Tuesday, July 27, 2010

പെണ്‍ ടോയിലെറ്റുകള്‍ ബാക്ക് സ്റ്റേജ് ആയിത്തീരുന്നത്....

പെണ്‍ടോയ്‌ലെറ്റുകള്‍  - ലിംഗരാഷ്ട്രീയത്തിലേക്കുള്ള
ഒരു അന്വേഷണം.

    ഒരു പൊതു ഇടം എന്ന നിലയില്‍ പബ്ലിക്ക് ടോയ്‌ലറ്റുകളെ സാംസ്‌കാരികവും ചരിത്രപരവുമായ വിവിധതരം അര്‍ത്ഥോത്പ്പാദനങ്ങള്‍ക്കുള്ള ഇടമായി ഒരു ജനത എങ്ങനെ ഉപയോഗിക്കുന്നു എന്ന അന്വേഷണം പ്രധാനമാണ്. പൊതുഇടമായിരിക്കുമ്പോള്‍ തന്നെ ടോയ്‌ലറ്റുകള്‍ക്ക് ഒരു സ്വകാര്യജീവിതമുണ്ട്, അബോധമുണ്ട്. അത് നമ്മുടെ പൊതു/സ്വകാര്യ ജീവിതങ്ങളെയും അടിമുടി നിര്‍ണ്ണായകമായി സ്വാധീനിക്കുന്നുണ്ട്. ഒരു വിഷയമെന്ന നിലയില്‍ ടോയ്‌ലറ്റുകളെ പഠനവിധേയമാക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന അനുകൂലവും പ്രതികൂലവുമായ എല്ലാ പ്രതികരണങ്ങളും ഈ സ്വാധീനശക്തിയെയാണ് കാണിക്കുന്നത്. അമേരിക്കന്‍ സാംസ്‌കാരിക ഗവേഷകരായ ഓള്‍ഗ ഗെര്‍ഷന്‍സണും ബാര്‍ബറാ പെന്നറും ചേര്‍ന്ന് 2004 ല്‍ ടോയ്‌ലെറ്റുകളെക്കുറിച്ചുള്ള ഒരു പഠനസമാഹാരം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. എന്‍ട്രികള്‍ ക്ഷണിച്ചുകൊണ്ടുള്ള അവരുടെ പരസ്യത്തിനുനേരെ അക്കാദമിക് ബുദ്ധിജീവി വൃത്തങ്ങളും വെബ്‌സൈറ്റുകളും പത്രക്കാരും കടുത്തവിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. വാള്‍സ്ട്രീറ്റ് ജേണലിന്റെ കമന്റ് 'ഒീം ീേ ലമൃി ്യീൗൃ 'ജലല'വ.ഉ?' എന്നായിരുന്നു. നമ്മുടെ നാട്ടിലും ഇത്തരം വിഷയങ്ങളെ 'ഇച്ചീച്ചി'യായി തന്നെയാണ് ഇപ്പോഴും കാണന്നത്. ഗൗരവമായ ചര്‍ച്ചക്കുള്ള അക്കാദമിക് യോഗ്യത തെളിയിക്കപ്പെട്ടിട്ടില്ലാത്ത വിഷയം. ശാരീരികതയെയും ലൈംഗികതയെയുമൊക്കെ സ്പര്‍ശിച്ചു നില്‍ക്കുന്ന സ്വകാര്യവും അബോധവുമായ ഒരു തലം ടോയ്‌ലെറ്റുകള്‍ക്കുള്ളതിനാല്‍ തന്നെ നമ്മുടെ പൊതുസാംസ്‌കാരിക ചര്‍ച്ചകളില്‍ ഈ വിഷയം കടന്നുവരാറില്ല., വികസനത്തെക്കുറിച്ചും പൊതുജനാരോഗ്യത്തെക്കുറിച്ചുമുള്ള ഭരണകൂട അജണ്ടയായി അവ നിലനില്‍ക്കാറുണ്ടെങ്കിലും. അതിനപ്പുറം ഒരു സമൂഹം ടോയ്‌ലറ്റുകളെ സംബന്ധിച്ച സാമൂഹ്യ/ രാഷ്ട്രീയ  അബോധം സ്വരൂപിക്കുന്നതെങ്ങനെ എന്നതും അന്വേഷിക്കേണ്ടതുണ്ട്.
    ജാതിമതകേന്ദ്രിതമായ ഒരു സമൂഹമെന്ന നിലയില്‍ കേരളീയരുടെ ശാരീരിക പ്രക്രിയകളും പരിചരണങ്ങളും (ആീറശഹ്യ എൗിരശേീി)െ ജീവശാസ്ത്രപരമെന്നതുപോലത്തന്നെ ആചാരപരവും കൂടിയായിരുന്നു. പുലകുളി, വേതുകുളി, ബലികര്‍മ്മത്തോടനുബന്ധിച്ചുള്ള കുളി, വ്രതസ്‌നാനങ്ങള്‍ മുതലായവ സൂചിപ്പിക്കുന്നത് ഇതാണ്. 'പത്തൊമ്പതാം നൂറ്റാണ്ടിലെ കേരള'ത്തില്‍ പി. ഭാസ്‌കരനുണ്ണി അക്കാലത്തെ ആചാരങ്ങളെക്കുറിച്ച് എഴുതുന്നു, 'ഭൂമി, ഭൂമിദേവിയാണ്. അതിനാല്‍ ഭൂമിയില്‍ നേരെ മലമൂത്രവിസര്‍ജ്ജനമരുത്. പുല്ലോ വൈക്കോലോ മറ്റോ കൊണ്ടുമൂടിയ ഭാഗത്ത് വേണം വിസര്‍ജ്ജിക്കേണ്ടത്. ആ സമയം നിര്‍ബ്ബന്ധമായും തലമറച്ചിരിക്കണം. ഓരോ സമയവും ഏതു ദിക്ക് നോക്കിയാണ് ഇരിക്കേണ്ടതെന്നുള്ളതിനും ആചാരമുണ്ട്.' (പുറം 51) തുടര്‍ന്ന് അദ്ദേഹം ശൗചവിധികളെക്കുറിച്ചും വിശദീകരിക്കുന്നു. ജാതിശരീരത്തിന്റെ ഉച്ചനീചത്വങ്ങള്‍ക്കനുസരിച്ച് ആചാരങ്ങളും വ്യത്യസ്തമായിരുന്നു. മലമൂത്രവിസര്‍ജ്ജനത്തിന് ശേഷം സവര്‍ണ്ണര്‍ ശൗചം ചെയ്താലോ തുപ്പിയാലോ അശുദ്ധമാകാത്ത കുളം അവര്‍ണ്ണന്റെ സ്പര്‍ശത്താല്‍ മലിനമാകുന്നതിനെക്കുറിച്ച് 'ഹിന്ദുനിയമത്തിന്റെ നില'(മാതൃഭൂമി വിശേഷാല്‍പ്രതി, 1934) യില്‍ വി.കെ. നാരായണഭട്ടതിരി രോഷം കൊള്ളുന്നുണ്ട്.
വെളിക്കിരിക്കല്‍
കേരളത്തിന്റെ ചരിത്രത്തില്‍ മലമൂത്ര വിസര്‍ജ്ജനം ആദ്യകാലത്ത് വൈയക്തിക സ്വകാര്യതയുമായി ബന്ധപ്പെട്ട ഒരു പ്രവൃത്തിയിരുന്നില്ല. കൂട്ടമായും അല്ലാതെയും വീടിനുപുറത്ത് വിശാലമായ പറമ്പുകളിലും മറ്റുമായി ആളുകള്‍ ഇത് നിര്‍വ്വഹിച്ചുപോന്നു. മലവിസര്‍ജ്ജനത്തെ 'വെളിക്കിരിക്കല്‍'എന്നാണ് പലയിടത്തും വ്യവഹരിച്ചു വന്നിട്ടുള്ളത് തന്നെ. 1872 ല്‍ പുറത്തിറങ്ങിയ ഗുണ്ടര്‍ട്ടിന്റെ  മലയാള നിഘണ്ടുവില്‍ ഡച്ചുഭാഷയില്‍ നിന്നും സ്വീകരിച്ച മലയാളം വാക്കായ കക്കൂസിന് 'ജൃശ്്യ' എന്ന് അര്‍ത്ഥം നല്‍കിയിട്ടുണ്ടെങ്കിലും വിസര്‍ജ്ജനവുമായി ബന്ധപ്പെട്ട സ്വകാര്യത മലയാളിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് പിന്നെയും ദശകങ്ങള്‍ക്കുശേഷമാണ്.
    'വര്‍ഷങ്ങള്‍ക്കു മുമ്പ്' എന്ന ആത്മകഥാപരമായ കൃതിയില്‍ തന്റെ അമ്മായി കുട്ടിയോപ്പുവിനെക്കുറിച്ച് മാധവിക്കുട്ടി എഴുതുന്നു., 'അമ്മായി അമ്പാഴത്തേല്‍ വെച്ചുമാത്രമല്ല, നാലപ്പാട്ടുവെച്ചും മറപ്പുരയ്ക്ക് പോകുമ്പോള്‍ വെള്ളക്കിണ്ടി എടുക്കാനായി ഒരു വേലക്കാരിയെ തന്റെ കൂടെ കൊണ്ടുപോവാറുണ്ടായിരുന്നു. വാതിലിനപ്പുറം ചവിട്ടുപടിമേലിരുന്നുകൊണ്ട് അവള്‍ അമ്മായിയോട് ഉറക്കെയുറക്കെ സംസാരിക്കുക പതിവായിരുന്നു. സംസാരത്തിന് ആളെ കിട്ടിയില്ലെങ്കില്‍ തന്റെ ശോധന ശരിയാവില്ലെന്ന് വടക്കെകോലായില്‍ നിന്നുകൊണ്ട് അമ്മായി പ്രഖ്യാപിച്ചു.' (പുറം 795 മാധവിക്കുട്ടിയുടെ സമ്പൂര്‍ണ്ണ കൃതികള്‍) നാലപ്പാട്ടെ വേലക്കാരികള്‍ സംഘംചേര്‍ന്ന് വെളിക്കിരിക്കാന്‍ പോകുന്നതിനെക്കുറിച്ച് മാധവിക്കുട്ടി വിവരിക്കുന്നുണ്ട്. 'വീട്ടിലെ വേലക്കാര്‍ മറപ്പുര ഉപയോഗിച്ചിരുന്നില്ല. ഉപയോഗിക്കാന്‍ അധികാരമില്ലാഞ്ഞിട്ടല്ല. ഉപയോഗിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടു തന്നെ. അവര്‍ സന്ധ്യാനേരത്ത് ഒരു സംഘമായി പടിഞ്ഞാറെ പറമ്പിലേക്കും വടക്കോട്ടെ തോട്ടിലേക്കും നടക്കും.....ഇരുട്ടില്‍നിന്ന് അവര്‍ അന്യോന്യം സംസാരിക്കാറുണ്ടായിരുന്നു.' (പുറം 567 'ബാല്യകാല സ്മരണകള്‍'-മാധവിക്കുട്ടിയുടെ സമ്പൂര്‍ണ്ണ കൃതികള്‍)
    സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ പ്രാകൃത രൂപത്തിലുള്ള കുഴിക്കക്കൂസുകളും തടിക്കക്കൂസുകളും പതുക്കെപ്പതുക്കെ പ്രചാരത്തില്‍ വന്നുതുടങ്ങിയിരുന്നു. എങ്കിലും മലവിസര്‍ജ്ജനത്തിന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട ഒരു പരിഷ്‌കാരമായിരുന്നില്ല, പുതുതായി രൂപംകൊണ്ട ഈ മറപ്പുരകള്‍ എന്നതാണ് ശ്രദ്ധേയം.  രണ്ട് പേര്‍ക്ക് ഒരേ സമയം ഇരിക്കാവുന്ന നാലപ്പാട്ടെ മറപ്പുരകളെക്കുറിച്ചും മാധവിക്കുട്ടി എഴുതുന്നുണ്ട്. 'അന്നൊക്കെ നാലപ്പാട്ട് വീട്ടില്‍ കക്കൂസുകളുണ്ടായിരുന്നില്ല. എകദേശം ഒരു ഫര്‍ലോംഗ് നടന്നാല്‍ പടിഞ്ഞാറെപ്പറമ്പില്‍ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന മറപ്പുര കാണാം. അതില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ മുറികളുണ്ടായിരുന്നു. ഓരോ മുറിയിലും രണ്ട്‌പേര്‍ക്കിരിക്കാനുള്ള സൗകര്യവും....' (പുറം 567 മാധവിക്കുട്ടിയുടെ സമ്പൂര്‍ണ്ണ കൃതികള്‍)
    അതേ സമയം കുഴിക്കക്കൂസുകള്‍ 'വെളിക്കിരിക്കലി'നെ പൂര്‍ണ്ണമായും ഇല്ലാതാക്കിയില്ല. രണ്ട് രീതികളും ഒരേസമയം വളരെക്കാലം നിലനിന്നുപോന്നു. ഇന്നത്തെ അപേക്ഷിച്ച് അക്കാലം 'വികാര' രഹിതമായ കാലമായിരുന്നുവെന്ന് നാട്ടിന്‍പുറത്തുകാരനായ ഒരാള്‍ തന്റെ ചെറുപ്പകാലത്തെ അനുസ്മരിച്ചുകൊണ്ട് പറഞ്ഞതോര്‍ക്കുന്നു.
രാഷ്ട്രം . അച്ചടക്കം. കുടുംബം.
അധികാരം, എല്ലായ്‌പ്പോഴും വ്യക്തികളെ അതിന്റെ പ്രത്യയശാസ്ത്രത്തിന് അനുസൃതമായി മെരുക്കിയെടുക്കുന്നു. വ്യക്തികളിലൂടെ ശരീരങ്ങളെയും ശാരീരിക പ്രക്രിയകളേയും അധികാരമൂല്യങ്ങള്‍ക്കു വിധേയമായി  അച്ചടക്കത്തിലാക്കുന്നു. രാഷ്ട്രവും വ്യക്തിയും തമ്മിലുള്ള ബന്ധം സവിശേഷമായ രീതിയില്‍ പുനഃക്രമീകരിക്കുന്നതിലൂടെ രാഷ്ട്രഘടനയിലേക്ക് കുടുംബം കണ്ണിചേര്‍ക്കപ്പെടുകയും ചെയ്യുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ക്ഷേമരാഷ്ട്ര സങ്കല്‍പ്പങ്ങളിലൂടെയും ഭിന്നവര്‍ഗ്ഗലൈംഗികത (ഒലലേൃീ ലെഃൗമഹ) യിലധിഷ്ഠിതമായ  അണുകുടംബ ഘടനയുടെ സ്ഥിരീകരണത്തിലൂടേയും കുടുംബം എന്നത് ഒരു ആദര്‍ശാന്മക മാതൃകയായി തീരുന്നത് ഈ മെരുക്കലിലൂടെയാണ്. രാഷ്ട്രത്തിന്റെ നിര്‍ദ്ദേശക നിയമങ്ങള്‍ക്കനുസൃതമായി അനുശാസനം ചെയ്‌തെടുത്ത (ഉശരെശുഹശിലറ) കുടുംബഘടന രൂപപ്പെട്ടു വരുന്നതിനു സമാന്തരമായാണ് ഗാര്‍ഹിക വാസ്തുഘടനയുടെ ഭാഗമായി വീടിന് തൊട്ടടുത്തോ ചേര്‍ന്നോ അകത്തോ  ഒക്കെയായി ടോയ്‌ലെറ്റുകള്‍ ഉണ്ടാവുന്നത്. മുന്‍കാലങ്ങളില്‍  പറമ്പുകളിലും വെളിമ്പ്രദേശങ്ങളിലുമായി  കൂട്ടമായി മലവിസര്‍ജ്ജനം നടത്തിയിരുന്ന ഒരു ജനത മറപ്പുരയുടെ നാലു ചുവരുകള്‍ക്കകത്തേക്ക് കടന്നു വരുന്നത് ഈ ഇണക്കിയെടുക്കലിന്റെ കൂടി ഭാഗമായാണ്. രാഷ്ട്രനിര്‍മ്മാണത്തിന്റെ അനുപേക്ഷണീയ ഘടകമായി അച്ചടക്കത്തിലുള്ള, മെരുക്കപ്പെട്ട, കുടുംബ/വ്യക്തി ശരീരങ്ങള്‍ തിരിച്ചറിയപ്പെട്ടു. ആരോഗ്യത്തെക്കുറിച്ചുള്ള ആധുനികബോധത്തിനും ('ന്റുപ്പാപ്പക്കൊരാനേണ്ടാര്‍ന്ന'ുവിലെ  പരിഷ്‌കരണവാദിയായ നിസ്സാര്‍അഹമ്മദ് ആറ്റുവക്കിലും പൊതുവഴിയിലും വെളിക്കിറങ്ങുന്ന മനുഷ്യരെക്കുറിച്ച് അമര്‍ഷം കൊള്ളുന്നുണ്ട്.) പരിഷ്‌കാരങ്ങളോടുള്ള അഭിനിവേശത്തിനുമുപരി മേല്‍പ്പറഞ്ഞ രാഷ്ട്രത്തിന്റെ ആധികാരികതയും അധികാര പ്രയോഗങ്ങളുമാണ് ഇത്തരം ടോയ്‌ലറ്റുകളുടെ പിറവിക്കുപിന്നില്‍ പ്രധാനപങ്കു വഹിച്ചത്.
    ഇന്ത്യന്‍ രാഷ്ട്രഘടനയിലേക്ക് അണുകുടുംബ ഘടനയെ ഉള്‍ച്ചേര്‍ക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഒന്നാണ് അടിയന്തിരാവസ്ഥ. അക്കാലത്തെ നിയമനിര്‍മ്മാണങ്ങളും വികസന പദ്ധതികളും ഏറെയും 'ക്ഷേമരാഷ്ട്ര' ത്തിന് അനുയോജ്യമായ കുടുംബങ്ങളെ ലക്ഷ്യമാക്കിയുള്ളതായിരുന്നു. ഇന്ദിരാഗാന്ധിയുടെ ഇരുപതിന പരിപാടിയും സഞ്ജയ്ഗാന്ധിയുടെ നാലിനപരിപാടിയും കുടുംബങ്ങളെ നേരിട്ട് അഭിസംബോധന ചെയ്തു.
    നാലിനപരിപാടിയില്‍ സഞ്ജയ്ഗാന്ധി നിര്‍ദ്ദേശിക്കുന്നു, 'കുടുംബത്തില്‍ കുട്ടികളുടെ എണ്ണം രണ്ടായി പരിമിതപ്പെടുത്തുക, വിവാഹത്തിന് ഒരു നിബന്ധന എന്ന നിലയിലുള്ള സ്ത്രീധനം ഒഴിവാക്കുക, ഒരു നിരക്ഷരനെയെങ്കിലും സാക്ഷരനാക്കുക, വര്‍ഷത്തിലൊരു മരമെങ്കിലും വെച്ചുപിടിപ്പിക്കുക, മെച്ചപ്പെട്ട സാനിറ്ററി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക.' ഇത്തരത്തില്‍ സ്റ്റേറ്റിന്റെ അടിയന്തിരാവസ്ഥക്കാലത്തെ 'ഗാര്‍ഹിക ക്രമീകരണ'ങ്ങളുടെ ഭാഗമായി സാനിറ്ററി സംവിധാനങ്ങള്‍ കൂടി വിഭാവനം ചെയ്യപ്പെട്ടു എന്നത് യാദൃച്ഛികമായിരുന്നില്ല.
    കാറിനെക്കുറിച്ചുള്ള സാംസ്‌കാരിക പഠനത്തില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വികസന പരിപ്രേക്ഷ്യത്തില്‍ ചെറുകുടുംബമെന്ന സങ്കല്‍പ്പം എങ്ങിനെ മാരുതിക്കാറുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സി.എസ് വെങ്കിടേശ്വരനും കുടുബാസൂത്രണ പദ്ധതികള്‍ എങ്ങനെ  സമാനമായ ഫലങ്ങള്‍ ഉത്പ്പാദിപ്പിക്കുന്നു എന്നതിനെക്കുറിച്ച് ജെ. ദേവികയും എഴുതുന്നുണ്ട്.
    എന്നാല്‍ നിയതമായ ഘടനയോടുകൂടിയ കക്കൂസുകള്‍ പറമ്പില്‍ നിന്നും വീടിന്റെ വാസ്തുഘടനയിലേക്ക് കടന്നുകൂടുന്നത് അത്രമേല്‍ സുഗമമായിരുന്നില്ല. അല്ലറചില്ലറ എതിര്‍പ്പുകള്‍ യാഥാസ്ഥിതികരില്‍ നിന്ന് ഉയര്‍ന്നു വന്നിരുന്നു. തൊണ്ണൂറുകളുടെ ഒടുവില്‍ പി. ഗോവിന്ദപ്പിള്ള നടത്തിയ ഒരു പൊതുപ്രസംഗത്തില്‍ തന്റെ പിതാവ് വീടിനകത്ത് കക്കൂസ് പണിതതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെക്കുറിച്ച് പരാമര്‍ശിച്ചതോര്‍ക്കുന്നു.
ഗാര്‍ഹികവല്‍ക്കരിക്കപ്പെട്ട സ്ത്രീ.
    സ്വാഭാവികമെന്നു തോന്നുന്ന സ്വകാര്യതയ്ക്കു വേണ്ടിയായിരുന്നില്ല കക്കൂസിന്റെ പരിഷ്‌കാരങ്ങള്‍ രൂപംകൊണ്ടത്. മറിച്ച് രാഷ്ട്രവും കുടുംബവും തമ്മിലുള്ള ബന്ധത്തില്‍ പുതുതായുണ്ടായ മേല്‍സൂചിപ്പിച്ച ബലതന്ത്രങ്ങളും ആധുനികതയിലേക്കുള്ള ഒരു സമൂഹത്തിന്റെ അഭിനിവേശങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് അവ. വെളിമ്പ്രദേശങ്ങളില്‍ നിര്‍ബ്ബാധം ഒട്ടും രഹസ്യാത്മകതയില്ലാതെ മലമൂത്രവിസര്‍ജ്ജനം നിര്‍വ്വഹിച്ചിരുന്ന ജനത ഇതേ ആവശ്യങ്ങള്‍ക്കു വേണ്ടി ഗാര്‍ഹിക ടോയ്‌ലെറ്റുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ അതിലെ അംഗങ്ങളില്‍ അത് ഒരുപോലെയല്ല പ്രതിപ്രവര്‍ത്തിച്ചത്.  വീടുകളിലെ ടോയ്‌ലറ്റുകള്‍ രൂപം കൊണ്ടിട്ടും പുരുഷന്മാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പലപ്പോഴും പുറത്തെവിടേയും (പ്രത്യേകിച്ച് മൂത്രമൊഴിക്കല്‍) ഇക്കാര്യങ്ങള്‍ നിര്‍വ്വഹിച്ചു പോരുന്നു. പുരുഷന്മാര്‍ക്ക് ലോകം മുഴുവന്‍ മൂത്രപ്പുരയാണെന്ന് 'ഏവുരാന്‍' എന്ന ബ്ലോഗര്‍ ('ആവനാഴി' ബ്ലോഗ്) എഴുതുന്നു. അതേസമയം സ്ത്രീ ശരീരവും ശാരീരിക വൃത്തികളും വെളിവായോ പൊതുവായോ ചെയ്തിരുന്ന അവസ്ഥയില്‍ നിന്നും അണിയറയിലേക്ക് തള്ളിനീക്കപ്പെട്ടു. സ്ത്രീജീവിതം എല്ലാ അര്‍ത്ഥത്തിലും സ്വകാര്യ ഇടങ്ങളില്‍  തളയ്ക്കപ്പെട്ടു.
    ചുരുക്കത്തില്‍ വെളിയില്‍ നിന്നും കക്കൂസുകള്‍ വീടിനോട് ചേര്‍ന്നോ വീടിനകത്തേക്കോ പിന്‍വാങ്ങുന്നതിലൂടെ സ്ത്രീകള്‍ കൂട്ടമായിത്തന്നെ  വീടിനകത്തേക്കു പിന്‍വാങ്ങുന്നു. അതുപക്ഷേ സ്ത്രീയുടെ 'സ്വകാര്യത'യുടെയും 'അന്തസ്സി'ന്റെയും അകമ്പടിയോടെയാണെന്നു മാത്രം. 1986 ല്‍ പ്രഖ്യാപിക്കപ്പെട്ട 'സെന്‍ട്രല്‍ റൂറല്‍ സാനിറ്റേഷന്‍ പ്രോഗ്രാം' 'ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തലും സ്ത്രീകളുടെ സ്വകാര്യതയും അന്തസ്സും സംരക്ഷിക്കലും' അതിന്റെ ഉദ്ദേശ്യലക്ഷ്യമായി പ്രഖ്യാപിക്കുന്നുണ്ട്.
    ഇപ്രകാരം ആധുനിക കുടുംബ ബോധം സ്വായത്തമാക്കിയ സ്ത്രീപ്രരൂപം  പതുക്കെപ്പതുക്കെ ഒരു ആദര്‍ശ ബിബംമായി ഉറയ്ക്കുന്നു. ഇങ്ങനെ ഗാര്‍ഹികവല്‍ക്കരിക്കപ്പെട്ട സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളുടെ വൈയക്തികവും സാമൂഹികവുമായ ഇടപെടലുകള്‍ പുരുഷാധികാരത്താല്‍ നിശ്ചിതവും  നിയതവും നിയന്ത്രണവിധേയവുമാണ്. കുലീനമായ പെരുമാറ്റസംഹിതകളും ശാരീരികചലനങ്ങളും അവളില്‍ സ്വാഭാവികമെന്നവണ്ണം ഉള്‍ചേര്‍ക്കപ്പെട്ടു. ഗാര്‍ഹിക പരിധിക്കുള്ളിലും വെളിയിലും ഇത്തരം അനുശീലനങ്ങള്‍ പുരുഷാധിപത്യ നിരീക്ഷണത്തിന് വിധേയമായതിനാല്‍ സ്ത്രീകള്‍ വിട്ടുവീഴ്ചയില്ലാതെ അവയെ അനുവര്‍ത്തിച്ചു പോന്നു. പുരുഷഭാവനയില്‍ ഗാര്‍ഹിക സ്ത്രീത്വത്തിന് അനിവാര്യമായ സൗന്ദര്യാത്മക മൂല്യത്തെയാണിവ പ്രദാനം ചെയ്തത.് ഈ ഭാവനാത്മക സ്വാച്ഛന്ദ്യത്തെ തകര്‍ക്കുന്നിടത്താണ് ബഷീറിന്റെ 'ഭര്‍ര്‍..'എന്ന കഥയുടെ വിധ്വംസകത. ഗാര്‍ഹികവല്‍ക്കരണത്തിന്റെ അച്ചടക്ക അടയാളങ്ങളും ആധുനിക ബോധത്തിന്റെയും പുരോഗമനത്തിന്റെയും പ്രത്യക്ഷങ്ങളും ഒരേ സമയം ബാലന്‍സ് ചെയ്ത് കൊണ്ടുനടക്കുകയെന്ന ഇരട്ട ജോലിയാണ് 'കുലീന'സ്ത്രീക്കുള്ളത്
പൊതു ഇടങ്ങളും പൊതു ടോയ്‌ലറ്റുകളും.
    പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്ന സ്ത്രീയില്‍ ഈ സംഘര്‍ഷം പലനിലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അപരിചിതമായ ഇടങ്ങളില്‍ പ്രത്യേകിച്ചും. പൊതുസ്ഥലത്ത്, പ്രധാനമായും യാത്രകളിലും മറ്റും നേരിടുന്ന ലൈംഗിക ആക്രമണങ്ങളെക്കുറിച്ച് ജെ. ദേവിക വിശകലനം ചെയ്യുന്നത് കൂടുതല്‍ കൃത്യമായ (ശ്രേണീബദ്ധമായ) ജാതി പദവിയുമായി ബന്ധപ്പെടുത്തിയാണ്. 'വീടിനു പുറത്തിറങ്ങാന്‍ ഒരു സവര്‍ണ്ണ സ്ത്രീക്ക് ആവശ്യമോ അധികാരമോ ഇല്ല എന്നാണല്ലോ വയ്പ്. പിന്നെ കുടുബത്തിന്റെ ആവശ്യത്തിന് ജോലിചെയ്യുന്നു എന്നൊക്കെ പറഞ്ഞ് ഒരു ക്ഷമാപണത്തോടെ ഇറങ്ങുന്നു എന്നുമാത്രം. ഇങ്ങനെ പോകുന്നതിനിടയ്ക്ക് ലൈംഗിക ശല്യം അവള്‍ അവര്‍ണ്ണ സ്ത്രീയാണെന്ന്  പറയുന്നതിനു സമമാണ്. കാരണം അവര്‍ണ്ണ സ്ത്രീകള്‍ക്ക് അങ്ങനെ യാതൊരു സംരക്ഷണവുമില്ല അവരെ ഏതു പൊതുനിരത്തില്‍ വെച്ചും ഉപദ്രവിക്കാനുള്ള മൗനാനുവാദം സവര്‍ണ്ണമൂല്യങ്ങള്‍ പുരുഷാധിപത്യത്തിന് നല്‍കിയിട്ടുണ്ട്! ഞങ്ങള്‍ക്കനുവദിക്കപ്പെട്ട സംരക്ഷണം പൊതുവഴിയിലേക്കിറങ്ങുമ്പോള്‍ നഷ്ടമാകുന്നതോടെ സവര്‍ണ്ണസ്ത്രീ അവര്‍ണ്ണസ്ത്രീയുടെ പദവിയിലേക്ക് താഴും. രണ്ടുകൂട്ടരും ഒരേ അളവില്‍ കീഴ്‌പ്പെട്ട അവസ്ഥയിലാകും.' (ആഗോള വിപണി കുടുംബ മൂല്യങ്ങളെ നിര്‍ണ്ണയിക്കുന്നു. സംഭാഷണം ജെ. ദേവിക - ജി. ഉഷാകുമാരി, മാധ്യമം  അഴ്ചപ്പതിപ്പ് 2010 മാര്‍ച്ച് 15)
    പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്ന സ്ത്രീകളുടെ മാനസികാവസ്ഥയെ സംഘര്‍ഷഭരിതമാക്കുന്ന പൊതുബോധമാണ് ഇവിടെ നാം വിശദീകരിച്ചത്. ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല പൊതു ടോയ്‌ലറ്റുകളുമായി ബന്ധപ്പെട്ട സ്ത്രീയവസ്ഥയും. സ്ത്രീകള്‍ക്ക് സൗകര്യപ്രദമായ പൊതുടോയ്‌ലറ്റുകള്‍ ലഭ്യമല്ല എന്നത് ഫലത്തില്‍ അവരുടെ പൊതുസഞ്ചാരത്തിനും ഇടപെടലുകള്‍ക്കുമുള്ള വിലക്കായിത്തന്നെ കണക്കാക്കണം. തീവ്രമായ ലിംഗവിവേചനത്തിന്റെ പ്രശ്‌നം തന്നെയായി അതിനെ കാണേണ്ടതുണ്ട്. തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും ബസ്സ് സ്റ്റാന്റുകളിലും മറ്റു പൊതുവിടങ്ങളിലും ടോയ്‌ലറ്റുകളുടെ സൗകര്യമില്ലാത്തതുകൊണ്ട് വേണ്ടത്ര വെള്ളം കുടിക്കാതിരിക്കുകയും അതുമൂലം മൂത്രാശയ രോഗങ്ങളും മറ്റസുഖങ്ങളും അവരെ ബാധിക്കുകയും ചെയ്യുന്നതായി എത്രയോ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്, വന്നുകൊണ്ടിരിക്കുന്നു! ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം പൗരത്വം എന്നതിനെക്കുറിച്ചുള്ള പൊതുധാരണ രൂപീകരിക്കപ്പെടുന്നതു തന്നെ പുരുഷനുമായി ബന്ധപ്പെട്ടുകൊണ്ടാണ്. വ്യാവഹാരിക അര്‍ത്ഥത്തില്‍ പൗരന്‍ എന്നത് പുരുഷന്‍ എന്നതിന്റെ മറ്റൊരു പേരാണ്. ലിംഗഭേദത്തിന്റേയും വിവേചനത്തിന്റേയും അടയാളങ്ങള്‍ എന്ന നിലയില്‍ ടോയ്‌ലറ്റുകളെ ഭീതിജനകമായ ഇടമാക്കി മാറ്റുന്നതില്‍ സ്റ്റേറ്റിന് വലിയ പങ്കുണ്ട്.
    ചുരുക്കത്തില്‍ ടോയ്‌ലെറ്റുകളുടെ അഭാവം സ്ത്രീകളുടെ ഗാര്‍ഹികവല്‍ക്കരണത്തിന്റെ മറുവശമാണ്. മറ്റൊരര്‍ത്ഥത്തില്‍ ഗാര്‍ഹികവല്‍ക്കരണം  കൂടുതല്‍ കൂടുതല്‍ സ്ഥിരീകരിച്ചെടുക്കാനുള്ള ഗൂഢമായ ഉപാധിപോലുമാണത്.
കാമ്പസുകളില്‍
    'പിങ്കിപിങ്കി' ഒരു ആഫ്രിക്കന്‍ നാഗരികമിത്താണ്. സ്‌കൂളുകളിലെ ടോയ്‌ലറ്റുകളുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഒരു മിത്ത്. അവിടങ്ങളിലെ സ്ത്രീലൈംഗികഭീതിയെ വെളിവാക്കുന്ന ഒന്നാണത്. പകുതി പുരുഷനും പകുതി സ്ത്രീയുമായി ഗുഹ്യരോമങ്ങളില്ലാത്ത, എന്നാല്‍ പുരുഷലിംഗമുള്ള മൃഗസദൃശമായ ഒരു രൂപമാണതിനുള്ളത്. പിങ്ക് നിറത്തില്‍ ഇമകളില്ലാത്ത കണ്‍പോളകളോടെ ഭീതിപ്പെടുത്തുന്ന തുറിച്ചുനോട്ടമുള്ള ഈ പൈശാചികരൂപം മൂത്രപ്പുരകളില്‍ ജീവിക്കുന്നുവത്രെ. അത് ഇളം പ്രായത്തിലുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുമെന്ന വിശ്വാസം നിലനിന്നിരുന്നു. സ്ത്രീശബ്ദത്തില്‍ സംസാരിച്ച് പിന്നാലെ വന്നു പിടികൂടുന്ന അത് പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളു. ആണ്‍കുട്ടികള്‍ക്ക് അതിനെ കാണാന്‍ കഴിയില്ലത്രെ. പെണ്‍കുട്ടികളുടെ ലൈംഗികഭീതിയായും പെണ്‍കുട്ടികളെ ഭയപ്പെടുത്താനും അടക്കി നിര്‍ത്താനും ഉപയോഗിക്കുന്ന കഥയായും ഇതിനെ വ്യാഖാനിക്കാറുണ്ട്. എന്തുതന്നെയായാലും പൊതുവിടങ്ങളിലേതിനു സമാനമായ ലിംഗപദവി സംഘര്‍ഷം സ്‌കൂള്‍ കോളേജ് കാമ്പസുകളിലെ ടോയ്‌ലറ്റുകളിലും കാണാന്‍ കഴിയുമെന്നാണിത് സൂചിപ്പിക്കുന്നത്.
    ലിംഗപരമായി വേര്‍തിരിക്കപ്പെട്ട (ടലഃ ടലഴൃലഴമലേറ)വയാണ് ആണ് കാമ്പസ്സുകളിലെ ടോയ്‌ലറ്റുകള്‍. ഈ വേര്‍തിരിക്കല്‍ സവിശേഷമായ ഒരു വൈരുദ്ധ്യം സൃഷ്ടിക്കുന്നുണ്ട്. വേര്‍തിരിക്കപ്പെട്ട ടോയ്‌ലറ്റുകളുപയോഗിക്കാന്‍ പരിശീലിപ്പിക്കുന്നതിലൂടെ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ലിംഗപരമായ വേര്‍തിരിവ് ഉറപ്പിച്ചെടുക്കുന്നു. ഭിന്നവര്‍ഗ്ഗ ലൈംഗികവും പുരുഷാധിപത്യപരവുമായ കുടുംബഘടനയുടെ മൂല്യവ്യവസ്ഥക്കനുസൃതമായി ലിംഗവരിക്കപ്പെട്ട മൂല്യങ്ങള്‍ (ഏലിറലൃലറ ഢമഹൗല)െ അവര്‍ സ്വായത്തമാക്കുന്നു. ആണ്‍കോയ്മാവ്യവസ്ഥയുടെ ഇരകളായ പെണ്‍കുട്ടികളാകട്ടെ, ഈ വേര്‍തിരിവ് പോസിറ്റീവായി സ്വീകരിക്കുന്നു എന്നിടത്താണ് വൈരുദ്ധ്യം. തങ്ങളുടേതു മാത്രമായ ഒരിടം - ആണ്‍കുട്ടികള്‍ക്ക് കളിസ്ഥലങ്ങളും കറങ്ങി നടക്കാന്‍ തെരുവുകളും മെന്‍സ് ക്ലബ്ബുകളും മറ്റുമുള്ളതുപോലെ - തങ്ങള്‍ക്കു മാത്രമായ ഒരിടമായി അവര്‍ ടോയ്‌ലെറ്റിനേയും ഗേള്‍സ് റൂമുകളെയും കാണുന്നു. ആണുങ്ങളുടെയും മറ്റ് അധികാര സ്ഥാപനങ്ങളുടെയും ചോദ്യം ചെയ്യലുകള്‍  പ്രവര്‍ത്തിക്കാത്ത, സ്വയം ഭരണാധികാരമുള്ള ഒരിടം കൂടിയാണ് പലപ്പോഴുമത്. ആര്‍ത്തവകാലങ്ങളിലെ ശാരീരികവും മാനസികവുമായ പിരിമുറുക്കങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് ടോയ്‌ലറ്റ് ഒരു സ്വാസ്ഥ്യത്തിന്റെ ഇടമാണ്. പലപ്പോഴും അണിഞ്ഞൊരുങ്ങാനും രഹസ്യങ്ങള്‍ പങ്കുവെക്കാനുമുള്ള ഇടമായി അവര്‍ അതിനെ മാറ്റിയെടുക്കുന്നു. നമ്മുടെ ദൈനംദിന വ്യവഹാരങ്ങളെ സാമൂഹ്യമായ പെര്‍ഫോമന്‍സുകളായാണ് ഇര്‍വിംഗ് ഫോഫ്‌മെന്‍ കാണുന്നത്. നാടകസിദ്ധാന്തങ്ങളെ അവലംബിച്ചു കൊണ്ട് അവര്‍ സ്ഥലങ്ങളെ രണ്ടായി തിരിക്കുന്നു- അരങ്ങും അണിയറയും. അണിയറയില്‍ നാം സാമൂഹ്യമായി എടുത്തണിഞ്ഞ മുഖംമൂടികള്‍ മാറ്റുന്നു. നാടകത്തിന്റെ ബാക്ക് സ്റ്റേജ് സങ്കല്‍പ്പത്തിന് അനുരോധമായ ധര്‍മ്മമാണ് ടോയ്‌ലെറ്റുകള്‍ നിര്‍വ്വഹിക്കുന്നതെന്ന് ഫോഫ്മാന്‍ നിരീക്ഷിക്കുന്നു. ആണ്‍കോയ്മ സൃഷ്ടിച്ച ലിംഗവിഭജനത്തിന്റെ അടിസ്ഥാനത്തിലായിരിക്കത്തന്നെ, സ്ത്രീപ്രാമാണികതയുടെ ഒരിടം ലഭ്യമാകുന്നു എന്നത് പ്രധാനമാണ്.
    സമീപഭൂതകാലം വരെയെങ്കിലും ചെറിയ ക്ലാസ്സിലെ കുട്ടികള്‍ക്ക് ഈ വൈരുദ്ധ്യത്തെ അഭിമുഖീകരിക്കേണ്ടി വന്നിരുന്നില്ല. കാരണം അവര്‍ ആണ്‍പെണ്‍ഭേദമന്യേ ഒന്നിച്ച് മൂത്രമൊഴിക്കാന്‍ പോയിരുന്നു. മൂത്രമൊഴിക്കലെന്ന പ്രക്രിയതന്നെ ഒരുതരത്തിലുള്ള രഹസ്യാത്മകതയും സൃഷ്ടിച്ചിരുന്നില്ല. മൂത്രമൊഴിക്കാന്‍ അനുവദിക്കപ്പെട്ട ഇടവേളകളെ പല നാട്ടിന്‍പുറത്തെ സ്‌കൂളുകളിലും 'മൂത്രമണി' യെന്നാണ് പറയാറ്. (മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ 'പാത്താമണി'യെന്നും) മൂത്രമൊഴിക്കുന്ന പ്രക്രിയയെ കുട്ടികള്‍ ആണ്‍പെണ്‍ ഭേദമന്യേ അതേ പേരില്‍ത്തന്നെ വ്യവഹരിക്കുന്നു എന്നതാണിവിടെ പ്രധാനം. (ഇന്നത് അങ്ങിനെ ആവാന്‍ തരമില്ല)
    ഹൈസ്‌ക്കൂള്‍ കോളേജ് തലങ്ങളിലേക്ക് എത്തുമ്പോള്‍ കുട്ടികള്‍ തങ്ങളുടെ ലിംഗവല്‍കൃതസ്വത്വത്തില്‍ (ഏലിറലൃലറ കറലിശേ്യേ)  പൂര്‍വ്വാധികം ഉറപ്പിക്കപ്പെടുന്നതിനാല്‍ പൊതുസമൂഹത്തില്‍ പ്രത്യക്ഷമായ ലിംഗാധികാര പ്രവണതകളും ഇവിടെ പ്രബലമായിത്തീരുന്നു. അവയെ ചോദ്യം ചെയ്യാനോ വിശകലനാത്മകമായി പൊളിച്ചെഴുതാനോ പാകത്തിലുള്ള ജനാധിപത്യ ഊര്‍ജ്ജം ഇന്നത്തെ അരാഷ്ട്രീയ കാമ്പസ്സില്‍ ഇല്ലെന്നതാണ് വാസ്തവം. സൗഹൃദങ്ങളില്‍ ഹെട്രോസെക്ഷ്വലായ ഘടന പുലര്‍ത്തുമ്പോള്‍ തന്നെ അവ വളരെ അധികം വ്യക്തിവല്‍കൃതവും വൈകാരികവുമായതിനാല്‍ അവയ്ക്കുള്ളിലെ ലിംഗാധികാര ഘടനയ്ക്ക് ഒരു കോട്ടവും തട്ടുന്നില്ല. പെണ്‍ടോയ്‌ലറ്റുകളുടെ വേര്‍തിരിക്കപ്പെട്ട നില പെണ്‍കുട്ടികളില്‍ സ്വന്തം ഇടത്തെ നിര്‍മ്മിച്ചു നല്‍കുന്നു എങ്കിലും ആണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം സ്വകാര്യ കാമനകളുടെ ഇടമായി അവ മാറുകയാണ്. കുഴൂര്‍ വിത്സന്റെ 'അക്ഷരത്തെറ്റുള്ള തെറികള്‍'എന്ന കവിത ഇത്തരം കൗമാരകാമനകളെ വിശദീകരിക്കുന്നതിങ്ങനെ-
    'ആരാണ് എഴുതുന്നതെന്നറിഞ്ഞുകൂടാ
    എപ്പോഴാണ് എഴുതുന്നതെന്നറിഞ്ഞുകൂടാ
    സിനിമാ പോസ്റ്ററുകള്‍ സമയാസമയം മാറുന്നതുപോലെ
    മൂത്രപ്പുരയുടെ ചുമരുകളില്‍
അക്ഷരത്തെറ്റുള്ള തെറികള്‍ വന്നു
പായലും കരിക്കട്ടയും ചെങ്കല്ലും ചേര്‍ന്നെഴുതിയത്
ചിലപ്പോള്‍ ഇങ്ങനെയെല്ലാമായിരുന്നു,
ഇവിടെ കാറ്റിനു സുഗന്ധം
രാജീവ് + സിന്ധു
ച്ചോട്ടപ്പന്‍ ബാലന്‍......
കൊക്കിദേവകിയുടെ.....
ഹൃദയത്തിന്റെ നടുവിലൂടെ
അമ്പ് കടന്നുപോകുന്ന ചിത്രം
രാജമ്മയും ഭാനുടീച്ചറും തമ്മില്‍
പ്രേമത്തിലാണളിയാ തുടങ്ങിയ പാട്ടുകള്‍
. . . . . . . . . . . . . . . . . . . . . . . . . . .
. . . . . . . . . . . . . . . . . . . . . . . . . . .
പെണ്‍കുട്ടികളുടെ മൂത്രപ്പുര
ഒരു ക്ഷേത്രംപോലെ നിലകൊണ്ടു.....'
(പുറം 38 - 'ഇ' - കുഴൂര്‍ വിത്സന്‍)
(നാക് ടീമിന്റെ ഔദ്യോഗിക സന്ദര്‍ശനം വിസിറ്റ് പ്രമാണിച്ച് ഇത്തരം തെറികളും രാഷ്ട്രീയ മുദ്രാവാക്യങ്ങളും മറ്റെല്ലാ ചുവരെഴുത്തുകളും ഒരുപോലെ ചുരണ്ടിക്കളഞ്ഞ് 'വെള്ളപൂശി' യതായാണ് ഇന്നു നാം കോളേജുകളില്‍ കാണുക!)
    പെണ്‍ടോയ്‌ലെറ്റുകളെ കേന്ദ്രീകരിച്ച് ലൈംഗികമായ ജിജ്ഞാസകളുടേയും ഫാന്റസികളുടേതുമായ ഉണര്‍വ് ആണ്‍കുട്ടികളില്‍ സൃഷ്ടിക്കപ്പെടുന്നതോടൊപ്പം പെണ്‍കുട്ടികളിലത് ലൈംഗിക ഭീതിയായും ജാള്യതയായും പലപ്പോഴും പ്രവര്‍ത്തിക്കുന്നു. മൂത്രമൊഴിക്കുന്ന പ്രക്രിയയെത്തന്നെ അന്തസ്സില്ലാത്ത, അശ്ലീലപ്രവൃത്തിയായി ആരോപിക്കുന്നിടത്തോളമുള്ള ഒരു പൊതുഭാവന പെണ്‍കുട്ടികള്‍ പലപ്പോഴും ചുമന്നു നടക്കുന്നതിന് ഇത് കാരണമാവുന്നു. വേണ്ടത്ര സുരക്ഷിതമല്ലാത്തതും വൃത്തിയില്ലാത്തതും സൗകര്യങ്ങളില്ലാത്തതും എത്തിപ്പെടാന്‍ ബുദ്ധിമുട്ടള്ളതുമായ ടോയ്‌ലെറ്റുകളും ഈ അവസ്ഥയെ പിന്‍തുണയ്ക്കുന്നു. പലപ്പോഴും ഇത്തരം പ്രതികൂലാവസ്ഥകളില്ലാത്തപ്പോഴും പെണ്‍കുട്ടികള്‍ 'സ്‌ത്രൈണത' യുടെ അമിതഭാരത്താല്‍ തലകുനിച്ചിരിക്കുന്നവരാണ്. രൂപേഷ്‌പോളിന്റെ 'ലജ്ജാവതി' എന്ന കവിത ഈ അവസ്ഥയെ ഉദാഹരിക്കുന്നുണ്ട്.
'പഞ്ചനക്ഷത്ര റെസ്റ്റാറണ്ടില്‍
നമ്മുടെ പ്രണയഭാഷണത്തിന്റെ
ആറുമണിക്കൂര്‍
മെഴുതിരി വെളിച്ചത്തില്‍
നിന്റെ ഇമകളുടെ മന്ദാക്ഷം
KING എന്നെഴുതി വച്ച
കക്കൂസിലേക്ക് ഞാന്‍
പലതവണ മൂത്രമൊഴിക്കാന്‍
പോയി.
നീയോ
മൂത്രാശയ രോഗങ്ങളുടെ
ദേവതേ,
അപ്പോഴെല്ലാം എനിക്കുവേണ്ടി
നമ്രമുഖിയായി
ലജ്ജാവതിയായി
കാത്തിരുന്നു. (പുറം 67, 'പെണ്‍കുട്ടി ഒരു രാഷ്ട്രമാണ'്.)
ഇത്തരം നിരവധി വൈരുദ്ധ്യങ്ങളുടേയും സംഘര്‍ഷങ്ങളുടേയും ഒരിടമാണ് പെണ്‍ടോയ്‌ലറ്റുകള്‍. ലിംഗരാഷ്ട്രീയത്തില്‍ മൗലികമായി ഇടപെട്ടുകൊണ്ടും പൊളിച്ചെഴുതിക്കൊണ്ടും മാത്രമേ തന്റെ കൂടി ഇടമായി, ഓരോ പെണ്‍കുട്ടിക്കും തന്റേടത്തോടെ പബ്ലിക്ക് ടോയ്‌ലറ്റുകളെ ഉപയോഗിക്കാനാവൂ. ശരീരരാഷ്ട്രീയത്തെ പൊതുരാഷ്ട്രീയത്തിനു മുമ്പാകെ തുറന്ന് അഭിസംബോധന ചെയ്തുകൊണ്ട്  കോഴിക്കോട്ടെ 'പെണ്‍കൂട്ടി'ലൂടെ തൊഴിലാളി സ്ത്രീകള്‍ ഇത്തരമൊരു ഇടപെടലാണ് സാധ്യമാക്കിയത്.

റഫറന്‍സ് : 1.      പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം  - പി. ഭാസ്‌കരനുണ്ണി
          2. കേരളം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍-പി. ഭാസ്‌കരനുണ്ണി
         3.  ഘമറശല െ& ഏിെേ : ജൗയഹശര ഠീശഹലെേ മിറ ഏലിറലൃ –
  ഛഹഴമ ഏലൃവെലിീെി & ആമൃയമൃമ ജലിിലൃ

 
               Toilet. 2003.doc...

33 comments:

ഉഷാകുമാരി.ജി. said...

മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് 2010 ജൂലായ് 18-24 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.

സന്തോഷ്‌ പല്ലശ്ശന said...

മാതൃഭൂമിയില്‍ നിന്ന് ഈ ലേഖനം വായിച്ചു. ത്രസിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന ഒരു ലേഖനമായിരുന്നു അത്‌... മാതൃഭൂമി വളരെ കാലത്തിനു ശേഷം നല്ലൊരു കാര്യം ചെയ്തു...:) ഇന്നത്തെ മുംബൈ കലാകൌമുദിയില്‍ കോഴിക്കോട്‌ സ്ഥാപിക്കാനുദ്ദേശിക്കുന്ന അത്യാധൂനികമായ ഒരു ടൊയ്ലറ്റിനേക്കുറിച്ചുള്ള വാര്‍ത്തകണ്ടു...

എഴുത്തിന്‍റെ ആക്ടിവിസം... നന്ദി... :):)

യൂസുഫ്പ said...

നമ്മൈലധിക പേരും അന്യ സംസ്ഥാനമായ തമിഴ്നാടിനെ വിസർജ്ജനത്തിന്റെ പേരിൽ കളിയാക്കാറുണ്ട്.എന്നാൽ അവിടുത്തെ പട്ടണങ്ങളിൽ ശൗച്യാലയങ്ങൾ പണിയുകയും വിസർജ്ജ്യം ഒന്നിനും രണ്ടിനും പണം ഈടാക്കി അത് വൃത്തിയായി പരിപാലിക്കുകയും ചെയ്യാറുണ്ട്. എന്നാൽ അഭ്യസ്തവിദ്യരും വൃത്തിയുടെ പര്യായമായ കേരളീയർ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധയോ താല്പര്യമോ കാട്ടാറില്ല. ഇനി ഇത്തരം സൗകര്യം എവിടെ എങ്കിലും ഉണ്ടെന്ന് വയ്ക്കുക. പരമാവധി അവൻ ഉപയോഗ(നാശമാക്കും)പ്പെടുത്തും. പോറഞ്ഞിട്ട് ഒരു ന്യായവും ഉണ്ടാകും “കാശ് കൊടുക്കുന്നതല്ലേ അവൻ കഴുകട്ടേടൈ”.
മലയാളി അവന്റെ സമീപനങ്ങൾക്ക് മാറ്റം വരുത്തേണം അപ്പോഴെ കേരളം പ്ര ബുദ്ധമാകൂ.

ജയ്ഹിന്ദ്.

sherin said...

enjoyed reading Usha. keep doing such topics

ഭൂതത്താന്‍ said...

പ്രസക്തമായ കുറിപ്പ് ..

പി എ അനിഷ്, എളനാട് said...

കാലികപ്രസക്തം

ഏറനാടന്‍ said...

മാതൃഭൂമിയില്‍ വായിച്ചിരുന്നു. ലേഖികയെ ബ്ലോഗില്‍ പരിചയപ്പെടാന്‍ സാധിച്ചതില്‍ സന്തോഷം. ഭാവുകങ്ങള്‍ നേരുന്നു.

chithrakaran:ചിത്രകാരന്‍ said...

ഇത് അസാമാന്യമായൊരു ലേഖനമാണല്ലോ !!!
വിജ്ഞാനപ്രദവും, ഇതുവരെ ചിത്രകാരന്‍ എത്തിനോക്കുകപോലും ചെയ്യാതിരുന്ന
സാമൂഹ്യ പരിസരത്തിന്റെ ഹൃദയത്തിലേക്ക് വെളിച്ചം വീശുന്ന ലേഖനം.
മികച്ചൊരു വായനാനുഭവവും, സാമൂഹ്യചിന്തയും നല്‍കിയതിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!

ചാർ‌വാകൻ‌ said...

രണ്ടാഴ്ചമുമ്പേ വായിച്ചിരുന്നു.ഗംഭീരമായിരിക്കുന്നു.

ശ്രീനാഥന്‍ said...

ചിത്രകാരന്റെ ബ്ലോഗ്‌ വഴി എത്തിയതാണ്.നല്ല ഗൃഹപാഠം ചെയ്ത് ഇരുത്തം വന്ന ഭാഷയില്‍ ഗൌരവപുര്‍വ്വം എഴുതിയ ലേഖനം.

ഉഷാകുമാരി.ജി. said...

എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി...വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും....

Visala Manaskan said...

very nice!

poor-me/പാവം-ഞാന്‍ said...
This comment has been removed by the author.
poor-me/പാവം-ഞാന്‍ said...

Keep the discussion on and on and on till the desire is materialised!!!!

സുസ്മേഷ് ചന്ത്രോത്ത് said...

പ്രിയ ടീച്ചര്‍,
ലേഖനം ആഴ്‌ചപ്പതിപ്പില്‍ വന്നപ്പോഴേ താല്‍പ്പര്യപൂര്‍വ്വം വായിച്ചിരുന്നു.മറ്റു ലേഖനങ്ങളും.സമകാലികനിരീക്ഷണങ്ങളില്‍ ഏറെ കരുത്തുറ്റതാണ്‌ ടീച്ചറുടെ അഭിപ്രായങ്ങളില്‍ പലതും.
പേര്‌ വായിച്ചപ്പോള്‍ 'ഒരു കപ്പ്‌ ചായ' ഏതോ പുരുഷസുഹൃത്തിന്റെ ബ്ലോഗ്‌ ആണെന്നാണ്‌്‌്‌ കരുതിയത്‌.അല്ലെങ്കില്‍ ഏതെങ്കിലും ഓഷോവാദി.രണ്ടുമല്ല,ടീച്ചറുടേതാണെന്നറിഞ്ഞപ്പോള്‍ ആഹ്ലാദം.ഇനി പതിവായി വായിക്കാം.

krish | കൃഷ് said...

നല്ല ലേഖനം.

ഉഷാകുമാരി.ജി. said...

വിശാലമനസ്കന്‍,പാവത്താനേ(poor- me),കൃഷ്...വളരെ നന്ദി... സുസ്മേഷ് , ഒരുപാട് സന്തോഷം ഇവിടെ കണ്ടതില്‍....

ഓ.ടോ...ഏതാണ്ട് അഞ്ചുകൊല്ലത്തോളമായി നേരില്‍ കണ്ടിട്ട്...സുഖമാണോ?

ഒരു യാത്രികന്‍ said...

തീര്‍ച്ചയായും ഇതൊരു ഗംഭീര ലേഖനം തന്നെ. ഹോ.... യാത്രക്കിടയിലെ ചില ടോയിലെറ്റ്‌ അനുഭവങ്ങള്‍, ചിരിക്കാനും കരയാനും ഉള്ള വക തന്ന്നിടുണ്ട്.....സസ്നേഹം

chithrakaran:ചിത്രകാരന്‍ said...

പൊതു സ്ഥലങ്ങളില്‍ നഗ്നത പ്രോത്സാഹിപ്പിക്കണം !

പള്ളിക്കരയില്‍ said...

“ഒരു ജനത അവരിൽ നിന്നുള്ള മാലിന്യം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ അവരുടെ സാംസ്ക്കാരിക നിലവാരം അളക്കാം“ എന്നു ആരോ പറഞ്ഞതായി വായിച്ചിട്ടുണ്ട്‌. അങ്ങനെയാണെങ്കിൽ മലയാളി സമൂഹത്തിന്റെ മാർക്ക് എത്ര എന്ന ചോദ്യത്തിനു മുനിൽ നമുക്ക് ഉത്തരം മുട്ടി നിൽക്കേണ്ടി വരുന്ന അവസ്ഥയാണ്. ആണ് ടോയിലറ്റുകളായാലും പെണ്ടോയിലറ്റുകളായാലും ധാരാളമായി സ്ഥാപിക്കയും അവയുടെ ആരോഗ്യകരമായ പരിപാലനത്തിൽ ശ്രദ്ധിക്കയും ചെയ്യേണ്ടത് അധികാരികളുടേയും‌ ഉപഭോക്താക്കളുടേയും സംയുക്തമായ ചുമതലയാണ്. (ലേഖനത്തിലെ ആണ്-പെണ് വർഗ്ഗീകരണസംബന്ധമായ പരാമർശങ്ങളെ പറ്റി കമന്റ്റാൻ ഞാൻ അസമർത്ഥൻ) . പഠനത്തിന്റേയും മനനത്തിന്റേയും പിൻബലമുള്ള ലേഖനം നല്ല വായാനനുഭവം നൽകി.. നന്ദി.

ഉഷാകുമാരി.ജി. said...

ഒരു യാത്രികന്‍,ചിത്രകാരന്‍, പള്ളില്ക്കരയില്‍.... വായന്യ്ക്കും പ്രോത്സാഹനത്തിനും എല്ലാവര്‍ക്കും നന്ദി....

Manoraj said...

ടിച്ചര്‍,

ലേഖനം ഇപ്പോഴാണ് വായിച്ചത്. യൂസഫ്പ പറഞ്ഞപോലെ നമ്മുടെ നാട്ടുകാര്‍ക്ക് കളിയാക്കാന്‍ മാത്രമേ അറിയൂ. അല്ലാതെ നല്ലത് ചെയ്യാന്‍ അറിയില്ല. പലപ്പോഴും അന്യ സംസ്ഥാനക്കാരെ വൃത്റ്റിയുടെ പേരില്‍ കളിയാക്കുന്ന നമ്മള്‍ ഒരിക്കലും നമ്മുടെ പൊതു ടോയ്ലറ്റുകള്‍ വൃത്തിയാക്കാറില്ല. നല്ലൊരു ലേഖനം

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

വളരെ നല്ല ഒരു ലേഖനം... എല്ലാ ആശംസകളും !

Hari said...

പെണ്ണിനും ആണിനും ഒരുപോലുള്ള ഒരു 'പ്രശ്നം' പരസ്യമായി ചെയ്യാന്‍ പൊതുവായി ഇരുകൂട്ടര്‍ക്കും ഈയിടെയായി ഒരുപോലെ ജാള്യതയുള്ള കാര്യം (പെണ്ണുങ്ങള്‍ നേരത്തെ ഒളിച്ചുതുടങ്ങി).
ടീച്ചറുടെ ലേഖനത്തോടൊപ്പം വന്ന ചിത്രത്തിന്‍റെ പ്രതികരണം ശ്രദ്ധിച്ചു കാണുമെന്ന് കരുതുന്നു.
എന്നിട്ടും പെണ്‍ ടോയ്ലറ്റ് !!!!!!!

ഉഷാകുമാരി.ജി. said...

മനോരാജ്, നമ്മുടെ മിഥ്യാഭിമാനങ്ങള്‍ അങ്ങനെ പലതുണ്ട്.... ശ്രീജിത്ത് , നന്ദി.

ഹരിയുടെ കമന്റ് വ്യക്തമായില്ലല്ലോ.

Anonymous said...

hai mam,
kudus for such an authentic article.............
do u know me? I was there @ short stay home during ur film festival intervals..Very happy to see u here..

Abduljaleel (A J Farooqi) said...

Hi,GOOD Teacher
enthayalum vishayam anukaalikam .
ippol school kalil marapurakal nirbandhamakkunna oru saahacharyathil. vendatha karyangal pidichu nirthiyaal rogam kshanichu varuthukayalle.!!!!

MyDreams said...

ഇന്ന് മുത്രശായ രോഗത്തെ കുറിച്ചും ഉദര രോഗത്തെ കുറിച്ചും കൂടുതല്‍ കൂടുതല്‍ വായിച്ചരിയുന്ന്നു ഇതും കൂട്ടി വായിക്കാം
നന്നായി തുറന്നു എഴുതാന്‍ സാധിച്ചിരിക്കുന്നു ........ഭാവുകങ്ങള്‍ ...

God writes straight with crooked lines! said...

what could the psychological politics behind such toilet wallscripts...the article has been alluding to the domestication of the womenhood...

Mayilpeeli said...

വളരെ വ്യത്യസ്തമായ ഒരു ലേഖനം ആണ് ഇത് നന്ദി. നമ്മള്‍ വിദേശ രാജ്യങ്ങളിലെ മോശം കാര്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ നോക്കുന്നു... പക്ഷെ അവിടുത്തെ പബ്ലിക്‌ കക്കൂസേ കാണേണ്ടത് തന്നെ യാണ്.. അത്രയ്ക്ക് വൃതിയിട്ടാണ് അത് സൂക്ഷിച്ചിരിക്കുന്നത് . ആണായാലും പെണ്ണായാലും ഇതു മനുഷ്യന്റെയും ആവശ്യമാണ് ... ഇനി എന്നാണാവോ പെണ്ണുങ്ങള്‍ക് പേടിക്കാതെ പോകാവുന്ന പുതു കക്കൊസുകള്‍ ഉണ്ടാവുക ... കേരളത്തിലെ പൊതു കക്കൂസില്‍ പോകേണ്ടി വന്നിട്ടുള്ള ഒരു ഹതഭാഗ്യ ...

ജയകൃഷ്ണന്‍ കാവാലം said...

പ്രസക്തമായ ലേഖനം. കേവലം ശാരീരികാവശ്യങ്ങളിന്മേൽ പോലും മനുഷ്യന്റെ മിഥ്യാഭിമാനബോധം കൂച്ചുവിലങ്ങിടുന്ന ഒരു സംസ്കാരമാണ് നമ്മുടെ സമൂഹത്തിന്റേത്. പ്രത്യേകിച്ചും സ്ത്രീകളുടെ കാര്യത്തിൽ. അടിച്ചമർത്താനുള്ള മറ്റൊരു മാർഗ്ഗം കൂടി. കക്കൂസ് സാഹിത്യത്തിന്റെ കാര്യമാണെങ്കിൽ പറയുകയും വേണ്ട, മലയാളി സമൂഹത്തിന്റെ (ഒരു ചെറിയ ശതമാനത്തിന്റെയെങ്കിലും) ഉള്ളിലെ മാലിന്യം എത്രയെന്നറിയണമെങ്കിൽ സെപ്റ്റിക് ടാങ്ക് തുറന്നു നോക്കേണ്ട കാര്യമില്ല, പകരം പൊതു കക്കൂസുകളുടെ ചുവരിൽ നോക്കിയാൽ മതി. അവർ തന്നെ ആലേഖനം ചെയ്തു വച്ചിട്ടുണ്ട്...

Daisy said...

ശരിയാണ്...കുട്ടികളെ ചെറുപ്പം മുതലേ വേര്‍തിരിക്കുന്നു നമ്മുടെ സമൂഹം. നമ്മുടെ നാട്ടില്‍ അവശ്യം വേണ്ടതാണിതെല്ലാം - ചിലപ്പോള്‍ സഞ്ചാരികള്‍ക്ക് ഉപയോഗിക്കാന്‍ ശൌചാലയങ്ങള്‍ ഇല്ലാത്തത് കഷ്ടമായി തോന്നാറുണ്ട്.
വളരെ നന്നായി എഴുതി...നല്ല മലയാളം!

Shahina E K said...

vayichathanuuuu..veendum vayichu....oooffff.great