Thursday, January 31, 2013

സരസ്വതിയമ്മയുടെ അപരലോകങ്ങള്‍



പുതിയ കാലത്തുനിന്നു സരസ്വതിയമ്മയിലേക്കു ഒറ്റയടിപ്പാതകളില്ല.പലദിശകളില്‍ നിന്നു തുറക്കുന്നതും തുടരുന്നതും ഇനിയും തുടരേണ്ടതുമായ ഒന്നിലധികം വഴികളാണുള്ളത്. വൈവിധ്യമാര്‍ന്ന സംവാദാത്മകതയിലേക്കാണവ നയിക്കപ്പെടുന്നത്. അന്തരിച്ചു നാല്പതോളം കൊല്ലങ്ങള്‍ പിന്നിട്ടിട്ടും അവരുടെ കഥാലോകത്തെ ചലനം കൊള്ളിക്കുന്നത് അവര്‍  സ്വാംശീകരിച്ചു സാക്ഷാല്‍ക്കരിച്ച, ആശയ അനുഭവലോകങ്ങളുടെ ചരിത്രപരമായ പ്രസക്തി തന്നെയാണ്. കലയുടെ ശാശ്വതീകരണം എന്നത് അതതു കാലങ്ങളോടുള്ള സത്യസന്ധതയും ആര്‍ജ്ജവവുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്ന് ഈ കഥകള്‍ പറയുന്നു. തന്റെ കാലഘട്ടത്തില്‍ രൂപം കൊണ്ട ലിംഗാദര്‍ശങ്ങളോട് വിമര്‍ശനാത്മകമായ നിലപാടുള്‍ക്കൊണ്ടുകൊണ്ട് ക്രിയാത്മകമായി പുതുക്കിയെഴുതാനുള്ള പ്രേരണയാണ് സരസ്വതിയമ്മയുടെ കഥകളുടെ പ്രധാന അടിത്തറ. എന്നാല്‍ കേവലവും സാമാന്യവുമായ ഒരു വിമോചന ദര്‍ശനമല്ല അവര്‍ തന്റെ സ്ത്രീവാദ ചിന്തയില്‍ പുലര്‍ത്തിയത്. വാസ്തവത്തില്‍ അത്തരം ചിന്തകളുടെ സമഗ്രതയെ സൂക്ഷ്മാംശത്തില്‍ തന്നെ സംവാദാത്മകമാക്കുന്ന, തികച്ചും അനുരഞ്ജനങ്ങളില്ലാത്ത നിലപാടാണ് മറ്റു സ്ത്രീവാദസാഹിത്യകാരികളില്‍ നിന്നും  സരസ്വതിയമ്മയെ വ്യത്യസ്തയാക്കുന്നത്. പുരുഷാധിപത്യത്തെ സ്ത്രീകള്‍ക്കെതിരെയുള്ള നിലപാടായി കാണുന്നതിലുപരി അതിന്റെ രാഷ്ട്രീയബലതന്ത്രങ്ങളെ വ്യക്തിയുടെയും സമൂഹത്തിന്റെയും അനുഭവപരമായ അടരുകള്‍ക്കകത്തുവെച്ചുകൊണ്ട് തിരിച്ചറിയുന്നു ഈ കഥകള്‍.

സാഹിത്യം/ സാഹിത്യേതരം

അഭ്യസ്തവിദ്യയും സാഹിത്യാസ്വാദകയുമായ ഒരുവളാണ് പലപ്പോഴും സരസ്വതിയമ്മക്കഥകളിലെ പ്രധാന കഥാപാത്രം. അനുഭവങ്ങളുടെയും ആലോചനകളുടെയും മണ്ഡലം പലപ്പോഴും അവര്‍ കടന്നുപോന്ന ഒരു വായനാനുഭവം കൂടിയാണ്. ഉദാഹരണം 'രമണി' എന്ന കഥ. ചങ്ങമ്പുഴയുടെ പ്രശസ്തമായ  'രമണ'നെക്കുറിച്ച് സുഷമയും ശാന്തിയും നടത്തുന്ന ചര്‍ച്ചയാണ് ഈ കഥയുടെ മുഖ്യപ്രമേയം. സാഹിത്യം എന്ന സാംസ്‌കാരികസംവര്‍ഗത്തിനകത്ത് കാലാകാലങ്ങളായി അടിഞ്ഞുകൂടിയ ലിംഗഭേദചിന്തകളെ കല്‍പനയും ഭാഷയും ചേര്‍ന്ന് സവിശേഷ പരിചരണങ്ങളിലൂടെ നീതിമല്‍ക്കരിച്ചെടുക്കുന്നതെങ്ങനെയെന്ന് ഈ കഥ ആഴത്തില്‍ വിശകലനം ചെയ്യുന്നുണ്ട്. സാഹിത്യം / സാഹിത്യേതരം എന്നീ വേര്‍തിരുവകളെത്തന്നെ അപ്രസക്തമാക്കുന്ന പലേ ഘടനകളും ഈ എഴുത്തുകാരിയുടെ പല രചനകളില്‍ നിന്നും കണ്ടെടുക്കാം. അതവിടെ നില്‍ക്കട്ടെ.

മലയാളസാഹിത്യപാരമ്പര്യത്തെ സംബന്ധിച്ചെടത്തോളം കവിത എന്ന രചനാരൂപവും അതിലുപരി ആദ്യകാലകാല്പനികകവികളായ ആശാന്‍, ചങ്ങമ്പുഴ, ജി തുടങ്ങിയവര്‍ മുന്നോട്ടു വെച്ച കാവ്യസംസ്‌കാരവും ചെലുത്തുന്ന അധീശത്വം അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നു 'രമണി' പോലുള്ള പല കഥകളും വെളിവാക്കുന്നു.അത്തരം കാവ്യാവിഷ്‌കാരങ്ങളുടെയുംഅവയുടെ ആസ്വാദനവിമര്‍ശനമണ്ഡലങ്ങളുടെയും ആഭ്യന്തരസ്വഭാവം, വ്യാവഹാരികരീതികള്‍, വിനിമയസമ്പ്രദായങ്ങള്‍ എല്ലാം തന്നെ  പുരുഷകേന്ദ്രിതമായിരുന്നു എന്നു തിരിച്ചറിയുന്നുണ്ട് ഈ കഥാകാരി. കേരളത്തിന്റെ നവോത്ഥാന ആധുനികതയെ സംബന്ധിച്ച ആണ്‍-പെണ്‍ വാര്‍പ്പു മാതൃകകളിലൂന്നിയ ലിംഗഘടനയാണവയിലും സാക്ഷാല്‍ക്കരിക്കപ്പെടുന്നത്. ആദ്യകാല കാല്പനിക  സാഹിത്യകാര•ാര്‍ പൊതുവെ തങ്ങളുടെ കൃതികളുടെ വൈകാരികമണ്ഡലത്തെ ഈ ലിംഗമൂല്യങ്ങള്‍ക്കകത്താണ് സ്വരൂപിച്ചെടുക്കുന്നത്. ആണിനെയും പെണ്ണിനെയും വെവ്വേറെ മൂല്യസദാചാര സങ്കല്പങ്ങളിലും വ്യാവഹാരിക സ്ഥലികളിലും തളച്ചിടുകയും വ്യത്യസ്ത (ആന്തരിക)ഗുണങ്ങളുടെയും ചോദനകളുടെയും കടമകളുടെയും ചേരുവകളോടെ സവിശേഷമായി പുനര്‍നിര്‍വചിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ ലിംഗഭേദ കല്പനയുടെ പിന്നിലെ തത്വം. മനസ്വിനി,നളിനി തുടങ്ങിയ എത്രയോ കാവ്യപാഠങ്ങളിലെല്ലാം ഈ ഭേദവിചാരം അപനിര്‍മിച്ചെടുക്കാവുന്നതാണ്.


പ്രത്യയശാസ്ത്രപരമാണ്

സാഹിത്യാദി മണ്ഡലങ്ങളില്‍ സവിശേഷമായി പതിഞ്ഞുപോയ സ്‌ത്രൈണലിംഗമുദ്രകളെയും അവയെ ചൂഴുന്ന കാല്പനികവും അയഥാര്‍ത്ഥവുമായ മിഥ്യകളെയും തകര്‍ത്തു കളയാന്‍ പാകത്തിലുള്ള ഒരു പ്രത്യയശാസ്ത്രസന്നാഹം തന്നെയായിരുന്നു സരസ്വതിയമ്മയ്ക്ക് കഥാരചന. കാല്പനികതയുടെ വഴുവഴുപ്പന്‍ യുക്തിയുടെയും വൈകാരികാഖ്യാനങ്ങളുടെയും ബദല്‍മാതൃകയെന്ന നിലയില്‍ വേണം അവരുടെ റിയലിസ്റ്റ് ശൈലിയെ വിലയിരുത്തേണ്ടത്.  മേല്‍പറഞ്ഞ ആണ്‍കോയ്മാഘടനകളെ പ്രശ്‌നവല്‍ക്കരിക്കുന്നതിനാല്‍ അത് തികച്ചും പ്രത്യയശാസ്ത്രപരവുമാണ്. ഒന്നൊഴിയാതെ എല്ലാ കഥകളുടെയും  ഒരു പ്രതലബലമായി ഈ അടിക്കല്ലുകള്‍ പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടാണ് പലപ്പോഴും മുഖ്യധാരാസാഹിത്യപ്രമാണങ്ങളോടുള്ള കലഹങ്ങളും സംവാദങ്ങളുമായി ഈ കഥകള്‍ മാറുന്നത്. '.......... തോമസ്ഹാര്‍ഡിയുടെ 'ടെസ്'വായിച്ചു രസിക്കാനല്ലാതെ അനുകരിക്കാന്‍ കൊള്ളില്ല. പൂഞ്ചോലകളും വനതലങ്ങളും കോളെജുകളും സിനിമാഹാളുകളും നിറഞ്ഞ ഈ അഭിരാമ ഭൂമിയില്‍ നാം ജനിക്കുന്നത് സുഖിക്കാനാണ്'' (പുറം 56 രമണി, സരസ്വതിയമ്മയുടെ സമ്പൂര്‍ണ്ണ കഥകള്‍)

കഥ സൗന്ദര്യശാസ്ത്രത്തിന്റെ മാമുലുകളെ ഭേദിച്ചുകൊണ്ട് ഒന്നിലധികം മേഖലകളിലേക്ക് സംക്രമിച്ചു നില്‍ക്കുന്നു. ഏകതാനമായി, അനുക്രമഗതിയായി, അവിച്ഛിന്നം നീങ്ങുന്ന കഥാപരിണതിക്കു പകരം ഇടര്‍ച്ചകളും ഇളക്കങ്ങളും പലപ്പോഴും വലിയ തര്‍ക്കങ്ങളും ഒക്കെ കഥകളില്‍ കടന്നുവരുന്നു. സ്ത്രീകള്‍ തമ്മിലാണ് പലപ്പോഴും ഈ സംവാദങ്ങള്‍ നടക്കുന്നത് എന്നതാണ് ഇവിടെ ശ്രദ്ധേയം. പ്രണയം, ലൈംഗികത, പ്രസവം, മാതൃത്വം, കുടുംബം, കലാഭിരുചി, ഉദ്യോഗം എന്നുതുടങ്ങി സ്ത്രീജീവിതത്തില്‍ സവിശേഷമായുള്ള വിഷയങ്ങളെക്കുറിച്ചെല്ലാമുള്ള വിശദമായ ചര്‍ച്ചകളായി അവ വികസിക്കുന്നു. കഥയ്ക്കുള്ളിലെ കഥനം പുതിയ മാനങ്ങള്‍ കൈവരിക്കുന്നു. എല്ലാ കഥകളിലും ഒരു 'പതിനെട്ടാമധ്യായം' തുറക്കപ്പെടുന്നു. ഈ ഭാഷണങ്ങള്‍ വെറും തര്‍ക്കങ്ങളല്ല, കഥയുടെ ഭാഗവുമല്ല. മറിച്ച് നിലനില്‍ക്കുന്ന ചിന്തയുടെ വഴികളിലൂടെയുള്ള ചില  ആരായലുകള്‍ ആണ്. കഥയ്ക്കുള്ളിലെ കഥയ്ക്കു പകരം അവ വേറിട്ട ഒരു ആഖ്യാനഘടന തിരയുന്നു. പെണ്‍ബുദ്ധി, രമണി, സ്ത്രീജ•ം, ഒരുക്കത്തിന്റെ ഒടുവില്‍, ഇങ്ങനെ നിരവധി കഥകളില്‍ ഈ ചര്‍ച്ച കാണാം.

സ്ത്രീകള്‍ തമ്മിലുള്ള സ്വവര്‍ഗ്ഗസാമൂഹികത(homosocialisation)

ദുഃഖം കടിച്ചമര്‍ത്തി കരയുകയും ദുര്‍ബലമായി ഒതുങ്ങിക്കൂടുകയും ചെയ്യുന്നതിനു പകരം തങ്ങളുടെ എതിര്‍പ്പുകളെയും ചിന്തകളെയും സധൈര്യം തുറന്നിടുന്ന സ്ത്രീകളാണിവര്‍. ചിരിക്കുകയും തമാശ പറയുകയും പരിഹസിക്കുകയും തര്‍ക്കിക്കുകയും പ്രസ്താവന നടത്തുകയും ചെയ്യുകയാണ് ഈ കഥാപാത്രങ്ങളിലധികവും. തങ്ങളുടെ കൂട്ടായ്മയെ വികാരവിചാരങ്ങളുടെ പങ്കുവെക്കലിനുളള വേദിയെന്നതിനൊപ്പം സ്വതന്ത്രമായ ആഹ്‌ളാദനര്‍മവേളകള്‍ കൂടിയാക്കി അവര്‍ മാറ്റുന്നുണ്ട്. സ്ത്രീകളും സ്ത്രീകളും തമ്മിലുള്ള ഉത്സവീകരിക്കപ്പെട്ട ഈ സഖീത്വത്തിനും പാരസ്പര്യത്തിനും വലിയ പ്രാധാന്യമാണ് ഈ കഥാകാരി നല്‍കിയിരിക്കുന്നത്. പരസ്പരം ഇണങ്ങിയും പിണങ്ങിയുമുള്ള സജീവമായ  വൈകാരികതയില്‍ പുലരുമ്പോഴും ബൗദ്ധികമായ പങ്കുവെക്കലുകള്‍ വേണ്ടുവോളമുണ്ട്. സാഹിത്യത്തിലന്നുവരെ കണ്ടിട്ടില്ലാത്ത പുതിയൊരുതരം സ്‌ത്രൈണതയുടെ സമര്‍ത്ഥനമായി വേണം അതിനെ കാണാന്‍.

'ഡബിള്‍ ആക്റ്റ്', 'സ്വാതന്ത്രവാദക്കാരി', 'ഒരേയൊരു രാത്രി' മുതലായ കഥകളില്‍ സ്ത്രീയും പുരുഷനും തമ്മിലാണ് സംവാദം നടക്കുന്നത്. തികച്ചും ഭിന്നവര്‍ഗസാമൂഹികമാണ് അതിന്റെ അന്തരീക്ഷമെങ്കിലും സ്ത്രീയനുഭവിക്കുന്ന സാമൂഹ്യസമ്മര്‍ദ്ദങ്ങള്‍ അവിടെ ഉന്നയിക്കപ്പെടാതിരിക്കുന്നില്ല. 'ഒരേയൊരു രാത്രി'യിലെ ചിത്രയുടെ സംഭാഷണവിഷയം തന്നെ തന്റെ പുരുഷസൗഹൃദങ്ങളാണ്.  തുല്യനിലയില്‍ അടുത്തിടപഴകുന്ന ആണ്‍/പെണ്‍സൗഹൃദങ്ങളെക്കുറിച്ചുള്ള വിഭാവനമാണ് 'പെണ്‍ബുദ്ധി'യിലെ വിലാസിനിയെപ്പോലെ ചിത്രയും ഉയര്‍ത്തിപ്പിടിക്കുന്നത്. എന്നാല്‍ അവര്‍ക്ക് നിരാശപ്പെടേണ്ടിവരുന്നു. തന്റെ ഒരേയൊരു നാടകത്തിലെ അഭിനയം കണ്ടിട്ട് തന്നോട് സൗഹൃദവും ആരാധനയും കാട്ടിയ ദാസും അവളിലെ സ്ത്രീയെത്തന്നെയാണ് അഭിലഷിക്കുന്നത് എന്നവള്‍ ബോധ്യപ്പെടുന്നു. ഇത്തരം അവസ്ഥകളോടുള്ള പ്രതികരണം തന്നെയാണ് സ്ത്രീകള്‍ തമ്മില്‍ പുലര്‍ത്തുന്ന പാരസ്പര്യത്തില്‍ പ്രകടമാവുന്നത്. ആ നിലക്ക് അവരുടെ സ്വവര്‍ഗസാമൂഹികത എന്നത് പുരുഷന്ര്‍ തമ്മിലുള്ള സൗഹൃദത്തില്‍ നിലനില്‍ക്കുന്ന സ്വവര്‍ഗസാമൂഹികതയില്‍ നിന്ന് വ്യത്യസ്തമാണ്. നിലവിലുള്ള ഭിന്നവര്‍ഗസാമൂഹികത(hetero sexuality)യുടെ മാമൂലുകളെ അട്ടിമറിക്കുകയോ അതിന്റെ വിമര്‍ശനാത്മകത ഉന്നയിക്കുകയോ പുരുഷന്രുടെ പാരസ്പര്യം ചെയ്യുന്നില്ല. എന്നാല്‍ സരസ്വതിയമ്മയുടെ കൃതികളില്‍ നിലനില്‍ക്കുന്ന സ്ത്രീസൗഹൃദങ്ങള്‍ക്കകത്തെ സ്വവര്‍ഗസാമൂഹികത മൂല്യസംബന്ധിയായി മേല്‍പ്പറഞ്ഞ പുരുഷസാമൂഹികതയ്ക്കും ഭിന്നവര്‍ഗസാമൂഹികതയ്ക്കുമെതിരെ ധാര്‍മികമായ പ്രതിരോധമായി മാറുന്നു. ഉല്‍ക്കടമായ പ്രണയത്തേക്കാള്‍ ശക്തമാണ് ഇവിടെ ഉയര്‍ന്നുവരുന്ന സൗഹൃദേച്ഛ എന്നത് യാദൃച്ഛികമല്ല. 'അതുമല്ല, ജ•സിദ്ധമായ സ്‌നേഹബന്ധങ്ങളില്‍ നിന്ന് വ്യതിരിക്തമായൊരു സ്‌നേഹം കിട്ടാനും കൊടുക്കാനും ഒരാവേശം തോന്നുന്ന കാലമാണ് യൗവനം. പക്ഷേ ആ സ്‌നേഹം പുരുഷനില്‍ നിന്ന് കിട്ടണമെന്ന് ഞാന്‍ ആശിച്ചേയില്ല. ബാബുവിന്റെ എന്റെ അടുത്തയച്ച ദൈവം എന്തുകൊണ്ട് ശാന്തിയെ അയച്ചില്ല! ' (പുറം 47, രമണി, സരസ്വതിയമ്മയുടെ സമ്പൂര്‍ണ്ണകൃതികള്‍)

വ്യത്യസ്തമായ അഭിരുചികള്‍

ലൈംഗികത, പ്രണയം തുടങ്ങിയവയെ സംബന്ധിച്ച വൈകാരികതകളെ യുക്തിപരമായി പ്രതിരോധിക്കുന്ന ഒരു തലം ഈ കഥകളിലെ നായികമാരില്‍ പൊതുവെ കാണാം. 'ഒരുക്കത്തിന്റെ ഒടുവില്‍' 'ഒരേയൊരു രാത്രി', 'രമണി' എന്നീ കഥകളിലൊക്കെയും ഈ യുക്തിവിചാരണ കാണാം. സരസ്വതിയമ്മയുടെ കഥകളെക്കുറിച്ചുള്ള ഏതൊരു സാമാന്യവായനയും ആ നായികമാരുടെ വേറിട്ട ധീരമായ നിലനില്പായും വ്യക്തിത്വമായും ഒരു പടികൂടി കടന്ന് വിമോചകവീര്യമായും ഈ നിലയെ വ്യാഖ്യാനിക്കാറുണ്ട്. അത്തരം വ്യാഖ്യാനങ്ങള്‍ ആവേശകരമായ  കൈയടി നേടാറുമുണ്ട്. എന്നാല്‍ ആ നായികമാര്‍ ഉല്പാദിപ്പിക്കുന്നത് നവോത്ഥാന ആധുനികത മുന്നോട്ടുവെച്ച ആണ്‍ / പെണ്‍ ദാമ്പത്യഘടനയ്ക്ക് അനുയോജ്യമായ പ്രണയവൈകാരികതയോ അതിന്റെ പ്രതിരോധമോ എന്നത് വേറിട്ടുമനസ്സിലാക്കേണ്ടിയിരിക്കുന്നു. അത്തരം പ്രതിരോധങ്ങള്‍ക്ക് അടിസ്ഥാനമായി അവര്‍ ഉയര്‍ത്തപ്പിടിക്കുന്ന വിമര്‍ശനാത്മകതയും അതിന്റെ പ്രസക്തിയും നാമറിയേണ്ടതുണ്ട്. അതിലുപരി, പൂര്‍ണമായ പ്രണയലൈംഗികതാ നിരാസങ്ങള്‍ക്കപ്പുറം ഈ കൃതികളില്‍ ചിതറിക്കിടക്കുന്ന വൈരു(വി)ദ്ധ്യമാര്‍ന്ന ലൈംഗികാഭിരുചികളെ നാം അഭിമുഖീകരിക്കേണ്ടതുണ്ട്. തിരശ്ചീനവും ലംബവുമായ തീര്‍പ്പുകള്‍ക്കുപരിയായി ഇത്തരം ചെരിഞ്ഞ ആലോചനകള്‍ക്കും നോട്ടങ്ങള്‍ക്കുമാണ് ഇനി പ്രസക്തി.

'തെറ്റും ശരിയും' എന്ന കഥയിലെ വിധവയായ വിജയവും ഭര്‍ത്താവിന്റെ അനന്തരവനുമായി രൂപപ്പെടുന്ന 'അരുതാത്ത' ആഭിമുഖ്യം, 'പ്രഥമരാത്രി', 'സ്വപ്‌നമണ്ഡലം' എന്നീ കഥകളിലെ അച്ഛനും മകളും തമ്മിലുള്ള ദാമ്പത്യം ഒക്കെ വേറെത്തന്നെ പഠിക്കപ്പെടേണ്ടവയാണ്. 'ആചാരങ്ങള്‍ മനുഷ്യരുണ്ടാക്കിയതാണ്. ആ നരകത്തീയും മനുഷ്യര്‍ കെട്ടിയുണ്ടാക്കിയത്. ആചാരങ്ങള്‍ ഉടച്ചുവാര്‍ക്കാവുന്നതാണെങ്കില്‍ ആ നരകത്തീയും ഊതിക്കെടുത്താവുന്നതേയുള്ളൂ. പിന്നെ ആചാരങ്ങള്‍ കാലക്രമത്തില്‍ ധാര്‍മിക വ്യവസ്ഥകളായി ഗണിക്കപ്പെടുന്നതുകൊണ്ട് അവയ്‌ക്കെതിരായി ആളുകള്‍ക്ക് വേദനക്കിടയാവുന്നു എന്നതു മാത്രമാണതിലെ തെറ്റ്.' (തെറ്റും ശരിയും)

ഒരു വശത്ത് ലൈംഗികതയെയും പ്രണയത്തെയും വിവാഹ(ഇരട്ടവേഷം, ശരത്ചന്ദ്രിക, സ്വാര്‍ത്ഥത, ഒരുക്കത്തിന്റെ ഒടുവില്‍)ത്തേയും വെറുക്കുന്ന നായികമാര്‍. മറ്റൊരു വശത്ത് ഇത്തരം ലൈംഗികമായ വ്യതിചലന(?)സ്വഭാവം പുലര്‍ത്തുന്ന കഥാപാത്രങ്ങള്‍....നവോത്ഥാനപരിഷ്‌കരണവാദത്തിന്റെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ കൂടിക്കുഴഞ്ഞു അവ്യവസ്ഥിതമായി കിടക്കുന്ന ഒരു മണ്ഡലമാണ് ഈ കഥകളിലെ ലൈംഗികത. മറ്റൊരര്‍ത്ഥത്തില്‍ ഇത്തരം യുക്തികളെ പ്രശ്‌നവല്‍ക്കരിക്കുന്ന, ലിംഗപ്രമാണങ്ങളെ അട്ടിമറിക്കുന്ന പരിചരണസ്വഭാവമാണീ കഥകളുടേത്.
സ്ത്രീശരീരത്തെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ മേല്‍പ്പറഞ്ഞ കുഴമറികളെ കൂടുതല്‍ തീവ്രമാക്കാന്‍ പോരുന്ന ചില കഥകള്‍ കൂടി സരസ്വതിയമ്മയുടെതായുണ്ട്. ബാഹ്യരൂപത്തെയും സൗന്ദര്യത്തെയും കുറിച്ചുള്ള അമര്‍ത്തിയ ചോദ്യങ്ങള്‍ പല കഥകളിലും മുഴങ്ങുന്നുണ്ട്. സ്ത്രീകളുടെ അണിഞ്ഞൊരുങ്ങലിനെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചുമുള്ള വിരുദ്ധവും ശക്തവുമായ നിലപാടുകള്‍ പുലര്‍ത്തുന്ന കഥകളാണ് 'ഒരുക്കത്തിന്റെ ഒടുവില്‍', 'രൂപമിച്ഛന്തി' എന്നിവ. 'സൗന്ദര്യമുള്ളയാളെ കല്യാണം കഴിക്കണമെന്ന ആശ തോന്നുന്നതെന്തെന്ന് മനസ്സിലാവുന്നില്ല..' എന്ന് 'രുപമിച്ഛന്തി'യിലെ സ്വര്‍ണലത പറയുന്നു. ഭര്‍ത്താവിന്റെ രൂപസൗകുമാര്യത്തില്‍ മതിമറന്ന അഭിമാനവും അഹങ്കാരവമുള്ള ആ നവവധു രണ്ടു ദിവസത്തിനകം, ഒരു വൈകുന്നേരം കുളികഴിഞ്ഞിറങ്ങിയ ഭര്‍ത്താവിന്റെ തല കണ്ട് അന്ധാളിക്കുന്നു. നരച്ചുവെളുത്ത മുടിയില്‍ ചായം തേച്ചിട്ടായിരുന്നു അവള്‍ ആരാധിച്ചിരുന്ന ആ കറുപ്പ് എന്നവള്‍ മനസ്സിലാക്കുന്നു. സ്ത്രീയ്ക്ക് പുരുഷന്റെ സൗന്ദര്യം പുകഴ്ത്താനും ആരാധിക്കാനും ആസ്വദിക്കാനും കഴിയുമെന്നു മാത്രമല്ല അത് തന്റെ അവകാശമാണെന്നു കൂടി പറയുന്നുണ്ട് സ്വര്‍ണ്ണലത. സത്രീസ്വത്വത്തെ ബാഹ്യസൗന്ദര്യത്തിലും അതിനനുഗുണമായി വര്‍ത്തിക്കുന്ന ആന്തരികഗുണങ്ങളിലും പൗരുഷത്തെ ബാഹ്യസൗന്ദര്യത്തില്‍ നിന്ന് വ്യത്യസ്തമായി ബുദ്ധിശക്തിയിലും കായികശേഷിയിലും ഉദ്യോഗപദവിയിലുമായി തളച്ചിടുന്ന നവോത്ഥാനലിംഗബോധത്തിന്റെ പ്രമാണങ്ങളെ ചിരിച്ചുതള്ളുകയാണ് ഇവിടെ. സൗന്ദര്യം ആസ്വദിക്കുകയെന്ന ആസ്വാദന കര്‍തൃത്വം സ്ത്രീ  പിടിച്ചെടുക്കുകയാണ് ഇവിടെ.

ഒരുക്കത്തിന്റെ ഒടുവില്‍

സ്ത്രീസൗന്ദര്യത്തിന്റെ ആസ്വാദനകര്‍തൃത്വം ആരിലാണ്? പുരുഷനു കാണാന്‍ വേണ്ടിയല്ലെങ്കില്‍, പുരുഷനെ ആകര്‍ഷിക്കാനല്ലെങ്കില്‍ സ്ത്രീ അണിഞ്ഞൊരുങ്ങുന്നതെന്തിന്? എന്ന ചില ചോദ്യങ്ങള്‍ക്കുള്ള ശക്തമായ മറുപിടിയാണ് ഈ കഥ. ശാരദയും സുഹൃത്തു വാസന്തിയും തമ്മിലുള്ള സരസമായ സംഭാഷണമാണ് കഥയിലെ മുഖ്യഭാഗവും. 'ശാരദയ്ക്ക് കുഞ്ഞുങ്ങളെന്നു വെച്ചാല്‍ ജീവനല്ലേ?' എന്ന വാസന്തിയുടെ ചോദ്യത്തിന് ''ഓ! സിനിമാ കാണാന്‍  വലിയ ഇഷ്ടമായതു കൊണ്ട് സിനിമാകമ്പനി തുടങ്ങിക്കളയാമെന്ന് വിചാരിക്കുന്നവരുടെ കൂട്ടത്തിലല്ല ഞാന്‍' എന്ന ചുട്ട മറുപടിയാണ് ശാരദയ്ക്കുള്ളത്. തെല്ലു പുരുഷവിദ്വേഷിയായ ശാരദ കൂട്ടുകാരിയ്‌ക്കൊപ്പം പുറത്തിറങ്ങാന്‍ സമയമെടുത്ത് അണിഞ്ഞൊരുങ്ങുമ്പോള്‍  വാസന്തിയുടെ ചോദ്യം ഇങ്ങനെ- 'നിത്യകന്യകയായി ജീവിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഈ ഒരുക്കത്തിന്റെ ആവശ്യമെന്ത്? '  ' പരാഗസംക്രമണം കൊണ്ട് ഫലമുണ്ടാകാത്ത ചെടികള്‍ക്കും പ്രകൃതി ഭംഗിയുള്ള പൂക്കള്‍ കൊടുക്കുന്നതെന്തിന്? ' എന്നായിരുന്നു ശാരദയുടെ മറുപടി. സ്ത്രീയുടെ രൂപഭംഗിയും സൗന്ദര്യബോധവും പുരുഷനെ ആകര്‍ഷിക്കാനുള്ളതല്ല; അതിലുപരി തനിക്കു തന്നെക്കുറിച്ചു തന്നെയുള്ള  സ്വപ്രമാണിത്തപരമായ ഒരു അഭിരുചിയാണതിനെ നിര്‍ണ്ണയിക്കുന്നത് എന്ന് ഈ കഥ പറയുന്നു.

സൗന്ദര്യം എന്നത് ഒറ്റപ്പെട്ട  സ്വയം പൂര്‍ണമായ  ഒരു ആശയസത്തയല്ല സരസ്വതിയമ്മയില്‍. വ്യക്തിയുടെ സ്വേച്ഛയുമായി അതിനു ബന്ധമുണ്ട്. പെണ്‍ബുദ്ധി പോലുള്ള കഥകളില്‍ അതു ബുദ്ധിശക്തിയുമായി ലയിച്ച മേധയായി തീരുന്നു. 'ഒരുക്കത്തിന്റെ ഒടുവില്‍' 'രൂപമിച്ഛന്തി' മുതലായ കഥകളില്‍ സ്ത്രീയുടെ സ്വാധികാരപരമായ സ്വയംപ്രാപ്തിയും സ്വയംഭരണശേഷിയുമായെല്ലാം  അതിനു ബന്ധമുണ്ട്. ഇപ്രകാരം ബഹുലമായ വിവക്ഷകളുള്ള സംവാദസാധ്യമായ ഒരു ബഹുസ്വരആശയമണ്ഡലമാണ് ഈ കഥകളിലെ രൂപസൗന്ദര്യപരിഗണന. പുരുഷലോകം കല്പിക്കുന്ന ആന്തിരികഗുണങ്ങളുടെ പ്രകാശനമായി സഫലീകരിക്കേണ്ട ബാഹ്യാലങ്കാരസൗന്ദര്യസങ്കല്പത്തെ മൊത്തത്തില്‍ തള്ി
ക്കളയുന്ന കഥകളാണ് ഇവ. പുരുഷാപേക്ഷമല്ല സ്ത്രീയുടെ ആന്തരികസ്വത്വമെന്നതുപോലെത്തെന്നെ രൂപസൗന്ദര്യവുമെന്നവര്‍ ഉറക്കെപ്പറയുന്നു. അതുപോലെത്തന്നെ സ്ത്രീയ്ക്ക് സൗന്ദര്യാസ്വാദനത്തെ സംബന്ധിച്ച ക്രിയാകര്‍തൃത്വവും ഇവിടെ സാക്ഷാല്‍കൃതമാവുന്നു. നവോത്ഥാനആധുനികതയുടെ മൂല്യങ്ങളിലൂന്നിയ സാഹിത്യമണ്ഡലത്തില്‍ മേല്‍ക്കൈ നേടിയ വിചാരധാരകളുടെ അപരലോകമാണ് ഈ കഥകളുടെ സൂക്ഷ്മവായനയില്‍ തെളിയുന്നത്. ആദ്യകാലസ്ത്രീവാദചിന്തയെ മുന്നോട്ട് നയിക്കുകയും സംവാദാത്മകമാക്കുകയും ചെയ്ത ഒരു എഴുത്തുകാരി എന്ന നിലയില്‍ സരസ്വതിയമ്മയുടെ കഥയിലെ ഇത്തരം അപരലോകങ്ങള്‍ക്ക് വരുംകാല വായനയില്‍ പ്രസക്തിയേറുന്നു.

(2013 ജുവി ലക്കഗ്രന്ാലോകത്ില്‍ പ്രിദ്ീകിച്ത്)

Saturday, January 12, 2013

കവിതയില്‍ പുതുവസന്തം

 മകാലികകവിതയിലെ ഏറ്റവും പുതിയ തലമുറയുടേതുള്‍പ്പെടെയുള്ള ശ്രദ്ധേയമായ ഏഴു സമാഹാരങ്ങള്‍ ഈയിടെ പുറത്തിറങ്ങി. കവിതയുടെ ഭാവുകത്വത്തില്‍ പുതിയ അടയാളങ്ങള്‍ തീര്‍ക്കുന്നവയാണ് ഇവയിലോരോന്നും. പ്രണയത്തിന്റെ ഹരിതനീലച്ഛവി വീരാന്‍കുട്ടിയുടെ പുതിയ സമാഹാരത്തില്‍ (തൊട്ടുതൊട്ടു നടക്കുമ്പോള്‍) മനുഷ്യസഹജമായ ഒരു വികാരം മാത്രമല്ല, പലപ്പോഴും ജീവിതത്തിന്റെ ആകെത്തുകയും അഭയവും കൂടിയാണ്. അതു മനുഷ്യന്റെയും മരത്തിന്റെയും പക്ഷിയുടെയും വാഴ്‌വും വിശുദ്ധിയും ഉണര്‍ത്തിയെടുക്കുന്നു. അതിനെ നിരന്തരം പുതുക്കിയെഴുതുന്നു.സൗമ്യവും സ്‌നിഗ്ധവും എന്നാല്‍, കരുതലുള്ള എപ്പോഴും കൂടെയുള്ള വിചാരങ്ങളോടുരുമ്മിക്കൊണ്ടാണീ പ്രണയസഞ്ചാരം.
അതിനാല്‍ ഈ കവിതകളില്‍ മഴയും ഇലയും ജലവും കിളികളും ഋതുക്കളും ഒപ്പം മനുഷ്യരും മൃഗങ്ങളുമുണ്ട്. ജീവിതം അങ്ങനെത്തന്െയണ്ട്. കൂണുകള്‍ എന് കവിതയുടെ സൂക്ഷ്മശില്‍പ്പം നോക്കൂ:

''മേഘങ്ങള്‍ പരസ്പരം
ചുംബിച്ച വെളിച്ചത്തില്‍
കോരിത്തരിച്ച്
പേടി മറന്ന് പെറ്റതാവണം
ഭൂമി ഈ വെളുത്ത കുഞ്ഞുങ്ങളെ''

പ്രണയത്തോടും ജീവിതത്തോടുമൊപ്പം എന്നും പതിയിരിക്കുന്ന മരണത്തെയും കവി കാണുന്നു.. മരിച്ചുപോവല്‍ പക്ഷേ, ഒരു പിണങ്ങിപ്പോക്കാണെന്നു  കവി എഴുതുന്നു. കാരണം, എവിടേക്കാണു പോവുന്നതെന്നു പറയുകയേയില്ല. എങ്കിലും പ്രണയനഷ്ടത്തേക്കാള്‍ വലിയ മരണമില്ലെന്ന്  ഈ കവിതകള്‍ പറയുന്നു:

''നീ കൊന്നിട്ടും പറയാതെ വച്ച
ആ വാക്കിന്റെ പൊരുളില്‍
മുറുകിയും അയഞ്ഞും
ഞാനിപ്പോള്‍ മരിച്ചുപോയേക്കും''
(പറയാതെവച്ച)

പ്രണയത്തിന്റെ ഇളംനിലാവില്‍ നിന്നു  ജീവിതത്തിന്റെ പൊരിവെയിലിലേക്കാണ് പവിത്രന്‍ തീക്കുനിയുടെ കവിതകള്‍ കണ്‍മിഴിതുറക്കുന്നത്. അതിനാല്‍ ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനുമായി കവി നിലവിളിക്കുന്ന് എന്ന പുതിയ സമാഹാരത്തെ വായനയ്ക്കായി വിട്ടയക്കുന്നു.. വിശപ്പിന്റെ പ്രാപഞ്ചികതയെ, ഇല്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും കടുത്ത യാഥാര്‍ഥ്യങ്ങളെ   പുതിയൊരു പ്രതലത്തിലേക്കു പണിതുയര്‍ത്തുന്നു,  തീക്കുനിക്കവിതകള്‍. 'വള്ളിച്ചേമ്പും വാഴക്കണ്ടയും വിശപ്പിന്റെ നിശ്ശബ്ദമായ അലര്‍ച്ചകള്‍ക്കു വഴങ്ങുന്ന കാലത്തെ'ക്കുറിച്ച് എഴുതുന്നതു പോലെ തന്റെ ഏകാന്തതയെക്കുറിച്ചും പ്രണയതിരസ്‌കാരത്തെക്കുറിച്ചും കവിയെഴുതുന്നു.  യാഥാര്‍ഥ്യങ്ങളെ തിരയുകയും ഒപ്പം നുണകളെ ഭയപ്പെടുകയും മനസ്സിലാക്കുകയും ചെയ്യു ഒരാള്‍ ഈ കവിതകളിലുണ്ട്. ആ നുണകള്‍ പോലും ഏറെ പ്രിയപ്പെട്ടതെങ്കിലും മോഷ്ടിക്കപ്പെടുമെന്ന്  കവി അറിയുന്നു. (എല്ലാവരിലും) ''ഏറ്റവും വലിയ നുണ പക്ഷേ, കണ്ണീരാണെന്ന്'' (നുണ) കവി എഴുതുന്നു. എങ്കിലും ഏതു ദുഃഖത്തിലും ജീവിതം അതിജീവനം തന്നെയൊവുന്നു ഈ കവിതകളില്‍.

''മരിച്ചുപോയെന്ന്
നമ്മള്‍ക്കെല്ലാം
ഉറപ്പുള്ളതാണ്
എന്നാലും
ജീവിച്ചിരിപ്പുണ്ടെന്ന
നമ്മുടെ ബോധത്തെ
നശിപ്പിച്ചുകൂടാ... ''(എന്നലും)

അച്ചടിമലയാളം നാടുകടത്തിയ കുഴൂര്‍ വില്‍സന്റെ കവിതകള്‍ പുതുഭാവനയുടെ അതിരുകള്‍ വികസിപ്പിക്കുന്നു . പുതുകവിതയ്ക്കു സഹജമായ അനുഭവങ്ങളുടെ പച്ചപ്പ് വേണ്ടുവോളമുണ്ട് ഈ കവിതകളില്‍. പ്രവാസദേശങ്ങളും സൗഹൃദങ്ങളും ജന്മദേശമായ കുഴൂരും കണ്ടുമുട്ടിയ മരങ്ങളും സലിംകുമാറും മറന്നുവച്ച കുടയും    കവി അയ്യപ്പനും ഗള്‍ഫില്‍വച്ചു കണ്ട                       കാസര്‍ക്കോട്ടുകാരന്‍ ഗ്രോസറിക്കാരനും ഒക്കെ നിറയുന്ന ഈ കവിതകളില്‍നിന്നു തൊട്ടെടുക്കാന്‍ കഴിയുന്നു, ജീവിതത്തെ. പില്‍ക്കാലം ഓര്‍മകളായിത്തീരാനിടയുള്ള ജീവിതമാണവ. പോയകാലം അക്ഷരത്തെറ്റുള്ള തെറികളായി സ്‌കൂളിലെ മൂത്രപ്പുരകളെ ഓര്‍ത്തെടുക്കുപോലെ, കപ്പപ്പുഴുക്കു കാണുമ്പോള്‍ വറുതിക്കാലങ്ങളിലെ ഗ്രാമീണകുടുംബത്തെ ഓര്‍ക്കും പോലെ മധുരവും തീവ്രവുമായ ജീവിതം. കുഴൂര്‍ വില്‍സന്റെ കവിതകള്‍ എന്ന കൃതി മലയാളകവിതയുടെ വേറിട്ട ഒരു വികാര ജീവിതമാവുന്നത് അങ്ങനെയാണ്.
സുധീഷ് കോട്ടേമ്പ്രത്തിന്റെ ശരീരസമേതം മറൈന്‍ ഡ്രൈവില്‍ എന്ന കവിതാസമാഹാരം തികച്ചും ഒരു നവതരംഗ ഭാവുകത്വത്തെ നിര്‍മിച്ചെടുക്കുന്നു. നഗരം, ശരീരം, കാമന എന്നീ കവിതകളെ ചുരുക്കിയെഴുതാം. ഉടലിനെക്കുറിച്ചുള്ള സൗന്ദര്യചിന്തകളും ആത്മീയഭാഷണങ്ങളും നിറയു കവിതയില്‍ നാടന്‍ വാമൊഴികളും പ്രാദേശികഭാഷണങ്ങളും നിറയുന്നു . ഉന്മേഷം നിറഞ്ഞ പുതുജീവിതാവിഷ്‌കാരങ്ങളെത്തയൊണ് ഈ ആദ്യസമാഹാരം വച്ചുനീട്ടുന്നത്.
എം.എസ്. ബനേഷിന്റെയും ശൈലന്റെയും സമാഹാരങ്ങള്‍ ശരീരത്തെ കൂസലില്ലാതെ തുറന്നെഴുതുന്നു. പുതിയ ആവിഷ്‌കാരങ്ങളുടെ ഊര്‍ജസ്വലതയും വിധ്വംസകതയും അവയിലേറെ. കാത്തു ശിക്ഷിക്കണേ എന്ന  കൃതി ബനേഷിന്റെ രണ്ടാമത്തെ കവിതാസമാഹാരമാണ്. കവിതയിലെ തരളതകളെ നുള്ളിയെറിയുന്ന  ഈ കവിതകള്‍ പുതുമയുള്ള രീതിയില്‍ ലൈംഗികതയെക്കുറിച്ചും ശരീരത്തെക്കുറിച്ചുമെഴുതുന്നു.
ശൈലന്റെ കവിതകള്‍ (ദെജാവു) ഒറ്റ നോട്ടത്തില്‍ ഭാഷാപരവും പ്രമേയപരവുമായി അരാജകമെന്നു  തോന്മെങ്കിലും വ്യതിരിക്തമായ കാവ്യാന്വേഷണങ്ങള്‍ എന് നിലയ്ക്കു ശ്രദ്ധേയമാണ്. പി.ടി. ബിനുവിന്റെ കവിത പ്രതി എഴുതിയ കവിത പരിസ്ഥിതിയുടെ സൂക്ഷ്മജീവിതം കൂടി എഴുതുന്നു. വെളിച്ചം, മലയിടിക്കുന്ന ഒച്ച, പഴുത്ത പേരയ്ക്ക എന്നിങ്ങനെ നിരവധി കവിതകളില്‍ ഈയൊരു ഉണര്‍വുകാണാം. ദൃശ്യസമ്പന്നമായ ആവിഷ്‌കാരശൈലി  ബിനുവിന്റെ കവിതകളുടെ പ്രത്യേകതയാണ്. അലക്കുകാരി, കൈപ്പത്തി, മാഞ്ഞുപോയ ഭൂപടം തുടങ്ങി നിരവധി കവിതകളില്‍ ഇതു കാണാം.
(തേജസ് പത്രത്തിന്റെ 13.01.2013ലെ വാരാന്തപ്പതിപ്പ് ‘ആഴ്ച്ചവട്ട‘ത്തില്‍ പ്രസിദ്ധീകരിച്ചത്)