Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Monday, July 21, 2025

ഇന്ദുലേഖ എന്ന ഈഴവപ്പെണ്ണ് അഥവാ കഥയും കാമനയും

      1956 ലാണ് ചെമ്മീന്‍ എന്ന തകഴിയുടെ പ്രശസ്തമായ നോവല്‍ പുറത്തുവരുന്നത്.  അരയന്മാരുടെ സാമുദായകതന്മയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ആ നോവല്‍ വളരെയധികം വായിക്കപ്പെട്ടു.  ഈ നോവലിനോടു പാഠാന്തരബന്ധം പുലര്‍ത്തുന്ന, ഒ.വി.വിജയന്‍ എഴുതിയ അതേ പേരിലുള്ള ഒരു കഥയുണ്ട്. അതിന്റെ പേരും ചെമ്മീന്‍ എന്നാണ്. 1967 മാര്‍ച്ച് 5 ലെ മാതൃഭൂമിയിലാണതു പ്രസിദ്ധീകരിക്കുന്നത്. വലുപ്പത്തില്‍ വളരെ ചെറിയ ഈ കഥ എഴുതപ്പെടുന്നത്, ആക്ഷേപഹാസ്യത്തിന്റെ ശൈലിയിലാണ്.  കറുത്തമ്മ, പരീക്കുട്ടി, പളനി എന്നിവര്‍ക്കു പകരം യഥാക്രമം തമിഴ് ബ്രാഹ്‌മണയായ കൃഷ്ണാംബാളും കരുനാഗപ്പള്ളിക്കാരന്‍ മുടന്തനായ തിമൂറും സുബ്രഹ്‌മണ്യയ്യരും ആണ് ഈ കഥയില്‍. വാസ്തവത്തില്‍ നമ്മുടെ ഹിന്ദുത്വ അടിത്തറയുള്ള ദേശീയതയുടെയും ദേശരാഷ്ട്രഘടനയുടെ സൂക്ഷ്മാംശത്തിലുള്ള മാതൃകാരൂപമായ കുടുംബത്തിന്റെയും വിമര്‍ശനമായിത്തന്നെ അതിനെ വായിച്ചെടുക്കാം. ചെമ്മീന്‍ എഴുതപ്പെട്ട ശേഷം അരയന്മാരുടെ ജീവിതത്തെയും അവരുടെ മൂല്യബോധങ്ങളെയും മുന്‍നിര്‍ത്തി, നോവലിനെതിരെ വിമര്‍ശനങ്ങളും ഏറെ ഉണ്ടായി. അതില്‍ മുഖ്യമായത് ഡോ.വേലുക്കുട്ടി അരയന്‍ നടത്തിയ ഇടപെടലുകളായിരുന്നു. ചെമ്മീനെക്കുറിച്ചു ഡോ.എം.ടി. അന്‍സാരിയും കെ.ഇ.എന്നും വ്യത്യസ്തമായ രീതിയിലുള്ള വിമര്‍ശപാഠങ്ങള്‍ ഉല്‍പാദിപ്പിച്ചിട്ടുണ്ട്. സാമുദായികതയെ അധാശതയ്‌ക്കെതിരായി നിര്‍ത്തി, അതിനെ കൃത്യമായി ഉന്നയിച്ചുകൊണ്ടാണ് ഇവരെല്ലാം സാഹിത്യപാഠത്തെ വിശകലനം ചെയ്തിട്ടുള്ളത്. 




1933 ല്‍ സി.വി. കുഞ്ഞുരാമനെഴുതിയ 'ഇന്ദുലേഖ' എന്ന ചെറുകഥ ഇതിനും എത്രയോ കാലം മുമ്പേ തന്നെ സാമുദായികതയുടെ മേല്‍/കീഴുകളെ ഇതേ മട്ടില്‍ത്തന്നെ പ്രശ്‌നവല്‍ക്കരിച്ചു എന്നുള്ള തിരിച്ചറിവ് കൗതുകകരമാണ്. ഈ കഥയുടെ പേരു തന്നെ മലയാളത്തിലെ പ്രഖ്യാതമായ ഒരു നോവലിന്റെ പേരാണ്. ലക്ഷണമൊത്ത ആദ്യത്തെ മലയാളനോവലിന്റെ പേരു തന്നെ. സാമ്യം പേരില്‍ മാത്രമല്ല. രണ്ടിലേയും നായികാനായകന്മാരുടെ പേരും സമാനംതന്നെ, ഇന്ദുലേഖയും മാധവന്‍ നായരും. പ്രധാന വ്യത്യാസം ഇന്ദുലേഖ നായരല്ലെന്നതാണ്. നോവലിന്റെ വിമര്‍ശപാഠമായാണ് സി വി തന്റെ കഥ സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ദുലേഖ എന്ന സി.വിയുടെ കഥയെ സാമുദായികമായി വായിച്ചെടുക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്. അത് മഹാനായ ആ പോരാളിയുടെ സ്മരണയെ പുതുകാലത്തേക്കു ഒന്നു ഉണര്‍ത്തിയെടുക്കാനും ഇന്നു നാം സൗകര്യപൂര്‍വം  മറന്നു കളയുന്ന വ്യത്യസ്തതകളിലൂന്നിയ സാമൂഹികപാഠങ്ങളിലേക്കു ശ്രദ്ധചെലുത്താനും ഉപകരിച്ചേക്കാം.  


കസവും ഖദറും

        


ലക്ഷണമൊത്ത സ്ത്രീയാണ് എന്ന മട്ടിലാണ് ഇന്ദുലേഖയുടെ ബാഹ്യരൂപത്തിന്റെ വിവരണങ്ങള്‍ നോവലില്‍ ചന്തുമേനോന്‍ നടത്തുന്നത്. ഈ വിവരണങ്ങള്‍ ശ്രദ്ധിച്ചാല്‍ ബാഹ്യരൂപമെന്നത് ആന്തരികമായ ഗുണങ്ങളുടെ ഒരു പ്രകാശനമായി വായിക്കാന്‍ കഴിയും വിധം കൃത്യമായി ക്രമീകരിക്കപ്പെട്ട ഒരു മാതൃക ആണെന്നു മനസ്സിലാകും. ഇന്ദുലേഖ എന്ന കഥയിലാകട്ടെ നായികയുടെ  രൂപവര്‍ണനയെ ബോധപൂര്‍വം നോവലിലെ നായികയുടേതില്‍ നിന്നും വ്യതിരിക്തമാക്കി കൊണ്ട്, എന്നാല്‍ മറ്റു തരത്തിലുള്ള അടിസ്ഥാനസാമ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട്,  വിമര്‍ശനാത്മകതയുടെ ഒരു സാധ്യത കഥാകൃത്ത് കണ്ടെത്തുന്നുണ്ട്. ഈ വിമര്‍ശനാത്മകതയ്ക്കു ചന്തുമേനോന്റെ നിയോക്ലാസിക് ഭാവുകത്വത്തോടു വിടപറയാത്ത, എന്നാല്‍ കാല്പനികസ്വഭാവത്തിലുള്ള രൂപവര്‍ണനയോടുള്ള കടുത്ത നീരസം പ്രകടമാണ്. 


ചന്തുമേനോന്റെ ഇന്ദുലേഖാവര്‍ണനയുടെ സവര്‍ണവും അതിശയോക്തിപരവുമായ അഭിരുചിയെ കൊത്തിപ്പറിച്ചുകൊണ്ടാണ് തന്റെ ഇന്ദുലേഖയെ സി വി  വിവരിക്കുന്നത്. ''ആദ്യകാലനോവലുകള്‍ പൊതുവേ ഭാഷാവ്യവഹാരങ്ങളിലൂടെ വസ്തുക്കളെ അവതരിപ്പിക്കുന്നതില്‍ ഭിന്നപദ്ധതികള്‍ ഉപയോഗിക്കുന്നു''വെന്ന് ഉദയകുമാര്‍ ഇന്ദുലേഖയുടെ 13-ാം പതിപ്പിന്റെ ആമുഖത്തിലെഴുതുന്നുണ്ട്. ദൃശ്യപരമായി ചിത്രകലയോടാണ് അതിനു ബന്ധമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ചന്തുമേനോന്റെ ഇന്ദുലേഖ, ''കസവ് എവിടെ തുടങ്ങുന്നു, ശരീരം എവിടെ അവസാനിച്ചു'' എന്നു തൊട്ടു നോക്കിയയെങ്കിലല്ലാതെ അറിയാന്‍ പാടില്ലാത്തവണ്ണം നന്നേ വെളുത്തിട്ടായിരുന്നു. എന്നാല്‍ സി.വി.യുടെ ഇന്ദുലേഖയെ അദ്ദേഹം വര്‍ണിക്കുന്നത് അവരുടെ വര്‍ണത്തിലുള്ള വ്യത്യാസം എടുത്തു പറഞ്ഞുകൊണ്ടാണ്. ആ ഇന്ദുലേഖയല്ല, ആ നായികയുടെ നിറമല്ല എന്നിങ്ങനെ നിരന്തരമായുള്ള നിഷേധങ്ങളിലൂടെയാണ് വിവരണം നീങ്ങുന്നത്. ''ആ ഇന്ദുലേഖക്കു ഇരുപതുവയസ്സു പ്രായമാണ്.  നായര്‍സ്ത്രീ അല്ല; ഈഴത്തിയാണ്'' എന്നുറപ്പിച്ചു പറയുന്നതിലുള്ളത് സാമുദായികതയിലുള്ള സമര്‍ത്ഥനം തന്നെ! നിരന്തരം ആവര്‍ത്തിച്ചു വരുന്ന നിഷേധവാക്യങ്ങളുടെ സൂചനയും മറ്റൊന്നല്ല. ''ചന്തുമേനോന്റെ ഇന്ദുലേഖയുടെ വര്‍ണ്ണമല്ല എന്റെ ഇന്ദുലേഖയുടെ വര്‍ണ്ണം'' എന്നും ''ചന്തുമേനോന്റെ ഇന്ദുലേഖ സവര്‍ണസുന്ദരിയും എന്റെ ഇന്ദുലേഖ അവര്‍ണസുന്ദരിയുമാണെന്നു ഞാന്‍ പറയാതെ തന്നെ വായനക്കാര്‍ അറിഞ്ഞിരിക്കുമല്ലോ. എങ്കിലും എന്റെ ഇന്ദുലേഖ അവര്‍ണയായിരുന്നില്ല.''


നായര്‍ നായികയായ ഇന്ദുലേഖയോടുള്ള വ്യത്യാസങ്ങളിലാണ് സിവിയുടെ ഊന്നല്‍. അതു അവയവവര്‍ണനയിലും ഇഞ്ചോടിഞ്ചു വര്‍ണിച്ചു ഫലിപ്പിക്കുന്നത് വീറോടെയാണ്. ''കഴുത്തും കഴുത്തില്‍ നിന്നു കീഴ്‌പ്പോട്ടു നാലംഗുലം വരെയുള്ള പ്രദേശങ്ങളും അരയന്നത്തിന്റെ കഴുത്തു പോലെ ആര്‍ക്കും കാണാവുന്ന മാതിരിയില്‍ വെറും ശംഖുംമുഖം മൈതാനമായി കിടക്കുകയാണ്. ആ മൈതാനത്തിനു താഴെ വല്ല കുന്നോ തടമോ ഉണ്ടോ എന്ന് എനിക്ക് ഇതേ വരെ കാണാന്‍ സാധിച്ചിട്ടില്ല. ആപ്രദേശം ബോഡീസ്സ്, ബ്ലൗസ്സ്, സാരി മുതലായവ കൊണ്ടും ചിലപ്പോള്‍  ബോഡീസ്സും ജംപറും ദാവണിയും കൊണ്ടും മറച്ചിട്ടേ കാണാറുള്ളൂ. ചന്തുമേനോന്റെ ഇന്ദുലേഖയുടെ മാതിരി ''വൃത്തങ്ങളായി നിരന്തരങ്ങളായി പൊങ്ങിവരുന്ന തങ്കക്കുടങ്ങള്‍'' സകലയുവാക്കന്മാരെയും  കാണിച്ചു അവരുടെ മനസ്സില്‍ 'ഭ്രാന്തിയും വ്യഥയും' ഉണ്ടാക്കിത്തീര്‍ക്കുവാന്‍ എന്റെ ഇന്ദുലേഖയ്ക്കു സമ്മതമുണ്ടായിരുന്നില്ല.''  ഈ വിവരണത്തില്‍ ചുഴിഞ്ഞു നോക്കിയാല്‍ കാണുന്ന ദൂഷണപരമായ പരാമര്‍ശം പോയകാലത്തെ സാമുദായികമായ വിലപേശലിന്റെ ഭാഗമാണെന്നു കരുതാന്‍ കഴിയും.


സാമുദായികസ്ത്രീ എന്ന നിലയ്ക്കു തന്നെ തന്റെ ഇന്ദുലേഖയെ സി.വി.അവതരിപ്പിക്കുന്നത് ഉടുത്തു കെട്ടലിലെയും അലങ്കാരങ്ങളിലെയും വ്യത്യാസങ്ങളിലൂടെയും കൂടിയാണ്. ചന്തുമേനോന്റെ ഇന്ദുലേഖയെപ്പോലെ 'വിശേഷമായ ഇഴയും കസവുമുള്ള ഒന്നരയും മുണ്ടു'മല്ല എന്റെ ഇന്ദുലേഖ ധരിച്ചിരുന്നതെന്നു സി വി പറയുന്നുണ്ട്. 'ഖദര്‍; ശുദ്ധഖദര്‍; നല്ല നേര്‍മയുള്ള ഖദര്‍, ആയിരുന്നു എന്റെ ഇന്ദുലേഖയുടെ ഒന്നരയും മേല്‍മുണ്ടും, സാരിയും ബ്ലൗസും ബോഡീസ്സും സര്‍വ്വവും.' എന്നദ്ദേഹം പറയുന്നു. തുടര്‍ന്നു പൊട്ടിനെക്കുറിച്ചും ചന്ദനക്കുറിയെക്കുറിച്ചും പറഞ്ഞുകൊണ്ടു വേഷവര്‍ണന അവസാനിപ്പിക്കുയാണ്. ഈ ഖദര്‍ പരാമര്‍ശം ദേശീയതയുമായി, പ്രത്യേകിച്ചു ഗാന്ധിയന്‍ സ്വാതന്ത്ര്യ പ്രതിരോധ വിഭാവനകളുമായി ബന്ധപ്പെടുത്തി വായിക്കാനുള്ള പ്രേരണ നമുക്കുണ്ടാവുന്നത് സ്വാഭാവികം തന്നെയാണ്. എന്നാല്‍ ഈഴവസാമുദായികതയെയും അതിന്റെ സാമൂഹികചരിത്രത്തെയും വളരെയടുത്തുനിന്നു നോക്കുന്നവരെ സംബന്ധിച്ചിടത്തോളം ദേശീയതയോടു ഈഴവര്‍ ഒന്നടങ്കം ഒരേ സമീപനമല്ല സ്വീകരിച്ചതെന്നു മനസ്സിലാക്കാന്‍ കഴിയും. അതിനാല്‍ ഇവിടത്തെ ഖദര്‍ ദേശഭക്തിയോടു ബന്ധപ്പെടുത്തുന്നതില്‍ വലിയ അര്‍ത്ഥമില്ല തന്നെ! മാത്രമല്ല, അക്കാലത്തെ ഈഴവര്‍ പ്രാദേശികമായി പലയിടങ്ങളിലും സ്വീകരിച്ചിരുന്ന തൊഴിലുകളിലൊന്ന് നെയ്ത്തായിരുന്നുവെന്നും ഓര്‍ക്കാവുന്നതാണ്. ഇത്തരുണത്തില്‍ ചന്തുമേനോന്റെ ഇന്ദുലേഖയുടെ കസവും സിവിയുടെ ഇന്ദുലേഖയുടെ ഖദറും പരസ്പരവിരുദ്ധങ്ങളായ എതിര്‍ദ്വന്ദ്വമല്ല എന്നതാണ് നമുക്കു കാണാനാവുക. എന്നാല്‍ ഇരുശരീരങ്ങളും അതതു ഗ്രന്ഥകാരന്മാരുടെ രാഷ്ട്രീയവീക്ഷണങ്ങളുടെ വിളനിലമായ പാഠ(ട)മായി കൂടി നിലകൊള്ളുന്നു. ശരീരത്തിന്റെ പാഠപരതയില്‍ നിന്നുള്ള ചിഹ്നസൂചനകളെ അഴിച്ചെടുക്കുക എന്നതാണല്ലോ ഈ വായനയുടെ ലക്ഷ്യവും.


രാഷ്ട്രീയസ്ത്രീ

യഥാര്‍ത്ഥത്തില്‍ പാഠം വെറും പാഠമല്ല, സാഹിത്യത്തില്‍. സാഹിതീയഘടകങ്ങളുടെ സവിശേഷവിന്യാസങ്ങളുടെ സംഘാതമായി പാഠത്തെ മനസിലാക്കുന്നത് അതിനെ ചുരുക്കിക്കാണലായിരിക്കും. ചരിത്രം, രാഷ്ട്രീയം, അധികാരം തുടങ്ങിയ മണ്ഡലങ്ങളുടെ മേല്‍/ കീഴുകളെ അതു പല രൂപേണ സ്വരൂപിക്കുന്നുണ്ട്. അത് ഈ രചനയിലെമ്പാടും പരന്നു കിടപ്പുണ്ട്. 'ആദ്യത്തെ ലക്ഷണമൊത്ത നോവലി'ലെ 'ലക്ഷണമൊത്ത നായിക'യുടെ പേരാണ് കഥയുടെ തലക്കെട്ട്. ഇവിടെ നാം രണ്ടുകാര്യങ്ങള്‍ തുടക്കത്തിലേ തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കഥയെഴുതിയ സി.വി. കുഞ്ഞുരാമന്‍ ഒരു സാഹിത്യകാരന്‍ എന്ന നിലയിലുപരിയായി ഈഴവ സമുദായത്തിലെ സാമൂഹികപരിഷ്‌കര്‍ത്താവും തന്റേടിയായ 

ജനനേതാവുമാണെന്നു കൂടി ഓര്‍ക്കാം. ചന്തുമേനോന്റെ ഇന്ദുലേഖ മുഴുവനും അരിച്ചു പെറുക്കിയാലും നാം ഒരു കീഴാള, പിന്നാക്ക വിഭാഗത്തിലെ  കഥാപാത്രത്തെയും കണ്ടുമുട്ടുകയില്ല. എപ്പഴോ കടന്നു വരുന്ന ഒരു മുസ്ലിം കഥാപാത്രമായ ഷേര്‍ ആലംഖാനാകട്ടെ, 'സ്വാഭാവിക'മായും ശുദ്ധകള്ളനുമാണല്ലോ! ഇങ്ങനെ സവര്‍ണമയമായ ഇന്ദുലേഖയെ സാമുദായികമായി മാറ്റിയെഴുതാനാണ് സി വിയുടെ ശ്രമം. അതില്‍ അദ്ദേഹത്തിന്റെ സാമുദായികവിഭാവനവും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. 


ആയതിനാല്‍ തന്നെ ഈ കഥയിലെ ആഖ്യാതാവിന്റെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കകത്താണ് നായിക കുടികൊള്ളുന്നത്. അതായത്, ഈ കഥയിലെ ആഖ്യാതാവും കഥാനായികയും തമ്മിലുള്ള ബന്ധം ആവിഷ്‌കരിക്കുന്നതിനു സ്വീകരിക്കുന്ന ആഖ്യാനതന്ത്രം കൂടി നാം മനസ്സിലാക്കേണ്ടതായുണ്ട്. സാമുദായികതയുടെ അടിസ്ഥാനത്തിലുള്ള സാമ്യം, ഐക്യപ്പെടല്‍ ഇവിടെ പലപ്പോഴും കടന്നുവരുന്നുണ്ട്. കഥ പറയുന്നയാള്‍ പുരുഷനായിരിക്കേ, സ്ത്രീയുടെ സാമൂഹിക സാംസ്‌കാരികജീവിതവും അതിന്റെ പരിണതികളുമാണ് പരിഗണനാവിഷയമായി വരുന്നത്. പരിഷ്‌കര്‍ത്താവായ പുരുഷനും പരിഷ്‌കരണേച്ഛുവായ നായികയും എന്ന ഘടനയില്‍ അവര്‍ പാകപ്പെട്ടാണിരിക്കുന്നത്. കേരളചരിത്രത്തിന്റെ ഒരു സവിശേഷ പരിച്ഛേദമാണ് ഈ ഘടന. നമ്പൂതിരിസ്ത്രീകളുടെ ഘോഷാബഹിഷ്‌കരണത്തിലും വിധവാവിവാഹത്തിലും അയ്യങ്കാളിയുടെ  വിദ്യാഭ്യാസസമരത്തിലുമെല്ലാം ഇതേ ദ്വന്ദ്വഘടനയുടെ ലിംഗപരിപ്രേക്ഷ്യം കാണാം. ഇവിടെയെല്ലാം അദൃശ്യപ്പെട്ടു നില്‍ക്കുന്ന സ്ത്രീ, അതാ സി.വി.യുടെ കഥയില്‍ ഉടലോടെ വിസ്തരിച്ചു നിവര്‍ന്നു നില്‍ക്കുന്നുണ്ട്. ഇവിടെ കേവലം പരിഷ്‌കരണോപകരണം മാത്രമായല്ല സ്ത്രീയുടെ നില എന്നതും സൂക്ഷ്മവായനയില്‍ തെളിയും.


പൊതുമണ്ഡലത്തിലെ/പ്രസംഗപീഠത്തിലെ സ്ത്രീ

ഇന്ദുലേഖ ഈ കഥയില്‍ കാര്യമായി പ്രസംഗിക്കുന്നുണ്ട്. മാത്രമല്ല അവള്‍  ചന്തുമേനോന്റെ ഇന്ദുലേഖയെ പോലെ മിണ്ടാതിരുന്നു മനോരാജ്യം കാണുന്നതിനും നെടുവീര്‍പ്പിടുന്നതിനും പകരം നിറയെ അഭിപ്രായങ്ങള്‍ പറയുന്നുമുണ്ട്. പ്രസംഗം അവള്‍ക്കു വളരെ പ്രധാനമാണ്. അവളുടെ പ്രസംഗത്തിന്റെ സ്വാധീനശേഷിയെക്കുറിച്ചു സി.വി. പറയുന്നതിങ്ങനെ: ''ജൂബിലി ഹാളില്‍ ഇന്ദുലേഖയുടെ പ്രസംഗമുണ്ടെന്നു കേട്ടാല്‍ തിക്കിക്കൂടുന്ന പുരുഷാരത്തിനു കണക്കൊന്നുമുണ്ടായിരുന്നില്ല. സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചു  ഒരിക്കല്‍ ഇന്ദുലേഖയുടെ പ്രസംഗം കേള്‍ക്കുവാന്‍ കൂടിയിരുന്ന  സദസ്സു പോലെ അതിഗംഭീരമായ ഒരു സദസ്സ് ശ്രീനിവാസശാസ്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ പോലും  കൂടിയിരുന്നില്ലെന്നു മലയാളരാജ്യത്തിലും മനോരമയിലും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു''. പൊതുപ്രസംഗം എന്നത് മൂല്യസംബന്ധമായി ഉയര്‍ന്ന പദവിയില്‍ കരുതപ്പെട്ടിരുന്ന വിനിമയരൂപമായി നവോത്ഥാനകാലം മുതല്‍ക്കിങ്ങോട്ടു വളര്‍ന്നു വന്നിരുന്നു. സി.കേശവന്റെ പ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം പോലെ പലതും അക്കൂട്ടത്തിലുണ്ട്.  ആളുകള്‍ തിങ്ങിക്കൂടുന്ന കവലകളിലും ചന്തയിലും ഹാളുകളിലുമെല്ലാം പ്രസംഗം നടത്തുന്ന പ്രമുഖര്‍ എല്ലാക്കാലത്തുമുണ്ട്. അതിലേറെയും രാഷ്ട്രീയ സാമൂഹികരംഗത്തെ വിശിഷ്ടവ്യക്തികളായിരിക്കും താനും. എന്നാലതില്‍ മിക്കവാറും സ്ത്രീകളെ കണ്ടുവെന്നു വരില്ല. ഉണ്ടെങ്കില്‍ത്തന്നെ ആധ്യാത്മികത പോലെയുള്ള വിഷയമായിരിക്കാം അവര്‍ സംസാരിച്ചിട്ടുണ്ടാവുക. സാമുദായികമായ കൂടിച്ചേരല്‍, കലാസ്വാദനത്തിനായുള്ള യോഗങ്ങള്‍, ഉല്‍സവങ്ങള്‍, ജാഥകള്‍ മുതലായവ കേരളത്തിന്റെ ജനാധിപത്യഭാവനയെ വളരെയേറെ ത്വരിപ്പിച്ചിട്ടുണ്ട്. അതാകട്ടെ സി വി കുഞ്ഞുരാമന്‍ പലപ്പോഴായി തന്റെ ആത്മാഖ്യാനങ്ങളില്‍  പറഞ്ഞുപോകുന്നുമുണ്ട്. ഇപ്രകാരം ബഹുജനാഭിമുഖമായി ഒരു വിദ്യാര്‍ത്ഥിനിയായ യുവതിയെ കൊണ്ടു പ്രസംഗിപ്പിക്കുന്ന കഥാകൃത്ത്, അവളുടെ സാമൂഹിക കര്‍തൃത്വത്തെക്കുറിച്ചു വളരെ ഉയര്‍ന്ന ഭാവന സൂക്ഷിക്കുന്നയാളാവണം. ഡിബേറ്റിലും നാടകത്തിലും പാട്ടിലുമെല്ലാം നമ്മുടെ നായിക എല്ലാവരേക്കാളും മികച്ചു നില്‍ക്കുന്നതായി സിവി പറയുന്നു. എല്ലാറ്റിലുമുള്ള പരിശീലനവും അവതരണശേഷിയും ഒന്നാംസ്ഥാനവും മറ്റും പുതിയ സാമൂഹികസ്ത്രീത്വത്തിന്റെ സാദ്ധ്യതകളായിത്തന്നെ മുന്നോട്ടു വെയ്ക്കുന്നതാണ്. 


എന്നാല്‍ ഗൃഹത്തിലും മട്ടുപ്പാവിലും കുളക്കരയിലും അകത്തളങ്ങളിലും മറ്റുമായി ഏതാണ്ട് ഒരു 'അന്തര്‍ജന'ത്തെ പോലെയാണല്ലോ ചന്തുമോനോന്റെ ഇന്ദുലേഖ അധിവസിച്ചത്. ഗൗരവമുള്ളതെന്നു പറയപ്പെടുന്ന വിഷയങ്ങളധികവും പതിനെട്ടാം അദ്ധ്യായത്തില്‍ പുരുഷമാത്രമായ വേദിയിലാണ് നടക്കുന്നത്. ഇന്ദുലേഖ പാടുന്നതും ശ്ലോകം ചൊല്ലുന്നതും തൊപ്പിതുന്നുന്നതുമെല്ലാം അണുകുടുംബദാമ്പത്യത്തിലേക്കു കടക്കുന്നതിനു മുന്നോടിയായ പ്രണയത്തിന്റെ ഭാഗമായി മാധവനു വേണ്ടി, അയാള്‍ക്കു മുമ്പാകെയാണ്. വിവാഹശേഷം മാധവനോടു കൂടി മദിരാശിയിലേക്കു പോകും വരെ മതില്‍ക്കെട്ടിനകത്തായിരുന്നു പെരുമാറ്റങ്ങളെല്ലാം. എന്നാല്‍ ഇവിടത്തെ ഇന്ദുലേഖയുടെ പ്രധാന ഇടം തന്നെ കോളേജും തെരുവോരങ്ങളും പ്രസംഗവേദികളുമൊക്കെയാണ്. പൊതുവിടത്തിലെ കര്‍തൃത്വമുള്ള സ്ത്രീ എന്ന സവിശേഷമായ ഒരു ഘടന സി.വി ഇവിടെ നിര്‍മ്മിച്ചെടുക്കുന്നു. ഇത് വലിയൊരു വ്യത്യാസമാണ്. 


പക്ഷേ ഇവിടെ സിവിയുടെ ഇന്ദുലേഖ ചെയ്യുന്ന പ്രസംഗത്തിന്റെ വിശദാംശങ്ങള്‍, അവയുടെ പിന്നിലെ നിലപാട് വ്യക്തിയായ ഇന്ദുലേഖയുടേതാണോ അതല്ലെങ്കില്‍ സമുദായതന്മയുടേതാണോ ലിംഗനന്മയുടേതാണോ എന്നൊക്കെയുള്ള ചോദ്യം സൂക്ഷ്മവും മൗലികവുമായി ഉയര്‍ന്നു വരേണ്ടതാണ്. ഈ ചോദ്യങ്ങള്‍ ഇന്ദുലേഖയുടെ പുറത്ത് അവളുടെ പ്രസംഗത്തിനു മേല്‍ ചാര്‍ത്തി വെച്ചിട്ടുണ്ടോ എന്നുള്ള കാര്യം കഥയില്‍ വ്യക്തതയില്ല. എന്നാല്‍ സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചും അനുരാഗത്തെക്കുറിച്ചുമുള്ള പ്രസംഗങ്ങളുടെ വിഷയസൂചന ഒരു സാമാന്യരീതിയില്‍ കടന്നു വരുന്നുമുണ്ട് എന്നതും ശ്രദ്ധിക്കണം.  പ്രസംഗം അക്കാലത്തെ(തുടര്‍ന്നു വരുന്ന ഭാവികാലത്തെയും) വളരെ പ്രധാനപ്പെട്ട, സാമൂഹികമായ വലിയ ഇടപെടല്‍ ശേഷിയുള്ള, വിനിമയങ്ങളുടെ പ്രകടനരൂപമാണ്. പേരുകേട്ട എത്രയോ പ്രസംഗങ്ങള്‍ സാമൂഹിക, ചരിത്രഗതിയെ മാറ്റിമറിച്ചിട്ടുണ്ട്! 


സ്വേച്ഛാചാരിയായ കാമനകള്‍

ഇന്ദുലേഖയുടെ കര്‍തൃത്വത്തിന്റെ മികവായി പ്രസംഗത്തെ ആരോപിക്കുന്ന കഥാകാരന്റെ യുക്തി നമുക്ക് മനസ്സിലാകും. പക്ഷേ കാലങ്ങള്‍ക്ക് ശേഷം അതേ യുക്തിയാല്‍ തന്നെ പ്രസംഗത്തിന്റെ ഉള്ളടക്കത്തിന്റെ രാഷ്ട്രീയം തിരയാന്‍ നമുക്ക് ബാധ്യതയുണ്ട്. കാരണം കഥയുടെ ഏറ്റവും ഒടുവില്‍ പറയുന്ന കാര്യം തന്നെ! അതായത് അവള്‍ ഒരു മാധവന്‍ നായരെയാണ് വിവാഹം കഴിച്ചത്, 'അക്കാര്യം ഇവിടെ പറയാതിരിക്കുകയാണ് ഭേദം' എന്ന്! വേറെ വിവാഹം കഴിച്ചതിലൂടെ ആ കഥാപാത്രം തന്റെ സ്വന്തം ഇച്ഛയാല്‍ ചലിക്കുന്ന, വൈകാരികസ്വാച്ഛന്ദ്യമുള്ള സ്ത്രീ കഥാപാത്രമാണ് എന്ന അര്‍ത്ഥത്തിലെടുക്കാം. കഥാകൃത്തിന്റെ നിയന്ത്രണത്തിനകത്ത്, പുരുഷന്റെ നിയന്ത്രണത്തിനകത്ത്, ആഖ്യാനബലത്തിന്റെ നിയന്ത്രണത്തിനകത്ത് ഒതുങ്ങി നില്‍ക്കുന്നവളല്ല, അവള്‍ എന്നത് വിമോചനാത്മകമായി വായിച്ചെടുക്കാം. പക്ഷേ കഥാകൃത്തിന്റെ തീര്‍പ്പ്, അക്കാര്യം പറയാനുള്ള വൈമനസ്യം വെളിവാക്കുന്നതിലെ കാരണം ഒരു ചോദ്യചിഹ്നമായി നിലനില്‍ക്കുന്നു. അത് കഥയ്ക്ക് വെളിയിലുള്ള രാഷ്ട്രീയസമസ്യകളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കും. ഇവിടെ സമുദായപരിഷ്‌കര്‍ത്താവായ സി വിയും കഥാകൃത്തായ സി.വി.യും തമ്മിലുള്ള സൂക്ഷ്മമായ ഒരു അഭിമുഖീകരണം കാണാം. വിവിധ സമുദായങ്ങള്‍ക്കകത്തെ പരിഷ്‌കരണം, ആചാരബഹിഷ്‌കരണം, പരിഷ്‌കരണം, അവയിലെ കൃത്യതവരുത്തല്‍ എല്ലാം നടന്നു വന്നിരുന്ന കാലമാണല്ലോ. സമുദായങ്ങള്‍ക്കിടയില്‍ നിന്നും മതംമാറ്റങ്ങളും മിശ്രവിവാഹങ്ങളും നടക്കുന്നുണ്ടായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും സാമൂഹികഘടനയില്‍ മേല്‍ജാതിക്കാരനായ മാധവന്‍നായരെ, ഈഴവയായ തന്റെ നായിക ഇന്ദുലേഖ വിവാഹം കഴിച്ചതിന്റെ 'കാര്യം പറയാതിരിക്കുകയാണ് ഭേദം' എന്ന പരാമര്‍ശം സന്ദിഗ്ദ്ധമായ അര്‍ത്ഥമാണ് വിനിമയം ചെയ്യുന്നത്. സ്വജാതിവിവാഹത്തിലൂടെ 'സമുദായത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുക' (ഈഴവരില്‍ പ്രബലമായ ഒരു വിഭാഗം മതം മാറ്റത്തെ ചെറുത്തിരുന്നത് അതു സമുദായത്തിന്റെ ശക്തി കുറയ്ക്കുമെന്ന ന്യായത്താലാണ്. കുമാരനാശാനും മൂര്‍ക്കോത്തു കുമാരനും മറ്റും അത്തരം ഒരു ന്യായം പറയുന്നുണ്ട്.) എന്ന യുക്തിക്കുണ്ടാകാവുന്ന ഭംഗത്തെയാണോ, ഉയര്‍ന്ന അധികാരിസമുദായത്തെ പുല്‍കുന്നതിലെ സാംസ്‌കാരികമറവിയാണോ, അതല്ലെങ്കില്‍ കാമനകളുടെ ബലം രാഷ്ട്രീയമായ ഇച്ഛാശക്തിക്കും മുകളിലാവുന്നതിലെ അതിശയമോ ഇച്ഛാഭംഗമോ ആണോ ഈ പരാമര്‍ശത്തിനു പിന്നിലെന്നതിനു ഉത്തരം കിട്ടുക എളുപ്പമല്ല. പുരോഗമന/രാഷ്ട്രീയക്കാരിയായ സ്ത്രീക്കു പ്രണയമായാലെന്ത് എന്ന ആരായാല്‍ കെ. രേഖയുടെ 'ആരുടെയോ ഒരു സഖാവ് (അന്തിക്കാട്ടുകാരി)' എന്ന കഥയിലും മുഴങ്ങുന്നുണ്ടല്ലോ! അവിടത്തെ പാര്‍ട്ടിക്കാരായ പുരുഷന്മാര്‍ക്കുണ്ടാവുന്ന വിമ്മിട്ടം പറയാതിരിക്കുകയാണ് എന്നതിലൊതുക്കിയതാവാം!  കഥനത്തിന്റെ സാഹിതീയയുക്തിയില്‍ ഈഴവസമുദായത്തിന്റെ പ്രതിരോധപശ്ചാത്തലം എതിര്‍ബലമായി നിലനില്‍ക്കുന്നതിനാല്‍ തന്നെ ഈ സന്ദിഗ്ദ്ധതകളെല്ലാം അര്‍ത്ഥവത്താണ് എന്നേ സ്വാഭാവികമായും അനുമാനിക്കാന്‍ കഴിയൂ. ഈ സന്ദിഗ്ദ്ധതയാകട്ടെ കഥയുടെ പില്‍ക്കാലജീവിതത്തിന്റെ സാദ്ധ്യതകളെ വര്‍ദ്ധിപ്പിക്കുന്നുമുണ്ട്! 


റഫറന്‍സ്:

1. ഇന്ദുലേഖ : വായനയുടെ ദിശകള്‍, ഇ.പി.രാജഗോപാലന്‍(എഡി.), കേരളസാഹിത്യ അക്കാദമി, തൃശ്ശൂര്‍, 2001

2. ഇന്ദുലേഖ, സി.വി.കുഞ്ഞുരാമന്റെ തിരഞ്ഞെടുത്ത കൃതികള്‍, പ്രതിഭാ പബ്ലിക്കേഷന്‍സ്, കൊല്ലം, 1971

3. ഇന്ദുലേഖ (13-ാംപതിപ്പ്), ചന്തുമേനോന്‍, ഡി.സി.ബുക്‌സ്, കോട്ടയം, 2007

4. ചെമ്മീനിലെ സംഘര്‍ഷങ്ങള്‍, കെ.ഇ.എന്‍, റാസ്‌ബെറി ബുക്‌സ്, കോഴിക്കോട്, 2013

5. ചെമ്മീന്‍, ഒ.വി.വിജയന്‍, മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്, മാര്‍ച്ച് 5, 1965.

6. മലബാര്‍ ദേശീയതയുടെ ഇടപെടലുകള്‍, എം.ടി.അന്‍സാരി, ഡി.സി.ബുക്‌സ്, കോട്ടയം, 2021

7. http://www.cvkunhuraman.com/


(2025 ജൂലായ് 14 ലെ സമകാലികമലയാളം വാരികയിൽ പ്രസിദ്ധീകരിച്ചത്)




Monday, August 30, 2021

കീഴാളസ്ത്രീഭാവുകത്വം പുതുമലയാളകഥയില്‍

കീഴാളത  വിമര്‍ശനാത്മകവും ജനാധിപത്യപരമായി നവീകരിക്കപ്പെട്ടതുമായ അര്‍ത്ഥത്തെ സ്വയം വഹിക്കുന്ന ഒരു ആശയമണ്ഡലമാണ്.  അധികാരവ്യവഹാരവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് അതിന്റെ  ജ്ഞാനവ്യവഹാരം. ഇന്ത്യന്‍ സന്ദര്‍ഭങ്ങളില്‍ കീഴാളത ജാതിയുമായി ബന്ധപ്പെട്ട ഒരു പദമാണ്. അത് ചരിത്രപരമായി എല്ലാ കാലത്തും ഒരേയളവില്‍ മാറ്റമില്ലാത്ത ഒരു സ്ഥിരരാശിയുമല്ല. എങ്കിലും അടിസ്ഥാനപരമായ ചില ഘടകങ്ങള്‍ കീഴാളതയില്‍ മാറ്റമില്ലാതെ തുടരുന്നുണ്ട്. അതിലേറ്റവും നിര്‍ണായകമായത് കീഴാളരുടെ കീഴായ്മ ശ്രേണീബദ്ധമാണ് എന്ന വസ്തുതയാണ്. അവര്‍  വരേണ്യസമൂഹവുമായി ബന്ധപ്പെട്ട് തൊട്ടുകൂടായ്മ, തീണ്ടല്‍, അകറ്റിനിര്‍ത്തപ്പെടല്‍, സാമൂഹ്യമായ ഇടങ്ങളില്‍ നിന്നുമുള്ള ആട്ടിയോടിക്കല്‍,  വിലക്കുകള്‍ ഇവയൊക്കെ അനുഭവിച്ചുകൊണ്ടിരിക്കുന്നു. അത്തരം വിവേചനങ്ങളുടെ പ്രത്യക്ഷതലങ്ങള്‍ ഇന്ന് ദൃശ്യമല്ലെങ്കിലും സംസ്‌കാരത്തിന്റെ ഉള്ളടരുകളില്‍ അവയുടെ അവക്ഷിപ്തങ്ങള്‍ കലര്‍ന്നിട്ടുണ്ട്. കീഴാളരില്‍ എല്ലാവരും തന്നെ തങ്ങളുടെ കീഴായ്മയുടെ പേരില്‍, അതിനെതിരായ ചെറുത്തുനില്പിന്റെ പേരില്‍ ഒരേയളവില്‍ ഐക്യപ്പെടുന്നുണ്ടോ എന്നതില്‍ ഉറപ്പുകളില്ലാത്തതും അതിനാലാണ്. കീഴാളജ്ഞാനമണ്ഡലം മലയാളത്തില്‍ ഇന്ന് അവഗണിക്കാന്‍ കഴിയാത്ത ഒരു അക്കാദമികവ്യവഹാരവുമാണ്. സമീപകാലത്ത് ദളിത് എന്ന വാക്കുമായി ബന്ധപ്പെട്ടു നടന്ന ഒരു ചര്‍ച്ച ഈ വിഷയത്തിന്റെ രാഷ്ട്രീയപ്രാധാന്യത്തിലേക്കു കടക്കുന്നതിനു നമ്മെ സഹായിക്കും. ദളിത്, കീഴാളത എന്നീ വാക്കുകള്‍ ആ ജനതയുടെ ദൗര്‍ബല്യങ്ങളെ, ദൈന്യത്തെ കൂടുതല്‍ ഉറപ്പിച്ചെടുക്കുന്നതാണോ അതോ ഊര്‍ജ്ജസ്വലതയെയും ആധികാരികതയെയും സമര്‍ത്ഥിച്ചെടുക്കാനാവും വിധം ധനാത്മകമാണോ എന്ന നിലയ്ക്ക് മലയാളം സര്‍വകലാശാലയില്‍ ഒരു പഠനവേദിക്കു മുമ്പാകെ സണ്ണി കപിക്കാട് ഒരു സംവാദമുയര്‍ത്തിയിരുന്നു.1 

കീഴാളസ്ത്രീ എന്ന രാഷ്ട്രീയസാംസ്‌കാരികകര്‍തൃത്വം
കീഴാളസ്ത്രീയെ ഒരു രാഷ്ട്രീയസംവര്‍ഗമായി മനസ്സിലാക്കേണ്ടതെങ്ങനെ എന്ന വിഷയത്തിലേക്കിനി കടക്കാം. ആ വിഷയമാകട്ടെ ഋജുവായ ആഖ്യനത്തിനുവഴങ്ങുന്ന വിധം ലളിതമല്ല. എങ്കിലും  ജാതിയുടെയും പുരുഷാധിപത്യത്തിന്റെയും വിവേചനങ്ങളെ ഒരേസമയം നേരിടേണ്ടിവരുന്ന വിഭാഗം സ്ത്രീകളാണ് കീഴാളസ്ത്രീകള്‍ എന്നു സാമാന്യമായി പറയാം. സാധാരണസ്ത്രീകളെ അപേക്ഷിച്ച് ഇരട്ട അടിമത്തം അവര്‍ അനുഭവിക്കുന്നു. കുടുംബത്തിനകത്ത് പുരുഷാധിപത്യത്തിന്റെയും പുറത്ത് ജാതിയുടെയും അടിച്ചമര്‍ത്തലിനെ നേരിടേണ്ടിവരുന്നു. സൈദ്ധാന്തികമായും കീഴാളസ്ത്രീവാദം മുഖ്യധാരാസ്ത്രീവാദത്തില്‍ നിന്നും വ്യത്യസ്തമാണെന്നു മാത്രമല്ല. അവിടെ അദൃശ്യമാക്കപ്പെടുന്ന  പല വിഷയങ്ങളും കീഴാളസ്ത്രീവാദത്തില്‍ മറനീക്കിക്കാട്ടുന്നു. അത്തരത്തില്‍ മുഖ്യധാരാസ്ത്രീവാദത്തിന്റെ വിമര്‍ശനസ്ഥാനത്താണ് കീഴാളസ്ത്രീവാദത്തിന്റെ നില. മുഖ്യധാരാസ്ത്രീവാദത്തിന്റെ സവര്‍ണാടിത്തറയെ പൊളിച്ചെഴുതാന്‍ കീഴാളസ്ത്രീവാദം ശ്രമിക്കുന്നു. ഇന്ത്യയില്‍ത്തന്നെ റൂത്ത് മനോരമ, ഉമാ ചക്രവര്‍ത്തി, ചന്ദ്രാ മൊഹന്തി, ഗായത്രി സ്പിവാക്, ഊര്‍മിള പവാര്‍, ഷര്‍മിള റെഗേ മുതലായവരാണ് ഈ മേഖലയില്‍ സൈദ്ധാന്തികമായ സംവാദങ്ങള്‍ ഉയര്‍ത്തിവിട്ടത്. ജ്യോതിബാ ഫൂലേയുടെയും പെരിയോറുടെയും നവോത്ഥാനകാലത്തെ പരിഷ്‌കരണചിന്തകളില്‍ നിന്നും അംബേദ്കര്‍ ചിന്തയില്‍ നിന്നുമൊക്കെ ഊര്‍ജ്ജം ഉള്‍ക്കൊണ്ടവരും അതേപോലെ ആഫ്രോ അമേരിക്കന്‍  ബ്ലാക്ക് ഫെമിനിസത്തില്‍ നിന്നുമുള്ള ധാരകളെ ഉള്‍ക്കൊണ്ടവരുമെല്ലാം  ദളിത് സ്ത്രീ സംവാദത്തെ സജീവമാക്കി നിലനിര്‍ത്തി. കേരളത്തെ സംബന്ധിച്ചെടത്തോളം കഴിഞ്ഞ 10 വര്‍ഷത്തോളമെങ്കിലുമായി നിരന്തരം പല വിഷയങ്ങളിലുമുള്ള ഇടപെടലുകളിലൂടെ ദളിത് സ്ത്രീവാദം സജീവമാണ്.  ഭൂമിസമരങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ട് സി.കെ.ജാനു നടത്തിയ സമരങ്ങള്‍ മുതല്‍ പയ്യന്നൂരെ ഓട്ടോറിക്ഷാ ഡ്രൈവര്‍ ചിത്രലേഖയുടെ അതിജീവനപ്പോരാട്ടം, സെലീനപ്രക്കാനത്തിന്റെ  മുന്‍കയ്യില്‍ നടത്തിയ ചെങ്ങറഭൂസമരം, മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ പൊമ്പിള ഒരുമൈ എന്ന പേരില്‍ ഗോമതിയക്കന്റെ നേതൃത്വത്തില്‍ നടത്തിയ സമരം, നിയമവിദ്യാര്‍ത്ഥി ജിഷയുടെ നേര്‍ക്കുണ്ടായ ലൈംഗിക അതിക്രമവും കൊലപാതകവും, രജനി എസ്.ആനന്ദിന്റെ ആത്മഹത്യ,  മാധ്യമപ്രവര്‍ത്തകരായ ദളിത് യുവതികള്‍ ഫേസ്ബുക്കിലൂടെ നടത്തിയ മീ ടൂ കാമ്പെയിന്‍ വരെയുള്ള നിരവധി ഇടപെടലുകള്‍ ഈയൊരു മണ്ഡലത്തിന്റെ പോരാട്ടമുഖത്തെ, രാഷ്ട്രീയസ്വഭാവത്തെ വ്യക്തമാക്കുന്നതാണ്. പഠനലേഖനങ്ങളിലൂടെ ദളിത് സ്ത്രീസംവാദത്തെ വികസിപ്പിക്കുന്നതിലും ആക്ടിവിസ്റ്റുകള്‍ തന്നെയാണ് മുന്‍കൈ എടുത്തിട്ടുള്ളത്. രേഖാരാജ്, ജെന്നി റൊവീന, മായാപ്രമോദ്, മൃദുലാദേവി, പ്രവീണ താളി, സതി അങ്കമാലി തുടങ്ങിയവരുടെ രചനകള്‍ എടുത്തു പറയാവുന്നതാണ്.   

ഇനി കേരളത്തിന്റെ സംവാദമണ്ഡലത്തില്‍ ദളിത്‌സ്ത്രീഭാവുകത്വം എന്നതു കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത് എന്നതിന്റെ വെളിച്ചത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കഥകളെ വിശകലനം ചെയ്യുക എന്നതാണ് ഇവിടെ നിര്‍വഹിക്കാനുള്ളത്. ദളിത്‌സ്ത്രീയെ സംബന്ധിച്ച സാമൂഹികരാഷ്ട്രീയനിലപാടുകളും അവയുടെ സാംസ്‌കാരികയുക്തികളും കഥകളില്‍ സൃഷ്ടിച്ചെടുക്കുന്ന സൗന്ദര്യശാസ്ത്രപരിസരത്തെ കണ്ടെടുക്കാന്‍ കഴിയണം. കൂടാതെ സവിശേഷമായ സാംസ്‌കാരികഭാവുകത്വം എന്ന നിലയില്‍ സാഹിത്യത്തിലും കലയിലും കണ്ടുവരുന്ന ദളിത് സ്ത്രീസ്വത്വാവിഷ്‌കാരത്തെ അവയുടെ ആഖ്യാനരാഷ്ട്രീയവുമായി ചേര്‍ത്തുവെച്ചു പഠിക്കാവുന്നതാണ്. ആഖ്യാനകേന്ദ്രത്തിനകത്തു പ്രവര്‍ത്തിക്കുന്ന സവര്‍ണതയുടെ യുക്തിയെ തിരിച്ചറിയാന്‍ കഴിയുന്നതിനൊപ്പം പുതിയ അടയാളങ്ങളായി തെളിയുന്ന കീഴാളസ്ത്രീയുടെ അനുഭവപരിസരങ്ങളെയും കണ്ടെടുക്കണം. അതില്‍ത്തന്നെ കീഴാളസ്ത്രീയെ ദൈന്യതയുടെയോ ദുര്‍ബലതയുടെയോ മൂര്‍ത്തീഭാവങ്ങളായി ചിത്രീകരിക്കുന്ന പതിവുരീതികള്‍ക്കപ്പുറം എന്താണുള്ളതെന്ന പരിശോധന നടക്കേണ്ടതുണ്ട്. കാല്പനികവും ആദര്‍ശാത്മകവുമായ വിശുദ്ധിസ്ഥാനം എന്ന മട്ടിലുള്ള പ്രതിഷ്ഠാപനത്തിനും വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. നമ്മുടെ സാഹിത്യചിന്തയില്‍ അത്തരം പരിശ്രമങ്ങള്‍ ഇനിയും പച്ചപിടിക്കേണ്ടതായാണിരിക്കുന്നത്.  പ്രധാനമായും ത•കളെ കേന്ദ്രീകരിച്ചുള്ള വായനകള്‍ ത•ാരാഷ്ട്രീയത്തെ യാന്ത്രികമായി അവലംബിക്കുന്നതിന്റെ ഭാഗമായി അവയ്ക്ക് സാധുതയും വൈകാരികമായ സ്വാധീനശേഷിയും നഷ്ടപ്പെട്ടുപോകുന്നു. കീഴാളസ്ത്രീപക്ഷത്തുനിന്നുകൊണ്ടുള്ള സമീപനത്തിന് ഇതിലേറെ സാധ്യതകള്‍ തീര്‍ച്ചയായും ഉണ്ട്. ഇവിടെ പഠനത്തിനായി  തെരഞ്ഞെടുത്തിരിക്കുന്ന ഒരു ഡസനോളം കഥകള്‍ പലനിലകളില്‍ സാമാന്യമായി ദളിത്‌സ്ത്രീ പ്രതിനിധാനം സാധ്യമാക്കുന്നവയും ദളിത്‌സ്ത്രീ അനുഭവങ്ങളെ സാക്ഷാല്‍ക്കരിക്കുന്നവയുമാണ്. അവയ്ക്കുള്ളില്‍ നിന്നുകൊണ്ട് ചില പൊതു സമീക്ഷകളെ കണ്ടെത്താനും വിശകലനം ചെയ്യാനും കഴിഞ്ഞേക്കും. 





യമയുടെ കഥകള്‍ മുമ്പെങ്ങുമില്ലാത്തവിധം കീഴാളസ്ത്രീകളുടെ അനുഭവലോകത്തെ ആഴത്തില്‍ ചിത്രീകരിക്കുന്നുണ്ട്. അതിന്റെ സൂക്ഷ്മബന്ധങ്ങളെ നല്ലവണ്ണം പരിചരിച്ചുകൊണ്ടാണ് യമ അതു നിര്‍വഹിക്കുന്നത്. അവരുടെ  ചുടലത്തെങ്ങ്, സിനിമാതിയ്യേറ്റര്‍, പോസ്റ്റ്മാന്റെ മകള്‍ എന്നീ കഥകള്‍ ഈ രാഷ്ട്രീയപരിഗണനകള്‍ക്കകത്തു നില്‍ക്കുന്നവയാണ്. കെ.ആര്‍.മീരയുടെ മരിച്ചവളുടെ കല്യാണം, നായ്‌ക്കോലം, സന്തോഷ് ഏച്ചിക്കാനത്തിന്റെ പന്തിഭോജനം,  രേഖാരാജിന്റെ ഞാറുകള്‍, ഫ്രാന്‍സിസ് നൊറോണയുടെ തൊട്ടപ്പന്‍, കടവരാല്‍, രേഖയുടെ പാലാഴിമഥനം, സിതാരയുടെ കറുത്തകുപ്പായക്കാരി, എച്ച്മുക്കുട്ടിയുടെ അറപ്പിന്റെ ഏകപക്ഷം, സി.അയ്യപ്പന്റെ പ്രേതഭാഷണം, ജിസാജോസിന്റെ ദണ്ഡവിമോചനം തുടങ്ങിയ കഥകളൊക്കെ ഈ രീതിയില്‍ പഠനാര്‍ഹമാണ്.


കോളനികേരളത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍
യമയുടെയും ഫ്രാന്‍സിസ് നെറോണയുടെയും  കഥകള്‍ പ്രധാനമായും ഇവിടെ നാം പരിഗണിക്കുന്നു. കഥാപരിസരം ഏറെയും കോളനികളോ ചേരികളോ നഗരപ്രാന്തങ്ങളിലെ അധ:സ്ഥലികളോ ഒക്കെയായി വരുന്നവയാണ് യമയുടെ കഥകള്‍. വീടെവിടെയാണെന്നു ആരെങ്കിലും ചോദിക്കുമ്പോള്‍ തെറ്റിച്ചു പറയുന്ന കീഴാളാവസ്ഥയെക്കുറിച്ച് എം.ബി.മനോജ് എഴുതിയിട്ടുണ്ട്. (കൂട്ടാന്തതയുടെ എഴുപതു വര്‍ഷങ്ങള്‍)  അതേയനുഭവത്തെ വിധുവിന്‍സെന്റിന്റെ മാന്‍ഹോളെന്ന സിനിമയിലും കാണാം. ഒരു മലഞ്ചെരുവില്‍ കുമ്പളം കേറിക്കിടക്കുന്ന പുളിക്കരികില്‍ പിറന്ന വീടിരിക്കുന്നു, വഴിയില്ലാവഴിയുടെ അടിയിലായിരിക്കുന്നു പിറന്നവീടെന്നു ജോസഫും എഴുതുന്നുണ്ട് (പിറന്ന വീട്). വരേണ്യമല്ലാത്തയിടങ്ങളിലെ കുടികിടപ്പ് നിരന്തരം സവര്‍ണതയുടെ ദൃഷ്ടിദംശനങ്ങള്‍ക്കു വിധേയമാണ്. അഭിമാനിക്കാനോ എടുത്തു പറയാനോ ഒന്നുമില്ലാത്തിടങ്ങളില്‍ ഏറ്റവും  പരിമിതമായൊരിടം മാത്രമാണ് വീട്. മലയാളിയുടെ സവര്‍ണഗൃഹാതുരതകളെ പൊതിഞ്ഞു നില്‍ക്കുന്ന എല്ലാ മെച്ചങ്ങളുടെയും വിപരീതമോ അപരമോ ആയാണിവിടെ കോളനി നിലകൊള്ളുന്നത്. കലമ്പലുകളുടെയും കലര്‍പ്പിന്റെയും ഇടം. ഇതുവരെയില്ലാത്തവിധം കോളനികളുടെ സ്ഥലരാശിയെ ആദര്‍ശാത്മകതയില്ലാതെ, അനുഭവങ്ങളുടെ ഇടമായി യമ ആവിഷ്‌ക്കരിക്കുന്നു. വീട് വിട്ടിറങ്ങിപ്പോയി കലഹിക്കുവാന്‍, അത്രമാത്രം ഭൗതികമായെങ്കിലും സുരക്ഷിതമായ ഒരു വീട് ഉണ്ടാവേണ്ടതുണ്ട്. എന്നാല്‍ ചുടലത്തെങ്ങിലും കടവരാലിലും മറ്റും വീട് എന്നത് പലപ്പോഴും പ്ലാസ്റ്റിക് മറകളും ഇരുമ്പുതകിടുകളും കൊണ്ട് മറച്ച ഉറപ്പില്ലാത്ത ഒരിടമാണ്. വീടുകളുടെ അകം/പുറം, സ്വകാര്യത, സുരക്ഷ ഒക്കെ അവിടെ അപ്രസക്തമാണ്. സിനിമാതിയേറ്ററില്‍ റെയില്‍വേ ലൈനിനോടു ചേര്‍ന്നുകിടക്കുന്ന പുറമ്പോക്കിലെ കോളനിയുടെ വിവരണം: ' നട്ടുച്ചയക്കു പോലും ഇരുണ്ടരാത്രികളുടെ ഒളിത്താവളങ്ങളെന്നു തോന്നിപ്പിക്കുന്ന ആ മുറിയുടെ മുക്കിലും മൂലകളിലും  രൂക്ഷഗന്ധമുള്ള ചാരപ്പുക കട്ടപിടിച്ചുകിടന്നു. രണ്ടു ദിവസം കഴിഞ്ഞിട്ടും കണ്ടുപിടിക്കാനാവാതെ മുറിക്കകത്തെ വലിച്ചുവാരിയിട്ട മുഷിപ്പിനുള്ളിലെവിടെയോ കുടുങ്ങിക്കിടന്ന മൊബൈല്‍ഫോണിന്റെ അമര്‍ത്തിയ പ്രതിഷേധസ്വരം. ചായ്പ്പിലെ അടുപ്പില്‍ ചവറുവാരിവെച്ച് കത്തിച്ചു ചൂടാക്കിക്കൊണ്ടിരുന്ന തലേന്നത്തെ പഴങ്കഞ്ഞി അടുപ്പില്‍ നിന്നിറക്കിവെയ്ക്കാന്‍ തരം കിട്ടാതെ അവളോടി അകത്തേയക്കു കയറിയതും ചായ്പ്പിനു മുന്നിലൂടെ ഐലന്റ് എക്‌സ്പ്രസ് പാഞ്ഞു'(പുറം 37, വായനശാലാവിപ്ലവം)

തിരുവനന്തപുരത്തിന്റെ വാമൊഴിഭേദങ്ങളെക്കൊണ്ട് അതിരിട്ടുനില്ക്കുന്ന വരേണ്യമുക്തവും കീഴാളവുമായ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളാണ് യമ ഈ അനുഭവങ്ങളില്‍  ഏറെയും കൈകാര്യം ചെയ്യുന്നത്. കാല്പനികവരേണ്യതയുടെ ഭാവുകത്വത്തെ ഈയൊരു ഭാഷാഭേദത്തിലൂടെ മറികടക്കുന്നതില്‍ വലിയൊരളവില്‍ യമ വിജയിച്ചിട്ടുണ്ട്. തിരുവനന്തപുരം വാമൊഴിഭേദത്തെ ഹാസ്യോല്പാദനത്തിനായി സിനിമ നിരന്തരം ഉപയോഗിച്ചു പഴകിയെങ്കിലും അതിന്റെ ജൈവികമായ കരുത്ത് ഈ കഥകള്‍ ഉണര്‍ത്തിയെടുക്കുന്നു. ചന്ദ്രമതി  അന്താരാഷ്ട്രവനിതാദിനത്തിലും കെ.ആര്‍.മീര സ്വവര്‍ഗസങ്കടങ്ങളിലും ഇതേ തന്ത്രം രസകരമായി ഉപയോഗിച്ചിട്ടുള്ളത് ഓര്‍ക്കാം. രാജലക്ഷ്മിയും അഷിതയും മുതല്‍ ഇ.കെ. ഷാഹിനയും ധന്യാരാജും വരെ ഉപയോഗിച്ചു പഴകിയ  അന്തര്‍മുഖവും കാലപനികവുമായ സ്ത്രീകഥനത്തിലെ ആന്തരികഭാഷണത്തിന്റെ പതിഞ്ഞ ശൈലിക്കു നേരെ വിപരീതമാണ് ഇത്.  'പുല്ല് എവിടേണോ കെടക്കണത്, ട്രേനിന് പോവാന്‍ കണ്ടനേരം',  ' ഇതും നോക്കി നടന്ന സമയത്ത് നാമം ജവിച്ചങ്കി  പുണ്യോങ്കിലും കിട്ടിയേനെ. ഹൂ ശ്വാസം മുട്ടീട്ടു വയ്യ... പന്നകള്‍ക്കു പൊക അടിച്ചു കേറ്റാന്‍ കണ്ടനേരം', 'കണ്ണും തള്ളി അവിടെ ഇരിക്കാതെ നിങ്ങക്കെണീറ്റ് പൊറത്തോട്ടു പോയിരുന്നൂടെ? ശ്വാസം മുട്ടലെന്നും പറഞ്ഞ് രാത്രി കെടന്ന് കരഞ്ഞാ  എന്റ കയ്യീ പൈസേന്നും ഇല്ല ആശൂത്രീ കൊണ്ടോവാന്‍'(പുറം 37, വായനശാലാവിപ്ലവം) ഇത്തരം അതിരുകളിലെ ഭാഷണഭേദങ്ങളെ, കീഴാളസ്വരങ്ങളെ തമസ്‌കരിക്കുന്ന തീവണ്ടിയിരമ്പങ്ങളും ചൂളങ്ങളുമായി വരേണ്യഭാവുകത്വം അടക്കിവാഴുന്നിടത്തെ അതിജീവനത്തിന്റെ പിടച്ചിലാണ് ഈ കഥകളിലെമ്പാടും നാം കാണുന്നത്.  


വിഭവദാരിദ്ര്യത്തിന്റെ അവസ്ഥകള്‍
ചുടലത്തെങ്ങില്‍ ജാതിസൂചനകളില്ല. എങ്കിലും നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളുടെയും പുറമ്പോക്കിന്റെയും സൂചനകള്‍ അന്തരീക്ഷസൃഷ്ടിയായി കഥയില്‍ ചിത്രീകരിക്കപ്പെടുന്നുണ്ട്. മുമ്പു സൂചിപ്പിച്ചതു പോലെ കോളനി, ചേരി എന്നീ സ്ഥലഭൂമികകളുടെ രാഷ്ട്രീയം അവയുടെ സൂക്ഷ്മാംശങ്ങളോടെ യമയുടെ കഥയില്‍ പതിഞ്ഞു കിടക്കുന്നു. കീഴാളാനുഭവങ്ങളില്‍ സ്വാഭാവികമായ വിഭവദാരിദ്ര്യത്തിന്റ യാഥാര്‍ത്ഥ്യമാണ് ഈ കഥയുടെ രാഷ്ട്രീയത്തെ നിര്‍ണായകമാക്കുന്നത്. കോളേജ് വിദ്യാര്‍ത്ഥിനിയായ കീഴാളയുവതിയുടെ ജീവിതത്തിന്റെ അകം പുറം നിറഞ്ഞുനില്‍ക്കുന്ന മടുപ്പും പീഡയും വെറുപ്പും വേദനയും ഈ കഥയെ വേറിട്ടൊരു ആന്തരികനിര്‍മിതിയാക്കി പണിതുയര്‍ത്തുന്നു. മരണവും ജീവിതവും തമ്മിലുള്ള മല്‍പ്പിടുത്തത്തിലാണ് കഥ തുടങ്ങുന്നത്. നിത്യേനയുള്ള വഴക്കും ബഹളവും വീടിനെ അതിനോടകം അസഹ്യമാക്കിത്തീര്‍ത്തിരുന്നു. വീടിനകത്തെ വയലന്‍സ് പുറത്തറിയാതിരിക്കാന്‍ ടിവി വോള്യം കൂട്ടിവെയ്ക്കുന്നു. അമ്മയും സഹോദരനും തമ്മിലാണ് ലഹള. പത്താംക്ലാസ് തോറ്റ അയാള്‍ പല തൊഴിലിലും പയറ്റി ഒടുവില്‍ റിയല്‍ എസ്റ്റേറ്റ് വിപണിയുടെ ഭാഗമായി തൊഴില്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ്. വീട്ടിലുള്ള പലതും വിറ്റു തീര്‍ന്നെങ്കിലും ഇനി ആകെയുള്ള സ്വര്‍ണമാല അമ്മയുടെ കഴുത്തില്‍ നിന്നും ഊരിവാങ്ങാനാണയാള്‍ ശ്രമിക്കുന്നത്. ഒരു ബൈക്കു വാങ്ങിയാല്‍ ജോലിക്കു പോകാനും വരാനും എളുപ്പമാകുമത്രേ. പെണ്‍കുട്ടിയാണെങ്കില്‍ കോളേജ് ഫീസടയക്കാനുള്ള പണത്തിനായി ഇവന്റ് മാനേജ്‌മെന്റുകളില്‍ വോളണ്ടിയറായി പങ്കെടുത്ത് പണം കണ്ടെത്താറാണ് പതിവ്. പൊട്ടിപ്പൊളിഞ്ഞ് ബലമില്ലാതായ മുന്‍വാതില്‍ ആ വീടിന്റെ ഭൗതികവും ആത്മീയവുമായ അരക്ഷിതാവസ്ഥയുടെ പ്രതീകം തന്നെയാണ്.  മുതിര്‍ന്ന പെണ്‍കുട്ടിയുള്ള ആ വീട്ടില്‍ ഒരു കുളിമുറിയില്ല. അമ്മയാണ് പ്ലാസ്റ്റിക് മറ കൊണ്ട് തട്ടിക്കൂട്ടിയ ഒരു കുളിപ്പുര ഉണ്ടാക്കിയെടുക്കുന്നത്. സഹോദരനുമായുള്ള തര്‍ക്കത്തിനിടയില്‍ അമ്മ ആക്രമിക്കപ്പെട്ട് താഴെ വീണ് തലപൊട്ടി ചോരയൊലിച്ചു കിടക്കുന്നതാണവള്‍ കാണുന്നത്. നിമിഷങ്ങള്‍ക്കകം അമ്മ മരിച്ചുവെന്നറിഞ്ഞ് അവളെ തനിച്ചാക്കി സഹോദരന്‍ ഓടിപ്പോകുന്നു. പിന്നീടങ്ങോട്ട് അവളുടെ ദൈന്യത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ്. ഒരു ജോലി തേടി അവള്‍ പലയിടത്തും അലഞ്ഞു. ഇതിനിടെ അമ്മയുടെ ആകെയുണ്ടായിരുന്ന സ്വര്‍ണമാല വിറ്റ് ശവസംസ്‌കാരം നടത്തിയതില്‍ ബാക്കിയായ പതിനായിരം രൂപ അമ്മാവന്‍ അവളെ ഏല്പിച്ചതെടുത്ത് അവള്‍ അമ്മയുടെ ഓര്‍മയ്ക്കായി ജൂവലറിയില്‍ പോയി ഒരു മൂക്കുത്തി വാങ്ങി ധരിക്കുന്നു.  അമ്മയുടെ മാല അവരുടെ അമ്മ അവര്‍ക്കു നല്‍കിയതാണത്രെ. ജൂവലറിയില്‍ സ്വര്‍ണം  വില്ക്കാനെത്തിയ കസ്റ്റമറുടെ അരിമണിമാല കണ്ടപ്പോള്‍ അവള്‍ക്കത് അമ്മ അണിഞ്ഞിരുന്ന അതേ മാലപോലെ തോന്നി. പെട്ടന്നുള്ള ഒരു ആവേഗത്തില്‍ നിമിഷങ്ങള്‍ക്കകം അവള്‍ അതു കൈക്കലാക്കി വീട്ടിലേക്കോടി. ദിവസങ്ങള്‍ക്കു ശേഷം  ആകെയുണ്ടായിരുന്ന ജോലി പോയ സെയില്‍സ്മാന്‍ അവളെ തേടിയെത്തി. അവള്‍ക്കയാള്‍ താന്‍ അമ്മയുടെ കുഴിമാടത്തിനരുകെ കുഴിച്ചിട്ട അരിമണിമാല എടുത്തുകൊടുത്തു. അയാളും അവളും ഒരേ യാതനകളുടെ ഇരകളെന്നു പരസ്പരം മനസ്സിലാക്കുന്നുണ്ട്. ആ മാലയുമായി പോകാതിരിക്കാനയാള്‍ക്കു കഴിയില്ലെങ്കിലും അവളെ കൂടുതല്‍ മനസ്സിലാക്കുകയും മനസ്സുകൊണ്ട് അവള്‍ക്കു തുണയാവുകയും ചെയ്യുകയാണയാള്‍. ആകെയുള്ള ഭൗതികവിഭവമായ ആ ഇത്തിരിപ്പോന്ന സ്വര്‍ണം നിര്‍ണായകമാണ്. അതി•േ-ലാണ് അതിജീവനവും പ്രതീക്ഷയും. വാസ്തവത്തില്‍ മരണത്തിനും കാരണം അതുതന്നെ. അതിന്റെ പേരിലാണ് സഹോദരന്‍ കൊലപാതകിയായത്. അതില്‍ വൈകാരികത നിക്ഷേപിക്കപ്പെട്ട അവളും ഇപ്പോള്‍ മോഷ്ടാവായി, കുറ്റക്കാരിയായി. മൂവരും ദാരിദ്ര്യത്തിന്റെ ഇരകള്‍, നിഷ്‌കാസിതര്‍.
 

ജിസാജോസിന്റെ ദണ്ഡമോചനത്തിലും പാറവിളുമ്പിലെ ഇത്തിരിമണ്ണില്‍ കെട്ടിപ്പൊക്കിയ വീടിന്റെ ദൈന്യത്തിന്റെ പിടച്ചിലും അരക്ഷിതത്വത്തിന്റെ ഞരക്കങ്ങളും കേള്‍ക്കാം. അമ്മ പണിക്കു പോകുന്ന വലിയ വീട്ടിലെ കാരണവരുടെ ലൈംഗികവേട്ടയ്ക്കു മുന്നില്‍  അമ്മ എങ്ങനെയോ പിടിച്ചുനിന്നു. ഒന്നുമറിയാത്ത കൗമാരക്കാരി മകളെ കീഴ്‌പ്പെടുത്തിയാണയാള്‍  പകരം വീട്ടിയത്.  അച്ഛന്‍ കയ്യൊഴിഞ്ഞ് അനാഥമായ ദരിദ്രകുടുംബം പുരുഷാധിപത്യത്തിന്റെയും മേലാളത്തത്തിന്റെയും കടന്നല്‍ക്കുത്തേറ്റു പിടയുന്നതിന്റെ  ചിത്രങ്ങളാണതില്‍ ജിസ വരച്ചിടുന്നത്. സന്ധ്യാസമയത്ത് കപ്പയ്ക്കു ചമ്മന്തിയാക്കാന്‍ മേലേപ്പറമ്പിലെ വളപ്പില്‍ നിന്നും കുറച്ചു 'കരണംപൊട്ടി'- കാന്താരിമുളകു പറിക്കാന്‍ പെറ്റിക്കോട്ടു കുമ്പിളുപോലാക്കി വീട്ടിലേക്കു തിരിക്കുമ്പോള്‍ കാരണവര്‍ കടന്നാക്രമിക്കുകയാണ്. അതു പിന്നീടു പലപ്പോഴായി ആവര്‍ത്തിക്കുന്നു. അയാള്‍ മരിച്ച ദിവസം മൃതദേഹത്തിനരികില്‍ നിന്ന് കയ്പും രോഷവുമേറിയ പഴയതൊക്കെ പെറുക്കിയെടുക്കുന്നതാണ് കഥ. ജിസാജോസിന്റെ കഥയില്‍ എരിവ് ബലാല്‍ക്കാരത്തിന്റെ എന്ന പോലെ ബാലപീഡനത്തിന്റെ സമര്‍ത്ഥമായ രൂപകമായി കഥയില്‍ ചേരുന്നതുപോലെ ഫ്രാന്‍സിസ് നെറോണയുടെ കഥയില്‍ കടവരാല്‍ മല്‍സ്യം ലൈംഗികതയുടെ സൂചനകളോടെ പ്രവര്‍ത്തിക്കുന്നു.  

കുടുംബത്തിന്റെ ഐക്യപ്പെടല്‍. 
മുഖ്യധാരാസാഹിത്യത്തില്‍  ഏതാണ്ട് 70 കള്‍ മുതല്‍ക്ക് പ്രണയമാണ് വ്യവസ്ഥാവിമര്‍ശനത്തിന്റെ ഉപാധിയായി പലപ്പോഴും കടന്നു വരുന്നത്. അതില്‍ത്തന്നെ സ്ത്രീകഥകളില്‍ കുടുംബവിമര്‍ശനമാണ് ഏറെയും പുരുഷാധിപത്യവിമര്‍ശനത്തിനുള്ള ഉപാധി. എന്നാല്‍ മേല്‍ സൂചിപ്പിച്ച കഥകളില്‍ പലപ്പോഴും കുടുംബം ഒരു അഭയസ്ഥാനമാണ്. ദരിദ്രരും കീഴ്ജാതിക്കാരുമായ ദളിത് ജീവിതങ്ങളുടെ മേല്‍ സവര്‍ണസമൂഹം അടിച്ചേല്പിക്കപ്പെടുന്ന ഭ്രഷ്ടത അവരില്‍ അന്യവല്‍ക്കരണം സൃഷ്ടിക്കുന്നു. എങ്കിലും അവര്‍ അതിനോട് വേദനയോടെ ചെറുത്തു നില്‍ക്കുന്നു. നിരന്തരം തങ്ങളെ കരുതലോടെ കൂട്ടിച്ചേര്‍ത്തു നിര്‍ത്തുന്ന ഒരു അഭയസ്ഥാനമായി കുടുംബത്തെ കാണുന്നു. അവിടെ അവ സ്വാഭാവികമായും ന്യായീകരിക്കപ്പെടുന്നുണ്ട്. ദളിത് സ്ത്രീകളുടെ കടന്ന രീതിയിലുള്ള അരക്ഷിതാവസ്ഥ അവളില്‍ ഒരു കുടുംബത്തിനായുള്ള വെമ്പല്‍ ജനിപ്പിക്കുന്നുണ്ട്. മുഖ്യധാരാ സ്ത്രീരചനകളില്‍ കുടുംബത്തില്‍ നിന്നുമുള്ള വിടുതല്‍ ആണ് രാഷ്ട്രീയമായി ഉന്നയിക്കപ്പെടുന്നതെങ്കില്‍ ദളിത ് സ്ത്രീകവിതകളിലും മറ്റും കണ്ണിചേര്‍ന്നു നില്‍ക്കുന്ന കുടുംബബന്ധങ്ങളുടെ വൈകാരികോഷ്മളതകള്‍ കാണാം. വംശീയമായ കൂട്ടായ്മകള്‍ ഒരു പ്രതിരോധം തന്നെയാണ്. അജിതയുടെ അച്ഛന്‍ എന്ന കവിതയില്‍ ഞങ്ങള്‍ 16 പൊളികളെ ചേര്‍ത്തുനിര്‍ത്തുന്ന ഒറ്റപൊളിയാണ്  അച്ഛന്‍ എന്നു പറയുന്നുണ്ട്. ജെയിംസ് ബാള്‍ഡ്‌വിനില്‍ താന്‍ ഒരു സുഹൃത്തിനെയോ കാമുകനെയോ അല്ല, ഒരു സഹോദരനെയാണ് കാണുന്നതെന്നു പറയുന്ന മായോ ആഞ്ജലോയും മറ്റൊന്നല്ല സാധൂകരിക്കുന്നത്. സിനിമ തിയ്യേറ്ററിലെ സ്വര്‍ണലത തന്റെ അമ്മ വിശന്നു നിലവിളിക്കുന്നതു കാണാനാവാതെയാണ് സിനിമ തിയ്യേറ്ററില്‍ ലൈംഗികത്തൊഴില്‍ ചെയ്യാനായി പോകുന്നത്. ചുടലത്തെങ്ങിലെ യുവതി എത്ര വെറുക്കപ്പെട്ടവനായിട്ടും ഏതാള്‍ക്കൂട്ടത്തിലും തന്റെ സഹോദരനെ തിരയുന്നു. പെണ്‍കുട്ടി തന്റെ അമ്മയുടെ ആഗ്രഹങ്ങളെ അവരുടെ മരണാനന്തരവും സംരക്ഷിക്കുന്നതിനായാണ് ഏറ്റവും അപകടകരമായ വിധത്തില്‍ കളവു നടത്തുന്നത്. തന്റെ അമ്മയുടെ മാല അവരുടെ അമ്മ കൊടുത്തതാണ്. അതില്‍ നിന്നും പാരമ്പര്യമെന്ന നിലയക്ക് തന്റെ ദേഹത്ത് ഒരു മൂക്കുത്തിയായെങ്കിലും ആ മാല വിറ്റ തുകയുടെ ബാക്കി കിടക്കട്ടെ എന്ന തോന്നല്‍ അവളിലെ കുടുംബത്തോടുള്ള വിശ്വാസസ്‌നേഹങ്ങളും അഭയസ്ഥാനമായി കുടുംബത്തെ കരുതുന്ന കരുതലുമാണുള്ളത്.

മരണത്തിന്റെ നിഹിതാര്‍ത്ഥങ്ങള്‍
കൂടാതെ അവള്‍ ചെയ്യുന്ന മറ്റൊരു കാര്യം ജൂവലറിയില്‍ നിന്നും മോഷ്ടിച്ചെടുത്ത അരിമണിമാല അമ്മയുടെ ശരീരം അടക്കിയ മണ്ണിനോടു ചേര്‍ത്തു കുഴിച്ചിടുകയാണ്. പരലോകവുമായി ബന്ധപ്പെട്ട ഒരു ആത്മീയഭാവന ഇവിടെ ഇടം തേടുന്നുണ്ട്. അതാവട്ടെ, കീഴാളഭാവനയില്‍ വളരെ സജീവമായി നിറയുന്ന ഒരു അംശം കൂടിയാണ്. സി.അയ്യപ്പന്റെ കഥകളിലെ പ്രേതാത്മാക്കള്‍ തന്നെ ഒരുദാഹരണം. ടോണിമോറിസന്റെയും മറ്റും രചനകളിലും മരിച്ചവരുടെ ആത്മാക്കള്‍ കഥയില്‍ നിര്‍ണായകമായി ഇടപെടുന്നവരാണ്. ജീവിച്ചിരിക്കുമ്പോള്‍ ഇഹലോകത്തിന്റെ അധികാരഘടനയ്ക്കു വഴങ്ങി, ഞെരുങ്ങി കഴിഞ്ഞ അവരൊക്കെയും ആ നിയമങ്ങള്‍ക്കു പുറത്തു കടക്കുന്നത് മരണത്തോടെയാണ്. മരണം അവരില്‍ ഒരു വിമോചനമാണ്. അതവരെ ശക്തരാക്കുന്നു. പ്രേതഭാഷണം, ഭൂതബലി, കാവല്‍ഭൂതം തുടങ്ങിയ കഥകളില്‍ മരണത്തിന്റെ നിഹിതാര്‍ത്ഥങ്ങള്‍ അനവധിയാണ്. രേഖാരാജ് എഴുതിയ ഞാറുകളിലും പ്രേതങ്ങളായി വന്ന് ഞാറുനട്ടു പോകുന്ന പിതൃക്കളുടെ സാന്നിധ്യമുണ്ട്. പുതുകവിതയില്‍ കലേഷും രേണുകുമാറും ധന്യ.എം.ഡിയും ആവിഷ്‌ക്കരിക്കുന്ന പരലോകസന്ദര്‍ഭങ്ങളും ചേര്‍ന്നു പോകുന്നവയാണ്. തങ്ങളുടെ മുന്‍കാല പിതാമഹികളെയും മുതുമുത്തച്ഛൻമാരെയും ഒക്കെ സ്വന്തം ശരീരത്തിലൂടെ ഉരുണ്ട മൂക്കറ്റങ്ങളായും ചുരുണ്ട മുടികളായും കറുത്ത തൊലികളായും അവരെഴുതുന്നുണ്ട്. (തൊലിക്കടിയില്‍ വേരുള്ള മണങ്ങള്‍) വംശീയതയുടെയും പാരമ്പര്യത്തിന്റെയും ഉറവകളും ഊര്‍ജ്ജങ്ങളും പരലോകത്തെ പ്രേതാത്മാക്കള്‍ വരെ നീളുന്നു. 

യമയുടെ 'പോസ്റ്റുമാന്റെ മകളി'ല്‍ മരണം ഒരു സാന്നിധ്യമാണ്.  കീഴാളരെ സംബന്ധിച്ച് മരണം സ്വാതന്ത്ര്യം പോലുമാണ്. അയ്യപ്പന്റെ 'പ്രേതഭാഷണ'-ത്തിലെന്ന പോലെ മരണത്തിനു ശേഷവും സജീവമാകുന്ന ബോധം അഴുകുന്ന ശരീരത്തെ നോക്കിക്കാണുകയാണതില്‍. താന്‍ മരിച്ചശേഷം ദഹിപ്പിക്കരുതെന്നായിരുന്നു പുലയനായ പോസ്റ്റ്മാന്‍ ഗോപാലന്‍ പറഞ്ഞത്.  മണ്ണിലടക്കപ്പെടാനാണയാള്‍ ആഗ്രഹിച്ചത്. ''പുലയന്റെ ദേഹം മണ്ണിനുള്ളതാണ്.... ജീവിതത്തില്‍ കൈവിട്ടു കളഞ്ഞെങ്കിലും മരണത്തിലെങ്കിലും വാരിപ്പുണരാന്‍ മണ്ണിന്റ കനിവ് അവരാഗ്രഹിച്ചു''.  കഥയില്‍ മറ്റൊരിടത്ത് വീഴാന്‍ ഒരു തറയില്ലാത്തതിനാല്‍ അന്തരീക്ഷത്തില്‍ പറന്നു നടക്കുന്ന ശവങ്ങളെക്കുറിച്ചുള്ള സൂചനയുമുണ്ട്. 'സതി'-യും  മീരയുടെ 'മരിച്ചവളുടെ കല്യാണ'വുമൊക്കെ കീഴാളമരണത്തിന്റെ വിധ്വംസകതയെ  തെളിച്ചെഴുതുന്നുണ്ട്. മരിച്ചടക്കാന്‍ ഭൂമിയില്ലാത്തതിനാല്‍ കല്ലുകെട്ടി കായലില്‍ താഴ്‌ത്തേണ്ടിവരുന്ന വൃദ്ധയായ കീഴാളസ്ത്രീയുടെ ശരീരത്തെക്കുറിച്ച് സതി അങ്കമാലി 'ഒറ്റച്ചേല'-യില്‍ എഴുതുന്നുണ്ട്. ഒരാള്‍ക്കെത്ര മണ്ണുവേണം എന്ന ഇ.സന്തോഷ്‌കുമാറിന്റെ കഥയും ദളിതരുടെ ഈ അവസ്ഥയാണ് പറയുന്നത്. മരണത്തിലും തീക്ഷ്ണമായിത്തുടരുന്ന പ്രണയകാമനകളെയാണ് 'മരിച്ചവളുടെ കല്യാണം' പറയുന്നത്. 'ദണ്ഡവിമോചന'ത്തിലെ മരണം പീഡിതയ്ക്ക് കടന്നുചെല്ലാനും കീഴടക്കാനുമുള്ള ഒരു രഹസ്യവാതില്‍ തന്നെ കരുതിവെച്ചപോലെയാണ്. അവിടെ നിത്യജീവിതത്തിലെ സാമ്പത്തികമായ മേല്‍കീഴുകളില്ല, വഞ്ചനയില്ല. സത്യത്തിന്റെ ബലിഷ്ഠവും നിശിതവുമായ അധികാരം അവള്‍ക്കു കയ്യാളാം.

ദേശീയതാവിമര്‍ശനത്തിന്റെ സന്ദര്‍ഭങ്ങള്‍
സവര്‍ണദേശീയതാസങ്കല്പങ്ങള്‍ക്കും ദേശീയതാകാമനയിലൂന്നിയ പൗരഘടനകള്‍ക്കും പുറത്താണ് കീഴാളശരീരങ്ങള്‍. അവ ദേശീയതയുടെ നിയമങ്ങള്‍ കൊണ്ട് നിരന്തരം പരിക്കേല്പിക്കപ്പെടുന്നവ കൂടിയാണ്. എന്നാല്‍ നിരന്തരം ദേശീയതയുടെ സാക്ഷ്യത്തിനായവര്‍ സ്വയം ബലി നല്‌കേണ്ടതായും വരുന്നു. ആയതിനാല്‍ കീഴാളപരിസരങ്ങളില്‍ നിന്നുള്ള ദേശീയതാപരാമര്‍ശങ്ങള്‍ ഈ സംഘര്‍ഷങ്ങളെ ഉള്‍വഹിക്കുന്നവയാണ്. അധികാരദേശീയതയ്ക്കു മുന്നില്‍ പുറത്തുനില്ക്കുന്നവര്‍ മാത്രം അനുഭവിക്കുന്ന തരം പകപ്പ്, അകാരണമായ കുറ്റബോധം, ഭീതി, ഉള്‍വിറയല്‍ ഒക്കെ അവരനുഭവിക്കുന്നു. ദേശീയതയോടുള്ള വിമര്‍ശനം യമയുടെ കഥകളില്‍ ഒന്നു രണ്ടിടങ്ങളിലായി പ്രകടമായ രാഷ്ട്രീയധ്വനിയോടെ കണ്ടെത്താന്‍ കഴിയും. 

         ഒരു വായനശാലാവിപ്ലവത്തില്‍ കല്യാണീ ദാമോദരനെ അവതരിപ്പിക്കുന്ന സന്ദര്‍ഭം ഉദാഹരണം. '' ഈ കല്യാണീ ദാമോദരന്‍ എന്ന നീട്ടല്‍ പ്രസിഡന്റ് ഓഫ് നേഷന്‍ എന്നു പറയുന്ന ഘനത്തില്‍ എടുത്താല്‍ മതി. ഫലത്തില്‍ രണ്ടിനും വല്യ പ്രാധാന്യം ഇല്ല. ഒറ്റയ്‌ക്കൊറ്റയക്കു നില്‍ക്കുമ്പോള്‍ മുഖമില്ലാത്തവര്‍ ചേര്‍ന്നുണ്ടാക്കുന്ന ഗുണ്ടാസംഘങ്ങള്‍ ചേര്‍ന്നു കൈവരിക്കുന്ന ഭയഘടനയുടെ വ്യാകരണം ആണിത് ''.  മറ്റൊരു കഥയില്‍ സിനിമാതിയ്യേറ്ററില്‍ ദേശീയഗാനം പാടിയപ്പോള്‍ എഴുന്നേറ്റുനില്ക്കാതെ കസേരയിലിരുന്നുറങ്ങുകയായിരുന്ന ആളെ ആരൊക്കെയോ ചേര്‍ന്ന് ശകാരിച്ചു പുറത്താക്കുന്നു. '' ഈ ഉറങ്ങുന്ന മനുഷ്യനെ എന്തിനാണവര്‍ ശകാരിക്കുന്നത്? സിനിമാ തിയ്യേറ്ററില്‍ ഉറങ്ങാനും പാടില്ലേ? എന്തിനാണ് മനുഷ്യ•ാര്‍  കാശും കൊടുത്ത് തെറി കേള്‍ക്കാന്‍ ഇതിനകത്തു കയറുന്നത്? അതുകൊണ്ടാവും കുറച്ചു വലുപ്പക്കുറവുണ്ടങ്കിലും  ആള്‍ക്കാര്‍ വീട്ടില്‍ ടിവി വാങ്ങിവെയ്ക്കുന്നത് എന്നുപോലും അവള്‍ ചിന്തിച്ചു. എല്ലാ നിയമങ്ങളും പാലിക്കുന്നതുകൊണ്ടാണോ ഈ മനുഷ്യര്‍ക്ക് ഇങ്ങനെ വന്ന് ആഹ്ലാദിക്കാന്‍ കഴിയുന്നത്? നിയമങ്ങള്‍ പാലിച്ചാല്‍ ആ ചേരിയില്‍ നിന്ന് ഒരു വിടുതല്‍ ഉണ്ടാവുമെങ്കില്‍ എത്രത്തോളം കഠിനമായ നിയമവും പാലിക്കാന്‍ താന്‍ സന്നദ്ധയാണെന്നു വിളിച്ചുപറയാന്‍ അവള്‍ക്കു തോന്നി. '' കുഞ്ഞുന്നാളില്‍ ജനഗണമനയുടെ വരികളില്‍ നാക്കിനു വഴങ്ങാതെ നിന്നതോര്‍ത്ത്  അവളുടെ  കണ്ണിലൂടെ കണ്ണുനീര്‍ നിറഞ്ഞൊഴുകി.  കണ്ണുനീരിന്റെയും മൂക്കീറയുടെയും ഉപ്പു ചവച്ചുകൊണ്ട് അവള്‍ ഉച്ചലജലജിതരംഗ എന്നു പാടി. '' 

ജാതി ഉപജാതിസംഘര്‍ഷങ്ങള്‍
 ജാതി ഒരു മേല്‍/കീഴ്ഘടനയായിരിക്കേതന്നെ അതിന്റെ കോയമകള്‍ എല്ലാ ബന്ധങ്ങളിലും അധികാരത്തിന്റെ നിഴല്‍ വീഴ്ത്തി നില്ക്കുന്ന അവസ്ഥകള്‍ കീഴാളജനത അനുഭവിക്കുന്നുണ്ട്. വായനശാലാവിപ്ലവത്തിലെ ലീലാമ്മയെന്ന ഈഴവസ്ത്രീ തന്റെ ചെറുപ്പകാലത്തെ കാമുകനായ ദാമോദരനില്‍ ആധിപത്യം ചെലുത്തുന്നത് സാംസ്‌കാരികമായാണ്. വായന അവളില്‍ മധ്യവയസ്സില്‍ സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകങ്ങള്‍ തീര്‍ത്തു. ജാതിപരവും ലിംഗപരവും സാമ്പത്തികവും രാഷ്ട്രീയവുമായ അധീശനിലയില്‍ നിന്നും ദാമോദരനെ തള്ളിയിടാന്‍ അവളാര്‍ജ്ജിച്ച സാംസ്‌കാരികമൂലധനത്തിനു മാത്രമേ കഴിയൂ എന്നവള്‍ക്കറിയാമായിരുന്നു. അതുകൊണ്ട് വായന അവളുടെ അതിജീവനവും സ്വാതന്ത്ര്യവുമായി. മുന്‍കാമുകനും നായരുമായ രാഷ്ട്രീയഎതിരാളിയുടെ വയറിളക്കം ബാധിച്ച വിസര്‍ജ്ജനത്തെ ശബ്ദത്തോടുകൂടി ആദ്യത്തെ ചാപ്റ്റര്‍ പുറത്തേക്കു തെറിച്ചു എന്നാണ് വിവരിക്കുന്നത്! കെ.ആര്‍. മീരയുടെ 'നായ്‌ക്കോലം' എന്ന കഥ  കീഴാളര്‍ക്കിടയിലുള്ള പാരസ്പര്യത്തിന്റെ സംഘര്‍ഷങ്ങളെ തീക്ഷ്ണവും സൂക്ഷ്മവുമായ വിധത്തില്‍ പറയുന്നുണ്ട്. അവിടെ അധികാരം പ്രവര്‍ത്തിക്കുന്നതിനാധാരം പത്രപ്രവര്‍ത്തകയായ ദളിത് ക്രൈസ്തവയുവതിയുടെ സാംസ്‌കാരികപ്രതിനിധാനമാണ്. എയിഡ്‌സ് ബാധിച്ച ദരിദ്രരും അനാഥരുമായ 10 കുട്ടികളെക്കുറിച്ചുള്ള വാര്‍ത്തയിലൂടെ പത്രപ്രവര്‍ത്തക പ്രശസ്തിയുടെ പടവുകള്‍ കയറുന്നു. ഇംഗ്ലീഷ് മീഡിയത്തിലേക്കു മാറ്റി ചേര്‍ക്കപ്പെട്ട ഒരേയൊരു കുട്ടിയായ യേശുദാസന്‍ സ്വാഭാവികമായും കൂടുതല്‍ വിവേചനമനുഭവിച്ച് ഒറ്റപ്പെടുന്നു. അവനെക്കുറിച്ചുള്ള അടുത്ത സ്റ്റോറിക്കായവള്‍ കോപ്പു കൂട്ടുന്നു, അവനു ചോക്കലേറ്റു സമ്മാനിക്കുന്നു, വാല്‍സല്യം കാട്ടുന്നു.  ലീലാമ്മയുടെ സാംസ്‌കാരികാധികാരം ലിംഗപരമായ അട്ടിമറിയാകുമ്പോള്‍, ഹാസ്യത്തിന്റെ ടോണില്‍ ആഖ്യാനം ചെയ്യപ്പെടുമ്പോള്‍ നായ്‌ക്കോലത്തില്‍ നേട്ടങ്ങള്‍ക്കുവേണ്ടി സ്വന്തം വംശത്തെത്തന്നെ മുതല്‍ക്കൂട്ടാക്കി മുന്നേറുന്നതാണ് കാണുന്നത്. ജാതിയുടെ തീക്ഷ്ണതയെ രാഷ്ട്രീയമായി ഉന്നയിക്കുമ്പോഴും ഉള്‍പ്പിരിവുകളിലെ നിര്‍ദ്ദയമായ ലാഭക്കൊതിയുടെ കണ്‍തിളക്കം നമ്മെ ഭയപ്പെടുത്താതിരിക്കില്ല. യമയുടെ 'പോസ്റ്റുമാന്റെ മകളി'ല്‍ പറയുന്ന 'വെളിച്ചത്തിന്റെ കണക്കില്‍ ലാഭം കൊയ്യുന്നവരി'ലൊരാളായി അവളും. എങ്കിലും അവന്റെയും തന്റെയുമെല്ലാം  ജീവിതത്തെ 'ഇരുട്ടിന്റെ സംഗ്രഹ'-മായി കണ്ടെടുക്കാനവള്‍ക്ക് ഒടുവില്‍ കഴിയുന്നുണ്ട്. സി.അയ്യപ്പന്റെ കഥകളില്‍ ഒരേ ജാതിക്കീഴായ്മയ്ക്കകത്തു പുലരുമ്പോഴും പരസ്പരം അകലം പാലിക്കുന്ന മനുഷ്യരെ നാം കാണുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ജാതിഘടനയുടെ അതിസങ്കീര്‍ണവും  നിസ്സഹായവുമായ അവസ്ഥയെ നിര്‍ദ്ദയമായി എഴുതുകയാണ് ഈ കഥകള്‍. ''നീ മാളങ്ങളില്‍ നിന്ന് പാമ്പുകളെ പുറത്തെടുക്കുമ്പോ എന്തെരാണ് പറ്റണതെന്നറിയാമോ? അതിനാഗ്രഹം ഇല്ലാത്ത ലോകത്തോട്ടാണ് നീ അതിനെ വിളിക്കണത്. എന്നിട്ട് കണ്ടുനിക്കണ പാമ്പുകള്‍ അല്ലാത്തവര്‍ പാമ്പിനെ നോക്കി പാമ്പ് പാമ്പ് എന്നു വിളിക്കും. പേടി ശരിക്കും  വിളിക്കണവരുടെ ഉള്ളിലാണെങ്കിലും പേടിക്കണത് പാമ്പാണ്. ഞാന്‍ ഈ കോളനീന്ന് പുറത്തു പഠിക്കാന്‍ പോകുമ്പോ എനിക്ക് തോന്നണത് അങ്ങനേണ്. നമ്മടെ കോളനിക്കുളളില്‍ ഇരുട്ടാണെന്നും അതു ഭീകരമാണെന്നും ഒക്കെയാണ് പുറത്തുള്ളവര് വിചാരിക്കണത്. എത്ര വിഷവും ശക്തിയും ഒണ്ടെങ്കിലും പാമ്പിനെ മാളത്തീന്നു പൊറത്തെടുക്കുമ്പോ അതു പെടയണ കണ്ടിട്ടില്ലേ...രാത്രി വരണതും കാത്താണ് അത് പൊത്തില്‍ ഇരിക്കണത്....''

കാമനകളുടെ ഇടങ്ങള്‍
ദളിത് സ്ത്രീകള്‍  ജാതിയുടെയും ലിംഗത്തിന്റെയും പദവിയില്‍ ഏറ്റവും താഴ്ന്ന ശ്രേണിയിലായിരിക്കുമ്പോഴും അവരുടെ ആത്മത്തെ ഇരയുടെ ഘടനയില്‍ തളച്ചിടുന്നില്ല ഈ കഥകള്‍. സ്ത്രീയുടേതായ തൃഷ്ണാലോകങ്ങളെ വാരിപ്പുണരാന്‍ അവര്‍ വെമ്പുക തന്നെയാണ്. പ്രണയകാമനകള്‍ സ്വേച്ഛയുടെയും അതിര്‍ത്തിലംഘനത്തിന്റേയുമാണ്. എല്ലാത്തരം കറുത്ത വേദനകളെയും കീഴായ്മകളെയും ഒറ്റയടിക്കു മായ്ച്ചുകളയുന്ന വിധം മായികമായി അത് ഈ സ്ത്രീകളെ ചൂഴുന്നു. കാമനയുടെ വിഷയമായിത്തീരുന്നതിനേക്കാള്‍ സ്വയം കാമനാകര്‍തൃത്വമായി രൂപപ്പെടുന്ന സ്ത്രീകളെ  ഈ കഥകളില്‍ കാണാം. മീരയുടെ മരിച്ചവളുടെ കല്യാണത്തിലത് പച്ചമാംസം തുളഞ്ഞുകയറുന്നത്ര കൂര്‍ത്തും വേഗമാര്‍ന്നും പ്രവര്‍ത്തിക്കുന്നു. മേല്‍ജാതിക്കാരനും സുന്ദരനുമായ യുവാവിനോടു 'കറുത്തു തടിച്ച് തേറ്റയില്ലാത്ത കാട്ടുപന്നിയെപ്പോലെ രൂപമുളള' ഒരു ഗോത്രവര്‍ഗക്കാരിപ്പെണ്‍കുട്ടിയ്ക്കുണ്ടായ  അഭിനിവേശത്തിന്റെയും തിരസ്‌കാരത്തിന്റെയും കഥയാണത്. അയാള്‍ക്ക് അവളോട് ഒരു സ്ത്രീയോടുള്ള ആകര്‍ഷണം തോന്നിയില്ല. ഒരു വായനക്കാരിയോടുള്ളയോടുള്ള സൗഹൃദവും ഒരു സഹജീവിയോടുള്ള സഹാനുഭൂതിയും മാത്രം. അവളുടെ ആശ മനസ്സിലാക്കിയിട്ടും അവള്‍ക്ക് എത്താത്ത ഉയരത്തിലേക്ക് അയാള്‍ ചില്ലകള്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. വെളുത്തു മെലിഞ്ഞ ശാലീനസുന്ദരിയായ ഭാര്യക്കൊപ്പം അയാള്‍ അവളുടെ മുമ്പാകെ വിലസി.  അവളുടെ ആത്മഹത്യയ്ക്കു ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് കാസര്‍കോട്ടെ വീട്ടിലെത്തിയതായിരുന്നു അയാള്‍. മരണാനന്തരം നടത്തുന്ന വിവാഹത്തില്‍ പങ്കുകൊള്ളാന്‍ ക്ഷണിക്കപ്പെട്ട്. അപ്പോള്‍ അയാള്‍ വികാരവൈവശ്യത്തില്‍പ്പെട്ട് ചടങ്ങു പൂര്‍ത്തിയാകും മുമ്പേ മടങ്ങുന്നു. ''ആശകള്‍ക്ക് കാന്തശക്തിയുണ്ട്. അയാള്‍ പരാജയബോധത്തോടെ വിചാരിച്ചു. അവളുടെ ആശയ്ക്ക് പ്രത്യേകിച്ചും. ഒന്നുകില്‍ കാന്തം ഇങ്ങോട്ട്. അല്ലെങ്കില്‍  ഇരുമ്പുകഷണം അങ്ങോട്ട്. അല്ലായിരുന്നെങ്കില്‍ ഇന്നത്തെ ദിവസം ഇവിടെയിങ്ങനെ അപരിചിതമായ  ദേശത്ത് അപരിചിതര്‍ക്കിടയില്‍ ഈ തണുപ്പിലും ഇരുട്ടിലും വെറുതെ വന്നിരിക്കുന്നതെന്തിന്?...'' സി.അയ്യപ്പന്റെ 'ഭൂതബലി'യിലും 'പ്രേതഭാഷണ'-ത്തിലും ഇതേ മട്ടില്‍ കീഴാളപ്പെണ്ണിനു മേലാളപുരുഷനോടുതോന്നുന്ന ദാഹമോഹങ്ങള്‍ കാണാം. പ്രേതഭാഷണത്തില്‍, മരിച്ചവളുടെ കല്യാണത്തിലെന്നപോലെ തന്നെ മരിച്ച ശേഷവും കുടുകൊള്ളുന്ന തീക്ഷ്ണകാമനകളുടെ സ്ഫുലിംഗങ്ങള്‍ കാണാം. 
 
'പോസ്റ്റ്മാന്റെ മകളി'ല്‍ പെണ്‍കാമനകള്‍ പ്രതിരോധപരമായാണ് നീങ്ങുന്നത്.  കോളനിയിലെ ചെക്കന്മാരെ വേണ്ടെന്നുവെച്ച് മാട്രിമോണിയല്‍ സൈറ്റില്‍ പേരു രജിസ്റ്റര്‍ ചെയ്യാന്‍ നഗരത്തിലെ ആധുനിക സ്റ്റുഡിയോവില്‍ പോയി ഫോട്ടോ എടുത്തു വെയ്ക്കുകയാണ് അഛനും മകളും. അച്ഛന്റെ മരണം തൊട്ടുപിന്നാലെയായിരുന്നു. മായികമായൊരു രാത്രിയില്‍ ചോതിയും രണ്ടു കണ്ണിലും വെവ്വേറെ നിറമുള്ള കണ്ണനും കണ്ടുമുട്ടുന്നു. അപ്പന്റെ അടക്കു കഴിഞ്ഞ് നിലാവുള്ള ആ രാത്രിയില്‍ വെള്ളവും ചെളിയും കുഴഞ്ഞമണ്ണില്‍ അവര്‍ പരസ്പരം ചേര്‍ന്നു. പാമ്പുകളെപ്പോലെ ഇരുട്ടത്തുള്ള വാഴ്‌വില്‍ അഭയംതേടിയ അവള്‍ ഇരുട്ടും വെളിച്ചവും ഒരുപോലെ കാഴ്ച്ചയാക്കിയവനിലേക്ക് സ്വപ്‌നത്തിലെന്നവണ്ണം വന്നടുക്കുകയായിരുന്നു. ഇരുട്ടില്‍ കാഴ്ച്ചയുള്ളവരുടെ വംശത്തിന്റെ പിറവിക്കായ് അവര്‍ ഒന്നുചേരേണ്ടതുണ്ടായിരുന്നു. 

കേരളത്തിന്റെ സമകാലികരാഷ്ട്രീയചരിത്രത്തിലെ കലുഷമായൊരു  സന്ദര്‍ഭത്തിന്റെ പശ്ചാത്തലത്തില്‍ ദളിത് കോളനിവാസിയായ പെണ്‍കുട്ടിയുടെ കഥ പറയുകയാണ് സിതാരയുടെ 'കറുത്തകുപ്പായക്കാരി'. പേരിലെ സൂചന പോലെ ഡി.എച്ച്.ആര്‍.എം. പ്രവര്‍ത്തകര്‍ക്കുനേരെയുള്ള പോലീസ് അത്രിക്രമങ്ങളും അഴിഞ്ഞാട്ടങ്ങളിലും തകരുന്ന കറുത്ത ജീവിതങ്ങള്‍... ഉറങ്ങുന്ന സൂര്യന്റെ നിറമുള്ളവളെന്നു സ്വയം വരയ്ക്കുന്ന പെണ്‍കുട്ടിയുടെ ആത്മാഖ്യാനമാണ് ഈ കഥ. അനുജന്റെ സുഹൃത്തും രാഷ്ട്രീയപ്രവര്‍ത്തകനുമായ രാജീവനുമായുളള  പ്രണയം അവളില്‍ പ്രതിരോധമായും രാഷ്ട്രീയോര്‍ജ്ജമായും വഴിമാറുന്നു.  

കീഴാളസ്ത്രീകാമനയെ സമര്‍ത്ഥമായ കൗശലത്തിലൂടെ വരുതിയിലാക്കി ജാതിവഞ്ചനയും പ്രൊഫഷണല്‍ അധാര്‍മികതയും ഒന്നിച്ചു നടപ്പാക്കുന്ന ഒരു സവര്‍ണപദ്ധതിയാണ്  സന്തോഷ് ഏച്ചിക്കാനത്തിന്റെ 'പന്തിഭോജന'-ത്തില്‍ കാണുന്നത്. ഭക്ഷണത്തിന്റെ ജാതിപരമായ കീഴായ്മയും കോയ്മയും പാരമ്പര്യവും ചരിത്രവും പ്രണയവുമെല്ലാം പരസ്പരം കയറിയുമിറങ്ങിയും നില്ക്കുന്ന രാഷ്ട്രീയത്തിന്റെ ഘടന ഈ കഥയിലുണ്ട്. പബ്‌ളിക് പ്രൊസിക്യൂട്ടറായ രുക്മിണിയെന്ന ദളിത് യുവതിയുടെ പ്രണയവാഞ്ഛകളുടെ ചെലവിലാണ് സവര്‍ണനും കാമുകനുമായ സതീഷ് വര്‍മയുടെ ഒത്താശയിലൂടെ കേസ് അട്ടിമറിക്കുന്നത്. കാപ്പക്കുട്ടിയെന്ന ദളിതന്‍ തന്നെ ജാതിയധിക്ഷേപം നടത്തിയതിനു ഗോപാലമേനോനെതിരെ നല്‍കിയ കേസിനെ ആണിവര്‍ അട്ടിമറിക്കുന്നത്. തന്റെ അകന്ന ബന്ധുകൂടിയായ കാപ്പക്കുട്ടിയെ കയ്യൊഴിയാനും ഗോപാലമേനോനെ രക്ഷിക്കാനും വേണ്ട കരുനീക്കങ്ങളുടെ ഭാഗമായി രുക്മിണിയും അതിലുള്‍പ്പെട്ടുപോകുകയായിരുന്നു. എന്നാല്‍ അവളറിയാത്ത കഥയിലെ പ്രധാനപ്പെട്ട കരുനീക്കം ആരാവശ്യപ്പെട്ടിട്ടാണോ ഇതെല്ലാം ചയ്യുന്നത് ആ വര്‍മ ഒരിക്കലും അവളെ വിവാഹം കഴിക്കാന്‍ പോകുന്നില്ലെന്നുളള വസ്തുതയാണ്. അതിനായി ആസൂത്രണം ചെയ്തുനടത്തുന്ന ഉച്ചഭക്ഷണവേദിയെയാണ് നവോത്ഥാനകാലത്ത് ജാതി അയിത്തങ്ങളെ മറികടക്കാന്‍ സഹോദരന്‍ അയ്യപ്പന്റെ മുന്‍കൈയില്‍ നടന്ന പന്തിഭോജനത്തിന്റെ ചരിത്രസ്മരണയെ പുനരാനയിക്കുന്നത് എന്ന വിരോധാഭാസമാണുള്ളത്! 

എച്മുക്കുട്ടിയുടെ അറപ്പിന്റെ ഏകപക്ഷം എന്ന കഥ പ്രണയത്തിന്റെ ഇരയായ, എം.ബി.ബി.എസ് പാസ്സായ വീട്ടമ്മയുടേതാണ്. കൈകള്‍ നിരന്തരം കഴുകാന്‍ തോന്നുന്ന മനശ്ശല്യത്തിനുള്ള പരിഹാരം തേടി  മനോരോഗവിദ്ഗ്ധയെ തേടി വന്നതാണവര്‍. ധനിക, ഭര്‍ത്താവ് ഡോക്ടര്‍, അതിസുന്ദരി, ഏകമകന്റെ അമ്മ. സംസാരിച്ചുവന്നപ്പോള്‍ അവസാനം ഡോക്ടര്‍ മനസിലാക്കുന്നു, അവര്‍ ആകെ ചെയ്യാനനുവദിക്കപ്പെട്ട ഒരേയൊരു വീട്ടുജോലി കക്കൂസ് കഴുകലാണെന്നും അടുക്കളയില്‍ കയറാറില്ലെന്നും. ഭര്‍ത്താവിന്റെ വിസര്‍ജ്ജനത്തിനുശേഷം ശുചീകരിച്ചുകൊടുക്കേണ്ടതിനെക്കുറിച്ചും അവര്‍ മടിച്ചുമടിച്ചു പറയുന്നു. പ്രണയവിവാഹത്തിന്റെ അടുപ്പമാകുമോന്നു തെറ്റിദ്ധരിച്ച ഡോക്ടറോട് അവര്‍ തന്റെ ജാതിസ്വത്വം വെളിപ്പെടുത്തുന്നു. തോട്ടിസമുദായക്കാരിയാണ് താനെന്ന്. ഡോക്ടര്‍ക്കുപോലും അനുതാപത്തിനു പകരം തന്റെ മേശയിലെ മുഷിഞ്ഞവിരിപ്പുകള്‍ മാറ്റാനും രോഗി കുടിച്ച ചില്ലുഗ്ലാസ് ഇനിയുപയോഗിക്കാന്‍ കഴിയാത്തവിധം നിലത്തിട്ടു തകര്‍ക്കാനുമാണ് തോന്നുന്നത് എന്നിടത്തു വെച്ച് നിസ്സഹായതയിലും നടുക്കത്തിലുമാണ് കഥ അവസാനിക്കുന്നത്. കാമനകള്‍ ബലികൊടുത്ത് സ്വത്വനാശം വിലയ്ക്കുവാങ്ങേണ്ടി വന്നവരുടെ ജീവിതമാണ് പലപ്പോഴും മേല്‍ജാതി പുരുഷനെ വിവാഹം ചെയ്ത കീഴാളസ്ത്രീകളുടേത് എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് കഥ നമ്മെക്കൊണ്ടുചെന്നെത്തിക്കുന്നത്.   
 
ദളിത് സ്ത്രീയുടെ കറുത്ത ശരീരം, എളുപ്പം ലഭ്യമാവുന്ന വിലകുറഞ്ഞ ലൈംഗികശരീരമെന്ന നിലയ്ക്കു നിരന്തരം ആക്രമിക്കപ്പെടുന്ന ഒന്നാണ്. പ്രണയം നടിച്ചുകൊണ്ടും പ്രണയത്തെ നീട്ടിക്കൊണ്ടും വിവാഹപ്രലോഭനം നടത്തിയും ചൂഷണം ചെയ്യപ്പെടുന്ന എത്രയോ അനുഭവങ്ങളാണ് കീഴാളസ്ത്രീയുടെ അനുഭലോകത്തുള്ളത്. സി.അയ്യപ്പന്റെ 'പ്രേതഭാഷണം' ആ വഞ്ചനയുടെ കഥയെ മാന്ത്രികഭാവനയുടെ പരിസരത്തുവെച്ചുകൊണ്ട് പുതുക്കിയെഴുതുകയാണ്. പ്രേതമായി മാറിയ കാമുകി കാമുകന്റെ സഹോദരിയോടു നടത്തുന്ന ഭാഷണം. അവള്‍ ആത്മഹത്യ ചെയതതെങ്ങനെയെന്നും അവളുടെ കാമുകനെ അവന്റെ അപ്പന്‍ തല്ലിക്കൊന്നുപോയതെങ്ങനെയെന്നും അവളുടെ കാലില്‍ ചങ്ങലവീണതെങ്ങനെയെന്നും ഒക്കെ വിസ്തരിച്ചു പറയുകയാണ്. ആത്മാക്കളുടെ ലോകത്തു നിന്നുകൊണ്ട്, സ്വന്തം സ്വത്വത്തിന്റെ പരമയാഥാര്‍ത്ഥ്യങ്ങള വെളിപ്പെടുത്തുകയാണവള്‍. ക്രിസ്ത്യാനിക്കെങ്ങനെയാ മൂപ്പീന്നേ പെലക്കള്ളി പെങ്ങളാവണത് എന്നുള്ള ഉത്തരം പറയേണ്ട ചോദ്യങ്ങള്‍ക്കു മുമ്പില്‍ ദൈവം മിണ്ടാതെ മൗനത്തിലാണ്! 'ദൈവത്തിന്റെ വായില്‍ പഴം' കേറിയിരിക്കുന്ന ആ സന്ദര്‍ഭം ഒരു ഉദ്ധൃതവും വിധ്വംസകവുമായ ഹാസ്യസ്തംഭമാണ്. ജാതികേരളത്തിലെ 'ഏറ്റവും വലിപ്പം കൂടിയ പ്രതിമ'  ഇത്തരം ഉത്തരമില്ലായ്മയുടെ പഴങ്ങള്‍ വായില്‍ തിരുകിയ ദൈവം തന്നെയാണ്.

സാവിത്രീ രാജീവന്റെ സഞ്ചാരിയുടെ താണുപോയ വീട് എന്ന 

സമാഹാരത്തിലെ ദളിതര്‍, മറ്റൊരുവന്റെ കാഷ്ഠം, ആത്മകഥ തുടങ്ങിയ കഥകള്‍ ദളിത് എന്ന അവസ്ഥയെ മധ്യവര്‍ഗവരേണ്യത സമീപിക്കുന്നതിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളും എഴുതുന്നു. രേഖാരാജിന്റെ ഞാറുകള്‍ പോലത്തെ കഥകള്‍ കീഴാളതന്മയുടെ വംശീയമായ ഐക്യപ്പെടലിന്റെ വികാരത്തെ സ്ഫുരിപ്പിക്കുന്നുണ്ട്. അതോടൊപ്പം അധ്വാനത്തിന്റെയും പരലോകസാന്നിധ്യങ്ങളുടയും മാന്ത്രികതകളെ റിയലിസ്റ്റിക്കായി എഴുതുകയും ചെയ്യുന്നു.   

കീഴാളസ്ത്രീപ്രധാനമായ മറ്റു ചില കഥകള്‍

മുമ്പു സൂചിപ്പിച്ച ചന്ദ്രമതിയുടെ അന്താരാഷ്ട്രവനിതാദിനം എന്ന കഥ കീഴാളസ്ത്രീയുടെ പക്ഷത്തുനിന്നും പ്രബലസ്ത്രീവാദത്തിനു നേര്‍ക്കുള്ള വിമര്‍ശനമായി കാണാം. സാറാജോസഫിന്റെ 'വിയര്‍പ്പടയാളങ്ങളു'ം 'വെളുത്ത നിര്‍മിതികളും കറുത്തകണ്ണാടികളും' ഒക്കെ കീഴാളസ്ത്രീയുടെ അതിജീവനത്തിന്റെ സംസ്‌കാരത്തെ വരച്ചിടുന്നു. 'തായ്കുലം', 'ശൂര്‍പ്പണഖ' പോലുള്ള കഥകള്‍ കീഴാളസ്ത്രീപക്ഷത്തുനിന്നുകൊണ്ടുള്ള ഇതിഹാസവിമര്‍ശനങ്ങളായി കാണാം. ബ്രഹദാഖ്യാനങ്ങള്‍ക്കുമേല്‍ സൃഷ്ടിച്ചെടുക്കുന്ന പ്രാദേശികവും അരികുനിര്‍മിതവുമായ പ്രതിരോധങ്ങളായവയെ വായിച്ചെടുക്കാം.

തൊട്ടപ്പനിലും ഭ്രൂണത്തിലുമെല്ലാം കീഴാളതയിലെ പെണ്‍ജീവിതങ്ങളുടെ പിടച്ചിലും അതിജീവനവുമൊക്കെ കാണാം. എങ്കിലും നിശിതമായ അര്‍ത്ഥത്തില്‍ അവയുടെ സ്വത്വഘടന കീഴാളജാതിയുടേതല്ല എന്നും പറയേണ്ടതുണ്ട് എന്നതിനാല്‍ ആ വര്‍ഗീകരണത്തിനകത്തു പെടുന്നില്ല. എങ്കിലും ഒരു അന്തരീക്ഷമെന്ന നിലയിലും ജീവിതചര്യകളെന്ന നിലയിലും ഈ കഥകളില്‍ കീഴാളത നിറഞ്ഞു നില്‍ക്കുന്നുണ്ട്. നിഷ്‌കാസിതമായ, വിഭവദാരിദ്ര്യമുള്ള, ചൂഷണത്തിനും വിവേചനത്തിനും വിധേയമായ പെണ്‍ജീവിതത്തിന്റെ അടയാളങ്ങള്‍ എന്ന നിലയ്ക്ക് അവയെ വിശാലവും സാമാന്യവുമായ അര്‍ത്ഥത്തില്‍ കീഴാളപദവിയിലേക്ക് ചേര്‍ത്തുനിര്‍ത്താവുന്നവയാണ്. കീഴാളരല്ലാത്തവര്‍ കീഴാളതയെ ആഖ്യാനം ചെയ്യുന്നതിലെ പ്രശ്‌നം പ്രതിനിധാനത്തിന്റെ സങ്കീര്‍ണതകളെയാണ് വെളിപ്പെടുത്തുന്നത്.  കീഴാളകര്‍തൃത്വത്തിന് ആഖ്യാനത്തിന്റെ ആധികാരികതയുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോള്‍ പ്രാധാന്യമുണ്ട്. കീഴാളര്‍ എഴുതുന്നു, പറയുന്നു എന്ന സംഗതി പ്രധാനമാകുന്നത് അതുകൊണ്ടാണ്. സവര്‍ണമാത്രമായിരുന്ന എഴുത്തധികാരത്തിന്റെ സാംസ്‌കാരികമൂലധനത്തില്‍ അവകാശപ്പെട്ട പങ്കു കൈപ്പറ്റുകയാണ് കീഴാള എഴുത്തുകാര്‍. കീഴാളധാര്‍മികതയുടെ രാഷ്ട്രീയത്തെ ഉന്നയിക്കുന്ന ഏതൊരു രചനയെയും കീഴാളമെന്ന വിശേഷണം അര്‍ഹിക്കുമെങ്കിലും കൂടുതല്‍ വിശാലവും സൂക്ഷ്മവുമായി ഈ പ്രശ്‌നത്തെ നാം മനസ്സിലാക്കേണ്ടതുണ്ട്.


കുറിപ്പുകള്‍
1. ഒ.ബി.സി, മുസ്ലിം വിഭാഗങ്ങളെ കൂടി ചേര്‍ത്തുകൊണ്ട് ബഹുജനപഠനകേന്ദ്രം എന്ന നിലയ്ക്ക് അതിനെ സങ്കല്പിക്കേണ്ടതുണ്ടെന്നാണ് ഡോ.എം.ബി.മനോജിനെയും ഡോ.ഉമര്‍ തറമേലിനെയും പോലെയുള്ളവര്‍ പറഞ്ഞത്. എന്നാല്‍ മായാവതിയും മറ്റും മുന്നോട്ടുവെച്ച ബഹുജന്‍ രാഷ്ട്രീയകക്ഷിയുടെ പേരിനെ അത്  അനുസ്മരിപ്പിക്കുമെന്നതിനാല്‍  ആശാസ്യമല്ല എന്ന വാദമാണ് കെ.കെ.കൊച്ചും മറ്റും പറഞ്ഞത്. അതേത്തുടര്‍ന്ന പുതുസമൂഹപഠനകേന്ദ്രം എന്ന നാമത്തെ ഡോ.പി.പവിത്രന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്നു നടന്ന സംവാദത്തില്‍ നവസമൂഹപഠനകേന്ദ്രം എന്ന പേരാണ് ഉറപ്പിക്കപ്പെട്ടത്. ഡോ.ദിലീപ് രാജും സണ്ണി കപിക്കാടുമാണ് ആ വാക്കു നിര്‍ദ്ദേശിച്ചത്.

അവലംബം:

1. വായനശാലാവിപ്ലവം, യമ, ഡി.സി. ബുക്‌സ്, കോട്ടയം, 2018
2. കെ.ആര്‍.മീരയുടെ കഥകള്‍, കെ.ആര്‍. മീര, കറന്റ് ബുക്‌സ്, തൃശ്ശൂര്‍, 2010
3. സാറാജോസഫിന്റെ സമ്പൂര്‍ണകഥകള്‍, സാറാജോസഫ്, കറന്റ് ബുക്‌സ്, തൃശ്ശൂര്‍, 2010
4. ഞാറുകള്‍, എ.ആര്‍. രേണുകുമാര്‍ (എഡി.) , നാഷനല്‍ ബുക്ക് സ്റ്റാള്‍, കോട്ടയം, 2014
5. കറുത്ത കുപ്പായക്കാരി, സിതാര.എസ്. ഡി.സി.ബുക്‌സ്, കോട്ടയം, 2010
6. വഴുക്കല്‍, എം.ആര്‍.രേണുകുമാര്‍(എഡി.) ഡി.സി.ബുക്‌സ്, 2015


   ( കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 2021 ജനുവരിയിൽ പ്രസിദ്ധീകരിച്ച കഥയുടെ പുതുനൂറ്റാണ്ട് - സമകാലചെറുകഥയുടെ വർത്തമാനം- സമ്പാദനം, പഠനം-ഡോ.ഉണ്ണി ആമപ്പാറയ്ക്കൽ എന്ന കൃതിയിൽ ഉൾപ്പെട്ട ലേഖനം)


Monday, March 26, 2018

മരമറിയാതെ കൊഴിഞ്ഞ ഇലകള്‍ (എം.സുകുമാരന്റെ സ്ത്രീകള്‍ക്കൊരാമുഖം)



എം. സുകുമാരന്റെ മരണാനന്തരം എഴുതപ്പെടുന്ന ഈ കുറിപ്പ് അദ്ദേഹത്തിന്റെ എഴുത്തിലെ പൊതുപ്രത്യയശാസ്ത്രത്തോടു സവിശേഷമായി ഇടപെടുന്ന ഒന്നല്ല; തീര്‍ച്ചയായും അദ്ദേഹത്തിന്റെ രചനകള്‍ ഏറ്റവും തീക്ഷ്ണമായ, സമകാലികരാഷ്ട്രീയവായന അര്‍ഹിക്കുന്നുണ്ടെങ്കിലും.  ഏതെങ്കിലും ഒറ്റപ്പെട്ട ന•-മരങ്ങള്‍ കടപുഴകുമ്പോള്‍ പൊതുസമ്മതമായ ഒരു കുറ്റബോധമനസ്സായി നാം പെട്ടന്നുണരാറുണ്ട്. മലയാളി 'പുരോഗമന'ലോകം എത്രയും പെട്ടന്ന് അതുമായി ഐക്യപ്പെടാറുമുണ്ട്. എഴുത്തുകാരന്റെ നില്‍പ്പിടങ്ങളും നിലപാടുതറകളുമായി അവ ചരമക്കുറിപ്പുകളില്‍ ഇടം പിടിക്കാറുമുണ്ട്. രാഷ്ട്രീയസര്‍ഗാത്മകതയുടെ സൂക്ഷ്മലോകങ്ങളെ അടയാളപ്പെടുത്തിയവരില്‍ സുപ്രധാനി എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ ആദ്യകാലകഥകളെ മുന്‍നിര്‍ത്തി ചില ആലോചനകള്‍ നടത്തുകയാണിവിടെ. അധികാരത്തിന്റെ ഇരുണ്ട ബലിഷ്ഠതയ്ക്കു കീഴില്‍ അമര്‍ന്നുപോകുന്ന മനുഷ്യനുവേണ്ടി, അല്ല, മനുഷ്യരാശിയ്ക്കുവേണ്ടിത്തന്നെ എന്ന കല്പന ആ കഥകള്‍ ആവോളം പേറിയിട്ടുണ്ട്. എഴുതാതിരുന്ന കാലത്തും അധികാരനിര്‍മുക്തമായ ലോകത്തെക്കുറിച്ചുള്ള പ്രകാശഭാവനകള്‍ ഉണര്‍ന്നു തന്നെയിരുന്നു. മറ്റൊരര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ മൗനവും എഴുത്തുതന്നെയായി തുടര്‍ന്നു. 

വലതുപക്ഷവും ഇടതുപക്ഷവും തമ്മിലുള്ള ആശയസംഘര്‍ഷങ്ങള്‍ക്ക് ഏറെ വളക്കൂറുള്ള ഒന്നാണ് മലയാളസാഹിത്യരംഗം. ആധുനികതാവാദഘട്ടത്തില്‍  സാമ്പ്രദായിക ഇടതും തീവ്രഇടതുമായുള്ള സംവാദങ്ങളുടെ സാധ്യതകള്‍ എഴുത്തുകാര്‍ തേടി. അധികാരത്തിന്റെ വിമര്‍ശനാത്മകമണ്ഡലങ്ങള്‍ തന്നെ സ്വയം പ്രഖ്യാപിതമായ കോയ്മകളായി മാറുന്നതിന്റെ യുക്തിയെ അത്തരം സംവാദങ്ങള്‍ തുറന്നുകാട്ടി. ചരിത്രത്തിന്റെ ആത്മവഞ്ചനകളെ ഹിംസയായിത്തന്നെ തുറന്നെഴുതാന്‍ സുകുമാരനു കഴിഞ്ഞു. കുഞ്ഞയ്യപ്പന്റെ ആത്മഹത്യപോലും ചോരചിതറിത്തെറിക്കുന്ന ഒരു അരുംകൊലയാകുന്നതങ്ങനെയാണ്. ജാതിയുടെ സൂക്ഷ്മമണ്ഡലത്തെ, ഇടതുവിമോചനം എന്ന ബലിഷ്ഠതയ്ക്കു നേരെ അഭിമുഖമായിപ്പിടിച്ചുകൊണ്ട് അതദ്ദേഹം വരച്ചുകാട്ടി. മലയാളത്തിലെ ആധുനികതാവാദവുമായുള്ളഅദ്ദേഹത്തിന്റെ കണക്കുതീര്‍ക്കലുകളില്‍ സുപ്രധാനമാണ് ഈ അഭിമുഖീകരണം. തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍, നാലാംയാമം, വെള്ളെഴുത്ത്, ജലജീവികളുടെ രോദനം, സംഘഗാനം, ചരിത്രഗാഥ തുടങ്ങിയ അനേകം കഥകളില്‍ അതു വകയിരുത്തപ്പെടുന്നു. 

രാഷ്ട്രീയാധുനികത

മലയാളത്തിലെ രാഷ്ട്രീയാധുനികതയെ രൂപപ്പെടുത്തിയവരില്‍ പ്രധാനികളായ എം. സുകമാരന്‍, പട്ടത്തുവിള കരുണാകരന്‍, യു. പി. ജയരാജ്, പി. കെ. നാണു, സച്ചിദാനന്ദന്‍, കെ.ജി.എസ് തുടങ്ങിയവരെല്ലാം ചേര്‍ന്നു സൃഷ്ടിച്ച ബദല്‍ഭാവുകത്വം ഏകമാന സ്വഭാവമുള്ളതല്ല എന്ന് ഇന്നു നാം തിരിച്ചറിയുന്നുണ്ട്. ആഖ്യാനപരവും ഗണപരവുമായി അവര്‍ തങ്ങളുടെ എഴുത്തില്‍ പെരുമാറിയതിന്റെ തരഭേദങ്ങള്‍ക്കനുസരിച്ച് തങ്ങളുടെ ലാവണ്യ രാഷ്ട്രീയവും ഭിന്നമായിരുന്നു. പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ വ്യവസ്ഥാപിതത്വങ്ങളില്‍ നിന്നും അവര്‍ സൃഷ്ടിച്ചെടുത്ത രാഷ്ട്രീയദൂരം സൗന്ദര്യശാസ്ത്രപരം കൂടിയാണ്. യാഥാര്‍ത്ഥ്യത്തെ കുറിച്ചുള്ള സൂക്ഷ്മമായ പ്രജ്ഞയെ പുനര്‍നിര്‍മിക്കാനുള്ള കഠിനപ്രയത്‌നം തന്നെയായിരുന്നു, അവയെല്ലാം തന്നെ. പൊതുവായൊരു മാറ്റത്തിന്റെ പരിഗണന ഉള്ളടങ്ങിയ കരുനീക്കങ്ങള്‍. കമ്യൂണിസത്തിനു ലോകവ്യാപകമായിത്തന്നെ സംഭവിച്ച മാറ്റങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള 'സമ്പൂര്‍ണ'മായ ജനാധിപത്യത്തെ കുറിച്ചുള്ള സ്വപ്‌നങ്ങളിലധിഷ്ഠിതമായിരുന്നു അവയുടെ പ്രമേയം. ഉപരിതലങ്ങളിലെ പകല്‍വെളിച്ചത്തിന്റെ പരപ്പുകളില്‍ നിന്നും അടിത്തട്ടുകളിലേക്ക് സൂക്ഷ്മസഞ്ചാരം നടത്താനിറങ്ങിപ്പുറപ്പെട്ട ആ സൂക്ഷ്മരശ്മികളെ നാം ഇനിയും പിന്തുടരേണ്ടിയിരിക്കുന്നു. അവ എത്തിച്ചേര്‍ന്നിട്ടില്ലാത്ത ഇടങ്ങളില്‍ നിന്നും അന്വേഷിച്ചലയുന്ന ദൂതുകള്‍, വഴികാട്ടികള്‍ എപ്പോഴേ പുറപ്പെട്ടു കഴിഞ്ഞിരിക്കണം!

മനുഷ്യാവസ്ഥയ്ക്കുമേല്‍ പതിയുന്ന അധികാരത്തിന്റെ കൈകളോടു വിയോജിക്കുമ്പോഴും വിമോചനത്തിന്റെ മുന്നണി/രക്ഷാകര്‍തൃത്വം അതുമായി തങ്ങളുടെ (മുന്‍)കൈ കൊരുത്തതിന്റെ ചരിത്രം കേരളത്തിന്റെ നവോത്ഥാനചരിത്രത്തിനുണ്ട്. വിപ്ലവത്തിലേക്കുള്ള വഴിത്താരയില്‍ അനുയാത്രകള്‍ പലപ്പോഴും സ്വഛന്ദമല്ല, സ്വേഛാപരവുമല്ല. ഏറ്റെടുക്കപ്പെട്ടവതന്നെയാണ്. മുന്നണികള്‍ വാഴ്ത്തപ്പെട്ടവയും. സ്വാഭാവികമായും അനുയാത്രികരുടെ ഏജന്‍സി എല്ലായ്‌പ്പോഴും നേതൃത്വത്തിന്റെ ഈട്ടമായി വന്നു ഭവിക്കുന്നു.  അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കു വിളിച്ചവരുടേതായി ചരിത്രം കുത്തനെ കൂര്‍ത്തു വാര്‍ക്കപ്പെടുന്നതങ്ങനെയാണ്. സാമൂഹിക ചരിത്രത്തിനകത്തെ സ്ത്രീയിടങ്ങളേറെയും പുതിയ ചൂട്ടുകറ്റകള്‍ കത്തിച്ച് നാം പ്രകാശിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു. 

ആധുനികതയിലെ സ്ത്രീ
സാംസ്‌കാരികമായി ആധുനികതാവാദത്തിനകത്തു ചിരമുദ്രിതമായ സ്‌ത്രൈണമാനങ്ങളെയും  അവയുടെ സ്വപ്രമാണികതയെയും മൂല്യാനുസാരിത്വത്തെയും  മുന്‍നിര്‍ത്തി തിരിച്ചറിയേണ്ടതായുണ്ട്. 
ഇനിയെങ്കിലും തുടങ്ങേണ്ടിയിരിക്കുന്ന ആലോചനയുടെ ഈ മുനമ്പ് ഏറെകുറെ വിജനമാണ്. കഥാപാത്രനിഷ്ഠമായ ചില പഠനങ്ങളും പ്രമേയവിശകലനങ്ങളും മാത്രമാണ് ഈ വഴിക്ക് നടന്ന അന്വേഷണങ്ങള്‍. പ്രസ്ഥാനപരമായി ആധുനികതാവാദം മുന്നോട്ടുവെച്ച രാഷ്ട്രീയസമസ്യകള്‍ക്ക് സ്ത്രീകേന്ദ്രിതമായ അനുഭവലോകങ്ങളെ ഉന്നയിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന ചോദ്യം പ്രസക്തമാകുന്നതങ്ങനെയാണ്. സ്വന്തം ക്ലാസുമുറിയും കൂട്ടുകാരും പ്രണയിയും വീടും അയല്‍പ്പക്കങ്ങളും തിരിച്ചറിയാത്ത മുകുന്ദന്റെ രാധ('രാധ രാധ മാത്രം' ) ആധുനികതയ്ക്കുള്ളിലെ മുഴുവന്‍ സ്ത്രീയാണോ? തിരിച്ചറിയപ്പെടാത്തവളുടെ പര്യായം?

മുകുന്ദനിലെ കുഴമറികള്‍ കൂടുതല്‍ ഫലിച്ചത് ആനന്ദിലാണോ എന്നു സംശയം തോന്നാം. അകം പുറം കാണുന്ന ചില്ലിനപ്പുറത്തും ഇപ്പുറത്തും ആനന്ദിന്റെ ആണ്‍പെണ്‍ലോകം പെരുമാറുന്നു.(ആള്‍ക്കൂട്ടം) പരസ്പരം കാണുന്നു, എന്നാല്‍ കേള്‍ക്കുന്നില്ല. പരസ്പരം അറിയാതെ ഏതോ കൃത്രിമമായ ഭാഷകൊണ്ട് ഒരിക്കലും പണിതു തീരാതെ ഒരു ഗോപുരം പണിയുകയാണ്. മനുഷ്യാവസ്ഥയുടെ അടിസ്ഥാനത്തെ അതു പൊതുവാക്കി കെട്ടിപ്പൊക്കിക്കൊണ്ടേയിരിക്കുന്നു. പൊതുവാകും തോറും അതാവട്ടെ, ചൂടാവും തോറും പിരിഞ്ഞുപോകുന്ന പാലായി. പെണ്ണിന്റെ ഉണ്മയെ അത് എപ്പോഴും പിരിച്ചുകൊണ്ടിരുന്നു. അവള്‍ക്ക് ഈ പൊതുവഴിയില്‍ വഴിയിടറിക്കൊണ്ടേയിരുന്നു. സമഗ്രതയുടെ കാഴ്ചകള്‍ വിപുലവും ബലിഷ്ഠവുമാകുമ്പോള്‍ സ്വത്വമുദ്രയുടെ ആഖ്യാനം എളുപ്പമല്ല. വന്‍കാട്ടിലെ ചെറുമരങ്ങള്‍ക്കും വള്ളിച്ചെടികള്‍ക്കും ആരും തടം കോരി നനയ്ക്കാറില്ല. 

ചരിത്രപരമായ പാപം
എന്നാല്‍ എം സുകുമാരന്റെ ആദ്യകാല കഥകളിലേക്കു വരുമ്പോള്‍ നാം കാണുന്നത് പെണ്മയിലേയ്ക്കുള്ള അപരിചിതമായ ഒരു വഴിത്താരയാണ്. രാഷ്ട്രീയകഥകള്‍ എന്നു പേരെടുത്ത തന്റെ പ്രശസ്ത ആഖ്യാനങ്ങള്‍ക്കും വളരെ മുമ്പെഴുതിയ ഈ കഥകള്‍ ആധുനികതാവാദസാഹിത്യത്തില്‍ തന്നെ വേറിട്ടൊരു പരിച്ഛേദമാകുന്നുണ്ട്. ഒരു തരം റിയലിസ്റ്റ് കാല്‍പ്പനികതയുടെ ആവരണത്തില്‍ പൊതിഞ്ഞ ആഖ്യാനശൈലി അദ്ദേഹത്തിന്റെ കഥകളിലേക്ക് വന്നു ചേരുന്ന ഘട്ടമാണിത്. ഏകാകികളും പരിത്യക്തരുമായ മനുഷ്യരുടെ ഒറ്റപ്പെട്ട വേദനകള്‍ക്കപ്പുറം അവയ്ക്കു പിന്നിലെ സാമൂഹികപ്രേരണകളെക്കൂടി ധ്വനിപ്പിച്ചു കാട്ടുന്ന ഒരിടം ആ കഥകളിലുണ്ട്. വേപ്പിന്‍പഴങ്ങള്‍, മനക്കണക്ക്, ലെവല്‍ക്രോസ്, രഥോത്സവം, തിത്തുണ്ണി, നക്ഷത്രരശ്മി, ആവരണം, പിതൃതര്‍പ്പണം, ഇനിയുറക്കം, പതിര് തുടങ്ങിയ അനേകം കഥകളിലെ സ്ത്രീലോകം എം സുകുമാരന്‍ എന്ന കഥാകാരന്റെ രാഷ്ട്രീയോ•ുഖത്വത്തെ സവിശേഷമായി നിര്‍വചിക്കുന്നവ കൂടിയാണ്. 

ഈ കഥകളെ സ്ത്രീപക്ഷപരമെന്നോ ലിംഗാധികാരത്തെ തിരിച്ചറിയുന്നവയെന്നോ വിശേഷിപ്പിക്കുന്നതിനു മുമ്പുതന്നെ എം. സുകുമാരന്റെ കൊണ്ടാടപ്പെട്ട രാഷ്ട്രീയകഥകള്‍ക്കു വെളിയിലായി ഇവ സ്ഥാനം നേടുന്നതെങ്ങനെ എന്നന്വേഷിക്കേണ്ടതുണ്ട് എന്നു തോന്നുന്നു. അല്ലെങ്കില്‍ ആദ്യകാലകഥകളുടെ കൂടുതല്‍ ആന്തരികപ്രമേയങ്ങളിലൂന്നിയ പൊതുഭാവുകത്വത്തെ പ്രതിനിധാനം ചെയ്യുന്ന കഥകള്‍ മാത്രമായവ കാണേണ്ടതുണ്ടോ? പില്‍ക്കാലത്തെ പ്രത്യയശാസ്ത്രകഥനങ്ങളില്‍ (പിതൃതര്‍പ്പണത്തിലെ ചില ചെറിയ അംശങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍) നിന്നും സ്ത്രീപ്രശ്‌നം പാടെ തമസ്‌കരിക്കപ്പെട്ടുപോയതെന്തുകൊണ്ടാണ്?  ഈ  ചോദ്യങ്ങള്‍ എം. സുകുമാരന്‍ മാത്രം നേരിടേണ്ടവയല്ല തന്നെ. 

ലിംഗാധികാരത്തിനെതിരായ രാഷ്ട്രീയബോധങ്ങളെ വലിയ ചെറുത്തുനില്‍പ്പുകളിലേക്ക് കണ്ണിചേര്‍ക്കാന്‍ പാകത്തില്‍ സംവേദനസൂക്ഷമമാകാതെ പോകുന്നത് മലയാളഭാവുകത്വത്തിന്റെ  തന്നെ ചരിത്രപരമായ പാപഭാരമായി എണ്ണേണ്ടിവരും. നവോത്ഥാന കഥാകൃത്തുകളില്‍ ഊര്‍ജ്ജസ്വലനായ രാഷ്ട്രീയപുരുഷനു ചേര്‍ന്ന വിധത്തിലുള്ള ഒരു സ്ത്രീയെ ഉണര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ കണ്ടെടുക്കാന്‍ കഴിയും. ചെറുകാടും തകഴിയും മറ്റും ഉദാഹരണം. അവിടെയെല്ലാം ആനന്ദത്തിന്റെയും സ്വത്വകാമനയുടെയും ത്യാഗങ്ങളിലൂടെയാണ് സ്ത്രീയെ ഒരു ആദര്‍ശമാതൃകയായി പരുവപ്പെടുത്തുന്നത്. രാഷ്ട്രീയത്തിന്റെയും വിപ്ലവത്തിന്റെയും വലിയ ലോകങ്ങളില്‍ അതിന്റെ അനുയാത്രികരോ പിന്തുണക്കാരോ ആയി സ്ത്രീകള്‍ മാറുന്ന പ്രവണതയില്‍നിന്നുള്ള വലിയ വിഛേദങ്ങള്‍ പിന്നീടു സംഭവിക്കുന്നതുമില്ല. 

ജീവിതത്തിന്റെ ദൈനംദിനദുരിതങ്ങളില്‍ താന്‍ തനിച്ചാക്കിപ്പോകുന്ന പ്രണയിനിയായും (ചില സസ്തനജീവികള്‍) പഴയ പ്രണയകാലത്തെ വളയിട്ടുകൊടുക്കല്‍ സ്മരണ ഓര്‍മിപ്പിക്കുന്ന മധ്യവയസ്‌കയായ കാമുകിയായും (തെയ്യങ്ങള്‍) അവള്‍ യു.പി. ജയരാജിന്റെ കഥകളിലുണ്ട്. പട്ടത്തുവിളയില്‍ ചിലപ്പോഴെല്ലാം ഈ വിപരീതലോകങ്ങളെ കൃത്യം ദ്വന്ദങ്ങളുടെ അതിരുകളിലേക്ക് തള്ളിനീക്കി നിര്‍ത്തുന്നുണ്ട്.(ഡിംപിള്‍ സ്‌കോച്ച്, അല്ലോപനിഷത്ത്). അല്ലോപനിഷത്തില്‍ മാര്‍ക്‌സിസവും വേദാന്തവും തമ്മിലുള്ള സംവാദലീലകളിലൂടെ കുസൃതിക്കാരിയായ പെണ്ണ്, ചേച്ചിയുടെ ഭര്‍ത്താവിനെ 'ഇളക്കുക'യും അലട്ടുകയുമാണ്. അയാള്‍ ലെനിനെ വിവരിക്കുമ്പോള്‍ അവള്‍ വായിക്കുന്നു: ''ആത്മാവിനു ലിംഗഭേദമില്ല, ശരീരത്തിനു ലിംഗഭേദമുണ്ട്. വേദങ്ങളില്‍ 'അവന്‍' എന്നല്ല 'അത്'എന്നത്രെ പ്രയോഗിച്ചിട്ടുള്ളത്. അവന്‍ എന്നായാല്‍ ഈശ്വരന്‍ പുരുഷനാണെന്നു തോന്നും. നിര്‍ഗുണമായ 'അത്' ആണുദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഈ ചിന്താസംഹിതയാണ് അദ്വൈതം.'' വിപ്ലവത്തിന്റെ ഉദ്‌ഘോഷണങ്ങളെ കൃത്രിമമായ കൊഞ്ചലും കളിയാക്കലുകളും കൊണ്ട് കുത്തിപ്പൊട്ടിക്കാനുള്ള ശ്രമങ്ങള്‍ പെണ്‍കുട്ടി തുടരുകയാണ്. അണപൊട്ടിയ പ്രവാഹം പോലെ ഒഴുകുന്ന വിപ്ലവപ്പടയെ അയാള്‍ വര്‍ണിക്കുമ്പോള്‍ അവള്‍ കുളി കഴിഞ്ഞ് അര്‍ധനഗ്നയായി വന്നു മുന്നിലിരുന്നു പറയുന്നു: ഇപ്പം ഏടത്തി വന്നു കണ്ടാല്‍ പറയും, '' ഓ വിപ്ലവകാരിക്കു കന്യക അര്‍ച്ചന നടത്തുന്നു! പോടീ അവ്ട്ന്ന്!''

എം.സുകുമാരന്റെ പെണ്ണുങ്ങള്‍
പട്ടത്തുവിളയുടെ പോലെ ചടുലവും കൃത്യവുമായ ഒരു അഭിമുഖീകരണം എം. സുകുമാരന്‍ തന്റെ കഥാലോകത്ത് നേരിട്ടു നടത്തുന്നില്ല. എങ്കിലും പിതൃതര്‍പ്പണത്തിലെ വിപ്ലവകാരിയുടെ മകള്‍ സ്വയം ആഖ്യാനകേന്ദ്രമായി നിന്നു കൊണ്ട് ഒട്ടു നാടകീയ തീവ്രതയോടെ അച്ഛനോടു പറയുന്നതിങ്ങനെ: അച്ഛാ, ഒരടുക്കളയിലും കിടപ്പുമുറിയിലുമൊക്കെ ഒതുങ്ങേണ്ട ജീവിതം തന്നെയല്ലേ എന്റേത്. ഈ പെണ്‍ജ•-ത്തിനു വലിയ വില കല്‍പ്പിച്ചുകൂടച്ഛാ''. സമയം കിട്ടുമ്പോള്‍ ഷെല്‍ഫിലുള്ള പുസ്തകങ്ങള്‍ ഒന്നു വായിക്കാന്‍ ശ്രമിക്കണമെന്ന് അച്ഛന്‍ പറഞ്ഞതിനോടുള്ള പ്രതികരണമായിരുന്നു അത്. അച്ഛന്റെ ജീവിതക്രമങ്ങളുടെയും പ്രത്യയശാസ്ത്രവിശ്വാസങ്ങളുടെയും വെറും സാക്ഷി എന്ന നിലയില്‍ നിന്നും മാറി സ്വന്തം ജീവിതത്തെ കുറിച്ചുള്ള രാഷ്ട്രീയബോധ്യമോ തിരുത്തല്‍ബോധമോ എന്നുറപ്പില്ലാത്തതാണ് ഈ പറച്ചില്‍. സാക്ഷിക്കണ്ണുകളില്‍ അമ്മയുടെയും അച്ഛന്റെയും ലോകങ്ങളെ അവള്‍ കൃത്യമായി അളന്നു വേര്‍തിരിച്ചിട്ടിട്ടുണ്ട്. തുണിയലക്കുകയും അച്ചാറുണ്ടാക്കുകയും പള്ളിയില്‍ പോവുകയും മകനു കാല്‍വരിക്കുന്നിന്റെയും വെളളിക്കാശിന്റെയും കഥകള്‍ പറഞ്ഞുകൊടുത്തു വിശ്വാസിയായി തുടരുകയും ചെയ്യുന്ന അമ്മ. വിപ്ലവകാരിയുടെ തീവ്രസന്ദേഹങ്ങളും വിഷാദഗൗരവങ്ങളും ഇപ്പോഴും ചുമന്നു നടക്കുന്ന അച്ഛന്‍. 
രക്തസാക്ഷിയുടെ പെങ്ങള്‍ എന്നച്ഛന്‍ അമ്മയെ വിശേഷിപ്പിക്കാറുള്ളതിനെ കുറിച്ച് മകള്‍ എടുത്തുപറയുന്നു. ഒരിക്കല്‍ മക്കളുടെ മുന്നില്‍ വെച്ച് അച്ഛന്‍ അമ്മയെ കളിയാക്കിയതും: '' ഒരു ധീരരക്തസാക്ഷിയുടെ രാഷ്ട്രീയം തൊട്ടുതീണ്ടിയിട്ടില്ലാത്ത വിശുദ്ധപെങ്ങള്‍''. വിപ്ലവത്തിന്റെ മണ്ഡലത്തിലെ സ്ത്രീകര്‍തൃത്വത്തില്‍ സന്ദിഗ്ധമായി ഇടപെടുന്ന കഥയുടെ വിചാരധാര ഒരു പെണ്‍കുട്ടിയിലാണ് കേന്ദ്രീകരിച്ചത്. 
വിപ്ലവകാരിയുടെ പിന്‍തലമുറക്കാരിയായ സ്‌കൂള്‍വിദ്യാര്‍ത്ഥിനിയുടെ സാക്ഷിനില ചരിത്രത്തെയും രാഷ്ട്രീയത്തെയും സാമൂഹ്യാവസ്ഥകളെയും വ്യക്തിസംഘര്‍ഷങ്ങളെയുമെല്ലാം തന്നെ വ്യക്തിപരമായ നിര്‍ലേപതയോടെ വിവരിക്കുകയായിരുന്നില്ല എന്നതാണ് കഥയുടെ ഒടുക്കം നമ്മോടു പറയുന്നത്. അച്ഛന്റെ ആത്മഹത്യയേക്കാള്‍ അച്ഛനെ നഷ്ടപ്പെടലിനേക്കാള്‍ മകളെ തളര്‍ത്തിയത് തൂങ്ങിമരിക്കുമ്പോള്‍ തലയില്‍ മുഷിഞ്ഞ ഗാന്ധിത്തൊപ്പി ധരിച്ചിരുന്നു അച്ഛനെന്ന് മറ്റുള്ളവര്‍ പരിഹസിക്കുന്നതാണ്. അതോര്‍ത്താണവള്‍ തളര്‍ന്നു വീഴുന്നത്. പ്രത്യയശാസ്ത്രങ്ങളിലുള്ള വിശ്വാസത്തിന്റെ വൈകാരികതയോ അച്ഛന്റെ പ്രതിഛായാഭീതിയോ എന്നുറപ്പിക്കാനാവാതെ സന്ദിഗ്ധമാണ് ഇവിടെയും മകള്‍നില. 

സ്‌ത്രൈണതയുടെ സ്വേച്ഛാനിലകള്‍

വേപ്പിന്‍പഴങ്ങള്‍, മനക്കണക്ക് മുതലായ ആദ്യകാലകഥകളുടെ പ്രമേയഘടന തികച്ചും വൈയക്തികതലത്തിലുള്ളവയാണ്. എങ്കൈിലും അവ സ്ത്രീയുടെ സ്വേച്ഛാനിലകളെ വിഭാവനചെയ്യുന്നത് സ്വതന്ത്രമായാണ്. സച്ചിദാനന്ദന്‍ സൂചിപ്പിക്കുന്നതുപോലെ ഈ കഥകളിലെ മനുഷ്യരനുഭവിക്കുന്ന വ്യഥകള്‍ 'ഞാനാരാണ്'?  എന്ന ലക്ഷണാനുസാരിയായ സ്വത്വാന്വേഷണമോ ജീവിതത്തിന്റെ നിരര്‍ത്ഥകതയോ അല്ല. ജീവിതാവസ്ഥയെ മൂര്‍ത്തവും ഭൗതികവുമായിത്തന്നെ തിരിച്ചറിഞ്ഞ് ഉഴലുന്നവരാണവര്‍. വേപ്പിന്‍പഴങ്ങളിലെ ഊമയായ യുവതിയുടെ ദാരിദ്ര്യമാണവളെ അമ്പതുവയസ്സുകാരനായ പൂജാരിയുടെ ഇംഗിതത്തിനു വഴിപ്പെടാന്‍ പ്രേരിപ്പിക്കുന്നത്. അമ്പതുവയസ്സുള്ള ജഡം എന്നാണവള്‍ അയാളെ വിശേഷിപ്പിക്കുന്നത്. '' പൂജാരി നിത്യവും നിവേദ്യച്ചോറു തരുന്നു. പകരം മച്ചിന്‍ മുകളിലേക്കു നാളികേരമെടുക്കാന്‍ കയറുന്നു. ആ ഇരുട്ടില്‍ വെച്ച് അമ്പതുവയസ്സായ പൂജാരിയെ സുഖിപ്പിക്കുന്നു. പൂജാരിയല്ല, ജഡം-നാലു കുട്ടികളുള്ള തന്തയായ ജഡത്തിനെ''.  ഒടുവില്‍ രണ്ടു കുട്ടികളുടെ അച്ഛനായ മായച്ചന്റെ പുതിയ വധുവായി പോകും മുമ്പ് അവസാനമായി അവള്‍ക്ക് 'ജഡ'ത്തിനെ സുഖിപ്പിക്കേണ്ടിവരുന്നു. ''എന്നെ മറക്കമുടിയുമാ?'' എന്ന ചോദ്യം ഉള്ളില്‍ മുഴങ്ങിയപ്പോള്‍ അവള്‍ കാര്‍ക്കിച്ചുതുപ്പി. കുളത്തില്‍ മുങ്ങി ദേഹശുദ്ധി വരുത്തി. മുകളില്‍ വേപ്പുമരത്തില്‍ കാക്കകളുടെ കലപില. അത്ഭുതത്തോടെ ഓര്‍ത്തു: ''കയ്പുള്ള വേപ്പിന്‍പഴങ്ങള്‍ തിന്നാന്‍ കാക്കകള്‍ ഇഷ്ടപ്പെടുന്നതെന്തുകൊണ്ടാണ്?''

'മനക്കണക്കി'ലെ പെണ്‍കുട്ടിയുടെ അരക്ഷിതാവസ്ഥയ്ക്കു നേരെയാണ് ഇരപിടിയ്ക്കാന്‍ ചേച്ചിയുടെ ഭര്‍ത്താവ് ചാടിവീഴുന്നത്. ദാരിദ്ര്യത്തില്‍ നിന്നും തന്റെ കുടുംബത്തെ കരകയറ്റിയ രക്ഷകര്‍ത്താവായ ഏട്ടന്റെ പിടിയില്‍ നിന്നും കുതറിയോടിയ പെണ്‍കുട്ടിയുടെ സംഭ്രമം നിറഞ്ഞ മനോനിലയുടെ വിവരണമായാണ് കഥാഖ്യാനം നീങ്ങുന്നത്. സ്വന്തം അന്തരംഗസഞ്ചാരങ്ങളിലുള്ള കടിഞ്ഞാണില്‍ അവള്‍ക്കുള്ള പിടി മുറുക്കമാണ് കഥയെ തീവ്രമാക്കുന്നത്. പുറമെയുള്ള ചങ്ങലത്തുടലുകളെ പ്രതിരോധിക്കാന്‍ സ്വന്തം ആലോചനകളുടെ കരുത്ത് ഊറ്റിയെടുക്കുകയാണവള്‍. ''കിണറ്റിന്‍ കരയില്‍ ചെന്നിരുന്ന് ഉഴുന്നു കഴുകുമ്പോള്‍ സമാധാനത്തിന്റെ ഒരു വള്ളി കയ്യില്‍ കിട്ടി. ആട്ടുകല്ലിനരികെയിരുന്ന്  അരിയരക്കുമ്പോള്‍ ആലോചിക്കാം. ഇഷ്ടംപോലെ ആലോചിക്കാം... ആശ്വസിക്കാം...'' ഭോഗശരീരമായിത്തീരേണ്ടിവരുന്ന അവസ്ഥകള്‍ക്കു നിസ്സഹായമായി വഴങ്ങുന്ന സ്ത്രീയെ 'ഇനിയുറുങ്ങാം' എന്ന കഥയില്‍ കാണാം. ഭര്‍ത്താവിന്റെ ഉദ്യോഗക്കയറ്റങ്ങള്‍ക്കായി അയാളുടെ നിര്‍ബന്ധത്തിനു വഴങ്ങി മേലുദ്യോഗസ്ഥര്‍ക്കു ശരീരം കാഴ്ചവെയ്‌ക്കേണ്ടിവന്ന സ്ത്രീയുടെ ചിന്താധാരയെ തുറന്നിടുന്ന കഥയാണിത്. യൗവനവും സൗന്ദര്യവും ചോര്‍ന്ന വൃദ്ധശരീരം തന്നോടുതന്നെ പറയുന്നു; ഇനിയുറങ്ങാം. സ്വന്തം വികാരവിചാരങ്ങളുടെ അകത്തളങ്ങളില്‍ രാജ്ഞിമാരായി വിരാജിക്കുന്നവര്‍ ഇനിയുമേറെയാണ് സുകുമാരന്റെ ആദ്യകാല കഥകളില്‍. വഴിപോക്കരെ നോക്കി നേരം കളയുന്ന പെണ്‍കുട്ടികളെ ആവരണത്തിലും രഥോത്സവത്തിലും കാണാം. പുറംകാഴ്ചകളിലേയ്ക്കും വഴിയാത്രക്കാരായ ചെറുപ്പക്കാരിലേയ്ക്കും പറന്നുവീഴുന്ന അവരുടെ നോട്ടങ്ങളെ കാമനകളായിത്തന്നെ സുകുമാരന്‍ പിടിച്ചെടുക്കുന്നു. 'ആവരണ'ത്തിലെ വേലക്കാരിപ്പെണ്‍കുട്ടിയുടെ ഏകാന്തതയിലേയ്ക്ക് സുമുഖനും ചെറുപ്പക്കാരനുമായ ഒരു മുടന്തന്‍ വിശന്നുവലഞ്ഞ് ഭക്ഷണം യാചിച്ചെത്തുന്നു. പോലിസ് സൂപ്രണ്ടിന്റെ മൂത്തമകളാണെന്നു കളവുപറഞ്ഞ് അവള്‍ അയാളെ തന്നിലേയ്ക്കു പ്രലോഭിപ്പിക്കുന്നുവെങ്കിലും അയാള്‍ പേടിച്ച് ഒഴിഞ്ഞുപോകുന്നു. യാഥാര്‍ത്ഥ്യത്തെ മറിച്ചിട്ടുകൊണ്ട് ഒരു ഭ്രമകല്പനയിലൂടെ അവള്‍ തന്റെ മങ്ങിപ്പോയ യഥാര്‍ത്ഥ ജീവിതത്തെ കുറിച്ചുനേരത്തേയ്‌ക്കെങ്കിലും സ്വപ്‌നതുല്യമായി സാക്ഷാല്‍ക്കരിക്കുന്നു. അങ്ങനെ ചിലതെങ്കിലും ഇല്ലെങ്കില്‍ ആ റോഡിനപ്പുറം ഉണ്ടായിരുന്ന മുറിച്ചു കളഞ്ഞ ഗുല്‍മോഹര്‍ മരം പോലെ തന്നെയാണ് അവളും. 

പെണ്‍കാമനകളുടെ രഥോത്സവങ്ങള്‍
'രഥോല്‍സവം' ഗ്രാമത്തിലെ ബ്രാഹ്മണമഠങ്ങളുടെ അകത്തളങ്ങളില്‍ അവിവാഹിതരായി കഴിയുന്ന പെണ്‍കുട്ടികളുടെ ഹതാശമായ ഒഴിവുനേരങ്ങളെ കുറിച്ചു പറയുന്നു. അവര്‍ തമിഴ്പാട്ടുകള്‍ പാടിയും കണ്ണെഴുതി പൂവുചൂടിയും മഠത്തിന്റെ വാതില്‍ക്കല്‍ വന്നു നില്‍ക്കുന്നു. വഴിയെ പോകുന്ന ചെറുപ്പക്കാരെ ആര്‍ത്തിയോടെ നോക്കുന്നു. ഇടയ്ക്കിടെ വായിക്കുന്ന അശ്ലീലച്ചുവയുള്ള തമിഴ്പുസ്തകങ്ങളും ആല്‍മരച്ചോട്ടിലിരുന്ന് കമന്റടിക്കുന്ന യുവാക്കളും അവരുടെ ചോദനകളെ ത്വിരിപ്പിച്ചുകൊണ്ടിരുന്നു. സുബ്ബലക്ഷ്മി എന്ന ഇരുപത്തിരണ്ടുകാരിയുടെ എരിയുന്ന കാമനയിലേയ്ക്ക് രഥോത്സവകാലത്ത് നാട്ടിലെത്തിയ അയല്‍ക്കാരന്‍ രഘു എണ്ണ പകര്‍ന്നു. അയാള്‍ വായിക്കാന്‍ നല്‍കിയ പുസ്തകങ്ങളിലൊന്ന് രതിപുസ്തകമായിരുന്നു. പറഞ്ഞുറപ്പിച്ച രഹസ്യസമാഗമം പൂര്‍ത്തിയാവും മുമ്പ് അവര്‍ക്ക് പിരിയേണ്ടിവന്നു. അയാള്‍ ഉത്സവം കഴിഞ്ഞ് പിറ്റേന്നുതന്നെ തിരിച്ചുപോയി. അവളാദ്യമായി ഒരു ചെറുപ്പക്കാരനെ ഓര്‍ത്തു കരഞ്ഞു. പിറ്റേന്നവള്‍ക്കു കൂട്ടുകാരി മീനു രഹസ്യമായി കൈമാറിയ പുസ്തകം ഒറ്റയ്ക്കായപ്പോള്‍ ആര്‍ത്തിയോടെ തുറന്നു നോക്കി. രഘു അവള്‍ക്കു സമ്മാനിച്ച അതേ പുസ്തകം!

പെണ്‍കാമനകളുടെ ഇരുണ്ടലോകങ്ങളിലേയ്ക്കുള്ള സഞ്ചാരമെന്നതിനേക്കാള്‍ ഈ കഥയ്ക്ക് പ്രാധാന്യമേറെയാണ്. തൃഷ്ണയുടെ വഴികളെ സ്ത്രീകേന്ദ്രിതമായി ആവിഷ്‌കരിച്ചു എന്നതാണ് അവയിലൊന്ന്. ലൈംഗികതയുടെയും ലൈംഗികാവിഷ്‌കാരങ്ങളെയും കര്‍തൃകേന്ദ്രം ഇവിടെ സ്ത്രീയാണ്. അതില്‍ സ്ത്രീയുടെ പദവിയെ സമനിലയില്‍ നിര്‍ത്തിക്കൊണ്ടുതന്നെ സാധിച്ചു എന്നത് സര്‍വപ്രധാനമാണ്. ആനന്ദത്തിനും കാമനാവിനിമയത്തിനുമുള്ള തുല്യാധികാരം സ്ത്രീയെ പൗരപദവിയിലേക്ക് അടുപ്പിക്കുകയാണു ചെയ്യുക. 

തിത്തുണ്ണിയിലേക്കു കടക്കുമ്പോള്‍ ഈയൊരു മൂല്യം കഥാകൃത്തില്‍ തീവ്രമാകുന്നുണ്ട്. നനവ് ഈ കഥകളിലെമ്പാടും ഒരു രൂപകമായി ആവര്‍ത്തിച്ചുവരുന്നുണ്ട്. വരള്‍ച്ചയും. വരണ്ടു കിടക്കുന്ന തോടിലേയ്ക്ക് ഈര്‍പ്പം പൊടിഞ്ഞ കണ്ണുകളോടെ നോക്കുന്ന അവിവാഹിതയായ യുവതി തന്റെ തന്നെ മുഷിഞ്ഞു നരച്ച ജീവിതത്തെ അവിടെ കണ്ടെടുക്കുന്നു. അപ്പോഴെല്ലാം തിത്തുണ്ണി എന്ന മൂന്നരവസ്സുകാരന്‍ കുട്ടി ചരല്‍ക്കല്ലുകള്‍ പെറുക്കി അവളെ എറിയുന്നു. വെയിലത്തിട്ട കൊണ്ടാട്ടത്തിനു കാവലിരുന്നു മയങ്ങുന്ന അവള്‍ തിത്തുണ്ണി പതുക്കെ പാദസരങ്ങള്‍ കിലുക്കി കള്ളനായെത്തുമ്പോള്‍ ഉണരും. ചെറിയ കുടവയര്‍ കുലുക്കി അവന്‍ ചിരിക്കുമ്പോള്‍ അവളുടെ ഞരമ്പുകളില്‍ അവയ്ക്കകത്തോടുന്ന നിറം പകര്‍ത്തി, തരംഗങ്ങളുണ്ടാക്കി പൂര്‍വാധികം ശക്തിയില്‍ ഒഴുകി''.  അവന്റെ കൂടെയായിരിക്കുമ്പോള്‍ അവളുടെ സമയം മരമറിയാതെ കൊഴിയുന്ന ഇലകളാണ്. കുളിക്കുമ്പോള്‍ അവളുടെ നഗ്നദേഹത്തിനു നേരെ ചരല്‍ക്കല്ലും പുല്ലും ഇലയും വലിച്ചെറിഞ്ഞും അവളുടെ മടിയിലിരുന്ന് അടിവയറ്റില്‍ വിരല്‍പൂഴ്ത്തിയും അവന്‍ അവളുടെ നേരങ്ങളുടെ പങ്കാളിയായി. രാത്രികളില്‍ അവളോടൊത്തുറങ്ങുമ്പോള്‍ അമ്മയല്ലാത്ത അവളുടെ മുല ചപ്പി അവളിലെ സ്ത്രീയെയും അമ്മയെയും ഒരേസമയം ഉണര്‍ത്തുന്നു. തിത്തുണ്ണി കൂടെയുള്ളപ്പോള്‍ അവളുടെ ശരീരവും മനസ്സും സ്ത്രീയുടെ സഫലതകളിലേക്ക് പിടഞ്ഞുണരുന്നു. കാമനകളിലെ ലോകം ആനന്ദങ്ങളിലേയ്ക്കും തിരിനീട്ടുന്നു. അവന്‍ മരണപ്പെടുമ്പോള്‍ അവള്‍ തന്റെ വിലയേറിയ നിറപ്പകിട്ടുള്ള സാരികള്‍ ഉപേക്ഷിച്ച് വിധവയെപ്പോലെ വെള്ളസാരിയണിയുന്നു. 

നക്ഷത്രരശ്മി, ലെവല്‍ക്രോസ് മുതലായ കഥകളിലുമെല്ലാം നാം കാണുന്ന സ്ത്രീകള്‍ ഇപ്രകാരം നിറഞ്ഞു കവിയുന്ന ശക്തമായ ആന്തരികലോകത്തെ പേറുന്നവരാണ്. കണ്ണുനീര്‍ തുളുമ്പി കവിളുകളിലൂടെ ചാലിട്ടൊഴുകാതിരിക്കാന്‍ കണ്‍പീലിവെട്ടിച്ചു നിര്‍ത്തുന്നവര്‍. സര്‍വസാധാരണമായ ജീവിതവൃത്തങ്ങളില്‍ നിന്നു അവര്‍ സ്വന്തം ലോകത്തെ കടിഞ്ഞാണിട്ടു നിര്‍ത്തുന്നു. പിതൃതര്‍പ്പണത്തിലെ പെണ്‍കുട്ടിയുമായി തട്ടിച്ചുനോക്കുമ്പോള്‍ വളരെ പരമ്പരാഗതമായ ത•-കള്‍ക്കകത്തും ഇവരുടെ ആഗ്രഹലോകങ്ങള്‍, സ്വാതന്ത്ര്യവാഞ്ഛകള്‍ കാമാനാവിനിമയങ്ങള്‍ ശക്തമാണെന്നു കാണാം. സ്വേച്ഛകളുടെ മേല്‍ ഒരു പ്രത്യയശാസ്ത്രവും അവര്‍ സ്വയം അടിച്ചേല്‍പ്പിക്കുന്നില്ല. അതിനാല്‍ തന്നെ സാക്ഷിനിലയില്‍ നിന്നും  കര്‍തൃനിലയിലേക്ക് അവര്‍ വളരെ ജൈവികതയോടെ വളര്‍ന്നു നില്ക്കുന്നുമുണ്ട്. 

സ്ത്രീകര്‍തൃത്വവും എം.സുകുമാരന്‍കഥകളും മുന്‍നിര്‍ത്തി മേല്പറഞ്ഞ വിശകലനങ്ങള്‍ക്കകത്ത് ചര്‍ച്ച ചെയ്ത കാര്യങ്ങളെ ഇപ്രകാരം ക്രോഡീകരിക്കാമെന്നു തോന്നുന്നു.

മലയാളത്തിലെ നവോത്ഥാന റിയലിസ്റ്റുകാഥികരില്‍ രാഷ്ട്രീയകഥകളെഴുതിയ ചെറുകാടും തകഴിയും മറ്റും പിന്തുടര്‍ന്ന സ്ത്രീസ്വരൂപത്തിലെ കാമനാത്യാഗം അല്ലെങ്കില്‍ അലൈംഗികത എന്ന അംശത്തെ പൂര്‍ണ്ണമായും കുടഞ്ഞുകളയാന്‍ സുകുമാരന് കഴിഞ്ഞു. അതിനു തെളിവാണ് ആദ്യകാലകഥകളിലെ സ്ത്രീകാമനകള്‍. മറ്റൊന്ന് ആദ്യകാല കഥകളിലെ സ്ത്രീയാവിഷ്‌കാരത്തിന്റെ രാഷ്ട്രീയസഫലത പില്‍ക്കാല രചനകളില്‍ നിലനിര്‍ത്താന്‍  എം സുകുമാരനു കഴിഞ്ഞിട്ടില്ല എന്നതാണ്. രാഷ്ട്രീയാധുനികതയുടെ കഥാകൃത്ത് എന്ന പേരിനു കീഴില്‍ വരുന്നതോടെ തന്റെ പ്രമേയങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും വന്ന വ്യതിയാനം സ്ത്രീപ്രശ്‌നത്തെ, കാമനാമണ്ഡലങ്ങളെ, സ്ത്രീയുടെ അനുഭവാവിഷ്‌കാരങ്ങളെ ഏറ്റെടുക്കുന്നതില്‍ നിന്നും അകറ്റിനിര്‍ത്തിയിരിക്കണം. ഇവിടെ മറ്റൊരു പ്രശ്‌നം കൂടി കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. രാഷ്ട്രീയാധുനികതയുടെ സര്‍ഗാത്മകതയെ മുന്നോട്ടുകൊണ്ടുപോയവരില്‍ പലരും -സച്ചിദാനന്ദനും കെ.ജി.എസ്സുമുള്‍പ്പെടെ തങ്ങളുടെ എഴുത്തില്‍ ഒരു മൂന്നാംവരവ് സാധ്യമാക്കിയിരുന്നു. അതതുകാലത്തെ രാഷ്ട്രീയശരികളുടെ ഭാഗമായല്ലാതെത്തന്നെ  അവര്‍ കാലത്തിന്റെ രാഷ്ട്രീയസര്‍ഗാത്മതകളെ തിരിച്ചറിയാനുള്ള സംവാദങ്ങളാക്കി എഴുത്തിനെ മാറ്റി. 70കളെ ഒരു ചരിത്രദൂരത്തു നിര്‍ത്തിക്കൊണ്ട് വിപ്ലവകാരികളുടെ ആണ്‍കര്‍തൃത്വത്തെ വലിച്ചു പുറത്തിടാനും ലിംഗാധികാരത്തിലെ പുതിയ സമസ്യകളിലേയ്ക്ക് ഒട്ടൊക്കെ കടന്നുചെല്ലാനും ഇത്തരം എഴുത്തുകാര്‍ ശ്രമിച്ചിട്ടുണ്ട്. 

നിര്‍ഭാഗ്യവശാല്‍ എം. സുകുമാരന്‍ ഒരു മൂന്നാംവരവ് നടത്തിയില്ല. പിതൃതര്‍പ്പണത്തിലെ ആഖ്യാനസ്വത്വത്തിലെ സന്ദിഗ്ദ്ധതകളില്‍ നിന്നും ഒരു മൂന്നാംവരവിലൂടെ പൂരിപ്പിക്കുമായിരുന്ന ആ ഒഴിവിടത്തില്‍ സ്വതന്ത്രവും ഊര്‍ജ്ജസ്വലയും സ്വപ്‌നാടകയും ഉ•ാദിനിയും വിലാസവതിയുമായ ഒരു പൗരസ്ത്രീയെ തന്റെ നായക•ാരുടെ രക്ഷകര്‍തൃരാഷ്ട്രീയപൗരുഷത്തിനു തുല്യമായി അദ്ദേഹം പ്രതിഷ്ഠിക്കുമായിരുന്നു എന്നാശ്വസിക്കാനേ കഴിയൂ. എഴുത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ സ്ത്രീകേന്ദ്രിതമായ ഭാവനാലോകങ്ങളെയും കാമനാവിനിമയങ്ങളെയും കെട്ടഴിച്ചുവിട്ട ഭാവനയ്ക്ക് അതുറപ്പായും അസാധ്യവുമായിരുന്നില്ല. 

റഫറന്‍സ്

എം.സുകുമാരന്റെ കഥകള്‍ സമ്പൂര്‍ണം

(2018 ഏപ്രില്‍ 2ലെ മാധ്യമം ആഴ്ച്ചപ്പതിപ്പ് (1048) എം.സുകുമാരന്‍ ഓര്‍മപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്‌)





Sunday, July 30, 2017

വീട്ടരുമകളും കുടുംബകഥനങ്ങളും




'പ്പാ, അപ്പനെന്നോടിതു ചെയ്യുമെന്ന് ഞാന്‍ വിചാരിച്ചില്ല.' കണ്ണീരോടുകൂടി കത്രി പറഞ്ഞു.' മോളേ,'
ഇടറിയ കണ്ഠത്തോടെ ആ പിതാവ് പറഞ്ഞു: 'ഇനിക്ക് നിന്നെപ്പോലെ അവനും'.( ശബ്ദിക്കുന്ന കലപ്പ)


ഉത്തര്‍പ്രദേശിലെ കട്ടരിയാഘട്ട വന്യജീവിസങ്കേതത്തില്‍ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടിയെ ക്കുറിച്ചുളള വാര്‍ത്തകള്‍ കൗതുകവും അമ്പരപ്പും നിറഞ്ഞതായിരുന്നു. നാലുകാലില്‍ നടക്കുകയും കുരങ്ങിനെപ്പോലെ മരംചാടിമറിയുകയും ചെയ്യുന്ന എട്ടുവയസ്സുള്ള കുട്ടിയെ കാട്ടില്‍ നിന്നു പോലീസുകാര്‍ കണ്ടെടുക്കുകയായിരുന്നു. കുരങ്ങുകള്‍ വളര്‍ത്തിയ പെണ്‍കുട്ടിയെന്ന അര്‍ത്ഥത്തില്‍ മാധ്യമങ്ങള്‍ അവളെ മൗഗ്ലിഗേള്‍ എന്ന് വിളിച്ചു. പിന്നീട് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞ് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു.
സമാനമായ മറ്റൊരു കഥ നോക്കൂ. 1920ല്‍ മിഡ്‌നാപ്പൂരിലുള്ള ഒരു അനാഥാലയനടത്തിപ്പുകാരനായ അമൃത്‌ലാല്‍ സിംഗ് കാട്ടില്‍ ചെകുത്താനെപ്പോലുള്ള രണ്ടുരൂപങ്ങളെ കാണുന്നു. രാത്രികാലങ്ങളില്‍ ഈ രൂപങ്ങള്‍ ചെന്നായ്ക്കളുടെ അകമ്പടിയായി സഞ്ചരിക്കുന്നുവെന്നും ഓരിയിടുന്നുവെന്നും അവരുടെ കണ്ണുകള്‍ ഇരുട്ടില്‍ തിളങ്ങുന്നുവെന്നുമുള്ള കഥകളും ഗ്രാമീണര്‍ക്കിടയില്‍ പ്രചരിച്ചു. അതിന്റെ രഹസ്യം കണ്ടെത്താന്‍ അമൃത്‌ലാല്‍ തീരുമാനിച്ചു. തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെ ചെന്നായ്ക്കളുടെ താവളം കണ്ടെത്താന്‍ അയാള്‍ക്കു കഴിഞ്ഞു. ഒപ്പം കൂനിയ രണ്ടുരൂപങ്ങളും! കൂടുതല്‍ നിരീക്ഷിച്ചപ്പോള്‍ അവ മനുഷ്യക്കുട്ടികള്‍ തന്നെയാണെന്നു മനസ്സിലായി. എട്ടും അഞ്ചും വയസ്സുള്ള രണ്ടു പെണ്‍കുട്ടികള്‍. ഒരു ചെന്നായ മനുഷ്യരൂപത്തില്‍ ജനിച്ചാല്‍ എങ്ങനെയോ അതേ സ്വഭാവരീതികളായിരുന്നു അവരുടേത്. എന്നുമാത്രമല്ല ചെന്നായ് കുട്ടികളേക്കാള്‍ അക്രമണകാരികളായിരുന്നു അവര്‍. എന്തായാലും ഗ്രാമവാസികളുടെ സഹായത്തോടെ അവരെ കെണിയില്‍ വീഴ്ത്താന്‍ സിംഗിനായി. അപ്പോള്‍ ഒരു പെണ്‍ചെന്നായ അക്രമാസക്തയായതിനാല്‍ അതായിരുന്നിരിക്കാം അവരുടെ അമ്മച്ചെന്നായ് എന്നയാള്‍ അനുമാനിച്ചു.
രണ്ടു പെണ്‍കുട്ടികളെയും സിംഗ് അനാഥാലയത്തിലേക്കു കൂട്ടിക്കൊണ്ടുവന്നു. മുതിര്‍ന്ന പെണ്‍കുട്ടിക്ക് കമലയെന്നും ഇളയവള്‍ക്ക് അമലയെന്നും പേരുനല്‍കി. അവരെ മറ്റു കുട്ടികളോടൊപ്പം ഇടപഴകാനും കളിക്കാനും പ്രേരിപ്പിച്ചിരുന്നെങ്കിലും അവര്‍ക്കു നായ്ക്കളെയും പൂച്ചകളെയുമൊക്കെയായിരുന്നു കൂടുതല്‍ ഇഷ്ടം. ചിരിക്കുകയോ കരയുകയോ ചെയ്യാത്ത അവരുടെ മുഖത്ത് ആകെ വിരിഞ്ഞ മനുഷ്യഭാവം ഭയം മാത്രമായിരുന്നു. 1921ല്‍ അമല മരിച്ചു. കമലയ്ക്ക് താങ്ങാന്‍ കഴിയാത്ത ആഘാതമായിരുന്നു ആ മരണം. ഏറെ താമസിയാതെ കമലയും മരിച്ചു.  
ഇത്തരം മൃഗമനുഷ്യകഥകള്‍ കമലയിലും അമലയിലും മാത്രം ഒതുങ്ങി നില്ക്കുന്നില്ല. സമാനമായ അനവധി കഥകള്‍ ചരിത്രത്തില്‍ അങ്ങോളമിങ്ങോളം ചിതറിക്കിടക്കുന്നു. അവയിലെ പൊതുസമാനത കുടുംബത്തിന്റെ ഘടനയിലാണ് നാം ഈ സഹവാസങ്ങളെ കാണുന്നത് എന്നതാണ്. അമ്മയും അച്ഛനും മക്കളുമടങ്ങുന്ന നമ്മുടെ കുടുംബഘടനയുടെ മൂല്യത്തെ കൂടി ഉള്‍ച്ചേര്‍ത്തുകൊണ്ടാണ് മേല്പറഞ്ഞ കഥകളും ആഖ്യാനം ചെയ്യപ്പെട്ടത്. അമ്മച്ചെന്നായ എന്ന പ്രയോഗം സൂചിപ്പിക്കുന്നത് അതുതന്നെയാണ്.
മാനുഷികമൂല്യങ്ങള്‍ ആരോപിച്ചുകൊണ്ടാണ് മൃഗങ്ങളെ നാം വകതിരിക്കാറുള്ളതെന്ന് നമ്മുടെ ബാലകഥകളേറെയും സാക്ഷ്യപ്പെടുത്തുന്നു. സംസ്‌കാരത്തിന്റെ അധീശതകളെ നാം നിര്‍മിച്ചെടുക്കുന്നതും ഭാവനചെയ്യുന്നതും മനുഷ്യകേന്ദ്രിതമായാണ്. മനുഷ്യപദവിയെ ഉണര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യുന്ന മട്ടിലാണ് നമ്മുടെ മൃഗകഥനങ്ങളേറെയും. കൗശലക്കാരനായ കുറുക്കന്‍, മണ്ടനായ കഴുത, ചാഞ്ചാട്ടക്കാരനായ കുരങ്ങന്‍ എന്നിങ്ങനെ പതിഞ്ഞുപോയ ചിത്രങ്ങള്‍ എത്രയെങ്കിലുമുണ്ട് നമ്മുടെ സാഹിത്യത്തില്‍. മനുഷ്യവംശം മൃഗവുമായുള്ള സഹവാസത്തിലൂടെ കടന്നുപോന്നതിന്റെ സാംസ്‌ക്കാരികമായ ഓര്‍മകള്‍ കൂടിയാണ് അവ.
ഇതില്‍നിന്നു വ്യത്യസ്തമായ ചില ഇടപെടലുകളും മൃഗങ്ങള്‍, പ്രത്യേകിച്ചും വീട്ടുമൃഗങ്ങള്‍ മനുഷ്യജീവിതത്തില്‍ നടത്തുന്നുണ്ട്. ചിലപ്പോഴെങ്കിലും അവ നമ്മുടെ കുടൂംബമൂല്യങ്ങളെ അസ്ഥിരപ്പെടുത്തുന്നു. നമ്മുടെ സംസ്‌കാരത്തില്‍, സാഹിത്യത്തില്‍, സാഹിത്യചരിത്രങ്ങളില്‍ എമ്പാടും ഇത്തരം സന്ദര്‍ഭങ്ങള്‍ ചിതറിക്കിടക്കുന്നു. അതേക്കുറിച്ചെല്ലാമുള്ള, പ്രധാനമായും കുടുംബഘടനയിലൂന്നിയുള്ള ചില പ്രാഥമികാലോചനകളാണ് ഇവിടെ നടത്തുന്നത്. ഇത്തരം അന്വേഷണങ്ങള്‍ മാനകമായ ആണ്‍/പെണ്‍കുടുംബ(hetero-sexual monogamous reproductive family) മൂല്യങ്ങളെയും അവയുടെ ഘടനയെയും സംബന്ധിച്ച പുതിയ ഉള്‍ക്കാഴ്ച്ചകളിലേക്കു നമ്മെ നയിച്ചേക്കാം. 

കുടുംബം: മാനകേതരബഹുലതകള്‍
സംസ്‌ക്കാരചരിത്രത്തിലെ കുടുംബപരമായ കൂട്ടായ്മകളുടെ വൈവിധ്യമാര്‍ന്ന ഘടനകളുടെ കേരളീയമായ അടയാളങ്ങള്‍ തിരഞ്ഞുകൊണ്ട് ഈ അന്വേഷണം ആരംഭിക്കാം. സമകാലിക സമൂഹത്തില്‍ നിര്‍ബന്ധിതമായ ഭിന്നവര്‍ഗലിംഗാധിഷ്ഠിതത്വവും ഒറ്റ ഇണയെ നിലനിര്‍ത്തുന്ന ഏകദാമ്പത്യദീക്ഷയും പ്രത്യുല്‍പാദനപരതയുമുള്ള(

compulsory hetero-sexual monogamous reproductive) കുടുംബഘടന ഒരു സാര്‍വത്രികമൂല്യമായി സ്വീകരിക്കപ്പെട്ടിരിക്കുന്നു. അണുകുടുംബത്തിലേക്കുളള മലയാളിയുടെ പരിണാമത്തിന്റെ സാംസ്‌കാരികചരിത്രത്തെ പലമട്ടില്‍ പണ്ഡിതന്‍മാര്‍ വിലയിരുത്തിയിട്ടുണ്ട്. റോളണ്ട് ഇ.മില്ലര്‍ എഴുതുന്നു, ''.......പരമ്പരാഗതമായി കുടുംബമെന്ന ആശയം വ്യഖ്യാനിക്കപ്പെട്ടിരിക്കുന്നു. മലയാളത്തില്‍ സഹോദരനും വകയില്‍ സഹോദരനും(കസിന്‍) വേണ്ടി ഒരു വാക്കുമാത്രമേയുള്ളു എന്ന വസ്തുത മലയാളിക്കുടുംബത്തിന്റെ പൊതുവായ സാഹോദര്യത്തിന്റെ സൂചന നല്‍കും. സവര്‍ണര്‍ക്കും നായന്‍മാര്‍ക്കുമിടയിലും ചില മുസ്‌ളിംകള്‍ക്കിടയിലും കാണുന്ന പഴയ കൂട്ടുകുടുംബവ്യവസ്ഥയും കൂട്ടുടമസ്ഥതയിലുള്ള സ്വത്തും തറവാടും ഈ പാരമ്പര്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഒരു വലിയ വീട്ടില്‍ ഒരു കുടുംബത്തലവനു കീഴില്‍ വലിയ കുടുംബങ്ങള്‍ ഒരുമിച്ചുജീവിക്കുന്നു. ആധുനികസാഹചര്യങ്ങളുടെയും വര്‍ധിച്ചുവരുന്ന വ്യക്തിബോധത്തിന്റെയും സമ്മര്‍ദ്ദത്തില്‍ ഈ വ്യവസ്ഥ വേഗം അപ്രത്യക്ഷമായി വരുകയാണ്. അണുകുടംബമെന്ന ആധുനികാശയത്തോട് 'കുടുംബ'മെന്ന പദത്തിന്റെ അര്‍ത്ഥം കൂടുതല്‍ കൂടുതലായി
അടുത്തുകൊണ്ടിരിക്കുന്നു. എങ്കിലും കുടുംബത്തോടുള്ള കൂറ് മലയാളിസംസകാരത്തിന്റെയും നിലപാടിന്റെയും അടിത്തറകളില്‍ ഒന്നായി തുടരുന്നു. '' (പുറം29, മാപ്പിള മുസ്‌ളിംകള്‍)
 ഈ അണുകുടുംബയുക്തിയെ നിരന്തരം ഊട്ടിയുറപ്പിക്കുകയും അതിനു പിന്തുണനല്‍കുകയും ചെയ്തുകൊണ്ടാണ് രാഷ്ട്രം, ഭരണകൂടം, മതം, രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ തുടങ്ങിയ പ്രബലമായ ഇതരഘടകങ്ങള്‍ സമൂഹത്തില്‍ പുലരുന്നത്.
 എന്നാല്‍ പലതരം അഭിനിവേശങ്ങളും അടുപ്പങ്ങളും കൂടിക്കുഴഞ്ഞതാണ് നമ്മുടെ ലോകം. ആണ്‍/പെണ്‍ലൈംഗികതയ്ക്കപ്പുറം അല്ലെങ്കില്‍ അതിനോടൊപ്പം തന്നെ സ്വവര്‍ഗകാമനകളുണ്ട്, സ്വവര്‍ഗസഖ്യങ്ങളും ഒറ്റയാള്‍ജീവിതവും അവിവാഹിതത്വവും ബ്രഹ്മചാരിത്വവുമുണ്ട്. പക്ഷിജന്തുസഹവാസമുണ്ട്. ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, അസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്റര്‍ സ്വത്വങ്ങളുണ്ട്. ഇവയോടൊപ്പം ലൈംഗികേതരമായ സ്വത്വങ്ങളും അവയിലൂടെ രൂപപ്പെടുന്ന കൂട്ടായ്മകളുമുണ്ട്. മാനകേതരമായ മൂല്യങ്ങള്‍ക്ക് പുലരാന്‍ കഴിയുന്ന അത്തരം കൂട്ടായ്മകളെ എല്ലാം  ചേര്‍ത്ത് പൊതുവായി 'സഹകുടുംബം' എന്നു നമുക്കു വിളിക്കാം. ഇത്തരം സഹകുടുംബങ്ങളെ അപ്രസക്തമാക്കുന്നുവെന്നതാണ് മാനകകുടുംബക്രമത്തിന്റെ മറ്റൊരു പ്രശ്‌നം. അത്തരം കാമനകളും അഭിരുചികളും അവകാശങ്ങളും തിരിച്ചറിയപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടത് ഒരു ജനാധിപത്യസമൂഹത്തിന് ആവശ്യമാണ്. ആ ദിശയിലുള്ള അവബോധങ്ങള്‍ കൂടി ഉള്‍ച്ചേര്‍ന്നതാവണം നമ്മുടെ ജ്ഞാനമണ്ഡലം. ഈയൊരു തിരിച്ചറിവിലാണ് നിര്‍ബന്ധിതമായ ഭിന്നവര്‍ഗക്രമത്തിലുള്ള കുടുംബഘടനയെ ഒരു പ്രശ്‌നമണ്ഡലമെന്ന നിലയില്‍ നോക്കിക്കാണുന്നത്.
സൂക്ഷ്മസാമൂഹികതയുടെ സ്വകാര്യചരിത്രം വ്യവസ്ഥാപിതചരിത്രനിര്‍മിതിയ്ക്
കു പുറത്ത് മറ്റ് ബദല്‍സാധ്യതകള്‍ ആരായുന്നുണ്ട്. ഭിന്നവര്‍ഗക്രമത്തില്‍ നിന്ന് വ്യതിചലിക്കുന്നതും അതിന്റെ ഇടര്‍ച്ചകളെ ഉള്‍ക്കൊള്ളുന്നതുമായ വ്യത്യസ്തതരം ആഭിമുഖ്യങ്ങളും സഹവാസങ്ങളും ലിംഗാഭിരുചികളും പ്രവണതകളായും മൂല്യങ്ങളായും നമ്മുടെ ജീവിതസംസ്‌കാരത്തില്‍ കാണാം. പ്രണയവും രതിയുമെന്ന് നമുക്കവയെ നിര്‍വചിച്ചൊതുക്കാനാവില്ല. എം.പി നാരായണപിളളയുടെ പരിണാമത്തിനെഴുതിയ മുഖവുരയില്‍ എം. വി. ബെന്നി എടുത്തുപറയുന്ന ഒരു കാര്യം ഇതിനോടു ചേര്‍ത്തുവെയ്ക്കാം. ''മലയാളനോവലിലെ സനാതനപ്രശ്‌നം. രണ്ടു കഥാപാത്രങ്ങള്‍ക്ക് യഥാസമയം വിവാഹം കഴിക്കാന്‍ അവസരമുണ്ടായാല്‍ പരിഹരിക്കപ്പെടുമായിരുന്ന ആ ചിരപുരാതനപ്രശ്‌നം; പ്രണയം ഈ നോവലിന്റെ വിഷയമല്ല.''
എന്നാല്‍ ഇത്തരം ബന്ധങ്ങള്‍ ആരൊക്കെ തമ്മിലാകാം, ആയിക്കൂടാ എന്നതിനും സമൂഹത്തില്‍ ചില അലിഖിതനിയമങ്ങളുണ്ട്. പക്ഷേ, നമ്മുടെ കാമനകള്‍ അതിരുകളെ ലംഘിക്കുന്നു. പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നു. അതിരുകളില്ലാത്ത മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള വിശാലഭാവനയില്‍ നമുക്കു അപരിചിതമായ ജീവിതബന്ധങ്ങള്‍, അവയുടെ യുക്തികള്‍ നാം കാണുന്നു. നാം അംഗീകരിച്ചാലും അനുവദിച്ചാലും ഇല്ലെങ്കിലും അതു സമൂഹത്തിലുണ്ട്. ബ്രഹ്മചാരികളുടെ സംഘങ്ങള്‍, ആശ്രമങ്ങള്‍, കന്യാസ്ത്രീമഠങ്ങള്‍, ഹോസ്റ്റലുകള്‍, ബോര്‍ഡിങ്ങുകള്‍, പട്ടാളബാരക്കുകള്‍, ജയില്‍മുറികള്‍, ട്രെയിനിങ് ക്യാമ്പുകള്‍, തീര്‍ത്ഥയാത്രാസംഘങ്ങള്‍, വിനോദയാത്രാസംഘങ്ങള്‍, പര്യവേഷണസംഘങ്ങള്‍, സിനിമാസെറ്റുകള്‍, നാടകകമ്പനികള്‍, സര്‍ക്കസ് കമ്പനികള്‍, രാഷ്ട്രീയസംഘടനകള്‍ ഇവയെല്ലാം തന്നെ മനുഷ്യര്‍ പരസ്പരം കൂട്ടായ്മകളായി പുലരുന്ന ഇടങ്ങളാണ്. ചരിത്രത്തിലേയ്ക്കു നോക്കിയാല്‍ കൊടുങ്ങല്ലൂര്‍ ഗുരുകുലവും വെള്ളിനേഴിയിലെ ഒളപ്പമണ്ണമനയില്‍ ഉണ്ടായിരുന്ന കളിയോഗക്കളരികളും മറ്റും പലതരത്തില്‍ അടുപ്പങ്ങള്‍ പങ്കുവെയ്ക്കുന്ന കുടുംബസമാനമായ കൂട്ടായ്മകളായിരുന്നു. ഭരണിക്കായി കൊടുങ്ങല്ലൂര്‍ വന്നുപോകുന്ന തീര്‍ത്ഥാടകര്‍ തങ്ങള്‍ എല്ലാ കൊല്ലവും താമസിക്കുന്ന വീടുകളുമായി പുലര്‍ത്തുന്ന ബന്ധവിനിമയങ്ങളും സമാനമാണ്. കുട്ടനാട്ടിലേക്കും മറ്റും കൂട്ടായി പോകുന്ന കൊയ്ത്തുസംഘങ്ങള്‍ക്കിടയിലും ഇത്തരം ചാര്‍ച്ചകളുണ്ട്. നവോത്ഥാനനായകരായ പലരുടെയും ആത്മകഥകളില്‍ തങ്ങള്‍ പഠനകാലത്തു കുളിച്ചുണ്ടു താമസിച്ച മറ്റൊരു വീടിനെക്കുറിച്ചുളള ചിത്രം കാണാം. താല്ക്കാലികമായെങ്കിലും അവരും ആ കുടുംബത്തിലെ അംഗങ്ങളാണ്. ഇവയ്‌ക്കെല്ലാം ഭിന്നവര്‍ഗത്തിലുള്ള അണുകുടുംബക്രമത്തിന്റെ ഘടന ആരോപിക്കാന്‍ കഴിയില്ല. അവ താല്‍ക്കാലികമോ സ്ഥിരമോ ആയ സ്ഥാപനങ്ങളാകട്ടെ, ഇന്നു സാര്‍വത്രികമായ കുടുംബമൂല്യത്തിന്റെ ഘടനകള്‍ക്ക് അപരിചിതമാണ്. എങ്കിലും മാനകകുടുംബക്രമത്തിന്റെ ചില അടിസ്ഥാനയുക്തികളെ അവ പേറുകയും നിലനിര്‍ത്തുകയും ചെയ്യുന്നുണ്ടാകാമെന്നു മാത്രം.
പോയ നൂറ്റാണ്ടുകളിലെ സാഹിത്യകൃതികളിലെമ്പാടും ഭിന്നവര്‍ഗകുടുംബക്രമത്തില്‍നി
ന്നു വിട്ടുനില്‍ക്കുന്ന സഹകുടുബഘടനകളുടെ സൂചനകള്‍ നിരവധിയാണ്. മിത്തുകളിലും പുരാണങ്ങളിലും അവ ധാരാളമായിക്കാണാം. ആണും ആണും, പെണ്ണും പെണ്ണും, മനുഷ്യനും മൃഗവും ഒക്കെത്തമ്മിലും ഇത്തരം ബന്ധങ്ങള്‍ കാണാം. അവയെല്ലാം ലൈംഗികമാണ് എന്നല്ല. സൗഹൃദങ്ങളും സഹവാസങ്ങളും മറ്റു സഖ്യങ്ങളും ഒക്കെയാണവ. ഏകനിഷ്ഠമായ ദാമ്പത്യത്തില്‍ നിന്നും വ്യത്യസ്തമായ ഒട്ടനവധി കുടുംബകൂട്ടായ്മകളും നമുക്കവിടെ കാണാം. കുടുംബത്തെ സംബന്ധിച്ച ജീവശാസ്ത്രയുക്തികളെ വെല്ലുവിളിക്കുന്ന മാതൃത്വങ്ങളെയും പിതൃത്വങ്ങളെയും കുറിച്ചുള്ള ഭാവനകളും അവയില്‍ ധാരാളമായുണ്ട്. പിതൃത്വം ഭിന്നവര്‍ഗക്രമത്തിലുള്ള മാനകകുടുംബത്തിന്റെ അടിത്തറയായി സ്വാംശീകരിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മിത്തുകളിലെ വ്യത്യസ്തതരംപിതൃത്വങ്ങളെ കുറിച്ചുള്ള പ്രജനനകഥകളിലൂടെ ഒന്നു കടന്നുപോകാം.

പിതൃത്വം, മാതൃത്വം, പ്രജനനം
ആണും പെണ്ണും ചേര്‍ന്നല്ലാതെ നടക്കുന്ന ശിശുജനനത്തിന്റെ കഥകള്‍ കൊണ്ടു സമ്പന്നമാണ് നമ്മുടെ മിത്തുകള്‍. സ്വവര്‍ഗരതിയില്‍ നിന്നുള്ള പ്രജനനത്തെ കേന്ദ്രീകരിച്ചുള്ള കഥകളില്‍ ഏറ്റവും പ്രധാനം അഗ്നിയും ശിവനും തമ്മിലുള്ളതാണ്. അഗ്നി ശിവന്റെ രേതസ് വായിലെടുക്കുകയും അതില്‍ നിന്ന് ഒരു ശിശുവിനെ ഉല്പാദിപ്പിക്കുകയും ചെയ്തുവെന്ന് പുരാണത്തില്‍ പറയുന്നു. അരുണനും സൂര്യനും ഇന്ദ്രനും തമ്മില്‍ ചേര്‍ന്ന് ബാലിയും, സുഗ്രീവനുമുണ്ടാകുന്നത് മറ്റൊരു കഥ.  സ്വവര്‍ഗകാമനകളുടെ സൂചനകളാണ് ഇവയെങ്കിലും ഇടറുന്ന പിതൃത്വത്തിന്റെ സൂചനകള്‍ കൂടിയാണിവ. സ്വവര്‍ഗരതിയില്‍ നിന്നും ഭിന്നവര്‍ഗക്രമത്തില്‍ നിന്നും ഒരു പോലെ അകന്നു നില്‍ക്കുന്ന പ്രജനനങ്ങളുടെ ഭാവനാമണ്ഡലങ്ങളും ഈ കഥകളില്‍ കാണാം. രണ്ടമ്മമാര്‍, രണ്ടുപിതാക്കന്മാര്‍ എന്നീ ഘടനകളും ഭിന്നവര്‍ഗക്രമത്തില്‍ നിന്നുള്ള വ്യതിയാനങ്ങളാണ്. അവയും സഹകുടുംബത്തിന്റെ പരിധിയില്‍ വരും
ഇതിനെല്ലാം പുറമേ ഇന്ത്യന്‍ മിത്തുകളില്‍ മൃഗങ്ങള്‍ തന്നെ സജീവമായ കുടുംബാംഗങ്ങളെന്ന നിലയില്‍ വര്‍ത്തിക്കുന്നതിന്റെ ചിത്രങ്ങള്‍ ഏറെയാണ്. മേനക ഉപേക്ഷിച്ച ശകുന്തളയെ സംരക്ഷിച്ചു വളര്‍ത്തിയത് ശകുന്തപ്പക്ഷികളാണ്. ശകുന്തളയാകട്ടെ തന്റെ മകനെപ്പോലെ സ്‌നേഹിക്കുന്നത് മാന്‍കുട്ടിയായ ദീര്‍ഘാപാംഗനെയും. വാത്മീകീരാമായണം ആരണ്യകാണ്ഡത്തില്‍ പറയുന്ന അരയന്നങ്ങളുടെ ജനനം സമാനമായ മറ്റൊരു ആഖ്യാനമാണ്. ബ്രഹ്മപുത്രനായ കശ്യപന്‍ ദക്ഷന്റെ 8 പെണ്മക്കളെ കല്ല്യാണം കഴിച്ചു. അതില്‍ ഒരുവളാണ് താമ്ര. താമ്രയ്ക്ക് 5 പുത്രിമാര്‍- ക്രൗഞ്ചി, ഭാസി, ശ്വേനി, ധൃതരാഷ്ടി, ശുകി. ക്രൗഞ്ചി മൂങ്ങയെയും, ഭാസി ഭാസന്മാരെയും, ശ്വേനി പരുന്തിനേയും ധൃതരാഷ്ടി ഹംസം, കോകം എന്നിവയെയും പ്രസവിച്ചു. ഗരുഡനും, പാമ്പുകളും ഉണ്ടായ കഥയും ഇപ്രകാരമുള്ളതാണ്. കശ്യപന്റെ ഭാര്യയായ കദ്രു 100 പാമ്പിന്‍ കുഞ്ഞുങ്ങള്‍ക്ക ജന്മം നല്‍കി. അവരില്‍ ചിലരാണ് അനന്തന്‍, തക്ഷകന്‍, വാസുകി, കാര്‍ക്കോടകന്‍ തുടങ്ങിയവര്‍. കദ്രുവിന്റെ സപത്‌നിയായ വിനതയ്ക്ക് മകനാകുന്നത് പക്ഷിരാജാവായ ഗരുഡനാണ്. ഗജമുഖനായ ഗണപതിയെപ്പോലെ നന്ദിയെന്ന കാളയും ശിവന്റെ പുത്രസ്ഥാനം വഹിക്കുന്നത് പുരാണപ്രസിദ്ധമാണല്ലോ.
എരുമയും ചേര്‍ന്നുള്ള ദാമ്പത്യത്തിന്റെ കഥയാണ് രംഭന്റേത്. ദനു എന്ന അസുരന്റെ മക്കളായ രംഭനും കരംഭനും മക്കളില്ല. അവര്‍ തപസ്സു ചെയ്തു. രംഭന്‍ പഞ്ചാഗ്നിയിലും കരംഭന്‍ ജലത്തിലും. അപ്പോള്‍ ഇന്ദ്രന്‍ മുതലയായി ചെന്ന് കരംഭനെ കൊന്നു. നിരാശനായ രംഭന്‍ അഗ്നിയില്‍ ചാടി. അപ്പോള്‍ അഗ്നിപ്രത്യക്ഷപ്പെട്ട് കുട്ടിയുണ്ടാകാന്‍ വരം കൊടുത്തു. അയാള്‍ തിരിച്ചു വരും വഴി ഒരു എരുമയെ കണ്ടു. അവര്‍ പരസ്പരം ആകൃഷ്ടരായി, വിവാഹം കഴിച്ചു. അവരുടെ കുടുംബജീവിതത്തില്‍ അസൂയതോന്നിയ ഒരു പോത്ത് രംഭനെ കുത്തിക്കൊന്നു. എരുമയാകട്ടെ, രംഭന്റെ ചിതയില്‍ ചാടി മരിച്ചു. അതില്‍ നിന്നും മഹിഷാസുരനുണ്ടായെന്ന് ദേവീഭാഗവതം പഞ്ചമസ്‌കന്ധത്തില്‍ പറയുന്നു.
ശാപത്താല്‍ മനുഷ്യനായി പിറന്ന മൃഗങ്ങളുടെ കഥയും ധാരാളമുണ്ട്.  കഥാസരിത്‌സാഗരത്തിലെ നാഗജന്മമെടുത്ത കുടുംബത്തിന്റെ കഥ ഉദാഹരണം. ഒരാള്‍ക്ക് 2 ആണ്‍മക്കളും ഒരു മകളും ഉണ്ടായിരുന്നു. അവിവാഹിതയായ പെങ്ങള്‍ ഗര്‍ഭിണിയായി. പരപുരുഷന്മാരാരും കടന്നുവരാത്ത വീട്ടില്‍ സഹോദരന്മാര്‍ പരസ്പരം സംശയദൃഷ്ടിയോടെ നോക്കാന്‍ തുടങ്ങിയതോടെ അവള്‍ രഹസ്യം വെളിപ്പെടുത്തി. നാഗകുലത്തില്‍പ്പെട്ടവരാണു തങ്ങളെന്നും ശാപം മൂലം മനുഷ്യജന്മമെടുത്തതാണെന്നും ഒരു നാഗകുമാരനില്‍ നിന്നും താനറിഞ്ഞെന്ന് അവള്‍ പറഞ്ഞു. ആ നാഗകുമാരനെ താന്‍ ഗാന്ധര്‍വ്വവിധിയനുസരിച്ച് വിവാഹം കഴിച്ചെന്നും അദ്ദേഹത്തില്‍ നിന്നാണ് ഗര്‍ഭിണിയായതെന്നും കേട്ടപ്പോള്‍ സഹോദരന്മാര്‍ക്ക് ആശ്വാസമായി. ഇവിടെ ശാപം മൂലം മൃഗം മനുഷ്യനാവുന്നു, മൃഗപദവി ഉയര്‍ന്നുനില്‍ക്കുന്നു എന്നതിലാണ് നമ്മുടെ ഊന്നല്‍.
മറ്റൊരു കഥ സാതവാഹനന്റേതാണ്. ഒരിക്കല്‍ പരിവാരങ്ങളോടുകൂടി കാട്ടില്‍ നായാട്ടിനുപോയ ഒരു രാജാവ് സിംഹത്തിനുപുറത്ത് കയറിവരുന്ന തേജസ്വിയായ ബാലനെ കണ്ടു. സിംഹത്തിനു നേരെ അദ്ദേഹം ഒരമ്പയച്ചു. സിംഹത്തിന്റെ മാറുപിളര്‍ന്ന് സാതന്‍ എന്ന യക്ഷന്‍ പുറത്തുവന്ന് തന്റെ കഥ പറഞ്ഞു. സാതനും മുനികുമാരിയും പ്രണയത്തിലായിരുന്നു. അതിഷ്ടമാകാതിരുന്ന മഹര്‍ഷിമാര്‍ ഇരുവരെയും ശപിച്ചു സിംഹമാക്കി. അതിനിടയില്‍ മുനികുമാരി ഗര്‍ഭിണിയായി. സിംഹരൂപിണിയെങ്കിലും അവളൊരു മനുഷ്യശിശുവിന് ജന്മം നല്‍കുകയും ആ ക്ഷണം മരിച്ച് മുനികന്യകയായി മാറുകയും ചെയ്തു. അതിനുശേഷം സിംഹികളുടെ മുലകുടിപ്പിച്ചും പുറത്ത് ചുമന്നുമാണ് സാതന്‍ കുഞ്ഞിനെ വളര്‍ത്തിയത്. തനിക്ക് ശാപമോക്ഷം തന്ന രാജാവിന് കുഞ്ഞിനെ സമ്മാനിച്ച് അയാള്‍ മറഞ്ഞു. മൃഗത്തില്‍ നിന്നും മനുഷ്യപിറവി സങ്കല്‍പ്പിക്കുന്നതാണ് ഈ കഥ.  
ഇപ്രകാരം മൃഗങ്ങള്‍, പക്ഷികള്‍ മറ്റു ജീവജാലങ്ങള്‍ കുടുംബാംഗങ്ങളായിത്തീരുന്ന കുടുംബഘടന പുരാണകഥകളില്‍ എത്രയെങ്കിലുമുണ്ട്. പലതിലും രൂപമാറ്റം, ശാപം, ശാപമോക്ഷം, വരലബ്ധി എന്നിങ്ങനെ ചിലതിന്റെ ഫലമായാണ് മൃഗമാകുന്നത്. എങ്കിലും അമ്മ, അച്ഛന്‍, മക്കള്‍ എന്നിങ്ങനെ പലരും മൃഗമായി പുലരുന്ന രീതിക്കുപിന്നിലെ ഭാവന നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നതാണ്.  ഉറച്ചുപോയ ഭിന്നവര്‍ഗഘടനയ്ക്കു മുമ്പേയുള്ളതും അതിനു ബാഹ്യമായതുമായ മൃഗമനുഷ്യജീവജാലങ്ങളുടെ പരസ്പരാഭിമുഖ്യത്തിന്റെയും കൂട്ടുജീവിതത്തിന്റെയും ചിത്രങ്ങളാണവ. ഇന്നത്തെ മാനകമായ കുടുംബക്രമത്തില്‍ നിന്നുള്ള വ്യതിചലനങ്ങളുടെ പ്രാഗ്രൂപങ്ങളായാണവ രാഷ്ട്രീയസാംഗത്യം നേടുന്നത്.

പിതൃത്വത്തിന്റെ ഇടര്‍ച്ചകള്‍
മലയാളസാഹിത്യത്തിലെ സമകാലികമായ ചില ഉദാഹരണങ്ങളിലേക്കു വരുമ്പോള്‍ മൃഗവും മനുഷ്യനും തമ്മിലുള്ള ചില ചാര്‍ച്ചകള്‍ അവയെ കുറച്ചുകൂടി മനസ്സിലാക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. തകഴിയുടെ വെള്ളപ്പൊക്കത്തില്‍, പൊന്‍കുന്നം വര്‍ക്കിയുടെ ശബ്ദിക്കുന്ന കലപ്പ, വിത്തുകാള, ലളിതാംബികയുടെ മാണിക്കന്‍, ഓടക്കുഴലിന്റെ നാദം, ബഷീറിന്റെ ടൈഗര്‍, പാത്തുമ്മയുടെ ആട്, ന്റുപ്പാപ്പയ്‌ക്കൊരാനേണ്ടാര്‍
ന്ന്, ആനവാരിയും പൊന്‍കുരിശും, എം.ടിയുടെ ഷെര്‍ലക്ക്, ടി പത്മനാഭന്റെ ശേഖൂട്ടി, സക്കറിയയുടെ പ്രപഞ്ചത്തിന്റെ അവശിഷ്ടങ്ങള്‍, എം.പി.നാരായണപിള്ളയുടെ പരിണാമം, മാടമ്പുകുഞ്ഞുകുട്ടന്റെ പോത്ത്, ഗ്രേസിയുടെ പൂച്ച, എസ്. ഹരീഷിന്റെ ആദം, മാവോയിസ്റ്റ്, ഇ. സന്തോഷ്‌കുമാറിന്റെ പണ്ടാലയുടെ പെട്ടകം എന്നിങ്ങനെയുള്ള നിരവധി ആഖ്യാനപാഠങ്ങളിലെ മൃഗകഥനത്തെ മാനകകുടുംബമൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യാന്‍ കഴിയും. മനുഷ്യനും മൃഗവും ചേര്‍ന്നു പൂര്‍ത്തിയാവുന്ന ഒരു സഹകുടുംബത്തിന്റെ ചിത്രമോ കുടുംബഘടനയോ തന്നെ അവയില്‍ നിന്ന് നമുക്ക് വേര്‍തിരിച്ചെടുക്കാനാകും.

മകളോ കാളയോ?

പൊന്‍കുന്നം വര്‍ക്കിയുടെ 'ശബ്ദിക്കുന്ന കലപ്പ' ഉദാരമാനവവാദത്തിന്റെയും മനുഷ്യന് മൃഗത്തോടുള്ള കരുണയുടെയും ഒക്കെ ഭാഗമായി മാത്രമാണ് നാളിതുവരെ വായിക്കപ്പെട്ടത്. ഏറെയും മനുഷ്യകേന്ദ്രിതമായ സാമാന്യവായനകളായിരുന്നു അവ. അതില്‍ നിന്നും വ്യത്യസ്തമായി മാനകകുടുംബഘടനയെ മുന്‍നിര്‍ത്തി ആ കഥയെ വിശകലനം ചെയ്യുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന ചില ഇടര്‍ച്ചകള്‍ ഇനി പരിശോധിക്കാം.
കണ്ണനെന്ന കാളയും അവുസേപ്പ് എന്ന കര്‍ഷകനും തമ്മിലുള്ള അടുപ്പത്തിന്റെ ചിത്രണം ഈ കഥയിലെ തീവ്രമായ ഒരടരാണ്. കഥാകൃത്ത് എഴുതുന്നു: ''പൂട്ടുന്നിടത്തും മറ്റും അവുസേപ്പുചേട്ടന്‍ മനസ്സില്‍ കാണുന്നത് കണ്ണന്‍ മനസ്സിലാക്കിക്കഴിയും...ഓങ്ങു
കയല്ലാതെ അയാള്‍ അതിനെ അടിയ്ക്കാറില്ല. കാളേ, പൂളേ എന്നയാള്‍ ഒച്ചയിടാറില്ല. സ്‌നേഹിതന്മാരോടെന്ന പോലെയാണയാള്‍ അവനോടു സംസാരിക്കുക.' (ശബ്ദിക്കുന്ന കലപ്പയും മറ്റുകഥകളും, ഡി.സി.ബുക്‌സ്, 2003)
വെളിയില്‍ വല്ലേടത്തും പോയി തിരിച്ചുവന്നു മുറ്റത്തുകയറുമ്പോള്‍ തന്നെ അയാള്‍ വിളിക്കും 'എടാ, കണ്ണാ!' സ്വരം കേള്‍ക്കേണ്ട താമസമേയുള്ളൂ സ്‌നേഹശീലനായ ആ കാള അമറിത്തുടങ്ങാന്‍. അയാള്‍ അടുക്കല്‍ ചെല്ലുന്നതുവരെ തലയുയര്‍ത്തിപ്പിടിച്ചവന്‍ നോക്കിനില്‍ക്കും. പച്ചപ്പുല്ലോ പഴത്തൊലിയോ എന്തായാലും ആ കൈയില്‍ നിന്നു തന്നെ അവനതു കഴിക്കും സ്‌നേഹത്തോടുകൂടി. ആ ശരീരം തടവിത്തുടങ്ങുന്ന അവുസേപ്പു ചേട്ടനെ ചിലപ്പോള്‍ ആ കാളയും നക്കിത്തുടങ്ങും. അയാളുടെ ശരീരത്തില്‍ ഉണങ്ങിപ്പിടിച്ചിരിക്കുന്ന വിയര്‍പ്പിന്റെ ഉപ്പ് വളരെ പ്രിയമാണ് അവന്. ഏത് ഒച്ചപ്പാടിനിടയിലും കണ്ണന്‍ അവുസേപ്പുചേട്ടന്റെ ശബ്ദം തിരിച്ചറിയും. അതുകേള്‍ക്കുമ്പോള്‍ ഇടിയൊച്ചകേള്‍ക്കുന്ന മയിലിനെപ്പോലെ അവന്‍ ആഹ്ലാദിക്കും. പൂട്ടുന്നിടത്ത് അവുസേപ്പുചേട്ടന്‍ തന്നെ പുറകില്‍ നില്ക്കണമെന്ന് അവന് നിര്‍ബന്ധമുണ്ട്. അല്ല മറ്റു വല്ലവരുമായാല്‍ ചില കുസൃതികളൊക്കെ അവന്‍ കാണിച്ചു തുടങ്ങും.''
ഇങ്ങനെ വര്‍ണ്ണിച്ചാല്‍ തീരാത്ത മട്ടിലാണവരുടെ അടുപ്പവും ഇണക്കവും കഥാകൃത്ത് എഴുതുന്നത്. പക്ഷേ, തുടര്‍ന്ന് ഈ ബന്ധം ഇടറുകയാണ്. കാരണം അയാള്‍ ഒരു പിതാവാണ്. മകളെ കെട്ടിച്ചയക്കാനായി അയാള്‍ക്ക് കാളയെ വില്‍ക്കേണ്ടിവന്നു. അതേ കുറിച്ച് കഥാകൃത്ത് പറയുന്നതിങ്ങനെ: 'മനസ്സുണ്ടായിട്ടല്ല. മനസ്സുണ്ടെങ്കിലും ഇല്ലെങ്കിലും അങ്ങനെ ചെയ്‌തേ പറ്റൂ. അയാള്‍ ഒരു പിതാവാണ്. വിവാഹപ്രായം കഴിഞ്ഞുനില്‍ക്കുന്ന ഒരു പുത്രിയുടെ സ്‌നേഹശീലനായ അച്ഛനാണ്'. പിതൃത്വത്തിന്റെ സമ്മര്‍ദ്ദം ഒരു മാനകകുടുംബവ്യവസ്ഥയില്‍ അനിവാര്യമായും ഉടലെടുക്കുന്നതാണ്. അത് ഇതര സ്‌നേഹബന്ധങ്ങളെ മുറിവേല്പിക്കുന്നു. കഥാകൃത്ത് പറയുന്നത് നോക്കൂ: 'ദുഃഖിക്കാന്‍ കഴിവുള്ള മനസ്സുകള്‍ തമ്മിലുള്ള അടുപ്പമാണ് സ്‌നേഹമെങ്കില്‍ കണ്ണനെപ്പോലെയും അവുസേപ്പുച്ചേട്ടനെപ്പോലെയും അടുത്തവര്‍ ലോകത്തില്ല. ബുദ്ധിമുട്ടിന്റെ കാര്യം ഇവര്‍ അങ്ങേട്ടോ ഇങ്ങേട്ടോ പറഞ്ഞിട്ടില്ല. അതുകൊണ്ട് ആ ഹൃദയങ്ങള്‍ അകലാന്‍ വേദനിക്കുന്നു'.
പ്രാരാബ്ധങ്ങള്‍ ഏറെയുള്ള ജീവിതത്തില്‍ പിതൃത്വത്തിന്റെ കടമകള്‍ ഒഴിയുന്നില്ല. പ്രസവാനന്തരമര്യാദകള്‍ക്കായി കാല്‍പ്പെട്ടി, പലഹാരം, കറവപ്പശു ഒന്നും സാധിക്കുകയില്ലെങ്കിലും മുണ്ടും ചട്ടയുമെങ്കിലും വേണം. അയാള്‍ വേവലാതിപ്പെട്ടു. ഇവിടെ ആണത്തം, പിതൃത്വം രണ്ടിന്റെയും മൂല്യങ്ങളാണ് ചോദ്യം ചെയ്യപ്പെടുന്നത്. സ്വന്തം പെണ്മക്കളെ ആക്രമികള്‍ക്ക് വിട്ടുകൊടുക്കാമെന്നു പറയുന്ന ലോത്തിന്റെ ജീവിതസന്ദര്‍ഭത്തെ മുന്‍നിര്‍ത്തി കെന്‍സ്റ്റോണ്‍ നടത്തുന്ന ബൈബിളിന്റെ ക്വീര്‍പഠനം ഓര്‍ക്കുക. വേണ്ടത്ര ഇറച്ചിവിളമ്പി സല്‍ക്കരിക്കാത്ത എബ്രഹാമിന്റെ കര്‍തൃത്വത്തില്‍ ആരോപിക്കപ്പെടുന്ന പൗരുഷക്കുറവും ഓര്‍ക്കാം.
ഭാര്യയുടെ ചിട്ടിക്കാശുകൊണ്ട് ചട്ടയും മുണ്ടും വാങ്ങാമെന്നായപ്പോള്‍ കുറ്റബോധത്തോടെ അയാള്‍ പറയുന്നു: 'താനാണതുണ്ടാക്കേണ്ടത്, തെന്നക്കൊണ്ട് പറ്റിയില്ല'. ആണത്തത്തിലുള്ള കുറവ്, അഭാവം എന്നത് മാനകകുടുംബത്തിലെ പിതാവ് സന്തതികളെ സംരക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലുമുള്ള കുറവിലൂടെയാണ് തിരിച്ചറിയപ്പെടുന്നത്. പെണ്‍സന്തതികള്‍ സംരക്ഷിക്കപ്പെടേണ്ടവരാണെന്ന പരമ്പരാഗതചിന്തയും അതിന്റെ ഭാഗമാണ്. പണക്കുറവിന്റെ കാര്യം പറഞ്ഞ് കലഹിച്ച ഭാര്യയോട്, 'നീ തന്നെ കോട്ടയത്തിനു പോ' എന്നയാള്‍ പറയുമ്പോഴുള്ള ഭാര്യ ചൊടിക്കുന്നു: ''വല്ലതും കാലമാക്കാനും വീടുനോക്കാനുമാ പെണ്ണുങ്ങള്. ആക്കിയടുപ്പിക്കുന്നത് ആണുങ്ങളാ. അതിനുവേണ്ടിയാ ചെറുപ്പത്തിലേ ഒരു മീശക്കാരന്റെ കൈയ്യില്‍ പിടിച്ചു തന്നത്''. ഭിന്നവര്‍ഗക്രമത്തിന്റെ അടിയുറച്ച സാക്ഷ്യമാണിത്.  
ഒടുവില്‍ കോട്ടയത്തെത്തിയ ഔസേപ്പുചേട്ടന്‍ യാദൃച്ഛികമായി അറവുകാളകള്‍ക്കിടയില്‍ തന്റെ കണ്ണനെ കാണുന്നു. ആ സമാഗമം വൈകാരികമായിരുന്നു. അയാളതിന്റെ ദേഹത്തെ മുദ്ര നോക്കി തടവി. അതു തൂത്തു. കണ്ണന്‍ അയാളുടെ മാറില്‍ നക്കി. അവന്റെ ജീവിതത്തോട് ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്ന വിയര്‍പ്പാണത്. വൃദ്ധനായ ആ കൃഷിക്കാരന്റെ ചൂടുള്ള കണ്ണുനീര്‍ത്തുള്ളികള്‍ കണ്ണന്റെ മുഖത്തേക്കടര്‍ന്നു വീണു. പിന്നീട് അയാള്‍ കയ്യിലിരുന്ന പണം കൊണ്ട് കാളയെയും വാങ്ങി മുണ്ടും ചട്ടയുമില്ലാതെ കുറ്റബോധത്തോടെ വീടണഞ്ഞു. പിന്നീടുനടക്കുന്ന സംഭാഷണങ്ങള്‍ ഭിന്നവര്‍ഗകുടുംബക്രമത്തിന്റെ ഇടര്‍ച്ചകള്‍ വ്യക്തമാക്കുന്നവയാണ്: 'അപ്പാ, അപ്പനെന്നോടിതു ചെയ്യുമെന്ന് ഞാന്‍ വിചാരിച്ചില്ല.' കണ്ണീരോടുകൂടി കത്രി പറഞ്ഞു. 'മോളേ,' ഇടറിയ കണ്ഠത്തോടെ ആ പിതാവ് പറഞ്ഞു: 'ഇനിക്ക് നിന്നെപ്പോലെ അവനും'.
പക്ഷേ, പിറ്റേന്ന് കാള വ്രണം പഴുത്ത് ചത്തുപോകുന്നു. അതേക്കുറിച്ചുള്ള ആഖ്യാനം നോക്കൂ : 'അവന്‍ ഇനി ഉണരുകില്ല. ഒരുവേള നിര്‍ഭാഗ്യവാനായ തന്നെച്ചൊല്ലി ആ കുടുംബം വേദനിക്കുന്നതു കാണാതിരിക്കാനായിരിക്കാം അവന്‍ കടന്നുകളഞ്ഞത്.' കുടുംബം എന്ന വാക്കാണിവിടെ ശ്രദ്ധേയം. 'മൃഗമോ മകളോ?' എന്ന ചോദ്യത്തെ ഔസേപ്പുചേട്ടന്‍ നേരിടുന്നത് പിതൃത്വത്തിന്റെ സന്ദിഗ്ധതയോടെയാണ്.
ആണത്തത്തെ പുതുക്കി നിര്‍വചിച്ചുകൊണ്ടാണ് അണുകുടുംബവ്യവസ്ഥ രൂപീകരിക്കപ്പെടുന്നത്. ഫ്യൂഡല്‍ പുരുഷമേധാവിത്തത്തില്‍ നിന്നും ദാമ്പത്യാധിഷ്ഠിതപുരുഷമേധാവിത്
തത്തിലേക്കുള്ള മാറ്റമായാണ് പ്രവീണ കോടോത്ത് ഇതിനെ വിശേഷിപ്പിക്കുന്നത്. അതോടെ പെണ്ണുങ്ങളെ സംരക്ഷിക്കുന്ന, അവരെ ശാസിക്കുകയും നിയന്ത്രിക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്നതാണ് ആണത്തമെന്നു വന്നു. പിതൃത്വവുമായി ബന്ധപ്പെട്ടതാണ് അണുകുടംബത്തിലെ ആണത്തം. അത്തരം ചോദ്യങ്ങളെയാണ് ശബ്ദിക്കുന്ന കലപ്പ നേരിടുന്നത്. 
സമാനമായ കഥയാണ് വിത്തുകാളയും. കിട്ടുമൂപ്പന്റെ വിത്തുകാളയായ നീലാണ്ടനാണയാളുടെ ഏക സമ്പാദ്യം. മകള്‍ എച്ചുമിയെപ്പോലെതന്നെ അയാളതിനെ സ്‌നേഹിച്ചു. എച്ചുമിയും നീലാണ്ടനും തമ്മിലുള്ള ബന്ധത്തെ ബഹുമാനമുള്ള രണ്ടു സുഹൃത്തുക്കളുടേതിനു സമാനമാണ്. ചവിട്ടിക്കാന്‍ കൊണ്ടുവരുന്ന പശുക്കളെ അനുനയിപ്പിക്കാന്‍ നടത്തുന്ന അനുനയക്രിയകള്‍ എച്ചുമി കാണുന്നതിപ്രകാരം: 'അതൊക്കെ കാണുമ്പോള്‍ എച്ചുമിക്ക് അരിശം വരും ഒരു പുരുഷന്‍ അത്രത്തോളം അധ:പതിക്കരുതെന്ന് അവള്‍ക്ക് നിര്‍ബന്ധമുണ്ട്. ഒരിക്കല്‍ കയ്യിലിരുന്ന ചൂലുകൊണ്ട് അവള്‍ അവന്റെ മോന്തയ്ക്ക് ഒരടി കൊടുത്തു'.'...കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും എച്ചുമിക്ക് നീലാണ്ടന്റെ നേര്‍ക്ക് ബഹുമാനമുണ്ട്. അവന്റെ അനുനയക്രിയയില്‍ അവളുടെ ആശകള്‍ എത്തിനോക്കുന്നു. അവള്‍ ആശിക്കുന്ന സ്വപ്നങ്ങളുടെ ഓരോ രംഗങ്ങളാണ് അവന്‍ അഭിനയിക്കുന്നത്. മൂപ്പര്‍ പുല്ലുചെത്താന്‍ പോകുമ്പോള്‍ ആരെങ്കിലും പശുവിനെ കൊണ്ടുചെന്നാല്‍ എച്ചുമിയാണ് നീലാണ്ടന്റെ കയര്‍ അഴിക്കുന്നത്. തന്റെ കയര്‍ അഴിക്കുന്നതിനുള്ള സ്വാതന്ത്ര്യം നീലാണ്ടന്‍ അധികം പേര്‍ക്ക് നല്‍കിയിട്ടില്ല. എന്നാല്‍ എച്ചുമി അവന്റെ കയര്‍ അഴിച്ചുകളയുമ്പോള്‍ എച്ചുമിയുടെ ശരീരം കോരിത്തരിക്കും. പുരയ്ക്കുള്ളിലേക്ക് ഓടിക്കയറാന്‍ അവള്‍ ആഗ്രഹിക്കാറുണ്ട്. ചിലപ്പോള്‍ അടുപ്പിന്‍ ചുവട്ടില്‍ ചെന്നു നിന്ന് തലകുനിച്ച് അവള്‍ അങ്ങനെയിരുന്നുപോകും. ഓലമറയുടെ ഇടയില്‍ക്കൂടി അവള്‍ എത്തിനോക്കും.'
ഈ വിവരണത്തിലെ കാമനാവേഗങ്ങള്‍ എന്താണു സൂചിപ്പിക്കുന്നത്? മുമ്പു നാം സൂചിപ്പിച്ച, മൃഗവും മനുഷ്യനും ചേര്‍ന്ന കുടുംബകഥനങ്ങളുമായി ചേര്‍ന്നു പോകുന്നില്ലേ അവ? കഥയുടെ പര്യവസാനം കയറുപൊട്ടിച്ച് പുറത്തു ചാടിയ നീലാണ്ടനെ തിരിച്ചു കിട്ടുന്നു. അതിനെയും കൊണ്ട് ചെന്നപ്പോള്‍ മകള്‍ ഓടിവരുമെന്നു അച്ഛന്‍ കരുതി. പക്ഷേ അപ്പോഴേക്കും എച്ചുമി കാമുകനുമായി ഒളിച്ചോടിയിരുന്നു. മനുഷ്യചോദനകളും കടമകളും തമ്മിലുള്ള സംഘര്‍ഷം ഈ കഥയില്‍ സാമാന്യമായി വിവരിക്കുന്നുണ്ട്. മാനകകുടുംബക്രമത്തിന്റെ സംഘര്‍ഷം മൃഗവും മനുഷ്യനും തമ്മിലുള്ള പ്രേരണാബന്ധത്തില്‍ കാണാം. മകള്‍ നഷ്ടപ്പെടുന്ന പിതാവിന് നീലാണ്ടനെ തിരിച്ചുകിട്ടുന്ന കഥയുടെ പരിസമാപ്തി സൂചിപ്പിക്കുന്നതെന്താണ്? മൃഗവും കൂടി ചേര്‍ന്നു പൂര്‍ത്തീകരിക്കുന്ന, പലപ്പോഴും മക്കളേക്കാള്‍ വളര്‍ത്തുമൃഗങ്ങള്‍ പ്രധാനമാകുന്ന സന്ദര്‍ഭം കൂടിയാണത്. മകളോടുള്ള കടമകള്‍ മറന്ന് മൃഗത്തെ തേടി നടക്കുന്ന അച്ഛന്റെ കഥയുമാണിത്.  മാനകകുടുംബഘടനയുടെ യുക്തിയില്‍ പിതൃത്വം വെല്ലുവിളിക്കപ്പെടുന്ന മറ്റൊരു സന്ദര്‍ഭം. 
സമാനമായ കഥയാണ് ലളിതാംബികയുടെ മാണിക്കനും. കുഞ്ഞുന്നാള്‍ മുതല്‍ കറുമ്പനും മക്കളായ അഴകനും നീലിയും ലാളിച്ചുവളര്‍ത്തിയ കാളയാണ് മാണിക്കന്‍. മാണിക്കനും അഴകനും തമ്മിലുള്ള ബന്ധം വിവരിക്കുന്നതു നോക്കുക: മാണിക്കനെ അഴിച്ച് വെള്ളവും തീറ്റിയും കൊടുത്തല്ലാതെ അഴകന്‍ ജലപാനം പോലും കഴിക്ക പതിവില്ല. ആ കാള തിന്നു നിറഞ്ഞ് തണലിലയവിറക്കുമ്പോള്‍ അവന്‍ കൗതുകത്തോടെ നോക്കി നില്‍ക്കും. എന്തൊരു തെളിവും പ്രസാദവുമാണാനോട്ടത്തില്‍. നവോഢയായ വധുവിനെ നിര്‍ന്നിമേഷമഭിവീക്ഷിക്കുന്ന നവയുവാവിനുപോലും ഇത്ര മതിമറന്ന ആനന്ദമില്ല. അവന്റെ മാണിക്കന്‍… അവന്റെ സഹകാരി… അവന്റെ സ്‌നേഹിതന്‍… അവന്റെ സര്‍വ്വസ്വവും… 'നമ്പടെ മാണിച്ചനെ അങ്ങനങ്ങനെ നോക്കിക്കൊണ്ടിരുന്നാ മതി പെണ്ണേ എക്കു നിറയും' അഴകന്‍ നീലിയോടു പറയാറുണ്ട്. തമ്പുരാന്റെ കാളയെ തിരിച്ചു വാങ്ങാന്‍ ആളയച്ചപ്പോള്‍ മാണിക്കന്‍ അവരെ കുത്തിയോടിച്ച് തിരിച്ച് തൊഴുത്തില്‍ വന്നു കിടന്നു. അഴകന്‍ അതിനെ ചേര്‍ത്തുപിടിച്ചു തഴുകി. 'നമ്മടെ തലേലെഴുത്താ മോനേ! അല്ലേല് നീ അങ്ങനെ ഓടണോ! തമ്പാനങ്ങനെ തോന്നണോ? ഇനീം എന്തൊക്കെയാണാവോ പൊല്ലാപ്പ്.'
പക്ഷേ, തമ്പുരാന്റെ ഇച്ഛ ജയിച്ചു. കാളയെയും അഴകനെയും തല്ലി അവരെ വേര്‍പിരിച്ച് മാണിക്കനെ കൊണ്ടുപോയി. അതിന്റെ കൊമ്പൊടിഞ്ഞു. തീറ്റയില്ലാതെ എല്ലരിച്ച മാണിക്കനെ തമ്പുരാന്‍ വിറ്റുകളഞ്ഞു. പിന്നീട് അഴകന്‍ വര്‍ഷങ്ങള്‍ക്കുശേഷം വൃദ്ധനായ ആ കാളയെ ഒരു കാട്ടില്‍ വെച്ച് കണ്ടെത്തുന്നു. ഒടിഞ്ഞ കാളവണ്ടിയുടെ അടിയില്‍പ്പെട്ട് മുന്‍കാലു തകര്‍ന്ന മൂക്കുകുത്തിയ കാള. തന്റെ കൈയിലുണ്ടായിരുന്ന പണം മുഴുവന്‍ കൊടുത്ത് അതിനെയും കൊണ്ട് വീട്ടിലെത്തുമ്പോള്‍ മകള്‍ ഏറെനാള്‍ കാത്തിരുന്ന പാവാടയും മകന്‍ മുട്ടായിയും പഴവും ഒക്കെ ചോദിക്കുന്നു. അവര്‍ ഭക്ഷണം കിട്ടാത്തതില്‍ പരാതിപ്പെടുന്നു. അടുപ്പില്‍ വെള്ളം അരിയും കാത്ത് തിളച്ചു കിടക്കുന്നു. സ്വന്തം കുടുംബത്തിന്റെ ചുമതലകളില്‍ വന്ന ഇടര്‍ച്ചകളിലൂടെ മാനകകുടുംബഘടനയിലെ പിതൃത്വത്തിലുണ്ടാവുന്ന വിള്ളലായി ഇവിടെ മൃഗസാന്നിദ്ധ്യം മാറുകയാണ്. ലളിതാംബികയുടെതന്നെ ഓടക്കുഴലിന്റെ നാദത്തില്‍ കന്നുകാലികളും മനുഷ്യരും ഇണക്കത്തോടെ ഒരേ കുടുംബമായിക്കഴിഞ്ഞിരുന്ന പഴയ ജീവിതവ്യവസ്ഥയുടെ ഗൃഹാതുരത കാണാം. കന്നുകാലികള്‍ നമ്മോടൊപ്പം പണിയെടുക്കുന്ന സഹോദരങ്ങളാണെന്ന് പൊയ്കയില്‍ അപ്പച്ചനും പറയുന്നുണ്ട്.

കമലേഷിന്റെ കാന്‍ഡി, കുട്ടായിയുടെ ആദം

പുതിയ എഴുത്തുകാരും മലയാളകഥയില്‍ ഇത്തരം നിരവധി സന്ദര്‍ഭങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. എസ്. ഹരീഷിന്റെ ആദം മാനകകുടുംബക്രമത്തിന്റെ പലതരം മൂല്യങ്ങളെ ഒരേ സമയം വിചാരണ ചെയ്യുന്ന കഥയാണ്. 'ഒരു തള്ളയ്ക്കുപിറന്ന 4 നായ്ക്കളുടെയും ഒരു തന്തയ്ക്കുപിറന്ന 2 മനുഷ്യരുടെ'യും വേറിട്ട ജീവിതകഥനമാണ് 'ആദം'. റിട്ടയേഡ് സൈനികനായ കുറുപ്പിന്റെ നായയാണ് നൂര്‍. അതിന് നാലു കുഞ്ഞുങ്ങള്‍: കാന്‍ഡി, ആര്‍തര്‍, വിക്ടര്‍, ജോര്‍ദാന്‍. നാലും നാലിടങ്ങളില്‍ വളരുന്നു. കാന്‍ഡി ഡോ. കമലേഷിന്റെ വീട്ടിലും ആര്‍തര്‍ കുറുപ്പിന്റെ വീട്ടിലും വിക്ടര്‍ പോലിസ്‌ക്യാമ്പിലും ജോര്‍ദാന്‍ പ്രവാസിയായ റോയിയുടെ വീട്ടിലും.
ഡോക്ടറായ കമലേഷ് വിവാഹം കഴിക്കും മുമ്പ് കാന്‍ഡിയുമൊത്താണ് കഴിഞ്ഞിരുന്നത്. കിടപ്പും തീറ്റയുമെല്ലാം കാന്‍ഡിക്കൊപ്പം. 'എനിക്കൊരു ബന്ധുവേയുള്ളൂ. മൈ ബ്രദര്‍. ഹീ ഈസ് എ ഡോഗ് 'എന്നാണയാള്‍ പറഞ്ഞിരുന്നത്. അതിനിടയില്‍ ഡോ. കമലേഷ് വിവാഹിതനാകുന്നു. വിവാഹദിവസം വൈകുന്നേരം തന്നെ കാന്‍ഡിയുടെ അധോഗതി ആരംഭിച്ചു. കമലേഷിന്റെ ഭാര്യ കാന്‍ഡിയില്‍ ഒരു എതിരാളിയെയാണ് കണ്ടത്. തന്റെ സ്ഥാനം അനധികൃതമായി പിടിച്ചെടുത്ത ഒരാള്‍. വിവാഹരാത്രിയില്‍ തന്നെ അവള്‍ നായരോമം പറ്റിപ്പിടിച്ചിരുന്ന കര്‍ട്ടനുകളും വിരിപ്പുകളും എടുത്തുമാറ്റി. വീടുമുഴുവന്‍ കഴുകി വൃത്തിയാക്കി. വീടിനകത്തു താമസമാക്കിയിരുന്ന കാന്‍ഡിയെ പട്ടിക്കൂട്ടിലേക്ക് മാറ്റി. കാന്‍ഡി, കമലേഷിന്റെ ഭാര്യയോട് അടുപ്പം കാണിക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഭാര്യയ്‌ക്കൊപ്പം കമലേഷും വെജിറ്റേറിയനായതോടെ കാന്‍ഡിയ്ക്ക് ഇറച്ചി കിട്ടാതായി. ആഴ്ചയിലൊരിക്കല്‍ അവനുവേണ്ടി കമലേഷ് കൊണ്ടുവന്നിരുന്ന ഇറച്ചിപ്പൊതികള്‍ വീടിനുള്ളില്‍ കലഹങ്ങള്‍ സൃഷ്ടിച്ചു. കുട്ടികളുണ്ടായതോടെ കമലേഷ് കൂടുതല്‍ അകന്നു. ആറുമാസത്തിലൊരിക്കല്‍ ഡോക്ടറെ കാണിക്കുന്നത് നിര്‍ത്തി. കുട്ടികളും കാന്‍ഡിയെ ഉപദ്രവിച്ചുരസിച്ചു. കമലേഷിന് ദൂരേക്ക് സ്ഥലംമാറ്റമായതോടെ കാന്‍ഡി മൃഗാശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ടു. താമസിയാതെ ഡോക്ടര്‍ അവനെ മരുന്നുകുത്തിവെച്ചു കൊന്നു. നായയുടെ പുറത്താകല്‍ മാനകമായ കുടുംബസംവിധാനം ഉറച്ചുവരുന്ന ക്രമത്തിലാണ് സംഭവിക്കുന്നത്.
ആര്‍തറെ കുറുപ്പിന്റെ അച്ഛന്‍ ആദം ശങ്കരപ്പിള്ളയുടെ ജാരസന്തതി കുട്ടായി മോഷ്ടിക്കുന്നു. പിതാവായ ആദം ശങ്കരപ്പിള്ളയുടെ പേരാണയാള്‍(ആദം) പട്ടിക്കിടുന്നത്. കന്യാസ്ത്രീമഠത്തിനു പിന്നിലെ വാതിലില്‍കൂടി നഗ്നനായി ഓടിയിറങ്ങിവന്നപ്പോള്‍ മുതലാണ് ശങ്കരപ്പിള്ളയ്ക്ക് ആദം എന്ന പേരുവീണത്. തെളിയിക്കാനാവാത്ത പിതൃത്വത്തിന്റെ സ്ഥാപനത്തിനായി കുട്ടായി പകല്‍വെളിച്ചത്തില്‍ കുറുപ്പിന്റെ പറമ്പുകളില്‍ നിന്നു തേങ്ങാപിരിക്കുകയും വാഴക്കുലകള്‍ വെട്ടിയെടുക്കുകയും ചെയ്തു. ഹൃദയം ദുഃഖപൂര്‍ണ്ണമാകുമ്പോള്‍ കുറുപ്പിന്റെ വീടിനു മുന്നിലെത്തി അസഭ്യം പറഞ്ഞു. ഭക്ഷണമാണെന്നു തിരിച്ചറിയാത്തതിനാല്‍ ഉണക്കക്കപ്പ തിന്നാതിരുന്ന ആദത്തെ കുട്ടായി പൂവരശിന്റെ വടികൊണ്ടുതല്ലി.
മകന്റെയോ കുടുംബാംഗത്തിന്റെയോ അര്‍ഹമായ പദവി കുട്ടായിയ്ക്കു ലഭിച്ചില്ല. അതിലുള്ള അമര്‍ഷവും നിരാശയും അതേ കുടുംബത്തിലെ അരുമയായ നായയോട് തീര്‍ക്കുകയാണ്. അയാള്‍ ആദത്തെ ഒത്തൊരു തെരുവുനായയാക്കി മാറ്റി. ഭക്ഷണം കിട്ടാത്ത ആദം നാട്ടിലെ അടുക്കളവാതിലുകള്‍ തള്ളിത്തുറന്ന് ഭക്ഷണം മോഷ്ടിച്ചു. സഹികെട്ട നാട്ടുകാര്‍ പട്ടിപിടുത്തക്കാരെ ഏര്‍പ്പെടുത്തിയെങ്കിലും ആദത്തെ പിടികൂടാനായില്ല. അവന്‍ അവരെ തുരത്തി. അതോടെ നാട്ടിലെ സകല നായ്ക്കളുടെയും കാമുകനായി അവന്‍ മാറി. ഒടുവില്‍ ഏതൊരു തെരുവുനായയുടെയും വിധി അവനെ തേടിയെത്തി. അഞ്ചുകിലോമീറ്റര്‍ അകലേയുള്ള ഹൈവേയില്‍ വണ്ടിക്കടിപെട്ട് അവന്‍ മഴയില്‍ മണ്ണാങ്കട്ടപോലെ അലിഞ്ഞുതീര്‍ന്നു. തെരുവിലെ പട്ടിയായി വണ്ടിക്കടിപ്പെടുന്ന ആദം, ഭദ്രമായ മാനകകുടുംബക്രമത്തില്‍ നിന്നു പുറന്തള്ളപ്പെട്ട, സ്വതന്ത്രനും ദരിദ്രനും കള്ളുകുടിയനും തെമ്മാടിയുമായ കുട്ടായിയുടെ ജീവിതം തെന്നയാണ്.
എന്നാല്‍ കുറുപ്പിന്റെ മകന്‍ അഖിലേഷ് ആഗ്രഹിക്കുന്നത് മരിക്കുന്നതിനുമുമ്പ് ഒരു ദിവസമെങ്കിലും തെരുവുതെണ്ടിയായി ജീവിക്കാനാണ്. അയാളും ഒരു തെരുവുപട്ടിയെ കൊണ്ടുവന്നു വളര്‍ത്തി, ആദം എന്നു പേരിട്ടു. അതിനും ആദത്തിന്റെ ഛായയുണ്ടായിരുന്നു.
ഹരീഷിന്റെ തന്നെ മാവോയിസ്റ്റില്‍ ആന്റണി പോത്തിനെ കീഴടക്കി കൊല്ലുന്നതിലൂടെ ജീവിതം തെളിയുന്നു. ഇറച്ചിക്കടയില്‍ കഷണങ്ങള്‍ നുറുക്കുന്ന ജോലിയില്‍ നിന്ന് കഷണങ്ങള്‍ ഇട്ടുകൊടുക്കുന്ന ഉയര്‍ന്ന നിലയിലേയ്ക്കയാള്‍ എത്തുന്നു. മൃഗത്തെ മെരുക്കി തകര്‍ത്ത് നശിപ്പിക്കുന്നതിലൂടെ, കടയുടമയുടെ മകളെ ഭാര്യയാക്കി, കുടുംബത്തെയുണ്ടാക്കി ഉയര്‍ച്ച നേടുന്ന ആണ്‍കര്‍തൃത്വം കൂടിയാണത്.

ഒറ്റയാള്‍കുടുംബം
തിരുവനന്തപുരം പേയാടുസ്വദേശിനി സാറാമ്മയെന്ന മധ്യവയസ്‌ക മാധ്യമങ്ങളില്‍ നിറഞ്ഞത് തന്റെ വ്യത്യസ്തമായ ഒറ്റയാള്‍ ജീവിതം കൊണ്ടാണ്. അവരുടെ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ മൃഗസ്‌നേഹത്തിന്റേതും കൂടിയാണ്. അസുഖം ബാധിച്ചും വയസ്സായും ഉപേക്ഷിക്കപ്പെട്ട് തെരുവിലലയുന്ന വളര്‍ത്തുമൃഗങ്ങളെ ഏറ്റെടുത്തു ശുശ്രൂഷിക്കുകയും പോറ്റുകയും ചെയ്യുന്ന സാറാമ്മയുടെ വീട് അത്തരം ജീവികള്‍ക്ക് ഒരു അഭയകേന്ദ്രമാണ്. എന്നാല്‍ അവര്‍ക്ക് പൊതുസമൂഹത്തില്‍ നിന്ന് വലിയ എതിര്‍പ്പു നേരിടേണ്ടിവന്നു. ഒരര്‍ത്ഥത്തില്‍ ഭ്രഷ്ടുതന്നെ. സാറാമ്മ വളര്‍ത്തുന്ന മൃഗങ്ങള്‍ മനുഷ്യരെ ആക്രമിക്കുമെന്നും അവ സാംക്രമികരോഗങ്ങള്‍ പരത്തുമെന്നുമാണ് വാദം. എന്നാല്‍ വിധവയായ ഒരു മധ്യവയസ്‌കയുടെ ജീവിസ്‌നേഹം ആളുകളില്‍ ഉണര്‍ത്തുന്ന അസ്വസ്ഥതയ്ക്കു പിന്നില്‍ ആരോഗ്യപ്രശ്‌നം മാത്രമാണോ അതോ മുമ്പു സൂചിപ്പിച്ച സഹകുടുംബഭീതിക്കും അതിലൊരുപങ്കില്ലേ? വ്യാവസായികാടിസ്ഥാനത്തിലുള്ള പന്നി/കോഴിഫാമുകളും പക്ഷിവളര്‍ത്തല്‍കേന്ദ്രങ്ങളും മൃഗശാലകളും മൃഗാശുപത്രികളും മറ്റും ക്ഷണിച്ചുവരുത്താത്ത അസ്വസ്ഥതയല്ലേ അത്?
മാനകമായ കുടുംബക്രമത്തെ വെല്ലുവിളിക്കുന്ന സാറാമ്മയുടേതുപോലുള്ള വ്യത്യസ്തതരം അനുഭവങ്ങളും ജീവിതാവിഷ്‌ക്കാരങ്ങളും കടന്നുവരുമ്പോഴെല്ലാം അനുഭവപ്പെടുന്ന സംഘര്‍ഷം പലരൂപത്തിലാണ് പുറത്തുവരുക. അത്തരം സന്ദിഗ്ദ്ധതകളെ നേരിടാന്‍ കഴിയാതെ വരുമ്പോള്‍ അവയ്ക്കുനേരെ മൂര്‍ത്തവും അല്ലാത്തതുമായ വിധത്തിലുള്ള അതിക്രമങ്ങളുണ്ടാവുന്നു. അവയെ ഒതുക്കാനോ തുരത്താനോ ശ്രമങ്ങള്‍ നടക്കുന്നു. ഭിന്നവര്‍ഗക്രമത്തിലുള്ള കൂടുംബം നമ്മെ കൂടുതല്‍ സ്വാസ്ഥ്യത്തിലേക്കു നയിക്കുന്നതു കൊണ്ടാണോ അത്? ആധികാരികമായ പൊതുബോധത്തില്‍ കണ്ണിചേരുന്നതിലൂടെ ലഭിക്കുന്ന സ്വാസ്ഥ്യമല്ലേ അത്? മാനകകുടുംബക്രമത്തില്‍ രൂഢമൂലമായ, അരക്ഷിതത്വബോധമല്ലാതെ മറ്റൊന്നുമല്ല, അത്. അത്തരം ആത്മകേന്ദ്രിതമായ മൂല്യപരിരക്ഷയ്ക്കായി തങ്ങളുടെയും തങ്ങളെ ചുറ്റിപ്പറ്റിയുള്ള അന്യരുടെയും പരിതോവസ്ഥകളെ അവ ശാസനാപൂര്‍വം നിയന്ത്രിക്കുന്നു. സദാചാരവിചാരണയും പൗരസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റവുമായി അത്തരം ഇടപെടലുകള്‍ മാറുന്നതിന്റെ ഹിംസാത്മകത സമകാലികസമൂഹത്തില്‍ നിരന്തരം പെരുകുന്നു.
പുരുഷസാന്നിധ്യമില്ലാതെ വളര്‍ത്തുമൃഗങ്ങളോടൊപ്പം താമസിക്കുന്ന സ്ത്രീകളെ കുറിച്ച് ഹരീഷ് ആദത്തില്‍ എഴുതുന്നുണ്ട്. പ്രവാസിയായ റോയി മാത്യു കൊണ്ടുപോകുന്ന നായക്ക് അയാള്‍ താന്‍ ജോലി ചെയ്തിരുന്ന നാടിന്റെ പേരാണ് കൊടുക്കുന്നത്, ജോര്‍ദ്ദാന്‍. അയാള്‍ വിദേശത്തേയ്ക്ക് പോകുമ്പോള്‍ വീട്ടില്‍ ഭാര്യയും പതിമൂന്നുകാരിയായ മകളും മാത്രം, ഒപ്പം ജോര്‍ദ്ദാനും. പുരുഷസാമീപ്യമില്ലാത്ത രണ്ടു സുന്ദരിമാര്‍ക്കൊപ്പം കഴിയുന്ന മുന്തിയ ഇനം നായയ്ക്കുണ്ടാകാവുന്ന സൗഭാഗ്യങ്ങളെ കുറിച്ച് മതിലിനു പുറത്തുള്ള മുതിര്‍ന്നിട്ടും ലൈംഗികാനുഭവം ഉണ്ടാകാത്ത ചെറുപ്പക്കാര്‍ വന്യമായി ഭാവനചെയ്യുന്നതിനെ കുറിച്ച് കഥാകൃത്ത് സൂചിപ്പിക്കുന്നു. മൃഗങ്ങളും സ്ത്രീകളും തമ്മിലുള്ള സമ്പര്‍ക്കത്തെ മൃഗരതിയുടെ പരിധിയില്‍ വെച്ച് ചര്‍ച്ചചെയ്യുന്നത് അധോലോകപുരുഷഭാവനകളുടെ ഭാഗമാണ്. ഇത്തരം വിഷയങ്ങള്‍ രതികഥകളുടെ ഇഷ്ടഭോജ്യവുമാണ്. കുടുംബഘടനയില്‍ അവശ്യം വേണ്ടതെന്നു കരുതുന്ന പുരുഷന്റെ അസാന്നിധ്യമാണ് അഥവാ മാനകകുടംബത്തിന്റെ ചേരുവകളുടെ അഭാവമാണ് ഇത്തരം ഭാവനകളുടെ പ്രേരണ. വല്ലപ്പോഴുമെങ്കിലും പുരുഷന്മാര്‍ക്കും ബാധകമായ ആരോപണമാണിത്. 'സിഐഡി മൂസ'യില്‍ നായകനെ നോക്കി പട്ടിയോടൊത്താണ് മോന്റെ കളി എന്ന് ജഗതിയുടെ കഥാപാത്രം ദ്വയാര്‍ത്ഥപ്രയോഗം നടത്തുന്നുണ്ട്.
           എം.ടിയുടെ 'ഷെര്‍ലക്കി'ല്‍ ചേച്ചിയുടെ വളര്‍ത്തുപൂച്ച തന്റെ ഏകാന്തതകളെയും  മനോവിചാരങ്ങളെയും ഒരു ചാരനെപ്പോലെപിന്തുടരുന്നു എന്നു ബാലുവിനു തോന്നുന്നു.  അമേരിക്കയില്‍ താമസിക്കുന്ന ചേച്ചിയ്‌ക്കൊപ്പം ജോലിതേടലിന്റെ ഭാഗമായി വന്നെത്തിയതാണയാള്‍. ഭര്‍ത്താവ് കൂടെയില്ലാത്ത ചേച്ചിയുടെ അരുമയാണ് ഈ പൂച്ച. ബാലു ഒറ്റയ്ക്കാവുമ്പോള്‍ ഷെര്‍ലക്ക് അധീശനിലയില്‍ പെരുമാറുന്നു. അയാള്‍ക്ക് അതിനോടു തോന്നുന്ന ഭയം കലര്‍ന്ന ഈര്‍ഷ്യകളുടെ അബോധത്തില്‍ മാനകേതരമായ സഹകുടുംബത്തോടുള്ള അസഹിഷ്ണുത കൂടിയുണ്ട്.  
മലയാളസിനിമാചരിത്രത്തിന്റെ ഇടവഴികളിലൂടെ പിന്നെയും സഞ്ചരിച്ചാല്‍ കുടുംബത്തില്‍ നിന്നു വിട്ട് ഒറ്റയ്ക്ക് തന്റെ ശിങ്കിടികളോടൊപ്പം താമസിക്കുന്ന ഭാര്യയും മക്കളുമില്ലാത്ത വില്ലന്‍മാരെ കാണാം. ജോസ്പ്രകാശ്, എം.എന്‍.നമ്പ്യാര്‍ തുടങ്ങിയവരുടെ കൊള്ളത്തലവന്റോളുകള്‍ നോക്കൂ. ഭാര്യയും മക്കളും കുടുംബവുമൊന്നുമില്ലാത്ത അവരുടെ സന്തതസഹചാരിയായി ഏതെങ്കിലും ഒരു ജീവിയെ അവതരിപ്പിക്കാറുണ്ട്. നായ്ക്കളും സിംഹങ്ങളും മുതലകളുമൊക്കെ ഇതില്‍ പെടും. വില്ലന്റെ അരുമയായ ഈ ജീവികളെക്കൊണ്ട് ശത്രുക്കളായ നീതിമാന്മാരെ ആക്രമിച്ചുകൊണ്ടാണ് അയാളുടെ ക്രൂരത വെളിപ്പെടുത്തുന്നത്. നായകന്റെയോ ഉപനായകന്റെയോ കുടുംബത്തെ വെച്ചുകൊണ്ടാണ് പല സിനിമകളിലും വില്ലന്‍ വിലപേശാറുള്ളത്. കുടുംബസ്ഥനായ നായകനും കുടുംബബാഹ്യനായ വില്ലനും മുഖാമുഖം നില്‍ക്കുകയാണ് ഇവിടെ.
1980 ല്‍ പുറത്തുവന്ന ശക്തിയില്‍ എം.എന്‍.നമ്പ്യാര്‍ പക്കാ കൊള്ളത്തലവനാണ്. നന്‍മനിറഞ്ഞ പോരാളിയാണ്, ജയന്റെ കഥാപാത്രം. തന്റെ സംഘത്തില്‍ ചേരാന്‍ ജയനെ വിളിച്ചുവരുത്തുകയാണ്. വന്നപാടെ ജയന്‍ കാണുന്നത് കൊള്ളത്തലവന്‍ തന്റെ പരുന്തിനെക്കൊണ്ട് ഒരാളെ കൊത്തിപ്പറിച്ചു ആക്രമിപ്പിക്കുന്നതാണ്. ജോസ്പ്രകാശിന്റെ മുതലക്കുഞ്ഞുങ്ങളുമൊത്തുള്ള രംഗം കൗതുകം നിറഞ്ഞതാണ് (വിജയനും വീരനും) തന്റെ അരുമമുതലകള്‍ക്കു പേരുവിളിച്ചോമനിച്ച് ഭക്ഷണം കൊടുക്കുകയാണ് അയാള്‍. 'എന്തെടാ മക്കളേ, രാവിലെ ആര്‍ക്കും ഒരുന്മേഷമില്ലല്ലോ, സുഖമില്ലേ? കേറിവാടാ ധൈര്യമായിട്ട്, എന്താടാ മടിച്ചുനില്‍ക്കുന്നത്.' മക്കളേ ഇന്നു ഞാന്‍ നിങ്ങള്‍ക്ക് അതിവിശിഷ്ടമായ ഒരു ഭക്ഷണം കൊണ്ടുവന്നിട്ടുണ്ട്, എന്താടാ ജോണീ കൊതിയാ, വാ പൊളിച്ചുനില്‍ക്കുന്നത്?'. ഇങ്ങനെ പോകുന്നു അത്.
സമകാലികജനപ്രിയസിനിമാരംഗത്ത് ഹാസ്യതരംഗമായി മാറിയ തേജാഭായി ആന്റ് ഫാമിലിയില്‍ പ്രത്ഥ്വീരാജിന്റെ പ്രവേശനരംഗത്തിലെ രണ്ടു സന്ദര്‍ഭത്തിലും അയാളുടെ അരുമപ്പൂച്ചയെക്കാണാം. ഫോണ്‍ എടുക്കുന്നതിനായി റിസീവറിലേക്കു നീളുന്ന കൈ, ഫോണിനുപുറത്തു പതുങ്ങിച്ചേര്‍ന്നിരിക്കുന്ന പൂച്ച. മറ്റൊന്ന് തന്നെ അനുസരിക്കാന്‍ കൂട്ടാക്കാത്ത നവവ്യവസായിയെ അടിച്ചു തുരത്താന്‍ കാറില്‍/ഹെലിക്കോപ്റ്ററില്‍ വന്നിറങ്ങുന്ന താരത്തിന്റെ മുഖത്തേക്കാള്‍ മുമ്പുതന്നെ കൈയില്‍ പിടിച്ച പൂച്ചയെ കാണാം. പൂച്ചയെ ശ്രദ്ധാപൂര്‍വ്വം മറ്റൊരാള്‍ക്കു കൈമാറിയിട്ടാണ് അടിപിടി. തേജാഭായി കൊള്ളരംഗങ്ങളില്‍നിന്നും കുടുംബരംഗങ്ങളിലേക്കു വഴിമാറുമ്പോള്‍ പൂച്ച അപ്രത്യക്ഷമാകുന്നു. തേജാഭായിയെന്ന അനാഥനായ ധനികന്‍ ഒരു കുടുംബമാണ് ആഗ്രഹിക്കുന്നത്. അതിനുള്ള ശ്രമമാണ് സിനിമയുടെ കഥാതന്തു. മാവോയിസ്റ്റിലെ ആന്റണിയെപ്പോലെ, ആദത്തിലെ കമലേഷിനെപ്പോലെ മൃഗത്തെ അയാള്‍ മെരുക്കുകയോ ഉപേക്ഷിക്കുകയോ ചെയ്‌തേ മതിയാവൂ.
നിലനില്‍ക്കുന്ന മനുഷ്യബന്ധങ്ങളില്‍ ആവര്‍ത്തിച്ചുറപ്പിക്കുന്ന അധീശപരമായ ചില ഘടനകളെ പല നിലയില്‍ പരിശോധിക്കുകയായിരുന്നു ഇതുവരെ. കുടുംബഘടനയില്‍ മൃഗസാന്നിധ്യം സൃഷ്ടിക്കുന്ന സന്ദിഗ്ധതകളെയും ഇടര്‍ച്ചകളെയും മലയാളിഭാവന സഹകുടംബത്തിന്റെ മൂല്യങ്ങളിലൂടെ അടയാളപ്പെടുത്തിയതിന്റെ ചരിത്രംകൂടിയാണ് ഇത്.

റഫറന്‍സ്
1. പുരാണിക് എന്‍സൈക്‌ളോപീഡിയ, വെട്ടം മാണി, കറന്റ് ബുക്‌സ്, കോട്ടയം
2. ആണരശുനാട്ടിലെ പെണ്‍കാഴ്ച്ചകള്‍.എഡി.ജെ.ദേവിക, വിമന്‍സ് ഇംപ്രിന്റ്
3. മിഥ്യകള്‍ക്കപ്പുറം സ്വവര്‍ഗലൈംഗികത കേരളത്തില്‍, എഡി. രേഷ്മാ ഭരദ്വാജ്, ഡി.സി. ബുക്‌സ്, കോട്ടയം
4. ലളിതാംബിക അന്തര്‍ജനത്തിന്റെ കഥകള്‍ സമ്പൂര്‍ണം, ഡി.സി. ബുക്‌സ്, കോട്ടയം
5. തെരഞ്ഞെടുത്ത കഥകള്‍, പൊന്‍കുന്നം വര്‍ക്കി, എസ്.പി.സി.എസ്, കോട്ടയം
6. ആദം, എസ്. ഹരീഷ്, ഡി.സി. ബുക്‌സ്, കോട്ടയം
7. Same sex love in India-Ed. By Ruth vanitha and Saleem Kidwai, Penguin Books
 
 (31.07.2017 ലെ സമകാലികമലയാളത്തില്‍ പ്രസിദ്ധീകരിച്ചത്‌)