Wednesday, January 11, 2017

വജ്രത്തിളക്കം

                         രമ്പുന്ന ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു ജീവചരിത്രകൃതിയാണ് പ്രൊഫ. എം.കെ.സാനു രചിച്ച 'സി.ജെ.തോമസ്- ഇരുട്ടുകീറുന്ന വജ്രസൂചി.'  സി.ജെയുടെ ജന്മശതാബ്ദിവര്‍ഷാചരണങ്ങളുടെ മുന്നോടിയായി പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥപരമ്പരയിലെ ആദ്യകൃതിയാണിത്. ചരിത്രം വൈകാരികസ്മരണയായി നിറയുന്ന അനുഭവമാണ് ഓരോ അധ്യായത്തിലും. അതിലേറെ സി.ജെ.എന്ന ഒറ്റമനുഷ്യന്റെ  അനന്യതയെ, തലപ്പൊക്കത്തെ, വൈരുദ്ധ്യങ്ങളെ, തലകുനിക്കാത്ത തന്റേടത്തെ, കാലത്തെ രാഷ്ട്രീയപ്രജ്ഞകൊണ്ടു തിരിച്ചറിയുന്ന മനീഷയെ, എല്ലാറ്റിനുമുപരി സ്വയംവിമര്‍ശനാത്മകമായ സി.ജെ.യുടെ സാംസ്‌ക്കാരികവ്യക്തിത്വത്തെ പരമാവധി വിസ്താരത്തോടെ കാട്ടിത്തരാനാണ് സാനു ശ്രമിക്കുന്നത്. കമ്യൂണിസവും സോഷ്യലിസവും ക്രൈസ്തവതയും കലര്‍ന്നുകിടക്കുന്ന നൈതികമായ ഒരു വൈകാരികതയാണ് യുവാവായ സി.ജെ. യെ രൂപപ്പെടുത്തുന്നത്. പുസ്തകങ്ങളിലൂടെ, ദൈനംദിനസാമൂഹികജീവിതത്തിലൂടെ സി.ജെ.വ്യത്യസ്തവും തീക്ഷ്ണവും കറയറ്റതുമായ ഒരു ജീവിതബോധം തന്റെയുള്ളില്‍ നിറച്ചിരുന്നു. അതിന്റെ കൈത്തിരികെടാതെ നിരന്തരം ജ്വലിപ്പിക്കുകയും അന്ത്യം വരെ കൂടെ കൊണ്ടുനടക്കുകയും ചെയ്തതിന്റെ ആദര്‍ശോജ്വലവും സംഭവബഹുലവുമായ ആഖ്യാനമാണ് ഈ ജീവചരിത്രകൃതി. ധൈഷണികനായ സി.ജെ.യെ രൂപപ്പെടുത്തുന്നതില്‍ അക്കാലത്തെ പ്രധാനചിന്തകരും ഗോര്‍ക്കി, ഡോസ്‌റ്റോവ്‌സ്‌ക്കി മുതലായ സാഹിത്യകാരന്മാരും വലിയ പങ്കുവഹിച്ചു. ഇ.എം.എസ്, എം.ഗോവിന്ദന്‍ തുടങ്ങിയവരോടുള്ള സി.ജെ.യുടെ പരിചയവും ധൈഷണികാദരം കലര്‍ന്ന ആരാധനയും   പലപ്പോഴും ജീവിതത്തില്‍ വലിയ തീരുമാനങ്ങളെടുക്കുന്നതിനും ഒറ്റയ്ക്കുനില്‍ക്കുന്നതിനും ധൈര്യം നല്‍കിയിരിക്കണം. സാനു രചിച്ച ഈ പുസ്തകത്തിലൂടെ കടന്നു പോകുമ്പോള്‍  സി.ജെ.എന്ന ഒറ്റമരക്കാടിനെ നാം നോക്കിക്കാണുന്നു, ഒപ്പം പല ഋതുക്കള്‍ ഒരേകാലത്തു സംഗമിക്കുന്ന കാഴ്ച്ചയും  നാമനുഭവിക്കുന്നു.്.

വിമോചനസമരം.

കേരളത്തിന്റെ രാഷ്ട്രീയസാമൂഹികചരിത്രങ്ങളിലെ മായാത്ത ഏടാണ് വിമോചനസമരം. അക്കാലത്ത് സി.ജെ,  സാനുവിന് എഴുതിയ ഒരു കത്തില്‍ നിന്നാണ് ഒന്നാമധ്യായം തുടങ്ങുന്നത്. രണ്ടുപേര്‍ക്കിടയില്‍ രൂപപ്പെട്ടുവരുന്ന ഊഷ്മളമായ സൗഹൃദത്തോടൊപ്പം പരസ്പരബഹുമാനവും ആത്മവിമര്‍ശനവും സി.ജെ.ക്ക് എങ്ങനെ ഒരു റാഡിക്കല്‍ പരിവേഷം നല്‍കുന്നു എന്നിവിടെ നാം കാണുന്നു. 'ഞാന്‍ വീണ്ടും എനിക്കെതിരായി തിരിഞ്ഞിരിക്കുന്നുവോ?' എന്നദ്ദേഹം സ്വയം ചോദിക്കുന്ന സന്ദര്‍ഭങ്ങളിലൊന്നാണിത്. ആള്‍ക്കൂട്ടങ്ങളെ വിശ്വസിക്കാന്‍ കൂട്ടാക്കാതിരുന്ന സി.ജെ. തന്നെ വിമോചനസമരജാഥകളില്‍ നേതാക്കള്‍ വിളിച്ചുകൊടുത്ത മുദ്രാവാക്യങ്ങള്‍ ഏറ്റുപറയുന്നതിന്റെ  വൈരുദ്ധ്യവും ഇ.എം.എസ് എന്ന രാഷ്ട്രീയപ്രവര്‍ത്തകനെ ത്യാഗോജ്വലതയുടെ മൂര്‍ത്തിയായി കണ്ട സി.ജെക്ക് അദ്ദേഹത്തിനെതിരായ പദപ്രയോഗങ്ങളോടു മൗനമവലംബിക്കേണ്ടി വന്നതും  മറ്റും സാനു എഴുതുന്നു. ഇതിനെല്ലാമുപരിയായി കലയുടെ മര്‍മം, അതിനാധാരമായ ഉയര്‍ന്ന സംവേദനക്ഷമത, ജീവിതബോധം ഇവയൊക്കെ പ്രായോഗികമായി സി.ജെ.ക്കുണ്ടെന്നു വെളിവാക്കുന്ന സംഭവങ്ങളും സാനു മാഷ് എഴുതുന്നു.


കര്‍മനിരതന്‍

വിചിത്രമായ കര്‍മമണ്ഡലങ്ങളില്‍ ഒരേ വൈദഗ്ധ്യത്തോടെ ഇടപെടുന്ന സി.ജെ.യെ സാനുമാഷ് ഈ കൃതിയില്‍ വരച്ചുകാട്ടുന്നുണ്ട്. പലപ്പോഴും വിശ്രമമില്ലാതെ പണിയെടുത്തു. ആശാരിപ്പണിയും കൃഷിയും പെയിന്റിംഗും സി.ജെ.ക്കിഷ്ടപ്പെട്ട പണികളായിരുന്നു. ഫോട്ടോഗ്രഫിയുടെ മേഖലയില്‍  അന്നത്തെകാലത്തു പലര്‍ക്കുമില്ലാതിരുന്ന ഫോക്കസിംഗ്, ലൈറ്റിംഗ്, കോമ്പിനേഷന്‍, റ്റോണ്‍ എന്നിവയെപ്പറ്റിയുള്ള നവീനസാങ്കേതികജ്ഞാനം സി.ജെ.ക്കുണ്ടായിരുന്നുവത്രെ. നാടകം, ടാബ്‌ളോ, സിനിമ എന്നീ ദൃശ്യകലകളെ സാഹിത്യത്തിനൊപ്പം ഗൗരവമുള്ളതായി സി.ജെ. പരിഗണിച്ചിരുന്നു എന്നതും അദ്ദേഹത്തിന്റെ നവീനവീക്ഷണത്തിനുദാഹരണമായി ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്നു.  കമ്യൂണിസ്റ്റു പാര്‍ട്ടിയിലായിരുന്നപ്പോള്‍  ബാനറെഴുത്തും പോസ്റ്ററെഴുത്തും പുസ്തകവില്പനയും എല്ലാം തനിച്ചു ചെയ്തു. എസ്.പി.സി.എസിന്റെ പ്രസാധനത്തിലും പ്രിന്റിംഗിലും എഡിറ്റിംഗിലും മറ്റും സി.ജെ. ആത്മാര്‍ത്ഥമായി മുഴുകി. ടെക്‌നിക്കല്‍ അഡൈ്വസറായി ജോലി ചെയ്തുകൊണ്ടിരിക്കെ പുസ്തകങ്ങളുടെ രൂപപരമായ ആകര്‍ഷകത്വം വര്‍ധിപ്പിക്കാന്‍ വേണ്ട ഘടകങ്ങളെക്കുറിച്ച് അദ്ദേഹം ആഴത്തില്‍ ചിന്തിച്ചിരുന്നു, പുതിയ പരീക്ഷണങ്ങള്‍ നട്തതിയിരുന്നു എന്ന് സാനുമാഷ് എഴുതുന്നു. പുസ്തകങ്ങളുടെ കവര്‍ചട്ടയുടെ രൂപസംവിധാനത്തില്‍ മാറ്റംവരുത്തി പരിഷ്‌ക്കരിക്കാന്‍ ശ്രമിച്ച ജേക്കബ്ഫിലിപ്പെന്ന സ്‌നേഹിതനെക്കുറിച്ച് സി.ജെ. എഴുതിയ ലേഖനം അതിന്റെ സാക്ഷ്യമായി സാനുമാഷ് നിരത്തുന്നു. പുസ്തകപ്രസാധനരംഗത്തെ സൗന്ദര്യാത്മകതയുടെ ആവിഷ്‌ക്കാരം കൂടി കൂട്ടിച്ചേര്‍ക്കുന്നതില്‍ തനിക്കുള്ള പങ്കിനേക്കാള്‍ ജേക്കബ് ഫിലിപ്പിനുള്ള കഴിവിനെ എടുത്തു പറയുകയാണ് ഉദാരമനസ്‌ക്കനായ സി.ജെ.ചെയ്തതെന്നും ഇവിടെ മനസ്സിലാക്കാം.


സി.ജെ.യുടെ നാടകസ്വപ്‌നങ്ങളിലേറെയും സാമൂഹികപുരോഗതിയെ സംബന്ധിച്ച ഭാവനകളിലൂന്നിയുള്ളവയായിരുന്നു. യുവാക്കളുടേതായ ഒരു  സ്‌നേഹശൃംഖല രൂപീകരിക്കണമെന്നും അതിലൂടെ നാടകപ്രവര്‍ത്തനത്തിനായി ഒരു 'സ്ഥിരംനാടകവേദി' ഉണ്ടാക്കണമെന്നും അതിലൂടെ സാമൂഹികനവീകരണത്തിന്റെ പദ്ധതികള്‍ നടപ്പാക്കണമെന്നും സി.ജെ. ആഗ്രഹിച്ചിരുന്നു. അതിലേക്കായി നിലവാരമുള്ള നാടകങ്ങളുടെ രചനയും പരിഭാഷയും നടത്താനും സി.ജെ.ഉറച്ചിരുന്നു. 

മുന്നണിയല്ല, സൃഷ്ടി

സാഹിത്യമണ്ഡലത്തില്‍ ഒരുപോലെ പ്രാധാന്യമുള്ള  പലനിലകളില്‍ സി.ജെ. ഓര്‍മിക്കപ്പെടുന്നു.   അതില്‍ത്തന്നെ പുരോഗമനസാഹിത്യപ്രസ്ഥാനവുമായി ബന്ധപ്പെട്ടുളള അദ്ദേഹത്തിന്റെ നിലപാടിനെ എടുത്തവതരിപ്പിച്ചുകൊണ്ടാണ് ജീവചരിത്രകാരന്‍ സി.ജെ.യുടെ ഇരുത്തംവന്ന ധിഷണയെ ഉദാഹരിക്കുന്നത്. വിവാദങ്ങളിലേക്കു വലിച്ചിഴക്കപ്പെട്ടപ്പോഴെല്ലാം അടിസ്ഥാനപരമായി കലാകാരന്റെ സ്വാതന്ത്ര്യം എന്ന ആശയത്തിലാണദ്ദേഹം ഊന്നിയത്.  അതാവട്ടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗികനിലപാടിനുവിരുദ്ധവുമായിരുന്നു. എന്നാല്‍ കമ്യൂണിസ്റ്റു വിരുദ്ധനെന്നാരോപിക്കപ്പെട്ട തന്റെ അഭിപ്രായങ്ങളെ വിപണിവല്‍ക്കരിക്കാന്‍ വരുന്നവര്‍ക്ക് അദ്ദേഹം തീരെ വഴങ്ങിയതുമില്ല.
പുരോഗമനസാഹിത്യസമ്മേളനത്തില്‍ സി.ജെ. മൂന്നു കാര്യങ്ങള്‍ ഊന്നിപ്പറഞ്ഞു.
1. മതത്തിന്റെയോ രാഷ്ട്രീയസംഘടനയുടെയോ ചട്ടക്കൂടിലൊതുങ്ങിനില്‍ക്കാന്‍  ഒരു കലാകാരനു സാദ്ധ്യമല്ല.
2. രൂപശില്പത്തില്‍ പരമാവധി ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ ഉത്തമകലയുണ്ടാകില്ല.
3. സാധാരണക്കാര്‍ക്കു ആസ്വദിക്കാന്‍ കഴിയുന്നു അല്ലെങ്കില്‍ മനസ്സിലാക്കാന്‍ കഴിയുന്നു എന്നതാവരുത് കലയുടെ മാനദണ്ഡം.
 
 പാര്‍ട്ടിയില്‍ നിന്നു വിട്ടുപോയ സി.ജെ. തന്റെ ആദര്‍ശത്തില്‍ ഉറച്ചുനിന്നുകൊണ്ട് ഒരേസമയം കമ്യൂണിസ്റ്റുകാരനായും അതേസമയം പാര്‍ട്ടിവിമര്‍ശകനായും നിന്നതിനെ സാനുമാഷ് വേറിട്ട ഒരു ഉല്‍പതിഷ്ണുത്വമായാണ് കാണുന്നത്. കോണ്‍ഗ്രസ് പ്രസ്ഥാനം ധര്‍മത്തില്‍ നിന്നു വ്യതിചലിക്കാതിരിക്കാന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി കൂടിയേ കഴിയൂ എന്നു പലപ്പോഴും പ്രത്യേകിച്ചും വിമോചനസമരകാലത്തുപോലും സി.ജെ. ഉറച്ചുവിശ്വസിച്ചിരുന്നതായും സാനു എഴുതുന്നു. കലയുടെ രൂപത്തെക്കുറിച്ചും ഉള്ളടക്കത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചും സി.ജെ.ക്കുള്ള സൂക്ഷ്മമായ നിലപാടിനെ സങ്കീര്‍ണതകളോടെ അവതരിപ്പിക്കാന്‍ അദ്ദേഹമെഴുതിയ 'മുന്നണിയല്ല, സൃഷ്ടി'  എന്ന ലേഖനം എടുത്തുചേര്‍ത്തുകൊണ്ടാണിതു വിശദീകരിക്കുന്നത്. കല്‍ക്കത്താതീസിസിന്റെ വെളിച്ചത്തില്‍ രൂപഭദ്രതാവാദത്തെ മുന്‍നിര്‍ത്തിയുണ്ടായ വിവാദങ്ങളെയും  ദുര്‍വ്യാഖ്യാനങ്ങളെയും പൊളിച്ചുകാട്ടാന്‍ സി.ജെ. മടിച്ചിരുന്നില്ല. സാഹിത്യത്തെ ഉത്തരവാദിത്തത്തോടുകൂടി ഏറ്റെടുത്തവര്‍ക്കിടയില്‍ ചേരിതിരിവുകള്‍ക്കു പ്രസക്തിയില്ലെന്നു സി.ജെ. തറപ്പിച്ചു പറഞ്ഞു. സംഘടനകെട്ടിപ്പടുക്കലല്ല, സാഹിത്യകാരന്റെ പ്രാഥമികമായ കര്‍ത്തവ്യമെന്നും കഴിവും പരിശ്രമവുമുപയോഗിച്ച് ധീരമായ രീതിയില്‍ എഴുതുകയാണു വേണ്ടതെന്നും സി.ജെ. ഈ ലേഖനത്തില്‍ തന്റെ നിലപാടുറപ്പിക്കുന്നു.

രാഷ്ട്രീയ ധൈഷണികത 
സി.ജെ.യുടെ രാഷ്ട്രീയ ധൈഷണികതയെ തിരിച്ചറിയാന്‍ പാകത്തില്‍ അദ്ദേഹമെഴുതിയ രണ്ടു പുസ്തകങ്ങളെ സാനു എടുത്തുകാട്ടുന്നുണ്ട്. സോഷ്യലിസം, മതവും കമ്യൂണിസവും എന്നിവയാണാ കൃതികള്‍. ഇന്നത്തെനിലയ്ക്ക് കാല്പനികതയുടെ നിഴല്‍ വീണ പ്രത്യയശാസ്ത്രബോധമാണ് ആ കൃതികളിലെ ഭാഷയില്‍ എടുത്തുനില്‍ക്കുന്നത് . എങ്കിലും  ത്യാഗിയും അന്വേഷിയുമായ ഏതൊരു ഒരു യുവപുരോഗമനവാദിക്കും ആ കാല്‍പനികത ജീവവായു പോലെ അത്യന്താപേക്ഷിതമായിരുന്നിരിക്കണം.  വിളക്കിനു തൊട്ടുചുവട്ടില്‍ നിഴലുണ്ടാവുമല്ലോ.  മായികമായ ഉദാത്തസ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യത്തെസംബന്ധിച്ച പുതിയ സാധ്യതകളിലേക്കു വഴി നയിക്കുമെന്നു സി.ജെയും നമ്മോടുപറയുന്നു.
 
   മേല്പറഞ്ഞ ഗ്രന്ഥങ്ങളെ  അധ്യാപനത്തിന്റെ മികവോടെ സാനുമാഷ്  വിശദീകരിക്കുന്നുണ്ട്. വായനക്കാരുടെ തരഭേദമനുസരിച്ച് അവരുമായി സംവദിക്കത്തക്ക തരത്തിലുള്ള അടിസ്ഥാന ആശയങ്ങളെ തൊട്ടുകൊണ്ട്, തെളിമയോടെ, ലാളിത്യത്തോടെയുള്ള സംവാദത്തിന്റെ രൂപത്തിലാണ് സി.ജെ. സോഷ്യലിസം എഴുതുന്നത്. എന്നാല്‍ കാര്യങ്ങളെ നിശിതമായി വ്യാഖ്യാനിക്കാനും സങ്കീര്‍ണമായി ഉള്‍ക്കൊള്ളാനുമുള്ള സി.ജെ.എന്ന ഗ്രന്ഥകാരനുള്ള ശേഷിക്കുദാഹരണമായി ജീവചരിത്രത്തില്‍ ഉദ്ധരിച്ചു ചേര്‍ത്ത ഭാഗം   മതിയാകും. വയലാര്‍-പുന്നപ്രസമരങ്ങള്‍ പരാജയമായിരുന്നില്ലേ എന്ന ചോദ്യത്തിനു മറുപടിയായി സി.ജെ. എഴുതുന്നു,''ഈ ചോദ്യത്തിന് കെ.സി.ജോര്‍ജ്ജ് എഴുതിയ പുന്നപ്ര-വയലാര്‍ എന്ന പുസ്തകമാണ് മറുപടി. പക്ഷേ വയലാറിലും പുന്നപ്രയിലും നടന്നത് സമരമായിരുന്നില്ലെന്നു മാത്രം ഇവിടെ പറയാം. മര്‍ദ്ദനം കൊണ്ടു സഹികെട്ട തൊഴിലാളിവര്‍ഗം ആത്മാഭിമാനസംരക്ഷണത്തിനു വേണ്ടി തിരിച്ചടിച്ചു. ധീരമായ ആ ചെറുത്തുനില്‍പ്പും അതിനെത്തുടര്‍ന്നുണ്ടായ സര്‍ സി.പി.യുടെ രാജിയും  തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നു ചരിത്രം തെളിയിക്കും.' 'മതവും കമ്മ്യൂണിസവും' എന്ന കൃതി സി.ജെ.യുടെ തന്നെ ഉള്ളടക്കത്തിലേക്ക് വെളിച്ചം വീശുന്നു എന്ന മട്ടിലാണ് സാനുമാഷ് വിശദീകരിക്കുന്നത്. ഒരേസമയം വിനയവാനും ധിക്കാരിയുമായി പ്രത്യക്ഷപ്പെടുന്ന സി.ജെ.യുടെ കാതലായി ഈ കൃതിയെ സാനുമാഷ് വിലയിരുത്തുന്നു.  ഒപ്പം കേവലം ഇരുപത്തൊമ്പതുകാരനായ സി.ജെ. എന്ന ഗദ്യകാരന്റെ സംക്ഷിപ്തതയും മൂര്‍ച്ചയുമുള്ള വിശകലനശൈലിയെയും ആവിഷ്‌ക്കരണകൗശലങ്ങളെയും വകയിരുത്തുകയും ചെയ്യുന്നു.

രാഷ്ട്രീയമായ ശരിയും വ്യക്തഗതമായ അഭിരുചികളും
എം.പി.പോളുമായുള്ള രാഗദ്വേഷങ്ങള്‍, മകള്‍ റോസിയുമായുള്ള വികാരഭരിതമായ അനുരാഗം, ഒക്കെപ്പോലെത്തന്നെ സഹപാഠിയായിരുന്ന സുധാകരന്‍ മുതല്‍ എം.ഗോവിന്ദന്‍, പി.ഭാസ്‌ക്കരന്‍, കുറ്റിപ്പുഴ, എം.സി.ജോസഫ്, കേസരി, വി.ടിവരെയുള്ള  അനേകം എഴുത്തുകാരുമായി സി.ജെ.ക്കുണ്ടായിരുന്ന സൗഹൃദവും   ഈ കൃതിക്ക് വൈകാരികമായ ചാരുതനല്‍കുന്നുണ്ട്. ഒപ്പം രാഷ്ട്രീയമായ ശരിയും വ്യക്തിഗതമായ അഭിരുചികളും തമ്മിലുള്ള സംവാദങ്ങളെ സി.ജെ.എങ്ങനെ അതിസൂക്ഷ്മമായി കൈകാര്യം ചെയ്തുവെന്നും സാനുമാഷ് വിശദീകരിക്കുന്നുണ്ട്. എം.പി.പോളുമായുള്ള ബന്ധം തന്നെ ഉദാഹരണം.

കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വന്നപ്പോള്‍ പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനിന്ന സി.ജെ.യോട് എന്തുകൊണ്ട് വിട്ടുനിന്നു എന്നു ചോദിച്ചവരോടുള്ള സി.ജെ.യുടെ ലാഘവത്തോടെയുള്ള മറുപടി രസകരമാണ്:'ഒരു കുപ്പായം ഞാന്‍  ഊരിക്കളഞ്ഞത് മറ്റൊരു കുപ്പായത്തില്‍ കയറിക്കൂടാനല്ല.' സ്വാതന്ത്ര്യത്തിന്റെ  മാത്രം തടവുകാരനായ മനുഷ്യസ്‌നേഹിയായ ഒരു ധിക്കാരിയുടെ പൂര്‍ണകായചിത്രം ഇതിലുണ്ട്. അതിനെ പലകോണുകളില്‍ നിന്നു നോക്കാനും കാണാനും പ്രേരിപ്പിക്കുകയാണ് ഈ ജീവചരിത്രകൃതി ചെയ്യുന്നത്. അങ്ങനെ ഭാവിയുടെ ഇരുട്ടിനെ കീറിമുറിക്കാന്‍ ശേഷിയുള്ള  വെളിച്ചത്തുണ്ടുകളെ തന്റെ തന്നെ ഭൂതകാലത്തിന്റെ വജ്രത്തിളക്കങ്ങളില്‍നിന്ന് ജ്വലിപ്പിച്ചെടുക്കുകയാണ് ഈ സ്മരണാഞ്ജലിയിലൂടെ  പ്രൊഫ. എം.കെ.സാനു. 

                              
(പ്രൊഫ. എം.കെ.സാനു രചിച്ച സി.ജെ.തോമസ്- 'ഇരുട്ടുകീറുന്ന വജ്രസൂചി'യെക്കുറിച്ച്2016 ഡിസംബര്‍ ഗ്രന്ഥാലോകം മാസികയില്‍ 
എഴുതിയ ലേഖനം)

No comments: