Tuesday, August 25, 2009

ഇരുട്ടുപിഴിഞ്ഞത്‌'

ഏറെക്കാലം നടന്നു പഴകിയ നാട്ടുവഴികളെ ഓര്‍മിപ്പിക്കുന്നു സെബാസ്റ്റിയന്റെ കവിതകള്‍.വലിയൊരു ഘോഷയാത്രയിലേക്ക്‌,ഹൈവേയിലേക്ക്‌ ചെന്നു ചേരണമെന്നു നിര്‍ബന്ധമില്ലാത്ത ഇടവഴികള്‍.നമ്മുടെ ദൈനം ദിനങ്ങളില്‍ മുച്ചൂടും ഇഴുകിയിണങ്ങിയ ചെറിയ പടര്‍പ്പുകളും വള്ളികളും പൂവും കായുമായി അവ പൊടിപ്പു നീട്ടുന്നു.വിപണിയുടെ പൊടിപടലങ്ങളും അതിവേഗങ്ങളും ഇലത്തളിരുകളെ, ചെറുനാമ്പുകളെ ആകെ മലിനപ്പെടുത്തി കുതിച്ചുപായുമ്പോഴും കാലപ്പകര്‍ച്ചയില്‍ അതു കുളിര്‍പ്പച്ചയായി നമ്മെ പൊതിഞ്ഞു നില്‍ക്കുന്നു.കവിതയില്‍ പിടിച്ചു നിര്‍ത്തുന്നു.

'ബാക്കിയായ ഇനിയും ചാവാത്ത ഇടവഴികള്‍ തൂങ്ങിപ്പിടയുന്ന കോര്‍മ്പ'('വില്‍പന')നമ്മുടെ ആന്തരിക ജീവിതത്തിന്റെ രൂപകം തന്നെയാണ്‌.പരിഹാസം കലര്‍ന്നത്‌,കേവലമല്ലാത്തത്‌. മലിനമായ വിപണിവല്‍ക്കരിക്കപ്പെട്ട അവസ്ഥകളും വികാരങ്ങളും നിറഞ്ഞ ഒരു ലോകത്തില്‍ നിന്നും കുതിച്ചുയരാന്‍ വെമ്പുന്ന വാക്കുകളാണിവിടെ കവിത.മാറുന്ന ലോകത്തിന്റെ ,ചലിക്കുന്ന കാലത്തിന്റെ അനുഭവപ്രത്യക്ഷങ്ങളായി കവിത മാറിത്തീരുന്നത്‌ ഇങ്ങനെയാണ്‌.'പുറപ്പാട്‌' മുതല്‍ 'കണ്ണിലെഴുതാന്‍' വരെയുള്ള കവിതകളില്‍ നിന്നും 'ഇരുട്ടു പിഴിഞ്ഞത്‌' മുന്നോട്ടു വെയ്ക്കുന്ന സാധ്യത പ്രതിരോധപരമാണ്‌.എന്നാലത്‌ ഒരു ആഘോഷമോ പ്രതീകമോ ആയി സ്വയം അവരോധിക്കുന്നില്ല തന്നെ.ഉച്ചഭാഷണങ്ങളല്ലെങ്കിലും ദൃഢമായ പതിഞ്ഞ സ്വരങ്ങള്‍....

കേവലമായ നിഷ്കളങ്കതയുടെ തരളതയുടെ ലോകത്തു വെച്ചാണ്‌ സെബാസ്റ്റിയന്റെ ആദ്യകാല കവിതകളുടെ പിറവി. ജീവിതത്തിന്റെയും പ്രപഞ്ചത്തിന്റെയും അനാദിവൈചിത്ര്യങ്ങളോട്‌ അവയുടെ ഉപരിതലകൗതുകങ്ങളോടും ആന്തരികവൈരുധ്യങ്ങളോടും ഒരുപോലെ സംവേദനം നടത്തുകയാണവ.ഐന്ദ്രിയതയുടെ വൈകാരികപ്രത്യക്ഷങ്ങളെ വാക്കുകളായി,ഭാഷയായി കവിതയില്‍ സ്വാംശീകരിക്കപ്പെട്ടു ഇക്കാലയളവില്‍.ബഹുവിധ ശബ്ദ,വര്‍ണ,ഗന്ധ,രുചി മേളങ്ങളുടെ ജൈവികതയില്‍ കവി അഭിരമിക്കുക തന്നെയായിരുന്നു.പ്രപഞ്ചത്തില്‍ കവിതയുടെ ജീവരസം വായിച്ചെടുക്കുന്ന, എല്ലായിടത്തുനിന്നും കവിത കണ്ടെടുക്കുന്ന രീതി എക്കാലവും ഈ കവി വച്ചു പുലര്‍ത്തിയിട്ടുണ്ട്‌.അഞ്ചാം തലമുറയെന്നു സച്ചിദാനന്ദന്‍ വിശേഷിപ്പിക്കുന്ന കവികളുടെ കൂട്ടത്തില്‍ സംഘം ചേരുമ്പോഴും തൂവല്‍സ്പര്‍ശം പോലെയുള്ള ലോലമായ അനുഭൂതികളുടെ സ്വപ്നസദൃശമായ ലോകങ്ങള്‍ വിട്ടൊഴിഞ്ഞില്ല.സ്വഛതയുടെ തണലിലൂടെയുള്ള നേര്‍ത്ത ഒഴുക്ക്‌.... കൊമ്പും മുള്ളുകളുമുള്ള ജലജന്തുക്കളെയോ പവിഴപ്പുറ്റുകളെയോ അല്ല ചെറുമീനുകളെയാണ്‌ നാമവിടെ കാണുക. അവ വെള്ളത്തിലൂടെ പോകുന്നു, അടയാളങ്ങള്‍ പതിപ്പിക്കാതെ.പാരമ്പര്യത്തോടുള്ള അവിശ്വാസവും അതേസമയം അതതു കാലത്തെ പ്രത്യയശാസ്ത്രദര്‍ശനങ്ങളിലും പ്രവത്തനങ്ങളിലും പ്രകടമായ ജഡതയോടുണ്ടാവുന്ന മനം മടുപ്പും കവികളെ ഒരു പ്രതിസന്ധിയിലകപ്പെടുത്തുന്നു.കവിതയുടെ സ്രോതസ്സ്‌ സ്വന്തം വൈകാരികമൂല്യങ്ങള്‍ തന്നെയായിത്തീരുന്നതിന്റെ കാരണമിതാണ്‌.ഭഗ്നബിംബങ്ങളും വിരുദ്ധോക്തികളും തീര്‍ത്തും വിദൂരവും അപ്രാപ്യവുമായ വിശുദ്ധിയുടെ മണ്ഡലങ്ങളും ഇക്കാലഘട്ടത്തിലെ കവിതകളില്‍ നിറയുന്നതങ്ങനെയാണ്‌.'മഹാവീര്‍','പുറപ്പാട്‌' മുതലായ കവിതകള്‍ ചില അംശങ്ങളില്‍ വേറിട്ടുനില്‍ക്കുന്നുണ്ടെങ്കിലും.

'പാട്ടു കെട്ടിയ കൊട്ട'യിലേയ്ക്കു വരുമ്പോള്‍ ഈ ലോകം വഴിമാറുന്നു. പ്രപഞ്ചത്തിന്റെ,ജീവിതാവസ്ഥകളുടെ സങ്കീര്‍ണതകളിലേയ്ക്കും അനിവാര്യതകളിലേയ്ക്കും കവിത വിശദീകരണക്ഷമമാകുന്നു.സ്വയം നിര്‍വചിക്കാനുള്ള ശ്രമവും അതിന്റെ ഭാഗമായി മധ്യവര്‍ത്തി ജീവിതത്തെ(മധ്യവര്‍ത്തി പുരുഷലോകത്തെ) ഒരു കേന്ദ്രപ്രമേയമായി വികസിപ്പിച്ചെടുക്കുകയും ചെയ്യുകയാണിവിടെ. സ്വത്വപരമായ ഒരു ദാര്‍ശനിക പ്രശ്നമെന്ന നിലയില്‍ അല്ലെങ്കിലും മധ്യവര്‍ത്തി ജീവിതത്തെ അതിവൈകാരികതയോ അമിതമായ ആദര്‍ശവല്‍ക്കരണമോ ഇല്ലാതെ കാണാന്‍ കഴിയുന്ന 'അ-ദ്ദേഹം', 'ഒരു സാരോപദേശ കഥ','ഉറുമ്പുകള്‍','പ്രാര്‍ത്ഥന','കാത്തു സൂക്ഷിക്കുന്നത്‌','തുറിച്ചു നോക്കുന്ന ചെരുപ്പുകള്‍','സുതാര്യമായ വര്‍ണന' തുടങ്ങി അനേകം കവിതകളുണ്ട്‌.ഈ മധ്യവര്‍ത്തിയെ/പുരുഷനെ/ഭര്‍ത്താവിനെ/കവിയെ ഒരേ സ്വത്വത്തിന്റെ ആവിഷ്കാരഭേദങ്ങളായി കവി കാണുന്നു.ഈ പ്രമേയവുമായി സെബാസ്റ്റിയന്റെ കവിതകള്‍ക്കുള്ള ബന്ധം അതിനു മുമ്പുള്ള കവികളിലെ കവി/നായകകര്‍ തൃത്വത്തിന്റെ വെളിച്ചത്തില്‍ വ്യക്തമാകും. കടുത്ത ആന്തരിക-വൈകാരിക ക്ഷോഭങ്ങളെയും സംഘര്‍ഷങ്ങളേയും വഹിക്കുന്ന അഹംബോധജന്യമായ സങ്കീര്‍ണതകളുള്ള നായകകര്‍ തൃത്വം സ്വയം 'നെഞ്ചു കീറി നേരിനെകാട്ടി' വൈലോപ്പിള്ളി മുതല്‍ ചുള്ളിക്കാടു വരെ അരങ്ങു തകര്‍ത്താടി.ആധുനികതാ പ്രസ്ഥാനം വേണ്ടതിലധികം ധൂര്‍ത്തടിച്ച ഈ പ്രമേയം സെബാസ്റ്റിയന്റെ കവിതയില്‍ രണ്ടുധര്‍മങ്ങളെ ഒരേ സമയം സാധ്യമാക്കുന്നു--സ്വയം നിരവചിക്കുന്നതിനോടൊപ്പം തന്നെ വര്‍ത്തമാനകാലസാഹചര്യങ്ങളെ അഭിമുഖീകരിക്കാനാവശ്യമായ അപര/പുറം ലോക സാന്നിധ്യവും ഈ ഘട്ടത്തിലാണ്‌ കവിതയിലേയ്ക്കു സ്വാംശീകരിക്കപ്പെടുന്നത്‌.അതിനുതകും വണ്ണം തന്റെ ഭാഷയെ ആഖ്യാനാത്മകമായ ഗദ്യഘടനയിലേക്ക്‌, പുതുകവിതയുടെ രൂപപരമായ വസ്തുനിഷ്ഠതയിലേക്ക്‌ ചിന്തേരിട്ടു തീര്‍ക്കാന്‍ കവിക്കു സാധിച്ചു. ഇവിടെയെത്താന്‍ എഴുത്ത്‌ വ്യക്തമായ ദൂരം താണ്ടുന്നുണ്ട്‌.പ്രമേയപരമായി ആധുനികത ഒരു ഒഴിയാബാധയായി ചില കവിതകളെ('ഒട്ടിച്ചനോട്ട്‌'മുതലായ)പിടികൂടുമ്പോഴും രൂപപരമായ ശാഠ്യക്കുറവ്‌, അയവുകള്‍,ഉദാസീനമെന്നു തോന്നുമെങ്കിലും സൂക്ഷ്മമായ അയത്നലാളിത്യം എന്നീ പ്രത്യേകതകള്‍ സെബാസ്റ്റിന്റെ കവിതയെ പുതുകവിതയുടെ ഗണത്തില്‍ തന്നെ കണ്ണിചേര്‍ക്കുന്നു.ഭാഷാപരമായ ജാഗ്രതയും താര്‍ക്കികയുക്തികളും അതേസമയം ഉള്ളടക്കത്തില്‍ ഒരുതരം ലീലാപരതയും. ഈയംശങ്ങള്‍ നിലനിര്‍ത്തുന്ന കുറേ കവിതകള്‍ ഈ സമാഹാരത്തിലുണ്ട്‌.'ആന്ധ്യം',ഇറക്കം','കുഞ്ഞുവരച്ച ചിത്രം','ഇക്കണ്ടതൊന്നും','നര','എളുപ്പം','വേണ്ടതുമാത്രം','സഞ്ചാരം' എന്നിങ്ങനെ. ജീവിതത്തിന്റെ ദൈനംദിനത, അതിസാധാരണത മുതലായവയെ ഒരു പുറംതോടെന്ന പോലെ ആവിഷ്കരിക്കുന്നു പുതിയ കവിത. അത്‌ ഒന്നിനെയും ലക്ഷ്യീകരിക്കുന്നില്ല,പലപ്പോഴും.ഗൂഢമായ, അപരമായ ഭാവ/യാഥാര്‍ഥ്യങ്ങളെ ആവിഷ്കരിക്കാന്‍ അതു ഗൗനിക്കുന്നില്ല.അത്തരം 'ഭാരിച്ച' കടമകളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുന്നു.

'ഇരുട്ടു പിഴിഞ്ഞതി'ല്‍ കവിതകളുടെ തലക്കെട്ട്‌ കവിതയുമായി,കാവ്യശരീരവുമായി പ്രത്യേകബന്ധം പുലര്‍ത്തുന്നു.വരികളുടെ അര്‍ഥസൂചനകളെ കൃത്യമായി മുറുക്കിയൊതുക്കി അടക്കിവെയ്ക്കുന്നതിനു പകരം അവ ചിലപ്പോഴെല്ലാം ഇടര്‍ച്ചയുടെ പാഠമാകുന്നു.ചിലപ്പോള്‍ കവിതയുടെ പാഠത്തിനപ്പുറത്തേക്കു നീളുന്ന അതിവ്യാപ്തികളായി നില്‍ക്കുന്നു.കവിഞ്ഞ അര്‍ഥങ്ങളാവുന്നു.'പാവം','ഉടന്‍ വരിക','നാടുനീക്കം','ഇറച്ചിത്തടവില്‍' തുടങ്ങിയ കവിതകള്‍ ഉദാഹരണം.

'കവിയുത്തരം'വരെയുള്ള ആദ്യകാല കവിതകളില്‍ ദൃശ്യങ്ങള്‍ക്കും അവയുടെ വര്‍ണനകള്‍ക്കുമാണ്‌ പ്രാധാന്യമുണ്ടായിരുന്നത്‌.കവിതയിലെ നിഷ്കളങ്കതയും അലൗകികതയും അനാഡംബരമായ വിശുദ്ധികളുമെല്ലാം തന്നെ മറ്റൊരര്‍ഥത്തില്‍ കവിതയെ അലങ്കരിക്കുക തന്നെയാണ്‌ ചെയ്തത്‌.'പാട്ടുകെട്ടിയ കൊട്ട' മുതല്‍ ഇതിനു പകരം രൂപകങ്ങളുടെ സമൃദ്ധി കവിതകളില്‍ കാണാം.യാത്ര,ചിലന്തി,ഉറുമ്പ്‌,ബസ്‌,വെള്ളം, കാഴ്ച്ച,ഇരുട്ട്‌,പകല്‍,രാത്രി എന്നിങ്ങനെ അവ കവിതയില്‍ നിറഞ്ഞു കവിയുന്നു.നെരൂദയെക്കുറിച്ചുള്ള 'പോസ്റ്റുമാന്‍' എന്ന സിനിമയില്‍(സംവിധാനം:മിഖായേല്‍ റാഡ്‌ ഫോര്‍ഡ്‌)യുവകവി മാരിയോവിന്റെ കാമുകിയുടെ രണ്ടാനമ്മ മാരിയോവിനെക്കുറിച്ച്‌ നെരൂദയോട്‌ പരാതി പറയുന്നതു പോലെ(മെറ്റഫര്‍ കൊണ്ടവന്‍ അവളെ അഭിഷേകം ചെയ്തുകളഞ്ഞു!)രൂപകങ്ങളുടെ അധികമാനം എപ്പോഴും ഇക്കവിതകളിലുണ്ട്‌.അവയുടെ പ്രവര്‍ത്തനം പഴയ കവിതകളിലേതുപോലെയല്ല എന്നുമാത്രം.

സ്ത്രീപുരുഷ ബന്ധങ്ങളിലെ അധികാരവിശകലനത്തെ വായിച്ചെടുക്കാവുന്ന കവിതകള്‍ പാട്ടുകെട്ടിയ കൊട്ട' മുതല്‍ കാണാം.മുമ്പു സൂചിപ്പിച്ച മധ്യവര്‍ഗ്ഗപ്രമേയവുമായി ബന്ധപ്പെട്ടുകൊണ്ടാണ്‌ പൗരുഷത്തെയും സ്ത്രീത്വത്തെയും അതാവിഷ്കരിച്ചിരുന്നത്‌. ഉദാ:'അ-ദ്ദേഹം','ഒട്ടിച്ച നോട്ട്‌','സ്കൂട്ടര്‍','പ്രാര്‍ഥന'. മറ്റുചില കവിതകളില്‍ ഭ്രമാത്മകതയുമായി ബന്ധപ്പെട്ടുക്കൊണ്ട്‌ സ്ത്രീപക്ഷത്തിന്റെ ഉറവുകള്‍ കണ്ടെത്തുന്നു. 'ഒന്നും സഭവിക്കാത്തതു പോലെ','പാവം' എന്നീ കവിതകള്‍ ഈ അര്‍ത്ഥത്തില്‍ വിശകലനം ചെയ്യപ്പെടേണ്ടവയാണ്‌.ലൈംഗികമായ സന്ദിഗ്ദ്ധതകളുടെ ഒരു തലം അവയ്ക്കുണ്ട്‌.'അ-ദ്ദേഹം' എന്ന കവിതയിലെ
"ഒന്നും തരുന്നില്ല
ഒന്നും ഉണ്ടാക്കുന്നില്ല
........................
.....................
എങ്കിലും ഒരു സ്വകാര്യം
ഭാര്യയുടെ കൂടെ രാവില്‍
‍പൊറുതിയില്ല
അവളുടെ ജനനേന്ദ്രിയത്തില്‍
ഒരു മൂര്‍ഖന്‍ പാമ്പുണ്ട്‌
അതിനാല്‍
ഭയവും ബഹുമാനവുമാണ്‌..."

ലൈംഗികഭീരുത്വവും നിഷ്ക്രിയത്വവും മറ്റൊരു രീതിയില്‍ ആഖ്യാനം ചെയ്യപ്പെടുകയാണ്‌ 'പാവ'ത്തില്‍.കക്കൂസിലിരുന്ന് ചിലന്തിയെ നോക്കി പേടിക്കുകയാണ്‌ ആഖ്യാതാവ്‌.പേടിയും അറപ്പുമുണ്ട്‌.സ്ത്രീയാണ്‌ അതിനെ ചൂലുകൊണ്ട്‌ അടിച്ചുവീഴ്ത്തി ഫ്ലഷ്‌ ചെയ്തുകളയാറ്‌.മനശ്ശാസ്ത്ര വിമര്‍ശകര്‍ഫ്രോയ്ഡിന്റെ 'ആനല്‍ ഇറോട്ടിസിസ'വുമായി ബന്ധപ്പെടുത്തി വായിച്ചേക്കാവുന്ന ഈ കവിത സൗന്ദര്യശാസ്ത്രപരമായ ഒരു നടുക്കം സൃഷ്ടിക്കുന്നുണ്ട്‌.

"ഇരുന്നാല്‍ പിന്നെ നശിച്ച ഭാവനയാണ്‌;
കഴിഞ്ഞ കാലങ്ങളിലെല്ലാം
പലകുറി അടിച്ചു വീഴ്ത്തി ഫ്ലാഷ്‌ ചെയ്ത ചിലന്തികളെല്ലാം
ടാങ്കില്‍ നിന്നും കൂട്ടമായി തിരിച്ചു വന്ന്
ക്ലോസറ്റിലിരിക്കുന്ന എന്റെ നഗ്നതയില്‍
‍അള്ളിപ്പിടിച്ച്‌ ചേര്‍ന്നിരുന്ന്
ഒരു അടിവസ്ത്രം നെയ്യുമെന്നും
അറപ്പാലും ഭയത്താലും അവയെ കളയാന്‍ കഴിയാതെ
മുണ്ടിനടിയില്‍ കൊണ്ടുനടക്കേണ്ടിവരുമെന്നും...."
പെര്‍വെര്‍ട്ടഡായ രതിഭാവനയെന്നോ ലൈംഗികപരാജയഭീതിയെന്നോ പൗരുഷത്തിന്റെ നിര്‍വ്വീരീകരണമെന്നോ ഒക്കെ പരത്തി വായിച്ചെടുക്കാവുന്ന ഒന്നാണീ കവിത.ലിംഗപരമായ അധികാരബോധത്തെ ,സെക്ഷ്വാലിറ്റിയെ തന്നെയാണീ കവിത നേരിടുന്നത്‌.അക്രാമകതയുടെയും പിരിമുറുക്കത്തിന്റെയും അസൂയയുടെയും പരാജയത്തിന്റെയുംഭയത്തിന്റെയും രൂപകമായി ചിലന്തി നമുക്കിടയിലുണ്ട്‌;കാഫ്കയുടെ കൂറയെപ്പോലെ(മെറ്റമോര്‍ഫോസിസ്‌)പുരുഷ ലൈംഗികതയെന്നപോലെ തന്നെ സ്വവര്‍ഗ്ഗ ലൈംഗികതയെയും സ്ത്രീയുടെ ശരീരനിഷ്ഠമായ സ്വത്വബോധത്തെയും ഒക്കെ പ്രശ്നവല്‍ക്കരിക്കുന്ന കവിതകളുമുണ്ട്‌. 'സുഹൃത്ത്‌' എന്ന കവിത നോക്കുക.
"കൂട്ടുകാരിയെക്കുറിച്ചോര്‍ത്തിരിക്കുകയാവാം
ഇപ്പോളവള്‍
അല്ലെങ്കില്‍
വിശാലമായ
പുല്‍മേടുകളെക്കുറിച്ച്‌!
ചിലപ്പോള്‍
ഇവര്‍
‍നിത്യവും
കൊരുക്കുന്ന
സ്ത്രൈണ
പുഷ്പങ്ങളെക്കുറിച്ച്‌" (ഒട്ടിച്ച നോട്ട്‌)
പെണ്‍ ലൈംഗികതയുടെ പ്രത്യക്ഷത്തിലുള്ള ആഖ്യാനമാണത്‌.
"ഇറച്ചിത്തടവില്‍"
"ചര്‍മ്മനഷ്ടത്താല്‍
നീ സ്വതന്ത്രയാകും
ഭാരങ്ങള്‍ നീങ്ങി
തീര്‍ത്തും നഗ്നയാകും
ഉരിയുന്ന ചര്‍മ്മത്തില്‍ നിന്നുമാത്രം
എന്റെ രാജ്യവും രാജ്യഭാരവും
എടുത്തുമാറ്റട്ടെ
ഒറ്റക്കു ഭരിച്ചും വാണും
ജീവിക്കാന്‍
‍എങ്കിലും
ചോരചത്ത നിന്റെ മാംസത്തില്‍
അതേ വര്‍ണ്ണപതാക
പാറുന്നുണ്ടാം...."
എന്നതാണ്‌ എക്കാലത്തെയും സ്ത്രീയവസ്ഥ എന്ന് കവി അറിയുന്നുണ്ട്‌.

'സമീപ ദൃശ്യം','വില്‍പ്പന','ആല്‍ബം','കരതലാമലകം' മുതലായ കവിതകളില്‍ ആഗോളവല്‍കൃതകാലത്തെ വിപണിയുടെ ഏറ്റവും രൂക്ഷമായ വശങ്ങളെ കാണാം.സംസ്കാരമുള്‍പ്പടെയുള്ള ഏതുതരം ഏതുതരം വിമോചന മൂല്യങ്ങളെയും വിറ്റുകാശാക്കുന്ന ഒരു കാലത്ത്‌ ആ മൂല്യവ്യവസ്ഥക്കകത്തുനിന്ന് കവിയും രക്ഷപ്പെടുന്നില്ല.

"സൗന്ദര്യലഹരി ഡയറിയില്‍ നുരഞ്ഞു;
ബോട്ടുകളുടെ ശ്മശാനം കണ്ടു
ചെളിവെള്ളത്തില്‍ മുഷികളെപ്പോലെ മനുഷ്യരെയും"
("സമീപദൃശ്യം")
"ഇനിയും ചാവാത്ത ഇടവഴികള്‍
തൂങ്ങിപ്പിടയുന്ന
കോര്‍മ്പയുമായി
നാഷണല്‍ ഹൈവേയ്കരുകില്‍
നില്‍ക്കുകയാണ്‌
പാഞ്ഞുപോകുന്ന വാഹനങ്ങള്‍ക്കു നേരെ
അവയെ ഉയര്‍ത്തിക്കാട്ടി
നല്ല വിലയ്ക്ക്‌
വില്‍ക്കുവാന്‍"(വില്‍പന)

"വലുപ്പച്ചെറുപ്പങ്ങള്‍ അല്‍പം അഭംഗിയുണ്ടാക്കുമെങ്കിലും
വിശേഷപ്പെട്ട മറ്റൊരാല്‍ബമുണ്ടാക്കുന്നു
മുത്തങ്ങ,മേപ്പാടി,നെല്ലിയാമ്പതി,ചെങ്ങറ.......
എല്ലാം കോര്‍ത്തു തുന്നിക്കെട്ടി
ഒഴിവുനേരങ്ങളില്‍
വെറുതേ...
മറിച്ചു നോക്കി രസിക്കാം"
(ആല്‍ബം)

ഇങ്ങനെ നവ രാഷ്ട്രീയ പ്രശ്നങ്ങളെ സംവാദാത്മകമാക്കുന്ന ഒരു തലം സെബാസ്റ്റിയന്റെ ഏറ്റവും പുതിയ കവിതകള്‍ക്കുണ്ട്‌.കവിതയുടെ ഇതുവരെയുള്ള വഴികളെയും തിരിവുകളെയും സാധൂകരിക്കുന്ന ഒരിടമാണത്‌.ആഖ്യാനത്തിലും കാഴ്ച്ചപ്പാടിലും വന്ന പുതിയ അഭിരുചികളായി 'ഇരുട്ടുപിഴിഞ്ഞത്‌' എന്ന കൃതിയുടെ അകം പുറം അതു ലയിച്ചു കിടക്കുന്നുണ്ട്‌.സാമൂഹികവും സൗന്ദര്യശാസ്ത്രപരവുമായ ആത്മബോധവും ജാഗരൂകതയും ഈ കവിതയെ വായനക്കാര്‍ക്കിടയില്‍ പ്രവര്‍ത്തനക്ഷമമാക്കും.

17 comments:

പാവപ്പെട്ടവൻ said...

കവിതകെ സുസുഷ്മമായി പഠിച്ചു വരച്ച സെബാസ്റ്റിയന്റെ കവിതകളെ കുറിച്ചുള്ള ഈ ചിത്രം ആവിശ്യമായിരിക്കാം. പക്ഷെ വല്ലാണ്ട് വലിച്ചു നീട്ടുന്നത് വായന കാരന്‍റെ ക്ഷമയെ അളക്കുന്നതിനു അളവുകോല് വെക്കുകയാണ് .എങ്കിലും നന്നേ ഫലിപ്പിച്ചാണ് ടീച്ചര്‍ എഴുതിയത് ആശംസകള്‍

ജ്യോനവന്‍ said...

ഇഷ്ടമായി, കവിതയുടെ കാമ്പു്‌ കാട്ടിത്തരുന്ന വായന, എഴുത്തു്‌.

Anonymous said...

great! thanks.

paamaran

Rare Rose said...

നന്നായി എഴുതിയിരിക്കുന്നു..കവിതയിലേക്കൊരു വെളിച്ചം വീശുന്നുണ്ടു ഈയെഴുത്തു...

അനിലൻ said...

*ഏറെ*ക്കാലം നടന്നു പഴകിയ നാട്ടുവഴികളെ ഓര്‍മിപ്പിക്കുന്നു സെബാസ്റ്റിയന്റെ കവിതകള്‍

സെബാസ്റ്റ്യന്റെ സൗഹൃദവും അങ്ങനെത്തന്നെ!

നന്നായി.

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

"ഏറെക്കാലം നടന്നു പഴകിയ നാട്ടുവഴികളെ ഓര്‍മിപ്പിക്കുന്നു സെബാസ്റ്റിയന്റെ കവിതകള്‍"...

എങ്കിലത് കവിതയ്ക്കും സബാസ്റ്റ്യനും ഗുണകരമാവാന്‍ തരമില്ല

Anonymous said...

കവിത വായന ഊഹക്കച്ചവടമല്ല സുനില്‍കൃഷ്ണന്‍. കവിത വായിച്ചിട്ടു പോരേ ഇത്തരം ഗീര്‍വാണ പ്രയോഗങ്ങള്‍?

ushakumari said...

പാവപ്പെട്ടവനേ, ഈ കുറിപ്പ് സെബാസ്റ്റ്യന്റെ പുതിയ പുസ്തകത്തില്‍ ചേര്‍ക്കാന്‍ എഴുതിയതാണ്.ബ്ലോഗില്‍ ചേര്‍ത്തു എന്നേയുള്ളു.ആദ്യവായനയ്ക്കും അഭിപ്രായത്തിനും നന്ദി.ജ്യോനവന്‍,പാമരന്‍,റേര്‍ റോസ്, അനില്‍ എല്ലാവര്‍ക്കും നന്ദി...സുനില്‍കൃഷ്ണന്റെ സംശയം വകവെയ്ക്കുന്നു,എങ്കിലും അനോനി പറഞ്ഞതു പോലെ കവിത വായിക്കാന്‍ അപേക്ഷ. നടന്നു പഴകിയത് എന്നതു കൊണ്ടുദ്ദേശിച്ചത് അനുഭവങ്ങളുടെ ചിരസ്ഥായിത്വവും പരിചിതത്വവും മെരുക്കങ്ങളുമാണ്.ബൃഹദ് പാരമ്പര്യങ്ങളില്‍ നിന്നു വിട്ട ഒരു ഇടവഴിയിലാണതിന്റെ സഞ്ചാരം.

ushakumari said...

സെബാസ്റ്റ്യന്റെ കവിതകള്‍ ഇവിടെ വായിക്കാം ‘ഇരുട്ടുപിഴിഞ്ഞതു‘ കൂടാതെ
സെബാസ്റ്റിഅന്റെ മറ്റു പുസ്തകങ്ങള്‍ .പുറപ്പാട്,കവിയുത്തരം,പാട്ടുകെട്ടിയ കൊട്ട,ഒട്ടിച്ച നോട്ട്,കണ്ണിലെഴുതാന്‍, മുപ്പതു നവകവിതകള്‍(എഡിറ്റര്‍) എന്നിവയാണ്

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...
This comment has been removed by the author.
സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

താന്‍പോരിമയുടെ ഉച്ചഭാഷിണി വെച്ചുകെട്ടിയിടത്ത് ഓലപ്പീപ്പിയുടെ ഒച്ച എന്തുചെയ്യാന്‍ എന്നുകരുതി മുകളിലെ കമന്റ് വെട്ടിക്കളഞ്ഞത് ഞാന്‍ തന്നെ.

ടീച്ചര്‍ ബോഗ് തുടങ്ങുന്നതിനു മുമ്പ് തന്നെ സെബാസ്റ്റ്യന്റെ കവിതകള്‍ ഞാന്‍ കാവ്യത്തില്‍ ഇട്ടിട്ടുണ്ട്(2007ല്‍ ആവണം)
അതു പോലെ അദ്ദേഹത്തിന്റെ ബ്ളോഗിലും കാണാം എന്റെ കമന്റുകള്‍. അതിരിക്കട്ടെ. പുതുകവികളില്‍ ശ്രദ്ധേയനായ ഒരാളുടെ കവിതയെ തുപ്പിയ പുകയില പോലെ ഗുണം കെടുത്തി അവതരിപ്പിച്ചുകണ്ടപ്പ്പോള്‍ എഴുതിപ്പോയതാണ്‌. ആദ്യത്തെ വരിയെ സാധൂകരിക്കുന്ന ഒരൊറ്റവരിപോലും താഴത്തെ അറ്റം വരെയില്ല. അബദ്ധങ്ങളുടെയും വൈരുദ്ധ്യങ്ങളുടെയും ചെണ്ടകൊട്ടാണ്‌ ബാക്കിയൊക്കെ.
എന്ചുവടി ശൈശവക്കാരെ(പുസ്തകങ്ങളുടെ ലിസ്റ്റും ലിങ്കും) ഉപദേശിച്ച് ഓട്ടയടയ്ക്കാന്‍ അനോണീയുടെ ഇരുട്ട് എന്തിനാണ്‌ ടീച്ചര്‍ക്ക്?

ഇത്രയൊക്കെ ലിസ്റ്റ് പറഞ്ഞപ്പോള്‍ കവിതയ്ക്കായ് കഷ്ടപ്പെട്ടു പ്രസിദ്ധപ്പെടുത്തുന്ന (സെബാസ്റ്റ്യനും കൂട്ടരും) കവിതസംഗമത്തെപ്പറ്റികൂടി പറയാമായിരുന്നു.

Anonymous said...

"ഈ കുറിപ്പ് സെബാസ്റ്റ്യന്റെ പുതിയ പുസ്തകത്തില്‍ ചേര്‍ക്കാന്‍ എഴുതിയതാണ്."

Usha teacharuTe ee comment vari kaNTillE, Sunil Krishnan?

Bijoy said...

Dear Blogger

Happy onam to you. we are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://orukappuchaaya.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediatly.

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

Anil cheleri kumaran said...

പരിചയപ്പെടുത്തിയതിന് നന്ദിയോടെ..

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ഉഷടീച്ചർക്കും സബാസ്റ്റ്യനും ആശംസകൾ

ratheesh ok madayi (Kannur) said...

oro vakkugalum arthavaththaya varigalilude sanjarikkumbol jeevitham munneran kayiyu... nannayi ezhuthuka...

Manoraj said...

teachere,
randu postukale vayichullu engilum, ezhuththinte syli nokkumbol oru vallatha atuppam thonnunnu... eni kazhizhumpolokke evitam sandarsikkunanthayirikkum..sure