Saturday, March 30, 2013

കവിതയില്‍ പുതിയ ഒച്ചയനക്കങ്ങള്‍

സമകാലിക കവിത ആധുനിക കവിതയില്‍ നിന്നു നേടിയെടുത്ത വിച്ഛേദങ്ങളെ പങ്കിടുന്ന രണ്ടു കൃതികളാണ് 'ഇംഗ്ലീഷ് പൂച്ച', 'ആനയുടെ വളര്‍ത്തുമൃഗമാണ് പാപ്പാന്‍' എന്നിവ. വിപരീതോക്തികളും അകാല്‍പ്പനിക ശൈലികളും കൊണ്ടു ഭാഷയെ പുതുക്കാന്‍ ഇരുകവികളും ശ്രമിക്കുന്നു.
എം.ആര്‍. അനില്‍കുമാറിന്റെ കവിത 'ആകാശത്തേക്കുള്ള ഗോവണി' എന്ന സ്വന്തം ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെട്ട കവിതകളാണ്. അച്ചടിമാധ്യമത്തിന്റെ തിരസ്‌കാരരുചി അല്‍പ്പമെങ്കിലും അനുഭവിച്ചവയാണവ. അതിനാല്‍, സ്റ്റോപ്പില്ലാത്തിടത്തുവച്ച് വെറുതെ കൈ കാണിച്ചപ്പോള്‍ നിര്‍ത്തിയ ബസ്സിനുള്ളില്‍ കയറി ഫുട്‌ബോര്‍ഡില്‍ തൂങ്ങിനില്‍ക്കുന്നവന്റെ കൗതുകമാണ് പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകം തനിക്കുണ്ടാക്കിയതെന്നു കവി പറയുന്നു. കവി കൂടിയായ നിരഞ്ജന്റേതാണ് അവതാരിക.

ആസക്തികളോട് പ്രതിഭാഷണം
 ആഗോളവല്‍കൃത സമൂഹത്തിലെ ആസക്തികളോടുള്ള പ്രതിഭാഷണങ്ങളായി കവിതയെ വളര്‍ത്തുകയാണ് അനില്‍കുമാറിന്റെ രീതികളിലൊന്ന്. എന്നാല്‍, രാഷ്ട്രീയ ധ്വനികളുടെ അമിതഭാരമില്ലാതെയാണവ രചനകളില്‍ കടന്നുവരുന്നത്.
''നീ തന്നെ ദുശ്ശാസനന്‍
നീ തന്നെ കൃഷ്ണനും
നീ തന്നെ
നീ തന്നെ മുതലാളിത്ത ചന്തേ''
(സൗന്ദര്യസന്ധ്യേ)
എന്നീ വരികളില്‍ പാരഡിമുഴക്കത്തിനപ്പുറമുള്ള ചരിത്രസൂചനകള്‍ കാണാം. 'തവള ഒരു വലിയ പുല്‍ച്ചാടിയെ സ്വപ്നം കാണുന്നു'വില്‍ തത്ത്വചിന്തയുടെ പൂര്‍വഭാവനകളെ കൂടി കവി കടത്തിവിടുന്നു. ''ആരുടെ ഇവന്റ് മാനേജ്‌മെന്റാണ് ഈ ജീവിതമെല്ലാം''    (ചില എപ്പിസോഡുകള്‍) എന്നു കവി ചോദിച്ചുപോവുന്നുണ്ട്.
'ആണ്‍ഭയം', 'മുപ്പത്തഞ്ചില്‍ ഒരു ചന്ദ്രിക', 'രക്ഷകന്‍', 'പെണ്ണെഴുത്ത്', 'ചോരയാണൊക്കെ', 'പെണ്‍പക', 'കാര്‍ണിവോറസ്' മുതലായ ഒട്ടേറെ കവിതകള്‍ സമകാലിക സ്ത്രീയവസ്ഥകളെ കണ്ടറിയുമ്പോഴും സ്ത്രീവിമോചനത്തോട് സന്ദിഗ്ധത പുലര്‍ത്തുകയാണ്. മരണവും മണവും കെട്ടുപിണയുന്ന അനുഭൂതിയില്‍ നിന്നാണ് 'മ(ര)ണം' എന്ന കവിത. നാക്കിന്റെയും മൂക്കിന്റെയും കൊതിസഞ്ചാരങ്ങളാണ് 'വിശ്വവിഖ്യാതമായ നാക്ക്', 'കൊതി' എന്നിവ. 'പഴയ പുസ്തകങ്ങളും' 'ബോധോദയവും' ഇല്ലായ്മകളെ ഭയപ്പെടുന്നു. പഴയ ഓര്‍മകളുടെയും വേദനകളുടെയും ശ്മശാനങ്ങളില്‍ നിന്നാണ് ചിലപ്പോള്‍ അനില്‍കുമാറിന് കവിത. ''എന്റെ പഴയവീടുകള്‍ എന്റെ
തന്നെ ശ്മശാനങ്ങളാണ്'' എന്നു കവി.
പ്രണയത്തോടും സ്‌നേഹത്തോടുമുള്ള പായ്യാരങ്ങള്‍ നിലയ്ക്കുന്നില്ല ഈ കവിതകളില്‍.
''കണ്ണ്
ഒരു സൂചിയും
നോട്ടം
നേര്‍ത്തൊരു നൂലുമാണ്'' (ഫാഷന്‍).
മറ്റൊന്നിലും കാഴ്ച കലര്‍ന്നുപോവാതെ സൂക്ഷിക്കുമ്പോഴും ചിലപ്പോള്‍ പ്രണയം മരണമാവുന്ന നിസ്സഹായതയില്‍ ചെന്നെത്തുന്നു. ഒരമ്പുപോലും തൊടുക്കും മുമ്പ് അതു പിടഞ്ഞു തീര്‍ന്നുപോവുന്നു. എങ്കിലും കവിതയല്ലാതെ കവിക്കാരുമില്ലെന്ന് ('ശ്വാനരന്‍', 'ഒടിയന്‍') കവിയറിയുന്നു. ലിപികള്‍ പുഴകളാണെന്നറിയുന്ന കവി ''ആവതില്ലെനിക്ക്  നിന്നിലൂടല്ലാതെ മറുകരയെത്തുവാന്‍'' (ലിപികള്‍ പുഴകളാണ്)
എന്നും തിരിച്ചറിയുന്നു.
അനുഭവങ്ങളുടെ ആകത്തുകയെ, അഭിരുചികളെ, അകം/പുറം പെരുമാറ്റയിടങ്ങളെയൊക്കെ 'അടിച്ചുമാറ്റിയ' ഒരവസ്ഥയില്‍ നിന്നാണ് 'ഇംഗ്ലീഷ് പൂച്ച' പോലുള്ള കവിതകളുണ്ടാവുന്നത്. ''അരിമണികള്‍ക്കിടയിലെ കല്ലുകള്‍'' പോലെ (സോര്‍ട്ടെക്‌സ് റൈസ്) ''കൊച്ചുപുസ്തകങ്ങള്‍ വായിക്കാനുള്ള ഒളിവിടമാവുന്ന തട്ടുമ്പുറങ്ങള്‍'' പോലെ (തട്ടുമ്പുറത്തപ്പന്‍) പഴയതൊക്കെ എവിടെയോ ചോര്‍ന്നുപോവുന്നത് ഉള്ളില്‍ത്തട്ടിയറിയുന്നു, കവി.
 

രാഷ്ട്രീയ സൂക്ഷ്മതകള്‍
പുതുകാലത്തിന്റെ തുടിപ്പുകളെ തീവ്രമായി തൊട്ടറിയുന്ന കവിതയാണ് 'ആനയുടെ വളര്‍ത്തുമൃഗമാണ് പാപ്പാന്‍.' രാഷ്ട്രീയ സൂക്ഷ്മതകളാല്‍ ശ്രദ്ധേയമാണിതിലെ ഓരോ കവിതയും. കമ്പോളം, ചരിത്രം, ആഢ്യത്വം, ദേശീയത എന്നിങ്ങനെയുള്ള പ്രമേയങ്ങള്‍ക്കൊപ്പം വിരുദ്ധോക്തിയും നര്‍മവും നിസ്സംഗതയും പരിഹാസവും വാമൊഴിഭേദങ്ങളും കവിതയില്‍ കടന്നുവരുന്നു. എം.ബി. മനോജിന്റെ അവതാരിക കവിതകളെക്കുറിച്ചുള്ള ഭദ്രമായ പഠനം തന്നെയാണ്.
''ഗാസ  മനോഹരമായ
സ്ഥലമായിരിക്കാം
വിശുദ്ധമായ നാടായിരിക്കാം''
(അസാധു)
മനുഷ്യസ്‌നേഹം കൊണ്ടുനടക്കാനുള്ള ത്രാണിയില്ലെങ്കിലും ചിലതൊക്കെ അമര്‍ത്തിയെഴുതാന്‍ ഈ കവിതകള്‍ക്കു കഴിയുന്നുണ്ട്.
'ഒബാമ' എന്ന കവിത നോക്കൂ:
''കൂടുതലൊന്നും മിണ്ടിയിട്ടില്ലെങ്കിലും
പഠിപ്പിച്ചുവരുന്ന ചരിത്രത്തെ
കൃത്യമായി ആവര്‍ത്തിക്കാനും
അധ്യാപകരില്ലാതെ വന്നാല്‍
മൊത്തം ക്ലാസിനെ
അടക്കിയിരുത്താനും
അവനു കഴിയുമെന്ന്
ഉറച്ചു വിശ്വസിക്കുന്നു
ഇപ്പോഴും പി.ടി.എ.''
'ഡിസംബര്‍ 6', 'എങ്ങനെ നുള്ളണം ചെഞ്ചീര', 'ഒരു ചെടി പൂവിടുന്നതെങ്ങനെ', 'വാഗണ്‍' മുതലായ കവിതകള്‍ ദേശീയതാബോധ്യങ്ങളോടുള്ള കാവ്യപ്രതികരണങ്ങളാണ്. 'ചെങ്ങറ', 'ഭൂരിപക്ഷം' മുതലായ കവിതകള്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിലെ ചില സങ്കുചിതത്വങ്ങളെ പരിഹാസവിധേയമാക്കുന്നവയാണ്.   

(31.03.2013ലെ തേജസ്സിന്റെ ആഴ്ച്ചവട്ടത്തില്‍  പ്രസിദ്ധീകരിച്ചത്)
               

Sunday, March 17, 2013

പെണ്ണെഴുത്തിന്റെ മെയ്ക്കരുത്ത്..സിതാരയുടെ കഥകള്‍



  ശരീരത്തെക്കുറിച്ചുള്ള പെണ്ണെഴുത്ത് മലയാളത്തില്‍ പുരുഷാധിപത്യസങ്കല്‍പ്പങ്ങളെ എതിര്‍നിലയില്‍ നിര്‍ത്തിക്കൊണ്ടാണ് പൊതുവെ കടന്നുവരാറ്. പ്രതിരോധം എന്ന ഒരു ആവശ്യാത്മകബോധം അവ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം കഥകളില്‍ ആവിഷ്‌കാരത്തേക്കാള്‍ പ്രബലമായ ഘടകം പ്രതിരോധമായിരുന്നു. ചെറുത്തുനില്‍പ്പിന്റെ അടയാളമായിക്കൊണേ്ട ശരീരം എഴുതാനാവൂ എന്നൊരവസ്ഥ ഇതിനകം സ്ത്രീരചനകളില്‍ പ്രബലമായിട്ടുണ്ട്. ഇവയില്‍നിന്നു വ്യത്യസ്തമായി പുരുഷാധിപത്യപരമായ ആഗ്രഹവസ്തുവായി സ്ത്രീയെ രൂപപ്പെടുത്തുന്ന എഴുത്തുകളും ഇല്ലെന്നല്ല.  എന്നാല്‍, പൊതുവെ പെണ്‍കഥകളിലെ ശരീരം ഒരു പടയോട്ടഭൂമിയാണ്.
ഇരയ്ക്ക് ആവിഷ്‌കാരങ്ങളില്ല, വിധേയത്വം മാത്രം. ഈയവസ്ഥയെ മറികടക്കുന്ന കഥകള്‍ മാധവിക്കുട്ടിയും ഗ്രേസിയുമൊക്കെ എഴുതിയിട്ടുണ്ട്. പെണ്ണെഴുത്തിന്റെ പരികല്‍പ്പനകള്‍ മേല്‍ക്കൈ നേടിയ കാലത്ത് അവ പിന്തിരിപ്പന്‍ കഥകളായി വായിക്കപ്പെട്ടിരുന്നു. എന്നാല്‍, മാറിയ കാഴ്ചപ്പാടില്‍ ഈ കഥകള്‍ക്കു വേറൊരു മാനം കൈവരുന്നുണ്ട്. പുതിയ തലമുറയുടെ ഘട്ടത്തിലേക്കു വരുമ്പോള്‍ ഇങ്ങനെയൊരു ചരിത്രബന്ധം നമുക്ക് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കും. കെ.ആര്‍. മീരയും സിതാരയും ഇന്ദുവും രേഖയുമുള്‍പ്പെടുന്ന പുതിയ കഥാകാരികള്‍ കഥാചരിത്രത്തില്‍ അടയാളപ്പെടുത്തുന്നത് അങ്ങനെയാണ്.
സിതാരയുടെ കഥകള്‍ എന്ന ഈ സമാഹാരത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥകളിലൊന്നായ'അഗ്നി' സ്ത്രീശരീരത്തിന്റെ ഇര എന്ന സ്ഥാപനവല്‍ക്കരിക്കപ്പെട്ട നിലയെ അട്ടിമറിക്കുന്നുണ്ട്. 'ഓഫിസിനടുത്ത് ഫോണ്‍ബൂത്ത് നടത്തുന്ന സഞ്ജീവ്, ബസ്സില്‍വച്ച് ശല്യം ചെയ്തതിന് ഒരിക്കല്‍ താന്‍ കരണത്തടിച്ച രവി, മീശമുളയ്ക്കാത്ത മറ്റൊരുവന്‍ എന്നിങ്ങനെ മൂന്നു പേരാല്‍ ആളൊഴിഞ്ഞ ഇടവഴിയില്‍ വച്ച് ബലാല്‍സംഗം ചെയ്യപ്പെടുകയാണ് പ്രിയ. തീര്‍ച്ചയായും ബലാല്‍സംഗത്തിന് വിധേയയായ ഒരു സ്ത്രീയുടെ സംഭീതിയും തകര്‍ച്ചയും കടുത്ത രോഷവും അപമാനവുമൊക്കെ അവളനുഭവിക്കുന്നുണ്ട്. ആസക്തിയേക്കാളുപരി കീഴടക്കലും ആധിപത്യം സ്ഥാപിക്കലും അപമാനിക്കലുമാണ് ബലാല്‍സംഗത്തിന്റെ യുക്തിയെന്ന് ''ആണിയിളകിയ മരസാമാനംപോലെ' കിടന്നുകൊണ്ട് അവള്‍ ചിന്തിക്കുന്നു. ആ ആലോചനയില്‍ അവള്‍ സ്വയം കുറ്റപ്പെടുത്തുന്നുമുണ്ട്, തന്റെ അപമാനബോധം ശിഥിലീകരിച്ചതില്‍. 'ഈ ശൈഥില്യം മൂര്‍ത്തമാകുന്നത് മറ്റൊരു സന്ദര്‍ഭത്തിലാണ്. തന്നെ ഭീഷണിപ്പെടുത്താനായി കാത്തുനിന്ന ബലാല്‍സംഗികളെ പിറ്റേന്ന് അവള്‍ നേരിടുന്നു. സഞ്ജീവിനോട് ''നീ ഒട്ടും പോരായിരുന്നെ'ന്നു പറയുമ്പോള്‍ അയാള്‍ തകര്‍ന്നുപോവുകയാണ്. പുരുഷാധിപത്യം ആവശ്യപ്പെടുന്ന, ആഗ്രഹിക്കുന്ന ഇരയുടെ ദൈന്യതയ്ക്കു പകരം സ്വന്തം ശരീരാനുഭവം, ലൈംഗികാനന്ദം- അതു കൃത്രിമമായി നടിക്കുന്നതാണെങ്കില്‍ കൂടി- പ്രകടിപ്പിക്കുന്ന സ്ത്രീയായാണ് പ്രിയ നില്‍ക്കുന്നത്.  ബലാല്‍സംഗം ചെയ്യപ്പെട്ട  സ്ത്രീ സ്വന്തം ലൈംഗികാനുഭവത്തെക്കുറിച്ച് ഇരയുടെ അപമാനബോധത്തില്‍നിന്ന് വിട്ട് ഒരു വിധികര്‍ത്താവിന്റെ നിലയില്‍ സംസാരിക്കുന്നത് തീര്‍ച്ചയായും ഒരു വിച്ഛേദമാണ്.
പ്രണയവൈറസ് എന്ന കഥയില്‍ നാം കാണുന്നത് ലൈംഗികതയുടെ അപരിചിതമായ വേറിട്ടൊരു ലോകമാണ്. അവിടെ ലൈംഗികഅധിനിവേശത്തിന്റെ ഇരയായ ഹരി, ഒരു ആണ്‍വേശ്യയാണ്. ശരീരവില്‍പ്പനക്കാരനായ ഹരിയുടെ നനഞ്ഞു നഗ്നമായ പുരുഷശരീരം ഇസബെല്ലിന് ഒരു ആഗ്രഹവസ്തുവാണ്. അവളുമായി ബന്ധപ്പെട്ടതിനാല്‍ ഹരിക്കു ലഭിക്കുന്ന എയ്ഡ്‌സ് തന്നെ ഇഷ്ടപ്പെടുന്ന മറ്റൊരു പെണ്‍കുട്ടിക്കു ഹരി കൈമാറുന്നതോടെയാണ് കഥ         തീരുന്നത്. ഇവിടെ ലൈംഗികതയുടെ ആധികാരികതയും കര്‍തൃത്വവും സ്ത്രീയിലാണ്. നാം പരിചയിച്ചുപോന്ന സ്ത്രീപദവികളെ, ഇരയുടെ നില്‍പ്പിടങ്ങളെ, മറിച്ചിടുകയാണിവിടെ. പ്രജനനസ്വഭാവമുള്ള മാതൃശരീരങ്ങള്‍ക്കു പകരം ഇവിടെ ആസക്തി നിറഞ്ഞ ഒരുവളാണ് സ്ത്രീ.  ആണ്‍/പെണ്‍ എന്നതിലെ സ്ഥിരമായ അധികാരവിന്യാസത്തിന്റെ എതിര്‍നിലകൊണ്ട് മറ്റൊരു ദിശ തന്നെ പ്രണയവൈറസ് കണെ്ടത്തുന്നു. ഇരുപക്ഷത്തുനിന്നുമുള്ള അധികാരവും പ്രശ്‌നവല്‍കൃതമാകുന്ന ഒരിടമാണത്.  അതുകൊണ്ടുതന്നെ സ്ത്രീപക്ഷവീക്ഷണം കൊണ്ടു സാധൂകരിക്കാന്‍ കഴിയുന്നതല്ല ഈ കഥ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍.  മെഹബൂബായിലും ലിംഗപദവികളില്‍ ഉറച്ചുപോയ ഇര/വേട്ടക്കാരന്‍ നിലകളെ തിരിച്ചിടുന്നുണ്ട്. സ്ത്രീപക്ഷത്തെതന്നെ സൂക്ഷ്മമായി സംവാദാത്മകമാക്കാന്‍ പ്രാപ്തിയുള്ള കഥകളാണിവ.
സിതാരയുടെ പല കഥകളിലും സ്ത്രീയുടെ ഇരനിലയെ പ്രശ്‌നവല്‍ക്കരിക്കുക മാത്രമല്ല, സ്ത്രീസംവര്‍ഗത്തെതന്നെ പലതരം സ്വത്വനിലകളായി വിന്യസിക്കുന്ന രീതി കാണാം. സ്ത്രീയെ ഒരൊറ്റ സംവര്‍ഗമായി കാണുന്നതിനുപകരം അവരെ വ്യത്യസ്ത കര്‍തൃത്വങ്ങളായി
തിരിച്ചറിയേണ്ടതുണെ്ടന്ന് ഈ കഥകള്‍ പറയുന്നു.  സ്ത്രീകള്‍ ഏകശിലാത്മകമായ സത്തയല്ല,  മുസ്‌ലിം, ദലിത്, ക്രിസ്ത്യന്‍, ബ്രാഹ്മണ, വേശ്യ, കന്യാസ്ത്രി, ഹിജഡ  എന്നുവേണ്ട ഒന്നിനൊന്നു വ്യത്യസ്തമായ ജാതി, വര്‍ഗ, ലിംഗ സ്വത്വങ്ങളാണിവിടെ. നമുക്കു പരിചിതമായ സ്ത്രീപക്ഷരാഷ്ട്രീയത്തിന്റെ യുക്തികള്‍ കൊണ്ട് ഇവരുടെ അനുഭവത്തെ അളന്നുകുറിക്കാനാവില്ല.
  ചതിയില്‍ രണ്ടു ഗേകളുടെ ലൈംഗികസ്പര്‍ധയാണ് കഥാവസ്തു.  ഇവിടെ ആധുനികതയുടെ യുക്തി അയഞ്ഞുകൊണ്ട്  കടന്നുവരുന്ന പ്രാന്തവല്‍കൃതമായ ശരീരങ്ങളെ ഇരയുടെ കളത്തിലോ നമ്മുടെ സാമാന്യവല്‍ക്കരിക്കപ്പെട്ട സ്ത്രീപക്ഷരാഷ്ട്രീയത്തിലോ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞെന്നുവരില്ല. സ്വത്വം സ്ഥിരമല്ലെന്നും അതു സാമൂഹിക-രാഷ്ട്രീയസമ്മര്‍ദ്ദങ്ങള്‍ക്കു വിധേയമായി നിര്‍മിക്കപ്പെട്ടതാണെന്നും പരിണാമിയാണെന്നുമുള്ള രാഷ്ട്രീയബോധ്യം ഈ കഥകള്‍ സാധൂകരിക്കുന്നു. സ്വയം നിര്‍ണയസ്വഭാവമുള്ള ശരീരമെഴുത്ത് സ്വത്വത്തെസംബന്ധിച്ച മുന്‍വിധികളോടു കലഹിക്കുന്ന കാഴ്ച  സിതാരയുടെ'കറുത്ത കുപ്പായക്കാരി' പോലെയുള്ള മറ്റു കഥകളിലും കാണാം.  ഇത്തരം നിരവധി കഥകള്‍ ഈ സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ശരീരമെഴുത്തിന്റെ ഈ ബഹുലതയാണ് സിതാരയുടെ ഈ സമാഹാരത്തെ ശ്രദ്ധേയമാക്കുന്നത്.                

(തേജസ്സിന്റെ ഞായറാഴ്ച്ചപ്പതിപ്പ് ആഴ്ച്കവട്ടത്തില്‍ 17.03.2013ല്‍ പ്രസിദ്ധീകരിച്ചത്, യഥര്‍ത്ഥ തലക്കെട്ട് സ്വയം നിര്‍വഹണത്തിന്റെ കഥകള്‍ എന്നായിരുന്നു)

Saturday, February 2, 2013

ആസ്വാദനത്തിന്റെ ആഴങ്ങള്‍

ഫിക്ഷന്റെ അവതാരലീലകള്‍ 
എന്ന പുസ്തകത്തെക്കുറിച്ച്

  ലോകനോവല്‍സാഹിത്യത്തിന്റെ നൂതനഭാവനകളിലേക്കുള്ള ആഴക്കാഴ്ചകളാണ് കെ.പി. അപ്പന്റെ ഫിക്ഷന്റെ അവതാരലീലകള്‍. പലപ്പോഴായി അദ്ദേഹം എഴുതിയ ആസ്വാദനപഠനങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അനുഭവത്തിന്റെയും ആഖ്യാനത്തിന്റെയും വിചിത്രവും അപൂര്‍വവുമായ മാതൃകകളെയാണിതില്‍ അപ്പന്‍ തിരയുന്നത്. സ്വാത്മപ്രണയത്തിന്റേതും സ്വത്വാന്വേഷണത്തിന്റേതുമായ ഒരു വിമര്‍ശനഭാഷയിലൂടെയാണ് അപ്പന്‍ ഈ നോവലുകളെ അഭിസംബോധന ചെയ്യുന്നത്. നിരൂപണപ്രക്രിയയെത്തന്നെ ഇപ്രകാരം സ്വാത്മവിശകലനത്തിന്റെ പഥങ്ങളിലൂടെ വിശദീകരിക്കുകയും.
  ''എന്റെ യഥാര്‍ഥ അസ്തിത്വം പ്രകാശനം തേടുന്നതു വിമര്‍ശനത്തിലാണ്. തീക്ഷ്ണമായ പ്രണയം നെഞ്ചില്‍ പിടയുന്നതു പോലെയാണ് വിമര്‍ശനം എന്നെ ഗ്രസിക്കുന്നത്. വിമര്‍ശനം പ്രവൃത്തികളേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കുന്നു. ആശയദാഹിയായ ഒരു അന്വേഷകനെ അത് എന്നില്‍ സൃഷ്ടിക്കുന്നു. ബഹിഷ്‌കരണത്തിന്റെ വലിയ പാഠങ്ങള്‍ അത് എനിക്കു പറഞ്ഞുതരുന്നു. വിമര്‍ശനം എനിക്കു വലിയ നീതിയാണ്. വിമര്‍ശനമെഴുതുമ്പോള്‍ ഭരണകൂടം എനിക്കെതിരാവാം. അപ്പോഴും ഞാന്‍ വിമര്‍ശനത്തോടൊപ്പം നില്‍ക്കും. വേണ്ടപ്പെട്ടവര്‍ എനിക്കെതിരാവാം. അപ്പോഴും ഞാന്‍ വിമര്‍ശനത്തോടൊപ്പം  നില്‍ക്കും. ചിലപ്പോള്‍ എന്റെ വിമര്‍ശനം തന്നെ എനിക്ക് എതിരാവും. അപ്പോഴും ഞാന്‍ വിമര്‍ശനത്തോടൊപ്പം നില്‍ക്കും.''
വായനയെക്കുറിച്ചുള്ള അമൂര്‍ത്തമായ സ്വപ്നഭാവനയിലമരുമ്പോഴും പുസ്തകങ്ങളുടെയും പഠനമുറിയുടെയും ഭൗതികസ്വരൂപവുമായി കണ്ണിചേര്‍ന്നുകൊണ്ടാണദ്ദേഹം നിരീക്ഷണങ്ങളെ പൂരിപ്പിക്കുന്നത്. മാര്‍ക്‌സിന്റെയും യേറ്റ്‌സിന്റെയും റസ്സലിന്റെയും പഠനമുറികളെക്കുറിച്ചദ്ദേഹം എഴുതുന്നു. ഒപ്പം തത്ത്വചിന്താപരമായ അര്‍ഥബോധം എങ്ങനെ തന്നെ സാഹിത്യകൃതികളിലെത്തിച്ചുയെന്നും വിശദീകരിക്കുന്നു.
ലാറ്റിനമേരിക്കന്‍ നോവലുകളുടെയും വിശേഷിച്ച് കാര്‍ലോസ് ഫ്യുയേന്തിസ്സിന്റെയും രചനയുടെ സ്വഭാവസവിശേഷതകളെ വിശദീകരിക്കുന്നു ചരിത്രത്തിന്റെ ഉരുക്കുപോലത്തെ യുക്തി എന്ന ലേഖനം. മനുഷ്യവ്യക്തികളെ ആശയങ്ങള്‍ കൊണ്ടു നിറഞ്ഞതായി സൃഷ്ടിക്കുന്ന തോമസ് മന്നിന്റെ മാജിക് മൗണ്ടന്‍ രോഗവും മരണവും കാലവും സ്വാതന്ത്ര്യവും സ്‌നേഹവും ദൈവവും ജ്യോതിശാസ്ത്രവും രാഷ്ട്രീയവും യാഥാര്‍ഥ്യവും ഉള്‍ച്ചേര്‍ന്ന വിശാലഭൂമികയായി നോവലിനെ ഉയര്‍ത്തിയെടുക്കുന്നതെങ്ങനെയെന്ന് അപ്പന്‍ കാണിച്ചുതരുന്നു. ഇറ്റാലിയന്‍ നോവലിസ്റ്റായ ഗ്രേസിയ ദിലേസയുടെ അമ്മ നാടകത്തിന്റേതായ ആന്തരികതീവ്രതയിലൂടെ മതനിയമങ്ങളും മനുഷ്യവികാരങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളെ വൈകാരികമായി അവതരിപ്പിക്കുന്നതിനെക്കുറിച്ചാണ് ബലിയുടെ സ്തുതിയില്‍ എന്ന ലേഖനം.
പൊയ്‌പ്പോയ കാലത്തെക്കുറിച്ചുള്ള സ്മരണയും യൂളിസസ്സും ബൗദ്ധികമായ  ആത്മകഥകളായാണ് അപ്പന്‍ വിലയിരുത്തുന്നത്. ('വായനയുടെ വിപത്‌സന്ധികളില്‍ വീണുപോവാതെ...') സത്യസന്ധതയുടെ പ്രതികാരം എന്ന ലേഖനത്തില്‍ അന്നാകരനീനയുടെ  ഇതിവൃത്തപരിധിയില്‍ നിന്നുകൊണ്ട് കലയിലൂടെ വെളിപ്പെടുന്ന ജീവിതത്തിന്റെ സത്യസന്ധതയെക്കുറിച്ചാണ് അപ്പന്‍ ആരായുന്നത്. സ്ട്രിന്റ് ബര്‍ഗിന്റെനോവലിനെക്കുറിച്ചും റിച്ചാര്‍ഡ് ഹ്യൂഗ്‌സിന്റെ നിര്‍ദോഷ സമുദ്രയാത്ര എന്ന  നോവലുകളെക്കുറിച്ചുള്ള അപ്പന്റെ നിരീക്ഷണങ്ങള്‍ തന്റെ ആത്മീയാന്വേഷണങ്ങളുടെ ബദലുകളെത്തന്നെയാണ് അവതരിപ്പിക്കുന്നത്. കുള്ളര്‍ ജോഹന്ന എഴുതിയ പ്രക്ഷോഭകാരികളുടെ തലമുറ എന്ന നോവല്‍ സ്‌ത്രൈണാനുഭവങ്ങളുടെ വേറിട്ടവഴികള്‍ തേടുന്നതിനാല്‍ വ്യത്യസ്തവും പ്രധാനവുമായി അപ്പന്‍ കരുതുന്നു.
ജെയിംസ് ജോയ്‌സിന്റെ ചെറുപ്പക്കാരന്‍ എന്ന നിലയില്‍ കലാകാരന്റെ ചിത്രീകരണത്തെക്കുറിച്ചും ലാക്‌സ്‌നെസ്സിന്റെ സ്വതന്ത്ര മനുഷ്യനെക്കുറിച്ചും ദസ്തയേവ്‌സ്‌കിയുടെ ഭൂതാവിഷ്ടരെക്കുറിച്ചും കാരമസേവ്  സഹോദരന്മാരെക്കുറിച്ചുമെഴുതുമ്പോള്‍ അപ്പന്റെ തൂലിക ദാര്‍ശനികഭാഷ്യങ്ങളെ ഗോപുരങ്ങളായി പടുത്തുയര്‍ത്തുന്നു. ഒപ്പം മാനവികതയുടെ സങ്കീര്‍ണതകളെയും തിരയുന്നു.
ടോള്‍സ്‌റ്റോയിയുടെ വിഖ്യാതകൃതികളായ യുദ്ധവും സമാധാനവും സെര്‍വാന്റിസിന്റെ ഡോണ്‍ക്വിക്‌സോട്ടും മുതല്‍ സരാമാഗുവിന്റെ ഗുഹയും ഗുന്തര്‍ ഗ്രാസിന്റെ തകരച്ചെണ്ടയും വരെയുള്ള പ്രധാനപ്പെട്ട നോവലുകള്‍ ഈ കൃതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ആത്മാര്‍ഥമായ വായനയുടെയും ഉന്മേഷമുള്ള ഭാവനയുടെയും ആഴമുള്ള വിശകലനങ്ങളുടെയും അപൂര്‍വമിശ്രിതമാണ് ഇതിലെ ഓരോ ലേഖനങ്ങളും. തീക്ഷ്ണമായ വിയോജിപ്പുകളുടെയും തീവ്രമായ അഭിവാഞ്ഛകളുടെയും മുദ്രകള്‍ അവയില്‍ പതിഞ്ഞുകിടക്കുന്നു.

(2013 ഫെബ്രുവരി 3  തേജസ് ആഴ്ച്ചവട്ടത്തില്‍ പ്രസിദ്ധീകരിച്ചത്)

Thursday, January 31, 2013

സരസ്വതിയമ്മയുടെ അപരലോകങ്ങള്‍



പുതിയ കാലത്തുനിന്നു സരസ്വതിയമ്മയിലേക്കു ഒറ്റയടിപ്പാതകളില്ല.പലദിശകളില്‍ നിന്നു തുറക്കുന്നതും തുടരുന്നതും ഇനിയും തുടരേണ്ടതുമായ ഒന്നിലധികം വഴികളാണുള്ളത്. വൈവിധ്യമാര്‍ന്ന സംവാദാത്മകതയിലേക്കാണവ നയിക്കപ്പെടുന്നത്. അന്തരിച്ചു നാല്പതോളം കൊല്ലങ്ങള്‍ പിന്നിട്ടിട്ടും അവരുടെ കഥാലോകത്തെ ചലനം കൊള്ളിക്കുന്നത് അവര്‍  സ്വാംശീകരിച്ചു സാക്ഷാല്‍ക്കരിച്ച, ആശയ അനുഭവലോകങ്ങളുടെ ചരിത്രപരമായ പ്രസക്തി തന്നെയാണ്. കലയുടെ ശാശ്വതീകരണം എന്നത് അതതു കാലങ്ങളോടുള്ള സത്യസന്ധതയും ആര്‍ജ്ജവവുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്ന് ഈ കഥകള്‍ പറയുന്നു. തന്റെ കാലഘട്ടത്തില്‍ രൂപം കൊണ്ട ലിംഗാദര്‍ശങ്ങളോട് വിമര്‍ശനാത്മകമായ നിലപാടുള്‍ക്കൊണ്ടുകൊണ്ട് ക്രിയാത്മകമായി പുതുക്കിയെഴുതാനുള്ള പ്രേരണയാണ് സരസ്വതിയമ്മയുടെ കഥകളുടെ പ്രധാന അടിത്തറ. എന്നാല്‍ കേവലവും സാമാന്യവുമായ ഒരു വിമോചന ദര്‍ശനമല്ല അവര്‍ തന്റെ സ്ത്രീവാദ ചിന്തയില്‍ പുലര്‍ത്തിയത്. വാസ്തവത്തില്‍ അത്തരം ചിന്തകളുടെ സമഗ്രതയെ സൂക്ഷ്മാംശത്തില്‍ തന്നെ സംവാദാത്മകമാക്കുന്ന, തികച്ചും അനുരഞ്ജനങ്ങളില്ലാത്ത നിലപാടാണ് മറ്റു സ്ത്രീവാദസാഹിത്യകാരികളില്‍ നിന്നും  സരസ്വതിയമ്മയെ വ്യത്യസ്തയാക്കുന്നത്. പുരുഷാധിപത്യത്തെ സ്ത്രീകള്‍ക്കെതിരെയുള്ള നിലപാടായി കാണുന്നതിലുപരി അതിന്റെ രാഷ്ട്രീയബലതന്ത്രങ്ങളെ വ്യക്തിയുടെയും സമൂഹത്തിന്റെയും അനുഭവപരമായ അടരുകള്‍ക്കകത്തുവെച്ചുകൊണ്ട് തിരിച്ചറിയുന്നു ഈ കഥകള്‍.

സാഹിത്യം/ സാഹിത്യേതരം

അഭ്യസ്തവിദ്യയും സാഹിത്യാസ്വാദകയുമായ ഒരുവളാണ് പലപ്പോഴും സരസ്വതിയമ്മക്കഥകളിലെ പ്രധാന കഥാപാത്രം. അനുഭവങ്ങളുടെയും ആലോചനകളുടെയും മണ്ഡലം പലപ്പോഴും അവര്‍ കടന്നുപോന്ന ഒരു വായനാനുഭവം കൂടിയാണ്. ഉദാഹരണം 'രമണി' എന്ന കഥ. ചങ്ങമ്പുഴയുടെ പ്രശസ്തമായ  'രമണ'നെക്കുറിച്ച് സുഷമയും ശാന്തിയും നടത്തുന്ന ചര്‍ച്ചയാണ് ഈ കഥയുടെ മുഖ്യപ്രമേയം. സാഹിത്യം എന്ന സാംസ്‌കാരികസംവര്‍ഗത്തിനകത്ത് കാലാകാലങ്ങളായി അടിഞ്ഞുകൂടിയ ലിംഗഭേദചിന്തകളെ കല്‍പനയും ഭാഷയും ചേര്‍ന്ന് സവിശേഷ പരിചരണങ്ങളിലൂടെ നീതിമല്‍ക്കരിച്ചെടുക്കുന്നതെങ്ങനെയെന്ന് ഈ കഥ ആഴത്തില്‍ വിശകലനം ചെയ്യുന്നുണ്ട്. സാഹിത്യം / സാഹിത്യേതരം എന്നീ വേര്‍തിരുവകളെത്തന്നെ അപ്രസക്തമാക്കുന്ന പലേ ഘടനകളും ഈ എഴുത്തുകാരിയുടെ പല രചനകളില്‍ നിന്നും കണ്ടെടുക്കാം. അതവിടെ നില്‍ക്കട്ടെ.

മലയാളസാഹിത്യപാരമ്പര്യത്തെ സംബന്ധിച്ചെടത്തോളം കവിത എന്ന രചനാരൂപവും അതിലുപരി ആദ്യകാലകാല്പനികകവികളായ ആശാന്‍, ചങ്ങമ്പുഴ, ജി തുടങ്ങിയവര്‍ മുന്നോട്ടു വെച്ച കാവ്യസംസ്‌കാരവും ചെലുത്തുന്ന അധീശത്വം അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നു 'രമണി' പോലുള്ള പല കഥകളും വെളിവാക്കുന്നു.അത്തരം കാവ്യാവിഷ്‌കാരങ്ങളുടെയുംഅവയുടെ ആസ്വാദനവിമര്‍ശനമണ്ഡലങ്ങളുടെയും ആഭ്യന്തരസ്വഭാവം, വ്യാവഹാരികരീതികള്‍, വിനിമയസമ്പ്രദായങ്ങള്‍ എല്ലാം തന്നെ  പുരുഷകേന്ദ്രിതമായിരുന്നു എന്നു തിരിച്ചറിയുന്നുണ്ട് ഈ കഥാകാരി. കേരളത്തിന്റെ നവോത്ഥാന ആധുനികതയെ സംബന്ധിച്ച ആണ്‍-പെണ്‍ വാര്‍പ്പു മാതൃകകളിലൂന്നിയ ലിംഗഘടനയാണവയിലും സാക്ഷാല്‍ക്കരിക്കപ്പെടുന്നത്. ആദ്യകാല കാല്പനിക  സാഹിത്യകാര•ാര്‍ പൊതുവെ തങ്ങളുടെ കൃതികളുടെ വൈകാരികമണ്ഡലത്തെ ഈ ലിംഗമൂല്യങ്ങള്‍ക്കകത്താണ് സ്വരൂപിച്ചെടുക്കുന്നത്. ആണിനെയും പെണ്ണിനെയും വെവ്വേറെ മൂല്യസദാചാര സങ്കല്പങ്ങളിലും വ്യാവഹാരിക സ്ഥലികളിലും തളച്ചിടുകയും വ്യത്യസ്ത (ആന്തരിക)ഗുണങ്ങളുടെയും ചോദനകളുടെയും കടമകളുടെയും ചേരുവകളോടെ സവിശേഷമായി പുനര്‍നിര്‍വചിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ ലിംഗഭേദ കല്പനയുടെ പിന്നിലെ തത്വം. മനസ്വിനി,നളിനി തുടങ്ങിയ എത്രയോ കാവ്യപാഠങ്ങളിലെല്ലാം ഈ ഭേദവിചാരം അപനിര്‍മിച്ചെടുക്കാവുന്നതാണ്.


പ്രത്യയശാസ്ത്രപരമാണ്

സാഹിത്യാദി മണ്ഡലങ്ങളില്‍ സവിശേഷമായി പതിഞ്ഞുപോയ സ്‌ത്രൈണലിംഗമുദ്രകളെയും അവയെ ചൂഴുന്ന കാല്പനികവും അയഥാര്‍ത്ഥവുമായ മിഥ്യകളെയും തകര്‍ത്തു കളയാന്‍ പാകത്തിലുള്ള ഒരു പ്രത്യയശാസ്ത്രസന്നാഹം തന്നെയായിരുന്നു സരസ്വതിയമ്മയ്ക്ക് കഥാരചന. കാല്പനികതയുടെ വഴുവഴുപ്പന്‍ യുക്തിയുടെയും വൈകാരികാഖ്യാനങ്ങളുടെയും ബദല്‍മാതൃകയെന്ന നിലയില്‍ വേണം അവരുടെ റിയലിസ്റ്റ് ശൈലിയെ വിലയിരുത്തേണ്ടത്.  മേല്‍പറഞ്ഞ ആണ്‍കോയ്മാഘടനകളെ പ്രശ്‌നവല്‍ക്കരിക്കുന്നതിനാല്‍ അത് തികച്ചും പ്രത്യയശാസ്ത്രപരവുമാണ്. ഒന്നൊഴിയാതെ എല്ലാ കഥകളുടെയും  ഒരു പ്രതലബലമായി ഈ അടിക്കല്ലുകള്‍ പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടാണ് പലപ്പോഴും മുഖ്യധാരാസാഹിത്യപ്രമാണങ്ങളോടുള്ള കലഹങ്ങളും സംവാദങ്ങളുമായി ഈ കഥകള്‍ മാറുന്നത്. '.......... തോമസ്ഹാര്‍ഡിയുടെ 'ടെസ്'വായിച്ചു രസിക്കാനല്ലാതെ അനുകരിക്കാന്‍ കൊള്ളില്ല. പൂഞ്ചോലകളും വനതലങ്ങളും കോളെജുകളും സിനിമാഹാളുകളും നിറഞ്ഞ ഈ അഭിരാമ ഭൂമിയില്‍ നാം ജനിക്കുന്നത് സുഖിക്കാനാണ്'' (പുറം 56 രമണി, സരസ്വതിയമ്മയുടെ സമ്പൂര്‍ണ്ണ കഥകള്‍)

കഥ സൗന്ദര്യശാസ്ത്രത്തിന്റെ മാമുലുകളെ ഭേദിച്ചുകൊണ്ട് ഒന്നിലധികം മേഖലകളിലേക്ക് സംക്രമിച്ചു നില്‍ക്കുന്നു. ഏകതാനമായി, അനുക്രമഗതിയായി, അവിച്ഛിന്നം നീങ്ങുന്ന കഥാപരിണതിക്കു പകരം ഇടര്‍ച്ചകളും ഇളക്കങ്ങളും പലപ്പോഴും വലിയ തര്‍ക്കങ്ങളും ഒക്കെ കഥകളില്‍ കടന്നുവരുന്നു. സ്ത്രീകള്‍ തമ്മിലാണ് പലപ്പോഴും ഈ സംവാദങ്ങള്‍ നടക്കുന്നത് എന്നതാണ് ഇവിടെ ശ്രദ്ധേയം. പ്രണയം, ലൈംഗികത, പ്രസവം, മാതൃത്വം, കുടുംബം, കലാഭിരുചി, ഉദ്യോഗം എന്നുതുടങ്ങി സ്ത്രീജീവിതത്തില്‍ സവിശേഷമായുള്ള വിഷയങ്ങളെക്കുറിച്ചെല്ലാമുള്ള വിശദമായ ചര്‍ച്ചകളായി അവ വികസിക്കുന്നു. കഥയ്ക്കുള്ളിലെ കഥനം പുതിയ മാനങ്ങള്‍ കൈവരിക്കുന്നു. എല്ലാ കഥകളിലും ഒരു 'പതിനെട്ടാമധ്യായം' തുറക്കപ്പെടുന്നു. ഈ ഭാഷണങ്ങള്‍ വെറും തര്‍ക്കങ്ങളല്ല, കഥയുടെ ഭാഗവുമല്ല. മറിച്ച് നിലനില്‍ക്കുന്ന ചിന്തയുടെ വഴികളിലൂടെയുള്ള ചില  ആരായലുകള്‍ ആണ്. കഥയ്ക്കുള്ളിലെ കഥയ്ക്കു പകരം അവ വേറിട്ട ഒരു ആഖ്യാനഘടന തിരയുന്നു. പെണ്‍ബുദ്ധി, രമണി, സ്ത്രീജ•ം, ഒരുക്കത്തിന്റെ ഒടുവില്‍, ഇങ്ങനെ നിരവധി കഥകളില്‍ ഈ ചര്‍ച്ച കാണാം.

സ്ത്രീകള്‍ തമ്മിലുള്ള സ്വവര്‍ഗ്ഗസാമൂഹികത(homosocialisation)

ദുഃഖം കടിച്ചമര്‍ത്തി കരയുകയും ദുര്‍ബലമായി ഒതുങ്ങിക്കൂടുകയും ചെയ്യുന്നതിനു പകരം തങ്ങളുടെ എതിര്‍പ്പുകളെയും ചിന്തകളെയും സധൈര്യം തുറന്നിടുന്ന സ്ത്രീകളാണിവര്‍. ചിരിക്കുകയും തമാശ പറയുകയും പരിഹസിക്കുകയും തര്‍ക്കിക്കുകയും പ്രസ്താവന നടത്തുകയും ചെയ്യുകയാണ് ഈ കഥാപാത്രങ്ങളിലധികവും. തങ്ങളുടെ കൂട്ടായ്മയെ വികാരവിചാരങ്ങളുടെ പങ്കുവെക്കലിനുളള വേദിയെന്നതിനൊപ്പം സ്വതന്ത്രമായ ആഹ്‌ളാദനര്‍മവേളകള്‍ കൂടിയാക്കി അവര്‍ മാറ്റുന്നുണ്ട്. സ്ത്രീകളും സ്ത്രീകളും തമ്മിലുള്ള ഉത്സവീകരിക്കപ്പെട്ട ഈ സഖീത്വത്തിനും പാരസ്പര്യത്തിനും വലിയ പ്രാധാന്യമാണ് ഈ കഥാകാരി നല്‍കിയിരിക്കുന്നത്. പരസ്പരം ഇണങ്ങിയും പിണങ്ങിയുമുള്ള സജീവമായ  വൈകാരികതയില്‍ പുലരുമ്പോഴും ബൗദ്ധികമായ പങ്കുവെക്കലുകള്‍ വേണ്ടുവോളമുണ്ട്. സാഹിത്യത്തിലന്നുവരെ കണ്ടിട്ടില്ലാത്ത പുതിയൊരുതരം സ്‌ത്രൈണതയുടെ സമര്‍ത്ഥനമായി വേണം അതിനെ കാണാന്‍.

'ഡബിള്‍ ആക്റ്റ്', 'സ്വാതന്ത്രവാദക്കാരി', 'ഒരേയൊരു രാത്രി' മുതലായ കഥകളില്‍ സ്ത്രീയും പുരുഷനും തമ്മിലാണ് സംവാദം നടക്കുന്നത്. തികച്ചും ഭിന്നവര്‍ഗസാമൂഹികമാണ് അതിന്റെ അന്തരീക്ഷമെങ്കിലും സ്ത്രീയനുഭവിക്കുന്ന സാമൂഹ്യസമ്മര്‍ദ്ദങ്ങള്‍ അവിടെ ഉന്നയിക്കപ്പെടാതിരിക്കുന്നില്ല. 'ഒരേയൊരു രാത്രി'യിലെ ചിത്രയുടെ സംഭാഷണവിഷയം തന്നെ തന്റെ പുരുഷസൗഹൃദങ്ങളാണ്.  തുല്യനിലയില്‍ അടുത്തിടപഴകുന്ന ആണ്‍/പെണ്‍സൗഹൃദങ്ങളെക്കുറിച്ചുള്ള വിഭാവനമാണ് 'പെണ്‍ബുദ്ധി'യിലെ വിലാസിനിയെപ്പോലെ ചിത്രയും ഉയര്‍ത്തിപ്പിടിക്കുന്നത്. എന്നാല്‍ അവര്‍ക്ക് നിരാശപ്പെടേണ്ടിവരുന്നു. തന്റെ ഒരേയൊരു നാടകത്തിലെ അഭിനയം കണ്ടിട്ട് തന്നോട് സൗഹൃദവും ആരാധനയും കാട്ടിയ ദാസും അവളിലെ സ്ത്രീയെത്തന്നെയാണ് അഭിലഷിക്കുന്നത് എന്നവള്‍ ബോധ്യപ്പെടുന്നു. ഇത്തരം അവസ്ഥകളോടുള്ള പ്രതികരണം തന്നെയാണ് സ്ത്രീകള്‍ തമ്മില്‍ പുലര്‍ത്തുന്ന പാരസ്പര്യത്തില്‍ പ്രകടമാവുന്നത്. ആ നിലക്ക് അവരുടെ സ്വവര്‍ഗസാമൂഹികത എന്നത് പുരുഷന്മാര്‍ തമ്മിലുള്ള സൗഹൃദത്തില്‍ നിലനില്‍ക്കുന്ന സ്വവര്‍ഗസാമൂഹികതയില്‍ നിന്ന് വ്യത്യസ്തമാണ്. നിലവിലുള്ള ഭിന്നവര്‍ഗസാമൂഹികത(hetero sexuality)യുടെ മാമൂലുകളെ അട്ടിമറിക്കുകയോ അതിന്റെ വിമര്‍ശനാത്മകത ഉന്നയിക്കുകയോ പുരുഷന്മാരുടെ പാരസ്പര്യം ചെയ്യുന്നില്ല. എന്നാല്‍ സരസ്വതിയമ്മയുടെ കൃതികളില്‍ നിലനില്‍ക്കുന്ന സ്ത്രീസൗഹൃദങ്ങള്‍ക്കകത്തെ സ്വവര്‍ഗസാമൂഹികത മൂല്യസംബന്ധിയായി മേല്‍പ്പറഞ്ഞ പുരുഷസാമൂഹികതയ്ക്കും ഭിന്നവര്‍ഗസാമൂഹികതയ്ക്കുമെതിരെ ധാര്‍മികമായ പ്രതിരോധമായി മാറുന്നു. ഉല്‍ക്കടമായ പ്രണയത്തേക്കാള്‍ ശക്തമാണ് ഇവിടെ ഉയര്‍ന്നുവരുന്ന സൗഹൃദേച്ഛ എന്നത് യാദൃച്ഛികമല്ല. 'അതുമല്ല, ജ•സിദ്ധമായ സ്‌നേഹബന്ധങ്ങളില്‍ നിന്ന് വ്യതിരിക്തമായൊരു സ്‌നേഹം കിട്ടാനും കൊടുക്കാനും ഒരാവേശം തോന്നുന്ന കാലമാണ് യൗവനം. പക്ഷേ ആ സ്‌നേഹം പുരുഷനില്‍ നിന്ന് കിട്ടണമെന്ന് ഞാന്‍ ആശിച്ചേയില്ല. ബാബുവിന്റെ എന്റെ അടുത്തയച്ച ദൈവം എന്തുകൊണ്ട് ശാന്തിയെ അയച്ചില്ല! ' (പുറം 47, രമണി, സരസ്വതിയമ്മയുടെ സമ്പൂര്‍ണ്ണകൃതികള്‍)

വ്യത്യസ്തമായ അഭിരുചികള്‍

ലൈംഗികത, പ്രണയം തുടങ്ങിയവയെ സംബന്ധിച്ച വൈകാരികതകളെ യുക്തിപരമായി പ്രതിരോധിക്കുന്ന ഒരു തലം ഈ കഥകളിലെ നായികമാരില്‍ പൊതുവെ കാണാം. 'ഒരുക്കത്തിന്റെ ഒടുവില്‍' 'ഒരേയൊരു രാത്രി', 'രമണി' എന്നീ കഥകളിലൊക്കെയും ഈ യുക്തിവിചാരണ കാണാം. സരസ്വതിയമ്മയുടെ കഥകളെക്കുറിച്ചുള്ള ഏതൊരു സാമാന്യവായനയും ആ നായികമാരുടെ വേറിട്ട ധീരമായ നിലനില്പായും വ്യക്തിത്വമായും ഒരു പടികൂടി കടന്ന് വിമോചകവീര്യമായും ഈ നിലയെ വ്യാഖ്യാനിക്കാറുണ്ട്. അത്തരം വ്യാഖ്യാനങ്ങള്‍ ആവേശകരമായ  കൈയടി നേടാറുമുണ്ട്. എന്നാല്‍ ആ നായികമാര്‍ ഉല്പാദിപ്പിക്കുന്നത് നവോത്ഥാന ആധുനികത മുന്നോട്ടുവെച്ച ആണ്‍ / പെണ്‍ ദാമ്പത്യഘടനയ്ക്ക് അനുയോജ്യമായ പ്രണയവൈകാരികതയോ അതിന്റെ പ്രതിരോധമോ എന്നത് വേറിട്ടുമനസ്സിലാക്കേണ്ടിയിരിക്കുന്നു. അത്തരം പ്രതിരോധങ്ങള്‍ക്ക് അടിസ്ഥാനമായി അവര്‍ ഉയര്‍ത്തപ്പിടിക്കുന്ന വിമര്‍ശനാത്മകതയും അതിന്റെ പ്രസക്തിയും നാമറിയേണ്ടതുണ്ട്. അതിലുപരി, പൂര്‍ണമായ പ്രണയലൈംഗികതാ നിരാസങ്ങള്‍ക്കപ്പുറം ഈ കൃതികളില്‍ ചിതറിക്കിടക്കുന്ന വൈരു(വി)ദ്ധ്യമാര്‍ന്ന ലൈംഗികാഭിരുചികളെ നാം അഭിമുഖീകരിക്കേണ്ടതുണ്ട്. തിരശ്ചീനവും ലംബവുമായ തീര്‍പ്പുകള്‍ക്കുപരിയായി ഇത്തരം ചെരിഞ്ഞ ആലോചനകള്‍ക്കും നോട്ടങ്ങള്‍ക്കുമാണ് ഇനി പ്രസക്തി.

'തെറ്റും ശരിയും' എന്ന കഥയിലെ വിധവയായ വിജയവും ഭര്‍ത്താവിന്റെ അനന്തരവനുമായി രൂപപ്പെടുന്ന 'അരുതാത്ത' ആഭിമുഖ്യം, 'പ്രഥമരാത്രി', 'സ്വപ്‌നമണ്ഡലം' എന്നീ കഥകളിലെ അച്ഛനും മകളും തമ്മിലുള്ള ദാമ്പത്യം ഒക്കെ വേറെത്തന്നെ പഠിക്കപ്പെടേണ്ടവയാണ്. 'ആചാരങ്ങള്‍ മനുഷ്യരുണ്ടാക്കിയതാണ്. ആ നരകത്തീയും മനുഷ്യര്‍ കെട്ടിയുണ്ടാക്കിയത്. ആചാരങ്ങള്‍ ഉടച്ചുവാര്‍ക്കാവുന്നതാണെങ്കില്‍ ആ നരകത്തീയും ഊതിക്കെടുത്താവുന്നതേയുള്ളൂ. പിന്നെ ആചാരങ്ങള്‍ കാലക്രമത്തില്‍ ധാര്‍മിക വ്യവസ്ഥകളായി ഗണിക്കപ്പെടുന്നതുകൊണ്ട് അവയ്‌ക്കെതിരായി ആളുകള്‍ക്ക് വേദനക്കിടയാവുന്നു എന്നതു മാത്രമാണതിലെ തെറ്റ്.' (തെറ്റും ശരിയും)

ഒരു വശത്ത് ലൈംഗികതയെയും പ്രണയത്തെയും വിവാഹ(ഇരട്ടവേഷം, ശരത്ചന്ദ്രിക, സ്വാര്‍ത്ഥത, ഒരുക്കത്തിന്റെ ഒടുവില്‍)ത്തേയും വെറുക്കുന്ന നായികമാര്‍. മറ്റൊരു വശത്ത് ഇത്തരം ലൈംഗികമായ വ്യതിചലന(?)സ്വഭാവം പുലര്‍ത്തുന്ന കഥാപാത്രങ്ങള്‍....നവോത്ഥാനപരിഷ്‌കരണവാദത്തിന്റെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ കൂടിക്കുഴഞ്ഞു അവ്യവസ്ഥിതമായി കിടക്കുന്ന ഒരു മണ്ഡലമാണ് ഈ കഥകളിലെ ലൈംഗികത. മറ്റൊരര്‍ത്ഥത്തില്‍ ഇത്തരം യുക്തികളെ പ്രശ്‌നവല്‍ക്കരിക്കുന്ന, ലിംഗപ്രമാണങ്ങളെ അട്ടിമറിക്കുന്ന പരിചരണസ്വഭാവമാണീ കഥകളുടേത്.
സ്ത്രീശരീരത്തെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ മേല്‍പ്പറഞ്ഞ കുഴമറികളെ കൂടുതല്‍ തീവ്രമാക്കാന്‍ പോരുന്ന ചില കഥകള്‍ കൂടി സരസ്വതിയമ്മയുടെതായുണ്ട്. ബാഹ്യരൂപത്തെയും സൗന്ദര്യത്തെയും കുറിച്ചുള്ള അമര്‍ത്തിയ ചോദ്യങ്ങള്‍ പല കഥകളിലും മുഴങ്ങുന്നുണ്ട്. സ്ത്രീകളുടെ അണിഞ്ഞൊരുങ്ങലിനെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചുമുള്ള വിരുദ്ധവും ശക്തവുമായ നിലപാടുകള്‍ പുലര്‍ത്തുന്ന കഥകളാണ് 'ഒരുക്കത്തിന്റെ ഒടുവില്‍', 'രൂപമിച്ഛന്തി' എന്നിവ. 'സൗന്ദര്യമുള്ളയാളെ കല്യാണം കഴിക്കണമെന്ന ആശ തോന്നുന്നതെന്തെന്ന് മനസ്സിലാവുന്നില്ല..' എന്ന് 'രുപമിച്ഛന്തി'യിലെ സ്വര്‍ണലത പറയുന്നു. ഭര്‍ത്താവിന്റെ രൂപസൗകുമാര്യത്തില്‍ മതിമറന്ന അഭിമാനവും അഹങ്കാരവമുള്ള ആ നവവധു രണ്ടു ദിവസത്തിനകം, ഒരു വൈകുന്നേരം കുളികഴിഞ്ഞിറങ്ങിയ ഭര്‍ത്താവിന്റെ തല കണ്ട് അന്ധാളിക്കുന്നു. നരച്ചുവെളുത്ത മുടിയില്‍ ചായം തേച്ചിട്ടായിരുന്നു അവള്‍ ആരാധിച്ചിരുന്ന ആ കറുപ്പ് എന്നവള്‍ മനസ്സിലാക്കുന്നു. സ്ത്രീയ്ക്ക് പുരുഷന്റെ സൗന്ദര്യം പുകഴ്ത്താനും ആരാധിക്കാനും ആസ്വദിക്കാനും കഴിയുമെന്നു മാത്രമല്ല അത് തന്റെ അവകാശമാണെന്നു കൂടി പറയുന്നുണ്ട് സ്വര്‍ണ്ണലത. സത്രീസ്വത്വത്തെ ബാഹ്യസൗന്ദര്യത്തിലും അതിനനുഗുണമായി വര്‍ത്തിക്കുന്ന ആന്തരികഗുണങ്ങളിലും പൗരുഷത്തെ ബാഹ്യസൗന്ദര്യത്തില്‍ നിന്ന് വ്യത്യസ്തമായി ബുദ്ധിശക്തിയിലും കായികശേഷിയിലും ഉദ്യോഗപദവിയിലുമായി തളച്ചിടുന്ന നവോത്ഥാനലിംഗബോധത്തിന്റെ പ്രമാണങ്ങളെ ചിരിച്ചുതള്ളുകയാണ് ഇവിടെ. സൗന്ദര്യം ആസ്വദിക്കുകയെന്ന ആസ്വാദന കര്‍തൃത്വം സ്ത്രീ  പിടിച്ചെടുക്കുകയാണ് ഇവിടെ.

ഒരുക്കത്തിന്റെ ഒടുവില്‍

സ്ത്രീസൗന്ദര്യത്തിന്റെ ആസ്വാദനകര്‍തൃത്വം ആരിലാണ്? പുരുഷനു കാണാന്‍ വേണ്ടിയല്ലെങ്കില്‍, പുരുഷനെ ആകര്‍ഷിക്കാനല്ലെങ്കില്‍ സ്ത്രീ അണിഞ്ഞൊരുങ്ങുന്നതെന്തിന്? എന്ന ചില ചോദ്യങ്ങള്‍ക്കുള്ള ശക്തമായ മറുപിടിയാണ് ഈ കഥ. ശാരദയും സുഹൃത്തു വാസന്തിയും തമ്മിലുള്ള സരസമായ സംഭാഷണമാണ് കഥയിലെ മുഖ്യഭാഗവും. 'ശാരദയ്ക്ക് കുഞ്ഞുങ്ങളെന്നു വെച്ചാല്‍ ജീവനല്ലേ?' എന്ന വാസന്തിയുടെ ചോദ്യത്തിന് ''ഓ! സിനിമാ കാണാന്‍  വലിയ ഇഷ്ടമായതു കൊണ്ട് സിനിമാകമ്പനി തുടങ്ങിക്കളയാമെന്ന് വിചാരിക്കുന്നവരുടെ കൂട്ടത്തിലല്ല ഞാന്‍' എന്ന ചുട്ട മറുപടിയാണ് ശാരദയ്ക്കുള്ളത്. തെല്ലു പുരുഷവിദ്വേഷിയായ ശാരദ കൂട്ടുകാരിയ്‌ക്കൊപ്പം പുറത്തിറങ്ങാന്‍ സമയമെടുത്ത് അണിഞ്ഞൊരുങ്ങുമ്പോള്‍  വാസന്തിയുടെ ചോദ്യം ഇങ്ങനെ- 'നിത്യകന്യകയായി ജീവിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഈ ഒരുക്കത്തിന്റെ ആവശ്യമെന്ത്? '  ' പരാഗസംക്രമണം കൊണ്ട് ഫലമുണ്ടാകാത്ത ചെടികള്‍ക്കും പ്രകൃതി ഭംഗിയുള്ള പൂക്കള്‍ കൊടുക്കുന്നതെന്തിന്? ' എന്നായിരുന്നു ശാരദയുടെ മറുപടി. സ്ത്രീയുടെ രൂപഭംഗിയും സൗന്ദര്യബോധവും പുരുഷനെ ആകര്‍ഷിക്കാനുള്ളതല്ല; അതിലുപരി തനിക്കു തന്നെക്കുറിച്ചു തന്നെയുള്ള  സ്വപ്രമാണിത്തപരമായ ഒരു അഭിരുചിയാണതിനെ നിര്‍ണ്ണയിക്കുന്നത് എന്ന് ഈ കഥ പറയുന്നു.

സൗന്ദര്യം എന്നത് ഒറ്റപ്പെട്ട  സ്വയം പൂര്‍ണമായ  ഒരു ആശയസത്തയല്ല സരസ്വതിയമ്മയില്‍. വ്യക്തിയുടെ സ്വേച്ഛയുമായി അതിനു ബന്ധമുണ്ട്. പെണ്‍ബുദ്ധി പോലുള്ള കഥകളില്‍ അതു ബുദ്ധിശക്തിയുമായി ലയിച്ച മേധയായി തീരുന്നു. 'ഒരുക്കത്തിന്റെ ഒടുവില്‍' 'രൂപമിച്ഛന്തി' മുതലായ കഥകളില്‍ സ്ത്രീയുടെ സ്വാധികാരപരമായ സ്വയംപ്രാപ്തിയും സ്വയംഭരണശേഷിയുമായെല്ലാം  അതിനു ബന്ധമുണ്ട്. ഇപ്രകാരം ബഹുലമായ വിവക്ഷകളുള്ള സംവാദസാധ്യമായ ഒരു ബഹുസ്വരആശയമണ്ഡലമാണ് ഈ കഥകളിലെ രൂപസൗന്ദര്യപരിഗണന. പുരുഷലോകം കല്പിക്കുന്ന ആന്തിരികഗുണങ്ങളുടെ പ്രകാശനമായി സഫലീകരിക്കേണ്ട ബാഹ്യാലങ്കാരസൗന്ദര്യസങ്കല്പത്തെ മൊത്തത്തില്‍ തള്ളി
ക്കളയുന്ന കഥകളാണ് ഇവ. പുരുഷാപേക്ഷമല്ല സ്ത്രീയുടെ ആന്തരികസ്വത്വമെന്നതുപോലെത്തെന്നെ രൂപസൗന്ദര്യവുമെന്നവര്‍ ഉറക്കെപ്പറയുന്നു. അതുപോലെത്തന്നെ സ്ത്രീയ്ക്ക് സൗന്ദര്യാസ്വാദനത്തെ സംബന്ധിച്ച ക്രിയാകര്‍തൃത്വവും ഇവിടെ സാക്ഷാല്‍കൃതമാവുന്നു. നവോത്ഥാനആധുനികതയുടെ മൂല്യങ്ങളിലൂന്നിയ സാഹിത്യമണ്ഡലത്തില്‍ മേല്‍ക്കൈ നേടിയ വിചാരധാരകളുടെ അപരലോകമാണ് ഈ കഥകളുടെ സൂക്ഷ്മവായനയില്‍ തെളിയുന്നത്. ആദ്യകാലസ്ത്രീവാദചിന്തയെ മുന്നോട്ട് നയിക്കുകയും സംവാദാത്മകമാക്കുകയും ചെയ്ത ഒരു എഴുത്തുകാരി എന്ന നിലയില്‍ സരസ്വതിയമ്മയുടെ കഥയിലെ ഇത്തരം അപരലോകങ്ങള്‍ക്ക് വരുംകാല വായനയില്‍ പ്രസക്തിയേറുന്നു.

(2013 ജനുവരി ലക്കം ഗ്രന്ഥാലോകത്തില്‍ പ്രസിദ്ധീകരിച്ചത്)

Saturday, January 12, 2013

കവിതയില്‍ പുതുവസന്തം

 സമകാലികകവിതയിലെ ഏറ്റവും പുതിയ തലമുറയുടേതുള്‍പ്പെടെയുള്ള ശ്രദ്ധേയമായ ഏഴു സമാഹാരങ്ങള്‍ ഈയിടെ പുറത്തിറങ്ങി. കവിതയുടെ ഭാവുകത്വത്തില്‍ പുതിയ അടയാളങ്ങള്‍ തീര്‍ക്കുന്നവയാണ് ഇവയിലോരോന്നും. പ്രണയത്തിന്റെ ഹരിതനീലച്ഛവി വീരാന്‍കുട്ടിയുടെ പുതിയ സമാഹാരത്തില്‍ (തൊട്ടുതൊട്ടു നടക്കുമ്പോള്‍) മനുഷ്യസഹജമായ ഒരു വികാരം മാത്രമല്ല, പലപ്പോഴും ജീവിതത്തിന്റെ ആകെത്തുകയും അഭയവും കൂടിയാണ്. അതു മനുഷ്യന്റെയും മരത്തിന്റെയും പക്ഷിയുടെയും വാഴ്‌വും വിശുദ്ധിയും ഉണര്‍ത്തിയെടുക്കുന്നു. അതിനെ നിരന്തരം പുതുക്കിയെഴുതുന്നു.സൗമ്യവും സ്‌നിഗ്ധവും എന്നാല്‍, കരുതലുള്ള എപ്പോഴും കൂടെയുള്ള വിചാരങ്ങളോടുരുമ്മിക്കൊണ്ടാണീ പ്രണയസഞ്ചാരം.
അതിനാല്‍ ഈ കവിതകളില്‍ മഴയും ഇലയും ജലവും കിളികളും ഋതുക്കളും ഒപ്പം മനുഷ്യരും മൃഗങ്ങളുമുണ്ട്. ജീവിതം അങ്ങനെത്തന്നെയുണ്ട്. കൂണുകള്‍ എന്ന കവിതയുടെ സൂക്ഷ്മശില്‍പ്പം നോക്കൂ:

''മേഘങ്ങള്‍ പരസ്പരം
ചുംബിച്ച വെളിച്ചത്തില്‍
കോരിത്തരിച്ച്
പേടി മറന്ന് പെറ്റതാവണം
ഭൂമി ഈ വെളുത്ത കുഞ്ഞുങ്ങളെ''

പ്രണയത്തോടും ജീവിതത്തോടുമൊപ്പം എന്നും പതിയിരിക്കുന്ന മരണത്തെയും കവി കാണുന്നു.. മരിച്ചുപോവല്‍ പക്ഷേ, ഒരു പിണങ്ങിപ്പോക്കാണെന്നു  കവി എഴുതുന്നു. കാരണം, എവിടേക്കാണു പോവുന്നതെന്നു പറയുകയേയില്ല. എങ്കിലും പ്രണയനഷ്ടത്തേക്കാള്‍ വലിയ മരണമില്ലെന്ന്  ഈ കവിതകള്‍ പറയുന്നു:

''നീ കൊന്നിട്ടും പറയാതെ വച്ച
ആ വാക്കിന്റെ പൊരുളില്‍
മുറുകിയും അയഞ്ഞും
ഞാനിപ്പോള്‍ മരിച്ചുപോയേക്കും''
(പറയാതെവച്ച)

പ്രണയത്തിന്റെ ഇളംനിലാവില്‍ നിന്നു  ജീവിതത്തിന്റെ പൊരിവെയിലിലേക്കാണ് പവിത്രന്‍ തീക്കുനിയുടെ കവിതകള്‍ കണ്‍മിഴിതുറക്കുന്നത്. അതിനാല്‍ ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനുമായി കവി നിലവിളിക്കുന്ന് എന്ന പുതിയ സമാഹാരത്തെ വായനയ്ക്കായി വിട്ടയക്കുന്നു.. വിശപ്പിന്റെ പ്രാപഞ്ചികതയെ, ഇല്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും കടുത്ത യാഥാര്‍ഥ്യങ്ങളെ   പുതിയൊരു പ്രതലത്തിലേക്കു പണിതുയര്‍ത്തുന്നു,  തീക്കുനിക്കവിതകള്‍. 'വള്ളിച്ചേമ്പും വാഴക്കണ്ടയും വിശപ്പിന്റെ നിശ്ശബ്ദമായ അലര്‍ച്ചകള്‍ക്കു വഴങ്ങുന്ന കാലത്തെ'ക്കുറിച്ച് എഴുതുന്നതു പോലെ തന്റെ ഏകാന്തതയെക്കുറിച്ചും പ്രണയതിരസ്‌കാരത്തെക്കുറിച്ചും കവിയെഴുതുന്നു.  യാഥാര്‍ഥ്യങ്ങളെ തിരയുകയും ഒപ്പം നുണകളെ ഭയപ്പെടുകയും മനസ്സിലാക്കുകയും ചെയ്യു ഒരാള്‍ ഈ കവിതകളിലുണ്ട്. ആ നുണകള്‍ പോലും ഏറെ പ്രിയപ്പെട്ടതെങ്കിലും മോഷ്ടിക്കപ്പെടുമെന്ന്  കവി അറിയുന്നു. (എല്ലാവരിലും) ''ഏറ്റവും വലിയ നുണ പക്ഷേ, കണ്ണീരാണെന്ന്'' (നുണ) കവി എഴുതുന്നു. എങ്കിലും ഏതു ദുഃഖത്തിലും ജീവിതം അതിജീവനം തന്നെയൊവുന്നു ഈ കവിതകളില്‍.

''മരിച്ചുപോയെന്ന്
നമ്മള്‍ക്കെല്ലാം
ഉറപ്പുള്ളതാണ്
എന്നാലും
ജീവിച്ചിരിപ്പുണ്ടെന്ന
നമ്മുടെ ബോധത്തെ
നശിപ്പിച്ചുകൂടാ... ''(എന്നലും)

അച്ചടിമലയാളം നാടുകടത്തിയ കുഴൂര്‍ വില്‍സന്റെ കവിതകള്‍ പുതുഭാവനയുടെ അതിരുകള്‍ വികസിപ്പിക്കുന്നു . പുതുകവിതയ്ക്കു സഹജമായ അനുഭവങ്ങളുടെ പച്ചപ്പ് വേണ്ടുവോളമുണ്ട് ഈ കവിതകളില്‍. പ്രവാസദേശങ്ങളും സൗഹൃദങ്ങളും ജന്മദേശമായ കുഴൂരും കണ്ടുമുട്ടിയ മരങ്ങളും സലിംകുമാറും മറന്നുവച്ച കുടയും    കവി അയ്യപ്പനും ഗള്‍ഫില്‍വച്ചു കണ്ട                       കാസര്‍ക്കോട്ടുകാരന്‍ ഗ്രോസറിക്കാരനും ഒക്കെ നിറയുന്ന ഈ കവിതകളില്‍നിന്നു തൊട്ടെടുക്കാന്‍ കഴിയുന്നു, ജീവിതത്തെ. പില്‍ക്കാലം ഓര്‍മകളായിത്തീരാനിടയുള്ള ജീവിതമാണവ. പോയകാലം അക്ഷരത്തെറ്റുള്ള തെറികളായി സ്‌കൂളിലെ മൂത്രപ്പുരകളെ ഓര്‍ത്തെടുക്കുപോലെ, കപ്പപ്പുഴുക്കു കാണുമ്പോള്‍ വറുതിക്കാലങ്ങളിലെ ഗ്രാമീണകുടുംബത്തെ ഓര്‍ക്കും പോലെ മധുരവും തീവ്രവുമായ ജീവിതം. കുഴൂര്‍ വില്‍സന്റെ കവിതകള്‍ എന്ന കൃതി മലയാളകവിതയുടെ വേറിട്ട ഒരു വികാര ജീവിതമാവുന്നത് അങ്ങനെയാണ്.
സുധീഷ് കോട്ടേമ്പ്രത്തിന്റെ ശരീരസമേതം മറൈന്‍ ഡ്രൈവില്‍ എന്ന കവിതാസമാഹാരം തികച്ചും ഒരു നവതരംഗ ഭാവുകത്വത്തെ നിര്‍മിച്ചെടുക്കുന്നു. നഗരം, ശരീരം, കാമന എന്നീ കവിതകളെ ചുരുക്കിയെഴുതാം. ഉടലിനെക്കുറിച്ചുള്ള സൗന്ദര്യചിന്തകളും ആത്മീയഭാഷണങ്ങളും നിറയു കവിതയില്‍ നാടന്‍ വാമൊഴികളും പ്രാദേശികഭാഷണങ്ങളും നിറയുന്നു . ഉന്മേഷം നിറഞ്ഞ പുതുജീവിതാവിഷ്‌കാരങ്ങളെത്തയൊണ് ഈ ആദ്യസമാഹാരം വച്ചുനീട്ടുന്നത്.
എം.എസ്. ബനേഷിന്റെയും ശൈലന്റെയും സമാഹാരങ്ങള്‍ ശരീരത്തെ കൂസലില്ലാതെ തുറന്നെഴുതുന്നു. പുതിയ ആവിഷ്‌കാരങ്ങളുടെ ഊര്‍ജസ്വലതയും വിധ്വംസകതയും അവയിലേറെ. കാത്തു ശിക്ഷിക്കണേ എന്ന  കൃതി ബനേഷിന്റെ രണ്ടാമത്തെ കവിതാസമാഹാരമാണ്. കവിതയിലെ തരളതകളെ നുള്ളിയെറിയുന്ന  ഈ കവിതകള്‍ പുതുമയുള്ള രീതിയില്‍ ലൈംഗികതയെക്കുറിച്ചും ശരീരത്തെക്കുറിച്ചുമെഴുതുന്നു.
ശൈലന്റെ കവിതകള്‍ (ദെജാവു) ഒറ്റ നോട്ടത്തില്‍ ഭാഷാപരവും പ്രമേയപരവുമായി അരാജകമെന്നു  തോന്നാമെങ്കിലും വ്യതിരിക്തമായ കാവ്യാന്വേഷണങ്ങള്‍ എന്ന നിലയ്ക്കു ശ്രദ്ധേയമാണ്. പി.ടി. ബിനുവിന്റെ കവിത പ്രതി എഴുതിയ കവിത പരിസ്ഥിതിയുടെ സൂക്ഷ്മജീവിതം കൂടി എഴുതുന്നു. വെളിച്ചം, മലയിടിക്കുന്ന ഒച്ച, പഴുത്ത പേരയ്ക്ക എന്നിങ്ങനെ നിരവധി കവിതകളില്‍ ഈയൊരു ഉണര്‍വുകാണാം. ദൃശ്യസമ്പന്നമായ ആവിഷ്‌കാരശൈലി  ബിനുവിന്റെ കവിതകളുടെ പ്രത്യേകതയാണ്. അലക്കുകാരി, കൈപ്പത്തി, മാഞ്ഞുപോയ ഭൂപടം തുടങ്ങി നിരവധി കവിതകളില്‍ ഇതു കാണാം.
(തേജസ് പത്രത്തിന്റെ 13.01.2013ലെ വാരാന്തപ്പതിപ്പ് ‘ആഴ്ച്ചവട്ട‘ത്തില്‍ പ്രസിദ്ധീകരിച്ചത്)

Friday, September 28, 2012

മലയാളം റിസേര്‍ച്ച് ജേണലിലെ സ്ത്രീവാദപഠനങ്ങള്‍ക്കൊരു ആമുഖക്കുറിപ്പ്



                         
                          അതിവിപുലവും ഗഹനവുമായ സംവാദസാധ്യതകളാണ്, പുതിയ കാലത്ത് സ്ത്രീവാദം തുറന്നു വെയ്ക്കുന്നത്. വളരെ അടിസ്ഥാനപരമായ പ്രശ്‌നങ്ങളെ ചരിത്രപരമായും വസ്തുനിഷ്ഠമായും അഭിസംബോധന ചെയ്തുകൊണ്ടുതന്നെ സ്വകാര്യ/ പൊതു മണ്ഡലത്തിന്റെ സമസ്ത മേഖലകളിലും ഇടപെടാന്‍ പ്രാപ്തമായ ഒരു ചിന്താപദ്ധതിയാണത്. വ്യക്തിപരമായത് രാഷ്ട്രീയ(വു)മാണ് (personal is political) എന്ന താക്കോല്‍ വാചകം തന്നെ സ്ത്രീവാദത്തിന്റെ ദാര്‍ശനിക സമഗ്രതയെയാണ് സൂചിപ്പിക്കുന്നത്. വെര്‍ണര്‍ ഹെര്‍സോഗിന്റെ 'എനിഗ്മ ഓഫ് കാസ്പര്‍ഹൗസ്'ലെ നായകന്റേതുപോലെ പൂര്‍ണ്ണവും അന്ധവുമായ നിഷ്‌കളങ്കതയില്‍ നിന്നോ നിര്‍ലേപതയില്‍ നിന്നോ അല്ല ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുക; മറിച്ച് അനുഭവപരവും വിശകലനാത്മകവുമായി ഉരുത്തിരിഞ്ഞ നിലപാടുകളും ചരിത്രപരമായ കാഴ്ചപ്പാടുകളുമായാണ് അവ സ്വരൂപിക്കപ്പെടുന്നത്. പല കോണുകളില്‍ നിന്നുള്ള പലതരം അന്വേഷണങ്ങളും ചോദ്യങ്ങളുമായി ഈ സമാഹാരത്തെ കാണാവുന്നതാണ്. ഒരു പക്ഷേ നാം സ്വയം ചോദിക്കുന്ന ചോദ്യങ്ങള്‍ അവയിലുണ്ടാകാം.. ഉത്തരങ്ങളേക്കാള്‍ സര്‍ഗ്ഗാത്മകവും ആത്മാര്‍ത്ഥവുമാണ് ഈ ചോദ്യങ്ങള്‍ എന്നു കാണാന്‍ പ്രയാസമില്ല. 
                   
                   ആധുനികവും ആധുനികോത്തരവുമായ സമീപനരീതികളും അഭിരുചികളും ഈ സമാഹാരത്തിലുണ്ട്. അവ പരസ്പരം ഇടഞ്ഞും ഇണങ്ങിയും കിടക്കുന്നതു കാണാം. അനുഭവങ്ങളും മനന നിരീക്ഷണങ്ങളും ചേര്‍ന്ന് അറിവിനെ സൈദ്ധാന്തികമാക്കാനുള്ള ശ്രമം പൊതുവേ എല്ലാ കുറിപ്പുകളിലും കാണാം. കേരളത്തിന്റെ സമകാലിക ലിംഗ വ്യവഹാരത്തിന്റെ പൊതു കാഴ്ചപ്പാടിനെയും അതിന്റെ ഔദ്യേഗിക സമീപനരീതികളെയും കൂടുതല്‍ രാഷ്ട്രീയവല്‍ക്കരിക്കുകയും ചെയ്യുന്നുണ്ട്, ഇവിടെ. വ്യത്യസ്തമായ വീക്ഷണകോണുകളും അനുഭവമേഖലകളും കൊണ്ട് അവയ്ക്കുള്ളില്‍ പ്രത്യയശാസ്ത്രപരമായ സൂക്ഷമബന്ധങ്ങള്‍ നിര്‍മിച്ചെടുക്കുക എന്നതു പ്രധാനമാണ്. അക്കാദമിക് പഠനമാതൃകകളുടെ പരിധിയ്ക്കുള്ളില്‍ നില്‍ക്കുമ്പോഴും ഈ പഠനങ്ങളുടെ രാഷ്ട്രീയപ്രസക്തി അതാണ്. പൊതുവായ ഔപചാരിക സ്ത്രീപരിഗണനകളില്‍ നിന്നു വ്യത്യസ്തമായി സവിശേഷസ്വത്വങ്ങള്‍ എന്ന നിലയില്‍ ദളിത്, പരിസ്ഥിതി, ക്വിയര്‍, മുസ്‌ളിം സംബന്ധമായ സൂക്ഷമാവബോധം ഈ സമാഹാരത്തിലെ സ്ത്രീവാദ പരിപ്രേക്ഷ്യത്തെ ബഹുലവും ബഹുസ്വരവുമാക്കുന്നതോടൊപ്പം കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കുകയും ചെയ്യുന്നു. പാശ്ചാത്യമായ സൈദ്ധാന്തിക പരികല്‍പനകളെ ആശ്രയിക്കുമ്പോഴും അവയ്ക്ക് കേരളീയസന്ദര്‍ഭത്തില്‍ ഉചിതമായ വ്യാഖ്യാനവും വിശകലനവും നിര്‍വഹിക്കപ്പെടുന്നുണ്ട്.

                           ഒരു ജ്ഞാനശാസ്ത്രവിഷയമെന്ന നിലയില്‍ സ്ത്രീവാദം ആധുനികതയുടെ നേട്ടങ്ങളെയും ഉള്‍ക്കാഴ്ച്ചകളെയും സ്വംശീകരിച്ചതെങ്ങനെയെന്ന് കെ.എം.വേണുഗോപാലന്റെ പ്രബന്ധം അന്വേഷിക്കുന്നു. സാംസ്‌കാരികമായ ബഹുതലകളോടും വ്യത്യസ്തതകളോടും പരസ്പരബഹുമാനം പുലര്‍ത്തുന്നതും അവയിലെ ആന്തരവൈരുദ്ധ്യങ്ങളെ അഭിസംബോധന ചെയ്യുന്നതും പരിവര്‍ത്തനോന്മുഖമായ ഒരു പുതിയ ദിശയിലേക്ക് സമൂഹത്തിന്റെ ഭാവനയെ തട്ടിയുയര്‍ത്താനും നയിക്കാനും കഴിയുന്നതുമായ ഒരു ജനാധിപത്യ ആധുനികതയെ ആണ് സ്ത്രീവാദം ഉള്ളടക്കുന്നത് എന്നദ്ദേഹം പറയുന്നു. ഇ.വി.രാമസ്വാമി നായ്ക്കര്‍ക്കും ജൂഡിത്ത് ബട്‌ലര്‍ക്കുമൊപ്പം വി.ടി.ഭട്ടതിരിപ്പാട്, വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ കുടങ്ങിയവരുടെ നിരീക്ഷണങ്ങളെ കൂടി ഉപജീവിച്ചുകൊണ്ടാണീ പഠനം നിര്‍വഹിച്ചിരിക്കുന്നത്.
                                  
                             ഡോ. ജെ.ദേവിക എഴുതിയ '
' Fantasy echo? Reflections on Republishing Early Modern Writing by Malayalee Women in Contempoary Kerala' എന്ന ലേഖനം സ്ത്രീചരിത്രരചനയുടെ സങ്കീര്‍ണ്ണതകളെയും സന്ദിഗ്ദ്ധതകളെയും പ്രശ്‌നവല്‍ക്കരിച്ചുകൊണ്ടുതന്നെ ആദ്യകാല സ്ത്രീവാദികളുടെ സംഭാവനകളെ വീണ്ടെടുക്കുന്നതിനെക്കുറിച്ചു പറയുന്നു. ജോവാന്‍ സ്‌ക്കോട്ട് പറയുന്നതു പോലെ വ്യത്യസ്ത സ്ഥലകാലങ്ങള്‍ക്കും സാമൂഹ്യപദവികള്‍ക്കും അതീതരായി സ്ത്രീകള്‍ ഭൂതകാലത്തില്‍ നിന്നുള്ള മാറ്റൊലിക്കു വശംവദരായിത്തീരുന്നു, പരസ്പരം ബന്ധിക്കപ്പെടുന്നു. വീണ്ടെടുക്കലിനെ ദേവിക ഒരു രാഷ്ട്രീയപ്രക്രിയ ആയി കാണുന്നു. മുഖ്യധാരാചരിത്രാഖ്യാനങ്ങളോടൊപ്പം സര്‍ഗ്ഗാത്മകതയെ സംബന്ധിക്കുന്ന പുരുഷ കേന്ദ്രിതബോധങ്ങളെയും നിശിതമായ ചോദ്യംചെയ്യലിന് വിധേയമാക്കുന്ന എഴുത്തിന്റെ നാള്‍വഴികളില്‍ ഊര്‍ജ്ജത്തിന്റെ സ്രോതസ്സുകള്‍ ആവാന്‍ മുന്‍തലമുറയിലെ പെണ്ണെഴുത്തുകളുടെ പുനര്‍വായനയ്ക്കു തീര്‍ച്ചയായും കഴിയും എന്നു ഡോ:ജെ.ദേവിക കരുതുന്നു.


                 ഡോ. ജാനകിയുടെ ''Acts of Survival:Afterlives of stories through women'' എന്ന പഠനം നമ്മുടെ മൈത്തിക ഭൂതകാലത്തിന്റെയും സാംസ്‌കാരിക ചരിത്രത്തിന്റെയും പുനരാഖ്യാനങ്ങളിലൂടെയും വ്യാഖ്യാനങ്ങളിലൂടെയും സ്ത്രീസ്വത്വം നേടുന്ന അതിജീവനത്തെക്കുറിച്ചു പറയുന്നു. മര്‍ദ്ദകമായ പിതൃമേധാവിത്ത സമൂഹത്തില്‍ ബദല്‍ സ്വത്വങ്ങളെക്കുറിച്ചുള്ള സ്വപ്നങ്ങളും ഭാവനകളുമാണ് സ്ത്രീകള്‍ വരമൊഴിയായും വാമൊഴിയായും ആവിഷ്‌കരിച്ചത്. ആചാരാനുഷ്ഠാനങ്ങള്‍, ഐതിഹ്യങ്ങള്‍, കലാരൂപങ്ങള്‍, മിത്തുകള്‍ എന്നിവയുടെ പ്രതീകാത്മകഘടനയിലേക്കു ഉള്‍ച്ചേര്‍ന്നുകൊണ്ട് സ്‌ത്രൈണതയെക്കുറിച്ചുള്ള സാംസ്‌കാരിക മിത്തുകള്‍ എങ്ങനെ ബലപ്പെടുന്നു എന്ന അന്വേഷണം പ്രധാനമാണെന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. ഹെലന്‍, മെഡൂസ, പണ്ടോറാ, ക്ലിറ്റംനെസ്ട്ര മുതലായ സ്ത്രീ മിത്തുകളെക്കുറിച്ചുളള വാര്‍പ്പുസങ്കല്‍പങ്ങളെക്കുറിച്ച് മറിന വെര്‍നര്‍ നടത്തിയ പഠനങ്ങള്‍,  എ.കെ. രാമാനുജനും പൗളൊ റിച്ച്മാനും വേല്‍ച്ചേരു നാരായണ റാവുവും മറ്റും സ്ത്രീകളുടെ വാമൊഴി പാരമ്പര്യത്തെക്കുറിച്ചു നടത്തിയ പഠനങ്ങള്‍, സത്യവതിയെ പോലുള്ള കീഴാള കഥാപാത്രങ്ങളെക്കുറിച്ച് മന്ദാക്രാന്തബോസ് നടത്തിയ പഠനങ്ങള്‍, ശകുന്തളയെക്കുറിച്ച് റൊമീലാ ഥാപ്പറും ഗാന്ധാരിയെക്കുറിച്ച് മധുശ്രബാ ദാസ് ഗുപ്തയും മീരാബായിയെക്കുറിച്ച് നാന്‍സി കെര്‍ഷ്വായും  നടത്തിയ പഠനങ്ങള്‍, നബനീതാസെന്‍ കണ്ടെത്തിയ ചന്ദ്രബതി രാമായണം, സാറാ ജോസഫിന്റെ രാമായണകഥകള്‍, എന്നിവയുടെ പ്രാധാന്യത്തെ എടുത്തുപറഞ്ഞുകൊണ്ട് ഇത്തരം വ്യാഖ്യാനങ്ങളുടെ വിധ്വംസകത ഒരു ബദല്‍സൗന്ദര്യശാസ്ത്രത്തെ നിര്‍മ്മിച്ചെടുത്തുവെന്നും അവര്‍ വിശദീകരിക്കുന്നു.

                               ഡോ: എ.കെ.ജയശ്രീയുടെ 'ആരോഗ്യം സ്ത്രീഭാവനയില്‍' എന്ന ലേഖനം വളരെ പ്രധാനപ്പെട്ട ഒരു പരിപ്രേക്ഷ്യത്തെയാണ് സ്ത്രീവാദ കാഴ്ച്ചപ്പാടില്‍ വിശകലനം ചെയ്യുന്നത്.നമ്മുടെ വികസന കാഴ്ച്ചപ്പാടുകളെയും സ്ത്രീകളുടെ സാമൂഹ്യപദവിയും കണക്കിലെടുത്തുകൊണ്ട് കേരളത്തിന്റെ ആരോഗ്യമേഖലയില്‍ നിലനില്‍ക്കുന്ന സ്ത്രീ പരിഗണനയെ വിമര്‍ശനാത്മകമായി വിലയിരുത്തുകയാണിവിടെ. ഒപ്പം സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ ഒരു സങ്കല്‍പ്പത്തെ ആരായുന്നു. വൈദ്യശാസ്ത്രം സ്ത്രീ/പുരുഷ സംവര്‍ഗ്ഗങ്ങളെ സംബന്ധിച്ച സങ്കല്‍പ്പങ്ങള്‍ എപ്രകാരം രൂപപ്പെടുത്തുകയും ക്രമീകരിക്കുകയും ചെയ്തുവെന്ന്  പുന:പരിശോധിക്കേതുണ്ടെന്ന് അവര്‍ പറയുന്നു. സ്ത്രീകളുടെ സ്വയം നിര്‍ണയനത്തിന്റെ കാഴ്ച്ചപ്പാടില്‍ ഭക്ഷണം , മരുന്ന് മുതലായ അടിസ്ഥാന വിഭവങ്ങളുടെ ലഭ്യത മാത്രമല്ല, അബോര്‍ഷനും ഗര്‍ഭനിരോധനവുമുള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിക്കണം.. തൊഴില്‍ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളും ലിംഗാധിഷ്ഠിതമായ വിവേചനങ്ങളും തമ്മിലുളള ബന്ധം കണക്കിലെടുക്കേതുണ്ട്. സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തിന്‍മേലുള്ള സ്വയം നിര്‍ണയാവകാശത്തെ മനസ്സിലാക്കേണ്ടത് ജനനനിയന്ത്രണം, ഭ്രൂണഹത്യ, അബോര്‍ഷന്‍, സിസേറിയന്‍ ശസ്ത്രക്രിയകള്‍, ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍, ആര്‍ത്തവപ്രശ്‌നങ്ങള്‍, പ്രത്യുല്‍പാദനനിരക്ക്, മാതൃമരണം, ലിംഗാനുപാതം, ആയുര്‍ദൈര്‍ഘ്യം ആത്മഹത്യാപ്രവണത, വിഷാദരോഗം, ഉല്‍ക്കണ്ഠ, ഹിസ്റ്റീരിയ, ഭ്രാന്ത് മുതലായ ശാരീരിക/ മാനസികാരോഗ്യ പരിഗണനകളിലാണെന്നവര്‍ പറയുന്നു.

                    സമകാലിക മാധ്യമങ്ങളിലെ സ്ത്രീ പ്രതിനിധാനത്തെ വിലയിരുത്തുന്ന മ്യൂസ് മേരി ജോര്‍ജ്ജിന്റെ ലേഖനം ചിഹ്നവിജ്ഞാനീയത്തെ അവലംബിച്ചുകൊണ്ട് മാധ്യമങ്ങളില്‍ നിര്‍മിക്കപ്പെടുന്ന സ്ത്രീ പാഠങ്ങളെ നിരീക്ഷിക്കുന്നു. പത്രങ്ങള്‍, മാസികകള്‍, ടി.വി. പ്രോഗ്രാമുകള്‍,പരസ്യങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ബ്‌ളോഗുകള്‍ തുടങ്ങിയവയിലൊക്കെ ലിംഗാധികാരം നിര്‍മ്മിക്കപ്പെടുന്നതും സാധൂകരിക്കപ്പെടുന്നതുമെങ്ങനെയെന്ന് അവര്‍ അന്വേഷിക്കുന്നു. തുടര്‍ന്നു വരുന്ന നാലു പ്രബന്ധങ്ങളും മുസ്‌ളീം,ദളിത്, പരിസ്ഥിതി,ക്വിയര്‍ തുടങ്ങിയ ന്യൂനപക്ഷ സ്വത്വങ്ങളില്‍ ഊന്നുന്നു.




            ഡോ:ഷംഷാദ് ഹുസ്സൈന്റെ  'ഇസ്‌ളാമിക സ്ത്രീവാദം' എന്ന ലേഖനം മുസ്‌ളിംസ്ത്രീ എന്ന സ്വത്വപദവിയെ തിരിച്ചറിയാന്‍ ഉതകുന്ന വിവിധ സമീപനങ്ങളെ ഉള്‍ക്കൊള്ളുന്നു. ഇസ്‌ളാമിനകത്തെ വൈവിധ്യങ്ങളെ മനസ്സിലാക്കിക്കൊണ്ടു മുസ്‌ളിം സ്ത്രീവാദികള്‍ നടത്തുന്ന വിവിധ മത പാരായണരീതികളെക്കുറിച്ചും അതിനപ്പുറം മുസ്‌ളിംസ്ത്രീപരിപ്രേക്ഷ്യം ആശയപരമായും അനുഭവപരമായും നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും ഈ ലേഖനം ചര്‍ച്ച ചെയ്യുന്നു.മുസ്‌ളിം സ്ത്രീകളുടെ പര്‍ദ്ദാസമ്പ്രദായത്തെയും ലൈംഗികാവയവഛേദനത്തെയുമൊക്കെ ചരിത്രപരമായി വിശകലനം ചെയ്യുകയും അവയുടെ വിവിധ വ്യാഖ്യാനങ്ങളെ വിലയിരുത്തുകുയും ചെയ്യുന്നുണ്ട്  ഇവിടെ. ഇവയിലേതെങ്കിലുമൊന്ന് ശരിയാണെന്ന നിലയ്ക്കല്ല , മറിച്ച് വ്യത്യസ്ത സംസ്‌കാരങ്ങളില്‍ പുലരുന്ന ഇസ്‌ളാമിക സ്ത്രീ വാദങ്ങളുടെ വൈവിധ്യങ്ങളെ എടുത്തുകാട്ടുകയാണിവിടെ ചെയ്യുന്നത്. പാരമ്പര്യം/ആധുനികത, പുരുഷാധികാരം/ സ്ത്രീയുടെ അടിമത്തം, മതവിശ്വാസം/ മതേതരത്വം എന്നിങ്ങനെ ഉറച്ചതും പരസ്പര വിരുദ്ധവുമായി കണക്കാക്കുന്ന ഒട്ടേറെ ദ്വന്ദങ്ങളെ ഇസ്‌ളാമിക സ്ത്രീവാദം ചോദ്യം ചെയ്യുകയും കീഴ്‌മേല്‍ മറിക്കുകയും ചെയ്യുന്നു.

                    പരിസ്ഥിതിയെയും സ്ത്രീവാദത്തെയും ദര്‍ശനപരമായി ബന്ധിപ്പിക്കുന്ന ഒരു ബൌദ്ധിക /പ്രവര്‍ത്തന പദ്ധതിയാണ് പരിസ്ഥിതിസ്ത്രീവാദം. ഡോ: സജിത കിഴിനിപ്പുറത്ത് പരിസ്ഥിതിസ്ത്രീവാദത്തെക്കുറിച്ച് എഴുതിയ പ്രബന്ധം അതിന്റെ  പ്രാഥമികമായ ആശയ ധാരകളെ അവതരിപ്പിക്കുകയും വളരെ നിര്‍ണായകമായ ഒരു വിമോചനപ്രത്യയശാസ്ത്രമെന്ന നിലയ്ക്ക് അതിന്റെ സംവാദസാധ്യതകളെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു. ഒപ്പം സുഗതകുമാരി, മയിലമ്മ, സി.കെ.ജാനു, ലീലാകുമരിയമ്മ മുതലായവരുടെ സംഭാവനകളെ വകയിരുത്തിക്കൊണ്ട്  കേരളീയ പൊതുമണ്ഡലത്തില്‍ പാരിസ്തിഹിക സ്ത്രീവാദത്തിന്റെ ചരിത്രത്തെ കണ്ടെടുക്കുകയും ചെയ്യുന്നു. ഇക്കോഫെമിനിസത്തിന്റെ  സാമ്പ്രദായിക പരികല്‍പനകള്‍ക്കെതിരായ വാദങ്ങളെയും ക്വിയര്‍ , മൂന്നാം ലോക , ദളിത് പരിഗണനകളുമായി ബന്ധപ്പെട്ടുകൊണ്ട്  അതിനുള്ള സംവാദ സാധ്യതകളെയും ഈ പഠനം അവതരിപ്പിക്കുന്നു.

                   പി.ലിസയുടെ പ്രബന്ധം അക്കാദമിക് രീതിശാസ്ത്രത്തിനുള്ളില്‍ നിന്നുകൊണ്ട്  ദളിത് സ്ത്രീവാദത്തിന്റെ  അതിരുകളും വ്യാപ്തിയും അന്വേഷിക്കുന്ന ഒന്നാണ്.പൊതുസ്ത്രീവാദത്തിന്റെ സാര്‍വ്വലൌകിക പരികല്‍പനകളെ പ്രശ്‌നവല്‍ക്കരിച്ചുകൊണ്ടും  സ്ത്രീകള്‍ ഒരൊറ്റ ഏകരൂപഗണമാണെന്ന ധാരണയെ പൊളിച്ചെഴുതിക്കൊണ്ടുമാണ് ദളിത് സ്ത്രീവാദം ഉയര്‍ന്നുവരുന്നത്. വര്‍ഗ്ഗം, ജാതി, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിലാണ് സ്ത്രീപ്രശ്‌നങ്ങള്‍ വിശകലനം ചെയ്യേണ്ടത് എന്ന ധാരണയാണ് പാശ്ചാത്യബ്‌ളാക്ക് ഫെമിനിസത്തോടൊപ്പം ഇന്ത്യന്‍ ദളിത് സ്ത്രീവാദവും പങ്കുവെയ്ക്കുന്നത്. ഗെയില്‍ ഓംവെദ്, ഷര്‍മ്മിള രെഗ്ഗെ, സിന്തിയാ സ്റ്റീഫന്‍, മാര്‍ഗരറ്റ്, കല്‍പനാ കണ്ണബീരാന്‍, വസന്ത കണ്ണബീരാന്‍, അനുപമാറാവു, ലീലാദുബെ, പാമ, സ്വരൂപാറാണി തുടങ്ങിയവരുടെ ചിന്തകളെയും സര്‍ഗ്ഗാത്മക സംഭാവനകളേയും സൂചിപ്പിക്കുന്നുണ്ട്  ഈ ലേഖനം. ഇന്ത്യന്‍ സാംസ്‌കാരിക പൊതുമണ്ഡലത്തില്‍ സ്വവര്‍ഗ്ഗലൈംഗികതയെ സംബന്ധിച്ച വ്യവഹാരങ്ങള്‍ പരിചരിക്കപ്പെടുന്നതെങ്ങനെ എന്ന അന്വേഷണമാണ് സംഗീത വിശ്വനാഥന്റെ  പഠനം നടത്തുന്നത്.നിര്‍ബ്ബന്ധിത ഭിന്നവര്‍ഗ്ഗലൈംഗികതയും ( compulsory hetero sexuality )അതിലൂന്നിയ പ്രത്യുല്‍പാദനപരമായ കുടുംബ( reproductive family)സംവിധാനങ്ങളും എപ്രകാരം സാംസ്‌കാരികമായ അധീശത്വത്തിലൂടെ ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവുമാകുന്നുവെന്നും അവര്‍ വിശദീകരിക്കുന്നു. ലിജി പുല്ലാപ്പള്ളി സംവിധാനം ചെയ്ത 'സഞ്ചാരം' എന്ന സിനിമയുടെ ആഖ്യാനത്തെയും പ്രമേയത്തെയും മുന്‍ നിര്‍ത്തിയുള്ള വിശകലനം സ്ത്രീപക്ഷ രാഷ്ട്രീയവും സൈദ്ധാന്തികധാരകളും ഇനിയും കടന്നു കയറേണ്ട  മേഖലകളെ ചൂണ്ടിക്കാട്ടുന്നുണ്ട്. ദീപാ മേത്തയുടെ 'ഫയര്‍', കരണ്‍ റസ്ദാനിന്റെ 'ഗേള്‍ ഫ്രണ്ട്' എന്നിവയില്‍ നിന്നൊക്കെ വ്യത്യസ്തമായി ഒഴിവാക്കലുകളോ നിര്‍ബ്ബന്ധമോ ഇല്ലാതെ തന്നെ സ്വവര്‍ഗ്ഗകാമനകള്‍ സ്വത്വാവിഷ്‌കാരത്തിന്റെ തളിരിടലായി 'സഞ്ചാര'ത്തില്‍ കാണാമെന്നും സംഗീത പറയുന്നു. വിര്‍ജ്ജീനിയ വുള്‍ഫ് തന്റെ  വിഖ്യാതമായ 'A room of one's own' എന്ന കൃതിയില്‍ നിര്‍വ്വചിക്കുന്ന 'ഞാന്‍' എപ്രകാരം സംസ്‌കാരം, ദേശീയത, പാരസ്പര്യം മുതലായവയ്ക്കകത്ത് കീഴായ്മപ്പെടുന്നു എന്ന അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ 'സഞ്ചാര'ത്തിലെ കാമനാവിനിമയങ്ങളെ നോക്കിക്കാണുകയാണ് സംഗീത.
                    
                               സ്ത്രീവാദ വ്യവഹാരങ്ങളില്‍ പൊതുവേ കടന്നുവരുന്ന വിഷയങ്ങളെ പരിഗണിച്ചുകൊണ്ട് അവയ്ക്ക് നവീനവും സമകാലികവുമായ പരിപ്രേക്ഷ്യങ്ങള്‍ നിര്‍മിക്കുകയാണ് മേല്‍പ്പറഞ്ഞ പ്രബന്ധങ്ങള്‍ ചെയ്തിട്ടുള്ളത്. എങ്കിലും നാടകം സിനിമ, സംഗീതം, ചിത്രകല, അനുഷ്ഠാനകല, ജനപ്രിയകല, ശാസ്ത്രം, ആഖ്യാനപാരമ്പര്യം തുടങ്ങി നിരവധി സുപ്രധാന മേഖലകള്‍ ഇനിയും പഠനവിധേയമാക്കേണ്ടതുണ്ട്. അത്തരം സവിശേഷ മേഖലകളിലൂന്നിയ സ്ത്രീ പരിപ്രേക്ഷ്യങ്ങള്‍ ഇതിനകം സ്ഥാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവ ഇവിടെ സമാഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. സ്ത്രീവാദ പഠനമേഖലയില്‍ പ്രസക്തമായ ഗ്രന്ഥങ്ങളുടെ പട്ടിക ഒടുവില്‍ ചേര്‍ത്തിരിക്കുന്നു. പൂര്‍ണവും സമഗ്രവുമായ ഒരു ഗ്രന്ഥസൂചിയല്ലെങ്കിലും അക്കാദമിക പഠിതാക്കള്‍ക്ക് പ്രയോജനപ്പെടുമെന്നു തന്നെ പ്രതീക്ഷിക്കുന്നു.

Tuesday, August 7, 2012

അനുഭവത്തിന്റെ പര്യായങ്ങള്‍


പെണ്ണെഴുത്ത് എന്ന സാമാന്യസംജ്ഞയ്ക്കുകീഴില്‍ അനുസരണപ്പെട്ടുനില്‍ക്കുന്നവയല്ല, ഈ സമാഹാരത്തിലെ കഥകള്‍. സ്ത്രീവാദത്തിന്റെ മാത്രമല്ല, എഴുത്തിന്റെ ഏതെങ്കിലും നിര്‍ദ്ദേശാത്മയുക്തികളെ അവ പരിഗണിക്കുന്നുണ്ടെന്ന്  പറഞ്ഞുകൂടാ. എന്നാല്‍ അനുഭവങ്ങളോടുള്ള സത്യസന്ധവും വൈകാരികവുമായ പ്രതിബദ്ധത-അതൊന്നിനോട് മാത്രമാണവയുടെ വിധേയത്വം. അനുഭവപരമായത് സര്‍ഗ്ഗാത്മകമാക്കുക എന്നതിലേക്കുള്ള അന്വേഷണങ്ങളാണീ കഥകളെല്ലാംതന്നെ. വ്യത്യസ്തദേശങ്ങളിലും സമുദായ ജാതിപദവികളിലും ജീവിച്ചുകൊണ്ട് തങ്ങളുടേതായ സവിശേഷാനുഭവങ്ങളുടെ, സ്ത്രീജീവിതത്തിന്റെ കഥനമുദ്രകള്‍ അവ പേറുന്നു. ജീവിതത്തിന്റെ ഏതോ ഘട്ടങ്ങളില്‍ എഴുത്തിലേക്ക് ജ്ഞാനസ്‌നാനം ചെയ്യപ്പെടുകയും ആലീസിന്റെ അത്ഭുതലോകത്തില്‍ മുയല്‍ അപ്രത്യക്ഷമായിട്ടും തങ്ങിനിന്ന മുയല്‍ച്ചിരിപോലെ എഴുത്തിന്റെ കുതിപ്പുമാത്രം അവശേഷിച്ചു. എന്നാല്‍ ജീവിതം മറ്റൊരു വഴിക്ക് ആമയെപ്പോലെ ഇഴയുകയും. എന്നാലെപ്പോഴോ അവരുടെ ചലനവും വേഗവും കാലുകളും പരസ്പരം കെത്തി. ഒരു ഇടമുറിച്ചിലിന്റെ ഇടര്‍ച്ചകള്‍ അവ പേറുന്നുണ്ടാവാം. എങ്കിലും പൊയ്ക്കാലുകളിലല്ല, സ്വന്തം കാലുകളില്‍ തന്നെയാണവയുടെ സഞ്ചാരം.
എഴുത്തില്‍, വിശേഷിച്ചും സര്‍ഗാത്മകരംഗത്ത് പിന്മടക്കങ്ങള്‍ അത്ര അസാധാരണമല്ലെന്ന് ഒരു പിന്‍നോട്ടം നമ്മോടു പറയുന്നു. ആഴവും കരുത്തുമുള്ള രചനകള്‍ക്കുശേഷം ദീര്‍ഘമായ മൗനത്തിലേക്കു പോയിട്ടും ഒട്ടുമേ ഉറക്കച്ചടവില്ലാതെ എഴുത്തിലേക്ക് കണ്‍മിഴിച്ചവരു്ണ്ട്. എന്‍.എസ്. മാധവനും ബാലചന്ദ്രന്‍ ചുള്ളിക്കാടും മറ്റും. സി.ആര്‍.പരമേശ്വരനും  മേതിലും എം.സുകുമാരനും മാത്രമല്ല, മാനസി, നളിനിബേക്കല്‍, കെ.ജി നളിനി, സുമിത്രാവര്‍മ, എന്‍.ചന്ദ്രിക മുതല്‍ വളരെയധികം എഴുത്തുകാരികള്‍ കഥയൊഴിഞ്ഞവരായു്ണ്ട്. എങ്കിലും പ്രത്യയശാസ്ത്രപരമോ ആഖ്യാനപരമോ മാധ്യമപരമോ ആയ പ്രതിസന്ധികള്‍ക്കെല്ലാമുപരിയായി സ്ത്രീയെഴുത്തുകാരികളുടെ മൗനത്തിന്റെ അടിയൊഴുക്കില്‍ മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ട് . താന്താങ്ങളുടെ മധ്യവര്‍ഗ കേരളീയ സ്ത്രീജീവിതത്തിന്റെ ഗതിവിഗതികളും പരിധിവിസ്താരങ്ങളും അനുഭവസംഘര്‍ഷങ്ങളും അവരെ അനിവാര്യമായൊരു സര്‍ഗ്ഗാത്മകമൗനത്തിലേക്കു തള്ളിവിട്ടു എന്നു കാണാന്‍ പ്രയാസമില്ല. വിവാഹം, കുടുംബം, പ്രസവം, മാതൃത്വം മുതലായ ഗാര്‍ഹികവല്‍കൃതമായ ചുമതലകള്‍ ഒരു എഴുത്തുകാരിയെ എത്രത്തോളം എഴുത്തില്‍നിന്നു പുറകോട്ടു വലിക്കും എന്ന് ലളിതാംബിക മുതല്‍ സിതാരവരെയുള്ളവര്‍ പറയുന്നുണ്ട്. കരയുന്ന കുഞ്ഞിനെ ക്രെഷിലാക്കി ലൈബ്രറിയുടെ നിശ്ശബ്ദതയിലേക്ക് ഓടിയെത്തി ഉള്ളില്‍ വെമ്പിനില്‍ക്കുന്ന ഒരു കഥയെഴുതാന്‍ തത്രപ്പെടുന്ന 'ഉണ്ണിക്കുട്ടന്റെ അമ്മയുടെ ഒരു ദിവസ'(ഗീതാഹിരണ്യന്‍)ത്തിലെ കഥാകാരി/ സ്ത്രീ തന്റെ ലിംഗകര്‍തൃത്വത്തില്‍ വന്നുവീഴുന്ന സമ്മര്‍ദ്ദങ്ങള്‍ ഒന്നൊന്നായി തുറന്നുകാണിക്കുന്നു. കരയുന്ന കുഞ്ഞിനെച്ചൊല്ലിയുള്ള വേവലാതിയടക്കിയും പാലു വിങ്ങി നിറഞ്ഞ മുല പിഴിഞ്ഞും എഴുത്തിലേക്ക് കടക്കാനാവാതെ പിടയുന്ന മനസ്സോടെ വൈകിട്ട് കുഞ്ഞിനെ തിരികെയെടുക്കാന്‍ ചെല്ലുന്നവള്‍ ചുട്ടുപൊള്ളുന്ന പനിയുള്ള കുഞ്ഞിനെ ചേര്‍ത്തു വിങ്ങുമ്പോള്‍ ബാക്കി നിര്‍ത്തുന്നത് എഴുതണോ എന്ന ചോദ്യം തന്നെയാണ്. ഇപ്രകാരം മലയാളത്തിലെ ഏതൊരു എഴുത്തുകാരിയും നേരിട്ട സ്ത്രീജീവിതത്തിന്റെ സവിശേഷസംഘര്‍ഷഭൂമികയ്ക്കുള്ളിലും അവര്‍ അതിജീവിച്ചുനേടിയെടുത്ത എഴുത്തിന്റെ ചരിത്ര പരതയ്ക്കുള്ളിലുമാണ് ഈ കഥാകാരികളുടെ നില്പിടം.
എഴുത്ത് എപ്പോഴും അധികബാധ്യതയാകേണ്ടിവരുന്നതിന്റെ ഭാരം, എഴുത്തുകാരി എന്ന പദവിയിലുള്ള ആത്മവിശ്വാസക്കുറവ്, എഴുത്തിലെ രൂപപരവും ഉള്ളടക്കപരവുമായ സന്ദിഗ്ദ്ധത, നിലനില്‍ക്കുന്ന ഭാവുകത്വവുമായ പൊരുത്തക്കേടുകള്‍, സ്വയം വെളിപ്പെടാനുള്ള മടിയും ഭയവും-  ഇതൊക്കെ സ്ത്രീയെഴുത്തില്‍ ചില മുദ്രകളാവുന്നതിനു കാരണം മേല്‍പ്പറഞ്ഞ സംഘര്‍ഷമാണ്. സ്ത്രീയവസ്ഥയുമായും അതിനാധാരമായ പൊതുകാഴ്ചപ്പാടുകളുമായുള്ള പോരാട്ടം സ്ത്രീയെഴുത്തില്‍ അനിവാര്യമാകുന്നത് അങ്ങനെയാണ്. അതുകൊുതന്നെ വ്യക്ത്യനുഭവങ്ങള്‍ ഒന്നിനൊന്ന് രാഷ്ട്രീയമാനമാര്‍ജ്ജിക്കുന്നു (personal is political)
ഈ കഥകള്‍ അവയുടെ ആവിഷ്‌കാരഘടനയേക്കാള്‍, രൂപപരവും ഭാഷാപരവുമായ സവിശേഷതകളേക്കാള്‍, അവയ്ക്കാധാരമായ അനുഭവങ്ങളില്‍ ഊന്നുന്നു. അതിലൂടെ മേല്‍പ്പറഞ്ഞ സംഘര്‍ഷങ്ങള്‍ കൂടുതല്‍ മൂര്‍ത്തവും സജീവവുമാകുന്നു. അനുഭവങ്ങളുടെ പ്രാമാണികതയെയും ആധികാരികതയെയും അനന്യതയെയും തന്നെയാണവ ഉറപ്പിക്കുന്നത്. ആവിഷ്‌കാരസങ്കേതങ്ങളുടെ ചട്ടക്കൂടുകള്‍ അവയ്ക്ക് പിന്നാലെ വന്നണയുക മാത്രമാണിവിടെ. കള്ളന്റെയും ലൈംഗികത്തൊഴിലാളിയുടെയും കന്യാസ്ത്രീയുടെയും  ഡ്യൂപ്പിന്റെയും കവിയുടെയുമൊക്കെ അനുഭവത്തിന്റെ പച്ചപ്പുകള്‍ ആത്മകഥനങ്ങള്‍ എന്നതിലുപരിയായി അപരലോകങ്ങളിലേക്കുള്ള വാതിലുകള്‍ കൂടിയായിരുന്നു. അനുഭവങ്ങളുടെ ഭാവുകത്വം അത്രമേല്‍ രാഷ്ട്രീയനിരപേക്ഷമായല്ല, ഇക്കാലം നമ്മെ അനുശീലിപ്പിച്ചത്. കഥയ്ക്കുള്ളിലെ ജീവിതസന്ദര്‍ഭങ്ങളുടെ ആഖ്യാനം നമ്മെ കൂടുതല്‍ മനുഷ്യരാക്കിത്തീര്‍ക്കുന്നത് അതുകൊണ്ടാണ്. സ്വന്തം അനുഭവങ്ങളോടുള്ള ഉത്തരവാദിത്തം ഒരു പൊതുബാധ്യതയായി ഏറ്റെടുത്തവരാണീ കഥാകാരികള്‍. ഒരേസമയം സ്ത്രീയായിരിക്കുകയും അതേസമയം സ്ത്രീയവസ്ഥകളില്‍നിന്നുകൊ് ജീവിതത്തിന്റെ അവസ്ഥാന്തരങ്ങളെ സര്‍ഗ്ഗാത്മകതയിലേക്കു പരിഭാഷപ്പെടുത്തുകയും ചെയ്യുമ്പോള്‍ സ്വന്തം സ്വത്വത്തോടുള്ള തീക്ഷ്ണമായ അഭിമുഖീകരണം ഏതൊരു എഴുത്തുകാരിയും നേരിടേിവരുന്നു. ഈ കഥകളില്‍ പലതിലും കാണുന്ന അന്തര്‍മുഖത്വത്തിന്റെ, ഉള്‍വലിയലിന്റെ, ഉള്‍സഞ്ചാരങ്ങളുടെ സ്വഭാവത്തെ ഇങ്ങനെ വിശദീകരിക്കാനേ കഴിയൂ. എന്നാല്‍ സ്വത്വത്തിനു നേരെ പിടിച്ച ഈ കണ്ണാടികള്‍ ഒരേതരം പ്രതിബിംബങ്ങളെയല്ല പ്രതിഫലിപ്പിക്കുന്നത്. എ.കെ.രാമാനുജന്റെ 'സെല്‍ഫ് പോര്‍ട്രെയിറ്റ്' എന്ന കവിതയിലെന്നപോലെ ഒരേസമയം മറ്റെല്ലാവരുമായുള്ള സാമ്യവും അതേസമയം അഗാധമായ വൈരുദ്ധ്യങ്ങളും സ്വയം തോന്നുന്ന അപരിചിതത്വങ്ങളും അവ കാഴ്ചപ്പെടുത്തുന്നു.
എല്‍സി താരമംഗലത്തിന്റെ രചനകള്‍ മലയാളത്തിന് പുതുമയല്ല. 'വെളിച്ചത്തിന്റെ ഗോപുരം' എന്ന കഥാസമാഹാരത്തിനുപുറമെ മലയാളത്തില്‍നിന്ന് ഇംഗ്ലീഷിലേക്കുള്ള ധാരാളം വിവര്‍ത്തനങ്ങളും അവരുടെതായുണ്ട്. ഏറെക്കാലത്തെ വിദേശവാസം മലയാളത്തിന് പരിചയമില്ലാത്ത ചില ജീവിതസന്ദര്‍ഭങ്ങളും ഭൂപ്രദേശങ്ങളും അവരുടെ കഥകളില്‍ എഴുതിച്ചേര്‍ത്തു. എല്‍സി താരമംഗലത്തിന്റെ കണ്ണുകളില്‍ രൂക്ഷമായ ജീവിതാനുഭവങ്ങള്‍ ഗൃഹാതുരതയും ഭ്രമാത്മകതയും ചേര്‍ന്നു പതിയുന്നു. ഭാവലോലതകള്‍ക്കും അലങ്കാരങ്ങള്‍ക്കുമപ്പുറം ജീവിതത്തിലെ കടുത്ത യാഥാര്‍ത്ഥ്യങ്ങളും വൈചിത്ര്യങ്ങളും അവയ്ക്കിടയിലെപ്പോഴോ കടന്നുവരുന്ന ഫാന്റസിയുമാണ് എല്‍സിയുടെ കഥകളുടെ പ്രതലം.
തമിഴ്‌വംശീയതയുടെയും പ്രവാസത്തിന്റെയും കലക്കങ്ങളാണ് 'ഒറ്റയാന്മാരി'ല്‍ തെളിയുന്നത്. 'മീനച്ചൂടില്‍ ലൊയിഹി'യില്‍ പാരിസ്ഥിതികമായ ചോദനകളെ തിരിച്ചുപിടിക്കാന്‍ പണിപ്പെടുന്ന നാഗരിക മനുഷ്യന്റെ പിടച്ചിലുകള്‍ കാണാം. 'നിമിഷേന മൃഗമാകുന്ന മനുഷ്യന്‍, പെറ്റു പെരുകുന്ന മനുഷ്യജന്തുവിന് ഇരയായി അവരുടെ തീരാത്ത ആര്‍ത്തികളില്‍ ഇല്ലാതാകുന്ന മൃഗജന്മങ്ങള്‍, പറവകള്‍, പ്രാണികള്‍, പരിതഃസ്ഥിതി, കാട്, മേട്, തോട്, ഹിമധ്രുവങ്ങള്‍ ഇവയുടെ ചുടലനൃത്തത്തില്‍ അവസാനിക്കുന്ന പ്രേതഭൂമി' ഒക്കെ ആകുലതകളായി ഇക്കഥയില്‍ നിറയുന്നു.
സില്‍വിക്കുട്ടിയുടെയും ഇ.കെ.ഷാഹിനയുടെയും കഥകള്‍ സ്ത്രീയവസ്ഥകള്‍ക്കുള്ളില്‍നിന്നുകൊ്ണ്ട് പ്രണയത്തെയും ലൈംഗികതയെയും കുറിച്ചെഴുതുന്നു. എന്നാലവരുടെ കഥകള്‍ തികച്ചും വ്യത്യസ്തമായി രുതരം പരിചരണരീതികളെ വെളിപ്പെടുത്തുന്നവയാണ്. സ്ത്രീകഥകളില്‍ പൊതുവെ കുവരാത്ത നര്‍മ്മം സില്‍വിയുടെ കഥകളില്‍ വേറിട്ടൊരു ഭാഷ തന്നെയാകുന്നു. കാല്‍പനികമായ ആത്മാനുതാപത്തില്‍നിന്നും കഥാകാരി സ്വയം കുടഞ്ഞുമാറുന്നത് ഈ നിസ്സംഗതയിലൂടെയും നര്‍മ്മത്തിലൂടെയുമാണ്.
ഗാര്‍ഹികതയിലും പൊതുവിടത്തിലും സ്ത്രീയില്‍ ആരോപിതമാവുന്ന, സ്ത്രീ സ്വയം സ്വാംശീകരിക്കുന്ന 'സ്ത്രീത്വ'വും അതിലടിഞ്ഞുകൂടിയ കീഴായ്മകളും വലിച്ചു പുറത്തിടാന്‍ കഴിവുള്ള ദൈനംദിന ജീവിതസന്ദര്‍ഭങ്ങളെ ജീവനോടെ അവതരിപ്പിക്കുന്നു സില്‍വി. 'സഹയാത്രിക'യില്‍ സന്തതസഹചാരിയായിരുന്ന മാരുതിക്കാറു വില്‍ക്കേണ്ടി വരുന്ന ലതികയും മാരുതിപ്പെണ്ണും തമ്മിലുള്ള സംഭാഷണമാണ് പെണ്ണനുഭവങ്ങളെ തുറന്നിടുന്നത്. ''....മേഡത്തിനറിയില്ലേ? ഏതു പുരുഷന്മാരും അങ്ങനെയാണ്. പ്രണയം ലഭിക്കുന്നതുവരെ അതിമൃദുലഹൃദയര്‍! ദുര്‍ബലര്‍! പിന്നീട് പ്രണയപാനം ചെയ്ത് കരുത്തരാകുന്നു. പെണ്ണിന്റെ ഹൃദയത്തിലെ പ്രണയം അവരെ അമാനുഷരാക്കും. അപ്പോള്‍ ആകാശംമുട്ടെ വളര്‍ന്നുനിന്ന് നമ്മളെ കുനിഞ്ഞുനോക്കിക്കൊ്ണ്ട് അവര്‍ ഇമ്മാതിരി വചനങ്ങള്‍ മൊഴിയും.'' മാരുതിപ്പെണ്ണിന്റെ വാക്കുകളാണിത്.
'മദ്യേ ഇങ്ങനെ കാണുന്ന നേരത്ത്'' എന്ന കഥയില്‍ പുരുഷന്മാരുടെ സ്വവര്‍ഗ്ഗസൗഹൃദമേളങ്ങള്‍ക്കിടയിലേക്ക് കയറിച്ചെന്ന് എഴുത്തും ചര്‍ച്ചയും സാഹിത്യസമ്മേളനങ്ങളും പങ്കിടുന്ന സംഗീത അവരെല്ലാം ചേര്‍ന്നുള്ള ഒരു മദ്യസദസ്സ് പ്ലാന്‍ ചെയ്യുന്നു. സംഗീതയെ പാചകത്തില്‍ സഹായിച്ചില്ലെങ്കിലും ലഹരിയുടെ ആദ്യഘട്ടം പിന്നിടുമ്പോള്‍ ദ്വയാര്‍ത്ഥങ്ങളിലും സ്ത്രീസങ്കീര്‍ത്തനങ്ങളിലും നാവു കുഴയുന്ന പുരുഷന്മാരെ സംഗീതയ്ക്ക് മടുക്കുന്നു. പുലര്‍ച്ചെ അലങ്കോലപ്പെട്ട മുറിയില്‍ എച്ചില്‍പ്പാത്രങ്ങളുടെയും ഛര്‍ദ്ദിയുടെയും നടുവില്‍ തികച്ചും ഒറ്റപ്പെട്ടുനില്‍ക്കുന്ന സംഗീത ആണ്‍പെണ്‍ ലോകങ്ങള്‍ തമ്മിലുള്ള ക്രൂരമായ അന്യവല്‍ക്കരണത്തെയും ഊര്‍ജ്ജസ്വലമായ ആണ്‍പെണ്‍സൗഹൃദങ്ങളുടെ അസാധ്യതയെയും തിരിച്ചറിയുന്നു. ആക്ഷേപഹാസ്യവും സൂക്ഷ്മനിരീക്ഷണങ്ങളും തുളച്ചുകയറുന്ന വിമര്‍ശനബുദ്ധിയും കരണത്തടിപോലുള്ള പ്രതിഭാഷണങ്ങളും നിറഞ്ഞ ആഖ്യാനമാണീ കഥകളുടെ പ്രത്യേകത. മലയാളത്തില്‍ ഇതുവരെയില്ലാത്ത ഒരു വരവാണിത്. നാം പരിചയിച്ച പെണ്ണെഴുത്തിന്റെ വ്യവസ്ഥകള്‍ക്കുമപ്പുറത്താണ് സമകാലികവും ദൈനംദിനവുമായ സ്‌ത്രൈണാനുഭവം എന്നവ കലഹത്തോടെ ഓര്‍മ്മിപ്പിക്കുന്നു.
അനുഭവങ്ങളുടെ ഒറ്റനിമിഷങ്ങളിലും ഒറ്റസന്ദര്‍ഭങ്ങളിലും ഊന്നിനിന്ന് ആഖ്യാനം ചെയ്യുന്നതിലുള്ള സാമര്‍ത്ഥ്യമാണ് ഷാഹിനയുടെ കഥകളെ വേറിട്ടതാക്കുന്നത്. 'ഒളിനോട്ട'ത്തില്‍ അമ്മയുടെ വിവാഹേതരബന്ധത്തെ ബാലികയായ മകള്‍ ഒളിഞ്ഞുനോക്കിയത് അമ്മ തിരിച്ചറിയുന്ന ഒറ്റസന്ദര്‍ഭത്തിലാണ് കഥയുടെ ഊന്നല്‍. ജീവിതത്തെ തകിടം മറിക്കാവുന്ന യാദൃഛികതയുടെ സ്‌തോഭവും നടുക്കവും ഭീഷണതയും അനുഭവിപ്പിക്കാന്‍ ഈ കഥയ്ക്ക് കഴിയുന്നു്. വിചാരങ്ങള്‍കൊണ്ട് ഭാഷയുടെ ചുളിവും മടക്കും നിവര്‍ത്തി വിരിച്ചിടാന്‍ കഴിയുന്ന ഷാഹിന കയ്യടക്കമുള്ള ഒരു കഥാകൃത്തുതന്നെ. സില്‍വിയുടെതുപോലെ പുറത്തേക്കു തുറന്ന ഭാഷയല്ല, മറിച്ച് മൂകതകള്‍ക്കകത്തും ചില നോട്ടങ്ങളിലും മൂളലുകളിലും നിശ്ശബ്ദതകളിലുമൊക്കെ പെരുമാറിക്കൊണ്ട് ബന്ധങ്ങള്‍ക്കകതത്തെ നേര്‍ത്ത നൂലിഴപോലും ഇഴ പിരിച്ചു കാട്ടിത്തരുന്നു ഷാഹിനയുടെ ഭാഷ. കഥാപാത്രങ്ങളുടെ ശക്തമായ ആന്തരികലോകത്തിന്റെ ശ്രുതിഭേദങ്ങളില്‍ ലയിച്ചുനില്‍ക്കുമ്പോഴും എവിടെയോ ചരടുവലിക്കുന്ന ഒരു അപരത്തെ നാം കാണുന്നു. ജീവിതം തന്നെ പലപ്പോഴും ഒരു പാവകളിയാണെന്നു പറയാനുള്ള ആയല്‍ ഈ കഥകളിലു്. കഥയെഴുത്തിന്റെ വഴികളും തടസ്സങ്ങളുമാണ് 'കഥാന്ത്യം'പറയുന്നത്. പെണ്ണെന്ന നിലയില്‍ എഴുത്തുകാരിക്കുാകുന്ന തുടര്‍ച്ചാഭംഗം, ഏകാഗ്രത കിട്ടായ്ക, സമയക്കുറവ്, കുടുംബത്തിന്റെ ഇടപെടലുകള്‍ മറ്റു ചുമതലകള്‍ ഒക്കെ ഈ കഥയ്ക്കുള്ളില്‍ തെളിഞ്ഞുനില്‍ക്കുന്നു. അവ സ്ത്രീയവസ്ഥയ്ക്കുമേല്‍ അടിഞ്ഞുകൂടിയ ലിംഗാധികാരക്രമത്തെത്തന്നെ പുറത്തേക്ക് വലിച്ചിടുന്നു്.
കുടുംബത്തിനകത്തെ സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും മൃദൂഷ്മളതയെ താങ്ങിനിര്‍ത്തുന്നത് സ്ത്രീയുടെ അദ്ധ്വാനവും ഗൃഹപരിചരണങ്ങളും കരുതലുകളുമാണെന്നുറക്കെ പറയുന്നു ദീപയുടെ 'ഒരു യാത്ര തികച്ചും അപ്രതീക്ഷിതമാകുമ്പോള്‍' എന്ന കഥ. സ്വന്തം മരണത്തെ ഒരു കാഴ്ചക്കാരിക്കുള്ളില്‍ കടന്നിരുന്നു വിശദീകരിക്കുമ്പോള്‍ കുടുംബമെന്ന മിഥ്യയും സ്‌നേഹത്തിന്റെ അനാഥത്വവും തെളിഞ്ഞുവരുന്നു. ദീപയുടെ 'കുഞ്ഞിമാളു' എന്ന കഥ എം.ടിയുടെ 'കുട്ട്യേടത്തി' യെയും കുഞ്ഞുണ്ണിമാഷുടെ 'കുറ്റിപ്പെന്‍സിലി'നെയും വികൃതമായി ഓര്‍മ്മിപ്പിക്കുന്നു. ബാഹ്യമായ വൈരൂപ്യമാണിവിടെ പ്രണയനിരാസത്തിന് കാരണമാകുന്നത്. സ്ത്രീപുരുഷവ്യവസ്ഥയ്ക്കുള്ളില്‍ സ്ത്രീയുടെ അഭിലഷണീയത അവളുടെ തൊലിപ്പുറമാണെന്ന തിരിച്ചറിവിന്റെ തീക്ഷ്ണതയും അതിനെതിരെ നാട്ടിയ കലാപക്കൊടിയും കുഞ്ഞിമാളുവിലൂടെ കടുപ്പത്തിലെഴുതുന്നു, ദീപ. 'തൂവല്‍ക്കുപ്പായ'ത്തിലും നിരാസവും സൗന്ദര്യനഷ്ടവും കൂടിച്ചേര്‍ന്ന്  സ്ത്രീയെ ഒറ്റപ്പെടുത്തുന്നു. രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഒരേ ഫ്‌ളാറ്റിലെ അന്തേവാസികളായി വീട്ടമ്മമാര്‍ സ്വയം നഷ്ടപ്പെട്ടവരും തിരസ്‌കൃതരുമായിത്തീര്‍ന്ന് തൂവല്‍ക്കുപ്പായം ധരിച്ച് ഒന്നിച്ച് ഇറങ്ങിപ്പോകുന്നു. അതിനുള്ളില്‍ ആകാരവടിവുകളോ ദാമ്പത്യത്തില്‍ പാലിക്കേ നിയമങ്ങളോ സഹിഷ്ണുതയുടെ പാഠങ്ങളോ പരുഷതയാര്‍ന്ന വാക്കുകളോ ഒന്നും അവരെ അലട്ടുന്നില്ല.
ശാന്തിപ്രയാഗയുടെ കഥകള്‍ ആര്‍ദ്രതയുടെയും മാര്‍ദ്ദവത്തിന്റേതുമായ ഒരു മനുഷ്യലോകത്തെ എപ്പോഴും കാത്തുവെയ്ക്കുന്നു. 'കൈതപ്പൂവിസ്മയ'ത്തിലും 'ചില്ലുവീട്ടിലെ ഒറ്റക്കുട്ടികളി'ലുമെല്ലാം ബന്ധങ്ങള്‍ക്കിടയിലെ അനുതാപത്തിന്റെയും കരുതലിന്റെയും നൂലിഴകള്‍ ഊടും പാവുമാകുന്നത് കാണാം. ചില്ലുവീട്ടിലെ മിനുസത്തറപോലുള്ള ഓരോ പിഞ്ചുമനസ്സിലും കരുതലോടെ പദം വെച്ചുനീങ്ങുന്ന ഗിരിജമിസ്സ് അതിരില്ലാത്ത വാത്സല്യവും കരുണയും മാതൃത്വവും തന്നില്‍ത്തന്നെ കുതിക്കുന്നതറിയുന്നു.
കെ.എം.ഷെരീഫയുടെ ആറുകഥകളും സമകാലികജീവിതത്തിന്റെ തി•കള്‍ക്കുനേരെയുള്ള കലഹങ്ങളാണ്. മതം ഒരു പുറംകവചമായിത്തീര്‍ന്ന അവസ്ഥയെ ഈ കഥകള്‍ കാണുന്നു. പെണ്‍കുട്ടികള്‍ സ്വന്തം പിതാവിനാല്‍ പോലും പിച്ചിച്ചീന്തപ്പെടുന്നതു നാം കാണുന്നു. ഉള്ളില്‍ പതഞ്ഞുപൊങ്ങുന്നത് പൊട്ടിത്തെറിക്കാതിരിക്കാന്‍ പ്രഷര്‍കുക്കറിന്റേതുപോലെ തലയ്ക്കുമുകളില്‍ ഒരു ദ്വാരം വേണമെന്നും എല്ലാം നിയന്ത്രിക്കാന്‍ സേഫ്റ്റി വാല്‍വും വെയ്റ്റും ഒക്കെ വേണമെന്നും ഷെരീഫയുടെ സ്ത്രീകള്‍ കരുതുന്നു. കാരണം ചുറ്റുമുള്ളതിനോടുള്ള ഗാഢമായ സംവേദനമാണ് അനുഭവങ്ങളോടുള്ള സൂക്ഷ്മസ്പന്ദനങ്ങളായി  ഇവര്‍ ഏറ്റുവാങ്ങുന്നത്.
മേല്‍പ്പറഞ്ഞ കഥകളെല്ലാം തന്നെ ജീവിതം, അനുഭവം, വൈകാരികത എന്നിങ്ങനെയെല്ലാമുള്ള പരിധികള്‍ക്കകത്തുനിന്നുകൊണ്ട് സര്‍ഗ്ഗാത്മകതയുടെ ഭാഷ്യം തേടുകയാണ്. അവ ഏതെങ്കിലുമൊക്കെ ശാശ്വതസത്യങ്ങളെ ന്യായീകരിക്കുകയോ വെളിപ്പെടുത്തുകയോ അല്ല. മറിച്ച് വാക്കുകളിലൂടെ അനുഭവങ്ങളെ വളഞ്ഞിട്ടു പിടിക്കുകയാണ്. കാരണം അനുഭവങ്ങള്‍ നമ്മെ കൂടുതല്‍ യാഥാര്‍ത്ഥ്യബോധമുള്ളവരാക്കുന്നു; ഒപ്പം മാനുഷികമായ പരിധികളെ കടന്നും ഭാവന ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. വരള്‍ച്ചയുടെ കാലത്ത് ആകാശത്ത് നിഴലിക്കുന്ന ശ്യാമമേഘങ്ങളെപ്പോലെ അവ അപ്രതീക്ഷിതവും അവിചാരിതവുമായി ഭാവിയിലേക്ക് പെയ്തിറങ്ങും. തുടര്‍ന്ന് അനിവാര്യമായ ഒരു പച്ചയില്‍നിന്ന് വിവിധ രാഗങ്ങളില്‍ ഋതുവിസ്താരം തുടങ്ങും.


(കൈരളി ബുക്സ് പ്രസിദ്ധീകരിച്ച ‘ആറ് ‘ എന്ന കഥാസമാഹാരത്തിനെഴുതിയ ആമുഖം)
                     

Tuesday, July 31, 2012

പാതിരാവെട്ടം (വി.എം.ഗിരിജയുടെ 'പെണ്ണുങ്ങള്‍ കാണാത്ത പാതിരാനേരങ്ങള്‍' എന്ന കവിതാസമാഹാരത്തെക്കുറിച്ചുള്ള ചില ആലോചനകള്‍)


                 പലതരം നേരങ്ങളും ഇടങ്ങളും പല മട്ടില്‍ ഇടപഴകുന്നു, ഗിരിജയുടെ കവിതയില്‍. അവയ്ക്കിടയില്‍ നാം ഒരുവളെ കാണുന്നു. പലവളായി. അവള്‍ ഇരയല്ല, വിധേയയുമല്ല. അതുകൊണ്ടവള്‍ സാവിത്രി രാജീവന്റെയും അനിതാ തമ്പിയുടെയും മറ്റും കവിതകളിലുള്ളതുപോലെ വീടുവിട്ടു പുറത്തേക്കു കടക്കുമ്പോഴും ഒരു പൊതുസ്ഥലത്തേക്കോ നാലും കൂടിയ പൊതുവഴിയിലേക്കോ അല്ല കടന്നു ചെല്ലുന്നത്. വീടിന്റെ പിന്‍വാതിലിലൂടെയിറങ്ങി, നടന്നും തിരഞ്ഞും രൂപപ്പെടുന്ന വഴിത്താരയിലൂടെ ഏതോ കാട്ടുപൊന്തകളിലേക്കും ഒഴുക്കും പരക്കലും തണുപ്പും തളം കെട്ടലും ചേര്‍ന്ന ജലപ്രകൃതിയിലേക്കുമാണവള്‍ ദുര്‍ഗയെ(പഥേര്‍ പാഞ്ചാലി)പ്പോലെ  എത്തുന്നത്.  പേരറിയാത്ത കാട്ടുപൂക്കളുടെ ഗന്ധം അവിടെ നിറയുന്നു.

പലമ
കാടും ജലവും ഇരുട്ട്, നിലാവ്, വെയില്‍ തണുപ്പ്, സന്ധ്യ, പ്രഭാതം എന്നീ നേരഭേദങ്ങളും ഗിരിജയുടെ കവിതയില്‍ കടന്നുവരുന്നത് പ്രാന്തവല്‍കൃതമായ ഒരു അപരത്വപദവിയിലല്ല. പതിവുമട്ടില്‍ കാല്പനികമെന്നും പറയാന്‍ കഴിയില്ല. പലതായി പകരുന്ന, സ്‌ത്രൈണതയുടെ മൂര്‍ത്തിഭേദങ്ങള്‍ അവിടെ തെളിയുന്നു. പ്രകൃതിയും സ്ത്രീയും പരസ്പരം പകര്‍ന്നു നില്ക്കുന്നു.

മന്ത്രവാദിനി എന്ന കവിത നോക്കൂ.

“രസമില്ലിങ്ങനെ.... നീ തളിര്‍ക്ക്”
തളിര്‍ പൊതിയുന്നൂ നിന്നെ
“ഒഴുകണം…. പരന്നോളമിളകാതെ വേണ്ട”
അപ്പോളൊഴുകുന്നു
“വിത്തായ് മണ്ണിലുറങ്ങ്”
ഉറങ്ങുന്നു വിരല്‍ കുടിച്ചൊരു കൂഞ്ഞെന്നപോലെ ശാന്തം ശാന്തം
                                                  

“മുലപ്പാലു നിറഞ്ഞു വിങ്ങുന്നു.
നീ വന്നു കുടിക്ക്” എന്ന് നിന്നെ
ഇളംപൈതലാക്കുമ്പോള്‍ നീ
ഒരു കയ്യാല്‍ പിടിച്ചും
 ചുണ്ടാല്‍ നുണഞ്ഞും പുഞ്ചിരിച്ചും….

പെണ്‍സ്വത്വത്തിന്റെ ഈ പലമ സ്ത്രീയായിരിക്കുക എന്നതില്‍ പ്രതീക്ഷിക്കപ്പെടുന്ന രാഷ്ട്രീയാധികാരികതയെ പരിഗണിക്കുന്നതേയില്ല. ബോധപൂര്‍വ്വതയേക്കാള്‍ പ്രബുദ്ധതയേക്കാള്‍ ജൈവികതയാണ് ഗിരിജയുടെ കവിതകളിലെ സ്ത്രീയവസ്ഥയുടെ ആധാരം. പുരുഷനോടും പുഴയോടും രാത്രിയോടും ആകാശത്തോടുമൊക്കെയുള്ള കാമനകള്‍ സ്വതന്ത്രമായി ആവിഷ്‌ക്കരിക്കപ്പെടുന്ന ജൈവികതയാണത്.  

ശരീരം
 ശരീരം ഗിരിജയില്‍ തികച്ചും മൂര്‍ത്തശരീരം തന്നെയാണ്. മുന്‍ സ്ത്രീകവികളിലെപ്പോലെ പ്രതീകാത്മകമല്ല. രതിയും മണവും മൃതിയും വയസ്സാവലും ഒക്കെ സഹജമാണതിന്. അതുകൊണ്ട്
പ്രായമേറുമ്പോള്‍ “എന്റെ ചുളിക്കയ്യ് തപ്പിനോക്കീട്ടെന്റെ
ഭംഗി, യഭംഗിയായി തോന്നീ” (പേടി) എന്നും “നരയ്ക്കല്ലേ  നരയ്ക്കല്ലേ ;
മുടിയിഴകളോട് താണുകേണു പറയുന്നൂ കാറ്റ്….” (തളിരിലകളായിരുന്ന തവിട്ടിലകള്‍)എന്നും
നേരിട്ടെഴുതുന്നു.
പുരുഷനോടുള്ള പ്രാപഞ്ചികമായ രതിവാഞ്ഛകളെ കവിതയില്‍ സമര്‍ത്ഥിച്ചെടുക്കുകയാണ് 'ജീവജലം' എന്ന മുന്‍സമാഹാരത്തിലെ 'അവന്‍' പോലുള്ള പല കവിതകളും ചെയ്തത്. ഈ കൃതിയില്‍ അതിന്റെ തെളിഞ്ഞ തുടര്‍ച്ച കാണാം.
കൂട്ടുകാരിയിടം
ആണ്‍/പെണ്‍ ദ്വന്ദ്വത്തിന്റെ ഘടന ശക്തമായി പ്രതിഫലിപ്പിക്കുന്ന സമകാലിക സ്ത്രീ കവിതകളില്‍ നിന്നും ഈ കവിതകള്‍ക്കുള്ള വ്യത്യാസം ഇതുമാത്രമല്ല. പെണ്ണും പെണ്ണും തമ്മില്‍ പങ്കുവെക്കുന്ന സഖീത്വം, ഇവിടെ പുതിയൊരു അടയാളമിടുന്നു. 'യോഗേശ്വരി' , 'ഒറ്റക്കായ ഒരു കളിക്കൂട്ടുകാരിയോട്'. 'പഴയ ഒരു കൂട്ടുകാരി നബീസ' എന്നിിങ്ങനെ ഒരു പാടുകവിതകള്‍ ഉദാഹരണം. . സ്ത്രീ ഇവിടെ ഒരു ഗണമാണ്. വിജയലക്ഷ്മിയും സുഗതകുമാരിയും പങ്കിടുന്ന കാല്പനിക ഏകാകിനിയായ ഞാന്‍ അല്ല ഇവിടെ സ്ത്രീത്വം. ആത്മകേന്ദ്രിതത്വം ആരോപിക്കാവുന്ന സന്ദര്‍ഭങ്ങളിലും ആത്മരതിയോ ആത്മാനുതാപമോ പ്രവണമല്ല എന്നതും ശ്രദ്ധേയം. സ്ത്രീ ഒരു സ്ഥിരമായ ഏകാത്മക സത്തയുമല്ല അഴിച്ചുവെക്കാനും പുനര്‍ജ്ജനിക്കാനും കഴിയുന്ന പലരൂപങ്ങള്‍ അവര്‍ സ്വപ്‌നം കാണുന്നു. പലതായി മാറി പലതിലേക്കു സംക്രമിച്ചു ഭൂമി മുഴുവന്‍ പടര്‍ന്നു പ്രപഞ്ചമായി പരക്കാനുള്ള സ്വത്വാഭിവാഞ്ഛകളാണത്. അതുകൊണ്ടുതന്നെ പ്രത്യക്ഷാര്‍ത്ഥത്തിലൂടെ ഒരു രാഷ്ട്രീയ കൂട്ടായ്മയായി(Political Collective) ഈ പെണ്ണിടത്തെ കാണേണ്ടതില്ല. അത്തരം കൂട്ടായ്മകള്‍ ഇവിടെ പരോക്ഷമായി നിര്‍ണയിക്കപ്പെടുകയും ചെയ്യുന്നു.

വാര്‍പ്പുവിമോചനങ്ങള്‍ക്കെതിരെ

ഉറച്ച ലോകങ്ങളോടുള്ള അന്യത്വം കൊണ്ടും അകലം കൊണ്ടും വരഞ്ഞെടുത്ത സവിശേഷമായ ലിംഗഭാവുകത്വമാണീ കവിതകളുടെ കാതല്‍. സ്ഥിരമൂല്യങ്ങള്‍ക്കകത്ത് അവ അര്‍ത്ഥം തിരയുന്നില്ല. നടപ്പു വിമോചന ശീലങ്ങളുടെ ഉറച്ച അടയാളങ്ങള്‍ നാമതില്‍ തിരഞ്ഞാല്‍ വഴിതെറ്റും.

''പേടിയാവുന്നൂ കൂട്ടുകാരാ 

യുക്തി/ചരിത്രം/ രാഷ്ട്രീയം
ലോകം/മനുഷ്യന്‍/സ്ത്യം
എന്നിങ്ങനെ ഉറച്ചു നീ പടുക്കുന്നു
ലോകത്തിന്റെ താക്കോലുകള്‍'' (പലയിടങ്ങള്‍)
 

ഇപ്രകാരം സത്താവാദപരമായ സ്ത്രീ നോട്ടങ്ങളെ പ്രശ്‌നവ ല്‍ക്കരിക്കാന്‍ കഴിയുന്ന ഒരിടം ഗിരിജ തന്റെ അനുഭൂതിഭാവനകള്‍ക്കുള്ളില്‍
കണ്ടെത്തുന്നു എന്നത് സ്ത്രീവാദത്തെസംബന്ധിച്ചും
കാവ്യചരിത്രത്തെ സംബന്ധിച്ചും പ്രസക്തമാണ്.
അതുകൊണ്ടുതന്നെ പ്രതിബ
ദ്ധസ്ത്രീവാദത്തിന്റെ ലളിതഭാവുകത്വമെന്നു തോന്നുന്ന ഈ  'തലക്കെട്ട് പെണ്ണുങ്ങള്‍ കാണാത്ത പാതിരാ നേരങ്ങള്‍' നമ്മെ ഗുണപരമായി വഞ്ചിക്കും. പകരം പഴയ ഒഴിവിടങ്ങളില്‍ വീഴുന്ന , ഈ അരണ്ടവെളിച്ചത്തില്‍ ചില പുതിയ ഇടങ്ങള്‍  നമ്മില്‍ത്തന്നെ തുറക്കും.

(2011-2012 കേരളകവിതയില്‍ പ്രസിദ്ധീകരിച്ചത്)






Wednesday, July 11, 2012

കവിതയുടെ ദ്വീപുകള്‍ (2012 മെയ് മാസത്തെ കവിതയെക്കുറിച്ചുള്ള സാമാന്യാവലോകനം)


''ഒരു നഗരത്തില്‍ ഒരു അനീതിയുണ്ടായാല്‍
സൂര്യനസ്തമിക്കുന്നതിനുമുമ്പ് അതു ചോദ്യം ചെയ്യപ്പെടാത്തപക്ഷം
ആ നഗരം കത്തിയമരണം''-ബ്രെഹ്ത്
''................................
അരനൂറ്റാണ്ടിനിപ്പുറം
ഞങ്ങള്‍ വിളിക്കുന്നു!
വരൂ, കാണൂ,
ഈ രക്തത്തിലെ തെരുവ്
ആര്‍ത്തി, ആസക്തി, ആരവം....''
                    -കെ.ജി.ശങ്കരപ്പിള്ള('വരൂ,കാണൂ,ഈരക്തത്തിലെ തെരുവ് (നെരുദയ്ക്ക്)')
    ഇരുന്നിട്ട് എഴുന്നേറ്റാലെന്നവണ്ണമുള്ള ഒരുയര്‍ച്ച, വളര്‍ച്ച ചില സമയം കവിത ആര്‍ജ്ജിക്കും. അഗാധമായ മാനുഷികതയുടെയും പ്രതിരോധത്തിന്റെയും ആള്‍പ്പൊക്കത്തില്‍ നിന്നുകൊണ്ട് എന്നോ ചിതറിപ്പോയ നമ്മെ ഒന്നിച്ചുചേര്‍ത്ത് എല്ലാവരോടുമായി, എന്നാല്‍ ഓരോരുത്തരോടുമെന്നവണ്ണം ചിലതുപറയും. അത്തരമൊരു സന്ദര്‍ഭത്തിലാണ് 'വെട്ടുവഴി' (കെ.ജി.ശങ്കരപ്പിള്ള, മാതൃഭൂമി, മെയ് 27-ജൂണ്‍2) തുറക്കപ്പെടുന്നത്. ചോരയുടെ ഈ ചുവപ്പ്, ഈറന്‍ ചെറുതാപം നമ്മെ മയക്കത്തിലേക്കല്ല, ഉണര്‍ച്ചകളിലേക്കാണ് ഇത്തവണ കൂട്ടിപ്പിടിച്ചത്. ഹതാശമായ ജനമനസ്സാക്ഷി സര്‍വ്വശക്തിയുമെടുത്ത് കവിതയില്‍ കുടഞ്ഞെണീക്കുന്നു.
    യഥാര്‍ത്ഥ്യത്തിന്റെമേല്‍ വാരിച്ചുറ്റപ്പെട്ട അവസാനത്തെ ആവരണവും മറനീങ്ങുമ്പോള്‍ കവി അനുഭവിക്കുന്ന 'പരിവേഷനഷ്ടം' കവിതയുടേതു കൂടിയാണ്. അപ്പോള്‍ അനുഭവത്തിനും കവിതയ്ക്കും ഒരു വരമ്പിടമേയുള്ളു. അവിടെ വായനക്കാരും കവിയും  അന്യരല്ല. 'അജ്ഞാതരായ മനുഷ്യരുമായുള്ള സാഹോദര്യം' (നെരൂദ) പങ്കിടുന്ന വിപ്ലവകാരിയെപ്പോലെ തന്നെ കവിയും. മുന്നൊരുക്കങ്ങളില്ലാത്ത ഒരു പരുക്കന്‍ ഉദ്വേഗത്തില്‍ നിന്ന് അനിവാര്യമായി കവി വാക്കുകളിലേക്ക് പിടഞ്ഞെണീക്കുകയാണിവിടെ. അപ്പോള്‍ ചന്ദ്രശേഖരന്റെ ചരിത്രം എക്കാലത്തെയും തത്സമയമാകുന്നു.
    വാങ്മയത്തില്‍ നെരുദയും യേശുവും ('ഒറ്റുമ്മ') ജയകൃഷ്ണന്‍ വധവും വന്നുചേരുന്ന കവിത ഹിംസയ്‌ക്കെതിരായ മനുഷ്യവാഞ്ഛയാണ്. തീര്‍ച്ചയായും നീതി, സ്വാതന്ത്ര്യം, നിര്‍ഭയത എന്നിവ ഇവിടെ വാക്കുകളല്ല, ആഴത്തില്‍ നീരോടുന്ന ഭാഷതന്നെയാണ്. ഒപ്പം അത് സംസ്‌കാരത്തിന്റെ മാലിന്യങ്ങളെ ഒഴുക്കില്‍ കഴുകുന്നു. ജഡമായിത്തീരുന്ന ജനാധിപത്യത്തെക്കുറിച്ചുള്ള താക്കീതായി കവിത ഒടുവിലിങ്ങനെ:
''ഒരു ചോദ്യത്തിന്റെ കടം ബാക്കി:
അവരുടെ വെട്ടുന്ന വെട്ടൊക്കെ
അവരിലും കൊള്ളുന്നതെന്ത്?''
    വീരാന്‍കുട്ടിയുടെ 'രക്തംസാക്ഷി'യില്‍ (തോര്‍ച്ച - ഏപ്രില്‍-മെയ് 2012)
'വീണതല്ലവന്‍ വീണ്ടുമുയിര്‍ക്കുവാന്‍/വിത്തുപോലെ മറഞ്ഞിരിപ്പുണ്ടവന്‍' എന്ന ഉറപ്പാണുള്ളത്. കെ.സി.ഉമേഷ് ബാബുവിന്റെ 'മനുഷ്യനും' (മെയ് 25 സമകാലിക മലയാളം), ആലങ്കോട് ലീലാകൃഷ്ണന്റെ 'കൊന്നവന്റെ ശമ്പളവും' (മെയ് 21 മാധ്യമം) അബ്ദുള്ള പേരാമ്പ്രയുടെ 'നക്ഷത്രങ്ങളിലേക്കാ നീളുന്നത'ും  ഇതേ പ്രമേയത്തെ പങ്കിടുന്നു. (മെയ്26-ജൂണ്‍1 ജനശക്തി) ഘനലോഹമുദ്രകളാല്‍ പൂട്ടിയ തുരുമ്പിച്ച നാവുകളുടെ മൗനത്തെക്കുറിച്ചും (മനുഷ്യന്‍) കൊന്നവന്‍ ഏറ്റംവാങ്ങേണ്ട പകയെക്കുറിച്ചും (കൊന്നവന്റെ ശമ്പളം) അതിര്‍ത്തികളെ ഭേദിച്ച് പായുന്ന മരിക്കാത്ത വേരുകളെക്കുറിച്ചുമാണവ എഴുതുന്നത്.
    ഗദ്യത്തിന്റെ അമര്‍ന്ന താളം കേള്‍ക്കാം അനിതാതമ്പിയുടെ 'പ്രേതം' (മാതൃഭൂമി മെയ് 6-12) എന്ന കവിതയില്‍. ഭ്രമാത്മകത ഇവിടെ ബോധത്തിന്റെ വ്യത്യസ്തമാത്രകള്‍ക്കിടയിലുള്ള ആകസ്മികമായ പകര്‍ന്നാട്ടങ്ങളാണ്. പ്രചണ്ഡമായ ഒരു മഹാഭോഗത്തെക്കുറിച്ചുള്ള അമ്പരപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്ന രൂപകം ഫാന്റസിയല്ല, ശക്തമായ ഉപധ്വനികളോടെ അബോധത്തില്‍ ക്രമപ്പെടുന്ന വാസ്തവികത തന്നെയാണ്. ലൈംഗികതയുടെ സൂക്ഷ്മധ്വനികള്‍കൊണ്ട് കൂര്‍പ്പിച്ചുവരച്ച സിംഗിള്‍സ്‌ട്രോക്കിലുള്ള ഒരു ഒറ്റച്ചിത്രം.  ഇരുട്ടിന്റെ അധോലോകത്തിനും സന്ധ്യയുടെ മാദകമായ മങ്ങലിനും മറയ്ക്കാന്‍ കഴിയാത്ത  ചോദ്യങ്ങളായവ ചീര്‍ത്തുപൊന്തുന്നു. സ്ഥലം, കാലം, ശരീരം ഒക്കെ ചേര്‍ന്ന ഒരു ഉള്‍നാടന്‍ (അവരാതിവെയില്‍, ഉടുമുണ്ട്. തേവിടിശ്ശിക്കര, അടിവായ) കേരളീയ അംബോധം ഈ കവിതയ്ക്കുള്ളില്‍ വീര്‍പ്പടക്കുന്നുണ്ട്.
''അന്നോളം പിറന്ന പെണ്ണുങ്ങളത്രയും
മുഖം മിനുക്കി
മുടിക്കെട്ടില്‍ പൂ ചൂടി
ആടിക്കുഴഞ്ഞ് വഴി നിറഞ്ഞ്
പ്രചണ്ഡ മഹോഭോഗത്തിലേക്ക് ക്ഷണിയ്ക്കുന്നതുകണ്ട്
അന്തം വിട്ടുണര്‍ന്ന്
എണ്ണമറ്റ ചുണ്ടുകളും മുലകളും അടിവായകളും വിട്ട്
കുതിച്ചു വന്ന നിലകിട്ടാനീറ്റില്‍ പൊങ്ങിത്താണ്....'' ചത്തു ചീര്‍ത്തു പൊന്തിയത് നമ്മുടെ ലിംഗസദാചാരത്തിന്റെ പ്രേതമോ? എങ്കിലും ഒരു 'തേവിടിനട' (slut walk?)യുടെ സ്വപ്നച്ചതുപ്പില്‍ അതിന് അങ്ങനെ നിലകിട്ടാതാവുമോ?
    സംസ്‌ക്കാരപഠിതാക്കള്‍ക്ക് 'പ്രേത'ത്തോടു ചേര്‍ത്തുവെച്ചു വായിക്കാന്‍ കൗതുകം തോന്നുന്ന കവിതയാണ് ആര്‍.വേണുഗോപാലിന്റെ  ടെസ്സമോളേ, ഇതു സിറിലാ...'' (മാതൃഭൂമി, മെയ് 6-12) ഹിംസാത്മകവും നീചവുമായ സമകാലിക ലിംഗാധികാരത്തിന്റെ സൂക്ഷ്മഭാഷ്യമാണീ കവിത. പക്ഷേ വാചാലതയും ഭാഷണവുമാണീ ആഖ്യാനത്തിന്റെ സാമഗ്രികള്‍. കാനഡയിലേക്കുപോയ ടെസ്സയോട് സിറില്‍ നടത്തുന്ന ഏകഭാഷണത്തിന്റെ രൂപത്തിലാണീ കവിത. കോട്ടയത്തിന്റെ പ്രാദേശികച്ചുവ നല്‍കുന്ന ലാഘവം നിറഞ്ഞ കൂസലില്ലായ്മ ഈ വാമൊഴിയിലുണ്ട്. ''ആടറിയാതെ ആടിനെ മലമ്പാതയിലൂടെ അറവുശാലയിലേക്കു നയിക്കുന്ന'' വിവരണത്തിന്റെ സംക്ഷിപ്തത പൗരുഷത്തിന്റെ അപനിര്‍മിതിയാണു സാധിക്കുന്നത്. '22 ഫിമെയ്ല്‍ കോട്ടയം' എന്ന പുതുസിനിമയുടെ സംസ്‌കാരികാഭിരുചിയില്‍ നിന്നു പഴുതുകളില്ലാതെ  കൂടുതല്‍ സമര്‍ത്ഥമായി നിര്‍ധാരണം ചെയ്‌തെടുക്കുന്ന സംസ്‌ക്കാരപാഠമാവുന്നുണ്ട്, ഇവിടെ കവിത.
    സച്ചിദാനന്ദന്റെ 'ആഴ്ചകള്‍' (ഭാഷപോഷിണി,മെയ്2012) ബിംബസമൃദ്ധമാണ്. 'നരകത്തിന്റെ അടുക്കളയില്‍ നിന്ന് അടിയില്‍ പിടിച്ചുപോയ പാലിന്റെ പുകമണമുള്ള തിങ്കളാഴ്ച'യും 'ദുര്‍മ്മന്ത്രവാദിനിയുടെ കറുത്ത കളസമിട്ട് ശവപ്പെട്ടിമേലുയര്‍ന്ന് ചീറിവിളിച്ചുവരുന്ന ശനിയാഴ്ച'യും ആധുനികതയുടെ മുദ്രകളെ മടക്കിവിളിയ്ക്കുന്നു. ഒരാഴ്ചയുടെ ചാക്രികപ്രയാണത്തിനൊടുവില്‍ 'ഞായറാഴ്ച വെളിച്ചം മങ്ങിയ കൊച്ചു മുറിയിലേക്ക് ആഴ്ചകളെക്കുറിച്ചു കവിതയെഴുതാനായി പിന്‍വാങ്ങുന്ന കവി'യെ, കാലത്തിന്റെ ദൈനംദിനപരതയ്ക്കിടയില്‍ പതിയിരിക്കുന്ന അലഘുവായ ഏതോ വിശുദ്ധവിഷാദം പിടികൂടുന്നു.
    കുരീപ്പുഴ ശ്രീകുമാറിന്റെ 'മൈന' (മാതൃഭൂമി മെയ് 15-19) ഒരു വെറും കിളിയല്ല. അത് കുട്ടികള്‍ സ്‌കൂളില്‍പോയി വരുമ്പോള്‍ പിച്ചിത്തണലിലും ചെമ്മീന്‍ പുളിയുടെ പച്ചക്കമ്പിലും പാറിയിരുന്ന് അഭിവാദ്യം ചെയ്യും. പെണ്ണിന്റെ ഏകാന്ത ദുഃഖങ്ങളില്‍ സാക്ഷിയായും കേള്‍വിയായും മൈനയുണ്ട്. ദുരവസ്ഥയിലെ കാവ്യസന്ദര്‍ഭങ്ങളുമായുള്ള പാഠാന്തരബന്ധം കൂടി കവിതയ്ക്കു മിഴിവേകുന്നുണ്ട്.
''മൈനയിടയ്ക്ക് തുളമ്പുന്നൂ,
ചാത്തന്‍ വന്നൂ, ചാത്തന്‍ വന്നൂ
എമ്പ്രാട്ടീയെമ്പ്രാട്ടീ''
    ഗിരിജ.പി.പാതേക്കരയുടെ 'ടച്ച് മീ നോട്ട്' (മാധ്യമം,മെയ് 7, 2012) 'മേഘസന്ദേശങ്ങള്‍' (ഭാഷാപോഷിണി, മെയ് 2012) എന്നീ രണ്ടു കവിതകളും പെണ്ണകങ്ങളിലേക്കുള്ള  വഴികളാകുന്നു. 'രാവിലെ അടുപ്പില്‍ കറുത്ത ദോശക്കല്ലില്‍ വെളുത്ത പൂക്കളെ വിരിയിക്കുന്ന പെണ്ണും്' 'കുളിര്‍കാറ്റേറ്റ് പഴയ പ്രണയഗാനംകേട്ട് ബസ്സിന്റെ സൈഡ് സീറ്റിലിരിക്കുന്ന ആണും്' പങ്കിടുന്ന സ്ഥലകാലങ്ങള്‍പോലെ തന്നെ ആന്തരിക അനുഭവലോകങ്ങളും എത്ര വേറിട്ടത് എന്ന തിരിച്ചറിവ് കവിതയിലുണ്ട്. പരസ്പരം പകരാനാവില്ല എന്ന ബോധ്യത്തിലും കത്തിയ്ക്കും കുക്കറിനുമിടയില്‍ ബാധ്യതയും ബാധയുമാകുന്ന പ്രണയം...! 'ടച്ച് മീ നോട്ട്' പെണ്ണിന്റെ താരള്യങ്ങളെ കുടഞ്ഞെറിയുന്നു, തൊട്ടുപോകരുതെന്ന ഒരാജ്ഞയില്‍. എന്‍.ദിവ്യയുടെ 'ഭ്രൂണം' (മാധ്യമം, മെയ് 14) പെണ്ണിന്റെ ഉടലിനും മനസ്സിനുമിടയില്‍ പരതുന്നു, മരിച്ച വിചാരങ്ങളുടെ ഭ്രൂണത്തെ.
 എതിര്‍ദിശയുടെ മെയ് ലക്കം പെണ്‍കവികളുടെ ഒരു നീണ്ട നിര തന്നെ കാഴ്ചവെയ്ക്കുന്നു. സ്ത്രീയുടെ എഴുത്തും ജീവിതവും അനുഭവവും തമ്മിലുള്ള പാരസ്വര്യങ്ങളെ കൊരുക്കുന്നു ബിന്ദുകൃഷ്ണന്‍ 'കവിത' എന്ന കവിതയില്‍. 'കടുകുമണമുള്ള രാവിലത്തെ തിടുക്കങ്ങളെ ഓര്‍ക്കാപ്പുറത്തുവന്നു കെട്ടിപ്പിടിക്കുന്ന സ്വപ്നങ്ങളെ'തേടുന്നു ഇന്ദുലേഖയുടെ 'ഉറക്കം' എന്ന കവിത. മ്യൂസ്‌മേരിയുടെ 'കുടുംബകോടതി'യില്‍ മിണ്ടാട്ടം വിഴുങ്ങിയ ആനിയമ്മയെ കുറിച്ചെഴുതുന്നു. വിഷുക്കണി കാണലിന്റെ ഗ്രാമീണഗൃഹാതുരചിത്രം വരയുന്നു, വി.എം. ഗിരിജ (കണികാണല്‍). വിജലക്ഷ്മിയുടെ 'മുട്ട' എന്ന കവിത ആദിയുമന്തവുമില്ലാത്ത മുട്ടയുടെ ആകാരത്തിനും ചുറ്റും പതിയിരിക്കുന്ന 'നിരാധാരമായ ശൂന്യത'യെക്കാണുന്നു. വാഴ്‌വിന്റെ മഹാത്ഭുതത്തില്‍ വിസ്മയിക്കുമ്പോഴും വാഴിക്കാനല്ല, വീഴ്ത്താനാണ് പൂതനയുടെ മാതൃചേതന ആഗ്രഹിക്കുന്നത്. ആശാലതയുടെ 'അങ്ങനെ അന്ന് ആദ്യമായിട്ട്'എന്ന കവിത സ്വവര്‍ഗപ്രണയത്തിന്റെ സാമൂഹ്യപാഠങ്ങളിലേക്കു കൂടി അടിയൊഴുക്കു തേടുന്നു. ഒപ്പം ചങ്ങമ്പുഴയുടെ രമണനും മദനനും അവര്‍ക്കിടയിലേക്കുവന്ന വെള്ളിനക്ഷത്രം എന്ന പെണ്ണും അവര്‍ക്കിടയിലെ പ്രണയം ആരിലേക്ക് എങ്ങനെയൊക്കെ എന്തുകൊണ്ട് എന്നൊക്കെ ബോധപൂര്‍വ്വമായ ഒരു അകാല്പനികതയില്‍ തിരയുന്നുമുണ്ട് കവിത. അമ്മുദീപയുടെ 'വിധവാവിലാപം' വിധവയുടെ വേവലാതികള്‍ തന്നെ. കെ.വി.സുമിത്രയുടെ 'ഉപ്പുമര'വും കലാചന്ദ്രന്റെ 'രണ്ടുകവിതകളും' കാല്പനികതരളതയുടെ ഏകഭാഷണങ്ങള്‍.
വി.കെ.ജോസഫിന്റെ 'പ്രണയ കവിതകള്‍' (മാധ്യമം മെയ് 14) അനാമിക.എസിന്റെ 'പെരുമഴക്കാലങ്ങള്‍' (മെയ് 4, മലയാളം) തുടങ്ങിയ രചനകള്‍ ലോലകാല്‌നികതയുടെ വഴുക്കലില്‍ അതിവൈകാരികത തീര്‍ക്കുന്നു. റഫീഖ് അഹമ്മദിന്റെ കവിതയ്ക്ക് പ്രണയത്തിന്റെയും മരണത്തിന്റെയും കോടിമണം ('മരണമെത്തുന്ന നേരത്ത്'  ഭാഷാപോഷിണി,മെയ്12) പ്രണയത്തിന്റെ ഉന്മാദം നിറഞ്ഞ വഴികള്‍ മരണത്തെയും മറികടന്ന് ഒരു പുല്‍ക്കൊടിയായെങ്കിലും ഉയിര്‍ത്തെഴുന്നേല്ക്കുമെന്നും കവി ആശിക്കുന്നു.
    ബിജോയ് ചന്ദ്രന്റെ 'പുലികളി' (സമകാലികമലയാളം,മെയ്4) റോസി തമ്പിയുടെ 'തിരക്കഥാകാമ്പിലേക്കുള്ള അപേക്ഷ' (പച്ചകുതിര, മെയ് 2012) എല്‍. തോമസ് കുട്ടിയുടെ 'ഇരട്ടനാവ്' പച്ചക്കുതിര മെയ് 2012) എന്നിവ കാവ്യപ്രമേയങ്ങളുടെ വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമാണ്. ദേശമംഗലം രാമകൃഷ്ണന്റെ  'ഉടഞ്ഞു ചിതറലേ ഗതി' (സമകാലികമലയാളം,മെയ് 18) ഗൃഹാതുരതയില്‍ത്തന്നെയാണ് കവിത തേടുന്നത്. അഗസ്റ്റിന്‍ കുട്ടനെല്ലൂരിന്റെ  'മണ്‍കോലങ്ങള്‍'  (സമകാലിക മലയാളം, മെയ് 11) തീച്ചൂളയില്‍ ചുട്ടെടുത്ത ജീവിതങ്ങളെ വരച്ചിടുന്നു. ദിവാകരന്‍ വിഷ്ണുമംഗലം തുമ്പപ്പൂവിന്റെ ആസന്നവംശനാശത്തില്‍ പിടയുന്നു.
('തുമ്പ' - സമകാലിക മലയാളം,മെയ്11)
    പത്രാധിപരുടെ വിലക്കു മൂലം ചര്‍ച്ചയ്ക്കു വിഷയമായ പ്രഭാവര്‍മയുടെ 'ശ്യാമമാധവം' (സമകാലിക മലയാളം മെയ് 18) മാധവന്‍ പുറച്ചേരിയുടെ 'വര്‍ക്കിയുടെ വെളിപാടു പുസ്തകം' (അകംമാസിക,മെയ്2012) സുന്ദരം ധനുവച്ചപുരത്തിന്റെ 'ടാഗോറിന്റെ ഗാന്ധാരി പറയുന്നു' (കലാകൗമുദി,മെയ്27) എന്നീ കവിതകള്‍ ദീര്‍ഘമായ കാവ്യരചനകളിലേക്കുള്ള പരിശ്രമങ്ങളാണ്. ജഡിലമായ കാവ്യസങ്കല്പങ്ങള്‍ കൊണ്ടുളവാകുന്ന മടുപ്പ് സുന്ദരത്തിന്റെ കവിതയ്ക്ക് മങ്ങലേല്പിക്കുന്നു. വി.എച്ച് ദിരാറിന്റെ 'സത്യകാമന്‍' (ദേശാഭിമാനി,മെയ്27) പ്രകൃതിയും മനസ്സും തമ്മിലുള്ള ലയം എന്ന സങ്കല്പത്തെ പുനരാനയിക്കുന്നു. ആലങ്കോടിന്റെ 'കാട്ടിലായിരിക്കുമ്പോള്‍'   (മാതൃഭൂമി,മെയ്20-26) ഒറ്റജീവിതത്തിനുമേല്‍ നിറയുന്ന അനാഥത്വത്തിന്റെ ബദലായി പ്രകൃതിയിലെ ജീവകോടികളുടെ പാരസ്പര്യം കണ്ടെത്തുന്നു.
    ആദിത്യശങ്കറിന്റെ 'ഒറ്റ'(തോര്‍ച്ച,ഏപ്രില്‍-മെയ്2012) ഓര്‍മ്മയുടെയും ഏകാകിതയുടെയും വ്യത്യസ്തമായൊരു ഭാഷ്യം തേടുന്നുണ്ട്. സിനിമയിലെന്നപോലെ മഴജനാലയ്ക്കലുള്ള നോക്കിനില്പും ഒറ്റക്കിരുന്ന് ഓര്‍മപെയ്യുന്ന തീവണ്ടിഗാര്‍ഡും പുതുരൂപങ്ങള്‍ തീര്‍ക്കുന്നു. കരുണാകരന്റെ 'മരങ്ങള്‍' (തോര്‍ച്ച ഏപ്രില്‍ മെയ് 2012) അമൂര്‍ത്തചിത്രങ്ങളുടെയും സര്‍റിയലിസ്റ്റു ബിംബങ്ങളുടെയും കൊളാഷ്...
    സോമന്‍കടലൂരിന്റെ 'ഇരുട്ടില്‍' (മലയാളം മെയ് 11) ബിജുകാഞ്ഞങ്ങാടിന്റെ  'ഇടതുപക്ഷമേ' (തോര്‍ച്ച,ഏപ്രില്‍-മെയ്2012) എന്നീ കവിതകള്‍ പരസ്പരം ചേര്‍ന്നു നില്ക്കുന്നു, പ്രസ്ഥാനത്തിനുള്ളില്‍ വ്യക്തിയനുഭവിക്കുന്ന പ്രതിസന്ധിയെയും അന്യവല്‍ക്കരണത്തെയും എഴുതുന്നു എന്ന നിലയ്ക്ക്. ജനാധിപത്യത്തിന്റെ പാതി തീര്‍ന്ന സ്വപ്നങ്ങളുടെ ഒരു മ്യൂസിയം കവി ചുരുങ്ങിയ വാക്കുകളില്‍ വരയുന്നു. എം.പി.പ്രതീഷിന്റെ 'മനുഷ്യര്‍' (തോര്‍ച്ച) മനുഷ്യന്‍ എന്ന ബഹുവചനത്തെയെഴുതുന്നു. അവരൊക്കെ പ്രകൃതിയില്‍ പണിയെടുക്കുന്നു, കലയെടുക്കുന്നു. എം.ആര്‍.വിബിന്റെ 'ചാഞ്ഞും ചരിഞ്ഞുമിരിക്കും നേരങ്ങള്‍' പേരില്ലാത്ത ചില നേരങ്ങളെ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു. കണ്ടുകണ്ടു സ്വന്തമായിത്തീരുന്ന കാഴ്ചകള്‍ ഈ കവിതയ്ക്കുള്ളിലുണ്ട.് കളത്തറഗോപന്റെ 'ഇത്രയല്ല' (തോര്‍ച്ച) കവിതയ്ക്കുള്ളിലെ മാനുഷികതയുടെ പ്രവര്‍ത്തനം ആരായുന്നു. ലാല്‍രഞ്ചന്‍ ജീവിതത്തിന്റെ കയ്പ്പുകളെ ഭാഷണമാക്കുന്നു. ('കറുത്ത ഫലിതം'-തോര്‍ച്ച)
    ഭാഷയില്ലാതെ വെറും വാക്കുകളുമായി വരുന്ന സന്ദര്‍ശകരില്‍ മടുത്ത് മഞ്ഞുമൂടി ഒറ്റപ്പെട്ട ദ്വീപിലേക്ക് ചെല്ലുന്നതിനെക്കുറിച്ച് സ്വീഡിഷ് കവി ട്രാന്‍സ്‌ട്രോമര്‍ എഴുതുന്നു, 'മാര്‍ച്ച് 1979' എന്ന കവിതയില്‍. മനുഷ്യരാല്‍, അവരുടെ പലതരം പ്രവര്‍ത്തികളാല്‍, വളര്‍ച്ചകളാല്‍ മെരുക്കപ്പെട്ടിട്ടില്ലാത്ത ആ ദ്വീപില്‍ വാക്കുകളില്ല, ഭാഷ മാത്രം.... എഴുതപ്പെടാത്ത താളുകള്‍ എങ്ങും പരന്നുകിടക്കുന്നു. മണ്ണില്‍ ഒരു കലമാനിന്റെ കുളമ്പടയാളങ്ങള്‍... ഭാഷ, പക്ഷേ വാക്കുകൡ. മെരുക്കപ്പെടാത്ത വാക്കുകള്‍ക്കായി കുതിക്കുന്ന ഭാഷതന്നെയാകട്ടെ വരും കവിത.
(2012 ജൂണ്‍ ലക്കം സാഹിത്യചക്രവാളത്തില്‍ പ്രസിദ്ധീകരിച്ചത് )

Tuesday, March 27, 2012

പുതുമഷി തേടുന്ന പെണ്‍കവിത





അമേരിക്കയിലെ വാള്‍
സ്ട്രീറ്റ് പ്രക്ഷോഭകരോട് സിസെക്ക് നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം ഉദ്ധരിക്കുന്ന കമ്മ്യൂണിസ്റ്റ് കാലത്തെ ഒരു പഴയ തമാശക്കഥയുണ്ട്. കിഴക്കന്‍ ജര്‍മ്മനിയില്‍ നിന്ന് ഒരാളെ ജോലിക്കായി സൈബീരിയയിലേക്കയച്ചു. തന്റെ കത്തുകളെല്ലാം സെന്‍സര്‍ ചെയ്യുമെന്ന് അയാള്‍ക്കറിയാമായിരുന്നു.അതുകൊണ്ടയാള്‍ തന്റെ സുഹൃത്തുക്കളോട് പറഞ്ഞു, “നമുക്കൊരു കോഡ് ഉണ്ടാക്കാം. നിങ്ങള്‍ക്കു കിട്ടുന്ന കത്ത് നീലമഷിയില്‍ ഉള്ളതാണെങ്കില്‍ അതു സത്യമാണ്. ചുവന്ന മഷിയിലുള്ളതാണെങ്കില്‍ അതു നുണയാണ്.'' ഒരു മാസം കഴിഞ്ഞപ്പോള്‍ അവര്‍ക്ക് ആദ്യത്തെ കത്തു കിട്ടി. എല്ലാം നീലമഷിയിലാണ്. കത്തില്‍ പറയുന്നു, “ഇവിടെ എല്ലാം മനോഹരമാണ്.ഹോട്ടലുകള്‍ നിറയെ ഭക്ഷണം, സിനിമാ തിേയ്യറ്ററുകള്‍ നല്ല വിദേശസിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു, വീടുകള്‍ വലുതും സൗകര്യം നിറഞ്ഞതുമാണ്. ആകെ വാങ്ങാന്‍ കിട്ടാത്ത ഒരു വസ്തു ചുവന്ന മഷി മാത്രം!'' സ്ത്രീജീവിതത്തിനും സ്ത്രീസര്‍ഗ്ഗാത്മകതയ്ക്കും അങ്ങേയറ്റം യോജിക്കുന്ന സങ്കീര്‍ണമായ രൂപകാത്മകതയുണ്ട് ഈ കഥയ്ക്ക്. ഇങ്ങനെയാണ് നമ്മള്‍ ജീവിക്കുന്നതെന്ന് സൂചിപ്പിക്കുകയാണ് സിസെക്ക്. നമുക്ക് വേണ്ടതെല്ലാമുണ്ട്, ഒരര്‍ത്ഥത്തില്‍ സ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍ ആകെയില്ലാത്തത് ചുവന്ന മഷിയാണ്. ചുവന്ന മഷികൊണ്ടെഴുതേണ്ടത് നീലമഷികൊണ്ടെഴുതിയാലെന്നത്ര അസംബന്ധതയുണ്ട് പൊതു എഴുത്തില്‍ വരച്ചിടുന്ന സ്ത്രീസത്തയ്ക്ക്.

ആധുനികാനന്തരകവിതയിലെ വിശേഷിച്ചും അനിതാതമ്പി, വി.എം.ഗിരിജ എന്നിവരുടെ രചനകളിലെ സ്ത്രീയവസ്ഥയെയും സ്ത്രീസ്വത്വത്തെയും കുറിച്ചുള്ള ആഖ്യാനങ്ങള്‍ ലിംഗപദവിയെ സംബ
ന്ധിച്ച കാഴ്ച്ചപ്പാടില്‍ നിന്നുകൊണ്ടു മനസ്സിലാക്കാനും വിശദീകരിക്കാനുമാണ് ഇവിടെ ശ്രമിക്കുന്നത്. സ്ത്രീയെ ഒരു സവിശേഷ സംവര്‍ഗമെന്ന നിലയില്‍ ആധുനികരും ആധുനികാനന്തരരും ഏതൊക്കെയര്‍ത്ഥത്തില്‍ പരിചരിച്ചു എന്നാരായുന്നിടത്തുനിന്നാണ് ഈ അന്വേഷണം തുടങ്ങേണ്ടത്. മലയാള കവിതയിലെ ആധുനികത ആഖ്യാനത്തിലും അനുഭവത്തിലും ഒരു അധീശസാന്നിധ്യമായിരുന്നു. കേന്ദ്രസ്ഥമായ ആശയങ്ങള്‍, തീക്ഷ്ണസ്വരത്തിലുള്ള വികാരവിചാരാവിഷ്‌ക്കാരങ്ങള്‍, ആഖ്യാനപരമായ ബഹുലതയും പരീക്ഷണങ്ങളും ചരിത്രത്തേയും പ്രത്യയശാസ്ത്രത്തേയും അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രമേയങ്ങള്‍, എന്നിങ്ങനെ വലിയ എടുപ്പുകള്‍ അവിടെ സാദ്ധ്യമായിരുന്നു. ആധുനികതക്കുശേഷം വന്ന കവിതകള്‍ രൂപപരമായിത്തന്നെ അയവുള്ള ഒരു ഘടനയിലാണ് എഴുതപ്പെട്ടത്. ഏതാണ്ടു പൂര്‍ണ്ണമായും തന്നെ ഗദ്യഘടനയുടെ ഒരു ശയ്യ അവ നിരന്തരം സൂക്ഷിച്ചുപോന്നു. സ്ഥാപിതമായ ആധുനികതാ മൂല്യങ്ങളോടുള്ള പ്രതികരണങ്ങളും വിമര്‍ശനങ്ങളും അവയില്‍ ഒരു രാഷ്ട്രീയയുക്തിയായി തീരുന്നുണ്ട്.


ആധുനികാനന്തര സ്ത്രീകവിതകളില്‍ വളരെ പ്രത്യക്ഷത്തിലുള്ള വൈവിധ്യങ്ങളും പുതുമകളും ആഖ്യാനഭേദങ്ങളും കാണാം. സ്ത്രീപക്ഷം എന്ന നിലപാടിന്റെ ചുരുക്കെഴുത്തുകളായല്ല മറിച്ച് അവയുടെ വി
പുലീകരിക്കപ്പെട്ട സാദ്ധ്യതകളായി വേണം അവയെ കാണാന്‍. മലയാളകവിതയിലെ സ്ത്രീയവസ്ഥ എന്നത് കേവലമായ സ്ത്രീയവസ്ഥയുടെ സമാഹൃതമായ ഒരു ഏകകമായല്ല, മറിച്ച് അവസ്ഥകളുടെയും സ്വത്വങ്ങളുടെയും ബഹുലതയും പലമയുമായാണ് ഇന്നു കാണാന്‍ കഴിയുക. വിജയലക്ഷ്മി, വി.എം.ഗിരിജ, റോസ് മേരി, ഗീതാ ഹിരണ്യന്‍, അനിതാ തമ്പി, ആശാലത, കവിതാ ബാലകൃഷ്ണന്‍, റോഷ്‌നിസ്വപ്‌ന, ഗിരിജാ പാതേക്കര, ബിന്ദു കൃഷ്ണന്‍, മ്യൂസ് മേരി, കെ.ആര്‍.ഇന്ദിര, പ്രമീളാദേവി, ധന്യ, ജെനി ആന്‍ഡ്രൂസ്, വിജില, സഹീറാതങ്ങള്‍, സംപ്രീത, സെറീന, സന്ധ്യ, ഡോണാ മയൂര, ദേവസേന ,അഭിരാമി തുടങ്ങിയ പെണ്‍കവികളുടെ നീണ്ടനിര സ്ത്രീയാവുക എന്ന അനുഭവത്തിന്റെ സൂക്ഷ്മഭേദങ്ങളെ ആഖ്യാനം ചെയ്യുന്നു. പുതുമലയാളകവിതയുടെ പൊതുഭാഷയ്ക്കകത്ത് അവരുടെ ആഖ്യാനങ്ങള്‍ ഭാഷാഭേദങ്ങളായി പരിഗണിയയ്ക്കപ്പെടുകയാണുണ്ടായത്. എന്നാല്‍ അവ തികച്ചും വ്യത്യസ്തമായ മറ്റൊരു വിനിമയയഭാഷതന്നെയായി നാം കണക്കിലെടുക്കേണ്ടതുണ്ട്. അല്ലെങ്കില്‍ മേല്‍പറഞ്ഞ പൊതു ആഖ്യാനങ്ങളുടെ തുടര്‍ച്ചയായിത്തന്നെ അവ മനസ്സിലാക്കപ്പെടും.

വിജയലക്ഷ്മി, സാവിത്രീരാജീവന്‍, റോസ് മേരി എന്നിവരുടെ ഒന്നാം നിര രചനകളില്‍ സ്‌ത്രൈണതയെക്കുറി
ച്ചുള്ള സമര്‍ത്ഥനങ്ങള്‍ വന്നു തുടങ്ങിയിരുന്നു. എങ്കിലും പെണ്ണെഴുത്തില്‍ മലയാളകഥ സഞ്ചരിച്ച ദൂരം കവിത സഞ്ചരിച്ചില്ല. സാഹിത്യത്തിലെ ആണ്‍കോയ്മയുടെ നടുത്തുണ്ടമായ ആധുനികതയുടെ ബാധ പൂര്‍ണമായും ഒഴിഞ്ഞുപോകാത്ത ഒരുഘട്ടത്തിലാണിവരുടെ രചനകള്‍ പുഷ്‌കലമായിത്തീര്‍ന്നതും. ആധുനികതയില്‍, അതിന്റെ ദര്‍ശനത്തില്‍ അരച്ചു ചേര്‍ക്കപ്പെട്ട'ഞാന്‍' എന്ന കാല്‍പനിക അസ്തിത്വവാദ ഏകാകിയുടെ ഘടന ഇവരില്‍ മൂവരിലും കാണാമെങ്കിലും ഏറിനില്‍ക്കുന്നത് വിജയലക്ഷ്മിയിലാണ്. കവിത കൂടുതല്‍ പ്രബുദ്ധവും രാഷ്ട്രീയോന്മുഖവുമായ പ്രവര്‍ത്തിയായിക്കൂടി കാണുന്നതിനാലാവാം സാവിത്രിയില്‍ ചിലപ്പോഴൊക്കെ പ്രഭാഷണപരത ഏറിനില്‍ക്കുന്നു. പലപ്പോഴും അവ പ്രസ്താവനയുടെ ശൈലിയിലുള്ള ഗദ്യകവിതയായി നില്‍ക്കുന്നു. അവ ഒരു കുറവ് എന്ന നിലയ്ക്കല്ല, മറിച്ച് ഒരു സവിശേഷതയായാണ് എടുത്ത് പറയുന്നത്. ആണ്‍ / പെണ്‍ വൈകാരികപ്രപഞ്ചത്തെയും കടന്ന് ലിംഗഘടനയെത്തന്നെ ഒരു അധികാരവ്യവസ്ഥയായി പുതുക്കിയെഴുതാന്‍ സാവിത്രി ശ്രമിക്കുന്നത് അതുകൊണ്ടുകൂടിയാണ്. കുടുംബം, രാഷ്ട്രീയം, സംസ്‌കാരം, ദേശീയത എന്നിവയെ സമകാലികമായി അഭിമുഖീകരിച്ചു കൊണ്ടാണ് ഈ പുതുക്കിയെഴുത്ത്. 'സാരി', 'ചന്ദ്രിക', 'ശിഖണ്ഡി', 'കുലുക്കം', 'നിവൃത്തി', 'അവള്‍' എന്നിങ്ങനെ നിരവധി കവിതകള്‍ ഉദാഹരണം.

ആധുനികതയുടെ സ്വരൂപം ഏകശിലാത്മകമായല്ല സാക്ഷാല്‍ക്കരിക്കപ്പെട്ടതെന്ന് ഇന്നു നാം സമ്മതിക്കുന്ന ഒരു കാര്യമാണ്. പലതരം ആധുനികതകളാണ് യഥാര്‍ത്ഥത്തില്‍ നിലനിന്നത് എന്നും നമുക്കറിയാം. ചരിത്രത്തോടുള്ള അഭിമുഖീകരണങ്ങളെ ആണ്‍ / പെണ്‍ കവിതകള്‍ ആവിഷ്‌കരിച്ചതിന്റെ വ്യതിയാനഭേദങ്ങള്‍ പക്ഷേ പലമയുടെ യുക്തിയില്‍ വിശദീകരിക്കാന്‍ കഴിയില്ല. കെ.ജി.എസ്സിലും ആദ്യകാല ആറ്റൂരിലും മറ്റുമുള്ള പ്രബുദ്ധതയുടെ രാഷ്ട്രീയദര്‍ശനയുക്തിയും മറ്റും ആധുനികതയുടെ പ്രബലമായ ഒരു ദിശ ആയിരിെക്കത്തന്നെ നേര്‍വിപരീതമായി അവയോടുള്ള ഉദാസീനതയാണ് വിജയലക്ഷ്മിയെപ്പോലുള്ള സ്ത്രീകവികള്‍ പുലര്‍ത്തിയത്. ചരിത്രത്താടുള്ള പെണ്ണിന്റെ ഉദാസീനത അവളുടെ അഗാധമായ ചരിത്രബോധമെന്ന് പി.പവിത്രന്‍. (പുറം 112, ആധുനികതയുടെ കുറ്റസ്സമ്മതം.) വിജയലക്ഷ്മിയുടെ കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്ന കാല്‍പനിക ഏകാകിനിയെ ആ ഒരര്‍ത്ഥത്തില്‍ക്കൂടി നമുക്കു വായിച്ചെടുക്കാം. സാര്‍വ്വലൗകികതയില്‍ ഊന്നിയ ആധുനികസാഹിത്യത്തിലെ പുരുഷ 'ഞാനി'ന്റെ സ്ത്രീലിംഗമായിരിക്കെത്തന്നെ വിജയലക്ഷ്മി പെരുപ്പിച്ചെടുക്കുന്ന രാഷ്ട്രീയപ്രത്യയശാസ്ത്ര ഉദാസീനതയ്ക്ക് ഇങ്ങനെ ഒരര്‍ത്ഥം കൂടി ഉല്‍പാദിപ്പിക്കാനാവും. ആണ്‍/പെണ്‍ എന്നു കൃത്യമായി വേര്‍തിരിക്കപ്പെട്ട, ധ്രുവീകരിക്കപ്പെട്ട പ്രപഞ്ചലോകങ്ങളാണ് ഈ കവിതയുടേത്. 'ഉഭയലിംഗി'യുടെഅവസ്ഥ ഒരു സാധ്യതയല്ല, മറിച്ച് ഗതികേടായി കവി കരുതുന്നത് അതുകൊണ്ടാണ്. ആണ് ഇവിടെ അധികാരകേന്ദ്രവും പെണ്ണ് അധികാരരഹിതമായ ഇടവുമായി എഴുതപ്പെട്ടുകൊണ്ടാണ് ഈ ഭിന്നവര്‍ഗ്ഗലിംഗപദവി നിലനില്‍ക്കുന്നത്. ഇരയും വേട്ടക്കാരനുമായി വിഭജിക്കപ്പെട്ട ലോകത്തെ അമര്‍ത്തപ്പെട്ട കലഹങ്ങളും ആധുനികതയുടെ ദാര്‍ശനിക വിഷാദങ്ങളും മെരുക്കിയെടുത്ത പരിഭവപ്രതിഷേധങ്ങളും നിറം കെട്ടുപോയ കയ്പന്‍ നിരാസങ്ങളും നിറഞ്ഞ വൈകാരിക പ്രപഞ്ചമാണ് വിജയലക്ഷ്മിക്കവിതകള്‍. 'മൃഗശിക്ഷകനും' ' തച്ചന്റെ മകളു'മെല്ലാം പങ്കുവെക്കുന്ന പുരുഷാധിപത്യത്തോടുള്ള പ്രതികരണങ്ങള്‍ ഈയൊരു തലത്തില്‍ കിടക്കുന്നു. ആണ്‍/പെണ്‍ എന്ന ദ്വന്ദഘടനയിലെ മേല്‍/കീഴ് ബന്ധങ്ങളില്‍ അധികാരത്തെ വിന്യസിച്ചുകൊണ്ടാണീ ഇരയിലെ ഏകാകി തിടം വെക്കുന്നത്. 'മറ്റൊരു ഞാന്‍', 'സത്യം', 'വായന' തുടങ്ങിയ കവിതകളിലെ സ്ത്രീയെ ഒരു തിരസ്‌കൃതസ്വത്വപദവിയിലേക്ക് ചെത്തിക്കൂര്‍പ്പിച്ചെടുക്കുന്നത് മേല്പറഞ്ഞ സാര്‍വ്വലൗകികസത്തയിലൂന്നിയ ഏകാത്മക അഹംബോധത്തിലൂടെയാണ്. ചുരുക്കത്തില്‍ സത്താവാദപരമായ ഒരു അഹംബോധമാണ് ഏകാകിനിയെ, ഇരയെ താങ്ങിനിര്‍ത്തുന്നത്. ഒരര്‍ത്ഥത്തില്‍ അരണ്ടവെളിച്ചമുള്ള ഒരു അകത്തിരുന്ന് അകത്തേക്ക് തന്നെയാണാ കവിതകള്‍ നോക്കിയത്. സാവിത്രിയിലേക്കു വരുമ്പോള്‍ ചെറിയ വ്യത്യാസം നാം കാണുന്നു. ഇരുപ്പ് അകത്താണെങ്കിലും നോട്ടം പുറത്തേക്കാണ്. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കുള്ള ദൂരമാണെങ്കിലും ആ അകലം പുറം ലോകത്തേക്കു കൂടി വലിച്ചു നീട്ടാനാവുമെന്ന് ആ കവിതകള്‍ക്കറിയാം.'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കു വന്ന വീട്ടുപകരണമാണ് ഞാന്‍'(പ്രതിഷ്ഠ) . എങ്കിലും വീട് ആ കാലുകളില്‍ പിടിച്ചു വലിക്കുന്നു. ആണ്‍/ പെണ്‍ എന്ന പോലെ, ഇര/വേട്ടക്കാരന്‍ എന്ന പോലെ അകം/പുറം ഈ കവിതകളെ ദ്വന്ദ്വങ്ങളുടെ അരങ്ങാക്കുന്നു. ഈ ദ്വന്ദ്വാത്മകഘടനകളില്‍ ഉള്‍ച്ചേര്‍ന്ന അധികാര പദവികള്‍ ഇന്നത്തെ നിലക്ക് സ്ഥാപനവല്‍കൃതമായ ഒരു പെണ്ണെഴുത്തു യുക്തിയിലേക്ക് അവയെ സമീകരിച്ചെടുക്കുന്നു.

നിര്‍ദ്ദേശാത്മക സ്വഭാവമുള്ള പ്രതിരോധങ്ങള്‍ സമകാലികലിംഗവ്യവഹാരങ്ങളില്‍ ഒരു വ്യവസ്ഥ തീര്‍ക്കുന്നുണ്ട്. അത് സ്ത്രീയെ ഒരു ഇരയായി മാത്രം കാണാന്‍ നിര്‍ബ്ബന്ധിക്കുന്നു. സ്ത്രീയെയും പുരുഷനെയും അപരങ്ങളായി കാണുന്ന ദ്വന്ദ്വാത്മക സമീപനത്തില്‍ സ്ത്രീ പുനര്‍നിര്‍വ്വചന സാധ്യതകളടഞ്ഞ് ഇരയുടെ വിധേയത്വനിലയില്‍ സ്ഥിരീകരിക്കപ്പെടുന്നു. ലിംഗ വ്യവഹാരങ്ങളുടെ പൊതു സമീപനത്തില്‍ വളരെ സ്വാഭാവികമെന്ന വണ്ണം സാധൂകരിക്കപ്പെട്ടുകൊണ്ട് സ്ത്രീ / പുരുഷ സ്വത്വങ്ങള്‍ ഇര / വേട്ടക്കാരന്‍ എന്ന ഘടനയിലേക്ക് ഉറപ്പിക്കപ്പെടുന്നു. 90 കള്‍ക്കുശേഷം കേരളത്തില്‍ അരങ്ങേറിയ ബലാത്സംഗക്കേസുകളും സ്ത്രീപീഡനപരമ്പരകളും അവയെച്ചൊല്ലിയുള്ള സ്ത്രീപക്ഷരാഷ്ട്രീയ ചര്‍ച്ചകളും സമരാഹ്വാനങ്ങളും കോടതിവിധികളും മൊഴിമാറ്റലുകളും ഒക്കെച്ചേര്‍ന്നു സൃഷ്ടിച്ച ഒരു തരംഗം ഇതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്നും കാണാന്‍ വിഷമമില്ല. ഇവിടെ രചയിതാവിന്റെ അബോധം ഒരു സംരക്ഷകന്റെ, പുരുഷാധിപത്യ സങ്കല്പങ്ങള്‍ താലോലിക്കുന്ന പരിഷ്‌ക്കരണവാദിയുടെ മാതൃകയിലാണ്. ഇതിന്റെ ഫലമെന്നോണം സ്വയം നവീകരണവും ഭാവുകത്വവിഛേദവും നടക്കാതെ കല്ലിച്ച എഴുത്തായി അത്തരം രചനകള്‍ നിലനില്ക്കുന്നു. വ്യവസ്ഥീകരിക്കപ്പെടുന്ന പെണ്ണെഴുത്തിന്റെ ആന്തരിക യുക്തിയാണ് ഈ കവികളുടേത് എന്നല്ല ഈ പറഞ്ഞുവരുന്നത്. അവര്‍ നിലനിര്‍ത്തിയ ഭിന്നവര്‍ഗ, ദ്വന്ദാത്മകലൈംഗികഘടനയും പ്രണയ, കുടുംബ, ദാമ്പത്യ സങ്കല്പങ്ങളും വിഭാവനം ചെയ്‌തെടുത്ത സ്‌ത്രൈണരൂപങ്ങളും മേല്പറഞ്ഞ വ്യവസ്ഥകളെ അട്ടിമറിക്കാന്‍ പ്രാപ്തമായിരുന്നില്ല എന്നാണ്. ചരിത്രത്തെയും രാഷ്ട്രീയത്തെയും സംബന്ധിച്ച് സത്താവാദപരമായെങ്കിലുമുള്ള പ്രതിരോധ പരികല്പനകള്‍ വിജയലക്ഷ്മിയും റോസ്‌മേരിയും മുന്നോട്ടുവെച്ചിരുന്നില്ല. ആത്മനിഷ്ഠ കാല്പനികതയുടെയും അസ്തിത്വവാദ ആധുനികതയുടെയും രണ്ടുതരം ഒഴുക്കുകളില്‍ നിന്ന് ഊറിക്കൂടിയ ഉറവയില്‍ നിന്നും ഒരു സ്‌ത്രൈണതയെ അവര്‍ സ്വരൂപിച്ചുകൂട്ടുകയായിരുന്നു. മേല്പറഞ്ഞ ധാരകള്‍ രണ്ടും ഒരു നിലയ്ക്കും അടിസ്ഥാനപരമായി പുരുഷാധിപത്യപ്രവണമായ നിര്‍ണ്ണയനങ്ങളെയും അവബോധങ്ങളെയും ഉലയ്ക്കാത്ത കാഴ്ചപ്പാടുകളാണ്. നിലവിലുള്ള വ്യവസ്ഥയില്‍ സ്‌ത്രൈണത എങ്ങിനെ ഒഴിവാക്കപ്പെട്ടു എന്നതിനേക്കാള്‍ നിര്‍ണായകമാണ് അടിസ്ഥാനപരമായി അത്തരം ഒഴിവാക്കലുകളിലൂടെയും ന്യൂനീകരണങ്ങളിലൂടെയും തമസ്‌കരണങ്ങളിലൂടെയുമാണ് വ്യവസ്ഥാപിത കലാസാഹിത്യചിന്തകള്‍ തന്നെ പടുത്തയര്‍ത്തപ്പെട്ടതെന്ന തിരിച്ചറിവ്്. അവയാകട്ടെ പൊതുവായ ഒരു സ്വാംശീകരണയുക്തിയോടെ സ്വീകരിച്ചതിനെക്കുറിച്ചാണ് നാമിവിടെ ആകുലരാവുന്നത്. ഒരുവശത്ത് അവര്‍ സ്ത്രീയവസ്ഥകളെ ആവിഷ്‌ക്കരിക്കുന്നുണ്ട്, ഇല്ലെന്നല്ല. എന്നാലവ നീലമഷിയിലെഴുതപ്പെട്ട ചുവന്ന അക്ഷരങ്ങളായെന്നു മാത്രം. ചുവന്ന മഷി എന്തുകൊണ്ടില്ല എന്നവര്‍ തിരിച്ചറിയുന്നില്ല.



വി.എം. ഗിരിജ, അനിതാ തമ്പി, ബിന്ദുകൃഷ്ണന്‍ തുടങ്ങിയവര്‍ ഇവരില്‍ നിന്ന് എന്തു വ്യത്യസ്തത പുലര്‍ത്തുന്നു? ആ കവിതകള്‍ക്കകത്തെ അനുഭവലോകം, ആവിഷ്‌ക്കാരവൈവിധ്യങ്ങള്‍, പരികല്പനകള്‍, ഭാഷാപരവും ആഖ്യാനപരവുമായ പരിഗണനകള്‍ ഇവ സ്ത്രീയവസ്ഥയെ എങ്ങനെ കാണുന്നു? ചില സൂചനകള്‍ ആയി, കാതലായ ചില വീക്ഷണ വ്യതിയാനങ്ങള്‍ ആയി അവ രൂപകങ്ങളിലും ഭാഷയിലും പ്രമേയങ്ങളിലും ആഖ്യാനത്തിലും ചിതറിക്കിടക്കുന്നു.

അകം/പുറം അഥവാ ഇടങ്ങള്‍
വീട്ടില്‍ നിന്ന് പുറത്തേയ്ക്കു കടക്കല്‍ ആണ് സാവിത്രിയിലും വിജയലക്ഷ്മിയിലും നിന്ന് ഗിരിജയും അനിതയും ഉണ്ടാക്കിയെടുത്ത ഒരകലം, വീട്ടില്‍ നിന്നു പുറത്തേക്കു കടന്ന സ്ത്രീ അനിതയിലും ഗിരിജയിലും പക്ഷേ വേറെ വേറെ ദിശകളിലേക്കു സംക്രമിച്ചു നില്ക്കുന്നു എന്നതും ശ്രദ്ധേയമാണ്. ''അരനൊടി തങ്ങിനിന്നാല്‍ അഴുക്കാവുമിനി'' എന്നു പറഞ്ഞുകൊണ്ട് അഴുക്കു മാറ്റി തൂത്തു തുടച്ചു മിനുക്കി പരിപാലിച്ചു പോന്ന ആ വീട്ടിടം അനിത ബഹിഷ്‌ക്കരിക്കുന്നുണ്ട്. വീട്ടില്‍ നിന്ന് അവര്‍ കടന്നതു പക്ഷേ റോഡിലേക്കു തന്നെ. 'പൊതു' ജനത്തിലേക്ക് ഒഴുകുന്ന, കവലയിലേക്കെത്തുന്ന ഒരു റോഡാണത്. മുറ്റമടിച്ചു നിവരുമ്പോള്‍,'ഇത്ര കാപ്പിമട്ടു കുടിക്കാന്‍ ദാഹിക്കു'മ്പോഴും അതുകൊണ്ടുതന്നെ 'രാവരിച്ചുവന്ന ദിനപ്പത്രം' ഒരു ശ്രദ്ധയായി, സൂചനയായി അവിടെയുണ്ട്. വീടിനു പുറത്തേക്കു കടക്കുമ്പോഴും അവളുടെ കാലില്‍ 'നേര്‍ത്തൊരു നൂലായി കണങ്കാലി' ല്‍ (ഇടശ്ശേരി) വീടിഴയുന്നു. അധ്വാനമായി അവളതിനെ പെറുക്കിത്തോറ്റുന്നു. ഗാര്‍ഹികവും കുടുംബപരവുമായ അധ്വാനം അടിമുടി നിറയുന്ന കവിതകളാണ് അനിതയുടേത്. 'മുറ്റമടിക്കുമ്പോള്‍' , 'അടിച്ചുതളിക്കാര്‍', 'അഴുക്ക്', 'അഴകില്ലാത്തവയെല്ലാം' തുടങ്ങിയ കവിതകളിലെല്ലാം അധ്വാനത്തിന്റെയും മെയ്യനക്കങ്ങളുടെയും വസ്തുക്കളും ഉപകരണങ്ങളും കാണാം.
''മീന്‍ കുട്ടകള്‍, വട്ടി,
കരിമൂടിയ ചട്ടി, കലം
അമ്മിക്കല്ലുരല്
നാവുന്തിയ ചിരവത്തടി,
ഇറയത്തെച്ചൂല്,
കീറപ്പായ്
കൂറത്തുണി
എച്ചില്‍പ്പാത്രങ്ങള്‍...''
ഇവയെല്ലാം ചേര്‍ന്ന് മഴവില്ലിന്‍ വീട്ടിലേക്കു പോകുന്ന കാഴ്ച്ചയാണ് അഴകില്ലാത്തവയെല്ലാം'എന്ന കവിതയില്‍ പറയുന്നത്. സംക്രമണം' എന്ന ആറ്റൂര്‍ കവിതയോടുള്ള പാഠാന്തരബന്ധത്തിന്റെ സൂചനകളിലൂടെ ( ഒരു കുറ്റിച്ചൂലും ഒരു നാറത്തേപ്പും!') ചെങ്ങറഭൂസമരത്തെ പിന്തുണച്ചു നടത്തിയ ജാഗ്രതാസമരത്തെക്കുറിച്ചെഴുതുമ്പോഴും വൃത്തിയെന്നതിനെ വ്യാപ്തിയോടെ വിശദീകരിക്കുന്നുണ്ട് അനിത. അവിടെ വീട്ടകങ്ങളിലെ അധ്വാനസ്ഥലികളില്‍ മാത്രമല്ല, പൊതുവിടങ്ങളിലെ സ്വതന്ത്രമായ ആണ്‍/പെണ്‍ വ്യവഹാരങ്ങളോടുള്ള സംശയം നിറഞ്ഞ ഗൂഢാന്വേഷണങ്ങളായും സദാചാര വിലക്കുകളായും വൃത്തികേടു നിറയുന്നു. അധ്വാനം വൃത്തിയും അഴകും അഴുക്കും എല്ലാം സ്‌ത്രൈണതയുടെ അനുഭവങ്ങളിലേക്ക് കൊണ്ടുനിര്‍ത്തി പുതിയ മാനങ്ങള്‍ തീര്‍ക്കുകയാണിവിടെ കവി. ശരീരവും, അധ്വാനവും അഴകും ഒന്നിക്കുന്ന'പാവം' എന്ന കവിതയില്‍ ഉടലെഴുത്തിന്റെ പുതിയ ഭാഷ്യങ്ങള്‍ തീര്‍ക്കുന്നു അനിത.

അധ്വാനം, കല
അനിതാതമ്പിയും കവിതാബാലകൃഷ്ണനും പൊതുവെ പങ്കിടുന്ന മറ്റൊരു തലം അധ്വാനത്തിന്റെ സര്‍ഗ്ഗാത്മകത, കല എന്നതാണ്. 'മുറ്റമടിക്കുമ്പോള്‍' അതു വ്യക്തമായി ആവിഷ്‌ക്കരിക്കുന്നുണ്ട്.
''തൂത്തു നേരം പുലര്‍ന്നു വെളിച്ചം
വീണു വീടിന്‍ മിഴിതുറക്കുമ്പോള്‍
കാല്‍ച്ചുവടും കരിയില പോലും
നീങ്ങി എന്തൊരു വൃത്തിയില്‍ മുറ്റം''
ശോശാ ജോസഫിന്റെ ചിത്രപ്രദര്‍ശനം കണ്ട അനുഭവത്തില്‍ അനിത എഴുതുന്ന
'കായ്ച്ച പടി' എന്ന കവിത നോക്കൂ:
''മുകളില്‍ത്തന്നെ പണിത മുഴുവന്‍ മെയ്യ്
പെണ്ണൊരുത്തി പേറി നിവരും ചുവട്
തുടച്ചാല്‍ നീങ്ങാതൊട്ടിപ്പിടിയ്ക്കും കറയായി
പ്ലാഞ്ചോട്ടില്‍ വീണഴുകി മുളയ്ക്കും വിത്തായി
എല്ലാടവും പരക്കും മണമായി ''

അധ്വാനം കലാവിഷ്‌കാരമാകുന്നതിന്റെ നേര്‍സാക്ഷ്യമാണ് കവിതാ ബാലകൃഷ്ണന്റെ ഗോതമ്പുശില്‍പങ്ങള്‍ എന്ന കവിത. അടുക്കളയില്‍ ചപ്പാത്തി പരത്താനായി കുഴച്ചുണ്ടാക്കിയ ഉരുളകള്‍ പല ആകൃതികളില്‍ ഗോതമ്പുശില്‍പങ്ങളായി രൂപപ്പെട്ടുവരുന്നതിനെക്കുറിച്ച് നിസ്സംഗത കലര്‍ന്ന നര്‍മ്മോക്തികളില്‍ കവിത വരക്കുന്നു.
“കലയെന്നാല്‍ ..
മുഴുമിപ്പിക്കാത്ത അന്വേഷണം
തിന്നാന്‍ കിട്ടാത്ത അപ്പം
അപ്പത്തിനില്ലാത്ത രുചി”
(ക്ലാസ്സില്‍ തീരാത്ത ചിത്രങ്ങള്‍)

പെണ്‍കലയെക്കുറിച്ച്, സര്‍ഗ്ഗാത്മകതയെക്കുറിച്ചു തന്നെയുള്ള ഒരു കവിതയാണ് അനിതയുടെ 'വരവ് 'എന്ന കവിത. വ്യവസ്ഥാപിതമായ അര്‍ത്ഥത്തില്‍ സ്ത്രീ സര്‍ഗാത്മകതയെക്കുറിച്ചുളള ഒരു രാഷ്ട്രീയ കവിതതന്നെയാണിത്. എഴുത്തിന്റെ പാരമ്പര്യത്തിലെ പിതൃമേധാവിത്വത്തെ നേരിട്ട് അഭിസംബോധന ചെയ്യുകയാണീ കവിത.

''ആര് പെണ്ണേ നിന്‍ മുത്തശ്ശന്‍ ?
നാടുവാഴിത്തം വീണ കാലത്തെ
ജന്മിയാണെന്റെ മുത്തശ്ശന്‍.
അച്ഛനോ?
അച്ഛന്‍ ജന്മീ ഛായയില്‍
ജന്മം കൊണ്ടൊരു കമ്യൂണിസ്റ്റ്.
അമ്മ, മുത്തശ്ശി?
ഓര്‍ക്കുന്നില്ലവരൊക്ക
പെണ്ണുങ്ങള്‍ തന്നല്ലേ?
കേള്‍ക്കട്ടെ ഒരു പെണ്‍കവിത,
ഓ, വരില്ലത്
തെരണ്ടിരിപ്പാണ്...''

നാഗരികമായ ഒരു ആധികാരികസ്ഥലരാശിയില്‍ നിന്നു കൊണ്ട് പുരുഷാധിപത്യത്തിന്റെ പ്രബലയുക്തികള്‍ക്കു നേരെ പിടിച്ച കണ്ണാടികളായി പലപ്പോഴും ഈ കവിതകള്‍ മാറുന്നുണ്ട്. രാഷ്ട്രീയം,ചരിത്രം, നാഗരികത, പുരോഗമനം തുടങ്ങിയ വന്‍ എടുപ്പുകളുടെ പ്രത്യയശാസ്ത്ര അധീശത്വത്തെ അബോധത്തില്‍ വഹിച്ചുകൊണ്ടുതന്നെയാണ് അനിത എഴുതുന്നത്. ആ അറിവുകളെ വര്‍ത്തമാനകാലത്തില്‍ നിന്നു കൊണ്ടുള്ള മിണ്ടിപ്പറച്ചിലുകളാക്കുന്നു, അനിത. സാര്‍വ്വകാലികവും സാര്‍വ്വലൗകികവുമല്ല, ആ അറിവ് . പക്ഷേ അവ ചരിത്രത്തിന്റെ ഒഴുക്കിനെ, അധികാരകേന്ദ്രീകരണങ്ങളെ മാറിനിന്നു നോക്കുന്നുണ്ട് (അരിവാള്‍). വെളിയിലേക്കു കടന്നുനിന്നു കൊണ്ടുള്ള ഈ അടക്കിപ്പറച്ചിലുകള്‍ അനിതയുടെ കവിതകളെ തദ്ദേശീയതയുടെയും വര്‍ത്തമാനകാലത്തിന്റെയും കൂടുതല്‍ തനിമയുള്ള പുറം കവിതകളാക്കുന്നുണ്ട്.

സ്ത്രീയെന്ന കൂട്ടം
ഗിരിജയുടെ കവിതകളിലെ സ്ത്രീ അതിന്റെ സത്തയില്‍ ഒരു സ്ഥിരരാശിയല്ല. അതു നിരന്തരം സംക്രമിച്ചു കൊണ്ടിരിക്കുന്നു. അതു കൊണ്ടുതന്നെ വിജയലക്ഷ്മിയിലും സാവിത്രിയിലും മറ്റുമുള്ള 'ഞാന്‍' ആയ പെണ്ണല്ല ഇവിടെ കാണുക. സ്ത്രീ ഒരു ഗണമായാണ്, കൂട്ടായ്മയായാണ് ഇവിടെ കടന്നുവരുന്നത്. 'ഞാന'ിനു പകരം ഞങ്ങള്‍ - അത് രണ്ടുപേരാവാം. ഒരു പക്ഷെ ഒരു പറ്റവുമാകാം. ഇതു പ്രത്യക്ഷ അര്‍ത്ഥത്തിലുള്ള ഒരു രാഷ്ട്രീയക്കൂട്ടായ്മ (പൊളിറ്റിക്കല്‍ collective) അല്ല തന്നെ. സ്ത്രീയായിരിക്കുക എന്നതിന്റെ രാഷ്ട്രീയമായ ആധികാരികത ഇല്ലാത്തതുകൊണ്ടുതന്നെ ബോധപൂര്‍വ്വതയേക്കാള്‍, പ്രബുദ്ധതയേക്കാള്‍, ജൈവികതയാണ് ഗിരിജയുടെ കവിതകളിലെ സ്ത്രീയവസ്ഥയുടെ ആധാരം. സ്ത്രീയുടെ അടയാളങ്ങള്‍ അവള്‍ തന്നെ വരഞ്ഞുവെക്കുന്നു. പുരുഷനോടുള്ള കാമനകളെക്കൂടി സ്വതന്ത്രമായി എഴുതുവാനുള്ള ഒരു ജൈവികതയാണത്. ആണ്‍/പെണ്‍ ദ്വന്ദ്വത്തിന്റെ ഘടന ശക്തമായ വിജയലക്ഷ്മി, സാവിത്രികവിതകളില്‍ നിന്നു വ്യത്യസ്തമായി സ്ത്രീകളും സ്ത്രീകളും തമ്മില്‍ പങ്കുവെക്കുന്ന സഖീത്വം, 'യോഗേശ്വരി', 'ഒറ്റക്കായ ഒരു കളിക്കൂട്ടുകാരിയോട്', 'റാഷമൊണ്‍', 'പഴയ ഒരു കൂട്ടുകാരി നബീസ' എന്നിങ്ങനെ നിരവധി കവിതകളില്‍ നിറയുന്നു. പ്രകൃതിയും സ്ത്രീയും കലര്‍ന്നുകാണപ്പെടുന്ന ചില ഗോഗിന്‍ ചിത്രങ്ങളെ അവ ഓര്‍മ്മിപ്പിക്കുന്നു.

റാഷമോണില്‍ സഖീത്വം ഒരു കല/ തൊഴില്‍ അനുഭവമാണ്. മഴയെക്കുറിച്ചുള്ള പടം പിടിക്കാന്‍ ഒരു കൂട്ടുകാരിയുമൊത്ത് ഭാവന നെയ്യുകയാണിവിടെ
“ചെരിഞ്ഞും കൊഞ്ചിയും
മഴവില്ലാലൊരു
കുടപിടിച്ചതോ പളുങ്കുനാരിന്‍ മേല്‍ നടന്നും
മരത്തില്‍ താങ്ങിയും എറാലില്‍ തുള്ളിയും
വയലില്‍ ചില്ലിന്റെ കൂടാരം പൊക്കിയും
പലതായ് മാറുന്ന മഴ നമുക്കൊന്നു
സിനിമയാക്കണ്ടേ ഗിരിജേച്ചി?''(റാഷമൊണ്‍ )
ഇവിടെയും മഴയുടെ നാനാര്‍ത്ഥങ്ങളില്‍ ചിതറിച്ചെടുക്കുന്ന സ്ത്രീപ്രകൃതിയിലാണ് കവിതയുടെ ഊന്നല്‍. 'പഴയ ഒരു കൂട്ടുകാരി നബീസ'യില്‍ തട്ടം മഴയത്ത് പെട്ട് മുടിയഴിഞ്ഞ് റെയിലിലൂടെ ഓടിപ്പോയ ഒരു പെണ്‍കുട്ടിയുടെ ഓര്‍മയാണ്.
'യോഗേശ്വരി'യില്‍ കടലായും മീനായും മയിലായും ഇരുളായും ഒക്കെ മാറുന്നതു വിവരിച്ച് “ഇതാ നോക്ക്, യോഗ, അഥവാ നര്‍ത്തനം'' എന്നു പല രൂപങ്ങള്‍ പഠിപ്പിച്ച കൂട്ടുകാരിയെക്കുറിച്ചെഴുതുന്നു. അഴിച്ചുവെക്കാനും പുനര്‍ജ്ജനിക്കാനും കഴിയുന്ന പല രൂപങ്ങള്‍ ഉറങ്ങിക്കിടക്കുന്ന നമ്മില്‍ അവയുടെ വിത്തുകള്‍ പൊട്ടിമുളക്കുമ്പോള്‍ നാമും പ്രപഞ്ചമായിത്തീരുമോയെന്ന സ്വപ്‌നമാണീ കവിതയില്‍ നിറയുന്നത്. പലതായി മാറി പലതിലേക്കു സംക്രമിച്ചു ഭൂമി മുഴുവന്‍ പടര്‍ന്ന് പ്രപഞ്ചമായിപ്പരക്കാനുള്ള സ്വത്വാഭിവാഞ്ഛകളെക്കൂടി ഇവിടെ നാം കാണുന്നു. ഒറ്റയ്ക്കായ കളിക്കൂട്ടുകാരിയോടുള്ള വാക്കുകള്‍ സ്‌നേഹത്തിന്റെയും ആത്മാര്‍ത്ഥസൗഹൃദത്തിന്റെയും പിന്തുണകളാകുന്നു.

ഉടലെഴുത്ത്
പുരുഷശരീരം ഗിരിജയുടെ കവിതകളില്‍ സ്വതന്ത്രമായ പ്രാപഞ്ചികദാഹമായി അഭയമായി കടന്നുവരുന്നു. ('അവന്‍' എന്ന കവിത ഉദാഹരണം. ) സ്വാസ്ഥ്യത്തിന്റെയും അലിവിന്റെയും കടലാണത്. ആണ്‍കോയ്മാവിമര്‍ശനത്തിന്റെ പ്രത്യയശാസ്ത്രവിവക്ഷകളില്‍ സാധൂകരിക്കപ്പെടാനുള്ള വ്യഗ്രതയില്ലാതെത്തന്നെ, പെണ്മയെ സമര്‍ത്ഥനം ചെയ്യുക എന്നതാണ് ഗിരിജ ഉടലെഴുതുമ്പോള്‍ നടക്കുന്നത്. ഫെമിനിസത്തിന്റെ വാര്‍പ്പു മാതൃകയിലുള്ള ഊറ്റങ്ങളില്ലാതെ, സ്ത്രീപക്ഷ പ്രബുദ്ധതയുടെ പതിവു യുക്തികളില്ലാതെ, അലസമായ പ്രകൃതിക്കാഴ്ചകളും പ്രണയകൗതുകങ്ങളുമായാണ്, ചിലപ്പോഴെങ്കിലും, സ്ത്രീരചനകളില്‍ പൊതുവെ അപരിചിതമായ ആത്മീയാനന്ദങ്ങളില്‍ നിന്നു കൊണ്ടാണ്, ഗിരിജ ഉടലിനെ എഴുതുന്നത്. ഉടല്‍ പലപ്പോഴും പ്രതിരൂപങ്ങളോ രൂപകങ്ങളോ അല്ല, ഉടല്‍ തന്നെയാണെന്നതും ശ്രദ്ധേയം. അട്ടിമറി സ്വഭാവത്തോടുകൂടിയ വിമോചനാത്മകതയും ഉടലിന് ഗിരിജ കല്പിക്കുന്നില്ല. പച്ചയായ ഉടല്‍ തന്നെയാണത്, പലപ്പോഴും നഗ്നം.
'മുലകള്‍' എന്ന കവിത നോക്കുക
മുലകള്‍ സ്ത്രീയുടലിന്റെ ആകത്തുകയായി നിന്ന് സംസാരിക്കുന്ന കവിതയാണ് 'മുലകള്‍'. ഹരിതപ്രപഞ്ചത്തിലേക്കലിയുന്ന ,മഴയിലും മണ്ണിലും കുതിര്‍ന്ന, കാട്ടിലും കടലിലും പാഞ്ഞു നടക്കുന്ന പ്രണയാനുഭവം തോറ്റിയെടുക്കുകയാണു മുലകള്‍. നഗ്നമാവാന്‍ കൊതിക്കുന്ന ഉടല്‍ തന്നെയാണത്. ഉടലിനെത്തന്നെ ഉടുപ്പായി ഊരിയെറിയാനും മഴയിലും നിലാവിലും മറ്റൊരു (അലൈംഗിക ) പ്രകൃതിയായി അലിഞ്ഞു ചേരാന്‍ ആഗ്രഹിക്കുന്ന സ്ത്രീചേതനയാണത്.

ഗിരിജയുടെ ഉടലെഴുത്തിലെ ഒരടര് വയസ്സാവലാണ്, അതിന്റെ പേടിപ്പെടുത്തുന്ന യൗവന നഷ്ടമാണ് “സുന്ദരം യൗവനയുക്തമല്ലാത്തതിന്നില്ലാ തൊടല്‍ക്കൊതിയെന്നോ?''
എന്നു 'പേടി' എന്ന കവിതയില്‍ വ്യക്തമായി ഈ ഭയം ഗിരിജയെഴുതുന്നുണ്ട് .നരച്ച മുടി എന്നത് യൗവനനഷ്ടത്തിന്റെ പ്രത്യക്ഷരൂപകമായിത്തന്നെ 'തളിരിലകളായിരുന്ന തവിട്ടിലകളി'ലും 'നരച്ച മുടിയിഴ'കളിലും തെളിയുന്നു.നിലാവിനും വെയിലിനുമിരുട്ടിനും കയറാന്‍ പഴുതില്ലാതെ കടലില്‍ പകുതി മുങ്ങിത്താഴ്ന്നു കഴിയുന്ന ഒരു ഓട്ടത്തോണി പോലെയാവുന്ന, യൗവനം വിട്ടൊഴിയുന്ന ഉടല്‍. നരയ്ക്കല്ലേ എന്ന് മുടിയിഴകളോട് കാറ്റ് താണുകേണു പറയുന്നു.

''പൂക്കള്‍ പൊഴിഞ്ഞ ചില്ലക്ക് ചിരിക്കാം
അടുത്ത വര്‍ഷവും പൊടിച്ച് പൂത്താര്‍ത്തുല്ലസിക്കാം
തുമ്പിയും കിളിയും ചിത്രശലഭങ്ങളും
അതിനെ ലാളിക്കാം
എന്നാല്‍ കിനാവില്‍പ്പോലുമില്ലുടലില്‍
നിന്‍മണം, കുളുര്‍ത്ത ചുംബനം
തൊലി തൊലിയിന്മേല്‍ വെറുതെ
മുട്ടുമ്പോള്‍ പൊഴിയും സംഗീതം
ഇളം ചൂട്, ഉരസല്‍, വൈദ്യുതതരംഗവ്യാപനം
എല്ലാം നനച്ച് ഒഴുകു മുള്‍ജലത്തില്‍ ജല്പനം

നീ ഇല്ല......
ഞാന്‍ അതിനാലേയില്ല....
ശിലയാല്‍ വെണ്‍തേക്കാല്‍ കളിമണ്ണാല്‍
സ്മൃതിയാക്കപ്പെട്ടോരുടല്‍ മാത്രം
രണ്ടു മുലകളും പാറും മുടിയിഴകളും
നിന്റെ അടുത്തില്ലായ്മയും!'' ('ജലം കല്ലാകുംവിധം')എന്ന് കനത്തുവരുന്ന ഇല്ലായ്മ തന്നെയാണീ യൗവനം കൊഴിയുന്ന ഉടല്‍.

എങ്കിലും നരച്ച മുടിയിഴ എന്ന കവിതയില്‍ കണ്ടെത്തുന്നതുപോലെ വയസ്സാവലും പ്രകൃതിയ്ക്കിണങ്ങിയ സംക്രമണഘട്ടമായി കവി കാണുന്നുണ്ട്. നരച്ച മുടിയിഴയുടെ പാല്‍പ്പുഴയില്‍ പാലുകുടിക്കുന്ന പൈക്കുട്ടികളും പച്ചപ്പുഴയായ് പതഞ്ഞു പൊന്താന്‍ ചുണ്ടുനുണയുന്ന ചെടികളും അവിടെ അവള്‍ക്കു കൂട്ടിനുണ്ട്.അവളുടെ നിലാവുകള്‍ പുഴയായ് പരന്നതിന്റെ അറ്റം വരെ കാറ്റുകള്‍ കൂടെയുണ്ട്. ആ പുഴയുടെ അലിവിന്റെ ആഴമളക്കാന്‍ സൂര്യനുമുണ്ട്.
സ്ഥിരമല്ല, ചരമാണിവിടെ സ്‌ത്രൈണതയുടെ മുദ്ര. വെറും ചലനമല്ല, ഒഴുക്കുതന്നെയാണിവിടെ പ്രധാനം. ദേഹം ഒരു പ്രാപഞ്ചികാവസഥയായിരിക്കുമ്പോഴും അതിന്റെ പുറത്തുകടക്കാനുള്ള ഏതോ ആത്മീയ(?)വാഞ്ഛ കവിയില്‍ ശക്തമാണ് എന്നാണീ കവിത കാണിക്കുന്നത്. പലതായി പരക്കാനും പലതിലേക്കു സംക്രമിച്ച് ഇല്ലാതാവാനുമുള്ള ഒരു ആനന്ദനിര്‍വേദ(?!)വാഞ്ഛ കലര്‍ന്ന ഒരവസ്ഥയാണിവിടെ പലമയായി അസ്ഥിരതയായി കവി എഴുതുന്നത്.


സ്ഥലം,ജലം
സ്ഥലം ഗിരിജയില്‍ പൊതുവെ ആധികാരികതകളില്ലാതെ കടന്നു വരുന്നു. വിജയലക്ഷ്മിയും സാവിത്രിയും നില്‍ക്കുന്ന മഹാചരിത്രകാലങ്ങളുടെ, അതീതസ്ഥലഭൂമികയല്ല, അനഭിജാതമായ പര്യമ്പുറങ്ങളാണിവിടെ സ്ഥലം.

ഒഴുക്കും പരക്കലും തണുപ്പും തളം കെട്ടലും ചേര്‍ന്ന ജലപ്രകൃതി ഗിരിജയുടെ കവിതയില്‍ സമ്പന്നമാണ്. മതിവരാത്തത്ര അളവില്‍ ത്വരിതമായി ജലരൂപകങ്ങള്‍ ഈ കവിതയില്‍ നിറയുന്നു. കുളങ്ങളും പുഴകളും ഒഴുക്കും കടലും മഴയും വെറും വെള്ളവും അനവധിയനവധിയായി പെരുകുന്നു.പാരിസ്ഥിതിക സ്ത്രീവാദവുമായി ചേര്‍ത്തുവെച്ചു നോക്കാന്‍ പെട്ടെന്നു പ്രേരിപ്പിക്കുന്ന പല ഘടകങ്ങളും ഗിരിജയിലെ പ്രകൃതിയെഴുത്തിലുണ്ട്. ജലം, നനവ്, നിലാവ്, രാത്രി, ഇരുട്ട്, തണുപ്പ്, എന്നിങ്ങനെ നിരന്നുവരുന്ന വാക്കുകള്‍ ഒരു ചിത്രകാരി വരച്ചിട്ട ശീതളഛായ പോലെ കവിതയില്‍ പടരുന്നു. 'പാഥേര്‍പാഞ്ചാലി'യിലെ നിശ്ചിന്തിപുരത്തിലെ കുഗ്രാമീണമായ കാട്ടുപൊന്തകളും ഇടവഴികളും ഓര്‍മ്മിപ്പിക്കുന്ന അസംസ്‌കൃതമായ, പച്ചയായ, ചെത്തിമിനുക്കാത്ത ഒരു പ്രകൃതിയില്‍ നിന്നു കൊണ്ടാണീ പെണ്‍വാഴ്‌വ്. സാവിത്രിയടെ കവിതകള്‍ വീടിനകത്തിരുന്ന് ജനലിനെ പുറത്തേയ്ക്കു നോക്കുമ്പോള്‍, അനിതയുടെ കവിതകള്‍ നാലും കൂടിയ വഴികളിലേക്കു പോകുമ്പോള്‍ ഗിരിജയുടെ കവിതകള്‍ വീടിന്റെ പിന്‍വാതിലിലൂടെയാണിറങ്ങിയാണീ ഈ കാട്ടുപൊന്തകളിലേക്കും അവയുടെ വന്യഗന്ധങ്ങളിലേക്കും എത്തിയത്. (വീട് പക്ഷേ ഗിരിജയില്‍ ധാരാളം. എന്നാല്‍ അതിന്റെ അര്‍ത്ഥവിസ്താരം വേറിട്ടൊരു യുക്തിയിലാണ്.).. ''ഏട്ടിലെ കാട്'',''മരമായിരുന്നു ഞാന്‍'' ,''അവന്‍, അവള്‍. രാത്രി ''മുതലായ കവിതകളിലെല്ലാം ഈ വനവാഞ്ഛ നിറയുന്നു.

ജലം പരിധിയെഴാത്ത ലയമാണ് ഗിരിജയില്‍. ചുഴി, കടലിനോട്, തടാകം എന്നീ കവിതകളിലെ ആഖ്യാനപശ്ചാത്തലം ജലപ്രകൃതിതന്നെയാണ്. 'കാണുംവരെ' എന്ന കവിതയില്‍ കടലിന്റെ പലതരം വാഴ്‌വുകളെ വിശ്ലഥമായ ആന്തരിക ജീവിതവുമായി ചേര്‍ത്തന്വയിക്കുന്നു. 'പയ്യന്നൂരിലെ വഴിക്കുളം' കുളത്തിലിറങ്ങാതെ കുളത്തെ നോക്കിക്കണ്ട് അതിന്റെ സ്ഫടിക ശീതളത്തില്‍ മുഴുകിയ അനുഭവമാണ്.എഴുത്തിലെ അനുഭവം ജൈവികമോ അതിനപ്പുറമോ എന്നൊക്കെയുള്ള വഴുതുന്ന വിചാരങ്ങളിലാണീ കുളം കാഴ്ച നടക്കുന്നത്.

കാടും ജലവും ഇരുട്ട്, നിലാവ്, വെയില്‍, തണുപ്പ് തുടങ്ങിയ പ്രകൃതിഭേദങ്ങളും ഗിരിജയുടെ കവിതകളില്‍ പൊതുവെ കടന്നുവരുന്നത് പ്രാന്തവല്‍കൃതമായ ഒരു അപരത്വപദവിയിലല്ല, മറിച്ച് കാല്പനികത്തിലും കവിയുന്ന ഒരു താദാത്മ്യാവസ്ഥയിലാണ് കവിതകളില്‍ നിറയുന്നത്. 'മന്ത്രവാദിനി'എന്ന കവിത നോക്കൂ:
''രസമില്ലിങ്ങനെ നീ തളിര്‍ക്ക്
തളിര്‍ പൊതിയുന്നു നിന്നെ,
ഒഴുകണം പരന്നോളമിളകാതെ വേണ്ട''
അപ്പോളൊഴുകുന്നു.
വിത്തായ് മണ്ണിലുറങ്ങ്
ഉറങ്ങുന്നു വിരല്‍ കുടിച്ചൊരു കുഞ്ഞെന്ന പോലെ ശാന്തം
മുലപ്പാലു നിറഞ്ഞുവിങ്ങുന്നു
നീ വന്നു കുടിക്ക് എന്ന് നിന്നെ ഇളംപൈതലാക്കുമ്പോള്‍ നീ
ഒരു കൈയാല്‍ പിടിച്ചും ചുണ്ടാല്‍ നുണഞ്ഞും പുഞ്ചിരിച്ചും ''

ഈ പ്രക്രിയ മടുക്കുന്നില്ല കവിക്ക്
''ഇറങ്ങുകെന്നുള്ളിലേക്കെന്ന്
അലിവുറവുകള്‍ തുറന്നു ഞാന്‍
വിളിയ്ക്കുമ്പോള്‍ വരുമോ നീ
മൃതിയായെങ്കിലും?''എന്നു പരസ്പരം പകര്‍ന്നു നില്‍ക്കുകയാണിവിടെ പെണ്ണും പ്രകൃതിയും.

വീട്ടില്‍നിന്നും പുറത്തു കടക്കുന്ന പൊതുസ്വഭാവം അനിതയും ഗിരിജയും പങ്കിടുന്നുവെന്ന് മുമ്പു സൂചിപ്പിച്ചുവല്ലോ. ഗിരിജയുടെ കവിതകള്‍ ഒരു പിന്‍വാതിലിലൂടെ കാട്ടുപടര്‍പ്പുകളിലേക്കിറങ്ങിയതിനെക്കുറിച്ചും പറഞ്ഞു. എന്നാല്‍ ഈ കവിയുടെ പല രചനകളിലും വീട് വേറെ ചില അര്‍ത്ഥങ്ങളില്‍ എഴുതുന്നുണ്ട്. ഭാര്യയും ഭര്‍ത്താവും മക്കളും ഗാര്‍ഹികാധ്വാനത്തിന്റെയും ദാമ്പത്യകാമത്തിന്റെയും വിരസതകളുമല്ല ആ വീട്. ഏതോ പഴങ്കാലത്തിന്റെ കുടുംബസ്മരണയായി, ഗ്രാമീണഗാര്‍ഹികതയുടെ സ്വാസ്ഥ്യം നിറഞ്ഞ ഓര്‍മകളായി 'ഉടുത്തൊടങ്ങീ', 'വേവ് ' എന്നീ കവിതകളില്‍ വീട് തെളിഞ്ഞുവരുന്നു. 'പൊളിച്ചവീട്', 'എനിക്കുവീടില്ല', 'ചെരുവിലെ വീട്', 'വീട്ടിലേക്കു പോവുന്നു' തുടങ്ങിയ കവിതകളില്‍ തെളിയുന്നത് മേല്പറഞ്ഞ നാഗരിക, ദാമ്പത്യഗാര്‍ഹികതയുടെ അന്യത്വം തന്നെ. 'കല്‍വീടി'ല്‍ പ്രകൃതികൊണ്ടു നിര്‍മിച്ച ഓരോ മഴയിലുമലിയുന്ന ഒരു മണ്‍കുടിലായി കവി സ്വയം എഴുതുന്നു. തകര്‍ക്കാനും ഒലിച്ചുപോകാനും അതിനു കഴിയും. 'ഇന്നലെ രാത്രി' മൂലമ്പിള്ളി കുടിയൊഴിപ്പിക്കലുകളെ ഓര്‍ത്തെഴുതിയ കവിത. 'ചെരുവിലെ വീട്'' വാസ്തവത്തില്‍ വീടിനേക്കാളധികം കാടും പടര്‍പ്പുമുള്ള പ്രകൃതിതന്നെയാണ്. ഇപ്രകാരം ഇവിടെ നിറയുന്ന വീടുകളുടെ നാനാര്‍ത്ഥങ്ങള്‍ സാവിത്രിയിലും വിജയലക്ഷ്മിയിലുമുള്ള നാലു ചുവരുകള്‍ക്കകത്ത് തളക്കപ്പെട്ട സ്ത്രീപുരുഷരടങ്ങുന്ന വീട്ടില്‍നിന്നും വ്യത്യസ്തമാണ്.


അതിരുകള്‍ മായുന്ന ലിംഗക്രമം

ആണ്‍/ പെണ്‍ ഭേദത്തിന്റെ ധ്രുവീകരിക്കപ്പെട്ട ഭിന്നവര്‍ഗ്ഗ സ്വഭാവത്തിലാണ് വിജയലക്ഷ്മിയിലും സാവിത്രിയിലും പ്രണയം, ലൈംഗികത മുതലായവ കടന്നുവരുന്നതെന്നു നാം നിരീക്ഷിച്ചു. ഗിരിജയിലേക്കു വരുമ്പോള്‍ ഈ ക്രമത്തിനും ഭിന്നതയ്ക്കും അതിരുകള്‍ മായുന്നു. ശരീരം, ലിംഗം,ലിംഗപദവി,ലൈംഗികത എന്നിവയെ സംബന്ധിച്ച പതിവുയുക്തികള്‍ ഇവിടെ കുറവാണ്.ലൈംഗികത എന്നത് പ്രതിരോധമോ ഇരയാവലോ കീഴ്‌പ്പെടുത്തലോ അല്ല, ഇവിടെ. പുരുഷമോഹങ്ങള്‍ക്കുള്ളിലേക്കു പരുവപ്പെടലുമല്ല. അത്തരം ഘടനകളെ അപ്രസക്തമാക്കിക്കൊണ്ട്, സ്ത്രീകാമനകളെ തെളിച്ചമുള്ള വേറിട്ടൊരു മഷിയില്‍ തിരുത്തിയെഴുതലാണ് ഇവിടെ സംഭവിക്കുന്നത്. കാമന എന്നത് സ്വത്വസമര്‍ത്ഥനത്തിന്റെ പുതുലിപികളായി ഈ കവിതകളില്‍ നിറയുന്നു. മുന്‍പു സൂചിപ്പിച്ച ആനന്ദനിര്‍വേദവാഞ്ഛകളുമായി അത് ഇഴചേരുന്നു. കലര്‍പ്പില്ലാത്ത കാമനയും ആനന്ദവും മലയാളത്തില്‍ മാധവിക്കുട്ടിക്കു ശേഷം വീണ്ടും നാം ഇവിടെ കണ്ടെത്തുകയാണ്.

നാം നേരത്തെപറഞ്ഞ സഖീത്വം എന്ന ഘടനയ്ക്കുള്ളില്‍ നിര്‍ത്താവുന്ന രചനകളിലും മറ്റും ഒരു സ്ത്രീ/ സ്ത്രീ ബന്ധത്തിന്റെ കടന്നു കയറല്‍ കാണാം. ആണ്‍ / പെണ്‍ ഭിന്നവര്‍ഗ്ഗലൈംഗികതയുടെ ബോധപൂര്‍വ്വമുള്ള നിരാസമല്ലെന്നു തോന്നുമെങ്കിലും ഫലത്തില്‍ അവ അങ്ങനെയായിത്തീരുകയാണ്. നിര്‍ബ്ബന്ധിത ഭിന്നവര്‍ഗ ലൈംഗികതയും(ഹെട്രോsexuality ) പുരുഷാധിപത്യവും തമ്മിലുള്ള അനിവാര്യമായ ചാര്‍ച്ചയെക്കുറിച്ച് ജൂഡിത് ബട്‌ലര്‍ എഴുതിയതോര്‍ക്കുക. പെണ്ണുടലിനെയും പെണ്‍കാമനകളെയും എഴുതുമ്പോഴും ഒരു സ്വവര്‍ഗ്ഗ പ്രവണമായ ആഖ്യാനദിശ ഗിരിജയില്‍ തെളിഞ്ഞുവരുന്നുണ്ട്. പ്രകൃതിയില്‍ നിന്നു സ്ത്രീയിലേക്കും തിരിച്ചും, സ്ത്രീകള്‍ തമ്മിലും പങ്കിടുന്ന ശാരീരികതകളും വൈകാരികതകളും ഭാവപ്രപഞ്ചങ്ങളുമായി അവ കവിതകളില്‍ കടന്നുവരുന്നു.ഉത്തമഗീതത്തില്‍ കാണുന്നതുപോലെ, ('നീ എന്റെ സഹോദരനായിരുന്നെങ്കില്‍, നിന്നെ പുറത്തുവെച്ചും ചുംബിക്കാമായിരുന്നു!') വിലക്കുകളില്ലാത്ത, തെളിഞ്ഞ, ഉദാരമായ ഒരു രതിപരിമളം ഇവിടെ വഴിയുന്നു. അവിടെ ആണും പെണ്ണുമില്ല. സഹോദരിയെന്നോ സുഹൃത്തെന്നോ തീര്‍പ്പുകളില്ല, അവിടെ.
''അവള്‍ തഴുകുന്നു മറ്റൊരുവളെ
രണ്ടു സ്്ത്രീകള്‍ നിലാവത്ത്
രണ്ടു സ്ത്രീകള്‍ മരച്ചോട്ടില്‍
രണ്ടു സ്ത്രീകള്‍ പുതപ്പിന്റെ ഉള്ളില്‍ ''
('പലയിടങ്ങള്‍')
നിയമങ്ങളില്ലാത്ത ഒരു ലോകം, ക്രമബന്ധമല്ലാത്ത സ്‌ത്രൈണവാഴ്‌വുകളുടെ ലോകം - അതിലേക്കാണ് ഗിരിജ പ്രകൃതിയെയും ഭാവനയെയും പ്രണയത്തെയും എഴുത്തിനെയുമെല്ലാം സമാഹരിച്ചെത്തിക്കുന്നത്. അവിടെ സ്്ത്രീക്കുളള അന്യത്വം ഉറച്ച ലോകങ്ങളോടാണ്.
''പേടിയാവുന്നു
കുഴഞ്ഞുപോവുന്നു കൂട്ടുകാരാ
യുക്തി/ ചരിത്രം/ രാഷ്ട്രീയം
ലോകം/ മനുഷ്യന്‍/സത്യം
എന്നൊക്കെ ഉറച്ചു നീ പടയ്ക്കുന്ന
ലോകത്തിന്റെ താക്കോലുകള്‍.........''
പൂവിനേക്കാള്‍ വലിയ തലച്ചോറില്ലെന്ന് പൂവിനേക്കാള്‍ വലിയ തുടക്കവും ഒടുക്കവുമില്ലെന്നും തിരിച്ചറിയുന്ന പ്രകൃതിസ്‌ത്രൈണ ബോധം പഴയൊരു വാഴ്‌വിനെ കിനാവുകാണുന്നു. വിതയ്ക്കാത്ത കൈകളും ഉടുക്കാത്ത ഉടലുകളുമുള്ള മരംവെട്ടാത്ത, ആണും പെണ്ണുമായി പിരിയാത്ത ആ പഴയകാലം. അവിടെ ഇലയേക്കാള്‍ കനത്ത അടുക്കളപ്പണികള്‍ക്ക് കഴമ്പില്ല. നിലാവാണ് അവിടത്തെ കവിത.

പലതായി കലര്‍ന്ന് കൂടിക്കുഴഞ്ഞ ഈ അനുഭവലോകത്ത് സന്ദിഗ്ദ്ധതയുടെ അടയാളമാണിവിടെ കവിമനസ്സ്. ഈ സന്ദിഗ്ദ്ധതകളാണ് ഗിരിജയുടെ കവിതകളില്‍ ബലിഷ്ഠമല്ലാത്ത, കോയ്മകളില്ലാത്ത, തീര്‍പ്പുകളില്‍ സ്വസ്ഥമല്ലാത്ത, അലച്ചിലുകളുടെ ഉര്‍ജ്ജസ്വലതകളായി ഒഴുകിയെത്തുന്നത്. ഏതൊരു സ്വപ്നവും വ്യവസ്ഥീകരിക്കപ്പെടുന്നതോടെ, വിപണിവല്‍ക്കരിക്കപ്പെടുന്നതോടെ അതിന്റെ സര്‍ഗാത്മകതയും വിമോചനാത്മകതയും തകര്‍ക്കപ്പെടുന്നു. എന്നാല്‍ സ്ത്രീവാദഭാവുകത്വത്തിന്റെ ഡോഗ്മകളെ സംവാദാത്മകമാക്കാന്‍ ഈ കവിതകള്‍ക്കു കഴിയുന്നു. അതാണവയുടെ സൗന്ദര്യശാസ്ത്രപരവും രാഷ്ട്രീയവുമായ പ്രസക്തി.