ആത്മത്തോടുള്ള സംവാദം വിട്ടു പെണ്‍കവിത വെളിച്ചത്തിലേക്കു കടന്നു ചെന്നു വെളിവായിത്തന്നെ പലതും പറയുന്ന ഒരു സ്വഭാവപരിധിയിലാണ് മീരാബെന്നിന്റെ കവിതകളുടെ ആഖ്യാനം നില്‍ക്കുന്നത്. അകത്തെ അരണ്ടവെളിച്ചത്തില്‍ നിന്നും സ്വകാര്യനരകങ്ങളില്‍ നിന്നുമുള്ള സമ്പൂര്‍ണമോചനമാണ് ഈ കവിതകളെന്നല്ല പക്ഷേ പറയുന്നത്. വെളിച്ചത്തില്‍ നിന്നുകൊണ്ട്, കണ്ണുമങ്ങാതെ തന്നെ ആത്മത്തെ സ്വത്വത്തിലേക്കു പരാവര്‍ത്തനം ചെയ്യാനുള്ള പാത ഈ കവിതകള്‍ തേടുന്നത് ഈ ഉപാധികളോടെയാണ്. പല കവിതകളിലും വൈയക്തികാനുഭവങ്ങളുടെ വൈകാരികമായ കോഡുകള്‍ കാണാം. കളരിപരമ്പര, വയലറ്റു കണ്ണട മുതലായ കവിതകളുടെ അനുഭവം ആപേക്ഷികമായി നില്‍ക്കുന്നത് അതുകൊണ്ടാണ്. 'സ്വപ്‌നസഞ്ചാരങ്ങളി'ല്‍ ഓര്‍മകളും അനുഭവകഥനങ്ങളും അകത്തേക്കു നീളുന്ന ആത്മസഞ്ചാരങ്ങളും കൂടിക്കലരുന്നു. അകം പുറം ഘടനകള്‍ക്കപ്പുറം ഈ കവിത സമകാലികമായി വായിക്കപ്പെടുന്നതിന്റെ ചില സവിശേഷവഴികളെക്കുറിച്ചു ചിന്തിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
ഇരട്ടബോധം
ചിലപ്പോഴെല്ലാം ഇരട്ടകളുടെ ഘടനയിലാണ് മീരാബെന്നിന്റെ കവിതകളിലെ സ്വത്വത്തിന്റെ വെളിപ്പെടല്‍. ആത്മത്തിനു മാത്രം തിരിച്ചറിയാവുന്ന ഇരട്ടയാണ് അവളുടെ തന്മ. ഭ്രമാത്മകമായ പരിസരത്തിലാണ് തിടുക്കം എന്ന കവിതയിലെ സ്വത്വവിചാരങ്ങള്‍. ഉറക്കത്തിലേക്കു നടന്നു കയറിയ 'അവള്‍' കൊടുത്തതെല്ലാം തിരച്ചേല്‍പ്പിച്ചു, സ്വയം കൊഴിച്ചുകളയുകയാണ്. കാലത്തിന്റെ മുന്നോട്ടും പിന്നോട്ടുമുള്ള ചലനത്തിലൂടെ അവള്‍ ആഖ്യാതാവിലേക്കു പരകായപ്രവേശം നടത്തുന്നു. തന്നെത്തന്നെ ഊട്ടിപ്പെരുക്കുന്ന അവളവള്‍വിചാരങ്ങളിലെ കുഴമറികളാണ് തിടുക്കം എന്ന കവിത. ഉറക്കത്തില്‍നിന്നു ഉണര്‍വ്വിലേക്കും തിരിച്ചും നടന്നു നീങ്ങുന്ന വിചാരത്തിലാണ് കവിതയുടെ വിന്യാസം.
''അടുക്കളവരാന്തയിലെ ഞാനെറിഞ്ഞുപൊട്ടിച്ച ചട്ടിക്കഷണങ്ങള്‍ക്കു മുകളില്‍
എന്നെ എടുത്തു കിടത്തി.
അതുവരെയില്ലാത്ത ആര്‍ത്തിയോടെ ബ്ലൗസിന്‌റെ ഹുക്കുകള്‍ പൊട്ടിച്ച്
വായിലേയ്ക്ക്
മുലക്കണ്ണുകള്‍ തിരുകിവച്ചു.
എന്റെ നെഞ്ചിലെ
എന്നോ കണ്ടു മറന്ന നീലമറുകില്‍
ആര്‍ദ്രമായി തലോടി.'' (തിടുക്കം)
'വനവാസവും ഫിനിക്‌സ് മരങ്ങളും' എന്ന കവിതയില്‍ സ്വയം അടിച്ചേല്‍പ്പിച്ച ഭ്രഷ്ടതയാണു പ്രമേയം. അതാകട്ടെ, അധികാരനഷ്ടത്തിന്റെ ഭീതിയില്‍ നിന്നുളവായ സ്വയംഭ്രഷ്ടതയാണെന്നു മാത്രം.
പെണ്‍നോട്ടങ്ങള്‍
മലയാളകവിതയിലെ സ്ത്രീരചനകളുടെ അഭിരുചിയില്‍ പ്രബലമായ രാഷ്ട്രീയബോധത്തിന്റെ ഒരടരാണ് സ്ത്രീപക്ഷപരമായ പ്രതിരോധമെന്നത്. ആസന്നമായ സാമൂഹികതിന്മകളാല്‍ സദാ ചൂഴ്ന്നു നില്‍ക്കുന്ന വര്‍ത്തമാനകാലത്തിന്റെ മുഖം നാം അവിടെ കാണുന്നു. മീരാബെന്‍ ആ വഴിയിലേക്കു നടന്നെത്തുമ്പോള്‍ കവിതയില്‍ ചരിത്രപരമായൊരു ദൃഷ്ടികൂടി വീണുകിടപ്പുണ്ട്. 'കണ്ണെഴുത്ത്' എന്ന കവിതയില്‍ എണ്‍പതുകളിലെ പെണ്‍കിടാവിനെ വരയ്ക്കാന്‍ ഈ ക്യാന്‍വാസ് തികയില്ല എന്നെഴുതുന്നതില്‍ ആത്മനിഷ്ഠസാദ്ധ്യതകളും നവസാമൂഹികപ്രസ്ഥാനങ്ങളിലെ സ്ത്രീപ്രശ്‌നങ്ങളുടെ സൂക്ഷ്മരാഷ്ട്രീയവും ഒരുപോലെ ചേര്‍ന്നുകിടപ്പുണ്ട്.
''എണ്‍പതുകളിലെ പെണ്‍കിടാവിനെ വരയ്ക്കാന്‍
ഈ ക്യാന്‍വാസു തികയില്ല
എന്നാല്‍
മഷി ഒരല്‍പ്പം മതിയാകും
രണ്ടു കണ്ണുകള്‍ മാത്രം
വരച്ചാല്‍ മതിയല്ലോ!''
ഈ രണ്ടു കണ്ണുകള്‍ ഭയചകിതയായ ഇരയുടേതെന്ന പ്രതീതിയിലും സ്വയം പ്രതിരോധിക്കുന്ന തന്മയുടേതും കൂടിയാണ്. 'മൈന്‍ഡ് സ്‌കേപ്പിംഗി'ല്‍ 'ആഘോഷശേഷം ഊടുവഴികളിലൂടെ ഒറ്റപ്പെട്ടു നടക്കുന്നപെണ്ണുങ്ങളുടെ കയ്യിലെ വാളുകള്‍ ദാഹമടക്കാന്‍ ശ്രമിക്കുന്നു'ണ്ട്. ആ ഊടുവഴികളും കടന്നു 'സ്വന്തം' വീട്ടിലേക്കുള്ള വഴി വെട്ടാന്‍ തുടങ്ങുന്നതിന്റെ തിരിച്ചറിവ് ധ്വനിപ്പിക്കാന്‍ കവിക്കു സാധിക്കുന്നു.
'അന്നത്തെ ആ പൂവല്ലിവള്‍' എന്ന കവിത ഈ സ്വന്തം വീറിനെ ഉണര്‍ത്തിത്തോറ്റുന്നതിനെക്കുറിച്ചാണു പറയുന്നത്.'അന്നത്തെ ആ പൂവല്ലിവള്‍' എന്ന കവിതയില്‍ പെണ്‍മയുടെ രാഷ്ട്രീയ വിതാനങ്ങള്‍, അവയുടെ പരിണാമം ദര്‍ശിക്കാന്‍ കഴിയും. ആമ്പല്‍ തിര പോലെ പുറത്ത് കാണുന്ന ദാസി അല്ല, മറിച്ച് അവള്‍ ദംഷ്ട്ര കാട്ടിയാടുന്ന കാളിയാണ് എന്നു കവി തിരിച്ചറിയുന്നു. തുറക്കാത്ത കവാടങ്ങള്‍ തട്ടിത്തുറക്കുന്ന തന്റേടം ഉള്ളവളും സ്വയം ചക്രവര്‍ത്തിനിയും ആണ് ഇന്ന് പെണ്ണ്. വലിയ കൊമ്പന്‍തിരയായി ആഞ്ഞടിക്കുന്ന അവള്‍ ചിലപ്പോള്‍ ഒരു അഴിമുഖമായെന്നും നദീരാഗമായെന്നും സാഗരഗര്‍ജനമായെന്നും വരാം. സ്വന്തം വേരുകളെ അന്യനാട്ടില്‍ താഴ്ത്തി നിന്നുകൊണ്ട്' സ്വാതന്ത്ര്യത്തിന്റെ വെള്ളക്കൊടി പറത്തി ആകാശം നോക്കി നില്‍ക്കുന്ന മന്ദാരപ്പൂച്ചെടിയാണ് അവള്‍.
ആണ്‍കോഴിയും തീപാതിയും എന്ന കവിത കുറച്ചുകൂടി പ്രചണ്ഡമായ, പെണ്‍മയെ വരച്ചെടുക്കുന്നു. സ്ത്രീപുരുഷബന്ധത്തില്‍ 'അനിവാര്യ'മായ ലൈംഗികസദാചാരത്തെക്കുറിച്ചും പ്രണയവിചാരണയെക്കുറിച്ചും ഈ കവിത സംസാരിക്കുന്നുണ്ട്. പെണ്‍മയുടെ ആനന്ദനൃത്തത്തിനുള്ള വെമ്പല്‍ 'ആടാതെങ്ങനെ ഞാന്‍' എന്ന കവിതയിലുണ്ട്. തൃഷ്ണാഭരിതമായ പെണ്‍ജീവിതത്തെ മീര കവിതയുടെ രാഷ്ട്രീയമാക്കി മാറ്റുന്നത് ഇത്തരം കവിതകളിലൂടെയാണ്. അവസാനിക്കാത്ത ആസക്തികളും വ്യവസ്ഥയും തമ്മിലുള്ള സംഘര്‍ഷങ്ങളെയാണ് 'കെട്ട്' എന്ന കവിത എടുത്തുകാട്ടുന്നത്. എല്ലാ ഭാരങ്ങളുമൊഴിഞ്ഞ് കനമില്ലാതെ തൂവല്‍ പോലെ പറന്നുയരാനും ജീവപ്രകാശമായി പരക്കാനും കഴിയുന്ന ആത്മത്തെ കവി തേടുകയാണിവിടെ! 'അനുരാഗ'ത്തില്‍ പേലവമായ സ്ത്രീപുരുഷബന്ധത്തെയും പ്രകൃതിയുടെ ചാരുതകളെയും ചേര്‍ത്തുവെയ്ക്കാനുള്ള ശ്രമമാണ്.
'തരിശുനിലങ്ങളി'ല്‍ നിഷ്ഫലമായ പെണ്‍ജീവിതത്തിന്റെ പ്രയാണരേഖ അനാവൃതമാക്കുന്നു.
''ഞാന്‍ എന്നത്
ഭാഷയില്‍
ഒരൊറ്റ
ഏകവചനമെന്നു നിനച്ചു.'' ഉള്‍വിചാരങ്ങളുടെ തരളമായ ഇളക്കങ്ങളെ ഉടലിനപ്പുറം കടത്തിവിടുവാന്‍ ഭൂതകാലത്തിലേക്കുള്ള പിന്‍വഴികള്‍ തേടുകയാണ് ഈ കവിത.
പ്രേമാമൃതം എന്ന കവിതയില്‍ പ്രണയകാല്പനികതയിലേക്കും വ്യര്‍ത്ഥവിഷാദങ്ങളിലേക്കും ഇടറി വീഴുന്ന ചേതന ഒരേ പോലെ പ്രവര്‍ത്തിക്കുന്നു. അനുരാഗവതിയായ സ്ത്രീയുടെ നിര്‍ഭയത്വം കലര്‍ന്ന ഉച്ഛൃഖലത്വം ആണീക്കവിതയുടെ കൊടിയടയാളം.
''മുമ്പില്‍ വന്നലറട്ടെ
പുലിമടയാങ്ങളയമ്മാച്ചന്മാര്‍
നീയൊരു പെണ്ണാണോടീന്ന്
നാണക്കേടിന്‍ പുലിനഖങ്ങള്‍.
രാകി, നീട്ടിക്കൂര്‍ക്കട്ടെ
പേടിയോടിയൊളിക്കുന്നിതു
പുലി പുല്ലു തിന്നും കാലം.
മാത്രമല്ലനുരാഗിക്കെന്തു പേടി!''
അപരയുടെ കാമനാലോകങ്ങള്‍
'വ്യാകുലയക്ഷി' എന്ന കവിത സ്ത്രീതന്മയെ ബാധിക്കുന്ന അന്യത്വത്തെ ആഴത്തില്‍ തൊടുന്നു. സംസ്‌കാരത്തിന്റെ ചരിത്രത്തില്‍ പുരുഷാധിപത്യഭാവന പെണ്ണിനെ അമ്മയും മകളും പോരാളിയും ആക്കുന്നതു പോലെ തന്നെ യക്ഷിയും പൂതവും പ്രേതവുമെല്ലാമാക്കുന്നു. അവളുടെ യാഥാര്‍ത്ഥ്യത്തെ അപ്പാടെ ഇത്തരം സ്ത്രീവിരുദ്ധമായ മിത്തിക്കല്‍ ഘടനയിലേക്കു ചുരുക്കിയൊതുക്കുന്നു എന്ന വ്യാകുലതയാണ് കവി എഴുതുന്നത്. മോഹബന്ധുവായ ഉണ്ണിയെ വിട്ടുകൊടുക്കേണ്ടിവരുന്നവള്‍ പിന്നീടു മുന്നിലെത്തിയ കാമകളേബരനും ശ്യാമഗാത്രനും, ജാരലോകയാത്രികനുമായവനിലൂടെയാണ് മോക്ഷം നേടുന്നത്. നിത്യയും ശുദ്ധയുമാകാന്‍ നിരന്തരം വെമ്പുന്ന സ്ത്രീവ്യവസ്ഥയിലെ അരക്ഷിതാവസ്ഥയും അന്യവല്‍കൃതത്വവും തന്നെയാണ് ഉന്നയിക്കുന്നത്. മറ്റു കവിതകളെയപേക്ഷിച്ചു സാന്ദ്രവും രാഷ്ട്രീയദ്ധ്വനി കലര്‍ന്നതുമായ രൂപകഭാഷ ഈ കവിതയുടെ വിതാനത്തെ ഒന്നുയര്‍ത്തിപ്പിടിക്കുന്നുണ്ട്.
എഴുത്തിനകത്തെ ലിംഗഭേദത്തിന്റെ രുചികളെ 'നിശ്ശ്ശ്ശ്ശ്ശബ്ദം' പിടിച്ചെടുക്കുന്നു. കവിയുടെ ആശങ്കകളും സന്ദിഗ്ദ്ധതകളും എഴുത്താളിനെ തന്നെ ഞെരുക്കുകയും തകര്‍ക്കുകയുമാണെന്നു കാണാം. കള്ളക്കര്‍ക്കിടകം പ്രകൃതിയിലും കാലാവസ്ഥയിലുമുള്ള വ്യതിയാനം മനുഷ്യജീവിതത്തില്‍ വരുത്തുന്ന സ്വപ്‌നഭംഗങ്ങളെക്കുറിച്ചാണ്. ആണ്‍കാമനകളും പെണ്‍കിനാവുകളും ഒരേ ഉടലില്‍ തമ്മില്‍ത്തമ്മില്‍ ഇടയുന്നതിലെ സംഘര്‍ഷങ്ങളെ വിദൂരമായി ധ്വനിപ്പിക്കുന്ന 'അമാവാസി' എന്ന കവിതയിലും സ്വപ്‌നഭംഗത്തിന്റെ തീരാവേദന കാണാം.
പെണ്‍വഴികളെപ്പോഴും വെറും ഊടുവഴി മാത്രമാകുന്നതിന്റെ പൊരുള്‍ കവി തിരിച്ചറിയുന്നുണ്ട്. വഴികളുടെ സഞ്ചാരസാഹിത്യം എഴുതപ്പെടാത്തതും അതാണെന്നു തിരിച്ചറിയുന്നു, കവി. താവഴികളിലേക്കു നീണ്ടു പോകുന്ന അവയുടെ സഞ്ചാരപഥങ്ങളില്‍ പെണ്മയുടെ അഭാവവും രാഹിത്യവും പ്രകടമാണ്. ഈ രാഹിത്യം സാഹിത്യമാകുന്നതിനെ അപലപിക്കാനും കവി മടിക്കുന്നില്ല! ('മലര്‍ന്നങ്ങനെ')
വ്യഥിതാനുസാരി
രോഗം, മരണം, ദുരിതം എന്നിങ്ങനെ തുടരുന്ന ജീവിതസമസ്യകളിലൂടെ പോകുന്ന ഓര്‍മകളെയാണ് 'പൂരം പിറന്ന മനുഷ്യനി'ല്‍ കവിയെഴുതുന്നത്. ആധുനികതാവാദ കവിതകളുടെ കാവ്യഭാഷയില്‍ നിന്നുള്ള ചില ഉപലബ്ധികള്‍ ഇത്തരം കവിതകളില്‍ കാണുന്നുണ്ട്. കത്തുന്ന തലയിണ, സൗജന്യദിനരാത്രികള്‍, കട്ടില്‍ത്തുരുത്തുകള്‍, ദുര്‍ഘടത്തിരമാലകള്‍ തുടങ്ങി പരിചിതമായ സര്‍ റിയലിസ്റ്റുസ്വഭാവമുള്ള രൂപകങ്ങളും വിശ്ലഥബിംബങ്ങളും സമൃദ്ധമാണിതില്‍.
'പലതൂവല്‍ക്കിളികള്‍ ഒന്നിച്ചു പറക്കുമ്പോള്‍' എന്ന കവിത ബഹുസ്വരതയുടേതായ അതേ സാദ്ധ്യതയെ തന്നെ തിരയുന്നു. 'കൂട്ടായിരിക്കുവാനെന്നും കൂട്ടക്ഷരമാണെന്റെ ഭാഷ' എന്നുപദര്‍ശിക്കുവാന്‍ കവിക്കു കഴിയുന്നതും അതിനാലാവണം! (കളിയല്ല ഭാഷ)
'ലോഹ്യഭാഷ'യില്‍ പൂച്ച ഒരു പ്രധാന രൂപകമാണ്. പൂച്ചയുടെ ജൈവഘടനയെ മുന്‍നിര്‍ത്തി കവി ചിഹ്ന ഭാഷകളുടെ ഒരു നിരതന്നെ നിര്‍മിച്ചെടുക്കുന്നു. നീലക്കണ്ണുകളുടെ ഭാഷ പലതായി പകര്‍ന്നാടുന്നതിലൂടെ കാലത്തിന്റെ അപചയം കവി വിസ്തരിക്കുന്നു. വിവേചനത്തിന്റെ ജീവിതമുഖങ്ങളും വര്‍ഗരാഷ്ട്രീയത്തിന്റെ തകര്‍ച്ചകളും വിപ്ലവ സിംഹങ്ങളുടെ പതനവും എല്ലാം ഈ കവിതയില്‍ ഉള്‍ച്ചേരുന്നു.
'സങ്കടല്‍' സര്‍ഗാത്മകതയും രചനാരൂപങ്ങളുമായി സംവദിക്കുന്ന കവിതയാണ്. കവിതയിലെ ഒറ്റവരിയുടെ ക്ഷണികതയില്‍ നിന്നും ആകെ തിളയ്ക്കുന്ന മഹാകാവ്യമാകാനാണ് കവി ആഗ്രഹിക്കുന്നത്. സമകാലികമായ അനുഭവ സമസ്യകളെ ആഴത്തില്‍ ആവാഹിക്കുന്ന, ദു:ഖത്തിന്റെ അര്‍ത്ഥമറിയുന്ന, അപരസ്‌നേഹമാര്‍ന്ന മഹാകാവ്യങ്ങളെ കവി തേടുന്നു.
മീരാ ബെന്നിന്റെ കവിതകളില്‍ ആവര്‍ത്തിക്കുന്ന ആശയമാണ് വിപ്ലവത്തിന്റെ അപചയം. സമകാലിക രാഷ്ട്രീയത്തിന്റെ അടിത്തട്ടില്‍ അമര്‍ത്തി സ്പര്‍ശിക്കുന്ന വിമര്‍ശനമായി ഈ കവിതകളില്‍ വിപ്ലവസിംഹം എന്ന പരിഹാസ വാക്ക് പലവുരു ധ്വനിക്കുന്നു. 'അങ്ങാടി'യില്‍ കുഴിയില്‍ വീണ വയസ്സിയായ കഴുതയെ വെച്ചു രാഷ്ട്രീയ മുതലെടുപ്പു നടത്തുന്ന കക്ഷികളെ കാണാം. എന്നാല്‍ കഴുത മേല്‍വീഴുന്ന മണ്ണും കേള്‍ക്കുന്ന തെറിവാക്കും കലുക്കി തെറിപ്പിച്ച് മേലേയ്ക്കു ചവിട്ടിക്കയറി, തന്റേതായ കിനാകത്തിലേയ്ക്ക്, പുറത്തേയ്ക്ക് കടന്നു. അധികാരപക്ഷത്തെ നിരങ്കുശം പരിഹസിക്കുന്ന അന്യാപദേശമായി ഈ കവിത നില്‍ക്കുന്നു. 'നാട്ടുനടപ്പുകള്‍ ' എന്ന കവിതയും സമാനമായ ആശയം പങ്കുവെയ്ക്കുന്നതാണ്. ആചാരം സാമൂഹികപുരോഗതിയെ വിഴുങ്ങുന്നതിനെ കുറിച്ചുള്ള വേവലാതികള്‍ നാമിവിടെ കാണുന്നു. അതേസമയം കേരളത്തെ ബാധിച്ച പ്രളയം ജലത്തിന്റെ പുതിയ വാഴ്‌വ് സൃഷ്ടിച്ചതിനെ കുറിച്ചു പറയുന്നു 'കടലിനോട്' എന്ന കവിത. സമാനമായ പാരിസ്ഥിതികവിപര്യയത്തെ 'മെലിഞ്ഞെന്നാലും' ആവിഷ്‌കരിക്കുന്നു.
അധികാരത്തിന്റെ പക്ഷപാതങ്ങളെക്കുറിച്ചും അതിനുള്ളിലെ വടംവലികളെക്കുറിച്ചുമാണ് 'പ്രകടനപത്രിക' സംസാരിക്കുന്നത്. നമ്മുടെ സമകാലികരാഷ്ട്രീയത്തിന്റെ ദൈനംദിനങ്ങളിലെ എലിയും പൂച്ചയും കളിയെ അതു രൂപകവല്‍ക്കരിക്കുന്നു. ആധുനികകാലത്തെ അധികാര വടംവലികളെക്കുറിച്ചുള്ള അലിഗറിയായി 'ധൃതരാഷ്ട്രരുടെ കെട്ടിപ്പിടിത്തം' എന്ന കവിത മാറുന്നുണ്ട്. വീണുപോയ കിഴവിയായ കഴുത എല്ലാ പഴികളെയും പരിഹാസങ്ങളെയും അതിജീവിച്ചു മുന്നേറുന്ന ഭാവനാപ്രതീക്ഷയിലാണ് കവിത തീരുന്നത്. പൊതുജീവിതത്തിലിടപെടുന്ന പെണ്ണിനു സമകാലിക സാംസ്‌കാരികജീവിതം വിധിച്ചു നല്‍കുന്ന ദുരവസ്ഥകളെ തന്നെയാവണം കവി സൂചിപ്പിക്കുന്നത്! പെണ്ണിനെ പോലെ ഓരങ്ങളിലേക്കു ചവിട്ടിയൊതുക്കപ്പെട്ട വംശീയ അപരങ്ങളെ 'ദുര്‍മമത'യിലും കാണാം. മഞ്ഞുകാലത്തെ തണുപ്പിനും വസന്തത്തിന്റെ പാട്ടിനു പോലും സ്വതന്ത്രപൗരത്വം അനുവദിക്കാത്ത രാഷ്ട്രനീതിയെയാണ് കവി എതിര്‍ക്കുന്നത്! മനുഷ്യജന്മത്തിന്റെ നിസ്സഹായതകളെ കിളിയുടെ സ്വതന്ത്രജീവിതത്തോടു തുലനം ചെയ്യാന്‍ ശ്രമിക്കുകയാണ് 'പറുദീസക്കിളി'യില്‍.
കവിതയുടെ പൊതുരാഷ്ട്രീയത്തില്‍ സമകാലികമായ ഉള്‍ക്കാഴ്ച്ചകള്‍ കൂടി കലരുന്നുവെന്നതാണ് ഈ കവിതകളുടെ സവിശേഷതകളില്‍ പ്രധാനം. ആഖ്യാനപരമായി അത്തരം അടയാളങ്ങളെ ഉള്‍ക്കൊള്ളാന്‍ കവി നടത്തുന്ന ഭാവുകത്വപരമായ അന്വേഷണങ്ങളായി ഈ കവിത മാറുന്നു. പുതുകവിതയുടെ മണ്ഡലത്തില്‍ പറ്റം ചേര്‍ന്നുകൊണ്ടു തന്നെ തനിമയാര്‍ന്ന വഴികളിലൂടെയുള്ള കവിതയുടെ യാത്ര ഈ കൃതിയിലെമ്പാടും കാണാം. വായനയ്ക്കും ആസ്വാദനത്തിനുമായി വ്യാകുലയക്ഷിയെ അവളുടെ സ്വതന്ത്രസഞ്ചാരത്തിനു തുറന്നു വിടുന്നു.
