Saturday, February 2, 2013

ആസ്വാദനത്തിന്റെ ആഴങ്ങള്‍

ഫിക്ഷന്റെ അവതാരലീലകള്‍ 
എന്ന പുസ്തകത്തെക്കുറിച്ച്

  ലോകനോവല്‍സാഹിത്യത്തിന്റെ നൂതനഭാവനകളിലേക്കുള്ള ആഴക്കാഴ്ചകളാണ് കെ.പി. അപ്പന്റെ ഫിക്ഷന്റെ അവതാരലീലകള്‍. പലപ്പോഴായി അദ്ദേഹം എഴുതിയ ആസ്വാദനപഠനങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അനുഭവത്തിന്റെയും ആഖ്യാനത്തിന്റെയും വിചിത്രവും അപൂര്‍വവുമായ മാതൃകകളെയാണിതില്‍ അപ്പന്‍ തിരയുന്നത്. സ്വാത്മപ്രണയത്തിന്റേതും സ്വത്വാന്വേഷണത്തിന്റേതുമായ ഒരു വിമര്‍ശനഭാഷയിലൂടെയാണ് അപ്പന്‍ ഈ നോവലുകളെ അഭിസംബോധന ചെയ്യുന്നത്. നിരൂപണപ്രക്രിയയെത്തന്നെ ഇപ്രകാരം സ്വാത്മവിശകലനത്തിന്റെ പഥങ്ങളിലൂടെ വിശദീകരിക്കുകയും.
  ''എന്റെ യഥാര്‍ഥ അസ്തിത്വം പ്രകാശനം തേടുന്നതു വിമര്‍ശനത്തിലാണ്. തീക്ഷ്ണമായ പ്രണയം നെഞ്ചില്‍ പിടയുന്നതു പോലെയാണ് വിമര്‍ശനം എന്നെ ഗ്രസിക്കുന്നത്. വിമര്‍ശനം പ്രവൃത്തികളേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കുന്നു. ആശയദാഹിയായ ഒരു അന്വേഷകനെ അത് എന്നില്‍ സൃഷ്ടിക്കുന്നു. ബഹിഷ്‌കരണത്തിന്റെ വലിയ പാഠങ്ങള്‍ അത് എനിക്കു പറഞ്ഞുതരുന്നു. വിമര്‍ശനം എനിക്കു വലിയ നീതിയാണ്. വിമര്‍ശനമെഴുതുമ്പോള്‍ ഭരണകൂടം എനിക്കെതിരാവാം. അപ്പോഴും ഞാന്‍ വിമര്‍ശനത്തോടൊപ്പം നില്‍ക്കും. വേണ്ടപ്പെട്ടവര്‍ എനിക്കെതിരാവാം. അപ്പോഴും ഞാന്‍ വിമര്‍ശനത്തോടൊപ്പം  നില്‍ക്കും. ചിലപ്പോള്‍ എന്റെ വിമര്‍ശനം തന്നെ എനിക്ക് എതിരാവും. അപ്പോഴും ഞാന്‍ വിമര്‍ശനത്തോടൊപ്പം നില്‍ക്കും.''
വായനയെക്കുറിച്ചുള്ള അമൂര്‍ത്തമായ സ്വപ്നഭാവനയിലമരുമ്പോഴും പുസ്തകങ്ങളുടെയും പഠനമുറിയുടെയും ഭൗതികസ്വരൂപവുമായി കണ്ണിചേര്‍ന്നുകൊണ്ടാണദ്ദേഹം നിരീക്ഷണങ്ങളെ പൂരിപ്പിക്കുന്നത്. മാര്‍ക്‌സിന്റെയും യേറ്റ്‌സിന്റെയും റസ്സലിന്റെയും പഠനമുറികളെക്കുറിച്ചദ്ദേഹം എഴുതുന്നു. ഒപ്പം തത്ത്വചിന്താപരമായ അര്‍ഥബോധം എങ്ങനെ തന്നെ സാഹിത്യകൃതികളിലെത്തിച്ചുയെന്നും വിശദീകരിക്കുന്നു.
ലാറ്റിനമേരിക്കന്‍ നോവലുകളുടെയും വിശേഷിച്ച് കാര്‍ലോസ് ഫ്യുയേന്തിസ്സിന്റെയും രചനയുടെ സ്വഭാവസവിശേഷതകളെ വിശദീകരിക്കുന്നു ചരിത്രത്തിന്റെ ഉരുക്കുപോലത്തെ യുക്തി എന്ന ലേഖനം. മനുഷ്യവ്യക്തികളെ ആശയങ്ങള്‍ കൊണ്ടു നിറഞ്ഞതായി സൃഷ്ടിക്കുന്ന തോമസ് മന്നിന്റെ മാജിക് മൗണ്ടന്‍ രോഗവും മരണവും കാലവും സ്വാതന്ത്ര്യവും സ്‌നേഹവും ദൈവവും ജ്യോതിശാസ്ത്രവും രാഷ്ട്രീയവും യാഥാര്‍ഥ്യവും ഉള്‍ച്ചേര്‍ന്ന വിശാലഭൂമികയായി നോവലിനെ ഉയര്‍ത്തിയെടുക്കുന്നതെങ്ങനെയെന്ന് അപ്പന്‍ കാണിച്ചുതരുന്നു. ഇറ്റാലിയന്‍ നോവലിസ്റ്റായ ഗ്രേസിയ ദിലേസയുടെ അമ്മ നാടകത്തിന്റേതായ ആന്തരികതീവ്രതയിലൂടെ മതനിയമങ്ങളും മനുഷ്യവികാരങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളെ വൈകാരികമായി അവതരിപ്പിക്കുന്നതിനെക്കുറിച്ചാണ് ബലിയുടെ സ്തുതിയില്‍ എന്ന ലേഖനം.
പൊയ്‌പ്പോയ കാലത്തെക്കുറിച്ചുള്ള സ്മരണയും യൂളിസസ്സും ബൗദ്ധികമായ  ആത്മകഥകളായാണ് അപ്പന്‍ വിലയിരുത്തുന്നത്. ('വായനയുടെ വിപത്‌സന്ധികളില്‍ വീണുപോവാതെ...') സത്യസന്ധതയുടെ പ്രതികാരം എന്ന ലേഖനത്തില്‍ അന്നാകരനീനയുടെ  ഇതിവൃത്തപരിധിയില്‍ നിന്നുകൊണ്ട് കലയിലൂടെ വെളിപ്പെടുന്ന ജീവിതത്തിന്റെ സത്യസന്ധതയെക്കുറിച്ചാണ് അപ്പന്‍ ആരായുന്നത്. സ്ട്രിന്റ് ബര്‍ഗിന്റെനോവലിനെക്കുറിച്ചും റിച്ചാര്‍ഡ് ഹ്യൂഗ്‌സിന്റെ നിര്‍ദോഷ സമുദ്രയാത്ര എന്ന  നോവലുകളെക്കുറിച്ചുള്ള അപ്പന്റെ നിരീക്ഷണങ്ങള്‍ തന്റെ ആത്മീയാന്വേഷണങ്ങളുടെ ബദലുകളെത്തന്നെയാണ് അവതരിപ്പിക്കുന്നത്. കുള്ളര്‍ ജോഹന്ന എഴുതിയ പ്രക്ഷോഭകാരികളുടെ തലമുറ എന്ന നോവല്‍ സ്‌ത്രൈണാനുഭവങ്ങളുടെ വേറിട്ടവഴികള്‍ തേടുന്നതിനാല്‍ വ്യത്യസ്തവും പ്രധാനവുമായി അപ്പന്‍ കരുതുന്നു.
ജെയിംസ് ജോയ്‌സിന്റെ ചെറുപ്പക്കാരന്‍ എന്ന നിലയില്‍ കലാകാരന്റെ ചിത്രീകരണത്തെക്കുറിച്ചും ലാക്‌സ്‌നെസ്സിന്റെ സ്വതന്ത്ര മനുഷ്യനെക്കുറിച്ചും ദസ്തയേവ്‌സ്‌കിയുടെ ഭൂതാവിഷ്ടരെക്കുറിച്ചും കാരമസേവ്  സഹോദരന്മാരെക്കുറിച്ചുമെഴുതുമ്പോള്‍ അപ്പന്റെ തൂലിക ദാര്‍ശനികഭാഷ്യങ്ങളെ ഗോപുരങ്ങളായി പടുത്തുയര്‍ത്തുന്നു. ഒപ്പം മാനവികതയുടെ സങ്കീര്‍ണതകളെയും തിരയുന്നു.
ടോള്‍സ്‌റ്റോയിയുടെ വിഖ്യാതകൃതികളായ യുദ്ധവും സമാധാനവും സെര്‍വാന്റിസിന്റെ ഡോണ്‍ക്വിക്‌സോട്ടും മുതല്‍ സരാമാഗുവിന്റെ ഗുഹയും ഗുന്തര്‍ ഗ്രാസിന്റെ തകരച്ചെണ്ടയും വരെയുള്ള പ്രധാനപ്പെട്ട നോവലുകള്‍ ഈ കൃതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ആത്മാര്‍ഥമായ വായനയുടെയും ഉന്മേഷമുള്ള ഭാവനയുടെയും ആഴമുള്ള വിശകലനങ്ങളുടെയും അപൂര്‍വമിശ്രിതമാണ് ഇതിലെ ഓരോ ലേഖനങ്ങളും. തീക്ഷ്ണമായ വിയോജിപ്പുകളുടെയും തീവ്രമായ അഭിവാഞ്ഛകളുടെയും മുദ്രകള്‍ അവയില്‍ പതിഞ്ഞുകിടക്കുന്നു.

(2013 ഫെബ്രുവരി 3  തേജസ് ആഴ്ച്ചവട്ടത്തില്‍ പ്രസിദ്ധീകരിച്ചത്)

2 comments:

എന്‍.ബി.സുരേഷ് said...

good analysis.

Philip Verghese 'Ariel' said...

അപ്പന്റെ കൃതിയെപ്പറ്റി നല്ലൊരു അവലോകനം ഇവിടെ കാഴ്ച വെച്ച് എന്ന് പറയട്ടെ.
അഭിനന്ദനങ്ങള്‍ ആശംസകള്‍.
അപ്പോള്‍ തന്നെ ഈ പുസ്തകം എവിടെ ലഭിക്കും, അതിന്റെ വില തുടങ്ങിയവ കൂടി
ഒപ്പം ചേര്‍ത്താന്‍ നന്നായിരുന്നു
വീണ്ടും കാണാം എഴുതുക അറിയിക്കുക ജി+ലെ ചിത്രവും കണ്ടു നന്നായിരിക്കുന്നു.ivede kurekkaalam munpu chernnirunnu :-)
ആശംസകള്‍ വീണ്ടും