Tuesday, September 9, 2014

ഒരു മുഴുക്കണ്ണാടിയിലേക്കുള്ള ശ്രമങ്ങള്‍



ത്മകഥനങ്ങളുടെ പെരുമഴക്കാലമാണിത്‌. ആത്മകഥകളും ഓര്‍മക്കുറിപ്പുകളും ജീവിതകഥകളും ഡയറികളും കത്തുകളും അഭിമുഖങ്ങളും ആനുകാലികങ്ങളില്‍ നിറഞ്ഞിരിക്കുന്നു. പത്രങ്ങളും ടി.വി.യും ഇന്റര്‍നെറ്റും ബ്ലോഗുകളുള്‍പ്പെടെ പലതരം മാധ്യമങ്ങള്‍ ആത്മാവതരണങ്ങള്‍ക്ക്‌ അവസരമൊരുക്കുന്നു. തുറന്നുപറച്ചില്‍ ഇന്ന്‌ എല്ലാവരും ആസ്വദിക്കുന്നു. സമകാലികസമൂഹത്തിലെ പല വൈരുദ്ധ്യങ്ങളെയും രഹസ്യങ്ങളെയും വിവാദങ്ങളെയും ആത്മകഥകള്‍ പുറത്തുകൊണ്ടുവരുന്നു എന്നതും ഈ ബഹുലതയ്‌ക്ക്‌ ഒരു കാരണമാകാം. മറ്റുള്ളവരുടെ സ്വകാര്യതയ്‌ക്കു നേരെയുള്ള ആര്‍ത്തി പൂണ്ട ദൃഷ്ടികളായും അവയുടെ സ്വീകാര്യതയെ മനസ്സിലാക്കാം. ആത്മകഥാവായന അപരജീവിതങ്ങളെക്കുറിച്ചുള്ള അന്യവല്‍ക്കരണത്തിനും ഒപ്പം തുറന്ന സ്വീകാര്യതയ്‌ക്കും ഒരേ പോലെ ഇടം നല്‍കുന്നു. അതുകൊണ്ടുതന്നെ സമൂഹത്തിലെ മേല്‍/കീഴ്‌ ബന്ധങ്ങള്‍ക്കകത്ത്‌ അവ എങ്ങനെ പെരുമാറുന്നുവെന്നത്‌ പ്രധാനമാണ്‌. സംഘടിതമാസികയുടെ ഈ ലക്കം സ്‌ത്രീകളുടെ ആത്മാഖ്യാനങ്ങളെ മുന്‍നിര്‍ത്തിയുള്ളതാണ്‌. ആത്മകഥനങ്ങളുടെ വ്യത്യസ്‌ത രചനാരൂപങ്ങളെ ആത്മകഥ, ഡയറി, കത്തുകള്‍, സ്‌മരണകള്‍, വ്യക്തിചിത്രണങ്ങള്‍, അഭിമുഖങ്ങള്‍ എല്ലാം ചേര്‍ത്ത്‌ ആത്മാഖ്യാനങ്ങളെന്ന്‌ വിളിക്കാം. ഒരു സംഘം ലേഖകര്‍ തങ്ങളുടെ പഠനങ്ങളിലൂടെ സ്‌ത്രീ ആത്മാഖ്യാനങ്ങളുടെ സാമൂഹ്യ-രാഷ്ട്രീയവിവക്ഷകളെ കണ്ടെത്തുന്നു. നിശിതമായ അര്‍ഥത്തില്‍ ഇവയെല്ലാം സ്‌ത്രീപക്ഷപഠനങ്ങള്‍ ആയിക്കൊള്ളണമെന്നില്ല. എങ്കിലും അദൃശ്യവല്‍ക്കരിക്കപ്പെട്ടു കിടക്കുന്ന സ്‌ത്രീയുടെ ജീവിതം വെളിപ്പെടുത്തുക എന്ന പൊതു ലക്ഷ്യം ഇവ സാധൂകരിക്കുന്നു. സ്‌ത്രീചരിത്രത്തെ വീണ്ടെടുക്കുന്നതിലൂടെ ഔദ്യോഗിക ചരിത്രനിര്‍മ്മിതിയുടെ മറുപുറങ്ങളെക്കൂടി വെളിവാക്കുന്നു. അതിലുപരി ആത്മകഥാകാരികളുടെ എഴുത്തുകാരിസ്വത്വത്തെക്കുറിച്ചും സാമൂഹികമായ നിബന്ധനകളും അധികാരത്തിന്റെ ബലതന്ത്രങ്ങളും അതിനെ മെരുക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ചുമുള്ള കണിശമായ ആലോചനകളും ഇവിടെ കാണാം. ആത്മകഥയെന്ന പോലെ അവയെക്കുറിച്ചുള്ള പഠനങ്ങളും പ്രതിരോധമാകുന്നത്‌ ഇങ്ങനെയാണ്‌.

കൊളോണിയല്‍ ആധുനികതയുടെ ഭാഗമായി വികസിച്ചുവന്ന പുതിയ സ്വത്വബോധത്തിന്റെ പശ്ചാത്തലത്തിലാണ്‌ ആത്മകഥകള്‍ ഒരു പുതിയ സാഹിത്യരൂപമെന്ന നിലയില്‍ നമ്മുടെ നാട്ടില്‍ എഴുതപ്പെടുന്നത്‌. ആത്മകഥ എന്ന 'ഭദ്രമായ' രചനാരൂപം ഏറെക്കുറെ പുരുഷകേന്ദ്രീകൃതമാണെന്ന്‌ പറയാവുന്ന മട്ടിലാണ്‌ മറ്റു ഭാഷകളിലെന്ന പോലെ മലയാളത്തിലെയും അവസ്ഥ. ജീവിതപ്പാത(ചെറുകാട്‌), ജീവിതസമരം(സി കേശവന്‍), കൊഴിഞ്ഞ ഇലകള്‍(മുണ്ടശ്ശേരി), എന്റെ ജീവിതം(കെ പി കേശവമേനോന്‍), അരങ്ങുകാണാത്ത നടന്‍(തിക്കോടിയന്‍), ഞാന്‍(എന്‍എന്‍ പിള്ള) തുടങ്ങി നിരവധി പുരുഷ രചനകളെ അപേക്ഷിച്ച്‌ സ്‌ത്രീകളുടെ ആത്മകഥകള്‍ വേറിട്ടു നില്‍ക്കുന്നതെങ്ങിനെ എന്ന അന്വേഷണത്തിലൂടെ ഇതു വ്യക്തമാകും.

സ്‌ത്രീകളുടെ ആത്മാഖ്യാനങ്ങള്‍ പൊതുവെ എണ്ണത്തില്‍ കുറവുതന്നെ. എന്നാല്‍ സ്‌ത്രീകളില്‍ പലരും ഒന്നിലധികം ആത്മകഥകള്‍ എഴുതുന്നു. മേയോ ആഞ്‌ജലോയും തസ്ലീമ നസ്‌റിനെയും പോലെ മാധവിക്കുട്ടിയും ദേവകി നിലയങ്ങോടും പല രചനകളിലൂടെ ഓര്‍മകളും ജീവിതാനുഭവങ്ങളും എഴുതുന്നു. പുരുഷന്മാരുടെ ആത്മകഥാരംഗത്ത്‌ പി. യുടെ ഒന്നിലധികം രചനകള്‍ ഒരു അപവാദമായി കാണാം. പുരുഷരചനയില്‍ നിന്ന്‌ സ്‌്‌ത്രീരചനയിലുള്ള മറ്റൊരു വ്യത്യാസം കാലഗണനയിലാണ്‌. ജീവിതകഥയെ പുരുഷരചനകളില്‍ ആദിമധ്യാന്തപൊരുത്തമുള്ള, നിശ്ചിതമായ അടുക്കും പുരോഗതിയുമുള്ള ആഖ്യാനമായി നിലനിര്‍ത്തുന്നു. ഇവിടെ രചനാകര്‍തൃത്വത്തെ സംബന്ധിച്ച പദിവിബോധം, നായകത്വം സുപ്രതിഷ്‌ഠിതവും സുനിശ്ചിതവുമാണ്‌. തീരെ സന്ദിഗ്‌ധമല്ല. ഇതില്‍ അവര്‍ക്ക്‌ സ്വാഭാവികമായി ലഭിക്കുന്ന നായകത്വമെന്നത്‌ പുരുഷ എഴുത്തുകാരന്‍, രചനയുടെ നിയന്താവ്‌, സാമൂഹ്യചരിത്രപ്രക്രിയകളിലെ നിര്‍ണ്ണായകപങ്കാളി എന്നീ അധികാരനിലകളില്‍ കൂടിയും പൂര്‍ത്തീകരിക്കപ്പെടുന്നതാണ്‌. പലപ്പോഴും ഈ ആത്മകഥകള്‍ രചിക്കപ്പെടുന്നത്‌ ഒരു പരിണതഘട്ടത്തില്‍, പലപ്പോഴും വാര്‍ധക്യത്തിലാണ്‌. എന്നാല്‍ സ്‌ത്രീകളുടെ രചനകളിലധികവും മധ്യവയസ്സിലോ അതിനു മുമ്പോ നടക്കുന്നു. ഒന്നിലധികം ആത്മകഥകള്‍ എഴുതേണ്ടി വരുന്നതിന്റെ ഒരു കാരണം ഇതാണ്‌. പലപ്പോഴും സ്‌ത്രീജീവിതാഖ്യാനങ്ങള്‍ ശകലിതമായ തോതിലാണ്‌ ആവിഷ്‌കരിക്കപ്പെടുന്നത്‌. നിശ്ചിതമായ ചെറിയ കാലയളവിലെ ജീവിതത്തിന്റെ ഗതിവിഗതികളാണിവിടെ രചനയ്‌ക്ക്‌ വിഷയീഭവിക്കുന്നത്‌. മലയാളത്തിലെ സുപ്രധാനമായ ആത്മകഥകളിലൊന്നായ ഓര്‍മക്കുറിപ്പുകളില്‍(കെ.അജിത) തീവ്രവിപ്ലവപ്രസ്ഥാനത്തിലെ നിര്‍ണായകഘട്ടങ്ങള്‍ മാത്രമാണ്‌ വിഷയമാക്കുന്നത്‌. ബാല്യകാലസ്‌മരണകള്‍, വര്‍ഷങ്ങള്‍ക്കു മുമ്പ്‌, എന്റെ കഥ ഇവ വ്യത്യസ്‌തകാലയളവിലെ വ്യത്യസ്‌ത അനുഭവസീമകളെ എഴുതുന്നു. ജാനുവിന്റെ ആത്മാഖ്യാനത്തിലും രാഷ്ട്രീയപ്രവേശനാരംഭത്തിലെ ഒരു നിശ്ചിതഘട്ടമാണുള്ളത്‌. സിസ്റ്റര്‍ ജസ്‌മിയുടെ ആമേന്‍ കന്യാസ്‌ത്രീമഠത്തിനു പുറത്തേയ്‌ക്കു കടക്കുന്നതുവരെയുള്ള സംഭവങ്ങളെയാണ്‌ വിവരിക്കുന്നത്‌. ഗൗരിയമ്മയുടെ ആത്മകഥ പോലെ ചില കൃതികള്‍ ഇതിനപവാദമാണ്‌. ഗൗരിയമ്മ തന്റെ കൃതിയില്‍ ബാല്യം മുതല്‍ക്കുള്ള നീണ്ട ഘട്ടത്തെ നൈരന്തര്യത്തോടെ അവതരിപ്പിക്കുന്നു.

പുരുഷആത്മകഥകള്‍ അനിവാര്യമായും വ്യക്തി/സ്വത്വകേന്ദ്രീകൃതമാണ്‌. എന്നാല്‍ ആത്മനിഷ്‌ഠമായിരിക്കുമ്പോള്‍ തന്നെ സ്‌ത്രീകള്‍ സ്വന്തം കഥകളിലെ നായികാപദവിയെ പൂര്‍ണമായും ഏറ്റെടുക്കാതെ വിട്ടുനില്‍ക്കുന്നു. സന്ദിഗ്‌ധമായ ഒരു കര്‍തൃപദവിയിലാണവര്‍ സ്വയം സ്ഥാനപ്പെടുത്തുന്നത്‌. സ്‌ത്രീകള്‍ തങ്ങളുടെ ആത്മാഖ്യാനങ്ങള്‍ക്കു നല്‍കുന്ന പേരുകളെപ്പോലും ഇത്‌ സ്വാധീനിക്കുന്നു. പലരും എളിമയോടെ സ്‌മൃതികഥയെന്നോ സ്‌മരണകളെന്നോ പറയുന്നു. ഉദാ: വ്യാഴവട്ടസ്‌മരണകള്‍. ഇതിനെക്കുറിച്ച്‌ സാംസ്‌കാരികപണ്ഡിതനായ പാര്‍ഥാചാറ്റര്‍ജി പറയുന്നത്‌ അത്‌ പേരിന്റെ പ്രശ്‌നമല്ല, മറിച്ച്‌ ആഖ്യാനരൂപത്തിലും ഭാവത്തിലുമുള്ള വ്യത്യാസത്തെയാണ്‌ സൂചിപ്പിക്കുന്നതെന്നാണ്‌. (ഉദയകുമാര്‍-ആത്മകഥകള്‍ ചരിത്രമെഴുതുമ്പോള്‍). മാതൃകാപരവും സംഭവബഹുലവും മഹത്തുമായ ജീവിതകഥനങ്ങളായി തങ്ങളുടെ ('എളിയ') രചനാരൂപങ്ങലെ തിരിച്ചറിയാനാവുമോ എന്ന സംശയം ഇവിടെയുണ്ട്‌. മാഹാത്മ്യം, മാതൃക, സംഭവം എന്നിവയുടെ അളവുകോലുകള്‍ പുരുഷമൂല്യങ്ങള്‍ക്കകത്താണ്‌ നിര്‍വചിക്കപ്പെടുന്നത്‌ എന്നതിനാല്‍ സ്‌ത്രീജീവിതത്തിന്റെ ആധികാരികതയിലൂന്നിയ പുതുക്കപ്പെട്ട അളവുകള്‍ സമര്‍ഥിച്ചെടുക്കുക എന്ന വെല്ലുവിളിയാണവര്‍ നേരിടുന്നത്‌. ലബ്ധപ്രതിഷ്‌ഠയായ ലളിതാംബിക അന്തര്‍ജ്ജനം പോലും തന്റെ രചനയെ ആത്മകഥയ്‌ക്കൊരാമുഖം എന്നാണ്‌ വിളിക്കുന്നത്‌.

രണ്ടാം തലമുറ സ്‌ത്രീആത്മകഥകളുടെ മറ്റൊരു പ്രത്യേകത പലരും തങ്ങളുടെ ഭര്‍ത്താവിന്റെയോ കുടുംബങ്ങളുടെയോ പേരുകള്‍ ഗ്രന്ഥനാമത്തില്‍ത്തന്നെ ഉള്‍ച്ചേര്‍ക്കുന്നു എന്നതാണ്‌. ആധുനികവല്‍ക്കരണത്തിലൂന്നിയ ആണ്‍/പെണ്‍ സ്വത്വരൂപീകരണങ്ങളുടെ ചരിത്രപ്രക്രിയയായി ഇവയെ മനസ്സിലാക്കാം. പതിവ്രതയും ഭര്‍തൃ/മക്കള്‍ സ്‌നേഹത്തില്‍ മുഴുകിയവളുമായ ഉത്തമവനിത അങ്ങനെ നിര്‍മ്മിക്കപ്പെടുന്നതാണ്‌. വ്യാഴവട്ടസ്‌മരണകളിലെ കല്യാണിയമ്മ സ്വയം കല്‍പ്പിക്കുന്ന ആഖ്യാനസ്വത്വം വിപ്ലവകാരിയായ ഭര്‍ത്താവിനൊപ്പം ത്യാഗമയമായ ജീവിതം നയിച്ച ഭാര്യയുടേതാണ്‌. ഇവനെന്റെ പ്രിയ സി.ജെ.(റോസി തോമസ്‌), ചേട്ടന്റെ നിഴലില്‍(ലീലാദാമോദരമേനോന്‍), തിരുമുമ്പിനൊപ്പം(കാര്‍ത്യായനിക്കുട്ടിയമ്മ), പത്‌്‌്‌്‌മരാജന്‍ എന്റെ ഗന്ധര്‍വന്‍(രാധാലക്ഷ്‌മി), എന്റെ ദേവ്‌(സീതാലക്ഷ്‌മി ദേവ്‌) തുടങ്ങിയ കൃതികളോര്‍ക്കുക. എന്നാല്‍ പുരുഷ ആത്മകഥകളിലെ സ്‌ത്രീയുടെ അടയാളങ്ങള്‍ തികച്ചും വിരളവും വ്യത്യസ്‌തവുമാണെന്നു കാണാം. എന്റെ മിനി എന്ന ടി.എന്‍.ഗോപിനാഥന്‍നായരുടെ ആത്മകഥയൊഴിച്ചാല്‍ സ്‌ത്രീനാമസൂചനയുളള പുരുഷ ആത്മകഥകള്‍ മലയാളത്തിലില്ല.

ആധുനികീകരണത്തിന്റെയും സ്‌ത്രീസ്വത്വപദവിയുടെയും പുരോഗതിയില്‍ വിവിധ സേവന/കര്‍മമണ്ഡലങ്ങളിലെ സ്‌ത്രീ കൂടുതലായി തെളിയിക്കപ്പെടുന്നു. സ്വന്തം പ്രവര്‍ത്തിമേഖലയിലെ അപൂര്‍വമായ തങ്ങളുടെ കാല്‍വെപ്പുകള്‍, സാമൂഹികപ്രക്രിയകളിലെ പങ്കാളിത്തം, അതില്‍ നേരുടന്ന വെല്ലുവിളികള്‍ എന്നിവയെക്കുറിച്ചുള്ള പൊതുബോധം സ്‌ത്രീകളില്‍ ആര്‍ജവത്തോടെ സ്വയം പ്രകാശിപ്പിക്കാനുളള പ്രേരണയാവുന്നു. സ്വരഭേദങ്ങള്‍(ഭാഗ്യലക്ഷ്‌മി), പോസ്‌റ്റ്‌മാര്‍ട്ടം ടേബിള്‍(ഷെര്‍ലി വാസു), മാതൃകം(ഖദീജാ മുംതാസ്‌), ജീവദായനി(ലീലാകുമാരിഅമ്മ), ഷക്കീലയുടെ ആത്മകഥ മുതലായവ ഇവിടെ ഓര്‍ക്കാം. തൊഴിലിനെ ഒരു വിഷയമെന്ന നിലയില്‍ പുരുഷസ്‌ത്രീആഖ്യാനങ്ങള്‍ പരിചരിക്കുന്ന രീതിയിലുള്ള വ്യത്യാസം കൂടി ഇവിടെ എടുത്തു പറേണ്ടതുണ്ട്‌. പാചകം തന്നെ എടുക്കുക. പുരുഷ ആഖ്യാനങ്ങളില്‍ അതൊരു തൊഴിലും സാങ്കേതികവിദ്യയുമായി എഴുതപ്പെടുന്നു. എന്നാല്‍ ഉമ്മി അബ്ദുല്ലയുടെയും(കെ പി റഷീദ്‌ നടത്തുന്ന അഭിമുഖം, പച്ചക്കുതിര, 2011 മെയ്‌) മേരിക്കുട്ടി(അടുക്കളയില്‍ നിന്ന്‌ കിച്ചണിലേയ്‌ക്ക്‌(എന്‍ബിഎസ്‌, 2013)യുടെയും മറ്റനേകം സ്‌ത്രീകളുടെയും അനുഭവങ്ങളില്‍ സംസ്‌കാരത്തിനകത്ത്‌ വ്യക്തിയും സ്വത്വവും മെരുക്കപ്പെടുന്നതിന്റെ സൂചനകളോടെയാണ്‌ പാചകം പരിചരിക്കപ്പെടുന്നത്‌. മലബാറിലെ മുസ്ലിംസ്‌ത്രീജീവിതത്തിന്റെ പദവിപരവും സാംസ്‌കാരികവുമായ മുല്യങ്ങള്‍ക്കകത്താണ്‌ ഉമ്മിയുടെ വാക്കുകള്‍ മനസ്സിലാക്കപ്പെടേണ്ടത്‌. കിഴക്കന്‍ ക്രിസ്‌ത്യാനി സ്‌ത്രീകളുടെ അതിജീവനപരമായ ദൈനംദിനജീവിതവും ഒരു 'ഫോക്‌' എന്ന നിലയിലുള്ള അവരുടെ ജീവിതപരിതോവസ്ഥകളും (ഹാബിറ്റാറ്റ്‌) മേരിക്കുട്ടിയുടെ പാചകസ്‌മരണകളില്‍ ഉണ്ട്‌. പുരുഷാഖ്യാനങ്ങളെയപേക്ഷിച്ച്‌ സാര്‍വകാലികവും സമഗ്രവുമായ കാഴ്‌ചപ്പാടുകള്‍ക്കു പകരം ദൈനംദിനപരമായ പ്രശ്‌നങ്ങളും പ്രതിസന്ധികളും സ്‌ത്രീ ആഖ്യാനങ്ങളില്‍ കടന്നുവരുന്നു.

ഇപ്രകാരം നോക്കുമ്പോള്‍ നിശ്ചിതമായ അര്‍ഥമൂല്യങ്ങള്‍ക്കകത്തെ ഒരു സാഹിത്യരൂപം എന്ന നിലയില്‍ ആത്മകഥ പുരുഷകേന്ദ്രീകൃതവും പുരുഷനിഷ്‌ഠവുമാണ്‌. സ്‌ത്രീജീവിതാഖ്യാനങ്ങളെ ആത്മകഥാപദവിയില്‍ നിന്ന്‌ വ്യത്യസ്‌തമായി വേറെത്തന്നെയുള്ള ഒരു രചനാരൂപമായി, ഗണമായി കാണേണ്ടതുണ്ട്‌. ആത്മകഥാപ്രസ്ഥാനത്തിലെ ഒരു അവാന്തരവിഭാഗമോ അനുബന്ധഗണമോ ആയല്ല, മറിച്ച്‌ അനന്യമായ വ്യത്യസ്‌തമായ ഒരു സാഹിത്യരൂപം തന്നെയായാണ്‌ അത്‌ പരിഗണിക്കപ്പെടേണ്ടത്‌. സ്വപ്രാമാണികതയിലൂന്നിയ, സ്വന്തം നിയമങ്ങളും രീതിശാസ്‌ത്രങ്ങളുമുള്ള, സ്വയംഭരണാധിഷ്‌ഠിതമായ, ആധികാരികതയുള്ള സാഹിത്യമണ്ഡലമായിത്തന്നെ ഈ സ്‌ത്രൈണാവിഷ്‌കാരങ്ങളെ തിരിച്ചറിയേണ്ടതുണ്ട്‌.

കേരളത്തിലെ സാമൂഹികമണ്ഡലത്തെ സാരമായി പൊളിച്ചെഴുതാന്‍ പ്രാപ്‌തമായ, വിവാദങ്ങള്‍ക്കിടയായ, ചില പ്രധാന ആത്മാഖ്യാനങ്ങള്‍ ഈ ലക്കത്തിലെ അസാന്നിധ്യം കൊണ്ട്‌ ശ്രദ്ധിക്കപ്പെടുന്നുണ്ട്‌. അവയിലൊന്ന്‌ നളിനി ജമീലയുടെ ഞാന്‍ ലൈംഗികത്തൊഴിലാളി ആണ്‌. ലൈംഗികത എന്നത്‌ ഒരു തൊഴിലാണോ? എന്തുകൊണ്ട്‌ എഴുത്തുകാരിയുടെ ലൈംഗികസദാചാരം ചോദ്യം ചെയ്യപ്പെടുന്നു. ലൈംഗികത്തൊഴിലാളിയുടെ ശരീരം ആരുടേതാണ്‌? എന്തുകൊണ്ട്‌ ലൈംഗികത്തൊഴിലാളിയുടെ സ്വത്വപരമായ ആര്‍ജ്ജവം യാഥാസ്ഥിതികഫെമിനിസം സ്വീകരിക്കുന്നതെങ്ങനെ ? കേട്ടെഴുത്തുകാരനായ ഐ.ഗോപിനാഥിന്റെ മുന്‍കയ്യിലുള്ള തന്റെ ആത്മകഥയുടെ ആദ്യഭാഷ്യം നളിനിജമീല തിരസ്‌ക്കരിക്കുന്നതിന്റെ പ്രത്യയശാസ്‌ത്രമെന്ത്‌ ? തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്കകത്താണ്‌ ഈ കൃതി നിലനില്‍ക്കുന്നത്‌. നളിനിജമീലയുടെയും മാധവിക്കുട്ടിയുടെയും ആത്മകഥകളെ മുന്‍നിര്‍ത്തി ജെ ദേവിക നടത്തുന്ന വിശകലനം(ഭാര്യ,വേശ്യ,പരിഷ്‌കര്‍ത്താവ്‌- മാധവിക്കുട്ടിയുടെയും നളിനിജമീലയുടെയും ആത്മകഥകളെപ്പറ്റി, പച്ചക്കുതിര, ജൂണ്‍ 2006), അവരുടെ കൃതിയെക്കുറിച്ച്‌ കൂടുതല്‍ ഉള്‍ക്കാഴ്‌ച നല്‍കുന്നുണ്ട്‌. നിയോലിബറല്‍ അനുകൂലികളുടെ ഉപകരണവും ഇരയുമായി ഒരു വശത്തും വിമോചനാത്മകമായ വ്യക്തികര്‍തൃത്വമായി മറുവശത്തും പ്രതിഷ്‌ഠിക്കപ്പെടുന്ന നളിനിജമീലയ്‌ക്കുള്ളിലെ ദരിദ്രയായ തൊഴിലാളി സ്‌ത്രീസ്വത്വത്തെ വിമര്‍ശകര്‍ പരിഗണിക്കുന്നില്ല എന്നീ പഠനം ആരോപിക്കുന്നു.`വേശ്യയെക്കുറിച്ചുള്ള വാര്‍പ്പു മാതൃക മറികടന്ന്‌ ലൈംഗികത്തൊഴിലിന്റെ അസഹ്യമായ സാഹചര്യങ്ങളെക്കുറിച്ച്‌ ജമീല പറയുന്നത്‌ ഉള്‍ക്കൊള്ളാനോ മകള്‍ അതിലേയ്‌ക്ക്‌ വരുന്നതില്‍ നിന്ന്‌ നിരുത്സാഹപ്പെടുത്തുന്നത്‌ മനസ്സിലാക്കാനോ ഇത്തരം വിമര്‍ശകര്‍ക്ക്‌ സാധിക്കുന്നില്ല.
........................................................................
..........................................................................
സമകാലികവിവാദങ്ങള്‍ തമസ്‌കരിച്ചമറ്റൊരു കാര്യം ലൈംഗികത്തൊഴിലിന്‌ മലയാളിസമൂഹത്തില്‍ ചരിത്രപരമായി വന്ന പരിവര്‍ത്തനങ്ങളെയും കുറിച്ച്‌ ജമീല നല്‍കുന്ന ഉള്‍ക്കാഴ്‌ച നിറഞ്ഞ വിവരണങ്ങളാണ്‌. തള്ളി മാറ്റപ്പെടുന്നവര്‍ക്ക്‌ ആത്മസമര്‍ത്ഥനം സാധ്യമേയല്ലെന്ന്‌ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ എല്ലാ ഭാഗത്തുനിന്നുമുണ്ടായി'' (ദേവിക).
മലയാളി ഹിജഡയുടെ ആത്മകഥയും ലിംഗമാറ്റശസ്‌ത്രക്രിയയിലൂടെ പരമേശ്വരനെന്ന നന്ദുകൃഷ്‌ണയുടെ ആത്മചിത്രണവും (പച്ചക്കുതിര ജനുവരി 2011) ലെസ്‌ബിയന്‍ അനുഭവങ്ങളുടെ ആഖ്യാനമാവുന്ന ഒട്ടേറ രചനകളും മലയാളിയുടെ ലിംഗബോധത്തിലെ കോയ്‌മകളെ അടിമുടി അഴിച്ചുപണിയാന്‍ പ്രാപ്‌തമായവയാണ്‌. അത്തരം ആത്മാഖ്യാനങ്ങളെക്കുറിച്ചുള്ള പഠനങ്ങളില്ലാത്തത്‌ ഈ ലക്കത്തെസംബന്ധിച്ചിടത്തോളം ഒരു കുറവുതന്നെയാണ്‌.

വിനയയുടെ എന്റെ കഥ അഥവാ ഒരു മലയാളിയുവതിയുടെ ജീവിതയാത്ര പ്രത്യേകപരാമര്‍ശം അര്‍ഹിക്കുന്ന കൃതിയാണ്‌. പോലിസ്‌ രംഗത്തെ ആണ്‍കോയ്‌മ ഭരണകൂട അധികാരമായി സ്‌ത്രീശരീരത്തെ നിയന്ത്രിക്കുകയും മെരുക്കുകയും ചെയ്യുന്നതിനെതിരെ അവര്‍ ശക്തമായ നിലപാടുകള്‍ മുന്നോട്ടു വെക്കുന്നു. സ്‌ത്രീത്വത്തിന്റെ പരമ്പരാഗതമായ റോളുകളെ ശാരീരികപ്രത്യക്ഷങ്ങളിലൂടെ-മുടി-വസ്‌ത്രം -യൂണിഫോം സാരികളിലൂടെ-ഊട്ടിയുറപ്പിക്കുന്നതിനെതിരെ അവര്‍ തുറന്ന പോരാട്ടത്തിലേര്‍പ്പെടുന്നു.

കേരളത്തിലെ ഭൂമി,ജാതി, വിഭവാധികാരങ്ങള്‍ക്കുമേല്‍ രാഷ്ട്രീയമായ ഇച്ഛാശക്തിയോടുകൂടി ചൂണ്ടപ്പെട്ട വിരലുകളാണ്‌ കെ അജിതയുടെയും ജാനുവിന്റെയും ജീവിതങ്ങള്‍. ജന്മിത്വത്തിനെതിരെ, ഭരണകൂടത്തിന്റെ അധികാരദുഷ്‌പ്രവണതകള്‍ക്കെതിരെ നക്‌സലൈറ്റുകള്‍ നടത്തിയ ചരിത്രപരമായ സംഘടിത രാഷ്ട്രീയസമരങ്ങളുടെ ഭാഗമായാണ്‌ അജിതയുടെ ആത്മകഥയിലെ ഓര്‍മകള്‍ എഴുതപ്പെടുന്നത്‌്‌. അന്നു വരെ കേരളം കണ്ടിട്ടില്ലാത്ത ശക്തമായ ഒരു സ്‌ത്രീരാഷ്‌ട്രീയ സ്വത്വത്തിന്റെ അടയാളപ്പെടലായി അജിതയുടെ കൃതിയെ കാണാം. ഭൂമിയുടെ അവകാശത്തിനായി അടിസ്ഥാനപരമായ നിലനില്‍പ്പിനും അതിജീവനത്തിനും വേണ്ടി പോരാടുന്ന ആദിവാസി വിഭാഗങ്ങളുടെ കഥ പറയുന്ന ജാനു-സി കെ ജാനുവിന്റെ ജീവിതകഥ- ജീവിതചരിത്രമെന്ന ഗണത്തില്‍ പെട്ടതെങ്കിലും ആത്മകഥനത്തിന്റെ ഉള്‍ച്ചൂടുപേറുന്ന ഒന്നാണ്‌. മാണിക്കം പെണ്ണ്‌(മറിയാമ്മച്ചേടത്തി) എന്ന കൃതിയും ദളിത്‌ ചൂഷണങ്ങളിലെ പെണ്ണവസ്ഥകളെയും തൊഴിലവസഥകളെയും സൂക്ഷ്‌മാഖ്യാനം ചെയ്യുന്നു.
ജാനു പറയുന്നു: ''നമ്മളെ ചെറുപ്പത്തില്‌ നമ്മളെ കുടിയിലൊന്നും കണ്ണാടി ഇല്ലായിരുന്നു..................വെള്ളമുണ്ടേന്ന്‌ വന്നപ്പോ നമ്മളെ കുടിലിന്റെ പുറകിലെ ചുമരില്‍ ഒരു കഷ്‌ണം കണ്ണാടി ചാണകത്തില്‍ ഒട്ടിച്ചു വെച്ചിരുന്നു. നമ്മള്‌ ഭൂമിയില്‍ നടാനുള്ള വിത്തുകള്‌, ചാണകത്തില്‍ ഒട്ടിച്ച്‌ ഇങ്ങനെ കുടിലിന്റെ ചുമരില്‍ വെച്ചത്‌ ആരാണെന്നറിയില്ലായിരുന്നു. കണ്ണാടി ചെറിയൊരു കഷ്‌ണമായതുകൊണ്ട്‌ നമ്മളെ അതില്‌ കാണാന്‍ കഴീല്ലായിരുന്നു. ഏതെങ്കിലും ഒരു ഭാഗം മാത്രമേ പതിയൂ. ഒരു മുഴുവന്‍ കണ്ണാടി വാങ്ങണം. '' ( പുറം 66, ജാനു).

ആത്മകഥകള്‍ക്കകത്തും ഇതേ അദൃശ്യതകളും ഭാഗികമായ ശകലിത/ പ്രകാശനങ്ങളുമാണുണ്ടാവുക. എങ്കിലും ഈയൊരു തുണ്ടുകണ്ണാടി നമുക്ക്‌ കൂടിയേ കഴിയൂ. 


( 2014 സെപ്‌തംബര്‍ലക്കം സംഘടിതയുടെ ആത്മകഥാപ്പതിപ്പിനെഴുതിയ മുഖക്കുറിപ്പ്‌)