Showing posts with label സംസ്‌കാരപഠനം. Show all posts
Showing posts with label സംസ്‌കാരപഠനം. Show all posts

Monday, July 21, 2025

ഇന്ദുലേഖ എന്ന ഈഴവപ്പെണ്ണ് അഥവാ കഥയും കാമനയും

      1956 ലാണ് ചെമ്മീന്‍ എന്ന തകഴിയുടെ പ്രശസ്തമായ നോവല്‍ പുറത്തുവരുന്നത്.  അരയന്മാരുടെ സാമുദായകതന്മയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ആ നോവല്‍ വളരെയധികം വായിക്കപ്പെട്ടു.  ഈ നോവലിനോടു പാഠാന്തരബന്ധം പുലര്‍ത്തുന്ന, ഒ.വി.വിജയന്‍ എഴുതിയ അതേ പേരിലുള്ള ഒരു കഥയുണ്ട്. അതിന്റെ പേരും ചെമ്മീന്‍ എന്നാണ്. 1967 മാര്‍ച്ച് 5 ലെ മാതൃഭൂമിയിലാണതു പ്രസിദ്ധീകരിക്കുന്നത്. വലുപ്പത്തില്‍ വളരെ ചെറിയ ഈ കഥ എഴുതപ്പെടുന്നത്, ആക്ഷേപഹാസ്യത്തിന്റെ ശൈലിയിലാണ്.  കറുത്തമ്മ, പരീക്കുട്ടി, പളനി എന്നിവര്‍ക്കു പകരം യഥാക്രമം തമിഴ് ബ്രാഹ്‌മണയായ കൃഷ്ണാംബാളും കരുനാഗപ്പള്ളിക്കാരന്‍ മുടന്തനായ തിമൂറും സുബ്രഹ്‌മണ്യയ്യരും ആണ് ഈ കഥയില്‍. വാസ്തവത്തില്‍ നമ്മുടെ ഹിന്ദുത്വ അടിത്തറയുള്ള ദേശീയതയുടെയും ദേശരാഷ്ട്രഘടനയുടെ സൂക്ഷ്മാംശത്തിലുള്ള മാതൃകാരൂപമായ കുടുംബത്തിന്റെയും വിമര്‍ശനമായിത്തന്നെ അതിനെ വായിച്ചെടുക്കാം. ചെമ്മീന്‍ എഴുതപ്പെട്ട ശേഷം അരയന്മാരുടെ ജീവിതത്തെയും അവരുടെ മൂല്യബോധങ്ങളെയും മുന്‍നിര്‍ത്തി, നോവലിനെതിരെ വിമര്‍ശനങ്ങളും ഏറെ ഉണ്ടായി. അതില്‍ മുഖ്യമായത് ഡോ.വേലുക്കുട്ടി അരയന്‍ നടത്തിയ ഇടപെടലുകളായിരുന്നു. ചെമ്മീനെക്കുറിച്ചു ഡോ.എം.ടി. അന്‍സാരിയും കെ.ഇ.എന്നും വ്യത്യസ്തമായ രീതിയിലുള്ള വിമര്‍ശപാഠങ്ങള്‍ ഉല്‍പാദിപ്പിച്ചിട്ടുണ്ട്. സാമുദായികതയെ അധാശതയ്‌ക്കെതിരായി നിര്‍ത്തി, അതിനെ കൃത്യമായി ഉന്നയിച്ചുകൊണ്ടാണ് ഇവരെല്ലാം സാഹിത്യപാഠത്തെ വിശകലനം ചെയ്തിട്ടുള്ളത്. 




1933 ല്‍ സി.വി. കുഞ്ഞുരാമനെഴുതിയ 'ഇന്ദുലേഖ' എന്ന ചെറുകഥ ഇതിനും എത്രയോ കാലം മുമ്പേ തന്നെ സാമുദായികതയുടെ മേല്‍/കീഴുകളെ ഇതേ മട്ടില്‍ത്തന്നെ പ്രശ്‌നവല്‍ക്കരിച്ചു എന്നുള്ള തിരിച്ചറിവ് കൗതുകകരമാണ്. ഈ കഥയുടെ പേരു തന്നെ മലയാളത്തിലെ പ്രഖ്യാതമായ ഒരു നോവലിന്റെ പേരാണ്. ലക്ഷണമൊത്ത ആദ്യത്തെ മലയാളനോവലിന്റെ പേരു തന്നെ. സാമ്യം പേരില്‍ മാത്രമല്ല. രണ്ടിലേയും നായികാനായകന്മാരുടെ പേരും സമാനംതന്നെ, ഇന്ദുലേഖയും മാധവന്‍ നായരും. പ്രധാന വ്യത്യാസം ഇന്ദുലേഖ നായരല്ലെന്നതാണ്. നോവലിന്റെ വിമര്‍ശപാഠമായാണ് സി വി തന്റെ കഥ സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ദുലേഖ എന്ന സി.വിയുടെ കഥയെ സാമുദായികമായി വായിച്ചെടുക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്. അത് മഹാനായ ആ പോരാളിയുടെ സ്മരണയെ പുതുകാലത്തേക്കു ഒന്നു ഉണര്‍ത്തിയെടുക്കാനും ഇന്നു നാം സൗകര്യപൂര്‍വം  മറന്നു കളയുന്ന വ്യത്യസ്തതകളിലൂന്നിയ സാമൂഹികപാഠങ്ങളിലേക്കു ശ്രദ്ധചെലുത്താനും ഉപകരിച്ചേക്കാം.  


കസവും ഖദറും

        


ലക്ഷണമൊത്ത സ്ത്രീയാണ് എന്ന മട്ടിലാണ് ഇന്ദുലേഖയുടെ ബാഹ്യരൂപത്തിന്റെ വിവരണങ്ങള്‍ നോവലില്‍ ചന്തുമേനോന്‍ നടത്തുന്നത്. ഈ വിവരണങ്ങള്‍ ശ്രദ്ധിച്ചാല്‍ ബാഹ്യരൂപമെന്നത് ആന്തരികമായ ഗുണങ്ങളുടെ ഒരു പ്രകാശനമായി വായിക്കാന്‍ കഴിയും വിധം കൃത്യമായി ക്രമീകരിക്കപ്പെട്ട ഒരു മാതൃക ആണെന്നു മനസ്സിലാകും. ഇന്ദുലേഖ എന്ന കഥയിലാകട്ടെ നായികയുടെ  രൂപവര്‍ണനയെ ബോധപൂര്‍വം നോവലിലെ നായികയുടേതില്‍ നിന്നും വ്യതിരിക്തമാക്കി കൊണ്ട്, എന്നാല്‍ മറ്റു തരത്തിലുള്ള അടിസ്ഥാനസാമ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട്,  വിമര്‍ശനാത്മകതയുടെ ഒരു സാധ്യത കഥാകൃത്ത് കണ്ടെത്തുന്നുണ്ട്. ഈ വിമര്‍ശനാത്മകതയ്ക്കു ചന്തുമേനോന്റെ നിയോക്ലാസിക് ഭാവുകത്വത്തോടു വിടപറയാത്ത, എന്നാല്‍ കാല്പനികസ്വഭാവത്തിലുള്ള രൂപവര്‍ണനയോടുള്ള കടുത്ത നീരസം പ്രകടമാണ്. 


ചന്തുമേനോന്റെ ഇന്ദുലേഖാവര്‍ണനയുടെ സവര്‍ണവും അതിശയോക്തിപരവുമായ അഭിരുചിയെ കൊത്തിപ്പറിച്ചുകൊണ്ടാണ് തന്റെ ഇന്ദുലേഖയെ സി വി  വിവരിക്കുന്നത്. ''ആദ്യകാലനോവലുകള്‍ പൊതുവേ ഭാഷാവ്യവഹാരങ്ങളിലൂടെ വസ്തുക്കളെ അവതരിപ്പിക്കുന്നതില്‍ ഭിന്നപദ്ധതികള്‍ ഉപയോഗിക്കുന്നു''വെന്ന് ഉദയകുമാര്‍ ഇന്ദുലേഖയുടെ 13-ാം പതിപ്പിന്റെ ആമുഖത്തിലെഴുതുന്നുണ്ട്. ദൃശ്യപരമായി ചിത്രകലയോടാണ് അതിനു ബന്ധമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ചന്തുമേനോന്റെ ഇന്ദുലേഖ, ''കസവ് എവിടെ തുടങ്ങുന്നു, ശരീരം എവിടെ അവസാനിച്ചു'' എന്നു തൊട്ടു നോക്കിയയെങ്കിലല്ലാതെ അറിയാന്‍ പാടില്ലാത്തവണ്ണം നന്നേ വെളുത്തിട്ടായിരുന്നു. എന്നാല്‍ സി.വി.യുടെ ഇന്ദുലേഖയെ അദ്ദേഹം വര്‍ണിക്കുന്നത് അവരുടെ വര്‍ണത്തിലുള്ള വ്യത്യാസം എടുത്തു പറഞ്ഞുകൊണ്ടാണ്. ആ ഇന്ദുലേഖയല്ല, ആ നായികയുടെ നിറമല്ല എന്നിങ്ങനെ നിരന്തരമായുള്ള നിഷേധങ്ങളിലൂടെയാണ് വിവരണം നീങ്ങുന്നത്. ''ആ ഇന്ദുലേഖക്കു ഇരുപതുവയസ്സു പ്രായമാണ്.  നായര്‍സ്ത്രീ അല്ല; ഈഴത്തിയാണ്'' എന്നുറപ്പിച്ചു പറയുന്നതിലുള്ളത് സാമുദായികതയിലുള്ള സമര്‍ത്ഥനം തന്നെ! നിരന്തരം ആവര്‍ത്തിച്ചു വരുന്ന നിഷേധവാക്യങ്ങളുടെ സൂചനയും മറ്റൊന്നല്ല. ''ചന്തുമേനോന്റെ ഇന്ദുലേഖയുടെ വര്‍ണ്ണമല്ല എന്റെ ഇന്ദുലേഖയുടെ വര്‍ണ്ണം'' എന്നും ''ചന്തുമേനോന്റെ ഇന്ദുലേഖ സവര്‍ണസുന്ദരിയും എന്റെ ഇന്ദുലേഖ അവര്‍ണസുന്ദരിയുമാണെന്നു ഞാന്‍ പറയാതെ തന്നെ വായനക്കാര്‍ അറിഞ്ഞിരിക്കുമല്ലോ. എങ്കിലും എന്റെ ഇന്ദുലേഖ അവര്‍ണയായിരുന്നില്ല.''


നായര്‍ നായികയായ ഇന്ദുലേഖയോടുള്ള വ്യത്യാസങ്ങളിലാണ് സിവിയുടെ ഊന്നല്‍. അതു അവയവവര്‍ണനയിലും ഇഞ്ചോടിഞ്ചു വര്‍ണിച്ചു ഫലിപ്പിക്കുന്നത് വീറോടെയാണ്. ''കഴുത്തും കഴുത്തില്‍ നിന്നു കീഴ്‌പ്പോട്ടു നാലംഗുലം വരെയുള്ള പ്രദേശങ്ങളും അരയന്നത്തിന്റെ കഴുത്തു പോലെ ആര്‍ക്കും കാണാവുന്ന മാതിരിയില്‍ വെറും ശംഖുംമുഖം മൈതാനമായി കിടക്കുകയാണ്. ആ മൈതാനത്തിനു താഴെ വല്ല കുന്നോ തടമോ ഉണ്ടോ എന്ന് എനിക്ക് ഇതേ വരെ കാണാന്‍ സാധിച്ചിട്ടില്ല. ആപ്രദേശം ബോഡീസ്സ്, ബ്ലൗസ്സ്, സാരി മുതലായവ കൊണ്ടും ചിലപ്പോള്‍  ബോഡീസ്സും ജംപറും ദാവണിയും കൊണ്ടും മറച്ചിട്ടേ കാണാറുള്ളൂ. ചന്തുമേനോന്റെ ഇന്ദുലേഖയുടെ മാതിരി ''വൃത്തങ്ങളായി നിരന്തരങ്ങളായി പൊങ്ങിവരുന്ന തങ്കക്കുടങ്ങള്‍'' സകലയുവാക്കന്മാരെയും  കാണിച്ചു അവരുടെ മനസ്സില്‍ 'ഭ്രാന്തിയും വ്യഥയും' ഉണ്ടാക്കിത്തീര്‍ക്കുവാന്‍ എന്റെ ഇന്ദുലേഖയ്ക്കു സമ്മതമുണ്ടായിരുന്നില്ല.''  ഈ വിവരണത്തില്‍ ചുഴിഞ്ഞു നോക്കിയാല്‍ കാണുന്ന ദൂഷണപരമായ പരാമര്‍ശം പോയകാലത്തെ സാമുദായികമായ വിലപേശലിന്റെ ഭാഗമാണെന്നു കരുതാന്‍ കഴിയും.


സാമുദായികസ്ത്രീ എന്ന നിലയ്ക്കു തന്നെ തന്റെ ഇന്ദുലേഖയെ സി.വി.അവതരിപ്പിക്കുന്നത് ഉടുത്തു കെട്ടലിലെയും അലങ്കാരങ്ങളിലെയും വ്യത്യാസങ്ങളിലൂടെയും കൂടിയാണ്. ചന്തുമേനോന്റെ ഇന്ദുലേഖയെപ്പോലെ 'വിശേഷമായ ഇഴയും കസവുമുള്ള ഒന്നരയും മുണ്ടു'മല്ല എന്റെ ഇന്ദുലേഖ ധരിച്ചിരുന്നതെന്നു സി വി പറയുന്നുണ്ട്. 'ഖദര്‍; ശുദ്ധഖദര്‍; നല്ല നേര്‍മയുള്ള ഖദര്‍, ആയിരുന്നു എന്റെ ഇന്ദുലേഖയുടെ ഒന്നരയും മേല്‍മുണ്ടും, സാരിയും ബ്ലൗസും ബോഡീസ്സും സര്‍വ്വവും.' എന്നദ്ദേഹം പറയുന്നു. തുടര്‍ന്നു പൊട്ടിനെക്കുറിച്ചും ചന്ദനക്കുറിയെക്കുറിച്ചും പറഞ്ഞുകൊണ്ടു വേഷവര്‍ണന അവസാനിപ്പിക്കുയാണ്. ഈ ഖദര്‍ പരാമര്‍ശം ദേശീയതയുമായി, പ്രത്യേകിച്ചു ഗാന്ധിയന്‍ സ്വാതന്ത്ര്യ പ്രതിരോധ വിഭാവനകളുമായി ബന്ധപ്പെടുത്തി വായിക്കാനുള്ള പ്രേരണ നമുക്കുണ്ടാവുന്നത് സ്വാഭാവികം തന്നെയാണ്. എന്നാല്‍ ഈഴവസാമുദായികതയെയും അതിന്റെ സാമൂഹികചരിത്രത്തെയും വളരെയടുത്തുനിന്നു നോക്കുന്നവരെ സംബന്ധിച്ചിടത്തോളം ദേശീയതയോടു ഈഴവര്‍ ഒന്നടങ്കം ഒരേ സമീപനമല്ല സ്വീകരിച്ചതെന്നു മനസ്സിലാക്കാന്‍ കഴിയും. അതിനാല്‍ ഇവിടത്തെ ഖദര്‍ ദേശഭക്തിയോടു ബന്ധപ്പെടുത്തുന്നതില്‍ വലിയ അര്‍ത്ഥമില്ല തന്നെ! മാത്രമല്ല, അക്കാലത്തെ ഈഴവര്‍ പ്രാദേശികമായി പലയിടങ്ങളിലും സ്വീകരിച്ചിരുന്ന തൊഴിലുകളിലൊന്ന് നെയ്ത്തായിരുന്നുവെന്നും ഓര്‍ക്കാവുന്നതാണ്. ഇത്തരുണത്തില്‍ ചന്തുമേനോന്റെ ഇന്ദുലേഖയുടെ കസവും സിവിയുടെ ഇന്ദുലേഖയുടെ ഖദറും പരസ്പരവിരുദ്ധങ്ങളായ എതിര്‍ദ്വന്ദ്വമല്ല എന്നതാണ് നമുക്കു കാണാനാവുക. എന്നാല്‍ ഇരുശരീരങ്ങളും അതതു ഗ്രന്ഥകാരന്മാരുടെ രാഷ്ട്രീയവീക്ഷണങ്ങളുടെ വിളനിലമായ പാഠ(ട)മായി കൂടി നിലകൊള്ളുന്നു. ശരീരത്തിന്റെ പാഠപരതയില്‍ നിന്നുള്ള ചിഹ്നസൂചനകളെ അഴിച്ചെടുക്കുക എന്നതാണല്ലോ ഈ വായനയുടെ ലക്ഷ്യവും.


രാഷ്ട്രീയസ്ത്രീ

യഥാര്‍ത്ഥത്തില്‍ പാഠം വെറും പാഠമല്ല, സാഹിത്യത്തില്‍. സാഹിതീയഘടകങ്ങളുടെ സവിശേഷവിന്യാസങ്ങളുടെ സംഘാതമായി പാഠത്തെ മനസിലാക്കുന്നത് അതിനെ ചുരുക്കിക്കാണലായിരിക്കും. ചരിത്രം, രാഷ്ട്രീയം, അധികാരം തുടങ്ങിയ മണ്ഡലങ്ങളുടെ മേല്‍/ കീഴുകളെ അതു പല രൂപേണ സ്വരൂപിക്കുന്നുണ്ട്. അത് ഈ രചനയിലെമ്പാടും പരന്നു കിടപ്പുണ്ട്. 'ആദ്യത്തെ ലക്ഷണമൊത്ത നോവലി'ലെ 'ലക്ഷണമൊത്ത നായിക'യുടെ പേരാണ് കഥയുടെ തലക്കെട്ട്. ഇവിടെ നാം രണ്ടുകാര്യങ്ങള്‍ തുടക്കത്തിലേ തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കഥയെഴുതിയ സി.വി. കുഞ്ഞുരാമന്‍ ഒരു സാഹിത്യകാരന്‍ എന്ന നിലയിലുപരിയായി ഈഴവ സമുദായത്തിലെ സാമൂഹികപരിഷ്‌കര്‍ത്താവും തന്റേടിയായ 

ജനനേതാവുമാണെന്നു കൂടി ഓര്‍ക്കാം. ചന്തുമേനോന്റെ ഇന്ദുലേഖ മുഴുവനും അരിച്ചു പെറുക്കിയാലും നാം ഒരു കീഴാള, പിന്നാക്ക വിഭാഗത്തിലെ  കഥാപാത്രത്തെയും കണ്ടുമുട്ടുകയില്ല. എപ്പഴോ കടന്നു വരുന്ന ഒരു മുസ്ലിം കഥാപാത്രമായ ഷേര്‍ ആലംഖാനാകട്ടെ, 'സ്വാഭാവിക'മായും ശുദ്ധകള്ളനുമാണല്ലോ! ഇങ്ങനെ സവര്‍ണമയമായ ഇന്ദുലേഖയെ സാമുദായികമായി മാറ്റിയെഴുതാനാണ് സി വിയുടെ ശ്രമം. അതില്‍ അദ്ദേഹത്തിന്റെ സാമുദായികവിഭാവനവും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. 


ആയതിനാല്‍ തന്നെ ഈ കഥയിലെ ആഖ്യാതാവിന്റെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കകത്താണ് നായിക കുടികൊള്ളുന്നത്. അതായത്, ഈ കഥയിലെ ആഖ്യാതാവും കഥാനായികയും തമ്മിലുള്ള ബന്ധം ആവിഷ്‌കരിക്കുന്നതിനു സ്വീകരിക്കുന്ന ആഖ്യാനതന്ത്രം കൂടി നാം മനസ്സിലാക്കേണ്ടതായുണ്ട്. സാമുദായികതയുടെ അടിസ്ഥാനത്തിലുള്ള സാമ്യം, ഐക്യപ്പെടല്‍ ഇവിടെ പലപ്പോഴും കടന്നുവരുന്നുണ്ട്. കഥ പറയുന്നയാള്‍ പുരുഷനായിരിക്കേ, സ്ത്രീയുടെ സാമൂഹിക സാംസ്‌കാരികജീവിതവും അതിന്റെ പരിണതികളുമാണ് പരിഗണനാവിഷയമായി വരുന്നത്. പരിഷ്‌കര്‍ത്താവായ പുരുഷനും പരിഷ്‌കരണേച്ഛുവായ നായികയും എന്ന ഘടനയില്‍ അവര്‍ പാകപ്പെട്ടാണിരിക്കുന്നത്. കേരളചരിത്രത്തിന്റെ ഒരു സവിശേഷ പരിച്ഛേദമാണ് ഈ ഘടന. നമ്പൂതിരിസ്ത്രീകളുടെ ഘോഷാബഹിഷ്‌കരണത്തിലും വിധവാവിവാഹത്തിലും അയ്യങ്കാളിയുടെ  വിദ്യാഭ്യാസസമരത്തിലുമെല്ലാം ഇതേ ദ്വന്ദ്വഘടനയുടെ ലിംഗപരിപ്രേക്ഷ്യം കാണാം. ഇവിടെയെല്ലാം അദൃശ്യപ്പെട്ടു നില്‍ക്കുന്ന സ്ത്രീ, അതാ സി.വി.യുടെ കഥയില്‍ ഉടലോടെ വിസ്തരിച്ചു നിവര്‍ന്നു നില്‍ക്കുന്നുണ്ട്. ഇവിടെ കേവലം പരിഷ്‌കരണോപകരണം മാത്രമായല്ല സ്ത്രീയുടെ നില എന്നതും സൂക്ഷ്മവായനയില്‍ തെളിയും.


പൊതുമണ്ഡലത്തിലെ/പ്രസംഗപീഠത്തിലെ സ്ത്രീ

ഇന്ദുലേഖ ഈ കഥയില്‍ കാര്യമായി പ്രസംഗിക്കുന്നുണ്ട്. മാത്രമല്ല അവള്‍  ചന്തുമേനോന്റെ ഇന്ദുലേഖയെ പോലെ മിണ്ടാതിരുന്നു മനോരാജ്യം കാണുന്നതിനും നെടുവീര്‍പ്പിടുന്നതിനും പകരം നിറയെ അഭിപ്രായങ്ങള്‍ പറയുന്നുമുണ്ട്. പ്രസംഗം അവള്‍ക്കു വളരെ പ്രധാനമാണ്. അവളുടെ പ്രസംഗത്തിന്റെ സ്വാധീനശേഷിയെക്കുറിച്ചു സി.വി. പറയുന്നതിങ്ങനെ: ''ജൂബിലി ഹാളില്‍ ഇന്ദുലേഖയുടെ പ്രസംഗമുണ്ടെന്നു കേട്ടാല്‍ തിക്കിക്കൂടുന്ന പുരുഷാരത്തിനു കണക്കൊന്നുമുണ്ടായിരുന്നില്ല. സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചു  ഒരിക്കല്‍ ഇന്ദുലേഖയുടെ പ്രസംഗം കേള്‍ക്കുവാന്‍ കൂടിയിരുന്ന  സദസ്സു പോലെ അതിഗംഭീരമായ ഒരു സദസ്സ് ശ്രീനിവാസശാസ്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ പോലും  കൂടിയിരുന്നില്ലെന്നു മലയാളരാജ്യത്തിലും മനോരമയിലും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു''. പൊതുപ്രസംഗം എന്നത് മൂല്യസംബന്ധമായി ഉയര്‍ന്ന പദവിയില്‍ കരുതപ്പെട്ടിരുന്ന വിനിമയരൂപമായി നവോത്ഥാനകാലം മുതല്‍ക്കിങ്ങോട്ടു വളര്‍ന്നു വന്നിരുന്നു. സി.കേശവന്റെ പ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം പോലെ പലതും അക്കൂട്ടത്തിലുണ്ട്.  ആളുകള്‍ തിങ്ങിക്കൂടുന്ന കവലകളിലും ചന്തയിലും ഹാളുകളിലുമെല്ലാം പ്രസംഗം നടത്തുന്ന പ്രമുഖര്‍ എല്ലാക്കാലത്തുമുണ്ട്. അതിലേറെയും രാഷ്ട്രീയ സാമൂഹികരംഗത്തെ വിശിഷ്ടവ്യക്തികളായിരിക്കും താനും. എന്നാലതില്‍ മിക്കവാറും സ്ത്രീകളെ കണ്ടുവെന്നു വരില്ല. ഉണ്ടെങ്കില്‍ത്തന്നെ ആധ്യാത്മികത പോലെയുള്ള വിഷയമായിരിക്കാം അവര്‍ സംസാരിച്ചിട്ടുണ്ടാവുക. സാമുദായികമായ കൂടിച്ചേരല്‍, കലാസ്വാദനത്തിനായുള്ള യോഗങ്ങള്‍, ഉല്‍സവങ്ങള്‍, ജാഥകള്‍ മുതലായവ കേരളത്തിന്റെ ജനാധിപത്യഭാവനയെ വളരെയേറെ ത്വരിപ്പിച്ചിട്ടുണ്ട്. അതാകട്ടെ സി വി കുഞ്ഞുരാമന്‍ പലപ്പോഴായി തന്റെ ആത്മാഖ്യാനങ്ങളില്‍  പറഞ്ഞുപോകുന്നുമുണ്ട്. ഇപ്രകാരം ബഹുജനാഭിമുഖമായി ഒരു വിദ്യാര്‍ത്ഥിനിയായ യുവതിയെ കൊണ്ടു പ്രസംഗിപ്പിക്കുന്ന കഥാകൃത്ത്, അവളുടെ സാമൂഹിക കര്‍തൃത്വത്തെക്കുറിച്ചു വളരെ ഉയര്‍ന്ന ഭാവന സൂക്ഷിക്കുന്നയാളാവണം. ഡിബേറ്റിലും നാടകത്തിലും പാട്ടിലുമെല്ലാം നമ്മുടെ നായിക എല്ലാവരേക്കാളും മികച്ചു നില്‍ക്കുന്നതായി സിവി പറയുന്നു. എല്ലാറ്റിലുമുള്ള പരിശീലനവും അവതരണശേഷിയും ഒന്നാംസ്ഥാനവും മറ്റും പുതിയ സാമൂഹികസ്ത്രീത്വത്തിന്റെ സാദ്ധ്യതകളായിത്തന്നെ മുന്നോട്ടു വെയ്ക്കുന്നതാണ്. 


എന്നാല്‍ ഗൃഹത്തിലും മട്ടുപ്പാവിലും കുളക്കരയിലും അകത്തളങ്ങളിലും മറ്റുമായി ഏതാണ്ട് ഒരു 'അന്തര്‍ജന'ത്തെ പോലെയാണല്ലോ ചന്തുമോനോന്റെ ഇന്ദുലേഖ അധിവസിച്ചത്. ഗൗരവമുള്ളതെന്നു പറയപ്പെടുന്ന വിഷയങ്ങളധികവും പതിനെട്ടാം അദ്ധ്യായത്തില്‍ പുരുഷമാത്രമായ വേദിയിലാണ് നടക്കുന്നത്. ഇന്ദുലേഖ പാടുന്നതും ശ്ലോകം ചൊല്ലുന്നതും തൊപ്പിതുന്നുന്നതുമെല്ലാം അണുകുടുംബദാമ്പത്യത്തിലേക്കു കടക്കുന്നതിനു മുന്നോടിയായ പ്രണയത്തിന്റെ ഭാഗമായി മാധവനു വേണ്ടി, അയാള്‍ക്കു മുമ്പാകെയാണ്. വിവാഹശേഷം മാധവനോടു കൂടി മദിരാശിയിലേക്കു പോകും വരെ മതില്‍ക്കെട്ടിനകത്തായിരുന്നു പെരുമാറ്റങ്ങളെല്ലാം. എന്നാല്‍ ഇവിടത്തെ ഇന്ദുലേഖയുടെ പ്രധാന ഇടം തന്നെ കോളേജും തെരുവോരങ്ങളും പ്രസംഗവേദികളുമൊക്കെയാണ്. പൊതുവിടത്തിലെ കര്‍തൃത്വമുള്ള സ്ത്രീ എന്ന സവിശേഷമായ ഒരു ഘടന സി.വി ഇവിടെ നിര്‍മ്മിച്ചെടുക്കുന്നു. ഇത് വലിയൊരു വ്യത്യാസമാണ്. 


പക്ഷേ ഇവിടെ സിവിയുടെ ഇന്ദുലേഖ ചെയ്യുന്ന പ്രസംഗത്തിന്റെ വിശദാംശങ്ങള്‍, അവയുടെ പിന്നിലെ നിലപാട് വ്യക്തിയായ ഇന്ദുലേഖയുടേതാണോ അതല്ലെങ്കില്‍ സമുദായതന്മയുടേതാണോ ലിംഗനന്മയുടേതാണോ എന്നൊക്കെയുള്ള ചോദ്യം സൂക്ഷ്മവും മൗലികവുമായി ഉയര്‍ന്നു വരേണ്ടതാണ്. ഈ ചോദ്യങ്ങള്‍ ഇന്ദുലേഖയുടെ പുറത്ത് അവളുടെ പ്രസംഗത്തിനു മേല്‍ ചാര്‍ത്തി വെച്ചിട്ടുണ്ടോ എന്നുള്ള കാര്യം കഥയില്‍ വ്യക്തതയില്ല. എന്നാല്‍ സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചും അനുരാഗത്തെക്കുറിച്ചുമുള്ള പ്രസംഗങ്ങളുടെ വിഷയസൂചന ഒരു സാമാന്യരീതിയില്‍ കടന്നു വരുന്നുമുണ്ട് എന്നതും ശ്രദ്ധിക്കണം.  പ്രസംഗം അക്കാലത്തെ(തുടര്‍ന്നു വരുന്ന ഭാവികാലത്തെയും) വളരെ പ്രധാനപ്പെട്ട, സാമൂഹികമായ വലിയ ഇടപെടല്‍ ശേഷിയുള്ള, വിനിമയങ്ങളുടെ പ്രകടനരൂപമാണ്. പേരുകേട്ട എത്രയോ പ്രസംഗങ്ങള്‍ സാമൂഹിക, ചരിത്രഗതിയെ മാറ്റിമറിച്ചിട്ടുണ്ട്! 


സ്വേച്ഛാചാരിയായ കാമനകള്‍

ഇന്ദുലേഖയുടെ കര്‍തൃത്വത്തിന്റെ മികവായി പ്രസംഗത്തെ ആരോപിക്കുന്ന കഥാകാരന്റെ യുക്തി നമുക്ക് മനസ്സിലാകും. പക്ഷേ കാലങ്ങള്‍ക്ക് ശേഷം അതേ യുക്തിയാല്‍ തന്നെ പ്രസംഗത്തിന്റെ ഉള്ളടക്കത്തിന്റെ രാഷ്ട്രീയം തിരയാന്‍ നമുക്ക് ബാധ്യതയുണ്ട്. കാരണം കഥയുടെ ഏറ്റവും ഒടുവില്‍ പറയുന്ന കാര്യം തന്നെ! അതായത് അവള്‍ ഒരു മാധവന്‍ നായരെയാണ് വിവാഹം കഴിച്ചത്, 'അക്കാര്യം ഇവിടെ പറയാതിരിക്കുകയാണ് ഭേദം' എന്ന്! വേറെ വിവാഹം കഴിച്ചതിലൂടെ ആ കഥാപാത്രം തന്റെ സ്വന്തം ഇച്ഛയാല്‍ ചലിക്കുന്ന, വൈകാരികസ്വാച്ഛന്ദ്യമുള്ള സ്ത്രീ കഥാപാത്രമാണ് എന്ന അര്‍ത്ഥത്തിലെടുക്കാം. കഥാകൃത്തിന്റെ നിയന്ത്രണത്തിനകത്ത്, പുരുഷന്റെ നിയന്ത്രണത്തിനകത്ത്, ആഖ്യാനബലത്തിന്റെ നിയന്ത്രണത്തിനകത്ത് ഒതുങ്ങി നില്‍ക്കുന്നവളല്ല, അവള്‍ എന്നത് വിമോചനാത്മകമായി വായിച്ചെടുക്കാം. പക്ഷേ കഥാകൃത്തിന്റെ തീര്‍പ്പ്, അക്കാര്യം പറയാനുള്ള വൈമനസ്യം വെളിവാക്കുന്നതിലെ കാരണം ഒരു ചോദ്യചിഹ്നമായി നിലനില്‍ക്കുന്നു. അത് കഥയ്ക്ക് വെളിയിലുള്ള രാഷ്ട്രീയസമസ്യകളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കും. ഇവിടെ സമുദായപരിഷ്‌കര്‍ത്താവായ സി വിയും കഥാകൃത്തായ സി.വി.യും തമ്മിലുള്ള സൂക്ഷ്മമായ ഒരു അഭിമുഖീകരണം കാണാം. വിവിധ സമുദായങ്ങള്‍ക്കകത്തെ പരിഷ്‌കരണം, ആചാരബഹിഷ്‌കരണം, പരിഷ്‌കരണം, അവയിലെ കൃത്യതവരുത്തല്‍ എല്ലാം നടന്നു വന്നിരുന്ന കാലമാണല്ലോ. സമുദായങ്ങള്‍ക്കിടയില്‍ നിന്നും മതംമാറ്റങ്ങളും മിശ്രവിവാഹങ്ങളും നടക്കുന്നുണ്ടായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും സാമൂഹികഘടനയില്‍ മേല്‍ജാതിക്കാരനായ മാധവന്‍നായരെ, ഈഴവയായ തന്റെ നായിക ഇന്ദുലേഖ വിവാഹം കഴിച്ചതിന്റെ 'കാര്യം പറയാതിരിക്കുകയാണ് ഭേദം' എന്ന പരാമര്‍ശം സന്ദിഗ്ദ്ധമായ അര്‍ത്ഥമാണ് വിനിമയം ചെയ്യുന്നത്. സ്വജാതിവിവാഹത്തിലൂടെ 'സമുദായത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുക' (ഈഴവരില്‍ പ്രബലമായ ഒരു വിഭാഗം മതം മാറ്റത്തെ ചെറുത്തിരുന്നത് അതു സമുദായത്തിന്റെ ശക്തി കുറയ്ക്കുമെന്ന ന്യായത്താലാണ്. കുമാരനാശാനും മൂര്‍ക്കോത്തു കുമാരനും മറ്റും അത്തരം ഒരു ന്യായം പറയുന്നുണ്ട്.) എന്ന യുക്തിക്കുണ്ടാകാവുന്ന ഭംഗത്തെയാണോ, ഉയര്‍ന്ന അധികാരിസമുദായത്തെ പുല്‍കുന്നതിലെ സാംസ്‌കാരികമറവിയാണോ, അതല്ലെങ്കില്‍ കാമനകളുടെ ബലം രാഷ്ട്രീയമായ ഇച്ഛാശക്തിക്കും മുകളിലാവുന്നതിലെ അതിശയമോ ഇച്ഛാഭംഗമോ ആണോ ഈ പരാമര്‍ശത്തിനു പിന്നിലെന്നതിനു ഉത്തരം കിട്ടുക എളുപ്പമല്ല. പുരോഗമന/രാഷ്ട്രീയക്കാരിയായ സ്ത്രീക്കു പ്രണയമായാലെന്ത് എന്ന ആരായാല്‍ കെ. രേഖയുടെ 'ആരുടെയോ ഒരു സഖാവ് (അന്തിക്കാട്ടുകാരി)' എന്ന കഥയിലും മുഴങ്ങുന്നുണ്ടല്ലോ! അവിടത്തെ പാര്‍ട്ടിക്കാരായ പുരുഷന്മാര്‍ക്കുണ്ടാവുന്ന വിമ്മിട്ടം പറയാതിരിക്കുകയാണ് എന്നതിലൊതുക്കിയതാവാം!  കഥനത്തിന്റെ സാഹിതീയയുക്തിയില്‍ ഈഴവസമുദായത്തിന്റെ പ്രതിരോധപശ്ചാത്തലം എതിര്‍ബലമായി നിലനില്‍ക്കുന്നതിനാല്‍ തന്നെ ഈ സന്ദിഗ്ദ്ധതകളെല്ലാം അര്‍ത്ഥവത്താണ് എന്നേ സ്വാഭാവികമായും അനുമാനിക്കാന്‍ കഴിയൂ. ഈ സന്ദിഗ്ദ്ധതയാകട്ടെ കഥയുടെ പില്‍ക്കാലജീവിതത്തിന്റെ സാദ്ധ്യതകളെ വര്‍ദ്ധിപ്പിക്കുന്നുമുണ്ട്! 


റഫറന്‍സ്:

1. ഇന്ദുലേഖ : വായനയുടെ ദിശകള്‍, ഇ.പി.രാജഗോപാലന്‍(എഡി.), കേരളസാഹിത്യ അക്കാദമി, തൃശ്ശൂര്‍, 2001

2. ഇന്ദുലേഖ, സി.വി.കുഞ്ഞുരാമന്റെ തിരഞ്ഞെടുത്ത കൃതികള്‍, പ്രതിഭാ പബ്ലിക്കേഷന്‍സ്, കൊല്ലം, 1971

3. ഇന്ദുലേഖ (13-ാംപതിപ്പ്), ചന്തുമേനോന്‍, ഡി.സി.ബുക്‌സ്, കോട്ടയം, 2007

4. ചെമ്മീനിലെ സംഘര്‍ഷങ്ങള്‍, കെ.ഇ.എന്‍, റാസ്‌ബെറി ബുക്‌സ്, കോഴിക്കോട്, 2013

5. ചെമ്മീന്‍, ഒ.വി.വിജയന്‍, മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്, മാര്‍ച്ച് 5, 1965.

6. മലബാര്‍ ദേശീയതയുടെ ഇടപെടലുകള്‍, എം.ടി.അന്‍സാരി, ഡി.സി.ബുക്‌സ്, കോട്ടയം, 2021

7. http://www.cvkunhuraman.com/


(2025 ജൂലായ് 14 ലെ സമകാലികമലയാളം വാരികയിൽ പ്രസിദ്ധീകരിച്ചത്)




Friday, March 7, 2025

ഉണ്ണിക്കൗസുവിന്റെ വായന



തം, സാമുദായികത തുടങ്ങിയ ആശയഘടനകളെയും അവയുടെ മൂല്യങ്ങളെയും വളരെ വ്യത്യസ്തമായി സമീപിക്കാന്‍ കഴിയുന്ന പൊതുസമീപനങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട് എന്നു നമ്മെ നിരന്തരം ചിന്തിപ്പിക്കുന്നവയാണ് പൊതുവേ മലബാര്‍കാലത്തെ മലബാര്‍ സമരകാലത്തെ നോവലുകള്‍ മിക്കതും. സാമുദായികത എന്നത് അവയുടെ പ്രാഥമികമായ ഉള്ളടക്കം തന്നെയാണ്. സാമുദായികതയെ കുറിച്ചുള്ള വിമര്‍ശനങ്ങളില്ല എന്നതിനു അര്‍ത്ഥമില്ല. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി, മതത്തെക്കുറിച്ചും സാമുദായികതയെക്കുറിച്ചുമുള്ള പൊതുബോധനിര്‍മിതവും ഉദാരവാദപരവും യുക്തിചിന്തയിലൂന്നിയതുമായ ചില പരമ്പരാഗതധാരണകളിലാണ് ഉണ്ണിക്കൗസുവെന്ന ഈ നോവല്‍ ഊന്നുന്നത്. അതേസമയം പുതിയ കാലത്തിന്റെ പ്രതിരോധപരവും പുരോഗമനപരവും ആയിട്ടുള്ള ചില മൂല്യങ്ങളെ മുന്നോട്ടുവയ്ക്കാനാണ് ശ്രമിക്കുന്നത് എന്നാണ് നോവല്‍ അവകാശപ്പെടുന്നത്.  


സ്വാതന്ത്ര്യാനന്തരകാലത്ത് രൂപപ്പെട്ടു വന്ന സാമൂഹികമണ്ഡലത്തിലെ ജനാധിപത്യസങ്കല്പങ്ങളില്‍ പലതിലും വേരൂന്നിയ മതേതരസങ്കല്പം ഇന്നു സവിശേഷമായി പുനര്‍വായിക്കപ്പെടേണ്ടതുണ്ട്. മതരാഹിത്യം, മതനിരപേക്ഷത, മതേതരത്വം ഇവ മൂന്നും കൂട്ടിക്കുഴച്ചു നിര്‍മിച്ചെടുത്ത ഈ ആശയത്തിന്റെ വൈരുദ്ധ്യം ഇന്നു കൂടുതല്‍ കൂടുതലായി ചിന്താമണ്ഡലങ്ങളില്‍ അസ്വസ്ഥത പടര്‍ത്തുന്നുണ്ട്. മതം=വര്‍ഗീയത എന്ന സമവാക്യത്തിലൂടെ പലതരം ആന്തരികതകളെയും സാമുദായികപ്രാതിനിധ്യങ്ങളെയും ജൈവികവും ചരിത്രപരവുമായ ആത്മീയതയെയും കുഴിച്ചുമൂടുകയാണ് ചെയ്യുന്നത് എന്ന് ഇന്നു പുതിയ ചിന്തകള്‍ പറയുന്നുണ്ട്. മതേതരാനന്തരചിന്ത വികസിച്ചു കൊണ്ടിരിക്കുന്ന

മലയാളസാഹചര്യത്തില്‍ ഈ നോവലും അത്തരം ഒരു വായനയിലേക്കാണ യഥാര്‍ത്ഥത്തില്‍ നമ്മെ നയിക്കേണ്ടത്. മതേതരത്വമെന്നത് ഏറ്റവും കുറ്റമറ്റതും പുരോഗമനപരവും സവിശേഷാധികാരവുമുള്ള ആശയസങ്കല്പനമായി മനസ്സിലാക്കുന്നതിനു പകരം അതു തീര്‍ക്കുന്ന വ്യവസ്ഥയുടെ അധീശത്വത്തെ ഇന്നു പുതുചിന്താലോകം പ്രതീക്ഷയോടെയാണ് കാണുന്നത്.

 

മതേതരത്വം സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ രൂപപ്പെട്ടുവന്ന ആധുനികതാസങ്കല്‍പ്പങ്ങളും അതേപോലെതന്നെ കൊളോണിയല്‍ സൈദ്ധാന്തികതയും ഒക്കെയായി ബന്ധപ്പെട്ട് കിടക്കുന്നു.  മതത്തെ നിഷേധിക്കുക, സാമുദായികതയുടെ യാഥാസ്ഥിതികതയെ മറികടക്കുക, പുരോഗമനസ്വഭാവമുള്ള സാമൂഹ്യജീവിതത്തില്‍ ചേര്‍ന്ന് നില്‍ക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇതില്‍ പ്രധാനമായി വരുന്നത.് പക്ഷേ, മുസ്ലിംസമുദായം കലാകാലങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന പലതരം വിവേചനങ്ങളെയും അതുപോലെ പലതരം അടിച്ചമര്‍ത്തലുകളെയും നമസ്‌കരണങ്ങളെയും അത് വളരെ സൂക്ഷ്മമായും കൃത്യമായും അഭിസംബോധന ചെയ്യുന്നതില്‍ പരാജയപ്പെട്ടുപോകുന്ന ഒരു അവസ്ഥ കൂടി ഉണ്ട്. മതേതരബോധം എന്ന് പറയുന്നത്  സാമുദായികവിരുദ്ധമായ നിലയിലേക്ക് വളരുന്ന ഒരു കാഴ്ചപ്പാട് ഈ ഒരു സമീപനത്തില്‍ ഒളിച്ചിരിക്കുന്നുണ്ട്.  അതിന്റെ ദുര്‍ബലമായ ചില അടരുകളിലൂടെയാണ് ഈ നോവല്‍ സഞ്ചരിക്കുന്നത് എന്ന് നമുക്ക് തോന്നിക്കൂടായ്കയില്ല. എന്നാല്‍ ഈ നോവലിന്റെ അവതാരിക എഴുതിയ നിരൂപകനായ കെ.ഇ.എന്‍ പറയുന്നത് നോവല്‍ വളരെ സവിശേഷമായ ഒരു രാഷ്ട്രീയത്തെ മുന്നോട്ടുവയ്ക്കുന്നു എന്നു തന്നെയാണ്. യാഥാര്‍ത്ഥത്തില്‍ ഇസ്ലാംമതത്തെ യാഥാസ്ഥിതികമായി കാണുന്ന ആ ഒരു സമീപനം പൊതുസമൂഹത്തില്‍ ഉണ്ടെന്നും അതില്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ ഇല്ലായ്കയില്ല എന്നുമുള്ള സ്വരം അതിലുണ്ട്.


മതയാഥാസ്ഥിതികതയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ഒരു കൃതി ആയിട്ടാണ് ഉണ്ണിക്കൗസുവിനെ KEN കുഞ്ഞഹമ്മദ് കണ്ടെടുക്കുന്നത്. സ്ത്രീയുടെ പ്രതിനിധിയായി അദ്ദേഹം ഉണ്ണിക്കൗസുവിനെ നോക്കിക്കാണുന്നു. 5 തലമുറകളുടെ സംഭവബഹുലമായ ജീവിതമാണ് ഒരു ആഡംബരവും ഇല്ലാതെ ബഷീറിന്റെ ഉണ്ണിക്കൗസു ആവിഷ്‌കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. അദ്ദേഹം എഴുതുന്നു, ''അറിവ് നേടാന്‍ എന്ത് ത്യാഗവും സഹിക്കാന്‍ ആഹ്വാനം ചെയ്ത ഒരു ഇസ്ലാം മതത്തെ മതില്‍ നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത പദാര്‍ത്ഥമാക്കി മാറ്റിയ മത യാഥാസ്ഥിതികത്വത്തിനെതിരെയുള്ള ആശയപ്രക്ഷോഭം എന്ന അര്‍ത്ഥത്തിലാണ് ബഷീര്‍ ചുങ്കത്തറയുടെ ഇടപെടല്‍ പ്രസക്തമാകുന്നത് ''ഉസ്താദേ പള്ളി ആയാലും പാര്‍ട്ടി ഓഫീസ് ആയാലും അതൊക്കെ പൊതുവായ സംഗതികളാണ്'  'ഗാന്ധിജിയെ പോലെ ഒരാള്‍ക്ക് പ്രവേശനം കിട്ടാത്ത ഒരു സ്ഥലമാണ് ഈ സ്വര്‍ഗ്ഗമെങ്കിലും പിന്നെന്തിനാ ഈ സ്വര്‍ഗം' തുടങ്ങിയ നോവലിലെ ചോദ്യങ്ങള്‍ സര്‍വ്വ നന്മകളുടെയും സംഗമമാണ് സ്വപ്നം കാണുന്നത്.  മുന്നോട്ടുപോയ വിമോചനദൈവശാസ്ത്ര കാഴ്ചപ്പാടിനോടാണ് ഉണ്ണിക്കൗസു ചേര്‍ന്നു നില്‍ക്കുന്നത് . ഒരുപക്ഷേ മലയാളത്തില്‍ ഇസ്ലാമിക വിമോചന ദൈവശാസ്ത്ര കാഴ്ചപ്പാടുകളുടെ മാര്‍ക്‌സിസ്റ്റ് പക്ഷത്തുനിന്ന് അയക്കപ്പെട്ട മത-രഹിത നൈതികതയുടെ ഒരു സ്‌നേഹസംവാദ ഐക്യവേദി സാക്ഷാത്കരിക്കാനാണ് ഈ നോവല്‍ വഴി ശ്രമിക്കുന്നത്. പ്രശസ്ത ഇസ്ലാമിക ചിന്തകനായ അസ്‌കര്‍ അലിയെ പോലെയുള്ള ചിന്തകളുടെ ഇസ്ലാംമത വ്യാഖ്യാനത്തോടെ മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടോടുകൂടി സര്‍ഗാത്മകമായി സമന്വയിപ്പിക്കാനുള്ള മഹത്തായ ഒരു ശ്രമം എന്ന് ഏത് അര്‍ത്ഥത്തിലും ഉണ്ണിക്കൗസുവിനെ വിശേഷിപ്പിക്കാന്‍ കഴിയും എന്ന് അദ്ദേഹം പറയുന്നു.


ആധുനികതയും ഇസ്ലാമും

ആധുനികതയും ഇസ്ലാമും തമ്മിലുള്ള അഭിമുഖീകരണം ഈ നോവലില്‍ ഏതാണ്ട് എല്ലാ സന്ദര്‍ഭങ്ങളിലും പ്രമേയവല്‍ക്കരിക്കുന്നുണ്ട്. നോവലിന്റെ തുടക്കത്തില്‍ ഉണ്ണിക്കാസുവിന്റെ സ്‌ക്കൂള്‍ കാലം ആ വിഷകരിക്കുന്ന ഇടങ്ങളില്‍ അതു സ്ത്രീവിദ്യാഭ്യാസത്തെ മുഖ്യ ചര്‍ച്ചയാക്കുന്നുണ്ട്.


നോവല്‍ രണ്ടു ഭാഗങ്ങളായാണ് ക്രമീകരിച്ചിട്ടുള്ളത്. 1920 - 1940 കാലത്തെ ഒന്നാം ഭാഗമായും 1940 മുതല്‍ക്കുള്ള കാലം രണ്ടാം ഭാഗമായും വേര്‍തിരിച്ചിരിക്കുന്നു. നോവലിന്റെ പ്രാരംഭ ഭാഗങ്ങള്‍ ഏറെയും ദേശചരിത്ര കഥനമാണ്. പ്രാദേശിക ചരിത്രത്തിന്റെ ഭാവനാപരമായ ഗൃഹാതുരദീപ്തി പരത്തുന്ന ആഖ്യാനമാണ് അതിലുടനീളം നമുക്കു കാണാനാവുക. നാടുവിട്ടു പോയ മൊയ്തീന്‍ ഔലിയ ആയി തിരിച്ചെത്തുന്നതും നാട്ടിലെ പലതരം ആത്മീയാകുലതകളെ ഓതി പരിഹരിക്കുന്നതും അതിനെ മറ്റുള്ളവര്‍ സംശയിക്കുന്നതും മറ്റും കാണാം.


മുസ്ലിങ്ങളുടെ ആധുനികീകരണം വിദ്യാഭ്യാസത്തിലൂടെ, അതും പൊതു വിദ്യാഭ്യാസത്തിലൂടെ നടക്കുന്നതേക്കുറിച്ചുള്ള സൂചനകള്‍ ഏറെയാണ്. മതപഠനത്തിനപ്പുറം ആര്യനെഴുത്തു പഠിക്കാനുള്ള ശ്രമം  ചെറിയൊരു ആദര്‍ശവല്‍ക്കരണത്തിലൂട അവതരിപ്പിക്കപ്പെടുന്നു. മലയാളം പഠിക്കുന്നതിനെയാണ് ആര്യനെഴുത്തു പഠിക്കുക എന്നു പറയുന്നത്. ആക്കു മുസ്ലിയാരുടെ മകളായ ഉണ്ണിക്കൗസു മതപഠനത്തിനുപരിയായി സ്‌കൂളില്‍ ചേര്‍ന്നു പഠിപ്പിക്കാന്‍ ഉമ്മര്‍ മാസ്റ്ററെ പോലെ പ്രബുദ്ധരായ പലരും ആക്കു മുസ്ലിയാരെ പ്രേരിപ്പിക്കുന്നുണ്ട്. ഉണ്ണിക്കൗസു മൈത്രക്കോട്ടെ വിദ്യാലയത്തില്‍ ചേരുന്നതോടെ അവള്‍ പലര്‍ക്കും മാതൃകയാവുമെന്നും തനിക്കു തന്നെ മലയാളത്തിലുള്ള കുറവുകള്‍ പരിഹരിക്കാമെന്നും പിതാവ് പ്രതീക്ഷിച്ചു. നോവലിന്റെ ആദ്യഭാഗത്തിന്റെ പ്രധാന മര്‍മം തന്നെ വിദ്യാഭ്യാസത്തിന്‍മേലുണ്ടാവുന്ന തടസ്സങ്ങളും സംഘര്‍ഷങ്ങളുമാണ്.


കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വെവ്വേറെ സമയത്തു നടത്തുന്ന ക്ലാസുകളിലൂടെ സാക്ഷരരാകുമെന്ന പ്രതീക്ഷയില്‍ നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി ഉമ്മര്‍ മാസ്റ്ററെ ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ  സമരത്തിന്റെ പേരില്‍  സ്‌കൂളില്‍ നിന്നും പിരിച്ചു വിട്ടു. താമസിയാതെ അയാള്‍ തലശേരി സ്‌കൂളില്‍ കിട്ടിയ ജോലിക്കായി നാടുവിട്ടു. മാസ്റ്ററുടെ അഭാവത്തില്‍ അധ്യയനം തുടക്കത്തിലേ മുടങ്ങി. പിന്നീടൊരാളെ അത്രയെളുപ്പം കിട്ടിയില്ല.ഒടുവില്‍ മറ്റൊരു ഗ്രാമത്തില്‍ നിന്നും ബാലന്‍ ആശാന്‍ എന്ന ഒരാളെ നാട്ടുകാര്‍ സംഘടിപ്പിച്ച കൊണ്ടുവന്നെങ്കിലും അയാള്‍ക്ക് വേണ്ടത്ര കാര്യക്ഷമത പോര എന്ന അഭിപ്രായമാണ് എല്ലാവര്‍ക്കും ഉണ്ടായിരുന്നത്. വീണ്ടും മൈത്രഡിന്റെ നാളുകള്‍ ഒഴിഞ്ഞു നീങ്ങി അങ്ങനെയിരിക്കെ ആക്കും മുസ്ലിയാര്‍ പള്ളിയില്‍ പ്രവര്‍ത്തി ചെയ്തുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീണ് ആശുപത്രിയിലായി അതിനുശേഷം അദ്ദേഹം താമസിയാതെ മരണപ്പെട്ടു പോവുകയും ചെയ്യുന്നു. ഉ്ണ്ണിക്കൗസുവിന്റെ അനുജന്‍ അതാലെ നിശബ്ദനായി പോവുകയാണ്. അമ്മയും മകളും ഇനിയെങ്ങനെ ജീവിതം മുന്നോട്ടുപോകും എന്ന് ആലോചിച്ചു പകച്ചു നില്‍ക്കുകയാണ്. കാരഞ്ചേരി തറവാട്ടിലെ ആയിഷുമ്മ താത്തയെ കണ്ട് തനിക്ക് പുറം പണിക്കാരി ഒരാളായി അവിടെ ജോലി തരണമെന്ന് 13 കാരിയായ ഉണ്ണിക്കൗസു ആവശ്യപ്പെടുന്നു. വിറകടുക്കാനും പുറംപണിക്കും അടുക്കളപ്പണിക്കും ഒക്കെയായി ഉണ്ണിക്കൗസു ഐഷുമ്മ താത്തയുടെ വീട്ടില്‍ തന്റെ നിത്യവൃത്തിക്കൊരിടം കണ്ടെത്തുന്നു.


മലബാര്‍സമരവുമായുള്ള ബന്ധം

മലബാര്‍ സമരത്തിന്റെ ചരിത്രകാലഘട്ടം കാലപരമായി പങ്കുപറ്റുമ്പോഴും നോവലിലെ മൈത്രക്കോട് എന്ന നാടും കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളുമെല്ലാം ഒരല്പം അകലെ നിന്നാണതിനെ നോക്കി കാണുന്നത്. 'പരിസര പ്രദേശങ്ങളെയാകെ ഇളക്കി മറിക്കുകയും ചോരയില്‍ കുതിര്‍ക്കുകയും ചെയ്ത മലബാര്‍ കലാപവും മൈത്രക്കോടിനെ ബാധിച്ചില്ല. ആരൊക്കെയോ വന്ന് കുറച്ച് കാലം ഒളിവില്‍ പാര്‍ത്തു പോയതാണ് കലാപത്തില്‍ മൈത്രക്കോടിന്റെ പങ്ക്. (പുറം. 108)

നോവല്‍ തുടങ്ങുന്ന ഒന്നാം ഭാഗത്തിലെ കാലപരിധി 1920-1940 എന്നും രണ്ടാം ഭാഗത്തില്‍ 1890-1990 എന്നുമാണ് തിരിച്ചിരിക്കുന്നത്. പോയകാലത്തെ ചരിത്രപരമായി ആവിഷ്‌ക്കരിക്കുന്നു എന്ന കാഴ്ച്ചപ്പാടോടെയാണ് രണ്ടാം ഭാഗത്തെ രചന പ്രവര്‍ത്തിക്കുന്നത്.  


ഖിലാഫത്തിനെ കുറിച്ചുള്ള പരാമര്‍ശം നേരിട്ടു കടന്നു വരുന്നത് നോവലിന്റെ രണ്ടാം ഭാഗത്തിലാണ് (പുറം.120). ഏതുനിമിഷവും അരിക്കോട്ടൂരില്‍ പട്ടാളം എത്തുമെന്ന് ഒരു വാര്‍ത്ത വരുന്നു നാട്ടില്‍ ആകെ ഒരു പിരിമുറുക്കം അനുഭവപ്പെട്ടു. പരിസരത്തെ പല നാടുകളിലും പട്ടാളം ഇറങ്ങി കഴിഞ്ഞു എന്ന വാര്‍ത്ത പിന്നാലെ എത്തി ഓട്ടന്‍ സായിപ്പിന്റെ ക്ലിനിക് അടച്ചതോടെ, അരിക്കോട്ടൂരില്‍ നിന്നിട്ടും തനിക്ക് ഒന്നും ചെയ്യാനില്ലെന്ന് തിരിച്ചറിവില്‍ അസൈനാര്‍ കുടുംബസമേതം മൈത്രക്കോട്ടേക്കു തിരിച്ചു. പള്ളിയില്‍ കൂടിയിരുന്ന മാപ്പിളമാരെ വെള്ളപ്പട്ടാളം പള്ളി വളഞ്ഞ് കൂട്ടക്കൊല ചെയ്തതായും മാപ്പിളമാരും പട്ടാളവും തമ്മില്‍ പല സ്ഥലത്തും യുദ്ധം നടക്കുന്നുവെന്ന വാര്‍ത്തകള്‍ എത്തി. നാടിനെയാകെ ഭയം ഒരു കാര്‍മേഘം പോലെ മൂടിനിന്നു കുട്ടികളും കൂടിയിരുന്നു പ്രാര്‍ത്ഥന നടത്തി വളരെ അപൂര്‍വ്വം ചില രോഷാകുലരായി. വളരെ ചെറിയൊരു ന്യൂനപക്ഷം വ്യത്യസ്തമായി ചിന്തിച്ചവരും ഉണ്ടായിരുന്നു.


അവരില്‍പ്പെട്ട അഞ്ച് പേരാണ് ഖിലാഫത്തില്‍ പങ്കെടുക്കാനായി നാടുവിട്ട ആ അഞ്ചു ചെറുപ്പക്കാര്‍. മിക്ക വീടുകളിലും ആ വാര്‍ത്ത ഒരു നടുക്കമാണ് ഉണ്ടാക്കിയത് ഇസ്ലാമിന് വേണ്ടി യുദ്ധത്തില്‍ പങ്കെടുത്ത മരിച്ചു ചെന്നാല്‍ ഉറപ്പുള്ള സ്വര്‍ഗ്ഗമായിരുന്നു അവര്‍ക്ക് പ്രേരണ ആയത്. കുടുംബാംഗങ്ങള്‍ അടക്കം ഒട്ടേറെ പേര്‍ അവരെ പിന്തിരിപ്പിക്കാന്‍ നോക്കിയതാണ്, പക്ഷേ അവര്‍ അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. അരിക്കോട്ടൂര്‍ വലിയ പള്ളിയിലെ ഖാളി സാദിഖ് മുസ്ലിയാര്‍ വരെ അവരോട് നേരിട്ട് കണ്ടു ഉപദേശിച്ചു നോക്കിയിരുന്നു. അവര്‍ പോയി എന്നറിഞ്ഞപ്പോള്‍ മുസ്ലിയാര്‍ പറഞ്ഞു വല്ലാത്തൊരു ബുദ്ധിമോശമാണ് ആ കുട്ടികള്‍ ചെയ്തത്.


അധികാരത്തിന്റെ ഭൂപടങ്ങള്‍

ഭൂവുടമകളും ബ്രിട്ടീഷ് സര്‍ക്കാരും തമ്മിലുള്ള ബന്ധം ഈ നോവലില്‍ കാര്യമായി കടന്നുവരുന്നുണ്ട്. അത് 1921ലെ മലബാര്‍സമരവുമായി ബന്ധപ്പെട്ട് സവിശേഷമായ ഒരു ചരിത്രപരമായ അടയാളമായി നോവല്‍ പ്രതലത്തില്‍ കാഴ്ചപ്പെടുന്നുണ്ട്. വാസുദേവ വര്‍മ്മ എന്ന കഥാപാത്രത്തിലൂടെ ഈ കാര്യം നോവലില്‍ തെളിച്ചത്തോടെ ആവിഷ്‌കരിക്കപ്പെടുന്നുണ്ട്. മറ്റൊന്ന്, പ്രാദേശികമായ സമരഘടകങ്ങള്‍ തമ്മിലുള്ള സംവാദ, സംഘര്‍ഷങ്ങളും ഈ നോവലില്‍ കടന്നുവരുന്നുണ്ട് എന്നതാണ.് കോവിലകത്തെ വാസുദേവവര്‍മ്മയുടെ കാര്യസ്ഥന്‍ ഉസ്മാന്‍ കോയയെ പട്ടാളക്കാര്‍ തെറ്റിദ്ധരിച്ച് വെടിവെച്ച് കൊന്നതിനുശേഷം പട്ടാളം പിന്‍വലിക്കാന്‍ അയാള്‍ എഴുതി കൊടുത്തു. തന്റെ നാട്ടുകാര്‍ എല്ലാവരും തന്നെ വിശ്വസ്തരാണെന്നുള്ള മുന്‍വിധിയില്‍ പട്ടാളത്തിന്റെ സുരക്ഷ വേണ്ട എന്നയാള്‍ വാശിപിടിച്ചു പറഞ്ഞു. എന്നാല്‍ ഖാളി സാദിഖ് മുസ്ലിയാര്‍ പൂക്കോട്ടൂരുകാര്‍ നിലമ്പൂര്‍ക്കോവിലകം ആക്രമിക്കാന്‍ പോയത് ചൂണ്ടിക്കാണിച്ചുകൊണ്ട് അത് തെറ്റായിരുന്നു എന്ന് സൂചിപ്പിച്ചു. മാത്രമല്ല; കാവല്‍ തങ്ങള്‍ ഏറ്റെടുക്കാമെന്നും പറഞ്ഞു. ഖിലാഫത്ത് പോരാളികളായി പൂക്കോട്ടൂരിലേക്ക് പോയ അഞ്ച് യുവാക്കള്‍ എവിടെപ്പോയെന്ന് ആര്‍ക്കും മനസ്സിലായില്ല!  വെല്ലൂര്‍് ജയിലില്‍ ഉണ്ടെന്നും ആന്തമാനിലേക്കും നാടുകടത്തപ്പെട്ടു എന്നും മറ്റും നാട്ടില്‍ ശ്രുതി പരന്നു. അതല്ല, അവര്‍ പൂക്കോട്ടൂര്‍ നടന്ന മാപ്പിളപ്പടയാളികളുടെ കൂട്ടക്കൊലയില്‍ അവരും ഇരയായി എന്നും ചിലര്‍ വിശ്വസിച്ചു.


സ്ത്രീയും മതവും

സ്ത്രീശാക്തീകരണത്തിന്റെ രാഷ്ട്രീയം അവകാശപ്പെടുന്ന ഒരു നോവലാണിത്. ആമുഖത്തിലും അവതാരികയിലുമെല്ലാം ഈയൊരു മാനം ശക്തമായി കടന്നു വരുന്നുണ്ട്. ഉണ്ണിക്കൗസുവിന്റെയും ഇത്തീമയുടെയും ജീവിതങ്ങളിലൂടെ അതു സാക്ഷ്യപ്പെടുത്തുന്നു.  മൈത്രക്കോടിന്റെ സാമാന്യജനജീവിതത്തില്‍ നിര്‍ണായകസ്വാധീനമായിരുന്ന ഉമ്മര്‍ മാഷ് പോയതോടെ ഉണ്ണിക്കൗസുവിന്റെ ജീവിതം ആകെ നിറംകെട്ടു.  പെട്ടന്നൊരു ദിവസം കുഴഞ്ഞു വീണതേത്തുടര്‍ന്നു മരിച്ച പിതാവിന്റെ വിയോഗം അവളെ അതിലേറെ തളര്‍ത്തി. അനുജന്‍ ഹൈദര്‍ അതേത്തുടര്‍ന്നു മൗനിയും മനോരോഗിയുമായതോടെ അവള്‍ക്കു കുടുംബഭാരം ഏല്‍ക്കാതെ  നിവൃത്തിയില്ലാതായിത്തീര്‍ന്നു. നാട്ടിലെ തറവാടികളും ധനികരുമായ ഐഷുമ്മത്താത്തയുടെ വീട്ടുപണികളില്‍ തുടങ്ങി പാടത്തു കൃഷിവേലകള്‍ ചെയ്യുന്ന പണിക്കാരിപ്പെണ്ണുങ്ങളിലൊരാളായി അവള്‍ മാറി. പിന്നീട് മുതിരും തോറും അവള്‍ നല്ലൊരു പണിക്കാരിയായി മാറുകയായിരുന്നു. എന്നാല്‍ സ്ത്രീശരീരത്തിനു നേരെയുള്ള കാര്യസ്ഥന്‍ ചേക്കുട്ടിയുടെ ആര്‍ത്തിക്കണ്ണുകള്‍ അവളെയും വെറുതെ വിട്ടില്ല. അതിലവള്‍ പക്ഷേ കടുത്ത പ്രതികരണം തന്നെ നടത്തി. കൃഷിപ്പണിക്കിടയില്‍ ഉടുമുണ്ടു പൊക്കി ദേഹത്തമരാന്‍ നോക്കിയ ചേക്കുട്ടിയെ വടി കൊണ്ട് മര്‍മം നോക്കി കുത്താന്‍ അവള്‍ മടിച്ചില്ല. താമസിയാതെ ചേക്കുട്ടി അവിടം വിട്ടു പോകുകയും ചെയ്തു. അതോടെ പണിക്കാര്‍ക്കിടയില്‍ ഉണ്ണിക്കൗസു ഒരു ഉസ്‌റ്ത്തിയായി, വീരവനിതയായി മാറി!


തന്നെ ലൈംഗികാതിക്രമം നടത്തിയ ചേക്കുട്ടിയെ തിരിച്ചും ആക്രമിച്ച ഉണ്ണിക്കൗസു എല്ലാരിലും മതിപ്പുളവാക്കി. എങ്കിലും ഉണ്ണിക്കൗസുവിനെ പുകഴ്ത്തിയവര്‍ തന്നെ തങ്ങളുടെ സ്വന്തം സ്ത്രീകളുടെ കാര്യത്തില്‍ അത്ര തന്റേടം അനുവദിച്ചില്ല.  പെണ്ണുങ്ങള്‍ മതിപ്പോടെ തന്നെ വകവെയ്ക്കാറില്ല എന്നു കുഞ്ഞീതു എന്ന,  നാട്ടിലെ കല്യാണദല്ലാള്‍ പറയുന്നിടത്ത് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും സ്ത്രീയുടെ കര്‍തൃനിലയെക്കുറിച്ചുമുള്ള ബോധം നോവലില്‍ തെളിയുന്നുണ്ട്. സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചും സ്ത്രീകര്‍തൃത്വത്തെക്കുറിച്ചുമുള്ള ലിബറല്‍ബോദ്ധ്യങ്ങള്‍ ഈ നോവലിന്റെ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നുണ്ട്. ലൈംഗികശല്യങ്ങള്‍ക്കു നേരെ ഉണ്ണിക്കൗസു നടത്തുന്ന് ചെറുത്തുനില്‍പ്പുകള്‍ മുതല്‍ പലതും അതിലുണ്ട്. കെട്ടിയോന്‍ മരിച്ച ഇത്തീമ മക്കാനിയില്‍ കേറി ഒറ്റയ്ക്കു ചായ കുടിക്കുന്നതും വഴിയില്‍ കാണുന്നവരോടെല്ലാം തല ഉയര്‍ത്തിപ്പിടിച്ചു ഗൗരവത്തോടെ കുശലം പറയുന്നതുമെല്ലാം അന്നാട്ടില്‍ മറ്റാരും ചെയ്യാത്ത കാര്യങ്ങളായിരുന്നു. ഇത്തീമ തന്റെ മകന്‍ കുഞ്ഞാലന്റെ സൈക്കിളിന്റെ പിന്നിലിരുന്നു യാത്ര പോകുന്നതും പിന്നീടു മകനു തിരക്കായപ്പോള്‍ ലത്തീഫെന്ന അന്യപുരുഷന്റെ സൈക്കിളില്‍ പോയതുമെല്ലാം പുരോഗമനത്തിന്റെ പരിവേഷത്തോടെയാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. പിന്നെപ്പിന്നെ മറ്റുള്ള സ്ത്രീകളും അതു അനുകരിച്ചു തുടങ്ങി. ആദ്യം മുറുമുറുത്തവരെല്ലാം അതംഗീകരിച്ചു തുടങ്ങിയിരുന്നു. അസൈനാര്‍ മരിച്ച ശേഷം കുടുംബം പോറ്റാന്‍ ഏതു പണിചെയ്തും നിലനിന്ന ഇത്തീമ ഒരു ആണിന് സമമായി ഏത് മല്ലന്‍ മല്ലന്‍ പണിയും ചെയ്തു ആണുങ്ങളുടെ കൂലി തന്നെ അവള്‍ വാങ്ങിയെടുത്തു. ആണ്‍ തൊഴിലാളികളെ പോലെ അവള്‍ ബീഡി വലിക്കുകയും പുറത്തു പണിക്കു പോകുന്ന സമയത്ത് 'മക്കാനിച്ചായ' കുടിക്കുകയും ചെയ്യുന്നത് പതിവായിത്തീര്‍ന്നു.


ഓട്ടന്‍ സായിപ്പ് എന്ന കഥാപാത്രം കൊളോണിയലിസത്തിന്റെ മാനുഷികമുഖങ്ങളുടെ ബാക്കിപത്രങ്ങളിലൊന്നായി നോവലില്‍ നിലനില്‍ക്കുന്നു. വളരെ നാളുകള്‍ക്കു ശേഷം യാത്ര പറഞ്ഞു സായിപ്പ് അമേരിക്കയിലേക്കു മടങ്ങുന്നത് വികാരഭരിതമായി നോവലിസ്റ്റ് ചിത്രീകരിച്ചിട്ടുണ്ട്.  


പുഴയോരത്തെ മനുഷ്യജീവിതത്തിന്റെ സവിശേഷതകളും അവയുടെ നാട്ടുപഴമകളും ഈ നോവലില്‍ സവിസ്തരം കടന്നുവരുന്നുണ്ട്. ഓട്ടന്‍ സായ്പ് നാടുവിടുമ്പോള്‍ സ്‌നേഹപൂര്‍വം നല്‍കിയ പണം ഉപയോഗിച്ചു വള്ളം വാങ്ങാനും തടിക്കച്ചവടം ചെയ്യാനും കുഞ്ഞാലനു കഴിഞ്ഞു. പുഴയിലെ വള്ളം തുഴയലും തെരപ്പങ്ങള്‍ കൈകാര്യം ചെയ്യലും ഈ കൃതിയില്‍ വിസ്തരിക്കുന്നുണ്ട് (പുറം 180,181).  ചാലിയാറിന്റെ ഗതിവിഗതികളും നേരഭേദങ്ങളും എപ്രകാരം കരയിലെ ജനജീവിതങ്ങളോടു ചേര്‍ന്നു നീങ്ങുന്നു എന്നെല്ലാം നാം ഇവിടെ തിരിച്ചറിയുന്നു.


വലിയ പനയുടെ കുറ്റി ഉള്ള് തുരന്ന് വലിയ പാത്രം പോലെ ആക്കി അതിന്റെ വായ ഊറക്കിട്ട തോല്‍ കൊണ്ട് കട്ടിയില്‍ വലിച്ചു കെട്ടിയടച്ചുണ്ടാക്കുന്ന ഒരു കൂറ്റന്‍ ഉപകരണമാണ് നകാര.  ബാങ്ക് വിളി കേള്‍ക്കുന്നതിന്റെ എത്രയോ ഇരട്ടി ദൂരത്തേക്ക് നകാര അടിക്കുന്ന ശബ്ദം എത്തും.


അല്‍ഷിമേഴ്‌സ് ബാധിച്ച കുഞ്ഞാലന്‍ ആകെ ഓര്‍ക്കുന്നത് പുഴയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. പുഴയിലൂടെയുള്ള തൊഴില്‍ജീവിതം അയാളെ അത്രമാത്രം ആഴത്തില്‍ സ്വാധീനിച്ചത് വ്യക്തമാണ്. മിക്കവാറും എല്ലാ ചോദ്യങ്ങള്‍ക്കുമുമ്പിലും നിശ്ശബ്ദനായി നിലകൊണ്ട കുഞ്ഞാലന്‍ പുഴയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മാത്രം കൃത്യമായ ഉത്തരം പറയും. ഏതു കൂപ്പിന്റെ പേരു പറഞ്ഞാലും മനസ്സിലായതുപോലെ തലയാട്ടും. അവിടെ നിന്നും നാളെ രാവിലെ ആറുമണിക്കു ഒരു തെരപ്പം പുറപ്പെട്ടാല്‍ അതു വെണ്ണക്കോട്ടേക്കു എപ്പോഴേക്കെത്തും എന്നു ചോദിച്ചാല്‍  കുഞ്ഞാലന്‍ പുഴയിലേക്കും മാനത്തേക്കും നോക്കി കൃത്യം ഉത്തരം പറയും.


കുടുംബവും വംശീയതയും

കുടുംബബന്ധങ്ങളുടെ ഈടുറപ്പ് പൊതുവേ മലബാര്‍സമരത്തിന്റെ സര്‍ഗാത്മകാവിഷ്‌കാരങ്ങളെ സവിശേഷമായി നിര്‍ണയിക്കുന്നുണ്ട്. മിക്ക നോവലുകളിലും പിതൃ-പുത്രബന്ധവും സാഹോദര്യവും കുടുംബപരമായ ചാര്‍ച്ചകളും സവിശേഷമായ വൈകാരികതകളോടെ അടിസ്ഥാനപ്രതലമായിത്തന്നെ നിലനില്‍ക്കുന്നുണ്ട്. പന്താരങ്ങാടി, നെരിപ്പോട്, ചുവന്നതിരമാലകള്‍ മുതലായി അനേകം നോവലുകള്‍ ഇതു ശരിവെയ്ക്കുന്നുണ്ട്. പോരാട്ടത്തിനാവശ്യമായ വംശീയമായ ഒത്തൊരുമയ്ക്കും കൂട്ടായ്മയക്കും ഈ വൈകാരികത വലിയൊരു ഇന്ധനമാകുന്നു എന്നതാവാം കാരണം. ഇതരസാമുദായികതകളില്‍ നിന്നും പൊതുസമൂഹത്തില്‍നിന്നു തന്നെയും പ്രതിഫലിച്ചു കിട്ടുന്ന അന്യവല്‍ക്കരണാനുഭവങ്ങളും ഇതിനാക്കം കൂട്ടുന്നുണ്ടാവണം. ഉണ്ണിക്കൗസുവില്‍ ഈ ഘടകം ഏറെ പ്രവര്‍ത്തിക്കുന്നുണ്ട്. ഉണ്ണിക്കൗസു ഭര്‍ത്താവ് വേറെ വീടുവെയ്ക്കാനായി സ്ഥലമന്വേഷിക്കുമ്പോള്‍ വേവലാതിപ്പെടുന്നത് തന്റെ സ്വന്തം ഉമ്മ, സഹോദരനായ ഹൈദര്‍ ഇവരില്‍നിന്നും അകന്നു പോകുന്നതിനെക്കുറിച്ചോര്‍ത്താണ്. ഒടുവില്‍ അമ്മായിക്കു തന്റെ കുടുംബസ്വത്തിന്റെ ഭാഗം കൊടുത്ത് അവരെ അടുത്താക്കിയാണവള്‍ തന്റെ ഉല്‍ക്കണ്ഠയ്ക്കു പരിഹാരം കാണുന്നത്. അത് തന്റെ ഉമ്മയോടു പങ്കുവെയ്ക്കുമ്പോള്‍ അവര്‍ പറയുന്നത്, ''അവനാന്റെ ബാക്കിക്കാര് കൂടെത്തന്നെ ഉണ്ടാവ്ണത് എപ്പളും നല്ലതല്ലേ..'' എന്നാണ്.


കുടുംബകഥനങ്ങള്‍ക്കു സമാന്തരമായിത്തന്നെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെയും ദേശീയതയുടെയും സമരചരിത്രങ്ങള്‍കൂടി ഈ നോവലില്‍ ആഖ്യാനം ചെയ്യുന്നുണ്ട്. ഉമ്മര്‍മാസ്റ്ററുടെ രാഷ്ട്രീയജീവിതത്തിലൂടെയാണതു വിവരിക്കപ്പെടുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനായി മാറിയ ഉമ്മര്‍ മാസ്റ്ററുടെ പേരില്‍ പല സമരങ്ങളിലും പങ്കെടുത്തതിന്റെ പേരില്‍ ധാരാളം കള്ളക്കേസുകള്‍ ചുമത്തിയിരുന്നു. 1948 മുതല്‍ മൂന്നു വര്‍ഷത്തോളം കമ്യൂണിസ്റ്റു പാര്‍ട്ടി നിരോധിക്കപ്പെട്ടപ്പോള്‍ മാസ്റ്റര്‍ പോലീസിനു പിടികൊടുക്കാതെ ഒളിവില്‍ പോവുകയായിരുന്നു. നിരോധനം പിന്‍വലിക്കപ്പെട്ടതിനാല്‍ ഒളിവുജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ ഉമ്മര്‍മാഷ് മൈത്രക്കോട്ടെ മമ്മുണ്ണിഹാജിക്കു കത്തയച്ചു. തന്റെ രാഷ്ട്രീയജീവിതത്തിനു തുടക്കമിട്ട അവിടെ സന്ദര്‍ശിക്കാനും അദ്ദേഹം താല്പര്യം കാണിച്ചു. മാസ്റ്റര്‍ ആദ്യകാലത്തു സ്‌കൂളിലെ അദ്ധ്യാപകനായി  മൈത്രക്കോട്ടുണ്ടായിരുന്നപ്പോള്‍ ആ ഗ്രാമത്തെയും അവിടുത്തെ ജനങ്ങളെയും പരിഷ്‌കരിക്കാനുദ്ദേശിച്ചു പല വിധ പദ്ധതികളും ആസൂത്രണം ചെയ്തിരുന്നു. അതിലൊന്നായിരുന്നു, കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസം. ഉണ്ണിക്കൗസുവിന്റ കുട്ടികളെ പരിചയപ്പെടുത്തുമ്പോള്‍, എവിടെ വീടുവെച്ചാലും കുട്ടികളെ സ്‌കൂളില്‍ ചേര്‍ത്തു പഠിപ്പിക്കണം എന്നാണ് മാസ്റ്റര്‍ നിര്‍ബന്ധമായും പറയുന്നത്. മുസ്ലിങ്ങള്‍ക്കിടയില്‍ ദേശീയതയുടെ സന്ദര്‍ഭത്തില്‍ രൂപം കൊണ്ട അടിസ്ഥാനപരമായ ആധുനികതയുടെ ഘടകങ്ങളിലൊന്നാണ് വിദ്യാഭ്യാസം. ലിബറല്‍ബോധത്തില്‍ ഇതു ഏറ്റവും അടിയന്തരമായ, പുരോഗമനപരമായ കാര്യമായി തിരച്ചറിയുമ്പോഴും മറ്റൊരു പ്രതിരോധവായനയില്‍ മതബോധത്തിനും അതിലൂന്നിയ അന്ധവിശ്വാസത്തിനും സ്വാഭാവികമെന്നു കരുതപ്പെടുന്ന മുസ്ലിംസ്വത്വത്തിന്റെ പിന്നാക്കാവസ്ഥയെ ചേര്‍ത്തുവെച്ച് മുസ്ലിങ്ങളെ അപരിഷ്‌കൃതരായി കാണാന്‍ പ്രേരിപ്പിക്കുന്ന ലിബറല്‍ദൃഷ്ടിയുടെ പ്രശ്‌നം കൂടിയുണ്ടെന്നു നമുക്കു കാണാം.  എന്തായാലും മാസ്റ്റര്‍ നിര്‍ദ്ദേശിച്ചതനുസരിച്ചു സ്‌കൂള്‍ തുടങ്ങാനുള്ള അപേക്ഷ കൊടുക്കല്‍ ഹാജിയാരുടെ മുന്‍കയ്യില്‍ നടത്താന്‍ തീരുമാനമായി.


വിശ്വാസവും ആത്മീയതയും

വിശ്വാസികളായ മുസ്ലിങ്ങളാണ് ഇതിലെ കഥാപാത്രങ്ങളെല്ലാം തന്നെ. എന്നാല്‍ നിസ്സഹായാവസ്ഥയില്‍ അന്ധവിശ്വാസത്തിലേക്കുള്ള അവരുടെ ചായ്‌വിനെ പ്രശ്‌നവല്‍ക്കരിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ കൂടി നോവലിസ്റ്റു കൈകാര്യം ചെയ്യുന്നുണ്ട്. 'പന്താരങ്ങാടി'യോ 'നെരിപ്പോടോ' പോലെയല്ല, മറിച്ചു മുസ്ലിങ്ങളുടെ ആധുനികവല്‍ക്കരണത്തിലേക്കും അവരുടെ മുഖ്യധാരയിലേക്കുള്ള കണ്ണിചേര്‍ക്കലിനും വെമ്പുന്ന ആഖ്യാനപരമായ ഒരു ആകാംക്ഷ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. തികച്ചും കോളനി ആധുനികീകരണത്തിന്റെ യുക്തിയില്‍ വേരുകളുള്ള ഈ പുരോഗമനവീക്ഷണത്തില്‍ തദ്ദേശീയരുടെ ജൈവികപ്രേരണകളേക്കാള്‍ അധീശമായ ദൈവസങ്കല്പങ്ങളും ശാസ്ത്രാവബോധവുമാണ് പ്രവര്‍ത്തിക്കുന്നത്.  കുഞ്ഞാലനു മൊയ്തീന്‍ ഔലിയയിലുമ കാളിമൂപ്പനിലുമുള്ള വിശ്വാസത്തേക്കുറിച്ചു ഉണ്ണിക്കൗസു വിമര്‍ശനത്തോടെ ചിന്തിക്കുന്നുണ്ട്.  


മമ്മുണ്ണിഹാജിയുടെ സ്മാരകങ്ങള്‍ നാട്ടില്‍ പലയിടത്തായി ഉയര്‍ന്നു വരുന്നത് കണ്ടപ്പോള്‍ ഉണ്ണികൗസൂവിന്റെ മനസ്സില്‍ ഒരു വ്യത്യസ്തമായ ചിന്ത രൂപം കൊണ്ടു . അതായത് മമ്മുണ്ണി ഹാജിയെക്കാള്‍ അധികം ദരിദ്രരോട് അനുതാപം പുലര്‍ത്തുകയും അവര്‍ക്ക് വേണ്ടി തന്റെ കുടുംബ സ്വത്ത് വരെ ഉപയോഗിച്ച് പലതരം സഹായങ്ങള്‍ രൂപീകരിക്കുകയും ചെയ്തയാളാണ് ആയിഷുമ്മ . അവരുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ എന്തുകൊണ്ടാണ് നാട്ടില്‍ സ്മാരകങ്ങള്‍ ഉയരാത്തത് എന്നവര്‍ ചിന്തിച്ചു. അന്യരുടെ വിശപ്പടക്കാനായി ജീവിതം ഉഴിഞ്ഞുവെച്ച ഐഷുമ്മത്താത്ത ഒരു സ്ത്രീ ആയതു കൊണ്ടാണല്ലോ എന്നും ഉണ്ണിക്കൗസു ചിന്തിച്ചു. തന്റെ ഭര്‍ത്താവായ കുഞ്ഞാലന്‍ മൊയ്തീന്‍ ഔലിയയുടെ ആരാധകനും അദ്ദേഹത്തിന്റെ ആത്മീയമാന്ത്രികപ്രവര്‍ത്തനങ്ങളുടെ വഴിയെ സഞ്ചരിക്കുന്ന ആണെന്നുള്ള സംശയം ഉണ്ണികൗസിന് തുടക്കം മുതലേ ഉണ്ടായിരുന്നു. എന്നാല്‍ അവള്‍ അതിനോട് കലഹിക്കുകയാണ് ചെയ്യുന്നത്. സാധാരണ ഈശ്വരവിശ്വാസത്തില്‍ നിന്നും വേറിട്ട് അന്ധവിശ്വാസങ്ങളുടെ പുറകെ പോകുന്നത് തെറ്റായ രീതിയാണെന്നും അത് പുരോഗമനത്തിന് ഒട്ടും യോജിച്ച ഒരു ധാര അല്ലെന്നും അവള്‍ പറഞ്ഞു കൊടുക്കാന്‍ പലവുരു ശ്രമിക്കുന്നു. എന്നാല്‍ അയാള്‍ക്ക് അവിടെനിന്ന് വിട്ടുപോരാന്‍ കഴിയുമായിരുന്നില്ല. അതേപോലെതന്നെ പിന്നീട് മറ്റൊരു തങ്ങളുമായി  ചേര്‍ന്നുകൊണ്ട് തന്റെ ജീവിതത്തെ മെച്ചപ്പെടുത്തുവാന്‍ ആവശ്യമായിട്ടുള്ള ആത്മീയ, ദൈവിക അന്വേഷണങ്ങളില്‍ ആയിരുന്നു കുഞ്ഞാലന്‍. അതിനോട് ഉണ്ണിക്കൗസു പുലര്‍ത്തിയ വിപ്രതിപത്തിയില്‍ , അവളിലൂടെ മതേതരവും ആധുനികവുമായ പുരോഗമനസ്വഭാവമുള്ള ഒരു ലിബറല്‍ സ്ത്രീയയാണ് നോവലിസ്റ്റ് വരച്ചുകാട്ടാനായി ശ്രമിക്കുന്നത്.


സ്ത്രീകള്‍ക്കു പാരമ്പര്യസ്വത്തിലുള്ള അവകാശങ്ങളുടെ ഉന്നയിക്കല്‍ മേല്‍ സൂചിപ്പിച്ച ലിബറല്‍ സ്വഭാവത്തിലുള്ള പുരോഗമനയുക്തിയായി ഈ നോവലിലുണ്ട്.  മുസ്ലിം സ്ത്രീകള്‍ക്കു പിതൃസ്വത്തിലുള്ള പാരമ്പര്യാവകാശം ഒരു രാഷ്ട്രീയപ്രശ്‌നമായിത്തന്നെ കഥാസന്ദര്‍ഭമെന്ന നിലയില്‍ ഈ നോവലില്‍ കടന്നു വരുന്നുണ്ട്. അതായത് മൈത്രക്കോട്ടു നിന്നും വെണ്ണക്കോട്ടു വന്നെത്തിയ നബീസുവിനെ കണ്ടു തിരിച്ചറിഞ്ഞ ഉണ്ണിക്കൗസു അവരോടു വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ തനിക്കും സഹോദരന്‍മാര്‍ക്കും കിട്ടിയ പിതൃസ്വത്തിലെ വിവേചനസ്വഭാവത്തെ കുറിച്ചവര്‍ പറയുന്നു. ഉണ്ണിക്കൗസു അതു ചോദ്യം ചെയ്യുകയും ചെയ്യുന്നു. ഇസ്ലാമികനിയമപ്രകാരം കുടുംബസ്വത്തില്‍ ആണിന് കിട്ടുന്ന ഓഹരിയുടെ പകുതിക്ക് പെണ്ണിന് അര്‍ഹത ഉണ്ട്. ഓരോരോ ന്യായങ്ങള്‍ നിരത്തിയും കൊടുക്കാതിരിക്കാനാണ് എല്ലാവരും ശ്രമിക്കുന്നതെന്നു ഉണ്ണിക്കൗസുവും നബീസുവും മനസ്സിലാക്കുന്നു. പ്രവാചകന്റെ കാലഘട്ടത്തില്‍ മുസ്ലിങ്ങളില്‍ സ്ത്രീകള്‍ക്ക് സഹോദരന്മാര്‍ക്കു ലഭിക്കുന്നതിന്റെ പകുതി സ്വത്ത് കൊടുക്കാനാണ് തീരുമാനമെടുത്തിരുന്നത്. എന്നാല്‍ കുറച്ചുകാലം കൂടി പ്രവാചകന്‍ ജീവിച്ചിരുന്നെങ്കില്‍ പുതിയകാലത്തിന്റെ മാറ്റത്തിന്റെ യുക്തികള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പെണ്ണുങ്ങള്‍ക്ക് ആണുങ്ങളുടെ അത്രതന്നെ സ്വത്ത് കൊടുക്കാന്‍ പറയുമായിരുന്നുവെന്നു തന്റെ ബാപ്പ പറഞ്ഞത് ഉണ്ണിക്കൗസു ഓര്‍ത്തുപോകുന്നു. എന്നാല്‍ ഇന്നത്തെ ഇസ്ലാമികപണ്ഡിതരും ഇസ്ലാം സാമൂഹികജീവിതവും അതിനെല്ലാം എതിരാണെന്ന് അവര്‍ക്കു മനസ്സിലായി. മറ്റു മതജാതികളില്‍ സ്ത്രീകള്‍ക്കു തുല്യാവകാശങ്ങളുണ്ടന്നു പറഞ്ഞുകൊണ്ട്, മുസ്ലിം സംുദായത്തെ ഒന്നടങ്കം ഒരു ആധുനികപൂര്‍വവും അപരിഷ്‌കൃതവുമായ ജനത എന്നു വരുത്തിത്തീര്‍ക്കുന്ന മുസ്ലിം വിരുദ്ധതയുടെ രാഷ്ട്രീയവുമായി ചേര്‍ത്തു വെച്ചു വേണം ഈ ഭാഗം വിലയിരുത്തപ്പെടാന്‍.


ബാപ്പയും അമാനുള്ള മുസ്ലിയാരും ഒക്കെ പഠിപ്പിച്ചുതന്നിരുന്ന ഇസ്ലാമല്ല ഭൂരിഭാഗം ആളുകളും കൊണ്ടുനടക്കുന്നത് എന്ന് ഉണ്ണിക്കൗസുവിനു മനസ്സിലായി. ഭൂമിയിലെ മുഴുവന്‍ മനുഷ്യരോടു നീതി ചെയ്യാന്‍ പഠിപ്പിക്കുന്ന ഒരു മതത്തില്‍ നിന്നിട്ട് അവര്‍ക്ക് സ്വന്തം കൂടപ്പിറപ്പുകളോട് പോലും നീതി ചെയ്യാന്‍ തോന്നുന്നില്ല എന്നത് എത്ര നിരാശാജനകമാണെന്ന് അവള്‍ തിരിച്ചറിയുന്നു. ജീവിതസായാഹ്നത്തില്‍ തന്റെ മക്കള്‍ക്കു പിതൃസ്വത്തു ഭാഗിക്കേണ്ട സന്ദര്‍ഭം കണ്ടെത്തി അതേക്കുറിച്ചു  ചര്‍ച്ചചെയ്യുമ്പോള്‍ ഉണ്ണിക്കൗസു ഒരിക്കലും ഈ നാട്ടുനടപ്പു പാലിക്കേണ്ടതില്ല എന്ന നിലപാടാണ് എടുക്കുന്നത്. സ്വന്തം ജീവിതസന്ദര്‍ഭത്തില്‍ സ്ത്രീവിവേചനം മാമൂലാക്കിവെച്ച പലകാര്യങ്ങളും തിരുത്തുന്നതിനൊപ്പം ഇതും അവസാനിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. തന്റെ പേരിലുള്ള നാല്പതു സെന്റു വിറ്റ്, തന്നെ ജീവിതദുരിതത്തില്‍ നിന്നും കരകേറാന്‍ പ്രേരിപ്പിച്ച അയിഷുമ്മത്താത്തയുടെ പേരില്‍ നല്ലൊരു വായനശാല തുടങ്ങാനാണ് അവരാഗ്രഹിച്ചത്.


വിവാഹമോചനത്തില്‍ മുസ്ലിംസ്ത്രീ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഉണ്ണിക്കൗസു സവിശേഷമായി പരിഗണിക്കുന്നു. കുഞ്ഞാലന്റെ അനുജനും ഭാര്യയും തമ്മിലുള്ള പൊരുത്തക്കേടുകള്‍ വിവാഹമോചനത്തിന്റെ വക്കിലെത്തുന്ന സന്ദര്‍ഭത്തില്‍ ഇതു നിര്‍ണായകമായിത്തീരുന്നു. മൊഴി ചൊല്ലിയ പെണ്ണിനെ മടക്കി എടുക്കാന്‍ സാമുദായികമായ ആചാരപ്രകാരം ആരെയെങ്കിലും ചടങ്ങിനു നിര്‍ത്തണമത്രെ. അതു കേട്ട ഉണ്ണിക്കൗസു രോഷത്തോടെ പറഞ്ഞു: 'ഓരോരോ മോല്യാമാര്  ഓല്ക്ക് തോന്ന്യാസം നടത്താന്‍ അള്ളാന്റെ കിത്താബ് വളച്ചൊടിക്ക്ണതാ ഈ ചടങ്ങിനു നില്ക്കല് '. ഒടുവില്‍ മതാധികാരികളെയും മറ്റു യാഥാസ്ഥിതികരെയും ചൊടിപ്പിച്ചു കൊണ്ട് അവള്‍ തന്റെ ഭര്‍തൃസഹോദരന്‍ അസൈനാര്‍കുട്ടിയുടെ കയ്യില്‍ പാത്തുണ്ണിയുടെ കൈ ചേര്‍ത്ത് അവരെ ഒന്നിപ്പിച്ചു. ആരും ഒന്നും എത്തിര്‍ത്തില്ല,  മിണ്ടിയില്ല. പക്ഷേ  തുടര്‍ന്ന് ഇത്തീമ പെട്ടന്നുതന്നെ ഹൃദയാഘാതം വന്നു മരിച്ചതേത്തുടര്‍ന്നു നടന്ന നാടകീയമായ സംഭവപരമ്പരകള്‍ അതിന്റെ അനന്തരഫലമായിത്തീര്‍ന്നു. മൃതദേഹം മൈത്രക്കോട്ട് പള്ളിയില്‍  അടക്കം ചെയ്യാന്‍ മഹല്‍ കമ്മറ്റി സമ്മതിച്ചില്ല. വെണ്ണക്കോട്ടേക്കു കൊണ്ടുപോകണം എന്നുറപ്പിച്ചെങ്കിലും പുട്ടും കുറ്റി ഖാലിദ് മുതല്‍ വളരെപ്പേര്‍ പള്ളിക്കമ്മറ്റിയുമായി ഇടഞ്ഞു സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ മയ്യത്തു അടക്കാന്‍ ധാരണയായി. കമ്മറ്റി പിരിച്ചു വിട്ടു പുതിയ കമ്മറ്റി തെരഞ്ഞെടുത്തതിനു വരെ അതിടയാക്കി. മയ്യത്തു നമസ്‌കാരത്തിന് എത്തിയവരെക്കൊണ്ട് പള്ളിമുറ്റം നിറഞ്ഞു കവിഞ്ഞു. ഖാലിദ് പൊട്ടിക്കരഞ്ഞ് അവിടെ പിടഞ്ഞു വീണു. എല്ലാരെയും അമ്പരപ്പിച്ച് അയാളും മരണപ്പെട്ടു. ഈ രണ്ടു മരണവും മൈത്രക്കോട്ടിലെ യാഥാസ്ഥിതിക മതചിന്തയെ ഒട്ടൊന്നു പിടിച്ചു കുലുക്കി.


നോവലിന്റെ അവസാനഭാഗത്തു കുഞ്ഞാലന്റെ മരണത്തില്‍ തകര്‍ന്ന ഉണ്ണിക്കൗസുവിനെ അവതരിപ്പിക്കുന്നുണ്ട്. മൂന്നുനാലു ദിവസങ്ങള്‍ക്കു ശേഷം വീടിന്റെ വെളിയിലേക്കു ഇറങ്ങനാഞ്ഞ ഉണ്ണിക്കൗസുവിനെ മാമൂല്‍വാദികളായ ബന്ധുജനങ്ങള്‍ തടഞ്ഞു. 'ഇദ്ദാകാലം' എന്ന ആചാരത്തെക്കുറിച്ചു വാദപ്രതിവാദം നടത്തി, അവളുടെ ഇടപെടലുകളെ മുറിയ്ക്കകത്തുമാത്രമായി ഒതുക്കുക എന്നതാണ് അവരുടെ ഉദ്ദേശമെന്നു മനസ്സിലായ ഉണ്ണിക്കൗസു അതിനു വഴങ്ങിയില്ല. കോലായിലിറങ്ങി കസേരയിലിരുന്നു. മതകാര്യങ്ങളെ വളച്ചൊടിച്ചു പെണ്ണിനെ എല്ലാക്കാലത്തും നിയന്ത്രിക്കാനൊരുങ്ങുന്ന സമ്പ്രദായത്തിനെതിരെ എന്നത്തെയും പോലെ അവള്‍ പ്രതിഷേധിച്ചു.


ഇളയമകള്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പ്രവര്‍ത്തകയും പ്രാസംഗികയുമായി വളര്‍ന്നതില്‍ ഉണ്ണിക്കൗസുവിനു അഭിമാനമായിരുന്നു. സംസ്ഥനത്തൊട്ടാകയുള്ള പരിപാടികളിലെ പ്രാസംഗികയായി ക്ഷണിക്കപ്പെടുമ്പോള്‍ അവര്‍ തന്റെ ബാപ്പായെ ഓര്‍ത്തു. കുട്ടിക്കാലത്തെ തന്റെ ആരാധനാപാത്രമായ അദ്ധ്യാപകന്‍ ഉമ്മര്‍ മാസ്റ്റര്‍ അവളെ കാണുന്നതും ഉണ്ണിക്കൗസുവിന്റെ മകളെന്നു തിരിച്ചറിഞ്ഞു അഭിനന്ദിക്കുമ്പോഴും അവര്‍ അഭിമാനിച്ചു. പിന്നീടു മാസ്റ്ററെ തേടിയെത്തി കാണുന്നു. അതൊരു വികാരഭരിതമായ കൂടിക്കാഴ്ച്ചയായിത്തീരുന്നു.


തന്റെ കുടുംബക്കാര്‍ വസ്ത്രധാരണത്തിലും മറ്റും ഇസ്ലാമികമായ രീതിമര്യാദകള്‍ പുലര്‍ത്തുന്നില്ല എന്നു പള്ളിക്കമ്മറ്റിക്കാര്‍ ശ്രദ്ധയില്‍ പെടുത്തിയത് ഉണ്ണിക്കൗസുവിനെ ചൊടിപ്പിച്ചു.  പെണ്‍മക്കള്‍ തലയില്‍ തട്ടമിടാതെ നടക്കുന്നത്, അതുപോലെ പ്രസംഗത്തിനും പൊതു കാര്യങ്ങള്‍ക്കുമായി പോയി രാത്രിസഞ്ചാരം നടത്തുന്നത് ഒക്കെ അവര്‍ ഇസ്ലാമില്‍ നിന്നുള്ള വ്യതിചലനമായി കണ്ടു. ഉണ്ണിക്കൗസുവിന്റെ മകള്‍ സുലൈഖയുടെ മകള്‍ സക്കീന പ്രൊഫഷണല്‍ ഗായികയായി മാറിയപ്പോഴുണ്ടായ കോലാഹലങ്ങള്‍ മത, സാമുദായിക നേതൃത്വങ്ങള്‍ ഏറ്റുപിടിച്ചു. ഗായകസംഘത്തെ നയിച്ച സന്തോഷ് എന്ന ഹിന്ദുമതസ്ഥനായ യുവാവുമായി ഉണ്ടായ പ്രണയവും നാട്ടിലെങ്ങും ചര്‍ച്ചയായി. തന്റെ മാതാപിതാക്കള്‍ക്കു വ്യക്തിപരമായി. എതിര്‍പ്പില്ലെങ്കിലും സമുദായാധികാരികളെ ഭയന്ന് എതിരഭിപ്രായം പറയുകയാണെന്ന് സക്കീനയ്ക്കു മനസ്സിലായി. വീടുവിട്ട് സന്തോഷിന്റെ വീട്ടില്‍ ചെന്നു കേറിയ സക്കീന ഒരു മാസം കഴിഞ്ഞപ്പോള്‍ രജിസ്റ്ററാഫീസുവഴി വിവാഹിതയുമായി. മതസാമുദായികതകളുടെ ജീര്‍ണത അന്യമതവിരോധം അടിച്ചേല്‍പ്പിക്കുന്നിടം വരെ എത്തി നില്‍ക്കുന്ന പ്രശ്‌നം ഉണ്ണിക്കൗസുവിന്റെ അവസാന അധ്യായത്തില്‍ വെളിപ്പെടുന്നു. കടുത്ത സാമുദായികസമ്മര്‍ദ്ദം മൂലം സുലൈഖയും ഭര്‍ത്താവും മകളെ അടുപ്പിക്കാതിരുന്നപ്പോഴും ഉണ്ണിക്കൗസു അതിനും മടിച്ചില്ല. അവരെ വീട്ടിലേക്കു ക്ഷണിച്ചു രണ്ടു ദിവസം കൂടെ നിര്‍ത്തി സല്‍ക്കരിച്ചു. പള്ളിക്കാരുമായുള്ള തര്‍ക്കം മൂത്ത്, മരിച്ചടക്കാന്‍ പള്ളിപ്പറമ്പ് തന്നെ വേണമെന്നൊന്നുമില്ല എന്ന് ഉണ്ണിക്കൗസു വെയ്ക്കുന്നു.  അവര്‍ തര്‍ക്കിച്ചു നില്‍ക്കുന്നു. സര്‍ക്കാരിന്റെ പേരിലുള്ള പൊതു ശ്മശാനത്തില്‍ അടക്കം ചെയ്യുന്നതില്‍ തെറ്റില്ല എന്നും പള്ളിക്കാര്‍ തന്റെ മയ്യത്ത് സംസ്‌കരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പൊതുശ്മശാനത്തില്‍ അതല്ലെങ്കില്‍ സര്‍ക്കാര്‍ വക ശ്മശാനത്തില്‍ തന്നെ അടക്കുമെന്നു പറയുന്നു. പള്ളിയുടെ ഖബര്‍സ്ഥാനില്‍ നാലുദിവസം മുമ്പേ  കൊണ്ടുപോയി അടക്കിയ ഒരു മാന്യന്‍ ഉണ്ടല്ലോ,  അദ്ദേഹത്തെക്കാളും ഒക്കെ എത്രയോ മുന്തിയ ആളാണ് സര്‍ക്കാര്‍ ശ്മശാനത്തില്‍ അടക്കപ്പെട്ട പലരും എന്നവര്‍ പറയുന്നു.


സ്വന്തം സമുദായത്തിലെ അനാചാരങ്ങളോടും അനീതികളോടും സര്‍വോപരി സ്ത്രീവിരുദ്ധതയോടും അന്ധവിശ്വാസങ്ങളോടും പട പൊരുതുന്ന ഉദാര പുരോഗമന സ്വഭാവത്തിലുള്ള നായികയായാണ് ഉണ്ണിക്കൗസുവിനെ ചിത്രീകരിച്ചിട്ടുള്ളത്. ഉശിരും പോരാട്ടവീര്യവുമുള്ള രാഷ്ട്രീയ നിലപാടും മതവിമര്‍ശനവുമുള്ള നായിക എന്ന സവിശേഷ കര്‍തൃഘടന സ്ത്രീപക്ഷപരമായ ഒരു ഇടതു വാര്‍പ്പുമാതൃക തന്നെ! ചെറുകാടിന്റെ മുത്തശ്ശിയിലും മറ്റനേകം നോവലുകളുടെ തുടര്‍ച്ചയിലുമെല്ലാം ഇതു കാണാം. സ്ത്രീപക്ഷപരമായി രൂപം കൊണ്ട വാര്‍പ്പുമാതൃകകളില്‍ നിന്നും സാഹിത്യം മുക്തമാകുന്നത് സ്ത്രീകള്‍ തന്നെ എഴുത്തിലേക്കു കര്‍തൃനിലയോടെ ഇടപടുമ്പോഴാണ്. മുസ്ലിങ്ങള്‍ സ്വത്വപരമായ ജൈവികമായ അനുഭവങ്ങളെ തുറന്നെഴുതുമ്പോള്‍ പൊതുബോധത്തെ ഭരിക്കുന്ന ഇസ്ലാമികഭീതി മറനീക്കപ്പെടുമ്പോലെ തന്നെയാണതും. എന്നാല്‍ അവിടെയും 'നല്ല മുസ്ലിം, ചീത്ത മുസ്ലിം' പരികല്‍പനകളും വന്നു പെടാതിരിക്കുന്നില്ല. ഇങ്ങനെ സ്വത്വപരമായ പല സന്ദിഗ്ദ്ധതകളിലേക്കും വെളിച്ചം വീശുന്ന കൃതിയാണ് ഉണ്ണിക്കൗസു എന്നു നിസ്സംശയം പറയാം!


റഫറന്‍സ്:

1. ഉണ്ണിക്കൗസു, ബഷീര്‍ ചുങ്കത്തറ, ചിന്താ പബ്ലിഷേഴ്‌സ്, തിരുവനന്തപുരം, 2020

(2023 ജനുവരി- മാർച്ചു ലക്കം തുടി കെയർലിസ്റ്റഡ് ജേണലിൽ എഴുതിയത്)

Friday, December 29, 2023

ശരീരം, കാമന, ഭാവന: സ്വത്വത്തിന്റെ പൗരയുക്തികള്‍


കേരളത്തിലെ പുരോഗമനപ്രസ്ഥാനങ്ങള്‍ സ്ത്രീകളോടു ഇടപെട്ടതെങ്ങനെ എന്നാലോചിക്കുമ്പോള്‍ത്തന്നെ നാം വഴിതടയുന്നത് എന്താണ് പുരോഗമനം എന്ന ചോദ്യത്തിലാണ്. ഈ ചോദ്യം നിരന്തരം ചോദിക്കേണ്ട ഒരു സന്ദര്‍ഭത്തിലാണ് ഇന്നു കേരളീയസമൂഹം എത്തിനില്‍ക്കുന്നത്. രാഷ്ട്രീയക്കാരി എന്ന സ്വത്വത്തെ വിവിധകാലങ്ങളിലെ സാംസ്‌കാരികരൂപങ്ങള്‍ ചിത്രീകരിച്ചതെങ്ങനെ എന്നു നോക്കിയാല്‍ ഇതു തിരിഞ്ഞുകിട്ടും. രാഷ്ട്രീയപ്രവര്‍ത്തകയും നേതാവും ആയ സ്ത്രീ എന്ന ഐഡന്റിറ്റിയെ ചരിത്രവല്‍ക്കരിച്ചു കൊണ്ട് ഈ വായന നടത്താനാവും. പുറമേ നിന്നുകൊണ്ട് നോക്കുമ്പോള്‍ അത്ര എടുത്തുപറയാനുള്ള എണ്ണം രാഷ്ട്രീയക്കാരികള്‍ നമുക്കില്ല എന്നു തോന്നാന്‍ എളുപ്പമാണ്. കാരണം ഈ തോന്നല്‍ തന്നെ രൂപം കൊള്ളുന്നത് രാഷ്ട്രീയമെന്ന മണ്ഡലത്തെക്കുറിച്ചുള്ള സവിശേഷമുന്‍വിധികളില്‍ നിന്നാണ്. ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാരം ഏറെയുള്ളതിനാല്‍ തന്നെ അതിലെ ഇടപെടലുകളും ധാരണകളും ഏറെക്കുറെ പുരുഷനിര്‍മിതമാണെന്നു പറയേണ്ടതില്ലല്ലോ.

രാഷ്ട്രീയമെന്ന സംവര്‍ഗവും സംവര്‍ഗങ്ങളുടെ രാഷ്ട്രീയവും

രാഷ്ട്രീയനേതാവ് എന്ന പ്രരൂപത്തില്‍ നാം പുരുഷനെ മാത്രമേ സാധാരണയായി കാണുന്നുള്ളു. രാഷ്ട്രീയഭരണത്തിന്റെ അധികാരം കയ്യാളുന്നവര്‍ എന്ന നിലയ്ക്കു മാത്രം രാഷ്ട്രീയക്കാരികളെ സ്ഥാനപ്പെടുത്തുമ്പോള്‍ ഒരുപക്ഷേ വിരലിലെണ്ണാവുന്നത്ര എണ്ണം സ്ത്രീകളേ ഉണ്ടാവൂ. പക്ഷേ, സ്ത്രീകളെ സംബന്ധിച്ച് എന്താണ് രാഷ്ട്രീയം? അതു മറ്റൊരു തരത്തില്‍ ചോദിച്ചാല്‍ സുസ്ഥിരമായി നിരവധി സംവിധാനങ്ങളാല്‍ പരിപാലിച്ചു പോരുന്ന ലിംഗാധികാരത്തിനു കീഴ്‌പ്പെട്ട സവിശേഷപ്രജകള്‍ എന്ന നിലയില്‍ സ്ത്രീകള്‍ക്കു രാഷ്ട്രീയമെന്നാലെന്ത്? ഇതേ ചോദ്യം കീഴാളപക്ഷത്തുനിന്നും മതന്യൂനപക്ഷത്തുനിന്നും നമുക്കു ചോദിക്കാവുന്നതാണ്. താഴെനിന്നും മുകളിലേക്കുള്ള ഈ ആരായലുകള്‍ തീര്‍ച്ചയായും മുകളില്‍നിന്നും താഴേക്കുള്ള രേഖീയമായ വഴികളിലല്ല. ലംബമാനമായും തിരശ്ചീനമായും കയറിയുമിറങ്ങിയും പടര്‍ന്നു കിടക്കുന്ന പലതരം ഉള്ളടരുകള്‍(ഇന്റര്‍സെക്ഷനാലിറ്റികള്‍) ഈ ഉന്നയിക്കലുകളില്‍ കടന്നുവരും. അതതുകാലത്തെ സാമാന്യപ്രത്യയശാസ്ത്രങ്ങള്‍ക്കപ്പുറം, തങ്ങളുടെ സ്വത്വപരമായ ആസന്നവും അനിവാര്യവുമായ പ്രതിസന്ധികളെയും കീഴായ്മയെയും തൊട്ടറിയാതെ ഒരു ജനതയും രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നില്ല, വ്യക്തികളായാലും സ്വത്വസമൂഹങ്ങളായാലും. എന്നാല്‍ പൊതുധാരയിലെ രാഷ്ട്രീയം എന്ന പ്രമേയത്തെ മുന്നോട്ടുകൊണ്ടുപോയവരെയാണ് നാം രാഷ്ട്രീയക്കാരെന്നു പൊതുവെ പറയാറ്. ലിംഗാധികാരത്തോടു ദൈനംദിനജീവിതത്തില്‍ അനുനിമിഷം പൊരുതിനില്‍ക്കുന്ന സാധാരണസ്ത്രീകള്‍ക്കുള്ള രാഷ്ട്രീയപങ്കാളിത്തം തിരിച്ചറിയപ്പെടാറില്ല. പൗരത്വപദവിയിലേക്കു തിരിച്ചറിയപ്പെടാന്‍തന്നെ സ്ത്രീക്കു തന്റെ ലിംഗസ്വത്വത്തെ രാഷ്ട്രീയമായി ഉന്നയിക്കേണ്ടിവരുന്നു എന്നു മനസ്സിലാക്കുമ്പോള്‍, നേടിയതെന്നഭിമാനിക്കുന്ന പുരോഗമനത്തിന്റെ ചരിത്രം വീണ്ടും സംശയദൃഷ്ടിയിലാകുന്നു. നവോത്ഥാനസമരങ്ങള്‍ മുതല്‍ സ്ത്രീമുന്നേറ്റ, ക്വിയര്‍ പ്രസ്ഥാനങ്ങള്‍ വരെയുള്ള ചലനാത്മകചരിത്രത്തെ നാം പുനര്‍വായിക്കേണ്ടിവരുന്നു.  

കേരളത്തിന്റെ പുരോഗമനചരിത്രരചനകളില്‍ ഏറെ കൊണ്ടാടപ്പെട്ട നവോത്ഥാനകാലത്തിന്റെ സൂക്ഷ്മമായ പരിശോധനയില്‍ അതൊരു ആണ്‍പ്രോജക്ടായിരുന്നുവെന്നത് ഇതിനോടകം ചരിത്രകാരികള്‍ വിലയിരുത്തിയിട്ടുണ്ട്. ആധുനികമായ ലിംഗവിചാരങ്ങളെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും സ്ത്രീയുടെ കാമനാപരമായ നിര്‍വാഹകതയെ കയ്യേറുംവിധത്തിലുള്ള മുന്‍കൈകളായി പുരോഗമന, പുരുഷനേതൃത്വം നിലനിന്നതിനെക്കുറിച്ചും മനസ്സിലാക്കാനാവും. ഗാന്ധിയന്‍ പ്രത്യയശാസ്ത്രവും ദേശീയതയുടെ വ്യവഹാരരൂപങ്ങളും തമ്മിലുള്ള കൊള്ളക്കൊടുക്കകള്‍ അത്രയേറെ വ്യാപകമായ കേരളത്തില്‍ വൈയക്തികമായ കാമനകളുടെ ത്യാഗം പലപ്പോഴും പുരോഗമനത്തിന്റെ മുന്നുപാധി ആയിരുന്നല്ലോ. ഈ ആലോചനയുടെ പശ്ചാത്തലത്തില്‍ ചെറുകാടിനെയും വി.ടിയെയും പോലുള്ള, ഇക്കാലഘട്ടത്തിലെ പുരോഗമനപുരുഷന്റെ  ഭദ്രമാതൃകകളെ സാംസ്‌കാരികരൂപകങ്ങളെന്ന നിലയില്‍ പരിശോധിക്കാനുള്ള ശ്രമമാണ് ഈ ലേഖനം. സ്ത്രീവിമോചനത്തിന്റെ ആദ്യസ്ഫുരണങ്ങള്‍ പ്രസരിപ്പിച്ച സരസ്വതിയമ്മയും മാധവിക്കുട്ടിയും മുതല്‍ പുതുകാലത്തെ സാഹിത്യകാരികള്‍ വരെ അതതു കാലത്തെ രാഷ്ട്രീയമുന്‍കൈകളെ പരിഗണിച്ചതങ്ങനെയെന്നു കൂടി ചേര്‍ത്തുവായിക്കാനും ഇവിടെ ശ്രമിക്കുന്നുണ്ട്. പുരോഗമനസ്വഭാവമുളള പുരുഷരചനകളിലെ സ്ത്രീപ്രതിനിധാനം, ആണ്‍പെണ്‍ബന്ധങ്ങള്‍, സദാചാരമൂല്യങ്ങള്‍, ആണത്തബോധം എന്നിവയിലൂടെ കേരളത്തിലെ ആധുനികസ്ത്രീയെക്കുറിച്ചുള്ള ബോദ്ധ്യങ്ങളില്‍ പ്രത്യയശാസ്ത്രം ഇടപെട്ടതെങ്ങനെയെന്നു അന്വേഷിക്കുന്നത് കൗതുകകരമായിരിക്കും. അതിനു മുമ്പ് ഇന്ത്യയുടെ പൊതുരാഷ്ട്രീയസാഹചര്യത്തില്‍ ഇത്തരം ഘടകങ്ങള്‍ പ്രവര്‍ത്തിച്ചതിനെക്കുറിച്ച് ചില പരിശോധനകള്‍ നടത്തുന്നത് കാര്യങ്ങള്‍ എളുപ്പമാക്കും.

പുരോഗമനവും ത്യാഗവും
പുരോഗമനത്തിനും വളര്‍ച്ചയ്ക്കും അര്‍ഹരാകണമെങ്കില്‍ സ്ത്രീകള്‍ തങ്ങളുടെ സ്ത്രീസഹജമായ 'ദൗര്‍ബല്യ'ങ്ങളില്‍ നിന്നു മുക്തമാകേണ്ടതുണ്ട് എന്ന കാഴ്ചപ്പാട് ഇത്തരം ചിന്തകളില്‍ എല്ലായ്‌പ്പോഴുമുണ്ട്. അണിഞ്ഞൊരുങ്ങലും പ്രണയചാപല്യങ്ങളുമുള്‍പ്പടെ പലതില്‍ നിന്നും സ്ത്രീ മുക്തമാകേണ്ടതുണ്ട്. ഇവിടെയെല്ലാം ദേശീയപ്രസ്ഥാനം മുതല്‌ക്കേ ശക്തമാകുന്ന ഗാന്ധിയന്‍ ചിന്തയുടെ പ്രബലമായ സ്വാധീനം കാണാം. കാമനാനിര്‍മുക്തയായ ആദര്‍ശാത്മകസ്ത്രീയെ സൃഷ്ടിച്ചെടുക്കുന്നതില്‍ ഗാന്ധിയന്‍ വ്യവഹാരങ്ങള്‍ക്കു വലിയ പങ്കുണ്ട്. ഉദാഹരണത്തിനു ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന സ്വര്‍ണത്യാഗങ്ങളുടെ ആഖ്യാനം ശ്രദ്ധിക്കാം.

ദേശീയപ്രസ്ഥാനത്തിന് സ്വര്‍ണാഭരണങ്ങള്‍ അഴിച്ചുനല്‍കിയ വടകരയിലെ കൗമുദിയുടെ കഥ പ്രശസ്തമാണ്. ഈ കഥയ്ക്ക് രണ്ടു ഭാഷ്യങ്ങളുണ്ട്. രണ്ടും ഗാന്ധി തന്നെയാണ് ആഖ്യാനം ചെയ്തിരിക്കുന്നത്. കൗമുദി തന്റെ ആഭരണങ്ങള്‍ ഹരിജന്‍ഫണ്ടിലേക്കു സംഭാവന നല്‍കുന്നു. ആദ്യ ആഖ്യാനപ്രകാരം ഈ ആഭരണങ്ങള്‍ക്ക് പകരം ഇനി മേലില്‍ ആഭരണങ്ങള്‍ ധരിക്കരുതെന്ന് ഗാന്ധി ആവശ്യപ്പെടുന്നു. മറ്റൊരു ആഖ്യാനപ്രകാരം കൗമുദി ഇക്കാര്യം അങ്ങോട്ടു വാഗ്ദാനം ചെയ്യുകയാണ്. കൗമുദിയുടെ കാര്യം എന്തായാലും ഗാന്ധി കോഴിക്കോട് സ്ത്രീകളുടെ യോഗത്തില്‍ ദേശീയപ്രസ്ഥാനത്തിനുവേണ്ടി കാമനകളെ ഉപേക്ഷിക്കാന്‍ സ്ത്രീകളോട് ആവശ്യപ്പെടുന്നുണ്ട്: ''നല്ല സ്ഥിതിയിലുള്ള എന്റെ സഹോദരിമാരില്‍ പലരും സുഖാനുഭവത്തില്‍ നിമഗ്‌നരായി കാലംകഴിക്കുന്നതായിട്ടാണ് ഞാന്‍ കാണുന്നത്. വിലയേറിയ വസ്ത്രങ്ങളോടും അതിനേക്കാള്‍ വിലയേറിയ ആഭരണങ്ങളോടും അവര്‍ക്ക് അതിയായ പ്രതിപത്തിയുണ്ട്. ഒരു സ്ത്രീയുടെ സൗന്ദര്യം അലങ്കാരത്തിലാണ് സ്ഥിതിചെയ്യുന്നതെന്ന് അവര്‍ കരുതുന്നു. ആകയാല്‍ ഒരു സ്ത്രീയുടെ യഥാര്‍ത്ഥസൗന്ദര്യം അവരുടെ ഹൃദയപരിശുദ്ധിയിലാണ് സ്ഥിതിചെയ്യുന്നതെന്നും ഈ വസ്തുത ധരിച്ച് ആന്തരമായ സൗന്ദര്യത്തെ വളര്‍ത്തുവാനാണ് അവര്‍ ശ്രമിക്കേണ്ടതെന്നും ഞാന്‍ അവരോട് ഉപദേശിച്ചു വരുകയാണ്. ഈ പ്രവൃത്തിക്കുവേണ്ടിയായതുകൊണ്ടാണ് എന്റെ സഹോദരിമാരോടും ചെറുബാലികമാരോടും അവരുടെ ആഭരണങ്ങള്‍ എനിക്കു തരണമെന്ന് ആവശ്യപ്പെടുവാന്‍ ഞാന്‍ ധൈര്യപ്പെടുന്നത്. ഞാന്‍ സന്ദര്‍ശിച്ച സ്ഥലങ്ങളിലെല്ലാം സ്ത്രീകള്‍ എന്റെ ഈ ആവശ്യത്തെ ആദരിച്ചുകാണുന്നത് എനിക്ക് അതിയായ സന്തോഷത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ എനിക്കു തരുന്ന ആഭരണങ്ങള്‍ക്കു പകരമായി പുതിയ ആഭരണങ്ങള്‍ ഉണ്ടാക്കിത്തരുവാന്‍ ഭര്‍ത്താക്കന്മാരോടു ആവശ്യപ്പെടുന്നതായാല്‍ നിങ്ങള്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്ന ഉദാരബുദ്ധി നിരര്‍ത്ഥകമാകുന്നതാണ''. ദേശസ്‌നേഹത്തിന്റെയും രാഷ്ട്രീയോന്മുഖതയുടെയും മുന്നുപാധിയായി കാമനാത്യാഗം മാറുകയാണിവിടെ. കാമനയുടെ അഭാവത്തെ ദേശീയതയുമായി ചേര്‍ത്തുവെയ്ക്കുന്നു. സ്വാഭാവികമായും കൗമുദിയുടെ കഥ കേരളീയചരിത്രനിര്‍മ്മിതിയില്‍ അലിഞ്ഞു ചേര്‍ന്ന ഉത്തമസ്ത്രീയുടെ ആദര്‍ശമാതൃകയെ പ്രതിനിധാനം ചെയ്യുന്നു. ഈ കഥ മലയാളിയുടെ പാഠപുസ്തകങ്ങളിലും ഇടംപിടിച്ചു. എത്ര തലമുറകള്‍ ഈ പാഠത്തിലൂടെ ദേശീയതയെയും പുരോഗമനപരതയെയും സ്‌ത്രൈണകാമനകളുടെ അഭാവമായി പഠിച്ചുവച്ചിരിക്കും!

ഇതിന്റെ നേരെ എതിര്‍ധ്രുവമെന്ന് തോന്നിയേക്കാവുന്ന ഒരു സംഭവവും ഇക്കാലത്തുണ്ടായി. തലശ്ശേരിയിലെ കമലാഭായി പ്രഭുവിന്റെ സമരം താലിമാലക്കുവേണ്ടി നടത്തിയ പോരാട്ടമായിരുന്നു. ദേശീയസിവില്‍ നിയമലംഘനത്തിന്റെ ഭാഗമായി അറസ്റ്റു ചെയ്യപ്പെട്ട കമലാബായിക്ക് ആറുമാസത്തെ തടവും 1000 രൂപ പിഴയുമാണ് മജിസ്‌ട്രേറ്റ് ഡോഡ്വെല്‍ വിധിച്ചത്. പിഴ ഒടുക്കുന്നില്ലെന്നു പറഞ്ഞ കമലാബായിയോട് മജിസ്‌ട്രേറ്റ് ആഭരണങ്ങള്‍ അഴിച്ചുവെയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കമ്മലും മാലയും മാത്രം അഴിച്ചുവെച്ച കമാലാബായിയുടെ താലി കൂടി പൊട്ടിച്ചെടുക്കാന്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. അതു വലിയ പ്രതിഷേധത്തിനിടയാക്കി. തെക്കേ ഇന്ത്യയുടെ രാഷ്ട്രീയമണ്ഡലത്തെ അത് ഇളക്കിമറിച്ചു. താലി തിരിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍ താലിമാല സ്വീകരിക്കാന്‍ കമലാബായി തയ്യാറായില്ല. ഒടുവില്‍ മജിസ്‌ട്രേറ്റ് ഡോഡ്വെല്‍ മേലധികാരിക്കു മാപ്പെഴുതിക്കൊടുത്താണ് പ്രശ്‌നങ്ങള്‍ ഒതുക്കിത്തീര്‍ത്തത്.  ദേശീയബോധത്തെ ഗാന്ധി കൗമുദിയുടെ സ്വര്‍ണത്യാഗത്തിലൂടെ ഊട്ടിയുറപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കമലാഭായി പ്രഭുവിലൂടെ അക്കാലത്തെ കോണ്‍ഗ്രസ്സുകാര്‍ സ്വര്‍ണത്താലിക്കുവേണ്ടിയുള്ള സമരത്തെയാണ് ദേശീയതയുമായി ബന്ധപ്പെടുത്തിയത്. താലിയുടെ പൗരുഷമൂല്യവുമായുള്ള ചാര്‍ച്ചയിലൂടെയാണ് ഇത് സാധ്യമായത്.

വിദേശവസത്ര്ബഹിഷ്‌കരണം ഗാന്ധിയുടെ പ്രശസ്തമായ രാഷ്ട്രീയപദ്ധതികളിലൊന്നായിരുന്നു. വിദേശികളെ ആട്ടിയോടിക്കുന്നതിനുള്ള സാമ്പത്തികപദ്ധതിയായി ഇതിനെ പ്രാഥമികമായി മനസ്സിലാക്കാം. നാമത് വിശദീകരിക്കുന്നതും അങ്ങനെത്തന്നെ. പക്ഷേ, ഗാന്ധിയെ സംബന്ധിച്ചിടത്തോളം അത് ഇരട്ടപദ്ധതിയായിരുന്നിരിക്കണം. വിദേശവസ്ത്രം ബഹിഷ്‌കരിക്കുന്നതോടൊപ്പം അദ്ദേഹം പകരമായി ഖദര്‍ മുന്നോട്ടുവയ്ക്കുന്നു. പരുത്തതും നിശ്ചിതവും ഏകതാനവുമായ വര്‍ണവ്യവസ്ഥയോടുകൂടിയതുമായ ഒരു ബാഹ്യവസ്ത്രം. ഗാന്ധിയന്‍ അനലംകൃത- അലൈംഗിക രാഷ്ട്രീയപദ്ധതിക്ക് എന്തുകൊണ്ടും യോജിച്ച ഒരു തിരഞ്ഞെടുപ്പ്. ഖദര്‍ സാരികൂടിയായപ്പോള്‍ അത് ഒരു മാതൃക തന്നെയായി മാറി.  അത്തരം വസ്ത്രങ്ങളോടുള്ള തന്റെ പ്രതിപത്തി ഗാന്ധി പലപ്പോഴും എടുത്തുപറഞ്ഞിട്ടുണ്ട്. തിരുവിതാംകൂര്‍ രാജ്ഞിയുമായി നടത്തി ഒരു കൂടിക്കാഴ്ചയ്ക്കുശേഷം ഗാന്ധി രേഖപ്പെടുത്തിയത് അവരുടെ ശുഭ്രവസ്ത്രത്തെക്കുറിച്ചാണ്. മറ്റുരാജാക്കന്മാര്‍ പളപളപ്പുള്ള വസ്ത്രങ്ങളുമായി മേനി നടിക്കുമ്പോള്‍ തിരുവിതാംകൂര്‍ രാജ്ഞിമാര്‍ ശുഭ്രവസ്ത്രം ധരിച്ച് ലാളിത്യം പ്രകടിപ്പിച്ചുവെന്ന് അദ്ദേഹം എഴുതി. ''കൈകൊണ്ടു നെയ്ത വെളുത്തസാരിയും അതുപോലുള്ള വെളുത്ത ജാക്കറ്റുമാണ് അവര്‍ ധരിച്ചിരുന്നത്. കസവോ മറ്റു തുന്നല്‍ വേലകളോ അവരുടെ ആ വ്‌സ്ത്രങ്ങളെ മോടിപിടിപ്പിച്ചരുന്നില്ല.'' (പുറം 628, ഗാന്ധിജിയും കേരളവും, സമ്പാ: കെ.രാമചന്ദ്രന്‍ നായര്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം 2012). തുടര്‍ന്നദ്ദേഹം ആവേശപൂര്‍വം എഴുതുന്നത് മലബാറിലെ സ്ത്രീകളെക്കുറിച്ചുള്ള കടുത്ത ആരാധനയോടെയാണ്:  ''ഞാന്‍ മലബാറിലെ സ്ത്രീകളെ പ്രേമിക്കാന്‍ തുടങ്ങിയിരിക്കുകയാണ് എന്ന വസ്തുത തുറന്നു സമ്മതിക്കട്ടെ....... മലബാറിലെ സ്ത്രീകള്‍ എന്നെ സീതയെക്കുറിച്ച് ഓര്‍മിപ്പിച്ചുഇന്യയിലെങ്ങുമുള്ള കാടുകളും മേടുകളുമെല്ലാം തന്റെ മനോഹരമായ നഗ്നപാദങ്ങള്‍ കൊണ്ടു പരിപൂതമാക്കിയ സന്ദര്‍ഭത്തില്‍ സീത മലബാറിലെ സ്ത്രീകളെപ്പോലെ ആയിരുന്നിരിക്കണം വേഷം ധരിച്ചിരുന്നിരിക്കാന്‍ ഇടയുള്ളത്. എന്നെ സംബന്ധിച്ചിടത്തോളം അവരുടെ ശുഭ്രവസ്ത്രം ആന്തരമായ സംശുദ്ധിയുടെ മുദ്രയാണ്. മലബാറിലെ സ്ത്രീകള്‍ സമ്പൂര്‍ണമായ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടെങ്കിലും അവര്‍ തികഞ്ഞ പാതിവ്രത്യം അനുഷ്ഠിക്കുന്നുണ്ടെന്നു ഞാന്‍ മനസ്സിലാക്കി.''(പുറം 628, ഗാന്ധിജിയും കേരളവും)

ലഹരിക്കെതിരെ ഷാപ്പ് പിക്കറ്റിങ്ങിനു പോകുന്ന ഖദര്‍ധാരികളായ കോണ്‍ഗ്രസുകാരെ തെറിപറഞ്ഞോടിക്കുന്ന തൊഴിലാളിയുടെ ചിത്രം എ.കെ.ജി വരച്ചിടുമ്പോള്‍ രാഷ്ട്രീയത്തെ കാമനാമുക്തമാക്കാനുള്ള ശ്രമങ്ങള്‍ എന്തൊക്കെ രീതിയിലാണ് പലരെയും പുറത്തുനിര്‍ത്തിയതെന്ന് ഒന്നാലോചിച്ചാല്‍ മനസ്സിലാകും. കോപം പൂണ്ട കര്‍ഷകന്റെ വാക്കുകളിങ്ങനെ: ''നിങ്ങള്‍ പറയുന്നു, നിങ്ങള്‍ പാവപ്പെട്ടവര്‍ക്കു വേണ്ടിയാണ് പണിയെടുക്കുന്നതെന്ന്. ഇതൊരു കള്ളമല്ലേ? ഞങ്ങളെപ്പോലെയുള്ള പാവങ്ങളെ പറ്റിക്കാന്‍ വേണ്ടി മാത്രമാണിത്. നിങ്ങള്‍ക്കു വേണ്ടത്ര തിന്നാനുണ്ട്. നിങ്ങള്‍ക്കു പണിയെടുക്കേണ്ട.  നിങ്ങള്‍ക്കു ഞങ്ങള്‍ പണിയെടുത്തു തരുന്നു..... ഞങ്ങള്‍ക്കു ദാഹം മാറ്റാനുള്ള വെള്ളം പോലും നിങ്ങള്‍ തരാറില്ല. ഇപ്പോള്‍ നിങ്ങള്‍ കള്ളും കുടിക്കരുതെന്നു നിങ്ങള്‍ പറയുന്നു. ....ഈ കുട്ടികള്‍ കള്ളമാണ് പറയുന്നത്. ആരും അവര്‍ പറയുന്നത് ശ്രദ്ധിക്കേണ്ട.'' (പുറം 28-29, എന്റെ ജീവിതകഥ, എ.കെ.ഗോപാലന്‍, ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം, 2015). സമീപകാലത്തു രാഹുല്‍ഗാന്ധി ഏതോ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി  നേപ്പാളിലെ നൈറ്റ് ക്ലബ്ബില്‍ പോയതുമായി ബന്ധപ്പെട്ടു നടന്ന വിവാദവും രാഷ്ട്രീയക്കാരനു കാമനകളുമായുള്ള ബന്ധത്തെ പ്രശ്‌നവല്‍ക്കരിക്കുന്നതാണ്.

കാമനകളുടെ അഭിമുഖീകരണത്തില്‍ ആധുനികരും ആധുനികപൂര്‍വരുമായ സ്ത്രീസാംസ്‌കാരികനായികമാരും സ്ത്രീയെഴുത്തുകാരും വ്യത്യസ്തനിലപാടുകള്‍ വെച്ചു പുലര്‍ത്തുന്നവരാണ്. കോണ്‍ഗ്രസ്സിലൂടെയും ഗാന്ധിയിലൂടെയും പൈതൃകമായി ലഭിച്ച ഈ കാമനാത്യാഗം പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റുകാരും വേണ്ടമാറ്റങ്ങളോടെയും ആവശ്യമായ തിരുത്തലുകളോടെയും ഏറ്റെടുത്തു. ഗാന്ധിയന്‍, കമ്യൂണിസ്റ്റു പുരോഗമനധാരകളിലുള്‍പ്പെട്ടവര്‍ ഏറെയും സ്ത്രീകളെ അവരുടെ ലിംഗനിര്‍മുക്തമായ, പലപ്പോഴും അലൈംഗികം പോലുമായ സ്വത്വത്തില്‍ കണ്ടതിന്റെ ചരിത്രമാണുള്ളത്. ഈ അലൈംഗികതയോടൊപ്പം തന്നെ ആധുനികപുരുഷനു യോജിച്ച രീതിയിലുള്ള സൗന്ദര്യവല്‍കൃതരൂപങ്ങളായി സ്ത്രീകളെ മാറ്റിയെടുക്കാനുമുള്ള പ്രേരണകളുടെ രാഷ്ട്രീയവും ചരിത്രവും വിസ്തരിച്ചുതന്നെ ജെ. ദേവിക രേഖപ്പെടുത്തിയിട്ടുണ്ട്.

അനലംകൃതവസ്ത്രങ്ങളും കാമനാത്യാഗവും കീഴാളരാഷ്ട്രീയപദ്ധതി മിക്കപ്പോഴും തള്ളിക്കളഞ്ഞിരുന്നുവെന്നതും കൂടി നമുക്കോര്‍ക്കാം. ഗാന്ധി വസ്ത്രങ്ങള്‍ പരമാവധി കുറച്ചപ്പോള്‍ അംബേദ്കര്‍ ഷര്‍ട്ടിനു പുറമേ കോട്ടിട്ടതു മാത്രമല്ല അത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഈഴവസമുദായത്തിലെ പ്രമാണിമാരിലൊരാളായ ആലുമൂട്ടില്‍ ചാന്നാരുടെ വേഷഭൂഷാദികളെ കുറിച്ച് സി.കേശവന്‍ അനുസ്മരിക്കുന്നത് നോക്കൂ: 'പുല്‍പ്പാക്കെട്ടും പിടിമൊന്തയും വാല്യക്കാരും ഒക്കെയുണ്ട്. ആജാനബാഹുവാണ്. കറുത്ത ഒരു ലോങ് കോട്ട് ഇട്ടിട്ടുണ്ട്. ഒരു കിന്നരി തലപ്പാവ് വെച്ചിരിക്കുന്നു. പക്ഷേ, അതൊന്നുമല്ല ഞാന്‍ ശ്രദ്ധിച്ചത്. ഒരു വലിയ പവന്‍മാല നാഭിക്കുഴി ചുറ്റിക്കവിഞ്ഞ് തെളിഞ്ഞു നീണ്ടു കിടക്കുന്നു, കഴുത്തു ചുറ്റി. ഈ ഒരു വിശേഷം മറ്റാര്‍ക്കും ഞാന്‍ കണ്ടിട്ടില്ല. ഒരു പത്തുപതിനഞ്ച് പവന്റെ മാലയാണ് അത്. കുബേരമുദ്രയാണ് അതെന്നു ഞാന്‍ കരുതി' (പുറം:259, ജീവിതസമരം, സി.കേശവന്‍) . കസവുമുണ്ടും തലപ്പാവും കോട്ടും ഒക്കെയായി വില്ലുവണ്ടിയില്‍ സഞ്ചരിച്ച അയ്യങ്കാളിയും ഇതേ പദ്ധതിയിലാണ് ഊന്നുന്നത്. ചെരുപ്പും കുടയും വൃത്തിയുള്ള വസ്ത്രവുമൊക്കെ ധരിച്ചു വേണം പൗരപദവി നേടാനെന്നു കേരളത്തിലെ കീഴാളമുന്നേറ്റ നേതാക്കള്‍ തങ്ങളുടെ അനുയായികളെ നിരന്തരം ഉപദേശിച്ചിരുന്നു. കൊച്ചിയില്‍ നടന്ന കായല്‍ സമരത്തിലും മറ്റും ശാരീരികമായ ഈ മാനകീകരണം പൗരത്വത്തിനും തുല്യതയ്ക്കും അനിവാര്യമാണെന്ന ധാരണ പ്രവര്‍ത്തിച്ചിരുന്നു. അതേസമയം ഈ ക്രമീകരണങ്ങളൊന്നും തന്നെ ദേശീയതയുടെ വ്യവഹാരങ്ങള്‍ക്കകത്തല്ല; മറിച്ചു സ്വത്വപദവിക്കകത്താണ് തിരിച്ചറിയേണ്ടതെന്നും കൂടി നാമോര്‍ക്കണം.

മുന്‍വിവരിച്ച രാഷ്ട്രീയപദ്ധതികള്‍ നമ്മുടെ എഴുത്തുകാര്‍ എങ്ങനെ തങ്ങളുടെ എഴുത്തുകളിലൂടെ പനഃസൃഷ്ടിച്ചുവെന്ന് പരിശോധിക്കുകയാണ് ഇനി.

ചെറുകാടിന്റെ ആണും പെണ്ണും
ഒരു ജനതയെന്ന നിലയില്‍ കേരളീയരുടെ ആണ്‍/പെണ്‍ബോധങ്ങള്‍ ചെറുകാടില്‍ ഉള്‍ച്ചേരുന്നതെങ്ങനെ? പ്രബുദ്ധതാബോധത്തിനപ്പുറം കര്‍തൃത്വത്തിലും ജൈവികമായ ആനന്ദാവേശങ്ങളിലും ഊന്നിയ ലിംഗകാമനകളെ ചെറുകാട് നിര്‍മിച്ചെടുക്കുന്നതെങ്ങനെ? എന്നീ ചോദ്യങ്ങള്‍ക്കു മുമ്പ് അദ്ദേഹത്തിന്റെ ആത്മകഥയിലെ ഒരു ചെറുസന്ദര്‍ഭം പറയാം. തന്റെ കാരണവരായ കുഞ്ഞമ്മാവന്‍ വീട്ടുചെലവിനുള്ളതു കൃത്യമായി തരാതെ അടക്കിഭരണം തുടരുന്നതില്‍ വളരെക്കാലമായുള്ള അമര്‍ഷം കുട്ടിയായ ചെറുകാടിനുണ്ട്. തറവാട്ടിലെ അമ്മയും സഹോദരിമാരുമാരടങ്ങുന്ന പെണ്ണുങ്ങള്‍ക്കു ഉടുക്കാനും തേയ്ക്കാനും കൊടുക്കാനുള്ളതെങ്കിലും അനുവദിക്കാത്ത കാരണവരോടു ഏറ്റുമുട്ടാന്‍തന്നെ തീരുമാനിച്ചു. പറമ്പില്‍ നിന്നു നാളികേരം കട്ടെടുത്തും പത്തായം കള്ളത്താക്കോലിട്ടു തുറന്നു വെളിച്ചെണ്ണയും പഞ്ചസാരയും മറ്റും മോഷ്ടിച്ചും കുടുംബത്തിന്റെ ദാരിദ്ര്യം അകറ്റാന്‍ശ്രമിച്ചിരുന്ന ചെറുകാടിനെ ഒരു ദിവസം കയ്യോടെ പിടികൂടി, കാരണവര്‍. ഉമ്മറത്തെ തൂണില്‍ കെട്ടിയിട്ടു വടികൊണ്ടു അടിതുടങ്ങി. രണ്ടാമത്തെ അടിക്കു വൃദ്ധനായ അമ്മാവന്റെ കൈക്കു ബലമായി പിടിച്ചു തടുത്തു, തൊട്ടുപോകരുതെന്നു രൂക്ഷമായി വിലക്കാന്‍ കഴിഞ്ഞതോടെ ധൈര്യമായി. അപ്പോഴത്തെ അദ്ദേഹത്തിന്റെ മനോഗതം ഇങ്ങനെയായിരുന്നത്രേ:
'പന്ത്രണ്ടു വയസ്സു തികഞ്ഞിട്ടില്ലെങ്കിലും ഞാന്‍ ഒരാളും ആണുമായതുപോലെ എനിക്കു തോന്നി' (പുറം 118, ജീവിതപ്പാത,1992, കറന്റ് ബുക്‌സ്,തൃശ്ശൂര്‍)

ആണത്തത്തെ സംബന്ധിച്ച താക്കോല്‍വാക്കായി എടുക്കാവുന്ന വരികളാണ് ഇവ. സ്വാതന്ത്ര്യാനന്തരം രൂപപ്പെട്ട ആധുനികപുരുഷന്റെ പ്രരൂപം ഈ പന്ത്രണ്ടുകാരനില്‍ നാം കാണുന്നുണ്ട്. കുടുംബം പുലര്‍ത്തി, പെണ്ണുങ്ങളെ നോക്കാനും സംരക്ഷിക്കാനുമുള്ള ശേഷിയാണ് ആണത്തം എന്ന കല്പനതന്നെയായിരുന്നു, അത്. രാജ്യത്തെ അടിച്ചമര്‍ത്തുന്ന കൊളോണിയല്‍ ശക്തികളില്‍ നിന്നും തദ്ദേശീയരെ എന്ന പോലെ സ്ത്രീകളെയും 'രക്ഷിച്ചു സ്വതന്ത്രരാ'ക്കുക എന്നതു തങ്ങളുടെ കടമയാണെന്നു ഈ പുരോഗമനപുരുഷന്‍ ചിന്തിക്കുന്നു. പരിഷ്‌ക്കരിക്കപ്പെടേണ്ട നോബിള്‍ സാവേജായി, 'പ്രാകൃതയായ വിശുദ്ധ'യായി സ്ത്രീയെ വരച്ചിടുന്നു ഈ ചിന്ത. സൂക്ഷ്മാര്‍ത്ഥത്തില്‍ ഇതും സ്ത്രീകളുടെ സ്വതന്ത്രമായ നിര്‍വാഹകതയെ അവരുടെ താല്‍പര്യത്തിനു പുറത്തുനിന്നുകൊണ്ട് കയ്യേറലായും വ്യാഖ്യാനിക്കാം. നവോത്ഥാനകാലത്തെ രക്ഷകര്‍തൃഘടനയിലുള്ള പുരുഷനും കൊളോണിയല്‍ അധീശതയും തമ്മിലുള്ള പ്രത്യയശാസ്ത്രപരമായ ചാര്‍ച്ചകളെ നിരീക്ഷിക്കുക കൗതുകകരമാണ്. കര്‍മ്മോന്മുഖതയിലൂന്നിയ ആണിന്റെ സ്വത്വസ്ഥാപനം കുടുംബത്തില്‍ കുടുംബനാഥനിലെന്ന പോലെ പൊതുസമൂഹത്തിലും വേരുറയ്ക്കുമ്പോള്‍ പൊതുപ്രവര്‍ത്തകനായ, രക്ഷാകര്‍ത്താവായ പുരോഗമനവാദിയായ നേതാവ് രൂപപ്പെടുന്നു. ശിക്ഷിക്കാനും രക്ഷിക്കാനുമധികാരമുള്ള ആണ്മയുടെ സ്വരൂപമായി രാഷ്ട്രീയഘടനയുടെ നേതൃകേന്ദ്രങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നതിന്റെ പശ്ചാത്തലമിതാണ്. പാര്‍ട്ടിയ്ക്കുവേണ്ടി കുടുംബമോ കുടുംബത്തിനുവേണ്ടി പാര്‍ട്ടിയോ ത്യജിക്കേണ്ടി വരുന്നതിന്റെ സംഘര്‍ഷം 'ജീവിതപ്പാത'യില്‍ പലപ്പോഴായി കടന്നുവരുന്നതങ്ങനെയാണ്.

സ്ത്രീരൂപപരിചരണം
ഒരു സാഹിത്യകാരനെന്ന നിലയില്‍ ചെറുകാട് സ്ത്രീകളെ ചിത്രീകരിച്ചതിന്റെ വിശദാംശങ്ങളിലേക്കു പോകുമ്പോള്‍ ഈ സംഘര്‍ഷത്തെ നമുക്കു മനസ്സിലാക്കാനാവും. മറ്റു സമകാലികരായ എഴുത്തുകാരില്‍ നിന്നും വ്യത്യസ്തമായി അവയവവര്‍ണനകളിലൂടെ മാദകമായ ശരീരമെന്ന നിലയില്‍ സ്ത്രീകളെ അവതരിപ്പിക്കുന്നില്ല ചെറുകാട് എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വെറും പെണ്ണ് എന്നതിനു പകരം 'ഉള്ളുറപ്പും നിലപാടു'മുള്ള പൂര്‍ണവ്യക്തികളായാണ് 'മുത്തശ്ശി'യിലെ നാണിമിസ്ട്രസ്സും 'ദേവലോക'ത്തിലെ രാജമ്മയും തങ്കമ്മയുമെല്ലാം അവതരിപ്പിക്കപ്പെടുന്നത്. ശരീരം, സൗന്ദര്യം എന്നിവയെ ആന്തരികമൂല്യവുമായി ചേര്‍ത്തിണക്കിക്കാണുന്ന നവോത്ഥാനദേശീയതയുടെ ഭാവനയിലാണവ വേരൂന്നുന്നത്.
ചില ഉദാഹരണങ്ങളിങ്ങനെ: 'തലനരച്ച് കണ്ണ് കുണ്ടില്‍പോയിനില്‍ക്കുന്ന കാളിയില്‍ ആ പുഞ്ചിരിയില്‍, പ്രാര്‍ത്ഥനയില്‍ കൊണ്ടേരന്‍ ഒരു രതീദേവിയെ കണ്ടു.' (പുറം24, മണ്ണിന്റെ മാറില്‍)
'ഞാന്‍ സുന്ദരിയല്ല, പറയത്തക്ക വിരൂപിയുമല്ല, കാണാന്‍ കുറച്ചൊന്നു കറുത്തിട്ടാണ്. ചിരിച്ചാല്‍ പുറത്തുകാണുന്ന ഒരു കോന്ത്രമ്പല്ലെനിക്കുണ്ട്.'(മുത്തശ്ശി)
'ദേവലോക'ത്തില്‍ അഡ്വ.രാജമ്മയെ പെണ്ണുകാണാന്‍ രവീന്ദ്രന്‍ എത്തുന്ന സന്ദര്‍ഭം മറ്റൊരു ഉദാഹരണമാണ്. കള്ളിമുണ്ടുടുത്ത് അണിഞ്ഞൊരുങ്ങാതെ നില്‍ക്കുന്ന രാജമ്മയുടെ ചിത്രണത്തെക്കുറിച്ച് തന്റെ വായനക്കാരിലൊരാള്‍ നീരസം പ്രകടിപ്പിച്ചതിനെക്കുറിച്ച് ചെറുകാട് തന്നെ പറയുന്നുണ്ട്.
 'പണ്ടങ്ങള്‍ കൂടാതുള്ള സൗന്ദര്യത്തിന്
 നിനക്കു പണ്ടേ ഞാനടിമപ്പെട്ടോനല്ലോ'
എന്ന വരികള്‍ ഒന്നിലധികം തവണ ജീവിതപ്പാതയില്‍ ചെറുകാട് ഉദ്ധരിക്കുന്നുണ്ട്. ബാഹ്യസൗന്ദര്യത്തോടുള്ള ഈ വേറിട്ട നില റിയലിസ്റ്റ് ആഖ്യാനത്തിന്റെ സൗന്ദര്യശാസ്ത്രപരമായ അബോധമായിത്തന്നെ കൃതികളില്‍ വികസിക്കുന്നുണ്ടോ എന്ന ആരായല്‍ ഇവിടെ പ്രസക്തമാണ്. അതിലുപരി പരമ്പരാഗതമായിരിക്കെത്തന്നെ പുരോഗമനമെന്നുറച്ചുപോയ, അത്തരം കല്‍പനകളാല്‍ മെരുക്കപ്പെട്ട ആധുനികസ്ത്രീത്വത്തെക്കുറിച്ചുള്ള പ്രതിരോധപരമായ നിലപാടായും ഇതു വായിച്ചെടുക്കാം. എന്നാല്‍ ഒരു പടികൂടിക്കടന്ന് മാറിയ സ്ത്രീകര്‍തൃത്വചിന്തകളുടെ വെളിച്ചത്തില്‍ നോക്കിക്കാണുമ്പോള്‍ മേല്‍സൂചിപ്പിക്കപ്പെട്ട പുരോഗമനമൂല്യം (എഴുത്തിലെ രക്ഷാകര്‍തൃസ്വഭാവം പ്രകടമായതിനാലാവാം) കുറച്ചൊന്ന് പ്രതിക്കൂട്ടിലാവുന്നതു കാണാം.  അതെങ്ങനെ?

മാധവിക്കുട്ടിയും സരസ്വതിയമ്മയും
മാധവിക്കുട്ടിയുടെ മീനാക്ഷിയമ്മയുടെ മരണം എന്ന ഒരു കഥയെയും സരസ്വതിയമ്മയുടെ ഒരുക്കത്തിന്റെ ഒടുവില്‍ എന്ന കഥയെയും മുന്‍നിര്‍ത്തിക്കൊണ്ടാണിതു വിശദീകരിക്കാന്‍ കഴിയുക. രണ്ടു സ്ത്രീകള്‍ എഴുതിയ കഥകളാണെന്നപോലെതന്നെ സ്ത്രീയുടെ അണിഞ്ഞൊരുങ്ങലിനെ സ്ത്രീകര്‍തൃത്വത്തില്‍ നിന്നുകൊണ്ട് ആഖ്യാനം ചെയ്യുന്ന കഥകളുമാണ്. രണ്ടു കഥകളുടെയും ആഴത്തിലുളള വായന നവോത്ഥാനപുരുഷന്റെ മുന്‍കയ്യില്‍ നടന്ന പരിഷ്‌ക്കരണശ്രമങ്ങളില്‍ സ്ത്രീ ഒരു ഉപകരണം തന്നെയായിരുന്നോ എന്ന ചോദ്യം വീണ്ടും വീണ്ടും നമ്മിലുണര്‍ത്തുന്നു. പരിഷ്‌ക്കരണവാദിയായ പുരുഷനും പരിഷക്കരണവസ്തുവായ സ്ത്രീയും തമ്മിലുള്ള അകലം ദാതാവും സ്വീകര്‍ത്താവും തമ്മിലുള്ളതാണോ? രക്ഷാകര്‍ത്താവും അരക്ഷിതയും തമ്മിലുള്ളതാണോ? നേതാവും അനുയായികളും തമ്മിലുളളതാണോ? അതിലെ പങ്കാളിത്തസ്വഭാവമെന്ത്? എന്നൊക്കെ നമുക്ക് ആരായേണ്ടതുണ്ട്.

 മരിക്കാന്‍ കിടക്കുന്ന മീനാക്ഷിയമ്മ എന്ന മുന്‍സ്വാതന്ത്ര്യസമരസേനാനിയും അവിവാഹിതയും വൃദ്ധയും രോഗിയുമായ വ്യക്തി കൗമാരം തൊട്ടേ ഗാന്ധിജിയില്‍ ആകൃഷ്ടയായി ഖദര്‍ മാത്രം ധരിക്കുന്നയാളാണ്. ഗാന്ധിജി ഗുരുവായൂരു തൊഴാന്‍ വന്നപ്പോള്‍ തന്റെ സ്വര്‍ണാഭരണങ്ങള്‍ മുഴുവന്‍ ഊരിക്കൊടുത്ത സ്ത്രീയാണവര്‍. പിന്നീട് ആഭരണങ്ങള്‍ ധരിച്ചിട്ടില്ല. എന്നാല്‍ മരണസമയത്ത് ഞെരങ്ങിക്കൊണ്ട് അവര്‍ വെളിവാക്കുന്ന അവസാന ആഗ്രഹം പച്ചപ്പട്ടുബ്‌ളൗസും പാലക്കാമോതിരവും അണിയണം എന്നാണ്! എന്നാല്‍ കേട്ടുനിന്നവരുടെ വിലയിരുത്തലില്‍ അതു പിച്ചും പേയും മാത്രമാണ്!  മീനാക്ഷിയമ്മ ഒരിക്കലും അതു പറയില്ല! അവരുടെ നോട്ടത്തില്‍ ഗാന്ധിജിയുടെ ചിത്രം കാണാനോ രഘുപതിരാഘവ കേള്‍ക്കാനോ ത്രിവര്‍ണപതാക കാണാനോ ഒക്കെയേ മീനാക്ഷിയമ്മ ആഗ്രഹിക്കുകയുള്ളു. ആഗ്രഹം തിരിച്ചറിയപ്പെടുകയോ നിവര്‍ത്തിക്കുകയോ ചെയ്യാതെ അവര്‍ മരിച്ചു. ദേശീയതയോടുള്ള സ്ത്രീയുടെ കണ്ണിചേരല്‍ സ്‌ത്രൈണതയെ ഇല്ലായ്മചെയ്തുകൊണ്ടു മാത്രമേ സാധ്യമാകുമായിരുന്നുള്ളോ? എന്നാണിവിടെ ഉയര്‍ന്നു വരുന്ന ചോദ്യം. അഥവാ സ്ത്രീകള്‍ക്കു ദേശീയതയിലുള്ള പങ്കാളിത്തം സാധ്യമാവുന്നത് കാമനകളിലൂന്നിയ സ്വതന്ത്രകര്‍തൃത്വം ത്യജിക്കലിലൂടെയാണെന്നോ? ഏറെ കൊണ്ടാടപ്പെട്ട കൗമുദിട്ടീച്ചറുടെയും  മറ്റു പലസ്ത്രീകളുടെയും ജീവിതങ്ങള്‍ നമുക്കു നല്‍കുന്ന സൂചന അതുതന്നെയല്ലേ? മാധവിക്കുട്ടിയുടെ തന്നെ 'സ്വാതന്ത്ര്യസമരസേനാനിയുടെ മകള്‍' എന്ന കഥ വൃദ്ധനും അവഗണിതനുമായ സ്വാതന്ത്ര്യസമരസേനാനിയായ പിതാവിനെ ശുശ്രൂഷിച്ചു കഴിയുന്ന അവിവാഹിതയുടെ കാമനകളെ വെളിപ്പെടുത്തുന്നു. അച്ഛനെ കാണാനെത്തിയ പത്രപ്രവര്‍ത്തകന്‍ ഉപയോഗിച്ചു വലിച്ചെറിഞ്ഞ സിഗററ്റ് കുറ്റിയെടുത്തു  മണത്തു കൊണ്ടു നില്‍ക്കുന്ന അവള്‍ വെളിപ്പെടുത്തുന്ന രാഷ്ട്രീയാദര്‍ശങ്ങളുടെ അപ്രസക്തി തീക്ഷ്ണമാണ്! 'കാളച്ചന്ത' എന്ന മറ്റൊരു കഥയില്‍ അതീവരൂക്ഷമായ ഹാസ്യത്തിലൂടെ സ്ത്രീകള്‍ക്കു രാഷ്ട്രീയാധികാരവും ദേശരാഷ്ട്രപൗരത്വവും എത്രയോ അപ്രസക്തമാണെന്നു മാധവിക്കുട്ടി എഴുതുന്നുണ്ട്. ശക്തമായ സദാചാരത്തിന്റെയും അടക്കമൊതുക്കത്തിന്റെയും പേരില്‍ തന്റെ പേരക്കുട്ടയായ യുവതി 'വോട്ടിടാന്‍'പോയില്ല എന്നതു ശരിതന്നെ എന്നു മുത്തശ്ശി പറയുന്നു.  അന്തിക്കു കിടക്കാനൊരിടം തേടിവന്ന യുവാവിനെക്കൊണ്ട് ആരോരുമില്ലാത്ത പെണ്‍കുട്ടിയെ സംബന്ധം ചെയ്യിക്കാനാഗ്രഹിച്ച മുത്തശ്ശി പക്ഷേ അയാളുടെ പുരോഗമനം കേട്ടതോടെ കളം മാറിച്ചവിട്ടി: ''ഓട്ടിടാന്‍ പോയില്ലെങ്കിലെന്താ, എല്ലാ ഓട്ടും ഇങ്ങോട്ടു കൊണ്ടു തന്നളാ, ഞായെണ്ണിത്തരാ''ന്നു പറഞ്ഞുവേ്രത അവള്‍!

'ഒരുക്കത്തിന്റ ഒടുവിലെ' വാസന്തി പുരുഷ/വിവാഹവിരോധിയെങ്കിലും അണിഞ്ഞൊരുങ്ങാന്‍ ഇഷ്ടപ്പെടുന്നവളാണ്. 'പരപരാഗണത്തിനു സാധ്യതയില്ലാത്ത ചെടികളിലും ഭംഗിയുള്ള പൂക്കള്‍ ഉണ്ടല്ലോ' എന്നാണവളുടെ ന്യായം. സ്വപ്രമാണിത്തപരമായുള്ള  ഒരു അഭിരുചിയുടെ തൃപ്തിക്കുവേണ്ടി മാത്രമാണ് താന്‍ അണിഞ്ഞൊരുങ്ങുന്നതെന്നും പുരുഷനെ സന്തോഷിപ്പിക്കാനല്ല, അതെന്നും അവള്‍ സുഹൃത്തിനോടു വാദിക്കുന്നു. ഈ രണ്ടുകഥകളിലും പുരോഗമനസ്വഭാവിയായ/പരിഷ്‌ക്കരണവാദിയായ സ്ത്രീ എന്ന ഘടനയില്‍ ആരോപിതമായ കാമനാവിരുദ്ധത, അലൈംഗികത പ്രശ്‌നവല്‍ക്കരിക്കപ്പെടുന്നു. എന്നാല്‍ ചെറുകാടിന്റെ നായികമാരെ അദ്ദേഹം അണിയിച്ചൊരുക്കിയത് തന്റെ പുരോഗമനപദ്ധതിക്കനുസൃതമായി മാത്രമാണ്, വാസ്തവത്തില്‍ അവരുടെ ഇംഗിതമനുസരിച്ചല്ല. കഥാപാത്രങ്ങള്‍ തന്റെ വരുതിക്കു നില്‍ക്കാതെ പുറത്തു പോകുന്നു, സ്വതന്ത്രരായി വളരുന്നുവെന്നെല്ലാം ദേവലോകത്തിലെ രാജമ്മയെക്കുറിച്ചും താണ്ടമ്മയെക്കുറിച്ചും ശാന്തയെക്കുറിച്ചുമൊക്കെ പറയുമ്പോള്‍ തികച്ചും സ്വതന്ത്രമായ സ്ത്രീയുടെ പൗരകര്‍തൃത്വത്തെക്കുറിച്ച് അദ്ദേഹത്തിനു സങ്കല്‍പിക്കാന്‍ കഴിഞ്ഞിരിക്കില്ല. അത് യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ മാത്രം പരിമിതിയുമല്ല!

പുരുഷപ്രബലമായ സമൂഹത്തില്‍ സ്വന്തം ശരീരകാമനകളെ മുന്‍നിര്‍ത്തി എഴുത്തുകാരികളായ സ്ത്രീകള്‍ പോലും അനുഭവിക്കുന്ന സംഘര്‍ഷത്തെ ഉദാഹരിക്കുന്നു, ലളിതാംബിക അന്തര്‍ജ്ജനം തന്റെ സുഹൃത്തും എഴുത്തുകാരനുമായ വൈക്കം മുഹമ്മദു ബഷീറിനെഴുതിയ കത്തിലെ ചില വരികള്‍ ഇങ്ങനെ '''ഒരു വിശേഷം കേള്‍ക്കണോ ബഷീര്‍, എന്റെ ഭര്‍ത്താവ് എനിക്കൊരു കുണുക്ക് വാങ്ങിത്തന്നിരിക്കുന്നു. നിറയെ മുത്തുകളുള്ള രണ്ടുനിലകളുള്ള ഒന്നാന്തരം സ്വര്‍ണലോലാക്ക്. പറയൂ ബഷീര്‍, ഏഴ് പ്രസവിച്ച മുപ്പത്തിമൂന്നു വയസ്സായ ഒരു സ്ത്രീ ഇനി കുണുക്കുകള്‍ ഇടുകയോ?'' (പുറം 29, അന്തര്‍ജനത്തിന് സ്‌നേഹപൂര്‍വം ബഷീര്‍, എഡി. തനൂജ. എസ്.ഭട്ടതിരി, ഡി.സി.ബുക്‌സ്, 2009) പൊതുബോധത്തോടു കീഴടങ്ങുന്നതും എന്നാല്‍ അലങ്കാരേച്ഛ സ്ഫുരിക്കുന്നതുമായ സ്‌ത്രൈണകാമന ഇവിടെയുണ്ട്. അതിലുപരി പ്രായഭേദം ശാരീരികാലങ്കാരങ്ങളെ സംബന്ധിച്ച പൊതുബോധ/അബോധത്തില്‍ വളരെ അധികാരം സൃഷ്ടിക്കുന്നു. നിരവധി അരുതുകള്‍ അവിടെ നിര്‍മിക്കപ്പെടുന്നു. ഇവിടെ നാം കാണുന്നത് സ്ത്രീകളുടെ രൂപസൗന്ദര്യത്തിന്റെയും ശരീരകാമനകളുടെയും മണ്ഡലത്തില്‍ പുരോഗമനസ്വഭാവമുള്ള എഴുത്തുകാര്‍ സൃഷ്ടിച്ച സംഘര്‍ഷങ്ങളാണ്. സ്ത്രീയുടെ സ്വപ്രാമാണികതയിലുള്ള നിരന്തരമായ കടന്നേറലും മെരുക്കലുമാണ്

ലൈംഗികപരിശുദ്ധി
എന്നാല്‍ സ്ത്രീയുടെ ലൈംഗികപരിശുദ്ധിയെക്കുറിച്ചുള്ള സങ്കല്‍പം വ്യവസ്ഥാപിതത്വത്തിനെതിരെയുള്ള ശബ്ദമാവുന്നുണ്ട് ചെറുകാടില്‍.  സമകാലികരായ മറ്റു നോവലിസ്റ്റുകളില്‍ നിന്നും വ്യത്യസ്തമായി മണ്ണിന്റെ മാറില്‍, ദേവലോകം, മുത്തശ്ശി എന്നീ നോവലുകളിലെല്ലാം തന്നെ സ്ത്രീകഥാപാത്രങ്ങള്‍ ആദ്യവിവാഹ/പ്രണയങ്ങള്‍ക്കു ശേഷമാണ് തങ്ങള്‍ക്കിണങ്ങിയ പങ്കാളികളെ കണ്ടെത്തുന്നത്. ജീവിതപ്പാതയില്‍ താന്‍ കുട്ടിക്കാലം മുതല്‍ ആഗ്രഹിച്ച ലക്ഷ്മിക്കുട്ടി കൗമാരത്തിലേ വിവാഹിതയായി,ആ വിവാഹത്തില്‍ നിന്നു പുറത്തുകടന്നശേഷമാണ് ചെറുകാട് അവരെ വിവാഹം കഴിക്കുന്നത്. ഒരുപാട് എതിര്‍പ്പുകള്‍ ഉണ്ടാവുമ്പോഴും താന്‍ 'കരളില്‍ കുടിയിരുത്തിയ കാക്കക്കുറത്തി'യെ ചെറുകാട് 'സ്വന്ത'മാക്കുന്നു. 'മണ്ണിന്റെ മാറിലും' ഒരിക്കല്‍ മറ്റൊരാളുടെ ഭാര്യയായിരുന്ന തിരുമാളുക്കുട്ടിയെയാണ് കൊച്ചുക്കൊണ്ടേരന്‍ കാത്തിരിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്നത്. ദേവലോകത്തിലെ രാജമ്മയും ആദ്യാനുരാഗത്തിന്റെ മധുരവും പിന്നീടു വന്ന കയ്പും പരിത്യക്തതയും നുകര്‍ന്ന ശേഷം തന്നെയാണ് രവീന്ദ്രനെ വിവാഹം കഴിക്കുന്നത്.  ഈ ലിംഗപരിഗണനകളില്‍ നിന്നെല്ലാം വ്യക്തമാകുന്നത് മാറിക്കൊണ്ടിരിക്കുന്നതും നിരന്തരപരിണാമിയുമായ സാമൂഹ്യചലനങ്ങള്‍ക്കകത്ത് ഒരു പുരുഷന്‍ അനുഭവിക്കുന്ന സാമൂഹികവും വ്യക്തിപരവുമായ സമ്മര്‍ദ്ദങ്ങളാണ്. സാധാരണ ഇടതുപക്ഷകാഴ്ച്ചപ്പാടുള്ള എഴുത്തുകാരില്‍ നിന്നു വ്യത്യസ്തമായി പ്രണയത്തിന്റെയും ലൈംഗികതയുടെയും വൈകാരികരാഷ്ട്രീയത്തെ സ്വന്തം ജീവിത്തെക്കൂടി മുന്‍നിര്‍ത്തി കീറിമുറിച്ച് വിശദീകരിക്കാന്‍ ചെറുകാട് തയ്യാറായി എന്നത് കെ.പി.അപ്പന്‍ ഉള്‍പ്പടെയുള്ള നിരൂപകര്‍ എടുത്തു പറയുന്നുണ്ട് (സമീപഭൂതകാലമനസ്സിനെതിരെ ഒരാക്രമണം കൂടി).

എങ്കിലും പ്രണയത്തക്കുറിച്ചു പറയുമ്പോള്‍ അതു മൂടുപടമിട്ട ലൈംഗികതയാണെന്ന വിശ്വാസം ചെറുകാടില്‍ രൂഢമൂലമാണ്. ലൈംഗികത എന്ന ജൈവികപ്രതിഭാസത്തെ അതിന്റെ ചരിത്രപരമായ പരിണാമപ്രക്രിയകള്‍ക്കകത്തു നിന്നുകൊണ്ട് മനസ്സിലാക്കേതുണ്ട്. വെറും ഉപകരണമാത്രമായ ന്യൂനീകരണയുക്തിയില്‍ അതിനെ വിശദീകരിക്കുന്ന സമീപനം പുരോഗമനവാദികളില്‍ത്തന്നെയുള്ള ഒരു യാഥാസ്ഥിതിക ന്യൂനപക്ഷം വെച്ചു പുലര്‍ത്തിയിരുന്നു. അത്തരത്തില്‍ ഒരു സന്ദര്‍ഭമാണ് ദേവലോകത്തിലേത്. കാമുകനായ പാര്‍ട്ടിപ്രവര്‍ത്തകന്‍ രാമചന്ദ്രനോടൊപ്പം രാത്രി കഴിച്ചുകൂട്ടിയശേഷം വിഷണ്ണയായിനില്‍ക്കുന്ന സഖാവ് രാജമ്മയോട് പാപ്പച്ചന്‍ എന്ന പാര്‍ട്ടിസഖാവ് പ്രേമം ബൂര്‍ഷ്വാസിയുടെ ഹോബിയാണെന്നു പറയുന്നുണ്ട്. തുടര്‍ന്നുള്ള രാജമ്മയുടെ ചിന്തയിങ്ങനെ ''മതത്തെപ്പോലെ തന്നെ പ്രേമവും മനസ്സിന്റെ മയക്കുമരുന്നായിത്തീര്‍ന്നിരിക്കുന്നു. ഈ ലോകത്തില്‍ സ്‌നേഹിക്കാന്‍ പോലും മുതലാളിത്തം സമ്മതിക്കുന്നില്ല. കാശില്ലെങ്കില്‍ കല്യാണം കഴിച്ചുകൂടാ. കാശോ കുറച്ചു പേര്‍ കയ്യടക്കിവെച്ചിരിക്കുന്നു. ഈ സമ്പത്ത് പൊതുജനങ്ങളുടേതാകുന്നതുവരെ വയറ്റിലെ വിശപ്പുപോലെ ഹൃദയത്തിന്റെ വിശപ്പും വേണ്ടതുപോലെ അടക്കാന്‍ കഴിയാതെ വരുമ്പോള്‍ അക്രമങ്ങള്‍ വ്യതിയാനങ്ങള്‍ വ്യഭിചാരങ്ങള്‍ എല്ലാമുണ്ടാകുന്നു. ഇപ്രകാരം ലൈംഗികതയെ മുതലാളിത്തത്തെ മുന്‍നിര്‍ത്തിയുള്ള ആലോചന മാത്രമായി കാണുകയാണ് ചെറുകാട്. സ്ത്രീചിത്രീകരണങ്ങളിലും സ്ത്രീസ്വത്വബോധങ്ങളിലും കാണിച്ച പുന:പ്രതിഷ്ഠകളേക്കാള്‍ ലൈംഗികതയെ കുറിച്ചുള്ള ആലോചനകള്‍ പ്രശ്‌നങ്ങള്‍ നിറഞ്ഞതാണ്. അതും അദ്ദേഹത്തിന്റെ വ്യക്തിപരമായ പരിമിതിയല്ല, തന്നെ. കാലഘട്ടത്തിന്റെ പ്രത്യയശാസ്ത്രപരമായ അന്ധതകളാണ് അവയുടെ കാരണം.

വി.ടി.യുടെ രചനകളിലേക്കു വരുമ്പോള്‍ എടുത്തുനില്‍ക്കുന്ന ഒരുദാഹരണമാണ്, അദ്ദേഹത്തിന്റെ 'കര്‍മവിപാക'ത്തില്‍ പറയുന്ന ഉമയുടെ അനുഭവം. വലിയൊരു തറവാട്ടിലേക്കു വിവാഹിതയായിച്ചെന്ന അവര്‍ ഇഷ്ടപ്പെട്ട വസ്തുക്കള്‍ കണ്ടാല്‍ അതു മോഷ്ടിച്ചെടുക്കുന്ന ദുശ്ശീലത്തിനുടമയായിരുന്നു. പലവുരു ഉപദേശിച്ചിട്ടും നേരെയാവാത്തതിനാല്‍ അവരെ പശ്ചാത്താപവ്രതം അനുശാസിച്ചുവെങ്കിലും അവരതില്‍ വിജയിച്ചില്ല. ദേവകി നരിക്കാട്ടിരിയോടൊപ്പം വാര്‍ദ്ധയിലേക്കു അയക്കപ്പെട്ട ഉമ പിന്നീടു നാട്ടില്‍ത്തന്നെ തിരിച്ചെത്തി. അധികം വൈകാതെ വീണ്ടും ഒരു വിവാഹത്തിനു വേണ്ടി അവര്‍ വിടിയുടെ സഹായം തേടിവന്നെങ്കിലും അദ്ദേഹം കര്‍ക്കശമായി അവരെ വിലക്കി മടക്കിയയച്ചു. പിന്നീടു നാട്ടുകാരനായ സുഹൃത്തുവഴി ഉമാബെന്‍ മതം മാറിയതും ഐഡോന്‍ എന്നു വിളിക്കപ്പെടുന്ന ഡ്രൈവറായ മുഹമ്മദിനെ വിവാഹം ചെയ്തതുമറിഞ്ഞു വി.ടി ചിന്താധീനനാവുകയാണ്. 'മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന മുദ്രാവാക്യം കേട്ടു മടുത്തു'വെന്നാണ് വി.ടി ആ സന്ദര്‍ഭത്തില്‍ പറയുന്നത്! പിന്നീടൊരിക്കല്‍ ഐഡോനെ നേരിട്ടു കണ്ട സന്ദര്‍ഭവും കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ വി.ടിയിലെ സമ്മര്‍ദ്ദം കൂടുതല്‍ നന്നായി മനസ്സിലാവും. സ്വേച്ഛയാ അന്യമതസ്ഥനെ വിവാഹം കഴിച്ചു ജീവിച്ച സ്ത്രീയോടുള്ള മനോഭാവത്തില്‍ സ്ത്രീകാമനകളോടുള്ള നിന്ദയും അന്യമതത്തോടും അതിന്റെ ജീവിതപരിസരങ്ങളോടുമുള്ള അറപ്പും-ഇസ്ലാമികഭീതി തന്നെ- കാണാം. നിരത്തില്‍വെച്ചു തന്നെ അഭിമുഖീകരിച്ച ഐഡോന്റെ മുഖത്തിനു നേരെ കോപാകുലനായി ആട്ടിത്തുപ്പുന്ന വി.ടി എഴുതുന്നു:  ''അനാഥയെ നായാടിപ്പിടിച്ചു പൊന്നാനിയിലെ മഊനത്തിലക്കു ആട്ടിത്തെളിച്ച് ക്ഷണിക്കപ്പെട്ട മൊല്ലമാരുടെ മുമ്പില്‍ വെച്ച് ദീന്‍ ചെല്ലിച്ചതും നിക്കാഹ് കഴിച്ച് വെപ്പാട്ടിയാക്കിയതും എന്തിനാണ്? പ്രണയം എന്ന ഓമനപ്പേരില്‍ ഈ ധിക്കാരത്തെ ന്യായീകരിക്കാനാവില്ല...''

നവോത്ഥാനകാലത്തുനിന്നുള്ള  ഈ ഉദാഹരണങ്ങളെല്ലാം തന്നെ സ്ത്രീശരീരത്തിനും കാമനകള്‍ക്കും  പൊതുവേ ലിംഗസ്വത്വത്തിനും മേല്‍ അടിച്ചേല്പിക്കപ്പെട്ട പുരുഷനിര്‍മിതമായ മൂല്യങ്ങളുടെ ഭാരമാണെന്നു കാണാം. നിലനില്‍ക്കുന്ന വ്യവസ്ഥയുടെ സാധൂകരണങ്ങളായവ മാറുന്നതോടെ സാഹിത്യമുള്‍പ്പടെയുള്ള സാംസ്‌കാരികതലങ്ങളില്‍ സ്ത്രീപ്രതിനിധാനം വക്രീകരിച്ചതാവുന്നു. പലപ്പോഴും ആദ്യകാലത്തെ പല എഴുത്തുകാരികള്‍ തന്നെയും അലൈംഗികമായ അടയാളങ്ങളിലൂടെ പ്രതിഷ്ഠിക്കപ്പെടുന്നതും ഈ സ്വാധീനത്തിന്റെ ഫലമായാണ്. ബാലാമണിയമ്മയെ പോലെ ബഹുവിതാനങ്ങളുള്ള വലിയൊരു കവി മാതൃത്വത്തിന്റെ കവിയായി മാത്രം വാഴ്ത്തപ്പെടുന്നതും മറ്റൊന്നു കൊണ്ടല്ല! മുതുകുളം പാര്‍വതിയമ്മയെപ്പോലെ സമസ്തമേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ആദ്യകാലസ്ത്രീകവിയുടെ ജീവിതം തന്നെ അതിനൊരു ഉദാഹരണമായി കാണാം. ദേശീയത, യോഗാത്മകഭക്തി, അനാസക്തി, അലൈംഗികത മുതലായ ഉദാരവല്‍കൃതമായ ഭാവനകള്‍ക്കകത്ത് മുതുകുളത്തെപ്പോലെയൊരു ഉജ്ജ്വലയായ സ്ത്രീയെ അവതരിപ്പിക്കുന്നതിനു പിന്നിലും ഇതിന്റെ സ്വാധീനം കാണാം.

അനാസക്തിയും കവിപ്രതിഭയും
മലയാളസാഹിത്യപാരമ്പര്യത്തില്‍ പൊതുവേ ആരോപിക്കപ്പെടുന്ന സ്ത്രീസര്‍ഗാത്മകതയ്ക്കു നേരെയുള്ള അവഗണനയുടെയും തമസ്‌കരണത്തിന്റെയും പശ്ചാത്തലത്തില്‍ പാര്‍വതിയമ്മയുടെ സാഹിത്യജീവിതത്തെ പരിശോധിച്ചാല്‍ അവര്‍ ഒട്ടൊക്കെ വ്യത്യസ്തയാണെന്നു തോന്നാം. കാരണം മന്നത്തുപദ്മനാഭന്‍, സഹോദരന്‍ അയ്യപ്പന്‍ മുതല്‍ കെ.ദാമോദരന്‍ വരെയുള്ള സാമുദായികനേതാക്കളുടെയും ആശാന്‍, ഉള്ളൂര്‍, പുത്തേഴത്തു രാമന്‍ മേനോന്‍, സുകുമാര്‍ അഴീക്കോട്, എം. ലീലാവതി മുതല്‍ എന്‍. ഗോപാലപിള്ള വരെയുള്ള സാഹിത്യനായകരുടെയും ശ്രദ്ധാപാത്രമാകാന്‍, അവരില്‍ പലരുടെയും പ്രശംസ പിടിച്ചു പറ്റാന്‍ തന്റെ ജീവിതകാലത്തു തന്നെ അവര്‍ക്കു ഭാഗ്യം ലഭിച്ചതായി നമുക്കു മനസ്സിലാക്കാന്‍ കഴിയും.  അവരുടെ ജീവചരിത്രത്തിലെയും  ഷഷ്ഠിപൂര്‍ത്തിയോടനുബന്ധിച്ചിറങ്ങിയ സുവനീറിലെയും പല കുറിപ്പുകളും അതിന്റെ  തെളിവുകളാണ്. കൂടാതെ പാഠപുസ്തകങ്ങളിലും അവരുടെ കവിതകള്‍ ഇടംപിടിച്ചിരുന്നു. കേരളസാഹിത്യഅക്കാദമി നിര്‍വാഹകസമിതി അംഗമായി തുടക്കം മുതല്‍ ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നു.  ഈ അംഗീകാരം അവരെ സംബന്ധിച്ചിടത്തോളം സര്‍വപ്രധാനമാണ് എന്നത്  കീഴാളസമുദായത്തോട് അക്കാലത്തെ പൊതുസമൂഹത്തിന്റെ മനോഭാവം അറിയുന്നവര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളു. സവര്‍ണവും പുരുഷാധികാരം നിറഞ്ഞതുമായ സാംസ്‌കാരികാന്തരീക്ഷത്തെ മുഴുവന്‍ വെല്ലുവിളിക്കുന്ന പ്രാധാന്യം പാര്‍വതിയമ്മയ്ക്കു ലഭിച്ചു എന്നല്ല പറയുന്നത്. മറിച്ച് അത്തരം രാഷ്ട്രീയം നിലനില്‍ക്കുമ്പോഴും അതില്‍ നിന്നു വ്യത്യസ്തമായ ഒരു നില അവര്‍ പലനിലയ്ക്കും കയ്യാളിയെന്നതാണ്. അതിലേക്കു നയിച്ച ഒട്ടേറെ കാരണങ്ങള്‍ ഉണ്ടാവാം. കവി എന്ന നിലയ്ക്കു തന്റെ കാവ്യപ്രമേയങ്ങളായി സ്വീകരിച്ച  ആദ്ധ്യാത്മികപരിസരങ്ങള്‍, തത്വചിന്താപരമായ കാവ്യബീജങ്ങള്‍, അനാസക്തമെന്നു വിശേഷിപ്പിക്കാവുന്ന മാനവികതയുടെ അഭിരുചികള്‍ തുടങ്ങിയ സാഹിതീയമായ കാരണങ്ങള്‍ അവരെ ഒരു ഭക്തകവിയായോ വേദാന്തകവിയായോ എളുപ്പത്തില്‍ നിര്‍വചിക്കാന്‍ ഇടയാക്കിയിരിക്കാം. അതല്ലെങ്കില്‍ പുരാണപ്രഭാഷകയായും സാമുദായിക സാംസ്‌കാരികപ്രാസംഗികയായും അവര്‍ തന്റെ വാഗ്മിതയാല്‍ ഉണ്ടാക്കിയെടുത്ത അവൈയക്തികവും സാമൂഹികവുമായ മാനങ്ങള്‍ അവരെ മറ്റൊരു വിധത്തില്‍ നോക്കിക്കാണാന്‍ പ്രേരിപ്പിച്ചിരിക്കാം. സ്‌ത്രൈണതയെക്കുറിച്ചുള്ള പതിവു സങ്കല്‍പങ്ങള്‍ക്കകത്തു നില്‍ക്കാതെയുള്ള അവരുടെ വ്യക്തിജീവിതവും അവിവാഹിത, എക്കാലവും ഖദര്‍ വെള്ളവസ്ത്രധാരി, ഒട്ടും അണിഞ്ഞൊരുങ്ങാതെ നിരാഭരണ എന്നിങ്ങനെയുള്ള വൈയക്തികസവിശേഷതകള്‍ അതില്‍ പങ്കു വഹിച്ചിരിക്കാം. ഏതിലുമുപരിയായി  വ്യക്തിയും കവിയും ഒരുപോലെ അലൈംഗികവും അനാസക്തവുമായ ഒരു ഘടനയക്കകത്തു നിലനിര്‍ത്തിയതിന്റെ പ്രത്യേകതകള്‍ അവരുടെ ജീവിതത്തിനുണ്ടെന്നു കാണാം. ദേശീയത, യോഗാത്മകഭക്തി, അനാസക്തി മുതലായ ഉദാരവല്‍കൃതമായ ഭാവനകള്‍ക്കകത്തു അവര്‍ കൃത്യമായും പാകമായിരുന്നിരിക്കണം. ഗാര്‍ഹസ്ഥ്യം കൊണ്ടുപോലും അവര്‍ സ്‌ത്രൈണതയുടെ അതിരുകള്‍ക്കകത്തേക്കു തിരിച്ചറിയപ്പെട്ടില്ല എന്നത് ഗുണപരമായാണ് മേല്‍പ്പറഞ്ഞ നിരൂപകരിലേറെയും എടുത്തു പറഞ്ഞത്.

 ലൈംഗികതയെ പ്രശ്‌നവല്‍ക്കരിക്കുന്നതിലൂടെ മാത്രമേ അതിനകത്തെ പുരുഷാധികാരത്തെയും അതിന്റെ ബലതന്ത്രങ്ങളിലൂടെ രൂപപ്പെടുന്ന സ്ത്രീക്കു മാത്രം ബാധകമാകുന്ന ഏകപക്ഷീയമായ സദാചാരത്തെയും തിരിച്ചറിയാന്‍ കഴിയൂ. ഈയൊരു പരിമിതി സ്ത്രീസ്വാതന്ത്ര്യധാരണയുടെ പുരോഗമനപക്ഷത്തു നില്‍ക്കുമ്പോഴും ചെറുകാടിനെയും വി.ടിയെയും ആ കാലഘട്ടത്തിലെ നവോത്ഥാനനായകരെയും അവരുടെ പിന്മുറക്കാരെയും ഭരിക്കുന്നുണ്ട്. സാമൂഹ്യനിര്‍വഹണത്തിന്റെയും കാമനകളുടെയും സംഘര്‍ഷം കടന്നുവരുന്ന ഇടങ്ങളില്‍ ഇത് മറഞ്ഞിരിക്കുന്നത് കാണാം. തങ്ങള്‍ ഉന്നയിക്കുന്ന രാഷ്ട്രീയത്തെ നേരിട്ടു സംവദിച്ചുകൊണ്ടുതന്നെ ഇടപെടുന്ന ദയാബായിക്കും രഹനാഫാത്തിമയക്കും രണ്ടുതരം പ്രതികരണങ്ങളാണ് നമ്മുടെ പൊതുസമൂഹത്തില്‍ നിന്നും ലഭിക്കുന്നത്. ക്വിയര്‍പ്രൈഡുകളും ചുംബനസമരവും പോലുള്ള പുതുരാഷ്ട്രീയസമരരൂപങ്ങള്‍ ഈ പിന്മുറക്കാരെ അസ്വസ്ഥതപ്പെടുത്തുന്നതും മറ്റൊന്നുകൊണ്ടല്ല!

അധീശ ആണ്‍ലോകങ്ങളെക്കുറിച്ചുള്ള വിചാരണ
സ്വത്വങ്ങളെ ഇരയായി മാത്രം കാണുക എന്ന ശീലത്തില്‍ ഉറച്ചു പോകുന്നു, ഇക്കൂട്ടര്‍. ഇരബോധത്തെ കുടഞ്ഞെറിയുന്ന എഴുത്തുകള്‍ക്കിന്നു സ്ത്രീപക്ഷ മലയാളരചനകളില്‍ പഞ്ഞമില്ല. സിതാരയുടെ 'അഗ്‌നി'യും രേഖയുടെ 'അന്തിക്കാട്ടുകാരിയും' പോലുള്ള അനേകം എഴുത്തുകള്‍ എപ്പോഴേ വന്നു കഴിഞ്ഞു! പഴയ രക്ഷകബിംബങ്ങളെ നല്ലതുപോലെ തലയ്ക്കു കിഴുക്കി, പടിയിറക്കി മടക്കിവിടാന്‍ കെല്പുള്ള രാഷ്ട്രീയശേഷി സ്ത്രീയെഴുത്തുകള്‍ ആര്‍ജ്ജിച്ചുകൊണ്ടേയിരിക്കുന്നു.
 
സ്വാതന്ത്ര്യത്തിനായുള്ള പഴയ രൂപമാതൃകള്‍, ആര്‍ക്കിടൈപ്പുകള്‍ ഫലിക്കുന്നില്ല. അവ മുന്‍കാലങ്ങളില്‍ നിന്നും അവക്ഷിപ്തമായി ഊറിക്കൂടി ഉറച്ചുപോയതാവാം. പക്ഷേ എഴുത്തിനകത്തെ വിമോചനതൃഷ്ണകള്‍ അവയെ വിശ്വാസ്യതയ്ക്കായി പ്രയോജനപ്പെടുത്തിക്കൊണ്ടു തന്നെ, പുതുരൂപകങ്ങളെക്കൂടി ആനയിക്കുന്നു. മാര്‍ക്‌സിനെക്കുറിച്ചും മാക്‌സിം ഗോര്‍ക്കിയെക്കുറിച്ചും ഗാന്ധിയെക്കുറിച്ചും മാവോയെക്കുറിച്ചും പറഞ്ഞുകൊണ്ടുതന്നെ സമീപഭൂതകാലങ്ങളെ വലിച്ചുകീറി പറത്തുന്നു. ഫ്രോയ്ഡും ബുദ്ധനും ക്രിസ്തുവും കൃഷ്ണനും  വരെയുള്ളവരില്‍ നിന്നുള്ള ദൈവശാസ്ത്രപരവും ബൗദ്ധികവുമായ പ്രമേയങ്ങള്‍ ആവര്‍ത്തിച്ചു വരുന്ന ഈ പുതുസ്ത്രീരചനകള്‍ അധീശ ആണ്‍ലോകങ്ങളെക്കുറിച്ചുള്ള വിചാരണ തന്നെയായിത്തീരുന്നുണ്ട്. ആണുങ്ങളുടെ ലോകത്തിലേക്കുള്ള വെറും നോട്ടങ്ങളെന്നു നടിക്കുമ്പോഴും അവ അങ്ങനെയല്ല തന്നെ. അവിടേക്കു കയറിച്ചെന്നു തീന്‍മേശ മറിച്ചിട്ടു എല്ലാം വലിച്ചെറിഞ്ഞുടയ്ക്കാന്‍ പാകത്തിലുള്ള വിധ്വംസകതയെ ഈ ലീലാപരമായ നാട്യം ഉള്ളടക്കുന്നുണ്ട്. ഒപ്പം മറ്റൊരു സമാന്തരലോകത്തിനായുള്ള തൃഷ്ണകളും.
 മഴപെയ്യാന്‍ മുട്ടിനില്‍ക്കുമ്പോ ചുമ്മാ കാള്‍ മാര്‍ക്‌സ് എന്ന കവിത നോക്കൂ,
''ആകാശത്തൂടെ ദേ യഹോവ പോണൂ എന്ന്
എന്റെയടുത്തു നിന്ന ഒരു കിളുന്ത് മാലാഖക്കൊച്ച്
യഹോവേടെ താടി നര ഇത്ര പോരാ എന്ന്
അപ്പുറത്തുനിന്ന് ഒരു വല്യമ്മ തിരുത്തി
ശ്ശ്യോ! മ്മടെ കാറല്‍ മാര്‍ക്‌സോ എന്നു പുളകം കൊള്ളുന്നു
ചെല്ലിച്ച പഴേ സഖാവ്
(കാറലും കനപ്പു ചൊവേം ഒക്കെക്കാണും
ഒന്നു രണ്ടു നൂറ്റാണ്ടു കഴിഞ്ഞില്ലേ?)
അപ്പഴത്തേക്കും ഒരു കറുത്ത മേഘത്തിന്റെ മേല്‍
അങ്ങേര്‌ടെ താടീം ചുരുളന്‍ മുടീം ഒക്കെ
ചിന്നിച്ചെതറിപ്പോയി''
ഓരങ്ങളില്‍ സാക്ഷിയായവള്‍, കവിതയ്ക്കുള്ളില്‍ വര്‍ണനാവിഷയമായവള്‍ കര്‍ത്താവായിത്തീരുന്ന സാധ്യതയാണീ രചനകള്‍ക്കുള്ളത്!

പൗരത്വത്തിന്റെ സാക്ഷാല്‍ക്കാരത്തില്‍ സ്വത്വനിര്‍ണയനാവകാശങ്ങള്‍ മുന്‍നിരക്കാര്‍ക്കു തീറെഴുതിക്കൊടുക്കുന്ന പാരമ്പര്യത്തില്‍ നിന്നുള്ള വിച്ഛേദമാണ് പുതിയ സ്ത്രീ, ക്വിയര്‍, ന്യൂനപക്ഷ, കീഴാള എഴുത്തുകളില്‍ രൂപം കൊള്ളുന്നത്. അമിതമായി, ധൂര്‍ത്തമായി ആദര്‍ശവല്‍ക്കരിക്കപ്പെട്ട കോയമകളില്‍ നിന്നുള്ള വിടുതലുകളിലൂടെ സ്വയം സ്ഥാനപ്പെടുത്താനവയ്ക്കു സ്വന്തം കാമനകളെ നാട്യങ്ങള്‍ കുടഞ്ഞു കളഞ്ഞ് ആവോളം പ്രകാശിപ്പിക്കേണ്ടതുണ്ട്! പ്രതിരോധത്തിന്റെ വ്യവസ്ഥീകരിക്കപ്പെട്ട ആംഗ്യങ്ങളും ചലനങ്ങളും അവിടെ അപ്രസക്തമാണെന്നുറപ്പിച്ചു പറയാം.

റഫറന്‍സ്
1. ചെറുകാട്, ചെറുകാടിന്റെ ചെറുകഥകള്‍, കറന്റ് ബുക്‌സ്, തൃശ്ശൂര്‍, 2013
2. ചെറുകാട്, ജീവിതപ്പാത, കറന്റ് ബുക്‌സ്, തൃശ്ശൂര്‍,1992
3. ജെ. ദേവിക, നിരന്തരപ്രതിപക്ഷം, ഡി.സി.ബുക്‌സ്, കോട്ടയം, 2021
4. ഉഷാകുമാരി.ജി, വീട്ടകത്തെ പെണ്ണ്, ഉടല്‍ ഒരു നെയ്ത്ത്: സംസ്‌കാരത്തിന്റെ സ്ത്രീവായന,   എന്‍.ബി.എസ്, കോട്ടയം, 2013
5. ഉഷാകുമാരി.ജി, കഥയും കാമനയും, ലോഗോോസ് ബുക്‌സ്, പട്ടാമ്പി, 2018
6. വി.ടി.ഭട്ടതിരിപ്പാട്, വി.ടി.യുടെ സമ്പൂര്‍ണകൃതികള്‍, ഡി.സി.ബുക്‌സ്, കോട്ടയം, 2019
7. മാധവിക്കുട്ടി, സമ്പൂര്‍ണകൃതികള്‍, ഡി.സി.ബുക്‌സ്, കോട്ടയം, 2009
8. കെ.രാമചന്ദ്രന്‍ നായര്‍(സമ്പാ:), ഗാന്ധിജിയും കേരളവും, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം 2012
9. എ.കെ.ഗോപാലന്‍, എന്റെ ജീവിതകഥ, ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം, 2015

( വി.വിജയകുമാര്‍ എഡിറ്റു ചെയ്ത ജനകീയ സാംസ്‌കാരികസമീക്ഷ എന്ന പുസ്തകത്തില്‍ ചേര്‍ത്ത ലേഖനം)