Saturday, April 13, 2024

ദേശരാഷ്ട്രഭാവനയിലെ പൗരിജീവിതം: ' സുഗതകുമാരിക്കവിതയിലെ ദേശീയതയെക്കുറിച്ച് ഒരന്വേഷണം

 



 പെണ്ണിന്റെ നാടേത്, വീടേത് എന്ന ചോദ്യത്തിന് നമ്മുടെ ആധുനികപൂര്‍വതയോളം പഴക്കമുണ്ട്. പെണ്ണിനു സ്വന്തമായുള്ള ദേശത്തെക്കുറിച്ചും പെണ്‍ദേശീയതയെക്കുറിച്ചുമുള്ള ആലോചനകള്‍ ഇന്നത്തെ രാഷ്ട്രീയചിന്തയില്‍ പെരുകിപ്പെരുകി വരുന്നു. ദേശീയതയും സ്ത്രീകളും തമ്മിലുള്ള ബന്ധം പ്രായോഗികമായും താത്വികമായും ഏറ്റവും സങ്കീര്‍ണമായ ഒരു കാലത്താണ് ഇന്നു നാം ജീവിക്കുന്നത്. രാഷ്ട്രം എന്ന സങ്കല്‍പത്തോട്  ഏറ്റവും സാധാരണരായ, അടിസ്ഥാനവര്‍ഗത്തിലുള്ള 'പ്രജകള്‍' എന്ന നിലയ്ക്കു സ്ത്രീകളുടെ രചനകളിലെ പ്രതികരണമെന്ത് എന്ന അന്വേഷണം വളരെ സാമാന്യതലത്തില്‍ നിന്നുകൊണ്ടു നടത്താന്‍ കഴിയും. പക്ഷേ, അതിലുപരി സ്ത്രീകളുടെ സ്വത്വനിലയില്‍ നിന്നുകൊണ്ട് അവര്‍ നടത്തുന്ന സര്‍ഗാത്മക ആവിഷ്‌കാരങ്ങളിലൂടെ കടന്നുപോവുകയും അവയിലെ ദേശീയതയെ, പൗരത്വത്തെ ഒക്കെ സംബന്ധിച്ച ആകാംക്ഷകളും കാമനകളും വായിച്ചെടുക്കുന്നതിലൂടെ, അവയുടെ സങ്കീര്‍ണമായ രാഷ്ട്രീയദിശകളെ വേര്‍തിരിച്ചെടുക്കുന്നതിലൂടെ സ്ത്രീഭാവനയുടെ രാഷ്ട്രീയമായ അതിരുകളെ നമുക്കു വരച്ചെടുക്കാനായേക്കും. ദേശീയത, ജനത, സ്ഥലപരമായ ദേശഭൂമിക, അതിര്‍ത്തിസങ്കല്‍പങ്ങള്‍, പൗരത്വം, ജനാധിപത്യം എന്നിങ്ങനെ നിരവധി പദാവലികളിലൂടെ, ആശയസംഹിതകളിലൂടെ ഈ രാഷ്ട്രീയപ്രമേയത്തെ നമുക്കു വിശദീകരിക്കാനാവും. ഇവിടെ ഇവയെ എല്ലാറ്റിനെയും കൂടി ചേര്‍ത്ത് ദേശീയതാബോധം എന്ന വാക്കാണ് ഈ ലേഖനത്തില്‍ വ്യാപ്തിയോടെ ഉപയോഗിച്ചിരിക്കുന്നത്. ഒറ്റയടിക്കു സാമാന്യമായി തോന്നാവുന്ന ഈ പദസംജ്ഞയെ ഈ ലേഖനത്തിന്റെ സന്ദര്‍ഭത്തിലേക്കു കൊണ്ടുവന്ന് വിശദമാക്കാം. 


ദേശീയതയും സ്വത്വസ്ഥാപനവും

ദേശീയസ്വാതന്ത്ര്യത്തിനായി സമരം ചെയ്ത് ജയിലില്‍ അടയ്ക്കപ്പെട്ടവരും കൊല്ലപ്പെട്ടവരുമൊക്കെയായി അനേകരുണ്ട്. എന്നാല്‍ തദ്ദേശീയത പോലെ തന്നെ തന്മയും തന്റേട/തന്റെയിടവും സംബന്ധിച്ച പ്രശ്‌നവല്‍ക്കരണവും സ്ത്രീയായ പൗരയുടെ സ്വത്വസ്ഥാപനത്തിന് അനിവാര്യമാണ്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം തന്മയുടെയും തന്റെയിടങ്ങളുടെയും സ്വാതന്ത്ര്യം കൂടുതല്‍ സൂക്ഷ്മവും സങ്കീര്‍ണവുമായി കാണേണ്ടതുണ്ട്. കാരണം അതു പലപ്പോഴും നിഷേധിക്കപ്പെടുന്നു, മറയ്ക്കപ്പെടുന്നു. അതിലേറെ വളച്ചൊടിക്കപ്പെടുന്നു. ദേശീയതയില്‍ സ്ത്രീകള്‍ ഒഴിവാക്കപ്പെടുന്നുവെന്നതുമാത്രമല്ല, പൊതുവായ ഔദ്യോഗിക ദേശീയതാസങ്കല്‍പ്പനങ്ങള്‍ രൂപപ്പെടുന്നതുതന്നെ സ്ത്രീകളുടെ ഒഴിവാക്കലുകളുടെ, തമസ്‌കരണങ്ങളുടെ യുക്തിയുടെ അടിസ്ഥാനത്തില്‍ക്കൂടിയുമാണ്. 


 ചരിത്രപരമായി പരിശോധിച്ചാല്‍ ദേശീയത 40കള്‍ക്കു മുമ്പേ തന്നെ, കേരളത്തില്‍ എല്ലായിടത്തും ഏകസ്വരൂപമായല്ല പ്രത്യക്ഷപ്പെട്ടത്. തിരുവിതാംകൂറിലും  മറ്റും നാട്ടുരാജ്യങ്ങളിലൂന്നിയ ദേശീയതാബോധമായിരുന്നു പ്രബലം. മലബാറില്‍ ഇന്ത്യന്‍ എന്നു വിളിക്കാവുന്ന തരത്തിലുള്ള ദേശീയതാസങ്കല്പനവും സംവാദങ്ങളും രൂപം കൊണ്ടിരുന്ന സമയത്ത് കൊച്ചിയിലും തിരുവിതാംകൂറിലും വേറൊരു രീതിയിലാണ് ദേശീയതയുടെ രാഷ്ട്രീയം പ്രവര്‍ത്തിച്ചത്. മറ്റൊരു പ്രധാനകാര്യം വിവിധ സാമുദായികതകള്‍ വ്യത്യസ്തനിലപാടാണ് ദേശീയതയെക്കുറിച്ചു വെച്ചു പുലര്‍ത്തിയിരുന്നത് എന്നാണ്. സ്വാഭാവികമായും നവോത്ഥാനകാല എഴുത്തുകാരുടെയും എഴുത്തിന്റെയും ദേശീയതാനിലപാടുകള്‍ വകതിരിച്ചു സാമുദായികതാ പ്രസ്ഥാനങ്ങളും അവയുമായുള്ള ചാര്‍ച്ചയും ആയൊക്കെ ബന്ധപ്പെടുത്തി ചിന്തിക്കേണ്ടതുണ്ട്.  


ദേശീയതയുടെ ആദര്‍ശാത്മകപ്രത്യയശാസ്ത്രം എല്ലായ്‌പ്പോഴും ത്യാഗം ആവശ്യപ്പെടുന്നു. അതു പൗരര്‍ക്കു ധാര്‍മികതയില്‍ അടിയുറച്ച സവിശേഷത്യാഗം, കടമ വിധിക്കുന്നു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇത് ഇരട്ടി ഭാരമുള്ളതായി മാറുന്നു. സവിശേഷലിംഗസ്വത്വമെന്ന നിലയില്‍ സ്ത്രീയുടെ പൗരത്വത്തിന്റെ പൂര്‍ണതയ്ക്കു കാമനകളുടെ സാക്ഷാല്‍ക്കാരം അനിവാര്യമാണ്. എന്നാല്‍ സ്ത്രീകള്‍ക്കു പലപ്പോഴും അതു നിഷേധിക്കപ്പെടുന്നു. താരതമ്യേന സ്വതന്ത്രമായ നിലയുള്ള പുരുഷന്മാരുടെ കാമനകളുടെ സാക്ഷാല്‍ക്കാരം സ്വാഭാവികമെന്ന മട്ടില്‍ അംഗീകരിക്കപ്പെടുന്നു. സ്ത്രീകളുടെ മേലുള്ള അമിതമായ നിയന്ത്രണത്തിന്റെയും മെരുക്കലിന്റെയും ചെലവില്‍ കൂടിയാണവ നടക്കുന്നതും. ഈയര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ സ്ത്രീയുടെ ലിംഗപൗരത്വം തന്നെ വലിയൊരു പോരാട്ടഭൂമികയാണ്. 'മീനാക്ഷിയമ്മയുടെ മരണം' എന്ന മാധവിക്കുട്ടിയുടെ കഥ അതു ഫലപ്രദമായി ഉദാഹരിക്കുന്നു. സമാനമായ കഥകളാണ് അവരുടെ തന്നെ 'കാളച്ചന്ത'യും 'സ്വാതന്ത്ര്യസമരസേനാനിയുടെ മകളും' പോലുള്ളവയും. 


പാര്‍ത്ഥാ ചാറ്റര്‍ജി അദ്ദേഹത്തിന്റെ 'ദ നേഷന്‍ ആന്റ് ഇറ്റ്‌സ് വിമന്‍' എന്ന ലേഖനത്തില്‍ പ്രധാനപ്പെട്ട ഒരു നിരീക്ഷണം നടത്തുന്നുണ്ട്. ബംഗാളിലെ നവോത്ഥാനപ്രസ്ഥാനം സ്ത്രീകളുടെ ആധുനികീകരണവുമായി, പ്രത്യേകിച്ചും സതി നിര്‍ത്തലാക്കുന്ന രാജാറാം മോഹന്‍ റോയുടെ പ്രവര്‍ത്തനങ്ങളുമായി, വിദ്യാസാഗറിന്റെ വിധവകളുടെ പുനര്‍വിവാഹസംരഭങ്ങളുമായി ഒക്കെ ബന്ധപ്പെട്ട് വളരെ മുന്നേറ്റത്തിലായിരുന്നു. എന്നാല്‍ 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഈ പ്രശ്‌നങ്ങളൊക്കെ പൊടുന്നനെ മാഞ്ഞുപോവുകയും ദേശീയതയുടെ പൊതുസംവാദത്തില്‍ അവ അപ്പാടെ മറഞ്ഞുപോവുകയും ചെയ്തു എന്നതാണ് അദ്ദേഹം ഉന്നയിക്കുന്നത്. പാശ്ചാത്യമായ അഭിരുചികളോടുള്ള അടുപ്പവും പുതിയ പരിഷ്‌കാരങ്ങളും ദേശീയതയക്കെതിരായി വ്യാഖ്യാനിക്കപ്പെട്ടതാണ് അതിന്റെ കാരണമായി ചില ചരിത്രകാരന്മാര്‍ പറയുന്നത്. ആദ്യഘട്ടത്തില്‍ നടന്ന ആധുനികീകരണത്തിന് പാശ്ചാത്യമായ ഉറവുകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് മങ്ങിത്തുടങ്ങുകയാണുണ്ടായത്. വാസ്തവത്തില്‍ സ്ത്രീകളുടെ വിമോചനവുമായി ബന്ധപ്പെട്ട നവോത്ഥാനകാലത്തെ പല പുരോഗമനമുന്നേറ്റങ്ങളും കേരളത്തിലും തൊട്ടടുത്ത ദശാബ്ദങ്ങളോടെ പതുക്കെ പതുക്കെ ഇല്ലാതായി. പുരോഗമനമെന്നതു തന്നെ പുരുഷമുന്‍കൈയില്‍ നടക്കുന്ന സാംസ്‌കാരികമുന്നേറ്റങ്ങള്‍ മാത്രമായി. അതിനോടു ഐക്യപ്പെടുക എന്ന ദൗത്യമാണ് സ്ത്രീയ്ക്ക് കല്‍പ്പിക്കപ്പെട്ടത്. 


ദേശീയതയോടെ രൂപപ്പെട്ട പുതിയ സ്ത്രീ, മാറ്റങ്ങളെ ഉള്‍ക്കൊണ്ടത് പുരുഷന്മാരുടെ മുന്‍കയ്യിലും പ്രേരണയിലുമാണെന്നും ബങ്കിംചന്ദ്ര ചാറ്റര്‍ജിനിരീക്ഷിച്ചതായി പാര്‍ത്ഥാ ചാറ്റര്‍ജി പറയുന്നു.  പുതിയ സ്ത്രീത്വത്തെയും പരമ്പരാഗതസ്ത്രീത്വത്തെയും താരതമ്യം ചെയ്തുകൊണ്ടാണ് ബങ്കിം അതെഴുതുന്നത്. പുതിയ സ്ത്രീകള്‍ പല കാര്യങ്ങളും ചെയ്യുന്നത് വിമര്‍ശനങ്ങളെ ഭയക്കുന്നതു കൊണ്ടാണ്, അല്ലാതെ യഥാര്‍ത്ഥത്തില്‍ അവര്‍ നന്മയില്‍ വിശ്വസിക്കുന്നതുകൊണ്ടല്ല എന്ന ധ്വനി കൂടി ബങ്കിമിന്റെ വാക്കുകളിലുണ്ട്. ഈ ലേഖനങ്ങളോടെല്ലാം അന്നത്തെ സ്ത്രീകള്‍ ചൂടോടെ കത്തുകളില്‍ പ്രതികരിച്ചതും പാര്‍ത്ഥാ എടുത്തു കാട്ടുന്നു. ദേശീയവിമോചനത്തിനായി പോരാടുന്ന പുരോഗമനപുരുഷനു നേര്‍ക്കുണ്ടായ ചോദ്യം ചെയ്യലുകളെ അദ്ദേഹം വിലയിരുത്തുകയാണ്, തുടര്‍ന്ന്. അതിരുകളിലേക്കു മാറ്റി നിര്‍ത്തപ്പെട്ടതും അനുസരണകെട്ടതും വിമര്‍ശനാത്മകവുമായ ശബ്ദങ്ങളെ നിശബ്ദീകരിച്ചുകൊണ്ടും എന്നാല്‍ ഉള്‍ച്ചേര്‍ത്തുകൊണ്ടും മുന്നേറാനുള്ള സാദ്ധ്യതയും ശേഷിയും ഈ ദേശീയവാദപുരോഗമനത്തിനുണ്ടെന്നു പാര്‍ത്ഥാ പറയുന്നു. ബങ്കിം ഉയര്‍ത്തിക്കൊണ്ടുവന്ന ദേശീയപൗരുഷത്തിന്റെ മാതൃക ആദര്‍ശാത്മകമായ പൗരുഷത്തിന്റെ ഘടനയിലുള്ളതാണ്. ശക്തനും അഭിമാനിയും നീതിമാനും ബുദ്ധിമാനും ആണയാള്‍. ഉത്തമമൂല്യങ്ങളുടെ സംരക്ഷകനും നീചമൂല്യങ്ങളുടെ ഘാതകനും കൂടിയാണ് ഈ പുരോഗമനപുരുഷന്‍. ദേശീയപ്രത്യയശാസ്ത്രത്തില്‍ സ്ത്രീകള്‍ തങ്ങളുടെ പങ്ക് അര്‍പ്പിച്ചു എന്നു സമര്‍ത്ഥിക്കാന്‍ നമുക്കായേക്കും. എന്നാല്‍ സ്വതന്ത്രയും സ്വയംഭരണശേഷിയുള്ളവളുമായ സ്ത്രീയെ ഈ കൂട്ടത്തില്‍ നമുക്കു കണ്ടെത്താനായിട്ടുണ്ടോ എന്ന അടിസ്ഥാനപരമായ ചോദ്യം പാര്‍ത്ഥാ മുന്നോട്ടു വെയ്ക്കുന്നു. അതുന്നയിക്കുന്നതിലൂടെ അടിസ്ഥാനപരമായി ദേശീയതയുടെ അധീശസംസ്‌കാരത്തെ തന്നെ നമുക്കു ചോദ്യം ചെയ്യാനാവുമെന്നു അദ്ദേഹം പറയുന്നു. 


1938ല്‍ പ്രസിദ്ധീകരിച്ച വിര്‍ജീനിയ വുള്‍ഫിന്റെ ലേഖനത്തില്‍ സ്ത്രീകളും ദേശീയതയുമെന്ന ആശയത്തെ കുറിച്ചു ചര്‍ച്ച ചെയ്യുന്നുണ്ട്. അതിലവര്‍ അഭ്യസ്തവിദ്യരായ പുരുഷന്മാരുടെ പെണ്മക്കള്‍ എന്ന നിലയ്ക്കു സ്ത്രീകളെ സ്വരൂപിക്കുന്നു. അവര്‍ അവരുടേതായ രീതിയില്‍ രൂപീകരിക്കുന്ന സാമൂഹികബന്ധങ്ങള്‍, കൂട്ടായ്മകള്‍  എങ്ങനെ എന്നും അവര്‍ ചിന്തിക്കുന്നുണ്ട്. പുരുഷന്മാരുടേതു പോലുള്ള ഔപചാരികസംവിധാനം ആ കൂട്ടായമ്കളില്‍ ഉണ്ടാവില്ല. ഒരു ട്രഷറര്‍ ഉണ്ടാവില്ല, ഫണ്ടില്ലാത്ത കാരണത്താല്‍ തന്നെ. സെക്രട്ടറി, അംഗത്വം ഒന്നും ഔപചാരികമായി ഉണ്ടായില്ലെന്നും വരാം. ഒരു ഓഫീസും കമ്മിറ്റിയും ഉണ്ടായില്ലെന്നും വരാം. അതിനു ചിലപ്പോള്‍ ഒരു പേരും ഉണ്ടാവില്ല. ഒരു പക്ഷേ പേരിടണമെങ്കില്‍ ഔട്‌സൈഡേഴ്‌സ് സൊസൈറ്റി എന്നു പേരിടാനാണ് സാദ്ധ്യതയെന്നും അവര്‍ പറയുന്നു. സ്ത്രീയുടേതായ, സത്യത്തില്‍ എല്ലാ ബഹിഷ്‌കൃതരുടേതുമായ  അനൗപചാരികമായ സ്വയംഭരണമണ്ഡലം എന്നതാണ് വുള്‍ഫ് ഇവിടെ സൊസൈറ്റി എന്നും കൂട്ടായ്മ എന്നും ഉദ്ദേശിക്കുന്നത്. ആളുകള്‍ ഏറ്റുപാടുകയില്ലെങ്കിലും സത്യത്താല്‍ ചുറ്റപ്പെട്ട ഒന്നാണതെന്നവര്‍ പറയുന്നു. നിയമം, ജീവചരിത്രം, അറിയപ്പെടാത്ത മനശ്ശാസത്രം ഒക്കെയുള്‍പ്പെടുന്ന സത്യങ്ങള്‍...! സര്‍ഗാത്മകതയുടെ മണ്ഡലത്തില്‍ പൊതുസമൂഹത്തലുള്ളതിനേക്കാള്‍ അട്ടിമറികളും വിച്ഛേദങ്ങളും സങ്കീര്‍ണതകളും വൈരുദ്ധ്യങ്ങളും ഏറും. മാധവിക്കുട്ടിയുടെ 'കാളച്ചന്ത'-യില്‍ ''എല്ലാ വോട്ടും ഇങ്ങോട്ടു കൊണ്ടുതന്നളാ, ഞായെണ്ണിത്തരാ''-മെന്നു പറയുന്ന മാളു തനിക്കു വോട്ടെടുപ്പു പോലുള്ള ജനാധിപത്യപ്രക്രിയയിലുള്ള അസാംഗത്യത്തെയാണോ, വോട്ടെടുപ്പിന്റെ തന്നെ അപ്രസക്തിയെ ആണോ ഉന്നയിക്കുന്നത്? ഭര്‍ത്താവിന്റെ അടിവസ്ത്രം/ കോണകം കഴുകി ദേശീയപതാക പോലെ ഉണക്കാനിട്ടു എന്ന് അവരുടെ ഏതോ സ്ത്രീകഥാപാത്രവും ശക്തമായി ഉന്നയിക്കുന്നതും വേറൊന്നല്ല! രൂക്ഷമായൊരു ദേശീയതാവിമര്‍ശനമാണ് അവരുടെ മീനാക്ഷിയമ്മയുടെ മരണം എന്ന കഥ. ആയുഷ്‌കാല കോണ്‍ഗ്രസ്പ്രവര്‍ത്തകയും ദേശീയവാദിയുമായിരുന്ന മീനാക്ഷിയമ്മ മരിക്കാന്‍ കിടക്കുന്നു. രോഗിയായ മീനാക്ഷിയമ്മ മരണത്തിനുതൊട്ടു മുമ്പത്തെ ആഗ്രഹം ചോദിക്കുമ്പോള്‍ പച്ചപട്ടുബ്ലൗസും പാലയ്ക്കാ മോതിരവും എന്നു പറയുന്നതു കേട്ട് അമ്പരന്നു നില്ക്കുന്നവരെ കാണാം. പണ്ടുതൊട്ടേ ഖദര്‍ മാത്രം ധരിച്ച മീനാക്ഷിയമ്മ പച്ചബ്ലൗസ് ചോദിക്കുമ്പോള്‍ ദേശീയപതാകയിലെ പച്ച നിറമാകും ഉദ്ദേശിച്ചതെന്നു വായിക്കാനാണ് അവരുടെ ഉറ്റസഹോദരനു പോലും താല്‍പര്യം. 


ആധുനികപൂര്‍വ സ്ത്രീകവിതയിലെ ദേശീയതയും പൗരത്വവും

മനുഷ്യജീവിതത്തെ സംബന്ധിച്ച സാര്‍വലൗകികവും മൗലികവുമായ സമസ്യകളുടെ പ്രചോദനമാണ് ആധുനികപൂര്‍വ കവികളില്‍ പ്രമുഖയായ ബാലാമണിയമ്മയുടെ കവിതകളെ സവിശേഷമാക്കുന്നത്. ഉദാരമാനവവാദത്തില്‍ അധിഷ്ഠിതമായ, ലോകത്തോടു മുഴുവനുമായുള്ള സാഹോദര്യം, അനന്തമായ അലിവ്, ശാന്തിക്കും അഹിംസയ്ക്കുമായുള്ള നിരന്തരമായ പ്രേരണകള്‍ ഒക്കെയും ഈ കവിതയുടെ സ്രോതസ്സാണ്. ഈ കവിതകളെ ഒട്ടാകെ സമഗ്രതയില്‍ നോക്കുമ്പോള്‍ ദേശരാഷ്ട്രം എന്ന ഔപചാരികസങ്കല്‍പത്തിന്റെ ഘടന അവരുടെ പൗരത്വബോധത്തെ നിര്‍ണയിച്ചതെങ്ങനെ എന്നതിനു വലിയ പ്രസക്തിയില്ല. എങ്കിലും ചില രചനകളുടെ അബോധത്തില്‍ അതുകൂടി കലര്‍ന്നിരിക്കുന്നു. ബാലാമണിയമ്മയുടെ ആദ്യകാലരചനകളിലൊന്നായ വിട്ടയക്കുക(1927) എന്ന കവിത പക്ഷിയുടെ സ്വാതന്ത്ര്യതൃഷ്ണയായി മാത്രമല്ല, വീടിനകത്തു പലതരം അച്ചടക്കങ്ങള്‍ക്കു വിധേയമായി തളയ്ക്കപ്പെട്ട യുവതിയുടെ സ്വാതന്ത്ര്യമോഹമായി,  ഇന്ത്യയുടെ സ്വാതന്ത്ര്യമോഹമായും അതിനു രാഷ്ട്രീയവായന സാദ്ധ്യമാണെന്നു സച്ചിദാനന്ദന്‍ പറയുന്നുണ്ട്.  'വിളി'യില്‍ നാടും വീടും സ്ഥാവരജംഗമങ്ങളും വിട്ടുപോകേണ്ടതിന്റെ സംഘര്‍ഷത്തെയാണ് എഴുതുന്നത്. രാഷ്ട്രത്തെയും വീടിനെയും പലപ്പോഴും ഇണങ്ങിയ, ഇടപഴകിയ മാനുഷികബന്ധങ്ങളുടെ ഇടമായി കാണുന്ന സമീപനമുണ്ട്. വാസ്തവത്തില്‍ ദേശീയപ്രസ്ഥാനത്തോട് അനുഭാവത്തോടെ ചലിക്കുമ്പോഴും ഔപചാരികമായ ദേശരാഷ്ട്രത്തില്‍ ബാലാമണിയമ്മ വിശ്വസിച്ചില്ല. 'പാടാത്തപാട്ടുകള്‍' അതിനു തെളിവാണ്. യുദ്ധഭൂമിയില്‍ ശത്രുവുമായി ഏറ്റുമുട്ടി വീണ പടയാളി വീണുകിടന്ന സ്ഥലത്തുനിന്നുകൊണ്ട് യുവാവായ എതിരാളിയുടെ  ശരീരം കണ്ടു കണ്‍നിറയുന്നു.  ''പ്രാണനെ ഭേദിച്ചുയരുന്ന പാട്ട്- അതുവരെ പാടാത്ത പാട്ടുകള്‍, എത്രയോ നൂറ്റാണ്ടുകളായി പാടിയിട്ടും നരന്‍ കേള്‍ക്കാത്ത പാട്ടുകള്‍ - അയാള്‍ കേള്‍ക്കുന്നു. 


അഹിംസയിലും അപരസ്‌നേഹത്തിലും ഊന്നിയ കാവ്യചേതന ഔപചാരികമായ രാഷ്ട്രപൗരത്വത്തിന്റെ അളവുകളെ മറികടന്നുള്ള കാരുണ്യമേറിയ മാനവലോകത്തില്‍ സ്വയം തേടുന്നു. കാശ്മീരിനെക്കുറിച്ചുള്ള ബാലാമണിയമ്മയുടെ അപ്രകാശിതമായ ഒരു രചനയെക്കുറിച്ചു കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞതോര്‍ക്കുന്നു. കാശ്മീരിനെ വിട്ടുകൊടുക്കാം, വലിയൊരു തറവാട്ടിലെ ഒരു മുതിര്‍ന്ന കുടുംബാംഗം തന്റെ ഭാഗം ചോദിക്കുമ്പോള്‍ അതു വിട്ടുകൊടുക്കുന്നതില്‍ എന്താണ് തെറ്റ്! എന്നായിരുന്നു കവിതയുടെ ഉന്നം. കവിത കയ്യെഴുത്തായി വായിച്ച വി. എം. നായര്‍ അതു രാജ്യദ്രോഹമാകുമെന്നു പറഞ്ഞ്, പ്രസിദ്ധീകരിക്കാന്‍ അയക്കാന്‍ അനുവദിക്കാതെ ചുരുട്ടിക്കൂട്ടി കളഞ്ഞതായാണ് ബാലാമണിയമ്മ ചുള്ളിക്കാടിനോടു പറഞ്ഞതത്രേ. വിര്‍ജീനിയ വുള്‍ഫ് പറഞ്ഞ ഔട്‌സൈഡേഴ്‌സ് സൊസൈറ്റി പോലെയാണ് രാഷ്ട്രകല്പന ഇവിടെ പ്രവര്‍ത്തിക്കുന്നത്. 

 'ക്ഷേമരാഷ്ട്രം' എന്ന കവിതയില്‍ നിറഞ്ഞു കവിയുന്ന നെല്ലറകളും ആരും വാങ്ങാന്‍ കൊതിക്കുന്ന കൈവേലത്തരങ്ങളും അഴുക്കില്ലാത്ത പുരനഗരങ്ങളും സമൃദ്ധമായ ഗ്രാമങ്ങളും, ബുദ്ധിശക്തിയും ഒന്നും തന്നെ ക്ഷേമരാഷ്ട്രത്തെ നിര്‍മിച്ചെടുക്കില്ല എന്ന തിരിച്ചറിവാണുള്ളത്.  'നവകേരളം' എന്ന കവിതയില്‍ സമത്വവും സമൃദ്ധിയും പുലരുന്ന നിസ്തുലമായ ഈ ഭാവനാദേശത്തെ സ്വരൂപിച്ചെടുക്കാന്‍ കവി ശ്രമിക്കുന്നുണ്ട്. ഇവിടെയും ദേശാഭിമാനത്തിന്റെ ഊറ്റത്തിനല്ല,  തുല്യമാനവികതയക്കും ജനതകളുടെ പാരസ്പര്യത്തിനുമാണ് ഊന്നല്‍. 'പിറന്ന നാട്ടില്‍' എന്ന കവിതയില്‍ നാടിനോടുള്ള ഗൃഹാതുരതയെ സ്പര്‍ശിച്ചുകൊണ്ടുള്ള ദേശഭാവനയാണ് കാണുന്നത്. 'പൗരഗീതം' ധാര്‍മികതയിലും സ്വാശ്രയത്വത്തിലുമൂന്നിയ ആദര്‍ശാത്മകമായ ഒന്നായി ദേശത്തെ ആഖ്യാനം ചെയ്യുകയാണ്. അധിനിവേശിതജനത സ്വയം രൂപകല്പന ചെയ്‌തെടുക്കുന്ന സ്വയംഭരണാധിഷ്ഠിതമായ പൗരരാഷ്ട്രത്തെയാണ് കവി ഇവിടെ വിഭാവനം ചെയ്യുന്നത്. 'ഐക്യകേരളം'  എന്ന കവിതയില്‍ എല്ലാ ദുര്‍ഗുണങ്ങളോടും പോരാടുന്ന നെഞ്ഞൂക്കിന്റെ കേന്ദ്രമാണ് കേരളമെന്നും കവി ഉപദര്‍ശിക്കുന്നു. ഭാരതമെന്നതിനേക്കാള്‍ കേരളമെന്ന ദേശഭാവനയിലേക്കുള്ള ആനുപാതികമായ കൂടുതല്‍ ഊന്നല്‍ ഈ കവിയിലുണ്ട്. നാടുവിട്ടു ജീവിക്കേണ്ടിവന്നതിന്റെ അനുഭവപരമായ പശ്ചാത്തലവും 40 കളിലെ തദ്ദേശീയതയുടെ രാഷ്ട്രീയഭാവനയും അതില്‍ പ്രവര്‍ത്തിച്ചിരിക്കാം. പൗരദേശഭാവനയും സ്ത്രീയനുഭവവും പ്രതിപ്രവര്‍ത്തിക്കുന്ന മഴുവിന്റെ കഥ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. തന്റെ കാവ്യലോകത്തിന്റെ സാരസംഗ്രഹമായ അഹിംസാത്മകവും കരുണാര്‍ദ്രവുമായ വിവേകിതയുടെ സ്പര്‍ശം ആകമാനം ജ്വലിച്ചു നില്‍ക്കുന്ന കവിതയുമാണത്. പരശുരാമന്‍ കേരളം സൃഷ്ടിച്ചുവെന്ന മിത്തിക്കലായ ആഖ്യാനത്തെ കൂടി ചേര്‍ത്തുവെയ്ക്കുമ്പോള്‍ സ്ത്രീയെ, അതും സ്വന്തം അമ്മയെ കൊന്നയാള്‍, അതും മനസ്സാല്‍ ചെയ്ത പാപത്തിനുള്ള ശിക്ഷയായി എന്നൊക്കെയുള്ള അനുബന്ധങ്ങളും ചേരുമ്പോള്‍ ദേശത്തിന്റെ ആണ്‍കോയ്മാധിഷ്ഠിതമായ ധര്‍മത്തില്‍ തന്നെയാണ് കവിയുടെ ലാക്കെന്നു കാണാം. എന്തായാലും സ്ത്രീക്കെതിരായ ധര്‍മനീതിയെ ചോദ്യം ചെയ്യുന്നതിലൂടെ ആര്‍ഷദേശീയതയുടെ പാരമ്പര്യ/നൈതികാധാരങ്ങളും വിചാരണ ചെയ്യപ്പെടുന്നുണ്ട്. അതിലെല്ലാമുപരിയായി സ്ത്രീയുടെ കാമനകളെ സംബന്ധിച്ച സൂക്ഷ്മമായ രാഷ്ട്രീയം കൂടി കവിത പേറുന്നുണ്ട്.  'വൃദ്ധകന്യ'-യില്‍ സ്ത്രീയുടെ കാമനകളെ അറിവുമായി ചേര്‍ത്തു വെയ്ക്കുന്നതിലൂടെ ('അറിയാത്തതിങ്കലുള്ളൗല്‍സുക്യം') സ്ത്രീയുടെ ആഖ്യാനത്തിനും അറിവിനും കാമനയ്ക്കു തന്നെയും ആധികാരികതയും പൗരത്വവും നല്‍കുന്നുണ്ട്. ലിംഗസ്വത്വപരമായ പൗരത്വം ദേശരാഷ്ട്രപൗരത്വത്തെപ്പോലെതന്നെ വെല്ലുവിളികള്‍ നേരിടുന്ന സാംസ്‌കാരികസന്ദര്‍ഭങ്ങളില്‍ ഈ കവിത ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയുമാണ്. ദേശീയതയക്കും അതിന്റെ സ്വീകാര്യമായ ഘടനയ്ക്കും പുറത്തുള്ള അപരങ്ങളുടെ പൗരത്വത്തെ ബാലാമണിയമ്മ തന്റെ 'വേലക്കാരി', 'സഹപാഠികള്‍', 'പുലരിപ്പൂക്കള്‍', 'കുളക്കടവില്‍', 'സഹതാപം', 'കല്‍ക്കത്തയിലെ ഇരുട്ടറ', 'ഒരു പഴത്തിന്റെ കഥ' 'വേലക്കാരി', 'യാചകര്‍', 'സ്വപ്‌നം', 'തെണ്ടികള്‍' എന്നിങ്ങനെയുള്ള വേലക്കാരിക്കവിതകളിലൂടെ കണ്ടതെങ്ങനെ എന്നു മനസ്സിലാക്കാം. 


 കടത്തനാട്ടു മാധവിയമ്മ, മുതുകുളം പാര്‍വതിയമ്മ, സിസ്റ്റര്‍ മേരി ബനീഞ്ജ തുടങ്ങി, അക്കാലത്തെ സ്ത്രീകവികളൊക്കെത്തന്നെ ഉദാരമാനവികതയുടേതായ രക്ഷകര്‍തൃപദവിയില്‍ ആഖ്യാതാവായി വര്‍ത്തിച്ചുകൊണ്ടാണ് കീഴാളപാത്രങ്ങളെ രചനകളില്‍ സന്നിവേശിപ്പിച്ചത്. സോഷ്യലിസ്റ്റ് റിയലിസത്തിന്റേതായ ആദര്‍ശങ്ങള്‍ക്കകത്തുള്ള വര്‍ഗരാഷ്ട്രീയ നിലപാടുകളായവയെ കാണാനാവില്ലെങ്കിലും ദേശീയതാപ്രചോദിതവും ആദര്‍ശാത്മകവുമായ നവമാനവികതാ ബോധം അവയുടെ പ്രേരണയായി നിന്നിരിക്കണം. അവരില്‍ത്തന്നെ കടത്തനാട്ടു മാധവിയമ്മയുടെ 'ഗ്രാമശ്രീകള്‍', 'ഗ്രാമലക്ഷ്മി' എന്നീ കവിതകളില്‍ കീഴാളസ്ത്രീയുടെ അധ്വാനം കാര്യമായിത്തന്നെ അടയാളപ്പെടുന്നുണ്ട്. 


സമാനമായ സമത്വവീക്ഷണമാണ് മുതുകുളം പാര്‍വതിയമ്മയുടെ കവിതകളെയും സവിശേഷമാക്കുന്നത്. തൊഴിലാളികളുടെ അടിമത്തത്തിലും ദാരിദ്ര്യത്തിലും അനുഭാവം പ്രകടിപ്പിക്കുന്ന 'ഒരു ദരിദ്രത്തൊഴിലാളിയുടെ കുടുംബജീവിതം അവരുടെ 'സ്വാതന്ത്ര്യദിനത്തിലും' എന്ന കവിത പ്രകടമായ ഗാന്ധിഭക്തിയാണ്. 'ഭാരതാംബയും ഭാരതിയും' എന്ന കവിത ദേശത്തെ തന്നെ സ്‌ത്രൈണമണ്ഡലമായി സങ്കല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നതിനാല്‍ ശ്രദ്ധേയമാണ്. സാഹിത്യമാകുന്ന വാണിയും ദേശമാകുന്ന ഭാരതാംബയും സ്ത്രീകള്‍ തന്നെ. ഇരുവരും സഖിമാരായി മന്ദാരപ്പൂമെത്തയിലിരുന്നു വേദനകള്‍ പങ്കുവെയ്ക്കുന്നു. വാണീശ്വരിയോടു ഭാരതാംബയ്ക്കു ചോദിക്കാനുള്ളതു കലാകാരരൊത്തു ചേര്‍ന്നാല്‍ അണുബോബും യുദ്ധവും മറ്റും ഇല്ലായ്മ ചെയ്യാനാവുകയില്ലേ എന്നാണ്. രാഷ്ട്രത്തെ ഗാര്‍ഹികവും അതോടൊപ്പം സ്‌ത്രൈണവുമായ മണ്ഡലമായി സങ്കല്പിക്കുന്ന  വേറിട്ട ദേശഭാവന കൗതുകകരമാണ്. ഗാന്ധിജിയും കസ്തൂര്‍ബയും തമ്മിലുള്ള സംവാദമായി എഴുതപ്പെട്ട 'സ്വര്‍ഗത്തില്‍' എന്ന കവിതയിലും ഗാര്‍ഹികതയുടെ അകംലോകമാണ് ദൃശ്യമാകുന്നത്.  അത്തരം ഭാവന വാസ്തവത്തില്‍ ബാലാമണിയമ്മയില്‍ നിന്നുള്ള തുടര്‍ച്ചകളാകുകയും ചെയ്യുന്നുണ്ട്. ഹിംസയക്കെതിരെ പ്രത്യേകിച്ചും നവീനമായ അണുവായുധ ഹിംസയക്കെതിരെ അവര്‍ 'ഹിരോഷിമയുടെ രോദനം' പോലെയുള്ള ഏറെ കവിതകളെഴുതി. മേരി ജോണ്‍ കൂത്താട്ടുകുളത്തിന്റെ 'ഉണരുക' എന്ന കവിത ദേശാഭിമാനത്തിലും ദേശസ്വാതന്ത്ര്യത്തിലും പ്രതീക്ഷയര്‍പ്പിക്കുന്ന കവിതയാണ.് ഭാരതം എന്ന ദേശത്തെ മുതുകുളത്തിന്റെ കവിതയിലെന്ന പോലെ അമ്മയും സ്ത്രീയുമായിക്കാണുകയും ഹിന്ദു, മുസ്ലിം, പാഴ്‌സി, ക്രിസ്ത്യാനി വിഭാഗങ്ങളിലെ ആള്‍ക്കാരൊത്തു ചേര്‍ന്ന് സ്തുതികള്‍ പാടി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതുമാണ്. 'യുദ്ധരംഗത്തില്‍' എന്ന കവിത യുദ്ധവൈദഗ്ദ്ധ്യം ആതുരശുശ്രൂഷയേക്കാള്‍ എത്രയോ ചെറുതാണെന്ന പാഠത്തിലേക്കു വിരല്‍ ചൂണ്ടുന്നു. ഏതു യുദ്ധവും ആത്യന്തികമായി പരാജയം തന്നെ എന്നും ഈ കവിത പറയുന്നു. 'ഗാന്ധിജയന്തി',  'കേഴുക മമ നാടേ', 'ആര്‍ഷഭാരതത്തിന്റെ ആത്മാവ്' തുടങ്ങിയ കവിതകളില്‍ അക്കാലത്തെ കവികളുടെ പൊതുബോധത്തിലുള്ള കേവലവും സാമാന്യവുമായ രാജ്യഭക്തിയും ഗാന്ധിപൂജയുമാണ് കാണാനാവുന്നത്. മുമ്പു സൂചിപ്പിച്ച പൊതുബോധ, പുരോഗമനപുരുഷഘടനയിലുള്ള ദേശീയതയുടെയും കൂടി ഭാഗമായിരുന്നു അവരുടെ ചില കവിതകള്‍ എന്നേ ഇതിനര്‍ത്ഥമുള്ളു. സിസ്റ്റര്‍ മേരി ബനീഞ്ഞയുടെ കവിതകള്‍ കാലഘട്ടത്തിന്റെ  ദേശീയതാഭിരുചികളെ കൃത്യമായും സാമാന്യമായും പ്രതിഫലിപ്പിച്ചു. വഞ്ചിനാട്, ഭാരതലക്ഷ്മി, ഗാന്ധിജയന്തി, കണ്ണാടിക്കൂട്ടില്‍ മുതലായ രചനകള്‍ അതാണ്. ദേശീയതാപ്രചോദിതമായ സാംസ്‌കാരികാഭിരുചിയില്‍ ഗാന്ധി പിതൃബിംബം തന്നെയായിരുന്ന പൊതുബോധമാണ് ഗാന്ധിജയന്തിയുടെ വായനയില്‍ തെളിയുന്നത്. ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ കവിതകളില്‍ ദേശീയതയും സ്വാതന്ത്ര്യവും കൈകോര്‍ത്തു വരുന്ന ഒട്ടേറെ രചനകളുണ്ട്. 'കൂട്ടിലെ പൈങ്കിളിയോട്' എന്ന കവിത ബാലാമണിയമ്മയുടെ 'വിട്ടയക്കുക'യക്കു സമാനമായി പക്ഷിയുടെ പഞ്ജരാവസ്ഥയും സ്വാതന്ത്ര്യവാഞ്ഛയും ധ്വന്യാത്മകമായി ദേശീയസ്വാതന്ത്ര്യവും സ്ത്രീസ്വാതന്ത്ര്യവുമായി ചേര്‍ത്തുവെയ്ക്കുന്നു.  'സ്വാതന്ത്ര്യക്കൊടി', 'തടവുകാരന്‍', 'പടയാളി',  'ഒരു പടയാളിയുടെ പ്രാര്‍ത്ഥന', 'മാമൂല്‍ഭയം', 'സ്വാതന്ത്ര്യകാഹളം' എന്നീ കവിതകളിലൂടെ സ്വദേശത്തിന്റെ മോചനവുമായി ബന്ധപ്പെട്ട ദേശീയതാഭാവന അവര്‍ പങ്കുവെയ്ക്കുന്നു. കടത്തനാട്ടു മാധവിയമ്മ  'കേഴുക മമ നാടേ', 'ഗാന്ധിജയന്തി' എന്നീ കവിതകളിലൂടെ ഇന്ത്യയുടെ നഷ്ടഭൂതത്തെ തിരയുന്നു. പിതൃബിംബമായി ഗാന്ധിയെ പ്രതിഷ്ഠിക്കുന്ന പാരമ്പര്യത്തില്‍ പങ്കുകൊള്ളുന്നു. 'ആര്‍ഷഭാരതത്തിന്റെ ആത്മാവ്' എന്ന രചന വിവേകാനന്ദനെ സ്തുതിച്ചുകൊണ്ടുള്ളതാണ്. രക്ഷകപുരഷബിംബങ്ങളെ മുന്നില്‍ നിര്‍ത്തി വിധേയപ്പെട്ട പ്രജാഭാവനയിലാണ് കവി സ്വയം നില്‍ക്കുന്നത്. ബാലാമണിയമ്മയും മുതുകുളവും മുന്നോട്ടുവെച്ച പുരുഷേതരലോകത്തിന്റെ സാദ്ധ്യതയെ അവര്‍ തേടാത്തത് എന്തുകൊണ്ടായിരിക്കാം എന്നതു കൂടുതല്‍ സൂക്ഷ്മമായി തിരയേണ്ടതാണ്. ദേശീയതാവാദത്തിന്റെ മൂര്‍ത്തമായ ചരിത്രസാഹചര്യങ്ങളെ മുന്‍നിര്‍ത്തിയുളള കവിതകളാണ് കടത്തനാട്ടും ലളിതാംബികയും ബനീഞ്ഞയും എഴുതിയത്. നെഹ്രുവിന്റെ മരണം, ഇന്ദിരയുടെ സന്ദര്‍ശനം, ഗാന്ധിജിയുടെ ജന്മദിനവും ജീവിതവും, സ്വാതന്ത്ര്യപ്പോരാളികളായ തടവുകാര്‍ ഇവരെല്ലാം കവിതകളിലേക്കു കടന്നു വരുന്നു. ധാര്‍മികതയുടെ വലിയ വിതാനങ്ങളെക്കാള്‍ സാമൂഹികചലനങ്ങളുടെ സമകാലികചരിത്രമെന്ന നിലയിലാണ് ഈ കവിതകളിലെ പൗര, ദേശീയതാബോധം പ്രവര്‍ത്തിക്കുന്നത്. 


ദേശീയതയിലെ പ്രജായത്തം, അപരത്വം ആധുനികതാവാദസ്ത്രീകവിതയില്‍

ആധുനികതയുടെ ഘട്ടത്തില്‍ സുഗതകുമാരിയുടെ കാലമെത്തുമ്പോഴേക്കും മലയാളസ്ത്രീകവിത വ്യക്തമായ ഒരു വിച്ഛേദം തന്നെ സൃഷ്ടിക്കുന്നുണ്ട്. സ്വാതന്ത്യാനന്തരസ്ത്രീജീവിതത്തില്‍ ആധുനികീകരണം നടക്കുമ്പോഴും വിദ്യാഭ്യാസവും തൊഴിലും സാദ്ധ്യതകളാകുമ്പോഴും സ്ത്രീയുടെ ഗാര്‍ഹികതാമൂല്യം കൂടുതല്‍ ശക്തമായിത്തീരുന്നു എന്നത്  ഈ കാലത്തിന്റെ പ്രത്യേകതയാണ്. നവോത്ഥാനത്തിന്റെ പ്രധാനസമരമുഖങ്ങളിലൊന്നു തന്നെ സ്ത്രീയുടെ ബാഹ്യലോകങ്ങള്‍ നിര്‍മിച്ചെടുക്കുകയെന്നതായിരുന്നു എന്നിരിക്കേ, ഈ ഗാര്‍ഹികത പുരുഷാധിപത്യത്തിന്റെ പുതിയ ക്രമീകരണങ്ങളിലൂടെയാണ് സാദ്ധ്യമാക്കിയത്. അതവിടെ നില്‍ക്കട്ടെ. ഗാര്‍ഹികതയും കവിതയിലെ ആന്തരികതയുടെ രാഷ്ട്രീയവും തമ്മില്‍ ബന്ധമുണ്ടോ എന്നു നോക്കാം. 


കൂടുതല്‍ ആന്തരികവും കാല്പനികവുമായ കാവ്യഭാഷയാണ് സുഗതകുമാരിയുടെ കവിതകളിലൂടെ പുറത്തുവന്നത്. ഈ ഘട്ടത്തില്‍ സ്ത്രീപ്രതിനിധാനമെന്ന നിലയില്‍ സുഗതകുമാരിയാണ് കൂടുതല്‍  നിറഞ്ഞുനിന്നതും. ആഖ്യാനപരമായ ആത്മത്തിലുള്ള കാല്പനികവിഷാദഛവി മലയാളകവിതയിലെ സ്ത്രീത്വത്തെ ആ ഒരു കുറ്റിയില്‍ തന്നെ വളരെക്കാലം തളച്ചു നിര്‍ത്തിയെന്നു പറയാം. തേടുന്നവളും അലയുന്നവളുമായ പരിത്യക്ത എന്ന സ്‌ത്രൈണബിംബം പൊതു/പുരുഷവായനകള്‍ക്കു പ്രിയമായിത്തീര്‍ന്നത് സ്വാഭാവികം. ഗോപികാകേന്ദ്രിതമായ ഈ സ്‌ത്രൈണ ആത്മവത്ത പുരുഷനെയും ദൈവത്തെയും അധികാരിയെയും തെല്ലും പ്രശ്‌നവല്‍ക്കരിക്കാതിരുന്നുവെന്നു ഇതിനര്‍ത്ഥമില്ല. അവിടെത്തന്നെ അതു തളം കെട്ടി നിന്നു എന്നതിനെയാണ് ഇവിടെ പ്രശ്‌നവല്‍ക്കരിക്കുന്നത്. ഒരിക്കല്‍ പ്രവേശിച്ചാല്‍ പിന്നീടു അടഞ്ഞുപോകുന്ന വാതിലുകളായി അവ മാറുന്നു. 


സ്‌ത്രൈണകേന്ദ്രിതമാകുമ്പോഴും ആഖ്യാനകേന്ദ്രത്തിലെ കവി, അതിലൂടെ വെളിപ്പെടുന്ന ആത്മത്തിന്റെ ഘടന എത്തരത്തിലുള്ളതാണ്, അതിനു ഇതരസ്വത്വങ്ങളുമായുള്ള പാരസ്പര്യമെന്ത് എന്നിവയിലൂടെ അന്വേഷിക്കുമ്പോള്‍ അപരങ്ങളെ ഉള്‍ച്ചേര്‍ക്കാനോ പുറന്തള്ളാനോ ഉള്ള കവിതയുടെ പ്രേരണകള്‍ നമുക്കു മനസ്സിലാക്കാനാവും. അതാകട്ടെ ഒരു കവിയിലും സ്ഥിരമാകണമെന്നില്ല. നിശ്ചയമായും നീണ്ട ഒരു കാവ്യജീവിതത്തിലുടനീളം അവ ചലനാത്മകവും പരിണാമിയുമായി തുടര്‍ന്നേ കഴിയൂ. അത്തരം ഒരു നോട്ടത്തിനു സുഗതകുമാരിക്കവിതകളിലെ പ്രസക്തിയെന്ത് എന്നന്വേഷിക്കാം. 


ദേശീയതാബോധത്തിലെ പിതൃരൂപങ്ങള്‍ 

ആയിരത്തിലധികം പുറങ്ങളിലായി രണ്ടു വോളിയം വരുന്ന അവരുടെ കവിതകളുടെ സമ്പൂര്‍ണസമാഹാരത്തില്‍ ദേശീയതയും രാഷ്ട്രബോധവും പൗരത്വചിന്തയും കടന്നു വരുന്ന ഒട്ടേറെ കവിതകളുണ്ട്. പ്രണാമം എന്ന 1969 ല്‍ പുറത്തു വരുന്ന സമാഹാരത്തിലെ ഏഴു കവിതകളും അത്തരത്തില്‍ തന്നെയാണ്. 'ഒക്ടോബര്‍ രണ്ട'്, 'മറക്കാതിരിക്കട്ടെ', 'രാമനാമം', 'അഹിംസ', 'സത്യം', 'രാജഘട്ടത്തില്‍', 'അനുഗ്രഹിക്കേണമേ' എന്നിങ്ങനയുള്ള എല്ലാ കവിതകളിലും ഗാന്ധിജി കേന്ദ്രമാണ്. ഇവയിലെല്ലാം തന്നെ ഗാന്ധിയെ ആദര്‍ശാത്മക, രക്ഷകബിംബമായി കാണുന്ന സമീപനമാണ് പ്രബലം. മറക്കാതിരിക്കട്ടെ എന്ന കവിതയില്‍ കടന്നു വരുന്ന ചിഹ്നവ്യവസ്ഥയും പദാവലികളും തന്നെ തികച്ചും ഹൈന്ദവവും ബ്രാഹ്‌മണാധിഷ്ഠിതവുമായ മൂല്യങ്ങളില്‍ അഭിരമിക്കുന്നവയാണ്. 

''കഠിനയത്‌നത്താല്‍ പണിഞ്ഞ തൃക്കോവിലിന്‍ 

നടതുറന്നീടുന്ന പുണ്യനാളില്‍

അടിമത്തരാവൊഴിഞ്ഞര്‍ദ്ധരാത്രിക്കു പൊന്‍-

കതിരോനുദിച്ചിടും പുണ്യനാളില്‍

പഴയചെങ്കോട്ടയിലാദ്യമായ് മൂന്നിറ-

ക്കൊടിയുയര്‍ന്നീടും മഹോല്‍സവത്തില്‍

കടലിരമ്പും പോലെയാഹ്ലാദഘോഷമാര്‍-

ന്നടിയങ്ങളെത്തിത്തൊഴുതുനില്‍ക്കേ

ഹൃദയങ്ങള്‍ നയനങ്ങളങ്ങയെക്കാണുവാ-

നുഴറുന്നു, തേടുന്നു, നാലുപാടും.

എവിടെയീപ്പൊന്നമ്പലത്തിന്നുടയവന്‍?

എവിടെ ഹാ ഭാരത സാര്‍വഭൗമന്‍?'' 

'രാമനാമ'-ത്തിലും കവിഭാവന അതേ മൂല്യങ്ങളാലാണ് ദേശീയതയെ തോറ്റുന്നത്. പിതൃഭക്തി നിറഞ്ഞ വൈകാരികതയോടെയുള്ള ദേശഭക്തിഗാനങ്ങള്‍ എന്നിവയെ സാമാന്യമായി വിശേഷിപ്പിക്കാം. 'ദില്ലി' എന്ന കവിതയില്‍ തലസ്ഥാനനഗരിയെ നോക്കുന്ന കവി കാണുന്ന ആകാശം പോലും നെറ്റിയില്‍ ഭസ്മരേഖ ചാര്‍ത്തിയ വൃദ്ധാകാശമാണ്.   ദേശീയതയുടെ പുരുഷമാതൃകയോടു ചേര്‍ന്നു നില്‍ക്കുന്നതും എല്ലായ്‌പ്പോഴും രക്ഷകനെ ആഗ്രഹിക്കുന്നതുമായ വിധേയപൗരത്വത്തിന്റെ പ്രതിഫലനമാണിത്. അഭിമാനിയും ഉത്തമമൂല്യങ്ങളുടെ സംരക്ഷകനും നീചമൂല്യങ്ങളുടെ ഘാതകനും കൂടിയായ ഈ പുരോഗമനപുരുഷനൊപ്പം/ പിന്നില്‍ നില്‍ക്കുമ്പോള്‍ സ്വയം വിശുദ്ധീകരിക്കാനും വെല്ലുവിളികളെ നിസ്സാരീകരിക്കാനും കഴിയുന്നു എന്ന പ്രതീക്ഷയാണിതിനു പിന്നിലുള്ളത്.  


ഇവിടെ തന്റെ പൂര്‍വകവികളില്‍ പ്രത്യേകിച്ചും എന്‍ വി, അക്കിത്തം ഇടശ്ശേരി തുടങ്ങിയവരില്‍ പലനിലയ്ക്കു പ്രത്യക്ഷപ്പെട്ട ഗാന്ധിയന്‍ ആദര്‍ശാത്മകതയോടുള്ള സവിശേഷതാല്പര്യം ഒരു പ്രേരണയായി പ്രവര്‍ത്തിച്ചിരിക്കണം. ഗാന്ധിയും ഗോഥ്‌സേയും പോലുള്ള ഒട്ടനേകം കവിതകള്‍ ഏറെ വാഴ്ത്തപ്പെട്ടവയാണല്ലോ. ഉദാരമാനവികതയുടെ ആദര്‍ശാത്മകലോകത്തു നിന്നും പൂര്‍വകവികളുടെ സ്വാധീനമായിത്തീര്‍ന്ന ഗാന്ധിബിംബത്തെ സുഗതകുമാരി തന്റെ കവിതകളില്‍ പരിചരിച്ചതെങ്ങനെയെന്നു വ്യക്തമാണ്. പിതൃസ്‌നേഹമായും പിതൃസാന്നിദ്ധ്യത്തെ രക്ഷകസ്ഥാനമായ അഭയമായും കാണുന്ന വൈകാരികരാഷ്ട്രീയം മലയാളത്തിലെ സ്ത്രീരചനകളുടെ ഒരു ധാരയില്‍ ബാധപോലെ നിലനില്‍ക്കുന്നതാണ്. ഭാഷാപരമായ രൂപകങ്ങളായും ആര്‍ക്കിടൈപ്പുകളായും അവ കാണാം. പില്ക്കാലകവിയായ വിജയലക്ഷ്മിയിലും മറ്റൊരു രീതിയില്‍ നമുക്കിതു പ്രബലമാകുന്നതു കാണാം. എന്നാല്‍ സമകാലിക ദളിത്‌സ്ത്രീ കവിതയിലേക്കു വരുമ്പോള്‍ അതില്‍ നിന്നും വ്യത്യസ്തമായി പിതൃബിംബത്തിന്റെ ആവിഷ്‌കാരം  കൂടുതല്‍ പ്രതിരോധാത്മകമായി വികസിക്കുന്നതും മനസ്സിലാക്കാം. ചരിത്രപരമായി അടിച്ചമര്‍ത്തപ്പെട്ടവരെന്ന നിലയില്‍, അതിജീവനത്തിനായി തങ്ങളുടെ വംശത്തിലെ മണ്‍മറഞ്ഞു പോയ പൂര്‍വപിതാക്കളെയും മാതാക്കളെയും വരെ അവര്‍ ചേര്‍ത്തു നിര്‍ത്തുന്നുണ്ട്. ദേശീയതയേക്കാള്‍ അവര്‍ക്കു മുന്‍ഗണന വംശീയമായ ഐക്യപ്പെടലിന്റെ ഊര്‍ജ്ജത്തിലാണ്. 



മധ്യവര്‍ഗത്തിന്റെ ആത്മവിചാരണ

സുഗതകുമാരിയുടെ 'ധര്‍മത്തിന്റെ നിറം കറുപ്പാണ്' എന്ന കവിത ഗാന്ധിയുടെ നൂറാം ജന്മദിനത്തില്‍ എഴുതുന്നതാണ്. ഗാന്ധിയെ/ പിതാവിനെ കൊന്നതു തങ്ങളല്ല എന്ന ചിന്തയാല്‍ സ്വയം ന്യായീകരിക്കുന്ന കൂട്ടരായി ജനതയെ ഇവിടെ കവി പ്രതിഷ്ഠിക്കുന്നു. യാന്ത്രികമായി, വെറും ഉപചാരമായി ഗാന്ധിജയന്തി കൊണ്ടാടുന്നതിലെ കാപട്യം കൂടി ജനതയുടെ മേല്‍ കവി ആരോപിക്കുന്നുണ്ട്! 'സ്വാതന്ത്ര്യം 1976' എന്ന കവിതയില്‍ അസുരന്മാരായ തങ്ങള്‍ ദേവകളുടെ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല എന്നു വരെ കവി പറയുന്നുണ്ട്. കാരണം സത്യത്തില്‍ നിന്നകന്നു പോയ, കള്ളവും കാപട്യവും മാത്രം കൈമുതലാക്കിയവരത്രേ ഇന്ത്യക്കാര്‍. കാല്പനികാദര്‍ശം പുരണ്ട കുറ്റബോധസ്വരം ഈ കവിതകള്‍ക്കു നല്‍കുന്ന കീഴ്‌പ്പെട്ട പ്രജായത്തപരമായ ആഖ്യാനസ്വരം ചെടിപ്പിക്കുന്നതുമാണ്.

''ഞങ്ങള്‍ക്കെന്തിനു കഷ്ടം, ദേവകള്‍ 

നുകരും സ്വാതന്ത്ര്യം?

സത്യത്തെസ്സൂര്യന്‍ പോല്‍ മാറി-

ലെരിച്ച പിതാമഹരേ,

ശുദ്ധിയെ നറുചെമ്പനിനീരലരായ്

ഹൃത്തിലണിഞ്ഞോരേ,

ചുവന്ന ബര്‍മാ മണ്ണില്‍ ജയ്ഹിന്ദ്

ജപിച്ചു വീണോരേ,

ഞങ്ങള്‍ക്കെന്തിനു നല്‍കീ ദേവോ-

ചിതമീ സ്വാതന്ത്ര്യം?''


'ആഗസ്ത് 15, 1981' എന്ന  കവിതയിലും സ്വാതന്ത്ര്യത്തിന്റെ വ്യര്‍ത്ഥതയെക്കുറിച്ചു മാഴ്കുന്നുണ്ട്. ഗാന്ധിയുടെ കൊലപാതകത്തില്‍ ക്ഷമ യാചിക്കുകയും രാമനാമത്തെയും അഹിംസയെയും ഭക്തിമാര്‍ഗങ്ങളെന്ന വണ്ണം പിന്തുടരാന്‍ ആഗ്രഹിക്കുകയുമാണ് ഈ കവിതകളിലെ ആഖ്യാതാവ്. 


ആധുനിക കവിതകളില്‍ ആവര്‍ത്തിച്ചുപോന്ന, സ്വയം തള്ളിപ്പറയുന്ന ആത്മവിചാരണകളുടെ ധ്വനിയാണിവിടെയും നാം കാണുന്നത്. സ്വാതന്ത്ര്യാനന്തരം രൂപപ്പെട്ടുവന്ന മധ്യവര്‍ഗത്തിന്റെ സംസാകാരികാബോധത്തിന്റെ പ്രത്യക്ഷമാണ് ഈ വരികള്‍. മധുസൂദനന്‍നായരുടെ ഭാരതീയത്തിലും ഗാന്ധിയിലും മറ്റും ഏറെ പകിട്ടോടെ വര്‍ണിക്കപ്പെട്ടത്. അത് ഒരേസമയം പാരമ്പര്യത്തെ മുറുകെപ്പിടിക്കുകയും വിപ്ലവത്തെ വാഴ്ത്തുകയും ചെയ്യുന്നു. സ്വയം മാറാന്‍ കൂട്ടാക്കാതെ, ഉള്ളില്‍ മാറ്റത്തെക്കുറിച്ചുള്ള ഭീതിയോടെ എന്നാല്‍ പുറമെ മാറ്റത്തിനായി സംസാരിക്കുകയും മുറവിളി കൂട്ടുകയും ചെയ്യുന്നു. 'ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ പ്രതാപം' എന്ന കൃതിയില്‍ പവന്‍.കെ.വര്‍മ്മ മധ്യവര്‍ഗത്തിന്റെ  ഈ ഇരട്ടസ്വഭാവത്തെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. സ്വയം പ്രതി ചേര്‍ക്കപ്പെട്ടുകൊണ്ട് നടത്തുന്ന ആത്മവിചാരണയിലൂടെ കവി ആധുനികകവിതയുടെ ദുര്‍ബ്ബലപ്രരൂപങ്ങളിലേക്ക് വഴുതിപ്പോകുന്നു. 


ന്യൂനപക്ഷവിരുദ്ധത

'നിങ്ങളീ ഇന്ത്യയെ ഇപ്പോഴും സ്‌നേഹിക്കുന്നുവോ?' എന്ന കവിതയില്‍ തറവാടു വിറ്റു തുലയ്ക്കാന്‍ മടിക്കുന്ന അനന്തരവന്റെ ചിന്തകളായാണ് ദേശഭക്തി വരുന്നത്. അതോടൊപ്പം പ്രക്ഷേപിക്കുന്ന ന്യൂനപക്ഷവിരുദ്ധതയുടെ ഘടകങ്ങളും എടുത്തു നില്ക്കുന്നതിലൂടെ ദേശീയതാവ്യവഹാരത്തില്‍ മുമ്പുതന്നെ സ്വരൂപിച്ചു വെച്ചതായ സവര്‍ണതയുടെ അടിത്തറ മറനീക്കുന്നുണ്ട്.

''വിറ്റുകളയുവതെങ്ങനെ?

വിറ്റാല്‍ പണമുള്ള

മാപ്പിള വന്നിങ്ങു

പുത്തനാം മാളിക

തീര്‍ത്തുകൊള്ളും

ഇവിടുന്നു വാവലിന്‍

ജീര്‍ണിച്ച ഗന്ധമ-

ല്ലുയരും മസാല തന്‍ 

വറ മണവും

...................

ഇവിടെ കുഴല്‍പ്പണ-

ക്കാരനും വേശ്യയും

പുതിയ നേതാക്കളും

കൂട്ടുകെട്ടും''


പ്രജായത്തഘടന

ഇവിടെയെല്ലാം ദേശീയത എന്നത് പൗരകേന്ദ്രീകൃതമായല്ല മറിച്ചു രക്ഷകനായ പിതൃബിംബത്തിന്റെ പാരമ്പര്യത്തുടര്‍ച്ചയില്‍ സംരക്ഷിക്കപ്പെടേണ്ട ഒന്നായാണ് സുഗതകുമാരി വിഭാവനം ചെയ്യുന്നത്. ദേശീയതാവാദത്തിന്റെയും പൗരജീവിതത്തിന്റെയും സമകാലികസംഘര്‍ഷങ്ങളേക്കാള്‍ മൂല്യാധിഷ്ഠിതമായ കാല്പനികഭൂതമായി രാഷ്ട്രത്തെ കാണാനാണ് അവര്‍ കവിതകളിലൂടെ ശ്രമിച്ചത്.  ആയതിനാല്‍ തന്നെ പ്രജായത്തപരമായ, ലിംഗസ്വത്വത്തില്‍ നിന്നും വേറിട്ട സ്വരമായാണ് ഈ ആഖ്യാനകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. സ്ത്രീ എന്ന ലിംഗ/സ്വത്വപൗരത്വവും ദേശരാഷ്ട്രപൗരത്വവും തമ്മിലുള്ള സംഘര്‍ഷപ്പെടല്‍ ഈ കവിയിലില്ലാത്തതിനാലാണ് ഇങ്ങനെ നിരന്തരം പ്രജായത്തഘടനയിലുള്ള ആഖ്യാനമായി കവിത തുടരുന്നത്.


ദേശീയതാവാദപരമായ ആധുനികതയില്‍ മധ്യവര്‍ഗത്തിന്റെ വികാരങ്ങള്‍ എല്ലായ്പ്പോഴും ഇന്ത്യയെ ഒരു സ്ഥിരരാശിയായി കണ്ടു. കൊളോണിയല്‍ അധിനിവേശത്തിന്റെ കാലഘട്ടങ്ങളില്‍ സ്വരൂപിച്ചുവെച്ച രാഷ്ട്രത്തെക്കുറിച്ചുള്ള അതീതസങ്കല്‍പങ്ങള്‍ അതിജീവനത്തിന് അത്യന്താപേക്ഷിതമായിരുന്നു. മഹത്തായ ഭൂതകാലത്തിന്റെ തുടര്‍ച്ചകളായി വര്‍ത്തമാനകാലത്തെ ഉയര്‍ത്തിപ്പിടിക്കുക സ്വാഭാവികമായിരുന്നു. എന്നാല്‍ വസ്തുനിഷ്ഠചരിത്രത്തിന്റെയും പ്രായോഗികസമരങ്ങളുടെയും ആശയപരമായ വിമോചനചര്‍ച്ചകളുടെയും പരിസരത്ത് മേല്‍പ്പറഞ്ഞവ കേവലം പ്രതീതികളായി നിലകൊണ്ടു. ഏകമാനതയുള്ള ഒരു ജനപ്രിയദേശീയവാദത്തിന്റെ സ്വരങ്ങളെയാണവ ഏറ്റുപാടിയത്. ഭാരതീയതയ്ക്കുള്ളിലെ വൈവിധ്യങ്ങളെയും സങ്കീര്‍ണതകളെയും അവയുടെ സൂക്ഷ്മഭേദങ്ങളെയും അവയോരോന്നും ആവശ്യപ്പെടുന്ന സൂക്ഷ്മജനാധിപത്യവും കണ്ടില്ലെന്നു നടിച്ചുകൊണ്ടുള്ള ഭരണകൂടത്തിന്റെ മേല്‍ക്കൈയിലും ഒത്താശയിലുള്ള ഒരു ഔദ്യോഗികദേശീയവാദമാണത്. പൗരത്വത്തിന്റെ ബഹുസ്വരതയോ മതേതര ഇന്ത്യയുടെ വെല്ലുവിളികളോ ആഴത്തില്‍ പ്രതിഫലിപ്പിക്കാന്‍ ഈ കവിതകള്‍ക്കായിട്ടില്ല എന്നതു പോലെതന്നെ പൗരദേശീയതയുടെ മണ്ഡലത്തില്‍  സ്ത്രീകളുടെ അദൃശ്യതയോ അസാന്നിദ്ധ്യമോ ഒന്നും തന്നെ അവരെ അലട്ടുന്നില്ല.


 അഭയാര്‍ത്ഥിനി എന്ന കവിതയില്‍ പിച്ചക്കാരിയായി വന്ന അഭയാര്‍ത്ഥിസ്ത്രീയെ കുറിച്ചു പറയുന്നു. അതാകട്ടെ, ഇവളെ പോലെ അനേകര്‍ പ്രശാന്തമായ തെന്നിന്ത്യയുടെ നീട്ടിയ കരപുടം തേടിയെത്തുന്നു എന്ന ഉദാരതയെ പ്രതിഷ്ഠിച്ചു കൊണ്ടാണ്. യാചകരായി എത്തുന്ന ബാലകരെക്കുറിച്ചും വേലക്കാരികളെക്കുറിച്ചും ബാലാമണിയമ്മ എഴുതിയ കവിതകളുമായി, കടത്തനാട്ടു മാധവിയമ്മ തന്റെ ഗ്രാമശ്രീകളില്‍ കര്‍ഷകസ്ത്രീകളെ നോക്കിക്കണ്ടതുമായി ഒക്കെ ചേര്‍ത്തു വച്ചുനോക്കുമ്പോള്‍ സമീപനത്തിലെ വ്യത്യാസം പ്രകടമാകും. ദയയുടെ മേലങ്കിക്കടിയിലും ദാനത്തിന്റെ ധാര്‍മികതയും ഉദാരതയും കലര്‍ന്ന ഫ്യൂഡല്‍മൂല്യങ്ങള്‍ സുഗതകുമാരിയെ ഭരിക്കുമ്പോള്‍ അലിവിന്റെ അഗാധമായ സൂക്ഷ്മരാഷ്ട്രീയമാണ് ബാലാമണിയമ്മയില്‍ കാണുക.  


സുഗതകുമാരിക്കവിതകളിലെ  കീഴാളസ്ത്രീ അടയാളങ്ങള്‍ സാമാന്യതലത്തില്‍ ഏറെയും അപരത്വം കലര്‍ന്നതാണ്. കേവലമായ യാഥാര്‍ത്ഥ്യമെന്ന നിലയില്‍ സ്ത്രീകളുടെ ദാരിദ്ര്യത്തെ കവി കാണുന്നുണ്ട്. ദാരിദ്ര്യത്താലും പുരുഷന്റെ ക്രൂരതകളാലും ദുരിതമനുഭവിക്കുന്ന പെണ്മയെ കാണാമെങ്കിലും ബാലാമണിയമ്മയുടെ കവിതകളില്‍ പ്രകടമാകുന്ന വര്‍ഗനിലകളുടെ വ്യത്യാസങ്ങള്‍ ഇവിടെ എടുത്തുകാണിക്കുന്നില്ല. ബാലാമണിയമ്മയില്‍ കീഴാളവര്‍ഗത്തോടുള്ള കരുണാനിര്‍ഭരമായ ഇടനിലകളുടെ പടര്‍ച്ച കാണാമെങ്കില്‍ സുഗതകുമാരിയില്‍ സ്ത്രീപക്ഷധാരയിലേക്കുള്ള ആന്തരികമായി തുടരുന്ന വികാസമുണ്ടെങ്കിലും വര്‍ഗനിലകളെ സബന്ധിച്ച വരേണ്യസമീപനമാണ് കാണാവുന്നത്. അത്തരത്തില്‍ വര്‍ഗപരമെന്നതിനേക്കാള്‍ ലിംഗപരമായ കീഴായ്മയുടെ വശങ്ങളെ തെല്ലൊക്കെ വിടര്‍ത്തിയെടുക്കാനാണവര്‍ ശ്രമിച്ചത്. ലിംഗസ്വത്വപരമായ പൗരത്വം എന്ന ആശയത്തിലേക്കു കൃത്യമായ അര്‍ത്ഥത്തിലലല്ലെങ്കിലും ചേര്‍ത്തു വെയ്ക്കാവുന്ന ചില കവിതകള്‍ സുഗതകുമാരിയുടേതായുണ്ട്. 'പെണ്‍കുഞ്ഞു 90', 'വനിതാകമ്മീഷന്‍', 'ഒമ്പതു വയസ്സുള്ളോള്‍', 'കൊല്ലേണ്ടതെങ്ങനെ?', തുടങ്ങിയ കവിതകളിലൂടെ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങളും ചൂഷണങ്ങളും വിവേചനങ്ങളും ആണ് ഇവര്‍ എഴുതുന്നത്. 


സ്ത്രീയുടെ തേടല്‍, കാത്തിരിപ്പ്, മാഴ്കല്‍, ദിവാസ്വപ്നം, പ്രണയാര്‍ദ്രത, തിരസ്‌കാരം, കീഴടങ്ങല്‍ ഒക്കെ ചേര്‍ന്ന ശോകമൂകമായ ഭാവന ഒക്കെയും ഒരു വശത്തും സ്ത്രീകള്‍ നേരിടുന്ന അത്രിക്രമങ്ങള്‍ക്കു നേരെയുള്ള വൈകാരികപ്രതികരണങ്ങള്‍ മറുവശത്തുമായി വിഭജിക്കപ്പെട്ടു കിടക്കുന്ന ഒരു ഘടനയാണ് സ്ത്രീകര്‍തൃത്വവുമായി ബന്ധപ്പെട്ടുള്ള സ്വത്വപൗരത്വം സുഗതകുമാരിയില്‍ ബലിഷ്ഠമാകാത്തതിനു കാരണം എന്നു തോന്നുന്നു. ഈ ലിംഗസ്വത്വപൗരത്വവും ദേശരാഷ്ട്രപൗരത്വവും തമ്മിലുള്ള അഭിമുഖീകരണങ്ങള്‍ ചരിത്രപരമായ വിശകലനങ്ങളിലൂടെയും സാമൂഹികാനുഭവങ്ങളില്‍ നിന്നും സമകാലികസംഘര്‍ഷങ്ങളില്‍ നിന്നും ഊറിക്കൂടേണ്ടതാണ്. ആര്‍ഷഭാരതസംസ്‌കൃതിയില്‍ തുടരുന്ന  സവര്‍ണജൈവധാരയില്‍ നിന്നും പുറത്തേക്കു കടന്നുകൊണ്ട്, അതിനുള്ള സാദ്ധ്യതകളെ അവര്‍ കവിതയില്‍ ഉപയോഗിച്ചതായി പറയാനും കഴിയില്ല. 

ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെത്തുടര്‍ന്നെഴുതിയ ''പ്രിയദര്‍ശിനി, നിനക്കുറങ്ങാമിനി...'' എന്ന കവിതയില്‍ 

''അറിവീലൊന്നും, ഞങ്ങ-

ളറിവതിതു മാത്രം:

ഗുരുഹത്യയും മാതൃ

ഹത്യയും ചെയ്‌തോര്‍ ഞങ്ങള്‍

അമ്മയെക്കൊന്നോര്‍ ഞങ്ങള്‍;

ഖിന്നനാമശ്വത്ഥാ-

വെന്നപോല്‍ തലപുക-

ച്ചെത്രനാളലയേണം?'' പ്രത്യക്ഷതലത്തില്‍ തന്നെയുള്ള രാഷ്ട്രീയയാഥാര്‍ത്ഥ്യങ്ങളെ സംസ്‌കൃതിയുടെ ധ്വനിസൂചനകളാല്‍ മറയ്ക്കുന്ന രീതിയാണിവിടെ കാണുന്നത്. അടിയന്തരാവസ്ഥ എന്ന രാഷ്ട്രീയദുരന്തത്തെ ഒട്ടും തന്നെ അഭിസംബോധനചെയ്യാതിരിക്കുന്നതും ഇവിടെ കാണാം. ഇന്ദിരയെ കൊന്നവരോടുള്ള അമര്‍ഷവും കോപതാപങ്ങളും ചേര്‍ന്ന സ്വരം 'പ്രിയദര്‍ശിനി നിന്നെ സ്‌നേഹിച്ചൂ ഞങ്ങള്‍' എന്ന കവിതയിലും കാണാം. സമകാലികതിന്മകളെ വളര്‍ത്തുന്ന അധാര്‍മികത നിറഞ്ഞ ഇന്ത്യയെ 'നിന്നെ വിട്ടെങ്ങുപോകാന്‍' എന്ന കവിതയില്‍  കവി എഴുതുന്നുണ്ട്. വെറുപ്പുളവാക്കുന്ന ഈ രാജ്യത്തെ വിട്ടുപോകാനാഗ്രഹിക്കുന്ന ദേശാടനക്കിളിയാണു താന്‍ എന്നു പേര്‍ത്തും പേര്‍ത്തും പറഞ്ഞുപോകുന്നു. അവിടെയും കവി നീതിപക്ഷത്തു നില്ക്കുന്ന നിസ്സഹായയും ദുര്‍ബ്ബലയുമായ 'പാവം നാട്ടുകാരി' മാത്രം! 

''എന്റെയീയബലമാം

കൈകളീപ്പെരുങ്കോട്ട

യിങ്കലിങ്ങനെ തല്ലി

ച്ചതച്ചാലെന്തേ ഫലം?''(നിന്നെ വിട്ടെങ്ങുപോകാന്‍)

'ധര്‍മം എന്ന പശു'വില്‍ സ്വാതന്ത്ര്യദിനത്തില്‍ നടത്തുന്ന ഗോവധത്തിന്റെ നാടകീയതയിലേക്കും നടുക്കത്തിലേക്കുമാണ് കവി ധാര്‍മികതയെ ബന്ധിപ്പിക്കുന്നത് എന്നത് അതിലെ ഹൈന്ദവചിഹ്നപരമായ ചാര്‍ച്ചകളെ തുറന്നു കാട്ടുന്നതാണ്. 

''ഇന്നു നാള്‍ കൊള്ളാം 

ഇന്ത്യന്‍സ്വാതന്ത്ര്യദിനം നമു-

ക്കിന്നു ധര്‍മത്തിന്‍ കര്‍മം

നടത്താം കെങ്കേമമായ് (ധര്‍മം എന്ന പശു) 

'ഹാ രാമ', 'മഹാഭാരതം', 'പഞ്ചാബ്' മുതലായ മറ്റു പല കവിതകളും സുഗതകുമാരിയുടെ ദേശീയതാനോട്ടങ്ങളെ പ്രതിഫലിപ്പിക്കുന്നവയായുണ്ട്. 

ഇവയൊക്കെയും ദേശീയതയെ സംബന്ധിച്ച വെറും മൂഢസ്വര്‍ഗത്തെയാണ് സ്വന്തം ഭാവനയില്‍ കുടിയിരുത്തുന്നത്. അധീശഭാവനയെ ഒരു വശത്തു താണുവണങ്ങുമ്പോഴും ഈ മൂഢസ്വര്‍ഗം വാതില്‍ തുറന്നിടുക തന്നെ ചെയ്യുന്നു. ഫലത്തില്‍ വെറും ഭൂതകാലാഭിരതിയും പിതൃപൂജയും കലര്‍ന്ന ബ്രാഹ്‌മണ്യാധിഷ്ഠിതമായ മൂല്യപരിഗണനയായി കവിതകളിലെ ദേശീയത നിറഞ്ഞൊഴുകുകയും ചെയ്യുന്നു. ജനാധിപത്യത്തെ സംബന്ധിച്ച ഇരട്ടത്താപ്പുകളിലേക്കു വളരെയെളുപ്പം കൂപ്പുകുത്തുന്ന അധീശഭാവനയായി കാവ്യലോകങ്ങള്‍ മാറിത്തീരുന്ന അപചയത്തിനാണിവിടെ സാദ്ധ്യതയും.


 സൂക്ഷ്മമായി നോക്കിയാല്‍ മാത്രം കാണുന്ന ദേശീയപ്രത്യയശാസ്ത്രത്തിന്റെ അബോധചരിത്രം ഈ കവിതകളിലുണ്ട്. ആദ്യഘട്ടത്തിലത് പ്രധാനമായും ഗാന്ധിയന്‍ സ്വാതന്ത്ര്യസ്വപ്‌നങ്ങളെ വാരിപ്പുണരുകയും ഗാന്ധിയെത്തന്നെ പിതൃ,രക്ഷകബിംബമായി പൂജിച്ചുകൊണ്ടുള്ള പൊതു മാനവികതാവാദ കാവ്യരീതികളെ പിന്തുടര്‍ന്നു. പില്ക്കാലത്തു ഉണര്‍വേകിയ നെഹ്രൂവിയന്‍ ദേശീയതാബോധങ്ങളോടു കാര്യമായ സംവേദനങ്ങളൊന്നും തന്നെ ഈ കവിതകളിലില്ല. ചിലസന്ദര്‍ഭങ്ങളില്‍ 'ചെമ്പനിനീരലര്‍ ഹൃത്തില്‍ ചൂടിയ' എന്നും മറ്റുമുള്ള ചിഹ്നസൂചനകളല്ലാതെ അതത്ര പ്രബലമല്ല. പിന്നെയും കവിതയുടെ നാള്‍ വഴികള്‍ മുന്നോട്ടു നീങ്ങുമ്പോള്‍ ദേശത്തെത്തന്നെ ഏകശിലാത്മകമായ ഭൂതകാലസത്തയായി  കാണുന്ന രീതിശാസ്ത്രം ഉറച്ചു പിന്തുടരുന്നതിനാല്‍  സമകാലസംഘര്‍ഷങ്ങളുടെ ഇടങ്ങള്‍ അടഞ്ഞുപോവുകയാണുണ്ടായത്. ഇക്കാലത്തു ഔപചാരികമായ ദേശരാഷ്ട്രഘടനയില്‍ അപരങ്ങളുടെ സാന്നിദ്ധ്യം തന്നെ അപകടകരമായി കാണുന്ന പ്രത്യയശാസ്ത്രങ്ങള്‍ അവരെ തെല്ലും അലട്ടിയിരുന്നില്ല എന്നതു വളരെ വ്യക്തമാണ്. 'നിങ്ങളീ ഇന്ത്യയെ ഇപ്പോഴും സ്‌നേഹിക്കുന്നോ?' എന്ന കവിത അതിനുള്ള അത്രമേല്‍ ശക്തമായ തെളിവാണല്ലോ. സംസ്‌കാരത്തിനകത്തു വംശീയമായ ഉന്മൂലനം വിഭാവനം ചെയ്യുന്ന കാലത്തും കവിതയിലെ കേവലമായ മാനവികത ആത്മകേന്ദ്രിതമായി, പ്രമേയസാരമായി നിലനില്‍ക്കുന്നതിന്റെ പ്രതിസന്ധികളായി ഇവയെ കാണാം. ഉള്‍ച്ചേര്‍ക്കലിന്റെ രാഷ്ട്രീയം അപരിചിതമാകുന്നതു പരിമിതിയല്ലെങ്കില്‍ മറ്റെന്താണ് ആഖ്യാനപരമായ വൈവിദ്ധ്യങ്ങളും സമ്പന്നതയും നിലനില്‍ക്കേ തന്നെയും സ്ത്രീഭാവുകത്വപരമായ ഉള്ളുണര്‍വുകളെ തൊട്ടും തഴുകിയും നില്‍ക്കുമ്പോഴും ജനായത്തപരമായി കവിതയുടെ ആകാശങ്ങളിലേക്കവ വളരുന്നില്ല തന്നെ! 


റഫറന്‍സ്

1. Literature & Nationalist Ideology,  Ed. Hans harder, Social science press, New delhi, 2011

2. ദേശീയതകളും സാഹിത്യവും, ഇ.വി.രാമകൃഷ്ണന്‍, ഡിസി.ബുക്‌സ്, കോട്ടയം, 2001

3. Partha chatterjee, Women and Nation,  The Nation and its fragments: Colonial and postcolonial histories,  Princeton University press, 1993

4. Virginia woolf, Woman and Nationalism-  p.198, Literature and the modern world, , ed. Dennis Walder, 2008, oxford university prsse

5. ബാലാമണിയമ്മയുടെ കവിതകള്‍, ബാലാമണിയമ്മ, മാതൃഭൂമി ബുകസ്, കോഴിക്കോട് 2008

6. മുതുകുളം പാര്‍വതിയമ്മയുടെ കവിതകള്‍, മുതുകുളം പാര്‍വതിയമ്മ, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, കോട്ടയം, 2015

7.വിജയലക്ഷ്മിയുടെ കവിതകള്‍, ഡി സി ബുക്‌സ്, കോട്ടയം, 

8. സുഗതകുമാരിയുടെ കവിതകള്‍ സമ്പൂര്‍ണം, വോള്യം 1, 2, ഡിസി ബുക്‌സ്, കോട്ടയം 2021 

9. ആര്‍ദ്രതയുടെ പുനര്‍ജ്ജനികള്‍(സുഗതകുമാരിക്കവിതാപഠനം), ഡോ.ആശാലത.വി


(ഡോ. ബിന്ദു ടി.വി എഡിറ്റ് ചെയ്തു, 2023 ഡിസംബറില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വാഴ്വിന്റെ ഏകതാര എന്ന പുസ്തകത്തില്‍ ഉള്‍പ്പെട്ട പഠനം

ISBN: 978-93-6100-399-8)









No comments: