുകളുമായി നീണ്ട് അപവാദങ്ങളിലൂടെ ആയിരുന്നു അത്. എല്ലായപ്പോഴും അതിന്റെ അപമാനം അവള്‍ ഏറ്റുവാങ്ങി. പക്ഷേ, പിന്നെപ്പിന്നെ മറിയ അവയെ നേര്‍ച്ഛേദം ചെയ്തു വെട്ടിയുണ്ടാക്കിയ വഴികളിലൂടെ മുന്നേറി മറിയ നാടറിഞ്ഞു. അവള്‍ പലിശമറിയവും പനങ്കേറിമറിയവും ആയി.

കിഴക്കേക്കോട്ടയുടെ, ഒരുപക്ഷേ തൃശൂരിന്റെ തന്നെ ചരിത്രത്തില്‍ ആദ്യമായി ഒരു പെണ്ണ് ചന്തയില്‍ ഇറച്ചിക്കച്ചോടത്തിനായി വന്നെത്തിയത് അതിന്റെ തുടക്കം തന്നെ. ആ ലോകത്തിന്റെ കലര്‍പ്പും കയ്പും അവളെ ഉടച്ചുവാര്‍ത്തു. ഇറച്ചിവെട്ടിയിരുന്ന മരമുട്ടിയെ സിംഹാസനമാക്കി അവളിരുന്നു ചുറ്റും കണ്ണോടിച്ചു. ' ഇറച്ചിക്കടയിലും പരിസരത്തും തിരക്കായിരുന്നു. അരിയങ്ങാടിയിലും അഞ്ചുവിളക്കിലും എന്തിന് മീന്‍ മാര്‍ക്കറ്റിലും വരെ അവളുടെ വരവ് കേള്‍ക്കപ്പെട്ടു. ഈ വരവിലെന്തിരിക്കുന്നു എന്ന ഭാവം വരുത്തിയിട്ടും മറിയക്കു മേല്‍ കൊളുത്തിവലിക്കുന്ന നോട്ടങ്ങള്‍ അവളുടെ മേല്‍മുണ്ടും ചട്ടയും തുരന്ന് ഉള്ളിലേക്കു കൊളുത്തുന്നു. ......മുണ്ടു ഞൊറിഞ്ഞുടുത്ത അവളുടെ തുളുമ്പുന്ന പിന്‍ഭാഗം അരയന്നങ്ങളുടെ നടയേക്കാള്‍ അഴകാര്‍ന്നതെന്ന് അടുത്ത പള്ളിസ്‌കൂളിലെ മലയാളം വാധ്യാര്‍ സാക്ഷ്യപ്പെടുത്തിയപ്പോള്‍ പഴമക്കാരില്‍ ചിലര്‍ അവളുടെ അമ്മയെ ഓര്‍ത്തു.....'. മാര്‍ക്കറ്റിനുള്ളിലെ പ്രതികരണങ്ങള്‍ അവളുടെ ചുവടുതെറ്റിക്കുന്നതായിരുന്നു. അശരീരികളായ കമന്റുകള്‍ ഒരു മറയുമില്ലാതെ പച്ചയ്ക്കു തിന്നാനുള്ള ആണാര്‍ത്തികളെ വെളിപ്പെടുത്തി. ' കുലുങ്ങണ കുണ്ട്യാണല്ലോ', 'തുള്ള്യാ തുളുമ്പണ പ്രായല്ലേ, എല്ലാടോം കുലുങ്ങും!', 'ചരക്ക് നല്ല പെട്യണതാണല്ലടാ' എന്നിങ്ങനെയുള്ള കമന്റുകളില്‍ മറിയ തുടക്കത്തില്‍ തെല്ലു പതറുന്നുണ്ടെങ്കിലും പിന്നീട് അതിനോട് കോര്‍ത്തുനില്ക്കാന്‍ പാകത്തില്‍ അവള്‍ കരുക്കള്‍ മെനയാന്‍ പഠിച്ചു. ഇമ്മാനുവലിനു മറിയയ്ക്കൊപ്പം കിടക്കണമെന്ന മോഹത്തിന് വക്കാലത്തുമായി  എസ്തപ്പാന്‍ വരുമ്പോള്‍ മറിയ ചോദിക്കുന്നത് 'അതിനിവന്റെ കുലച്ചോടാ?' എന്നാണ്. എന്നിട്ടവന്‍ കാണ്‍കെ തന്നെ എസ്തപ്പാനുമായി രതിയില്‍ ഏര്‍പ്പെട്ടു. ''ഒരു കടലാക്രമണത്തിന്റെ പ്രതീതിയാണ് അത് ഇമ്മാനുവലില്‍ ജനിപ്പിച്ചത്. ഇത്രയും കരുത്തനായ എസ്തപ്പാന്‍ എടുത്തെറിയപ്പെടുകയും കീഴ്മേല്‍ മറിയപ്പെടുകയും പിടഞ്ഞുവീഴുകയും ചെയ്യുന്നു. ആസക്തികള്‍ ചാട്ടവാറടിപോലെയാണ്. വന്യമായ മുരള്‍ച്ചയില്‍ എസ്തപ്പാന്‍ കുടഞ്ഞെറിയപ്പെട്ടു.  എസ്തപ്പാന്‍ ചത്തു പടമായിത്തീരുമെന്നു തന്നെ ഇമ്മാനുവല്‍ വിശ്വസിച്ചു.. തിരയിളക്കത്തിനൊടുവില്‍ കിതച്ചുകൊണ്ട് എസ്തപ്പാന്‍ വാടിക്കിടന്നു.' (പുറം141, വിലാപ്പുറങ്ങള്‍)  

ചരിത്രത്തിന്റെ പഥങ്ങള്‍
നോവലിന്റെ ആഖ്യാനപാഠം ചരിത്രത്തെ കഥയ്ക്കു പുറത്തേക്കു ചലിപ്പിച്ചെടുത്തുകൊണ്ടാണ് നീങ്ങുന്നത്. അതിനാല്‍ ദേശത്തിന്റെ കഥനം ചരിത്രവിവരണവും ഫോക്ലോറുമായി ഇഴചേര്‍ന്നു പോകുന്നു. ശക്തന്‍ തമ്പുരാന്റെ കാലവും പൂരവും വെടിക്കെട്ടും മുതല്‍ കരുണാകരന്‍രെ രാഷ്ട്രീയജീവിതവും മുണ്ടശ്ശേരിമാഷും  തീറ്ററപ്പായിയും വിമോചനസമരവും വരെയൊക്കെയുള്ള സംഭവബഹുലമായ ദേശചരിത്രങ്ങളെ രേഖീയമായ യാഥാതഥ്യഭാഷയിലാണ് നോവലില്‍ ആവിഷ്‌കരിക്കുന്നത്.

 സാമൂതിരിയുടെ ആക്രമണം, പിന്നാലെ  ടിപ്പുവിന്റെ പടയോട്ടം ഒക്കെ വിസ്തരിക്കുന്ന നാട്ടുവാമൊഴികള്‍ നാടിന്റെ പ്രാദേശികപ്പഴമകളെ നോവലില്‍ പലപ്പോഴായി തോറ്റിയുണര്‍ത്തുന്നുണ്ട്. പഴയ കാലത്തിന്റെ ഏതാണ്ട് മുക്കാല്‍ നൂറ്റാണ്ടുകാലത്തെ ചരിത്രസ്മരണകളില്‍ സ്പര്‍ശിച്ചുകൊണ്ടാണ് നോവലില്‍ ആഖ്യാനം നീങ്ങുന്നത്. ടിപ്പുവിന്റെ ആക്രമണകാലത്ത് ശക്തന്‍തമ്പുരാന്‍ അരണാട്ടുകരയില്‍ തരകന്റെ വീട്ടില്‍ ചെന്ന് ഒളിവില്‍ പാര്‍ത്തതും പാണ്ടികശാലകള്‍ പണിതതും കച്ചവടത്തിലൂടെ പതുക്കെപ്പതുക്കെ നാടിനെ സാമ്പത്തികമായി  ഉയര്‍ത്തിക്കൊണ്ടുവന്നതുമായ  കഥകള്‍ ഔറാമാപ്പിള വെടിക്കെട്ടു പണികള്‍ക്കിടയില്‍ കൊച്ചുമാത്തുവനോടു പറയുന്നുണ്ട്: 'കറുത്ത പൊന്നായ കുരുമുളകിലാണ് തമ്പ്രാന്‍ ആദ്യം ആദ്യം കൈവെച്ചത് . പ്രവൃത്തിയാന്മാര് കുരുമുളക് ശേഖരിച്ച് ഒണക്കി സര്‍ക്കാര്‍വക പാണ്ടികശാലകളില്‍ ശേഖരിക്കും. വിദേശികള്‍ക്കു വേണ്ടത് പാണ്ടികശാലകലില്‍ നിന്നു വാങ്ങണം. ചുമ്മാ നാട്ടാരെ പറ്റിച്ച് വാങ്ങ്ണതുപോല്യല്ല. നല്ല വെല കിട്ടണം. നല്ല വെല വാങ്ങിത്തൊടങ്ങീപ്പോ കൃഷിക്കാര്‍ക്കും വെല കൂടുതല്‍ കിട്ടിത്തൊടങ്ങി. ചുരുക്കത്തി ആളോള്‍ടെ കയ്യില് കാശ് വന്നു. കാശ് വരുമ്പോ കച്ചോടം കൂടും നാട് തനിയേ സമ്പന്നമാകും' (പുറം 112, വിലാപ്പുറങ്ങള്‍)
കേരളത്തിന്റെ കഴിഞ്ഞു പോയ നൂറ്റാണ്ടുകളിലെ കുരുമുളക്  ഉദ്പാദനത്തെക്കുറിച്ചുള്ള ആഖ്യാനങ്ങളെക്കുറിച്ച് ഡോ. കേശവന്‍ വെളുത്താട്ടിനെപ്പോലുള്ള പല ചരിത്രപണ്ഡിതന്മാരും സംശയാലുക്കളാണ്. ഇത്രയധികം കുരുമുളകുല്പാദനവും സംഭരണവും കച്ചവടവും മറ്റും നടത്താനുള്ള സാങ്കേതികസജ്ജീകരണങ്ങള്‍ അന്നത്തെ കാര്‍ഷികജനതയക്ക്, വ്യാപരീസമൂഹത്തിന് സ്വായത്തമായിരുന്നോ എന്നും നാം ചിന്തിക്കേണ്ടതുണ്ട്. കുരുമുളകിനെക്കുറിച്ചുള്ള മിത്തിക്കല്‍ ഭാവനകളുടെ പതിവു ക്ലീഷേകളായി അവ തുടരുകയാവണം എന്ന് അനുമാനിക്കാനേ കഴിയൂ.

തമ്പുരാന്‍ കച്ചവടത്തിനിറങ്ങിയതോടെ അതിനൊരു തറവാടിത്തം വന്നതായി ഔറാമാപ്പിള പറയുന്നു. പുകയിലയും കുരുമുളകും മറ്റു മലഞ്ചരക്കുകളുമായി കച്ചവടങ്ങള്‍ പൊടിപൊടിക്കുന്ന സ്ഥലമായി പാണ്ടികശാലകള്‍. തുണിക്കച്ചവടത്തിന് തമിഴ്നാട്ടില്‍ നിന്നു വന്ന പട്ടന്മാര്‍ പഴയ നടക്കാവില്‍ കച്ചവടം തുടങ്ങിയ കഥ സരസമായി ഔറാമാപ്പിള പറയുന്നു. ഉമ്മറക്കോലായകളില്‍ കോലങ്ങളും നിറയെ ഉണക്കാനിട്ട കോണകങ്ങളുമായിരുന്നത്രെ. അമ്പലവഴികളിലും മടവഴികളിലും കാറ്റത്താടിക്കളിക്കുന്ന കോണകങ്ങളുടെ വാര്‍ത്ത തമ്പുരാന്റെ ചെവിയിലുമെത്തി. കോണകം കത്തിച്ച്  അതിന്റെ ചാരം കലക്കി ഉടമസ്ഥരെ കുടിപ്പിക്കാന്‍ കല്പനയുമായത്രെ! കച്ചവടം വികസിച്ചതോടെ, പീടികമുറികളും അവയ്ക്കു പിന്നില്‍ താമസസ്ഥലങ്ങളുമുണ്ടായി. ക്രിസ്ത്യാനികള്‍ വന്നു കുടിയേറിപ്പാര്‍ത്തതോടെ ആട്, പോര്‍ക്ക്, പോത്ത് ഒക്കെ വില്പനച്ചരക്കുകളായി. അതോടൊപ്പം നായരങ്ങാടിയില്‍ പട്ടന്മാര്‍ക്ക് പച്ചക്കറിച്ചന്തകളും തുടങ്ങി. കാളവണ്ടികള്‍ക്കായി വഴികള്‍ വെട്ടിയുണ്ടാക്കി, വീതി കൂട്ടി. വണ്ടികളിടാന്‍ വണ്ടിപ്പേട്ടകളുണ്ടായി. വടക്കുന്നാഥന്‍ ക്ഷേത്രത്തിനു ചുറ്റുമുള്ള കാട് വെട്ടിത്തെളിക്കാന്‍ സമ്മതിക്കാതിരുന്ന വെളിച്ചപ്പാടിനെ വകവരുത്തിയും കാടു വെട്ടിത്തെളിച്ചു. ശക്തന്‍ തമ്പുരാന്‍ വടക്കേച്ചിറയക്കടുത്തുള്ള കൊട്ടാരത്തില്‍ താമസിച്ചു നാടു ഭരിക്കാന്‍ തുടങ്ങിയതോടെ ബ്രാഹമ്ണര്‍ കൂട്ടത്തോടെ തൃശൂര്‍ നഗരം ഒഴിയാനാരംഭിച്ചു. വെട്ടി വൃത്തിയാക്കപ്പെട്ട തേക്കിന്‍ കാടിനു ചുറ്റും വൃത്താകൃതിയില്‍ റോഡു നിര്‍മിച്ചു. തമ്പുരാന്‍ രൂപകല്പനചെയ്ത നാടിന് പൂരം സംഭാവനചെയ്തതും അദ്ദേഹം തന്നെയെന്നു വാമൊഴിചരിത്രം.
പൂരത്തിന്റെ കഥയിലും കേട്ടു കേള്‍വികളാണ്. പണ്ടുമുതലക്കേ എല്ലാ ദേശങ്ങളിലെ എഴുന്നെള്ളിപ്പുകളും ഒത്തുചേരുന്നത് ആറാട്ടുപുഴയിലാണത്രെ. ഒരു മഴക്കാലത്ത് വെള്ളം പൊങ്ങിയതുകൊണ്ട് തൃശ്ശൂരെ ചെറുപൂരങ്ങള്‍ക്ക് സമയത്തിന് എത്തിച്ചേരാനായില്ല. സമയം തെറ്റി എത്തിയ പൂരങ്ങളെ ചേര്‍ക്കാതെ തിരിച്ചയച്ചതില്‍ പ്രതിഷേധിച്ച ജനത്തിനായി ശക്തന്‍ തമ്പുരാന്‍ മേടമാസത്തില്‍ തൃശ്ശൂരിനു പൂരം ആരംഭിക്കാന്‍ കല്പനയായി. തിരുവാമ്പാടിക്കാരും പാറമേക്കാവും മറ്റു എട്ടു ദേശക്കാരും ചേര്‍ന്ന പൂരം ഉണ്ടായതങ്ങനെയത്രെ.  

ദേശത്തിന്റെ തനതു മുദ്രയെന്നവണ്ണം പൂരത്തിന്റെ വിവരണങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ആദ്യഭാഗത്തു തന്നെ ഉല്‍സവങ്ങളിലെ ആണത്തഘോഷം പ്രകടമാകുന്നുണ്ട്. തൃശ്ശൂര്‍ പൂരത്തിന്റെ പ്രധാന വെടിക്കെട്ടിന്റെ  കാര്‍മികന്‍ ചാക്കോരുവിന്റെ മകന്‍ കൊച്ചുമാത്തു പൂരപ്പറമ്പിലൂടെ മുഴുകി നടക്കുകയാണ്. കൂടെ സുഹൃത്ത എസ്തപ്പാനുമുണ്ട്. വിശപ്പും ദാഹവും ചൂടും മറന്ന് തിരക്കിലൂടെ അവര്‍ ഊളിയിട്ടു. വെടിക്കെട്ടു വിസ്മയങ്ങള്‍, അമിട്ടുകള്‍, ആനമൂളി, യന്ത്ര ഊഞ്ഞാല്‍, കരിമ്പിന്‍കച്ചവടം, ബലൂണുകള്‍, സര്‍ബത്തുവില്പന, ഇലഞ്ഞിത്തറമേളം എല്ലാം കണ്ടും കേട്ടും അവര്‍ നീങ്ങി. ' നടക്കുന്നതിനിടയില്‍ ആരോടും പറയരുതെന്ന് ശട്ടം കെട്ടി  കൊട്ടുമാത്തൂനായി എസ്തപ്പാന്‍ ഒരു രഹസ്യം പുറത്തുവിട്ടു. അവനിന്ന് ഏതോ പെണ്ണിന്റെ മൊലയില്‍ കേറിപ്പിടിച്ചത്രെ! തിരക്കിനിടയില്‍ മുഴുത്ത മൊലകളില്‍ പിടിക്കാനായതിന്റെ ത്രില്ലിലാണവന്‍. അടി വീഴും മുന്‍പ് മുങ്ങാനും പഠിക്കണം.  അതിലവന്‍ പൂരം തീരുന്നതോടെ ഒരു വിദഗ്ദ്ധനാകും. മറ്റൊരു രഹസ്യംവും കൂടി അവനു പങ്കുവെയ്ക്കാനുണ്ട്. വൈകാതെ ബീഡിക്കൊപ്പം അവന്‍ കള്ളും കഞ്ചാവും പരീക്ഷിക്കാന്‍ പോകുന്നു...' (പുറം 16, വിലാപ്പുറങ്ങള്‍). തൃശ്ശൂര്‍ പൂരത്തിലെ ആഘോഷങ്ങളിലും ജനപ്രിയതയിലും പതിഞ്ഞ ആണ്‍ സ്വഭാവത്തെ മുന്‍നിര്‍ത്തി മായ എസ് എഴുതിയിട്ടുണ്ട്. പൊതുസ്ഥലങ്ങളെ ലിംഗവല്‍ക്കരിക്കുന്നതിന്റെ രാഷ്ട്രീയത്തെ അവര്‍ പ്രശ്നവല്‍ക്കരിക്കുന്നു. (2009 ഏപ്രില്‍ മാധ്യമം ആഴ്ച്ചപ്പതിപ്പ്) പൂരത്തിന്റെ അവിഭാജ്യഘടകമായ വെടിക്കെട്ട്  സ്ത്രീവിരുദ്ധതയുടെ അനുഭവം തന്നെയാണ് പ്രക്ഷേപണം ചെയ്യുന്നത്. ചില വെടിമരുന്നിന്റെ പേരു തന്നെ ഗര്‍ഭം കലക്കിയെന്നാണ്. ഒച്ചയുടെ പെരുക്കം കൊണ്ടുണ്ടാക്കുന്ന ഞെട്ടലും ഭീതിയുമാണതിന്റെ മുഖമുദ്ര. വെടിമരുന്നിന്‍രെ പ്രയോഗം കൊണ്ടാണ് ചാക്കോരു ചരിത്രത്തിന്റെ ഭാഗമാകുന്നത്. കേരളക്കരയില്‍ ആദ്യമായി അമിട്ടുവിരിയിച്ച പ്രതിഭ. വെടിമരുന്നിന്റെ നിര്‍മാണക്കൂട്ടുകളും രസവിദ്യകളും ചേര്‍ന്ന നാട്ടറിവ് ഈ നോവലിന്റെ മറ്റൊരു ഫോക്ലോര്‍ ആണ്. അതുപോലെതന്നെ ഇറച്ചിക്കച്ചവടവും ഗോരോചനം, കൃഷ്ണണ്ടി തുടങ്ങിയ ഇറച്ചിത്തരങ്ങളും  ചേര്‍ന്ന മറ്റൊരിനം അങ്ങാടി ഫോക്ലോര്‍ കൂടിയുണ്ട്.
 
പുലികളിയുടെ നാട്ടുകഥകളും നോവലില്‍ ചുരുളഴിയുന്നുണ്ട്. 'പണ്ട് ശക്തന്‍ തമ്പുരാന്റെ കാലത്ത് പട്ടാളം നേരമ്പോക്കിനായി ഓണക്കാലത്തു തുടങ്ങിയതാണത്രെ പുലികളി. ഒരാള്‍ തോക്കു പിടിച്ച് കടുവകളെ വെടിവെച്ചിടാന്‍ നടക്കും. കടുവകള്‍ അയാളെ വെട്ടിച്ചു കളിക്കും. പിന്നെ ബ്രിട്ടീഷ് പട്ടാളം കാമ്പടിച്ചപ്പോള്‍ പഴയ കടുവാക്കളി ഇപ്പോഴത്തെ രൂപത്തിലേക്ക് അവിടവിടെ ചായം വാരിേത്തച്ച്  കാമ്പില്‍ നിന്നും തേക്കിന്‍ കാടിനു ചുറ്റും നഗരത്തിലേക്കിറങ്ങി. കാണാന്‍ നാട്ടുകാരും. പട്ടാളം നാടുവിട്ടിട്ടും ഓണക്കാലത്ത് ദേശക്കാര്‍ കളി ഏറ്റെടുത്തു.'  പുലികളി കളിക്കുന്നതൊക്കെ ആണുങ്ങളെങ്കിലും പെണ്‍പുലിവേഷം കെട്ടുന്ന രീതിയും ഉണ്ട്. നോവലില്‍ കുഞ്ഞാറ്റയെ പെണ്‍പുലിവേഷം കെട്ടിച്ചാടിയ കഥ വിസ്തരിക്കുന്നുണ്ട്. പില്ക്കാലത്ത് തൃശ്ശൂര്‍ കേന്ദ്രീകരിച്ചുള്ള സ്ത്രീസംഘടനയായ 'വിംഗ്സി'ന്റെയും മറ്റും നേതൃത്വത്തില്‍ പൂരത്തിനും മറ്റും പുലിവേഷം കെട്ടാന്‍ സ്ത്രീകള്‍ സ്വയം മുന്നോട്ടുവന്നത് ഉല്‍സവങ്ങളുടെ പങ്കാളിത്തം, ആനന്ദത്തിന്റെയും തിമിര്‍പ്പിന്റെയും പങ്ക് സ്ത്രീകള്‍ കൂടി അവകാശപ്പെടുന്നതിന്റെ സൂചനകളായിത്തന്നെ കാണാം.  അകത്തു നിന്നു പുറത്തേക്കു കുതിക്കുന്ന പെണ്‍ശരീരം തന്നെയാണത്. ഈസ്റ്റേണ്‍ കഫേ മുതല്‍ ചാരായക്കടയും ഇറച്ചിക്കടയും എല്ലാം തന്നെ 'പൊതു' ഇടമാകുന്നത് നോവലിലെ മറിയയുടെ, കൂട്ടാന്‍ രമണിയുടെ, കാരിച്ചി മര്‍ത്തയുടെ, അമ്മുവിന്റെ പെണ്‍ശരീരങ്ങളുടെ സാന്നിധ്യം കൊണ്ടാണ്.  

പെണ്‍ദൈവം
മണ്ണെണ്ണവിളക്കു കത്തിച്ചു പുത്തന്‍ പാനചൊല്ലുകയും വിഷമങ്ങളില്‍ പുണ്യാളന്മാര്‍ക്കു മെഴുതിരികത്തിച്ചു മുട്ടിപ്പായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ഉപചാരപരമായ ഭക്തിയുടെ ഇടങ്ങളില്‍ മറിയ സ്വസ്ഥയായില്ല. അയല്‍പ്പക്കങ്ങളില്‍ മുഖത്തോടുമുഖം നില്ക്കുന്ന വീടുകളില്‍ നിന്നും വിഷാദത്തോടെ മുനിഞ്ഞുകത്തുന്ന വിളക്കുകളെ സാക്ഷിയാക്കി അമ്മ മടിയില്‍ മരിച്ചു കിടക്കുന്ന പുത്രനെ നോക്കി ഈണത്തോടെ വിലാപങ്ങള്‍ ഉണര്‍ന്നു.
'മരത്താലേ.....വന്ന ദോഷം...
മരത്താലേ .....ഒഴിപ്പാനായി....
മരത്തിന്മേല്‍ തൂങ്ങി നീയ്യും...
മരിച്ചോ... പുത്രാ......'
ദു:ഖവെള്ളിയാഴ്ച്ചകളില്‍ പള്ളിയള്‍ത്താരകളില്‍ നാടകീയമായ പ്രാര്‍ത്ഥനകളോടെ അരങ്ങേറുന്ന ചടങ്ങുകളിലും തൃശൂര്‍ കൃസ്ത്യനികള്‍ ഭക്തിപൂര്‍വം ദൈവത്തെ സ്മരിച്ചു. എന്നാല്‍ മറിയ കാത്തിരുന്നത് വെള്ളിയാഴ്ച്ചകളെയല്ല, ഉയിര്‍പ്പിന്റെ ഞായറാഴ്ച്ചകളെയാണ്.  ചമ്മട്ടികൊണ്ടുള്ള അടികളെയും പരിഹാസങ്ങളെയും ഭേദിച്ച് ഇരുളിന്റെ കല്ലറയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്ക്കുന്ന ആഹാളാദത്തിനായാണ് മറിയ  കാത്തു കാത്തിരുന്നത്. അമ്മ കന്യാമറിയത്തില്‍ നിന്നും വ്യത്യസ്തയായ, പരിത്യക്തതയില്‍ നിന്നും ഉയിര്‍ക്കപ്പെട്ട മഗ്ദലനയിലെ മറിയത്തോടാണവള്‍ സ്വയം ഐക്യപ്പെട്ടത്. ആയതിനാല്‍ ദൈവത്തെ ഓര്‍ക്കുമ്പോഴൊക്കെ, കാണുമ്പോഴൊക്കെ ഒരു സ്ത്രീക്കു കഴിയും വിധം അവള്‍ ചോദിച്ചു: സ്നേഹിക്കുന്നത് പാപമാണോ? ആനന്ദിക്കുന്നത് പാപമാണോ? ആരാണ് പാപപുണ്യങ്ങളെ നിശ്ചയിക്കുന്നത്? ഉത്തരം കിട്ടാത്ത ആ ചോദ്യങ്ങള്‍ അവളെ തളര്‍ത്തുകയല്ല, വളര്‍ത്തുകയാണ് ചെയ്തത്. തന്റെ വിധിയെ താന്‍തന്നെ സൃഷ്ടിച്ചെടുക്കുംവിധം ഒരു പെണ്‍ദൈവമായി അവള്‍ വളര്‍ന്നു. ആത്മീയതയെക്കുറിച്ചുള്ള സ്ത്രൈണഭാഷ്യത്തെക്കൂടി ആരാഞ്ഞുകൊണ്ട് നോവല്‍ പന്തലിക്കുന്നതങ്ങനെയാണ്. അവളടുത്തുണ്ടെങ്കിലും അവളുടെ കണ്ണുകള്‍ ദൂരെയാരെയോ തിരയുകയാവുമെന്ന് അവളോട് അടുത്തവര്‍ക്കൊക്കെ തോന്നി.  അതു മുറിവേല്പിക്കുമെങ്കിലും അതു മുറിവല്ല , പ്രണയമായി വളരുകയാണെന്നവര്‍ അറിയും. അടുക്കുമ്പോള്‍ പിടഞ്ഞോടുന്ന അവള്‍ ദൈവത്തിനു സമാനമായ നിരാസക്തിയോടെ പറയുന്നു.:
' നിങ്ങള്‍ക്കു വേണ്ടത് ന്റെ രക്തവും മാസവുമല്ലേ...
വേണ്ടിടത്തോളം ഭക്ഷിച്ചു തൃപ്തരാകുക......
വേണ്ടിടത്തോളം പാനം ചെയ്ത് ഉന്മത്തരാകുക....'

അത് അവള്‍ പറയാതെ പറഞ്ഞു. ഒരാളുടേതുമാത്രമായിരിക്കാന്‍ കഴിയില്ലെന്നും അതേസമയം എല്ലാവരുടേതുമല്ല അവളെന്നും. അവളുടെ ഇഷ്ടക്കാര്‍ക്കു മാത്രം പ്രവേശനമുള്ള ഒരിടമാണവളുടെ ശരീരം. അങ്ങനെയുള്ളവര്‍ക്കാകട്ടെ, സൗജന്യമായി എടുക്കാവുന്നതാണത്. അവരില്‍ നിന്ന്  പണമോ ഔദാര്യമോ ഒന്നും അവള്‍ക്കാവശ്യമില്ല.  പ്രണയത്തെ വീണ്ടെടുക്കുന്ന ഈ ആഹ്ലാദലീലയാണ് അവളെ ദൈവമാക്കുന്നത്. ത്യാഗത്തിന്റെ, പീഡാനുഭവത്തിന്റെ ദിനങ്ങളേക്കാള്‍ ഉയിര്‍പ്പിന്റെ ദിനങ്ങളെ കാത്തിരിക്കുന്നവള്‍ ക്രിസ്തുവാകാനല്ല മറിച്ച്, കാമനകളുടെ സാക്ഷാല്‍ക്കാരത്തിലൂടെ സഫലമായ വഴികളിലൂടെ ഒരു  പെണ്‍ദൈവമായി മാറിത്തീരുവാനാണ് ആഗ്രഹിച്ചത്.  തന്റെ വിധിയെ താന്‍ തന്നെ സൃഷ്ടിക്കുന്ന ദൈവം. ഈ മേധയിലേക്ക് കനല്‍  പോലെ പൊള്ളുന്ന അനുഭവങ്ങളിലൂടെ അവള്‍ നടന്നു കയറിയതു തന്നെ, ആരോരും തുണയില്ലാതെ.  പതിന്നാലാം വയസ്സില്‍ നഷ്ടപ്പെട്ട പ്രണയത്തെ അറിയലും വിവേചനപൂര്‍വം മനസ്സിലാക്കലും അതിനെ വീണ്ടെടുക്കലുമായിരുന്നു അവളുടെ ആത്മീയത. ആനന്ദകാമനകളിലൂടെയുള്ള അലച്ചിലായിരുന്നു അവളുടെ പ്രാര്‍ത്ഥനകളൊക്കെയും. ഉടല്‍ അതിന്റെ ഉപാധിയും.

പീറ്ററിനു വേണ്ടിയുള്ള കാത്തിരിപ്പു വെറുതെയാണെന്നറിഞ്ഞപ്പോള്‍ മറിയ കരഞ്ഞില്ല. അവനെ നേരിട്ടു കണ്ട ദിവസം അവന്‍ അവളോടു മിണ്ടാതെയും ചിരിക്കാതെയും അപരിചിതനെപ്പോലെ കടന്നു പോയപ്പോള്‍ സ്വയം തകര്‍ന്നു പോകാതെ,  അവള്‍ ആഘോഷിക്കാന്‍ തീരുമാനിച്ചു. മതിയാവോളം മധുരക്കള്ളും ചാരായവും കൊഞ്ചുകറിയും ചെലുത്തി അവള്‍ ആഘോഷിച്ചു. ഒരു പൊട്ടിപ്പെണ്ണ് ചത്തുതുലഞ്ഞ ദിവസം, സ്വതന്ത്രയും തന്റേടിയുമായ പെണ്ണ് ഉയിര്‍ക്കൊണ്ട ദിവസം കൂടിയുമായി മാറി.  അവളിലെ കേവലയായ മനുഷ്യസ്ത്രീയുടെ തനിമകളെ കൊഴിച്ചുകളയുന്നതിനുള്ള തുടക്കം കൂടിയായിരുന്നു, അത്. മറിയ തന്റെ ശരീരവും മനസ്സും ഒരുത്തനു മാത്രമായി ഇനി കാത്തു വെയ്ക്കേണ്ടതില്ല തന്നെ. അവളുടെ രക്തവും മാംസവും മനുഷ്യസ്ത്രീയുടേതെന്ന പോലെ ഏതെങ്കിലും ഒരാള്‍ക്കായി സമര്‍പ്പിക്കപ്പെട്ടതല്ല. ഉടലിലൂടെയുള്ള വിമോചനം ക്രിസ്തുവിനെപ്പോലെ അവളും സാക്ഷാല്‍ക്കരിക്കുകയാണ്. തന്റെ നീതിനിയമങ്ങളെ, പാപപുണ്യങ്ങളെ താന്‍തന്നെ നിര്‍മിച്ചു, താന്‍ തന്നെ നിയന്ത്രിക്കുന്ന ദൈവം തന്നെയായി, അവള്‍. ഒരാള്‍ക്കും അവളുടെ മേല്‍ അധികാരമുണ്ടായിരുന്നില്ല. ക്രിസ്തീയമായ പാപസങ്കല്പങ്ങളോട് ഇടഞ്ഞും കയര്‍ത്തുമാണ് മറിയ തന്റെ പാപവിമുക്തി കൈവരിക്കുന്നതെന്നും നാമോര്‍ക്കുക. സ്നേഹം തോന്നുന്നതും ആനന്ദിക്കുന്നതും പാപമാണോ എന്ന ചോദ്യം അനുഭവങ്ങളിലൂടെ ചോദിച്ചാണ് മറിയ അപരമായ മറ്റൊരു ദൈവസങ്കല്പം സ്വരൂപിക്കുന്നത്. അത്തരം ആനന്ദനിഷ്ഠമായ ആത്മീയത അന്യമായ സാംസ്‌കാരികതയ്ക്കകത്ത് ഈ നോവല്‍ സൃഷ്ടിച്ചെടുക്കുന്ന വിച്ഛേദം അതിനാല്‍ പ്രധാനമാണ്.  
്.
 ശിവപാര്‍വതീ പുരാവൃത്തത്തിലൂടെ ദേശത്തിന്റെ പ്രാദേശികചരിത്രത്തെയും  വാമൊഴിവഴക്കങ്ങളെയും തൊട്ടുകൊണ്ട് മതപരആത്മീയതയുടെ മറ്റൊരു ആഖ്യാനം കൂടി ഇവിടെയുണ്ട്. തൃശ്ശൂരിന്  ആ പേരു വന്ന കഥയാണത്. ദേശനാമത്തിനപ്പുറം ദൈവത്തിന്റെ സഞ്ചാരപഥങ്ങളെ കഥ തൊട്ടുനില്‍ക്കുന്നു. ശിവപാര്‍വതിമാര്‍ വൈകുണ്ഡയാത്ര കഴിഞ്ഞ് നന്ദികേശ്വരന്റെ പുറത്തേറി കൈലാസത്തിലേക്കു മടങ്ങുമ്പോള്‍   ക്ഷീണം മൂലം  വിശ്രമിക്കാനായി  നന്ദികേശ്വരന്‍ ഇടയ്ക്കു നിന്നുവത്രെ. ശിവനും പാര്‍വതിക്കും ആ  വനഭൂമി ഏറെയിഷ്ടമായത്രെ. ' ശിവന്റെ കാലിടം പതിഞ്ഞു. ഭൂമി കോരിത്തരിച്ചു.  ആ വനവും ചുറ്റുമുള്ള ദേശവും കോള്‍മയിര്‍ക്കൊണ്ടു. പുണ്യഭൂമിയില്‍ വടക്ക് പുലിത്തോലില്‍  ചമ്രം പടിഞ്ഞിരിക്കുന്ന ഊരിന്റെ നാഥനെ പൂജാരി സ്വപ്നത്തില്‍ ദര്‍ശിക്കുന്നു. വടക്കുന്നാഥന്‍! ത്രിമൂര്‍ത്തികളില്‍ ഒരുവനായ ശിവന്റെ പേരിലാണ് ഇനി ഈ ദേശം അറിയപ്പെടുക. ശിവപേരൂര്‍!'
ഹൈന്ദവവും ക്രിസ്തീയവുമായ ആഖ്യാനങ്ങളിലൂടെ തെളിയുന്ന ദേശഭൂമികയെ നോവലിന്റെ പ്രബലരാഷ്ട്രീയം മുഖ്യമായി പരിഗണിക്കുന്നതായി തോന്നുകയില്ലെങ്കിലും അവിടെ നോവലിസ്റ്റ് സ്വീകരിക്കുന്ന വിവരണത്തിന്റെ സ്വരഘടനയക്ക്  ചെറിയ പ്രാധാന്യമുണ്ട്. അതില്‍ത്തന്നെ ഹൈന്ദവമായ മിത്തിക്കല്‍ വിശ്വാസങ്ങള്‍ക്കും പുരാണങ്ങള്‍ക്കും മേല്‍ നടമാടുന്ന സാംസ്‌കാരികമായ അധീശതയെ ചൊടിപ്പിക്കാനെന്നവണ്ണം വാമൊഴികളുടെ ജനപ്രിയമായ  ടോണിലൂടെയാണ് വിവരിക്കുന്നത്. 'വല്ലപ്പോഴുമുള്ള വരവല്ലേ.. രണ്ടീസം കൂടീട്ട് പോകാടോ....  വിഷ്ണു ശിവന്റെ പുറത്തു തട്ടി. അവര് പെണ്ണുങ്ങള് അപ്രത്തെങ്ങാനും കൂടട്ടെ...നമുക്കല്പം മധുപാനവും കൊച്ചുവര്‍ത്തമാനങ്ങളുമായി...'
വിഷ്ണുവിന്റെ കണ്‍കോണുകളില്‍ വീണ്ടും മോഹിനി തിളങ്ങി. ശിവപൗരുഷത്തിന്റെ റഫ് ആന്റ് ടഫ് ഏണുകല്‍ തീ പടരുന്നു. പിടിച്ച പിടിയാല്‍ പാര്‍വതി ശിവനെ നന്ദികേശന്റെ പുറത്തേറ്റി...' (പുറം 149)

കേവലമായ ആത്മീയതയില്‍ നിന്ന് അന്യമായ ഒരു തലം വിലാപ്പുറങ്ങളിലെ ദാര്‍ശനികതയക്കുണ്ട്. അതിന്റെ ഊന്നല്‍ പാപത്തിലാണ്. ഉടലും പാപവും തമ്മിലുള്ള വൈരുദ്ധ്യാത്മകമായ ഒരു സംവാദബന്ധമായി, അതില്‍ത്തന്നെ പെണ്ണുടലിന്റെ കാമനകളെ വീണ്ടെടുക്കുന്നവിധം  നോവല്‍ വികസിക്കുന്നതിനുള്ള പശ്ചാത്തലമൊരുങ്ങുന്നത് ഇവിടെ നിന്നാണ്. മറിയ അതിന്റെ ശുശ്രൂഷകയും ആചാര്യയുമാണ്.

വിലാപ്പുറങ്ങളില്‍ സ്ത്രൈണമായ ഈ ആത്മീയത പ്രതിരോധമാകുന്നത് മുഖ്യമായും രണ്ടുവിധത്തിലാണ്. ഒന്ന് അതിന്റെ  സ്ത്രൈണാംശം സാമാന്യവും സാര്‍വലൗകികവുമായ മതാത്മീയതയും പൗരോഹിത്യവുമായി ബന്ധപ്പെട്ട ഘടകങ്ങളുടെ മറുപുറം കാണിച്ചു തരുന്നു. മറിയം എന്ന പേരുതന്നെ അത്തരത്തില്‍ പ്രസക്തിയുള്ളതായിത്തീരുന്നു. പള്ളിയെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും അതിനെ ചൂഴ്ന്നു നില്ക്കുന്ന മതപരവും പൗരോഹിത്യപരവുമായ ആണഹന്തകളെ സ്ത്രൈണമായ വിചാരധാരകള്‍ കൊണ്ട് പോറലേല്‍പ്പിക്കുന്നു. മറ്റൊന്ന് പൂമലക്കൂറ്റന്മാരുടേതു പോലുള്ള പ്രാദേശികമായ ലിംഗാധികാരത്തിന്റെ പ്രയോഗങ്ങളെ മുഴുവന്‍ അപ്രസക്തമാക്കുകയോ അട്ടിമറിക്കുകയോ ചെയ്യും വിധം പെണ്ണെന്ന നിലയില്‍ സ്വന്തം നിയമങ്ങളും അഭിരുചികളുമുള്ള ഒരു സ്വയംഭരണാധികാരം മേല്പറഞ്ഞ കാമനകളുടെ പരിചരണത്തിലൂടെ മറിയ സ്ഥാപിച്ചെടുക്കുന്നു. ഉടലിന്റെ സ്വേച്ഛ എന്ന സദാചാരശാസനകളുമായി നടത്തുന്ന നിരന്തരസംഗരത്തിലൂടെ അതുമുന്നേറുന്നു. വിശുദ്ധമായ വിധം അതു ന്യായീകരിക്കപ്പെടുന്നു. ഭര്‍ത്താവ്, കാമുകന്‍, അച്ഛന്റെ സുഹൃത്ത് എന്നൊന്നും ഭേദഭാവങ്ങളില്ലാതെ മറിയ ഇണയെ സ്വീകരിക്കുന്നു. അതിലെല്ലാം ലൈംഗികമായ തന്റെ സ്വയം നിര്‍ണയാധികാരം അധൃഷ്യമായി സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നതിലൂടെ മറിയ സ്വയം വിശുദ്ധീകരിക്കുകയാണ്. 'അവളുടെ ജീവിതം പുറത്തു  കാണുന്ന വേഷം കെട്ടലുകളേക്കാള്‍ മറ്റെന്തിനോ വേണ്ടിയുള്ള ദാഹമാണ്.  അത് കാമത്തിന്റെ മാത്രമല്ല.'

പൂമലക്കൂറ്റന്മാരാല്‍ ക്രൂരമായ കൂട്ടബലാല്‍സംഗത്തിനിരയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സമയത്തു പോലും മറിയ സ്വയം ചോദിച്ചു പോകുന്നുണ്ട്, 'ഇത്രേം ദാഹമുള്ള മനസ്സ് ആരാണ് തന്റെ ഉള്ളില്‍ നിറച്ചത്?
' ഉള്ളിലെ ഏകാന്തതയെ കെട്ടഴിച്ചുവിട്ടതാരാണ്? '
'അശാന്തിയുടെ ഉള്ളം അവളില്‍ വെച്ച് ദൈവം ചിരിക്കുകയാണോ? എന്റെ അടുക്കല്‍ വരൂ. ജീവന്റെ ജലം നിനക്കു ഞാന്‍ തരും.'

മാര്‍കേസിന്റെ ഏകാന്തതയുടെ നൂറുവര്‍ഷങ്ങളില്‍ ഉര്‍സുല ആദ്യമായി ട്രെയിന്‍ കണ്ടതിനെക്കുറിച്ചു പറയുന്നത് മുമ്പില്‍ ഒരു അടുക്കള അതിനു പിന്നാലെ  ഒരു ഗ്രാമത്തെ മുഴുവന്‍ വലിച്ചിഴച്ച് ഓടിച്ചുകൊണ്ടുവരുന്നു എന്നാണ്. തന്റെ ഉടലിനു പിന്നാലെ ഒരു നാടുമുഴുവന്‍ കെട്ടിവലിക്കുകയാണ് മറിയ ചെയ്തത്. പെണ്ണിനെ നാടുമായി ചേര്‍ത്തു പരാമര്‍ശിക്കുന്ന ശൈലി നമ്മുടെ സംസ്‌കാരങ്ങള്‍ക്കു പൊതുവേ അന്യമാണ്. നാടിന്റെ പേര് ആണ്‍പേരുകളോട് എളുപ്പം ചേരും എന്നു നമുക്കറിയാം. കാസിം വാടാനപ്പള്ളി, റഹിം മുഖത്തല, ഹബീബ് വലപ്പാട് എന്നൊക്കെ.  വയലാര്‍, അഴീക്കോട്, തിക്കൊടിയന്‍, കാവാലം എന്നിങ്ങനെ വെറും സ്ഥലനാമസൂചനകൊണ്ടുമാത്രം  പെരുക്കപ്പെടുന്ന ആണ്മയുമുണ്ട്. പെണ്ണിന്റെ പേരോടു ചേര്‍ത്തുപയോഗിക്കുന്നത് അവളുടെ ഉടമയുടെ പേരാണ്, ഭര്‍ത്താവിന്റെ, അച്ഛന്റെ. വീടേയുള്ളു, നാടില്ല അവളിലെന്നാണ് സാമാന്യയുക്തി. പെണ്ണിന് ഇതെല്ലാം വിപരീതമാണ്. അഥവാ അങ്ങനെ നാട്ടുപേരില്‍ ഇണങ്ങിയ പെണ്ണ് കൊള്ളാവുന്നവളല്ല. അവള്‍ കള്ളിയങ്കാട്ടു നീലിയോ വെള്ളൂര്‍ നാണിയോ ഒക്കെയാവാം.  അവളാവട്ടെ കുടുംബത്തില്‍ പിറന്നവളല്ല. നാട് പെണ്ണില്‍ പതിയാതിരിക്കത്തക്ക വിധം അവള്‍ നിഴലായിരിക്കണം. കൊള്ളാവുന്ന പെണ്ണ് നിഴലാണ്. നിഴല്‍ ഭുജിക്കുകയും ഭോഗിക്കുകയുമില്ല. എന്നാല്‍ മറിയ ഒരു മുഴുവന്‍ സ്ത്രീയായിരുന്നു. നിഴലല്ല, ചലനമായിരുന്നു. പലപ്പോഴും അപ്രതീക്ഷിതമായ കമ്പനമായിരുന്നു അവളില്‍ ജീവിതം. അവളില്‍ തുടങ്ങി അവളില്‍ എരിഞ്ഞടങ്ങി അവസാനിക്കുന്നതായിരുന്നു അത്.

മറിയയുടെ വിധ്വസംകത ഒരു നായികാകഥാപാത്രത്തില്‍ അധിഷ്ഠിതമായവിധം ചിത്രീകരിക്കപ്പെടുന്നതാണ്. എങ്കിലും പെണ്മയെക്കുറിച്ചുള്ള തിരുത്തല്‍ രാഷ്ട്രീയം  അടിയടരായി നോവലില്‍ അവിടവിടെ മിന്നിത്തെളിയുന്നുണ്ട്. തലപെരുക്കുമ്പോള്‍ കുപ്പിയന്വേഷിക്കുന്ന മറിയ അതിന്റെ ശക്തമായ പ്രതിനിധാനം തന്നെ. തൊഴുത്തിന്റെ തട്ടിന്‍പുറത്തിരുന്ന് ബീഡി വലിച്ചുതള്ളുകയും മഞ്ഞപ്പുസ്തകങ്ങള്‍ വായിച്ചുരസിക്കുകയും ചെയ്യുന്ന ആമ്പിള്ളേരുടെ ചെയ്തികള്‍ ആരുമറിയാതെ നിരീക്ഷിച്ചെടുക്കുകയാണ് കിഴക്കേക്കോട്ടയിലെ പെണ്‍കുട്ടികളും. കൊച്ചുപുസ്തകങ്ങളുടെ ഒളിയിടം തൊഴുത്താണെന്നു മനസ്സിലാക്കി അവര്‍ ആമ്പിള്ളേരില്ലാത്തപ്പോള്‍ അവ വായിച്ചു കണ്ണുതള്ളുന്നുണ്ട്. ആണ്‍കുട്ടികള്‍ പന്തുകളിക്കാനിറങ്ങുന്ന സമയം മുതലാക്കി അവര്‍ തൊഴുത്തില്‍ കേറും.
'തൊഴുത്തിന്റെ തട്ടിന്‍ പുറത്തിരുന്ന് ചില പദങ്ങളും സംശയങ്ങളും ആരോടു ചോദിക്കും എന്നറിയാതെ തൊട്ടടുത്ത വീടുകളിലെ കുമാരിയും ആഗ്‌നസ്സും മുഖത്തോടുമുഖം നോക്കി. അതിലെ പ്രധാന സാങ്കേതികം ശീഘ്രസ്ഖലനം എന്ന പദമാണ്. അവിടെയാണ് അര്‍ത്ഥമറിയാതുള്ള വഴിമുട്ടല്‍. ഈ സംഭവം എങ്ങനെ ഒഴിവാക്കാമെന്നതിനെ ചുറ്റിപ്പറ്റിയാണ് വര്‍ണങ്ങളില്ലാത്ത രേഖാചിത്രങ്ങളുള്ള കഥയുടെ പുരോഗതി. അതിന് അവര്‍ കണ്ടെത്തുന്ന പല പോസുകളും പോംവഴികളുമാണ് പുസ്തകങ്ങളെ എരിപിരികൊള്ളിക്കുന്നത്.' (പുറം 222, വിലാപ്പുറങ്ങള്‍)

ഇരട്ടപ്പേരുകള്‍
വിക്കന്‍ വാസു, കല്യാണമാത്തിരി, വഴുതനങ്ങാരമണി, കൂറ്റന്‍ ജോസ്, കാട്ടാളന്‍ പൊറിഞ്ചു, എല്ലന്‍ തോമ എന്നിങ്ങനെയുള്ള പേരുകളിലൂടെ പ്രാദേശികതയുടെ ജനപ്രിയകൗതുകങ്ങള്‍ വാരിനിറയ്ക്കുകയല്ല നോവലിസ്റ്റ്. ആനുഭവികമായ സ്ഥലകാലങ്ങളില്‍ നിന്ന് വിത്തും വേരുമായി ആ പേരിനോടു ചേര്‍ത്തുള്ള സന്ദര്‍ഭങ്ങള്‍ കൂടി നോവലില്‍ കടന്നുവരുന്നുണ്ട്. ദേശത്തിന്റെ സവിശേഷമായ ഒരു കാരിക്കേച്ചറിംഗ് തന്നെയാണത്. ചിലസന്ദര്‍ഭങ്ങളില്‍ അത് അധികാരത്തിന്‍രെ സൂക്ഷ്മമായ മേല്‍/കീഴുകളെക്കൂടി വെളിപ്പെടുത്തുന്നുണ്ട്. ഉദാഹരണത്തിന് ജോര്‍ജ്ജൂട്ടി പഠിച്ച സ്‌കൂളിന്റെ പേര് പാലുമെമ്മോറിയല്‍ എന്നാണ് എങ്കിലും ആളുകള്‍ക്കിടയില്‍ അതു പൊതുവില്‍ അറിയപ്പെടുന്നത് തീട്ടെകോരിസ്‌കൂള്‍ എന്നാണത്രെ.  കാരണം തോട്ടികളുടെ മക്കള്‍ ഏറെയും പഠിക്കുന്ന സ്‌കൂളായിരുന്നു, അത്. ജാതിപരമായ അധികാരത്തിന്റെ ദൃശ്യതകളെ വെളിപ്പെടുത്തുന്ന വിധം പ്രായോഗികമായാണ് ഭാഷയുടെ നില. ഒരു കേവലാദര്‍ശത്തിനും വഴങ്ങുന്നതല്ല അവിടെ ഭാഷ. ഭാഷണങ്ങളുടെ യാഥാതത്ഥ്യസ്വഭാവം ഈ പരുക്കന്‍ സ്വഭാവത്തിനാക്കം കൂട്ടുന്നു. ഭാഷണപരതയിലുള്ള മറ്റൊരു സവിശേഷത അതു തൃശ്ശൂരിന്റെ തനതുഭാഷയെ, വാമൊഴിത്താളങ്ങളെ പതിവുരീതികള്‍ വിട്ടു തെല്ലൊന്നു മാനകീകരിക്കുന്നുണ്ട് എന്നതാണ്.  

എന്നാല്‍ നാവില്‍ നിന്നു തെറിച്ചു പോകുന്ന വാക്കുകളില്‍ കൊണ്ടുകേറുന്ന പരുപരുപ്പുള്ള ഭാഷ കളയുന്നില്ലതന്നെ.  കള്ളുകുടിക്കാന്‍ ഷാപ്പില്‍ കയറി കാത്തിരിക്കുന്ന  മറിയ അക്ഷമയോടെ ചോദിക്കുന്നത് ''ഒരു കുപ്പി കിട്ടാന്‍ എത്രനേരമിരിക്കണം മൈരുകളേ'' എന്നാണ്. (പുറം 269, വിലാപ്പുറങ്ങള്‍) ഒതുക്കങ്ങളുടെയും വഴക്കങ്ങളുടെ പതിവുകള്‍ തെറ്റിച്ചു ഷാപ്പില്‍ കയറുകയും തെറിവിളിക്കുകയും ചെയ്യുന്ന മറിയ പരിധികളെ ലംഘിച്ച് കാമനകളുടെ പുതിയ ആകാശയിടങ്ങള്‍ വെട്ടിപ്പിടിക്കുക തന്നെയാണ്. ഭാഷാവരം ലഭിച്ച ഉപദേശി ഡേവിസിന്റെ കൃത്രിമമായ മാനകഭാഷയുടെ എതിര്‍നിലയിലാണ് അവളുടെ സംസാരം. എടുത്തു വെച്ചതു പോലെയുള്ള അച്ചടിഭാഷ കേള്‍ക്കുമ്പോള്‍ കാലിന്റടീന്നു ചൊറിഞ്ഞു കേറുന്നവര്‍ക്കൊപ്പമാണവള്‍.  മറിയ പനങ്കേറി മറിയമാകുന്നതിനും ഇത്തരമൊരു അനുഭവപശ്ചാത്തലമുണ്ട്. പൊള്ളാച്ചിയിലേക്കുള്ള ഒരു യാത്രയാണ് അതിനു പിന്നിലുള്ളതത്രേ. പൊള്ളാച്ചിയിലേക്കുള്ള വഴിയില്‍ പനകള്‍ കണ്ടപ്പോള്‍ തളപ്പുകെട്ടി പനയില്‍ കേറി കള്ളുകുടം താഴെയിറക്കി കള്ളെടുത്തു കുടിക്കുക തന്നെയാണ് മറിയ ചെയ്തത്. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവളുടെ ആത്മധൈര്യത്തോടെ ജീവിതം ആഘോഷിക്കുകയാണ് മറിയ ചെയ്തത്. അവളെക്കുറിച്ചുള്ള കഥകള്‍ പോലെ തന്നെ അവളുടെ ജീവിതവും പറന്നു കളിക്കുന്നു. എങ്ങോട്ടെന്നില്ലാതെ പറന്നകലുന്നു, എവിടെയും തങ്ങിനില്ക്കുകയും ചെയ്യുന്നു.  

സ്വത്വാഖ്യാനത്തെ സംബന്ധിച്ച് ഈ നോവലിലെ നിലപാടുകള്‍ സുവ്യക്തമാണ്. മറിയത്തിന്റെ പാത്രഘടനയാകട്ടെ, അവളില്‍ നിന്ന് അന്യമായ മറ്റു കഥാപാത്രങ്ങളാവട്ടെ ഒട്ടും അമൂര്‍ത്തമായല്ല നോവലില്‍ ചിത്രീകരിക്കപ്പെടുന്നത്. ഏതെങ്കിലുമൊരാള്‍ മറിയത്താല്‍ കീഴടക്കപ്പെടുന്ന അപരമോ അന്യമോ അല്ല. തുടക്കം മുതല്‍ക്കേ മറിയം അന്യങ്ങളിലേക്കു പടര്‍ന്നേറുന്നു. പീറ്റര്‍ മുതല്‍ കാട്ടാളന്‍ ജോസ്, ദയാലു, ചാക്കോരു, കുഞ്ഞാറ്റ വരെയുള്ള എല്ലാവരും അവളുടേതായി പരിണമിക്കുന്നതങ്ങനെയാണ്. പുലികളിക്കാര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനിടയില്‍ മറിയ പടിഞ്ഞറേക്കോട്ടക്കാരുടെയാണെന്നും അതല്ല കിഴക്കേക്കോട്ടക്കാരുടേതാണെന്നുമുള്ള രീതിയില്‍ തര്‍ക്കങ്ങള്‍ രൂപപ്പെടുന്നുണ്ട്. പള്ളിക്കുളം, കീരംകുളങ്ങര ടീമുകളിലെ പുലികളിക്കാര്‍ അവരുടേതാണ് മറിയ എന്ന അവകാശവുമായി വരുന്നുണ്ട്.  പൊതുവികാരമോ പൊതുസ്വത്തോ ആയിമാറുന്ന വിധം മറിയ നാട്ടുകാരില്‍ അത്ഭുതാദരങ്ങളോടെ അലിഞ്ഞവളാണ്. നാട്ടിലെ മിക്ക പെണ്ണുങ്ങളും അവളെ ഉള്ളു നിറഞ്ഞ് അംഗീകരിക്കുന്നുണ്ട്. ഭാര്യയായോ അമ്മയായോ വീടിനുള്ളിലൊതുങ്ങി ജീവിച്ചവളല്ല മറിയ. അത്തരം വലയങ്ങള്‍ക്കപ്പുറത്ത് തെരുവില്‍ ഒരു പ്രമാണിയെപ്പോലെ നെഞ്ചുവിരിച്ചു നടന്നവളാണവള്‍.  പീറ്ററും ചാക്കോരുവും റോസാമുത്തിയും  മുതല്‍  കുറുക്കനന്തു, ചുമ്മാരു, എസ്തപ്പാന്‍, കൊച്ചു മാത്തു, കാട്ടാളന്‍, ദയാലു, ഇമ്മാനുവല്‍ വരെ  അവളുടെ ജീവിതത്തോട് ഒട്ടിപ്പറ്റി നിന്നവരാണ്. പലതരം മനുഷ്യര്‍, പലതരം ജീവിതങ്ങള്‍... വ്യത്യസ്തതകളുടെയും ബഹുലതകളുടേതുമായ ഈ വൈവിധ്യങ്ങളിലൂടെയാണ്,  വിശുദ്ധീകരിക്കപ്പെടാത്ത കലര്‍പ്പിലൂടെയാണ് നോവല്‍ ദേശത്തിന്റെ കഥനമായി പരിണമിക്കുന്നത്.  സ്ഥലകാലങ്ങള്‍ക്കകത്ത് ചലിക്കുന്ന, ഇരമ്പുന്ന ജീവിതത്തിന്റെ  മുഴക്കമാണ് ഈ നോവലില്‍ ഉണര്‍ന്നു കേള്‍ക്കുന്നത്.