Saturday, March 13, 2021

വിഷ്ണുവിന്റെ വാസനകള്‍

 



മലയാളകവിതയിലെ ആധുനിക കാല്‍പനികരില്‍ ഒരാളായ വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ആദ്യകാലരചനയായ സ്വാതന്ത്ര്യത്തെക്കുറിച്ചൊരു സ്തുതിഗീതത്തിലെ മൂന്നു നാലു കവിതകളെ  മുന്‍നിര്‍ത്തിയുള്ള ചില പര്യാലോചനകളാണ് ഈ ചെറുകുറിപ്പ്. പാരമ്പര്യവുമായുള്ള ബന്ധത്തെ  ആസ്തികനായ ഒരു കവി തന്റെ കാവ്യജീവിതത്തിലുടനീളം പാലിക്കുന്നതെങ്ങനെയെല്ലാമാണ്, അതില്‍ തന്നെ മാനുഷികമായ അനുഭൂതിവാസനകളെ കാവ്യഭാവന സ്വീകരിക്കുന്നതെങ്ങനെ  എന്നെല്ലാമുള്ള ആലോചനകള്‍ക്കു അതിലൂടെ തെളിച്ചം കിട്ടുമെന്നു തോന്നുന്നു. സമകാലികതയുടെ സമ്മര്‍ദ്ദം കവിതയെ ബാധിക്കുന്നതു പോലെതന്നെ ചരിത്രപരമായ ഭാവശക്തികളായി പാരമ്പര്യത്തിന്റെ ബലങ്ങളും പലപ്പോഴും കവിയെ സവിശേഷമായി നിര്‍ണയിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തെക്കുറിച്ചൊരു സ്തുതിഗീതം എന്ന ആദ്യസമാഹാരത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കൂടുതല്‍ സ്വതന്ത്രവും ഉച്ഛൃഖലവുമായ ഭാവമുദ്രകള്‍ ജ്വലിച്ചു നില്‍ക്കുകയും പില്‍ക്കാലത്തെ നൈതികവും ആദര്‍ശാത്മകവുമായ ജീവിതബോധത്തിലേക്കു അവ പരിണാമപ്പെടുകയും ചെയ്തതിന്റെ യുക്തി തിരയുവാന്‍ ഇതിലൂടെ കഴിഞ്ഞേക്കും. 


പുരാണങ്ങളില്‍ നിന്നുള്ള കഥാസൂചനകളെ മൗലികമായി പിന്തുടരുന്ന ഒരു രീതി ഈ കവി എക്കാലത്തും തുടര്‍ന്നിരുന്നു. പണ്ഡിതനായ മുത്തച്ഛനില്‍ നിന്നും നേടിയ സംസ്‌കൃതകാവ്യപരിചയം അതിനദ്ദേഹത്തിനെ പ്രാപത്‌നാക്കി. പരമ്പരാഗതമായ അര്‍ത്ഥത്തിലുള്ള സവിശേഷമായ ജ്ഞാനവും വ്യുല്‍പ്പത്തിയും എഴുത്തിനു ഏറെ വളമായി.  പാശ്ചാത്യകവിതയോടുള്ള പരിചയം വിദ്യാഭ്യാസത്തിലൂടെ, പ്രൊഫസര്‍ ഷെപ്പേര്‍ഡിലൂടെ പകര്‍ന്നു കിട്ടി. ടി.എസ്.എലിയട്ട് മുതല്‍ക്കുള്ള കാവ്യപണ്ഡിതരുടെ, കവികളുടെ വായനയിലൂടെ, യേറ്റ്‌സിനെപ്പോലുള്ളവരിലെ ധ്യാനാത്മകതയിലൂടെ രൂപപ്പെടുത്തിയ ഒരു അഭിരുചി വിഷ്ണു എന്ന കവിയില്‍ കലര്‍ന്നു പ്രവര്‍ത്തിച്ചു. കവിതയെ നിരന്തരം പുതുക്കിയെടുക്കാനുള്ള പ്രേരണകളിലൊന്നായി ജ്ഞാനമെന്നപോലെ ധ്യാനവും ഈ കവിയില്‍ വര്‍ത്തിച്ചു. ഇതില്‍ വൈയക്തികതലത്തില്‍ താന്‍ സ്വരൂപിച്ച ആസ്തികതയ്ക്കും ഈശ്വരപൂജയക്കും പങ്കുണ്ടെന്ന് നിരവധി അഭിമുഖങ്ങളിലൂടെ വ്യക്തമാക്കപ്പെട്ടുണ്ട്.  പ്രാഥമികവും അടിസ്ഥാനപരവുമായ ചോദനകളെ കേന്ദ്രീകരിച്ചുള്ള ചിന്തകളെ കവിതയില്‍ പരിചരിക്കുമ്പോള്‍ ഈ പ്രേരണ ഒരേ സമയം പക്വമായ ധ്യാനാത്മകവും അതേസമയം സ്വതന്ത്രമായ ഉച്ഛൃഖലതയും പ്രതിഫലിപ്പിക്കുന്നതെങ്ങനെ എന്നാലോചിക്കേണ്ടതുണ്ട്. വേദപുരാണങ്ങളും ഋഷിപ്രോക്തമായ ധാര്‍മികാനുശാസനങ്ങളും ചേര്‍ന്ന വൈദികപാരമ്പര്യത്തിനപ്പുറം മനുഷ്യസത്തയെ ചൂഴുന്ന ആത്മീയമായ അകം പൊരുളിലേക്കാണ്, അതിന്റെ ജൈവികതയിലേക്കാണ് തന്റെ കാവ്യാഖ്യാനങ്ങളിലൂടെ കവി നടന്നേറിയതെന്നു കരുതാവുന്നതാണ്. അതിനു സാക്ഷ്യങ്ങളാണ് പുരാണേതിഹാസസൂചനകളിലൂടെ താന്‍ രൂപപ്പെടുത്തിയ ഒട്ടേറെ  രചനകള്‍. 


ഓര്‍മയും കാമനയും

ശാപകഥനങ്ങളാണ് ദിലീപന്‍, ഉര്‍വശീനൃത്തം, അഹല്യാമോക്ഷം എന്നീ കവിതകള്‍.  പരമ്പരാഗതമായ പ്രമേയങ്ങളെ എടുത്തു പെരുമാറുമ്പോഴും സമകാലികമായ സ്ത്രീപുരുഷബന്ധങ്ങളുടെ ചലനാത്മകതയോട്  ഉന്മുഖത പുലര്‍ത്തിയ കവി തന്നെയാണ് വിഷ്ണുനാരായണനെന്ന് ഈ രചനകള്‍ പറയുന്നുണ്ട്. ദിലീപന്‍ എന്ന കവിതയില്‍ കാളിദാസഭാവനയെ ആശ്രയിച്ചുകൊണ്ടാണ് കവിത ചമയ്ക്കുന്നതെങ്കിലും  പ്രണയകാമനയുടെ, സ്ത്രീപുരുഷബന്ധങ്ങളുടെ പുതിയ അഭിരുചി അതില്‍ തിളങ്ങി നില്‍ക്കുന്നു. ഓര്‍മയുടെ സാങ്കേതികതയെ കവി പുതുക്കിയെഴുതുന്നു.  ഋതുസ്‌നാതയായ ഭാര്യയക്കടുത്തേയ്ക്കണയാന്‍ വെമ്പുന്ന ദിലീപന്റെ തൃഷ്ണാഭരിതമായ ഹൃദയത്തെ മറയില്ലാതെ കണ്ടെടുക്കുന്നു കവി. പുരാണസങ്കല്പങ്ങളിലെ പാപപുണ്യങ്ങള്‍ക്കുള്ള ഊന്നലിനേക്കാള്‍ പ്രണയത്തിനും സ്മരണയ്ക്കുമാണെന്നു കാണാന്‍ വിഷമമില്ല. ഉര്‍വശീനൃത്തത്തില്‍ ഇന്ദ്രസദസ്സിലെ നൃത്തത്തിനിടയില്‍ പുരൂരവസിനെ ഓര്‍ത്തുപോയതിനാല്‍ ചുവടുപിഴച്ച ഉര്‍വശിയെ നാം കാണുന്നു. ശപിക്കപ്പെട്ടു ഭൂമിയിലേക്ക് അയക്കപ്പെടുമ്പോഴും ഇഹലോകകാമനകളുടെ, സുഖദു:ഖങ്ങളുടെ മടിത്തട്ടാണ് തന്നെ കാത്തിരിക്കുന്നതെന്ന് ഉര്‍വശി അറിയുന്നു. ഓര്‍മ എന്നതിന്മേല്‍ വന്നു വീഴുന്ന ശാപത്തിന്റെ വാളുകളെ, വ്യവസ്ഥയായി എഴുതുകയാണീ കവിതകള്‍. 


സന്യാസപൗരുഷം

അഹല്യാമോക്ഷത്തില്‍ പ്രണയത്തെക്കുറിച്ചുള്ള ഉന്മാദംകലര്‍ന്ന മാദകഭാവനയ്ക്കാണ് കവി ഇടം കൊടുത്തതെന്നു കാണാം. ''കരളാല്‍ നുണയ്‌ക്കേണ്ടുമോര്‍മയല്ലെന്റെ പ്രണയം, ഉയിരില്‍ പടര്‍ന്നെരിഞ്ഞാളിടും ദാഹജ്വാല'' എന്നു അന്ദിഗ്ദ്ധമായി തന്നെ പറഞ്ഞുവെയ്ക്കാനും കഴിയുന്നു. ധര്‍മാധര്‍മങ്ങളുടെയും ശാപമോക്ഷങ്ങളുടെയും നാട്യം കലര്‍ന്ന ലോകത്തിലെ നേരിടമായി അഹല്യയെ പ്രതിഷ്ഠിക്കുകയും അവളിലൂടെ രാമനോട് സംവദിക്കുകയും ചെയ്യുന്നു, അവസാനഭാഗത്ത്. 

''ഭദ്രമാത്താടിക്കാര്‍ തന്‍ 

മടയില്‍ തിരിച്ചെത്തി

ക്ഷുദ്രമാം മോക്ഷോപായം

തിരയുന്നതേക്കാളും'' പുണ്യം കല്ലായി മണ്ണോടു ചേര്‍ന്നിരിക്കുന്നതു തന്നെയെന്നവള്‍ രാമനോടു പറയുന്നു. തിരിച്ചു ഇന്ദ്രനോടു ചേരുവാനല്ലെങ്കില്‍ പെണ്ണാവേണ്ടതില്ലെന്നും. ഉറപ്പുള്ള, നേരുള്ള സ്ത്രീസ്വരത്തിന്റെ തൃഷ്ണാപരമായ എതിര്‍ബലം ആത്മീയതയുടെ എടുപ്പുകളെ നേര്‍ക്കു നേരെ നേരിടുന്നതിന്റെ സാധ്യതകള്‍ നാമിവിടെ കാണുന്നു. അരുതുകളുടെ തിട്ടൂരങ്ങള്‍ക്ക് അനുഭൂതിവാസനകളെ എതിര്‍ക്കാമെങ്കിലും ഒരിക്കലും  എരിച്ചുകളയാനാവില്ലെന്നും ഈ സ്ത്രീസ്വരം പറയുന്നുണ്ട്. ആശാന്റെ സീതയുടെ സഹചാരിയെന്നവണ്ണം ശമസ്വരയും ഉജ്ജ്വലപ്രജ്ഞയുമായിവിടെ അഹല്യ മാറുന്നു. 


സുഭദ്രാര്‍ജുനം എന്ന കവിതയിലും സന്യാസത്തെ പ്രണയത്തിനെതിര്‍ നിര്‍ത്തി വിചാരണ ചെയ്യുന്നുണ്ട്. 

''തകരട്ടെന്നിലെപ്പാഴാം 

ജടയും ഭസ്മവും, എല്ലാ-

മടര്‍ന്നു വീഴ്‌കെയെന്നാത്മ-

നാളമൊന്നുന്നയിച്ചാവൂ!'' 


'രതിയാം നേരി'നെപ്പറ്റി പരസ്പരം പങ്കുവെയ്ക്കും വിധം അടുത്തവര്‍,  നൈവേദ്യമായുള്ള ഫലങ്ങളില്‍ ഇച്ഛയുടെ പരിണാമങ്ങളും അമ്മയുടെ വാല്‍സല്യവും കര്‍മബന്ധത്തിന്റെ കണ്ണികളും തിരിച്ചറിയുന്നവരായി മാറുന്നു, കര്‍മരഥം സ്ത്രീയുടെ, പ്രണയിനിയുടെ വലംകയ്യാല്‍ തെളിക്കപ്പെടാന്‍ തയ്യാറാകുന്നു. അതേ വലംകയ്യാല്‍ യോഗദണ്ഡു തകര്‍ന്നോട്ടെയെന്നു തന്നെ കരുതാനും അയാള്‍ക്കാവുന്നുണ്ട്. പരമ്പരാഗതമൂല്യങ്ങളുടെ തടവുകാരന്‍ എന്നു പലപ്പോഴും മുദ്രകുത്തപ്പെട്ട കവിയുടെ ആദ്യകാലകവിതകളിലെ സ്ത്രീപുരുഷബന്ധങ്ങളുടെ വിന്യാസവും അവയുടെ രാഷ്ട്രീയവുമാണ് ഈ ചെറു വിശകലനത്തിലൂടെ പറയാന്‍ ശ്രമിച്ചത്. പില്ക്കാലകവിതകളിലേക്ക വരുമ്പോള്‍ പ്രത്യേകിച്ചും പ്രണയഗീതങ്ങളിലും മറ്റും വളരെ ലോലവും കാല്‍പനികവുമായ, അതേസമയം പുരുഷകേന്ദ്രിതമായ പ്രണയാഖ്യാനങ്ങളായി  ഈ രചനകള്‍ മാറുന്നു. വിഷ്ണുനാരായണനെന്ന കവിയുടെ എന്നതിലുപരിയായി മലയാളകവിതയുടെ തന്നെ ഭാവുകത്വപരിണാമത്തിലേക്കും അതിന്റെ ചരിത്രത്തിലേക്കും നീളാവുന്ന അന്വേഷണങ്ങള്‍ അവിടെ സാധ്യമാണ്. പാരമ്പര്യബദ്ധത എല്ലായ്‌പ്പോഴും വ്യവസ്ഥാനുകൂലമാകണമെന്നില്ലെന്നതിന്റെ സാധൂകരണമായവ മാറിയേക്കാം.  


(2021 മാർച്ച് 8 ലക്കം മാധ്യമം ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്)




No comments: