Sunday, November 15, 2026

മായുന്ന പെണ്ണതിരുകള്‍: ജിസ ജോസിന്റെ കഥകളെ മുന്‍നിര്‍ത്തിയുള്ള വായന

                                                    


                                                              ജിസ ജോസ്

             
  ''എല്ലാ സ്ത്രീകളും രണ്ടു ഭാഷകള്‍ സംസാരിക്കുന്നു:

പുരുഷന്മാരുടെ ഭാഷയും നിശബ്ദമായ വേദനയുടെ ഭാഷയും.

ചില സ്ത്രീകള്‍ മൂന്നാമതൊരു ഭാഷ കൂടി സംസാരിക്കുന്നു;

അത് രാജ്ഞിമാരുടെ ഭാഷയാണ്.'' - മോഹ്ജ കാഫ്, (ഇ മെയില്‍സ് ഫ്രം ഷെഹറാസാദ്)

മലയാളസാഹിത്യത്തില്‍ ചെറുകഥകള്‍, സ്വയം ചെറുകഥനങ്ങള്‍ കൂടിയാണ്. ചെറുകഥനമെന്ന വാക്കിനു ചെറുതിന്റെ പ്രതിരോധപരത (Minor Writing) എന്ന രാഷ്ട്രീയാര്‍ത്ഥം കൂടിയുണ്ട്. അതില്‍ത്തന്നെ സ്ത്രീകളെഴുതുന്ന ചെറുകഥകളുടെ ഭൂമിക ഇന്ന് അതിവിസ്തൃതമാണ്. രൂപത്തിലും പ്രമേയത്തിലും രാഷ്ട്രീയത്തിലുമെല്ലാം ഇന്നു സ്ത്രീകഥകള്‍ക്കു ഊര്‍ജ്ജസ്വലമായ വളര്‍ച്ച നേടാനായിട്ടുണ്ട്. ചുരുങ്ങിയ കാലത്തിനുള്ളില്‍ത്തന്നെ നാലോളം കഥാസമാഹാരങ്ങളിലൂടെയും 6 നോവലുകളിലൂടെയും സ്ത്രീകളുടെ അനുഭവലോകങ്ങളെ സവിശേഷമായി അടയാളപ്പെടുത്തിയിട്ടുണ്ട് ജിസാ ജോസ്. സ്ത്രീകളെ വിശുദ്ധജന്മങ്ങളായോ ഇരകളായോ മാത്രം കാണുന്ന തരം കാല്‍പനികവും ഋജുവും ബാലിശവുമായ സ്ത്രീപക്ഷവ്യഗ്രതയ്ക്കു പകരം സ്ത്രീയനുഭവങ്ങളിലെ മനുഷ്യാവകാശത്തെയും സ്വാതന്ത്ര്യത്തെയും അവരുടെ അതീജീവനശ്രമങ്ങളെയും അതിലെ ഹിംസകളെപ്പോലും തിരിച്ചറിയുന്ന സമീപനമാണ് പൊതുവേ ജിസയുടെ കഥകളെ സവിശേഷമാക്കുന്നത്. അത്രതന്നെ സ്ത്രീകളുടെ വാസനാകൃതമായ കാമനകളെയും അനുഭൂതിമണ്ഡലങ്ങളെയും സൂക്ഷ്മതയോടെ എഴുതിക്കൊണ്ട് അവയെ സ്ത്രീകര്‍തൃത്വത്തിന്റെ മാനകമായി ഉയര്‍ത്തിക്കാട്ടുന്നുമുണ്ട്, ഈ കഥാകാരി. 


ഒരേ വര്‍ഗപരിസരങ്ങളെ തന്നെ സ്ത്രീപുരുഷ വ്യതിരേകങ്ങള്‍ക്കകത്തു നിര്‍ത്തി മനസ്സിലാക്കുന്ന തരം ഘടന പല കഥകളിലുമുണ്ട്. വേറെ ചിലപ്പോള്‍ വ്യത്യസ്ത വര്‍ഗപരിസരങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനവും മേല്‍ക്കോയ്മയും സൂക്ഷ്മമായി എടുത്തു കാണിക്കുന്നു. ജീവന്റെ പാത, പുഷ്പകവിമാനം, ദണ്ഡമോചനം, ശവക്കോട്ടയിലെ പൂക്കള്‍ മോഷ്ടിക്കുന്നവള്‍ മുതലായ കഥകള്‍ അത്തരത്തിലുള്ളവയാണ്. ജീവന്റെ പാതയില്‍ വലിയ വീട്ടിലെ പയ്യനെ പ്രണയിച്ചു വിവാഹം കഴിച്ച പെണ്‍കുട്ടിയുടെ കണ്ണിലൂടെയാണ് കഥ വിടരുന്നത്. സാമ്പത്തികമായ അന്തരം എല്ലാത്തരത്തിലും അവളെ ആ കുടുംബത്തില്‍ അന്യയാക്കുന്നു, അപമാനിതയാക്കുന്നു. ദണ്ഡമോചനവും പുഷ്പകവിമാനവും പോലെയുള്ള കഥകള്‍ കൗമാരപ്രായത്തിലെ ദരിദ്രരായ പെണ്‍കുട്ടികള്‍ മുതിര്‍ന്നവരില്‍ നിന്നും ഏല്‍ക്കുന്ന ലൈംഗികഹിംസകളെ പ്രമേയമാക്കിയുള്ളവയാണ്. 


ദാമ്പത്യത്തിനുള്ളിലെ പുരുഷനും സ്ത്രീയും തമ്മിലുള്ള കണ്‍കെട്ടിക്കളികള്‍ നിരവധി കഥകളുടെ കേന്ദ്രമാണ്. ന്യായവിസ്താരം, മരണരേഖ, പാതാളത്തിന്റെ കവാടങ്ങള്‍, അര്‍ത്ഥശാസ്ത്രം, ധൈര്യലക്ഷ്മി, ജീവന്റെ പാത, മഞ്ഞപ്പൂക്കളുടെ വീട്, ചേര്‍ന്നിരുന്നാല്‍ തിരുവോണം തുടങ്ങി അനേകം കഥകളില്‍ സ്ത്രീപുരുഷബന്ധത്തിന്റെ ബലാബലങ്ങളെ കുടുംബമെന്ന സ്ഥാപനത്തിന്റെ അധികാരത്തിനകത്തുവെച്ചു നോക്കിക്കാണുന്നുണ്ട്. സ്ത്രീകേന്ദ്രിതമായ അനുഭവലോകങ്ങള്‍ക്കകത്തു പുരുഷാധിപത്യം നിര്‍മിച്ചെടുക്കുന്ന അധികാരബന്ധങ്ങളെ കുടുംബം, ഗാര്‍ഹികത, തൊഴില്‍, ലൈംഗികത, സര്‍ഗാത്മകത തുടങ്ങിയ ഘടകങ്ങളെ മുന്‍നിര്‍ത്തി വിശകലനം ചെയ്യുകയാണ് ഈ കഥകള്‍. പാതാളത്തിന്റെ പടവുകളിലെ ട്രീസയുടെ ദാമ്പത്യജീവിതത്തില്‍ അവരൊരു വസ്തു മാത്രമായിരുന്നു. തല്ലുകയോ ചീത്ത പറയുകയോ ചെയ്യാത്ത അവരുടെ ഭര്‍ത്താവിന്റെ ഹരം അവരുടെ കൈവിരലുകള്‍ വാതിലിനിടയില്‍ വെച്ചു ചേര്‍ത്തടച്ചു വേദനിപ്പിച്ചു രസിപ്പിക്കുകയായിരുന്നത്രേ! വാതിലില്‍ ചാരിനിന്നുകൊണ്ടുള്ള സെക്‌സിനിടയിലും പുറം കൊണ്ടു വാതില്‍ ചേര്‍ത്തടച്ചു നഖങ്ങള്‍ വേദനിപ്പിച്ചാലേ അയാള്‍ക്കു സുഖം ലഭിച്ചിരുന്നുള്ളൂ! അര്‍ത്ഥശാസ്ത്രത്തിലെ ശോശന്ന തന്റെ പഴയ കൂട്ടുകാരിയെ കണ്ടെത്തുമ്പോള്‍ പട്ടാളക്കാരനായ തന്റെ ഭര്‍ത്താവിന്റെ കൂടെയുള്ള ജീവിതം തോക്കിന്‍ കുഴലിന്റെ മുമ്പില്‍ നില്‍ക്കുന്നതു പോലെയായിരുന്നുവെന്നു പറയുന്നു: ''ബോംബേല് താമസിക്കുന്ന കാലത്തൊരിക്കെ രാത്രി കൊച്ച് വീണു തല വാതിലേല്‍ മുട്ടി ഇച്ചിരെയൊന്നു മൊഴച്ചതിന് അങ്ങേരെന്റെ മുഖത്തടിച്ചു. അരിശം തീരാഞ്ഞ് നെലത്ത് മുട്ടുകുത്തി നിക്കാന്‍ പറഞ്ഞു. ഞാന്‍ ശ്രദ്ധിക്കാഞ്ഞിട്ടാ കൊച്ചു വീണേന്നും പറഞ്ഞ്....മുട്ടേല് നിന്നു മടുത്തപ്പം ചെറുപ്പത്തിന്റെ തിളപ്പുകൊണ്ടും രാത്രിയായതുകൊണ്ട് ഇങ്ങേരുടെ ദേഷ്യത്തിന് ഇത്രയല്ലേ ആയുസ്സു കാണൂ എന്ന ഉറപ്പുകൊണ്ടും ഞാന്‍ മുട്ടേ നിന്നിടത്തു നിന്ന് ഒന്നിരുന്നു പോയി. പൊറകീന്ന് ഓര്‍ക്കാപ്പുറത്ത് നടുംപുറത്തിന് ബെല്‍റ്റ് കൊണ്ടു കിട്ടിയ അടി. അതുപോലൊന്ന് ഞാന്‍ ജീവിതത്തിലറിഞ്ഞിട്ടില്ല. മൂന്നു മാസവാ അതിന്റെ പാട് പുറത്ത് നെടുനീളത്തില്‍ നീലിച്ചുകിടന്നത്....'' (പുറം 139, രാത്രിയോ അതിദീര്‍ഘം) ചേര്‍ന്നിരുന്നാല്‍ തിരുവോണം എന്ന കഥയില്‍ വീല്‍ച്ചയറിലായ പ്രേമിയെ അവള്‍ ചെറുത്തിട്ടും നിര്‍ബ്ബന്ധമായി സെക്‌സ് ടോയ്‌സ് ഉപയോഗിച്ചും മറ്റും ലൈംഗികതയുടെ ശാരീരിക മൂര്‍ച്ഛകളിലേക്കു തള്ളിവിടുന്ന ഭര്‍ത്താവ് ജോയ് അതു തനിക്കു ഹരമായിരുന്നുവെന്നു കൂട്ടുകാരോടു ന്യായീകരിക്കുന്നു പോലുമുണ്ട്. 


സ്ത്രീ- സ്ത്രീ പാരസ്പര്യം

ജിസാജോസിന്റെ കഥകളിലെ സ്ത്രീകള്‍ പരസ്പരം സ്ത്രീകളെന്ന നിലയില്‍ തിരിച്ചറിയുന്നതെങ്ങനെ, അതില്‍ വരുന്ന പരിഗണനയുടെ രാഷ്ട്രീയമാനങ്ങളെന്ത് എന്നെല്ലാം ആലോചിക്കാനാണ് ഈ കുറിപ്പില്‍ ശ്രമിക്കുന്നത്. അതിനോടൊപ്പം  കഥകളില്‍ അവ കൊണ്ടുവരുന്ന ചില ആഖ്യാനഘടകങ്ങളെയും നോക്കിക്കാണാനും ചെറുതായി ശ്രമിക്കുന്നു.


പാതാളത്തിന്റെ പടവുകളിലെ ബെല്ലയും ശോശച്ചേടത്തിയും അര്‍ത്ഥശാസ്ത്രത്തിലെ ശാന്തമ്മയും ശോശന്നയും രണ്ടു പെണ്‍കുട്ടികളിലെ പദ്മപ്രിയയും ഭുവനയും റോസ്‌മേരീസ് ബേബിയിലെ സാധനയും പല്ലവിയും ജീവന്റെ വൃക്ഷത്തിലെ ശേബ, ജ്യോതി, പദ്മ എന്നിവര്‍, പുഷ്പകവിമാനത്തിലെ ചിത്രയും അനുജത്തിയും, മെല്‍റ്റിംഗ് ഹാര്‍ട്ടിലെ മാധവിയും അനസൂയയും(ഇരുപതാം നിലയില്‍ ഒരു പുഴ) ലവ് വിത്ത് എ നണ്‍ എന്ന കഥയിലെ യാത്രക്കാരിയും കന്യാസ്ത്രീയും ഒക്കെ വളരെ വ്യത്യസ്തമായ സ്‌ത്രൈണലോകങ്ങളെ കാട്ടിത്തരുന്നുണ്ട്. പലപ്പോഴും നിശിതമായ പുരുഷാധിപത്യവിചാരണകളുടെ അന്തരീക്ഷത്തില്‍ നടക്കുന്ന കഥകളാണിവ. വ്യവസ്ഥയുടെ അധികാരകേന്ദ്രമായി നില്‍ക്കുന്ന പുരുഷനെ പൊളിച്ചു കാട്ടി, അതിലടങ്ങിയ ഹിംസയെ നിരാകരിക്കുന്ന രാഷ്ട്രീയമാണ് ഇവയുടെ സവിശേഷത. 


കൂട്ടുകാരികള്‍

ചുറ്റിലും സൗഹൃദങ്ങള്‍ ഏറിവരുന്ന ഓണ്‍ലൈന്‍ നെറ്റ് വര്‍ക്കുകളുടെയും ഇതര സാധ്യതകളുടെയും കാലത്ത് സൗഹൃദത്തെക്കുറിച്ചുള്ള നിസ്സഹായവും ആഴമേറിയതുമായ ഒരു അലച്ചില്‍ ഈ കഥകളില്‍ പതിഞ്ഞു കിടപ്പുണ്ട്. സരസ്വതിയമ്മക്കഥകളില്‍ പലപ്പോഴും സവിശേഷമായി കണ്ടു വന്ന സ്ത്രീകളുടെ സഖീത്വം ജിസയുടെ കഥകളില്‍ പുതിയ മാനങ്ങള്‍ തേടുന്നുണ്ട്. പലപ്പോഴും പുരുഷാധിപത്യത്തെ ചെറുക്കാനുള്ള അതിജീവനത്തിനുള്ള സഖ്യമായി ഈ പെണ്‍കൂട്ടുകള്‍ ഇവിടെ മാറുന്നുണ്ട്. സരസ്വതിയമ്മക്കഥകളിലെ റിയലിസ്റ്റിക്കും വാചാലവും നര്‍മം നിറഞ്ഞതുമായ ആഖ്യാനസ്വരം ഇവിടെയില്ലെങ്കിലും പരസ്പരം തുണനില്‍ക്കുന്ന ആഴത്തിലുള്ള സഖീത്വം തന്നെയാണിവിടെ. ഫലത്തില്‍ സംവാദത്തിലേര്‍പ്പെടുന്ന, മനസ്സിലാക്കാന്‍ ശ്രമിക്കുന്ന, പലപ്പോഴും വിയോജിച്ചുകൊണ്ടു തന്നെ ചേര്‍ത്തുനിര്‍ത്തുന്ന വിശ്വാസ്യതയുള്ള ബന്ധങ്ങളായി സൗഹൃദം ഈ കഥകളില്‍ നിലനില്‍ക്കുന്നു. രണ്ടു സ്ത്രീകള്‍ക്കിടയിലെ സൗഹൃദം ഈ കഥകളില്‍ നിരന്തരം ആവര്‍ത്തിക്കുന്നു. സൗഹൃദത്തെ സ്വവര്‍ഗസാമൂഹികത(Homo- sociality)യ്ക്കകത്തു നിലനില്‍ക്കുന്ന, പലപ്പോഴും അതിജീവനത്തിന്റെ പിടിവള്ളികളായി എഴുതുകയാണീ കഥകള്‍. സ്ത്രീകള്‍ക്കിടയില്‍ രൂപപ്പെടാറുള്ള കാല്‍പനികസാഹോദര്യവുമായും ഈ സഖ്യത്തിനു ചാര്‍ച്ചയുണ്ട്. ഒരേ ജീവിതാനുഭവങ്ങളുടെയും അവസ്ഥകളുടെയും  പങ്കിടല്‍ അവരെ കൂടുതല്‍ ചാര്‍ച്ചയുള്ളവരാക്കുന്നു. 


പുഷ്പകവിമാനത്തിലെ സഹോദരിമാര്‍ അവരുടെ അനാഥത്വത്തിലും ദാരിദ്ര്യത്തിലും എപ്പോഴും ഒരേപോലെ ഒന്നിച്ചുണ്ടായിരുന്നവരാണ്. ട്രെയിന്‍ പോകുന്ന താളം കേള്‍ക്കുമ്പോഴൊക്കെ റെയില്‍പ്പാളത്തില്‍ മരിച്ചു കിടന്ന അവളെ ഓര്‍ക്കുകയും അവളാണതിന്റെ താളമെന്നു കരുതുകയും ചെയ്യുന്നു സഹോദരി. നിര്‍മാസോപ്പിന്റെ മണമുള്ള ചിത്രയുടെ മുടിയുടെ ഗന്ധം അവളെ വിട്ടു പോയില്ല. ചിത്തപ്പനും കൂട്ടുകാരനും ചേര്‍ന്നു 'ചീത്തയാക്കിയ' ചിത്രയ്ക്കു അവള്‍ നെയ്തുകൊണ്ടിരുന്ന പ്ലാസ്റ്റിക് കുട്ട പൂര്‍ത്തിയാക്കാനായില്ല. പിന്നീടു ഐസു കമ്പിനിയിലെ പണിക്കു പോയവളെ മേസ്തിരി ലൈംഗികമായി ചൂഷണം ചെയ്യുമ്പോഴും അവള്‍ ചിത്രയോടൊപ്പം സ്വപ്‌നം കണ്ട ഐസുകൊണ്ടുള്ള കത്തിക്കായി ആഗ്രഹിക്കുന്നുണ്ട്. പുഷ്പകവിമാനം സിനിമയിലെ വില്ലന്റെ കയ്യിലുണ്ടായിരുന്ന അതേ ഐസ് കത്തി. ഒടുവില്‍ മേസ്തിരിക്കവളെ വേണ്ടാതായപ്പോള്‍ മറ്റൊരു കൊച്ചു പെണ്‍കുട്ടിയെ പകരം പണിക്കു വെച്ചതു കണ്ട് അവള്‍ അയാളുടെ എതിര്‍പ്പിനെ മറികടന്നു കത്തി പോലെയുള്ള ഐസു പാളി  കാട്ടി അയാളെ വിരട്ടി അവളുടെ കയ്യും പിടിച്ചു റെയിലിലേക്കു നടന്നു പോകുകയാണ്.  സൗഹൃദം പോലെ തന്നെ സുപ്രധാനമായ സാമൂഹ്യശാസ്ത്രവായന ആവശ്യപ്പെടുന്ന മേഖലയാണ് ബന്ധുത്വവും(കിന്‍ഷിപ്). ബന്ധങ്ങളെ നിര്‍ണയിക്കുന്നതില്‍ ദൈനംദിനപരതയ്ക്കുള്ള പ്രാധാന്യം കൂടി ചേര്‍ത്തുവെച്ചു ചിന്തിച്ചാല്‍ അതു വ്യക്തമാകും. മരണത്തിന്റെ താക്കോല്‍ പോലുള്ള കഥകളിലെ ബന്ധുത്വവും ചിന്തിക്കേണ്ടതുണ്ട്, അതവിടെ നില്‍ക്കട്ടെ. 


റോസ്‌മേരീസ് ബേബിയില്‍ രണ്ടു സ്ത്രീകള്‍ ഒരേ വാട്‌സപ് ഗ്രൂപ്പിലെ അംഗങ്ങള്‍ ആദ്യമായി നഗരത്തില്‍ വെച്ചു കണ്ടു മുട്ടുന്നതാണ്. പ്രത്യേകിച്ചൊന്നും പറയാനില്ലാതെ പരസ്പരം കുശലങ്ങള്‍ക്കു ശേഷം റോഡരികിലെ സെക്കന്റ് ഹാന്റ് പുസ്തകക്കടയില്‍ അങ്ങോട്ടുമിങ്ങോട്ടും സമ്മാനിക്കാന്‍ പുസ്തകങ്ങള്‍ തിരയുന്നു. സാധന ഹൗ ടു വിന്‍ എന്ന സെല്‍ഫ്് ഹെല്‍പ് പുസ്തകമാണ് പല്ലവിക്കു സമ്മാനിക്കുന്നത്. തിരിച്ചു സാധനയ്ക്കായി പല്ലവി കൊടുക്കാനാഗ്രഹിച്ച  റോസ്‌മേരീസ് ബേബി എന്ന ഹൊറര്‍ നോവല്‍ കിട്ടിയതുമില്ല. ഒടുവില്‍ സന്ധ്യ കഴിഞ്ഞു പിരിയുമ്പോള്‍ സാധന അകാരണമായൊരു പ്രേരണയില്‍ പല്ലവിയെ ചേര്‍ത്തു നിര്‍ത്തി നെറ്റിയില്‍ ചുംബിക്കുന്നു. വിദൂരവും ആകസ്മികവുമായ ഒരു സൗഹൃദം പോലും രണ്ടു പേര്‍ക്കിടയില്‍ സൃഷ്ടിക്കുന്ന തരളമായ പ്രേരണകളെക്കുറിച്ചു ഈ കഥ പറയുന്നുണ്ട്.


ശവക്കോട്ടയിലെ പൂക്കള്‍ മോഷ്ടിക്കുന്നവള്‍ പോലുള്ള കഥകളില്‍ ഉടനീളം സങ്കീര്‍ണവും രാഗദ്വേഷ സമ്മിശ്രവുമായ സ്‌ത്രൈണ പാരസ്പര്യത്തിന്റെ ആഴങ്ങള്‍ കാണാം. ദരിദ്രമായ പശ്ചാത്തലത്തെ സര്‍ഗാത്മകതയുടെ രാഷ്ട്രീയകൃത്യതയിലേക്കു വിന്യസിക്കാന്‍ ശ്രമിക്കുന്ന, അതിലൂടെ തനിക്കുള്ള പുരോഗമന പ്രതിഛായയെ ഉയര്‍ത്തിപ്പിടിക്കുകയാണ് കവിയായ ലൂസി മരിയ. അവളുടെ പുസ്തകപ്രകാശനം ഓണ്‍ലൈനായി നടക്കുമ്പോള്‍ മുമ്പത്തെ ഉറ്റ കൂട്ടുകാരി തങ്ങള്‍ക്കിടയിലെ വൈരുദ്ധ്യങ്ങളിലൂടെ മാനസികമായൊരു സഞ്ചാരം നടത്തുകയാണ്. 


പാതാളത്തിന്റെ കവാടങ്ങളെന്ന രചനയില്‍ ദുരൂഹവും അപ്രതീക്ഷിതവുമായ ജീവിതസന്ദര്‍ഭങ്ങളെ പെരുക്കിയെടുത്തു പിരിമുറുക്കം സൃഷ്ടിക്കുന്നു കഥാകാരി. ബെല്ലയുടെ  രോഗിയും ശയ്യാവലംബിയുമായ അബിനെന്ന മകനെ ശുശ്രൂഷിക്കാനും വീട്ടുകാര്യങ്ങള്‍ക്കുമായി നിന്ന ശോശച്ചേടത്തി, അബിന്റെ മരണശേഷം അടരടരായി വെളിവാക്കുന്ന പൂര്‍വവൃത്താന്തം കഥയിലെ മുറുക്കം കൂട്ടുന്നുണ്ട്. അനുനിമിഷം ബെല്ല തന്റെ അസംതൃപ്തമായ ദാമ്പത്യത്തെക്കുറിച്ചും മകനെക്കുറിച്ചുള്ള ആധിയോടു പൊള്ളയായ വാക്കുകളും നിസംഗതയും കൊണ്ടു പ്രതികരിക്കുന്ന ഭര്‍ത്താവിനെക്കുറിച്ചും ഓര്‍ക്കുന്നുണ്ട്. വെറും ഒരു ഹോം നേഴ്‌സ് എന്നതിലപ്പുറം, ആഴത്തിലുള്ള മനസ്സിലാക്കലിലൂടെ, ഇരുണ്ടുപോയ തന്റെ ദിവസങ്ങള്‍ക്കു വെളിച്ചം പകര്‍ന്നത് ശോശച്ചേടത്തിയാണെന്ന് അവളോര്‍ക്കുന്നു. അത്രയും കാലത്തെ സേവനത്തിനു പകരം അവര്‍ക്കു വേണ്ടതെന്തെന്നു ചോദിച്ചപ്പോള്‍ ഒരു ഔട്ടിംഗ് എന്നാണവര്‍ പറയുന്നത്. കാറെടുത്തു ബെല്ല ഡ്രൈവുചെയ്യാനൊരുങ്ങുമ്പോള്‍ താന്‍ ഡ്രൈവു ചെയ്യാമെന്നു പറഞ്ഞു അനായാസം വണ്ടിയോടിച്ചു പോകുകയാണവര്‍. മലമുകളിലുള്ള വഴികളിലൂടെ പോകുമ്പോള്‍ ധനികനായ ബിസിനസ്സുകാരന്‍ അപ്പനെക്കുറിച്ചും കോളേജില്‍ പഠിച്ചതിനെക്കുറിച്ചും റാങ്ക് കിട്ടിയതിനെക്കുറിച്ചുമവര്‍ പറയുന്നതു കേട്ട് ബെല്ല അതിശയിച്ചു. വിവാഹം, ബിസിനസ് തകര്‍ന്ന അപ്പന്റെ മരണം, കൊടുത്തു തീര്‍ക്കാന്‍ കഴിയാത്ത സ്ത്രീധനബാക്കി, മക്കളുടെ മരണം തുടങ്ങി തന്റെ ഭൂതകാലമപ്പാടെ ബെല്ലയോടവര്‍ പങ്കുവെച്ചു. ട്രീസാ കുര്യന്‍ മണിമലക്കുന്നേല്‍ എന്നാണു യഥാര്‍ത്ഥപേരെന്നും.  ഭര്‍ത്താവു മരിച്ചതോടെ/ കൊല്ലപ്പെട്ടതോടെ അവര്‍ കന്യാസ്ത്രീമഠത്തിലെത്തിയതാണത്രേ. ബെല്ലയ്ക്കവരെ ട്രീസച്ചേച്ചീ എന്നു വിളിക്കാന്‍ തോന്നുന്നു. രണ്ടു സ്ത്രീകളുടെയും പാരസ്പര്യത്തെ വളര്‍ത്തിയെടുക്കുന്നതില്‍ ഇരുവരും അനുഭവിച്ച ട്രോമകളുടെ പങ്കുവെയ്ക്കലുണ്ട്. അധികം പറഞ്ഞറിയിക്കാതെ തന്നെ തിരിച്ചറിയുന്നതിന്റെ നിറവുണ്ട്. സാഹോദര്യവും സൗഹൃദവും നിരധികാരപൂര്‍ണമായ സഹവാസവും ചേര്‍ന്നു അവരുടെ ബന്ധത്തെ ആഴമുള്ളതാക്കുന്നു. 


ഭക്ഷണത്തിന്റെ ആനന്ദകാമന

അര്‍ത്ഥശാസ്ത്രം എന്ന കഥ മദ്ധ്യവയസ്സു പിന്നിട്ട സ്ത്രീയനുഭവങ്ങള്‍ക്കകത്തു നിന്നും എഴുതപ്പെട്ടതാണ്. സ്‌കൂളിലെ ഉറ്റമിത്രമായ ശാന്തമ്മയെ പിന്നീടു നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തുകയാണ് ശോശന്ന. ശാന്തമ്മയുടെ മകന്റെ ചികില്‍സാച്ചിലവിനുള്ള പിരിവിനായി പതിച്ച നോട്ടീസുവഴിയാണ് ശോശന്ന കൂട്ടുകാരിയിലേക്കെത്തുന്നത്. ഒന്നിച്ചു ഏഴുപള്ളി തീര്‍ത്ഥാടനത്തിനു പോയി, ഇടയ്ക്കു പള്ളിയില്‍ കേറാതെ കടല്‍ക്കരയിലിരുന്നു മനസ്സു തുറക്കുന്നു. ശാന്തമ്മ  കൊണ്ടുവന്ന ഉണ്ണിയപ്പത്തിന്റെ ഗന്ധം ശോശന്നയില്‍ ഓര്‍മകളുണര്‍ത്തുന്നു. മറ്റെയാളുടെ അതിജീവനത്തിനു ഇതര നിരന്തരം പ്രചോദനം നല്‍കുന്നു. ''....എന്റേടീ, നീ കേട്ടിട്ടില്ലേ, സഞ്ചരിക്കുന്നത് ഉറുമ്പാണെങ്കിലും 100 യോജന താണ്ടാന്‍ സാധിക്കും. എന്നാലോ ഗരുഡനാണെങ്കിലും സഞ്ചരിച്ചില്ലെങ്കില്‍ ഒരടി പോലും മുന്നോട്ടു നീങ്ങാന്‍ സാധിക്കത്തില്ല''. പരസ്പരം കണ്ണാടി പോലെ പകര്‍ന്നാടുന്ന ഐക്യപ്പെടലുകളായി ഇവിടത്തെ പെണ്‍കൂട്ടുകള്‍ പ്രവര്‍ത്തിക്കുന്നു. ഭക്ഷണം ഇവിടെ സൗഹൃദത്തിന്റെയും ആനന്ദത്തിന്റെയും പ്രചോദന ഹേതുവാണ്. ഭക്ഷണത്തിന്റെ ഓര്‍മ, ഗന്ധം, രുചി, നിറം എല്ലാമിവിടെ പ്രത്യേകമായി പ്രവര്‍ത്തിക്കുന്നു. വേറാര്‍ക്കും കൊടുക്കാതെ എനിക്കു മാത്രമായി ഇതു വേണം എന്നു പറഞ്ഞു ഉണ്ണിയപ്പം സ്വന്തമാക്കുന്ന ശോശന്ന, രണ്ടുദിവസം കഴിഞ്ഞു ഉണ്ണിയപ്പം എണ്ണ കാറിയ മണത്തോടെ കഴിക്കണമെന്നു പറയുമ്പോള്‍ ഓര്‍മകളെ പുന:സൃഷ്ടിച്ച് നഷ്ടബോധം നികത്തുകയും കൂടിയാണ്. പണ്ടു സ്‌കൂള്‍കാലത്തു ശാന്തമ്മയെ പറഞ്ഞു കൊതിപ്പിച്ച കപ്പയും ബോട്ടിക്കറിയും. അതുള്ള കടല്‍ക്കരയിലെ കടയില്‍ നിന്നും ശോശന്ന അതു വാങ്ങി ശാന്തമ്മയ്ക്കു കൊടുക്കുന്നുണ്ട്. റിസല്‍ട്ടു നോക്കാന്‍ ശാന്തമ്മ വരുമ്പോള്‍ കൊടുക്കാന്‍ വെച്ചിരുന്ന വാഴയിലയില്‍ പൊതിഞ്ഞ ബോട്ടിക്കറിയുമായി ശാന്തമ്മയെ കാത്തുനിന്ന ശോശന്ന അവളെ കാണാതായപ്പോള്‍ അതു തോട്ടിലെറിഞ്ഞു. അന്നത്തെ ദിവസം താന്‍ കരഞ്ഞ പോലെ പിന്നീടൊരിക്കലും കരഞ്ഞില്ലെന്നവരോര്‍മിക്കുന്നു. ''ശോശന്ന എന്റെ കയ്യിലമര്‍ത്തിത്തൊട്ടു. കരിപിടിച്ച ചുവരുകളുള്ള ആ ചായക്കടയില്‍ പുറത്തു ചാഞ്ഞു പെയ്യുന്ന മഴയിലേക്കു നോക്കിയിരിക്കുമ്പോള്‍ ഞാന്‍ പെട്ടന്ന് സെന്റ് അഗസ്റ്റിനിലെ എട്ടാം ക്ലാസുകാരിയായി.... എനിക്കു മുന്നില്‍ മറ്റെല്ലാം മാഞ്ഞു പോയി. ആവി പൊങ്ങുന്ന പ്ലേറ്റുകളുമായി വരുന്ന ചായക്കടക്കാരനെ കണ്ടപ്പോള്‍ എന്റെ രസമുകുളങ്ങള്‍ തരിച്ചുണര്‍ന്നു.''  അലയടിക്കുന്ന കടലിനു സമീപമുള്ള തുറന്നു പറച്ചിലും, ഓര്‍മകളുണര്‍ത്തലുമെല്ലാം കഴിഞ്ഞുള്ള പ്രതികരണമാണിത്. ഉണരുന്ന ഈ കാമനകള്‍ ധ്വനിപ്പിക്കുന്ന പാരസ്പര്യങ്ങളെ എങ്ങനെയും എത്രയും നീട്ടിവായിക്കാന്‍ കവിയും വിധത്തിലാണ്. ഭക്ഷണവും അതിനോടുള്ള തൃഷ്ണകളും ഗൃഹാതുരതയുമെല്ലാം സൗഹൃദത്തിന്റെ ആഖ്യാനപരിസരങ്ങളില്‍ എപ്പോഴും കൊരുത്തുകെട്ടുന്നുണ്ട്, ജിസാ ജോസ്. സ്ത്രീയുടെ ആനന്ദാവകാശങ്ങളില്‍ ഭക്ഷണം കൂടി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം ശ്രദ്ധേയമാണ്. 


ജീവന്റെ വൃക്ഷം എന്ന കഥയില്‍ മൂന്നു പെണ്‍സുഹൃത്തുക്കള്‍ ഒന്നിച്ചിരുന്ന് ഒരു അവധിദിനത്തില്‍ കള്ളുകുടിച്ചു ആഘോഷിക്കുകയാണ്. ഭക്ഷണം ഇവിടെയും പൂര്‍ത്തീകരിക്കപ്പെടേണ്ട അഭിലാഷമായി, ജീവിതാനന്ദമായി വരുന്നുണ്ട്. പെണ്ണുങ്ങള്‍ മറ്റുള്ളവര്‍ക്കായി വെച്ചും വിളമ്പിയും അടുക്കളയില്‍ നരകിച്ചു നടുവൊടിക്കുന്നു എന്ന പരികല്പനയ്ക്കു പകരം ആഗ്രഹം തോന്നുന്നവയെല്ലാം തിന്നും കുടിച്ചും അര്‍മാദിക്കുന്നതിനെപ്പറ്റി, അതിലുപരി സ്വന്തം ഇച്ഛയ്ക്കു മേലുള്ള സമ്പൂര്‍ണ സ്വാതന്ത്ര്യത്തെപ്പറ്റി ഈ കഥ രാഷ്ട്രീയമായി ഉന്നയിക്കുന്നുണ്ട്. അര്‍ത്ഥശാസ്ത്രത്തില്‍ അധികം പുറത്തിറങ്ങാത്ത, മദ്ധ്യവയസ്സു പിന്നിട്ട കുടുംബിനികളായ നാട്ടിന്‍പുറത്തുകാരികളിലൂടെ വെളിപ്പെടുന്ന അതേ കാഴ്ച്ചകളാണ് ബാങ്കുദ്യോഗസ്ഥകളായ പദ്മ, ജ്യോതി, അവരുടെ വീട്ടുടമയും സുഹൃത്തുമായ ശേബ എന്നിവരിലൂടെ മുന്നോട്ടു വെയ്ക്കുന്നത്. വെളുത്ത നിറത്തിലുള്ള പനങ്കുറുക്കു കുഴിയുള്ള പിഞ്ഞാണത്തില്‍ വിളമ്പി, അതിലേക്കു തലേന്നത്തെ മീന്‍കറിയോ ചക്കക്കുരുമാങ്ങാക്കറിയോ ഒഴിച്ചു എല്ലാ വിരലുകൊണ്ടും കഴിക്കാനുള്ള പെണ്‍കൊതിയിലാണ് കഥ തുടങ്ങുന്നതു തന്നെ. രുചി പറഞ്ഞു കൊതിപ്പിച്ച ശേബ എന്ന മെലിഞ്ഞു സുന്ദരിയായ സ്ത്രീയെക്കുറിച്ചുള്ള വര്‍ണനകള്‍ ഒന്നിലധികം തവണ കഥയിലുണ്ട്. അവയിലെല്ലാം ആഖ്യാതാവായി വരുന്നത് പദ്മയാണ്.  ''ഓഫ് വൈറ്റില്‍ പിങ്കു പൂക്കള്‍ ചിതറിയ ഓര്‍ഗന്‍സാ സാരി എളീലോട്ടു കേറ്റി കുത്തിയിട്ടാണ് നനയ്ക്കല്‍. വെള്ളത്തുള്ളികള്‍ തുളുമ്പുന്ന കയ്യും മുഖവും വെള്ളസാരിയുമൊക്കെയായി ശേബയെക്കണ്ടപ്പോള്‍ എനിക്ക് അപ്പോള്‍ വിടര്‍ന്ന ലില്ലിപ്പൂവിനെ പോലെ തോന്നി.''(പുറം 98, പുഷ്പകവിമാനം). ''ഓറഞ്ചുനിറമുള്ള കാമിസോളിലും മുട്ടറ്റമുള്ള ഷോട്‌സിലും ശേബയെ കാണാന്‍ ചെറിയ കുട്ടിയെപ്പോലുണ്ട്.എന്നെക്കാളും ജ്യോതിയെക്കാളും ചെറിയ പെണ്‍കുട്ടി.''. മറ്റൊരു സന്ദര്‍ഭത്തില്‍ ശേബയുടെ മൂക്കിന്നറ്റത്തെ രക്തത്തുള്ളി പോലുള്ള ചുവപ്പു മൂക്കുത്തിയുടെ മനോഹാരിതയും പദ്മ ആസ്വദിക്കുന്നുണ്ട്. കര്‍ട്ടനുകള്‍ക്കിടയിലൂടെ ശേബയുടെ ഉടല്‍ ചലിക്കുന്നതു കാണാന്‍ വേണ്ടി മുകളിലെ സ്റ്റെയര്‍കേസില്‍ നിന്നും മൂന്നാലു പടികള്‍ താഴേക്കിറങ്ങി നോക്കിനില്‍ക്കുന്നുണ്ട് പദ്മ. നയനാന്ദത്തിനായുള്ള ഒളിനോട്ടങ്ങള്‍ സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനെ സൂക്ഷ്മമായി നോക്കിക്കാണാന്‍ ഈ സന്ദര്‍ഭങ്ങള്‍ പ്രേരിപ്പിക്കുന്നുണ്ട്. അതൊടൊപ്പം ഒരേ ലിംഗത്തില്‍പ്പെട്ടവരുടെ ലൈംഗികാകര്‍ഷണം എന്ന വിളുമ്പു വരെ എത്തും വിധം മറ്റു ചില സൂചനകള്‍ കൂടി കഥയിലുണ്ട്. അഗമ്യഗമനമെന്ന വാക്കുപയോഗിക്കുന്ന സന്ദര്‍ഭമാണത്. നാളെ തനിക്കൊരു അഗമ്യഗമനമുണ്ടെന്നു കോടതിയില്‍ പോകാനുള്ള ഉദ്ദേശ്യത്തെ സൂചിപ്പിച്ചു കളിയായി പദ്മ പറയുമ്പോള്‍, ഞാനും വന്നോട്ടെ നിനക്കൊപ്പമെന്നു ശേബ ചോദിക്കുന്നു. പുറത്തു ഫുഡ് കോര്‍ട്ടില്‍വെച്ചു ഒരേ സ്‌പ്രൈറ്റിന്‍രെ ബോട്ടിലില്‍ നിന്നും മാറിമാറിക്കുടിക്കുന്ന ആണ്‍കുട്ടികളില്‍ നിന്നും സ്വവര്‍ഗാനുരാഗത്തിലേക്കു സംസാരം ചാലു കീറുന്നു. വിവാഹം കഴിഞ്ഞു ഭര്‍ത്താവുമൊത്തു കുവൈറ്റ് എയര്‍പോര്‍ട്ടിലെത്തിയപ്പോഴേക്കും ഓടിവന്ന് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച ആണ്‍സുഹൃത്തിനെ ശേബ ഓര്‍ക്കുന്നു. ''പദ്‌മേ, നമ്മളിന്നു കണ്ട ആ പിള്ളേരു ഗേകളു തന്നാരുന്നു. എനിക്കു അവരു ബിഹേവ് ചെയ്യുന്ന കണ്ടപ്പത്തന്നെ മനസ്സിലായി. നീ ആണുങ്ങളു തമ്മിലുള്ള ബന്ധം കണ്ടിട്ടൊണ്ടോ? അതു നോക്കി നിക്കേണ്ടി വരുന്നതു വല്യ ഗതികേടാ. നമ്മളുരുകിപ്പോകും''..... ''ഒന്നാമത് വല്ല ഭംഗിയുമൊണ്ടോ അവര്‍ടെ ശരീരത്തിന്! പെണ്ണുങ്ങളുടെ ശരീരമോ? ഉടുപ്പിട്ടാലും ഉടുപ്പഴിച്ചാലും ഉടുപ്പഴിച്ചോണ്ടിരിക്കുമ്പഴും ഒക്കെ എന്നാ ചേലാ!'' ഇതു കേട്ടപ്പോള്‍ പദ്മ നൃത്തച്ചുവടുകളുടെ ചാരുതയോടെ ചലിക്കുന്ന ശേബയുടെ മെലിഞ്ഞ ഉടല്‍ കാണാനായി മാത്രം സ്‌റ്റെപ്പിറങ്ങി വന്നു എത്തി നോക്കുന്ന തന്നെക്കുറിച്ചോര്‍ക്കുകയാണ്. 


ബൈബിള്‍

അര്‍ത്ഥശാസ്ത്രത്തില്‍ അര്‍ത്ഥശാസ്ത്രത്തിലെ വരികള്‍ ശോശന്ന നിരന്തരം ആവര്‍ത്തിക്കുന്നതുപോലെ തന്നെ, ജീവന്റെ വൃക്ഷത്തില്‍ ബൈബിളിലെ വരികളെ ശേബ സന്ദര്‍ഭാനുസരണം ഉദ്ധരിക്കുന്നുണ്ട്. ''നിന്റെ കാലടികളുടെ പാതയെ മാത്രം ശ്രദ്ധിക്കൂ, അപ്പോള്‍ നിന്റെ എല്ലാ വഴികളും സുരക്ഷിതമാകുമെന്നും ഇടത്തോട്ടോ വലത്തോട്ടോ വ്യതിചലിക്കരുതെന്നും ബൈബിളിലുണ്ട് പദ്‌മേ. സ്വന്തം ഇഷ്ടത്തിനേ നടക്കാവൂ. അതിനെ ഒന്നിനുവേണ്ടീം ബലി കൊടുക്കരുത്. പത്തുപതിനഞ്ചു വര്‍ഷം അച്ചായന്റെ കൂടെ മരിച്ചു ജീവിച്ചേനുശേഷാ എനിക്കത്  മനസ്സിലായത.് മനസ്സിലായതിപ്പിന്നെ എനിക്ക് കണ്‍ഫ്യൂഷനുകളേയില്ലായിരുന്നു. ആശകള്‍ നിറവേറാന്‍ വൈകുമ്പോള്‍ ഹൃദയം രോഗാതുരമാകുംന്നും അഭീഷ്ടസിദ്ധി ജീവന്റെ വൃക്ഷമാണെന്നും കൂടി ബൈബിളില്‍ ഉണ്ട്. പിന്നെ ഒരിക്കലും എന്റെ ഹൃദയം രോഗാതുരമായില്ല ആവാന്‍ ഞാന്‍ സമ്മതിച്ചതുമില്ല.''  ബൈബിളിലെ വരികളുടെ സാന്നിദ്ധ്യം ലവ് വിത്ത് എ നണ്‍ എന്ന കഥയിലും ഇടയ്ക്കിടെ കടന്നു വരുന്നുണ്ട്. സര്‍വ മനുഷ്യരുടെയും രക്ഷയ്ക്കായുള്ള കൃപ, രാത്രിയോ അതിദീര്‍ഘം തുടങ്ങിയ കഥാശീര്‍ഷകങ്ങളും ബൈബിളില്‍ നിന്നുള്ളവയാണ്. സനാതനമായദൈവശാസ്ത്രചിന്തകള്‍ക്കപ്പുറം, കഥാപാത്രങ്ങളുടെ വൈകാരികനീതിയെക്കുറിച്ചുള്ള ഭാഷ്യങ്ങളായാണ് അവ കഥകളില്‍ പ്രവര്‍ത്തിക്കുന്നത്.


നയനരതി

കഥാപാത്രങ്ങളെ ചിത്രീകരിക്കുന്നിടത്തു പലപ്പോഴും വളരെയധികം ആഖ്യാനപരമായ ഡിറ്റെയിലിംഗിലൂടെ കടന്നു പോകുന്നുണ്ട്. നിറങ്ങളും മണങ്ങളും സ്വരങ്ങളും ആംഗ്യങ്ങളും വ്യാക്ഷേപകങ്ങളും എല്ലാം ചേര്‍ന്നിണങ്ങിയ രീതിയാലാണവ കടന്നു വരുന്നത്. ഇതു നമ്മില്‍ പലപ്പോഴും ഇന്ദ്രിയപരമായ സംവേദനത്തെ തൊട്ടുണര്‍ത്തുന്ന മട്ടിലുള്ളവയാണ്. സ്ത്രീകളെ വിവരിക്കുമ്പോള്‍ അവരണിഞ്ഞ വസ്ത്രങ്ങളുടെ നിറം, അവയുടെ പ്രിന്റും ഡിസൈനും തരവും മറ്റും, കൂടാതെ ശരീരത്തിന്റെ ഘടനയുള്‍പ്പടെയുള്ള  സൂക്ഷ്മാംശങ്ങള്‍ എന്നിവയെല്ലാം വിസ്തരിച്ചും വിവരണാത്മകമായും എഴുതുന്നുണ്ട്. ലവ് വിത്ത് എ നണ്‍ എന്ന കഥ തുടങ്ങുന്നതു തന്നെ ഇപ്രകാരം കഥാപാത്രങ്ങളെ അടയാളപ്പെടുത്തിക്കൊണ്ടാണ്. ''ഈ വണ്ടി ഒരിക്കലും ഇനി പുറപ്പെടുകയില്ലെന്ന് തോന്നിപ്പിക്കുന്ന അത്രയും നീണ്ട കാത്തിരിപ്പിനിടയില്‍ എപ്പോഴോ ആയിരുന്നു കാറ്റുവീശുന്ന പോലെ ആ മൂന്നു സ്ത്രീകള്‍ തിരക്കിട്ട് നടന്നു വന്നതും എതിര്‍വശത്തെ സീറ്റില്‍ ഇരുന്നതും. പേരറിയാത്ത എന്തിന്റെയൊക്കെയുമോ സമ്മിശ്രഗന്ധങ്ങള്‍ മുട്ടിയുരസി കടന്നുപോയി തിരക്ക് കുറഞ്ഞ കമ്പാര്‍ട്ട്‌മെന്റ് നോക്കി അവര്‍ പല മുറികളിലായി കേറി ഇറങ്ങുകയായിരുന്നു എന്ന് തോന്നിച്ചു. അല്ലെങ്കില്‍ വണ്ടി വന്നു നിന്ന് ഇത്ര നേരം കഴിഞ്ഞ് അവരിങ്ങനെ വെപ്രാളപ്പെട്ട് കേറി വരാന്‍ ഇടയില്ല ഇവിടെത്തന്നെ ഇരിക്കണം കൂടുതല്‍ ഒഴിഞ്ഞു കിടന്നയിടം നോക്കണോ എന്ന് പിന്നെയും വെള്ളയും മഞ്ഞ പൂക്കളുള്ള സാരി ചുറ്റിയ സ്ത്രീയ്ക്ക് ഉണ്ടായിരുന്നു. ഇവിടെ മതീടി റോസ് സാരിക്കാരി പറഞ്ഞു. കയ്യിലുള്ള നിറം മങ്ങിയ പ്ലാസ്റ്റിക് കൂടുകളും ബാഗുകളും എവിടെയൊക്കെ ഒതുക്കുമെന്ന് സംശയവും ബഹളവും കുറച്ചധികം നേരം തുടര്‍ന്നു. കണ്ടുകൊണ്ടിരുന്ന സിനിമയിലേക്ക് ശ്രദ്ധിക്കുന്ന ഭാവത്തില്‍ അവരെ തന്നെ നോക്കി.'' അനുഭൂതിസമ്മിശ്രമായ സാന്നിദ്ധ്യമായാണ് ഓരോ കഥയിലും ജിസാജോസ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്; പ്രത്യേകിച്ചും സ്ത്രീകളെ. കാഴ്ചയുടെ പലവിധ കോണുകള്‍, നോക്കപ്പെടുന്നതിന്റെ പലതരം അനുഭൂതികള്‍ ഇവ കൂടി ചേര്‍ന്നാണ് ഈ രൂപചിത്രണം കഥാകൃത്തു നിര്‍വഹിക്കുന്നത്. ഇതിലൂടെ കഥയ്ക്കകത്തു രൂപപ്പെടുന്ന ഇന്ദിയാനുഭൂതികളാണ് കഥയ്ക്കു പ്രത്യേക ടോണ്‍ നല്‍കുന്നത്. മുമ്പു ചര്‍ച്ച ചെയ്ത അര്‍ത്ഥശാസ്ത്രത്തിലും ജീവന്റെ വൃക്ഷത്തിലുമെല്ലാം ഭക്ഷണവും അതിന്റെ ആസ്വാദനതൃഷ്ണയും കൂടിച്ചേര്‍ന്നാണ് അനുഭൂതിമണ്ഡലത്തെ നിര്‍മിക്കുന്നത്. സ്ത്രീകളുടെ സ്വന്തം ഇച്ഛകളിലൂടെ രൂപപ്പെടുന്ന കര്‍തൃത്വത്തെ ആദരിച്ചും അതിനെ ആധികാരികമാക്കിയുമാണ് ഈ കഥാകാരിയുടെ സ്ത്രീപക്ഷരാഷ്ട്രീയം പ്രവര്‍ത്തിക്കുന്നത്.  ജീവന്റെ വൃക്ഷത്തിലെന്ന പോലെ തന്നെ,  സുന്ദരിയും ചെറുപ്പക്കാരിയുമായ കന്യാസ്ത്രീയെ തുടക്കം മുതലേ നിരന്തരം നിരീക്ഷിക്കുന്നുണ്ട്, ആഖ്യാതാവ്. ''അവര്‍ മുന്നോട്ടു വന്നപ്പോള്‍ അല്പം ഒഴിഞ്ഞുകൊടുത്തു. ദേഹത്തു വെളുത്ത ഉടുപ്പിന്റെ അരികുകള്‍ തട്ടുന്നു. നേര്‍മയുള്ള ഏതോ സുഗന്ധം. അടുത്തു നിന്ന് അവരെത്തന്നെ നോക്കി. ശിരോവസ്ത്രം തെല്ലു നീങ്ങിയിടത്തു കറുകറുത്ത മുടിച്ചുരുള്‍. ഒഴിഞ്ഞ കാതിന്റെ തുമ്പ്. എന്തൊരു ഓമനത്തമെന്ന് പിന്നെയുമെന്റെ ശരീരം അസ്വസ്ഥമായി. നീളന്‍ ക്ണ്ണുകള്‍ വിടര്‍ത്തി, രണ്ടു കമ്പികളിലും പിടിച്ച പുറത്തേക്ക് എത്തിനോക്കുന്ന കന്യാസ്ത്രീയറിയാതിരിക്കാന്‍ ഞാനല്‍പം ഒഴിഞ്ഞു നിന്നു. ഇതൊരവസരമാണ്. എന്തെങ്കിലുമൊക്കെ സംസാരിക്കാന്‍.''(പുറം56, സര്‍വമനുഷ്യരുടെയും രക്ഷയ്ക്കു വേണ്ടിയുള്ള കൃപ)


സ്വവര്‍ഗഭീതിയില്ലാതെ

ജിസയുടെ രചനകളില്‍ വാര്‍പ്പു മാതൃകയിലല്ലാതെ, എന്നാല്‍ സ്വവര്‍ഗഭീതിയില്ലാതെ സ്ത്രീയടുപ്പങ്ങളുടെ വളരെ സ്വാഭാവികമായ ആവിഷ്‌കാരം കാണാം. ഈ കഥകളിലെ സ്വവര്‍ഗാഭിമുഖ്യങ്ങളെ ലെസ്ബിയന്‍ എന്നു കൃത്യമായി വേര്‍തിരിച്ചു അടയാളപ്പടുത്താന്‍ കഴിയുന്ന ഒരു ഘടന അവയില്‍ പ്രവര്‍ത്തിക്കുന്നില്ല. നേര്‍വിപരീത ദ്വന്ദ്വങ്ങളെന്ന നിലയില്‍ ഭിന്നവര്‍ഗലൈംഗികതയും സ്വവര്‍ഗലൈംഗികതയും പുലരുന്ന ഇടങ്ങള്‍ ഈ കഥകളില്‍ കാണാനുമാവില്ല. മനുഷ്യരുടെ തരളവും ചഞ്ചലവുമായ മനോവിചാരങ്ങള്‍ക്കകത്തു നേര്‍ത്ത പാട പോലെ അലിഞ്ഞ കാമനകളായവ നിലനില്‍ക്കുന്നുണ്ട്. ജീവന്റെ വൃക്ഷത്തിലെയും ലവ് വിത്ത് എ നണ്‍ ലെയും അര്‍ത്ഥശാസ്ത്രത്തിലെയും മറ്റും പെണ്ണടുപ്പങ്ങളില്‍ ഇപ്രകാരം സന്ദിഗ്ദ്ധമായ കാമനാവിചാരങ്ങളും ചേഷ്ടകളുമാണുള്ളതെങ്കില്‍ രണ്ടു പെണ്‍കുട്ടികള്‍, മെല്‍റ്റിംഗ് ഹാര്‍ട്ട് എന്നീ കഥകളില്‍ സ്പഷ്ടവും വ്യതിരിക്തവുമായ അഭിരുചികളായി അവ എടുത്തു നില്‍ക്കുന്നുണ്ട്.


മുന്‍ കഥാകാരികളില്‍ പലരും ലെസ്ബിയന്‍ പ്രണയത്തെ തന്നെ ഒരു രാഷ്ട്രീയമാക്കി തന്നെ ഉന്നയിച്ചുകൊണ്ട് അതിനെ പ്രമേയവല്‍ക്കരിച്ചിട്ടുണ്ട്. ഉദാഹരണമായി നിരവധി കഥകളെ സാഹിത്യചരിത്രത്തില്‍ നിന്നും നിരത്താന്‍ കഴിയും. മാധവിക്കുട്ടിയുടെ സ്ത്രീ, ചന്ദനമരങ്ങള്‍, 13 വയസ്സായ മകള്‍, ചതി തുടങ്ങിയ കഥകള്‍, സാറാ ജോസഫിന്റെ കോഫി ഹൗസ്, കെ.എ.ബീനയുടെ സാന്ത്വനം, പി വല്‍സലയുടെ ദുഷ്യന്തനും ഭീമനും ഇല്ലാത്തലോകം, കസ്തൂരി, ചന്ദ്രമതിയുടെ ശ്രീഹവ്യയും ചില അക്കാദമിക് പ്രശ്‌നങ്ങളും, സിതാരയുടെ സ്പര്‍ശം, ഇന്ദുമേനോന്റെ ഒരു ലെസ്ബിയന്‍ പശു, ജലത്തിലൂടെ നടക്കുന്ന കന്യകമാര്‍, സി എസ് ചന്ദികയുടെ കാഞ്ചീപുരം, ലേഡീസ് കമ്പാര്‍ട്ട്‌മെന്റ്, ശ്രീകുമാരി രാമചന്ദ്രന്റെ സ്വപ്‌നാടനത്തിനിടയില്‍, നിര്‍മലയുടെ സിമന്റു കൂടാരത്തിലെ സ്വര്‍ഗങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ കഥകള്‍ ഇതേ പ്രമേയപരിസരത്തു നിന്നുകൊണ്ട് എഴുതപ്പെട്ടിട്ടുണ്ട്. ഇവയിലെല്ലാം ലൈംഗികമായ ചോദനകളെ വെളിവാക്കിത്തന്നെ, അതല്ലെങ്കില്‍ രണ്ടു സ്ത്രീകളുടെ പരസ്പരാനുരാഗത്തെ വിശദമാക്കുന്ന കഥാ സന്ദര്‍ഭങ്ങളിലൂടെയാണ് ആഖ്യാനം നീങ്ങുന്നത്. വ്യക്തവും കൃത്യവുമായ സ്വവര്‍ഗാനുരാഗത്തിന്റെ ചോദനകളെ തുറന്നുവെയ്ക്കാനുള്ള ശ്രമങ്ങളായി ഈ കഥകളെ കാണാം. 


രണ്ടു പെണ്‍കുട്ടികള്‍ എന്ന കഥയില്‍ അതേ പേരിലുള്ള വി ടി നന്ദകുമാറിന്റെ ലെസ്ബിയന്‍ പ്രണയം വിഷയമായി വരുന്ന നോവല്‍ കടന്നു വരുന്നുണ്ട്. കഥയുടെ പാഠത്തിനുള്ളില്‍ പലപ്പോഴായി അതൊരു അതികഥനമായി (മെറ്റാ നരേറ്റീവായി) കടന്നു പോകുന്നുമുണ്ട്. വായന ഹോബിയാക്കിയിരുന്ന കൗമാരപ്രായക്കാരിയായ പദ്മപ്രിയ ലൈബ്രറിയില്‍ നിന്നും ആ നോവലെടുക്കുന്നതു ശ്രദ്ധിച്ച മദന്‍ബാബു എന്ന പയ്യന്‍ അവളുടെ പിന്നാലെ കൂടി അതു വായിക്കുന്നതു വിലക്കുകയാണ്. റെയില്‍പ്പാളത്തിനരുകിലൂടെ നടന്നു വരവേ അവന്റെ ഇടപെടല്‍ അവള്‍ ചെറുക്കുമ്പോള്‍ പെട്ടന്നു ഗുഡ് ട്രെയിന്‍ വന്നു ആകെ ഭൂമികുലുക്കി കുറേ നേരം എതിര്‍വശത്തേക്കു മറ സൃഷ്ടിച്ചു. ആ നേരം കൊണ്ട് അവന്‍ അവളെ പിന്നില്‍ നിന്നു കെട്ടിപ്പിടിച്ചു ചുംബിക്കാന്‍ ശ്രമിക്കുന്നു. പുസ്തകം ചിതറി നിലത്തു വീഴുന്നു. താന്‍ പോലുമറിയാതെ കോരിത്തരിപ്പോടെ ആ സന്ദര്‍ഭത്തിനു അടിപ്പെട്ടു നിന്നതിനെക്കുറിച്ചു അവള്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു. അതാവര്‍ത്തിക്കാനാണവളുടെ മനസ്സും ശരീരവും ആഗ്രഹിച്ചത്. അന്നു രാത്രി ഉറക്കമിളച്ചു നോവല്‍ വായിക്കാനിരുന്ന പദ്മപ്രിയയുടെയരികില്‍ ചിറ്റ എത്തുന്നു. അവള്‍ പുസ്തകം തലയിണയ്ക്കടിയില്‍ ഒളിപ്പിച്ചു ചിത്തിരപ്പാവൈ വായിക്കുകയാണെന്ന മട്ടിലിരുന്നപ്പോള്‍ അവര്‍ ഓര്‍ക്കാപ്പുറത്ത്  അവളുടെ പിന്‍കഴുത്തില്‍ തലോടുമ്പോള്‍ അവള്‍ വിറച്ചു പോകുന്നുണ്ട്. ''വിചിത്രമായ അനുഭവങ്ങളിലൂടെയാണ് ഇന്നെന്റെ ശരീരം കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. ഉച്ചവെയിലത്ത് റെയില്‍പ്പാളത്തിനരികില്‍ വെച്ച് ഇന്നൊരുത്തന്‍ എന്നെ കയറിപ്പിടിച്ചു. ഒരു മറവും ഒളിവുമില്ലാത്ത തുറസ്സില്‍ വെച്ച്. കത്തിയാളുന്ന വെയിലും ആ ഗുഡ്‌സ് ട്രെയിനും മാത്രം മറ പിടിച്ച് അവനെന്നെ...പിന്നെ ഈ പുസ്തകം. അതു പെണ്ണുങ്ങളുടെ പ്രണയത്തെക്കുറിച്ചു പറയുന്നു. പാതിരാത്രിയും കഴിഞ്ഞ് ചിറ്റ എനിക്കടുത്തുവന്ന് ഒരാവശ്യവുമില്ലാതെ എന്‍രെ നഗ്നമായ പിന്‍കഴുത്തില്‍ തലോടുന്നു.'' (പുറം18, രാത്രിയോ അതിദീര്‍ഘം) ലൈംഗികമായി ഉണര്‍ന്ന കൗമാരശരീരത്തിന്റെ അനുഭൂതികളില്‍ പൂത്തുലയുന്ന പദ്മപ്രിയ തന്റെ ആത്മസഖി ഭുവനയ്ക്കു ആ പുസ്തകം കൈമാറാനായി പോകുന്നു. പക്ഷേ പുസ്തകം വായിക്കാനൊന്നും സമയമില്ലെന്നു പറഞ്ഞ് അവള്‍ നിരുല്‍സാഹപ്പെടുത്തുന്നു. മാമ്പഴച്ചാറുമായി വന്ന ഭുവന അവളോട് കൂടുതല്‍ ചേര്‍ന്നൊട്ടിയിരിക്കുന്നു. അവളുടെ ഉടലിനുണ്ടായിരുന്ന പുഴയുടെയും വെയിലിന്റെയും മണം പോയി മാമ്പഴമണമായിരിക്കുന്നു. പെട്ടന്ന് ഓര്‍ക്കാപ്പുറത്ത് പദ്മപ്രിയയുടെ ചുണ്ടുകളില്‍ ഭുവന ചുംബിക്കുകയാണ്. ദീര്‍ഘവും മധുരമയവുമായ ചുംബനത്തിനുശേഷം പദ്മപ്രിയയെ ചേര്‍ത്തു പിടിച്ച് ഭുവന പറഞ്ഞു, ''ആ നോവലൊന്നും നമുക്കു വായിക്കണ്ട. അതില് രണ്ടു പെങ്കുട്ടികളും പരസ്പരം സ്‌നേഹമൊക്കെ അവസാനിപ്പിച്ച് രണ്ടാണുങ്ങടെ കൂടെ പോകുന്നതല്ലേ കഥ. എനിക്കതിഷ്ടമല്ല. നിനക്കും ഇഷ്ടാവണ്ട.'' ഇവിടെ പരസ്പരധാരണയുടെയും ഐക്യപ്പെടലിന്റെയും ദാര്‍ഢ്യത്തില്‍ പെണ്ണടുപ്പങ്ങള്‍ക്ക് ആധികാരികത വരുകയാണ്. അതു മുമ്പു സൂചിപ്പിച്ച കഥകളിലേതു പോലെ വെറും അടുപ്പമോ നയനരതിയോ ആകുന്നതിനപ്പുറം ശരീരവും ലൈംഗികതയും എല്ലാം ചേര്‍ന്നുണരുന്ന പ്രക്രിയയാവുകയാണ്. മാത്രമല്ല വിവാഹമെന്ന ആണ്‍/പെണ്‍ ഏര്‍പ്പാടിനെ നിരസിക്കുന്നതിലൂടെത്തന്നെ അതിലടങ്ങിയ പുരുഷാധിപത്യത്തോടുള്ള വിമര്‍ശനത്തെയും സ്‌ത്രൈണമായ ആധികാരികതയെയും തിരിച്ചറിയാം. 


മെല്‍റ്റിംഗ് ഹാര്‍ട്ട് എന്ന കഥയില്‍  നാഗരികമായ ചുറ്റുപാടിലാണ് കഥ. അനധികൃത ഇണകള്‍ക്കു വേണ്ടിയെന്ന വണ്ണും സ്വകാര്യതയേറിയ ഗ്ലേഷ്യസ് എന്ന  ഐസ്‌ക്രീം പാര്‍ലറില്‍ വെച്ചു രണ്ടു പഴയ സുഹൃത്തുക്കള്‍ ഒന്നിച്ചിരിക്കുകയാണ്. ഇരുപതു വര്‍ഷത്തിനു ശേഷമാണ് അവിവാഹിതയായ മാധവി എന്ന മധു അനസൂയയെ കാണുന്നതു തന്നെ. തലേന്നു ആകസ്മികമായി റെയില്‍വേസ്റ്റേഷന്‍ പരിസരത്തുവെച്ച് അവര്‍ കണ്ടുമുട്ടിയപ്പോഴാണ് പിറ്റേന്നു കാണാനുള്ള പ്ലാനിട്ടത്. അനസൂയയോടുള്ള ആകര്‍ഷണം സ്‌കൂള്‍ കാലം മുതല്‍ക്കേ കൊണ്ടു നടന്ന മധുവിന് അവളുടെ എണ്ണമറ്റ പ്രണയകഥകള്‍ മുറിവുകളുണ്ടാക്കി. അവളുടെ വിവാഹദിവസം ഉപേക്ഷിക്കപ്പെട്ടവളെപ്പോലെ ആരുടെയും കണ്ണില്‍പ്പെടാതെ വിവാഹസദസ്സില്‍ നിന്നിറങ്ങിപ്പോയ മധു അവളുടെ ഭര്‍ത്താവായ ഹരിഗോവിന്ദനെന്നെ മനുഷ്യനെ ആ കാരണം കൊണ്ടുതന്നെ കഠിനമായി വെറുത്തു. ലജ്ജയും ഒറ്റപ്പെടലും മാധവി എന്ന പഴയ പേരിന്റെ ഭാരവും കൊണ്ടു തളര്‍ന്ന കൗമാരകാലത്തില്‍ അനസൂയ മധുവിന് പ്രത്യാശയായിരുന്നു. പക്ഷേ അവളെന്നും ഒരോ പ്രണയങ്ങള്‍ക്കു പിന്നാലെ പൊയ്‌ക്കൊണ്ടിരുന്നു. മധു കല്യാണം കഴിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി കിട്ടാത്തപ്പോള്‍ ''ഒരു കണക്കില്‍ ഇതാ നല്ലത്. നീ എത്ര ഫ്രീയാണ്. സ്വന്തം കാര്യങ്ങള്‍ സ്വയം തീരുമാനിക്കാന്‍ പറ്റുന്നല്ലോ.'' എന്നാണവള്‍ അഭിപ്രായപ്പെട്ടത്. അനസൂയ മെനുകാര്‍ഡു സമയമെടുത്തു വായിച്ചിരിക്കുമ്പോള്‍ തന്നോടു സംസാരിക്കൂ എന്നു നിലവിളിക്കുന്ന ഹൃദയവുമായി, അവളുടെ മോഹിപ്പിക്കുന്ന വിരല്‍ത്തുമ്പുകള്‍ നോക്കി, മധു നിശ്ശബ്ദമായിരുന്നു. ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമെത്തുമ്പോഴേക്കും സന്ദര്‍ഭം മറ്റൊന്നിലേക്കു വഴിമാറി.  ആത്മഹത്യാശ്രമത്തിനു ശേഷം കിടപ്പിലായ മകനുവേണ്ടി മെല്‍റ്റിംഗ് ഹാര്‍ട്ട് എന്ന ഐസ്‌ക്രീം പാഴ്‌സലായി വാങ്ങാനെത്തിയ സ്ത്രീയുടെ കഥ വെയ്റ്ററില്‍ നിന്നുമറിയുന്നു. അവരുടെ കോളേജുവിദ്യാര്‍ത്ഥിയായ മകന്‍ പാര്‍ട്ട്‌ടൈംജോലി ചെയ്തിരുന്ന ഷോപ്പിലെ മുതലാളിപ്പയ്യനുമായി പ്രേമം എന്നു വെയ്റ്റര്‍ വഷളന്‍ ചിരിയോടെ പറഞ്ഞപ്പോള്‍ അവള്‍ക്കു കൊണ്ടു. കൂട്ടുകാരിയുടെ കൈ കോര്‍ത്തു പിടിച്ചു കടല്‍ത്തീരത്തേക്കു പോയപ്പോള്‍ ചുറ്റും ഇണകളുടെ കൂട്ടം. അനസൂയയുടെ ചിരിയും ചലനങ്ങളും മധുവിനെ കൊതിപ്പിച്ചുകൊണ്ടിരുന്നു. കടല്‍ത്തിരകളുയര്‍ന്നു മുട്ടറ്റം നനച്ച അതേനിമിഷം അനസൂയയുടെ ഉപ്പുരുചി പുരണ്ട ചുണ്ടുകളെ തന്റെ ചുണ്ടുകള്‍ കൊണ്ടു സ്പര്‍ശിക്കുകയാണ് മധു. ഭൂതകാലത്തില്‍ ഉറഞ്ഞു കിടന്നതും വെളിപ്പെടുത്താത്തതുമായ കാമനകള്‍ക്കു വര്‍ത്തമാനകാലത്തുണ്ടാകുന്ന ഉണര്‍ച്ചയുടെ തക്കതായ ഒറ്റനിമിഷമായതു കഥയില്‍ അടയാളപ്പെടുകയാണ്. വിവാഹത്തോടുള്ള താല്‍പര്യക്കുറവും സ്വവര്‍ഗസ്‌നേഹത്തെ പരിഹസിച്ച വെയ്റ്ററോടു തോന്നുന്ന രോഷവും മധുവിന്റെ നിലപാടുകളെ വെളിപ്പെടുത്തുന്നുണ്ട്. എങ്കിലുമവളുടെ അഭിലാഷങ്ങള്‍ ഒരു വശത്തു മാത്രമായി നില്‍ക്കുന്നുവെന്നതാണ് കഥയുണര്‍ത്തുന്ന സംഘര്‍ഷവും സന്ദിഗ്ദ്ധതയും. രണ്ടു പെണ്‍കുട്ടികള്‍ എന്ന രചനയില്‍ ഇരു പക്ഷത്തുനിന്നും സജീവമായ അടുപ്പത്തിന്റെ സാദ്ധ്യതകള്‍ നിലനിര്‍ത്തിക്കൊണ്ടാണ് കഥ അവസാനിക്കുന്നതെങ്കില്‍ ഇവിടെ അതില്ല. 


മണം, രുചി, നിറം എന്നിവയുടെ അന്തരീക്ഷസൃഷ്ടിയിലൂടെ പുതുമയുള്ള വാസനാകൃതമായ അനുഭൂതിലോകം ഈ കഥകളിലുണ്ട്. കഥാസന്ദര്‍ഭങ്ങളില്‍ കടന്നുവരുന്ന ഐസ്‌ക്രീമും മാമ്പഴച്ചാറും പനങ്കുറുക്കും മസാലദോശയും ബോട്ടിയും കപ്പയും എന്നുവേണ്ട വിവിധതരം ഭക്ഷണങ്ങളില്‍ക്കൂടി അവയ്ക്കു മൂര്‍ത്തമായ രൂപം നല്‍കുന്നു. കഥാപാത്രങ്ങളിടെ പ്രദേശികഭാഷയിലുള്ള സംഭാഷണങ്ങള്‍ കുടുതല്‍ വിവൃതമായ ആഖ്യാനമായി, കഥയുടെ ഉള്ളടരുകളിലേക്കും പിന്നാമ്പുറങ്ങളിലേക്കും ഒരു പാളിനോട്ടം സാദ്ധ്യമാക്കിക്കൊണ്ടാണ് നിലനില്‍ക്കുന്നത്. അര്‍ത്ഥശാസ്ത്രത്തിലും പാതാളത്തിന്റെ പടവുകളിലും മരണത്തിന്റെ താക്കോലിലും ജീവന്റെ വൃക്ഷത്തിലുമെല്ലാം മദ്ധ്യതിരുവിതാംകൂര്‍ ക്രിസ്ത്യാനികളിലെ പെണ്‍ജീവിതത്തിന്റെ അരികനുഭവങ്ങള്‍ വെളിപ്പെടുന്നതങ്ങനെയാണ്. സൗഹൃദത്തിന്റെ ഘടനയില്‍ നിന്നും വിട്ടു കൂടുതല്‍ ആഴത്തിലുള്ള പെണ്‍കൂട്ടുകളോ, ലൈംഗികാനുഭവങ്ങളോ വരുമ്പോള്‍ പ്രാദേശികച്ചുവ തീണ്ടാത്ത, ആത്മഗതരൂപത്തിലുള്ള അന്തര്‍മുഖമായ ഭാഷ കടന്നു വരുന്നു. തൊട്ടെടുക്കാവുന്ന വിധം ഓര്‍മയുടെ വിശദാംശങ്ങളോടെയുള്ള ആഖ്യാനം കൊണ്ട് ഭാഷയ്ക്കു കൈവരുന്ന ഗാഢത സ്വവര്‍ഗലിംഗപരമായ കാമനകളെ തീക്ഷ്ണവും വേരുറച്ചതുമാക്കുന്നുണ്ട്. 


സ്ത്രീകര്‍തൃത്വത്തെ പുതുക്കിപ്പണിഞ്ഞുകൊണ്ടാണ് ഈ രചനകള്‍ അവയുടെ സ്ത്രീപക്ഷരാഷ്ട്രീയത്തെ ഉയര്‍ത്തുന്നത്. അതിലുപരിയായി ലൈംഗികതയും ലിംഗസ്വത്വവും സംബന്ധിച്ചു, ഒരു രാജ്ഞിയുടെ പരമാധികാരത്തിലെന്നവണ്ണം, സ്ത്രീയുടെ ഇച്ഛാധികാരത്തെ സമ്പൂര്‍ണമായി, സംശയലേശമെന്യേ സ്ഥാപിച്ചെടുക്കാനും ശ്രമിക്കുന്നു. ഇതിനര്‍ത്ഥം കഥയില്‍ പ്രായോഗികരാഷ്ട്രീയത്തിലുള്ള നിലപാടുകൃത്യതയ്ക്കായുള്ള ഇടങ്ങളെ ബോധപൂര്‍വം സൃഷ്ടിക്കുന്നുവെന്നല്ല. നേരെ മറിച്ചു അനുഭൂതികളെ അസ്ഥിരപ്പെടുത്തിയും സന്ദിഗ്ദ്ധതപ്പെടുത്തിയും വളരെ ജൈവികമായി, സര്‍ഗാത്മകമായ കരുനീക്കങ്ങളിലൂടെ അതു വായനക്കാരില്‍ ഉന്നയിക്കപ്പെടാനായി തുറന്നിടുക മാത്രമാണ്. 


അവലംബം:

1. ജിസ ജോസ്, സര്‍വമനുഷ്യരുടെയും രക്ഷയ്ക്കു വേണ്ടിയുള്ള കൃപ, കറന്റ് ബുക്‌സ്, കോട്ടയം,2020.

2. ജിസ ജോസ്, ഇരുപതാംനിലയില്‍ ഒരു പുഴ, ലോഗോസ് ബുക്‌സ്, പട്ടാമ്പി, 2020.

3. ജിസ ജോസ്, പുഷ്പകവിമാനം, ഡിസി ബുക്‌സ്, കോട്ടയം, 2022.

4. ജിസ ജോസ്്, രാത്രിയോ അതിദീര്‍ഘം, ഡിസി ബുക്‌സ്, കോട്ടയം, 2025.

5. പി.കെ.രതീഷ്, ഫ്രണ്ട്ഷിപ്പ്- ബ്രാക്കറ്റിനകത്തും പുറത്തും, ക്വിവൈവ് ടെക്‌സ്റ്റ്, മാവേലിക്കര, 2019

(2026 നവംബർ 16-22 ലെ മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്)