Thursday, November 21, 2013

ആഖ്യാനത്തിന്റെ താഴ്‌വാരങ്ങള്‍

    ഹുലവും വൈവിദ്ധ്യമാര്‍ന്നതുമായ നമ്മുടെ സാംസ്‌കാരിക ചരിത്രത്തിന്റെ ജീവിതരേഖകള്‍ പതിഞ്ഞുകിടക്കുന്ന ഒന്നാണ് മലയാള നോവല്‍.  മറ്റേതൊരു സാഹിത്യ രൂപ/ഗണത്തിനും കഴിയാത്തവിധം  ചരിത്രത്തിന്റെയും സംസ്‌ക്കാരത്തിന്റെയും പ്രയാണങ്ങളെ, അവയുടെ സപ്ന്ദനങ്ങളെ ചലനാത്മകമായി ഉള്ളില്‍ ആവാഹിക്കുവാന്‍ നോവലിനു കഴിഞ്ഞു. അനന്തമായ ജീവിതപ്രവാഹത്തിന്റെ വൈവിധ്യങ്ങള്‍ക്കകത്തുനിന്നുകൊണ്ട് അതതുകാലത്തെ സൗന്ദര്യശാസ്ത്രപരവും ഉള്ളടക്കപരവുമായ സവിശേഷതകള്‍ പുലര്‍ത്തിയും തിരുത്തിയും പുതുക്കിയും നോവല്‍ സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും അന്യാപദേശങ്ങളായി നിലകൊണ്ടു. ഏതാണ്ട് ഒരു നൂറ്റാണ്ടിലധികം കാലം പിന്നിടുന്ന മലയാളനോവല്‍പ്രസ്ഥാനത്തിന്റെ സമീപഭൂതകാലങ്ങളില്‍ നോവലും ചരിത്രവും തമ്മിലുള്ള കൊള്ളക്കൊടുക്കകള്‍ അങ്ങേയറ്റം പ്രത്യയശാസ്ത്രപരമായി പുനര്‍നിര്‍വ്വചിക്കപ്പെടുകയാണുണ്ടായത്. തട്ടകവും തിയ്യൂര്‍രേഖകളും ആലാഹയുടെ പെണ്മക്കളും മുതല്‍ ഫ്രാന്‍സിസ് ഇട്ടിക്കോരയും അന്ധകാരനഴിയും മനുഷ്യനൊരാമുഖവും മറുപിറവിയും വരെയുള്ള നോവലിന്റെ 'കെട്ടുപാടു'കള്‍ക്കകത്ത് ഈ സംസ്‌ക്കാരവും ചരിത്രവും ചേര്‍ന്ന് ഭാവനയുടെ ഒരു കാലഘട്ടത്തെ പുതുക്കിയെഴുതുന്നതു നാം കാണുന്നു. രചനയ്ക്കുള്ളില്‍ സംസ്‌കാരത്തിന്റെയോ ചരിത്രത്തിന്റെയോ സ്ഥൂലമായ സാന്നിദ്ധ്യം ഉണ്ടാവണമെന്ന് ഇതിനര്‍ത്ഥമില്ല. അവയോടുള്ള ഉദാസീനതയോ അവഗണനയോ പോലും നോവലിന്റെ ചരിത്രപരതയെ നിര്‍ണയിക്കാന്‍ പ്രാപ്തമാണെന്നു ചുരുക്കം.
    കെ.എന്‍.സുനില്‍കുമാറിന്റെ ഏഴിമലയുടെ താഴ്‌വാരങ്ങള്‍ (ഗ്രീന്‍ ബുക്സ്, തൃശ്ശൂര്‍) എന്ന നോവലിലെ ആഖ്യാനം ചരിത്രവും ഭൂമിശാസ്ത്രവും പ്രകൃതിയും മനുഷ്യരും ഇടകലരുന്ന ഒരു പ്രതലത്തിലാണ് നിര്‍വ്വഹിക്കപ്പെടുന്നത്. കാലപരിക്രമണത്തെക്കുറിച്ചുള്ള വിമര്‍ശനാത്മകമായ ബോധ്യങ്ങള്‍ ഈ നോവലിന്റെ ഘടനയെ ഫലപ്രദമായി നിര്‍ണയിച്ചിട്ടുണ്ട്. ഏഴിമലയുടെ അനാദിചരിത്രവും സംഘകാലചരിത്രവും കുടിയേറ്റകാലവും ഒക്കെയായി ഈ നോവലിന്റെ അദ്ധ്യായങ്ങള്‍ വേര്‍തിരിക്കപ്പെട്ടതുകൊണ്ടുമാത്രമല്ല ഈ സ്വാധീനം വെളിവാകുന്നത്. മറിച്ച് ചരിത്രം എന്ന ബൃഹദ്പദ്ധതിക്ക് സമാന്തരമായ, ദേശത്തിന്റെ സ്ഥലപരവും കാലസംബന്ധിയുമായ സൂക്ഷ്മവ്യവഹാരം ഇവിടെ എഴുതപ്പെടുന്നു എന്നതുകൊണ്ടും കൂടിയാണ്. 

ദേശത്തിന്റെ സൂക്ഷ്മലോകം
ഏകലോകത്തിലൂന്നിയ ആധുനികതയെ സ്വപ്നംകണ്ട പലരും ദേശീയതാവാദത്തെ സംശയത്തോടെ കണ്ടിരുന്നു. 'ഭാരതമെന്നപേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം/കേരളമെന്നു കേട്ടാലോ, തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍' എന്ന കവിവാക്യം ദേശീയപ്രസ്ഥാനത്തിന്റെ കാലയളവില്‍ എമ്പാടും  മുഴങ്ങിയപ്പോള്‍ 'അപ്പോള്‍ തൃശൂരെന്നു കേട്ടാല്‍ എന്തുതോന്നണം' എന്നു കേസരി ചോദിച്ചതായി പറഞ്ഞുകേട്ടിട്ടുണ്ട്. ഈ സന്ദേഹം സങ്കുചിതമായ ദേശഘോഷണത്തെ എന്നതുപോലെ സ്ഥലകാലബദ്ധമായ വംശീയതയെയും വിഭാഗീയതയെയും അപലപിക്കുന്നുണ്ട്.
    മേല്‍സൂചിപ്പിച്ച ദേശത്തിന്റെ സൂക്ഷ്മലോകത്തെ ആധുനികമായ സമഗ്രതാവാദത്തിന്റെ ബദലായി വളര്‍ത്തിക്കൊണ്ടുവരുന്നു എന്നതാണ് തട്ടകവും ആലാഹയും തിയ്യൂര്‍രേഖകളും ഏഴിമലയുടെ താഴ്‌വാരങ്ങളുമൊക്കെ ചെയ്യുന്നത്. ദേശീയതയെയും ചരിത്രത്തെയും സംബന്ധിച്ച ബൃഹദ്‌വ്യവഹാരങ്ങളോടുള്ള സംവാദാത്മകതയും അതിനെ മുന്നോട്ടു നയിക്കുന്ന സ്ഥലകാലങ്ങള്‍ക്കകത്തെ ജീവിതപ്രയാണവും ഒന്നുചേര്‍ന്ന് നോവല്‍ വളരുന്നു. അത്യുത്തരകേരളത്തിലെ കുഞ്ഞിമംഗലം എന്ന ഗ്രാമം കേട്ടുകേള്‍വിയിലൂടെയും ചരിത്രവസ്തുതകളിലൂടെയും നോവലിന്റെ തുടക്കത്തിലേ ആഖ്യാനമണ്ഡലമായി സ്ഥാപിക്കപ്പെടുന്നു.  ആനന്ദപാദനും ശിഷ്യനായ സുപ്രിയനും മാരാഹിയിലെ ചന്തയില്‍ വന്നണയുകയും കച്ചവടങ്ങള്‍ക്കുശേഷം ധ്യാനമാര്‍ഗത്തിലേക്കു തിരിയുകയും ചെയ്യുന്നു. ബുദ്ധപദം പ്രചരിപ്പിച്ചു കഴിഞ്ഞു കൂടിയ ആനന്ദപാദനും സംഘവും ഗ്രാമവാസികളുടെ പ്രിയങ്കരരായി മാറി. അവര്‍ സ്ഥാപിച്ച ധര്‍മ്മക്കുളങ്ങളും കല്‍പ്പാത്തികളും അത്താണികളും കുഞ്ഞിമംഗലത്തെ ബൗദ്ധസ്മൃതികളുടെ ഭാഗമായി മാറി. പിന്നീടു വന്ന ബ്രാഹ്മണകുടിയേറ്റങ്ങളില്‍ ബുദ്ധസംസ്‌കൃതിയുടെ നിറം കെട്ടു. കുഞ്ഞിമംഗലക്കാര്‍ പുതിയ സംസ്‌കാരങ്ങളിലേക്കും പുതിയ സാംസ്‌കാരിക ശ്രേണികളിലേക്കും വളരുകയായിരുന്നു. ഈ വളര്‍ച്ചയൊരു കീഴടങ്ങലായിക്കാണാമെന്ന വിമര്‍ശനവും നോവലില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. കാരണം ബ്രാഹ്മണ സംസ്‌കാരത്തിലധിഷ്ഠിതമായ വേദങ്ങളുടെയും ക്ഷേത്രങ്ങളുടെയും ജീവനവഴികളില്‍ തുണനിന്നത് നാടുവാഴികളും രാജാക്ക•ാരുമായ അധികാരികളാണ്. അവര്‍ക്ക് ജാതിശ്രേണിയില്‍ ഇടം നേടാനും വളരാനും ബ്രാഹ്മണ്യത്തിന്റെ മേധ അനിവാര്യമായിരുന്നുവെന്ന് നോവലിസ്റ്റ് നേരിട്ടു വ്യഖ്യാനിയ്ക്കുന്നുമുണ്ട്. ഇപ്രകാരം നോവലിന്റെയും ചരിത്രത്തിന്റെയും അതിരുകള്‍ പ്രമേയപരമായി മാത്രമല്ല ആഖ്യാനപരമായും കൂടിക്കുഴയുന്നുണ്ട്. ബഷീര്‍കൃതികളിലെ വിനീതനായ ചരിത്രകാരന്‍ ഇവിടെ രാഷ്ട്രീയവ്യഖ്യാതാവായും കൂടി പക്ഷം ചേരുന്നുണ്ട്. മൂഷകരാജാക്ക•ാരും വണിക്കുകളും മഹാക്ഷേത്രങ്ങളും ബ്രാഹ്മണഗ്രാമങ്ങളും നിര്‍മ്മിച്ചുകൊടുത്തതും പെരിഞ്ചല്ലൂര്‍ ഗ്രാമം നിലവില്‍ വന്നതും അവിടുത്തെ ബ്രാഹ്മണര്‍ക്ക് നികുതി പിരിക്കാനുള്ള അവകാശം കിട്ടിയതും കേവലമായ പഴങ്കഥയല്ല എന്നുറപ്പിക്കുകയാണു നോവലിസ്റ്റ് ഇവിടെ.
    അവര്‍ണരും സവര്‍ണരും തൊഴിലനുസരിച്ചുള്ള മറ്റു ജാതിവിഭജനങ്ങളും കുഞ്ഞിമംഗലത്തു രൂപംകൊണ്ടു. കുഞ്ഞിമംഗലത്തെ പുലയര്‍ ബ്രഹ്മണരുടെ പത്തില്ലങ്ങളില്‍ ഒതുങ്ങി. അവരുടെ ബുദ്ധിയും പാണ്ഡിത്യവും പഴംകഥകളായി, പാട്ടുകളും ആചാരങ്ങളും അധമങ്ങളായി. അവരുടെ കുലദൈവങ്ങള്‍ ദൂര്‍ദ്ദേവതകളായി. ഇങ്ങനെ കീഴാളജനജീവിതത്തെ സംബന്ധിച്ച സംസ്‌കാരികദമനം കുഞ്ഞിമംഗലത്തെ ആധുനികവല്‍ക്കരണത്തിലേക്കുള്ള പ്രയാണത്തിന്റെ ഒരടരുമാത്രമാണ്. ലബ്ധപ്രതിഷ്ഠമായ കീഴാളവിമര്‍ശനത്തിന്റെ യുക്തികളെ വകയിരുത്തിക്കൊണ്ട് ഇതര കഥനങ്ങളിലേക്ക് ആഖ്യാനം വഴിമാറുകയാണ് നോവലില്‍.

ദേശചിത്രണങ്ങളിലെ നാട്ടറിവ്

 സഞ്ചാരികളിലൂടെ തെളിഞ്ഞുകിട്ടുന്ന കുഞ്ഞിമംഗലത്തെ നോക്കിക്കാണുന്ന നോവലിസ്റ്റ് പൗരസ്ത്യവീക്ഷണ(ഛൃശലിമേഹശേെ)ത്തിന്റെ മാതൃകകളെ അവിടെ കണ്ടെടുക്കുന്നു. അവിടുത്തെ ജലസമൃദ്ധിയും സസ്യപ്രകൃതിയും ചൈനീസ് സഞ്ചാരിയായ ഇബ്‌നുബത്തുത്തയും കൂട്ടരും കണ്ട് അതിശയിയുന്നതും അയിത്തവും തീണ്ടലും ഉള്‍ക്കൊള്ളാനാവാതെ നിന്നതുമൊക്കെ വിവരിക്കുന്നിടത്ത് ഇതുകാണാം. നോവല്‍ രചനയ്ക്കാധാരമായ സാമൂഹ്യജീവിതത്തെ സംബന്ധിച്ച ദത്തവിജ്ഞാനശേഖരങ്ങളെ നാട്ടറിവെന്ന പരിധിയിലേക്കാണു വിന്യസിച്ചതെന്നു തോന്നുമാറ് വിവരണാത്മകമാണ് പലഭാഗങ്ങളും.  ഉദാഹരണത്തിന് മുതലപിടുത്തത്തെയും കവുങ്ങില്‍ നിന്ന് അടക്ക പറിക്കുന്നതിനെയും സഞ്ചാരിയുടെ ആഖ്യാനകര്‍തൃത്വത്തിലേക്കു കൊളുത്തിയിടുന്നുണ്ട്.
    ''ചതുപ്പുനിലങ്ങളിലെ കണ്ടല്‍ക്കാടുകളില്‍ അവര്‍ തലങ്ങനെയും വിലങ്ങനെയും കയറുകളിട്ട് വല നെയ്തു. കയറിന്റെ ഒരറ്റം പുഴക്കരയില്‍ നില്‍ക്കുന്ന ഒരു കൂട്ടര്‍ പിടിയ്ക്കും. മറ്റേയറ്റം തെങ്ങുമരങ്ങളുടെ തായ്ത്തടിയില്‍ കെട്ടും. വല പൂര്‍ത്തിയായപ്പോള്‍ തെങ്ങിന്റെ ഉണങ്ങിയ ഇലകള്‍ ചേര്‍ത്തുവെച്ച് അവരൊരു കെട്ടുണ്ടാക്കി. തീ കൊടുത്തപ്പോള്‍ അതാളിക്കത്തി. അറ്റത്തു തീ പിടിച്ച കെട്ടുകള്‍ പുഴവക്കത്തെ ഓരോ പൊത്തുകളിലും എറിഞ്ഞു.  തേങ്ങയുടെ ഉറച്ച തൊലിപൊളിച്ച് കൂട്ടിയിട്ട് കത്തിയ്ക്കുമ്പോള്‍ വല്ലാതെ പുക ഉയരും. ഈ പുകയത്രയും പൊത്തുകളിലേക്ക് അവര്‍ വീശിക്കയറ്റും. അതിനായി അവര്‍ക്കൊരു വിശറിയുണ്ട്. തീയും പുകയും പടരുമ്പോള്‍ പാമ്പുകളും ആമകളും ഞണ്ടുകളും തവളകളും കൂട്ടത്തോടെ പുറത്തുചാടും. പെട്ടന്നൊരാരവം.  ഭീമാകാരനായൊരു ചീങ്കണ്ണി മടയില്‍ നിന്നു പുറത്തുചാടുന്നു. ഏഴടിയോളം നീളം വരും. ഒത്തൊരു കരിങ്കല്‍ തൂണിന്റെ കനവും. കമ്പക്കയര്‍ വലയാകെ ഉലഞ്ഞു. പുഴയോരത്ത് കയര്‍പിടിച്ചിരുന്നവര്‍ ആഘാതത്തില്‍ മണ്ണില്‍ വീണു. എന്നാലും പിടിവിടാതെ അവര്‍ തെങ്ങിന്റെ തായ്ത്തടിയില്‍ ചുറ്റി. ചീങ്കണ്ണിയുടെ വലയും മുന്‍കാലുകളും കമ്പവലയ്ക്ക് പുറത്ത്. പക്ഷേ പിന്‍കാലുകളും വയറുഭാഗവും കയറില്‍ കുടുങ്ങി. അത് സര്‍വ്വശക്തിയുമെടുത്ത് പിടച്ചു. ചിലര്‍ വീണ്ടും കയര്‍കൊണ്ട്  കുടുക്കുണ്ടാക്കി. അതിന്റെ കഴുത്തിലിട്ടു വലിച്ചു. ചുറ്റുമുള്ളവര്‍ വടികൊണ്ടതിനെ അടിച്ചു. കല്ലുകൊണ്ടെറിഞ്ഞു. ഒട്ടുനേരത്തെ പിടിവലിയ്ക്കു ശേഷം അതു വഴങ്ങി. കഴുത്തിലും വയറിലും കയര്‍ കുരുക്കി രണ്ട് തെങ്ങുകള്‍ക്കിടയിലായി വായുവില്‍ അതിനെ കെട്ടിത്തൂക്കി. പുറംചട്ടയോളം ഉറപ്പില്ലാത്ത അതിന്റെ അടിവയറില്‍ വലിയ കത്തികള്‍കൊണ്ട് കൊത്തിമുറിച്ച് ചത്തെന്ന് ഉറപ്പുവരുത്തി' (പുറം 55, 56).
    ആചാരാനുഷ്ഠാനങ്ങളുടെയും വിശ്വാസങ്ങളുടെയും വര്‍ണനകളില്‍ കുഞ്ഞിമംഗലം ഗ്രാമത്തിന്റെ ദേശത്തനിമയെ ഉറപ്പിച്ചെടുക്കാനും അതിന്റെ തനതുമുദ്രകളായി പഴകഥകളും ചരിത്രവും വിശ്വാസങ്ങളും പരസ്പരം ഇടകലരുന്ന ഒരു ഭൂമികയെ ഉണര്‍ത്തിയെടുക്കാനും നോവലിസ്റ്റ് ശ്രമിക്കുന്നുണ്ട്. ദേശം ഇവിടെ സ്വയംപൂര്‍ണമായ അസ്തിത്വത്തിലേയ്ക്ക് വികസിക്കുകയും ബൃഹത്തായ ദേശചരിത്രയുക്തികളോട് ഉദാസീനമാവുകയും ചെയ്യുന്നുണ്ട്. കാടാങ്കോട്ട് മാക്കത്തിന്റെയും മുച്ചിലോട്ടു ഭഗവതിയുടെയും കഥകള്‍ സവിസ്തരം പ്രതിപാദിക്കുന്നിടത്ത് ദേശത്തിന്റെ ജൈവസമഗ്രതയില്‍ അതു കരുത്താര്‍ജ്ജിയ്ക്കുന്നു. എന്നാല്‍ വെളിച്ചപ്പാടും തെയ്യവും തമ്മിലുള്ള മാത്സര്യങ്ങളുടെ കഥകളില്‍ തെയ്യങ്ങള്‍ മേല്‍ക്കൈ നേടുമ്പോഴും ദല്‍ഹിയിലെ ഏഷ്യാഡിനുപോയിവന്ന കണ്ണപ്പെരുവണ്ണാന്റെയും സംഘത്തിന്റെയും ചിത്രങ്ങളില്‍ ഈ ദേശചിത്രം പോറലേല്‍ക്കുന്നു.
    ബൃഹദാഖ്യാനങ്ങളുടെ യുക്തിയെ കഥയ്ക്കുള്ളില്‍ ബോധപൂര്‍വ്വം കൊണ്ടുനിര്‍ത്തി പരിചരിയ്ക്കുന്നതിനുപകരം അവ കഥാപാത്രങ്ങളുടെയും സംഭവങ്ങളുടെയും ജൈവസന്ദര്‍ഭങ്ങളില്‍  കടന്നുകയറുകയാണിവിടെ. കോണ്‍ഗ്രസും ദേശീയവാദവും ചേര്‍ന്ന് ഏതൊരു ഉള്‍നാടിനെയുമെന്നപോലെ കുഞ്ഞിമംഗലത്തെയും മാറ്റിയ കഥകള്‍, കര്‍ഷകസമരത്തിന്റെയും നക്‌സലൈറ്റ് വിപ്ലവത്തിന്റെയും കഥകള്‍ ഇവയൊക്കെ സ്വഭാവികമായും അവിടത്തെ മനുഷ്യജീവിതത്തിന്റെയും കൂടി കഥയാവുകയാണ്. മൂവാരി സുഗണന്‍ നക്‌സലൈറ്റായതും അയാളുടെ മരണശേഷം അമ്മ നാരായണി അപ്പീലുമായി ഹൈക്കോടതി കയറിയതും മറ്റും കുഞ്ഞിമംലത്തിന്റെ ദേശസ്വത്വത്തിന്റെ വാമൊഴിയടരുകള്‍ തന്നെ. വിപ്ലവത്തെക്കുറിച്ച് വാതോരാതെ പറയുന്ന സുഗണനും മരംകേറുന്ന തൊഴിലാളിയായ ചോയികുട്ടിയും തമ്മിലുള്ള സംഭാഷണം രസകരമാണ്. വിപ്ലവം വന്നാല്‍ എല്ലാരും ഒരുപോലെ പണിയെടുക്കുമെന്നും ആരെയും സുഖിക്കാന്‍ വിടില്ലെന്നു പറയുന്ന സുഗണനോട് ചോയിക്കുട്ടി എന്ന മരംകേറല്‍ തൊഴിലാളി താന്‍ മരത്തില്‍നിന്നു വീണ് തുടയെല്ലുപൊട്ടും മുമ്പ് വിപ്ലവം വന്നെങ്കില്‍ എത്ര നന്നായിരുന്നുവെന്നു പറയുന്നുണ്ട്. ഇതിനുള്ളിലെ ആക്ഷേപഹാസ്യം ചോയിക്കുട്ടിയുടേതല്ല മറിച്ച് നോവലിസ്റ്റിന്റേതാണ്.
    കഥാപാത്രങ്ങളുടെ സമൃദ്ധിയും സജീവതയുമാണ് കുഞ്ഞിമംഗലം എന്ന ദേശത്തിന്റെ ഘടനയെ സജീവമാക്കുന്ന പ്രധാന കണ്ണികള്‍. പ്രഭു ഡോക്ടറും കൃഷ്ന്‍ റൈട്ടറും അമ്പുനായരും ചെട്ട്യാരും സുഗുണനും ശ്രീധരന്‍ നമ്പൂതിരിയും ചിണ്ടനും ശ്രീദേവിയും കുഞ്ചന്‍ എന്ന നായയും എല്ലാം ചേര്‍ന്നലോകം പശിമയോടെ കുഞ്ഞിമംഗലത്തിലുണ്ട്. പ്രത്യക്ഷത്തില്‍ ഏതെങ്കിലും ഒരാളുടെയോ  ഒരു കുടുംബത്തിന്റെയോ കഥയായി ഈ നോവല്‍ മാറുന്നില്ല. അത്തരത്തിലുള്ള ഒരു ആഖ്യാനഗതി ഇവിടെയില്ല തന്നെ. ഇപ്രകാരം ഇവരെല്ലാം ചേര്‍ന്ന് ഒരു ജനസമൂഹമായിരിക്കെത്തന്നെ, വേറിട്ട വ്യക്തിജീവിതത്തിന്റെ അടയാളങ്ങളും ഒപ്പം കുഞ്ഞിമംഗലത്തിന്റെ ദേശമുദ്രകളും പേറുന്നവരാണിവര്‍. ഈ സമൂഹം സമഗ്രമായ കേവലമായ ഒരു കൂട്ടായ്മയല്ല. മറിച്ച് നേരത്തെ പറഞ്ഞ നാട്ടറിവുവഴികളിലൂടെ, പ്രകൃതിയിലൂടെ വാമൊഴിഭേദങ്ങളിലൂടെ വരഞ്ഞെടുത്ത ഒരു പ്രദേശത്തിന്റെ സവിശേഷമുദ്രകളും കൂടിയുള്ളവരാണ്. എന്നാല്‍ ഈ മുദ്രകള്‍ ഉറഞ്ഞു കല്ലിച്ചവയല്ല, മാറ്റത്തിനു വിധേയമാണവ. വിഷ്ണുഭാരതീയന്‍ മുതല്‍ക്ക് മന്തനായ അമ്പുനായര്‍ വരെയുള്ളവര്‍ അവിടെയുണ്ട്. മാറുന്ന കാലത്തിന്റെ വേദിയാണിവിടെ സ്ഥലവും ആളുകളും  ചേര്‍ന്ന അനുഭവരാശി എന്നതു ഈ നോവലില്‍ പ്രധാനമാകുന്നത് മറ്റൊരര്‍ത്ഥത്തിലും കൂടിയാണ്. ചലനാത്മകവും സംഭവബഹുലവുമാണ് ഈ അനുഭവരാശി. എന്നാലത് ദേശത്തെ സംബന്ധിച്ച ബൃഹദ്‌വ്യവഹാരത്തിനകത്തു നടക്കുന്ന സംഭവങ്ങളാകാന്‍ വിസമ്മതിക്കുന്നു.  ചിലപ്പോഴത് ബൃഹദ്ചരിത്രത്തിന്റെ സമാന്തരമായൊരു ഒഴുക്കാവുന്നുണ്ടെങ്കിലും പൂര്‍ണ്ണമായും സ്വയംപൂര്‍ണമായ സ്വതന്ത്രമായൊരു ലോകമാകാന്‍ അതു സംഘര്‍ഷപ്പെടുന്നതുകാണാം. ഈ സംഘര്‍ഷപ്പെടലിന്റെ ചരിത്രം തന്നെയാണ് നോവലിലെ ദേശത്തെ രൂപഭദ്രമാക്കുന്നത്.

ആഖ്യാനസ്ഥാനം
ഇത്രയും പറഞ്ഞതില്‍ നിന്ന് നോവലിന്റെ ആഖ്യാനസ്ഥാനം ആത്മനിഷ്ഠമല്ലെന്നു തോന്നിയേക്കാം. തികച്ചും ബഹുസ്വരമായ ചരിത്രത്തിന്റെയും സ്ഥലകാലങ്ങളുടെയും പ്രവാഹത്തില്‍ ആഖ്യാതാവിന്റെ കര്‍തൃസ്ഥാനം അപ്രധാനമാണെന്നും വന്നേക്കാം. എന്നാല്‍ അതങ്ങനെയല്ല. ഒടുവിലത്തെ അദ്ധ്യായമായ 'ഭവിഷ്യവാണി'യില്‍ 2040 ഏപ്രില്‍ 13ന്  രാവിലെ കുമാരഭൂമി ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ സകുടുംബം വന്നിറങ്ങുന്ന ഭരത് വാസ്തവത്തില്‍ മറഞ്ഞിരിക്കുന്ന ആഖ്യാനകേന്ദ്രം തന്നെയാണ്. ഒരു ദേശത്തിന്റെ കഥയില്‍ പുതിയ വിളക്കുകള്‍ കൊടുത്ത് പഴയ വിളക്കുകള്‍ തേടി അലയുന്ന ശ്രീധരനെ എസ്. കെ. അവതരിപ്പിക്കുന്നുണ്ട്. തനിക്കുചുറ്റും പെരുകുന്ന കഴമ്പില്ലായ്മകളോടുള്ള അസംതൃപ്തിയില്‍ നിന്നു പഴമയിലേക്ക് തിരിച്ചുപോകുന്ന ഇത്തരം കഥാപാത്രങ്ങളുമായി ഭരതിനു സാമ്യമുണ്ട്. തന്റെ ബാല്യത്തിന്റെ,  ഭൂതകാലത്തിന്റെ നൈതികവും സൗന്ദര്യാത്മകവുമായ വ്യവസ്ഥകള്‍ തേടിയാണ് ശ്രീധരനെപ്പോലെ ഭരതും എത്തുന്നത്. ആ അര്‍ത്ഥത്തില്‍ ഭരതിന്റെ ആത്മനിഷ്ഠതയുടെ പശ്ചാത്തലമാണ് പൂര്‍വ്വാധ്യായങ്ങളിലെ പഴങ്കഥകളും നാട്ടറിവുകളും ചരിത്രരാഷ്ട്രീയവ്യവഹാരങ്ങളുമെല്ലാം.  തന്നെത്തന്നെ ആധുനികമായി പുതുക്കിക്കാണുന്നതിന്റെ, വരച്ചെടുക്കുന്നതിന്റെ കലയാണിതിലെ ചരിത്രമെഴുത്ത്. തന്റെ വേരുകളുടെ ഈടും ഉറപ്പും പരപ്പുമാണ് കുഞ്ഞിമംഗലത്തിന്റെ പഴയ ചരിത്രംതന്നെയും എന്നുവരുന്നു. എങ്കിലും ഗൃഹാതുരതയല്ല ഭരതിന്റെ ആത്മനിഷ്ഠതയെ ഭരിക്കുന്നത്. വികസനങ്ങളുടെ കാലപ്രയാണത്തില്‍ അദൃശ്യമാക്കപ്പെട്ട കുഞ്ഞിമംഗലം  തുടക്കവും തുടര്‍ച്ചകളും നഷ്ടപ്പെട്ട ഭരത് എന്ന നഗര/പ്രവാസ സ്വത്വം തന്നെയാണ്. പുതിയതരം ആത്മകഥനത്തെ അത് ഉള്ളില്‍പ്പേറുന്നു. ആത്മനിഷ്ഠമായി വ്യഖ്യാനിച്ചെടുക്കാന്‍ കഴിയുമെങ്കിലും ആത്മരതിപരമല്ലാത്ത ഒരു ആഖ്യാനകര്‍തൃത്വമാണ് ഭരതിലൂടെ സുനില്‍കുമാര്‍ തേടുന്നത്. വടക്കന്‍മലബാറിലെ വാമൊഴിഭേദത്തില്‍ വഴിയുന്ന ആഖ്യാനഭാഷ അതിനെ സവിശേഷമാക്കുകയും ചെയ്യുന്നുണ്ട്.

വിമര്‍ശനാത്മകമായ യഥാതഥസങ്കേതം
    ഏതൊരു പാരമ്പര്യത്തിലാണീ നോവല്‍ കണ്ണിചേരുന്നത്? വിമര്‍ശനാത്മകമായ യഥാതഥസങ്കേതം (ഇൃശശേരമഹ ൃലമഹശാെ) എന്ന ഒരു പരിപ്രേക്ഷ്യം നോവല്‍ പഠനവുമായി ബന്ധപ്പെട്ട് ഇ. വി. രാമകൃഷ്ണന്‍ നിര്‍മ്മിച്ചെടുക്കുന്നുണ്ട്. അറുപതുകള്‍ക്കുശേഷമുള്ള നോവലുകളെക്കുറിച്ചു പറയുമ്പോഴാണ് അദ്ദേഹമിതുപറയുന്നത്. എണ്ണപ്പാടം, നെല്ല്, അഘോരശിവം മുതലായ നോവലുകളില്‍ ആവിഷ്‌കരിക്കപ്പെടുന്ന സ്ഥലകാലയുഗ്മം ചരിത്രഗതികളെ സൂക്ഷ്മമായി പിന്തുടരുമ്പോഴും ദേശത്തിന്റെ ബൃഹദ്‌യുക്തിയുടെ ന്യായീകരണങ്ങളാവാന്‍ വിസമ്മതിക്കുന്നുവെന്ന് അദ്ദേഹം നിരീക്ഷിയ്ക്കുന്നു. ദേശീയതയുടെ ബൃഹദ്‌വ്യവഹാരങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞാണ് ഇത്തരം കൃതികളില്‍ പ്രത്യക്ഷപ്പെടുക. ആഗോള മുതലാളിത്ത സംസ്‌കാരത്തിന്റെ പൊള്ളയായ വികസന ആര്‍ഭാടത്തോടുള്ള  തീക്ഷ്ണമായ വിമര്‍ശനങ്ങള്‍ ഇത്തരം  നോവലുകളെ വ്യത്യസ്തമാകുന്നു.
ഏഴിമലയുടെ താഴ്‌വാരങ്ങളിലെ ഭരത് നേരിടുന്ന ഞെട്ടിക്കുന്ന സത്യം- തന്റെ അച്ഛനിലൂടെ താനറിഞ്ഞ മധുരമായ പഴങ്കഥകളുടെ നാട്, കുഞ്ഞിമംഗലം ഇനിയില്ല എന്ന സത്യം- അയാളെ തകര്‍ക്കുന്നു. റെഡിമെയ്ഡായി അവിടെ വിഷുക്കണി പോലും ഒരുക്കിയിരിക്കുന്നു. എന്നാല്‍ ബ്രേക്ക്ഫാസ്റ്റിന് മെനുവില്‍ നിന്നും ഭരത് തെരഞ്ഞെടുത്തത് പുട്ടും കടലയും. പക്ഷേ ഭരത് തരിച്ചിരുന്നുപോയി. കാരണം കേരളത്തില്‍ പയ്യന്നൂരെ ഒരു ഇന്റര്‍നാഷ്ണല്‍ ഹോട്ടലില്‍ ഒരു കേരളാഭക്ഷണവും ഇല്ല. മാത്രമല്ല അവര്‍ അത് ഓര്‍ഡര്‍ ചെയ്യുന്നത് മനിലയിലുള്ള ഒരു ഫുഡ് ചെയിന്‍ സപ്ലെയര്‍സില്‍ നിന്ന്! മകന് നെല്‍പ്പാടം കാണിച്ചുകൊടുക്കാമെന്ന വാഗ്ദാനം അയാള്‍ക്ക് പാലിക്കാന്‍ കഴിഞ്ഞതേയില്ല. ഒടുവില്‍ താനന്വേഷിച്ചു നടന്ന നാടിന്റെ വര്‍ണഭംഗികള്‍ ഒരു ടൂറിസം പാക്കേജായി കണ്ടു തൃപ്തിയടയാനാണ് ഭരതിനവസരമുണ്ടായത്. ആത്മാഖ്യാനത്തിന്റെ കര്‍തൃസ്ഥാനത്തെ ആനയിച്ചുകൊണ്ടാണ് നോവല്‍ വിമര്‍ശനാത്മക യഥാതഥസ്വഭാവത്തിലേക്ക് എത്തിപ്പെടുന്നത്.
പരമ്പരാഗതവായനയുടെ തലത്തില്‍നിന്നുകൊണ്ട് നഷ്ടസ്മൃതികളും പാരമ്പര്യങ്ങളും തേടിയുള്ള യാത്ര എന്ന് തികച്ചും കൃത്യതയോടെ ഈ കൃതിയെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ലായിരിക്കാം. എന്നാല്‍ അത്തരം ഋജുവായ പാതകളില്‍ നോവല്‍ അതിന്റെ പാരമ്പര്യത്തോടും ഒരു ഭാഷാസമൂഹമെന്ന നിലയില്‍ മലയാളിയോടും ഒന്നും സവിശേഷമായി പങ്കുവെയ്ക്കുന്നില്ല. നേരെമറിച്ച് വിമര്‍ശനാത്മക യഥാതഥ സങ്കേതത്തിലൂന്നിയ ഈ ആത്മാഖ്യാനത്തിന്റെ വേറിട്ടവഴി ബഹുസ്വരമായ ചരിത്രസ്ഥലിയുടേതുകൂടിയാണ്. സ്ഥലകാലങ്ങള്‍  കൊത്തുപണി ചെയ്‌തെടുത്ത മനുഷ്യജീവിതങ്ങളുടേതു കൂടിയാണ്.

(കെ.എന്‍.സുനില്‍കുമാറിന്റെ ഏഴിമലയുടെ താഴ്‌വാരങ്ങള്‍ എന്ന നോവലിനെ മുന്‍ നിര്‍ത്തി മലയാളം വാരികയില്‍ 2013 നവംബര്‍ 29 ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണരൂപം.)

1 comment:

ajith said...

നല്ലൊരു അവലോകനം/പഠനം