Showing posts with label സ്ത്രീപക്ഷം. Show all posts
Showing posts with label സ്ത്രീപക്ഷം. Show all posts

Wednesday, March 15, 2023

ലിപികളില്ലാത്ത ഭാഷയിലേക്കവര്‍ എന്നെയും കൂട്ടി നടക്കുന്നു..



വംശീയാനുഭവങ്ങള്‍ എന്നു വിളിക്കാവുന്ന വ്യത്യസ്തമായ ജീവിതരേഖകളുടെ സമാഹാരമാണ് ഈ കൃതി. രജനി പാലാമ്പറമ്പില്‍ കേട്ടെഴുതിയ പതിനൊന്നു ദളിത്സ്ത്രീ ജീവിതകഥനങ്ങള്‍ എന്നു ഈ കൃതിയുടെ ഘടനയെ ഒറ്റവരിയില്‍ ചുരുക്കിപ്പറയാം. 90 കള്‍ക്കു ശേഷമുണ്ടായ നവസാമൂഹികതയുടെ ഉള്ളടരുകളില്‍ നിന്നും രാഷ്ട്രീയത്തിന്റെ ചൂടുള്ള പുതുലാവ ഉറന്നു വരുന്നത് ദളിത് പ്രത്യയശാസ്ത്രത്തില്‍ നിന്നു കൂടിയാണ്. ദളിത്, സ്ത്രീ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയം എന്ന സാമൂഹികസംവര്‍ഗത്തെ ഇളക്കാന്‍ പാകത്തില്‍ തന്നെ സാംസ്‌കാരികമായ ഉഴുതുമറിയ്ക്കല്‍ നടന്നിട്ടുണ്ട്. അതിന്റെ സജീവവും മുഖ്യവുമായ ഒരു പ്രതലമാണ് ദളിതെഴുത്തുകള്‍. കര്‍തൃത്വത്തെയും പ്രതിനിധാനത്തെയും കാനോനീകരണത്തെയും സംബന്ധിച്ച മാമൂലുകള്‍ കൊഴിഞ്ഞു വീഴുന്നത് ഇപ്പോഴും അത്ര സ്വാഭാവികമായല്ല മുഖ്യധാരയില്‍ പരിഗണിക്കപ്പെടുന്നത്. അരികുകളെ മുന്നോട്ടേയ്ക്കു തെളിച്ചു അടയാളങ്ങള്‍ പതിക്കുകയും ചില ചോദ്യങ്ങളിലൂടെ രാഷ്ട്രീയമായ ഉന്നയിക്കലുകള്‍ നടത്തുകയും ചെയ്യുന്നു ഇവിടെ.


അനുഭവപരത
അനുഭവങ്ങളാണീ കൃതിയുടെ ആകെത്തുക. സുപ്രതിഷ്ഠിതമായ ദര്‍ശനങ്ങള്‍, പ്രവര്‍ത്തനരേഖകള്‍, കാല്‍പനികഭാവനകള്‍ രാഷ്ട്രീയ, സാമൂഹിക നിലപാടുകള്‍ എന്നിവയ്ക്കു പകരം അനുഭവപരതയെ സുപ്രധാനമായി കാണുന്ന തരം എഴുത്തുകളാണിവ. സ്വന്തം അനുഭവങ്ങളുടെ പുറത്തുളള ആധികാരികതയാണ് ഇതിലെ ഓരോ പെണ്ണിനെയും ഭാഷകയാക്കുന്നത്. ആത്മനിഷ്ഠമായ അനുഭവങ്ങളെ കേന്ദ്രീകരിച്ചെഴുതപ്പെടുന്ന എഴുത്തുകളാണിവ. എങ്കിലും ഈ കുറിപ്പുകളിലെ ഓരോരുവളും ഒരു കൂട്ടത്തെ പ്രതിനിധാനം ചെയ്യുന്നു. ആഫ്രോ അമേരിക്കന്‍ കീഴാള ആത്മകഥകള്‍ ഒരേ സമയം വൈയക്തികവും പ്രതിനിധാനപരവും ആയിരിക്കുന്നതിനെക്കുറിച്ച് ടോണിമോറിസണ്‍ പറയുന്നുണ്ടല്ലോ. (Rootedness: The Ancestor as Foundation എന്ന ലേഖനം). കേട്ടെഴുതപ്പെടുക എന്നതിനാല്‍ തന്നെ അവയ്ക്കു അനുഭവത്തിന്റെ ജൈവികമായ പച്ചയും പടര്‍ച്ചയുമേറും. എഴുത്തിന്റെയും ഭാഷയുടെയും സാമാന്യീകരിക്കപ്പെട്ട മാനകസ്വഭാവത്തേക്കാള്‍ പറച്ചിലുകളിലെ പ്രാദേശികതയും താളഭേദങ്ങളും അരേഖീയതകളും വൈയക്തികമായ തുള്ളിത്തുളുമ്പലുകളും അനുഭൂതിപരമായി സന്നിവേശിപ്പിക്കാനാണ് രജനി ശ്രമിച്ചിട്ടുള്ളത്. വേരും മണ്ണും നനവും ചേര്‍ന്നു ചരിത്രത്തിലതു പച്ചിലനാമ്പു നീട്ടുന്നു!

എഴുത്തില്‍ നിന്നും പറച്ചിലുകളുടെ സന്ദര്‍ഭം വളരെ വ്യത്യസ്തമാണ്. എഴുത്തിനുള്ളതു പോലെ ഭാഷണത്തിനു പലപ്പോഴും പൂര്‍വഭാരങ്ങളില്ല. ആയതിനാല്‍ തന്നെ നാം പ്രതീക്ഷിക്കുന്നതു  പോലെ കദനം നിറച്ചുവെച്ച കാല്പനികമായ ഓര്‍മകളല്ല ഇവ. ഗോമതി എന്ന വൃദ്ധ തന്റെ അനുഭവങ്ങളെ നോക്കിക്കാണുന്നതിലെ രസകരമായ സവിശേഷത നോക്കൂ.  ജനപ്രിയസിനിമകളുടെ ഉപമാനമുപയോഗിച്ചാണ് ഗോമതി തന്റെ ജീവിതത്തെ ചിലപ്പോഴെല്ലാം ആഖ്യാനം ചെയ്യുന്നത്. 80 വയസുള്ള തന്റെ ജീവിതം ആകാശദൂത് സിനിമ  പോലെയാണെന്നവര്‍ പറയുന്നു.  എന്നും കണ്ണീരും കയ്യും തന്നെ! മറ്റൊരിക്കല്‍ ചെറുപ്പം മുതലേ പഠിക്കാന്‍ കഴിയാത്ത നിരാശയും സങ്കടവും പറയുമ്പോഴും സിനിമയുമായാണ് സാദൃശ്യപ്പെടുത്തി പറയുന്നത്. മണിച്ചിത്രത്താഴിലേതു പോലെ ചെറുപ്പത്തില്‍ ഒരു ദുഃഖകരമായ പ്രശ്‌നം ഉണ്ടെങ്കില്‍ അതു വലുതായാലും മനസ്സിനെ ദുഃഖിപ്പിക്കും എന്നവര്‍ ഒരു ഘട്ടത്തില്‍ നിരീക്ഷിക്കുന്നുണ്ട്. മറ്റൊന്ന് ഈ പറച്ചിലുകളൊന്നും തന്നെ സമഗ്രമായ വലിയ തത്വദര്‍ശനങ്ങളുടെ ഉച്ചസ്വരങ്ങളല്ല എന്നതുമാണ്.

കുടുംബം
തൊഴില്‍ അടിമസമ്പ്രദായവും മറ്റും വ്യാപകമായിരുന്ന കാലത്തെ കീഴാളരുടെ ശിഥിലമായ കുടുംബബന്ധങ്ങളെക്കുറിച്ചു പൊയ്കയില്‍ അപ്പച്ചന്റെ പാട്ടുകളില്‍ പറയുന്നുണ്ടല്ലോ. അപ്പനമ്മമാര്‍  മക്കളുമായും വേണ്ടപ്പെട്ട ബന്ധുക്കളുമായും ഒക്കെ വേര്‍പിരിഞ്ഞു കഴിയുന്നത് പഴയ കേരളീയ കീഴാളജീവിതത്തില്‍ പതിവാണ്. അമ്മയും അപ്പനും മക്കളും പലയിടങ്ങളിലായി പരസ്പരം വേര്‍പിരിക്കപ്പെട്ടു പണി ചെയ്തു കഴിയുന്ന അവസ്ഥ. പരസ്പരം കാണാനാവാതെ, സ്‌നേഹവും ദു:ഖവും പങ്കുവെയ്ക്കാതെ പീഡനങ്ങളേറ്റു, അന്യഥാത്വമനുഭവിച്ചു, എല്ലാം സഹിച്ചമര്‍ത്തി ഒറ്റപ്പെട്ടു കഴിയുന്ന ക്രൂരമായ അവസ്ഥ. എന്നെങ്കിലും എവിടെയെങ്കിലും അവര്‍ തമ്മില്‍ കാണാന്‍ പറ്റുമ്പോഴുളള വൈകാരികത്തളളിച്ചയുടെ പ്രവാഹം!

അപ്പനമ്മമാര്‍ വേര്‍പെട്ടു ജീവിക്കുന്നതില്‍ മക്കളനുഭവിക്കുന്ന വേദന മേല്പറഞ്ഞ സാമൂഹികഘടനയില്‍ അസാധാരണമല്ല. എന്നാല്‍ വിലാസിനിയുടെ ജീവിതത്തില്‍ പക്ഷേ അമ്മയുടെ പരപുരുഷ ബന്ധം അതിനൊരു കാരണമായി. കുഞ്ഞുന്നാള്‍ മുതല്‍ അപരിചിതനായ ഒരാള്‍ ആ കുടുംബത്തിലെ കരടായി തീരുന്നു. അമ്മയുടെ പുതിയ പങ്കാളിയെ കൊല്ലാന്‍ കഠാരയുമായി നടക്കുന്ന അച്ഛനും മക്കളെ മാറ്റിയകറ്റി സ്വന്തം താല്പര്യം മാത്രം നോക്കുന്ന അമ്മയും വിലാസിനിയുടെ അനാഥത്വം വര്‍ദ്ധിപ്പിച്ചു. വേര്‍ പിരിഞ്ഞ അച്ഛനും അമ്മയുമെങ്കിലും അച്ഛന്‍ പണിയെടുത്തു മക്കള്‍ക്കു എല്ലാം തികഞ്ഞ ജീവിതം നല്‍കാന്‍ ശമിച്ചു. . ജീവിതം യൗവനത്തിലേക്കു കടന്നപ്പോള്‍ വിവാഹത്തിലൂടെ വീണ്ടും ക്രൂരമായ അനുഭവങ്ങള്‍ തുടര്‍ന്നു. ഭര്‍ത്താവിന്റെ അലസതയും മദ്യപാന ഹിംസയും ദാരിദ്ര്യം നിറഞ്ഞ ജീവിതവും ഇരുളിലാഴ്ത്തിയ വര്‍ഷങ്ങള്‍ ...!! ഭര്‍ത്താവ് ചീത്തവിളിയും അലര്‍ച്ചയുമായി ഉറഞ്ഞാടുമ്പോള്‍ മക്കളുമായി ദൂരെ കുറ്റിക്കാട്ടില്‍ പേടിച്ചും ഉറക്കം കളഞ്ഞു ഒളിച്ചിരുന്നുമുള്ള രാത്രികള്‍ അവര്‍ അയവിറക്കുന്നു. ആണധികാര ഹിംസയുടെ ക്രൂരമായ വിളയാട്ടം നിറം കെടുത്തിയ ജീവിതദിനങ്ങളിലൊന്നില്‍ അമ്മ മരിച്ചതറിയുന്നു. കാണാന്‍ പോലും പോകാതെ വൈകാരികമായ മരവിപ്പിലായിരുന്നു വിലാസിനി.

വിശ്വാസത്തിന്റെ വഴികള്‍
ഗോമതി കുഞ്ഞുകുഞ്ഞും തങ്കമ്മയും തങ്ങളുടെ വഴികളില്‍  വിശ്വാസത്തിന്റെ ആത്മീയധാര കൂടി കൂട്ടിച്ചേര്‍ക്കുന്നുണ്ട്. പ്രബുദ്ധതയുടെയും യുക്തിചിന്തയുടെയും പ്രബലധാരകള്‍ക്കപ്പുറം ജീവിതയാതനകളില്‍ നിന്നുള്ള മോചനത്തിനായി വൈകാരികമായ സമര്‍പ്പണമായാണ് അവര്‍ ഭക്തിയെ സാധൂകരിക്കുന്നത്. തന്റെ വല്യച്ഛന്‍ ഭദ്രകാളിപ്രതിഷ്ഠയുടെ മുന്നില്‍ തലയില്‍ കൈവെച്ചു പ്രാര്‍ത്ഥിച്ച ശേഷമാണ് 15 കൊല്ലം കഴിഞ്ഞപ്പോള്‍ തനിക്കു കുട്ടികളുണ്ടായതെന്നു തങ്കമ്മ പറയുന്നു. ഭൂതപ്രേതപിശാചുക്കളും മണ്‍മറഞ്ഞ ആത്മാക്കളുമെല്ലാം ജീവിതത്തില്‍  സജീവമായ ഇടപെടലുകള്‍ നടത്തുന്നു. കുട്ടിപ്പെണ്ണിന്റെ അനുഭവകഥനത്തില്‍ മന്ത്രവാദം പോലും കടന്നുവരുന്നുണ്ട്. അവരുടെ അച്ഛന്‍  മന്ത്രവാദത്തിനു പോയപ്പോള്‍ പശുവിന്റെ കാല്‍ തളര്‍ന്നു പോയതായി അതില്‍ പറയുന്നു. ഒരു ജ്ഞാനസമൂഹത്തിന്റെ ചരിത്രപരമായ ധാരയിലെ വിടവുകളായാണ് ഈ അനുഭവങ്ങളെ നാം മനസ്സിലാക്കുന്നത്. ശാസ്ത്രപുരോഗതിയും അന്ധവിശ്വാസത്തിനെതിരായ പ്രക്ഷോഭങ്ങളും നിറഞ്ഞ 20-ാം നൂറ്റാണ്ടിന്റെ വഴികളില്‍ ഇവര്‍ പങ്കുവെയ്ക്കുന്ന ദൈവാനുഭൂതികള്‍ പിന്നോട്ടു പോക്കായി പരിഗണിക്കപ്പെട്ടേക്കാം. എങ്കില്‍ അതിനുത്തരവാദികളാര് എന്ന ചോദ്യം സര്‍വപ്രധാനമാണ്. അറിവില്‍ നിന്നും പുരോഗതിയില്‍ നിന്നും ദളിതരെ ആട്ടിയകറ്റിയതാര്? അറിവിന്റെ മുന്നണിയാത്രക്കാരായ സവര്‍ണസമൂഹങ്ങളില്‍ അന്ധവിശ്വാസം കുടിയൊഴിഞ്ഞിരുന്നുവോ? എന്താണ് അന്ധവിശ്വാസം തന്നെ? യക്ഷിയും പേയുമിവര്‍ക്കു ദൈവമെന്നു കുമാരനാശാന്‍ ദുരവസ്ഥയില്‍ ആരോപിക്കുന്ന ദൈവശാസ്ത്രഘടനയക്കു എന്തുകൊണ്ടു പതിതത്വം?  ചെറുകാടിന്റെ ഏറെ കൊണ്ടാടപ്പെട്ട ജീവിതപ്പാത എന്ന ആത്മകഥയിലൊരിടത്ത് ഒടിയനെ ഭയന്നു ജീവിച്ചിരുന്ന, കമ്യൂണിസ്റ്റുകാരനായ തന്റെ യൗവനകാലത്തെ അദ്ദേഹം തെല്ലു ജാള്യതയോടെ ഓര്‍ത്തെടുക്കുന്നുണ്ട്.

തന്റെ പണിക്കൂട്ടാളിയായ ചെല്ലമ്മ ചേച്ചി രാത്രി പാടത്തു കൊയ്യാന്‍ പോയി വരുമ്പോള്‍ ഒരു കൊച്ചു മനുഷ്യന്‍ മുന്നില്‍ നടന്നു പോകുന്നതായി കാണുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ആ രൂപം ആകാശത്തേക്കു പൊങ്ങി വലുതായി. അകത്താം തറ മുത്തനെ വിളിച്ചു ഉറക്കെ കരഞ്ഞപ്പോള്‍ ആ രൂപം കണ്ടത്തില്‍ അപ്രത്യക്ഷമായെത്രെ. കുറേ നാള്‍ മുമ്പു അവിടെ ഇടിവെട്ടി ആരോ മരിച്ചിട്ടുണ്ടായിരുന്നുവത്രെ.
തങ്കമ്മയുടെ ഇതേ ആത്മാഖ്യാനത്തില്‍ തന്നെ തന്റെ ഒരു ചേച്ചിയുടെ സ്വര്‍ണക്കമ്മല്‍ തോട്ടില്‍ വീണു പോയ സംഭവം വിവരിക്കുന്നുണ്ട്. മുത്തനോടു പറഞ്ഞപേ ക്ഷിച്ചാല്‍ കമ്മല്‍ കിട്ടുമെന്നു കേട്ട അവര്‍ കുറച്ചു ചില്ലറ ഉഴിഞ്ഞു വെച്ച് തോട്ടിലിറങ്ങി. മൂന്നാമത്തെ മുങ്ങലിനു കമ്മല്‍ കിട്ടിയെന്നും സത്യമുള്ള ആളാണ് മുത്തന്‍ എന്നും തങ്കമ്മ പറയുന്നു.

വൈക്കം ഇടയാഴത്തുള്ള പ്രമാണിമാര്‍ വെച്ചു പൂജനടത്തിയയിരുന്ന പ്രതിഷ്ഠ പില്‍ക്കാലത്ത് ദളിതര്‍ ഏറ്റെടുത്തു നടത്തിയതേപ്പറ്റി അമ്മിണി പറയുന്നുണ്ട്. സവര്‍ണര്‍ക്കു ദോഷമായതിനാലാണേ്രത അവരതു പുലയര്‍ക്കു വിട്ടുകൊടുത്തത്. അങ്ങനെ പുലയര്‍ വിളക്കുവെയ്ക്കല്‍ പുലയര്‍ ഏറ്റെടുത്തു. പിന്നീടതു തിരിച്ചു പിടിക്കാന്‍ സവര്‍ണര്‍ക്കു കഴിഞ്ഞതുമില്ലത്രേ. ഭ്ദ്രകാളിയും സര്‍പ്പങ്ങളുമുള്ള ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും മുടിയേറ്റും നടത്താറുണ്ട്. ആടും പശുവുമെല്ലാം മേയ്ക്കാന്‍ പോകുന്ന കാട്ടില്‍ വെറുതെ ഒരു കല്ലിനു മുമ്പില്‍ പൂവെച്ചു ആരാധിച്ചു തുടങ്ങിയ ഇടെ വലിയ അമ്പലമായി മാറിയ കഥ ചെല്ലമ്മ ഓര്‍ത്തെടുക്കുന്നു. പന്തളത്തിനടുത്ത് പുരമ്പാല തെക്കു ഭാഗത്തു ശിവപാര്‍വതിയുടെ പ്രതിഷ്ഠയുള്ള ആ അമ്പലത്തില്‍ വളരെക്കാലം വിളക്കു വെച്ച കഥയും പറയുന്നുണ്ട്. കൊടുങ്ങല്ലൂരുമായി ബന്ധപ്പെട്ട ദേവീ പ്രതിഷ്ഠയുള്ളതും അടവി വഴിപാടു നടത്തുന്നതുമായ മറ്റൊരു  ദേവീക്ഷേത്രത്തിന്റെ ഐതിഹ്യം കൂടി അവരോര്‍ത്തു പറയുന്നു. തന്റെ പ്രദേശത്തെ നെയ്തശ്ശേരി മനയിലെ അമ്പലത്തിലെ കൃഷ്ണനു എല്ലാവരും വിളക്കുവെയ്ക്കുന്നതിനെപ്പറ്റി കറമ്പിയും പറയുന്നുണ്ട്.

അധ്വാനത്തിന്റെ ഊറ്റവും സര്‍ഗാത്മകതയും
ഈ അനുഭവങ്ങളിലെല്ലാം തൊഴില്‍ സവിശേഷമായ ഒരു ആഖ്യാനമേഖലയാണ്. സാമാന്യമായ സ്ത്രീ അനുഭങ്ങളില്‍ കടന്നു വരാറുള്ള  ഗാര്‍ഹിക അധ്വാനസംസ്‌കാരത്തില്‍ നിന്നു വ്യത്യസ്തമാണ് ഇവിടെയുള്ള അധ്വാനം. സ്വാതന്ത്ര്യപൂര്‍വകാലത്തെ കേരളീയതൊഴില്‍സംസ്‌കാരത്തിന്റെ വിശദാംശങ്ങളും അവയുടെ വൈവിദ്ധ്യങ്ങളും അമ്പരപ്പിക്കുന്ന വിധം ഇവിടെ കടന്നു വരുന്നു. ഞാറു നടീലും കൊയ്ത്തും മെതിയും കിളയും പറമ്പില്‍പ്പണികളും  മാത്രമല്ല, മീന്‍പിടുത്തം, പായ നെയ്ത്ത് എന്നിങ്ങനെയുള്ള പല പണികളും വിസ്തരിച്ചു പ്രതിപാദിക്കപ്പെടുന്നുണ്ട്. പണികള്‍ ചെയ്യുന്ന രീതികളും അവയക്കു കിട്ടുന്ന കൂലിയുമെല്ലാം അക്കാലത്തെ തൊഴില്‍ ചരിത്രത്തിലെ വിവേചനങ്ങളെയും കൂടി വെളിപ്പെടുത്തുന്നു. കിഴക്കന്‍ നാട്ടില്‍ പണിക്കാരിയായിരുന്ന കറമ്പി എന്ന തൊഴിലാളി തനിക്കു പകലന്തിയോളം പണിയെടുത്താല്‍ കിട്ടുന്ന ആകെയുള്ള കൂലി ഇടങ്ങഴിയരി കുറ്റിയിലളന്നു കിട്ടുന്നതാണെന്നു ഓര്‍ക്കുന്നു. കൃഷിപ്പണിയും മീന്‍പിടുത്തവും പ്രസവിച്ചപെണ്ണുങ്ങളെ കുളിപ്പിക്കാന്‍ പോകലും ഒക്കെയായി പലതരം പണികളാണ് കറമ്പി ഏറ്റെടുത്തു ചെയ്തത്.  ചിലപ്പോഴത്തെ കൂലി പത്തണയും ചോറുമാണ്. കല്ലറയിലെ പെരുന്തുരുത്തില്‍ വീടുള്ള അമ്മിണി എന്ന എഴുപതുകാരി തന്റെ ജീവിതത്തെ ഒട്ടാകെ തൊഴിലിനകത്തെ ജീവിതമായി മനസ്സിലാക്കുന്നു. പണിക്കിടയില്‍ കൂട്ടക്കാരെല്ലാം ചേര്‍ന്നു പാടുന്ന പാട്ടുകേള്‍ക്കാനുള്ള ഇഷ്ടവും പണിക്കാശു കൂട്ടിവെച്ചു ഇത്തിരി പൊന്നുണ്ടാക്കുന്നതും നല്ലൊരു വീടുണ്ടാക്കാനുള്ള സ്വപ്‌നവും എല്ലാം അമ്മിണി പറയുന്നു. തങ്കമ്മയുടെ ഭര്‍ത്താവു പാടത്തെ ചെളി കുത്തി അതിനകത്തു നിന്നും കരിയെടുക്കുന്ന പണി ചെയ്യുന്നതിനെ പറ്റി പറയുന്നുണ്ട്. അതു പാടവരമ്പത്തു കൊണ്ടു വെയ്ക്കുമ്പോള്‍ ഉണങ്ങിക്കിട്ടും . അതു കൊല്ലന്മാര്‍ വന്നു എടുത്തു കൊള്ളും.   ഈ ഓര്‍മകള്‍ക്കും തോറ്റങ്ങള്‍ക്കും  പോക്കുവെയിലിന്റെ ലാളിത്യമെങ്കിലും ഈ അനുഭവങ്ങളുടെ  ചരിത്രയാനം ഉള്‍ച്ചൂടു കുറഞ്ഞവയല്ല!

ചക്കിയുടെ ജീവിതാഖ്യാനത്തില്‍ അക്കാലത്തെ തൊഴില്‍സാഹചര്യങ്ങളുടെ അരക്ഷിതാവസ്ഥകളെല്ലാം നിറയുന്നുണ്ട്. കൂലിയൊന്നും കിട്ടാതെ വലിയവീട്ടിലെ പശുക്കളെ നോക്കലും വീടു വൃത്തിയാക്കലും ചെയ്യുന്ന സാഹചര്യങ്ങള്‍ ചെറുപ്പകാലത്തു അനുഭവിക്കേണ്ടി വന്നു. 'സൗന്ദര്യക്കുറവി'ന്റെ പേരില്‍ വിവാഹാലോചനകള്‍ പലതും മുടങ്ങിയെങ്കിലും സ്‌നേഹമുള്ളയാളെ തന്നെ കിട്ടിയതിലുള്ള തൃപ്തി അവര്‍ക്കുണ്ട്. പണിക്കായി ചേറധികം നിറഞ്ഞ പാടത്തിറങ്ങിയാല്‍ ചിലപ്പോള്‍ അരക്കെട്ടു വരെ ചേറില്‍ താണു പോകുന്ന അവസ്ഥയായതിന്റെ ബുദ്ധിമുട്ടുണ്ടായിരുന്നുവങ്കിലും അതിലേറെ പ്രയാസം ആര്‍ത്തവകാലത്തെ പണിയാണ്. ''പാഡൊന്നും ഇല്ല. തുണിയാണ് ഉപയോഗിക്കുന്നത്. ആ സമയത്ത് അരയ്‌ക്കൊപ്പം ചേറില്‍ ജോലി ചെയ്യേണ്ടി വരും. വൃത്തിഹീനമായ അവസ്ഥയില്‍ ഇതും ഉടുത്തുകൊണ്ട് മണിക്കൂറുകളോളം ചെളിയില്‍ നില്‍ക്കണം. മാറാന്‍ സൗകര്യങ്ങള്‍ ഒന്നുമില്ല. പാടത്തിന്റെ നടുവില്‍ ആയിരിക്കും. പുരുഷന്മാര്‍ ഉണ്ടെങ്കില്‍ അസൗകര്യം ആണ. പണി കഴിഞ്ഞ്  നനഞ്ഞ തുണിയോടെ കിലോ മീറ്ററുകളോളം നടന്നു വീട്ടില്‍ എത്തണം. വല്ലാത്ത അവസ്ഥയാണ്. ചേറിന്റെയും മെന്‍സസിന്റെയും വല്ലാത്ത ദുര്‍ഗന്ധം വരും. അതിനെക്കുറിച്ചൊക്കെ ഇപ്പോ ഓര്‍മിക്കുമ്പോള്‍ സമവര്‍ഗരാജ്യത്ത് വന്നെന്നു തോന്നും''. (പുറം 90)

ചെല്ലമ്മ പറയുന്ന വീറുറ്റ കഥയില്‍ കറ്റ മെതിക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന തര്‍ക്കവും വിലപേശലും കാണാം. കൊയ്ത പാടത്തിട്ടു തന്നെ കറ്റമതിക്കണമെന്നു തൊഴിലാളികളും ചുമന്നു കൊണ്ടുപോയി മുതലാളി പറയുന്നിടത്തു വെച്ചു മെതിക്കണമെന്നു മുതലാളിമാരും. കൂലിയായി ഏഴിലൊന്നു പതം കിട്ടണമെന്നു കൂടി അവരാവശ്യപ്പെട്ടു. ഒടുവില്‍ പോലീസെത്തി തര്‍ക്കം പരിഹരിക്കുന്നതുവരെ വിട്ടുവീഴ്ച്ചയില്ലാതെ തൊഴിലാളികള്‍ ധീരതയോട പിടിച്ചുനിന്നു. കൊയ്ത്തു രണ്ടുതരത്തിലുണ്ട്. താഴ്ത്തി വേരറുത്തുള്ള കൊയ്യലും കതിരുമാത്രം കൊയ്യലും. കതിരുമാത്രം കൊയ്യാനാണ് തൊഴിലാളികള്‍ തീരുമാനിച്ചത്. വേരറുത്തു കൊയ്താല്‍ കച്ചിയും നെല്ലുമെല്ലാം കൂലികൊടുക്കാതെതന്നെ വീട്ടിലെത്തുമെന്ന ലാഭം അനുവദിക്കാനവര്‍ ഒരുക്കമല്ലായിരുന്നു. അതിനെതിരെയും സമരം നടന്നു. ഇതിനെല്ലാം പശ്ചാത്തലമായോ പിന്തുണയായോ നില്‍ക്കുന്ന കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ചരിത്രവും കടന്നു വരുന്നുണ്ട്. ചെല്ലമ്മ തന്റെ കമ്യൂണിസ്റ്റ് അനുഭാവവും വിശ്വാസവും വീറോടെയും അഭിമാനത്തോടെയുമാണ് എടുത്തു പറയുന്നത്. അതിനിടയില്‍  തെറ്റിദ്ധരിപ്പിച്ചു പാര്‍ട്ടി മാറ്റിച്ച ബന്ധുവിന്റെ കുതന്ത്രങ്ങളും ഉള്‍പ്പെടുന്നു. ടി. എസ് എന്ന പ്രാദേശികനേതാവിന്റെ പിന്തുണയോടെ ചെല്ലമ്മ എന്നും പാര്‍ട്ടിക്കാരിയായി ഉറച്ചുനിന്നു. അടിയന്തരാവസ്ഥക്കാലത്തെ നിയന്ത്രണങ്ങളെ ചെല്ലമ്മ കൊറോണക്കാലവുമായി സാമ്യപ്പെടുത്തുന്നു.അക്കാലത്തു രഹസ്യമായി നടന്ന പാര്‍ട്ടിയുടെ സമരപരിപാടികളൊക്കെ അഭിമാനത്തോടെയാണ് അവര്‍ ഓര്‍ത്തെടുക്കുന്നത്. കുപ്പിച്ചില്ലു പാടത്തു വിതറി സമരക്കാരായ പണിക്കാരെ കീഴ്‌പ്പെടുത്താന്‍ നോക്കിയ ഭൂവുടമകളെക്കുറിച്ചും  വെള്ളം ചോദിച്ചു വന്ന പണിക്കൂട്ടത്തില്‍ നിന്നു വിവാഹാലോചന വന്നതും അതു പിന്നീടു വിവാഹത്തിലെത്തിയതുമെല്ലാം ചെല്ലമ്മ ഓര്‍ക്കുന്നു.

 ഈ ആഖ്യാനങ്ങളില്‍ ഒക്കെ വയലും കാടും മേടും പുഴയും വഴികളും പൂക്കളും വള്ളികളും ഉണ്ട്. പ്രകൃതിയോടു ചേര്‍ന്ന് കിടക്കുന്ന ജീവിതാഖ്യാനങ്ങള്‍ക്ക് അത് സഹജവും സ്വാഭാവികവും. പ്രകൃതിയിലെ വിളവുകളും അഴകുകളും ഈ പരുക്കന്‍ കൈകളുടെ സൃഷ്ടി.  സ്ത്രീ സര്‍ഗാത്മകതയെ കുറിച്ചു ചിന്തിച്ച ആലീസ് വാക്കര്‍  കീഴാളസ്ത്രീകളുടെ സൗന്ദര്യത്മകതയ്ക്കു വരേണ്യ സൗന്ദര്യസങ്കല്പങ്ങളില്‍ നിന്നുള്ള വ്യത്യാസത്തെക്കുറിച്ച് പറയുന്നുണ്ട്. അധ്വാനം ചൂഷണാത്മകമായിരിക്കുമ്പോഴും അതിലെ കലയെ തരിമ്പും അവഗണിക്കുന്നില്ല, അവര്‍. വാഷിംഗ്ടണില്‍ കണ്ട, കുരിശാരോഹണത്തിന്റെ ചിത്രങ്ങളുള്ള, പഴകിയതെങ്കിലും വിചിത്രവും വര്‍ണമനോഹരവുമായ ആ പുതപ്പ് തുന്നിയ അജ്ഞാതയായ കറുത്തവര്‍ഗസ്ത്രീയെക്കുറിച്ചു പറയുമ്പോള്‍ അവര്‍ വികാരാധീനയാകുന്നു. ആരായിരിക്കുമവര്‍? തുണ്ടുതുണികള്‍ ഉപയോഗിച്ചു തുന്നിയ ചിത്രങ്ങള്‍ കൊണ്ടു അലംകൃതമായ ആ പുതപ്പ് ശക്തമായ ഭാവനയുടെയും അഗാധമായ ആത്മീയതയുടെയും കലര്‍പ്പിനെയാണ് വെളിപ്പെടുത്തുന്നതെന്നവര്‍ പറയുന്നു. തനിക്കു സമൂഹമനുവദിച്ച ജീവിതനിലയില്‍ നിന്നുകൊണ്ട് അനുവദനീയമായ മാധ്യമത്തില്‍, ലഭ്യമായ പ്രതലത്തില്‍ അവര്‍ ചിത്രങ്ങള്‍ കോറിയിട്ടു. അവയെല്ലാം തങ്ങളുടെ കലയുടെ മാതൃപാരമ്പര്യത്തെ തന്നെയാണ് ഉദ്‌ഘോഷിക്കുന്നത്.
ഇന്‍ സെര്‍ച്ച് ഓഫ് ഓവര്‍ മദേഴ്‌സ് ഗാര്‍ഡന്‍ എന്ന അവരുടെ കൃതി ഓര്‍ക്കാം. അധ്വാനം അതില്‍ സവിശേഷമാണ്. സ്വച്ഛതയും സ്വാസ്ഥ്യവും അരുളുന്ന ഒരു മുറി - A room of one's own -ന്റെ  കല്‍പ്പനയെ അവര്‍ അപനിര്‍മ്മിക്കുന്നു. സ്വന്തമായൊരു ശരീരം പോലും അവകാശപ്പെടാന്‍ ആവാത്ത അടിമദേഹങ്ങള്‍ക്ക് മുറിയില്ല. തുറന്ന ഈ പ്രകൃതിയാണ് അവരുടെ ഇടം. നട്ടു നനച്ചുണ്ടാക്കുന്ന പൂവും കായും വള്ളികളും നെയ്യുന്ന പായ, കുട്ട, വട്ടികളും പാത്രങ്ങളും അവരുടെ സര്‍ഗാത്മകതയുടെ ശേഷിപ്പുകള്‍! ''ചേര്‍ക്കുണ്ടില്‍ത്താഴ്ത്തുമീത്തൂവിരല്‍ത്തുമ്പത്രെ നാടിന്റെ നന്മകള്‍ നെയ്‌തെടുപ്പൂ!'' (ഗ്രാമശ്രീകള്‍) എന്നു കടത്തനാട്ടു മാധവിയമ്മ എഴുതുന്നു. എഴുതാനുള്ള ഭൗതികസാഹചര്യവും പാരമ്പര്യവും നിഷേധിക്കപ്പെട്ട തലമുറകളില്‍ നിന്നുള്ള ഈ പറച്ചിലുകള്‍ ഉറച്ചുപോയ എഴുത്തധികാരഘടനകളെ ഭേദിക്കുംവിധം ഊര്‍ജ്ജസ്വലവും തെളിമയാര്‍നന്നതുമാണ്. ദളിത് സ്ത്രീരചനകളുടെ രണ്ടാം തലമുറ രചനകള്‍ ഗൗരവമുള്ള അക്കാദമികവായനകള്‍ക്കും രാഷ്ട്രീയവിചാരങ്ങള്‍ക്കും വലിയ വേദിയായി നിലകൊള്ളുന്ന ഇന്നു ഈ കൃതി അതിന്റെ ടെസ്റ്റിമോണിയല്‍ സ്വഭാവംകൊണ്ടുതന്നെ വ്യത്യസ്തമായിരിക്കുന്നു.
കുടുംബബന്ധങ്ങളുടെയും പ്രാദേശികമായ നാട്ടിടവഴികളുടെയും ആരാധനാരീതികളുടെയും തൊഴില്‍ സംസ്‌കാരത്തിന്റെയും ജാതിജീവിതചിത്രങ്ങളായിരിക്കേ തന്നെ ഇവയിലെ ഫോക്‌ലോറിസ്റ്റിക്കായ അംശങ്ങളെ തള്ളിക്കളയാനാവില്ല! കപ്പ തിളപ്പിച്ചും നെല്ലു വറുത്തു കുത്തിയും പഴങ്കഞ്#ിയും ഉണക്കമുള്ളനും ചേര്‍ത്തുള്ള പ്രഭാതഭക്ഷണവുമെല്ലാം ഒരു കാലത്തെ കേരളീയ കീഴാള ജനജീവിതത്തിന്റെ ഹാബിറ്റാറ്റിനെ തന്നെ വരച്ചിടുന്നു. കാപ്പിത്തൊണ്ടു വറകലത്തിലിട്ടു വറുത്തു ജീരകവും ചേര്‍ത്തു പൊടിച്ചെടുക്കുന്ന കാപ്പിപ്പൊടി ചിരട്ടക്കുടുക്കയിലിട്ടു അടുക്കളയുടെ മൂലയില്‍ കെട്ടിത്തൂക്കുന്ന ഒരോര്‍മ, ദൂരെയുള്ള കാളച്ചന്തയിലെ പുല്ലു വില്‍പന, മകരക്കൊയ്ത്തു കഴിഞ്ഞ വിശാലമായ പാടത്തിന്റെ വൈകുന്നേരത്തെ പുതുവെളിച്ചത്തിന്റെ ഉജ്ജ്വലചിത്രം ചക്കി എന്ന കര്‍ഷകസ്ത്രീ പറയുമ്പോള്‍ അക്കാലത്തെ ദൈനംദിനജീവിതസംസ്‌കാരത്തിന്റെ സാമ്പത്തികശാസ്ത്രവും സാമൂഹികസാംസ്‌കാരികചരിത്രവുമെല്ലാം വിടര്‍ന്നു വരുന്നുണ്ട്. സര്‍വോപരി ഇതു ദൈന്യങ്ങളും ദുരിതങ്ങളും മാത്രമാണ് കീഴാളസ്ത്രീജീവിതമെന്ന വാര്‍പ്പുഘടനയെ പൊളിച്ചെഴുതുന്നുണ്ട്. ജീവിതത്തിലെ അഭിമാനകരമായ മുഹൂര്‍ത്തങ്ങള്‍, പോരാട്ടസ്മരണകള്‍, സ്വപ്‌നങ്ങള്‍, ഭാവിയെക്കുറിച്ചുള്ള തീര്‍ച്ചകളും സ്വപ്‌നങ്ങളും മറ്റു ജീവിതങ്ങള്‍ക്കു നേരെയുള്ള അറിവും അലിവും- ഇവയെല്ലാം ചേര്‍ന്ന സഹവര്‍ത്തിത്തത്തിന്റെ അകം നിറവുകളും കാണാം! പുതുജനാധിപത്യഭാവനയുടെ മുന്നോട്ടു പോക്കിനും കീഴാളരുടെ ആന്തരികമായ അതിജീവനത്തിനും   അനിവാര്യമായ ഈടുകളാണ് ഈ ഉള്ളുറവുകള്‍!!

രണ്ടായിരങ്ങളോടെ മലയാളത്തില്‍ പൊട്ടിപ്പുറപ്പെട്ട ആത്മകഥാപ്രവാഹങ്ങളില്‍  ഏറെയും ദേവകി നിലയങ്ങോടു പോലുള്ള സവര്‍ണപശ്ചാത്തലത്തിലുള്ള സ്ത്രീകളാണ് അടയാളപ്പെട്ടത്. എന്നാല്‍ പതുക്കെപ്പതുക്കേ നിഷേധിക്കാനാവാത്തവിധം മറിയാമ്മച്ചേടത്തിയുടെ എഴുത്തുകളും ജാനു, സെലീനപ്രക്കാനം, അടിയാറു ടീച്ചര്‍,  തുടങ്ങിയവരുടെ അനുഭവമെഴുത്തുകളും കടന്നു വന്നു. രജനി പാലാമ്പറമ്പിലിന്റെയും എം. ആര്‍.രാധാമണിയുടെയും രേഖാരാജിന്റെയും ജീവിതാഖ്യാനങ്ങള്‍ മലയാളി സാമാന്യബോധത്തെയും സ്ത്രീവാദചിന്തയെയും പുതുക്കിയെഴുതുന്നവ തന്നെയായിരുന്നു. അതിനൊക്കെ തുടര്‍ച്ചയായാണ് മലയാളത്തിലെ മറഞ്ഞു കിടന്ന മഹത്തായ ഒരു മാതൃപരമ്പരയുടെ പുതുധാരയായി അനാര്‍ഭാടമായ ഈ സ്മൃതിവാങ്മയം വരുന്നത്. രജനിയുടെ കേട്ടെഴുത്തിലൂടെ ചരിത്രത്തില്‍ നിന്നും ഓര്‍മകളില്‍ നിന്നും കൊളുത്തിയെടുത്ത ഈ പുതുവെളിച്ചം തുടര്‍ത്തിരികളിലേക്കു പകരുമാറാകട്ടെ!!
( രജനി പാലാമ്പറമ്പിലിന്റെ  പെണ്‍കനല്‍രേഖകള്‍ എന്ന കൃതിക്കെഴുതിയ പഠനം)
(തലക്കെട്ടിനു എം.ആര്‍. രാധാമണിയുടെ 'നിലത്തെഴുത്തുകള്‍' എന്ന കവിതയോടു കടപ്പാട്)


Wednesday, March 1, 2023

മുതുകുളം പാര്‍വതിയമ്മയെ വീണ്ടെടുക്കുമ്പോള്‍

 



              

 എന്തുകൊണ്ട്  അല്ലെങ്കില്‍ എന്തിനു വേണ്ടി മുതുകുളം പാര്‍വതിയമ്മയെ വീണ്ടെടുക്കണം എന്ന ചോദ്യം പ്രസക്തമാണെന്നു കരുതുന്നു. ഇന്ത്യന്‍ചരിത്രത്തില്‍ തന്നെ സ്ത്രീരചനാപാരമ്പര്യങ്ങള്‍  പലതും തുടച്ചു നീക്കപ്പെടുകയോ അമര്‍ച്ച ചെയ്യുകയോ വിലക്കപ്പെടുകയോ ഒക്കെ ചെയ്തിട്ടുണ്ട്. മുദ്ദുപ്പളനിയുടെ The appeasement of Radhika അഥവാ 'രാധികാസാന്ത്വനം' അതിന്റെ വലിയൊരുദാഹരണമാണ്. പില്‍ക്കാലത്തു മൈസൂര്‍ നാഗരത്നമ്മ ആ കൃതി വീണ്ടെടുത്തു.  ലൈംഗികാഹ്ലാദത്തെക്കുറിച്ചുള്ള സ്ത്രീകളും സ്ത്രീകളും തമ്മിലുള്ള പ ങ്കുവെയ്ക്കലാണാ കൃതി. ചെറിയ പെണ്‍കുട്ടിക്കു ലൈംഗികതയുടെ വശങ്ങള്‍ വിവരിച്ചു കൊടുക്കുന്ന ആ കൃതി അശ്ലീലമാണെന്നു കൊളോണിയല്‍ അധികാരികള്‍ വിധിയെഴുതി. സ്ത്രീകളുടെ സര്‍ഗാത്മകാവിഷ്‌കാരങ്ങളെ സംബന്ധിച്ച യഥാര്‍ത്ഥമായ വിലയിരുത്തല്‍, അവയുടെ ശരിയായ വായന പലപ്പോഴും അസാദ്ധ്യമാകുന്നതിനു പിന്നെയും നിരവധി ഉദാഹരണങ്ങളുണ്ട്. പുതിയകാലത്തെ മലയാളത്തിലാണെങ്കില്‍ മാധവിക്കുട്ടിയും നളിനിജമീലയും പോലെ. മലയാളസ്ത്രീകവിതയില്‍ വേറിട്ട വഴി സ്വീകരിച്ച മുതുകുളം പാര്‍വതിയമ്മയെക്കുറിച്ചാണ് നാം ആലോചിക്കുന്നത്. 1904 ല്‍ ജനിച്ച് 1977ല്‍ മണ്‍മറഞ്ഞുപോയ ഈ കവിയുടെ ആഭിമുഖ്യങ്ങളില്‍ സര്‍വപ്രധാനമായ സവര്‍ണേതരമായ ആത്മീയതയുടെ ധാര ഇന്ന്, പ്രത്യേകിച്ചും ഹൈന്ദവവാദപരമായ ഹിംസാത്മക ആത്മീയധാരകളില്‍ നിന്നൊക്കെ വ്യത്യസ്തമാണ്. കരുണയും മൈത്രിയും പുലരുന്ന സാമൂഹിക, മാനവിക ലോകങ്ങളെക്കുറിച്ചുള്ള അവരുടെ വിഭാവനങ്ങള്‍ ഒരു കവിയുടെ കേവല ആത്മീയചിന്തകള്‍ക്കപ്പുറം ആഴം നിറഞ്ഞതും പുരോഗമനപരവുമാണ്. ഇവിടെ നാം ചില നടപ്പു ചോദ്യങ്ങളില്‍ വഴി മുട്ടിയേക്കാം. സെക്കുലറായ പുരോഗമനസ്വഭാവമുള്ള ബൗദ്ധികാന്തരീക്ഷത്തില്‍ പരമ്പരാഗതസ്വഭാവമുള്ള കവിതകളും അവയുടെ രചനാപദ്ധതികളും അതിനുള്ളിലെ വേദാന്തചിന്തയുള്ള ആന്തരികഭാവങ്ങളും എപ്രകാരം നാം വകയിരുത്തും?

ബി.സി ആറാം നൂറ്റാണ്ടിലെ ബുദ്ധഭിക്ഷുണികളുടെ 'ഥേരീ ഗാഥ'യുടെ പാരമ്പര്യത്തിലെ ആത്മീയതയുടെ സ്പര്‍ശങ്ങള്‍ നാം കേട്ടറിഞ്ഞിട്ടുണ്ട്. മഗധി ഭാഷയിലെ ആ കവിതകള്‍ വാമൊഴിയായി  പടര്‍ന്നു, പിന്നീടു പാലി ഭാഷയില്‍ എഴുതിവെയ്ക്കപ്പെടുകയുമായിരുന്നല്ലോ. ഥേരിഗാഥയിലെ ഓരോ കവിതയും സ്ത്രീയുടെ സംസാരമാണ്. അവരാണ് ആഖ്യാനം ചെയ്യുന്നത്. ശുഭ എന്ന, സ്വന്തം കണ്ണു ചൂഴ്ന്നു കൊടുത്തു തന്റെ പിന്നാലെ കൂടി ശല്യം ചെയ്തയാളെ ഓടിച്ച ബുദ്ധഭിക്ഷുണിയെ നാം കേട്ടിട്ടുണ്ട്. ശരീരമുക്തിയുടെ അങ്ങേത്തല എന്നു പറയാമെങ്കിലും തന്റെ ശരീരത്തെയും സൗന്ദര്യത്തെയുമല്ലാതെ, ജ്ഞാനത്തെ തിരിച്ചറിയാന്‍ കൂട്ടാക്കാത്തവരോടുള്ള ശക്തമായ പ്രതിരോധമായിത്തന്നെ അതു മനസ്സിലാക്കാമെന്നു പലരും വ്യാഖ്യാനിച്ചിട്ടുണ്ട്. ഉപനിഷത്തില്‍,  ഉമ എല്ലാവര്‍ക്കും ജ്ഞാനം പകര്‍ന്നു കൊടുത്തവളായിട്ടും ജ്ഞാനിയെന്ന നിലയ്ക്കല്ല, സുന്ദരിയെന്ന നിലയ്ക്കാണ് തിരിച്ചറിയപ്പെട്ടത് എന്ന പ്രശ്നവും കേട്ടിട്ടുണ്ട്.  ആണ്ടാളെയും അക്കമഹാദേവിയെയും ഭക്തമീരയെയും ലാല്‍ ദെദ്ദിനെയും നമ്മള്‍ കേട്ടിട്ടുണ്ട്. അവരൊക്കെത്തന്നെയും ഭ്രാന്തിയായും കുഴപ്പക്കാരികളായുമാണ് കരുതപ്പെട്ടത്.  ദി വിമന്‍ വോര്‍ ദെം സെല്‍സ് എന്ന കൃതിയില്‍ ഇന്ത്യനിംഗ്ലീഷ് കവി അരുന്ധതി സുബ്രഹ്‌മണ്യം അന്നപൂര്‍ണിയമ്മ, ബാലഋഷി വിശ്വശിരസിനി, ലതാ മണി, മാകര്‍പ്പൂരി എന്നിങ്ങനെ 4 യോഗിനികളുമായുള്ള തന്റെ ആത്മീയ സംഭാഷണങ്ങളെക്കുറിച്ചു പറയുന്നുണ്ട്. പോണ്ടിച്ചേരിയിലെ അന്നപൂര്‍ണി അമ്മ മുതല്‍ കൊല്ലത്തെ അമൃതാനന്ദമയി വരെയുള്ള സമകാലിക സന്യാസിനീമാതാക്കളെ കുറിച്ചും അവര്‍ പറയുന്നു. ശാന്തമായും ശ്രദ്ധയോടെയും കേള്‍ക്കാനുള്ള ശ്രമങ്ങളെക്കുറിച്ചവര്‍ പറയുന്നു. ലാല്‍ ദെദ്ദിനെയും അക്കമഹാദേവിയെയും പോലെ നഗ്നയായി ജീവിച്ച സന്യാസിനിയായിരുന്നു അന്നപൂര്‍ണിയമ്മയും. പറഞ്ഞു വരുന്നത് സ്ത്രീയെഴുത്തിലെ വ്യത്യസ്തമായ ഒരു തിണയായി ഈ രചനകള്‍ നില്‍ക്കുന്നുവെന്നാണ്.
അത്തരത്തില്‍ മറയ്ക്കപ്പെടുകയോ വേണ്ടത്ര പരിഗണിക്കപ്പെടാതിരിക്കുകയോ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയോ ചെയ്തിരുന്ന ഒരു ധാരയാണ് മലയാളത്തിലെ പല സ്ത്രീയെഴുത്തുകാരും. മനോരമത്തമ്പുരാട്ടിയെക്കുറിച്ചുള്ള വായനയില്‍ ഗീതട്ടീച്ചര്‍ അവരെ കേരളത്തിന്റെ ആദ്യകാലപാണ്ഡിത്യത്തെ സൃഷ്ടിച്ചെടുത്ത പ്രഥമഗുരുവായിത്തന്നെ കണ്ടെടുക്കുന്നിടത്തു തെറ്റായ ഈ വായനകളെ എടുത്തു പറഞ്ഞു തിരുത്തുന്നുണ്ട്.
ടി.എം ചുമ്മാര്‍ എഴുതിയ പദ്യസാഹിത്യചരിത്രത്തിലാണ് മലയാളത്തിലെ സ്ത്രീകവികളെ ആ നിലയില്‍ ആദ്യമായി വര്‍ഗീകരിച്ചു കാണുന്നതു തന്നെ.

ഇവിടെ നാം ചര്‍ച്ച ചെയ്യുന്ന മുതുകുളം പാര്‍വതിയമ്മയെ പലനിലയില്‍ നോക്കിക്കാണാം. മേല്‍പ്പറഞ്ഞ ഈ പാരമ്പര്യങ്ങളോടു കണ്ണി ചേര്‍ക്കുമ്പോള്‍ അവരുടെ രചനകളിലെല്ലാം ഒരേ സമയം പാരമ്പര്യവും അതേ സമയം പൊതുപാരമ്പര്യവുമായുള്ള വിച്ഛേദമെന്ന നിലയിലുള്ള അപാരമ്പര്യവും എന്നിങ്ങനെ രണ്ടു ഘടകങ്ങളും ലയിച്ചു കിടക്കുന്നു. 

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ദേശീയതാവാദപദ്ധതികളോടും കേരളമെന്ന പ്രദേശത്തെ സംബന്ധിച്ച സാമൂഹികഭാവനകളോടും അന്നത്തെ സ്ത്രീയെഴുത്തുകാരികള്‍ ഇടപെട്ടതെങ്ങനെ എന്നതു വളരെയധികം തിരിച്ചറിയപ്പെടേണ്ടതുണ്ട്. എഴുത്തിന്റെ വിഷയമായവര്‍ എന്ന നിലവിട്ടു എഴുത്തുകാരികള്‍ എന്ന ഒരു വിഭാഗം തന്നെ രൂപപ്പെടുന്നതിന്റെ സംഘര്‍ഷങ്ങള്‍, കേരളീയനവോത്ഥാനവും അതിന്റെ വിവിധതരം സംഘര്‍ഷങ്ങളും, ജാതി, ലിംഗം തുടങ്ങിയ മണ്ഡലങ്ങളില്‍ രൂപപ്പെട്ട പല സ്വഭാവത്തിലുള്ള ചലനങ്ങള്‍, അതിലൂടെ സൃഷ്ടിക്കപ്പെട്ട ഉണര്‍വുകള്‍ എന്നിവയെല്ലാം ഈ ആലോചനയുടെ പശ്ചാത്തലമാണ്. എഴുത്തിലേക്കു കടന്നു വരുന്ന പുതിയ സ്ത്രീകള്‍ തങ്ങളുടേതായ പാരമ്പര്യത്തെ എപ്രകാരം സ്വരൂപിക്കുന്നു എന്നത് കൗതുകകരമാണ്. പ്രത്യേകിച്ചും എഴുത്തുകാരികള്‍ എന്ന സവിശേഷമായ ലിംഗപരമായ കൂട്ടായ്മ അന്നത്ര സാധാരണമല്ലാത്തതിനാല്‍ അതിന്റെ ലിംഗതാല്പര്യങ്ങള്‍ ഫെമിനിസ്റ്റ് നോട്ടങ്ങള്‍ക്കു വിധേയമാണ്. പുതിയ സാമൂഹികചലനങ്ങള്‍ അതിനെ നവോത്ഥാനമെന്നു വിളിച്ചാലും ദേവികയുംമറ്റും വിളിക്കുന്നതു പോലെ മഹാതുറവി എന്നു വിളിച്ചാലും ശരി, അതിന്റെ നന്മതിന്മകളെല്ലാം അവരവരുടെ ജീവിതത്തിലൂടെ, ശരീരത്തിലൂടെ തന്നെ അനുഭവിച്ചവരായിരുന്നു ഇവരില്‍ പലരും.

കവിതകളിലൂടെയും എഴുത്തുജീവിതത്തിലൂടെയും
തോട്ടയക്കാട്ട് ഇക്കാവമ്മയ്ക്കും കുട്ടിക്കുഞ്ഞു തങ്കച്ചിക്കും തരവത്ത് അമ്മാളുവമ്മയ്ക്കും ശേഷം കടത്തനാട്ടു മാധവിയമ്മ, ലളിതാംബിക, തെക്കേക്കുന്നത്ത് കല്യാണിക്കുട്ടിയമ്മ, ടി.ആര്‍.വിമല, സിസ്റ്റര്‍ മേരീ ബനീഞ്ഞ ഇങ്ങനെയുള്ള രണ്ടാംനിര സ്ത്രീകവികള്‍ പലരും ഉള്‍പ്പെട്ട കാലത്താണ് മുതുകുളവും എഴുതുന്നത്. മുതുകുളം പാര്‍വതിയമ്മയെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ തരുനിരകളും പൂവള്ളികളും കല്‍വിഗ്രഹങ്ങളും ചൂഴുന്ന ഗ്രാമീണമായൊരു കാവിനകത്തു ഇരുണ്ടുവരുന്ന ഗഹനമായൊരു സന്ധ്യ നമ്മുടെ ഓര്‍മയിലെത്തും. കണ്ണടച്ചു നിശ്ശബ്ദധ്യാനയായി നില്‍ക്കുന്ന വെള്ളയുടുത്ത ഒരാളെയാണ് ഈ പേരു കേള്‍ക്കുമ്പോള്‍ ഓര്‍മവരുക. കവിതയിലും വ്യക്തിത്വത്തിലും വേറിട്ടുനിന്ന ഒരുവളുടെ ശാന്തഗംഭീരത നിറഞ്ഞ ആ നിശ്ശബ്ദതയെ കാലങ്ങള്‍ക്കിപ്പുറം നിന്നു പിടിച്ചെടുക്കാനാണ് ശ്രമം. അതാകട്ടെ, കാല്പനികമായ ഒരാഗ്രഹമല്ല!  മറിച്ചു പുതിയകാലം ആവശ്യപ്പെടുന്ന സ്ത്രീപക്ഷപരമായ ഒരു വീണ്ടെടുക്കലായതിനെ കാണാം. മലയാളകവിതാപാരമ്പര്യത്തിലെ സ്ത്രീ അടയാളങ്ങളെ എന്ന പോലെതന്നെ അവയിലെ വ്യത്യസ്തങ്ങളും സ്വതന്ത്രങ്ങളുമായ ആവിഷ്‌കാരപ്രകാരങ്ങളെയും വകയിരുത്തേണ്ടത് അത്തരത്തില്‍ പ്രധാനമാണ്! മുമ്പു സൂചിപ്പിച്ച തമസ്‌കരണങ്ങളെ ചെറുക്കാന്‍ അതാവശ്യമാണ്.  മുതുകുളം പാര്‍വതിയമ്മയെന്ന കവിയെ  ആദ്യമായി കണ്ട സന്ദര്‍ഭം  1964 ല്‍ ഇറങ്ങിയ അവരുടെ ഷഷ്ഠിപൂര്‍ത്തി സുവനീറില്‍ പുത്തേഴത്തു രാമന്‍ മേനോന്‍ ഇങ്ങനെയെഴുതി: ''ഏതാണ്ടൊരിരുപതു കൊല്ലങ്ങള്‍ക്കു മുമ്പു, ഞാനൊരിക്കല്‍, വര്‍ക്കലയിലെ ശ്രീ നാരായണ ജയന്തി ആഘോഷങ്ങള്‍ക്കു ക്ഷണിക്കപ്പെട്ട കാലത്ത്, ആ മഹോത്സവത്തിലെ മഞ്ഞ വസ്ത്രധാരികളായ തീര്‍ത്ഥാടകരുടെ തിക്കും തിരക്കും നോക്കിക്കൊണ്ടങ്ങനെ ആ പുണ്യ പ്രദേശം ചുറ്റി നടന്നു കാണുമ്പോള്‍ അവിടെ, പാവനമായ സമാധി മണ്ഡപത്തിന്നു സമീപത്തൊരു വിജനമൂലയിലുണ്ടൊരു സ്ത്രീ. അരോഗദൃഢഗാത്രയും ദ്രൗപദിയെപ്പോലെ 'കൃഷ്ണ'യുമായ ഒരു തന്റേടക്കാരത്തി, ഇളം വെയിലത്ത് സ്വന്തം അധരങ്ങളെ മാത്രം അറിയിക്കുമാറ് നാമോച്ചാരണത്തില്‍ നിമഗ്നയായി ബ്രഹ്‌മത്തെ ദൂരത്തു ദര്‍ശിച്ചു കൊണ്ട്, നിശ്ചേഷ്ടയായി, നീലോല്പല നേത്രങ്ങളെ അര്‍ദ്ധനിമീലിതങ്ങളാക്കിക്കൊണ്ടു, നീണ്ടു നിവര്‍ന്നു സുഖാസനത്തില്‍ വര്‍ത്തിക്കുന്നു! അതെന്നെ അത്ഭുതപ്പെടുത്തി! ആള്‍ ആരെന്നു ഞാന്‍ അന്വേഷിച്ചു.'മുതുകുളം പാര്‍വ്വതി അമ്മ' എന്നറിഞ്ഞു ഞാന്‍ കൂടുതല്‍ ആശ്ചര്യഭരിതനായി, നിസ്സങ്കോചം ഞാന്‍ അടുത്തുചെന്നു''.  അക്കാലത്തെ സാഹിത്യപ്രമാണികളിലൊരാളായ പുത്തേഴത്തിനാല്‍ അമ്മട്ടില്‍ ആരാധനാപൂര്‍വം പ്രശംസിക്കപ്പെടുക എന്നത് പ്രധാനമായി കാണേണ്ടതുണ്ട്, പ്രത്യേകിച്ചും സവര്‍ണേതരമായ ജാതിയില്‍ പിറന്ന സ്ത്രീയായ ഒരു എഴുത്തുകാരിയാണ് അവരെന്ന നിലയക്ക്.  

1904 ല്‍ ആലപ്പുഴജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കിലുള്ള മുതുകുളത്താണ് പാര്‍വതിയമ്മ ജനിച്ചത്. മദ്രാസ് സര്‍വകലാശാലയില്‍ നിന്നും  വിദ്വാന്‍ പരീക്ഷ ജയിച്ച ശേഷം അധ്യാപികയായി ജീവിച്ച മുതുകുളം  തന്റെ സാഹിത്യപരിശ്രമങ്ങളുടെ ആദ്യവേദിയായി മലയാളത്തിലെ ആദ്യകാല സ്ത്രീമാസികകളെ കണ്ടു എന്നത് സ്വാഭാവികമാണ്. യഥാര്‍ത്ഥജീവിതം എന്ന രചന ടി.സി. കല്യാണിയമ്മയുടെ ശാരദയിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ശാരദ, മഹിള, ലക്ഷ്മീഭായി തുടങ്ങിയ സ്ത്രീമാസികകളിലൂടെ നമുക്കു നോക്കിക്കാണാവുന്ന, ആദ്യകാലസ്ത്രീകളുടെ ബുദ്ധിജീവിതവും സാംസ്‌കാരികവീക്ഷണങ്ങളും മലയാളി ആധുനികതയില്‍ വലിയ രീതിയിലുള്ള സ്വാധീനമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അവയുടെ തിരുത്തല്‍ശേഷി സാഹിത്യത്തില്‍ ചെറുതല്ലാത്ത ചലനവും ഉണ്ടാക്കിയിട്ടുണ്ട്. അക്കാലത്തെ സ്ത്രീമാസികകളില്‍ തന്നെ പ്രത്യക്ഷപ്പെട്ടിരുന്ന സ്ത്രീരചനകളും അവയുടെ മറുപടിലേഖനങ്ങളും ഈ സംവാദാത്മകതയെ വെളിച്ചത്തു കൊണ്ടുവരുന്നവയാണ്. കൗമാരകാലം മുതല്‍ക്കാരംഭിച്ച കാവ്യരചനാകൗതുകങ്ങള്‍ തികഞ്ഞ ഉത്തരവാദിത്തത്തോടെ നിരന്തരഅഭ്യാസത്തിലൂടെ വളര്‍ത്തിയെടുക്കാന്‍ പാര്‍വതിയമ്മയ്ക്കു കഴിഞ്ഞു. മികച്ച പ്രാസംഗിക കൂടിയായിരുന്നു മുതുകുളം പാര്‍വതിയമ്മ എന്ന് അവരുടെ ജീവചരിത്രവും അവരെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പുകളും പറയുന്നുണ്ട്. മൂര്‍ക്കോത്തു കുമാരന്‍ അവര്‍ക്കു സമര്‍പ്പിച്ച മംഗളപത്രത്തില്‍ എഴുതുന്നതിങ്ങനെ:
''പാര്‍വതിയ്ക്കെവിടുന്നു ഗംഗതന്‍ പ്രവാഹം പോല്‍
വാഗ്ധാടി ലഭിച്ചതു ശിവസാന്നിദ്ധ്യത്താലോ?''
സാക്ഷാല്‍ ശ്രീനാരായണഗുരുതന്നെ അവരെഴുതിയ മംഗളപത്രം വായിച്ച്, ''എഴുത്തച്ഛനു ശേഷം ഇത്ര അനര്‍ഗ്ഗളമായി പ്രവഹിക്കുന്ന കിളിപ്പാട്ട് നാം അപൂര്‍വമായേ കേട്ടിട്ടുള്ളൂ'' എന്നാണ്രേത പറഞ്ഞത്! അന്ന് ഗുരു വിലയേറിയ ഒരു പട്ട് പാര്‍വതിയമ്മയ്ക്കു നില്‍കിയതായും കഥയുണ്ട്.

വൃത്തം, അലങ്കാരം, ഭാഷാപരമായ നവീനത, പരീക്ഷണങ്ങള്‍ എന്നിങ്ങനെ സാങ്കേതികവും ഭാവനാത്മകവുമായ ശേഷി തികച്ചും വശത്താക്കിയ  അഭ്യസ്തവിദ്യരായ പുതിയ സ്ത്രീയുടെ സര്‍ഗാത്മകതയുടെ ദാഹങ്ങള്‍ ഇവിടെ വായിച്ചെടുക്കാം. ചലനാത്മകമായ ഒരു കാലഘട്ടത്തിന്റെ പ്രചോദനത്തെ ഉള്‍ക്കൊള്ളുവാനുള്ള പ്രേരണ എണ്ണത്തില്‍ കുറവെങ്കിലും  ഒരുനിര സ്ത്രീകളെത്തന്നെ കവികളാക്കിയിരുന്നു എന്ന് തിരിഞ്ഞു നോക്കുമ്പോള്‍ പറയാന്‍ കഴിയും. എഴുത്തുകാരികള്‍ എന്ന ഒരു വിഭാഗത്തെ വിഭാവനം ചെയ്യാന്‍ നിര്‍ബ്ബന്ധിതമായ സാഹചര്യം അതുണ്ടാക്കി. എഴുത്തിലെ വിഷയമായും വിഭവമായും നിലനിര്‍ത്തപ്പെട്ട ഇടത്തുനിന്നും എഴുത്തുകാരികളാകുന്ന സക്രിയമായ, കര്‍തൃസ്ഥാനത്തേക്കു കടന്നിരിക്കുന്ന ഈ പ്രക്രിയ ചരിത്രപരമായി പ്രധാനമാണ്. മനോരമത്തമ്പുരാട്ടിയും കുട്ടിക്കുഞ്ഞു തങ്കച്ചിയും തോട്ടയ്ക്കാട്ട് ഇക്കാവമ്മയുമടങ്ങുന്ന ആദ്യനിരയ്ക്കു  ശേഷം സാഹിത്യമണ്ഡലത്തില്‍ ഉയര്‍ന്നു വന്ന സ്ത്രീസ്വരങ്ങള്‍ ബാലാമണിയമ്മയും കടത്തനാട്ട് മാധവിയമ്മയും തരവത്ത് അമ്മാളുവമ്മയും സി.കെ.രേവമ്മയും മേരി ബനീഞ്ഞയും മേരി ജോണ്‍ തോട്ടവും ബി. കല്യണിയമ്മയും കൊച്ചാട്ടില്‍ കല്യാണിക്കുട്ടിയമ്മയും മറ്റുമായിരുന്നു. ഉന്നതകുലജാതരായ തമ്പുരാട്ടിമാരോ സാഹിത്യമണ്ഡലത്തിലെ നായകന്മാരായ പുരുഷകേസരിമാരുടെ ശിഷ്യകളോ  കുടുംബബന്ധുക്കളോ അല്ലാതെ സ്വതന്ത്രരായി വാസനാബലംകൊണ്ടും സര്‍ഗാത്മകശേഷികൊണ്ടും എഴുത്തുരംഗത്തു ഉറച്ചവരായിരുന്നു ഈ രണ്ടാം നിരയിലെ കവികള്‍. അതില്‍ തന്നെ സ്വാതന്ത്ര്യാനന്തരമുണ്ടായ പുതിയ രാഷ്ട്രീയ സാമൂഹികചലനങ്ങളെ സ്വന്തം വ്യക്തിജീവിതത്തിന്റെ പരിവര്‍ത്തനങ്ങളിലേക്കും സര്‍ഗാത്മകതയിലേക്കുമുള്ള ചാലകബലമായി ഉപയോഗിച്ചവരാണ് ഇവരൊക്കെയും.

മുതുകുളത്തിന്റെ മറ്റൊരു കര്‍മമണ്ഡലം വിവര്‍ത്തനമായിരുന്നു. പോള്‍ കാറസ് എഴുതിയ വിഖ്യാതമായ ഇംഗ്ലീഷ് കഥ കര്‍മ, നടരാജഗുരുവിന്റെ ' വേ ഓഫ് ദ ഗുരു ' ഇതൊക്കെ അവര്‍ വിവര്‍ത്തനം ചെയ്തു. ശ്രീനാരായണധര്‍മം എന്ന ആചാരശാസ്ത്രഗ്രന്ഥം വിവര്‍ത്തനം ചെയ്തതും പാര്‍വതിയമ്മയാണ്. ദ്വിജേന്ദ്രലാല്‍ റായ് രചിച്ച ബംഗാളി നാടകത്തിന്റെ സ്വതന്ത്രവിവര്‍ത്തനം ഭുവനദീപിക,  കൂടാതെ ഭഗവദ്ഗീതയുടെ വിവര്‍ത്തനവും എടുത്തു പറയേണ്ടതാണ്. കവിതകളിലെന്ന പോലെ ലാളിത്യവും അക്ലിഷ്ടതയുമാണ് വിവര്‍ത്തനങ്ങളുടെ ഗുണം.
'വാസാംസി ജീര്‍ണാനി യഥാ വിഹായ
നവാനി ഗൃഹ്ണോതി നരോപരാണി
യഥാ ശരീരാണി വിഹായ ജീര്‍ണാ
നന്യാനി സംയാതി നവാനി ദേഹി' എന്ന ഭഗവത്ഗീതയിലെ പ്രശസ്തമായ ശ്ലോകം മുതുകുളം വിവര്‍ത്തനം ചെയ്തത് എത്രയോ അയത്ന ലളിതമായാണ് എന്നത് നമ്മെ അത്ഭുതപ്പെടുത്തും
'പഴകും വസ്ത്രങ്ങളെ കൈവിട്ടു മര്‍ത്ത്യന്‍ സ്വയ
മഴകില്‍ പുതുവസ്ത്രമണിയും പ്രകാരത്തില്‍
അഴിയും ദേഹങ്ങളെയകലെത്തള്ളി ദേഹി
വഴിയാം വണ്ണം നവദേഹങ്ങള്‍ വരിക്കുന്നു ' എന്ന വരികളുടെ മലയാളത്തനിമ ശ്രദ്ധേയമാണ്!
മൂര്‍ക്കോത്തു കുമാരന്‍ പാര്‍വതിയമ്മയുടെ പ്രഭാഷണ സാമര്‍ത്ഥ്യത്തെ പ്രശംസിക്കുന്ന വരികളിലും ഈ ഭാഷാപരമായ അക്ലിഷ്ടതയെ
ക്കുറിച്ചു സൂചന ഉണ്ടല്ലോ.
:'പാര്‍വതിക്കെവിടുന്നു
ഗംഗതന്‍ പ്രവാഹം പോല്‍
വാഗ്ദ്ധാടി ലഭിച്ചതു
ശിവസാന്നിദ്ധ്യത്താലോ ?
അര്‍ദ്ധനാരീശ്വരന്റെ
കാരുണ്യമില്ലാതുണ്ടോ
വിദ്വാനും വിദുഷിയും
ഏകയില്‍ ലയിക്കുന്നു?'

എഴുത്തിന്റെ പൊതുരീതിയ്ക്കപ്പുറം ഈ കവിതകളില്‍ പ്രവര്‍ത്തിച്ചിരുന്ന സാമൂഹികതയുടെ ഉള്ളടക്കമെന്ത് എന്നിനി ചിന്തിക്കാം.

കവിതയിലെ ജനാധിപത്യം
സാഹിത്യം എന്ന സ്ഥാപനത്തെക്കുറിച്ചുള്ള പാര്‍വതിയമ്മയുടെ നിലപാടു ധാരണകള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്. എഴുത്തുകാരിയെന്ന നിലയ്ക്ക്  അതിന്റെ സാമൂഹികധര്‍മത്തെ അവര്‍ നിര്‍വചിച്ച വിധം കൂടി ചേര്‍ത്തു കൊണ്ടേ അതു കഴിയൂ. 1904ല്‍ ജനിച്ചു 1920കളില്‍ കാവ്യലോകത്തു തെളിഞ്ഞുനിന്ന ഒരാള്‍ക്കു ആ കാലഘട്ടത്തിന്റെ പ്രധാനപ്രേരണയായ  നവോത്ഥാനത്തിന്റെ ആശയമണ്ഡലങ്ങള്‍, അതിന്റെ പ്രധാന ആവിഷ്‌കാരസങ്കേതമായ റിയലിസം, എന്നിവയിലൂടെ കടന്നു പോകാതിരിക്കാനാകുമായിരുന്നില്ല. ദരിദ്രരോടുള്ള അനുതാപം വ്യാപ്തിയോടെ പ്രസരിപ്പിച്ചിരുന്ന ആ കാലത്തിന്റെ സ്പന്ദനങ്ങള്‍ കൂടിയാണ് മുതുകുളം പാര്‍വതിയമ്മയുടെ കവിതകളെ സവിശേഷമാക്കുന്നത്. സോഷ്യലിസ്റ്റു റിയലിസത്തിന്റെ ഭാവുകത്വവുമായി ചേര്‍ന്നു നില്‍ക്കുന്ന ഒട്ടേറെ കവിതകള്‍ അവര്‍ എഴുതുന്നുണ്ട്. കടത്തനാട്ടു മാധവിയമ്മയുടെ ഗ്രാമശ്രീകളുടെ അന്തരീക്ഷവുമായി സമാനത പുലര്‍ത്തുന്ന, കീഴാളസ്ത്രീയുടെ അനുഭവചിത്രണം എന്ന നിലയില്‍ ശ്രദ്ധേയമായ 'മധുരഗീതം' എന്ന കവിത എടുത്തു പറയേണ്ടതാണ്. സമകാലികകവിയായ ബാലാമണിയമ്മയുടെ 'ഒരു പഴത്തിന്റെ കഥ', 'വേലക്കാരി', 'കുളക്കടവില്‍', തുടങ്ങി അനേകം കവിതകളിലെ ആഖ്യാനകര്‍തൃത്വങ്ങളുടെ സാദ്ധ്യതയുമായും ഇതിനെ ചേര്‍ത്തു പരിശോധിക്കാം.
 കടത്തനാട്ടിന്റെ കവിതയില്‍ കവിയാണു സംസാരിക്കുന്നതെങ്കില്‍ മുതുകുളത്തിന്റെ കവിതയില്‍ ചെറുമക്കിടാത്തിയാണ് സംസാരിക്കുന്നത് എന്ന മൗലികമായ വ്യത്യാസവും പ്രധാനമാണ്.  അതിലേറെ ഈ കവിതയില്‍ ശക്തമായി നില്‍ക്കുന്നത് ജാതിയില്‍ താഴ്ന്ന, പണിയാളരായ നിസ്വവര്‍ഗത്തോടു മേലാളര്‍ കാട്ടുന്ന നന്ദിയില്ലായ്മയും വിവേചനവും എടുത്തു കാട്ടുന്നതാണ്.
''ഉണ്ണുന്ന ചോറ്റിന്നുചിതം നിനയ്ക്കാ
തെണ്ണാവതല്ലാത്ത കൃതഘ്നഭാവം
വര്‍ണ്ണപ്പകിട്ടറ്റ നിജാന്വയത്തോ
ടെന്നും സവര്‍ണാഢ്യര്‍ നടിച്ചു കഷ്ടം!

ശ്വാക്കള്‍ക്കു പാത്രത്തില്‍ മുറിക്കകത്തു
സല്‍ക്കാരമുള്‍പ്രീതിയോടാചരിക്കേ
വായ്ക്കുന്നഴുക്കാര്‍ന്ന പറമ്പില്‍ വെയ്ലി
ലക്കാടി പാളച്ചെറുകീറ്റിലയ്യോ!'' (മധുരഗീതം)
തൊഴിലാളികളുടെ അടിമത്തത്തിലും ദാരിദ്ര്യത്തിലും അനുഭാവം പ്രകടിപ്പിക്കുന്ന 'ഒരു ദരിദ്രത്തൊഴിലാളിയുടെ കുടുംബജീവിതം' എന്ന കവിത അതിനുദാഹരണമാണ്. തൊഴിലാളി മുതലാളി സംഘര്‍ഷങ്ങള്‍ കവിതകളിലേക്കു വന്നു തുടങ്ങുന്ന കാലത്താണ് അയത്നലളിതവും വികാരോജ്ജ്വലവുമായി അവരിതെഴുതുന്നത്.
''ഉടഞ്ഞമണ്‍ചട്ടിയി
ലൊന്നില്‍ വച്ചതാ കഞ്ഞി
കുടിപ്പൂ മൂന്നു വെറുമസ്ഥിമാത്രരാം ബാലര്‍
കടുത്ത വിശപ്പുണ്ടെ
ന്നാകിലും പാത്രം കിട്ടാന്‍
അടുത്തു നോക്കി നോക്കി
യിരിപ്പൂ ഗൃഹനാഥന്‍
വിളക്കില്ലാഞ്ഞിട്ടഗ്നി
യടുപ്പില്‍ തെളിയിച്ചും
തിളയ്ക്കും കഞ്ഞി മെല്ലേ
യിളക്കി ചൂടാറ്റിയും
മരുവും കൃശശുഷ്‌ക
ഗാത്രിയഗ്ഗൃഹേശ്വരി
ചോരിയും ബാഷ്പമാണ
ന്നുപ്പിനു പകരമായ്
പരന്നു രുചി കഞ്ഞി
ക്കേകിയതെന്ന തത്വം
പെരുകുമത്യാര്‍ത്തിയാല്‍
അറിഞ്ഞീലാരുമപ്പോള്‍'' എന്നാണ് കവിത അവസാനിക്കുന്നത്.

'ആ സുവര്‍ണസുപ്രഭാതം' എന്ന കവിതയിലും സമാനമായ രീതിയില്‍ ഏഴകളുടെ ജീവിതത്തോടു അനുകമ്പ കൂറുന്ന കവിയെ കാണാം.
''താഴെയഴുക്കിലിരുളിലത്യാര്‍ത്തിയില്‍
കേഴും സഹജാതരെത്രയോ ലക്ഷങ്ങള്‍
ഏഴകളുണ്ണാനുടുക്കാന്‍ കിടക്കുവാ
നൂഴിയിലെങ്ങും വക ലഭിക്കാത്തവര്‍''
ഈ അസമത്വങ്ങളെ മാറ്റുവാന്‍ ചട്ടങ്ങള്‍ മാറ്റണമെന്നു കൂടി കവി പയുന്നുണ്ട് .
''ചട്ടങ്ങളാകയാല്‍ പെട്ടന്നു മാറ്റുവിന്‍
നിഷ്ഠുരനീതികള്‍ തട്ടിത്തകര്‍ക്കുവിന്‍
കെട്ടിപ്പടുത്തുള്ളൊരുച്ചനീചത്വങ്ങള്‍
തിട്ടമിടിച്ചു നിരത്തുവാനോര്‍ക്കുവിന്‍''

സ്ത്രീപുരുഷബന്ധങ്ങളെ കുറിച്ചും ഈ കവിതകളില്‍ പുരോഗമനസ്വഭാവമുള്ള വിധത്തിലുള്ള ആലോചനകള്‍ കാണാം.
സ്ത്രീപുരുഷബന്ധത്തെ സംബന്ധിച്ച സദാചാരവീക്ഷണങ്ങള്‍ മീരയെക്കുറിച്ചുള്ള കവിത 'അശ്രുകുടീര'ത്തിലും  'ആ രാത്രിയില്‍' എന്ന 1930 കളിലെ ആദ്യകാലത്തെ അപ്രകാശിത കവിതയിലും കാണാം.
''ചെറിയ ദുശ്ശങ്കമൂലം നരരെത്ര
വരസതികളെ നിര്‍ദ്ദയം കഷ്ടമേ
കുരുതി ചെയ്യുന്നു, തോരാത്ത കണ്ണുനീര്‍
ത്തിരയില്‍ മുക്കുന്നു നീറ്റുന്നു വഹ്നിയില്‍''
എന്നും
''പെരിയ ലോകാപവാദത്തേക്കാളുമീ
ധരയില്‍ മാനിനിക്കുത്തമം മൃത്യുതാന്‍
അരുതു ചാരിത്ര്യനിര്‍മലഭിത്തിയില്‍
കരിയടിപ്പതു കണ്ടു പൊറുക്കുവാന്‍''
എന്നും അവരെഴുതുന്നു.

ഗോപികാപ്രേമം എന്ന കവിതയില്‍ ഇന്ത്യന്‍ മിത്തുകളിലെ പ്രസിദ്ധമായ കൃഷ്ണഗോപികാസംഗമം ആത്മീയപ്രേമത്തിലേക്കു അലിഞ്ഞുനില്‍ക്കുന്നതു കാണാം. അനുരാഗം ആത്മരാഗത്തിന്റെ പരിധികള്‍ വിട്ടു ലോകാനുരാഗമാകുന്നതിന്റെ ധ്വനികള്‍ ഈ കവിതയിലുണ്ട്. മുരളീനാദത്തിനൊപ്പം നൃത്തമാടുന്നവര്‍ക്കുള്ളിലെ ചിത്പ്രഭയുടെ സൂചന അതാണ്. ഭഗവത്പ്രേമത്തിലേക്കുള്ള വിലയം സിദ്ധിച്ച ലലനമാര്‍ ആ നാദത്തില്‍ അലിഞ്ഞുവത്രേ. ഈശ്വരസാക്ഷാല്‍ക്കാരത്തിലൂടെ സ്ത്രീപുരുഷവ്യത്യാസങ്ങളെ മറികടക്കുന്ന, മറികടക്കാനുള്ള താല്പര്യങ്ങളുടെ സൂചനയായും ഇതിനെ നീട്ടി വായിക്കാം.

പ്രകൃതി: വൈവിധ്യവും ബഹുലതയും
ആദ്യകാലകവിതകളിലെ റിയലിസ്റ്റു ശൈലിയിലുള്ള  ആഖ്യാനപ്രവണതകള്‍ ആ കാലഘട്ടത്തിന്റെ  ജനാധിപത്യാകാംക്ഷകളുമായി ചേര്‍ന്നു പോകുന്നതായി കരുതാം. റിയലിസ്റ്റു ശൈലിയോടൊപ്പം തന്നെ പിന്നീടു കാല്പനികതയുടെ ചാരുതകള്‍ കവിതയിലേക്കു നിറഞ്ഞൊഴുകുന്ന കവിതകള്‍ 40കളോടെ വീണ്ടും കാണാം. പ്രകൃതിയുടെ ബഹുലതകളും വൈവിദ്ധ്യങ്ങളും  എത്രയും ചലനാത്മകമായി എഴുതിയ കവി കൂടിയാണ് മുതുകുളം. കേരളീയപ്രകൃതിയുടെ സൗകുമാര്യങ്ങളെല്ലാം വാരിയണിഞ്ഞ ആഖ്യാനങ്ങള്‍ നിറഞ്ഞതാണ് ഈ കവിത. മലര്‍വാടി എന്ന കവിത നോക്കാം. പനിനീര്‍പ്പൂവും മുല്ലയും പാരിജാതവും ജമന്തിയും പിച്ചിയും ലില്ലിയും ആമോദത്തോടെ ഒന്നിച്ചു നില്‍ക്കുന്ന ഈ പുഷ്പവാടി കേരളീയസമൂഹത്തിന്റെ തന്നെ വൈവിദ്ധ്യത്തിന്റെയും ബഹുലതയുടെയും പ്രതിരൂപമാണ്. ലാവണ്യം തിരതല്ലുന്ന ഈ സുമവനം പാലിക്കുന്ന ഉദ്യാനപാലകനായി ഈശ്വരനെ സങ്കല്‍പ്പിക്കുന്നു, കവി.  'വര്‍ണവിഭേദചിന്ത'യേശാതെ എല്ലാറ്റിനെയും സമഭാവനയില്‍ സംരക്ഷിക്കുന്ന പാലകനെ കവി കൂപ്പുന്നു.

 തനി നാടന്‍ പൂക്കളും മരങ്ങളും ചെടികളും മണങ്ങളും നിറങ്ങളും നിറഞ്ഞു നില്‍ക്കുന്ന പ്രകൃതിബോധം നിറഞ്ഞ കവിത തന്നെയാണിത്. അതേ സമയം തന്നെ എപ്പോഴും അതിനെ വലയം ചെയ്തു നില്‍ക്കുന്ന സവിശേഷമായ ഒരു പ്രപഞ്ചമണ്ഡലം ഉണ്ട്. ശാസ്ത്രീയമായ പുതിയ പ്രപഞ്ചധാരണകളും ജ്യോതിശാസ്ത്രതത്വങ്ങളും അപൂര്‍വമായി സമ്മേളിക്കുന്നതിന്റെ മുമ്പെങ്ങും കാണാന്‍ കളിയാത്ത സന്ദിഗ്ധമായ പ്രകൃതിലയം ആണിത്. പില്‍ക്കാലത്തു ജി.ശങ്കരക്കുറുപ്പിലും മറ്റും നാം കാണുന്ന  തദ്ദേശീയമായ ജൈവപ്രകൃതിയും പ്രപഞ്ചഗോളങ്ങളും നിറഞ്ഞ, അവ പരസ്പരം സംവദിക്കുന്ന,  മിസ്റ്റിക്, കോസ്മിക് മിശ്രിതമായ ഒരു ധാരയാണിത്. നിര്‍മിതിയും പ്രകൃതിയും ചേര്‍ന്ന ഒന്ന്. ''അണ്ഡഗോളങ്ങളാം വൈദ്യുതദീപങ്ങ-
ളെണ്ണമില്ലാതെ നിരന്നു
സ്വര്‍ണപ്രഭാപൂരമെങ്ങും പൊഴിക്കുമ-
ക്കണ്ണഞ്ചുമുദ്യാന മദ്ധ്യേ'' തുടങ്ങിയ വരികളിലൊക്കെ ഈ നിര്‍മിതപ്രകൃതിയും ജൈവപ്രകൃതിയും കാണാം. ആ മധുരസ്വപ്നമെന്ന കവിതയിലെമ്പാടും ഈ മിശ്രധാരയുണ്ട്.

''കേരങ്ങള്‍ തിങ്ങുന്ന തീരപ്രദേശങ്ങള്‍
ചാരുസമതലജാലം
ചീറിയലറിപ്പരന്നു നീളും ഘോര
വാരിധി, കാനല്‍ സ്ഥലങ്ങള്‍

പച്ചപ്പുതപ്പു പുതച്ച നെല്‍പ്പാടങ്ങള്‍
പച്ചിലക്കാടുകള്‍, നീളേ
ഉച്ചിയില്‍ മഞ്ഞണിഞ്ഞീടുന്ന മാമല
കൊച്ചു കാട്ടാറിന്‍ നിരകള്‍

എന്നിവ പിന്നിട്ടു പിന്നിട്ടു മുന്നോക്ക
മൊന്നുലഞ്ഞാടിപ്പറന്നു
ഉന്നതമജ്ഞാതമേകലക്ഷ്യത്തിലാ
യെന്നുടെ വാഹനം ചെന്നു.

ജീവകാരുണ്യവും ശാന്തിയും സ്നേഹവും കാവ്യസൗന്ദര്യവുമൊന്നായ് മേവി മേളിക്കുന്ന അതുല്യമായ ഒരിടത്തേക്കാണ് കവി ചെന്നു പറ്റുന്നത്.
'കവിയുടെ ലോകം' എന്ന കവിതയില്‍ സുന്ദരമായ ഈ പ്രകൃതിയില്‍ കവി അനുഭവിക്കുന്ന ഭാവഭംഗികളും ആനന്ദാവേശങ്ങളും കവി വിവരിക്കുന്നു. എന്നാല്‍ സൗന്ദര്യത്മകതയെ ധാര്‍മികതയക്കു അഭിമുഖം നിര്‍ത്തി കവിയുടെ നൈതികമായ ഇടത്തെ കൂടുതല്‍ കൃത്യതയോടെ നിര്‍വചിക്കാനാണ്  ഇവിടെ ശ്രമിക്കുന്നത്. 'മനം തകര്‍ന്നെന്നും കരയും ദീനര്‍തന്‍
മിനുത്ത ബാഷ്പത്തിന്‍ ചാലില്‍' കവിക്കു മറ്റു വഴികളില്ലതന്നെ! 'കാട്ടുമങ്ക'യില്‍  വന്യവും ജൈവവുമായ പ്രകൃതിയുടെ മേളനത്തെ വാഴ്ത്തിപ്പാടുന്നുണ്ട്.

സ്ത്രീ-പുരുഷ സാഹിത്യസൗഹൃദങ്ങള്‍
പുരുഷന്മാര്‍ക്കിടയില്‍ സാഹിത്യസൗഹൃദങ്ങള്‍ സുലഭമായിരുന്നെങ്കിലും സ്ത്രീകള്‍ക്കിടയില്‍ അക്കാലത്ത് അത് അധികം കണ്ടിരുന്നില്ല. സാമൂഹികമായ ഇടപഴകലിനു തന്നെ പൊതുവേ അലിഖിതമായ വിലക്കുകളും നിയന്ത്രണങ്ങളും നിലനിന്ന കാലത്ത് അതില്‍ അത്ഭുതമില്ല. എന്നാല്‍ മുതുകുളം പാര്‍വതിയമ്മ ചെറുപ്പം മുതലേ എഴുത്തുകാരികളായ ചിലരുമായി താന്‍ പങ്കിട്ട സൗഹൃദം മുറിയാതെ സൂക്ഷിച്ചിരുന്നു. സിസ്റ്റര്‍ മേരി ബനീഞ്ജയുമായുള്ള സൗഹൃദം മരിക്കും വരെയും തുടര്‍ന്നിരുന്നു. ഇരുവരുടെയും കവിതയെഴുത്തിനെ അതു വളരാനുമിടയാക്കി. മുണ്ടയ്ക്കല്‍ ലക്ഷ്മി, മയ്യനാട് ലക്ഷ്മി എന്നീ  സതീര്‍ത്ഥ്യകളും ഇവരോടൊപ്പം ചേര്‍ന്നു കവിതകള്‍ എഴുതാന്‍ ഉണ്ടായിരുന്നു. അവരുമൊന്നിച്ചുള്ള കവിതക്കത്തു അവരുടെ ബന്ധത്തെ കൂടുതല്‍ ഉറപ്പിച്ചു. സുകുമാര്‍ അഴീക്കോടിന് അവരെഴുതിയ കവിതക്കത്തിലെ വരികള്‍ പലയിടത്തും ഉദ്ധരിച്ചു കാണുന്നുണ്ട്.  കവിതക്കത്തും കൂട്ടുകവിതാരചനയും പോലെ തന്നെ അക്കാലത്തെ രചനാസങ്കേതങ്ങളില്‍ പ്രധാനം നിമിഷകവിതയായിരുന്നു. ദ്രുതകവനമായും പാര്‍വതിയമ്മ  ഏറെ എഴുതിയിട്ടുണ്ട്. കാവ്യരചന ആധുനികതയിലേക്കുള്ള പാതയില്‍ ഒട്ടൊക്കെ മുന്നേറിയെങ്കിലെങ്കിലും രൂപപരമായി തികച്ചും സങ്കേതബദ്ധമായിത്തന്നെ തുടര്‍ന്ന ആ കാലത്തെ ഇന്നു ചരിത്രപരമായി നോക്കികാണുമ്പോള്‍ ഏതാണ്ടെല്ലാ രൂപങ്ങളിലും പയറ്റിനോക്കാന്‍ പാര്‍വതിയമ്മയ്ക്കു കഴിഞ്ഞിട്ടുണ്ട്. മഹാകാവ്യം, ഖണ്ഡകാവ്യം, വിലാപകാവ്യം, ഭാവകാവ്യം, ദ്രുതകവനം, കവിതക്കത്ത്, കൂട്ടുകവിത, ബാലകവിത ഒക്കെയും അവര്‍ക്കു സ്വായത്തമായ രൂപങ്ങളായിരുന്നു. ഛന്ദോബദ്ധമായിത്തന്നെ കാവ്യഭാഷയെകണ്ട കവിയായിരുന്നു അവര്‍. നാടകം, വിവര്‍ത്തനം, ജീവചരിത്രം, കഥ എന്നിങ്ങനെ ഒട്ടേറെ രചനാരൂപങ്ങളില്‍ അവര്‍ കൈവെച്ചിട്ടുണ്ട്.

കവിത കൂടാതെ നാടകം,  ഖണ്ഡകാവ്യം, വിവര്‍ത്തനം മുതലായ രൂപങ്ങളിലും അവര്‍ പണിയെടുത്തിട്ടുണ്ട്. കുമാരനാശാന്റെ ബുദ്ധചരിതം എഴുതിപ്പൂര്‍ത്തിയാക്കിയിട്ടുണ്ട്. ലേഡി വിദ്വാന്‍ എന്നറിയപ്പെട്ടിരുന്ന അവര്‍ക്കു ഇന്നു നാം വിവക്ഷിക്കുന്ന അര്‍ത്ഥത്തിലുള്ള സ്ത്രീപക്ഷകാഴ്ച്ചപ്പാട് ഉണ്ടായിരുന്നതായി പറയാന്‍ കഴിയില്ലെങ്കിലും സ്ത്രീത്വത്തെക്കുറിച്ച് സ്വന്തമായ ഒരു രാഷ്ട്രീയം അവര്‍ സ്വരൂപിച്ചതായി കരുതാന്‍ കഴിയും. പ്രത്യേകിച്ചും തന്റെ മാതൃവിലാപം എന്ന കവിതയിലതു കാണാന്‍ കഴിയും. തന്റെ ഗുരുനാഥയായ  മിസിസ് മേരി സി കോശിയുടെ പത്തുവയസ്സുകാരിയായ മകള്‍ മരിച്ചതിനെത്തുടര്‍ന്ന് എഴുതിയ ഈ കൃതി വിലാപകാവ്യങ്ങളുടെ ഗണത്തില്‍ പെടുന്നവയാണ്. ഇതിന് അവതാരികയെഴുതാന്‍ ഒരു സ്ത്രീ തന്നെ വേണമെന്ന ചിന്ത സ്ത്രൈണാനുഭവത്തിന്റെ വേറിട്ടുള്ള കാഴ്ച്ചപ്പാട് അവര്‍ക്കുണ്ടായിരുന്നു എന്നതിന് തെളിവാണ്. എ. ആര്‍ രാജരാജവര്‍മയുടെ മകള്‍ എം. ഭാനുമതിയമ്മയായിരുന്നു ആ അവതാരികാകാരി. ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട കവിതയുടെ പേര് 'യഥാര്‍ത്ഥജീവിതം' എന്നായിരുന്നുവത്രെ. കൊല്ലത്തുനിന്നും ഇറങ്ങിയ ശാരദ എന്ന മാസികയിലാണത് അടിച്ചുവന്നത്. സ്വപ്നദര്‍ശനം എന്ന കവിത വിവേകോദയത്തില്‍ അടിച്ചുവരുകയും അതു ആശാന്റെ പ്രശംസയ്ക്കു പാത്രമാവുകയും ചെയ്തു.

സ്ത്രീകളുമായുള്ള സൗഹൃദം കവിതയെഴുത്തിന്റെ ആദ്യകാലങ്ങളില്‍ വളര്‍ച്ചയ്ക്കു കാരണമായതുപോലെ തന്നെ ആശാന്‍ തുടങ്ങിയ പ്രമുഖകവികളും മറ്റു പുരുഷഎഴുത്തുകാരും  സാമൂഹികനേതാക്കന്മാരുമായുള്ള പരിചയവും അടുപ്പവും പാര്‍വതിയമ്മയ്ക്കു തന്റെ രചനാജീവിതത്തില്‍ ഗുണം ചെയ്തിരുന്നു. ചങ്ങമ്പുഴയുമായി ആത്മബന്ധം പുലര്‍ത്തിയ ടി.ആര്‍ വിമലയുടെയും മറ്റും കഥ നേര്‍വിപരീതമായിരുന്നല്ലോ.
ഇതരകവികളില്‍ നിന്നു വ്യത്യസ്തരായി തന്റെ  പൂര്‍വസൂരികളുമായ സമുദായനേതാക്കളുമായുള്ള വ്യക്തിബന്ധം ഏറെയുണ്ടായിരുന്ന പാര്‍വതിയമ്മ അവരില്‍ ചിലരെക്കുറിച്ചു ജീവചരിത്രപരമായ സൂചനകളോടെ കവിത എഴുതിയിട്ടുണ്ട്. നാരായണഗുരു, സി.കേശവന്‍(സിംഹളനാദം) മിതവാദി സി.കൃഷ്ണന്‍(ആരാണമ്മഹാശയന്‍), മൂലൂര്‍ എസ് പത്മനാഭപ്പണിക്കര്‍(ഒരു അനുസ്മരണം), കുമാരനാശാന്‍(പുഷ്പാഞ്ജലി), പനമ്പിള്ളി ഗോവിന്ദമേനോന്‍(സിംഹനാദം), ആ യുവയോഗി(വിവേകാനന്ദന്‍) തുടങ്ങി പലരും അക്കൂട്ടത്തിലുണ്ട്. ശ്രീനാരായണഗുരുവുമായി ബന്ധപ്പെട്ട ഒന്നിലേറെ കവിതകളുമുണ്ട്. 'എന്റെ ഗുരുദേവന്‍', 'അരുവിപ്പുറത്തെ ആകാശവാണി', 'നമോവാകം' എന്നിങ്ങനെ. ഇതിനെ രണ്ടു തരത്തില്‍ നോക്കിക്കാണാം. കോളനിയനന്തരസമൂഹത്തിലെ അഭ്യസ്തവിദ്യരുടെ ആത്മത്തെയും വ്യക്തിത്വത്തെയും രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്കകത്തു ഈ പ്രവണതയക്കു സവിശേഷമായ ഒരു അര്‍ത്ഥം സാദ്ധ്യമാണ്. ആധുനികവ്യക്തിയെന്ന നിലയില്‍ സ്വയം രൂപീകരിക്കാനാഗ്രഹിക്കുന്ന പാര്‍വതിയമ്മ എന്ന സ്ത്രീകവിയുടെ ആത്മപ്രതിഷ്ഠയക്കുള്ള മാതൃക ആയി ഈ ചായ്വിനെ കാണാം. ക്രൂശില്‍ എന്ന യേശുവിനെക്കുറിച്ചുള്ള കവിതയില്‍ സത്യധര്‍മങ്ങളോടു ചിരപുരാതനകാലം മുതല്‍ക്കുള്ള അധികാരിസമീപനങ്ങളെ നോക്കിക്കാണുന്നു. യുവയോഗിയില്‍ ലോകത്തിനു മാതൃകയാവുന്ന ആദ്ധ്യാത്മികസാരം പ്രസരിപ്പിച്ച വിവേകാനന്ദനെ ഉയര്‍ത്തിപ്പിടിക്കുന്നു. ഇവിടെയെല്ലാം തന്റെ ആത്മപ്രതിഷ്ഠാപനത്തിനു യോജിച്ച നൈതികസ്ഥാനം പ്രകാശിപ്പിക്കുകയാണ് കവി ചെയ്യുന്നത്!

പൗരമണ്ഡലവും ദേശഭാവനയും
മുതുകുളം പാര്‍വതിയമ്മ കാല്‍പനികവും ആത്മീയവുമായ സ്വന്തം ആന്തരികതയെ വ്യക്തിയെന്ന നിലയില്‍ ഉറപ്പിച്ചതിനെക്കുറിച്ചാണ് പറഞ്ഞത്. ദേശീയതയോടു ബന്ധപ്പെട്ടുള്ള താല്പര്യങ്ങളിലൂടെ  കവി,  സ്വയം തന്നിലെ പ്രജയെ സ്ഥാനപ്പെടുത്തുന്നതിന്റെ അടയാളങ്ങള്‍ കൂടി മനസ്സിലാക്കുന്നതു നന്നായിരിക്കും. സ്ത്രീയുടെ ദേശീയതാബോധത്തിന്റെ ആധികാരികത പലപ്പോഴും ഉദാസീനമാണ് എന്ന കാഴ്ച്ചപ്പാട് പല സാംസ്‌കാരികനിരൂപകരും നിരീക്ഷിച്ചിട്ടുണ്ട്. അധികാരത്തിന്റെ രണ്ടോ മുന്നോ നിര താഴെ നില്‍ക്കുന്ന ഒരു ശ്രേണീക്രമത്തില്‍ സ്ത്രീകളെയും കീഴാളരെയും സംബന്ധിച്ചിടത്തോളം ദേശീയതാവ്യവഹാരം 'മുകളിലുള്ളവരുടെ കാര്യമാണ്'! സ്വതന്ത്രഭാരതത്തിന്റെ സങ്കല്പങ്ങളെ അവരുടെ കവിതകള്‍ സാമാന്യമായി ഏറ്റെടുക്കുന്നില്ല എന്നല്ല ഇതിനര്‍ത്ഥം. ഇടപെടല്‍ ശേഷിയുള്ള ആധികാരികകര്‍തൃത്വമെന്നതിനേക്കാള്‍ സാക്ഷിയുടെ, പ്രജയുടെ സ്വരം നാമവിടെ കേള്‍ക്കുന്നു.

'സ്വാതന്ത്ര്യദിനത്തിലും' എന്ന കവിത പ്രകടമായ ഗാന്ധിഭക്തിയാണ്. 'ഭാരതാംബയും ഭാരതിയും' എന്ന കവിത ദേശത്തെ തന്നെ ഒരു സ്‌ത്രൈണമണ്ഡലമായി സങ്കല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നതിനാല്‍ ശ്രദ്ധേയമാണ്. സാഹിത്യമാകുന്ന വാണിയും ദേശമാകുന്ന ഭാരതാംബയും സ്ത്രീകള്‍ തന്നെ. ഇരുവരും സഖിമാരായി 'മന്ദാരപ്പൂമെത്ത'യിലിരുന്നു വേദനകള്‍ പങ്കുവെയ്ക്കുന്നു. വാണീശ്വരിയോടു ഭാരതാംബയക്കു പറയാനുള്ളതു ഇത്രമാത്രം
''ഭവതി നിനയ്ക്കുകില്‍ സാഹിത്യസേവകര്‍
ഭുവനസമാധാനഗാനലോലര്‍
തവപുത്രര്‍ മൂലമീ ദുര്‍ഗ്ഗതി പോക്കാനും
നവശാന്തി ചേര്‍ക്കാനും സാദ്ധ്യമല്ലേ?''
കലാകാരരൊത്തു ചേര്‍ന്നാല്‍ അണുബോബും യുദ്ധവും മറ്റും ഇല്ലായ്മ ചെയ്യാനാവുകയില്ലേ എന്നാണ് ആരായുന്നത്. രാഷ്ട്രത്തെ ഗാര്‍ഹികവും അതോടൊപ്പം സ്ത്രൈണവുമായ മണ്ഡലമായി സങ്കല്പിക്കുന്ന  വേറിട്ട ഈ ദേശഭാവന കൗതുകകരമാണ്. ഗാന്ധിജിയും കസ്തൂര്‍ബയും തമ്മിലുള്ള സംവാദമായി എഴുതപ്പെട്ട 'സ്വര്‍ഗത്തില്‍' എന്ന കവിതയിലും ഗാര്‍ഹികതയുടെ അകംലോകമാണ് ദൃശ്യമാകുന്നത്. ഗാന്ധിജിയുടെ ജന്മദിനം കൊണ്ടാടാന്‍ എല്ലാവരും ഉല്‍സാഹിക്കുമ്പോള്‍ കൂടെ നില്ക്കാനാവശ്യപ്പെടുന്ന കസ്തൂര്‍ബയോടു രാജ്യത്തിന്റെ അഖണ്ഡതയെ തകരാതെ നോക്കലാണ് തന്റെ കര്‍ത്തവ്യമെന്നു ഗാന്ധിജി മറുപടി പറയുന്നു. സ്ത്രീയും പുരുഷനും കയ്യാളുന്ന അകം/ പുറം ലോകങ്ങളുടെ ധാര്‍മികതയെ ചെറിയ മിന്നല്‍ വെളിച്ചത്തില്‍ കാട്ടിത്തരുവാനാണ് ഈ കവിത ശ്രമിക്കുന്നത്. (ഇവിടെ സ്ത്രീയായി രാജ്യത്തെ, ദേശത്തെ സങ്കല്പിക്കുന്നത് പുരുഷകല്പനകളിലെ ഭാരതമാതാവ്, രാജ്യമാതാവ് തുടങ്ങിയതില്‍ നിന്നുള്ള വ്യത്യാസത്തോടെ  കാണേണ്ടതുണ്ട്. കൂടുതല്‍ ഉറ്റതും അടുപ്പമേറിയതും കണ്ണാടിയിലെന്ന പോലെ തിരിച്ചറിയാവുന്നതും തുല്യദു:ഖം അനുഭവിക്കുന്നവര്‍ക്കിടയിലുള്ളതുമായ പാരസ്പര്യമായാണ് കാണേണ്ടത്. അല്ലാതെ ആദര്‍ശാത്മകമായി അകറ്റിനിര്‍ത്തി, സ്വയം പ്രജയായി താഴ്ന്നു നിന്നു ആരാധിക്കുന്ന നിലപാടല്ല.) അത്തരം ഭാവന വാസ്തവത്തില്‍ ബാലാമണിയമ്മയില്‍ നിന്നുള്ള ചരിത്രപരമായ തുടര്‍ച്ചകളാകുകയും ചെയ്യുന്നുണ്ട്.
(ഹിംസയക്കെതിരെ, പ്രത്യേകിച്ചും നവീനമായ അണുവായുധ ഹിംസയക്കെതിരെ അവര്‍ 'ഹിരോഷിമയുടെ രോദനം' പോലെയുള്ള ഏറെ കവിതകളെഴുതി. ശാസ്ത്രത്തിന്റെ വികാസം നശീകരണത്തിനുപയോഗിക്കുന്നതിലെ അപമാനവീകരണം നിരന്തരം പറയുകയും ചെയ്തു. )

വാസ്തവത്തില്‍ ദേശീയപ്രസ്ഥാനത്തോട് അനുഭാവത്തോടെ ചലിക്കുമ്പോഴും ഔപചാരികമായ ദേശരാഷ്ട്രത്തെ അക്കാലത്തെ പല സ്ത്രീകവികളും, പ്രത്യേകിച്ചു ബാലാമണിയമ്മയെപ്പോലുള്ളവര്‍ സംശയത്തോടെയാണ് സമീപിച്ചത്. അവരുടെ 'പാടാത്ത പാട്ടുകള്‍' അതിനു തെളിവാണ്. യുദ്ധഭൂമിയില്‍ ശത്രുവുമായി ഏറ്റുമുട്ടി വീണ പടയാളിയുടെ സ്വരത്തിലാണ് കവിത. മഞ്ഞു മൂടിയ മലനിരകള്‍ ചുറ്റിലും. നീലാകാശം മുകളില്‍. വീണുകിടന്ന സ്ഥലത്തുനിന്നുകൊണ്ട് യുവാവായ എതിരാളിയുടെ മുഖത്തേക്കുറ്റുനോക്കുന്നു, പടയാളി. താന്‍ നശിപ്പിച്ച ശരീരം കണ്ടു കണ്‍നിറയുന്നു. ചുറ്റിനും പടക്കോപ്പു വണ്ടിയിരമ്പുന്ന ശബ്ദത്തിലും 'അന്യോന്യഹിംസയാല്‍ നോവുന്ന കൈകള്‍ കോര്‍ത്തങ്ങോട്ടവശരായുണ്ണി നീങ്ങീടവേ, ''പ്രാണനെ ഭേദിച്ചുയരുന്ന പാട്ട് അതുവരെ പാടാത്ത പാട്ടുകള്‍, എത്രയോ നൂറ്റാണ്ടുകളായി പാടിയിട്ടും നരന്‍ കേള്‍ക്കാത്ത പാട്ടുകള്‍  അയാള്‍ കേള്‍ക്കുന്നു.
'നന്നെന്നു കേള്‍ക്കുകിലുമോരോതലമുറയ
ന്നന്നു തന്നെ മറക്കുന്ന പാട്ടുകള്‍'.
അഹിംസയിലും അപരസ്നേഹത്തിലും ഊന്നിയ കാവ്യചേതന ഔപചാരികമായ രാഷ്ട്രപൗരത്വത്തിന്റെ അളവുകളെ മറികടന്നുള്ള കാരുണ്യമേറിയ മാനവലോകത്തില്‍ സ്വയം തേടുന്നു. കാശ്മീരിനെക്കുറിച്ചുള്ള ബാലാമണിയമ്മയുടെ അപ്രകാശിതമായ ഒരു രചനയെക്കുറിച്ചു കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞതോര്‍ക്കുന്നു. കാശ്മീരിനെ വിട്ടുകൊടുക്കാം, വലിയൊരു തറവാട്ടിലെ ഒരു മുതിര്‍ന്ന കുടുംബാംഗം തന്റെ ഭാഗം ചോദിക്കുമ്പോള്‍ അതു വിട്ടുകൊടുക്കുന്നതില്‍ എന്താണ് തെറ്റ്! എന്നായിരുന്നു കവിതയുടെ ഉന്നം. കവിത കയ്യെഴുത്തായി വായിച്ച വി. എം. നായര്‍ അതു രാജ്യദ്രോഹമാകുമെന്നു പറഞ്ഞ്, പ്രസിദ്ധീകരിക്കാന്‍ അയക്കാന്‍ അനുവദിക്കാതെ ചുരുട്ടിക്കൂട്ടി കളഞ്ഞതായാണ് ബാലാമണിയമ്മ ചുള്ളിക്കാടിനോടു പറഞ്ഞതത്രേ. 'ക്ഷേമരാഷ്ട്രം'  എന്ന കവിത ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കാനായി അക്ഷീണം പ്രയത്നിക്കുന്നവരോടാണ് സംസാരിക്കുന്നത്. നിറഞ്ഞു കവിയുന്ന നെല്ലറകളും ആരും വാങ്ങാന്‍ കൊതിക്കുന്ന കൈവേലത്തരങ്ങളും അഴുക്കില്ലാത്ത പുരനഗരങ്ങളും സമൃദ്ധമായ ഗ്രാമങ്ങളും, ബുദ്ധിശക്തിയും ഒന്നും തന്നെ ക്ഷേമരാഷ്ട്രത്തെ നിര്‍മിച്ചെടുക്കില്ല.
''നാണയങ്ങള്‍ തന്‍ കഴിവത്രയും തുച്ഛം;  മര്‍ത്യ
മാനസമഹത്വമേ ക്ഷേമരാഷ്ട്രത്തെത്തീര്‍ക്കൂ''
('നവകേരളം'  എന്ന കവിതയില്‍ സമത്വവും സമൃദ്ധിയും പുലരുന്ന നിസ്തുലമായ ഈ ഭാവനാദേശത്തെ സ്വരൂപിച്ചെടുക്കാന്‍ കവി ശ്രമിക്കുന്നുണ്ട്. ഇവിടെയും ദേശാഭിമാനത്തിന്റെ ഊറ്റത്തിനല്ല,  തുല്യമാനവികതയക്കും ജനതകളുടെ പാരസ്പര്യത്തിനുമാണ് ഊന്നല്‍. 'പിറന്ന നാട്ടില്‍' എന്ന കവിതയില്‍ നാടിനോടുള്ള ഗൃഹാതുരതയെ സ്പര്‍ശിച്ചുകൊണ്ടുള്ള ദേശഭാവനയാണ് കാണുന്നത്.
'പൗരഗീതം' ധാര്‍മികതയിലും സ്വാശ്രയത്വത്തിലുമൂന്നിയ ആദര്‍ശാത്മകമായ ഒന്നായി ദേശത്തെ ആഖ്യാനം ചെയ്യുകയാണ്. അധിനിവേശിതജനത സ്വയം രൂപകല്പന ചെയ്തെടുക്കുന്ന സ്വയംഭരണാധിഷ്ഠിതമായ പൗരരാഷ്ട്രത്തെയാണ് കവി ഇവിടെ വിഭാവനം ചെയ്യുന്നത്.
''മാനിയ്ക്കുമേതിനെ, പ്പൂജിക്കുമേതിനെ
ജ്ഞാനപ്രകൃഷ്ടമാം ഭാവിലോകം.
നമ്മള്‍ പഠിപ്പിച്ച, നമ്മള്‍ വളര്‍ത്തിയ,
സാമ്രാജ്യപ്പൂണ്‍പാമിതിനെയെന്യേ?''

'ഐക്യകേരളം'  എന്ന കവിതയില്‍ എല്ലാ ദുര്‍ഗുണങ്ങളോടും പോരാടുന്ന നെഞ്ഞൂക്കിന്റെ കേന്ദ്രമാണ് കേരളമെന്നും കവി ഉപദര്‍ശിക്കുന്നു.
''കേവലം സമത്വസ്വാതന്ത്ര്യസൂനൃതമൂര്‍ത്തീ
ഭാവമായ് ഞങ്ങള്‍ക്കിന്നു കാണാകുമദ്ദര്‍ശനം.
ആ വിശിഷ്ടമാമദ്വൈതാലയം ജയിക്കുന്നു
ദേവലാളിതമൈക്യകേരളം ജയിക്കുന്നു''
ഭാരതമെന്നതിനേക്കാള്‍ കേരളമെന്ന ദേശഭാവനയിലേക്കുള്ള ആനുപാതികമായ കൂടുതല്‍ ഊന്നല്‍ ഈ കവിയിലുണ്ട്. നാടുവിട്ടു ജീവിക്കേണ്ടിവന്നതിന്റെ അനുഭവപരമായ പശ്ചാത്തലവും 40 കളിലെ തദ്ദേശീയതയുടെ രാഷ്ട്രീയഭാവനയും അതില്‍ പ്രവര്‍ത്തിച്ചിരിക്കാം.)
മേരി ജോണ്‍ കൂത്താട്ടുകുളത്തിന്റെ 'ഉണരുക' എന്ന കവിത ദേശാഭിമാനത്തിലും ദേശസ്വാതന്ത്ര്യത്തിലും പ്രതീക്ഷയര്‍പ്പിക്കുന്ന കവിതയാണ.് ഭാരതം എന്ന ദേശത്തെ മുതുകുളത്തിന്റെ കവിതയിലെന്ന പോലെ അമ്മയും സ്ത്രീയുമായിക്കാണുകയും ഹിന്ദു, മുസ്ലിം, പാഴ്സി, ക്രിസ്ത്യാനി വിഭാഗങ്ങളിലെ ആള്‍ക്കാരൊത്തു ചേര്‍ന്ന് സ്തുതികള്‍ പാടി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതുമാണ്. 'യുദ്ധരംഗത്തില്‍' എന്ന കവിത യുദ്ധവൈദഗ്ദ്ധ്യം ആതുരശുശ്രൂഷയേക്കാള്‍ എത്രയോ ചെറുതാണെന്ന പാഠത്തിലേക്കു വിരല്‍ ചൂണ്ടുന്നു. ഏതു യുദ്ധവും ആത്യന്തികമായി പരാജയം തന്നെ എന്നും ഈ കവിത പറയുന്നു. 'ഗാന്ധിജയന്തി',  'കേഴുക മമ നാടേ', 'ആര്‍ഷഭാരതത്തിന്റെ ആത്മാവ്' തുടങ്ങിയ കവിതകളില്‍ അക്കാലത്തെ കവികളുടെ പൊതുബോധത്തിലുള്ള കേവലവും സാമാന്യവുമായ രാജ്യഭക്തിയും ഗാന്ധിപൂജയുമാണ് കാണാനാവുന്നത്. മുമ്പു സൂചിപ്പിച്ച പൊതുബോധ, പുരോഗമനപുരുഷഘടനയിലുള്ള ദേശീയതയുടെയും കൂടി ഭാഗമായിരുന്നു അവരുടെ ചില കവിതകള്‍ എന്നേ ഇതിനര്‍ത്ഥമുള്ളു.  കേരളീയതയുടെ കവി എന്നു വിശേഷിപ്പിക്കാവുന്ന മട്ടില്‍ കേരളീയസംസ്‌കാരത്തിന്റെയും പ്രകൃതിയുടെയും ലാളിത്യമാര്‍ന്ന ശൈലിയാണ് കവിതയിലവര്‍ ദീക്ഷിച്ചത്. സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ കവിതകള്‍ കാലഘട്ടത്തിന്റെ  ദേശീയതാഭിരുചികളെ കൃത്യമായും സാമാന്യമായും പ്രതിഫലിപ്പിച്ചു. വഞ്ചിനാട്, ഭാരതലക്ഷ്മി, ഗാന്ധിജയന്തി, കണ്ണാടിക്കൂട്ടില്‍ മുതലായ രചനകള്‍ അതാണ്. ദേശീയതാപ്രചോദിതമായ സാംസ്‌കാരികാഭിരുചിയില്‍ ഗാന്ധി പിതൃബിംബം തന്നെയായിരുന്ന പൊതുബോധമാണ് 'ഗാന്ധിജയന്തി'യുടെ വായനയില്‍ തെളിയുന്നത്.  ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ കവിതകളില്‍ ദേശീയതയും സ്വാതന്ത്ര്യവും കൈകോര്‍ത്തു വരുന്ന ഒട്ടേറെ രചനകളുണ്ട്. 'കൂട്ടിലെ പൈങ്കിളിയോട്' എന്ന കവിത ബാലാമണിയമ്മയുടെ 'വിട്ടയക്കുക'യക്കു സമാനമായി പക്ഷിയുടെ പഞ്ജരാവസ്ഥയും സ്വാതന്ത്ര്യവാഞ്ഛയും ധ്വന്യാത്മകമായി ദേശീയസ്വാതന്ത്ര്യവും സ്ത്രീസ്വാതന്ത്ര്യവുമായി ചേര്‍ത്തുവെയ്ക്കുന്നു.  സ്വാതന്ത്ര്യക്കൊടി, തടവുകാരന്‍, പടയാളി,  ഒരു പടയാളിയുടെ പ്രാര്‍ത്ഥന, മാമൂല്‍ഭയം, സ്വാതന്ത്ര്യകാഹളം, എന്നിങ്ങനെ ദേശീയതാപ്രധാനമായ ഒട്ടേറെ കവിതകള്‍ അവരുടേതായുണ്ട്.

ദേശീയതാവാദത്തിന്റെ മൂര്‍ത്തമായ ചരിത്രസാഹചര്യങ്ങളെ മുന്‍നിര്‍ത്തിയുളള കവിതകളാണ് കടത്തനാട്ടും ലളിതാംബികയും ബനീഞ്ഞയും എഴുതിയത്. നെഹ്രുവിന്റെ മരണം, ഇന്ദിരയുടെ സന്ദര്‍ശനം, ഗാന്ധിജിയുടെ ജന്മദിനവും ജീവിതവും, സ്വാതന്ത്ര്യപ്പോരളികളായ തടവുകാര്‍ ഇവരെല്ലാംകവിതകളിലേക്കു കടന്നു വരുന്നു. മുതുകുളത്തിന്റെ ദേശീയതാബോധത്തിലുള്ള ധാര്‍മികതയുടെ വലിയ വിതാനങ്ങളെക്കാള്‍ സാമൂഹികചലനങ്ങളുടെ സമകാലികചരിത്രമെന്ന നിലയിലാണ് ഈ കവിതകളിലെ പൗരത്വബോധം പ്രവര്‍ത്തിക്കുന്നത്. പരമ്പരാഗതമായ ദേശീയതാസങ്കല്പങ്ങളിലെ രാഷ്ട്രഭക്തി മുതുകുളത്തിന്റെ കൃതികളില്‍ ഇല്ലെന്നല്ല. ഗാന്ധിയെ പിതൃസ്വരൂപമായി കണ്ടെടുക്കുന്ന കവിതകളിലെ പൊതുരീതിയോടൊത്തു നില്‍ക്കുന്ന ചില രചനകള്‍ ഉണ്ട്. 'സ്വാതന്ത്ര്യദിനത്തിലും' എന്ന കവിതയില്‍ ഗാന്ധിസ്തുതി ആണ്. സ്വാതന്ത്ര്യം കിട്ടുന്ന ആ ദിനത്തിലും ഗാന്ധി ബംഗാളില്‍ വര്‍ഗീയതക്കെതിരെ ഉള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു എന്നതില്‍ കവി ആദരവോടെ അത്ഭുതം കൂറുന്നു.

ധാര്‍മികമൂല്യങ്ങളെപ്പറ്റിയുള്ള വിചാരസന്ദര്‍ഭങ്ങളില്‍ ഏറെയും ഭാരതം എന്ന ദേശഭാവനയുമായി ചേര്‍ന്നു നിന്നുകൊണ്ടും അതിന്റെ  ഭൂതപാരമ്പര്യമായി പുരാണങ്ങളെയും മഹത്തുക്കളായവരുടെ ചിന്തയെയും ജീവിതത്തെയും ആദരവോടെ ആഖ്യാനം ചെയ്തുമാണ് പാര്‍വതിയമ്മ എഴുതുന്നത്. എന്നാല്‍ പ്രകൃതിസൗന്ദര്യം, സമൂഹത്തിന്റെ ചലനാത്മകത, ഉച്ചനീചത്വങ്ങള്‍, ആത്മീയത, സംസ്‌കാരത്തിന്റെയും സൗന്ദര്യശാസ്ത്രത്തിന്റെയും പുതിയ ഇടങ്ങള്‍ ഇവയുടെ വേദി പലപ്പോഴും പ്രാദേശികതയുമായി, കേരളവുമായി ഇണങ്ങി നില്‍ക്കുന്നു. 50കളുടെ അവസാനത്തോടെ പൊതുവില്‍ സംഭവിക്കുന്ന ദേശീയതാവാദകാഴ്ച്ചപ്പാടുകളിലെ മങ്ങല്‍ സ്വാധീനിച്ചിട്ടുമുണ്ടായിരിക്കണം. മലയാളരാജ്യം എന്ന 1967 ല്‍ എഴുതപ്പെട്ട കവിതയില്‍ സാംസ്‌കാരികമായി രൂപീകരിക്കപ്പെട്ട കേരളം എന്ന ദേശത്തെ കവി സ്വരൂപിച്ചു പുരസ്‌കരിക്കുന്നതു കാണാം. കടലും പുഴയും മരങ്ങളും പൂക്കളും മലകളും ചേര്‍ന്ന മനോഹരമായ പ്രകൃതിയുള്ള, കവികളും ഗായകരും ചിത്രകാരരും സന്യാസിനിമാരും എല്ലാം ചേര്‍ന്ന, ജി.യുടെ ഓടക്കുഴലും തകഴിയുടെ ചെമ്മീനും ചേര്‍ന്ന കേരളത്തെയാണ് ഈ കവിതയില്‍ കാണുന്നത്. സൗന്ദര്യാനുഭൂതിയുടെ ദേശമായി, കൂടുതല്‍ തൊട്ടുരുമ്മുന്ന അനുഭവസ്ഥലിയായി കവിയെ സ്പര്‍ശിച്ചു നില്‍ക്കുന്നതു കേരളമെന്ന വിഭാവന തന്നെയാണ്. ഭാരതത്തില്‍ നിന്നും കേരളത്തിലേക്കു വളരാനുള്ള, വലുതായി വികസിച്ചു വരുന്ന കാവ്യഭാവനയാണ് ഇവിടെ നാം കാണുന്നത്.
തന്റേതായ കര്‍തൃനിലകളുടെ സംഘര്‍ഷഭൂമികയായി കേരളത്തെ തിരിച്ചറിയുന്നതിന്റെ സാദ്ധ്യതയായും ഇതിനെ കാണാം. ഈ കാലഘട്ടത്തിലെ മാറിത്തീര്‍ന്ന കേരളത്തില്‍ താന്‍  ചേര്‍ന്നു നിന്ന കീഴാളസാമുദായികതയുടെ സ്പന്ദനങ്ങള്‍ക്കുള്ള പ്രാധാന്യവും അവര്‍ തിരിച്ചറിഞ്ഞിരിക്കാം. എന്തായിരുന്നു മുതുകുളത്തിനു തന്റെ സമുദായവുമായി ബന്ധപ്പെട്ടുണ്ടായിരുന്ന വ്യവഹാരം എന്നു ആലോചിക്കേണ്ടതുണ്ട്.

മുതുകുളവും ഈഴവസാമൂഹികതയും
മുമ്പു സൂചിപ്പിച്ച ജീവചരിത്രകവിതകളിലെ മറ്റൊരു ദിശ കുറച്ചുകൂടി സമൂര്‍ത്തമാണ്. ശ്രീനാരായണഗുരു, ആശാന്‍, സി.വി കുഞ്ഞുരാമന്‍, മിതവാദി തുടങ്ങി ഈഴവപ്രമുഖരായ പലരെയും കുറിച്ചവര്‍ എഴുതുന്നുണ്ട്. ദേശീയതയുടെ പലതരം വ്യവഹാരങ്ങള്‍ കലങ്ങിമറിഞ്ഞ കാലത്തു ഈഴവസമുദായത്തില്‍ പിറന്ന കവിയെഴുതുന്നു എന്ന നിലയ്ക്കാണതിനെ കാണേണ്ടത്. ഈഴവസാമുദായികതയും അതിന്റെ നവോത്ഥാനപരമായ ഉണര്‍വും നിറഞ്ഞുനിന്ന കാലത്തു ഇവരുമായുള്ള സമ്പര്‍ക്കത്തിലൂടെ ദേശീയതയും പൗരത്വവും സാമൂഹികബോധവും സംബന്ധിച്ച പൊതുധാരയില്‍ നിന്നെല്ലാം വേറിട്ട ചിന്താഗതി പാര്‍വതിയമ്മയിലേക്കും പകര്‍ന്നിരുന്നോ എന്നു ചിന്തിക്കാവുന്നതാണ്. ബൗദ്ധമായ പ്രമേയങ്ങള്‍ ആവര്‍ത്തിക്കുന്ന അവരുടെ രചനാലോകവും ഈഴവസാമുദായികപ്രവര്‍ത്തകരില്‍ ചിലരുടെ ബൗദ്ധചിന്താഗതികളും തമ്മിലും ചാര്‍ച്ച കാണുന്നുണ്ട്. മലബാര്‍ കേന്ദ്രീകരിച്ചുനിലനിന്ന ദേശീയപ്രസ്ഥാനസംരഭങ്ങളോടു മിതവാദിയെപ്പോലുള്ളവരെടുത്ത വ്യത്യസ്ത സമീപനങ്ങള്‍ നിലനില്‍ക്കേ, അദ്ദേഹത്തെ മഹാശയനായി കാണുന്ന 'ആരാണമ്മഹാശയന്‍' എന്ന കവിത എടുത്തു പറയേണ്ടതുണ്ട്. സാമുദായികതയുടെയും ദേശീയതയുടെയും വ്യത്യസ്തധാരകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളെ അടുത്തു നോക്കി മനസ്സിലാക്കുമ്പോഴേ അവരിലെ ദേശരാഷ്ട്രപരമായ പൗരബോധത്തിന്റെ അടരുകളെ നമുക്കു വേര്‍തിരിച്ചെടുക്കാനാവൂ. തിരുവിതാംകൂറിലെ ഒരു പൗരയായി വളര്‍ന്ന പാര്‍വതിയമ്മയുടെ ഈഴവസാമുദായികതയുമായുള്ള ബന്ധത്തെ ദേശീയതയുടെ സംഘര്‍ഷങ്ങളുമായി ചേര്‍ത്തു വെച്ചേ കാണാനാവൂ.

അപ്രകാശിതമായ ഒരു പഠനത്തില്‍ ബാബുരാജ് ഭഗവതി നിരീക്ഷിക്കുന്നതു പോലെ, തിരുവിതാംകൂറിലെ ഈഴവപ്രബുദ്ധതയുടെ മണ്ഡലത്തില്‍ മൂന്നോ നാലോ ധാരകളെ വായിച്ചെടുക്കാം. നാലു സാമുദായപ്രമുഖര്‍ തന്നെയാണവയുടെ നേതൃനിരയിലുള്ളതും. ഔപചാരികവും മതേതരവുമായ ദേശരാഷ്ട്രസങ്കല്പത്തില്‍ നിലകൊണ്ട ടി.കെ.മാധവന്‍ അതിലൊരാളാണ്. ജാതിക്കെതിരെയുള്ള വിലപേശലുകളും ഗാന്ധിജിയുടെ സമരമുറകളുമായുള്ള അടുപ്പവുമെല്ലാം അദ്ദേഹത്തെ 'ലക്ഷണമൊത്ത ചരിത്രനായക'നാക്കി മാറ്റുന്നുണ്ട്. ഹിന്ദു മഹാസഭയുമായി, ഹിന്ദു മിഷനുമായി സഹകരിച്ചുകൊണ്ടുള്ള ദേശീയതാബോധമാണ്  അദ്ദേഹത്തിനുള്ളതെന്നും ചരിത്രം പറയുന്നു. മറ്റൊരു പ്രബലധാരയുടെ നായകനായ നാരായണഗുരുവാകട്ടെ സവര്‍ണ ആത്മീയതാപാരമ്പര്യങ്ങളെ മുഴുവനായും തള്ളിക്കളഞ്ഞു. ഔപചാരികമായ ദേശരാഷ്ട്രസങ്കല്പത്തെയും  അധിനിവേശവിരുദ്ധതയെയും മറ്റൊരു രീതിയില്‍ നോക്കിക്കാണാനാണ് കേരളത്തിലെ ജാതിയനുഭവങ്ങള്‍ അദ്ദേഹത്തെ പഠിപ്പിച്ചത്. 'നമുക്കു സന്യാസം തന്നത് ബ്രിട്ടീഷുകാരാണെ''ന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ വാചകം ഓര്‍ക്കാം. അദ്ദേഹത്തിന്റെ അനുയായിയും ശിഷ്യനുമായിരുന്ന കുമാരനാശാനും ദേശീയതയോടുള്ള പ്രതിബദ്ധതയെ ഉദാസീനമായാണ് കണ്ടത്. കേരളത്തിലെ ജാതിഘടനയ്ക്കെതിരായ ചിന്തകള്‍ക്കാണദ്ദേഹം മുന്‍തൂക്കം കൊടുത്തത്. കേരളത്തിലെ ഈഴവരുടെ ബുദ്ധമതത്തിലേക്കുള്ള മതം മാറ്റത്തെക്കുറിച്ചു പറയുമ്പോള്‍ മതം മാറുന്നതില്‍ അര്‍ത്ഥമില്ല എന്നു തന്നെയാണദ്ദേഹം കരുതിയത്. ഈഴവരുടെ ശക്തി കുറയരുതെന്ന കാരണവും ചൂണ്ടിക്കാട്ടി.  താന്‍ ബംഗാളിലും മറ്റും ജീവിച്ചതിന്റെ ഭാഗമായി കിട്ടിയ വിവേകാനന്ദന്റെ ചിന്തകളുള്‍പ്പടെയുള്ള ഹിന്ദു പാരമ്പര്യങ്ങളെയും അദ്ദേഹം പ്രധാനമായി കണ്ടു. സഹോദരന്‍ അയ്യപ്പന്‍ ഈഴവസാമുദായികതയുടെ  വേറൊരു ദിശയെ ഉയര്‍ത്തിക്കാട്ടുന്നുവെന്നു പറയാം. അടിമുടി ഹൈന്ദവമൂല്യങ്ങളെ ചെറുത്തു നിന്ന അയ്യപ്പന്‍, ഈഴവരെ ഒരു ആധുനികസമൂഹമായി വിഭാവനം ചെയ്തു. ശാസ്ത്രത്തെയും അതിലൂന്നിയ യുക്തിചിന്തയെയും സദാ ഉയര്‍ത്തിപ്പിടിച്ചു. 'പട്ടേരിമാരുടെയും ഗോസായിമാരുടെയും ഇടയിലേക്കു നമ്മളെന്തിനാണ് നമ്മെ വിട്ടുകൊടുക്കുന്നതെ'ന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇവിടെ വിശദീകരിച്ച നാലു ധാരകളും സാമാന്യമായി പാര്‍വതിയമ്മയെ സ്വാധീനിച്ചിരുന്നിരിക്കാം. എങ്കിലും ശ്രീനാരായണഗുരുവിന്റെ ഉറ്റഅനുയായി എന്ന നിലയില്‍ ഗുരുവിന്റെ ചിന്തകള്‍ അവരെ നിരന്തരം പ്രചോദിപ്പിച്ചു. മറ്റൊരു സ്വാധീനം കുമാരനാശാന്റെ ചിന്തയും ഭാവനാപരിസരങ്ങളുമാണ്. ബൗദ്ധികതലത്തില്‍ ഗുരുവിനെയും വൈകാരികതലത്തിലും കലാവിഷ്‌കാരത്തിന്റെ തലത്തിലും ആശാനുമായിരുന്നു, അവരുടെ പ്രേരണകള്‍.

'സ്വാതന്ത്ര്യസപ്തകം' എന്ന കവിതയില്‍ സാമുദായികതയും ജാതിയും സാമ്രാജ്യത്വവും തമ്മിലുള്ള സംഘര്‍ഷങ്ങളെ കവി എഴുതുന്നുണ്ട്. സ്വാതന്ത്ര്യത്തിനായുള്ള ആഹ്വാനത്തെ മുന്‍നിര്‍ത്തി സാമ്രാജ്യത്താധികാരമോ ജാതിചിന്തയോ മതവ്യത്യാസങ്ങളോ ഏതാണ് സ്വാതന്ത്ര്യത്തിനു തടസ്സം സൃഷ്ടിക്കുന്നത് എന്നു ചോദിക്കുന്നുണ്ട് പാര്‍വതിയമ്മ. അവയെ ഇണക്കി പ്രകാശം പരത്തുന്ന ആദ്ധ്യാത്മികമായ ഊര്‍ജ്ജത്തിനായാണ് താന്‍ പ്രാര്‍ത്ഥിക്കുന്നതെന്നും അവര്‍ പറയുന്നുണ്ട്.    

'എന്റെ ഗുരുദേവനി'ല്‍ ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള അഭിമാനവും ഭക്തിയും ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. കൂടാതെ തന്റെ ഭാവനയിലെ ഏറ്റം മഹത്തരമായ ജനത എന്ന നിലയില്‍ സ്വയം നിര്‍മിക്കാനുള്ള പ്രേരണകളും മാതൃകകളുമായി നിലനിന്ന പലരെയും ചേര്‍ത്തു എഴുതുന്നുണ്ട്. യേശു, ബുദ്ധന്‍, ഗാന്ധി, കൃഷ്ണന്‍, നബി എന്നിങ്ങനെ ലോകനായകരും ദൈവബിംബങ്ങളും എല്ലാം  പലയളവില്‍ ഇണക്കിച്ചേര്‍ത്താണ് ഈ കവിതയിലെ രക്ഷക ബിംബത്തെ കവി സ്വരൂപിക്കുന്നത്.
'ഒരന്വേഷണം' എന്ന കവിത ആത്മീയാന്വേഷണത്തിന്റെ തീവ്രമായ അക്ഷമ കലര്‍ന്ന സ്വരം നിറഞ്ഞതാണ്.
''താരങ്ങള്‍ ചന്ദ്രനഖിലേശ്വരനെന്നു ചൊല്ലും
സൂര്യന്‍ സമസ്തവിഭുവെന്നു കഥിക്കുമബ്ജം
പാരാതുലൂകമിരുളാണിഹ ദൈവമെന്നു
മോരോതരത്തിലനിഭിജ്ഞതമൂലമോതും

എന്നാലിവയക്കു സകലത്തിനുമപ്പുറത്തായ്
മിന്നിത്തിളങ്ങുമവിടുത്തെയഖണ്ഡരൂപം
എന്നക്ഷികള്‍ക്കു ഭവനാശന ലക്ഷ്യമാവതെ
ന്നദ്ദിനം വരെ അലഞ്ഞു തിരഞ്ഞിടും ഞാന്‍''
ഇവിടെ  മതേതരമായ ആത്മീയതയുടെ ഛായ ഉപരിതലത്തില്‍ നിലനിര്‍ത്തുമ്പോഴും 'മായാമയം മറകളാകെ വലിച്ചു കീറ്ി', 'ഭവനാശനം' തുടങ്ങിയ ഹൈന്ദവവേദാന്തകല്‍പനകളും ഇതിലുണ്ടെന്നു കാണാം.

ബുദ്ധനിലേക്കുള്ള വഴികളും ആത്മീയതയും                                                                                                                                                                                                                                       കവിത്വത്തെ സന്യാസിനീത്വവുമായി ചേര്‍ത്തുവെച്ചുള്ള ഒരു ധാരണ പാര്‍വതിയമ്മയില്‍ നിലനിന്നിരുന്നു.- അക്കാലത്തെ ഈഴവ സാമുദായികതയുടെ അവിഭാജ്യഭാഗമായ ശ്രീനാരായണ ഗുരുവിന്റെ പ്രഭാവം അതിനെ പരിപോഷിപ്പിച്ചു. കുമാരനാശാനില്‍പ്പോലും കവിത്വവും സന്യാസിത്വവും തമ്മില്‍ ഇഴപിരിക്കാനാവാതെ കിടന്നിരുന്നല്ലോ. ഗുരുവുമായി ഇക്കാര്യത്തില്‍ ചില പിണക്കങ്ങള്‍ ഉള്ളതായിപ്പോലും കരുതപ്പെട്ടിരുന്നു. തീര്‍ച്ചയായും ഈ ആത്മീയത പൊതു ഹൈന്ദവപദ്ധതിയുടെ ഭാഗമായിരുന്നില്ലെന്നത് ശ്രദ്ധേയമാണ്.

സ്ത്രീകളുടേതായ ഒരു ശിഷ്യസംഘമെന്ന നിലയില്‍ ഒരു മഹിളാശ്രമം സ്ഥാപിക്കാന്‍  ശ്രീനാരായണഗുരുവിനോട് അപേക്ഷിച്ചിരുന്നതായി ജീവചരിത്രകാരന്‍ പറയുന്നുണ്ട്.  അശ്രുകുടീരം എന്ന മീരാബായിയെക്കുറിച്ചുള്ള ഖണ്ഡകാവ്യം അതിനു നിദര്‍ശനമാണ്. ആ കൃതിയുടെ മുഖവുരയില്‍ അവരതു സൂചിപ്പിക്കുന്നുണ്ട്. ഭാരതയോഗിനികളുടെ മണി മകുടമെന്നാണ് മീരയെ വിശേഷിപ്പിക്കുന്നത്. ശാരദാദേവിയെക്കുറിച്ചുള്ള ചരമാനന്തരകവിത 'പുഷ്പാഞ്ജലി'യിലും ഇതുണ്ട്. കൂടാതെ 'യോഗിനി അമ്മ' എന്ന കവിതയും ഇതോടു ചേര്‍ന്നു നില്‍ക്കുന്നു.  സവിശേഷമായ ആദ്ധ്യാത്മിക സ്ത്രീപാരമ്പര്യത്തെ തിരിച്ചറിയാനും അതില്‍ കണ്ണി ചേരാനുമുള്ള വാസനയെ ഇവിടെ ദര്‍ശിക്കാം.  കവിത്വത്തെ മാത്രമല്ല, സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചുള്ള തന്റെ അന്വേഷണങ്ങളും പരികല്‍പനകളും ആധ്യാത്മികതയുടെ ഉള്ളടക്കങ്ങളിലൂടെയാണ് അവര്‍ തിരഞ്ഞത്.  (അക്കാലത്തെ സ്ത്രീകവിതകളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട, ഒരുതരം അലൈംഗികതയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി നമുക്കു വിലയിരുത്താനാവും. അതേസമയം ചങ്ങമ്പുഴ, ബഷീര്‍ ഉള്‍പ്പടെയുള്ള എഴുത്തുകാരന്മാരില്‍ സ്ത്രീപുരുഷബന്ധങ്ങളെ തുറന്നെഴുതാനും അതു സംബന്ധിച്ച താന്താങ്ങളുടെ കാമനാപരമായ നവഭാവനയെ ഉച്ഛൃഖലമായി കെട്ടഴിച്ചുവിടാനുമുള്ള പ്രവണതയാണുണ്ടായത്.) കുമാരനാശാന്റെ ആരാധികയും ശിഷ്യകല്‍പിതയുമെന്നു അക്കാലത്തെ പ്രമുഖസാഹിത്യവൃന്ദങ്ങള്‍, പ്രത്യേകിച്ചും ഉള്ളൂരും മറ്റും അവരെ വിലയിരുത്തുന്നുണ്ട്. ആശാന്റെ നളിനിയിലും ചണ്ഡാലഭിക്ഷുകിയിലും കരുണയിലുമെല്ലാമുള്ള സ്നേഹാന്വേഷണം എന്ന കേന്ദ്രപ്രമേയത്തിനു സ്ത്രീപുരുഷബന്ധത്തിനോടും അതിലെല്ലാമുപരിയായി ആധ്യാത്മികതൃഷ്ണകളോടുമുള്ള സവിശേഷബന്ധം അവരെ സ്വാധീനിച്ചിരിക്കാമെന്നു കരുതുവാന്‍ ന്യായമുണ്ട്. കരിഞ്ഞ പൂമൊട്ട്, എന്റെ പിച്ചി മുതലായ കവിതകളില്‍ പുഷ്പമെന്നത് കേവലമായ രൂപകമോ ബാഹ്യപ്രമേയമോ എന്നതിലുപരിയായി അസുലഭമായ സൃഷ്ടിവൈഭവത്തിന്റെയും അനിത്യതയുടെയും നിസ്സഹായതയുടെയും മറ്റും അടരുകളെക്കൂടി ആവാഹിക്കുന്നതിലൂടെ ആശാന്റെ  വഴികളെ പാര്‍വതിയമ്മ പിന്തുടരുന്നുണ്ട്. പല്ലനയാറ്റിലെ ബോട്ടപകടത്തില്‍ ആശാന്‍ മരിക്കുന്നതിന്റെ അന്നു ആ യാത്രയ്ക്കിടെ ആലപ്പുഴ ബോട്ടു ജെട്ടിയില്‍ വെച്ച് പാര്‍വതിയമ്മ ആശാനെ കാണാന്‍ പദ്ധതിയിട്ടെങ്കിലും അതു നടന്നില്ല.

ശ്രീബുദ്ധനിലും ശ്രീനാരായണനിലുമെന്ന പോലെ വിവേകാനന്ദനിലും ശ്രീകൃഷ്ണനിലും അവര്‍ ആദ്ധ്യാത്മികതയുടെ അനുഭുതികള്‍ തന്നെയാണ് തിരഞ്ഞത്. നിശ്ചയമായും അക്കാലത്തെ ഇന്ത്യന്‍ പ്രപഞ്ചബോധത്തോടും വേദോപനിഷത്തുകളോടുമെല്ലാം അതു സഹവസിച്ചുനില്‍ക്കുമെങ്കിലും ചലനാത്മകമായ സാമൂഹികമണ്ഡലത്തിലേക്കതിനെ സംക്രമിപ്പിക്കാനുള്ള ശേഷി അവര്‍ നേടിയിരുന്നു. സോക്രട്ടീസിന്റെ ജീവിതത്തെ മുന്‍നിര്‍ത്തിയാണ് 'ഒരു മഹാന്റെ അന്ത്യനിവേദനം' എന്ന കവിത
ശ്രീനാരായണചിന്തയുടെ സ്വാധീനം ഈ കവിയിലുണ്ട്. കണ്ണാടി എന്ന രൂപകം ശബരിയുടെ ഭക്തിയില്‍ കടന്നു വരുന്നുണ്ട്.
''ശുദ്ധസ്ഫടിക'സമാനമായ്ത്തീരണം
ഹൃത്തടം നൈര്‍മല്യമേറുന്ന പൊയ്കപോല്‍''
 ഔപചാരികമായ വിദ്യാഭ്യാസത്തിനും പ്രബുദ്ധതയക്കും അപ്പുറമാണ് ആദ്ധ്യാത്മികതയുടെ തലങ്ങള്‍ എന്ന വീക്ഷണം ഈ കവിതയെ ഭരിക്കുന്നുണ്ട്.
''ആകയാലക്ഷരവിദ്യ പഠിക്കാതെ
ഏകമാം ബ്രഹ്‌മത്തിലാത്മൈക്യമേലുവാന്‍
ശോകമോഹങ്ങളൊഴിഞ്ഞു സുഖിക്കുവാന്‍
പാകമായ്ത്തീര്‍ന്നെന്റെ ചിത്തമീ വേളയില്‍''

ഈ കവിയുടെ ആത്മീയതയില്‍ പ്രകൃതിശക്തികള്‍ക്കു മുമ്പില്‍ നിസ്സഹായമാകുന്ന മനുഷ്യശക്തിയെക്കുറിച്ചുള്ള അഗാധബോധം ഉണ്ട്. ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങള്‍ പോലും പ്രകൃതിയുടെയും അനന്തമായ ജ്യോതിര്‍ഗോളങ്ങളുടെയും ഭ്രമണങ്ങളെ മനസ്സിലാക്കാന്‍ പ്രാപ്തമല്ല. വൈജ്ഞാനികവികാസം, ആധുനികസൗകര്യങ്ങള്‍, പതുതായി വളര്‍ന്ന ശാസ്ത്രബോധം, ജ്ഞാനാഹന്തകള്‍ എല്ലാം തന്നെ നിസ്സാരമാണ് എന്നു പറഞ്ഞുവെയ്ക്കാനും കവി ശ്രമിക്കുന്നുണ്ട്.
''മനുജനേത്രങ്ങള്‍ക്കു ലക്ഷ്യമാകാതെത്ര
ഘനമേറും ഗോളങ്ങളുണ്ടിനിയും അണുബോംബുകൊണ്ടവയൊന്നും തകര്‍ക്കുവാ
നണുവും നിപുണരേ സാദ്ധ്യമല്ല

പെരിയൊരീ ബ്രഹ്‌മാണ്ഡഭാണ്ഡത്തിനുള്ളിലെ
ച്ചെറുകടുകല്ലേയീ ഭൂതധാത്രീ
ഒരു ധൂളിയല്ലയോ വന്‍പന്‍ നരനതില്‍
ശരിയോ നിനയ്ക്കിലഹന്തയപ്പോള്‍?

വിരുതേറും ലോകജേതാക്കളേ! നിങ്ങളീ
പ്പരമാര്‍ത്ഥമറിഞ്ഞു മേലില്‍
ദുരയും പരദ്രോഹചിന്തയും കൈവിട്ടു
പരമേശപാദം വണങ്ങിവാഴ്ക''

ആത്മീയമായ ജ്ഞാനശക്തിയെ വലിയൊരു തിരുത്തല്‍ ശേഷിയായി ഉപയോഗിക്കുകയാണ് കവി.

 അഹിംസാത്മകവും സൗഹാര്‍ദ്ദം നിറഞ്ഞതുമായ ഒരു മൈത്രീലോകത്തെ തന്റെ ഉട്ടോപിയ  ആയി നിരന്തരം സങ്കല്‍പ്പിച്ചിരുന്ന കവിയാണ് പാര്‍വതിയമ്മ. 'ആ മധുരസ്വപ്നം' എന്ന കവിതയില്‍ അതിനായുള്ള തന്റെ അദമ്യമായ  ദാഹത്തെ അവര്‍ ആവിഷ്‌കരിക്കുന്നുണ്ട്.  മായികവുംമാന്ത്രികവുമായ ഒരു അതീത ലോകത്തിലേക്കു വിമാനത്തിലേറിച്ചെല്ലുന്നതും അവിടെ മനംമയങ്ങി ധന്യതയാര്‍ന്നു മരുവുന്നതും പിന്നീട് 'ഏകമാം തമ്പുരാന്റെ സവിധ'ത്തിലേക്കു നയിച്ചു എത്തിപ്പെടുന്നതുമാണ് കവിത. സ്വന്തം അമ്മയെ പോലും മക്കള്‍ കൊല്ലുന്ന, അണുബോംബു വര്‍ഷിച്ചു സഹജരെ ഇല്ലായ്മ ചെയ്യുന്ന. ദയനീയരായ സഹോദരങ്ങളെ പിന്നെയും ദ്രോഹിക്കുന്ന നാട്ടില്‍നിന്നെത്തി, സ്വര്‍ഗീയശാന്തി വഴിയുന്ന ഒരിടത്തെത്തിയ നിര്‍വൃതിയാണ് സ്വപ്നം. ജിയുടെ പില്‍ക്കാലത്തെഴുതപ്പെട്ട 'എന്റെ വേളി'ക്ക് ഈ കവിതയുമായി നല്ല ചാര്‍ച്ചയുണ്ട്. സൂക്ഷ്മമായി നോക്കിയാല്‍ ബുദ്ധപാരമ്പര്യത്തിലെ മൈത്രീമണ്ഡലമാണ് ഈ സ്വപ്നത്തില്‍ തെളിയുന്നത്. കവിതയില്‍ നിര്‍വാണം, ശാന്തി, മൈത്രി, അഹിംസ എന്നീ പദാവലികള്‍ ആവര്‍ത്തിക്കുന്നുണ്ട്.
''സര്‍വചരാചരജാലവുമൊന്നുപോല്‍
നിര്‍വൈരരായ് മൈത്രിയാര്‍ന്നു
നിര്‍വൃതിയേലുമീലോകത്തിലേവരും
നിര്‍വാണസൗഖ്യം സ്വദിപ്പൂ''
 ആത്മീയസ്വച്ഛമായ ഈ ബുദ്ധമണ്ഡലത്തെക്കുറിച്ചുള്ള ഭാവനയില്‍ പക്ഷേ മറ്റൊരു ബദല്‍ പൗരലോകത്തിന്റെ സാദ്ധ്യതകളെക്കുടിയാണ് കവി കാംക്ഷിക്കുന്നത്. സമ്പൂര്‍ണമായ നിഷ്‌ക്രിയ, നിശ്ചേതനത്വം കലര്‍ന്ന ധ്യാനാത്മകതയല്ല അതെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. തത്വവും പ്രയോഗവും അഭിമുഖീകരിക്കുകയാണ് എന്നര്‍ത്ഥം. 'തത്വഗീത'ത്തില്‍ ശാസ്ത്രത്തിന്റെ നിസ്സാരതയെക്കുറിച്ചും ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ചും ആവര്‍ത്തിച്ചു പറയുന്നു. മരണശാസനയെ ഒരു നിമിഷത്തേക്കെങ്കിലും മാറ്റി വെയ്ക്കാന്‍ സയന്‍സിനും ശുപാര്‍ശയക്കും ഒന്നിനും കഴിയില്ലെന്നു കവി തിരിച്ചറിയുന്നു.

ഇതു കൂടാതെ ബൗദ്ധമായ പ്രമേയങ്ങളിലേക്കുള്ള അവരുടെ താല്പര്യം വളരെ പ്രകടമായിരുന്നുവെന്നു ധരിക്കുവാന്‍ വേറെയും ഒട്ടേറെ കാരണങ്ങളുണ്ട്. ആശാന്‍ കവിതകളിലൂടെ  പുതിയൊരു സൗന്ദര്യചിന്തയും തത്വദര്‍ശനവുമായി അവ പ്രസരിച്ചതും നാമോര്‍ക്കേണ്ടതുണ്ട്. അതിലെല്ലാമുപരിയായി അക്കാലഘട്ടത്തിലെ സാമുദായികതയുടെ രാഷ്ട്രീയം ബൗദ്ധചിന്തയുമായി ബന്ധപ്പെട്ടു വികസിച്ചതിന്റെ ചരിത്രപരമായ അടിസ്ഥാനങ്ങള്‍ അവയിലേക്കു വെളിച്ചം വീശിയേക്കാം. ആശാനെ സംബന്ധിച്ചിടത്തോളം ബുദ്ധദര്‍ശനം പ്രധാനമായും ജാതിവിരുദ്ധതയുടെയും സമത്വചിന്തയുടെയും പ്രഭവമായിരുന്നു. സവിശേഷമായ ഈ ധാരയിലേക്ക് അന്വയിക്കപ്പെടുന്നതിന്റെ കൂടി ഭാഗമായാവണം ശ്രീബുദ്ധചരിതം പൂര്‍ത്തിയാക്കാനുള്ള പ്രേരണ അവര്‍ക്കുണ്ടായത്. മകന്‍ മരിച്ചു, അവനെ പുനര്‍ജ്ജനിപ്പിക്കാനാവശ്യപ്പെട്ടു കേഴുന്ന അമ്മയോട് ആരും മരിക്കാത്ത വീട്ടില്‍ നിന്നും കടുകു തേടിക്കൊണ്ടുവരാനുപദേശിച്ച ബുദ്ധകഥയെ ആഴത്തില്‍ അനുസ്മരിപ്പിക്കുന്ന പൂക്കാരിയെന്ന കവിത ഈ ചായ്വിനെ കൂടുതല്‍ ബലപ്പെടുത്തുന്നു.
''കൊഴിയാത്ത പൂവുണ്ടോ വാടിക്കൊഴിയാത്തോ
രഴിവറ്റ പൂവുണ്ടോ പൂവനത്തില്‍?
വഴിയേറെപ്പിന്നിട്ടു ചുറ്റിത്തിരിഞ്ഞു ഞാന്‍
കൊഴിയാത്ത പൂ തേടി വന്നിവിടെ.'' അനന്തമായ അന്വേഷണത്തിനൊടുവില്‍ കവി തിരിച്ചറിയുന്നു അങ്ങനെ നിത്യമായ കൊഴിയാത്ത പൂ ഈ ലോകത്തിലെവിടെയുമില്ല. സൂര്യചന്ദ്രന്മാര്‍ അസ്തമിക്കുന്നു, മനുഷ്യരും വീണുമരിക്കുന്നു. പക്ഷേ
''അവികലജ്യോതിസ്സിനുള്ളിലുയരെയായ്
കവിയും സുഷമ വഴിഞ്ഞൊഴുകും
 ഭുവനപ്രദീപമാം വാടാമലരൊന്നു
നവമായ്, മണം വീശി മിന്നുന്നെന്നും'' എന്നു മനസ്സിലാക്കുന്നു. അവരവരിലെ ആത്മത്തിനുള്ളിലെ പ്രകാശനാളം തന്നെ ആ കൊഴിയാത്ത പൂവ്.

ഒരു കരിഞ്ഞ മൊട്ട് എന്ന കവിത വീണപൂവിലെ അതേ ആന്തരികഭാവത്തെ, ക്ഷണികജീവിതത്തിന്റെ വ്യഥയെ ഉള്‍ക്കൊള്ളുന്നു.
''മാഴ്കിടുന്നു ഞാന്‍ കോരകമേ തവ
ഭീകരമാം ദുരന്തമോര്‍ത്തുമാര്‍ത്തിയാല്‍'' എന്നും
''ഹന്ത കഷ്ടം പുലര്‍കാലവായുവില്‍
ബന്ധുരദ്യുതി തൂകി വിടര്‍ന്നിടാന്‍
നൊന്തുഴന്ന നവമലര്‍മൊട്ടേ! നിൃ
ന്നന്തമേവമെന്നാരറിഞ്ഞോമലേ!''

ക്ഷണികത, അനിത്യത ഇവയെ സൂചിപ്പിക്കാന്‍ തന്റെരചനാകാലത്തിന്റെ ആദ്യഘട്ടത്തില്‍ പൂക്കളെ രൂപകമാക്കിയപോലെ പിന്നീടൊരു ഘട്ടത്തില്‍ സിനിമയെ അവര്‍ ഉപയോഗിക്കുന്നുണ്ട്.  'തത്വഗീതം' എന്ന കവിത നോക്കൂ:
''ക്ഷണികജീവിതമൊരു ചലത് ചിത്രം
മനുജരോ വെറും നിഴലുകള്‍
ഘനമറപൊങ്ങി ഝടിതി വീഴുമ്പോള്‍
കനകദീപവും പൊലിയുമേ''
ആധുനിക ദൃശ്യകലാരൂപമെന്ന നിലയിലും ജനപ്രിയ പൊതുമണ്ഡലത്തിന്റെ ഭാവുകപരിസരമെന്ന നിലയിലും സിനിമ വളര്‍ന്നേറിയ 50കളില്‍ അതു സ്വാഭാവികമാണ്. സമാഹരിക്കാത്ത കവിതകളിലും സിനിമയെക്കുറിച്ചുള്ള ഒരു കവിതയുണ്ട്. 1946ല്‍ എഴുതിയ 'ചലനചിത്രത്തില്‍' എന്ന കവിതയില്‍ കാണികളുടെ ചോദനകളെയും കാമനകളെയും ഹരം പിടിപ്പിക്കുന്ന യുവസുന്ദരിയായ നായിക രംഗത്തു വരുന്നതും അന്ത്യരംഗത്തില്‍ അവള്‍ മാദകത്വം മുഴുവന്‍ ചോര്‍ന്നു രോഗബാധിതയായി, വിരൂപയും മരണാസന്നയുമായി കാണുമ്പോള്‍ നടുങ്ങിപ്പോകുന്നതുമായ ആഖ്യാനത്തിലൂടെയാണ് കവിത നീങ്ങുന്നത്.
''ആദിയിലിരുള്‍ പിന്നെ വെളിച്ചമന്ത്യത്തിലും
ഭീതി ചേര്‍ത്തിടുമന്ധകാരത്തിന്‍ യവനിക
ഖ്യാതമാം നരജന്മചലനചിത്രം പാര്‍ക്കില്‍
ഖേദത്തിനല്ലാതുണ്ടോ വകയീപ്രപഞ്ചത്തില്‍?'' മനുഷ്യജീവിതത്തിനും ചലച്ചിത്രത്തിനുമുള്ള ആദിമദ്ധ്യാന്തഘടനകളും ചഞ്ചലതയും ഒന്നിച്ചു വെയ്ക്കുന്നു കവി.

മുതുകുളത്തിന്റെ  അപ്രശസ്തവും അസമാഹൃതവുമായ ആദ്യകാലകവിതകളിലൊന്നായ 'മനസ്സിനോട്' തുടങ്ങിയ കവിതകളെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കൂത്താട്ടുകുളം മേരി ജോണിന്റെ 'ഞാന്‍' പോലെ വ്യത്യസ്തതയുള്ള ഒന്ന്. ആധുനികതാവാദപ്രവണതകള്‍ മലയാളത്തില്‍ പതുക്കെ തലനീട്ടിത്തുടങ്ങിയ 60 കളില്‍ അതിനുമുമ്പേ തന്നെ സ്വന്തം ആത്മത്തോടുള്ള സംവാദമെന്ന നിലയില്‍ ആണീ കവിതകള്‍ എഴുതപ്പെടുന്നത്. മുതുകുളത്തിന്റെ ഈ കവിതയില്‍ സ്വന്തം മനസ്സിനോടു നടത്തുന്ന സംഭാഷണത്തില്‍ തത്വചിന്തയും ജീവിതബോധവും സാന്ദ്രീഭവിച്ചു നില്‍ക്കുന്നു. 1928ല്‍ മഹിളാമന്ദിരത്തില്‍ എഴുതപ്പെട്ട ഈ കവിത എഴുതപ്പെടുമ്പോള്‍ കവിക്കു കേവലം 24 വയസ്സു മാത്രമാണ്!. സ്വന്തം ജീവിതത്തിന്റെ തീക്ഷ്ണമായ തീരുമാനങ്ങള്‍ എടുത്തു വേറിട്ടവഴിയെന്നുറച്ചു ആത്മീയതയുടെ സാധനകളിലേക്കു മനസ്സൂന്നിയതിന്റെ സൂചനകളിവിടെയുണ്ട്. ''സര്‍വദു:ഖസംകരമാകും പൊരുളാശ'' എന്നും ''സ്ഥിരമാം സ്നേഹമതീവദുര്‍ല്ലഭം അതിനാലകളങ്കമിത്രമായ് നിരുപിച്ചീടുക നിന്നെ നീ സ്വയം'' എന്നുമെല്ലാം കവി തിരിച്ചറിയുന്നു. അവനവനില്‍ തന്നെയുള്ള വെളിച്ചത്തെ തിരിച്ചറിഞ്ഞ് അതിലുറച്ചു ആത്മജ്ഞാനത്തിന്റെ വഴിയിലൂടെ നീങ്ങുന്ന സവിശേഷമായ വിഭാവനമാണ് അവരുടെ ആത്മീയതയായി പരിണമിച്ചത്. നേരെ മറിച്ചു കാല്പനിക അസ്തിത്വവാദത്തിലൂന്നിയ അഹംബോധത്തിന്റെ അപ്രതീക്ഷിതമായ സ്ഫുരണങ്ങളാണ് മേരി ജോണ്‍ എഴുതിയ കവിതയെ വ്യത്യസ്തമാക്കിയത്. ടി.ആര്‍ വിമലയാകട്ടെ ഉന്മാദംകലര്‍ന്ന ഉച്ഛ്ൃഖലമായ വൈകാരികതകളെത്തന്നെയാണ് അനര്‍ഗ്ഗളം പ്രവഹിപ്പിച്ചത്!

കര്‍മഫലം എന്ന ബുദ്ധചിന്തയുമായി ബന്ധപ്പെട്ട ഒരു സ്വതന്ത്രവിവര്‍ത്തനകൃതിയും ഇവരുടേതായിട്ടുണ്ട്. (പോള്‍ കാറസ് എഴുതിയ ഇംഗ്ലീഷ് കഥ കര്‍മയുടെ വിവര്‍ത്തനം) വളരെ ദൂരെ പ്രയാഗില്‍ നിന്നും അയച്ചു വരുത്തിയ ആ കൃതി അവരെ ഏറെ സ്വാധീനിച്ചിരുന്നതായും ജീവചരിത്രകാരനായ വി ദത്തന്‍  പറയുന്നുണ്ട്.  വിവര്‍ത്തനം ചെയ്ത മറ്റു കൃതികള്‍  ഭഗവദ്ഗീത, ഭുവനദീപിക (ദ്വിജേന്ദ്രലാല്‍ റോയ് എഴുതിയ നാടകം.) എന്നിവയും ആത്മീയതാപ്രധാനമാണ്.
 
ആശാനെ സംബന്ധിച്ചിടത്തോളം  ബംഗാളിലെയും ബര്‍മയിലെയും മറ്റും തന്റെ യാത്രകളും ജീവിതവും വഴി സ്വരൂപിച്ച പല സാംസ്‌കാരികാനുഭവങ്ങളിലൂടെ ബുദ്ധന്റെ വഴികളെ സ്വാഭാവികമായും തിരിച്ചറിയുകയായിരുന്നുവെന്നു സൂചിപ്പിച്ചല്ലോ. അക്കാലത്തെ ഈഴവ സാമുദായിക നേതാക്കളില്‍ ചിലര്‍ സിവി കുഞ്ഞുരാമനും മറ്റും ബുദ്ധമതത്തിലേക്കുള്ള ചായ്വു പ്രകടമാക്കിയതു നാം ഓര്‍ക്കേണ്ടതുമുണ്ട്. മതം മാറ്റത്തെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ ഈഴവസമുദായ നവോത്ഥാനവുമായി ബന്ധപ്പെട്ടു ഏറെ മുഴങ്ങിയ കാലമായിരുന്നു അത്. ക്രിസ്തുമതത്തിലേക്കുള്ള മതംമാറ്റവും ഈ കാലയളവില്‍ സിവിയും മറ്റും മുന്നോട്ടുവെച്ചിരുന്നു. (
ഇതു സംബന്ധിച്ച വിശദമായ വായനയ്ക്കു കാണുക: എബി തോമസ്, ബുദ്ധമതം ആധുനിക കേരളത്തിലേക്കു വന്ന വഴികള്‍: ഒരു ചരിത്രപഠനം താപസം vol: xix/Issuse: 1-2/2023)
ആശാന്‍ ബുദ്ധമതത്തിലേക്കുള്ള മാറ്റത്തെക്കുറിച്ചു മുന്നോട്ടുവെച്ച ധാരണ വേറെയായിരുന്നുവെങ്കിലും ബുദ്ധമതത്തിന്റെ അന്തസ്സത്തയെ ഭാവനാപരമായി പ്രസരിപ്പിക്കുന്നതില്‍ കൃതികളിലൂടെ മറ്റാരെക്കാളും മുന്നേറിയ കവിയാണ്. സ്ത്രീകവികളില്‍ പക്ഷേ ആ വഴിക്കു തിരിഞ്ഞവര്‍ മുതുകുളത്തെപ്പോലെ മറ്റാരുമില്ല എന്നു തന്നെ പറയാം. തന്റെ സമകാലികരായ ബനീഞ്ഞയെയും ലളിതാംബികയെയും കടത്തനാട്ടിനെയും ബാലാമണിയമ്മയെയും ഒക്കെ വെച്ചു നോക്കുമ്പോള്‍ ഈ വേറിട്ട താല്‍പര്യത്തിന്റെ സാമുദായിക ധൈഷണികമാനങ്ങള്‍ തെളിയുന്നുണ്ട്. 'ബുദ്ധസമക്ഷം' എന്ന കവിതയില്‍ സമകാലികമായ സാമൂഹികതിന്മകളെ, പ്രത്യേകിച്ചും വര്‍ഗീയമായ വിഭാഗീയതകളെ ചെറുക്കുവനുതകുന്ന കരുണയുടെയും മൈത്രിയുടെയും പ്രഭവമായി അവര്‍ ബുദ്ധനെ കുടിയിരുത്തുന്നു.
''നമസ്‌കാരം മഹാബുദ്ധാ വരിക ഭവാന്‍ നിര്‍വ്വാണ
നിമഗ്നനാകാതെ വീണ്ടും ലോകസേവയ്ക്കായ്
സമസ്തവിശ്വവുമങ്ങേ വരവു കാത്തിടുന്നിപ്പോ
ളമര്‍ത്യപൂജിത! ഭവാന്‍ വരിക വേഗം''
ധ്യാനസ്ഥനായ ബുദ്ധനേക്കാള്‍ കര്‍മനിരതനായ, ലോകസേവയക്കിറങ്ങുന്ന ബുദ്ധനെയാണ് ഇവിടെ കവി തുയിലുണര്‍ത്തുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കാനുണ്ട് ഒരു പക്ഷേ, ശ്രീനാരായണചിന്തയിലെ കര്‍മസന്യാസിത്വവും ആശാനിലെ ബൗദ്ധപ്രമേയവും പരസ്പരം സമ്മേളിച്ചു കൊണ്ടാണ് പാര്‍വതിയമ്മയില്‍ പ്രകാശിച്ചതെന്നു കരുതാം.

തികഞ്ഞ ഹൈന്ദവഭക്തിയുടെ ഒറ്റപ്പെട്ട കേരളീയപരിസരം ശ്രീ അയ്യപ്പനെക്കുറിച്ചും മറ്റുമുള്ള കവിതകളില്‍ കാണാം. മുമ്പു നാം സൂചിപ്പിച്ച പോയ നൂറ്റാണ്ടുകളിലെ ഇന്ത്യന്‍ പാരമ്പര്യത്തിലെ സന്യാസിനീവംശങ്ങളോടു വിദൂരമായ ബന്ധം മാത്രമേ ഇവരില്‍ നാം കാണുന്നുള്ളു. സ്‌ത്രൈണത, ഉടല്‍, കാമന എന്നിവയെ രാഷ്ട്രീയാര്‍ത്ഥങ്ങളോടെ വായിക്കാവുന്ന ആശയസാരങ്ങള്‍ അവരില്‍ ഉണ്ടായിരുന്നുവെങ്കില്‍ മുതുകുളത്തില്‍ അതു സാമൂഹികതയുടെ മറ്റൊരു പ്രതിഫലനമായാണ് വര്‍ത്തിച്ചത്. ബൗദ്ധപാരമ്പര്യത്തോടുള്ള ചായ്‌വിലൂടെ തന്റെ വംശത്തെ ഒരു പക്ഷേ സവണേതരമായ, സവിശേഷമായ ഒരു കീഴാളആത്മീയതയായി സ്വരൂപിക്കുകയാണ് പാര്‍വതിയമ്മ ചെയ്തത്.

അംഗീകാരമോ അനാസക്തിപ്രിയമോ?  
മലയാളസാഹിത്യപാരമ്പര്യത്തില്‍ പൊതുവേ ആരോപിക്കപ്പെടുന്ന സ്ത്രീസര്‍ഗാത്മകതയ്ക്കു നേരെയുള്ള അവഗണനയുടെയും തമസ്‌കരണത്തിന്റെയും പശ്ചാത്തലത്തില്‍ പാര്‍വതിയമ്മയുടെ സാഹിത്യജീവിതത്തെ ഒന്നാകെ പരിശോധിച്ചാല്‍ അവര്‍ ഒട്ടൊക്കെ വ്യത്യസ്തയാണെന്നു തോന്നാം. കാരണം മന്നത്തു പദ്മനാഭന്‍, സഹോദരന്‍ അയ്യപ്പന്‍ മുതല്‍ കെ.ദാമോദരന്‍ വരെയുള്ള സാമുദായികനേതാക്കളുടെയും ആശാന്‍, ഉള്ളൂര്‍, പുത്തേഴത്തു രാമന്‍ മേനോന്‍, സുകുമാര്‍ അഴീക്കോട്, എം. ലീലാവതി മുതല്‍ എന്‍. ഗോപാലപിള്ള വരെയുള്ള സാഹിത്യനായകരുടെയും ശ്രദ്ധാപാത്രമാകാന്‍, അവരില്‍ പലരുടെയും പ്രശംസ പിടിച്ചു പറ്റാന്‍ തന്റെ ജീവിതകാലത്തു തന്നെ അവര്‍ക്കു ഭാഗ്യം ലഭിച്ചതായി നമുക്കു മനസ്സിലാക്കാന്‍ കഴിയും.  അവരുടെ ജീവചരിത്രത്തിലെയും  ഷഷ്ഠിപൂര്‍ത്തിയോടനുബന്ധിച്ചിറങ്ങിയ സുവനീറിലെയും പല കുറിപ്പുകളും അതിന്റെ  തെളിവുകളാണ്. കൂടാതെ പാഠപുസ്തകങ്ങളിലും അവരുടെ കവിതകള്‍ ഇടംപിടിച്ചിരുന്നു. കേരളസാഹിത്യഅക്കാദമി നിര്‍വാഹകസമിതി അംഗമായി തുടക്കം മുതല്‍ ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നു.  ഈ അംഗീകാരം അവരെ സംബന്ധിച്ചിടത്തോളം സര്‍വപ്രധാനമാണ് എന്നത്  കീഴാളസമുദായത്തോട്, സ്ത്രീകളോട്   അക്കാലത്തെ പൊതുസമൂഹത്തിന്റെ മനോഭാവം അറിയുന്നവര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളു. സവര്‍ണവും പുരുഷാധികാരം നിറഞ്ഞതുമായ സാംസ്‌കാരികാന്തരീക്ഷത്തെ മുഴുവന്‍ വെല്ലുവിളിക്കുന്ന പ്രാധാന്യം പാര്‍വതിയമ്മയ്ക്കു ലഭിച്ചു എന്നല്ല പറയുന്നത്. മറിച്ച് അത്തരം രാഷ്ട്രീയം നിലനില്‍ക്കുമ്പോഴും അതില്‍ നിന്നു വ്യത്യസ്തമായ ഒരു നില അവര്‍ പലനിലയ്ക്കും കയ്യാളിയെന്നതാണ്. അതിലേക്കു നയിച്ച ഒട്ടേറെ കാരണങ്ങള്‍ ഉണ്ടാവാം. കവി എന്ന നിലയ്ക്കു തന്റെ കാവ്യപ്രമേയങ്ങളായി സ്വീകരിച്ച  ആദ്ധ്യാത്മികപരിസരങ്ങള്‍, തത്വചിന്താപരമായ കാവ്യബീജങ്ങള്‍, അനാസക്തമെന്നു വിശേഷിപ്പിക്കാവുന്ന മാനവികതയുടെ അഭിരുചികള്‍ തുടങ്ങിയ സാഹിതീയമായ കാരണങ്ങള്‍ അവരെ ഒരു ഭക്തകവിയായോ വേദാന്തകവിയായോ നിര്‍വചിക്കാന്‍ ഇടയാക്കിയിരിക്കാം. അത്തരം പ്രമേയങ്ങള്‍ സ്വീകരിച്ച മറ്റു പലരും അക്കാലത്തുണ്ടായിരുന്നെങ്കിലും അവരേക്കാളെല്ലാം ലളിതസുന്ദരമായ ശൈലി പാര്‍വതിയമ്മയ്ക്കുണ്ടായിരുന്നതിനാല്‍ അവര്‍ കൂടുതല്‍ തിരച്ചറിയപ്പെട്ടു എന്നതാവാം അതിനു കാരണം. അതല്ലെങ്കില്‍ പുരാണപ്രഭാഷകയായും സാമുദായിക സാംസ്‌കാരികപ്രാസംഗികയായും അവര്‍ തന്റെ വാഗ്മിതയാല്‍ ഉണ്ടാക്കിയെടുത്ത അവൈയക്തികവും സാമൂഹികവുമായ മാനങ്ങള്‍ അവരെ മറ്റൊരു വിധത്തില്‍ നോക്കിക്കാണാന്‍ പ്രേരിപ്പിച്ചിരിക്കാം. സ്‌ത്രൈണതയെക്കുറിച്ചുള്ള പതിവു സങ്കല്‍പങ്ങള്‍ക്കകത്തു നില്‍ക്കാതെയുള്ള അവരുടെ വ്യക്തിജീവിതവും അവിവാഹിത, എക്കാലവും ഖദര്‍ വെള്ളവസ്ത്രധാരി, ഒട്ടും അണിഞ്ഞൊരുങ്ങാതെ നിരാഭരണ എന്നിങ്ങനെയുള്ള വൈയക്തികസവിശേഷതകള്‍ അതില്‍ പങ്കു വഹിച്ചിരിക്കാം. ഏതിലുമുപരിയായി  വ്യക്തിയും കവിയും ഒരുപോലെ അലൈംഗികവും അനാസക്തവുമായ ഒരു ഘടനയക്കകത്തു നിലനിര്‍ത്തിയതിന്റെ പ്രത്യേകതകള്‍ അവരുടെ ജീവിതത്തിനുണ്ടെന്നു കാണാം. ദേശീയത, യോഗാത്മകഭക്തി, അനാസക്തി മുതലായ ഉദാരവല്‍കൃതമായ ഭാവനകള്‍ക്കകത്തു അവര്‍ കൃത്യമായും പാകമായിരുന്നിരിക്കണം. ഗാര്‍ഹസ്ഥ്യം കൊണ്ടുപോലും അവര്‍ സ്‌ത്രൈണതയുടെ അതിരുകള്‍ക്കകത്തേക്കു തിരിച്ചറിയപ്പെട്ടില്ല എന്നത് ഗുണപരമായാണ് മേല്‍പ്പറഞ്ഞ നിരൂപകരിലേറെയും  എടുത്തു പറഞ്ഞത്.  അഴീക്കോടും ഈഴവസാമുദായികതയെ ഉയര്‍ത്തിപ്പിടിച്ച കെ. ദാമോദരനും  അവരെ അവര്‍ണസമുദായത്തില്‍പ്പെട്ട കവിയെന്ന നിലയക്കും സ്ത്രീയെന്ന നിലയ്ക്കും നോക്കിക്കാണാന്‍ ശ്രമിക്കുന്നുണ്ട് എന്നതു നാം കാണാതിരുന്നുകൂടാ. ആശാനു ശേഷം എം.പി.അപ്പനും പാര്‍വതിയമ്മയും അവര്‍ണസമുദായത്തില്‍ നിന്നും ഉയര്‍ന്നു വന്ന പ്രഗത്ഭകവികളാണെന്ന് അദ്ദേഹം എടുത്തു പറയുന്നുണ്ട് (പരിണതപ്രജ്ഞ, മുതുകുളം പാര്‍വതിയമ്മ ഷഷ്ടിപൂര്‍ത്ത്യുപഹാരം). ''എത്ര വലിയ കവയിത്രിയോ കാഥികയോ ആയിരുന്നാലും അവരെ വര്‍ണിക്കാനും പ്രോല്‍സാഹിപ്പിക്കാനും പുരുഷലോകം സന്നദ്ധമല്ലെന്ന  വസ്തുത സമര്‍ത്ഥിക്കുകയാണ്'', മേരികോറല്ലി എന്ന കഥാകാരി തന്റെ ഡലീഷിയ എന്ന കൃതിയിലൂടെ ചെയ്തതെന്ന് അദ്ദേഹം എഴുതുന്നുണ്ട്.  

ഉപസംഹാരം

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യശതകം മുതല്‍ കേരളത്തിന്റെ സാംസ്‌കാരികമണ്ഡലത്തില്‍ കീഴാളമായ ഉണര്‍വുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതിനോടു ചേര്‍ന്നാണ് ഈഴവരുടെ സാമുദായികവളര്‍ച്ചയെയും കാണേണ്ടത്. സംസ്‌കൃതപണ്ഡിതരും കവികളും കഥാകാരന്മാരും ആയുര്‍വേദവിജ്ഞരുമായ അനേകര്‍ ഈഴവസാമുദായികതയെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു ഉണ്ടായിരുന്നുവെന്നത് ചരിത്രത്തിലുണ്ട്. സി.കെ.രേവതി അമ്മയുടെ 'സഹസ്രപൂര്‍ണിമ' എന്ന ആത്മകഥയ്ക്ക് എഴുതിയ അവതാരികയില്‍ മൂര്‍ക്കോത്തു കുഞ്ഞപ്പ അതേക്കുറിച്ചു സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. സാംസ്‌കാരികമായ സങ്കലനം ഏറെ നടക്കുന്ന ജാതിവിഭാഗമെന്ന നിലയക്ക് വടക്കേമലബാറിലെ തിയ്യരുടെ  ജീവിതം സവിശേഷമാണെന്ന് അദ്ദേഹം പറയുന്നു. ഗുജറാത്തികളും പഞ്ചാബികളും വിദേശീയരും മറ്റുമായവരുമായുള്ള മിശ്രവിവാഹം ഇതിലൊരു പങ്കു വഹിച്ചു. ഒരു വിഭാഗം തിയ്യര്‍ നിത്യവൃത്തിക്കാരായ ദരിദ്രരാണെങ്കിലും മറ്റു പല കീഴാളവിഭാഗങ്ങളെ അപേക്ഷിച്ചു ധനികരായ ജന്മിമാരും അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. സാക്ഷരതയുടെ കാര്യത്തിലും ഒട്ടും മോശമായിരുന്നില്ല ഈ സമുദായം. ഗ്രന്ഥസമാജം, സാഹിത്യസദസ്സ് പോലുള്ള വേദികളിലും പ്രവര്‍ത്തനപരിചയം കാഴ്ചവെയ്ക്കുന്ന പഴയകാലത്തെ ഈഴവസാമുദായികതയുടെ സാസ്‌കാരികമണ്ഡലത്തിന്റെ പരിച്ഛേദം തന്നെയാണ് മുതുകുളം പാര്‍വതിയമ്മയുടെ രചനാജീവിതത്തെയും രൂപപ്പെടുത്തിയത് എന്നു കാണാനാണ് ഇതു നമ്മെ പ്രേരിപ്പിക്കുന്നത്. ചുരുക്കത്തില്‍  സാമുദായികതയും ആത്മീയതയും  സാമൂഹികതയും സവിശേഷമായി രൂപപ്പെടുത്തിയ ഒന്നാണ് മുതുകുളം പാര്‍വതിയമ്മയുടെ സാഹിത്യപ്രതിഭ എന്നു പറയാവുന്നതാണ്. സമ്പൂര്‍ണമായ അവഗണനയോ, തിരസ്‌കാരമോ അവര്‍ അനുഭവിച്ചില്ലെന്നു മാത്രമല്ല,  മറ്റു സ്ത്രീ എഴുത്തുകാരെ അപേക്ഷിച്ചു കുറെയൊക്കെ ആദരിക്കപ്പെട്ടു. അതില്‍ മേല്‍ പറഞ്ഞ ഘടകങ്ങള്‍ക്കു വലിയ ധര്‍മം ആരോപിക്കാന്‍ കഴിയും എന്നാണ് ഇവിടെ പറഞ്ഞു വെയ്ക്കുന്നത്.   അതു കേരളീയ ബൗദ്ധികലോകത്തിലെ സ്ത്രീസമീപനത്തിന്റെ നേര്‍ച്ചിത്രത്തെ തന്നെ പ്രതിഫലിപ്പിക്കുന്നു എന്നും പറയാം! അന്നപൂര്‍ണിയമ്മയെപ്പോലെ ഉന്മാദിനിയോ നഗ്നയോ മീരയെപ്പോലെ പ്രണയിനിയോ ആയ ഒരു പാര്‍വതിയമ്മയെ പരിമിതയായ ചെറുകവിയെന്ന നിലയ്‌ക്കെങ്കിലും സ്വീകരിക്കാന്‍ പോയകാലം, ഇന്നും തയ്യാറാവുമോ എന്നതു കൂടി ആലോചിക്കാം.


റഫറന്‍സ്:

1. ദത്തന്‍. വി.,  മുതുകുളം പാര്‍വതിയമ്മ (ജീവചരിത്രം) , മുതുകുളം പാര്‍വതിയമ്മ ട്രസ്റ്റ്, വിതരണം ഫേബിയന്‍ ബുക്‌സ
2. പാര്‍വതിയമ്മ മുതുകുള,ം  ശ്രീമദ് ഭഗവത്ഗീത (വിവര്‍ത്തനം കിളിപ്പാട്ട്) മുതുകുളം പാര്‍വതിയമ്മ ട്രസ്റ്റ്, വിതരണം ഫേബിയന്‍ ബുക്‌സ
3. പാര്‍വതിയമ്മ മുതുകുളം, പാര്‍വതിയമ്മയുടെ കവിതകള്‍, മുതുകുളം  മുതുകുളം പാര്‍വതിയമ്മ ട്രസ്റ്റ്, വിതരണം: എന്‍.ബി.എസ്, 2015
4. രേവതി അമ്മ സി.കെ, സഹസ്രപൂര്‍ണിമ, നാഷനല്‍ ബുക്ക് സ്റ്റാള്‍ കോട്ടയം, 1977
5. എബി തോമസ്, ബുദ്ധമതം ആധുനിക കേരളത്തിലേക്കു വന്ന വഴികള്‍: ഒരു ചരിത്രപഠനം താപസം vol: XIX/Issuse: 1-2/2023


(2023 മാര്ച്ച്,   ഭാഷാപോഷണി)

Monday, August 30, 2021

കീഴാളസ്ത്രീഭാവുകത്വം പുതുമലയാളകഥയില്‍

കീഴാളത  വിമര്‍ശനാത്മകവും ജനാധിപത്യപരമായി നവീകരിക്കപ്പെട്ടതുമായ അര്‍ത്ഥത്തെ സ്വയം വഹിക്കുന്ന ഒരു ആശയമണ്ഡലമാണ്.  അധികാരവ്യവഹാരവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് അതിന്റെ  ജ്ഞാനവ്യവഹാരം. ഇന്ത്യന്‍ സന്ദര്‍ഭങ്ങളില്‍ കീഴാളത ജാതിയുമായി ബന്ധപ്പെട്ട ഒരു പദമാണ്. അത് ചരിത്രപരമായി എല്ലാ കാലത്തും ഒരേയളവില്‍ മാറ്റമില്ലാത്ത ഒരു സ്ഥിരരാശിയുമല്ല. എങ്കിലും അടിസ്ഥാനപരമായ ചില ഘടകങ്ങള്‍ കീഴാളതയില്‍ മാറ്റമില്ലാതെ തുടരുന്നുണ്ട്. അതിലേറ്റവും നിര്‍ണായകമായത് കീഴാളരുടെ കീഴായ്മ ശ്രേണീബദ്ധമാണ് എന്ന വസ്തുതയാണ്. അവര്‍  വരേണ്യസമൂഹവുമായി ബന്ധപ്പെട്ട് തൊട്ടുകൂടായ്മ, തീണ്ടല്‍, അകറ്റിനിര്‍ത്തപ്പെടല്‍, സാമൂഹ്യമായ ഇടങ്ങളില്‍ നിന്നുമുള്ള ആട്ടിയോടിക്കല്‍,  വിലക്കുകള്‍ ഇവയൊക്കെ അനുഭവിച്ചുകൊണ്ടിരിക്കുന്നു. അത്തരം വിവേചനങ്ങളുടെ പ്രത്യക്ഷതലങ്ങള്‍ ഇന്ന് ദൃശ്യമല്ലെങ്കിലും സംസ്‌കാരത്തിന്റെ ഉള്ളടരുകളില്‍ അവയുടെ അവക്ഷിപ്തങ്ങള്‍ കലര്‍ന്നിട്ടുണ്ട്. കീഴാളരില്‍ എല്ലാവരും തന്നെ തങ്ങളുടെ കീഴായ്മയുടെ പേരില്‍, അതിനെതിരായ ചെറുത്തുനില്പിന്റെ പേരില്‍ ഒരേയളവില്‍ ഐക്യപ്പെടുന്നുണ്ടോ എന്നതില്‍ ഉറപ്പുകളില്ലാത്തതും അതിനാലാണ്. കീഴാളജ്ഞാനമണ്ഡലം മലയാളത്തില്‍ ഇന്ന് അവഗണിക്കാന്‍ കഴിയാത്ത ഒരു അക്കാദമികവ്യവഹാരവുമാണ്. സമീപകാലത്ത് ദളിത് എന്ന വാക്കുമായി ബന്ധപ്പെട്ടു നടന്ന ഒരു ചര്‍ച്ച ഈ വിഷയത്തിന്റെ രാഷ്ട്രീയപ്രാധാന്യത്തിലേക്കു കടക്കുന്നതിനു നമ്മെ സഹായിക്കും. ദളിത്, കീഴാളത എന്നീ വാക്കുകള്‍ ആ ജനതയുടെ ദൗര്‍ബല്യങ്ങളെ, ദൈന്യത്തെ കൂടുതല്‍ ഉറപ്പിച്ചെടുക്കുന്നതാണോ അതോ ഊര്‍ജ്ജസ്വലതയെയും ആധികാരികതയെയും സമര്‍ത്ഥിച്ചെടുക്കാനാവും വിധം ധനാത്മകമാണോ എന്ന നിലയ്ക്ക് മലയാളം സര്‍വകലാശാലയില്‍ ഒരു പഠനവേദിക്കു മുമ്പാകെ സണ്ണി കപിക്കാട് ഒരു സംവാദമുയര്‍ത്തിയിരുന്നു.1 

കീഴാളസ്ത്രീ എന്ന രാഷ്ട്രീയസാംസ്‌കാരികകര്‍തൃത്വം
കീഴാളസ്ത്രീയെ ഒരു രാഷ്ട്രീയസംവര്‍ഗമായി മനസ്സിലാക്കേണ്ടതെങ്ങനെ എന്ന വിഷയത്തിലേക്കിനി കടക്കാം. ആ വിഷയമാകട്ടെ ഋജുവായ ആഖ്യനത്തിനുവഴങ്ങുന്ന വിധം ലളിതമല്ല. എങ്കിലും  ജാതിയുടെയും പുരുഷാധിപത്യത്തിന്റെയും വിവേചനങ്ങളെ ഒരേസമയം നേരിടേണ്ടിവരുന്ന വിഭാഗം സ്ത്രീകളാണ് കീഴാളസ്ത്രീകള്‍ എന്നു സാമാന്യമായി പറയാം. സാധാരണസ്ത്രീകളെ അപേക്ഷിച്ച് ഇരട്ട അടിമത്തം അവര്‍ അനുഭവിക്കുന്നു. കുടുംബത്തിനകത്ത് പുരുഷാധിപത്യത്തിന്റെയും പുറത്ത് ജാതിയുടെയും അടിച്ചമര്‍ത്തലിനെ നേരിടേണ്ടിവരുന്നു. സൈദ്ധാന്തികമായും കീഴാളസ്ത്രീവാദം മുഖ്യധാരാസ്ത്രീവാദത്തില്‍ നിന്നും വ്യത്യസ്തമാണെന്നു മാത്രമല്ല. അവിടെ അദൃശ്യമാക്കപ്പെടുന്ന  പല വിഷയങ്ങളും കീഴാളസ്ത്രീവാദത്തില്‍ മറനീക്കിക്കാട്ടുന്നു. അത്തരത്തില്‍ മുഖ്യധാരാസ്ത്രീവാദത്തിന്റെ വിമര്‍ശനസ്ഥാനത്താണ് കീഴാളസ്ത്രീവാദത്തിന്റെ നില. മുഖ്യധാരാസ്ത്രീവാദത്തിന്റെ സവര്‍ണാടിത്തറയെ പൊളിച്ചെഴുതാന്‍ കീഴാളസ്ത്രീവാദം ശ്രമിക്കുന്നു. ഇന്ത്യയില്‍ത്തന്നെ റൂത്ത് മനോരമ, ഉമാ ചക്രവര്‍ത്തി, ചന്ദ്രാ മൊഹന്തി, ഗായത്രി സ്പിവാക്, ഊര്‍മിള പവാര്‍, ഷര്‍മിള റെഗേ മുതലായവരാണ് ഈ മേഖലയില്‍ സൈദ്ധാന്തികമായ സംവാദങ്ങള്‍ ഉയര്‍ത്തിവിട്ടത്. ജ്യോതിബാ ഫൂലേയുടെയും പെരിയോറുടെയും നവോത്ഥാനകാലത്തെ പരിഷ്‌കരണചിന്തകളില്‍ നിന്നും അംബേദ്കര്‍ ചിന്തയില്‍ നിന്നുമൊക്കെ ഊര്‍ജ്ജം ഉള്‍ക്കൊണ്ടവരും അതേപോലെ ആഫ്രോ അമേരിക്കന്‍  ബ്ലാക്ക് ഫെമിനിസത്തില്‍ നിന്നുമുള്ള ധാരകളെ ഉള്‍ക്കൊണ്ടവരുമെല്ലാം  ദളിത് സ്ത്രീ സംവാദത്തെ സജീവമാക്കി നിലനിര്‍ത്തി. കേരളത്തെ സംബന്ധിച്ചെടത്തോളം കഴിഞ്ഞ 10 വര്‍ഷത്തോളമെങ്കിലുമായി നിരന്തരം പല വിഷയങ്ങളിലുമുള്ള ഇടപെടലുകളിലൂടെ ദളിത് സ്ത്രീവാദം സജീവമാണ്.  ഭൂമിസമരങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ട് സി.കെ.ജാനു നടത്തിയ സമരങ്ങള്‍ മുതല്‍ പയ്യന്നൂരെ ഓട്ടോറിക്ഷാ ഡ്രൈവര്‍ ചിത്രലേഖയുടെ അതിജീവനപ്പോരാട്ടം, സെലീനപ്രക്കാനത്തിന്റെ  മുന്‍കയ്യില്‍ നടത്തിയ ചെങ്ങറഭൂസമരം, മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ പൊമ്പിള ഒരുമൈ എന്ന പേരില്‍ ഗോമതിയക്കന്റെ നേതൃത്വത്തില്‍ നടത്തിയ സമരം, നിയമവിദ്യാര്‍ത്ഥി ജിഷയുടെ നേര്‍ക്കുണ്ടായ ലൈംഗിക അതിക്രമവും കൊലപാതകവും, രജനി എസ്.ആനന്ദിന്റെ ആത്മഹത്യ,  മാധ്യമപ്രവര്‍ത്തകരായ ദളിത് യുവതികള്‍ ഫേസ്ബുക്കിലൂടെ നടത്തിയ മീ ടൂ കാമ്പെയിന്‍ വരെയുള്ള നിരവധി ഇടപെടലുകള്‍ ഈയൊരു മണ്ഡലത്തിന്റെ പോരാട്ടമുഖത്തെ, രാഷ്ട്രീയസ്വഭാവത്തെ വ്യക്തമാക്കുന്നതാണ്. പഠനലേഖനങ്ങളിലൂടെ ദളിത് സ്ത്രീസംവാദത്തെ വികസിപ്പിക്കുന്നതിലും ആക്ടിവിസ്റ്റുകള്‍ തന്നെയാണ് മുന്‍കൈ എടുത്തിട്ടുള്ളത്. രേഖാരാജ്, ജെന്നി റൊവീന, മായാപ്രമോദ്, മൃദുലാദേവി, പ്രവീണ താളി, സതി അങ്കമാലി തുടങ്ങിയവരുടെ രചനകള്‍ എടുത്തു പറയാവുന്നതാണ്.   

ഇനി കേരളത്തിന്റെ സംവാദമണ്ഡലത്തില്‍ ദളിത്‌സ്ത്രീഭാവുകത്വം എന്നതു കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത് എന്നതിന്റെ വെളിച്ചത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കഥകളെ വിശകലനം ചെയ്യുക എന്നതാണ് ഇവിടെ നിര്‍വഹിക്കാനുള്ളത്. ദളിത്‌സ്ത്രീയെ സംബന്ധിച്ച സാമൂഹികരാഷ്ട്രീയനിലപാടുകളും അവയുടെ സാംസ്‌കാരികയുക്തികളും കഥകളില്‍ സൃഷ്ടിച്ചെടുക്കുന്ന സൗന്ദര്യശാസ്ത്രപരിസരത്തെ കണ്ടെടുക്കാന്‍ കഴിയണം. കൂടാതെ സവിശേഷമായ സാംസ്‌കാരികഭാവുകത്വം എന്ന നിലയില്‍ സാഹിത്യത്തിലും കലയിലും കണ്ടുവരുന്ന ദളിത് സ്ത്രീസ്വത്വാവിഷ്‌കാരത്തെ അവയുടെ ആഖ്യാനരാഷ്ട്രീയവുമായി ചേര്‍ത്തുവെച്ചു പഠിക്കാവുന്നതാണ്. ആഖ്യാനകേന്ദ്രത്തിനകത്തു പ്രവര്‍ത്തിക്കുന്ന സവര്‍ണതയുടെ യുക്തിയെ തിരിച്ചറിയാന്‍ കഴിയുന്നതിനൊപ്പം പുതിയ അടയാളങ്ങളായി തെളിയുന്ന കീഴാളസ്ത്രീയുടെ അനുഭവപരിസരങ്ങളെയും കണ്ടെടുക്കണം. അതില്‍ത്തന്നെ കീഴാളസ്ത്രീയെ ദൈന്യതയുടെയോ ദുര്‍ബലതയുടെയോ മൂര്‍ത്തീഭാവങ്ങളായി ചിത്രീകരിക്കുന്ന പതിവുരീതികള്‍ക്കപ്പുറം എന്താണുള്ളതെന്ന പരിശോധന നടക്കേണ്ടതുണ്ട്. കാല്പനികവും ആദര്‍ശാത്മകവുമായ വിശുദ്ധിസ്ഥാനം എന്ന മട്ടിലുള്ള പ്രതിഷ്ഠാപനത്തിനും വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. നമ്മുടെ സാഹിത്യചിന്തയില്‍ അത്തരം പരിശ്രമങ്ങള്‍ ഇനിയും പച്ചപിടിക്കേണ്ടതായാണിരിക്കുന്നത്.  പ്രധാനമായും ത•കളെ കേന്ദ്രീകരിച്ചുള്ള വായനകള്‍ ത•ാരാഷ്ട്രീയത്തെ യാന്ത്രികമായി അവലംബിക്കുന്നതിന്റെ ഭാഗമായി അവയ്ക്ക് സാധുതയും വൈകാരികമായ സ്വാധീനശേഷിയും നഷ്ടപ്പെട്ടുപോകുന്നു. കീഴാളസ്ത്രീപക്ഷത്തുനിന്നുകൊണ്ടുള്ള സമീപനത്തിന് ഇതിലേറെ സാധ്യതകള്‍ തീര്‍ച്ചയായും ഉണ്ട്. ഇവിടെ പഠനത്തിനായി  തെരഞ്ഞെടുത്തിരിക്കുന്ന ഒരു ഡസനോളം കഥകള്‍ പലനിലകളില്‍ സാമാന്യമായി ദളിത്‌സ്ത്രീ പ്രതിനിധാനം സാധ്യമാക്കുന്നവയും ദളിത്‌സ്ത്രീ അനുഭവങ്ങളെ സാക്ഷാല്‍ക്കരിക്കുന്നവയുമാണ്. അവയ്ക്കുള്ളില്‍ നിന്നുകൊണ്ട് ചില പൊതു സമീക്ഷകളെ കണ്ടെത്താനും വിശകലനം ചെയ്യാനും കഴിഞ്ഞേക്കും. 





യമയുടെ കഥകള്‍ മുമ്പെങ്ങുമില്ലാത്തവിധം കീഴാളസ്ത്രീകളുടെ അനുഭവലോകത്തെ ആഴത്തില്‍ ചിത്രീകരിക്കുന്നുണ്ട്. അതിന്റെ സൂക്ഷ്മബന്ധങ്ങളെ നല്ലവണ്ണം പരിചരിച്ചുകൊണ്ടാണ് യമ അതു നിര്‍വഹിക്കുന്നത്. അവരുടെ  ചുടലത്തെങ്ങ്, സിനിമാതിയ്യേറ്റര്‍, പോസ്റ്റ്മാന്റെ മകള്‍ എന്നീ കഥകള്‍ ഈ രാഷ്ട്രീയപരിഗണനകള്‍ക്കകത്തു നില്‍ക്കുന്നവയാണ്. കെ.ആര്‍.മീരയുടെ മരിച്ചവളുടെ കല്യാണം, നായ്‌ക്കോലം, സന്തോഷ് ഏച്ചിക്കാനത്തിന്റെ പന്തിഭോജനം,  രേഖാരാജിന്റെ ഞാറുകള്‍, ഫ്രാന്‍സിസ് നൊറോണയുടെ തൊട്ടപ്പന്‍, കടവരാല്‍, രേഖയുടെ പാലാഴിമഥനം, സിതാരയുടെ കറുത്തകുപ്പായക്കാരി, എച്ച്മുക്കുട്ടിയുടെ അറപ്പിന്റെ ഏകപക്ഷം, സി.അയ്യപ്പന്റെ പ്രേതഭാഷണം, ജിസാജോസിന്റെ ദണ്ഡവിമോചനം തുടങ്ങിയ കഥകളൊക്കെ ഈ രീതിയില്‍ പഠനാര്‍ഹമാണ്.


കോളനികേരളത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍
യമയുടെയും ഫ്രാന്‍സിസ് നെറോണയുടെയും  കഥകള്‍ പ്രധാനമായും ഇവിടെ നാം പരിഗണിക്കുന്നു. കഥാപരിസരം ഏറെയും കോളനികളോ ചേരികളോ നഗരപ്രാന്തങ്ങളിലെ അധ:സ്ഥലികളോ ഒക്കെയായി വരുന്നവയാണ് യമയുടെ കഥകള്‍. വീടെവിടെയാണെന്നു ആരെങ്കിലും ചോദിക്കുമ്പോള്‍ തെറ്റിച്ചു പറയുന്ന കീഴാളാവസ്ഥയെക്കുറിച്ച് എം.ബി.മനോജ് എഴുതിയിട്ടുണ്ട്. (കൂട്ടാന്തതയുടെ എഴുപതു വര്‍ഷങ്ങള്‍)  അതേയനുഭവത്തെ വിധുവിന്‍സെന്റിന്റെ മാന്‍ഹോളെന്ന സിനിമയിലും കാണാം. ഒരു മലഞ്ചെരുവില്‍ കുമ്പളം കേറിക്കിടക്കുന്ന പുളിക്കരികില്‍ പിറന്ന വീടിരിക്കുന്നു, വഴിയില്ലാവഴിയുടെ അടിയിലായിരിക്കുന്നു പിറന്നവീടെന്നു ജോസഫും എഴുതുന്നുണ്ട് (പിറന്ന വീട്). വരേണ്യമല്ലാത്തയിടങ്ങളിലെ കുടികിടപ്പ് നിരന്തരം സവര്‍ണതയുടെ ദൃഷ്ടിദംശനങ്ങള്‍ക്കു വിധേയമാണ്. അഭിമാനിക്കാനോ എടുത്തു പറയാനോ ഒന്നുമില്ലാത്തിടങ്ങളില്‍ ഏറ്റവും  പരിമിതമായൊരിടം മാത്രമാണ് വീട്. മലയാളിയുടെ സവര്‍ണഗൃഹാതുരതകളെ പൊതിഞ്ഞു നില്‍ക്കുന്ന എല്ലാ മെച്ചങ്ങളുടെയും വിപരീതമോ അപരമോ ആയാണിവിടെ കോളനി നിലകൊള്ളുന്നത്. കലമ്പലുകളുടെയും കലര്‍പ്പിന്റെയും ഇടം. ഇതുവരെയില്ലാത്തവിധം കോളനികളുടെ സ്ഥലരാശിയെ ആദര്‍ശാത്മകതയില്ലാതെ, അനുഭവങ്ങളുടെ ഇടമായി യമ ആവിഷ്‌ക്കരിക്കുന്നു. വീട് വിട്ടിറങ്ങിപ്പോയി കലഹിക്കുവാന്‍, അത്രമാത്രം ഭൗതികമായെങ്കിലും സുരക്ഷിതമായ ഒരു വീട് ഉണ്ടാവേണ്ടതുണ്ട്. എന്നാല്‍ ചുടലത്തെങ്ങിലും കടവരാലിലും മറ്റും വീട് എന്നത് പലപ്പോഴും പ്ലാസ്റ്റിക് മറകളും ഇരുമ്പുതകിടുകളും കൊണ്ട് മറച്ച ഉറപ്പില്ലാത്ത ഒരിടമാണ്. വീടുകളുടെ അകം/പുറം, സ്വകാര്യത, സുരക്ഷ ഒക്കെ അവിടെ അപ്രസക്തമാണ്. സിനിമാതിയേറ്ററില്‍ റെയില്‍വേ ലൈനിനോടു ചേര്‍ന്നുകിടക്കുന്ന പുറമ്പോക്കിലെ കോളനിയുടെ വിവരണം: ' നട്ടുച്ചയക്കു പോലും ഇരുണ്ടരാത്രികളുടെ ഒളിത്താവളങ്ങളെന്നു തോന്നിപ്പിക്കുന്ന ആ മുറിയുടെ മുക്കിലും മൂലകളിലും  രൂക്ഷഗന്ധമുള്ള ചാരപ്പുക കട്ടപിടിച്ചുകിടന്നു. രണ്ടു ദിവസം കഴിഞ്ഞിട്ടും കണ്ടുപിടിക്കാനാവാതെ മുറിക്കകത്തെ വലിച്ചുവാരിയിട്ട മുഷിപ്പിനുള്ളിലെവിടെയോ കുടുങ്ങിക്കിടന്ന മൊബൈല്‍ഫോണിന്റെ അമര്‍ത്തിയ പ്രതിഷേധസ്വരം. ചായ്പ്പിലെ അടുപ്പില്‍ ചവറുവാരിവെച്ച് കത്തിച്ചു ചൂടാക്കിക്കൊണ്ടിരുന്ന തലേന്നത്തെ പഴങ്കഞ്ഞി അടുപ്പില്‍ നിന്നിറക്കിവെയ്ക്കാന്‍ തരം കിട്ടാതെ അവളോടി അകത്തേയക്കു കയറിയതും ചായ്പ്പിനു മുന്നിലൂടെ ഐലന്റ് എക്‌സ്പ്രസ് പാഞ്ഞു'(പുറം 37, വായനശാലാവിപ്ലവം)

തിരുവനന്തപുരത്തിന്റെ വാമൊഴിഭേദങ്ങളെക്കൊണ്ട് അതിരിട്ടുനില്ക്കുന്ന വരേണ്യമുക്തവും കീഴാളവുമായ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളാണ് യമ ഈ അനുഭവങ്ങളില്‍  ഏറെയും കൈകാര്യം ചെയ്യുന്നത്. കാല്പനികവരേണ്യതയുടെ ഭാവുകത്വത്തെ ഈയൊരു ഭാഷാഭേദത്തിലൂടെ മറികടക്കുന്നതില്‍ വലിയൊരളവില്‍ യമ വിജയിച്ചിട്ടുണ്ട്. തിരുവനന്തപുരം വാമൊഴിഭേദത്തെ ഹാസ്യോല്പാദനത്തിനായി സിനിമ നിരന്തരം ഉപയോഗിച്ചു പഴകിയെങ്കിലും അതിന്റെ ജൈവികമായ കരുത്ത് ഈ കഥകള്‍ ഉണര്‍ത്തിയെടുക്കുന്നു. ചന്ദ്രമതി  അന്താരാഷ്ട്രവനിതാദിനത്തിലും കെ.ആര്‍.മീര സ്വവര്‍ഗസങ്കടങ്ങളിലും ഇതേ തന്ത്രം രസകരമായി ഉപയോഗിച്ചിട്ടുള്ളത് ഓര്‍ക്കാം. രാജലക്ഷ്മിയും അഷിതയും മുതല്‍ ഇ.കെ. ഷാഹിനയും ധന്യാരാജും വരെ ഉപയോഗിച്ചു പഴകിയ  അന്തര്‍മുഖവും കാലപനികവുമായ സ്ത്രീകഥനത്തിലെ ആന്തരികഭാഷണത്തിന്റെ പതിഞ്ഞ ശൈലിക്കു നേരെ വിപരീതമാണ് ഇത്.  'പുല്ല് എവിടേണോ കെടക്കണത്, ട്രേനിന് പോവാന്‍ കണ്ടനേരം',  ' ഇതും നോക്കി നടന്ന സമയത്ത് നാമം ജവിച്ചങ്കി  പുണ്യോങ്കിലും കിട്ടിയേനെ. ഹൂ ശ്വാസം മുട്ടീട്ടു വയ്യ... പന്നകള്‍ക്കു പൊക അടിച്ചു കേറ്റാന്‍ കണ്ടനേരം', 'കണ്ണും തള്ളി അവിടെ ഇരിക്കാതെ നിങ്ങക്കെണീറ്റ് പൊറത്തോട്ടു പോയിരുന്നൂടെ? ശ്വാസം മുട്ടലെന്നും പറഞ്ഞ് രാത്രി കെടന്ന് കരഞ്ഞാ  എന്റ കയ്യീ പൈസേന്നും ഇല്ല ആശൂത്രീ കൊണ്ടോവാന്‍'(പുറം 37, വായനശാലാവിപ്ലവം) ഇത്തരം അതിരുകളിലെ ഭാഷണഭേദങ്ങളെ, കീഴാളസ്വരങ്ങളെ തമസ്‌കരിക്കുന്ന തീവണ്ടിയിരമ്പങ്ങളും ചൂളങ്ങളുമായി വരേണ്യഭാവുകത്വം അടക്കിവാഴുന്നിടത്തെ അതിജീവനത്തിന്റെ പിടച്ചിലാണ് ഈ കഥകളിലെമ്പാടും നാം കാണുന്നത്.  


വിഭവദാരിദ്ര്യത്തിന്റെ അവസ്ഥകള്‍
ചുടലത്തെങ്ങില്‍ ജാതിസൂചനകളില്ല. എങ്കിലും നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളുടെയും പുറമ്പോക്കിന്റെയും സൂചനകള്‍ അന്തരീക്ഷസൃഷ്ടിയായി കഥയില്‍ ചിത്രീകരിക്കപ്പെടുന്നുണ്ട്. മുമ്പു സൂചിപ്പിച്ചതു പോലെ കോളനി, ചേരി എന്നീ സ്ഥലഭൂമികകളുടെ രാഷ്ട്രീയം അവയുടെ സൂക്ഷ്മാംശങ്ങളോടെ യമയുടെ കഥയില്‍ പതിഞ്ഞു കിടക്കുന്നു. കീഴാളാനുഭവങ്ങളില്‍ സ്വാഭാവികമായ വിഭവദാരിദ്ര്യത്തിന്റ യാഥാര്‍ത്ഥ്യമാണ് ഈ കഥയുടെ രാഷ്ട്രീയത്തെ നിര്‍ണായകമാക്കുന്നത്. കോളേജ് വിദ്യാര്‍ത്ഥിനിയായ കീഴാളയുവതിയുടെ ജീവിതത്തിന്റെ അകം പുറം നിറഞ്ഞുനില്‍ക്കുന്ന മടുപ്പും പീഡയും വെറുപ്പും വേദനയും ഈ കഥയെ വേറിട്ടൊരു ആന്തരികനിര്‍മിതിയാക്കി പണിതുയര്‍ത്തുന്നു. മരണവും ജീവിതവും തമ്മിലുള്ള മല്‍പ്പിടുത്തത്തിലാണ് കഥ തുടങ്ങുന്നത്. നിത്യേനയുള്ള വഴക്കും ബഹളവും വീടിനെ അതിനോടകം അസഹ്യമാക്കിത്തീര്‍ത്തിരുന്നു. വീടിനകത്തെ വയലന്‍സ് പുറത്തറിയാതിരിക്കാന്‍ ടിവി വോള്യം കൂട്ടിവെയ്ക്കുന്നു. അമ്മയും സഹോദരനും തമ്മിലാണ് ലഹള. പത്താംക്ലാസ് തോറ്റ അയാള്‍ പല തൊഴിലിലും പയറ്റി ഒടുവില്‍ റിയല്‍ എസ്റ്റേറ്റ് വിപണിയുടെ ഭാഗമായി തൊഴില്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ്. വീട്ടിലുള്ള പലതും വിറ്റു തീര്‍ന്നെങ്കിലും ഇനി ആകെയുള്ള സ്വര്‍ണമാല അമ്മയുടെ കഴുത്തില്‍ നിന്നും ഊരിവാങ്ങാനാണയാള്‍ ശ്രമിക്കുന്നത്. ഒരു ബൈക്കു വാങ്ങിയാല്‍ ജോലിക്കു പോകാനും വരാനും എളുപ്പമാകുമത്രേ. പെണ്‍കുട്ടിയാണെങ്കില്‍ കോളേജ് ഫീസടയക്കാനുള്ള പണത്തിനായി ഇവന്റ് മാനേജ്‌മെന്റുകളില്‍ വോളണ്ടിയറായി പങ്കെടുത്ത് പണം കണ്ടെത്താറാണ് പതിവ്. പൊട്ടിപ്പൊളിഞ്ഞ് ബലമില്ലാതായ മുന്‍വാതില്‍ ആ വീടിന്റെ ഭൗതികവും ആത്മീയവുമായ അരക്ഷിതാവസ്ഥയുടെ പ്രതീകം തന്നെയാണ്.  മുതിര്‍ന്ന പെണ്‍കുട്ടിയുള്ള ആ വീട്ടില്‍ ഒരു കുളിമുറിയില്ല. അമ്മയാണ് പ്ലാസ്റ്റിക് മറ കൊണ്ട് തട്ടിക്കൂട്ടിയ ഒരു കുളിപ്പുര ഉണ്ടാക്കിയെടുക്കുന്നത്. സഹോദരനുമായുള്ള തര്‍ക്കത്തിനിടയില്‍ അമ്മ ആക്രമിക്കപ്പെട്ട് താഴെ വീണ് തലപൊട്ടി ചോരയൊലിച്ചു കിടക്കുന്നതാണവള്‍ കാണുന്നത്. നിമിഷങ്ങള്‍ക്കകം അമ്മ മരിച്ചുവെന്നറിഞ്ഞ് അവളെ തനിച്ചാക്കി സഹോദരന്‍ ഓടിപ്പോകുന്നു. പിന്നീടങ്ങോട്ട് അവളുടെ ദൈന്യത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ്. ഒരു ജോലി തേടി അവള്‍ പലയിടത്തും അലഞ്ഞു. ഇതിനിടെ അമ്മയുടെ ആകെയുണ്ടായിരുന്ന സ്വര്‍ണമാല വിറ്റ് ശവസംസ്‌കാരം നടത്തിയതില്‍ ബാക്കിയായ പതിനായിരം രൂപ അമ്മാവന്‍ അവളെ ഏല്പിച്ചതെടുത്ത് അവള്‍ അമ്മയുടെ ഓര്‍മയ്ക്കായി ജൂവലറിയില്‍ പോയി ഒരു മൂക്കുത്തി വാങ്ങി ധരിക്കുന്നു.  അമ്മയുടെ മാല അവരുടെ അമ്മ അവര്‍ക്കു നല്‍കിയതാണത്രെ. ജൂവലറിയില്‍ സ്വര്‍ണം  വില്ക്കാനെത്തിയ കസ്റ്റമറുടെ അരിമണിമാല കണ്ടപ്പോള്‍ അവള്‍ക്കത് അമ്മ അണിഞ്ഞിരുന്ന അതേ മാലപോലെ തോന്നി. പെട്ടന്നുള്ള ഒരു ആവേഗത്തില്‍ നിമിഷങ്ങള്‍ക്കകം അവള്‍ അതു കൈക്കലാക്കി വീട്ടിലേക്കോടി. ദിവസങ്ങള്‍ക്കു ശേഷം  ആകെയുണ്ടായിരുന്ന ജോലി പോയ സെയില്‍സ്മാന്‍ അവളെ തേടിയെത്തി. അവള്‍ക്കയാള്‍ താന്‍ അമ്മയുടെ കുഴിമാടത്തിനരുകെ കുഴിച്ചിട്ട അരിമണിമാല എടുത്തുകൊടുത്തു. അയാളും അവളും ഒരേ യാതനകളുടെ ഇരകളെന്നു പരസ്പരം മനസ്സിലാക്കുന്നുണ്ട്. ആ മാലയുമായി പോകാതിരിക്കാനയാള്‍ക്കു കഴിയില്ലെങ്കിലും അവളെ കൂടുതല്‍ മനസ്സിലാക്കുകയും മനസ്സുകൊണ്ട് അവള്‍ക്കു തുണയാവുകയും ചെയ്യുകയാണയാള്‍. ആകെയുള്ള ഭൗതികവിഭവമായ ആ ഇത്തിരിപ്പോന്ന സ്വര്‍ണം നിര്‍ണായകമാണ്. അതി•േ-ലാണ് അതിജീവനവും പ്രതീക്ഷയും. വാസ്തവത്തില്‍ മരണത്തിനും കാരണം അതുതന്നെ. അതിന്റെ പേരിലാണ് സഹോദരന്‍ കൊലപാതകിയായത്. അതില്‍ വൈകാരികത നിക്ഷേപിക്കപ്പെട്ട അവളും ഇപ്പോള്‍ മോഷ്ടാവായി, കുറ്റക്കാരിയായി. മൂവരും ദാരിദ്ര്യത്തിന്റെ ഇരകള്‍, നിഷ്‌കാസിതര്‍.
 

ജിസാജോസിന്റെ ദണ്ഡമോചനത്തിലും പാറവിളുമ്പിലെ ഇത്തിരിമണ്ണില്‍ കെട്ടിപ്പൊക്കിയ വീടിന്റെ ദൈന്യത്തിന്റെ പിടച്ചിലും അരക്ഷിതത്വത്തിന്റെ ഞരക്കങ്ങളും കേള്‍ക്കാം. അമ്മ പണിക്കു പോകുന്ന വലിയ വീട്ടിലെ കാരണവരുടെ ലൈംഗികവേട്ടയ്ക്കു മുന്നില്‍  അമ്മ എങ്ങനെയോ പിടിച്ചുനിന്നു. ഒന്നുമറിയാത്ത കൗമാരക്കാരി മകളെ കീഴ്‌പ്പെടുത്തിയാണയാള്‍  പകരം വീട്ടിയത്.  അച്ഛന്‍ കയ്യൊഴിഞ്ഞ് അനാഥമായ ദരിദ്രകുടുംബം പുരുഷാധിപത്യത്തിന്റെയും മേലാളത്തത്തിന്റെയും കടന്നല്‍ക്കുത്തേറ്റു പിടയുന്നതിന്റെ  ചിത്രങ്ങളാണതില്‍ ജിസ വരച്ചിടുന്നത്. സന്ധ്യാസമയത്ത് കപ്പയ്ക്കു ചമ്മന്തിയാക്കാന്‍ മേലേപ്പറമ്പിലെ വളപ്പില്‍ നിന്നും കുറച്ചു 'കരണംപൊട്ടി'- കാന്താരിമുളകു പറിക്കാന്‍ പെറ്റിക്കോട്ടു കുമ്പിളുപോലാക്കി വീട്ടിലേക്കു തിരിക്കുമ്പോള്‍ കാരണവര്‍ കടന്നാക്രമിക്കുകയാണ്. അതു പിന്നീടു പലപ്പോഴായി ആവര്‍ത്തിക്കുന്നു. അയാള്‍ മരിച്ച ദിവസം മൃതദേഹത്തിനരികില്‍ നിന്ന് കയ്പും രോഷവുമേറിയ പഴയതൊക്കെ പെറുക്കിയെടുക്കുന്നതാണ് കഥ. ജിസാജോസിന്റെ കഥയില്‍ എരിവ് ബലാല്‍ക്കാരത്തിന്റെ എന്ന പോലെ ബാലപീഡനത്തിന്റെ സമര്‍ത്ഥമായ രൂപകമായി കഥയില്‍ ചേരുന്നതുപോലെ ഫ്രാന്‍സിസ് നെറോണയുടെ കഥയില്‍ കടവരാല്‍ മല്‍സ്യം ലൈംഗികതയുടെ സൂചനകളോടെ പ്രവര്‍ത്തിക്കുന്നു.  

കുടുംബത്തിന്റെ ഐക്യപ്പെടല്‍. 
മുഖ്യധാരാസാഹിത്യത്തില്‍  ഏതാണ്ട് 70 കള്‍ മുതല്‍ക്ക് പ്രണയമാണ് വ്യവസ്ഥാവിമര്‍ശനത്തിന്റെ ഉപാധിയായി പലപ്പോഴും കടന്നു വരുന്നത്. അതില്‍ത്തന്നെ സ്ത്രീകഥകളില്‍ കുടുംബവിമര്‍ശനമാണ് ഏറെയും പുരുഷാധിപത്യവിമര്‍ശനത്തിനുള്ള ഉപാധി. എന്നാല്‍ മേല്‍ സൂചിപ്പിച്ച കഥകളില്‍ പലപ്പോഴും കുടുംബം ഒരു അഭയസ്ഥാനമാണ്. ദരിദ്രരും കീഴ്ജാതിക്കാരുമായ ദളിത് ജീവിതങ്ങളുടെ മേല്‍ സവര്‍ണസമൂഹം അടിച്ചേല്പിക്കപ്പെടുന്ന ഭ്രഷ്ടത അവരില്‍ അന്യവല്‍ക്കരണം സൃഷ്ടിക്കുന്നു. എങ്കിലും അവര്‍ അതിനോട് വേദനയോടെ ചെറുത്തു നില്‍ക്കുന്നു. നിരന്തരം തങ്ങളെ കരുതലോടെ കൂട്ടിച്ചേര്‍ത്തു നിര്‍ത്തുന്ന ഒരു അഭയസ്ഥാനമായി കുടുംബത്തെ കാണുന്നു. അവിടെ അവ സ്വാഭാവികമായും ന്യായീകരിക്കപ്പെടുന്നുണ്ട്. ദളിത് സ്ത്രീകളുടെ കടന്ന രീതിയിലുള്ള അരക്ഷിതാവസ്ഥ അവളില്‍ ഒരു കുടുംബത്തിനായുള്ള വെമ്പല്‍ ജനിപ്പിക്കുന്നുണ്ട്. മുഖ്യധാരാ സ്ത്രീരചനകളില്‍ കുടുംബത്തില്‍ നിന്നുമുള്ള വിടുതല്‍ ആണ് രാഷ്ട്രീയമായി ഉന്നയിക്കപ്പെടുന്നതെങ്കില്‍ ദളിത ് സ്ത്രീകവിതകളിലും മറ്റും കണ്ണിചേര്‍ന്നു നില്‍ക്കുന്ന കുടുംബബന്ധങ്ങളുടെ വൈകാരികോഷ്മളതകള്‍ കാണാം. വംശീയമായ കൂട്ടായ്മകള്‍ ഒരു പ്രതിരോധം തന്നെയാണ്. അജിതയുടെ അച്ഛന്‍ എന്ന കവിതയില്‍ ഞങ്ങള്‍ 16 പൊളികളെ ചേര്‍ത്തുനിര്‍ത്തുന്ന ഒറ്റപൊളിയാണ്  അച്ഛന്‍ എന്നു പറയുന്നുണ്ട്. ജെയിംസ് ബാള്‍ഡ്‌വിനില്‍ താന്‍ ഒരു സുഹൃത്തിനെയോ കാമുകനെയോ അല്ല, ഒരു സഹോദരനെയാണ് കാണുന്നതെന്നു പറയുന്ന മായോ ആഞ്ജലോയും മറ്റൊന്നല്ല സാധൂകരിക്കുന്നത്. സിനിമ തിയ്യേറ്ററിലെ സ്വര്‍ണലത തന്റെ അമ്മ വിശന്നു നിലവിളിക്കുന്നതു കാണാനാവാതെയാണ് സിനിമ തിയ്യേറ്ററില്‍ ലൈംഗികത്തൊഴില്‍ ചെയ്യാനായി പോകുന്നത്. ചുടലത്തെങ്ങിലെ യുവതി എത്ര വെറുക്കപ്പെട്ടവനായിട്ടും ഏതാള്‍ക്കൂട്ടത്തിലും തന്റെ സഹോദരനെ തിരയുന്നു. പെണ്‍കുട്ടി തന്റെ അമ്മയുടെ ആഗ്രഹങ്ങളെ അവരുടെ മരണാനന്തരവും സംരക്ഷിക്കുന്നതിനായാണ് ഏറ്റവും അപകടകരമായ വിധത്തില്‍ കളവു നടത്തുന്നത്. തന്റെ അമ്മയുടെ മാല അവരുടെ അമ്മ കൊടുത്തതാണ്. അതില്‍ നിന്നും പാരമ്പര്യമെന്ന നിലയക്ക് തന്റെ ദേഹത്ത് ഒരു മൂക്കുത്തിയായെങ്കിലും ആ മാല വിറ്റ തുകയുടെ ബാക്കി കിടക്കട്ടെ എന്ന തോന്നല്‍ അവളിലെ കുടുംബത്തോടുള്ള വിശ്വാസസ്‌നേഹങ്ങളും അഭയസ്ഥാനമായി കുടുംബത്തെ കരുതുന്ന കരുതലുമാണുള്ളത്.

മരണത്തിന്റെ നിഹിതാര്‍ത്ഥങ്ങള്‍
കൂടാതെ അവള്‍ ചെയ്യുന്ന മറ്റൊരു കാര്യം ജൂവലറിയില്‍ നിന്നും മോഷ്ടിച്ചെടുത്ത അരിമണിമാല അമ്മയുടെ ശരീരം അടക്കിയ മണ്ണിനോടു ചേര്‍ത്തു കുഴിച്ചിടുകയാണ്. പരലോകവുമായി ബന്ധപ്പെട്ട ഒരു ആത്മീയഭാവന ഇവിടെ ഇടം തേടുന്നുണ്ട്. അതാവട്ടെ, കീഴാളഭാവനയില്‍ വളരെ സജീവമായി നിറയുന്ന ഒരു അംശം കൂടിയാണ്. സി.അയ്യപ്പന്റെ കഥകളിലെ പ്രേതാത്മാക്കള്‍ തന്നെ ഒരുദാഹരണം. ടോണിമോറിസന്റെയും മറ്റും രചനകളിലും മരിച്ചവരുടെ ആത്മാക്കള്‍ കഥയില്‍ നിര്‍ണായകമായി ഇടപെടുന്നവരാണ്. ജീവിച്ചിരിക്കുമ്പോള്‍ ഇഹലോകത്തിന്റെ അധികാരഘടനയ്ക്കു വഴങ്ങി, ഞെരുങ്ങി കഴിഞ്ഞ അവരൊക്കെയും ആ നിയമങ്ങള്‍ക്കു പുറത്തു കടക്കുന്നത് മരണത്തോടെയാണ്. മരണം അവരില്‍ ഒരു വിമോചനമാണ്. അതവരെ ശക്തരാക്കുന്നു. പ്രേതഭാഷണം, ഭൂതബലി, കാവല്‍ഭൂതം തുടങ്ങിയ കഥകളില്‍ മരണത്തിന്റെ നിഹിതാര്‍ത്ഥങ്ങള്‍ അനവധിയാണ്. രേഖാരാജ് എഴുതിയ ഞാറുകളിലും പ്രേതങ്ങളായി വന്ന് ഞാറുനട്ടു പോകുന്ന പിതൃക്കളുടെ സാന്നിധ്യമുണ്ട്. പുതുകവിതയില്‍ കലേഷും രേണുകുമാറും ധന്യ.എം.ഡിയും ആവിഷ്‌ക്കരിക്കുന്ന പരലോകസന്ദര്‍ഭങ്ങളും ചേര്‍ന്നു പോകുന്നവയാണ്. തങ്ങളുടെ മുന്‍കാല പിതാമഹികളെയും മുതുമുത്തച്ഛൻമാരെയും ഒക്കെ സ്വന്തം ശരീരത്തിലൂടെ ഉരുണ്ട മൂക്കറ്റങ്ങളായും ചുരുണ്ട മുടികളായും കറുത്ത തൊലികളായും അവരെഴുതുന്നുണ്ട്. (തൊലിക്കടിയില്‍ വേരുള്ള മണങ്ങള്‍) വംശീയതയുടെയും പാരമ്പര്യത്തിന്റെയും ഉറവകളും ഊര്‍ജ്ജങ്ങളും പരലോകത്തെ പ്രേതാത്മാക്കള്‍ വരെ നീളുന്നു. 

യമയുടെ 'പോസ്റ്റുമാന്റെ മകളി'ല്‍ മരണം ഒരു സാന്നിധ്യമാണ്.  കീഴാളരെ സംബന്ധിച്ച് മരണം സ്വാതന്ത്ര്യം പോലുമാണ്. അയ്യപ്പന്റെ 'പ്രേതഭാഷണ'-ത്തിലെന്ന പോലെ മരണത്തിനു ശേഷവും സജീവമാകുന്ന ബോധം അഴുകുന്ന ശരീരത്തെ നോക്കിക്കാണുകയാണതില്‍. താന്‍ മരിച്ചശേഷം ദഹിപ്പിക്കരുതെന്നായിരുന്നു പുലയനായ പോസ്റ്റ്മാന്‍ ഗോപാലന്‍ പറഞ്ഞത്.  മണ്ണിലടക്കപ്പെടാനാണയാള്‍ ആഗ്രഹിച്ചത്. ''പുലയന്റെ ദേഹം മണ്ണിനുള്ളതാണ്.... ജീവിതത്തില്‍ കൈവിട്ടു കളഞ്ഞെങ്കിലും മരണത്തിലെങ്കിലും വാരിപ്പുണരാന്‍ മണ്ണിന്റ കനിവ് അവരാഗ്രഹിച്ചു''.  കഥയില്‍ മറ്റൊരിടത്ത് വീഴാന്‍ ഒരു തറയില്ലാത്തതിനാല്‍ അന്തരീക്ഷത്തില്‍ പറന്നു നടക്കുന്ന ശവങ്ങളെക്കുറിച്ചുള്ള സൂചനയുമുണ്ട്. 'സതി'-യും  മീരയുടെ 'മരിച്ചവളുടെ കല്യാണ'വുമൊക്കെ കീഴാളമരണത്തിന്റെ വിധ്വംസകതയെ  തെളിച്ചെഴുതുന്നുണ്ട്. മരിച്ചടക്കാന്‍ ഭൂമിയില്ലാത്തതിനാല്‍ കല്ലുകെട്ടി കായലില്‍ താഴ്‌ത്തേണ്ടിവരുന്ന വൃദ്ധയായ കീഴാളസ്ത്രീയുടെ ശരീരത്തെക്കുറിച്ച് സതി അങ്കമാലി 'ഒറ്റച്ചേല'-യില്‍ എഴുതുന്നുണ്ട്. ഒരാള്‍ക്കെത്ര മണ്ണുവേണം എന്ന ഇ.സന്തോഷ്‌കുമാറിന്റെ കഥയും ദളിതരുടെ ഈ അവസ്ഥയാണ് പറയുന്നത്. മരണത്തിലും തീക്ഷ്ണമായിത്തുടരുന്ന പ്രണയകാമനകളെയാണ് 'മരിച്ചവളുടെ കല്യാണം' പറയുന്നത്. 'ദണ്ഡവിമോചന'ത്തിലെ മരണം പീഡിതയ്ക്ക് കടന്നുചെല്ലാനും കീഴടക്കാനുമുള്ള ഒരു രഹസ്യവാതില്‍ തന്നെ കരുതിവെച്ചപോലെയാണ്. അവിടെ നിത്യജീവിതത്തിലെ സാമ്പത്തികമായ മേല്‍കീഴുകളില്ല, വഞ്ചനയില്ല. സത്യത്തിന്റെ ബലിഷ്ഠവും നിശിതവുമായ അധികാരം അവള്‍ക്കു കയ്യാളാം.

ദേശീയതാവിമര്‍ശനത്തിന്റെ സന്ദര്‍ഭങ്ങള്‍
സവര്‍ണദേശീയതാസങ്കല്പങ്ങള്‍ക്കും ദേശീയതാകാമനയിലൂന്നിയ പൗരഘടനകള്‍ക്കും പുറത്താണ് കീഴാളശരീരങ്ങള്‍. അവ ദേശീയതയുടെ നിയമങ്ങള്‍ കൊണ്ട് നിരന്തരം പരിക്കേല്പിക്കപ്പെടുന്നവ കൂടിയാണ്. എന്നാല്‍ നിരന്തരം ദേശീയതയുടെ സാക്ഷ്യത്തിനായവര്‍ സ്വയം ബലി നല്‌കേണ്ടതായും വരുന്നു. ആയതിനാല്‍ കീഴാളപരിസരങ്ങളില്‍ നിന്നുള്ള ദേശീയതാപരാമര്‍ശങ്ങള്‍ ഈ സംഘര്‍ഷങ്ങളെ ഉള്‍വഹിക്കുന്നവയാണ്. അധികാരദേശീയതയ്ക്കു മുന്നില്‍ പുറത്തുനില്ക്കുന്നവര്‍ മാത്രം അനുഭവിക്കുന്ന തരം പകപ്പ്, അകാരണമായ കുറ്റബോധം, ഭീതി, ഉള്‍വിറയല്‍ ഒക്കെ അവരനുഭവിക്കുന്നു. ദേശീയതയോടുള്ള വിമര്‍ശനം യമയുടെ കഥകളില്‍ ഒന്നു രണ്ടിടങ്ങളിലായി പ്രകടമായ രാഷ്ട്രീയധ്വനിയോടെ കണ്ടെത്താന്‍ കഴിയും. 

         ഒരു വായനശാലാവിപ്ലവത്തില്‍ കല്യാണീ ദാമോദരനെ അവതരിപ്പിക്കുന്ന സന്ദര്‍ഭം ഉദാഹരണം. '' ഈ കല്യാണീ ദാമോദരന്‍ എന്ന നീട്ടല്‍ പ്രസിഡന്റ് ഓഫ് നേഷന്‍ എന്നു പറയുന്ന ഘനത്തില്‍ എടുത്താല്‍ മതി. ഫലത്തില്‍ രണ്ടിനും വല്യ പ്രാധാന്യം ഇല്ല. ഒറ്റയ്‌ക്കൊറ്റയക്കു നില്‍ക്കുമ്പോള്‍ മുഖമില്ലാത്തവര്‍ ചേര്‍ന്നുണ്ടാക്കുന്ന ഗുണ്ടാസംഘങ്ങള്‍ ചേര്‍ന്നു കൈവരിക്കുന്ന ഭയഘടനയുടെ വ്യാകരണം ആണിത് ''.  മറ്റൊരു കഥയില്‍ സിനിമാതിയ്യേറ്ററില്‍ ദേശീയഗാനം പാടിയപ്പോള്‍ എഴുന്നേറ്റുനില്ക്കാതെ കസേരയിലിരുന്നുറങ്ങുകയായിരുന്ന ആളെ ആരൊക്കെയോ ചേര്‍ന്ന് ശകാരിച്ചു പുറത്താക്കുന്നു. '' ഈ ഉറങ്ങുന്ന മനുഷ്യനെ എന്തിനാണവര്‍ ശകാരിക്കുന്നത്? സിനിമാ തിയ്യേറ്ററില്‍ ഉറങ്ങാനും പാടില്ലേ? എന്തിനാണ് മനുഷ്യ•ാര്‍  കാശും കൊടുത്ത് തെറി കേള്‍ക്കാന്‍ ഇതിനകത്തു കയറുന്നത്? അതുകൊണ്ടാവും കുറച്ചു വലുപ്പക്കുറവുണ്ടങ്കിലും  ആള്‍ക്കാര്‍ വീട്ടില്‍ ടിവി വാങ്ങിവെയ്ക്കുന്നത് എന്നുപോലും അവള്‍ ചിന്തിച്ചു. എല്ലാ നിയമങ്ങളും പാലിക്കുന്നതുകൊണ്ടാണോ ഈ മനുഷ്യര്‍ക്ക് ഇങ്ങനെ വന്ന് ആഹ്ലാദിക്കാന്‍ കഴിയുന്നത്? നിയമങ്ങള്‍ പാലിച്ചാല്‍ ആ ചേരിയില്‍ നിന്ന് ഒരു വിടുതല്‍ ഉണ്ടാവുമെങ്കില്‍ എത്രത്തോളം കഠിനമായ നിയമവും പാലിക്കാന്‍ താന്‍ സന്നദ്ധയാണെന്നു വിളിച്ചുപറയാന്‍ അവള്‍ക്കു തോന്നി. '' കുഞ്ഞുന്നാളില്‍ ജനഗണമനയുടെ വരികളില്‍ നാക്കിനു വഴങ്ങാതെ നിന്നതോര്‍ത്ത്  അവളുടെ  കണ്ണിലൂടെ കണ്ണുനീര്‍ നിറഞ്ഞൊഴുകി.  കണ്ണുനീരിന്റെയും മൂക്കീറയുടെയും ഉപ്പു ചവച്ചുകൊണ്ട് അവള്‍ ഉച്ചലജലജിതരംഗ എന്നു പാടി. '' 

ജാതി ഉപജാതിസംഘര്‍ഷങ്ങള്‍
 ജാതി ഒരു മേല്‍/കീഴ്ഘടനയായിരിക്കേതന്നെ അതിന്റെ കോയമകള്‍ എല്ലാ ബന്ധങ്ങളിലും അധികാരത്തിന്റെ നിഴല്‍ വീഴ്ത്തി നില്ക്കുന്ന അവസ്ഥകള്‍ കീഴാളജനത അനുഭവിക്കുന്നുണ്ട്. വായനശാലാവിപ്ലവത്തിലെ ലീലാമ്മയെന്ന ഈഴവസ്ത്രീ തന്റെ ചെറുപ്പകാലത്തെ കാമുകനായ ദാമോദരനില്‍ ആധിപത്യം ചെലുത്തുന്നത് സാംസ്‌കാരികമായാണ്. വായന അവളില്‍ മധ്യവയസ്സില്‍ സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകങ്ങള്‍ തീര്‍ത്തു. ജാതിപരവും ലിംഗപരവും സാമ്പത്തികവും രാഷ്ട്രീയവുമായ അധീശനിലയില്‍ നിന്നും ദാമോദരനെ തള്ളിയിടാന്‍ അവളാര്‍ജ്ജിച്ച സാംസ്‌കാരികമൂലധനത്തിനു മാത്രമേ കഴിയൂ എന്നവള്‍ക്കറിയാമായിരുന്നു. അതുകൊണ്ട് വായന അവളുടെ അതിജീവനവും സ്വാതന്ത്ര്യവുമായി. മുന്‍കാമുകനും നായരുമായ രാഷ്ട്രീയഎതിരാളിയുടെ വയറിളക്കം ബാധിച്ച വിസര്‍ജ്ജനത്തെ ശബ്ദത്തോടുകൂടി ആദ്യത്തെ ചാപ്റ്റര്‍ പുറത്തേക്കു തെറിച്ചു എന്നാണ് വിവരിക്കുന്നത്! കെ.ആര്‍. മീരയുടെ 'നായ്‌ക്കോലം' എന്ന കഥ  കീഴാളര്‍ക്കിടയിലുള്ള പാരസ്പര്യത്തിന്റെ സംഘര്‍ഷങ്ങളെ തീക്ഷ്ണവും സൂക്ഷ്മവുമായ വിധത്തില്‍ പറയുന്നുണ്ട്. അവിടെ അധികാരം പ്രവര്‍ത്തിക്കുന്നതിനാധാരം പത്രപ്രവര്‍ത്തകയായ ദളിത് ക്രൈസ്തവയുവതിയുടെ സാംസ്‌കാരികപ്രതിനിധാനമാണ്. എയിഡ്‌സ് ബാധിച്ച ദരിദ്രരും അനാഥരുമായ 10 കുട്ടികളെക്കുറിച്ചുള്ള വാര്‍ത്തയിലൂടെ പത്രപ്രവര്‍ത്തക പ്രശസ്തിയുടെ പടവുകള്‍ കയറുന്നു. ഇംഗ്ലീഷ് മീഡിയത്തിലേക്കു മാറ്റി ചേര്‍ക്കപ്പെട്ട ഒരേയൊരു കുട്ടിയായ യേശുദാസന്‍ സ്വാഭാവികമായും കൂടുതല്‍ വിവേചനമനുഭവിച്ച് ഒറ്റപ്പെടുന്നു. അവനെക്കുറിച്ചുള്ള അടുത്ത സ്റ്റോറിക്കായവള്‍ കോപ്പു കൂട്ടുന്നു, അവനു ചോക്കലേറ്റു സമ്മാനിക്കുന്നു, വാല്‍സല്യം കാട്ടുന്നു.  ലീലാമ്മയുടെ സാംസ്‌കാരികാധികാരം ലിംഗപരമായ അട്ടിമറിയാകുമ്പോള്‍, ഹാസ്യത്തിന്റെ ടോണില്‍ ആഖ്യാനം ചെയ്യപ്പെടുമ്പോള്‍ നായ്‌ക്കോലത്തില്‍ നേട്ടങ്ങള്‍ക്കുവേണ്ടി സ്വന്തം വംശത്തെത്തന്നെ മുതല്‍ക്കൂട്ടാക്കി മുന്നേറുന്നതാണ് കാണുന്നത്. ജാതിയുടെ തീക്ഷ്ണതയെ രാഷ്ട്രീയമായി ഉന്നയിക്കുമ്പോഴും ഉള്‍പ്പിരിവുകളിലെ നിര്‍ദ്ദയമായ ലാഭക്കൊതിയുടെ കണ്‍തിളക്കം നമ്മെ ഭയപ്പെടുത്താതിരിക്കില്ല. യമയുടെ 'പോസ്റ്റുമാന്റെ മകളി'ല്‍ പറയുന്ന 'വെളിച്ചത്തിന്റെ കണക്കില്‍ ലാഭം കൊയ്യുന്നവരി'ലൊരാളായി അവളും. എങ്കിലും അവന്റെയും തന്റെയുമെല്ലാം  ജീവിതത്തെ 'ഇരുട്ടിന്റെ സംഗ്രഹ'-മായി കണ്ടെടുക്കാനവള്‍ക്ക് ഒടുവില്‍ കഴിയുന്നുണ്ട്. സി.അയ്യപ്പന്റെ കഥകളില്‍ ഒരേ ജാതിക്കീഴായ്മയ്ക്കകത്തു പുലരുമ്പോഴും പരസ്പരം അകലം പാലിക്കുന്ന മനുഷ്യരെ നാം കാണുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ജാതിഘടനയുടെ അതിസങ്കീര്‍ണവും  നിസ്സഹായവുമായ അവസ്ഥയെ നിര്‍ദ്ദയമായി എഴുതുകയാണ് ഈ കഥകള്‍. ''നീ മാളങ്ങളില്‍ നിന്ന് പാമ്പുകളെ പുറത്തെടുക്കുമ്പോ എന്തെരാണ് പറ്റണതെന്നറിയാമോ? അതിനാഗ്രഹം ഇല്ലാത്ത ലോകത്തോട്ടാണ് നീ അതിനെ വിളിക്കണത്. എന്നിട്ട് കണ്ടുനിക്കണ പാമ്പുകള്‍ അല്ലാത്തവര്‍ പാമ്പിനെ നോക്കി പാമ്പ് പാമ്പ് എന്നു വിളിക്കും. പേടി ശരിക്കും  വിളിക്കണവരുടെ ഉള്ളിലാണെങ്കിലും പേടിക്കണത് പാമ്പാണ്. ഞാന്‍ ഈ കോളനീന്ന് പുറത്തു പഠിക്കാന്‍ പോകുമ്പോ എനിക്ക് തോന്നണത് അങ്ങനേണ്. നമ്മടെ കോളനിക്കുളളില്‍ ഇരുട്ടാണെന്നും അതു ഭീകരമാണെന്നും ഒക്കെയാണ് പുറത്തുള്ളവര് വിചാരിക്കണത്. എത്ര വിഷവും ശക്തിയും ഒണ്ടെങ്കിലും പാമ്പിനെ മാളത്തീന്നു പൊറത്തെടുക്കുമ്പോ അതു പെടയണ കണ്ടിട്ടില്ലേ...രാത്രി വരണതും കാത്താണ് അത് പൊത്തില്‍ ഇരിക്കണത്....''

കാമനകളുടെ ഇടങ്ങള്‍
ദളിത് സ്ത്രീകള്‍  ജാതിയുടെയും ലിംഗത്തിന്റെയും പദവിയില്‍ ഏറ്റവും താഴ്ന്ന ശ്രേണിയിലായിരിക്കുമ്പോഴും അവരുടെ ആത്മത്തെ ഇരയുടെ ഘടനയില്‍ തളച്ചിടുന്നില്ല ഈ കഥകള്‍. സ്ത്രീയുടേതായ തൃഷ്ണാലോകങ്ങളെ വാരിപ്പുണരാന്‍ അവര്‍ വെമ്പുക തന്നെയാണ്. പ്രണയകാമനകള്‍ സ്വേച്ഛയുടെയും അതിര്‍ത്തിലംഘനത്തിന്റേയുമാണ്. എല്ലാത്തരം കറുത്ത വേദനകളെയും കീഴായ്മകളെയും ഒറ്റയടിക്കു മായ്ച്ചുകളയുന്ന വിധം മായികമായി അത് ഈ സ്ത്രീകളെ ചൂഴുന്നു. കാമനയുടെ വിഷയമായിത്തീരുന്നതിനേക്കാള്‍ സ്വയം കാമനാകര്‍തൃത്വമായി രൂപപ്പെടുന്ന സ്ത്രീകളെ  ഈ കഥകളില്‍ കാണാം. മീരയുടെ മരിച്ചവളുടെ കല്യാണത്തിലത് പച്ചമാംസം തുളഞ്ഞുകയറുന്നത്ര കൂര്‍ത്തും വേഗമാര്‍ന്നും പ്രവര്‍ത്തിക്കുന്നു. മേല്‍ജാതിക്കാരനും സുന്ദരനുമായ യുവാവിനോടു 'കറുത്തു തടിച്ച് തേറ്റയില്ലാത്ത കാട്ടുപന്നിയെപ്പോലെ രൂപമുളള' ഒരു ഗോത്രവര്‍ഗക്കാരിപ്പെണ്‍കുട്ടിയ്ക്കുണ്ടായ  അഭിനിവേശത്തിന്റെയും തിരസ്‌കാരത്തിന്റെയും കഥയാണത്. അയാള്‍ക്ക് അവളോട് ഒരു സ്ത്രീയോടുള്ള ആകര്‍ഷണം തോന്നിയില്ല. ഒരു വായനക്കാരിയോടുള്ളയോടുള്ള സൗഹൃദവും ഒരു സഹജീവിയോടുള്ള സഹാനുഭൂതിയും മാത്രം. അവളുടെ ആശ മനസ്സിലാക്കിയിട്ടും അവള്‍ക്ക് എത്താത്ത ഉയരത്തിലേക്ക് അയാള്‍ ചില്ലകള്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. വെളുത്തു മെലിഞ്ഞ ശാലീനസുന്ദരിയായ ഭാര്യക്കൊപ്പം അയാള്‍ അവളുടെ മുമ്പാകെ വിലസി.  അവളുടെ ആത്മഹത്യയ്ക്കു ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് കാസര്‍കോട്ടെ വീട്ടിലെത്തിയതായിരുന്നു അയാള്‍. മരണാനന്തരം നടത്തുന്ന വിവാഹത്തില്‍ പങ്കുകൊള്ളാന്‍ ക്ഷണിക്കപ്പെട്ട്. അപ്പോള്‍ അയാള്‍ വികാരവൈവശ്യത്തില്‍പ്പെട്ട് ചടങ്ങു പൂര്‍ത്തിയാകും മുമ്പേ മടങ്ങുന്നു. ''ആശകള്‍ക്ക് കാന്തശക്തിയുണ്ട്. അയാള്‍ പരാജയബോധത്തോടെ വിചാരിച്ചു. അവളുടെ ആശയ്ക്ക് പ്രത്യേകിച്ചും. ഒന്നുകില്‍ കാന്തം ഇങ്ങോട്ട്. അല്ലെങ്കില്‍  ഇരുമ്പുകഷണം അങ്ങോട്ട്. അല്ലായിരുന്നെങ്കില്‍ ഇന്നത്തെ ദിവസം ഇവിടെയിങ്ങനെ അപരിചിതമായ  ദേശത്ത് അപരിചിതര്‍ക്കിടയില്‍ ഈ തണുപ്പിലും ഇരുട്ടിലും വെറുതെ വന്നിരിക്കുന്നതെന്തിന്?...'' സി.അയ്യപ്പന്റെ 'ഭൂതബലി'യിലും 'പ്രേതഭാഷണ'-ത്തിലും ഇതേ മട്ടില്‍ കീഴാളപ്പെണ്ണിനു മേലാളപുരുഷനോടുതോന്നുന്ന ദാഹമോഹങ്ങള്‍ കാണാം. പ്രേതഭാഷണത്തില്‍, മരിച്ചവളുടെ കല്യാണത്തിലെന്നപോലെ തന്നെ മരിച്ച ശേഷവും കുടുകൊള്ളുന്ന തീക്ഷ്ണകാമനകളുടെ സ്ഫുലിംഗങ്ങള്‍ കാണാം. 
 
'പോസ്റ്റ്മാന്റെ മകളി'ല്‍ പെണ്‍കാമനകള്‍ പ്രതിരോധപരമായാണ് നീങ്ങുന്നത്.  കോളനിയിലെ ചെക്കന്മാരെ വേണ്ടെന്നുവെച്ച് മാട്രിമോണിയല്‍ സൈറ്റില്‍ പേരു രജിസ്റ്റര്‍ ചെയ്യാന്‍ നഗരത്തിലെ ആധുനിക സ്റ്റുഡിയോവില്‍ പോയി ഫോട്ടോ എടുത്തു വെയ്ക്കുകയാണ് അഛനും മകളും. അച്ഛന്റെ മരണം തൊട്ടുപിന്നാലെയായിരുന്നു. മായികമായൊരു രാത്രിയില്‍ ചോതിയും രണ്ടു കണ്ണിലും വെവ്വേറെ നിറമുള്ള കണ്ണനും കണ്ടുമുട്ടുന്നു. അപ്പന്റെ അടക്കു കഴിഞ്ഞ് നിലാവുള്ള ആ രാത്രിയില്‍ വെള്ളവും ചെളിയും കുഴഞ്ഞമണ്ണില്‍ അവര്‍ പരസ്പരം ചേര്‍ന്നു. പാമ്പുകളെപ്പോലെ ഇരുട്ടത്തുള്ള വാഴ്‌വില്‍ അഭയംതേടിയ അവള്‍ ഇരുട്ടും വെളിച്ചവും ഒരുപോലെ കാഴ്ച്ചയാക്കിയവനിലേക്ക് സ്വപ്‌നത്തിലെന്നവണ്ണം വന്നടുക്കുകയായിരുന്നു. ഇരുട്ടില്‍ കാഴ്ച്ചയുള്ളവരുടെ വംശത്തിന്റെ പിറവിക്കായ് അവര്‍ ഒന്നുചേരേണ്ടതുണ്ടായിരുന്നു. 

കേരളത്തിന്റെ സമകാലികരാഷ്ട്രീയചരിത്രത്തിലെ കലുഷമായൊരു  സന്ദര്‍ഭത്തിന്റെ പശ്ചാത്തലത്തില്‍ ദളിത് കോളനിവാസിയായ പെണ്‍കുട്ടിയുടെ കഥ പറയുകയാണ് സിതാരയുടെ 'കറുത്തകുപ്പായക്കാരി'. പേരിലെ സൂചന പോലെ ഡി.എച്ച്.ആര്‍.എം. പ്രവര്‍ത്തകര്‍ക്കുനേരെയുള്ള പോലീസ് അത്രിക്രമങ്ങളും അഴിഞ്ഞാട്ടങ്ങളിലും തകരുന്ന കറുത്ത ജീവിതങ്ങള്‍... ഉറങ്ങുന്ന സൂര്യന്റെ നിറമുള്ളവളെന്നു സ്വയം വരയ്ക്കുന്ന പെണ്‍കുട്ടിയുടെ ആത്മാഖ്യാനമാണ് ഈ കഥ. അനുജന്റെ സുഹൃത്തും രാഷ്ട്രീയപ്രവര്‍ത്തകനുമായ രാജീവനുമായുളള  പ്രണയം അവളില്‍ പ്രതിരോധമായും രാഷ്ട്രീയോര്‍ജ്ജമായും വഴിമാറുന്നു.  

കീഴാളസ്ത്രീകാമനയെ സമര്‍ത്ഥമായ കൗശലത്തിലൂടെ വരുതിയിലാക്കി ജാതിവഞ്ചനയും പ്രൊഫഷണല്‍ അധാര്‍മികതയും ഒന്നിച്ചു നടപ്പാക്കുന്ന ഒരു സവര്‍ണപദ്ധതിയാണ്  സന്തോഷ് ഏച്ചിക്കാനത്തിന്റെ 'പന്തിഭോജന'-ത്തില്‍ കാണുന്നത്. ഭക്ഷണത്തിന്റെ ജാതിപരമായ കീഴായ്മയും കോയ്മയും പാരമ്പര്യവും ചരിത്രവും പ്രണയവുമെല്ലാം പരസ്പരം കയറിയുമിറങ്ങിയും നില്ക്കുന്ന രാഷ്ട്രീയത്തിന്റെ ഘടന ഈ കഥയിലുണ്ട്. പബ്‌ളിക് പ്രൊസിക്യൂട്ടറായ രുക്മിണിയെന്ന ദളിത് യുവതിയുടെ പ്രണയവാഞ്ഛകളുടെ ചെലവിലാണ് സവര്‍ണനും കാമുകനുമായ സതീഷ് വര്‍മയുടെ ഒത്താശയിലൂടെ കേസ് അട്ടിമറിക്കുന്നത്. കാപ്പക്കുട്ടിയെന്ന ദളിതന്‍ തന്നെ ജാതിയധിക്ഷേപം നടത്തിയതിനു ഗോപാലമേനോനെതിരെ നല്‍കിയ കേസിനെ ആണിവര്‍ അട്ടിമറിക്കുന്നത്. തന്റെ അകന്ന ബന്ധുകൂടിയായ കാപ്പക്കുട്ടിയെ കയ്യൊഴിയാനും ഗോപാലമേനോനെ രക്ഷിക്കാനും വേണ്ട കരുനീക്കങ്ങളുടെ ഭാഗമായി രുക്മിണിയും അതിലുള്‍പ്പെട്ടുപോകുകയായിരുന്നു. എന്നാല്‍ അവളറിയാത്ത കഥയിലെ പ്രധാനപ്പെട്ട കരുനീക്കം ആരാവശ്യപ്പെട്ടിട്ടാണോ ഇതെല്ലാം ചയ്യുന്നത് ആ വര്‍മ ഒരിക്കലും അവളെ വിവാഹം കഴിക്കാന്‍ പോകുന്നില്ലെന്നുളള വസ്തുതയാണ്. അതിനായി ആസൂത്രണം ചെയ്തുനടത്തുന്ന ഉച്ചഭക്ഷണവേദിയെയാണ് നവോത്ഥാനകാലത്ത് ജാതി അയിത്തങ്ങളെ മറികടക്കാന്‍ സഹോദരന്‍ അയ്യപ്പന്റെ മുന്‍കൈയില്‍ നടന്ന പന്തിഭോജനത്തിന്റെ ചരിത്രസ്മരണയെ പുനരാനയിക്കുന്നത് എന്ന വിരോധാഭാസമാണുള്ളത്! 

എച്മുക്കുട്ടിയുടെ അറപ്പിന്റെ ഏകപക്ഷം എന്ന കഥ പ്രണയത്തിന്റെ ഇരയായ, എം.ബി.ബി.എസ് പാസ്സായ വീട്ടമ്മയുടേതാണ്. കൈകള്‍ നിരന്തരം കഴുകാന്‍ തോന്നുന്ന മനശ്ശല്യത്തിനുള്ള പരിഹാരം തേടി  മനോരോഗവിദ്ഗ്ധയെ തേടി വന്നതാണവര്‍. ധനിക, ഭര്‍ത്താവ് ഡോക്ടര്‍, അതിസുന്ദരി, ഏകമകന്റെ അമ്മ. സംസാരിച്ചുവന്നപ്പോള്‍ അവസാനം ഡോക്ടര്‍ മനസിലാക്കുന്നു, അവര്‍ ആകെ ചെയ്യാനനുവദിക്കപ്പെട്ട ഒരേയൊരു വീട്ടുജോലി കക്കൂസ് കഴുകലാണെന്നും അടുക്കളയില്‍ കയറാറില്ലെന്നും. ഭര്‍ത്താവിന്റെ വിസര്‍ജ്ജനത്തിനുശേഷം ശുചീകരിച്ചുകൊടുക്കേണ്ടതിനെക്കുറിച്ചും അവര്‍ മടിച്ചുമടിച്ചു പറയുന്നു. പ്രണയവിവാഹത്തിന്റെ അടുപ്പമാകുമോന്നു തെറ്റിദ്ധരിച്ച ഡോക്ടറോട് അവര്‍ തന്റെ ജാതിസ്വത്വം വെളിപ്പെടുത്തുന്നു. തോട്ടിസമുദായക്കാരിയാണ് താനെന്ന്. ഡോക്ടര്‍ക്കുപോലും അനുതാപത്തിനു പകരം തന്റെ മേശയിലെ മുഷിഞ്ഞവിരിപ്പുകള്‍ മാറ്റാനും രോഗി കുടിച്ച ചില്ലുഗ്ലാസ് ഇനിയുപയോഗിക്കാന്‍ കഴിയാത്തവിധം നിലത്തിട്ടു തകര്‍ക്കാനുമാണ് തോന്നുന്നത് എന്നിടത്തു വെച്ച് നിസ്സഹായതയിലും നടുക്കത്തിലുമാണ് കഥ അവസാനിക്കുന്നത്. കാമനകള്‍ ബലികൊടുത്ത് സ്വത്വനാശം വിലയ്ക്കുവാങ്ങേണ്ടി വന്നവരുടെ ജീവിതമാണ് പലപ്പോഴും മേല്‍ജാതി പുരുഷനെ വിവാഹം ചെയ്ത കീഴാളസ്ത്രീകളുടേത് എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് കഥ നമ്മെക്കൊണ്ടുചെന്നെത്തിക്കുന്നത്.   
 
ദളിത് സ്ത്രീയുടെ കറുത്ത ശരീരം, എളുപ്പം ലഭ്യമാവുന്ന വിലകുറഞ്ഞ ലൈംഗികശരീരമെന്ന നിലയ്ക്കു നിരന്തരം ആക്രമിക്കപ്പെടുന്ന ഒന്നാണ്. പ്രണയം നടിച്ചുകൊണ്ടും പ്രണയത്തെ നീട്ടിക്കൊണ്ടും വിവാഹപ്രലോഭനം നടത്തിയും ചൂഷണം ചെയ്യപ്പെടുന്ന എത്രയോ അനുഭവങ്ങളാണ് കീഴാളസ്ത്രീയുടെ അനുഭലോകത്തുള്ളത്. സി.അയ്യപ്പന്റെ 'പ്രേതഭാഷണം' ആ വഞ്ചനയുടെ കഥയെ മാന്ത്രികഭാവനയുടെ പരിസരത്തുവെച്ചുകൊണ്ട് പുതുക്കിയെഴുതുകയാണ്. പ്രേതമായി മാറിയ കാമുകി കാമുകന്റെ സഹോദരിയോടു നടത്തുന്ന ഭാഷണം. അവള്‍ ആത്മഹത്യ ചെയതതെങ്ങനെയെന്നും അവളുടെ കാമുകനെ അവന്റെ അപ്പന്‍ തല്ലിക്കൊന്നുപോയതെങ്ങനെയെന്നും അവളുടെ കാലില്‍ ചങ്ങലവീണതെങ്ങനെയെന്നും ഒക്കെ വിസ്തരിച്ചു പറയുകയാണ്. ആത്മാക്കളുടെ ലോകത്തു നിന്നുകൊണ്ട്, സ്വന്തം സ്വത്വത്തിന്റെ പരമയാഥാര്‍ത്ഥ്യങ്ങള വെളിപ്പെടുത്തുകയാണവള്‍. ക്രിസ്ത്യാനിക്കെങ്ങനെയാ മൂപ്പീന്നേ പെലക്കള്ളി പെങ്ങളാവണത് എന്നുള്ള ഉത്തരം പറയേണ്ട ചോദ്യങ്ങള്‍ക്കു മുമ്പില്‍ ദൈവം മിണ്ടാതെ മൗനത്തിലാണ്! 'ദൈവത്തിന്റെ വായില്‍ പഴം' കേറിയിരിക്കുന്ന ആ സന്ദര്‍ഭം ഒരു ഉദ്ധൃതവും വിധ്വംസകവുമായ ഹാസ്യസ്തംഭമാണ്. ജാതികേരളത്തിലെ 'ഏറ്റവും വലിപ്പം കൂടിയ പ്രതിമ'  ഇത്തരം ഉത്തരമില്ലായ്മയുടെ പഴങ്ങള്‍ വായില്‍ തിരുകിയ ദൈവം തന്നെയാണ്.

സാവിത്രീ രാജീവന്റെ സഞ്ചാരിയുടെ താണുപോയ വീട് എന്ന 

സമാഹാരത്തിലെ ദളിതര്‍, മറ്റൊരുവന്റെ കാഷ്ഠം, ആത്മകഥ തുടങ്ങിയ കഥകള്‍ ദളിത് എന്ന അവസ്ഥയെ മധ്യവര്‍ഗവരേണ്യത സമീപിക്കുന്നതിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളും എഴുതുന്നു. രേഖാരാജിന്റെ ഞാറുകള്‍ പോലത്തെ കഥകള്‍ കീഴാളതന്മയുടെ വംശീയമായ ഐക്യപ്പെടലിന്റെ വികാരത്തെ സ്ഫുരിപ്പിക്കുന്നുണ്ട്. അതോടൊപ്പം അധ്വാനത്തിന്റെയും പരലോകസാന്നിധ്യങ്ങളുടയും മാന്ത്രികതകളെ റിയലിസ്റ്റിക്കായി എഴുതുകയും ചെയ്യുന്നു.   

കീഴാളസ്ത്രീപ്രധാനമായ മറ്റു ചില കഥകള്‍

മുമ്പു സൂചിപ്പിച്ച ചന്ദ്രമതിയുടെ അന്താരാഷ്ട്രവനിതാദിനം എന്ന കഥ കീഴാളസ്ത്രീയുടെ പക്ഷത്തുനിന്നും പ്രബലസ്ത്രീവാദത്തിനു നേര്‍ക്കുള്ള വിമര്‍ശനമായി കാണാം. സാറാജോസഫിന്റെ 'വിയര്‍പ്പടയാളങ്ങളു'ം 'വെളുത്ത നിര്‍മിതികളും കറുത്തകണ്ണാടികളും' ഒക്കെ കീഴാളസ്ത്രീയുടെ അതിജീവനത്തിന്റെ സംസ്‌കാരത്തെ വരച്ചിടുന്നു. 'തായ്കുലം', 'ശൂര്‍പ്പണഖ' പോലുള്ള കഥകള്‍ കീഴാളസ്ത്രീപക്ഷത്തുനിന്നുകൊണ്ടുള്ള ഇതിഹാസവിമര്‍ശനങ്ങളായി കാണാം. ബ്രഹദാഖ്യാനങ്ങള്‍ക്കുമേല്‍ സൃഷ്ടിച്ചെടുക്കുന്ന പ്രാദേശികവും അരികുനിര്‍മിതവുമായ പ്രതിരോധങ്ങളായവയെ വായിച്ചെടുക്കാം.

തൊട്ടപ്പനിലും ഭ്രൂണത്തിലുമെല്ലാം കീഴാളതയിലെ പെണ്‍ജീവിതങ്ങളുടെ പിടച്ചിലും അതിജീവനവുമൊക്കെ കാണാം. എങ്കിലും നിശിതമായ അര്‍ത്ഥത്തില്‍ അവയുടെ സ്വത്വഘടന കീഴാളജാതിയുടേതല്ല എന്നും പറയേണ്ടതുണ്ട് എന്നതിനാല്‍ ആ വര്‍ഗീകരണത്തിനകത്തു പെടുന്നില്ല. എങ്കിലും ഒരു അന്തരീക്ഷമെന്ന നിലയിലും ജീവിതചര്യകളെന്ന നിലയിലും ഈ കഥകളില്‍ കീഴാളത നിറഞ്ഞു നില്‍ക്കുന്നുണ്ട്. നിഷ്‌കാസിതമായ, വിഭവദാരിദ്ര്യമുള്ള, ചൂഷണത്തിനും വിവേചനത്തിനും വിധേയമായ പെണ്‍ജീവിതത്തിന്റെ അടയാളങ്ങള്‍ എന്ന നിലയ്ക്ക് അവയെ വിശാലവും സാമാന്യവുമായ അര്‍ത്ഥത്തില്‍ കീഴാളപദവിയിലേക്ക് ചേര്‍ത്തുനിര്‍ത്താവുന്നവയാണ്. കീഴാളരല്ലാത്തവര്‍ കീഴാളതയെ ആഖ്യാനം ചെയ്യുന്നതിലെ പ്രശ്‌നം പ്രതിനിധാനത്തിന്റെ സങ്കീര്‍ണതകളെയാണ് വെളിപ്പെടുത്തുന്നത്.  കീഴാളകര്‍തൃത്വത്തിന് ആഖ്യാനത്തിന്റെ ആധികാരികതയുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോള്‍ പ്രാധാന്യമുണ്ട്. കീഴാളര്‍ എഴുതുന്നു, പറയുന്നു എന്ന സംഗതി പ്രധാനമാകുന്നത് അതുകൊണ്ടാണ്. സവര്‍ണമാത്രമായിരുന്ന എഴുത്തധികാരത്തിന്റെ സാംസ്‌കാരികമൂലധനത്തില്‍ അവകാശപ്പെട്ട പങ്കു കൈപ്പറ്റുകയാണ് കീഴാള എഴുത്തുകാര്‍. കീഴാളധാര്‍മികതയുടെ രാഷ്ട്രീയത്തെ ഉന്നയിക്കുന്ന ഏതൊരു രചനയെയും കീഴാളമെന്ന വിശേഷണം അര്‍ഹിക്കുമെങ്കിലും കൂടുതല്‍ വിശാലവും സൂക്ഷ്മവുമായി ഈ പ്രശ്‌നത്തെ നാം മനസ്സിലാക്കേണ്ടതുണ്ട്.


കുറിപ്പുകള്‍
1. ഒ.ബി.സി, മുസ്ലിം വിഭാഗങ്ങളെ കൂടി ചേര്‍ത്തുകൊണ്ട് ബഹുജനപഠനകേന്ദ്രം എന്ന നിലയ്ക്ക് അതിനെ സങ്കല്പിക്കേണ്ടതുണ്ടെന്നാണ് ഡോ.എം.ബി.മനോജിനെയും ഡോ.ഉമര്‍ തറമേലിനെയും പോലെയുള്ളവര്‍ പറഞ്ഞത്. എന്നാല്‍ മായാവതിയും മറ്റും മുന്നോട്ടുവെച്ച ബഹുജന്‍ രാഷ്ട്രീയകക്ഷിയുടെ പേരിനെ അത്  അനുസ്മരിപ്പിക്കുമെന്നതിനാല്‍  ആശാസ്യമല്ല എന്ന വാദമാണ് കെ.കെ.കൊച്ചും മറ്റും പറഞ്ഞത്. അതേത്തുടര്‍ന്ന പുതുസമൂഹപഠനകേന്ദ്രം എന്ന നാമത്തെ ഡോ.പി.പവിത്രന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്നു നടന്ന സംവാദത്തില്‍ നവസമൂഹപഠനകേന്ദ്രം എന്ന പേരാണ് ഉറപ്പിക്കപ്പെട്ടത്. ഡോ.ദിലീപ് രാജും സണ്ണി കപിക്കാടുമാണ് ആ വാക്കു നിര്‍ദ്ദേശിച്ചത്.

അവലംബം:

1. വായനശാലാവിപ്ലവം, യമ, ഡി.സി. ബുക്‌സ്, കോട്ടയം, 2018
2. കെ.ആര്‍.മീരയുടെ കഥകള്‍, കെ.ആര്‍. മീര, കറന്റ് ബുക്‌സ്, തൃശ്ശൂര്‍, 2010
3. സാറാജോസഫിന്റെ സമ്പൂര്‍ണകഥകള്‍, സാറാജോസഫ്, കറന്റ് ബുക്‌സ്, തൃശ്ശൂര്‍, 2010
4. ഞാറുകള്‍, എ.ആര്‍. രേണുകുമാര്‍ (എഡി.) , നാഷനല്‍ ബുക്ക് സ്റ്റാള്‍, കോട്ടയം, 2014
5. കറുത്ത കുപ്പായക്കാരി, സിതാര.എസ്. ഡി.സി.ബുക്‌സ്, കോട്ടയം, 2010
6. വഴുക്കല്‍, എം.ആര്‍.രേണുകുമാര്‍(എഡി.) ഡി.സി.ബുക്‌സ്, 2015


   ( കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 2021 ജനുവരിയിൽ പ്രസിദ്ധീകരിച്ച കഥയുടെ പുതുനൂറ്റാണ്ട് - സമകാലചെറുകഥയുടെ വർത്തമാനം- സമ്പാദനം, പഠനം-ഡോ.ഉണ്ണി ആമപ്പാറയ്ക്കൽ എന്ന കൃതിയിൽ ഉൾപ്പെട്ട ലേഖനം)