Tuesday, November 26, 2013

അടച്ചിട്ട അലമുറകള്‍

വിടെപ്പോകുമ്പോഴും 




വിടെപ്പോകുമ്പോഴും














എവിടെ പോകുമ്പോഴും ഞാൻ എൻറെ
 പ്രവാസത്തെ കൂടെകൊണ്ടു പോകുന്നു എന്നു പാലസ്തീനിയന്‍ കവി ദര്‍വെഷ് എഴുതിയിട്ടുണ്ട്. ചരിത്രപരമായി സ്ത്രീയുടെ അവസ്ഥയും അതു തന്നെയല്ലേ? എവിടേയായിരിക്കുമ്പോഴും അവള്‍ തന്റെ അടിസ്ഥാന പ്രതിസന്ധകളെയും  ചുമന്നുകൊണ്ടു നടക്കുന്നു. കീഴായ്മയുടെയും കലഹത്തിന്റെയും പ്രതിസന്ധികള്‍,ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍..നാടുകടത്തലും ചെറുത്തുനില്പും അവള്‍ ഓരോ നിമിഷവും അനുഭവിക്കുന്നു. സ്വന്തം ഇടത്തിലായിരിക്കുമ്പോഴും അനുഭവിക്കുന്ന അന്യവത്കരണം തന്നെയല്ലേ സ്ത്രീയുടെ ഭാഷയെ സവിശേഷമാക്കുന്നത്? അകത്തേക്കും പുറത്തേക്കും സഞ്ചരിക്കുന്ന ഒന്നായി സ്ത്രീഭാഷ മാറുന്നു. പ്രത്യേകിച്ചും സ്ത്രീകള്‍ വ്യവഹരിക്കുന്ന രചനാരൂപങ്ങളില്‍ വൈയക്തികത ഏറിനില്‍ക്കുന്നതായും നാം കാണുന്നു. ആത്മകഥകള്‍, ഡയറികള്‍, കത്തുകള്‍, കുമ്പസാരക്കവിതകള്‍ തുടങ്ങിയ വൈയക്തിക രചനാരൂപങ്ങളുടെ പശ്ചാത്തലത്തില്‍ അവ ഇപ്രകാരം ഒരേസമയം അകത്തേക്കും പുറത്തേക്കും പകരുന്നു. കലയും ജീവിതവും തമ്മിലുള്ള അകലമില്ലായ്മ, എഴുത്തും ജീവിതവും തമ്മിലുള്ള അകലമില്ലായ്മ ഒരു പടികൂടി കടന്ന് ഭാഷയും ജീവിതവും ഭാഷയും ഭാഷണവും തമ്മിലുള്ള അകലമില്ലായ്മയായി നാമനുഭവിക്കുന്നു. ഇത് എല്ലാ സ്ത്രീകളിലും ഒരേപോലെ എന്ന് സാമാന്യവത്കരിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്യുന്നത് സത്താവാദപരമായ പിടിവാശിയായിരിക്കാം. അത് ശരിയുമല്ല.
എന്നാല്‍ മലയാളത്തില്‍ മാധവിക്കുട്ടിയുടെ രചനകളുടെ സ്വഭാവം അകം/പുറം എന്ന ഈ രണ്ടവസ്ഥകളെയും ഒരുപോലെ വെളിവാക്കുന്നവയാണ്. ഒരു തടവുപുള്ളി തടവറയിലിരുന്ന് ഒരു തുരങ്കം നിര്‍മിക്കുന്നതുപോലെയാണ് എഴുത്ത് എന്നവര്‍ പറഞ്ഞു. എഴുത്തിന്റെ രഹസ്യാത്മകതയും അന്തര്‍മുഖത്വവും ധ്വനിപരതയും ഒപ്പം ഭാഷണത്തിന്റെ ഉച്ചസ്ഥായികളും തുറസ്സുകളും മറ്റനേകം ഭാഷാഭേദങ്ങളും അവരുടെ എഴുത്തിലുണ്ട്. എങ്കിലും ആധുനിക അസ്തിത്വവാദിയായ ഏകാകിയുടെ ഭാഷയുടെ മൂശയിലാണ് മലയാളനിരൂപണം അവരെ കണ്ടത്. എന്നാല്‍ ഈ ഏകമാനത്തില്‍ അവരെ തളയ്ക്കാനാവില്ല. ബഹുവചന രൂപമാണവരുടെ എഴുത്ത്. ബഹുസ്വരാത്മകത, ബഹുഭാഷണാത്മകത അതിനു സഹജം. ''ഞാന്‍ മൂന്നു ഭാഷകള്‍ സംസാരിക്കുന്നു, രണ്ടു ഭാഷയില്‍ എഴുതുന്നു, ഒരു ഭാഷയില്‍ സ്വപ്നം കാണുന്നു'' എന്നവര്‍ പറയുന്നുണ്ട്. സ്വപ്നഭാഷയില്‍ നിന്ന്, അതിന്റെ ഏകധാരാഗതിയില്‍ നിന്നും വ്യത്യസ്തമാണ് വാമൊഴിഭാഷയില്‍ അവര്‍ തീര്‍ത്ത വേറിട്ട ഇടങ്ങള്‍. 

കഥപറച്ചില്‍ സ്ത്രീകള്‍ക്ക് വളരെ സഹജമായ ഒന്നാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കഥപറച്ചിലിന്റെ കല ഇന്ന് അന്യം നിന്നു പോയിരിക്കുന്നുവെന്ന് ബെഞ്ചമിന്‍ 'ദി സ്റ്റോറി ടെല്ലറി'ല്‍ പറയുന്നു. എന്നാല്‍  തങ്ങളുടെ ജീവിതത്തെ മറ്റുള്ളവര്‍ക്കു മുന്നില്‍ തുറന്നിടാന്‍ സ്ത്രീകള്‍ മടിക്കാറില്ല. ഏഷണിയെന്നും അടുക്കളവര്‍ത്തമാനമെന്നും സ്ത്രീകളുടെ സംസാരത്തെ പൊതുവെ പരിഹസിക്കാറുണ്ട്. എന്നാല്‍ അന്യരെക്കുറിച്ചുള്ള പറച്ചിലിലൂടെ തങ്ങളുടെ തന്നെ ദൈന്യത്തെയും പ്രതിസന്ധികളെയും മറികടക്കുന്ന ഒരു വികാരവിരേചനം ഇവിടെ നടക്കുന്നു. കഥപറഞ്ഞു മരണത്തെ അതിജീവിച്ച ഷെഹ്‌റസാദും ഒരു സ്ത്രീ. നമുക്ക് മുത്തശ്ശന്‍ കഥകളേക്കാള്‍ മുത്തശ്ശിക്കഥകളാണുള്ളത്.
അനുഭവത്തിന്റെ പച്ചക്കുത്തുകള്‍
എന്താണീ ഭാഷകളില്‍ പൊതുവായി ഉള്ളത്? കേള്‍ക്കുന്നയാളുടെ വികാരസ്പന്ദനങ്ങളുടെ ഉറവകളെയും ഒഴുക്കിനെയും രോധത്തെയും പൂര്‍ണമായും സ്പര്‍ശിക്കാനും നിയന്ത്രിക്കാനും കഴിയുന്ന മാന്ത്രികമായ ഒരു താദാത്മ്യസ്വഭാവം ഇവിടെയുണ്ട്. ഭാഷയും ഭാഷണവും ഒന്നായി കലര്‍ന്നും ചേര്‍ന്നും ഈ കഥകളില്‍ കാണുന്നത് അങ്ങനെയാവാം. അമ്മയുമായി ചേര്‍ന്നിരിക്കുന്ന അനുഭവം, ഒരു തന്മയീഭാവം ഇവിടെയുണ്ട്. ഭാഷ ലഭിക്കുന്നതിനുമുമ്പുള്ള ആ താദാത്മ്യത്തെ വീണ്ടും ഉണര്‍ത്തിയെടുക്കാന്‍ ഇത്തരം എഴുത്തുകള്‍ ശ്രമിക്കുന്നു. അമ്മ നഷ്ടപ്പെടുമോ എന്ന ശൈശവഭീതിക്കു സമാനമായ ഒരു ഭയം അവരെ വേട്ടയാടുന്നുവെന്ന് മനശ്ശാസ്ത്രനിരൂപകര്‍ പറയുന്നു. അതുകൊണ്ട് ഭാഷയെ അനുഭവത്തിന്റെ തൊട്ടടുത്തു വെക്കാനവര്‍ ഇഷ്ടപ്പെടുന്നു. അതവരെ വാമൊഴിയില്‍ പിടിച്ചുനിര്‍ത്തുന്നു. വാമൊഴിയില്‍ നിന്ന് വരമൊഴിയിലേക്കുള്ളതുപോലെ, അനുഭവത്തില്‍ നിന്ന് അതിന്റെ 'പച്ചക്കുത്തു'ള്ള ഒരിടത്തുനിന്നും ഈ വരമൊഴി പിറക്കുന്നു.
പേഷ്യന്‍സ് അഗ്ബാബി എന്ന വാമൊഴിക്കവിയെക്കുറിച്ചു (word poet) വായിച്ചതോര്‍ക്കുന്നു. അവര്‍ ഭാഷയുടെ താളം, ശബ്ദം, പ്രാദേശിക ഭേദങ്ങള്‍, സ്വനിമസാധ്യതകള്‍ ഒക്കെ ധാരാളമായി വിന്യസിച്ചുകൊണ്ടാണെഴുതുന്നത്. കുഞ്ഞനുജന് കൊച്ചേച്ചി കഥപറഞ്ഞു കൊടുക്കുന്ന താളത്തിലെഴുതിയ പൂതപ്പാട്ട് വാമൊഴിയുടെ താദാത്മ്യസ്വഭാവം കാട്ടിത്തരുന്നു.
മാതൃഭാഷയെന്ന പരികല്‍പ്പനയില്‍ത്തന്നെ ഈ താദാത്മ്യം അലിഞ്ഞുചേര്‍ന്നിരിക്കുന്നു. ഭാഷയ്ക്കകത്തേക്കു കൈപിടിച്ചു നയിക്കല്‍, ഇണക്കിയെടുക്കല്‍ ഇവിടെ നടക്കുന്നു. പരമ്പരാഗതമായിത്തന്നെ ഭാഷയെ അടുത്ത തലമുറയിലേക്ക് കൈമാറുന്നതില്‍ സ്ത്രീകള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.
സ്ത്രീയുടെ ഭാഷയില്‍ ആധികാരികതയുള്ള ഒരു ഭാഷകകേന്ദ്രം പ്രവര്‍ത്തിക്കുന്നില്ലെന്നു പറയാറുണ്ട്. പൂര്‍ണമായും രൂപപ്പെട്ടു കഴിഞ്ഞിട്ടില്ലാത്ത ഒരു കര്‍ത്തൃത്വമാകാനാണ് സ്ത്രീയുടെ അനുഭവങ്ങള്‍ അവളെ നിര്‍ബന്ധിക്കുന്നത്. 

സ്ത്രീകള്‍ക്ക് സമൂഹത്തിലുള്ള ധര്‍മം തന്നെ നിഷേധാത്മകമാണെന്ന് ക്രിസ്റ്റേവയെപ്പോലുള്ളവര്‍ പറയുന്നു. വര്‍ത്തമാന സമൂഹത്തില്‍ അന്തിമവും പൂര്‍ണവുമായ എല്ലാറ്റിനെയും നിഷേധിക്കുകയാണവളുടെ ധര്‍മം. അങ്ങനയവള്‍ തികച്ചും സ്വാഭാവികമായി വ്യവസ്ഥയുടെ നിയമങ്ങളെ തകര്‍ക്കുന്നു. 'മാഡ് വുമണ്‍ ഇന്‍ ദി ആറ്റിക്' എന്ന ഗ്രന്ഥമെഴുതിയ സൂസന്‍ ഗുബാറും സാന്ദ്രാഗില്‍ബെര്‍ട്ടും ഇതുതന്നെയാണുദ്ദേശിക്കുന്നത്. സ്ത്രീവിരുദ്ധമായ ഈ സമൂഹത്തില്‍ കഴിയേണ്ടിവരുന്ന ഒരുവള്‍ക്ക് ഭ്രാന്തുണ്ടായേ കഴിയൂ!
രൂപമില്ലാത്തതും എല്ലായിടത്തും വ്യാപിച്ചുകിടക്കുന്നതുമായ സ്‌ത്രൈണ ലൈംഗികതയ്ക്കു സമാനമാണ് സ്‌ത്രൈണഭാഷയെന്ന് ലൂസി ഇറിഗറെ പറയുന്നു. ഒന്നിനെയും ചിറകെട്ടി നിര്‍ത്തലല്ല, തുറന്നു വിടലാണത് എന്നവര്‍ പറയുന്നു. ആ തുറന്നുവിടല്‍ പല ഭിത്തികളെയും ഭേദിച്ച് സംരക്ഷിക്കപ്പെട്ട ഇടങ്ങളെ തകര്‍ത്ത് പരന്നൊഴുകലിനു കാരണമായേക്കും. മാമൂലുകള്‍ മൂല്യങ്ങളില്‍ എന്നതുപോലെതന്നെ ഭാഷയുടെ അടിസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്നതിനാല്‍ ഇത് അനിവാര്യവുമാണ്. ഭാഷയിലെ വരേണ്യവും സുരക്ഷിതവുമായ മേഖലകളെ പലപ്പോഴായി സ്ത്രീകള്‍ തങ്ങളുടെ എഴുത്തുകൊണ്ട് തകര്‍ത്തെറിഞ്ഞിട്ടുണ്ട്.
അനിതാ തമ്പിയുടെ 'പ്രേതം' എന്ന കവിത നോക്കൂ...
''അന്നോളം പിറന്ന പെണ്ണുങ്ങളത്രയും
മുഖം മിനുക്കി
മുടിക്കെട്ടില്‍ പൂചൂടി
ആടിക്കുഴഞ്ഞ് വഴിനിറഞ്ഞ്
പ്രചണ്ഡമഹാഭോഗത്തിലേക്ക് ക്ഷണിക്കുന്നതുകണ്ട്
അന്തം വിട്ടുണര്‍ന്ന്,
എണ്ണമറ്റ ചുണ്ടുകളഉം മുലകളും അടിവായകളും വിട്ട്
കുതിച്ചുവന്ന നിലകിട്ടാനീറ്റില്‍
പൊങ്ങിത്താണ്...''
സ്ത്രീയുടെ മൊഴിക്കൊള്ളകള്‍
വിധ്വംസകവും വിഭ്രാത്മകവുമായിമാറുന്ന പദകോശങ്ങളുടെ നിര നാമിവിടെ കാണുന്നു. അമേരിക്കന്‍ സ്ത്രീകവിതയെക്കുറിച്ചു പഠിച്ച അലീഷ്യാ ഓസ്ട്രിക്കര്‍ അവതരിപ്പിക്കുന്ന മൊഴിക്കൊള്ള എന്ന ആശയത്തോടു ബന്ധിപ്പിക്കാം ഈ അവസ്ഥയെ. പുതിയൊരു ഭാഷ പണിതെടുക്കുന്നതിനേക്കാള്‍ നിലനില്‍ക്കുന്ന ഭാഷയിലെ സംരക്ഷിത പ്രദേശങ്ങളെ ആക്രമിച്ചു കൊള്ളയടിക്കാനാണ് പെണ്‍കവികള്‍ ശ്രമിക്കുന്നതെന്നവര്‍ കണ്ടെത്തുന്നു. പരമ്പരാഗത ചിഹ്നങ്ങളെ ഈ പ്രകൃതിയിലൂടെ മാറ്റിയെടുക്കുകയും ചെയ്യുന്നു. പൂവ്, വെള്ളം, ഭൂമി തുടങ്ങിയവയുടെ സ്ത്രീലിംഗസ്വഭാവം നിലനിര്‍ത്തിക്കൊണ്ടുതന്നെ പൂവിനെ നശ്വരതയ്ക്കു പകരം ശക്തിയുടെയും വെള്ളത്തെ മരണത്തിനു പകരം സുരക്ഷിതത്വത്തിന്റെയും പ്രതീകമാക്കുന്നു. ഭൂമിയെ നിഷ്‌ക്രിയമായ ഉര്‍വരതയ്ക്കു പകരം സര്‍ഗാത്മകമായ ഭാവനയുടെ പ്രതീകമാക്കുന്നു. (സച്ചിദാനന്ദന്‍: സ്ത്രീ, സ്വത്വം, സമൂഹം: മാധവിക്കുട്ടി പഠനങ്ങള്‍ എഡി: ഇ.വി. രാമകൃഷ്ണന്‍)

ഈ മൊഴിക്കൊള്ള സ്ത്രീകള്‍ക്കു നേരെ പുരുഷന്മാര്‍ പ്രയോഗിക്കുന്ന ലൈംഗികച്ചുവയുള്ള കമന്റടികളില്‍ കാണാം. പലവാക്കുകളുടെയും യഥാര്‍ഥ അര്‍ഥം വേറൊന്നായിരിക്കുകയും സവിശേഷ  സന്ദര്‍ഭത്തില്‍ ലൈംഗികപ്രക്രിയയുടെ അര്‍ഥം ഉണ്ടാവുകയും ചെയ്യുന്നു. ചവിട്ടുക, പണിയുക, ഓടിക്കുക എന്നിങ്ങനെ സ്ത്രീകളെക്കുറിച്ചു പറയുന്ന പല വാക്കുകളിലും ഇതുണ്ട്. 'മാവേലിമന്റ'ത്തില്‍ ജന്മി അടിയാന്മാരോട് 'ചവിട്ടുന്ന ഒച്ച ഇവിടെ കേള്‍ക്കണം' എന്നു കല്‍പ്പിക്കുന്നുണ്ട്. മോഹന്‍ലാല്‍ കഥാപാത്രം ആറാം തമ്പുരാന്‍ എന്ന സിനിമയില്‍ ഒരു സ്ത്രീ കഥാപാത്രത്തെ ഡ്രൈവിങ് സ്‌കൂള്‍ എന്നി വിശേഷിപ്പിക്കുന്നതോര്‍ക്കുക. സ്ത്രീകളുടെ കീഴായ്മയെയും കര്‍ത്തൃത്വത്തെയും സ്ഥിരീകരിക്കുന്നതിനാല്‍ ഈ മൊഴിക്കൊള്ളയെ നാം ഗുണപരമായി കാണുന്നില്ല. സ്ത്രീകള്‍ക്ക് ഇത്തരം മൊഴിക്കൊള്ളയില്‍ പങ്കില്ലാത്തതുകൊണ്ട് അവര്‍ക്കത് അന്യമായതിനാല്‍ പുരുഷന്‍ ആഹ്ളാദിക്കുന്നു ( പലപ്പോഴും കമന്റടികള്‍ പലപ്പോഴും അവ്യക്തമായാണു സ്ത്രീകള്‍ കേള്‍ക്കാറ്).  പുരുഷനു മാത്രമാണവിടെ ഭാഷണത്തിൻറെ കര്‍ത്തൃത്വം. വെടി, വണ്ടി, തുള, ചരക്ക് എന്നിങ്ങനെ ഏതൊരു വാക്കിനെയും ലൈംഗികപ്രക്രിയയുമായി ബന്ധപ്പെടുത്തി ഭാഷയെ penetrating ആക്കി മാറ്റുകയാണീ മൊഴിക്കൊള്ള. സ്ത്രീയുടെ ഏതൊരു അവയവത്തെയും ലൈംഗികമായി കാണുന്നതിനു സമാനമാണിത്.
അസ്ഥിരീകരിക്കുക
എന്നാല്‍ സ്ത്രീകള്‍ സ്വയം നടത്തിക്കൊണ്ടു മുന്നേറുന്ന മൊഴിക്കൊള്ളയുടെ സന്ദര്‍ഭങ്ങള്‍ വിധ്വംസകമാണ്. ഉദാ: കൊടുങ്ങല്ലൂര്‍ ഭരണിയില്‍ സ്ത്രീകളുടെ ലൈംഗികാവയവങ്ങളെക്കുറിച്ച് അവര്‍ തന്നെ ഉറക്കെ പാടുന്നു. സ്ലട്ട് വാക്കിലും സംഭവിച്ചത് ഇതാണ്. ലിംഗപദവിയിലെ കീഴായ്മയെ തുടര്‍ച്ചയായി അനുനിമിഷം അസ്ഥിരീകരിക്കുകയെന്ന രാഷ്ട്രീയപ്രക്രിയയാണിത്. ഏതെങ്കിലും ഒരു പദവിയില്‍ തളഞ്ഞു കിടക്കുന്നതിനുപകരം വ്യത്യസ്തയിടങ്ങളില്‍ നുഴഞ്ഞുകയറിയും പടര്‍ന്നു പന്തലിച്ചും നിലയുറപ്പിക്കുകയും സ്വയം അട്ടിമറിക്കുകയും ചെയ്യാന്‍ ഈ സന്ദര്‍ഭങ്ങള്‍ക്കു കഴിയുന്നു. മണിപ്പൂരിലെ ആസാം റൈഫിള്‍സിനു മുന്നില്‍ പോരാളികളായ സ്ത്രീകളും മഹാശ്വേതാദേവിയുടെ 'ദ്രൗപതി'യും നഗ്നതകൊണ്ട് ചെയ്തത് അതാണ്. തുണിയഴിച്ച് അപമാനിക്കാനും വേദനിപ്പിക്കാനും മാത്രമേ പുരുഷാധിപത്യത്തിനു കഴിയൂ. തുണിയുടുപ്പിക്കാന്‍ കഴിയില്ല!
മാനഭംഗം ആര്‍ക്ക്?
ദില്ലിയിലെ ബലാല്‍സംഗത്തിനു ശേഷം മാധ്യമങ്ങളില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെട്ട ഒരു വാക്ക് മാനഭംഗം എന്നതായിരുന്നു. ബലാല്‍സംഗം എന്ന വാക്ക് എപ്പോഴോ അട്ടിമറിക്കപ്പെട്ടിരുന്നു. ഇതു തികച്ചും യാദൃച്ഛികമല്ല. ഏകപക്ഷീയമായ, സ്ത്രീയുടെ മാത്രം സദാചാരസൂചനയുള്ള ഈ വാക്ക് നാം തള്ളിക്കളയേണ്ടിയിരിക്കുന്നു. ലൈംഗിക അതിക്രമങ്ങള്‍ എന്ന വാക്കാണ്  പല സ്ത്രീപക്ഷ ചിന്തകരും ഉപയോഗിക്കുന്നത്. പീഡനം എന്ന വാക്ക് മിമിക്രിക്കാരും കോമഡി പ്രവര്‍ത്തകരും തമാശയാക്കി ആസ്വദിക്കുന്നതും നാം കാണുന്നു. ബലാല്‍സംഗം എന്ന വാക്കിലടങ്ങിയ സമ്മതമില്ലാതെയുള്ള കടന്നുകയറലും ആക്രമണവും വേദനയും മാനഭംഗം, പീഡനം തുടങ്ങിയ വാക്കുകളിലില്ല. ജസ്റ്റിസ് വര്‍മ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശാരീരികമായ വേദനയെക്കുറിച്ച് സൂക്ഷ്മാര്‍ഥത്തിലുള്ള പരാമര്‍ശങ്ങള്‍ കടന്നുവരുന്നതിനാലാണത് സ്ത്രീപക്ഷമാകുന്നത്. ഇരുമ്പുദണ്ഡ് ശരീരത്തില്‍ കയറിയിറങ്ങുന്നതിന്റെ വേദനയെ പുരുഷലിംഗം സൃഷ്ടിക്കുന്ന വേദനയുമായത് താരതമ്യം ചെയ്യുന്നു.
ബലാല്‍സംഗത്തിനു വിധേയയായ സ്ത്രീയെ ഇരയെന്നു വിളിക്കുന്നതിനു പകരം ഇംഗ്ലീഷില്‍ surviver എന്നു വിശേഷിപ്പിക്കുന്നു. നമുക്കതിനു തത്തുല്യമായ പദം ഉപയോഗത്തിലില്ല. പോരാളി എന്ന വാക്കില്‍ നാം സ്ത്രീയെ കാണുമോ? ദില്ലിയിലെ പെണ്‍കുട്ടിയെ ദാമിനി, ജ്യോതി എന്നൊക്കെ വിളിച്ചുവെങ്കിലും സ്വന്തം പേരു തന്നെ മറച്ചുവെക്കേണ്ടിവരുന്ന അവസ്ഥയ്ക്കപ്പുറം, നിര്‍ബന്ധമായ ആ നിശ്ശബ്ദതയ്ക്കപ്പുറം എന്തു മനുഷ്യാവകാശലംഘനമാണുള്ളത്?
വാക്കിന്റെ ലിംഗജനാധിപത്യം
ഭാഷയുടെ നീതിവ്യവഹാരം സമൂഹത്തിൻറെ പ്രായോഗികമണ്ഡലത്തിൽ നിന്നു ഭിന്നമല്ല. സമൂഹത്തിന്റെ നന്മതിന്മകളും ചലനാത്മകതയും തന്നെയാണ് ഭാഷയെയും സവിശേഷഘടനയിൽ അങ്ങനെയാക്കിത്തീര്‍ക്കുന്നത് വ്യാജമായ, കൃത്രിമമായ ലിംഗനിരപേക്ഷതകള്‍ അതില്‍ ഫലിക്കാത്തത് അതുകൊണ്ടുതന്നെയാണ്. ഉദാ: മനുഷ്യനും അവന്റെ വംശവും എന്നുതന്നെ നാം പ്രയോഗിക്കുന്നു; അതു ലിംഗനിരപേക്ഷമാണെന്നു സ്ഥാപിച്ചു വെക്കുകയും ചെയ്യുന്നു! ലിംഗസവിശേഷതയെക്കുറിക്കുന്ന തൊഴില്‍പദങ്ങളിലാകട്ടെ അത്തരം സൂചകപദങ്ങള്‍ തൊഴില്‍ശേഷിയുടെ ന്യൂനീകരണമായി ഭവിക്കുകയും ചെയ്യുന്നു. ഉദ: ലേഡി ഡോക്ടര്‍, കവയിത്രി മുതലായ പദങ്ങള്‍.(മലയാളത്തില്‍ ഈ പദം ഉപയോഗിക്കുന്നതിനെച്ചൊല്ലി വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ട്.)     കവയ്ക്കുക എന്നവാക്കിലേക്കുള്ള സമീപസ്ഥത, അതിലെ ലൈഗിക/അശ്ലീലച്ചുവ, അതിലെ കീഴായ്മ എന്നിവ പരോക്ഷമായി ചില സ്ത്രീവിരുദ്ധസന്ദര്‍ഭങ്ങളീല്‍ ആസ്വദിക്കപ്പെടുന്നതിനാല്‍ കവയത്രി എന്ന വാകിന്റെ സാര്‍വത്രികമായ സ്വീകാര്യത സന്ദിഗ്ധമാണ്‍.  കാരണം എഴുത്ത് സ്ത്രീ അനുഭവത്തിന്റെ സവിശേഷസൂചകമായിരിക്കെ, എഴുതുന്നയാളുടെ സ്ത്രീലിംഗസൂചന അതിനെ പൊലിപ്പിക്കുകയും അതിന്റെ ആധികാരികതയെ ഉറപ്പിക്കുകയും ചെയ്യും.  ഭാഷ ചരിത്ര സാഹചര്യ്ങ്ങള്‍ക്കകത്താണ്‍ വളരുകയും വിനിമയം ചെയ്യുകയും  നിലനില്‍ക്കുകയും ചെയ്യ്ന്ന്നത് . അയ്യപ്പപണിക്കര്‍ കവി എന്നു മാത്രം  മതി എന്നു പലപ്പോഴും നിര്‍ക്കഷിച്ചിരുന്നു.)   ഇംഗ്ലീഷില്‍ത്തന്നെ ബാച്ചിലര്‍, സ്പിന്‍സ്റ്റര്‍ എന്നീ വാക്കുകള്‍ തുല്യാവസ്ഥകളക്കുറിക്കുന്നുവെങ്കിലും സ്പിന്‍സ്റ്റര്‍ ഒന്നുകൂടി  അനഭിമതമായി കരുതപ്പെടുന്നു. ഫോർപ്ളേ അഥവാ രതിപൂര്‍വലീല, ലൈംഗികക്രിയ തുടങ്ങിയ വാക്കുകളും പുരുഷന്റെ കര്‍ത്തൃത്വത്തിന്റെ മാത്രം സൂചനകളെയാണ് പ്രക്ഷേപണം ചെയ്യുന്നത്. ഒരുമ്പെടുക എന്നത് സാമാന്യമായി ഉണ്ടാക്കുന്ന അര്‍ഥമല്ല ഒരുമ്പെട്ടവള്‍ എന്ന വാക്കുണ്ടാക്കുന്നത്. ഒതുങ്ങിനില്‍ക്കാത്ത, നേരേനോക്കി കാര്യം പറയുന്ന ഏതൊരു സ്ത്രീയെയും വിശേഷിപ്പിക്കാനതുമതി. പെങ്ങളേ എന്നു നീട്ടിയുള്ള ഒരു വിളി അശ്ലീലമാകുന്നതിന്റെ ധ്വനിയെക്കുറിച്ച് സില്‍വിക്കുട്ടിയുടെ 'ഭൂപടം നിവരുമ്പോള്‍' പറയുന്നു. നിറയെ പൂക്കള്‍ ചിതറിയ ചുരിദാറില്‍ സുഹൃത്ത് നടന്നുപോകുമ്പോള്‍ കേട്ട കമന്റ് 'നല്ല പൂക്കള്‍' എന്നാണ്. എന്നാല്‍ ആ അപരിചിതന്‍ അമര്‍ത്തിയ ശബ്ദത്തില്‍ അതും പറഞ്ഞ് ബൈക്ക് അതിവേഗം ഓടിച്ച് നിഷ്‌ക്രമിക്കുകയാണുണ്ടായത്. ചുരുക്കത്തില്‍ ഏതു വാക്കിനെയും ലൈംഗികമാക്കാന്‍ മലയാളിക്ക് മടിയില്ല. വാക്കുകള്‍ കയ്യാളുകയും വിനിമയം ചെയ്യുന്നതിന്റെയും പുതുക്കുന്നതിന്റെയും ഉത്തരവാദിത്തം ജനകീയവും ജനാധിപത്യപരവുമാകേണ്ടതുണ്ട്.  അടിയന്തരമായി സ്ത്രീപുരുഷ ബന്ധങ്ങളിലുള്ള ജനാധിപത്യത്തിലൂടെയേ ഇതു സാധ്യമാകൂ. അധികാരത്തിന്റെ ബലതന്ത്രങ്ങളെ അതിസൂക്ഷ്മമായി വിചാരണനടത്തുന്ന എരിവും ചൂടുമുള്ള വാക്കുകള്‍ക്കായി നാം കാത്തിരിക്കണം. സാരി എന്ന സാവിത്രി രാജീവന്റെ കവിതയില്‍
''സാരിയല്ല
എന്റെ ഇഷ്ടവേഷം
എന്തെന്നാല്‍
രണ്ട് കാലുകള്‍ ഒന്നാക്കിമാറ്റി
അല്ലെങ്കില്‍
കാലുകള്‍തന്നെ മാറ്റി അതെന്നെ
താമരപ്പൂവിലോ
ഭാരതമധ്യത്തിലോ
പ്രതിഷ്ഠിക്കുന്നു''
എന്നു പറയുന്നു. ഇവിടെ ഭാരതമദ്ധ്യം, താമരപ്പൂവ് തുടങ്ങിയ വാക്കുകളിലെ മൊഴിക്കൊള്ള രാഷ്ട്രീയമാണ് എന്നു പറയേണ്ടതില്ല.
'ടച്ച് മി നോട്ട്' എന്ന ഗിരിജാ പാതേക്കരയുടെ കവിതയിലെ തൊട്ടുപോകരുത് എന്ന ജാഗരൂകമായ താക്കീതിന്റെ സ്വരം കാലം ആവശ്യപ്പെട്ടതുതന്നെ.
തൊഴിലിടങ്ങളാണ് ഭാഷയുടെ ഏറ്റവും ചലനാത്മകമായ പണിശാല. ഗണേശ്‌ദേവി എന്ന തദ്ദേശീയതാവാദ ചിന്തകന്‍ അതിനെക്കുറിച്ച് വിശകലനം ചെയ്തിട്ടുണ്ട്. വ്യവസ്ഥാപിതമായ അര്‍ഥത്തില്‍ സ്ത്രീ തൊഴിലാളിയല്ല. എന്നാല്‍ എല്ലാ തൊഴിലിന്റെയും ആധാരമായ, മൂലാധാരമായ തൊഴിലിടം സ്ത്രീയുടെ പണിശാലയാണ്. ഒരുപക്ഷെ ഒരു ഈറ്റില്ലം അല്ലെങ്കില്‍ അടുക്കള. അവിടെ അവള്‍ അനുഭവങ്ങളെ തൊട്ടും വിളിച്ചും ഉണര്‍ത്തിയെടുക്കുന്ന ഭാഷയ്ക്ക് ജൈവികതയേറും. എച്ച്മുക്കുട്ടിയുടെ കഥകളിലെ മുലമുട്ട് എന്ന വാക്ക് അങ്ങനെയാണുണ്ടാവുന്നത്. പാല്‍ നിറഞ്ഞുവിങ്ങി നിന്ന്, വീര്‍പ്പുമുട്ടുന്ന അനുഭവത്തെക്കുറിച്ചുള്ള ഒരു വാക്കായി അത് ഭാഷയില്‍ പിറവികൊള്ളുന്നു. അനുഭവത്തിന്റെ  തിക്കുമുട്ടല്‍ പുതിയ വാക്കിന്റെ തുമ്പത്തേക്ക് സ്ത്രീയെ എത്തിച്ചേര്‍ക്കുന്നു. ഗീതാഹിരണ്യന്‍ കഥകളില്‍ ഈ വാക്കു തേടല്‍ കാണാം. വെളുത്തവീടന്‍ പ്രസിഡന്റ് എന്ന ക്ലിന്റനെ വിളിക്കാനും ക്രഷില്‍ പോകാന്‍ മടിച്ച് 'കീറി'പ്പൊളിക്കുന്ന മകനെ മഹാകവി കീറ്റ്‌സ് എന്നു വിളിക്കാനും സഹയാത്രികരായ സ്ത്രീകളുടെ ചന്തിതഴുകുന്നയാളെ 'സി.ടി'യെന്നു ചുരുക്കിവിളിക്കാനും വെള്ളിവളയങ്ങള്‍ കാതിലണിഞ്ഞ പരിഷ്‌ക്കാരിയെ വെള്ളിക്കിണ്ണമെന്നു വിളിക്കാനും കഴിയുന്നത് അതുകൊണ്ടുതന്നെ. അതുവെറും കുറ്റ(ഇരട്ട)പ്പേരിടലല്ല!
സൈബര്‍ലോകത്ത് ഭാഷ കൂടുതല്‍ അയവുള്ളതും സ്വതന്ത്രവുമാണ്. എങ്കിലും സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ അതു പതിവുമട്ടാണ്. സാങ്കേതികശാസ്ത്രം നിഷ്പക്ഷമല്ലാതിരിക്കെ അതിന്റെ ഭാഷ മാത്രം നിഷ്പക്ഷമായിരിക്കുകയില്ല. സാങ്കേതിക സാക്ഷരതയില്‍ സ്ത്രീകളുടെ പിന്നാക്കാവസ്ഥയെ പരിഗണിച്ചുകൊണ്ടുകൂടി വേണം സൈബര്‍ലോകത്തെ സ്ത്രീപക്ഷ ഭാഷയെക്കുറിച്ചു ചിന്തിക്കാന്‍. ഒരര്‍ഥത്തില്‍ ഭാഷ തന്നെ സാങ്കേതികശാസ്ത്രപരമാണ്. ഭാഷ എക്കാലത്തും ആധിപത്യത്തിന്റെ സാങ്കേതിക രൂപമായാണ് പ്രവര്‍ത്തിച്ചതെന്ന് ഡെയ്ല്‍ സ്‌പെന്‍ഡറെപ്പോലുള്ളവര്‍ പറയുന്നു. സ്ത്രീയുടെ നിരക്ഷരത നൂറ്റാണ്ടുകളോളം അധികാരത്തില്‍ നിന്നു സ്ത്രീയെ അകറ്റിനിര്‍ത്തിയതിനെ ക്രിസ്ത്യന്‍ സഭ ലാറ്റിന്റെ അധികാരത്തിലൂടെ പ്രാദേശികഭാഷകളെ അടിച്ചമര്‍ത്തിയതുമാണവര്‍ താരതമ്യം ചെയ്യുന്നത്. ഡോണാഹാരവെയും ഡെയ്ല്‍ സ്‌പെന്‍ഡറും സ്ത്രീകളുടെ സൈബര്‍ സാക്ഷരതയ്ക്കുവേണ്ടി വാദിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ഇന്ന് സൈബര്‍ലോകത്തെ സ്ത്രീകള്‍ പ്രത്യേകിച്ചും മലയാളികള്‍ ഈ അവസ്ഥകളെ നേരിട്ട് അഭിസംബോധന ചെയ്യാന്‍ തയാറാണ്. ഭാഷയില്‍ അവര്‍ സ്വാതന്ത്ര്യത്തിന്റെ കുതിരകളെ സജ്ജമാക്കി നിര്‍ത്തുന്നു. ദേവസേന, ഡോണാമയൂര, സെറീന, രശ്മി, എച്ച്മുക്കുട്ടി തുടങ്ങിയ നിരവധി എഴുത്തുകാരികള്‍ ഭാഷയില്‍ പണിതുകൊണ്ടുതന്നെ തങ്ങളുടെ രാഷ്ട്രീയത്തെ സൂക്ഷ്മമാക്കുന്നു.
(2013ഒക്‌ടോബര്‍5ന് എറണാകുളം ലൈബ്രറികൗണ്‍സില്‍ ആലുവയില്‍ സംഘടിപ്പിച്ച മലയാളപ്പെരുമ എന്ന പരിപാടിയില്‍ നടത്തിയ പ്രഭാഷണത്തിലെ ചില ഭാഗങ്ങള്‍)




5 comments:

ajith said...

കനമേറിയ ഒരു പ്രഭാഷണം. എച്മുവിനെ പരാമര്‍ശിച്ചകാരണം ഒന്നുകൂടെ പ്രിയപ്പെട്ടതായി

ബൈജു മണിയങ്കാല said...

ലേഖനം കൊള്ളാം ലൈംഗികതയുടെ മൊത്ത വ്യാപാരം സ്ത്രീയുടെയും പുരുഷന്റെയും ഉൾപ്പടെ സ്ത്രീ തന്നെ ആകുമ്പോൾ ഇനിയും അവർ അത് ചുമക്കാൻ വിധിക്കപ്പെടുന്നുണ്ട് കാരണം പുരുഷനു സ്വന്തമായി അങ്ങിനെ ഒന്നില്ല സമൂഹത്തില ലൈംഗികത ഇപ്പോഴും സ്ത്രീ കേന്ദ്രീകൃതം തന്നെയാണ് അതിൽ കുറ്റവാളി പുരുഷൻ ആണെങ്കിലും ജനിക്കുമ്പോൾ പോലും ആദ്യം ചോദിക്കുന്നത് പേരിനു മുമ്പ് ആണോ പെണ്ണോ എന്ന് ചോദിക്കുന്ന സമൂഹത്തിൽ അത് വളര്ന്നു തന്നെ വരും

ushakumari said...

അജിത്,ബൈജു നന്ദി രണ്ടാള്‍ക്കും.ലൈംഗികകര്‍തൃത്വം പുരുഷകേന്ദ്രീകൃതമായ ഒരു വ്യവസ്ഥയില്‍ ,ആധികാരികമായ ആണീനും പെണ്ണിനും പകരം അവയെ അസ്ഥിരമാക്കുന്ന ലിംഗപദവികള്‍ക്കായുള്ള അന്വേഷണങ്ങള്‍ ആണു വേണ്ടത്..

പട്ടേപ്പാടം റാംജി said...

ആത്മകഥകള്‍, ഡയറികള്‍, കത്തുകള്‍, കുമ്പസാരക്കവിതകള്‍ തുടങ്ങിയ വൈയക്തിക രചനാരൂപങ്ങളുടെ പശ്ചാത്തലത്തില്‍ അവ ഇപ്രകാരം ഒരേസമയം അകത്തേക്കും പുറത്തേക്കും പകരുന്നു.

വളരെ നല്ല പഠന സഹായിയായി പ്രഭാഷണം.അജിതേട്ടന്‍ പറഞ്ഞത് പോലെ എച്ചുമുക്കുട്ടിയെ സൂചിപ്പിച്ചപ്പോള്‍ ഏറെ ഇഷ്ടം.

Kalavallabhan said...

പുത്തൻ വാക്കുകളുടെ ലിസ്റ്റിങ്ങ്