Friday, June 21, 2013

സ്വര്‍ഗദൂതന്‍: സംസ്‌കാരത്തിന്റെ എതിര്‍ബലങ്ങളും സംഘര്‍ഷങ്ങളും


            
    സൂക്ഷ്മവും സ്ഥൂലവുമായ ഒരുപാടു ഘടകങ്ങള്‍ പരസ്പരം കലരുകയും ഇടയുകയും ചെയ്യുന്ന നോവല്‍ ഭൂമികയാണ്  പോഞ്ഞിക്കര റാഫിയുടെ സ്വര്‍ഗദൂതന്റേത്. 1958 ല്‍ എഴുതപ്പെട്ട ഈ നോവല്‍ അരനൂറ്റാണ്ടിനു ശേഷമുള്ള വായനയില്‍ അവശേഷിപ്പിക്കുന്നതെന്താണ്? എഴുത്തിലും വായനയിലും ആസ്വാദനസത്തിലും വന്ന നിര്‍ണായകമായ മാറ്റങ്ങള്‍ ഈ കൃതിയുടെ പുനര്‍വായനയെ എങ്ങനെയെല്ലാം സ്വാധീനിക്കും? സ്വര്‍ഗദൂതന്‍ പുറത്തുവന്ന ഭാവുകത്വസന്ദര്‍ഭം ഇന്നില്ല. നവോത്ഥാന റിയലിസത്തിന്റെ അവസാനവേളയോ ആധുനികതയുടെ ആഗ്രഹാനുഭൂതികളോ ഇപ്പോള്‍ നിലവിലില്ല. ആധുനികതയുടെ സന്ദര്‍ഭത്തോടു ഉന്മുഖമാവുകയും നവോത്ഥാന കാല്പനിക/റിയലിസ്റ്റു ചേരുവകളോടു പതുക്കെപ്പതുക്കെ വിടപറയുകയും ചെയ്ത നോവല്‍ഭാവന സ്വര്‍ഗദൂതനില്‍ ഉള്ളടക്കുന്ന സംഘര്‍ഷങ്ങളെ ഏതൊക്കെ നിലയില്‍ വായിച്ചെടുക്കാം എന്ന അന്വേഷണമാണിവിടെ നടത്തുന്നത്. മലയാള നോവലിലെ ആധുനികപൂര്‍വ്വപ്രവണതകളോടും മലയാളനോവല്‍ പാരമ്പര്യത്തോടു പൊതുവെയും സ്വര്‍ഗ ദൂതന്‍ നിലനിര്‍ത്തുന്ന ചരിത്രപരവും ആഖ്യാനപരവും പ്രമേയപരവും മറ്റുമായ നിരവധി ബന്ധങ്ങള്‍ വെളിപ്പെട്ടുകിട്ടുമ്പോള്‍ മാത്രമേ വര്‍ത്തമാനകാല സന്ദര്‍ഭത്തില്‍ നിന്നുള്ള സാംസ്‌കാരിക പുനര്‍വായനയ്ക്ക് അടിസ്ഥാനമുള്ളൂ.
   
നോവല്‍ഭാവുകത്വത്തിന്റെ ഉത്തരാധുനിക സാഹചര്യത്തില്‍ ഈ കൃതി വീണ്ടും വായിക്കുമ്പോള്‍ തുടക്കത്തില്‍ അതിന്റെ വായനയെയും ആസ്വാദനത്തെയും സുഗമമാക്കിയ ഘടകങ്ങളല്ല  നാം കാണുക. നവോത്ഥാന കാല്പനിക/ റിയലിസ്റ്റ് ഘടനയില്‍ നിന്നും പൂര്‍ണമായും വിടുതല്‍ നേടിയില്ലെങ്കിലും നോവലിന്റെ മാധ്യമപ്രതലത്തില്‍ സ്വര്‍ഗദൂതന്‍ സൃഷ്ടിച്ചെടുത്ത പുതുമകളും വിച്ഛേദങ്ങളും എടുത്തു പറയേണ്ടതാണ്.   ആഖ്യാനതലത്തില്‍ ബോധധാരയെ അവലംബിച്ചുകൊണ്ട് നോവലിനെ മുന്നോട്ടു കൊണ്ടുപോകുന്ന രീതി പ്രധാനമായിരുന്നു. ബോധധാരയിലൂന്നിയ  മാനസികാപഗ്രഥനം ഈ കൃതിയില്‍ ഒരു ലക്ഷ്യമോ മാര്‍ഗമോ അല്ല. അരനാഴിക നേരം, മഞ്ഞ്, ഇണങ്ങാത്ത കണ്ണികള്‍, തോറ്റങ്ങള്‍ തുടങ്ങിയ ബോധധാരാ നോവലുകളില്‍ നിന്ന് സ്വര്‍ഗദൂതന്‍ വ്യത്യസ്തമായിരിക്കുന്നത് ഈയര്‍ത്ഥത്തിലാണ്. എന്നാല്‍ ധൈഷണികമായ ഉള്‍ച്ചേരുവകളേക്കാള്‍ കഥാപാത്രനിഷ്ഠമായ വികാരങ്ങളെ അവയുടെ സാംസ്‌കാരികമായ സൂക്ഷ്മബന്ധങ്ങളില്‍ നിന്നുകൊണ്ട് ആവിഷ്‌കരിക്കാന്‍  ബോധധാര ഉപയോഗിക്കുകയാണിവിടെ ചെയ്തിട്ടുള്ളത്. വിചാരങ്ങളുടെ അനുസ്യൂതിയും അതിനു പശ്ചാത്തലമായ ഭാവനാപ്രപഞ്ചവും ചേര്‍ന്ന് വ്യക്തി/കഥാപാത്രത്തെ സൂക്ഷ്മമായി മെനയുന്നു. അതുവരെ നിലവിലുണ്ടായിരുന്ന പൊതുപാരമ്പര്യം വിശാലമായ പ്രകൃതി/സ്ഥലരാശിയുടെ ബൃഹത്തായ ക്യാന്‍വാസിന്റെ  പശ്ചാത്തലത്തില്‍ വ്യക്തികള്‍ ചിത്രീകരിക്കപ്പെടുക എന്നതായിരുന്നു.ആ സമ്പ്രദായത്തെ പൂര്‍ണമായും വിട്ടുകളയാതെ തന്നെ വ്യക്തിയുടെ ആന്തരികതയ്ക്കു ചലനാത്മകമായൊരു മൂര്‍ച്ച നല്‍കുകയാണ് റാഫി ചെയ്തത്. സ്വര്‍ഗദൂതനെ സംബന്ധിച്ചിടത്തോളം സൈമണ്‍ എന്ന വ്യക്തിയുടെ ആന്തരികതയില്‍, ബാലഭാവനയില്‍ തിടം വെച്ചുകൊണ്ടാണ് ബോധധാര എന്ന സങ്കേതം ചെലവഴിക്കപ്പെട്ടത്. നവോത്ഥാന നോവലിന്റെ ഗണസ്വാഭാവത്തെ സ്ഥൂലമായി പിന്‍പറ്റുമ്പോഴും ആധുനിക നോവലിന്റെ ഭാവിയെ ഉപദര്‍ശിക്കുന്ന  ഒരു ചാലുകീറല്‍ ഇവിടെ നടക്കുന്നുണ്ട്. നോവലിന്റെ കലയില്‍ തന്നെ ഇടപെട്ടു എന്നതാണിവിടെ പ്രധാനം. മറ്റൊരര്‍ത്ഥത്തില്‍ ബോധധാര സ്വീകരിച്ചു എന്നതിനേക്കാള്‍ നവോത്ഥാന നോവല്‍ ആഖ്യാനത്തെ ആധുനികനോവലിന്റെ ആഖ്യാന മാതൃകകളിലേക്ക് ആനയിച്ചു എന്നതാണിവിടെ പ്രസക്തം. അതിനാല്‍ ആധുനികതയുടെ പ്രരൂപഗുണങ്ങള്‍ നാമ്പിട്ടുവരുന്ന കാലയളവിന്റെ സവിശേഷതകള്‍ രൂപപരമായും പ്രമേയപരമായും രാഷ്ട്രീയമായും ഈ കൃതിയെ എങ്ങനെയെല്ലാം രൂപപ്പെടുത്തി എന്ന അന്വേഷണമാണിവിടെ നടത്തേണ്ടത്.

ബോധധാരയും ദൈവകാമനയും

സ്വര്‍ഗദൂതന്‍ എന്ന കൃതിയിലൂടെ നായക/വ്യക്തി പ്രധാനമായ ആഖ്യാനം ബോധധാരയുമായി എങ്ങനെ ഇണക്കിച്ചേര്‍ക്കപ്പെടുന്നു എന്ന് ആരായുമ്പോള്‍ തെളിഞ്ഞുവരുന്നത് സൈമന്റെ  ബാലഭാവനയിലും ദിവാസ്വപ്നങ്ങളിലും രാക്കിനാവുകളിലുമെല്ലാം യാഥാര്‍ത്ഥ്യത്തേക്കാള്‍ പൊലിമയോടെ ഇഴുകിച്ചേര്‍ന്നു കിടക്കുന്ന ദൈവസങ്കല്‍പമാണ്. പറുദീസാപര്‍വ്വം, പ്രളയപര്‍വ്വം, പെട്ടകപര്‍വ്വം എന്നിങ്ങനെ മൂന്നു ഖണ്ഡങ്ങളാക്കിത്തിരിച്ച നോവല്‍ തുടങ്ങുന്നത് സൃഷ്ടിക്കും മുമ്പുള്ള അതീതഭൂതകാലത്തെ ആഖ്യാനം ചെയ്തുകൊണ്ടാണ്. സ്വര്‍ഗനരകങ്ങളും ദൈവപിശാചുക്കളും വിപരീത ദ്വന്ദങ്ങളായി വിന്യസിച്ചുകൊണ്ട് തുടരുന്ന ആഖ്യാനത്തില്‍ സൈമണ്‍ ഒരു സ്വര്‍ഗദൂതനാണ്. സൈമന്റെ കളിക്കൂട്ടുകാരി ഫിലോമിനയും സൈമണും ഉണ്ണിയീശോയുടെ സമീപം കിന്നരം വായിച്ചുകൊണ്ടിരിക്കുന്ന മാലാഖമാരായി സ്വയം സങ്കല്‍പിക്കുന്നു.സൃഷ്ടിയുടെ ഓരോ വേളയെക്കുറിച്ചും കൊച്ചുസൈമണ്‍ അപ്പനില്‍ നിന്നു കേട്ട് പുളകം കൊള്ളുന്നു.
''സൈമണോ? മനസ്സു മാത്രമേയുള്ളൂ വിടര്‍ന്നു വിടര്‍ന്ന് നേര്‍ത്തു നേര്‍ത്ത്....അങ്ങനെ സൈമന്റെ മനസ്സ് സൃഷ്ടിയുടെ ആറാം ദിവസത്തെ സൂര്യപ്രകാശത്തില്‍ മുങ്ങികുളിച്ചുനില്‍ക്കുന്നു. വളഞ്ഞ കോവണിയായി നിലകൊള്ളുന്ന നീലാകാശത്തിന്റെ പടികളിലൂടെ, സൂര്യന്‍ കയറിക്കയറിപ്പോയി...അതാ ദൈവം സസൂക്ഷം പ്രവൃത്തി ചെയ്തുകൊണ്ടിരിക്കുന്നതു സൈമണ്‍ കാണുന്നുന്നു.''(പുറം 49, സ്വര്‍ഗദൂതന്‍)

    ഇപ്രകാരം ദൈവചിന്തയിലൂന്നിയ മതാധിഷ്ഠിതമായ ആന്തരികഭാവന സ്വപ്നദര്‍ശിയായ സൈമനെ കൂടുതല്‍ തരളചിത്തനും സങ്കീര്‍ണ്ണമനസ്‌കനുമാകുന്നു. സൈമണ്‍ കുട്ടി ആയതിനാല്‍ ചെറിയ കാലയളവിലെ വര്‍ത്തമാനകാല വ്യക്ത്യനുഭവങ്ങളാണിവിടെയുള്ളത്. എന്നാല്‍ തനിക്കു ചുറ്റുമുള്ള മുതിര്‍ന്നവരുടെ ഓര്‍മകളും പഴയ കേട്ടുകേള്‍വികളും വംശചരിത്രവും കുടുംബപാരമ്പര്യവും മിക്കപ്പോഴും വേദപുസ്തകത്തിലെ അതീതഭൂതകാലവും ചേര്‍ന്ന് സൈമന്റെ ഭാവനയെ ഉന്മത്തമായൊരു ജ്ഞാനോര്‍ജ്ജത്തിലേയ്ക്ക് ത്വരിപ്പിച്ചുണര്‍ത്തുന്നു. സാമൂഹിക സ്വഭാവമുള്ള ബാഹ്യകാലം മങ്ങിപ്പോവുകയും ദാര്‍ശനികതയുടെ ആന്തരികകാലാനുഭവം ഒരു ധാരയായി സൈമനെ ചൂഴ്ന്നു നില്‍ക്കുകയും ചെയ്യുന്നു. ഇവിടെ സ്വപ്നദര്‍ശിയായ വെറും കുട്ടിയായല്ല സൈമന്‍ കാണപ്പെടുന്നത്; ബോധധാര വെറും ഓര്‍മകളുടെ പ്രവാഹവുമല്ല.

പൗരുഷം

ആദ്യഘട്ടത്തില്‍ റാഫേല്‍ മാലാഖയെപ്പോലെ ഒരു സ്വര്‍ഗദൂതനായി സ്വയം വരച്ചെടുക്കുന്ന സൈമന്റെ ഭാവന പിന്നീട് ആദമായും പില്‍ക്കാലത്തു വളര്‍ന്നു വലുതാകുമ്പോള്‍ അപ്പനെപ്പോലെ മരക്കപ്പലുകളും ബോട്ടുകളും പണിതുണ്ടാകുന്ന മേസ്ത്രിയായും തുടര്‍ന്ന് ദൂരെ അപ്രാപ്യമായി നിലകൊള്ളുന്ന എറണാകുളമെന്ന സ്വപ്ന ഭൂമിയിലേക്ക് സുഗമമായി പ്രാദേശിക്കാനുള്ള പാലം പണിയുന്ന ഒരാളായും തന്നെ സങ്കല്‍പിക്കുന്നു. ഇങ്ങനെ അസ്ഥിരമെങ്കിലും ശക്തമായ ഇച്ഛകളുടെ മേല്‍ സൈമണ്‍ സ്വയം പടുത്തുയര്‍ത്തുന്ന ആത്മബിംബങ്ങള്‍ ഏതോ അതീതപൗരുഷത്തിലേക്കുള്ള ആകാംക്ഷകള്‍ കൂടിയാണ്. ബോട്ടുകളും വള്ളങ്ങളും സൃഷ്ടികുന്ന ഒരുപാടു വേദപുസ്തകകഥകള്‍ അറിയുന്ന സ്വന്തം അപ്പനോട് സൈമന് ആരാധനയാണ്. എന്നാല്‍ തലതൊട്ടപ്പനായ മുത്തച്ഛനെ അത്ര ഇഷ്ടമല്ല. ഏദനിലെ കഥ കേട്ട് ഹവ്വയെ പാപിനിയായും ആദമിനെ നിരപരാധിയായും ഏറ്റുപിടിക്കുകയാണ് സൈമണ്‍. പെണ്‍കാക്ക പുളിതിന്നാന്‍ വിളിച്ചപ്പോള്‍ എതിരെ വന്ന വെള്ളച്ചെമ്മരിയാട്ടിന്‍കുട്ടിയെ തട്ടിയിട്ട് ഓടിക്കളഞ്ഞ ഹവ്വയെ ഇനി താന്‍ ബഹുമാനത്തോടെ ഹവ്വാമ്മ എന്നുവിളിക്കുകയില്ലെന്നവന്‍ ശപഥം ചെയ്യുന്നു. ആദാമാണ് ശരി. ദൈവവും അപ്പനും ശരിയാണ് സൈമന്. ബാലകനില്‍ നിന്ന് അപ്പനിലൂടെ പുരുഷനിലേക്കുള്ള, അതീത പുരുഷനായ ദൈവത്തിലേക്കാണവന്‍ വളരാനിരിക്കുന്നത്. സൈമന്‍ സ്വയം ആദാമായും ഫിലോമിനയെ ഹവ്വായായും സമീകരിക്കുന്ന സന്ദര്‍ഭങ്ങള്‍ നോവലില്‍ ഏറെയുണ്ട്. ലൈംഗികതയിലേക്കു വികസിച്ചിട്ടില്ലെങ്കിലും കുട്ടിയായ സൈമനില്‍ കടന്നുവരുന്ന  ശക്തമായ പാപ/പുണ്യബോധം മതാധിഷ്ഠിതമായ സ്ത്രീവിരുദ്ധതയുടെ സൂചനകള്‍ ഉള്ളവയാണ്. പ്രത്യേകിച്ചും സൈമന്റെ ആത്മീയ/ആന്തരികഭാവനയിലും ഗാര്‍ഹിക  സാഹചര്യങ്ങളിലും കടന്നുവരുന്ന സ്ത്രീ/പുരുഷ ഇടപെടലുകളെ പുനരാലോചിക്കുമ്പോള്‍ ശക്തമായ സ്ത്രീവിരുദ്ധതയുടെ സാധ്യതകളായവ ബീജാവാപം ചെയ്തിട്ടുണ്ടെന്നു കാണാം. ഹവ്വയാണ് പാപം ചെയ്തതെന്ന ഭാവനാത്മകധാരണയുടെ ഉറപ്പിനകത്തു നിന്നുകൊണ്ട്, എന്നാല്‍ തന്റെ അമ്മയെയും  വല്ലപ്പോഴും ഫിലോയെയും ഒഴിച്ചുനിര്‍ത്തിക്കൊണ്ടാണ് സൈമന്റെ സ്ത്രീവിരോധം     വളരുന്നത്. എങ്കിലും സൈമന്റെ ദൈവഭാവന എപ്പോഴും ചോദ്യം ചെയ്യപ്പെടുകയും അപഹസിക്കപ്പെടുകയും ചെയ്യുന്നു. ആദം ഹവ്വമാരെ നേരിട്ടു കണ്ടിട്ടുണ്ടോ എന്ന് അമ്മയോടു സൈമന്‍ ചോദിക്കുമ്പോഴും പുഴയ്ക്കു കുറുകെ  പാലം കെട്ടണമെന്നു വാശിപിടിക്കുമ്പോഴും കൊച്ചേട്ടന്‍ അവനെ പരിഹസിക്കുന്നു. പുഴപ്പാലം എന്ന പേര് അങ്ങനെ വീണതാണ്! സൈമന്റെ പത്തവാരിയെല്ലുകൊണ്ടാണ് ഫിലോമിനയെ സൃഷ്ടിച്ചതെന്ന സൈമന്റെ 'കണ്ടുപിടുത്ത'ത്തെ ചേച്ചിയും പരിഹസിച്ച് അവനു “'പത്തവാരിയെല്ലന്‍' എന്നു പേരിട്ടു. ഇത്തരം സംഘര്‍ഷങ്ങളില്‍ സൈമന്‍ വേദനയും രോഷവും അപമാനവും കൊണ്ട് തകര്‍ന്നുപോകുന്നു. അതിവൈകാരികതയുടെ  പരമകോടിയിലേക്ക് അനുനിമിഷം സൈമന്‍ എടുത്തെറിയപ്പെടുന്നു. ക്രമേണ സ്വയം ശിഥിലീകരിക്കപ്പെട്ട അവസ്ഥയിലേക്ക്, അപസ്മാരത്തിലേക്ക് സൈമന്‍ വീണുകുഴയുന്നു.

ജ്ഞാനം,   അതിനായുള്ള അദമ്യമായ ദാഹം ഒരു സംഘര്‍ഷമായി വളരുന്നു സൈമനില്‍. സൈമന്റെ ജിജ്ഞാസയില്‍ അതിതീവ്രമായ ഉല്‍ക്കണ്ഠയും വേദനയും കലര്‍ന്നിരിക്കുന്നു. ('' വല്യ പുത്തിമാനെ കണ്ടോ?'' എന്ന കൊച്ചേട്ടന്റെ പരിഹാസം  സൈമന്റെ ആത്മാഭിമാനത്തെക്കാളുപരി പൗരുഷത്തെയാണ് സ്പര്‍ശിക്കുന്നത്.  എന്നാല്‍ ഈ പൗരുഷം സദാ സൈമനില്‍ പൂര്‍ണമല്ല താനും. അത് ഒട്ടൊക്കെ സന്ദിഗ്ധമാണ്.) ആധുനികജ്ഞാനത്തിന്റെ അധിനിവേശാത്മകസ്വഭാവത്തിനെതിരാണ്  സൈമന്‍ തന്റെ ഭാവനാലോകത്തു സംഭരിക്കുന്ന ആത്മീയകഥകള്‍. അവ രണ്ടും കുട്ടിയായ സൈമനെ  ഒരു പോലെ ആകര്‍ഷിക്കുന്നു, ഞെരുക്കുന്നു.

ബൈബിളിലെ പഴയ നിയമത്തെ ആധാരമാക്കി സ്വരൂപമാര്‍ജ്ജിക്കുന്ന നോവലിലെ അതീതഭൂതകാലവും വര്‍ത്തമാനകാലവും തമ്മിലുള്ള കെട്ടുപിണച്ചില്‍ ക്രമരഹിതമായ ഒരു കാലപ്പകര്‍ച്ചയായി ഇവിടെ കാണാം. ബൈബിളിലെ സൃഷ്ടികഥകളും മറ്റു ഉപകഥകളും സഞ്ചിതസ്മൃതികളായി സംസ്‌കാരത്തിന്റെ അടിസ്ഥാന പ്രമേയങ്ങളായി നോവലിനെ ചൂഴുന്നു. അപസ്മാരരോഗിയായ സൈമന്റെ അബോധത്തിലെ ജീവിതസ്മൃതികളും ഭാവനകളും ദര്‍ശനത്തിന്റെ പ്രജ്ഞയായി ദൃഢീഭവിക്കുന്നത് ക്രമരഹിതമായാണെങ്കിലും സംഭവിക്കുന്ന മേല്‍പറഞ്ഞ കാലപ്പകര്‍ച്ചയുടെ ആധികാരികതയാലാണ്. രോഗം/അപസ്മാരം ഇവിടെ ക്രമരാഹിത്യത്തിന്റെ സാക്ഷാല്‍ക്കാരം പൂര്‍ത്തിയാക്കുന്നു.നുറുങ്ങിച്ചിതറുന്ന വേദനയുടെ ചീളുകള്‍ അബോധത്തിലടുക്കിയ ഒരു കണ്ണാടി പ്രതലമായാണ് കുട്ടിയുടെ വൈകാരികത ഇവിടെ ആഖ്യാനം ചെയ്യപ്പെടുന്നത്.

    ഇപ്രകാരം ബോധധാരയ്ക്ക് ആഖ്യാനത്തിലെ ആന്തരിക വ്യക്തിഗതമായ സ്വാഭാവവുമായും രോഗവുമായും ബന്ധപ്പെട്ടു കിടക്കുന്ന തലങ്ങളുണ്ട്. അതിനാല്‍ അതു വെറും ഓര്‍മകളുടെ പ്രവാഹം മാത്രമല്ല. ചരിത്രത്തിന്റെയും കാലത്തിന്റെയും സംസ്‌കാരത്തെ തെളിച്ചെടുക്കുന്ന, അതിനുള്ളിലെ ബലാബലങ്ങളും കൊള്ളക്കൊടുക്കകളും അരിച്ചെടുക്കുന്ന അരിപ്പ കൂടിയാണത്. പുതിയ സംസ്‌കാരവിചാരമാതൃകയില്‍ അധികാരബലതന്ത്രങ്ങളുടെ ചരിത്രപരമായ ആദിമഭൂമികകളെപ്പോലും സ്പര്‍ശിച്ചുനില്‍ക്കുന്ന ആഖ്യാനതന്ത്രമായാണ് ബോധധാര ഇവിടെ പ്രവര്‍ത്തിക്കുന്നത്. ദൈവവും മാലാഖയും ആദവും നോഹയുമെല്ലാം കുഞ്ഞുസൈമന്റെ അനുഭൂതികേന്ദ്രങ്ങളാണ്, വൈകാരികാസ്പദങ്ങളാണ്. ആധുനികതയുടെ യുക്തിയില്‍ അതു ദൗര്‍ബല്യമായും മതകേന്ദ്രിത വിവക്ഷകളാല്‍ പിന്തിരിപ്പനായും വ്യാഖ്യാനിക്കപ്പെടാവന്ന മണ്ഡലമാണ്.എന്നാല്‍ കൊളോണിയല്‍ ആധുനികതയുടെ മൂശയില്‍ വാര്‍ത്തെടുത്ത ദേശരാഷ്ട്രത്തിലെ പൗരബോധത്തിന്റെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ ഈ ദൈവകാമനയുടെ വികാരമണ്ഡലം അതിനോട് ഇടയുന്ന ഒരു എതിര്‍ബലമാണ്. അതു ആധുനിക പൗരത്വത്തിനുമേല്‍ വ്യക്തിനേടുന്ന വിജയത്തിന്റെ അന്യാപദേശം കൂടിയാണ്. ഇപ്രകാരം കൊളോണിയല്‍ ആധുനികതയുടെ പൗരബോധയുക്തിയെ അപനിര്‍മ്മിക്കുകയും എന്നാല്‍ ആധുനിക നോവല്‍ ഭാവുകത്വത്തിലെ ആന്തരികവ്യക്തിയെ സമീപഭാവിയിലേക്ക് രാകിമിനുക്കിയെടുക്കുകയും ചെയ്യുന്നുണ്ട് സൈമന്റെ ദൈവേച്ഛകള്‍. അതിനാല്‍ ബോധധാര എന്ന രചനാസങ്കേതത്തിന് സ്വര്‍ഗദൂതനിലെ നോവല്‍ രൂപവുമായുള്ള ബന്ധം  ഇപ്രകാരം അടിയടരുകളോടെ നോക്കിക്കാണേണ്ടതാണ്.

സ്ഥലം എന്ന പ്രത്യയശാസ്ത്രം

റാഫി അടയാളപ്പെടുത്തിയ പോഞ്ഞിക്കര എന്ന സ്ഥലത്തിന്റെ ചിഹ്നവ്യവസ്ഥയില്‍ രാഷ്ട്രത്തിന്റെ ഏകീകൃത സ്ഥലമാതൃകയിലേക്ക് താദാത്മ്യപ്പെടാന്‍ വിസമ്മതിക്കുകയും എന്നാല്‍ വൈവിധ്യങ്ങളിലും പലമകളിലും അവയുടെ രൂപപരിക്രമണത്തിലും ഏറെക്കുറെ സ്വയം പൂര്‍ണ്ണമായി നിലനില്‍ക്കുന്ന സ്ഥലയുക്തിയാണുള്ളത്. ഒരു ദ്വീപായ പോഞ്ഞിക്കരയ്ക്കും എറണാകുളത്തിനുമിടയിലുള്ള പുഴയാണ് സൈമന്റെ വെല്ലുവിളി.
സൈമന് ഒരു സത്യം മനസ്സിലായി. ''കണ്ടോ?....ഒന്നും അറിയാത്തതുപോലെ വിതുമ്പി വിതുമ്പിയൊഴുകുന്ന ഈ പുഴയാണ് തന്റെ ഏക ശത്രു! പോഞ്ഞിക്കരയെയും എറണാകുളത്തെയും തമ്മില്‍ വേര്‍തിരിപ്പിച്ചുകൊണ്ട് ഒഴുകിയൊഴുകി കടലിലേയ്ക്കു പോകുന്ന ഈ പുഴ....നടുക്കുകൂടി ഈ പുഴ ഒഴുകുന്നില്ലായിരുന്നുവെങ്കില്‍ ..പുഴയ്ക്കുനേരെ നോക്കുമ്പോള്‍ അമര്‍ഷവും നിസ്സഹായതയുമാണ് സൈമന്റെ ഹൃദയത്തില്‍ ..'' (പുറം 131) പരിഷ്‌ക്കാരങ്ങളുടെയും ആധുനികതയുടെയും സ്വപ്നഭൂമിയാണ് എറണാകുളം.അങ്ങോട്ടുള്ള പാലം എപ്പോഴുമെപ്പോഴും ദിവാസ്വപ്നത്തില്‍ പടുത്തുയര്‍ത്തുന്ന സൈമന് അതിന്റെ അസാധ്യതയെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.

    ''തന്റേതായ ആ നീണ്ട പാലത്തിലൂടെ ആ ദിവാസ്വപ്നക്കാരന്‍ നടന്നു. ഓടിയോടിപ്പോയി. പ്രതിബന്ധത്തിന്റെ പുറംതോടു പൊളിച്ചു പുറത്തുവന്ന ചിത്രശലഭത്തെപ്പോലെ ആരാരുമറിയാതെ സൈമന്‍ എറണാകുളത്തെത്തി. അവിടെയുള്ള ഗംഭീരമനോഹരങ്ങളായ അനേകമനേകം കാഴ്ചകള്‍! കൊച്ചേട്ടന്റെ വര്‍ണനകള്‍ ജനിപ്പിച്ചിട്ടുള്ള ധാരണകളോടെ സൈമന്‍ ഓരോ കാഴ്ചകളും ദര്‍ശിക്കുകയാണ്...ഹായ്! കുഴലില്‍ നിന്നു കറുത്തിരുണ്ട പുകപറപ്പിച്ചു കൊണ്ടോടിപ്പോകുന്ന തീവണ്ടികള്‍, സിനിമാ കൊട്ടകകള്‍, റോഡരുകിലെ പാമ്പുകളികള്‍, പതിനേഴുകുതിരകളുള്ള ആ കുതിരലായം; ഒരു വളഞ്ഞ കമ്പികൊണ്ട് ചക്രം കറക്കുമ്പോള്‍ ചെമന്ന എട്ടുകാലി വലപോലെ പഞ്ചയാര മിഠായി ഉണ്ടാക്കുന്ന മിഷ്യന്‍, കൂടുകളിലാക്കി വില്‍ക്കാന്‍ കൊണ്ടു നടക്കുന്ന മുയലുകള്‍; സര്‍ക്കാര്‍ ബാന്‍ഡുകാരുടെ ബാന്‍ഡുവായന...ഹായ്, ഹായ്!''(പുറം 132)

    പുഴ എന്ന യാഥാര്‍ത്ഥ്യത്തിനും പാലമെന്ന സ്വപ്നത്തിനുമിടയ്ക്കുള്ള സംഘര്‍ഷമാണ് സൈമനിലെ വ്യക്തിബോധത്തെ, സ്വത്വത്തെ തീവ്രതരമാകുന്നത്. നോവലിന്റെ ആകെത്തുകയായ വൈകാരികമാപിനി ഈ സംഘര്‍ഷമാണ്. അതിനാകട്ടെ പോഞ്ഞിക്കര എന്ന സ്ഥലരാശിയുമായുള്ള ബന്ധം സുപ്രധാനമാണ്. തങ്ങളുടെ ഇടങ്ങള്‍ വിട്ട് പുറത്തേക്കു പോകാനാഗ്രഹിക്കുന്ന ഖസാക്കിലെ രവിയുടെയും മയ്യഴിയിലെ ദാസന്റേയുമൊക്കെ പ്രോട്ടോടൈപ്പ് ആണ് സൈമണ്‍. പൂര്‍ണമായും ആധുനികതയുടെ യുക്തിക്ക് കീഴ് വഴങ്ങാത്തതും എന്നാല്‍ പാരമ്പര്യത്തിന്റെയും ആദിമവംശീയതയുടെയും അടരുകളില്‍ നിന്നും വിട്ടുതുടങ്ങിയതുമായ ഒരിടമാണ് പോഞ്ഞിക്കര. ആധുനികതാബോധത്തിന്റെ ഈ സംക്രമണഗതിയെയും അതിനുള്ളിലെ സംഘര്‍ഷങ്ങളെയും സമ്മര്‍ദ്ദങ്ങളെയും പോഞ്ഞിക്കര എന്ന സവിശേഷഭൂവിഭാഗത്തിന്റെ പരിധിയില്‍ അതിസൂക്ഷ്മമായി ഉള്ളടക്കിയെന്നതാണ് സ്വര്‍ഗദൂതന്റെ നേട്ടം.

    എറണാകുളത്തെയും പോഞ്ഞിക്കരയെയും രണ്ട് അപരങ്ങളായി എതിര്‍ലോകങ്ങളായി വരച്ചിടുന്നിടങ്ങളിലൊക്കെ ഈ സംഘര്‍ഷം കാണാം. ബാലനായ സൈമന്റെ വളരാനും അറിയാനും വലുതാവാനുമുള്ള അദമ്യമായ ആഗ്രഹങ്ങള്‍ക്കും ഈ സംഘര്‍ഷഛായയാണ് ഉള്ളത്.

    ''ഒരു ദ്വീപായ പോഞ്ഞിക്കര: ഇടത്തരക്കാരുടെ ഓടുമേഞ്ഞ ഒറ്റനിലക്കെട്ടിടങ്ങളും തൊഴിലാളികളുടെ ഓലപ്പുരകളും കൊണ്ടുനിറഞ്ഞ ഒരു ഗ്രാമപ്രദേശം. തെങ്ങുകളും കമുകുകളും മറ്റുമരങ്ങളും നിരന്നു നില്‍ക്കുന്ന പറമ്പുകളിലെവിടെ നോക്കിയാലും ജീര്‍ണ്ണിച്ച വേലിക്കെട്ടുകളാണ്. ആ വേലിയരികുകളുടെ നടുക്കുകൂടി നീണ്ടുപോകുന്ന വെണ്‍മണല്‍ നിറഞ്ഞ വഴിയില്‍ വല്ലപ്പോഴും ആരെങ്കിലും ഒരു സൈക്കിളോടിച്ചു വരികയാണെങ്കില്‍, ഇരുവശത്തുനിന്നും ശൂരന്മാരായ നായ്ക്കള്‍ കുരച്ചുകൊണ്ടോടിയെത്തും. സ്ത്രീകളും കുട്ടികളും മുറ്റത്തേക്കിറങ്ങി അദ്ഭുതം നിറഞ്ഞ കണ്ണുകളോടെ നോക്കികൊണ്ടു നില്‍ക്കും. ഇങ്ങനെയുള്ള തന്റെ ചെറിയ നാടിന്റെ നേരെ സൈമനു നീരസം തോന്നുവാന്‍ തുടങ്ങി(പുറം 126)

    ''പുഴയ്ക്കക്കരെയുള്ള ആ എറണാകുളം പട്ടണത്തിലോ?കാവിത്തുണി വിരിച്ചതുപോലെ നീണ്ട റോഡുകള്‍; കമ്പിത്തൂണുകളിലുറപ്പിച്ചിട്ടുള്ള എലക്ട്രിക് വിളക്കുകള്‍, അമര്‍ത്തുമ്പോള്‍ വെള്ളം ചാടി വരുന്ന പൈപ്പുകള്‍, ചെറിയ സോഡാവണ്ടികള്‍, റിക്ഷാ വണ്ടികള്‍, കാളവണ്ടികള്‍, മോട്ടോര്‍ കാറുകള്‍ - അങ്ങനെ ഓരോതരം വാഹനങ്ങള്‍; വലിയ പള്ളികള്‍, മണിമാളികകള്‍, മനോഹരങ്ങളായ പാര്‍ക്കും. അങ്ങനെ പിന്നെയും അനേകമനേകം നല്ല കാഴ്ചകള്‍...'' (പുറം 123)

    എറണാകുളം എന്ന അപരസ്ഥലത്തിന്റെ ആധികാരികതയ്‌ക്കെതിരെ പോഞ്ഞിക്കരയെ വികസിപ്പിച്ചെടുക്കുകയാണ് നോവലിസ്റ്റ്. പുഴയും വെള്ളക്കെട്ടുകളും പരദേശികളും നാട്ടുകാരുമായ വിവിധജാതി മതസ്ഥരായ മനുഷ്യരും ചേര്‍ന്ന ജീവിതസ്ഥലിയിലൂടെ രൂപപ്പെടുന്ന ഒരു എതിര്‍ദേശമായത് വളരുന്നു. ആ ദേശത്തിന്റെ കഥയ്ക്ക്  അനുഭവത്തിന്റെ അടയാളങ്ങള്‍ വീണുതുടങ്ങാത്ത ശൈശവത്തിന്റെ ആദിമതയിലേക്ക്,  നോഹയുടെയും ആദമിന്റെ പഴയനിയമത്തിന്റെയും ഭാഷ്യങ്ങളിലൂടെ, ചവിട്ടുനാടകത്തിലൂടെ, റോള്‍ദോന്‍ മെത്രാന്മാരിലൂടെ, 'മുട്ടത്തല്ലിപ്പെരുന്നാളു' പോലുള്ള പ്രാദേശിക ക്രൈസ്തവാചാരങ്ങളിലൂടെ വേരുകള്‍ തേടുന്നു; പുതിയ അടയാളങ്ങള്‍ കോറുന്നു.

അനുഭവങ്ങളുടെ ഈ സൂക്ഷ്മലോകത്തെ ആവിഷ്‌ക്കരിക്കണമെങ്കില്‍ ഭാഷാവ്യവഹാരങ്ങളുടെ പ്രാദേശികരൂപങ്ങളെ  പച്ചയോടെ എഴുതണമെന്ന കരുതലും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ദേശരാഷ്ട്രത്തിന്റെ ചരിത്രയുക്തിയില്‍ നിന്നുനോക്കുമ്പോള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട ഈ ഉള്‍നാടന്‍ പ്രദേശത്തില്‍ നടക്കുന്ന ഓരോ സംഭവങ്ങളും ചെറുതാവാം. എന്നാല്‍ അവിടുത്തെ ചെറിയ വ്യാപ്തിയില്‍ വാലത്തിയുടെ കുട്ടയില്‍ നിന്നും മീന്‍പെറുക്കിയോടുന്ന തെണ്ടിപ്പിള്ളാരും ഒരു പനിനീര്‍ച്ചാമ്പങ്ങയുടെ നറുമണം എല്ലാവരും മാറിമാറി നുകര്‍ന്നു സന്തോഷിക്കുന്നതും പുട്ടിനും കടലയ്ക്കും വേണ്ടി പരസ്പരം കൊതി പറയുന്നതും മീന്‍കാരി വള്ളിയുടെ വെള്ളയ്ക്കാ വലിപ്പത്തിലുള്ള പൊക്കിളില്‍ ഞെക്കി തമാശയാക്കുന്നതുമെല്ലാം വലിയ സംഭവങ്ങള്‍ തന്നെ. പ്രാന്തീയമായ ജീവിതത്തെ സ്ഥലകാലമുദ്രണം ചെയ്യുന്ന ഒരു സമാന്തര ചരിത്രയുക്തിയാണത്. 60-70 കാലങ്ങളിലുണ്ടായ മലയാളനോവലിലെ നായകകഥാപാത്രങ്ങള്‍ക്ക് പ്രാദേശിക/സ്ഥലവുമായുണ്ടായ വിഛേദം ഇവിടെയില്ല. ഉള്‍നാടിന്റ സാംസ്‌കാരികമൂലധനമായി പലതരം കെട്ടുകഥകളും വംശപരിണാമങ്ങളും പാട്ടുകളും  വിശ്വാസാചാരങ്ങളും ചവിട്ടുനാടകം പോലെയുള്ള കലാരൂപങ്ങളും തെളിച്ചെടുക്കുകയും  കൂടി ഊ നോവലില്‍ ചെയ്തിട്ടുണ്ട്.

    ബഷീറിന്റെ തലയോലപ്പറമ്പുപോലെ, തകഴിയുടെ കുട്ടനാടുപോലെ, ഖസാക്കുപോലെ, ആലാഹയിലെ കോക്കാഞ്ചിറപോലെ, ലന്തന്‍ ബത്തേരിപോലെ സ്ഥലം ഒരു പ്രത്യയശാസ്ത്ര നിര്‍മ്മിതിയാണിവിടെ. ബൃഹത്തായ ദേശിയതാവ്യവഹാരവുമായി, ദേശ രാഷ്ട്ര യുക്തികളുമായുള്ള സംഘര്‍ഷാത്മക ബന്ധമാണതിനെ പ്രത്യയശാസ്ത്രപരമാക്കുന്നത്...ഉള്‍നാടിന്റെ പ്രാന്തീയതയും ദേശത്തിന്റെ രാഷ്ട്രീയാധികാരികതയും തമ്മിലുള്ള കൊളളക്കൊടുക്കലുകള്‍, വിലപേശലുകള്‍ ഉദ്ദീപിച്ചെടുത്തുകൊണ്ടാണ് ഈ സംഘര്‍ഷം നോവലില്‍ വെളിപ്പെടുന്നത്. ഇപ്രകാരം സംസ്‌ക്കാരത്തിന്റെ അടരുകളെ അവയുടെ ബലാബലങ്ങളില്‍ നിന്നുകൊണ്ട് ജൈവികമായി സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞതിനാലാണ് അമ്പതു കൊല്ലങ്ങള്‍ക്കുശേഷവും ഈ നോവല്‍ പുനര്‍വായനകളിലൂടെ വളരുന്നത്.

(2013 ൂണ്‍ 28 ലെ സമകാലികമലാളം വാരികില്‍ പ്രിദ്ീകിച്ത്)

5 comments:

Kmvenu said...

സാർഥകവും സഫലവും ആയ ഒരു പുനർവ്വായന ..അഭിനന്ദനങ്ങൾ!
പോഞ്ഞിക്കര റാഫിയേയും സെബീനാ റാഫിയേയും മലയാളം ഒരിക്കലും മറക്കാൻ ഇടവരരുത് .
ഭാഷയേയും സാഹിത്യത്തേയും സ്നേഹിക്കുന്നവരുടെ പൂർണ്ണത തേടിയുള്ള യാത്രകളെ ഇത്തരം പഠനങ്ങൾ കൂടുതൽ സമ്പന്നമാക്കുന്നു.

Echmukutty said...

വളരെ നാള്‍ മുന്പ് വായിച്ചതാണ് സ്വര്‍ഗദൂതനെ.. ഈ പുനര്‍ വായന ഒന്നു കൂടി ആ പുസ്തകം തേടി പോകാന്‍ എന്നെ പ്രേരിപ്പിക്കുന്നു.

അഭിനന്ദനങ്ങള്‍..

ushakumari said...

ഞാന്‍ ഇതിനു മുന്‍പിട്ട കമന്റ് കാണാതെ പോയോ ആവോ! കണ്ടുകിട്ടുന്നവര്‍ ഒന്നറിയിക്കണേ..! എന്തായാലും എന്റെ പ്രിയസുഹൃത്തുക്കള്‍ക്കു വീണ്ടും നന്ദി, നല്ല വാക്കുകള്‍ക്ക്.. ഇനിയും വരണേ..

Philip Verghese 'Ariel' said...

നേരത്തെ വായിച്ചിരുന്നു എന്തായാലും
നന്നായി ഈ പുനർവിചിന്തനം
ആശംസകൾ

Sundaran said...

50ൽ അധികം വര്ഷം മുൻപ് പഞ്ചായത്ത് ലൈബ്രറിയിൽ നിന്നെടുത്ത് വായിച്ചതാണ് സ്വര്ഗദൂതൻ.ഒന്ന്കൂടി വായിക്കണമെന്നു ഓർമിപ്പിച്ചത് പ്രൊഫ. മൂസക്കുട്ടിയുടെ യൂളിസെസ്സ് തർജമ. ഗൂഗ്ളിയപ്പോൾ ഇവിടെ എത്തി.

എവിടെ കിട്ടും ഒരു കോപ്പി? പ്ലീസ്!

എന്റെ മെയിൽ: ksundaran@gmail.com

മുൻ‌കൂർ നന്ദി!!