Tuesday, May 9, 2017

വാക്കിലേക്കൊടിയാത്ത കാട്ടുമിന്നല്‍ ( എന്‍.ജി.ഉണ്ണികൃഷ്ണന്റെ 'അരുത് സോദരാ' എന്ന കവിതയിലൂടെ)


 പരിചിതമായ മേച്ചില്‍പ്പുറങ്ങളോ കിറുകൃത്യം പാകമായ തൊഴുത്തുകളോ എന്‍.ജി.ക്കവിത തേടുന്നില്ല. പാകമായ അളവില്‍ നിന്നല്പം എറിച്ചുനില്‍ക്കുന്ന, കൂടുതലായി വരുന്ന ഈ അധികപ്പറ്റില്‍ എന്‍.ജി.ത്തം കാണാമെന്നാണ് അനുഭവം. 'മെരുങ്ങാത്ത', 'വാക്കിലേക്കൊടിയാത്ത കാട്ടുമിന്നലി'('മെരുങ്ങാത്തത്')ല്‍ നാം ഈ പരുപരുത്ത കവിതയെ തിരിച്ചറിയും.എന്‍.ജി.ഉണ്ണികൃഷ്ണന്റെ കവിതകളെ വിശദീകരിക്കാന്‍ പുതിയതും പഴയതുമായ പൊതു സൗന്ദര്യശാസ്ത്രയുക്തികള്‍ പോരാ. മിനുസപ്പെട്ടുകിട്ടാത്ത ആ പരുക്കത്തത്തില്‍ ഒന്നു കാലുറച്ചാല്‍ പക്ഷേ നാം വഴുതുകയില്ല. എതിര്‍മൊഴികൊണ്ടുയിര്‍ത്ത ചിന്തകളും നോട്ടങ്ങളുമാണവ. അതുകൊണ്ടുതന്നെ താദാത്മ്യപ്പെടലിന്റെയും അനുശീലനപ്പെടലിന്റെയും ക്ഷണികസ്വാഗതം അവയരുളില്ല.


ഭാഷയിലും താളത്തിലും എന്‍.ജി. പുലര്‍ത്തുന്ന അകാല്പനികവും പരുക്കനുമായ മട്ടുമാതിരികള്‍ ഏറെയാണ്. 'ഭാഷ'യില്‍ പറയുന്നതു പോലെ സംവേദന(?)ത്തിന്റെ, മറ്റു ഗത്യന്തരമില്ലാത്ത തീവ്രമായ ഒരു നിമിഷത്തില്‍
'ഉള്‍ക്കൊള്ളാവുന്നത്ര വായു എടുത്ത്
വായ തുറന്ന്
അമാന്യമായി
നീട്ടിക്കൂകി' അക്കരെയുള്ള വഞ്ചിയെ അടുപ്പിക്കലാണത്. 'മലയാളമോ ഹിന്ദിയോ ഇംഗ്ലീഷോ പറഞ്ഞാല്‍ എത്തില്ല അങ്ങോട്ട്'. എങ്കിലും കരകടന്നേ പറ്റൂ എന്ന അനിവാര്യതയില്‍ ഭാഷപോലും മാറ്റിവെയ്ക്കപ്പെട്ട്/മറന്ന് പുറപ്പെടുന്ന കൂകലായി കവിത മാറുന്നു. ഈ കവിതയെ എന്‍.ജി.യുടെ കാവ്യാദര്‍ശമായാണ് പി.പി.രാമചന്ദ്രന്‍ വിശേഷിപ്പിക്കുന്നത്.(യന്ത്രവും എന്റെ ജീവിതവും എന്ന കവിതാസമാഹാരത്തിന്റെ അവതാരിക) എന്‍.ജി.ക്കവിതയിലെ  ഭാഷയുടെ ടോണുകള്‍ പഠിക്കപ്പെടേണ്ടവയാണ്. അയ്യപ്പപ്പണിക്കരില്‍ നിന്നോ മറ്റോ നീളുന്ന ഒരു അകവിതാ(Anti-poetry)പാരമ്പര്യത്തെ അവ തൊട്ടുണര്‍ത്തുന്നു. അധീശമായി പുലരുന്ന കാല്പനികഭാഷാമൂല്യങ്ങളെ വിസ്ഥാപനം ചെയ്‌തെടുക്കുന്ന തരം ഇണക്കം കുറഞ്ഞ ചൊല്‍ത്താളങ്ങളും മിനുസം കുറഞ്ഞ പ്രയോഗങ്ങളും എന്‍.ജി. പല കവിതകളിലുമായി പരീക്ഷിക്കുന്നുണ്ട്. (പുതുമലയാളകവിതയില്‍  കെ.ആര്‍.ടോണിയിലും എ.സി.ശ്രീഹരിയിലും കെ.എം.ഷെരീഫിലും എല്‍.തോമസ്‌കുട്ടിയിലും കരിയാടിലും മറ്റും മറ്റുമായി അത്തരം തുടര്‍ച്ചകളുടെ പല പ്രകാരങ്ങള്‍ കാണാന്‍ കഴിയും. അത് മറ്റൊരു അന്വേഷണമേഖലയാണ്.) ആത്മോപഹാസം പണിക്കരുടെയത്ര പ്രകടമല്ല. എങ്കിലും വൈകാരികമല്ലാത്ത ഒരു ആത്മനിഷ്ഠത എന്‍.ജി.ക്കവിതകളെ പൊതിഞ്ഞു നില്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അമ്മക്കവിതകളില്‍ അതു കാണാം. 'ഒരു അനാദര്‍ശപ്രണയഗാനം' ,'കാലാതീതം' മുതലായകവിതകളിലൊക്കെ ആദര്‍ശത്തെക്കുറിച്ചുള്ള അവിശ്വാസം നിറഞ്ഞ ആശങ്ക കാണാം.
'പ്രേമിച്ചില്ല ഞാനാദര്‍ശകന്യയെ
കാതിലിറ്റു പഴുപ്പിന്റെ വെള്ളക്കല്‍
താരകം മിന്നും ഗ്രാമവിശുദ്ധിയെ'  എന്നും
'ആയിരിക്കാം അധികാരമോഹം
ആയിരിക്കാം ചെരുപ്പുനക്കിബ്ഭാവം' എന്നുമൊക്കെ കവി സ്വയം വകയിരുത്തുന്നത് അതുകൊണ്ടാണ്. ഭാഷ കൂകലായി മാറുമ്പോലെ ആവിഷ്‌ക്കാരം തിരുടലായി മാറുന്നതിനെക്കുറിച്ചുള്ള 'നീലമലൈത്തിരുടന്‍' എന്ന മനോഹരമായ കവിതയിലും എഴുത്തിലെ അനാദര്‍ശങ്ങള്‍ കവി തോറ്റുന്നതു കാണാം.
'ഭംഗിയാര്‍ന്ന ഈ നദി ആരുടേത്?
തീരത്തു നോക്കിനിന്നു പോകും
തുടുത്ത സന്ധ്യാമേഘത്തിന്റെ ഇത്തിരി
മാഷായാലും ഞാനായാലും മോഷ്ടിക്കും..
എന്തെങ്കിലുമുണ്ടോ നമ്മുടേതായി?
രാവെന്നില്ല പകലെന്നില്ല
തിരുടുകയാണ് മാഷെ നമ്മള്‍
സ്വപ്‌നത്തിന്‍ നീലമല
അല്ലാതെ എങ്ങനെ
ജീവനോടെ ഇരിക്കാന്‍?'

'അരുതുസോദരാ'എന്ന കവിതയ്ക്കു ചുറ്റും പരുങ്ങിനടക്കുമ്പോള്‍ ഇങ്ങനെ കുറെ അരികുവാതിലുകള്‍ കൂടി കാണുന്നു എന്നു മാത്രം. ചുരുക്കത്തില്‍ ഒരു ഒറ്റക്കവിതയായല്ല മറിച്ച് മറ്റനേകം കവിതകളുടെ അനുബന്ധമായാണത് വായിക്കപ്പെടേണ്ടതെന്നു പറയാം. 2011 ലോ മറ്റോ പാഠഭേദം എന്ന സമാന്തരമാസികയിലാണീ കവിത ആദ്യം പ്രസിദ്ധീകരിക്കപ്പെടുന്നത്.

പ്രബുദ്ധതായുക്തികളോടുള്ള കലഹം

സാമ്പ്രദായികമായ മൂല്യകാംക്ഷകള്‍ക്കകത്ത് ഈ കവിതകള്‍ സ്വസ്ഥമല്ല. 'നല്ല നാളെ' യെക്കുറിച്ചുള്ള മൂല്യവത്തായ പലമാതിരി സ്വപ്‌നങ്ങള്‍ ഒരു ബ്രഹദ്കഥനമായി മലയാളകവിതയുടെ എല്ലാ പ്രസ്ഥാന/ഘട്ട/ഗണ ചരിത്രത്തിലും നിറഞ്ഞുനിന്നതിന്റെ പശ്ച്ചാത്തലത്തില്‍ ഈ കവിതയിലെ ആഖ്യാതാവിനെ കേട്ടു നോക്കേണ്ടതുണ്ട്.

'അരുത് സോദരാ,
ഭയങ്കര ആത്മാര്‍ത്ഥത
അരുത്
അത് ആരെയും
സ്വന്തം ജോലിയെപ്പോലും
സ്‌നേഹിക്കലല്ല
മാനിക്കലല്ല
സ്വയംവിക്ഷേപണം മാത്രം'


പാര്‍ശ്വവല്‍കൃതമായ ആധുനികതാവാദ/രാഷ്ട്രീയരചനകളില്‍ കണ്ടുമുട്ടുന്ന ഒരാളാണോ കവിതയിലെ ഈ സോദരന്‍? പട്ടത്തുവിള, എം.സുകുമാരന്‍, പി.കെ.നാണു,യു.പി. ജയരാജ, മുതല്‍ പി.സുരേന്ദ്രന്‍ (ശീതോല്‍സവം, മഴയ്ക്കപ്പുറം) വരെ നീളുന്ന കഥാകൃത്തുക്കളും  കെ.ജി.എസ്, സച്ചിദാനന്ദന്‍, മുതലായ കവികളും ഉള്ളടക്കുന്ന ഒരേസമയം ബലിയാടും രക്ഷകനുമായ വിമോചകകര്‍തൃത്വം? അയാളുടെ വിധിക്കു മുന്നില്‍ കുറ്റബോധപ്പെടുകയോ പതറുകയോ ചെയ്യുന്നില്ല എന്‍.ജി.യിലെ ആഖ്യാതാവ്. രാഷ്ടീയപ്രജ്ഞ അയാള്‍ക്കില്ലാതില്ല. അതയാള്‍ ഒരുപക്ഷേ വിപ്‌ളവവായാടിത്തത്തില്‍ നിന്നും വിഗ്രഹവല്‍ക്കരണത്തില്‍ നിന്നും സ്വയം രക്ഷിച്ചെടുക്കാന്‍  പാകത്തില്‍ സൂക്ഷ്മതയോടെ കരുതുന്നു. സന്ദേഹിയും  വിരക്തനും അശുഭവിശ്വാസിയുമായ ആ പഴയ നായകനോട് കാലത്തിന്റെ കണക്കു തീര്‍ക്കും മട്ടില്‍ കവി ചിലതു പറഞ്ഞു പോകുകയാണ്. ഒരു അധികമാനം, തെറിച്ചുപോകല്‍ അതിലുണ്ട്. അത് ആവശ്യത്തിലധികം മേനി നടിക്കുന്ന, അധികം അര്‍ഹിക്കുകയും പിന്‍പറ്റുകയും ചെയ്ത ആദര്‍ശാത്മകതയോടുള്ള കണക്കു തീര്‍ക്കലാണ്. ഒരു പക്ഷേ നവോത്ഥാനകാലം മുതല്‍ തുടരുന്ന ചില പ്രബുദ്ധതായുക്തികളോട് അതിലംഘനസ്വഭാവത്തോടെയുള്ള ഒരു കലഹം. പുതുമുറക്കവികളില്‍ മാത്രം കാണുന്ന മുഷിയാത്ത ഈ കലമ്പല്‍ മുറകളുടെ അതിരു ഭേദിക്കുന്ന ഈ കവിയില്‍ കാണുന്നതില്‍ അതിശയമില്ല. (ബനേഷില്‍ നാമതു പരിചയിക്കുന്നുണ്ട്, ടി.എന്‍.കുമാരന്‍ വായനശാലയ്ക്കു പുസ്തകം കൊടുക്കേണ്ടതില്ല എന്ന തീരുമാനത്തെ അയാള്‍ കൊണ്ടാടുന്നത് അങ്ങനെയാവാം.)

 അവധൂതസാമൂഹികപുരുഷകര്‍തൃത്വം

'മെഴുക്കു പുരണ്ട  ചാരുകസേര'യിലെ ആഖ്യാതാവ് അന്വേഷിച്ചു ചെല്ലുന്ന ആ മിത്രത്തിന്റെ നിഴല്‍  പി.പി.രാമചന്ദ്രന്റെ ലോപസന്ധി (അതില്‍ മാറിത്തീര്‍ന്ന വിപ്‌ളവകാരിയുടെ പച്ചച്ചന്തം മുറ്റിയ മുഖത്തെ പതിനൊന്നാകൃതിയിലുള്ള മേല്‍മീശയില്‍ ഒരു ഹിറ്റ്‌ലറെ കണ്ടു മടങ്ങുന്നു,കവി) യിലും പി.സുരേന്ദ്രന്റെ ശീതോല്‍സവ(കോഴിമുട്ടകള്‍ തോടോടെ ഒറ്റയടിക്കു ചവച്ചു വിഴുങ്ങുന്ന ഉന്മാദിയും ധാര്‍ഷ്ഠ്യക്കാരനുമായ ആ പഴയ വിപ്ലവകാരി, രാഷ്ട്രീയസഹചാരി എത്ര നിര്‍ല്ലജ്ജമാണ് കിടപ്പുമുറിയില്‍ വരെ കടന്നു ചെന്ന് സുഹൃത്തിന്റെ സ്വച്ഛജീവിതത്തിന്റെ രാഷ്ട്രീയശരിയെ ചികയുന്നത് !)ത്തിലും നാം കാണുന്നു. ആരെയും ധാര്‍മികവിചാരണ നടത്താനുള്ള ഔദ്ധത്യം കലര്‍ന്ന ആ അവകാശത്തിന്റെ ആനുകൂല്യത്തെ ഒന്നു പിടിച്ചുകുലുക്കി, ഉലയ്ക്കാതെ എന്‍.ജി. വിടില്ല. അവിടെയെല്ലാം സ്ത്രീയുടെയും മറ്റും സാന്നിധ്യം എത്രമാത്രം നിസ്സാരവല്‍ക്കരിക്കപ്പെട്ട എതിര്‍നില('ഇരിക്കൂ, കുളിക്കയാണെന്നൊരു മിനുക്കു വേഷം!')യിലാണെന്നതും നാം കാണണം. ഈ അവധൂതസാമൂഹികപുരുഷകര്‍തൃത്വത്തെയാണ്,സുഹൃത്തിനെയാണ് കവി സോദരാ എന്നു ലഘൂകരിക്കപ്പെട്ട വിളിയിലൂടെ  അഭിസംബോധനചെയ്യുന്നത്. സഖാവേ എന്ന വിളിയുടെ ബാധ്യതാഭാരം അതിനില്ല. സഖാവും സുഹൃത്തും അകത്തുള്ളയാളല്ല, (കുടുംബത്തിനു)പുറത്തുള്ളയാളാണ്, പൊതു ആണയാളുടെ ഇടപെടലിന്റെ ഇടം, പൊതുവില്‍ നിന്നാണയാളുടെ കടന്നു വരവ്. സ്വകാര്യതയ്‌ക്കെതിരെയുള്ള ഒരു രഹസ്യമുന്‍വിധിയുടെ ധാര്‍ഷ്ഠ്യം അയാളില്‍ ബലം നിറച്ച് വീര്‍പ്പിച്ചുകെട്ടി നിര്‍ത്തുന്നുണ്ട്. അതിനെയാണ് കവി സോദരാ എന്ന സൂചികൊണ്ട് കുത്തി വായു അഴിച്ചുവിടുന്നത്. ആ വിളിയുടെ മറ്റൊരര്‍ത്ഥത്തിലുള്ള വിപര്യയത്തെയാണ് 'കാലാതീത'ത്തില്‍ എന്‍.ജി.എഴുതുന്നുത്. 'അരുതുസോദരാ' എന്ന കവിതയുടെ ഇരട്ടയായിക്കാണാമതിനെ. അടിവാങ്ങാന്‍ ഗാന്ധിയെപ്പോലെ സൗത്താഫ്രിക്കയിലോ ഉപ്പുകുറുക്കാന്‍ ദണ്ഡിയിലോ പോകണമെന്നില്ലെന്നു കവി പറയുന്നു.

'എണ്ണയിട്ട യന്ത്രങ്ങളുടെ ലോകത്തിലാണെങ്കില്‍
കണ്ടല്‍ക്കാടുകളെക്കുറിച്ചോ മറ്റോ പറയും മുമ്പ്
സഹോദരാ എന്നു വിളിച്ചാലും മതി'യത്‌റേ (കാലാതീതം)

മൂല്യനിരാസത്തിന്റെ എതിര്‍ സിഗ്നല്‍

എന്‍.ജി.യുടെ മൂല്യനിരാസത്തിന്റെ  സവിശേഷത അതു ഭൂതകാലത്തിനു നേരെ അതിന്റെ വരേണ്യതയ്ക്കും മേനിപറച്ചിലുകള്‍ക്കും നേരെ ഒരു എതിര്‍സിഗ്നല്‍ കാട്ടുന്നു എന്നതും കൂടിയാണ്. തുടര്‍ച്ചകളെ കണ്ണും പൂട്ടി സ്വാഗതം ചെയ്യാന്‍ ഒരുക്കമല്ല തന്നെ. പഴക്കത്തിന്റെയും വഴക്കത്തിന്റെയും വഴികളില്‍ തറഞ്ഞിരിക്കാന്‍ കവി ഒട്ടും തയ്യാറല്ല, കാരണം ത്യാഗങ്ങളുടെയും രക്ഷാപ്രവര്‍ത്തനങ്ങളുടെയും സാംസ്‌ക്കാരികമൂലധനത്തിന്റെ പലിശയാല്‍ സാംസ്‌ക്കാരികമായ മുതലാളിത്തം ചിലരെ ആവേശിക്കുന്നതു കവി കാണുന്നു. അധീശമായി അതു ബാക്കിയെല്ലാറ്റിനെയും വിഴുങ്ങുമ്പോള്‍ 'സ്വയം ഉന്നയി'ക്കാന്‍ (ചെറുത് വലുതാകുന്നത് എന്ന കവിതയില്‍ എന്‍ജിയുടെ പ്രയോഗം. അന്‍വര്‍ അലിയുടെ എന്‍ജി.പഠനത്തിന്റെ തലക്കെട്ടും അതു തന്നെ)ശ്രമിക്കുകയാണ് കവി. അവിടെ വെച്ച് ആ 'മൊത്ത നന്‍മ'യുടെ വിചാരണ അയാള്‍ ഏറ്റെടുക്കുന്നു.മറ്റെല്ലാര്‍ക്കും വേണ്ടിയെന്നവണ്ണം. കാരണം മേല്പറഞ്ഞ സാമൂഹിക ഇടപെടലിന്റെ ഏജന്‍സി അവരെ കൊഴുപ്പിക്കുന്നു. വലുതാക്കുന്നു.

'ധാന്യമെന്നല്ല സ്വര്‍ണമെന്നല്ല
നന്മയും മൊത്തമായ് വാങ്ങരുത്
ആരെങ്കിലും കാല്‍ തൊട്ടു വന്ദിച്ച്
കാച്ചും
പരകോടി പരമപാതാളം'

അധികമാനത്തില്‍ പതിഞ്ഞ ആ വാര്‍പ്പുകളില്‍ നവോത്ഥാനം മുതല്‍ക്കുള്ള പരിഷ്‌ക്കര്‍ത്താക്കളുടെ ചിത്രം തെളിയുന്നു. സജീവകര്‍തൃത്വമുള്ള പരിഷ്‌ക്കര്‍ത്താക്കളും നിര്‍ജീവവിധേയരായ പരിഷകളും എന്ന ദ്വന്ദ്വഘടനയുടെ നിര്‍മിതിയിലേക്ക്  നമുക്കത് വായിച്ചെടുക്കാം.
തൂത്താലും പോകാതെ കടിച്ചേടത്തു തന്നെ ചത്തിരിക്കുന്ന ആ 'സഹജ'പ്രവണത  അത്ര നിഷ്‌ക്കളങ്കമായി പ്രവര്‍ത്തിക്കില്ല എന്നു കവി പറയുന്നു. കാരണം,

'ഒറ്റയ്‌ക്കൊരാള്‍ എപ്പോഴും ശരി, കൃത്യം
ചിലപ്പോള്‍ വൈകിയെത്തി തെറികേട്ട്
പകുതി ലീവ് പോയി ശമ്പളം പോയി രണ്ടറ്റം മുട്ടിച്ച്
ചാക്കരി വാങ്ങും സാദാ മനുഷ്യരെ
അത് കരിതേയ്ക്കുന്നു'

മറ്റൊരര്‍ത്ഥത്തില്‍ ഈ കവിതയിലെ ആഖ്യാനസ്വരം നോക്കുമ്പോള്‍ ഒന്നിന്റെ തന്നെ പിളര്‍പ്പാണ് ആഖ്യാതാവും ശ്രോതാവുമെന്നും കാണാം. സോദരനും സഖാവും ചങ്ങാതിയുമായി അയാള്‍ പകുത്തെടുത്ത വേഷങ്ങള്‍ ആത്മവിമര്‍ശനത്തിന്റെ നഗ്നതയില്‍ സ്വയം നോക്കിക്കാണുന്നു.

'സോദരാ
ഇക്കാണായ ഭൂമിയിലെ
സമസ്തനന്മയും ചുമ്മി
കുഞ്ചിയൊടിയാതെ
വിട്ടുകൊട് ഓരോരുത്തര്‍ക്കും
അവരവരുടെ വിഹിതം'

സ്വയം ഉന്നയിക്കല്‍ പോലെ തന്നെ സ്വയം കൊഴിച്ചുകളയലിന്റെ ('വിട്ടു കൊട്'- എന്തൊരു അകാല്പനികമായ പ്രയോഗം!) സ്വത്വഭംഗം അനുഭവിക്കുന്നു ആഖ്യാതാവ്. അത്  ഈ കവിതയെ കൂടുതല്‍ അനുഭവപരമായി ന്യായീകരിക്കുന്നു. കുറച്ചുകൂടി സൂക്ഷ്മമായ ജൈവിക/നൈതികശരികളിലേക്ക് അഴിഞ്ഞു നീങ്ങുന്നു.



(2017 മെയ് മാസത്തിലെ ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ചത്‌)


2 comments:

സുധി അറയ്ക്കൽ said...

വായിക്കാൻ ശ്രമിയ്ക്കണം.

Anonymous said...

❤️