Friday, March 6, 2026

പിന്നാമ്പുറത്തെ നിത്യകല്യാണീലതകള്‍ (ശ്രീകല ശിവശങ്കരന്റെ പൂന്തോട്ടങ്ങള്‍ നാം സഞ്ചരിക്കുമ്പോള്‍ എന്ന കൃതിയുടെ പുസ്തകപരിചയം)


 
 സ്ത്രീകളുടെ ആത്മകഥകളും അവരെഴുതുന്ന ഇതരരൂപങ്ങളും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മായുന്ന സ്വഭാവം പലപ്പോഴും കാണാം. സ്ത്രീകള്‍ യാത്രാവിവരണം എഴുതുമ്പോഴും മറ്റും അത് ആത്മകഥനത്തിലേക്കു ചാലു കീറുന്നത് പലരും നിരീക്ഷിച്ചിട്ടുണ്ട്. സ്ത്രീയെഴുത്തിനെക്കുറിച്ചുള്ള സത്താപരമായ വീക്ഷണമായി ഇതിനെ കരുതേണ്ടതില്ല. മറിച്ചു സ്വത്വപരമായ കീഴാളതയില്‍ നിന്നുള്ള അതിജീവനമായി ഈ എഴുത്തുകള്‍ മനസ്സിലാക്കിയാല്‍ മതിയാകും. അനുഭവങ്ങളുടെയും ഓര്‍മകളുടെയും പല പടവുകളില്‍ നിന്നു കൊണ്ടു എഴുതുന്ന ഈ രചനകള്‍ക്കു ആദിമദ്ധ്യാന്തപ്പൊരുത്തമുണ്ടാവണമെന്നു പോലുമില്ല. അവ ശകലിതമായിപ്പോയാല്‍ അത്ഭുതപ്പെടാനില്ല. കാരണം നന്നായെഴുതുന്നതിനേക്കാള്‍ പ്രധാനമാണ് പലപ്പോഴും ആത്മാര്‍ത്ഥമായെഴുതുന്നതെന്നു ആനി എര്‍ണോയെപ്പോലുള്ളവര്‍ എഴുതിയതോര്‍ക്കാം. പൊതുവേ പുരുഷരചനകളിലെ 'നന്നായെഴുതല്‍' ഏറെയും സത്യവുമായി അകലത്തില്‍ നില്‍ക്കുന്നതായി പലപ്പോഴും തോന്നാറുണ്ട്. എന്നാല്‍ സ്ത്രീകളുടെ രചനകളിലെ സത്യത്തിന്റെ തീവ്രമായ പിടച്ചില്‍ എഴുത്തിന്റെയോ ആഖ്യാനശൈലിയുടെയോ സൗന്ദര്യത്തെക്കാളെത്രയോ പ്രസക്തവും പ്രധാനവുമാണ്. ശ്രീകലയുടെ എഴുത്തില്‍ ഏകാന്തതയുടെയും മാരകമായ സത്യദീക്ഷയുടെയും കലര്‍പ്പു കാണാം.


ഈ കൃതി കവിയും പരിഭാഷകയും ഗവേഷകയുമായ ഒരാളുടെ ഓര്‍മകളും ആസ്വാദനങ്ങളും അഭിമുഖങ്ങളുമെന്ന പോലെ തന്നെ അവരുടെ ധൈഷണികജീവചരിത്രം കൂടിയാണെന്നു പറയാം. ആന്‍ ഓക്ലേ എന്ന ഗവേഷണപണ്ഡിത പറഞ്ഞതു പോലെ നാമോരോരുത്തരും ഈ ലോകത്തു നമ്മുടേതായ ഒരു ബൗദ്ധികജീവചരിത്രം രേഖപ്പെടുത്തിവെയ്ക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ആണധികാരത്തിന്റേതായ സാംസ്‌കാരികലോകത്തു നിന്നും നമ്മള്‍ തൂത്തുനീക്കപ്പെടും! പാലസ്തീന്‍ പ്രശ്നം, ജൂതസംസ്‌കാരവുമായുള്ള അക്കാദമികബന്ധം തുടങ്ങി, മൃഗപരിപാലനം, കവിതാനിരൂപണം, വിവര്‍ത്തനങ്ങളുടെ സാദ്ധ്യത വരെയുള്ള വൈവിദ്ധ്യമാര്‍ന്ന അനേകം വിഷയങ്ങളെ മുന്നോട്ടു വെയ്ക്കുന്നുണ്ട്. ജയന്ത മഹാപാത്രയുമായി നടത്തിയതും നിത്യകല്യാണി പബ്ബുമായി നടത്തിയതുമായ രണ്ടു അഭിമുഖസംഭാഷണങ്ങളടക്കം 27 അദ്ധ്യായങ്ങളുള്ള കൃതിയാണിത്. മലയാളത്തില്‍ നന്നേ വിരളമായ സര്‍ഗാത്മകലേഖനങ്ങള്‍ എന്ന വിഭാഗത്തിലാണിവ എഴുതപ്പെട്ടിട്ടുള്ളത്.

വിശ്വകര്‍മസമുദായത്തിന്റെ സാമൂഹികവും വംശപരവുമായ ചരിത്രം ഈ ജീവിതകഥനത്തിലൂടെ സമാന്തരമായി ഒഴുകിനീങ്ങുന്നുണ്ട്. ഓട്ടോഗ്രഫിയും എത്ത്നോഗ്രഫിയും ഒന്നിച്ചു ചേരുന്ന എഴുത്തിന്റെ  ഈ സ്വഭാവത്തെ കാണിപ്പയ്യൂരിന്റെ എന്റെ സ്മരണകള്‍ എന്ന കൃതിയെ മുന്‍നിര്‍ത്തി ഉദയകുമാര്‍ ഓട്ടോ എത്‌നിക് എന്നു പറയുന്നുണ്ട്. സമുദായത്തിന്റെ ഹാബിറ്റാറ്റുകള്‍, ഓര്‍മകള്‍, തൊഴില്‍ശൈലികള്‍, പ്രധാനപ്പെട്ട ചരിത്രസംഭവങ്ങള്‍, സംഘടനാപരമായ വിശദാംശങ്ങള്‍ എല്ലാം ഈ വിവരണങ്ങളില്‍ തെളിഞ്ഞു കാണാം. തൊഴില്‍ സമൂഹമെന്ന നിലയില്‍ വിശ്വകര്‍മജരുടെ ഫോക് ഘടകങ്ങള്‍ മാത്രമല്ല, അവരുടെ ധാര്‍മികമണ്ഡലത്തെയും ഈ കൃതി സ്പര്‍ശിക്കുന്നുണ്ട്. ലോഹം കൊണ്ടുള്ള തൊഴില്‍ ചെയ്യുന്നവരെ കൊല്ലനെന്നു വിളിക്കുന്നതിനെക്കുറിച്ചു ശ്രീകലയുടെ അച്ഛനെഴുതിയ കവിത ഈ പുസതകത്തിലുണ്ട്. ആരെയും കൊല്ലാത്തവനെങ്ങനെ കൊല്ലനാകുമെന്ന ചോദ്യമവിടെ കൂര്‍ത്തു നില്‍ക്കുന്നു. കഥകളും പാട്ടുകളും ഭാഷ കൊണ്ടുള്ള കളികളും വിശ്വകര്‍മ ഫോക്ലോറിന്റെ തന്നെ ഭാഗമായിരുന്നല്ലോ. തന്റെ അമ്മയുടെ അമ്മയും അച്ഛനും തമ്മിലുള്ള സംഭാഷണം തന്നെ വാക്കുകള്‍ കൊണ്ടുള്ള കളി പോലെയായിരുന്നുവെന്നു പറഞ്ഞു ശ്രീകല കേട്ടിട്ടുണ്ട്. അതു പോലെ തന്നെ വിശ്വകര്‍മജരുടെ പണിയുടെ തനതുരീതികളും ശൈലികളും പ്രയോഗങ്ങളും എഴുതപ്പെട്ട ഒരു സംഹിതയായിരുന്നില്ല. മറിച്ചു തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന വാമൊഴികളായിരുന്നു. പരമ്പരാഗത വിശ്വകര്‍മ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വളരെ കുറഞ്ഞ ഉപകരണങ്ങള്‍ ഉപയോഗിച്ച് അന്തരീക്ഷമലിനീകരണം ഏറ്റവും കുറഞ്ഞ രീതിയിലുള്ളവയായിരുന്നു. സാമൂഹികഘടനയിലെ വളരെ ഉയര്‍ന്ന നിലയിലോ വളരെ താഴ്ന്ന നിലയിലോ അല്ലാതെയുള്ള സ്വന്തം സമുദായജാതിയുടെ സവിശേഷമായ നില്പിടം ശ്രീകല തിരിച്ചറിയുന്നുണ്ട്.

പൂര്‍വികരിലേക്കുള്ള പിന്‍നടത്തം
മായോ ആഞ്ജലോ പറയുന്നത് ഒരു പ്രസംഗവേദിയിലാവട്ടെ, അഭിമുഖവേദിയിലാവട്ടെ, പൊതുമദ്ധ്യത്തിലെവിടെയും  നാമൊരിക്കലും ഒറ്റയ്ക്കല്ലെന്നാണ്.  മറിച്ചു നമ്മുടെ അമ്മയമ്മൂമ്മമാരും, അപ്പനപ്പൂപ്പന്മാരുംഅമ്മായിമാരും  സഹോദരിമാരും ഒക്കെ കൂടെ ഉണ്ടാവട്ടെ എന്നാണ്. അതു നമ്മുടെ വേരുകള്‍ക്കു ഉറപ്പും നമ്മുടെ ആകര്‍ഷണത്തിനു ആഴവും കൂട്ടുമെന്നവര്‍ കരുതുന്നു. ശ്രീകലയുടെ പുസ്തകത്തില്‍ നിറയെ ബന്ധുക്കളും കുടുംബാംഗങ്ങളുമായ ചേച്ചിയും അമ്മച്ചനും അച്ചയും മിനിപ്പേരമ്മയുമെല്ലാമാണ്. 50 കളുടെ മദ്ധ്യത്തില്‍ തന്റെ പൂര്‍വികരിലേക്കു നടത്തുന്ന ഈ തിരിഞ്ഞുനോട്ടം സവിശേഷമാണ് ഈ കൃതിയില്‍. പ്രത്യേകിച്ചും അമ്മച്ചനെന്ന അമ്മയുടെ അമ്മയും അച്ചയെന്ന അമ്മയുടെ അച്ഛനും തിരോധാനം ചെയ്ത് എങ്ങോട്ടെന്നില്ലാതെ മറഞ്ഞു പോയത് വിശദീകരിക്കാനാവാത്ത വിഹ്വലത വായിക്കുന്നവരിലും പടര്‍ത്തിയേക്കും. യുവതിയായിരുന്ന കാലത്തു റായ്പൂരില്‍ മുറിക്കടുത്തു രാത്രിയില്‍ കൂടുണ്ടാക്കാനായി മരംകൊത്തി കൊത്തുന്ന ശബ്ദം കേള്‍ക്കുന്ന ലേഖികയ്ക്ക് തച്ചനായിരുന്ന മുത്തച്ഛനിലേക്കു ഓര്‍മകളുണരുന്നു. എന്തോ മറഞ്ഞിരിക്കുന്നുവെന്ന തോന്നല്‍. വ്യത്യസ്ത ജാതിവിഭാഗത്തിലെ രണ്ടുപേര്‍ വിവാഹം ചെയ്തു ഒന്നിച്ചു ജീവിച്ചതിന്റെ പേരില്‍ നേരിടേണ്ടി വന്ന അനുഭവങ്ങള്‍ അവരുടെ തിരോധാനത്തിലും ചുരമാന്തുന്നു. പ്രഹേളികാസമാനമായ ഈ കാണാതാവല്‍ ശ്രീകലയുടെ സ്വത്വത്തെ ആകെയും സ്വാധീനിച്ച ഒന്നാണ്. തന്നില്‍ തന്നെ സാന്ദ്രീകരിച്ചു കിടക്കുന്ന പൂര്‍വികരെയും കണ്ടെത്താന്‍ ശ്രമിക്കുന്ന 'പ്രാതിഭാസിക സ്ത്രീ' (ഫിനോമിനല്‍ വുമണ്‍- മായാ ആഞ്ജലോ)യുടെ ഛായ കയ്യാളുന്നു ആഖ്യാതാവ്.  

ഒരേ സമയം സാഹസികവും പ്രതീക്ഷാനിര്‍ഭരവുമാണ് ഈ പിന്‍നടത്തം. നമ്മുടെ സഞ്ചാരങ്ങളില്‍ നമ്മില്‍ വേരുറച്ചിരിക്കുന്ന വന്യവും ചേതോഹരവുമായ പൂന്തോട്ടങ്ങള്‍ പോലെ അവ നമ്മെ നയിക്കുന്നു. ചാന്നാനിക്കാട് എന്ന ദേശത്തിന്റെ കഥ പറയുന്നു എന്‍. കല്യാണിയമ്മ റോഡ്. അതിര്‍വരമ്പുകള്‍ ദേദിയ്ക്കുന്ന, വിപ്ലവമാകുന്ന സ്‌നേഹത്തിന്റെ കഥ.  സ്ത്രീകളുടേതായ സ്വാതന്ത്ര്യസമരവും രക്തസാക്ഷിത്വവും ഈ ദേശത്തിന്റെ ചരിത്രത്തിലേക്ക് അധികമാരും പറയാത്ത, ഒരു സുപ്രധാനപാത തുറക്കുന്നു.

അതിരുകളെ ഭേദിയ്ക്കുന്ന സമാധാനത്വരയും സഹവര്‍ത്തിത്വവും ഈയെഴുത്തുകളുടെ അന്തര്‍ധാരയാവുന്നുണ്ട്. തനിക്കുണ്ടായ ദുരനുഭവം  ശത്രുക്കള്‍ക്ക് പോലും ഉണ്ടാവരുതേ എന്ന് പ്രാര്‍ത്ഥിക്കുന്ന തന്റെ വല്യമ്മച്ചിയുടെ സന്ദേശം ഇസ്രയേല്‍ - പാലസ്തീന്‍ സഹവര്‍ത്തിത്വത്തിനു വേണ്ടി പരിശ്രമിക്കുന്ന ഹോളോകോസ്റ്റ് അതിജീവിതരുടെ മക്കളായ തന്റെ ഇസ്രയേലി സുഹൃത്തുക്കളില്‍ ശ്രീകല കാണുന്നു. ഹീബ്‌റൂ യൂണിവേഴ്‌സിറ്റിയിലെ ഹോസ്റ്റല്‍ മുറിയില്‍ കാണുന്ന പാരിജാത സമാനമായ ചെടികളും കേരളത്തിലെ തന്റെ വീട്ടില്‍ വളരുന്ന ഒലിവുസമാനമായ വൃക്ഷങ്ങളും ഈ പ്രതീക്ഷകളുടെ പൂന്തോട്ടങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു.

കേരളത്തിലെ ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചു അച്ഛന്‍ എന്താണെന്നുള്ള അനുഭവപരമായ വസ്തുത ഈ കൃതി പറയുന്നുണ്ട്. ബാല്യകാലത്ത് പിതാവുമായി ചേര്‍ന്നു പങ്കിട്ട ആഹ്ലാദകരവും സുരക്ഷിതവുമായ ജീവിതാനുഭവങ്ങള്‍ പെണ്‍കുട്ടികളില്‍ 'താന്‍ വിലമതിക്കപ്പെടുന്നുണ്ട്' എന്ന അവബോധം അടിയുറയ്ക്കാന്‍ സഹായിക്കുന്നു. അതിലൂടെ ആത്മവിശ്വാസമുള്ള വ്യക്തിയായി വളരാനും പ്രചോദനമാകുന്നു. പിന്നീടു തുടരുന്ന സ്ത്രീജീവിതത്തില്‍ ഇടപെടുന്ന പുരുഷാധികാരത്തിനെതിരെ നിലക്കൊള്ളാനും ജീവിതവേദികളില്‍ പോരാടാനും അതു പ്രേരണയാവുന്നു. അതിലുപരി ആത്മാഭിമാനത്തിലൂന്നിയ സ്വത്വബോധത്തിന്റെ വിത്തുപാകുന്നതും തുടക്കം മുതല്‍ക്കേ അച്ഛനമ്മമാരില്‍ നിന്നും സമാനരായവരില്‍നിന്നുമെല്ലാം ലഭിക്കുന്ന ശ്രദ്ധയും പരിചരണവും നിര്‍ദ്ദേശങ്ങളുമാണ്.  ഇങ്ങനെ വളരുന്ന കുട്ടികള്‍ സ്വന്തമായ ഇടങ്ങളില്‍ ഉറപ്പോടെ, ആത്മവിശ്വാസത്തോടെ വളരുമെന്നത് പ്രായോഗികവും വൈകാരികവുമായ സത്യമാണ്.

പെണ്‍കുട്ടിക്കാലം
ഒരു തലമുറയിലെ മിക്ക സ്ത്രീകളുടെയും പ്രത്യേകിച്ചും 50 നു മുകളില്‍ പ്രായമുള്ളവരുടെ അനുഭവങ്ങള്‍ക്കു ഏറെക്കുറെയുള്ള സമാനതകളുണ്ടാവും. അതായത് സ്‌കൂളിലേക്കു ദീര്‍ഘനേരം നടന്നു പോകുന്നതും വെള്ളം കുടിക്കാന്‍ വഴിയോരത്തെ വീടുകളില്‍ കയറുന്നതും മറ്റും. കുട്ടിത്തത്തെ ഓര്‍ത്തെടുക്കാന്‍, തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന ഈയെഴുത്തുകള്‍ക്ക് സ്ത്രീരചനയില്‍ സവിശേഷമായ ചില ലക്ഷ്യങ്ങളുണ്ട്.

കുടുംബബന്ധങ്ങള്‍ക്കകത്ത് വ്യക്തികള്‍ക്കുണ്ടാകുന്ന മാനസികമായ സമ്മര്‍ദ്ദങ്ങള്‍, കുഞ്ഞുങ്ങളുടെ മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങള്‍ ഗൗരവമായി ഈ കൃതി ചര്‍ച്ച ചെയ്യുന്നുണ്ട്. അടുത്ത ബന്ധുക്കള്‍ ഏല്‍പ്പിക്കുന്ന ക്ഷതങ്ങള്‍ എത്രത്തോളം ആഴത്തില്‍ വ്യക്തികളില്‍, പ്രത്യേകിച്ചും കുട്ടികളില്‍ മുറിവായി നീറുന്നു എന്ന് ഈ കൃതി നമ്മളോട് പറയുന്നു. ഉള്ളില്‍ അരക്ഷിതമായൊരു കുട്ടിത്തം നിരന്തരം ഈ എഴുത്തുകളിലുണ്ട്. 'പാഴ പിടിക്കലും' കൊഞ്ഞനം കുത്തലും ബാല്യത്തിന്റെയും ശൈശവത്തിന്റെയും പ്രതിരോധമായാണ് ശ്രീകല കാണുന്നത്.

നിര്‍മലമായ കൊച്ചു കൊച്ചു നര്‍മരസങ്ങളും ഈ കൃതിയില്‍ വേണ്ടുവോളമുണ്ട്. ഒരു കാലത്തെ ബാല്യകാലവിനോദങ്ങളായ സര്‍ക്കസും മാജിക്കുമെല്ലാം ഇവിടെ കടന്നു വരുന്നുണ്ട്. കുട്ടിക്കാലത്തെ സ്‌കൂളിലെ തയ്യല്‍ പഠനം ഒക്കെ രസകരമായി വര്‍ണിക്കുന്നുണ്ട്. പെറ്റിക്കോട്ടു പാവാടയേക്കാളും ഇറക്കത്തിലാവുമ്പോള്‍ സ്‌കൂളിലെ ടീച്ചര്‍ ''സണ്‍ഡേ ഈസ് ലോങ്ങര്‍ ദാന്‍ മണ്‍ഡേ'' എന്നു പറയുന്നതൊക്കെ ഉദാഹരണം. ടീച്ചറുടെ നേര്‍ത്ത സാരിക്കടിയിലൂടെ അടിവസ്ത്രം നിഴലിച്ചപ്പോള്‍ ഷഡ്ഡി ടീച്ചര്‍ എന്നവര്‍ക്കു ഇരട്ടപ്പേരു വന്നത്,  ഷഡ്ഡിയൂരല്‍ എന്ന മുതിര്‍ന്ന കുട്ടികളുടെ കളികളില്‍ ഇരയാവുന്ന ബാലികാസ്വത്വവും മറ്റും മറ്റും ശ്രീകല ഓര്‍ത്തെടുക്കുന്നുണ്ട്. എങ്കിലും അമ്മയുടെ രോഗചികില്‍സയുടെ ഭാഗമായ ഷോക്കടിപ്പിക്കലിനെ സൂചിപ്പിച്ച തമാശയില്‍ കൂരമ്പു തറഞ്ഞ പോലെയാണ് എഴുത്തുകാരി വേദനിക്കുന്നത്.  

ഗ്രാമജീവിതത്തിന്റെ പഴയ ഓര്‍മകളില്‍ കൗതുകവും ചരിത്രവും എല്ലാമുണ്ടെങ്കിലും അമ്മച്ചന്‍ നേരിട്ട ക്രൂരമായ അതിക്രമം അതിന്റെ നിഷ്ഠുരതയെ വെളിവാക്കുന്നുണ്ട്. പ്രായം ചെന്ന സ്ത്രീയുടെ ദേഹമാകെ മുള്ളുകൊണ്ടു വരയുക, അസഭ്യം പറയുക, പത്തലുകൊണ്ട് അടിച്ചവശയാക്കുക, ഇലക്ട്രിക് പോസ്റ്റു ദേഹത്തു മറിച്ചിടുമെന്നു ഭീഷണിപ്പെടുത്തുക അങ്ങനെ പലതും സഹിച്ചതിനൊടുവില്‍ അവര്‍ തിരോധാനം ചെയ്യുകയായിരുന്നു. ഞെട്ടലും അത്ഭുതവും  ഒന്നു ചേര്‍ന്ന, അപകടകരമായ ഒരു തിരോധാനമായാണ് ശ്രീകല അതിനെക്കുറിച്ചെഴുതുന്നത്. നായര്‍ സമുദായത്തിലെ മരുമക്കത്തായവ്യവസ്ഥയുടെ അപചയവും  സ്ത്രീകളുടെ അവസ്ഥാന്തരങ്ങളും ഒക്കെ ചേര്‍ന്നുണ്ടാക്കിയ സാമൂഹികസാഹചര്യങ്ങള്‍ അതില്‍  പങ്കു വഹിച്ചിട്ടുണ്ട്.

പ്രതിനിധാനവും സ്വത്വകല്‍പനകളും
സ്ത്രീകളുടെ രാഷ്ട്രീയമായ പ്രതിനിധാനം ശ്രീകലയുടെ ചിന്തയില്‍ ഇടയ്ക്കിടെ വന്നു പോകുന്നത് ഈ കൃതിയില്‍ കാണാം. അമ്മയുടെ അമ്മ ഇലക്ഷനില്‍ നില്‍ക്കണമെന്നു പറയുന്നിടത്തും മാധവിക്കുട്ടി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് പോസിറ്റീവായി കാണുന്നിടത്തുമെല്ലാം അതുണ്ട്. തന്റെ മുത്തശ്ശിയെ ആസ്പദമാക്കി എന്‍. കല്യാണിയമ്മ റോഡ് എന്ന ഒരു കഥ താന്‍ എഴുതിയതായി ശ്രീകല പറയുന്നുണ്ട്. റോഡുകളും പാലങ്ങളും കസേരകളും കെട്ടിടങ്ങളുമെല്ലാം ആണ്‍ പേരിലാവുന്നതിനെക്കുറിച്ചുള്ള വിമര്‍ശനമാണിവിടെ മുന്നോട്ടു വെയ്ക്കുന്നത്. നാടിന്റെയും വീടിന്റെയും വരും തലമുറയുടെയുമെല്ലാം വികസനത്തിനും വളര്‍ച്ചയ്ക്കും വേണ്ടതെല്ലാം ചെയ്യുന്നതേറെയും സ്ത്രീകളാണെന്നും സാംസ്‌കാരികവും ഭൗതികവുമായ എല്ലാ വിഭവങ്ങളും സ്ത്രീയദ്ധ്വാനത്തിലൂടെയാണ് സമാഹരിക്കപ്പെടുന്നതെന്നും ശ്രീകലയ്ക്ക് അഭിപ്രായമുണ്ട്.

കുടുംബത്തിനകത്തെ സ്ത്രീകളെ കുറിച്ചാണ് ഈ കൃതിയില്‍ ശ്രീകല എഴുതുന്നതെങ്കിലും അവരെ പലപ്പോഴും എമിലി ഡിക്കിന്‍സണ്‍, മായാ ആഞ്ജലോ, ടോണി മോറിസണ്‍, കമല സുരയ്യ തുടങ്ങിയ ലോകസാഹിത്യകാരികളുടെ സര്‍ഗാത്മകമായ ആന്തരികലോകവുമായി ചേര്‍ത്തു വായിക്കുന്നുണ്ട്. 'കരച്ചില്‍ ഇന്നലേക്കും ചിരി നാളേയ്ക്കും പോകുമോ?' എന്നു മോളിച്ചേച്ചി ചോദിക്കുന്നുണ്ട്. പൂന്തോട്ടങ്ങളുടെ മരണത്തെക്കുറിച്ചുള്ള എമിലി ഡിക്കിന്‍സണിന്റെ വരികളെ ചേര്‍ത്തിണക്കിയാണ് ഇവിടെ ഗ്രന്ഥകാരി അതെഴുതുന്നത്. ശ്രീകല ഒരേസമയം വായനക്കാരിയും സ്വജീവിതത്തിന്റെ ആഖ്യാതാവുമായി നിന്നുകൊണ്ട് താനറിഞ്ഞ ഈ സ്ത്രീകളുടെ ക്ലോസ് റീഡിംഗ് നടത്തുന്നു. സ്വത്വകല്പനയെ സംബന്ധിച്ച പുസ്തകത്തിന്റെ നിലപാടുകള്‍ വായിച്ചെടുക്കാനാകുന്നത് ഇവിടെയാണ്. വ്യത്യസ്തരും ആദര്‍ശാത്മകരുമായ കഥാപാത്രങ്ങളായാണവര്‍ വായനക്കാരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത്. ജാതിയെ മറികടന്നു വിപ്ലവകരമായ വിവാഹത്തിലേക്കു കടന്ന അമ്മച്ചനും മിനിപ്പേരമ്മയുടെ ദാരുണാന്ത്യത്തിനു കാരണക്കാരായവര്‍ക്കു നേരെ വിരല്‍ചൂണ്ടുന്ന കൂവപ്പറമ്പിലെ അമ്മായിയുമെല്ലാം ഇപ്രകാരമുള്ളവരാണ്. സ്വന്തം സഹോദരി താഴ്ന്ന ജാതിയില്‍ പെട്ട ഒരാളെ വിവാഹം കഴിച്ചതിന്റെ പേരില്‍ അവമതിക്കപ്പെടുമ്പോള്‍ അവരോടു ഐക്യദാര്‍ഢ്യം പുലര്‍ത്തി പിന്തുണ നല്‍കിയവരാണ് മിനിപ്പേരമ്മ, അവര്‍ക്കും ദാരുണമായ അന്ത്യം തന്നെയാണുണ്ടായത്. എന്‍ജിനീയറായിട്ടും സ്വന്തം കൈ കൊണ്ടു പശുക്കള്‍ക്കു പുല്ലു പറിച്ചു കൊടുക്കുന്ന അമ്മയും കടുത്ത ദാരിദ്ര്യത്തിലും ഉയര്‍ന്ന ജീവിതബോധം പുലര്‍ത്തുന്ന വല്യമ്മച്ചി എന്ന എന്‍. കല്യാണിയമ്മയുമെല്ലാം ഈ പെണ്‍ലോകത്തിന്റെ ഓര്‍മകളെ തിളക്കിനിര്‍ത്തുന്നവരാണ്.

പാരമ്പര്യവും ആധുനികതയും തമ്മിലുള്ള അഭിമുഖീകരണമായി ഈ വ്യക്തികളുടെയെല്ലാം ജീവിതസന്ദര്‍ഭങ്ങളെ കണ്ടെടുക്കാനാവും. രണ്ടു ഘടകങ്ങളും തമ്മില്‍ ദ്വന്ദ്വാത്മകമായ എതിര്‍നിലയിലല്ല, മറിച്ചു കാലങ്ങളിലൂടെ തുടരുന്നതും നിരന്തരം പുതുക്കപ്പെടുന്നതുമായ മാനുഷിക നിലപാടായതിനെ മനസ്സിലാക്കാനാവും. ഈ സ്ത്രീകളെ കാണാനാവുക പാരമ്പര്യത്തോടും ജാതീയതയോടും  ആധുനികമായ സാഹചര്യങ്ങളോടുമെല്ലാം ഒരു പോലെ വിമര്‍ശനാത്മകമായി വിലപേശാനും സ്വന്തം ആദര്‍ശത്തിലുറച്ചു നില്‍ക്കാനും ഒരേ പോലെ കഴിവുള്ളവരെനന് നിലയിലാണ്.  ജാതിക്കു പുറത്തുള്ള വിവാഹം പോലെ തന്നെ കൊല്ലാട്ടെ വീട്ടില്‍ അടുപ്പിലിട്ടു സാനിട്ടറി നാപ്കിന്‍ കത്തിച്ചു കളയുന്ന ശ്രീകലയുടെ ആന്റിയെയും നമുക്കവിടെ കാണാം. ''ഒളിമ്പിക്സില്‍ വെള്ളംകോരല്‍ മല്‍സരമുണ്ടായിരുന്നെങ്കില്‍ അവര്‍ക്കു സ്വര്‍ണമെഡല്‍ ലഭിച്ചേനെ'' എന്നു സാലിച്ചേച്ചിയെയും സുമച്ചേച്ചിയെയും കുറിച്ചു ശ്രീകല പറയുമ്പോള്‍ പല തുറകളിലുമുള്ള സ്ത്രീകള്‍ക്കു അതതു മേഖലയിലുള്ള വൈദഗ്ദ്ധ്യത്തെക്കൂടി ശ്രദ്ധയില്‍ കൊണ്ടുവരുകയാണ്. കുഞ്ഞേച്ചിയുമായുള്ള ഗ്രന്ഥകാരിയുടെ ശക്തവും അടിയുറച്ചുതുമായ സഹോദരീബന്ധം, മൈത്രി മറ്റൊരു വിതാനത്തെയാണ് കൊണ്ടുവരുന്നത്.

പിന്നാമ്പുറത്തെ പൂവാടികള്‍
ശ്രീകലയുടെ കൃതിയില്‍ പ്രകൃതിയുടെ സാന്നിധ്യം എടുത്തു പറയേണ്ട ഒന്നാണ്. ചിത്രകാരി സജിതയുടെ 'ഗൗരി ആര്‍ട്ടി'ല്‍ കഴിഞ്ഞ രാത്രിയും പുഴയും ഇരുട്ടും തണുപ്പും സംഗമിക്കുന്ന പ്രത്യേക അന്തരീക്ഷവും ശ്രീകല മനോഹരമായി വിവരിക്കുന്നു. അതേപോലെതന്നെ തന്റെ വീടിന്റെ പരിസരത്തുള്ള പാമ്പുകള്‍, തവളകള്‍, കിളികള്‍, കിളിയെ പിടിക്കുന്ന പാമ്പ് തുടങ്ങി പലതരത്തില്‍ പ്രകൃതി എഴുത്തിലേക്കു ഇടപെടുന്നുണ്ട്. പ്രകൃതിയുടെ ജൈവികമായ ഈ സമാന്തരലോകം ഒരു ആകര്‍ഷണമാണ് ഈ കൃതിയില്‍. ഈ പുസ്തകത്തിലെ വിപുലമായ സസ്യലോകം അതിമനോഹരവും പഴയകാലത്തിന്റെ ജൈവഭൂപടത്തെ അനാവരണം ചെയ്യുന്നതുമാണ്.  ഈ പുസ്തകത്തിന്റെ പേര് തന്നെ പൂന്തോട്ടങ്ങള്‍ നാം സഞ്ചരിക്കുമ്പോള്‍ എന്നാണല്ലോ. ഇവ പല തരത്തില്‍ ജീവിതത്തിന്റെ പിന്നാമ്പുറം നിറഞ്ഞു നില്‍ക്കുന്ന വസന്തത്തെ കാട്ടിത്തരുന്നുണ്ട്. യു.ആര്‍. അനന്തമൂര്‍ത്തി അദ്ദേഹത്തിന്റെ ഒരു എഴുത്തില്‍ രൂപകമായി ഉപയോഗിക്കുന്നതാണ് Flowering the backyard എന്ന ഈ സങ്കല്‍പനം. ഇന്ത്യന്‍ സാഹിത്യവും സംസ്‌കാരവും നേരിട്ട സുപ്രധാനമായ ഒരു വിച്ഛേദത്തെക്കുറിച്ചു പറയുമ്പോഴാണിത്. മുമ്പു നാം അവഗണിച്ചിരുന്ന സാമൂഹികവിഭാഗങ്ങളില്‍ നിന്നും ഭാഷാവിഭാഗങ്ങളില്‍ നിന്നും പുതിയ ശബ്ദങ്ങളും എഴുത്തുകളും കാഴ്ച്ചപ്പാടുകളും ഉയര്‍ന്നു വരുന്നതിനെയാണ് അദ്ദേഹം ഇങ്ങനെ പേരിട്ടു വിളിച്ചത്.  അനന്തമൂര്‍ത്തിയുടെ വിശദീകരണത്തില്‍, ഒരു പരമ്പരാഗത വീടിന്റെ മുന്‍വശത്തെ മുറ്റം എന്നത് പ്രധാനമായും പുരുഷന്മാര്‍  ഉപയോഗിക്കുന്നതും, അംഗീകരിക്കപ്പെട്ട രീതിപാരമ്പര്യങ്ങള്‍, തത്ത്വചിന്ത, പൊതുചര്‍ച്ചകള്‍ എന്നിവയുമായി ബന്ധപ്പെട്ട  ഔദ്യോഗികവും പൊതുവായതുമായ ഒരു ഇടമാണ്. പിന്‍മുറ്റം നേരെമറിച്ച്, കൂടുതല്‍ സ്വകാര്യവും അനൗദ്യോഗികവുമായ ഇടമാണ്. ഇത് സാധാരണയായി സ്ത്രീകളുമായും ഗാര്‍ഹികജീവിതവുമായും ബന്ധപ്പെട്ടിരിക്കുന്നു. ദൈനംദിനയാഥാര്‍ത്ഥ്യങ്ങള്‍, ജീവിതത്തിന്റെ ഭൗതികവും ശാരീരികവുമായ വശങ്ങള്‍ (ആര്‍ത്തവം പോലുള്ളവ), എന്നിവയുടെ ഒക്കെ ഇടമാണ്. Being a writer in India പോലുള്ള ലേഖനത്തിലും അദ്ദേഹം ഈ ഷിഫ്റ്റിനെക്കുറിച്ചു പറയുന്നുണ്ട്. ഈ കൃതിയിലൂടെ അനാവരണം ചെയ്യപ്പെടുന്ന മനുഷ്യജീവിതങ്ങളും അവയുടെ ചെറുചരിത്രങ്ങളുമെല്ലാം മണവും നിറവുമുള്ള ആലോചനകളുടെ ആഖ്യാനമായി വായിച്ചെടുക്കാനാവും.

ധൈഷണികവും സര്‍ഗാത്മവുമായ ആഭിമുഖ്യങ്ങള്‍
വായനയുടെ കുട്ടിക്കാലവും സ്‌കൂള്‍ ലൈബ്രറിയുടെ ചുമതലയുമെല്ലാം തുടര്‍ന്നെഴുതുന്നുണ്ട്. ലോക സാഹിത്യവുമായി ഉള്ള തന്റെ താല്പര്യങ്ങളെയും അഭിരുചികളെയും ശ്രീകല ഈ പുസ്തകത്തില്‍ ആനയിക്കുന്നുണ്ട് വെര്‍ജിനിയ വുള്‍ഫ്,  സില്‍വിയ പ്ലാത് തുടങ്ങിയ എഴുത്തുകാരികളുടെ കൃതികളെ മാധവിക്കുട്ടിയുടെ കൃതികളുമായി ചേര്‍ത്തുവച്ചുകൊണ്ട് വായിച്ചെടുക്കുന്നുണ്ട്. മാഴ്സല്‍ പ്രൂസ്തിന്റെ 'റിമമ്പ്രന്‍സെസ് ഓഫ് തിംഗ്സ് പാസ്റ്റ്' വായിച്ചിട്ടു പ്രഫ. ജി.പി.ആറുമായി നടത്തിയ കൂടിക്കാഴ്ച ശ്രീകലയ്ക്കു ചിന്തയോടും ധൈഷണികതയോടുമുള്ള മമത വെളിപ്പെടുത്തുന്നതാണ്. സമയത്തെ കുറിച്ചാണ് ആ ലേഖനം. ഭാഷാചിന്തകളെ അവതരിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളും ഈ പുസ്തകത്തെ സവിശേഷമാക്കുന്നുണ്ട്. കീഴാളം, അധ:സ്ഥിതം മുതലായ വാക്കുകളുണ്ടാക്കുന്ന അന്യവല്‍ക്കരണത്തെ കുറിച്ചും എഴുതുന്നു. കീഴാളമെന്ന വാക്കു തന്നെ വരേണ്യനിര്‍മിതിയായിത്തീരുന്നതിന്റെ പ്രശ്നം ചൂണ്ടിക്കാണിക്കുന്നുണ്ട്. കാവ്യഭാഷകളില്‍ത്തന്നെ  ഹൈക്കുവിന്റെ രൂപചാരുതയും എടുത്തു പറയുന്നു. ഇസ്രായേലിലെ സന്ദര്‍ശനങ്ങളും അന്വേഷണങ്ങളും ശ്രീകലയ്ക്കു ഹീബ്രു ഭാഷയുമായുള്ള ബന്ധം രൂപപ്പെടുത്തിയതിനെക്കുറിച്ചുമെല്ലാം അനുസ്മരിക്കുന്നുണ്ട്.

സംസ്‌കാരത്തിലേക്കുള്ള എതിര്‍നോട്ടം
ഈ പുസ്തകത്തിലെ മിക്കവാറും എല്ലാ ഓര്‍മകള്‍ക്കും സവിശേഷമായ ഒരു അരികുനോട്ടത്തിന്റെ പരിവേഷമുണ്ട്. അതല്ലെങ്കില്‍ ശ്രീകല അവയെ ഓര്‍ത്തെടുക്കുന്നതിന്റെ ഭാഷ്യം ഘടനാപരമായ കീഴ്നിലയ്ക്കു വഴങ്ങാതെ തന്നെ, പറയപ്പെടാതെ പോകുന്നതും അരികുജീവിതത്തിന്റെ ഒട്ടൊക്കെ സ്വതന്ത്രമായതുമായ വാഴ്വിന്റെ അടയാളങ്ങള്‍ തന്നെയായാണ്.  മൃഗങ്ങളും കുട്ടികളും ചെടികളും  ലിംഗന്യൂനപക്ഷങ്ങളും ദളിതരും ബഹിഷ്‌കൃതരായ മനുഷ്യരും പ്രകൃതിയും എല്ലാം അവരവരുടെ തന്മയോടെ ഇവിടെ അവതരിക്കുന്നു. സാധാരണഗതിയില്‍ നമ്മുടെ ശ്രദ്ധയില്‍ പെടാത്ത ഒരംശത്തിലൂടെ അതിന്റെ മര്‍മത്തെ അവര്‍ വെളിവാക്കുന്നു. ഉദാഹരണത്തിനു പുഴുക്കുട്ടന്‍ എന്ന വളര്‍ത്തുപൂച്ചയുടെ മരണം വിവരിക്കുന്നിടത്തു അതു വളരെ ഉച്ചത്തിലാവുന്നുണ്ട്. ഒരു കാലത്തു കേരളീയഗ്രാമീണതയിലും ബാല്യത്തിലും മൃഗങ്ങളുമായി ബന്ധപ്പെട്ടു നാമനുഭവിച്ച സരളവും നിര്‍മലവുമായ സ്നേഹബന്ധം ഈ കൃതിയില്‍ പലേടത്തും സ്മരണയായി വരുന്നുണ്ട്. പുഴുക്കുട്ടനും ബ്ലാക്കി എന്ന നായയും പശുക്കുട്ടികളും ഒക്കെ നമ്മുടെയൊക്കെ ബാല്യത്തിലുമുണ്ട്. അതിനാല്‍ തന്നെ പിന്നീടു ആനിമല്‍ സപ്പോര്‍ട്ടു ഗ്രൂപ്പുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള താല്‍പര്യങ്ങള്‍ ശ്രീകലയില്‍ വന്നു ചേരുന്നത് വളരെ സ്വാഭാവികമായാണ്. മൃഗങ്ങളുമായി ചേര്‍ന്നുള്ള ജീവിതത്തെക്കുറിച്ചുള്ള തത്വചിന്താപരമായ കുറേയേറെ ഉപദര്‍ശനങ്ങള്‍ ഈ കൃതിയിലുണ്ട്. ശാന്തി നിറഞ്ഞ സഹജീവനത്തിന്റെ സാദ്ധ്യതകളെ അതു മുന്നോട്ടുവെയ്ക്കുന്നു. ഔദ്യോഗികമായ മൃഗസംരക്ഷണ വകുപ്പിന്റെ പരിമിതികളെക്കുറിച്ചു മനസ്സിലാക്കുന്നതോടൊപ്പം നമ്മുടെ ദൈവസങ്കല്‍പത്തിലും ആരാധനാസമ്പ്രദായത്തിലും മൃഗങ്ങള്‍ക്കുള്ള പ്രാധാന്യവും അതുവഴി സംസ്‌കാരത്തിന്റെ ചരിത്രത്തില്‍ മൃഗങ്ങള്‍ക്കുള്ള പങ്കും ഇവിടെ ചര്‍ച്ച ചെയ്യുന്നുണ്ട്. പരിഷ്‌കാരത്തിന്റെ നിഷ്ഠുരതയും വികസനത്തിന്റെ അപ്രാപ്തികളും സ്വന്തം അനുഭവങ്ങളിലൂടെത്തന്നെ അനാവരണം ചെയ്യുകയാണ് ശ്രീകല.

പലതരം പ്രേരണകളും വിചാരങ്ങളും വീണ്ടുവിചാരങ്ങളും  സ്വപ്നഭാവനകളും എല്ലാം ചേര്‍ന്ന് വായിക്കാന്‍ വളരെ സുഖം തരുന്ന  പുസ്തകമാണ് പൂന്തോട്ടങ്ങള്‍, നാം സഞ്ചരിക്കുമ്പോള്‍
(സമകാലികമലയാളം വാരിക, 2026 മാർച്ച് 2)



No comments: