Saturday, January 29, 2022

മുതുകുളം പാര്‍വതിയമ്മ എന്ന കവി : സാമുദായികതയും ആത്മീയതയും
ദ്യകാല സ്ത്രീകവികളിലൊരാളായ മുതുകുളം പാര്‍വതിയമ്മയെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ തരുനിരകളും പൂവള്ളികളും കല്‍വിഗ്രഹങ്ങളും ചൂഴുന്ന ഗ്രാമീണമായൊരു കാവിനകത്തു ഇരുണ്ടുവരുന്ന ഗഹനമായൊരു സന്ധ്യയില്‍ കണ്ണടച്ചു നിശ്ശബ്ദധ്യാനയായി നില്‍ക്കുന്ന വെള്ളയുടുത്ത ഒരാളെയാണ് ഓര്‍മവരുക. കവിതയിലും വ്യക്തിത്വത്തിലും വേറിട്ടുനിന്ന ഒരുവളുടെ ശാന്തഗംഭീരത നിറഞ്ഞ ആ നിശ്ശബ്ദതയെ കാലങ്ങള്‍ക്കിപ്പുറം നിന്നു പിടിച്ചെടുക്കാനായെങ്കില്‍ എന്നത് കാല്പനികമായ ഒരാഗ്രഹമല്ല!  മറിച്ചു പുതിയകാലം ആവശ്യപ്പെടുന്ന സ്ത്രീപക്ഷപരമായ ഒരു വീണ്ടെടുക്കലായതിനെ കാണാം. മലയാളകവിതാപാരമ്പര്യത്തിലെ സ്ത്രീ അടയാളങ്ങളെ എന്ന പോലെതന്നെ അവയിലെ വ്യത്യസ്തങ്ങളും സ്വതന്ത്രങ്ങളുമായ ആവിഷ്‌കാരപ്രകാരങ്ങളെയും വകയിരുത്തേണ്ടത് അത്തരത്തില്‍ പ്രധാനമാണ്!  മുതുകുളം പാര്‍വതിയമ്മയെന്ന കവിയെ  ആദ്യമായി കണ്ട സന്ദര്‍ഭം  1964 ല്‍ ഇറങ്ങിയ അവരുടെ ഷഷ്ഠിപൂര്‍ത്തി സുവനീറില്‍് പുത്തേഴത്തു രാമന്‍ മേനോന്‍ ഇങ്ങനെയെഴുതി: ''ഏതാണ്ടൊരിരുപതു കൊല്ലങ്ങള്‍ക്കു മുമ്പു, ഞാനൊരിക്കല്‍, വര്‍ക്കലയിലെ ശ്രീ നാരായണ ജയന്തി ആഘോഷങ്ങള്‍ക്കു ക്ഷണിക്കപ്പെട്ട കാലത്ത്, ആ മഹോത്സവത്തിലെ മഞ്ഞ വസ്ത്രധാരികളായ തീര്‍ത്ഥാടകരുടെ തിക്കും തിരക്കും നോക്കിക്കൊണ്ടങ്ങനെ ആ പുണ്യ പ്രദേശം ചുറ്റി നടന്നു കാണുമ്പോള്‍ അവിടെ, പാവനമായ സമാധി മണ്ഡപത്തിന്നു സമീപത്തൊരു വിജനമൂലയിലുണ്ടൊരു സ്ത്രീ. അരോഗദൃഢഗാത്രയും ദ്രൗപദിയെപ്പോലെ 'കൃഷ്ണ'യുമായ ഒരു തന്റേടക്കാരത്തി, ഇളം വെയിലത്ത് സ്വന്തം അധരങ്ങളെ മാത്രം അറിയിക്കുമാറ് നാമോച്ചാരണത്തില്‍ നിമഗ്‌നയായി ബ്രഹ്‌മത്തെ ദൂരത്തു ദര്‍ശിച്ചു കൊണ്ട്, നിശ്ചേഷ്ടയായി, നീലോല്പല നേത്രങ്ങളെ അര്‍ദ്ധനിമീലിതങ്ങളാക്കിക്കൊണ്ടു, നീണ്ടു നിവര്‍ന്നു സുഖാസനത്തില്‍ വര്‍ത്തിക്കുന്നു! അതെന്നെ അത്ഭുതപ്പെടുത്തി! ആള്‍ ആരെന്നു ഞാന്‍ അന്വേഷിച്ചു.'മുതുകുളം പാര്‍വ്വതി അമ്മ'എന്നറിഞ്ഞു ഞാന്‍ കൂടുതല്‍ ആശ്ചര്യഭരിതനായി, നിസ്സങ്കോചം ഞാന്‍ അടുത്തുചെന്നു''.  അക്കാലത്തെ സാഹിത്യപ്രമാണികളിലൊരാളായ പുത്തേഴത്തിനാല്‍ അമ്മട്ടില്‍ ആരാധനാപൂര്‍വം പ്രശംസിക്കപ്പെടുക എന്നത് പ്രധാനമായി കാണേണ്ടതുണ്ട്.  പ്രത്യേകിച്ചും സവര്‍ണേതരമായ ജാതിയില്‍ പിറന്ന സ്ത്രീയായ ഒരു എഴുത്തുകാരിയാണ് അവരെന്ന നിലയക്ക്.  


രണ്ടാംനിര സ്ത്രീകവികള്‍
ആലപ്പുഴജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കിലുള്ള മുതുകുളത്താണ് പാര്‍വതിയമ്മ ജനിച്ചത്.മദ്രാസ് സര്‍വകലാശാലയില്‍ നിന്നും  വിദ്വാന്‍ പരീക്ഷ ജയിച്ച ശേഷം അധ്യാപികയായി ജീവിച്ച മുതുകുളം  തന്റെ സാഹിത്യപരിശ്രമങ്ങളുടെ ആദ്യവേദിയായി ഈ മാസികകളെ കണ്ടു എന്നത് സ്വാഭാവികമാണ്. യഥാര്‍ത്ഥജീവിതം എന്ന രചന ടി.സി. കല്യാണിയമ്മയുടെ ശാരദയിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.ശാരദ, മഹിള, ലക്ഷ്മീഭായി തുടങ്ങിയ സ്ത്രീമാസികകളിലൂടെ നമുക്കു നോക്കിക്കാണാവുന്ന  ആദ്യകാലസ്ത്രീകളുടെ ബുദ്ധിജീവിതവും സാംസ്‌കാരികവീക്ഷണങ്ങളും മലയാളി ആധുനികതയില്‍ വലിയരീതിയിലുള്ള സ്വാധീനമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അവയുടെ തിരുത്തല്‍ശേഷി സാഹിത്യത്തില്‍ ചെറുതല്ലാത്ത ചലനവും ഉണ്ടാക്കിയിട്ടുണ്ട്. അക്കാലത്തെ സ്ത്രീമാസികകളില്‍ തന്നെ പ്രത്യക്ഷപ്പെട്ടിരുന്ന സ്ത്രീരചനകളും അവയുടെ മറുപടിലേഖനങ്ങളും ഈ സംവാദാത്മകതയെ വെളിച്ചത്തു കൊണ്ടുവരുന്നവയാണ്. കൗമാരകാലം മുതല്‍ക്കാരംഭിച്ച കാവ്യരചനാകൗതുകങ്ങള്‍ തികഞ്ഞ ഉത്തരവാദിത്തത്തോടെ നിരന്തര അഭ്യാസത്തിലൂടെ വളര്‍ത്തിയെടുക്കാന്‍ പാര്‍വതിയമ്മയ്ക്കു കഴിഞ്ഞു. മികച്ച പ്രാസംഗിക കൂടിയായിരുന്നു മുതുകുളം പാര്‍വതിയമ്മ എന്ന് അവരുടെ ജീവചരിത്രവും അവരെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പുകളും പറയുന്നുണ്ട്. മൂര്‍ക്കോത്തു കുമാരന്‍ അവര്‍ക്കു സമര്‍പ്പിച്ച മംഗളപത്രത്തില്‍ എഴുതുന്നതിങ്ങനെ:
''പാര്‍വതിയ്‌ക്കെവിടുന്നു ഗംഗതന്‍ പ്രവാഹം പോല്‍
വാഗ്ധാടി ലഭിച്ചതു ശിവസാന്നിദ്ധ്യത്താലോ?''
സാക്ഷാല്‍ ശ്രീനാരായണഗുരുതന്നെ അവരെഴുതിയ മംഗളപത്രം വായിച്ച്, ''എഴുത്തച്ഛനു ശേഷം ഇത്ര അനര്‍ഗ്ഗളമായി പ്രവഹിക്കുന്ന കിളിപ്പാട്ട് നാം അപൂര്‍വമായേ കേട്ടിട്ടുള്ളൂ'' എന്നാണേ്രത പറഞ്ഞത്! അന്ന് ഗുരു വിലയേറിയ ഒരു പട്ട് പാര്‍വതിയമ്മയ്ക്കു നില്‍കിയതായും കഥയുണ്ട്.

വൃത്തം,  അലങ്കാരം, ഭാഷാപരമായ നവീനത, പരീക്ഷണങ്ങള്‍ എന്നിങ്ങനെ സാങ്കേതികവും സര്‍ഗാത്മകവുമായ ശേഷി തികച്ചും വശത്താക്കിയ  അഭ്യസ്തവിദ്യരായ പുതിയ സ്ത്രീയുടെ സര്‍ഗാത്മകതയുടെ ദാഹങ്ങള്‍ ഇവിടെ വായിച്ചെടുക്കാം. ചലനാത്മകമായ ഒരു കാലഘട്ടത്തിന്റെ പ്രചോദനത്തെ ഉള്‍ക്കൊള്ളുവാനുള്ള പ്രേരണ എണ്ണത്തില്‍ കുറവെങ്കിലും  ഒരുനിര സ്ത്രീകളെത്തന്നെ കവികളാക്കിയിരുന്നു എന്ന് തിരിഞ്ഞു നോക്കുമ്പോള്‍ പറയാന്‍ കഴിയും. എഴുത്തുകാരികള്‍ എന്ന ഒരു വിഭാഗത്തെ വിഭാവനം ചെയ്യാന്‍ നിര്‍ബ്ബന്ധിതമായ സാഹചര്യം അതുണ്ടാക്കി. എഴുത്തിലെ വിഷയമായും വിഭവമായും നിലനിര്‍ത്തപ്പെട്ട ഇടത്തുനിന്നും എഴുത്തുകാരികളാകുന്ന സക്രിയമായ, കര്‍തൃസ്ഥാനത്തേക്കു കടന്നിരിക്കുന്ന ഈ പ്രക്രിയ ചരിത്രപരമായി പ്രധാനമാണ്. മനോരമത്തമ്പുരാട്ടിയും കുട്ടിക്കുഞ്ഞു തങ്കച്ചിയും തോട്ടയ്ക്കാട്ട് ഇക്കാവമ്മയുമടങ്ങുന്ന ആദ്യനിരയ്ക്കു  ശേഷം സാഹിത്യമണ്ഡലത്തില്‍ ഉയര്‍ന്നു വന്ന സ്ത്രീസ്വരങ്ങള്‍ ബാലാമണിയമ്മയും കടത്തനാട്ട് മാധവിയമ്മയും തരവത്ത് അമ്മാളുവമ്മയും സി.കെ.രേവമ്മയും മേരി ബനീഞ്ഞയും മേരി ജോണ്‍ തോട്ടവും ബി.കല്യണിയമ്മയും മറ്റുമായിരുന്നു. ഉന്നതകുലജാതരായ തമ്പുരാട്ടിമാരും സാഹിത്യമണ്ഡലത്തിലെ നായകന്മാരായ പുരുഷകേസരിമാരുടെ ശിഷ്യകളോ  കുടുംബബന്ധുക്കളോ അല്ലാതെ സ്വതന്ത്രരായി വാസനാബലംകൊണ്ടും സര്‍ഗാത്മകശേഷികൊണ്ടും എഴുത്തുരംഗത്തു ഉറച്ചവരായിരുന്നു ഈ രണ്ടാം നിരയിലെ കവികള്‍. അതില്‍ തന്നെ സ്വാതന്ത്ര്യാനന്തരമുണ്ടായ പുതിയ രാഷ്ട്രീയ സാമൂഹികചലനങ്ങളെ സ്വന്തം വ്യക്തിജീവിതത്തിന്റെ പരിവര്‍ത്തനങ്ങളിലേക്കും സര്‍ഗാത്മകതയിലേക്കുമുള്ള ചാലകബലമായി ഉപയോഗിച്ചവരാണ് ഇവരൊക്കെയും.

പുരുഷന്മാര്‍ക്കിടയില്‍ സാഹിത്യസൗഹൃദങ്ങള്‍ സുലഭമായിരുന്നെങ്കിലും സ്ത്രീകള്‍ക്കിടയില്‍ അക്കാലത്ത് അത് അധികം കണ്ടിരുന്നില്ല. സാമൂഹികമായ ഇടപഴകലിനു തന്നെ പൊതുവേ അലിഖിതമായ വിലക്കുകളും നിയന്ത്രണങ്ങളും നിലനിന്ന കാലത്ത് അതില്‍ അത്ഭുതമില്ല. എന്നാല്‍ മുതുകുളം പാര്‍വതിയമ്മ ചെറുപ്പം മുതലേ എഴുത്തുകാരികളായ ചിലരുമായി താന്‍ പങ്കിട്ട സൗഹൃദം മുറിയാതെ സൂക്ഷിച്ചിരുന്നു. സിസ്റ്റര്‍ മേരി ബനീഞ്ജയുമായുള്ള സൗഹൃദം മരിക്കും വരെയും തുടര്‍ന്നിരുന്നു. ഇരുവരുടെയും കവിതയെഴുത്തിനെ അതു വളരാനുമിടയാക്കി. മുണ്ടയ്ക്കല്‍ ലക്ഷ്മി, മയ്യനാട് ലക്ഷ്മി എന്നീ  സതീര്‍ത്ഥ്യകളും ഇവരോടൊപ്പം ചേര്‍ന്നു കവിതകള്‍ എഴുതാന്‍ ഉണ്ടായിരുന്നു. അവരുമൊന്നിച്ചുള്ള കവിതക്കത്തു അവരുടെ ബന്ധത്തെ കൂടുതല്‍ ഉറപ്പിച്ചു. സുകുമാര്‍ അഴീക്കോടിന് അവരെഴുതിയ കവിതക്കത്തിലെ വരികള്‍ പലയിടത്തും ഉദ്ധരിച്ചു കാണുന്നുണ്ട്.  കവിതക്കത്തും കൂട്ടുകവിതാരചനയും പോലെ തന്നെ അക്കാലത്തെ രചനാസങ്കേതങ്ങളില്‍ പ്രധാനം നിമിഷകവിതയായിരുന്നു. ദ്രുതകവനമായും പാര്‍വതിയമ്മ  ഏറെ എഴുതിയിട്ടുണ്ട്. കാവ്യരചന ആധുനികതയിലേക്കുള്ള പാതയില്‍ ഒട്ടൊക്കെ മുന്നേറിയെങ്കിലെങ്കിലും രൂപപരമായി തികച്ചും സങ്കേതബദ്ധമായിത്തന്നെ തുടര്‍ന്ന ആ കാലത്തെ ഇന്നു ചരിത്രപരമായി നോക്കികാണുമ്പോള്‍ ഏതാണ്ടെല്ലാ രൂപങ്ങളിലും പയറ്റിനോക്കാന്‍ പാര്‍വതിയമ്മയ്ക്കു കഴിഞ്ഞിട്ടുണ്ട്. മഹാകാവ്യം, ഖണ്ഡകാവ്യം, വിലാപകാവ്യം, ഭാവകാവ്യം, ദ്രുതകവനം, കവിതക്കത്ത്, കൂട്ടുകവിത, ബാലകവിത ഒക്കെയും അവര്‍ക്കു സ്വായത്തമായ രൂപങ്ങളായിരുന്നു. ഛന്ദോബദ്ധമായിത്തന്നെ കാവ്യഭാഷയെകണ്ട കവിയായിരുന്നു അവര്‍. നാടകം, വിവര്‍ത്തനം, ജീവചരിത്രം, കഥ എന്നിങ്ങനെ ഒട്ടേറെ രചനാരൂപങ്ങളില്‍ അവര്‍ കൈവെച്ചിട്ടുണ്ട്.

 കവിത കൂടാതെ നാടകം,  ഖണ്ഡകാവ്യം, വിവര്‍ത്തനം മുതലായ രൂപങ്ങളിലും അവര്‍ പണിയെടുത്തിട്ടുണ്ട്. കുമാരനാശാന്റെ ബുദ്ധചരിതം എഴുതിപ്പൂര്‍ത്തിയാക്കിയിട്ടുണ്ട്. ലേഡി വിദ്വാന്‍ എന്നറിയപ്പെട്ടിരുന്ന അവര്‍ക്കു ഇന്നു നാം വിവക്ഷിക്കുന്ന അര്‍ത്ഥത്തിലുള്ള സ്ത്രീപക്ഷകാഴ്ച്ചപ്പാട് ഉണ്ടായിരുന്നതായി പറയാന്‍ കഴിയില്ലെങ്കിലും സ്ത്രീത്വത്തെക്കുറിച്ച് സ്വന്തമായ ഒരു രാഷ്ട്രീയം അവര്‍ സ്വരൂപിച്ചതായി കരുതാന്‍ കഴിയും. പ്രത്യേകിച്ചും തന്റെ മാതൃവിലാപം എന്ന കവിതയിലതു കാണാന്‍ കഴിയും. തന്റെ ഗുരുനാഥയായ  മിസിസ് മേരി സി കോശിയുടെ പത്തുവയസ്സുകാരിയായ മകള്‍ മരിച്ചതിനെത്തുടര്‍ന്ന് എഴുതിയ ഈ കൃതി വിലാപകാവ്യങ്ങളുടെ ഗണത്തില്‍ പെടുന്നവയാണ്. ഇതിന് അവതാരികയെഴുതാന്‍ ഒരു സ്ത്രീ തന്നെ വേണമെന്ന ചിന്ത സ്‌ത്രൈണാനുഭവത്തിന്റെ വേറിട്ടുള്ള കാഴ്ച്ചപ്പാട് അവര്‍ക്കുണ്ടായിരുന്നു എന്നതിന് തെളിവാണ്. എ. ആര്‍ രാജരാജവര്‍മയുടെ മകള്‍ എം. ഭാനുമതിയമ്മയായിരുന്നു ആ അവതാരികാകാരി. ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട കവിതയുടെ പേര് 'യഥാര്‍ത്ഥജീവിതം' എന്നായിരുന്നുവത്രെ. കൊല്ലത്തുനിനിന്നും ഇറങ്ങിയ ശാരദ എന്ന മാസികയിലാണത് അടിച്ചുവന്നത്. സ്വപ്‌നദര്‍ശനം എന്ന കവിത വിവേകോദയത്തില്‍ അടിച്ചുവരുകയും അതു ആശാന്റെ പ്രശംസയ്ക്കു പാത്രമാവുകയും ചെയ്തു. പോള്‍ കാറസ് എഴുതിയ ഇംഗ്ലീഷ് കഥ കര്‍മ, നടരാജഗുരുവിന്റെ ' വേ ഓഫ് ദ ഗുരു ' ഇതൊക്കെ അവര്‍ വിവര്‍ത്തനം ചെയ്തു. ശ്രീനാരായണധര്‍മം എന്ന ആചാരശാസ്ത്രഗ്രന്ഥം വിവര്‍ത്തനം ചെയ്തതും പാര്‍വതിയമ്മയാണ്.

കവിതയിലെ ജനാധിപത്യം
സാഹിത്യം എന്ന സ്ഥാപനത്തെക്കുറിച്ചുള്ള പാർവതിയമ്മയുടെ നിലപാടു ധാരണകൾ കൂടി പരിഗണിക്കേണ്ടതുണ്ട്. അതിന്റെ സാമൂഹിക ധർമത്തെ അവർ നിർവചിച്ച വിധം കൂടി ചേർത്തു കൊണ്ടേ അതു കഴിയൂ.  മുതുകുളം പാര്‍വതിയമ്മയുടെ കവിതകളെ സവിശേഷമാക്കുന്നത്.  തൊഴിലാളികളുടെ അടിമത്തത്തിലും ദാരിദ്ര്യത്തിലും അനുഭാവം പ്രകടിപ്പിക്കുന്ന 'ഒരു ദരിദ്രത്തൊഴിലാളിയുടെ കുടുംബജീവിതം' എന്ന കവിത അതിനുദാഹരണമാണ്. തൊഴിലാളി മുതലാളി സംഘര്‍ഷങ്ങള്‍ കവിതകളിലേക്കു വന്നു തുടങ്ങുന്ന കാലത്താണ് അയത്‌നലളിതവും വികാരോജ്ജ്വലവുമായി അവരിതെഴുതുന്നത്. 
''ഉടഞ്ഞമണ്‍ചട്ടിയി-
ലൊന്നില്‍ വച്ചതാ കഞ്ഞി
കുടിപ്പൂ മൂന്നു വെറുമസ്ഥിമാത്രരാം ബാലര്‍
കടുത്ത വിശപ്പുണ്ടെ-
ന്നാകിലും പാത്രം കിട്ടാന്‍
അടുത്തു നോക്കി നോക്കി
യിരിപ്പൂ ഗൃഹനാഥന്‍
വിളക്കില്ലാഞ്ഞിട്ടഗ്നി
യടുപ്പില്‍ തെളിയിച്ചും
തിളയ്ക്കും കഞ്ഞി മെല്ലേ-
യിളക്കി ചൂടാറ്റിയും
മരുവും കൃശശുഷ്‌ക-
ഗാത്രിയഗ്ഗൃഹേശ്വരി
ചോരിയും ബാഷ്പമാണ-
ന്നുപ്പിനു പകരമായ്
പരന്നു രുചി കഞ്ഞി-
ക്കേകിയതെന്ന തത്വം
പെരുകുമത്യാര്‍ത്തിയാല്‍
അറിഞ്ഞീലാരുമപ്പോള്‍'' എന്നാണ് കവിത അവസാനിക്കുന്നത്.

സ്‌ത്രൈണവും ഗാര്‍ഹികവുമായ പൗരമണ്ഡലം
'സ്വാതന്ത്ര്യദിനത്തിലും' എന്ന കവിത പ്രകടമായ ഗാന്ധിഭക്തിയാണ്. 'ഭാരതാംബയും ഭാരതിയും' എന്ന കവിത ദേശത്തെ തന്നെ ഒരു സ്‌ത്രൈണമണ്ഡലമായി സങ്കല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നതിനാല്‍ ശ്രദ്ധേയമാണ്. സാഹിത്യമാകുന്ന വാണിയും ദേശമാകുന്ന ഭാരതാംബയും സ്ത്രീകള്‍ തന്നെ. ഇരുവരും സഖിമാരായി 'മന്ദാരപ്പൂമെത്ത'യിലിരുന്നു വേദനകള്‍ പങ്കുവെയ്ക്കുന്നു. വാണീശ്വരിയോടു ഭാരതാംബയക്കു പറയാനുള്ളതു ഇത്രമാത്രം-
'' ഭവതി നിനയ്ക്കുകില്‍ സാഹിത്യസേവകര്‍
ഭുവനസമാധാനഗാനലോലര്‍
തവപുത്രര്‍ മൂലമീ ദുര്‍ഗ്ഗതി പോക്കാനും
നവശാന്തി ചേര്‍ക്കാനും സാദ്ധ്യമല്ലേ?'' 
കലാകാരരൊത്തു ചേര്‍ന്നാല്‍ അണുബോബും യുദ്ധവും മറ്റും ഇല്ലായ്മ ചെയ്യാനാവുകയില്ലേ എന്നാണ് ആരായുന്നത്. രാഷ്ട്രത്തെ ഗാര്‍ഹികവും അതോടൊപ്പം സ്‌ത്രൈണവുമായ മണ്ഡലമായി സങ്കല്പിക്കുന്ന  വേറിട്ട ഈ ദേശഭാവന കൗതുകകരമാണ്. ഗാന്ധിജിയും കസ്തൂര്‍ബയും തമ്മിലുള്ള സംവാദമായി എഴുതപ്പെട്ട 'സ്വര്‍ഗത്തില്‍' എന്ന കവിതയിലും ഗാര്‍ഹികതയുടെ അകംലോകമാണ് ദൃശ്യമാകുന്നത്. ഗാന്ധിജിയുടെ ജന്മദിനം കൊണ്ടാടാന്‍ എല്ലാവരും ഉല്‍സാഹിക്കുമ്പോള്‍ കൂടെ നില്ക്കാനാവശ്യപ്പെടുന്ന കസ്തൂര്‍ബയോടു രാജ്യത്തിന്റെ അഖണ്ഡതയെ തകരാതെ നോക്കലാണ് തന്റെ കര്‍ത്തവ്യമെന്നു ഗാന്ധിജി മറുപടി പറയുന്നു. സ്ത്രീയും പുരുഷനും കയ്യാളുന്ന അകം/ പുറം ലോകങ്ങളുടെ ധാര്‍മികതയെ ചെറിയ മിന്നല്‍ വെളിച്ചത്തില്‍ കാട്ടിത്തരുവാനാണ് ഈ കവിത ശ്രമിക്കുന്നത്. (ഇവിടെ സ്ത്രീയായി രാജ്യത്തെ, ദേശത്തെ സങ്കല്പിക്കുന്നത് പുരുഷകല്പനകളിലെ ഭാരതമാതാവ്, രാജ്യമാതാവ് തുടങ്ങിയതില്‍ നിന്നുള്ള വ്യത്യാസത്തോടെ  കാണേണ്ടതുണ്ട്. കൂടുതല്‍ ഉറ്റതും അടുപ്പമേറിയതും കണ്ണാടിയിലെന്ന പോലെ തിരിച്ചറിയാവുന്നതും തുല്യദു:ഖം അനുഭവിക്കുന്നവര്‍ക്കിടയിലുള്ളതുമായ പാരസ്പര്യമാണ് കാണേണ്ടത്. അല്ലാതെ ആദര്‍ശാത്മകമായി അകറ്റിനിര്‍ത്തി ആരാധിക്കുന്ന നിലപാടല്ല.) അത്തരം ഭാവന വാസ്തവത്തില്‍ ബാലാമണിയമ്മയില്‍ നിന്നുള്ള ചരിത്രപരമായ തുടർച്ചകളാകുകയും ചെയ്യുന്നുണ്ട്. ഹിംസയക്കെതിരെ, പ്രത്യേകിച്ചും നവീനമായ അണുവായുധ ഹിംസയക്കെതിരെ അവര്‍ 'ഹിരോഷിമയുടെ രോദനം' പോലെയുള്ള ഏറെ കവിതകളെഴുതി. 
 
ജീവചരിത്രകവിതകള്‍
ഇതരകവികളില്‍ നിന്നു വ്യത്യസ്തരായി തന്റെ പൂര്‍വസൂരികളായ സമുദായനേതാക്കളുമായുള്ള വ്യക്തിബന്ധം ഏറെയുണ്ടായിരുന്ന പാര്‍വതിയമ്മ അവരില്‍ ചിലരെക്കുറിച്ചു ജീവചരിത്രപരമായ സൂചനകളോടെ കവിത എഴുതിയിട്ടുണ്ട്. നാരായണഗുരു, സി.കേശവന്‍(സിംഹളനാദം) മിതവാദി സി.കൃഷ്ണന്‍(ആരാണമ്മഹാശയന്‍), മൂലൂര്‍ എസ് പത്മനാഭപ്പണിക്കര്‍(ഒരു അനുസ്മരണം), കുമാരനാശാന്‍(പുഷ്പാഞ്ജലി), പനമ്പിള്ളി ഗോവിന്ദമേനോന്‍(സിംഹനാദം) തുടങ്ങി പലരും അക്കൂട്ടത്തിലുണ്ട്. ശ്രീനാരായണഗുരുവുമായി ബന്ധപ്പെട്ട ഒന്നിലേറെ കവിതകളുമുണ്ട്. 'അരുവിപ്പുറത്തെ ആകാശവാണി', 'നമോവാകം' എന്നിങ്ങനെ.  ഈഴവസാമുദായികതയും അതിന്റെ നവോത്ഥാനപരമായ ഉണര്‍വും നിറഞ്ഞുനിന്ന കാലത്തു ഇവരുമായുള്ള സമ്പര്‍ക്കത്തിലൂടെ ദേശീയതയും പൗരത്വവും സാമൂഹികബോധവും സംബന്ധിച്ച വേറിട്ട ചിന്താഗതി പാര്‍വതിയമ്മയിലേക്കും പകര്‍ന്നിരുന്നോ എന്നു ചിന്തിക്കാവുന്നതാണ്. ബൗദ്ധമായ പ്രമേയങ്ങള്‍ ആവര്‍ത്തിക്കുന്ന അവരുടെ രചനാലോകവും ഈഴവസാമുദായികപ്രവര്‍ത്തകരില്‍ ചിലരുടെ ബൗദ്ധചിന്താഗതികളും തമ്മിലും ചാര്‍ച്ച കാണുന്നുണ്ട്. മലബാര്‍ കേന്ദ്രീകരിച്ചുനിലനിന്ന ദേശീയപ്രസ്ഥാനസംരഭങ്ങളോടു മിതവാദിയെപ്പോലുള്ളവരെടുത്ത വ്യത്യസ്ത സമീപനങ്ങള്‍ നിലനില്‍ക്കേ, അദ്ദേഹത്തെ മഹാശയനായി കാണുന്ന 'ആരാണമ്മഹാശയന്‍' എന്ന കവിത എടുത്തു പറയേണ്ടതുണ്ട്. സാമുദായികതയുടെയും ദേശീയതയുടെയും വ്യത്യസ്തധാരകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളെ അടുത്തു നോക്കി മനസ്സിലാക്കുമ്പോഴേ അവരിലെ ദേശരാഷ്ട്രപരമായ പൗരബോധത്തിന്റെ അടരുകളെ നമുക്കു വേര്‍തിരിച്ചെടുക്കാനാവൂ. 'സ്വാതന്ത്ര്യസപ്തകം' എന്ന കവിതയില്‍ സാമുദായികതയും ജാതിയും സാമ്രാജ്യത്വവും തമ്മിലുള്ള സംഘര്‍ഷങ്ങളെ കവി എഴുതുന്നുണ്ട്. സ്വാതന്ത്ര്യത്തിനായുള്ള ആഹ്വാനത്തെ മുന്‍നിര്‍ത്തി സാമ്രാജ്യത്താധികാരമോ ജാതിചിന്തയോ മതവ്യത്യാസങ്ങളോ ഏതാണ് സ്വാതന്ത്ര്യത്തിനു തടസ്സം സൃഷ്ടിക്കുന്നത് എന്നു ചോദിക്കുന്നുണ്ട് പാര്‍വതിയമ്മ. അവയെ ഇണക്കി പ്രകാശം പരത്തുന്ന ആദ്ധ്യാത്മികമായ ഊര്‍ജ്ജത്തിനായാണ് താന്‍ പ്രാര്‍ത്ഥിക്കുന്നതെന്നും അവര്‍ പറയുന്നുണ്ട്.     

ബുദ്ധനിലേക്കുള്ള വഴികള്‍
കവിത്വത്തെ സന്യാസിനീത്വവുമായി ചേര്‍ത്തുവെച്ചുള്ള ഒരു ധാരണ പാര്‍വതിയമ്മയില്‍ നിലനിന്നിരുന്നു. സ്ത്രീകളുടേതായ ഒരു ശിഷ്യസംഘമെന്ന നിലയില്‍ ഒരു മഹിളാശ്രമം സ്ഥാപിക്കാന്‍  ശ്രീനാരായണഗുരുവിനോട് അപേക്ഷിച്ചിരുന്നതായി ജീവചരിത്രകാരന്‍ പറയുന്നുണ്ട്.  മീരാബായിയെക്കുറിച്ചുള്ള ഖണ്ഡകാവ്യം അതിനു നിദര്‍ശനമാണ്. ആ കൃതിയുടെ മുഖവുരയില്‍ അവരതു സൂചിപ്പിക്കുന്നുണ്ട്. കവിത്വത്തെ മാത്രമല്ല, സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചുള്ള തന്റെ അന്വേഷണങ്ങളും പരികല്‍പനകളും ആധ്യാത്മികതയുടെ ഉള്ളടക്കങ്ങളിലൂടെയാണ് അവര്‍ തിരഞ്ഞത്.  (അക്കാലത്തെ സ്ത്രീകവിതകളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട, ഒരുതരം  അലൈംഗികതയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി നമുക്കു വിലയിരുത്താനാവും. അതേ സമയം ചങ്ങമ്പുഴ, ബഷീര്‍ ഉള്‍പ്പടെയുള്ള എഴുത്തുകാരന്മാരില്‍ സ്ത്രീപുരുഷബന്ധങ്ങളെ തുറന്നെഴുതാനും അതു സംബന്ധിച്ച താന്താങ്ങളുടെ നവഭാവനയെ ഉച്ഛൃഖലമായി കെട്ടഴിച്ചുവിടാനുമുള്ള പ്രവണതയാണുണ്ടായത്.) കുമാരനാശാന്റെ ആരാധികയും ശിഷ്യകല്‍പിതയുമെന്നു അക്കാലത്തെ പ്രമുഖസാഹിത്യവൃന്ദങ്ങള്‍, പ്രത്യേകിച്ചും ഉള്ളൂരും മറ്റും അവരെ വിലയിരുത്തുന്നുണ്ട്. ആശാന്റെ നളിനിയിലും ചണ്ഡാലഭിക്ഷുകിയിലും കരുണയിലുമെല്ലാമുള്ള സ്‌നേഹാന്വേഷണം എന്ന കേന്ദ്രപ്രമേയത്തിനു സ്ത്രീപുരുഷബന്ധത്തിനോടും അതിലെല്ലാമുപരിയായി ആധ്യാത്മികതൃഷ്ണകളോടുമുള്ള സവിശേഷബന്ധം അവരെ സ്വാധീനിച്ചിരിക്കാമെന്നു കരുതുവാന്‍ ന്യായമുണ്ട്. കരിഞ്ഞ പൂമൊട്ട്, എന്റെ പിച്ചി മുതലായ കവിതകളില്‍ പുഷ്പമെന്നത് കേവലമായ രൂപകമോ ബാഹ്യപ്രമേയമോ എന്നതിലുപരിയായി അസുലഭമായ സൃഷ്ടിവൈഭവത്തിന്റെയും അനിത്യതയുടെയും നിസ്സഹായതയുടെയും മറ്റും അടരുകളെക്കൂടി ആവാഹിക്കുന്നതിലൂടെ ആശാന്റെ  വഴികളെ പാര്‍വതിയമ്മ പിന്തുടരുന്നുണ്ട്. പല്ലനയാറ്റിലെ ബോട്ടപകടത്തില്‍ ആശാന്‍ മരിക്കുന്നതിന്റെ അന്ന്ു ആ യാത്രയ്ക്കിടെ ആലപ്പുഴ വെച്ച് പാര്‍വതിയമ്മ ആശാനെ കാണാന്‍ പദ്ധതിയിട്ടെങ്കിലും അതു നടന്നില്ല.

ശ്രീബുദ്ധനിലും ശ്രീനാരായണനിലുമെന്ന പോലെ വിവേകാനന്ദനിലും ശ്രീകൃഷ്ണനിലും അവര്‍ ആദ്ധ്യാത്മികതയുടെ അനുഭുതികള്‍ തന്നെയാണ് തിരഞ്ഞത്. നിശ്ചയമായും അക്കാലത്തെ ഇന്ത്യന്‍ പ്രപഞ്ചബോധത്തോടും വേദോപനിഷത്തുകളോടുമെല്ലാം അതു സഹവസിച്ചുനില്‍ക്കുമെങ്കിലും ചലനാത്മകമായ സാമൂഹികമണ്ഡലത്തിലേക്കതിനെ സംക്രമിപ്പിക്കാനുള്ള ശേഷി അവര്‍ നേടിയിരുന്നു. ഇതു കൂടാതെ ബൗദ്ധമായ പ്രമേയങ്ങളിലേക്കുള്ള അവരുടെ താല്പര്യം വളരെ പ്രകടമായിരുന്നുവെന്നു ധരിക്കുവാന്‍ ഒട്ടേറെ കാരണങ്ങളുണ്ട്. ആശാന്‍ കവിതകളിലൂടെ  പുതിയൊരു സൗന്ദര്യചിന്തയും തത്വദര്‍ശനവുമായി അവ പ്രസരിച്ചതും നാമോര്‍ക്കേണ്ടതുണ്ട്. അതിലെല്ലാമുപരിയായി അക്കാലഘട്ടത്തിലെ സാമൂദായികതയുടെ രാഷ്ട്രീയം ബൗദ്ധചിന്തയുമായി ബന്ധപ്പെട്ടു വികസിച്ചതിന്റെ ചരിത്രപരമായ അടിസ്ഥാനങ്ങള്‍ അവയിലേക്കു വെളിച്ചം വീശിയേക്കാം. ആശാനെ സംബന്ധിച്ചിടത്തോളം ബുദ്ധദര്‍ശനം പ്രധാനമായും ജാതിവിരുദ്ധതയുടെയും സമത്വചിന്തയുടെയും പ്രഭവമായിരുന്നു. സവിശേഷമായ ഈ ധാരയിലേക്ക് അന്വയിക്കപ്പെടുന്നതിന്റെ കൂടി ഭാഗമായാവണം ശ്രീബുദ്ധചരിതം ഉത്തരാര്‍ദ്ധം വിവര്‍ത്തനം ചെയ്തു പൂര്‍ത്തിയാക്കാനുള്ള പ്രേരണ അവര്‍ക്കുണ്ടായത്. മകന്‍ മരിച്ചു, അവെന പുനര്‍ജ്ജനിപ്പിക്കാനാവശ്യപ്പെട്ടു കേഴുന്ന അമ്മയോട് ആരും മരിക്കാത്ത വീട്ടില്‍ നിന്നും കടുകു തേടിക്കൊണ്ടുവരാനുപദേശിച്ച ബുദ്ധകഥയെ ആഴത്തില്‍ അനുസ്മരിപ്പിക്കുന്ന പൂക്കാരിയെന്ന കവിത ഈ ചായ്‌വിനെ കൂടുതല്‍ ബലപ്പെടുത്തുന്നു.  കര്‍മഫലം എന്ന ബുദ്ധചിന്തയുമായി ബന്ധപ്പെട്ട ഒരു സ്വതന്ത്രവിവര്‍ത്തനകൃതിയും ഇവരുടേതായിട്ടുണ്ട്. (പോള്‍ കാറസ് എഴുതിയ ഇംഗ്ലീഷ് കഥ കര്‍മയുടെ വിവര്‍ത്തനം) വളരെ ദൂരെ പ്രയാഗില്‍ നിന്നും അയച്ചു വരുത്തിയ ആ കൃതി അവരെ ഏറെ സ്വാധീനിച്ചിരുന്നതായും ജീവചരിത്രകാരനായ വി ദത്തന്‍  പറയുന്നുണ്ട്.  വിവര്‍ത്തനം ചെയ്ത മറ്റു കൃതികള്‍  ഭഗവദ്ഗീത, ഭുവനദീപിക (ദ്വിജേന്ദ്രലാല്‍ റോയ് എഴുതിയ നാടകം.) ആണ്.  

അംഗീകാരമോ അനാസക്തിപ്രിയമോ?  
മലയാളസാഹിത്യപാരമ്പര്യത്തില്‍ പൊതുവേ ആരോപിക്കപ്പെടുന്ന സ്ത്രീസര്‍ഗാത്മകതയ്ക്കു നേരെയുള്ള അവഗണനയുടെയും തമസ്‌കരണത്തിന്റെയും പശ്ചാത്തലത്തില്‍ പാര്‍വതിയമ്മയുടെ സാഹിത്യജീവിതത്തെ പരിശോധിച്ചാല്‍ അവര്‍ ഒട്ടൊക്കെ വ്യത്യസ്തയാണെന്നു തോന്നാം. കാരണം മന്നത്തു പദ്മനാഭന്‍, സഹോദരന്‍ അയ്യപ്പന്‍ മുതല്‍ കെ.ദാമോദരന്‍ വരെയുള്ള സാമുദായികനേതാക്കളുടെയും ആശാന്‍, ഉള്ളൂര്‍, പുത്തേഴത്തു രാമന്‍ മേനോന്‍, സുകുമാര്‍ അഴീക്കോട്, എം. ലീലാവതി മുതല്‍ എന്‍. ഗോപാലപിള്ള വരെയുള്ള സാഹിത്യനായകരുടെയും ശ്രദ്ധാപാത്രമാകാന്‍, അവരില്‍ പലരുടെയും പ്രശംസ പിടിച്ചു പറ്റാന്‍ തന്റെ ജീവിതകാലത്തു തന്നെ അവര്‍ക്കു ഭാഗ്യം ലഭിച്ചതായി നമുക്കു മനസ്സിലാക്കാന്‍ കഴിയും.  അവരുടെ ജീവചരിത്രത്തിലെയും  ഷഷ്ഠിപൂര്‍ത്തിയോടനുബന്ധിച്ചിറങ്ങിയ സുവനീറിലെയും പല കുറിപ്പുകളും അതിന്റെ  തെളിവുകളാണ്. കൂടാതെ പാഠപുസ്തകങ്ങളിലും അവരുടെ കവിതകള്‍ ഇടംപിടിച്ചിരുന്നു. കേരളസാഹിത്യഅക്കാദമി നിര്‍വാഹകസമിതി അംഗമായി തുടക്കം മുതല്‍ ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നു.  ഈ അംഗീകാരം അവരെ സംബന്ധിച്ചിടത്തോളം സര്‍വപ്രധാനമാണ് എന്നത്  കീഴാളസമുദായത്തോട്   അക്കാലത്തെ പൊതുസമൂഹത്തിന്റെ മനോഭാവം അറിയുന്നവര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളു. സവര്‍ണവും പുരുഷാധികാരം നിറഞ്ഞതുമായ സാംസ്‌കാരികാന്തരീക്ഷത്തെ മുഴുവന്‍ വെല്ലുവിളിക്കുന്ന പ്രാധാന്യം പാര്‍വതിയമ്മയ്ക്കു ലഭിച്ചു എന്നല്ല പറയുന്നത്. മറിച്ച് അത്തരം രാഷ്ട്രീയം നിലനില്‍ക്കുമ്പോഴും അതില്‍ നിന്നു വ്യത്യസ്തമായ ഒരു നില അവര്‍ പലനിലയ്ക്കും കയ്യാളിയെന്നതാണ്. അതിലേക്കു നയിച്ച ഒട്ടേറെ കാരണങ്ങള്‍ ഉണ്ടാവാം. കവി എന്ന നിലയ്ക്കു തന്റെ കാവ്യപ്രമേയങ്ങളായി സ്വീകരിച്ച  ആദ്ധ്യാത്മികപരിസരങ്ങള്‍, തത്വചിന്താപരമായ കാവ്യബീജങ്ങള്‍, അനാസക്തമെന്നു വിശേഷിപ്പിക്കാവുന്ന മാനവികതയുടെ അഭിരുചികള്‍ തുടങ്ങിയ സാഹിതീയമായ കാരണങ്ങള്‍ അവരെ ഒരു ഭക്തകവിയായോ വേദാന്തകവിയായോ നിര്‍വചിക്കാന്‍ ഇടയാക്കിയിരിക്കാം. അത്തരം പ്രമേയങ്ങള്‍ സ്വീകരിച്ച മറ്റു പലരും അക്കാലത്തുണ്ടായിരുന്നെങ്കിലും അവരേക്കാളെല്ലാം ലളിതസുന്ദരമായ ശൈലി പാര്‍വതിയമ്മയ്ക്കുണ്ടായിരുന്നതിനാല്‍ അവര്‍ കൂടുതല്‍ തിരച്ചറിയപ്പെട്ടു എന്നതാവാം അതിനു കാരണം. അതല്ലെങ്കില്‍ പുരാണപ്രഭാഷകയായും സാമുദായിക സാംസ്‌കാരികപ്രാസംഗികയായും അവര്‍ തന്റെ വാഗ്മിതയാല്‍ ഉണ്ടാക്കിയെടുത്ത അവൈയക്തികവും സാമൂഹികവുമായ മാനങ്ങള്‍ അവരെ മറ്റൊരു വിധത്തില്‍ നോക്കിക്കാണാന്‍ പ്രേരിപ്പിച്ചിരിക്കാം. സ്‌ത്രൈണതയെക്കുറിച്ചുള്ള പതിവു സങ്കല്‍പങ്ങള്‍ക്കകത്തു നില്‍ക്കാതെയുള്ള അവരുടെ വ്യക്തിജീവിതവും- അവിവാഹിത, എക്കാലവും ഖദര്‍ വെള്ളവസ്ത്രധാരി, ഒട്ടും അണിഞ്ഞൊരുങ്ങാതെ നിരാഭരണ എന്നിങ്ങനെയുള്ള വൈയക്തികസവിശേഷതകള്‍- അതില്‍ പങ്കു വഹിച്ചിരിക്കാം. ഏതിലുമുപരിയായി  വ്യക്തിയും കവിയും ഒരുപോലെ അലൈംഗികവും അനാസക്തവുമായ ഒരു ഘടനയക്കകത്തു നിലനിര്‍ത്തിയതിന്റെ പ്രത്യേകതകള്‍ അവരുടെ ജീവിതത്തിനുണ്ടെന്നു കാണാം. ദേശീയത, യോഗാത്മകഭക്തി, അനാസക്തി മുതലായ ഉദാരവല്‍കൃതമായ ഭാവനകള്‍ക്കകത്തു അവര്‍ കൃത്യമായും പാകമായിരുന്നിരിക്കണം. ഗാര്‍ഹസ്ഥ്യം കൊണ്ടുപോലും അവര്‍ സ്‌ത്രൈണതയുടെ അതിരുകള്‍ക്കകത്തേക്കു തിരിച്ചറിയപ്പെട്ടില്ല എന്നത് ഗുണപരമായാണ് മേല്‍പ്പറഞ്ഞ നിരൂപകരിലേറെയും  എടുത്തു പറഞ്ഞത്.  അഴീക്കോടും ഈഴവസാമുദായികതയെ ഉയര്‍ത്തിപ്പിടിച്ച കെ. ദാമോദരനും  അവരെ അവര്‍ണസമുദായത്തില്‍പ്പെട്ട കവിയെന്ന നിലയക്കും സ്ത്രീയെന്ന നിലയ്ക്കും നോക്കിക്കാണാന്‍ ശ്രമിക്കുന്നുണ്ട് എന്നതു നാം കാണാതിരുന്നുകൂടാ. ആശാനു ശേഷം എം.പി.അപ്പനും പാര്‍വതിയമ്മയും അവര്‍ണസമുദായത്തില്‍ നിന്നും ഉയര്‍ന്നു വന്ന പ്രഗത്ഭകവികളാണെന്ന് അദ്ദേഹം എടുത്തു പറയുന്നുണ്ട് (പരിണതപ്രജ്ഞ, മുതുകുളം പാര്‍വതിയമ്മ ഷഷ്ടിപൂര്‍ത്ത്യുപഹാരം). ''എത്ര വലിയ കവയിത്രിയോ കാഥികയോ ആയിരുന്നാലും അവരെ വര്‍ണിക്കാനും പ്രോല്‍സാഹിപ്പിക്കാനും പുരുഷലോകം സന്നദ്ധമല്ലെന്ന  വസ്തുത സമര്‍ത്ഥിക്കുകയാണ്'', മേരികോറല്ലി എന്ന കഥാകാരി തന്റെ ഡലീഷിയ എന്ന കൃതിയിലൂടെ ചെയ്തതെന്ന് അദ്ദേഹം എഴുതുന്നുണ്ട്.  

ഈഴവസാമുദായികത
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യശതകം മുതല്‍ കേരളത്തിന്റെ സാംസ്‌കാരികമണ്ഡലത്തില്‍ കീഴാളമായ ഉണര്‍വുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതിനോടു ചേര്‍ന്നാണ് ഈഴവരുടെ സാമുദായികവളര്‍ച്ചയെയും കാണേണ്ടത്. സംസ്‌കൃതപണ്ഡിതരും കവികളും കഥാകാരന്മാരും ആയുര്‍വേദവിജ്ഞരുമായ അനേകര്‍ ഈഴവസാമുദായികതയെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു ഉണ്ടായിരുന്നുവെന്നത് ചരിത്രത്തിലുണ്ട്. സി.കെ.രേവതി അമ്മയുടെ സഹസ്രപൂര്‍ണിമ എന്ന ആത്മകഥയ്ക്ക് എഴുതിയ അവതാരികയില്‍ മൂര്‍ക്കോത്തു കുഞ്ഞപ്പ അതേക്കുറിച്ചു സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. സാംസ്‌കാരികമായ സങ്കലനം ഏറെ നടക്കുന്ന ജാതിവിഭാഗമെന്ന നിലയക്ക് വടക്കേമലബാറിലെ തിയ്യരുടെ  ജീവിതം സവിശേഷമാണെന്ന് അദ്ദേഹം പറയുന്നു. ഗുജറാത്തികളും പഞ്ചാബികളും വിദേശീയരും മറ്റുമായവരുമായുള്ള മിശ്രവിവാഹം ഇതിലൊരു പങ്കു വഹിച്ചു. ഒരു വിഭാഗം തിയ്യര്‍ നിത്യവൃത്തിക്കാരായ ദരിദ്രരാണെങ്കിലും മറ്റു പല കീഴാളവിഭാഗങ്ങളെ അപേക്ഷിച്ചു ധനികരായ ജന്മിമാരും അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. സാക്ഷരതയുടെ കാര്യത്തിലും ഒട്ടും മോശമായിരുന്നില്ല ഈ സമുദായം. ഗ്രന്ഥസമാജം, സാഹിത്യസദസ്സ് പോലുള്ള വേദികളിലും പ്രവര്‍ത്തനപരിചയം കാഴ്ചവെയ്ക്കുന്ന പഴയകാലത്തെ ഈഴവസാമുദായികതയുടെ സാസ്‌കാരികമണ്ഡലത്തിന്റെ പരിച്ഛേദം തന്നെയാണ് മുതുകുളം പാര്‍വതിയമ്മയുടെ രചനാജീവിതത്തെയും രൂപപ്പെടുത്തിയത് എന്നു കാണാനാണ് ഇതു നമ്മെ പ്രേരിപ്പിക്കുന്നത്.    

ചുരുക്കത്തില്‍  സാമുദായികതയും ആത്മീയതയും  സാമൂഹികതയും സവിശേഷമായി രൂപപ്പെടുത്തിയ ഒന്നാണ് മുതുകുളം പാര്‍വതിയമ്മയുടെ സാഹിത്യപ്രതിഭ എന്നു പറയാവുന്നതാണ്. സമ്പൂര്‍ണമായ അവഗണനയോ, തിരസ്‌കാരമോ അവര്‍ അനുഭവിച്ചില്ലെന്നു മാത്രമല്ല മറ്റു സ്ത്രീ എഴുത്തുകാരെ അപേക്ഷിച്ചു കുറെയൊക്കെ ആദരിക്കപ്പെട്ടു. അതില്‍ മേല്‍ പറഞ്ഞ ഘടകങ്ങള്‍ക്കു വലിയ ധര്‍മം ആരോപിക്കാന്‍ കഴിയും എന്നാണ് ഇവിടെ പറഞ്ഞു വെയ്ക്കുന്നത്.
 


റഫറന്‍സ്:

1. ദത്തന്‍. വി.,  മുതുകുളം പാര്‍വതിയമ്മ (ജീവചരിത്രം) , മുതുകുളം പാര്‍വതിയമ്മ ട്രസ്റ്റ്, വിതരണം ഫേബിയന്‍ ബുക്‌സ
2. പാര്‍വതിയമ്മ മുതുകുള,ം  ശ്രീമദ് ഭഗവത്ഗീത (വിവര്‍ത്തനം കിളിപ്പാട്ട്) മുതുകുളം പാര്‍വതിയമ്മ ട്രസ്റ്റ്, വിതരണം ഫേബിയന്‍ ബുക്‌സ
3. പാര്‍വതിയമ്മ മുതുകുളം, പാര്‍വതിയമ്മയുടെ കവിതകള്‍, മുതുകുളം  മുതുകുളം പാര്‍വതിയമ്മ ട്രസ്റ്റ്, വിതരണം: എന്‍.ബി.എസ്, 2015
4. രേവതി അ്മ്മ സി.കെ, സഹസ്രപൂര്‍ണിമ, നാഷനല്‍ ബുക്ക് സ്റ്റാള്‍ കോട്ടയം, 1977


( 2022  പ്രസിദ്ധീകരിക്കുന്നത്)