Saturday, November 21, 2015

കണ്ണാടിയിലെ ചോര (വിജയലക്ഷ്മിയുടെ ഊഴം എന്ന കവിതയെക്കുറിച്ച്)




നുഷ്യസ്‌നേഹികളെയും സ്വാതന്ത്ര്യവാദികളെയും വെല്ലുവിളിച്ചുകൊണ്ട് ഫാസിസം എല്ലാ കാലത്തും ഒരു കൂട്ടം ജനങ്ങളെ തങ്ങളുടെ മൃഗീയതയ്ക്കിരയാക്കിയിട്ടുണ്ട്. ലോകചരിത്രത്തിന്റെ വിവിധ സന്ദര്‍ഭങ്ങളില്‍ ഇത് പല ആഭ്യന്തരശക്തികളുമായി ചേര്‍ന്നും അല്ലാതെയും ഇത്തരം നായാട്ടുകള്‍ നടത്തിയിരുന്നു. നമ്മുടെ കാലത്താകട്ടെ, അടിച്ചമര്‍ത്തലിന്റെയും പ്രതിരോധങ്ങളുടെയും വിഭിന്നമായ പല രൂപങ്ങളും സജീവമാണ്. മനുഷ്യാവകാശലംഘനങ്ങളുടെ തോതനുസരിച്ച് നീതി കാംക്ഷിക്കുന്നവരുടെ പ്രതിഷേധസംരംഭങ്ങളും വളര്‍ന്നു വരുന്നുണ്ട്. നമ്മുടെ മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് നിരവധിയാളുകള്‍ ഭീകരതാവിരുദ്ധനടപടികളുടെ പേരില്‍ ഒരു തെളിവുമില്ലാതെ കൊല്ലപ്പെടുന്നു. ഈ വൈരുദ്ധ്യം ബുദ്ധിജീവികളെയും പൗരവകാശപ്രവര്‍ത്തകരെയും സ്വയം അഴിച്ചുപണിയാന്‍ പ്രേരിപ്പിക്കുന്നതാണ്. ഭീകരതാവിരുദ്ധവാദത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും തുടര്‍ന്നുളള പ്രചാരണങ്ങളും ബഹുജനങ്ങളെ സംബന്ധിച്ചിടത്തോളം ചോദ്യം ചെയ്യപ്പെടാനാവാത്ത, തികച്ചും വിശ്വാസ്യമായ വസ്തുതകളായി മാറ്റിത്തീര്‍ത്തിരിക്കുന്നു. മാധ്യമങ്ങളുടെ നിരുത്തരവാദപരവും അലസതാവിരചിതവുമായ വിവരണങ്ങളും ചില വര്‍ണപ്പകിട്ടേറിയ നാടകീയാഖ്യാനങ്ങളും അതിനെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. സങ്കീര്‍ണ്ണമായ ഈയൊരവസ്ഥയില്‍ സത്യസന്ധമായ മനുഷ്യാവകാശബോധവും അതിനായുള്ള ഏറ്റവും ചെറിയ സമരം പോലും ആദരിക്കപ്പെടേണ്ടതാണ്.

2004 ജൂണ്‍ 11ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച വിജയലക്ഷ്മിയുടെ 'ഊഴം' എന്ന കവിതയെക്കുറിച്ചു പറയുമ്പോള്‍ ഇങ്ങനെയൊരാമുഖം പ്രസക്തമാണ്. ഗുജറാത്തിലെ അഹമ്മദാബാദില്‍ പോലീസ് വെടിവെപ്പില്‍ മരിച്ച ഇസ്രത്ത് ജഹാന്‍ എന്ന കോളേജ് വിദ്യാര്‍ത്ഥിനിയെയും കൂട്ടരെയും കുറിച്ചാണ് ഈ കവിത. പതിറ്റാണ്ടുകള്‍ക്കു മുമ്പ് കാശ്മീരിനെക്കുറിച്ച് ബാലാമണിയമ്മ എഴുതിയ ഒരു അപ്രകാശിത കവിതയെക്കുറിച്ച് കവി ചുള്ളിക്കാട് എവിടെയോ ഓര്‍ക്കുന്നുണ്ട്. ഔദ്യോഗികദേശീയചിന്തയ്ക്ക് തികച്ചും എതിരായിരുന്നുവത്രെ ആ കവിത. കാരണം കാശ്മീര്‍ അതര്‍ഹിക്കുന്ന വിഭാഗത്തിന് വിട്ടുകൊടുക്കുകതന്നെയാണ്  ചെയ്യേണ്ടത് എന്ന നിലപാടാണ് ആ കവിത മുന്നോട്ടു വെച്ചത്. കുടുംബത്തിലൊരാള്‍ ഭാഗം ചോദിച്ചാല്‍ കൊടുക്കുന്ന ന്യായമേ അവര്‍ അതിനു കല്പിച്ചിരുന്നുള്ളുവത്രെ. മാതൃഭൂമിയ്ക്ക് അയക്കാന്‍ വെച്ചിരുന്ന ആ കവിത ദൃഷ്ടിയില്‍പ്പെട്ട നിമിഷം തന്നെ രാജ്യദ്രോഹമാണത് എന്ന് പ്രകടമായ അരിശത്തോടെ വി.എം.നായര്‍ അതു നശിപ്പിച്ചു കളഞ്ഞുവെന്ന് ചുള്ളിക്കാടിനോട് ബാലാമണിയമ്മ പറഞ്ഞുവത്രെ. ഔദ്യോഗികദേശീയതയില്‍നിന്നും  എപ്പോഴേ ചോര്‍ന്നു പോയ മാനവികതയെ സരളവും മനുഷ്യസ്‌നേഹനിര്‍ഭരവുമായ സാഹോദര്യത്തിന്റെ യുക്തി ഉപയോഗിച്ചു അട്ടിമറിക്കുന്ന ആ കവിത വെളിച്ചം കണ്ടില്ല.

ഉദാരമാനവികതയുടെയും മനുഷ്യസ്‌നേഹത്തിന്റെയും ചേരുവകള്‍ തന്നെയാണ് ഊഴത്തെയും രചിക്കുന്നത്. ബാലാമണിയമ്മയ്ക്കു ശേഷം, രണ്ടോ മൂന്നോ തലമുറകള്‍ക്കിപ്പുറം വിജയലക്ഷ്മി  പൊതുവേ തന്റെ കവിതകളില്‍ പ്രക്ഷേപിക്കുന്ന ആഖ്യാനസ്വരത്തെ കൂടുതല്‍ തുറന്നതും തീവ്രവും ഒപ്പം മൂര്‍ച്ചയുള്ളതുമാക്കുന്നു, ഇവിടെ. ഭാഷണത്തിന്റേതായ നാടകീയത അതിലേക്കുള്ള ഉന്നം കൃത്യമാക്കുന്നു.

 'കണ്ടില്ലേ എന്റെ കൈകളില്‍ ചേര്‍ത്തു വെച്ചത്?
   അല്ല, ആ തോക്ക് തീര്‍ച്ചയായും എന്റേതല്ല
   എനിക്കു വെടിയുണ്ടകളെ അറിയില്ല,
    എന്റെ മേല്‍ തറഞ്ഞതിനെ ഒഴികെ.'
തന്റെ മേല്‍ അതു തറയുന്നു എന്നതിലെ താദാത്മ്യസ്വരം വിജയല്ക്ഷ്മിക്കവിതയിലെ കാല്പനികത കലര്‍ന്ന ആത്മത്തിന്റെ, ആഖ്യാനസ്വരത്തിന്റെ രാഷ്ട്രീയത്തെ വെളിവാക്കുന്നു. 'എങ്ങു മനുഷ്യനു ചങ്ങല കൈകളില്‍ അങ്ങെന്‍ കയ്യുകള്‍ നൊന്തീടുകയാണ്….''എന്നതിന്റെ കാവ്യാദര്‍ശം ആണതിന്റെ പാരമ്പര്യം.


ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ഈ കവിതക്കെതിരായി അയച്ച വക്കീല്‍ നോട്ടീസ് ഇസ്രത്തിന്റെ കൊലപാതകത്തിനു പിന്നിലുള്ള അതേ ധാര്‍ഷ്ട്യവും വ്യാജദേശീയബോധവും പ്രകടമാക്കുന്നു. ഒരു സാഹിത്യസൃഷ്ടി വിവാദം സൃഷ്ടിക്കുന്നതോ ആരോപണവിധേയമാകുന്നതോ അല്ലെങ്കില്‍ നിരോധിക്കപ്പെടുക തന്നെ ചെയ്യുന്നതോ മാത്രമല്ല ജനാധിപത്യത്തിന്റെ പ്രശ്‌നം. നേരെമറിച്ച് എന്തുകാരണത്താലാണിതു സംഭവിക്കുന്നത് എന്നതാണ് ഇവിടെ ശ്രദ്ധേയം.

ഇപ്പോള്‍ പ്രത്യക്ഷമായ അസഹിഷ്ണുതയും കപടമായ ഭീകരതാവിരുദ്ധവാദവും 'ദേശസ്‌നേഹ'വും വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ച് യഥാര്‍ത്ഥപ്രശ്‌നങ്ങളില്‍ നിന്ന് ബഹുജനത്തെ മാറ്റിനിര്‍ത്തുകയാണ്. ഇതാകട്ടെ ഇപ്പോള്‍ മാത്രം സംഭവിക്കുന്ന ഒരു കാര്യമല്ല. ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന ഒന്നാണ്. ഒരു പക്ഷേ എഴുത്തുകാരന്റെ മുഖത്തേക്കു തൂകിത്തേക്കപ്പെടുന്ന കരിയെണ്ണ വരെ നാം അപ്‌ഡേറ്റുചെയ്യുന്ന ഒന്ന്.

'മരിച്ചു ചെന്നപ്പോഴാണറിയുന്നത്,
ചീഞ്ഞതും അളിഞ്ഞതും ഉണങ്ങിയതും  പൊടിഞ്ഞതുമായ
മുറിവേറ്റ മൃതദേഹങ്ങള്‍ പറഞ്ഞു.
മരണശേഷം അവരുടെ വിരലുകളില്‍
ഉടക്കിവെയ്ക്കപ്പെട്ട തോക്കുകളെക്കുറിച്ച്'

അന്‍സല്‍പ്ലാസയില്‍ നടന്ന വെടിവെപ്പിലൂടെ ഇസ്രത്ത് ജഹാനില്‍ നിന്നും തൊട്ടടുത്തുതന്നെ മനോരമാദേവിയിലൂടെ മറ്റു പലരിലേക്കും; യഥാര്‍ത്ഥത്തില്‍ നമ്മുടെ ഊഴം വേറെ ആര്‍ക്കൊക്കെയോ വീതം വെച്ചുപോകുന്നു എന്നു മാത്രം. ഗോവിന്ദ്പന്‍സാരെ, നരേന്ദ്ര ധാബോല്‍ക്കര്‍, കല്‍ബുര്‍ഗി എന്നിങ്ങനെ ഈ ഊഴത്തിന്റെ അടുത്ത ഘട്ടം ആരംഭിച്ചു കഴിഞ്ഞു, ജ്ഞാനവൃദ്ധരിലൂടെ…കേരളത്തെ സംബന്ധിച്ചിടത്തോളം ശ്രീദേവി. എസ്.കര്‍ത്താ, ദീപാനിശാന്ത് എന്നിവരിലൂടെയാണ് ആ ഊഴം പ്രവര്‍ത്തിക്കുന്നത്, പ്രകാശനവേദിയില്‍ നിരോധിക്കപ്പെട്ടും അഭിപ്രായസ്വാതന്ത്ര്യത്തിനു വിലങ്ങിട്ടും ഒക്കെയായി.

2004 ജൂണ്‍ 15നാണ് ഇസ്രത്തിനെയും പ്രണേഷ്‌കുമാര്‍ എന്ന ജാവേദിനെയും മറ്റു രണ്ടുപേരെയും ഗുജറാത്ത് പോലീസ് കൊലപ്പെടുത്തിയത് പതിവുപോലെ ഇതും ഒരു ഏറ്റുമുട്ടല്‍ കൊലപാതകമാണെന്നാണ് വിശദീകരിക്കപ്പെട്ടത്. എന്നാല്‍ എന്തുകൊണ്ട് എല്ലാ ഏറ്റുമുട്ടലുകളിലും ഒരു പക്ഷം മാത്രം കൊല്ലപ്പെടുന്നു? പോലീസുകാര്‍ക്കുമാത്രം ഒരു പോറലുമേല്‍ക്കാതെ?! സാക്ഷികളോ മറ്റു മൂര്‍ത്തമായ തെളിവുകളോ കൂടാതെ കുറേ ഫോണ്‍ നമ്പറുകള്‍ മാത്രം വച്ച് ഭീകരവാദികളാക്കി മാറ്റി വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാം. പക്ഷേ ആരാണു ചോദിക്കാന്‍? കൊല്ലപ്പെട്ടവര്‍ ഗുണ്ടകളോ, ഭീകരരോ ആണെന്നു വിശ്വസിക്കാനാണ് നമുക്കെളുപ്പം. യഥാര്‍ത്ഥ കുറ്റകൃത്യം ചെയ്തവരുടെ, പോലീസുകാരുടെ മൊഴിയാണിവിടെ അടിച്ചേല്‍പ്പിക്കപ്പെടുന്നത്. കൊല്ലപ്പെട്ടവരുടെ ജീവചരിത്രവും അവരെ ചൂഴ്ന്നുനില്‍ക്കുന്ന 'രഹസ്യ' ഇടപാടുകളും ചുരുളഴിക്കുന്നതിലാണ് പത്രക്കാര്‍ക്ക് താല്പര്യം. ഭീകരവാദം എന്ന വാക്കിന്റെ കട്ടികൂടിയ മറ അവരെ എല്ലാ അന്വേഷണങ്ങളില്‍ നിന്നും നീതിബോധത്തില്‍ നിന്നും അകറ്റിക്കളയുന്നു. തികച്ചും വിശ്വാസ്യമായ ഒരു കള്ളക്കഥയുടെ സുരക്ഷിതത്വത്തില്‍ അവര്‍ സംതൃപ്തരാണ്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെല്ലാം അങ്ങേയറ്റം ഒഴിവാക്കാനാവാത്തതാണെന്ന ധാരണകൂടി ഇവിടെ അടിയുറപ്പിക്കപ്പെടുകയാണ്.
സത്യം എന്നതിനെക്കുറിച്ച് കവി ഇവിടെ വേറിട്ടൊരു ഭാഷ്യം മുന്നോട്ടുവെയ്ക്കുകയാണ്. മരണത്തിനും  മൃതദേഹങ്ങള്‍ക്കുമാണ്, ജീവിതത്തേക്കാള്‍ ജീവിച്ചിരിക്കുന്നവരേക്കാള്‍ സത്യവുമായി ചാര്‍ച്ചയുള്ളതെന്നു കവി പറയുന്നു. സത്യവും നുണയും,  ജീവനും മരണവും എന്നീ ദ്വന്ദങ്ങള്‍ക്കകത്താണ്  കവി തന്റെ ദര്‍ശനത്തെ വിന്യസിക്കുന്നത്. മറ്റൊരു രീതിയില്‍ മരണസര്‍ട്ടിഫിക്കറ്റിലൂടെ ആനന്ദ് അവതരിപ്പിക്കുന്ന കാഴ്ച്ചക്കു സമാനമാണത്.

'മൃതദേഹങ്ങള്‍ കളവു പറയാറില്ല
ഞങ്ങളാണ് സത്യം.
…..
ജീവനറ്റു പോയ കിടപ്പിനെ
പലവട്ടം അപമാനിച്ചാലും
രാത്രി
കളവില്ലാത്ത കണ്ണാടികളില്‍ ഞങ്ങളുടെ ചോര
നിശ്ശബ്ദമായി തെളിഞ്ഞുവരും'

ഏറ്റുമുട്ടലുകളൊക്കെയും കൊലപാതകത്തില്‍ കലാശിക്കുമെന്നുകൂടി നാം കണ്ണടച്ചു വിശ്വസിക്കണം. അഥവാ അവര്‍ക്ക് ഭീകരവാദികളുമായി ബന്ധമുണ്ടെന്നുവന്നാല്‍ തന്നെ വിചാരണയോ തെളിവോ കൂടാതെ അവരുടെ ജീവനെടുക്കാന്‍ പോലീസിന് എന്താണധികാരം? ടാഡാ, പോട്ടാ, യു.എ.പി.എ തുടങ്ങിയ നിയമങ്ങള്‍ പോലും ഒരു പോലീസിനും ആളെക്കൊല്ലാനുള്ള ഔദ്യോഗികമായ അനുവാദം നല്‍കുന്നില്ല. എന്നിട്ടും അതു സംഭവിക്കുന്നത് കടുത്ത ധാര്‍ഷ്ട്യവും സേച്ഛാധിപത്യവുമല്ലെങ്കില്‍ മറ്റെന്താണ്?

യാദൃച്ഛികമാണെങ്കില്‍കൂടി ഊഴം എന്ന കവിത പ്രസിദ്ധീകരിച്ച അതേ ദിവസം ജൂലൈ 11ന് അരങ്ങേറിയ മറ്റൊരു മനുഷ്യക്കുരുതി ഈ പ്രശ്‌നത്തിന്റെ സങ്കീര്‍ണ്ണമായ മറ്റുചില വശങ്ങളിലേക്കുകൂടി വെളിച്ചം വീശുന്നു. സംഭവം ഇതാണ്. മണിപ്പൂരിലെ ഗ്രാമത്തില്‍ സ്വന്തം വീട്ടില്‍ ഉറങ്ങിക്കിടന്ന മുപ്പതുകാരിയായ മനോരമാദേവിയെ ആസ്സാം റൈഫിള്‍സിലെ പോലീസുകാര്‍ വീട്ടില്‍ചെന്ന് മര്‍ദ്ദിച്ച് അവശയാക്കി. വീട്ടുകാരുടെ മുമ്പില്‍ വെച്ച് കയ്യും കാലും കെട്ടി അവരെ കസ്റ്റഡിയിലെടിത്തു. തൊട്ടടുത്തദിവസം തന്നെ സമീപത്തുള്ള ഗ്രാമത്തില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട മനോരമയുടെ ജഡം കണ്ടെടുത്തു. കൊല്ലപ്പെട്ട മനോരമ ഒരു ഭീകരവാദിയാണെന്നായിരുന്നു പോലീസിന്റെ ഭാഷ്യം. നിരോധിക്കപ്പെട്ട സംഘടനയിലെ അംഗം! ഇതിനെതിരെ മണിപ്പൂരില്‍ ഒരു കൂട്ടം മധ്യവയസ്‌ക്കരായ സ്ത്രീകള്‍ പൂര്‍ണ്ണനഗ്നരായി ആസ്സാം റൈഫിള്‍സിലേക്ക് ഇരച്ചുകയറി പ്രതിഷേധം നടത്തി. സര്‍ക്കാര്‍ അനങ്ങിയില്ല. പ്രതിഷേധത്തിന്റെ മുഖം കൂടുതല്‍ ശക്തമായി്. ഗവണ്‍മെന്റിന്റെ ഭീഷണിയെ വകവെക്കാതെ സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിട്ടുകൊണ്ട് മുപ്പതോളം സംഘടനകള്‍ ഒന്നിച്ചുനിന്ന് തങ്ങളുടെമേല്‍ അടിച്ചേല്പിക്കപ്പെട്ട പ്രത്യേകനിയമ (അൃാലറ എീൃരല ൈടുലരശമഹ ജീംലൃ അര േ1958)ത്തിനെതിരായി സമരം ചെയ്യുകയുണ്ടായി.

നാഗാലാന്റിലും, ആസ്സാമിലും മണിപ്പൂരിലും പ്രാബല്യത്തിലുള്ള ഈ നിയമമനുസരിച്ച് സുരക്ഷാപോലീസിന് അറസ്റ്റുവാറണ്ട് കൂടാതെ ഒരു പ്രദേശത്തുചെന്ന് ആരെ വേണമെങ്കിലും സെര്‍ച്ചുചെയ്ത് വെടിവെക്കാം. അയാള്‍ക്ക് ഒരന്വേഷണത്തിന്റെ മുന്നിലും ഹാജരാകാതെയുള്ള നിയമപരിരക്ഷ പോലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുകയും ചെയ്യുന്നു. മണിപ്പൂരിലെ പുതിയ പ്രക്ഷോഭങ്ങളുടെ സാഹചര്യത്തില്‍ കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സൈനികര്‍ ഹാജരായില്ല എന്നു പത്രറിപ്പോര്‍ട്ടുകളില്‍ പറയുന്നു. വര്‍ഷങ്ങളായി മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഈ നിയമം തങ്ങളുടെ സംസ്ഥാനത്തു നിന്നും നീക്കം ചെയ്യാനാവശ്യപ്പെട്ട് സമരം ചെയ്യുന്നു. ക്വിറ്റ് ഇന്ത്യാ സമരം അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് 1942ല്‍ ഉണ്ടാക്കിയ അൃാലറ ളീൃരല െുെലരശമഹ ുീംലൃ ീൃറശിമിരല ന്റെ ചുവടുപിടിച്ചുകൊണ്ട് രൂപപ്പെടുത്തിയതാണ് അഎടജഅ 1958 (അൃാലറ ളീൃരല െുെലരശമഹ ുീംലൃ അര േ1958) ബ്രിട്ടീഷുകാര്‍ എങ്ങനെ ഇന്ത്യക്കാരെ കണ്ടുവോ അത്രതന്നെ വെറുപ്പോടെയും ഭയത്തോടെയും നമ്മുടെ സര്‍ക്കാര്‍ ഇന്ത്യന്‍ ജനതയെ നോക്കിക്കാണുന്നു എന്നാണിതിനര്‍ത്ഥം.

പ്രാന്തവല്‍കൃതദേശീയതക്കെതിരായ അഖണ്ഡതാവാദവും പോര്‍വിളിയുമാണ് ഈ നിയമത്തിന്റെ മറവില്‍ നടക്കുന്നത്. അതിന്റെ ഇരകളാണ് ഇസ്രത്തും, മനോരമയുമെല്ലാം. 1950കള്‍ മുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത്തരം രണ്ടായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുണ്ട്. ജമ്മു-കാശ്മീരിന്റെ വിവിധ മേഖലകളില്‍ നിന്നും ആയിരക്കണക്കിനു യുവതീയുവാക്കളെ കാണാതായിക്കൊണ്ടിരിക്കുന്നു.

ഭീകരതാവിരുദ്ധവാദത്തിന്റെ മറവില്‍ നടക്കുന്ന ഈ നരനായാട്ട് തികച്ചും ആസൂത്രിതമായ ഒരു രാഷ്ട്രീയസംവിധാനത്തിന്റെ ഭാഗമാണെന്നു കാണാന്‍ വിഷമമില്ല. കോടതിയും ഒട്ടും മോശമല്ല. നാഗാലാന്റ് പീപ്പിള്‍സ് മൂവ്‌മെന്റും ഇന്ത്യന്‍ യൂണിയനും തമ്മിലുണ്ടായ കേസിലിടപെട്ടുകൊണ്ട് 1997-ല്‍ സുപ്രീകോടതി പ്രസ്താവിച്ച വിധി അഎടജഅക്ക് തികച്ചും അനുകൂലമായിരുന്നു. വ്യത്യത്യസ്തതകളെയും ന്യൂനപക്ഷങ്ങളെയും അമര്‍ച്ച ചെയ്തുകൊണ്ടുള്ള ഒരു മൗലികവാദം. അതിന്റെ കയ്യൂക്കും 'ഗ്വോ ഗ്വോ' വിളികളും നമ്മുടെ സ്വച്ഛതയ്ക്കുമേല്‍ നിഴല്‍ വീഴ്ത്തിക്കൊണ്ട് തൊട്ടടുത്തുതന്നെയിരിപ്പുണ്ട്. ആ ഇരിപ്പുകണ്ടാല്‍ നമുക്കു കാവലിരിക്കുകയാണെന്നേ തോന്നൂ. എന്തുകൊണ്ട് ഹിന്ദു ഐക്യവേദിയെപ്പോലുള്ള ഒരു സംഘടനയ്ക്ക് ഈ ഭീഷണി നടത്താന്‍ കഴിയുന്നു? ഇവിടെ പ്രതിക്കൂട്ടില്‍ വിചാരണ ചെയ്യപ്പെടേണ്ടത് കുമ്മനം രാജശേഖരന്‍ മാത്രമല്ല, മതദേശീയ ന്യൂനപക്ഷങ്ങളുടെ നേരെയുള്ള ജനാധിപത്യധ്വംസനങ്ങളോട് നിരുത്തരവാദപരമായി പ്രതികരിച്ച വലത് - ഇടതുപക്ഷ ബുദ്ധിജീവികള്‍കൂടിയാണ്. ക്രിസ്തുവിന്റെ ആറാം തിരുമുറിവിനോടും (പി.എ.ആന്റണി), നാടുഗദ്ദിക (കെ.ജെ.ബേബി)യോടുമുള്ള ഇടതുവലതുഭരണകൂടങ്ങളുടെ സമീപനങ്ങള്‍ മറക്കാന്‍ സമയമായിട്ടില്ല. ഇത്തരം അവസരവാദപരമായ നിലപാടുകളുടെ സൃഷ്ടിയും തുടര്‍ച്ചയുമാണ് വിജയലക്ഷ്മിയ്ക്കും കവിതയ്ക്കുമെതിരായി നടക്കുന്ന പ്രതികരണങ്ങള്‍.
'ഉറങ്ങാതിരിക്കുക
പുലരുന്നത് നിങ്ങളുടെ ഊഴം'

എന്ന ഒടുവിലത്തെ വരി ഭാവിയിലെ അനുഭവസത്യമായി നാം  അപകടകരമായ ഇക്കാലത്ത് തിരിച്ചറിയുന്നു. ഒപ്പം ജനാധിപത്യത്തിലേക്കുള്ള കാവല്‍ ഏറ്റവും അടിത്തട്ടില്‍ അപരത്തെ മനസ്സിലാക്കലും പരസ്പരവിനിമയവും കരുതലുമാണ് എന്ന വൈകാരികപാഠം ബാലാമണിയമ്മയെപ്പോലെ, എന്‍.വി.യെയും മറ്റു പലരെയും പോലെ , കവി ഉറപ്പിക്കുന്നു. തടവറക്കവിതകളുടെയും വെട്ടുവഴിക്കവിതകളുടെയും ഒക്കെ നൈതികപാരമ്പര്യത്തിലേക്ക് ഊഴവും സ്വയം കണ്ണിചേരുന്നു. കവിത ആത്യന്തികമായി മനുഷ്യകഥാനുഗാനം തന്നെയെന്ന് തിരിച്ചറിയുന്നു.

(സച്ചിദാനന്ദന്‍ എഡിറ്റ് ചെയ്ത് ഡി.സി.ബുക്‌സ് നവംബര്‍ 2015 ല്‍ പ്രസിദ്ധീകരിച്ച ഇന്ത്യ ഫാസിസത്തിലേക്ക് എന്ന പുസ്തകത്തില്‍ ഉള്‍പ്പെട്ട ലേഖനം -2004 ആഗസ്ത് കവിതാസംഗമം മാസികയില്‍ പ്രസിദ്ധീകരിച്ച കുറിപ്പിനെ പരിഷ്‌ക്കരിച്ചത് )









No comments: