Saturday, August 29, 2015

നോവല്‍ ചരിത്രo വായിക്കുമ്പോള്‍

സാഹിത്യചരിത്രങ്ങള്‍ സാഹിത്യമെന്നതുപോലെത്തന്നെ പുനര്‍വായിക്കപ്പെടുകയും പ്രത്യയശാസ്ത്രപരമായി വിലയിരുത്തപ്പെടുകയും ചെയ്യുന്ന അക്കാദമിക് അന്തരീക്ഷമാണ് ഇന്നുള്ളത്. സ്വാതന്ത്ര്യാനന്തരകാലത്ത് മാറിമറിയുന്ന, പരസ്പരം സംവദിക്കുന്ന അനേകായിരം വീക്ഷണകോണുകള്‍ക്കകത്ത് അവ പലമട്ടില്‍ പുനര്‍നിര്‍വചിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഡോ.ജോര്‍ജ്ജ് ഇരുമ്പയത്തിന്റെ മലയാള നോവല്‍ 19-)0 നൂറ്റാണ്ടില്‍ എന്ന കൃതിയുടെ മൂന്നാം പതിപ്പ് 30 കൊല്ലങ്ങള്‍ക്കു ശേഷം വായിക്കുമ്പോള്‍ സമാനമായൊരു പ്രക്രിയയാണ് അതാവശ്യപ്പെടുന്നത്. പുസ്തകത്തിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ പത്തൊമ്പതാം നൂറ്റാണ്ടിലെ നോവലുകളെക്കുറിച്ചുള്ള വിശദമായ പഠനമാണ് ഈ കൃതി. നോവല്‍ എന്ന നിഷ്‌കൃഷ്ടമായ രൂപപ്രാപ്തിയിലേക്ക് പരുവപ്പെടാത്തവയും എന്നാല്‍ നോവലിന്റെ പ്രാഗ്രൂപങ്ങളെന്നു വിശേഷിപ്പിക്കാവുന്നവയുമായ നിരവധികൃതികള്‍ മുതല്‍  ഇന്ദുലേഖ,ശാരദ, മാര്‍ത്താണ്ഡവര്‍മ, അക്ബര്‍ മുതലായ അംഗീകൃതനോവലുകളും 19-)0 നൂറ്റാണ്ടിലെ മലയാളനോവലില്‍ ചര്‍ച്ച ചെയ്യുന്നു. 

 19-)0 നൂറ്റാണ്ടിലെ സാമൂഹിക സാംസ്‌കാരിക സാഹചര്യങ്ങളില്‍ വിശേഷിച്ചും സാഹിത്യത്തില്‍ നോവല്‍ ഒരു പുതിയ മാധ്യമം എന്ന നിലയില്‍ എങ്ങനെയെല്ലാം പ്രവര്‍ത്തിച്ചു എന്ന് അന്വേഷിക്കുന്നതിനാണ് ഈ ഗ്രന്ഥം ശ്രമിച്ചിട്ടുള്ളത്. രൂപപരവും സാങ്കേതികവുമായി ആദ്യകാലനോവലിന്റെ പ്രത്യേകതകളെ വരഞ്ഞെടുക്കാന്‍ ശ്രമിക്കുമ്പോള്‍ത്തന്നെ നോവലിന്റെ മുന്നോടിയായി നിലനിന്നിരുന്ന ഒന്നിലധികം രൂപങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. നോവലിന്റെ പ്രാഗ്രൂപങ്ങളും ആദ്യനോവലായ പമീലയുടെ കാലം(1740) മുതല്‍ക്കുള്ള പാശ്ചാത്യനോവലിന്റെ പരിണാമവും വിശദമായിത്തന്നെ ഈ കൃതിയില്‍ പരാമര്‍ശിക്കുന്നു. മലയാളനോവലിന്റെ ആദ്യകാലഘട്ടത്തിന്റെ പശ്ചാത്തലമായി വര്‍ത്തിക്കുന്ന സാമൂഹികതയെ  ഇന്ത്യന്‍ നവോത്ഥാനവുമായി ബന്ധപ്പെടുത്തിയാണ് ഡോ.ഇരുമ്പയം  പഠിക്കുന്നത്. ഇംഗ്‌ളീഷും ഭൗതികശാസ്ത്രവും ചരിത്രവും  ഭൂമിശാസ്ത്രവുമടങ്ങുന്ന പാശ്ചാത്യരീതിയിലുള്ള വിദ്യാഭ്യാസം ഉണ്ടാക്കിയ പുതിയ ശാസ്ത്രീയ സാമൂഹികചിന്ത നവോത്ഥാനത്തെ ത്വരിതപ്പെടുത്തി. പാശ്ചാത്യകൃതികള്‍ വിശേഷിച്ചും സമകാലികവും സാമൂഹികവുമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവ എഴുത്തുകാര്‍ക്കു ആവേശം നല്‍കി.  മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളിലൂടെ അച്ചടി, പുസ്തകപ്രസാധനം, പത്രപ്രവര്‍ത്തനം എന്നിവ വളര്‍ന്നു. നവോത്ഥാനത്തിന്റെ സ്വാധീനം മൂലം  ഉണ്ടായ ഗദ്യഭാഷയുടെ വളര്‍ച്ചയും വിവര്‍ത്തനങ്ങളുടെ കടന്നുവരവും   നോവലിന്റെ രൂപപദവിയെ നിര്‍ണയിക്കുന്നതില്‍ വലിയ പങ്കു വഹിച്ചു.

കേരളീയപശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ആദ്യനോവലായി  പരിഗണിക്കപ്പെടുന്ന ഘാതകവധം മുതല്‍ക്കുള്ള നിരവധി രചനകളെ  ഈ കൃതിയില്‍ അടുത്തു പരിശോധിക്കുന്നു.  പുല്ലേലിക്കുഞ്ചു, കുന്ദലത മുതലായ നോവലുകളെ അവ അര്‍ഹിക്കുന്ന ചരിത്രപ്രാധാന്യത്തോടെ ഗ്രന്ഥകാരന്‍ വിലയിരുത്തുന്നു. ഇവിടെ ഗ്രന്ഥകാരന്‍ സാമൂഹികതയെ ഒരു അളവുകോലായി സ്വീകരിക്കുന്നു. കുന്ദലതയില്‍ വായനക്കാരെ രസിപ്പിക്കുക എന്ന ധര്‍മമേ നോവലിസ്റ്റ് അനുഷ്ഠിച്ചിട്ടുള്ളുവെന്നും സാമൂഹികജീവിതത്തെ വേണ്ടത്ര ചിത്രീകരിക്കുന്നില്ലെന്നും ഈ കൃതി പറയുന്നു. ഇന്ദുലേഖയെയും ശാരദയെയും കുറിച്ചുള്ള അധ്യായത്തിനറെ പ്രധാന പരിഗണന തന്നെ സാമൂഹികതയാണ്. യാഥാതത്ഥ്യം, യുക്തിബദ്ധത, പ്രമേയവൈപുല്യം തുടങ്ങിയ ഘടകങ്ങളെ ചന്തുമേനോന്‍ വികസിപ്പിച്ചെടുക്കുന്നതെങ്ങനെ എന്ന് സ്ാഹിത്യനിരൂപണത്തിന്റെ രീതിമാതൃകകളില്‍ ഊന്നിക്കൊണ്ട് ഡോ.ജോര്‍ജ് ഇരുമ്പയം ഈ അധ്യായത്തില്‍ വിശദീകരിക്കുന്നു. ഇന്ദുലേഖയിലെ കാല്പനികത, ഭാഷണപരത, കേരളീയത, ഹാസ്യം, ശാരദയിലെ പാത്രസൃഷ്ടിവൈഭവം തുടങ്ങി അനേകം ഭിന്നമണ്ഡലങ്ങളുടെ പാരസ്പര്യത്തില്‍ നിന്നുകൊണ്ടാണ് ചന്തുമേനോന്‍ എന്ന നോവലിസ്റ്റിനെ നോക്കിക്കാണാന്‍ ശ്രമിക്കുന്നത്. സര്‍വോപരി നോവലിസ്റ്റ് എന്ന നിലയില്‍ വ്യക്തിപരമായും സാമൂഹികമായുമുള്ള അനുഭവങ്ങള്‍ ചന്തുമോനോനിലെ നവോത്ഥാനകാംക്ഷിയെ രൂപപ്പെടുത്തിയ പശ്ചാത്തലങ്ങള്‍ കൂടി ഇവിടെ വകയിരുത്തുന്നുണ്ട്. അതായത് മാര്യേജ് കമ്മീഷനിലെ പ്രവര്‍ത്തനം,കുടുംബവ്യവസ്ഥയെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് ഒക്കെയാണ് ഇവിടെ പരിഗണനയ്‌ക്കെടുക്കുന്നത്. 

   സി.വി.യെക്കുറിച്ചുള്ള വിലയിരുത്തല്‍ പ്രധാനമായും ചരിത്രം എന്ന ജ്ഞാനരൂപത്തെ നോവലിന്റെ ഭൂമികയുമായി ചേര്‍ത്തുവെച്ചുകൊണ്ടാണ്. സ്വാഭാവികമായും ചരിത്രനോവലിന്റെ പ്രണേതാവെന്ന നിലയ്ക്ക് വാള്‍ട്ടര്‍ സ്‌കോട്ടുമായുള്ള താരതമ്യവും കൂടി നിര്‍വഹിക്കുന്നുണ്ട്. ചരിത്രനോവലെന്ന സംജ്ഞയെ കൃത്യമായി വിശദീകരിക്കാനും നിര്‍വചിക്കാനും ശ്രമിക്കുന്നതിനൊപ്പം അതിന്റെ അവാന്തരവിഭാഗങ്ങളെക്കൂടി പരിചയപ്പെടുത്തുന്നു. മലയാളത്തിലെ ആദ്യചരിത്രനോവല്‍ എന്ന നിലയ്ക്കാണ് മാര്‍ത്താണ്ഡവര്‍മയെക്കുറിച്ചു പരാമര്‍ശിക്കുന്നത് . നോവലിന്റെ ഘടനാവൈചിത്ര്യങ്ങളെന്നപോലെ പാത്രസൃഷ്ടിപഠനവും കാര്യക്ഷമമായി നിര്‍വഹിക്കുന്നുണ്ട്. കേരളവര്‍മ മലയാളത്തിലേക്ക്  വിവര്‍ത്തനം ചെയ്ത ഡച്ചുനോവല്‍ അക്ബറും ചരിത്രനോവലുകളുടെ പശ്ചാത്തലത്തില്‍ ഗ്രന്ഥകാരന്‍ വിലയിരുത്തുന്നുണ്ട്. ഒപ്പം ഭാഷാപരവും പാണ്ഡിത്യപരവുമായ കേരളവര്‍മയുടെ നിലപാടുകള്‍  ആ കൃതിയെ സ്വാധീനിച്ചതിനെക്കുറിച്ചും സോദാഹരണം വെളിപ്പെടുത്തുന്നു. 

സാമൂഹികനോവല്‍: 1890മുതല്‍ 1900 വരെ  എന്ന അഞ്ചാം അധ്യായത്തില്‍ ഇന്ദുമതീസ്വയംവരം, മീനാക്ഷി, സരസ്വതീവിജയം, പരിഷ്‌കാരപ്പാതി, ശാരദ, ലക്ഷ്മീകേശവം, സുകുമാരി,തുടങ്ങിയ നോവലുകളെ മുന്‍നിര്‍ത്തിയുള്ള വിശകലനങ്ങളാണ്.  ഇന്ദുമതീസ്വയംവരത്തില്‍ പ്രകടമായ ഉത്തരേന്ത്യന്‍ അന്തരീക്ഷത്തെക്കുറിച്ചും ഇന്ദുലേഖ,ശാരദ,സിംബലിന്‍ തുടങ്ങിയ മറ്റുനോവലുകളെക്കുറിച്ചും ഡോ.ഇരുമ്പയം പ്രതിപാദിക്കുന്നുണ്ട്. ഇന്ദുലേഖയ്ക്കു ശേഷമുണ്ടായ നോവലുകള്‍ പലപ്പോഴും ഇന്ദുലേഖയുടെ സ്വാധീനത്തില്‍നിന്നും മുക്തമല്ലെന്നും സ്വതന്ത്രനോവലുകള്‍ എന്ന നിലയില്‍ പരാജയമായിരുന്നുവെന്നും വിലയിരുത്തുന്നു. പ്രണയം, കുടുംബം, ദേശീയത, മതം മാറ്റം, ജാതിസമ്പ്രദായം, വിദ്യാഭ്യാസം, തുടങ്ങിയ സാമൂഹികപ്രമേയങ്ങളുടെ പ്രതലത്തില്‍ നിന്നുകൊണ്ടാണ് ഈ കൃതികളെ നോവല്‍ചരിത്രത്തിനുള്ളിലേക്ക്  ഗ്രന്ഥകാരന്‍ വകയിരുത്തുന്നത്. ഒപ്പം തന്നെ ഇതിവൃത്തം, ഭാഷ, ആഖ്യാനം,  പാത്രസൃഷ്ടി മുതലായ ഘടകങ്ങളെക്കൂടി നിഷ്‌ക്കര്‍ഷയോടെ പരിശോധിക്കുന്നുണ്ട്. ഒടുവിലായി പരിഹാസനോവലുകള്‍ എന്നൊരു  വര്‍ഗ്ഗീകരണത്തിലൂടെ പറങ്ങോടീപരിണയം, നാലുപേരിലൊരുത്തന്‍ എന്നീ നോവലുകളെയും അപഗ്രഥിക്കുന്നു.

  ആദ്യകാലത്തെ മലയാളനോവല്‍ ചരിത്രത്തെക്കുറിച്ചന്വേഷിക്കുന്നവര്‍ക്ക് ഒട്ടും തന്നെ ഒഴിവാക്കാനാവാത്ത കൃതിയാണിത്. ബിരുദ,ബിരുദാനന്തരവിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും അധ്യാപകര്‍ക്കും ഒക്കെ പ്രയോജനപ്പെടുന്ന ആധികാരികമായൊരു അക്കാദമിക് റഫറന്‍സ് തന്നെയാണ് ഈ കൃതി.

ഗ്രന്ഥാലോകം, ആഗസ്റ്റ്,2015