Wednesday, April 17, 2019

താലിരാശരി മധ്യവര്‍ഗമലയാളിജീവിതത്തില്‍ വിവാഹവുമായി ബന്ധപ്പെട്ട ബാധ്യതകളും സങ്കല്പങ്ങളും മോഹങ്ങളും ഏറെയും സ്വര്‍ണവുമായി ബന്ധപ്പെട്ടാണ്. മഞ്ഞനിറത്തിലുള്ള ഈ ലോഹത്തിന്റെ മൂല്യം സാമ്പത്തികമെന്നപോലെതന്നെ സാംസ്‌കാരികവുമായി മലയാളി തിരിച്ചറിയുന്നുണ്ട്. സ്വര്‍ണാഭരണങ്ങളില്‍ വെച്ച് താലി വിവാഹത്തിന്റെ കേന്ദ്രബിന്ദുവായി മാറുന്നതങ്ങനെയാണ്. കാമുകനെ ഉപേക്ഷിക്കേണ്ടിവന്ന, ഇഷ്ടമില്ലാത്ത വിവാഹത്തിനു നിര്‍ബന്ധിക്കപ്പെട്ട്, വിവാഹവേദിയില്‍ അശരണയും ദു:ഖിതയുമായിരിക്കുന്ന നായികയുടെ കഴുത്തിലേക്ക് അതിവേഗം പാഞ്ഞു പറന്നു വന്ന് താലികെട്ടുന്ന രജനീകാന്ത് പ്രേക്ഷകരുടെ ചങ്കിടിപ്പു കൂട്ടുന്നതങ്ങനെയാണ്. താലികെട്ടിയ ആള്‍ തന്നെ എല്ലാ അര്‍ത്ഥത്തിലും  'മുതലാ'ളി! താലിച്ചരടില്‍/മാലയില്‍  കോര്‍ത്ത ലോഹത്തകിടിന്റെ ആകൃതി സ്ത്രീശരീരത്തെ പ്രതീകവല്‍ക്കരിച്ചുകൊണ്ട് ആ ഉടമസ്ഥതയെ ഉറപ്പിച്ചെടുക്കുന്നുണ്ട്. താലി അറ്റുപോകുക ഒരു പെണ്ണിനെസംബന്ധിച്ചിടത്തോളം ജീവിതം അറ്റുപോകലായി കണ്ടുവരുന്ന പാരമ്പര്യത്തിനു മുന്നില്‍ അത് വെറും ഒരാഭരണമല്ല തന്നെ! കുട്ടിക്കാലത്ത് പെണ്ണുങ്ങളായ ബന്ധുക്കള്‍ക്കിടയില്‍ കണ്ടിട്ടുള്ള ഒരഭ്യാസം ഓര്‍ത്തുപോകുന്നു. വിവാഹാവസരങ്ങളില്‍ ഇട്ടിരിക്കുന്ന മാലയില്‍ നിന്നും താലി മറ്റൊരു മാലയിലേക്ക് കൊളുത്താന്‍ വേണ്ടി 2 പേരുടെ സഹായത്തോടെ  ചെയ്യുന്ന ക്ലേശകരമായ ഒരു പണിയാണത്. താലി തൊണ്ടക്കുഴിയില്‍ തന്നെ അമര്‍ത്തിപ്പിടിച്ച് വെയ്ക്കും . പുറകില്‍ നിന്ന് കൊളുത്തടര്‍ത്തി മാല താലിയുടെ നടുവിലെ ദ്വാരത്തിലൂടെ ഊരിയെടുത്ത് ശേഷം ഇടാനുദ്ദേശിച്ച മാലയുടെ അറ്റം അതേ ദ്വാരത്തിലേക്ക് അടുപ്പിച്ചു പിടിച്ച് സൂക്ഷിച്ചു കേറ്റും. മൊത്തത്തില്‍ മാല കഴുത്തില്‍ നിന്നും ഊരി സൗകര്യമായി ചെയ്യാവുന്ന കാര്യം ഇത്ര കഷ്ടപ്പെട്ട് ഒരു നിമിഷം പോലും താലിയുടെ സ്പര്‍ശം കഴുത്തില്‍ നിന്നകലാതെ വെച്ച് 'മംഗല്യവതി'കളായിരിക്കാനാണ് ഈ പരാക്രമമത്രയും! ഇതു ഞാന്‍ പിറന്ന തമിഴ് തട്ടാന്മാരുടെ  സമുദായത്തിലെ കാര്യം മാത്രമാണോ എന്നറിയില്ല. 'അറുതലീ'(താലി അറുത്തവള്‍- വിധവ) എന്ന വാക്കാണ് തന്റെ കുട്ടിക്കാലത്ത് ഏറ്റവും വലിയ തെറിയായി കേട്ടിരുന്നതെന്ന് അമ്മ പറഞ്ഞതോര്‍ക്കുന്നു. താലി എല്ലാ ജാതിക്കാര്‍ക്കും ഒരേ വിധമല്ല. ആകൃതിയും പണിത്തരവുമൊക്കെ വ്യത്യസ്തമാണ്. ഈഴവര്‍ക്കിടയില്‍ ചെറുക്കന്റെ പെങ്ങളാണ് താലികെട്ടിയിരുന്നതത്രേ. ചേരമാന്‍ പെരുമാളെ സഹായിക്കാനായി ശ്രീലങ്കയില്‍ നിന്നയക്കപ്പെട്ട ഈഴവസൈന്യത്തോട് രാജാവു നിര്‍ദ്ദേശിച്ചത് ഇവിടെ സ്ഥിരതാമസമാക്കരുതെന്നായിരുന്നത്രേ. ആയതുകൊണ്ട് വിവാഹച്ചടങ്ങിന്റെ ഭാഗമായ താലികെട്ടല്‍ പെങ്ങളാണ് ചെയ്തിരുന്നതെന്ന് ചില ചരിത്രകാരന്മാര്‍ വാദിക്കുന്നു.  ഒരു പെണ്ണിന്റെ താലിമാല വേറൊരുത്തി ഇട്ടുകൂടാ എന്നാണു പ്രമാണം. ഏകദാമ്പത്യവ്യവസ്ഥയിലെ ലൈംഗികത, സദാചാരം തുടങ്ങിയ ഘടകങ്ങളിലുറച്ച മൂല്യഭേദങ്ങളിലാണതിന്റെ  അടിത്തറയെന്നു വ്യക്തം. തമിഴ് തട്ടാന്മാരുടെയിടയില്‍ താലിക്കു പൊന്നുരുക്കുന്നത് ചെറുക്കന്റെ വീട്ടില്‍ വലിയ ചടങ്ങോടെയാണ്. 

 വടക്കേ മലബാറിലെ ദേശീയപ്രസ്ഥാനത്തിലെ കരുത്തുറ്റ നേതാവായ കമലാബായി പ്രഭുവിന്റെ കഥയിലും താലി സ്വത്വാഭിമാനത്തിന്റെ സങ്കീര്‍ണമായ ഒരു വ്യവഹാരമായി മാറുന്നുണ്ട്. ദേശീയസിവില്‍ നിയമലംഘനത്തിന്റെ ഭാഗമായി അറസ്റ്റു ചെയ്യപ്പെട്ട കമലാബായിക്ക് ആറുമാസത്തെ തടവും 1000 രൂപ പിഴയുമാണ് മജിസ്ട്രേറ്റ് ഡോഡ്വെല്‍ വിധിച്ചത്. പിഴ ഒടുക്കുന്നില്ലെന്നു പറഞ്ഞ കമലാബായിയോട് മജിസ്ട്രേറ്റ് ആഭരണങ്ങള്‍ അഴിച്ചുവെയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കമ്മലും മാലയും മാത്രം അഴിച്ചുവെച്ച കമാലാബായിയുടെ താലികൂടി പൊട്ടിച്ചെടുക്കാന്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടു. അതു വലിയ പ്രതിഷേധത്തിനിടയാക്കി. താലി തിരിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍ താലിമാല സ്വീകരിക്കാന്‍ കമലാബായി തയ്യാറായില്ല. ഒടുവില്‍ മജിസ്ട്രേറ്റ് ഡോഡ്വെല്‍ മേലധികാരിക്കു മാപ്പെഴുതിക്കൊടുത്താണ് പ്രശ്നങ്ങള്‍ ഒതുക്കിത്തീര്‍ത്തത്. തമിഴ്‌നാട്ടില്‍ പെരിയോര്‍ തുടങ്ങിവെച്ച സ്ത്രീമുന്നേറ്റത്തിന്റെ രാഷ്ട്രീയത്തെ പുനരാനയിച്ചുകൊണ്ട് ഈയടുത്തകാലത്തായി താലിപൊട്ടിച്ചെറിയല്‍ നടന്നതും നാം പത്രങ്ങളില്‍  വായിച്ചിരുന്നു. അതിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കേരളത്തിലെ ഞാറ്റുവേല എന്ന സാംസ്‌കാരികസംഘം സദാചാരപോലീസിംഗിനെതിരെ സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍ താലി പൊട്ടിച്ചെറിഞ്ഞു.

('താലി എന്ന മൂക്കുകയര്‍' എന്ന തലക്കെട്ടില്‍ 2019 ഏപ്രില്‍ ലക്കം സംഘടിതയില്‍ എഴുതിയ കുറിപ്പ്‌)

6 comments:

മാധവൻ said...

ഞാൻ ഇനിയും വരാം.വായിക്കാൻ വേണ്ടി.
ഒരു പുതിയ ബ്ലോഗ് അഗ്രഗേറ്റർ ഉണ്ടാക്കുന്നുണ്ട്.അതിനു വേണ്ടി ലിംകബ്‌വെട്ടാക്കിറങ്ങിയതാണ്.
സുധിയും,ആദിയുമാണ് സൃഷ്ടാക്കൽ

വീകെ. said...

താലിച്ചരടിന്റെ മഹത്വം വളരെ വൈകാരികത നിറഞ്ഞതാണ്. ചിലർക്ക് താലി കോർത്തിടാൻ സ്വർണ്ണമാല തന്നെ വേണമെന്നില്ല. കറുത്ത ചരടായിരിക്കും. അതും വിശ്വാസപരമായിരിക്കും. കാരണം സ്വർണ്ണമാല വേറെ കഴുത്തിലുണ്ടാകും. താലിയെക്കുറിച്ചുള്ള അറിവുകൾ പങ്കുവച്ചതിന് നന്ദി.

pravaahiny said...

താലി എന്തൊക്കെ പറഞ്ഞാലും വളരെ വൈകാരിത നിറഞ്ഞത് തന്നെയാണ്, അതിന് മഞ്ഞലോഹമായ സ്വർണ്ണമാല വേണമെന്ന നിർബന്ധമില്ല

പ്രവാഹിനി

മാധവൻ said...

പാലിച്ചുവന്നതെന്തും അറുത്ത് മാറ്റുമ്പോൾ
സൂക്ഷിക്കണം...
ബുദ്ധിക്കു മേലല്ല ആചാരങ്ങളുടെ അടിത്തറ അതാണ് അതിലെ അപകടവും

സുധി അറയ്ക്കൽ said...

താലിയുടെ മാഹാത്മ്യം .…………

ushakumari said...

അമ്മു ദീപ fb യിൽ.... സിന്ദൂരവും താലിയും

വിവാഹമണ്ഡപത്തിൽ വച്ചാണ് ഒരു പെൺകുട്ടി ആദ്യമായി സിന്ദൂരമണിയുക. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മുന്നിൽ വച്ച് വരൻ വധുവിന്റെ സീമന്തരേഖയിൽ ചുവന്ന സിന്ദൂരപ്പൊടി അണിയിക്കുന്നു . എന്താണീ സീമന്ത രേഖ? സീമന്തരേഖ, അഥവാ ഇരുവശത്തേയ്ക്കും വകഞ്ഞു വച്ച നെറുക തുറന്നുവച്ച യോനിയുടെ പ്രതീകമാണെന്ന് ചിഹ്നവിജ്ഞാനീയക്കാർ നിസ്സംശയം പറയും. അപ്പോൾ എന്താണീ സിന്ദൂരം? പറയാം.
താലി ചാർത്തി സ്വന്തമാക്കുന്ന പെൺകുട്ടി 'കന്യക'യാണെന്നാണല്ലോ വെപ്പ് .അവളുടെ കന്യകാത്വം അന്നത്തോടെ തകർക്കപ്പെടുകയാണ്.ആ പരസ്യപ്രഖ്യാപനത്തിന്റെ വിധ്വംസകമായ ചിന്ഹനമാണ് സിന്ദൂരം. സിന്ദൂരം രക്തപ്രതീകമാണെന്നർത്ഥം.കന്യകാത്വം നഷ്ട്ടപ്പെട്ടവളാണ് സിന്ദൂരം തൊട്ടു നടക്കേണ്ടത്. അഥവാ, ഞാൻ കന്യകയല്ലെന്നുള്ള വിളിച്ചുകൂവലാണ് സിന്ദൂരം തൊടൽ. അപ്പോൾ താലിയോ?
ഇലത്താലി, കുഴിത്താലി എന്നിങ്ങനെ വ്യത്യസ്തഇന്ത്യൻസമൂഹങ്ങളിൽ കാണപ്പെടുന്ന എല്ലാ താലികളും യോനീപ്രതീകങ്ങളാണ്. അധികമൊന്നും ആധുനികവൽക്കരിച്ചിട്ടില്ലാത്ത ഒരു താലിയെ സസൂക്ഷ്മം പരിശോധിച്ചാൽ അതിൽ സ്ത്രീ ജനനേന്ദ്രിയത്തിന്റെ എല്ലാ വിശദാംശങ്ങളും പ്രതീകത്മകമായി രേഖപ്പെടുത്തിവച്ചിരിക്കുന്നത് കാണാം. (ആൺകുട്ടിക്കും പെൺകുട്ടിക്കും വെവ്വേറെ അരഞ്ഞാണങ്ങളുള്ളത്‌ ശ്രദ്ധിച്ചിട്ടുള്ളവർക്ക് ഇത് പെട്ടെന്ന് മനസ്സിലാക്കാൻ പറ്റും. പെൺകുട്ടിയുടെ അരഞ്ഞാണത്തിൽ ആലിലയുടെ ആകൃതിയുള്ള ഞാത്താണുള്ളതെങ്കിൽ ആൺകുട്ടിക്കത് ലിംഗപ്രതീകാത്മകമാണ്.) അതായത് വിവാഹത്തോടെ ഒരുവളുടെ സ്വത്വം യോനിയിലേക്ക് ചുരുങ്ങുകയാണ്.മറിച്ച് പുരുഷൻ ഈ അടയാളം തൂക്കിനടക്കുന്നുമില്ല. അവന് ഉടസ്ഥാവകാശികളില്ല. പരമ സ്വതന്ത്രൻ. വിവാഹത്തോടെ അവന്റെ സാമൂഹിക പദവിയിൽ യാതൊരു മാറ്റവും സംഭവിക്കുന്നില്ല . അതിനവനെ കിട്ടുകയുമില്ല. സ്വന്തം ജനനേന്ദ്രിയം കഴുത്തിൽ തൂക്കി നടക്കുന്ന സ്ത്രീകളെ കാണുമ്പോൾ സത്യം പറയാല്ലോ എനിക്കു പാവം തോന്നാറുണ്ട്. അവർക്കറിയില്ലല്ലോ അതിന്റെ സ്ത്രീ വിരുദ്ധമാനങ്ങൾ.അശ്ലീലങ്ങൾ. ഒഴിവു കിട്ടുമ്പോഴൊക്കെ ഞാനെന്റെ കുട്ടികളോട് ഇതേപ്പറ്റിയൊക്കെ ചർച്ച ചെയ്യാറുണ്ട്. Kr മീരയുടെ ഓർമയുടെ ഞെരമ്പിൽ സിന്ദൂരവിമര്ശനത്തിലേക്കുള്ള പഴുതുകൾ ഉണ്ട്. കുട്ടികൾ മൂക്കത്ത് വിരൽ വച്ച് അയ്യേ അയ്യയ്യേ ന്ന് പറയാറുണ്ട്.അവരിലാണെന്റെ പ്രതീക്ഷ ♥️