Sunday, November 27, 2016

സമകാലികതയിലേക്കു വീണ്ടെടുക്കുമ്പോള്‍



സ്‌ത്രീയുടെ ലിംഗപദവിയെക്കുറിച്ചുള്ള സമകാലികമായ ചര്‍ച്ചകളില്‍ എമ്പാടും നിറഞ്ഞു നില്‍ക്കുന്ന ചില പദാവലികളുണ്ട്‌. വിദ്യാഭ്യാസം, തൊഴില്‍, കര്‍തൃത്വബോധം, പൊതുപ്രവേശനം എന്നിങ്ങനെ. ഈ ആശയമണ്ഡലങ്ങളെ ചരിത്രവല്‍ക്കരിക്കുവാന്‍ നാം നടത്തുന്ന ഏതൊരു ശ്രമങ്ങളിലും കേരളത്തിന്റെ ഗതകാലപഥങ്ങളില്‍ സ്‌ത്രീകള്‍ നടത്തിയ മുന്നേറ്റങ്ങളെ അവഗണിക്കുവാന്‍ സാധ്യമല്ല. സ്‌ത്രീയുടെ ചരിത്രനിര്‍മ്മിതികളെ പുതിയ കാലത്തു നിന്നുകൊണ്ട്‌ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇന്നു പല നിലയ്‌ക്കു നടക്കുന്നുണ്ട്‌.. ചരിത്രം എന്നത്‌ സ്‌ത്രീയുടേതും (ഹെര്‍ സ്‌റ്റോറി)കൂടിയാണ്‌ എന്ന കാഴ്‌ച്ചപ്പാട്‌ അക്കാദമിക്‌/അക്കാദമികേതര രംഗങ്ങളില്‍ ഇന്ന്‌്‌്‌ വളരെ പ്രബലമാണ്‌. ഉര്‍വശി ഭൂട്ടാലിയയുടെ `ദ അദര്‍ സൈഡ്‌ ഓഫ്‌ സൈലന്‍സ'്‌, കെ.ലളിത മുതലായവര്‍ ചേര്‍ന്ന്‌ എഡിറ്റ്‌ ചെയ്‌ത തെലുങ്കാന സമരത്തിലെ സ്‌ത്രീ പങ്കാളിത്തത്തെക്കുറിച്ചുള്ള `വി വേര്‍ ആള്‍സോ മേയ്‌ക്കിംഗ്‌ ഹിസ്‌റ്ററി', ഷംഷാദ്‌ ഹുസ്സൈന്‍ മലബാര്‍ കലാപത്തിന്റെ ഇരകളും സാക്ഷികളുമായവരെ മുന്‍ നിര്‍ത്തി എഴുതിയ `വാമൊഴി പഠനവും ഓര്‍മകളുടെ ആഖ്യാനവും', ജെ.ദേവികയുടെ `കുലസ്‌ത്രീയും ചന്തപ്പെണ്ണും ഉണ്ടാവുന്നതെങ്ങനെ', `കല്‍പനയുടെ മാറ്റൊലി', പി.ഗീതയുടെ `പെണ്‍ കാലങ്ങള്‍', `കളിയമ്മമാര്‍', ഉഷാ സക്കറിയാസിന്റെ മാറാട്‌ കലാപത്തിലെ സ്‌ത്രീയനുഭവങ്ങളെക്കുറിച്ചുള്ള `ഹിന്ദു-മുസ്‌ളിം സ്‌ത്രീകള്‍ പൗരത്വത്തിനു വേണ്ടിയുള്ള ഏറ്റുമുട്ടല്‍: മാറാടും മാധ്യമത്തിരനാടകങ്ങളും' തുടങ്ങി അനേകം രചനകള്‍ ഈ രംഗത്തുണ്ടായിട്ടുണ്ട്‌. ഇവയെല്ലാം സ്‌ത്രീയുടെ ബൗദ്ധികവും പ്രയോഗികവും സര്‍ഗാത്മകവുമായ എല്ലാത്തരം അനുഭവമണ്ഡലങ്ങളിലും ഊന്നിനിന്നുകൊണ്ട്‌ ഏറിയും കുറഞ്ഞുമുള്ള അളവില്‍ സ്‌ത്രീചരിത്രരചന നിര്‍വഹിക്കുന്നവയാണ്‌. സമാനമായൊരു വിശാലദൗത്യം തന്നെയാണ്‌്‌ തൊഴില്‍കേന്ദ്രത്തിലേക്ക്‌ എന്ന, പ്രൊഫ.ടി.എ.ഉഷാകുമാരി എഡിറ്റ്‌ ചെയ്‌ത്‌്‌്‌ പുന:പ്രസിദ്ധീകരിക്കപ്പെട്ട നാടകവും അനുബന്ധചരിത്രരേഖകളും നിര്‍വഹിക്കുന്നത്‌. 

1948 ല്‍ തൃശ്ശൂര്‍ യോഗക്ഷേമം പ്രസ്സില്‍ 1000 കോപ്പി അച്ചടിച്ചുകൊണ്ടാണ്‌ ഈ നാടകത്തിന്റെ പ്രസിദ്ധീകരണചരിത്രം ആരംഭിക്കുന്നത്‌. തൊഴില്‍കേന്ദ്രത്തിലെ അന്തേവാസിയും നാടകത്തിലെ അഭിനേത്രിയുമായിരുന്ന കണ്ണമ്പിള്ളി ശ്രീദേവിയുടെ സഹോദരനും നാടകത്തിന്റെ മേയ്‌ക്കപ്പ്‌്‌ മാനുമായിരുന്ന പരിയാനമ്പറ്റ ദിവാകരന്‍നമ്പൂതിരിയുടെ ഇല്ലത്ത്‌്‌്‌ സൂക്ഷിച്ചിരുന്ന നാടകത്തിന്റെ കോപ്പികള്‍ കമ്യൂണിസ്റ്റു വേട്ടയുടെ ഭാഗമായി നടത്തിയ പോലീസ്‌ റെയ്‌ഡില്‍ പിടിച്ചെടുക്കുകയായിരുന്നു. 2008 ല്‍ എന്‍.ആര്‍.ഗ്രാമപ്രകാശ്‌ എഡിറ്റ്‌്‌്‌ ചെയ്‌ത്‌്‌ കാലിക്കറ്റ്‌ സര്‍വകലാശാല പാഠപുസ്‌തകമായി പുറത്തിറക്കിയ തൊഴില്‍കേന്ദ്രത്തിലേക്ക്‌്‌്‌ സ്‌ത്രീസ്വത്വഭാവനയെ ഉള്‍ക്കൊണ്ടിരുന്നു. എന്നാല്‍ നാടകത്തിന്റെ സമകാലികവും ചരിത്രപരവുമായ എല്ലാ അനുബന്ധങ്ങളെയും ഉള്‍ക്കൊള്ളുന്ന വിപുലമായ ബഹുതലമായ ഘടനയുള്ള പുസ്‌തകമാണ്‌ പ്രൊഫ.ടി.എ.ഉഷാകുമാരി മാനേജിംഗ്‌ ട്രസ്റ്റി ആയിട്ടുള്ള സമത പ്രസിദ്ധീകരിച്ച ഈ കൃതി. കേരളത്തിലെ ആദ്യകാലസ്‌ത്രീമുന്നേറ്റങ്ങളുടെ രാഷ്‌ട്രീയ പശ്ചാത്തലം,അതിന്റെ ചരിത്രപരമായ നിര്‍ണായകത്വം എന്നിവയെ പൂര്‍ണമായും ഗുണാത്മകമായി പ്രക്ഷേപണം ചെയ്യുന്ന മട്ടിലാണ്‌ ഈ ഗ്രന്ഥത്തിന്റെ കെട്ടും മട്ടും. 1948 ല്‍ എഴുതപ്പെട്ട നാടകത്തിന്റെ സാഹിത്യപാഠം അതില്‍ പ്രധാനമാണ്‌.. എങ്കിലും അതോടൊപ്പം തന്നെ നാടകത്തിന്റെ ചരിത്രരേഖയായി ഒരു പറ്റം എഴുത്തുകള്‍ കാണാം. കൂടാതെ പാര്‍വതീ മെമ്മോറിയല്‍ തൊഴില്‍പരിശീലനകേന്ദ്രത്തിന്റെ ചരിത്രരേഖ ഇ.എം.എസ്സിന്റെ ചരിത്രപ്രസിദ്ധമായ `നമ്പൂതിരിയെ മനുഷ്യനാക്കുക' എന്ന ലേഖനം, കെ.എന്‍ പണിക്കരുടെ അവതാരിക, എഡിറ്ററുടെ ആമുഖലേഖനം,ആദ്യം പ്രസിദ്ധീകരിച്ച കൃതിക്ക്‌്‌്‌ എം.സി നമ്പൂതിരിപ്പാട്‌ എഴുതിയ അവതാരിക, അക്കിത്തത്തിന്റെയും ദേവകിനിലയങ്ങോടിന്റെയും കുറിപ്പുകള്‍,അന്തര്‍ജനസമാജം പ്രവര്‍ത്തകകമ്മറ്റി യോഗം റിപ്പോര്‍ട്ട്‌്‌്‌ ,നാടകത്തില്‍ അഭിനയിച്ചവരെക്കുറിച്ചുള്ള ജീവചരിത്രപരവും മറ്റുമായ കുറിപ്പുകളും അഭിമുഖങ്ങളും തുടങ്ങി പുസ്‌തകത്തിന്റെ ചരിത്രപരവും സമകാലികവുമായ പ്രസക്തിയെ പൂര്‍ണമായും സമഗ്രമായും വെളിപ്പെടുത്തുന്ന ഒട്ടേറെ അനുബന്ധങ്ങളും ഇവിടെയുണ്ട്‌. 

കാലഘട്ടത്തിന്റെ സാംസ്‌കാരികരേഖ
അക്കാലത്തെ അനുഭവങ്ങളെ പച്ചപ്പോടെ ദേവകി നിലയങ്ങോടിനെപ്പോലെയുള്ളവര്‍ ഓര്‍ത്തെടുക്കുന്നത്‌ വെറും സ്‌മൃതിചിത്രമായോ ആത്മസമരണകളായോ അല്ല, മറിച്ച്‌ ഇന്നത്തെ നിലയ്‌ക്ക്‌ ചരിത്രത്തെ പുതിയ തരത്തിലുള്ള ഒരു സാംസ്‌കാരികവായനയിലൂടെ പുനരാനയിക്കലാണ്‌. ആനക്കമ്പവും കഥകളിഭ്രാന്തും പത്തായപ്പുരനിര്‍മാണവും കുളം കുഴിക്കലും കോടതിവ്യവഹാരങ്ങളും സദ്യയൊരുക്കലുമായി നടന്ന ബ്രാഹ്മണാധിഷ്‌ഠിത ആണ്‍കോയ്‌മയുടെ സാംസ്‌കാരികചിത്രം ആണതിലൂടെ നമുക്ക്‌ പകര്‍ന്നു കിട്ടുന്നത്‌. കൂട്ടുകുടുംബസമ്പ്രദായത്തിലെ ആചാരങ്ങള്‍, കുടുംബ ബന്ധങ്ങള്‍, അതില്‍ത്തന്നെ ആണ്‍പെണ്‍ ബന്ധങ്ങള്‍ക്കകത്തെ ശീലായ്‌മകളും വിലക്കുകളൂം. ഇവയെല്ലാമായി ഇഴപിരിയാത്തവിധം ബന്ധപ്പെട്ടുകിടക്കുന്ന നമ്പൂതിരിസ്‌ത്രീയുടെ സ്വത്വമണ്‌ഡലം ഈ എഴുത്തുകളിലുണ്ട്‌. അന്നത്തെ സ്‌ത്രീയുടെ കാഴ്‌ച്ചശീലങ്ങള്‍ ഈ കീഴായ്‌മയ്‌ക്കു വിധേയപ്പെട്ടു നില്‍ക്കുന്ന വിചിത്രമായ ഒരവസ്ഥ നിലയങ്ങോട്‌ വിവരിക്കുന്നതിങ്ങനെ: ``നാടകം കാണാന്‍ രംഗത്തു വന്നിരിക്കാന്‍ അന്തര്‍ജനങ്ങള്‍ക്കു അനുവാദമുണ്ടായിരുന്നില്ല. പൂമുഖത്തിനപ്പുറത്തും വരാന്തയിലും മറ്റും ചൂടിക്കയര്‍ വലിച്ചുകെട്ടി രണ്ടു മുണ്ടുചേര്‍ന്ന ശീലകള്‍ ഞാത്തിയിട്ട്‌ അതിന്‌ പിന്നിലാണ്‌ സ്‌ത്രീകള്‍ ഇരുന്നും നിന്നും നാടകം കണ്ടത്‌. ഈ തുണിമറയുടെ വിടവില്‍കൂടി നോക്കി ആകാംക്ഷാഭരിതരായി അവര്‍ നാടകം കണ്ടു-ശ്വാസം പിടിച്ചും ഇടയ്‌ക്ക്‌ ദീര്‍ഘനിശ്വാസങ്ങള്‍ ഉതിര്‍ത്തും. തങ്ങളുടെ നരകജീവിതം അതേ പടി രംഗത്തവതരിപ്പിക്കുന്നതു കണ്ട്‌ പലരും തേങ്ങിക്കരഞ്ഞു.'' 

ധനസമ്പാദനാര്‍ത്ഥം നാടകം തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ വെച്ച്‌ അരങ്ങേറുന്നതുമായി ബന്ധപ്പെട്ട്‌്‌ കണ്‍വീനറായ എ.കെ.ടികെ.എം. നമ്പൂതിരിപ്പാട്‌ തയ്യാറാക്കിയ നോട്ടീസ്‌ പോലും വിട്ടുകളയാതെ ഒരു ചരിത്രശേഖരമായി ഈ പുസ്‌തകത്തിലുണ്ട്‌. ടിക്കറ്റിന്റെ അന്നത്തെ നിലയ്‌ക്കുള്ള അണ/പൈ വില വിവരങ്ങളും ഒടുവിലുള്ള ഈ കുറിപ്പ്‌ `മറക്കുട കൊടിക്കൂറ'യാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ വികാരോജ്വലമായ ഒരു ആഹ്വാനം കൂടിയാണത്‌. 

നാടകത്തില്‍ അഭിനയിച്ച ഒരോ അന്തര്‍ജ്ജനങ്ങളുടെയും അഭിമുഖങ്ങള്‍ വികാരതീവ്രമാണ്‌. സാമൂഹികവും രാഷ്ട്രീയവുമായ ചലനഗതിക്കൊപ്പം സഞ്ചരിക്കുകയും എന്നാല്‍ ആ യാത്രയില്‍ ആവശ്യമായ ഗതിനിര്‍ണയനങ്ങള്‍ വരുത്തിത്തീര്‍ക്കാന്‍ സ്വയം നിയുക്തരായ ഒരു കൂട്ടം മനുഷ്യരുടെ, അവരുടെ കഴമ്പുള്ള ജീവിതങ്ങളുടെ ത്രസിപ്പിക്കുന്ന ആത്മകഥ തന്നെയാണീ കൃതി. 

നമ്പൂതിരി യുവജനസംഘം മൂന്നാം സമ്മേളനത്തില്‍ 'തൊട്ടിലാട്ടിയാല്‍ പോരാ, തോക്കെടുക്കുകയും വേണം' എന്നാഹ്വാനം ചെയ്‌തുകൊണ്ട്‌ കുറ്റിപ്പുഴ കൃഷ്‌ണപിള്ള നടത്തിയ ഉജ്ജ്വലമായ പ്രസംഗം ഈ കൃതിയില്‍ കാണാം. 

നാടകത്തില്‍ പാടിയതും അല്ലാത്തതുമായ പാട്ടുകളും ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. അന്തര്‍ജനങ്ങളുടെ പടയൊരുക്കത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സമരരേഖകള്‍ എന്ന നിലയില്‍ അവ പ്രധാനമാണ്‌. അന്തര്‍ജനസമാജത്തിന്റെ സ്ഥാപകപ്രവര്‍ത്തകയായ പാര്‍വതി നെന്മിനിമംഗലത്തെ ചരിത്രനായികയായിത്തന്നെ ഈ കൃതിയില്‍ കണ്ടെടുക്കുന്നുണ്ട്‌. ആര്യാപള്ളം, ദേവകി നരിക്കാട്ടിരി മുതലായവരെക്കുറിച്ചും വിശദമായിത്തന്നെ പരാമര്‍ശങ്ങളുണ്ട്‌. കൂടാതെ വി.ടി, പ്രേംജി, എം.ആര്‍.ബി, ഇ.എം.എസ്‌, ഒളപ്പമണ്ണ, അക്കിത്തം തുടങ്ങിയവരുടെ സംഭാവനകളെയും വകയിരുത്തുന്നുണ്ട്‌. യാചനായാത്രയുടെ ലഭ്യമായ എല്ലാ ലിഖിതങ്ങളും ഈ കൃതിയുടെ ഭാഗമായി ചേര്‍ത്തിട്ടുണ്ട്‌. നാടകത്തെ നിരോധിച്ചു കൊണ്ടുള്ള ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ ഡ്രമാറ്റിക്‌ പെര്‍ഫോമന്‍സ്‌ ആക്‌ട്‌ 10-)#ം വകുപ്പു പ്രകാരമുള്ള ഉത്തരവ്‌, അതിനെതിരെ നടത്തിയ യോഗക്ഷേമസഭയുടെ ശക്തമായ പ്രതികരണം ഒക്കച്ചേര്‍ന്ന്‌ ചലനാത്മകമായ ഒരു രാഷ്‌ട്രീയപ്രയോഗപദ്ധതിയുടെ ചരിത്രരേഖയായി മാറുകയാണ്‌ ഈ കൃതി. നാടകത്തെ കാലഘട്ടത്തിന്റെ പ്രത്യയശാസ്‌ത്ര/ചരിത്രരേഖയായി മാറ്റിയെഴുതുകയാണ്‌ പ്രൊഫ.ഉഷാകുമാരി ഇവിടെ ചെയ്‌തത്‌. 

ആധുനികതയിലേക്കു നടന്നടുക്കുന്ന പുതിയ സ്‌ത്രീയുടെ സ്വത്വസംഘര്‍ഷമാണിവിടെ വിഷയമാകുന്നത്‌്‌. സ്‌ത്രീകള്‍ക്കായുള്ള പൊതു ഇടം എന്ന ഇന്നും പ്രസക്തമായ ഒരു ആശയത്തെ ആ നാടകം മുന്നോട്ടു വെയ്‌ക്കുന്നുണ്ട്‌്‌്‌. തൊഴില്‍ കേന്ദ്രത്തില്‍ പ്രധാനമായുള്ള ജോലി തുന്നലാണ്‌. ആധുനികമായ ആ കൈവേല, സ്‌ത്രീത്വത്തിന്റെ ആധുനികീകരണത്തിനു നിമിത്തമാവുകയാണ്‌. തുന്നി വസ്‌ത്രമിടുക എന്നതില്‍ പുതിയൊരു ലോകവീക്ഷണത്തിന്റെ നോട്ടപ്പാടുകള്‍ തീര്‍ച്ചയായുമുണ്ട്‌്‌്‌. വ്യക്തിയുടെ തെരഞ്ഞെടുപ്പും അനന്യതയും അതിലുണ്ട്‌. നൂല്‍ നൂല്‍പ്പ്‌, ഓലകൊണ്ട്‌ വട്ടി, കുട്ട എന്നിവയുണ്ടാക്കല്‍, ബുക്ക്‌ ബൈന്റിംഗ്‌ എന്നിവയും അഭ്യസിപ്പിച്ചിരുന്നു. 

നാടകപാഠം
ദേവകിയും അവളുടെ ഭര്‍ത്താവായ വക്കീലും തമ്മിലുള്ള വാക്‌്‌്‌തര്‍ക്കങ്ങളും പൊരുത്തക്കേടുകളുമാണിതിലെ മുഖ്യപ്രമേയമെങ്കിലും പിന്നീടതു വികസിച്ച്‌്‌്‌ സ്‌ത്രീപ്രശ്‌നത്തിന്റെ ഉള്ളറകളിലേക്കു കടക്കുന്നു. ദേവസേനയെ വിവാഹത്തിന്റെ പേരില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനെ അവള്‍ പാര്‍വതിയെന്ന സഖിയുമായിച്ചേര്‍ന്ന്‌്‌്‌്‌ തടുക്കുന്നു. അതിനു ഒത്താശ ചെയ്‌തുകൊടുത്ത വക്കീലിനെയും അവള്‍ ഭര്‍ത്സിക്കുന്നു. ആര്‍.എസ്‌.എസ്‌. പോലുള്ള ഹൈന്ദവസംഘടനയുടെ മിലിട്ടന്റ്‌ പ്രവര്‍ത്തകനായ വക്കീലിനു ഭാര്യയുടെ സ്വാതന്ത്രേ്യച്ഛ തീരെ ബോധിക്കുന്നില്ല. പരമാവധി ഒത്തു പോകാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒടുവില്‍ തുറന്ന പോരിനു തന്നെ ദേവകി തയ്യാറാവുകയാണ്‌. ഒടുവില്‍ ഭര്‍ത്താവിനെയും തറവാടിനെയും വെടിഞ്ഞ്‌ `സ്വാതന്ത്ര്യത്തെ ഭര്‍ത്താവായും തൊഴില്‍കേന്ദ്രത്തെ തറവാടായും' സ്വീകരിച്ച്‌്‌്‌ സ്വന്തം ജീവിതത്തിന്റെ നായികയാവുന്നു.

സ്വന്തം സ്വത്വനിര്‍മിതിയെ അവളവളുടെ അനുഭവലോകത്തിനകത്ത്‌ വ്യക്തിയായും പ്രജയായും പൗരയായും നിന്നുകൊണ്ട്‌ തിരിച്ചറിഞ്ഞ്‌,അതേ ചരിത്രഘട്ടത്തില്‍ തന്നെ അതിനെ നിര്‍ണയിച്ച്‌,നിര്‍വ്വചിച്ച്‌ അടയാളപ്പെടുത്തുന്നു എന്നത്‌ ഈ കൃതിയെ സംബന്ധിച്ച്‌ ഒരു പ്രത്യേകതയാണ്‌. സാധാരണ വിമോചനചരിത്രസംഭവങ്ങളില്‍ നിന്നു വ്യത്യസ്‌തമായി സ്വന്തം ഭാഗധേയത്തെ നിര്‍ണയിക്കുകയും വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയുമായിരുന്നു, ഇവര്‍. മാത്രവുമല്ല, അതിലൂടെ നമ്പൂതിരിസ്‌ത്രീയെ സംബന്ധിച്ച പൊതു അര്‍ത്ഥസംഹിതകളില്‍ വ്യതിയാനം ഉണ്ടാക്കാനും അതുവഴി ജ്ഞാനവ്യവസ്ഥയുടെ അധീശഘടനയില്‍ തിരുത്തലുകള്‍ വരുത്തി, നാടകം എന്ന ജനപ്രിയരൂപത്തിലൂടെ സ്‌ത്രൈണമായ ഒരു ജ്ഞാനശാസ്‌ത്രത്തിനുള്ള അന്വേഷണത്തിലൂടെ കേരളത്തിന്റെ തദ്ദേശീയതയെക്കൂടി മുന്‍നിര്‍ത്തിക്കൊണ്ട്‌്‌്‌്‌ സ്വരൂപിക്കുകയാണ്‌ ഇവര്‍ ചെയ്‌്‌്‌തത്‌്‌.

കലയും യാഥാര്‍ത്ഥ്യവും
സൗന്ദര്യശാസ്‌ത്രപരമായി ഈ കൃതി എവിടെ നില്‍ക്കുന്നു? നാടകം എന്ന ജനുസ്സിനെ ഏറ്റവും പ്രാഥമിക തലത്തില്‍ മാത്രം രംഗപരമായും പാഠപരമായും ഉള്‍ക്കൊള്ളുന്നു, ഈ കൃതി. കലയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌്‌്‌ ഈ നാടകം മുന്നോട്ടു വെയ്‌ക്കുന്ന കാഴ്‌്‌്‌ച്ച പക്ഷേ കൗതുകകരമാണ്‌. നാടകത്തിനാധാരമായ ചരിത്ര സംഭവം എന്ന യാഥാര്‍ത്ഥ്യം, നമ്പൂതിരി സ്‌ത്രീകള്‍ തങ്ങളുടെ സാമൂഹ്യ അന്തസ്സിനു വേണ്ടി തൊഴില്‍കേന്ദ്രത്തിലേക്കു പോകുന്നതാണ്‌. അതു തന്നെ കഥാതന്തുവും ഇതിവൃത്തവും പ്രമേയവും. സമകാലികതയില്‍തന്നെയാണ്‌ ചരിത്രം നില്‍ക്കുന്നത്‌ എന്നത്‌്‌ അതിനു സാധ്യമായേക്കാവുന്ന ഭാവനാപരമായ ദൂരങ്ങളെ റദ്ദു ചെയ്യുന്നു, നിസ്സഹായമാം വിധം, സമകാലികവും യാഥാര്‍ത്ഥ്യനിഷ്‌ഠവുമായിരിക്കുക എന്നതാണ്‌ ഈ നാടകത്തിന്റെ പ്രത്യേകത. ഇറാനിയന്‍ ചലച്ചിത്രകാരന്‍ മക്‌മല്‍ ബഫിന്റെ 'ഹലോ സിനിമ'യുടെ കഥാതന്തു ഒരു പുതിയ സിനിമയ്‌ക്കായി താരങ്ങളെ കണ്ടെത്താനുള്ള ഓഡിഷനായിരുന്നു. ഈ സിനിമ അദ്ദേഹം ചെയ്‌തത്‌്‌ മുന്‍കൂട്ടി സ്‌ക്രിപ്‌റ്റ്‌്‌്‌ തയ്യാറാക്കാതെ അഭിനേതാവാകാന്‍ ആഗ്രഹിച്ചു വന്നവരെ അതേപടി ചിത്രീകരിച്ചു കൊണ്ടാണ്‌.യാഥാര്‍ത്ഥ്യവുമായുള്ള അകലമില്ലായ്‌മ കലയിലെ പ്രതിസന്ധിയും ഒപ്പം സാധ്യതയും കൂടിയാണ്‌ എന്ന്‌്‌ ഈ രണ്ടു സൃഷ്ടികളും പറയുന്നു.

സ്‌ത്രീനിര്‍വാഹകത്വവും സാമുദായസ്‌ത്രീകര്‍തൃത്വവും

യാഥാര്‍ത്ഥ്യത്തിന്റെ പ്രതിനിധാനം എന്ന മട്ടില്‍ ഈ നാടകരചനയെ നോക്കുമ്പോള്‍ പ്രത്യയശാസ്‌ത്രപരമായി രണ്ടു സങ്കീര്‍ണതകളെ നാം അഭിമുഖീകരിക്കുന്നു. ഒന്ന്‌്‌്‌ നവോത്ഥാനവിമോചനസങ്കല്‍പത്തിനകത്തെ സ്‌ത്രീനിര്‍വാഹകത്വമാണ്‌. വിമോചനത്തിന്റെ പാതയില്‍ മുന്‍കയ്യെടുത്ത്‌്‌്‌ മുന്നേറുന്ന പുരുഷന്‍ സ്‌ത്രീയെ അപേക്ഷിച്ച്‌്‌്‌ ചരിത്രപരമായി കൂടുതല്‍ അവകാശങ്ങളും ആനുകൂല്യങ്ങളും സ്വാഭാവികമെന്നവണ്ണം അനുവദിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ പ്രതിനിധിയാണ്‌.ഒരേസമയം പുരുഷാധിപത്യാധികാരത്തിന്റെയും ഫ്യൂഡല്‍സമുദായത്തിന്റെയും യാഥാസ്ഥിതികമായ അനാചാരങ്ങളുടെയും തടവിലകപ്പെട്ട സ്‌ത്രീകള്‍ പുരുഷന്‍മാരുടെ ഈ മുന്‍കൈകളെ എങ്ങനെയാണ്‌ നോക്കിക്കണ്ടത്‌ എന്ന അന്വേഷണം ഇന്നു പ്രധാനമാണ്‌. നമ്പൂതിരി നവോത്ഥാനത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ തൊഴില്‍കേന്ദ്രവും നാടകരചനയും ഇത്തരം ആലോചനകള്‍ക്കു വിധേയമാക്കേണ്ടതുണ്ട്‌. നാടകം പൂര്‍ണമായും സ്‌ത്രീകള്‍ തന്നെ എഴുതി, സ്‌ത്രീകള്‍ തന്നെ അഭിനയവും സംവിധാനവും നിര്‍വഹിച്ചതായിരിക്കെത്തന്നെ വിപ്‌്‌്‌ളവത്തിന്റെ പാതയിലെ സ്‌ത്രീ പുരുഷ ബന്ധങ്ങളില്‍ അതെങ്ങനെ പ്രവര്‍ത്തിച്ചു എന്നാരായേണ്ടതുണ്ട്‌്‌്‌. തൊഴില്‍കേന്ദ്രത്തിലെ മുഖ്യവേഷം അഭിനയിച്ച, അന്തര്‍ജനങ്ങള്‍ക്കിയിലെ ആദ്യത്തെ ബഹിര്‍ജനമെന്നു വിളിക്കപ്പെട്ട ശ്രീദേവി കണ്ണമ്പിള്ളി സഹോദരനായ പരിയാനമ്പറ്റ ദിവാകരന്‍ നമ്പൂതിരിയെക്കുറിച്ച്‌ ഒരു അഭിമുഖത്തില്‍ പറയുന്നത്‌്‌ ഇങ്ങനെ: `ഞാന്‍ ഇങ്ങനെയൊക്കെയാണെന്നു നിങ്ങള്‍ പറയുന്നു.അതൊന്നും എനിക്കു നിശ്ചല്യ. പക്ഷേ ഒരു കാര്യമുണ്ട്‌. എന്നെ പൊറത്തിറങ്ങി നടക്കാറാക്കീതും വല്ലതുമൊക്കെ പ്രവര്‍ത്തിക്കാറാക്കീതും സമൂഹത്തിന്റെ മുമ്പില്‌ വര്‍ത്തമാനം പറയാറാക്കീതുമൊക്കെ ഏട്ടനാണ്‌..പരിയാനമ്പറ്റ. ആ പരിയാനമ്പറ്റടെ ഒറ്റ താല്‍പര്യത്തിന്റെ മോളിലാണ്‌ ഞാന്‍ ലെക്കിടി തൊഴില്‍കേന്ദ്രത്തിലെത്തിയതും നമ്പൂതിരിസഭയുമായിട്ടൊക്കെ പ്രവര്‍ത്തിച്ചതും''(പുറം 111, തൊഴില്‍കേന്ദ്രത്തിലേക്ക്‌്‌്‌) സ്‌ത്രീകള്‍ക്കു മുന്നില്‍ പുരുഷന്മാര്‍ രക്ഷകര്‍ത്താക്കളായോ അവകാശികളായോ മുന്നണിപ്പോരാളികളായോ സഹയാത്രികരായോ സുഹൃത്തുക്കളായോ നിന്നത്‌്‌? അവര്‍ക്കിടയില്‍ നിന്ന സംവാദബന്ധങ്ങളില്‍ മേല്‍കീഴ്‌ നിലകള്‍ പ്രവര്‍ത്തിച്ചിരുന്നോ?അവ അട്ടിമറിക്കപ്പെട്ടോ, ഈ ആകാംക്ഷകള്‍ക്കു ഇന്നു പ്രസക്തിയേറുന്നു. സ്വതന്ത്രമായ സ്‌ത്രീകര്‍തൃത്വത്തെ മുന്‍നിര്‍ത്തി മുന്‍വിധികളില്ലാത്ത പുതിയ രാഷ്ട്രീയപുനര്‍വായനകള്‍ക്കു നവോത്ഥാനകാലവും വിധേയമാണ്‌.

മറ്റൊരുകാര്യം,സാമുദായത്തിനകത്തെ സ്‌ത്രീകര്‍തൃത്വം ആണ്‌്‌. സമകാലികമായി പ്രസക്തമായിവരുന്ന മറ്റൊരു വിഷയം കൂടിയാണിത്‌. ഇന്നു പ്രബലമായി നിലനില്‍ക്കുന്ന പല സൈദ്ധാന്തികധാരകളുമായി, പ്രത്യേകിച്ചും ദളിത,്‌ മുസ്‌ളിം, ന്യൂനപക്ഷ സ്‌ത്രീപരിഗണനകളുമായതിനെ തട്ടിച്ചു നോക്കേണ്ടതുണ്ട്‌്‌്‌. നമ്പൂതിരി നവോത്ഥാനം മലയാളിസ്‌ത്രീകളുടെ പൊതുവായ പിന്നോക്കാവസ്ഥയുടെ പശ്ചാത്തലമായാണ്‌ അവതരിക്കപ്പെട്ടത്‌്‌. നവോത്ഥാനത്തിന്റെ പൊതു മൂല്യ/സംജ്‌്‌ഞകള്‍ക്കകത്താണ്‌ അതു വകയിരുത്തപ്പെട്ടത്‌്‌. അവയുടെ വിമോചനമൂല്യം സ്വന്തം ജാതി/സമുദായ ഗണത്തിലെ സ്‌ത്രീ അവരുടെ ജീവിതവൃത്തങ്ങള്‍ക്കകത്തെ അടിച്ചമര്‍ത്തലിനെയും കീഴായ്‌മയെയും സവിശേഷമായി അഭിസംബോധന ചെയ്യുന്നതായി തിരിച്ചറിയപ്പെട്ടില്ല. അങ്ങനെ അക്കൗണ്ടു ചെയ്യപ്പെടാത്തതുകൊണ്ടുതന്നെ സെക്ടേറിയനെന്നോ സ്വത്വരാഷ്ട്രീയപരമെന്നോ ഉള്ള അധിക്ഷേപങ്ങള്‍ അവ ഏറ്റുവാങ്ങേണ്ടി വന്നില്ല. ആശയപരമായി സ്‌ത്രീസ്വാതന്തന്ത്ര്യത്തിന്റെ സാര്‍വകാലികതയും സാര്‍വത്രികതയുമായി ആവേശപൂര്‍വം ബന്ധിപ്പിക്കപ്പെടുകായിരുന്നു, ഈ നാടകം. ഇബ്‌സന്റെ ഡോള്‍സ്‌ ഹൗസുമായി കൂട്ടിയിണക്കിയാണ്‌ എന്‍.ആര്‍.ഗ്രാമപ്രകാശിനെപ്പോലുള്ള നാടകനിരൂപകര്‍ ഈ കൃതിയെ നോക്കിക്കാണുന്നത്‌്‌്‌.അവര്‍ പൊതു സ്‌ത്രീകളെ മുഴുവന്‍ ഉള്‍ക്കൊള്ളാവുന്ന ഒരു വിശാലസംവര്‍ഗമായി വ്യാഖ്യാനങ്ങളില്‍ തിരിച്ചറിയപ്പെട്ടു.അത്രതന്നെ ഗുരുത്വത്തില്‍ മുസ്‌ളിം സ്‌ത്രീകളും കീഴാളസ്‌ത്രീകളും തങ്ങളുടെ പ്രശ്‌നങ്ങളെ അവതരിപ്പിക്കുമ്പോള്‍ അതു പൊതുവായി ഏറ്റെടുക്കപ്പെടാതിരിക്കുന്നത്‌്‌ എന്തുകൊണ്ട്‌?
ഇത്തരം നിരവധി സംവാദങ്ങളിലേക്കു വഴിതുറക്കുന്ന ഒന്നാണീ കൃതിയുടെ പുന:പ്രസിദ്ധീകരണം. ചരിത്രത്തില്‍നിന്നു വീണ്ടെടുക്കപ്പെടുകയെന്നാല്‍ സമകാലികമായ പ്രത്യയശാസ്‌ത്രപരിസരങ്ങളിലേക്കു കൂടുതല്‍ തെളിച്ചം പകരുക എന്നു കൂടിയാണിവിടെ അര്‍ത്ഥം. 

റഫറന്‍സ്‌
1.തൊഴില്‍കേന്ദ്രത്തിലേക്ക്‌-എഡി.പ്രൊഫ.ടി.എ.ഉഷാകുമാരി,സമത,തൃശ്ശൂര്‍, 2014
2..തൊഴില്‍കേന്ദ്രത്തിലേക്ക്‌-എഡി.ഡോ.എന്‍. ആര്‍.ഗ്രാമപ്രകാശ്‌,കോഴിക്കോടുസര്‍വകലാശാല, പ്രസിദ്ധീകരണവിഭാഗം,തേഞ്ഞിപ്പലം, 2008
3.മലയാള നാടകസ്‌ത്രീചരിത്രം,സജിതാ മഠത്തില്‍, മാതൃഭൂമി ബുക്‌സ്‌,കോഴിക്കോട്‌,2010

(2016ഡിസംബര്‍ ലക്കം 'എക്‌സ്‌ക്‌ളൂസിവി'ല്‍ പ്രസിദ്ധീകരിച്ചത്‌)