Monday, April 21, 2008

മാര്‍ത്തോമാ നഗറിലെ പ്രതിമകള്‍

പച്ചയായി, ഒരു ഹരിതവ്യവസ്ഥയായി തുടരുകയും തഴയ്ക്കുകയും ചെയ്യുന്ന ചെടിയില്‍ വിടര്‍ന്ന ചുവന്ന പൂവ്‌ ആ വ്യവസ്ഥയുടെ നിഷേധമാകുന്നതിനെക്കുറിച്ച്‌, അനുകരണവിധേയത്വങ്ങളുടെ വ്യാകരണങ്ങളില്‍ നിന്നും വിടുതല്‍ നേടി ചോരത്തുള്ളികള്‍ ചിതറിച്ചു വീഴുന്നതിനെക്കുറിച്ച്‌ ആര്‍.വിശ്വനാഥന്റെ ഒരു കവിതയുണ്ട്‌.('അരിസ്റ്റൊട്ടില്‍ കണ്ടില്ലെന്നുണ്ടോ?') നാസിമുദ്ദീന്റെ കവിതകളുടെ രൂപകമാണ്‌, ആ പൂവ്‌. ഒരേ സമയം അത്‌ തുടര്‍ച്ചയും വിള്ളലുമാവുന്നു.ജീവിതത്തോടുള്ള കലഹവും പ്രതീക്ഷയുമാണ്‌.ജീവിതത്തിന്റെ ആന്തരികപ്രത്യക്ഷങ്ങളെ സ്ഥലകാലങ്ങള്‍ കൊണ്ട്‌ വളഞ്ഞിട്ടു പിടിക്കുകയാണ്‌ ഈ കവിതകള്‍.ജീവിതത്തെ ജീവിതവ്യമാക്കുന്നതും അല്ലാത്തതുമായ കാര്യങ്ങളെക്കുറിച്ചുള്ള വേവലാതി നിറഞ്ഞ അന്വേഷണങ്ങളാണ്‌ ഇവിടെ കവിതയുടെ സാധ്യത തേടുന്നത്‌.കവിത/എഴുത്ത്‌ ജീവിതത്തെ കൂട്ടിപ്പിടിക്കാനുള്ള അതിനെ തിരിച്ചറിയാനുള്ള , അതിനോട്‌ ഒട്ടിനില്‍ക്കാനുള്ള വ്യഗ്രതയാണ്‌, ഈ കവിയില്‍. മറ്റു കവികളില്‍ നിന്നു നാസിമുദ്ദീനെ വ്യതിരിക്തനാക്കുന്ന ഘടകവും എഴുത്തും ജീവിതവും തമ്മിലുള്ള സംശ്ലേഷണമാണ്‌.
ആധുനികതക്കു ശേഷം രൂപപ്പെട്ട എഴുത്തിന്റെ ദര്‍ശനത്തില്‍ നിന്നാണ്‌ ഈ കവിതയുടെ പിറവി.അക്കാലം വരെ ചിന്താപദ്ധതികളിലും ജീവിതദര്‍ശനങ്ങളിലും പ്രബലമായിരുന്ന ഉറച്ച സമഗ്രതാബോധം,നൈരന്തര്യം വ്യക്തിനിഷ്ഠതയെ അന്വയിച്ചു ചേര്‍ത്ത സമഷ്ടിബോധം എന്നിവയോടുള്ള പ്രതികരണമായി ഈ കവിതയെ കാണുന്നതില്‍ തെറ്റില്ല.ദര്‍ശനങ്ങള്‍ പ്രതിമകളും നോക്കുകുത്തികളുമായി മാറുന്നതിനെ കവി വിക്ഷോഭങ്ങളില്ലതെ,ഏറെക്കുറെ നിര്‍മ്മമമായ വിചാരഭാഷയില്‍ ആവിഷ്കരിക്കുന്നു.
"മാര്‍ത്തോമാ നഗറിലെ പ്രതിമകളായ്‌
നില്‍ക്കുന്ന പുണ്യവാന്‍മാര്‍
എങ്ങനെയായിരിക്കും ജീവിതത്തെ നേരിട്ടതെന്ന്‌
ഞാന്‍ ഓര്‍ത്തുനോക്കിയിട്ടുണ്ട്‌
ജഡവും വചനവും മല്‍സരിച്ച നൂറ്റാണ്ടിന്റെ ഭ്രമണങ്ങളിലൂടെ
കുട്ടികള്‍ ഓടിക്കളിക്കുന്ന ഈ മൈതാനത്ത്‌
ഇവര്‍ നോക്കുകുത്തികളായതെങ്ങനെ?

രണ്ടു കാലങ്ങള്‍ ആണിവിടെയുള്ളത്‌.ഒന്ന് അനാദിയും അമൂര്‍ത്തവുമായ കാലം.മറ്റൊന്ന്‌കുട്ടികള്‍ ഓടിക്കളിക്കുന്ന 'ഇന്നിന്റെ ദുസ്തരസങ്കീര്‍ണ്ണ'മായ വര്‍ത്തമാനകാലം
"പെട്ടെന്ന്‌
ഉയിര്‍ക്കപ്പെടാത്ത മാനവരും
മാര്‍ദ്ദവമില്ലാത്ത പാതകളും
ചേരാത്ത പണിയായുധങ്ങളും" ചേര്‍ന്നതാണ്‌ കവിയുടെ മുന്നിലുള്ള ഇരമ്പുന്ന ഈ കാലം. അവിടെ മുക്കുവരുടെ കലമ്പലും മീന്‍കാരന്റെ വിളിയും നേഴ്സറി വിട്ടുപോകുന്ന കുഞ്ഞുങ്ങളുമുണ്ട്‌. ആ കാലത്തില്‍ നിന്നുകൊണ്ടാണ്‌ കവി ആ പ്രതിമകളെ കാണുന്നത്‌.ജീവിതത്തെയും കവിതയെയും എന്ന പോലെ ഈ രണ്ടു കാലങ്ങളെയും ഏകോപിപ്പിക്കാനുള്ള ഏതോ വെമ്പല്‍ ഈ കവിതയുടെ അടിയടരുകളിലുണ്ട്‌. കാരണം കവിയുടെ സ്വാസ്ഥ്യം മുറിഞ്ഞു പോയിരിക്കുന്നു.
ദര്‍ശനങ്ങളെല്ലാം കാഴ്ച്ചകളോ പ്രതിമകളോ ആയിത്തീര്‍ന്ന വിപര്യയത്തോട്‌ കടുത്ത പരിഹാസമോ നിഷേധമോ കവിക്കില്ല.അവ ചലിക്കുന്നില്ല, ചലിപ്പിക്കുന്നുമില്ല.
"തീരാത്ത ജ്ഞാനസ്നാനങ്ങള്‍ ചെയ്ത്‌
ലോകത്തിന്റെ ദുര്‍ഗ്രഹതയില്‍
ഇവര്‍ക്ക്‌ മനം മടുത്തുകാണും.
ജീവിതത്തിന്റെ തീപ്പാലത്തിലൂടെ
നടക്കുമ്പോള്‍ വിസ്വാസികള്‍ പാനം ചെയ്യുന്ന
ഇവരുടെ പാദങ്ങള്‍ നന്നേ പൊള്ളിയിരിക്കും.
എങ്കിലും ശില്‍പി അത്‌ മിനുക്കിയെടുത്തിരിക്കുന്നു"
ഇങ്ങനെ കൃത്രിമമായി മിനുക്കപ്പെട്ട അറിവുകള്‍, പച്ചയായ അനുഭവത്തേക്കാള്‍ സ്ഥാപനവല്‍കൃതമായ ജ്ഞാനാധികാരങ്ങള്‍ പ്രധാനമാകുന്ന ഒരു കാലമാണിതെന്ന്‌കവി തിരിച്ചറിയുന്നു.അവരുടെ കണ്ണുകളിലെ 'ശാന്തയുടെ നീലയും' മേനിയിലെ 'സ്ഥിരതയുടെ വെള്ളയും'അമൂര്‍ത്തവും ജഡവുമായിത്തീര്‍ന്ന് കല്ലിച്ചുപോയ സിദ്ധാന്തങ്ങളെത്തന്നെയാണ്‌ ഉള്‍ക്കൊള്ളുന്നത്‌.അവിടെ നിന്നുകൊണ്ട്‌ കവി മീന്‍കാരന്റെ വിളി കേള്‍ക്കുന്നു.മുന്‍വിധികളും തീര്‍പ്പുകളുമില്ലാതെ പച്ചയായ ജീവിതത്തെ നേരിടുന്ന അവന്റെ ശബ്ദത്തില്‍ കവി തുടര്‍ച്ചയായി പരിഹസിക്കപ്പെടുന്നു.ദര്‍ശനങ്ങളുടെ കേവലതകള്‍ക്ക്‌ അഭിമുഖമായി കവിതയുടെ ഉത്തരഭാഗത്തു നിരത്തപ്പെടുന്ന ഇരമ്പുന്ന ജീവിതത്തിന്റെ ചിത്രങ്ങള്‍ നോക്കുക.അവിടെ മീന്‍കരനും മുക്കുവനും കുട്ടികളുമുണ്ട്‌.നദിയെയും സമുദ്രത്തെയും നേരിടാനിറങ്ങിയ മുക്കുവരുടെയും കുട്ടികളുടെയും യാത്രകളിലും മീന്‍കാരന്റെ വിളിയിലും ഒക്കെയുള്ള കാലം ഒരു ദൈനംദിനത്തിന്റെ പരിധിയിലാണ്‌. മൂര്‍ത്തവും ചാക്രികവുമാണത്‌.അതിനാല്‍ അത്‌ജീവിതത്തെ സുരക്ഷിതമായി ഉള്ളടക്കുന്നു,ഏകാകിയായ കവിയേയും.ദൈന്യവും കലമ്പലുമൊക്കെയുണ്ടെങ്കിലും ജീവിതത്തിന്റെ ലൗകികമായ പ്രതലങ്ങള്‍ കവിയെ ഉത്സാഹഭരിതനാക്കുന്നു,ഉത്തേജിപ്പിക്കുന്നു.ശുഭഗീതങ്ങള്‍ എന്ന മറ്റൊരു കവിതയിലെ വരികള്‍
"മധ്യാഹ്നത്തിലെ വിരസതയിലേക്ക്‌
ഞാന്‍ മയങ്ങുമ്പോള്‍
ഭൂമിയിലെ വസ്ത്രങ്ങള്‍ അലക്കിയെടുക്കുന്ന ശബ്ദം
എന്നെ ഉണര്‍ത്തുന്നു....
പറന്നു പറന്നുപോകുന്ന പക്ഷികള്‍
സൂര്യനിലേക്കു തലയുയര്‍ത്തുന്ന മരങ്ങള്‍
യാത്രക്കാര്‍, സമ്മാനപ്പൊതികള്‍
നീറുന്ന വിരഹങ്ങള്‍, ചുംബനങ്ങള്‍
അണിഞ്ഞൊരുങ്ങിയ പെണ്‍കുട്ടികള്‍
ഉമ്മറപ്പടികള്‍ ഇഴഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍
മനുഷ്യന്‍ എന്നെ സ്വാധീനിക്കുന്നു
മനുഷ്യന്‍ എന്നെ വീര്‍പ്പുമുട്ടിക്കുന്നു"
ഇങ്ങനെ സാധാരണമായ സന്ദര്‍ഭത്തെ ദാര്‍ശനികമായ,ഉദാത്തതയിലേക്കും ഉയര്‍ച്ചകളിലേക്കും പൊലിപ്പിച്ചെടുക്കുക എല്ലായ്പ്പോഴും സാധ്യമല്ല.
പെട്ടന്ന് ഉയിര്‍ക്കപ്പെടാത്ത മനുഷ്യരുടെ ലോകമാണത്‌.മാര്‍ദ്ദവമില്ലാത്ത പരുക്കനായ ജീവിതത്തിന്റെ പാതകള്‍,ചേരാത്ത പണിയായുധങ്ങള്‍-ഇവയിലാണ്‌ തന്റെയുള്ളിലെ സ്വാസ്ഥ്യത്തെ കവി തിരിച്ചറിയുന്നത്‌.എന്നാല്‍ അയാള്‍ക്കു പരാതിയില്ല. ഈ വിള്ളല്‍ സ്വാഭാവികമാണ്‌.('ഇണങ്ങാത്ത ബട്ടണുകള്‍ ചേര്‍ത്ത്‌ തുന്നിക്കൂട്ടിയ കുപ്പായം' എന്ന്‌ 'എന്റെ സ്നേഹാത്മാക്കളില്‍')അനിവാര്യമാണ്‌. അതത്‌ കാലത്തിന്റെയും ചരിത്രത്തിന്റെയും പ്രത്യയശാസ്ത്രത്തില്‍ നിന്നുള്ള വ്യതിരിക്തതയാണ്‌ ഇവിടെ കവിതയുടെ സാധ്യതയാകുന്നത്‌. കവി ദര്‍ശനങ്ങളോടല്ല, ജീവിതത്തിനോടാണ്‌ അഭിമുഖീകരണം നടത്തുന്നത്‌.സത്യസന്ധതയുടെയും മൗലികമായ അന്വേഷണങ്ങളുടെയും ഇടങ്ങള്‍ വാര്‍പ്പുമാതൃകകള്‍ക്കു പുറത്താണല്ലോ സൃഷ്ടിച്ചെടുക്കാനാവുക. സുസ്ഥിരവും ദൃഢവുമായ വിശ്വാസ പ്രത്യയശാസ്ത്രങ്ങള്‍ക്ക്‌ അനുരോധമായിട്ടല്ല വ്യക്തിയുടെ അലച്ചിലും അന്വേഷണവും ജീവിതവും സഞ്ചരിക്കുന്നത്‌.വ്യക്തിജീവിതത്തിന്റെ താല്‍പര്യങ്ങളും സാമൂഹ്യനന്മയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും തമ്മിലുള്ള വേര്‍പിരിയല്‍ സംഭവിക്കുന്ന ഘട്ടമാണ്‌ ഈ കവിതയില്‍കാണാനാവുക. അതുകൊണ്ടുതന്നെയാണ്‌ പതിവുവിനിമയരീതികളില്‍ നിന്നുള്ള വ്യതിചലനമായി ഈ കവിതയിലെ ജീവിതബോധം വിലയിരുത്തപ്പെടുന്നത്‌.
ഈ വ്യതിരിക്തമായ കാവ്യഭാഷയില്‍ നേരത്തെ സൂചിപ്പിച്ചതുപോലെ തീര്‍പ്പുകളില്ല,ആലോചനകളേയുള്ളു. അട്ടഹാസങ്ങളോ ആഹ്വാനമോ നിലവിളികളോ ഇല്ല;ഒരുതരം നിര്‍മമായ മനസ്സിലാക്കല്‍ മാത്രം.സ്വപ്നങ്ങളും പ്രതികാരങ്ങളും ശ്വസിക്കുമ്പോഴും കാവ്യഭാഷ സമതലങ്ങളിലാണ്‌. പുണ്യവാളന്മാര്‍ വായുവിലും മുക്കുവന്മാര്‍ കടലിലും നിന്നുകൊണ്ടു നേരിടുന്ന ഭൂതഭാവിജീവിതത്തെ കവി സമതലങ്ങളില്‍ വെച്ച്‌ നേരിടുന്നു.
"എങ്കിലും മുറിഞ്ഞു പോകുന്ന
സ്വസ്ഥതകളുടെയും അങ്കലാപ്പുകളുടെയും
ഈ വൈകുന്നേരത്തില്‍
സ്വപ്നങ്ങളും പ്രതികാരങ്ങളും
ശ്വസിക്കുന്ന ഒരു മനുഷ്യനായ്‌
ഈ പുണ്യവാന്മാര്‍ക്കിടയില്‍ ഞാന്‍ നില്‍ക്കുന്നു"
ഉറച്ച രാഷ്ട്രീയ സാമൂഹ്യ പ്രതിരോധങ്ങളും വിപ്ലവശ്രമങ്ങളുമായിരുന്നു ആധുനികതയുടെ കാലത്തെ സവിശേഷമാക്കിയത്‌. അതിനെ കവി തന്റെ പാരമ്പര്യത്തിലേക്ക്‌ ഉള്‍ക്കൊള്ളുന്നത്‌ ഒട്ടൊരു സന്ദേഹത്തോടെയാണ്‌.സ്ഥിരവും ഉറച്ചതുമായ ദര്‍ശനങ്ങളില്‍ നിന്നും വിടുതല്‍ നേടി ചലനാത്മകവും അവ്യവസ്ഥിതവും മുന്‍വിധികളില്ലാത്തതുമായ ജീവിതത്തോടു ചേര്‍ന്നു നിന്നുകൊണ്ടുള്ളതുമായ ഒരു ആത്മീയപ്രത്യയശാസ്ത്രം ഈ കവിതയിലുണ്ട്‌.അത്‌ ആധുനികതയോടുള്ള സവിശേഷവിമര്‍ശനമാണ്‌;ഒപ്പം ആധുനികതയെ ദര്‍ശനപരമായ ഒരു സാധ്യതയിലേക്ക്‌ വികസിപ്പിക്കാനുള്ള ശ്രമവും കൂടിയാണ്‌.അനുഭവവും ആശയവും തമ്മിലുള്ള വേറിടല്‍ എന്നത്‌ പക്ഷേ കവിതയെ/ എഴുത്തിനെ സംബന്ധിച്ച വലിയൊരു സൈദ്ധാന്തികപ്രശ്നം തന്നെയാണ്‌.പ്രത്യക്ഷത്തില്‍ അനുഭവപരമോ തത്വചിന്താപരമോ ആയ വലിയൊരു കുതിപ്പ്‌ ഈ കവിതയില്‍ അനുഭവപ്പെടാത്തതിനുകാരണം ഈ പ്രശ്നത്തിന്റെ സാര്‍വ്വകാലികത/സാര്‍വ്വജനീനത കൊണ്ടാവണം.
ജീവിതമോ ജീവിതവ്യാഖ്യാനമോ മുഖ്യം എന്ന ചോദ്യം ഇവിടെ കാതലാവുന്നു.എഴുത്തിനെ മറികടക്കുന്ന, എല്ലാത്തരം പ്രവചനങ്ങളേയും ആത്മീയാധികാരങ്ങളേയും മറികടക്കുന്ന ജീവിതം ഈ കവിയുടെ എന്നത്തേയും വിഷയമാണ്‌.സാഹിത്യത്തില്‍ ഇതൊരു പുതിയ കാര്യമല്ലെന്നും വെയ്ക്കുക. എന്നാല്‍ നാസിമുദീന്‍ ഇവയില്‍ നിന്നും വാറ്റിയെടുക്കുന്ന ജീവിതവ്യത, ശുഭബോധങ്ങള്‍ വേറിട്ടുതന്നെ നില്‍ക്കുന്നു..
അഹംബോധജന്യമായ നായകകര്‍തൃത്വതിന്റെ, ആത്മനിഷ്ഠമായ അതിവൈകാരികതയുടെ പ്രതിഫലനമായിട്ടുകൂടി ആധുനികതയുടെ സായാഹ്ന കവിതകള്‍ വെളിപ്പെട്ടിരുന്നു.എഴുപതുകളിലെ തീവ്രമായ രാഷ്ട്രീയബോധം കവിതയുമായി സംവദിച്ചതിന്റെ ആഴത്തിലുള്ള അടയാളങ്ങള്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെയും അയ്യപ്പന്റെയും മറ്റും കവിതകളില്‍ പ്രത്യേകതയോടെ കാണാം. അടക്കിയ ക്ഷോഭം, ആശങ്കകള്‍, താക്കീതുകള്‍, അതിവൈകാരികത കലര്‍ന്ന ഉദ്വിഗ്നമായ സ്വരം എന്നിവ അവയുടെ സ്വഭാവമായിരുന്നു.ആത്മാനുരാഗത്തിന്റെയും ഇടങ്ങള്‍ ഇവിടെ വിരളമല്ല.എന്നാല്‍ അവ പ്രത്യക്ഷത്തില്‍ അവ മാനവികതയുടെ തോറ്റം പാട്ടുകളായിരുന്നു. കൂടാതെ ശിഥിലമായ ബിംബങ്ങളും സ്വപ്നാത്മകമായ തീവ്രഭാഷണങ്ങളും അപരിചിതമായ പദസംയുക്തങ്ങളും കലര്‍ന്ന ബലിഷ്ഠമായ ഒരു ശൈലിയും നിശിതമായ സാമൂഹികതയും ചേര്‍ന്ന്‌ അവയ്കുള്ളിലെ 'അഹ'ത്തെ മറച്ചുകളഞ്ഞു. ഈ അഹത്തെ അതിന്റെ കാല്‍പനികദൗര്‍ബ്ബല്യങ്ങളെ കുടഞ്ഞുകളഞ്ഞുകൊണ്ടാണ്‌ നാസിമുദ്ദീന്‍ പിടികൂടുന്നത്‌.
ഈ അഹത്തെ 'അകം'കവിതകളാക്കുന്നതില്‍ തന്റെ തന്നെ ആത്മവത്തയോട്‌ ചരിത്രത്തിലും കാലത്തിലും ഊന്നിനിന്നുകൊണ്ടുള്ള ഇടപെടലായി അദ്ദേഹം വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്‌.മനുഷ്യന്റെ, ജീവിതത്തിന്റെ സാധ്യതകളേക്കുറിച്ചുള്ള തീവ്രവും ഉല്‍ക്കണ്ഠ നിറഞ്ഞതും എന്നാല്‍ വിനയപൂര്‍ണവുമായ അന്വേഷണമായി കവി കവിതയെ നോക്കിക്കാണുകയാണ്‌.ജീവിതാര്‍ഹമായ ഈ ജീവിതത്തിന്റെ പൊരുള്‍,അതിന്റെ സങ്കീര്‍ണത,ദുര്‍ഗ്രഹത,വൈരുധ്യങ്ങള്‍,പൊരുത്തക്കേടുകള്‍ ഒന്നും കവിക്ക്‌ അന്യമല്ല.ഹെര്‍സോഗിന്റെ നായകന്‍ കാസ്പ്രോസിനെ പോലെ അയാള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു....നിഷ്കളങ്കവും മൗലികവുമായ,എന്നാല്‍ തീവ്രമായ ചോദ്യങ്ങള്‍-സ്ത്രീകള്‍ എപ്പോഴും ഇരിക്കുകയും തുന്നുകയും ചെയ്യുന്നതെന്തുകൊണ്ട്‌? പക്ഷികള്‍ മുകളിലേക്കുയര്‍ന്നു പറക്കുന്നതെന്തുകൊണ്ട്‌?...യുക്തിഭദ്രമായ ഒരു ഉത്തരത്തേക്കാള്‍ സത്യസന്ധമായ അന്വേഷണമാണിവിടെ കവിക്കാവശ്യം.തന്റെ വിഹ്വലതകളെയും ഉദ്വിഗ്നതകളെയും ആത്മനിഷ്ഠമായ വൈകാരികവിതാനങ്ങളിലേക്ക്‌ വെട്ടിച്ചുരുക്കാന്‍ കവി തയ്യാറല്ല.വാക്കുകളും ജ്ഞാനവും കവിതയുമെല്ലാം അപകടകരമായ ഇത്തരം അവസ്ഥകളില്‍ നിന്നൊക്കെയുള്ള രക്ഷാമാര്‍ഗങ്ങളാണ്‌.കവിതയെഴുതുവാന്‍ അര്‍ഹത നേടേണ്ടവന്‍ അറിയേണ്ടത്‌ കൂടു നഷ്ടപ്പെട്ട പക്ഷിയുടെ ചുറ്റിക്കറങ്ങലാണെന്ന്‌ നാസിമുദ്ദീന്‍ പറയുന്നു...(തുടരും)

27 comments:

Unknown said...

ടീച്ചറെ ഒ.വി.വിജയന്റെ നോവല്‍ വായിച്ചാല്‍
ഒന്നു മന്‍സിലാകണമെങ്കില്‍ മൂന്നാലുവട്ടം വായിക്കണം.ഇപ്പോ ടീച്ചറിന്റെ രചന വായിച്ചിട്ട്
സത്യം പറഞ്ഞാല്‍ എനിക്കൊന്നും പുടികിട്ടിയില്ല

siva // ശിവ said...

നല്ല ഭാഷ...നല്ല വിവരണം..

എതിരന്‍ കതിരവന്‍ said...

ഇത്തരം ലേഖനങ്ങള്‍ക്കു കാത്തിരിക്കുകയായിരുന്നു. മലയാളം ബ്ലോഗ് ഇങ്ങനെ സമ്പന്നമാകട്ടെ.

ശ്രീനാഥ്‌ | അഹം said...

ടീചര്‍, ബ്ലോഗിന്‌ ഇപ്പേരിടാന്‍ കാരണം? ചായകുടിക്കുമ്പോള്‍ ബ്ലോഗിംഗ്‌ ചെയ്യുന്നതിനാലാവാം ലെ?

ഇട്ടിമാളു അഗ്നിമിത്ര said...

കോളേജ് കാലത്ത് ഹിന്ദി ക്ലാസില്‍ കേറാതെ മലയാളം കവിത കേള്‍ക്കാന്‍ പോവുമായിരുന്നു..ഈത് വായിച്ചപ്പൊ ആ ഒരു ഓര്‍മ്മ..

പിന്നെ ടീച്ചറെ ഈ ഭാഷാപോഷിണി ഭാഷ.. ഇത്തിരി കട്ടിയാ..

Latheesh Mohan said...

നല്ല എഴുത്ത്. ബ്ലോഗെഴുത്തില്‍ പൊതുവേ വിരളമായ ആഴം.

Promod P P said...

നല്ല ലേഖനം ടീച്ചറേ
ഇനിയും ഇതു പോലെ ഉള്ള മികവുറ്റ ലേഖനങ്ങളുമായി വരു.. അഭിനന്ദനങ്ങള്‍

ടി.പി.വിനോദ് said...

വളരെ നല്ല ലേഖനം. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.

നാസിമുദ്ദീന്റെ കവിതകള്‍ അധികം വായിച്ചിട്ടില്ല. സ്കീസോഫ്രീനിയ, കല്ല് ഒക്കെ വായിച്ചിട്ടുണ്ട്. ഇവിടെ പറഞ്ഞതുപോലെ ആധുനികതയുടെ വന്‍‌മുഴക്കങ്ങളില്‍ ഉള്‍പ്പെടാറില്ലാതിരുന്ന,അതിലെ വന്‍ ദാര്‍ശനികപദ്ധതികളില്‍ അംഗത്വം ലഭിക്കാതിരുന്ന ജീവിതസൂക്ഷ്മതകളെയാണ് നാസിമുദ്ദീനും എഴുതുന്നതെന്ന് തോന്നിയിട്ടുണ്ട്.

പ്രമേയപരമായി ആധുനികതയില്‍ നിന്ന് വിടുതല്‍ പ്രകടമാക്കുമ്പോള്‍ തന്നെ ഭാഷാപരവും സങ്കേതപരവുമായ ഘടകങ്ങളില്‍ ആ കവിത അത്രത്തോളം ‘ആധുനികതാമുക്തം’ ആയിട്ടില്ല എന്ന് സംശയവുമുണ്ട്. ഇവിടെ പരാമര്‍ശിച്ച കവിതയിലുപയോഗിച്ചിരിക്കുന്ന ഭാഷയില്‍ തന്നെ ജ്ഞാനപരതയുടെ തിരതള്ളലനുഭവിക്കുന്നതായി സ്വയം സാക്ഷ്യപ്പെടുന്ന ആഖ്യാതാവിനെ കാണാനുണ്ട് എന്നും സംശയിക്കുന്നു. (തോന്നലുകളാണ് , തെറ്റാണെങ്കില്‍ എങ്ങനെയെന്ന് പറയുമല്ലോ?)

ഗിരീഷ്‌ എ എസ്‌ said...

തീവ്രമായ എഴുത്ത്‌....
പുതിയ അറിവുകളേറ്റുവാങ്ങുമ്പോള്‍ ഇനിയും കാത്തിരിക്കുകയാണ്‌...
അതിശക്തമായ രചനകള്‍ക്കായി.....

ആശംസകള്‍......

Anonymous said...

ലാപുട മാഷെ, ജ്ഞാനപരതയുടെ തിരതള്ളലനുഭവിക്കുന്നതായി - ഇതിന്റെ മലയാളം‍ എന്നതാണാവോ?

പോസ്റ്റിന്റെ ഭാഷയില്‍ തന്നെ കമന്റണം എന്ന് നിര്‍ബന്ധമുണ്ടോ ആവോ? :)

കവിത വിതച്ചത് said...

ലേഖനങ്ങള്‍ നന്നായിട്ടുണ്ട്.
പക്ഷികള്‍ മുകളിലേക്ക് പറക്കുന്നതെന്തുകൊണ്ട് എന്ന ചോദ്യം അത്ര തീവ്രമാണോ?:)

Anonymous said...

"ഉറച്ച രാഷ്ട്രീയ സാമൂഹ്യ പ്രതിരോധങ്ങളും വിപ്ലവശ്രമങ്ങളുമായിരുന്നു ആധുനികതയുടെ കാലത്തെ സവിശേഷമാക്കിയത്‌" എന്ന നിരീക്ഷണം എത്രത്തോളം ശരിയാണു ടീച്ചറേ? ആധുനികതയുടെ ജനനം പോലും അരാഷ്ട്രീയതയുടെയും ജീവിത നിരാസത്തിന്റെയും ഭൂമികയില്‍ നിന്നായിരുന്നില്ലെ? ചുവപ്പന്‍ ആധുനികത (ആധുനികതയുടെ ചുവന്ന വാല്‍ - നരേന്ദ്ര പ്രസാദ്) എന്നു വിളിക്കപ്പെട്ട സജീവമായൊരു വേറിട്ട ധാരയും കേരളീയാധുനിക കവിതയുടെ ഭാഗമായിരുന്നു എന്നത് സത്യം. എന്നിരുന്നാലും ആധുനികത തീര്‍ത്ത പൊതു പ്രത്യയശാസ്ത്ര മണ്ഡലം പ്രതിലോമപരവും ജീവിത വിരുദ്ധവും നാനാതരം കാണാച്ചരടുകളാല്‍ ബന്ധിതമാക്കപ്പെട്ട വ്യാജ നിര്‍മ്മിതികളുടെ കളിയരങുമായിരുന്നു. പരാമൃഷ്ട കവിയെ വായിച്ചിട്ടില്ലാത്തതുകൊണ്ട് അതു സംബന്ധമായൊന്നും പറയാനില്ല.സാമ്രാജ്യത്വത്തിന്റെ സാംസ്കാരിക പ്രത്യയശാസ്ത്രം എന്നു ടെറി ഈഗിള്‍ട്ടണ്‍ വിശേഷിപ്പിച്ച ഉത്തരാധുനികതയുടെ കാലത്തെ കവികള്‍ പൊതുവെ ചരിത്രത്തെയും വര്‍ത്തമാന രാഷ്ട്രീയ അവസ്ഥയെയും തിരിച്ചറിഞുകൊണ്ടുള്ള ആവിഷ്കാര സാദ്ധ്യതകളല്ല കവിതകളില്‍ തേടുന്നത് എന്നു മാത്രം പറഞു വയ്ക്കട്ടെ.

സ്നേഹപൂര്‍വ്വം.

ushakumari said...

അനൂപ്,ശിവകുമാര്‍,എതിരവന്‍,ശ്രീനാഥ്,ഇട്ടിമാളു, ലതീഷ്,തഥാഗതന്‍,ദ്രൌപദി,എല്ലാവര്‍ക്കും നന്ദി, വായനക്കും പ്രോത്സാഹനത്തിനും.
ലാപുട,ജ്ഞാനമാണ്‌ നാസിമുദീന്റെ ഒരു കേന്രപ്രമേയമെന്നു പറയാം...ആധുനികതാമുക്തമെന്നതിനേക്കാള്‍ കാല്പ്നികമുക്തമായ,സ്വപ്നാത്മകമല്ലാത്ത,പരിനിഷ്ഠിതവും (പ്രസ്താവനകള്‍ പോലെയുള്ള) ആയ ഭാഷയാണു പലപ്പോഴും എന്നു തോന്നുന്നു.താര്‍ക്കികതയുടെ ഒഴിയാബാധ ഉള്ളതിനാല്‍ തന്നെയാണ് ഇത്‌.ആധിപത്യപരമോ, ആധികാരികമോ ബലിഷ്ഠമോ ഒന്നുമല്ല താനും.
റിബല്‍, മറുപടി താങ്കളുടെ കമന്റില്‍ തന്നെയുണ്ട്..നന്ദി...

nandakumar said...

1996-97 വര്‍ഷങ്ങള്‍. കൊടുങ്ങല്ലൂരില്‍ ഞാന്‍ ജോലി ചെയ്തിരുന്ന ചെറിയ ഒരു ഡിസൈന്‍ സ്റ്റുഡിയോയിലേക്ക് എന്റെ കൂട്ടുകാരന്‍ സിദ്ധിഖ് കടന്നു വന്നു അവനൊപ്പം ഞാനറിയാത്ത ഒരാളുമുണ്ട് കൂടെ. സിദ്ധിഖ് എന്നോടു സംസാരിക്കുന്നതിനിടയില്‍ കൂടെയുള്ളയാളെ പരിചയപ്പെടുത്തി ‘ നന്ദു, ഇത് നാസു, നാസുമുദ്ദീന്‍. ഒരു കവിയാണ്’. ഞാനയാളോട് ചിരിച്ചു. അയാള്‍ ചുണ്ടു പിളര്‍ത്തി എന്തൊ കാണിച്ചു. ചിരിയാണെന്നു എനിക്കു മനസ്സിലായില്ല.മുഷിഞ്ഞ ഷര്‍ട്ടും മുണ്ടും, ചീകിയൊതുക്കാത്ത തല‍മുടിയോടെ അലസമായ വേഷം. കക്ഷത്തില്‍ മടക്കിയ ഒരു വാരികയും കുറെ പേപ്പറുകളും. കവി അയ്യപ്പനെ ഓര്‍മ്മിപ്പിച്ചു അയാള്‍. പിന്നീട് പലപ്പോഴൊക്കെ നാസു അവിടെ വന്നു തുടങ്ങി. കവിതയെപ്പറ്റിയും കവികളെപ്പറ്റിയും മറ്റും കുറെ സംസാരിച്ച് ഞങ്ങള്‍ കൂട്ടുകാരായി. ചന്തപ്പുരയിലെ തട്ടുകടയില്‍ നിന്ന് ചായയും, പരിപ്പുവടയും കഴിച്ച് സിഗരറ്റും വലിച്ച് ഞങ്ങള്‍ സൌഹൃദം തുടര്‍ന്നു. ഒരു ദിവസം ‘മുഗള്‍’ തിയ്യറ്ററിന്റെ മുന്നിലെ തട്ടുകടയില്‍ നിന്ന് ചായകുടിക്കവെ കുറെ കടലാസ്സുകള്‍ നീട്ടി നാസു പറഞ്ഞു ‘ നന്ദു എന്റെ കുറച്ച് കവിതകളാ ഇതൊക്കെ ടെപ്പുചെയ്തു പ്രിന്റ്എടുത്തു തരണം. ‘ബുദ്ധിമുട്ടാവൂലോ നാസു. ഓഫീസ് എന്റെയല്ല. അതുകൊണ്ട് ഓരൊ പ്രിന്റ ഔട്ടിനും നീ കാശു കൊടുക്കേണ്ടി വരും’ നാസുവിന്റെ സാമ്പത്തിക ബുദ്ധിമുട്ട് അറിയാവുന്നതുകൊണ്ടാണ് ഞാനതു പറഞ്ഞതു.(എന്റെ നിവൃത്തികേടു കൊണ്ടും) ‘കാശു കൊടുക്കാനാനെങ്കില്‍ നിന്റടുത്തു പറയണൊ?‘ അവന്‍ കലമ്പിച്ചു. ഞാന്‍ സ്നേഹത്തോടെ ആ കടലാസ്സുകള്‍ ആവശ്യപ്പെട്ടു വാങ്ങി നിവര്‍ത്തി. ആദ്യ പേജിലെ കവിത ഇങ്ങിനെ വായിച്ചു. ‘മാര്‍ത്തോമ്മാ നഗറിലെ പ്രതിമകള്‍‘.
നാസുവിന്റെ കവിതകളെന്തേ ആനുകാലികങ്ങളില്‍ വരുന്നില്ല എന്ന് ഞാന്‍ വിഷമിച്ചിരിക്കേ ഒരു പാടു മാസങ്ങള്‍ക്കു ശേഷം സമകാലിക മലയാളത്തില്‍ സച്ചിദാനന്ദന്‍ എഡിറ്റു ചെയ്യുന്ന പുതു കവികളുടെ കവിതാ കോളത്തില്‍ ഞാന്‍ കണ്ടു ‘മാര്‍ത്തോമ്മ നഗറിലെ പ്രതിമകള്‍’ ഞാനേറെ ആഹ്ലാദിച്ചു. പിറ്റേന്ന് എന്നെക്കാണാന്‍ വന്ന അവനെക്കൂട്ടി ഞാന്‍ താഴെ പോയി തട്ടുകടയില്‍ നിന്ന് ചായയും ഉള്ളിവടയും കഴിച്ചു. സിഗററ്റ് വലിച്ചു. ഏറെ ആഹ്ലാദമുള്ള ദിവസമായിരുന്നു അന്ന്.
ഒരു പാടു കാലങ്ങള്‍‍ക്കു ശേഷം കൊടുങ്ങല്ലുരിലെത്തിയപ്പോള്‍ എനിക്ക് നാസു വിനെ കാണാന്‍ കഴിഞ്ഞില്ല. കൊടുങ്ങല്ലൂരിലെ ആള്‍ത്തിരക്കില്‍ ഞാന്‍ അലഞ്ഞു. കണ്ടത്തിയില്ല. ഒരുപാടു വര്‍ഷങ്ങളായിരിക്കുന്നു ഇപ്പോള്‍ നാസുവിനെ കണ്ടിട്ട്. എങ്കിലും ഈ ഉദ്യാന നഗരത്തിലിരുന്ന് ഞാനിന്ന് നാസുവിനെ കണ്ടു. നാസുവിന്റെ മുഷിഞ്ഞ കുപ്പായവും വായപിളര്‍ത്തിയുള്ള ചിരിയും, തീഷ്ണമായ വരികളും ദൈന്യവും കലമ്പലുമൊക്കെയുള്ള ജീവിതത്തിന്റെ പ്രതലങ്ങളും.
നന്ദി ടീച്ചര്‍, നാസുവിന്റെ ഗന്ധം വീണ്ടും അനുഭവിപ്പിച്ചതിന്.

Pramod.KM said...

മികച്ച ലേഖനങ്ങള്‍ക്ക് നന്ദി.

വെള്ളെഴുത്ത് said...

നന്ദകുമാര്‍ പറഞ്ഞതുപോലൊരു അനുഭവം എനിക്കുമുണ്ടല്ലോ, ആദ്യമായി നാസിമിനെ കാണുന്നത് കൊടുങ്ങല്ലൂരു വച്ച്. അവിടെയിരുന്ന് സ്കീസോഫ്രീനിയ പാടി. കൂടെ അനിലുണ്ടായിരുന്നു. തിരിച്ചുവരവിലാണ് ‘വൈകുന്നേരം ഭൂമി പറഞ്ഞത്‘ വാങ്ങിയത്. പിന്നീട് എവിടെയോ ജോലികിട്ടി എന്നറിഞ്ഞു.
“മറ്റു കവികളില്‍ നിന്നു നാസിമുദ്ദീനെ വ്യതിരിക്തനാക്കുന്ന ഘടകവും എഴുത്തും ജീവിതവും തമ്മിലുള്ള സംശ്ലേഷണമാണ്‌.
ആധുനികതക്കു ശേഷം രൂപപ്പെട്ട എഴുത്തിന്റെ ദര്‍ശനത്തില്‍ നിന്നാണ്‌ ഈ കവിതയുടെ പിറവി.അക്കാലം വരെ ചിന്താപദ്ധതികളിലും ജീവിതദര്‍ശനങ്ങളിലും പ്രബലമായിരുന്ന ഉറച്ച സമഗ്രതാബോധം,നൈരന്തര്യം വ്യക്തിനിഷ്ഠതയെ അന്വയിച്ചു ചേര്‍ത്ത സമഷ്ടിബോധം എന്നിവയോടുള്ള 'പ്രതികരണമായി' ഈ കവിതയെ കാണുന്നതില്‍ തെറ്റില്ല.“

-ഇങ്ങനെയുള്ള വാക്യങ്ങള്‍ ഇരട്ടത്തലയുള്ള വാളാണ്. ‘പ്രതികരണമാണ്’ എന്നു സാമാന്യവത്കരിച്ചാല്‍ എങ്ങനെയും ന്യായീകരിക്കാം എന്നൊരു ഗുണമുണ്ട്. ആസ്വാദനത്തിന് ഉണ്ടാവരുത് എന്നു ഞാന്‍ വിചാരിക്കുന്ന ഒരു അവ്യക്തതയാണത്. നമ്മുടെ കഥകളും കവിതകളും രക്ഷപ്പെട്ട ചില മണ്ഡലങ്ങളില്‍ നിന്ന് ‘നിരൂപണം’ രക്ഷപ്പെട്ടിട്ടില്ല എന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ?

കവിത വിതച്ചത് said...

വെള്ളെഴുത്തിന്റെ അഭിപ്രായം ന്യായം.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പുതിയതലമുറയ്ക്ക് ഒരു
നഗ്നസത്യം കൂടി.

അനിലൻ said...

വെള്ളെഴുത്തേ
ഞാനും നാസുവിനെക്കുറിച്ചു പറയാന്‍ തുടങ്ങുകയായിരുന്നു.
ആ കൊടുങ്ങല്ലൂര്‍ രാത്രിയെപ്പറ്റി. :)
അന്നവന്റെ കൈയ്യില്‍ ഒരു നോട്ടുപുസ്തകം നിറയെ കവിതകളുണ്ടായിരുന്നു. അതിലെ രണ്ടോ മൂന്നോ മാത്രമേ ഇക്കാലത്തിനിടയ്ക്ക് ആനുകാലികങ്ങളില്‍ കണ്ടുള്ളൂ.
എനിയ്ക്കേറ്റവും ഇഷ്ടമുള്ള പുസ്തകപ്പേരുകളിലൊന്നാണ് ‘വൈകുന്നേരം ഭൂമി പറഞ്ഞത്’

A. C. Sreehari said...

CHAAYAKKOPPAYILE KOTUNGAATT ?

മനോജ് കുറൂര്‍ said...

ഒരു കപ്പു ചായ. നാസിമുദീന്റെ കവിത. പറയുന്നതു കവിതകളെ സ്നേഹിക്കുന്ന ഒരാള്‍. വളരെ സന്തോഷം.

ഒരു വശത്തു കേവലമായ ദര്‍ശനങ്ങള്‍, അവയുടെ രൂപകങ്ങള്‍ എന്നപോലെ ചലിക്കാത്ത പ്രതിമകള്‍, സ്ഥാവരമായ കാലം. മറുവശത്ത് ദര്‍ശനങ്ങള്‍ക്കു സമാന്തരമോ വിരുദ്ധമോ ആയി പച്ചയായ ജീവിതങ്ങള്‍, അവയുടെ ചലനങ്ങള്‍, വര്‍ത്തമാനകാലം.
സാര്‍വകാലികവും സാര്‍വലൌകികവും സമഗ്രതാബോധത്തിലൂന്നിയതുമായ കേവലദര്‍ശനങ്ങളിലൂടെ എന്തിനും തീര്‍പ്പു കല്പിക്കാന്‍ പുറപ്പെടുന്ന ആധുനികതായുക്തിയും അതിനെ സംശയങ്ങള്‍കൊണ്ടു നേരിടുന്ന സമകാലികയുക്തിയും. ‘മാര്‍ത്തോമ്മാ നഗറിലെ പ്രതിമകളെ’ ഇങ്ങനെ വായിക്കുന്നത് അക്കാദമികമായ യുക്തിബോധത്തിനു മനസ്സിലാകുന്നു. ആ വ്യാഖ്യാനത്തിന് അതിന്റേതായ ഒരു രസവുമുണ്ട്.
പക്ഷേ...ചെറുപ്പത്തില്‍ കോഫീ ഹൌസുകളില്‍ ഒരു കപ്പു ചായയ്ക്കൊപ്പം കേട്ട ചര്‍ച്ചകളെ ഇടയ്ക്കൊക്കെ ഇതോര്‍മിപ്പിക്കുന്നുവോ? ‘ഇതരകവികളില്‍നിന്നു വ്യതിരിക്തനാക്കുന്ന’ എന്നപോലെയുള്ള സാമാന്യനിരീക്ഷണങ്ങള്‍ ഇനിയും വേണമോ? (കാരണം ‘ജീവിതവും കവിതയും തമ്മിലുള്ള വിശ്ലേഷണം’ മറ്റു കവികളില്‍ ഇല്ലെന്നാണല്ലൊ ധ്വനി. ഈ വിശ്ലേഷണം പോലും ഒരു ആധുനികതായുക്തിയിലല്ലേ രൂപപ്പെടുന്നത്?) ‘അനുഭവവും ആശയവും തമ്മിലുള്ള വേറിടല്‍’ പോലെ വീണ്ടും ‘സാര്‍വകാലിക/സാര്‍വലൌകികസൈദ്ധാന്തികപ്രശ്നങ്ങള്‍’ ‘വര്‍ത്തമാന’ത്തില്‍ കടന്നു വരുന്നുവോ? എങ്കില്‍ എവിടെയൊക്കെയാണ് ഈ കവിതകള്‍ ഒരേ സമയം ആധുനികതയുടെ തുടര്‍ച്ചയും ഇടര്‍ച്ചയുമാകുന്നത്?
ഈ ലേഖനത്തിനെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ച് ഒട്ടും സംശയമില്ലെന്നു മാത്രമല്ല അതില്‍ സന്തോഷവും ബഹുമാനവുമുണ്ട്. അക്കാദമിക് യുക്തിബോധത്തിന്റെ സൂചനകളായി ആധുനികത, പ്രത്യയശാസ്ത്രം തുടങ്ങിയ വാക്കുകള്‍ കണ്ടതുകൊണ്ടു ചില സംശയങ്ങള്‍ ചോദിച്ചുവെന്നു മാത്രം.ലേഖനം പൂര്‍ണമാകാതെ തീരുമാനത്തിലെത്തുന്നത് ശരിയല്ലല്ലൊ.

[കൂട്ടുകാരുടെ അനുഭവങ്ങളും ഈ കുറിപ്പും ചേര്‍ത്തുവെച്ച് നാസിമുദീനെ അറിയാത്തവര്‍ എന്നെ തെറ്റിദ്ധരിക്കരുതേ...അവന്‍ മുടിഞ്ഞ സൈദ്ധാന്തികനുമാണെന്നു കൂട്ടുകാര്‍ക്കെങ്കിലും അറിയാമല്ലൊ]

ushakumari said...
This comment has been removed by the author.
ushakumari said...

നന്ദകുമാര്‍, പ്രമോദ്, വെള്ളെഴുത്ത്, അനില്‍... നിങ്ങളൊക്കെക്കൂടി പറഞ്ഞുപറഞ്ഞ് നാ‍സിമുദ്ദീന്‍ ഒരു മിത്തായതുപോലെ.എരിയുകയും എഴുതുകയും ചെയ്ത നമ്മുടെ കാലത്തെ ചുരുക്കം പേരില്‍ ഒരാള്‍ എന്ന അത്ഭുതമോ കൌതുകമോ ഒക്കെയാവാം..എന്തായലും അനുഭവങ്ങള്‍ പങ്കു വച്ചതിനു നന്ദി..പ്രമോദേ, ശ്രീഹരി, കവിത വിതച്ചതേ,വായനക്കും പ്രതികരണങ്ങള്‍ക്കും നന്ദി.
വെള്ളെഴുത്തിന്റെയും മനോജിന്റെയും വിമര്‍ശനങ്ങളും താക്കീതുകളും ശ്രദ്ധാര്‍ഹമാണ്, ആലോചിക്കേണ്ടതും.നന്ദി...

ഗുപ്തന്‍ said...

ഇവിടെ ആദ്യമൊരിക്കല്‍ വന്നു പോയതാണ്. വായനയ്ക്ക് ഗൌരവം വേണം എന്ന് തോന്നിച്ചതുകൊണ്ടും കവിയെ പരിചയമില്ലാത്തതുകൊണ്ടും പിന്നീടാകട്ടെ എന്നുവച്ചു.

എഴുത്ത് വളരെ ശ്രദ്ധേയമാണ്. വെള്ളേഴുത്ത് മാഷ് സൂചിപ്പിച്ചതുപോലെ അക്കാഡമികനിരൂപകരുടേത് എന്ന് മാറ്റിവയ്ക്കപ്പെട്ട സവിശേഷ ഭാഷ ഉപയോഗിക്കുന്നത് വായനക്ക് തടസ്സമാകുന്നുണ്ട് എന്നത് സത്യം. എങ്കിലും നിരൂപണത്തിന് അനുദിന വ്യവഹാരങ്ങളുടെ ഭാഷ അതിന്റെ സാധാരണരൂപത്തില്‍ ഉപയോഗിക്കാനാവില്ല. നിരീക്ഷണങ്ങളില്‍ വ്യക്തമായ ആശയസംവേദനത്തിന് ഭാഷ തടസ്സമാകരുതെന്നേയുള്ളൂ.

കവിയെ കണ്ടെത്തി വായിക്കാന്‍ ശ്രമിക്കാം. പരിചയപ്പെടുത്തലിനു നന്ദി. കൂടുതല്‍ എഴുതുമല്ലോ.

കുറുമാന്‍ said...

മലയാളം ഒരു ഭാഷയായി പഠിക്കാത്ത എനിക്ക് ഇത്തരം ലേഖനങ്ങള്‍ ഒരു വരദാനം തന്നെ.

നന്ദി ടീച്ചറേ, ഒരുപാട് നന്ദി.

കെ കെ ടി എമ്മില്‍ പ്രിഡിഗ്രിക്ക് സീറ്റ് കിട്ടാതിരുന്നത് എന്റെ മാര്‍ക്കിന്റെ ഗുണം :)

ushakumari said...

ഭാഷയ്ക്ക് അയവു വേണമെന്ന പൊതു അഭിപ്രായം, ശ്രദ്ധിക്കാം

Unknown said...

നന്നായിരിക്കുന്നു, റ്റീച്ചർ.....