Tuesday, July 31, 2012

പാതിരാവെട്ടം (വി.എം.ഗിരിജയുടെ 'പെണ്ണുങ്ങള്‍ കാണാത്ത പാതിരാനേരങ്ങള്‍' എന്ന കവിതാസമാഹാരത്തെക്കുറിച്ചുള്ള ചില ആലോചനകള്‍)


                 പലതരം നേരങ്ങളും ഇടങ്ങളും പല മട്ടില്‍ ഇടപഴകുന്നു, ഗിരിജയുടെ കവിതയില്‍. അവയ്ക്കിടയില്‍ നാം ഒരുവളെ കാണുന്നു. പലവളായി. അവള്‍ ഇരയല്ല, വിധേയയുമല്ല. അതുകൊണ്ടവള്‍ സാവിത്രി രാജീവന്റെയും അനിതാ തമ്പിയുടെയും മറ്റും കവിതകളിലുള്ളതുപോലെ വീടുവിട്ടു പുറത്തേക്കു കടക്കുമ്പോഴും ഒരു പൊതുസ്ഥലത്തേക്കോ നാലും കൂടിയ പൊതുവഴിയിലേക്കോ അല്ല കടന്നു ചെല്ലുന്നത്. വീടിന്റെ പിന്‍വാതിലിലൂടെയിറങ്ങി, നടന്നും തിരഞ്ഞും രൂപപ്പെടുന്ന വഴിത്താരയിലൂടെ ഏതോ കാട്ടുപൊന്തകളിലേക്കും ഒഴുക്കും പരക്കലും തണുപ്പും തളം കെട്ടലും ചേര്‍ന്ന ജലപ്രകൃതിയിലേക്കുമാണവള്‍ ദുര്‍ഗയെ(പഥേര്‍ പാഞ്ചാലി)പ്പോലെ  എത്തുന്നത്.  പേരറിയാത്ത കാട്ടുപൂക്കളുടെ ഗന്ധം അവിടെ നിറയുന്നു.

പലമ
കാടും ജലവും ഇരുട്ട്, നിലാവ്, വെയില്‍ തണുപ്പ്, സന്ധ്യ, പ്രഭാതം എന്നീ നേരഭേദങ്ങളും ഗിരിജയുടെ കവിതയില്‍ കടന്നുവരുന്നത് പ്രാന്തവല്‍കൃതമായ ഒരു അപരത്വപദവിയിലല്ല. പതിവുമട്ടില്‍ കാല്പനികമെന്നും പറയാന്‍ കഴിയില്ല. പലതായി പകരുന്ന, സ്‌ത്രൈണതയുടെ മൂര്‍ത്തിഭേദങ്ങള്‍ അവിടെ തെളിയുന്നു. പ്രകൃതിയും സ്ത്രീയും പരസ്പരം പകര്‍ന്നു നില്ക്കുന്നു.

മന്ത്രവാദിനി എന്ന കവിത നോക്കൂ.

“രസമില്ലിങ്ങനെ.... നീ തളിര്‍ക്ക്”
തളിര്‍ പൊതിയുന്നൂ നിന്നെ
“ഒഴുകണം…. പരന്നോളമിളകാതെ വേണ്ട”
അപ്പോളൊഴുകുന്നു
“വിത്തായ് മണ്ണിലുറങ്ങ്”
ഉറങ്ങുന്നു വിരല്‍ കുടിച്ചൊരു കൂഞ്ഞെന്നപോലെ ശാന്തം ശാന്തം
                                                  

“മുലപ്പാലു നിറഞ്ഞു വിങ്ങുന്നു.
നീ വന്നു കുടിക്ക്” എന്ന് നിന്നെ
ഇളംപൈതലാക്കുമ്പോള്‍ നീ
ഒരു കയ്യാല്‍ പിടിച്ചും
 ചുണ്ടാല്‍ നുണഞ്ഞും പുഞ്ചിരിച്ചും….

പെണ്‍സ്വത്വത്തിന്റെ ഈ പലമ സ്ത്രീയായിരിക്കുക എന്നതില്‍ പ്രതീക്ഷിക്കപ്പെടുന്ന രാഷ്ട്രീയാധികാരികതയെ പരിഗണിക്കുന്നതേയില്ല. ബോധപൂര്‍വ്വതയേക്കാള്‍ പ്രബുദ്ധതയേക്കാള്‍ ജൈവികതയാണ് ഗിരിജയുടെ കവിതകളിലെ സ്ത്രീയവസ്ഥയുടെ ആധാരം. പുരുഷനോടും പുഴയോടും രാത്രിയോടും ആകാശത്തോടുമൊക്കെയുള്ള കാമനകള്‍ സ്വതന്ത്രമായി ആവിഷ്‌ക്കരിക്കപ്പെടുന്ന ജൈവികതയാണത്.  

ശരീരം
 ശരീരം ഗിരിജയില്‍ തികച്ചും മൂര്‍ത്തശരീരം തന്നെയാണ്. മുന്‍ സ്ത്രീകവികളിലെപ്പോലെ പ്രതീകാത്മകമല്ല. രതിയും മണവും മൃതിയും വയസ്സാവലും ഒക്കെ സഹജമാണതിന്. അതുകൊണ്ട്
പ്രായമേറുമ്പോള്‍ “എന്റെ ചുളിക്കയ്യ് തപ്പിനോക്കീട്ടെന്റെ
ഭംഗി, യഭംഗിയായി തോന്നീ” (പേടി) എന്നും “നരയ്ക്കല്ലേ  നരയ്ക്കല്ലേ ;
മുടിയിഴകളോട് താണുകേണു പറയുന്നൂ കാറ്റ്….” (തളിരിലകളായിരുന്ന തവിട്ടിലകള്‍)എന്നും
നേരിട്ടെഴുതുന്നു.
പുരുഷനോടുള്ള പ്രാപഞ്ചികമായ രതിവാഞ്ഛകളെ കവിതയില്‍ സമര്‍ത്ഥിച്ചെടുക്കുകയാണ് 'ജീവജലം' എന്ന മുന്‍സമാഹാരത്തിലെ 'അവന്‍' പോലുള്ള പല കവിതകളും ചെയ്തത്. ഈ കൃതിയില്‍ അതിന്റെ തെളിഞ്ഞ തുടര്‍ച്ച കാണാം.
കൂട്ടുകാരിയിടം
ആണ്‍/പെണ്‍ ദ്വന്ദ്വത്തിന്റെ ഘടന ശക്തമായി പ്രതിഫലിപ്പിക്കുന്ന സമകാലിക സ്ത്രീ കവിതകളില്‍ നിന്നും ഈ കവിതകള്‍ക്കുള്ള വ്യത്യാസം ഇതുമാത്രമല്ല. പെണ്ണും പെണ്ണും തമ്മില്‍ പങ്കുവെക്കുന്ന സഖീത്വം, ഇവിടെ പുതിയൊരു അടയാളമിടുന്നു. 'യോഗേശ്വരി' , 'ഒറ്റക്കായ ഒരു കളിക്കൂട്ടുകാരിയോട്'. 'പഴയ ഒരു കൂട്ടുകാരി നബീസ' എന്നിിങ്ങനെ ഒരു പാടുകവിതകള്‍ ഉദാഹരണം. . സ്ത്രീ ഇവിടെ ഒരു ഗണമാണ്. വിജയലക്ഷ്മിയും സുഗതകുമാരിയും പങ്കിടുന്ന കാല്പനിക ഏകാകിനിയായ ഞാന്‍ അല്ല ഇവിടെ സ്ത്രീത്വം. ആത്മകേന്ദ്രിതത്വം ആരോപിക്കാവുന്ന സന്ദര്‍ഭങ്ങളിലും ആത്മരതിയോ ആത്മാനുതാപമോ പ്രവണമല്ല എന്നതും ശ്രദ്ധേയം. സ്ത്രീ ഒരു സ്ഥിരമായ ഏകാത്മക സത്തയുമല്ല അഴിച്ചുവെക്കാനും പുനര്‍ജ്ജനിക്കാനും കഴിയുന്ന പലരൂപങ്ങള്‍ അവര്‍ സ്വപ്‌നം കാണുന്നു. പലതായി മാറി പലതിലേക്കു സംക്രമിച്ചു ഭൂമി മുഴുവന്‍ പടര്‍ന്നു പ്രപഞ്ചമായി പരക്കാനുള്ള സ്വത്വാഭിവാഞ്ഛകളാണത്. അതുകൊണ്ടുതന്നെ പ്രത്യക്ഷാര്‍ത്ഥത്തിലൂടെ ഒരു രാഷ്ട്രീയ കൂട്ടായ്മയായി(Political Collective) ഈ പെണ്ണിടത്തെ കാണേണ്ടതില്ല. അത്തരം കൂട്ടായ്മകള്‍ ഇവിടെ പരോക്ഷമായി നിര്‍ണയിക്കപ്പെടുകയും ചെയ്യുന്നു.

വാര്‍പ്പുവിമോചനങ്ങള്‍ക്കെതിരെ

ഉറച്ച ലോകങ്ങളോടുള്ള അന്യത്വം കൊണ്ടും അകലം കൊണ്ടും വരഞ്ഞെടുത്ത സവിശേഷമായ ലിംഗഭാവുകത്വമാണീ കവിതകളുടെ കാതല്‍. സ്ഥിരമൂല്യങ്ങള്‍ക്കകത്ത് അവ അര്‍ത്ഥം തിരയുന്നില്ല. നടപ്പു വിമോചന ശീലങ്ങളുടെ ഉറച്ച അടയാളങ്ങള്‍ നാമതില്‍ തിരഞ്ഞാല്‍ വഴിതെറ്റും.

''പേടിയാവുന്നൂ കൂട്ടുകാരാ 

യുക്തി/ചരിത്രം/ രാഷ്ട്രീയം
ലോകം/മനുഷ്യന്‍/സ്ത്യം
എന്നിങ്ങനെ ഉറച്ചു നീ പടുക്കുന്നു
ലോകത്തിന്റെ താക്കോലുകള്‍'' (പലയിടങ്ങള്‍)
 

ഇപ്രകാരം സത്താവാദപരമായ സ്ത്രീ നോട്ടങ്ങളെ പ്രശ്‌നവ ല്‍ക്കരിക്കാന്‍ കഴിയുന്ന ഒരിടം ഗിരിജ തന്റെ അനുഭൂതിഭാവനകള്‍ക്കുള്ളില്‍
കണ്ടെത്തുന്നു എന്നത് സ്ത്രീവാദത്തെസംബന്ധിച്ചും
കാവ്യചരിത്രത്തെ സംബന്ധിച്ചും പ്രസക്തമാണ്.
അതുകൊണ്ടുതന്നെ പ്രതിബ
ദ്ധസ്ത്രീവാദത്തിന്റെ ലളിതഭാവുകത്വമെന്നു തോന്നുന്ന ഈ  'തലക്കെട്ട് പെണ്ണുങ്ങള്‍ കാണാത്ത പാതിരാ നേരങ്ങള്‍' നമ്മെ ഗുണപരമായി വഞ്ചിക്കും. പകരം പഴയ ഒഴിവിടങ്ങളില്‍ വീഴുന്ന , ഈ അരണ്ടവെളിച്ചത്തില്‍ ചില പുതിയ ഇടങ്ങള്‍  നമ്മില്‍ത്തന്നെ തുറക്കും.

(2011-2012 കേരളകവിതയില്‍ പ്രസിദ്ധീകരിച്ചത്)






10 comments:

Manoraj said...

നല്ല ഒരു അവലോകനം ടീച്ചറേ.. ഗിരജ ടീച്ചറുടെ കവിതകള്‍ ഇത് വരെ വായിക്കുവാന്‍ കഴിഞ്ഞിട്ടില്ല. പുസ്തകം വായിക്കണം.

Manoraj said...

ഓഫ് കമന്റ് : ഇമെയില്‍ വിലാസം ഒന്ന് നല്‍കാമോ? manorajkr@gmail.com

ushakumari said...

kumarigusha@gmail.com

മുകിൽ said...

ഈ പുസ്തകം ജസ്റ്റ് വാങ്ങിക്കൊണ്ടു വന്നതേയുള്ളൂ. വായിക്കണം.

മുകിൽ said...

പുസ്തകം വായിച്ചിരുന്നു.. ഇപ്പോള്‍ കവിതയും..

ushakumari said...

മുകില്‍, കവിതകളെക്കുറിച്ച് എന്തു തോന്നി? എന്റെ നിരീക്ഷണങ്ങളോടുള്ള തുറന്ന ഒരു പ്രതികരണം തരാമോ? സമയമുണ്ടെങ്കില്‍...

ശ്രീനാഥന്‍ said...

കുറച്ചു കൂടി വിശദമായിട്ടാവാമായിരുന്നു.

ushakumari said...

ശ്രീനാഥൻ, വിശദമായി എഴുതിയ ഒന്നു തൊട്ടു മുൻപിലുള്ള ഒരു പോസ്റ്റിൽ കാണുക:പുതുമഷി തേടുന്ന പെൺകവിത

തുളസി said...

എന്‍റെ ടീച്ചറേ...... അടിയനെ രക്ഷിച്ചോളണമേ...

ushakumari said...

തുളസി, y ?