Saturday, October 9, 2021

ഓര്‍മയും ചരിത്രവും: അനുഭവത്തിന്റെ സാംസ്‌കാരികപാഠങ്ങള്‍ (അബ്ദുള്‍ കലാം മാട്ടുമ്മലിന്റെ 'ചേറുമ്പിലെ ചെറുത്തുനില്‍പ്പുകളു'ടെ പുസ്തകപരിചയം)
കോളനിയനന്തരസങ്കല്പനങ്ങളില്‍  ദേശരാഷ്ട്രം എന്ന അധീശദേശത്തെ ചെറുത്തുകൊണ്ടാണ് പ്രാദേശികതകള്‍ സ്ഥാപിക്കപ്പെടുന്നത്. പരസ്പരം പങ്കുവെയ്ക്കുന്ന ഓര്‍മകളാല്‍, മുറിവുകളാല്‍, സ്വപ്‌നങ്ങളാല്‍, ഭാവനകളാല്‍ ഓരോ പ്രാദേശികതയുടെയും തന്മകള്‍ അനന്യമാണ്. അത്തരം ആത്മാനുഭൂതിയും സ്വത്വാഭിമാനവും പോരാട്ടസ്മരണകളും ചേര്‍ന്ന പ്രാദേശികതയുടെ ഒരേടിലേക്കു ശ്രദ്ധ ക്ഷണിക്കുന്ന കൃതിയാണ് അബ്ദുള്‍ കലാം മാട്ടുമ്മലിന്റെ 'ചേറുമ്പിലെ ചെറുത്തുനില്‍പ്പുകള്‍'. മലബാര്‍സമരത്തിന്റെ ഒരു നൂറ്റാണ്ടു പിന്നിട്ട്, വ്യത്യസ്തവും വിപുലവുമായ വീണ്ടെടുപ്പുകളും പുനര്‍വായനകളും നടക്കുന്ന കാലത്താണ്  ഈ കൃതി പുറത്തുവന്നത്. ചെറുതെങ്കിലും ശക്തമായ അടയാളവും രാഷ്ട്രീയവുമാണ് അത് നിര്‍മിച്ചെടുക്കുന്നത്.  പ്രതിരോധാത്മകമായ സമരവീര്യത്തെ ബഹുജനാനുഭവങ്ങളുടെ നനവും ചൂടുമുള്ള സ്മരണകള്‍ക്കകത്തു പുന:പ്രതിഷ്ഠിക്കാനാണ് ഗ്രന്ഥകാരന്‍ ശ്രമിക്കുന്നത്.  എന്നാലിത് ഓര്‍മയെഴുത്തല്ല താനും. ചരിത്രത്തിനും സ്മരണകള്‍ക്കുമിടയില്‍ നില്‍ക്കുന്ന നൈതികമായൊരു നേരിടത്തിലാണ് ഈ പുസ്തകം അതിന്റെ ഇടം തേടുന്നത്. അതെ, തികച്ചും ആപത്ക്കരമായൊരു സമകാലികസന്ദര്‍ഭത്തില്‍ എത്തിപ്പിടിക്കുന്ന ഓര്‍മ!


ചരിത്രം എന്നത് മഹാഖ്യാനങ്ങളിലൂടെ അതികായരൂപമായി വളര്‍ന്നു നില്‍ക്കുന്ന അധീശബോധമാണെന്ന ധാരണയെ ഈ കൃതി ചെറുക്കുന്നു. ശകലിതമായ ജീവിതചിത്രങ്ങള്‍ ഏറെയുള്ള ഈ കൃതി അത്തരമൊരു ഘടനയിലൂടെ പങ്കുവെയ്ക്കുന്നത് മഹാഖ്യാനങ്ങളുടെ വഴികളെ  ഇളക്കിക്കൊണ്ടു തന്നെയാണ്. അഥവാ അവയോടു നിസ്സംഗത പുലര്‍ത്തിക്കൊണ്ടാണ്. മലബാര്‍സമരം വര്‍ഗ്ഗീയലഹളയോ ദേശീയസമരമോ കര്‍ഷകസമരമോ എന്ന ത്രികോണ/ചതുര്‍കോണ സ്വഭാവത്തിലുള്ള  ചോദ്യങ്ങള്‍ക്കപ്പുറം, ഒട്ടു നിഴലിലാണ്ട ചില ഛായകളെ ഈ കൃതി വെളിച്ചത്തിലേക്കു കൊണ്ടുവരുന്നു. ആരാണ് ആലിമുസലിയാര്‍,  വാരിയന്‍ കുന്നത്ത്  എന്ന ചോദ്യങ്ങള്‍ക്കപ്പുറം ആരാണ് മാളുഹജ്ജുമ്മ, ആരാണ്  മാട്ടുമ്മല്‍ മരയ്ക്കാര്‍ എന്ന്  ചോദിക്കുവാന്‍ ഈ കൃതി നമ്മെ പ്രചോദിപ്പിക്കുന്നുണ്ട്. ചെറുചരിത്രരചന എന്നതിനപ്പുറം, ബദല്‍ രാഷ്ട്രീയാവബോധമെന്ന നിലയ്ക്ക്  ഈ കൃതി വളരുന്നതവിടെയാണ്. ഇന്ത്യാ-പാക്കിസ്ഥാന്‍ വിഭജനത്തിന്റെ മുറിവുകളിലൂടെ യാത്ര ചെയ്ത ഉര്‍വശി ഭൂട്ടാലിയയും മലബാര്‍ വിപ്ലവത്തിന്റെ പെണ്‍വാമൊഴികളിലൂടെ കടന്നു പോയ ഡോ. ഷംഷാദ് ഹുസൈനും മറ്റും വേറൊരുതരത്തില്‍ പങ്കുവെയ്ക്കുന്ന അരികിന്റെ, ചെറുതിന്റെ തന്മകളെ തേടുകയാണ് ഈ കൃതിയും. വലിയ ചരിത്രകഥനങ്ങള്‍ക്കിടയില്‍ മുങ്ങിപ്പോയ മൗനത്തിന്റെ അടരുകളെ പതിയെ പതിയെ പൊളിച്ചുകൊണ്ടാണ് ഈ കൃതിയുടെ ആഖ്യാനം നീങ്ങുന്നത്. 


മലബാര്‍സമരത്തെ സംബന്ധിച്ചിടത്തോളം മൗനത്തിന്റെ രാഷ്ട്രീയമായ നിഹിതാര്‍ത്ഥങ്ങള്‍ ഏറെയാണ്. ദേശീയതയുടെ ചരിത്രവും കടന്ന്  ആദിമ ഇന്ത്യന്‍ജനതയുടെ സാംസ്‌കാരികനിര്‍മിതിയുടെ ഭൂപടരേഖകളിലേക്കുകൂടി ചെന്നെത്താവുന്ന പലതും  മൗനത്തിന്റെ കമ്പളത്തിനടിയിലുണ്ടാവാം. 'മൂല്‍സൂട്ടാ ഉഖ്‌ഡെ' എന്ന ഗുജറാത്തി ഭാഷയിലെ കൃതിയില്‍ കമലാബെന്‍ പട്ടേല്‍ എന്ന എഴുത്തുകാരി ഹൃദയഭേദകമാം വണ്ണം വിവരിക്കുന്നത് ഇന്ത്യാ- പാക്കിസ്ഥാന്‍ വിഭജനത്തിന്റെ ഇരകളായ സ്ത്രീകള്‍ അനുഭവിച്ച സമാനതകളില്ലാത്ത ക്രൂരതകളെക്കുറിച്ചാണ്.  ബലാല്‍ക്കാരത്തിന്റെയും പലതരം അംഗച്ഛേദങ്ങളുടെയും മറ്റനേകം ലൈംഗികപീഡനങ്ങളുടെയും വിവരണങ്ങള്‍...ഇവയെല്ലാം നേരിട്ടു ചോദിച്ചറിഞ്ഞിട്ടും ദശകങ്ങള്‍ക്കു ശേഷമാണവര്‍ അതെഴുതുന്നതെന്നു ഉര്‍വശി ഭൂട്ടാലിയ അത്ഭുതപ്പെടുന്നു. അവരതിന്റെ കാരണം തിരക്കിയപ്പോള്‍ ഗ്രന്ഥകാരി പറഞ്ഞതിങ്ങനെ: '' ഈ പുസ്തകം ഞാന്‍ നേരത്തെ എഴുതാതിരിക്കാനുള്ള കാരണം, അക്കാലത്ത്  ഞാന്‍ കണ്ടതൊക്കെ  ഉള്‍ക്കൊള്ളാന്‍ എനിക്കു കഴിയുമായിരുന്നില്ല. മനുഷ്യര്‍ക്കിങ്ങനെയൊക്കെയാകാന്‍ കഴിയുമെന്ന് എന്റെ വിദൂരസങ്കല്പത്തില്‍ പോലും ഇല്ലായിരുന്നു. ദുര്‍ദ്ദേവതകളെല്ലാം ഭൂമിയിലേക്കിറങ്ങി വന്നതു പോലെ!''  (പുറം 148, മൗനത്തിന്റെ മറുപുറം).  സമാനമാണ് മലബാര്‍സമര പോരാളികളുടെ ചരിത്രവും. ഏറെക്കാലം പുറത്തേക്കു അധികം വെളിപ്പെടാതെ നിന്ന ദുരിതങ്ങളുടെയും പീഡനങ്ങളുടെയും പലായനങ്ങളുടെയും കഥകള്‍ ഇത്രയും കാലങ്ങള്‍ക്കു ശേഷം ചുരുളഴിയുന്നു! അതിലേക്കുള്ള ആഖ്യാനശ്രമങ്ങള്‍ പുനര്‍വായനകളായും വീണ്ടെടുപ്പുകളായും അന്വേഷണങ്ങളായും ഇനിയുമേറെ നീളാനുണ്ട്. അടിച്ചേല്പിക്കപ്പെട്ട മൗനത്തെ ഭേദിച്ചുകൊണ്ട് മണ്ണടരില്‍നിന്നും ചരിത്രത്തിന്റെ ആര്‍ത്തനാദങ്ങളും നിശ്വാസങ്ങളും നിലവിളികളും മുഴങ്ങിത്തുടങ്ങി. മറവിയുടെയും മായ്‌ച്ചെഴുത്തുകളുടേതുമായ ഇക്കാലത്ത് അത് അനിവാര്യമാണ്.


മലബാര്‍സമരവുമായി ബന്ധപ്പെട്ട ഈ കൃതിയുടെ ഏറ്റവും പ്രധാന സവിശേഷത എന്താണ്? ചേറുമ്പ് എന്ന പ്രദേശത്തെയാണ് ഇതു കേന്ദ്രീകരിക്കുന്നത് എന്നത് സരളമായ ഇതിന്റെ ഗ്രന്ഥനാമം തന്നെ സൂചിപ്പിക്കുന്നുണ്ട്. റവന്യൂ രേഖകളില്‍ നിലമ്പൂര്‍ അംശത്തിലെ ചേറുമ്പ് എന്നു പേരു പതിഞ്ഞ പ്രദേശം കരുവാരക്കുണ്ടും എപ്പിക്കാടും അതിനടുത്ത ചെറുദേശങ്ങളും ഉള്‍പ്പടെയുള്ള ഭൂമികയെ കുറിക്കുന്നു. പ്രാദേശികതയെ, സ്ഥലപരമായിത്തന്നെ പ്രകൃതിയും ആളുകളും ഉള്‍പ്പെട്ട അതിന്റെ സൂക്ഷ്മദേശങ്ങളെയും അത്രമേല്‍ അമര്‍ത്തി തൊട്ടുഴിഞ്ഞുകൊണ്ടാണ് ഈ കൃതി  എഴുതപ്പെട്ടത്. കരുവാരക്കുണ്ടിലെ മലയോരങ്ങള്‍ എത്ര ജീവനോടെയാണ് ഗ്രന്ഥകാരന്‍ വരച്ചിട്ടതെന്നു കാണുമ്പോള്‍ അതു മനസ്സിലാകും. ഹാജിപ്പാറയുടെ ചിത്രീകരണവും കണ്ടഞ്ചോലയുടെ വിവരണവും മറ്റും പ്രദേശത്തിന്  മിത്തിക്കലായ പരിവേഷം നല്‍കുന്നുണ്ട്. കര്‍ഷകരായ മുസ്ലിങ്ങളും ദളിതരും തിങ്ങിപ്പാര്‍ത്ത ഈ ഭൂവിഭാഗത്തിലാണ് ചരിത്രനായകനായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അധിനിവേശത്തിനെതിരായ തന്റെ സമാന്തരഭരണം നടത്തിയത്. കരുവാരക്കുണ്ടും എപ്പിക്കാടും പെരിന്തല്‍മണ്ണയും ചേറുമ്പും മഞ്ചേരിയും തിരൂരങ്ങാടിയും  മാത്രമല്ല, ആന്തമാനും ഈ പ്രാദേശികതയുടെ അതിരുകളിലേക്കു ചേര്‍ത്തുവെയ്ക്കപ്പെടുന്നുണ്ട്. ആ നിലയ്ക്ക് മലബാര്‍ സമരമല്ല, സമരങ്ങളാണ് എന്ന നോട്ടപ്പാടിനകത്തേക്കു പ്രദേശപരമായ ഈ വൈവിദ്ധ്യത്തെക്കൂടി ചേര്‍ത്തുവെയ്ക്കാം.  മാളുഹജ്ജുമ്മ

വാരിയന്‍കുന്നത്തു കുഞ്ഞഹമ്മദുഹാജിയുടെ ഭാര്യയായിരുന്ന മാളുഹജ്ജുമ്മയുടെ  ധീരമായ ഓര്‍മകളാണ് ഈ കൃതിയുടെ പ്രധാനജീവന്‍.

റസിയ സുല്‍ത്താനയുടെയും ചാന്ദ്ബീവിയുടെയും നൂര്‍ജഹാന്റെയും അര്‍ജുമന്ദ്ബാനുവിന്റെയും സൈബുന്നിസയുടെയും കൂടെ പരിഗണിക്കേണ്ട ഒരു പേര് എന്തുകൊണ്ട് വിസ്മൃതമാക്കപ്പെട്ടു എന്ന പ്രശ്നം ഗൗരവമായി ഉന്നയിക്കുന്നുണ്ട് ഗ്രന്ഥകാരന്‍. നാടകീയമായ ഒരു രംഗത്തിന്റെ അവതരണത്തിലൂടെയാണ് ഫാത്തിമ എന്ന മാളുഹജ്ജുമ്മയെ ഈ കൃതിയുടെ തുടക്കത്തില്‍ അവതരിപ്പിക്കുന്നത്. വലിയൊരു ചക്ക പറമ്പില്‍നിന്നു കൊണ്ടുവന്ന പണിക്കാരനോട് ചെറിയ കത്തികൊണ്ട് അതുമുറിക്കാന്‍ വാശിപിടിച്ചപ്പോള്‍ അതസാദ്ധ്യമാണെന്നു അയാള്‍ നീരസത്തോടെ പറഞ്ഞു. കണ്ടു നിന്ന ബാപ്പയും വല്യാപ്പയും താന്‍ ഭര്‍തൃഗൃഹത്തിലേക്കു തിരിച്ചുപോകാത്തതിന്റെ കാരണം അതിലൂടെ മനസ്സിലാക്കാന്‍ ഒരവസരം ഉണ്ടാക്കുകയായിരുന്നു ഫാത്തിമ. ചേറുമ്പ് ദേശത്ത് കോയാമു ഹാജിയുടെ മകളായി 1879 ലാണ് അവര്‍ ജനിച്ചത്.  കാല്പനികചരിത്രകാരന്മാര്‍ അവതരിപ്പിച്ച വാരിയന്‍കുന്നത്തുമായുള്ള മാളുഹജ്ജുമ്മയുടെ പ്രണയം എന്ന പഴങ്കഥയെ അബ്ദുള്‍ കലാം പാടെ നിരസിക്കുന്നുണ്ട്. സ്വതന്ത്രവ്യക്തിത്വമായിരുന്ന മാളുഹജ്ജുമ്മ തന്റെ പ്രണയഭാജനമായി  അദ്ദേഹത്തെ കണ്ടിരുന്നെങ്കില്‍ അങ്ങനെ വിവാഹത്തിനു നിന്നുകൊടുക്കുമായിരുന്നില്ല എന്ന സരളവും ഭദ്രവുമായ യുക്തിയിലൂടെ ജനപ്രിയമായ ചരിത്രാഖ്യാനങ്ങളുടെ ഉദാസീനതയെ അദ്ദേഹം ചെറുക്കുന്നുണ്ട്. ചരിത്രരേഖകള്‍ സംസാരിക്കട്ടെ എന്നദ്ദേഹം വെല്ലുവിളിക്കുന്നു. എന്നാല്‍ കുടുംബാഗംങ്ങളുടെ നേരനുഭവങ്ങളില്‍, ''വാരിയംകുന്നനെ വിവാഹം കഴിച്ചാല്‍ തൂക്കിലേറ്റുന്ന പട്ടാളമുണ്ടെങ്കില്‍ അതൊന്നു കാണണമെന്ന'' ധീരമായൊരു തീരുമാനത്തിലേക്കു സാഹസികമായി കടന്നുവന്ന ഒരുസ്ത്രീയെ വരച്ചിടുന്നുണ്ട്. സ്ത്രീകള്‍ക്കൊപ്പം നിന്നുകൊണ്ട് സാമ്രാജ്യത്വ ശക്തികള്‍ക്കെതിരായ യുദ്ധത്തിനു വീര്യം പകരാനും അവര്‍ ശ്രമിച്ചതിന്റെ ഓര്‍മകള്‍ വാമൊഴികളിലൂടെ പകര്‍ന്നിടുന്നു. 'നമ്മുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ആണുങ്ങള്‍ക്ക് ധൈര്യം പകരേണ്ടത് നമ്മുടെ കടമയാണെന്ന വിശ്വാസത്തില്‍' അവര്‍ സ്ഥൈര്യത്തോടെ നിന്നു. ബ്രിട്ടീഷുകാരന്റേതാണെങ്കില്‍ പോലും മൃതദേഹം ജീര്‍ണിക്കാനിടവരാതെ മറവുചെയ്യാനുള്ള കടമയുണ്ട് എന്ന ദീനിന്റെ മാനവികത അവര്‍ പ്രസരിപ്പിച്ചു. പോരാട്ടത്തില്‍  ഭര്‍ത്താവും പിതാവുമെല്ലാം നഷ്ടപ്പെട്ടിട്ടും സ്വത്തുവഹകള്‍ ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടിയിട്ടും  വെള്ളക്കാരനോട് നിയമയുദ്ധത്തിലൂടെ വിജയം വരെ പോരാടുകയായിരുന്നു മാളുഹജ്ജുമ്മ. തിരിച്ചുകിട്ടിയ സ്വത്തുക്കള്‍ പലതും പള്ളികള്‍ക്കും മറ്റുമായി ദാനം ചെയ്യാനവര്‍ മടിച്ചില്ല. കരുവാരക്കുണ്ടിലെ ആദ്യത്തെ പൊതുവിദ്യാലയം സ്ഥാപിച്ചത് അവര്‍ നല്‍കിയ ഭൂമിയിലായിരുന്നുവെന്നതും പ്രധാനമാണ്. ചീനിപ്പാടത്തെ വീട്ടില്‍ ഒരുക്കിയ 'ദര്‍സി'ല്‍  വിദ്യാര്‍ത്ഥികളായിരുന്നവരിലേറെയും പില്ക്കാലത്ത്  പ്രദേശത്തിന്റെ മത, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രഗല്‍ഭരായിരുന്നു. 1962ല്‍ തന്റെ എണ്‍പത്തിമൂന്നാം വയസ്സില്‍ മരിക്കുന്നതു വരെ ഉജ്ജ്വലമായ മാതൃകയായിത്തുടര്‍ന്നു, അവരുടെ താന്‍പോരിമ. ഹിച്ച് കോക്കിനെപ്പോലുള്ളവരുടെ സാമ്രാജ്യത്വകേന്ദ്രിതമായ ചരിത്രരചനകളില്‍ കാണുന്ന ഫാത്വിമയും ഈ ഫാത്വിമയും  ഒന്നാണെന്ന ധാരണയെ തിരുത്തുകയും ചെയ്യുന്നുണ്ട് വിശദാംശങ്ങളോടെയുള്ള ഈ  ആഖ്യാനം. പള്ളിയിലെ മീറ്റിംഗുകളില്‍ സുപ്രധാനമായ പങ്കുവഹിക്കുന്ന സ്വാധീനമായിത്തീരുകയും  പെണ്ണാണെന്നു പെട്ടന്നു തിരിച്ചറിയാതിരിക്കാന്‍ നീളന്‍കുപ്പായത്തില്‍ മുഖം മറച്ചു വാരിയന്‍ കുന്നത്തിനൊപ്പം യുദ്ധത്തില്‍ പങ്കുചേരുകയും മലബാറിന്റെ തന്നെ ചരിത്രത്തില്‍ ആദ്യമായി  ബലിയറുത്ത സ്ത്രീയായി അടയാളപ്പെടുകയും ചെയ്ത മാളുഹജ്ജുമ്മയുടെ നാനാവിധത്തിലുള്ള ചിത്രങ്ങളെല്ലാം മുഖ്യാധാരാ പുരോഗമനസ്ത്രീകളുടെ ഘടനയില്‍ നിന്നെല്ലാം എത്രയോ വ്യത്യസ്തമാണ്! മതം സാമൂഹികനിര്‍വഹണശേഷിക്കെതിരല്ല എന്നു മാത്രമല്ല ഇതു പറയുന്നത്. മറിച്ച്, അതിനുള്ള ഊര്‍ജ്ജമായിത്തന്നെ അവരില്‍ ഉള്‍ച്ചേര്‍ന്നതായാണ് ഈ വിവരണങ്ങളിലൂടെ നാം കാണുന്നത്! പില്‍ക്കാലത്തെ പുരോഗമന മതേതരത്വത്തിന്റെ  നാട്യപരതകളെ ഈ ചരിത്രസ്മരണകളുടെ ജൈവികത തെല്ലൊന്നുമല്ല, ഇളക്കുന്നത്!


പലായനത്തിന്റെ അടയാളങ്ങള്‍

ഗ്രന്ഥകാരന്റെ ഉപ്പുപ്പായുടെ ജ്യേഷ്ഠന്‍ കൂടിയായ മാട്ടുമ്മല്‍ മരക്കാരുടെ ഡയറിക്കുറിപ്പുകള്‍ ഈ കൃതിയെ ചരിത്രപരമായി നിര്‍ണയിക്കുകയും അതിനെ ചലനാത്മകതയോടെ മനസ്സിലാക്കാന്‍ സഹായിക്കുന്നുമുണ്ട്. ആന്തമാനിലേക്കു നാടുകടത്തപ്പെട്ട അദ്ദേഹം ജയില്‍ശിക്ഷ കഴിഞ്ഞുവന്നു നാട്ടിലെത്തി നോക്കുമ്പോള്‍ തന്റെ വീടും പറമ്പുമെല്ലാം  ജന്മികള്‍ കൈവശപ്പെടുത്തിയതറിഞ്ഞ നിരാശയില്‍ തിരിച്ച് ആന്തമാനിലേക്കു തന്നെ മടങ്ങേണ്ടിവന്നു. അവിടെ തന്നെ കിടന്നു മരിക്കുകയും ചെയ്തു. മുസ്ലിം എന്ന സ്വത്വത്തിന്റെ, പലവിധ സമ്മര്‍ദ്ദങ്ങളാല്‍  ഞെരുക്കിയമര്‍ത്തപ്പെട്ട അസ്തിത്വം പ്രകടമാകുന്ന ഭാഗമാണ്  മരക്കാരുടെ ഡയറിക്കുറിപ്പുകള്‍ എന്ന രണ്ടാമദ്ധ്യായം. ഈ കൃതിയുടെ സമഗ്രമായ നൈതികതയെയും വൈകാരികതയെയും ഒന്നിച്ചുരുക്കിയെടുത്ത്  ഒതുക്കിവെച്ചതും ഈ ചെറു അദ്ധ്യായത്തിലാണ്. ഗ്രന്ഥകാരന്റെ ഉപ്പുപ്പായുടെ ജ്യേഷ്ഠനാണ് ഡയറിക്കുറിപ്പുകള്‍ എഴുതിയ മാട്ടുമ്മല്‍ മരയ്ക്കാര്‍ എന്നതു മാത്രമല്ല വൈകാരികതയുടെ അടിസ്ഥാനം. മലബാര്‍സമരത്തില്‍  ശിക്ഷിക്കപ്പെട്ട് ആന്തമാനിലേക്കയക്കപ്പെട്ട നൂറുകണക്കിനു തദ്ദേശീയരായ മുസ്ലിമുകളുടെ പ്രതിനിധിയാണ് മരയ്ക്കാര്‍. പാണ്ടിക്കാട്ടെ ക്യാമ്പിലേക്കും പിന്നീടു മലപ്പുറത്തേക്കും ശേഷം കോഴിക്കോട്ടേക്കും കൊണ്ടുപോയവര്‍ക്കൊപ്പം  പട്ടിണിയും കൊടിയ ശാരീരിക പീഡനങ്ങളും സഹിച്ചു   അദ്ദേഹവുമുണ്ടായിരുന്നു. ഒടുവില്‍ വിധിക്കപ്പെട്ട ശിക്ഷയായിരുന്നു നാടുകടത്തല്‍. മൂന്നു മാസം തൃശ്ശിനാപ്പള്ളി ജയിലില്‍ കിടന്ന ശേഷം അലവി,  അഹമ്മദ് കുട്ടി, മറ്റു തടവുകാര്‍ എന്നിവര്‍ക്കൊപ്പം 1922 ല്‍ ആന്തമാന്‍ ജയിലില്‍ അടയ്ക്കപ്പെട്ട മരയ്ക്കാര്‍ അവിടെ  തടവിലും  കൃഷിപ്പണി തന്നെയാണ് പണിയായി ചെയ്തത്. നീണ്ട 11 വര്‍ഷങ്ങള്‍ക്കു ശേഷം മോചിപ്പിക്കപ്പെട്ട്, ഏറെ പ്രതീക്ഷകളോടെ  തിരിച്ചെത്തുമ്പോള്‍  നടുക്കുന്ന അനുഭവമാണ് മരയ്ക്കാരെ കാത്തിരുന്നത്. പൊളിഞ്ഞ് മണ്ണോടമര്‍ന്ന വീടും ജന്മികള്‍ കൈവശപ്പെടുത്തിയ കൃഷിസ്ഥലവും. തിരികെ ആന്തമാനിലേക്കു പോകാതിരിക്കാനാവുമായിരുന്നില്ല മരയ്ക്കാര്‍ക്ക്. അനുജനോടൊപ്പം പത്തേമാരി കയറി ദ്വീപിലെത്തി കൃഷിപ്പണി തുടര്‍ന്ന് ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു.  മലബാര്‍സമരത്തിന്റെ രാഷ്ട്രീയ, അനുഭവഭൂമികയായി ആന്തമാന്‍ രൂപപ്പെട്ടതിന്റെ ശകലിതമായ ഒരു ചരിത്രമായിരുന്നു അത്. ''പോര്‍ട്ട് ബ്ലെയറിനെ കരുവാരക്കുണ്ടായും ഗാന്ധിനഗറിനെ ഇരിങ്ങാട്ടിരിയായും അബിറിഡിയന്‍ ബസാറിനെ പുന്നക്കാട്ടെ ചന്തയായും പ്രേംനഗറിനെ കിഴക്കേത്തലയായും ജംഗ്ലിക്കാടിനെ കല്‍ക്കുണ്ടായും വൃഥാ പേരുമാറ്റി നാടായിക്കണ്ട് ദ്വീപ് ജീവിതം തള്ളിനീക്കി.'' (പുറം 42, ചേറുമ്പിലെ ചെറുത്തു നില്‍പ്പുകള്‍- അബ്ദുള്‍ കലാം മാട്ടുമ്മല്‍). സ്വന്തം ദേശത്തുനിന്നു സ്വദേശികളായ ആഭ്യന്തരവൈരികളാലും വിദേശീയരായ അധിനിവേശകരാലും ഒരുപോലെ ക്രൂരമായി ആട്ടയോടിക്കപ്പെട്ടതിന്റെ ചതവ് കല്ലിച്ചുകിടക്കുന്ന ഈ വരികള്‍ തൊണ്ടയില്‍ നീരുനിറയ്ക്കും. മലബാര്‍സമരത്തിനെതിരായ പട്ടാളാക്രമണത്തിന്റെ ഇരകളെക്കുറിച്ചു സവിസ്തരം ഈ കൃതി പറയുന്നൊന്നുമില്ല. പക്ഷേ അതൊന്നും പറയാതെതന്നെ മരയ്ക്കാരുടെ അമര്‍ന്നൊതുങ്ങിഞെരുങ്ങിയ വാക്കുകളുടെ ചൂട് നാം അനുഭവിക്കുന്നു!


ഖബറിടങ്ങളും വെട്‌പ്പോതുകളും

കൊള്ളയും കൊലയും നടന്ന ആ കാലത്തിന്റെ സ്മൃതിചിത്രങ്ങളിലേക്കു വീണൊഴുകുന്ന ചുടുകണ്ണീരിലൂടെ നാം കാണുന്നതു പലപ്പോഴും ഖബറിടങ്ങളാണ്. കേരളസംസ്‌കാരത്തിന്റെ അരികിലും മൂലയിലുമെല്ലാം നാം കാണുന്നത് അധിനിവേശങ്ങളുടെ ഭാഗമായ ഇത്തരം കൊലപാതക/മൃതസ്ഥാനങ്ങളാണ്! എങ്കിലും മാന്യമായ വിശ്വാസമര്യാദകള്‍ എല്ലായ്‌പ്പോഴും മൃതമായശരീരങ്ങള്‍ അര്‍ഹിക്കുന്നു. 'കിഴക്കു പടിഞ്ഞാറ് ദിശയിലെ ഖബര്‍' എന്ന അദ്ധ്യായം പ്രധാനമാകുന്നത് അതിനാലാണ്. പെരിന്തല്‍മണ്ണയില്‍ നിന്നും കരുവാരക്കുണ്ടിലേക്കുള്ള വഴിയില്‍  തരിപ്പയില്‍ക്കാരെന്നു അറിയപ്പെടുന്ന ചാലില്‍ തറവാട്ടു വീടിന്റെ അടുക്കളഭാഗത്തായുള്ള ഖബറിന്റെ ദിശ കിഴക്കു പടിഞ്ഞാറായതിനെക്കുറിച്ചാണ് സൂചന. ഇസ്ലാമികവിശ്വാസപ്രമാണമനുസരിച്ച് പൊതുവേ ഖബറുകളുടെ ദിശ തെക്കു-വടക്ക് ദിശയിലാണ്. ഗൂര്‍ഖപ്പട്ടാളത്തിന്റെ ആക്രമണത്തെ ഭയന്ന്  ഒളിച്ചിരുന്ന സമരക്കാരല്ലാത്ത നൂറിലധികം പേരെ കൊലചെയ്തതിനു പിന്നാലെ നാട്ടു പോലീസിന്റെ മൃഗീയത വീണ്ടും അരങ്ങേറി. സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നതു തടയാന്‍ ശ്രമിച്ച  പാലേമ്പിടിയന്‍ ബീവി എന്ന ഗര്‍ഭിണിയായ സ്ത്രീയെ പോലീസ് മര്‍ദ്ദിച്ചു. ഉമ്മയെ ഉപദ്രവിക്കുന്നതു കണ്ട് അവരുടെ കാലില്‍ കെട്ടിപ്പിടിച്ചു കരഞ്ഞ ചെറിയ മകളെ പോലീസ് മുകളിലേക്കു വലിച്ചെറിഞ്ഞു. രണ്ടുവയസ്സില്‍ താഴെയുള്ള കുട്ടിയെ ബയണറ്റില്‍ കോര്‍ത്തെടുത്തു. കുടല്‍മാലകള്‍ പുറത്തേക്കു തൂങ്ങി പിടയുന്ന മകളുടെ ചിത്രം, എണ്‍പതാം വയസ്സില്‍  മരണം വരെ ഉള്ളില്‍ പേറേണ്ടിവന്ന ഉമ്മ! മറവുചെയ്യാന്‍ ഉറ്റവരാരും ഇല്ലാത്തതിന്റെ പേരില്‍ അഴുകിയ ജഡങ്ങള്‍ ചുറ്റിലും വേറെ!! ഒറ്റയടിക്ക് ഇല്ലാതായ ഒരു ഗ്രാമത്തിലെ തന്നെ നൂറോളം പുരുഷന്മാരെ പലരെയും ഒരേ കുഴിയില്‍തന്നെ അടക്കേണ്ടിവരുന്നു. അവശേഷിച്ച  സ്ത്രീകളാണ് ഇതെല്ലാം ചെയ്തതും. ചോരയും മാംസവുമായി ഛിന്നഭിന്നമാക്കപ്പെട്ട പിഞ്ചുകുഞ്ഞിനെ പിറ്റേന്നു മറവുചെയ്തത് പ്രദേശത്തെ ദളിതരാണ്. വീടിനടുത്തായി  സ്ഥലസൗകര്യം നോക്കി മറവു ചെയ്തതിനു ശേഷമാണ് കിഴക്കു-പടിഞ്ഞാറല്ല, തെക്കു-വടക്കു ദിശയിലാണ് മറവുചെയ്യേണ്ടത് എന്നു മനസ്സിലാക്കുന്നത്. ലഭ്യമായ വിവരങ്ങളില്‍ ഏറ്റവും പ്രായംകുറഞ്ഞ കുഞ്ഞിന്റെ ഖബറിടമായതു ഗ്രന്ഥകാരന്‍ അടയാളപ്പെടുത്തുന്നു. സ്വന്തം നാടിനുവേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ കൊല്ലപ്പെട്ട മുസ്ലിങ്ങള്‍ക്കൊപ്പം നിന്ന, രക്തസാക്ഷികളായ അനേകം ദളിതരുടെ സൂചനകള്‍ തരുന്ന ഈ അടയാളം വേറിട്ടതാണ്.  ദളിത് മുസ്ലിം ഐക്യത്തിലൂന്നിയ പുതിയ രാഷ്ട്രീയദിശകളിലേക്കുള്ള സൂചനകളായി കൂടി അതിനെ നീട്ടിവായിക്കാം. 


 കരുവാരക്കുണ്ട് എന്ന സ്ഥലത്തിന്റെ പ്രാദേശികചരിത്രത്തെക്കുറിച്ചു സവിസ്തരം പറയുന്നതോടൊപ്പം തന്നെ അവിടത്തെ കൊല്ലന്മാരെക്കുറിച്ചുള്ള സൂചനകള്‍ കൃതി മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഇരുമ്പയിരായ കരു വാരുന്ന കുണ്ടാണ് പിന്നീട് കരുവാരക്കുണ്ടായത്.  കരുവാരക്കുണ്ടില്‍ ഉണ്ടാക്കിയെടുത്ത വാളും കഠാരകളും കത്തിയും പോലുള്ള ഇരുമ്പുപകരണങ്ങള്‍ അറേബ്യന്‍ നാടുകളിലും മറ്റും  പ്രശസ്തിനേടിയിരുന്നത്രേ. തോക്കുണ്ടാക്കുന്നതിലും വൈദഗ്ദ്ധ്യം നേടിയവരായിരുന്ന ഇവരെ സമരക്കാലത്ത് കലി പൂണ്ട് ബ്രിട്ടീഷ് പട്ടാളം പിടികൂടി ജയിലലടയ്ക്കുകയാണ് ആദ്യം ചെയ്തതത്രേ. പിന്നീടവര്‍ പുറം ലോകം കണ്ടിട്ടില്ല എന്നാണ് വാമൊഴിചരിത്രം പറയുന്നത്.  ഇപ്രകാരം മുസ്ലിം ജനതയ്‌ക്കൊപ്പം നിന്നതിന്റെ പേരില്‍ സാമ്രാജ്യത്വത്തിന്റെ ക്രൂരമായ ആക്രമണങ്ങളാല്‍ വംശഹത്യചെയ്യപ്പെട്ട അപരരെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ ഈ കൃതിക്കു പുതിയ വെളിച്ചമാകുന്നുണ്ട്. 


പ്രാദേശികചരിത്രരചനയുടെയും രാഷ്ട്രീയവ്യാഖ്യാനങ്ങളുടെയും കുടുംബചരിത്രത്തിന്റെയും അതൊടൊപ്പം തന്നെ സംസ്‌കാരപഠനത്തിന്റെയും സ്വഭാവങ്ങള്‍ ഈ ചെറുകൃതിയുടെ ചേരുവകളായി നില്‍ക്കുന്നുണ്ട്. 'വെട്‌പ്പോത് അഥവാ വെടിപ്പഴുത്' എന്ന അവസാന അദ്ധ്യായം ഏറനാടന്‍ വാസ്തുവിദ്യയെക്കുറിച്ചും കൂടിയാവുന്നത് അങ്ങനെയാണ്. അത്തരമൊരു സമീപനത്തെക്കുറിച്ചുതന്നെ ചെറുതായൊരു സൂചന നല്‍കിക്കൊണ്ടാണ് ഈ അദ്ധ്യായം തുടങ്ങുന്നതും. പഴയകാലത്തെ ഉപകരണങ്ങളെക്കുറിച്ചും അവയുടെ ഉപയോഗക്രമത്തെക്കുറിച്ചുമുള്ള പുതിയ കാലത്തുനിന്നുള്ള നോട്ടത്തിന്റെ അഭിരുചിയെ മുന്‍നിര്‍ത്തിയാണദ്ദേഹം പറയുന്നത്. അതേസമയം വെറും വസ്തുരതി എന്നതിനേക്കാള്‍ അതിജീവനത്തിന്റെ അര്‍ത്ഥസന്നിവേശത്തിനായി ഈ 'വെട്‌പ്പോതു'കളെ മനസ്സിലാക്കുന്നതിനാണദ്ദേഹം താല്പര്യപ്പെടുന്നത്. പ്രാദേശികഭാഷയില്‍ വെട്‌പ്പോത് എന്നു വിളിക്കുന്ന വെടിപ്പഴുത് മാപ്പിളവീടുകളുടെ ചുവരുകളില്‍ നാലടി ഉയരത്തിലായി  ചെറിയ വൃത്താകൃതിയിലുള്ള ദ്വാരങ്ങളാണ്.  അടുക്കളയുടെ ചുമരുകളിലാണ് ഇവ കാണാറുള്ളത്.  കേരളത്തിന്റെ തെക്കു വടക്കന്‍ പ്രദേശങ്ങള്‍ വാസ്തുഘടനയില്‍ വെവ്വേറെ രീതികള്‍ നിലനില്‍ക്കുമ്പോഴും അതില്‍ത്തന്നെ ഏറനാടന്‍ പ്രദേശങ്ങളില്‍ കണ്ടുവരുന്ന ഇത്തരം വ്യത്യസ്തതകള്‍ ആ നാടിന്റെ കഥ തന്നെയായി മാറുന്നു. കുളര്‍മാവിന്റെ കറ ലയിപ്പിച്ച വെള്ളത്തില്‍ ചുട്ടെടുക്കുന്ന മണ്‍കട്ടകള്‍ കൊണ്ടാണ് ചുവരുകള്‍ പണിയുന്നത്. റെയ്ഡിനായി പോലീസുകാര്‍ അക്രമാസക്തരായി വീടുകളിലേക്കു വരുമ്പോള്‍ അവരെ ആക്രമിച്ചു തുരത്തുക എന്ന ലക്ഷ്യമാണവയ്ക്കുണ്ടായിരുന്നത്. ചെറിയ വലുപ്പത്തിലുള്ള ദ്വാരങ്ങളിലൂടെ തോക്കിന്റെ കുഴല്‍ കടത്തിവെയ്ക്കുകയും പോലീസ് കടന്നു വരുന്ന അതേ സന്ദര്‍ഭത്തില്‍ ഉന്നം നോക്കി വെടിയുതിര്‍ക്കുകയുമായിരുന്നു രീതി. തിരഞ്ഞോടുകയല്ലാതെ മാര്‍ഗമില്ലാത്ത അവസ്ഥ.  ഇങ്ങനെ സാഹസികമായ എത്രയേറെ അനുഭവപാഠങ്ങളിലൂടെ സാംസ്‌കാരികചരിത്രത്തെ പൊടിതുടച്ചെടുക്കുന്നു ഈ കൃതി. 


അതിജീവനത്തിന്റെ സ്മരണകള്‍ സവിശേഷമായ സാംസ്‌കാരികവായനകളിലൂടെ തിരിച്ചുപിടിക്കുക എന്ന നൈതികമായ ഒരു ഇടപെടലാണ് ഈ കൃതി കേരളീയസമൂഹത്തില്‍ ചെയ്യുന്നത്. മലബാര്‍ വിപ്ലവത്തിന്റെ ശതാബ്ദിസമരണകളുടെ കാലത്ത് മറവിയില്‍ നിന്നുണരാന്‍, തമസ്‌കരണങ്ങളെ നേരിടാന്‍ ഈ ചെറുത്തുനില്പുകള്‍ ഉതകട്ടെ. ദേശവിഭാവനങ്ങളിലെ തദ്ദേശീയരുടെ, ബഹുജനങ്ങളുടെ ആധികാരികതയെ പുന:സ്ഥാപിക്കാനുള്ള ബദല്‍ശ്രമമായി ഈ സ്മൃതിചിത്രങ്ങള്‍ പ്രവര്‍ത്തിക്കട്ടെ!

(2021  സെപ്തംബർ 7 നു ട്രൂകോപ്പി വെബ്സിനിൽ പ്രസിദ്ധീകരിച്ചത്)