Wednesday, October 28, 2015

തിളച്ചുതൂവുന്ന മുലപ്പാല്‍



ലയാള സ്ത്രീകഥകളില്‍ എവിടെയാണ് എച്ച്മുക്കുട്ടിയുടെ സ്ഥാനം, അടയാളം? മുഖ്യധാരയില്‍ നിന്നെന്നു മാത്രമല്ല,അച്ചടിയുടെ അരികുധാരയില്‍ നിന്നുപോലും ഒഴിഞ്ഞ് 'എച്ച്മുവോട് ഉലകം' എന്ന സൈബര്‍ത്തട്ടകത്തില്‍ ഒറ്റവസന്തം തീര്‍ത്ത്, ഈ കഥകള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ കേവലം ഇതൊന്നു മാത്രമല്ല, അതു കഥാചരിത്രത്തില്‍ മാത്രമായി ഉന്നയിക്കപ്പെടേണ്ടതുമല്ല തന്നെ.കാരണം അനുഭവവും എഴുത്തും തമ്മിലുള്ള ബഹതലസ്പര്‍ശിയായ ആന്തരബന്ധങ്ങള്‍ ഇവിടെ അഴിച്ചുപണിയപ്പെടുന്നു.
എന്തുകൊണ്ടു വീണ്ടും വിണ്ടും അമ്മത്തം വഴിയുന്ന കഥകള്‍? എന്തുകൊണ്ട് വിണ്ടും  ജിവനുള്ള , ചൂടും ചോരയുമുള്ള സ്ത്രീകളുടെ ദേഹം? എന്തുകൊണ്ട് ചുവന്ന ചോരയെ വെളുത്ത മുലപ്പാലാകുന്ന സ്‌നേഹത്തെ പ്രതി- അതിന്മേലുള്ള മിഥ്യാദര്‍ശങ്ങളെയും കപടകല്പനികതകളെയും ഒപ്പം മാതൃദൈവികതയുടെയും വൈകാരികതയുടെയും സ്വാതന്ത്രലോകങ്ങളെയും ഒത്തുനോക്കി വിലയിരുത്തുന്നമട്ടില്‍- ഈ കഥകള്‍ നീറിവേവുന്നു? എവിടെനിന്നാണിത്രയും അമര്‍ത്തിയ നിലവിളിയും ആക്രോശങ്ങളും? സഹനപര്‍വ്വങ്ങളില്‍ ഞെരിഞ്ഞമര്‍ന്നു നീങ്ങുന്ന കാലടികള്‍ക്കിടയില്‍ ഈ ചോദ്യങ്ങള്‍ ജീവന്‍ പിടയുമെങ്കിലും വെടിഞ്ഞുപോകുന്നില്ല. അതു പത്തിവിടര്‍ത്തിയാടുന്നു, നാം വഴിമുട്ടുന്നു.
അമ്മ ലോകത്തിന്റെ കഥകള്‍ ബാലമണിയമ്മയും മാധവികുട്ടിയും ലളിതാംബികയും മുതല്‍ രേഖ(പാലാഴിമഥനം) ഇന്ദുമേനോനും(ഭ്രൂണം) വരെയും ധാരാളമായി എടുത്തു പെരുമാറിയിട്ടുണ്ട് കാല്‍പനികലോകത്ത് അമ്മ വളരെ ജനപ്രിയമായ ഒരു സാസ്‌കാരികബിംബമാണ്. ആദ്യകാലകഥാകാരികളില്‍ പലരും മാതൃത്വത്തെ ഏറ്റെടുക്കുന്നതിലെ വ്യത്യാസങ്ങള്‍ അവരുടെ ലിംഗപ്രത്യയശാസ്ത്രത്തെ സ്വാധീനിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ലളിതാബികയുടെയും സരസ്വതിയമ്മയുടെയും മാതൃത്വപരിഗണനകളെ, അവരുന്നയിക്കുന്ന സ്ത്രീ പക്ഷപ്രത്യയശാസ്ത്രം വളര്‍ത്തുകയും മെരുക്കുകയും ചെയ്യുന്നതാണ്. എന്നാല്‍  മേല്‍പ്പറഞ്ഞ കഥാകാരികളെ മാതൃത്വത്തിന്റെ എഴുത്തുകാരികളാണെന്നു മുദ്രകുത്തികൊണ്ട് അവരുടെ രചനകളിലെ ലിംഗരാഷ്ട്രീയത്തെ തമസ്‌കരിക്കുകയാണ് സാഹിത്യചരിത്രം ചെയ്തതെന്ന് ജെ.ദേവികയും മറ്റും ആരോപിക്കുന്നുണ്ട്.
മാതൃലോകങ്ങള്‍
മാതൃത്വത്തെ കെ.സരസ്വതിയമ്മ തന്റെ കഥകള്‍ക്കകത്തെതന്നെ രാഷ്ടീയ ചര്‍ച്ചയാക്കിയിരുന്നു. 'ഒരുക്കത്തിന്റെ ഒടുവില്‍' എന്ന കഥയിലെ നായികക്ക് കുഞ്ഞുങ്ങളെ ഇഷ്ടമാണെങ്കിലും വിവാഹം,മാതൃത്വം തുടങ്ങിയവയെ നിരാകരിക്കുന്ന ആദര്‍ശമാണുള്ളത്. കുഞ്ഞുങ്ങളെ ഇത്ര ഇഷ്ടമായ സ്ഥിതിക്ക് വിവാഹം കഴിച്ച് പ്രസവിച്ച് മക്കളെ ലാളിച്ചുകൂടെ? എന്ന സുഹൃത്തിന്റെ ചോദ്യത്തിന് അവര്‍ കൊടുക്കുന്ന മറുപടി രസകരമാണ്.'' സിനിമ കാണാനിഷ്ടമാണെന്നുവെച്ച് ആരെങ്കിലും സിനിമാക്കമ്പനി തുടങ്ങുമോ?''
പ്രസവിച്ച ഒരോ പെണ്‍കുഞ്ഞിന്റെയും വായില്‍ നെന്മണിയിട്ട് കൊല്ലുന്ന പാപത്തറയിലെ (സാറജോസഫ്) ലക്ഷമിക്കുട്ടി മുതല്‍ സ്വയം ഉമ്മത്തിന്‍കായ തിന്നശേഷം വിഷം ഊറിനിറഞ്ഞ മുലപ്പാലൂട്ടി മക്കളെ ഒന്നൊന്നായി മരണത്തിലേക്കാനയിക്കുന്ന ഭ്രൂണ (ഇന്ദുമേനോന്‍) ത്തിലെ പെണ്‍കുട്ടിയും മലയാളസ്ത്രീ കഥയിലുണ്ട്. ഇപ്രകാരം ബഹുലവും ബഹുസ്വരവുമാണ് മലയാളകഥയിലെ മാതൃത്വ പരിഗണനകള്‍. അലിവിന്റെയും കയ്പിന്റെയും അധികാരസ്വരങ്ങളോടുള്ള കലിപ്പിന്റെയും കൂടി കഥകളാണവ. സ്‌നേഹവും അധികാരവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ എന്ന് സാമാന്യമായി നിര്‍വ്വചിക്കാവുന്ന വിധം ഈ മാതൃലോകത്തിന്റെ കദനങ്ങളും കലക്കങ്ങളും മൂര്‍ത്തതയോടെ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്.സ്ത്രീയുടെ ലോകം എപ്രകാരം അധികാരനിര്‍മ്മുക്തവും അസ്വതന്ത്രവുമായി എന്നതിന്റെ വേറിട്ട അന്വേഷണങ്ങള്‍ തന്നെയാണവ. നിഗ്രഹാനുഗ്രഹശേഷിയുള്ള മാതൃദേവതകള്‍ക്കകത്തെ ഊര്‍ജമണ്ഡലങ്ങളുടെ നിര്‍മ്മിതിക്കുപിന്നിലും നാം രോഷത്തിന്റെ ചിലമ്പേറുകള്‍ വായിച്ചെടുത്തിട്ടുണ്ട്. 
ജൈവികവ്യവസ്ഥ
ഇപ്രകാരം സമാന്യവല്‍കരിക്കപ്പെട്ട മാതൃത്വത്തിന്റെ സാംസ്‌കാരികലോകത്തോട് ചേര്‍ന്നു നില്‍ക്കുകയും അതിനോട് സംവദിച്ചുകൊണ്ട് കൂടുതല്‍ സൂക്ഷ്മവും സവിശേഷവുമായ വിധത്തില്‍ അതിനകത്തെ ബലതന്ത്രങ്ങള്‍ തെളിച്ചെടുക്കുകയും ചെയ്യുന്നു എന്നതാണ് എച്ച്മുകുട്ടിയുടെ മാതൃലോകത്തിന്റെ പ്രത്യേകത. മാതൃലോകത്തിന്റെ വൈകാരികമൂലധനം എന്നു പേരിട്ടു വിളിക്കാവുന്ന ഒരു ആശയമണ്ഡലം തന്നെ ഈ മാതൃലോകത്ത് വ്യവഹാരിക്കപ്പെടുന്നു. വൈകാരികതയെ വൈകാരികത കൊണ്ടുതന്നെ പരിചരിച്ചെടുക്കുന്ന ഒരു മാതൃക തന്നെ ഇതിനായി ഇവിടെ പരീക്ഷിക്കുന്നു. തന്റെ കുഞ്ഞിനെ  താന്‍ തന്നെ തിന്നുകളയുന്ന തള്ളപൂച്ചയും ഈറ്റുജലവും കറയുമിഴുകിയ ദേഹം നക്കിതോര്‍ത്തുന്ന തള്ളപ്പശുവും ഭക്ഷണം വായിലിട്ടു കൊടുത്തു പരിചരിക്കുന്ന അമ്മക്കിളിയും കുഞ്ഞുങ്ങളെ റാഞ്ചാന്‍ വരുന്ന പരുന്തില്‍ നിന്ന് ചിറകിന്‍ കീഴിലൊതുക്കി സംരക്ഷിക്കുന്ന കോഴിയമ്മയും ഒക്കെയുള്ള ജീവിലോകത്തിലെ മാതൃത്വം പോലെ തന്നെ ജൈവികമായ ഒരു വ്യവസ്ഥയാണിവിടെ മാതൃത്വം. പ്രകൃതിസഹജങ്ങളും വാസനാകൃതവുമായ ഒരു ജൈവവ്യവസ്ഥ. 'ന്റെ അനീത്തി, അല്ലാന്റെ മോള്' 'മുലപ്പാലിന്റെ നിറവ്', 'ദൈവത്തിന്റെ പരിഗണനകള്‍ വെറുമൊരു പത്തുമാസകണക്ക്, 'അന്ത്രു', 'സാദനം', 'തെണ്ടിമയിസ്രെട്ട്', 'തുരുമ്പുപിടിച്ച ഹുക്കുള്ള ഒരു ബ്ലൗസ്', 'തിരുപ്പിറവി' എന്നിങ്ങനെ അനേകം കഥകളിലെ മാതൃത്വം ഇപ്രകാരം ജൈവികവും ഐന്ദ്രിയവുമായ സ്വത്വപരിസരമാണ്.
'ദൈവത്തിന്റെ പരിഗണനകള്‍ ഒരു വെറും പത്തുമാസക്കണക്ക്' എന്ന കഥ മാതൃത്വവും പൗരുഷവും തമ്മിലുള്ള സംഘര്‍ഷത്തെയാണ് അതിനകത്തെ അതീവനിസ്സഹായതയെയാണ് രേഖപ്പെടുത്തുന്നത്. ഇണചേരാനും ഗര്‍ഭം ധരിക്കാനുമെന്നപോലെ തന്നെ അമ്മയാകാനുള്ള ജന്തുസഹജമായ ആവേശവും ദാഹവും ഈ കഥകളില്‍ നാം മണക്കുന്നു.സ്‌ത്രൈണതയുടെ ജൈവികമായ ഒരു അവകാശമായി ഈ കഥകള്‍ മാതൃത്വത്തെ തിരിച്ചറിയുന്നു. ഗര്‍ഭധാരണം,ഗര്‍ഭകാലത്തെ ശാരീരികാനുഭവങ്ങള്‍ വ്യാകൂള്‍, പ്രസവം, മുലയൂട്ടല്‍ മുതലായ ഇന്ദിയാനുഭവങ്ങളുടെ വൈകാരികതയെ സ്‌ത്രൈണതയുടെ ഒരു  സ്വയംഭരണപ്രദേശമായി സമര്‍ത്ഥമായി വികസിപ്പിച്ചെടുക്കുന്നു ഈകഥകള്‍. അതിലൂടെ പ്രത്യുല്‍പാദനത്തിന്റെയും അതിലടങ്ങിയ വൈകാരികവിഭവത്തിന്റെയും പ്രമാണികതയെ സ്ഥാപിച്ചെടുക്കാനും കഴിയുന്നു.ഇത് ഒരു ബദല്‍ ലോകമാണ്,തീര്‍ച്ചയായും വ്യവസ്ഥാപിതമായ ലിംഗാധികാരത്തിനെതിരെ ഉയര്‍ന്നു നില്‍ക്കുന്ന എതിര്‍മണ്ഡലം.

മുലമുട്ടല്‍
  'മുലപ്പാലിന്റെ നിറവ്' എന്ന കഥ ഇത് ആവിഷ്‌കരിക്കുന്നുണ്ട് കുഞ്ഞിനു പാലുകൊടുക്കാന്‍ കഴിയാത്തതിനാല്‍ മുലപ്പാല്‍ നിറഞ്ഞു വിങ്ങിയ ഒരവസ്ഥയെ അതു വിശദീകരിക്കുന്നു.'മുലമുട്ടിപ്പു'തന്ത്രം കൊണ്ട് തോല്‍പിക്കപ്പെട്ട പെറ്റമ്മയാണിതിലെ ആഖ്യാതാവ്.
''മുലമുട്ടിപ്പുതന്ത്രത്തിന് പത്രങ്ങളിലും മാസികകളിലും ഒന്നും ആരും ഇതുവരെ പഠനങ്ങളെഴുതിയിട്ടില്ല. കിട്ടുന്ന പുസ്തകത്തിലൊക്കെ നോക്കി, ഒന്നും കണ്ടില്ല.
മുലപ്പാല്‍ നിറഞ്ഞു വീര്‍ത്തുനീരുവരുന്നുമുട്ടി. കക്ഷം വരെ ഉണ്ടയിരുന്നു രണ്ടുനാള്‍ മുമ്പ് പെറ്റ പെണ്ണിന്റെ മുല. പോലീസുകാര്‍ അടിവയറ്റില്‍ ഇടിച്ചാല്‍ മൂത്രം മുട്ടും. ആണിനും  പെണ്ണിനും മുട്ടും....മുലമുട്ടല്‍ മുട്ടിയാലെ അറിയൂ. മുട്ടിച്ചാലേ അറിയൂ...........വിറ്റാല്‍ കാശു കിട്ടാത്ത മുലപ്പാലു പിഴിഞ്ഞ് പെറ്റ പെണ്ണ് തെങ്ങിന്‍ ചോട്ടലൊഴിച്ചു പിന്നെ വിളഞ്ഞ  ഇളനീര് മുലപ്പാലിന്റെ  രുചി...''
മാതൃത്വത്തെ അതിന്റെ സാമൂഹികവിവക്ഷകള്‍ക്കകത്തു നിന്ന് തീക്ഷ്ണമായ ഐന്ദ്രിയകാമനമായി അടര്‍ത്തിയെടുത്തുകാണിക്കുന്നു എച്ച്മുകുട്ടി. സ്ത്രീയുടെ ലൈംഗികാനുഭവം പോലെ തന്നെ പ്രധാനമായ ഒരു ഇന്ദ്രിയാനുഭവമാണ് മുലയൂട്ടലും എന്നു പറയാന്‍ ഈ കഥ ശ്രമിക്കുന്നു.
നീരു മുട്ടിയ മുലപ്പാലിന് , അതൊരു കാറ്റുപോയ ബലൂണാക്കി അമ്മൂമ്മയുടെ ഭസ്മസഞ്ചിയാക്കി ചിരിച്ച കുഞ്ഞിളം ചുണ്ടിലെ സ്പര്‍ശത്തോളം ഉണ്ടോ ചുബനവും ഭോഗവുമൊക്കെ?
.........................................................................
.........................................................................
''അതിത്രേ ഉള്ളു, അതു നിസാരം എന്നു പറഞ്ഞാ തീര്‍ന്നില്ലേ കുടുംബം, കെട്ടുറപ്പ്,ആവാസവ്യവസ്ഥ, സദാചാരം, ഈ ലോകം?''

വൈകാരികമൂലധനം
അമ്മയും കുഞ്ഞും തമ്മിലുളള സ്പര്‍ശത്തിന്റെ ഇന്ദ്രിയപരമായ അനുഭവം, അതിനകത്തെ സ്ത്രീയുടെ പ്രാമാണികത, അത്തരം വൈകാരിക ജൈവമണ്ഡലങ്ങളില്‍ സ്ത്രീ സ്വരൂപിച്ചെടുക്കുന്ന സ്വയംഭരണശേഷി ഇവയെല്ലാം മേല്പറഞ്ഞ ബദല്‍ലോകനിര്‍മിതിയുടെ അടിസ്ഥാനവിഭവങ്ങളാകുന്നു. ഈ എതിര്‍ലോകത്തില്‍ ശാശ്വതമൂല്യങ്ങളുടെയും സാര്‍വ്വലൗകികമായ വിശ്വാസങ്ങളുടെയും വാര്‍പ്പുരൂപങ്ങള്‍ തകര്‍ന്നു പൊടിയുന്നു. അനുഭവത്തിന്റെ ദൈനംദിനപരത കണ്ടെടുക്കപ്പെടുന്നു. ദൈനംദിനജീവിതത്തിന്റെ രാഷ്ട്രീയത്തെ തിരിച്ചറിയുകയും പ്രശ്‌നവല്‍ക്കരിക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കും അധ്വാനം, കൂലി, കര്‍മം ഇവ മനുഷ്യബന്ധങ്ങളെ നിര്‍ണയിക്കുന്നത് കാണാതിരിക്കാനാവില്ല. സ്ഥൂലവും സൂക്ഷ്മവുമായ അധികാരമണ്ഡലങ്ങളായി മനുഷ്യബന്ധങ്ങള്‍ മെനഞ്ഞെടുക്കപ്പെടുമ്പോള്‍ അധ്വാനവും സ്‌നേഹവും കര്‍മവുമെല്ലാം  വ്യവസ്ഥ ചെയ്യുപ്പെടുന്നു. തൊട്ടിലാട്ടുന്നതും ലോകം ഭരിക്കുന്നതും (ഞീരസശിഴ ീള വേല രൃമറഹല മിറ ൃൗഹശിഴ ീള വേല ംീൃഹറ) എന്ന ഡോറോത്തി ഡിന്നര്‍സ്റ്റെയിനിന്റെ കൃതി പ്രസക്തമാകുന്നതിവിടെയാണ്. മനുഷ്യശേഷിയുടെ ഭൗതികവും ആന്തരികവുമായ വ്യവഹാരങ്ങളില്‍, പുരോഗതിയില്‍ ഈടുവെയ്പായി നിലകൊളളുന്ന സ്ത്രീയുടെ അധ്വാനം, കരുതല്‍, വൈകാരികവിഭവങ്ങള്‍ എത്രത്തോളം പ്രധാനമാണെന്നവര്‍ കരുതുന്നു. സ്‌നേഹപരിഗണനകളും ലാളനകളും മറ്റു വൈകാരിക ഇടപെടലുകളും ഉല്പാദിപ്പിക്കുന്ന അടിസ്ഥാനപരമായ വിഭവമണ്ഡലം തിരിച്ചറിയപ്പെടാതെ ചൂഷണവിധേയമാക്കുകയാണ് പുരുഷാധിപത്യസമൂഹം ചെയ്യുന്നതും. 'സാദനം' എന്ന ഒറ്റക്കഥയിലൂടെ ഈ വിവക്ഷകളെ പരമാവധി വിപുലീകരിക്കുന്നു എച്ച്മുക്കുട്ടി.
സാദനം
ആരാണ് സാദനം? സ്മാര്‍ത്തവിചാരങ്ങളില്‍ ഭ്രഷ്ടു കല്പിക്കപ്പെട്ട 'സാധന'ത്തേക്കാള്‍ ചവിട്ടിമെതിക്കപ്പെട്ട ഒരു ആണ്‍പെണ്‍ ജിവിതം. സാദന(അമ്മു) ത്തിന് സ്വന്തം ലിംഗം തിരിച്ചറിഞ്ഞു കിട്ടുന്നില്ല. നിരന്തരമായ ഭ്രഷ്ടും സ്പര്‍ദ്ധയും മാത്രം ഏറ്റുവാങ്ങി ഒടുങ്ങിയ ജന്മം.
''നിങ്ങക്കൊക്കെ എല്ലാം വേണ്ടമാതിരി നീളത്തിലും വണ്ണത്തിലും ആവശ്യത്തിന് താഴ്‌ച്ചേലും ഒക്കെ ഇണ്ടല്ലോ? അപ്പോ അതില്ലാത്തോരെ വെറുതെ വിട്ടൂടെ? ഇങ്ങനെ ഇട്ട് കഷ്ടപ്പെടുത്തണന്തിനാ?'' എന്നു സാദനത്തിനുവേണ്ടി ശണ്ഠകൂടുന്ന തങ്കമണിയുടെ അനുഭാവത്തിനും ബല്‍റ്റും കൊണ്ടുളള ശിക്ഷയേറ്റുവാങ്ങിയത് സാദനം തന്നെ.
എന്താണ് ആണത്തം, പെണ്ണത്തം എന്ന ചിന്തകളിലേക്കു തീവെളിച്ചം നീട്ടുന്ന ഈ കഥ എച്ച്മുക്കുട്ടിയുടെ ശക്തമായ രചനകളില്‍ ഒന്നുതന്നെ.
''ആണിന്റെയും പെണ്ണിന്റെയും മനസ്സുകളെ അവരുടെ ബന്ധങ്ങളെത്തന്നെ മനസ്സിലാക്കാനാവാത്ത ഈ ലോകത്ത് ആണോ പെണ്ണോ എന്നു കൂടി ശരിക്കും തീര്‍ച്ചയില്ലാത്തവരെ, അവരുടെ ആത്മബന്ധങ്ങളെ എങ്ങനെ മനസ്സിലാക്കാനാണ്?'' എന്നാല്‍ മനസ്സിലാക്കപ്പെടാതെ പോകുന്നതിനേക്കാള്‍ പലപ്പോഴും പെണ്‍ ശരീരത്തേക്കാളധികം ചൂഷണങ്ങള്‍ക്കു വിധേയമാവുകയും ചെയ്യുന്ന അവസ്ഥയുടെ ഭീഷണതയും നിലനില്‍ക്കുന്നു. ആണധികാരത്തിന്റെ ബലിഷ്ഠമായ അഹന്തകളെ ചൊടിപ്പിക്കാനേ ആ നിസ്സഹായതയ്ക്ക് കഴിയൂ എന്നും വരുന്നു.
'എത്ര കരുത്തുറ്റ പുരുഷത്വവും ഒരു ചെറിയ ഗ്രന്ഥിയുടെ കുറച്ചു ഹോര്‍മോണുകളും കൂടി തരുന്ന ദാന'മാണെന്ന തിരിച്ചറിവ് ആണത്തത്തിന്റെ വ്യവഹാരികലൈംഗികതയുടെ മേല്‍ക്കോയ്മയെ ഭംഗിയായി വെളിപ്പെടുത്തുന്നു.
'തെണ്ടിമയിേസ്രട്ട്' എന്ന കഥയിലും ആണത്തത്തോടുളള കടുത്ത അപലപനം നാം കേള്‍ക്കുന്നു.
''വിത്ത്ടണ പണി കഴിഞ്ഞാ പിന്നെ കുറ്റം പറേണതല്ലാണ്ട് വേറൊരുപണീല്ല്യാ... മീശേം കാലിന്റെടേല് എറച്ചിക്കഷ്‌ണോം മാത്രള്ള ചെല കാളോള്‍ക്ക്''' എന്നു തന്നെ ജാനകിയമ്മ അലറുമ്പോള്‍ ചക്രവാളത്തോളം വലുപ്പമാര്‍ന്ന വിശ്വരൂപമായി അവര്‍ നിറയുന്നു. കണ്ണീരിനേക്കാള്‍ വലിയ പ്രളയവും മരണത്തിലും വലിയ സാക്ഷ്യവുമില്ലെന്നും കഥ പറയുന്നു.

ആണെന്ത് പെണ്ണെന്ത് എന്നതിന്റേയും അടിത്തട്ടിലേക്കു പാളുന്ന കത്തിമുനയാണ് കന്യക എന്ന കഥയിലെ പ്രശ്‌നം. തന്റെ മുന്നില്‍ കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ട് ചോരവാര്‍ന്നു കിടക്കുന്ന കൗമാരക്കാരിയുടെ കന്യകാത്വപരിശോധന നടത്തുന്ന ലേഡി ഡോക്ടറുടെ ചിന്തകള്‍. ''പരിശോധിക്കണം. ഈ കിടക്കുന്ന ശരീരം ഒരു കന്യകയുടേതാണോ അതോ....ആ ഒരു കഷ്ണം നേര്‍ത്ത തൊലിയില്ലെങ്കില്‍ ആ മാംസപേശികള്‍ക്ക് വഴക്കവും അയവുമുണ്ടെങ്കില്‍ ഈ ശരീരത്തിന് സ്വഭാവദൂഷ്യമുണ്ടായികൂടെന്നില്ല. അപ്പോള്‍ ആ ശരീരത്തിലമര്‍ന്നിരുന്ന മറ്റു ശരീരങ്ങള്‍ക്ക് വാദിച്ചു നില്ക്കാന്‍ ഒരു വഴി തുറന്നു കിട്ടും. ഇവള്‍ പണ്ടേക്കു പണ്ടേ പിഴയായിരുന്നു. ''
വര്‍ത്തമാനകാല ലിംഗരാഷ്ട്രീയത്തില്‍ ശക്തമായി ഇടപെടുന്ന ഇ കഥകള്‍ അടിസ്ഥാനപ്രശ്‌നങ്ങളെ, അവയുടെ തുടര്‍ച്ചകളെയും പടര്‍ച്ചകളെയും അനുഭവങ്ങളായി പകര്‍ത്തുന്നു അതു നമ്മെ ക്ഷോഭിപ്പിക്കാതെ വയ്യ.
'ബ്ലാക്ക് ആന്റ് വൈറ്റി'ല്‍ കറുത്ത നിറത്തിന്റെ രാഷ്ട്രീയമാണു കഥാകാരി പറയുന്നത്. ആദ്യകാലത്ത് കറുപ്പിന് ഏഴഴക് എന്നു നടിച്ചയാള്‍ ഇരുട്ടിലെ ഭോഗത്തിനൊടുവില്‍ അറിയാതെ കൈ തട്ടി തെളിഞ്ഞ പ്രകാശത്തില്‍ അതേ ദേഹത്തേക്ക് കാര്‍ക്കിച്ചു തുപ്പുന്നു! സൗന്ദര്യത്തിന്റെ, പ്രത്യേകിച്ചും സ്ത്രീ ശരീരത്തിന്റെ കല്പിതമൂല്യങ്ങളെ പൊളിച്ചെഴുതുകയാണീ കഥ.

ജാതിയുടെ ഇടങ്ങള്‍
എച്ച്മുക്കുട്ടിയുടെ കഥകളധികവും തമിഴ്ബ്രാഹ്മണരുടെ അനുഭവപരിസരങ്ങളും സാംസ്‌കാരികതകളുമെഴുതുന്നു. പാമ്പമ്മ്യാരും തെണ്ടിമയിേസ്രട്ടും പോലുളള കഥകളില്‍ വരേണ്യമന്യത ഒട്ടും തന്നെയില്ലാതെ എന്നാല്‍ ജാതിസവിശേഷമായ പരിഗണനകളുടെ ഈ ഇടങ്ങള്‍ തെളിയുന്നു.
ജാതിയുടെ കീഴാളാവസ്ഥയെ സൂക്ഷ്മരാഷ്ട്രീയത്തിന്റെ കത്തിമുനയാല്‍ തിരിച്ചറിയുന്നു, 'സ്വന്തം ഭര്‍ത്താവിന്റെയല്ലേ.... സാരമില്ല' നേര്‍ഗതിയായ സരളമായ ആഖ്യാനം കൊണ്ടു രചിക്കപ്പെടുന്ന ഇക്കഥ നമ്മെ പൊളളിക്കുക തന്നെ ചെയ്യും. ജാതീയവും ലിംഗപരവുമായ കീഴാളതകളെ ഒന്നിച്ചു മൂര്‍തത്തമാക്കുകയാണീ കഥയിലൂടെ. അഴുകിജിര്‍ണിച്ച ജാതിബോധം ഒരു സ്ത്രീയുടെ ജീവിതത്തെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തുന്നതിന്റെ ചിത്രമാണീ കഥ. ഡോക്ടറായ ആഖ്യാതാവിന്റെ കണ്‍സള്‍ട്ടിംഗ് റൂമിലേക്ക് മോടിയില്‍ അണിഞ്ഞൊരുങ്ങിയെത്തിയ പേഷ്യന്റ് തന്റെ പ്രശ്‌നം പറയുകയാണ്. ഡോക്ടറായി ജോലി നേടിയിട്ടും വീട്ടിലിരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന അവസ്ഥയാലാണീ ഭാര്യ. എല്ലാ സൗകര്യങ്ങളുമുളള വീട്, പ്രണയവിവാഹം, വിദ്യാഭ്യാസവും ജോലിയും പണവുമുളള ഭര്‍ത്താവ് . എപ്പോഴും കൈകഴുകണമെന്നു തോന്നുന്നതാണവരുടെ പ്രശ്‌നം. വിസര്‍ജ്ജനശേഷം ഭാര്യതന്നെ വൃത്തിയാക്കണമെന്ന നിര്‍ബ്ബന്ധമാണ് ഭര്‍ത്താവിന്. 
വീണ്ടും കുത്തിചോദിക്കുമ്പോള്‍ അവര്‍ പറയുന്നു. താന്‍ തോട്ടി ജാതിയില്‍പ്പെട്ടവളാണെന്ന്. അമ്മായിയമ്മ ഒന്നും മിണ്ടാറില്ലെന്നും എകമകന്‍ സ്വഭാവം നന്നായിക്കിട്ടാന്‍ ബോര്‍ഡിംഗിലാണെന്നും, വീട്ടില്‍ താന്‍ ആകെ ചെയ്യേണ്ടത് ബാത്‌റൂമും ടോയ്‌ലറ്റും വൃത്തിയാക്കലാണെന്നും പറയാനാവാതെ അവരിറങ്ങുന്നു. ഡോക്ടറാകട്ടെ തന്റെ മേശവിരിപ്പും കുഷന്‍ കവറും ഉടനെ മാറ്റാനേല്പ്പിക്കണമെന്നു പ്ലാനിടുന്നു.അവര്‍ തന്റെ കൈ സോപ്പിട്ടു കഴുകുന്നു. തനിക്കു പിന്നില്‍ ഒരു ഗ്ലാസുടയുന്ന ഒച്ച കേട്ട് രോഗി മെല്ലെ ഇറങ്ങുന്നു.
'പാമ്പമ്മ്യാര'ുടെ കഥയില്‍ അവരുടെ കടുത്ത ദാരിദ്ര്യാവസ്ഥയില്‍ പലഹാരകുട്ടയുമായി ഇടവഴിയിലൂടെ നടക്കുമ്പോള്‍ പോലും താഴ്ന്ന ജാതിക്കാരെ സ്പര്‍ശിക്കാതിരിക്കാന്‍ കരുതലെടുക്കുന്നതിന്റെ ചിരി എച്ച്മുക്കുട്ടി പങ്കവെയ്ക്കുന്നു. അടിസ്ഥാനരാഷ്ട്രീയത്തില്‍  തൊട്ടും മുട്ടിയും നിന്നു കൊണ്ടുളള തീഷ്ണമായ ഈ കഥകള്‍ മലയാളകഥയുടെ പ്രതീക്ഷകളെ വീണ്ടും തളിര്‍പ്പിക്കുന്നു. മുലപ്പാലിന്റെ ഈ വഴി തീക്ഷ്ണവും ഒപ്പം പതര്‍ച്ചകളില്ലാത്തതുമാണ്.
'തുരുമ്പുപിടിച്ച ഹുക്കുളള ബ്ലൗസ്' പ്രണയത്തെയും മരണത്തെയും കൂട്ടിപ്പിടിക്കുന്നു. ഈ സമാഹരത്തില്‍ അനുഭവതീക്ഷണതകൊണ്ട് പൊളളിയണ ഒട്ടേറെ കഥകളുണ്ടെങ്കിലും അവയിലേറ്റവും മുന്നില്‍ നില്ക്കുന്ന ഒന്നാണീ കഥ. ആര്‍ത്തവ സമയത്ത് ഒരു തുണ്ടു തുണിയില്ലാത്ത നിസ്വരായ സ്ത്രീകള്‍ ഇന്ത്യന്‍ യാഥാര്‍ത്ഥ്യം തന്നെയാണ്. സ്വന്തം മകള്‍ക്കു നല്‍കിയ പഴയ ബ്ലൗസിന്റെ ഹുക്കുകളിലെ തുരുമ്പിലൂടെയെത്തുന്ന മരണം! മകളുടെ ദുര്‍വ്വിധി മറ്റാര്‍ക്കുമുണ്ടാകാതിരിക്കാന്‍ പഴന്തുണി ശേഖരിച്ചും അടുക്കിവെച്ചും അതു വിതരണം ചെയ്യുന്ന ദിവസത്തില്‍ തനിക്കു തുണവരുന്ന ആണ്‍ സുഹൃത്തിനെ കാത്തിരുന്നും ലാജോ എന്ന അഭയാര്‍ത്ഥി വൃദ്ധ...അവരില്‍ പ്രണയവും മരണവും മഹത്തായ ജീവിതബോധമായി ജ്വലിക്കുന്നു.
  എച്ച്മുക്കുട്ടിയുടെ കഥനത്തിന്റെ അടിത്തട്ട് സങ്കീര്‍ണമായ അനുഭവങ്ങളുടെ ആഴക്കടല്‍ തന്നെയാവുന്നു. അവിടെ പുകയുന്ന സ്‌ത്രൈണാനുഭവങ്ങള്‍ വ്യവസ്ഥാപിത രചനാകൗശലങ്ങള്‍ക്കനുസൃതമായി ചിട്ടപ്പെടുത്തിയവയല്ല. മുന്‍വിധികളില്‍ നിന്നു മുക്തവും ഉച്ഛൃഖലവുമാണതിന്റെ ഗതി.   ജീവിതപ്രവാഹത്തിന്റെ അനന്തവും പ്രവചനാതീതവുമായ ഗതിവിഗതികള്‍ ജൈവികമായ ആവിഷ്‌കാരമായിത്തീരുന്നത് അതുകൊണ്ടാണ്. മുലപ്പാലിന്റെതെന്ന പോലെ തന്നെ ഉള്ളില്‍ ഉറച്ചതും ഉണ്മയില്‍ നിന്ന് ഊറിയതുമായ സ്വച്ഛന്ദമായ ഒരു തൂവിപ്പരക്കലാണീ കഥകള്‍.
(സമകാലികമലയാളം വാരിക, 2015 ഒക്ടോബര്‍)



Thursday, October 1, 2015

ജനപ്രിയദേശീയവാദത്തിന്റെ കാവ്യപാഠം (മധുസൂദനന്‍ നായരുടെ ഗാന്ധിയെക്കുറിച്ച്)




ലയാള കവിതയുടെ ജനകീയസംവേദന പാരമ്പര്യം എത്തിനില്‍ക്കുന്ന ഏറ്റവും ആധുനികമായ ഇടമാണ് മധുസൂദനന്‍ നായര്‍ കവിതകള്‍. ജനകീയമാവുക എന്നാല്‍ ഉപരിവിപ്ലവവും കമ്പോളാധിഷ്ഠിതവുമായി കൂടി മാറുക എന്ന ഒരു അര്‍ത്ഥസൂചന പുതുകവിതയുടെ സന്ദര്‍ഭത്തില്‍ കടുവരുന്നുണ്ട്. എന്നാല്‍ പുതുകാലത്തെത്തുമ്പോഴും മധുസൂദനന്‍നായരുടെ കവിതയുടെ അടിസ്ഥാനപരമായ ചാര്‍ച്ച പുതുകവിതയോടല്ല, ആധുനിക കവിതയോടാണ്. ജനപ്രിയതയെയും ജനകീയതയെയും വകതിരിച്ചുകാണുകയും രാഷ്ട്രീയാധുനികതയുടെ ദര്‍ശനത്തിന് അവയ്ക്കു മുകളില്‍ മേല്‍ക്കൈ ഉണ്ടാകുകയും ചെയ്ത എഴുപതുകളുടെയും എണ്‍പതുകളുടെയും ഒക്കെ കവിതകളുടെ ധാര മധുസൂദനന്‍ നായരുടെ കവിതകളെക്കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ പ്രസക്തമാണ്. കാരണം ആ കവിതകളില്‍ പ്രബലമായ പ്രാദേശിക, ദ്രാവിഡ, കേരളീയ പരിപ്രേക്ഷ്യങ്ങള്‍ തന്നെ. കേരളീയത എന്ന ആശയത്തെക്കുറിച്ചും കേരളീയാധുനികതയെക്കുറിച്ചും സൗന്ദര്യശാസ്ത്ര മണ്ഡലത്തില്‍ ഏറ്റവുമധികം ചര്‍ച്ചകള്‍ നടന്നത് ആധുനികതയുടെ കാലത്താണ്. സൗന്ദര്യാത്മകതയുടെ തലത്തിലെന്നതുപോലെ തത്വദര്‍ശനത്തിലും ആഖ്യാനപരീക്ഷണങ്ങളിലും ആരോപിതമായ സ്വാധീനമതിഭ്രമങ്ങളെ അതിജീവിക്കാനും തനതുകവിതയെ സൃഷ്ടിക്കുവാനുമുള്ള ജാഗ്രത അക്കാലത്ത് സജീവമായിരുന്നു. പ്രബുദ്ധരായ വായനക്കാരുടെ ഒരു ആള്‍ക്കൂട്ട സാന്നിധ്യം എപ്പോഴും വിഭാവനം ചെയ്യപ്പെട്ടിരുന്നു. ജനതയില്‍ ഒരു വിധിന്യായപീഠത്തിന്റെ പരിവേഷം അന്തര്‍ലീനമായിരുന്നു.

ആധുനികതയുടെകാലത്ത് ധാരാളമായി നടന്ന പാരമ്പര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കുറെയൊക്കെ സ്വയം നീതികരിച്ചു കൊണ്ടുനടത്തിയ ആത്മസംവാദങ്ങളായിരിക്കെ തന്നെ ജനകീയതയുടെ ഒരു തുറസ്സു സമ്മാനിച്ചു. പാരമ്പര്യത്തിന്റെ ബഹുലതകളെയും സാധ്യതകളെയും അവ തുറന്നുവെച്ചു. സച്ചിദാനന്ദനും ഒ.എന്‍.വി.യും വിനയചന്ദ്രനും കെ.ജി.എസ്സുമെല്ലാമടങ്ങുന്ന കവികളൊക്കെത്തന്നെ കാവ്യവിമര്‍ശകരോ ചരിത്രകാരന്മാരോ കൂടിയൊക്കെയായി പ്രവര്‍ത്തിച്ചിരുന്ന ഘട്ടമാണിത്. ആധുനികപൂര്‍വ്വകവികളില്‍ , ഇടശ്ശേരി, ജി, വൈലോപ്പിള്ളി മുതലായ പലരിലും പ്രകമടമല്ലാത്ത ചരിത്രപരമായ ദൗത്യബോധം , രചനാപരമായ സംഘര്‍ഷം, സന്ദിഗ്ധത ഇവരില്‍ കാലം നിറച്ചു. തദ്ദേശീയവും കേരളീയവുമായ കവിത എത് അത്തരം സംഘര്‍ഷഭൂമിയുടെ പ്രധാനപ്പെട്ട ഒരിടമാണ്. കവിതയിലെ കേരളീയത രൂപപരവും പ്രമേയപരവുമായ ഒരു കേരളീയാധുനികത എന്നത് എല്ലാം ചര്‍ച്ചകളിലും പ്രത്യാശയോടെ ഉന്നയിക്കപ്പെട്ട ഒരു ഘടകമാണ്.
സാന്ദ്രമായ ഗദ്യകവിതയുടെ ഋജുത്വവും പേശീദൃഢതയും ആര്‍ജ്ജിച്ചുവന്ന പുതുകവിതകളില്‍ കേരളീയതയുടെ പുതിയ രീതിയിലുള്ള ഒരു പ്രകാശനം കാണാം. സംഭാഷണങ്ങളും സംവാദനങ്ങളും കലര്‍ന്ന ഒരു ഭാഷണപരത ഇവ നേടി. നാടകീയത പലപ്പോഴും കടന്നു വന്നു. പ്രാദേശികമായ ശൈലികളും ഭാഷണങ്ങളും കേരളീയമായ മുദ്രകളെ കൂടുതല്‍ എടുത്തുകാട്ടി. നാടന്‍ ശീലുകളും വായ്ത്താരി വൃത്തങ്ങളും ക്ലാസ്സിക്കല്‍, ദ്രാവിഡ വൃത്തങ്ങളും സ്വതന്ത്രതാളങ്ങളും മുക്തഛന്ദസ്സും മാറിമാറി കടുവരുന്ന മറ്റൊരു കേരളീയ പാരമ്പര്യവും സമാന്തരമായി ദൃഢീകരിച്ചുവന്നിരുന്നു. ഭാവപരവും ആസ്വാദനപരവും പ്രമേയപരവുമായ സാക്ഷാല്‍കാരങ്ങളെ ലക്ഷ്യമാക്കി ഈ രണ്ടു പാരമ്പര്യങ്ങളും പ്രബലമായി നിലനി കാലഘട്ടമാണ് ആധുനികതയുടേത്. ഇവയില്‍ രണ്ടാമതു പറഞ്ഞ പാരമ്പര്യത്തില്‍ ആണ് മധുസൂദനന്‍ നായരുടെ കവിതകളുടെ ബന്ധം നാം കണ്ടെത്തുക. രൂപപരമായി തികച്ചും കേരളീയമായ ഒരു ശൈലിയിലൂടെയാണ് ആ കവിതകള്‍ വളര്‍ന്നത് എന്നു പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
''മധുസൂദനന്‍ നായരുടെ കവിത ശില്‍പവശാല്‍ തികച്ചും കേരളീയമാണ്. ഉള്ളിലെ സഞ്ചിതസംസ്‌കാരവശാല്‍ തികച്ചും ഭാരതീയമാണ്.  ആത്യന്തികമായി അവ 'മാനവിക'മാകുന്നു.വേദേതിഹാസപുരാണങ്ങളുടെയും ചെന്തമിഴ് കൃതികളുടെയും ഈടുവെയ്പ്പുകളില്‍ നിന്ന് യഥേഷ്ടം ബിംബങ്ങളും വസ്തുപ്രതീകങ്ങളുമെടുത്ത് കവി പുതിയ കവിതയുടെ ശില്‍പങ്ങളില്‍ വിദഗ്ദമായി സന്നിവേശിപ്പിച്ച് ധ്വനിശോഭയാവാഹിക്കുന്നു'' (ഒ.എന്‍.വി.കുറുപ്പ്, നാറാണത്തുഭ്രാന്തന്റെ അവതാരിക പുറം 9, ഡി.സി.ബുക്‌സ്, കോട്ടയം 1992).
കക്കാടിന്റെയും വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെയും രചനകളില്‍ രൂപപ്പെട്ടുവന്ന ഭാരതീയമായ ആര്‍ഷസംസ്‌കൃതിയെ തോറ്റുന്ന, ഗൃഹാതുരഛായ കലര്‍ന്ന ഒരു ഭാരതീയതാബോധമാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നത്. കവിത വാചാലവും താളനിബദ്ധവും സുഗേയവുമായിരിക്കുമ്പോഴും മധുസൂദനന്‍ നായരുടെ കവിതകള്‍ പ്രൗഢപ്രതീതിയാര്‍ജ്ജിക്കുന്നത് ഭാരതീയ സംസ്‌കാരത്തിന്റെ പ്രാക്ചരിത്രഭൂമികളെ തഴുകികൊണ്ടാണ്. ഒ.എന്‍.വി.യുടെ ഗാനസുഭഗതയും വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ആര്‍ഷാഭിമുഖ്യങ്ങളും ഒരു സമകാലികച്ചേരുവയില്‍ ഈ കവിതകളില്‍ വന്നുലയിയുന്നുണ്ടെന്നു പറയാം. 'ഭാരതീയ'ത്തിലെ പോലെത്തന്നെ 'ഗാന്ധി'യിലും ഇതു പ്രകടമാണ്  വര്‍ത്തമാന ഭാരതീയാവസ്ഥകളിലെ പരുഷതകളിലും കാപട്യങ്ങളിലും തെന്നയാണ് 'ഭാരതീയ'ത്തിലെ ഊന്നല്‍. 'വരകള്‍ക്കുമകമേ പതയ്ക്കുന്ന ഹൃദയമേ ഭാരതം! ' എന്നു കവി ഊറ്റം കൊള്ളുന്നു. 'ഒരു തുടിത്താളവുമെടുത്ത് മൂവുലകുചുറ്റി 'സാക്ഷാല്‍ കുമാരന്‍ തന്നെ അമ്മയുടെ മടിയിലേക്കോടി വന്ന് ഉദയമായിത്തീരാനുള്ള പ്രാര്‍ത്ഥനയില്‍ സൂചിതമായ പൗരുഷവും പൗരാണികവുമായ ഭാരതഭൂമിയെക്കുറിച്ചുള്ള ഉല്‍ക്കടാരാധനകാണാം. 'ഗാന്ധി'യില്‍ ഇതേ ഭാവതലത്തിന്റെ തുടര്‍ച്ചയും വളര്‍ച്ചയും കാണാം. ഭാരതീയ(1990)മെഴുതി ഇരുപതുകൊല്ലങ്ങള്‍ക്കുശേഷം 'ഗാന്ധി'(2010)യിലെത്തുമ്പോള്‍ ഈ ആഭിമുഖ്യങ്ങള്‍ കൂടുതല്‍ വ്യാപ്തിയോടെ പ്രത്യയശാസത്രരൂപമാര്‍ജ്ജിക്കുതാണ് നാം കാണുക.
ഗാന്ധിസമാധിയില്‍ നിന്നുകൊണ്ടു കവിമനസ്സില്‍ വിരിയുന്ന നിനവുകളാണ് ഈ കവിതയുടെ പ്രതിപാദ്യം. അനുഭൂതികേന്ദ്രിതമായ പ്രതികരണസൂചകങ്ങള്‍ എന്ന നിലയ്ക്കാണ് ഈ ചിന്തകള്‍ രൂപമാര്‍ജ്ജിക്കുന്നത്. ഗാന്ധിയ്‌ക്കേറ്റവും പ്രിയപ്പെട്ടതും അന്ത്യനാളുകളില്‍ എപ്പോഴും കേട്ടിരുന്നതുമായ ടാഗോറിന്റെ
''തനിയേ നടന്നു നീ പോവുക,
 തളര്‍ന്നാലു-
മരുതേ പരാശ്രയവുമിളവും
അനുഗാമിയില്ലാത്ത പഥിക,
തുടര്‍ന്നാലു-
മിടറാതെ നിന്‍ ധീരഗാനം...'' എന്ന ഗാനം പാടിയര്‍ച്ചിച്ചുകൊണ്ട് സ്‌കൂള്‍ക്കുട്ടികള്‍ രാജ്ഘട്ടില്‍ നില്‍ക്കുന്ന കാഴ്ച കവിയെ തരളചിത്തനാക്കുന്നു. സന്ദര്‍ശകരെല്ലാം ഒഴിഞ്ഞുപോയിട്ടും പാടുന്ന കുട്ടികളും ജടപിടിച്ച മുടിയുമായി ഒരു ഭ്രാന്തനും. അവിടെ അവശേഷിക്കുന്ന കാഴ്ചകളില്‍ കവി തന്നില്‍നിന്നും ഗാന്ധിയിലേക്കു കളഞ്ഞുപോയ വഴികളെ തിരയുന്നു. സ്വയം നഷ്ടപ്പെടുത്തിയ ഗാന്ധിയെ നടുക്കത്തോടെ തിരിച്ചറിയുന്നു, കവി. 'തന്റെ നിലവിളിക്കിടയിലുള്ളിലെ കണ്ണീരിലുറയുന്നു ഗാന്ധി' എന്നു മനസ്സിലാക്കുമ്പോഴും താന്‍ പിതൃഘാതിയാണെന്നബോധം കവിയെ അലട്ടുന്നു. ഇത്തരത്തില്‍ ഗാന്ധിയില്‍ നിന്ന് അന്യവല്‍കൃതനും സ്വയംഭ്രഷ്ടനുമായ. ഒരു(കാല്‍പനിക) അരക്ഷിതാവസ്ഥയില്‍ കവി തെന്നത്തന്നെ പ്രതിഷ്ഠിക്കുന്നു.  ആത്മനിന്ദയും നിസ്സാരതാബോധവും അതിനു മാറ്റുകൂട്ടുന്നു. ഒറ്റനോട്ടത്തില്‍ അതുകൊണ്ടുതന്നെ ഒരളവോളം ഭാവഗീതത്തിന്റെ ഛായ നിഴലിടുന്നു. 'ഗാന്ധി'യില്‍ . എന്നാല്‍ ഭാവഗീതസ്വഭാവത്തെ കുറച്ചെങ്കിലും ശിഥിലമാക്കുന്നത് കവിതയുടെ വാചാലതയാണ്.  ഈ വാചാലത യഥാര്‍ത്ഥത്തില്‍ പദധോരണിയെതിനേക്കാള്‍ കവിതയുടെ അടിസ്ഥാനയുക്തിയുമായി ബന്ധപ്പെട്ട ഒന്നാണ് . പ്രത്യയശാസ്ത്രപരമായി ഗാന്ധിയെയും ഭാരതത്തെയും സുനിശ്ചിതമായ ഒരു ആദര്‍ശാത്മകതയില്‍ തളച്ചിടുന്ന സമീപനമാണത്. അതിനാല്‍ കാല്‍പനിക വാചാടോപം കൊണ്ട് ഒരു അതീതയാതാര്‍ത്ഥ്യത്തിന്റെ ചിഹ്നമോ മോഹബിംബമോ ആയി ഗാന്ധി ഇവിടെ മാറുകയാണ്.
''എത്ര മിഴികള്‍ കൊണ്ടു കാണ്‍കിലും കാഴ്ചകള്‍-
ക്കപ്പുറം നില്‍ക്കുന്നു ഗാന്ധി
എത്ര വര്‍ണം മാറ്റിയെഴുതിലുമെഴുത്തുകള്‍-
ക്കപ്പുറത്തു ഗാന്ധി'' (പുറം 34, ഗാന്ധി)

ഗാന്ധിയുടെയും നിഷ്‌ക്കളങ്കരായ കുഞ്ഞുങ്ങളുടെയും 'ദരിദ്രരുദ്രന്റെ'യും എതിര്‍ഭാഗത്താണു താനെന്ന അബോധം കവിതയില്‍ ശക്തമാണ്. ഗാന്ധി ഉയര്‍ത്തിപ്പിടിച്ച ആദര്‍ശധീരതയും ആത്മാര്‍പ്പണവും തനിക്കന്യമാണ്. സ്വാതന്ത്ര്യാനന്തര രാഷ്ട്രീയഭാവുകത്വത്തില്‍ കണ്ടെത്താന്‍ കഴിയുന്ന ആദര്‍ശനഷ്ടത്തിന്റെ വിലാപമായി ഈ വാചാലത പകരുന്നു.
ഇന്ത്യന്‍പൗരത്വത്തെയും തന്നെെത്തന്നെയും പ്രതിപക്ഷമായി ചമച്ചുകൊണ്ടാണ് കേവലാദര്‍ശപുരുഷ രൂപമായി ഗാന്ധിയെ കവി പ്രതിഷ്ഠിയ്ക്കുന്നത്.
''ഇവനെയല്ലോ ചുട്ടുകൊല്ലുന്നു ഞാന്‍, നിത്യ-
മിവനെയല്ലോ ചില്ലിട്ടു വില്ക്കുന്നു ഞാന്‍
ഇവനെയാണല്ലോ കറുപ്പായ് വരയ്ക്കു-
തിവനെയാണല്ലോ ശുചിപ്പെടുത്തുന്നു ഞാന്‍''

ആധുനിക കവിതകളില്‍ ആവര്‍ത്തിച്ചുപോന്ന, സ്വയം തള്ളിപ്പറയുന്ന ആത്മവിചാരണകളുടെ ധ്വനിയാണിത്. സ്വാതന്ത്ര്യാനന്തരം രൂപപ്പെട്ടുവന്ന മധ്യവര്‍ഗത്തിന്റെ സംസാകാരികാബോധത്തിന്റെ പ്രത്യക്ഷമാണ് ഈ വരികള്‍. അത് ഒരേസമയം പാരമ്പര്യത്തെ മുറുകെപ്പിടിക്കുകയും വിപ്ലവത്തെ വാഴ്ത്തുകയും ചെയ്യുന്നു. സ്വയം മാറാന്‍ കൂട്ടാക്കാതെ, ഉള്ളില്‍ മാറ്റത്തെക്കുറിച്ചുള്ള ഭീതിയോടെ എന്നാല്‍ പുറമെ മാറ്റത്തിനായി സംസാരിക്കുകയും മുറവിളിക്കൂട്ടുകയും ചെയ്യുന്നു. 'ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ പ്രതാപം' എന്ന കൃതിയില്‍ പവന്‍.കെ.വര്‍മ്മ മധ്യവര്‍ഗത്തിന്റെ  ഇരട്ട സ്വഭാവത്തെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. സ്വയം പ്രതി ചേര്‍ക്കപ്പെട്ടുകൊണ്ട് നടത്തുന്ന ആത്മവിചാരണയിലൂടെ കവി ആധുനികകവിതയുടെ ദുര്‍ബ്ബലപ്രരൂപങ്ങളിലേക്ക് വഴുതിപ്പോകുന്നു. നാടകീയമായ ഈ മുറവിളിയില്‍ 'നാട്ടുകുഞ്ഞുങ്ങള്‍' ഒരു പ്രത്യാശയായി കവിതയില്‍ കടന്നുവരുന്നു. ഭ്രാന്തരും. എന്നാല്‍ രണ്ടും പ്രായോഗികമായി നിഷ്ഫലതയുടെ സൂചകങ്ങള്‍. കവിയുടെ ഭീതിക്കും സ്വാര്‍ത്ഥത്തിനും ചേര്‍ന്ന അപരങ്ങള്‍ എന്നതു മാത്രമാണ് അവരുടെ പ്രസക്തി.
ദേശീയതാവാദപരമായ ആധുനികതയില്‍ മധ്യവര്‍ത്തിന്റെ വികാരങ്ങള്‍ എല്ലായ്‌പ്പോഴും ഇന്ത്യയെ ഒരു സ്ഥരിരാശിയായി കണ്ടു. കൊളോണിയല്‍ അധിനിവേശത്തിന്റെ കാലഘട്ടങ്ങളില്‍ സ്വരൂപിച്ചുവെച്ച രാഷ്ട്രത്തെക്കുറിച്ചുള്ള അതീതസങ്കല്‍പങ്ങള്‍ അതിജീവനത്തിന് അത്യന്താപേക്ഷിതമായിരുന്നു. മഹത്തായ ഭൂതകാലത്തിന്റെ തുടര്‍ച്ചകളായി വര്‍ത്തമാനകാലത്തെ ഉയര്‍ത്തിപ്പിടിക്കുക സ്വാഭാവികമായിരുന്നു. എന്നാല്‍ വസ്തുനിഷ്ഠചരിത്രത്തിന്റെയും പ്രായോഗികസമരങ്ങളുടെയും ആശയപരമായ വിമോചനചര്‍ച്ചകളുടെയും പരിസരത്ത് മേല്‍പ്പറഞ്ഞവ കേവലം പ്രതീതികളായി നിലകൊണ്ടു. ഏകമാനതയുള്ള ഒരു ജനപ്രിയദേശീയവാദത്തിന്റെ സ്വരങ്ങളെയാണവ ഏറ്റുപാടിയത്. ഭാരതീയതയ്ക്കുള്ളിലെ വൈവിധ്യങ്ങളെയും സങ്കീര്‍ണതകളെയും അവയുടെ സൂക്ഷ്മഭേദങ്ങളെയും അവയോരോന്നും ആവശ്യപ്പെടുന്ന സൂക്ഷ്മജനാധിപത്യവും  കണ്ടില്ലെന്നു നടിച്ചുകൊണ്ട് ഭരണകൂടത്തിന്റെ മേല്‍ക്കൈയിലും ഒത്താശയിലുള്ള ഒരു ഔദ്യോഗികദേശീയവാദമാണത്. അവിടെ ഗാന്ധിയും ഇന്ത്യയും വൈരുദ്ധ്യങ്ങളോ സങ്കീര്‍ണതകളോ ഇല്ലാത്ത ഏകകങ്ങളാണ്. 'ഭാരതീയ'മെന്ന കവിതയിലെപ്പോലെതന്നെ ഒരു മിത്തിക്കല്‍ ഭൂപടമായാണ് ഇന്ത്യ ഇവിടെയും വരയപ്പെടുന്നത്.
കൊളോണിയല്‍ വിരുദ്ധമായ ഒരു പരിവര്‍ത്തനേഛയുടെ തലത്തിലാണ് വള്ളത്തോളില്‍ (എന്റെ ഗുരുനാഥന്‍' 1944) ഗാന്ധി ഒരു വിമോചന പ്രതീകമായിരുന്നത്. എന്നാല്‍ കോളനിയനന്തരകാലത്തെ ഇന്ത്യന്‍അവസ്ഥയില്‍ ഗാന്ധി അതേപടി തുടരുക സാധ്യമല്ല. നിരവധി സംവാദ സാധ്യതകളുടെ തുടര്‍നിലമാണ്, ഓരോരുത്തരിലും അഴിച്ചുപണിയപ്പെടേണ്ടുന്ന വിസ്ഥാപനത്തിന്റെയും പുന:സ്ഥാപനത്തിന്റെയും തുടര്‍പ്രക്രിയയാണ് ഗാന്ധി. എന്നാല്‍ വള്ളത്തോള്‍ കൈചൂണ്ടിയ പിതൃബിംബത്തെ കൂടുതല്‍ ഉറപ്പിക്കുകയാണ് യഥാര്‍ത്ഥത്തില്‍ മധുസൂദനന്‍നായര്‍ ചെയ്യുന്നത്. അങ്ങനെ നോക്കുമ്പോള്‍ പിതൃഘാതകനെന്ന് കവി സ്വയം വിശേഷിപ്പിക്കുന്നത് നിരര്‍ത്ഥകമായാണ്.
''പിതൃഘാതിയാമെന്റെ നെഞ്ചത്തവന്‍ വിട്ട
രാമബാണം തുളയ്ക്കുന്നു...'' (പുറം 33, ഗാന്ധി)
വാസ്തവത്തില്‍ ഗാന്ധിയുടേതല്ല, ഗാന്ധിയുടെ ബഹുലമായ വര്‍ത്തമാനകാല സാധ്യതകളുടെ ഘാതകനാണ് കവി.

അതാവട്ടൈ
''ഇവനൊരേ ഹൃദയമൂഴിതന്‍ പ്രാര്‍ത്ഥനക-
ളൊരുമിച്ചു കൂപ്പുന്ന ഹൃദയം
ഇവനൊറ്റ മന്ത്രമീ ഹിസ്രജന്തുക്കളെയൊ-
രിഴയില്‍ക്കൊരുത്തോരു മന്ത്രം'' (പുറം 33, ഗാന്ധി)

എന്നു പറഞ്ഞുകൊണ്ടാണ് നടപ്പാക്കുന്നത്. ചരിത്രത്തെ അതിന്റെ ധാര്‍മ്മിക പ്രതിസന്ധികളില്‍ ഊന്നിവായിക്കാന്‍ കഴിയുന്നതും ഔദ്യോഗിക ദേശീയതയുടെ പ്രതിവ്യവഹാരമായിത്തീരാന്‍ കഴിയുന്നതുമായ സര്‍ഗാത്മകമായ സാധ്യതകള്‍ സാഹിത്യത്തിനുണ്ടെന്ന് ഇ.വി.രാമകൃഷ്ണന്‍ നിരീക്ഷിക്കുന്നു. (ദേശീയതകളും സാഹിത്യവും  ഡി.സി.ബുക്‌സ്, കോട്ടയം , 2001) അത്തരം സാധ്യതകളെ അടച്ചുകളയുന്നു എന്നതാണ് 'ഗാന്ധി'യുടെ പരിമിതി.
നദികളെല്ലാം ഒന്നുചേര്‍ന്ന 'സബര്‍മതിയ്ക്കുള്ളിലൂറിക്കൂടിയ അശ്രുനിരീലാചമിച്ച്' ആത്മശുദ്ധരായിത്തീര്‍ന്ന് ഒന്നായി ഒഴുകണം എന്ന അര്‍ത്ഥനയോടെയാണ് കവിത അവസാനിക്കുന്നത്. ഒന്നാകുക എന്നതിന്റെ ആശയം ഏകാത്മകസത്തയിലേക്ക് എല്ലാം അടിച്ചൊതുക്കുക എന്ന അഭിലാഷത്വരയിലേക്ക് പരിണമിക്കുക സ്വാഭാവികം മാത്രം. ഒരേ ഒരിന്ത്യാക്കായുള്ള അദമ്യമായ ആകാംക്ഷ ഫലത്തില്‍ വിഭിന്നതകളോടുള്ള അസഹിഷ്ണുതകളായി പരിണമിക്കുന്ന കാഴ്ചകള്‍ക്ക് പഞ്ഞമില്ല. 'ഭഗവത്ഗീത'യും 'മഹാഭാരത'വും 'സര്‍വ്വേശ്വരഭജന'വും പുണ്യാഹപ്രാര്‍ത്ഥനയുമൊക്കെ കവിതയിലെ വരികള്‍ക്കുള്ളില്‍ സൂചിത ധ്വനികളായി പെരുകുമ്പോള്‍ അത് ഏതുതരം പ്രതിധ്വനിയായാണ് മാറ്റൊലികൊള്ളുന്നതെന്ന ചോദ്യം ബാക്കിയാവുന്നു.



Saturday, August 29, 2015

നോവല്‍ ചരിത്രo വായിക്കുമ്പോള്‍

സാഹിത്യചരിത്രങ്ങള്‍ സാഹിത്യമെന്നതുപോലെത്തന്നെ പുനര്‍വായിക്കപ്പെടുകയും പ്രത്യയശാസ്ത്രപരമായി വിലയിരുത്തപ്പെടുകയും ചെയ്യുന്ന അക്കാദമിക് അന്തരീക്ഷമാണ് ഇന്നുള്ളത്. സ്വാതന്ത്ര്യാനന്തരകാലത്ത് മാറിമറിയുന്ന, പരസ്പരം സംവദിക്കുന്ന അനേകായിരം വീക്ഷണകോണുകള്‍ക്കകത്ത് അവ പലമട്ടില്‍ പുനര്‍നിര്‍വചിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഡോ.ജോര്‍ജ്ജ് ഇരുമ്പയത്തിന്റെ മലയാള നോവല്‍ 19-)0 നൂറ്റാണ്ടില്‍ എന്ന കൃതിയുടെ മൂന്നാം പതിപ്പ് 30 കൊല്ലങ്ങള്‍ക്കു ശേഷം വായിക്കുമ്പോള്‍ സമാനമായൊരു പ്രക്രിയയാണ് അതാവശ്യപ്പെടുന്നത്. പുസ്തകത്തിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ പത്തൊമ്പതാം നൂറ്റാണ്ടിലെ നോവലുകളെക്കുറിച്ചുള്ള വിശദമായ പഠനമാണ് ഈ കൃതി. നോവല്‍ എന്ന നിഷ്‌കൃഷ്ടമായ രൂപപ്രാപ്തിയിലേക്ക് പരുവപ്പെടാത്തവയും എന്നാല്‍ നോവലിന്റെ പ്രാഗ്രൂപങ്ങളെന്നു വിശേഷിപ്പിക്കാവുന്നവയുമായ നിരവധികൃതികള്‍ മുതല്‍  ഇന്ദുലേഖ,ശാരദ, മാര്‍ത്താണ്ഡവര്‍മ, അക്ബര്‍ മുതലായ അംഗീകൃതനോവലുകളും 19-)0 നൂറ്റാണ്ടിലെ മലയാളനോവലില്‍ ചര്‍ച്ച ചെയ്യുന്നു. 

 19-)0 നൂറ്റാണ്ടിലെ സാമൂഹിക സാംസ്‌കാരിക സാഹചര്യങ്ങളില്‍ വിശേഷിച്ചും സാഹിത്യത്തില്‍ നോവല്‍ ഒരു പുതിയ മാധ്യമം എന്ന നിലയില്‍ എങ്ങനെയെല്ലാം പ്രവര്‍ത്തിച്ചു എന്ന് അന്വേഷിക്കുന്നതിനാണ് ഈ ഗ്രന്ഥം ശ്രമിച്ചിട്ടുള്ളത്. രൂപപരവും സാങ്കേതികവുമായി ആദ്യകാലനോവലിന്റെ പ്രത്യേകതകളെ വരഞ്ഞെടുക്കാന്‍ ശ്രമിക്കുമ്പോള്‍ത്തന്നെ നോവലിന്റെ മുന്നോടിയായി നിലനിന്നിരുന്ന ഒന്നിലധികം രൂപങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. നോവലിന്റെ പ്രാഗ്രൂപങ്ങളും ആദ്യനോവലായ പമീലയുടെ കാലം(1740) മുതല്‍ക്കുള്ള പാശ്ചാത്യനോവലിന്റെ പരിണാമവും വിശദമായിത്തന്നെ ഈ കൃതിയില്‍ പരാമര്‍ശിക്കുന്നു. മലയാളനോവലിന്റെ ആദ്യകാലഘട്ടത്തിന്റെ പശ്ചാത്തലമായി വര്‍ത്തിക്കുന്ന സാമൂഹികതയെ  ഇന്ത്യന്‍ നവോത്ഥാനവുമായി ബന്ധപ്പെടുത്തിയാണ് ഡോ.ഇരുമ്പയം  പഠിക്കുന്നത്. ഇംഗ്‌ളീഷും ഭൗതികശാസ്ത്രവും ചരിത്രവും  ഭൂമിശാസ്ത്രവുമടങ്ങുന്ന പാശ്ചാത്യരീതിയിലുള്ള വിദ്യാഭ്യാസം ഉണ്ടാക്കിയ പുതിയ ശാസ്ത്രീയ സാമൂഹികചിന്ത നവോത്ഥാനത്തെ ത്വരിതപ്പെടുത്തി. പാശ്ചാത്യകൃതികള്‍ വിശേഷിച്ചും സമകാലികവും സാമൂഹികവുമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവ എഴുത്തുകാര്‍ക്കു ആവേശം നല്‍കി.  മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളിലൂടെ അച്ചടി, പുസ്തകപ്രസാധനം, പത്രപ്രവര്‍ത്തനം എന്നിവ വളര്‍ന്നു. നവോത്ഥാനത്തിന്റെ സ്വാധീനം മൂലം  ഉണ്ടായ ഗദ്യഭാഷയുടെ വളര്‍ച്ചയും വിവര്‍ത്തനങ്ങളുടെ കടന്നുവരവും   നോവലിന്റെ രൂപപദവിയെ നിര്‍ണയിക്കുന്നതില്‍ വലിയ പങ്കു വഹിച്ചു.

കേരളീയപശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ആദ്യനോവലായി  പരിഗണിക്കപ്പെടുന്ന ഘാതകവധം മുതല്‍ക്കുള്ള നിരവധി രചനകളെ  ഈ കൃതിയില്‍ അടുത്തു പരിശോധിക്കുന്നു.  പുല്ലേലിക്കുഞ്ചു, കുന്ദലത മുതലായ നോവലുകളെ അവ അര്‍ഹിക്കുന്ന ചരിത്രപ്രാധാന്യത്തോടെ ഗ്രന്ഥകാരന്‍ വിലയിരുത്തുന്നു. ഇവിടെ ഗ്രന്ഥകാരന്‍ സാമൂഹികതയെ ഒരു അളവുകോലായി സ്വീകരിക്കുന്നു. കുന്ദലതയില്‍ വായനക്കാരെ രസിപ്പിക്കുക എന്ന ധര്‍മമേ നോവലിസ്റ്റ് അനുഷ്ഠിച്ചിട്ടുള്ളുവെന്നും സാമൂഹികജീവിതത്തെ വേണ്ടത്ര ചിത്രീകരിക്കുന്നില്ലെന്നും ഈ കൃതി പറയുന്നു. ഇന്ദുലേഖയെയും ശാരദയെയും കുറിച്ചുള്ള അധ്യായത്തിനറെ പ്രധാന പരിഗണന തന്നെ സാമൂഹികതയാണ്. യാഥാതത്ഥ്യം, യുക്തിബദ്ധത, പ്രമേയവൈപുല്യം തുടങ്ങിയ ഘടകങ്ങളെ ചന്തുമേനോന്‍ വികസിപ്പിച്ചെടുക്കുന്നതെങ്ങനെ എന്ന് സ്ാഹിത്യനിരൂപണത്തിന്റെ രീതിമാതൃകകളില്‍ ഊന്നിക്കൊണ്ട് ഡോ.ജോര്‍ജ് ഇരുമ്പയം ഈ അധ്യായത്തില്‍ വിശദീകരിക്കുന്നു. ഇന്ദുലേഖയിലെ കാല്പനികത, ഭാഷണപരത, കേരളീയത, ഹാസ്യം, ശാരദയിലെ പാത്രസൃഷ്ടിവൈഭവം തുടങ്ങി അനേകം ഭിന്നമണ്ഡലങ്ങളുടെ പാരസ്പര്യത്തില്‍ നിന്നുകൊണ്ടാണ് ചന്തുമേനോന്‍ എന്ന നോവലിസ്റ്റിനെ നോക്കിക്കാണാന്‍ ശ്രമിക്കുന്നത്. സര്‍വോപരി നോവലിസ്റ്റ് എന്ന നിലയില്‍ വ്യക്തിപരമായും സാമൂഹികമായുമുള്ള അനുഭവങ്ങള്‍ ചന്തുമോനോനിലെ നവോത്ഥാനകാംക്ഷിയെ രൂപപ്പെടുത്തിയ പശ്ചാത്തലങ്ങള്‍ കൂടി ഇവിടെ വകയിരുത്തുന്നുണ്ട്. അതായത് മാര്യേജ് കമ്മീഷനിലെ പ്രവര്‍ത്തനം,കുടുംബവ്യവസ്ഥയെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് ഒക്കെയാണ് ഇവിടെ പരിഗണനയ്‌ക്കെടുക്കുന്നത്. 

   സി.വി.യെക്കുറിച്ചുള്ള വിലയിരുത്തല്‍ പ്രധാനമായും ചരിത്രം എന്ന ജ്ഞാനരൂപത്തെ നോവലിന്റെ ഭൂമികയുമായി ചേര്‍ത്തുവെച്ചുകൊണ്ടാണ്. സ്വാഭാവികമായും ചരിത്രനോവലിന്റെ പ്രണേതാവെന്ന നിലയ്ക്ക് വാള്‍ട്ടര്‍ സ്‌കോട്ടുമായുള്ള താരതമ്യവും കൂടി നിര്‍വഹിക്കുന്നുണ്ട്. ചരിത്രനോവലെന്ന സംജ്ഞയെ കൃത്യമായി വിശദീകരിക്കാനും നിര്‍വചിക്കാനും ശ്രമിക്കുന്നതിനൊപ്പം അതിന്റെ അവാന്തരവിഭാഗങ്ങളെക്കൂടി പരിചയപ്പെടുത്തുന്നു. മലയാളത്തിലെ ആദ്യചരിത്രനോവല്‍ എന്ന നിലയ്ക്കാണ് മാര്‍ത്താണ്ഡവര്‍മയെക്കുറിച്ചു പരാമര്‍ശിക്കുന്നത് . നോവലിന്റെ ഘടനാവൈചിത്ര്യങ്ങളെന്നപോലെ പാത്രസൃഷ്ടിപഠനവും കാര്യക്ഷമമായി നിര്‍വഹിക്കുന്നുണ്ട്. കേരളവര്‍മ മലയാളത്തിലേക്ക്  വിവര്‍ത്തനം ചെയ്ത ഡച്ചുനോവല്‍ അക്ബറും ചരിത്രനോവലുകളുടെ പശ്ചാത്തലത്തില്‍ ഗ്രന്ഥകാരന്‍ വിലയിരുത്തുന്നുണ്ട്. ഒപ്പം ഭാഷാപരവും പാണ്ഡിത്യപരവുമായ കേരളവര്‍മയുടെ നിലപാടുകള്‍  ആ കൃതിയെ സ്വാധീനിച്ചതിനെക്കുറിച്ചും സോദാഹരണം വെളിപ്പെടുത്തുന്നു. 

സാമൂഹികനോവല്‍: 1890മുതല്‍ 1900 വരെ  എന്ന അഞ്ചാം അധ്യായത്തില്‍ ഇന്ദുമതീസ്വയംവരം, മീനാക്ഷി, സരസ്വതീവിജയം, പരിഷ്‌കാരപ്പാതി, ശാരദ, ലക്ഷ്മീകേശവം, സുകുമാരി,തുടങ്ങിയ നോവലുകളെ മുന്‍നിര്‍ത്തിയുള്ള വിശകലനങ്ങളാണ്.  ഇന്ദുമതീസ്വയംവരത്തില്‍ പ്രകടമായ ഉത്തരേന്ത്യന്‍ അന്തരീക്ഷത്തെക്കുറിച്ചും ഇന്ദുലേഖ,ശാരദ,സിംബലിന്‍ തുടങ്ങിയ മറ്റുനോവലുകളെക്കുറിച്ചും ഡോ.ഇരുമ്പയം പ്രതിപാദിക്കുന്നുണ്ട്. ഇന്ദുലേഖയ്ക്കു ശേഷമുണ്ടായ നോവലുകള്‍ പലപ്പോഴും ഇന്ദുലേഖയുടെ സ്വാധീനത്തില്‍നിന്നും മുക്തമല്ലെന്നും സ്വതന്ത്രനോവലുകള്‍ എന്ന നിലയില്‍ പരാജയമായിരുന്നുവെന്നും വിലയിരുത്തുന്നു. പ്രണയം, കുടുംബം, ദേശീയത, മതം മാറ്റം, ജാതിസമ്പ്രദായം, വിദ്യാഭ്യാസം, തുടങ്ങിയ സാമൂഹികപ്രമേയങ്ങളുടെ പ്രതലത്തില്‍ നിന്നുകൊണ്ടാണ് ഈ കൃതികളെ നോവല്‍ചരിത്രത്തിനുള്ളിലേക്ക്  ഗ്രന്ഥകാരന്‍ വകയിരുത്തുന്നത്. ഒപ്പം തന്നെ ഇതിവൃത്തം, ഭാഷ, ആഖ്യാനം,  പാത്രസൃഷ്ടി മുതലായ ഘടകങ്ങളെക്കൂടി നിഷ്‌ക്കര്‍ഷയോടെ പരിശോധിക്കുന്നുണ്ട്. ഒടുവിലായി പരിഹാസനോവലുകള്‍ എന്നൊരു  വര്‍ഗ്ഗീകരണത്തിലൂടെ പറങ്ങോടീപരിണയം, നാലുപേരിലൊരുത്തന്‍ എന്നീ നോവലുകളെയും അപഗ്രഥിക്കുന്നു.

  ആദ്യകാലത്തെ മലയാളനോവല്‍ ചരിത്രത്തെക്കുറിച്ചന്വേഷിക്കുന്നവര്‍ക്ക് ഒട്ടും തന്നെ ഒഴിവാക്കാനാവാത്ത കൃതിയാണിത്. ബിരുദ,ബിരുദാനന്തരവിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും അധ്യാപകര്‍ക്കും ഒക്കെ പ്രയോജനപ്പെടുന്ന ആധികാരികമായൊരു അക്കാദമിക് റഫറന്‍സ് തന്നെയാണ് ഈ കൃതി.

ഗ്രന്ഥാലോകം, ആഗസ്റ്റ്,2015

Tuesday, July 7, 2015

വയലറ്റുനാവിലെ പാട്ടുകള്‍ (ധന്യ.എം.ഡിയുടെ 'അമിഗ്ദല'യെക്കുറിച്ച്)




രേസമയം സ്വകാര്യകവിതയെന്നും രാഷ്ട്രീയകവിതയെന്നും വിളിക്കാവുന്ന സൗന്ദര്യശാസ്ത്രമാണ് 'അമിഗ്ദല'യുടേത്.പൊതുവെ സ്ത്രീകവിതയിലും ദളിത്കവിതയിലും ഈ സംഘടന ഒരു അടിയടരായിത്തന്നെ ഇന്നു പരക്കെ കണ്ടുവരുന്നു. എന്നാലതില്‍നിന്നും വ്യത്യസ്തമാണ് ധന്യ.എം.ഡി.യുടെ കവിതകളിലെ സ്വകാര്യതയും രാഷ്ട്രീയവും തമ്മിലുള്ള  ചാര്‍ച്ചകള്‍.  പ്രകൃതിയും കീഴാളസ്ത്രീചേതനയുമായുള്ള ബന്ധം ആവാസത്തിന്റെയും അധ്വാനത്തിന്റെയും അകത്തുനിന്നുള്ള  പുതിയ അര്‍ത്ഥാനുഭൂതികള്‍ ഉണ്ടാ
ക്കുന്നവയാണ്. ആലീസ് വാക്കറുടെ 'In Our Mothers garden ' പറയുന്നതുപോലെ അതു വരേണ്യസ്ത്രീയുടെ സാഹിത്യസര്‍ഗാത്മകതയുമായുള്ള തുലനം ആവശ്യപ്പെടുന്നു. എഴുതാനുള്ള, അടച്ചുറപ്പുള്ളതും സ്വകാര്യവും സ്വന്തവുമായ ഒരു മുറിക്കു തുല്യമാണ് അവളെ സംബന്ധിച്ചിടത്തോളം ഈ സചേതനപ്രകൃതി. ചെടികളും വള്ളികളും കായ്കളും പൂക്കളും പൂമ്പാറ്റകളും അവളുടെ സൃഷ്ടികള്‍ തന്നെയാണ്. ഇപ്രകാരം മുപ്പത്തിരണ്ടോളം വരുന്ന കവിതകള്‍ക്കകത്ത് അമിഗ്ദലയുടെ ഭാവന കീഴാളസ്‌ത്രൈണതയുടെ പച്ചിലമണം വിടര്‍ത്തുന്നു. എന്നാല്‍ അതു തികച്ചും വേറിട്ട ദിശകളില്‍ പുതിയ പ്രകാശങ്ങള്‍ക്കു നേരെ തളിരിടുന്നു. എങ്കിലുമവ വേരുകളെ  മറക്കുന്നില്ല.
''ഇരുട്ടിന്റെ  ചരിത്രവും
ഭൂമിശാസ്ത്രവും
എഴുതിച്ചേര്‍ക്കപ്പെട്ട
വേരുകള്‍ ''(സസ്യശാസ്ത്രം)
'പൂവുകളുടെ ചിരികള്‍ക്കും മൃദുലമണങ്ങള്‍ക്കും കീഴെ വേദനയുടെ മഹാകാവ്യങ്ങള്‍' ധന്യ കണ്ടെടുക്കുന്നു.  'ജീവന്റെ  സൂത്രവാക്യങ്ങളെ പൂമണങ്ങളിലേക്കു പ്രസരിപ്പിക്കാന്‍' അവ എപ്പോഴും ഈ കവിതകളില്‍ പതിയിരിക്കുന്നു.തക്കം പാര്‍ത്തിരിക്കുന്ന ഓര്‍മകളെ,ഭയങ്ങളെ അതിനാല്‍ ധന്യ വേരുകളായി സസ്യപ്പെടുത്തുന്നു. അത് ആഴത്തില്‍നിന്നും പറിഞ്ഞുവരുന്ന വേദനകളാണ്. ഇരുട്ടിലും കാണാവുന്ന നിറങ്ങളുമാണവ. അതിലും കവിഞ്ഞ് നോക്കാന്‍ കരുത്തില്ലാത്ത,  നോക്കാതെയും കാണുന്ന ഭൂതത്തിന്റെ പ്രേതക്കാഴ്ച്ചകളുമാണ്.

ധന്യയുടെ പ്രകൃതിസസ്യപടലങ്ങള്‍ക്ക്  ഭൂതകാലത്തിന്റെ വേരുപടര്‍ച്ചകള്‍ക്കകത്ത് സവിശേഷമായ ഒരു അര്‍ത്ഥം വാര്‍ന്നുവീഴുന്നുണ്ട്‌
. നിറഭേദങ്ങളും നേരഭേദങ്ങളും കൂടിക്കുഴഞ്ഞ  പലതരം അര്‍ത്ഥഭേദങ്ങളാണവ. 'തമോഗര്‍ത്തം', 'വെയില്‍വരയ്ക്കും ചിത്രങ്ങള്‍', 'ഇരുട്ടില്‍ കാണാവുന്ന നിറങ്ങള്‍', 'മ്യൂട്ടേഷന്‍' എന്നീ കവിതകള്‍ അതു സാക്ഷ്യപ്പെടുത്തുന്നു. ഒറ്റവായനയില്‍ കാല്പനികമെന്നു തോന്നാമെങ്കിലും ഈ പ്രകൃതിവായനയ്ക്ക് തന്മയെക്കുറിച്ചുള്ള പ്രത്യേകമായൊരു അര്‍ത്ഥമുണ്ട്‌
.
''വെളിച്ചത്തിന്റെ
കാന്‍വാസില്‍
ഇരുട്ടുകൊെണ്ട
ഴുതുന്നു
തെളിഞ്ഞുനില്‍ക്കാന്‍
ഏറിയ തിളക്കത്തോടെ!''('ഇരുട്ടില്‍ കാണാവുന്ന നിറങ്ങള്‍')
എന്ന ഉള്ളറിവ് ആ എഴുത്തിനുണ്ട്‌

ഈ ഇരുണ്ട പച്ചകള്‍ കാറ്റായും നിലാവായും ഇരുട്ടായും സന്ധ്യയായും കവിതകളില്‍ പടര്‍ന്നുകിടപ്പാണ്. ഇരുളിമയുടെ  വ്യത്യസ്ത താനഭേദങ്ങളെ  ഇത്രമേല്‍ വിന്യസിക്കുന്ന കവിതകള്‍ കുറവ്. 'കറുത്തു തഴച്ച് തണുവാര്‍ന്ന പച്ച'കളായും 'ഹൃദയംപോലെ തുടിക്കുന്ന ചെമപ്പാ'യും 'കവിളില്‍പടര്‍ന്ന കടുംമഞ്ഞ'കളായും ഈ കറുപ്പ് വായിക്കപ്പെടുന്നു.എല്ലാ നിറങ്ങളും ഉറങ്ങിക്കിടക്കുന്ന വെളുപ്പല്ല കവിതയുടെ പരിഗണന. മറിച്ച് കറുപ്പില്‍ നിന്ന്  കവി എല്ലാ നിറങ്ങളെയും ഉണര്‍ത്തിയെടുക്കുന്നു. ഇരുട്ടിലെ കറുപ്പ് വെറും വര്‍ണബോധമെന്നതിലുമുപരിയാണ്, പ്രാഥമികമാണ്‌ എന്നര്‍ത്ഥം.

ജന്തുപാഠങ്ങള്‍
എത്രയും സ്വാഭാവികവും അനുസ്യൂതവുമായി കവി ആ കറുപ്പില്‍ തിളങ്ങുന്ന മഞ്ഞവരകളാല്‍ 'ശൗര്യമാര്‍ന്നൊരു കടുവപ്പെണ്‍മുഖം' തന്റെ നിറകണ്‍നോട്ടങ്ങളാല്‍ വരച്ചെടുക്കുമ്പോള്‍ തന്മ ഒരു മറികടക്കലാവുന്നു. മനുഷ്യത്വമെന്ന  സാംസ്‌കാരികപദവിയെത്തന്നെ ഇവിടെ കയ്യൊഴിക്കുന്നു. അതിന്റെ അര്‍ത്ഥങ്ങളും അന്വയങ്ങളും ബാധകമാകാത്ത,  കൂടുതല്‍ ജൈവമായ ലോകങ്ങള്‍ ധന്യ നിര്‍മിച്ചെടുക്കുന്നതങ്ങനെയാണ്. 'ഒരു വെറും മഞ്ഞക്കവിത'യിലെ പെരുമ്പാമ്പ് അദൃശ്യനും സുതാര്യനുമായിനിന്നു വായ്‌നോക്കുമ്പോള്‍ തിരിച്ചും വായ്‌നോക്കുന്നത് മനുഷ്യകാമനകള്‍ക്കകത്ത് വിശദീകരിക്കപ്പെടണമെന്നില്ല. കീഴാളരെ ജന്തുജീവിലോകത്തുനിന്നു 'മെരുക്കി,മിനുക്കി' 'മനുഷ്യ'പദവിയിലേക്കു കൈപിടിച്ചുയര്‍ത്തുന്ന പുരോഗമനേച്ഛയുടെ നേര്‍വിപരീതദിശയിലേക്കാണ് ഈ വായ്‌നോട്ടക്കാരി (വായനക്കാരി-പടിഞ്ഞാറേ മുറ്റത്തിരുന്നു വായിക്കുകയായിരുന്നു ,അവള്‍) ചെന്നെത്തുന്നത്. പാമ്പിനുള്ളില്‍ ചെന്നു പെട്ടവള്‍ 'വഴുവഴുത്ത ഏകാന്തതയുടെ പ്രതിദ്രവ'ത്തില്‍ അകത്തേക്കൊഴുകി.
''മഞ്ഞക്കണ്ണുകള്‍ കൊണ്ട്‌
നോക്കുമ്പോള്‍
വെളിയില്‍
ഉച്ചവെയിലിന്റെ
സുതാര്യതയില്‍ മുങ്ങി
മഞ്ഞിച്ചു തിളങ്ങുന്നൊരു ലോകം!'
ലോകത്തെ അതിന്റെ പരിനിഷ്ഠിതമായ പോക്കുവരവുകളെ (ഗതാനുഗതികത്വം?)  ഉരഗത്തിനകത്തുനിന്നു നീളുന്ന ദൃഷ്ടിയായി വരച്ചെടുക്കുന്നു ഈ കവിത.

മൃഗീയം എന്ന കവിതയിലേക്കു വരുമ്പോള്‍ നോട്ടത്തെയും കവിഞ്ഞ് വാചാലമാകുന്നു, ഇത്തരം പ്രതികരണങ്ങള്‍. മൃഗലോകങ്ങളുടെ അനിശ്ചിതത്വവും സജീവതയും ബഹുലതയും വൈവിധ്യങ്ങളും മനുഷ്യനിര്‍ണീതമോ മനുഷ്യപ്രാപ്തമോ അല്ലെന്നു പറയാന്‍ മൃഗം തന്നെ വേണം. മൃഗീയതയാണതിന്റെ തനിമ. കടുവയ്ക്ക് ആകെയുള്ള ആസ്തി അതിന്റെ തോലുതന്നെ. ചില മനുഷ്യര്‍ക്കെന്ന പോലെ അത് കടുവയ്ക്കും രക്ഷയും ശിക്ഷയുമാകുന്നു.
പ്രകൃതിയും മനുഷ്യനും എന്ന ദ്വന്ദ്വം മൃഗവും മനുഷ്യനും എന്നതിലേക്ക് നീട്ടിവായിക്കുമ്പോള്‍ അപരങ്ങളെക്കുറിച്ചുളള സൂക്ഷ്മവായനയായി കവിത വികസിക്കുന്നു. കീഴാളതയെക്കുറിച്ചുള്ള നടപ്പു കാഴ്ച്ചകളില്‍ നിന്നു വിട്ട് കൂടുതല്‍ കേവലവും അടിസ്ഥാനപരവുമായ കീഴായ്മക്കകത്തുനിന്നുകൊണ്ട്‌ മൗലികമായ ഉള്‍ക്കാഴ്ച്ച പകരുകയാണ് ഈ പ്രകൃതി/ജന്തുപാഠങ്ങള്‍
ഇരട്ടനോട്ടങ്ങള്‍
രണ്ട്‌തരം നോട്ടങ്ങളുടെ ആകെത്തുകയായി  ഈ കവിതകളുടെ സ്വത്വാവിഷ്‌ക്കാരത്തെ കണ്ടെടുക്കാമെന്നു തോന്നുന്നു.സ്വന്തം ഉള്ളില്‍ നിന്നുകൊണ്ടും അപരങ്ങളുടെ ഉള്ളില്‍ നിന്നുകൊണ്ടുമുള്ള നോട്ടങ്ങള്‍...പെരുമ്പാമ്പിന്റെ  ഉള്ളില്‍  മഞ്ഞദ്രാവകത്തില്‍ അലിഞ്ഞുകിടന്നുള്ള നോട്ടം..(ഒരു മഞ്ഞക്കവിത)
''ഇരു തൊലിക്കും
ചൂടുചോരയ്ക്കുമിടയില്‍
ഇരുട്ടു പറ്റിയൊളിച്ചു താമസിക്കുന്ന
ആ മറ്റത് '' എപ്പോഴും ഒരു ഇരട്ടയെപ്പോലെ കൂടെക്കൂടുന്നു.
ഒരു ആഭിചാരത്തിലെന്നവണ്ണം ആ മറ്റതിനെ ഇടത്തെക്കണ്ണിന്റെ താഴത്തെപ്പോളയില്‍നിന്നും ചിറകു വിരുത്തി നീന്തിത്തുടങ്ങുമ്പോള്‍ വലങ്കൈ കൊ്ണ്ട്‌  ഇടങ്കൈഞരമ്പിലൂടെ വലിച്ചെടുത്ത് ഒറ്റയടിക്ക് താഴെയിട്ട് വലിച്ചുനിവര്‍ത്തി ആണിയടിക്കാന്‍ ഒരുവള്‍ ആഗ്രഹിക്കുന്നു.എങ്കിലും ഇടയ്ക്കിടെ തന്നിലേക്കു വഴുക്കി മടങ്ങിവീഴുകയാണവള്‍.
''അനിശ്ചിതത്വത്തിന്റെ മളളുകളുടക്കിയും
അപകര്‍ഷതയുടെ
ഇരുള്‍പ്പുതപ്പു ചൂടിയും
ഞാന്‍ മാത്രം
ഇരുുണ്ട്‌
പൊയ്‌ക്കൊണ്ടിരുന്നു
നിരന്തരം
ഉള്‍വലിഞ്ഞുക്കൊണ്ടിരുന്നു.'' (തമോഗര്‍ത്തം)

ചോരത്തുടര്‍ച്ച

'ചിട്ടകളി'ലും 'തൊലിക്കടിയില്‍ വേരുള്ള മണങ്ങള'ിലുമൊക്കെ അതിജീവനത്തിന്റെ വൈകാരികപാഠങ്ങള്‍ ഒന്നുകൂടി വംശീയമായ തിരിച്ചറിവായി ഉണര്‍ത്തിയെടുക്കപ്പെടുന്നു.
ഉറക്കത്തിന്റെ അതീന്ദ്രിയമായ ഓരോ അടുക്കാക്കരകളില്‍ നിന്നും തൊട്ടുതൊട്ടു വിളിക്കുന്ന, ഞെട്ടിഞെട്ടിയുണര്‍ത്തുന്ന വിളികള്‍...പൂര്‍വികരുടെ പരമ്പരകള്‍ ഉള്ളിലേക്കൂതി നിറച്ച കരിന്തൊലിയാഴം, ഉരുണ്ട മൂക്കറ്റങ്ങളുടെയും ചുരുള്‍മുടിയുടെയും മഹിമകള്‍ ഉന്മാദവും ഞെട്ടലും ഭയവും ആഹ്‌ളാദവുമായി പതയുകയാണ്. ഉറക്കത്തിന്റെ ഇരുകരകളിലും ഐന്ദ്രിയമായ സ്പര്‍ശിനികളായി ഈ ചോരത്തുടര്‍ച്ചകളു്ണ്ട
.'ചെന്നിയില്‍ കടിച്ചിഴഞ്ഞ ചോദ്യങ്ങള്‍' ചെവിക്കല്ലു പൊട്ടുന്ന പോലത്തെ രണ്ട
ടികൊണ്ട്‌  മറ്റേച്ചെവിയിലൂടെ പറത്തുന്നത് അവരാണ്. ആ കരണത്തടി ശാസനയും ശിക്ഷയും കരുതലുമാണ്, കരുത്തും നേര്‍വഴിയുമാണ്. വംശീയമായ കൂട്ടായ്മയെ ആത്മീയമായി തിടം വെയ്പ്പിച്ച് ഉള്ളുറവകളെ ഉണര്‍ത്തി തോറ്റുകയാണ് കവി ഇവിെട. അതിന്റെ വ്യാവഹാരികമായ തുടര്‍ച്ചയാണ് 'സുജ'യിലും മറ്റും കാണുന്നത്. ഉള്ളിണക്കവും കരുതലുമുള്ള ഈ അടുപ്പം സൗഹൃദവും സാഹോദര്യവുമാണ്.

നെയ്ത്തും തുഴച്ചിലും

വംശീയതയെക്കുറിച്ചുള്ള ഈ അകം നിറവുകള്‍  ആന്തരികമായ അതിജീവനത്തിന് അനിവാര്യമാവാം. എന്നാലതിന്റെ ദൈനംദിനവും യാഥാര്‍ത്ഥ്യനിഷ്ഠവുമായ തലങ്ങള്‍ 'നെയ്തുനെയ്‌തെടുക്കുന്നവ' എന്ന മനോഹരമായ കവിതയില്‍ കാണാം. ചിത്രകലയുടെ വര്‍ണ/രേഖാസങ്കലനങ്ങള്‍ ഇഴചേര്‍ന്നു കിടക്കുന്ന ആഖ്യാനസാധ്യതകളെ മറ്റനേകം കവിതകളിലെന്നപോലെ ഇവിടെയും ധന്യ ഉപയോഗിച്ചിരിക്കുന്നു. പ്രത്യേകിച്ചും ലാന്‍ഡ് സ്്‌കേപ് പെയിന്റിംഗ്. തവിട്ടും ആനക്കൊമ്പും നിറങ്ങളില്‍ ചതുരന്‍ ആകാശങ്ങള്‍ ഒരു തഴപ്പായുടെ ഭൂപടത്തില്‍ വരച്ചെടുക്കുന്നു. പായതന്നെ നുരയും പതയും നിറഞ്ഞ ,തിരകളിരമ്പുന്ന കടലായി വരയ്ക്കുന്ന ഭാവന എത്ര പുതുമയും ഓജസ്സും നിറഞ്ഞതാണ്!  ഒരു പക്ഷേ ചിന്താപരമാണ്. വയലറ്റ് നാവ്, മണ്ണെണ്ണവിളക്കിന്‍തുമ്പത്തെ ചെമന്ന വെളിച്ചം, പായക്കു ചുറ്റുമുള്ള ആള്‍രൂപങ്ങളിലെ കറുപ്പു ചാലിച്ച ജ്യാമിതീയ രൂപങ്ങള്‍ ഒക്കെച്ചേര്‍ന്ന് അരികു ജീവിതങ്ങളിലെ അധ്വാനത്തെ വര്‍ണഭംഗിയോടെ കലയാക്കുന്നു. പായയും കടലും പരസ്പരം പകരുന്നു, നെയ്ത്തും തുഴച്ചിലുമെന്ന പോലെ. അവസ്ഥകളുടെയും അനുഭവങ്ങളുടെയും അരികും മൂലയും സ്പര്‍ശിച്ചുകൊല്ലാതെ കീഴാളരുടെ അധ്വാനത്തെ എഴുതാനരുത്. 'നാട്ടുവെടിവട്ടങ്ങളും കുറിക്കണക്കുപരാതികളും  അരിക്കണക്ക് മഞ്ഞളുപ്പു ചേരുവകളും' എല്ലാം ചേര്‍ന്ന് ആ ക്‌ളമത്തെ അന്നന്നത്തേതാക്കുന്നു. അതിനാല്‍ നെയ്തുതീര്‍ന്ന പായയെ 'സൂക്ഷ്മനോട്ടങ്ങളാല്‍ ഇടുങ്ങിയ കണ്ണുകള്‍ വിടര്‍ത്തി നോക്കുമ്പോള്‍' പടരുന്ന ആശ്വാസം 'നാളെയൊരാള്‍ക്കു വണ്ടിക്കൂലിയായ്' എന്നതാണ്. ഇപ്രകാരം വിഭവാധികാരത്തെക്കുറിച്ചുള്ള രൂക്ഷമായ ഉള്ളറിവില്‍ നില്‍ക്കുകയാണ് കവിത.  ഒരുവേള 'കിഴക്കുനിന്നു വെള്ളകീറിവരുന്നു് ഒരു കൊട്ട' (കൊട്ട-എസ്.ജോസഫ്) എന്ന കൊട്ടനെയ്ത്തിനെക്കാള്‍ മ(പെ)ണ്ണെഴുത്താവാന്‍ പിടയുന്നു, ഇക്കവിത. കീഴാളപെണ്മയുടെ പണിയും  കലയും സ്ത്രീയുടെ പതിവു  ഗാര്‍ഹികാധ്വാനത്തിന്റെ അടുക്കളപ്പുറങ്ങളേക്കാള്‍  വംശീയമായ തൊഴിലടയാളങ്ങളിലൂടെ  സ്വയം വരച്ചു ചേര്‍ക്കുന്നു. ഉറച്ച പ്രഖ്യാപനങ്ങളും  പ്രതിഷ്ഠാപിതമായ പ്രതിരോധവാക്യങ്ങളുമില്ലാതെയാണിതെന്നതും   പെണ്‍കവിത എന്ന സാമാന്യഗണത്തില്‍നിന്നും വേറിട്ടതാക്കുന്നു.  സ്ത്രീ/ദളിത്‌വാദത്തിന്റെ യാഥാസ്ഥിതികതയെക്കൂടി അതു വകയിരുത്തുന്നുണ്ട്.
. അതിജീവനം എന്നതിന്റെ വേറിട്ട ഭാഷ്യത്തെ ഉല്‍പാദിപ്പിച്ചു കൊണ്ട്
ണിതു സാധിക്കുന്നത്.

മുറ്റമടിക്കാതിരിക്കുമ്പോള്‍
കീഴാളസ്ത്രീയുടെ അധ്വാനവും സര്‍ഗാത്മകതയും സാംസ്‌ക്കാരികമായി മറ്റെല്ലാറ്റിന്റെയും  ആദിമൂലകമായ വിഭവമായി, ഊര്‍ജ്ജപ്രഭവമായി മനസ്സിലാക്കുമ്പോള്‍ത്തെന്നെയാണ് സ്‌ത്രൈണതയുടെ നിര്‍വാഹകശേഷി ഇപ്രകാരം യാഥാര്‍ത്ഥ്യനിഷ്ഠം കൂടിയാവുന്നെത്. അതിനര്‍ത്ഥം അവളുടെ തന്മ എല്ലായ്‌പ്പോഴും ചൂഷിതവും  ചൂഴ്‌െടുക്കപ്പെട്ട'തുമായ അധ്വാനശേഷിയിലാണെന്നെല്ല.  കീഴാളസ്ത്രീസംവാദങ്ങളിലെ  സത്താപരമായ നിര്‍ണയങ്ങളെ ആട്ട'ിയോടിക്കും വിധം ഉണര്‍വ്വ്ും ഊര്‍ജ്ജസ്വലതയുമുള്ള, ലാസ്യവതിയും അനുരാഗിണിയും കാമവതിയുമൊക്കെയായ ഒരുവളെ നാമിവിടെ കാണുന്നു.  സ്വന്തം മേധയ്ക്കുമേല്‍ മനോരാജ്യത്തിന്റെയും അലസലഹരികളുടെയും കാട്ടുമുന്തിരിവള്ളികള്‍ പടരാനവള്‍ അനുവദിച്ചെന്നുമിരിക്കും. മുറ്റമടിക്കാതിരിക്കുമ്പോള്‍ എന്ന കവിതയെ മുന്‍നിര്‍ത്തിയാലോചിക്കുമ്പോള്‍ കീഴാളസ്ത്രീയെ സംബന്ധിച്ചു പതിഞ്ഞുപോയ ദുര്‍ബ്ബലയും ചൂഷിതയുമായ ഇര എന്ന സ്വത്വത്തെ തകര്‍ക്കു കാഴ്ച്ചകള്‍ നാം കാണുുന്ന. കസേരയ്ക്കുള്ളിലേക്കു വളഞ്ഞിരു്ന്ന ദിനപ്പത്രത്തിന്റെ ഇളം ചൂട് ആസ്വദിക്കുമ്പോള്, മടിയുടെ ലഹരിയില്
കോട്ടുവായ് നുണഞ്ഞ് 'ആഹാ മുറ്റമടിക്കാതിരിക്കുമ്പോള്' എന്നൊരു
കവിതയുടെ സാധ്യത തിരയുുന്നു, ആഖ്യാതാവ്.
  ഇവിടെ അധ്വാനമല്ല, അധ്വാനിക്കാനുള്ള മടിയാണ് താലോലിക്കപ്പെടുന്നത്..അനിതാ തമ്പിയുടെ ' മുറ്റമടിക്കുമ്പോള്‍' എന്ന
 പൂര്‍വകവിതയുമായുള്ള പാഠാന്തരസാമീപ്യം ഇക്കവിതയുടെ രാഷ്ട്രീയ വ്യാപ്തിയെ കൂസലില്ലാതെ പ്രകാശിപ്പിക്കുുന്നു. കറുപ്പിലും ചുവപ്പിലും ഞാവല്‍നീലയായി പടര്‍റേിയ വയലറ്റുവരികളാണിവ.
ഇപ്രകാരം പുതുകവിതയുടെ ഏറ്റവും വേറിട്ടതും തരുണവുമായൊരു സ്വരമായി ധന്യയുടെ കവിതകളെ മനസ്സിലാക്കാം. ആധുനികത മുതല് കവിതയുടെ നിയോലിബരല് ഭാവുകത്വം വരെയുള്ള , കണ്‍വഴികളില്‍
ധന്യ നടന്നേറേിയ ദൂരങ്ങള് പടര്‍ന്നേറ്റിയ നിറഭേദങ്ങള് അമിഗ്ദലയിലുണ്ട്; ആഖ്യാനസ്വരങ്ങളായും  കാവ്യകല്പനകളായും തെളിഞ്ഞ ഭാഷയായും





Friday, January 30, 2015

വീട്ടുമുറ്റത്തെ കിണറ്റുവെള്ളം



കാല്‍നൂറ്റാണ്ടിലേറെ നീണ്ടുകിടക്കുന്ന വിജയലക്ഷ്‌മിയുടെ കാവ്യമണ്‌ഡലം തീര്‍ച്ചയായും ഒറ്റവായനയില്‍ ഒതുങ്ങുന്നതല്ല. അവയിലെ ചില ആഭിമുഖ്യങ്ങളെയും അഭിരുചികളെയും വളരെ അടുത്തോ അകലെയോ നിന്നല്ലാതെ നോക്കിക്കാണാനുള്ള ശ്രമമാണിത്‌.

മലയാളകവിതയിലെ ആധുനികത ആഖ്യാനത്തിലും അനുഭവത്തിലും ഒരു അധീശസാന്നിധ്യമായിരുന്നു. കേന്ദ്രസ്ഥമായ ആശയങ്ങള്‍, തീക്ഷ്‌ണസ്വരത്തിലുള്ള വികാരവിചാരാവിഷ്‌ക്കാരങ്ങള്‍, ആഖ്യാനപരമായ ബഹുലതയും പരീക്ഷണങ്ങളും ചരിത്രത്തേയും പ്രത്യയശാസ്‌ത്രത്തേയും അഭിസംബോധന ചെയ്‌തുകൊണ്ടുള്ള പ്രമേയങ്ങള്‍, എന്നിങ്ങനെ വലിയ എടുപ്പുകള്‍ അവിടെ സാദ്ധ്യമായിരുന്നു. ആധുനികതക്കുശേഷം വന്ന കവിതകള്‍ രൂപപരമായിത്തന്നെ അയവുള്ള ഒരു ഘടനയിലാണ്‌ എഴുതപ്പെട്ടത്‌. ഏതാണ്ടു പൂര്‍ണ്ണമായും തന്നെ ഗദ്യഘടനയുടെ ഒരു ശയ്യ അവ നിരന്തരം സൂക്ഷിച്ചുപോന്നു. സ്ഥാപിതമായ ആധുനികതാ മൂല്യങ്ങളോടുള്ള പ്രതികരണങ്ങളും വിമര്‍ശനങ്ങളും അവയില്‍ ഒരു രാഷ്ട്രീയയുക്തിയായി തീരുന്നുണ്ട്‌.
വിജയലക്ഷ്‌മി, സാവിത്രീരാജീവന്‍, റോസ്‌ മേരി എന്നിവരുടെ ഒന്നാം നിര രചനകളില്‍ സ്‌ത്രൈണതയെക്കുറിച്ചുള്ള സമര്‍ത്ഥനങ്ങള്‍ വന്നു തുടങ്ങിയിരുന്നു. എങ്കിലും പെണ്ണെഴുത്തില്‍ മലയാളകഥ സഞ്ചരിച്ച ദൂരം കവിത സഞ്ചരിച്ചില്ല. സാഹിത്യത്തിലെ ആണ്‍കോയ്‌മയുടെ നടുത്തുണ്ടമായ ആധുനികതയുടെ ബാധ പൂര്‍ണമായും ഒഴിഞ്ഞുപോകാത്ത ഒരുഘട്ടത്തിലാണിവരുടെ രചനകള്‍ പുഷ്‌കലമായിത്തീര്‍ന്നതും.

ആധുനികതയില്‍, അതിന്റെ ദര്‍ശനത്തില്‍ അരച്ചു ചേര്‍ക്കപ്പെട്ട`ഞാന്‍' എന്ന കാല്‍പനിക അസ്‌തിത്വവാദ ഏകാകിയുടെ ഘടന ഇവരില്‍ മൂവരിലും കാണാമെങ്കിലും ഏറിനില്‍ക്കുന്നത്‌ വിജയലക്ഷ്‌മിയിലാണ്‌. കവിത കൂടുതല്‍ പ്രബുദ്ധവും രാഷ്ട്രീയോന്മുഖവുമായ പ്രവര്‍ത്തിയായിക്കൂടി കാണുന്നതിനാലാവാം സാവിത്രിയില്‍ ചിലപ്പോഴൊക്കെ പ്രഭാഷണപരത ഏറിനില്‍ക്കുന്നു. പലപ്പോഴും അവ പ്രസ്‌താവനയുടെ ശൈലിയിലുള്ള ഗദ്യകവിതയായി നില്‍ക്കുന്നു. അവ ഒരു കുറവ്‌ എന്ന നിലയ്‌ക്കല്ല, മറിച്ച്‌ ഒരു സവിശേഷതയായാണ്‌ എടുത്ത്‌ പറയുന്നത്‌. ആണ്‍ / പെണ്‍ വൈകാരികപ്രപഞ്ചത്തെയും കടന്ന്‌ ലിംഗഘടനയെത്തന്നെ ഒരു അധികാരവ്യവസ്ഥയായി പുതുക്കിയെഴുതാന്‍ സാവിത്രി ശ്രമിക്കുന്നത്‌ അതുകൊണ്ടുകൂടിയാണ്‌.

ആധുനികതയുടെ സ്വരൂപം ഏകശിലാത്മകമായല്ല സാക്ഷാല്‍ക്കരിക്കപ്പെട്ടതെന്ന്‌ ഇന്നു നാം സമ്മതിക്കുന്ന ഒരു കാര്യമാണ്‌. പലതരം ആധുനികതകളാണ്‌ യഥാര്‍ത്ഥത്തില്‍ നിലനിന്നത്‌ എന്നും നമുക്കറിയാം. ചരിത്രത്തോടുള്ള അഭിമുഖീകരണങ്ങളെ ആണ്‍ / പെണ്‍ കവിതകള്‍ ആവിഷ്‌കരിച്ചതിന്റെ വ്യതിയാനഭേദങ്ങള്‍ പക്ഷേ പലമയുടെ യുക്തിയില്‍ വിശദീകരിക്കാന്‍ കഴിയില്ല. കെ.ജി.എസ്സിലും ആദ്യകാല ആറ്റൂരിലും മറ്റുമുള്ള പ്രബുദ്ധതയുടെ രാഷ്ട്രീയദര്‍ശനയുക്തിയും മറ്റും ആധുനികതയുടെ പ്രബലമായ ഒരു ദിശ ആയിരിെക്കത്തന്നെ നേര്‍വിപരീതമായി അവയോടുള്ള ഉദാസീനതയാണ്‌ വിജയലക്ഷ്‌മിയെപ്പോലുള്ള സ്‌ത്രീകവികള്‍ പുലര്‍ത്തിയത്‌. ചരിത്രത്താടുള്ള പെണ്ണിന്റെ ഉദാസീനത അവളുടെ അഗാധമായ ചരിത്രബോധമെന്ന്‌ പി.പവിത്രന്‍. (പുറം 112, ആധുനികതയുടെ കുറ്റസ്സമ്മതം.) വിജയലക്ഷ്‌മിയുടെ കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്ന കാല്‍പനിക ഏകാകിനിയെ ആ ഒരര്‍ത്ഥത്തില്‍ക്കൂടി നമുക്കു വായിച്ചെടുക്കാം. സാര്‍വ്വലൗകികതയില്‍ ഊന്നിയ ആധുനികസാഹിത്യത്തിലെ പുരുഷ `ഞാനി'ന്റെ സ്‌ത്രീലിംഗമായിരിക്കെത്തന്നെ വിജയലക്ഷ്‌മി പെരുപ്പിച്ചെടുക്കുന്ന രാഷ്ട്രീയപ്രത്യയശാസ്‌ത്ര ഉദാസീനതയ്‌ക്ക്‌ ഇങ്ങനെ ഒരര്‍ത്ഥം കൂടി ഉല്‍പാദിപ്പിക്കാനാവും.

ആണ്‍/പെണ്‍ എന്നു കൃത്യമായി വേര്‍തിരിക്കപ്പെട്ട, ധ്രുവീകരിക്കപ്പെട്ട പ്രപഞ്ചലോകങ്ങളാണ്‌ ഈ കവിതയുടേത്‌. `ഉഭയലിംഗി'യുടെ അവസ്ഥ ഒരു സാധ്യതയല്ല, മറിച്ച്‌ ഗതികേടായി വരുന്നത്‌ അതുകൊണ്ടാണ്‌. ആണ്‌ ഇവിടെ അധികാരകേന്ദ്രവും പെണ്ണ്‌ അധികാരരഹിതമായ ഇടവുമായി എഴുതപ്പെട്ടുകൊണ്ടാണ്‌ ഈ ഭിന്നവര്‍ഗ്ഗലിംഗപദവി നിലനില്‍ക്കുന്നത്‌. ഇരയും വേട്ടക്കാരനുമായി വിഭജിക്കപ്പെട്ട ലോകത്തെ അമര്‍ത്തപ്പെട്ട കലഹങ്ങളും ആധുനികതയുടെ ദാര്‍ശനിക വിഷാദങ്ങളും മെരുക്കിയെടുത്ത പരിഭവപ്രതിഷേധങ്ങളും നിറം കെട്ടുപോയ കയ്‌പന്‍ നിരാസങ്ങളും നിറഞ്ഞ വൈകാരികപ്രപഞ്ചമാണ്‌ വിജയലക്ഷ്‌മിക്കവിതകള്‍. `മൃഗശിക്ഷകനും' ` തച്ചന്റെ മകളു'മെല്ലാം പങ്കുവെക്കുന്ന പുരുഷാധിപത്യത്തോടുള്ള പ്രതികരണങ്ങള്‍ ഈയൊരു തലത്തില്‍ കൂടി പെട്ടുകിടക്കുന്നു. അതു വഴിയെ ചര്‍ച്ച ചെയ്യാം. ആണ്‍/പെണ്‍ എന്ന ദ്വന്ദഘടനയിലെ മേല്‍/കീഴ്‌ ബന്ധങ്ങളില്‍ അധികാരത്തെ വിന്യസിച്ചുകൊണ്ടാണീ ഇരയിലെ ഏകാകി തിടം വെക്കുന്നത്‌. `മറ്റൊരു ഞാന്‍', `സത്യം', `വായന' തുടങ്ങിയ കവിതകളിലെ സ്‌ത്രീയെ ഒരു തിരസ്‌കൃതസ്വത്വപദവിയിലേക്ക്‌ ചെത്തിക്കൂര്‍പ്പിച്ചെടുക്കുന്നത്‌ മേല്‌പറഞ്ഞ സാര്‍വ്വലൗകികസത്തയിലൂന്നിയ ഏകാത്മക അഹംബോധത്തിലൂടെയാണ്‌. ചുരുക്കത്തില്‍ സത്താവാദപരമായ ഒരു അഹംബോധമാണ്‌ ഏകാകിനിയെ, ഇരയെ താങ്ങിനിര്‍ത്തുന്നത്‌. ഒരര്‍ത്ഥത്തില്‍ അരണ്ടവെളിച്ചമുള്ള ഒരു അകത്തിരുന്ന്‌ അകത്തേക്ക്‌ തന്നെയാണാ കവിതകള്‍ നോക്കിയത്‌. സാവിത്രിയിലേക്കു വരുമ്പോള്‍ ചെറിയ വ്യത്യാസം നാം കാണുന്നു. ഇരുപ്പ്‌ അകത്താണെങ്കിലും നോട്ടം പുറത്തേക്കാണ്‌. അടുക്കളയില്‍ നിന്ന്‌ അരങ്ങത്തേക്കുള്ള ദൂരമാണെങ്കിലും ആ അകലം പുറം ലോകത്തേക്കു കൂടി വലിച്ചു നീട്ടാനാവുമെന്ന്‌ ആ കവിതകള്‍ക്കറിയാം.`അടുക്കളയില്‍ നിന്ന്‌ അരങ്ങത്തേക്കു വന്ന വീട്ടുപകരണമാണ്‌ ഞാന്‍'(പ്രതിഷ്‌ഠ) . എങ്കിലും വീട്‌ ആ കാലുകളില്‍ പിടിച്ചു വലിക്കുന്നു. ആണ്‍/ പെണ്‍ എന്ന പോലെ, ഇര/വേട്ടക്കാരന്‍ എന്ന പോലെ അകം/പുറം ഈ കവിതകളെ ദ്വന്ദ്വങ്ങളുടെ അരങ്ങാക്കുന്നു. ഈ ദ്വന്ദ്വാത്മകഘടനകളില്‍ ഉള്‍ച്ചേര്‍ന്ന അധികാര പദവികള്‍ ഇന്നത്തെ നിലക്ക്‌ സ്ഥാപനവല്‍കൃതമായ ഒരു പെണ്ണെഴുത്തു യുക്തിയിലേക്ക്‌ അവയെ സമീകരിച്ചെടുക്കുന്നു.

പാരമ്പര്യത്തെ തന്റെ ഊര്‍ജ്ജപ്രഭവമാക്കുമ്പോഴും ഒരു അഭയസ്ഥലി കൂടിയായി വിജയലക്ഷ്‌മി കണ്ടെടുക്കുന്നത്‌ മേല്‍പ്പറഞ്ഞ ഏകാത്മകഅഹംബോധത്തില്‍നിന്നാണ്‌.്‌.



പാരമ്പര്യവും പിതൃത്വവും

ആധുനികതയുടെയും ഉത്തരാധുനികതയുടെയും മഴകള്‍ കൊണ്ട വിജയലക്ഷ്‌മിക്കവിതയുടെ വിളനിലങ്ങള്‍ പല്‌പ്പോഴും ആസന്ന കാലമല്ല. പാരമ്പര്യമെന്ന നിലയില്‍ അവയില്‍ സംഭൃതമാകുന്ന ഉറവകള്‍ വൈലോപ്പിള്ളിയും ജി.യും കക്കാടും ബാലാമണിയമ്മയും അടങ്ങുന്ന ആധുനികപൂര്‍വ ഘട്ടത്തിന്റേതാണ്‌.
അനുഭവപരമായി ആധുനികതയില്‍ നില്‍ക്കുമ്പോഴും ആധുനികപൂര്‍വമായ ആഖ്യാനാശംങ്ങള്‍ ഏറെയാണ്‌ വിജയലക്ഷ്‌മിയില്‍. കര്‍സര്‍, സ്‌നാനം, ഉഭയലിംഗി, ജ്വരം മുതലായ കവിതകള്‍ നോക്കൂ. നാഗരികവും നവീനവുമായ അനുഭവസ്ഥലികളാണ്‌ നാം അവയില്‍ കാണുന്നത്‌. എന്നാല്‍ അവയ്‌ക്കുള്ളിലെ മൂല്യമണ്ഡലം മേല്‍പറഞ്ഞ ആധുനികപൂര്‍വതയുടേതാണ്‌.

ലോകസഞ്ചാരി എന്ന കവിതയില്‍ പിതൃബിംബത്തെ നെഞ്ചേറ്റുന്നത്‌ കാണാം.

``ലോകസഞ്ചാരിയാണച്ഛനിഛയ്‌ക്കൊത്തു
കാലങ്ങളെല്ലാം കുറുകേ കടന്നവന്‍
ഭീതമാം സായന്തനങ്ങളില്‍ സംഗീത
സാരമായ്‌ സ്വന്തനിശബ്ദത മാറ്റിയോന്‍''

ഭദ്രവും വിശ്വസ്‌തവും തെളിമയാര്‍ന്നതുമായ ബാല്യത്തിന്റെ അര്‍പ്പിതജീവിതം അച്ഛനില്‍ സുരക്ഷിതത്വമനുഭവിക്കുന്നു. ചലിക്കാത്ത വിശ്വാസമാണത്‌.

''കത്തുന്ന കപ്പല്‍, ഇതിന്നണിയത്തു ഞാന്‍
നില്‍ക്കയാമൊക്കെദ്ദഹിച്ചുതീരും വരെ
അച്ഛന്‍ പറയാതിറങ്ങുകയില്ല ഞാന്‍
കപ്പലും ഞാനും വെറും ചാരമാം വരെ''

'അച്ഛന്‌' എന്ന കവിത മുഴുവനായും തന്നെ പിതാവിനോടുള്ള ആത്മനിവേദനമാണ്‌.
`അച്ഛനു ശേഷം എനിക്ക്‌ ആരുമില്ലാതായി തീര്‍ന്നു. അകലെയെങ്കിലും എന്റെ വേരിലും തളിരിലും അച്ഛനുണ്ടായിരുന്നു.''
എന്‍.പി.പ്രണാമം, ഒളപ്പമണ്ണ, ബാലാമണിയമ്മയ്‌ക്ക്‌, തുടങ്ങിയ കവിതകളിലൊക്കെ പൂര്‍വികപാരമ്പര്യങ്ങളോടുള്ള മമതകളും പൂജകളുമായ്‌ ചേര്‍ന്നാണ്‌ പിതൃത്വം പ്രവര്‍ത്തിക്കുന്നത്‌.
''നഷ്ടപ്പെടുന്ന പിതൃക്കള്‍ ചിദാകാശ-
നിത്യപ്രകാശങ്ങള്‍ സന്ധ്യയില്‍ രാത്രിയില്‍
ഉറ്റുനോക്കുന്നു വഴിവെളിച്ചത്തിന്നായി
ഉജ്ജ്വല താരകളെ പാന്ഥരെപ്പോഴും''(എന്‍.പി.പ്രണാമം)

ബാലാമണിയമ്മയെ തന്റെ ഇഷ്ടകവിയായി പലപാട്‌ വിജയലക്ഷ്‌മി വിശദീകരിക്കുന്നുണ്ട്‌. ആ സ്‌നേഹോദാരതകള്‍ക്കകത്ത്‌ പൂര്‍വകവിപാരമ്പര്യത്തോടുള്ള ആദരമെന്നതിനേക്കാള്‍ സവിശേഷ മായ ആദര്‍ശാകത്മമൂല്യമണ്ഡലങ്ങളോടുള്ള ചാര്‍ച്ചയാണുള്ളത്‌.

`ഏറെ വയസ്സെനിക്കില്ലെന്നിരിക്കിലും
ദ്യോവിലെ ശോഭകള്‍ നോക്കിനില്‍ക്കേ,അന്നു
ജാലകച്ചില്ലില്‍ ഞാന്‍ കേട്ടു മൃദുസ്വരം
താവകമെന്നു തിരിഞ്ഞതില്ലെങ്കിലും'' -(ബാലാമണിയമ്മയ്‌ക്ക്‌)

'വില്‍പ്പത്ര'മെന്ന കവിതയില്‍ പാരമ്പര്യത്തിന്റെ ഈ ആദര്‍ശാത്മകത ചരാചരപ്രകൃതിയോടുള്ള ഇണക്കമായും ഇഴുകിച്ചേരലായും കവി കണ്ടെടുക്കുന്നു. ഇവിടെ പാരമ്പര്യത്തിന്റെ ഒസ്യത്തായി കവി മകനു ചിലത്‌ നല്‍കുന്നു. പ്രകൃതി സൗന്ദര്യങ്ങളും(സ്വച്ഛമാം വെയിലിന്‍ തിളക്കമാകുന്ന സ്വര്‍ണം, കാറ്റ്‌, മരങ്ങളുടെ മര്‍മ്മരം...) അവയില്‍ വീണുപോകുന്ന നിര്‍മലമായ സ്വപ്‌്‌നാത്മകമായ ചേതസ്സുമാണവ.
`ദുഃഖങ്ങളില്‍ നിത്യമോചനമേകുമീ
സ്വപ്‌നങ്ങള്‍ വില്‍പത്രമായി നല്‍കുന്നു ഞാന്‍''


പിതൃത്വമെന്ന അധീശകേന്ദ്രത്തോടുള്ള സംവാദമണ്ഡലമായാണ്‌ വിജയലക്ഷ്‌മിയിലെ പാരമ്പര്യകാമനകള്‍ പ്രവര്‍ത്തിക്കുന്നതെന്ന്‌ മേല്‍പറഞ്ഞ കവിതകള്‍ സാക്ഷ്യപ്പെടുത്തുന്നു. സ്‌ത്രീകവിത എന്ന പൊതുസംജ്ഞയ്‌ക്കു കീഴില്‍ വിജയലക്ഷ്‌മിയുടെ കവിതയെ ഉള്‍ച്ചേര്‍ത്തു നിര്‍ത്തുമ്പോഴുള്ള സംഘര്‍ഷം തിരിച്ചറിയാന്‍ ഈയൊരു നോട്ടക്കോണ്‍ സഹായിക്കുമെന്നു തോന്നുന്നു. പ്രത്യേകിച്ചും തച്ചന്റെ മകള്‍, മൃഗശിക്ഷകന്‍ എന്നീ രണ്ടു കവിതകളെയും അടുത്തു പരിശോധിക്കുമ്പോള്‍ പ്രതിഷ്‌ഠാപിതമായ ചില യുക്തികള്‍ അസ്ഥിരപ്പെടുന്നതായും തോന്നുന്നു.

മൃഗശിക്ഷകന്‍: നിസ്സഹായമായ പിന്‍വാങ്ങല്‍
മൃഗശിക്ഷകനിലെ ആഖ്യാനം മൃഗം/ഇര ശാസകനോടു നടത്തുന്ന ഏകഭാഷണമാണ്‌ . ഭയമാണിവിടത്തെ വികാരം. അധീശത്വം നിലനിര്‍ത്താന്‍ വേണ്ടി സ്ഥിരമായി ചലിപ്പിച്ചെടുക്കുന്ന, ഉറപ്പിച്ചെടുക്കുന്ന വികാരം തന്നെയാണ്‌ ഭയം. അവിടുന്ന്‌ കുതറിമാറാന്‍ പലതരത്തിലും ആഗ്രഹിക്കുന്ന വിധേയിയാണ്‌ കവിതയിലെ ആഖ്യാതാവ്‌. 'അടിമകണക്ക്‌ ഒതുങ്ങിയതെങ്കിലും താന്‍ പാവയല്ല' എന്ന തിരിച്ചറിവ്‌ അതിനുണ്ട്‌. ഇടക്ക്‌ അതിന്റെ വനചേതസ്സില്‍ ഒരു പാരമ്പര്യഘടകമായി രക്ഷാദൂതനായി ഒരു 'മൃഗപൗരാണികന്‍' കടന്നുവരുന്നു. സൂര്യനെ പിടിക്കാന്‍ പോയ അതിപുരാതനനായ ആ കാരണവരില്‍ പിതാവു തന്നെയാണുള്ളത്‌. രക്ഷിതാവായ പുരുഷരൂപം തന്നെയാണത്‌. ആ നോട്ടം ഊര്‍ജദായകമാണ്‌. പക്ഷേ, അതേറ്റുവാങ്ങാന്‍ ശേഷിയില്ല.

`കുനിയുന്നൂ കണ്‍കളവന്റെ നോട്ടത്തില്‍
തളരുന്നൂ ദേഹമവന്റെ ഹാസത്തില്‍
തൊഴുതുപോകയാണവനെത്താണുഞാന്‍
അരുതുനോക്കുവാനതിതേജസ്വിയെ
ച്ചുഴിഞ്ഞു നോക്കിയാലുടയും കണ്ണുകള്‍
അതിനുമുന്‍പീ നഖമുനകളാല്‍ തന്നെ
ഇനിയീകണ്‍കള്‍ ഞാന്‍ പിഴുതുമാറ്റട്ടെ''

നിര്‍ണായകമാണ്‌ ഈ വിധി.വിമോചനത്തിന്റെ തീവ്രമായ ഒരു ഘട്ടത്തിലെ നിസ്സഹായമായ പിന്‍വാങ്ങല്‍ .
''�.ഭയം,ഭയം മാത്ര
മടിമ ഞാന്‍ കുനിഞ്ഞിരിക്കുന്നു
മുതുകില്‍ നിന്‍ ചാട്ടയുലച്ചുകൊള്ളുക
വലയത്തില്‍ ചാടാനുണര്‍ന്നിരിപ്പു ഞാന്‍�

സ്വാതന്ത്ര്യം ഏറ്റെടുക്കാനോ താങ്ങാനോ ആവുന്നില്ല .അത്‌ പുതിയ ഉത്തരവാദിത്തം ആവശ്യപ്പെടുന്നു. സ്വാതന്ത്ര്യം കിനാവു മാത്രമായി തുടരാനാണ്‌ ഇര ഇഷ്‌ടപ്പെടുന്നത്‌. സ്വാതന്ത്ര്യ ത്തിനായുള്ള ആ മുറവിളി ഒരു സ്വയംനീതിമല്‍ക്കരണവും അതുകൊണ്ട്‌ സുരക്ഷയുമാണ്‌.

പിതൃമൂല്യങ്ങളുടെ സംഘര്‍ഷഭൂമിക
എഴുത്തിന്റേതുള്‍പ്പെടെയുള്ള സര്‍ഗാത്മകതയില്‍ സ്‌ത്രീയുടെ ആധികാരികതയെന്ത്‌? അവളുടെ അനന്യത എപ്രകാരമാണ്‌? അത്‌ സ്വയംഭരണാധിഷ്‌ഠിതമാണോ? ഈ ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. തച്ചന്റെ മകളുടെ പ്രത്യയശാസ്‌ത്രപരമായ ബോധവിതാനങ്ങള്‍ തീര്‍ച്ചയായും സ്‌ത്രീവാദപരം തന്നെയാണ്‌. എന്നാല്‍ അതിന്റെ അബോധപ്രതലം സുനിശ്ചിതമല്ല. കൂടിക്കുഴഞ്ഞു കിടക്കുന്ന അധീശമൂല്യങ്ങളും വൈകാരികരാഷ്ട്രീയങ്ങളും ചേര്‍ന്ന്‌ പിതാവിന്റെ അധീശനിലകളിലേക്കു തന്നെ കൂപ്പു കുത്തി വീഴുന്ന കാഴ്‌ച്ച ഉണ്ട്‌.ജേഷ്‌ഠന്റെ ദുര്‍വിധിയില്‍ ഉണരുന്ന ആത്മബോധവും കരുതലും സ്വന്തം ജീവിതത്തെക്കുറിച്ചുള്ള താക്കീതുകളും കരുതലുകളുമാകുന്നു.
`പോകയാണിന്നുളിപ്പെട്ടിയും മുഴ
ക്കോലുമായ്‌- വീതുളിക്കിരയായിടാ''
എന്ന്‌ നിശ്ചയദാര്‍ഢ്യവുമുണ്ട്‌. എങ്കിലും പോകാതെവയ്യ. ഈ പോക്ക്‌ എവിടേക്ക്‌ എ്‌ന്നതിനേക്കാള്‍ എവിടെനിന്ന്‌ എന്നിടത്താണ്‌ തീവ്രമാകുന്നത്‌. അപ്പോഴും അച്ഛന്റെ വാക്ക്‌, അനുഗ്രഹാശിസ്സുകള്‍ കൂടെയുണ്ട്‌.
''...നടക്കുക
ഏതു ദിക്കില്‍ നീ പോകിലും പോകാത്ത
പേരുനിന്‍ വിരല്‍ത്തുമ്പിലെന്നോര്‍ക്കണം''
പിതാവിന്റെ തുടര്‍ച്ച ശില്‍പകലയായി സര്‍ഗാത്മകതയായി കൂടെയുണ്ട്‌. വീതുളിക്കിരയായിടാ എന്നു പറയുമ്പോള്‍ സ്വയം വീതുളി വീണു മരിക്കുന്നതിനേക്കാള്‍ അച്ഛന്‍ ആ അവസരം നേരിടരുതെന്ന കരുതലും ഉണ്ടിവിടെ. പിതൃമൂല്യങ്ങളെ ആദര്‍ശാത്മകമായി സംരക്ഷിക്കുക എന്ന അബോധത്തില്‍ നിന്നല്ലേ ആ സ്വയംഭ്രഷ്ടത ഇറങ്ങിപ്പോക്ക്‌ സാധ്യമാകുന്നത്‌?അവിടെ നിന്നു പോകാതിരുന്നാല്‍ ഉണ്ടാകാനിടയുളള, പാപമാകാനിടയുള്ള ഗുരുനിന്ദയില്‍ നിന്നുമുള്ള പലായനം കൂടിയാണത്‌. നെഞ്ചിലേറ്റുന്ന കനത്തൊരു കല്ലുളി ഓര്‍മകള്‍ കൊണ്ടു നിര്‍മിച്ചതാണ്‌. അതു കൊല്ലാനല്ല, സ്വന്തം ലോകങ്ങളെ നിര്‍മിക്കാനുള്ളതാണ്‌ എന്നുമവള്‍ക്കറിയാം. പിതൃത്വത്തിന്റെ (ദേശീയതയുടെ ) മൂല്യമണ്ഡലങ്ങളോടുള്ള വൈകാരിക അബോധത്തിന്റെ രാഷ്ട്രീയം സ്‌ത്രൈണസര്‍ഗാത്മകതയെ ഒരേസമയം ആവേശം കൊള്ളിക്കുന്നു. അത്രതന്നെ അതേസമയം അതിനെ വെല്ലുവിളിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. മറ്റു ചിലപ്പോള്‍ സ്വയം ഒറ്റുകൊടുക്കുകയും ചെയ്യുന്നു. ഇങ്ങനെ സന്ദിഗ്‌ധമാണ്‌ ഇവിടത്തെ വിമോചന കാമന.


പ്രണയകാമന
വിജയലക്ഷ്‌മിയുടെ തന്നെ അധികം ആഘോഷിക്കപ്പെടാത്ത ചില കവിതകളിലേക്കു കൂടി നാം പോകേണ്ടതുണ്ട്‌്‌്‌. അവിടെ കടന്നുവരുന്ന വിധ്വംസകതകള്‍ പതിവു സ്‌ത്രീപക്ഷയുക്തിയുടെ പരിമിതികളെ നല്ലവണ്ണം വെളിവാക്കുന്നവയാണ്‌.കാരണം നിലവിലുള്ള വ്യവസ്ഥയില്‍ സ്‌ത്രൈണത എങ്ങിനെ ഒഴിവാക്കപ്പെട്ടു എന്നതിനേക്കാള്‍ നിര്‍ണായകമാണ്‌ അടിസ്ഥാനപരമായി അത്തരം ഒഴിവാക്കലുകളിലൂടെയും ന്യൂനീകരണങ്ങളിലൂടെയും തമസ്‌കരണങ്ങളിലൂടെയുമാണ്‌ വ്യവസ്ഥാപിത കലാസാഹിത്യചിന്തകള്‍ തന്നെ പടുത്തയര്‍ത്തപ്പെട്ടതെന്ന തിരിച്ചറിവ്‌്‌. അവയാകട്ടെ പൊതുവായ ഒരു സ്വാംശീകരണയുക്തിയോടെ സ്വീകരിച്ചതിനെക്കുറിച്ചാണ്‌ നാമിവിടെ ആകുലരാവുന്നത്‌. സ്‌ത്രീയുടെ സര്‍ഗാത്മകത, ഏല്‌പിച്ചു കൊടുത്ത മുഴക്കോലിലോ അനുഗ്രഹവചസ്സുകളിലോ വീതുളിയിലോ അല്ല, അവളുടെ വിധ്വസംകമായ ആധികാരികതകളില്‍ കൂടി പടര്‍ന്നേറുന്നവയെന്ന്‌ യയാതി പറയുന്നു. മഴുവിന്റെ കഥ എഴുതിയ ബാലാമണിയമ്മയുടെ വൃദ്ധകന്യ എന്ന കവിതയെ പ്രമേയസാമ്യം കൊണ്ട്‌ ഇക്കവിത ഓര്‍മിപ്പിച്ചേക്കാം. പെണ്ണിന്റെ സ്വതന്ത്രവും സൈ്വരവും നിറഞ്ഞ കാമനകളെ ഇക്കവിത എഴുതുന്നു. അരയാല്‍ച്ചുവട്ടില്‍ ധ്യാനസ്ഥനായിക്കണ്ട മുനിയോടായിരുന്നു കാമനകളുണര്‍ന്നത്‌, പിന്നീട്‌ ഹരിചന്ദനം പോല്‍ വിശുദ്ധി വഴിയുന്ന നിഷ്‌കളങ്കനായ കുമാരനു നേര്‍ക്കുള്ള വാല്‍സല്യം കലര്‍ന്ന പ്രണയം സ്വീകരിക്കപ്പെടാതെ പോകുന്നു. പിന്നീടു കലപ്പയെന്തിപ്പോകുന്ന സംഘത്തോടൊപ്പം സഞ്ചരിച്ച്‌ അവള്‍ മഴമേഘം തിരഞ്ഞ്‌ മിഴികള്‍ മദ്ധ്യാഹ്‌നസൂര്യനിലര്‍പ്പിച്ച ദൃഢചിത്തനെ കാണുന്നു. ഉത്തപ്‌തനായ ആ പുരുഷനെയും വെടിഞ്ഞവള്‍ തളര്‍ന്നു തണലത്തിരിക്കുമ്പോള്‍ യയാതിയെ കണ്ടുമുട്ടുകയാണ്‌. ഇരവു പകലുകളെ ഉടയാടകളാക്കി,സൂര്യനെയും നക്ഷത്രങ്ങളെയും അലങ്കാരങ്ങളാക്കി ആ പ്രണയസിഹം ചുഴറ്റുന്ന സട മാത്രമായിത്തീര്‍ന്നു പ്രപഞ്ചം..! പ്രണയകാമനകളിലൂടെ ഉരുത്തിരിച്ചെടുക്കുന്ന സ്വേച്ഛയുടെ സ്വയംനിര്‍ണയനമാണീ കവിതയുടെ ഭാവരാഷ്‌ട്രീയത്തെ വേറിട്ടതാക്കുന്നത്‌. കൗസല്യയിലും പരോക്ഷവ്യംഗ്യമാകുന്നത്‌ ഉദ്ദാമമായ സ്‌ത്രൈണദാഹം തന്നെ. ദശരഥന്റെ ധര്‍മപത്‌നിയും രാമന്റെ മാതാവും മാത്രമാകേണ്ടിവരുന്ന അവസ്ഥകളുടെ നിഷേധം അവളുടെ സ്വപ്‌നങ്ങളിലുണ്ട്‌. കൈകേയിയെപ്പോലെ ദശരഥനുമായിച്ചേര്‍ന്ന്‌ പ്രണയത്താല്‍ `ഒരുമിച്ചിരുധൂമധാരകളായിപ്പിണഞ്ഞുയരാന്‍' കൗസല്യക്കു മോഹമില്ലാഞ്ഞല്ല. പക്ഷേ,
``അമ്മയാണെനിക്കു നീ ദേവീ,നിന്‍ മടിത്തട്ടി
ലുണ്ണിയാവുമ്പോഴെനിക്കഭയം,സമാശ്വാസം'' എന്നാണ്‌ രാജാവിന്റെ ഭാവം.
``മാതൃഭാവമേ തിരക്കുന്നു നിത്യവും ഭവാന്‍,
നാരുനാരായെന്‍ കരള്‍ നരയ്‌ക്കാതെന്തേ പിന്നെ?''എന്നവള്‍ തിര്‌ച്ചറിയുന്നു.
`വിട്ടുപോകൂ' എന്ന കവിതയില്‍ മാതൃത്വത്തിന്റെ `ധാര്‍മിക'ഭാരത്തെ എത്രയും കയ്യൊഴിയാനുള്ള വെമ്പലാണുള്ളത്‌.
ഭാഗവതം സ്‌ത്രൈണമായ ദൈവശാസ്‌ത്രത്തെക്കുറിച്ചുള്ള ചിന്തയെ ഉണര്‍ത്തുന്നു.പുരുഷന്‍ 'സന്ധ്യയ്‌ക്കു കുളിച്ചെല്ലാ ശല്യത്തില്‍ നിന്നും വേറിട്ടു' വായിക്കുന്ന ദിവ്യമായ ഭാഗവതം. വന്നുകേള്‍ക്കാനയാള്‍ വിളിക്കുന്നു.അടുക്കളവേലകള്‍ അവളെ തടയുന്നു.
``കരി പറ്റിയകയ്യാല്‍
മരണം വരെത്തീരാ-
മഹാഭാഗവതം ഞാന്‍
മറിച്ചു വായിക്കുന്നു.
മടിയാതെന്നും; അങ്ങു
കേള്‍ക്കുവാന്‍ വരുന്നില്ല! ''

കൊല,കാക്ക,എന്‍.ജി.ഒ, ഒരു നിശ്ചലദൃശ്യം,വിനോദം,ഇനിയെന്തു വില്‍ക്കും, സെല്‍ഫ്‌ പോര്‍ട്രെയിറ്റ്‌ വെറുമോരു കത്ത്‌(രാജന്‌) തുടങ്ങിയ അനേകം പുറം കവിതകളുടെ ഒരുധാരയും വിജയലക്ഷ്‌മിയിലുണ്ട്‌. ഇവിടെ കണ്ടെടുക്കാത്ത ഇനിയും നിരവധി ധാര/തലങ്ങളുണ്ട്‌. ഇവയെല്ലാ ചേര്‍ന്നു നിര്‍മിക്കുന്ന പലമയിലും കലര്‍പ്പിലും ഇടര്‍ച്ചകളിലും ബഹുസ്വരതയിലുമാണ്‌ ആ കവിതകള്‍ മനസ്സിലാക്കപ്പെടേണ്ടതെന്നു കരുതുന്നു. ഉറച്ചു പോയ ലേബലുകള്‍ക്കപ്പുറം, തീര്‍പ്പുയുക്തികള്‍ക്കപ്പുറം കവിത അതിന്റെ സന്ദിഗ്‌ദ്ധമായ വഴികളിലൂടെ യാത്ര തുടരട്ടെ.

(വിജയലക്ഷ്‌മിക്കവിതകളെപ്പറ്റി 2015 ജനുവരി ലക്കം നവമലയാളിയില്‍ എഴുതിയത്‌.. )

Sunday, December 7, 2014

മുദിതയുടെ പുതുമുദ്രകള്‍

രേസമയം ഉന്മേഷം നിറഞ്ഞ ഭാവനയും ഊര്‍ജസ്വലമായ ആവിഷ്‌കാരവുമാണ്‌ മുദിതയുടെ വായനാനുഭവം. തീവ്രമായ പെണ്ണനുഭവങ്ങള്‍ക്കകത്ത്‌ ഭാവുകത്വപരമായും ചിന്താപരമായും നാമനുഭവിക്കുന്ന വിഛേദം സൗന്ദര്യശാസ്‌ത്രപരം മാത്രമല്ല; രാഷ്‌ട്രീയം കൂടിയാണ്‌. മലാളകവിതയുടെ ഒരുതരം അപാരമ്പര്യം ഈ കൃതിയില്‍ പ്രവര്‍ത്തിക്കുന്നു. ഉണങ്ങിയ കായക്കുള്ളില്‍ വിത്തു മറഞ്ഞിരിക്കുന്നതുപോലെ വിധ്വംസകമായ ഈ അപാര്യമ്പര്യം നമ്മെ മറുവായനകളിലേക്കു തന്നെ പ്രേരിപ്പിച്ചുകൊണ്ടിരിക്കും.പുതുകവിതയുടെ മുഖ്യധാരയില്‍ നിന്നുമാത്രമല്ല സ്‌ത്രീഭാവുകത്വത്തിന്റെ ജനപ്രിയഘടനയില്‍ നിന്നും ഈ കവിതകള്‍ വഴിപിരിയുന്നു. സ്വമേധയാ അവയുടെ വിമര്‍ശനസ്ഥാനങ്ങളെ പുര:ക്ഷേപിക്കുകയും ചെയ്യുന്നു.കീഴാളജ്ഞാനമണ്‌ഡലത്തോടു സവിശേഷമായി നടത്തുന്ന സംവാദങ്ങള്‍ ഇവിടെ അതിസൂക്ഷ്‌മമായ, വ്യത്യസ്‌തമായ ഒരു ജൈവഭൂമികയായി വികസിക്കുന്നുണ്ട്‌. കീഴാളാനുഭവങ്ങള്‍ക്കകത്തെ ദുര്‍ബലമായ മാഴ്‌കലിനെ തെളിച്ചവും ഊര്‍ജവുമുള്ള നിറചിരികളാക്കി മാറ്റുകയാണ്‌ ഈ കവിതകള്‍. കീഴാളജീവിതത്തെ സംബന്ധിച്ച അവശതകളും ദുര്‍ബ്ബലതകളും പരാധീനതകളും ഈ രചനകള്‍ക്കകത്തെ അനുഭവലോകത്തിന്റെ ആസ്‌പദങ്ങള്‍തന്നെ. എന്നാലവ ആഘോഷിക്കപ്പെടുന്നില്ല.

സ്വത്വപരമായി സ്വന്തം തന്മയില്‍ വളരെ ആത്മവിശ്വാസം പുലര്‍ത്തുന്ന കവിതകളാണിവ. പുതിയ അവബോധങ്ങളും ജീവിതവാഞ്‌ഛകളും ജൈവികമായ ചോദനകളും ചേര്‍ന്ന്‌ ഈ രചനകളെ ഉണര്‍വ്വുള്ള പെണ്ണനുഭവമാക്കുന്നു. സ്വന്തം അനുഭവങ്ങളുടെ പുറത്തുളള ആധികാരികതയാണ്‌ കവിയെ ഭാഷകയാക്കുന്നത്‌, ഭാഷണകേന്ദ്രമാക്കുന്നത്‌. പ്രണയത്തിനകത്ത്‌ അവള്‍ സ്വയം ആഖ്യാനകര്‍തൃത്വമായി സ്ഥാപിച്ചെടുക്കുന്നു.
``എന്നെയിഷ്‌ടപ്പെടുന്നതത്തയ്യലാളി
ന്നന്തരംഗമല്ലര്‍ദ്ധദാരിദ്ര്യം
കന്യമാര്‍ക്കു നവാനുരാഗങ്ങള്‍
കമ്രശോണസ്‌ഫടികവളകള്‍ പോലെ''(കുടിയൊഴിക്കല്‍)
എന്ന്‌ അപരമാക്കപ്പെട്ട നിലയില്‍ നിന്നവള്‍ കുതറി മാറുന്നു. അവള്‍ പറയുകയും അയാള്‍ കേള്‍ക്കുകയും ചെയ്യുന്ന ഒരു സന്ദര്‍ഭമായി ഇപ്പോള്‍ കവിത മാറിയിരിക്കുന്നു. അതിനാല്‍ പ്രണയവിചാരം വിചാരണയായി മാറുന്നു. `പ്രണയമരം' എന്ന സതി അങ്കാമലിയുടെ കവിത നോക്കൂ.........
``ഞാനതു തലകീഴായ്‌ കുഴിച്ചിട്ടു...
മണ്ണുപുരണ്ടപച്ചയ്‌ക്ക്‌-
ജീര്‍ണ നിശബ്‌ദത!
ആകാശം കണ്ട വേരുകള്‍
വാ പിളര്‍ന്ന്‌ .....
ഞെരിച്ചുടച്ച്‌
അടര്‍ന്നു വീണ മഴവില്ലിനൊപ്പം
വിചാരണക്കിട്ടു.''
പെണ്ണുടലിന്റെ ഊര്‍ജ്ജപ്രവാഹം, ജൈവികചേദനകള്‍ അവളെ ഉര്‍വ്വരമായ, ഉറവയായി കണ്ടെടുക്കുന്നു.
``എന്റെ രക്തദിനങ്ങള്‍ കഴിഞ്ഞുളള
രാവുകള്‍, പകലുകള്‍
എത്ര ആനന്ദകരമാണ്‌
അതു പൂവുകള്‍ക്കും
പച്ചപ്പുകള്‍ക്കും
യുദ്ധം ജയിച്ചവളുമാര്‍ക്കുമൊപ്പം
തലയുയര്‍ത്തി നില്‍ക്കുന്നു.''
(വീണപൂവിനും വിരിയുന്ന പൂവിനും മധ്യേ- വിജില)
ഇപ്രകാരം സ്വയം മുക്തമായ ഒരുഭാഷണ/ആഖ്യാനകേന്ദ്രമായ സ്‌ത്രീ എങ്ങനെ മുഖ്യധാരാ പെണ്‍കവിതയോടു സംവദിക്കുന്നു എന്നതു പ്രധാനം തന്നെ.

ആധുനികതയ്‌ക്കു ശേഷമുളള പെണ്‍കവിതയില്‍ കേട്ട കാല്‌പനിക ഏകാകിനിയുടേയോ അന്യവല്‍കൃതയായ നായികയുടേയോ സ്വരമല്ല ഇവള്‍ക്ക്‌. ഇരയുടെ രോദനങ്ങള്‍ക്കുപകരം ഉറച്ചതും അയവുളളതുമായ സ്വരം ഇവിടെ നാം കേള്‍ക്കുന്നു. വൈകാരികതകളെ ആത്മീയമായ പടര്‍ച്ചകളിലേക്കു നയിക്കുന്ന പ്രപഞ്ചബോധം ഇവിടെ അടിയടരായി നില്‍ക്കുന്നുണ്ട്‌. പ്രകൃതിയും മാതൃത്വും ശരീരവും അധ്വാനവും പ്രണയവുമെല്ലാം ചേര്‍ന്ന ഒരവസ്ഥയായി അത്‌.എം.ആര്‍.രാധാമണിയുടെ `തരിച്ച കതിരുകളി'ല്‍ കാണാം.
``പാടത്തിനു നടുവില്‍
നൊന്തും വെന്തും
മൊലപ്പാലു കെട്ടിക്കിടന്നും
തരിച്ചു നിന്നൊരു കതിരുണ്ട്‌''
`വയലിന്റെ ചിത്രകാരന'ിലെ (ഇടശ്ശേരി)
(`ഇരുളില്‍ കാതലിലുളികള്‍ ചെത്തിച്ച
ച്ചതുരം ചതുരം ചെത്തിമിനുക്കീ
ട്ടുഡുനയനങ്ങളമിഴ്‌ത്തീട്ടൊരു
ശില്‌പ വിശേഷം.............') അധ്വാനിയായ പുരുഷനെയല്ല നാമിവിടെ കാണുന്നത്‌. ഇവിടെ ഈ വയല്‍ തന്നെയാണ്‌ ചിത്രവും ചിത്രകാരിയും. മെലിഞ്ഞൊട്ടിയ `കറുത്ത ഉടുക്കാകുണ്ടന്‍ വരമ്പുകള്‍' വയലില്‍ രാപകല്‍ അധ്വാനിക്കുന്ന അവളുടെ നിര്‍മിതിയാണ്‌. പ്രകൃതിയുടെ ഉപകരണാത്മകയുക്തി ഇവിടെ കാണുന്നില്ല. മറിച്ച്‌ സജീവമായ ക്രിയാംശമായി സ്വയം വെളിപ്പെട്ടുകിടക്കുയാണിവിടെ പ്രകൃതി. ദളിത്‌ അനുഭവലോകത്തെ പ്രകൃതി അധ്വാനവും അതിജീവനവും ആവാസപരിസ്ഥിതി (വമയശമേ)േ യുമൊക്കെയായി ഇഴചേര്‍ന്നു കിടക്കുന്നു. പി. ലിസയുടെ `ഉതപ്പില്‍'വാമൊഴി ഭേദങ്ങളായി അതു പ്രത്യക്ഷപ്പെടുന്നു. അജിതയുടെ `മഴക്കൊയ്‌ത്തില്‍'മഴയും കൊയ്‌ത്തും ഒന്നു ചേരുകയാണ്‌. പ്രകൃതി എപ്പോഴും ജീവിതത്തിനകത്ത്‌ , അതിന്റെ സ്ഥലരാശികള്‍ക്കകത്ത്‌ ഉള്‍പ്പെട്ട്‌ നില്‍ക്കുകയാണ്‌.

ശരീരം
1990 കളോടെ മലയാളത്തില്‍ ശക്തിപ്പെട്ടു വന്ന പെണ്ണഴുത്തില്‍ ഏറ്റവും പ്രബലമായി വന്ന ഒരു ധാര ശരീരമെഴുത്തിന്റേതായിരുന്നു. വിലക്കുകളുടെയും കാമനകളുടെയും സൗന്ദര്യരാഷ്‌ട്രീയം ശരീരത്തെ മുന്‍നിര്‍ത്തി ആവിഷ്‌ക്കരിക്കപ്പെട്ടു. 2000ങ്ങളോടെ ശരീരമെഴുത്തിന്റെ രാഷ്‌ട്രീയസ്വഭാവം കൂടുതല്‍ പ്രകടമായിത്തീര്‍ന്നു. എന്നാല്‍ മെല്ലെയാണെങ്കിലും രൂപപ്പെട്ടു വന്ന പ്രതിസന്ധി ആണ്‍ /പെണ്‍ ബന്ധങ്ങളുടെ ആവിഷ്‌ക്കാരത്തിലായിരുന്നു. ദ്വന്ദ്വഘടനയിലുളള, ഭിന്നവര്‍ഗ ലൈംഗികതയിലുളള ഊന്നല്‍ സ്‌ത്രീയെ ഇരയായും പുരുഷനെ വേട്ടക്കാരനായും സ്ഥിരീകരിച്ചു കൊണ്ടിരുന്നു. സൗന്ദര്യശാസ്‌ത്രപരമായി കല്ലിച്ച അവസ്ഥ പതുക്കെ വഴിമാറുന്നത്‌ 2010 നുശേഷമുളള പുതുകവിതയുടെ സമൃദ്ധിയില്‍ തന്നെയാണ്‌ വി.എം.ഗിരിജയും, അനിതാതമ്പിയും, ഗിരിജാപാതേക്കരയും, ആശാ ലതയും, ബിന്ദുകൃഷ്‌ണനും മറ്റും ലൈംഗികത എന്ന സംവര്‍ഗത്തെ സാമൂഹികവും ചരിത്രപരവും ആത്‌മീയവും ആത്മനിഷ്‌ഠവുമായ പലതലങ്ങളില്‍ പരിചരിച്ചുകൊണ്ടെഴുതി. പ്രതീകാത്മകതയുടെ ഇടനിലകളില്‍ നിന്നും മുക്തമായ ശരീരം നേരിട്ടു മൂര്‍ത്തമായി കവിതകളില്‍ നിറഞ്ഞു.
സ്‌ത്രീരചനകളുടെ ചരിത്രപരമായ ഈ സന്ദിഗ്‌ദ്ധഘട്ടത്തിലേക്ക്‌ കണ്ണിചേര്‍ത്തു മനസ്സിലാക്കേണ്ടവയാണ്‌ ദളിത്‌ പെണ്‍കവിതകളിലെ ശരീരമെഴുത്ത്‌. കാരണം അതില്‍ മേല്‍പ്പറഞ്ഞ ധാരകളോടുളള ഇടര്‍ച്ചകളും തുടര്‍ച്ചകളും അടയാളപ്പെട്ടു കിടക്കുന്നു. ശരീരത്തെ ഭൗതികമായി, മൂര്‍ത്തമായി ആഗ്രഹങ്ങളുടെയും അധ്വാനത്തിന്റെയും വിനിമയകേന്ദ്രമായി കാണുന്നു എന്നതിലുടെ തുടര്‍ച്ചയോടൊപ്പം തന്നെ, ജാതീയവും വംശീയവുമായ അര്‍ത്ഥമണ്‌ഡലങ്ങളിലേയുളള സൂചനകളിലൂടെ ഇടര്‍ച്ചകളും ഇവിടെ കാണാം. ചൂഷണത്തിന്റെയും അപമാനത്തിന്റെയും വിവക്ഷകള്‍ക്കകത്താണ്‌ ഈ ശരീരം നിലനില്‍ക്കുന്നത്‌. കീഴാളതയ്‌ക്കകത്തു തന്നെയുളള മേല്‍ /കീഴ്‌ ബന്ധങ്ങളെ അതു ചര്‍ച്ച ചെയ്യുന്നു.
സുനിത തോപ്പിലിന്റെ `മെയ്‌ക്കാട്ടുകാരി 'എന്ന കവിതയില്‍ പറയുന്നതിങ്ങനെ................
``പണികാളെ കൂട്ടാന്‍
പലരും വരുന്നുണ്ട്‌
വെളുപ്പിനേ വന്നതാണ്‌
വെട്ടം വെയിലായിക്കഴിഞ്ഞു
.............................................................
ആരോഗ്യമുളളവര്‍ക്കും
തുടുത്തുവെളുത്തവര്‍ക്കുമൊക്കെ
ആദ്യംതന്നെ വിളിക്കാന്‍ വരും
........................................................
വെയില്‌ ചൂടായിമാറിയിട്ടുണ്ട്‌
ഇന്നിനി പണിക്ക്‌ വിളിക്കാനാള്‌ വരില്ല''
`ഒറ്റച്ചേല' എന്ന കവിതയില്‍ ശരീരം നഗ്നമാണ്‌. എന്നാല്‍ ലൈംഗികമല്ല തന്നെ. ഒരറ്റം വെയിലിലും മറ്റേയറ്റം ഒരേയൊരു ഉടലിലുമായി ഒരേയൊരു ചേല ഉണക്കിയെടുക്കുന്ന വൃദ്ധയെ നാമിവിടെ കാണുന്നു. മരിച്ചാല്‍ കുഴിച്ചിടാന്‍ സ്ഥലമില്ലാത്തതുകൊണ്ട്‌ കായലില്‍ കെട്ടിത്താഴ്‌ത്തേണ്ടി വന്നേക്കാവുന്ന ഒരു ശരീരവും കൂടിയാണത്‌. ദളിത്‌ സ്‌ത്രീയുടെ വിഭവാധികാരമില്ലായ്‌മകളിലേക്കു കൂടി നീളുന്ന സൂചനകള്‍ ശരീരമെഴുത്തില്‍ ലയിച്ചുകിടക്കുന്നു. ഏറ്റവും അടിസ്ഥാനപദവിയിലുളള ശരീരങ്ങള്‍ ലൈംഗിക കാമനകള്‍ക്കകത്തുള്ളതിനേക്കാളുപരി പുറത്തുമുളള പലതരം കോയ്‌മകളെകൂടി അഭിസംബോധനചെയ്യുന്നു. സാറാബര്‍ട്‌ മാന്‍ ഉന്നയിക്കുന്ന വസ്‌തുവല്‍കൃതമായ കീഴാള ശരീരഭാഷ്യത്തിന്റെ രാഷ്‌ട്രീയം ഇങ്ങനെ അനേകം പടര്‍ച്ചകളുളള വിധ്വംസകമായ ഒന്നാണ്‌.
എത്രയെളുപ്പം കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്ന ലൈംഗിക ശരീരങ്ങളായി ദളിത്‌ പെണ്‍ ശരീരങ്ങള്‍ വിനിമയം ചെയ്യപ്പെടുമ്പോള്‍ തന്നെ കൈയ്യേറ്റം ചെയ്യപ്പെടുകയും കൊലചെയ്യപെടുകയും ജീവിക്കാനുളള അവകാശത്തെത്തന്നെ നിഷേധിച്ച്‌, മുച്ചൂടും ചൂഴ്‌ന്ന്‌, ഉന്മൂലനാശനം ചെയ്യുന്ന ഒരവസ്ഥയാണുളളത്‌. സമകാലിക ദളിത്‌ പെണ്ണവസ്ഥയെ സംബന്ധിച്ച ശരീരം, ബലാല്‍സംഗം, മരണം എന്ന ക്രമത്തെയാണ്‌ വി.ആര്‍.സന്തോഷിന്റെ രണ്ടു പെണ്‍കുട്ടികള്‍ (മാധ്യമം ജൂലൈ 294) എഴുതുന്നത്‌.

അധ്വാനം / തൊഴില്‍
തൊഴില്‍ കലയായി മാറുന്ന സന്ദര്‍ഭങ്ങള്‍ ദളിത്‌ കവിതയില്‍ സാമാന്യമായി കാണാം. ജോസഫിന്റെ `കൊട്ട'പോലെ നിരവധി കവിതകള്‍ അക്കൂട്ടത്തില്‍ എടുത്തുപറയാം. എന്നാല്‍ ദളിത്‌ സ്‌ത്രീകവിതയില്‍ അത്‌ ഭാവനാത്മകമായ സാധ്യതയായിരിക്കുമ്പോള്‍ തന്നെ അടിസ്ഥാനപരമായ അടിയന്തര ഭൗതികസാഹചര്യങ്ങളിലേക്ക്‌ സന്ദര്‍ഭങ്ങളെ ഉണര്‍ത്തിയെടുക്കുകയും ചെയ്യുന്നുണ്ട്‌. ധന്യ എം.ഡി.യുടെ `നെയ്‌തുനെയ്‌തെടുക്കുന്നവ' അത്തരത്തിലൊന്നാണ്‌. വിളക്കിന്‍ തുമ്പത്തെ ചെമപ്പില്‍ ഉറ്റുനോക്കിയിരുന്നു പായ നെയ്യുന്നതിനെക്കുറിച്ചതു പറയുന്നു.
`പലരുടെ പഠിത്തങ്ങള്‍
നാട്ടു വെടി വട്ടങ്ങള്‍
കുറിക്കണക്ക്‌ പരാതികള്‍
അരിക്കണക്ക്‌
മഞ്ഞളുപ്പ്‌, മുളക്‌ ചേരുവകള്‍

അപ്പോള്‍
തേരും ചതുരവും
പൊന്നു തീര്‍ത്ത്‌
നടുവൊന്നു തിരുമ്മി
നിവര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍
�.�.. �..
പടരുന്നുണ്ടൊരാശ്വാസം
നാളെയാരാള്‍ക്കു വണ്ടിക്കൂലിയായി.'
ചെന്നു മുട്ടുന്നത്‌ അതിജീവനത്തിന്റെ ഭൗതികഅടിത്തറയിലാണ്‌.അത്‌ മുഖ്യധാരാ പെണ്‍കവിതകളിലെ ഗാര്‍ഹിക അധ്വാനസംസ്‌കാരത്തില്‍ നിന്നു വ്യത്യസ്‌തമാണ്‌.

വിജിലയുടെ `കയ്‌ക്കലത്തുണികളി'ല്‍ അധ്വാനത്തിന്റെ ലിംഗപരമായ പരിപ്രേക്ഷ്യം കടന്നു വരുന്നു. കാണാപ്പണികളുടെ അടുക്കളവട്ടത്തില്‍ അഴുക്കടിഞ്ഞ്‌, വിഴുപ്പു കുമിഞ്ഞ്‌ ഉറച്ചുപോയ ഒരു പാറയായി കയ്‌ക്കലത്തുണികള്‍, സ്‌ത്രീജീവിതം. അത്‌ `കറുത്തകല്ലി'(എസ്‌.ജോസഫ്‌) ന്റെ സ്വച്ഛമായ പുറം സ്വാതന്ത്ര്യം അനുഭവിക്കുന്നില്ല.

പ്രണയം
പ്രണയം ഈ കവിതയിലെ സജീവമായ ഘടകം തന്നെ. എങ്കിലും അത്‌ അടിസ്ഥാനപരമായ അവസ്ഥകളില്‍ വലിയ ചോദ്യങ്ങളാവുന്നുമുണ്ട്‌. `ചിലരങ്ങനെയൊക്കെയാണ്‌' എന്ന എം.ആശയുടെ കവിതയില്‍ ജാതി, ജാതകം, മുഴുപ്പ്‌ നോക്കിയുളള പ്രണയവിവാഹത്തില്‍ കാമുകി പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുന്നു. `പച്ച ഈര്‍ക്കിലി'ല്‍ പ്രണയത്തിനകത്തും സ്‌ത്രീയനുഭവിക്കുന്ന ലിംഗപരമായ കീഴായ്‌മയും വിധേയത്വവും കണ്ടെടുക്കുന്നു.
``സ്‌നേഹം തന്നാല്‍
പച്ച ഈര്‍ക്കില്‍ പോലെയായിരുന്നു ഞാന്‍
നിനക്കെന്നെ
കാല്‍ക്കീഴോളം വളയ്‌ക്കാം
വട്ടമാക്കാം വടിയാക്കാം
ചൂലാക്കാം ചൂണ്ടലാക്കാം''
`പെന്‍സിലി'ല്‍ സതി അങ്കമാലിയും എഴുതുന്നത്‌ തേഞ്ഞു തീരുന്നതിന്റെയും മുനയൊടിഞ്ഞ്‌ തെളിയാതിരിക്കുന്നതിന്റെയും കീഴാളസ്‌ത്രീയനുഭവമാണ്‌. പ്രണയമരത്തില്‍ തലകീഴായി വേരുകള്‍ മുകളിലേക്കായ്‌ നടുന്ന ഒരു മരമായി പ്രണയത്തെ സതി എഴുതുന്നു.
പ്രണയത്തിനും വിവാഹത്തിനുമകത്ത്‌ ബലതന്ത്രമായി പ്രവര്‍ത്തിക്കുന്ന ജാതി/ഉപജാതി സംഘര്‍ഷത്തെ അംബിക പ്രഭാകരന്റെയും വിനീതയുടെയും കവിതകള്‍ കണ്ടെടുക്കുന്നു. `എന്റെയും അവളുടെയും അവന്റെയും' എന്ന കവിതയില്‍ ഒരുവള്‍ സാക്ഷിയെപോലെ നിന്ന്‌ മറ്റു രണ്ടു പേരുടെ പ്രണയത്തെ ആഖ്യാനം ചെയ്യുകയാണ്‌. പരിത്യക്തയായ കാമുകിയെ
``പുകയെടുത്തു കണ്ണിലിട്ട അവളെ
കാപ്പി ഗ്ലാസിലടിഞ്ഞ മട്ടുപോലെ ഞാന്‍ കണ്ടു''
വിനീതയുടെ മഴയില്‍ കീഴാള ജാതികള്‍ക്കകത്തെ മാമൂലുകള്‍, ശാഠ്യങ്ങള്‍ പ്രണയത്തെ കരിച്ചുകളയുന്നതെഴുതുന്നു.
``നായരും നായാടിയും ചേര്‍ന്നാലും
പുലനും പറയും
ചേരില്ലെന്നൊരു കനല്‍ ചവിട്ടിനടുങ്ങി''പ്പോയ
പ്രണയത്തെ നാമിവിടെ കാണുന്നു.
``അച്ചടക്കമുളള ഭരണിക്കകത്തു
അടച്ചുറപ്പോടെ കഴിയുമ്പോഴും
ഒറ്റ രാത്രിയില്‍ തൊട്ടുകൂട്ടാന്‍ നിന്നുകൊടുക്കുന്ന അച്ചാറാന്‍ തയ്യാറാകാത്ത സ്‌ത്രീജന്മത്തെ അമ്മു ദീപയെഴുതുന്നു.

കൂട്ടായ്‌മയുടെ രാഷ്‌ട്രീയം
കീഴാള സ്‌ത്രീയെ ഒരു രാഷ്‌ട്രീയ സംവര്‍ഗമായി തിരിച്ചറിയുന്ന ഒരവബോധം നേര്‍മയോടെ ഈ കവിതകളിലുണ്ട്‌. വൈയക്തികതയുടെയും വൈകാരികതയുടെയും തലങ്ങളില്‍ പുലരുമ്പോഴും തമസ്‌ക്കരണത്തിന്റെയും അന്യവല്‍ക്കരണത്തിന്റെയും അനുഭവങ്ങളെ തിരിച്ചറിയുന്നുണ്ട്‌. കവിതകള്‍ക്കകത്തു കൂട്ടകാരികള്‍ വരുന്നതങ്ങനെയാണ്‌. തൊട്ടറിയലും മനസ്സിലാക്കലുമായി ഒന്നു കൂടെ ,ഒപ്പം ചേര്‍ന്നു നില്‍ക്കുകയാണിവിടെ. `കൂട്ടുകാരി' എന്ന വിജിലയുടെ കവിതയില്‍ അതിജീവനത്തിനും ആഗ്രഹപൂര്‍ത്തികള്‍ക്കും നിലനില്‍പ്പിനുമുളള തത്രപ്പാടില്‍ കൂട്ടുകാരിയുടെ ഒപ്പം നില്‍ക്കാനാഗ്രഹിക്കുന്ന ഒരുവളാണ്‌ കവി. ധന്യ എം.ഡിയുടെ 'സുജ' എന്ന കവിതയിലും തൊഴിലിടത്തും ജീവിതത്തിലും ഒറ്റപ്പെട്ടുപോയ തിരിച്ചറിയപ്പെടാതെ പോകുന്ന ദളിത്‌ പെണ്ണവസ്ഥയാണുള്ളത്‌.

കൂട്ടിപ്പിടിക്കലിന്റെ രാഷ്‌ട്രീയം പൊതുപെണ്‍കവിതകളില്‍നിന്നു തികച്ചും വേറിട്ടുനില്‍ക്കുന്നതായി ഇതിലെ കുടുംബബന്ധളോടുള്ള സമീപനം കാണിച്ചുതരുന്നു. കുടുംബത്തിന്റെ ഘടനകളെ പുരുഷാധിപത്യ പ്രത്യയശാസ്‌ത്രമായി വിശദീകരിക്കുന്ന പൊതുപെണ്‍കവിതകളില്‍ നിന്നു വ്യത്യസ്‌തമായി പുരുഷന്റെ സഹവര്‍ത്തിത്വം കുടംബത്തിനകത്തുളള കണ്ണിയായി വായിച്ചെടുക്കുന്ന കവിതകള്‍ ഇവിടെയുണ്ട്‌. അജിതയുടെ അച്ഛന്‍ എന്ന കവിതയിലെ അച്ഛന്‍.
``നടുവില്‍ നിന്ന്‌
ഞങ്ങളില്‍ പതിനാറു പൊളിയുടെ
മനസ്സില്‍ നിന്ന്‌
അവസാനം വരെ
ഒരുമിച്ചു നിര്‍ത്തുന്ന ഒരു പൊളിക്കീറാണ്‌''കൊട്ടമെടയുന്ന കരവിരുതും കുടുംബം മെനയുന്ന മനവിരുതും അച്ഛനു മാത്രമാണുളളത്‌. സ്‌ത്രീവിമോചനപ്പോരാളിയും കവിയുമായ മായോ ആഞ്ചയോ വിശ്രുതകവിയായ സുഹൃത്ത്‌ ജെയിംസ്‌ ബാള്‍ഡ്‌വിനില്‍ സഹോദരത്വം സ്ഥാപിച്ചെടുക്കുന്നുണ്ട്‌. കറുത്തവര്‍ഗ്ഗക്കാര്‍ക്കാരിയായ ഒരു സ്‌ത്രീക്ക്‌ പലപ്പോഴും ഒരു സഹോദരനെ ആവശ്യമായിരുന്നു എന്നവര്‍ പറഞ്ഞു. വംശീയമായ വൈകാരികതകള്‍ക്കകത്ത്‌ കുടുംബബന്ധങ്ങള്‍ക്ക്‌ കൂടുതല്‍ ആഴത്തിലുളള. പ്രതിരോധാത്മകമായ അര്‍ത്ഥമുണ്ടെന്നു കൂടി കരുതേണ്ടതുണ്ട്‌. അതു രക്തബന്ധമെന്നതിനേക്കാള്‍ കീഴായ്‌മയുടെ കണ്ണിചേരലും കൂട്ടായ്‌മയും കൂടിയാണ്‌.

ആധുനികത
യുടെ  അവശേഷിപ്പുകള്‍
ഈ സമാഹാരത്തിനു പൊതുവെയുളള പ്രത്യേകതള്‍ക്കുവെളിയില്‍ നില്‍ക്കുന്ന ചില അപഭ്രംശങ്ങള്‍ നിര്‍മലയിലും അരുന്ധതി മധുമേഘയിലും കാണാം. ചിലപ്പോഴെങ്കിലും അവ ആധുനികത അവശേഷിപ്പിച്ച കാല്‌പനിക വിഷാദത്തിന്റെയും അന്യവല്‍കൃത ഏകാകിനിയുടെയും ആത്മനിഷ്‌ഠമായ അഭിരുചികളിലേക്ക്‌ വഴിമാറുന്നു. നാടകീയതകളും ഭാഷാപരമായ വിരുദ്ധോക്തികളും ഇവിടെ നിറയുന്നു. രോഗം, മരണഭീതി എന്നിവയ്‌ക്കകത്തുനിന്നു സ്വരൂപിക്കുന്ന തീഷ്‌ണമായ ആത്മത്തിന്റെ വിഹ്വലതകളാണു നിര്‍മലയുടെ ചില കവിതകള്‍.

ആവിഷ്‌ക്കാരത്തിന്റെ പ്രതിസന്ധി
സംസ്‌ക്കാരത്തിനകത്തെ തന്മയുടെ അടയാളങ്ങളെ തിരഞ്ഞുപോകാനും നേരിടാനും ആഗ്രഹിക്കുന്നു ഈ കവിതകള്‍. `മുമ്പേ പിറന്നവള്‍' എന്ന കവിത (വിജില ചിറപ്പാട്‌)യില്‍ സാഹിത്യത്തിനകത്തെ ദളിത്‌ ജീവിതം എങ്ങനെ എന്നാരായുന്നു. വീട്ടില്‍ ടി.വിയോ, ഫ്രിഡ്‌ജോ ഇല്ലാത്തതിനാല്‍ തനിക്കവ പ്രവര്‍ത്തിപ്പിക്കാനറിയില്ല. എന്നാല്‍ അമ്മയ്‌ക്കറിയാം. കാരണം അവള്‍ എംടി സിനിമയിലെയും മാധവിക്കുട്ടി കഥകളിലെയും ജാനുവാണ്‌.
എഴുത്തും ആവിഷ്‌ക്കാരവുമായി ബന്ധപ്പെട്ട ആലോചനകളുടെ പങ്കുവെയ്‌ക്കലാണ്‌ അമ്മ ദീപയുടെ ഇറങ്ങിപ്പോകുമ്പോള്‍ എന്ന കവിത. ഇവിടെ കവിത എന്ന കവിത അവഹേളനങ്ങളും അസംതൃപ്‌തികളും വിട്ട്‌ ഇറങ്ങിപ്പോകുക തന്നെയാണ്‌. അന്നോളം പറയാത്ത പലതും പറയാനായി പിണങ്ങിപ്പോയ ഭാവുകത്വത്തെ തിരികെ വിളിച്ച്‌ ചേര്‍ത്തു പിടിച്ചുകൊണ്ടത്‌ ഇറങ്ങിത്തിരിക്കുന്നു. ഉപമകള്‍ തോല്‍വി പറയുന്ന വേദനകളെ പക്ഷേ അവള്‍ സൃഷ്‌ടിക്കും. ഭൂമിയില്‍ ദൈവത്തിന്‌ അപ്രാപ്യമായ ഭാഷകൊണ്ട്‌ വസന്തം തീര്‍ക്കുമ്പോള്‍ എല്ലാ അമ്മമാരും ഇതിഹാസകര്‍ത്രികളായിത്തീരുമെന്നു കവി പ്രവചിക്കുന്നു.സ്‌ത്രീയെഴുത്തിനെക്കുറിച്ചുള്ള അനിവാര്യമായ ഈ ആദര്‍ശാത്മകമായ പ്രത്യാശകള്‍ക്കകത്താണ്‌ ഇവിടെ കവിത പിറക്കുന്നത്‌.
വായിക്കപ്പെടാത്ത ആത്മകഥയാണ്‌ ഓരോ പെണ്‍ജന്മം എന്ന തിരിച്ചറിവാണ്‌ `പെണ്‍ക്രിയകളുടെ പ്രസാധനം '(വിജില ചിറപ്പാട്‌). ജീവിതം എല്ലായ്‌പോഴും എസിറ്റിംഗിനും പരിഭാഷയ്‌ക്കും പ്രൂഫ്‌ റീഡിംഗിനും വിധേയപ്പെടുന്ന ജീര്‍ണാവസ്ഥയെക്കുറിച്ചതു പറയുന്നു.
ചുരുക്കത്തില്‍ മുഖ്യധാരാജീവിതത്തോട്‌ വൈകാരികമായ ആര്‍ജവത്തോടെ വ്യത്യസ്‌തതകളുടെയും തനിമകളുടെയും തന്റേടങ്ങളോടെ മിണ്ടിപ്പറയുകയാണ്‌ ഈ കവിതകള്‍.
(2014 december  Malayalam varika)

Saturday, November 8, 2014

തൊട്ടുകൂട്ടുമ്പോള്‍...

തൊട്ടുകൂട്ടുമ്പോള്‍
 തന്മാത്ര, സ്‌പര്‍ശം, കടുംബം

ലൈംഗികത ഒരു സാമൂഹ്യനിര്‍മ്മിതിയായിരിക്കെത്തന്നെ അത്‌ തനത്‌ സ്ഥലകാലങ്ങളാല്‍ നിര്‍ണീതമാണ്‌. ലൈംഗികതയുടെ സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നതില്‍ അതിലുള്‍പ്പെടുന്ന വ്യക്തികളുടെ കര്‍തൃത്വപദവിയ്‌ക്കും ഒരു പങ്കുണ്ട്‌. സിനിമയിലെ ലൈംഗികത വിപണിയുടെയും കപടസദാചാരത്തിന്റെയും പുരുഷാധിപത്യരൂപങ്ങളുടെയും ഇടപെടലുകളായി വിശകലനം ചെയ്യപ്പെടാറുണ്ട്‌. മുമ്പ്‌ എന്നത്തേക്കാളുമധികം ഇന്നത്തെ സിനിമ ദൈനംദിനങ്ങള്‍ ഉള്‍പ്പെടെയുള്ള സമകാലികതയെയും വ്യക്തി/പ്രേക്ഷക വൃന്ദത്തിനു സമ്മതമായ ലൈംഗിക/സദാചാര വിചാരങ്ങളെയാണ്‌ പങ്കുപറ്റുന്നത്‌. ഇതാവട്ടെ നമ്മുടെ ആസ്വാദനത്തിന്റെയും കാഴ്‌ചയുടെയും കുടുംബ/സാമൂഹ്യ ജീവിതങ്ങളുടെയും ഫലമായി രൂപപ്പെട്ട ഒന്നാണ്‌.
ഐന്ദ്രിയത വിശേഷിച്ചും കാഴ്‌ച, സ്‌പര്‍ശം മുതലായവ അടിസ്ഥാനപരമായി വ്യക്തിനിഷ്‌ഠമായ അനുഭവങ്ങളിലൂടെയാണ്‌ വിലയിരുത്തപ്പെടാറ്‌. എങ്കിലും അവയുടെ സാമൂഹികസത്തയില്‍ മേല്‍പറഞ്ഞ കര്‍തൃത്വസങ്കല്‌പങ്ങള്‍ വലിയ പങ്കുവഹിക്കുന്നു. സാമൂഹികമായി ഇപ്രകാരം നിര്‍ണ്ണയിക്കപ്പെട്ട മൂല്യബോധങ്ങള്‍ ശരീരങ്ങളുടെ അടുപ്പവും അകലവും കടന്നുവരുന്ന ഇടങ്ങളിലൊക്കെ പിടിമുറുക്കുന്നു. സിനിമയിലെ ആണ്‍/പെണ്‍ ശരീരങ്ങള്‍, അവയുടെ ഇടപഴകല്‍ (ലൈംഗികമായാലും അല്ലെങ്കിലും) പ്രമാണികമായ ഒരു ആധികാരികക്രമത്തില്‍ കണ്ടീഷന്‍ ചെയ്യപ്പെട്ടതാണ്‌. അതില്‍ നിന്നുള്ള വ്യതിചലനം നമ്മുടെ ശീലങ്ങളെ അസ്വസ്ഥമാക്കുന്നു. എന്നതിനു തെളിവാണ്‌ ബ്ലെസി സംവിധാനം ചെയ്‌ത തന്മാത്ര എന്ന സിനിമയ്‌ക്കുണ്ടായ അനുഭവം. (നഗ്നതയും ലൈംഗികതയും ആരോപിക്കപ്പെട്ട ചില രംഗങ്ങള്‍ മുരിച്ചുമാറ്റിയാണിപ്പോള്‍ തിയ്യേറ്ററുകള്‍ കാണിക്കുന്നത്‌. അത്തരം രംഗങ്ങള്‍ സ്‌ത്രീ/കുടുംബ പ്രേക്ഷകരെ അകറ്റുമെന്ന ഭയമാണു കാരണം!)

പരസ്‌പരം ഇടപഴകുന്ന സ്‌ത്രീയുടെയും പുരുഷന്റെയും വ്യക്തിസ്വരൂപങ്ങള്‍ പൊതുവായ മൂല്യസങ്കല്‍പ്പങ്ങള്‍ക്കു വിധേയമായാണ്‌ സിനിമകള്‍ ദൃശ്യവത്‌കരിക്കുക. അവര്‍ ഭാര്യഭര്‍ത്താക്കന്മാരാകുമ്പോള്‍ വിശേഷിച്ചും. അവിടെ ഏതവസരത്തിലായാലും വിവൃതമാകുന്ന ശരീരഭാഗങ്ങള്‍ക്ക്‌ ലൈംഗികമായ സന്ദര്‍ഭമായി ഊന്നല്‍ ലഭിക്കുന്നതാകട്ടെ, സവിശേഷമായ ദൃശ്യപരിചരണങ്ങളിലൂടെയാണ്‌. ക്യാമറയുടെ ആംഗിള്‍, സംഭാഷണങ്ങളിലെയും കഥാഗതിയിലെയും പ്രത്യേകതകള്‍. സമീപ -വിദൂരഷോട്ടുകള്‍. ശബ്‌ദവിന്യാസം. വെളിച്ചം ഇങ്ങനെ എന്തുമാകാം പ്രേക്ഷകരില്‍ പ്രവര്‍ത്തിക്കുന്ന ഈ സന്ദര്‍ഭം. മലയാളത്തിലെ കുടുംബസിനിമയില്‍ നമ്മുടെ സാമൂഹികമായ രീതി/നാട്യങ്ങള്‍ക്ക്‌ അനുരോധമായാണ്‌ ശാരീരികമായ സ്‌പര്‍ശവും നിലനില്‍ക്കുന്നത്‌. അച്ഛനമ്മമാരും മക്കളുമടങ്ങുന്ന കുടുംബചിത്രങ്ങളില്‍ അതിവൈകാരികമായ രംഗങ്ങളിലല്ലാതെ, അതിന്റെ പ്രതിഫലനമായിട്ടല്ലാതെ സ്‌പര്‍ശം പൊതുവെ കടന്നുവരാറില്ല. സിനിമയിലെ കുടുംബത്തില്‍ മാത്രമല്ല, അതിനു പുറത്തുള്ള കുടുംബത്തിലും സാധുവാണിത്‌.

സ്‌പര്‍ശം ഒരു വിലക്ക്‌
കാഴ്‌ച, കേള്‍വി, മണം എന്നിവയില്‍ നിന്നു വ്യത്യസ്‌തമായി സ്‌പര്‍ശം സമീപസ്ഥമായ ഐന്ദ്രിയതയാണ്‌. അതിന്റെ സ്രോതസ്സ്‌ അരികിലുണ്ട്‌. (ക്ലോസ്‌-അപ്‌ ഷോട്ട്‌ സ്‌പര്‍ശപ്രതീതിയാവുന്നത്‌ അതുകൊണ്ടാവണം) ഐന്ദ്രിയതയുടെ രാഷ്‌ട്രീയത്തില്‍ സ്‌പര്‍ശത്തേക്കാള്‍ അര്‍ത്ഥഗര്‍ഭമായ വാക്ക്‌ അസ്‌പൃശ്യതയാണെന്നുപറയാം. ജാതീയമായ തീണ്ടല്‍-തൊടീല്‍ നിലനിന്ന കാലഘട്ടങ്ങളെയാണ്‌ ഇവിടെ വിവക്ഷിക്കുന്നത്‌. നായര്‍സ്‌ത്രീയില്‍ ജനിച്ച മക്കളും നമ്പൂതിരിയായ അച്ഛനും തമ്മില്‍ തൊട്ടുകൂടായ്‌മ നിലനിന്ന സമൂഹമാണിത്‌. വ്യത്യസ്‌ത ജാതിസമൂഹങ്ങള്‍ തമ്മിലുള്ള തൊട്ടുകൂട്ടായ്‌മ ഇതിലധികം രൂക്ഷമാണ്‌. കുടുംബം, ജാതി തുടങ്ങിയ ഘടനകള്‍ സ്‌പര്‍ശത്തെ ഉള്‍ക്കൊള്ളുന്നതിന്റെ സൂക്ഷ്‌മരാഷ്‌ട്രീയം ഇത്തരത്തില്‍ പഠിക്കേണ്ടതുണ്ട്‌. എത്ര തിരക്കുണ്ടായാലും സ്‌ത്രീ-പുരുഷന്മാര്‍ ഒന്നിച്ചിരുന്നു യാത്ര ചെയ്യാത്തതിന്റെ സ്‌പര്‍ശ-ലിംഗ രാഷ്‌ട്രൂയവും മറ്റൊരു അന്വേഷണവിഷയമാണ്‌. (ട്രെയിനില്‍ ഇതില്‍ നിന്നും വിരുദ്ധമായി സ്‌ത്രീ-പുരുഷ ഭേദമില്ലാതെ തിങ്ങിഞെരുങ്ങിയിരിക്കുന്ന യാത്രചെയ്യുന്നതിനു കാരണം അതിന്റെ സ്ഥലപരിധി അന്തര്‍ദേശീയമാണെന്നതിനാലായിരിക്കുമോ?) സ്വാമി വിവേകാനന്ദന്‍ കേരളത്തെക്കുറിച്ച്‌ രോഷാകുലനായി പറഞ്ഞവാക്കുകള്‍ പി.ഭാസ്‌ക്കരനുണ്ണി ഉദ്ധരിക്കുന്നതിങ്ങനെയാണ്‌...'' മലബാറില്‍ ഞാന്‍ കണ്ടതിനേക്കാള്‍ കവിഞ്ഞ ഒരു വിഡ്‌ഢിത്തം ഇതിനുമുമ്പു ലോകത്തെവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ? സവര്‍ണ്ണര്‍ നടക്കുന്ന തെരുവിലൂടെ പാവപ്പെട്ട പറയനു നടന്നുകൂടാ... മലബാറിലെ ജനങ്ങളെല്ലാം ഭ്രാന്തന്മാരാണ്‌. അവരുടെ വീടുകള്‍ ഭ്രാന്താലയങ്ങളും...'' (പുറം 159, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, പി. ഭാസ്‌ക്കരനുണ്ണി)
ജാതീയമായ അസ്‌പൃശ്യത പ്രത്യക്ഷത്തില്‍ നേരിട്ട്‌ സ്‌ത്രീ/പുരുഷ അസ്‌പൃശ്യതയെ ഉല്‌പാദിപ്പിക്കുന്നു എന്നല്ല പറഞ്ഞുവരുന്നത്‌. മറിച്ച്‌ ഇവരണ്ടും ഒരു സമൂഹത്തിന്റെ ഒരേ പ്രത്യയശാസ്‌ത്രഘടനയുടെ രണ്ടു സാമൂഹ്യ പ്രക്ഷേപങ്ങളാണെന്നു മാത്രം.

ദാമ്പത്യം-പ്രണയം-സ്‌പര്‍ശം
പ്രണയരംഗങ്ങളില്‍ ദാമ്പത്യരംഗങ്ങളേക്കാധികം സ്‌പര്‌ശനത്തിന്‌ ഊന്നല്‍ ലഭിക്കുന്നതായി കാണാം. ദാമ്പത്യത്തിന്റെ സ്വകാര്യവും അടഞ്ഞതും `മാന്യ'വും ആയ ഘടന `മൂന്നാമതൊരാളെ' സദാചാരപരമായ അകലത്തിലേക്ക്‌ നീക്കിനിര്‍ത്തുകയാവണം (അതുകൊണ്ടുതന്നെ അച്ഛനമ്മമാരുടെ സല്ലാപരംഗങ്ങളൊക്കെ മക്കള്‍ക്കു ചമ്മലോടെയാണ്‌ കാണിക്കുക-പവിത്രം സിനിമ) വ്യക്ത്യനുഭവങ്ങള്‍ സാമൂഹ്യാനുഭവങ്ങളിലേക്ക്‌ സംക്രമിപ്പിക്കുന്നതിലുള്ള വൈമുഖ്യമായതിനെ കാണാം. പൊതുവെ ദാമ്പത്യരംഗങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെടാത്ത നഗ്നത കാമുകീ-കാമുകരംഗങ്ങളില്‍ (രതി പ്രചോദനകമായിത്തന്നെ) കണ്ടെന്നുവരാം. അവിടെ സൃഷ്‌ടിക്കപ്പെടുന്ന ഉല്‍സവപരത, ചടുലവേഗങ്ങള്‍, വര്‍ണ്ണപകിട്ടുകള്‍, നിഗൂഡതകള്‍, പ്രലോഭനങ്ങള്‍ പ്രേക്ഷകന്റെ ഐന്ദ്രിയതയെ സിനിമയിലേക്ക്‌ ക്ഷണിക്കുകയോ താദാത്മ്യപ്പെടുത്തുകയോ ആണ്‌. (പൊതുവെയുള്ള കാര്യമാണ്‌; അപവാദങ്ങളുണ്ടാവാം.)

സ്‌പര്‍ശത്തിന്റെ ഉത്സവം
ദാമ്പത്യം, കുടുംബം, ലൈംഗികത എന്നിവയെ ഒക്കെ മുഖ്യധാരസിനിമകളുടെ പതിവനുസരിച്ചാണ്‌ തന്മാത്രയും സ്വാംശീകരിച്ചിരുന്നതെങ്കിലും അവയില്‍ നിന്നു വ്യത്യസ്‌തമായി ശാരീരികമായ അകലങ്ങളെ കുറച്ചുകൊണ്ട്‌ സ്‌പര്‍ശങ്ങളുടെ ഒരു ഉത്സവംതന്നെ സൃഷ്‌ടിക്കുന്നു. കുടുംബബന്ധങ്ങളുടെ കൗതുകകരവും ആശാസ്യവുമായ ഒരു ഇഴുകിച്ചേരല്‍ എന്ന നിലയില്‍ തന്മാത്രയുടെ ചുവര്‍പരസ്യങ്ങളിലൊക്കെ ഇതുകാണാം. ഊഷ്‌മളതയുടെ ഈ പ്രസരം ഭര്‍ത്താവും (അച്ഛന്‍) ഭാര്യയും (അമ്മ) തമ്മില്‍ മാത്രമല്ല മക്കളിലേക്കും വ്യാപിച്ചു നില്‍ക്കുന്നു. കുടുംബാംഗങ്ങള്‍ തമ്മിലുള്ള (അമ്മായിച്ഛന്‍ മരുമകളുടെ തോളത്തുചാഞ്ഞുതേങ്ങുന്നതുള്‍പ്പെടെയുള്ള) ശാരീരികമായ അടുപ്പം ഈ സിനിമയുടെ മുഖ്യചാലക ശക്തിയാണ്‌. മുഖ്യപ്രമേയമെന്ന പറയാവുന്ന അള്‍ഷിമേഴ്‌സിനെ/മറവിയെ മറികടക്കുന്ന ഇന്ദ്രിയപരമായ ഓര്‍മ്മ (സാധ്യത) കൂടിയാണിത്‌. രുചികളും മണങ്ങളും ഓര്‍മ്മകളിലൂടെ കടന്നുവരുന്നു. പിന്നീടത്‌ അനുഭവങ്ങളിലൂടെ ഓര്‍മ്മയെ സൃഷ്‌ടിച്ചെടുക്കുന്നു. സ്‌പര്‍ശം കേവലമായ ഐന്ദ്രിയാനുഭവമെന്ന നിലയില്‍നിന്ന്‌ സിനിമയുടെ കേന്ദ്രസ്ഥാനമായ ഒന്നിലേക്ക്‌ കണ്ണിചേര്‍ക്കപ്പെടുന്നതിങ്ങനെയാണ്‌ മകന്റെ സ്‌ക്കൂളിലെ പി.ടിഎ.യോഗത്തില്‍ സംസാരിക്കുന്ന രമേശന്‍ മക്കളെ തൊട്ടുസംസാരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചാണ്‌ പറയുന്നത്‌. മഴയുടെ/ജലത്തിന്റെ സ്‌പര്‍ശമാണ്‌ കൗമാരത്തെയും ഭാരതീയര്‍ കവിതയെയും അയാളില്‍ പുനഃസൃഷ്‌ടിക്കുന്നത്‌. സ്‌പര്‍ശം ഇവിടെ ഒരു വിലക്കായല്ല, ഒരു വിനിമയമായും കുടുംബഘടനയിലേക്കുള്ള ഒരു തുറസ്സായും തന്മാത്രയില്‍ നിറഞ്ഞുനില്‍ക്കുന്നു. നമ്മുടെ സിനിമയില്‍ ഗോപ്യവും അപകൃഷ്‌ടവുമായി മാത്രം കടന്നുവരുന്ന ശാരീരികസാമീപ്യം. സ്‌പര്‍ശം ഈ സിനിമയില്‍ സുതാര്യമാകുന്നു. ഉദാത്തമാകുന്നു. ഭൂതകാലത്തിന്റെ ഒസ്യത്തായ സ്‌പര്‍ശനത്തിന്റെ വിലക്ക്‌ ഇവിടെ റദ്ദുചെയ്യപ്പെടുകയും കുടുംബഘടനയുടെ അധികാരത്തെ (ഭര്‍ത്താവ്‌>ഭാര്യ>മകന്‍>മകള്‍...) ചെറുതാക്കുകയും ചെയ്യുന്നു. അബോധത്തിലൂടെയെങ്കിലും കുടുംബത്തിന്റെ ഒരു ജനാധിപത്യക്രമത്തെ ഈ സിനിമ ആഗ്രഹിക്കുന്നുണ്ടാവണം.
ബ്ലെസിയുടെ ആദ്യത്തെ സിനിമ `കാഴ്‌ച' ഒരു ഓപ്പറേറ്ററിലൂടെ കഥ പറയുന്നു; തന്മാത്രയെ നിയന്ത്രിക്കുന്ന കത്രികകളും ഇതേ ഓപ്പറേറ്റര്‍മാരുടേതാണ്‌. നഗ്നമാക്കി കാണിക്കപ്പെട്ട പുറമോ, ചുമലുകളോ മൂലം സ്‌ത്രീ/കുടുംബപ്രേക്ഷകര്‍ സിനിമയ്‌ക്കു ഭ്രഷ്‌ടുകല്‌പിക്കുമെന്നു ഭയന്നാണല്ലോ കത്രികപ്രയോഗം ബോളിവുഡ്‌, ഹോളിവുഡ്‌ സിനിമകളിലെയും ചാനല്‍ പ്രണയരംഗങ്ങളിലെയും നിരവധി അര്‍ദ്ധനഗ്‌തകളും ചുടന്‍രംഗങ്ങളും വകവച്ചുകൊടുക്കുന്ന പ്രേക്ഷകര്‍ക്ക്‌ തന്മാത്രയുടെ `സംരക്ഷകര്‍' ചാര്‍ത്തികൊടുക്കുന്നത്‌ തൊട്ടാല്‍പൊട്ടുന്ന വിക്‌ടോറിയന്‍ സദാചാരമാതൃകയാണ്‌. ചരിത്രപരമായി കേരളസമൂഹത്തില്‍ വേരോടിയ വിലക്കുകളാണിത്‌. `തന്മാത്ര'യില്‍ ആരോപിയ്‌ക്കപ്പെടുന്ന ലൈംഗികത ദൃശ്യം എന്നതിനേക്കാള്‍ സ്‌പര്‍ശമാണെന്നതുകൊണ്ടുകൂടിയാണിത്‌. കേരളീയ സമൂഹത്തിലെ ദാമ്പത്യഘടനയുടെ ഇടുങ്ങിയ വൈയക്തികതയെ സാമൂഹ്യാനുഭവങ്ങളിലേക്കു വികസിപ്പിക്കുന്നതിലുള്ള പരാങ്‌മുഖതയാണ്‌ രഹസ്യമായി ചെവിക്കു ചെവിയിലൂടെ പ്രചരിപ്പിക്കപ്പെടുന്ന ഇത്തരം ആക്ഷേപങ്ങളുടെ പ്രത്യയശാസ്‌ത്രം.
(കവിതാസംഗമം,2006 ജൂണ്‍)

Tuesday, September 9, 2014

ഒരു മുഴുക്കണ്ണാടിയിലേക്കുള്ള ശ്രമങ്ങള്‍



ത്മകഥനങ്ങളുടെ പെരുമഴക്കാലമാണിത്‌. ആത്മകഥകളും ഓര്‍മക്കുറിപ്പുകളും ജീവിതകഥകളും ഡയറികളും കത്തുകളും അഭിമുഖങ്ങളും ആനുകാലികങ്ങളില്‍ നിറഞ്ഞിരിക്കുന്നു. പത്രങ്ങളും ടി.വി.യും ഇന്റര്‍നെറ്റും ബ്ലോഗുകളുള്‍പ്പെടെ പലതരം മാധ്യമങ്ങള്‍ ആത്മാവതരണങ്ങള്‍ക്ക്‌ അവസരമൊരുക്കുന്നു. തുറന്നുപറച്ചില്‍ ഇന്ന്‌ എല്ലാവരും ആസ്വദിക്കുന്നു. സമകാലികസമൂഹത്തിലെ പല വൈരുദ്ധ്യങ്ങളെയും രഹസ്യങ്ങളെയും വിവാദങ്ങളെയും ആത്മകഥകള്‍ പുറത്തുകൊണ്ടുവരുന്നു എന്നതും ഈ ബഹുലതയ്‌ക്ക്‌ ഒരു കാരണമാകാം. മറ്റുള്ളവരുടെ സ്വകാര്യതയ്‌ക്കു നേരെയുള്ള ആര്‍ത്തി പൂണ്ട ദൃഷ്ടികളായും അവയുടെ സ്വീകാര്യതയെ മനസ്സിലാക്കാം. ആത്മകഥാവായന അപരജീവിതങ്ങളെക്കുറിച്ചുള്ള അന്യവല്‍ക്കരണത്തിനും ഒപ്പം തുറന്ന സ്വീകാര്യതയ്‌ക്കും ഒരേ പോലെ ഇടം നല്‍കുന്നു. അതുകൊണ്ടുതന്നെ സമൂഹത്തിലെ മേല്‍/കീഴ്‌ ബന്ധങ്ങള്‍ക്കകത്ത്‌ അവ എങ്ങനെ പെരുമാറുന്നുവെന്നത്‌ പ്രധാനമാണ്‌. സംഘടിതമാസികയുടെ ഈ ലക്കം സ്‌ത്രീകളുടെ ആത്മാഖ്യാനങ്ങളെ മുന്‍നിര്‍ത്തിയുള്ളതാണ്‌. ആത്മകഥനങ്ങളുടെ വ്യത്യസ്‌ത രചനാരൂപങ്ങളെ ആത്മകഥ, ഡയറി, കത്തുകള്‍, സ്‌മരണകള്‍, വ്യക്തിചിത്രണങ്ങള്‍, അഭിമുഖങ്ങള്‍ എല്ലാം ചേര്‍ത്ത്‌ ആത്മാഖ്യാനങ്ങളെന്ന്‌ വിളിക്കാം. ഒരു സംഘം ലേഖകര്‍ തങ്ങളുടെ പഠനങ്ങളിലൂടെ സ്‌ത്രീ ആത്മാഖ്യാനങ്ങളുടെ സാമൂഹ്യ-രാഷ്ട്രീയവിവക്ഷകളെ കണ്ടെത്തുന്നു. നിശിതമായ അര്‍ഥത്തില്‍ ഇവയെല്ലാം സ്‌ത്രീപക്ഷപഠനങ്ങള്‍ ആയിക്കൊള്ളണമെന്നില്ല. എങ്കിലും അദൃശ്യവല്‍ക്കരിക്കപ്പെട്ടു കിടക്കുന്ന സ്‌ത്രീയുടെ ജീവിതം വെളിപ്പെടുത്തുക എന്ന പൊതു ലക്ഷ്യം ഇവ സാധൂകരിക്കുന്നു. സ്‌ത്രീചരിത്രത്തെ വീണ്ടെടുക്കുന്നതിലൂടെ ഔദ്യോഗിക ചരിത്രനിര്‍മ്മിതിയുടെ മറുപുറങ്ങളെക്കൂടി വെളിവാക്കുന്നു. അതിലുപരി ആത്മകഥാകാരികളുടെ എഴുത്തുകാരിസ്വത്വത്തെക്കുറിച്ചും സാമൂഹികമായ നിബന്ധനകളും അധികാരത്തിന്റെ ബലതന്ത്രങ്ങളും അതിനെ മെരുക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ചുമുള്ള കണിശമായ ആലോചനകളും ഇവിടെ കാണാം. ആത്മകഥയെന്ന പോലെ അവയെക്കുറിച്ചുള്ള പഠനങ്ങളും പ്രതിരോധമാകുന്നത്‌ ഇങ്ങനെയാണ്‌.

കൊളോണിയല്‍ ആധുനികതയുടെ ഭാഗമായി വികസിച്ചുവന്ന പുതിയ സ്വത്വബോധത്തിന്റെ പശ്ചാത്തലത്തിലാണ്‌ ആത്മകഥകള്‍ ഒരു പുതിയ സാഹിത്യരൂപമെന്ന നിലയില്‍ നമ്മുടെ നാട്ടില്‍ എഴുതപ്പെടുന്നത്‌. ആത്മകഥ എന്ന 'ഭദ്രമായ' രചനാരൂപം ഏറെക്കുറെ പുരുഷകേന്ദ്രീകൃതമാണെന്ന്‌ പറയാവുന്ന മട്ടിലാണ്‌ മറ്റു ഭാഷകളിലെന്ന പോലെ മലയാളത്തിലെയും അവസ്ഥ. ജീവിതപ്പാത(ചെറുകാട്‌), ജീവിതസമരം(സി കേശവന്‍), കൊഴിഞ്ഞ ഇലകള്‍(മുണ്ടശ്ശേരി), എന്റെ ജീവിതം(കെ പി കേശവമേനോന്‍), അരങ്ങുകാണാത്ത നടന്‍(തിക്കോടിയന്‍), ഞാന്‍(എന്‍എന്‍ പിള്ള) തുടങ്ങി നിരവധി പുരുഷ രചനകളെ അപേക്ഷിച്ച്‌ സ്‌ത്രീകളുടെ ആത്മകഥകള്‍ വേറിട്ടു നില്‍ക്കുന്നതെങ്ങിനെ എന്ന അന്വേഷണത്തിലൂടെ ഇതു വ്യക്തമാകും.

സ്‌ത്രീകളുടെ ആത്മാഖ്യാനങ്ങള്‍ പൊതുവെ എണ്ണത്തില്‍ കുറവുതന്നെ. എന്നാല്‍ സ്‌ത്രീകളില്‍ പലരും ഒന്നിലധികം ആത്മകഥകള്‍ എഴുതുന്നു. മേയോ ആഞ്‌ജലോയും തസ്ലീമ നസ്‌റിനെയും പോലെ മാധവിക്കുട്ടിയും ദേവകി നിലയങ്ങോടും പല രചനകളിലൂടെ ഓര്‍മകളും ജീവിതാനുഭവങ്ങളും എഴുതുന്നു. പുരുഷന്മാരുടെ ആത്മകഥാരംഗത്ത്‌ പി. യുടെ ഒന്നിലധികം രചനകള്‍ ഒരു അപവാദമായി കാണാം. പുരുഷരചനയില്‍ നിന്ന്‌ സ്‌്‌ത്രീരചനയിലുള്ള മറ്റൊരു വ്യത്യാസം കാലഗണനയിലാണ്‌. ജീവിതകഥയെ പുരുഷരചനകളില്‍ ആദിമധ്യാന്തപൊരുത്തമുള്ള, നിശ്ചിതമായ അടുക്കും പുരോഗതിയുമുള്ള ആഖ്യാനമായി നിലനിര്‍ത്തുന്നു. ഇവിടെ രചനാകര്‍തൃത്വത്തെ സംബന്ധിച്ച പദിവിബോധം, നായകത്വം സുപ്രതിഷ്‌ഠിതവും സുനിശ്ചിതവുമാണ്‌. തീരെ സന്ദിഗ്‌ധമല്ല. ഇതില്‍ അവര്‍ക്ക്‌ സ്വാഭാവികമായി ലഭിക്കുന്ന നായകത്വമെന്നത്‌ പുരുഷ എഴുത്തുകാരന്‍, രചനയുടെ നിയന്താവ്‌, സാമൂഹ്യചരിത്രപ്രക്രിയകളിലെ നിര്‍ണ്ണായകപങ്കാളി എന്നീ അധികാരനിലകളില്‍ കൂടിയും പൂര്‍ത്തീകരിക്കപ്പെടുന്നതാണ്‌. പലപ്പോഴും ഈ ആത്മകഥകള്‍ രചിക്കപ്പെടുന്നത്‌ ഒരു പരിണതഘട്ടത്തില്‍, പലപ്പോഴും വാര്‍ധക്യത്തിലാണ്‌. എന്നാല്‍ സ്‌ത്രീകളുടെ രചനകളിലധികവും മധ്യവയസ്സിലോ അതിനു മുമ്പോ നടക്കുന്നു. ഒന്നിലധികം ആത്മകഥകള്‍ എഴുതേണ്ടി വരുന്നതിന്റെ ഒരു കാരണം ഇതാണ്‌. പലപ്പോഴും സ്‌ത്രീജീവിതാഖ്യാനങ്ങള്‍ ശകലിതമായ തോതിലാണ്‌ ആവിഷ്‌കരിക്കപ്പെടുന്നത്‌. നിശ്ചിതമായ ചെറിയ കാലയളവിലെ ജീവിതത്തിന്റെ ഗതിവിഗതികളാണിവിടെ രചനയ്‌ക്ക്‌ വിഷയീഭവിക്കുന്നത്‌. മലയാളത്തിലെ സുപ്രധാനമായ ആത്മകഥകളിലൊന്നായ ഓര്‍മക്കുറിപ്പുകളില്‍(കെ.അജിത) തീവ്രവിപ്ലവപ്രസ്ഥാനത്തിലെ നിര്‍ണായകഘട്ടങ്ങള്‍ മാത്രമാണ്‌ വിഷയമാക്കുന്നത്‌. ബാല്യകാലസ്‌മരണകള്‍, വര്‍ഷങ്ങള്‍ക്കു മുമ്പ്‌, എന്റെ കഥ ഇവ വ്യത്യസ്‌തകാലയളവിലെ വ്യത്യസ്‌ത അനുഭവസീമകളെ എഴുതുന്നു. ജാനുവിന്റെ ആത്മാഖ്യാനത്തിലും രാഷ്ട്രീയപ്രവേശനാരംഭത്തിലെ ഒരു നിശ്ചിതഘട്ടമാണുള്ളത്‌. സിസ്റ്റര്‍ ജസ്‌മിയുടെ ആമേന്‍ കന്യാസ്‌ത്രീമഠത്തിനു പുറത്തേയ്‌ക്കു കടക്കുന്നതുവരെയുള്ള സംഭവങ്ങളെയാണ്‌ വിവരിക്കുന്നത്‌. ഗൗരിയമ്മയുടെ ആത്മകഥ പോലെ ചില കൃതികള്‍ ഇതിനപവാദമാണ്‌. ഗൗരിയമ്മ തന്റെ കൃതിയില്‍ ബാല്യം മുതല്‍ക്കുള്ള നീണ്ട ഘട്ടത്തെ നൈരന്തര്യത്തോടെ അവതരിപ്പിക്കുന്നു.

പുരുഷആത്മകഥകള്‍ അനിവാര്യമായും വ്യക്തി/സ്വത്വകേന്ദ്രീകൃതമാണ്‌. എന്നാല്‍ ആത്മനിഷ്‌ഠമായിരിക്കുമ്പോള്‍ തന്നെ സ്‌ത്രീകള്‍ സ്വന്തം കഥകളിലെ നായികാപദവിയെ പൂര്‍ണമായും ഏറ്റെടുക്കാതെ വിട്ടുനില്‍ക്കുന്നു. സന്ദിഗ്‌ധമായ ഒരു കര്‍തൃപദവിയിലാണവര്‍ സ്വയം സ്ഥാനപ്പെടുത്തുന്നത്‌. സ്‌ത്രീകള്‍ തങ്ങളുടെ ആത്മാഖ്യാനങ്ങള്‍ക്കു നല്‍കുന്ന പേരുകളെപ്പോലും ഇത്‌ സ്വാധീനിക്കുന്നു. പലരും എളിമയോടെ സ്‌മൃതികഥയെന്നോ സ്‌മരണകളെന്നോ പറയുന്നു. ഉദാ: വ്യാഴവട്ടസ്‌മരണകള്‍. ഇതിനെക്കുറിച്ച്‌ സാംസ്‌കാരികപണ്ഡിതനായ പാര്‍ഥാചാറ്റര്‍ജി പറയുന്നത്‌ അത്‌ പേരിന്റെ പ്രശ്‌നമല്ല, മറിച്ച്‌ ആഖ്യാനരൂപത്തിലും ഭാവത്തിലുമുള്ള വ്യത്യാസത്തെയാണ്‌ സൂചിപ്പിക്കുന്നതെന്നാണ്‌. (ഉദയകുമാര്‍-ആത്മകഥകള്‍ ചരിത്രമെഴുതുമ്പോള്‍). മാതൃകാപരവും സംഭവബഹുലവും മഹത്തുമായ ജീവിതകഥനങ്ങളായി തങ്ങളുടെ ('എളിയ') രചനാരൂപങ്ങലെ തിരിച്ചറിയാനാവുമോ എന്ന സംശയം ഇവിടെയുണ്ട്‌. മാഹാത്മ്യം, മാതൃക, സംഭവം എന്നിവയുടെ അളവുകോലുകള്‍ പുരുഷമൂല്യങ്ങള്‍ക്കകത്താണ്‌ നിര്‍വചിക്കപ്പെടുന്നത്‌ എന്നതിനാല്‍ സ്‌ത്രീജീവിതത്തിന്റെ ആധികാരികതയിലൂന്നിയ പുതുക്കപ്പെട്ട അളവുകള്‍ സമര്‍ഥിച്ചെടുക്കുക എന്ന വെല്ലുവിളിയാണവര്‍ നേരിടുന്നത്‌. ലബ്ധപ്രതിഷ്‌ഠയായ ലളിതാംബിക അന്തര്‍ജ്ജനം പോലും തന്റെ രചനയെ ആത്മകഥയ്‌ക്കൊരാമുഖം എന്നാണ്‌ വിളിക്കുന്നത്‌.

രണ്ടാം തലമുറ സ്‌ത്രീആത്മകഥകളുടെ മറ്റൊരു പ്രത്യേകത പലരും തങ്ങളുടെ ഭര്‍ത്താവിന്റെയോ കുടുംബങ്ങളുടെയോ പേരുകള്‍ ഗ്രന്ഥനാമത്തില്‍ത്തന്നെ ഉള്‍ച്ചേര്‍ക്കുന്നു എന്നതാണ്‌. ആധുനികവല്‍ക്കരണത്തിലൂന്നിയ ആണ്‍/പെണ്‍ സ്വത്വരൂപീകരണങ്ങളുടെ ചരിത്രപ്രക്രിയയായി ഇവയെ മനസ്സിലാക്കാം. പതിവ്രതയും ഭര്‍തൃ/മക്കള്‍ സ്‌നേഹത്തില്‍ മുഴുകിയവളുമായ ഉത്തമവനിത അങ്ങനെ നിര്‍മ്മിക്കപ്പെടുന്നതാണ്‌. വ്യാഴവട്ടസ്‌മരണകളിലെ കല്യാണിയമ്മ സ്വയം കല്‍പ്പിക്കുന്ന ആഖ്യാനസ്വത്വം വിപ്ലവകാരിയായ ഭര്‍ത്താവിനൊപ്പം ത്യാഗമയമായ ജീവിതം നയിച്ച ഭാര്യയുടേതാണ്‌. ഇവനെന്റെ പ്രിയ സി.ജെ.(റോസി തോമസ്‌), ചേട്ടന്റെ നിഴലില്‍(ലീലാദാമോദരമേനോന്‍), തിരുമുമ്പിനൊപ്പം(കാര്‍ത്യായനിക്കുട്ടിയമ്മ), പത്‌്‌്‌്‌മരാജന്‍ എന്റെ ഗന്ധര്‍വന്‍(രാധാലക്ഷ്‌മി), എന്റെ ദേവ്‌(സീതാലക്ഷ്‌മി ദേവ്‌) തുടങ്ങിയ കൃതികളോര്‍ക്കുക. എന്നാല്‍ പുരുഷ ആത്മകഥകളിലെ സ്‌ത്രീയുടെ അടയാളങ്ങള്‍ തികച്ചും വിരളവും വ്യത്യസ്‌തവുമാണെന്നു കാണാം. എന്റെ മിനി എന്ന ടി.എന്‍.ഗോപിനാഥന്‍നായരുടെ ആത്മകഥയൊഴിച്ചാല്‍ സ്‌ത്രീനാമസൂചനയുളള പുരുഷ ആത്മകഥകള്‍ മലയാളത്തിലില്ല.

ആധുനികീകരണത്തിന്റെയും സ്‌ത്രീസ്വത്വപദവിയുടെയും പുരോഗതിയില്‍ വിവിധ സേവന/കര്‍മമണ്ഡലങ്ങളിലെ സ്‌ത്രീ കൂടുതലായി തെളിയിക്കപ്പെടുന്നു. സ്വന്തം പ്രവര്‍ത്തിമേഖലയിലെ അപൂര്‍വമായ തങ്ങളുടെ കാല്‍വെപ്പുകള്‍, സാമൂഹികപ്രക്രിയകളിലെ പങ്കാളിത്തം, അതില്‍ നേരുടന്ന വെല്ലുവിളികള്‍ എന്നിവയെക്കുറിച്ചുള്ള പൊതുബോധം സ്‌ത്രീകളില്‍ ആര്‍ജവത്തോടെ സ്വയം പ്രകാശിപ്പിക്കാനുളള പ്രേരണയാവുന്നു. സ്വരഭേദങ്ങള്‍(ഭാഗ്യലക്ഷ്‌മി), പോസ്‌റ്റ്‌മാര്‍ട്ടം ടേബിള്‍(ഷെര്‍ലി വാസു), മാതൃകം(ഖദീജാ മുംതാസ്‌), ജീവദായനി(ലീലാകുമാരിഅമ്മ), ഷക്കീലയുടെ ആത്മകഥ മുതലായവ ഇവിടെ ഓര്‍ക്കാം. തൊഴിലിനെ ഒരു വിഷയമെന്ന നിലയില്‍ പുരുഷസ്‌ത്രീആഖ്യാനങ്ങള്‍ പരിചരിക്കുന്ന രീതിയിലുള്ള വ്യത്യാസം കൂടി ഇവിടെ എടുത്തു പറേണ്ടതുണ്ട്‌. പാചകം തന്നെ എടുക്കുക. പുരുഷ ആഖ്യാനങ്ങളില്‍ അതൊരു തൊഴിലും സാങ്കേതികവിദ്യയുമായി എഴുതപ്പെടുന്നു. എന്നാല്‍ ഉമ്മി അബ്ദുല്ലയുടെയും(കെ പി റഷീദ്‌ നടത്തുന്ന അഭിമുഖം, പച്ചക്കുതിര, 2011 മെയ്‌) മേരിക്കുട്ടി(അടുക്കളയില്‍ നിന്ന്‌ കിച്ചണിലേയ്‌ക്ക്‌(എന്‍ബിഎസ്‌, 2013)യുടെയും മറ്റനേകം സ്‌ത്രീകളുടെയും അനുഭവങ്ങളില്‍ സംസ്‌കാരത്തിനകത്ത്‌ വ്യക്തിയും സ്വത്വവും മെരുക്കപ്പെടുന്നതിന്റെ സൂചനകളോടെയാണ്‌ പാചകം പരിചരിക്കപ്പെടുന്നത്‌. മലബാറിലെ മുസ്ലിംസ്‌ത്രീജീവിതത്തിന്റെ പദവിപരവും സാംസ്‌കാരികവുമായ മുല്യങ്ങള്‍ക്കകത്താണ്‌ ഉമ്മിയുടെ വാക്കുകള്‍ മനസ്സിലാക്കപ്പെടേണ്ടത്‌. കിഴക്കന്‍ ക്രിസ്‌ത്യാനി സ്‌ത്രീകളുടെ അതിജീവനപരമായ ദൈനംദിനജീവിതവും ഒരു 'ഫോക്‌' എന്ന നിലയിലുള്ള അവരുടെ ജീവിതപരിതോവസ്ഥകളും (ഹാബിറ്റാറ്റ്‌) മേരിക്കുട്ടിയുടെ പാചകസ്‌മരണകളില്‍ ഉണ്ട്‌. പുരുഷാഖ്യാനങ്ങളെയപേക്ഷിച്ച്‌ സാര്‍വകാലികവും സമഗ്രവുമായ കാഴ്‌ചപ്പാടുകള്‍ക്കു പകരം ദൈനംദിനപരമായ പ്രശ്‌നങ്ങളും പ്രതിസന്ധികളും സ്‌ത്രീ ആഖ്യാനങ്ങളില്‍ കടന്നുവരുന്നു.

ഇപ്രകാരം നോക്കുമ്പോള്‍ നിശ്ചിതമായ അര്‍ഥമൂല്യങ്ങള്‍ക്കകത്തെ ഒരു സാഹിത്യരൂപം എന്ന നിലയില്‍ ആത്മകഥ പുരുഷകേന്ദ്രീകൃതവും പുരുഷനിഷ്‌ഠവുമാണ്‌. സ്‌ത്രീജീവിതാഖ്യാനങ്ങളെ ആത്മകഥാപദവിയില്‍ നിന്ന്‌ വ്യത്യസ്‌തമായി വേറെത്തന്നെയുള്ള ഒരു രചനാരൂപമായി, ഗണമായി കാണേണ്ടതുണ്ട്‌. ആത്മകഥാപ്രസ്ഥാനത്തിലെ ഒരു അവാന്തരവിഭാഗമോ അനുബന്ധഗണമോ ആയല്ല, മറിച്ച്‌ അനന്യമായ വ്യത്യസ്‌തമായ ഒരു സാഹിത്യരൂപം തന്നെയായാണ്‌ അത്‌ പരിഗണിക്കപ്പെടേണ്ടത്‌. സ്വപ്രാമാണികതയിലൂന്നിയ, സ്വന്തം നിയമങ്ങളും രീതിശാസ്‌ത്രങ്ങളുമുള്ള, സ്വയംഭരണാധിഷ്‌ഠിതമായ, ആധികാരികതയുള്ള സാഹിത്യമണ്ഡലമായിത്തന്നെ ഈ സ്‌ത്രൈണാവിഷ്‌കാരങ്ങളെ തിരിച്ചറിയേണ്ടതുണ്ട്‌.

കേരളത്തിലെ സാമൂഹികമണ്ഡലത്തെ സാരമായി പൊളിച്ചെഴുതാന്‍ പ്രാപ്‌തമായ, വിവാദങ്ങള്‍ക്കിടയായ, ചില പ്രധാന ആത്മാഖ്യാനങ്ങള്‍ ഈ ലക്കത്തിലെ അസാന്നിധ്യം കൊണ്ട്‌ ശ്രദ്ധിക്കപ്പെടുന്നുണ്ട്‌. അവയിലൊന്ന്‌ നളിനി ജമീലയുടെ ഞാന്‍ ലൈംഗികത്തൊഴിലാളി ആണ്‌. ലൈംഗികത എന്നത്‌ ഒരു തൊഴിലാണോ? എന്തുകൊണ്ട്‌ എഴുത്തുകാരിയുടെ ലൈംഗികസദാചാരം ചോദ്യം ചെയ്യപ്പെടുന്നു. ലൈംഗികത്തൊഴിലാളിയുടെ ശരീരം ആരുടേതാണ്‌? എന്തുകൊണ്ട്‌ ലൈംഗികത്തൊഴിലാളിയുടെ സ്വത്വപരമായ ആര്‍ജ്ജവം യാഥാസ്ഥിതികഫെമിനിസം സ്വീകരിക്കുന്നതെങ്ങനെ ? കേട്ടെഴുത്തുകാരനായ ഐ.ഗോപിനാഥിന്റെ മുന്‍കയ്യിലുള്ള തന്റെ ആത്മകഥയുടെ ആദ്യഭാഷ്യം നളിനിജമീല തിരസ്‌ക്കരിക്കുന്നതിന്റെ പ്രത്യയശാസ്‌ത്രമെന്ത്‌ ? തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്കകത്താണ്‌ ഈ കൃതി നിലനില്‍ക്കുന്നത്‌. നളിനിജമീലയുടെയും മാധവിക്കുട്ടിയുടെയും ആത്മകഥകളെ മുന്‍നിര്‍ത്തി ജെ ദേവിക നടത്തുന്ന വിശകലനം(ഭാര്യ,വേശ്യ,പരിഷ്‌കര്‍ത്താവ്‌- മാധവിക്കുട്ടിയുടെയും നളിനിജമീലയുടെയും ആത്മകഥകളെപ്പറ്റി, പച്ചക്കുതിര, ജൂണ്‍ 2006), അവരുടെ കൃതിയെക്കുറിച്ച്‌ കൂടുതല്‍ ഉള്‍ക്കാഴ്‌ച നല്‍കുന്നുണ്ട്‌. നിയോലിബറല്‍ അനുകൂലികളുടെ ഉപകരണവും ഇരയുമായി ഒരു വശത്തും വിമോചനാത്മകമായ വ്യക്തികര്‍തൃത്വമായി മറുവശത്തും പ്രതിഷ്‌ഠിക്കപ്പെടുന്ന നളിനിജമീലയ്‌ക്കുള്ളിലെ ദരിദ്രയായ തൊഴിലാളി സ്‌ത്രീസ്വത്വത്തെ വിമര്‍ശകര്‍ പരിഗണിക്കുന്നില്ല എന്നീ പഠനം ആരോപിക്കുന്നു.`വേശ്യയെക്കുറിച്ചുള്ള വാര്‍പ്പു മാതൃക മറികടന്ന്‌ ലൈംഗികത്തൊഴിലിന്റെ അസഹ്യമായ സാഹചര്യങ്ങളെക്കുറിച്ച്‌ ജമീല പറയുന്നത്‌ ഉള്‍ക്കൊള്ളാനോ മകള്‍ അതിലേയ്‌ക്ക്‌ വരുന്നതില്‍ നിന്ന്‌ നിരുത്സാഹപ്പെടുത്തുന്നത്‌ മനസ്സിലാക്കാനോ ഇത്തരം വിമര്‍ശകര്‍ക്ക്‌ സാധിക്കുന്നില്ല.
........................................................................
..........................................................................
സമകാലികവിവാദങ്ങള്‍ തമസ്‌കരിച്ചമറ്റൊരു കാര്യം ലൈംഗികത്തൊഴിലിന്‌ മലയാളിസമൂഹത്തില്‍ ചരിത്രപരമായി വന്ന പരിവര്‍ത്തനങ്ങളെയും കുറിച്ച്‌ ജമീല നല്‍കുന്ന ഉള്‍ക്കാഴ്‌ച നിറഞ്ഞ വിവരണങ്ങളാണ്‌. തള്ളി മാറ്റപ്പെടുന്നവര്‍ക്ക്‌ ആത്മസമര്‍ത്ഥനം സാധ്യമേയല്ലെന്ന്‌ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ എല്ലാ ഭാഗത്തുനിന്നുമുണ്ടായി'' (ദേവിക).
മലയാളി ഹിജഡയുടെ ആത്മകഥയും ലിംഗമാറ്റശസ്‌ത്രക്രിയയിലൂടെ പരമേശ്വരനെന്ന നന്ദുകൃഷ്‌ണയുടെ ആത്മചിത്രണവും (പച്ചക്കുതിര ജനുവരി 2011) ലെസ്‌ബിയന്‍ അനുഭവങ്ങളുടെ ആഖ്യാനമാവുന്ന ഒട്ടേറ രചനകളും മലയാളിയുടെ ലിംഗബോധത്തിലെ കോയ്‌മകളെ അടിമുടി അഴിച്ചുപണിയാന്‍ പ്രാപ്‌തമായവയാണ്‌. അത്തരം ആത്മാഖ്യാനങ്ങളെക്കുറിച്ചുള്ള പഠനങ്ങളില്ലാത്തത്‌ ഈ ലക്കത്തെസംബന്ധിച്ചിടത്തോളം ഒരു കുറവുതന്നെയാണ്‌.

വിനയയുടെ എന്റെ കഥ അഥവാ ഒരു മലയാളിയുവതിയുടെ ജീവിതയാത്ര പ്രത്യേകപരാമര്‍ശം അര്‍ഹിക്കുന്ന കൃതിയാണ്‌. പോലിസ്‌ രംഗത്തെ ആണ്‍കോയ്‌മ ഭരണകൂട അധികാരമായി സ്‌ത്രീശരീരത്തെ നിയന്ത്രിക്കുകയും മെരുക്കുകയും ചെയ്യുന്നതിനെതിരെ അവര്‍ ശക്തമായ നിലപാടുകള്‍ മുന്നോട്ടു വെക്കുന്നു. സ്‌ത്രീത്വത്തിന്റെ പരമ്പരാഗതമായ റോളുകളെ ശാരീരികപ്രത്യക്ഷങ്ങളിലൂടെ-മുടി-വസ്‌ത്രം -യൂണിഫോം സാരികളിലൂടെ-ഊട്ടിയുറപ്പിക്കുന്നതിനെതിരെ അവര്‍ തുറന്ന പോരാട്ടത്തിലേര്‍പ്പെടുന്നു.

കേരളത്തിലെ ഭൂമി,ജാതി, വിഭവാധികാരങ്ങള്‍ക്കുമേല്‍ രാഷ്ട്രീയമായ ഇച്ഛാശക്തിയോടുകൂടി ചൂണ്ടപ്പെട്ട വിരലുകളാണ്‌ കെ അജിതയുടെയും ജാനുവിന്റെയും ജീവിതങ്ങള്‍. ജന്മിത്വത്തിനെതിരെ, ഭരണകൂടത്തിന്റെ അധികാരദുഷ്‌പ്രവണതകള്‍ക്കെതിരെ നക്‌സലൈറ്റുകള്‍ നടത്തിയ ചരിത്രപരമായ സംഘടിത രാഷ്ട്രീയസമരങ്ങളുടെ ഭാഗമായാണ്‌ അജിതയുടെ ആത്മകഥയിലെ ഓര്‍മകള്‍ എഴുതപ്പെടുന്നത്‌്‌. അന്നു വരെ കേരളം കണ്ടിട്ടില്ലാത്ത ശക്തമായ ഒരു സ്‌ത്രീരാഷ്‌ട്രീയ സ്വത്വത്തിന്റെ അടയാളപ്പെടലായി അജിതയുടെ കൃതിയെ കാണാം. ഭൂമിയുടെ അവകാശത്തിനായി അടിസ്ഥാനപരമായ നിലനില്‍പ്പിനും അതിജീവനത്തിനും വേണ്ടി പോരാടുന്ന ആദിവാസി വിഭാഗങ്ങളുടെ കഥ പറയുന്ന ജാനു-സി കെ ജാനുവിന്റെ ജീവിതകഥ- ജീവിതചരിത്രമെന്ന ഗണത്തില്‍ പെട്ടതെങ്കിലും ആത്മകഥനത്തിന്റെ ഉള്‍ച്ചൂടുപേറുന്ന ഒന്നാണ്‌. മാണിക്കം പെണ്ണ്‌(മറിയാമ്മച്ചേടത്തി) എന്ന കൃതിയും ദളിത്‌ ചൂഷണങ്ങളിലെ പെണ്ണവസ്ഥകളെയും തൊഴിലവസഥകളെയും സൂക്ഷ്‌മാഖ്യാനം ചെയ്യുന്നു.
ജാനു പറയുന്നു: ''നമ്മളെ ചെറുപ്പത്തില്‌ നമ്മളെ കുടിയിലൊന്നും കണ്ണാടി ഇല്ലായിരുന്നു..................വെള്ളമുണ്ടേന്ന്‌ വന്നപ്പോ നമ്മളെ കുടിലിന്റെ പുറകിലെ ചുമരില്‍ ഒരു കഷ്‌ണം കണ്ണാടി ചാണകത്തില്‍ ഒട്ടിച്ചു വെച്ചിരുന്നു. നമ്മള്‌ ഭൂമിയില്‍ നടാനുള്ള വിത്തുകള്‌, ചാണകത്തില്‍ ഒട്ടിച്ച്‌ ഇങ്ങനെ കുടിലിന്റെ ചുമരില്‍ വെച്ചത്‌ ആരാണെന്നറിയില്ലായിരുന്നു. കണ്ണാടി ചെറിയൊരു കഷ്‌ണമായതുകൊണ്ട്‌ നമ്മളെ അതില്‌ കാണാന്‍ കഴീല്ലായിരുന്നു. ഏതെങ്കിലും ഒരു ഭാഗം മാത്രമേ പതിയൂ. ഒരു മുഴുവന്‍ കണ്ണാടി വാങ്ങണം. '' ( പുറം 66, ജാനു).

ആത്മകഥകള്‍ക്കകത്തും ഇതേ അദൃശ്യതകളും ഭാഗികമായ ശകലിത/ പ്രകാശനങ്ങളുമാണുണ്ടാവുക. എങ്കിലും ഈയൊരു തുണ്ടുകണ്ണാടി നമുക്ക്‌ കൂടിയേ കഴിയൂ. 


( 2014 സെപ്‌തംബര്‍ലക്കം സംഘടിതയുടെ ആത്മകഥാപ്പതിപ്പിനെഴുതിയ മുഖക്കുറിപ്പ്‌)