Saturday, March 19, 2011

പൊക്കിള്‍ക്കൊടിയുടെ മറ്റേയറ്റം

പ്രവാസിയുടെ ജീവിതം വെയിലില്‍ നിവര്‍ത്തിയ ഒരു കുട പോലെയെന്ന് എം. എന്‍. വിജയന്‍ മാഷ് ഒരിക്കല്‍ പറഞ്ഞു. നിഴല്‍ തേടുന്നവര്‍ പക്ഷേ പിടിവിടുന്നില്ല. ചൂടാറുവോളം കുട മടക്കുന്നില്ല. നരച്ചു തുടങ്ങുമ്പോള്‍ നമുക്ക് മൂലയില്‍ ചാരാം. പ്രവാസി ലോകത്തെക്കുറിച്ചുള്ള ഏതു ചിന്തയിലും ഈ രണ്ടറ്റങ്ങളുണ്ട്- നാടും പുറംനാടും. അതിനകത്തെ വലുതും ചെറുതുമായ ജീവിതങ്ങളും അവയുടെ ഒറ്റപ്പെടലുകളും ആഹ്ലാദങ്ങളും പ്രതീക്ഷകളും നിരാശകളും അത്ഭുതങ്ങളും ഒക്കെ പ്രവാസി രചനകളില്‍ തുടിക്കുന്നു. ആവശ്യങ്ങളും അതിജീവനങ്ങളും ആശകളും പ്രതീക്ഷകളുമാണിവിടത്തെ യാഥാര്‍ഥ്യം, ഒടുവില്‍ നേടിയതൊന്നും നേട്ടങ്ങളല്ല എന്ന തിരിച്ചറിവ് അനിവാര്യമാണെങ്കില്‍ കൂടി.


'മേഘസന്ദേശ' ത്തിലെ യക്ഷന്‍ മുതല്‍ തുടരുന്ന അകലും തോറും സാന്ദ്രീകരിക്കപ്പെടുന്ന
അടുപ്പത്തിന്റെ ലോകമാണ് പ്രവാസി എഴുത്തിലുമുള്ളത്. ''ആട്ടിയോടിക്കപ്പെട്ട തിണ്ണവിട്ടെത്ര ദൂരം'' നാം പോകുമെന്ന് കെ.ജി എസ് ചോദിച്ചതുപോലെ പ്രവാസി രചനകള്‍ മലയാളത്തിന്റെ ഗുരുത്വാകര്‍ഷണത്തിലേക്ക് എപ്പോഴും തിരിച്ചെത്തിക്കൊണ്ടിരിക്കുന്നു. വേരുകള്‍ മണ്ണിലേക്ക് തിരഞ്ഞു പോകുമ്പോഴും ഇലയും വള്ളികളും ആകാശങ്ങളിലേക്കു കൈവീശുന്നു. പൂവും കായും വിരിഞ്ഞുവരുന്നു. അവ നമ്മുടെ എഴുത്തില്‍ പുതിയൊരിടമായി, മറ്റൊരു ആകാശമായി തുറന്നുവരുന്നു. വിട്ടുപോന്ന ഇടത്തിനും എത്തിച്ചേര്‍ന്ന ഇടത്തിനുമിടയിലുള്ള ഈ സാംസ്‌കാരിക സ്ഥലം (ഹോമി കെ. ഭാഭയെ മുന്‍നിര്‍ത്തി) മൂന്നാമിടമെന്നു സച്ചിദാനന്ദന്‍ വിളിക്കുന്ന ഇവിടം- ഇന്ന് സവിശേഷമായൊരു ഉണര്‍വിലാണ്. എത്തിച്ചേര്‍ന്ന വേറിട്ട ഇടങ്ങളില്‍ നിന്നുകൊണ്ട് വിട്ടുപോന്ന ഇടങ്ങളെ സമസ്ത ഇന്ദ്രിയങ്ങള്‍ കൊണ്ടും കണ്ടുംകേട്ടും മണത്തും വരച്ചും എഴുതിയും ഈ രചനകള്‍ എഴുത്തില്‍ പുതിയൊരു ഭൂപടമാവുകയാണ്. ഔദ്യോഗിക അതിര്‍ത്തികള്‍ക്കു കുറുകെയും നെടുകെയുമായി തങ്ങളുടെ ദേശത്തെ അവര്‍ വൈകാരിക ദേശീയതയായി പുനര്‍നിര്‍മിക്കുന്നു. അനുഭവങ്ങളുടെയും ഓര്‍മകളുടെയും കാലത്തിന്റെയും നാനാവിധത്തിലുള്ള സാംസ്‌കാരികാര്‍ഥങ്ങളായി അവ നാടിനെ ദാഹത്തോടെ വലിച്ചൂറ്റിയെടുക്കുന്നു, വീണ്ടെടുക്കുന്നു. വരണ്ട ഭൂമി വേനല്‍മഴയെന്നപോലെ നാടിനെക്കുറിച്ചുള്ള ഓരോ സൂചനയെയും അതു ഹര്‍ഷോന്മാദത്തോടെ ഉള്ളിലേക്കു വലിച്ചെടുക്കുന്നു.
ചെറിയാന്‍ കെ
ചെറിയാന്‍ കൊച്ചുബാവയും എന്‍. ടി. ബാലചന്ദ്രനുമൊക്കെയടങ്ങിയ മുന്‍ പ്രവാസി എഴുത്തുകാര്‍ എഴുത്തിന്റെ പ്രമേയമായി അതിനെ ആനയിച്ചിരുന്നില്ല. അനുഭവത്തിന്റെയും ആവിഷ്‌ക്കാരത്തിന്റെയും തലം മുഖ്യധാരയിലേക്ക് താദാത്മ്യപ്പെട്ടു കിടക്കുന്നു. പ്രവാസിയെഴുത്തില്‍ പിന്നീടുവരുന്ന തലമുറയില്‍ ഈ പതിഞ്ഞുകിടക്കലല്ല, മറിച്ച് നാടിനായി പരതുന്ന ഉല്‍ക്കണ്ഠ (ഉയര്‍ത്തിയ കണ്ഠം തന്നെ!) യുടെ വല്ലാത്ത തലനീട്ടിലാണു നാം കാണുക. അത്തരം ആവേശങ്ങളെ ത്വരിപ്പിക്കും വിധം സാങ്കേതിക വിദ്യയില്‍ പൊതുവെയുണ്ടായ കുതിപ്പുകളും പങ്കുചേര്‍ന്നതോടെ പ്രവാസിരചനകള്‍ ഒരു ഗണമായിത്തന്നെ ഇന്റര്‍നെറ്റിലൂടെ സ്ഥാപിക്കപ്പെട്ടു. ബ്ലോഗുകളിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ഗ്രൂപ്പുകളിലും മറ്റു കമ്മ്യൂണിക്കേഷന്‍ ഗ്രൂപ്പുകളിലും കാണുന്ന പ്രവാസികളുടെ സാന്നിധ്യം അവരുടെ ഈ പുതിയ സ്വത്വബോധത്തെയാണ് സ്ഥാപിച്ചെടുത്തത്. പ്രവാസിത്വവും നെറ്റിസണ്‍ഷിപ്പ് എന്ന പുതിയ പൗരത്വവും ചേര്‍ന്ന യാഥര്‍ഥ്യത്തിന്റെയും പ്രതീതിയാഥാര്‍ഥ്യത്തിന്റെയും സമ്മിശ്ര സ്വത്വമാണത്. മുസാഫര്‍ അഹമദും (മരുഭൂമിയുടെ ആത്മകഥ) ബെന്യാമിനും (ആടുജീവിതം) ഒക്കെ പങ്കുവച്ച പ്രവാസി അനുഭവങ്ങള്‍ക്ക് പൊതുമണ്ഡലത്തില്‍ സാഹിത്യാതീതമായ ഒരു അനുവാചകവൃന്ദം തന്നെ സൃഷ്ടിക്കാന്‍ കഴിഞ്ഞത് ഈ പശ്ചാത്തലത്തില്‍ കൂടിയാണ്. 'അറബിക്കഥ‘, ‘ഗദ്ദാമ' മുതലായ സിനിമകളും കൂടിച്ചേര്‍ന്ന സമകാലികാവസ്ഥയില്‍ ഗള്‍ഫ് നാടുകളിലെ മലയാളി ജീവിതാവസ്ഥകളോട് അനുഭാവപൂര്‍ണമായ ഒരു സ്വീകരണക്ഷമത കേരളത്തില്‍ രൂപപ്പെട്ടിട്ടുണ്ട്.


പ്രവാസി രചനകളുടെ മുഖ്യമായ ഒരടര് ഭൂതകാലത്തെ സംബന്ധിച്ച ഗൃഹാതുരതയാണ്. ദേശാതുരത
എന്നു പറയുകയാണ് കൂടുതല്‍ ശരി. തിളച്ചാറിയ പാലിലെ വെണ്ണപോലെ സ്വദേശം അവയില്‍ മിനുത്തു തിളങ്ങി. അനൂപ് ചന്ദ്രന്റെ മുന്‍കയ്യില്‍ പുറത്തിറങ്ങിയ 'മൂന്നാമിടം' പ്രവാസി രചനകളിലെ ഒരു വഴിത്തിരിവാണ്, പില്‍ക്കാലത്തെ പ്രസാധകസംരംഭങ്ങളും ഗള്‍ഫ് സാംസ്‌കാരിക കൂട്ടായ്മകളും മറ്റും പരിഗണിക്കുമ്പോള്‍. നാടിനെ പച്ചയ്ക്ക് അരച്ചു ചേര്‍ത്ത കവിതകള്‍ അതിലുണ്ട്.ലാസര്‍ ഡിസില്‍വയും സത്യന്‍ മാടാക്കരയും കരുണാകരനും സര്‍ജു ചാത്തന്നൂരും അസ്‌മോ പുത്തന്‍ചിറയും ടി.പി. അനില്‍കുമാറും റാംമോഹന്‍ പാലിയത്തുമൊക്കെ എഴുതിയ കവിതകളില്‍ നാട് എഴുന്നുനിന്നു. പ്രവാസി രചനകളുടെ പൊതു സ്വഭാവമായ -അതു പ്രിന്റിലായാലും ബ്ലോഗിലായാലും - ഒരു വിളിച്ചുപറയല്‍ ഇവിടെയുണ്ട്. ഒരു വേലിയതിരിനപ്പുറം നിന്നു കുശലങ്ങള്‍ വിളിച്ചുചോദിക്കുന്ന ഒരുതരം ‘നാട്ടിന്‍പുറത്തം‘ അവയ്ക്കുണ്ട്. അതുകൊണ്ടുതന്നെ സംവാദങ്ങളല്ല, സംഭാഷണങ്ങളാണ് അവയില്‍ കാണുക. ഒന്നു മിണ്ടിപ്പറയാനുള്ള കൊതി അവിടെ നിറയുന്നതുകാണാം. റാം മോഹന്റെ 'എറണാകുളത്തിന്റെ ഓര്‍മ്മയ്ക്ക്' എന്ന കവിതയില്‍ ഒരു ഉല്‍സവപ്പറമ്പിലെന്നതുപോലെയുള്ള ഭാഷണങ്ങളുടെ സമൃദ്ധിയും വൈവിധ്യവും കാണാം. 'വളഞ്ഞമ്പലത്തിന്റെ ആലസ്യവും' എളമക്കരയിലെ (മറുനാടന്‍)മേനോന്‍ ഗൃഹങ്ങളും ലത്തീന്‍ മണമുള്ള നുണകളും ഷിപ്പ് യാഡിന്റെ ആകാശസ്പര്‍ശിനികളും നിറഞ്ഞ ഒരു തനി എറണാകുളം ഈ കവിതയില്‍ ഒരു നഷ്ട(മോഹ) സ്ഥലിയായി നിറയുന്നു. (ദൂരെദൂരങ്ങളില്‍ നിന്നു നോക്കുമ്പോലുള്ള തുന്നാടിത്തലപ്പുകളുടെ സൗന്ദര്യം ....!)ആ ഓര്‍മകള്‍ തന്നെ അതിജീവനമാവുന്നു. വൈലോപ്പിള്ളിയിലെ ''ഒരൊറ്റത്തെങ്ങ് കണ്ടിടത്തിലൊക്കെയും സ്മരിക്കുന്ന (ആസ്സാം പണിക്കാര്‍) നാടല്ല ഇക്കവിതകളിലേത്. അവിടെയായിരിക്കുമ്പോഴും ഇവിടെയായിരിക്കാന്‍ ആസ്സം പണിക്കാര്‍ എപ്പോഴും കൊതിച്ചു.
''ഇവിടെ സ്‌നേഹിപ്പാനിവിടെയാശിപ്പാ-
നിവിടെ ദു:ഖിപ്പാന്‍ കഴിവതേ സുഖം! ''
എന്നാല്‍ ഈ പുതിയ പ്രവാസികളില്‍ രാഗദ്വേഷങ്ങളുടെ സങ്കീര്‍ണമായ സ്വത്വബന്ധമായാണ് നാടു
നിറയുന്നത്. എവിടെയുമല്ല എന്ന അന്യവല്‍ക്കരണത്തെ ആഴത്തില്‍ ഒളിപ്പിച്ചുവയ്ക്കുന്നതും അവിടെയല്ലല്ലോ എന്ന അരക്ഷിതത്വത്തെ നോവിക്കാതെ നോക്കുന്നതുമായ എഴുത്തുകളാണവ.
കഥകളും കവിതകളും ഓര്‍മക്കുറിപ്പുകളും അനുഭവകഥനങ്ങളും യാത്രാവിവരണങ്ങളും
ഗ്രന്ഥനിരൂപണങ്ങളും സിനിമാപഠനങ്ങളും ആരോഗ്യം, വിദ്യാഭ്യാസം, ജോലിയന്വേഷണങ്ങളും പാചകക്കുറിപ്പുകളും ഒക്കെ ബ്ലോഗുകളിലെ പ്രവാസി രചനകളില്‍ കാണാം. ഓര്‍മകള്‍ എന്നതുപോലെ നര്‍മവും അവയില്‍ നിത്യസ്പര്‍ശമാണ്. പ്രവാസി ബ്ലോഗര്‍മാരുടെ പേരുകള്‍ തന്നെ പലതും നര്‍മം പൊതിഞ്ഞവയാണ്. വാഴക്കോടന്‍, നിരക്ഷരന്‍ എന്നിങ്ങനെ. ചിലതു സ്ഥലനാമങ്ങളായി നാടിനോടുള്ള പൊക്കിള്‍ക്കൊടി ബന്ധം സൂക്ഷിക്കുന്നു. വിശാലമനസ്സിന്റെ കൊടകരപുരാണം പോലുള്ള ബ്ലോഗുകള്‍ അടിമുടി നര്‍മം കലര്‍ന്ന ശൈലിയിലാണ് എഴുതപ്പെടുന്നത്. തൃശൂര്‍ വാമൊഴിവഴക്കങ്ങളിലൂടെ അയല്‍വാസികളുടെയും ബന്ധുമിത്രാദികളുടെയും കാരിക്കേച്ചറുകള്‍ വരച്ചിട്ടു അത്. കൊടകരപുരാണത്തിന്റെ ജനപ്രിയത അതില്‍ കൊത്തിവച്ച നാടും പച്ചമനുഷ്യരും തന്നെ. മൂര്‍ച്ച കുറഞ്ഞ വിമര്‍ശനങ്ങളും ആത്മപരിഹാസങ്ങളും ഒക്കെക്കൊണ്ട് ഗൃഹാതുരതയെ മറികടക്കുമ്പോഴും നേര്‍ത്ത വേദനയുടെ സ്വരം അവിടെ പതിഞ്ഞുകേള്‍ക്കാം. സാഹിത്യാനുശീലനമില്ലാത്ത സാധാരണക്കാര്‍ക്കും എഴുത്തുകാരാവാം എന്ന തോന്നലുണ്ടാക്കാന്‍ കൊടകരപുരാണത്തിനു കഴിഞ്ഞു. കൊടകരപുരാണത്തിനുശേഷം പുസ്തക രൂപത്തിലായ ബ്ലോഗുകള്‍ സിമി, കുറുമാന്‍, പ്രിയ ഉണ്ണികൃഷ്ണന്‍, ഇത്തിരിവെട്ടം, അനാഗതശ്മശ്രു, രാധിക, കൈതമുള്ള് മുതലായവയാണ്.

അഭ്യസ്തവിദ്യരായ വീട്ടമ്മമാരുടെ ബ്ലോഗുകളില്‍ ഏകാന്തതകളും നാടിനെയും ഉറ്റവരെയും കുറിച്ചുള്ള
ഓര്‍മകളും കൗതുകങ്ങളും കാണാം. നാട്ടിലെ മഴയും വെയിലും പകലുകളും രാത്രികളും ഗൃഹാതുരതകളായി അവരെ പൊതിയുന്നു. '' അവിടെ ഓരോ നേരിയ ശബ്ദവും കേള്‍ക്കാന്‍ കഴിയുന്നത്ര നിശ്ശബ്ദതകളില്‍ '' (Sunny days: വിനിത വിനോദ്) ഓര്‍മകള്‍ വലിയ മുഴക്കങ്ങളാവുന്നു. സനിമാശാലകള്‍ പോലും നിഷേധിക്കപ്പെട്ട ഒരിടത്ത് വീട്-ഓഫിസ് എന്ന രണ്ടറ്റങ്ങള്‍ക്കിടയില്‍ സമയം പകുക്കപ്പെടുന്നു. സര്‍ഗാത്മകതയുടെ ഒരേ ഒരിടം ബ്ലോഗുമാത്രമാവുന്നു. പ്രവാസം ഒരു അവസ്ഥയല്ല, മറിച്ച് ഒരു ആവാസവ്യവസ്ഥയായിത്തന്നെ മാറുന്നതാണ് ഇവിടെ നാം കാണുന്നത്. എവിടെപ്പോവുമ്പോഴും ഞാനെന്റെ പ്രവാസത്തെ കൂടെ കൊണ്ടുപോകുന്നുവെന്നു പറഞ്ഞ മഹമൂദ് ദര്‍വീഷിനെ അവ തൊടുന്നു. കുഴൂര്‍ വില്‍സന്റെ 'അച്ചടി മലയാളം നാടുകടത്തിയ കവിതകളെ' വിശാഖം ബ്ലോഗില്‍ കാണാം. അവിടെ ബ്ലോഗിടം തന്റെ നാട്ടിന്‍പുറമായി, കുഴൂരെ ചെറിയ ഇടവഴികളും മുള്ളുവേലികളും വേപ്പിലയുടെയും മുളകിന്റെയും കിരീടമണിഞ്ഞ കപ്പപ്പുഴുക്കിന്റെ മണം പൊന്തുന്ന അടുക്കളയുമാക്കി കവി മാറ്റുന്നതുകാണാം.
''വാരം തോണ്ടിയ പറമ്പുകളില്‍
ചാരം ചാണകം
കൃത്യമായി നുറുക്കിയ
കൊള്ളിത്തലപ്പുകള്‍
കഞ്ഞിയെടുക്കാന്‍
ഓടുന്ന അമ്മ'' -ഡാഡി, സൂപ്പര്‍ ഡാഡി' എന്ന പാട്ടുകേട്ട് പച്ചക്കുപ്പിയുടെ നിഴലിലിരുന്ന് കവി
കുപ്പായമിടാത്ത കീറിയ ട്രൗസറിട്ട ബാല്യത്തിലേക്ക് വഴുതുകയാണ്.
കെ എം പ്രമോദിന്റെ ‘പ്രമാദം‘ ബ്ലോഗില്‍ കടൂര്‍ അങ്ങനെത്തന്നെ ഇറങ്ങിവരികയാണ്. കൊറിയയിലെ
വൃദ്ധയായ തൊഴിലാളി സ്ത്രീയില്‍ “നമ്പ്യാ‍ര്‍ മാവ് പൂത്തോ;/ അപ്പുറത്തെ ബാലന്റെ ഓള്പ്രസവിച്ചോ“ എന്നും
വിചാരിച്ചിരിക്കുന്ന തന്റെ സ്വന്തം അമ്മമ്മയെയാണ് കവി കാണുന്നത്. റഫീഖ് ഉമ്പാച്ചിയുടെ ബ്ലോഗില്‍
(ഒപ്പരം) പ്രവാസത്തിന്റെ കയ്പ് കല്ലിച്ചുകിടപ്പാണ്. വിശാഖ് ശങ്കറിന്റെ ബ്ലോഗ് പ്രൊഫൈലില്‍ അസ്തിത്വത്തിന്റെ അനിശ്ചിതത്വം കാണാം. നസീര്‍ കടിക്കാട് (സംക്രമണം) ടി പി അനില്‍കുമാര്‍ (രാപ്പനി), രാജ് നീട്ടിയത്ത്, നാസര്‍ കൂടാളി, എന്നിങ്ങനെ കവിതയില്‍ ബ്ലോഗര്‍മാര്‍ അനവധി. കൈപ്പള്ളി, ബെര്‍ലിത്തരങ്ങള്‍, നിരക്ഷരന്‍, ചിത്രകാരന്‍ തുടങ്ങിയ ഗദ്യബ്ലോഗര്‍മാരും നിരവധി. ആദ്യകാലങ്ങളിലെ രമ്യോപന്യാസങ്ങളെ അനുസ്മരിപ്പിക്കുന്ന കുറിപ്പുകള്‍ അവയില്‍ കാണാം.
മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും ബ്ലോഗുകളുടെ മറ്റൊരു
ആവിഷ്‌കാരമേഖലയാണ്. ' ബൂലോകകാരുണ്യം' മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ച പ്രശ്‌നത്തില്‍ നടത്തിയ ചര്‍ച്ചകള്‍, അരയ്ക്കുതാഴെ തളര്‍ന്ന മുസ്തഫയ്ക്ക് വീടുണ്ടാക്കാന്‍ നടത്തിയ ശ്രമങ്ങള്‍, ആദിവാസി കുട്ടികള്‍ക്ക് യൂനിഫോം നല്‍കുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഒക്കെ ഈ കൂട്ടായ്മ ബ്ലോഗിലൂടെ നടത്തിയിരുന്നു. ഭാഷയിലെ പുതുതായുണ്ടായ ആവിഷ്‌കാരശൈലികളും നിരീക്ഷണങ്ങളും പ്രവാസിബ്ലോഗുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഭാഷയോടുള്ള അഭിനിവേശം നാടിനോടും ഉറ്റവരോടുമുള്ള അഭിനിവേശം തന്നെയായി അവരില്‍ കാണാം. യൂണികോഡ് ഫോണ്ടുകളുടെ ആവിര്‍ഭാവത്തോടെയാണ് മലയാളത്തിലെ ബ്ലോഗുകളുടെ വളര്‍ച്ച ഇത്ര സജീവമായിത്തീര്‍ന്നത്. പെരിങ്ങോടന്‍ എന്ന ബ്ലോഗറിലൂടെയാണ് 'മൊഴി കീ മാപ്' ജനപ്രിയമായത്. കെവിന്‍ രൂപകല്‍പ്പന ചെയ്ത 'അഞ്ജലി' ഓള്‍ഡ് ലിപിയും 'കാര്‍ത്തിക' 'മീര' തുടങ്ങിയ ഫോണ്ടുകളും 'സിബുവിന്റെ വരമൊഴി' എന്ന മലയാളം എഴുത്തുസഹായിയും ബ്ലോഗിന്റെ വളര്‍ച്ചയില്‍ പങ്കുവഹിച്ചു. ‘നാലാമിടം‘ എന്നപേരില്‍ പുറുത്തവന്ന ബ്ലോഗ് കവിതകളുടെ സമാഹാരം പുതുഭാവുകത്വത്തെയും ഒപ്പം ഈ സജീവഘട്ടത്തെയുമാണ് അടയാളപ്പെടുത്തുന്നത്.
വാഴക്കോടന്‍, നീര്‍വിളാകന്‍, സൂത്രന്‍ തുടങ്ങിയ ബ്ലോഗര്‍മാര്‍ പൊതുവെ അതീവ
വൈകാരികതയോടെയാണ് തങ്ങളുടെ പ്രവാസി അവസ്ഥയെ കാണുന്നത്. 13 വര്‍ഷമായി നാട്ടില്‍ പോവാന്‍ കഴിയാത്ത അറുപതുകാരനായ തമിഴ് തൊഴിലാളി ഹാര്‍ട്ട്അറ്റാക്ക് വന്നു മരിച്ചപ്പോഴുണ്ടായ സംഭവം നീര്‍വിളാകന്‍ വിവരിക്കുന്നുണ്ട്. മൃതദേഹം നാട്ടിലെത്തിക്കേണ്ടത് ഏത് അഡ്രസിലാണെന്നറിയാന്‍ വീട്ടിലേക്കു വിളിച്ചപ്പോള്‍ ആദ്യത്തെ നിശ്ശബ്ദതയ്ക്കുശേഷം മൂത്തമകന്‍ ചോദിച്ചത് അവിടെ അടക്കാന്‍ കഴിയില്ലേ എന്നാണത്രെ. പ്രവാസം ഒരു മാനസികാവസ്ഥ തന്നെയാണ്, യഥാര്‍ഥത്തില്‍; പ്രവാസിക്കു മാത്രമല്ല മറ്റുള്ളവര്‍ക്കും. എന്നിട്ടും പണ്ടു രാപാര്‍ത്ത കൂടുതേടി ഓരോ ദേശാടനക്കിളിയും ആകാശങ്ങളിലേക്കും ചിറകുവിടര്‍ത്തി പറക്കുന്നു. ഒരുപക്ഷേ കൂട് അവിടത്തന്നെയുണ്ട്, അതിന്റെ അര്‍ഥം മാറിപ്പോയെങ്കിലും. നഷ്ടപ്പെട്ട ഒരു പറുദീസ ഉള്ളില്‍ പേറാത്ത ആരാണുള്ളത്?
(‘തേജസി‘ന്റെ ഗള്‍ഫ് സപ്ലിമെന്റിനുവേണ്ടി എഴുതിയത്‌)

Thursday, March 17, 2011

തേടുന്നവള്‍...

മൂന്നുദശകം മുമ്പു നമ്മുടെ സംവേദനശീലങ്ങളെ ഞെട്ടിച്ചുകൊണ്ടും പുതുക്കിക്കൊണ്ടും പുറത്തുവന്ന പാണ്ഡവപുരത്തിന്റെ ശില്‍പ്പി സേതുവിന്റെ ഏറ്റവും പുതിയ നോവലാണ് പെണ്ണകങ്ങള്‍. പേരു സൂചിപ്പിക്കുന്നതുപോലെ പെണ്ണനുഭവങ്ങളുടെ നേര്‍സാക്ഷ്യമായാണ് ഈ നോവലിന്റെ ആഖ്യാനം നിലകൊള്ളുന്നത്. സേതുവിന്റെ തന്നെ ആറു കഥാപാത്രങ്ങളെ കൂടുതല്‍ തെളിച്ചത്തോടെ, അനുഭവസൂക്ഷ്മതയോടെ കാണാനുള്ള ശ്രമം. 390 പേജുകളുള്ള നോവലിനെ ദേവി, കമലാക്ഷിയമ്മ, കാതറിന്‍, പ്രിയംവദ, മോഹന, കാദംബരി എന്നിങ്ങനെ ആറു ഖണ്ഡങ്ങളാക്കി തിരിച്ചിരിക്കുന്നു. യഥാക്രമം പാണ്ഡവപുരം, നിയോഗം, കൈമുദ്രകള്‍, അടയാളങ്ങള്‍, കിളിമൊഴികള്‍ക്കപ്പുറം, ആറാമത്തെ പെണ്‍കുട്ടി എന്നീ നോവലുകളിലെ നായികമാരാണിവര്‍. പി.കെ. രാജശേഖരന്റേതാണ് അവതാരിക. സ്ത്രീയനുഭവങ്ങളുടെ വൈവിധ്യവും തുടര്‍ച്ചയും ഒരു സമസ്യയായി തന്റെ ബോധമണ്ഡലത്തെ ആവേശിച്ചതിന്റെ ഫലമാണീ നോവലെന്നു സേതു ഏറ്റുപറയുന്നു.

പെണ്ണകങ്ങളില്‍ ആവര്‍ത്തിച്ചു നിലകൊള്ളുന്ന പ്രമേയം തേടലാണ്. തേടലും കാത്തിരിപ്പും ഒരുപോലെ സംഭവിക്കുന്നു. ദേവിയും മോഹനയും പ്രിയംവദയും കാതറിനും കാദംബരിയുമെല്ലാം തേടിത്തേടി അലയുന്നവരാണ്. ദേവി ജാരനെയും കാത്ത് റെയില്‍വേ സ്റ്റേഷനില്‍ ചെന്നിരിക്കുന്നതില്‍ തുടങ്ങി വീണ്ടും അവിടെത്തന്നെ അയാളെ കാത്തിരിക്കുന്നതില്‍ അവസാനിക്കുന്നു. ഇതിനിടയിലാണ് കഥയിലെ ആഖ്യാനഭാഗം കിടക്കുന്നത്. ഒരര്‍ഥത്തില്‍ ആഖ്യാനത്തിനകത്തെ സംഭവങ്ങള്‍ അപ്രസക്തമാണെന്ന മട്ടില്‍ തന്നെയാണത്. ഇവിടെ ജാരന്‍ സ്‌ത്രൈണലൈംഗികതയുടെ ഇരിപ്പിടമാണ്. അതേസമയം, നിരാസവുമാണ്. ഇവയ്ക്കിടയിലൂടെ ദേവി നടത്തുന്ന ലൈംഗികമായ സ്വത്വസ്ഥാപനമാണീ തേടലും കാത്തിരിപ്പും. ആ അര്‍ഥത്തില്‍ പരമ്പരാഗതമായ കാല്‍പ്പനികാനുഭവത്തില്‍ നിന്നു വിടുതി നേടിയ വിധ്വംസകത ഈ തേടലിനുണ്ട്.

കാതറിനും കാദംബരിയും മോഹനയും ഈ അലച്ചിലില്‍ സ്വയം അപ്രത്യക്ഷരാവുന്നവരാണ്. അവരുടെ അസ്തിത്വംതന്നെ പൊഴിച്ചുകളഞ്ഞുകൊണ്ട് അതൊരു ഭ്രമാത്മകമായ തോന്നല്‍ മാത്രമായിരുന്നുവെന്നവണ്ണം അവരെല്ലാം കടന്നുകളയുന്നു. അത് ഒളിച്ചോട്ടമല്ല. മറിച്ച് തങ്ങളെത്തന്നെ പൂര്‍ത്തീകരിക്കാനും തങ്ങളുടെ അസ്തിത്വത്തെ സ്ഥിരീകരിക്കാനുമുള്ള വെമ്പല്‍ തന്നെയാണ്. അവിടെ കാപട്യമില്ല. തങ്ങള്‍ക്കു യഥാര്‍ഥത്തില്‍ വേണ്ടതെന്തെന്നു തിരിച്ചറിഞ്ഞവരാണവര്‍. വ്യക്തിത്വത്തേക്കാള്‍ ഉയര്‍ന്ന ഒരു കര്‍ത്തതൃത്വതലം- തങ്ങളുടെമേല്‍ തങ്ങള്‍ക്കു തന്നെയുള്ള ഓട്ടോണമി- തിരിച്ചറിഞ്ഞവരാണവര്‍. അവര്‍ ആര്‍ക്കും കീഴടങ്ങുന്നില്ല. ആരെയും കീഴടക്കുന്നുമില്ല.

ലൈംഗികതയുടെ വിവിധ വ്യവഹാരങ്ങള്‍ സമ്മേളിക്കുന്ന ഇടം കൂടിയാണീ നോവല്‍. ഏറ്റവും ഉയര്‍ന്ന സാമ്പത്തികാവസ്ഥയിലും തൊഴിലിടത്തിലുമായിരിക്കുമ്പോഴും സ്ത്രീയെ ചൂഴ്ന്നുനില്‍ക്കുന്ന പരമ്പരാഗതമായ ചോദ്യംചെയ്യലുകള്‍, സന്ദിഗ്ധതയൊക്കെ ഇതിലെ ഓരോ സ്ത്രീയും അനുഭവിക്കുന്നു. അതുകൊണ്ടുതന്നെ അവരുടെ കുതറല്‍ തീവ്രമാവുന്നു. നോവല്‍ ആന്തരികമായി പിരിമുറുക്കം നിറഞ്ഞതാവുന്നു. ലൈംഗികമായ സന്ദിഗ്ധാവസ്ഥ ഏറ്റവുമധികം അനുഭവിക്കുന്ന കഥാപാത്രം പ്രിയംവദയാണ്. മാനേജ്‌മെന്റ് വിദഗ്ധയും മധ്യവയസ്‌കയും ലാപ്‌ടോപ്പും ഇന്റര്‍നെറ്റും ബിസിനസ് സെമിനാറുകളുമൊക്കെയായി ആധുനിക ജീവിതം നയിക്കുന്ന അവരില്‍ നാം കണ്ടുപഴകിയ ഒരു കാല്‍പ്പനിക സ്ത്രീയുടെ ഛായ കാണാം. ഒരുപക്ഷേ മഞ്ഞിലെ വിമലയോടു സാദൃശ്യം പുലര്‍ത്തുന്ന ഒന്ന്. കൗമാരക്കാരിയായ മകളോടുള്ള സമീപനം വിമലയ്ക്കു തന്റെ വിദ്യാര്‍ഥിനി രശ്മി വാജ്‌പേയോടുള്ളതുമായി ചേര്‍ത്തുവയ്ക്കാം. ശാരീരികമായ സദാചാര വിശുദ്ധിയുമായി ബന്ധപ്പെട്ട ഒരു ഈഗോ ഇരുവരുടെയും ജീവിതത്തെ ആന്തരികമായി ഞെരുക്കുന്നു. പ്രിയംവദയ്ക്ക് റോയ് ചൗധരി എന്ന പ്രഫസറുമായുള്ള അടുപ്പവും അതേത്തുടര്‍ന്നു മകളുമായുണ്ടായ അകല്‍ച്ചയുമൊക്കെ ഈ ആദര്‍ശാത്മക സദാചാരബോധവുമായുള്ള ചാര്‍ച്ചയില്‍ നിന്നുണ്ടാവുന്നതാണ്.

അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്റെ സൂക്ഷ്മതലങ്ങളുടെ സഞ്ചാരം കൂടിയാണീ നോവല്‍. മോഹനയിലും കാദംബരിയിലുമൊക്കെ സ്ത്രീകള്‍ പരസ്പരം പങ്കുവയ്ക്കുന്ന ഇടങ്ങള്‍ കാണാം. അവരുടെ ഇടപഴകലിലെ സ്വാസ്ഥ്യവും സംഘര്‍ഷങ്ങളും നോവലിനു സ്‌ത്രൈണതയുടെ പുതിയൊരു മാനം കൈവരുത്തുന്നുണ്ട്. സേതുവിന്റെ എഴുത്തില്‍ അതൊരു സാധ്യതയെന്നവണ്ണം ഉരുത്തിരിഞ്ഞുവരുന്നത് ഈ കൃതിയില്‍ തിരിച്ചറിയാം.

Wednesday, February 9, 2011

സ്വയം എഴുതുന്ന ഉടലുകള്‍: പുതിയ പെണ്‍കഥകളിലെ സാധ്യതകള്‍


പുതിയ പെണ്‍കഥകളുടെ ശരീരരാഷ്ട്രീയം കണ്ടെത്താനുള്ള ശ്രമമാണ് ഈ പ്രബന്ധം. കേരളത്തിന്റെ സവിശേഷമായ സാഹിത്യ സംസ്‌കാരത്തിന്റെയും ലിംഗാവബോധത്തിന്റേയും പരിധികളില്‍ നിന്നുകൊണ്ട് ചരിത്രപരമായ വിശകലനവും മുന്‍വിധികളില്ലാത്ത നിലപാടും ആവശ്യപ്പെടുന്ന ഒന്നാണ് ഇത്തരമൊരു പഠനം. നാളിതുവരെയുള്ള സ്ത്രീപക്ഷ വിശകലനങ്ങളെയും സ്ത്രീയനുഭവ ആവിഷ്‌കാരങ്ങളെയും സംവാദാത്മകമായി കാണുന്ന ജനാധിപത്യപരമായ ഒരു സമീപനം ഇവിടെ ആവശ്യമാണ്. സര്‍ഗ്ഗാത്മകതയുടെ മണ്ഡലത്തില്‍ നടക്കുന്ന ലിംഗപഠനങ്ങള്‍ക്ക് വളരെയധികം രാഷ്ട്രീയ സുക്ഷ്മതയും ഉണ്ടാവേണ്ടതുണ്ട്-ണ്ട്. ലിംഗാധികാരത്തിന്റെ പൊതുഭാവുകത്വത്തോട് ഇടഞ്ഞുനില്‍ക്കുന്ന ഒരു പ്രതിസൗന്ദര്യശാസ്ത്രം കണ്ടെടുക്കുകഎന്നത് അതുകൊണ്ടണ്ട്ുതന്നെ പ്രധാനമാണ്. സമകാലീന പെണ്‍കഥയുടെ ലിംഗപരിപേക്ഷ്യത്തില്‍ അതിനുള്ള സാധ്യതകള്‍ അന്വേഷിക്കുകയാണിവിടെ ചെയ്യുന്നത്. പെണ്‍കഥകളുടെ ശരീരമെഴുത്തിലെ ചില പ്രവണതകളെ-പ്രമേയപരവും ആഖ്യാനപരവുമായ പ്രവണതകളെ- മുന്‍നിര്‍ത്തിയാണ് ഈ അന്വേഷണം നടത്തുന്നത്.

സമകാലീന കഥാരംഗത്ത് നിരന്തരം ഉയര്‍ന്നു കേള്‍ക്കുന്ന നിരവധി എഴുത്തുകാരികളണ്ട്. - സാറാജോസഫ്, ചന്ദ്രമതി, പി വത്സല, ഗ്രേസി, കെ.ആര്‍ മല്ലിക, പ്രിയ. എ.എസ്, കെ.ആര്‍. മീര, എസ്. സിതാര, ഇന്ദുമേനോന്‍, കെ.രേഖ, ധന്യാരാജ് എന്നിങ്ങനെ പലരും സജീവമായി രംഗത്തുണ്ട്. ഇവരില്‍ സിതാര, ഇന്ദുമേനോന്‍, രേഖ എന്നിവരുടെ ചില കഥകളാണ് ഇവിടെ പഠനവിഷയമാക്കുന്നത്. ഉടലെഴുത്തിനെ സംബന്ധിച്ച പൊതുവായതും പരസ്പരവിരുദ്ധമായതുമായ ഒട്ടേറെ ഘടകങ്ങള്‍ വന്നു നിറയുന്ന ഇവരുടെ കഥകള്‍ ചില പുതിയ ഇടങ്ങള്‍ തീര്‍ക്കുന്നതെങ്ങനെയെന്ന് അന്വേഷിക്കുന്നതോടൊപ്പം ലിംഗപരിപേക്ഷ്യത്തില്‍ അവ സൃഷ്ടിക്കുന്ന വിള്ളലുകളും സാധ്യതകളും അനുരഞ്ജനങ്ങളും കണ്ടെത്തുക എന്നതാണ് ഇവിടെ ചെയ്യുന്നത്.

ശരീരത്തെക്കുറിച്ചുള്ള സ്ത്രീ എഴുത്ത് മലയാളത്തില്‍ പുരുഷാധിപത്യ സങ്കല്‍പ്പങ്ങളെ അഭിമുഖമായി, എതിര്‍നിലയില്‍ നിര്‍ത്തിക്കൊണ്ടണ്ടാണ് പൊതുവെ കടന്നുവരാറ്. സ്ത്രീ/പുരുഷ അപരങ്ങള്‍ക്കകത്താണ്, അല്ലെങ്കില്‍ അത്തരം അപരനിര്‍മ്മിതിയിലൂടെയാണ് സ്ത്രീശരീരം ആഖ്യാനം ചെയ്യപ്പെടാറ്. പ്രതിരോധം എന്ന ഒരു ആവശ്യാത്മകബോധം ഇത്തരം രചനകളില്‍ വ്യാഖ്യാനിച്ചെടുക്കാവുന്ന ഒരു തലം അവ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. (ഉദാ: 'മുടിത്തെയ്യമുറയുമ്പോള്‍') ആവിഷ്‌കാരത്തേക്കാള്‍ അല്ലെങ്കില്‍ അത്രതന്നെ പ്രബലമാകുന്ന ഘടകം പ്രതിരോധമാവുന്നു. ശരീരത്തെ സ്വാഭാവികമായി എഴുതുക എന്നത് ഇന്ന് ഏറെക്കുറെ അസാധ്യമാണ്. ചെറുത്തുനില്‍പ്പിന്റെ അടയാളമായിക്കൊണ്ടേ ശരീരം എഴുതാനാവൂ എന്നൊരവസ്ഥ ഇതിനോടകം സ്ത്രീരചനകളില്‍ പ്രബലമായിട്ടുണ്ട്. ഇവയില്‍ നിന്നു വ്യത്യസ്തമായി പുരുഷാധിപത്യപരമായ കാമനകളെ തൃപ്തിപ്പെടുത്തുന്ന, ആത്മരതിപരമായ ആഗ്രഹവസ്തുവായി (fetishistic object) രൂപപ്പെടുത്തുന്ന ശരീരമെഴുത്തുകളും ഇല്ലെന്നല്ല. ആഗോളവല്‍കൃതമായ സാമൂഹിക സാഹചര്യങ്ങളില്‍ വിപണിയിലെ ചരക്കായും സൈബര്‍ലോകത്തെ പ്രതീതി യാഥാര്‍ത്ഥ്യ(Virtual reality) മായുമൊക്കെ ശരീരങ്ങള്‍ നിറയുന്നുമുണ്ട്. എന്നാല്‍ പൊതുവേ പെണ്‍കഥകളിലെ ശരീരം ആലങ്കാരികമായി പറഞ്ഞാല്‍ ഒരു പടയോട്ടഭൂമിയാണ്. പരസ്പരം എതിരിടുകയും പോര്‍വിളിക്കുകയും പാഞ്ഞടുക്കുകയും മാന്തിക്കീറുകയും മുറിവേല്‍പ്പിക്കുകയും ചെയ്യുന്ന ഒരു യുദ്ധക്കളം തന്നെയായി ശരീരമെഴുത്ത് മാറിയിട്ടുണ്ട്. അവിടെ സ്വഭാവിക ജീവിതമല്ല. ആകാംക്ഷയുടേയും ജാഗ്രതയുടേയും യുദ്ധഭൂമിയില്‍ പോരാട്ടക്കാര്‍ മാത്രം. ഭാഷകൊണ്ടും ബിബംങ്ങള്‍കൊണ്ടണ്ടും ഉപകഥകളും ഭാഷാലീലകളും പാഠാന്തരബന്ധങ്ങളും നിറഞ്ഞ ആഖ്യാനതന്ത്രങ്ങള്‍ കൊണ്ടും ഒക്കെയൊക്കെ ഈ ആയുധമെഴുത്ത് നടന്നു പോകുന്നു. അങ്ങനെ നോക്കുമ്പോള്‍ ശരീരമെഴുത്തിന്റെ സമഗ്രമായ ഒരു ചരിത്രരചന എന്നത് ഏറെക്കുറെ അസാധ്യമാണ്. അതു ബഹുലവും ബഹുമുഖവുമാണെന്നതിനാല്‍ കൃത്യമായ ഒരു വ്യവസ്ഥ കണ്ടെണ്ടടുക്കാന്‍ കഴിയില്ല. എന്നുതന്നെ പറയാം. എങ്കിലും സ്ത്രീ പരിഷ്‌കരണവാദത്തിന്റെയും പുരോഗതിയുടെയും പ്രക്ഷോഭങ്ങളുടെയും നിര്‍ദ്ദേശാത്മകമായ സൂചനകള്‍ സാധൂകരിക്കുന്ന രചനകള്‍ക്ക് സമകാലികമായ ഒരു ചരിത്രമുണ്ട്. പെണ്ണെഴുത്തിന്റെ കാലഘട്ടം അതുള്‍ക്കൊള്ളുന്നു. അവ തള്ളിക്കളയാനാവാത്ത വിധം ബലിഷ്ഠമായിത്തീര്‍ന്ന ഒരു ഘട്ടമാണിത്. നിര്‍ദ്ദേശാത്മകതയുടെ യുക്തികളെ അസാധുവാക്കുന്ന രചനകളും ഒട്ടുംതന്നെ കുറവല്ല. അവ സ്വയംനിര്‍ണ്ണയനത്തിന്റെയും സ്വയംസൂചകത്വത്തിന്റേതുമായ ഒരു ലോകം നിര്‍മ്മിക്കുന്നു. സ്‌ത്രൈണത, ശരീരം, ലൈംഗികത എന്നിവ അവിടെ കുറച്ചുകൂടി സ്വേഛാപരമോ, സ്വയം നിര്‍വ്വാഹകമോ ആയി നിലകൊള്ളുന്നു.

നിര്‍ദ്ദേശാത്മക സ്വഭാവമുള്ള പ്രതിരോധങ്ങള്‍ സമകാലിക ലിംഗവ്യവഹാരങ്ങളില്‍ ഒരു വ്യവസ്ഥ തീര്‍ക്കുന്നുണ്ടണ്ട്. അത് സ്ത്രീ ശരീരത്തെ ഒരു ഇരയായി മാത്രം കാണാന്‍ നിര്‍ബ്ബന്ധിക്കുന്നു. സ്ത്രീയേയും പുരുഷനേയും അപരങ്ങളായി കാണുന്ന ദ്വന്ദ്വാത്മക സമീപനത്തില്‍ സ്ത്രീശരീരം പുനര്‍നിര്‍വ്വചന സാധ്യതകളടഞ്ഞ് ഇരയുടെ വിധേയത്വനിലയില്‍ സ്ഥിരീകരിക്കപ്പെടുന്നു. ലിംഗവ്യവഹാരങ്ങളുടെ പൊതു സമീപനത്തില്‍ വളരെ സ്വാഭാവികമെന്നവണ്ണം സാധൂകരിക്കപ്പെട്ടുകൊണ്ടണ്ട് സ്ത്രീപുരുഷ ശരീരങ്ങള്‍ ഇര/വേട്ടക്കാരന്‍ എന്ന ഘടനയിലേക്ക് ഉറപ്പിക്കപ്പെടുന്നു. തൊണ്ണൂറുകള്‍ക്കുശേഷം കേരളത്തില്‍ നടന്ന ബലാത്സംഗക്കേസുകളും സ്ത്രീപീഡന പരമ്പരകളും അവയെച്ചൊല്ലിയുള്ള സ്ത്രീപക്ഷ രാഷ്ട്രീയ ചര്‍ച്ചകളും സമരാഹ്വാനങ്ങളും കോടതിവിധികളും മൊഴിമാറ്റലുകളും ഒക്കെച്ചേര്‍ന്നു സൃഷ്ടിച്ച ഒരു തരംഗം ഇതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്നു കാണാന്‍ വിഷമമില്ല. ഇവിടെ രചയിതാവിന്റെ അബോധം ഒരു സംരക്ഷകന്റെ, പുരുഷാധിപത്യ സങ്കല്‍പ്പങ്ങള്‍ താലോലിക്കുന്ന പരിഷ്‌കരണവാദിയുടെ മാതൃകയിലാണ്. ഇതിന്റെ ഫലമെന്നവണ്ണം സ്വയം നവീകരണവും ഭാവുകത്വ വിച്ഛേദവും നടക്കാതെ കല്ലിച്ച എഴുത്തായി ഇത്തരം രചനകള്‍ നിലനില്‍ക്കുന്നു.

സ്‌ത്രൈണാനുഭവങ്ങള്‍ പുരുഷക്കാഴ്ചക്കും അഭിരുചികള്‍ക്കും ഇണങ്ങുംവിധം ആവിഷ്‌കരിക്കേണ്ടണ്ടി-വന്ന എഴുത്തുകാരികളെക്കുറിച്ച് ആത്മഹത്യയുമായി ബന്ധപ്പെടുത്തി ഇ.വി. രാമകൃഷ്ണന്‍ എഴുതുന്നുണ്ടണ്ട്.('വാക്കിലെ സമൂഹം' ഡിസി ബുക്‌സ്, കോട്ടയം.) എന്നാല്‍ ഫെമിനിസ്റ്റ് എഴുത്തും പ്രതിരോധവും ഒരു വ്യവസ്ഥയുടെ ഭാരമായി, സ്വയം അടിച്ചേല്‍പ്പിച്ച എഴുത്തുകാരികളുടെ നിലയും ഇപ്പറഞ്ഞതില്‍ നിന്നും വ്യത്യസതമല്ല. എണ്‍പതുകളോടെ ആവിഷ്‌കരിക്കപ്പെട്ട പെണ്ണെഴുത്തിന്റെ പരികല്പന അതിനെ ഒരു സ്ത്രീരചനയുടെ മാതൃകയായി കണ്ടെടുത്തു സ്ഥാപിക്കുന്ന മട്ടിലായിരുന്നുവെന്ന് ജെ. ദേവിക നിരീക്ഷിക്കുന്നുണ്ട്ണ്ട്. (' women writing =Man reading' എന്നപഠനത്തില്‍) സ്ത്രീകള്‍ എങ്ങനെയെഴുതണം എന്ന നിര്‍ദ്ദേശങ്ങള്‍ ഈ സങ്കല്‍പ്പത്തില്‍ ലീനമായിരുന്നു. ഗ്രേസിയും ചന്ദ്രമതിയുമടക്കം പല എഴുത്തുകാരികളും ഈ പരികല്‍പനകളെ തള്ളിക്കളഞ്ഞുകൊണ്ട് പുറത്തുകടന്നു. സ്ത്രീപക്ഷപരിപ്രേക്ഷ്യം എന്നത് കുറച്ചു പേര്‍ക്കെങ്കിലും ഒരു ഭാരമായി അനുഭവപ്പെട്ടിരുന്നു എന്നത് വ്യക്തമാണ്. അത്തരം ഒരു ഒഴിവാക്കല്‍ അവരുടെ രചനയെ മുന്നോട്ട് കൊണ്ടണ്ടു-പോയോ ഇല്ലയോ എന്നത് മറ്റൊരു വിഷയമാണ്. എന്നാല്‍ പുതിയ എഴുത്തുകാരികളെ സംബന്ധിച്ചിടത്തോളം, ഇരയുടെ നിലയില്‍നിന്ന് തങ്ങളുടെ സ്ത്രീയനുഭവത്തെ പറിച്ചുമാറ്റി നടുമ്പോഴുള്ള ഒരു ഉയര്‍ച്ച അവര്‍ നേടുന്നുണ്ട്.

ഇരയ്ക്ക് ആവിഷ്‌കാരങ്ങളില്ല. ആവിഷ്‌കാര വിധേയത്വം മാത്രം. ഈയവസ്ഥയെ മറികടക്കുന്ന സൂചനകള്‍ മുന്‍കാലങ്ങളില്‍ ഇല്ലെന്നില്ല. സ്ത്രീലൈം-ഗികതയെ ഒരു ആധികാരികകര്‍തൃ നിലയിലേക്കു കൊണ്ടണ്ടുവരുന്ന കഥകള്‍ മാധവക്കുട്ടിയും ഗ്രേസിയുമൊക്കെ എഴുതിയിട്ടുണ്ട് പെണ്ണെഴുത്തിന്റെ പരികല്‍പനകളും മാനദണ്ഡങ്ങളും പ്രബലമായ ഒരു മേല്‍ക്കൈയായിത്തീര്‍ന്ന കാലത്ത് അത്തരം കഥകളെ വേണ്ടത്ര ശക്തിയോടെ, അതിന്റെ മുഴുവന്‍ ഊര്‍ജ്ജത്തോടെ നമുക്ക് കണ്ടെത്താനായില്ലെന്നുവരാം. പ്രതിരോധം കേന്ദ്രത്തില്‍ പ്രകടമല്ലാത്തതിനാല്‍ അവ പിന്തിരിപ്പന്‍ കഥകളായി മനസ്സിലാക്കപ്പെടുകയും ചെയ്‌തേക്കാം. എന്നാല്‍ മാറിയ ഒരു കാഴ്ചപ്പാടില്‍ ലൈംഗികതയെ സംബന്ധിച്ച ഇര എന്ന സങ്കല്‍പ്പനത്തെ പുനര്‍വിചാരണ ചെയ്യുമ്പോള്‍ ഈ കഥകള്‍ക്ക് വേറൊരു മാനം കൈവരുന്നുണ്ട്-്. 'എന്റെ കഥ'യുള്‍പ്പെടെയുള്ള മാധവിക്കുട്ടിയുടെ വളരെയധികം രചനകളും ഗ്രേസിയുടെ 'പൂച്ച' പോലുള്ള കഥകളും ചന്ദ്രമതിയുടെ ചില കഥകളുമൊക്കെ ഇത്തരം സൂചനകളിലൂടെ കടന്നുപോകുന്നവയാണ്. അവയ്ക്ക് സ്ത്രീലൈഗികതയെ സംബന്ധിച്ച ഒരു സ്വയം നിര്‍വ്വാഹകത്വത്തിന്റെ ചരിത്രബന്ധം ഇന്നു നമുക്ക് ചാര്‍ത്തിക്കൊടുക്കേണ്ടതായുണ്ട്.

കെ.ആര്‍ മീരയും സിതാരയും ഇന്ദുവും രേഖയുമുള്‍പ്പെടുന്ന പുതിയ തലമുറയുടെ ഘട്ടത്തിലേക്കു വരുമ്പോള്‍ ഇങ്ങനെയൊരു ചരിത്രബന്ധം നമുക്ക് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കും. വിശേഷിച്ചു സ്ത്രീകളെഴുതുന്ന എന്തും പെണ്ണെഴുത്തിന്റെ അച്ചിലിട്ടു നോക്കുന്ന ഒരു കാലത്ത്., അല്ലെങ്കില്‍ പെണ്ണെഴുത്ത് സ്ത്രീരചനയുടെ അവസാന വാക്കായ ഒരു കാലത്ത്.

ശരീരം :- കര്‍തൃത്വ നിര്‍മ്മിതിയുടെ എഴുത്ത്

സിതാരയുടെ 'അഗ്നി'യും രേഖയുടെ 'ആരുടേയോ ഒരു സഖാ (അന്തിക്കാട്ടുകാരി) വും' സ്ത്രീശരീരത്തിന്റെ ഇര എന്ന സ്ഥാപനവത്ക്കരിക്കപ്പെട്ട നിലയെ വ്യത്യസ്തമായ രീതിയില്‍ അട്ടിമറിക്കുന്നുണ്ട്ണ്ട്. പ്രിയ എന്ന പെണ്‍കുട്ടി നേരിടുന്ന കൂട്ടബലാത്സംഗവും അനന്തരസംഭവങ്ങളുമാണ് അഗ്നിയിലെ കഥാവസ്തു. 'ഓഫീസിനടുത്ത് ഫോണ്‍ബൂത്ത് നടത്തുന്ന സഞജീവ്', ബസ്സില്‍വച്ച് ശല്യം ചെയ്തതിന് ഒരിക്കല്‍ താന്‍ കരണത്തടിച്ച രവി, മീശമുളയ്ക്കാത്ത മറ്റൊരുവന്‍ എന്നിങ്ങനെ മൂന്നുപേരാല്‍ ആളൊഴിഞ്ഞ ഇടവഴിയില്‍ വെച്ച് ബലാത്സംഗം ചെയ്യപ്പെടുകയാണ് പ്രിയ. തീര്‍ച്ചയായും ബലാത്സംഗത്തിന് വിധേയയായ ഒരു സ്ത്രീയുടെ സംഭീതിയും തകര്‍ച്ചയും കടുത്തരോഷവും അപമാനവുമൊക്കെ അവളനുഭവിക്കുന്നുണ്ട്. എങ്കിലും അവരുടെ കണ്ണുകളില്‍ ആസക്തിയുണ്ടണ്ടായിരുന്നോ എന്നവള്‍ സംശയിക്കുന്നു. ആസക്തിയേക്കാളുപരി കീഴടക്കലും ആധിപത്യം സ്ഥാപിക്കലും അപമാനിക്കലുമാണ് ബലാത്സംഗത്തിന്റെ യുക്തിയെന്ന് 'ആണിയിളകിയ മരസാമാ-നംപോലെ കിടന്നു കൊണ്ട് അവള്‍ ചിന്തിക്കുന്നു. ആ ആലോചനയില്‍ അവള്‍ സ്വയം കുറ്റപ്പെടുത്തുന്നുമുണ്ട്.്. തന്റെ അപമാനബോധം ശിഥിലീകരിച്ചതില്‍. 'അപമാനിക്കപ്പെടുമ്പോഴും അപമാനബോധം എല്ലായ്‌പ്പോഴും ഉള്ളിലുണ്ടണ്ടാ-വുന്നില്ലല്ലോ' (പുറം 14 അഗ്നിയും കഥകളും) ഈ ശൈഥില്യം മുര്‍ത്തമാകുന്നത് മറ്റൊരു സന്ദര്‍ഭത്തിലാണ്. തന്നെ ഭീഷണിപ്പെടുത്താനായി കാത്തുനിന്ന ബലാത്സംഗികളെ പിറ്റേന്ന് അവള്‍ നേരിടുന്ന സൂക്ഷ്മവിശകലനമര്‍ഹിക്കുന്ന സന്ദര്‍ഭം. ബലാത്സംഗം ചെയ്തവരെ കോടതികയറ്റുകയോ ശിക്ഷ അനുഭവിപ്പിക്കുകയോ ചുരുങ്ങിയ പക്ഷം അച്ഛനെയോ ആങ്ങളമാരെയോ കൊണ്ടുതല്ലിച്ചതപ്പിക്കുകയോ ചെയ്യുന്നതിനുപകരം അവരുടെ ലൈംഗികശേഷിയെക്കുറിച്ചു പറയുകയാണിവിടെ. സഞ്ജീവിനോട് നീ ഒട്ടും പോരായിരുന്നുവെന്നും 'രവിയോട് നിന്നെ എനിക്കിഷ്ടമായി', 'നീയൊരു അസ്സല്‍ പുരുഷനാണെന്നു' മൊക്കെയാണ് പ്രിയ അവരുടെ ഭീഷണിക്കു മറുപടി പറയുന്നത്. പുരുഷാധിപത്യം അവശ്യപ്പെടുന്ന, ആഗ്രഹിക്കുന്ന ഇരയുടെ ദൈന്യതയ്ക്കു പകരം സ്വന്തം ശരീരാനുഭവം, ലൈംഗികാനന്ദം അതു കൃത്രിമമായി നടിക്കുന്നതാണെങ്കില്‍ കൂടി പ്രകടിപ്പിക്കുന്ന സ്ത്രീയായാണ് പ്രിയ നില്‍ക്കുന്നത്. ലൈംഗികതയുടെ പുരുഷയുക്തിയാണ് 'നീ ഒട്ടും പോരായിരുന്നു' എന്ന പ്രതികരണമെന്നു പലരും നിരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീ സ്വന്തം ലൈംഗികാനുഭവത്തെക്കുറിച്ച് ഇരയുടെ അപമാനബോധത്തില്‍ നിന്നും വിട്ട് ഒരു വിധികര്‍ത്താവിന്റെ നിലയില്‍ സംഹരിക്കുന്നത് തീര്‍ച്ചയായും ഒരു വിച്ഛേദമാണ്. വലിയൊരു നടുക്കത്തിലേക്കും തകര്‍ച്ചയിലേക്കും വന്നടിയുന്നതിനു പകരം പ്രിയ തന്നെത്തന്നെ മിറകടക്കുകയാണിവിടെ. യഥാര്‍ത്ഥത്തില്‍ പുരുഷകേന്ദ്രിത ലൈംഗിക സങ്കല്‍പ്പങ്ങള്‍ക്കുള്ള കിഴുക്കാണ്, 'നീ പോരായിരുന്നു' എന്നും 'നീ ഒരു അസ്സല്‍ പുരുഷനാണ്' എന്നുമൊക്കെയുള്ള പ്രതികരണങ്ങള്‍. തന്റെ ലൈംഗികതയുടെ ഉടമസ്ഥ താന്‍ തന്നെയാണെന്നു സ്ഥാപിച്ചുകൊണ്ടാണ് അവള്‍ അവരെ നിര്‍വ്വീര്യരാക്കുന്നത്. മറിച്ചൊരു നില അതായത്, കരച്ചിലും ഒതുങ്ങിക്കൂടലും ആത്മഹത്യയും കോടതിയും പരാതികളുമൊക്കെ തന്നെ കൂടുതല്‍ ഇരയുടെ നിലയിലേക്ക് സാന്ദ്രീകരിക്കുകയേ ഉള്ളൂ എന്നും പ്രിയ തിരിച്ചറിയുന്നു. മാത്രമല്ല ഒരു ഇടനിലയുടെ സഹായമില്ലാതെതന്നെ തന്റെ സ്വന്തം മുന്‍കയ്യില്‍ അപമാനത്തെ മിറകടക്കുന്നത് സ്വയം നിര്‍വ്വാഹകത്വത്തിന്റെ, സ്വയം നിര്‍ണയനത്തിന്റെ ശാരീരികമായ പുനര്‍നിര്‍വചനത്തിലൂടെ സാമാന്യബോധത്തിന് അപരിചിതമായ സ്വത്വബോധത്തിന്റെ ഉണര്‍വ്വു തന്നെയാണ് സൂചിപ്പിക്കുന്നത്.

(മേതിലിന്റെ 'ഉടല്‍ ഒരു ചൂഴ്‌നില', സാറാജോസഫിന്റെ 'ഈ ഉടലെന്നെ ചൂഴുമ്പോള്‍' എന്നീ കഥകളുമായി സംവാദാത്മകമായ ബന്ധം പുലര്‍ത്തുന്ന കഥയാണ്, 'അഗ്നി'. കോകില(ഉടല്‍ ഒരു ചൂഴ് നില)യും ലീലമണി(ഈ ഉടലെന്നെ ചൂഴുമ്പോള്‍)യും ഇരകളുടെ അവസ്ഥയിലാണിവിടെ. കോകിലയ്ക്ക് തന്റെ ഒറ്റച്ചെരുപ്പ് അല്ലെങ്കില്‍ കന്യകാത്വം/ചാരിത്ര്യം നഷ്ടപ്പെടുന്നു. തുടര്‍ന്ന് ജോലിയും. ലീലാമണിക്കാവട്ടെ കളങ്കിതയായതിനാല്‍ ഇനിയൊരിക്കലും സ്പര്‍ശിക്കുകപോലുമില്ല എന്നു ശപഥം ചെയ്യുന്നതിലൂടെ ഭര്‍ത്താവ് ഗോപിനാഥന്‍നായരുടെ നിരാസവും. ഇരുവരും ലൈംഗികമായി നഷ്ടം സഹിക്കുന്നവരാണ്, സ്വത്വപരമായും യാദൃച്ഛികം എന്ന യുക്തിയെ കമ്പ്യൂട്ടര്‍ഭാഷയിലെ ഫ്‌ളോചാര്‍ട്ടുമായി ബന്ധിപ്പിച്ചുകൊണ്ടണ്ടാണ്, ബലാത്സംഗത്തെ മേതില്‍ ആഖ്യാനം ചെയ്യുന്നത്. എല്ലാറ്റിനെയും നിയന്ത്രിക്കുകയും നിര്‍വ്വചിക്കുകയും ചെയ്യുന്ന ആഖ്യാനാധികാരത്തിന്റെ പുരുഷയുക്തിതന്നെയാണ്. ഫ്‌ളോചാര്‍ട്ടിലും പ്രവര്‍ത്തിക്കുന്നത്. ഇക്കഥയോടുള്ള പ്രതികരണമായി എഴുതപ്പെട്ട സാറാജോസഫിന്റെ കഥയിലാവട്ടെ മുരുകേശനും ആനന്ദും ഭര്‍ത്താവ് ഗോപിനാഥന്‍നായരുമൊക്കെ ചേര്‍ന്ന് പരിഹരിക്കേണ്ട ണ്ടഒന്നാണ് തന്റെ പ്രശ്‌നം എന്ന മട്ടിലാണ് ലീലാമണിയുടെ നില. സ്വയം ഇച്ഛാശക്തിയോ കര്‍തൃത്വമോ ഉണരുന്ന സന്ദര്‍ഭങ്ങളില്‍പ്പോലും പെട്ടന്ന് വിഷാദത്തിലേക്ക് - കൗമാരം മുതലനുഭവിക്കുന്ന ഏതോ പിടികിട്ടാത്ത വിഷാദത്തിലേക്ക് - അവള്‍ തകര്‍ന്നടിയുകയാണ്. ഒടുവില്‍ കോടതിയില്‍ പതിവുപോലെ തോറ്റിറങ്ങുകയാണ് ലീലാമണിയും. അടിസ്ഥാനപരമായി മേതില്‍ കഥയുടെ സ്ത്രീവിരുദ്ധതയെ പൊളിക്കാന്‍ കഴിയാത്തവിധം ആഖ്യാനഘടകങ്ങളില്‍ ചുറ്റിക്കറങ്ങുന്നതായാണ് ഈ കഥയുടെ വായനാനുഭവം.)

സ്‌നേഹം?

അഗ്നിയില്‍ കടന്നുവരുന്ന ഒരു വാക്ക് - സാമാന്യവല്‍ക്കരണംകൊണ്ട് ണ്ട്അരാഷ്ട്രീയമായിത്തീര്‍ന്ന സ്‌നേഹം എന്ന വാക്ക് വളരെ മര്‍മപ്രധാനമാണ്. സാധാരണമായ ഒരുവാക്ക,് എങ്കിലും അസാധാരണമായ ഒരു സന്ദര്‍ഭത്തില്‍ അതു കടന്നുവരുന്നു. ബലാത്സംഗത്തിനു ശേഷം രവിയുമായുള്ള കൂടിക്കാഴ്ചകൡ പ്രിയയെ സ്‌നേഹിച്ചു തുടങ്ങിയെന്നവന്‍ പറയുമ്പോള്‍ ' നിന്റെയീ സ്‌നേഹമാണ് എന്റെ പ്രതികാരം' എന്നാണ് പ്രിയയുടെ മറുപടി. ശരീര, ലൈംഗിക സംബന്ധമായ പുരഷാധിപത്യക്രമത്തില്‍ ഈ വാക്ക് ഇടം കിട്ടാതെ പൊള്ളുകയാണ്. യഥാര്‍ത്ഥത്തിലുള്ള തിരിച്ചടി അവിടെയാണ് സംഭവിക്കുന്നത്. സ്‌നേഹം എന്ന വാക്കിന് സാധാരണ നാം കാല്‍പനിക വ്യവഹാരങ്ങളില്‍ കല്‍പ്പിക്കുന്ന ആത്മനിഷ്ഠവൈകാരികതയുടെ തലം ഇവിടെ അന്യം നില്‍ക്കുന്നു. അത്തരം ആഖ്യാനങ്ങളില്‍ ഊറിക്കൂടുന്ന ഭാവൈക്യത്തെ പൊളിച്ചുകളയുകയാണ് സ്‌നേഹം എന്ന വാക്കിന്റെ ഓര്‍ക്കാപ്പുറത്തുള്ള പ്രയോഗം. അവിടെ സ്‌നേഹം ഒരു അസാധ്യതകൂടിയാണ്. കാരണം അതു രവിയില്‍ മാത്രം നിസ്സഹായമായി സംഭവിച്ചുപോകുന്ന ഒന്നാണ്. അതിന്റെ ഏകപക്ഷീയതയെ കൊണ്ടണ്ടുതന്നെ ആ പരിചിതമായ ഭാവൈക്യത്തിന്റെ തുടര്‍ച്ച രവിക്ക് കണ്ടെണ്ടത്താനാവുന്നില്ല. അതാവട്ടെ, പുരുഷന്റെ ആധിപത്യക്രമത്തിനു വഴങ്ങുന്നതുമല്ല. ഇരയില്‍നിന്ന് വഴിഞ്ഞു കിട്ടുന്നതല്ല. രവിക്ക് ഇവിടെ സ്വയം പൊള്ളാതെ നിവൃത്തിയുമില്ല. കാരണം ഇരയുടെ ശരീരം ഇപ്പോള്‍ മാറിത്തീര്‍ന്ന് ബദല്‍/പ്രതിശരീരമായിരിക്കുന്നു. സ്വയം പ്രകാശിക്കുന്ന ചൂടും പ്രകാശവുമുള്ള അഗ്നി.

ശരീരം - കാമനകളുടെ എഴുത്ത്.

കെ. രേഖയുടെ 'ആരുടേയോ സഖാവ് (അന്തിക്കാട്ടുകാരി)' എന്ന കഥയിലും ശരീരത്തിന്റെ ഈ ആയിത്തീരല്‍ സംഭവിക്കുന്നുണ്ട് കഥയ്ക്കുള്ളില്‍ത്തന്നെ ശരീരം വളര്‍ന്ന് മാറിത്തീരുന്നത് കാണാന്‍ സാധിക്കുന്നു. വര്‍ത്തമാനകാല അവസ്ഥകളോടു നേരിട്ടു സംവദിക്കുന്ന കഥയാണ് അന്തിക്കാട്ടുകാരിയും. രാഷ്ട്രീയ പ്രവര്‍ത്തകയായ പെണ്‍കുട്ടിക്ക് കഥയില്‍ ഒരു പേരില്ല. അവളുടെ തനിമയെ പ്രകാശിപ്പിക്കാന്‍ അനുവദിക്കാത്തവിധം സാമാന്യവല്‍ക്കരിക്കപ്പെട്ട് ഒരു സഖാവായാണ് അവള്‍ തന്റെ സഹരാഷ്ട്രീയപ്രവര്‍ത്തകരാല്‍ അഭിസംബോധന ചെയ്യപ്പെടുന്നത്. അവര്‍ക്കൊക്കെ പേരുകളുണ്ട്.സന്തോഷേട്ടന്‍, പി.എസ്. കെ., കെ. കെ. എം, രാജന്‍ എന്നിങ്ങനെ കഥയിലെ ആഖ്യാതാവ് അല്ലെങ്കില്‍ സഖാവ് തന്റെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെടാന്‍ പോകുന്ന സന്ദര്‍ഭത്തില്‍ അതിനായിക്കൂടിയ ജില്ലാക്കമ്മിറ്റിയിലിരുന്ന് കൊണ്ടാണ് കഥ പറയുന്നത്. എന്നാല്‍ തന്റെ അവസ്ഥയെ ഒട്ടും ആത്മാനുതാപ-മില്ലാതെ ഒരു പാമ്പും കോണിയും കളിയുടെ കയറ്റിയറക്കങ്ങളുടെ സൂചകങ്ങളിലൂടെ ഒരു ലീലാപരത സൃഷ്ടിച്ചുകൊണ്ടാണ് ആഖ്യാതാവ് വിവരിക്കുന്നത്. കളിക്കുന്നയാളുടെ മേധയും സ്വേച്ഛയും ആണ് പാമ്പും കോണിയിലും ലീലയാകുന്നത്.

എന്താണ് സഖാവ് ചെയ്തകുറ്റം? അച്ചടക്കലംഘനംതന്നെ. 'സഖാവ് പി. എസ്. കെ. യുടെ മകളുടെ ഭര്‍ത്താവും പത്രപ്രവര്‍ത്തകനും രണ്ടു കുട്ടികളുടെ അച്ഛനുമായ ചെറുപ്പക്കാരനെ ഇവള്‍......' ഈ അര്‍ദ്ധോക്തി സൂചിപ്പിക്കുന്ന വിധ്വംസക പ്രവൃത്തി ലൈംഗികതതന്നെ. പ്രണയം, തൃഷ്ണ, ശരീരം, ലൈംഗികത മുതലായവയെക്കുറിച്ച് പാര്‍ട്ടി വെച്ചുപുലര്‍ത്തുന്ന സമീപനത്തെ 'കാല്പനികത വേണ്ട,ണ്ട കാല്പനികത വേണ്ടണ്ട..'' എന്ന പരിഹാസവാക്കില്‍ കാണാം. സദാചാരസംബന്ധമായ ഒരു വ്യവഹാരത്തിനുള്ളില്‍ പാര്‍ട്ടിപ്രവര്‍ത്തക ഒരു അലൈംഗികസ്വത്വമായി സ്വയം അവതരിക്കേണ്ടതുണ്ട്. തൃഷ്ണ ഒരു വിപ്ലവപ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അശ്ലീലവും സദാചാരവിരുദ്ധവുമാണ്. കഥയിലെ സന്തോഷേട്ടന്‍ പറയുന്നതുപോലെ സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്കു വേണ്ടി ഓരോ നിമിഷവും ചിന്തിക്കേണ്ട  ഒരാള്‍ക്ക് ഇങ്ങനെ 'ലളിതവും ബാലിശവു'മായ പ്രവര്‍ത്തനത്തിലേര്‍പ്പെടാന്‍ കഴിയുമോ?!

സൗന്ദര്യതൃഷ്ണ എന്നത് രേഖയുടെ കഥകള്‍ ഒരു പ്രശ്‌നമണ്ഡലമായിത്തന്നെ ഉയര്‍ത്തിപ്പിടിക്കുന്നു. 'ഗുഹാസഞ്ചാരി'യിലും 'ഓട്ടക്കാരി'യിലുമൊക്കെ ഈയൊരു അബോധം ലയിച്ചിട്ടുണ്ട്ണ്ട്. അന്തിക്കാട്ടുകാരിയില്‍ കെ. കെ. എം എന്ന നേതാവിന്റെ ചെറുപ്പത്തിലേയുള്ള ഫോട്ടോകള്‍ കാണുന്ന സന്ദര്‍ഭം നോക്കുക. പഴയ ആല്‍ബത്തിലുള്ള കെ.കെ.എം. എത്ര സുന്ദരനാണ് എന്നവള്‍ ഓര്‍ക്കുന്നു. 'കാല്പനികത വേണ്ട, കാല്പനികത വേണ്ട..'' എന്നു ശഠിച്ചു ശഠിച്ച് ആ മുഖസൗന്ദര്യത്തെ പാര്‍ട്ടി പിടിച്ചുവാങ്ങിയതാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്ണ്ട്.' അച്യുതമേനോന്റെ സൗമ്യസൗന്ദര്യവും അഴീക്കോടന്റെ പൗരുഷവുമൊക്കെ പഴയ ഫോട്ടോകള്‍ നോക്കി ആസ്വദിക്കുന്ന സഖാവ് വിപ്ലവം, വ്യക്തി, കാല്പനികത, തൃഷ്ണ, സൗന്ദര്യം എന്നിങ്ങനെ കണ്ണിചേര്‍ന്നു നില്ക്കുന്ന ഒരു മണ്ഡലത്തെയാണു പ്രശ്‌നവല്‍ക്കരിക്കുന്നത്. ത്യാഗത്തിന്റെ അപരമായി തൃഷ്ണ വ്യാഖ്യാനിക്കപ്പെടുന്നു. പ്രസ്ഥാനത്തിന്റെ അപരമായി വ്യക്തിയും. ആഖ്യാനത്തിന്റെ മുറുക്കത്തിനു പകരം ലീല. വിങ്ങുന്ന വേദനകള്‍ക്കുപകരം പരിഹാസം കലര്‍ന്ന നിര്‍മ്മമത. ഇങ്ങനെ വിരുദ്ധമണ്ഡലങ്ങളുടെ ഒരു പാറ്റേണ്‍ തീര്‍ത്തുകൊണ്ട് ഇരയുടെ ദൈന്യതയെ സഖാവ് മറികടക്കുന്നു. ശരീരം രാഷ്ട്രീയമായിത്തീരുന്നത് അതുകൊണ്ടണ്ടാണ്. സദാചാരമാണ് ഇവിടെയും തോക്കു ചൂണ്ടുന്നത്. അവിവാഹിതയായ പാര്‍ട്ടിപ്രവര്‍ത്തകയുടെ പ്രണയം ഇവിടെ സദാചാരവിരുദ്ധമാവുകയാണ്. പാര്‍ട്ടി ഇവിടെ കന്യകാത്വം ചോദ്യം ചെയ്യുന്ന അധികാരിയായ പുരുഷനാണ് അതിന്റെ വിപ്ലവമെന്നത്, സ്വതന്ത്ര്യമെന്നത് നിര്‍ദ്ദേശാത്മകമായി അനുവദിക്കുന്നിടത്തോളം മാത്രമാണ്. ശ്രേണീബന്ധമായ അധികാരനിലകളില്‍ സദാചാരവും പ്രണയവുമൊന്നും ഒട്ടും തന്നെ ലിംഗനിരപേക്ഷമല്ല. ശരീരത്തെ സംബന്ധിച്ച ബൃഹദാഖ്യാനങ്ങളുടെ, പരിഷ്‌ക്കരണ പ്രസ്ഥാനങ്ങളുടെ പതിവു നിലപാടുകളിലെ ഇരട്ടത്താപ്പ് വ്യക്തമാകുന്ന മൂര്‍ത്തമായൊരു സന്ദര്‍ഭം കൂടി ഈ കഥയിലുണ്ട്.ണ്ട്.പോലീസ് മര്‍ദ്ദനമേറ്റ് വലിച്ചിഴക്കപ്പെടുന്ന തന്നെ ഓര്‍ത്തെടുക്കുന്നു, സഖാവ്.

'അന്നു നഗരത്തിന്റെ വൃത്തഭംഗിയിലൂടെ പോലീസ് വലിച്ചിഴക്കുമ്പോള്‍ വിളിച്ചുകൂവണമെന്നുണ്ടായിരുന്നു. കൗരവസദസ്സിലെത്തിയ പാഞ്ചാലിയെപ്പോലെ..... രജസ്വലയായ കന്യകയുടെ രക്തമൊഴുകുന്ന തുടകള്‍ ആരും കാണരുതേ എന്ന പ്രാര്‍ത്ഥനയോടെ അഴിഞ്ഞുലഞ്ഞ മുടിയും കൂടുക്കഴിഞ്ഞ് സ്ഥാനംതെറ്റി പുറത്തുചാടിയ ബ്രാസിയറും അടക്കിപിടിച്ച് നഗരത്തിലൂടെ ഇഴയുമ്പോള്‍ പാര്‍ട്ടിക്ക് ശക്തികൂടുന്നുവെന്ന അറിവുമാത്രമായിരുന്നു, ബലം....' ശരീരം ഇവിടെ രാഷ്ട്രീയമായ ഉപകരണമാവുകയാണ്. ഇതേ ശരീരം തന്നെയാണ് തൃഷ്ണകളുടെ പേരില്‍ വിചാരണ ചെയ്യപ്പെടുന്നതും. ത്യാഗത്തിന്റെയും ഉപകരണയുക്തിയുടെയും പേരില്‍ വാഴ്ത്തപ്പെടുകയും സ്വയം നിര്‍വ്വഹണക്ഷമമായ കാമനകളുടെ പേരില്‍ തകര്‍ക്കപ്പെടുകയും ചെയ്യുന്ന ഒന്നായി ഇവിടെ സ്ത്രീശരീരം പിളര്‍ക്കപ്പെടുന്നു. രണ്ടു യുക്തികളുടെയും ഉറവിടം ഒന്നും തന്നെ. അതിന് പ്രസ്ഥാനത്തിന്റെ ,പരിഷ്‌ക്കര്‍ത്താവിന്റെ അധീശത്വമാണ്. വ്യവസ്ഥകള്‍ക്കെതിരെയുള്ള പോരാട്ടം ആഹ്വാനം ചെയ്യുന്ന വിമോചനപ്രസ്ഥാനങ്ങള്‍ തന്നെ സ്വയം ഒരു അധികാരവ്യവസ്ഥയായി ബലപ്പെടുന്നതും മര്‍ദ്ദകപ്രത്യയശാസ്ത്രം കയ്യാളുന്നതും നമ്മുടെ കാഴ്ചയില്‍ ഇന്നു കാണാവുന്ന ഒന്നാണ്.

സമീപകാലത്തെ നിരവധി ഉദാഹരണങ്ങളില്‍ ചിലതു ചൂണ്ടണ്ട്ിക്കാണിക്കാം. 2005-ല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഫാഷന്‍ഷോ, സിനിമാറ്റിക്ഡാന്‍സ്, ക്യാമറയുള്ള മൊബൈല്‍ഫോണ്‍ ഇവ നിരോധിച്ച സംഭവമാണ് അതിലൊന്ന്. യുവാക്കളുടെ ഹരമായ സിനിമാറ്റിക്ഡാന്‍സ് നിരോധിക്കുന്നതിനു പിന്നില്‍ ആടിയുലയുന്ന സ്വതന്ത്രമായ ശരീരങ്ങളെകുറിച്ചുള്ള ഭീതി മാത്രമാണുള്ളത്. ആണ്‍ പെണ്‍ ശരീരങ്ങളുടെ ലൈംഗികതയെയും മറ്റ് എല്ലാ ശാരീരികാവിഷ്‌കാരങ്ങളുടെയും കുത്തകനിയന്ത്രണം ഭരണകൂടത്തിനാണെന്ന് അതു സ്വയം വിശ്വസിക്കുന്നു. സര്‍ക്കാരിന്റെ സ്ത്രീസംരക്ഷണ ഏജന്‍സികള്‍ കയ്യാളുന്ന രക്ഷാകര്‍ത്തൃത്വമനോഭാവത്തിന്റെ ഒരു ഉദാഹരണംകൂടി എടുത്തുപറയേണ്ടതുണ്ട്. 2009 മാര്‍ച്ച് 2 ന് വിവിധപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച വനിതാകമ്മീഷന്റെ പരസ്യവും ഇത്തരത്തിലൊന്നാണ്. ആഗോളവല്‍ക്കരണം സ്ത്രീകള്‍ക്കായി ചതിക്കുഴികള്‍ തീര്‍ക്കുന്നു എന്നതാണ് വിഷയം. തൊട്ടരുകില്‍ മൊബൈല്‍ഫോണ്‍, ലിപ്സ്റ്റിക് എന്നിവയുടെ ചിത്രങ്ങളും. സ്ത്രീകളെ പൊതിഞ്ഞുപിടിച്ചു മതിയാകാത്ത പുരുഷാധിപത്യചിന്തയുടെയും കെയര്‍ടേക്കര്‍ മനോഭാവത്തിന്റെയും മോറല്‍പോലീസിങ്ങിന്റെയും അസ്സലുദാഹരണമായിരുന്നു അത്. പുറംലോകത്തുനിന്നും സുരക്ഷാഅകലം പാലിച്ചുകൊണ്ടും സെക്ലൂഡഡ് ആയി നിലനിര്‍ത്തിയും സ്ത്രീ എന്ന ആദര്‍ശാത്മക ഉദാത്തവംശമാതൃക അങ്ങനെ നിലനില്‍ക്കേണ്ടാതാവശ്യമാണ്. പുരുഷകാമനകളില്‍ രൂഢമൂലമായ വരേണ്യകുലീനസ്ത്രീ സങ്കല്പങ്ങളാണ് ഇത്തരം പ്രത്യയശാസ്ത്രഉപകരണങ്ങള്‍ കൊണ്ട് സ്ത്രീക്കുചുറ്റും കോട്ട കെട്ടുന്നത്. മംഗലാപുരം പബ്ബിലെ ആക്രമണങ്ങള്‍ക്കുപിന്നിലും മറ്റൊന്നുമല്ല. ഒരു ഇരയായി കരഞ്ഞുപിഴിഞ്ഞു യാചിക്കുന്നതിനുപകരം അഗ്നിയിലെ പ്രിയയും അന്തിക്കാട്ടുകാരിയിലെ സഖാവും തങ്ങളുടെ സ്വയനിര്‍വ്വചനശേഷി പ്രകടിപ്പിക്കുന്നു എന്നതുകൊണ്ടണ്ടാണ് ശിക്ഷിക്കപ്പെടുന്നത്. അവസാനനിമിഷവും മാതൃകാപരമായ ഒരു ഇരയുടെ യോഗ്യത കളഞ്ഞുകുളിച്ചതിനുള്ള ശിക്ഷയാണ് പുറത്താക്കല്‍. പാര്‍ട്ടിക്കുവേണ്ടണ്ടി സമരം ചെയ്യുന്ന, നിരാഹാരം കിടക്കുന്ന, മര്‍ദ്ദനമേല്ക്കുന്ന അലൈംഗികമായ ഒന്നായും ആ ശരീരം നില്‍ക്കേണ്ടതുണ്ട്-ണ്ട്. ഈ രണ്ടണ്ട്ു മൂന്നുപാധികളോടും കൂടിയ ശരീരത്തെ - ഇരയാവലും ഉപകാരപ്പെടലും - അന്തിക്കാട്ടുകാരിയിലെ സഖാവ് തന്റെ ഇച്ഛകളിലൂടെ കുഴച്ചുമറിക്കുന്നു. കപടമായ ആദര്‍ശാത്മകതയില്‍ നിന്നു മോചിപ്പിച്ച് ശരീരത്തെ ആനന്ദത്തിന്റെ കൂടി ആഖ്യാനമായി പരുവപ്പെടുത്തി അതിന്റെ ഉടമസ്ഥത സ്വയം ഉറപ്പിച്ചെടുക്കുകയാണ്. പരിഷ്‌ക്കരണത്തിന്റെ നിര്‍ദ്ദേശാത്മയുക്തികളെ ചോദ്യം ചെയ്തുകൊണ്ട്, തൃഷ്ണയെ വിലക്കുകളില്‍ നിന്നു മോചിപ്പിച്ചുകൊണ്ടും സ്വയം നിര്‍ണയനത്തിന്റെ അതിരുകളിലൂടെ കഥ വികസിക്കുന്നു. ഇരബോധത്തെ സ്വേഛകൊണ്ടു പകരം വെക്കുകയാണിവിടെ. മുമ്പു സൂചിപ്പിച്ച 'ഗുഹാസഞ്ചാരി'യിലും 'ഓട്ടക്കാരി'യിലുമൊക്കെ ഈ അടയാളങ്ങള്‍ കാണാം. ശരീരവാസനയുടെ അരാജകതലത്തെതന്നെ വരച്ചിടുന്നുണ്ട്ണ്ട്, 'ഗുഹാസഞ്ചാരി' സിക്-കാരന്റെ സൗഹൃദത്തിലും ശാരീരികസൗന്ദര്യത്തിലും മുഴുകുന്ന ളാലം ശോഭനയും (ഗുഹാസഞ്ചാരി) ദാമ്പത്യത്തിന്റെ ട്രാക്കുവിട്ട് അത്‌ലറ്റിക്‌സിലേക്കു മടങ്ങണമെന്നുറപ്പിക്കുന്ന ശ്രീജ (ഓട്ടക്കാരി)യും സ്വയം നിര്‍ണയനത്തിലേക്ക് കുതിക്കുന്നവരാണ്.

ഇരബോധത്തില്‍ നിന്നു പുറത്തുകടക്കുന്ന സ്ത്രീയനുഭവങ്ങളെക്കുറിച്ചാണ് ഇവിടെ പറഞ്ഞത്. എന്നാല്‍ സിതാരയുടെ 'പ്രണയവൈറസ്സി'ല്‍ നാം കാണുന്നത് ലൈംഗികതയുടെ മറ്റൊരു ലോകമാണ്. അവിടെ ലൈംഗിക അധിനിവേശത്തിന്റെ ഇര ഒരു പുരുഷനാണ്. ഒരു ആണ്‍വേശ്യയായ ഹരി. ശരീരവില്പനക്കാരനായ ഹരിയുടെ നനഞ്ഞു കുതിര്‍ന്ന നഗ്നമായ പുരുഷശരീരം ഇസബെല്‍ എന്ന വെള്ളക്കാരി കസ്റ്റമര്‍ക്ക് ഒരു ആഗ്രഹവസ്തുവാണ് (ളലശേവെശേെശര ീയഷലരേ) അവളുടെ ആഗ്രഹപ്രകാരം ഉറയില്ലാതെ ബന്ധപ്പെട്ടതിനാല്‍ ഹരിക്കു ലഭിക്കുന്ന പ്രണയവൈറസ് - എയ്ഡ്‌സ് രോഗം - തന്നെ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിക്കു നല്‍കുന്നതോടെ കഥ തീരുന്നു. ഇവിടെ ലൈംഗികതയുടെ ആധികാരികതയും ഇഛാകര്‍തൃത്വവും ഇസബെല്‍ എന്ന സ്ത്രീയിലാണ്. അവള്‍ ഹരിയുടെ ശരീരം വിലക്കെടുക്കുകയാണ്. നാം പരിചയിച്ചുപോന്ന സ്ത്രീപദവികളെ ഇരയുടെ നില്പിടങ്ങളെ മറിച്ചിടുകയാണിവിടെ. ഒന്നുകില്‍ അലൈംഗികം അല്ലെങ്കില്‍ പ്രജനനസ്വഭാവമുള്ള മാതൃശരീരങ്ങള്‍ ഇവയാണു നാം ഇരകളില്‍ കണ്ടു പരിചയിച്ചത്. എന്നാല്‍ ഇവിടെ ആസക്തി നിറഞ്ഞ ഒരുവളാണ് സ്ത്രീ. ആണ്‍/പെണ്‍ എന്നതിലെ സ്ഥിരമായ അധികാരവിന്യാസത്തിന്റെ എതിര്‍നിലകൊണ്ട്ണ്ടു മറ്റൊരു ദിശ തന്നെ പ്രണയവൈറസ് കണ്ടെത്ത്ുന്നു. ഇരുപക്ഷത്തുനിന്നുമുള്ള അധികാരവും പ്രശ്‌നവല്‍കൃതമാകുന്ന ഒരിടമാണത്. അതുകൊണ്ടണ്ടുതന്നെ സ്ത്രീപക്ഷവീക്ഷണം കൊണ്ടണ്ടു സാധൂകരിക്കാന്‍ കഴിയുന്നതല്ല ഇക്കഥ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍. മറിച്ച് കൂടുതല്‍ വിശാലവും സൂക്ഷ്മവുമായ, ആഗോളവല്‍ക്കൃതവും കോളനീകൃതവുമായ ലിംഗാധികാരവ്യവസ്ഥയിലേക്കാണ് ചെന്നെത്തുന്നത്. സിതാരയുടെ 'മെഹബൂബാ' എന്ന കഥയും മറ്റൊരുദിശയിലൂടെ ലിംഗപദവികളില്‍ ഉറച്ചുപോയ ഇര/വേട്ടക്കാരന്‍ നിലകളെ തിരിച്ചിടുന്നുണ്ട്. സ്ത്രീപക്ഷരാഷ്ട്രീയത്തിനു പുറത്തുനിന്നുകൊണ്ടേണ്ട ആ കഥയും വിശകലനം ചെയ്യാനാവൂ. സ്ത്രീപക്ഷത്തെതന്നെ സൂക്ഷ്മമാക്കുന്ന അതിനെ സംവാദാത്മകമാക്കാന്‍ പ്രാപ്തിയുള്ള കഥകളാണിവ എന്നതാണ് ഇതിനുകാരണം 

ശരീരം -സ്വത്വബഹുലതയുടെ എഴുത്ത്.

ആധുനികതയുടെ സാഹിത്യസങ്കല്പങ്ങളുടെ അടിസ്ഥാനയുക്തിയില്‍ ഉറച്ചുപോയ ദ്വന്ദ്വങ്ങളാണ് ഇപ്രകാരം ഇരയായി സ്ത്രീയെ പ്രതിഷ്ഠിച്ചതെന്നു കാണാന്‍ പ്രയാസമില്ല. ആധുനികസാഹിത്യത്തിന് ലൈംഗികതയിലുള്ള ഇരട്ടത്താപ്പുകള്‍ പലരും ചൂണ്ട്ണ്ടിക്കാണിച്ചിട്ടുണ്ട്, അവിടെ സ്ത്രീശരീരം കര്‍മസ്ഥാനത്താണെന്നതിനാല്‍. ഒറ്റപ്പെട്ട ചിലതുരുത്തുകളൊഴിച്ചാല്‍ ദ്വന്ദ്വാത്മകതയുടെ അബോധപ്രതിഷ്ഠ ആധുനികതയില്‍ വളരെ പ്രബലമാണ്. എന്നാല്‍ പുതിയ പെണ്‍കഥളില്‍ സ്ത്രീയുടെ ഇരനിലയെ പ്രശ്‌നവല്‍ക്കരിക്കുക മാത്രമല്ല, സ്ത്രീസംവര്‍ഗത്തെതന്നെ പലതരം സ്വത്വനിലകളായി വിന്യസിക്കുന്ന രീതി കാണാം. സ്ത്രീയെ ഒരൊറ്റ സംവര്‍ഗമായി കാണുന്നതിനുപകരം അവരെ വ്യത്യസ്ത അസ്തിത്വനിലകളും കര്‍തൃത്വങ്ങളുമായി തിരിച്ചറിയേണ്ടതുണ്ടെന്നും സിതാരയുടെയും ഇന്ദുമേനോന്റെയും ചില കഥകള്‍ പറയുന്നു. സ്ത്രീകള്‍ ഏകശിലാത്മകതമായ സത്തയല്ല ഇവിടെ. മുസ്ലീം, ദളിത്, ക്രിസ്ത്യന്‍, ബ്രാഹ്മണ, വേശ്യ, കന്യാസ്ത്രി, ഹിജഡ, ലെസ്ബിയന്‍ എന്നുവേണ്ട ഒന്നിനൊന്നു വ്യത്യസ്തമായ ജാതി, വര്‍ഗ്ഗ, ലിംഗ സ്വത്വങ്ങള്‍ ഇവിടെ കടന്നുവരുന്നു. നമുക്കു പരിചിതമായ സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ യുക്തികള്‍ കൊണ്ട് ഇവരുടെ അനുഭവത്തെ അളന്നുകുറിക്കാന്‍ കഴിയില്ലതന്നെ. കാരണം ആണ്‍/പെണ്‍ ലിംഗവിവേചനത്തിനും ലൈംഗികാധികാരത്തിനും പുറത്തുനില്‍ക്കുന്ന ചില പുതിയ രാഷ്ട്രീയ ഉള്‍ക്കാഴ്ചകള്‍ കൂടിചേര്‍ന്നാണ് ഈ കഥകള്‍ രൂപപ്പെടുന്നത്. ഭിന്നവര്‍ഗലൈംഗികത (hetero-sexuality) മാത്രം അനുശീലിക്കുന്ന ഒരു സൗന്ദര്യശാസ്ത്രമണ്ഡലത്തില്‍ സ്വവര്‍ഗലൈംഗികതയിലും ഉഭയലൈംഗികതയിലും ലിംഗമാറ്റ സ്വത്വത്തിലുമുള്ള നിരവധി കഥാസന്ദര്‍ഭങ്ങള്‍ കടന്നുവരുന്നത് അതുകൊണ്ടാണ്. സിതാരയുടെ 'ചതി' യില്‍ രണ്ടുഗേകളുടെ ലൈംഗികസ്പര്‍ധയാണ് കഥാവസ്തു. ഇവിടെ ആധുനികതയുടെ യുക്തി അയഞ്ഞുപോകുന്നു. ഹിജഡയുടെ മകളായിപ്പിറന്ന ഒരു വേശ്യയുടെ കഥയാണ് ഇന്ദുമേനോന്റെ 'സര്‍പ്പിണി' പറയുന്നത്. വാടകക്ക് ശരീരം മാത്രമല്ല ഗര്‍ഭപാത്രവും വിറ്റ ഒരുവള്‍. രേഖയുടെ 'പാലാഴിമഥന'-ത്തിലും സ്വന്തം കുഞ്ഞിനുപാലുകൊടുക്കാതെ ആയുര്‍വ്വേദവൈദ്യന് മുലപ്പാലുവില്‍ക്കുന്ന ഒരമ്മയുണ്ട്. ഇവിടെ കടന്നുവരുന്ന പ്രാന്തവല്‍ക്കൃതമായ ശരീരങ്ങളെ ഇരയുടെ കളത്തിലോ നമ്മുടെ സാമാന്യവല്‍ക്കരിക്കപ്പെട്ട സ്ത്രീപക്ഷ രാഷ്ട്രീയത്തലോ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞെന്നുവരില്ല. ഈ സ്വത്വബഹുലതയെ വളരെ ഗുണാത്മകമായിത്തന്നെ നാം മനസ്സിലാക്കേണ്ടതുണ്ട്്. കാരണം സ്വത്വം സ്ഥിരമല്ലെന്നും അതു സാമൂഹ്യരാഷ്ട്രീയസമ്മര്‍ദ്ദങ്ങള്‍ക്കു വിധേയമായി നിര്‍മ്മിക്കപ്പെട്ടതാണെന്നും പരിണാമിയാണെന്നുമുള്ള രാഷ്ട്രീയബോധ്യം ഈ കഥകള്‍ സാധൂകരിക്കുന്നു. സ്വയം നിര്‍ണയനസ്വഭാവമുള്ള ശരീരമെഴുത്ത് സ്വത്വത്തെസംബന്ധിച്ച മുന്‍വിധികളോടു കലഹിക്കുന്ന കാഴ്ച സര്‍പ്പിണിയിലെന്നതുപോലെ 'ഹിന്ദുഛായയുള്ള മുസ്ലീം പുരുഷനി'ലും സിതാരയുടെ 'കറുത്ത കുപ്പായക്കാരി'യിലും കാണാം. 'ഹിന്ദുഛായയുള്ള മുസ്ലീം പുരുഷന്‍' മാറാടുകലാപനന്തരം ഉണ്ടായ ഒരു സാമൂഹ്യാവബോധത്തെയും കൂടി ചേര്‍ത്തുവെച്ചുകൊണ്ടാണ് ലിംഗഭാവുകത്വം നിര്‍മിച്ചെടുക്കുന്നത്. നാം പറഞ്ഞഭിമാനിക്കുന്ന മതേതരത്വത്തിന്റെ പ്രശ്‌നവല്‍ക്കരണത്തിലൂടെ മുസ്ലീം/സ്ത്രീ സ്വത്വങ്ങള്‍ അനുഭവിക്കുന്ന അരക്ഷിതത്വവും ഭീതിയും കഥയില്‍ നിറയുന്നു.

ഇന്ദുമേനോന്റെ കഥകളില്‍ രേഖയിലും സിതാരയിലും പൊതുവെ പ്രബലമല്ലാത്ത ഒരംശം കടന്നുവരുന്നു. അത് പെണ്ണുടലിനെ വര്‍ണ്ണിക്കുകയോ വിശേഷിപ്പിക്കുകയോ ചെയ്യുന്ന രീതിയാണ്. ആഖ്യാനത്തിന്റെ കാമനകള്‍ ആത്മരതിപരമാവുകയോ സ്വവര്‍ഗ്ഗരതിപരമാവുകയോ ചെയ്യുന്നവിധം ഒരു സന്ദിഗ്ദ്ധത അവ ഉളവാക്കുന്നുണ്ട്. മാധവിക്കുട്ടിയെ വിദൂരമായി അനുസ്മരിപ്പിക്കുംവിധം ആഖ്യാനകാമന സ്ത്രീശരീരത്തില്‍ മുഴുകി സ്വയം മറക്കുന്നുണ്ട്. ഇടക്ക് അവ പുരുഷ-കാമനകളിലെ ഒരു ആഗ്രഹവസ്തുവായി മറുകണ്ടം ചാടിപ്പോവുന്നുണ്ടെങ്കിലും സൂക്ഷ്മാംശങ്ങളില്‍ നിലനില്ക്കുന്ന വിള്ളലുകള്‍ ഒഴിവാക്കിയാല്‍ ഈ കഥകള്‍ സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ ഇടുക്കങ്ങളില്‍ നിന്നു പുറത്തു കടക്കുന്ന, ലിംഗരാഷ്ട്രീയത്തെ സൂക്ഷമജനാധിപത്യത്തിലേക്കു പരുവപ്പെടുത്തുന്ന, കുറച്ചു കൂടി വിശാലമായ LGBT (Lesbian, gay, bi-sexual, transgender) ഉള്‍പ്പെടെയുള്ള ജനാധിപത്യാവബോധത്തിലേക്കുള്ള സാധ്യതകളായി നിലനില്ക്കുന്നു.

( ആലുവ യു.സി.കോളേജില്‍ വെച്ചു നടന്ന ത്രിദിന കഥാ സെമിനാറില്‍ അവതരിപ്പിച്ചത്)


റഫറന്‍സ്


1. അഗ്നിയും കഥകളും - എസ് - സിതാര, മാതൃഭൂമി ബുക്‌സ്, 2008

2. വേഷപ്പകര്‍ച്ച - എസ് സിതാര - കറന്റ് ബുക്‌സ് 2002

3. കഥകള്‍ - ഇന്ദുമേനോന്‍ - ഡി.സി.ബുക്‌സ് 2010

4. ആരുടെയോ ഒരു സഖാവ് (അന്തിക്കാട്ടുകാരി) കെ.രേഖ, കറന്റ്ബുക്‌സ് തൃശ്ശൂര്‍ 2007

5. മലയാളസാഹിത്യത്തിലെ തായ്കുലം - ജെ.ദേവിക.

(സാറാജോസഫ് - സമ്പൂര്‍ണകൃതികള്‍ - അവതാരിക)

6. പുളയുന്ന ശരീരങ്ങള്‍ - ഇടതുപക്ഷവും സദാചാരവും - എസ്. സഞ്ജീവ് 2005

മാതൃഭൂമി ആഗസ്റ്റ് 21.

Saturday, December 18, 2010

‘അസംഗത‘ - (ആള്‍ക്കൂട്ടത്തെക്കുറിച്ച് പാളം തെറ്റിയ ചില വിചാരങ്ങള്‍)


ചില പുസ്തകങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ അത് ഫലത്തില്‍ നമ്മെക്കുറിച്ചുതന്നെയാകുന്നു. ഒരു വീണ്ടെടുക്കല്‍..വായനയുടെ ഒരു പെണ്‍കുട്ടിക്കാലത്തുവെച്ചാണ് കട്ടിക്കണ്ണടവെച്ച ഈ കനത്ത പുസ്തകത്തെ -ആള്‍ക്കൂട്ടത്തെ- കണ്ടുമുട്ടിയത്. കൗമാരവായനയുടെ ഹ്രസ്വദൃഷ്ടിയില്‍ ഒരുപക്ഷേ അത് ഒതുങ്ങി നിന്നില്ല. അത് പിന്നീട് തോന്നി. പക്ഷേ എന്തൊരു സ്വന്തവും സ്വതന്ത്രവുമായിരുന്നു ആ വായന. സ്‌ക്കൂളില്ലാത്ത ഒരു ഒഴിവുദിന നട്ടുച്ച നേരം പോലെ ചൊല്ലുവിളിയില്ലാതെ അനാഥവും സ്വേച്ഛവും. നഗരത്തിലെ കോളേജിലേക്ക് തീവണ്ടിയില്‍ യാത്രചെയ്തു പോയിരുന്ന ആ പഴയ ആറേഴുകൊല്ലക്കാലം ഇനിയിറങ്ങാന്‍ കഴിയാത്ത ഒരു തീവണ്ടിയാപ്പീസാണ്. എങ്കിലും ഒരുപാട് തീവണ്ടിവായനകളുടെ ഓര്‍മ്മകള്‍ക്കിടയില്‍ പാതിവെന്ത 'ആള്‍ക്കൂട്ട' ത്തിന്റെ രുചിയും മണവും തെരയുന്നത് ഒരു കൗതുകം തന്നെ.

ചിന്തയോ വികാരമോ എന്ന ഉഴറല്‍ ഒരുവളിലൂടെ വളരുകതന്നെയാണ്; അവളോടൊപ്പം. അവളെ തളര്‍ത്തിയും തകര്‍ത്തും. ഒരു പക്ഷേ മറ്റൊന്നിലേക്ക് ഉയിര്‍ക്കാനാകാം. ആരുടെ ചിന്ത എന്നു ചോദിക്കാനായും മുന്‍പ് ഉണര്‍ന്ന, ഉയര്‍ന്ന പൊതുചിന്ത പൊതിഞ്ഞുതീര്‍ക്കും അവളേയും. ഭാഷയോ ഭാവമോ ആനന്ദില്‍നിന്ന് നീണ്ടു വന്നു നിവര്‍ന്നുനിന്നത് എന്ന് തിരിഞ്ഞുകിട്ടാന്‍ പിന്നേയും സമയമെടുത്തു. ആധുനികത മുഴുവന്‍ ജനലിനപ്പുറത്തെ ചെടിക്കാട്ടില്‍നിന്നെന്ന പോലെ അകത്തേക്ക്് വളര്‍ന്നു നീട്ടിവിളിച്ചു. സ്വന്തം ക്ലാസ്സും കൂട്ടുകാരും പ്രണയിയും വീടും മാതാപിതാക്കളും തിരിച്ചറിയാത്ത, പുസ്തകം മാറത്തടുക്കിപ്പിടിച്ച്, നിലത്ത്മുട്ടുന്ന പാവാടത്തുമ്പുമായി നടന്ന മുകുന്ദന്റെ രാധ ('രാധ രാധമാത്രം') ആധുനികതക്കുള്ളിലെ മുഴുവന്‍ സ്ത്രീയാണോ? തിരിച്ചറിയപ്പെടാത്തവളുടെ പര്യായം?

മുകുന്ദനിലെ കുഴമറികള്‍ പക്ഷേ കൂടുതല്‍ ഫലിച്ചത് ആനന്ദിലാണോ എന്നണിന്ന് സംശയം. അകം പുറം കാണാത്ത ചില്ലിനപ്പുറത്തും ഇപ്പുറത്തും ആനന്ദിന്റെ ആണ്‍പെണ്‍ലോകങ്ങള്‍ പെരുമാറുമ്പോള്‍ അവര്‍ പരസ്പരം അറിയാതെ ഏതോ കൃത്രിമമായ ഭാഷകൊണ്ട് ഒരിക്കലും പണിതുതീരാത്ത ഒരു ഗോപുരം പണിയുകയാണെന്നു തോന്നും. മനുഷ്യാവസ്ഥയുടെ അടിസ്ഥാനത്തെ അതു പൊതുവാക്കി കെട്ടിപ്പൊക്കിക്കൊണ്ടേയിരുന്നു. പൊതുവാക്കും തോറും , അതു ചൂടാവും തോറും പിരിഞ്ഞുപോകുന്ന പാലായി. പെണ്ണിന്റെ ഉണ്‍മയെ അത് എപ്പോഴും പിരിച്ചുകൊണ്ടിരുന്നു... അവള്‍ക്ക് ഈ പൊതുവഴിയില്‍ വഴിയിടറിക്കൊണ്ടേയിരുന്നു. രാധയും ലളിതയും മീനയുമെല്ലാമടങ്ങുന്ന പെണ്‍മയുടെ അവസ്ഥാന്തരങ്ങള്‍ ഏതൊരു അനുഭവലോകത്തെയാണ് അഭിമുഖീകരിച്ചത്? ആ ലോകത്ത് അവള്‍ക്ക് എന്തായിരുന്നു റോള്‍? കഥാപാത്രവിശകലനത്തിന്റെ ബോറന്‍ യുക്തിയിലേക്ക് വഴുതാവുന്ന ഒരു പ്രദേശമാണെങ്കിലും ഇവിടെക്കൂടി കയറിയിറങ്ങാതെ വയ്യ.

ആനന്ദുതന്നെ പറയുന്നുണ്ട് 'സത്യം എന്താണ്? സത്യം മനുഷ്യനാണ്. എല്ലാ ആശയങ്ങളേക്കുളു ആദര്‍ശങ്ങളേക്കാളും വലുത് മനുഷ്യനെന്ന വസ്തുവാണ്. മനുഷ്യര്‍ക്കിടയില്‍ മനുഷ്യനെ കാണുക . പാറയെ നിരസിക്കാതെ തന്നെ പ്രതിമയെ ആസ്വദിക്കാന്‍ കഴിയുക. മനുഷ്യന്‍ മനുഷ്യരുടെ ഒരു ഭാഗമെന്നതുപോലെ പ്രതിമ പാറയുടേയും ഒരു കഷ്ണമാണ്.' (ആള്‍ക്കൂട്ടം)

സമഗ്രതയുടെ ഈ കാഴ്ചക്കകത്ത് സ്വത്വമുദ്രയുടെ ആഖ്യാനം എളുപ്പമല്ല. അതിനായുളള പരതല്‍ ഓരോ കഥാപാത്രവും വിഫലമാണെങ്കിലും നടത്തുന്നു.

ഉള്‍ക്കൊളളലിനേക്കാള്‍ സ്വീകരിക്കലിനേക്കാള്‍ ഭ്രഷ്ടതയുടെ ആഖ്യാനഭാഷയാണ് ആള്‍ക്കുട്ടത്തിന്റേത്. പതിവ് നോവല്‍ വായനയെ അമ്പരപ്പിക്കുകയും അപരിചിതപ്പെടുത്തുകയും ചെയ്തതിന്റെ ഒരു കാരണം ഈ 'പുതിയ' മലയാളമായിരിക്കണം. ഭാഷ അവിടെ വരിതെറ്റാതെ മാനകമലയാളമായി; ദേശഭേദങ്ങളില്ലാതെ നീട്ടലും കുറുക്കലുമൊഴിഞ്ഞ് തുള്ളലും ഉലച്ചിലുമില്ലാത്ത വരമൊഴിവടിവായി. വേരുകളറ്റവരുടെ അനുഭവകഥനത്തിന് ദേശമുദ്രപതിയാത്ത ഒരു ഭാഷ രാകിയെടുത്തിരിക്കണം, ആനന്ദ്. പല കലര്‍പ്പുകളുടെ അനുഭവമേഖലയായ (ബോംബെ) നഗരത്തിന്റെ ആഖ്യാനത്തിന്, അതിന്റെ സങ്കീര്‍ണ്ണതക്ക് നമ്മുടെ പരിചിത നോവല്‍ ഭാഷയുടെ ഉടുത്തുകെട്ട് ചിലപ്പോഴൊക്കെ അധികമായി, ചിലപ്പോള്‍ പോരാതെയും. അങ്ങിനെയാണീ നോവല്‍ ആധുനികനോവലുകള്‍ക്കിടയില്‍ത്തന്നെ ഒരു ആധുനികനോവലായിത്തീര്‍ന്നത്. ( വായനക്കാരുടേതിനേക്കാള്‍ എഴുത്തുകാരുടെ നോവലാണ് ആള്‍ക്കൂട്ടം) ഉന്മാദത്തിന്റെയും ഉദ്വേഗത്തിന്റെയും വന്യതയുടെയും ഭ്രമാത്മകതയുടെയും മദിപ്പിക്കുന്ന ഭാഷ ഇവിടെയില്ല. മറിച്ച് അവയെ ഒതുക്കിയടച്ച വിചാരണഭാഷയാണ് കാണുക....ആരോടെന്നില്ലാതെയുള്ള സംവാദങ്ങളും വിചാരണകളും.....എന്നാലത് കൃത്രിമമായ നിഴല്‍യൂദ്ധങ്ങളായിരുന്നില്ല... ചരിത്രമനസ്സാക്ഷിക്കുമുമ്പില്‍ നടത്തിയ അകാല്‍പനികമായ കുമ്പസാരങ്ങളായിരുന്നു.

അകത്തേക്കും പുറത്തേക്കുമുളള ചോദ്യങ്ങള്‍ കൊണ്ടുകേറി വായനക്കാരുടെ തുറക്കാത്ത കതകുകള്‍ തുറന്നു. ആ കതകുകള്‍ക്കുമുമ്പില്‍ തലക്കുമുകളില്‍ ഒരുപാടു തലകള്‍ ചുമന്ന അമ്മന്‍കുടങ്ങളായി, ഓരോ കഥാപാത്രവും. ജോസഫ്, സുനില്‍, സുന്ദര്‍, പ്രേം, രാധ, ലളിത അങ്ങനെയങ്ങനെ. അവയുടെ വെളിപാടു ഭാഷകളില്‍ ഒരേ ചോദ്യം തന്നെ.... മനുഷ്യാവസ്ഥയെക്കുറിച്ചുളള തീക്ഷ്ണമായ അടിസ്ഥാനപരമായ ചോദ്യം തന്നെയാണവ തോറ്റിയത് - സ്വാതന്ത്ര്യം. ഒരിക്കലും പഴകിത്തേയാത്ത അതൊന്നുകൊണ്ട് ആനന്ദ് നമ്മെ കുരുക്കിയിട്ടു. സ്വാതന്ത്ര്യാനന്തരകാലത്തെ സന്ദേഹങ്ങളും സന്ദിഗ്ധതകളും ഒന്നു കുടഞ്ഞുനിവര്‍ത്തി തടുത്തു കൂട്ടുകയായിരുന്നു ആനന്ദ് ആള്‍ക്കൂട്ടത്തില്‍. എന്നാലത് അവന്റേയും അവളുടേയും പൊതുസ്വാതന്ത്ര്യമായി കോര്‍ക്കിട്ടുവെച്ചുവോ എന്ന് സന്ദേഹിക്കാന്‍ ഇന്നുതോന്നുന്നു. (ചിന്തയുടെ ) മഹാവനത്തില്‍ കരിയിലകള്‍ അടിച്ചുകൂട്ടാറില്ല ആരും, അതു വീട്ടുമുറ്റത്തോ പറമ്പിലോ മതി. എന്നിരുന്നാലും രാധയുടെ, ലളിതയുടെ, മീനയുടെ ഒക്കെ പോലെയുള്ള മുഖങ്ങള്‍.. അവര്‍ ആ വെപ്പുതലകള്‍ക്കു താഴെ വേറെ ചിലതു പറയുന്നത് പോലെ....സ്വാതന്ത്ര്യത്തിലേക്കും നീതിയിലേക്കുമുളള മഹാഖ്യാനങ്ങള്‍ക്കകത്ത് അവര്‍ മുഖം മറയ്ക്കപ്പെട്ടതുപോലെയും....അധികാര / ഭരണകൂട വിമര്‍ശനങ്ങളുടേയും നീതി സ്വാതന്ത്ര്യങ്ങളേക്കുറിച്ചുളള തത്വവിചാരങ്ങളുടേയും പൊതുമണ്ഡലങ്ങള്‍ അവരെ നിഴലിലാക്കിക്കളഞ്ഞോ?

എന്നിരുന്നാലും ഒന്നിച്ച് കഫേകളില്‍ ചായകുടിക്കുകയും നടക്കാന്‍പോവുകയുമൊക്കെ ചെയ്യുന്ന ആ ആണ്‍പെണ്‍ സൗഹൃദങ്ങള്‍ ഒരു കൗതുകമായി. നഗരത്തിന്റെ സാധ്യത. എങ്കിലും അതു ബലാബലം കൊണ്ടു സമ്മര്‍ദ്ദമേറിയത്. തരളതകളുടെ വരമ്പില്‍ കാല്‍ വഴുതാതിരിക്കാനെന്നവണ്ണം അവരും (ആനന്ദും) വിചാരഭാഷയിലൂന്നി നടന്നു. ആത്മതൃഷ്ണകള്‍ ആന്തരികമായ അലച്ചിലുകളായിത്തീര്‍ന്നു. ജോസഫും സുന്ദറും സുനിലും പ്രേമുമൊക്കെ തങ്ങളുടെ ഇടങ്ങളില്‍ നിന്ന് നടന്നകന്നപ്പോഴും രാധ ബാക്കിയായി. സസ്യങ്ങളില്ലാത്തതുകൊണ്ട് ആവിഷ്‌ക്കരിക്കപ്പെടാതെ നി്ഷ്ഫലമായ ഒരു ഋതു പോലെ..

(മുംബൈയിലെ ‘ചെണ്ട‘ മാസികയ്ക്കു വേണ്ടി എഴുതിയത്)
.

Thursday, August 26, 2010

ലാല്‍: കേണലും താരവും.


 

'കംപ്‌ളീറ്റ്  ആക്ടര്‍ ഡോട്ട് കോം' എന്ന മോഹലാലിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിന്റെ തലവാചകമായ 'ദ പ്രഡ് ഓഫ് നേഷന്‍' (ദേശത്തിന്റെ അഭിമാനം) ശ്രദ്ധേയമായ ഒന്നാണ്. അദ്ദേഹം ലഫ്റ്റനന്റ് കേണലായ ടെറിട്ടോറിയല്‍ ആര്‍മിയുടെ പരേഡു നയിച്ചുകൊണ്ടുള്ള ആമുഖ ചിത്രത്തിനു മുകളിലായിക്കൊടുത്ത ഈ വാചകം മോഹന്‍ലാല്‍ എന്ന താരസ്വരൂപത്തിന്റെ സവിശേഷമായ ഒരു പ്രതിനിധാനത്തെ ഉള്ളടക്കുന്നുണ്ട്.നടന്‍,വ്യക്തി,താരം എന്നിവയ്‌ക്കെല്ലാം ഉപരിയായി നില്ക്കുന്ന ഒരു അധീശത്വമാണ് ഈ പ്രതിനിധാനം. ലാലിന്റെ അഭിനയജീവിതത്തിലെ നിര്‍ണായകമായ ഒരു രംഗമല്ല മേല്പറഞ്ഞ ചിത്രം എന്നതും ശ്രദ്ധേയമാണ്. ഒരു അഭിനേതാവിനെ അയാള്‍ സൂപ്പര്‍സ്റ്റാര്‍ യാലും അല്ലെങ്കിലും അവതരിപ്പിക്കുന്ന ചിരപരിചിതമായ രീതികളില്‍ നിന്നൊക്കെ വ്യത്യസ്തമായാണ്, വിദ്യാര്‍ത്ഥികളും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരും ബിസിനസ്സുകാരുമെല്ലാം അടങ്ങുന്ന യുവാക്കളായ ആരാധകര്‍ ഈ വെബ് പോര്‍ട്ടലില്‍ ലാലിനെ അവതരിപ്പിക്കുന്നത്.

80കള്‍ക്ക ശേഷമുള്ള മൂന്നു ദശാബ്ദങ്ങളോളം മലയാളസിനിമയിലെ നായകസ്വരൂപത്തെ നിര്‍ണ്ണയിച്ചത് ലാല്‍/മമ്മൂട്ടി ദ്വന്ദ്വങ്ങളാണ്. അവയുടെ സമാന്തരതകളും വൈരുദ്ധ്യങ്ങളും പരസ്പരപൂരകത്വങ്ങളും കൊള്ളക്കൊടുക്കകളും പണിചെയ്‌തെടുത്ത ഒന്നാണ് മലയാള സിനിമയിലെ നായകന്‍. പല നിലകളിലുള്ള ഈ പാരസ്പര്യങ്ങള്‍ക്കപ്പുറത്ത് മമ്മൂട്ടിയില്‍ നിന്നും വ്യത്യസ്തമായി ലാല്‍ എങ്ങിനെ ചലച്ചിത്രത്തിലും ചലച്ചിത്രേതരമായ വ്യവഹാരങ്ങളിലും ഒരു ആധികാരികകര്‍തൃത്വമായി , ലെഫ്റ്റനന്റ് കേണലായി എന്ന് ആരായുകയാണീ കുറിപ്പ്.

കീര്‍ത്തിചക്ര സിനിമക്കു ശേഷമുള്ള ലാലില്‍ ഈ പരിവര്‍ത്തനം കൃത്യവും സ്പഷ്ടവുമായി കാണാം. ടെറിട്ടോറിയല്‍ ആര്‍മിയില്‍ സിവിലിയന്മാര്‍ക്കുള്ള പരമോന്നത ബഹുമതിയായ ലെഫ്റ്റനന്റ് കേണല്‍ എന്ന കമ്മീഷന്റ് ഓഫീസര്‍ പദവി അദ്ദേഹം സ്വീകരിക്കുന്നത് ഈ ചിത്രത്തിനു ശേഷമാണ്. ഇതേ തുടര്‍ന്ന് അദ്ദേഹം രാഷ്ട്രപതിയേയും തിരുവിതാംകൂര്‍ രാജാവിനെയും കേന്ദ്രപ്രതിരോധ വകുപ്പ് മന്ത്രി എ.കെ.ആന്റണിയെയുമൊക്കെ സകുടുംബം സന്ദര്‍ശിക്കുന്നത് വാര്‍ത്തയായിരുന്നു.കൂടാതെ കാര്‍ഗിലില്‍ കൊടും മഞ്ഞിലും തണുപ്പിലും രാപ്പകലില്ലാതെ തോക്കുമേന്തി ഭീകരമായ വിജനതയില്‍ അതിര്‍ത്തി കാത്തു നില്ക്കുന്ന സൈനികരുടെ ത്യാഗത്തെ അദ്ദേഹം അഭിമുഖങ്ങളില്‍ വാരിക്കോരി പുകഴ്ത്തിയിരുന്നു. ഇവയെല്ലാം ചേര്‍ന്നു രൂപപ്പെടുത്തുന്ന ദേശീയതയുടെ കാവല്‍ഭടന്‍  എന്ന സാംസ്‌ക്കാരിക ബിംബമായി ലാല്‍ മാറിത്തീരുന്നു എന്നതാണീ വാര്‍ത്തകളുടെ പ്രസക്തി. ഇതു സാധ്യമാകുന്നതില്‍ ലാലിന്റെ താരസ്വരൂപത്തിനുള്ള പങ്ക് എന്തെന്ന് കണ്ടെത്തേണ്ടതുണ്ട്. ഒപ്പം എന്തുകൊണ്ട് ലാല്‍?
എന്തുകൊണ്ട് മമ്മൂട്ടിയല്ല ? എന്നീ ചോദ്യങ്ങളും അവഗണിച്ചുകൂടാ. പട്ടാള വേഷങ്ങള്‍ക്കു പൊതുവെ അനുയോജ്യമെന്നു കരുതപ്പെടുന്ന ശാരീരികവും അഭിനയപരവുമായ പൗരുഷപ്രതീതി നിലനിര്‍ത്തുന്ന മമ്മൂട്ടിയേക്കാള്‍ എന്തുകൊണ്ട് ലാല്‍ ഈയൊരു പ്രതീകത്തിലേക്ക് അവരോധിക്കപ്പെട്ടു?

ലളിതമായ പ്രത്യയശാസ്ത്രയുക്തിയില്‍ മോഹന്‍ലാല്‍ ഒരു ഹിന്ദുവാണെന്നതും മമ്മൂട്ടി മുസ്ലീമാണെന്നതും ഒരു കാരണമായി നമുക്കു കണ്ടെത്താനായേക്കാം. ലാലിനേക്കാള്‍  (കീര്‍ത്തിചക്ര, കുരുക്ഷേത്രം,കാണ്ഡഹാര്‍ തുടങ്ങിയ) അധികം പട്ടാളവേഷങ്ങള്‍ (നായര്‍സാബ്, സൈന്യം,പട്ടാളം,മിഷന്‍ 90 ഡെയ്‌സ്,മേഘം തുടങ്ങിയ) മമ്മൂട്ടി ചെയ്തിട്ടുണ്ട്. പട്ടാളവേഷത്തിന് അനുയോജ്യമായ 'ഹാര്‍ഡ് മാന്‍' പ്രതിരൂപവും ശബ്ദഗാംഭീര്യവും ബോഡി ഫിറ്റ്‌നെസ്സും മമ്മൂട്ടിയിലുണ്ട്. അച്ചടക്കം, കൃത്യനിഷ്ഠ എന്നീ സൈനികശീലങ്ങളുടെ പ്രതിരൂപകാത്മകതയും മമ്മൂട്ടിയില്‍  ആരോപിക്കപ്പെടുന്നുണ്ട്. എന്നിട്ടും മമ്മുട്ടിയെക്കാള്‍ ദേശീയപൗരുഷം ലാലില്‍ ആരോപിക്കപ്പെടുന്നതിന് ഇങ്ങനെയൊരു കാരണം കണ്ടെത്തുന്നത് സ്വാഭാവികമാണ്. ഇരുവരും ധാരാളം സൈനിക/പോലീസ് വേഷങ്ങള്‍ ചെയ്തിട്ടുണ്ട്, ദേശസ്‌നേഹവും സവര്‍ണ്ണ ഹൈന്ദവതയും രണ്ടു താരശരീരങ്ങളിലും വേണ്ടത്ര വിളങ്ങി നിന്നിട്ടുമുണ്ട്.
ഇങ്ങനെയൊക്കെ ആയിരിക്കെ സിനിമക്കു പുറത്തുള്ള ഒരു കാരണം തേടുന്നത് ന്യായം തന്നെ. എന്നാല്‍ ഈ ചോദ്യത്തിന്റെ ധ്വനി ഇവിടെ അവസാനിക്കുന്നതല്ല.



ചഞ്ചലത്വം/പകര്‍ന്നാട്ടം

രുവരുടേയും താരസ്വരൂപങ്ങളുടെ വിശകലനത്തില്‍ ഈ ചോദ്യത്തിന്റെ ഉത്തരം ഉണ്ട്. മമ്മൂട്ടിയെയും ലാലിനെയും താരതമ്യം ചെയ്തുകൊണ്ടുള്ള പല നിരീക്ഷണങ്ങളും പറയുന്നത് ലാലിന് മമ്മൂട്ടിയെക്കാള് റേഞ്ചുണ്ട് എന്നതാണ്. എന്നാല്‍ എന്താണീ റേഞ്ച്? അദ്ദേഹം കൈകാര്യം ചെയ്ത വൈവിദ്ധ്യമാര്‍ന്ന റോളുകളിലായി അവ തിരശ്ചീന തലത്തില്‍പരന്നു കിടക്കുന്നു.ഡ്രൈവര്‍ (ഏയ് ഓട്ടോ), കച്ചവടക്കാരന്‍ (ഇന്നത്തെ ചിന്താവിഷയം), മിഥുനം),ആശാരി(രസതന്ത്രം), ബസ് മുതലാളി(വരവേല്‍പ്പ്), ഗായകന്‍(ഹിസ്സ് ഹൈനസ്സ് അബ്ദുള്ള,ഭരതം,റോക്ക് ആന്റ് റോള്‍, കിഴക്കുണരും പക്ഷി),മാനസികരോഗി(താളവട്ടം,വടക്കുന്നാഥന്‍) ,വിപ്ലവകാരി(ലാല്‍ സലാം),ആദിവാസി(ഉയരും ഞാന്‍ നാടാകെ),തൊഴില്‍രഹിതന്‍(നാടോടിക്കാറ്റ്, യോദ്ധാ),ഗള്‍ഫ്കാരന്‍(ചന്ദ്രലേഖ,മാമ്പഴക്കാലം),കാമുകന്‍/കൊലയാളി(ചിത്രം),വീടുവിട്ടവന്‍(അഹം,വടക്കുന്നാഥന്),നാട്ടുകാരുടെ കണ്ണിലുണ്ണി(ബാലേട്ടന്‍),ഗുണ്ടാ നേതാവ്(ഛോട്ടാ മുംബൈ,സാഗര്‍ ഏലിയാസ് ജാക്കി,ആര്യന്‍),എല്‍.പി.സ്‌കൂ ള്‍അദ്ധ്യാപകന്‍(അപ്പുണ്ണി),കഥകളി നടന്‍(വാനപ്രസ്ഥം, നര്‍്ത്തകന്‍(കമലദളം),എം.ജി.ആര്‍(ഇരുവര്‍),പ്രതികാരദാഹി(ഭ്രമരം,താഴ് വാരം) എന്നിങ്ങനെ പരന്നു കിടക്കുന്ന റോളുകളുടെ വൈവിദ്ധ്യവും ബഹുലതയും അദ്ദേഹത്തിന്റെ താരസ്വരൂപത്തെ നിര്ണ്ണയിച്ചിട്ടുണ്ട്; വര്‍ദ്ധിച്ച തോതിലുള്ള താരസ്വീകാര്യതക്ക് ഇടം നല്കിയിട്ടുണ്ട്. മമ്മൂട്ടിക്കില്ലെന്നു പറയപ്പെടുന്ന ശാരീരികമായ ഫ്‌ളെക്‌സിബിലിറ്റിയും അനുസ്യൂതിയും അഭിനയ ചലനങ്ങളുടെ സാക്ഷാല്ക്കാരവുമായി ബന്ധപ്പെട്ട് ഏറെ വാഴ്ത്തപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം ചേര്‍ന്ന് ലാല്‍ എന്ന താരശരീരത്തെ ചഞ്ചലമായ ഒരു പ്രരൂപമാക്കിത്തീര്‍ത്തു എന്നതാണ് പ്രധാന വസ്തുത. അതുകൊണ്ടയാള്‍  നിമിഷനേരം കൊണ്ട് പകര്‍ന്നാടുന്നു. ഒരേ സമയം രണ്ടു കാമുകിമാരെയും സന്തോഷിപ്പിക്കുന്നു(ചന്ദ്രലേഖ,ബോയിംഗ് ബോയിംഗ്). ലാലിന്റെ താരശരീരത്തെ നിര്‍ണ്ണയിക്കുന്നതില്‍ ഇത്തരം ആള്‍മാറാട്ട റോളുകള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് സി.എസ്.വെങ്കിടേശ്വരന്‍ നിരീക്ഷിച്ചിട്ടുണ്ട്.വിദ്യാസാഗറായും സാഗര്‍ കോട്ടപ്പുറമായും (അയാള്‍ കഥയെഴുതുകയാണ്)ശിവന്‍ കുട്ടിയായും ജോസായും വിഷ്ണുവായുമൊക്കെ (ഭ്രമരം)തകിടം മറിഞ്ഞ് വട്ടപ്പാലം ചുറ്റി പകിടകളിക്കുന്ന ഈ ചഞ്ചലത്വത്തെ തീയേറ്ററിന്റെ പാതി ഇരുട്ടിലിരുന്ന് പ്രേക്ഷകമനസ്സ് പുതിയ പുതിയ ആഗ്രഹ/സ്വപ്നചിന്തകളിലൂടെ,അവയുടെ അര്‍ത്ഥസന്നിവേശങ്ങളിലൂടെ സ്വാംശീകരിച്ച് താലോലിച്ച് നിലനിര്‍ത്തി(തൊഴില്‍രഹിതരും അവിവാഹിതരുമാണ് ലാല്‍ ഫാന്‍സിലധികവുമെന്ന് ഫിലിപ്പോ ഒസെല്ലാ നിരീക്ഷിക്കുന്നു).ഓരോ ഘട്ടത്തിലും സ്വയം പുതുക്കിയും പുതിയതായി എക്‌സ്‌റ്റെന്റ് ചെയ്തും ചഞ്ചലമായി നീങ്ങുന്ന ലാലിന്റെ താരസ്വരൂപത്തെയപേക്ഷിച്ച് അചഞ്ചലമാണ് മമ്മൂട്ടിയുടേത്. അതു പൊതുവെ കൃത്യമാണ്. വിശദവും സ്പ്ഷ്ടവുമെങ്കിലും ഒട്ടും പഴുതുകളില്ലാത്തതും സന്ദിഗ്ധതകളില്ലാത്തതുമാണ്. റോളുകളിലെ വൈവിദ്ധ്യക്കുറവിനേക്കാള്‍ അസന്ദിഗ്ധതയാണ്. അഥവാ ഏകകേന്ദ്രീകൃതമായ ദാര്‍ഢ്യമാണ് (അത് മമ്മൂട്ടിയുടെ സവിശേഷഗുണമാണെന്ന് ഫാന്‍സ് എടുത്തുപറയുന്നുണ്ട്) റേഞ്ച് കുറവാണെന്ന പ്രതീതി സൃഷ്ടിക്കുന്നത്.


ചഞ്ചലത്വവും സന്ദിഗ്ദ്ധതയുമുള്ളതുകൊണ്ടു തന്നെ ഓരോ തലത്തിലും പുതുക്കിക്കൊണ്ടിരിക്കാനും ലാലിന്റെ താരസ്വരൂപത്തിന് കഴിയുന്നുണ്ട്. ഇത്തരം പുതുക്കലിന്റെ ഭാഗമായി വ്യത്യസ്ഥ സാമൂഹ്യാര്‍ത്ഥങ്ങളെ അത് ഉല്പ്പാദിപ്പിക്കുകയും ചെയ്യുന്നു. അവ മമ്മൂട്ടിയിലുള്ളതു പോലെ ഏകകേന്ദ്രീകൃതമല്ല, ബഹുകേന്ദ്രീകൃതമാണ്. ഒരു ഘടനയില്‍് നിന്ന് തികച്ചും വ്യത്യസ്തമായ മറ്റൊരു ഘടനയിലേക്ക് സംക്രമിക്കാന്‍ കഴിയുന്ന ഒന്നും കൂടിയാണിത്. ഇപ്രകാരം വൈവിദ്ധ്യങ്ങളുടേതായ നിരവധി റോളുകളെ സമീകരിക്കാതെ തന്നെ ഉള്ളടക്കുന്നതിലൂടെ ഒരു സങ്കീര്‍ണ്ണത ലാലിന്റെ താരസ്വരൂപത്തില്‍ വന്നുചേരുന്നു. ഈ സങ്കീര്‍ണ്ണതയാണ് ലാലിന്റെ താരസ്വരൂപത്തിലെ സംവേദനശേഷി എന്നു കാണാന്‍  പ്രയാസമില്ല. സംവേദനത്തിന്റെ ബഹുലതയും ബഹുസ്വരതയുമാണ് അദ്ദേഹത്തിന്റെ അഭിനയശേഷിയായും വിശാലമായ അര്‍ത്ഥത്ില്‍ 'റേഞ്ച്' ആയും പ്രേക്ഷകര്‍  അംഗീകരിക്കുന്നത്. ഈ വൈരുദ്ധ്യങ്ങള്‍ സമീകരിക്കാതെ തന്നെ ഒരേ സമയം ലാലില്‍ സഹവര്‍ത്തിത്വത്തില്‍ ഏര്‍പ്പെടുന്നു എന്നതും പ്രധാനമാണ്.


മമ്മൂട്ടിയുടെ താരസ്വരൂപം പൊതുവെ ഈ അര്‍ത്ഥത്തില്‍ സങ്കീര്‍ണ്ണമല്ല. അവ വൈരുദ്ധ്യങ്ങളെ അനുനിമിഷം പരിഹരിച്ച് ഒറ്റ കേന്ദ്രത്തില്‍ തളച്ചിട്ട് സന്ിഗ്ദ്ധതകളെ ഒഴിവാക്കുന്നു. സംവേദനത്തിന്റെ ഏകാഗ്രതയിലാണ് അതിന്റെ ഊന്നല്‍. മമ്മൂട്ടിയില്‍ 'അഭിനയം' വളരെ പ്രകടമാണെന്ന് ആളുകള്‍ പറയുന്നത് അതുകൊണ്ടാവാം. മറ്റൊരര്‍ത്ഥത്തില്‍ ഈ സങ്കീര്‍ണ്ണതയില്ലായ്മയെ തന്നെയാണ് റേഞ്ച് കുറവാണെന്നതുകൊണ്ട് ഉദ്ദേശിക്കുന്നതും.

നവഹൈന്ദവപ്രസ്ഥാനങ്ങളുടെ വളര്‍ച്ച
ലാലിന്റെ വൈവിദ്ധ്യപൂര്‍ണ്ണമായ, ചലനാത്മകമായ താരസ്വരൂപത്തിന്റെ വികാസഘട്ടം എണ്‍കള്‍ മുതല്‍ ആരംഭിക്കുകയാണ്. ഇക്കാലയളവില്‍ തന്നെയാണ് ഫാന്‍സ് അസോസിയേഷനുകള്‍ കേരളത്തില്‍ ശക്തമാകുന്നതും. നവഹൈന്ദവപ്രസ്ഥാനങ്ങളുടെ വളര്‍ച്ച പ്രത്യേകതലങ്ങളിലേക്ക് വ്യാപിച്ചുകൊണ്ട് വികസിക്കുന്നതും ഇക്കാലത്തു തന്നെ. ഇന്ത്യയെ സംബന്ധിച്ചെടത്തോളം ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക് പൊതുവേയുണ്ടായിരുന്ന മധ്യവര്‍ഗ്ഗത്തെ അഭിസംബോധനചെയ്യുന്ന രാഷ്ട്രീയാടിത്തറകള്‍ ഈ കാലയളവില്‍ മാറിമറിയുകും അതുവരെ അദൃശ്യമായിരുന്ന മറ്റു വര്‍ഗ്ഗങ്ങളും സാമൂഹ്യവിഭാഗങ്ങളും കടന്നുവരികയും ചെയ്തു. പൊതുവില്‍ സമീകരിക്കാനും ചാര്‍ച്ചകളില്‍ ഏര്‍പ്പെടാനോ കഴിയാതിരുന്ന ജന്മിവര്‍ഗ്ഗങ്ങളും വര്‍ത്തക സമൂഹങ്ങളും പിന്നോക്കക്കാരും ദളിതരുമടക്കമുള്ള ജനവിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന തരത്തില്‍ ഒരു രൂപപരിണാമം ഇക്കാലത്ത് ഹൈന്ദവ പ്രസ്ഥാനങ്ങളില്‍ സംഭവിക്കുന്നുണ്ട്. വര്‍ഗ്ഗീയതയുടെ തന്ത്രപരമായ ഒരു സ്വയം പുതുക്കല്‍ മാത്രമാണിത്. അഗാധരാഷ്ട്രീയതലത്തില്‍ യോജിക്കാന്‍ കഴിയാതിരുന്ന പരസ്പരവിരുദ്ധമായ വിഭാഗങ്ങളെ ഒരു പ്രത്യയശാസ്ത്ര (മിഥ്യ)ത്തിലേക്ക് സ്വാംശീകരിച്ചുകൊണ്ട് സംസ്‌കാരത്തിലിവ സജീവമായ ചില രൂപകങ്ങളെ സൃഷ്ടിച്ചുകൊണ്ടിരുന്നു. മുഖ്യധാരാ സിനിമ ഇത്തരം ബിംബ നിര്‍മ്മിതികളുടെ പ്രധാന വേദിയാണ്. (
രൗഹൗേൃല ശ െമ േെൃൗഴഴഹശിഴ ളീൃ ാലമിശിഴ െമ െീെരശല്യേ ശ െമ േെൃൗഴഴഹശിഴ ളീൃ ുീംലൃ എന്ന് സംസ്‌കാര പണ്ഡിതനായ ജോണ്‍ ഫിസ്‌കേ പറയുന്നു.) ഇത്തരം ദേശീയ രൂപകങ്ങള്‍ സംസ്‌കാരത്തിന്റെ ചരിത്രത്തി ല്‍ ഏറ്റവും അധികം (ചില സവിശേഷമായ സ്വീകരണങ്ങളിലൂടെയും ഒഴിവാക്കലുകളിലൂടെയും ) പ്രത്യക്ഷപ്പെടുന്ന ഇക്കാലത്താണ് ലാലിന്റെ താരനിര്‍മ്മിതിയും നടക്കുന്നത്. മോഹന്‍ലാലിന്റെ താരസ്വരൂപം ഹൈന്ദവമാണെന്നോ ഹൈന്ദവ വര്‍ഗ്ഗീതയെ നേരിട്ടുല്പ്പാദിപ്പിക്കുന്നുവെന്നോ അല്ല ഇവിടെ പറഞ്ഞുവരുന്നത്. മറിച്ച് ലാലിന്റെ താരസ്വരൂപത്തില്‍ ഉള്‍ച്ചേര്‍ന്ന പേറ്റേണുകളും അവയുടെ വിനിമയ രീതികളും മേല്പ്പറഞ്ഞ പ്രത്യയശാസ്ത്രങ്ങളുടെ പിന്തുണാവ്യവസ്ഥകള്‍ക്ക് (supporting systems) അനുരോധമായാണ് എന്നു മാത്രമാണിവിടുത്തെ വിവക്ഷ. വ്യാജമായ ചില പ്രത്യയശാസ്ത്രരൂപങ്ങളിലൂടെ വൈരുദ്ധ്യങ്ങളെയും വൈവിദ്ധ്യങ്ങളേയും സമീകരിക്കാതെയും എന്നാല്‍ അവയെ ഉള്‍ക്കൊണ്ടും (അത് അസാദ്ധ്യമായിരിക്കെ അല്‍ഭുതകരമായി സാധിച്ചുകൊണ്ട്!) ലാല്‍ ഓരോ ഘട്ടത്തിലും മുന്നേറിക്കൊണ്ടിരുന്നു. ലാലില്‍ സാദ്ധ്യമായ ഓരോ താദാത്മ്യത്തിന്റെയും ലഹരിയിലൂടെ ഫാന്‍സ് ഉള്‍പ്പടെയുള്ള പ്രേക്ഷകലക്ഷങ്ങള്‍  അവയില്‍ തങ്ങളുടേതായ, ഇന്റിമേറ്റായ, സ്വകാര്യമായ അര്‍ഥകല്പനകള്‍ സ്വരൂപിച്ചുകൊണ്ടിരുന്നു. ആവര്‍ത്തിച്ചുള്ള കാഴ്ച്ചാശീലങ്ങളിലൂടെ, സാംസ്‌കാരിക ഉപഭോഗങ്ങളിലൂടെ സാധാരണപ്രേക്ഷകര്‍ പോലും ശക്തരായ സാംസ്‌കാരിക ഉല്പാദകരായി മാറുന്നുവെന്ന് പോള്‍ വില്ലീസ് അഭിപ്രായപ്പെടുന്നു.


ലാലിന്റെ താരസ്വരൂപത്തെ വൈവിദ്ധ്യപൂര്‍ണമാക്കുന്ന വ്യത്യസ്ത സാമൂഹ്യവിഭാഗങ്ങള്‍ക്ക് മേല്പറഞ്ഞ താദാത്മ്യത്തിലൂന്നിയ എന്‍ട്രി പാസ് മമ്മൂട്ടിയില്‍ ലഭിക്കുക അത്രയെളുപ്പമല്ല. ലാലില്‍ സാദ്ധ്യമായ, തെന്നിമാറുന്നതും വഴുതിനീങ്ങുന്നതുമായ താരകേന്ദ്രീകരണങ്ങളില്‍ നിന്നും വ്യത്യസ്തമായ, ദൃഢവും അടഞ്ഞതും സ്വയം പൂര്‍ണവു(finite) മായ താരസ്വരൂപമാണ് മമ്മൂട്ടിയുടേത്.പട്ടാളവേഷത്തിലായിരിക്കുമ്പോഴും അചഞ്ചലനായ, ഉത്തരവാദിത്തവും കൃത്യനിഷ്ഠയുമുള്ള ഒരു പുരുഷ/കുടുംബ നായകനെയാണ് ആത്യന്തികമായി മമ്മൂട്ടി പ്രതിഫലിപ്പിച്ചത്.പട്ടാളക്കഥകള്‍ പലതും ഈ വ്യക്തിപൗരുഷത്തിന്റേയോ കുടുംബനായകത്വത്തിന്റേയോ പശ്ചാത്തലങ്ങളായാണ് യഥാര്‍ത്ഥത്തില്‍ ആവിഷ്‌കരിക്കപ്പെട്ടത്.ദേശീയതയെന്ന ബൃഹത് വ്യവഹാരത്തെ തൊട്ടു തലോടിപ്പോകുന്നുണ്ടെങ്കിലും അത് ഒരു അധീശത്വമായി മമ്മൂട്ടിയുടെ പട്ടാളസിനിമയില്‍ കടന്നു വരുന്നില്ല എന്നതിനുള്ള ഒരു കാരണമിതാണ്. ലാലിലാവട്ടെ അദ്ദേഹത്തിന്റെ താരസ്വരൂപത്തിന്റെയും റോളുകളുടേയും സവിശേഷതകളാല്‍ നിരവധി അപരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് കാണാം. ദേശീയതയുടെ അപരങ്ങളെ കൂടി സാധ്യമാക്കുന്ന ഒരിടം ലാലിന്റെ സിനിമകളില്‍ കടന്നു കൂടുന്നത് അങ്ങിനെയാണ്.

നവ ഹൈന്ദവപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയുടെ സവിശേഷമായ പുതിയ സാഹചര്യങ്ങളിലാണ് ഇന്ത്യയുടെ ദേശീയ അപരമായി പാക്കിസ്ഥാന്‍ തിരിച്ചറിയപ്പെടുന്നത്. പൂര്‍ണ്ണമായും അത് ഒരു ബാഹ്യ അപരമായി, ശത്രുരാജ്യമായിതന്നെ സ്ഥാപിക്കപ്പെടുകയും ചെയ്തതോടെ ആഗോളതലത്തില്‍ വ്യാപിച്ച ഭീകരവാദപ്രചരണങ്ങളിലൂടെ സൈനികശക്തിക്ക് ദേശീയതാവ്യവഹാരങ്ങളില്‍  മുമ്പെങ്ങും ഇല്ലാതിരുന്ന തരത്തില്‍ പ്രാധാന്യം വന്നു ചേര്‍ന്നു. സൈനിക നീക്കങ്ങള്‍ മുതല്‍ അണുബോംബുനിര്‍മ്മാണം വരെയുള്ള എല്ലാ സംഗതികളും അപരത്തെ ഉറപ്പിച്ചെടുക്കുന്നുണ്ട്. സൈന്യത്തിലുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരേണ്ടതിന്റെ ധാര്‍മ്മിക ബാധ്യതയെകുറിച്ച് ബി.ജെ.പി.യിലെ പല ഉയര്‍ന്ന നേതാക്കളും ഊന്നിപ്പറഞ്ഞിട്ടുണ്ട്. സൈനികതയും രാജ്യരക്ഷയും ദേശീയതയും ഭരണാധികാരവും സാധാരണ വിഭാഗങ്ങളില്‍ സ്വാധീനം ചെലുത്തുന്ന വിഷയങ്ങളായി ഇക്കാലത്ത് മാറുകയുണ്ടായി. എല്ലാ സാമൂഹ്യ വിഭാഗങ്ങളും സൈന്യത്തെ വിശ്വാസ്യമായ ഒരു വിശുദ്ധ അധീശസങ്കല്പ്പമായിത്തന്നെ പങ്കുവെച്ചിട്ടുണ്ട്.അതിവര്‍ത്തന സ്വഭാവമുള്ള ഒരു സാംസ്‌കാരിക സ്വത്വം തങ്ങളുടെ മോഹബിംബമായ/ ആള്‍ട്ടര്‍ ഈഗോ ആയ മോഹന്‍ലാലില്‍ തന്നെ നിര്‍മ്മിച്ചെടുക്കുന്നതിന് ഈയൊരു പശ്ചാത്തലമാണുള്ളത്. അത് ലാലില്‍ തന്നെയാണ് എന്നതിനുള്ള കാരണമാണ് താരസ്വരൂപമെന്ന നിലയില്‍ അദ്ദേഹത്തില്‍ സന്നിഹിതമായ വൈരുദ്ധ്യ, വൈവിദ്ധ്യങ്ങളുടെ പ്രവേശനസാധ്യതകളും പിളര്‍പ്പുകളും ചഞ്ചലത്വവും സങ്കീര്‍ണ്ണതയും മറ്റും.

1. Caroline & Filippo Osella, Malayali young men and their movie heroes
( http://eprints.soas.ac.uk/76/1/malayali.pdf)

2. സി.എസ്.വെങ്കിടേശ്വരന്:ഉടലിന്റെ താരസഞ്ചാരങ്ങള്,ഡി.സി.ബുക്‌സ്,2011

3.ഷാജിജേക്കബ്,ജനപ്രിയസംസ്‌കാരം:ചരിത്രവും സംസ്‌കാരവും,മാതൃഭൂമി ബുക്‌സ്,കോഴിക്കോട്,2009

4.Paul willis:Cultural production is different from cultural reproduction is different from social reproduction is different from reproduction:
( http://link.springer.com/article/10.1007/BF01192107#page-1)


Tuesday, July 27, 2010

പെണ്‍ ടോയിലെറ്റുകള്‍ ബാക്ക് സ്റ്റേജ് ആയിത്തീരുന്നത്....

പെണ്‍ടോയ്‌ലെറ്റുകള്‍  - ലിംഗരാഷ്ട്രീയത്തിലേക്കുള്ള
ഒരു അന്വേഷണം.

    ഒരു പൊതു ഇടം എന്ന നിലയില്‍ പബ്ലിക്ക് ടോയ്‌ലറ്റുകളെ സാംസ്‌കാരികവും ചരിത്രപരവുമായ വിവിധതരം അര്‍ത്ഥോത്പ്പാദനങ്ങള്‍ക്കുള്ള ഇടമായി ഒരു ജനത എങ്ങനെ ഉപയോഗിക്കുന്നു എന്ന അന്വേഷണം പ്രധാനമാണ്. പൊതുഇടമായിരിക്കുമ്പോള്‍ തന്നെ ടോയ്‌ലറ്റുകള്‍ക്ക് ഒരു സ്വകാര്യജീവിതമുണ്ട്, അബോധമുണ്ട്. അത് നമ്മുടെ പൊതു/സ്വകാര്യ ജീവിതങ്ങളെയും അടിമുടി നിര്‍ണ്ണായകമായി സ്വാധീനിക്കുന്നുണ്ട്. ഒരു വിഷയമെന്ന നിലയില്‍ ടോയ്‌ലറ്റുകളെ പഠനവിധേയമാക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന അനുകൂലവും പ്രതികൂലവുമായ എല്ലാ പ്രതികരണങ്ങളും ഈ സ്വാധീനശക്തിയെയാണ് കാണിക്കുന്നത്. അമേരിക്കന്‍ സാംസ്‌കാരിക ഗവേഷകരായ ഓള്‍ഗ ഗെര്‍ഷന്‍സണും ബാര്‍ബറാ പെന്നറും ചേര്‍ന്ന് 2004 ല്‍ ടോയ്‌ലെറ്റുകളെക്കുറിച്ചുള്ള ഒരു പഠനസമാഹാരം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. എന്‍ട്രികള്‍ ക്ഷണിച്ചുകൊണ്ടുള്ള അവരുടെ പരസ്യത്തിനുനേരെ അക്കാദമിക് ബുദ്ധിജീവി വൃത്തങ്ങളും വെബ്‌സൈറ്റുകളും പത്രക്കാരും കടുത്തവിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. വാള്‍സ്ട്രീറ്റ് ജേണലിന്റെ കമന്റ് 'ഒീം ീേ ലമൃി ്യീൗൃ 'ജലല'വ.ഉ?' എന്നായിരുന്നു. നമ്മുടെ നാട്ടിലും ഇത്തരം വിഷയങ്ങളെ 'ഇച്ചീച്ചി'യായി തന്നെയാണ് ഇപ്പോഴും കാണന്നത്. ഗൗരവമായ ചര്‍ച്ചക്കുള്ള അക്കാദമിക് യോഗ്യത തെളിയിക്കപ്പെട്ടിട്ടില്ലാത്ത വിഷയം. ശാരീരികതയെയും ലൈംഗികതയെയുമൊക്കെ സ്പര്‍ശിച്ചു നില്‍ക്കുന്ന സ്വകാര്യവും അബോധവുമായ ഒരു തലം ടോയ്‌ലെറ്റുകള്‍ക്കുള്ളതിനാല്‍ തന്നെ നമ്മുടെ പൊതുസാംസ്‌കാരിക ചര്‍ച്ചകളില്‍ ഈ വിഷയം കടന്നുവരാറില്ല., വികസനത്തെക്കുറിച്ചും പൊതുജനാരോഗ്യത്തെക്കുറിച്ചുമുള്ള ഭരണകൂട അജണ്ടയായി അവ നിലനില്‍ക്കാറുണ്ടെങ്കിലും. അതിനപ്പുറം ഒരു സമൂഹം ടോയ്‌ലറ്റുകളെ സംബന്ധിച്ച സാമൂഹ്യ/ രാഷ്ട്രീയ  അബോധം സ്വരൂപിക്കുന്നതെങ്ങനെ എന്നതും അന്വേഷിക്കേണ്ടതുണ്ട്.
    ജാതിമതകേന്ദ്രിതമായ ഒരു സമൂഹമെന്ന നിലയില്‍ കേരളീയരുടെ ശാരീരിക പ്രക്രിയകളും പരിചരണങ്ങളും (ആീറശഹ്യ എൗിരശേീി)െ ജീവശാസ്ത്രപരമെന്നതുപോലത്തന്നെ ആചാരപരവും കൂടിയായിരുന്നു. പുലകുളി, വേതുകുളി, ബലികര്‍മ്മത്തോടനുബന്ധിച്ചുള്ള കുളി, വ്രതസ്‌നാനങ്ങള്‍ മുതലായവ സൂചിപ്പിക്കുന്നത് ഇതാണ്. 'പത്തൊമ്പതാം നൂറ്റാണ്ടിലെ കേരള'ത്തില്‍ പി. ഭാസ്‌കരനുണ്ണി അക്കാലത്തെ ആചാരങ്ങളെക്കുറിച്ച് എഴുതുന്നു, 'ഭൂമി, ഭൂമിദേവിയാണ്. അതിനാല്‍ ഭൂമിയില്‍ നേരെ മലമൂത്രവിസര്‍ജ്ജനമരുത്. പുല്ലോ വൈക്കോലോ മറ്റോ കൊണ്ടുമൂടിയ ഭാഗത്ത് വേണം വിസര്‍ജ്ജിക്കേണ്ടത്. ആ സമയം നിര്‍ബ്ബന്ധമായും തലമറച്ചിരിക്കണം. ഓരോ സമയവും ഏതു ദിക്ക് നോക്കിയാണ് ഇരിക്കേണ്ടതെന്നുള്ളതിനും ആചാരമുണ്ട്.' (പുറം 51) തുടര്‍ന്ന് അദ്ദേഹം ശൗചവിധികളെക്കുറിച്ചും വിശദീകരിക്കുന്നു. ജാതിശരീരത്തിന്റെ ഉച്ചനീചത്വങ്ങള്‍ക്കനുസരിച്ച് ആചാരങ്ങളും വ്യത്യസ്തമായിരുന്നു. മലമൂത്രവിസര്‍ജ്ജനത്തിന് ശേഷം സവര്‍ണ്ണര്‍ ശൗചം ചെയ്താലോ തുപ്പിയാലോ അശുദ്ധമാകാത്ത കുളം അവര്‍ണ്ണന്റെ സ്പര്‍ശത്താല്‍ മലിനമാകുന്നതിനെക്കുറിച്ച് 'ഹിന്ദുനിയമത്തിന്റെ നില'(മാതൃഭൂമി വിശേഷാല്‍പ്രതി, 1934) യില്‍ വി.കെ. നാരായണഭട്ടതിരി രോഷം കൊള്ളുന്നുണ്ട്.
വെളിക്കിരിക്കല്‍
കേരളത്തിന്റെ ചരിത്രത്തില്‍ മലമൂത്ര വിസര്‍ജ്ജനം ആദ്യകാലത്ത് വൈയക്തിക സ്വകാര്യതയുമായി ബന്ധപ്പെട്ട ഒരു പ്രവൃത്തിയിരുന്നില്ല. കൂട്ടമായും അല്ലാതെയും വീടിനുപുറത്ത് വിശാലമായ പറമ്പുകളിലും മറ്റുമായി ആളുകള്‍ ഇത് നിര്‍വ്വഹിച്ചുപോന്നു. മലവിസര്‍ജ്ജനത്തെ 'വെളിക്കിരിക്കല്‍'എന്നാണ് പലയിടത്തും വ്യവഹരിച്ചു വന്നിട്ടുള്ളത് തന്നെ. 1872 ല്‍ പുറത്തിറങ്ങിയ ഗുണ്ടര്‍ട്ടിന്റെ  മലയാള നിഘണ്ടുവില്‍ ഡച്ചുഭാഷയില്‍ നിന്നും സ്വീകരിച്ച മലയാളം വാക്കായ കക്കൂസിന് 'ജൃശ്്യ' എന്ന് അര്‍ത്ഥം നല്‍കിയിട്ടുണ്ടെങ്കിലും വിസര്‍ജ്ജനവുമായി ബന്ധപ്പെട്ട സ്വകാര്യത മലയാളിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് പിന്നെയും ദശകങ്ങള്‍ക്കുശേഷമാണ്.
    'വര്‍ഷങ്ങള്‍ക്കു മുമ്പ്' എന്ന ആത്മകഥാപരമായ കൃതിയില്‍ തന്റെ അമ്മായി കുട്ടിയോപ്പുവിനെക്കുറിച്ച് മാധവിക്കുട്ടി എഴുതുന്നു., 'അമ്മായി അമ്പാഴത്തേല്‍ വെച്ചുമാത്രമല്ല, നാലപ്പാട്ടുവെച്ചും മറപ്പുരയ്ക്ക് പോകുമ്പോള്‍ വെള്ളക്കിണ്ടി എടുക്കാനായി ഒരു വേലക്കാരിയെ തന്റെ കൂടെ കൊണ്ടുപോവാറുണ്ടായിരുന്നു. വാതിലിനപ്പുറം ചവിട്ടുപടിമേലിരുന്നുകൊണ്ട് അവള്‍ അമ്മായിയോട് ഉറക്കെയുറക്കെ സംസാരിക്കുക പതിവായിരുന്നു. സംസാരത്തിന് ആളെ കിട്ടിയില്ലെങ്കില്‍ തന്റെ ശോധന ശരിയാവില്ലെന്ന് വടക്കെകോലായില്‍ നിന്നുകൊണ്ട് അമ്മായി പ്രഖ്യാപിച്ചു.' (പുറം 795 മാധവിക്കുട്ടിയുടെ സമ്പൂര്‍ണ്ണ കൃതികള്‍) നാലപ്പാട്ടെ വേലക്കാരികള്‍ സംഘംചേര്‍ന്ന് വെളിക്കിരിക്കാന്‍ പോകുന്നതിനെക്കുറിച്ച് മാധവിക്കുട്ടി വിവരിക്കുന്നുണ്ട്. 'വീട്ടിലെ വേലക്കാര്‍ മറപ്പുര ഉപയോഗിച്ചിരുന്നില്ല. ഉപയോഗിക്കാന്‍ അധികാരമില്ലാഞ്ഞിട്ടല്ല. ഉപയോഗിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടു തന്നെ. അവര്‍ സന്ധ്യാനേരത്ത് ഒരു സംഘമായി പടിഞ്ഞാറെ പറമ്പിലേക്കും വടക്കോട്ടെ തോട്ടിലേക്കും നടക്കും.....ഇരുട്ടില്‍നിന്ന് അവര്‍ അന്യോന്യം സംസാരിക്കാറുണ്ടായിരുന്നു.' (പുറം 567 'ബാല്യകാല സ്മരണകള്‍'-മാധവിക്കുട്ടിയുടെ സമ്പൂര്‍ണ്ണ കൃതികള്‍)
    സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ പ്രാകൃത രൂപത്തിലുള്ള കുഴിക്കക്കൂസുകളും തടിക്കക്കൂസുകളും പതുക്കെപ്പതുക്കെ പ്രചാരത്തില്‍ വന്നുതുടങ്ങിയിരുന്നു. എങ്കിലും മലവിസര്‍ജ്ജനത്തിന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട ഒരു പരിഷ്‌കാരമായിരുന്നില്ല, പുതുതായി രൂപംകൊണ്ട ഈ മറപ്പുരകള്‍ എന്നതാണ് ശ്രദ്ധേയം.  രണ്ട് പേര്‍ക്ക് ഒരേ സമയം ഇരിക്കാവുന്ന നാലപ്പാട്ടെ മറപ്പുരകളെക്കുറിച്ചും മാധവിക്കുട്ടി എഴുതുന്നുണ്ട്. 'അന്നൊക്കെ നാലപ്പാട്ട് വീട്ടില്‍ കക്കൂസുകളുണ്ടായിരുന്നില്ല. എകദേശം ഒരു ഫര്‍ലോംഗ് നടന്നാല്‍ പടിഞ്ഞാറെപ്പറമ്പില്‍ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന മറപ്പുര കാണാം. അതില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ മുറികളുണ്ടായിരുന്നു. ഓരോ മുറിയിലും രണ്ട്‌പേര്‍ക്കിരിക്കാനുള്ള സൗകര്യവും....' (പുറം 567 മാധവിക്കുട്ടിയുടെ സമ്പൂര്‍ണ്ണ കൃതികള്‍)
    അതേ സമയം കുഴിക്കക്കൂസുകള്‍ 'വെളിക്കിരിക്കലി'നെ പൂര്‍ണ്ണമായും ഇല്ലാതാക്കിയില്ല. രണ്ട് രീതികളും ഒരേസമയം വളരെക്കാലം നിലനിന്നുപോന്നു. ഇന്നത്തെ അപേക്ഷിച്ച് അക്കാലം 'വികാര' രഹിതമായ കാലമായിരുന്നുവെന്ന് നാട്ടിന്‍പുറത്തുകാരനായ ഒരാള്‍ തന്റെ ചെറുപ്പകാലത്തെ അനുസ്മരിച്ചുകൊണ്ട് പറഞ്ഞതോര്‍ക്കുന്നു.
രാഷ്ട്രം . അച്ചടക്കം. കുടുംബം.
അധികാരം, എല്ലായ്‌പ്പോഴും വ്യക്തികളെ അതിന്റെ പ്രത്യയശാസ്ത്രത്തിന് അനുസൃതമായി മെരുക്കിയെടുക്കുന്നു. വ്യക്തികളിലൂടെ ശരീരങ്ങളെയും ശാരീരിക പ്രക്രിയകളേയും അധികാരമൂല്യങ്ങള്‍ക്കു വിധേയമായി  അച്ചടക്കത്തിലാക്കുന്നു. രാഷ്ട്രവും വ്യക്തിയും തമ്മിലുള്ള ബന്ധം സവിശേഷമായ രീതിയില്‍ പുനഃക്രമീകരിക്കുന്നതിലൂടെ രാഷ്ട്രഘടനയിലേക്ക് കുടുംബം കണ്ണിചേര്‍ക്കപ്പെടുകയും ചെയ്യുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ക്ഷേമരാഷ്ട്ര സങ്കല്‍പ്പങ്ങളിലൂടെയും ഭിന്നവര്‍ഗ്ഗലൈംഗികത (ഒലലേൃീ ലെഃൗമഹ) യിലധിഷ്ഠിതമായ  അണുകുടംബ ഘടനയുടെ സ്ഥിരീകരണത്തിലൂടേയും കുടുംബം എന്നത് ഒരു ആദര്‍ശാന്മക മാതൃകയായി തീരുന്നത് ഈ മെരുക്കലിലൂടെയാണ്. രാഷ്ട്രത്തിന്റെ നിര്‍ദ്ദേശക നിയമങ്ങള്‍ക്കനുസൃതമായി അനുശാസനം ചെയ്‌തെടുത്ത (ഉശരെശുഹശിലറ) കുടുംബഘടന രൂപപ്പെട്ടു വരുന്നതിനു സമാന്തരമായാണ് ഗാര്‍ഹിക വാസ്തുഘടനയുടെ ഭാഗമായി വീടിന് തൊട്ടടുത്തോ ചേര്‍ന്നോ അകത്തോ  ഒക്കെയായി ടോയ്‌ലെറ്റുകള്‍ ഉണ്ടാവുന്നത്. മുന്‍കാലങ്ങളില്‍  പറമ്പുകളിലും വെളിമ്പ്രദേശങ്ങളിലുമായി  കൂട്ടമായി മലവിസര്‍ജ്ജനം നടത്തിയിരുന്ന ഒരു ജനത മറപ്പുരയുടെ നാലു ചുവരുകള്‍ക്കകത്തേക്ക് കടന്നു വരുന്നത് ഈ ഇണക്കിയെടുക്കലിന്റെ കൂടി ഭാഗമായാണ്. രാഷ്ട്രനിര്‍മ്മാണത്തിന്റെ അനുപേക്ഷണീയ ഘടകമായി അച്ചടക്കത്തിലുള്ള, മെരുക്കപ്പെട്ട, കുടുംബ/വ്യക്തി ശരീരങ്ങള്‍ തിരിച്ചറിയപ്പെട്ടു. ആരോഗ്യത്തെക്കുറിച്ചുള്ള ആധുനികബോധത്തിനും ('ന്റുപ്പാപ്പക്കൊരാനേണ്ടാര്‍ന്ന'ുവിലെ  പരിഷ്‌കരണവാദിയായ നിസ്സാര്‍അഹമ്മദ് ആറ്റുവക്കിലും പൊതുവഴിയിലും വെളിക്കിറങ്ങുന്ന മനുഷ്യരെക്കുറിച്ച് അമര്‍ഷം കൊള്ളുന്നുണ്ട്.) പരിഷ്‌കാരങ്ങളോടുള്ള അഭിനിവേശത്തിനുമുപരി മേല്‍പ്പറഞ്ഞ രാഷ്ട്രത്തിന്റെ ആധികാരികതയും അധികാര പ്രയോഗങ്ങളുമാണ് ഇത്തരം ടോയ്‌ലറ്റുകളുടെ പിറവിക്കുപിന്നില്‍ പ്രധാനപങ്കു വഹിച്ചത്.
    ഇന്ത്യന്‍ രാഷ്ട്രഘടനയിലേക്ക് അണുകുടുംബ ഘടനയെ ഉള്‍ച്ചേര്‍ക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഒന്നാണ് അടിയന്തിരാവസ്ഥ. അക്കാലത്തെ നിയമനിര്‍മ്മാണങ്ങളും വികസന പദ്ധതികളും ഏറെയും 'ക്ഷേമരാഷ്ട്ര' ത്തിന് അനുയോജ്യമായ കുടുംബങ്ങളെ ലക്ഷ്യമാക്കിയുള്ളതായിരുന്നു. ഇന്ദിരാഗാന്ധിയുടെ ഇരുപതിന പരിപാടിയും സഞ്ജയ്ഗാന്ധിയുടെ നാലിനപരിപാടിയും കുടുംബങ്ങളെ നേരിട്ട് അഭിസംബോധന ചെയ്തു.
    നാലിനപരിപാടിയില്‍ സഞ്ജയ്ഗാന്ധി നിര്‍ദ്ദേശിക്കുന്നു, 'കുടുംബത്തില്‍ കുട്ടികളുടെ എണ്ണം രണ്ടായി പരിമിതപ്പെടുത്തുക, വിവാഹത്തിന് ഒരു നിബന്ധന എന്ന നിലയിലുള്ള സ്ത്രീധനം ഒഴിവാക്കുക, ഒരു നിരക്ഷരനെയെങ്കിലും സാക്ഷരനാക്കുക, വര്‍ഷത്തിലൊരു മരമെങ്കിലും വെച്ചുപിടിപ്പിക്കുക, മെച്ചപ്പെട്ട സാനിറ്ററി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക.' ഇത്തരത്തില്‍ സ്റ്റേറ്റിന്റെ അടിയന്തിരാവസ്ഥക്കാലത്തെ 'ഗാര്‍ഹിക ക്രമീകരണ'ങ്ങളുടെ ഭാഗമായി സാനിറ്ററി സംവിധാനങ്ങള്‍ കൂടി വിഭാവനം ചെയ്യപ്പെട്ടു എന്നത് യാദൃച്ഛികമായിരുന്നില്ല.
    കാറിനെക്കുറിച്ചുള്ള സാംസ്‌കാരിക പഠനത്തില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വികസന പരിപ്രേക്ഷ്യത്തില്‍ ചെറുകുടുംബമെന്ന സങ്കല്‍പ്പം എങ്ങിനെ മാരുതിക്കാറുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സി.എസ് വെങ്കിടേശ്വരനും കുടുബാസൂത്രണ പദ്ധതികള്‍ എങ്ങനെ  സമാനമായ ഫലങ്ങള്‍ ഉത്പ്പാദിപ്പിക്കുന്നു എന്നതിനെക്കുറിച്ച് ജെ. ദേവികയും എഴുതുന്നുണ്ട്.
    എന്നാല്‍ നിയതമായ ഘടനയോടുകൂടിയ കക്കൂസുകള്‍ പറമ്പില്‍ നിന്നും വീടിന്റെ വാസ്തുഘടനയിലേക്ക് കടന്നുകൂടുന്നത് അത്രമേല്‍ സുഗമമായിരുന്നില്ല. അല്ലറചില്ലറ എതിര്‍പ്പുകള്‍ യാഥാസ്ഥിതികരില്‍ നിന്ന് ഉയര്‍ന്നു വന്നിരുന്നു. തൊണ്ണൂറുകളുടെ ഒടുവില്‍ പി. ഗോവിന്ദപ്പിള്ള നടത്തിയ ഒരു പൊതുപ്രസംഗത്തില്‍ തന്റെ പിതാവ് വീടിനകത്ത് കക്കൂസ് പണിതതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെക്കുറിച്ച് പരാമര്‍ശിച്ചതോര്‍ക്കുന്നു.
ഗാര്‍ഹികവല്‍ക്കരിക്കപ്പെട്ട സ്ത്രീ.
    സ്വാഭാവികമെന്നു തോന്നുന്ന സ്വകാര്യതയ്ക്കു വേണ്ടിയായിരുന്നില്ല കക്കൂസിന്റെ പരിഷ്‌കാരങ്ങള്‍ രൂപംകൊണ്ടത്. മറിച്ച് രാഷ്ട്രവും കുടുംബവും തമ്മിലുള്ള ബന്ധത്തില്‍ പുതുതായുണ്ടായ മേല്‍സൂചിപ്പിച്ച ബലതന്ത്രങ്ങളും ആധുനികതയിലേക്കുള്ള ഒരു സമൂഹത്തിന്റെ അഭിനിവേശങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് അവ. വെളിമ്പ്രദേശങ്ങളില്‍ നിര്‍ബ്ബാധം ഒട്ടും രഹസ്യാത്മകതയില്ലാതെ മലമൂത്രവിസര്‍ജ്ജനം നിര്‍വ്വഹിച്ചിരുന്ന ജനത ഇതേ ആവശ്യങ്ങള്‍ക്കു വേണ്ടി ഗാര്‍ഹിക ടോയ്‌ലെറ്റുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ അതിലെ അംഗങ്ങളില്‍ അത് ഒരുപോലെയല്ല പ്രതിപ്രവര്‍ത്തിച്ചത്.  വീടുകളിലെ ടോയ്‌ലറ്റുകള്‍ രൂപം കൊണ്ടിട്ടും പുരുഷന്മാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പലപ്പോഴും പുറത്തെവിടേയും (പ്രത്യേകിച്ച് മൂത്രമൊഴിക്കല്‍) ഇക്കാര്യങ്ങള്‍ നിര്‍വ്വഹിച്ചു പോരുന്നു. പുരുഷന്മാര്‍ക്ക് ലോകം മുഴുവന്‍ മൂത്രപ്പുരയാണെന്ന് 'ഏവുരാന്‍' എന്ന ബ്ലോഗര്‍ ('ആവനാഴി' ബ്ലോഗ്) എഴുതുന്നു. അതേസമയം സ്ത്രീ ശരീരവും ശാരീരിക വൃത്തികളും വെളിവായോ പൊതുവായോ ചെയ്തിരുന്ന അവസ്ഥയില്‍ നിന്നും അണിയറയിലേക്ക് തള്ളിനീക്കപ്പെട്ടു. സ്ത്രീജീവിതം എല്ലാ അര്‍ത്ഥത്തിലും സ്വകാര്യ ഇടങ്ങളില്‍  തളയ്ക്കപ്പെട്ടു.
    ചുരുക്കത്തില്‍ വെളിയില്‍ നിന്നും കക്കൂസുകള്‍ വീടിനോട് ചേര്‍ന്നോ വീടിനകത്തേക്കോ പിന്‍വാങ്ങുന്നതിലൂടെ സ്ത്രീകള്‍ കൂട്ടമായിത്തന്നെ  വീടിനകത്തേക്കു പിന്‍വാങ്ങുന്നു. അതുപക്ഷേ സ്ത്രീയുടെ 'സ്വകാര്യത'യുടെയും 'അന്തസ്സി'ന്റെയും അകമ്പടിയോടെയാണെന്നു മാത്രം. 1986 ല്‍ പ്രഖ്യാപിക്കപ്പെട്ട 'സെന്‍ട്രല്‍ റൂറല്‍ സാനിറ്റേഷന്‍ പ്രോഗ്രാം' 'ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തലും സ്ത്രീകളുടെ സ്വകാര്യതയും അന്തസ്സും സംരക്ഷിക്കലും' അതിന്റെ ഉദ്ദേശ്യലക്ഷ്യമായി പ്രഖ്യാപിക്കുന്നുണ്ട്.
    ഇപ്രകാരം ആധുനിക കുടുംബ ബോധം സ്വായത്തമാക്കിയ സ്ത്രീപ്രരൂപം  പതുക്കെപ്പതുക്കെ ഒരു ആദര്‍ശ ബിബംമായി ഉറയ്ക്കുന്നു. ഇങ്ങനെ ഗാര്‍ഹികവല്‍ക്കരിക്കപ്പെട്ട സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളുടെ വൈയക്തികവും സാമൂഹികവുമായ ഇടപെടലുകള്‍ പുരുഷാധികാരത്താല്‍ നിശ്ചിതവും  നിയതവും നിയന്ത്രണവിധേയവുമാണ്. കുലീനമായ പെരുമാറ്റസംഹിതകളും ശാരീരികചലനങ്ങളും അവളില്‍ സ്വാഭാവികമെന്നവണ്ണം ഉള്‍ചേര്‍ക്കപ്പെട്ടു. ഗാര്‍ഹിക പരിധിക്കുള്ളിലും വെളിയിലും ഇത്തരം അനുശീലനങ്ങള്‍ പുരുഷാധിപത്യ നിരീക്ഷണത്തിന് വിധേയമായതിനാല്‍ സ്ത്രീകള്‍ വിട്ടുവീഴ്ചയില്ലാതെ അവയെ അനുവര്‍ത്തിച്ചു പോന്നു. പുരുഷഭാവനയില്‍ ഗാര്‍ഹിക സ്ത്രീത്വത്തിന് അനിവാര്യമായ സൗന്ദര്യാത്മക മൂല്യത്തെയാണിവ പ്രദാനം ചെയ്തത.് ഈ ഭാവനാത്മക സ്വാച്ഛന്ദ്യത്തെ തകര്‍ക്കുന്നിടത്താണ് ബഷീറിന്റെ 'ഭര്‍ര്‍..'എന്ന കഥയുടെ വിധ്വംസകത. ഗാര്‍ഹികവല്‍ക്കരണത്തിന്റെ അച്ചടക്ക അടയാളങ്ങളും ആധുനിക ബോധത്തിന്റെയും പുരോഗമനത്തിന്റെയും പ്രത്യക്ഷങ്ങളും ഒരേ സമയം ബാലന്‍സ് ചെയ്ത് കൊണ്ടുനടക്കുകയെന്ന ഇരട്ട ജോലിയാണ് 'കുലീന'സ്ത്രീക്കുള്ളത്
പൊതു ഇടങ്ങളും പൊതു ടോയ്‌ലറ്റുകളും.
    പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്ന സ്ത്രീയില്‍ ഈ സംഘര്‍ഷം പലനിലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അപരിചിതമായ ഇടങ്ങളില്‍ പ്രത്യേകിച്ചും. പൊതുസ്ഥലത്ത്, പ്രധാനമായും യാത്രകളിലും മറ്റും നേരിടുന്ന ലൈംഗിക ആക്രമണങ്ങളെക്കുറിച്ച് ജെ. ദേവിക വിശകലനം ചെയ്യുന്നത് കൂടുതല്‍ കൃത്യമായ (ശ്രേണീബദ്ധമായ) ജാതി പദവിയുമായി ബന്ധപ്പെടുത്തിയാണ്. 'വീടിനു പുറത്തിറങ്ങാന്‍ ഒരു സവര്‍ണ്ണ സ്ത്രീക്ക് ആവശ്യമോ അധികാരമോ ഇല്ല എന്നാണല്ലോ വയ്പ്. പിന്നെ കുടുബത്തിന്റെ ആവശ്യത്തിന് ജോലിചെയ്യുന്നു എന്നൊക്കെ പറഞ്ഞ് ഒരു ക്ഷമാപണത്തോടെ ഇറങ്ങുന്നു എന്നുമാത്രം. ഇങ്ങനെ പോകുന്നതിനിടയ്ക്ക് ലൈംഗിക ശല്യം അവള്‍ അവര്‍ണ്ണ സ്ത്രീയാണെന്ന്  പറയുന്നതിനു സമമാണ്. കാരണം അവര്‍ണ്ണ സ്ത്രീകള്‍ക്ക് അങ്ങനെ യാതൊരു സംരക്ഷണവുമില്ല അവരെ ഏതു പൊതുനിരത്തില്‍ വെച്ചും ഉപദ്രവിക്കാനുള്ള മൗനാനുവാദം സവര്‍ണ്ണമൂല്യങ്ങള്‍ പുരുഷാധിപത്യത്തിന് നല്‍കിയിട്ടുണ്ട്! ഞങ്ങള്‍ക്കനുവദിക്കപ്പെട്ട സംരക്ഷണം പൊതുവഴിയിലേക്കിറങ്ങുമ്പോള്‍ നഷ്ടമാകുന്നതോടെ സവര്‍ണ്ണസ്ത്രീ അവര്‍ണ്ണസ്ത്രീയുടെ പദവിയിലേക്ക് താഴും. രണ്ടുകൂട്ടരും ഒരേ അളവില്‍ കീഴ്‌പ്പെട്ട അവസ്ഥയിലാകും.' (ആഗോള വിപണി കുടുംബ മൂല്യങ്ങളെ നിര്‍ണ്ണയിക്കുന്നു. സംഭാഷണം ജെ. ദേവിക - ജി. ഉഷാകുമാരി, മാധ്യമം  അഴ്ചപ്പതിപ്പ് 2010 മാര്‍ച്ച് 15)
    പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്ന സ്ത്രീകളുടെ മാനസികാവസ്ഥയെ സംഘര്‍ഷഭരിതമാക്കുന്ന പൊതുബോധമാണ് ഇവിടെ നാം വിശദീകരിച്ചത്. ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല പൊതു ടോയ്‌ലറ്റുകളുമായി ബന്ധപ്പെട്ട സ്ത്രീയവസ്ഥയും. സ്ത്രീകള്‍ക്ക് സൗകര്യപ്രദമായ പൊതുടോയ്‌ലറ്റുകള്‍ ലഭ്യമല്ല എന്നത് ഫലത്തില്‍ അവരുടെ പൊതുസഞ്ചാരത്തിനും ഇടപെടലുകള്‍ക്കുമുള്ള വിലക്കായിത്തന്നെ കണക്കാക്കണം. തീവ്രമായ ലിംഗവിവേചനത്തിന്റെ പ്രശ്‌നം തന്നെയായി അതിനെ കാണേണ്ടതുണ്ട്. തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും ബസ്സ് സ്റ്റാന്റുകളിലും മറ്റു പൊതുവിടങ്ങളിലും ടോയ്‌ലറ്റുകളുടെ സൗകര്യമില്ലാത്തതുകൊണ്ട് വേണ്ടത്ര വെള്ളം കുടിക്കാതിരിക്കുകയും അതുമൂലം മൂത്രാശയ രോഗങ്ങളും മറ്റസുഖങ്ങളും അവരെ ബാധിക്കുകയും ചെയ്യുന്നതായി എത്രയോ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്, വന്നുകൊണ്ടിരിക്കുന്നു! ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം പൗരത്വം എന്നതിനെക്കുറിച്ചുള്ള പൊതുധാരണ രൂപീകരിക്കപ്പെടുന്നതു തന്നെ പുരുഷനുമായി ബന്ധപ്പെട്ടുകൊണ്ടാണ്. വ്യാവഹാരിക അര്‍ത്ഥത്തില്‍ പൗരന്‍ എന്നത് പുരുഷന്‍ എന്നതിന്റെ മറ്റൊരു പേരാണ്. ലിംഗഭേദത്തിന്റേയും വിവേചനത്തിന്റേയും അടയാളങ്ങള്‍ എന്ന നിലയില്‍ ടോയ്‌ലറ്റുകളെ ഭീതിജനകമായ ഇടമാക്കി മാറ്റുന്നതില്‍ സ്റ്റേറ്റിന് വലിയ പങ്കുണ്ട്.
    ചുരുക്കത്തില്‍ ടോയ്‌ലെറ്റുകളുടെ അഭാവം സ്ത്രീകളുടെ ഗാര്‍ഹികവല്‍ക്കരണത്തിന്റെ മറുവശമാണ്. മറ്റൊരര്‍ത്ഥത്തില്‍ ഗാര്‍ഹികവല്‍ക്കരണം  കൂടുതല്‍ കൂടുതല്‍ സ്ഥിരീകരിച്ചെടുക്കാനുള്ള ഗൂഢമായ ഉപാധിപോലുമാണത്.
കാമ്പസുകളില്‍
    'പിങ്കിപിങ്കി' ഒരു ആഫ്രിക്കന്‍ നാഗരികമിത്താണ്. സ്‌കൂളുകളിലെ ടോയ്‌ലറ്റുകളുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഒരു മിത്ത്. അവിടങ്ങളിലെ സ്ത്രീലൈംഗികഭീതിയെ വെളിവാക്കുന്ന ഒന്നാണത്. പകുതി പുരുഷനും പകുതി സ്ത്രീയുമായി ഗുഹ്യരോമങ്ങളില്ലാത്ത, എന്നാല്‍ പുരുഷലിംഗമുള്ള മൃഗസദൃശമായ ഒരു രൂപമാണതിനുള്ളത്. പിങ്ക് നിറത്തില്‍ ഇമകളില്ലാത്ത കണ്‍പോളകളോടെ ഭീതിപ്പെടുത്തുന്ന തുറിച്ചുനോട്ടമുള്ള ഈ പൈശാചികരൂപം മൂത്രപ്പുരകളില്‍ ജീവിക്കുന്നുവത്രെ. അത് ഇളം പ്രായത്തിലുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുമെന്ന വിശ്വാസം നിലനിന്നിരുന്നു. സ്ത്രീശബ്ദത്തില്‍ സംസാരിച്ച് പിന്നാലെ വന്നു പിടികൂടുന്ന അത് പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളു. ആണ്‍കുട്ടികള്‍ക്ക് അതിനെ കാണാന്‍ കഴിയില്ലത്രെ. പെണ്‍കുട്ടികളുടെ ലൈംഗികഭീതിയായും പെണ്‍കുട്ടികളെ ഭയപ്പെടുത്താനും അടക്കി നിര്‍ത്താനും ഉപയോഗിക്കുന്ന കഥയായും ഇതിനെ വ്യാഖാനിക്കാറുണ്ട്. എന്തുതന്നെയായാലും പൊതുവിടങ്ങളിലേതിനു സമാനമായ ലിംഗപദവി സംഘര്‍ഷം സ്‌കൂള്‍ കോളേജ് കാമ്പസുകളിലെ ടോയ്‌ലറ്റുകളിലും കാണാന്‍ കഴിയുമെന്നാണിത് സൂചിപ്പിക്കുന്നത്.
    ലിംഗപരമായി വേര്‍തിരിക്കപ്പെട്ട (ടലഃ ടലഴൃലഴമലേറ)വയാണ് ആണ് കാമ്പസ്സുകളിലെ ടോയ്‌ലറ്റുകള്‍. ഈ വേര്‍തിരിക്കല്‍ സവിശേഷമായ ഒരു വൈരുദ്ധ്യം സൃഷ്ടിക്കുന്നുണ്ട്. വേര്‍തിരിക്കപ്പെട്ട ടോയ്‌ലറ്റുകളുപയോഗിക്കാന്‍ പരിശീലിപ്പിക്കുന്നതിലൂടെ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ലിംഗപരമായ വേര്‍തിരിവ് ഉറപ്പിച്ചെടുക്കുന്നു. ഭിന്നവര്‍ഗ്ഗ ലൈംഗികവും പുരുഷാധിപത്യപരവുമായ കുടുംബഘടനയുടെ മൂല്യവ്യവസ്ഥക്കനുസൃതമായി ലിംഗവരിക്കപ്പെട്ട മൂല്യങ്ങള്‍ (ഏലിറലൃലറ ഢമഹൗല)െ അവര്‍ സ്വായത്തമാക്കുന്നു. ആണ്‍കോയ്മാവ്യവസ്ഥയുടെ ഇരകളായ പെണ്‍കുട്ടികളാകട്ടെ, ഈ വേര്‍തിരിവ് പോസിറ്റീവായി സ്വീകരിക്കുന്നു എന്നിടത്താണ് വൈരുദ്ധ്യം. തങ്ങളുടേതു മാത്രമായ ഒരിടം - ആണ്‍കുട്ടികള്‍ക്ക് കളിസ്ഥലങ്ങളും കറങ്ങി നടക്കാന്‍ തെരുവുകളും മെന്‍സ് ക്ലബ്ബുകളും മറ്റുമുള്ളതുപോലെ - തങ്ങള്‍ക്കു മാത്രമായ ഒരിടമായി അവര്‍ ടോയ്‌ലെറ്റിനേയും ഗേള്‍സ് റൂമുകളെയും കാണുന്നു. ആണുങ്ങളുടെയും മറ്റ് അധികാര സ്ഥാപനങ്ങളുടെയും ചോദ്യം ചെയ്യലുകള്‍  പ്രവര്‍ത്തിക്കാത്ത, സ്വയം ഭരണാധികാരമുള്ള ഒരിടം കൂടിയാണ് പലപ്പോഴുമത്. ആര്‍ത്തവകാലങ്ങളിലെ ശാരീരികവും മാനസികവുമായ പിരിമുറുക്കങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് ടോയ്‌ലറ്റ് ഒരു സ്വാസ്ഥ്യത്തിന്റെ ഇടമാണ്. പലപ്പോഴും അണിഞ്ഞൊരുങ്ങാനും രഹസ്യങ്ങള്‍ പങ്കുവെക്കാനുമുള്ള ഇടമായി അവര്‍ അതിനെ മാറ്റിയെടുക്കുന്നു. നമ്മുടെ ദൈനംദിന വ്യവഹാരങ്ങളെ സാമൂഹ്യമായ പെര്‍ഫോമന്‍സുകളായാണ് ഇര്‍വിംഗ് ഫോഫ്‌മെന്‍ കാണുന്നത്. നാടകസിദ്ധാന്തങ്ങളെ അവലംബിച്ചു കൊണ്ട് അവര്‍ സ്ഥലങ്ങളെ രണ്ടായി തിരിക്കുന്നു- അരങ്ങും അണിയറയും. അണിയറയില്‍ നാം സാമൂഹ്യമായി എടുത്തണിഞ്ഞ മുഖംമൂടികള്‍ മാറ്റുന്നു. നാടകത്തിന്റെ ബാക്ക് സ്റ്റേജ് സങ്കല്‍പ്പത്തിന് അനുരോധമായ ധര്‍മ്മമാണ് ടോയ്‌ലെറ്റുകള്‍ നിര്‍വ്വഹിക്കുന്നതെന്ന് ഫോഫ്മാന്‍ നിരീക്ഷിക്കുന്നു. ആണ്‍കോയ്മ സൃഷ്ടിച്ച ലിംഗവിഭജനത്തിന്റെ അടിസ്ഥാനത്തിലായിരിക്കത്തന്നെ, സ്ത്രീപ്രാമാണികതയുടെ ഒരിടം ലഭ്യമാകുന്നു എന്നത് പ്രധാനമാണ്.
    സമീപഭൂതകാലം വരെയെങ്കിലും ചെറിയ ക്ലാസ്സിലെ കുട്ടികള്‍ക്ക് ഈ വൈരുദ്ധ്യത്തെ അഭിമുഖീകരിക്കേണ്ടി വന്നിരുന്നില്ല. കാരണം അവര്‍ ആണ്‍പെണ്‍ഭേദമന്യേ ഒന്നിച്ച് മൂത്രമൊഴിക്കാന്‍ പോയിരുന്നു. മൂത്രമൊഴിക്കലെന്ന പ്രക്രിയതന്നെ ഒരുതരത്തിലുള്ള രഹസ്യാത്മകതയും സൃഷ്ടിച്ചിരുന്നില്ല. മൂത്രമൊഴിക്കാന്‍ അനുവദിക്കപ്പെട്ട ഇടവേളകളെ പല നാട്ടിന്‍പുറത്തെ സ്‌കൂളുകളിലും 'മൂത്രമണി' യെന്നാണ് പറയാറ്. (മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ 'പാത്താമണി'യെന്നും) മൂത്രമൊഴിക്കുന്ന പ്രക്രിയയെ കുട്ടികള്‍ ആണ്‍പെണ്‍ ഭേദമന്യേ അതേ പേരില്‍ത്തന്നെ വ്യവഹരിക്കുന്നു എന്നതാണിവിടെ പ്രധാനം. (ഇന്നത് അങ്ങിനെ ആവാന്‍ തരമില്ല)
    ഹൈസ്‌ക്കൂള്‍ കോളേജ് തലങ്ങളിലേക്ക് എത്തുമ്പോള്‍ കുട്ടികള്‍ തങ്ങളുടെ ലിംഗവല്‍കൃതസ്വത്വത്തില്‍ (ഏലിറലൃലറ കറലിശേ്യേ)  പൂര്‍വ്വാധികം ഉറപ്പിക്കപ്പെടുന്നതിനാല്‍ പൊതുസമൂഹത്തില്‍ പ്രത്യക്ഷമായ ലിംഗാധികാര പ്രവണതകളും ഇവിടെ പ്രബലമായിത്തീരുന്നു. അവയെ ചോദ്യം ചെയ്യാനോ വിശകലനാത്മകമായി പൊളിച്ചെഴുതാനോ പാകത്തിലുള്ള ജനാധിപത്യ ഊര്‍ജ്ജം ഇന്നത്തെ അരാഷ്ട്രീയ കാമ്പസ്സില്‍ ഇല്ലെന്നതാണ് വാസ്തവം. സൗഹൃദങ്ങളില്‍ ഹെട്രോസെക്ഷ്വലായ ഘടന പുലര്‍ത്തുമ്പോള്‍ തന്നെ അവ വളരെ അധികം വ്യക്തിവല്‍കൃതവും വൈകാരികവുമായതിനാല്‍ അവയ്ക്കുള്ളിലെ ലിംഗാധികാര ഘടനയ്ക്ക് ഒരു കോട്ടവും തട്ടുന്നില്ല. പെണ്‍ടോയ്‌ലറ്റുകളുടെ വേര്‍തിരിക്കപ്പെട്ട നില പെണ്‍കുട്ടികളില്‍ സ്വന്തം ഇടത്തെ നിര്‍മ്മിച്ചു നല്‍കുന്നു എങ്കിലും ആണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം സ്വകാര്യ കാമനകളുടെ ഇടമായി അവ മാറുകയാണ്. കുഴൂര്‍ വിത്സന്റെ 'അക്ഷരത്തെറ്റുള്ള തെറികള്‍'എന്ന കവിത ഇത്തരം കൗമാരകാമനകളെ വിശദീകരിക്കുന്നതിങ്ങനെ-
    'ആരാണ് എഴുതുന്നതെന്നറിഞ്ഞുകൂടാ
    എപ്പോഴാണ് എഴുതുന്നതെന്നറിഞ്ഞുകൂടാ
    സിനിമാ പോസ്റ്ററുകള്‍ സമയാസമയം മാറുന്നതുപോലെ
    മൂത്രപ്പുരയുടെ ചുമരുകളില്‍
അക്ഷരത്തെറ്റുള്ള തെറികള്‍ വന്നു
പായലും കരിക്കട്ടയും ചെങ്കല്ലും ചേര്‍ന്നെഴുതിയത്
ചിലപ്പോള്‍ ഇങ്ങനെയെല്ലാമായിരുന്നു,
ഇവിടെ കാറ്റിനു സുഗന്ധം
രാജീവ് + സിന്ധു
ച്ചോട്ടപ്പന്‍ ബാലന്‍......
കൊക്കിദേവകിയുടെ.....
ഹൃദയത്തിന്റെ നടുവിലൂടെ
അമ്പ് കടന്നുപോകുന്ന ചിത്രം
രാജമ്മയും ഭാനുടീച്ചറും തമ്മില്‍
പ്രേമത്തിലാണളിയാ തുടങ്ങിയ പാട്ടുകള്‍
. . . . . . . . . . . . . . . . . . . . . . . . . . .
. . . . . . . . . . . . . . . . . . . . . . . . . . .
പെണ്‍കുട്ടികളുടെ മൂത്രപ്പുര
ഒരു ക്ഷേത്രംപോലെ നിലകൊണ്ടു.....'
(പുറം 38 - 'ഇ' - കുഴൂര്‍ വിത്സന്‍)
(നാക് ടീമിന്റെ ഔദ്യോഗിക സന്ദര്‍ശനം വിസിറ്റ് പ്രമാണിച്ച് ഇത്തരം തെറികളും രാഷ്ട്രീയ മുദ്രാവാക്യങ്ങളും മറ്റെല്ലാ ചുവരെഴുത്തുകളും ഒരുപോലെ ചുരണ്ടിക്കളഞ്ഞ് 'വെള്ളപൂശി' യതായാണ് ഇന്നു നാം കോളേജുകളില്‍ കാണുക!)
    പെണ്‍ടോയ്‌ലെറ്റുകളെ കേന്ദ്രീകരിച്ച് ലൈംഗികമായ ജിജ്ഞാസകളുടേയും ഫാന്റസികളുടേതുമായ ഉണര്‍വ് ആണ്‍കുട്ടികളില്‍ സൃഷ്ടിക്കപ്പെടുന്നതോടൊപ്പം പെണ്‍കുട്ടികളിലത് ലൈംഗിക ഭീതിയായും ജാള്യതയായും പലപ്പോഴും പ്രവര്‍ത്തിക്കുന്നു. മൂത്രമൊഴിക്കുന്ന പ്രക്രിയയെത്തന്നെ അന്തസ്സില്ലാത്ത, അശ്ലീലപ്രവൃത്തിയായി ആരോപിക്കുന്നിടത്തോളമുള്ള ഒരു പൊതുഭാവന പെണ്‍കുട്ടികള്‍ പലപ്പോഴും ചുമന്നു നടക്കുന്നതിന് ഇത് കാരണമാവുന്നു. വേണ്ടത്ര സുരക്ഷിതമല്ലാത്തതും വൃത്തിയില്ലാത്തതും സൗകര്യങ്ങളില്ലാത്തതും എത്തിപ്പെടാന്‍ ബുദ്ധിമുട്ടള്ളതുമായ ടോയ്‌ലെറ്റുകളും ഈ അവസ്ഥയെ പിന്‍തുണയ്ക്കുന്നു. പലപ്പോഴും ഇത്തരം പ്രതികൂലാവസ്ഥകളില്ലാത്തപ്പോഴും പെണ്‍കുട്ടികള്‍ 'സ്‌ത്രൈണത' യുടെ അമിതഭാരത്താല്‍ തലകുനിച്ചിരിക്കുന്നവരാണ്. രൂപേഷ്‌പോളിന്റെ 'ലജ്ജാവതി' എന്ന കവിത ഈ അവസ്ഥയെ ഉദാഹരിക്കുന്നുണ്ട്.
'പഞ്ചനക്ഷത്ര റെസ്റ്റാറണ്ടില്‍
നമ്മുടെ പ്രണയഭാഷണത്തിന്റെ
ആറുമണിക്കൂര്‍
മെഴുതിരി വെളിച്ചത്തില്‍
നിന്റെ ഇമകളുടെ മന്ദാക്ഷം
KING എന്നെഴുതി വച്ച
കക്കൂസിലേക്ക് ഞാന്‍
പലതവണ മൂത്രമൊഴിക്കാന്‍
പോയി.
നീയോ
മൂത്രാശയ രോഗങ്ങളുടെ
ദേവതേ,
അപ്പോഴെല്ലാം എനിക്കുവേണ്ടി
നമ്രമുഖിയായി
ലജ്ജാവതിയായി
കാത്തിരുന്നു. (പുറം 67, 'പെണ്‍കുട്ടി ഒരു രാഷ്ട്രമാണ'്.)
ഇത്തരം നിരവധി വൈരുദ്ധ്യങ്ങളുടേയും സംഘര്‍ഷങ്ങളുടേയും ഒരിടമാണ് പെണ്‍ടോയ്‌ലറ്റുകള്‍. ലിംഗരാഷ്ട്രീയത്തില്‍ മൗലികമായി ഇടപെട്ടുകൊണ്ടും പൊളിച്ചെഴുതിക്കൊണ്ടും മാത്രമേ തന്റെ കൂടി ഇടമായി, ഓരോ പെണ്‍കുട്ടിക്കും തന്റേടത്തോടെ പബ്ലിക്ക് ടോയ്‌ലറ്റുകളെ ഉപയോഗിക്കാനാവൂ. ശരീരരാഷ്ട്രീയത്തെ പൊതുരാഷ്ട്രീയത്തിനു മുമ്പാകെ തുറന്ന് അഭിസംബോധന ചെയ്തുകൊണ്ട്  കോഴിക്കോട്ടെ 'പെണ്‍കൂട്ടി'ലൂടെ തൊഴിലാളി സ്ത്രീകള്‍ ഇത്തരമൊരു ഇടപെടലാണ് സാധ്യമാക്കിയത്.

റഫറന്‍സ് : 1.      പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം  - പി. ഭാസ്‌കരനുണ്ണി
          2. കേരളം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍-പി. ഭാസ്‌കരനുണ്ണി
         3.  ഘമറശല െ& ഏിെേ : ജൗയഹശര ഠീശഹലെേ മിറ ഏലിറലൃ –
  ഛഹഴമ ഏലൃവെലിീെി & ആമൃയമൃമ ജലിിലൃ

 
               Toilet. 2003.doc...