Friday, June 28, 2024

മനുഷ്യാനന്തരഭാവനയുടെ ഉറവുകള്‍

 


'The doors to the world of the wild are few but precious. If you have a deep scar, that is a door, if you have an old, old story, that is a door. If you love the sky and the water so much you almost cannot bear it, that is a door. If you yearn for a deeper life, a full life, a sane life, that is a door.' (Woman who runs with a wolf)


സൂക്ഷ്മശ്രദ്ധയോടെ വായിക്കേണ്ട കവിതകളാണ് ശ്രീദേവി എസ് കര്‍ത്തായുടേത്. വാക്കുകളിലേക്കുറ്റു നോക്കുന്നവര്‍ക്കു മുമ്പില്‍ മാത്രം ഉറവ പൊട്ടുന്ന ഒരു ഒഴുക്കായി ഈ കവിതയെ കാണാം. എന്നോ തുടങ്ങി എവിടെയൊക്കെയോ ഇടയ്ക്കിടെ മറഞ്ഞും മുറിഞ്ഞുമുള്ള ഈയൊഴുക്ക് പുതിയൊരു തരം ഊര്‍ജ്ജമാണ് മലയാളത്തിലെ പെണ്‍കവിതയില്‍ നിറയ്ക്കുന്നത്. സ്ത്രീ/പരിസ്ഥിതികവിതയുടെ പ്രബലരാഷ്ട്രീയത്തിനു പുറത്തു നില്‍ക്കുന്ന ചില ഒഴിവിടങ്ങളിലാണ് ശ്രീദേവി തന്റെ എഴുത്തിന്റെ സാദ്ധ്യതകളെ തേടുന്നത്. 'കണ്ടെന്നുമവള്‍ കണ്ടതേയില്ലെന്നും' എന്ന ആദ്യസമാഹാരത്തിനു ശേഷം 14 കൊല്ലം കഴിഞ്ഞാണ് 'ഓ എന്ന കാലം' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിക്കപ്പെടുന്നത്. വ്യക്തമായ വിച്ഛേദങ്ങള്‍ പുതുകവിതയിലും സ്ത്രീകവിതയിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയ ഈ ഒന്നര ദശാബ്ദം ഈ വായനയില്‍ പ്രസക്തമാണ്. അതില്‍ത്തന്നെ വ്യതിരേകങ്ങളിലൂടെ സഞ്ചരിച്ച കവി എന്ന പ്രാധാന്യമാണ് ശ്രീദേവിക്കുള്ളത്. രാഷ്ട്രീയമായ ബലിഷ്ഠതകളെ കയ്യൊഴിഞ്ഞു, സ്ത്രീകവിതയുടെ പ്രതിബദ്ധതകളെ കയ്യകലത്തില്‍ നിര്‍ത്തിക്കൊണ്ടുള്ള ഈ സഞ്ചാരം ആഴത്തിലും വ്യാപ്തിയിലും നോക്കിക്കാണേണ്ടതുണ്ട്. എങ്കിലും 'ഓ എന്ന കാല'ത്തെ പ്രധാനമായും ഊന്നിയാണിതെഴുതുന്നത്.


ഭൂമിയിലെ അഭയാര്‍ത്ഥികള്‍

പ്രകൃതിയെ സുന്ദരമായി കാണുന്ന കേവലാസ്വാദനത്തിനപ്പുറം ശ്രദ്ധയോടെ പരിരക്ഷിച്ചും പരിചരിച്ചുമുള്ള നിലയാണ് ഈ കവിതകളില്‍. സാകല്യത്തിലൂന്നിയ പ്രപഞ്ചദൃഷ്ടി പ്രാഥമികതലത്തില്‍ തന്നെ തെളിഞ്ഞു കാണുന്നവയാണ് ഈ കവിതകള്‍. മൃഗപക്ഷി സസ്യസങ്കുലമായപ്രകൃതിയെ അപ്പാടെ, ജെവികമായ ഏതൊന്നിനെയും അരുമയായി നോക്കിക്കാണാനാണ് കവി ശ്രമിക്കുന്നത്. അവയെ മനുഷ്യന്റെ അധീശപദവിക്കു അഭിമുഖമായി നിര്‍ത്തി  ഭാവനാപരമായി വരച്ചെടുക്കാനാണ് ശ്രീദേവി ശ്രമിക്കുന്നത്.  മൃഗത്തെ, പക്ഷിയെ, ഇഴജന്തുക്കളെ, പ്രാണിയെ കണ്ടെടുക്കുന്ന എത്രയെങ്കിലും കവിതകള്‍ ശ്രീദേവി എഴുതിയിട്ടുണ്ട്. അവയെ കാല്പനികസുന്ദരമായ കാഴ്ച്ചകളായി വിവരിക്കുന്നതിനേക്കാള്‍ വാഴ്‌വ് എന്ന സമസ്യക്കു മുകളില്‍ അധികാരവും സ്വേച്ഛയും നഷ്ടപ്പെടുന്ന, എന്നാല്‍ സ്വാതന്ത്ര്യവും  നിസ്സഹായതയും ഒരേസമയം ഉള്ളവരായായാണ് കവി കാണുന്നത്. ഈ ഭൂമിയിലെ അധികാരിയായ മനുഷ്യന്റെ പോലും ഹ്രസ്വമായ ജീവിതം അഭയാര്‍ത്ഥിത്വമാണെന്നു 'ഓടിയോടിപ്പോകുന്നു' എന്ന കവിതയില്‍ ശ്രീദേവി പറയുന്നു. തെരുവുനായ മടിയില്‍ക്കയറിയിരുന്ന് കൊഞ്ചിക്കൊണ്ടു അതിന്റെ പേരു ചോദിക്കുന്നു. ബാലഗോപാലന്‍ എന്ന പേരതിനു തല്ക്കാലം നല്‍കിയപ്പോള്‍ അവനതിനെ സന്തോഷത്തോടെ വാലു എന്നാക്കി ചെറുതാക്കി, നക്കിത്തോര്‍ത്തി. മഴമൂടി, ഇരുണ്ടുവന്ന ഒരു ടാഗോര്‍ സന്ധ്യയില്‍ അവനവളുടെ മടിയിലിരുന്നു ''നാന്‍ അമ്മയ്ക്കാരാ''യെന്നു ചോദിച്ചു. 

''ഒരു ദേശത്തു നിന്ന്

മറുദേശത്തേക്ക്

ഓടിയോടിപ്പോകുന്ന

കോടിക്കണക്കിനു 

നായക്കുട്ടികള്‍

മനുഷ്യര്‍

കുഞ്ഞുങ്ങള്‍

ഉരഗങ്ങള്‍ 

സൂക്ഷ്മാണുക്കള്‍...''


അവയെല്ലാമാരാണെന്നുള്ള സത്യം കവി പറയാന്‍ വിമ്മിട്ടപ്പെടുമ്പോള്‍ ''നീ പറയമ്മാ'' എന്നു അപ്രിയസത്യം കേള്‍ക്കാന്‍ വിധിക്കപ്പെട്ടവന്റെ ചോദ്യം ക്രൂരതയോടെ അവന്റെ കണ്ണില്‍ തിളങ്ങി. 'അഭയാര്‍ത്ഥി' എന്ന പേരു കേട്ടതും അതിന്റെ ഒറ്റക്കണ്ണില്‍ കിഴക്കുനിന്നും പടിഞ്ഞാറുനിന്നുമുള്ള നിലവിളികള്‍ തിര പോലെ വന്നു ഒഴുകാതെ മടങ്ങുകയും വിശ്വരൂപം കണ്ടു കവി പകയ്ക്കുകയുമാണ്. 


പ്രകൃതിയും മനുഷ്യാര്‍ജ്ജിതജ്ഞാനവും തമ്മിലുള്ള സവിശേഷമായ അഭിമുഖീകരണം ഈ മാനവാനന്തരബോധത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം സവിശേഷമായ ഒരു മുഹൂര്‍ത്തം 'ലാപ്പ്' എന്ന കവിതയിലുണ്ട്. ഇടശ്ശേരിയുടെ പൂതപ്പാട്ടിലും പള്ളിക്കൂടത്തിലേക്കു വീണ്ടും എന്ന കവിതയിലുമുള്ള അതേ ഘടനയിലാവണം അശോകമരം, മഴയത്തു ലാപ്‌ടോപ്പു നനയാതിരിക്കാന്‍ മരച്ചോട്ടില്‍ കയറിനിന്ന സ്‌കൂള്‍കുട്ടിയോടു മിണ്ടുന്നത്. അശോകം പൊഴിച്ച പൂക്കള്‍ കുട്ടി മാസ്‌ക്കു താഴ്ത്തി മണത്തു. മരപ്പൊത്തില്‍, മരത്തിന്റെ മടിത്തട്ടില്‍, (ലാപ്പില്‍) മഴ കൊള്ളാതെ സൂക്ഷിച്ച ലാപ് ടോപ്പില്‍ ക്ലാസ് തുടങ്ങി. മരത്തിന്റെ മടിത്തട്ടില്‍ ഇരുന്ന് ഒരുപാടു കുട്ടികള്‍ ചിരിക്കുകയും പാഠം വായിക്കുകയും ചെയ്തു. വര്‍ത്തമാനകാലത്തിലെ സൈബര്‍/യന്ത്രമാനവികതയെ റദ്ദു ചെയ്യാതെയാണ് ഇവിടെ കവിത നീങ്ങുന്നതെന്നു പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പുതുകാല സൂചകങ്ങളായി ലാപ്പും മാസ്‌കും ക്ലാസും നില്‍ക്കുമ്പോഴും മരത്തിന്റെ പ്രാക്തനവും ചിരവിശ്വസ്തവുമായ ആത്മഗൗരവം പരിരക്ഷയാകുന്നു. തമ്മില്‍ മേല്‍ക്കൈയ്ക്കായി മല്‍സരിക്കാതെ, പരസ്പരം തള്ളിക്കളയാതെ പുണരുന്ന ചരാചരപ്രേമത്തിന്റെ പാഠം കവിത മുന്നോട്ടു വെയ്ക്കുന്നു. 


''മരത്തിന്റെ പ്രാണന്‍

പുല്ലിനെപ്പോലെ അയഞ്ഞും

ആല്‍മരത്തെപ്പോലെ ഗൗരവത്തോടെയും

ക്ലാസ് കേട്ടുകൊണ്ടിരുന്നു.''


'ഓട്ടം' എന്ന കവിത ഒറ്റവായനയില്‍ പിടിതരുന്ന രചനയല്ല. കാറും നായ്ക്കുട്ടിയും പരസ്പരം വെച്ചു മാറുന്നു.



പെണ്‍കവിത

തികച്ചും പെണ്‍കവിത എന്നു വിളിക്കാവുന്ന രചനയാണ് 'ജാരഗീത എന്ന ജീവനകല'. ഗാര്‍ഹികാധ്വാനത്തിലെ ലിംഗപരമായ വിവേചനത്തെക്കുറിച്ചല്ല ഈ കവിത. ആ നിലയ്ക്കു മുഖ്യാധാരാസ്ത്രീകവിതയുടെ മുഷിഞ്ഞ പ്രമേയങ്ങളെ ശ്രീദേവി പലപ്പോഴും കയ്യൊഴിയുന്നു. നേരെ മറിച്ചു അടുക്കളയെ അനുരാഗസുരഭിലമായ ഭോഗഭൂമിയാക്കുകയാണ് ശ്രീദേവി. തെല്ലു നര്‍മത്തോടെ വായിച്ചെടുക്കാവുന്ന ഈ കവിതയില്‍ അടുക്കളയ്ക്കു സുജാത എന്നു പേര്. കാമനകള്‍ അടക്കിയ വീട്ടമ്മയ്ക്കു സമാനമെങ്കിലും എബി എന്ന സുന്ദരനായ എലി വരുമ്പോളവള്‍ മദാലസയായി, വാസവദത്തയാകുന്നു! പെണ്‍ലൈംഗികതയെ സംബന്ധിച്ച ഗുപ്തതീക്ഷ്ണമായ രൂപകങ്ങള്‍ നിറഞ്ഞ കവിത കുടുംബസദാചാരത്തിന്റെ നേരെ പെണ്‍ലൈംഗികതയുടെ രാഷ്ട്രീയത്തെ നിര്‍ത്തി സംസാരിക്കുന്നത് അതിവാസ്തവികതയുടെ ബിംബസമൃദ്ധികളിലൂടെയാണ് 

''അടുക്കള വീണ്ടും കെട്ടിവെച്ച മുടിയഴിച്ചു. 

കടുകുമണികള്‍ ചിതറിത്തെറിച്ചു. 

സുഗന്ധവാഹികളായ സുതാര്യഭരണികള്‍ 

സ്വയം പൊട്ടിച്ചിതറി

മഞ്ഞള്‍പ്പുടവ താനെയഴിഞ്ഞു. 

വീടാകെയുണര്‍ന്നു, വിഷാദം വെടിഞ്ഞു

വെടിപ്പായൊരുങ്ങീ 

ഓരോ മുറിയും

വെള്ളിപ്പിഞ്ഞാണങ്ങള്‍ക്കൊപ്പം പൊട്ടിച്ചിരിച്ചു

ജലവും മണവും രസവുമൊഴുക്കി

വീട് മലര്‍ന്നുകിടന്നു

ആരും തൊടാത്തയിടുക്കുകള്‍

ആഴങ്ങളെക്കാത്തു

ഭൂമികുലുക്കമുണ്ടായി ...'' 


ഭ്രമാത്മകതയുടെ ചാരുത പറയുന്ന കവിത/കഥയാണ് 'അളവുപാകം'

ഭ്രമാത്മകതയും സന്ദിഗ്ദ്ധതയും അനിശ്ചിതത്വവും കൂടിക്കുഴഞ്ഞ 'ഓ എന്ന കാല'ത്തില്‍ സ്ത്രീപുരുഷബന്ധത്തിനു കാലം കൊണ്ടുണ്ടായ, പരസ്പരം പിടിതരാത്ത, അവ്യാഖ്യേയമായ സമസ്യയെ വെളിവാക്കുന്നു!


ജീവികാമന

ആധുനികതാപൂര്‍വ കാലങ്ങളിലെന്ന പോലെ ജീവി,വസ്തു,പ്രപഞ്ചങ്ങളോടുള്ള കാമനാവിനിമയങ്ങള്‍ ഉണരുന്നുണ്ട് ഈ കവിതകളില്‍. കാളിദാസകവിതയിലെന്ന പോലെ  മേഘവും നദിയും പ്രണയഭാജനങ്ങളോ 

ചങ്ങാതികളോ ആണ്. 'അലസസുന്ദരി'യില്‍ മേഘത്തിന്റെ കവിത പെയ്യുമ്പോള്‍ തകര്‍ന്നത് എട്ടുകാലിയുടെ വീടാണ്! പാമ്പിന്റെ  അടിവയറില്‍ എട്ടു കുഞ്ഞുങ്ങളെ കണ്ടു അത്ഭുതം കൂറുന്നു, കൊടും ചുവപ്പായ രാത്രിയും ശോണചന്ദ്രനും കറിവേപ്പിലമരച്ചുവട്ടില്‍ എട്ടു കുഞ്ഞുങ്ങളെക്കണ്ട് ആശ്ചര്യത്തോടെ നിന്നു, പിന്നെ അഭിനന്ദനങ്ങള്‍ പറയുന്നു! 


'പുതുവര്‍ഷത്തിന്റെ മറുപകല്‍' അപൂര്‍വസുന്ദരമായ മൃഗ,സ്ത്രീ പ്രണയത്തിന്റെ കഥയാണ്. ക്ലാരിസോ എസ്‌തേര്‍ പിംഗോളയുടെ ദ വിമന്‍ ഹു റാന്‍ വിത് ദ വുള്‍വ്‌സ് പോലുള്ള രചനകളെ ഇത്തരം കവിതകള്‍ അനുസ്മരിപ്പിക്കുന്നു. മനുഷ്യകുലത്തിന്റെ അതീതഭൂതകാല സ്മരണകളും പ്രചോദനവും പേറുന്ന മിത്തുകളാല്‍ സമ്പന്നമാണ് അത്തരം രചനകള്‍.  മാന്ത്രികതയും ആഭിചാരതയും നിറഞ്ഞ മൃഗമനുഷ്യകഥകള്‍ സങ്കലിതമായ ജൈവികസംസ്‌കാരത്തിന്റെ, നിര്‍മലമായ ജീവിതപ്രതലങ്ങളുടെ വഴികളിലേക്കു നീളുന്നു. ഇവിടെ സ്ത്രീ ദുര്‍ബലയോ ഇരയോ അല്ല, മറിച്ചു വന്യതയുടെയും ശക്തിയുടെയും സൗന്ദര്യത്തിന്റെയും സാദ്ധ്യതകളുള്ളവളാണ്. നിഗ്രഹാനുഗ്രഹശക്തികളുള്ള ദേവതകളും അപ്‌സരസ്സുകളും ദുര്‍മന്ത്രവാദിനികളും പിശാചിനികളും യക്ഷികളും പ്രേതങ്ങളും രാക്ഷസികളും എല്ലാം ഈ മിത്തുകളിലുണ്ട്. 


എന്താണ് ഈ കവിതകളുടെ മൗലികമായ വ്യതിരിക്തത? അതിനുത്തരം തേടുക എളുപ്പമല്ല. ഈ പ്രേരണകള്‍ മലയാളകവിതയുടെയും മലയാളസാഹിത്യത്തിന്റെയും ചരിത്രത്തില്‍ തിരഞ്ഞു നോക്കിയാല്‍ വളരെ  അപൂര്‍വമായി മാത്രം കാണുന്നവയാണ്. കെ.എ.ജയശീലന്റെയും മറ്റും കവിതകളിലെ തത്വചിന്താപരമായ ധ്വനികളേക്കാള്‍ വീണ്ടുവിചാരത്തിന്റെയും അലിവിന്റെയും പ്രായോഗികസന്ദര്‍ഭങ്ങളിലൂടെയും കളിമ്പങ്ങളിലൂടെയുമാണ് ഈ കവിത നമ്മോടു ചേരുന്നത്. നമ്മെയും പ്രപഞ്ചത്തെയും വേറെ വേറെയായി കാണുന്ന പരിസ്ഥിതി കവിതകള്‍ക്കപ്പുറം, രണ്ടിനെയും ഒറ്റ ഫ്രെയിമിലേക്കു പരാവര്‍ത്തനം ചെയ്യാവുന്ന ഒരു നോട്ടക്കോണ്‍ ഈ കവിതയിലേക്കു കടന്നു നില്‍ക്കുന്നുണ്ട് എന്നതാണ് ഇവയെ വേറിട്ടതാക്കുന്നത്. അതിലൂടെ അധികാരത്തിന്റെ രാഷ്ട്രീയത്തെ തന്നെയാണ് കവി അപനിര്‍മിക്കുന്നത്. പരിസ്ഥിതികവിതകളിലും സ്ത്രീകവിതകളിലുമുള്ള അതേ അധികാരവിമര്‍ശത്തെ വ്യത്യസ്തമായ ആഖ്യാനസ്വഭാവത്തോടെയാണ് ശ്രീദേവി എഴുതുന്നത്. പുരുഷന്‍ എന്നോ മനുഷ്യനെന്നോ ഉള്ള എതിര്‍/ അപരം (പാലിലെ വെള്ളവും പാറയിലെ സ്വര്‍ണവും പോലെ അതവിടെ കലര്‍ന്നലിഞ്ഞു കിടക്കുമ്പോഴും) ഇവിടെ സ്വരൂപിക്കപ്പെടുന്നില്ല!  ആഖ്യാനപരമായി ഈ കവിതകള്‍ സൂക്ഷിക്കുന്ന അനന്യത ഒരു പക്ഷേ അതില്‍ത്തന്നെ അധീശപരമായ സൂചനകളെ തീര്‍ത്തും ഒഴിവാക്കുന്നതായ, താദാത്മ്യത്തിന്റേതായ സ്വരലയസൗന്ദര്യം കണ്ടെത്തുന്നു. എങ്കില്‍ തന്നെയും അതും വൈദികവും ആധ്യാത്മികവും കാല്പനികവുമായി കാലങ്ങളിലൂടെ നമ്മള്‍ പരിചയിച്ച സാകല്യഭാവനകളില്‍ നിന്നും വ്യക്തമായ അകലം ദീക്ഷിക്കുന്നു! അവയില്‍ നിന്നു വ്യത്യസ്തമായി, മൂര്‍ത്തമായ അനുഭൂതിപരതയിലും നൈതികതയിലുമാണ് ഈ കവിതകളുടെ വിഹാരം. 


അവലംബം


1. ഓ എന്ന കാലം, ശ്രീദേവി എസ്. കര്‍ത്താ, ഡി.സി.ബുക്‌സ്, കോട്ടയം, 2022

2. കണ്ടെന്നുമവള്‍ കണ്ടതേയില്ലെന്നും, ശ്രീദേവി എസ്. കര്‍ത്താ, കറന്റ് ബുക്‌സ്, തൃശൂര്‍, 2008  




No comments: