Monday, April 1, 2019

അടുപ്പിന്‍ മീതെ തിളച്ചു പാകമാകുന്ന വചനം



പാഠഭേദത്തിന്റെ മുന്‍കയ്യില്‍ പുറത്തുവരുന്ന സ്ത്രീകവിതയുടെ ഈ പുതിയ സമാഹാരം ഉണര്‍വു പകരുന്ന ഒന്നാണ്. സ്ത്രീകള്‍ എഴുതുന്ന രചനകള്‍ സ്ത്രീവാദപരമായിരിക്കണം എന്ന പൊതുബോധ മുന്‍വിധികളെ ചെറുക്കുന്ന സര്‍ഗാത്മകപരിസരത്തുനിന്നാണ് ഈ കവിതകള്‍ പുറപ്പെട്ടുവരുന്നത്. എന്നാല്‍ എഴുത്തിന്റെ പ്രതലത്തില്‍ സ്ത്രീയനുഭവത്തിന്റ അടയാളങ്ങളെ വ്യത്യസ്തതകളോടെ മുദ്രിതമാക്കാനും ഈ സമാഹാരം ശ്രദ്ധിക്കുന്നു. സ്ത്രീയനുഭവങ്ങളാല്‍ പ്രചോദിതരും പ്രബുദ്ധരുമായിരിക്കുമ്പോള്‍ത്തന്നെ, സ്ത്രീപക്ഷരാഷ്ട്രീയത്തിന്റെ ബാധ്യതകളില്‍ നിന്നൊഴിഞ്ഞ് എഴുതുന്ന ഡോണ മയൂരയെപ്പോലെയുള്ള ധാരാളം കവികള്‍ ഇവിടെ എഴുതുന്നു. മലയാളകവിതാപാരമ്പര്യത്തെ സംബന്ധിച്ചിടത്തോളം അകത്തുനിന്നു പുറപ്പെട്ട് അകത്തേക്കു തന്നെ സഞ്ചരിക്കുന്ന ആത്മനിഷ്ഠവും ഏകാന്തവുമായ 'അഹം'ബോധസ്വരത്തെ വീണ്ടും വീണ്ടും തോറ്റുന്ന ഒരു പ്രവണത പലപ്പോഴും കാണാറുണ്ട്. അപ്പോഴെല്ലാം കാല്പനികമായ മാഴ്കലിന്റെ സ്വരമായി കവിത നിലക്കൊള്ളുന്നു. ഭാഷയാകട്ടെ, അധികം വെയിലേറ്റു വാടിയോ അല്ലെങ്കില്‍ അധികം വെള്ളം വലിച്ചു ചീയാന്‍ തുടങ്ങുകയോ ചെയ്യുന്ന തണ്ടുപോലെയും. അതില്‍ നിന്നുള്ള മുക്തി അനിവാര്യം തന്നെയായിരുന്നു. എഴുത്തിന്റെ മാധ്യമത്തെ തിരിച്ചറിയാതെയുള്ള ഭാഷാപരമായ വാചാലതയോ ധൂര്‍ത്തോ ആയ അത്തരം കവിതകള്‍ ഇന്നില്ലെന്നല്ല. അവയുടെ മുഷിഞ്ഞ മണം ഈ കൃതിയില്‍ കുറവാണ്. കാലം, പ്രകൃതി, ഉടല്‍, രതി, മരണം, സ്വപ്നം, എഴുത്ത്, അധികാരം, സ്വാതന്ത്ര്യം തുടങ്ങിയ പ്രമേയങ്ങളെ പരിചരിക്കുകയും ഒപ്പം കവിതയെന്ന മാധ്യമത്തെ മുന്നോട്ടു നയിക്കുകയും ചെയ്യുന്നവയാണീ കവികള്‍.  രണ്ടു ദശാബ്ദമായി മലയാളത്തിന്റെ പുതുകവിതാകാഹളത്തെ മുഴക്കത്തോടെ കേള്‍വിപ്പെടുത്തുന്നതില്‍ ഇവര്‍ക്കുള്ള പ്രാധാന്യം ചെറുതല്ല. 

സ്ത്രീകവിതകള്‍ ചരിത്രപരമായി വായിച്ചെടുക്കാന്‍ നോക്കുമ്പോള്‍ നേരിടുന്ന ഒരു പ്രശ്‌നം ചരിത്രഗതിയുടെ രേഖീയമായ അനുക്രമണികതയില്‍ അവയിലെ ഭാവുകത്വവ്യതിയാനങ്ങളെയോ വിച്ഛേദങ്ങളേയോ കണ്ണിചേര്‍ത്തെടുക്കാന്‍ കഴിയില്ല എന്നതാണ്. സ്ത്രീജീവിതത്തിന്റെ ഒരിക്കലും അവസാനിക്കാത്ത പോരാട്ടം, അലച്ചില്‍ അവയില്‍ തുടരുന്നു. അനുഭവങ്ങളുടെ സമാനത നിലനില്‍ക്കുമ്പോഴും കവിതകള്‍ ആഖ്യാനത്തിന്റെയും ഭാഷയുടെയും വ്യത്യസ്തപ്രകാരഭേദങ്ങളിലൂടെ വിച്ഛേദങ്ങളാക്കി മാറ്റുന്നു. കവിതയുടെ ഭാഷ അതിന്റെ പുറം തൊലിയല്ല, അതിലെ കാമ്പും ചോരയും നീരും അതൊഴുകുന്ന ദിശയും ഓശയുമാണ്. പുതിയൊരു ഭാഷ അതില്‍ത്തന്നെ ഒരു കവിതയെത്തേടുന്നുണ്ട്. മലയാളത്തിനകത്തെ പെണ്‍ഭാഷയുടെ മാനങ്ങളെ തുരന്നെടുക്കാനായുന്ന ശ്രമങ്ങള്‍ ഈ രചനകളിലുണ്ട്. താവഴിയെന്ന അമ്മുദീപയുടെ കവിത അന്യം നിന്നുപോയ താവഴിയെക്കുറിച്ചല്ല. ഒരേ അധ്വാനവും ഒരേ  പാരമ്പര്യത്തിന്റെ ഭാരവും പകരുന്ന സ്ത്രീത്തുടര്‍ച്ചകളുടെ വിഫലതകളെക്കുറിച്ചാണ്. അവ അന്യം നിന്നു പോകേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചാണ്. പരമ്പരയായിക്കിട്ടിയ അമ്മിക്കല്ല് മകളുടെ തലയ്ക്കിട്ടുകൊണ്ട് താവഴി അവസാനിപ്പിക്കുന്നു. അതിലെ ക്രൗര്യമോ നര്‍മമോ എന്നുറപ്പില്ലാത്ത ഭാഷയെക്കൊണ്ടാണ് കവിത വഴി തേടുന്നത്. അമ്മിക്കല്ലിന്റെ സ്ഥാവരതയെ നിലനിര്‍ത്താന്‍ അമ്മേടമ്മേടമ്മയും അമ്മേടമ്മയും അമ്മയും അതിനെ ഒന്നു ചലിപ്പിക്കാനായി താനും. രണ്ടിലും ബലി തന്നെ എന്ന വിപര്യയം, രണ്ടിന്റെയും തകര്‍ച്ച എന്ന പര്യവസാനം. ഒക്കെ ഭാഷയുടെ മുറുക്കത്തിലും 'ചുരുക്ക'ത്തിലും കുടിയിരിക്കുന്നു. ആശാലതയുടെ 'മഹാദേവിയക്കന്‍ മീന്‍വെട്ടുമ്പോള്‍'  അസാധാരണമായൊരു ഭാഷ നാം അറിയുന്നു. ക്ഷുരസ്യധാര, മോക്ഷമാര്‍ഗം, സമഷ്ടിവാദം എന്നിങ്ങനെ തത്വചിന്തയുടെ പദകോശങ്ങള്‍ക്കപ്പുറം അത് (സ്ത്രീയുടെ) ദൈനംദിനജീവിതത്തിന്റെ സര്‍വസാധാരണതയെ എടുത്തു പെരുമാറുന്നുണ്ട്. അടുപ്പിന്‍ മീതെ തിളച്ചു പാകമാകുന്ന വചനം. പാകമായി, എന്നിട്ടും തിളച്ചുകൊണ്ടിരിക്കുന്നു. അടുക്കള തിരിച്ചുപിടിക്കാന്‍ വേണ്ടിയല്ലാഞ്ഞിട്ടും മീന്‍വെട്ടലിന്റെയും (വെട്ടപ്പെടലിന്റെയും) സാധാരണതകള്‍ക്കകത്തെ പെട്ടുപോകലിന്റെയും സൂക്ഷ്മഗ്രഹണതയാണിവിടെ ഭാഷ.  കലിപ്പില്‍ നിന്നു വിരക്തിയിലേക്കുള്ള വിഴികളിലാണ് മ്യൂസ് മേരിയുടെ അടയാളവും കവിത നെയ്യുന്നത്. പി.പി.രാമചന്ദ്രന്റെ 'ലളിത'ത്തോടുളള പാഠാന്തരത്വം നിലനില്‍ക്കുമ്പോള്‍തന്നെ സ്ത്രീ എഴുത്തു വിധ്വംസകമാവേണ്ടതിന്റെ പ്രേരണകളും കവിത ഉള്ളടക്കുന്നു. കൂവലും തൂവലുമില്ലാതെ തൂറ്റല്‍ കൊണ്ടടയാളം തീര്‍ത്ത് വിച്ഛേദമാകുന്നു. 

രക്ഷകനെയോ നായകനെയോ ചെറുക്കുന്ന സ്വതന്ത്രഭാവനയാണ് കീഴാളപെണ്‍കവിത പൊതുവേ മുന്നോട്ടുവെയ്ക്കുന്നത്. മോളിയുടെ രാമായണം ഇതിഹാസത്തിന്റെ സ്ത്രീവിരുദ്ധതയിലൂന്നുമ്പോള്‍ ധന്യ വെങ്ങച്ചേരിയുടെ രാമായണം  രാമന്റെയും രാമായണത്തിന്റെയും അപ്രസക്തിയും കീഴാളപരിസരങ്ങളില്‍ അവയേല്പിക്കുന്ന ഹിംസയും  എഴുതുന്നു. കീഴാളമായ ഉന്നയിക്കലായി കവിതയെ മാറ്റിത്തീര്‍ക്കുന്നു. മലയാളത്തിലേക്ക് മുദ്രിതപ്പെടുന്ന ഗോത്രവവര്‍ഗഭാവനയായി നാമതിനെ തിരിച്ചറിയുന്നു. എം.ആര്‍.രാധാമണി  ചിട്ടിബുക്കില്‍ അനുഭൂതികളുടെ കുറുകലിനെ മുറുക്കിയെടുത്ത ധ്വനിഭാഷയില്‍ വേറിട്ട ദുരിതാനുഭവങ്ങളെ, 'ചട്ടിയും ചടന്തിയും നടന്നുതീര്‍ത്ത വഴികളെ' പകര്‍ത്തിയെഴുതുന്നു. മൃദുലാദേവി ശശിധരന്റെ സുജാതയും ദൈവവും എന്ന കവിതയില്‍ കീഴാളര്‍ക്ക് അപരിചിതനായ ദൈവത്തോടുള്ള കലിപ്പായി, ദൈവഭാവനകളോടുള്ള അന്യത്വമായി കവിത കലഹിക്കുന്നു. സ്വന്തം വംശത്തിന്റെ തന്നെ ബലിയുടെയും കൊലയുടെയും ചോരമണമുള്ള ഒറ്റിനെക്കുറിച്ചാണ്, ചരിത്രാതീതകാലം മുതല്ക്കുള്ള കീഴടങ്ങലിന്റെയും കീഴടക്കലിന്റെയും ബലതന്ത്രങ്ങളെക്കുറിച്ചാണ് സതി അങ്കമാലിയുടെ 'ഞാനും നീയും' സംസാരിക്കുന്നത്. കറുപ്പിന്റെ വംശീയമായ ഐക്യപ്പെടലിലാണ് അംബികയുടെ 'കാക്കകള്‍' വായിക്കപ്പെടുന്നത്. 

സ്ത്രീവിവേചനത്തിന്റെ സമകാലികതകളോടും ചരിത്രപരതയോടും അകമേ സംവദിക്കുകയും പുറമേയക്ക് അധികം വാചാലമാകാതെ തന്നെ പുതുഭാഷയിലവയെ എഴുതുകയാണീ കവിതകള്‍. പി.ഇ.ഉഷ 'മലകളി'ലും ഉഷ ആനിക്കോട് 'മണ്ണി'ലും  ചെയ്യുന്നതതാണ്.
പോയകാലത്തെ ചരിത്രസ്മൃതികളില്‍ നിന്ന് അതിരുകളില്ലാത്ത അതീതലോകങ്ങളെ തേടിയലയുന്നു, 'ഉമ്മ'യില്‍ വി.എം.ഗിരിജ. പെരുമഴയുടെ ഉന്മാദഭീതികളെ, ശൈശവസ്മരണകളെ തിരിച്ചുപിടിക്കാനായുന്നു, ഒ.വി.ഉഷ

വീട് സ്ത്രീകവിതകളിലെ ഒഴിയാബാധയായി ഇവിടെയല്ലാം കാണാം. അഭയവും തടവുമായി ഏറെ കവിതകളിലുമത് നിറയുന്നു. ഏകാന്തതക്കു കൂട്ടിരിപ്പായും പണിത്തിരക്കായുമൊക്കെ വീടു നമുക്കു പരിചിതം. എങ്കിലും വീട് ശരീരം തന്നെയായി മാറുന്ന പെണ്‍വാസ്തു ആര്‍.സംഗീതയെഴുതുമ്പോള്‍ അതില്‍ നിഹിതമായ സൂചനകളേറെ. കിണറാഴങ്ങളിലെ നിഗൂഢസൗഹൃദമായും കൂട്ടാന്‍രുചികളായും പഴകിയ ഓര്‍മകളായും ഉറക്കം വരാത്ത രാത്രകളായുമത് പെണ്ണിനെത്തന്നെ പരാവര്‍ത്തനം ചെയ്‌തെഴുതുന്നു. വീടാഴങ്ങള്‍ക്കകത്തു പിടികിട്ടാതെ, അടയാളങ്ങളില്ലാതെ സ്വയം നഷ്ടപ്പെടുന്നതിനെക്കുറിച്ചു ചിത്തിര എഴുതുന്നു. ജിസാജോസിന്റെ മുറ്റമടിക്കുന്നവന്‍, ഗിരിജാ പാതേക്കരയുടെ പെണ്‍കോന്തന്‍ തുടങ്ങിയ കവിതകള്‍ ആണത്തത്തിന്റെ വ്യവസ്ഥകളെ, അതിന്റെ സങ്കീര്‍ണതയെ അഴിച്ചു പണിയുന്നുണ്ട്. സേതുലക്ഷ്മിയുടെ 'നാഗരൂപി' സ്ത്രീപുരുഷബന്ധങ്ങള്‍ക്കകത്തെ വ്യവസ്ഥാധികാരങ്ങള്‍ സ്വാഭാവികമെന്നവണ്ണം വിഷം വമിക്കുന്നതിനെക്കുറിച്ചു പറയുന്നു. നാല്പതുകഴിഞ്ഞവളുടെ ഉള്ളിലെ മുല്ലപ്പൂന്തോട്ടം പ്രസരിപ്പിക്കുന്ന അധൃഷ്യമായ ജീവിതോര്‍ജ്ജങ്ങളോടാണ് ബദറുന്നിസ സംസാരിക്കുന്നത്.

പ്രണയഭാവനകളിലെ തരളമായ ഏകാകിതയുടെ മടുപ്പിക്കുന്ന സ്വരം ഒട്ടേറെ കവിതകളിലുണ്ട്. എങ്കിലും വിധു വിന്‍സെന്റിന്റെ ആസക്തം, രതി പതിശ്ശേരിയുടെ എന്തിന്റെ കേടാ?, രഗില സജിയുടെ വണ്ടിയോടിക്കലും ഇണചേരലും വിജയരാജമല്ലികയുടെ ദ്വീപ് തുടങ്ങിയ കവിതകളില്‍ രതികാമനകളുടെ പരാഗം പുതുമണം ചൊരിയുന്നു. തരളതകള്‍ക്കപ്പുറത്ത് പൂര്‍ണതയും ആധികാരികതയുമുള്ള മാദകമായ സ്‌ത്രൈണതകളെയാണ് ഈ കവിതകള്‍ തേടുന്നത്. എന്തായാലും ഇരവാദത്തിന്റെ വഴുവഴുപ്പിനു പുറത്തുകടന്നുകൊണ്ട്, ആഹ്ലാദസീമകളെ കണ്‍പാര്‍ത്തുകൊണ്ട് ഉന്മേഷത്തോടെ പുതിയ തന്മകളെ വരച്ചു ചേര്‍ക്കുകയാണീ കവിതകള്‍.
(ആകാശവും ഭൂമിയും തൊട്ട്: പാഠഭേദം പ്രസിദ്ധീകരിച്ച 75 സ്ത്രീകള്‍ എഴുതിയ കവിതകള്‍ക്ക് എഴുതിയ ആമുഖം)

No comments: