ആത്മത്തോടും അന്യത്തോടുമുള്ള തുറന്ന സംവാദങ്ങളാണ് വിജയരാജമല്ലികയുടെ എഴുത്ത്. മലയാളകവിതയിലെ കീഴാളപാരമ്പര്യത്തെ മറ്റൊരു വിധത്തില്‍കൂടി വരച്ചെടുക്കുന്നു ഈ കവിതകള്‍. ശമിക്കാത്ത ഇച്ഛകളും ചോദ്യങ്ങളും ചിന്തകളും ഉറന്നൊഴുകുന്ന ഈ നദി സംസ്‌കാരത്തിന്റെ പിന്നാമ്പുറങ്ങളെ നനച്ചാണ് ഒഴുകുന്നത്. നുരയും പതയും നിറഞ്ഞ കലക്കങ്ങളെയും കറകളെയും അതു വഹിക്കുന്നു. ഓടകളുടെ കവിയാണ് താന്‍ എന്നുറക്കെപ്പറഞ്ഞ മറാഠീ ദളിത് കവി നാംദിയോ ധസാലിന്റെ രചനകളിലെ വിധ്വംസകതയും വീറും നാം ഇവിടെ കാണുന്നു! പ്രതിനിധാനത്തിന്റെയും ആത്മബോധത്തിന്റെയും ബലങ്ങളെ ഒരേ സമയം ഈ കവിത പേറുന്നു.
മലയാളത്തിലെ രാഷ്ട്രീയകവിതാപാരമ്പര്യത്തെ സൗന്ദര്യശാസ്ത്രപരമായ വിച്ഛേദങ്ങളുമായി ചേര്‍ത്തുവെയ്ക്കുന്ന ദൃഷ്ടിക്കു ഇന്നും പ്രസക്തിയുണ്ടെന്നു വിജയരാജമല്ലികയുടെ കവിതകള്‍ പറയുന്നു. അവയെ ട്രാന്‍സ്‌ജെന്റര്‍ കവിതകള്‍(Trans poetry) എന്നു വിളിക്കുന്നതോടൊപ്പം, അതേ കാരണത്താല്‍തന്നെ വിച്ഛേദകവിതകള്‍ എന്നും വിളിക്കാം. വിശാലമായ അര്‍ത്ഥത്തില്‍ രാഷ്ട്രീയകവിതയുടെ ചരിത്രപരമായ ദൗത്യമാണ് അവ നിര്‍വഹിക്കുന്നതും. വിജയരാജമല്ലികയുടെ കവിതകളിലെ വിച്ഛേദം പ്രധാനമായും ലിംഗ, ലൈംഗികാധീശതയോടു ബന്ധപ്പെട്ടവയാണ്. ശരീരത്തെ വാക്കുകളില്‍ കോര്‍ത്തു വലിച്ചു കൊണ്ടു തന്നെയാണ് ഈ കവിതകളുടെ വരവ്. ദളിതരും സ്ത്രീകളും ശരീരത്തെ അനുഭവിപ്പിക്കുന്നതില്‍ നിന്നും ഒട്ടും കുറവല്ലാതെ എന്നാല്‍ വ്യത്യസ്തമായി ഇതിനെ കാണണം. തികച്ചും ഒറ്റപ്പെട്ട നിലയ്ക്കു, സവിശേഷമായ ഒരു ഒറ്റയാള്‍ ധാരയായാണ് മലയാളത്തിലെ ഈ കവി കടന്നു വരുന്നത്. വഴുവഴുക്കുന്ന കുത്തനെയുള്ള പാറയിലൂടെ അപകടം തരണം ചെയ്തുള്ള ഒരു കയറ്റത്തിന്റെ സാഹസികതയും അവ്യവസ്ഥിതത്വവും ഈ കവിതകളെ വേറിട്ടതാക്കുന്നു. അനുഭവങ്ങളുടെ കിതപ്പാറാത്ത ചൂടും വിയര്‍പ്പും ഈ എഴുത്തിനെ കൂടുതല്‍ മനുഷ്യപ്പറ്റുള്ളതാക്കുന്നു!
ലളിതവും വാചാലവുമായ കവിതകളാണ് വിജയരാജമല്ലികയുടേത്. നേരിട്ടു തുറന്നു രാഷ്ട്രീയം പറയാന്‍ ശ്രമിക്കുന്നവ. അനുഭവം തന്നെ എഴുതുകയും പറയുകയും ചെയ്യുന്നതിന്റെ ചൂടും ചൂരും ഈ കവിതകള്‍ക്കകത്തുണ്ട്. ഉറക്കെ പറയുന്നവളുടെ ക്ലേശം ഈ കവിതകള്‍ നമ്മെ അനുഭവിപ്പിക്കുന്നു. ഉറച്ചും ഉറക്കെയും പറയുമ്പോഴും മൗനമാക്കപ്പെട്ട അനേകായിരം പേരുടെ നാവായി അതു മാറുന്നു. ഉച്ചത്തില്‍ പറയുക, തുറന്നെഴുതുക എന്നിങ്ങനെയുള്ള ആഖ്യാനപരമായ സവിശേഷതകളെ പ്രത്യേകമായി നാം പഠിക്കേണ്ടതാണ്. കവിതയെ അനുഭവത്തിന്റെ സൂക്ഷ്മസാന്ദ്രമായ ആവിഷ്‌കാരം എന്ന നിലയില്‍ മാത്രം കാണുന്ന പൊതു വായനാശീലങ്ങളെ വാചാലവും വിവൃതവുമായ ആഖ്യാനങ്ങള്‍ വെല്ലുവിളിക്കുന്നു. വിജയരാജമല്ലികയുടെ കവിതകളുടെ ആഖ്യാനപരമായ തുറക്കല്‍ പ്രത്യയശാസ്ത്രപരമാണ്. കാരണം ഇതുവരെ വെളിച്ചപ്പെടാത്തവയ്ക്കായുള്ള ഭാഷ തേടലാണ് അവ. ഡോക്യുമെന്റേഷനായി മാറുന്ന പല തരം എഴുത്തുകളെ ഇന്നു നാം സാധൂകരിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലും പത്രഭാഷയിലും ഫിക്ഷനിലുമെല്ലാം പഴയ രചനാമാതൃകകള്‍ മാറിമറിയുന്നതു ഇക്കാലത്തിന്റെ സവിശേഷതയാണ്. സ്വത്വാഖ്യാനങ്ങളിലെ വൈവിദ്ധ്യത്തെ അന്വേഷിക്കുന്നവര്‍ക്കു ഈ കവിതകളിലെ നിറവ്യത്യാസം ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല, പ്രത്യേകിച്ചും ഇന്റര്‍സെക്ഷനലായ മനസ്സിലാക്കലുകള്‍ ഏറെ അനിവാര്യമായ ഇക്കാലത്ത്!
ഈ കവിതകളിലെ ഒരു കലഹം ദ്വന്ദ്വലിംഗഭാവനയോടാണ്. എല്ലായ്‌പ്പോഴുമെന്ന പോലെ ആണ് പെണ്ണ് എന്ന ദ്വന്ദ്വപരികല്‍പനകളോടുള്ള വിസമ്മതങ്ങളെ അതു അനുഭൂതിപരമായിത്തന്നെ ആവിഷ്‌ക്കരിക്കുന്നു. ലിംഗസ്വത്വത്തെ സംബന്ധിച്ച ദൈവശാസ്ത്രപരമായ ചോദ്യങ്ങളിലേക്കും വിചാരണകളിലേക്കും നീങ്ങുന്ന അനേകം വരികള്‍ കാണാം('ഇനി വിചാരണ'). ഉല്‍പത്തിപുസ്തകത്തിലെ സ്ത്രീപുരുഷ ദ്വന്ദ്വകല്‍പനകളെയാണ് കവി വിചാരണ ചെയ്യുന്നത്. പേരുമാറിയിട്ടും എന്ന കവിതയില്‍ ട്രാന്‍സ്‌സ്വത്വത്തിന്റെ സംഘര്‍ഷമാണ് കടന്നുവരുന്നത്. റേഷന്‍കാര്‍ഡിലെ പേരില്‍ ആണ്‍പേരു പെണ്‍പേരായിട്ടും അതിനെ അംഗീകരിക്കാതെ പഴയ പേരുതന്നെ വിളിക്കുന്നതിലെ പ്രശ്‌നത്തെക്കുറിച്ചാണ് കവിത നമ്മോടു സംസാരിക്കുന്നത്.
'പ്രേമരാജ്യ'ത്തിലും 'നെഞ്ചിന്‍കാടുകളി'ലും പ്രണയഭാവനയുടെ അഭിലാഷനൃത്തം കാണാം. 'നീര്‍കുമിളകള്‍' പ്രണയഭംഗത്തിന്റെ നിരാശയെഴുതുന്നു. ലിംഗസ്വത്വം സംബന്ധിച്ച സംഘര്‍ഷമാണ് 'കാവ്യനാട്യക്കാരി'യിലുമുള്ളത്. ഭിന്നലിംഗകവിയെന്നു വിളിച്ചതിലുള്ള ആത്മരോഷവും പ്രതിഷേധവുമാണതില്‍.
ട്രാന്‍സ്‌ജെന്റര്‍ ജീവിതത്തില്‍ ഒരുവര്‍(ആണ്‍/ പെണ്‍ ദ്വന്ദ്വഘടനയ്ക്കപ്പുറം സ്വരൂപിക്കാവുന്ന ഒരു പ്രയോഗം) അനുഭവിക്കുന്ന ഇച്ഛാപരമായ ചോദനകള്‍ തുറന്നെഴുതുന്നു എന്ന പ്രത്യേകത ഈ രചനകളെ പ്രധാനമാക്കുന്നുണ്ട്. ലിംഗനിലയെ സംബന്ധിച്ച പൗരത്വപൂര്‍ണതയ്ക്കും സ്വത്വസ്ഥാപനത്തിനും അഭിലാഷങ്ങളുടെ സാധുതയും സമ്മതിയും ആവശ്യമാണ്. 'പ്രകൃതിവിരുദ്ധ' അത്തരത്തില്‍ തീക്ഷ്ണമായ കവിതയാണ്. അത്തരം അധിക്ഷേപങ്ങള്‍ അപരവല്‍ക്കരിക്കുകയും അദൃശ്യപ്പെടുത്തുകയും ചെയ്യുന്ന വികാരങ്ങളെ തെളിച്ചെടുക്കാനും മല്ലിക ശ്രമിക്കുന്നു. അടങ്ങാത്ത അനേകായിരം പ്രണയാഭിലാഷങ്ങളുടെ വന്‍കരകള്‍ തന്നെ തീര്‍ക്കുകയാണ്, വിജയരാജമല്ലിക. ട്രാന്‍സ് ഭാവനയിലേക്കു പ്രണയവും രതിവാഞ്ഛകളും കൂടി ചേര്‍ത്തു സമഗ്രത വരുത്താനുള്ള ശ്രമമാണത്. പൊതുസമൂഹത്തിന്റെ മുന്നില്‍ ട്രാന്‍സ് വ്യക്തിക്കു പ്രണയവും മൈഥുനവും അപ്രാപ്യമായ ഗണമായി അടയാളപ്പെടുന്നതിനെ ചെറുക്കുന്നതിന്റെ രാഷ്ട്രീയവും ഇവിടെ മനസ്സിലാക്കാം. പ്രണയഭംഗമെന്ന പോലെ തന്നെ രതിഭംഗവും തീക്ഷ്ണമായ അനുഭവമാക്കുന്നുണ്ട്, മല്ലികയുടെ കവിതകള്‍. ലൈംഗികതയുടെ അനന്തവൈവിദ്ധ്യങ്ങള്‍ ആണ്‍/പെണ്‍ ബന്ധത്തിനകത്തെ കാണാത്ത അനേകായിരം മടക്കുകള്‍, മിഥ്യകള്‍, പൊയ്മുഖങ്ങള്‍ എല്ലാമെല്ലാം ഈ കവിതകള്‍ നമ്മോടു പറയുന്നുണ്ട്. ഈ സമാഹാരത്തിലെ പുരുഷഭാര്യ, നഗ്നസ്വപ്നം എന്നീ കവിതകളുടെ നാനാര്‍ത്ഥങ്ങള്‍ വ്യാപ്തിയോടെ മനസ്സിലാക്കേണ്ടതാകുന്നത് അതിനാലാണ്.
ഭാഷാപരം കൂടിയാണ് മല്ലികയുടെ ചിന്തകള്‍. ഭാഷയെ വ്യവസ്ഥയോ ഘടനയോ ആയി കണ്ടുകൊണ്ട് ഭാഷയ്ക്കകത്തെ കൊളുത്തുകള്‍ വിടുവിക്കുന്ന കുസൃതി നിറഞ്ഞതും ശാഠ്യമുള്ളതുമായ ഒരു ലീല ഈ കവിതകളിലുണ്ട്. പെടല്‍ എന്ന കവിതയില്‍ മരണപ്പെടലാണോ ജീവിതപ്പെടലാണോ യഥാര്‍ത്ഥത്തില്‍ പെട്ടുപോകലാകുന്നതെന്ന ചോദ്യം പതിയിരിപ്പുണ്ട്. സ്വന്തം സ്വത്വത്തെ, വാഴ്‌വിനെ, ഉണ്‍മയെ ഒരു പെട്ടുപോകലായി കാണുന്നു എന്ന അവസ്ഥയുടെ സംഘര്‍ഷമാണ് ഈ കവിതകളുടെ ഭാരം എന്നത്. അതിനു കാരണം നിരന്തരം പൊതുവില്‍നിന്നും പുറന്തള്ളപ്പെടുന്ന ജീവിതബോധവും വികാരമേഖലയുമാണ്. ഭാഷ ഈ പെട്ടുപോകലിന്റെ ഒരു മാനകമായി മല്ലിക നിരന്തരം ഉന്നയിക്കുന്നു. സ്വന്തം വേറിട്ട അനുഭവങ്ങളെ ഉന്നയിക്കാന്‍ അതിനായി സവിശേഷമായ ഭാഷയെ അവര്‍ നിര്‍മിച്ചെടുക്കുന്നു. അതും കൂടിചേര്‍ന്നതാണ് മല്ലികയുടെ എഴുത്ത്. എന്നാല്‍ പുറന്തള്ളപ്പെട്ടവരുടെ കൂട്ടായ്മയ്ക്കകത്തും വീണ്ടും വിള്ളലുകളുണ്ടാക്കുന്ന ജാതി, വര്‍ഗ വ്യതിരേകങ്ങള്‍ കവിയെ വേദനിപ്പിക്കുന്നു. ജാതിത്തോട്ടങ്ങള്‍ എന്ന രചനയില്‍ കടന്നു വരുന്നത് അതാണ്. വേറിട്ട ലിംഗസ്വത്വങ്ങള്‍ പേറുന്നവര്‍ക്കിടയില്‍ ജാതിസ്വത്വം ഭിന്നതകള്‍ സൃഷ്ടിക്കുന്നതിനെപ്പറ്റി ജാതിത്തോട്ടങ്ങള്‍ എന്ന കവിത പറയുന്നു. മറ്റു പല രചനകളെയും പോലെ ഈ കവിതയും ഒറ്റയക്കു നില്‍ക്കുന്നില്ല. ഒരോ കവിതയുടെയും നാനാര്‍ത്ഥങ്ങളായി പല രചനകളും പകര്‍ന്നാടുന്നുണ്ട്. 'പെടല്‍' എന്ന രചനയെ പൂരിപ്പിക്കുന്നതാണ് 'ജാതിത്തോട്ടങ്ങള്‍'. സാമൂഹികമായ വിപര്യയങ്ങളെ നോക്കിക്കാണുന്ന തരം ക്ലിപ്തം പോലെയുള്ള കവിതകളും ഈ സമാഹാരത്തിലുണ്ട്. വിദേശത്തായിരുന്ന അയല്‍ക്കാരുടെ തേങ്ങയെടുത്തു എണ്ണയുണ്ടാക്കി വിറ്റു കൊഴുത്ത അല്ലിറാണിയുടെ കച്ചവടത്തിലെ ക്ലിപ്തത്തെ നോക്കി കവി ഊറിച്ചിരിക്കുന്നുണ്ട്. നാട്ടിലെത്തിയപ്പോള്‍ മതിലുയര്‍ത്തിക്കെട്ടിയതോടെ കുഗ്രാമത്തിലെ എണ്ണക്കമ്പനിയിലെ ആ ക്ലിപ്തം വിസ്മൃതി പൂകിയെന്ന കുസൃതിയുള്ള നിരീക്ഷണത്തില്‍ ഭാഷയുടെ സൂചകാധികാരത്തെ തെല്ലൊന്നു കുടയുന്നുണ്ട്.
ആഖ്യാനപരമായി ഉച്ചത്തിലുള്ള പറച്ചിലുകളാണ് ഈ കവിത സൃഷ്ടിക്കുന്ന ടോണ്‍ എന്നു സൂചിപ്പിച്ചുവല്ലോ. അതില്‍ത്തന്നെ വിളിച്ചു പറയുന്നവരുടെ പ്രബുദ്ധതയുടെ പ്രവാചക രക്ഷാകര്‍തൃസ്വരം ഒട്ടും കടന്നു വരുന്നില്ല എന്നതു കവിയുടെ കരുതലാണ്. ഓര്‍ത്തു പറയുന്ന നിനവുകളും ആത്മഗതങ്ങളും കൂടാതെ പലപ്പോഴും സംഭാഷണരൂപവും പലപ്പോഴും ഈ കവിതകളില്‍ കടന്നു വരുന്നു. കേള്‍വിയുടെ മറ്റേയറ്റം പൊതുവിനെ പങ്കിടുന്ന ഏതെങ്കിലും ഒരു അടരാണ്. ('കാഴ്ചകള്‍' എന്ന കവിത ഒരുദാഹരണം) ലോകത്തിന്റെ ലിംഗാഭിരുചികളിലെ വൈവിദ്ധ്യത്തെക്കുറിച്ചു പ്രബലഭാവനമാത്രം അറിയുന്ന സഖിയോടു സംസാരിക്കുവാനുള്ള ശ്രമമാണ് കവിതയിലുള്ളത്. സ്വത്വപരിണാമത്തിന്റെ പരിക്രമണവഴികളെ സൂക്ഷ്മമായി എഴുതാനും മല്ലിക ശ്രമിക്കുന്നുണ്ട്. ആണായി നെഞ്ചുവിരിച്ചു നടക്കുന്നവളുടെ തുടയിടിക്കിലെ ചുവന്ന ഒഴുക്ക് ('ചെങ്കറ') പ്രബുദ്ധതയുടെ മറുവശത്തിന്റെ പാരവശ്യങ്ങളെയാണല്ലോ എഴുതുന്നത്. അപമാനഭീതിയാല്‍ പള്ളിക്കൂടം വിട്ടതും ചുവന്ന തെരുവിലേക്കെത്തിപ്പെട്ടതും ആ വഴിയേ തന്നെ!
അരികുസ്വത്വത്തിന്റെ പ്രായോഗികജീവിതം ജീവിച്ച ഒരാള്‍ക്കെഴുതാന്‍ കഴിയുന്ന വരികളാണ് ഈ കൃതിയില്‍ പൊതുവേയുള്ളത് ('അവള്‍ക്കു സമരമില്ല'). കുടുംബത്തിന്റെ കറവപ്പശുവായി, ആര്‍ക്കോ വേണ്ടി ചെണ്ടകൊട്ടുന്ന ജീവിതമായി അവള്‍ തുടരുന്നു. അടിസ്ഥാനപരമായ ജീവിതപ്രാരാബ്ധങ്ങളെ അതിജീവിച്ചുകൊണ്ടേ അവള്‍ക്കു സമരത്തിന്റെയും പുരോഗമനത്തിന്റെയും പ്രതിരൂപത്തിലേക്കു നടന്നു കയറാനാവൂ എന്നു പറയുന്നതോടെ പതിച്ചുവെയ്ക്കപ്പെട്ട പുരോഗമനപരതയുടെ പുറംതോടു താനെ വെളിപ്പെടുന്നു. മലയാളത്തിലെ ദളിത് സ്ത്രീകവിതകളുമായി സവിശേഷമായ, സൂക്ഷ്മമായ ഒരു ചാര്‍ച്ച ഈ കവിതകള്‍ക്കുണ്ടെന്നു തോന്നിയിട്ടുണ്ട്. അതിനു കാരണം മൂര്‍ത്തമായ യാഥാര്‍ത്ഥ്യങ്ങളെ ഒട്ടും ആദര്‍ശവല്‍ക്കരിക്കാതെ, പലപ്പോഴും അകാല്പനികമായി തിരിച്ചറിയുന്ന രീതിയാണ്. അതിജീവനം എന്നത് ഈ കവിതകളിലും ഭൗതികയാഥാര്‍ത്ഥ്യത്തിന്റെ ഭാഗമാണ് ('അതിജീവനം').
പ്രഖ്യാപിതമായ പ്രബുദ്ധത, നടപ്പുപുരോഗമനം എന്നിവയുടെ മുന്നണികളെ സംശയിക്കാനുള്ള വകതിരിവോ രാഷ്ട്രീയവിവേകമോ ഈ കവിതകള്‍ പലപ്പോഴും പുലര്‍ത്തുന്നു. ഡോക്‌സ് ഫോമുകളില്‍ അക്കാദമികപഠനത്തിനായി പൂരിപ്പിക്കപ്പെടേണ്ട ഡാറ്റകളായി പ്രിയപ്പെട്ടവര്‍ പോലും ട്രാന്‍സ്‌ജെന്റര്‍ ജീവിതത്തെക്കാണുന്നതിന്റെ വേദന ('ഖനികള്‍') ഇവിടെ വായിക്കാം. ഗിനിപ്പന്നികളെപ്പോലെ തങ്ങളെ പരീക്ഷണവസ്തുക്കളാക്കുന്നതിനെക്കുറിച്ചാണ്, മറ്റൊരാളുടെ ജീവിതത്തെ അറിവുവസ്തുവാക്കി ജഡവല്‍ക്കരിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ജന്മത്തിന്റെയും സ്വത്വത്തിന്റെയും നിസ്സഹായതയെ എത്രയധികം തോറ്റിയാലും മതിയാകുന്നില്ല, ഈ കവിതകള്‍ക്ക്. ഇടറി മാഴ്കുകകയും ഉച്ചസ്വരത്തില്‍ നഗ്നമായി നിലവിളിക്കുവാനും വാക്കുകള്‍ തേടുന്നു ഇവ. 'മറുപിറവി' അത്തരം ഒരു രചനയാണ്.
ട്രാന്‍സ്‌ജെന്റര്‍ ലിംഗസ്വത്വത്തെ സംബന്ധിച്ച വിചാരത്തിനിടയില്‍ ആണ്‍കോയ്മയെയും അതിന്റെ പ്രകടനമായ സ്ത്രീവിരുദ്ധതയുടെ വ്യാപ്തിയെയും കവി നന്നായി തിരിച്ചറിയുന്നുണ്ട്. അതിനാല്‍ ആണു പെണ്ണായാല്‍ സമൂഹം കാട്ടുന്ന നിന്ദ്യതയും ക്രൂരതയും പ്രത്യേകം എടുത്തു പറയുന്നു. നേരെ മറിച്ചു പെണ്ണ് ആണായാല്‍ അവള്‍ക്ക് ആദരമാണ് ലഭിക്കുന്നത്('മാറാലോകം'). സ്ത്രീക്കെതിരെയുള്ള ലൈംഗികചൂഷണത്തെക്കുറിച്ചു വിലപിക്കുന്ന കവിതകളും ഈ കൃതിയിലുണ്ട്('മൂഢന്മാരുടെ വിപ്ലവം'). 'ഏഴുനിറങ്ങള്‍' എന്ന കവിത ജന്മം നല്‍കിയ അമ്മയെ അന്‍പേ എന്നു കൂടി അഭിസംബോധനചെയ്തുകൊണ്ടുള്ളതാണ്. അമ്മയെ അന്‍പായിത്തന്നെ നിലനിര്‍ത്താന്‍ ഏഴുനിറനിരകള്‍ക്കകത്തു നിലകൊള്ളുന്ന അഭിജ്ഞാനങ്ങള്‍ കൂടിയേ കഴിയൂ. ആ മാറ്റത്തിന്റെ പാത താണ്ടിയ സ്വന്തം പ്രയാണം അതിലെ ഓരോ നിറത്തിലും ഉറഞ്ഞുകിടക്കുന്നു! ഇതര അപരങ്ങളിലേക്കും കൂടി നീളുന്ന ജാതി, ലിംഗ, ലൈംഗികതാ ഭാവനകള്‍ ഈ കവിതയെ അര്‍ത്ഥവത്തായ സാദ്ധ്യതയാക്കി മാറ്റുന്നുണ്ട്. വിജയരാജമല്ലികയുടെ കവിതകള്‍ക്കു പുതിയ ആകാശങ്ങള്‍ നേരുന്നു!!